1 അപ്പൊസ്തലനായ പൌലൊസില്‍ നിന്നുള്ളത്. അപ്പൊസ്തലനാകാന്‍, ഞാന്‍ മനുഷ്യരാല്‍ തിരഞ്ഞെടുക്കപ്പെട്ടവനല്ല. മനുഷ്യരില്‍ നിന്നും അയയ്ക്കപ്പെട്ടവനുമല്ല. യേശുക്രിസ്തുവും പിതാവായ ദൈവവുമാണ് എന്നെ അപ്പൊസ്തലനാക്കിയെടുത്തത്. ദൈവം ഒരുവനാണ് യേശുവിനെ മരണത്തില്‍ നിന്നും ഉയിര്‍പ്പിച്ചത്."
2 ക്രിസ്തുവില്‍ എന്നോടൊപ്പമുള്ള എല്ലാ സഹോദരങ്ങളില്‍ നിന്നും ആശംസകള്‍. ഗലാത്യയിലെ സഭകള്‍ക്കുളളതാണ് ഇത്."
3 പിതാവായ ദൈവവും കര്‍ത്താവായ യേശുക്രിസ്തുവും നിങ്ങള്‍ക്ക് കൃപയും സമാധാനവും നല്‍കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു."
4 നമ്മുടെ പാപങ്ങള്‍ക്കായി യേശു അവനെത്തന്നെ കൊടുത്തു. നാം ജീവിക്കുന്ന ദുഷ്ടലോകത്തില്‍ നിന്നും മുക്തരാക്കാനാണ് യേശു ഇതു ചെയ്തത്. അതായിരുന്നു പിതാവായ ദൈവത്തിന്‍റെ അഭീഷ്ടം."
5 മഹത്വം എന്നെന്നേക്കും ദൈവത്തിനുള്ളതാകട്ടെ. ആമേന്‍."
6 അല്പ കാലത്തിനു മുന്പ് തന്നെ പിന്തുടരുവാന്‍ ദൈവം നിങ്ങളെ വിളിച്ചു. ക്രിസ്തുവിലൂടെ ആഗതമാകുന്ന അവന്‍റെ കൃപയിലാണ് അവന്‍ നിങ്ങളെ വിളിച്ചത്. എന്നാല്‍ ഇന്നു ഞാന്‍ നിങ്ങളെപ്പറ്റി അത്ഭുതാധീനനാണ്! നിങ്ങള്‍ നേരത്തെതന്നെ പിന്തിരിയുകയും വ്യത്യസ്ത സുവിശേഷത്തില്‍ വിശ്വസിക്കുകയും ചെയ്യുന്നു."
7 യഥാര്‍ത്ഥത്തില്‍ മറ്റൊരു സത്യസുവിശേഷമില്ല. എന്നാല്‍ ചിലര്‍ നിങ്ങളെ ആകെ ചിന്താക്കുഴപ്പത്തിലാക്കുകയാണ്. അവര്‍ ക്രിസ്തുവിന്‍റെ സുവിശേഷത്തിനു മാറ്റം വരുത്തുവാന്‍ ആഗ്രഹിക്കുന്നു."
8 ഞങ്ങള്‍ നിങ്ങളോടു സത്യസുവിശേഷം പറഞ്ഞു. അതിനാല്‍ ഞങ്ങള്‍ തന്നെയോ, സ്വര്‍ഗ്ഗത്തില്‍ നിന്നൊരു ദൂതനോ നിങ്ങളോടു മറ്റൊരു സുവിശേഷം പറഞ്ഞാല്‍ അവന്‍ ശപിക്കപ്പെടും."
9 ഞാനിതു നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും പറയുന്നു. നിങ്ങള്‍ നേരത്തെതന്നെ സുവിശേഷം സ്വീകരിച്ചിരുന്നു. രക്ഷ പ്രാപിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗം ഒരുവന്‍ പറയുന്നുവെങ്കില്‍ അവന്‍ ശപിക്കപ്പെടും."
10 എന്നെ സ്വീകരിക്കുവാന്‍ ജനങ്ങളെ ഒരുക്കുകയാണ് ഞാനെന്നാണോ നിങ്ങള്‍ ഇപ്പോഴും വിചാരിക്കുന്നത്. അല്ല; څദൈവം’ ഒരുവനെ മാത്രമാണ് ഞാന്‍ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഞാന്‍ മനുഷ്യരെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുകയാണോ? ഞാന്‍ മനുഷ്യരെ പ്രീതിപ്പെടുത്താന്‍ ആഗ്രഹിച്ചുവെങ്കില്‍ ഞാന്‍ യേശുക്രിസ്തുവിന്‍റെ ദാസന്‍ ആകുന്നില്ല."
11 സഹോദരരേ, ഞാന്‍ നിങ്ങളെ ഉപദേശിച്ച സുവിശേഷം മനുഷ്യകല്പിതം അല്ല എന്നു നിങ്ങള്‍ അറിയണമെന്നു ഞാനാഗ്രഹിക്കുന്നു."
12 എനിക്കു മനുഷ്യരില്‍ നിന്നല്ല സുവിശേഷം ലഭിച്ചത്. മനുഷ്യരാരും എന്നെ സുവിശേഷം പഠിപ്പിച്ചില്ല. യേശുക്രിസ്തു എനിക്കതു നല്‍കി. ഞാന്‍ ജനങ്ങളോടു പറയേണ്ട സുവിശേഷം അവന്‍ എന്നെ കാണിച്ചു."
13 എന്‍റെ പൂര്‍വ്വജീവിതത്തെക്കുറിച്ചു നിങ്ങള്‍ കേട്ടിട്ടുണ്ട്. ഞാന്‍ യെഹൂദ മതത്തിലായിരുന്നു. ദൈവത്തിന്‍റെ സഭയെ ഞാന്‍ വളരെയേറെ പീഢിപ്പിച്ചു. ഞാന്‍ സഭയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു."
14 ഞാന്‍ യെഹൂദ മതത്തിലെ ഒരു നേതാവായിക്കൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ എന്‍റെ പ്രായത്തിലുള്ള മറ്റനേകം യെഹൂദരേക്കാള്‍ മെച്ചമായി പ്രവര്‍ത്തിച്ചു. നമ്മുടെ പൂര്‍വ്വികരുടെ പരന്പരാഗതമായ ചട്ടങ്ങള്‍ പിന്തുടരാന്‍ ഞാന്‍ മറ്റാരെക്കാളും ശ്രമിച്ചു."
15 എന്നാല്‍ ഞാന്‍ ജനിക്കുന്നതിനു മുന്പേ ദൈവത്തിനു എന്നെക്കുറിച്ചു പ്രത്യേകമായ പദ്ധതിയുണ്ടായിരുന്നു. അതിനാല്‍ ദൈവം തന്‍റെ കരുണയാല്‍ എന്നെ വിളിച്ചു."
16 തന്‍റെ പുത്രനെക്കുറിച്ചുള്ള സുവിശേഷം ഞാന്‍ ജാതികളുടെ ഇടയില്‍ പ്രസംഗിക്കുവാന്‍ ദൈവം ആശിച്ചു. അതിനാല്‍ ദൈവം തന്‍റെ മകനെക്കുറിച്ച് എന്നെ പഠിപ്പിച്ചു. ദൈവം എന്നെ വിളിച്ചപ്പോള്‍ എനിക്ക് ഒരു മനുഷ്യനില്‍ നിന്നും സഹായമോ ഉപദേശമോ ലഭിച്ചില്ല."
17 യെരൂശലേമിലുള്ള അപ്പൊസ്തലരെ കാണുവാന്‍ ഞാന്‍ പോയില്ല. ഞാന്‍ അപ്പൊസ്തലനാകും മുന്‍പേ അവര്‍ അപ്പൊസ്തലന്മാരായിരുന്നു. എന്നാല്‍ പകരമായി ഞാന്‍ അറേബ്യയിലേക്കു പോയി. പിന്നീട് ഞാന്‍ ദമസ്കൊസിലേക്ക് മടങ്ങി."
18 മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ യെരൂശലേമിലേക്കു പോയി. ഞാന്‍ പത്രൊസിനെ കാണാന്‍ ആഗ്രഹിച്ചു. ഞാന്‍ പത്രൊസിനൊപ്പം പതിനഞ്ചു ദിവസം താമസിച്ചു."
19 യേശുവിന്‍റെ സഹോദരനായ യാക്കോബിനെ ഒഴിച്ച് മറ്റൊരു അപ്പൊസ്തലനെയും ഞാന്‍ കണ്ടില്ല."
20 ഞാന്‍ എഴുതുന്ന ഈ കാര്യങ്ങള്‍ പൊളിയല്ലെന്ന് ദൈവത്തിനറിയാം."
21 പിന്നീട് സുറിയ, കിലിക്യാ ഭാഗങ്ങളിലേക്കു പോയി."
22 യെഹൂദ്യയിലെ ക്രൈസ്തവ സഭകള്‍ എന്നെ നേരത്തെ കണ്ടിട്ടില്ല."
23 അവര്‍ എന്നെക്കുറിച്ച് ഇത് കേട്ടിട്ടേയുള്ളൂ: “ഈ മനുഷ്യന്‍ നമ്മളെ പീഢിപ്പിക്കുന്നവനാണ്. എന്നാല്‍ ഒരിക്കല്‍ ഇവന്‍ നശിപ്പിക്കുവാന്‍ ആഗ്രഹിച്ച അതേ വിശ്വാസം തന്നെ ഇപ്പോള്‍ ജനങ്ങളോടു പറയുന്നു.”"
24 ഈ വിശ്വാസികള്‍ എന്നെപ്രതി ദൈവത്തെ പുകഴ്ത്തി."
1 പതിനഞ്ചു കൊല്ലത്തിനു ശേഷം ഞാന്‍ വീണ്ടും യെരൂശലേമിലേക്കു തിരികെ പോയി. ഞാന്‍ ബര്‍ന്നബാസിനോടൊപ്പം തീത്തൊസിനെയും കൂട്ടിയാണ് പോയത്."
2 ഞാന്‍ പോകണമെന്നു ദൈവം കാണിച്ചതുകൊണ്ടാണ് ഞാന്‍ പോയത്. വിശ്വാസികളുടെ നേതാവായിരുന്നവരുടെ അടുത്ത് ഞാന്‍ പോയി. ഞാന്‍ ഒറ്റയ്ക്കായപ്പോള്‍ ആ മനുഷ്യരോട് ഞാന്‍ ജാതികളോടു പ്രസംഗിക്കുന്ന സുവിശേഷം പറഞ്ഞു. എന്‍റെ പ്രവൃത്തി, പണ്ടെത്തെയും ഇപ്പോഴത്തെയും നിഷ്ഫലമാകാതിരിക്കാന്‍, ഞാന്‍ പ്രസംഗിക്കുന്നത് അവര്‍ മനസ്സിലാക്കണമെന്നു ഞാന്‍ ആഗ്രഹിച്ചു. തീത്തൊസ് എന്നോടൊപ്പം ഉണ്ടായിരുന്നു. അവന്‍ ഒരു യവനനാണ്."
3 [This verse may not be a part of this translation]"
4 [This verse may not be a part of this translation]"
5 എന്നാല്‍ ആ കപട സഹോദരന്മാര്‍ക്ക് ആവശ്യമുള്ളത് ഒന്നും ഞങ്ങള്‍ സമ്മതിച്ചില്ല. സുവിശേഷത്തിന്‍റെ സത്യം നിങ്ങള്‍ക്കായി തുടരുവാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു."
6 പ്രധാനരെന്നു കാണപ്പെട്ട ആള്‍ക്കാര്‍ ഞാന്‍ പ്രസംഗിക്കുന്ന സുവിശേഷം മാറ്റിയില്ല. (അവര്‍ “പ്രധാനരോ അപ്രധാനരോ” എന്നത് എനിക്കൊരു കാര്യമല്ല. ദൈവത്തിന് എല്ലാവരും സമന്മാരാണ്.)"
7 എന്നാല്‍ ഈ നേതാക്കള്‍, പത്രൊസിനെപ്പോലെ എനിക്കും ഒരു പ്രത്യേക ജോലി നല്‍കിയിട്ടുണ്ടെന്നു കണ്ടു. യെഹൂദരോടു സുവിശേഷം അറിയിക്കുവാനുള്ള ജോലി ദൈവം പത്രൊസിനു നല്‍കി. അതുപോലെ, ജാതികളോട് സുവിശേഷം പ്രസംഗിക്കുവാനുള്ള ജോലി ദൈവം എനിക്കു നല്‍കി."
8 ഒരു അപ്പൊസ്തലനായി പ്രവര്‍ത്തിക്കുവാനുള്ള ശക്തി ദൈവം പത്രൊസിനു നല്‍കി. യെഹൂദര്‍ക്കു വേണ്ടിയുള്ള ഒരു അപ്പൊസ്തലനാണ് പത്രൊസ്. ദൈവം എനിക്കും ഒരു അപ്പൊസ്തലനാകാനുള്ള ശക്തി നല്‍കി. എന്നാല്‍ യെഹൂദര്‍ അല്ലാത്തവര്‍ക്കുവേണ്ടിയുള്ള ഒരു അപ്പൊസ്തലനാണ് ഞാന്‍."
9 യാക്കോബും പത്രൊസും യോഹന്നാനുമാണ് നേതാക്കളായി കാണപ്പെടുന്നത്. എനിക്കും ഇതിനുള്ള പ്രത്യേക വരം ദൈവം തന്നിട്ടുണ്ടെന്ന് അവര്‍ കണ്ടു. അതിനാല്‍ അവര്‍ എന്നെയും ബര്‍ന്നബാസിനെയും സ്വീകരിച്ചു. “ബര്‍ന്നബാസേ, പൌലൊസേ നിങ്ങള്‍ യെഹൂദര്‍ അല്ലാത്തവരുടെ അടുക്കലേക്ക് പോകണമെന്ന് ഞങ്ങള്‍ സമ്മതിക്കുന്നു. ഞങ്ങള്‍ യെഹൂദരുടെ അടുത്തേയ്ക്കു പൊയ്ക്കൊള്ളാം” എന്ന് പത്രൊസും യാക്കോബും യോഹന്നാനും പറഞ്ഞു."
10 ഒരു കാര്യം മാത്രമേ ഞങ്ങളോടവര്‍ അഭ്യര്‍ത്ഥിച്ചുള്ളൂ, പാവങ്ങളെ സഹായിക്കാന്‍ ഓര്‍ക്കണമെന്ന്. ഇതാണ് ഞാന്‍ യഥാര്‍ത്ഥത്തില്‍ ചെയ്യാന്‍ ആഗ്രഹിച്ചതും."
11 പത്രൊസ് അന്ത്യൊക്ക്യയില്‍ വന്ന് തെറ്റായി ചിലത് ചെയ്തു. അവനു തെറ്റിപ്പോയതുകൊണ്ട് ഞാന്‍ പത്രൊസിനെതിരായിരുന്നു."
12 ഇതാണ് സംഭവിച്ചത്. പത്രൊസ് അന്ത്യൊക്ക്യയില്‍ ആദ്യം വന്നപ്പോള്‍ ജാതികളോടു കൂടെ അവന്‍ ഭക്ഷിക്കുകയും ഇടപെടുകയും ചെയ്തു. എന്നാല്‍ യാക്കോബ് അയച്ച ഏതാനും യെഹൂദര്‍ അവിടേക്കു വന്നപ്പോള്‍ പത്രൊസ് ജാതികളോടൊന്നിച്ചുള്ള ഭോജനം നിര്‍ത്തി. പത്രൊസ് ജാതികളുടെ ഇടയില്‍ നിന്നും സ്വയം ഒഴിഞ്ഞു മാറി. എല്ലാ ജാതികളും പരിച്ഛേദന കഴിക്കണം എന്നു വിശ്വസിക്കുന്ന ആ യെഹൂദരെ പത്രൊസിന് ഭയമായിരുന്നു."
13 അതിനാല്‍ പത്രൊസ് ഒരു കപടഭക്തിക്കാരനായിരുന്നു. ഇതര യെഹൂദ വിശ്വാസികളും പത്രൊസിനൊപ്പം ചേര്‍ന്നു. അതിനാല്‍ അവരും കപടഭക്തിക്കാ രായിരുന്നു. ബര്‍ന്നബാസു പോലും യെഹൂദരുടെ ഈ പ്രവൃത്തിയില്‍ സ്വാധീനിക്കപ്പെട്ടു."
14 ഈ യെഹൂദര്‍ ചെയ്തതെന്തെന്നു ഞാന്‍ കണ്ടു. സുവിശേഷത്തിന്‍റെ സത്യം അവര്‍ പിന്തുടരുന്നില്ല. എല്ലാ യെഹൂദരും കേള്‍ക്കത്തക്ക വിധത്തില്‍ ഞാന്‍ പത്രൊസിനോടു പറഞ്ഞു, “പത്രൊസേ, നീ ഒരു യെഹൂദനാണ്. എന്നാല്‍ ഒരു യെഹൂദനെപ്പോലെ ജീവിക്കുന്നില്ല. നീ ജാതികളില്‍ ഒരുവനെപ്പോലെയാണ് ജീവിക്കുന്നത്. അപ്പോള്‍ ജാതികളെ യെഹൂദരെപ്പോലെ ജീവിക്കാന്‍ നിര്‍ബന്ധിക്കുന്നത് എന്തിന്?”"
15 നമ്മള്‍ യെഹൂദര്‍ ജാതികളായോ പാപികളായോ അല്ല ജനിച്ചത്. നമ്മള്‍ യെഹൂദരായാണ് ജനിച്ചത്."
16 പക്ഷേ ന്യായപ്രമാണം പിന്തുടര്‍ന്നതുകൊണ്ട് ഒരാള്‍ ദൈവമുന്പാകെ നീതീകരിക്കപ്പെടുകയില്ല എന്ന് നമുക്കറിയാം. യേശുക്രിസ്തുവിലുള്ള വിശ്വാസമാണ് ഒരുവനെ ദൈവമുന്പാകെ നീതീകരിക്കുന്നത്. അതിനാല്‍ നാമും ക്രിസ്തുയേശുവില്‍ വിശ്വസിച്ചു. കാരണം നാം ദൈവമുന്പാകെ നീതീകരിക്കപ്പെടണം. അങ്ങനെ നാം ദൈവമുന്പാകെ നീതീകരിക്കപ്പെട്ടു, ന്യായപ്രമാണം പാലിച്ചതുകൊണ്ടല്ല, ക്രിസ്തുവില്‍ വിശ്വസിച്ചതുകൊണ്ടു മാത്രം. ന്യായപ്രമാണം പാലിക്കുന്നതിനാല്‍ ഒരുവനും നീതീകരിക്കപ്പെടില്ല."
17 നാം യെഹൂദര്‍ ക്രിസ്തുവിലേക്കു വന്നത്, ദൈവമുന്പാകെ നീതീകരിക്കപ്പെടാനാണ്. അതിനാല്‍ നാമും പാപികളായിരുന്നു എന്നു വ്യക്തം. ക്രിസ്തു പാപത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതിനു അര്‍ത്ഥമുണ്ടോ? തീര്‍ച്ചയായും ഇല്ല."
18 ഞാനുപേക്ഷിച്ച കാര്യങ്ങള്‍ വീണ്ടും പഠിപ്പിക്കുവാന്‍ തുടങ്ങുക വഴി ഞാന്‍ എന്നെത്തന്നെ പാപത്തിനു ഏല്പിച്ചു കൊടുക്കുകയാണ്."
19 ന്യായപ്രമാണത്തിനു വേണ്ടി ജീവിക്കുന്നതു ഞാന്‍ നിര്‍ത്തി. ന്യായപ്രമാണമാണ് എന്നെ കൊന്നത്. ദൈവത്തിനു വേണ്ടി ജീവിക്കത്തക്കവണ്ണം ഞാന്‍ ന്യായപ്രമാണത്തിനു മരിച്ചു. ഞാന്‍ ക്രിസ്തുവിനൊപ്പം കുരിശില്‍ കൊല്ലപ്പെട്ടു."
20 അതിനാല്‍ ഞാന്‍ ഈ ജീവിക്കുന്ന ജീവിതം യഥാര്‍ത്ഥത്തില്‍ എന്‍റേതല്ല ڊ ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്. ഞാനിപ്പോഴും എന്‍റെ ശരീരത്തില്‍ ജീവിക്കുന്നു എന്നുവരികിലും വിശ്വാസം കൊണ്ട് ഞാന്‍ ദൈവത്തിന്‍റെ പുത്രനില്‍ ജീവിക്കുന്നു. യേശുവാണ് എന്നെ സ്നേഹിച്ചത്. എന്നെ രക്ഷിക്കാനായി അവന്‍ സ്വയം നല്‍കി."
21 ഈ ദാനം ദൈവത്തില്‍ നിന്നുള്ളതാണ്. ആ ദാനം ഞാന്‍ നിരാകരിക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍, ന്യായപ്രമാണം നമ്മെ ദൈവമുന്പാകെ നീതീകരിക്കുമായിരുന്നെങ്കില്‍ ക്രിസ്തു നമുക്കു വേണ്ടി മരിക്കേണ്ടി വരുമായിരുന്നില്ല."
1 യേശുക്രിസ്തുവിന്‍റെ കുരിശിലെ മരണം ഗലാത്യയിലെ ജനങ്ങളോടു വളരെ വ്യക്തമായി പറയപ്പെട്ടതാണ്. എന്നാല്‍ നിങ്ങള്‍ വളരെ ഭോഷന്മാരാണ്."
2 നിങ്ങളെ കബളിപ്പിക്കുവാന്‍ ചിലരെ നിങ്ങള്‍ അനുവദിച്ചു. ഈ ഒരു കാര്യം എന്നോടു പറയുക: നിങ്ങള്‍ എങ്ങനെയാണ് പരി ശുദ്ധാത്മാവിനെ സ്വീകരിച്ചത്? ന്യായപ്രമാണം പാലിച്ചതു കൊണ്ടാണോ ആത്മാവിനെ നിങ്ങള്‍ക്കു കിട്ടിയത്? അല്ല! സുവിശേഷം കേട്ടതുകൊണ്ടാണോ നിങ്ങള്‍ ആത്മാവിനെ സ്വീകരിച്ചതും വിശ്വസിച്ചതും?"
3 ആത്മാവുകൊണ്ട് നിങ്ങളുടെ ജീവിതം ക്രിസ്തുവില്‍ തുടങ്ങി. ഇപ്പോള്‍ നിങ്ങളുടെ തന്നെ ശക്തിയാല്‍ അതു തുടരുവാന്‍ നിങ്ങള്‍ ശ്രമിക്കുമെന്നോ? അതു ഭോഷത്തമാണ്."
4 നിങ്ങള്‍ വളരെ അനുഭവിച്ചതാണ്. ആ അനുഭവങ്ങളത്രയും ഫലശൂന്യമാക്കണമെന്നോ? അതു വ്യര്‍ത്ഥമാക്കപ്പെടുകയില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു."
5 നിങ്ങള്‍ ന്യായപ്രമാണം പിന്തുടര്‍ന്നതുകൊണ്ടാണോ ദൈവം ആത്മാവിനെ തന്നത്? അല്ല! നിങ്ങള്‍ ന്യായപ്രമാണം പിന്തുടര്‍ന്നതുകൊണ്ടാണോ ദൈവം നിങ്ങളുടെ ഇടയില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചത്? അല്ല! നിങ്ങള്‍ സുവിശേഷം കേട്ടു വിശ്വസിച്ചതുകൊണ്ട് ദൈവം അവന്‍റെ ആത്മാവിനെ നിങ്ങള്‍ക്കു തരികയും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു."
6 അതേ കാര്യങ്ങളാണു അബ്രാഹാമിനെക്കുറിച്ച് തിരുവെഴുത്തുകളില്‍ പറയുന്നത്, “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു. ദൈവം അബ്രാഹാമിന്‍റെ വിശ്വാസത്തെ സ്വീകരിച്ചു. അത് അബ്രാഹാമിനെ ദൈവമുന്പാകെ നീതീകരിച്ചു."
7 അതിനാല്‍ വിശ്വാസമുള്ള ആള്‍ക്കാരാണ് അബ്രാഹാമിന്‍റെ യഥാര്‍ത്ഥ മക്കള്‍."
8 ഭാവിയില്‍ സംഭവിക്കുന്നതെന്താണെന്ന് തിരുവെഴുത്തുകള്‍ പറയുന്നു. ദൈവം ജാതികളെ അവരുടെ വിശ്വാസം വഴി നീതീകരിക്കും എന്ന് തിരുവെഴുത്ത് പറയുന്നു. ഈ സുവിശേഷം തിരുവെഴുത്തുകള്‍ പറയുന്നതുപോലെ അബ്രാഹാമിനോടു നേരത്തെ പറഞ്ഞിരുന്നു. “അബ്രാഹാമേ, ഭൂമിയിലെ എല്ലാ ജനതയെയും അനുഗ്രഹിക്കാന്‍ ദൈവം നിന്നെ ഉപയോഗിക്കും."
9 അബ്രാഹാം അതു വിശ്വസിച്ചു. അബ്രാഹാം വിശ്വസിച്ചതുകൊണ്ട് അനുഗ്രഹീതനായി. അതു തന്നെയാണിന്നും. വിശ്വസിക്കുന്ന എല്ലാവരും അബ്രാഹാം അനുഗ്രഹിക്കപ്പെട്ടതു പോലെ അനുഗ്രഹീതരാകും."
10 എന്നാല്‍ ദൈവമുന്പാകെ നീതീകരിക്കപ്പെടുന്നതിന് ന്യായപ്രമാണം പിന്തുടരുന്നവര്‍ ഒരു ശാപത്തിന്‍ കീഴിലാണ്. എന്തുകൊണ്ടെന്നാല്‍ തിരുവെഴുത്തുകള്‍ പറയുന്നു, “ന്യായപ്രമാണത്തില്‍ എഴുതപ്പെട്ടിരിക്കുന്ന കാര്യങ്ങളെല്ലാം ഒരു വ്യക്തി ചെയ്യണം. അവന്‍ എപ്പോഴും അനുസരിക്കുന്നില്ലെങ്കില്‍ അവന്‍ ഒരു ശാപത്തിന്‍കീഴിലാണ്.”"
11 അതിനാല്‍ ഒരു വ്യക്തിയും ന്യായപ്രമാണം മൂലം ദൈമമുന്പാകെ നീതീകരിക്കപ്പെടില്ല എന്നു വ്യക്തമാണ്. “വിശ്വാസം കൊണ്ട് ദൈവസമക്ഷം നീതീകരിക്കപ്പെട്ടവന്‍ നിത്യം ജീവിക്കും എന്ന് തിരുവെഴുത്തുകള്‍ പറയുന്നു."
12 ന്യായപ്രമാണവും വിശ്വാസവും ഒന്നല്ല; അതു മറ്റൊരു പാതയാണ് ഉപയോഗപ്പെടുത്തുന്നത്. ന്യായപ്രമാണം പറയുന്നു, “ന്യായപ്രമാണാനുഷ്ഠാനത്താല്‍ ജീവന്‍ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവന്‍ ന്യായപ്രമാണം പറയുന്ന കാര്യങ്ങള്‍ ചെയ്യണം."
13 ന്യായപ്രമാണം ഒരു ശാപം നമ്മിലേക്കിട്ടു. എന്നാല്‍ ക്രിസ്തു നമുക്കായി സ്വയം ആ ശാപത്തിനു വിധേയനായി. അതിനാല്‍ അവന്‍ ആ ശാപം നമ്മില്‍നിന്നും എടുത്തു മാറ്റി “ഒരുവന്‍റെ ശരീരം മരത്തില്‍ തൂക്കിയിട്ടിരിക്കുന്നെങ്കില്‍ ആ വ്യക്തി ഒരു ശാപത്തിന്‍ കീഴിലാണ്” എന്ന് തിരുവെഴുത്തില്‍ എഴുതപ്പെട്ടിരിക്കുന്നു."
14 ദൈവം അബ്രാഹാമിനു വാക്കു കൊടുത്തതുപോലെ ദൈവാനുഗ്രഹം കിട്ടത്തക്കവിധം ക്രിസ്തു എല്ലാം ചെയ്തു. അനുഗ്രഹം ക്രിസ്തു വഴിയാണ് വരുന്നത്. ക്രിസ്തു നമുക്കുവേണ്ടി മരിച്ചതിനാല്‍ ദൈവം വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവിനെ നമുക്കു കിട്ടി. വിശ്വസിക്കുന്നതുവഴി ഈ വാഗ്ദാനം നമുക്കു ലഭിക്കുന്നു."
15 സഹോദരീ സഹോദരന്മാരേ, ഈ ഒരു ഉദാഹരണം നല്‍കുവാന്‍ എന്നെ അനുവദിക്കുക. ഒരുവന്‍ മറ്റൊരുവനുമായി നടത്തുന്ന നിയമത്തെക്കുറിച്ചു വിചാരിക്കുക. ആ നിയമം ഔദ്യോഗികമായി അംഗീകരിച്ചശേഷം യാതൊരുവനും ആ നിയമത്തില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാന്‍ സാദ്ധ്യമല്ല."
16 ദൈവം അബ്രാഹാമിനോടും അവന്‍റെ സന്തതിയോടും വാഗ്ദാനം ചെയ്തു. “നിന്‍റെ സന്തതികളോടും” എന്നു ദൈവം പറഞ്ഞില്ല. (അത് അനേകം പേരെ അര്‍ത്ഥമാക്കും. എന്നാല്‍ ദൈവം പറഞ്ഞത് എന്തെന്നാല്‍ “നിന്‍റെ സന്തതിയോടും” എന്നാണ്. ഇത് ഒരു വ്യക്തിയെന്നാണ് അര്‍ത്ഥമാക്കുന്നത്. അത് സ്തുവാണ്.)"
17 ഇതാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്. ന്യായപ്രമാണം പ്രയോഗത്തില്‍ കൊണ്ടുവരുന്നതിനു വളരെ മുന്പേ ദൈവം അബ്രാഹാമിനു വാഗ്ദാനം നല്‍കി. നാനൂറ്റി മുപ്പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ന്യായപ്രമാണം വന്നത്. അതിനാല്‍ ന്യായപ്രമാണത്തിന് ദൈവം അബ്രാഹാമിനു നല്‍കിയ വാഗ്ദാനം ലംഘിക്കുവാനോ നിയമം റദ്ദു ചെയ്യാനോ സാദ്ധ്യമല്ല."
18 ദൈവം വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ന്യായപ്രമാണം പിന്തുടരുക വഴി നേടാന്‍ കഴിയുമോ? ഇല്ല! ന്യായപ്രമാണാനുസരണത്താല്‍ അക്കാര്യങ്ങള്‍ നമുക്കു ലഭിക്കുമെങ്കില്‍ ദൈവത്തിന്‍റെ വാഗ്ദാനം അത് നമുക്കു തരില്ല. എന്നാല്‍ ദൈവം അബ്രാഹാമിനു കൊടുത്ത വാഗ്ദാനത്തിലൂടെ, തന്‍റെ അനുഗ്രഹങ്ങള്‍ തടസ്സമേതുമില്ലാതെ ദയാപൂര്‍വ്വം കൊടുത്തു."
19 അപ്പോള്‍ എന്തിനുവേണ്ടിയാണ് ന്യായപ്രമാണം? ജനങ്ങള്‍ ചെയ്യുന്ന ദുഷ്കര്‍മ്മങ്ങള്‍ വെളിവാക്കുവാനാണ് ന്യായപ്രമാണം. അബ്രാഹാമിന്‍റെ പ്രത്യേക പിന്തുടര്‍ച്ചാവകാശി വന്നതുവരെ ന്യായപ്രമാണം തുടര്‍ന്നു. ഈ പിന്തുടര്‍ച്ചാവകാശിയെപ്പറ്റിയാണ് ദൈവത്തിന്‍റെ വാഗ്ദാനം. ദൂതന്മാര്‍ വഴിയാണ് ന്യായപ്രമാണം നല്‍കപ്പെട്ടത്. ന്യായപ്രമാണം മനുഷ്യര്‍ക്ക് കൈമാറാന്‍ ദൂതന്മാര്‍ മോശയെ ഇടനിലക്കാരനാക്കി."
20 എന്നാല്‍ ദൈവം ഒരുവനെ ഉള്ളൂ എന്നതു കൊണ്ടും ഒരു ഭാഗമേ ഉള്ളതെന്നു വരുന്പോഴും ഒരു ഇടനിലക്കാരന്‍റെ ആവശ്യമില്ല."
21 ദൈവത്തിന്‍റെ വാഗ്ദാനങ്ങള്‍ക്കെതിരാണ് ഈ ന്യായപ്രമാണം എന്ന് ഇതര്‍ത്ഥമാക്കുന്നുണ്ടോ? ഇല്ല! ജീവന്‍ പ്രദാനം ചെയ്യുന്ന ഒരു ന്യായപ്രമാണം ഉണ്ടെന്നുവരികില്‍ നാം ആ ന്യായപ്രമാണം വഴി ദൈവമുന്പാകെ നീതീകരിക്കപ്പെട്ടേനെ."
22 എന്നാല്‍ ഇതു ശരിയല്ല, കാരണം സര്‍വ്വരും പാപത്താല്‍ ബന്ധനത്തിലാക്കപ്പെട്ടിരിക്കുന്നു എന്നാണ് തിരുവെഴുത്തുകള്‍ പറയുന്നത്. എന്താണ് തിരുവെഴുത്തുകള്‍ ഇങ്ങനെ പറയുന്നത്? വിശ്വാസം വഴി വാഗ്ദാനം നല്‍കപ്പെടുന്നതുകൊണ്ടാണ് അത്. യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്കാണ് വാഗ്ദാനം നല്‍കിയത്."
23 ഈ വിശ്വാസം വരുന്നതിനു മുന്പേ നാമെല്ലാവരും ന്യായപ്രമാണം മൂലം തടവുകാരാക്കപ്പെട്ടിരിക്കുകയായിരുന്നു. വന്നുകൊണ്ടിരിക്കുന്ന, ആ വിശ്വാസത്തിന്‍റെ വീഥി ദൈവം നമ്മെ കാണിക്കുംവരെ നമുക്ക് സ്വാതന്ത്ര്യമില്ലായിരുന്നു."
24 അപ്പോള്‍ ക്രിസ്തു വരുന്നിടം വരെ ന്യായപ്രമാണമായിരുന്നു നമ്മുടെ രക്ഷിതാവ്. ക്രിസ്തു വന്നതിനു ശേഷം നമുക്ക് വിശ്വാസം വഴി ദൈവമുന്പാകെ നീതീകരിക്കപ്പെടാന്‍ കഴിയും."
25 ഇപ്പോള്‍ വിശ്വാസത്തിന്‍റെ വഴി ആഗതമായിരിക്കുന്നു. അതിനാല്‍ നാം നിയമത്തിന്‍റെ കീഴില്‍ ജീവിക്കുന്നില്ല."
26 [This verse may not be a part of this translation]"
27 [This verse may not be a part of this translation]"
28 ഇപ്പോള്‍ ക്രിസ്തുവില്‍ യെഹൂദനും യവനനും തമ്മില്‍ വ്യത്യാസമില്ല. അടിമകളും സ്വതന്ത്രനും തമ്മില്‍ വ്യത്യാസമില്ല. പുരുഷനും സ്ത്രീയും തമ്മില്‍ വേര്‍തിരിവില്ല. നിങ്ങള്‍ എല്ലാവരും ക്രിസ്തുയേശുവില്‍ ഒന്നാണ്."
29 നിങ്ങള്‍ ക്രിസ്തുവിനുള്ളവരാണ്. അതിനാല്‍ നിങ്ങള്‍ അബ്രാഹാമിന്‍റെ സന്തതികളാണ്. ദൈവം അബ്രാഹാമിനു നല്‍കിയ വാഗ്ദാനം കൊണ്ടാണ് നിങ്ങള്‍ക്ക് എല്ലാ ദൈവാനുഗ്രഹങ്ങളും കിട്ടിയത്."
1 നിങ്ങളോടു ഞാനിതു പറയാന്‍ ആഗ്രഹിക്കുന്നു. അനന്തരാവകാശി ഒരു കുട്ടിയായിരിക്കേ ഒരടിമയില്‍ നിന്നും അവന് ഒരു വ്യത്യാസവുമില്ല. അനന്തരാവകാശി എല്ലാ ഉടമസ്ഥാവകാശവും വഹിക്കുന്നു എന്നതു പ്രശ്നമല്ല."
2 എന്തുകൊണ്ടെന്നാല്‍ അവന്‍ കുട്ടിയായിരിക്കേ അവനെ സംരക്ഷിക്കുന്ന എല്ലാവരെയും അവന്‍ അനുസരിക്കേണ്ടതുണ്ട്. എന്നാല്‍ പിതാവ് നിശ്ചയിച്ച പ്രായമാകുന്പോള്‍ അവന്‍ സ്വതന്ത്രനാകും."
3 അതു തന്നെയാണു നമ്മുടെയും സ്ഥിതി. നാമും ഒരിക്കല്‍ കുട്ടികളെപ്പോലെയായിരുന്നു. ഈ ലോകത്തിന്‍റെ നിരുപയോഗമായ നിയമങ്ങളുടെ അടിമകളായിരുന്നു നാം."
4 എന്നാല്‍ ശരിയായ സമയം ആഗതമായപ്പോള്‍ ദൈവം അവന്‍റെ പുത്രനെ അയച്ചു. ദൈവപുത്രന്‍ ഒരു സ്ത്രീയില്‍ നിന്നും ജനിച്ചു. ദൈവപുത്രന്‍ ന്യായപ്രമാണത്തിനു വിധേയനായി ജീവിച്ചു."
5 ന്യായപ്രമാണത്തിന് അധീനരായിരുന്ന ജനങ്ങളുടെ സ്വാതന്ത്ര്യത്തെ വാങ്ങുവാന്‍ തക്കവിധമാണ് ദൈവം ഇതു ചെയ്തത്. നമ്മെ അവന്‍റെ മക്കളാക്കുകയായിരുന്നു ദൈവത്തിന്‍റെ ഉദ്ദേശ്യം."
6 നിങ്ങള്‍ ദൈവമക്കളാണ്. അതിനാലാണ് നിങ്ങളുടെ ഹൃദയത്തിലേക്ക് ദൈവം തന്‍റെ പുത്രന്‍റെ ആത്മാവിനെ അയച്ചത്. ആത്മാവ് കേണു വിളിക്കുന്നു. “അപ്പാ, പ്രിയ പിതാവേ.”"
7 അതിനാല്‍ ഇനിമേല്‍ നിങ്ങള്‍ അടിമകളല്ല. നിങ്ങള്‍ മക്കളാകുന്നു. താന്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ദൈവം നിനക്കു തരും. കാരണം നീ അവന്‍റെ കുട്ടിയാണ്."
8 പണ്ട് നിങ്ങള്‍ക്ക് ദൈവത്തെ അറികയില്ലായിരുന്നു. യഥാര്‍ത്ഥമല്ലാത്ത ദൈവങ്ങള്‍ക്കു നിങ്ങള്‍ അടിമകളായിരുന്നു."
9 എന്നാല്‍ യഥാര്‍ത്ഥ ദൈവത്തെ നിങ്ങള്‍ ഇപ്പോള്‍ അറിയുന്നു. സത്യത്തില്‍ ദൈവത്തിനാണ് നിങ്ങളെ അറിയാവുന്നത്. അതിനാല്‍ മുന്പ് പിന്തുടര്‍ന്നിരുന്ന ദുര്‍ബ്ബലവും ഉപയോഗയോഗ്യവുമല്ലാത്ത ആ ചട്ടങ്ങളിലേക്ക് നിങ്ങളെന്തിനു മടങ്ങണം? വീണ്ടും നിങ്ങള്‍ക്ക് അക്കാര്യങ്ങളുടെ അടിമയാകണോ?"
10 പ്രത്യേക ദിവസങ്ങളെക്കുറിച്ചും മാസങ്ങളെക്കുറിച്ചും പ്രത്യേക സന്ദര്‍ഭങ്ങളെക്കുറിച്ചും വര്‍ഷങ്ങളെക്കുറിച്ചും ന്യായപ്രമാണം ഉപദേശിക്കുന്നത് നിങ്ങള്‍ ഇപ്പോഴും പിന്തുടരുന്നു."
11 ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ഭയക്കുന്നു. നിങ്ങള്‍ക്കു വേണ്ടിയുള്ള എന്‍റെ പ്രയത്നം വ്യര്‍ത്ഥമാകുമോ എന്നു ഞാന്‍ ഭയക്കുന്നു."
12 സഹോദരരേ, ഞാനും ഒരിക്കല്‍ നിങ്ങളെപ്പോലെ ആയിരുന്നു. അതിനാല്‍ നിങ്ങളും എന്നെപ്പോലെയാകുക. നേരത്തേ നിങ്ങളെനിക്കു വളരെ നല്ലവരായിരുന്നു."
13 എന്തുകൊണ്ടാണ് ഞാനാദ്യതവണ നിങ്ങളുടെ അടുത്തേക്കു വന്നതെന്നു നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ? കാരണം, ഞാന്‍ രോഗിയായിരുന്നു. ഞാന്‍ നിങ്ങളോട് സുവിശേഷം പ്രസംഗിച്ചപ്പോഴായിരുന്നു അത്."
14 എന്‍റെ രോഗം നിങ്ങള്‍ക്കൊരു വലിയ ഭാരമായിരുന്നിരിക്കാം. എന്നാല്‍ എന്നോട് നിങ്ങള്‍ ഒരു വെറുപ്പും കാണിച്ചില്ല. നിങ്ങള്‍ എന്നെ തിരസ്കരിച്ചില്ല. ദൈവത്തില്‍ നിന്നുള്ള ഒരു ദൂതനെ എന്നവണ്ണമാണ് നിങ്ങള്‍ എന്നെ സ്വാഗതം ചെയ്തത്. ഞാന്‍ യേശുക്രിസ്തുവെന്നപോലെയാണ് നിങ്ങള്‍ എന്നെ സ്വീകരിച്ചത്."
15 അപ്പോള്‍ നിങ്ങള്‍ വളരെ സന്തുഷ്ടരായിരുന്നു. എവിടെപ്പോയി ആ സന്തോഷം? എന്നെ സഹായിക്കാന്‍ സാദ്ധ്യമായതൊക്കെയും നിങ്ങള്‍ ചെയ്തത് ഞാനോര്‍ക്കുന്നു. കഴിയുമെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത് എനിക്കു തന്നേനെ."
16 എന്നാല്‍ ഞാന്‍ സത്യം പറഞ്ഞതുകൊണ്ട് നിങ്ങളുടെ ശത്രുവായി എന്നാണോ?"
17 നിങ്ങളെ പ്രേരിപ്പിക്കാന്‍ അവര്‍ കഠിനയത്നം നടത്തുന്നു. എന്നാല്‍ ഇതു നിങ്ങള്‍ക്കു നല്ലതല്ല. നിങ്ങളെ സ്വാധീനിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങളെ ഞങ്ങള്‍ക്കെതിരാക്കാന്‍ ശ്രമിക്കുന്നു. നിങ്ങള്‍ അവരെ അല്ലാതെ മറ്റാരെയും പിന്തുടരാതിരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു."
18 ആള്‍ക്കാരുടെ ലക്ഷ്യം നല്ലതാണെങ്കിലേ അവര്‍ക്ക് നിങ്ങളിലുള്ള താല്പര്യവും നന്നാകൂ. ഇത് എല്ലായ്പ്പോഴും ശരിയാണ്. ഞാന്‍ നിങ്ങളുടെ ഒപ്പം ഉള്ളപ്പോഴും അകലെ ആയിരിക്കുന്പോഴും ഇതു ശരിയാണ്."
19 എന്‍റെ കുഞ്ഞുങ്ങളേ, ഒരമ്മയുടെ പ്രസവവേദന പോലെ എനിക്കു നിങ്ങളെക്കുറിച്ച് വേദന തോന്നുന്നു. നിങ്ങള്‍ ക്രിസ്തുവിനെപ്പോലെയാകും വരെ എനിക്കിത് അനുഭവപ്പെടും."
20 ഇപ്പോള്‍ എനിക്കു നിങ്ങളോടുകൂടെ ആയിരിക്കണമെന്ന് ഞാന്‍ ആഗ്രഹി ക്കുന്നു. അപ്പോള്‍ എന്‍റെ സംസാരരീതിയും മാറ്റാമെന്നു തോന്നുന്നു. നിങ്ങള്‍ക്കുവേണ്ടി എന്തുചെയ്യണമെന്ന് ഇപ്പോളെനിക്ക് അറിഞ്ഞുകൂടാ."
21 നിങ്ങളില്‍ ചിലര്‍ ഇപ്പോഴും മോശെയുടെ ന്യായപ്രമാണത്തിനു കീഴിലാകാന്‍ ആഗ്രഹിക്കുന്നു. എന്നോടു പറയൂ, ന്യായപ്രമാണം എന്താണു പറയുന്നതെന്നു നിങ്ങള്‍ക്കറിയാമോ?"
22 തിരുവെഴുത്തുകള്‍ പറയുന്നു, അബ്രാഹാമിനു രണ്ടു മക്കളുണ്ടായിരുന്നെന്ന്. ഒരു പുത്രന്‍റെ അമ്മ അടിമയായിരുന്നു. മറ്റവളോ സ്വതന്ത്രയുമായിരുന്നു."
23 അടിമ സ്ത്രീയില്‍ നിന്നുള്ള അബ്രാഹാമിന്‍റെ പുത്രന്‍ പ്രകൃതരീത്യായാണ് ജനിച്ചത്. എന്നാല്‍ സ്വതന്ത്രയായവളില്‍ നിന്നുള്ള പുത്രനോ അബ്രാഹാമിനോടുള്ള ദൈവത്തിന്‍റെ വാഗ്ദാന പ്രകാരവും."
24 ഈ സത്യകഥ ഒരു ചരിത്രം നമുക്കു തരുന്നു. ഈ രണ്ടു സ്ത്രീകളും ദൈവവും മനഷ്യനും തമ്മിലുള്ള രണ്ട് നിയമങ്ങളെപ്പോലെയാണ്. സീനായ് മലയില്‍ വച്ച് ദൈവം ചമച്ചു നല്‍കിയ ന്യായപ്രമാണമാണ് ഒന്ന്. ഈ നിയമത്തിനു കീഴുള്ളവര്‍ അടിമകളെപ്പോലെയാണ്. ഹാഗാര്‍ ഈ നിയമം പോലെയാണ്."
25 അതിനാല്‍ അറേബ്യയിലെ സീനായ് മല പോലെയാണ് ഹാഗാര്‍. അവള്‍ ലൌകീക നഗരമായ യെരൂശലേമിന്‍റെ ചിത്രമാണ്. ഇതൊരു അടിമ നഗരവും അതിലെ നിവാസികള്‍ അടിമകളുമാണ്."
26 എന്നാല്‍ സ്വര്‍ഗ്ഗീയ യെരൂശലേം സ്വതന്ത്രയായ ഒരു സ്ത്രീയെപ്പോലെയാണ്. അത് നമ്മുടെ അമ്മയാണ്."
27 തിരുവെഴുത്തുകളില്‍ ഇങ്ങനെ പറയുന്നു. “മക്കളില്ലാത്ത സ്ത്രീ സന്തോഷവതിയാകട്ടെ. ജന്മം നല്‍കാത്ത അവള്‍ സന്തോഷത്താല്‍ ആര്‍ത്തുഘോഷിക്കട്ടെ. കാരണം നിങ്ങള്‍ ഒരിക്കലും ഈറ്റുനോവനുഭവിച്ചിട്ടില്ല. ഭര്‍ത്താവുള്ളവളേക്കാള്‍ ഏകാകിനിയായവള്‍ കൂടുതല്‍ കുഞ്ഞുങ്ങളുള്ളവളാകും.” യെശയ്യാവ് 54:1"
28 [This verse may not be a part of this translation]"
29 [This verse may not be a part of this translation]"
30 എന്നാല്‍ തിരുവെഴുത്തുകള്‍ എന്താണു പറയുന്നത്? “അടിമ സ്ത്രീയേയും അവളുടെ സന്തതിയേയും പുറത്താക്കുക! സ്വതന്ത്രസ്ത്രീയുടെ മകന്‍ തന്‍റെ അപ്പനുള്ളതെല്ലാം ലഭിക്കുന്നു. എന്നാല്‍ അടിമ സ്ത്രീയുടെ മകന് ഒന്നും ലഭിക്കില്ല.”"
31 അതിനാല്‍ സഹോദരീ സഹോദരന്മാരേ നമ്മള്‍ അടിമസ്ത്രീയുടെ മക്കളല്ല. നമ്മള്‍ സ്വതന്ത്രസ്ത്രീയുടെ മക്കളാണ്."
1 ക്രിസ്തു നമ്മെ സ്വതന്ത്രരാക്കിയതുകൊണ്ട് നമുക്ക് സ്വാതന്ത്ര്യമുണ്ട്. ന്യായപ്രമാണത്തിന്‍റെ അടിമത്വത്തിലേക്കു തിരികെ പോയി മാറ്റം സംഭവിക്കാതിരിക്കാന്‍ ഉറച്ചു നില്‍ക്കുക."
2 ശ്രദ്ധിക്കൂ! പൌലൊസായ ഞാന്‍ പറയുന്നു. പരിച്ഛേദന ഏറ്റവരായി ന്യായപ്രമാണത്തിലേക്കു നിങ്ങള്‍ തിരിച്ചു പോയാല്‍ ക്രിസ്തുവിനെക്കൊണ്ട് നിങ്ങള്‍ക്കൊരു പ്രയോജനവുമില്ല."
3 വീണ്ടും ഞാനോരോരുത്തരെയും താക്കീതു ചെയ്യട്ടെ. നിങ്ങള്‍ സ്വയം പരിച്ഛേദനയ്ക്കു സമ്മതിക്കുകയാണെങ്കില്‍ ന്യായപ്രമാണം പൂര്‍ണ്ണമായും നിങ്ങള്‍ അനുസരിക്കണം."
4 ന്യായപ്രമാണം വഴി ദൈവമുന്പാകെ നീതീകരിക്കപ്പെടാന്‍ ശ്രമിക്കുകയാണെങ്കില്‍ അപ്പോള്‍ ക്രിസ്തുവിലുള്ള നിങ്ങളുടെ ജീവിതം അവസാനിക്കുകയും ദൈവകരുണയെ ത്യജിക്കുകയും ചെയ്തു."
5 എന്നാല്‍ വിശ്വാസം വഴി ദൈവമുന്പാകെ നീതീകരിക്കപ്പെടാമെന്ന് പരിശുദ്ധാത്മാവിന്‍റെ സഹായത്താല്‍ പ്രതീക്ഷിച്ചുകൊണ്ട് നാം കാത്തിരിക്കുന്നു."
6 ഒരുവന്‍ യേശുക്രിസ്തുവില്‍ ആയിരിക്കുന്പോള്‍ അവന്‍ പരിച്ഛേദന ഏറ്റവനോ, അഗ്രചര്‍മ്മിയോ എന്നത് അപ്രധാനമാണ്, സ്നേഹത്തിലൂടെ വര്‍ത്തിക്കുന്ന വിശ്വാസമാണ് അതിപ്രധാനം."
7 സത്യം അനുസരിച്ചുകൊണ്ട്, നിങ്ങളൊരു നല്ല ഓട്ടം ഓടുകയാണ്. സത്യപാത പിന്തുടരുന്നത് നിര്‍ത്തുവാന്‍ ആരാണ് നിങ്ങളെ പ്രേരിപ്പിച്ചത്?"
8 ആ പ്രേരണ നിങ്ങളെ വിളിച്ചവനില്‍ നിന്നുള്ളതല്ല."
9 “സൂക്ഷിക്കുക! അല്പം പുളിമാവ് മുഴുവന്‍ മാവിനേയും പുളിപ്പിക്കുന്നു”"
10 കുഴയ്ക്കുന്ന ആശയങ്ങളുമായി വരുന്നവരുടെ ആശയങ്ങളില്‍ നിങ്ങള്‍ വിശ്വസിക്കുകയില്ലെന്നു കര്‍ത്താവില്‍ ഞാന്‍ വിശ്വസിക്കുന്നു. അത്തരക്കാരന്‍ ആരുതന്നെ ആയാലും ശിക്ഷിക്കപ്പെടും."
11 എന്‍റെ സഹോദരരേ, പരിച്ഛേദന ഏല്‍ക്കണമെന്നു ഞാനാരെയും പഠിപ്പിക്കുന്നില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഞാനെന്തിന് പീഢിപ്പിക്കപ്പെടണം. പരിച്ഛേദന ഏല്‍ക്കണമെന്നു ഞാന്‍ പഠിപ്പിക്കുക ആയിരുന്നെങ്കില്‍ കുരിശിനെപ്പറ്റിയുള്ള എന്‍റെ പ്രസംഗം പ്രശ്നകരമാവില്ലായിരുന്നു."
12 നിങ്ങളെ ശല്യപ്പെടുത്തുന്ന ആള്‍ക്കാര്‍ പരിച്ഛേദനയുടെ കൂടെ അംഗഛേദവും കൂടെ കൂട്ടിയെങ്കില്‍ എന്നു ഞാനാശിക്കുന്നു."
13 എന്‍റെ സഹോദരരേ, സ്വതന്ത്രരാകാന്‍ ദൈവത്താല്‍ വിളിക്കപ്പെട്ട നിങ്ങള്‍, നിങ്ങളുടെ പാപം നിറഞ്ഞ സ്വയത്തെ പ്രീതിപ്പെടുത്താന്‍ ആ സ്വാതന്ത്ര്യത്തെ ഒരു ഒഴികഴിവായി ഉപയോഗിക്കുന്നതിനു പകരം സ്നേഹത്തോടുകൂടെ പരസ്പരം ശുശ്രൂഷ ചെയ്യുക."
14 “നിന്നെപ്പോലെ തന്നെ അന്യരേയും സ്നേഹിക്കുക” എന്നതില്‍ മുഴുവന്‍ ന്യായപ്രമാണവും പൂര്‍ത്തിയാക്കപ്പെട്ടിരിക്കുന്നു."
15 നിങ്ങള്‍ പരസ്പരം വ്രണപ്പെടുത്തുകയും പോരാടുകയും ചെയ്യുകയാണെങ്കില്‍ സൂക്ഷിക്കുക! നിങ്ങള്‍ പരസ്പരം പൂര്‍ണ്ണമായും നശിപ്പിക്കും."
16 അതിനാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു ആത്മാവിനെ പിന്തുടര്‍ന്നു ജീവിക്കുകയാണെങ്കില്‍ നിങ്ങളുടെ പാപം നിറഞ്ഞ സ്വയം ആഗ്രഹിക്കുന്ന ദുഷ്ക്കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യില്ല."
17 നമ്മുടെ പാപം നിറഞ്ഞ സ്വയം ആഗ്രഹിക്കുന്നവ ആത്മാവിനും, ആത്മാവാഗ്രഹിക്കുന്നവ പാപം നിറഞ്ഞ സ്വയത്തിനും എതിരാണ്. അവ പരസ്പരവിരുദ്ധമാണ്. അതിനാല്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നില്ല."
18 എന്നാല്‍ നിങ്ങളെ നയിക്കുവാന്‍ ആത്മാവിനെ അനുവദിക്കുമെങ്കില്‍ നിങ്ങള്‍ ന്യായപ്രമാണത്തിനു വിധേയരല്ല."
19 ലൈംഗികമായ അസാന്മാര്‍ഗീകത്വം, ശുദ്ധിയില്ലായ്മ, അപമര്യാദയായ പെരുമാറ്റം,"
20 വ്യാജദൈവങ്ങളെ ആരാധിക്കുക, മന്ത്രവാദം നടത്തുക, വെറുക്കുക, പ്രശ്നങ്ങളുണ്ടാക്കുക, അസൂയാലുക്കളാകുക, വളരെ കോപിഷ്ഠരാകുക, തന്‍കാര്യം നോക്കുന്നവരാകുക, പരസ്പരം കുഴപ്പം സൃഷ്ടിക്കുക,"
21 വിഭാഗീയത വളര്‍ത്തുക, മദ്യപന്മാരാകുക, സംസ്ക്കാരരഹിതമായ ആഘോഷങ്ങള്‍ നടത്തുക, ഇതുപോലെയുള്ള മറ്റുകാര്യങ്ങള്‍ ചെയ്യുക എന്നിവയാണ് നമ്മുടെ പാപം നിറഞ്ഞ സ്വയം ചെയ്യുന്ന കാര്യങ്ങള്‍ എന്നു വ്യക്തം. ഇപ്പോഴത്തെപ്പോലെ പണ്ടും ഞാന്‍ നിങ്ങളെ താക്കീതു ചെയ്തിരുന്നു."
22 ഇക്കാര്യങ്ങള്‍ ചെയ്യുന്നവര്‍ ദൈവരാജ്യത്തില്‍ കാണുകയില്ല. എന്നാല്‍ ഒരു ന്യായപ്രമാണവും തെറ്റെന്നു പറയാത്ത സ്നേഹവും ആനന്ദവും സമാധാനവും ക്ഷമയും,"
23 ദയയും നന്മയും വിശ്വസ്തതയും സൌമ്യതയും ആത്മനിയന്ത്രണവുമാണ് ആത്മാവ് നല്‍കുന്നത്."
24 ക്രിസ്തുയേശുവിനുള്ളവര്‍ അവരുടെ പഴയ സ്വാര്‍ത്ഥവിചാരങ്ങളും ചെയ്യുവാനാഗ്രഹിച്ച ദുഷ്കര്‍മ്മങ്ങളും ത്യജിച്ച് അവരുടെ പാപം നിറഞ്ഞ സ്വയത്തെ കുരിശില്‍ തറച്ചു കൊന്നു."
25 നമുക്ക് നമ്മുടെ പുതുജീവിതം ഈ ഘട്ടം മുതല്‍ ഉണ്ടായതിനാല്‍ നാം ആത്മാവുമായി രജ്ഞിപ്പോടെ ജീവിക്കണം."
26 നാം ഗര്‍വ്വിഷ്ടരാകാതിരിക്കുകയും മറ്റൊരാളെ ശുണ്ഠി പിടിപ്പിക്കാതിരിക്കുകയും അസൂയപ്പെടാതിരിക്കുകയും ചെയ്യണം."
1 സഹോദരന്മാരേ, നിങ്ങളില്‍ ഒരുവന്‍ പാപം ചെയ്യുന്നു എന്നു വരികില്‍, നിങ്ങളില്‍ ആത്മീയത ഉള്ളവന്‍ അവന്‍റെ അടുത്തു പോകുകയും സൌമ്യതയോടെ ശരിയിലേക്കു കൊണ്ടുവരാന്‍ സ്വയം പ്രലോഭിതരാകാതെ സൂക്ഷിച്ച്, അവനെ സഹായിക്കുകയും വേണം."
2 പ്രശ്നങ്ങളില്‍ പരസ്പരം സഹായിച്ച് യഥാര്‍ത്ഥമായും ക്രിസ്തുവിന്‍റെ ന്യായപ്രമാണത്തെ അനുസരിക്കുക."
3 അപ്രധാനി ആയ ഒരുവന്‍ സ്വയം പ്രധാനി എന്നു കരുതുന്നുവെങ്കില്‍ അവന്‍ സ്വയം വിഡ്ഢിയാകുന്നു."
4 ഒരു വ്യക്തി തന്നെ, അന്യനുമായി താരതമ്യപ്പെടുത്താതെ സ്വകര്‍മ്മങ്ങളെ വിധിക്കട്ടെ. അതില്‍ അവനു സ്വയം അഭിമാനിക്കാം."
5 ഓരോരുത്തരും അവരവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കണം."
6 ദൈവീകോപദേശങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുന്നവന്‍ തനിക്കുള്ള നല്ല വസ്തുക്കളൊക്കെയും അദ്ധ്യാപകനുമായി പങ്കുവയ്ക്കണം."
7 ദൈവത്തെ വഞ്ചിക്കാന്‍ കഴിയുമെന്നു കരുതുന്ന വിഡ്ഢിത്തം അരുത്. ഒരുവന്‍ വിതച്ചതേ കൊയ്യൂ."
8 ഒരുവന്‍ തന്‍റെ പാപം നിറഞ്ഞ സ്വയത്തെ തൃപ്തിപ്പെടുത്താനുള്ളതാണ് നടുന്നതെങ്കില്‍ അത് അവന് നിത്യമരണം കൊണ്ടു വരും. എന്നാല്‍ ഒരുവന്‍ ആത്മാവിനെ പ്രീതിപ്പെടുത്താനാണ് നടുന്നതെങ്കില്‍ അത് അവന് നിത്യജീവനെ ആത്മാവില്‍ നിന്നു കൊണ്ടു തരും."
9 [This verse may not be a part of this translation]"
10 നമ്മള്‍ നല്ല കൃത്യങ്ങള്‍ തുടര്‍ന്നാല്‍ നിത്യജീവന്‍റെ കതിര്‍മണികള്‍ കൃത്യസമയത്ത് നമുക്കു ലഭിക്കും. അവസരം കിട്ടുന്പോള്‍ നാം എല്ലാവര്‍ക്കും നന്മ ചെയ്യണം, വിശേഷിച്ചും വിശ്വാസികളുടെ കുടുംബത്തില്‍പ്പെട്ടവരോടും."
11 ഞാനിതു സ്വയം എഴുതുകയാണ് എത്ര വലിയ അക്ഷരങ്ങളാണ് ഞാനുപയോഗിച്ചിരിക്കുന്നതെന്ന് കണ്ടാലും."
12 ക്രിസ്തുവിന്‍റെ കുരിശിനെ പിന്തുടര്‍ന്നാല്‍ പീഢിപ്പിക്കപ്പെടുമെന്നു കരുതുന്നവര്‍ യെഹൂദരാല്‍ സ്വീകരിക്കപ്പെടത്തക്കവിധം പരിച്ഛേദന ഏല്‍ക്കാന്‍ നിങ്ങളെ നിര്‍ബന്ധിക്കുന്നു. യെഹൂദരാല്‍ സ്വീകരിക്കപ്പെടാനാണ് അവരിത് ചെയ്യുന്നത്."
13 പരിച്ഛേദന ഏറ്റവര്‍ തന്നെ ന്യായപ്രമാണം അനുസരിക്കുന്നില്ല. എന്നാല്‍ നിങ്ങളെ പ്രേരിപ്പിച്ചതിനെപ്പറ്റി പറഞ്ഞു മദിക്കാന്‍ നിങ്ങള്‍ പരിച്ഛേദന ഏല്‍ക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു."
14 ഞാന്‍ അത്തരം കാര്യങ്ങളെപ്പറ്റി പുകഴ്ത്തി പറകയില്ല. എന്നു പ്രതീക്ഷിക്കുന്നു. എന്‍റെ പുകഴ്ത്തലിനു നിദാനം നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കുരിശാണ്. കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കുരിശുമരണത്തിലൂടെ ലോകം എനിക്കു ക്രൂശിതമായി, കൂടാതെ ഞാന്‍ ലോകത്തിനു മരിക്കുകയും ചെയ്തു."
15 പുതിയൊരു ജനത ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടു എന്നതാണ് പരിച്ഛേദന ഏറ്റവനോ, അഗ്രചര്‍മ്മിയോ എന്നതിനെക്കാള്‍ പ്രധാനം."
16 ഈ നിയമം പാലിക്കുന്ന എല്ലാവര്‍ക്കും - എല്ലാ ദൈവമക്കള്‍ക്കും - സമാധാനവും കരുണയും ലഭിക്കും."
17 അതിനാല്‍ ഇനിയും എനിക്കു ആരും കൂടുതല്‍ പ്രശ്നങ്ങള്‍ നല്‍കാതിരിക്കട്ടെ. എന്‍റെ ശരീരത്തിലുള്ള ഈ വടുക്കള്‍ ഞാന്‍ യേശു ക്രിസ്തുവിന്‍റെതാണെന്നു കാണിക്കുന്നു."
18 എന്‍റെ സഹോദരരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളുടെ ആത്മാവിനൊപ്പം ഉണ്ടാകട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ആമേന്‍."