1

1 യേശുക്രിസ്തുവിന്‍റെ ദാസനും അപ്പൊസ്തലനുമായ ശിമോന്‍ പത്രൊസില്‍ നിന്നും, ഞങ്ങള്‍ക്കുള്ളതു പോലെയുള്ള അതേ മൂല്യവത്തായ വിശ്വാസമുള്ള നിങ്ങള്‍ക്കെല്ലാവര്‍ക്കും എഴുതുന്നത്. നമ്മുടെ ദൈവവും രക്ഷകനുമായ യേശുക്രിസ്തുവും നീതിമാനായതുകൊണ്ട് നിങ്ങള്‍ക്ക് ആ വിശ്വാസം കിട്ടി. അവന്‍ ശരിയായതു ചെയ്യുന്നു."

2 കൃപയും സമാധാനവും നിങ്ങള്‍ക്കു കൂടുതല്‍ കൂടുതല്‍ ലഭിക്കുമാറാകട്ടെ. ദൈവത്തെയും നമ്മുടെ കര്‍ത്താവായ യേശുവിനെയും അറിയാമെന്നതുകൊണ്ട് കരുണയും സമാധാനവും നിങ്ങള്‍ക്കു ലഭിച്ചു."

3 യേശുവിന് ദൈവത്തിന്‍റെ ശക്തിയുണ്ട്. അവന്‍റെ ശക്തി ദൈവത്തെ ശുശ്രൂഷിക്കുന്നതിനും നമുക്കു ജീവിക്കുന്നതിനുമായ എല്ലാ കാര്യങ്ങളും നല്‍കി. നമുക്കവനെ അറിയാം എന്നതുകൊണ്ട് ഇവയൊക്കെ നമുക്കുണ്ട്. തന്‍റെ പ്രതാപവും നന്മയും കൊണ്ട് യേശു നമ്മെ വിളിച്ചിരിക്കുന്നു."

4 തന്‍റെ പ്രതാപവും നന്മയും വഴി യേശു നമുക്കു വാഗ്ദാനം നല്‍കിയ അമൂല്യമായ മഹാദാനങ്ങള്‍ നല്‍കിയിരിക്കുന്നു. ആ ദാനങ്ങള്‍ വഴി വിശുദ്ധസ്വഭാവം നമുക്കു പങ്കുവയ്ക്കാം. അതുകൊണ്ട് ലോകം അതാഗ്രഹിക്കുന്ന തിന്മകളാല്‍ നിങ്ങളെ നശിപ്പിക്കയില്ല."

5 ഈ അനുഗ്രഹങ്ങളൊക്കെ നിങ്ങള്‍ക്കുള്ളതുകൊണ്ട് അതു നിങ്ങളുടെ ജീവിതത്തിനു മുതല്‍ക്കൂട്ടാക്കാന്‍ പരമാവധി ശ്രമിക്കുക. നിങ്ങളുടെ വിശ്വാസത്തിലേക്ക് നന്മയും നന്മയിലേക്ക് അറിവും"

6 അറിവിലേക്ക് ആത്മനിയന്ത്രണവും ആത്മനിയന്ത്രണത്തിലേക്ക് സ്ഥിരതയും സ്ഥിരതയിലേക്ക് ദൈവശുശ്രൂഷയും"

7 ദൈവശുശ്രൂഷയിലേക്ക് നിങ്ങളുടെ സഹോദരങ്ങള്‍ക്കു വേണ്ടിയുള്ള കരുണയും ഈ കരുണയിലേക്ക് സ്നേഹവും കൂട്ടിച്ചേര്‍ക്കുക."

8 ഈ കാര്യങ്ങളത്രയും നിങ്ങളിലുണ്ടാകുകയും അതു വളരുകയും ചെയ്യുന്നുവെങ്കില്‍, ഈ കാര്യങ്ങള്‍ നിങ്ങളെ ഒരിക്കലും പ്രയോജനശൂന്യരാകാതിരിക്കാന്‍ സഹായിക്കും. നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവില്‍ നിങ്ങള്‍ക്കുള്ള അറിവുകൊണ്ട് ഈ കാര്യങ്ങള്‍ നിങ്ങളെ ഒന്നിനും കൊള്ളാത്തവരാകാതിരിക്കാന്‍ സഹായിക്കും."

9 എന്നാല്‍ ഈവക കാര്യങ്ങള്‍ ഒരുവന് ഇല്ലെങ്കില്‍ അവനു വ്യക്തമായി കാണാന്‍ കഴിയില്ല. അവന്‍ അന്ധനാണ്. പഴയ തിന്മകളില്‍നിന്നും അവനെ ശുദ്ധനാക്കി എന്നുള്ളത് അവന്‍ മറന്നു."

10 എന്‍റെ സഹോദരങ്ങളേ, ദൈവം അവന്‍റേതായിരിക്കാന്‍ നിങ്ങളെ വിളിയ്ക്കുകയും തിരഞ്ഞെടുക്കുകയും ചെയ്തു. ദൈവം വിളിച്ചവരും തിരഞ്ഞെടുക്കപ്പെട്ടവരും ആണ് നിങ്ങളെന്ന് തെളിയിക്കാന്‍ തീവ്രമായി ശ്രമിയ്ക്കണം. ഇതു ചെയ്യുമെങ്കില്‍ നിങ്ങള്‍ ഇടറിപ്പോകയില്ല."

11 നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്‍റെ രാജ്യത്തിലേക്ക് ശ്രേഷ്ഠമായ വരവേല്പും നിങ്ങള്‍ക്കു കിട്ടും. ആ രാജ്യം എക്കാലത്തേക്കും ഉള്ളതാണ്."

12 ഇക്കാര്യം നിങ്ങള്‍ക്ക് അറിയാം. നിങ്ങള്‍ക്കുള്ള സത്യത്തില്‍ നിങ്ങള്‍ ബലവാന്മാരാണ്. എന്നാല്‍ ഈ കാര്യങ്ങള്‍ ഓമ്മിപ്പിക്കാന്‍ ഞാന്‍ എപ്പോഴും സഹായിക്കും."

13 ഈ ഭൂമിയില്‍ ജീവിച്ചിരിക്കും കാലത്തോളം ഈ കാര്യങ്ങള്‍ ഓര്‍പ്പിച്ചു സഹായിക്കുന്നത് ശരിയാണെന്നു ഞാന്‍ കരുതുന്നു."

14 ഈ ശരീരം തീര്‍ച്ചയായും ഉടനെ ഉപേക്ഷിക്കണമെന്ന് എനിക്കറിയാം. നമ്മുടെ കര്‍ത്താവായ യേശു അത് എന്നെ കാണിച്ചു."

15 ഈ കാര്യമത്രയും എപ്പോഴും ഓര്‍മ്മിപ്പിച്ചു സഹായിക്കാന്‍ എന്നെക്കൊണ്ടാവുന്നത്രയും ഞാന്‍ ശ്രമിയ്ക്കും. എനിക്കുശേഷവും ഇവയത്രയും ഓര്‍മ്മിപ്പിക്കാന്‍ കെല്പുള്ളവരാകണം നിങ്ങളെന്നു ഞാന്‍ ആഗ്രഹിക്കുന്നു."

16 കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ശക്തിയെപ്പറ്റി ഞങ്ങള്‍ നിങ്ങളോടു പറഞ്ഞു. അവന്‍റെ വരവിനെപ്പറ്റിയും പറഞ്ഞു. ഞങ്ങള്‍ പറഞ്ഞതത്രയും ആള്‍ക്കാര്‍ നെയ്തെടുത്ത വെറും രസികന്‍ കഥകളല്ല. അതെ, ക്രിസ്തുവിന്‍റെ പ്രതാപം ഞങ്ങളുടെ തന്നെ കണ്ണുകള്‍ക്കൊണ്ടു ഞങ്ങള്‍ കണ്ടതാണ്."

17 മഹാ പ്രതാപവാനായ ദൈവത്തിന്‍റെ ശബ്ദം യേശു കേട്ടു. പിതാവായ ദൈവത്തില്‍ നിന്ന് ആദരവും മഹത്വവും കിട്ടിയപ്പോഴായിരുന്നു അത്. ശബ്ദം പറഞ്ഞു, “ഇത് എന്‍റെ പുത്രനാണ്, ഞാന്‍ അവനെ സ്നേഹിക്കുന്നു. ഞാനവനില്‍ സംപ്രീതനാണ്.”"

18 ഞങ്ങളും ആ ശബ്ദം കേട്ടു. യേശുവും ഒത്ത് ഞങ്ങള്‍ വിശുദ്ധഗിരിയില്‍ ആയിരിക്കുന്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നാണതു വന്നത്."

19 പ്രവാചകര്‍ പറഞ്ഞ ഈ കാര്യങ്ങള്‍ ഞങ്ങളില്‍ പൂര്‍ണ്ണമായും സ്ഥിരപ്പെടുത്തി. പ്രവാചകര്‍ പറഞ്ഞ കാര്യങ്ങളെ ശ്രദ്ധാപൂര്‍വ്വം പിന്തുടരുന്നത് നിങ്ങള്‍ക്കു നല്ലതാണ്. അവര്‍ പറഞ്ഞിട്ടുള്ള ഈ കാര്യങ്ങളത്രയും അന്ധകാരം നിറഞ്ഞ സ്ഥലത്ത് മിന്നും വെളിച്ചം പോലെയാണ്. പ്രഭാതം തുടങ്ങുംവരെ അതു തെളിയുകയും പ്രഭാതനക്ഷത്രം നിങ്ങളുടെ ഹൃദയത്തില്‍ ഉദിയ്ക്കുകയും ചെയ്യും."

20 ഏറ്റവും പ്രധാനമായി നിങ്ങള്‍ ഇതു മനസ്സിലാക്കണം. തിരുവെഴുത്തുകളിലെ പ്രവചനം യാതൊരു വ്യക്തിയുടെയും സ്വന്തമായ ഭാഷ്യങ്ങളല്ല."

21 അതെ, ഒരു മനുഷ്യന്‍ എന്തു പറയാന്‍ ആഗ്രഹിച്ചോ അതൊന്നില്‍ നിന്നും ഒരു പ്രവചനവും വന്നില്ല. പക്ഷേ ജനങ്ങള്‍ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട് ദൈവത്തില്‍ നിന്നുള്ള കാര്യങ്ങള്‍ സംസാരിച്ചു."

2

1 പണ്ട് ദൈവജനത്തിനിടയില്‍ കള്ളപ്രവാചകരുണ്ടായിരുന്നു. ഇന്നും അപ്രകാരം തന്നെ. അതുപോലെ തന്നെ നിങ്ങളുടെ കൂട്ടത്തിലും വ്യാജ അദ്ധ്യാപകര്‍ ഉണ്ടാകും. ജനങ്ങള്‍ നഷ്ടപ്പെടുന്നവിധം തെറ്റായ ഉപദേശങ്ങള്‍ അവര്‍ പഠിപ്പിക്കും. തങ്ങള്‍ പഠിപ്പിക്കുന്നത് തെറ്റാണെന്ന് മനസ്സിലാകാത്ത വിധത്തില്‍ അവര്‍ പഠിപ്പിക്കും. അവര്‍ക്കു സ്വാതന്ത്ര്യം കൊണ്ടുവന്നു കൊടുത്ത നാഥനെപ്പോലും (യേശു) അവര്‍ നിഷേധിയ്ക്കുകയും ചെയ്യും. അതുകൊണ്ട് അവര്‍ വേഗത്തില്‍ സ്വയം നശിക്കും."

2 അവര്‍ ചെയ്യുന്ന ദുഷ്കര്‍മ്മങ്ങളില്‍ വളരെയേറെപ്പേര്‍ അവരെ പിന്തുടരും. ഇതരര്‍ അക്കൂട്ടര്‍ കാരണം സത്യത്തിന്‍റെ പാതയെക്കുറിച്ച് മോശമായി സംസാരിക്കും."

3 ആ വ്യാജ അദ്ധ്യാപകര്‍ക്ക് നിങ്ങളുടെ പണം മാത്രം മതി. അതുകൊണ്ട് പൊളിവചനങ്ങള്‍ പറഞ്ഞ് നിങ്ങളെ ഉപയോഗിക്കും. ആ വ്യാജാദ്ധ്യാപകര്‍ക്കെതി രെയുള്ള വിധിവാചകം നേരത്തേ തയ്യാറാക്കിയിട്ടുണ്ട്. അവരെ നശിപ്പിക്കുന്നവനില്‍ (ദൈവം) നിന്ന് അവര്‍ രക്ഷപെടില്ല."

4 ദൂതന്മാര്‍ പാപം ചെയ്തപ്പോള്‍ ശിക്ഷയില്ലാതെ സ്വതന്ത്രമാക്കാന്‍ ദൈവം അവരെ അനുവദിച്ചില്ല. അതെ, ദൈവം അവരെ നരകത്തിലേക്ക് അയച്ചു. ഇരുട്ടിന്‍റെ ഗുഹകളിലേക്ക് ദൈവം അവരെ ഇട്ടു. അന്തിമവിധി വരെ അവരെ അവിടെത്തന്നെ ഇട്ടിരിക്കുന്നു."

5 പണ്ട് ജീവിച്ചിരുന്ന ദുഷ്ടരെയും ദൈവം ശിക്ഷിച്ചു. ദൈവനിഷേധികളാല്‍ നിറഞ്ഞിരുന്ന ഭൂമിയിലേക്കു ദൈവം പ്രളയം കൊണ്ടുവന്നു. എന്നാല്‍ നോഹയെയും അവനോടൊപ്പമുണ്ടായിരുന്ന ഏഴുപേരെയും ദൈവം രക്ഷിച്ചു. നീതിയോടെ ജീവിക്കാന്‍ ജനങ്ങളോട് പറഞ്ഞ ഒരുവനാണ് നോഹ."

6 മാത്രമല്ല ദൈവം സൊദോം, ഗൊമോറാ എന്നീ നഗരങ്ങളെയും ശിക്ഷിച്ചിരുന്നു. ചാരമൊഴികെ മറ്റൊന്നും ഇല്ലാത്ത തരത്തില്‍ ദൈവം ആ നഗരങ്ങളെ എരിച്ചു. ദൈവത്തിനെതിരായിട്ടുള്ളവര്‍ക്ക് എന്തു സംഭവിക്കും എന്നതിനു ദൈവം ആ നഗരങ്ങളെ ഉദാഹരണമാക്കി."

7 പക്ഷെ ദൈവം ലോത്തിനെ രക്ഷിച്ചു. ലോത്ത് വളരെ നല്ലവനായ മനുഷ്യനായിരുന്നു. ജനങ്ങളുടെ വൃത്തികെട്ട ജീവിതശൈലികൊണ്ട് അവനു പൊറുതിമുട്ടി."

8 (ലോത്ത് നല്ലവനായിരുന്നെങ്കിലും ആ വൃത്തികെട്ടവര്‍ക്കൊപ്പമായിരുന്നു ദിനംതോറും ജീവിച്ചത്. അവന്‍ കേട്ടതും കണ്ടതുമായ ദുഷ്കാര്യങ്ങളാല്‍ ലോത്തിന്‍റെ നല്ല ഹൃദയം മുറിപ്പെട്ടു.)"

9 അതെ, ദൈവമാണ് ഇതു ചെയ്തത്. അതുകൊണ്ട് അവനെ ശുശ്രൂഷിക്കുന്നവരെ എങ്ങനെ രക്ഷിക്കണമെന്നു കര്‍ത്താവിനറിയാം. ദുഷ്ടരെ ബന്ധനത്തില്‍ വയ്ക്കുകയും ന്യായവിധിദിവസം വരെ കാത്തിരുന്ന് കര്‍ത്താവ് അവരെ ശിക്ഷിക്കുകയും ചെയ്യും."

10 ഹീനമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കും പാപം നിറഞ്ഞ സ്വയത്തെ അനുസരിച്ചു ജീവിക്കുന്നവര്‍ക്കും ദൈവത്തിന്‍റെ അധികാരത്തെ എതിര്‍ക്കുന്നവര്‍ക്കും ആണ് പ്രധാനമായിട്ട് ഈ ശിക്ഷ. ഈ കപട അദ്ധ്യാപകര്‍ അവര്‍ക്ക് വേണ്ടത് ചെയ്യുകയും സ്വയം പുകഴ്ത്തുകയും ചെയ്യും. ബലവും ശക്തിയുമേറിയ ദൂതന്മാരെക്കുറിച്ചും മോശമായ കാര്യങ്ങള്‍ സംസാരിക്കാന്‍ അവര്‍ക്കു ഭീതിയില്ല."

11 ദൂതന്മാര്‍ ഈ വ്യാജ അദ്ധ്യാപകരെക്കാള്‍ വളരെ കരുത്തരും ശക്തരുമാണ്. എന്നാല്‍ ദൂതന്മാര്‍ പോലും ദൈവസമക്ഷം അവര്‍ക്കെതിരെ കുറ്റം ആരോപിയ്ക്കുകയോ ചീത്ത പറയുകയോ ഇല്ല."

12 എന്നാല്‍, ഈ വ്യാജഅദ്ധ്യാപകര്‍ തങ്ങള്‍ക്കു മനസ്സിലാകാത്ത കാര്യങ്ങള്‍ക്കെതിരെ ദുഷ്ക്കാര്യങ്ങള്‍ സംസാരിക്കുന്നു. പിടികൂടപ്പെട്ട് കൊല്ലപ്പെടുവാന്‍ മാത്രമായി ജനിച്ചിരിക്കുന്ന വന്യമൃഗങ്ങളെപ്പോലെ ഇവരും ചിന്തിക്കാതെ പ്രവര്‍ത്തിക്കുന്നു. വന്യമൃഗങ്ങളെപ്പോലെ ഇവരെയും നശിപ്പിക്കും."

13 ഇവര്‍ മൂലം പലര്‍ക്കും ക്ലേശം വന്നു. അതുകൊണ്ട് അവരും സ്വയം ക്ലേശിക്കും. അവര്‍ ചെയ്തതിനുളള ഫലം ആണ് അത്. എല്ലാവരും കാണ്‍കെ ദുഷ്കര്‍മ്മങ്ങള്‍ ചെയ്യുന്നത് രസമാണെന്ന് അവര്‍ കരുതുന്നു. അവരുടെ സ്വന്തം ദുഷ്ചെയ്തികളില്‍ അവര്‍ രസം കൊള്ളുകയും അതില്‍ സംതൃപ്തരാകുകയും ചെയ്യുന്നു. അതുകൊണ്ട് അവര്‍ നിങ്ങളിലുള്ള മലിനമായ പൊട്ടും കറയുമാണ് (കളങ്കമാണ്). ഒന്നിച്ചു ഭക്ഷിക്കുന്പോള്‍ നിങ്ങളിലേക്ക് അവര്‍ ലജ്ജ കൊണ്ടുവരുന്നു."

14 അവര്‍ ഒരു സ്ത്രീയെ നോക്കുന്പോഴെല്ലാം അവളെ ആഗ്രഹിക്കുന്നു. ഇപ്രകാരം അവര്‍ സദാ തെറ്റു ചെയ്യുന്നു. ബലഹീനരെ അവര്‍ പാപക്കെണിയിലേക്ക് നയിക്കുന്നു. എപ്പോഴും അത്യാര്‍ത്തിയുള്ളവരാകാന്‍ അവര്‍ തങ്ങളെത്തന്നെ പഠിപ്പിക്കുന്നു. അവര്‍ ശപിക്കപ്പെട്ടവരാണ്."

15 ഈ വ്യാജ അദ്ധ്യാപകര്‍ സന്മാര്‍ഗ്ഗത്തെ ഉപേക്ഷിച്ച് ചീത്തമാര്‍ഗ്ഗത്തിലേക്കു പോയി. ബിലെയാം പോയ അതേ വഴി അവര്‍ പിന്തുടര്‍ന്നു. ബിലെയാം ബെയോരിന്‍റെ പുത്രനായിരുന്നു. പ്രതിഫലത്തിനുവേണ്ടി തെറ്റു ചെയ്യുന്നതു അവന്‍ ഇഷ്ടപ്പെട്ടു."

16 പക്ഷേ ഒരു കഴുത ബിലെയാമിനോട് അവന്‍ ചെയ്യുന്നതു തെറ്റാണെന്നു പറഞ്ഞു. കഴുത സംസാരശേഷി ഇല്ലാത്ത ഒരു മൃഗമാണ്. പക്ഷേ ഈ കഴുത മനുഷ്യ ശബ്ദത്തില്‍ സംസാരിച്ചു. ബിലെയാമിന്‍റെ ഭ്രാന്തന്‍ വഴികളെ തടഞ്ഞു."

17 ജലം ഇല്ലാത്ത നദി പോലെയാണ് ആ വ്യാജപ്രവാചകര്‍. കൊടുങ്കാറ്റാല്‍ ഓടിക്കപ്പെട്ട മേഘങ്ങള്‍ പോലെയാണവര്‍. അത്യഗാധത്തിലെ കൊടും കൂരിരുട്ടുള്ള സ്ഥലം അവര്‍ക്കായി ഒരുക്കിയിട്ടുണ്ട്."

18 കപടവാക്കുകളാല്‍ വ്യാജ അദ്ധ്യാപകര്‍ പുകഴ്ത്തും. പാപക്കെണിയില്‍ അവര്‍ ജനങ്ങളെ കുരുക്കും. തെറ്റായി ജീവിയ്ക്കുന്നവരില്‍ നിന്നും മാറാന്‍ തുടങ്ങിക്കൊണ്ടിരിക്കുന്നവരെപ്പോലും അവര്‍ വഴി തെറ്റിക്കും. അവരുടെ പാപം നിറഞ്ഞ സ്വയം ആഗ്രഹിക്കുന്ന ദുഷ്ടചിന്തകള്‍ പ്രായോഗികമാക്കാന്‍ പ്രോത്സാഹിപ്പിക്കുക വഴിയാണ് ഈ കള്ള അദ്ധ്യാപകര്‍ ഇതു ചെയ്യുന്നത്."

19 ആ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്ന് ഈ വ്യാജ അദ്ധ്യാപകര്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഈ വ്യാജ അദ്ധ്യാപകര്‍ തന്നെ സ്വതന്ത്രരല്ല. നശ്വരമായ വസ്തുക്കളുടെ അടിമകളാണ് അവര്‍. ഒരു വ്യക്തി അവനെ നിയന്ത്രിക്കുന്ന കാര്യത്തിന് അടിമയാണ്."

20 നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിനെ അറിഞ്ഞു സ്വതന്ത്രരായതിനു ശേഷം വീണ്ടും ദുഷ്കാര്യങ്ങളിലേക്കു തിരിയുകയും ദുഷ്ടത അവരെ നിയന്ത്രിക്കുവാന്‍ തുടങ്ങുകയാണെങ്കില്‍ അവരുടെ നില ആദ്യത്തേതിനെക്കാള്‍ മോശമായിരിക്കും."

21 അത്തരം ആള്‍ക്കാര്‍ ഒരിക്കലും സത്യമാര്‍ഗ്ഗം അറിയാതിരിക്കുന്നതാണ് നല്ലത്. അതാണ് അവര്‍ക്കു നല്‍കപ്പെട്ട വിശുദ്ധ ഉപദേശം. അറിഞ്ഞതിനു ശേഷം അതില്‍ നിന്നും അകലുന്നതിലും നല്ലത് അറിയാതിരിക്കുന്നതാണ്."

22 “ഛര്‍ദ്ദി വീണ്ടും ഭക്ഷിക്കുന്ന നായെപ്പോലെ” എന്നും “വൃത്തിയായതിനു ശേഷവും ചെളിയിലുരുളുന്ന ഒരു പന്നിയെപ്പോലെ” എന്നും ഇവരുടെ ചെയ്തികളെ സമപ്പെടുത്താം."

3

1 വത്സല സുഹൃത്തുക്കളേ, ഇത് നിങ്ങള്‍ക്ക് ഞാനെഴുതിയ രണ്ടാമത്തെ കത്താണ്. ഇവ രണ്ടും എഴുതിയത് ആത്മാര്‍ത്ഥമായ ചിന്തകള്‍ മനസ്സില്‍ ഉണര്‍ത്തുവാനും ചില കാര്യങ്ങളെ ഓര്‍പ്പിക്കാന്‍ സഹായിക്കുന്നതിനുമാണ്."

2 വിശുദ്ധപ്രവാചകര്‍ പണ്ടു പറഞ്ഞ വചനങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയും വേണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ കര്‍ത്താവും രക്ഷകനുമായവന്‍ നമുക്കു തന്ന കല്പനകള്‍ ഓര്‍ക്കുവിന്‍. നിങ്ങളുടെ അപ്പൊസ്തലരിലൂടെയാണ് അവന്‍ ഈ കല്പനകളെ നല്‍കിയിരിക്കുന്നത്."

3 അവസാനനാളുകളില്‍ എന്തു സംഭവിയ്ക്കും എന്നു മനസ്സിലാക്കേണ്ടത് നിങ്ങള്‍ക്കു പ്രധാനമാണ്. ദുഷ്ടര്‍ നിങ്ങളെ പരിഹസിക്കും."

4 ദുഷ്ടര്‍ പറയും, “യേശു തിരികെ വരുമെന്ന് വാഗ്ദാനം ചെയ്തു; അവനെവിടെ? നമ്മുടെ പൂര്‍വ്വികര്‍ മരിക്കുകയും ലോകം അതിന്‍റെ നിര്‍മ്മിതി തൊട്ടുള്ള കാലം മുതല്‍ക്കുള്ള അതേ വഴിയില്‍ തുടരുകയും ചെയ്യുന്നു.”"

5 പക്ഷേ പണ്ടു സംഭവിച്ചത് ഓര്‍ക്കാന്‍ അവരാഗ്രഹിക്കുന്നില്ല. ആകാശം അവിടെ ഉണ്ടായിരുന്നു. ദൈവം ഭൂമിയെ ജലത്തില്‍ നിന്നും ജലം കൊണ്ടും നിര്‍മ്മിച്ചു. ഇതെല്ലാം ദൈവവചനം കൊണ്ടാണ് സംഭവിച്ചത്."

6 പിന്നീട് ആ ലോകത്തെ തന്നെ ജലപ്രളയത്തില്‍ മുക്കി നശിപ്പിച്ചു."

7 അതേ ദൈവവചനം തന്നെയാണ് ആകാശത്തെയും ഭൂമിയെയും ഇപ്പോള്‍ നമുക്കുള്ളതുപോലെ സൂക്ഷിക്കുന്നതും. ആകാശവും ഭൂമിയും തീയാല്‍ നശിപ്പിക്കുവാന്‍ വേണ്ടി സൂക്ഷിച്ചിരിക്കുകയാണ്. ഭൂമിയും ആകാശവും വിധിദിവസത്തിനും ദൈവത്തിനു എതിരായിട്ടുള്ളവരുടെ നാശത്തിനും വേണ്ടി സൂക്ഷിച്ചിരിക്കുന്നു."

8 എന്നാല്‍ പ്രിയ സ്നേഹിതരേ, ഒരു കാര്യം മറക്കരുത്. കര്‍ത്താവിന് ഒരു ദിവസം ആയിരം വര്‍ഷവും ആയിരം വര്‍ഷം ഒരു ദിവസം പോലെയുമാണ്."

9 [This verse may not be a part of this translation]"

10 പക്ഷെ കര്‍ത്താവ് തിരികെ വരുന്ന ആ ദിവസം ഒരു കള്ളനെപ്പോലെ അന്പരപ്പിക്കുന്നതായിരിക്കും. കടുത്ത ശബ്ദത്തോടെ ആകാശം കത്തിയെരിയും. ആകാശത്തിലുള്ളതൊക്കെയും തീയാല്‍ നശിപ്പിക്കപ്പെടും. ഭൂമിയും അതിലുള്ള സമസ്തവും ന്യായവിധിയ്ക്കായി ദൈവത്തിന്‍റെ മുന്പില്‍ അനാവൃതമാക്കപ്പെടും."

11 അങ്ങനെ ഞാന്‍ നിങ്ങളോടു പറഞ്ഞ വിധം സര്‍വ്വതും നശിപ്പിക്കപ്പെടും. അതുകൊണ്ട് നിങ്ങള്‍ എങ്ങനെയുള്ളവരാകണം നിങ്ങള്‍ വിശുദ്ധ ജീവിതം നയിച്ച് ദൈവത്തെ ശുശ്രൂഷിക്കണം."

12 ദൈവത്തിന്‍റെ ദിനത്തിനായി നിങ്ങള്‍ കാത്തിരിക്കണം. ആ ദിവസം വരുവാന്‍ നിങ്ങള്‍ അതിയായാഗ്രഹിക്കണം.ആ ദിവസം വരുന്പോള്‍ ആകാശവും അതിലുള്ളതൊക്കെയും ചൂടുകൊണ്ട് ഉരുകി നശിക്കും."

13 പക്ഷേ ദൈവം നമ്മോട് ഒരു വാഗ്ദാനം ചെയ്തിട്ടുണ്ട്. അവന്‍ വാഗ്ദാനം ചെയ്ത ആ പുതിയ ആകാശത്തിനും പുതിയഭൂമിയ്ക്കും വേണ്ടി നാം ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. ആ സ്ഥലത്താണ് നന്മയും ഐശ്വര്യവും വിളയുന്നത്."

14 പ്രിയ സുഹൃത്തുക്കളേ, ഇതു സംഭവിക്കാനായി നാം കാത്തു നില്‍ക്കുന്നു. പാപമില്ലാതെയിരിക്കാനും കുറ്റമില്ലാതെയിരിക്കാനും സര്‍വ്വോപരി ദൈവവുമായി സമാധാനത്തിലിരിക്കാനും പരമാവധി ശ്രമിക്കുക."

15 രക്ഷിക്കപ്പെടുവാനുള്ള അവസരം കര്‍ത്താവിന്‍റെ ക്ഷമയാല്‍ നിങ്ങള്‍ക്കു കിട്ടുമെന്നു ഓര്‍ക്കുക. ദൈവത്തില്‍ നിന്നു ലഭ്യമായ വിജ്ഞാനത്തിന്‍റെ അകന്പടിയോടെ നമ്മുടെ പ്രിയങ്കരനായ സഹോദരന്‍ പൌലൊസ് നിങ്ങളെ എഴുതി അറിയിച്ചതും അതുതന്നെ."

16 ഈ കാര്യങ്ങളെക്കുറിച്ച് പൌലൊസ് ഇതേ രീതിയില്‍ തന്‍റെ എല്ലാ എഴുത്തുകളിലും എഴുതുന്നു. മനസ്സിലാക്കാന്‍ വിഷമമുള്ള കാര്യങ്ങള്‍ ചിലപ്പോള്‍ പൌലൊസിന്‍റെ കത്തുകളിലുണ്ട്. അജ്ഞരും ആത്മാര്‍ത്ഥതയില്ലാത്തവരുമായ ആളുകള്‍ പൌലൊസിന്‍റെ എഴുത്തുകളിലുള്ള കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുന്നു. ഇതരലിഖിതങ്ങളെയും അവര്‍ വളച്ചൊടിക്കുന്നു. അങ്ങനെ ചെയ്യുകവഴി അവര്‍ തങ്ങളെത്തന്നെ നശിപ്പിക്കുകയാണ് ചെയ്യുന്നത്."

17 പ്രിയ സുഹൃത്തുക്കളേ, ഈ കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്കു മുന്നറിയിപ്പു കിട്ടിയിരിക്കുന്നു. അതുകൊണ്ട് സൂക്ഷിക്കുക. നിയമലംഘകര്‍ അവരുടെ ദുഷ്ചെയ്തികള്‍ കൊണ്ട് നിങ്ങളെ വഴി തെറ്റിക്കാന്‍ അനുവദിക്കാതിരിക്കുക. നിങ്ങളുടെ കരുത്താര്‍ന്ന വിശ്വാസത്തില്‍ നിന്നും വീഴാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക."

18 പകരം നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്‍റെ വിജ്ഞാനത്തിലും കൃപയിലും (ദയ) വളര്‍ന്നുകൊണ്ടേയിരിക്കുക. ഇപ്പോഴും എപ്പോഴും എന്നേക്കും അവനു മഹത്വം ആയിരിക്കട്ടെ! ആമേന്‍."