1

1 ദൈവേച്ഛ അനുസരിച്ച് യേശുക്രിസ്തുവിന്‍റെ അപ്പൊസ്തലനായിത്തീര്‍ന്ന പൌലൊസും ക്രിസ്തുവില്‍ നമ്മുടെ സഹോദരനായ തിമൊഥെയൊസും കൊരിന്തിലെ ദൈവസഭയ്ക്കും അഖായയിലെ മുഴുവന്‍ ദൈവജനത്തിനുമായി ആശംസകള്‍ അയയ്ക്കുന്നത്."

2 നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും."

3 ദൈവവും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവുമായവനു സ്തുതി. പൂര്‍ണ്ണമായും കാരുണ്യം നിറഞ്ഞ പിതാവാകുന്നു ദൈവം. എല്ലാ ആശ്വാസത്തിന്‍റെയും ദൈവമാകുന്നു അവന്‍."

4 നമുക്ക് പ്രശ്നങ്ങള്‍ ഉണ്ടാകുന്പോഴൊക്കെ അവന്‍ നമ്മെ ആശ്വസിപ്പിക്കും, അതുകൊണ്ട് മറ്റുള്ളവരുടെ പ്രശ്നങ്ങളില്‍ നമുക്കവരെ ആശ്വസിപ്പിക്കാന്‍ കഴിയും. ദൈവം നമുക്കു നല്‍കുന്ന അതേ ആശ്വാസം നമുക്കു മറ്റുള്ളവര്‍ക്കും നല്‍കാന്‍ കഴിയും."

5 ക്രിസ്തുവിന്‍റെ പല കഷ്ടങ്ങളിലും നമ്മള്‍ പങ്കു ചേരുന്നു. അതുപോലെ ക്രിസ്തുവിലൂടെ നമുക്ക് വളരെ ആശ്വാസം കൈവരുന്നു."

6 പ്രശ്നങ്ങളുണ്ടെങ്കില്‍ ആ പ്രശ്നങ്ങള്‍ നിങ്ങളുടെ ആശ്വാസത്തിനും രക്ഷയ്ക്കും വേണ്ടിയാണ്. ഞങ്ങള്‍ക്ക് ആശ്വാസം ഉണ്ടെങ്കില്‍ അത് നിങ്ങള്‍ക്കും ഉള്ളതാണ്. ഇത് ഞങ്ങള്‍ക്കുള്ള അതേ കഷ്ടങ്ങള്‍ ക്ഷമയോടെ സ്വീകരിക്കാന്‍ നിങ്ങളെ സഹായിക്കുന്നു."

7 നിങ്ങളിലുള്ള ഞങ്ങളുടെ പ്രതീക്ഷ ശക്തമാണ്. നിങ്ങള്‍ ഞങ്ങളുടെ കഷ്ടങ്ങള്‍ പങ്കുവയ്ക്കുന്നുണ്ടെന്നു ഞങ്ങള്‍ക്കറിയാം. അതുകൊണ്ട് നിങ്ങള്‍ ഞങ്ങളുടെ ആശ്വാസവും പങ്കുവയ്ക്കുന്നുവെന്നും ഞങ്ങളറിയുന്നു."

8 സഹോദരീ സഹോദരന്മാരേ, ആസ്യയില്‍ ഞങ്ങള്‍ അനുഭവിച്ച പ്രയാസങ്ങളെപ്പറ്റി നിങ്ങള്‍ അറിയണമെന്നു ഞങ്ങളാഗ്രഹിക്കുന്നു. അവിടെ വലിയ പീഢകള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. അവ ഞങ്ങള്‍ക്കു താങ്ങാനാവുന്നതിലും വലുതായിരുന്നു. ജീവിതത്തിന്‍റെ പ്രതീക്ഷപോലും ഞങ്ങള്‍ക്കു നഷ്ടപ്പെട്ടു."

9 ഞങ്ങള്‍ മരിക്കുമെന്ന് ഞങ്ങള്‍ മനസ്സില്‍ കരുതി. ഞങ്ങള്‍ ഞങ്ങളുടെ സ്വയത്തില്‍ ആശ്രയിക്കാതെ മരിച്ചവരെ ഉയിര്‍ത്തെഴുന്നേല്പിക്കുന്ന ദൈവത്തില്‍ ഞങ്ങള്‍ ആശ്രയിക്കുന്നതിനാലാണ് അതു സംഭവിച്ചത്."

10 ആ മരണസദൃശ്യമായ അപകടങ്ങളില്‍ നിന്നും ദൈവം ഞങ്ങളെ രക്ഷിച്ചു. അവന്‍ ഞങ്ങളെ തുടര്‍ന്നും രക്ഷിക്കും. ഞങ്ങള്‍ അവനില്‍ പ്രതീക്ഷ അര്‍പ്പിച്ചു. തുടര്‍ന്നും അവന്‍ ഞങ്ങളെ കാക്കും."

11 നിങ്ങള്‍ക്കു നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഞങ്ങളെ സഹായിക്കാനാകും. അപ്പോള്‍ അനേകംപേര്‍ വളരെ പ്രാര്‍ത്ഥിച്ചതുകൊണ്ട് ദൈവം ഞങ്ങളെ അനുഗ്രഹിച്ചതിനാല്‍ ഞങ്ങള്‍ക്കായി നന്ദി പറയും"

12 ഈ ലോകത്തില്‍ ഞങ്ങള്‍ ചെയ്ത എല്ലാ പ്രവര്‍ത്തികള്‍ക്കും ദൈവത്തില്‍ നിന്നും കിട്ടിയ ശുദ്ധഹൃദയത്തോടെയും ആത്മാര്‍ത്ഥതയോടെയും ഞങ്ങള്‍ പ്രവര്‍ത്തിച്ചു. തുറന്ന ഹൃദയത്തോടെ ഇതു സത്യമാണെന്ന് എനിക്കു പറയാനാകും. അതില്‍ ഞങ്ങള്‍ അഭിമാനിക്കുകയും ചെയ്യുന്നു. നിങ്ങളോടൊത്തു ഞങ്ങള്‍ ചെയ്തവ കൂടുതല്‍ സത്യമാണ്. ലൌകീകമായ വിജ്ഞാനം കൊണ്ടല്ല, ദൈവത്തിന്‍റെ കൃപകൊണ്ടാണ് ഞങ്ങളിതു ചെയ്തത്."

13 നിങ്ങള്‍ക്കു വായിച്ചു മനസ്സിലാക്കാനാകുന്ന കാര്യങ്ങള്‍ മാത്രമേ ഞങ്ങള്‍ നിങ്ങള്‍ക്കു എഴുതുന്നുള്ളൂ."

14 നിങ്ങള്‍ക്കിതിനകം ഞങ്ങളെ ഭാഗികമായി മനസ്സിലാക്കാന്‍ കഴിഞ്ഞതുപോലെ നിങ്ങള്‍ക്കെപ്പോഴും മനസ്സിലാക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വീണ്ടും വരുന്പോള്‍ ഞങ്ങള്‍ നിങ്ങളെപ്പറ്റി അഭിമാനം കൊള്ളുന്നതുപോലെ നിങ്ങള്‍ക്കു ഞങ്ങളെപ്പറ്റിയും അഭിമാനിക്കാമെന്നത് നിങ്ങള്‍ മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീ ക്ഷിക്കുന്നു."

15 ഇതെപ്പറ്റി എനിക്ക് ഉറപ്പുണ്ടായിരുന്നു, അതുകൊണ്ടാണ് നിങ്ങളെ ആദ്യം തന്നെ സന്ദര്‍ശിക്കാമെന്ന് ഞാന്‍ ആലോചിച്ചത്. അപ്പോള്‍ നിങ്ങള്‍ക്കു രണ്ടു തവണ അനുഗൃഹീതരാവാം."

16 മക്കെദൊന്യയിലേക്കു പോകും വഴി നിങ്ങളെ സന്ദര്‍ശിക്കാമെന്ന് ഞാന്‍ കരുതിയിരുന്നു. മടങ്ങുന്പോഴും നിങ്ങളെ കാണാമെന്ന് ഞാന്‍ കരുതി. യെഹൂദ്യയിലേക്കുള്ള എന്‍റെ യാത്രയ്ക്ക് നിങ്ങളുടെ സഹായം ആവശ്യമായിരുന്നു."

17 ചിന്തിക്കാതെയാണ് ഞാന്‍ ആ പരിപാടികളിട്ടതെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? ഒരേ സമയം “അതെ, അതെ,” എന്നു പറഞ്ഞിട്ട് അതേ സമയം “അല്ല, അല്ല,” എന്നു പറയുന്ന ലൌകീകരെപ്പോലെയാണു ഞാന്‍ പരിപാടികളിടുന്നതെന്നു നിങ്ങള്‍ ചിന്തിച്ചിരിക്കാം."

18 നിങ്ങള്‍ക്കു ദൈവത്തെ വിശ്വസിക്കാന്‍ കഴിയുമെങ്കില്‍, ഞങ്ങള്‍ നിങ്ങളോടു ഒരിയ്ക്കലും “അതെ” എന്നും “അല്ല” എന്നും ഒരേ സമയത്ത് പറയുകയില്ലെന്ന് നിങ്ങള്‍ക്കു വിശ്വസിക്കാം."

19 ദൈവപുത്രനായ യേശുക്രിസ്തുവും സില്വാനൊസും തിമൊഥെയൊസും ഞാനും പ്രസംഗിച്ചത് “അതെ” എന്നും “അല്ല,” എന്നുമല്ല. ക്രിസ്തുവില്‍ അതെപ്പോഴും “അതെ” എന്നായിരുന്നു."

20 ദൈവത്തിന്‍റെ എല്ലാ വാഗ്ദാനങ്ങളും ക്രിസ്തുവില്‍ “അതെ” എന്നാണ്. അതുകൊണ്ടാണ് ക്രിസ്തുവിലൂടെ നാമെപ്പോഴും ദൈവത്തിന്‍റെ മഹത്വത്തിന് “ആമേന്‍” എന്നു പറയുന്നത്."

21 ദൈവമാണ് ക്രിസ്തുവില്‍ നിങ്ങളെയും ഞങ്ങളെയും ശക്തരാക്കുന്നത്. ദൈവം ഞങ്ങളെ അഭിഷിക്തരാക്കി, തന്‍റെ വിശേഷപ്പെട്ട അനുഗ്രഹവും ഞങ്ങള്‍ക്കു നല്‍കി."

22 ഞങ്ങള്‍ അവന്‍റേതാണെന്നു തെളിയിക്കാന്‍ അവന്‍ ഞങ്ങള്‍ക്ക് അവന്‍റെ അടയാളമിട്ടു. അവന്‍ വാഗ്ദാനം ചെയ്തതു നല്‍കുമെന്നതിന് ഒരു തെളിവെന്ന നിലയില്‍ അവന്‍റെ ആത്മാവിനെ-ഒരു ഉറപ്പെന്ന പോലെ-ഞങ്ങളുടെ ഹൃദയത്തില്‍ നിറച്ചു."

23 ഞാന്‍ നിങ്ങളോടു പറയുന്നു, ഇത് സത്യമാണെന്നതിനു ദൈവം എന്‍റെ സാക്ഷിയാകണമെന്നു ഞാന്‍ അപേക്ഷിക്കുന്നു: നിങ്ങളെ ശിക്ഷിക്കുകയോ മുറിവേല്പിക്കുകയോ ചെയ്യാതിരിക്കാനാണ് ഞാന്‍ കൊരിന്തിലേക്കു മടങ്ങി വരാതിരുന്നത്."

24 നിങ്ങളുടെ വിശ്വാസം നിയന്ത്രിക്കാനാണു ഞങ്ങള്‍ ശ്രമിക്കുന്നതെന്നല്ല ഞാന്‍ അര്‍ത്ഥമാക്കുന്നത്. നിങ്ങളുടേത് അടിയുറച്ച വിശ്വാസമാണ്. പക്ഷേ ഞങ്ങള്‍ നിങ്ങളുടെ തന്നെ സന്തോഷത്തിനായി നിങ്ങളോടൊത്തു പ്രവര്‍ത്തിക്കുന്നവരാണ്."

2

1 അതുകൊണ്ട് എന്‍റെ അടുത്ത സന്ദര്‍ശനം നിങ്ങളെ സങ്കടപ്പെടുത്തുന്നതിനായിരിക്കരുതെന്നു ഞാന്‍ നിശ്ചയിച്ചു."

2 ഞാന്‍ നിങ്ങളെ സങ്കടപ്പെടുത്തിയാല്‍ എന്നെ ആരു സന്തോഷിപ്പിക്കും? ഞാന്‍ ദു:ഖിതരാക്കിയ നിങ്ങള്‍ക്കു മാത്രമേ എന്നെ സന്തോഷിപ്പിക്കാനാവൂ."

3 ഇക്കാരണം കൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് ഒരു കത്തയച്ചു. അതുവഴി ഞാന്‍ നിങ്ങളുടെയടുത്ത് വരുന്പോള്‍ എന്നെ സന്തോഷിപ്പിക്കേണ്ടവര്‍ എന്നെ സങ്കടപ്പെടുത്താതിരിക്കണം. എനിക്കു നിങ്ങളെപ്പറ്റി ഉറപ്പുണ്ട്. നിങ്ങളെല്ലാവരും എന്‍റെ ആഹ്ലാദം പങ്കിടുമെന്ന് എനിക്കുറപ്പുണ്ട്."

4 മുന്പ് ഞാന്‍ നിങ്ങള്‍ക്കെഴുതിയപ്പോള്‍, എനിക്കു മനസ്സില്‍ വളരെ ചിന്താഭാരവും ദു:ഖവുമായിരുന്നു. നിറയെ കണ്ണുനീരോടെയാണു ഞാനെഴുതിയത്. നിങ്ങളെ സങ്കടപ്പെടുത്താനല്ല ഞാനെഴുതിയത്. ഞാന്‍ നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് നിങ്ങളെ ബോധ്യപ്പെടുത്താനാണ്."

5 നിങ്ങളുടെയിടയില്‍ ഒരുവന്‍ സങ്കടമുണ്ടാക്കി. അയാള്‍ എനിക്കു മാത്രമല്ല സങ്കടം വരുത്തിയത്-ഒരു തരത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും കൂടിയാണ്. (ഉള്ളതില്‍ കൂട്ടിപ്പറയാന്‍ എനിക്കാഗ്രഹമില്ല.)"

6 നിങ്ങള്‍ മിക്കവരും അയാള്‍ക്കു നല്‍കിയ ശിക്ഷ മതിയായതാണ്."

7 ഇനി നിങ്ങള്‍ക്കു അവനോടു പൊറുക്കുകയും അയാളെ ആശ്വസിപ്പിക്കുകയും വേണം. അല്ലെങ്കില്‍ കടുത്ത ദുഃഖം അവനെ ഗ്രസിക്കും."

8 അതിനാല്‍ നിങ്ങള്‍ അവനെ സ്നേഹിക്കുന്നുവെന്ന് കാണിക്കാന്‍ ഞാന്‍ അപേക്ഷിക്കുന്നു."

9 അതുകൊണ്ടാണു ഞാന്‍ നിങ്ങള്‍ക്കെഴുതിയത്. നിങ്ങളെ പരീക്ഷിക്കുകയും നിങ്ങള്‍ എല്ലാം അനുസരിക്കുന്നുണ്ടോ എന്നു എനിക്കു തോന്നുകയും വേണമായിരുന്നു."

10 നിങ്ങള്‍ ഒരാളോടു ക്ഷമിച്ചാല്‍ ഞാനും അവനോടു പൊറുക്കും. ഞാന്‍ പൊറുത്തിട്ടുണ്ടെങ്കില്‍ അതു നിങ്ങളെ കരുതി ക്രിസ്തുവിന്‍റെ സമക്ഷത്തിലാണ്."

11 സാത്താന്‍ നമ്മില്‍ നിന്ന് ഒന്നും നേടരുത് എന്നു കരുതിയാണ് ഞാനിതു ചെയ്തത്. സാത്താന്‍റെ പദ്ധതികള്‍ ഞങ്ങള്‍ക്കു നന്നായറിയാം."

12 ത്രോവാസില്‍ ക്രിസ്തുവിന്‍റെ സുവിശേഷം പ്രസംഗിക്കുന്നതിനായി ഞാന്‍ പോയി. അവിടെ കര്‍ത്താവ് എനിക്കൊരു നല്ല അവസരം തന്നു."

13 അവിടെ എന്‍റെ സഹോദരന്‍ തീത്തൊസിനെ കണ്ടെത്താന്‍ കഴിയാഞ്ഞതില്‍ എന്‍റെ മനസ്സ് സ്വസ്ഥമായില്ല. അതുകൊണ്ട് ഞാന്‍ അവിടം വിട്ട് മക്കെദോന്യെക്കു പോയി."

14 ദൈവത്തിനു നന്ദി. ദൈവം നമ്മെ എപ്പോഴും ക്രിസ്തുവിലൂടെ വിജയത്തിലേക്കു നയിക്കുന്നു. ഒരു സുഗന്ധ തൈലത്തിന്‍റെ പരിമളം പോലെ അവനെക്കുറിച്ചുള്ള വിജ്ഞാനത്തെ എങ്ങും പരത്തുവാന്‍ ദൈവം ഞങ്ങളെ ഉപയോഗിക്കുന്നു."

15 ദൈവത്തിനു നല്‍കുവാന്‍ ഞങ്ങള്‍ക്കുള്ളത് ഇതാണ്: ദൈവത്തിന്‍റെ കാഴ്ചയില്‍ രക്ഷിക്കപ്പെടുന്നവരുടെയും നശിക്കുന്നവരുടെയുമിടയില്‍ ഞങ്ങള്‍ ക്രിസ്തുവിന്‍റെ പരിമളമാണ്."

16 നശിക്കുന്നവര്‍ക്ക് ഞങ്ങള്‍ മരണം കൊണ്ടുവരുന്ന മരണത്തിന്‍റെ ദുര്‍ഗ്ഗന്ധമാണ്. രക്ഷിക്കപ്പെടുന്നവര്‍ക്കോ, ഞങ്ങള്‍ ജീവന്‍ കൊണ്ടുവരുന്ന ജീവന്‍റെ പരിമളവും. അതുകൊണ്ട് ഇതു ചെയ്യുവാന്‍ ആരാണു യോഗ്യന്‍?"

17 മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ ദൈവവചനം വിറ്റു കാശുണ്ടാക്കുവാന്‍ ഞങ്ങള്‍ക്കാഗ്രഹമില്ല. പക്ഷേ ആത്മാര്‍ത്ഥതയോടെ ക്രിസ്തുവില്‍ ഞങ്ങള്‍ ദൈവസാന്നിദ്ധ്യത്തില്‍ സത്യം സംസാരിക്കുന്നു. ദൈവം അയച്ചവരെപ്പോലെ ഞങ്ങള്‍ സംസാരിക്കുന്നു."

3

1 ഞങ്ങള്‍ വീണ്ടും സ്വയം അഭിമാനിക്കുന്നുണ്ടോ? ഞങ്ങള്‍ക്ക് മറ്റു ചിലരെപ്പോലെ നിങ്ങള്‍ക്കോ നിങ്ങളില്‍ നിന്നോ ശുപാര്‍ശക്കത്തു വേണമെന്നോ?"

2 നിങ്ങള്‍ തന്നെ ഞങ്ങളുടെ കത്താണ്. ആ കത്ത് നിങ്ങളുടെ ഹൃദയങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നു. അത് എല്ലാവരാലും അറിയപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു."

3 ക്രിസ്തു ഞങ്ങളിലൂടെ അയച്ച ഒരു കത്താണു നിങ്ങളെന്നു നിങ്ങള്‍ തന്നെ സ്വയം തെളിയിക്കുക. ആ കത്ത് മഷികൊണ്ടല്ല, പക്ഷേ, ജീവിക്കുന്ന ദൈവത്തിന്‍റെ ആത്മാവുകൊണ്ട് എഴുതിയതാണ്. അത് കല്പലകകളിലല്ല എഴുതിയിരിക്കുന്നത്. മനുഷ്യ ഹൃദയങ്ങളിലാണ്."

4 ക്രിസ്തുവിലൂടെ ദൈവത്തിനു മുന്പാകെ ഞങ്ങള്‍ക്കു വിശ്വാസമുള്ളതുകൊണ്ട് ഞങ്ങള്‍ക്കു ഇതൊക്കെ പറയാം."

5 ഞങ്ങള്‍ക്കു സ്വന്തമായി ഈ പ്രവൃത്തി ചെയ്യാനുള്ള കഴിവുണ്ടെന്നല്ല ഞാന്‍ പറയുന്നത്. ഞങ്ങളുടെ പ്രവൃത്തികളെല്ലാം ചെയ്യാനുള്ള കഴിവുണ്ടാക്കിയത് ദൈവമാണ്."

6 ദൈവം തന്‍റെ ജനതയുമായുണ്ടാക്കിയ പുതിയ നിയമത്തിന്‍റെ കഴിവുറ്റ ദാസന്മാരാകാന്‍ ഞങ്ങളെ പ്രാപ്തരാക്കി. ഈ പുതിയ നിയമം ഒരു എഴുതപ്പെട്ട ന്യായപ്രമാണമല്ല. അത് ആത്മാവിന്‍റേതാണ്. എഴുതപ്പെട്ട ന്യായപ്രമാണം മരണത്തെ കൊണ്ടുവരുന്നു. എന്നാല്‍ ആത്മാവ് ജീവന്‍ നല്‍കുന്നു."

7 മരണത്തിന്‍റെ ശുശ്രൂഷ കല്ലില്‍ എഴുതപ്പെട്ടിരിക്കുന്നു. ദൈവമഹത്വത്തോടൊത്താണതു വന്നത്. യിസ്രായേല്‍ജനതയ്ക്ക് തുടര്‍ച്ചയായി നോക്കാന്‍ കഴിയാത്തത്ര തേജസ്സായിരുന്നു മോശെയുടെ മുഖത്ത്. പിന്നീട് ആ മഹത്വത്തിന്‍റെ തേജസ്സ് മാഞ്ഞുകൊണ്ടിരുന്നു."

8 തീര്‍ച്ചയായും ആത്മാവിന്‍റെ ശുശ്രൂഷ അതിലും മഹത്വമേറിയതായിരിക്കും."

9 ഇതാണു ഞാന്‍ അര്‍ത്ഥമാക്കുന്നത്. ജനങ്ങളെ പാപികളെന്നു വിധിച്ച ആ ശുശ്രൂഷ മഹത്വമുള്ളതായിരുന്നു. അപ്പോള്‍ ജനങ്ങളെ ദൈവത്തിനു മുന്പില്‍ നീതീകരിക്കുന്ന ശുശ്രൂഷയ്ക്ക് അത്യധികം മഹത്വമുണ്ടാകും."

10 ആ പഴയ ശുശ്രൂഷയ്ക്കു മഹത്വമുണ്ടായിരുന്നു. എന്നാല്‍ പുതിയ ശുശ്രൂഷയുടെ മഹത്വവുമായി തുലനം ചെയ്യുന്പോള്‍ ആദ്യത്തേതിനു ഒന്നുമുണ്ടായിരുന്നില്ല."

11 മങ്ങിയത് മഹത്വത്തോടെയാണു വന്നതെങ്കില്‍ ഈ നിത്യമായ ശുശ്രൂഷ അതിലും മഹത്വമുള്ളതാണ്."

12 ഇത്തരം പ്രതീക്ഷയുള്ളതിനാല്‍ ഞങ്ങള്‍ ധൈര്യശാലികളാണ്."

13 ഞങ്ങള്‍ മോശെയെപ്പോലെയല്ല. അവന്‍ തന്‍റെ മുഖത്തിനു ഒരാവരണമണിഞ്ഞു. യിസ്രായേല്‍ക്കാര്‍ അതു കാണാതിരിക്കാനാണു അവന്‍ മുഖം മൂടിയത്. മഹത്വം അപ്രത്യക്ഷമാവുകയായിരുന്നു. അവര്‍ അതിന്‍റെ അവസാനം കാണരുതെന്ന് മോശെ ആഗ്രഹിച്ചിരുന്നു."

14 പക്ഷേ ഒന്നും മനസ്സിലാക്കാത്തവിധം അവരുടെ മനസ്സ് അടച്ചിരുന്നു. ഇന്നുപോലും അവര്‍ പഴയ നിയമം വായിക്കുന്പോള്‍ അതേ ആവരണം അര്‍ത്ഥത്തെ മൂടിയിരിക്കുന്നു. ആ ആവരണം മാറ്റപ്പെട്ടിരുന്നില്ല. ക്രിസ്തുവിലൂടെ മാത്രമേ അതു മാറ്റപ്പെടൂ."

15 എന്നാല്‍ ഇന്നും, അവര്‍ മോശെയുടെ ന്യായപ്രമാണം വായിക്കുന്പോള്‍ അവരുടെ മനസ്സിനു മുകളില്‍ ഒരാവരണം ഉണ്ടാകും."

16 എന്നാല്‍ ഒരാള്‍ മാനസാന്തരപ്പെട്ട് കര്‍ത്താവിനെ പിന്തുടര്‍ന്നാല്‍, ആ ആവരണം മാറ്റപ്പെടും."

17 കര്‍ത്താവ് ആത്മാവാകുന്നു. കര്‍ത്താവിന്‍റെ ആത്മാവ് എവിടെയുണ്ടോ അവിടെ സ്വാതന്ത്ര്യമുണ്ടാകും."

18 നമ്മുടെ മുഖങ്ങള്‍ മൂടിയിട്ടില്ല. നാമെല്ലാം കര്‍ത്താവിന്‍റെ മഹത്വം കാണിക്കുന്നു. നമ്മള്‍ അവനെപ്പോലെ മാറ്റപ്പെടുന്നു. നമ്മിലെ ആ മാറ്റം കൂടുതല്‍ കൂടുതല്‍ മഹത്വത്തെ കൊണ്ടുവരുന്നു. ഈ മഹത്വം കര്‍ത്താവില്‍നിന്നു വരുന്നു. അവന്‍ ആത്മാവുമാകുന്നു."

4

1 ദൈവം, അവന്‍റെ കാരുണ്യത്താല്‍, ഞങ്ങളെ ഈ ജോലി ചെയ്യാന്‍ ഏല്പിച്ചു. അതുകൊണ്ട് ഞങ്ങള്‍ നിരാശരാകുന്നില്ല. അതുപേക്ഷിക്കുന്നുമില്ല."

2 പക്ഷേ ഞങ്ങള്‍ നാണംകെട്ട രഹസ്യവഴികളില്‍ നിന്നു മാറിയിരിക്കുന്നു. ഞങ്ങള്‍ കൌശലങ്ങള്‍ ഉപയോഗിക്കാനോ ദൈവത്തിന്‍റെ ഉപദേശങ്ങള്‍ മാറ്റാനോ കൂട്ടാക്കിയിട്ടില്ല. ഞങ്ങള്‍ സത്യം തുറന്നു തന്നെ പഠിപ്പിക്കുന്നു. അങ്ങനെയാണു ഞങ്ങള്‍ ആരെന്നു ജനങ്ങള്‍ക്കു കാണിച്ചുകൊടുക്കുന്നത്. ദൈവത്തിനു മുന്നില്‍ ഞങ്ങളാരാണെന്ന് അങ്ങനെയാണവര്‍ക്കു അവരുടെ ഹൃദയത്തില്‍ മനസ്സിലായത്."

3 ഞങ്ങള്‍ പ്രസംഗിക്കുന്ന സുവിശേഷം മൂടുപടമണിഞ്ഞതായിരിക്കാം. പക്ഷേ നഷ്ടപ്പെട്ടര്‍ക്കു മാത്രമേ അതു മൂടുപടമണിഞ്ഞതാകൂ."

4 അവിശ്വാസികളുടെ മനസ്സിനെ ഈ ലോകത്തിന്‍റെ ഭരണാധിപന്‍ അന്ധമാക്കിയിരിക്കുന്നു. അവര്‍ക്ക് സുവിശേഷത്തെ-ക്രിസ്തുവിന്‍റെ മഹത്വത്തിന്‍റെ സുവിശേഷത്തെ വെളിച്ചമായിക്കാണാന്‍ കഴിയില്ല. ക്രിസ്തുവാണ് ദൈവത്തിന്‍റെ പ്രതിച്ഛായ."

5 ഞങ്ങള്‍ ഞങ്ങളെപ്പറ്റി പ്രസംഗിക്കുന്നില്ല, എന്നാല്‍ യേശുക്രിസ്തുവാണ് കര്‍ത്താവ് എന്നത്രെ ഞങ്ങള്‍ പ്രസംഗിക്കുന്നത്; ഞങ്ങള്‍ യേശുവിനു വേണ്ടി നിങ്ങളുടെ ദാസന്മാരാണെന്നും."

6 ദൈവം ഒരിക്കല്‍ പറഞ്ഞു, “ഇരുട്ടില്‍ നിന്ന് പ്രകാശം തിളങ്ങും!” ഈ ദൈവം തന്നെയാണ് അവന്‍റെ വെളിച്ചം ഞങ്ങളുടെ ഹൃദയങ്ങളില്‍ പ്രകാശിപ്പിച്ചത്. ക്രിസ്തുവിന്‍റെ മുഖത്തെ ദൈവീക തേജസ്സിനെ അറിയാന്‍ അനുവദിക്കുക വഴിയാണ് ദൈവം ഞങ്ങള്‍ക്കു ആ പ്രകാശം നല്‍കിയത്."

7 ദൈവത്തില്‍ നിന്നാണ് ഞങ്ങള്‍ക്ക് ഈ നിധി ലഭിച്ചത്. പക്ഷേ ഞങ്ങള്‍ ആ നിധി ഉള്‍ക്കൊള്ളുന്ന മണ്‍ഭരണികള്‍ മാത്രമാണ്. ആ മഹാശക്തി ഞങ്ങളില്‍ നിന്നല്ല മറിച്ച് ദൈവത്തില്‍ നിന്നാണെന്ന് അതു കാണിക്കുന്നു."

8 ഞങ്ങള്‍ക്കു ചുറ്റും നിറയെ ബുദ്ധിമുട്ടുകളാണെങ്കിലും ഇതുവരെ പരാജയപ്പെട്ടിട്ടില്ല. എന്താണു ചെയ്യേണ്ടതെന്നുപോലും ചിലപ്പോള്‍ ഞങ്ങള്‍ക്കറിയാന്‍ കഴിയില്ലെങ്കിലും ഞങ്ങള്‍ കൈവിടപ്പെട്ടിട്ടില്ല."

9 പലപ്പോഴും ഞങ്ങള്‍ പീഢിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഞങ്ങള്‍ കൈവിടുകയില്ല. ചിലപ്പോള്‍ ഞങ്ങള്‍ക്കു വേദനിച്ചിട്ടുണ്ടെങ്കിലും ഞങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടില്ല."

10 യേശുവിന്‍റെ മരണം എല്ലായ്പ്പോഴും ഞങ്ങള്‍ ഞങ്ങളുടെ ശരീരത്തില്‍ പേറുന്നു. ക്രിസ്തുവിന്‍റെ ജീവിതവും ഞങ്ങളുടെ ശരീരത്തിലൂടെ അറിയേണ്ടതിലേക്കായി ഞങ്ങള്‍ കര്‍ത്താവിന്‍റെ മരണത്തെ വഹിക്കുന്നു."

11 ഞങ്ങള്‍ ജീവിച്ചിരിക്കുന്നുവെങ്കിലും യേശുവിനുവേണ്ടി ഞങ്ങളെപ്പോഴും മരണം എന്ന അപകടത്തിലാണ്. യേശുക്രിസ്തുവിന്‍റെ ജീവിതം നമ്മുടെ നശ്വരമായ ശരീരത്തില്‍ കാണുന്ന തിനാണു നമുക്കിങ്ങനെ സംഭവിക്കുന്നത്."

12 അതിനാല്‍ മരണം ഞങ്ങളില്‍ പ്രവര്‍ത്തിക്കുന്നു, പക്ഷേ ജീവന്‍ നിങ്ങളിലും."

13 തിരുവെഴുത്തുകളില്‍ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു, “ഞാന്‍ വിശ്വസിച്ചു, അതിനാല്‍ ഞാന്‍ സംസാരിച്ചു. ഞങ്ങളുടെ വിശ്വാസവും അങ്ങനെയാണ്. ഞങ്ങള്‍ വിശ്വസിക്കുന്നു, അതിനാല്‍ ഞങ്ങള്‍ സംസാരിക്കുന്നു."

14 കര്‍ത്താവായ യേശുവിനെ ദൈവം ഉയിര്‍ത്തെഴുന്നേല്പിച്ചു. ദൈവം ഞങ്ങളെയും യേശുവിനോടൊത്ത് ഉയിര്‍പ്പിക്കുമെന്ന് ഞങ്ങള്‍ക്കറിയാം. ദൈവം ഞങ്ങളെ നിങ്ങളോടൊത്തു കൊണ്ടുവരികയും നമ്മള്‍ അവന്‍റെ സന്നിധിയില്‍ നില്‍ക്കുകയും ചെയ്യും."

15 ഇതെല്ലാം നിങ്ങള്‍ക്കുവേണ്ടിയാണ്. അങ്ങനെ ദൈവത്തിന്‍റെ കാരുണ്യം കൂടുതല്‍ കൂടുതല്‍ ആളുകള്‍ക്കു നല്‍കുന്പോള്‍ അത് ദൈവത്തിന്‍റെ മഹത്വത്തിന് കൂടുതല്‍ കൂടുതല്‍ സ്തോത്രങ്ങളെ കൊണ്ടുവരും."

16 അതുകൊണ്ടാണ് ഞങ്ങള്‍ ഒരിക്കലും ദുര്‍ബ്ബലരാകാത്തത്. ഞങ്ങളുടെ ഭൌതികശരീരം ദിനംപ്രതി ദുര്‍ബ്ബലമാകുന്പോഴും ഞങ്ങളുടെ ഉള്ളിലെ ആത്മാവ് പുതുതായിക്കൊണ്ടിരിക്കുന്നു."

17 കുറച്ചു സമയത്തേക്കു ഞങ്ങള്‍ക്കു ചെറിയ പ്രശ്നങ്ങളുണ്ടെങ്കിലും ആ പ്രശ്നങ്ങള്‍ ഞങ്ങളെ നിത്യമഹത്വത്തിലേക്കു നയിക്കുന്നു. ആ മഹത്വമാണ് പ്രശ്നങ്ങളെക്കാള്‍ വലുത്."

18 അതുകൊണ്ട് ഞങ്ങള്‍ കാണുന്നതിനെപ്പറ്റിയല്ല കാണാനാകാത്തതിനെപ്പറ്റി ചിന്തിക്കുന്നു. കണ്ടതിനെപ്പറ്റിയല്ല. നമ്മള്‍ കാണുന്നത് കുറച്ചു സമയത്തേക്കേ നിലനില്ക്കൂ. നമ്മള്‍ക്കു കാണാനാകാത്തതു എന്നെന്നും നിലനില്‍ക്കും."

5

1 ഞങ്ങളുടെ ശരീരം - ഞങ്ങള്‍ ഈ ഭൂമിയില്‍ വസിക്കുന്ന കൂടാരം - തകര്‍ക്കപ്പെടുമെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ ദൈവം ഞങ്ങള്‍ക്കു വസിക്കാന്‍ ഒരു വീടു കരുതും. അതു മനുഷ്യ നിര്‍മ്മിതമായിരിക്കയില്ല. അത് സ്വര്‍ഗ്ഗത്തില്‍ നിത്യമായ ഒന്നായിരിക്കും."

2 പക്ഷേ ഞങ്ങളുടെ ഈ ശരീരം ക്ഷീണിതമായിരിക്കുന്നു. ഞങ്ങുടെ സ്വര്‍ഗ്ഗീയ ഭവനത്തിനായി ഞങ്ങള്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു."

3 അതു ഞങ്ങളെ വസ്ത്രം ധരിപ്പിച്ച് ഞങ്ങളുടെ നഗ്നത മറയ്ക്കും."

4 ഈ കൂടാരത്തില്‍ ഞങ്ങള്‍ വസിക്കുന്പോള്‍ ഞങ്ങള്‍ക്കു ഭാരങ്ങളുണ്ടാകുന്നു, ഭൌതീകമായ ഈ ശരീരം കൈവെടിയണമെന്ന ആശയാലല്ല പക്ഷേ സ്വര്‍ഗ്ഗീയമായ ഭവനത്തില്‍ വസിക്കണമെന്ന ആഗ്രഹത്താല്‍ തന്നെ. അപ്പോള്‍ നശ്വരമായ ഈ ശരീരം ജീവന്‍ കൊണ്ടു പൊതിയപ്പെടും."

5 അതിനായിട്ടാണു ദൈവം ഞങ്ങളെ ഉണ്ടാക്കിയത്. ദൈവം ഞങ്ങള്‍ക്കു ആ ജീവന്‍ നല്‍കുമെന്നതിനു തെളിവായിട്ടാണ് ആത്മാവിനെ ഞങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്."

6 അതുകൊണ്ട് ഞങ്ങള്‍ക്കു എപ്പോഴും ധൈര്യമുണ്ട്. ഈ ശരീരത്തില്‍ ജീവിക്കുന്പോള്‍ ഞങ്ങള്‍ കര്‍ത്താവില്‍ നിന്നും അകലെയാണെന്നു ഞങ്ങള്‍ക്കറിയാം."

7 വിശ്വാസത്താലാണു ഞങ്ങള്‍ ജീവിക്കുന്നത്, കാണുന്നതിലല്ല."

8 അതുകൊണ്ട് ഞാന്‍ പറയുന്നു ഞങ്ങള്‍ക്കു വിശ്വാസമുണ്ട്. അതിനാല്‍ ഈ ശരീരത്തില്‍ നിന്നകന്ന് കര്‍ത്താവിനോടുകൂടെ വീട്ടിലായിരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു."

9 ദൈവത്തെ പ്രീതിപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ ഈ ശരീരത്തിലായിരിക്കുന്പോഴും കര്‍ത്താവിനോടൊത്ത് ആയിരിക്കുന്പോഴും അവനെ സന്തുഷ്ടനാക്കുകയാണ് ഞങ്ങള്‍ക്കാഗ്രഹം."

10 ഞങ്ങള്‍ എല്ലാവരും ക്രിസ്തുവിനു മുന്പില്‍ വിധിക്കപ്പെടാന്‍ നിന്നേ പറ്റൂ. ഓരോരുത്തനും അര്‍ഹിക്കുന്നതു ലഭിക്കും. ഭൂമിയിലെ ശരീരത്തില്‍ ജീവിച്ചപ്പോള്‍ ചെയ്ത പ്രവൃത്തിയുടെ നന്മ തിന്മയനുസരിച്ച് ഓരോരുത്തര്‍ക്കും വിധി ലഭിക്കും."

11 കര്‍ത്താവിനെ ഭയക്കണമെന്നതിന്‍റെ അര്‍ത്ഥമെന്താണെന്ന് ഞങ്ങള്‍ക്കറിയാം. അതിനാല്‍ സത്യം സ്വീകരിക്കാന്‍ ആളുകളെ സഹായിക്കുന്നതിനു ഞങ്ങള്‍ ശ്രമിക്കുന്നു. ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്താണെന്നു ദൈവത്തിനറിയാം. നിങ്ങള്‍ക്കും അതറിയാമെന്നാണെന്‍റെ ധാരണ."

12 ഞങ്ങള്‍ നിങ്ങളോടു വീണ്ടും ആത്മപ്രശംസ നടത്തുകയല്ല. പക്ഷേ ഞങ്ങളെപ്പറ്റി നിങ്ങളോടു പറയുകയാണ്. ഞങ്ങളെച്ചൊല്ലി അഭിമാനിക്കാനുള്ള കാരണങ്ങള്‍ നല്‍കുകയാണ്. പുറമേ കാണാവുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ അഹങ്കരിക്കുന്നവരോട് മറുപടി പറയാന്‍ നിങ്ങള്‍ക്കപ്പോള്‍ കഴിയും. ഒരാളുടെ ഹൃദയത്തില്‍ എന്താണ് ഉള്ളതെന്ന് അവര്‍ കാര്യമാക്കുന്നില്ല."

13 ഞങ്ങള്‍ മാനസീകമായി സുബോധമില്ലാത്തവരാണെങ്കില്‍ അതു ദൈവത്തിനു മാത്രം വേണ്ടിയാണ്. ഞങ്ങള്‍ക്കു നേരായ മനസ്സുണ്ടെങ്കില്‍ അതു നിങ്ങള്‍ക്കുമാണ്."

14 ക്രിസ്തുവിന്‍റെ സ്നേഹം ഞങ്ങളെ നിയന്ത്രിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ഒരുവന്‍ എല്ലാ ജനതയ്ക്കു വേണ്ടിയും മരിച്ചു എന്നു ഞങ്ങള്‍ക്കറിയാം. അതുകൊണ്ട് എല്ലാവരും മരിച്ചു."

15 ജീവിച്ചിരിക്കുന്നവര്‍ക്ക് ഇനിയങ്ങോട്ടു തങ്ങള്‍ക്കുവേണ്ടി ജീവിക്കാതിരിക്കാന്‍ ക്രിസ്തു എല്ലാവര്‍ക്കും വേണ്ടി മരിച്ചു. അവന്‍ അവര്‍ക്കുവേണ്ടി മരിക്കുകയും ഇനി അവന്‍ തനിക്കുവേണ്ടി ജീവിക്കുന്നതിനായി ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു."

16 ഇപ്പോള്‍ മുതല്‍ ആരെപ്പറ്റിയും ലൌകീകര്‍ ചിന്തിക്കുന്നതു പോലെ ഞങ്ങള്‍ ചിന്തിക്കുകയില്ല. മുന്പ് ഞങ്ങള്‍ ക്രിസ്തുവിനെപ്പറ്റി ഈ വഴിയില്‍ ചിന്തിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങളങ്ങനെ ചിന്തിക്കില്ല."

17 ഒരുവന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടിയാകുന്നു. പഴയതെല്ലാം മാറിയിരിക്കുന്നു. എല്ലാം പുതുതാക്കപ്പെട്ടിരിക്കുന്നു."

18 ഈയുള്ളതെല്ലാം ദൈവത്തില്‍ നിന്നാണ്. ദൈവം ക്രിസ്തുവിലൂടെ അവനേയും നമ്മേയും അനുരജ്ഞിപ്പിച്ചു. ജനങ്ങളെ അവനോട് അനുരജ്ഞിപ്പിക്കുന്ന വേല ദൈവം ഞങ്ങള്‍ക്കു തരികയും ചെയ്തു."

19 മനുഷ്യരാശിയ്ക്കും തനിക്കുമിടയില്‍ സമാധാനം സ്ഥാപിച്ചുകൊണ്ട് ദൈവം ക്രിസ്തുവില്‍ ഉണ്ടായിരുന്നെന്നാണ് ഞാന്‍ സൂചിപ്പിക്കുന്നത്. മനുഷ്യരുടെ പാപങ്ങള്‍ അവര്‍ക്കെതിരായി കണക്കിലെഴുതാതെ ക്രിസ്തുവില്‍ ജീവിക്കുന്നവരെ ദൈവം പാപവിമുക്തരാക്കുന്നു. ജനങ്ങള്‍ക്ക് ഈ സമാധാനസന്ദേശം എത്തിക്കാന്‍ അവന്‍ ഞങ്ങളെ നിയോഗിച്ചു."

20 അതുകൊണ്ടു ക്രിസ്തുവിനുവേണ്ടി പ്രസംഗിക്കാന്‍ ഞങ്ങള്‍ അയക്കപ്പെട്ടിരിക്കുന്നു. അത് ദൈവം ഞങ്ങളിലൂടെ ജനങ്ങളെ വിളിക്കുന്നതുപോലെയായിരുന്നു. നിങ്ങള്‍ ദൈവവുമായി സമാധാനത്തില്‍ കഴിയണമെന്ന് നിങ്ങളോട് അപേക്ഷിക്കുന്പോള്‍ നിങ്ങള്‍ ക്രിസ്തുവിന്‍റെ പേരില്‍ സംസാരിക്കുകയാണ്."

21 ക്രിസ്തുവില്‍ പാപമില്ലായിരുന്നു. എന്നാല്‍ ദൈവം അവനെ ഞങ്ങളെപ്രതി പാപമാക്കി. ദൈവസമക്ഷം ഞങ്ങള്‍ ക്രിസ്തുവില്‍ നീതീകരിക്കപ്പെടുന്നതിനാണ് അവന്‍ ഇങ്ങനെ ചെയ്തത്."

6

1 ഞങ്ങള്‍ ദൈവത്തോടൊത്ത് പ്രവര്‍ത്തിക്കുന്നവരാണ്. അതുകൊണ്ട് ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നു: ദൈവത്തില്‍ നിന്ന് നിങ്ങള്‍ സ്വീകരിച്ച കൃപ വ്യര്‍ത്ഥമാക്കരുത്."

2 ദൈവം പറയുന്നു, “തക്കസമയത്ത് ഞാന്‍ നിന്നെ കേട്ടു. രക്ഷയുടെ ദിവസത്തില്‍ ഞാന്‍ നിനക്ക് സഹായവും നല്‍കി.” യെശയ്യാവ് 49:8 ഞാന്‍ നിങ്ങളോടു പറയുന്നു, ഇതാണ് “തക്കസമയം.” “രക്ഷയുടെ ദിവസം” ഇതാകുന്നു."

3 ഞങ്ങളുടെ പ്രവൃത്തിയില്‍ ജനങ്ങള്‍ എന്തെങ്കിലും തെറ്റ് കണ്ടുപിടിക്കാന്‍ ഞങ്ങള്‍ക്കാഗ്രഹമില്ല. അതുകൊണ്ട് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രവൃത്തിയും ഞങ്ങള്‍ ചെയ്യുകയില്ല."

4 പക്ഷേ യാതനകള്‍ സഹിച്ചും കുഴപ്പങ്ങളില്‍ അകപ്പെട്ടും പ്രയാസപ്പെട്ടും വലിയ പ്രശ്നങ്ങളെ നേരിട്ടുകൊണ്ടും എല്ലാമാര്‍ഗ്ഗത്തിലും ദൈവത്തിന്‍റെ ദാസന്മാരാണെന്ന് ഞങ്ങള്‍ കാണിക്കുന്നു."

5 മര്‍ദ്ദിക്കപ്പെടുകയും തടവറയിലേക്ക് എറിയപ്പെടുകയും ചെയ്യുന്നു. ജനങ്ങള്‍ കോപാകുലരായി ഞങ്ങള്‍ക്കെതിരായി ലഹളകള്‍ സംഘടിപ്പിക്കുന്നു. പലപ്പോഴും ഊണും ഉറക്കവുമില്ലാതെ ഞങ്ങള്‍ കഠിനാദ്ധ്വാനം ചെയ്യുന്നു."

6 ഞങ്ങള്‍ അറിവിലും ക്ഷമയിലും കാരുണ്യത്തിലും പരിശുദ്ധിയിലും കൂടി ദൈവത്തിന്‍റെ ദാസന്മാരാണെന്ന് കാണിച്ചു കൊടുത്തു. പരിശുദ്ധാത്മാവിലൂടെയും യഥാര്‍ത്ഥ സ്നേഹത്തിലൂടെയും,"

7 സത്യം പറഞ്ഞും ദൈവത്തിന്‍റെ ശക്തിയിലൂടെയും ഞങ്ങള്‍ അതു കാണിച്ചു. എല്ലാത്തിനും ഞങ്ങള്‍ക്കുവേണ്ടി വാദിക്കുവാനുള്ള അവകാശം ഞങ്ങള്‍ നേരായ മാര്‍ഗ്ഗത്തില്‍ ഉപയോഗിക്കുന്നു."

8 ചിലര്‍ ഞങ്ങളെ ആദരിക്കുന്നു, പക്ഷേ മറ്റു ചിലര്‍ ഞങ്ങളെ അപമാനിക്കുന്നു. ചിലര്‍ ഞങ്ങളെപ്പറ്റി നല്ലത് പറയുന്നെങ്കിലും വേറെ ചിലര്‍ ദുഷിച്ചു പറയുന്നു. ചിലര്‍ ഞങ്ങളെ നുണയന്മാരെന്നു വിളിക്കുന്നു. പക്ഷേ ഞങ്ങള്‍ സത്യം പറയുന്നവരാണ്."

9 ചിലര്‍ ഞങ്ങളെ അപരിചിതരായി കരുതി. പക്ഷേ വളരെപ്പേര്‍ക്കു ഞങ്ങളെ അറിയാം. ഞങ്ങള്‍ മരിക്കുന്നതു പോലെ കാണപ്പെട്ടു. പക്ഷേ നോക്കൂ! ഞങ്ങള്‍ ജീവിച്ചുകൊണ്ടിരിക്കുന്നു. ശിക്ഷിക്കപ്പെട്ടുവെങ്കിലും ഞങ്ങള്‍ കൊല്ലപ്പെട്ടില്ല."

10 ഞങ്ങള്‍ക്ക് ദുഃഖിക്കാന്‍ ഏറെയുണ്ടെങ്കിലും ഞങ്ങള്‍ എപ്പോഴും ഉല്ലസിക്കുന്നു. ഞങ്ങള്‍ പാവങ്ങളാണെങ്കിലും വിശ്വാസത്തില്‍ അനേകം പേരെ ഞങ്ങള്‍ ധനികരാക്കുന്നു. ഞങ്ങള്‍ ഒന്നുമില്ലാത്തവരെങ്കിലും ഞങ്ങള്‍ക്ക് എല്ലാമുണ്ട്."

11 കൊരിന്ത്യരായ നിങ്ങളോട് ഞങ്ങള്‍ സ്വതന്ത്രമായി സംസാരിച്ചു. ഞങ്ങള്‍ നിങ്ങളോട് ഹൃദയം തുറന്നു."

12 നിങ്ങളോടുള്ള ഞങ്ങളുടെ സ്നേഹവികാരങ്ങള്‍ നിലച്ചിട്ടില്ല. നിങ്ങളാണ് നിങ്ങളുടെ സ്നേഹത്തിനു തടസ്സമുണ്ടാക്കിയത്."

13 നിങ്ങള്‍ എന്‍റെ മക്കള്‍ എന്ന പോലെയാണ് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്. ഞങ്ങള്‍ നിങ്ങളോട് ചെയ്തതു പോലെതന്നെ ചെയ്യുകയും നിങ്ങളുടെ ഹൃദയം തുറക്കുകയും ചെയ്യുക."

14 നിങ്ങള്‍ അവിശ്വാസികളെ പോലെ ഉള്ളവരല്ല. അതിനാല്‍ നിങ്ങള്‍ അവരോട് ചേരാതിരിക്കുക. നന്മയും തിന്മയും ഒരുമിച്ചിരിക്കില്ല. ഇരുട്ടും വെളിച്ചവും ഒന്നും പങ്കുവെയ്ക്കില്ല."

15 ക്രിസ്തുവിന് ബെലീയാലുമായി എങ്ങനെ ചേരാനാകും? ഒരു അവിശ്വാസിക്ക് വിശ്വാസിയോടൊത്ത് എന്തു ചെയ്യാനാകും?"

16 ദൈവാലയത്തിന് വിഗ്രഹങ്ങളുമായി ഒരു ചേര്‍ച്ചയുമില്ല. ജീവിക്കുന്ന ദൈവത്തിന്‍റെ ആലയം നമ്മളാകുന്നു. ദൈവം പറഞ്ഞതുപോലെ: “ഞാന്‍ അവരില്‍ വസിക്കുകയും അവരോടൊത്തു നടക്കുകയും ചെയ്യും. ഞാന്‍ അവരുടെ ദൈവവും അവരെന്‍റെ ജനതയുമായിരിക്കും.” ലേവ്യ. 26:11-12"

17 “അതിനാല്‍ നിങ്ങള്‍ അവരില്‍ നിന്ന് അകലുക, സ്വയം അവരില്‍ നിന്ന് വേര്‍പെടുക കര്‍ത്താവ് പറയുന്നു. അശുദ്ധമായതൊന്നിനെയും തൊടരുത്, അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും.” യെശയ്യാവ് 52:11"

18 “ഞാന്‍ നിങ്ങളുടെ പിതാവായിരിക്കും, നിങ്ങള്‍ എന്‍റെ പുത്രന്മാരും പുത്രികളും. സര്‍വ്വശക്തനായ കര്‍ത്താവ് പറയുന്നു.” 2ശമുവേല്‍ 7:8; 7:14."

7

1 പ്രിയപ്പെട്ട സ്നേഹിതരേ, നമുക്ക് ദൈവത്തില്‍ നിന്ന് ഈ വാഗ്ദാനങ്ങള്‍ ഉണ്ട്. അതുകൊണ്ട് നമ്മുടെ ശരീരത്തെയും മനസ്സിനെയും അശുദ്ധമാക്കുന്ന എല്ലാത്തില്‍ നിന്നും നമുക്ക് മോചനം നേടണം. നമ്മള്‍ ജീവിക്കുന്ന മാര്‍ഗ്ഗത്തില്‍ത്തന്നെ പൂര്‍ണ്ണരാകുവാന്‍ നമുക്കു ശ്രമിക്കാം. കാരണം നമ്മള്‍ ദൈവത്തെ ബഹുമാനിക്കുന്നു."

2 നിങ്ങളുടെ ഹൃദയം ഞങ്ങള്‍ക്കു തുറക്കുക. ഞങ്ങള്‍ ആരോടും തെറ്റു ചെയ്തിട്ടില്ല. ഞങ്ങള്‍ ആരുടെയും വിശ്വാസത്തെ നശിപ്പിക്കുകയോ വഞ്ചിക്കുകയോ ചെയ്തിട്ടില്ല."

3 നിങ്ങളെ കുറ്റപ്പെടുത്താനല്ല ഞാനിതു പറയുന്നത്. നിങ്ങളോടൊത്തു ജീവിക്കാനും മരിക്കാനും ഞങ്ങള്‍ തയ്യാറാണെന്നും അത്രമാത്രം ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നുവെന്നും ഞാന്‍ മുന്പു നിങ്ങളോടു പറഞ്ഞിട്ടുണ്ട്."

4 എനിക്കു നിങ്ങളില്‍ വലിയ വിശ്വാസമുണ്ട്. ഞാന്‍ നിങ്ങളില്‍ അഭിമാനിക്കുന്നു. നിങ്ങള്‍ എനിക്കു വളരെ ധൈര്യം തരുന്നു. ഞങ്ങളുടെ എല്ലാ കഷ്ടതകളിലും എനിക്കു വലിയ ആഹ്ലാദം തോന്നുന്നു."

5 മക്കെദോന്യയില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ക്കു വിശ്രമമുണ്ടായില്ല. ഞങ്ങള്‍ക്കു ചുറ്റും കഷ്ടതകളായിരുന്നു. ഞങ്ങള്‍ക്ക് ഉള്ളില്‍ ഭയവും പുറത്തു യുദ്ധവുമായിരുന്നു."

6 പക്ഷേ പ്രശ്നങ്ങളുള്ളവരെ ദൈവം ആശ്വസിപ്പിക്കുന്നു. തീത്തൊസ് വന്നപ്പോള്‍ ദൈവം ഞങ്ങളെ ആശ്വസിപ്പിച്ചു."

7 അവന്‍റെ വരവും അവനു നിങ്ങള്‍ നല്‍കിയ ആശ്വാസവും ഞങ്ങളെ ആശ്വസിപ്പിച്ചു. നിങ്ങള്‍ക്ക് എന്നെ കാണുവാനുള്ള ആഗ്രഹം തീത്തൊസ് ഞങ്ങളോടു പറഞ്ഞു. നിങ്ങള്‍ക്കു നിങ്ങളുടെ പ്രവൃത്തികളില്‍ വളരെ ദുഃഖമുണ്ടെന്ന് അവന്‍ ഞങ്ങളോടു പറഞ്ഞു. നിങ്ങള്‍ക്കു എന്‍റെമേലുള്ള മഹത്തായ ശ്രദ്ധയെക്കുറിച്ചും തീത്തൊസ് പറഞ്ഞു. അതുകേട്ടപ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചു."

8 ഞാന്‍ നിങ്ങള്‍ക്കയച്ച എഴുത്ത് നിങ്ങളെ മുന്പ് ദുഃഖിതരാക്കിയിരുന്നു. എങ്കിലും അങ്ങനെ എഴുതിയതില്‍ എനിക്കു കുണ്ഠിതമില്ല. ആ കത്ത് നിങ്ങളെ വേദനിപ്പിച്ചു എന്നെനിക്കറിയാം. അതില്‍ ഞാന്‍ ദുഃഖിക്കുന്നു. പക്ഷേ കുറച്ചു കാലത്തേക്കല്ലേ വേദന ഉണ്ടായുള്ളൂ."

9 ഇപ്പോളെനിക്കു സന്തോഷം തോന്നുന്നു. നിങ്ങളെ ദുഃഖിതരാക്കിയതിലല്ല നിങ്ങളുടെ സങ്കടം നിങ്ങളില്‍ മാനസാന്തരമുണ്ടാക്കി എന്നതിലാണെന്‍െറ സന്തോഷം. ദൈവേച്ഛ പോലെ തന്നെ നിങ്ങള്‍ ദുഃഖിതരായി. അതിനാല്‍ നിങ്ങള്‍ ഒരു വഴിയിലും ഞങ്ങളാല്‍ പീഢിപ്പിക്കപ്പെട്ടില്ല."

10 ദൈവം ആഗ്രഹിക്കുന്ന പ്രകാരം ഖേദിക്കുന്ന ഒരുവന് മാനസാന്തരം സംഭവിക്കുന്നു. ഇത് ഒരുവനെ രക്ഷയിലേക്കു നയിക്കുന്നു. നമുക്കതില്‍ ദുഃഖിക്കേണ്ടതില്ല. എന്നാല്‍, ലോകത്തിനുള്ള ദുഃഖത്തിന്‍റെ രീതി മരണത്തെ വരുത്തും."

11 ദൈവീകമായ ദുഃഖം നിങ്ങള്‍ക്കുണ്ടായിരുന്നു. ഇപ്പോള്‍ ആ ദുഃഖം നിങ്ങള്‍ക്കെന്താണു കൊണ്ടുവന്നതെന്നു കാണുക. ആ ദുഃഖം നിങ്ങളെ വളരെ ഗൌരവക്കാരാക്കി. നിങ്ങള്‍ തെറ്റുകാരല്ലെന്നു സ്ഥാപിക്കാന്‍ നിങ്ങള്‍ക്കത് ആഗ്രഹമുണ്ടാക്കി. അതു നിങ്ങളെ കോപാകുലരും ഭീരുക്കളുമാക്കി. അത് എന്നെ കാണുന്നതിനു നിങ്ങളെ പ്രേരിപ്പിച്ചു. അതു നിങ്ങളെ ശ്രദ്ധാലുക്കളാക്കി. ശരി മാത്രം ചെയ്യുന്നതിന് അതു നിങ്ങളെ പ്രേരിപ്പിച്ചു. ആ പ്രശ്നത്തില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റവിമുക്തരാക്കുകയും ചെയ്തു."

12 ഞാന്‍ ആ കത്തെഴുതിയതു ഉപദ്രവം ചെയ്തവനോ, ഉപദ്രവിക്കപ്പെട്ടവനോ വേണ്ടിയുമല്ല. പക്ഷേ നിങ്ങള്‍ക്കു ഞങ്ങളുടെ മേലുള്ള ശുഷ്കാന്തി ദൈവത്തിനു മുന്പാകെ കാണിക്കുന്നതിനായിരുന്നു ഞാന്‍ ആ കത്തെഴുതിയത്."

13 അതുകൊണ്ടാണു ഞങ്ങള്‍ ആശ്വസിപ്പിക്കപ്പെട്ടത്. ഞങ്ങള്‍ വളരെ ആശ്വസിപ്പിക്കപ്പെട്ടു. കൂടാതെ തീത്തൊസിന്‍റെ ആഹ്ലാദത്തില്‍ ഞങ്ങള്‍ക്കു കൂടുതല്‍ സന്തോഷമുളവായി. നിങ്ങളെല്ലാവരും അവന്‍റെ മനസ്സിന് സ്വസ്ഥത നല്‍കി."

14 നിങ്ങളെക്കുറിച്ച് ഞാന്‍ തീത്തൊസിനു മുന്പില്‍ പ്രശംസ നടത്തി. നിങ്ങളുടെ കാര്യത്തില്‍ എനിക്കു തെറ്റു പറ്റിയില്ലെന്നും നിങ്ങള്‍ തെളിയിച്ചു."

15 നിങ്ങളെല്ലാവരും അനുസരിക്കാന്‍ തയ്യാറായിരുന്നു എന്നും ഓര്‍ക്കുന്പോള്‍ നിങ്ങളിലുള്ള അവന്‍റെ സ്നേഹം അധികം വര്‍ദ്ധിക്കുന്നു. നിങ്ങള്‍ അവനെ ഭയത്തോടും വിറയലോടും സ്വീകരിച്ചു."

16 എനിക്കു നിങ്ങളെ പൂര്‍ണ്ണമായും വിശ്വസിക്കാമെന്നതിനാല്‍ എനിക്കു വളരെ സന്തോഷം."

8

1 സഹോദരന്മാരേ, മക്കെദോന്യയിലെ സഭകള്‍ക്കു ദൈവം നല്‍കിയ കൃപയെക്കുറിച്ച് നിങ്ങളെ അറിയിക്കാന്‍ ഇപ്പോള്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു."

2 വലിയ ദുരന്തങ്ങളിലൂടെ ആ വിശ്വാസികള്‍ പരീക്ഷിക്കപ്പെട്ടിരിക്കുന്നു. അവര്‍ വളരെ പാവങ്ങളാണ്. എന്നാല്‍ അവര്‍ തങ്ങള്‍ക്കുണ്ടായ മഹത്തായ ആനന്ദം കൊണ്ട് വളരെ ദാനം ചെയ്തു."

3 കഴിയാവുന്നത്ര അവര്‍ ദാനം ചെയ്തുവെന്ന് എനിക്കു നിങ്ങളോടു പറയുവാന്‍ കഴിയും. താങ്ങാവുന്നതിലധികം പോലും ആ വിശ്വാസികള്‍ ദാനം ചെയ്തു. സൌജന്യമായാണ് അവരിത് ചെയ്തത്. ആരും പറഞ്ഞിട്ടുമല്ല."

4 ദൈവത്തിന്‍റെ ജനതയ്ക്കായി ആ ശുശ്രൂഷ പങ്കുവയ്ക്കാന്‍ തങ്ങളെ അനുവദിക്കണമെന്ന് അവര്‍ തങ്ങളോട് വീണ്ടും വീണ്ടും യാചിച്ചു."

5 ഞങ്ങള്‍ പ്രതീക്ഷിക്കാത്ത വിധത്തിലാണവര്‍ ദാനം ചെയ്തത്. അവര്‍ പണം ദാനം ചെയ്യുന്നതിനു മുന്പുതന്നെ തങ്ങളെത്തന്നെ കര്‍ത്താവിനും ഞങ്ങള്‍ക്കുമായി നല്‍കിക്കഴിഞ്ഞിരുന്നു. അതാണു ദൈവം ആഗ്രഹിക്കുന്നതും."

6 അതുകൊണ്ട് കൃപയുടേതായ ഈ പ്രവൃത്തികള്‍ ചെയ്തു തീര്‍ക്കുന്നതിനു നിങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ തീത്തൊസിനോടു ആവശ്യപ്പെട്ടു. തീത്തൊസാണ് ആ ജോലി തുടങ്ങിയത്."

7 നിങ്ങള്‍ എല്ലാക്കാര്യത്തിലും സന്പന്നരാണ്. വിശ്വാസത്തില്‍, വചനത്തില്‍, അറിവില്‍, എല്ലാക്കാര്യത്തിലുമുള്ള ഔത്സുക്യത്തില്‍ ഞങ്ങളില്‍ നിന്നു പഠിച്ച സ്നേഹത്തില്‍. അതുപോലെ ദാനം ചെയ്യുന്നതിലും നിങ്ങള്‍ സന്പന്നരാകുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു."

8 ദാനം ചെയ്യുവാന്‍ ഞാന്‍ നിങ്ങളോടു കല്പിക്കുകയല്ല. എന്നാല്‍ നിങ്ങളുടെ സ്നേഹം യഥാര്‍ത്ഥ സ്നേഹമാണോ എന്നാണ് എനിക്കറിയേണ്ടത്. മറ്റുള്ളവര്‍ സഹായിക്കുന്നതില്‍ എത്രമാത്രം തല്പരരാണെന്നു കാണിച്ചു തന്നുകൊണ്ടാണു ഞാനതു ചെയ്യുന്നത്."

9 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപയെപ്പറ്റി നിങ്ങള്‍ക്കറിയാം. ക്രിസ്തു ധനികനായിരുന്നു; പക്ഷേ നിങ്ങളെ ധനികരാക്കാന്‍വേണ്ടി അവന്‍ ദരിദ്രനായി."

10 നിങ്ങള്‍ ഇങ്ങനെ ചെയ്യണമെന്നാണ് എന്‍റെ ആഗ്രഹം: കഴിഞ്ഞ വര്‍ഷം ദാനം ചെയ്യേണ്ടുന്നവരില്‍ മുന്പന്മാര്‍ നിങ്ങളായിരുന്നു. നല്‍കിയവരിലും നിങ്ങളായിരുന്നു മുന്പന്മാര്‍."

11 അതുകൊണ്ട് ഇപ്പോള്‍ നിങ്ങള്‍ തുടങ്ങിയ ജോലി മുഴുമിപ്പിക്കുക. അപ്പോള്‍ നിങ്ങളുടെ “പ്രവൃത്തികള്‍” “ചെയ്യുവാനുള്ള നിങ്ങളുടെ ആഗ്രഹത്തോട് സമമാകും.” നിങ്ങള്‍ക്കുള്ളതില്‍ നിന്നും ദാനം ചെയ്യുക."

12 നല്‍കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ നിങ്ങളുടെ ദാനം സ്വീകരിക്കപ്പെടും. നിങ്ങള്‍ക്കുള്ളതിന്‍റെ അടിസ്ഥാനത്തിലാണ് നിങ്ങളുടെ ദാനം വിലയിരുത്തപ്പെടുന്നത്; അല്ലാതെ ഇല്ലാത്തതിന്‍റെ അടിസ്ഥാനത്തിലല്ല."

13 മറ്റുള്ളവര്‍ ആശ്വസിപ്പിക്കപ്പെടുന്പോള്‍ നിങ്ങള്‍ കഷ്ടത അനുഭവിക്കുന്നത് കാണുന്നത് ഞങ്ങള്‍ക്കിഷ്ടമില്ല. എല്ലാത്തിലും ഞങ്ങള്‍ ആഗ്രഹിക്കുന്നതു സമത്വം ആണ്."

14 ഈ സമയത്ത് നിങ്ങള്‍ക്ക് ധാരാളം ഉണ്ട്. നിങ്ങള്‍ക്കുള്ള ഈ സാധനങ്ങള്‍ മറ്റുള്ളവര്‍ക്കു ആവശ്യമുള്ളതു നല്‍കുവാന്‍ സഹായിക്കും. പിന്നീട്, അവര്‍ക്ക് ആവശ്യത്തിനുണ്ടാകുന്പോള്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളത് നല്‍കാന്‍ അവര്‍ക്കു കഴിയും. അങ്ങനെ എല്ലാവരും തുല്യരാകും."

15 തിരുവെഴുത്തുകളില്‍ എഴുതപ്പെട്ടതുപോലെ, “ധാരാളം സന്പാദിച്ചവന് അധികമുണ്ടാകില്ല, അധികം സന്പാദിക്കാത്തവന് തീരെ ഇല്ലാതാകയുമില്ല.” പുറപ്പാട് 16:18"

16 എനിക്കു നിങ്ങളോടുള്ള അതേ സ്നേഹം തീത്തൊസിന്‍റെ ഹൃദയത്തിലും നിറച്ചതിനു ഞാന്‍ ദൈവത്തോടു നന്ദി പറയുന്നു."

17 ഞങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതു തീത്തൊസ് സ്വീകരിച്ചു. നിങ്ങളിലേക്കു വരുവാന്‍ അവന്‍ വളരെ ഏറെ താല്പര്യപ്പെട്ടതിനാല്‍ സ്വന്തം ഇച്ഛക്കടിമപ്പെട്ട് അവന്‍ ഇപ്പോള്‍ പുറപ്പെടുന്നു."

18 എല്ലാ സഭാംഗങ്ങളും പ്രകീര്‍ത്തിക്കുന്ന സഹോദരനെ ഞങ്ങള്‍ തീത്തൊസിനോടൊപ്പം അയയ്ക്കുന്നു. സുവിശേഷത്തെ സേവിച്ചതിനാലാണ് അയാള്‍ കീര്‍ത്തിമാനായത്."

19 ഈ ദാനവുമായുള്ള ഞങ്ങളുടെ യാത്രയില്‍ അനുഗമിക്കാനും സഭ ഈ സഹോദരനെ തെരഞ്ഞെടുത്തിട്ടുണ്ട്. കര്‍ത്താവിന് മഹത്വം കൊണ്ടുവരുന്നതിനാണ് ഞങ്ങള്‍ ഈ പ്രവൃത്തികള്‍ ചെയ്യുന്നത്. കൂടാതെ സേവനത്തിനുള്ള ഞങ്ങളുടെ സന്നദ്ധത പ്രകടിപ്പിക്കാനും."

20 ഉദാരമായ ദാനം കൈകാര്യം ചെയ്യുന്ന രീതിയെ കുറിച്ചുണ്ടായേക്കാവുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ മുന്‍കരുതലുകളും ആവശ്യമാണ്."

21 കര്‍ത്താവിന്‍റെ ദൃഷ്ടിയില്‍ മാത്രമല്ല മനുഷ്യന്‍റെ കണ്ണിലും ശരിയായ കൃത്യം ചെയ്യണമെന്ന നിര്‍ബന്ധമേ ഞങ്ങള്‍ക്കുള്ളൂ."

22 സദാ സേവനസന്നദ്ധനായ ഞങ്ങളുടെ സഹോദരനേക്കൂടി അവരോടൊത്ത് അയയ്ക്കുന്നു. പലതരത്തില്‍ അവനത് തെളിയിച്ചിട്ടുണ്ട്. അവന് നിങ്ങളില്‍ വളരെ വിശ്വാസമുള്ളതുകൊണ്ട് വരുവാന്‍ കൂടുതല്‍ തിടുക്കമുണ്ട്."

23 ഇനി, തീത്തൊസിനെക്കുറിച്ച്-ഞങ്ങളുടെ ദൌത്യത്തില്‍ പങ്കാളിയായ അവന്‍ എന്നോടൊത്തു നിങ്ങളെ സഹായിക്കാന്‍ പ്രവര്‍ത്തിക്കുകയാണ്. മറ്റു സഹോദരന്മാരെപ്പറ്റി- സഭകളയച്ച അവര്‍ ക്രിസ്തുവിനു മഹത്വം കൊടുക്കുന്നു."

24 അതുകൊണ്ട് നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ സ്നേഹമു ണ്ടെന്ന് അവര്‍ക്കു കാട്ടിക്കൊടുക്കുക. ഞങ്ങള്‍ നിങ്ങളെച്ചൊല്ലി എന്തുകൊണ്ട് അഭിമാനിക്കുന്നുവെന്ന് അവരെ കാണിക്കുക. അപ്പോള്‍ എല്ലാ സഭകള്‍ക്കും അതു കാണുവാന്‍ കഴിയും."

9

1 ദൈവത്തിന്‍റെ ജനങ്ങള്‍ക്കു വേണ്ടിയുള്ള സഹായത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്കെഴുതേണ്ട ആവശ്യമില്ല."

2 നിങ്ങള്‍ സഹായ സന്നദ്ധരാണെന്ന് എനിക്കറിയാം. നിങ്ങളുടെ നല്ല മനസ്ഥിതിയെപ്പറ്റി മക്കദോന്യയിലെ ജനതയോട് ഞാന്‍ പുകഴ്ത്തിപ്പറയാറുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം വരെ അഖായക്കാരായ നിങ്ങള്‍ ദാനം ചെയ്യുവാന്‍ സന്നദ്ധരായിരുന്നുവെന്ന് ഞാന്‍ അവരോടു പറഞ്ഞു. ദാനം ചെയ്യുവാനുള്ള നിങ്ങളുടെ സന്നദ്ധത ഇവിടുത്തെ ചിലരെക്കൂടി അതിനു സന്നദ്ധരാക്കി."

3 പക്ഷേ ഞാന്‍ ഈ സഹോദരന്മാരെ നിങ്ങളുടെ അടുത്തേയ്ക്ക് അയയ്ക്കുന്നു. നിങ്ങളെച്ചൊല്ലി ഞങ്ങള്‍ക്കുള്ള അഭിമാനം വ്യര്‍ത്ഥമാകാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഞാന്‍ നിങ്ങളോടു പറഞ്ഞതുപോലെ തന്നെ നിങ്ങള്‍ ഒരുങ്ങിയിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു."

4 മക്കെദോന്യക്കാര്‍ ആരെങ്കിലും എന്നോടൊപ്പം വന്നു നോക്കുന്പോള്‍ നിങ്ങള്‍ തയ്യാറായിരിക്കുന്നില്ല എന്നു കണ്ടാല്‍ ഞങ്ങള്‍ക്ക് അതു നാണക്കേടാകും. ഞങ്ങള്‍ നിങ്ങളില്‍ അത്രമാത്രം വിശ്വാസം പ്രകടിപ്പിച്ചിരുന്നു. (നിങ്ങള്‍ക്കും ലജ്ജിക്കേണ്ടിവരും!)"

5 അതുകൊണ്ടാണ് എന്നെക്കാള്‍ മുന്പെ നിങ്ങളെ വന്നു കാണാന്‍ ഈ സഹോദരന്മാരോട് ആവശ്യപ്പെടാന്‍ എനിക്കു തോന്നിയത്. നിങ്ങള്‍ വാഗ്ദാനം ചെയ്ത ദാനം ഒരുക്കി വയ്ക്കാന്‍ അവര്‍ക്കു കഴിയും. അപ്പോള്‍ ഞങ്ങള്‍ വരുന്പോള്‍ അത് തയ്യാറായിരിക്കും. നിങ്ങള്‍ കൊടുക്കാന്‍ തയ്യാറായിരുന്ന ദാനം. കൊടുക്കാന്‍ നിര്‍ബന്ധിക്കപ്പെടാത്ത ദാനം."

6 ഇത്രയും ഓര്‍ക്കുക: അല്പം മാത്രം വിതയ്ക്കുന്നവന്‍ കുറച്ചു മാത്രം കൊയ്യുന്നു. പക്ഷേ അധികം വിതക്കുന്ന ആള്‍ അധികം കൊയ്യുന്നു."

7 നല്‍കാന്‍ ഓരോരുത്തരും മനസ്സില്‍ നിശ്ചയിച്ചതു നല്‍കണം. മനസ്സുനൊന്ത് ഒന്നും കൊടുക്കരുത്. നിര്‍ബന്ധത്താലും കൊടുക്കരുത്. സന്തോഷത്തോടെ നല്‍കുന്നവനെ ദൈവം സ്നേഹിക്കുന്നു."

8 ദൈവത്തിന് നിങ്ങള്‍ക്ക് വേണ്ടതിലധികം അനുഗ്രഹം നല്‍കാനും കഴിയും. അപ്പോള്‍ നിങ്ങള്‍ക്ക് എല്ലാം ധാരാളമുണ്ടാകും. ഓരോ നല്ല പ്രവൃത്തിക്കു നല്‍കുവാനും നിങ്ങള്‍ക്കു അനവധിയുണ്ടാവും."

9 [This verse may not be a part of this translation]"

10 വിതയ്ക്കുന്നവനു വിത്തു നല്‍കുന്നത് ദൈവമാണ്. അവന്‍ ആഹാരത്തിന് അപ്പവും നല്‍കുന്നു. ദൈവം നിങ്ങള്‍ക്ക് ആത്മീയ വിത്തുകള്‍ നല്‍കുകയും അവയെ വളര്‍ത്തുകയും ചെയ്യും. നിങ്ങളുടെ നന്മയില്‍ അവന്‍ നല്ല വിളവുണ്ടാക്കും."

11 നിങ്ങള്‍ക്കു സ്വാതന്ത്യമായി ദാനം ചെയ്യുന്നതിന് ദൈവം നിങ്ങളെ എല്ലാ അര്‍ത്ഥത്തിലും ധനികരാക്കും. ഞങ്ങളിലൂടെ നിങ്ങള്‍ നടത്തുന്ന ദാനധര്‍മ്മങ്ങള്‍ക്ക് ജനങ്ങള്‍ ദൈവത്തിന് നന്ദി പറയാന്‍ പ്രേരിതരാകും."

12 നിങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍ ദൈവത്തിന്‍റെ ജനതയ്ക്ക് വലിയ സഹായമാകും. കൂടാതെ നിങ്ങളുടെ സേവനം മറ്റു ചിലതും കൂടുതലായി കൊണ്ടുവരും. ദൈവത്തിനു കൂടുതല്‍ കൂടുതല്‍ നന്ദി അതു വാങ്ങിക്കൊടുക്കും."

13 നിങ്ങളുടെ ഈ പ്രവൃത്തികള്‍ നിങ്ങളുടെ വിശ്വാസത്തിനു തെളിവായിരിക്കും. അതു മൂലം ദൈവത്തെ ജനങ്ങള്‍ സ്തുതിയ്ക്കും. ക്രിസ്തുവിന്‍റെ സുവിശേഷം നിങ്ങള്‍ വിശ്വസിക്കുന്ന സുവിശേഷം നിങ്ങള്‍ അനുസരിക്കുന്നതുകൊണ്ട് അവര്‍ ദൈവത്തെ വാഴ്ത്തും. നിങ്ങള്‍ അവരുമായും മറ്റുളളവരുമായും സ്വാതന്ത്രമായി പങ്കുവയ്ക്കുന്നതുകൊണ്ട് ജനങ്ങള്‍ ദൈവത്തെ വാഴ്ത്തും."

14 അവര്‍ നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്പോള്‍ ദൈവം നിങ്ങളില്‍ ചൊരിഞ്ഞ മഹത്തായ കൃപയെച്ചൊല്ലി കൂടുതല്‍ വാത്സല്യത്തോടെ പ്രാര്‍ത്ഥിക്കാം."

15 വിശദീകരിക്കാനാവാത്ത അവന്‍റെ വരത്തിന് ദൈവത്തിനു സ്തുതി പാടുക."

10

1 ഞാന്‍, പൌലൊസ്, നിങ്ങളോട് അപേക്ഷിക്കുന്നു. ക്രിസ്തുവിന്‍റെ സൌമ്യതയുടെയും കാരുണ്യത്തിന്‍റെയും പേരില്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളോടൊത്ത് ആയിരിക്കുന്പോള്‍ ഞാന്‍ വിനീതനും ദൂരെ ആയിരിക്കുന്പോള്‍ ഞാന്‍ ധൈര്യശാലിയും ആണെന്ന് ചിലര്‍ പറയുന്നു."

2 ഞങ്ങളുടേത് ഒരു ലൌകിക ജീവിതമാണെന്നാണ് ചിലര്‍ കരുതുന്നത്. ഞാന്‍ വരുന്പോള്‍ അവര്‍ക്കെതിരെ തന്‍റേടമായി പെരുമാറാനാണെന്‍റെ ഉദ്ദേശ്യം. അതു നിങ്ങളുടെ ഇടയില്‍ പ്രകടിപ്പിച്ചു തെളിയിക്കാന്‍ ഇടയാക്കരുതേ എന്നാണെന്‍റെ ആഗ്രഹം."

3 ഞങ്ങള്‍ ഈ ലോകത്തിലാണ് ജീവിക്കുന്നത്. എന്നാലും ഈ ലോകം പ്രകടിപ്പിക്കുന്ന യുദ്ധമല്ല ഞങ്ങള്‍ ചെയ്യുന്നത്."

4 ലൌകീകമായ ആയുധങ്ങളില്‍ നിന്നും വ്യത്യസ്തമായ ആയുധങ്ങളാണ് ഞങ്ങള്‍ ഉപയോഗിക്കുന്നത്. ഞങ്ങളുടെ ആയുധങ്ങള്‍ക്ക് ദൈവത്തില്‍ നിന്നുള്ള ശക്തിയുണ്ട്. ശത്രുവിന്‍റെ ശക്തിസ്ഥലങ്ങളെ നശിപ്പിക്കാന്‍ ഈ ആയുധങ്ങള്‍ക്കാകും. ജനങ്ങളുടെ വാദങ്ങളെ ഞങ്ങള്‍ തകര്‍ക്കും."

5 ദൈവജ്ഞാനത്തിനെതിരായിരുന്ന എല്ലാ അഹന്തകളെയും ഞങ്ങള്‍ തകര്‍ക്കും. എല്ലാ വിചാരത്തെയും പിടിച്ച് ഞങ്ങള്‍ ക്രിസ്തുവിനു വിധേയമാക്കും."

6 അനുസരിക്കാത്ത ആരെയും ശിക്ഷിക്കാനും ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ ആദ്യം നിങ്ങളെ പൂര്‍ണ്ണമായും അനുസരിപ്പിക്കുകയാണു ഞങ്ങള്‍ക്കു വേണ്ടത്."

7 നിങ്ങള്‍ക്കു മുന്പിലുള്ള വസ്തുതകളെ നിങ്ങള്‍ കാണണം. ആര്‍ക്കെങ്കിലും താന്‍ ക്രിസ്തുവിന്‍റേതാണെന്ന് ഉറപ്പു തോന്നുന്നുണ്ടെങ്കില്‍ അയാളെപ്പോലെ തന്നെ ഞങ്ങളും ക്രിസ്തുവിന്‍റെ ആളുകളാണെന്ന് അയാള്‍ ഓര്‍മ്മിക്കണം."

8 കര്‍ത്താവ് ഞങ്ങള്‍ക്കു തന്ന അധികാരങ്ങളില്‍ ഞങ്ങള്‍ പൊങ്ങച്ചം കൊള്ളുന്നുണ്ടെന്നുള്ളതു സത്യമാണ്. എന്നാല്‍ ഞങ്ങള്‍ക്ക് ഈ ശക്തി നല്‍കപ്പെട്ടത് നിങ്ങളെ ശക്തരാക്കാനാണ്. വേദനിപ്പിക്കാനല്ല. അതിനാല്‍ ആ അഭിമാനത്തില്‍ എനിക്കു ലജ്ജയില്ല."

9 എന്‍റെ കത്തുകളിലൂടെ ഞാന്‍ നിങ്ങളെ പേടിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നു നിങ്ങള്‍ കരുതരുതെന്നുണ്ടെനിക്ക്."

10 ചിലര്‍ പറയുന്നു, “പൌലൊസിന്‍റെ കത്തുകള്‍ ശക്തവും തീഷ്ണവുമാണ്. എന്നാല്‍ ഞങ്ങളോടൊത്തിരിക്കുന്പോള്‍ അവന്‍ ദുര്‍ബ്ബലനാണ്. അവന്‍റെ സംസാരം മനസ്സില്‍ ആഞ്ഞു തറയ്ക്കുന്നതല്ല.”"

11 അവര്‍ ഇതറിയട്ടെ: ഞങ്ങളിപ്പോള്‍ നിങ്ങളോടൊത്ത് ഇല്ലാത്തതുകൊണ്ടാണ് കത്തെഴുതുന്നത്. പക്ഷേ ഞങ്ങള്‍ നിങ്ങളോടൊത്ത് ഉണ്ടാകുന്പോഴും കത്തുകളില്‍ കാണുന്ന അതേ ശക്തിയും കരുത്തും ഞങ്ങള്‍ക്കുണ്ടാകും."

12 സ്വയം പ്രമാണിമാരെന്നു കരുതുന്നവരോടൊത്തു ചേരാന്‍ ഞങ്ങള്‍ക്കാഗ്രഹമില്ല. ഞങ്ങള്‍ ഞങ്ങളെ അവരോടു താരതമ്യം ചെയ്യുന്നുമില്ല. അവര്‍ സ്വയം മാനദണ്ഡമാക്കി അളക്കുകയും സ്വന്തം നിലവാരത്തിനൊത്തു വിധിയ്ക്കുകയും ചെയ്യുന്നു. അവരുടെ അജ്ഞതയാണതു കാണിക്കുന്നത്."

13 എന്നാല്‍ ഞങ്ങള്‍ക്കു തന്നിരിക്കുന്ന പ്രവൃത്തിയുടെ അതിരുകള്‍ വിട്ടു ഞങ്ങള്‍ ആത്മപ്രശംസ നടത്തുകയില്ല. ദൈവം തന്ന പ്രവൃത്തിയാണത്. നിങ്ങളുടെ പ്രവൃത്തികളും അതില്‍പ്പെടും."

14 ഞങ്ങള്‍ വളരെയൊന്നും ആത്മപ്രശംസ നടത്തുകയില്ല. ഞങ്ങള്‍ നിങ്ങളുടെ അടുത്ത് വന്നിരുന്നില്ലെങ്കില്‍ ഞങ്ങള്‍ കൂടുതല്‍ പൊങ്ങച്ചം പറയുമായിരുന്നു. എന്നാല്‍ ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്കു വന്നു. ക്രിസ്തുവിന്‍റെ സുവിശേഷവുമായി."

15 ഞങ്ങളുടേതായ അദ്ധ്വാനത്തിന്‍റെ പരിധിയില്‍ ഞങ്ങളുടെ അഭിമാനത്തെ നിര്‍ത്തുന്നു. മറ്റുള്ളവരുടെ അദ്ധ്വാനത്തില്‍ ഞങ്ങള്‍ അഭിമാനിക്കില്ല. നിങ്ങളുടെ വിശ്വാസം തുടര്‍ന്നും വളരുമെന്നാണു ഞങ്ങളുടെ പ്രതീക്ഷ. ഞങ്ങളുടെ പ്രവൃത്തി വളരുവാന്‍ നിങ്ങള്‍ സഹായിക്കുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു."

16 അപ്പോള്‍ നിങ്ങളുടെ നഗരത്തിനുമപ്പുറം സുവിശേഷം പ്രസംഗിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. മറ്റൊരാളുടെ പ്രദേശത്തു നിര്‍വ്വഹിക്കപ്പെട്ട പ്രവൃത്തിയുടെ കാര്യത്തില്‍ അഹങ്കരിക്കാന്‍ ഞങ്ങള്‍ക്കാഗ്രഹമില്ല."

17 പക്ഷേ, “അഭിമാനിക്കുന്നവന്‍ കര്‍ത്താവില്‍ അഭിമാനിക്കുക."

18 താന്‍ സ്വീകാര്യനാണെന്നു സ്വയം പറയുന്നവനല്ല, നല്ലവനെന്നു കര്‍ത്താവ് പറയുന്നവനാണ് അംഗീകരിക്കപ്പെടുക."

11

1 എന്‍റെ അല്പമായ ബുദ്ധിഹീനത പൊറുക്കുവാനുള്ള ക്ഷമ നിങ്ങള്‍ക്കുണ്ടാകണമെന്നു ഞാനാശിക്കുന്നു. അതെ, ദയവായി ക്ഷമിക്കുക. പക്ഷേ നിങ്ങള്‍ ഇപ്പോള്‍ തന്നെ ക്ഷമിച്ചിരിക്കുന്നു."

2 ദൈവീകമായ അസൂയ എനിക്കു നിങ്ങളോടുണ്ട്. ക്രിസ്തു എന്ന ഏക പുരുഷന് ഞാന്‍ നിങ്ങളെ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. പരിശുദ്ധ കന്യകയായി ഞാന്‍ നിങ്ങളെ അവനു നല്‍കേണ്ടതിനു തന്നെ."

3 എന്നാല്‍ നിങ്ങളുടെ ശുദ്ധവും, ഏക മനസ്സോടു കൂടിയതുമായ ക്രിസ്തുഭക്തിയില്‍ നിന്നും നിങ്ങളുടെ മനസ്സ് അകറ്റപ്പെടുമെന്ന് ഞാന്‍ ഭയക്കുന്നു. ചതിയനായ സര്‍പ്പം ഹവ്വയെ ദുര്‍മ്മാര്‍ഗ്ഗത്തിലേക്കു നയിച്ചതുപോലെ അതു സംഭവിക്കാം."

4 മറ്റൊരാള്‍ വന്ന് ക്രിസ്തുവിനെപ്പറ്റി ഞങ്ങള്‍ പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങള്‍ പ്രസംഗിക്കുന്നതിനോട് നിങ്ങള്‍ക്കു വളരെ ക്ഷമയുണ്ട്. ഞങ്ങളില്‍ നിന്നും സ്വീകരിച്ചതില്‍ നിന്നും വ്യത്യസ്തമായി കിട്ടുന്ന ആത്മാവിനെയും സുവിശേഷത്തെയും നിങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാണ്. അങ്ങനെ ഇക്കാര്യത്തില്‍ നിങ്ങള്‍ എന്നോട് ക്ഷമ കാട്ടണം."

5 ആ “മഹാന്മാരായ അപ്പൊസ്തലന്മാര്‍” എന്നെക്കാള്‍ ഒട്ടും കൂടിയവരാണെന്നു ഞാന്‍ കരുതുന്നില്ല."

6 ഞാന്‍ പരിശീലനം സിദ്ധിച്ച പ്രാസംഗികനല്ലെങ്കിലും എനിക്കു ദൈവീകമായ സത്യത്തെക്കുറിച്ച് അറിവുണ്ട്. കൂടാതെ പരിപൂര്‍ണ്ണമായ സത്യം ഞാന്‍ നിങ്ങളെ ബോദ്ധ്യപ്പെടുത്തിയിട്ടുമുണ്ട്."

7 പ്രതിഫലമില്ലാതെ നിങ്ങളോടു സുവിശേഷം പ്രസംഗിച്ചു. അതെ നിങ്ങളെ ഉയര്‍ത്താന്‍ ഞാന്‍ സ്വയം വിനീതനാക്കി. അതു തെറ്റായിരുന്നെന്നു നിങ്ങള്‍ കരുതുന്നുണ്ടോ?"

8 ഞാന്‍ മറ്റു സഭകളില്‍ നിന്നും പ്രതിഫലം വാങ്ങി. നിങ്ങളെ ശുശ്രൂഷിക്കാനാണു ഞാന്‍ അവരുടെ പണം വാങ്ങിയത്."

9 നിങ്ങളോടൊപ്പം ഇരുന്നപ്പോള്‍ എനിക്കു വേണ്ടിയിരുന്നതിനൊന്നും ഞാന്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചില്ല. മക്കൊദൊന്യയില്‍ നിന്നു വന്ന സഹോദരന്മാര്‍ എന്‍റെ ആവശ്യങ്ങളെല്ലാം നിറവേറ്റി. ഏതു സാഹചര്യത്തിലും ഞാന്‍ നിങ്ങള്‍ക്കു ഇതുവരെ ഭാരമായിട്ടില്ല. ഇനിയും ഒരിക്കലും ഭാരമാകയുമില്ല."

10 അക്കാര്യത്തില്‍ പുകഴ്ച പറയുന്നതില്‍ നിന്ന് ഒരു അഖായക്കാരനും എന്നെ തടയുകയില്ല. എന്നിലുള്ള ക്രിസ്തുവിന്‍റെ സത്യത്തോടു കൂടിയാണ് ഞാനിതു പറയുന്നത്."

11 എന്തുകൊണ്ടാണ് ഞാന്‍ നിങ്ങള്‍ക്കൊരു ഭാരമാകാത്തത്? നിങ്ങളോടെനിക്കു സ്നേഹമില്ലാഞ്ഞിട്ടാണിതെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? ഇല്ല. ദൈവത്തിനറിയാം ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന്."

12 ഞാന്‍ ഇപ്പോഴത്തെ പ്രവൃത്തികള്‍ തുടരുകയും ചെയ്യും. പൊങ്ങച്ചം പറയുവാന്‍ ഒരു കാരണം കൊടുക്കാതെ അവരെ തടയുവാനാണ് ഞാനിതു തുടരുവാന്‍ ആഗ്രഹിക്കുന്നത്. അവര്‍ക്കും ഞങ്ങളെപ്പോലെ തന്നെ പ്രവര്‍ത്തിക്കാനുള്ള പ്രാപ്തിയുണ്ട് എന്നതിന്‍റെ പേരില്‍ അവര്‍ പൊങ്ങച്ചം പറയുന്നത് എനിക്കിഷ്ടമല്ല."

13 അവര്‍ യഥാര്‍ത്ഥത്തില്‍ അപ്പൊസ്തലന്മാരല്ല. അവര്‍ നുണയന്മാരാണ്. തങ്ങള്‍ ക്രിസ്തുവിന്‍റെ അപ്പൊസ്തലന്മാരാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണവര്‍ ശ്രമിക്കുന്നത്."

14 ഞങ്ങള്‍ക്കതില്‍ അത്ഭുതമില്ലാത്തതെന്തുകൊണ്ടാണെന്നോ? സാത്താന്‍ പോലും താന്‍ വെളിച്ചദൂതനാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കാനായി സ്വയം മാറാറുണ്ട്."

15 അതുകൊണ്ട് സാത്താന്‍റെ ദൂതന്മാര്‍ ശരിയായതിനുവേണ്ടി പ്രവൃത്തിക്കുന്നവരാണു തങ്ങളെന്ന മട്ടില്‍ രൂപം ധരിച്ചാല്‍ തങ്ങള്‍ക്ക് അത്ഭുതമുണ്ടാവുകയില്ല. പക്ഷേ അവസാനം അവര്‍ ശിക്ഷിക്കപ്പെടും."

16 ഞാന്‍ നിങ്ങളോടു വീണ്ടും പറയുന്നു: ഞാനൊരു വിഡ്ഢിയാണെന്നാരും കരുതരുത്. എന്നാല്‍ ഞാനൊരു വിഡ്ഢിയാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ അങ്ങനെ തന്നെ വേണം നിങ്ങള്‍ എന്നെ സ്വീകരിക്കുവാന്‍. അപ്പോളെനിക്ക് കുറച്ചുകൂടി ആത്മപ്രശംസ നടത്താം."

17 എനിക്ക് എന്നെപ്പറ്റി ഉറപ്പുള്ളതുകൊണ്ടാണ് ഞാന്‍ ആത്മപ്രശംസ ചെയ്യുന്നത്. പക്ഷേ എന്‍റെ ഈ ആത്മപ്രശംസയില്‍ കര്‍ത്താവ് സംസാരിക്കുന്നതു പോലെയല്ല ഞാന്‍ സംസാരിക്കുന്നത്. ഒരു വിഡ്ഢിയെപ്പോലെ ഞാന്‍ ആത്മപ്രശംസ നടത്തുന്നു."

18 അനേകം പേര്‍ തങ്ങളുടെ ലൌകിക ജീവിതത്തെച്ചൊല്ലി പുകഴ്ച പറയും."

19 വിവേകമുള്ളവരായതുകൊണ്ട് നിങ്ങള്‍ക്ക് ബുദ്ധിശൂന്യരെ സന്തോഷമായി സഹിക്കാന്‍ പറ്റും!"

20 നിങ്ങളെ അടിമയാക്കുകയോ മുതലെടുക്കുകയോ തരമെന്നു കണ്ടു പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവരോടും നിങ്ങളേക്കാള്‍ കേമനെന്നു കരുതുന്നവരോടും, ചെകിട്ടത്തടിക്കുന്നവരോടും, നിങ്ങള്‍ ക്ഷമിക്കുന്നു. അതിനാല്‍ നിങ്ങള്‍ക്ക് ക്ഷമിക്കാനാകുമെന്ന് എനിക്കറിയാം! നിങ്ങള്‍ നിങ്ങളെക്കാള്‍ മെച്ചപ്പെട്ടവരാണെന്നു കരുതുന്നവരോടും നിങ്ങള്‍ ക്ഷമ കാണിക്കുന്നു."

21 ഇത്തരം കാര്യങ്ങള്‍ ചെയ്യുവാന്‍ പോലും ഞാന്‍ “അശക്തനായിരുന്നു” എന്നു സമ്മതിക്കുന്നതിലും എനിക്കു ലജ്ജയുണ്ട്. എന്നാല്‍ അഭിമാനിക്കാന്‍ തക്ക ധൈര്യമുള്ള ഒരാളെങ്കിലും ഉണ്ടെങ്കില്‍ ഞാനും അങ്ങനെ ധൈര്യവാനാകും. (ഒരു മണ്ടനെപ്പോലെയാണെന്‍റെ സംസാരം)"

22 ആ മനുഷ്യര്‍ എബ്രായക്കാരാണോ? ഞാനും അതേ. അവര്‍ യിസ്രായേല്‍ക്കാരാണോ ഞാനും അതേ. അവര്‍ അബ്രഹാമിന്‍റെ വംശക്കാരാണോ? ഞാനും അതു തന്നെ."

23 അവര്‍ ക്രിസ്തുവിനെ ശുശ്രൂഷിക്കുന്നുവോ? ഞാനവനെ കൂടുതല്‍ ശുശ്രൂഷിക്കുന്നു. (ഇങ്ങനെയൊക്കെ പറയാന്‍ എനിക്കു കിറുക്കു തന്നെ.) അവരെക്കാള്‍ വളരെ കഠിനമായി ഞാന്‍ പ്രവര്‍ത്തിച്ചു. കൂടുതല്‍ തവണ ഞാന്‍ തടങ്കലില്‍ കഴിഞ്ഞു. അവരെക്കാളേറെ മര്‍ദ്ദനം ഞാന്‍ സഹിച്ചു. പല തവണ ഞാന്‍ മരണത്തോടടുത്തു."

24 അഞ്ചു തവണ യെഹൂദര്‍ തങ്ങളുടെ ശിക്ഷയായ 39ചാട്ടയടി എനിക്കു നല്‍കി."

25 മൂന്നു വ്യത്യസ്ത സമയങ്ങളില്‍ എന്നെ വടികൊണ്ട് അടിച്ചു. ഒരിക്കല്‍ കല്ലേറേറ്റ് ഞാന്‍ മരിക്കാറായിരുന്നു. മൂന്നുപ്രാവശ്യം ഞാന്‍ കപ്പല്‍ ഛേദങ്ങളില്‍പ്പെട്ടു. അതിലൊരു തവണ ഒരു രാത്രിയും പിറ്റേദിവസവും ഞാന്‍ കടലില്‍ കഴിഞ്ഞു."

26 വളരെ ദൂരം ഞാന്‍ യാത്ര ചെയ്തിട്ടുണ്ട്. നദികളിലും കള്ളന്മാര്‍ക്കു മുന്പിലും യെഹൂദര്‍ക്കിടയിലും ജാതികള്‍ക്കിടയിലും ഞാന്‍ അപകടത്തില്‍ പെട്ടിട്ടുണ്ട്. നഗരങ്ങളിലും വിജന പ്രദേശങ്ങളിലും കടലിലും ഞാന്‍ അപകടത്തിലായിട്ടുണ്ട്. തങ്ങള്‍ സഹോദരന്മാരാണെന്ന് നടിക്കുകയും എന്നാല്‍ യഥാര്‍ത്ഥത്തില്‍ സഹോദരന്മാര്‍ അല്ലാത്തവരുമായവരുടെ ഇടയിലും ഞാന്‍ പെട്ടിട്ടുണ്ട്."

27 കഠിനവും ക്ഷീണിപ്പിക്കുന്നതുമായ ജോലികള്‍ ഞാന്‍ ചെയ്തു. പലപ്പോഴും എനിക്ക് ഉറങ്ങാന്‍ കൂടി കഴിഞ്ഞില്ല. ഞാന്‍ വിശന്നും, ദാഹിച്ചും വലഞ്ഞു. പലപ്പോഴും എനിക്കു ആഹാരം ലഭിച്ചില്ല. തണുപ്പത്തു ഞാന്‍ വസ്ത്രമില്ലാതിരുന്നു."

28 മറ്റ് അനേകം പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. അതിലൊന്ന് എല്ലാ സഭകളിലും എനിക്കുള്ള ശ്രദ്ധയാണ്. അവരെക്കുറിച്ച് എനിക്കെന്നും ഉത്കണ്ഠയാണ്."

29 മറ്റൊരാള്‍ ദുര്‍ബ്ബലനാകുന്പോഴൊക്കെ എനിക്കും ദൌര്‍ബ്ബല്യം അനുഭവപ്പെടും. മറ്റൊരാള്‍ പാപത്തിലേക്കു നയിക്കപ്പെടുന്പോഴൊക്കെ എനിക്കു വിഷമമുണ്ടാകും."

30 ഞാന്‍ അഭിമാനിക്കുന്നുവെങ്കില്‍ അത് ഞാന്‍ ദുര്‍ബ്ബലനാണെന്നു തെളിയിക്കുന്ന കാര്യങ്ങളുടെ പേരിലായിരിക്കും."

31 ഞാന്‍ നുണ പറയുകയില്ലെന്നു ദൈവത്തിനറിയാം. കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവും ദൈവവുമായ അവനെ എന്നെന്നും വാഴ്ത്തുക."

32 ഞാന്‍ ദമസ്ക്കൊസിലായിരുന്നപ്പോള്‍ എന്നെ തടവിലാക്കാന്‍ അരേതാരാജാവിന്‍റെ ഗവര്‍ണ്ണര്‍ നഗരത്തിനു ചുറ്റും കാവല്‍ ഏര്‍പ്പെടുത്തി."

33 എന്നാല്‍ എന്‍റെ ചില സുഹൃത്തുക്കള്‍ എന്നെ ഒരു കുട്ടയിലാക്കി, അവര്‍ കോട്ടമതിലിലെ ജനലിനുളളില്‍ കൂടി കുട്ട കടത്തി എന്നെ മെല്ലെ താഴോട്ടിറക്കി. അങ്ങനെ ഞാന്‍ രക്ഷപെട്ടു."

12

1 ഞാന്‍ ആത്മപ്രശംസ തുടരേണ്ടിയിരിക്കുന്നു. അതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല, എങ്കിലും കര്‍ത്താവില്‍ നിന്നുണ്ടായ ദര്‍ശനങ്ങളെയും വെളിപ്പാടുകളെയും പറ്റി ഞാനിപ്പോള്‍ പറയാം."

2 മൂന്നാം സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തപ്പെട്ട, ക്രിസ്തുവിലുള്ള ഒരുവനെ എനിക്കറിയാം. പതിനാലു വര്‍ഷം മുന്പാണിതു സംഭവിച്ചത്. അയാള്‍ അയാളുടെ ശരീരത്തിലായിരുന്നോ പുറത്തായിരുന്നോ എന്നെനിക്കറിയില്ല. പക്ഷേ ദൈവത്തിനറിയാം."

3 [This verse may not be a part of this translation]"

4 [This verse may not be a part of this translation]"

5 അയാളെപ്പോലെ ഒരുവനെപ്പറ്റി ഞാന്‍ പ്രശംസ നടത്തും. എങ്കിലും അതെന്നെപ്പറ്റി ആയിരിക്കില്ല. എന്‍റെ ദൌര്‍ബ്ബല്യങ്ങളെപ്പറ്റി മാത്രമേ ഞാന്‍ ആത്മപ്രശംസ നടത്തൂ."

6 പക്ഷേ എനിക്ക് എന്നെപ്പറ്റി പ്രശംസ നടത്തണമെന്നുണ്ടെങ്കില്‍, ഞാനൊരു വിഡ്ഢിയാകില്ല. കാരണം, ഞാന്‍ സത്യമാണു പറയുന്നത്. പക്ഷേ, ഞാന്‍ ആത്മപ്രശംസ നടത്താത്തതെന്തുകൊണ്ട്? കാരണം, ഞാന്‍ ചെയ്യുന്നതു കാണുകയും പറയുന്നതു കേള്‍ക്കുകയും ചെയ്യുന്നതിനപ്പുറം ആളുകള്‍ എന്നെപ്പറ്റി കരുതാതിരിക്കണം."

7 എന്നാല്‍ എനിക്കു നല്‍കപ്പെട്ട അത്ഭുതസംഭവങ്ങളുടെ ദൃശ്യങ്ങളില്‍ ഞാന്‍ അഹങ്കരിക്കാതിരിക്കണം. അങ്ങനെ മാംസത്തില്‍ വേദനാജനകമായ പ്രശ്നങ്ങള് എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. സാത്താന്‍റെ ദൂതന്‍റെ രൂപത്തില്‍ അതെന്നെ കൂടുതല്‍ പീഡിപ്പിക്കാന്‍ വരുന്നു. അഹങ്കരിക്കുന്പോഴൊക്കെ അതെന്നെ ഹിംസിക്കുന്നു."

8 ഈ വേദനകള്‍ എന്നില്‍ നിന്നെടുക്കണമെന്ന് ഞാന്‍ കര്‍ത്താവിനോട് മൂന്നു തവണ യാചിച്ചതാണ്."

9 പക്ഷേ കര്‍ത്താവ് എന്നോടു പറഞ്ഞു, “നിനക്കു എന്‍റെ കൃപ മതിയാകും. ദൌര്‍്യബ്ബല്യത്തില്‍, എന്‍റെ ശക്തി കുറ്റമറ്റതാകുന്നു.” അതിനാല്‍ എന്‍റെ ദൌര്‍ബ്ബല്യങ്ങളെച്ചൊല്ലി ഞാന്‍ ആത്മപ്രശംസ നടത്തുന്നു. അപ്പോള്‍ ക്രിസ്തുവിന്‍റെ ശക്തിക്കു എന്നില്‍ വസിക്കാം."

10 അതുകൊണ്ട് ദൌര്‍ബ്ബല്യത്തില്‍ ഞാന്‍ ക്രിസ്തുവിന്‍റെ പേരില്‍ അനുഭവിക്കുന്ന അപമാനത്തിലും കഷ്ടപ്പാടിലും പീഢനത്തിലും ബുദ്ധിമുട്ടിലും ഞാന്‍ സന്തോഷിക്കുന്നു. കാരണം, ദൌര്‍ബ്ബല്യത്തിലാണ് ഞാന്‍ ശക്തനാകുന്നത്. എനിക്കു പ്രശ്നങ്ങളുണ്ടാകുന്പോഴും ഞാന്‍ സന്തോഷിക്കുന്നു. ഇതെല്ലാം ക്രിസ്തുവിനു വേണ്ടിയാണ്. ഞാന്‍ ക്ഷീണിതനാകുന്പോള്‍ ഞാന്‍ യഥാര്‍ത്ഥത്തില്‍ ശക്തനാകുകയാണ്. അതിനാല്‍ ഇക്കാര്യങ്ങളില്‍ ഞാന്‍ സന്തോഷിക്കുന്നു."

11 ഞാന്‍ ഒരു ഭോഷനെപ്പോലെ സംസാരിക്കുകയായിരുന്നു. പക്ഷേ നിങ്ങളാണെന്നെക്കൊണ്ട് ഇങ്ങനെ ചെയ്യിച്ചത്. എന്നെപ്പറ്റി നിങ്ങള്‍ നല്ലതു പറയേണ്ടതായിരുന്നു. ഞാന്‍ ഒന്നുമില്ലെങ്കിലും ഏതു മാര്‍ഗ്ഗേനയും മറ്റു “മികച്ച അപ്പൊസ്തലന്മാരില്‍” നിന്ന് ഒട്ടും താഴെയല്ല."

12 ഞാന്‍ നിങ്ങളോ ടൊത്തായിരുന്നപ്പോള്‍, ഞാനൊരു അപ്പൊസ്തലനാണെന്നു ഞാന്‍ തെളിയിച്ചിട്ടുണ്ട്. ഞാന്‍ അടയാളങ്ങളും, അത്ഭുതങ്ങളും, വീര്യപ്രവര്‍ത്തികളും കാണിച്ചു. വളരെ ക്ഷമയോടെയാണ് ഞാനിതൊക്കെ ചെയ്തത്."

13 മറ്റു സഭകള്‍ക്കു കിട്ടിയതെല്ലാം നിങ്ങള്‍ക്കും കിട്ടി. ഒരു വ്യത്യാസം മാത്രമേ ഉള്ളൂ: ഞാന്‍ നിങ്ങള്‍ക്കു ഭാരമായില്ല. അതിന് എന്നോടു ക്ഷമിക്കൂ!"

14 ഞാനിപ്പോള്‍ മൂന്നാം തവണയും നിങ്ങളെ സന്ദര്‍ശിക്കാന്‍ തയ്യാറാണ്. നിങ്ങള്‍ക്ക് ഞാനൊരു ഭാരമായിരിക്കുകയില്ല. നിങ്ങളുടേതായ ഒരു വസ്തുവും എനിക്കു വേണ്ട. എനിക്കു നിങ്ങളെ മാത്രം മതി. മാതാപിതാക്കള്‍ക്കു നല്‍കാന്‍ കുഞ്ഞുങ്ങള്‍ ഒന്നും ശേഖരിക്കാറില്ല. മാതാപിതാക്കളാണു കുട്ടികള്‍ക്കായി ശേഖരിക്കേണ്ടത്."

15 അതിനാല്‍ എനിക്കുള്ളതെല്ലാം നിങ്ങള്‍ക്കു നല്‍കാന്‍ എനിക്കു സന്തോഷമുണ്ട്. ഞാന്‍ എന്നെത്തന്നെയും നിങ്ങള്‍ക്കു ദാനം ചെയ്യും. ഞാന്‍ നിങ്ങളെ കൂടുതല്‍ സ്നേഹിച്ചാല്‍ നിങ്ങള്‍ക്ക് എന്നെ കുറച്ചു മാത്രമായി സ്നേഹിക്കാനാകുമോ?"

16 ഞാന്‍ നിങ്ങള്‍ക്കൊരു ഭാരമായിരുന്നില്ലെന്നതു വ്യക്തമാണ്. എന്നാല്‍ ഞാന്‍ കൌശലക്കാരനായിരുന്നെന്നും കള്ളം പറഞ്ഞ് നിങ്ങളെ വശീകരിച്ചുവെന്നും നിങ്ങള്‍ കരുതുന്നു."

17 ഞാന്‍ അയച്ച ആരെങ്കിലും വഴി ഞാന്‍ നിങ്ങളെ വഞ്ചിച്ചോ? ഇല്ല! ഞാനങ്ങനെ ചെയ്തില്ലെന്നു നിങ്ങള്‍ക്കറിയാം."

18 ഞാന്‍ തീത്തൊസിനെ നിങ്ങളുടെ അടുത്തേക്കു പറഞ്ഞുവിട്ടു. ഞങ്ങളുടെ സഹോദരനെയും ഞാന്‍ അവനോടൊത്തയച്ചു. തീത്തൊസ് നിങ്ങളെ വഞ്ചിച്ചില്ലല്ലോ? ഒരേ കാര്യങ്ങള്‍ ഒരേ ആത്മാവുകൊണ്ട് ഞങ്ങളിരുവരും ചെയ്തുവെന്ന് നിങ്ങള്‍ക്കറിയാം."

19 ഞങ്ങളെപ്പോഴും നിങ്ങളുടെ മുന്പില്‍ സ്വയം ന്യായീകരിക്കുകയാണെന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? ഇല്ല. ഞങ്ങള്‍ ദൈവത്തിനു മുന്പിലാണ് ഇക്കാര്യങ്ങളെല്ലാം പറയുന്നത്. ഞങ്ങള്‍ ക്രിസ്തുവിനു മുന്പില്‍ ഇതെല്ലാം പറയുകയും ചെയ്യുന്നു. നിങ്ങള്‍ ഞങ്ങളുടെ പ്രിയ സുഹൃത്തുക്കളാണ്. ഞങ്ങള്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയും നിങ്ങളെ ശക്തരാക്കാനാണ്;"

20 ഞാന്‍ നിങ്ങളുടെ അടുത്തു വരുന്പോള്‍ നിങ്ങള്‍ ഞാന്‍ ആഗ്രഹിച്ചതുപോലെ ആയിരുന്നില്ലെങ്കിലോ എന്നു ഭയന്നിട്ടാണ് ഞാനിതു ചെയ്യുന്നത്. ഞാന്‍ എന്തായിരിക്കണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്പോലെ ഞാന്‍ ആയില്ലെങ്കിലോ എന്നും ഞാന്‍ ഭയക്കുന്നു. നിങ്ങള്‍ക്കിടയില്‍ തര്‍ക്കം, അസൂയ, കോപം, സ്വാര്‍ത്ഥത, ദുര്‍ഭാഷണം, കുശുകുശുപ്പ്, അഹന്ത, ആശയക്കുഴപ്പം, എന്നിവ ഉണ്ടാകാമെന്നു ഞാന്‍ ഭയക്കുന്നു."

21 ഞാന്‍ വീണ്ടും നിങ്ങളുടെ അടുത്തേക്കു വരുന്പോള്‍, എന്‍റെ ദൈവം എന്നെ നിങ്ങളുടെ മുന്പില്‍ വിനീതനാക്കിയേക്കാമെന്നു ഞാന്‍ ഭയക്കുന്നു. നിങ്ങള്‍ക്കിടയില്‍ ചിലരുടെ പാപകര്‍മ്മങ്ങള്‍ എന്നെ ദുഃഖിതനാക്കും. അവര്‍ തങ്ങളുടെ അശുദ്ധി, ലൈംഗികപാപങ്ങള്‍, നാണംകെട്ട പ്രവൃത്തികള്‍ ദുഷ്കര്‍മ്മങ്ങള്‍ എന്നിവയ്ക്ക് പശ്ചാത്തപിക്കാത്തതു മൂലം എനിക്കു ദുഃഖമുണ്ടാകും."

13

1 ഞാന്‍ നിങ്ങളുടെ ഇടയിലേക്ക് വീണ്ടും വരും. അതു മൂന്നാം തവണ ആയിരിക്കും. “ഓരോ പരാതിക്കും അതു ശരിയാണെന്നു പറയാന്‍ രണ്ടോ മൂന്നോ പേരുണ്ടായിരിക്കണം. എന്നത് ഓര്‍മ്മിക്കുക."

2 രണ്ടാം തവണ ഞാന്‍ നിങ്ങളോടൊപ്പം ആയിരുന്നപ്പോള്‍ ഞാന്‍ നിങ്ങളുടെ പാപങ്ങളില്‍ മുന്നറിയിപ്പു തന്നിരുന്നു. ഇപ്പോള്‍ ഞാന്‍ നിങ്ങളില്‍ നിന്നു വളരെ അകലെയാണെങ്കിലും പാപം ചെയ്ത മറ്റുള്ളവര്‍ക്കും മുന്നറിയിപ്പു തരുന്നു. ഞാന്‍ വീണ്ടും വരുന്പോള്‍ നിങ്ങളുടെ പാപങ്ങള്‍ നിമിത്തം നിങ്ങളെ ശിക്ഷിക്കും."

3 ക്രിസ്തുവാണ് എന്നിലൂടെ സംസാരിക്കുന്നതെന്നതിന് നിങ്ങള്‍ക്കു തെളിവുവേണം. നിങ്ങളെ ശിക്ഷിക്കുന്നതില്‍ ക്രിസ്തു ദുര്‍ബ്ബലന്‍ അല്ലെന്നതാണ് എന്‍റെ തെളിവ്. എന്നാല്‍ നിങ്ങളില്‍ ക്രിസ്തു ശക്തനാണ്."

4 ക്രൂശിതനായപ്പോള്‍ അവന്‍ ദുര്‍ബ്ബലനായിരുന്നു എന്നതു ശരിതന്നെ. എന്നാല്‍ അവനിപ്പോള്‍ ദൈവത്തിന്‍റെ ശക്തിയില്‍ ജീവിക്കുന്നു. ക്രിസ്തുവില്‍ ഞങ്ങള്‍ ദുര്‍ബ്ബലരാണെന്നതു സത്യമാകുന്നു. എങ്കിലും നിങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ ദൈവശക്തിയാല്‍ ക്രിസ്തുവില്‍ ജീവിക്കും."

5 നിങ്ങള്‍ സ്വയം നോക്കുക. നിങ്ങള്‍ വിശ്വാസത്തിലാണോ ജീവിക്കുന്നതെന്നു സ്വയം പരിശോധിക്കുക. യേശുക്രിസ്തു നിങ്ങളില്‍ ഉണ്ടെന്നു നിങ്ങള്‍ക്കറിയാം. എന്നാല്‍ പരീക്ഷയില്‍ നിങ്ങള്‍ പരാജയപ്പെട്ടാല്‍, ക്രിസ്തു നിങ്ങളില്‍ വസിക്കുന്നില്ലെന്നറിയുക. (നിങ്ങള്‍ വിശ്വാസത്തിലല്ല ജീവിക്കുന്നതെന്നു കണ്ടെത്തിയാല്‍)."

6 പക്ഷേ ഞങ്ങള്‍ ആ പരീക്ഷയില്‍ തോറ്റിട്ടില്ലെന്നു നിങ്ങള്‍ക്കു കാണാമെന്നു ഞാന്‍ പ്രത്യാശിക്കുന്നു."

7 നിങ്ങള്‍ തെറ്റൊന്നും ചെയ്യാതിരിക്കേണ്ടതിനു ഞങ്ങള്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു. ഞങ്ങള്‍ പരീക്ഷ ജയിച്ചു എന്നത് ആളുകള്‍ കാണുന്നത് പ്രധാനമല്ല. പക്ഷേ ഞങ്ങള്‍ പരീക്ഷയില്‍ തോറ്റു എന്നത് ആളുകള്‍ ചിന്തിക്കുന്നുവെങ്കില്‍ പോലും നിങ്ങള്‍ ശരിയായതു ചെയ്യുകയെന്നതാണു പ്രധാനം."

8 സത്യവിരുദ്ധമായതു ചെയ്യുവാന്‍ ഞങ്ങള്‍ക്കാവില്ല. സത്യത്തിനു നിരക്കുന്നതു ചെയ്യുവാനേ കഴിയൂ."

9 നിങ്ങള്‍ ശക്തരെങ്കില്‍, ദുര്‍ബ്ബലരാകുന്നതില്‍ ഞങ്ങള്‍ക്കു സന്തോഷമേയുള്ളൂ. നിങ്ങള്‍ക്കു കരുത്തുണ്ടാകട്ടേയെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു."

10 എന്‍റെ അസാന്നിദ്ധ്യത്തിലാണു ഞാനിതെഴുതിയത്. ഞാന്‍ വരുന്പോള്‍ നിങ്ങളെ ശിക്ഷിക്കാന്‍ എന്‍റെ കരുത്ത് ഉപയോഗിക്കാതിരിക്കാനാണു ഞാനിതെഴുതുന്നത്. നിങ്ങളെ ശക്തരാക്കാനാണ്, നശിപ്പിക്കാനല്ല ദൈവം എനിക്ക് ആ അധികാരം നല്‍കിയത്."

11 സഹോദരരേ, ഇപ്പോള്‍ ഞാന്‍ വിട പറയുന്നു. പൂര്‍ണ്ണരായിരിക്കാന്‍ ശ്രമിക്കുക. ഞാന്‍ പറഞ്ഞവയൊക്കെ ചെയ്യുക. പരസ്പരം അംഗീകരീച്ച് സമാധാനത്തോടെ ജീവിക്കുക. അപ്പോള്‍ സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ദൈവം നിങ്ങളോടൊത്തുണ്ടാകും."

12 നിങ്ങള്‍ പരസ്പരം അഭിവാദ്യം ചെയ്യുന്പോള്‍ ഓരോരുത്തര്‍ക്കും വിശുദ്ധചുംബനം നല്‍കുക."

13 നിങ്ങള്‍ക്ക് എല്ലാ വിശുദ്ധരില്‍നിന്നും അഭിവാദ്യങ്ങള്‍. കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപയും ദൈവത്തിന്‍റെ സ്നേഹവും പരിശുദ്ധാത്മാവിന്‍റെ കൂട്ടായ്മയും നിങ്ങളോട് എല്ലാവരോടും ഉണ്ടായിരിക്കട്ടെ."

14 [This verse may not be a part of this translation]"