1 നമ്മുടെ രക്ഷകനായ ദൈവത്തിന്‍റെയും പ്രത്യാശയായ ക്രിസ്തുയേശുവിന്‍റെയും ആജ്ഞപ്രകാരം ക്രിസ്തുയേശുവിന്‍റെ അപ്പൊസ്തലനായ"
2 പൌലൊസ് വിശ്വാസത്തില്‍ എനിക്കു യഥാര്‍ത്ഥ പുത്രനായ തിമൊഥെയൊസിന് എഴുതുന്നത്. നമ്മുടെ പിതാവായ ദൈവത്തിന്‍റെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെയും കൃപയും കരുണയും സമാധാനവും ഉണ്ടാകട്ടെ."
3 നീ എഫെസൊസില്‍ താമസിക്കണം എന്ന് ഞാന്‍ ആവശ്യപ്പെടുന്നു. മക്കെദോന്യയിലേക്കു പോയപ്പോഴും ഞാനിതു പറഞ്ഞിരുന്നു. എഫെസൊസിലുള്ള ചിലര്‍ സത്യവിരുദ്ധമായ ഉപദേശം പഠിപ്പിക്കുന്നു. അസത്യാത്മകമായ ഉപദേശം പഠിപ്പിക്കുന്നവരെ അതില്‍നിന്നും തടസ്സപ്പെടുത്താനായി നീ അവിടെ നില്‍ക്കുക."
4 തെറ്റായ കഥകളിലും നെടുങ്കന്‍ കുടുംബചരിത്രങ്ങളിലും മുഴുകി തങ്ങളുടെ സമയം പാഴാക്കരുതെന്ന് അവരോട് പറയുക. അവയൊക്കെയും തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുകയേ ഉള്ളൂ. അതൊന്നും ദൈവത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെ സഹായിക്കയില്ല. ദൈവപ്രവൃത്തി വിശ്വാസം കൊണ്ടാണ് ചെയ്യേണ്ടത്."
5 ജനങ്ങള്‍ക്ക് സ്നേഹം ഉണ്ടാക്കുക എന്നതാണ് ഈ ആജ്ഞയുടെ ലക്ഷ്യം. ഉത്തമവിശ്വാസവും ശരിയെന്നറിയാവുന്നതു ചെയ്യാനുള്ള ഒരുക്കവും ശുദ്ധഹൃദയവും ഈ സ്നേഹം ലഭിക്കുന്നതിന് ആവശ്യമാണ്."
6 ചിലര്‍ ഇതൊന്നും ചെയ്തിട്ടില്ല. ഫലശൂന്യമായ കാര്യങ്ങള്‍ പറഞ്ഞ് അവര്‍ ദൂരെ അലഞ്ഞ് തിരിയുന്നു."
7 അവര്‍ക്ക് ശാസ്ത്രിമാരാകണം എന്നാല്‍ അവര്‍ക്ക് അവര്‍ പറയുന്നതിനെക്കുറിച്ചു പോലും അറികയില്ല. അവര്‍ക്കുറപ്പുണ്ട് എന്നു പറയുന്ന കാര്യങ്ങള്‍പോലും അവര്‍ക്കു മനസ്സിലാകുന്നില്ല."
8 ഒരുവന്‍ ന്യായപ്രമാണം ശരിയാംവണ്ണം ഉപയോഗിക്കുന്പോള്‍ ന്യായപ്രമാണം നന്നെന്ന് നമുക്കറിയാം."
9 നല്ല ആള്‍ക്കാര്‍ക്കു വേണ്ടിയല്ല ന്യായപ്രമാണം ഉണ്ടാക്കിയിരിക്കുന്നതെന്ന് നമുക്കറിയാം. ന്യായപ്രമാണത്തെ എതിര്‍ക്കുന്നവര്‍ക്കും ന്യായപ്രമാണം പിന്തുടരാന്‍ വിസ്സമ്മതിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് ന്യായപ്രമാണം. ദൈവത്തോടു ബഹുമാനക്കുറവുള്ളവര്‍ക്കും പാപികള്‍ക്കും അശുദ്ധര്‍ക്കും മതനിഷേധികള്‍ക്കും മാതൃപിതൃഹന്താക്കള്‍ക്കും കൊലയാളികള്‍ക്കും"
10 ലൈംഗികപാപങ്ങള്‍ ചെയ്യുന്നവര്‍ക്കും സ്വവര്‍ഗ്ഗഭോഗികള്‍ക്കും അടിമകളെ വില്‍ക്കുന്നവര്‍ക്കും നുണ പറയുന്നവര്‍ക്കും അസത്യമായ ഉപദേശങ്ങള്‍ക്കെതിരെ എന്തെങ്കിലും ചെയ്യുന്നവര്‍ക്കും വേണ്ടിയുള്ളതാണ് ന്യായപ്രമാണം."
11 പഠിപ്പിക്കുവാനായി ദൈവം എനിക്കു തന്ന സുവിശേഷത്തിന്‍റെ ഒരു ഭാഗമാണ് ആ ഉപദേശം. മഹത്വപൂര്‍ണ്ണമായ ആ സുവിശേഷം അനുഗൃഹീതനായ ദൈവത്തില്‍ നിന്നും ഉള്ളതാണ്."
12 എന്നെ വിശ്വസിച്ച്, അവനുവേണ്ടി സേവനം ചെയ്യേണ്ട ഈ ജോലി എന്നെ ഏല്പിച്ചതിന് നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവിന് ഞാന്‍ നന്ദി പറയുന്നു. അവന്‍ എനിക്ക് കരുത്ത് തന്നു."
13 മുന്‍പ് ക്രിസ്തുയേശുവിനെതിരെ സംസാരിച്ചും അവനെ പീഢിപ്പിച്ചും അവനെ മുറിപ്പെടുത്താനായി പല കാര്യങ്ങള്‍ ചെയ്യുകയും ചെയ്തു. ഞാന്‍ ചെയ്യുന്നതെന്താണെന്ന് എനിക്കുതന്നെ അറിയാന്‍ പാടില്ലാഞ്ഞതു കൊണ്ട് ദൈവം എന്നോടു കരുണ കാണിച്ചു. ഞാന്‍ അവിശ്വാസിയായിരുന്നപ്പോഴാണ് അക്കാര്യങ്ങള്‍ ചെയ്തത്."
14 ആ കൃപയോടൊപ്പം വിശ്വാസവും ക്രിസ്തുയേശുവിലുള്ള സ്നേഹവും എനിക്ക് കരഗതമായി."
15 ഞാന്‍ പറയുന്നത് സത്യമാണ്. നിങ്ങള്‍ അതു പൂര്‍ണ്ണമായും സ്വീകരിക്കണം. പാപികളെ രക്ഷിക്കുവാന്‍ ക്രിസ്തുയേശു ഭൂമിയിലേക്കു വന്നു. ആ പാപികളില്‍ ഏറ്റവും പ്രധാനിയായിരുന്നു ഞാന്‍."
16 അതിരറ്റ ക്ഷമ തനിക്ക് ഉണ്ടെന്ന് കാണിക്കുവാന്‍ തക്കവിധം കൊടുംപാപിയായ എന്നോട് ക്രിസ്തു കരുണ കാണിച്ചു. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്കും നിത്യജീവനുള്ളവര്‍ക്കും ഞാന്‍ ഉദാഹരണമാകണമെന്ന് ക്രിസ്തു ആഗ്രഹിച്ചു."
17 എന്നേക്കും ഭരിക്കുന്ന രാജാവിന് സ്തുതിയും ആദരവും ഉണ്ടായിരിക്കട്ടെ. അവനെ കാണുവാനോ നശിപ്പിക്കുവാനോ സാധിക്കില്ല. ഏകദൈവത്തിന് എന്നെന്നേക്കും സ്തുതിയും ബഹുമാനവും ഉണ്ടായിരിക്കട്ടെ. ആമേന്‍."
18 എനിക്കു ഒരു മകനു തുല്യനായ തിമൊഥെയൊസേ, ഞാന്‍ നിനക്കൊരു കല്പന തരുന്നു. ഈ കല്പന പണ്ട് നിന്നെക്കുറിച്ചുണ്ടായ പ്രവചനങ്ങളുമായി ഒത്തു പോകുന്നുണ്ട്. ആ പ്രവചനങ്ങളെയൊക്കെ പിന്തുടരാനും വിശ്വാസത്തിനായി നല്ല യുദ്ധം നടത്തുവാനും വേണ്ടിയാണ് ഈ കാര്യങ്ങള്‍ ഞാന്‍ നിന്നോടു പറയുന്നത്."
19 വിശ്വാസത്തിന്‍റെ മാര്‍ഗ്ഗത്തില്‍ തുടരുകയും ശരി എന്ന് നീ അറിയുന്നത് ചെയ്യുകയും വേണം. ചിലര്‍ ഇതു ചെയ്തിട്ടില്ല. അവരുടെ വിശ്വാസം നശിപ്പിക്കപ്പെടുകയും ചെയ്തു."
20 ഹുമനയൊസും അലെക്സന്തരും അതാണ് ചെയ്തത്. ദൈവത്തിനെതിരെ സംസാരിക്കരുതെന്നറിയിക്കാന്‍ വേണ്ടി ഞാന്‍ അവരെ സാത്താനു കൊടുത്തു."
1 എല്ലാ മനുഷ്യര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഞാന്‍ ആദ്യമായി ആവശ്യപ്പെടുന്നു. എല്ലാ മനുഷ്യര്‍ക്കും വേണ്ടി ദൈവത്തോടു സംസാരിക്കുക. ജനങ്ങള്‍ക്ക് ആവശ്യമുള്ളത് അവനോടു ചോദിക്കുകയും നന്ദിയുള്ളവരാകുകയും ചെയ്യുക."
2 രാജാക്കന്മാര്‍ക്കും അധികാരികള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവിന്‍. ദൈവത്തോടുള്ള നിറഞ്ഞ ആരാധനയോടും ബഹുമാനത്തോടും കൂടിയുള്ള സ്വച്ഛവും സമാധാനപൂര്‍ണ്ണവുമായ ജീവിതം നമുക്കു ലഭിക്കാന്‍ ആ നേതാക്കന്മാര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക."
3 ഇത് നല്ലതും നമ്മുടെ രക്ഷകനായ ദൈവത്തെ പ്രീതിപ്പെടുത്തുന്നതുമാകുന്നു."
4 എല്ലാ മനുഷ്യരും രക്ഷ പ്രാപിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. എല്ലാ മനുഷ്യരും സത്യം അറിയണമെന്നും അവന്‍ ആഗ്രഹിക്കുന്നു."
5 ഒരു ദൈവമേ ഉള്ളൂ. ദൈവത്തോടു ചേരാന്‍ ഒരു മാര്‍ഗ്ഗമേ ഉള്ളൂതാനും. ആ മാര്‍ഗ്ഗം മനുഷ്യനും കൂടിയായ യേശുക്രിസ്തുവിലൂടെയാണ്."
6 എല്ലാ മനുഷ്യരുടേയും പാപപരിഹാരമായി യേശു സ്വയം സമര്‍പ്പിച്ചു. എല്ലാ മനുഷ്യരും രക്ഷ പ്രാപിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നതിന്‍റെ തെളിവാണ് യേശു. അവന്‍ ശരിയായ സമയത്താണ് വന്നത്."
7 അതുകൊണ്ടാണ് സുവിശേഷ പ്രസംഗത്തിനായും ഒരു അപ്പൊസ്തലനായും ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടത്. (ഞാനീപ്പറയുന്നത് സത്യമാണ്, കള്ളമല്ല.) ജാതികള്‍ക്കുള്ള അദ്ധ്യാപകനായാണ് എന്നെ തിരഞ്ഞെടുത്തത്. വിശ്വസിക്കുവാനും സത്യം അറിയുവാനും ഞാന്‍ അവരെ പഠിപ്പിക്കുന്നു."
8 എല്ലായിടത്തുമുള്ള പുരുഷന്മാര്‍ പ്രാര്‍ത്ഥിക്കണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. പ്രാര്‍ത്ഥനയ്ക്കിടയില്‍ കരങ്ങളുയര്‍ത്തുന്ന ഈ പുരുഷന്മാര്‍ തീര്‍ച്ചയായും വിശുദ്ധരായിരിക്കണം. അവര്‍ കോപിഷ്ഠരോ തര്‍ക്കിക്കുന്നവരോ ആകരുത്."
9 സ്ത്രീകള്‍ തങ്ങള്‍ക്കു യോജിച്ച വസ്ത്രം ധരിക്കണമെന്നും ഞാന്‍ ആവശ്യപ്പെടുന്നു. അന്തസിനും എളിമക്കും ചേര്‍ന്ന വസ്ത്രങ്ങളാണ് സ്ത്രീകള്‍ ധരിക്കേണ്ടത്. അവര്‍ തങ്ങളെത്തന്നെ സുന്ദരികളാക്കുവാന്‍ വേണ്ടി ആകര്‍ഷകങ്ങളായ കേശാലങ്കാരങ്ങളോ സ്വര്‍ണ്ണമോ മുത്തോ വിലകൂടിയ വസ്ത്രങ്ങളോ ഉപയോഗിക്കരുത്."
10 സല്‍പ്രവൃത്തികളിലൂടെ അവര്‍ സ്വയം സുന്ദരികളാകട്ടെ. ദൈവത്തെ ആരാധിക്കുന്നു എന്നു പറയുന്ന സ്ത്രീകള്‍ ആ നിലയില്‍ സുന്ദരികളാകട്ടെ."
11 മൌനമായി കേട്ടിരുന്നു പൂര്‍ണ്ണമായി അനുസരിക്കാന്‍ തയ്യാറോടെ ഒരു സ്ത്രീ പഠിക്കട്ടെ."
12 ഒരു പുരുഷനെ പഠിപ്പിക്കുവാന്‍ ഞാന്‍ സ്ത്രീയ്ക്ക് അനുമതി കൊടുക്കില്ല. പുരുഷനെ ഭരിക്കുവാനും സ്ത്രീയ്ക്ക് അനുവാദം നല്‍കില്ല. സ്ത്രീ ശാലീനയായി തന്നെ തുടരണം."
13 എന്തുകൊണ്ടെന്നാല്‍ ആദാമിനെയാണ് ആദ്യം സൃഷ്ടിച്ചത്. ഹവ്വയെ പിന്നീടാണ് ദൈവം സൃഷ്ടിച്ചത്."
14 കൂടാതെ, പിശാചിനാല്‍ കബളിപ്പിക്കപ്പെട്ടതും ആദാമല്ല. പിശാചിനാല്‍ വഞ്ചിക്കപ്പെട്ട് പാപിയായതും സ്ത്രീയാണ്."
15 വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധിയിലും ശരിയായ നിയന്ത്രണത്തിലും അവര്‍ തുടരുകയാണെങ്കില്‍ അവള്‍ മക്കളെ പ്രസവിച്ച് രക്ഷ പ്രാപിക്കും."
1 ഞാന്‍ പറയുന്നത് സത്യമാണ്. ഒരു മൂപ്പനാകുവാനായി ഒരുവന്‍ കഠിനശ്രമം നടത്തുന്നു എങ്കില്‍ അവന്‍ ഒരു സത്പ്രവൃത്തിയാണ് ആഗ്രഹിക്കുന്നത്."
2 ഒരു മൂപ്പന്‍ മനുഷ്യര്‍ക്ക് ശരിയായും വിമര്‍ശിക്കുവാന്‍ പറ്റാത്തവിധം നല്ലവനാകണം. അവന് ഒരു ഭാര്യയേ പാടുള്ളൂ. മൂപ്പന്‍ ആത്മനിയന്ത്രണം ഉള്ളവനും വിവേകിയുമായിരിക്കണം. മറ്റു മനുഷ്യര്‍ക്ക് അവനോടു ബഹുമാനം ഉണ്ടാകണം. തന്‍റെ വീട്ടിലേക്ക് ആളുകളെ സ്വീകരിക്കുവാന്‍ സന്നദ്ധനായി അവന്‍ ജനങ്ങളെ സഹായിക്കണം. അവന്‍ ഒരു നല്ല ഉപദേഷ്ടാവ് ആയിരിക്കണം."
3 അവന്‍ അമിതമായി വീഞ്ഞ് കുടിക്കരുത്. അക്രമാസക്തനാകാതെ സൌമ്യനും സമാധാനപ്രിയനും ആയിരിക്കണം. അവന്‍ ധനത്തെ സ്നേഹിക്കുന്നവന്‍ ആകരുത്."
4 അവന്‍ സ്വകുടുംബത്തിലെ തന്നെ ഒരു നല്ല നേതാവായിരിക്കണം. അയാളുടെ മക്കള്‍ അയാളെ പൂര്‍ണ്ണമായ ബഹുമാനത്തോടെ അനുസരിക്കണമെന്നര്‍ത്ഥം."
5 സ്വകുടുംബത്തിലെ നേതാവാകാന്‍ കഴിയാത്തവന് ദൈവത്തിന്‍റെ സഭയെ എങ്ങനെ വേണ്ട വിധത്തില്‍ ശ്രദ്ധിക്കുവാന്‍ കഴിയും?"
6 എന്നാല്‍ ഒരു പുതു വിശ്വാസി മൂപ്പന്‍ ആകരുത്. അത് അവനെ വളരെ അഹങ്കാരിയാക്കിയേക്കാം. അപ്പോള്‍ അവനും പിശാച് വിധിക്കപ്പെട്ടതുപോലെ തന്‍റെ അഹങ്കാരത്തിന്‍റെ പേരില്‍ വിധിക്കപ്പെടും."
7 ഒരു മൂപ്പന്‍ സഭയ്ക്ക് പുറത്തുള്ളവരോടും ബഹുമാനം ഉള്ളവനാകണം. അപ്പോള്‍ അവന്‍ അന്യരാല്‍ വിമര്‍ശിക്കപ്പെടാതെയും പിശാചിന്‍റെ കെണിയിലകപ്പെടാതെയുമിരിക്കും."
8 ഇതേ പോലെ മനുഷ്യര്‍ക്കു ബഹുമാനിക്കാവുന്ന ആളുകളായിരിക്കണം ഡീക്കന്മാര്‍. ഇവര്‍ തങ്ങള്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ പറയാത്തവരും അമിതമദ്യപാനത്തിനായി തങ്ങളുടെ സമയത്തെ ഉപയോഗിക്കാത്തവരും ആകണം. അന്യരെ കബളിപ്പിച്ച് പണമുണ്ടാക്കാന്‍ ശ്രമിക്കുന്നവരും ആകരുത്."
9 അവര്‍ ദൈവം നമുക്കു വെളിപ്പെടുത്തിത്തന്ന സത്യത്തെ കര്‍ശനമായി പിന്തുടരുന്നവരും ശരിയെന്നറിയാവുന്നത് ചെയ്യുന്നവരുമായിരിക്കണം."
10 ആ മനുഷ്യരെ നിങ്ങള്‍ ആദ്യം പരീക്ഷിക്കണം. അവരില്‍ തെറ്റൊന്നും ഇല്ലെങ്കില്‍ അവര്‍ക്ക് ഡീക്കന്മാരായി സേവനം ചെയ്യാം."
11 ഇതേപോലെ സ്ത്രീകളും അന്യരുടെ ബഹുമാനം ആര്‍ജ്ജിക്കുന്നവരായിരിക്കണം. അന്യരെക്കുറിച്ച് ദുഷ്ടത പറയുന്ന സ്ത്രീകളാകരുത്. അവര്‍ ആത്മനിയന്ത്രണം ഉള്ളവരും എല്ലാക്കാര്യങ്ങളിലും വിശ്വാസയോഗ്യരുമായിരിക്കണം."
12 ഡീക്കന്മാര്‍ക്കും ഒരു ഭാര്യയേ പാടുള്ളൂ. അവര്‍ അവരുടെ മക്കള്‍ക്കും കുടുംബത്തിനു തന്നെയും നല്ല നേതാക്കളായിരിക്കണം."
13 നന്നായി സേവനം ചെയ്യുന്നവര്‍ സ്വയം ആദരണീയ സ്ഥാനങ്ങള്‍ നേടുന്നു. ക്രിസ്തുയേശുവിലുള്ള അവരുടെ വിശ്വാസം അവര്‍ക്ക് മഹത്തായ ഉറപ്പായി വര്‍ത്തിക്കും."
14 നിങ്ങളുടെ അടുക്കല്‍ വേഗം വന്നെത്താന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ ഈ കാര്യങ്ങള്‍ ഇപ്പോള്‍ ഞാന്‍ എഴുതുകയാണ്."
15 എനിക്ക് ഇപ്പോള്‍ വരുവാന്‍ സാധിക്കുന്നില്ലെങ്കില്‍ കൂടി ദൈവത്തിന്‍റെ ഭവനത്തില്‍ മനുഷ്യര്‍ തീര്‍ച്ചയായും ചെയ്യേണ്ടതെന്തെന്ന് നിങ്ങള്‍ അറിയും. ആ ഭവനം ജീവിക്കുന്ന ദൈവത്തിന്‍റെ സഭയാണ്. ദൈവത്തിന്‍റെ സഭ സത്യത്തിന്‍റെ താങ്ങും അടിത്തറയുമാണ്."
16 സംശയലേശമെന്യേ, നമ്മുടെ ആരാധനാ ജീവിതത്തിന്‍റെ രഹസ്യം മഹത്താണ്: ഒരു മനുഷ്യശരീരത്തില്‍ ക്രിസ്തുവിനെ നമുക്കു കാട്ടിത്തന്നു. അവന്‍ ശരിയാണെന്ന് ആത്മാവ് തെളിയിച്ചു; ദൂതന്മാര്‍ അവനെ കണ്ടു. അവനെപ്പറ്റിയുള്ള സുവിശേഷം ജനതകളുടെ ഇടയില്‍ പ്രസംഗിക്കപ്പെട്ടു; ലോകത്തിലുള്ള മനുഷ്യര്‍ അവനില്‍ വിശ്വസിച്ചു; മഹത്വത്തില്‍ അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തപ്പെട്ടു."
1 വരാനിരിക്കുന്ന കാലങ്ങളില്‍ സത്യോപദേശങ്ങളെ വിശ്വസിക്കുന്നത് ചില ആള്‍ക്കാര്‍ നിര്‍ത്തുമെന്ന് പരിശുദ്ധാത്മാവ് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അവര്‍ വഞ്ചിക്കുന്ന ആത്മാക്കളെ അനുസരിക്കുന്നു. അവര്‍ ഭൂതഗണങ്ങളുടെ ഉപദേശം സ്വീകരിക്കുന്നു."
2 നുണയരിലൂടെയും ആള്‍ക്കാരെ കബളിപ്പിക്കുന്നവരിലൂടെയുമാണ് ആ ഉപദേശങ്ങള്‍ വരുന്നത്. അവര്‍ക്ക് തെറ്റും ശരിയും തിരിച്ചറിയാന്‍ കഴിയില്ല. അവരുടെ വിവേചനാശക്തി ചുട്ടു പഴുത്ത ഇരുന്പാല്‍ നശിപ്പിക്കപ്പെട്ടതുപോലെയാണ്."
3 വിവാഹം ചെയ്യുന്നത് തെറ്റാണെന്ന് അവര്‍ പറയുന്നു. തിന്നുവാന്‍ പാടില്ലാത്തതായി ചില ആഹാരവസ്തുക്കളുണ്ടെന്നും അവര്‍ പറയുന്നു. എന്നാല്‍ ദൈവമാണ് അതെല്ലാം സൃഷ്ടിച്ചത്. വിശ്വാസികള്‍ക്കും സത്യം അറിയാവുന്നവര്‍ക്കും ഈ ആഹാരവസ്തുക്കള്‍ നന്ദിയോടെ ഉപയോഗിക്കാം."
4 ദൈവം സൃഷ്ടിച്ചതെല്ലാം നല്ലതാണ്. ദൈവത്തില്‍ നിന്നു നന്ദിപൂര്‍വ്വം സ്വീകരിക്കുകയാണെങ്കില്‍ ദൈവം സൃഷ്ടിച്ച എന്തിനേയും നിരസിക്കേണ്ടിവരില്ല."
5 ദൈവം സൃഷ്ടിച്ചതെല്ലാം ദൈവത്തിന്‍റെ വാക്കുകൊണ്ടും പ്രാര്‍ത്ഥനകൊണ്ടും വിശുദ്ധമാക്കപ്പെടും."
6 ഇക്കാര്യങ്ങളെല്ലാം അവിടെയുള്ള സഹോദരങ്ങളോടു പറയുക. നീ ക്രിസ്തുയേശുവിന്‍റെ ഒരു ഉത്തമ ദാസനാണെന്നു ഇതു തെളിയിക്കും. നല്ല വിശ്വാസവചനങ്ങള്‍ കൊണ്ടും നല്ല ഉപദേശങ്ങളെ പിന്തുടര്‍ന്നതുകൊണ്ടും ആണ് നീ ശക്തനായതെന്നു നീ കാണിക്കും."
7 ദൈവത്തിന്‍റെ സത്യവുമായി ചേര്‍ന്നു പോകാത്ത നിസ്സാര കഥകള്‍ ആള്‍ക്കാര്‍ പറയും. ആ കഥകളെ പിന്തുടരരുത്. ദൈവത്തെ യഥാര്‍ത്ഥമായി സേവിക്കുവാന്‍ (ശുശ്രൂഷിക്കുവാന്‍) നീ സ്വയം അഭ്യസിക്കുക."
8 ശരീരത്തെ നിയന്ത്രിക്കാന്‍ പഠിക്കുന്നത് ചില തരത്തില്‍ സഹായകരമാകും. എന്നാല്‍ ദൈവത്തെ സേവിക്കുന്നത് നിങ്ങളെ എല്ലാ വിധത്തിലും സഹായിക്കും. ഈ ജീവിതത്തിലും ഭാവിയിലും നിങ്ങള്‍ക്ക് അത് അനുഗ്രഹങ്ങള്‍ കൊണ്ടുവരും."
9 ഞാന്‍ പറയുന്നത് ശരിയാണ്. നിങ്ങളത് പൂര്‍ണ്ണമായി സ്വീകരിക്കണം."
10 ഇതൊന്നുകൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതും ക്ലേശിക്കുന്നതും. ജീവിക്കുന്ന ദൈവത്തില്‍ നമ്മള്‍ പ്രത്യാശ പുലര്‍ത്തുന്നു. അവനില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും പ്രത്യേകമായി അവന്‍ രക്ഷകനാണ്."
11 ഈ കാര്യങ്ങള്‍ പഠിപ്പിക്കുകയും കല്പിക്കുകയും ചെയ്യുക."
12 നീ ചെറുപ്പമെങ്കിലും നിസ്സാരമെന്നമട്ടില്‍ നിന്നോടു പെരുമാറുവാന്‍ ആരെയും അനുവദിക്കരുത്. വിശ്വാസികള്‍ക്ക് ഒരു മാതൃകയായി നീ ജീവിക്കുക. നിന്‍റെ വാക്കുകൊണ്ടും ജീവിതരീതികൊണ്ടും സ്നേഹം കൊണ്ടും വിശ്വാസം കൊണ്ടും ശുദ്ധതയാര്‍ന്ന ജീവിതം കൊണ്ടും അതു പ്രകടിപ്പിക്കുക."
13 തുടര്‍ന്നും ജനങ്ങള്‍ക്കായി തിരുവെഴുത്തുകള്‍ വായിച്ച് പഠിപ്പിച്ച് അവരെ ശക്തിപ്പെടുത്തുക. ഞാന്‍ വരുന്നതുവരെ അതു ചെയ്യുക."
14 നിനക്കു കിട്ടിയ വരം പ്രയോജനപ്പെടുത്തുന്ന കാര്യം ഓര്‍ക്കുക. മൂപ്പന്മാര്‍ കൈവച്ചപ്പോള്‍ പ്രാര്‍ത്ഥനാസമയത്ത് ഉണ്ടായ പ്രവചനം വഴിയാണ് ആ വരം നിനക്കു ലഭിച്ചത്."
15 ആ കാര്യങ്ങളൊക്കെ തുടര്‍ന്നു ചെയ്യുക. നിന്‍റെ ജീവിതം പൂര്‍ണ്ണമായും ഈ കാര്യങ്ങള്‍ക്കായി വിനിയോഗിക്കുക. അപ്പോള്‍ നിന്‍റെ പ്രവൃത്തി പുരോഗമിക്കുന്നു എന്ന് ആള്‍ക്കാര്‍ക്കു മനസ്സിലാകും."
16 നിന്‍റെ ജീവിതത്തിലും ഉപദേശത്തിലും ശ്രദ്ധാലുവായിരിക്കുക. ശരിയായി ജീവിക്കുന്നതും പഠിപ്പിക്കുന്നതും തുടര്‍ന്നും നിര്‍വ്വഹിക്കുക. അപ്പോള്‍ നീയും നിന്‍റെ ഉപദേശങ്ങള്‍ ശ്രവിക്കുന്നവരും രക്ഷിക്കപ്പെടും."
1 വയോധികനോട് കോപഭാഷണം അരുത്. പകരം അവനോട് സ്വപിതാവിനോടെന്നപോലെ സംസാരിക്കുക. ചെറുപ്പക്കാരോട് സഹോദരനോടെന്നപോലെ ഇടപെടുക."
2 മൂത്ത സ്ത്രീകളോട് അമ്മയോടെന്നപോലെ പെരുമാറുക. ചെറുപ്പക്കാരികളെ സഹോദരികള്‍ എന്ന പോലെ കരുതുക. എപ്പോഴും അവരോട് നന്നായി പെരുമാറുക."
3 സത്യമായി ഏകാകിനികളായ വിധവകളെ സംരക്ഷിക്കുക."
4 ഒരു വിധവയ്ക്ക് മക്കളും കൊച്ചുമക്കളും ഉണ്ടെങ്കില്‍ അവര്‍ ആദ്യമേ മനസ്സിലാക്കേണ്ടത് ഇതാണ്. തങ്ങളുടെ മാതാപിതാക്കളെ സഹായിച്ചുകൊണ്ട് അവരുടെ സ്വകുടുംബത്തോട് ആദരവ് കാണിക്കുക. ഇതില്‍കൂടെ തങ്ങളുടെ മാതാപിതാക്കളോടും അപ്പൂപ്പനോടും അമ്മൂമ്മയോടും ഉള്ള കടമ നിറവേറ്റാനാകും. ഇത് ദൈവത്തെ പ്രീതിപ്പെടുത്തും."
5 ഒരു വിധവ യഥാര്‍ത്ഥത്തില്‍ ഏകാകിനിയും നിസ്സഹായയും ആയവള്‍ ആണെങ്കില്‍ തന്‍റെ സംരക്ഷണം ദൈവത്തില്‍ നിന്നും പ്രതീക്ഷിക്കും. ആ സ്ത്രീ രാവും പകലും പ്രാര്‍ത്ഥിച്ചു ദൈവത്തോട് സഹായം ചോദിക്കുന്നു."
6 എന്നാല്‍ സ്വയം പ്രീതിപ്പെടുത്താന്‍ തന്‍റെ തന്നെ ജീവിതം വിനിയോഗിക്കുന്ന വിധവ ജീവിക്കുന്നു എങ്കിലും യഥാര്‍ത്ഥത്തില്‍ മരിച്ചു കഴിഞ്ഞവളാണ്."
7 അന്യര്‍ക്ക് കുറ്റം പറയാന്‍ പറ്റാത്ത വിധത്തില്‍ തങ്ങളുടെ കുടുംബങ്ങളെ സംരക്ഷിക്കാന്‍ അവിടെയുള്ള വിശ്വാസികളോടു നിര്‍ദ്ദേശിക്കുക."
8 ഒരുവന്‍ തന്‍റെ സ്വന്തം ആള്‍ക്കാരെ സംരക്ഷിക്കണം എന്നതാണ് പരമപ്രധാനം. അതു ചെയ്യുന്നില്ലെങ്കില്‍ അവന്‍ സത്യവിശ്വാസം സ്വീകരിച്ചിട്ടില്ല. അവന്‍ ഒരു അവിശ്വാസിയേക്കാള്‍ മോശക്കാരനാണ്."
9 അറുപതോ അതിനുമേലോ പ്രായമുള്ള സ്ത്രീകളെ വിധവകളുടെ പട്ടികയില്‍പ്പെടുത്തണം. അവള്‍ തന്‍റെ ഭര്‍ത്താവിനോട് വിശ്വസ്തയായിരുന്നിരിക്കണം."
10 നല്ല കാര്യങ്ങള്‍ ചെയ്ത ഒരുവള്‍ എന്ന നിലയില്‍ അവള്‍ അറിയപ്പെടണം. സന്താനപരിപാലനം, അതിഥി സ്വീകരണം, ദൈവജനത്തിന്‍റെ പാദം കഴുകല്‍, ദുഃഖിതരുടെ സംരക്ഷണം അങ്ങനെ എല്ലാ നല്ലകാര്യങ്ങള്‍ക്കുമായി സ്വജീവിതം ഉപയോഗിച്ചവള്‍ എന്നാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്."
11 എന്നാല്‍ ചെറുപ്പക്കാരായ വിധവകളെ ആ ഗണത്തില്‍ കണക്കാക്കരുത്. അവര്‍ തങ്ങളെ സ്വയം ക്രിസ്തുവിന് സമര്‍പ്പിക്കുന്പോള്‍ സാധാരണഗതിയില്‍ അവരുടെ ശക്തമായ ശാരീരികാവശ്യങ്ങളാല്‍ അവനില്‍ നിന്നും പാടേ അകന്നുമാറും. അപ്പോള്‍ അവര്‍ പുനര്‍വിവാഹിതരാകാന്‍ ആഗ്രഹിക്കും."
12 അപ്പോള്‍ അവര്‍ അതിനു വേണ്ടി വിധിക്കപ്പെടും. അവര്‍ ആദ്യം പ്രതിജ്ഞ ചെയ്ത കാര്യങ്ങളെ ചെയ്യാതിരിക്കുന്നതു കൊണ്ടാണ് വിധിക്കപ്പെടുന്നത്."
13 മാത്രവുമല്ല ആ ചെറുപ്പക്കാരികളായ വിധവകള്‍ വീടുതോറും കയറിയിറങ്ങി സമയവും വ്യര്‍ത്ഥമാക്കും. അവര്‍ അപവാദം പറയുവാനും അന്യരുടെ ജീവിതത്തില്‍ വ്യാപൃതരാകുവാനും തുടങ്ങും. അവര്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പറയും."
14 അതിനാല്‍ ചെറുപ്പക്കാരികളായ വിധവകള്‍ വിവാഹിതകളായി, മക്കളുള്ളവരായി ഗൃഹസംരക്ഷണം നടത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ ഇതു ചെയ്യുമെങ്കില്‍ നമ്മുടെ ശത്രുവിന് അവരെ വിമര്‍ശിക്കാന്‍ കാരണം കിട്ടാതെയാകും."
15 എന്നാല്‍ ചില യുവവിധവകള്‍ സാത്താനെ പിന്തുടരാന്‍ നേരത്തേതന്നെ തുടങ്ങിയിരിക്കുന്നു."
16 വിശ്വാസിയായ ഒരു വനിതയുടെ കുടുംബത്തില്‍ ഒരു വിധവ ഉണ്ടെങ്കില്‍ അവള്‍ ആ വിധവയെ പ്രത്യേകം ശ്രദ്ധിക്കണം. ഇവരുടെ സംരക്ഷണാര്‍ത്ഥം സഭയെ കുഴപ്പത്തിലാക്കരുത്. അങ്ങനെ വരുന്പോള്‍ അനാഥകളായ വിധവകളെ സംരക്ഷിക്കുവാന്‍ സഭയ്ക്കു സാധിക്കും."
17 ശരിയായ വിധം സഭയെ നയിക്കുന്ന മൂപ്പന്മാര്‍ക്കും മഹത്തായ ആദരവു കിട്ടണം. വിശേഷിച്ച് പ്രസംഗിച്ചും ഉപദേശിച്ചും പ്രവര്‍ത്തിക്കുന്ന മൂപ്പന്മാര്‍ക്കാണ് ഈ മഹത്തായ ആദരവ് ഉണ്ടാകേണ്ടത്."
18 എന്തുകൊണ്ടെന്നാല്‍ തിരുവെഴുത്തു പറയുന്നു, “ധാന്യം വേര്‍തിരിക്കുന്ന പ്രവൃത്തി ചെയ്യുന്ന മെതിമൃഗത്തിന്‍റെ വായ് മൂടിക്കെട്ടുകയോ ധാന്യം തിന്നുന്നതില്‍ നിന്ന് തടയുകയോ ചെയ്യരുത്.” തിരുവെഴുത്ത് ഇങ്ങനെ കൂടി പറയുന്നു, “ഒരു പണിക്കാരന് അവന്‍റെ കൂലി കൊടുക്കണം.”"
19 ഒരു മൂപ്പനെതിരെ ആരോപണം ഉന്നയിക്കുന്നവനെ ശ്രദ്ധിക്കരുത്. ആ മൂപ്പന്‍ ചെയ്തത് തെറ്റാണെന്ന് രണ്ടോ മൂന്നോ പേര്‍ പറയുന്നു എങ്കില്‍ മാത്രം നീ അവനെ ശ്രദ്ധിക്കുക."
20 പാപം ചെയ്യുന്നവരോട് അവര്‍ക്കു തെറ്റിപ്പോയെന്നു പറയുക. സഭയുടെ മുഴുവനും മുന്പാകെ വേണം ഇങ്ങനെ ചെയ്യാന്‍. അപ്പോള്‍ മറ്റെല്ലാവര്‍ക്കും അത് ഒരു താക്കീതാകും."
21 ഇതൊക്കെ ചെയ്യുവാന്‍ ദൈവത്തിന്‍റെയും യേശുക്രിസ്തുവിന്‍റെയും തിരഞ്ഞെടുക്കപ്പെട്ട ദൂതന്മാരുടെയും മുന്പാകെ ഞാന്‍ നിന്നോടു കല്പിക്കുന്നു. എന്നാല്‍ സത്യമറിയുന്നതിനു മുന്‍പ് ആരെയും വിധിക്കരുത്. ഇക്കാര്യങ്ങളെല്ലാം എല്ലാ ആള്‍ക്കാരോടും സമമായി അനുവര്‍ത്തിക്കുക."
22 ഒരുവനെ മൂപ്പനാക്കുന്നതിനു മുന്‍പ് സൂക്ഷ്മതയോടെ ചിന്തിക്കുക. അന്യരുടെ പാപങ്ങളില്‍ പങ്കുപറ്റരുത്. സ്വയം ശുദ്ധിയുള്ളവനായിരിക്കുക."
23 തിമൊഥെയൊസേ, നീ വെള്ളം മാത്രമേ കുടിക്കുന്നുള്ളൂ. അതു നിര്‍ത്തി അല്പം വീഞ്ഞു കുടിക്കുക. ഇതു നിന്‍റെ ഉദരത്തെ സഹായിക്കുകയും കൂടെക്കൂടെ രോഗിയാകുന്നതില്‍ നിന്നു തടയുകയും ചെയ്യും."
24 ചില ആള്‍ക്കാരുടെ പാപങ്ങള്‍ കാണാന്‍ എളുപ്പമാണ്. അവര്‍ വിധിക്കപ്പെടും എന്ന് അവരുടെ പാപങ്ങള്‍ കാണിക്കും. എന്നാല്‍ ചില ആളുകളുടെ പാപങ്ങള്‍ വൈകി മാത്രമേ കാണുവാന്‍ സാധിക്കൂ."
25 ആള്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളുടെ സ്ഥിതിയും ഇതുപോലെ തന്നെ. ജനങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ കാണുവാന്‍ എളുപ്പമാണ്. എന്നാല്‍ കാണുവാന്‍ ക്ലേശകരമായ നല്ല കാര്യങ്ങള്‍ക്കു പോലും മറഞ്ഞിരിക്കാന്‍ സാധിക്കയില്ല."
1 അടിമകളായിട്ടുള്ള മനുഷ്യരെല്ലാം അവരുടെ ഉടമയോട് പൂര്‍ണ്ണ ബഹുമാനം കാണിക്കണം. അവരതു ചെയ്യുന്പോള്‍ ദൈവനാമവും നമ്മുടെ ഉപദേശവും വിമര്‍ശനവിധേയമാവില്ല."
2 ചില അടിമകള്‍ക്ക് വിശ്വാസികളായ ഉടമകളും ഉണ്ട്. അതുകൊണ്ട് ആ അടിമകളും ഉടമകളും സഹോദരരാണ്. എന്നാല്‍ അടിമകള്‍ അവരോട് ഒരു അനാദരവും കാട്ടരുത്. ഈ അടിമകള്‍ തങ്ങളുടെ വിശ്വാസികളായ ഉടമകളെ കൂടുതല്‍ മെച്ചമായി ശുശ്രൂഷിക്കണം. എന്തുകൊണ്ടെന്നാല്‍ ആ അടിമകള്‍ തങ്ങള്‍ സ്നേഹിക്കുന്ന വിശ്വാസികളെ സഹായിക്കുകയാണ്. ഈ കാര്യങ്ങള്‍ ജനങ്ങളെ നീ പറഞ്ഞു പഠിപ്പിക്കുകയും അവ ചെയ്യാന്‍ പ്രേരിപ്പിക്കുകയും വേണം."
3 ചിലര്‍ തെറ്റായ കാര്യങ്ങള്‍ പഠിപ്പിക്കും. അവര്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ സത്യ ഉപദേശത്തോട് യോജിപ്പുള്ളവരല്ല. ദൈവശുശ്രൂഷയ്ക്കുള്ള നേരായ മാര്‍ഗ്ഗത്തോട് ഒത്തുപോകുന്ന ഉപദേശത്തെ അവര്‍ സ്വീകരിക്കയില്ല."
4 തെറ്റായി പഠിപ്പിക്കുന്നവന് ഒന്നും മനസ്സിലാകുകയില്ല. അവരില്‍ നിറയെ അഹങ്കാരമായിരിക്കും. വാക്കുകളെപ്പറ്റി തര്‍ക്കിച്ച് കലഹിക്കുന്നതിനു അവര്‍ക്ക് ഇഷ്ടം തോന്നും. അതൊരു രോഗംപോലെയാണവര്‍ക്ക്. അത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും അസൂയയും കുറ്റപ്പെടുത്തലും കലഹമുണ്ടാക്കലും ദുഷ്ടമായ സംശയവും സൃഷ്ടിക്കുകയും ചെയ്യും."
5 അതുമാത്രമല്ല ദുഷ്ടമനസ്കരില്‍ നിന്നു അത് തര്‍ക്കങ്ങളെ ജനിപ്പിക്കുകയും ചെയ്യും. അവര്‍ക്ക് സത്യം നഷ്ടപ്പെട്ടു. ദൈവത്തെ ശുശ്രൂഷിക്കുന്നത് പണക്കാരനാകാനുള്ള ഒരു മാര്‍ഗ്ഗം എന്നാണവര്‍ വിചാരിക്കുന്നത്."
6 ഒരുവന്‍ ഉള്ളതുകൊണ്ട് സംതൃപ്തനാകുമെങ്കില്‍ ദൈവശുശ്രൂഷ ഒരുവനെ ധനവാനാക്കും എന്നു പറയുന്നത് സത്യമാണ്."
7 നാം ഭൂമിയിലേക്കു വന്നപ്പോള്‍ ഒന്നും കൊണ്ടുവന്നില്ല. മരിക്കുന്പോള്‍ നമുക്ക് ഒന്നും കൊണ്ടുപോകാനും സാധിക്കയില്ല."
8 അതിനാല്‍ നമുക്കു ഭക്ഷണവും വസ്ത്രവും ഉണ്ടെങ്കില്‍ നാം അതുകൊണ്ട് സംതൃപ്തരാകണം."
9 [This verse may not be a part of this translation]"
10 ധനസ്നേഹമാണ് എല്ലാത്തരം ദുഷ്ടതയ്ക്കും കാരണമാകുന്നത്. ചിലര്‍ കൂടുതല്‍ കൂടുതല്‍ ധനം ആഗ്രഹിക്കുന്നതുകൊണ്ട് സത്യവിശ്വാസം ത്യജിച്ചു. എന്നാല്‍ അവര്‍ കൂടുതല്‍ കൂടുതല്‍ ദുഃഖിതരാകാന്‍ സ്വയം കാരണക്കാരായി."
11 എന്നാല്‍ നീ ദൈവത്തിന്‍റെ മനുഷ്യനാകുന്നു. അതിനാല്‍ ഇക്കാര്യങ്ങളില്‍ നിന്നെല്ലാം നീ ഒഴിഞ്ഞു നില്‍ക്കണം. നേരായ വഴിയില്‍ ജീവിക്കുവാനും ദൈവസേവനം ചെയ്യുവാനും വിശ്വാസവും സ്നേഹവും ക്ഷമയും സൌമ്യതയും ഉണ്ടായിരിക്കുവാനും ശ്രമിക്കുക."
12 ഓട്ട മത്സരത്തില്‍ ഓടുന്നതു പോലെയാണ് നിങ്ങളുടെ വിശ്വാസം കാത്തു സൂക്ഷിക്കുന്നത്. ആ ഓട്ടത്തില്‍ വിജയം നേടുന്നതി നായി ഏറ്റവും കഠിനമായി ശ്രമിക്കുക. എന്നേക്കും തുടരുന്ന ആ ജീവിതം നിനക്കു കിട്ടിയെന്ന് തീര്‍ച്ചപ്പെടുത്തുക. ആ ജീവിതം കിട്ടുവാന്‍ നീ വിളിക്കപ്പെട്ടു. ക്രിസ്തുവിനെപ്പറ്റിയുള്ള ആ മഹാ സത്യം നീ പലരും ശ്രദ്ധിക്കുമാറ് ഏറ്റു പറഞ്ഞു."
13 ദൈവത്തിന്‍റെയും ക്രിസ്തുയേശുവിന്‍റെയും മുന്പാകെ ഞാന്‍ നിനക്കൊരു കല്പന തരുന്നു. പൊന്തിയൊസ് പീലാത്തൊസിന്‍റെ മുന്പാകെ അതേ മഹാസത്യം ഏറ്റുപറഞ്ഞവനാണ് യേശുക്രിസ്തു. എല്ലാറ്റിനും ജീവന്‍ പകരുന്നവനാണ് ദൈവം. ഇപ്പോള്‍ ഞാന്‍ നിന്നോടു പറയുന്നു:"
14 നിന്നോട് ആജ്ഞാപിച്ചിരിക്കുന്ന കാര്യങ്ങളെല്ലാം ചെയ്യുക. ആ കാര്യങ്ങളൊക്കെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വീണ്ടും വരുന്നതു വരെ തെറ്റോ കുറ്റപ്പെടുത്തലോ കൂടാതെ ചെയ്യുക."
15 ദൈവം യഥാസമയം അതു നടപ്പാക്കും. ദൈവമാണ് അനുഗ്രഹീതനായ ഏക ഭരണകര്‍ത്താവ്. എല്ലാ രാജാക്കന്മാരുടെ രാജാവും കര്‍ത്താക്കന്മാരുടെ കര്‍ത്താവുമാണ് ദൈവം."
16 ഒരിക്കലും മരിക്കാത്തവന്‍ ദൈവം മാത്രമാണ്. മനുഷ്യര്‍ക്ക് അടുത്തു പോകാന്‍ പറ്റാത്തവിധം അത്ര ശോഭയേറിയ പ്രകാശത്തിലാണ് ദൈവം സ്ഥിതി ചെയ്യുന്നത്. ഒരുവനും ദൈവത്തെ ഒരിക്കലും കണ്ടിട്ടില്ല. ഒരുവനും ദൈവത്തെ കാണാന്‍ കഴിയുകയുമില്ല. ദൈവത്തിന് എന്നേക്കും ബഹുമാനവും ശക്തിയും ഉണ്ടായിരിക്കട്ടെ. ആമേന്‍."
17 ഈ ലോകത്തിലുള്ള വസ്തുക്കള്‍ കൊണ്ട് സന്പന്നരായവര്‍ക്ക് ആ കല്പന കൊടുക്കുക. അഹങ്കരിക്കരുതെന്ന് അവരോട് പറയുക. സന്പത്തിലല്ല, ദൈവത്തില്‍ പ്രത്യാശിക്കുവാന്‍ ആ ധനികരോട് പറയുക. ധനത്തെ ആശ്രയിക്കാന്‍ പറ്റില്ല. എന്നാല്‍ ദൈവം നമ്മെ അത്യധികം ശ്രദ്ധിക്കുന്നു. ആസ്വദിക്കുവാന്‍ ധാരാളമായി എല്ലാം അവന്‍ നമുക്കു തരുന്നു."
18 നല്ലതു ചെയ്യുവാന്‍ ധനവാന്മാരോടു പറയുക. സല്‍ക്കാര്യങ്ങള്‍ ചെയ്യുന്നതില്‍ ധനവാന്മാരാകുവാന്‍ അവരോടു പറയുക. ദാനശീലരായി അവര്‍ക്കുള്ളത് പങ്കുവയ്ക്കുന്നതില്‍ സന്നദ്ധത ഉള്ളവരാകാന്‍ അവരോടു പറയുക."
19 ഇങ്ങനെ ചെയ്യുന്നതില്‍ കൂടെ അവര്‍ സ്വര്‍ഗ്ഗത്തില്‍ തങ്ങള്‍ക്കായി സ്വയം ഒരു നിധി ഒരുക്കുകയാകും ചെയ്യുക. അതൊരു ശക്തിമത്തായ അടിത്തറയാകും. അവരുടെ ഭാവിജീവിതം ആ നിധിമേല്‍ കെട്ടിപ്പൊക്കാം. അപ്പോള്‍ അവര്‍ക്ക് സത്യജീവന്‍ ഉള്ളവരാകാന്‍ കെല്പുള്ളവരാകാം."
20 തിമൊഥെയൊസേ, ദൈവം നിന്നെ പല കാര്യങ്ങളിലും വിശ്വസിച്ചിരിക്കുന്നു. ആ കാര്യങ്ങളുടെ സുരക്ഷിതത്വത്തില്‍ ശ്രദ്ധിക്കുക. ദൈവത്തില്‍ നിന്നുള്ളതല്ലാത്ത മൌഢ്യങ്ങള്‍ പറയുന്നവരില്‍ നിന്നും അകന്നു നില്‍ക്കുക. സത്യത്തിനെതിരേ വാദിക്കുന്നവരില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക. അവര്‍ “അറിവെന്നു” വിളിക്കുന്ന ചിലത് ഉപയോഗിക്കും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് അറിവല്ല."
21 ചിലര്‍ അവകാശപ്പെടും അവര്‍ക്ക് ആ “അറിവ്” ഉണ്ടെന്ന്. അക്കൂട്ടര്‍ സത്യപാഠത്തെ ത്യജിച്ചു. ദൈവത്തിന്‍റെ കൃപ നിങ്ങളോടൊപ്പം ഉണ്ടായിരിക്കട്ടെ."