1 ദൈവത്തിന്‍റെ ഇച്ഛയോടെ ക്രിസ്തുയേശുവിന്‍റെ അപ്പൊസ്തലനായ പൌലൊസും ക്രിസ്തുവില്‍ നമ്മുടെ സഹോദരനായ തിമൊഥെയൊസും ആശംസകള്‍ അയയ്ക്കുന്നത്."
2 ക്രിസ്തുവില്‍ വിശ്വസ്ത സഹോദരരായ കൊലൊസ്സ്യയിലെ ദൈവത്തിന്‍റെ വിശുദ്ധജനങ്ങള്‍ക്ക് നമ്മുടെ പിതാവായ ദൈവത്തിന്‍റെ കൃപയും സമാധാനവും."
3 നിങ്ങള്‍ക്കായുള്ള ഞങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഞങ്ങള്‍ എപ്പോഴും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവത്തിനു നന്ദി പറയാറുണ്ട്."
4 ക്രിസ്തുയേശുവിലുള്ള സ്നേഹത്തെപ്പറ്റിയും ഞങ്ങള്‍ കേട്ടതുകൊണ്ട് ദൈവത്തിനു നന്ദി പറയുന്നു."
5 നിങ്ങള്‍ക്കുള്ള പ്രത്യാശമൂലമാണ് ക്രിസ്തുവില്‍ നിങ്ങള്‍ക്ക് വിശ്വാസം ഉള്ളതും ദൈവജനത്തെ നിങ്ങള്‍ സ്നേഹിക്കുന്നതും. നിങ്ങള്‍ പ്രത്യാശിക്കുന്നതൊക്കെ സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ക്കായി സൂക്ഷിച്ചു വച്ചിരിക്കുന്നു എന്നു നിങ്ങള്‍ക്കറിയാം. സത്യോപദേശമായ സുവിശേഷം നിങ്ങള്‍ കേട്ടതുകൊണ്ടാണ് ഈ പ്രത്യാശയെക്കുറിച്ച് നിങ്ങള്‍ക്ക് മനസ്സിലായത്."
6 അതു നിങ്ങളോടു പറഞ്ഞിരുന്നു. ലോകത്തിലെല്ലായിടത്തും സുവിശേഷം വളര്‍ച്ചയും അനുഗ്രഹങ്ങളും കൊണ്ടുവരുന്നു. സുവിശേഷത്തെക്കുറിച്ചു കേള്‍ക്കുകയും ദൈവത്തിന്‍റെ കൃപയെക്കുറിച്ചു മനസ്സിലാക്കുകയും ചെയ്തതുമുതല്‍ ഇതു തന്നെ നിങ്ങള്‍ക്കും സംഭവിച്ചിരിക്കുന്നു."
7 എപ്പഫ്രാസില്‍ നിന്നും നിങ്ങള്‍ ദൈവകൃപയെക്കുറിച്ച് മനസ്സിലാക്കി. എപ്പഫ്രാസ് ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നു. ഞങ്ങളവനെ സ്നേഹിക്കുകയും ചെയ്യുന്നു. അവന്‍ ഞങ്ങള്‍ക്കു വേണ്ടി ക്രിസ്തുവിന്‍റെ വിശ്വസ്തനായ ദാസനാണ്."
8 പരിശുദ്ധാത്മാവിന് നിങ്ങളോടുള്ള സ്നേഹത്തെക്കുറിച്ചും എപ്പഫ്രാസ് ഞങ്ങളോടു പറഞ്ഞു."
9 ഈ കാര്യങ്ങള്‍ കേട്ട ദിവസം മുതല്‍ ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതു തുടര്‍ന്നു. ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ വ്യക്തമായും അറിയുന്നതിന്; നിങ്ങളുടെ അറിവോടൊപ്പം നിങ്ങള്‍ക്ക് ആത്മീയകാര്യങ്ങളില്‍ വലിയ ജ്ഞാനവും മനസ്സിലാക്കാനുള്ള കഴിവും ഉണ്ടാകുന്നതിന്;"
10 കര്‍ത്താവിനു ആദരവും അവനെ സകലവിധത്തിലും പ്രീതിപ്പെടുത്തുന്നതുമായ ഒരു ജീവിതം നയിക്കാന്‍ ഈ കാര്യങ്ങള്‍ നിങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന്; നിങ്ങള്‍ എല്ലാ നന്മകളും ചെയ്ത് ദൈവത്തെക്കുറിച്ചുള്ള അറിവില്‍ വളരുന്നതിന്;"
11 ദൈവം തന്‍റെ മഹാശക്തിയാല്‍ നിങ്ങളെ ശക്തിപ്പെടുത്തും. പ്രശ്നങ്ങള്‍ വരുന്പോള്‍ ദൈവത്തെ ഉപേക്ഷിക്കാതെ ശാന്തരും സന്തോഷവാന്മാരും ആകാന്‍തക്ക തരത്തില്‍ ദൈവം നിങ്ങളെ ശക്തിപ്പെടുത്തും. ഞങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നത് ഈ കാര്യങ്ങള്‍ക്കാണ്."
12 അപ്പോള്‍ നിങ്ങള്‍ക്കു പിതാവിനു നന്ദി പറയാം.അവന്‍ നിങ്ങള്‍ക്കുവേണ്ടി ഒരുക്കിവച്ചിരിക്കുന്ന കാര്യങ്ങള്‍ കിട്ടാന്‍ ദൈവം നിങ്ങളെ പ്രാപ്തരാക്കി. പ്രകാശത്തില്‍ ജീവിക്കുന്ന തന്‍റെ എല്ലാ ജനങ്ങള്‍ക്കും വേണ്ടി ഈ കാര്യങ്ങളെല്ലാം ഒരുക്കിവച്ചിട്ടുണ്ട്."
13 ഇരുളിന്‍റെ ശക്തിയില്‍ നിന്നും ദൈവം നമ്മളെ സ്വതന്ത്രരാക്കി, തന്‍റെ പ്രിയപ്പെട്ട പുത്രന്‍റെ സാമ്രാജ്യത്തിലേക്ക് നമ്മെ കൊണ്ടുവന്നു."
14 ആ പുത്രന്‍ നമ്മുടെ പാപങ്ങള്‍ക്കു പരിഹാരം ചെയ്തു. നമുക്ക് നമ്മുടെ പാപങ്ങളില്‍ നിന്നും അവന്‍ മോചനം കൊണ്ടുവന്നു."
15 ഒരുവനും ദൈവത്തെ കാണാന്‍ സാധിക്കയില്ല. എന്നാല്‍ യേശു കൃത്യമായും ദൈവത്തെപ്പോലെതന്നെയാണ്. നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന എല്ലാ കാര്യങ്ങളെയും ഭരിക്കുന്നത് യേ ശുവാണ്."
16 യേശുവിന്‍റെ അധികാരത്തില്‍ നിന്നും മെനഞ്ഞെടുക്കപ്പെട്ടതാണ് സമസ്ത സൃഷ്ടികളും. ആകാശത്തിലും ഭൂമിയിലും ഉള്ളതും ഗോചരവും അഗോചരവും ആയതും ശക്തിയും അധികാരങ്ങളും പ്രഭുക്കന്മാരും ഭര ണാധികാരികളും അടക്കമുള്ള എല്ലാ സമസ്ത വസ്തുക്കളും അവനിലൂടെ അവനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു."
17 എന്തെങ്കിലും ഉണ്ടാകുന്നതിനു മുന്‍പ് ക്രിസ്തു ഉണ്ടായിരുന്നു. എല്ലാം തുടര്‍ന്നു പോകുന്നതും അവനാല്‍ തന്നെ."
18 ശരീരത്തിന്‍റെ തലയാണ് ക്രിസ്തു. (ശരീരമാകട്ടെ അവന്‍റെ സഭയും.) എല്ലാം അവനില്‍ നിന്നു വരുന്നു. അവനാണ് മരണത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ്. അതുകൊണ്ട് സര്‍വ്വത്തിലും അവന്‍ പ്രധാനിയും ആണ്."
19 തന്‍റെ എല്ലാ പൂര്‍ണ്ണതയോടും കൂടി ക്രിസ്തുവില്‍ ജീവിക്കാന്‍ ദൈവം ഇഷ്ടപ്പെട്ടു."
20 അതുകൊണ്ട് എല്ലാ കാര്യത്തിലും കര്‍ത്താവ് സര്‍വ്വഭൂമിയിലുള്ളതും ആകാശത്തിലുള്ളതുമായ എല്ലാം ക്രിസ്തുവില്‍ കൂടി തന്നില്‍ പൊരുത്തപ്പെടുത്താന്‍ ദൈവം ഇഷ്ടപ്പെട്ടു. കുരിശിലെ ക്രിസ്തുവിന്‍റെ രക്തത്താല്‍ ദൈവം സമാധാനം നിലനിര്‍ത്തി."
21 ഒരു കാലത്ത് നിങ്ങള്‍ ദൈവത്തില്‍ നിന്ന് അകന്നിരുന്നു. നിങ്ങള്‍ ചെയ്ത ദുഷ്കൃത്യങ്ങള്‍ ദൈവത്തിനെതിരായിരുന്നതു കൊണ്ടു നിങ്ങള്‍ ഉള്ളുകൊണ്ട് ദൈവത്തിന്‍റെ എതിരാളികളായിരുന്നു."
22 എന്നാലിപ്പോള്‍ ക്രിസ്തു നിങ്ങളെ വീണ്ടും ദൈവത്തിന്‍റെ സ്നേഹിതരാക്കിയിരിക്കുന്നു. അവന്‍ തന്‍റെ (ഭൌമിക) ശരീരത്തിലായിരുന്നപ്പോള്‍ തന്‍റെ മരണം വഴി അവന്‍ ഇതു ചെയ്തു. നിങ്ങളെ ദൈവമുന്പാകെ കൊണ്ടുവരുന്നതിനായാണ് ക്രിസ്തു ഇതു ചെയ്തത്. ദൈവം നിങ്ങളില്‍ കുറ്റകരമായ ഒന്നും കണ്ടെത്താതിരിക്കത്തക്കവണ്ണം വിശുദ്ധരും കുറ്റമറ്റവരുമായി ക്രിസ്തു നിങ്ങളെ ദൈവമുന്പാകെ കൊണ്ടുവരും."
23 നിങ്ങള്‍ കേട്ട സുവിശേഷം തുടര്‍ന്ന് നിങ്ങള്‍ വിശ്വസിക്കുകയാണെങ്കില്‍ ക്രിസ്തു നിങ്ങള്‍ക്കുവേണ്ടി ഇതു ചെയ്യും. നിങ്ങള്‍ നിങ്ങളുടെ വിശ്വാസത്തില്‍ ഉറപ്പും സ്ഥിരതയും ഉള്ളവരായിരിക്കുവിന്‍. സുവിശേഷം നല്‍കപ്പെട്ടിരിക്കുന്ന പ്രത്യാശയില്‍ നിന്നും നിങ്ങള്‍ മാറരുത്. ലോകത്തെല്ലായിടത്തുമുള്ള ജനങ്ങളോട് പറഞ്ഞിരിക്കുന്ന ഇതേ സുവിശേഷത്തില്‍ തുടര്‍ന്നു വിശ്വസിക്കുക. ഈ സുവിശേഷത്തിന്‍റെ സേവകനാണ് പൌലൊസായ ഞാന്‍."
24 നിങ്ങള്‍ക്കുവേണ്ടിയുള്ള എന്‍റെ കഷ്ടങ്ങളില്‍ ഞാന്‍ സന്തോഷിക്കുന്നു. ക്രിസ്തുവിന്‍റെ ശരീരമായ സഭ വഴി ഇനിയും ക്രിസ്തു ഏറെ സഹിക്കും. സഹിക്കുന്നതിനുള്ള എന്‍റെ ഭാഗം ഞാന്‍ സ്വീകരിക്കുന്നു. ഈ കഷ്ടങ്ങള്‍ ഞാന്‍ എന്‍റെ ഈ ഭൌതികശരീരത്തില്‍ ഏല്‍ക്കും. അവന്‍റെ ശരീരമായ സഭയ്ക്കുവേണ്ടി ഞാന്‍ സഹിക്കും."
25 ദൈവം എനിക്കൊരു പ്രത്യേക ജോലി തന്നതുകൊണ്ട് ഞാന്‍ സഭയുടെ ഒരു ശുശ്രൂഷകനായി. ഈ പ്രവൃത്തി നിങ്ങളെ സഹായിക്കുന്നു. ദൈവത്തിന്‍റെ ഉപദേശം പൂര്‍ണ്ണമായി പറയുകയാണ് എന്‍റെ ജോലി."
26 കാലത്തിന്‍റെ ആരംഭം മുതല്‍ മറഞ്ഞിരുന്ന സത്യങ്ങളാണ് ഈ ഉപദേശം. എല്ലാ ജനങ്ങളില്‍ നിന്നും ഈ സത്യം മറച്ചുവയ്ക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ഈ രഹസ്യ സത്യം ദൈവത്തിന്‍റെ വിശുദ്ധജനത്തിനു വെളിവാക്കിയിരിക്കുന്നു."
27 വിലപിടിച്ചതും മഹത്വപൂര്‍ണ്ണവുമായ ആ സത്യം അവരെ അറിയിക്കാന്‍ ദൈവം തീരുമാനിച്ചു. എല്ലാവര്‍ക്കുമുള്ളതാകുന്നു മഹത്തായ ആ സത്യം. നിങ്ങളിലുള്ള ക്രിസ്തു തന്നെയാണ് ആ സത്യം. മഹത്വത്തിനായുള്ള നമ്മുടെ ഏക പ്രതീക്ഷയാണ് അവന്‍."
28 അതുകൊണ്ട് ക്രിസ്തുവിനെപ്പറ്റി ജനങ്ങളോടു പറയുന്നതു ഞങ്ങള്‍ തുടരുന്നു. എല്ലാവരേയും ശക്തിപ്പെടുത്താനും പഠിപ്പിക്കാനും ഞങ്ങളുടെ പൂര്‍ണ്ണമായ അറിവും ഉപയോഗിക്കും. ക്രിസ്തുവിലുള്ള ആത്മീയവളര്‍ച്ചയില്‍ തികഞ്ഞവരായി എല്ലാവരെയും ദൈവമുന്പാകെ എത്തിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു."
29 ഇതു ചെയ്യുവാനായി ക്രിസ്തു എനിക്കു തന്ന മഹാബലത്താല്‍ ഞാന്‍ കഠിനാദ്ധ്വാനം ചെയ്യുകയും മല്ലിടുകയും ചെയ്യുന്നു. ആ ശക്തി എന്‍റെ ജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നു."
1 ഞാന്‍ നിങ്ങള്‍ക്കു വേണ്ടി എത്രമാത്രം ക്ലേശിക്കുന്നുവെന്ന് നിങ്ങള്‍ മനസ്സിലാക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ലവുദിക്യയില്‍ ഉള്ളവരെയും എന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത മറ്റാള്‍ക്കാരേയും സഹായിക്കാന്‍ മല്ലിടുന്നു."
2 അവര്‍ എല്ലാവരും സ്നേഹത്തില്‍ പരസ്പരം ഒന്നിച്ചു ശക്തിയാര്‍ജ്ജിക്കണമെന്നും വിജ്ഞാനത്തില്‍ നിന്നും ഉളവാകുന്ന ഉറച്ച വിശ്വാസത്തില്‍ അവര്‍ സന്പന്നരാകണമെന്നും ഞാനാഗ്രഹിക്കുന്നു. ദൈവം വെളിപ്പെടുത്തിയ ആ രഹസ്യ സത്യം നിങ്ങള്‍ പൂര്‍ണ്ണമായി അറിയണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ സത്യം ക്രിസ്തു തന്നെയാണ്."
3 വിവേകത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും നിധികുംഭങ്ങള്‍ ക്രിസ്തുവില്‍ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നു."
4 നല്ലതെന്നു തോന്നിക്കുന്ന തെറ്റായ ആശയങ്ങള്‍ പറഞ്ഞ് ആരും നിങ്ങളെ വിഡ്ഢികളാക്കരുതെന്നു കരുതിയാണ് ഞാനിതു പറയുന്നത്."
5 ഞാന്‍ നിങ്ങളോടുകൂടെ അവിടെ ഇല്ലെങ്കിലും എന്‍റെ ഹൃദയം നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങളുടെ നല്ല ജീവിതവും, ക്രിസ്തുവിലുള്ള ദൃഢമായ വിശ്വാസവും കാണുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു."
6 നിങ്ങള്‍ക്ക് കര്‍ത്താവായ ക്രിസ്തുയേശുവിനെ ലഭിച്ചു. അതുകൊണ്ട് ഒരു മാറ്റവും വരുത്താതെ അവനെ പിന്തുടരുക."
7 നിങ്ങള്‍ ക്രിസ്തുവിനെ മാത്രം ആശ്രയിക്കുക. ജീവനും ബലവും അവനില്‍ നിന്നു വരുന്നു. ആ സത്യം നിങ്ങളെ പഠിപ്പിച്ചിരിക്കുന്നു. യഥാര്‍ത്ഥമായ ആ ഉപദേശത്തില്‍ നിങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് ബോദ്ധ്യം വരുത്തണം. എപ്പോഴും നന്ദിയുള്ളവരായിരിക്കണം."
8 തെറ്റായതും അര്‍ത്ഥരഹിതവുമായ ആശയങ്ങളാല്‍ ആരും നിങ്ങളെ വഴി തെറ്റിക്കാതിരിപ്പാന്‍ ശ്രദ്ധിക്കുക. അത്തരം ആശയങ്ങള്‍ ക്രിസ്തുവില്‍ നിന്നുമല്ല, പക്ഷേ ലോകജനതയുടെ വിലയില്ലാത്ത ആശയങ്ങളാണ് അതൊക്കെ."
9 ദൈവത്തിലുളളതെല്ലാം ക്രിസ്തുവില്‍ പൂര്‍ണ്ണമായി ജീവിക്കുന്നു. (ക്രിസ്തുവിന്‍റെ ഭൂമിയിലുള്ള ജീവിതത്തില്‍ പോലും)"
10 ക്രിസ്തുവില്‍ നിങ്ങള്‍ എല്ലാം തികഞ്ഞവരാണ്, എല്ലാ അധികാരശക്തികളെയും ഭരിക്കുന്നത് ക്രിസ്തു ആണ്."
11 ക്രിസ്തുവില്‍ നിങ്ങള്‍ക്കൊരു വ്യത്യസ്തമായ പരിച്ഛേദനയായിരുന്നു ഉള്ളത്. ആ പരിച്ഛേദന ഒരുവന്‍റേയും കൈയാല്‍ നടത്തുന്നതല്ല. നിങ്ങളുടെ പാപം നിറഞ്ഞ സ്വയത്തില്‍ നിന്നും നിങ്ങളെ സ്വതന്ത്രരാക്കി എന്നതാണ് ഞാനുദ്ദേശിക്കുന്നത്. അതാണു ക്രിസ്തു നല്‍കുന്ന പരിച്ഛേദന."
12 നിങ്ങള്‍ സ്നാനപ്പെട്ടപ്പോള്‍ ക്രിസ്തുവിനോടൊപ്പം നിങ്ങളേയും സംസ്കരിച്ചു. അതുമാത്രമല്ല നിങ്ങളുടെ ദൈവത്തിന്‍റെ ശക്തിയിലുള്ള വിശ്വാസം വഴി ക്രിസ്തുവിനോടു കൂടി ആ സ്നാനത്താല്‍ നിങ്ങളേയും ഉയിര്‍പ്പിച്ചു. ക്രിസ്തുവിനെ മരണത്തില്‍നിന്നും ഉയിര്‍ത്തിയതു വഴി ദൈവത്തിന്‍റെ ശക്തി സ്പഷ്ടമാക്കപ്പെട്ടു."
13 നിങ്ങളുടെ പാപം കൊണ്ടും നിങ്ങളുടെ പാപം നിറഞ്ഞ സ്വയത്തിന്‍റെ ശക്തിയില്‍ നിന്നും മോചിതരാകാതിരുന്നതു കൊണ്ടും നിങ്ങള്‍ മരിച്ചു. എന്നാല്‍ ദൈവം ക്രിസ്തുവിനോടൊപ്പം നിങ്ങളേയും ജീവിപ്പിച്ചു. ദൈവം നമ്മുടെ എല്ലാ പാപങ്ങളും ക്ഷമിച്ചു."
14 ദൈവത്തിന്‍റെ കല്പനകള്‍ ലംഘിച്ചതുകൊണ്ട് നാം കടക്കാരായി. നാം പിന്തുടരുന്നതില്‍ വീഴ്ചവരുത്തിയ എല്ലാ ചട്ടങ്ങളും ആ കടത്തില്‍ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ദൈവം നമ്മളോടു പൊറുത്തു. ആ കടങ്ങളെല്ലാം കുരിശില്‍ തറച്ചു."
15 ദൈവം എല്ലാം ആത്മീയ അധികാരങ്ങളെയും ശക്തികളെയും പരാജയപ്പെടുത്തി. കുരിശുകൊണ്ട് ദൈവം വിജയം നേടിയെടുത്ത് ആ അധികാരികളെയും ശക്തികളെയും തോല്പിച്ചു. അവര്‍ ശക്തിഹീനരാണെന്ന് ദൈവം ലോകത്തിനു കാണിച്ചു കൊടുത്തു."
16 തിന്നുകയോ കുടിക്കുകയോ അല്ലെങ്കില്‍ യെഹൂദരുടെ ആചാരക്രമങ്ങളെയോ കുറിച്ച് നിങ്ങളുടെ മേല്‍ ചട്ടങ്ങള്‍ അടിച്ചേല്പിക്കുവാന്‍ ആരേയും അനുവദിക്കാതിരിക്കുക. (ഉത്സവങ്ങള്‍, ചന്ദ്രോത്സവങ്ങള്‍, ശബ്ബത്തുകള്‍)."
17 മുന്‍കാലങ്ങളില്‍ ഈ കാര്യങ്ങളത്രയും വരുവാനിരിക്കുന്ന കാര്യങ്ങളുടെ ഒരു നിഴലായിരുന്നു. എന്നാല്‍ വന്നുകൊണ്ടിരിക്കുന്ന പുതിയ കാര്യങ്ങള്‍ ക്രിസ്തുവില്‍ കണ്ടെത്തി."
18 ദൂതന്മാരെ ആരാധിക്കുന്നതിലും വിനീതരാണെന്നു നടിക്കുന്നതിലും ചില ആള്‍ക്കാര്‍ അവര്‍ക്കു കിട്ടിയ ദര്‍ശനങ്ങളെക്കുറിച്ച് എപ്പോഴും പറയുന്നു. “ഈ കാര്യങ്ങള്‍ ചെയ്യാത്തതുകൊണ്ട് നിങ്ങള്‍ തെറ്റുകാരാണെന്നു” പറയുവാന്‍ അത്തരം ആള്‍ക്കാരെ അനുവദിക്കാതിരിക്കുക. അവരിലാകെ മന്ദന്‍ അഹംഭാവമാണ്, കാരണം ദൈവീക ചിന്തകള്‍ക്കു പകരം ജഡീക ചിന്തകളാണ് അവരുടേത്."
19 അവര്‍ അവരെത്തന്നെ തലയായ ക്രിസ്തുവിനു കീഴ്പ്പെടുത്തുന്നില്ല. ശരീരം മുഴുവനും ക്രിസ്തുവിനെ ആശ്രയിച്ചിരിക്കുന്നു. ക്രിസ്തു മൂലം ശരീരത്തിലെ എല്ലാ ഭാഗങ്ങളും പരസ്പരം കരുതുകയും അന്യോന്യം സഹായിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തെ ബലപ്പെടുത്തുകയും അതിനെ ഒന്നായി നിലനിര്‍ത്തുകയും ചെയ്യുന്നു. അതുകൊണ്ട് ദൈവം ആഗ്രഹിക്കുന്ന വിധത്തില്‍ ശരീരം വളരും."
20 നിങ്ങള്‍ ക്രിസ്തുവിനൊപ്പം മരിച്ചതുകൊണ്ട് ലോകത്തിന്‍റെ വ്യര്‍ത്ഥചട്ടങ്ങളില്‍ നിന്നും മുക്തരായി. അതുകൊണ്ട് ഇപ്പോഴും ലോകത്തിന്‍റേതെന്ന പോലെ എന്തിന് പ്രവര്‍ത്തിക്കണം? ഇത്തരം ചട്ടങ്ങളെന്തിനു പിന്തുടരുന്നു എന്നാണു ഞാനര്‍ത്ഥമാക്കുന്നത്."
21 “അതു തിന്നരുത്,” “അതു രുചിക്കരുത്,” “ആ സാധനം തൊടരുത്” എന്നിങ്ങനെ."
22 ഉപയോഗം കഴിഞ്ഞ് ത്യജിച്ച വസ്തുക്കളെപ്പോലെയാണ് ഈ ചട്ടങ്ങള്‍. ഈ കാര്യങ്ങളത്രയും ദൈവത്തില്‍നിന്നുള്ളതല്ല, മറിച്ച് അവയെല്ലാം ജനങ്ങളുടെ ആജ്ഞയും ആശയങ്ങളുമാണ്."
23 ഈ ചട്ടങ്ങള്‍ വിവേകപൂര്‍ണ്ണമെന്നു തോന്നാം. പക്ഷെ മനുഷ്യ നിര്‍മ്മിതങ്ങളായ മതങ്ങളുടെ ഭാഗമാണവ. ആ മതങ്ങള്‍ ആളുകളെ വിനീതര്‍ എന്നു നടിപ്പിക്കുന്നതിന് തങ്ങളുടെ ശരീരങ്ങളെ ശിക്ഷിക്കുന്നതിനും കൂട്ടു നില്‍ക്കുന്നു. എന്നാല്‍ ഈ ചട്ടങ്ങള്‍ അവരുടെ പാപം നിറഞ്ഞ സ്വയം ആവശ്യപ്പെടുന്ന ദുഷ്ടകാര്യങ്ങള്‍ ചെയ്യാതിരിക്കാന്‍ സഹായിക്കുന്നില്ല."
1 ക്രിസ്തുവിനോടൊപ്പം നിങ്ങളെയും മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചു. അതുകൊണ്ട് സ്വര്‍ഗ്ഗത്തിലുള്ള കാര്യങ്ങള്‍ കിട്ടുവാന്‍ ഹൃദയംഗമായി ആഗ്രഹിക്കുക. അവിടെ ദൈവത്തിന്‍റെ വലതു വശത്തായി ക്രിസ്തു ഇരിക്കുന്നുണ്ട്."
2 സ്വര്‍ഗ്ഗത്തിലുള്ള കാര്യങ്ങളെക്കുറിച്ചു മാത്രമേ വിചാരിക്കാവൂ, ഭൌമിക കാര്യങ്ങളെക്കുറിച്ചു പാടില്ല."
3 നിങ്ങളുടെ പാപം നിറഞ്ഞ പഴയ സ്വയം മരിക്കുകയും നിങ്ങളുടെ പുതുജീവന്‍ ക്രിസ്തുവിനോടൊപ്പം ദൈവത്തില്‍ സംരക്ഷിക്കുകയും ചെയ്തു."
4 ക്രിസ്തു ആണ് നിങ്ങളുടെ ജീവന്‍. ക്രിസ്തു വീണ്ടും വരുന്പോള്‍ നിങ്ങള്‍ അവന്‍റെ മഹത്വം പങ്കുവയ്ക്കും."
5 അതുകൊണ്ട് നിങ്ങളുടെ ജീവിതത്തില്‍ നിന്ന് എല്ലാ ദുഷ്ടതകളെയും:- ലൈംഗികപാപങ്ങള്‍, കളങ്കം, കാമം, ദുഷ്ചിന്തകള്‍ ഇവയെ നീക്കുക. വിഗ്രഹാരാധന നിങ്ങളെ നിയന്ത്രിക്കാന്‍ അനുവദിക്കരുത്. ദുഷ്കാര്യങ്ങള്‍ ആഗ്രഹിക്കരുത് ഇവയെ പുറത്താക്കുക. ഈ ആഗ്രഹം ഒരു കള്ളദൈവത്തിനു ശുശ്രൂഷ ചെയ്യുന്നുവെന്നാണ് സൂചിപ്പിക്കുന്നത്."
6 ഈ കാര്യങ്ങളൊക്കെ ദൈവത്തെ കോപാകുലനാക്കുന്നു."
7 പണ്ടത്തെ നിങ്ങളുടെ ദുഷ്ടജീവിതത്തില്‍ നിങ്ങളും ഈ കാര്യങ്ങളൊക്കെ ചെയ്തിരുന്നു."
8 എന്നാല്‍ ഈ കാര്യങ്ങള്‍ ഇനി നിങ്ങളുടെ ജീവിതത്തില്‍ നിന്നും ഒഴിവാക്കണം. കോപം, ഉഗ്രമായ അമര്‍ഷം, വിദ്വേഷം, അന്യരെ വാക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോ മുറിപ്പെടുത്തുന്നത്, ആഭാസകരമായ ഭാഷാപ്രയോഗം തുടങ്ങിയവയൊക്കെയാണ് ഇത്."
9 പരസ്പരം കള്ളം പറയരുത് എന്തുകൊണ്ടെന്നാല്‍ നിങ്ങളുടെ പാപജീവിതവും പണ്ടു ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളും ഉപേക്ഷിച്ചു കഴിഞ്ഞു."
10 പുതുജീവിതം നിങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ആ പുതുജീവനില്‍ നിങ്ങളെ പുതിയവരാക്കി, നിങ്ങളെ സൃഷ്ടിച്ചവനെപ്പോലെ നിങ്ങള്‍ ആയിക്കൊണ്ടിരിക്കുകയാണ്. ആ പുതുജീവിതം ദൈവത്തിന്‍റെ യഥാര്‍ത്ഥമായ വിജ്ഞാനം നിങ്ങള്‍ക്കു കൊണ്ടുവരുന്നു."
11 അതില്‍ യവനനെന്നോ യെഹൂദനെന്നോ ഉള്ള വ്യത്യാസമില്ല. പരിച്ഛേദനക്കാരനെന്നോ അഗ്രചര്‍മ്മിയെന്നോ, വിദേശിയെന്നോ, സ്വദേശിയെന്നോ, പരിഷ്കൃതനെന്നോ, അപരിഷ്കൃതരെന്നോ, അടിമയെന്നോ, സ്വതന്ത്രനെന്നോ ഉള്ള വ്യത്യാസം ഇല്ല. എന്നാല്‍ ക്രിസ്തു അങ്ങനെയുള്ള എല്ലാ വിശ്വാസികളിലും ഉണ്ട്. ക്രിസ്തുവാണ് സര്‍വ്വോല്‍കൃഷ്ടന്‍."
12 ദൈവം നിങ്ങളെ തിരഞ്ഞെടുത്ത് തന്‍റെ വിശുദ്ധ ജനമാക്കി. അവന്‍ നിങ്ങളെ സ്നേഹിക്കുന്നു. അതിനാല്‍ എല്ലാവരോടും കരുണയുള്ളവരാകുവിന്‍. ദയാലുവും വിനീതനും മൃദുലനും ശാന്തനും ആകുവിന്‍."
13 പരസ്പരം ദേഷ്യപ്പെടാതെ ക്ഷമിക്കുവിന്‍. കാരണം, കര്‍ത്താവ് നിങ്ങളോട് ക്ഷമിച്ചു."
14 ഇതെല്ലാം പാലിക്കുക. എന്നിരുന്നാലും ഏറ്റവും പ്രധാനം സ്നേഹമാണ്. പരിപൂര്‍ണ്ണ ഏകതയില്‍ നിങ്ങളെ ഒന്നിച്ചു നിര്‍ത്തുന്നത് സ്നേഹമാണ്."
15 ക്രിസ്തു നിങ്ങള്‍ക്കു നല്‍കുന്ന സമാധാനം നിങ്ങളുടെ വിചാരങ്ങളെ നിയന്ത്രിക്കട്ടെ. സമാധാനം കിട്ടുന്നതിനായി നിങ്ങളെ എല്ലാവരെയും ഒരു ശരീരത്തിലേക്കു ഒരുമിച്ചു വിളിച്ചിരിക്കുന്നു. എപ്പോഴും നന്ദിയുള്ളവരാകുവിന്‍."
16 ക്രിസ്തുവിന്‍റെ ഉപദേശങ്ങള്‍ നിങ്ങളുടെ ഉള്ളില്‍ സന്പന്നമായി ജീവിക്കട്ടെ. പരസ്പരം ശക്തിപ്പെടുത്താനും നിങ്ങളുടെ എല്ലാ അറിവും ഉപയോഗപ്പെടുത്തുക. ദൈവത്തോടു ഹൃദയത്തില്‍ നന്ദിയുള്ളവരായി സങ്കീര്‍ത്തനങ്ങളും ഗീതങ്ങളും ആത്മീയഗാനങ്ങളും പാടുവിന്‍."
17 നിങ്ങളുടെ സംഭാഷണവും പ്രവൃത്തിയും എല്ലാം നിങ്ങളുടെ കര്‍ത്താവായ യേശുവിനു വേണ്ടിയാകട്ടെ. നിങ്ങളുടെ എല്ലാ പ്രവൃത്തികള്‍ക്കും പിതാവായ ദൈവത്തിന് യേശുക്രിസ്തു വഴി നന്ദി പറയുവിന്‍."
18 ഭാര്യമാരേ, നിങ്ങള്‍ ഭര്‍ത്താവിന്‍റെ അധികാരത്തിനു കീഴ്പ്പെടുക. ഇതാണു ക്രിസ്തുവില്‍ ചെയ്യേണ്ടതായ ശരിയായ രീതി."
19 ഭര്‍ത്താവ് തന്‍റെ ഭാര്യയെ സ്നേഹിക്കുകയും അവളോടു സൌമ്യത ഉള്ളവനുമായിരിക്കണം."
20 മക്കള്‍ അവരുടെ മാതാപിതാക്കളെ ബഹുമാനിക്കണം. ഇതു കര്‍ത്താവിനെ പ്രീതിപ്പെടുത്തും."
21 പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ നിങ്ങള്‍ കോപിപ്പിക്കരുത്. നിങ്ങളെ പ്രീതിപ്പെടുത്തുന്നത് കഠിനമായ ഒരു കാര്യമാണെങ്കില്‍ നിങ്ങളെ പ്രീതിപ്പെടുത്തുന്നതില്‍ നിന്ന് അവര്‍ നിരുത്സാഹപ്പെടും."
22 വേലക്കാര്‍ തങ്ങളുടെ യജമാനന്മാരെ എല്ലാക്കാര്യങ്ങളിലും അനുസരിക്കണം. യജമാനന്മാര്‍ നിങ്ങളുടെ അടുത്ത് ഇല്ലാത്ത സമയവും അനുസരിക്കുക. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ മനുഷ്യരെ പ്രീതിപ്പെടുത്താനല്ല ശ്രമിക്കുന്നത്. പിന്നെയോ കര്‍ത്താവിനെയാണ്. അതിനാല്‍ സത്യസന്ധതയോടുകൂടെ അനുസരിക്കുക. കാരണം നിങ്ങള്‍ കര്‍ത്താവിനെ ബഹുമാനിക്കുന്നു."
23 നിങ്ങള്‍ ചെയ്യുന്ന എല്ലാ പ്രവൃത്തിയും നിങ്ങളെക്കൊണ്ട് ആകാവുന്നതിന്‍റെ പൂര്‍ണ്ണതയില്‍ ചെയ്യുവിന്‍. ദൈവത്തിനുവേണ്ടി ജോലി ചെയ്യുന്നതുപോലെ ചെയ്യുവിന്‍. അതുവഴി നിങ്ങള്‍ ആളു കളെയല്ല ദൈവത്തെയാണ് സേവിക്കുന്നത്."
24 കര്‍ത്താവില്‍ നിന്നും നിങ്ങള്‍ക്ക് നിങ്ങളുടെ പ്രതിഫലം കിട്ടുമെന്ന് ഓര്‍ക്കുവിന്‍. തന്‍റെ ജനത്തിനു വാഗ്ദാനം ചെയ്തത് അവന്‍ നിങ്ങള്‍ക്കു തരും. നിങ്ങള്‍ കര്‍ത്താവായ ക്രിസ്തുവിനെയാണു ശുശ്രൂഷിക്കുന്നത്."
25 തെറ്റു ചെയ്താല്‍ ആ തെറ്റിനെപ്രതി ശിക്ഷിക്കപ്പെടുമെന്ന് ഓര്‍ക്കുവിന്‍. ദൈവം എല്ലാവരോടും ഒരുപോലെ പെരുമാറുന്നു."
1 യജമാനന്മാരേ, നല്ലതും ന്യായവുമായ കാര്യങ്ങള്‍ നിങ്ങളുടെ ദാസന്മാര്‍ക്കു കൊടുക്കുവിന്‍. സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ക്ക് ഒരു യജമാനന്‍ ഉണ്ട് എന്ന് ഓര്‍ക്കുവിന്‍. വിശ്വാസികള്‍ക്ക് പൌലൊസിന്‍റെ ചില നിര്‍ദ്ദേശങ്ങള്‍"
2 ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് പ്രാര്‍ത്ഥിക്കുന്നത് തുടരുവിന്‍."
3 ഞങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുവിന്‍. തന്‍റെ സന്ദേശം ജനങ്ങളോട് പ്രസംഗിക്കുന്നതിന് അവസരം തരണം എന്നു പ്രാര്‍ത്ഥിക്കുവിന്‍. ക്രിസ്തുവിനെപ്പറ്റി മുന്‍പ് മറച്ചുവെച്ചതും പിന്നീട് ദൈവം തന്നെ വെളിപ്പെടുത്തിയതുമായ ആ രഹസ്യസത്യം പ്രസംഗിക്കുവാന്‍ ഞങ്ങളെക്കൊണ്ടാകണമേ എന്നു പ്രാര്‍ത്ഥിക്കുവിന്‍. ഈ സത്യം പ്രസംഗിച്ചതുകൊണ്ട് ഇപ്പോള്‍ ഞാന്‍ കാരാഗൃഹത്തിലായി."
4 ഈ സത്യം ജനങ്ങള്‍ക്കു വ്യക്തമാക്കാന്‍ കഴിയണമേ എന്നു പ്രാര്‍ത്ഥിക്കുവിന്‍. അതാണു ഞാന്‍ ചെയ്യേണ്ടത്."
5 അവിശ്വാസികളോടു വിവേകപൂര്‍വ്വം ഇടപെടുക. നിങ്ങളുടെ സമയത്തെ നിങ്ങളെക്കൊണ്ടാകും പോലെ ഏറ്റവും നല്ല രീതിയില്‍ ചെലവഴിക്കുക."
6 സംസാരിക്കുന്പോള്‍ എപ്പോഴും ദയയോടും വിവേകത്തോടും കൂടെ സംസാരിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് എല്ലാവരോടും പറയേണ്ടതു പോലെ ഉത്തരങ്ങള്‍ പറയുവാന്‍ സാധിക്കും."
7 ക്രിസ്തുവില്‍ എന്‍റെ പ്രിയ സഹോദരനാണ് തിഹിക്കൊസ്. അവന്‍ കര്‍ത്താവില്‍ എന്‍റെ വിശ്വസ്ത ശുശ്രൂഷകനും ദാസനുമാണ്. എനിക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെല്ലാം അവന്‍ നിങ്ങളോടു പറയും."
8 അതുകൊണ്ടാണു ഞാന്‍ അവനെ അയയ്ക്കുന്നത്. ഞാന്‍ എങ്ങനെയാണെന്ന് നിങ്ങള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളെ പ്രോത്സാഹിപ്പിക്കുവാന്‍ ഞാന്‍ അവനെ അയയ്ക്കുന്നു."
9 [This verse may not be a part of this translation]"
10 എന്നോടൊപ്പമുള്ള തടവുകാരനായ അരിസ്തര്‍ഹോസും നിങ്ങളെ അഭിവാദ്യം ചെയ്യുന്നു. മര്‍ക്കൊസിന്‍റെ മച്ചുനനായ ബര്‍ന്നബാസും നിങ്ങളെ വന്ദനം ചെയ്യുന്നു. (മര്‍ക്കൊസിന് എന്തു ചെയ്തുകൊടുക്കണമെന്ന് ഞാന്‍ നിങ്ങളോട് നേരത്തേ പറഞ്ഞിട്ടുണ്ട്. അവന്‍ വരികയാണെങ്കില്‍ അവനെ സ്വീകരിക്കുക.)"
11 യേശു എന്ന പേരിലും വിളിക്കുന്ന യുസ്തൊസും നിങ്ങളെ അഭിവാദനം ചെയ്യുന്നു. ഇവരാണ് ദൈവരാജ്യത്തിനായി എനിക്കൊപ്പം പ്രവര്‍ത്തിക്കുന്ന യെഹൂദര്‍. അവര്‍ എനിക്കൊരു ആശ്വാസമാണ്."
12 നിങ്ങളുടെ ഇടയില്‍ നിന്നുള്ള ക്രിസ്തുവിന്‍റെ ദാസനായ എപ്പഫ്രാസും നിങ്ങളെ അഭിവാദനം ചെയ്യുന്നു. അവന്‍ നിങ്ങള്‍ക്കു വേണ്ടി എപ്പോഴും പ്രാര്‍ത്ഥിക്കുന്നു. ആത്മീയ പക്വതയെത്തി ദൈവം നിങ്ങള്‍ക്കു വേണ്ടി ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ക്കുണ്ടാകുവാനാണ് അവന്‍ പ്രാര്‍ത്ഥിക്കുന്നത്."
13 അവന്‍ ലവുദിക്യായിലേയും ഹിയരപ്പൊലിയിലേയും ജനങ്ങള്‍ക്കുവേണ്ടിയും നിങ്ങള്‍ക്കു വേണ്ടിയും കഠിനമായി യത്നിച്ചു എന്ന് എനിക്കറിയാം."
14 വൈദ്യനും ജനങ്ങളുടെ സുഹൃത്തുമായ ലൂക്കൊസും ദേമാസും നിങ്ങളെ വന്ദനം ചെയ്യുന്നു."
15 ലവുദിക്യയിലെ സഹോദരങ്ങളെ വന്ദനം ചെയ്യുക. നുംഫെയ്ക്കും അവളുടെ വീട്ടില്‍ കൂടുന്ന സഭയ്ക്കും വന്ദനം പറയുക."
16 ഈ കത്ത് നിങ്ങളുടെ ഇടയില്‍ വായിച്ചുകഴിഞ്ഞതിനുശേഷം ലവുദിക്യയിലെ സഭയിലും വായിച്ചു എന്ന് ഉറപ്പുവരുത്തുക. ലവുദിക്യയിലേക്ക് അയച്ച കത്ത് നിങ്ങളും വായിക്കുക."
17 “ദൈവം നിനക്കു തന്ന ജോലി ചെയ്യുന്നതില്‍ തീര്‍ച്ചയുണ്ടാകണമെന്ന്” അര്‍ഹിപ്പൊസിനോടു പറയുക."
18 ഞാന്‍, പൌലൊസ്, ഇതു എന്‍റെ കൈകൊണ്ടുതന്നെ എഴുതി. നിങ്ങള്‍ക്കു ഞാന്‍ വന്ദനം പറയുന്നു. ഞാന്‍ തടവിലാണെന്ന് ഓര്‍ക്കുവിന്‍. ദൈവത്തിന്‍റെ കൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ."