1

1 ദൈവത്തിന്‍റെ ദാസനും യേശുക്രിസ്തുവിന്‍റെ അപ്പൊസ്തലനുമായ പൌലൊസ് അഭിവാദ്യങ്ങള്‍ നേരുന്നു. ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്‍റെ വിശ്വാസത്തെ വര്‍ദ്ധിപ്പിക്കുന്നതിനായി ദൈവം എന്നെ വിളിച്ചു. അവരെ സത്യം ഉല്‍ബോധിപ്പിക്കാനും എന്നെ അയച്ചിരിക്കുന്നു. ദൈവത്തിനു വേണ്ടി എങ്ങനെ വേല ചെയ്യണമെന്ന് ആ സത്യം ജനങ്ങളെ കാണിക്കുകയും ചെയ്യുന്നു."

2 ആ വിശ്വാസവും ആ അറിവും നിത്യജീവിതത്തിനായുള്ള നമ്മുടെ പ്രത്യാശയില്‍ നിന്ന് വരുന്നു. കാലത്തിന്‍റെ ആരംഭത്തിനു മുന്പു ദൈവം ആ ജീവനെ വാഗ്ദാനം ചെയ്തു. ദൈവം പൊളി പറകയില്ല."

3 തക്കസമയത്ത് ആ ജീവനെക്കുറിച്ച് മനസ്സിലാകുന്നതിന് ദൈവം ലോകത്തെ അനുവദിച്ചു. പ്രസംഗത്തിലൂടെ ദൈവം ലോകത്തോടു സംസാരിച്ചു. ദൈവം പ്രസംഗിക്കേണ്ട ജോലി എന്നെ ഭരമേല്പിച്ചു. നമ്മുടെ രക്ഷകനായ ദൈവം എന്നോടു അങ്ങനെ ചെയ്യാന്‍ കല്പിച്ചതുകൊണ്ട് അക്കാര്യങ്ങള്‍ ഞാന്‍ പ്രസംഗിച്ചു."

4 നമ്മുടെ വിശ്വാസത്തില്‍ ഉള്ള എന്‍റെ യഥാര്‍ത്ഥ പുത്രനായ തീത്തൊസിന് അഭിവാദനങ്ങള്‍, നമ്മുടെ പിതാവായ ദൈവത്തില്‍ നിന്നും രക്ഷകനായ ക്രിസ്തുയേശുവില്‍ നിന്നും നിനക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ."

5 തീരാത്ത ജോലികള്‍ പൂര്‍ത്തീകരിക്കുവാന്‍ ആണ് ഞാന്‍ ക്രേത്തയില്‍ നിന്നെ വിട്ടിട്ടുപോന്നത്. കൂടാതെ എല്ലാ പട്ടണങ്ങളിലും മൂപ്പന്മാരെ നിയമിക്കേണ്ടതിനും."

6 മൂപ്പനാകുന്നവന്‍ കുറ്റാരോപിതനാകരുത്. അവന് ഒരു ഭാര്യയേ ഉണ്ടാകാവൂ, അവന്‍റെ മക്കള്‍ വിശ്വാസികളും ആകണം, ക്രൂരന്മാരെന്നും അനുസരണം ഇല്ലാത്തവരെന്നും അവരെക്കുറിച്ച് ജനങ്ങള്‍ കേള്‍ക്കരുത്."

7 ദൈവവേലകളുടെ സംരക്ഷണം ആണ് മൂപ്പന്‍റെ ജോലി. അതുകൊണ്ട് അവന്‍ കുറ്റാരോപിതനാകരുത്. അവന്‍ അഹങ്കാരിയും സ്വാര്‍ത്ഥനും മുന്‍കോപിയും ആകരുത്, അവന്‍ കുടിച്ചു മത്തനാകരുത്. അവന്‍ വഴക്കുണ്ടാക്കാന്‍ ഇഷ്ടപ്പെടരുത്. അവന്‍ മനുഷ്യരെ വഞ്ചിച്ച് ധനം ആര്‍ജ്ജിക്കുവാന്‍ ശ്രമിക്കുന്നവന്‍ ആകരുത്."

8 ഒരു മൂപ്പന്‍ തന്‍റെ ഭവനത്തിലേക്ക് സ്വീകരിച്ചുകൊണ്ട് ജനങ്ങളെ സഹായിക്കുവാന്‍ സന്നദ്ധനായിരിക്കണം. നല്ലത് എന്താണോ അതിനെ അവന്‍ സ്നേഹിക്കണം. അവന്‍ വിവേകശാലിയാകണം. അവന്‍ ധര്‍മ്മിഷ്ടനാകണം. അവന്‍ വിശുദ്ധനായിരിക്കണം. സ്വയം നിയന്ത്രിക്കുവാന്‍ കഴിവുള്ളവനായിരിക്കണം."

9 അവന്‍ നാം പഠിപ്പിക്കുന്ന സത്യത്തിന്‍റെ വിശ്വസ്ത അനുഗാമി ആയിരിക്കണം. സത്യസന്ധമായ ഉപദേശ ത്താല്‍ ജനത്തെ സഹായിക്കുവാന്‍ ഒരു മൂപ്പന്‍ ശക്തിയുള്ളവനായിരിക്കണം. സത്യത്തിന് എതിരായി പഠിപ്പിക്കുന്നവര്‍ തെറ്റാണ് ചെയ്യുന്നതെന്ന് തെളിയിക്കാന്‍ പ്രാപ്തിയുള്ളവനാകണം ഒരു മൂപ്പന്‍."

10 അനുസരിക്കാത്തവരും കാതലില്ലാത്ത കാര്യങ്ങള്‍ സംസാരിച്ചു അന്യരെ തെറ്റായ പാതയിലേക്ക് നയിക്കുന്നവരുമായ കുറ്റവാളികള്‍ അനേകരുണ്ട്. ജാതികള്‍ പരിച്ഛേദന കഴിക്കണം, എന്നു പറയുന്നവരെപ്പറ്റിയാണ് ഞാന്‍ മുഖ്യമായും സംസാരിക്കുന്നത്."

11 ഇത്തരം അര്‍ത്ഥശൂന്യമായ ഭാഷണങ്ങളില്‍ നിന്ന് അവരെ തടയുവാനും അവര്‍ക്കു തെറ്റുപറ്റിയെന്നു ചൂണ്ടിക്കാണിക്കുവാനും ഒരു സഭയിലെ മൂപ്പന് കഴിവുണ്ടാകണം. അവര്‍ പഠിപ്പിക്കേണ്ടാത്ത കാര്യങ്ങള്‍ ഉപദേശിച്ച് കുടുംബങ്ങളെ മുഴുവനും തകര്‍ക്കുകയാണ്. ജനങ്ങളെ കബളിപ്പിക്കാനും പണം ഉണ്ടാക്കാനും മാത്രമാണ് അവര്‍ അക്കാര്യങ്ങള്‍ ഉപദേശിക്കുന്നത്."

12 ക്രേത്തയിലെ ജനങ്ങള്‍ എപ്പോഴും കള്ളം പറയുന്നവരും ദുഷ്ടമൃഗങ്ങളും ഭുജിക്കുക മാത്രം ചെയ്യുന്ന മടിയരും ആണെന്ന് അവരുടെ തന്നെ ഒരു പ്രവാചകന്‍ പറഞ്ഞു,"

13 ആ പ്രവാചകന്‍റെ വാക്കുകള്‍ ശരിയാണ്. അതിനാല്‍ ആ മനുഷ്യരോടു പറയുക, അവര്‍ക്കു തെറ്റിപ്പോയി എന്ന്. നീ അവരോടു കര്‍ശനമായി പെരുമാറണം. അപ്പോള്‍ അവര്‍ അവരുടെ വിശ്വാസത്തില്‍ ബലവാന്മാരാകും."

14 അപ്പോള്‍ അവര്‍ സത്യം സ്വീകരിക്കാത്തവരുടെ കഥകള്‍ സ്വീകരിക്കയില്ല."

15 നിര്‍മ്മലര്‍ക്ക് എല്ലാം നിര്‍മ്മലമാണ്. എന്നാല്‍ പാപത്തില്‍ മുഴുകിയവര്‍ക്കും അവിശ്വാസികള്‍ക്കും ഒന്നും നിര്‍മ്മലമല്ല. യഥാര്‍ത്ഥത്തില്‍ അവരുടെ ചിന്തകള്‍ ദുഷ്ടമായിത്തീരുകയും സത്യത്തെക്കുറിച്ചുള്ള അവരുടെ അന്തക്കരണം നശിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു."

16 അവര്‍ക്കു ദൈവത്തെ അറിയാമെന്ന് അവര്‍ പറയുന്നു, എന്നാല്‍ അവരുടെ ദുഷ്കര്‍മ്മങ്ങള്‍ ദൈവത്തെ അവര്‍ സ്വീകരിക്കയില്ലെന്നു കാണിക്കുന്നു. അവര്‍ ഭയങ്കരന്മാരും അനുസരിക്കാന്‍ വിമുഖരും യാതൊരു നല്ല കാര്യത്തിനും കൊള്ളരുതാത്തവരുമാകുന്നു."

2

1 യഥാര്‍ത്ഥ ഉപദേശം പിന്തുടരുന്നതിനു വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ ജനങ്ങളോട് പറയണം."

2 പ്രായത്തില്‍ മുതിര്‍ന്ന പുരുഷന്മാരെ ആത്മനിയന്ത്രിതരും ഗൌരവപ്രകൃതരും വിവേകികളും ആകുവാന്‍ പഠിപ്പിക്കുക. അവര്‍ വിശ്വാസത്തിലും സ്നേഹത്തിലും സഹിഷ്ണതുയിലും ബലം ഉള്ളവരാകണം."

3 വിശുദ്ധ ജീവിതം നയിക്കാന്‍ മുതിര്‍ന്ന സ്ത്രീകളെ പഠിപ്പിക്കുക. അന്യര്‍ക്കെതിരെ സംസാരിക്കാതിരിക്കാനും അമിതമായി വീഞ്ഞു കുടിക്കാതിരിക്കാനും അവരെ പഠിപ്പിക്കുക. നല്ലത് എന്താണോ അത് ആ സ്ത്രീകള്‍ പഠിപ്പിക്കട്ടെ."

4 അപ്പോള്‍ ഭര്‍ത്താവിനെയും കുട്ടികളെയും സ്നേഹിക്കണമെന്ന് യുവതികളെ പഠിപ്പിക്കാന്‍ അവര്‍ക്കു കഴിയും."

5 വിവേകമതികളും ശുദ്ധരും വീട്ടുകാര്യം നോക്കുന്നവരും ദയയുള്ളവരും ഭര്‍ത്താവിനോട് വിധേയത്വമുള്ളവരുമാകുവാന്‍ യുവതികളെ അവര്‍ക്കു പഠിപ്പിക്കാന്‍ കഴിയും. അപ്പോള്‍ ദൈവം നമുക്കു തന്ന ഉപദേശത്തെ വിമര്‍ശിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല."

6 ഇതുപോലെതന്നെ വിവേകികളാകാന്‍ യുവാക്കളോടും പറയുക."

7 സര്‍വ്വവഴികളിലും യുവാക്കള്‍ക്കു മാതൃകയാകാന്‍ തക്കവണ്ണം നിങ്ങള്‍ സല്‍പ്രവൃത്തികള്‍ ചെയ്യണം. നിങ്ങള്‍ പഠിപ്പിക്കുന്പോള്‍ സത്യസന്ധരും ഗൌരവമുള്ളവരും ആകണം."

8 വിമര്‍ശിക്കാന്‍ കഴിയാത്തവണ്ണം പഠിപ്പിക്കുന്പോള്‍ സത്യം പറയുക. അപ്പോള്‍ നിങ്ങള്‍ക്കെതിരെ മോശമായി ഒന്നും പറയാനില്ലാത്തതു കൊണ്ട് നിങ്ങളുടെ എതിരാളി ലജ്ജിക്കും."

9 അടിമകള്‍ ആയിരിക്കുന്നവരോട് ഇക്കാര്യങ്ങള്‍ പറയുവിന്‍. എക്കാലത്തും അവരുടെ ഉടമകളെ പ്രീതിപ്പെടുത്തുവാന്‍ അവര്‍ ശ്രമിക്കണം. അവര്‍ അവരുടെ ഉടമകളോട് വാദിക്കയുമരുത്."

10 അവര്‍ അവരുടെ ഉടമകളില്‍ നിന്നും മോഷ്ടിക്കരുത്. തങ്ങള്‍ വിശ്വസ്തരാണെന്ന് അവര്‍ ഉടമകളെ കാണിക്കണം. നമ്മുടെ രക്ഷകനായ ദൈവത്തിന്‍റെ ഉപദേശങ്ങള്‍ നല്ലതാണെന്നു കാണിക്കുവാനായി അവര്‍ ചെയ്യുന്ന എല്ലാറ്റിനും അടിമകള്‍ ഇക്കാര്യങ്ങള്‍ ചെയ്യണം."

11 ദൈവകൃപ നമുക്ക് നല്‍കപ്പെട്ടിരിക്കുന്നു. ആ കൃപയ്ക്ക് ആരെയും രക്ഷിക്കാനുള്ള കഴിവുണ്ട്."

12 ലോകം നമ്മളെക്കൊണ്ട് ചെയ്യിക്കാനാഗ്രഹിക്കുന്ന ചീത്തക്കാര്യങ്ങള്‍ ചെയ്യാതിരിക്കാനും ദൈവത്തിനെതിരായി ജീവിക്കാതിരിക്കാനും അവന്‍റെ കൃപ നമ്മെ പഠിപ്പിക്കുന്നു. ദൈവസേവനം ചെയ്തുകൊണ്ട് ഈ ലോകത്തില്‍ ജീവിയ്ക്കുവാനും സ്വയം നിയന്ത്രിതവും നീതിപരവുമായ ജീവിതം നയിക്കാനും അവന്‍റെ കൃപ നമ്മെ പഠിപ്പിക്കുന്നു."

13 നമ്മുടെ മഹാദൈവവും രക്ഷകനുമായ യേശുക്രിസ്തുവിനെയും കാത്തുനില്‍ക്കുന്പോള്‍ നാം അങ്ങനെ ജീവിക്കണം. അവന്‍ നമ്മുടെ വലിയ പ്രത്യാശയാണ്. മഹത്വത്തോടുകൂടി അവന്‍ വരികയും ചെയ്യും."

14 അവന്‍ നമുക്ക് സ്വയം നല്‍കി. എല്ലാ ദുഷ്ടതകളില്‍ നിന്നും നമ്മെ മോചിതരാക്കുവാന്‍ അവന്‍ മരിച്ചു. എപ്പോഴും നല്ലതു ചെയ്യുവാന്‍ ആഗ്രഹിക്കുന്ന നമ്മെ അവന്‍റെ വിശുദ്ധ ജനമാക്കുവാനായി അവന്‍ മരിച്ചു."

15 ഈ കാര്യങ്ങള്‍ ജനങ്ങളോടു പറയുവാന്‍. നിനക്കതിനു പൂര്‍ണ്ണാധികാരമുണ്ട്. അതിനാല്‍ ജനങ്ങളെ ശക്തിപ്പെടുത്താനും ചെയ്യേണ്ടത് എന്താണെന്ന് പറയുവാനുമായി ഈ അധികാരം ഉപയോഗിക്കുക. നീ അഗണ്യനെന്നു കരുതുവാന്‍ ഒരാളെയും അനുവദിക്കരുത്."

3

1 ഈ കാര്യങ്ങള്‍ ചെയ്യുവാന്‍ അവര്‍ ഓര്‍ക്കണമെന്ന് അവരോടു പറയുക; നേതാക്കന്മാര്‍ക്കും അധികാരികള്‍ക്കും വിധേയരാകുന്നതിനും സല്‍പ്രവൃത്തികളുടെ അനുഷ്ഠാനത്തിനു തയ്യാറാകുന്നതിനും"

2 ഒരു ദുഷ്ടതയും ഒരുവനെക്കുറിച്ചും പറയാതിരിക്കുന്നതിനും അന്യരുമായി സമാധാനത്തില്‍ ജീവിക്കുന്നതിനും അന്യരോടു സൌമ്യരായിരിക്കുവാനും മറ്റുളളവരോടു മര്യാദയുള്ളവരായിരിക്കുവാനും എല്ലാവരോടും ഇങ്ങനെ പെരുമാറണമെന്ന് വിശ്വാസികളോട് പറയുക."

3 പണ്ട് നമ്മളും വിഡ്ഢികളായിരുന്നു. നമ്മള്‍ അനുസരിക്കാത്തവരും വഞ്ചിക്കപ്പെട്ടവരും എല്ലാത്തരത്തിലുമുള്ള വികാരങ്ങള്‍ക്കും മോഹങ്ങള്‍ക്കും അടിമകളായിരുന്നു. ദുഷ്ടത ചെയ്തും അസൂയാലുക്കളുമായി നാം ജീവിച്ചു. ജനം നമ്മെ വെറുക്കുകയും നാം പരസ്പരം വെറുക്കുകയും ചെയ്തു."

4 എന്നാല്‍ അപ്പോള്‍ നമ്മുടെ രക്ഷകനായ ദൈവം നമ്മോട് കരുണയും സ്നേഹവും കാണിച്ചു."

5 ദൈവ സമക്ഷം നീതിയുള്ള പ്രവൃത്തി ചെയ്തതു കൊണ്ടല്ല പ്രത്യുത അവന്‍റെ കരുണകൊണ്ട് അവന്‍ നമ്മെ രക്ഷിച്ചു. നമ്മെ പുതിയ ജനമാക്കുന്ന കഴുകല്‍ കൊണ്ട് അവന്‍ നമ്മെ രക്ഷിച്ചു. പരിശുദ്ധാത്മാവു വഴി നമ്മെ പുതുതാക്കി അവന്‍ രക്ഷിച്ചു."

6 നമ്മുടെ രക്ഷകനായ യേശുക്രിസ്തു വഴി പരിശുദ്ധാത്മാവിനെ മുഴുവനായി ദൈവം നമ്മിലേക്ക് പകര്‍ന്നുതന്നു."

7 അവന്‍റെ കൃപയാല്‍ നാം ദൈവത്തോട് നീതീകരണം പ്രാപിച്ചു, അതുകൊണ്ട് നാം പ്രതീക്ഷിക്കുന്ന നിത്യജീവനെ പ്രാപിക്കാന്‍ കഴിയും. ഇതാണ് നമ്മുടെ പ്രത്യാശ."

8 ഈ ഉപദേശം സത്യമാണ്. ആളുകള്‍ക്ക് ഈ കാര്യങ്ങളൊക്കെ മനസ്സിലാക്കുന്നുണ്ടെന്ന് തീര്‍ച്ചപ്പെടുത്തണമെന്നും ഞാനാഗ്രഹിക്കുന്നു. അപ്പോള്‍ ദൈവത്തെ വിശ്വസിച്ചവര്‍ക്കു നല്ലതു പ്രവര്‍ത്തിക്കുവാനായി അവരുടെ ജീവിതം ഉപയോഗിക്കുന്നതിന് ശ്രദ്ധയുണ്ടാകും. എല്ലാവരെയും സഹായിക്കുന്ന നല്ല കാര്യങ്ങളാണ് ഇവ."

9 [This verse may not be a part of this translation]"

10 ഒരാള്‍ വാദപ്രതിവാദത്തിന് കാരണം ഒരുക്കുന്നെങ്കില്‍ അവനു താക്കീതു നല്‍കുക. പിന്നെയും അവന്‍ തര്‍ക്കങ്ങള്‍ക്ക് കാരണക്കാരനാകുന്നുവെങ്കില്‍ വീണ്ടും താക്കീതു നല്‍കുക. പിന്നെയും അതു തുടരുന്നുവെങ്കില്‍ അവനുമായി ഇടപഴകരുത്."

11 അത്തരം ഒരാള്‍ പാപിയും ദുഷ്ടനും ആണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. അവന്‍ തെറ്റുകാരനാണെന്ന് അവന്‍റെ പാപം തെളിയിക്കുന്നു."

12 ആര്‍ത്തെമാസിനെയോ അല്ലെങ്കില്‍ തിഹിക്കൊസിനെയോ ഞാന്‍ നിന്‍റെ അടുത്തേക്ക് അയക്കുന്പോള്‍ നിക്കൊപ്പൊലിസില്‍ എന്‍റെ അടുത്തു വരുവാന്‍ തീവ്രമായി ശ്രമിക്കണം. ഈ മഞ്ഞുകാലം അവിടെ ചെലവഴിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു."

13 സേനാസ് എന്ന വക്കീലും അപ്പൊല്ലോസും അവിടെ നിന്നാണു പുറപ്പെടുക. അവരുടെ യാത്രയ്ക്കു നിനക്കാവുന്നത് എല്ലാം ചെയ്യുക. ആവശ്യമുള്ളതെല്ലാം അവര്‍ക്കുണ്ട് എന്ന് ഉറപ്പുവരുത്തണം."

14 സല്‍പ്രവൃത്തി ചെയ്യുന്നതിനായി അവരുടെ ജീവിതത്തെ ക്രമപ്പെടുത്തുവാന്‍ നമ്മുടെ ജനങ്ങള്‍ തീര്‍ച്ചയായും പഠിക്കണം. അടിയന്തിരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടി അവര്‍ ഇതു ചെയ്യണം. അപ്പോള്‍ നമ്മുടെ ജനങ്ങള്‍ ഉപയോഗശൂന്യമായ ജീവിതം നയിക്കയില്ല."

15 ഇവിടെ എന്നോടൊപ്പം ഉള്ളവരെല്ലാം നിങ്ങളെ വന്ദനം ചെയ്യുന്നു. വിശ്വാസത്തില്‍ ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും വന്ദനം പറയുക. കൃപ നിങ്ങളോടു കൂടിയുണ്ടായിരിക്കട്ടെ."