1

1 ഫിലിപ്പിയില്‍ ക്രിസ്തുയേശുവിലുള്ള ദൈവത്തിന്‍റെ വിശുദ്ധജനത്തിനും മൂപ്പന്മാര്‍ക്കും ശുശ്രൂഷകന്മാര്‍ക്കും യേശുക്രിസ്തുവിന്‍റെ ദാസന്മാരായ പൌലൊസും തിമൊഥെയൊസും ആശംസകള്‍ അയയ്ക്കുന്നു."

2 നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും കൃപയും സമാധാനവും നിങ്ങള്‍ക്കുണ്ടാകട്ടെ."

3 നിങ്ങളെ ഓര്‍ക്കുന്പോഴൊക്കെ ദൈവത്തിനു ഞാന്‍ നന്ദി പറയുന്നു."

4 ഞാന്‍ സന്തോഷത്തോടെ നിങ്ങള്‍ക്കു വേണ്ടി എപ്പോഴും പ്രാര്‍ത്ഥിക്കുന്നു."

5 ഞാന്‍ ജനങ്ങളോടു സുവിശേഷം പ്രസംഗിച്ചപ്പോള്‍ നിങ്ങള്‍ എനിക്കു തന്ന സഹായത്തിനു ഞാന്‍ ദൈവത്തോടു നന്ദി പറയുന്നു. വിശ്വാസം സ്വീകരിച്ച ആ ദിവസം തൊട്ട് ഇന്നുവരെ നിങ്ങള്‍ സഹായിച്ചു."

6 ദൈവം നിങ്ങളില്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ദൈവം അത് നിങ്ങളില്‍ തുടരുകയും ചെയ്യുന്നു. യേശുക്രിസ്തു വീണ്ടും വരുന്പോള്‍ ദൈവം ആ പ്രവൃത്തി നിങ്ങളില്‍ പൂര്‍ത്തിയാക്കും. എനിക്കതില്‍ തീര്‍ച്ചയുണ്ട്."

7 നിങ്ങളെ എല്ലാവരെയും കുറിച്ച് അങ്ങനെ വിചാരിക്കുന്നത് ശരിയാണെന്ന് ഞാനറിയുന്നു. എന്‍റെ ഹൃദയത്തില്‍ എനിക്കു നിങ്ങളോടു വളരെ അടുപ്പം തോന്നുന്നതുകൊണ്ട് എനിക്കിതു തീര്‍ച്ചയുണ്ട്. എന്നോടൊപ്പം ദൈവകൃപ നിങ്ങള്‍ പങ്കുവയ്ക്കുന്നതുകൊണ്ട് എനിക്കു നിങ്ങളോടു വളരെ അടുപ്പം തോന്നുന്നു. ഞാന്‍ തടവിലായപ്പോഴും സുവിശേഷത്തിനു വേണ്ടി പ്രതിരോധം നടത്തിയപ്പോഴും സുവിശേഷസത്യം തെളിയിച്ചപ്പോഴും നിങ്ങള്‍ ദൈവകൃപ എനിക്കൊപ്പം പങ്കുവയ്ക്കുന്നു."

8 ഞാന്‍ നിങ്ങളെ കാണാന്‍ വളരെ ആഗ്രഹിക്കുന്നു എന്ന് ദൈവത്തിന് അറിയാം. യേശുക്രിസ്തുവിന്‍റെ സ്നേഹത്തോടു കൂടി ഞാന്‍ നിങ്ങളെ എല്ലാവരേയും ഏറെ സ്നേഹിക്കുന്നു."

9 ഇതാണ് നിങ്ങള്‍ക്കുവേണ്ടിയുള്ള എന്‍റെ പ്രാര്‍ത്ഥന: നിങ്ങളുടെ സ്നേഹം വളരെ ഏറെ വളരണമെന്നും; നിങ്ങളുടെ സ്നേഹത്തോടൊപ്പം ധാരണയും അറിവും നിങ്ങള്‍ക്ക് ഉണ്ടാകേണമെന്നും;"

10 നന്മതിന്മകളെ തിരിച്ചറിഞ്ഞ് നല്ലതു തിരഞ്ഞെടുക്കണമെന്നും; ക്രിസ്തുവിന്‍റെ വരവിനായി നിങ്ങള്‍ നിഷ്കളങ്കരും, തെറ്റില്ലാത്തവരും ആകണമെന്നും;"

11 ദൈവത്തിന് മഹത്വവും സ്തുതിയും ഉണ്ടാകുന്നതിനായി ക്രിസ്തുവിന്‍റെ സഹായത്താല്‍ നല്ല കാര്യങ്ങള്‍ ചെയ്യണമെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു."

12 സഹോദരങ്ങളേ, എനിക്കു സംഭവിച്ച ആ ചീത്തകാര്യങ്ങള്‍ സുവിശേഷ പ്രചാരണത്തിന് എന്നെ സഹായിച്ചു എന്ന് നിങ്ങള്‍ അറിയണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു."

13 ഞാന്‍ എന്തുകൊണ്ടു തടവിലായി എന്നുള്ളതു വളരെ വ്യക്തമാണ്. ഞാന്‍ ക്രിസ്തുവിന്‍റെ ഒരു വിശ്വാസി ആയതുകൊണ്ട് ഞാന്‍ തടവിലായി. എല്ലാ ജനങ്ങള്‍ക്കുമെന്ന പോലെ എല്ലാ കാവല്‍ക്കാര്‍ക്കും ഇതറിയാം."

14 ഞാന്‍ ഇപ്പോഴും തടവിലാണ്, പക്ഷേ, വിശ്വാസികളില്‍ ഏറിയ പങ്കിനും അതെപ്പറ്റി ഇപ്പോള്‍ മെച്ചമായി തോന്നുന്നു. അതുകൊണ്ട് അവര്‍ക്ക് ക്രിസ്തുവിനെപ്പറ്റിയുള്ള സന്ദേശം പറയുന്നതിന് കൂടുതല്‍ ധൈര്യം തോന്നുന്നു."

15 അസൂയയും പിണക്കവും നിമിത്തം ചിലര്‍ ക്രിസ്തുവിനെപ്പറ്റി പ്രസംഗിക്കുന്നു. ചിലരാകട്ടെ സഹായിക്കുവാനുള്ള താല്പര്യം കൊണ്ടാണ് ക്രിസ്തുവിനെപ്പറ്റി പ്രസംഗിക്കുന്നത്."

16 ഈ ആള്‍ക്കാര്‍ പ്രസംഗിക്കുന്നത് അവര്‍ക്ക് സ്നേഹം ഉള്ളതുകൊണ്ടാണ്. ദൈവം എന്നെ ഏല്പിച്ച ജോലി സുവിശേഷത്തിനു വേണ്ടിയുള്ള പ്രതിരോധം നടത്തുക എന്നതാണെന്ന് ഇക്കൂട്ടര്‍ക്ക് അറിയാം."

17 എന്നാല്‍ മറ്റാള്‍ക്കാര്‍ ക്രിസ്തുവിനെപ്പറ്റി പ്രസംഗിക്കുന്നത് അവര്‍ സ്വാര്‍ത്ഥരായതുകൊണ്ടാണ്. പ്രസംഗിക്കാനുള്ള അവരുടെ പ്രേരണ തെറ്റാണ്. തടവില്‍ എനിക്ക് ഉപദ്രവം ചെയ്യുവാനാണ് അവര്‍ ആഗ്രഹിക്കുന്നത്."

18 അവര്‍ എനിക്കു പ്രശ്നങ്ങള്‍ ഉണ്ടാക്കുക ആണെങ്കില്‍ ഞാനതു കാര്യമാക്കില്ല. അവര്‍ ക്രിസ്തുവിനെപ്പറ്റി പറയുന്നു എന്നതാണു പ്രധാനം. ഞാനതു ആഗ്രഹിക്കുന്നു. ശരിയായ കാരണത്തിനു വേണ്ടി അവര്‍ അതു ചെയ്യണമെന്നു ഞാനാശിക്കുന്നു. തെറ്റായ കാരണം കൊണ്ടാണ് അവര്‍ അതു ചെയ്യുന്നതെങ്കിലും ഞാന്‍ സന്തോഷവാനാണ്. ക്രിസ്തുവിനെപ്പറ്റി പറയുന്നതുകൊണ്ടാണ് ഞാന്‍ സന്തോഷിക്കുന്നതും ആ സന്തോഷത്തില്‍ തുടരുന്നതും."

19 യേശുക്രിസ്തുവിന്‍റെ ആത്മാവ് എന്നെ സഹായിക്കുകയും നിങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഈ പ്രശ്നങ്ങള്‍ എനിക്കു സ്വാതന്ത്ര്യം വരുത്തുമെന്ന് എനിക്കറിയാം."

20 ക്രിസ്തുവിന്‍റെ കാര്യത്തില്‍ പരാജയപ്പെടാന്‍ എനിക്ക് ഒന്നും കാരണമാകരുത്. എന്‍റെ ജീവനിലുള്ള ക്രിസ്തുവിന്‍റെ മഹത്വം ഈ ലോകത്ത് കാണിക്കുവാന്‍ എക്കാലത്തേയും പോലെ ഇപ്പോഴും ധീരത ഉണ്ടാകുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. ജീവിക്കുന്നുവെങ്കിലും മരിക്കുന്നുവെങ്കിലും ഞാനത് ആഗ്രഹിക്കുന്നു."

21 എന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരേകാര്യം ക്രിസ്തു മാത്രമാണെന്നാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്. അതിനാല്‍ മരണം പോലും എനിക്കു ലാഭകരമാണ്."

22 ശരീരത്തിലുള്ള എന്‍റെ ഈ ജീവിതം തുടരുകയാണെങ്കില്‍ കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ എനിക്കു സാധിക്കും. പക്ഷെ എന്താണ് ഞാന്‍ തിരഞ്ഞെടുക്കേണ്ടത്."

23 മരണമോ ജീവിതമോ എന്ന് എനിക്കറിയില്ല. ജീവിതവും മരണവും തമ്മില്‍ തിരഞ്ഞെടുക്കുക വിഷമമാണ്. ഈ ജീവിതം വിട്ട് ക്രിസ്തുവിനോടു കൂടെ ആയിരിക്കാന്‍ ഞാനാഗ്രഹിക്കുന്നു. അതായിരിക്കും കൂടുതല്‍ നല്ലത്."

24 എന്നാല്‍ ഈ ശരീരത്തോടുകൂടി എന്‍റെ സാന്നിദ്ധ്യം ഇവിടെ നിങ്ങള്‍ക്കാവശ്യമുണ്ട്."

25 എനിക്കറിയാം നിങ്ങള്‍ക്കെന്നെ ആവശ്യം ഉണ്ടെന്ന്. അതുകൊണ്ട് ഞാന്‍ നിങ്ങളോടുകൂടെ ആയിരിക്കുമെന്ന് എനിക്കറിയാം. നിങ്ങളുടെ വിശ്വാസത്തില്‍ വളരുവാനും സന്തോഷമുള്ളവരാകാനും ഞാന്‍ നിങ്ങളെ സഹായിക്കാം."

26 ഞാന്‍ വീണ്ടും നിങ്ങളുടെ കൂടെ ആകുന്പോള്‍ ക്രിസ്തുയേശുവില്‍ നിങ്ങള്‍ വളരെ സന്തോഷഭരിതരാകും."

27 ക്രിസ്തുവിന്‍റെ സുവിശേഷത്തിന് ഇണങ്ങുംവിധമാണ് നിങ്ങള്‍ ജീവിക്കുന്നതെന്ന് തീര്‍ച്ചപ്പെടുത്തുക. അപ്പോള്‍ ഞാന്‍ നിങ്ങളോടുകൂടെ ആയിരുന്നാലും അകന്നിരുന്നാലും എനിക്കു നിങ്ങളെക്കുറിച്ച് നല്ല കാര്യങ്ങള്‍ കേള്‍ക്കുവാന്‍ കഴിയും. സുവിശേഷത്തില്‍ നിന്നും വരുന്ന വിശ്വാസത്തിനായി ഏക ഹൃദയത്തോടെയും മനസ്സോടെയും നിങ്ങള്‍ യോജിച്ചു ഒരു സംഘമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നുവെന്നു എനിക്കു കേള്‍ക്കാന്‍ കഴിയും."

28 നിങ്ങള്‍ക്കെതിരായ ആളുകളെക്കുറിച്ച് ഒട്ടും ഭയപ്പെടരുത്. നിങ്ങള്‍ രക്ഷിക്കപ്പെട്ടുവെന്നതിനും നിങ്ങളുടെ എതിരാളികള്‍ ഇല്ലായ്മപ്പെട്ടു പോകുമെന്നതിനും ദൈവത്തില്‍ നിന്നുള്ള തെളിവാണ് നിങ്ങള്‍ക്ക് ഭയമില്ലെന്ന വസ്തുത."

29 ക്രിസ്തുവില്‍ വിശ്വസിക്കുന്നു എന്ന ബഹുമതി ദൈവം നിങ്ങള്‍ക്കു നല്‍കി. എന്നാല്‍ അതുമാത്രമല്ല ക്രിസ്തുവിനു വേണ്ടി കഷ്ടം സഹിക്കുന്നു എന്ന ബഹുമതിയും ദൈവം നിങ്ങള്‍ക്കു നല്‍കി. ഇവ രണ്ടും ക്രിസ്തുവിനു പുകഴ്ച കൊണ്ടുവരും."

30 ഞാന്‍ നിങ്ങളോടു കൂടെ ആയിരുന്നപ്പോള്‍ സുവിശേഷത്തിന്‍റെ എതിരാളികളില്‍ നിന്നും എനിക്കുണ്ടായ ക്ലേശങ്ങള്‍ നിങ്ങള്‍ കണ്ടു. ഇപ്പോള്‍ എനിക്കുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് നിങ്ങള്‍ കേള്‍ക്കുന്നു. നിങ്ങള്‍ക്കു തന്നെയും അത്തരം ക്ലേശങ്ങള്‍ ഉണ്ട്."

2

1 നിങ്ങളോട് എന്തെങ്കിലും ചെയ്യുവാന്‍ പറയുവാന്‍ ക്രിസ്തുവില്‍ എനിക്ക് എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ? എന്നെ ആശ്വസിപ്പിക്കുവാന്‍ നിങ്ങളുടെ സ്നേഹം നിങ്ങളെ ആഗ്രഹിപ്പിക്കുന്നുണ്ടോ? ആത്മാവില്‍ നമ്മള്‍ അന്യോന്യം പങ്കു പറ്റുന്നുണ്ടോ? നിങ്ങള്‍ക്കു കരുണയും ദയാലുത്വവും ഉണ്ടോ?"

2 ഇതൊക്കെ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ എനിക്കുവേണ്ടി ചിലതു ചെയ്യുവാന്‍ ഞാനഭ്യര്‍ത്ഥിക്കുന്നു. ഇതെന്നെ വളരെ സന്തുഷ്ടനാക്കും. ഒരേ കാര്യം വിശ്വസിച്ച് നിങ്ങള്‍ ഏകമനസ്ക്കരാകണമെന്ന് ഞാനഭ്യര്‍ത്ഥിക്കുന്നു. പരസ്പര സ്നേഹത്തിനു വേണ്ടി അന്യോന്യം യോജിക്കുക. ഒരേ ഉദ്ദേശവും ഉണ്ടായിരിക്കുക."

3 നിങ്ങള്‍ എന്തെങ്കിലും ചെയ്യുന്പോള്‍ സ്വാര്‍ത്ഥതയോ അഹങ്കാരമോ നിങ്ങളെ നയിക്കാന്‍ അനുവദിക്കരുത്. നിങ്ങള്‍ വിനീതരായി നിങ്ങളേക്കാള്‍ ബഹുമതി അന്യര്‍ക്കു കൊടുക്കുന്നവര്‍ ആകുവിന്‍."

4 നിങ്ങളുടെ മാത്രം ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ അന്യരുടെ ജീവിതത്തിലും ശ്രദ്ധയുള്ളവരാകുവിന്‍."

5 നിങ്ങളുടെ ജീവിതത്തില്‍ ക്രിസ്തു യേശുവിനെപ്പോലെ വിചാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍."

6 ക്രിസ്തു എല്ലാ കാര്യത്തിലും ദൈവത്തിനു തുല്യനാണ്. എന്നാല്‍ ദൈവത്തിനു തുല്യമായ രീതിയില്‍ തന്‍റെ ജീവിതവും നിലനിര്‍ത്തണമെന്ന് ക്രിസ്തു ചിന്തിച്ചില്ല."

7 ദാസനാകാന്‍ സമ്മതിക്കുക വഴി അവന്‍ ദൈവത്തോടു കൂടെയുള്ള സ്ഥാനം ഉപേക്ഷിച്ചു ദാസനാകുവാന്‍ സമ്മതിച്ചു. അവന്‍ മനുഷ്യനായി പിറന്ന് ദാസനെപ്പോലെയായി."

8 അവന്‍ മനുഷ്യനായി ജീവിച്ചുകൊണ്ടിരിക്കെ, ദൈവത്തോടുള്ള സന്പൂര്‍ണ്ണാനുസരണയാല്‍ അവന്‍ സ്വയം വിനീതനാക്കി. ആ അനുസരണം മരണകാരണം ആയപ്പോള്‍ പോലും അവന്‍ അനുസരിച്ചു. ഒരു കുരിശില്‍ അവന്‍ മരിച്ചു."

9 ക്രിസ്തു ദൈവത്തെ അനുസരിച്ചതിനാല്‍ ദൈവം ക്രിസ്തുവിനെ പരമോന്നത സ്ഥാനത്തേക്ക് ഉയര്‍ത്തി. ദൈവം ക്രിസ്തുവിന്‍റെ നാമം സര്‍വ്വനാമങ്ങളെക്കാള്‍ ഉന്നതമാക്കി."

10 യേശുവിന്‍റെ നാമത്തെ എല്ലാവരും നമിക്കട്ടെ എന്നതുകൊണ്ടാണ് ദൈവം ഇതു ചെയ്തത്. എല്ലാ സ്വര്‍ഗ്ഗസ്ഥരും, ഭൌമികരും, പാതാളസ്ഥരും ആ നാമത്തെ നമിക്കും."

11 “യേശുക്രിസ്തു കര്‍ത്താവ് ആണ്” എന്നു എല്ലാവരും ഏറ്റുപറയും. അവരിതു പറയുന്പോള്‍, അത് പിതാവായ ദൈവത്തിന് മഹത്വം കൊണ്ടുവരും."

12 പ്രിയരേ, നിങ്ങള്‍ എപ്പോഴും അനുസരിച്ചിട്ടുണ്ട്. ഞാന്‍ നിങ്ങളോടു കൂടെ ആയിരുന്നപ്പോള്‍ നിങ്ങള്‍ ദൈവത്തെ അനുസരിച്ചു. ഇപ്പോള്‍ ഞാന്‍ നിങ്ങളോടുകൂടെ ഇല്ലാതിരിക്കുന്ന അവസരങ്ങളില്‍ നിങ്ങള്‍ ദൈവത്തെ അനുസരിക്കുക എന്നതാണ് കൂടുതല്‍ പ്രധാനം. എന്‍റെ സഹായം ഇല്ലാതെ തന്നെ നിങ്ങള്‍ക്കു രക്ഷ കിട്ടും എന്ന് ഉറപ്പാക്കണം. ഇതെത്രയും ബഹുമാനത്തോടും ദൈവഭയത്തോടും കൂടി ചെയ്യുവിന്‍."

13 അതെ, ദൈവം നിങ്ങളില്‍ പ്രവര്‍ത്തി ക്കുന്നു. അവനെ പ്രീതിപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്യുവാനുള്ള ആഗ്രഹം നിങ്ങളിലുണ്ടാകാന്‍ ദൈവം വഴിയൊരുക്കുന്നു. ഈ കാര്യങ്ങള്‍ ചെയ്യുവാനുള്ള ശക്തിയും ദൈവം തരുന്നു."

14 പരാതിയോ തര്‍ക്കമോ കൂടാതെ എല്ലാ കാര്യങ്ങളും ചെയ്യുവിന്‍."

15 അപ്പോള്‍ നിങ്ങള്‍ നിഷ്കളങ്കരും ശുദ്ധരുമാകും. നിങ്ങള്‍ തെറ്റില്ലാത്ത ദൈവമക്കളാകും എന്നാല്‍ നിങ്ങള്‍ ദുഷ്ടരുടെ മദ്ധ്യത്തിലാണ് വസിക്കുന്നത്. നിങ്ങള്‍ അക്കൂട്ടര്‍ക്കിടയില്‍ ഇരുട്ടില്‍ തിളങ്ങുന്ന വിളക്കു പോലെയാണ്."

16 ജീവന്‍ തരുന്ന ഉപദേശങ്ങള്‍ നിങ്ങള്‍ അവര്‍ക്കു പകരും. അതുകൊണ്ട് ക്രിസ്തു വീണ്ടും വരുന്പോള്‍ എനിക്കു സന്തോഷിക്കാം. എന്‍റെ പ്രവൃത്തി വെറുതെയായില്ല എന്നോര്‍ത്തും എനിക്കു സന്തോഷിക്കാം. ഞാന്‍ മത്സരത്തില്‍ ഓടി വിജയിക്കുകയും ചെയ്തു."

17 ദൈവത്തെ ശുശ്രൂഷിക്കുന്നതില്‍ നിങ്ങളുടെ ജീവന്‍ യാഗം കഴിപ്പാന്‍ നിങ്ങളുടെ വിശ്വാസം നിങ്ങളെ ഒരുക്കുന്നു. നിങ്ങളുടെ യാഗത്തില്‍ ഞാന്‍ എന്‍റെ രക്തം കൂടി അര്‍പ്പിക്കേണ്ടിവരും. എന്നാല്‍ അതു സംഭവിക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങളോടൊപ്പം നിറഞ്ഞ സന്തോഷത്തിലായിരിക്കും."

18 നിങ്ങളും എന്നോടൊപ്പം സന്തോഷിക്കണം"

19 കര്‍ത്താവായ യേശുവില്‍ പ്രത്യാശകളര്‍പ്പിച്ചു തിമൊഥെയോസിനെ നിങ്ങളുടെ അടുത്തേക്ക് ഉടനെ അയയ്ക്കാമെന്നു ഞാന്‍ കരുതുന്നു. നിങ്ങള്‍ എങ്ങനെയായിരിക്കുന്നു എന്നറിയുന്നതിലും എനിക്ക് സന്തോഷമുണ്ട്."

20 തിമൊഥെയോസിനെപ്പോലെ മറ്റൊരാള്‍ എനിക്കില്ല. അവന് നിങ്ങളെക്കുറിച്ച് യഥാര്‍ത്ഥത്തില്‍ ശ്രദ്ധയുണ്ട്."

21 മറ്റാളുകള്‍ക്ക് അവരുടെ സ്വന്തം ജീവിതത്തെക്കുറിച്ചു മാത്രമേ താല്പര്യം ഉള്ളൂ. അവര്‍ ക്രിസ്തുയേശുവിന്‍റെ പ്രവര്‍ത്തിയില്‍ തല്പരരല്ല."

22 തിമൊഥെയോസ് എങ്ങനെ ഉള്ളവനാണെന്നു നിങ്ങള്‍ക്കറിയാം. സുവിശേഷപ്രചരണത്തിനു ഒരു പുത്രന്‍ തന്‍റെ പിതാവിനെ എന്നപോലെ എന്നോടൊപ്പം നിന്നു സഹായിച്ചു എന്നു നിങ്ങള്‍ക്കറിയാം."

23 അവനെ വേഗത്തില്‍ നിങ്ങളുടെ അടുക്കലേക്കയയ്ക്കാന്‍ എനിക്കു പരിപാടിയുണ്ട്. എനിക്കെന്തു സംഭവിക്കുമെന്നു ഞാനറിയുന്പോള്‍ അവനെ അയയ്ക്കാം."

24 നിങ്ങളുടെ അടുത്തേക്ക് ഉടനെ വരുവാന്‍ ദൈവം എന്നെ സഹായിക്കുമെന്ന് എനിക്കുറപ്പുണ്ട്."

25 ക്രിസ്തുവിന്‍റെ സൈന്യത്തില്‍ എനിക്കൊപ്പം പ്രവര്‍ത്തിക്കുന്ന എപ്പഫ്രൊദിത്തൊസ് ക്രിസ്തുവില്‍ എന്‍റെ സഹോദരനാണ്. എനിക്കു സഹായം ആവശ്യമായിരുന്നപ്പോള്‍ നിങ്ങള്‍ അവനെ എന്‍റെ അടുക്കലേക്ക് അയച്ചു. ഇപ്പോള്‍ ഞാന്‍ വിചാരിക്കുന്നു അവനെ നിങ്ങളുടെ അടുത്തേക്ക് തിരികെ അയയ്ക്കണമെന്ന്."

26 നിങ്ങളെ എല്ലാവരേയും കാണുവാന്‍ അവന് വളരെ ആഗ്രഹം ഉള്ളതു കൊണ്ടാണ് ഞാനവനെ അയയ്ക്കുന്നത്. സുഖമില്ലായിരുന്നുവെന്നു നിങ്ങള്‍ അറിഞ്ഞതില്‍ അവന്‍ വ്യസനിച്ചുമിരുന്നു."

27 രോഗിയായിരുന്ന അവന്‍ മരണത്തോടടുത്തിരുന്നു. പക്ഷേ ദൈവം അവനേയും എന്നേയും സഹായിച്ചു. അങ്ങനെ ഞാന്‍ കടുത്ത ദുഃഖം അനുഭവിക്കേണ്ടിവന്നില്ല."

28 അതുകൊണ്ട് അവനെ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കുവാന്‍ ഞാന്‍ വളരെ ആഗ്രഹിക്കുന്നു. അവനെ കാണുന്പോള്‍ നിങ്ങള്‍ക്ക് സന്തോഷിക്കാം. എനിക്കാകട്ടെ നിങ്ങളെക്കുറിച്ചുള്ള വ്യാകുലത അവസാനിപ്പിക്കുകയും ചെയ്യാം."

29 കര്‍ത്താവില്‍ അവനെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുക. എപ്പഫ്രൊദിത്തൊസിനെ പോലുള്ളവരെ ബഹുമാനിക്കുക."

30 ക്രിസ്തുവിന്‍റെ വേലയില്‍ മുഴുകിയതുകൊണ്ടാണ് അവന്‍ മരണാസന്നനായത്. എന്നെ സഹായിക്കേണ്ടതിലേക്കായി അവന്‍ സ്വന്തജീവനെ അപകടത്തിലാക്കി. എനിക്കായി നിങ്ങള്‍ക്കു തരാന്‍ സാധിക്കാതിരുന്ന സഹായമാണത്."

3

1 സഹോദരരേ, ക്രിസ്തുവില്‍ സന്തുഷ്ടരാകുവിന്‍. എഴുതിയ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ എനിക്കു പ്രയാസം ഒന്നുമില്ല. കാരണം അതു നിങ്ങളെ സജ്ജരാക്കുവാന്‍ കൂടുതല്‍ സഹായിക്കും."

2 ദുഷ്ടരെക്കുറിച്ച് ശ്രദ്ധാലുക്കളാകുവിന്‍. അവര്‍ പട്ടികളെപ്പോലെയാണ്. അവര്‍ പരിച്ഛേദന ആവശ്യപ്പെടുന്നു."

3 എന്നാല്‍ നമ്മളാണ് യഥാര്‍ത്ഥത്തില്‍ പരിച്ഛേദനക്കാര്‍. നാം ദൈവത്തെ ആരാധിക്കുന്നത് ആത്മാവിലൂടെയാണ്. ക്രിസ്തുയേശുവില്‍ ആയിരിക്കുന്നതില്‍ നാം അഭിമാനിക്കുന്നു. നമുക്കു ചെയ്യാവുന്നതായ കാര്യങ്ങളിലോ നമ്മില്‍ത്തന്നെയോ നാം ആശ്രയിക്കുന്നില്ല."

4 എനിക്ക് എന്നില്‍ത്തന്നെ വിശ്വസിക്കാമെങ്കിലും ഞാന്‍ എന്നില്‍ ആശ്രയിക്കില്ല. ഒരുവന്‍ തന്നില്‍ത്തന്നെ ആശ്രയിക്കാമെന്നു വിശ്വസിക്കുന്നുവെങ്കില്‍ എനിക്ക് എന്നില്‍ത്തന്നെ ആശ്രയിക്കാന്‍ അതിലും മതിയായ കാരണങ്ങളുണ്ടെന്ന് അവന്‍ അറിയട്ടെ."

5 ജനിച്ച് എട്ടുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ പരിച്ഛേദനയേറ്റു. ഞാന്‍ യിസ്രായേല്യരില്‍ നിന്നുള്ള ബെന്യാമീന്‍ ഗോത്രത്തില്‍പ്പെട്ടവനാണ്. ഞാന്‍ ഒരു എബ്രായനാണ്. എന്‍റെ മാതാ പിതാക്കളും എബ്രായരാണ്. മോശെയുടെ നിയമം എനിക്കു പ്രധാനമാണ്. അക്കാരണം കൊണ്ടാണ് ഞാനൊരു പരീശനായത്."

6 ഞാന്‍ എന്‍റെ യെഹൂദമതത്തില്‍ വളരെ ആവേശഭരിതനായിരുന്നതുകൊണ്ട് ഞാന്‍ വിശ്വാസികളെ പീഢിപ്പിച്ചു. ഞാന്‍ മോശെയുടെ ന്യായപ്രമാണം പാലിച്ച രീതിയില്‍ എന്നില്‍ ഒരു കുറ്റവും കണ്ടെത്താന്‍ ഒരുവനും പറ്റിയിട്ടില്ല."

7 ഒരിക്കല്‍ ഇതെല്ലാം എനിക്ക് അതിപ്രധാനമായിരുന്നു. എന്നാല്‍ ആ കാര്യങ്ങളത്രയും ക്രിസ്തുമൂലം ഫലശൂന്യമായി എന്നു ഞാന്‍ തീരുമാനിച്ചു."

8 അക്കാര്യങ്ങള്‍ മാത്രമല്ല, എന്‍റെ കര്‍ത്താവായ യേശുക്രിസ്തുവിനെ അറിയുന്നതിന്‍റെ മഹത്വത്തോട് താരതമ്യപ്പെടുത്തുന്പോള്‍ എല്ലാക്കാര്യങ്ങളും ഫലശൂന്യമാണ്. ക്രിസ്തുമൂലം ഞാന്‍ പ്രധാനമെന്നു കരുതിയിരുന്നവ എല്ലാം നഷ്ടപ്പെട്ടു. ഇപ്പോഴെനിക്കറിയാം അതെല്ലാം വെറും ചവറാണെന്ന്. ഇത് ക്രിസ്തുവിനെ സ്വീകരിക്കുവാന്‍ എന്നെ അനുവദിക്കുന്നു."

9 ക്രിസ്തുവില്‍ ആയിരിക്കുവാന്‍ അത് എന്നെ അനുവദിക്കുന്നു. ഞാന്‍ ക്രിസ്തുവില്‍ ദൈവമുന്പാകെ നീതീകരിക്കപ്പെട്ടവനാണ്. ഈ നീതീകരണം ന്യായപ്രമാണാനുസരണം വഴി ഉണ്ടായതല്ല. അത് വിശ്വാസം വഴി ദൈവത്തില്‍ നിന്നാണ് വരുന്നത്. ദൈവമുന്പാകെ നീതീകരിക്കപ്പെടുന്നതിനു വേണ്ടി ദൈവം, ക്രിസ്തുവിലുള്ള എന്‍റെ വിശ്വാസം ഉപയോഗിച്ചു."

10 എനിക്കാകെ അറിയേണ്ടത്, ക്രിസ്തുവിനെപ്പറ്റിയും മരണത്തില്‍ നിന്ന് ഉയിര്‍ത്തതിനുള്ള അവന്‍റെ ശക്തിയെക്കുറിച്ചുമാണ്. ക്രിസ്തുവിന്‍റെ കഷ്ടങ്ങള്‍ പങ്കുവയ്ക്കാനും മരണത്തില്‍ അവനെപ്പോലെ ആകുവാനും ഞാനാഗ്രഹിക്കുന്നു."

11 എനിക്ക് അക്കാര്യങ്ങളൊക്കെ ഉണ്ടെങ്കില്‍ ഞാന്‍ സ്വയം മരണത്തില്‍ നിന്ന് ഉയിര്‍ക്കപ്പെടുമെന്ന് എനിക്കു പ്രതീക്ഷയുണ്ട്."

12 ഞാന്‍ എങ്ങനെ ആയിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നതു പോലെ ഞാന്‍ ദൈവത്തിന്‍റെ പ്രതീക്ഷക്കൊപ്പമെത്തി എന്നല്ല ഞാന്‍ അര്‍ത്ഥമാക്കുന്നത്. ഇപ്പോഴും ഞാന്‍ ആ ലക്ഷ്യത്തിലെത്തിയിട്ടില്ല. ആ ലക്ഷ്യത്തിലെത്താനും അതെന്‍റേതാക്കാനും ഞാന്‍ തുടര്‍ന്നും ശ്രമിക്കുന്നു. ക്രിസ്തു അതാഗ്രഹിക്കുന്നു. അതുകൊണ്ടാണ് ക്രിസ്തു എന്നെ അവനുള്ളതാക്കിയത്."

13 സഹോദരരേ, ഇപ്പോഴും ഞാന്‍ ആ ലക്ഷ്യത്തില്‍ എത്തിയിട്ടില്ല എന്ന് എനിക്കറിയാം. എന്നാല്‍ ഞാനെപ്പോഴും ചെയ്യുന്ന ഒരു കാര്യമുണ്ട് പഴയ കാര്യങ്ങള്‍ ഞാന്‍ മറക്കും. എനിക്കു മുന്പിലുള്ള ആ ലക്ഷ്യത്തിലെത്താന്‍ എന്‍റെ പരമാവധി ഞാന്‍ ശ്രമിക്കും."

14 ലക്ഷ്യത്തിലെത്തി സമ്മാനം വാങ്ങുവാനായി ഞാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. ആ സമ്മാനം എന്‍റേതാണ്. കാരണം ഉന്നതങ്ങളില്‍ ഉള്ള ആ ജീവിതത്തിനായി ദൈവം ക്രിസ്തുവിലൂടെ എന്നെ വിളിച്ചിരിക്കുന്നു."

15 പക്വതയുള്ള നാം ഈ വിധത്തിലും ചിന്തിക്കണം. ഇക്കാര്യങ്ങളിലെന്തെങ്കിലുമായി നിങ്ങള്‍ക്കു യോജിക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ ദൈവം അതു നിങ്ങള്‍ക്കു വ്യക്തമാക്കിത്തരും."

16 എന്നാല്‍ നമുക്ക് നേരത്തെ തന്നെ ഉണ്ടായിരുന്ന ആ സത്യം പിന്തുടരണം."

17 സഹോദരരേ, നിങ്ങളോരോരുത്തരും എന്നെ അനുഗമിക്കുവാന്‍ ശ്രമിക്കണം. ഞങ്ങള്‍ നിങ്ങള്‍ക്കു കാണിച്ചു തന്നിരിക്കുന്ന രീതിയില്‍ ജീവിക്കുന്ന ആള്‍ക്കാരുടെ ജീവിതവും പകര്‍ത്തുവിന്‍."

18 ക്രിസ്തുവിന്‍റെ കുരിശിന്‍റെ ശത്രുക്കളെപ്പോലെയാണ് പലരും ജീവിക്കുന്നത്. ഞാന്‍ മിക്കപ്പോഴും ഇവരെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അവരെക്കുറിച്ച് പറയേണ്ടി വരുന്നതില്‍ എനിക്കു കരച്ചില്‍ വരുന്നു."

19 നാശത്തിലേക്കു നയിക്കുംവിധത്തിലാണ് ഇക്കൂട്ടര്‍ ജീവിക്കുന്നത്. അവര്‍ ദൈവത്തെ ശുശ്രൂഷിക്കുന്നില്ല. സ്വന്തം തൃപ്തിക്കുവേണ്ടിയാണ് അവര്‍ ജീവിക്കുന്നത്. ലജ്ജാകരമായ പ്രവൃത്തികള്‍ ചെയ്യുന്നതില്‍ അവര്‍ ഊറ്റം അഭിമാനിക്കുന്നു. അവര്‍ ഭൌമിക കാര്യങ്ങളെക്കുറിച്ചു മാത്രമാണ് ചിന്തിക്കുന്നത്."

20 എന്നാല്‍ നമ്മുടെ മാതൃരാജ്യം സ്വര്‍ഗ്ഗത്തിലാണ്. സ്വര്‍ഗ്ഗത്തില്‍നിന്നും നമ്മുടെ രക്ഷകനായ കര്‍ത്താവായ യേശുക്രിസ്തു വരുന്നതിനായി നാം കാത്തിരിക്കുകയാണ്."

21 അവന്‍ നമ്മുടെ താഴ്ന്ന ശരീരങ്ങളെ അവന്‍റേതു പോലെ മഹത്വമുള്ളതാക്കി മാറ്റും. ഇത് ക്രിസ്തുവിന് തന്‍റെ ശക്തിയാല്‍ സാധിക്കും. ആ ശക്തി കൊണ്ട് ക്രിസ്തുവിന് എല്ലാ വസ്തുക്കളെയും അവന്‍റെ ഭരണത്തിന്‍ കീഴില്‍ കൊണ്ടുവരാന്‍ കഴിയും."

4

1 എന്‍റെ പ്രിയ സഹോദരരേ, ഞാന്‍ നിങ്ങളെ സ്നേഹിക്കുകയും കാണുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. നിങ്ങള്‍ എനിക്കു ആനന്ദം തരികയും നിങ്ങളെക്കുറിച്ച് അഭിമാനം കൊള്ളിക്കുകയും ചെയ്യുന്നു. ഞാന്‍ നിങ്ങളോട് പറഞ്ഞതുപോലെ കര്‍ത്താവിനെ തുടര്‍ന്നും പിന്തുടരുക."

2 കര്‍ത്താവില്‍ രമ്യതയുള്ളവരാകുവാന്‍ യുവൊദ്യയോടും സുന്തുകയോടും ഞാനാവശ്യപ്പെടുന്നു."

3 സുഹൃത്തേ, നീ എന്നോട് കൂടെ വിശ്വസ്തതയോടെ സേവിക്കുന്നതു കൊണ്ട് ഈ സ്ത്രീകളെ അതൊക്കെ ചെയ്യുവാന്‍ സഹായിക്കണം എന്നു ഞാന്‍ നിന്നോടാവശ്യപ്പെടുന്നു. ഈ സ്ത്രീകള്‍ സുവിശേഷപ്രസംഗത്തില്‍ എന്നോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. അവര്‍ ക്ലേമന്തിനോടും എന്നോടൊപ്പം ഉണ്ടായിരുന്ന മറ്റാള്‍ക്കാര്‍ക്കൊപ്പവുമാണ് പ്രവര്‍ത്തിച്ചിരുന്നത്. അവരുടെ പേര്‍ ജീവന്‍റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്."

4 കര്‍ത്താവില്‍ എപ്പോഴും സന്തോഷിക്കുവിന്‍. ഞാന്‍ ഒന്നുകൂടി പറയട്ടെ ‘സന്തോഷിക്കുവിന്‍.’"

5 നിങ്ങള്‍ സൌമ്യരും ദയാലുക്കളുമാണെന്ന് എല്ലാവരും അറിയട്ടെ. കര്‍ത്താവ് വേഗം വരുന്നു."

6 ഒന്നിനെക്കുറിച്ചും ആകുലപ്പെടേണ്ട. എന്നാല്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളതിനെല്ലാം വേണ്ടി ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും ചോദിക്കുകയും ചെയ്യുക. നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്പോഴൊക്കെ നന്ദി പറയുക."

7 ദൈവത്തിന്‍റെ സമാധാനം നിങ്ങളുടെ ഹൃദയത്തേയും മനസ്സിനേയും ക്രിസ്തുയേശുവില്‍ സൂക്ഷിയ്ക്കും. ദൈവം നമുക്കു തരുന്ന ആ സമാധാനം മനസ്സിലാക്കാന്‍ പറ്റാത്തവിധം അത്ര മഹത്താണ്."

8 സഹോദരരേ, നല്ലതും പുകഴ്ചയ്ക്കു യോഗ്യവുമായ കാര്യങ്ങളെക്കുറിച്ച് തുടര്‍ന്നും ചിന്തിക്കുവിന്‍. സത്യവും ആദരണീയവും ശരിയും ശുദ്ധവും സുന്ദരവും ബഹുമാന്യവും ആയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുവിന്‍."

9 [This verse may not be a part of this translation]"

10 നിങ്ങള്‍ എന്നോടുള്ള കരുതല്‍ വീണ്ടും കാണിച്ചതില്‍ ഞാന്‍ കര്‍ത്താവില്‍ ഏറെ സന്തോഷിക്കുന്നു. നിങ്ങള്‍ക്ക് എന്നെക്കുറിച്ച് എന്നും കരുതലുണ്ടായിരുന്നു. എന്നാല്‍ അതു കാണിക്കുവാന്‍ നിങ്ങള്‍ക്കൊരു മാര്‍ഗ്ഗവുമുണ്ടായിരുന്നില്ല."

11 ഞാന്‍ ഇതൊക്കെ നിങ്ങളോടു പറയുന്നത് എനിക്ക് എന്തെങ്കിലും ആവശ്യമുണ്ടായിട്ടല്ല. എനിക്കുള്ള കാര്യങ്ങള്‍ കൊണ്ടും എനിക്കു സംഭവിക്കുന്നവകൊണ്ടും സംതൃപ്തനാകുവാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്."

12 ഞാന്‍ ദരിദ്രനാകുന്പോള്‍ ജീവിക്കേണ്ടത് എങ്ങനെയെന്ന് എനിക്കറിയാം. എനിക്ക് ധാരാളം ഉള്ളപ്പോഴും ജീവിക്കേണ്ടത് എങ്ങനെയെന്ന് എനിക്കറിയാം. സംഭവിക്കുന്ന എന്തിലും സന്തോഷമുള്ളവനാകുന്നത് എങ്ങനെയെന്നും എനിക്കറിയാം. കഴിക്കുവാന്‍ ആഹാരം ഉണ്ടായിരുന്നപ്പോഴും അല്പം മാത്രം ഉണ്ടായിരുന്നപ്പോഴും സന്തോഷമുള്ളവനായിരിക്കുവാന്‍ ഞാന്‍ പഠിച്ചു. എനിക്കാവശ്യമുള്ളത് എല്ലാം ഉണ്ടായിരുന്ന അവസരത്തിലും അവയുടെ അഭാവത്തിലും സന്തോഷിക്കാന്‍ ഞാന്‍ പഠിച്ചു."

13 അവന്‍ ശക്തി തരുന്നതുകൊണ്ട് എനിക്ക് ക്രിസ്തുവില്‍ കൂടെ എല്ലാ കാര്യങ്ങളും സാധിക്കും."

14 എന്നാല്‍ എനിക്ക് സഹായം ആവശ്യമുണ്ടായിരുന്നപ്പോള്‍ നിങ്ങള്‍ സഹായിച്ചു എന്നത് നല്ല കാര്യമാണ്."

15 ഞാന്‍ ആദ്യമായി സുവിശേഷം പ്രസംഗിച്ചത്, ഫിലിപ്പിയിലുള്ള നിങ്ങള്‍ സ്മരിക്കുക. മക്കെദോന്യയില്‍ നിന്നു ഞാന്‍ പോന്നപ്പോള്‍ നിങ്ങള്‍ ഒരു സഭ മാത്രമാണ് എന്നെ സഹായിച്ചത്."

16 ഞാന്‍ തെസ്സലൊനീക്യയിലായിരുന്നപ്പോള്‍ പല തവണ എനിക്ക് നിങ്ങള്‍ സഹായമെത്തിച്ചു."

17 യഥാര്‍ത്ഥത്തില്‍ എനിക്കു നിങ്ങളുടെ ദാനങ്ങള്‍ കിട്ടുക എന്നുള്ളതല്ലായിരുന്നു ആവശ്യം പിന്നെയോ, നല്‍കുന്നതില്‍ നിന്നുള്ള അനുഗ്രഹം നിങ്ങള്‍ക്ക് കിട്ടണമെന്നുള്ളതായിരുന്നു."

18 എനിക്കാവശ്യമുള്ളതെല്ലാം എനിക്കുണ്ട്. എനിക്കാവശ്യമുള്ളതിലും കൂടുതല്‍ എനിക്കുണ്ട്. എപ്പഫ്രൊദിത്തോസ് നിങ്ങളുടെ ദാനങ്ങള്‍ കൊണ്ടുവന്നു. നിങ്ങളുടെ ദാനം ദൈവത്തിനര്‍പ്പിച്ച സൌരഭ്യവാസനയായ സുഗന്ധയാഗം പോലെയാണ്. ദൈവം ആ യാഗം സ്വീകരിക്കുകയും അത് അവനെ പ്രീതിപ്പെടുത്തുകയും ചെയ്യുന്നു."

19 ക്രിസ്തുയേശുവിലെ മഹത്വത്താല്‍ എന്‍റെ ദൈവം ഏറെ സന്പന്നനാണ്. നിങ്ങള്‍ക്കാവശ്യമുള്ളതെല്ലാം നല്‍കുവാനായി ദൈവം ക്രിസ്തുയേശുവിലുള്ള തന്‍റെ സന്പത്ത് വിനിയോഗിക്കും."

20 നമ്മുടെ പിതാവായ ദൈവത്തിന് എന്നെന്നേയ്ക്കും സ്തുതി ഉണ്ടായിരിക്കട്ടെ. ആമേന്‍."

21 ക്രിസ്തുവിലുള്ള ദൈവജനത്തിലെ ഓരോ ആള്‍ക്കും വന്ദനം പറയുവിന്‍. എന്നോടൊപ്പമുള്ള സഹോദരര്‍ നിങ്ങള്‍ക്ക് വന്ദനം തരുന്നു."

22 ദൈവത്തിന്‍റെ സമസ്ത ജനവും നിങ്ങളെ അഭിവാദനം ചെയ്യുന്നു. കൈസരുടെ കൊട്ടാരത്തില്‍ നിന്നുള്ളവരും നിങ്ങളെ അഭിവാദ്യം ചെയ്യുന്നു."

23 കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളെല്ലാവരോടും കൂടി ഉണ്ടായിരിക്കട്ടെ."