1

1 ലോകാരംഭത്തിനു മുന്പ് ഉണ്ടായിരുന്ന ചിലതിനെപ്പറ്റിയാണ് ഞങ്ങള്‍ ഇപ്പോള്‍ നിങ്ങളോടു പറയുന്നത്. ഇത് ഞങ്ങള്‍ കേട്ടതും ഞങ്ങളുടെ സ്വന്തം കണ്ണുകളാല്‍ കണ്ടതും ഞങ്ങള്‍ വീക്ഷിച്ചതും ഞങ്ങളുടെ സ്വന്തം കൈകളാല്‍ തൊട്ടതിനെപ്പറ്റിയും ആണ്. ജീവന്‍ തരുന്ന വചനത്തെപ്പറ്റിയാണ് (ക്രിസ്തു) ഞങ്ങള്‍ നിങ്ങള്‍ക്ക് എഴുതുന്നത്."

2 ആ ജീവനെ നമുക്കു കാണിച്ചു തന്നു, ഞങ്ങള്‍ അതു കണ്ടു. ഞങ്ങള്‍ക്ക് അതിനെപ്പറ്റി തെളിവു തരാന്‍ കഴിയും. ഈ ജീവന്‍ ഞങ്ങള്‍ക്കു കാണിച്ചുതന്നത് ദൈവമാണ്. പിതാവായ ദൈവത്തോടൊപ്പമുള്ള ജീവനാണത്. ശാശ്വതമായി തുടരുന്ന ജീവനാണത്."

3 ഞങ്ങള്‍ കണ്ടതും കേട്ടതുമായ കാര്യങ്ങളെപ്പറ്റി ഇപ്പോള്‍ എന്തിന് സംസാരിക്കുന്നു? ഞങ്ങള്‍ക്കുള്ള കൂട്ടായ്മയില്‍ നിങ്ങള്‍ പങ്കുള്ളവരാകണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്കുള്ള കൂട്ടായ്മ പിതാവിനോടും അവന്‍റെ പുത്രനായ യേശുക്രിസ്തുവിനോടും കൂടിയാണ്."

4 ഞങ്ങളോടൊപ്പം നിങ്ങള്‍ നിറഞ്ഞ സന്തോഷത്തിലാകാന്‍ തക്കവണ്ണമാണ് ഞങ്ങളിത് എഴുതുന്നത്."

5 ദൈവത്തില്‍ നിന്നുള്ള സത്യോപദേശം ഞങ്ങള്‍ കേട്ടു. ഇപ്പോള്‍ ഞങ്ങള്‍ ഇതു നിങ്ങളോടു പറയുന്നു: ദൈവം പ്രകാശമാണ്. ദൈവത്തില്‍ ഇരുള്‍ ഇല്ല."

6 അതുകൊണ്ട് നമ്മള്‍ ദൈവത്തോടൊത്തു ചേര്‍ന്നു പോവുകയാണെന്നു പറയുകയും എന്നാല്‍ ഇരുളില്‍ ജീവിക്കുകയുമാണെങ്കില്‍ നമ്മള്‍ നുണയരാണ്, നമ്മള്‍ സത്യത്തെ പിന്തുടരുന്നില്ല."

7 ദൈവം പ്രകാശത്തിലാണ്. നമ്മളും പ്രകാശത്തില്‍ ജീവിക്കണം. നമ്മള്‍ വെളിച്ചത്തില്‍ ജീവിക്കുകയാണെങ്കില്‍ നാം പരസ്പരം കൂട്ടായ്മ പങ്കുവയ്ക്കും. നമ്മള്‍ പ്രകാശത്തില്‍ ജീവിക്കുന്പോള്‍ ദൈവപുത്രനായ യേശുക്രിസ്തുവിന്‍റെ രക്തം എല്ലാ പാപങ്ങളില്‍ നിന്നും നമ്മെ ശുദ്ധീകരിക്കുന്നു."

8 നമ്മില്‍ പാപം ഇല്ല എന്നു നാം അവകാശപ്പെടുന്നു എങ്കില്‍ നാം നമ്മെത്തന്നെ വിഡ്ഢികളാക്കുന്നു. സത്യം നമ്മില്‍ ഇല്ലതാനും."

9 എന്നാല്‍ നമ്മുടെ പാപങ്ങള്‍ നാം ഏറ്റുപറയുന്നുവെങ്കില്‍ ദൈവം നമ്മുടെ പാപം ക്ഷമിക്കുകയും നാം ചെയ്ത എല്ലാ ദുഷ്ചെയ്തികളില്‍ നിന്നും നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും. കാരണം, നമുക്കു ദൈവത്തെ വിശ്വസിക്കാവുന്നതാണ്. ശരിയായത് ദൈവം ചെയ്യും."

10 നമ്മള്‍ പാപം ചെയ്തിട്ടില്ലെന്നു പറയുകയാണെങ്കില്‍ നാം ദൈവത്തെ നുണയനാക്കുകയാണ് ചെയ്യുന്നത് - നമ്മള്‍ ദൈവത്തിന്‍റെ ശരിയായ സത്യോപദേശം സ്വീകരിക്കുന്നില്ല."

2

1 എന്‍റെ പ്രിയ മക്കളേ, നിങ്ങള്‍ പാപം ചെയ്യരുത് എന്ന ഉദ്ദേശത്തോടുകൂടിയാണ് ഞാന്‍ ഇത് എഴുതുന്നത്. പക്ഷേ ഏതെങ്കിലും ഒരുവന്‍ പാപം ചെയ്താല്‍ പിതാവിന്‍റെ മുന്പില്‍ നമുക്കുവേണ്ടി ന്യായീകരിക്കുന്ന നീതിമാനായ യേശുക്രിസ്തുവുണ്ട്."

2 നമ്മുടെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തമാണ് ക്രിസ്തു. എല്ലാ മനുഷ്യരുടെയും പാപങ്ങള്‍ മാറ്റിക്കളയാനുള്ള പാതയാണ് ക്രിസ്തു."

3 ദൈവം നമ്മോടു ആജ്ഞാപിച്ച കാര്യങ്ങള്‍ നാം അനുസരിക്കുകയാണെങ്കില്‍ നമുക്കു സത്യമായും ദൈവത്തെ അറിയാം എന്നുള്ളത് നിശ്ചയമാണ്."

4 ഒരുവന്‍ “എനിക്കു ദൈവത്തെ അറിയാം” എന്നു പറയുകയും ദൈവകല്പനകളെ ധിക്കരിക്കുകയും ചെയ്യുന്നുവെങ്കില്‍ അവന്‍ നുണയനാണ്. സത്യം അവനില്‍ ഇല്ല."

5 എന്നാല്‍ ഒരുവന്‍, ദൈവത്തിന്‍റെ ഉപദേശം അനുസരിക്കുന്പോള്‍ ദൈവത്തിന്‍റെ സ്നേഹം അവനില്‍ സത്യമായും അതിന്‍റെ ലക്ഷ്യം കൈവരിച്ചു. ഇങ്ങനെയാണ് നാം ദൈവത്തെ പിന്തുടരുകയാണെന്ന് അറിയുന്നത്."

6 ഒരുവന്‍ ദൈവത്തില്‍ ജീവിക്കുന്നു എന്നു പറയുകയാണെങ്കില്‍ അവന്‍ ക്രിസ്തു ജീവിച്ചതുപോലെ ജീവിക്കണം."

7 എന്‍റെ പ്രിയ സ്നേഹിതരേ, പുതിയൊരു കല്പനയല്ല ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത്. ആദി മുതല്‍ക്കേ നിങ്ങള്‍ക്ക് ഉണ്ടായിരുന്ന അതേ കല്പനയാണ് ഞാന്‍ എഴുതുന്നത്. നേരത്തേ തന്നെ കേട്ട ഉപദേശമാണ് ഈ കല്പനകള്‍."

8 എന്നിരിക്കിലും പുതിയൊരു കല്പനയായാണ് ഞാന്‍ ഇതെഴുതുന്നത്. ഈ കല്പന സത്യം ആണ്; അതിന്‍റെ സത്യം യേശുവിലും നിങ്ങളിലും നിങ്ങള്‍ക്കു കാണുവാന്‍ സാധിക്കും. ഇരുള്‍ മാഞ്ഞു പോകുകയും സത്യപ്രകാശം മുന്നേതന്നെ പ്രകാശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു."

9 ഒരുവന്‍ “ഞാന്‍ പ്രകാശത്തിലാണ്” എന്നു പറയുകയും സഹോദരനെ വെറുക്കുകയും ചെയ്യുന്നുവെങ്കില്‍ അവന്‍ ഇപ്പോഴും അന്ധകാരത്തിലാണ്."

10 തന്‍റെ സഹോദരനെ സ്നേഹിക്കുന്നവന്‍ പ്രകാശത്തിലായിരിക്കുകയും തെറ്റ് ചെയ്യിക്കുന്ന ഒന്നും അവനില്‍ ഇല്ലാതിരിക്കുകയും ചെയ്യും."

11 എന്നാല്‍ തന്‍റെ സഹോദരനെ വെറുക്കുന്നവന്‍ ഇരുളിലാണ്. അവന്‍ ജീവിക്കുന്നത് ഇരുട്ടിലാണ്. എങ്ങോട്ടാണ് താന്‍ പോകുന്നതെന്ന് അവനറിഞ്ഞുകൂടാ. എന്തുകൊണ്ടെന്നാല്‍ ഇരുള്‍ അവനെ അന്ധനാക്കി."

12 നിങ്ങളുടെ പാപങ്ങള്‍ യേശു വഴി ക്ഷമിക്കപ്പെട്ടതുകൊണ്ട് പ്രിയമക്കളേ, ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു."

13 ആദിമുതല്‍ക്കേ ഉണ്ടായിരുന്നവനെ നിങ്ങള്‍ അറിഞ്ഞിരിക്കയാല്‍ പിതാക്കന്മാരേ, നിങ്ങള്‍ക്കു ഞാന്‍ ഇതെഴുതുന്നു. ദുഷ്ടനെ ജയിച്ചിരിക്കയാല്‍ യുവാക്കളേ, ഞാന്‍ നിങ്ങള്‍ക്കു എഴുതുന്നു."

14 പിതാവിനെ അറിയാമെന്നതുകൊണ്ട് മക്കളേ, ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു. ആദിമുതല്‍ നിലനിന്നവനെ നിങ്ങള്‍ക്ക് അറിയാമെന്നതുകൊണ്ട് പിതാക്കന്മാരേ, ഞാന്‍ നിങ്ങള്‍ക്കു എഴുതുന്നു. നിങ്ങള്‍ കരുത്തരായതുകൊണ്ട് യുവാക്കളേ, ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു. ദൈവത്തിന്‍റെ വചനം നിങ്ങളില്‍ ജീവിക്കുകയും നിങ്ങള്‍ ദുഷ്ടനെ ജയിക്കുകയും ചെയ്തിരിക്കുന്നു."

15 ലോകത്തെയോ അതിലുള്ളവയെയോ സ്നേഹിക്കരുത്. ഒരുവന്‍ ലോകത്തെ സ്നേഹിക്കുന്നുവെങ്കില്‍ പിതാവിന്‍റെ സ്നേഹം അവനിലില്ല."

16 ലോകത്തിലെ ദുഷ്ക്കാര്യങ്ങള്‍ ഇവകളാണ്. പാപം നിറഞ്ഞ സ്വയത്തെ പ്രീതിപ്പെടുത്താനുള്ള നമ്മുടെ കാമം, നാം കാണുന്ന ദുഷ്ടത നിറഞ്ഞ കാര്യങ്ങള്‍ സ്വന്തമാക്കാനുള്ള കാമം, നമ്മുടെ സ്വത്തുക്കളിലുള്ള നമ്മുടെ അഹങ്കാരം. എന്നാല്‍ ഇവയൊന്നും പിതാവായ ദൈവത്തില്‍നിന്നുള്ളതല്ല. അത്തരം കാര്യങ്ങള്‍ ലോകത്തില്‍ നിന്നാണ് വരുന്നത്."

17 ലോകം കടന്നുപോയിക്കൊണ്ടിരിക്കുന്നു. ലോകത്തിലെ ജനങ്ങളുടെ ആഗ്രഹവും മാറിപ്പോകുന്നു. എന്നാല്‍ ദൈവം ആഗ്രഹിക്കുന്നതു ചെയ്യുന്നവന്‍ എക്കാലവും ജീവിക്കും."

18 പ്രിയമക്കളേ, ഇത് അന്ത്യനാഴിക ആയിരിക്കുന്നു. ക്രിസ്തുവിന്‍റെ ശത്രു എതിര്‍ ക്രിസ്തു വന്നുകൊണ്ടിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇവിടെ ഇപ്പോള്‍ ക്രിസ്തുവിന്‍റെ ശത്രുക്കള്‍ ധാരാളം ഉണ്ട്. അതുകൊണ്ട് ഇത് അന്ത്യനാഴിക ആകുന്നുവെന്ന് നമുക്കറിയാം."

19 ക്രിസ്തുവിന്‍റെ ആ ശത്രുക്കള്‍ നമ്മുടെ ഇടയിലുണ്ടായിരുന്നു. പക്ഷെ അവര്‍ നമ്മില്‍ നിന്ന് പുറത്തുപോയി. യഥാര്‍ത്ഥത്തില്‍ അവര്‍ നമ്മിലുള്ളവരല്ല. അവര്‍ സത്യത്തില്‍ നമ്മുടേതായിരുന്നുവെങ്കില്‍ അവര്‍ നമ്മോടൊപ്പം വസിക്കുമായിരുന്നു. പക്ഷേ അവര്‍ പോയി. അവര്‍ നമ്മുടെ ആള്‍ക്കാര്‍ അല്ല എന്ന് ഇത് തെളിയിക്കുന്നു."

20 പരിശുദ്ധനായവന്‍ (ദൈവം അഥവാ ക്രിസ്തു) നിങ്ങള്‍ക്ക് തന്ന ദാനം നിങ്ങള്‍ക്കുണ്ട്. അതുകൊണ്ട് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും സത്യം അറിയാം."

21 എന്തുകൊണ്ടാണ് ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത്? നിങ്ങള്‍ക്ക് സത്യം അറിയാന്‍ പാടില്ലാത്തതുകൊണ്ടാണോ? അല്ല, നിങ്ങള്‍ക്ക് സത്യം അറിയാം എന്നുള്ളതുകൊണ്ടാണ് ഞാന്‍ എഴുതുന്നത്. കളവൊന്നും സത്യത്തില്‍ നിന്ന് വരുന്നില്ല എന്നും നിങ്ങള്‍ക്കറിയാം."

22 അതുകൊണ്ട് ആരാണ് നുണയന്‍? യേശു, ക്രിസ്തു അല്ല എന്നു പറയുന്ന വ്യക്തിയാണ്. യേശു, ക്രിസ്തു അല്ല എന്നു പറയുന്നവന്‍ ക്രിസ്തുവിന്‍റെ ശത്രുവാണ്. ആ വ്യക്തി പിതാവിലോ അവന്‍റെ പുത്രനിലോ വിശ്വസിക്കുന്നില്ല."

23 ഒരുവന്‍ പുത്രനില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അവനു പിതാവില്ല. പുത്രനെ സ്വീകരിക്കുന്നവന് പിതാവും ഉണ്ട്."

24 ആദിമുതല്‍ക്കേ നിങ്ങള്‍ കേട്ട ഉപദേശമാണ് പിന്തുടരുന്നതെന്ന് ഉറപ്പാക്കിക്കൊള്ളുക. നിങ്ങളതില്‍ തന്നെ തുടരുന്നു എങ്കില്‍ നിങ്ങള്‍ പുത്രനിലും പിതാവിലും നിലനില്‍ക്കും."

25 ഇതാണ് പുത്രന്‍ സ്വയമായിത്തന്നെ നമുക്കു വാഗ്ദാനം ചെയ്തിരിക്കുന്നത് - “നിത്യജീവന്‍.”"

26 നിങ്ങളെ തെറ്റായ പാതയിലേക്കു നയിക്കാന്‍ ശ്രമിക്കുന്ന ആള്‍ക്കാരെപ്പറ്റിയാണ് ഞാനെഴുതുന്നത്."

27 എന്നാല്‍ ക്രിസ്തുവില്‍ നിന്നു ലഭിച്ച ദാനം നിങ്ങളില്‍ നിലനില്‍ക്കുന്നു. അതുകൊണ്ട് ഒരു അദ്ധ്യാപകനെ നിങ്ങള്‍ക്കാവശ്യമില്ല. നിങ്ങള്‍ക്കു ലഭിച്ച ദാനം നിങ്ങളെ എല്ലാം പഠിപ്പിക്കും. ഈ ദാനം സത്യമാണ്. ഭോഷ്ക്കല്ല. അതുകൊണ്ട് അവന്‍റെ ദാനം നമ്മെ പഠിപ്പിച്ചതുപോലെ ക്രിസ്തുവില്‍ തുടര്‍ന്നും ജീവിക്കുക."

28 അതെ, പ്രിയമക്കളേ, അവനില്‍ ജീവിക്കുക. ഇതു നമ്മള്‍ ചെയ്യുകയാണെങ്കില്‍ ക്രിസ്തുവിന്‍റെ തിരിച്ചുവരവില്‍ ആ ദിവസം ഭീതികൂടാതെ കഴിയാം. അവന്‍ വരുന്പോള്‍ നമുക്ക് നാണിച്ച് മറഞ്ഞിരിക്കേണ്ടതായി വരില്ല."

29 ക്രിസ്തു നീതിമാനാണെന്നു നിങ്ങള്‍ക്ക് അറിയാം. അതുകൊണ്ട് ന്യായം ചെയ്യുന്ന ഏവനും ദൈവപൈതലാണ്."

3

1 പിതാവ് നമ്മെ ഏറെ സ്നേഹിച്ചു. അവന്‍റെ സ്വന്തം മക്കള്‍ എന്നു നമ്മെ വിളിച്ചതില്‍ നിന്നും അതു മനസ്സിലാക്കാം. യഥാര്‍ത്ഥത്തില്‍ നമ്മള്‍ ദൈവമക്കളാണ്. ലോകത്തിലെ ജനങ്ങള്‍ക്കു ദൈവത്തെ അറിയാത്തതുകൊണ്ട് നാം ദൈവമക്കളാണെന്നതു അവര്‍ക്കു മനസ്സിലാക്കാന്‍ കഴികയില്ല."

2 പ്രിയ സ്നേഹിതരേ, ഇപ്പോള്‍ നാം ദൈവമക്കളാണ്. ഭാവിയില്‍ നാം എന്തായിരിക്കും എന്ന് ഇന്നുവരെ നമ്മെ കാണിച്ചിട്ടില്ല. എന്നാല്‍ ക്രിസ്തു വരുന്പോള്‍ നാം അവനെപ്പോലായിരിക്കും എന്ന് നാമറിയുന്നു. അവന്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെയോ അങ്ങനെ തന്നെ നാം അവനെ കാണും."

3 ക്രിസ്തു പരിശുദ്ധനാണ്. ക്രിസ്തുവില്‍ ഈ പ്രത്യാശയുള്ളവര്‍ എല്ലാവരും ക്രിസ്തു പരിശുദ്ധനായിരിക്കുന്നതുപോലെ തങ്ങളെ തന്നെ വിശുദ്ധിയില്‍ കാക്കും."

4 ഒരാള്‍ തെറ്റു ചെയ്യുന്പോള്‍, അയാള്‍ ദൈവത്തിന്‍റെ ന്യായപ്രമാണം ലംഘിക്കുന്നു. അതെ, നമ്മള്‍ പാപം ചെയ്യുന്നതു ദൈവത്തിന്‍റെ ന്യായപ്രമാണത്തിന് എതിരായി ജീവിക്കുന്നതിനു തുല്യമാണ്."

5 പാപം ഇല്ലാതാക്കുന്നതിനാണ് ക്രിസ്തു വന്നതെന്ന് നിങ്ങള്‍ക്കറിയാം. ക്രിസ്തുവില്‍ തിന്മ ഇല്ല."

6 അതുകൊണ്ട് ക്രിസ്തുവില്‍ ജീവിക്കുന്നവന്‍ പാപജീവിതം തുടരില്ല. ഒരുവന്‍ തെറ്റു ചെയ്തുകൊണ്ടേയിരിക്കുകയാണെങ്കില്‍ യഥാര്‍ത്ഥത്തില്‍ അവന്‍ ഒരിക്കലും ക്രിസ്തുവിനെ മനസ്സിലാക്കുകയോ അറിയുകയോ ചെയ്തിട്ടില്ല."

7 രിയ മക്കളേ, തെറ്റായ രീതിയിലേക്കു നയിക്കുവാന്‍ ഒരു വ്യക്തിയെയും അനുവദിക്കരുത്. ക്രിസ്തു നീതിമാനാണ്. ക്രിസ്തുവിനെപ്പോലെ നല്ലവനാകണമെങ്കില്‍ സത്യമായതു പ്രവര്‍ത്തിക്കണം."

8 ആദിമുതലേ പിശാച് പാപം ചെയ്തുകൊണ്ടിരിക്കുന്നു. പാപം ചെയ്തുകൊണ്ടേയിരിക്കുന്നവന്‍ പിശാചിനുള്ളവനാണ്. പിശാചിന്‍റെ പണികളെ നശിപ്പിക്കുവാനാണ് ദൈവപുത്രന്‍ വന്നത്."

9 ഒരു വ്യക്തിയെ ദൈവം തന്‍റെ കുഞ്ഞാക്കുന്പോള്‍ അവന്‍ പാപം ചെയ്യുന്നതു തുടരുന്നില്ല. എന്തുകൊണ്ടെന്നാല്‍, ദൈവം അവനു നല്‍കിയ പുതുജീവന്‍ അവനില്‍ കുടികൊള്ളുന്നു. അതുകൊണ്ട് അവന് തിന്മ തുടരുന്നതിനു കഴിവില്ല. എന്തുകൊണ്ടെന്നാല്‍ അവന്‍ ദൈവത്തിന്‍റെ ഒരു മകനായി മാറി."

10 അതുകൊണ്ട് ദൈവത്തിന്‍റെ മക്കളാരെന്നു നമുക്കു കാണുവാന്‍ സാധിക്കും. അതുപോലെ പിശാചിന്‍റെ സന്തതികളെയും നമുക്കു കാണാന്‍ സാധിക്കും. നീതി ചെയ്യാത്തവര്‍ ദൈവത്തിന്‍റെ മക്കളല്ല. അതുപോലെ തന്‍റെ സഹോദരനെ സ്നേഹിക്കാത്തവനും ദൈവത്തിന്‍റെ പൈതലല്ല."

11 നാം പരസ്പരം സ്നേഹിക്കണം എന്നതാണ് നിങ്ങള്‍ ആദ്യം മുതലേ കേട്ടിട്ടുള്ള ഉപദേശം."

12 കയീനെപ്പോലാകരുത്. കയീന്‍ ദുഷ്ടനുള്ളവനാണ്. കയീന്‍ അവന്‍റെ സഹോദരനെ കൊന്നു. പക്ഷേ, എന്തിനാണ് കയീന്‍ സഹോദനെ കൊന്നത്? കയീന്‍ ചെയ്തത് ദുഷ്ടതയും അവന്‍റെ സഹോദരന്‍ ചെയ്ത കാര്യങ്ങള്‍ നല്ലതുമായിരുന്നു എന്നതാണ് കാരണം."

13 സഹോദരങ്ങളേ, ഈ ലോകത്തിന്‍റെ ആള്‍ക്കാര്‍ നിങ്ങളെ വെറുക്കുന്പോള്‍ നിങ്ങള്‍ അതിശയിക്കരുത്."

14 നമുക്കറിയാം നാം മരണത്തെ ഉപേക്ഷിച്ചു ജീവനിലേക്കു വന്നവരാണെന്ന്. നാം യേശുക്രിസ്തുവില്‍ നമ്മുടെ സഹോദരങ്ങളെ സ്നേഹിക്കുന്നതുകൊണ്ട് ഇതു നമുക്കറിയാം. സ്നേഹിക്കാത്ത വ്യക്തി ഇപ്പോഴും മരണത്തിലാണ്."

15 തന്‍റെ സഹോദരനെ വെറുക്കുന്ന ഏവനും കൊലപാതകി ആണ്. ഒരു കൊലയാളിക്കും നിത്യജീവന്‍ ഇല്ല എന്നു നിങ്ങള്‍ക്കറിയാം."

16 യഥാര്‍ത്ഥ സ്നേഹം എന്താണെന്ന് ഇങ്ങനെയാണ് നാം അറിയുന്നത്.ക്രിസ്തു അവന്‍റെ ജീവനെ നമുക്കായി തന്നു. അതുകൊണ്ട് നമ്മുടെ ജീവനെ ക്രിസ്തുവിലുളള നമ്മുടെ സഹോദരീ സഹോദരങ്ങള്‍ക്കായി നാം നല്‍കണം. യഥാര്‍ത്ഥസ്നേഹം എന്താണെന്ന് ഇങ്ങനെയാണ് നാം അറിയുന്നത്."

17 ഒരു വിശ്വാസി അവന് ആവശ്യമുള്ളവയെല്ലാം ഉണ്ടായിരിക്കാന്‍ തക്ക സന്പന്നനെന്നു വിചാരിക്കുക. തനിക്ക് അത്യാവശ്യമുള്ളതുകൂടി ഇല്ലാത്ത ദരിദ്രനായ തന്‍റെ സഹോദരനെ അവന്‍ കാണുന്നു. സന്പത്തുണ്ടായിട്ടും ദരിദ്രനായ സഹോദരനെ സഹായിക്കാത്ത അവനെന്തു വിശ്വാസി? അപ്പോള്‍ ആ ഉള്ളവന്‍റെ (സന്പന്നന്‍) ഹൃദയത്തില്‍ ദൈവസ്നേഹം കാണില്ല."

18 എന്‍റെ മക്കളേ, നമ്മുടെ സ്നേഹം വെറും വാക്കുകളും പറച്ചിലുകളും ആകരുത്. ഇല്ല, നമ്മുടെ സ്നേഹം യഥാര്‍ത്ഥമായിരിക്കണം. നമ്മുടെ പ്രവൃത്തിയിലൂടെ സ്നേഹം വ്യക്തമാക്കുകയും വേണം."

19 [This verse may not be a part of this translation]"

20 [This verse may not be a part of this translation]"

21 പ്രിയ സ്നേഹിതരേ, നാം ചെയ്യുന്നതു തെറ്റല്ലെന്നു നമുക്ക് നിശ്ചയമുണ്ടെങ്കില്‍ നമുക്ക് ആത്മധൈര്യത്തോടെ ദൈവത്തിന്‍റെ അടുക്കല്‍ വരാന്‍ കഴിയും."

22 നാം ആവശ്യപ്പെടുന്നതു ദൈവം തരികയും ചെയ്യും. നമുക്ക് ഇത് ലഭിക്കുന്നത് ദൈവകല്പനകളെ അനുസരിക്കുന്നതുകൊണ്ടും അവനെ പ്രീതിപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ടുമാണ്."

23 അവന്‍റെ പുത്രനായ യേശുക്രിസ്തുവില്‍ വിശ്വസിക്കാനും പരസ്പരം സ്നേഹിക്കുവാനുമാണ് ദൈവം നമ്മോടു കല്പിക്കുന്നത്."

24 ദൈവകല്പനകളെ അനുസരിക്കുന്നവര്‍ ദൈവത്തില്‍ ജീവിക്കുന്നു. ദൈവം അവനില്‍ വസിക്കുകയും ചെയ്യുന്നു. ദൈവം നമ്മില്‍ കുടികൊള്ളുന്നു എന്ന് നമുക്ക് എങ്ങനെ അറിയാന്‍ സാധിക്കും? ദൈവം നമുക്ക് തന്ന ആത്മാവിനാല്‍ നമുക്കതറിയാം."

4

1 പ്രിയരേ, ലോകത്തില്‍ ഇപ്പോള്‍ ധാരാളം വ്യാജപ്രവാചകന്മാര്‍ ഉണ്ട്. അതുകൊണ്ട് എല്ലാ ആത്മാക്കളെയും വിശ്വസിക്കരുത്. ദൈവത്തില്‍നിന്നുള്ളതാണോ അതെന്നു വിവേചിച്ചറിയുക."

2 ദൈവത്തിന്‍റെ ആത്മാവാണെന്ന് തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് ഇങ്ങനെ കഴിയും, “ഭൂമിയിലേക്ക് വന്ന് മനുഷ്യനായിത്തീര്‍ന്ന യേശുക്രിസ്തുവാണെന്ന് അംഗീകരിക്കുന്നവന്” ദൈവാത്മാവുണ്ട്."

3 യേശുവിനെപ്പറ്റി ഇങ്ങനെ അംഗീകരിക്കുവാന്‍ വിസ്സമ്മതിക്കുന്നവന്‍ ദൈവത്തില്‍നിന്നുള്ളവനല്ല. അത് ക്രിസ്തുവിന്‍റെ ശത്രുവിന്‍റെ ആത്മാവാണ്. ക്രിസ്തുവിന്‍റെ ശത്രു വരുന്നുവെന്ന് നിങ്ങള്‍ കേട്ടു. അവന്‍ ഇപ്പോള്‍ ഈ ഭൂമിയില്‍ തന്നെയുണ്ട്."

4 പ്രിയ മക്കളേ, നിങ്ങള്‍ ദൈവത്തിനുള്ളവരാണ്. അതുകൊണ്ട് വ്യാജപ്രവാചകരെ നിങ്ങള്‍ തോല്പിച്ചു. എന്തുകൊണ്ടെന്നാല്‍ നിങ്ങളിലുള്ള ദൈവം ലോകത്തില്‍ ഉള്ളവനേക്കാള്‍ ഉന്നതനാണ്."

5 വ്യാജപ്രവാചകര്‍ ലോകത്തിന്‍റെതാണ്. അതുകൊണ്ട് അവര്‍ പറയുന്ന കാര്യങ്ങളും ലോകത്തില്‍ നിന്നുള്ളതാണ്. ലോകമാകട്ടെ അവര്‍ പറയുന്നതു ശ്രദ്ധിക്കുകയും ചെയ്യുന്നു."

6 പക്ഷെ നമ്മള്‍ ദൈവത്തില്‍ നിന്നുമാണ്. അതുകൊണ്ട് ദൈവത്തെ അറിയാവുന്നവര്‍ ഞങ്ങളെ ശ്രദ്ധിക്കുന്നു. എന്നാല്‍ ദൈവത്തില്‍ നിന്നല്ലാത്തവര്‍ ഞങ്ങളെ ശ്രദ്ധിക്കുന്നില്ല. അവര്‍ ഞങ്ങള്‍ പറയുന്നത് ശ്രവിക്കുന്നില്ല. അങ്ങനെയാണ് സത്യാത്മാവിനെയും അസത്യാത്മാവിനെയും ഞങ്ങള്‍ അറിയുന്നത്."

7 പ്രിയരേ, സ്നേഹം ദൈവത്തില്‍നിന്നും വരുന്നതുകൊണ്ട് നാം പരസ്പരം സ്നേഹിക്കണം. സ്നേഹിക്കുന്ന വ്യക്തി ദൈവത്തിന്‍റെ കുഞ്ഞായിത്തീരുന്നു."

8 സ്നേഹിക്കുന്നവനു ദൈവത്തെ അറിയാം. ദൈവം സ്നേഹമായതുകൊണ്ട് സ്നേഹിക്കാത്ത വ്യക്തി ദൈവത്തെ അറിയുന്നില്ല."

9 ദൈവം തന്‍റെ ഏകപുത്രനെ അവനിലൂടെ നമുക്കു നിത്യജീവന്‍ ലഭിക്കുന്നതിനായി ലോകത്തിലേക്ക് അയച്ചുകൊണ്ടാണ് നമ്മോടുള്ള സ്നേഹം പ്രദര്‍ശിപ്പിച്ചത്."

10 യഥാര്‍ത്ഥസ്നേഹം ദൈവത്തിനു നമ്മോടുള്ള സ്നേഹമാണ്. അല്ലാതെ ദൈവത്തോടു നമുക്കുള്ള സ്നേഹമല്ല. നമ്മുടെ പാപങ്ങളെ പോക്കുവാനുള്ള മാര്‍ഗ്ഗമായിട്ടാണ് ദൈവം തന്‍റെ പുത്രനെ അയച്ചത്."

11 ദൈവം അത്രമാത്രം നമ്മെ സ്നേഹിച്ചു, പ്രിയരേ, അതുകൊണ്ട് നമ്മളും പരസ്പരം എപ്പോഴും സ്നേഹിക്കണം."

12 ആരും ഒരിക്കലും ദൈവത്തെ കണ്ടിട്ടില്ല. എന്നാല്‍ നാം അന്യോന്യം സ്നേഹിക്കുന്നുവെങ്കില്‍ ദൈവം നമ്മില്‍ ജീവിക്കുന്നു. നാം അന്യോന്യം സ്നേഹിക്കുന്നുവെങ്കില്‍ ദൈവത്തിന്‍റെ സ്നേഹം അതിന്‍റെ ലക്ഷ്യം പ്രാപിച്ചിരിക്കുന്നു, ഇത് നമ്മില്‍ പൂര്‍ണ്ണമാക്കപ്പെട്ടിരിക്കുന്നു."

13 നമുക്കറിയാം ദൈവം നമ്മിലും നാം അവനിലും ജീവിക്കുന്നു എന്ന്. ഇത് നമുക്കറിയാന്‍ സാധിക്കുന്നത് ദൈവം അവന്‍റെ ആത്മാവിനെ നമുക്കു തന്നതുകൊണ്ടാണ്."

14 ലോകരക്ഷകനായിരിക്കുവാനാണ് ദൈവം തന്‍റെ പുത്രനെ അയച്ചതെന്ന് നാം കണ്ടു കഴിഞ്ഞു. അതാണു ജനങ്ങളോടു നാം ഇപ്പോള്‍ പറയുന്നത്."

15 “യേശു ദൈവപുത്രനെന്നു ഞാന്‍ വിശ്വസിക്കുന്നു” എന്ന് ഒരുവന്‍ പറയുന്നുവെങ്കില്‍ ദൈവം അവനിലുണ്ട്. അവന്‍ ദൈവത്തില്‍ വസിക്കുകയും ചെയ്യുന്നു."

16 അതുകൊണ്ട് ദൈവത്തിനു നമ്മോടുള്ള സ്നേഹത്തെക്കുറിച്ച് നമുക്കറിയാം. ആ സ്നേഹത്തില്‍ വിശ്വസിക്കുവാനും നാം പഠിച്ചിട്ടുണ്ട്. ദൈവം സ്നേഹമാണ്. സ്നേഹത്തില്‍ ജീവിക്കുന്നവന്‍ ദൈവത്തില്‍ ജീവിക്കുന്നു. ദൈവവും അവനില്‍ വസിക്കുന്നു."

17 ദൈവസ്നേഹം നമ്മില്‍ പരിപൂര്‍ണ്ണമാക്കപ്പെട്ടുവെങ്കില്‍ ദൈവം വിധിക്കുന്ന ആ ദിനത്തില്‍ ഭീതികൂടാതെ കഴിയാം. ഈ ലോകത്തില്‍ നാം ക്രിസ്തുവിനെപ്പോലെ ആയിരിക്കുന്നതു കൊണ്ട് നാം ഭീതിയില്ലാതെയിരിക്കും."

18 എവിടെ ദൈവസ്നേഹമുണ്ടോ അവിടെ ഭീതിയില്ല. എന്തുകൊണ്ടെന്നാല്‍ ദൈവത്തിന്‍റെ പൂര്‍ണ്ണസ്നേഹം ഭീതിയെ പുറത്താക്കുന്നു. ദൈവത്തിന്‍റെ ശിക്ഷയാണ് ഒരുവനെ ഭീതിദനാക്കുന്നത്. അപ്പോള്‍ പേടിയുള്ള ഒരുവനില്‍ ദൈവസ്നേഹം പൂര്‍ണ്ണമാക്കപ്പെട്ടിട്ടില്ല."

19 ദൈവം ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ട് നാം സ്നേഹിക്കുന്നു."

20 “ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നു” എന്നൊരുവന്‍ പറയുകയും തന്‍റെ സഹോദരനെയോ സഹോദരിയെയോ വെറുക്കുകയും ചെയ്യുന്നുവെങ്കില്‍ അവന്‍ ഒരു നുണയനാണ്. അവന് തന്‍റെ സഹോദരനെ കാണാന്‍ കഴിയുമെങ്കിലും അവനെ അവന്‍ വെറുക്കുന്നു. അതുകൊണ്ട് അത്തരം ഒരുവന് ദൈവത്തെ സ്നേഹിക്കാന്‍ സാധിക്കില്ല. കാരണം അവന്‍ ഒരിക്കലും ദൈവത്തെ കണ്ടിട്ടില്ല എന്നതുതന്നെ."

21 ദൈവത്തെ സ്നേഹിക്കുന്ന ഒരുവന്‍ തന്‍റെ സഹോദരനെയും സ്നേഹിച്ചിരിക്ക ണം എന്ന കല്പന അവന്‍ തന്നിരിക്കുന്നു."

5

1 യേശു, ക്രിസ്തുവാണെന്നു വിശ്വസിക്കുന്നവര്‍ ദൈവമക്കളാണ്. പിതാവിനെ സ്നേഹിക്കുന്ന വ്യക്തി പിതാവിന്‍റെ മക്കളെയും സ്നേഹിക്കുന്നു."

2 ദൈവമക്കളെ നാം സ്നേഹിക്കുന്നു എന്ന് നമുക്ക് എങ്ങനെ അറിയാന്‍ സാധിക്കും? ദൈവത്തെ സ്നേഹിക്കുകയും അവന്‍റെ കല്പനകളെ അനുസരിക്കുകയും ചെയ്യുന്നതു കൊണ്ട് അതു നമുക്കറിയാം."

3 ദൈവത്തെ സ്നേഹിക്കുക എന്നാല്‍ അവന്‍റെ കല്പനകള്‍ അനുസരിക്കുക എന്നര്‍ത്ഥം. ദൈവകല്പനകള്‍ നമുക്കത്ര കഠിനവുമല്ല."

4 എന്തുകൊണ്ടെന്നാല്‍ ദൈവമക്കള്‍ക്ക് ലോകത്തെ ജയിക്കുവാനുള്ള ശക്തിയുണ്ട്."

5 ലോകത്തിനെതിരായി ജയം നേടുന്നത് നമ്മുടെ വിശ്വാസമാണ്. അതിനാല്‍ ലോകത്തെ ജയിച്ചവനാരാണ്? യേശു ദൈവപുത്രനെന്നു വിശ്വസിക്കുന്നവനാണ്."

6 വന്നവന്‍ യേശുക്രിസ്തു ആണ്. രക്തവും ജലവും കൊണ്ടാണ് യേശു വന്നത്. ജലത്താല്‍ മാത്രമല്ല യേശു വന്നത്. അല്ല, ജലത്താലും രക്തത്താലും വന്നു. ആത്മാവ് ഇതു ശരിയാണെന്നു നമ്മോടു പറയുകയും ചെയ്യുന്നു. ആത്മാവ് സത്യമാണ്."

7 അതുകൊണ്ട് യേശുവിനെപ്പറ്റി പറയുന്ന മൂന്നു സാക്ഷികളുണ്ട്."

8 ആത്മാവും വെള്ളവും രക്തവും. ഈ മൂന്നു സാക്ഷികളും സമ്മതിക്കുന്നു."

9 [This verse may not be a part of this translation]"

10 ദൈവപുത്രനില്‍ വിശ്വാസമര്‍പ്പിച്ചവനില്‍ ദൈവം നമ്മോടു പറഞ്ഞ സത്യം ഉണ്ട്. ദൈവത്തെ വിശ്വസിക്കാത്തവന്‍ ദൈവത്തെ നുണയനാക്കുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍ ദൈവം തന്‍റെ മകനെക്കുറിച്ചു"

11 സത്യം പറഞ്ഞ കാര്യങ്ങള്‍ അവന്‍ വിശ്വസിക്കുന്നില്ല. ഇതാണ് ദൈവം നമ്മോട് പറഞ്ഞത്: ദൈവം നമുക്കു നിത്യജീവന്‍ നല്‍കിയിരിക്കുന്നു. ഈ നിത്യജീവനാകട്ടെ അവന്‍റെ പുത്രനിലുമാണ്."

12 ആ പുത്രനുള്ള ഒരുവന് ജീവനുണ്ട്. ദൈവപുത്രനില്ലാത്തവന് ജീവനില്ല."

13 ദൈവപുത്രനില്‍ വസിക്കുന്ന നിങ്ങള്‍ക്കാണ് ഞാന്‍ ഈ കത്തെഴുതുന്നത്. ഇപ്പോള്‍ നിങ്ങള്‍ക്കു നിത്യജീവനുണ്ട് എന്നറിയണമെന്നതുകൊണ്ട് ഞാനിതെഴുതുന്നു."

14 സംശയങ്ങളില്ലാതെ നമുക്ക് ദൈവത്തെ സമീപിക്കാന്‍ കഴിയും. ഇതിന്‍റെ അര്‍ത്ഥം നാം ദൈവത്തോട് കാര്യങ്ങള്‍ ചോദിച്ചാല്‍ (ദൈവം നമുക്ക് ആവശ്യമെന്നു സമ്മതിക്കുന്നവ) നാം പറയുന്നതു ദൈവം ശ്രദ്ധിക്കുന്നു എന്നാണ്."

15 നാം അവനോട് ചോദിക്കുന്പോഴെല്ലാം അവന്‍ കേള്‍ക്കുന്നു. അതുകൊണ്ട് നാം അവനില്‍ നിന്നാവശ്യപ്പെടുന്നത് അവന്‍ തരുന്നുവെന്നു നാം അറിയുന്നു."

16 തന്‍റെ സഹോദരനോ സഹോദരിയോ പാപം (നിത്യമരണത്തിലേക്കു നയിക്കാത്ത പാപം)ചെയ്യുന്നതു ഒരുവന്‍ കാണുന്നു എന്നു വിചാരിക്കുക. അപ്പോള്‍ അവന്‍ പാപം ചെയ്യുന്ന സഹോദരനുവേണ്ടിയോ സഹോദരിക്കുവേണ്ടിയോ പ്രാര്‍ത്ഥിക്കണം. അപ്പോള്‍ ദൈവം ആ സഹോദരനോ സഹോദരിക്കോ ജീവന്‍ നല്‍കും. നിത്യമരണത്തിലേക്കു നയിക്കാത്ത പാപം ചെയ്യുന്നവനെപ്പറ്റിയാണ് ഞാന്‍ സംസാരിക്കുന്നത്. മരണത്തിലേക്കു നയിക്കുന്ന പാപവും ഉണ്ട്. ആ പാപത്തെക്കുറിച്ച് പ്രാര്‍ത്ഥിക്കണമെന്ന് ഞാന്‍ അര്‍ത്ഥമാക്കുന്നില്ല."

17 തെറ്റ് ചെയ്യുന്നത് എപ്പോഴും പാപമാണ്. നിത്യമായ മരണത്തിലേക്ക് നയിക്കാത്ത പാപവും ഉണ്ട്."

18 ദൈവമക്കളായവര്‍ ഒരിക്കലും പാപം തുടര്‍ന്നുകൊണ്ടിരിക്കില്ല എന്ന് നമുക്കറിയാം. ദൈവപുത്രന്‍ ദൈവമക്കളെ സംരക്ഷിക്കും. ദുഷ്ടന് അവനെ തീണ്ടാന്‍ കഴികയില്ല."

19 നാം ദൈവത്തിനുള്ളവരാണെന്ന് നാം അറിയുന്നു. എന്നാല്‍ ദുഷ്ടന്‍ ലോകത്തെ മുഴുവന്‍ നിയന്ത്രിക്കുന്നു."

20 ദൈവപുത്രന്‍ വന്നിരിക്കുന്നു എന്നു നമുക്കറിയാം. ദൈവപുത്രന്‍ നമുക്ക് ധാരണാശേഷി തന്നിട്ടുണ്ട്. ഇപ്പോള്‍ നമുക്ക് യഥാര്‍ത്ഥ ദൈവത്തെ അറിയാന്‍ കഴിയും. സത്യമായത് ദൈവം ഒരുവനാണ്. നമ്മുടെ ജീവന്‍ സത്യദൈവത്തിലും അവന്‍റെ പുത്രനായ യേശുക്രിസ്തുവിലുമാണ്. സത്യ ദൈവവും നിത്യജീവനും അവനാണ്."

21 അതുകൊണ്ട് പ്രിയമക്കളേ വ്യാജദൈവങ്ങളില്‍ നിന്നു നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊള്ളുക."