1

1 യേശുക്രിസ്തുവിന്‍റെ അപ്പൊസ്തലനായ പത്രൊസില്‍ നിന്നും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരും പൊന്തൊസ്, ഗലാത്യ, കപ്പദൊക്യ, ആസ്യ, ബിഥുന്യ എന്നീ ദേശങ്ങളില്‍ ചിതറി വീട്ടില്‍നിന്ന് അകന്നുനില്‍ക്കുന്നവരുമായവര്‍ക്ക്."

2 തന്‍റെ വിശുദ്ധ ജനം ആകേണ്ടതിലേക്കായി നിങ്ങളെ തിരഞ്ഞെടുക്കുവാന്‍ പിതാവായ ദൈവം നേരത്തെ തന്നെ പദ്ധതിയിട്ടു. നിങ്ങളെ വിശുദ്ധീകരിക്കുക പരിശുദ്ധാത്മാവിന്‍റെ ജോലിയാണ്. നിങ്ങള്‍ ദൈവത്തെ അനുസരിക്കണമെന്നും യേശുക്രിസ്തുവിന്‍റെ രക്തത്താല്‍ (മരണം) ശുദ്ധീകരണം പ്രാപിക്കണമെന്നും ദൈവം ആഗ്രഹിച്ചു. കൃപയും സമാധാനവും കൂടുതല്‍ കൂടുതല്‍ നിങ്ങളുടേതാകട്ടെ."

3 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും പിതാവുമായവന് സ്തുതിയായിരിക്കട്ടെ. ദൈവത്തിന്‍റെ ഉന്നത കരുണയാല്‍ അവന്‍ നമുക്ക് ഒരു പുതുജീവന്‍ നല്‍കി. ഈ പുതുജീവന്‍ യേശുക്രിസ്തുവിന്‍റെ മരണത്തില്‍ നിന്നുള്ള ഉത്ഥാനം വഴി ഒരു ജീവനുള്ള പ്രത്യാശ തന്നു."

4 ഇപ്പോള്‍ നാം ദൈവത്തിനു തന്‍റെ മക്കള്‍ക്കായിട്ടുള്ള ആശ്ശിസ്സുകള്‍ക്കു പ്രത്യാശിക്കുന്നു. അവയത്രയും സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ക്കായി കരുതിയിരിക്കുന്നു. ആ അനുഗ്രഹങ്ങള്‍ നശിപ്പിക്കപ്പെടാനോ ക്ഷയിക്കാനോ സൌന്ദര്യം നഷ്ടപ്പെടാനോ സാദ്ധ്യമല്ല."

5 നിങ്ങളുടെ രക്ഷ പൂര്‍ത്തിയാകും വരെ ദൈവശക്തി നിങ്ങളുടെ വിശ്വാസം വഴി നിങ്ങളെ കാത്തുരക്ഷിക്കും. നിങ്ങള്‍ക്കു തരാനായി ഒരുക്കിവച്ചിട്ടുള്ള രക്ഷ അന്ത്യകാലത്തില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കു കിട്ടും."

6 ഇതു നിങ്ങളെ സന്തുഷ്ടരാക്കുന്നു. എന്നാല്‍ ഇപ്പോള്‍ അല്പകാലത്തേക്ക് നാനാ വിഷമതകള്‍ നിങ്ങളെ ദുഃഖിപ്പിക്കും."

7 എന്തുകൊണ്ടാണ് ഈ വിഷമതകള്‍ ഉണ്ടാകുന്നത്? നിങ്ങളുടെ വിശ്വാസം ശുദ്ധിയുള്ളതെന്ന് തെളിയുന്നതിനു വേണ്ടിയാണ്. വിശ്വാസത്തിന്‍റെ ശുദ്ധത സ്വര്‍ണ്ണത്തെക്കാള്‍ മൂല്യമുള്ളതാണ്. തീകൊണ്ടു സ്വര്‍ണ്ണം ശുദ്ധമാണെന്നു തെളിയിക്കാമെങ്കിലും സ്വര്‍ണ്ണം ക്ഷയിക്കും. വിശ്വാസശുദ്ധി യേശുക്രിസ്തു വരുന്പോള്‍ നിങ്ങള്‍ക്കു അഭിനന്ദനവും മഹത്വവും കൊണ്ടുവരും."

8 നിങ്ങള്‍ ക്രിസ്തുവിനെ കണ്ടിട്ടില്ലെങ്കില്‍ കൂടി ഇപ്പോഴും നിങ്ങളവനെ സ്നേഹിക്കുന്നു. ഇപ്പോള്‍ നിങ്ങള്‍ക്ക് അവനെ കാണാന്‍ പറ്റില്ലെങ്കിലും നിങ്ങളവനില്‍ വിശ്വസിക്കുന്നു. അവനിലുള്ള വിശ്വാസത്തില്‍ നിന്നു സിദ്ധിക്കുന്ന വലുതും മഹത്വമേറിയതുമായ സന്തോഷം വെറും വാക്കുകളാല്‍ വിവരിക്കുക അസാദ്ധ്യം."

9 നിങ്ങളുടെ വിശ്വാസത്തിന് ഒരു ലക്ഷ്യമുണ്ട്. നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുക എന്നതാണ് ആ ലക്ഷ്യം. ആ അന്തിമലക്ഷ്യം നിങ്ങള്‍ക്കു കിട്ടുന്നതിനാല്‍ നിങ്ങള്‍ സന്തോഷിക്കുവിന്‍. അത് നിങ്ങളുടെ രക്ഷയാണ്."

10 ഈ രക്ഷയെക്കുറിച്ച് ശ്രദ്ധാപൂര്‍വ്വം പഠിക്കുകയും ഗ്രഹിക്കാന്‍ ശ്രമിക്കുകയും ചെയ്ത പ്രവാചകര്‍ നിങ്ങളിലേക്കു വന്നുകൊണ്ടിരിക്കുന്ന കൃപയെപ്പറ്റിയും സംസാരിച്ചു."

11 ക്രിസ്തുവിന്‍റെ ആത്മാവ് ആ പ്രവാചകരില്‍ ഉണ്ടായിരുന്നു. ആ ആത്മാവ് ക്രിസ്തു അനുഭവിക്കേണ്ടിവരുന്ന കഷ്ടതകളെക്കുറിച്ചും അവയ്ക്കു ശേഷം കൈവരുന്ന മഹത്വത്തെക്കുറിച്ചുമാണ് പറഞ്ഞിരുന്നത്. ആ പ്രവാചകര്‍ ആത്മാവ് അവര്‍ക്കു വെളിപ്പെടുത്തിക്കൊടുത്തിരുന്നവ ഗ്രഹിക്കാന്‍ ശ്രമിച്ചു. ഈ കാര്യങ്ങളൊക്കെ എപ്പോള്‍ സംഭവിക്കുമെന്നും ആ സമയത്ത് ലോകം എങ്ങനെയായിരിക്കുമെന്നും മനസ്സിലാക്കാന്‍ അവര്‍ ശ്രമിച്ചു."

12 പ്രവാചകര്‍ക്കുവേണ്ടി മാത്രമുള്ള പ്രവൃത്തിയല്ല അവരുടേതെന്ന് അവര്‍ക്കു വെളിവാക്കിയിരുന്നു. പ്രവാചകര്‍ നിങ്ങളെയാണു സേവിച്ചുകൊണ്ടിരുന്നത്. നിങ്ങള്‍ കേട്ട കാര്യങ്ങളെപ്പറ്റി പറഞ്ഞപ്പോള്‍ അവര്‍ നിങ്ങളെ സേവിക്കുക മാത്രമായിരുന്നു. നിങ്ങളോടു സുവിശേഷം പ്രസംഗിച്ചവര്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും അയച്ച പരിശുദ്ധാത്മാവിന്‍റെ സഹായത്താലാണ് നിങ്ങളോടു ഇതെല്ലാം പറഞ്ഞത്. നിങ്ങളോടു പറഞ്ഞ ആ കാര്യങ്ങള്‍ ദൂതന്മാര്‍ വരെ അറിയാന്‍ ആഗ്രഹിച്ചവയാണ്."

13 സേവനത്തിനു നിങ്ങളുടെ മനസ്സിനെ സജ്ജമാക്കുന്നതോടൊപ്പം ആത്മസംയമനം പാലിക്കുകയും ചെയ്യുവിന്‍. യേശുക്രിസ്തു വെളിപ്പെടുന്പോള്‍ തീര്‍ത്തും നിങ്ങളുടേതാകുന്ന ആ കൃപാദാനത്തിലായിരിക്കണം നിങ്ങളുടെ പൂര്‍ണ്ണ പ്രത്യാശ."

14 മുന്‍കാലത്ത് ഇക്കാര്യങ്ങള്‍ നിങ്ങള്‍ക്കു മനസ്സിലാകാതിരുന്നതുകൊണ്ട് നിങ്ങളാഗ്രഹിച്ച ദുഷ്കാര്യങ്ങള്‍ ചെയ്തു. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ ദൈവത്തിന്‍റെ അനുസരണമുള്ള മക്കളാണ്. അതുകൊണ്ട് പണ്ടു ജീവിച്ചിരുന്നതു പോലെ ജീവിക്കരുത്."

15 പകരം ദൈവം പരിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ശുദ്ധിയുള്ളവരാകുവിന്‍. നിങ്ങളെ വിളിച്ചതു ദൈവം ഒരുവനാണ്."

16 ഞാന്‍ വിശുദ്ധനായതുകൊണ്ടു നിങ്ങളും വിശുദ്ധരാകുവിന്‍. എന്നു തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നു."

17 നിങ്ങള്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും അവനെ പിതാവെന്നു വിളിക്കുകയും ചെയ്യുന്നു. ദൈവം ഓരോരുത്തരുടെയും പ്രവൃത്തിയെ തുല്യമായി വിധിയ്ക്കുന്നു. അതുകൊണ്ട് ഈ ഭൂമിയില്‍ നിങ്ങള്‍ പരദേശികളായി ജീവിയ്ക്കുന്പോള്‍ ദൈവത്തോടു ബഹുമാനമുള്ളവരായിരിക്കുവിന്‍."

18 പണ്ട് നിങ്ങള്‍ നിഷ്ഫലമായ രീതിയിലാണ് ജീവിച്ചിരുന്നതെന്ന് നിങ്ങള്‍ക്കറിയാം. നിങ്ങള്‍ മുന്പ് ജീവിച്ചിരുന്ന ആള്‍ക്കാരില്‍ നിന്നുമാണ് ആ ജീവിതരീതി നിങ്ങള്‍ക്കു കിട്ടിയത്. എന്നാല്‍ അത്തരം ജീവിതരീതിയില്‍ നിന്ന് നിങ്ങള്‍ രക്ഷപെട്ടു."

19 ക്ഷയിച്ചുപോകുന്ന സ്വര്‍ണ്ണമോ വെളളിയോ കൊണ്ടല്ല നിങ്ങളെ വാങ്ങിയത്. പിന്നെയോ ക്രിസ്തുവിന്‍റെ ശുദ്ധവും പൂര്‍ണ്ണവുമായ ആ കുഞ്ഞാടിന്‍റെ വിലയേറിയ രക്തത്താല്‍ ആണ് നിങ്ങളെ വാങ്ങിയത്."

20 ലോകത്തിനു അടിത്തറ ഇടുന്നതിനു മുന്പേ ക്രിസ്തുവിനെ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഈ അവസാന നാളുകളില്‍ നിങ്ങള്‍ക്കായാണ് അവനെ വെളിവാക്കിയത്."

21 ക്രിസ്തുവഴി നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. ദൈവം ക്രിസ്തുവിനെ മരണത്തില്‍ നിന്നും ഉയിര്‍പ്പിച്ചു. പിന്നെ ദൈവം അവനു മഹത്വം നല്‍കി. അതുകൊണ്ടു നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിലാണ്."

22 സത്യത്തെ അനുകരിക്കുക വഴി നിങ്ങള്‍ സ്വയം ശുദ്ധരായി. ഇനി നിങ്ങള്‍ നിങ്ങളുടെ സഹോദരങ്ങള്‍ക്കായി യഥാര്‍ത്ഥസ്നേഹം ഉള്ളവരാകണം. അതുകൊണ്ട് നിങ്ങളുടെ പൂര്‍ണ്ണ ഹൃദയത്തോടെ നിങ്ങള്‍ അഗാധമായി പരസ്പരം സ്നേഹിക്കുവിന്‍."

23 നിങ്ങള്‍ വീണ്ടും ജനിച്ചിരിക്കുന്നു. മരിക്കുന്ന ഒന്നില്‍ നിന്നും ഈ പുതുജീവന്‍ വരില്ല, അമര്‍ത്യനായ ഒന്നില്‍ നിന്നേ അതു വരൂ. എന്നും ജീവിക്കുന്നതും എന്നും തുടരുന്നതുമായ ദൈവത്തിന്‍റെ ആ സന്ദേശം വഴിയാണ് നിങ്ങള്‍ വീണ്ടും ജനിച്ചത്."

24 തിരുവെഴുത്തു പറയുന്നതു പോലെ, “ആരും എന്നേക്കും ജീവിയ്ക്കുന്നില്ല, ഏവരും പുല്ലുപോലെയും അവരുടെ മഹത്വം പൂപോലെയുമാണ്. പുല്ലു കൊഴിയുന്നു. പൂവ് കൊഴിയുന്നു."

25 പക്ഷേ ദൈവവചനം എന്നേക്കും നിലനില്‍ക്കും.” യെശയ്യാവ് 40:6-8 ഇതാണു നിങ്ങളോടു പറഞ്ഞ വചനവും"

2

1 അതുകൊണ്ട് അന്യരെ പീഢിപ്പിക്കാതിരിക്കുക, നുണ പറയരുത്. നാട്യവും അസൂയയും മറ്റുള്ളവരെപ്പറ്റി തിന്മ പറയുന്നതും ഉപേക്ഷിക്കുക."

2 നവജാതശിശുക്കളെപ്പോലെ ആകുവിന്‍. നിങ്ങളുടെ ആത്മാവിനെ തീറ്റിപ്പോറ്റുന്ന ശുദ്ധമായ പാലുപോലെ ഉപദേശത്തിനുവേണ്ടി വിശക്കുന്നവരാകുവിന്‍. അതുകുടിച്ചു നിങ്ങള്‍ക്ക് വളരുകയും രക്ഷപെടുകയും ചെയ്യാം."

3 കര്‍ത്താവിന്‍റെ നന്മ നിങ്ങള്‍ നേരത്തേതന്നെ അനുഭവിച്ചറിഞ്ഞതാണല്ലോ."

4 ജീവിയ്ക്കുന്ന “ശില”യാണ്, കര്‍ത്താവായ യേശു. ഈ ലോകത്തിലെ ജനങ്ങള്‍ ആ കല്ലിനെ (യേശു) വേണ്ടെന്നുവച്ചിരിക്കുന്നു. പക്ഷെ ദൈവം തിരഞ്ഞെടുത്ത ശിലയാണവന്‍. ദൈവത്തിന് അവന്‍ അമൂല്യനാണ്. അതുകൊണ്ട് അവന്‍റെ അടുക്കലേക്കു വരിക."

5 നിങ്ങളും ജീവിയ്ക്കുന്ന ശിലകള്‍പോലെയാണ്. ദൈവം സ്വീകരിക്കുന്ന ആത്മീയയാഗങ്ങള്‍ അര്‍പ്പിക്കുന്ന വിശുദ്ധപുരോഹിതരാകാനായി ഒരുആത്മീയ ആലയം പണിയപ്പെടാനായി നിങ്ങള്‍ ഉപയോഗിക്കപ്പെടട്ടെ. ആ ബലികള്‍ നിങ്ങള്‍ യേശുക്രിസ്തു വഴി നല്‍കുക."

6 തിരുവെഴുത്ത് പറയുന്നു. “നോക്കൂ, ഞാനൊരു അമൂല്യമായ മൂലക്കല്ലിനെ തിരഞ്ഞെടുത്തിരിക്കുന്നു. ആ കല്ലിനെ ഞാന്‍ സീയോനില്‍ നിക്ഷേപിക്കുകയാണ്. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ഒരിക്കലും നിരാശനാകയില്ല.” യെശയ്യാവ് 28:16"

7 വിശ്വസിക്കുന്ന നിങ്ങള്‍ക്ക് ആ ശില ഏറെ വിലയുള്ളതാകും. വിശ്വസിക്കാത്തവര്‍ക്ക് അവന്‍ ഇങ്ങനെ ആണ്. “ശില്പികള്‍ അവര്‍ക്കു വേണ്ടെന്നു തീരുമാനിച്ച ആ കല്ല് ഏറ്റവും പ്രധാനമായ ശിലയായി.” സങ്കീര്‍ത്തനങ്ങള്‍ 118:22"

8 അവിശ്വാസികള്‍ക്ക് അവന്‍. “ഇടറാനുള്ള കല്ലും ജനങ്ങള്‍ക്ക് വീഴുവാനുള്ള കല്ലുമാണ്.” യെശയ്യാവ് .8:14 ജനങ്ങള്‍ ഇടറും, കാരണം, അവര്‍ ദൈവത്തോടു അനുസരണക്കേടുള്ളവരാണ്. അനുസരണക്കേടുള്ളവര്‍ വീഴണമെന്ന് ദൈവം പദ്ധതിയിട്ടു. അവരെ വീഴ്ത്താനുള്ള പാറയാണ് അവന്‍."

9 എന്നാല്‍ നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ്. നിങ്ങള്‍ രാജപുരോഹിതരാണ്. നിങ്ങളൊരു വിശുദ്ധജനമാണ്. നിങ്ങള്‍ ദൈവത്തിനുള്ളവരാണ്. ദൈവം ചെയ്ത അത്ഭുതകാര്യങ്ങള്‍ പറയുവാനായാണ് നിങ്ങളെ തിരഞ്ഞെടുത്തത്. അവന്‍ ഇരുട്ടില്‍ നിന്നും അത്ഭുതാവഹമായ വെളിച്ചത്തിലേക്കു നിങ്ങളെ കൊണ്ടുവന്നു."

10 ഒരിക്കല്‍ നിങ്ങള്‍ ജനമല്ലായിരുന്നു. എന്നാലിപ്പോള്‍ ദൈവത്തിന്‍റെ ജനം. പണ്ട് കരുണ ഒരിക്കലും നിങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. എന്നാലിപ്പോള്‍ ദൈവത്തില്‍ നിന്നും കരുണ കിട്ടിയിരിക്കുന്നു."

11 പ്രിയ സുഹൃത്തുക്കളേ, നിങ്ങള്‍ ഈ ലോകത്തിലെ അപരിചിതരെയും സന്ദര്‍ശകരെയും പോലെയാണ്. അതുകൊണ്ട് നിങ്ങളുടെ സകല ദുഷ്ട ആഗ്രഹങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുവാന്‍ നിങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ കാര്യങ്ങള്‍ നിങ്ങളുടെ ആത്മാവിനെതിരെ യുദ്ധം ചെയ്യും."

12 അവിശ്വാസികളാണ് നിങ്ങള്‍ക്കു ചുറ്റും ജീവിയ്ക്കുന്നത്. അവര്‍ പറഞ്ഞേക്കാം നിങ്ങള്‍ തെറ്റാണ് ചെയ്യുന്നതെന്ന്. അതുകൊണ്ടു നല്ലജീവിതം ജീവിയ്ക്കുക. അപ്പോള്‍ അവര്‍ നിങ്ങള്‍ ചെയ്യുന്ന സല്‍പ്രവൃത്തികള്‍ കൊണ്ട് ദൈവത്തിന് അവന്‍ വരുന്ന ആ ദിവസത്തില്‍ സ്തുതി അര്‍പ്പിക്കും."

13 കര്‍ത്താവിനു വേണ്ടി ഈ ലോകത്തില്‍ അധികാരം ഉള്ളവരെ അനുസരിക്കുക. ഉന്നതാധികാരിയായ രാജാവിനെ അനുസരിക്കുക."

14 രാജാവ് അയയ്ക്കുന്ന ഭരണ നേതാക്കളെയും അനുസരിക്കുക. തെറ്റു ചെയ്തവരെ ശിക്ഷിക്കുവാനും നന്മ ചെയ്തവരെ പുകഴ്ത്താനുമാണ് അവരെ അയച്ചിരിക്കുന്നത്."

15 അതുകൊണ്ട് നിങ്ങള്‍ സല്‍പ്രവൃത്തികള്‍ ചെയ്യുന്പോള്‍ വിഡ്ഢികളെ നിങ്ങള്‍ക്കെതിരെ അസംബന്ധങ്ങള്‍ പറയുന്നതില്‍ നിന്നും തടയുന്നു. ഇതാണ് ദൈവം ആഗ്രഹിക്കുന്നത്."

16 സ്വതന്ത്രരെപ്പോലെ ജീവിയ്ക്കുക. എന്നാല്‍ ദുഷ്ടത ചെയ്യാനുള്ള ഒരു ഒഴികഴിവായി ആ സ്വാതന്ത്ര്യത്തെ ഉപയോഗിക്കരുത്. ദൈവത്തിനു സേവനം ചെയ്യുന്പോലെ ജീവിക്കുക."

17 എല്ലാവരോടും ആദരവു കാണിക്കുക. ദൈവകുടുംബത്തിലെ എല്ലാ സഹോദരങ്ങളേയും സ്നേഹിക്കുക. ദൈവത്തെ ഭയക്കുകയും രാജാവിനെ മാനിക്കുകയും ചെയ്യുക."

18 അടിമകളേ, അര്‍ഹിക്കുന്ന ബഹുമാനത്തോടെ നിങ്ങളുടെ ഉടമകളുടെ അധികാരം സ്വീകരിക്കുക. സകല ബഹുമാനത്തോടും ഇതു ചെയ്യുക. നല്ലവനും ദയാലുവുമായ ഉടമയെയും ചീത്ത ഉടമയെയും അനുസരിക്കണം."

19 തെറ്റൊന്നും ചെയ്തിട്ടില്ലെങ്കില്‍ കൂടി ഒരുവന്‍ കഷ്ടത സഹിക്കേണ്ടിവന്നേക്കാം. അപ്പോള്‍ ആ മനുഷ്യന്‍ ദൈവത്തെ വിചാരിച്ച് അതു ക്ഷമാപൂര്‍വ്വം സഹിക്കുകയാണെങ്കില്‍ അതു ദൈവത്തെ പ്രീതനാക്കും."

20 എന്നാല്‍ തെറ്റിനു ശിക്ഷിക്കപ്പെട്ടാല്‍ ശിക്ഷ സഹിക്കുന്നതില്‍ നിങ്ങളെ പ്രശംസിക്കുന്നതിനു കാരണമില്ല. എന്നാല്‍ നന്മ ചെയ്യുന്നതിനു വേണ്ടി സഹിയ്ക്കുകയും സഹനത്തില്‍ ക്ഷമയുള്ളവനാകുകയും ചെയ്താല്‍ അത് ദൈവത്തെ പ്രീതനാക്കും."

21 ഇതിനായി നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നു. പിന്‍തുടരുന്നതിനായി ക്രിസ്തു ഒരു മാതൃക തന്നു. അവന്‍ ചെയ്തതു പോലെ നിങ്ങളും ചെയ്യണം. കഷ്ടം സഹിക്കുന്പോള്‍ ക്ഷമാശീലരാകണം. കാരണം ക്രിസ്തു നിങ്ങള്‍ക്കായി കഷ്ടം സഹിച്ചു."

22 “അവന്‍ പാപമൊന്നും ചെയ്തില്ല. ഒരു ചതിയും അവന്‍റെ നാവില്‍ കണ്ടെത്തിയില്ല.” യെശയ്യാവ് 53:9"

23 ജനങ്ങള്‍ ക്രിസ്തുവിനോടു മോശമായ കാര്യങ്ങള്‍ പറഞ്ഞിട്ടും അവന്‍ അവരോടു മോശമായതൊന്നും പറഞ്ഞില്ല. ക്രിസ്തു കഷ്ടം സഹിച്ചുവെങ്കിലും അവന്‍ ജനങ്ങളെ ഭീഷണിപ്പെടുത്തിയില്ല. അതേ, തന്‍റെ രക്ഷ ക്രിസ്തു ദൈവത്തെ ഏല്പിച്ചു. നീതിയോടെ വിധിയ്ക്കുന്ന ഒരുവന്‍ ദൈവമാണ്."

24 കുരിശിലേറുക വഴി നമ്മുടെ പാപങ്ങള്‍ ക്രിസ്തു സ്വന്തം ശരീരത്തില്‍ വഹിച്ചു. പാപത്തിനുവേണ്ടി ജീവിക്കുന്നതു നിര്‍ത്തി. നീതിയ്ക്കായി ജീവിക്കാന്‍ വേണ്ടി അവനിതു ചെയ്തു. അവന്‍റെ മുറിവാല്‍ നിങ്ങള്‍ സുഖപ്പെട്ടിരിക്കുന്നു."

25 വഴിതെറ്റിപ്പോയ കുഞ്ഞാടിനെപ്പോലെയായിരുന്നു നിങ്ങള്‍. പക്ഷേ ഇപ്പോള്‍ നിങ്ങളുടെ ആത്മാവിന്‍റെ സംരക്ഷകനായ ഇടയനിലേക്കു നിങ്ങള്‍ തിരികെ വന്നിരിക്കുന്നു"

3

1 ഇതുപോലെ ഭാര്യമാരേ, നിങ്ങള്‍ ഭര്‍ത്താവിന്‍റെ അധികാരത്തെ സ്വീകരിക്കണം. അപ്പോള്‍ നിങ്ങളില്‍ ചിലരുടെ ദൈവകല്പനകളെ അനുസരിക്കാനിഷ്ടപ്പെടാത്ത ഭര്‍ത്താക്കന്മാര്‍ ദൈവത്തില്‍ വിശ്വസിക്കുവാന്‍ പ്രേരിതരാകും. നിങ്ങള്‍ക്ക് ഒന്നും പറയേണ്ടതായി വരില്ല. ഭാര്യയുടെ സദ്ജീവിതത്താല്‍ അവര്‍ പ്രേരിതരാകും."

2 ദൈവാദരത്താല്‍ നിങ്ങള്‍ നയിക്കുന്ന നിര്‍മ്മലമായ ജീവിതം അവരില്‍ മതിപ്പുളവാക്കും."

3 നിങ്ങളുടെ സൌന്ദര്യം ആകര്‍ഷകമായ കേശാലങ്കാരത്തെയോ, സ്വര്‍ണ്ണാഭരണത്തെയോ, മോടിയുള്ള വസ്ത്രങ്ങളെയോ, ആശ്രയിച്ചല്ല നിലനില്‍ക്കുന്നത്."

4 അതെ, നിങ്ങളുടെ സൌന്ദര്യം നിങ്ങളുടെ ഉള്ളില്‍ നിന്നു വരുന്ന സൌമ്യതയും ശാന്തതയുമുള്ള സ്വഭാവം ആണ്. അത് ഒരിക്കലും അപ്രത്യക്ഷമാകില്ല. അത് ദൈവത്തിന് വിലയേറിയതാണ്."

5 അതു പണ്ടു ജീവിച്ചിരുന്ന ദൈവാനുസരണമുള്ള വിശുദ്ധ സ്ത്രീകളെപ്പോലെയാണ്. ഇതേ മാര്‍ഗ്ഗം തന്നെ അവരും സ്വയം സ്വീകരിച്ചു. സൌന്ദര്യം ഉള്ളവരായി. ഭര്‍ത്താവിന്‍റെ അധികാരത്തെ അവരും അംഗീകരിച്ചു."

6 ഞാന്‍ സാറയെപ്പോലുള്ള സ്ത്രീകളെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. അവള്‍ തന്‍റെ ഭര്‍ത്താവായ അബ്രാഹാമിനെ യജമാനനേയെന്നു വിളിക്കുകയും അനുസരിക്കുകയും ചെയ്തു. എപ്പോഴും ഭയമില്ലാതെ ശരി ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ സാറയുടെ യഥാര്‍ത്ഥ മക്കളാണ്."

7 അതുപോലെ ഭര്‍ത്താക്കന്മാരായ നിങ്ങള്‍ നിങ്ങളുടെ ഭാര്യമാരോടുകൂടി പരസ്പരധാരണയിലുള്ള ഒരു ജീവിതം നയിക്കണം. നിങ്ങള്‍ ഭാര്യയോട് ആദരവു കാട്ടണം. അവര്‍ നിങ്ങളേക്കാള്‍ ശക്തി കുറഞ്ഞവരാണ്. എന്നാല്‍ ദൈവം നിങ്ങള്‍ക്കു തരുന്ന അതേ അനുഗ്രഹം തന്നെ നിങ്ങളുടെ ഭാര്യമാര്‍ക്കും നല്‍കുന്നു. യഥാര്‍ത്ഥ ജീവന്‍ പകര്‍ന്നുതരുന്ന ആ കൃപ യാതൊന്നും നിങ്ങളുടെ പ്രാര്‍ത്ഥനയെ കുഴപ്പത്തിലാക്കാതിരിക്കേണ്ടതിന് ഈ കാര്യങ്ങള്‍ ചെയ്യുവിന്‍."

8 അതുകൊണ്ട് നിങ്ങളെല്ലാം സമാധാനത്തില്‍ ജീവിക്കുക. പരസ്പരം മനസ്സിലാക്കുവാന്‍ ശ്രമിക്കുക. സഹോദരരെപ്പോലെ പരസ്പരം സ്നേഹിക്കുക. ദയാശീലരും വിനീതരും ആകുക."

9 നിങ്ങളോട് ദുഷ്ടത കാട്ടുന്നവരോടു പകരമായി ദുഷ്ടത ചെയ്യരുത്. നിങ്ങളെ ചീത്ത പറഞ്ഞവനോട് പകരമായി ദുര്‍ഭാഷണം നടത്തരുത്. പകരം അവനെ അനുഗ്രഹിക്കുവാന്‍ ദൈവത്തോടു പറയുക. നിങ്ങളെ അനുഗ്രഹം ഏറ്റുവാങ്ങാന്‍ വിളിച്ചിരിക്കുന്നതുകൊണ്ടു നിങ്ങള്‍ എല്ലാ മാര്‍ഗ്ഗത്തിലൂടെയും ഇങ്ങനെ ചെയ്യുക."

10 തിരുവെഴുത്ത് പറയുന്നു, “ജീവനെ സ്നേഹിക്കുകയും സല്‍ദിനങ്ങള്‍ ആസ്വദിക്കാന്‍ കാംക്ഷിക്കുകയും ചെയ്യുന്നവന്‍ ദോഷം സംസാരിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുകയും നുണ പറയുന്നത് നിര്‍ത്തുകയും വേണം."

11 അവന്‍ സമാധാനം കാംക്ഷിക്കുകയും അതില്‍ തുടരുകയും വേണം. ദുഷ്കര്‍മ്മം നിര്‍ത്തി നല്ലതു ചെയ്യുന്നവനാകണം."

12 നീതിമാന്മാരെ കര്‍ത്താവ് കാണുകയും അവരുടെ പ്രാര്‍ത്ഥനകളെ കര്‍ത്താവ് ശ്രദ്ധിക്കുകയും ചെയ്യുന്നു. എന്നാല്‍ ദുഷ്കര്‍മ്മികള്‍ക്കെതിരാണു കര്‍ത്താവ്.” സങ്കീര്‍ത്തനങ്ങള്‍ 34:12-16"

13 എപ്പോഴും നന്മ ചെയ്യാന്‍ ശ്രമിക്കുകയാണെങ്കില്‍ യഥാര്‍ത്ഥത്തില്‍ ഒരുവനും നിങ്ങളെ ഒരുവിധത്തിലും ഉപദ്രവിക്കുവാന്‍ സാധിക്കയില്ല."

14 എന്നാല്‍ നന്മ ചെയ്യുന്നതു കൊണ്ടു നിങ്ങള്‍ക്കു കഷ്ടം സഹിക്കേണ്ടി വന്നേക്കാം. അങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ അനുഗ്രഹീതരാകും. “നിങ്ങളെ ക്ലേശിപ്പിക്കുന്നവരെ പേടിക്കുകയോ അവരെ ഓര്‍ത്ത് ആകുലപ്പെടുകയോ വേണ്ട.”"

15 എന്നാല്‍ കര്‍ത്താവായ ക്രിസ്തുവിനോടുള്ള ബഹുമാനം നിങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കണം. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീകരിക്കുവാന്‍ ആവശ്യപ്പെടുന്നവനു മറുപടി കൊടുക്കാന്‍ എപ്പോഴും തയ്യാറായിരിക്കുക."

16 അത്തരം ആള്‍ക്കാരോട് ശാന്തമായും ആദരവോടും സംസാരിക്കണം. എപ്പോഴും നിങ്ങള്‍ക്കു ശരിയെന്നു തോന്നുന്നതു പ്രവര്‍ത്തിക്കണം. അതു നിങ്ങള്‍ ചെയ്യുന്പോള്‍ നിങ്ങളെക്കുറിച്ച് മോശമായി സംസാരിക്കുന്നവര്‍ ലജ്ജിതരാകും. ക്രിസ്തുവില്‍ നിങ്ങള്‍ നന്നായി ജീവിക്കുന്നതിനെപ്പറ്റിയാണ് അവര്‍ ഇങ്ങനെ മോശമായി സംസാരിക്കുന്നത്. നിങ്ങളെക്കുറിച്ചു പറഞ്ഞ ചീത്തക്കാര്യങ്ങള്‍ കൊണ്ട് അവര്‍ ലജ്ജിതരാകും."

17 തിന്മ ചെയ്യുന്നതിനേക്കാള്‍ നന്മ ചെയ്തു കഷ്ടം സഹിക്കുന്നതാണ് നല്ലത്. അതേ, ദൈവം അതാണാഗ്രഹിക്കുന്നതെങ്കില്‍ അത് ഏറെ നല്ലതാണ്."

18 ക്രിസ്തു നിങ്ങള്‍ക്കായി മരിച്ചു. ആ ഒറ്റ മരണം നിങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരം കൊടുത്തു. അവന്‍ നീതിമാനായിരുന്നുവെങ്കിലും പാപികള്‍ക്കുവേണ്ടി മരിച്ചു. നിങ്ങളെ എല്ലാവരെയും ദൈവത്തിലേക്കു കൊണ്ടുവരാനാണ് അവനിതു ചെയ്തത്. അവന്‍റെ ബാഹ്യശരീരത്തെ കൊന്നുവെങ്കിലും ആത്മാവില്‍ അവന്‍റെ ജീവന്‍ നിലനിര്‍ത്തി."

19 ആ ആത്മാവില്‍ അവന്‍ തുറുങ്കിലെ ആത്മാക്കളോടു പ്രഘോഷിച്ചു."

20 അവര്‍ ദൈവത്തെ അനുസരിക്കാന്‍ കൂട്ടാക്കാതിരുന്നു. നോഹ പെട്ടകം ഉണ്ടാക്കിയിരുന്ന നാളുകളില്‍ ദൈവത്തെ അനുസരിക്കാന്‍ കൂട്ടാക്കാതിരുന്ന ആളുകളുടെ ആത്മാക്കളായിരുന്നു അത്. ദൈവത്തിന്‍റെ ക്ഷമാപൂര്‍വ്വമായ കാത്തുനില്പിനും ഫലമുണ്ടായില്ല. വെറും എട്ടുപേര്‍ മാത്രം ആ പെട്ടകം മൂലം രക്ഷപെട്ടു. അവര്‍ വെള്ളത്താലാണ് രക്ഷപ്പെട്ടത്."

21 അത് സ്നാനത്തിന് ഒരു മുന്‍കുറി. ദേഹത്തില്‍ നിന്നുള്ള അഴുക്കുകള്‍ കഴുകുന്നതല്ല ജ്ഞാനസ്നാനം. ദൈവത്തോടുള്ള ഒരു നിര്‍മ്മല ഹൃദയം ആവശ്യപ്പെടുന്നതാണു ജ്ഞാനസ്നാനം. ക്രിസ്തു മരണത്തില്‍ നിന്നും ഉയിര്‍ത്തതുകൊണ്ട് അതു നിങ്ങളെ രക്ഷിക്കും."

22 ഇപ്പോള്‍ യേശു സ്വര്‍ഗ്ഗത്തിലേക്കു പോയിരിക്കുന്നു. അവന്‍ ദൈവത്തിന്‍റെ വലതുഭാഗത്താണ്, അവന്‍ ദൂതന്മാരെയും അധികാരികളെയും ശക്തികളെയും ഭരിക്കുന്നു."

4

1 ക്രിസ്തു അവന്‍റെ ശരീരത്തിലായിരിക്കവേ കഷ്ടം സഹിച്ചു. അതുകൊണ്ട് ക്രിസ്തുവിനുണ്ടായ വിചാരങ്ങളാല്‍ നിങ്ങള്‍ നിങ്ങളെത്തന്നെ ബലപ്പെടുത്തണം. ശരീരത്തില്‍ കഷ്ടം സഹിച്ചവനാരോ അവന്‍ പാപം ഉപേക്ഷിച്ചിരിക്കുന്നു."

2 ജനം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ദുഷ്ടത ചെയ്യാതെ ദൈവം ആഗ്രഹിക്കുന്നവ ഈ ഭൂമിയില്‍ ജീവിക്കും കാലത്തോളം ചെയ്യുവാന്‍ നിങ്ങളെത്തന്നെ ബലപ്പെടുത്തുവിന്‍."

3 കഴിഞ്ഞകാലങ്ങളില്‍ അവിശ്വാസികള്‍ ചെയ്യാനിഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്ത് നിങ്ങള്‍ സമയം പാഴാക്കിയിരുന്നു. നിങ്ങള്‍ ലൈംഗികപാപങ്ങള്‍ ചെയ്യുകയായിരുന്നു. വിഗ്രഹങ്ങളെ ആരാധിച്ചും ദുഷ്ടത ചെയ്തും മദ്യസല്‍ക്കാരങ്ങളിലേര്‍പ്പെട്ടും വന്യവും നിഷ്പ്രയോജനവുമായ ആഘോഷങ്ങള്‍ നടത്തിയും നിങ്ങള്‍ മത്തരാകുകയായിരുന്നു."

4 അവിശ്വാസികള്‍ ചെയ്യുന്ന പല വന്യവും നിഷ്ഫലവുമായ കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യാതിരിക്കുന്നതുകൊണ്ട് അവര്‍ നിങ്ങളെക്കുറിച്ച് അസാധാരണമെന്ന് ചിന്തിക്കുകയും ചീത്ത കാര്യങ്ങള്‍ പറയുകയും ചെയ്യുന്നു."

5 ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിപ്പാന്‍ തയ്യാറായിരിക്കുന്ന ദൈവമുന്പാകെ അവരെപ്പറ്റിത്തന്നെയുള്ള കണക്കു അവര്‍ ബോധിപ്പിക്കേണ്ടതായി വരും."

6 ഇപ്പോള്‍ മരിച്ചവരോടും സുവിശേഷം പ്രസംഗിച്ചു. കാരണം എല്ലാവരെയും പോലെ അവരും സമമായി വിധിക്കപ്പെടേണ്ടതാണ്. അവര്‍ ജീവിച്ച കാലത്ത് ചെയ്തവയെ കണക്കിലെടുത്ത് അവരെ വിധിക്കും. എന്നാല്‍ അവരോടു ദൈവം ജീവിക്കുന്നതുപോലെ ആത്മാവില്‍ ജീവിക്കാന്‍ സുവിശേഷം പ്രസംഗിച്ചു."

7 എല്ലാം അവസാനിക്കുന്ന സമയം അടുത്തിരിക്കുന്നു. അതുകൊണ്ട് സുബോധവും സ്വയനിയന്ത്രണവും കാത്തുസൂക്ഷിക്കുക. ഇതു പ്രാര്‍ത്ഥിക്കുവാന്‍ നിങ്ങളെ സഹായിക്കും."

8 പരസ്പരം അഗാധമായി സ്നേഹിക്കുക. അതാണു ഏറ്റവും പ്രധാനം. സ്നേഹം അനേക പാപങ്ങളെ മറയ്ക്കും."

9 പരാതി കൂടാതെ നിങ്ങളുടെ ഭവനങ്ങള്‍ പരസ്പരം പങ്കുവയ്ക്കുക."

10 നിങ്ങളില്‍ ഓരോരുത്തര്‍ക്കും ഒരു ആത്മീയ വരം ദൈവത്തില്‍ നിന്നു കിട്ടിയിട്ടുണ്ട്. ദൈവം തന്‍റെ കൃപ പലവിധത്തില്‍ കാണിച്ചിട്ടുണ്ട്. അതുകൊണ്ട് ദൈവത്തിന്‍റെ നല്ല ദാനങ്ങളെ ഉപയോഗിക്കാന്‍ ചുമതലയുള്ള ദാസന്മാരെപ്പോലെയാണ് നിങ്ങള്‍. അതുകൊണ്ട് നല്ല ദാസന്മാരായി നിങ്ങളുടെ ദൈവദത്തമായ കഴിവുകള്‍ അന്യോന്യം സേവനത്തിനായി ഉപയോഗിക്കുക."

11 സംസാരിക്കുന്നവന്‍ ദൈവത്തില്‍ നിന്നുള്ള വചനം സംസാരിക്കണം. സേവനം ചെയ്യുന്നവന്‍ ദൈവം നല്‍കിയ കരുത്തുകൊണ്ട് സേവനം ചെയ്യട്ടെ. എല്ലാക്കാര്യത്തിലും യേശുക്രിസ്തു വഴി ദൈവത്തിനു മഹത്വം ഉണ്ടാക്കുന്നതിനു നിങ്ങളിതു ചെയ്യുവിന്‍. പ്രതാപവും മഹത്വവും എന്നുമെന്നേക്കും അവനുള്ളതാകട്ടെ. ആമേന്‍"

12 പ്രിയ സുഹൃത്തുക്കളേ, ഇപ്പോള്‍ നിങ്ങള്‍ സഹിക്കുന്ന വേദനാജനകമായ കാര്യങ്ങളെക്കുറിച്ച് അന്പരക്കരുത്. അതു നിങ്ങളുടെ വിശ്വാസത്തിനുള്ള പരീക്ഷയാണ്. അസാധാരണമായ എന്തോ സംഭവിക്കുന്നു എന്നു വിചാരിക്കരുത്."

13 എന്നാല്‍ ക്രിസ്തുവിന്‍റെ കഷ്ടങ്ങളില്‍ പങ്കുകാരാകുന്നു എന്നു കണ്ട് സന്തോഷിക്കണം. ക്രിസ്തു അവന്‍റെ മഹത്വം കാണിക്കുന്പോള്‍ നിങ്ങള്‍ സന്തോഷവാന്മാരും ആനന്ദപൂരിതരുമാകും."

14 നിങ്ങള്‍ ക്രിസ്തുവിന്‍റെ അനുഗാമികളായതുകൊണ്ട് നിന്ദിതരായാല്‍ നിങ്ങള്‍ അനുഗൃഹീതരാണ്. മഹത്വത്തിന്‍റെ ആത്മാവ് നിങ്ങളോടു കൂടെ ഉള്ളതിനാല്‍ നിങ്ങള്‍ അനുഗൃഹീതരാണ്. അതു ദൈവത്തിന്‍റെ ആത്മാവാണ്."

15 അന്യരെ ബുദ്ധിമുട്ടിക്കുന്നവനെപ്പോലെയോ മോഷ്ടാവിനെപ്പോലെയോ കൊലയാളിയെപ്പോലെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള കുറ്റവാളിയെപ്പോലെയോ ആകരുത്. അത്തരത്തിലുള്ളവര്‍ കഷ്ടം സഹിച്ചേ തീരൂ, പക്ഷേ നിങ്ങള്‍ ഇക്കാരണത്താല്‍ ഒരിക്കലും ദുരിതമനുഭവിക്കരുത്."

16 ഒരു ക്രിസ്ത്യാനിയായതിന്‍റെ പേരില്‍ കഷ്ടം സഹിക്കേണ്ടി വരുന്നെങ്കില്‍ നിങ്ങള്‍ ലജ്ജിക്കേണ്ട. ആ നാമത്തിനു നിങ്ങള്‍ ദൈവത്തിനു നന്ദി പറയണം."

17 വിധി തുടങ്ങുന്നതിനു സമയമായി. ദൈവത്തിന്‍റെ കുടുംബം മുതലാണ് ആരംഭിക്കുന്നത്. ആ വിധി നമ്മിലാണ് തുടങ്ങുന്നതെങ്കില്‍ ദൈവത്തിന്‍റെ സുവിശേഷത്തെ അനുസരിക്കാത്തവര്‍ക്ക് എന്തു സംഭവിക്കും?"

18 നല്ല ഒരു വ്യക്തിക്ക് രക്ഷ കിട്ടുന്നത് ദുഷ്കരമാണ്. (കഠിനമാണ്) “അപ്പോള്‍ ദൈവത്തിനെതിരായിട്ടുള്ളവനും പാപപൂരിതനും എന്തു സംഭവിക്കും?” സദൃശ്യ 11:31"

19 [This verse may not be a part of this translation]"

5

1 ഇനി നിങ്ങളുടെ കൂട്ടത്തിലുള്ള മൂപ്പന്മാരോട് എനിക്കു ചില കാര്യങ്ങള്‍ പറയുവാനുണ്ട്. ഞാനും ഒരു മൂപ്പനാണ്. ക്രിസ്തുവിന്‍റെ കഷ്ടങ്ങള്‍ ഞാന്‍ തന്നെ കണ്ടിട്ടുണ്ട്. ഞങ്ങള്‍ക്കു കാണിച്ചു തരുന്ന ആ മഹത്വം ഞാന്‍ പങ്കുവയ്ക്കും."

2 നിങ്ങള്‍ക്കു ഉത്തരവാദപ്പെട്ട ഈ കൂട്ടത്തിന്‍റെ സംരക്ഷ ഏല്‍ക്കുവാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അവര്‍ ദൈവത്തിന്‍റെ അജഗണമാണ്. അങ്ങനെ ചെയ്യുവാന്‍ നിങ്ങളെ നിര്‍ബന്ധിച്ചതുകൊണ്ടല്ല എന്നാല്‍, നിങ്ങളങ്ങനെ ചെയ്യാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ്. ഇങ്ങനെയാണ് ദൈവം ആഗ്രഹിക്കുന്നത്. പണം ആഗ്രഹിച്ചല്ല സേവനം ചെയ്യുന്നതില്‍ സന്തോഷം ഉള്ളതുകൊണ്ട് അതു ചെയ്യുവിന്‍."

3 നിങ്ങള്‍ക്ക് ചുമതലപ്പെട്ടവരോട് നിങ്ങള്‍ ഒരു പരുക്കന്‍ ഭരണാധികാരിയെപ്പോലെയാകരുത്. പകരം നല്ല മാതൃകയുള്ളവരാകുക. പിന്നെ, ഭരിക്കുന്ന ഇടയന്‍ (ക്രിസ്തു) വരുന്പോള്‍ നിങ്ങള്‍ക്കൊരു കിരീടം കിട്ടും."

4 അതു മഹത്വപൂര്‍ണ്ണവും നശിക്കാത്ത സൌന്ദര്യമുള്ളതും ആയിരിക്കും."

5 യുവാക്കളേ, നിങ്ങളോടും എനിക്കു ചിലതുപറയാനുണ്ട്. നിങ്ങള്‍ മൂപ്പന്മാരുടെ അധികാരത്തെ സ്വീകരിക്കണം. നിങ്ങളോരോരുത്തരും പരസ്പരം ഏറെ വിനീതരാകണം. “ദൈവം അഹങ്കാരികള്‍ക്ക് എതിരാണ്. എന്നാല്‍ വിനീതരില്‍ അവന്‍ കൃപ ചൊരിയും.” സദൃശ 3:34"

6 ദൈവത്തിന്‍റെ ശക്തമായ കരങ്ങള്‍ക്കു കീഴെ വിനീതരാകുവിന്‍. അപ്പോള്‍ സമയമാകുന്പോള്‍ അവന്‍ നിങ്ങളെ ഉയര്‍ത്തും."

7 അവന്‍ നിങ്ങള്‍ക്കുവേണ്ടി കരുതുന്നതുകൊണ്ട് നിങ്ങളുടെ എല്ലാ ആകുലങ്ങളും അവനെ ഏല്പിക്കുക."

8 ശ്രദ്ധാലുക്കളാകുകയും സ്വയം നിയന്ത്രിക്കുകയും ചെയ്യുവിന്‍. പിശാചാണു നിങ്ങളുടെ ശത്രു. മനുഷ്യനെ തിന്നുവാന്‍ അലറിപ്പാഞ്ഞു നടക്കുന്ന ഒരു സിംഹത്തെപ്പോലെയാണവന്‍."

9 [This verse may not be a part of this translation]"

10 അതെ, അല്പകാലത്തേക്ക് നിങ്ങള്‍ കഷ്ടം സഹിക്കും. എന്നാലതിനു ശേഷം ദൈവം എല്ലാം ശരിയാക്കും. അവന്‍ നിങ്ങളെ ബലപ്പെടുത്തും. അവന്‍ നിങ്ങളെ താങ്ങുകയും വീഴ്ചയില്‍നിന്നു രക്ഷിക്കുകയും ചെയ്യും. എല്ലാ കൃപയും പകരുന്ന ദൈവമാണവന്‍. ക്രിസ്തുവില്‍ തന്‍റെ മഹത്വത്തെ പങ്കുവയ്ക്കാന്‍ അവന്‍ നിങ്ങളെ ക്ഷണിച്ചിരിക്കുന്നു. ആ മഹത്വം എക്കാലത്തേക്കുമായി തുടരും."

11 എല്ലാ ശക്തിയും എന്നുമെന്നേക്കും അവന്‍റേതാണ്. ആമേന്‍."

12 ഞാന്‍ ഈ ചെറുകത്ത് എഴുതിയത് സില്വാനൊസിന്‍റെ സഹായത്തോടെയാണ്. അവന്‍ ക്രിസ്തുവില്‍ വിശ്വസ്തനായ സഹോദരനാണ് എന്ന് എനിക്കറിയാം. നിങ്ങളെ ആശ്വസിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമാണ് ഞാന്‍ എഴുതിയത്. ഇതാണ് ദൈവത്തിന്‍റെ ശരിയായ കൃപ എന്നു പറയുവാനാണ് ഞാന്‍ ആഗ്രഹിച്ചത്. അതില്‍ ഉറച്ചു നില്‍ക്കുക."

13 ബാബിലോണിലെ സഭ നിങ്ങളെ വന്ദനം ചെയ്യുന്നു. അവരും നിങ്ങളെപ്പോലെ തന്നെ തിരഞ്ഞെടുക്കപ്പെട്ടവരാണ്. ക്രിസ്തുവില്‍ എന്‍റെ മകനായ മര്‍ക്കൊസും നിങ്ങളെ വന്ദനം ചെയ്യുന്നു. 14നിങ്ങള്‍ കണ്ടുമുട്ടുന്പോള്‍ ഒരു സ്നേഹചുംബനം പരസ്പരം കൊടുക്കുക. ക്രിസ്തുവിലുള്ള എല്ലാവര്‍ക്കും സമാധാനം."

14 [This verse may not be a part of this translation]"