1 ലോകാരംഭത്തിനു മുന്പ് വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോടുകൂടെയായിരുന്നു. വചനം ദൈവമായിരുന്നു."
2 ആദിയില്‍ അവന്‍ ദൈവത്തോടൊപ്പമായിരുന്നു."
3 എല്ലാം അവനിലൂടെയാണ് ഉണ്ടാക്കപ്പെട്ടത്. അവനെക്കൂടാതെ സൃഷ്ടിക്കപ്പെട്ടതൊന്നും ഉണ്ടായിട്ടില്ല."
4 അവനില്‍ ജീവനുണ്ടായിരുന്നു. ആ ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു."
5 വെളിച്ചം ഇരുട്ടില്‍ പ്രകാശിക്കുന്നു. എന്നാല്‍ ഇരുട്ട് അതിനെ പരാജയപ്പെടുത്തിയില്ല."
6 യോഹന്നാനെന്നു പേരായ ഒരാള്‍ അവിടെ ഉണ്ടായിരുന്നു. ദൈവം അയച്ചതാണയാളെ."
7 വെളിച്ചത്തെപ്പറ്റി മനുഷ്യരോടു പറയാനാണവന്‍ വന്നത്. യോഹന്നാനിലൂടെ എല്ലാവരും വെളിച്ചത്തെപ്പറ്റി കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്യും."
8 പക്ഷേ യോഹന്നാന്‍ വെളിച്ചമായിരുന്നില്ല. എന്നാലവന്‍ പ്രകാശത്തെപ്പറ്റി പറയാന്‍ വന്നവനാണ്."
9 യഥാര്‍ത്ഥ പ്രകാശം ലോകത്തിലേക്കു വരികയായിരുന്നു. ആ വെളിച്ചം ജനങ്ങള്‍ക്കു പ്രകാശം പകരും."
10 വചനം ലോകത്തിലുണ്ടായിരുന്നു. അവനിലൂടെയാണ് ലോകം സൃഷ്ടിക്കപ്പെട്ടത്. പക്ഷേ ലോകര്‍ അവനെ അറിഞ്ഞില്ല."
11 അവന്‍റേതായ ലോകത്തിലേക്കവന്‍ വന്നു. എന്നാല്‍ അവന്‍റെ തന്നെ ആള്‍ക്കാര്‍ അവനെ അംഗീകരിച്ചില്ല."
12 പക്ഷേ ചിലര്‍ അവനെ അംഗീകരിച്ചു. അവര്‍ അവ നില്‍ വിശ്വസിച്ചു. അവന്‍ അവര്‍ക്കു ദൈവമക്കള്‍ ആകുവാന്‍ അവകാശം നല്‍കി."
13 സാധാരണ കുട്ടികള്‍ പിറക്കുന്പോലെയായിരുന്നില്ല അവന്‍ പിറന്നത്. മാതാപിതാക്കളുടെ രക്തത്തില്‍ നിന്നോ പുരുഷന്‍റെ ആഗ്രഹത്തില്‍ നിന്നോ അല്ല അവന്‍ ഉണ്ടായത്. ദൈവത്തില്‍ നിന്നാണവന്‍ പിറന്നത്."
14 വചനം മനുഷ്യാകാരം പൂണ്ട് നമുക്കിടയില്‍ പാര്‍ത്തു. പിതാവിന്‍റെ ഏക പുത്രനായവന്‍റെ തേജസ്സ് നാം അവനില്‍ കണ്ടു. വചനം കൃപയും സത്യവും കൊണ്ടു നിറഞ്ഞിരുന്നു."
15 യോഹന്നാന്‍ ക്രിസ്തുവിനെപ്പറ്റി അവരോടു പറഞ്ഞു, “എനിക്കു ശേഷം വരുന്നവന്‍ എന്നെക്കാള്‍ ശ്രേഷ്ഠനാണ്. എനിക്കു മുന്പേ തന്നെ അവന്‍ ജീവിച്ചിരുന്നു. എന്നു ഞാന്‍ പറഞ്ഞത് ഇവനെപ്പറ്റിയാണ്.”"
16 വചനം കൃപയും സത്യവും കൊണ്ടു നിറഞ്ഞിരുന്നു. അവനില്‍ നിന്നു നാമെല്ലാം വളരെ അനുഗ്രഹങ്ങള്‍ പ്രാപിച്ചു."
17 ന്യായപ്രമാണം മോശെവഴിയാണ് നല്‍കപ്പെട്ടത്. പക്ഷേ കൃപയും സത്യവും യേശുക്രിസ്തുവിലൂടെയാണു വന്നത്."
18 ആരും ദൈവത്തെ ഒരിക്കലും കണ്ടിട്ടില്ല. പക്ഷേ പുത്രനാണ് ദൈവം. അവന്‍ പിതാവിനോട് ഏറ്റവും അടുത്തവനാണ്. ദൈവത്തെ പുത്രന്‍ നമുക്കു കാട്ടിത്തന്നിട്ടുണ്ട്."
19 യെരൂശലേമിലെ യെഹൂദര്‍ ഏതാനും പുരോഹിതരേയും ലേവ്യരേയും, “നീയാരാണ്?” എന്നു ചോദിക്കാന്‍ യോഹന്നാന്‍റെ അടുത്തേക്കയച്ചു."
20 യോഹന്നാന്‍ സ്വതന്ത്രമായി സംസാരിച്ചു. മറുപടി പറയാനവന്‍ മടിച്ചില്ല. യോഹന്നാന്‍ വ്യക്തമായി പറഞ്ഞു, “ഞാന്‍ ക്രിസ്തുവല്ല.” അതുതന്നെയാണ് യോഹന്നാന്‍ ജനങ്ങളോടു പറഞ്ഞതും."
21 അപ്പോള്‍ യെഹൂദന്മാര്‍ യോഹന്നാനോടു ചോദിച്ചു, “പിന്നെ നീ ആരാണ്? ഏലീയാവോ?” യോഹന്നാന്‍ മറുപടി പറഞ്ഞു, “ഞാന്‍ ഏലിയാവ് അല്ല.” യെഹൂദര്‍ ചോദിച്ചു, “നീ പ്രവാചകനാണോ?” യോഹന്നാന്‍ മറുപടി പറഞ്ഞു, “ഞാന്‍ പ്രവാചകനും അല്ല.”"
22 അപ്പോള്‍ യെഹൂദര്‍ ചോദിച്ചു, “നീയാരാണ്? ഞങ്ങളോട് നിന്നെപ്പറ്റി പറയൂ. ഞങ്ങളെ അയച്ചവരോടു പറയാനൊരു മറുപടി തരിക. നിന്നെപ്പറ്റി നീയെന്താണു പറയുന്നത്?”"
23 യോഹന്നാന്‍ അവരോടു യെശയ്യാപ്രവാചകന്‍റെ വാക്കുകള്‍ പറഞ്ഞു: “‘കര്‍ത്താവിന്‍റെ വഴി നേരെയാക്കുവിന്‍ എന്നു മരുഭൂമിയില്‍’ വിളിച്ചു പറയുന്നവന്‍റെ ശബ്ദം ഞാനാകുന്നു.” യെശയ്യാവ് 40:3"
24 ഈ യെഹൂദരെ അയച്ചത് പരീശന്മാരായിരുന്നു."
25 അവര്‍ യോഹന്നാനോടു ചോദിച്ചു, “നീ ക്രിസ്തുവല്ലെന്നു നീ പറയുന്നു. ഏലീയാവോ പ്രവാചകനോ അല്ലെന്നും. പിന്നെന്തിനു നീ സ്നാനം കഴിപ്പിക്കുന്നു?”"
26 യോഹന്നാന്‍ മറുപടി പറഞ്ഞു, ഞാന്‍ ജനങ്ങളെ വെള്ളത്തിലാണു സ്നാനപ്പെടുത്തിയത്. എന്നാല്‍ നിങ്ങള്‍ക്കറിയാത്ത ഒരുവന്‍ നിങ്ങള്‍ക്കിടയിലുണ്ട്."
27 എനിക്കുശേഷം വരുന്നവനാണവന്‍. അവന്‍റെ ചെരുപ്പിന്‍റെ വള്ളി അഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല.”"
28 യോര്‍ദ്ദാന്‍നദിയുടെ മറുകരയിലുള്ള ബേഥാന്യയിലാണിതൊക്കെ സംഭവിച്ചത്. അവിടെ യോഹന്നാന്‍ സ്നാനപ്പെടുത്തുകയായിരുന്നു."
29 പിറ്റേന്ന് യേശു തന്‍റെ അടുത്തേക്കു വരുന്നത് യോഹന്നാന്‍ കണ്ടു. യോഹന്നാന്‍ പറഞ്ഞു, “ഇതാ, ദൈവത്തിന്‍റെ കുഞ്ഞാട്. ലോകത്തിന്‍റെ പാപം അവന്‍ നീക്കുന്നു!"
30 ഞാന്‍ ഇവനെപ്പറ്റിയാണു പറഞ്ഞത്. ‘എനിക്കു പിന്നാലെ ഒരുവന്‍ വരും. പക്ഷെ അവന്‍ എന്നെക്കാള്‍ ശ്രേഷ്ഠനാണ്. കാരണം എനിക്കു മുന്പു തന്നെ അവന്‍ ഉണ്ടായിരുന്നു.’"
31 ഞാനോ അവനെ അറിഞ്ഞില്ല. യേശുവാണ് ക്രിസ്തുവെന്ന് യിസ്രായേലിനെ അറിയിക്കുന്നതിന് ഞാന്‍ വെള്ളത്തില്‍ സ്നാനം കഴിപ്പിക്കാന്‍ വന്നിരിക്കുന്നു.”"
32 [This verse may not be a part of this translation]"
33 [This verse may not be a part of this translation]"
34 അതിനാല്‍ ‘ഇവന്‍ ദൈവപുത്രന്‍ തന്നെ’ എന്നു സാക്ഷ്യം പറയുകയും ചെയ്തു.”"
35 പിറ്റേന്ന് തന്‍റെ രണ്ടു ശിഷ്യന്മാരോടൊത്ത് യോഹന്നാന്‍ വീണ്ടും നില്‍ക്കുകയായിരുന്നു."
36 യേശു നടന്നുപോകുന്നത് യോഹന്നാന്‍ കണ്ടു. അയാള്‍ പറഞ്ഞു, “ഇതാ, ദൈവത്തിന്‍റെ കുഞ്ഞാട്!”"
37 യോഹന്നാന്‍റെ ഈ വാക്കുകള്‍ രണ്ടു ശിഷ്യന്മാരും കേട്ടു. അവര്‍ യേശുവിനെ അനുഗമിച്ചു."
38 യേശു തിരിഞ്ഞു നോക്കിയപ്പോള്‍ ആ രണ്ടു പുരുഷന്മാര്‍ തന്നെ പിന്തുടരുന്നതു കണ്ടു. അവന്‍ ചോദിച്ചു, “നിങ്ങള്‍ക്കെന്താണു വേണ്ടത്?” ഇരുവരും ചോദിച്ചു, “റബ്ബീ, (ഗുരു എന്നര്‍ത്ഥത്തില്‍) അങ്ങെവിടെയാണു താമസിക്കുന്നത്?”"
39 യശു പറഞ്ഞു, “എന്‍റെ കൂടെ വന്നു കാണുക.” അതിനാല്‍ അവര്‍ ഇരുവരും യേശുവിനോടൊപ്പം പോയി. യേശു താമസിച്ച സ്ഥലം അവര്‍ കണ്ടു. ആ ദിവസം അവര്‍ യേശുവിനോടൊപ്പം തങ്ങി. അപ്പോള്‍ സമയം നാലുമണി ആയിരുന്നു."
40 യോഹന്നാന്‍ യേശുവിനെപ്പറ്റി പറഞ്ഞതു കേട്ടാണവര്‍ അവനെ അനുഗമിച്ചത്. അവരില്‍ ഒരാളുടെ പേര് അന്ത്രെയാസ് എന്നായിരുന്നു. അന്ത്രെയാസ് ശിമോന്‍ പത്രൊസിന്‍റെ സഹോദരനായിരുന്നു."
41 സഹോദരനായ ശിമോനെ തേടിപ്പിടിച്ചു കാണുകയാണ് അന്ത്രെയാസ് ആദ്യം ചെയ്തത്. അന്ത്രെയാസ് ശിമോനോടു പറഞ്ഞു, “ഞങ്ങള്‍ മശീഹയെ കണ്ടെത്തി.” (“മശീഹാ” എന്നതിനു “ക്രിസ്തു” എന്നര്‍ത്ഥം.)"
42 എന്നിട്ട് അന്ത്രെയാസ് ശിമോനെ യേശുവിന്‍റെയടുത്തേക്കു കൊണ്ടുവന്നു. യേശു ശിമോനെ നോക്കി പറഞ്ഞു, “നീ യോഹന്നാന്‍റെ പുത്രനായ ശിമോനല്ലേ? നീ കേഫാ (പത്രൊസ് എന്നര്‍ത്ഥം) എന്നു വിളിക്കപ്പെടും.”"
43 അടുത്ത ദിവസം യേശു ഗലീലയിലേക്കു പോകാന്‍ തീരുമാനിച്ചു. യേശു ഫിലിപ്പോസിനെ കണ്ടെത്തിയിട്ടു പറഞ്ഞു, “എന്നെ അനുഗമിക്കുക.”"
44 ഫിലിപ്പോസ്, അന്ത്രെയാസിന്‍റെയും പത്രൊസിന്‍റെയും നഗരമായ ബേഥ്സയിദായില്‍നിന്നും വന്നവനാണ്."
45 ഫിലിപ്പോസ് നഥനയേലിനെ കണ്ടു പറഞ്ഞു, “മോശെയുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതോര്‍ക്കുക. വരാനിരിക്കുന്ന ഒരുവനെപ്പറ്റി മോശെ എഴുതിയിട്ടുണ്ട്. പ്രവാചകരും അവനെപ്പറ്റി എഴുതിയിരിക്കുന്നു. ഞങ്ങളവനെ കണ്ടെത്തിയിരിക്കുന്നു. അവന്‍റെ പേരാണ് യേശു. യോസേഫിന്‍റെ പുത്രന്‍. നസറെത്തില്‍നിന്നും വന്നവന്‍.”"
46 പക്ഷെ നഥനയേല്‍ ഫിലിപ്പോസിനോടു ചോദിച്ചു, “നസറെത്ത്! നസറെത്തില്‍ നിന്നെന്തെങ്കിലും നന്മ പ്രതീക്ഷിക്കാമോ?” ഫിലിപ്പോസ് മറുപടി പറഞ്ഞു, “വന്നു കാണുക.”"
47 നഥനയേല്‍ തന്‍റെയടുത്തേക്കു വരുന്നത് യേശു കണ്ടു. “ഇതാ, സാക്ഷാല്‍ യിസ്രായേല്യന്‍, ഇവനില്‍ കാപട്യം ഇല്ല,” എന്ന് അവനെക്കുറിച്ച് പറഞ്ഞു."
48 നഥനയേല്‍ ചോദിച്ചു, നീ എങ്ങനെ എന്നെ അറിയും?” യേശു മറുപടി പറഞ്ഞു, “നീ അത്തിമരത്തിന്‍റെ ചുവട്ടില്‍ ഇരുന്നപ്പോള്‍ തന്നെ ഞാന്‍ കണ്ടു. ഫിലിപ്പോസ് എന്നെപ്പറ്റി നിന്നോട് പറയുന്നതിനു മുന്പേയായിരുന്നു അത്.”"
49 അപ്പോള്‍ നഥനയേല്‍ യേശുവിനോടു പറഞ്ഞു, “റബ്ബീ, അങ്ങാണു ദൈവപുത്രന്‍. യിസ്രായേലിന്‍റെ രാജാവാണു നീ.”"
50 യേശു നഥനയേലിനോടു പറഞ്ഞു, “അത്തിമരച്ചുവട്ടില്‍ നിന്നെ ഞാന്‍ കണ്ടതായി പറഞ്ഞു. അതിനാല്‍ നീയെന്നില്‍ വിശ്വസിക്കുന്നു. പക്ഷേ, നീ അതിലും മഹത്തായതു കാണും.”"
51 യേശു തുടര്‍ന്നു, “ഞാന്‍ നിന്നോടു സത്യമായി പറയട്ടെ. സ്വര്‍ഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍റെ അടുക്കല്‍ ‘ദൂതന്മാര്‍ കയറുകയും ഇറങ്ങുകയും’ ചെയ്യുന്നത് നിങ്ങള്‍ കാണും.”"
1 രണ്ടു ദിവസങ്ങള്‍ക്കു ശേഷം ഗലീലയിലെ കാനാവില്‍ ഒരു കല്യാണമുണ്ടായിരുന്നു. യേശുവിന്‍റെ അമ്മ അവിടെയുണ്ടായിരുന്നു."
2 യേശുവിനെയും ശിഷ്യന്മാരെയും വിവാഹത്തിനു ക്ഷണിച്ചിരുന്നു."
3 അവിടെ വീഞ്ഞു തികഞ്ഞില്ല. വീഞ്ഞു തീര്‍ന്നപ്പോള്‍ യേശുവിന്‍റെ അമ്മ അവനോടു പറഞ്ഞു, “അവര്‍ക്കു വീഞ്ഞ് ഇല്ല.”"
4 യേശു മറുപടി പറഞ്ഞു, “പ്രിയപ്പെട്ട സ്ത്രീയേ, ഞാനെന്തു ചെയ്യണമെന്ന് എന്നോടു പറയേണ്ടതില്ല. എന്‍റെ സമയം ഇനിയുമായിട്ടില്ല.”"
5 യേശുവിന്‍റെ അമ്മ ദാസന്മാരോടു പറഞ്ഞു, “യേശു പറയുന്നതു പോലെ ചെയ്യുക.”"
6 അവിടെ ആറു വലിയ കല്‍ഭരണികളുണ്ടായിരുന്നു, യെഹൂദര്‍ ശുദ്ധീകരണത്തിനുള്ള വെള്ളം നിറയ്ക്കുന്നത് അതിലായിരുന്നു. ഓരോന്നിലും എണ്‍പതു മുതല്‍ നൂറു ലിറ്റര്‍ വരെ വെള്ളം കൊള്ളുമായിരുന്നു."
7 യേശു ദാസന്മാരോടു പറഞ്ഞു, “ആ കല്‍ഭരണികളില്‍ വെള്ളം നിറയ്ക്കുക.” ദാസന്മാര്‍ വക്കോളം വെള്ളം നിറച്ചു."
8 അനന്തരം യേശു ദാസന്മാരോടു പറഞ്ഞു, “കുറച്ചു കോരി യജമാനനെ ഏല്പിക്കുക.” അവര്‍ കൊണ്ടുപോയി കൊടുത്തു."
9 യജമാനന്‍ വെള്ളം രുചിച്ചു നോക്കിയപ്പോള്‍ അതു വീഞ്ഞായി മാറിയിരിക്കുന്നതു കണ്ടു. വീഞ്ഞ് എവിടെ നിന്നു വന്നുവെന്ന് അയാളറിഞ്ഞില്ല. എന്നാലതു കൊണ്ടുവന്ന ദാസന്മാര്‍ക്ക് അറിയാമായിരുന്നു. വിവാഹയജമാനന്‍ വരനെ വിളിച്ചു."
10 അയാള്‍ വരനോടു പറഞ്ഞു, “ആളുകള്‍ നല്ല വീഞ്ഞ് ആദ്യം വിളന്പും. പിന്നീട് അതിഥികള്‍ കുടിച്ചു കഴിയുന്പോള്‍ തരംതാണ വീഞ്ഞും വിളന്പും. പക്ഷേ നീ നല്ല വീഞ്ഞു ഇതുവരേക്കും മാറ്റിവച്ചു വിളന്പുന്നു.”"
11 യേശുവിന്‍റെ ആദ്യത്തെ അത്ഭുതപ്രവൃത്തിയായിരുന്നു അത്. ഗലീലയിലെ കാനാവിലാണ് യേശു ഈ പ്രവൃത്തി ചെയ്തത്. അങ്ങനെ യേശു തന്‍റെ മഹത്വം പ്രകടിപ്പിച്ചു. അവന്‍റെ ശിഷ്യന്മാര്‍ അവനില്‍ വിശ്വസിച്ചു."
12 അനന്തരം യേശു കഫര്‍ന്നഹൂമിലേക്കു പോയി. യേശുവിന്‍റെ അമ്മയും സഹോദരന്മാരും ശിഷ്യന്മാരും അവനോടൊത്തു പോയി. അവര്‍ ഏതാനും ദിവസം കഫര്‍ന്നഹൂമില്‍ തങ്ങി."
13 അത് പെസഹാ സമയം ആകാറായപ്പോഴായിരുന്നു. അതിനാല്‍ യേശു യെരൂശലേമിലേക്കു പോയി."
14 ദൈവാലയത്തില്‍ ആളുകള്‍ കാളകളെയും ആടുകളെയും പ്രാവുകളെയും വില്‍ക്കുന്നത് അവന്‍ കണ്ടു. മറ്റുള്ളവര്‍ മേശയ്ക്കരികില്‍ ഇരിക്കുന്നതും കണ്ടു. അവര്‍ പണമിടപാടുകള്‍ നടത്തുകയായിരുന്നു."
15 യേശു ഏതാനും കയര്‍കഷണങ്ങള്‍ ചേര്‍ത്ത് ഒരു ചാട്ടയുണ്ടാക്കി. അവന്‍ മനുഷ്യരെയും കാളകളെയും ആടുകളെയും ദൈവാലയത്തില്‍ നിന്നും പുറത്താക്കി. പണമിടപാടുകാരുടെ മേശകള്‍ മറിച്ചിടുകയും പണം ചിതറിച്ചു കളയുകയും ചെയ്തു."
16 എന്നിട്ട് യേശു അവിടെ മാടപ്പിറാവുകളെ വില്‍ക്കുകയായിരുന്നവരോടു പറഞ്ഞു, “ഇതെല്ലാം എടുത്തുകൊണ്ടു പുറത്തേക്കു പോവുക. എന്‍റെ പിതാവിന്‍റെ ഭവനത്തെ കച്ചവടസ്ഥലമാക്കരുത്.”"
17 ഇതു സംഭവിച്ചപ്പോള്‍ തിരുവെഴുത്തുകളിലെ വാക്കുകള്‍ യേശുവിന്‍റെ ശിഷ്യന്മാര്‍ ഓര്‍ത്തു: “നിന്‍റെ ആലയത്തെക്കുറിച്ചുള്ള ആവേശം എന്നെ തിന്നുകളയും.” സങ്കീര്‍ത്തനങ്ങള്‍ 69:9"
18 യെഹൂദര്‍ യേശുവിനോടു പറഞ്ഞു, “ഞങ്ങളെ ഒരു അത്ഭുതപ്രവൃത്തി അടയാളമായി കാണിക്കുക. ഇതെല്ലാം ചെയ്യാന്‍ നിനക്കുള്ള അവകാശം തെളിയിക്കുക.”"
19 യേശു മറുപടി പറഞ്ഞു, “ഈ ദൈവാലയം നശിപ്പിക്കുക, മൂന്നു ദിവസത്തിനുള്ളില്‍ ഞാനിതു വീണ്ടും പണിയും.”"
20 യെഹൂദര്‍ മറുപടി പറഞ്ഞു, “മനുഷ്യര്‍ നാല്പത്താറു വര്‍ഷം പണിയെടുത്താണിതു നിര്‍മ്മിച്ചത്! മൂന്നു ദിവസത്തിനുള്ളില്‍ ഇതു നിനക്കു വീണ്ടും പണിയാമെന്നു നീ വിശ്വസിക്കുന്നുണ്ടോ?”"
21 (എന്നാല്‍ യേശു ഉദ്ദേശിച്ച ദൈവാലയം സ്വന്തം ശരീരമായിരുന്നു."
22 യേശു മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാര്‍ തിരുവെഴുത്തും യേശു പറഞ്ഞ വാക്കുകളും അനുസ്മരിച്ചു. അതിനാല്‍ ശിഷ്യന്മാര്‍ അവനെപ്പറ്റിയുള്ള തിരുവെഴുത്തുകളിലും യേശുവിന്‍റെ വാക്കുകളിലും വിശ്വസിച്ചു.)"
23 പെസഹാ ഉത്സവത്തിനോടനുബന്ധിച്ച് യേശു യെരൂശലേമിലായിരുന്നു. അവന്‍ ചെയ്ത അത്ഭുതപ്രവൃത്തികളാല്‍ അനേകംപേര്‍ അവനില്‍ വിശ്വസിച്ചു."
24 എന്നാല്‍ യേശു അവരെ വിശ്വസിച്ചില്ല. എന്തുകൊണ്ടെന്നാല്‍, അവരുടെ മനോഗതം യേശുവിന് അറിയാമായിരുന്നു."
25 മറ്റുള്ളവരെപ്പറ്റി തന്നോടു പറയാന്‍ അവനു ആരും ആവശ്യമായിരുന്നില്ല. ഒരാളുടെ മനസ്സിലെന്താണുള്ളതെന്ന് യേശുവിന് അറിയാമായിരുന്നു."
1 നിക്കോദേമൊസ് എന്നു പേരായ ഒരാളുണ്ടായിരുന്നു. അയാള്‍ പരീശന്മാരില്‍ ഒരാളായിരുന്നു. അവന്‍ ഒരു പ്രധാന യെഹൂദനേതാവായിരുന്നു."
2 ഒരു രാത്രി നിക്കോദേമൊസ് യേശുവിനെ സമീപിച്ചു. നിക്കോദേമൊസ് പറഞ്ഞു, “ഗുരോ, ദൈവം അയച്ച ഒരു അദ്ധ്യാപകനാണു അങ്ങെന്നു ഞങ്ങള്‍ക്കറിയാം. ദൈവസഹായമില്ലാതെ അങ്ങു ചെയ്ത അത്ഭുതപ്രവൃത്തികള്‍ ആര്‍ക്കും ചെയ്യാനാവില്ല.”"
3 യേശു മറുപടി പറഞ്ഞു, “ഞാന്‍ നിന്നോടു സത്യമായി പറയാം. ഒരാള്‍ വീണ്ടും ജനിക്കണം. വീണ്ടും ജനിക്കുന്നില്ലെങ്കില്‍ അവനു ദൈവരാജ്യം കാണാനാവില്ല.”"
4 നിക്കോദേമൊസ് പറഞ്ഞു, “എന്നാല്‍ വൃദ്ധനായ ഒരാള്‍ക്ക് എങ്ങനെ വീണ്ടും ജനിക്കാനാവും. ഒരാള്‍ക്കു വീണ്ടും അമ്മയുടെ ശരീരത്തിനുള്ളില്‍ പ്രവേശിക്കാനാവില്ല. അതിനാലാര്‍ക്കും രണ്ടാമതു ജനിക്കാനുമാവില്ല.”"
5 പക്ഷേ യേശു മറുപടി പറഞ്ഞു, “ഞാന്‍ നിന്നോടു സത്യമായി പറയാം. ഒരാള്‍ വെള്ളത്താലും ആത്മാവിനാലും ജനിക്കണം. വെള്ളത്താലും ആത്മാവിനാലും ജനിക്കാത്തവന് ദൈവരാജ്യത്തേക്ക് പ്രവേശനമില്ല."
6 ഒരാളുടെ ശരീരം അയാളുടെ മനുഷ്യരായ അപ്പനമ്മമാരില്‍ നിന്നു ജനിച്ചതാണ്. പക്ഷേ ഒരുവന്‍റെ ആത്മീയ ജീവിതമാകട്ടെ ആത്മാവില്‍ നിന്നും ജനിച്ചതുമാണ്."
7 ഞാന്‍ പറഞ്ഞിനെപ്പറ്റി വിസ്മയിക്കേണ്ട, ‘നീ വീണ്ടും ജനിക്കണം.’"
8 കാറ്റ് അതിനു പോകേണ്ടിടത്തേക്കു വീശുന്നു. കാറ്റിന്‍റെ സ്വരം നീ കേള്‍ക്കുന്നു. എന്നാല്‍ കാറ്റ് എവിടെനിന്നു വരുന്നു എന്നോ അതെങ്ങോട്ടു പോകുന്നുവെന്നോ നിനക്കറിയില്ല. ആത്മാവില്‍ നിന്നു ജനിച്ചവനെപ്പറ്റിയും അതുപോലെയാണ്.”"
9 നിക്കോദേമൊസ് ചേദിച്ചു, “ഇതൊക്കെ എങ്ങനെ സംഭവിക്കും?”"
10 യേശു പറഞ്ഞു, “യിസ്രായേലിലെ ഗുരുവാണല്ലോ നീ. പക്ഷേ നിനക്കിപ്പോഴും ഒന്നും മനസ്സിലാകാത്തതെന്ത്?"
11 ഞാന്‍ നിന്നോടു സത്യമായി പറയുന്നു, ഞങ്ങള്‍ അറിയുന്നവയെപ്പറ്റി ഞങ്ങള്‍ പറയുന്നു. ഞങ്ങള്‍ കണ്ടതിനെപ്പറ്റി ഞങ്ങള്‍ പറയുന്നു. പക്ഷേ ഞങ്ങള്‍ നിങ്ങളോടു പറഞ്ഞതു നിങ്ങള്‍ സ്വീകരിക്കുന്നില്ല."
12 ഞാന്‍ നിങ്ങളോടു ഭൂമിയിലെ കാര്യങ്ങള്‍ സംസാരിച്ചു. പക്ഷേ നിങ്ങള്‍ എന്നെ വിശ്വസിച്ചില്ല. അതിനാല്‍ ഞാന്‍ സ്വര്‍ഗ്ഗത്തിലെ കാര്യങ്ങള്‍ പറയുന്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ വിശ്വസിക്കില്ല!"
13 സ്വര്‍ഗ്ഗത്തില്‍നിന്നും വന്നിറങ്ങിയ മനുഷ്യപുത്രനല്ലാതാരും സ്വര്‍ഗ്ഗത്തിലേക്കു കയറിയിട്ടില്ല."
14 “മരുഭൂമിയില്‍ മോശെ സര്‍പ്പത്തെ ഉയര്‍ത്തി. മനുഷ്യപുത്രനെ സംബന്ധിച്ചും അങ്ങനെ തന്നെ. മനുഷ്യപുത്രനും ഉയിര്‍ത്തപ്പെടണം."
15 മനുഷ്യപുത്രനില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും നിത്യജീവന്‍ ലഭിക്കേണ്ടതിനു തന്നെ.”"
16 തന്‍റെ ഏകപുത്രനെ നല്‍കുവാന്‍ തക്കവണ്ണം ദൈവം ലോകത്തെ വളരെയധികം സ്നേഹിച്ചു. അവനില്‍ വിശ്വസിക്കുന്ന ഒരുവനും നശിക്കാതിരിക്കുവാനും അവര്‍ക്കു നിത്യജീവന്‍ ലഭിക്കുവാനും വേണ്ടി ദൈവം തന്‍റെ മകനെ ആ ലോകത്തിലേക്കയച്ചു."
17 ദൈവം തന്‍റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല. തന്‍റെ പുത്രനിലൂടെ ലോകത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് ദൈവം അവനെ അയച്ചത്."
18 ദൈവപുത്രനില്‍ വിശ്വസിക്കുന്നവനെ വിധിക്കില്ല. എന്നാല്‍ വിശ്വസിക്കാത്തവന്‍ വിധിക്കപ്പെട്ടു കഴിഞ്ഞു. എന്തുകൊണ്ടെന്നാല്‍ അയാള്‍ ദൈവത്തിന്‍റെ ഏകപുത്രനില്‍ വിശ്വസിച്ചില്ല."
19 ഇക്കാര്യങ്ങള്‍ കൊണ്ടവര്‍ വിധിക്കപ്പെട്ടു: വെളിച്ചം ലോകത്തിലേക്കു വന്നു കഴിഞ്ഞു. എന്നാലാളുകള്‍ക്കതു വേണ്ടിയിരുന്നില്ല. പകരം അവര്‍ക്ക് ഇരുട്ടാണ് അഭികാമ്യം. എന്തുകൊണ്ടെന്നാല്‍ അവരുടെ ചെയ്തികള്‍ ദുഷ്ടത നിറഞ്ഞതായിരുന്നു."
20 ദുഷ്ടത പ്രവര്‍ത്തിക്കുന്നവര്‍ പ്രകാശത്തെ വെറുക്കുന്നു. അവര്‍ വെളിച്ചത്തിലേക്കു വരില്ല. എന്തുകൊണ്ടെന്നാല്‍ അവര്‍ ചെയ്ത എല്ലാ ചീത്തപ്രവൃത്തിയും വെളിച്ചത്തു തെളിയും."
21 സത്യമായ മാര്‍ഗ്ഗം സ്വീകരിച്ചവര്‍ പ്രകാശത്തിലേക്കു വരും. അപ്പോള്‍ അയാളുടെ പ്രവൃത്തികള്‍ ദൈവത്തിലൂടെയാണു ചെയ്തതെന്ന് വെളിപ്പെടും."
22 അതിനുശേഷം യേശുവും ശിഷ്യന്മാരും യെഹൂദ്യ ദേശത്തേക്കു പോയി. അവന്‍ അവിടെ ശിഷ്യന്മാരോടൊത്തു താമസിച്ച് ആളുകളെ സ്നാനപ്പെടുത്തി."
23 യോഹന്നാനും ഐനോനില്‍ ആളുകളെ സ്നാനപ്പെടുത്തുന്നുണ്ടായിരുന്നു. ശാലേമിനടുത്തുള്ള സ്ഥലമായിരുന്നു ഐനോന്‍. അവിടെ ഇഷ്ടംപോലെ വെള്ളം ഉണ്ടായിരുന്നതു കൊണ്ടാണ് യോഹന്നാന്‍ അവിടെ സ്നാനം നടത്തിയത്. സ്നാനപ്പെടുന്നതിന് ആളുകള്‍ അങ്ങോട്ടു പോയിരുന്നു."
24 (അന്ന് യോഹന്നാന്‍ തടവില്‍ ആക്കപ്പെട്ടിരുന്നില്ല.)"
25 യോഹന്നാന്‍റെ ചില ശിഷ്യന്മാരും ഒരു യെഹൂദനും തമ്മില്‍ ഒരു വാദമുണ്ടായി. ശുദ്ധീകരണത്തെപ്പറ്റിയായിരുന്നു തര്‍ക്കം."
26 അതിനാല്‍ ശിഷ്യന്മാര്‍ യോഹന്നാനെ സമീപിച്ചു. അവര്‍ പറഞ്ഞു, “റബ്ബീ, യോര്‍ദ്ദാന്‍ നദിയുടെ മറുകരയില്‍ അങ്ങയോടൊത്തുണ്ടായിരുന്ന ആളെ ഓര്‍ക്കുന്നില്ലേ? അയാളെപ്പറ്റിയായിരുന്നു അങ്ങ് പ്രസംഗിച്ചിരുന്നത്. ആ മനുഷ്യന്‍ ആളുകളെ സ്നാനപ്പെടുത്തുന്നു. ഒട്ടേറെപ്പേര്‍ അവനെ സമീപിക്കുന്നുമുണ്ട്.”"
27 യോഹന്നാന്‍ മറുപടി പറഞ്ഞു, “ദൈവം നല്‍കുന്നതേ ആര്‍ക്കും കിട്ടൂ."
28 ഞാന്‍ പറഞ്ഞതു നിങ്ങള്‍ കേട്ടതല്ലേ? ‘ഞാന്‍ ക്രിസ്തുവല്ല,’ അവന്‍റെ വഴിയൊരുക്കുവാന്‍ ദൈവം അയച്ചവന്‍ മാത്രമാണു ഞാന്‍.’"
29 വധു വരന്‍റേതു മാത്രമാണ്. വരന്‍റെ സഹായിയും സുഹൃത്തുമായവന്‍ വര ന്‍റെ വരവിന് കാത്തു നില്‍ക്കുന്നു. അയാളുടെ സ്വരം കേള്‍ക്കുന്പോള്‍ സുഹൃത്ത് ആഹ്ലാദിക്കുന്നു. എന്‍റെ ആഹ്ലാദസമയം ഇതാ എത്തിയിരിക്കുന്നു."
30 അവന്‍ വളരണം. ഞാന്‍ എളിയവനാകുകയും വേണം."
31 “മുകളില്‍ നിന്നു വരുന്നവന്‍ എല്ലാവരെക്കാളും ശ്രേഷ്ഠനാണ്. ഭൂമിയിലുള്ളവന്‍ ഭൂമിയുടേതാണ്. അവന്‍ ഭൂമിയിലെ കാര്യങ്ങളെപ്പറ്റി പറയുന്നു. പക്ഷേ സ്വര്‍ഗ്ഗത്തില്‍നിന്നും വരുന്നവന്‍ മറ്റെല്ലാവരെക്കാള്‍ ശ്രേഷ്ഠനാണ്."
32 താന്‍ കണ്ടതും കേട്ടതും അവന്‍ പറയുന്നു. പക്ഷേ അവന്‍റെ വാക്കുകള്‍ ജനങ്ങള്‍ സ്വീകരിക്കുന്നില്ല."
33 അവന്‍റെ വാക്കുകള്‍ സ്വീകരിക്കുന്നവന്‍ ദൈവം സത്യമാണെന്നതിനും മുദ്ര പതിപ്പിക്കുന്നു."
34 ദൈവം അവനെ അയച്ചു. ദൈവം അയച്ചവന്‍ ദൈവത്തിന്‍റെ വാക്കുകള്‍ ഉച്ചരിക്കുന്നു. ദൈവം ആത്മാവിനെ മുഴുവനായി അവനു നല്‍കിയിരിക്കുന്നു."
35 പിതാവ് പുത്രനെ സ്നേഹിക്കുന്നു. പിതാവ് പുത്രന് എല്ലാറ്റിനും മേലെ ശക്തി നല്‍കി."
36 പുത്രനില്‍ വിശ്വസിക്കുന്നവന് നിത്യജീവന്‍ ഉണ്ട്. പുത്രനെ അനുസരിക്കാത്തവന് ആ ജീവിതമൊരിക്കലും ലഭിക്കില്ല. ദൈവകോപം അവനിലുണ്ടാകും.”"
1 യേശു യോഹന്നാനെക്കാള്‍ കൂടുതല്‍ പേരെ സ്നാനപ്പെടുത്തുകയും ശിഷ്യന്മാരാക്കുകയും ചെയ്യുന്നുണ്ടെന്ന് പരീശന്മാര്‍ അറിഞ്ഞു."
2 (പക്ഷെ യേശു യഥാര്‍ത്ഥത്തില്‍ ആരെയും സ്നാനപ്പെടുത്തിയിരുന്നില്ല. അവനുവേണ്ടി അവന്‍റെ ശിഷ്യന്മാരാണു ചെയ്തത്.) ഇതെപ്പറ്റി പരീശന്മാര്‍ കേട്ടുവെന്ന് യേശു അറിഞ്ഞു."
3 അതിനാല്‍ യേശു യെഹൂദ്യാ വിട്ട് ഗലീലയിലേക്കു മടങ്ങിപ്പോയി."
4 അങ്ങോട്ടുള്ള വഴിയേ യേശുവിന് ശമര്യാരാജ്യത്തുകൂടി പോകേണ്ടിയിരുന്നു."
5 ശമര്യയില്‍ സുഖാര്‍ എന്ന നഗരത്തില്‍ യേശു വന്നു. യാക്കോബ് തന്‍റെ പുത്രന്‍ യോസേഫിനു നല്‍കിയ കൃഷിയിടത്തിനടുത്താണ് ഈ സ്ഥലം."
6 യാക്കോബിന്‍റെ കിണര്‍ അവിടെയായിരുന്നു. ദീര്‍ഘയാത്രയില്‍ യേശു വളരെ ക്ഷീണിതനായിരുന്നു. അവന്‍ കിണറ്റിന്‍കരയിലിരുന്നു. നേരം ഉച്ചയോടടുത്തിരുന്നു."
7 ഒരു ശമര്യാക്കാരി വെള്ളം കോരാന്‍ അവിടെയെത്തി. യേശു അവളോടു പറഞ്ഞു, “എനിക്കു കുടിക്കാനല്പം വെള്ളം തരൂ.”"
8 (യേശുവിന്‍റെ ശഷ്യന്മാര്‍ ഗ്രാമത്തില്‍ ആഹാരം വാങ്ങവേയാണിതു സംഭവിച്ചത്.)"
9 ശമര്യാക്കാരി മറുപടി പറഞ്ഞു, “നീ എന്നോടു വെള്ളം ചോദിച്ചത് എന്നെ അത്ഭുതപ്പെടുത്തുന്നു! നീ യെഹൂദനും ഞാന്‍ ശമര്യാക്കാരിയുമാണ്!” (യെഹൂദര്‍ ശമര്യാക്കാരുടെ സുഹൃത്തുക്കളായിരുന്നില്ല.)"
10 യേശു മറുപടി പറഞ്ഞു, “ദൈവം എന്താണു തരുന്നത് എന്നതിനെപ്പറ്റി നിനക്കറിയില്ല. ദാഹജലം ചോദിച്ച ഞാനാരെന്നും നിനക്കറിയില്ല. നീ അറിഞ്ഞിരുന്നെങ്കില്‍ നീ എന്നോടു ചോദിക്കുകയും ഞാന്‍ നിനക്കു ജീവജലം തരികയും ചെയ്യുമായിരുന്നു.”"
11 സ്ത്രീ പറഞ്ഞു, “പ്രഭോ, അങ്ങയ്ക്കെവിടെ നിന്നു ജീവജലം കിട്ടും? കിണറിനാണെങ്കില്‍ വളരെ ആഴം ഉണ്ട്. അങ്ങയുടെ കയ്യിലാകട്ടെ പാത്രവുമില്ല."
12 നീ ഞങ്ങളുടെ പിതാവ് യാക്കോബിനെക്കാള്‍ ശ്രേഷ്ഠനാണോ? യാക്കോബാണു ഞങ്ങള്‍ക്ക് ഈ കിണര്‍ നല്‍കിയത്. അവന്‍ ഇതില്‍ നിന്നും സ്വയം വെള്ളം കുടിച്ചു. അവന്‍റെ മക്കളും അവന്‍റെ മൃഗങ്ങളും ഇതില്‍ നിന്നാണു വെള്ളം കുടിച്ചിരുന്നത്.”"
13 യേശു മറുപടി പറഞ്ഞു, “ഈ വെള്ളം കുടിക്കുന്നവര്‍ക്കൊക്കെ വീണ്ടും ദാഹിക്കും."
14 എന്നാല്‍ ഞാന്‍ നല്‍കുന്ന വെള്ളം കുടിക്കുന്നവര്‍ക്ക് ഒരിക്കലും ദാഹിക്കില്ല. ഞാന്‍ നല്‍കുന്ന വെള്ളം അയാളില്‍ ഒരു നീരുറവപോലെ ഒഴുകിക്കൊണ്ടിരിക്കും. ഞാന്‍ നല്‍കുന്ന വെള്ളം അവനെ നിത്യജീവനിലേക്കു നയിക്കും.”"
15 സ്ത്രീ യേശുവിനോടു പറഞ്ഞു, “പ്രഭോ, എനിക്കാവെള്ളം തന്നാലും. എനിക്കു വീണ്ടും ദാഹമുണ്ടാകാതിരിക്കട്ടെ. പിന്നെ ഇവിടെ വെള്ളം കോരാനും വരേണ്ട ആവശ്യം ഉണ്ടാകയില്ലല്ലോ.”"
16 യേശു അവളോടു പറഞ്ഞു, “പോയി നിന്‍റെ ഭര്‍ത്താവിനെയും കൂട്ടി മടങ്ങിവരൂ.”"
17 സ്ത്രീ മറുപടി പറഞ്ഞു, “പക്ഷേ, എനിക്കു ഭര്‍ത്താവില്ല.” യേശു അവളോടു പറഞ്ഞു, “നിനക്കു ഭര്‍ത്താവില്ലെന്നു പറഞ്ഞതു ശരിയാണ്."
18 യഥാര്‍ത്ഥത്തില്‍ നിനക്കു അഞ്ചു ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നു. എന്നാല്‍ നിന്‍റെ കൂടെ ഇപ്പോഴുള്ളവന്‍ നിന്‍റെ ഭര്‍ത്താവല്ല. നീ എന്നോടു സത്യം പറഞ്ഞു.”"
19 സ്ത്രീ പറഞ്ഞു, “പ്രഭോ, അങ്ങ് ഒരു പ്രവാചകനാണ് എന്ന് ഞാന്‍ കാണുന്നു."
20 ഞങ്ങളുടെ പിതാക്കന്മാര്‍ ഈ പര്‍വ്വതത്തില്‍ നമസ്കരിച്ചു വന്നു. എന്നാല്‍ നിങ്ങള്‍ യെഹൂദര്‍ അവകാശപ്പെടുന്നു യെരൂശലേമാണ് നമസ്കരിക്കേണ്ട യഥാര്‍ത്ഥ സ്ഥലമെന്ന്.”"
21 യേശു പറഞ്ഞു, “സ്ത്രീയേ, എന്നില്‍ വിശ്വസിക്കൂ! നിങ്ങള്‍ പിതാവിനെ നമസ്കരിക്കുന്നത് യെരൂശലേമിലോ ഈ മലയിലോ അല്ലാതാകുന്ന സമയം വരുന്നു."
22 നിങ്ങള്‍ ശമര്യാക്കാര്‍ മനസ്സിലാകാത്തതിനെ നമസ്കരിക്കുന്നു. ഞങ്ങള്‍ യെഹൂദര്‍ മനസ്സിലാകുന്നതിനെ നമസ്കരിക്കുന്നു. രക്ഷ യെഹൂദരില്‍ നിന്നാണു വരുന്നത്."
23 യഥാര്‍ത്ഥ നമസ്കാരികള്‍ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന സമയം വരും. ആ സമയമിതാ എത്തിക്കഴിഞ്ഞു. അത്തരത്തിലുള്ളവര്‍ തന്‍റെ നമസ്കാരികള്‍ ആകാനാണ് പിതാവ് ആഗ്രഹിക്കുന്നത്."
24 ദൈവം ആത്മാവ് ആണ്. അതിനാല്‍ ദൈവത്തെ നമസ്കരിക്കുന്നവര്‍ ആത്മാവിലും സത്യത്തിലും നമസ്കരിക്കണം.”"
25 സ്ത്രീ പറഞ്ഞു, “മശീഹാ, വരുന്നുണ്ടെന്ന് എനിക്കറിയാം.” (അവന്‍ ക്രിസ്തു എന്നു വിളിക്കപ്പെടുന്നു.) “മശീഹാ വരുന്പോള്‍ അവന്‍ ഞങ്ങള്‍ക്കെല്ലാം വിശദമായി തരും.”"
26 അപ്പോള്‍ യേശു പറഞ്ഞു, “ആ മനുഷ്യനാണ് നിന്നോടു സംസാരിക്കുന്നത്. ഞാനാണ് മശീഹാ.”"
27 ആ സമയം യേശുവിന്‍റെ ശിഷ്യന്മാര്‍ നഗരത്തില്‍നിന്നും മടങ്ങിയെത്തി. യേശു ഒരു സ്ത്രീയുമായി സംസാരിക്കുന്നതു കണ്ട് അവര്‍ അത്ഭുതപ്പെട്ടു. “എന്നാല്‍ നിനക്കെന്തുവേണം?” എന്നോ “നീ എന്താണവളോടു സംസാരിക്കുന്നത്?” എന്നോ ആരും ചോദിച്ചില്ല."
28 അപ്പോള്‍ ആ സ്ത്രീ തന്‍റെ കുടം അവിടെവെച്ച് നഗരത്തിലേക്കു പോയി. അവള്‍ ആളുകളോട് ഇങ്ങനെ പറഞ്ഞു,"
29 “ഞാനിതുവരെ ചെയ്തതെല്ലാം ഒരാള്‍ എന്നോടു പറഞ്ഞു, ‘വന്ന് അവനെ കാണുക. അവനായിരിക്കാം ക്രിസ്തു.”"
30 അതിനാല്‍ ആളുകളെല്ലാം നഗരം വിട്ട് യേശുവിനെ കാണാന്‍ പോയി."
31 ആ സ്ത്രീ നഗരത്തിലായിരിക്കവേ ശിഷ്യന്മാര്‍ യേശുവിനോട് അപേക്ഷിച്ചു, “റബ്ബീ, എന്തെങ്കിലും കഴിച്ചാലും.”"
32 പക്ഷേ യേശു പറഞ്ഞു, “എനിക്ക് നിങ്ങള്‍ക്കറിയാത്ത ആഹാരമുണ്ട്.”"
33 അതുകേട്ട് ശിഷ്യന്മാര്‍ സ്വയം ചോദിച്ചു, “ഇനി ആരെങ്കിലും നേരത്തെ അദ്ദേഹത്തിനു ഭക്ഷണം കൊടുത്തോ?”"
34 യേശു പറഞ്ഞു, “ദൈവം എന്നിലേല്പിച്ച കര്‍ത്തവ്യനിര്‍വ്വഹണമാണ് എന്‍റെ ഭക്ഷണം. അവനെന്നെ ഏല്പിച്ച ജോലി തീര്‍ക്കുകയാണെന്‍റെ ഭക്ഷണം."
35 വിതയ്ക്കുന്പോള്‍ നിങ്ങള്‍ പറയും നാലുമാസം കൂടി കാത്തിരുന്നാല്‍ വിളവെടുക്കാം.” പക്ഷേ ഞാന്‍ നിങ്ങളോടു പറയുന്നു, “നിങ്ങളുടെ കണ്ണുകള്‍ തുറക്കുക. എന്നിട്ട് ജനങ്ങളെ നോക്കുക. വിളവെടുക്കാറായ വയല്‍ പോലെയാണവര്‍."
36 കൊയ്യുന്നവനിപ്പോഴും കൂലി കിട്ടുന്നു. അയാള്‍ നിത്യജീവിതത്തിലേക്കു വിളവു ശേഖരിക്കുന്നു. അതിനാലിപ്പോള്‍ വിതച്ചവനും കൊയ്യുന്നനും ഒരുപോലെ ആഹ്ലാദിക്കാം."
37 നമ്മള്‍ പറയാറുണ്ടല്ലോ ‘ഒരാള്‍ വിതയ്ക്കുന്നു, വേറൊരാള്‍ കൊയ്യുന്നു.’ അതു സാര്‍ത്ഥകമാകുന്നു."
38 നിങ്ങള്‍ വിതയ്ക്കാത്തതു കൊയ്യാനാണു ഞാന്‍ നിങ്ങളെ അയച്ചത്. മറ്റുള്ളവര്‍ വേല ചെയ്യുന്നു. അവരുടെ വേലയ്ക്കു നിങ്ങള്‍ക്കു പ്രതിഫലം കിട്ടുന്നു.”"
39 നഗരത്തില്‍ നിന്നും ഒട്ടേറെ ശമര്യാക്കാര്‍ യേശുവില്‍ വിശ്വസിച്ചു. യേശുവിനെപ്പറ്റി ആ സ്ത്രീ പറഞ്ഞതു കേട്ടാണവര്‍ വിശ്വസിച്ചത്. അവള്‍ അവരോടു പറഞ്ഞു, “ഞാനിതുവരെ ചെയ്തതെല്ലാം അവന്‍ എന്നോടു പറഞ്ഞു.”"
40 ശമര്യാക്കാര്‍ യേശുവിന്‍റെ അടുത്തേക്കു പോയി. തങ്ങളോടൊത്തു താമസിക്കാന്‍ അവര്‍ യേശുവിനോടു അപേക്ഷിച്ചു. അതിനാല്‍ അവന്‍ അവിടെ രണ്ടു ദിവസം തങ്ങി."
41 യേശുവിന്‍റെ വാക്കുകള്‍ കേട്ട് വളരെപ്പേര്‍ അവനില്‍ വിശ്വസിച്ചു."
42 ആളുകള്‍ ആ സ്ത്രീയോടു പറഞ്ഞു, “ആദ്യം നീ പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ യേശുവില്‍ വിശ്വസിച്ചു. ഇപ്പോള്‍ ഞങ്ങള്‍ സ്വയം കേട്ടതിന്‍റെ വെളിച്ചത്തില്‍ വിശ്വസിക്കുന്നു. ഇവന്‍ തന്നെയാണു ലോകരക്ഷകനെന്നു ഞങ്ങളറിയുന്നു.”"
43 രണ്ടു ദിവസങ്ങള്‍ക്കു ശേഷം യേശു അവിടം വിട്ടു ഗലീലയിലേക്കു പോയി."
44 (ഒരു പ്രവാചകനും സ്വന്തം നാട്ടില്‍ ബഹുമാനം ഇല്ലായെന്ന് അതിനുമുന്പാണു യേശു പറഞ്ഞത്.)"
45 ഗലീലയിലെത്തിയ യേശുവിനെ അവിടത്തുകാര്‍ സ്വീകരിച്ചു. യെരൂശലേമിലെ പെസഹാ ഉത്സവത്തില്‍ അവന്‍ ചെയ്ത കാര്യങ്ങള്‍ അവരെല്ലാം കണ്ടിരുന്നു. അവരും അവിടെയുണ്ടായിരുന്നു."
46 ഗലീലയിലെ കാനാവിലേക്കു യേശു വീണ്ടും പോയി. അവിടെയാണ് യേശു വെള്ളത്തെ വീഞ്ഞാക്കിയത്. രാജാവിന്‍റെ പ്രധാനപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ കഫര്‍ന്നഹൂമില്‍ താമസിച്ചിരുന്നു. അയാളുടെ മകന് രോഗം പിടിപെട്ടിരുന്നു."
47 യേശു യെഹൂദ്യയില്‍ നിന്ന് ഗലീലയിലെത്തിയിട്ടുണ്ടെന്ന് അയാള്‍ കേട്ടു. അതിനാല്‍ അയാള്‍ കാനാവില്‍ യേശുവിന്‍റെയടുത്തേക്കു പോയി. കഫര്‍ന്നഹൂമില്‍ വന്ന് തന്‍റെ പുത്രന്‍റെ രോഗം ഭേദമാക്കാന്‍ അയാള്‍ യേശുവിനോട് അപേക്ഷിച്ചു. ആ കുട്ടി മരിക്കാറായിരുന്നു."
48 യേശു അയാളോടു പറഞ്ഞു, “എന്നില്‍ വിശ്വസിക്കും മുന്പ് നിങ്ങള്‍ക്ക് വീര്യപ്രവൃത്തികളും അത്ഭുതപ്രവൃത്തികളും കാണണം അല്ലേ?”"
49 രാജാവിന്‍റെ ഉദ്യോഗസ്ഥന്‍ പറഞ്ഞു, “പ്രഭോ, എന്‍റെ കൊച്ചുമകന്‍ മരിക്കും മുന്പ് എന്‍റെ വീട്ടിലേക്കു വന്നാലും.”"
50 യേശു മറുപടി പറഞ്ഞു, “പോകൂ, നിന്‍റെ മകന്‍ ജീവിക്കും.” അയാള്‍ യേശുവിന്‍റെ വാക്കുകള്‍ വിശ്വസിച്ചു വീട്ടിലേക്കു പോയി."
51 വീട്ടിലേക്കു പോകും വഴി അയാളുടെ ദാസന്മാര്‍ വന്ന് സന്ധിച്ചു അയാളോടു പറഞ്ഞു, “അങ്ങയുടെ മകനു സുഖമായി.”"
52 അയാള്‍ ചോദിച്ചു, “എത്ര മണിക്കാണ് അവന്‍റെ ആരോഗ്യം മെച്ചപ്പെട്ടു തുടങ്ങിയത്?” ദാസന്മാര്‍ മറുപടി പറഞ്ഞു, “ഇന്നലെ ഒരുമണിക്കാണ് പനി വിട്ടത്.”"
53 ഒരുമണി സമയത്താണ്, “നിന്‍റെ മകന്‍ ജീവിക്കും” എന്ന് യേശു പറഞ്ഞതെന്ന് അയാള്‍ ഓര്‍ത്തു. അതിനാല്‍ അയാളും അയാളുടെ വീട്ടുകാരും യേശുവില്‍ വിശ്വസിച്ചു."
54 യെഹൂദ്യയില്‍നിന്നും ഗലീലയില്‍ എത്തിയതിനുശേഷം യേശു പ്രവര്‍ത്തിച്ച രണ്ടാമത്തെ വീര്യപ്രവൃത്തി ആയിരുന്നു അത്."
1 യേശു പിന്നീട് ഒരു പ്രത്യേക യെഹൂദ ഉത്സവത്തിനായി യെരൂശലേമിലേക്കു പോയി."
2 അവിടെ അഞ്ചു മണ്ഡപങ്ങളുള്ള ഒരു കുളം ഉണ്ടായിരുന്നു. യെഹൂദഭാഷയില്‍ അതിനെ ബെഥെസ്ദാ എന്നു വിളിച്ചിരുന്നു. ആട്ടുവാതിലിനു അരികിലായിരുന്നു ഈ കുളം."
3 കുളക്കരയിലെ മണ്ഡപങ്ങളില്‍ ധാരാളം രോഗികള്‍ കിടന്നിരുന്നു. അവരില്‍ അന്ധരും മുടന്തരും തളര്‍വാതക്കാരും ഉണ്ടായിരുന്നു."
4 [This verse may not be a part of this translation]"
5 [This verse may not be a part of this translation]"
6 അയാളവിടെ കിടക്കുന്നത് യേശു കണ്ടു. വളരെക്കാലമായി അയാള്‍ രോഗിയാണെന്ന് യേശുവിന് മനസ്സിലായി. യേശു അയാളോടു ചോദിച്ചു, “നിനക്കു സുഖമാകണമെന്നുണ്ടോ?”"
7 രോഗി മറുപടി പറഞ്ഞു, “പ്രഭോ, വെള്ളം ഇളകി തുടങ്ങുന്പോള്‍ എന്നെ വെള്ളത്തിലിറക്കാന്‍ ആരുമില്ല. ആദ്യം ഇറങ്ങാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ അപ്പോഴേക്കും എന്നെക്കാള്‍ മുന്പേ മറ്റാരെങ്കിലും വെള്ളത്തില്‍ ഇറങ്ങിയിരിക്കും.”"
8 അപ്പോള്‍ യേശു പറഞ്ഞു, “എഴുന്നേല്‍ക്കൂ, നിന്‍റെ കിടക്കയുമെടുത്ത് നടന്നുപോകൂ.”"
9 ഉടന്‍ തന്നെ അയാളുടെ രോഗം ഭേദമായി. അയാള്‍ തന്‍റെ കിടക്കയുമെടുത്ത് നടക്കാന്‍ തുടങ്ങി. ഒരു ശബ്ബത്തു ദിവസമായിരുന്നു ഇതു സംഭവിച്ചത്."
10 അതിനാല്‍ സുഖപ്പെട്ടവനോട് യെഹൂദര്‍ പറഞ്ഞു, “ഇന്നു ശബ്ബത്താണ്. ഇന്നു കിടക്കയെടുക്കുന്നതു ന്യായപ്രമാണത്തിനു വിരുദ്ധമാണ്.”"
11 പക്ഷേ അയാള്‍ മറുപടി പറഞ്ഞു, “എന്നെ സുഖപ്പെടുത്തിയവന്‍ എന്നോടു പറഞ്ഞു, ‘നിന്‍റെ കിടക്കയുമെടുത്ത് നടക്കുക’ എന്ന്.”"
12 യെഹൂദര്‍ അയാളോടു ചോദിച്ചു, “കിടക്കയുമെടുത്ത് നടക്കുവാന്‍ ആരാണു നിന്നോടു പറഞ്ഞത്?”"
13 എന്നാല്‍ അത് ആരാണെന്നു തിരിച്ചറിയുവാന്‍ അയാള്‍ക്കായില്ല. അവിടെ ഒട്ടേറെപ്പേരുണ്ടായിരുന്നു. യേശു അവിടം വിട്ടു പോവുകയും ചെയ്തു."
14 പിന്നീട് യേശു അയാളെ ദൈവാലയത്തില്‍ വച്ചു കണ്ടു. യേശു അയാളോടു പറഞ്ഞു, “നോക്കൂ, നിനക്കിപ്പോള്‍ സുഖമായി. എന്നാല്‍ കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പാപങ്ങള്‍ ചെയ്യാതിരുക്കുക.”"
15 അനന്തരം അയാള്‍ യെഹൂദരുടെ അടുത്തേക്ക് മടങ്ങി. യേശുവാണ് തന്‍റെ രോഗം ഭേദമാക്കിയതെന്ന് അയാള്‍ അവരോട് പറഞ്ഞു."
16 യേശു ഇതെല്ലാം ചെയ്തത് ശബ്ബത്തു ദിവസമായിരുന്നു. അതുകൊണ്ട് യെഹൂദര്‍ യേശുവിനെ പീഢിപ്പിക്കാന്‍ തുടങ്ങി."
17 എന്നാല്‍ യേശു യെഹൂദരോടു പറഞ്ഞു, “എന്‍റെ പിതാവ് ഒരിക്കലും പ്രവൃത്തികള്‍ നിര്‍ത്തിയിട്ടില്ല. അതിനാല്‍ ഞാനും ജോലി ചെയ്യുന്നു.”"
18 ഇതുകൊണ്ടാണ് യെഹൂദര്‍ കുറെക്കൂടി രൂക്ഷമായി യേശുവിനെ കൊല്ലാന്‍ ശ്രമിച്ചത്. അവര്‍ പറഞ്ഞു, “ആദ്യം യേശു ശബ്ബത്തിന്‍റെ ന്യായപ്രമാണം ലംഘിക്കുന്നു. പിന്നെ പറഞ്ഞു, ദൈവമാണ് തന്‍റെ പിതാവെന്ന്. അവന്‍ സ്വയം ദൈവത്തിനു തുല്യനാക്കുകയാണ്.”"
19 പക്ഷേ യേശു മറുപടി പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യമായി പറയാം. പുത്രന് സ്വയം ഒന്നും ചെയ്യാനാവില്ല. പിതാവ് ചെയ്യുന്നതായി കാണുന്നതു മാത്രമേ പുത്രന്‍ ചെയ്യൂ. അപ്പന്‍ ചെയ്യുന്നതു തന്നെ മകനും ചെയ്യുന്നു."
20 പിതാവ് പുത്രനെ സ്നേഹിക്കുകയും താന്‍ ചെയ്യുന്നതെല്ലാം അവനു കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. ഇയാള്‍ സുഖപ്പെട്ടു. ഇതിനെക്കാള്‍ വലിയ പ്രവൃത്തികള്‍ പിതാവ് പുത്രനു കാണിച്ചുകൊടുക്കും. അപ്പോള്‍ നിങ്ങളെല്ലാവരും അത്ഭുതപ്പെടും."
21 മരിച്ചവരെ ഉയിര്‍ത്തെഴുന്നേല്പിച്ച് പിതാവ് അവര്‍ക്കു ജീവന്‍ നല്‍കുന്നു. അതേപോലെ പുത്രനും തനിക്കു വേണ്ടപ്പെട്ടവര്‍ക്ക് ജീവന്‍ നല്‍കുന്നു."
22 പിതാവ് ആരെയും വിധിക്കുന്നില്ല. എന്നാല്‍ എല്ലാ വിധിയ്ക്കുമുള്ള ശക്തി പിതാവ് പുത്രനു നല്‍കിയിരിക്കുന്നു."
23 പിതാവിനെ ആദരിക്കുന്പോലെ തന്നെ പുത്രനെയും ആളുകള്‍ ആദരിക്കും വിധമാണ് ദൈവം ഇതു ചെയ്തിരിക്കുന്നത്. ഒരാള്‍ പുത്രനെ ആദരിക്കാതിരുന്നാല്‍ യഥാര്‍ത്ഥത്തില്‍ അയാള്‍ പിതാവിനെയും ആദരിക്കുന്നില്ല. പിതാവാണ് പുത്രനെ അയച്ചത്."
24 “ഞാന്‍ നിങ്ങളോട് സത്യമായി പറയാം. എന്‍റെ വാക്കുകള്‍ കേള്‍ക്കുകയും എന്നെ അയച്ചവനില്‍ വിശ്വസിക്കുകയും ചെയ്യുന്ന ആള്‍ക്ക് നിത്യജീവന്‍ ലഭിക്കും. അയാള്‍ കുറ്റക്കാരനായി വിധിക്കപ്പെടുകയില്ല. അയാള്‍ മരണത്തെ വിട്ട് ജീവനില്‍ പ്രവേശിച്ചു കഴിഞ്ഞു."
25 ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ. ഒരു പ്രധാന സമയമിതാ വരുന്നു. അത് എത്തിക്കഴിഞ്ഞിരിക്കുന്നു. പാപത്തില്‍ മരിച്ചവര്‍ മനുഷ്യപുത്രന്‍റെ സ്വരം കേള്‍ക്കും. അവന്‍റെ വാക്കുകള്‍ സ്വീകരിച്ചവര്‍ നിത്യജീവന്‍ നേടുകയും ചെയ്യും."
26 ജീവന്‍ പിതാവില്‍നിന്നു തന്നെ വരുന്നതാണ്. അതിനാല്‍ പിതാവ് ജീവന്‍ നല്‍കുന്നതിനും പുത്രനെ അനുവദിച്ചിട്ടുണ്ട്."
27 എല്ലാവരെയും വിധിക്കാനുള്ള അധികാരവും പിതാവ് പുത്രന് നല്‍കി. എന്തുകൊണ്ട്? ആ പുത്രന്‍ മനുഷ്യപുത്രനാണ്."
28 ഇതില്‍ അത്ഭുതപ്പെടരുത്. എല്ലാ മരിച്ചവരും അവരുടെ ശവകുടീരങ്ങളില്‍നിന്ന് അവന്‍റെ ശബ്ദം കേള്‍ക്കുന്ന സമയം പുറത്തുവരും."
29 നന്മ ചെയ്തവര്‍ ഉയിര്‍ത്തെഴുന്നേറ്റ് നിത്യജീവന്‍ നേടും. എന്നാല്‍ തിന്മ ചെയ്തവര്‍ ഉയിര്‍ത്തെഴുന്നേറ്റ് ന്യായവിധിയെ സ്വീകരിക്കും."
30 “എനിക്കു സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയില്ല. കേള്‍ക്കുന്നതു പോലെ ഞാന്‍ വിധിക്കുന്നു. അതിനാല്‍ എന്‍റെ ന്യായവിധി നീതിപൂര്‍വ്വമായിരിക്കും. എന്തുകൊണ്ടെന്നാല്‍ ഞാനെന്നെത്തന്നെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കില്ല. പക്ഷേ എന്നെ അയച്ചവനെ എനിക്കു സന്തുഷ്ടനാക്കണം."
31 “ഞാന്‍ എന്നെപ്പറ്റി തന്നെ ആളുകളോടു പറയുന്നത് സാധുവല്ല."
32 എന്നാല്‍ എന്നെപ്പറ്റി അവരോടു പറയുന്ന മറ്റൊരാളുണ്ട്. എന്നെപ്പറ്റി അയാള്‍ പറയുന്നതൊക്കെ സത്യമാണെന്ന് എനിക്കറിയാം."
33 “നിങ്ങള്‍ യോഹന്നാന്‍റെ അടുത്തേക്ക് ആളെ അയച്ചു. അയാള്‍ നിങ്ങളോട് സത്യത്തെപ്പറ്റി പറഞ്ഞു,"
34 എന്നെപ്പറ്റി മറ്റുള്ളവരോടു പറയാന്‍ എനിയ്ക്കൊരാളും വേണ്ട. നിങ്ങള്‍ രക്ഷ പ്രാപിക്കുന്നതിനാണ് ഞാനിതൊക്കെ നിങ്ങളോടു പറയുന്നത്."
35 കത്തിക്കൊണ്ട് പ്രകാശം നല്‍കുന്ന വിളക്കു പോലായിരുന്നു യോഹന്നാന്‍. അയാളുടെ വെളിച്ചം അല്പനേരം ആസ്വദിക്കാന്‍ നിങ്ങള്‍ക്കു സന്തോഷമായിരുന്നു."
36 എന്‍റെ സാക്ഷ്യം യോഹന്നാനെക്കാള്‍ മഹത്തരമാണ്. എന്‍റെ പ്രവൃത്തികള്‍ തന്നെ എന്‍റെ സാക്ഷ്യം. ഇതൊക്കെ സഫലമാക്കാനാണു പിതാവെന്നെ നിയോഗിച്ചതെന്നകാര്യം ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു."
37 പക്ഷേ നിങ്ങളൊരിക്കലും ഈ സ്വരം കേട്ടിട്ടില്ല. ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കുള്ള സാക്ഷ്യമാണ് എനിക്കുള്ള പിതാവിന്‍റെ നിയോഗം. അവന്‍റെ രൂപവും നിങ്ങള്‍ കണ്ടിട്ടില്ല."
38 പിതാവിന്‍റെ വചനം നിങ്ങളിലില്ല. എന്തുകൊണ്ടെന്നാല്‍ പിതാവ് അയച്ചവനില്‍ നിങ്ങള്‍ വിശ്വസിക്കുന്നില്ല."
39 നിങ്ങള്‍ തിരുവെഴുത്തുകള്‍ വായിക്കുന്നു. തിരുവെഴുത്തുകള്‍ നിത്യജീവന്‍ തരുമെന്നു നിങ്ങള്‍ കരുതുന്നു. ആ തിരുവെഴുത്തുകള്‍ തന്നെ എന്നെപ്പറ്റിയും പറയുന്നു."
40 എന്നാല്‍ നിങ്ങള്‍ക്കു വേണ്ടിയ ജീവനായി എന്നെ സമീപിക്കാന്‍ നിങ്ങള്‍ മടിക്കുന്നു."
41 “മനുഷ്യരുടെ സ്തുതി ഞാന്‍ കാംക്ഷിക്കുന്നില്ല."
42 പക്ഷേ എനിക്കു നിങ്ങളെ അറിയാം. ദൈവസ്നേഹം നിങ്ങളിലില്ല."
43 എന്‍റെ പിതാവിന്‍റെ പേരില്‍ ഞാന്‍ വന്നു. ഞാന്‍ അവനുവേണ്ടി സംസാരിക്കുന്നു. പക്ഷേ നിങ്ങളെന്നെ സ്വീകരിക്കുന്നില്ല. എന്നാല്‍ സ്വന്തം നാമത്തില്‍ വരു ന്നവനെ നിങ്ങള്‍ അംഗീകരിക്കുന്നു."
44 അന്യോന്യം മഹത്വം സ്വീകരിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നു. പക്ഷേ ഏകദൈവത്തില്‍ നിന്നു വരുന്ന മഹത്വം നിങ്ങള്‍ തേടാറില്ല. പിന്നെ എങ്ങനെ നിങ്ങള്‍ വിശ്വസിക്കും?"
45 പിതാവിനു മുന്പില്‍ നിങ്ങളെ ഞാന്‍ കുറ്റപ്പെടുത്തുമെന്നു കരുതേണ്ട. മോശെയാണു നിങ്ങളില്‍ കുറ്റമാരോപിക്കുക. അവന്‍ നിങ്ങളെ രക്ഷിക്കുമെന്നാണല്ലോ നിങ്ങളുടെ വിശ്വാസം."
46 നിങ്ങള്‍ മോശെയില്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ എന്നെയും വിശ്വസിച്ചിരുന്നേനെ. കാരണം? മോശെ എന്നെപ്പറ്റി എഴുതി."
47 പക്ഷേ മോശെയുടെ ലിഖിതങ്ങള്‍ നിങ്ങള്‍ വിശ്വസിച്ചില്ല. അതിനാല്‍ എന്‍റെ വാക്കുകള്‍ വിശ്വസിക്കാനും നിങ്ങള്‍ക്കാവില്ല.”"
1 പിന്നീട് യേശു ഗലീലക്കടലിന്‍റെ (തിബര്യാസ് കടല്‍) അക്കരയ്ക്കു പോയി."
2 അനേകം പേര്‍ യേശുവിനെ പിന്തുടര്‍ന്നു. രോഗികളെ സുഖപ്പെടുത്തിക്കൊണ്ട് അവന്‍ കാണിച്ച അത്ഭുതങ്ങള്‍ കണ്ടിട്ടാണ് അവര്‍ അവനെ പിന്തുടര്‍ന്നത്."
3 യേശു മലയോരത്തേക്കു പോയി. അവന്‍ അവിടെ ശിഷ്യന്മാരോടുകൂടി ഇരുന്നു."
4 അത് യെഹൂദരുടെ പെസഹാ തിരുനാളിനോടടുത്ത സമയമായിരുന്നു."
5 യേശു തലയുയര്‍ത്തി നോക്കിയപ്പോള്‍ അനേകം പേര്‍ തന്‍റെയടുത്തേക്കു വരുന്നതായി കണ്ടു. യേശു ഫിലിപ്പോസിനോടു ചോദിച്ചു, “ഇവര്‍ക്കെല്ലാവര്‍ക്കുമുള്ള അപ്പം നമുക്കെവിടെനിന്നു കിട്ടും?”"
6 (അവന്‍ ഫിലിപ്പോസിനെ പരീക്ഷിക്കാനായിരുന്നു ഈ ചോദ്യം ചോദിച്ചത്. താന്‍ ചെയ്യാനുള്ളത് യേശു തീരുമാനിച്ചു കഴിഞ്ഞിരുന്നു.)"
7 ഫിലിപ്പോസ് മറുപടി പറഞ്ഞു, “ഇവരില്‍ ഓരോരുത്തര്‍ക്കും അല്പം അപ്പമെങ്കിലും വാങ്ങാന്‍ നമ്മള്‍ എല്ലാവരും ഒരുമാസം പണിയെടുക്കേണ്ടിവരും.”"
8 മറ്റൊരു ശിഷ്യന്‍ അന്ത്രെയാസും അവിടെയുണ്ടായിരുന്നു. ശിമോന്‍ പത്രൊസിന്‍റെ സഹോദരനായിരുന്നു അയാള്‍. അന്ത്രെയാസ് പറഞ്ഞു,"
9 “ഇവിടെ ഒരു കുട്ടിയുടെ കൈയില്‍ ബാര്‍ളികൊണ്ടുള്ള അഞ്ചപ്പവും രണ്ടു ചെറിയ മീനുമുണ്ട്. പക്ഷേ ഇത്രയധികം പേര്‍ക്ക് അതു തികയില്ല.”"
10 യേശു പറഞ്ഞു, “ജനങ്ങളോട് ഇരിക്കാന്‍ പറയുക.” അതൊരു പുല്‍മേടായിരുന്നു. അയ്യായിരത്തോളം പുരുഷന്മാര്‍ അവിടെ ഇരുന്നിരുന്നു."
11 അപ്പോള്‍ യേശു അപ്പക്കഷണങ്ങള്‍ കയ്യിലെടുത്തു. അപ്പം തന്നതിന് ദൈവത്തിനു നന്ദി പറഞ്ഞ് അവന്‍ അത് അവിടെയിരുന്നവര്‍ക്ക് വിളന്പി. മീനും അവനങ്ങനെ വിളന്പി. ആളുകള്‍ക്കാവശ്യമുള്ളത്ര അവന്‍ വിളന്പി."
12 എല്ലാവര്‍ക്കും മതിയാവോളം ഭക്ഷണം കിട്ടി. അവര്‍ തിന്നു കഴിഞ്ഞപ്പോള്‍ യേശു ശിഷ്യന്മാരോടു പറഞ്ഞു, “അവര്‍ തിന്നാത്ത മീനും അപ്പവും ശേഖരിക്കുക. ഒന്നും വെറുതെ കളയരുത്.”"
13 അതിനാല്‍ ശിഷ്യന്മാര്‍ മിച്ചമുള്ളതെല്ലാം ശേഖരിച്ചു. അഞ്ച് ബാര്‍ളി കൊണ്ടുണ്ടാക്കിയ അപ്പക്കഷണത്തില്‍ നിന്നാണവര്‍ എല്ലാവരും ഭക്ഷണം കഴിച്ചത്. എന്നാല്‍ ശിഷ്യന്മാര്‍ പന്ത്രണ്ട് കുട്ട നിറയെ ആഹാരം ശേഖരിച്ചു."
14 യേശുവിന്‍റെ ഈ വീര്യപ്രവര്‍ത്തി ആളുകള്‍ കണ്ടു. അവര്‍ പറഞ്ഞു, “യഥാര്‍ത്ഥത്തില്‍ ഇവനാണ് ലോകത്തിലേക്കു വരുന്ന പ്രവാചകന്‍.”"
15 തന്നെ ബലമായി രാജാവാക്കണമെന്ന് ആളുകള്‍ ആഗ്രഹിക്കുന്നതായി യേശു മനസ്സിലാക്കി. യേശുവിനെ ബലമായി പിടിച്ച് രാജാവാക്കാന്‍ അവര്‍ ആലോചിച്ചു. അതിനാലവന്‍ ഒറ്റയ്ക്ക് അവിടംവിട്ട് മലയിലേക്കു പോയി."
16 അന്നു വൈകിട്ട് യേശുവിന്‍റെ ശിഷ്യന്മാര്‍ ഗലീലക്കടല്‍ത്തീരത്തേക്കു പോയി."
17 നേരം ഇരുട്ടിയിട്ടും യേശു അവരുടെയടുത്ത് എത്തിയിരുന്നില്ല. ശിഷ്യന്മാര്‍ ഒരു വഞ്ചിയില്‍ കയറി മറുകരയിലുള്ള കഫര്‍ന്നഹൂമിലേക്കു തിരിച്ചു."
18 കാറ്റ് അതിശക്തമായി വീശിക്കൊണ്ടിരുന്നു. കടലിലെ തിരകള്‍ വലുതായിക്കൊണ്ടിരുന്നു."
19 അവര്‍ മൂന്നു നാലു നാഴിക കടലിലേക്കു തുഴഞ്ഞു പോയി. അപ്പോഴവര്‍ യേശുവിനെ കണ്ടു. അവന്‍ വെള്ളത്തിനു മീതെകൂടി നടക്കുകയായിരുന്നു. അവന്‍ അവരുടെ വഞ്ചിയിലേക്കു നടന്നടുത്തു. ശിഷ്യന്മാര്‍ ഭയന്നു."
20 പക്ഷേ യേശു അവരോടു പറഞ്ഞു, “ഭയപ്പെടാതെ, ഇതു ഞാനാണ്.”"
21 അവനിത്രയും പറഞ്ഞപ്പോള്‍ അവനെ വഞ്ചിയില്‍ കയറ്റാന്‍ അവര്‍ക്ക് ഉത്സാഹമായി. അപ്പോള്‍ വഞ്ചി അവര്‍ക്കെത്തേണ്ട കരയിലടുത്തു."
22 പിറ്റേന്നു നേരം പുലര്‍ന്നു. ചിലര്‍ മറുകരയില്‍ത്തന്നെ തങ്ങിയിരുന്നു. യേശു വഞ്ചിയില്‍ ശിഷ്യന്മാരോടൊത്തു പോയിരുന്നില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. ശിഷ്യന്മാര്‍ തനിയെ വഞ്ചിയില്‍ പോയെന്നും അവര്‍ക്കറിയാം. അവിടെയാകെ ഒരു വഞ്ചിയേ ഉണ്ടായിരുന്നുള്ളുതാനും."
23 പക്ഷേ അപ്പോള്‍ തിബെര്യാസില്‍നിന്നും ഏതാനും വഞ്ചികള്‍ അവിടെയെത്തി. ജനങ്ങള്‍ നേരത്തെ ഭക്ഷണം കഴിച്ച സ്ഥലത്തിനടുത്ത് വഞ്ചികള്‍ വന്നടുത്തു. യേശു നന്ദി പറഞ്ഞതിനു ശേഷം അവര്‍ അപ്പം കഴിച്ചത് അവിടെ വെച്ചായിരുന്നു."
24 യേശുവും ശിഷ്യന്മാരും അവിടെ ഇപ്പോഴില്ലെന്ന് ആളുകള്‍ മനസ്സിലാക്കി. അതിനാലവര്‍ വഞ്ചികളില്‍ കയറി കഫര്‍ന്നഹൂമിലേക്കു തിരിച്ചു. അവര്‍ക്ക് യേശുവിനെ കണ്ടെത്തണമായിരുന്നു."
25 മറുകരയില്‍ അവര്‍ യേശുവിനെ കണ്ടു. അവര്‍ അവനോടു ചോദിച്ചു, “ഗുരോ, അങ്ങ് എപ്പോഴാണ് ഇവിടെയെത്തിയത്?”"
26 യേശു മറുപടി പറഞ്ഞു, “എന്തിനാണു നിങ്ങളെന്നെ തിരയുന്നത്? എന്‍റെ ശക്തി തെളിയിക്കാന്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതു കണ്ടിട്ടാണോ നിങ്ങള്‍ വന്നത്. അല്ല, ഞാന്‍ സത്യമായി നിങ്ങളോടു പറയട്ടെ. നിങ്ങള്‍ അപ്പം തിന്നു തൃപ്തരായതു കൊണ്ടാണ് എന്നെ തിരയുന്നത്."
27 ഭൂമിയിലെ ഭക്ഷണം നശ്വരമാണ്. അതിനാലതിനായി ശ്രമിക്കരുത്. എന്നാല്‍ നന്നായി നിലനില്‍ക്കുന്നതും നിത്യജീവന്‍ നല്‍കുന്നതുമായ ആഹാരത്തിനായി ശ്രമിക്കൂ. മനുഷ്യപുത്രന്‍ നിങ്ങള്‍ക്ക് ആ ഭക്ഷണം നല്‍കും. താന്‍ മനുഷ്യപുത്രനോടൊത്തുണ്ടെന്ന് പിതാവായ ദൈവം സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു.”"
28 ആളുകള്‍ യേശുവിനോടു ചോദിച്ചു, “ദൈവം ഇഷ്ടപ്പെടുന്ന ഏതൊക്കെ പ്രവൃത്തികള്‍ ഞങ്ങള്‍ ചെയ്യണം?”"
29 യേശു മറുപടി പറഞ്ഞു, “ദൈവം ആവശ്യപ്പെടുന്ന പ്രവൃത്തിയാണ് നിങ്ങള്‍ ചെയ്യേണ്ടത്. ദൈവം അയച്ചവനില്‍ വിശ്വസിക്കുകയാണ് അവനു വേണ്ടി നിങ്ങള്‍ ചെയ്യേണ്ടത്.”"
30 അതുകൊണ്ട് ആളുകള്‍ ചോദിച്ചു, “നിന്നെ ദൈവം അയച്ചതാണെന്നു തെളിയിക്കാന്‍ എന്തു അത്ഭുതപ്രവൃത്തി നീ ചെയ്യും? ഒരു അത്ഭുതപ്രവൃത്തി ഞങ്ങളെ കാണിച്ചാല്‍ ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കാം. നീയെന്തു ചെയ്യും?"
31 ഞങ്ങളുടെ പിതാക്കന്മാര്‍ക്കു മരുഭൂമിയില്‍ വച്ചു ഭക്ഷിക്കാന്‍ ദൈവം മന്ന കൊടുത്തു. തിരുവെഴുത്തുകളില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്. ‘അവര്‍ക്ക് കഴിക്കാന്‍ ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നും അപ്പം കൊടുത്തു.’”"
32 യേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യമായി പറയാം. നിങ്ങള്‍ക്കു സ്വര്‍ഗ്ഗീയ ഭക്ഷണം തന്നതു മോശെയല്ല. എന്നാല്‍ എന്‍റെ പിതാവ് സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള യഥാര്‍ത്ഥമായ അപ്പം നല്‍കുന്നു."
33 എന്താണു ദൈവത്തിന്‍റെ അപ്പം? സ്വര്‍ഗ്ഗത്തില്‍ നിന്നു വന്ന് ലോകത്തിനു ജീവന്‍ നല്‍കുന്നതാണ് ദൈവത്തിന്‍റെ അപ്പം.”"
34 ആളുകള്‍ പറഞ്ഞു, “പ്രഭോ, ഞങ്ങള്‍ക്ക് ആ അപ്പം എപ്പോഴും തന്നാലും.”"
35 അപ്പോള്‍ യേശു പറഞ്ഞു, “ഞാനാണു ജീവന്‍ നല്‍കുന്ന അപ്പം.” എന്നിലേക്കു വരുന്നവന് ഒരിക്കലും വിശക്കില്ല. എന്നില്‍ വിശ്വസിക്കുന്നവന് ഒരിക്കലും ദാഹിക്കുകയുമില്ല."
36 എന്നെ കണ്ടിട്ടും നിങ്ങള്‍ വിശ്വസിക്കുന്നില്ലെന്നു ഞാന്‍ നേരത്തെ നിങ്ങളോടു പറഞ്ഞു,"
37 എനിക്കു പിതാവ് തരുന്നവന്‍ എന്നിലേക്കു വരും. എന്‍റെയടുക്കല്‍ വരുന്നവനെ ഞാന്‍ കൈവെടിയുകയുമില്ല."
38 ദൈവം എന്നോടാവശ്യപ്പെടുന്നതു ചെയ്യാന്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും താഴേക്കു വന്നു. എനിക്കു വേണ്ടതു ചെയ്യാനല്ല ഞാന്‍ വന്നിരിക്കുന്നത്."
39 ദൈവം എനിക്കു തന്നിരിക്കുന്നവരൊന്നും എനിക്കു നഷ്ടമാകരുത്. അവസാനനാളില്‍ ഞാന്‍ അവരെ ഉയര്‍ത്തണം. എന്നെ അയച്ചവന്‍ ഞാനങ്ങനെ ചെയ്യാനാണ് ആഗ്രഹിക്കുന്നത്."
40 പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് നിത്യജീവന്‍ ലഭിക്കും. അയാളെ അന്ത്യദിനത്തില്‍ ഞാനുയര്‍ത്തും. എന്‍റെ പിതാവിന്‍റെ ഇഷ്ടം അതാണ്.”"
41 യെഹൂദര്‍ യേശുവിനെപ്പറ്റി മുറുമുറുക്കാന്‍ തുടങ്ങി. “ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും താഴേക്കിറങ്ങി വന്ന അപ്പമാണ്” എന്ന് യേശു പറഞ്ഞതു കൊണ്ടാണവര്‍ അവനെതിരെ മുറുമുറുത്തത്."
42 യെഹൂദര്‍ പറഞ്ഞു, “ഇവനാണ് യേശു. അവന്‍റെ അപ്പനമ്മമാരെ നമുക്കറിയാം. അവന്‍ യോസേഫിന്‍റെ മകന്‍ മാത്രം. പിന്നെ എങ്ങനെ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു വന്നവനാണ് എന്നവനു പറയാന്‍ കഴിയും?”"
43 പക്ഷേ യേശു പറഞ്ഞു, “മുറുമുറുക്കേണ്ട."
44 പിതാവാണ് എന്നെ അയച്ചത്. അവന്‍ തന്നെയാണ് ആളുകളെ എന്‍റെയടുത്തേക്ക് ആകര്‍ഷിക്കുന്നതും. അവസാന ദിവസത്തില്‍ ഞാനവരെ ഉയര്‍ത്തും. പിതാവ് ആകര്‍ഷിക്കാത്തവനു എന്‍റെയടുത്തെത്താന്‍ കഴികയില്ല."
45 പ്രവാചകര്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്, ‘ദൈവം എല്ലാവരെയും പഠിപ്പിക്കും.’ ആളുകള്‍ പിതാവിനെ ശ്രവിക്കുകയും അവനില്‍ നിന്നു പഠിക്കുകയും ചെയ്യും. അപ്പോള്‍ അവര്‍ എന്‍റെയടുത്തെത്തും."
46 ആരും പിതാവിനെ കണ്ടിട്ടില്ല. അവനില്‍ നിന്നും വന്നവന്‍ മാത്രമാണ് പിതാവിനെ കണ്ടിട്ടുള്ളത്. അവന്‍ പിതാവിനെ കണ്ടിട്ടുണ്ട്."
47 ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ. വിശ്വസിക്കുന്നവന് നിത്യജീവന്‍ ഉണ്ട്."
48 ഞാന്‍ ജീവന്‍ തരുന്ന അപ്പമാകുന്നു."
49 മരുഭൂമിയില്‍ വച്ച് ദൈവം കൊടുത്ത മന്ന (ആഹാരം) നിങ്ങളുടെ പൂര്‍വ്വികര്‍ കഴിച്ചു. എന്നിട്ടും അവര്‍ മരിച്ചു."
50 സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങി വന്ന ആ അപ്പം ഞാനാകുന്നു. അതു തിന്നുന്നവനു മരണമില്ല."
51 സ്വര്‍ഗ്ഗത്തില്‍ നിന്നും വന്ന ജീവന്‍റെ അപ്പം ഞാനാകുന്നു. ആ അപ്പം തിന്നുന്നവനു നിത്യജീവന്‍ ഉണ്ട്. ആ അപ്പം എന്‍റെ ശരീരമാണ്. ലോകര്‍ക്കു ജീവന്‍ ലഭിക്കും വിധം ഞാനെന്‍റെ ശരീരം നല്‍കും.”"
52 അപ്പോള്‍ യെഹൂദര്‍ പരസ്പരം തര്‍ക്കിക്കാന്‍ തുടങ്ങി. അവര്‍ പറഞ്ഞു, “ഇയാള്‍ക്കെങ്ങനെ സ്വന്തം ശരീരം നമുക്കു ഭക്ഷിക്കാന്‍ തരാന്‍ കഴിയും?”"
53 യേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യമായി പറയാം. നിങ്ങള്‍ മനുഷ്യപുത്രന്‍റെ ശരീരം തിന്നണം. അവന്‍റെ രക്തം നിങ്ങള്‍ കുടിക്കണം. അല്ലെങ്കില്‍ നിങ്ങളില്‍ ജീവനുണ്ടായിരിക്കയില്ല."
54 എന്‍റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവന്‍ ഉണ്ടായിരിക്കും. അവനെ ഞാന്‍ അന്ത്യനാളില്‍ ഉയര്‍പ്പിക്കും."
55 എന്‍റെ ശരീരം യഥാര്‍ത്ഥ ഭക്ഷണമാണ്. എന്‍റെ രക്തം യഥാര്‍ത്ഥ പാനീയവും."
56 എന്‍റെ ശരീരം ഭക്ഷിക്കുകയും രക്തം കുടിയ്ക്കുകയും ചെയ്യുന്നവന്‍ എന്നില്‍ ജീവിക്കും. ഞാന്‍ അയാളിലും ജീവിക്കും."
57 പിതാവ് എന്നെ അയച്ചു. പിതാവ് ജീവിക്കുകയും അവന്‍മൂലം ഞാനും ജീവിക്കുകയും ചെയ്യുന്നു. അതുപോലെ എന്നെ ഭക്ഷിക്കുന്നവന്‍ എന്നാല്‍ ജീവിക്കും."
58 മരുഭൂമിയില്‍ നമ്മുടെ പിതാക്കള്‍ ഭക്ഷിച്ച അപ്പം പോലെയല്ല ഞാന്‍. അവര്‍ ആ അപ്പം തിന്നു. എന്നിട്ടും അവര്‍ മരിച്ചു. ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നും വന്ന അപ്പമാണ്. അതു തിന്നുന്നവന് നിത്യജീവന്‍ ലഭിക്കും.”"
59 കഫര്‍ന്നഹൂമിലുള്ള യെഹൂദപ്പള്ളിയില്‍ പഠിപ്പിക്കവേയാണ് യേശു ഇതെല്ലാം പറഞ്ഞത്."
60 യേശുവിന്‍റെ ശിഷ്യന്മാര്‍ ഇതു കേട്ടു. അവരില്‍ വളരെപ്പേര്‍ പിറുപിറുക്കുകയായിരുന്നു, “ഇതൊരു വിഷമം പിടിച്ച ഉപദേശമാണ്. ഇതുള്‍ക്കൊള്ളാന്‍ ആരെക്കൊണ്ടു കഴിയും?”"
61 തന്‍റെ ശിഷ്യന്മാര്‍ ഇതേപ്പറ്റി പരാതി പറയുന്നുണ്ടെന്ന് യേശു മനസ്സിലാക്കി. അതിനാല്‍ യേശു പറഞ്ഞു, “ഈ ഉപദേശം നിങ്ങള്‍ക്കു പ്രശ്നമുണ്ടാക്കുന്നുണ്ടോ?"
62 അപ്പോള്‍ മനുഷ്യപുത്രന്‍ അവന്‍ വന്നിടത്തേക്കു തന്നെ തിരിച്ചു പോകുന്നതു നിങ്ങള്‍ കണ്ടാലോ? 63ശരീരത്തിന്"
63 നും നേടാന്‍ കഴിയുകയില്ല. ഞാന്‍ നിങ്ങളോടു പറഞ്ഞ വാക്കുകള്‍ ആത്മാവാണ്. ഇവ ജീവന്‍ നല്‍കുന്നു."
64 പക്ഷേ നിങ്ങളില്‍ ചിലര്‍ വിശ്വസിക്കുന്നില്ല.” (യേശുവിന് വിശ്വസിക്കാത്തവരെ മനസ്സിലായിരുന്നു. ആദ്യം മുതല്‍ക്കുതന്നെ അവനിത് അറിയാമായിരുന്നു. തനിക്കെതിരെ വിശ്വാസവഞ്ചന ചെയ്യുന്നവനെയും അവന് അറിയാമായിരുന്നു.)"
65 യേശു പറഞ്ഞു, “അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്, ‘എന്‍റെയടുത്തുവരാന്‍ പിതാവ് അനുവദിക്കാത്തവന്‍ എന്‍റെയടുത്തെത്തില്ല.’”"
66 യേശു ഇതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ വളരെയധികം ശിഷ്യന്മാര്‍ അവനെ വിട്ടു പോയി. പിന്നീട് അവര്‍ അവന്‍റെ അനുയായികളായില്ല."
67 യേശു തന്‍റെ പന്ത്രണ്ട് അപ്പൊസ്തലന്മാരോടും പറഞ്ഞു, “നിങ്ങളും എന്നെ വിട്ടു പോകുന്നോ?”"
68 ശിമോന്‍ പത്രൊസ് മറുപടി പറഞ്ഞു, “കര്‍ത്താവേ, ഞങ്ങളെവിടെ പോകും? നിത്യജീവന്‍ തരുന്ന വചനങ്ങള്‍ നിന്‍റെ പക്കലുണ്ട്."
69 ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കുന്നു. നീ ദൈവത്തിന്‍റെ പരിശുദ്ധനാണെന്നു ഞങ്ങളറിയുന്നു.”"
70 അപ്പോള്‍ യേശു മറുപടി പറഞ്ഞു, “ഞാന്‍ നിങ്ങളെ പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തു. പക്ഷെ നിങ്ങളിലൊരുവന്‍ പിശാചാണ്.”"
71 യേശു ശിമോന്‍ഈസ്കര്യോത്താവിന്‍റെ പുത്രന്‍ യൂദയെപ്പറ്റി ആയിരുന്നു സംസാരിച്ചത്. യൂദാ പന്ത്രണ്ടു അപ്പൊസ്തലന്മാരില്‍ ഒരുവനായിരുന്നു. പക്ഷെ അവന്‍ പിന്നീട് യേശുവിന് എതിരെ തിരിഞ്ഞു."
1 അതിനുശേഷം യേശു ഗലീലദേശമാകെ സഞ്ചരിച്ചു. യെഹൂദ്യയിലെ യെഹൂദര്‍ അവനെ കൊല്ലാനുള്ള തക്കം നോക്കിയിരുന്നതിനാല്‍ ആ ദേശത്തുകൂടി സഞ്ചരിക്കുവാന്‍ അവനിഷ്ടപ്പെട്ടില്ല."
2 യെഹൂദരുടെ കൂടാരത്തിരുന്നാള്‍ അടുത്തിരുന്നു."
3 അതിനാല്‍ യേശുവിന്‍റെ സഹോദരന്മാര്‍ അവനോടു പറഞ്ഞു, “നീ ഇവിടം വിട്ട് യെഹൂദ്യയിലെ ഉത്സവത്തിനു പോകുക. അപ്പോള്‍ അവിടെ നിന്‍റെ ശിഷ്യന്മാര്‍ക്ക് നീ കാണിക്കുന്ന അത്ഭുതപ്രവൃത്തികള്‍ കാണാന്‍ കഴിയും."
4 ആളുകള്‍ തന്നെ അറിയണമെന്ന് ഒരുവനാഗ്രഹമുണ്ടെങ്കില്‍ അവന്‍ തന്‍റെ പ്രവൃത്തികളെ മറച്ചുവെച്ചിട്ടു കാര്യമില്ല. നിന്നെ ലോകത്തിനു കാട്ടിക്കൊടുക്കുക. നിന്‍റെ പ്രവൃത്തികള്‍ അവരറിയട്ടെ.”"
5 (യേശുവിന്‍റെ സഹോദരന്മാര്‍ പോലും അവനില്‍ വിശ്വസിച്ചിരുന്നില്ല.)"
6 യേശു തന്‍റെ സഹോദരന്മാരോടു പറഞ്ഞു, “എന്‍റെ ശരിയായ സമയം ഇനിയുമായിട്ടില്ല. എന്നാല്‍ നിങ്ങള്‍ക്കെപ്പോഴും ശരിയായ സമയമാണല്ലോ."
7 ലോകത്തിനു നിങ്ങളെ വെറുക്കാനാവില്ല. പക്ഷേ ലോകം എന്നെ വെറുക്കുന്നു. എന്തുകൊണ്ടെന്നാല്‍ ഞാന്‍ ലോകരോട് പറയുന്നു അവരുടെ പ്രവൃത്തികള്‍ ദുഷ്ടതയാണെന്ന്."
8 അതിനാല്‍ നിങ്ങള്‍ പെരുന്നാളിനു പോകുക. എന്‍റെ ശരിയായ സമയം ആഗതമായിട്ടില്ലാത്തിനാല്‍ ഞാനിപ്പോള്‍ ഈ ഉത്സവത്തിനു പോകുന്നില്ല. എന്‍റെ ശരിയായ സമയം ഇനിയും എത്തിയിട്ടില്ല.”"
9 യേശു ഇതു പറഞ്ഞതിനു ശേഷം ഗലീലയില്‍ത്തന്നെ തങ്ങി."
10 അതിനാല്‍ യേശുവിന്‍റെ സഹോദരന്മാര്‍ പെരുന്നാളില്‍ പങ്കെടുക്കാന്‍ പോയി. അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ യേശു പരസ്യമായി അവിടെ പോയില്ല. പകരം അവന്‍ രഹസ്യമായി അവിടെപ്പോയി. പക്ഷേ ആളുകള്‍ തന്നെക്കാണാന്‍ യേശു അനുവദിച്ചില്ല."
11 പെരുന്നാള്‍ സ്ഥലത്ത് യെഹൂദര്‍ യേശുവിനെ അന്വേഷിക്കുന്നുണ്ടായിരുന്നു. അവര്‍ ചോദിച്ചു, “എവിടെ അയാള്‍?”"
12 അവിടെ ഒരു വലിയ സംഘം ആള്‍ക്കാര്‍ ഉണ്ടായിരുന്നു. അവരില്‍ പലരും രഹസ്യമായി യേശുവിനെപ്പറ്റി പറയുന്നുണ്ടായിരുന്നു. ചിലര്‍ പറഞ്ഞു, “അയാളൊരു നല്ല മനുഷ്യനാണ്.” പക്ഷേ മറ്റുചിലര്‍ പറഞ്ഞു, “അല്ല, അവന്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്.”"
13 പക്ഷേ ആര്‍ക്കും യേശുവിനെപ്പറ്റി പരസ്യമായി എന്തെങ്കിലും പറയാന്‍ ധൈര്യമുണ്ടായിരുന്നില്ല. അവര്‍ക്ക് യെഹൂദ നേതാക്കളെ ഭയമായിരുന്നു."
14 ഉത്സവം ഏതാണ്ടു പകുതി കഴിഞ്ഞു. അപ്പോള്‍ യേശു ദൈവാലയത്തിലെത്തി ഉപദേശിക്കാന്‍ തുടങ്ങി."
15 യെഹൂദര്‍ അത്ഭുതപ്പെട്ടു. അവര്‍ പറഞ്ഞു, “ഇയാളൊരിക്കലും വിദ്യാലയത്തില്‍ പോയി പഠിച്ചിട്ടില്ല. പിന്നെങ്ങനെ ഇയാളിത്രയും പഠിച്ചു?”"
16 യേശു മറുപടി പറഞ്ഞു, “ഞാന്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ എന്‍റെ സ്വന്തമല്ല. എന്‍റെ ഉപദേശങ്ങള്‍ എന്നെ അയച്ചവന്‍റെ വചനങ്ങളാണ്."
17 ദൈവം ആഗ്രഹിക്കുന്നതുപോലെ പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്നവന്‍ എന്‍റെ ഉപദേശം ദൈവത്തില്‍ നിന്നു വന്നതാണെന്നറിയും. ഈ ഉപദേശം എന്‍റെ സ്വന്തമല്ലെന്നും അയാളറിയും."
18 സ്വന്തം ആശയങ്ങള്‍ പഠിപ്പിക്കുന്നവന്‍ സ്വയം ആദരവും പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നവനാണ്. എന്നാല്‍ അവനെ അയച്ചവനു ആദരവു നേടിക്കൊടുക്കാന്‍ ശ്രമിക്കുന്നവന്‍ വിശ്വാസയോഗ്യനാണ്. അവനില്‍ തെറ്റൊന്നുമില്ല."
19 മോശെ നിങ്ങള്‍ക്കു ന്യായപ്രമാണം തന്നില്ലേ? പക്ഷേ നിങ്ങളിലാരും അതു പാലിക്കുന്നില്ല. നിങ്ങളെന്തിനാണ് എന്നെ വധിക്കാന്‍ ശ്രമിക്കുന്നത്?”"
20 ആളുകള്‍ മറുപടി പറഞ്ഞു, “നിന്‍റെ ഉള്ളില്‍ ഭൂതം കുടിയിരിക്കുന്നു. ഞങ്ങള്‍ നിന്നെ കൊല്ലാന്‍ ശ്രമിക്കുന്നില്ല.”"
21 യേശു അവരോടു പറഞ്ഞു, “ഞാനൊരത്ഭുതം പ്രവര്‍ത്തിച്ചു. അതുകൊണ്ട് നിങ്ങളെല്ലാവരും അത്ഭുതപ്പെട്ടു."
22 മോശെയുടെ ന്യായപ്രമാണത്തില്‍ പരിച്ഛേദനത്തെപ്പറ്റി പറയുന്നുണ്ട്. (പക്ഷേ യഥാര്‍ത്ഥത്തില്‍ മോശെയല്ല അതിന്‍റെ ഉപജ്ഞാതാവ്. മോശെയ്ക്കും മുന്പു ജീവിച്ചിരുന്ന നമ്മുടെ ആളുകളില്‍ നിന്നാണ് പരിച്ഛേദനം തന്നെ വന്നത്.) അതിനാല്‍ ചിലപ്പോഴൊക്കെ ശബ്ബത്തുദിവസം കുട്ടികളുടെ ഛേദനം നിങ്ങള്‍ നടത്തുന്നു."
23 മോശെയുടെ ന്യായപ്രമാണം അനുസരിച്ചാണ് ശബ്ബത്തുദിവസം ഛേദനം നടത്തിയതെന്ന് ഇതു കാണിക്കുന്നു. പിന്നെന്തിനാണ് ശബ്ബത്തു ദിവസം ഒരാളുടെ മുഴുവന്‍ ശരീരത്തെയും സുഖപ്പെടുത്തിയതിന് നിങ്ങളെന്നോട് ദേഷ്യപ്പെടുന്നത്."
24 ഒന്നും കാണുന്നതുപോലെ വിധിക്കരുത്. നീതിയോടെ ശരിയായതിനെ വിധിക്കുക.”"
25 അപ്പോള്‍ ചില യെരൂശലേംനിവാസികള്‍ പറഞ്ഞു, “ഇയാളെയാണ് അവര്‍ കൊല്ലാന്‍ ശ്രമിക്കുന്നത്."
26 പക്ഷേ എല്ലാവര്‍ക്കും കാണുവാനും കേള്‍ക്കുവാനും കഴിയുന്ന സ്ഥലങ്ങളില്‍ വച്ചാണ് അവന്‍ ഉപദേശിക്കുന്നത്. ആരും അവനെ അതില്‍ നിന്നു തടയുന്നുമില്ല. അവന്‍ ക്രിസ്തുവാണെന്ന് നേതാക്കന്മാര്‍ യഥാര്‍ത്ഥമായി ഉറപ്പിച്ചിട്ടുണ്ടാവാം."
27 പക്ഷേ ഇയാള്‍ എവിടെനിന്നാണ് വരുന്നതെന്ന് നമുക്കറിയാം. യഥാര്‍ത്ഥ ക്രിസ്തു വരുന്പോള്‍ അവന്‍ എവിടെ നിന്നാണ് വന്നതെന്നു ആരും അറിയില്ല.”"
28 യേശു അപ്പോഴും ദൈവാലയത്തില്‍ ഉപദേശിക്കുകയായിരുന്നു. യേശു പറഞ്ഞു, “അതെ, ഞാനാരെന്നും എവിടെനിന്നു വരുന്നുവെന്നും നിങ്ങള്‍ക്കറിയാം. പക്ഷേ ഞാന്‍ എന്‍റെ സ്വന്തം അധികാരത്തിലല്ല വന്നിരിക്കുന്നത്. സത്യമായവന്‍ എന്നെ അയച്ചതാണ്. നിങ്ങള്‍ക്കവനെ അറികയില്ല."
29 പക്ഷേ ഞാന്‍ അവനെ അറിയും ഞാന്‍ അവനില്‍ നിന്നുമാണ്. അവന്‍ എന്നെ അയച്ചു.”"
30 യേശു ഇതു പറഞ്ഞപ്പോള്‍ ആളുകള്‍ അവനെ പിടിക്കാന്‍ ശ്രമിച്ചു. പക്ഷേ ആര്‍ക്കും അവനെ തൊടാനായില്ല. കാരണം യേശു കൊല്ലപ്പെടാനുള്ള സമയമായിരുന്നില്ല."
31 പക്ഷേ ആളുകളിലധികം പേര്‍ അവനില്‍ വിശ്വസിച്ചു. ആളുകള്‍ പറഞ്ഞു, “ഞങ്ങള്‍ ക്രിസ്തുവിന്‍റെ വരവു കാത്തിരിക്കുകയാണ്. ക്രിസ്തു വരുന്പോള്‍ അവന്‍ ഇയാള്‍ ചെയ്തതിനെക്കാള്‍ അധികം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുമോ? ഇല്ല. അതുകൊണ്ട് ഇവന്‍ തന്നെയായിരിക്കണം ക്രിസ്തു.”"
32 യേശുവിനെപ്പറ്റി ജനങ്ങള്‍ ഇപ്രകാരം അടക്കം പറയുന്നത് പരീശന്മാര്‍ കേള്‍ക്കുന്നുണ്ടായിരുന്നു. അതിനാല്‍ മഹാപുരോഹിതരും പരീശന്മാരും ദൈവാലയം സൂക്ഷിക്കുന്ന ഏതാനും നിയമപാലകരെ യേശുവിനെ പിടിക്കാന്‍ അയച്ചു."
33 അപ്പോള്‍ യേശു പറഞ്ഞു, “ഞാനിനി നിങ്ങളോടൊത്തു കുറച്ചു സമയം കൂടിയേ ഉണ്ടായിരിക്കൂ. പിന്നീട് ഞാന്‍ എന്നെ അയച്ചവനിലേക്കു മടങ്ങും."
34 നിങ്ങളെന്നെ തിരയുമെങ്കിലും കണ്ടെത്തില്ല. ഞാന്‍ ഉള്ള സ്ഥലത്ത് നിങ്ങള്‍ക്ക് എത്താനുമാവില്ല.”"
35 യെഹൂദന്മാര്‍ പരസ്പരം ചോദിച്ചു, “നമ്മള്‍ക്കു കണ്ടുപിടിക്കാനാവാത്ത എവിടേക്കാണിവന്‍ പോവുക. അവന്‍ യവനക്കാരുടെ ഇടയില്‍ ചിതറിക്കിടക്കുന്ന നമ്മുടെ ആളുകളുടെയടുത്തു പോകുമോ? അവനവിടെ യവനക്കാരെ ഉപദേശിക്കുമോ?"
36 നിങ്ങളെന്നെ തിരക്കിയാലും കണ്ടെത്തില്ല. എന്നും, ‘ഞാനുള്ള സ്ഥത്തേക്കു നിങ്ങള്‍ക്കു വരാനുമാവില്ല’ എന്നും ഇയാള്‍ പറയുന്നു. എന്താണിതിന്‍റെയൊക്കെ അര്‍ത്ഥം?”"
37 പെരുനാളിന്‍റെ അവസാനദിനമെത്തി. അതായിരുന്നു ഏറ്റവും പ്രധാനദിനവും. അന്ന് യേശു നിന്നുകൊണ്ടു വളരെ ഉച്ചത്തില്‍ പറഞ്ഞു, “ദാഹിക്കുന്നവര്‍ക്ക് എന്‍റെയടുത്തു വന്നു കുടിക്കാം."
38 എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഹൃദയത്തില്‍ നിന്ന് ജീവജലത്തിന്‍റെ നദിപ്രവാഹം ഉണ്ടാകും. തിരുവെഴുത്തില്‍ അതാണു പറയുന്നത്.”"
39 യേശു പരിശുദ്ധാത്മാവിനെപ്പറ്റിയായിരുന്നു പറഞ്ഞു വന്നത്. ആത്മാവ് ഇതുവരെ ജനങ്ങള്‍ക്ക് നല്‍കപ്പെട്ടിരുന്നില്ല. കാരണം യേശു ഇതുവരെ മരിക്കുകയോ മഹത്വത്തിലേക്കു ഉയിര്‍ത്തെഴുന്നേല്‍ക്കുകയോ ഉണ്ടായിട്ടില്ല. എന്നാല്‍ പിന്നീട് യേശുവില്‍ വിശ്വസിച്ചവര്‍ക്ക് ആത്മാവ് ലഭിക്കും."
40 യേശുവിന്‍റെ ഈ വാക്കുകള്‍ ആളുകള്‍ കേട്ടു. അവരില്‍ ചിലര്‍ പറഞ്ഞു, “ഈ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ പ്രവാചകനാണ്.”"
41 മറ്റുള്ളവര്‍ പറഞ്ഞു, “അവന്‍ ക്രിസ്തുവാണ്.” വേറെ ചിലര്‍ പറഞ്ഞു, “ക്രിസ്തു ഗലീലയില്‍ നിന്നും വരില്ല."
42 ദാവീദിന്‍റെ കുടുംബത്തില്‍ നിന്നാവും ക്രിസ്തു വരികയെന്നു തിരുവെഴുത്ത് പറയുന്നുണ്ട്. ദാവീദു ജീവിച്ചിരുന്ന ബേത്ത്ലേഹെമില്‍നിന്നും വരുമെന്ന് തുരുവെഴുത്ത് പറയുന്നു.”"
43 അതിനാല്‍ യേശുവിന്‍റെ കാര്യത്തില്‍ ഒരേ അഭിപ്രായത്തിലെത്താന്‍ അവര്‍ക്കായില്ല."
44 യേശുവിനെ പിടിക്കാന്‍ ചിലര്‍ ആവശ്യപ്പെട്ടു. പക്ഷേ ആരും അതിനു തുനിഞ്ഞില്ല."
45 ദൈവാലയത്തിലെ നിയമപാലകര്‍ മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും അടുത്തു മടങ്ങിയെത്തി. പുരോഹിതന്മാരും പരീശന്മാരും ചോദിച്ചു, “എന്താ അവനെ കൊണ്ടുവരാത്തത്?”"
46 നിയമപാലകര്‍ മറുപടി പറഞ്ഞു, “അവന്‍റെ വാക്കുകള്‍ ആരുടെ വാക്കുകളെക്കാളും മഹത്താണ്.”"
47 പരീശന്മാര്‍ മറുപടി പറഞ്ഞു, “യേശു നിങ്ങളെയും മണ്ടന്മാരാക്കിയിരിക്കുന്നു!"
48 ജനനായകന്മാരില്‍ ആരെങ്കിലും യേശുവില്‍ വിശ്വസിച്ചോ? ഇല്ല. ഞങ്ങള്‍ പരീശന്മാരിലാരെ ങ്കിലും വിശ്വസിച്ചോ? ഇല്ല."
49 ന്യായപ്രമാണമറിയാതെ അവിടെ തടിച്ചുകൂടിയ ജനക്കൂട്ടം മാത്രമേ അവനില്‍ വിശ്വസിക്കുന്നുള്ളൂ. അവര്‍ ദൈവത്തിന്‍റെ ശാപത്തിലാണ്.”"
50 എന്നാല്‍ നിക്കൊദേമൊസ് അവരുടെയിടയില്‍ ഉണ്ടായിരുന്നു. അയാള്‍ മാത്രമാണ് മുന്പ് യേശുവിനെ സന്ദര്‍ശിക്കാന്‍ പോയിട്ടുള്ളത്. നിക്കൊദേമൊസ് പറഞ്ഞു,"
51 “ഒരുവനെ വിചാരണ കൂടാതെ വിധിക്കാന്‍ നമ്മുടെ ന്യായപ്രമാണം അനുവദിക്കുന്നില്ല. അവനെന്തു ചെയ്തുവെന്നറിയാതെ നമുക്കവനെ വിധിക്കാനാവില്ല.”"
52 യെഹൂദപ്രമാണിമാര്‍ മറുപടി പറഞ്ഞു, “നീയും ഗലീലയില്‍ നിന്നും വന്നവനാണോ? തിരുവെഴുത്തുകള്‍ പഠിക്കുക. ഗലീലയില്‍ നിന്നും ഒരു പ്രവാചകനും വരുന്നില്ലെന്നു നിനക്കു മനസ്സിലാക്കാം.”"
53 യെഹൂദനേതാക്കളെല്ലാവരും വീടുകളിലേക്കു പോയി."
1 യേശു ഒലിവുമലകളിലേക്കു പോയി."
2 അതിരാവിലെ തന്നെ അവന്‍ ദൈവാലയത്തിലേക്കു മടങ്ങിപ്പോയി. ആളുകളെല്ലാം അവന്‍റെ അടുത്തുവന്നു. യേശു ഇരുന്ന് അവരെ പഠിപ്പിച്ചു."
3 ശാസ്ത്രിമാരും പരീശന്മാരും ഒരു സ്ത്രീയെ അവിടെ കൊണ്ടുവന്നു. വ്യഭിചാരക്കുറ്റം ചുമത്തിയാണ് അവര്‍ അവളെ അവിടെ കൊണ്ടുവന്നത്. യെഹൂദര്‍ അവളെ ആളുകളുടെ മുന്പില്‍ ബലമായി കൊണ്ടുവന്നു."
4 അവര്‍ യേശുവിനോടു പറഞ്ഞു, “ഗുരോ, ഇവള്‍ തന്‍റെ തന്നെ ഭര്‍ത്താവല്ലാത്ത ഒരുവനുമായി ലൈംഗികബന്ധം പുലര്‍ത്തിയതിനാണ് പിടിക്കപ്പെട്ടിരിക്കുന്നത്."
5 നിയമപരമായി മോശെ നമ്മോടു കല്പിക്കുന്നു ഇത്തരം തെറ്റു ചെയ്യുന്നവളെ കല്ലെറിഞ്ഞു കൊല്ലണമെന്ന്. ഞങ്ങളെന്തു ചെയ്യണമെന്നാണു നീ പറയുന്നത്?”"
6 യേശുവിനെ കുരുക്കാനാണ് യെഹൂദര്‍ ഈ ചോദ്യം ഉന്നയിച്ചത്. തെറ്റായെന്തെങ്കിലും പറഞ്ഞിട്ടു വേണം അവര്‍ക്കവനെ പിടിക്കാന്‍. അപ്പോഴവര്‍ക്ക് അവനെതിരെ കുറ്റാരോപണം നടത്താം. പക്ഷേ യേശു മുട്ടുകുത്തി നിന്ന് നിലത്തു വിരല്‍കൊണ്ട് എഴുതാന്‍ തുടങ്ങി."
7 യെഹൂദപ്രമാണിമാര്‍ അതേ ചോദ്യം പലവട്ടം ആവര്‍ത്തിച്ചു. അതിനാല്‍ യേശു എഴുന്നേറ്റു നിന്നു പറഞ്ഞു, “ഇക്കൂട്ടത്തില്‍ പാപം ചെയ്യാത്തവര്‍ ആരെങ്കിലുമുണ്ടോ? എങ്കില്‍ ഒരു പാപവും ചെയ്യാത്ത അയാള്‍ ഈ സ്ത്രീയുടെമേല്‍ ആദ്യത്തെ കല്ലെറിയട്ടെ.”"
8 എന്നിട്ട് അവന്‍ വീണ്ടും മുട്ടുകുത്തി നിന്ന് നിലത്ത് എഴുതി."
9 യേശുവിന്‍റെ വാക്കുകള്‍ കേട്ടവര്‍ ഓരോരുത്തരായി സ്ഥലം വിട്ടു. കൂട്ടത്തില്‍ മൂപ്പനായുള്ളവന്‍ ആദ്യം. ബാക്കിയുള്ളവര്‍ പിന്നാലെ. യേശുവും ആ സ്ത്രീയും അവിടെ തനിച്ചായി. അവള്‍ യേശുവിന്‍റെ മുന്പില്‍ നില്‍ക്കുകയായിരുന്നു."
10 യേശു വീണ്ടും തലയുയര്‍ത്തി അവളോടു ചോദിച്ചു, “സ്ത്രീയേ, നിന്നെ കുറ്റപ്പെടുത്തുന്നവര്‍ എവിടെ? ആരും നിന്നെ കുറ്റക്കാരിയെന്നു വിധിച്ചില്ലല്ലോ?”"
11 അവള്‍ മറുപടി പറഞ്ഞു, “പ്രഭോ, ആരും എന്നെ വിധിച്ചില്ല.” അപ്പോള്‍ യേശു പറഞ്ഞു, “അതുകൊണ്ട് ഞാനും നിന്നെ വിധിക്കുന്നില്ല. നിനക്കിപ്പോള്‍ പോകാം. പക്ഷേ വീണ്ടും പാപം ചെയ്യരുത്.”"
12 പിന്നീട് യേശു ജനങ്ങളെ വീണ്ടും പഠിപ്പിച്ചു, “ഞാന്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു, എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും ഇരുട്ടില്‍ വീഴില്ല. അവനു ജീവന്‍ നല്‍കുന്ന പ്രകാശം ലഭിക്കും.”"
13 പക്ഷേ പരീശന്മാര്‍ യേശുവിനോടു പറഞ്ഞു, “നീ നിന്നെപ്പറ്റി പറയുന്പോള്‍, ഇതെല്ലാം സത്യമാണെന്നു പറയുന്ന ഒരേയൊരാള്‍ നീയാണ്. അതിനാല്‍ ഞങ്ങള്‍ക്ക് അതൊന്നും അംഗീകരിക്കാനാവില്ല.”"
14 യേശു മറുപടി പറഞ്ഞു, “അതെ, ഞാന്‍ ഈ പറയുന്നതെല്ലാം എന്നെപ്പറ്റിയാണ്. പക്ഷെ ഞാന്‍ പറയുന്ന ഇക്കാര്യങ്ങളെല്ലാം ആളുകള്‍ക്ക് വിശ്വസിക്കാം. എന്തുകൊണ്ട്? കാരണം, എനിക്കറിയാം ഞാന്‍ എവിടെ നിന്നു വന്നു എന്നും ഞാനെങ്ങോട്ടാണു പോകുന്നതെന്നും. ഞാന്‍ നിങ്ങളെപ്പോലെയല്ല. ഞാനെവിടെനിന്നു വന്നുവെന്നോ എങ്ങോട്ടു പോകുന്നുവെന്നോ നിങ്ങള്‍ക്കറിയില്ല."
15 മറ്റാരെയും വിധിക്കുന്നതുപോലെയാണ് നിങ്ങള്‍ എന്നെയും വിധിക്കുന്നത്. ഞാന്‍ ആരെയും വിധിക്കില്ല."
16 പക്ഷേ ഞാന്‍ വിധിച്ചാല്‍ അതു സത്യവിധിയായിരിക്കും. എന്തു കൊണ്ടെന്നോ? ഞാന്‍ വിധിക്കുന്പോള്‍ ഞാന്‍ തനിച്ചല്ല. എന്നെ അയച്ച എന്‍റെ പിതാവും എന്നോടൊപ്പമുണ്ട്."
17 രണ്ടു സാക്ഷികള്‍ ഒരേകാര്യം പറഞ്ഞാല്‍ അതു യാഥാര്‍ത്ഥ്യമായി സ്വീകരിക്കുക എന്നാണ് നിങ്ങളുടെ ന്യായപ്രമാണം പറയുന്നത്."
18 എന്നെപ്പറ്റി പറയുന്ന സാക്ഷികളില്‍ ഒരാള്‍ ഞാനാണ്. എന്നെ അയച്ച എന്‍റെ പിതാവാണ് മറ്റേ സാക്ഷി.”"
19 ജനങ്ങള്‍ ചോദിച്ചു, “എവിടെ നിന്‍റെ പിതാവ്?” യേശു മറുപടി പറഞ്ഞു, “എന്നെയോ എന്‍റെ പിതാവിനെയോ നിങ്ങള്‍ക്കറിയില്ല. എന്നാല്‍ എന്നെ നിങ്ങളറിഞ്ഞാല്‍ അപ്പോള്‍ എന്‍റെ പിതാവിനെയും നിങ്ങളറിഞ്ഞിട്ടുണ്ടാവും.”"
20 ദൈവാലയത്തില്‍ ഉപദേശിക്കുന്പോഴാണ് യേശു ഇതൊക്കെ പറഞ്ഞത്. ഭണ്ഡാരത്തിന്‍റെ അടുത്തിരുന്നാണ് അവനിതു പറഞ്ഞത്. എന്നിട്ടും ആരും അവനെ പിടികൂടിയില്ല. യേശുവിന്‍റെ ശരിയായ സമയം ഇനിയും ആയിട്ടില്ല"
21 യേശു വീണ്ടും ആളുകളോടു പറഞ്ഞു, “ഞാന്‍ നിങ്ങളെ വിട്ടുപോകും. നിങ്ങളെന്നെ തിരയും പക്ഷേ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളോടുകൂടി മരിക്കും. ഞാന്‍ പോകുന്നിടത്തേക്കു നിങ്ങള്‍ക്കു വരാനാവില്ല.”"
22 അതുകൊണ്ട് യെഹൂദര്‍ സ്വയം ചോദിച്ചു, “യേശു ആത്മഹത്യ ചെയ്യുമോ? ‘ഞാന്‍ പോകുന്നിടത്തേക്കു നിങ്ങള്‍ക്കെത്താനാവില്ല’ എന്ന് അവന്‍ പറയുന്നല്ലോ?”"
23 എന്നാല്‍ യേശു ആ യെഹൂദരോടു പറഞ്ഞു, “നിങ്ങള്‍ താഴെനിന്നുള്ളവരാണ്. പക്ഷേ ഞാനാകട്ടെ മുകളില്‍നിന്നും വന്നവനും. നിങ്ങള്‍ ഈ ലോകത്തിലെയാണ്, ഞാനീ ലോകത്തിലെയല്ല."
24 ഞാന്‍ നിങ്ങളോടു പറഞ്ഞു, നിങ്ങള്‍ നിങ്ങളുടെ പാപങ്ങളോടു കൂടി മരിക്കുമെന്ന്. ‘ഞാന്‍ ആകുന്നു’ എന്നു നിങ്ങള്‍ വിശ്വസിക്കാത്തപക്ഷം നിങ്ങള്‍ നിങ്ങളുടെ പാപങ്ങളോടെ മരിക്കും.”"
25 യെഹൂദര്‍ ചോദിച്ചു, “അപ്പോള്‍ നീ ആരാണ്?” യേശു മറുപടി പറഞ്ഞു, “ഞാന്‍ ആദിമുതല്‍ നിങ്ങളോടു എന്തു പറഞ്ഞിരുന്നുവോ അതാണ് ഞാന്‍."
26 എനിക്കു നിങ്ങളെപ്പറ്റി വളരെ പറയാനുണ്ട്. എനിക്കു നിങ്ങളെ വിധിക്കാനുമുണ്ട്. എന്നാല്‍ എന്നെ അയച്ചവനില്‍നിന്നും കേള്‍ക്കുന്നതു മാത്രമേ ഞാന്‍ ആളുകളോടു പറയൂ. അവന്‍ സത്യം പറയുന്നു.”"
27 യേശു ആരെപ്പറ്റിയാണ് പറയുന്നതെന്ന് ആളുകള്‍ക്ക് മനസ്സിലായില്ല. പിതാവിനെപ്പറ്റിയായിരുന്നു യേശു അവരോടു പറഞ്ഞിരുന്നത്."
28 അതിനാല്‍ യേശു അവരോടു പറഞ്ഞു, “മനുഷ്യപുത്രനെ നിങ്ങള്‍ ഉയര്‍ത്തും. ‘ഞാന്‍ ആകുന്നു’ എന്നു നിങ്ങളപ്പോള്‍ അറിയും. ഞാന്‍ ഈ ചെയ്യുന്നതൊന്നും എന്‍റെ സ്വന്തം അധികാരം കൊണ്ടല്ലെന്നും നിങ്ങളറിയും. പിതാവ് എന്നെ പഠിപ്പിച്ചതു മാത്രമേ ഞാന്‍ പറയുന്നുള്ളൂവെന്നും നിങ്ങളറിയും."
29 എന്നെ അയച്ചവന്‍ എന്നോടൊത്തുണ്ട്. അവനെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ഞാനെപ്പോഴും പ്രവര്‍ത്തിക്കുന്നു. അതിനാല്‍ അവനൊരിക്കലും എന്നെ ഉപേക്ഷിക്കയില്ല.”"
30 യേശു ഇതെല്ലാം പറയവേ ഒട്ടേറെപ്പേര്‍ അവനില്‍ വിശ്വസിച്ചു."
31 അതുകൊണ്ട് തന്നില്‍ വിശ്വസിച്ച യെഹൂദരോട് യേശു പറഞ്ഞു, “എന്‍റെ വചനങ്ങള്‍ നിങ്ങള്‍ തുടര്‍ന്നും അനുസരിച്ചാല്‍ നിങ്ങള്‍ എന്‍റെ യഥാര്‍ത്ഥത്തിലുള്ള ശിഷ്യന്മാരായിരിക്കും."
32 അപ്പോള്‍ നിങ്ങള്‍ സത്യമറിയും. സത്യം നിങ്ങളെ സ്വതന്ത്രരാക്കും.”"
33 യെഹൂദര്‍ മറുപടി പറഞ്ഞു, “ഞങ്ങള്‍ അബ്രാഹാമിന്‍റെ മക്കളാണ്. ഞങ്ങളൊരിക്കലും അടിമകളായിട്ടില്ല. എങ്ങനെയാണു പിന്നെ ഞങ്ങള്‍ സ്വതന്ത്രരാകുമെന്നു നീ പറയുന്നത്?”"
34 യേശു മറുപടി പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ, പാപം ചെയ്യുന്നവരെല്ലാം അടിമകളാണ്. പാപമാണ് അവരുടെ യജമാനന്‍."
35 ഒരടിമയ്ക്ക് ഒരു കുടുംബത്തില്‍ സ്ഥിരമായി താമസിക്കാനാവില്ല. പക്ഷെ മകന്‍ കുടുംബത്തില്‍ സ്ഥിരപ്പെടുന്നു."
36 പുത്രന്‍ നിങ്ങളെ സ്വത ന്ത്രരാക്കിയാല്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ മോചിക്കപ്പെടുന്നു."
37 നിങ്ങള്‍ അബ്രാഹാമിന്‍റെ മക്കളാണെന്നു എനിക്കറിയാം. പക്ഷേ നിങ്ങളെന്നെ കൊല്ലാനാഗ്രഹിക്കുന്നു. എന്തെന്നോ? എന്‍റെ ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല."
38 എന്‍റെ പിതാവ് എന്നെ കാട്ടിയതു മാത്രം ഞാന്‍ നിങ്ങളോടു പറയുന്നു. നിങ്ങളുടെ പിതാവ് പറഞ്ഞതു നിങ്ങള്‍ ചെയ്യുന്നു.”"
39 അപ്പോള്‍ യെഹൂര്‍ പറഞ്ഞു, “അബ്രാഹാമാണു ഞങ്ങളുടെ പിതാവ്.” യേശു പറഞ്ഞു, “നിങ്ങള്‍ അബ്രാഹാമിന്‍റെ യഥാര്‍ത്ഥ പുത്രന്മാരായിരുന്നെങ്കില്‍ അബ്രാഹാം ചെയ്തതൊക്കെ നിങ്ങളും ചെയ്യണം."
40 ദൈവത്തില്‍നിന്നും കേട്ട സത്യങ്ങള്‍ നിങ്ങളോടു പറഞ്ഞ ഒരു മനുഷ്യനാണു ഞാന്‍. പക്ഷേ നിങ്ങളെന്നെ കൊല്ലാന്‍ ശ്രമിക്കുന്നു. അബ്രാഹാം അതുപോലൊന്നും ചെയ്തില്ല."
41 അതുകൊണ്ട് നിങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ സ്വന്തം പിതാവ് ചെയ്യുന്നവ തന്നെ. പക്ഷേ യെഹൂദര്‍ പറഞ്ഞു, “ഞങ്ങള്‍ ജാരസന്തതികളല്ല. ദൈവമാണ് ഞങ്ങളുടെ പിതാവ്. ഞങ്ങളുടെ ഏകപിതാവും അവനാണ്.”"
42 യേശു ആ യെഹൂദരേടു പറഞ്ഞു, “ദൈവം യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ പിതാവാണെങ്കില്‍ നിങ്ങള്‍ എന്നെ സ്നേഹിക്കണം. ദൈവത്തില്‍നിന്നു വന്ന ഞാനിപ്പോള്‍ ഇവിടെയുണ്ട്. ഞാനെന്‍റെ സ്വന്തം അധികാരത്തിലല്ല. ഇവിടെ വന്നിരിക്കുന്നത്. ദൈവം എന്നെ അയച്ചു."
43 ഞാന്‍ പറയുന്നതൊന്നും നിങ്ങള്‍ക്കു മനസ്സിലാകുന്നില്ല. എന്തുകൊണ്ട്? നിങ്ങള്‍ക്ക് എന്‍റെ ഉപദേശം സ്വീകരിക്കാന്‍ സാധിക്കാത്തതുകൊണ്ട് തന്നെ."
44 പിശാചാണ് നിങ്ങളുടെ പിതാവ്. നിങ്ങള്‍ അവന്‍റെ മക്കളാണ്. അവന്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യുന്നു. ആദ്യം മുതല്‍ക്കു തന്നെ പിശാച് ഒരു കൊലയാളിയായിരുന്നു. അവന്‍ സത്യവിരോധിയാണ്. അവനിലാകട്ടെ സത്യം അശേഷം ഇല്ല. അവന്‍ പറയുന്ന നുണകള്‍ പോലെതന്നെയാണ് അവന്‍. അവന്‍ നുണയനും നുണയന്മാരുടെ പിതാവും ആണ്."
45 ഞാന്‍ സത്യം പറയുന്നു. അതുകൊണ്ടാണ് നിങ്ങള്‍ എന്നില്‍ വിശ്വസിക്കാത്തത്."
46 ഞാന്‍ പാപത്തില്‍ കുറ്റവാളിയാണെന്നു തെളിയിക്കുക. ഞാന്‍ സത്യം പറഞ്ഞാല്‍ എന്തുകൊണ്ട് നിങ്ങള്‍ എന്നില്‍ വിശ്വസിക്കുന്നില്ല?"
47 ദൈവസന്തതിയായവന്‍ ദൈവം പറയുന്നതെന്തോ അതു സ്വീകരിക്കുന്നു. എന്നാല്‍ ദൈവത്തില്‍ നിന്നുള്ളവര്‍ അല്ലാത്തതിനാല്‍ നിങ്ങളവന്‍റെ വാക്കുകള്‍ സ്വീകരിക്കുന്നില്ല.”"
48 യെഹൂദര്‍ മറുപടി പറഞ്ഞു, “നീ ഒരു ശമര്യാക്കാരനാണെന്നു ഞങ്ങള്‍ പറയുന്നു. നിന്നെ ഭൂതം ബാധിച്ചിട്ടുണ്ടെന്നു ഞങ്ങള്‍ പറയുന്നു. ഞങ്ങള്‍ ഈ പറയുന്നതൊക്കെ ശരിയല്ലേ?”"
49 യേശു പറഞ്ഞു, “എന്നെ ഭൂതം ബാധിച്ചിട്ടൊന്നും ഇല്ല. ഞാനെന്‍റെ പിതാവിനെ മഹത്വപ്പെടുത്തുന്നു. പക്ഷേ നിങ്ങളെന്നെ അപമാനിക്കുന്നു."
50 എങ്കിലും ഞാനെന്‍റെ മഹത്വ ത്തിനായി ശ്രമിക്കുന്നില്ല. എനിക്കുവേണ്ടി അതു കാംക്ഷിക്കുന്ന ഒരുവനുണ്ട്. വിധികര്‍ത്താവും അവന്‍ തന്നെ."
51 ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ. എന്‍റെ വചനങ്ങള്‍ അനുസരിക്കുന്നവന്‍ മരണത്തെ നേരിടുകയില്ല.”"
52 യെഹൂദര്‍ യേശുവിനലോടു പറഞ്ഞു, “ഞങ്ങള്‍ക്കിപ്പോള്‍ മനസ്സിലായി. നിനക്കു പിശാചു ബാധയുണ്ടെന്ന്, അബ്രാഹാമും പ്രവാചകരും മരിച്ചു. പക്ഷേ നീ പറയുന്നു, ‘എന്‍റെ വചനങ്ങള്‍ അനുസരിക്കുന്നവര്‍ ഒരിക്കലും മരണം രുചിച്ചറിയുകയില്ല’ എന്ന്."
53 ഞങ്ങളുടെ പിതാവായ അബ്രാഹാമിനേക്കാള്‍ മഹാനാണു നീയെന്നു നീ കരുതുന്നുണ്ടോ? അബ്രാഹാം മരിച്ചു. പ്രവാചകരും മരിച്ചു. നീ ആരെന്നാണു നിന്‍റെ വിചാരം?”"
54 യേശു മറുപടി പറഞ്ഞു, “ഞാന്‍ എന്നെത്തന്നെ മഹത്വപ്പെടുത്തിയാല്‍ അതിനു വിലയില്ല. എന്നെ മഹത്വപ്പെടുത്തുന്നവന്‍ എന്‍റെ പിതാവാണ്. അവന്‍ നിങ്ങളുടെ ദൈവമാണെന്നു നിങ്ങള്‍ പറയുകയും ചെയ്യുന്നു."
55 എന്നാല്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ അവനെ അറികയില്ല. എനിക്കവനെയറിയാം. എനിക്കവനെ അറികയില്ലെന്നു ഞാന്‍ പറഞ്ഞാല്‍ ഞാനും നിങ്ങളെപ്പോലെ നുണയനാകും. പക്ഷേ ഞാനവനെ അറിയും. അവന്‍റെ വാക്കുകളെ ഞാന്‍ അനുസരിക്കുകയും ചെയ്യുന്നു."
56 ഞാന്‍ വരുന്ന ദിവസം കാണാം എന്ന പ്രത്യാശയില്‍ അബ്രാഹാം സന്തുഷ്ടനായിരുന്നു. അതുകൊണ്ട് അയാള്‍ സന്തോഷിച്ചു.”"
57 യെഹൂദര്‍ യേശുവിനോട് പറഞ്ഞു, “എന്ത്, നിനക്ക് അന്പതു വയസ്സു പോലും ആയിട്ടില്ല. എന്നിട്ടും നീ അബ്രാഹാമിനെ കണ്ടു എന്നവകാശപ്പെടുന്നോ?”"
58 യേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യം പറയാം. അബ്രാഹാം ജനിക്കുന്നതിനു മുന്പും ഞാനുണ്ട്.”"
59 യേശു ഇതു പറഞ്ഞപ്പോള്‍ ആളുകള്‍ അവനെ എറിയാന്‍ കല്ലുകളെടുത്തു. യേശു മറഞ്ഞ് ദൈവാലയം വിട്ടുപോയി."
1 നടന്നു പോകവേ യേശു ഒരന്ധനെ കണ്ടു. ജനിച്ചപ്പോള്‍ തന്നെ അയാള്‍ അന്ധനായിരുന്നു."
2 യേശുവിന്‍റെ ശിഷ്യന്മാര്‍ അവനോടു ചോദിച്ചു, “ഗുരോ, ഇയാള്‍ ജന്മനാ അന്ധനാണ്. എന്നാല്‍ ആരുടെ പാപമാണ് ഇവനെ അന്ധനാക്കിയത്. അയാളുടെ തന്നെ പാപങ്ങളോ മാതാപിതാക്കളുടെ പാപങ്ങളോ?”"
3 യേശു മറുപടി പറഞ്ഞു, “അവന്‍റെയോ അവന്‍റെ മാതാപിതാക്കളുടെയോ പാപങ്ങളല്ല അവനെ അന്ധനാക്കിയത്. ഞാനവനെ സുഖപ്പെടുത്തുന്പോള്‍ ദൈവത്തിന്‍റെ ശക്തി ആളുകള്‍ക്കു കാണുന്നതിനാണവന്‍ അന്ധനായി ജനിച്ചത്."
4 പകല്‍ തീരുന്നതു വരേക്കും എന്നെ അയച്ചവന്‍റെ ജോലികള്‍ നാം തുടരണം. രാത്രിയില്‍ ആര്‍ക്കും ജോലി ചെയ്യാനുമാവില്ല."
5 ഈ ലോകത്തില്‍ ഞാനുണ്ടായിരിക്കുന്പോള്‍ ലോകത്തിന്‍റെ പ്രകാശം ഞാനാണ്.”"
6 യേശു ഇതു പറഞ്ഞു കഴിഞ്ഞ് മണ്ണില്‍ തുപ്പി ചെളി കുഴച്ചെടുത്തു. അവന്‍ ആ ചെളി അന്ധന്‍റെ കണ്ണുകളില്‍ പുരട്ടി."
7 [This verse may not be a part of this translation]"
8 മുന്പ് അയാള്‍ ഇരുന്നു യാചിക്കുന്നത് ആളുകള്‍ കണ്ടിരുന്നു. അവരും അയാളുടെ അയല്‍ക്കാരും പറഞ്ഞു, “ഇതാ! എപ്പോഴും വഴിയോരത്തിരുന്നു യാചിച്ചവന്‍ തന്നെയോ ഇയാള്‍?”"
9 [This verse may not be a part of this translation]"
10 ആളുകള്‍ ചോദിച്ചു, “എന്തുണ്ടായി? നിനക്കെങ്ങനെ കാഴ്ച തിരിച്ചു കിട്ടി?”"
11 അയാള്‍ മറുപടി പറഞ്ഞു, “യേശുവെന്നു വിളിക്കപ്പെടുന്നയാള്‍ അല്പം ചെളികുഴച്ചു. അവന്‍ അതെന്‍റെ കണ്ണുകളില്‍ പുരട്ടി. എന്നിട്ട് ശിലോഹാം കുളത്തില്‍ പോയി കഴുകാന്‍ എന്നോടു പറഞ്ഞു. അതിനാല്‍ ഞാന്‍ പോയി ശിലോഹാം കുളത്തില്‍ കഴുകി. അപ്പോഴെനിക്കു കാഴ്ചയും കിട്ടി.”"
12 ആളുകള്‍ അവനോടു ചോദിച്ചു, “ആ മനുഷ്യന്‍ എവിടെയുണ്ട്?” അയാള്‍ പറഞ്ഞു, “എനിക്കറിയില്ല.”"
13 അനന്തരം അവര്‍ അയാളെ പരീശന്മാരുടെ അടുത്തേക്കു കൊണ്ടുവന്നു. അന്ധനായിരുന്നവനായിരുന്നു അയാള്‍"
14 യേശു ചെളി കുഴച്ച് അവന്‍റെ കണ്ണുകള്‍ക്ക് കാഴ്ച നല്‍കി. ശബ്ബത്തു ദിവസമാണ് യേശു ഇതു ചെയ്തത്."
15 അതുകൊണ്ട് പരീശന്മാര്‍ അവനോടു ചോദിച്ചു, “നിനക്കെങ്ങനെയാണ് കാഴ്ച കിട്ടിയത്?” അയാള്‍ മറുപടി പറഞ്ഞു, “അവന്‍ എന്‍റെ കണ്ണുകളില്‍ ചെളി പുരട്ടി. ഞാന്‍ കണ്ണു കഴുകി. എനിക്കു കാഴ്ചയും കിട്ടി.”"
16 പരീശന്മാരില്‍ ചിലര്‍ പറഞ്ഞു, “ശബ്ബത്തിന്‍റെ ന്യായപ്രമാണങ്ങള്‍ അനുസരിക്കാത്തവന്‍ ദൈവത്തില്‍ നിന്നുള്ളവനല്ല.” മറ്റുള്ളവര്‍ പറഞ്ഞു, “പക്ഷേ പാപിയായ ഒരുവന് ഇത്തരം അത്ഭുത പ്രവര്‍ത്തികള്‍ കാട്ടാനാവില്ല.” യെഹൂദര്‍ പരസ്പരം അംഗീകരിച്ചില്ല."
17 യെഹൂദ നേതാക്കള്‍ അയാളോടു വീണ്ടും ചോദിച്ചു, “അയാള്‍ നിന്നെ സുഖപ്പെടുത്തി. കാഴ്ച തന്നു. അവനെപ്പറ്റി നിന്‍റെ അഭിപ്രായമെന്താണ്?” അയാള്‍ മറുപടി പറഞ്ഞു, “അവന്‍ ഒരു പ്രവാചകനാണ്.”"
18 എന്നാല്‍ യെഹൂദര്‍ ഇതൊന്നും യഥാര്‍ത്ഥത്തില്‍ അയാള്‍ക്കു സംഭവിച്ച കാര്യങ്ങളാണെന്നു വിശ്വസിച്ചിരുന്നില്ല. അയാള്‍ അന്ധനും ഇപ്പോള്‍ സുഖപ്പെട്ടവനുമാണെന്ന് അവര്‍ വിശ്വസിച്ചിരുന്നില്ല. പക്ഷേ പിന്നീടവര്‍ അയാളുടെ അപ്പനമ്മമാരെ ആളയച്ചു വരുത്തി."
19 യെഹൂദര്‍ അപ്പനമ്മമാരോട് ചോദിച്ചു, “ഇവന്‍, നിങ്ങളുടെ മകനാണോ? അവന്‍ ജന്മനാ അന്ധനായിരുന്നെന്നു നിങ്ങള്‍ പറയുന്നോ? പിന്നെ ഇപ്പോഴെങ്ങനെ അവനു കാഴ്ച കിട്ടി?”"
20 അവന്‍റെ അപ്പനമ്മമാര്‍ മറുപടി പറഞ്ഞു, “ഇവന്‍ ഞങ്ങളുടെ മകനാണെന്നും അവന്‍ ജന്മനാ അന്ധനായിരുന്നെന്നും ഞങ്ങള്‍ക്കറിയാം."
21 ഇവന് ഇപ്പോഴെങ്ങനെ കാഴ്ച കിട്ടിയെന്നതു മാത്രം ഞങ്ങള്‍ക്കറിയില്ല. ആരാണവന്‍റെ കണ്ണുകളെ സുഖപ്പെടുത്തിയതെന്നും ഞങ്ങള്‍ക്കറിയില്ല. അവനോടു തന്നെ ചോദിക്കുക. തന്നെപ്പറ്റിത്തന്നെ മറുപടി പറയാന്‍ മാത്രം പ്രായമൊക്കെ അവനായിട്ടുണ്ട്.”"
22 അവര്‍ ഇങ്ങനെ പറയാന്‍ കാരണം അവര്‍ക്കു യെഹൂദനേതാക്കളെ ഭയമായിരുന്നു. യേശു ക്രിസ്തുവാണെന്നു പറയുന്ന ഓരോരുത്തരെയും തങ്ങള്‍ ശിക്ഷിക്കുമെന്ന് യെഹൂദനേതാക്കള്‍ നേരത്തേ തീരുമാനിച്ചിരുന്നു. അങ്ങനെ ചെയ്യുന്നവരെ നേതാക്കള്‍ യെഹൂദപ്പള്ളിയില്‍നിന്നും പുറത്താക്കും."
23 അതുകൊണ്ടാണ് അയാളുടെ മാതാപിതാക്കള്‍ “അവനു പ്രായമായി അവനോടു ചോദിക്കുക” എന്നു പറഞ്ഞത്."
24 അതിനാല്‍ യെഹൂദനേതാക്കള്‍ അന്ധനായിരുന്നവനെ വിളിച്ചു. വീണ്ടും വരാനവര്‍ പറഞ്ഞു. യെഹൂദനേതാക്കള്‍ പറഞ്ഞു, “സത്യം പറഞ്ഞ് നീ ദൈവത്തെ മഹത്വപ്പെടുത്തണം. ഈ മനുഷ്യന്‍ പാപിയാണെന്നു ഞങ്ങള്‍ക്കറിയാം.”"
25 അയാള്‍ മറുപടി പറഞ്ഞു, “അയാള്‍ ഒരു പാപിയാണെങ്കില്‍ അത് എനിക്കറിയില്ല. പക്ഷേ ഒരു കാര്യം അറിയാം. ഞാന്‍ അന്ധനായിരുന്നു. ഇപ്പോഴെനിക്കു കാഴ്ച കിട്ടിയിരിക്കുന്നു.”"
26 യെഹൂദനേതാക്കള്‍ ചോദിച്ചു, “അവന്‍ നിനക്കായി എന്താണു ചെയ്തത്? അവന്‍ എങ്ങനെ നിന്‍റെ കണ്ണുകളെ സുഖപ്പെടുത്തി?”"
27 അയാള്‍ മറുപടി പറഞ്ഞു, “ഞാന്‍ നിങ്ങളോട് അതെല്ലാം പറഞ്ഞു കഴിഞ്ഞു. പക്ഷേ നിങ്ങളെന്നെ ശ്രദ്ധിച്ചില്ല. എന്തിനാണിതെല്ലാം ഇനിയും കേള്‍ക്കുന്നത്? നിങ്ങള്‍ക്കും അവന്‍റെ അനുയായികളാകണോ?”"
28 അവര്‍ കോപാകുലരായി. അയാളെ ശകാരിച്ചുകൊണ്ടു പറഞ്ഞു, “നീ അവന്‍റെ ശിഷ്യനാണ്. ഞങ്ങള്‍ മോശെയുടെ അനുയായികളും."
29 ദൈവം മോശെയോട് സംസാരിച്ചുവെന്നു ഞങ്ങള്‍ക്കറിയാം. എന്നാല്‍ ഈ മനുഷ്യന്‍ എവിടെനിന്നാണു വരുന്നതെന്നു പോലും ഞങ്ങള്‍ക്കറിയില്ല.”"
30 അയാള്‍ മറുപടി പറഞ്ഞു, “ഇതു വളരെ അത്ഭുതമായിരിക്കുന്നു. യേശു എവിടെനിന്നാണു വരുന്നതെന്നു നിങ്ങള്‍ക്കറിയില്ല. പക്ഷേ അവന്‍ എന്‍റെ കണ്ണുകളെ സുഖപ്പെടുത്തിയിരിക്കുന്നു."
31 ദൈവം പാപികളെ ശ്രദ്ധിക്കില്ലെന്നു നമുക്കെല്ലാമറിയാം. എന്നാല്‍ തന്നെ ആരാധിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരെ ദൈവം ശ്രദ്ധിക്കും."
32 ജന്മനാ അന്ധനായൊരുവനെ ആദ്യമായാണൊരാള്‍ സുഖപ്പെടുത്തുന്നത്."
33 ഇയാള്‍ ദൈവത്തില്‍നിന്നും വന്നവനായിരിക്കും. അല്ലാത്തപക്ഷം ഇതുപോലൊന്നും ചെയ്യാന്‍ അവനാവില്ല.”"
34 യെഹൂദ നേതാക്കള്‍ മറുപടി പറഞ്ഞു, “നിന്നില്‍ പാപം നിറഞ്ഞിരിക്കുന്നു. ഞങ്ങളെ നീ പഠിപ്പിക്കാന്‍ നോക്കുന്നോ?” അവര്‍ അയാളെ അവിടെ നിന്നും ഓടിച്ചുവിട്ടു."
35 അയാളെ യെഹൂദനേതാക്കള്‍ ഓടിച്ചു വിട്ട കാര്യം യേശു അറിഞ്ഞു. യേശു അയാളെ കണ്ടെത്തി ചോദിച്ചു, “നീ മനുഷ്യപുത്രനില്‍ വിശ്വസിക്കുന്നുവോ?”"
36 അയാള്‍ ചോദിച്ചു, “പ്രഭോ, ആരാണു മനുഷ്യപുത്രന്‍? പറയൂ, എങ്കിലെനിക്കവനില്‍ വിശ്വസിക്കാമല്ലോ?”"
37 യേശു അയാളോടു പറഞ്ഞു, “നീ നേരത്തേതന്നെ അവനെ കണ്ടിട്ടുണ്ട്. നിന്നോടിപ്പോള്‍ സംസാരിക്കുന്നവന്‍ തന്നെയാണവന്‍.”"
38 അയാള്‍ പറഞ്ഞു, “ഞാന്‍ വിശ്വസിക്കുന്നു കര്‍ത്താവേ.” അനന്തരം അയാള്‍ മുട്ടുകുത്തി യേശുവിനെ നമസ്കരിച്ചു."
39 യേശു പറഞ്ഞു, “ഞാന്‍ ഈ ലോകത്ത് വന്നത് തീര്‍പ്പ് കല്പിക്കാനാണ്. അന്ധര്‍ക്കു കാഴ്ച നല്‍കാനും കാഴ്ചയുണ്ടെന്നു കരുതുന്നവരെ അന്ധരാക്കാനും."
40 ഏതാനും പരീശന്മാര്‍ അവിടെ സന്നിഹിതരായിരുന്നു. അവര്‍ അതു കേട്ടു. അവര്‍ ചോദിച്ചു, “ഞങ്ങളും അന്ധരാണെന്നോ?”"
41 യേശു പറഞ്ഞു, “നിങ്ങള്‍ അന്ധരായിരുന്നുവെങ്കില്‍ നിങ്ങള്‍ക്കു പാപം ഉണ്ടാകുമായിരുന്നില്ല. പക്ഷേ നിങ്ങള്‍ പറയുന്നു നിങ്ങള്‍ക്കു കാണാമെന്ന്. അതിനാല്‍ ഇപ്പോള്‍ നിങ്ങള്‍ പാപികളാണ്.”"
1 യേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യമായി പറയാം. ആട്ടിന്‍ തൊഴുത്തിലേക്കു കയറുന്നവന്‍ വാതിലിലൂടെ വേണം പ്രവേശിക്കുവാന്‍. അല്ലാത്തപക്ഷം അവന്‍ കള്ളനാണ്. ആടുകളെ മോഷ്ടിക്കണമവന്."
2 എന്നാല്‍ ആടുകളുടെ ഇടയന്‍ വാതിലിലൂടെയാവും പ്രവേശിക്കുക."
3 ഇടയനുവേണ്ടി കാവല്‍ക്കാരന്‍ വാതില്‍ തുറക്കുന്നു. ആടുകള്‍ ഇടയന്‍റെ ശബ്ദം ശ്രദ്ധിക്കുന്നു. ഇടയന്‍ തന്‍റെയാടുകളെ പേരെടുത്തു വിളിച്ച് പുറത്തേക്കു നയിക്കുന്നു."
4 എല്ലാ ആടുകളെയും ഇടയന്‍ പുറത്തേക്കു കൊണ്ടുവരുന്നു. അവന്‍ അവയ്ക്കു മുന്പേ നടന്ന് അവയെ നയിക്കുന്നു. അവന്‍റെ ശബ്ദം അറിയാവുന്നതു കൊണ്ട് ആടുകള്‍ അവനെ അനുഗമിക്കും."
5 എന്നാല്‍ അറിയാത്ത ഒരുവനെ ആടുകള്‍ അനുഗമിക്കില്ല. അവ അയാളില്‍ നിന്ന് ഓടിപ്പോകും. കാരണം, അയാളുടെ ശബ്ദം അവയ്ക്കറിയില്ല.”"
6 യേശു ആളുകളോട് ആ ഉപമ പറഞ്ഞു, എന്നാല്‍ അതിന്‍റെ അര്‍ത്ഥം അവര്‍ക്കു മനസ്സിലായില്ല."
7 അതുകൊണ്ട് യേശു വീണ്ടും പറഞ്ഞു, “ഞാന്‍ നിങ്ങളോട് സത്യമായി പറയട്ടെ. ആടുകള്‍ക്കുള്ള വാതില്‍ ഞാനാകുന്നു."
8 എനിക്കു മുന്പു വന്നവരെല്ലാം കള്ളന്മാരും കവര്‍ച്ചക്കാരുമാകുന്നു. ആടുകള്‍ അവര്‍ക്കു ചെവികൊടുത്തില്ല."
9 ഞാനാകുന്നു വാതില്‍. എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്ഷപെടും. അയാള്‍ക്ക് അകത്തേക്കു വരികയും പുറത്തേക്കു പോകുകയും ചെയ്യാം. ആവശ്യമുള്ളതെല്ലാം അയാള്‍ക്കു കിട്ടും."
10 കള്ളന്‍ വരുന്നത് മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ്. ഞാന്‍ വരുന്നത് അവര്‍ക്കു ജീവനും അതിന്‍റെ മുഴുവന്‍ നന്മയും നല്‍കുന്നതിനാണ്."
11 “നല്ലയിടയന്‍ ഞാനാകുന്നു. നല്ലയിടയന്‍ ആടുകള്‍ക്ക് അവന്‍റെ ജീവന്‍ നല്‍കുന്നു."
12 കൂലിയ്ക്ക് ആടുകളെ സൂക്ഷിക്കുന്നവനും ഇടയനും തമ്മില്‍ വ്യത്യാസമുണ്ട്. കൂലിക്കാരന്‍ ആടിന്‍റെ ഉടമയല്ല. അതുകൊണ്ട് ചെന്നായ് വരുന്നത് അവന്‍ കാണുന്പോള്‍ അവന്‍ ആടുകളെ ഉപേക്ഷിച്ച് ഓടി രക്ഷപെടും. ചെന്നായ് ആടുകളെ ആക്രമിച്ച് അവയെ ചിതറിക്കും."
13 അവന്‍ വെറും കൂലിക്കാരന്‍ മാത്രം ആയതിനാല്‍ ആണ് അവന്‍ ഓടിപ്പോകുന്നത്. അയാള്‍ക്ക് ആടുകളെപ്പറ്റി വിചാരമില്ല."
14 [This verse may not be a part of this translation]"
15 [This verse may not be a part of this translation]"
16 എനിക്ക് മറ്റ് ആടുകള്‍ കൂടിയുണ്ട്. അവ ഈ തൊഴുത്തിലില്ല. എനിക്കവയെയും നയിക്കണം. അവ എന്‍റെ ശബ്ദം കേള്‍ക്കും. ഭാവിയില്‍ ഒരു തൊഴുത്തും ഒരിടയനും മാത്രമാകും."
17 സ്വന്തം ജീവന്‍ ത്യജിക്കുന്ന എന്നെ പിതാവ് സ്നേഹിക്കുന്നു. വീണ്ടും കിട്ടാനാണ് ഞാന്‍ എന്‍റെ ജീവന്‍ നല്‍കുന്നത്."
18 എന്‍റെ ജീവന്‍ ആരും എന്നില്‍ നിന്ന് എടുത്തുകൊണ്ടു പോകയില്ല. എന്‍റെ ജീവന്‍ ഞാന്‍ സ്വയം ത്യജിക്കുകയാണ്. എനിക്കതിനുള്ള അവകാശമുണ്ട്. അതു തിരിച്ചു കിട്ടാനുള്ള അവകാശവും എനിക്കുണ്ട്. ഇതാണെന്‍റെ പിതാവ് എന്നോടു പറഞ്ഞത്.”"
19 യേശുവിന്‍റെ ഈ വാക്കുകള്‍ യെഹൂദരുടെ ഇടയില്‍ വീണ്ടും ഭിന്നിപ്പുണ്ടാക്കി."
20 അധികം യെഹൂദരും പറഞ്ഞു, “അവനില്‍ ഒരു ഭൂതം ബാധിച്ചിരിക്കുന്നു. അതവനെ ഭ്രാന്തനാക്കിയിരിക്കുന്നു. പിന്നെന്തിന് അവന്‍റെ വാക്കുകള്‍ കേള്‍ക്കുന്നു?”"
21 എന്നാല്‍ മറ്റ് യെഹൂദര്‍ പറഞ്ഞു, “ഇതു ഭൂതം ബാധിച്ചവന്‍റെ ഭ്രാന്തന്‍ വാക്കുകളല്ല. ഭൂതത്തിന് അന്ധനു കാഴ്ച നല്‍കുവാനാകുമോ? ഇല്ല.”"
22 അതൊരു ശീതകാലമായിരുന്നു. യെരൂശലേമില്‍ പ്രതിഷ്ഠോത്സവത്തിന്‍റെ സമയമായി."
23 യേശു ദൈവാലയത്തില്‍ ശലോമോന്‍റെ മണ്ഡപത്തിലൂടെ നടക്കുകയായിരുന്നു,"
24 യെഹൂദര്‍ യേശുവിന്‍റെ ചുറ്റും കൂടി അവര്‍ പറഞ്ഞു, “എത്രകാലം നീ ഞങ്ങളെ ഈ അനിശ്ചിതത്വത്തില്‍ നിര്‍ത്തും? നീ ക്രിസ്തുവാണെങ്കില്‍ ഞങ്ങളോടു വ്യക്തമായി പറയുക.”"
25 യേശു മറുപടി പറഞ്ഞു, “ഞാന്‍ നേരത്തെ തന്നെ നിങ്ങളോടു പറഞ്ഞിട്ടുണ്ട്. പക്ഷേ നിങ്ങള്‍ വിശ്വസിച്ചില്ല. ഞാന്‍ എന്‍റെ പിതാവിന്‍റെ പേരില്‍ ചെയ്യുന്ന അത്ഭുതപ്രവൃത്തികള്‍ ഞാനാരെന്നു തെളിയിക്കുന്നു."
26 പക്ഷേ നിങ്ങള്‍ വിശ്വസിക്കാത്തതെന്തുകൊണ്ട്? കാരണം നിങ്ങള്‍ എന്‍റെ ആടുകളല്ല."
27 എന്‍റെ ആടുകള്‍ എന്‍റെ ശബ്ദം കേള്‍ക്കുന്നു. എനിക്കവയെ അറിയാം. അവ എന്നെ പിന്തുടരുന്നു."
28 ഞാന്‍ അവയ്ക്കു നിത്യജീവന്‍ നല്‍കുന്നു, അവ ഒരിക്കലും മരിക്കയില്ല. അവയെ എന്‍റെ കൈയില്‍ നിന്നും പിടിച്ചെടുക്കാന്‍ ആര്‍ക്കുമാവില്ല."
29 എന്‍റെ പിതാവ് എന്‍റെ ആടുകളെ എനിക്കു തന്നു. അവനാണ് എല്ലാറ്റിനും വലിയത്. ആര്‍ക്കും എന്‍റെ പിതാവിന്‍റെ കൈയില്‍നിന്നും ആടുകളെ മോഷ്ടിക്കാനാവില്ല."
30 പിതാവും ഞാനും ഒന്നുതന്നെ.”"
31 യെഹൂദര്‍ വീണ്ടും യേശുവിനെ എറിയാന്‍ കല്ലെടുത്തു."
32 എന്നാല്‍ യേശു അവരോടു പറഞ്ഞു, “ഞാന്‍ പിതാവില്‍ നിന്നു പല നല്ല കാര്യങ്ങളും ചെയ്തു. നിങ്ങള്‍ അവ കാണുകയും ചെയ്തു. ഇതില്‍ ഏതു കാര്യത്തിനാണു നിങ്ങളെന്നെ കൊല്ലുന്നത്?”"
33 യെഹൂദര്‍ പറഞ്ഞു, “നീ ചെയ്ത ചില നന്മക്കല്ല ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്. പക്ഷേ നീ പറഞ്ഞ വാക്കുകളെല്ലാം ദൈവവിരുദ്ധമാണ്. നീ വെറും മനുഷ്യനാണ്. പക്ഷേ നീ ദൈവ മാണെന്നു സ്വയം അവകാശപ്പെടുന്നു. അതിനാലാണു ഞങ്ങള്‍ നിന്നെ കല്ലെറിഞ്ഞു കൊല്ലുന്നത്.”"
34 യേശു മറുപടി പറഞ്ഞു, “നിങ്ങളുടെ ന്യായപ്രമാണത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, ‘ഞാന്‍ പറഞ്ഞു നിങ്ങള്‍ ദേവന്മാരാണ്.’"
35 ഈ തിരുവെഴുത്ത് ദൈവസന്ദേശം കിട്ടിയവരെ ദേവന്മാരെന്നു വിളിച്ചു. തിരുവെഴുത്തുകള്‍ എപ്പോഴും സത്യമാണ്."
36 ഞാന്‍ ദൈവപുത്രനാണ് എന്നു ഞാന്‍ പറയുന്നത് ദൈവദൂഷണമാണെന്നു പിന്നെ നിങ്ങളെന്താണു പറയുന്നത്? ദൈവം തിരഞ്ഞെടുത്ത് ഭൂമിയിലേക്കയച്ചവനാണ് ഞാന്‍."
37 എന്‍റെ പിതാവ് എന്ത് ചെയ്യുന്നുവോ അത് ഞാന്‍ ചെയ്തില്ലെങ്കില്‍ എന്‍റെ വാക്കുകള്‍ വിശ്വസിക്കേണ്ട."
38 എന്നാല്‍ പിതാവ് ചെയ്യുന്നത് തന്നെ ഞാനും ചെയ്താല്‍ എന്നെ വിശ്വസിക്കുക. നിങ്ങള്‍ എന്നില്‍ വിശ്വസിക്കുന്നില്ലായിരിക്കാം. പക്ഷേ എന്‍റെ പ്രവൃത്തികളില്‍ വിശ്വസിക്കുക. അപ്പോള്‍ നിങ്ങള്‍ അറിയുകയും മനസ്സിലാക്കുകയും ചെയ്യും പിതാവ് എന്നിലും ഞാന്‍ പിതാവിലുമുണ്ടെന്ന്.”"
39 യെഹൂദര്‍ വീണ്ടും അവനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും അവന്‍ അവരില്‍നിന്നും രക്ഷപെട്ടു."
40 പിന്നീട് യേശു യോര്‍ദ്ദാന്‍നദി കടന്ന് യോഹന്നാന്‍ മുന്പ് സ്നാനം നടത്തിയിരുന്നിടത്തേക്കു പോയി. യേശു അവിടെത്തങ്ങി."
41 അനേകര്‍ അവനെ സമീപിച്ചു, അവര്‍ പറഞ്ഞു, “യോഹന്നാന്‍ ഒരിക്കലും അത്ഭുതപ്രവൃത്തികള്‍ ചെയ്തിട്ടില്ല. എന്നാല്‍ യോഹന്നാന്‍ ഇയാളെപ്പറ്റി പറഞ്ഞതെല്ലാം ശരിയായിരുന്നു.”"
42 അവിടെ അനേകംപേര്‍ യേശുവില്‍ വിശ്വസിച്ചു."
1 ബേഥാന്യയില്‍ ലാസര്‍ എന്ന ഒരുത്തന്‍ ദീനമായി കിടന്നു. ഇവിടെത്തന്നെയാണ് മറിയയും സഹോദരി മാര്‍ത്തയും താമസിച്ചിരുന്നത്."
2 (ഇതേ മറിയയാണ് പിന്നീട് യേശുവിനെ തൈലാഭിഷേകം ചെയ്തതും അവന്‍റെ കാലുകളെ തലമുടികൊണ്ട് തുടച്ചതും.) മറിയയുടെ സഹോദരനാണ് ഇപ്പോള്‍ രോഗിയായ ലാസര്‍."
3 അതുകൊണ്ട് മറിയയും മാര്‍ത്തയും സന്ദേശവുമായി ഒരാളെ യേശുവിന്‍റെയടുത്തേക്കു അയച്ചു പറഞ്ഞു, “കര്‍ത്താവേ, അങ്ങയുടെ പ്രിയ സുഹൃത്ത് ലാസര്‍ രോഗിയായിരിക്കുന്നു.”"
4 ഇതു കേട്ട് യേശു പറഞ്ഞു, “ഈ രോഗത്തിന്‍റെ അന്ത്യം മരണമല്ല. ഇതു ദൈവത്തിന്‍റെ മഹത്വത്തിന്‍റേതാണ്. മനുഷ്യപുത്രനു മഹത്വമുണ്ടാകാനാണു ഇതു വന്നത്.”"
5 (യേശു മാര്‍ത്തയെയും സഹോദരിയെയും ലാസറെയും സ്നേഹിച്ചിരുന്നു)."
6 ലാസര്‍ രോഗിയാണെന്നു കേട്ടപ്പോള്‍ യേശു താന്‍ പാര്‍ത്തിരുന്നിടത്തു രണ്ടു ദിവസം കൂടി തങ്ങി."
7 അപ്പോള്‍ യേശു ശിഷ്യന്മാരോടു പറഞ്ഞു, “നമുക്ക് യെഹൂദ്യയിലേക്കു മടങ്ങണം.”"
8 ശിഷ്യന്മാര്‍ മറുപടി പറഞ്ഞു, “പക്ഷേ ഗുരോ, യെഹൂദ്യയിലെ യെഹൂദര്‍ അങ്ങയെ കല്ലെറിയാന്‍ ശ്രമിച്ചവരാണ്. അതും ഈയിടെ. എന്നിട്ടും അങ്ങയ്ക്കു അവിടെ പോകണമെന്നോ?”"
9 യേശു മറുപടി പറഞ്ഞു, “ദിവസം പന്ത്രണ്ടു മണിക്കൂര്‍ പ്രകാശമുണ്ടെന്നതു ശരിയല്ലേ? പകല്‍ നടക്കുന്നവന്‍ തട്ടിമറിഞ്ഞു വീഴുന്നില്ല. കാരണമെന്തെന്നാല്‍ ഈ ലോകത്തിന്‍റെ വെളിച്ചത്തില്‍ അവനു കാണാം."
10 പക്ഷേ രാത്രിയില്‍ നടക്കുന്നവന്‍ തട്ടിവീഴുന്നു. കാരണം? അവന്‍റെ കാഴ്ചയ്ക്കു വേണ്ട പ്രകാശമില്ല.”"
11 യേശു ഇതെല്ലാം പറഞ്ഞതിനു ശേഷം പറഞ്ഞു, “നമ്മുടെ സുഹൃത്ത് ലാസര്‍ ഉറങ്ങുന്നു. അവനെ ഉണര്‍ത്താനാണു ഞാന്‍ പോകുന്നത്.”"
12 ശിഷ്യന്മാര്‍ മറുപടി പറഞ്ഞു, “പക്ഷേ കര്‍ത്താവേ, അവന്‍ ഉറങ്ങുകയാണെങ്കില്‍ സുഖം പ്രാപിക്കും.”"
13 ലാസര്‍ മരിച്ചുവെന്നാണ് യേശു അര്‍ത്ഥമാക്കിയത്. എന്നാല്‍ ശിഷ്യന്മാര്‍ വിചാരിച്ചത് ലാസര്‍ സ്വാഭാവികമായി ഉറങ്ങുന്നുവെന്ന് യേശു പറഞ്ഞുവെന്നാണ്."
14 അതിനാല്‍ യേശു വ്യക്തമാക്കി, “ലാസര്‍ മരിച്ചു."
15 ഞാനവിടെ ഇല്ലായിരുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. നിങ്ങളെ കരുതി ഞാന്‍ സന്തോഷിക്കുന്നു. കാരണം ഇപ്പോള്‍ നിങ്ങള്‍ എന്നെ വിശ്വസിക്കുമല്ലോ. നമുക്കിപ്പോള്‍തന്നെ അവന്‍റെയടുത്തു പോകാം.”"
16 അപ്പോള്‍ ദിദിമൊസ് എന്നു വിളിക്കപ്പെടുന്ന തോമസ് മറ്റു ശിഷ്യന്മാരോടു പറഞ്ഞു, “നമ്മള്‍ക്കും പോകാം. യെഹൂദ്യയില്‍ യേശുവിനോടൊപ്പം നമുക്കും മരിക്കാം.”"
17 യേശു ബേഥാന്യയിലെത്തി. അപ്പോഴേക്കും ലാസര്‍ മരിച്ചുവെന്നും കല്ലറയിലായിട്ടു തന്നെ നാലു ദിവസമായെന്നും യേശു അറിഞ്ഞു."
18 യെരൂശലേമില്‍നിന്നും രണ്ടു നാഴിക മാറിയായിരുന്നു ബേഥാന്യ."
19 അനേകം യെഹൂദര്‍ മാര്‍ത്തയേയും മറിയയേയും കാണാന്‍ വന്നു. സഹോദരനെക്കുറിച്ച് അവരെ സമാധാനിപ്പിക്കാനാണ് യെഹൂദര്‍ വന്നത്."
20 യേശു വരുന്നെന്നു മാര്‍ത്ത അറിഞ്ഞു. അവള്‍ ചെന്ന് അവനെ സന്ധിച്ചു. എന്നാല്‍ മറിയ വീട്ടില്‍ തങ്ങി."
21 മാര്‍ത്ത യേശുവിനോടു പറഞ്ഞു, “കര്‍ത്താവേ, അങ്ങ് ഇവിടെ ഉണ്ടായിരുന്നു വെങ്കില്‍ എന്‍റെ സഹോദരന്‍ മരിക്കില്ലായിരുന്നു."
22 എങ്കിലും ദൈവത്തോട് ഇപ്പോഴും നീ ആവശ്യപ്പെടുന്നത് എന്തുതന്നെയായാലും നിനക്കവന്‍ തരുമെന്ന് എനിക്കറിയാം.”"
23 യേശു പറഞ്ഞു, “നിന്‍റെ സഹോദരന്‍ എഴുന്നേറ്റു വീണ്ടും ജീവിക്കും.”"
24 മാര്‍ത്ത പറഞ്ഞു, “അന്ത്യനാളില്‍ ആളുകള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്പോള്‍ അവനും ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന് എനിക്കറിയാം.”"
25 യേശു അവളോടു പറഞ്ഞു, “ഞാനാകുന്നു പുനരുത്ഥാനം. ഞാനാണ് ജീവന്‍. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും വീണ്ടും ജീവിക്കും."
26 എന്നില്‍ വിശ്വസിച്ചു ജീവിക്കുന്നവന്‍ യഥാര്‍ത്ഥത്തില്‍ ഒരിക്കലും മരിക്കില്ല. നീയിതു വിശ്വസിക്കുന്നുവോ മാര്‍ത്തേ?”"
27 മാര്‍ത്ത മറുപടി പറഞ്ഞു, “ഉവ്വ്, കര്‍ത്താവേ, ദൈവപുത്രനായ ക്രിസ്തു നീയാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ലോകത്തിലേക്കു വരുന്നവന്‍ നീയാണ്.”"
28 ഇത്രയും പറഞ്ഞ് മാര്‍ത്ത മറിയയുടെ അടുത്തേക്കു പോയി. അവള്‍ മറിയയോട് ഒറ്റയ്ക്കു സംസാരിച്ചു. മാര്‍ത്ത പറഞ്ഞു, “ഗുരു ഇവിടെയുണ്ട്. അവന്‍ നിന്നെ അന്വേഷിക്കുന്നു.”"
29 അതു കേട്ടയുടനെ മറിയ എഴുന്നേറ്റ് യേശുവിന്‍റെ അടുത്തേക്ക് ഓടി."
30 യേശു ഇതുവരെ ഗ്രാമത്തിലെത്തിയിരുന്നില്ല. അവനപ്പോഴും മാര്‍ത്ത അവനെ സന്ധിച്ച സ്ഥലത്തു തന്നെയായിരുന്നു."
31 മറിയയെ വീട്ടില്‍ വച്ചു ആശ്വസിപ്പിച്ചു കൊണ്ടിരുന്ന യെഹൂദരും അവളോടൊപ്പം പോയി. അവള്‍ പെട്ടെന്നു പുറത്തേക്കു പോകുന്നതവര്‍ കണ്ടിരുന്നു. അവള്‍ ലാസറിന്‍റെ കല്ലറയില്‍ കരയാന്‍ പോകുകയാണെന്ന് അവര്‍ കരുതി."
32 അവള്‍ യേശുവുണ്ടായിരു ന്ന സ്ഥലത്തെത്തി. മറിയ യേശുവിനെ കണ്ടപ്പോള്‍ അവന്‍റെ കാല്‍ക്കല്‍ വീണു. മറിയ പറഞ്ഞു, “കര്‍ത്താവേ, നീയിവിടെ ഉണ്ടായിരുന്നെങ്കില്‍ എന്‍റെ സഹോദരന്‍ മരിക്കില്ലായിരുന്നു.”"
33 മറിയ കരയുന്നത് യേശു കണ്ടു. അവളോടൊപ്പം വന്ന യെഹൂദരെയും യേശു കണ്ടു. അവരും കരയുകയായിരുന്നു. യേശുവിനു കടുത്ത ദുഃഖം തോന്നി. അവന്‍റെ ഹൃദയം കലങ്ങി മറിഞ്ഞു."
34 യേശു ചോദിച്ചു, “എവിടെയാണു നിങ്ങളവനെ സംസ്കരിച്ചത്?” അവര്‍ പറഞ്ഞു, “കര്‍ത്താവേ, വന്നു കണ്ടാലും.”"
35 യേശു കരഞ്ഞു."
36 യെഹൂദര്‍ പറഞ്ഞു, “നോക്കൂ, യേശു ലാസറിനെ എത്രമാത്രം സ്നേഹിച്ചിരുന്നു.”"
37 പക്ഷേ ചില യെഹൂദര്‍ പറഞ്ഞു, “യേശു ഒരന്ധനു കാഴ്ച നല്‍കി. ലാസര്‍ മരിക്കുന്നതില്‍ നിന്നു തടയാന്‍ എന്തുകൊണ്ട് അവനൊന്നും ചെയ്തില്ല?”"
38 വീണ്ടും യേശുവിന്‍റെ മനസ്സില്‍ ദുഃഖം നിറഞ്ഞു. ലാസറിനെ അടക്കം ചെയ്ത കല്ലറയിലേക്കവന്‍ പോയി. വാതില്‍ വലിയൊരു കല്ലുകൊണ്ടടച്ച ഒരു ഗുഹയായിരുന്നു അത്."
39 യേശു കല്പിച്ചു, “കല്ല് എടുത്തു മാറ്റൂ.” മാര്‍ത്ത പറഞ്ഞു, “പക്ഷേ കര്‍ത്താവേ, ലാസര്‍ മരിച്ചിട്ടു നാലു ദിവസമായി. അതു തുറന്നാല്‍ ദുര്‍ഗന്ധമുണ്ടാവും.” മരിച്ച ആളുടെ സഹോദരിയായിരുന്നു മാര്‍ത്ത."
40 അപ്പോള്‍ യേശു മാര്‍ത്തയോടു പറഞ്ഞു, “ഞാന്‍ നിന്നോടു പറഞ്ഞത് ഓര്‍മ്മിക്കുക. വിശ്വസിക്കുന്നുവെങ്കില്‍ ദൈവത്തിന്‍റെ മഹത്വം നിനക്കു കാണാമെന്നു ഞാന്‍ പറഞ്ഞില്ലേ?”"
41 അതിനാലവര്‍ കല്ല് ഉരുട്ടി മാറ്റി. അപ്പോള്‍ യേശു മുകളിലേക്കു നോക്കി പറഞ്ഞു, “പിതാവേ, എന്നെ ശ്രവിച്ചതിന് ഞാനങ്ങയ്ക്കു നന്ദി പറയുന്നു."
42 അങ്ങ് എപ്പോഴും എന്നെ ശ്രവിക്കുന്നു ണ്ടെന്ന് എനിക്കറിയാം. എന്‍റെ ചുറ്റുമുള്ള ആളുകളെ കരുതിയാണ് ഞാനതൊക്കെ പറഞ്ഞത്. നീ എന്നെ അയച്ചതാണെന്ന് അവര്‍ വിശ്വസിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.”"
43 ഇതു പറഞ്ഞതിനു ശേഷം യേശു വലിയ ഉച്ചത്തില്‍ വിളിച്ചു, “ലാസര്‍ പുറത്തു വരൂ.”"
44 മരിച്ചവന്‍ പുറത്തു വന്നു. അവന്‍റെ കൈകാലുകള്‍ തുണിക്കഷണങ്ങള്‍ കൊണ്ടു പൊതിഞ്ഞിരുന്നു. മുഖം തൂവാലയില്‍ പൊതിഞ്ഞിരുന്നു. യേശു ആളുകളോടു പറഞ്ഞു, “അവന്‍റെ മേല്‍ നിന്ന് വസ്ത്രങ്ങളെടുത്ത് അവനെ പോകാനനുവദിക്കുക.”"
45 മറിയയെ സന്ദര്‍ശിക്കാന്‍ വളരെയധികം യെഹൂദര്‍ എത്തിയിരുന്നു. യേശു ചെയ്തത് അവര്‍ കണ്ടു. അവരിലധികംപേരും യേശുവില്‍ വിശ്വസിച്ചു."
46 എന്നാല്‍ ചില യെഹൂദര്‍ പരീശന്മാരുടെ അടുത്തേക്ക് ചെന്നു. യേശു ചെയ്തതെല്ലാം അവര്‍ പരീശന്മാരോടു വിവരിച്ചു."
47 അപ്പോള്‍ പരീശന്മാരും മഹാപുരോഹിതന്മാരും ചേര്‍ന്ന് യെഹൂദസഭ വിളിച്ചുകൂട്ടി. അവര്‍ ചോദിച്ചു, “നാമെന്തു ചെയ്യാന്‍ ഈ മനുഷ്യന്‍ വളരെ അത്ഭുതപ്രവര്‍ത്തികള്‍ ചെയ്യുന്നു."
48 അവനെ ഈ വഴിയില്‍ തുടരാന്‍ നമ്മള്‍ അനുവദിച്ചാല്‍ എല്ലാവരും അവനില്‍ വിശ്വസിക്കും. അപ്പോള്‍ റോമാക്കാര്‍ വന്ന് നമ്മുടെ ദൈവാലയവും രാജ്യവും കൈയടക്കും.”"
49 ആ വര്‍ഷത്തെ മഹാപുരോഹിതനായ കയ്യാഫാവും അവിടെയുണ്ടായിരുന്നു. കയ്യാഫാവ് പറഞ്ഞു, “നിങ്ങള്‍ക്കൊന്നും അറിയുകയില്ല."
50 ദേശം മുഴുവനും നശിക്കുന്നതിലും ഒരു മനുഷ്യന്‍ ജനത്തിനു വേണ്ടി മരിക്കുന്നത് നിങ്ങളുടെ നന്മയ്ക്കാണെന്നു നിങ്ങള്‍ തിരിച്ചറിയുന്നില്ല.”"
51 ഇതു കയ്യാഫാവ് സ്വയം ചിന്തിച്ചുണ്ടാക്കിയതല്ല. അവനായിരുന്നു ആ വര്‍ഷത്തെ പ്രധാന പുരോഹിതന്‍. ആ നിലയില്‍ പ്രവചിക്കുകയായിരുന്നു അയാള്‍. യേശു രാജ്യത്തിനുവേണ്ടി മരിക്കുമെന്ന് അയാള്‍ പറഞ്ഞു."
52 അതെ, യെഹൂദജനതയ്ക്കു വേണ്ടി യേശു മരിക്കണം. ലോകം മുഴുവന്‍ ചിതറിക്കിടക്കുന്ന ദൈവത്തിന്‍റെ മറ്റു മക്കള്‍ക്കു വേണ്ടിയും കൂടിയാണ് അവന്‍ മരിക്കുന്നത്. അവരെയെല്ലാം സംഘടിപ്പിച്ച് ഒന്നാക്കുന്നതിന് അവന്‍ മരിക്കണം."
53 അന്ന് യെഹൂദാനേതാക്കള്‍ യേശുവിനെ കൊല്ലാന്‍ തീരുമാനിച്ചു,"
54 അതിനാലവന്‍ യെഹൂദരുടെയിടയില്‍ സ്വതന്ത്രമായി നടക്കുന്നതു നിര്‍ത്തി. അവന്‍ യെരൂശലേം വിട്ട് മരുഭൂമിയ്ക്കടുത്തൊരിടത്തേക്കു പോയി. യേശു എഫ്രയീമിലെ നഗരത്തിലേക്കു പോയി ശിഷ്യന്മാരോടൊത്ത് അവിടെ തങ്ങി."
55 യെഹൂദരുടെ പെസഹ ഉത്സവം അടുത്തിരുന്നു. നാട്ടിന്‍പുറങ്ങളില്‍ നിന്ന് അനവധിയാളുകള്‍ പെസഹായ്ക്ക് യെരൂലേമിലേക്കു പോയി. ശുദ്ധീകരണത്തിനുള്ള പ്രത്യേക കര്‍മ്മങ്ങള്‍ക്കാണവര്‍ പോയത്."
56 അവര്‍ യേശുവിനെ തിരഞ്ഞു. ദൈവാലയത്തില്‍ അവര്‍ പരസ്പരം ചോദിച്ചു, “യേശു ഉത്സവത്തിനു വരുമോ? നിനക്കെന്തു തോന്നുന്നു.”"
57 മഹാപുരോഹിതന്മാരും പരീശന്മാരും യേശുവിനെപ്പറ്റി ഒരു പ്രത്യേക ഉത്തരവ് ഇറക്കിയിരുന്നു. ആരെങ്കിലും യേശുവിനെ കണ്ടാലുടന്‍ തങ്ങളെ വിവരമറിയിക്കണം. അപ്പോള്‍ മഹാപുരോപിതന്മാര്‍ക്കും പരീശന്മാര്‍ക്കും യേശുവിനെ പിടിക്കാമല്ലോ."
1 പെസഹയ്ക്ക് ആറുദിവസം മുന്പ് യേശു ബേഥാന്യയിലേക്കു പോയി. ലാസര്‍ താമസിച്ച സ്ഥലമാണത്. (ലാസറിനെയാണ് യേശു മരണത്തില്‍ നിന്ന് ഉയര്‍ത്തിയത്.)"
2 അവിടെ അവര്‍ യേശുവിന് ഒരു അത്താഴവിരുന്ന് ഒരുക്കിയിരുന്നു. മാര്‍ത്ത ആഹാരം വിളന്പി. ലാസറും യേശുവിനോടൊത്തിരുന്ന് ഭക്ഷിച്ചു."
3 മറിയ വിലയേറിയ ശുദ്ധമായ നാര്‍ദ്ദീന്‍ തൈലം ഒരു കുപ്പി കൊണ്ടുവന്നു. അവളത് യേശുവിന്‍റെ കാലുകളില്‍ ഒഴിച്ചു. തന്‍റെ തലമുടി കൊണ്ട് അവള്‍ അവന്‍റെ പാദങ്ങള്‍ തുടച്ചു. നാര്‍ദ്ദീന്‍ തൈലത്തിന്‍റെ സൌരഭ്യം ആ മുറിയിലെങ്ങും നിറഞ്ഞു."
4 യേശുവിന്‍റെ ശിഷ്യന്മാരിലൊരാളും പില്‍ക്കാലത്ത് അവനെ ഒറ്റിക്കൊടുത്തവനുമായ യൂദാ ഇസ്ക്കരിയോത്തും അവിടെയുണ്ടായിരുന്നു. മറിയയുടെ പ്രവൃത്തി അയാള്‍ക്കു പിടിച്ചില്ല. യൂദാ പറഞ്ഞു,"
5 “മുന്നൂറ് വെള്ളിക്കാശിനുള്ള സുഗന്ധതൈലമാണിത്. അതു വിറ്റ് ആ പണം പാവങ്ങള്‍ക്കു നല്‍കിയിരുന്നെങ്കില്‍.”"
6 പക്ഷേ യൂദയ്ക്ക് പാവങ്ങളോട് യഥാര്‍ത്ഥ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല. അവനൊരു കള്ളനായിരുന്നതു കൊണ്ടാണവനങ്ങനെ പറഞ്ഞത്. ശിഷ്യസംഘത്തിന്‍റെ പണപ്പെട്ടി സൂക്ഷിച്ചിരുന്നത് യൂദയായിരുന്നു. ഇടയ്ക്കിടെ അവനതില്‍ നിന്നും പണം മോഷ്ടിക്കുകയും ചെയ്തിരുന്നു."
7 യേശു പറഞ്ഞു, “അവളെ തടയരുത്, എന്‍റെ ശവസംസ്കാര ദിവസത്തിനായി അവള്‍ ഇതു ചെയ്തു എന്നിരിക്കട്ടെ."
8 പാവങ്ങള്‍ നിങ്ങള്‍ക്കിടയില്‍ എപ്പോഴുമുണ്ട്. എന്നാല്‍ ഞാന്‍ എന്നും നിങ്ങളോടൊത്തുണ്ടാവില്ല."
9 യേശു ബേഥാന്യയിലുണ്ടെന്ന് യെഹൂദരിലധികം പേരും കേട്ടു. അതിനാലവര്‍ യേശുവിനെ കാണാനങ്ങോട്ടു പോയി. ലാസറിനെ കാണാനും കൂടിയാണ് അവര്‍ അങ്ങോട്ടു പോയത്. മരണത്തില്‍നിന്ന് യേശു ഉയര്‍ത്തിയ ആളാണ് ലാസര്‍."
10 അതിനാല്‍ മഹാപുരോഹിതന്മാര്‍ ലാസറിനെ കൊല്ലാനും പരിപാടിയിട്ടു."
11 ലാസര്‍ കാരണം അധികം യെഹൂദരും തങ്ങളുടെ നേതാക്കളെ വിട്ട് യേശുവിന്‍റെ അനുയായികളാകുന്നത്രേ. അതിനാലാണ് യെഹൂദനേതാക്കള്‍ ലാസറിനെ കൊല്ലാന്‍ ആലോചിച്ചത്."
12 പിറ്റേന്ന് പെസഹാ ഉത്സവത്തിനെത്തിയ വലിയ ജനക്കൂട്ടം യേശു യെരൂശലേമിലേക്കു വരുന്നെന്നു കേട്ടു."
13 പനങ്കന്പുകളുമായി വന്ന അവര്‍ യേശുവിനെ സന്ധിക്കാന്‍ പുറത്തിറങ്ങി. അവര്‍ വിളിച്ചു പറഞ്ഞു, “അവനെ വാഴ്ത്തുക! സ്വാഗതം! കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവനെ ദൈവം അനുഗ്രഹിക്കട്ടെ!” സങ്കീര്‍ത്തനങ്ങള്‍ 118:25-26 യിസ്രായേലിന്‍റെ രാജാവിനെ ദൈവം അനുഗ്രഹിക്കട്ടെ!"
14 യേശു ഒരു കഴുതക്കുട്ടിയുടെ പുറത്തു കയറിയാണു പുറപ്പെട്ടത്. തിരുവെഴുത്തില്‍ പറയുന്പോലെ."
15 “സീയോന്‍ നഗരമേ ഭയപ്പെടേണ്ട! ഇതാ, നിന്‍റെ രാജാവ് വരുന്നു. കഴുതക്കുട്ടിയുടെ പുറത്തു കയറി!” സെഖര്യാവ് 9:9"
16 യേശുവിന്‍റെ ശിഷ്യന്മാര്‍ക്ക് ആദ്യം ഇതൊന്നും മനസ്സിലായില്ല. പക്ഷേ യേശു മഹത്വത്തിലേക്കു ഉയര്‍ത്തപ്പെട്ടതിനു ശേഷം ഇതെല്ലാം അവനെപ്പറ്റി എഴുതപ്പെട്ടവയാണെന്ന് അവര്‍ക്ക് മനസ്സിലായി. അവനു വേണ്ടിയാണ് തങ്ങള്‍ എല്ലാം ചെയ്തതെന്നും അവര്‍ ഓര്‍മ്മിച്ചു."
17 ലാസറിനെ യേശു മരണത്തില്‍ നിന്നു ഉയര്‍ത്തുകയും അവനെ കല്ലറയില്‍നിന്നും പുറത്തു വിളിയ്ക്കുകയും ചെയ്ത സംഭവത്തിന് യേശുവിനോടൊപ്പം അനേകര്‍ സാക്ഷികളായിരുന്നു. ജനക്കൂട്ടം ഇപ്പോഴതെല്ലാമാണു മറ്റുള്ളവരോട് പറയുന്നത്."
18 യേശു ഈ അത്ഭുതം പ്രവര്‍ത്തിച്ചു എന്നു കേട്ട് അനവധി പേര്‍ യേശുവിനെ കാണാനിറങ്ങി."
19 അതിനാല്‍ പരീശന്മാര്‍ പരസ്പരം പറഞ്ഞു, “ഇതാ, നമ്മുടെ പരിപാടികളൊന്നും നടക്കുന്നില്ല. എല്ലാവരും അവന്‍റെ അനുയായികളാകുന്നു.”"
20 ഏതാനും യവനന്മാരും അവിടെയുണ്ടായിരുന്നു. പെസഹാ ഉത്സവത്തിനു ആരാധനയ്ക്കു വന്നവരായിരുന്നു അവര്‍."
21 അവര്‍ ഫിലിപ്പോസിന്‍റെ അടുത്തേക്കു പോയി. (ഗലീലയിലെ ബേഥ്സയിദായില്‍ നിന്നും വന്നവനാണ് ഫിലിപ്പോസ്.) യവനന്മാര്‍ പറഞ്ഞു, “പ്രഭോ, ഞങ്ങള്‍ക്ക് യേശുവിനെ കാണണം.”"
22 ഫിലിപ്പോസ്, അന്ത്രെയാസിനോട് ഇക്കാര്യം പറഞ്ഞു. അവരിരുവരും പോയി യേശുവിനോടും പറഞ്ഞു."
23 യേശു അവരോടു പറഞ്ഞു, “ഇപ്പോഴാണു മനുഷ്യപുത്രന്‍ മഹത്വപ്പെടുവാനുള്ള സമയം."
24 ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ. ഗോതന്പുമണി മണ്ണില്‍ വീണു നശിച്ചില്ലെങ്കില്‍ അത് എപ്പോഴും ഒരൊറ്റ വിത്തായിത്തന്നെ ഇരിക്കും. പക്ഷേ നശിച്ചാല്‍ അതു വളരുകയും അനേകം വിത്തുകള്‍ ഉല്പാദിപ്പിക്കുകയും ചെയ്യും."
25 സ്വന്തം ജീവനെ സ്നേഹിക്കുന്നവന് അതു നഷ്ടപ്പെടും. ഈ ലോകത്തിലെ സ്വന്തം ജീവിതം വെറുക്കുന്നവന്‍ അതു സൂക്ഷിക്കും. അവനു നിത്യജീവന്‍ ലഭിക്കും."
26 എന്നെ ശുശ്രൂഷിക്കുന്നവന്‍ എന്നെ അനുഗമിക്കണം. ഞാന്‍ പോകുന്നിടത്തൊക്കെ എന്‍റെ ദാസന്‍ എന്നോടൊപ്പം ഉണ്ടായിരിക്കും. എന്നെ ശുശ്രൂഷിക്കുന്നവരെ എന്‍റെ പിതാവ് ആദരിക്കും."
27 “ഇപ്പോള്‍ ഞാനാകെ കുഴങ്ങുന്നു. ഞാനെന്തു പറയണം? ‘പീഢനത്തിന്‍റെ ഈ സമയത്തു നിന്ന് എന്നെ രക്ഷിച്ചാലും പിതാവേ,’ എന്നു പറയണോ? ഇല്ല, പീഢനങ്ങളേറ്റു വാങ്ങാനാണു ഞാന്‍ ഈ കാലത്തുതന്നെ വന്നത്."
28 പിതാവേ, അങ്ങയുടെ നാമം മഹത്വപ്പെടട്ടെ.” അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നൊരശരീരി മുഴങ്ങി, “ഞാനതിനെ മഹത്വപ്പെടുത്തിയിരിക്കുന്നു. ഇനിയും അങ്ങനെ ചെയ്യും.”"
29 അവിടെ നിന്നിരുന്നവര്‍ ആ ശബ്ദം കേട്ടു. അതൊരു ഇടിമുഴക്കമാണെന്നവര്‍ പറഞ്ഞു. പക്ഷേ മറ്റുള്ളവര്‍ പറഞ്ഞു, “ഒരു ദൂതന്‍ യേശുവിനോടു സംസാരിച്ചു.”"
30 യേശു അവരോടു പറഞ്ഞു, “ആ ശബ്ദം എന്നെ ഉദ്ദേശിച്ചുള്ളതല്ല നിങ്ങള്‍ക്കുള്ളതായിരുന്നു."
31 ലോകം വിധിക്കപ്പെടേണ്ട സമയമായി. ഇപ്പോള്‍ ഈ ലോകത്തിന്‍റെ ഭരണാധിപനായ പിശാച് പുറത്താക്കപ്പെടും."
32 ഞാന്‍ ഭൂമിയില്‍ നിന്നും ഉയര്‍ത്തപ്പെടും. അതു സംഭവിക്കുന്പോള്‍ ഞാന്‍ എല്ലാവരെയും എന്നിലേക്കു കൊണ്ടുവരും.”"
33 എന്തു തരത്തിലുള്ള മരണമാണ് തന്‍റേതെന്ന് അറിയിക്കാനാണ് യേശു ഇങ്ങനെ പറഞ്ഞത്."
34 ആളുകള്‍ പറഞ്ഞു, “ക്രിസ്തു, എക്കാലവും ജീവിക്കുമെന്നാണല്ലോ ന്യായപ്രമാണം പറയുന്നത്. പിന്നെന്താണ് ‘മനുഷ്യപുത്രന്‍ ഉയര്‍ത്തപ്പെടണം’ എന്നു നീ പറയുന്നത്? ആരാണീ മനുഷ്യപുത്രന്‍?”"
35 അപ്പോള്‍ യേശു പറഞ്ഞു, “കുറച്ചു സമയത്തേക്കു കൂടി മാത്രമേ പ്രകാശം നിങ്ങളോടൊത്തുണ്ടാകൂ. അതിനാല്‍ പ്രകാശമുള്ളപ്പോള്‍ നടക്കുക. അപ്പോള്‍ ഇരുട്ടു നിങ്ങളെ പിടിക്കില്ല. ഇരുട്ടില്‍ നടക്കുന്നവനു താനെവിടെയാണു പോകുന്നതെന്നറികയില്ല."
36 അതിനാല്‍ വെളിച്ചം നിങ്ങളുടെ പക്കലുള്ളപ്പോള്‍ അതിനെ വിശ്വസിക്കുക. അപ്പോള്‍ നിങ്ങള്‍ വെളിച്ചത്തിന്‍റെ പുത്രന്മാരാകും. ഇതെല്ലാം പറഞ്ഞു കഴിഞ്ഞ് യേശു അവിടം വിട്ടു. ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയാത്തിടത്തേക്കാണ് യേശു പോയത്."
37 ഇങ്ങനെ അനവധി അത്ഭുതങ്ങള്‍ യേശു പ്രവര്‍ത്തിച്ചു. ഇതെല്ലാം കണ്ടെങ്കിലും ആളുകള്‍ അവനില്‍ വിശ്വസിച്ചില്ല."
38 യെശയ്യാപ്രവാചകന്‍ പറഞ്ഞതങ്ങനെ സാര്‍ത്ഥകമാകുന്നതിന്: “കര്‍ത്താവേ, ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ആരു വിശ്വസിച്ചു? കര്‍ത്താവിന്‍റെ ശക്തി ആരു കണ്ടു?” യെശയ്യാവ് 53:1"
39 ഇക്കാരണത്താല്‍ അവര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കാരണം യെശയ്യാവ് ഇങ്ങനെയും പറഞ്ഞു:"
40 “ദൈവം ആളുകളെ അന്ധരാക്കി. ദൈവം അവരുടെ മനസ്സ് കറുപ്പിച്ചു. അവര്‍ തങ്ങളുടെ കണ്ണുകള്‍ കൊണ്ടു കാണാതിരിക്കാനും മനസ്സുകൊണ്ട് ഒന്നും മനസ്സിലാക്കാതിരിക്കാനുമാണ് ദൈവം അതു ചെയ്തത്. അപ്പോള്‍ ഞാനവരെ സുഖപ്പെടുത്തും.” യെശയ്യാവ് 6:10"
41 അവന്‍റെ മഹത്വം കണ്ടിട്ടുള്ളതുകൊണ്ടാണ് യെശയ്യാവ് ഇങ്ങനെ പറഞ്ഞത്."
42 പക്ഷേ അനവധിപേര്‍ യേശുവില്‍ വിശ്വസിച്ചു. യെഹൂദനേതാക്കള്‍ പോലും അധികം പേരും വിശ്വസിച്ചു, എന്നാല്‍ പരീശന്മാരെ അവര്‍ ഭയന്നിരുന്നു. അതിനാലവര്‍ തങ്ങളുടെ വിശ്വാസത്തെപ്പറ്റി ഒന്നും തുറന്നു പറഞ്ഞിരുന്നില്ല. യെഹൂദപ്പള്ളിയില്‍ നിന്നും പുറത്താക്കപ്പെടുമോ എന്നായിരുന്നു അവര്‍ക്കു ഭയം."
43 മനുഷ്യനില്‍നിന്നുള്ള മഹത്വമാണ് ദൈവത്തില്‍ നിന്നുള്ള മഹത്വത്തെക്കാള്‍ ഇവര്‍ ഇഷ്ടപ്പെടുന്നത്."
44 അപ്പോള്‍ യേശു ഉച്ചത്തില്‍ പറഞ്ഞു, “എന്നില്‍ വിശ്വസിക്കുന്നവന്‍ യഥാര്‍ത്ഥത്തില്‍ എന്നെ അയച്ചവനെയാണു വിശ്വസിക്കുന്നത്."
45 എന്നെക്കാണുന്നവന്‍ യഥാര്‍ത്ഥത്തില്‍ കാണുന്നത് എന്നെ അയച്ചവനെയാണ്."
46 ഞാന്‍ പ്രകാശമാകുന്നു. ഞാന്‍ ഈ ലോകത്തിലേക്കു വന്നു. എന്നില്‍ വിശ്വസിക്കുന്നവന്‍ ഇരുട്ടിലുഴലാതിരിക്കാനാണു ഞാന്‍ വന്നത്."
47 “ആളുകളെ വിധിക്കാനല്ല അവരെ രക്ഷിക്കാനാണു ഞാനെത്തിയത്. അതിനാല്‍ എന്‍റെ വചനം കേട്ടിട്ടും അനുസരിക്കാതിരിക്കുന്നവരെ വിധിക്കുന്നതു ഞാനായിരിക്കില്ല."
48 എന്‍റെ വചനങ്ങള്‍ തള്ളുകയും വിശ്വസിക്കാന്‍ മടിക്കുകയും ചെയ്യുന്നവനെ വിധിക്കാനൊരാളുണ്ട്. എന്‍റെ സന്ദേശങ്ങള്‍ അയാളെ അവസാനനാളില്‍ വിധിക്കും."
49 കാരണം? എന്‍റെ വചനങ്ങള്‍ എന്‍റേതല്ല. എന്നെ അയച്ച പിതാവ് എന്താണു പറയേണ്ടതെന്നും പഠിപ്പിക്കേണ്ടതെന്നും എന്നോടു പറഞ്ഞിട്ടുണ്ട്."
50 പിതാവിന്‍റെ കല്പനയില്‍ നിന്നാണ് നിത്യജീവനുണ്ടാകുന്നതെന്നും എനിക്കറിയാം. പിതാവ് പറഞ്ഞിട്ടുള്ളവ മാത്രമാണു ഞാന്‍ പറയുന്നത്.”"
1 പെസഹാ ഉത്സവത്തിനു മുന്പ് തനിക്ക് ഈ ലോകം വിടാനുള്ള സമയമായെന്ന് യേശുവിന് അറിയാമായിരുന്നു. യേശുവിനു പിതാവിന്‍റെ അടുത്തേക്കു പോകാനുള്ള സമയമായി. അവന്‍ ഈ ലോകത്തുള്ള തന്‍റെയാള്‍ക്കാരെ എപ്പോഴും സ്നേഹിച്ചു. ഇപ്പോഴാണവര്‍ അവരോടേറ്റവും സ്നേഹം പ്രകടിപ്പിച്ചത്."
2 യേശുവും ശിഷ്യന്മാരും അത്താഴം കഴിക്കുകയായിരുന്നു, പിശാച് യേശുവിനെതിരെ തിരിയാന്‍ യൂദാ ഇസ്കര്യോത്തിനെ ബോധ്യപ്പെടുത്തിക്കഴിഞ്ഞിരുന്നു. (ശിമോന്‍ ഇസ്കര്യോത്തിന്‍റെ പുത്രനായിരുന്നു യൂദാ.)"
3 പിതാവ് യേശുവിന് എല്ലാറ്റിനും മേല്‍ ശക്തി നല്‍കി. താന്‍ ദൈവത്തില്‍ നിന്നും വന്നവനാണെന്നും ദൈവത്തിലേക്കു മടങ്ങിപ്പോകുകയാണെന്നും യേശുവിനറിയാം."
4 അവര്‍ ആഹാരം കഴിച്ചുകൊണ്ടിരിക്കവേ യേശു എഴുന്നേറ്റു നിന്ന് തന്‍റെ മേല്‍കുപ്പായം മാറ്റി. ഒരു തോര്‍ത്തെടുത്ത് അരയില്‍ ചുറ്റി."
5 അവന്‍ ഒരു പാത്രത്തില്‍ വെള്ളം എടുത്തു. യേശു ശിഷ്യന്മാരുടെ കാല്‍ കഴുകുവാന്‍ തുടങ്ങി. അരയില്‍ നിന്നും തോര്‍ത്തഴിച്ച് അവരുടെ കാലും തുടച്ചു."
6 യേശു അടുത്തെത്തിയപ്പോള്‍ ശിമോന്‍ പത്രൊസ് അവനോടു പറഞ്ഞു, “കര്‍ത്താവേ, അങ്ങ് എന്‍റെ കാല് കഴുകുകയാണോ?”"
7 യേശു മറുപടി പറഞ്ഞു, “ഞാനിപ്പോളെന്താണു ചെയ്യുന്നതെന്നു നീ അറിയുന്നില്ല. പക്ഷേ പിന്നീട് നിനക്കതു മനസ്സിലാവും.”"
8 പത്രൊസ് പറഞ്ഞു, “ഇല്ല! അങ്ങെന്‍റെ കാല്‍ ഒരിക്കലും കഴുകില്ല.” യേശു മറുപടി പറഞ്ഞു, “ഞാന്‍ നിന്‍റെ കാലു കഴുകിയില്ലെങ്കില്‍ നിനക്കെന്‍റെ ആളുകളില്‍ ഒന്നാകാന്‍ സാധിക്കയില്ല.”"
9 ശിമോന്‍ പത്രൊസ് പറഞ്ഞു, “കര്‍ത്താവേ, എന്‍റെ കാലുകള്‍ കഴുകിയതിനു ശേഷം കൈകളും തലയും കഴുകൂ.”"
10 യേശു പറഞ്ഞു, “ഒരാള്‍ കുളിച്ചാല്‍ അയാളുടെ ശരീരം മുഴുവന്‍ വൃത്തിയാകും. അവന്‍ കാലുകള്‍ കഴുകുകയേ വേണ്ടൂ. നിങ്ങള്‍ ശുദ്ധരാണ്, എന്നാല്‍ നിങ്ങളെല്ലാവരും അല്ല.”"
11 തനിക്കെതിരെ തിരിയുന്നവനാരെന്ന് യേശുവിന് അറിയാമായിരുന്നു. അതിനാലാണ് “നിങ്ങളിലെല്ലാവരും ശുദ്ധരല്ല” എന്നവന്‍ പറഞ്ഞത്."
12 യേശു അവരുടെ കാല്‍കഴുകല്‍ അവസാനിപ്പിച്ചു, തന്‍റെ വസ്ത്രങ്ങള്‍ ധരിച്ച് അവന്‍ വീണ്ടും ഇരുന്നു. യേശു ചോദിച്ചു, “ഞാന്‍ നിങ്ങള്‍ക്കായി എന്താണു ചെയ്തതെന്നു മനസ്സിലായോ?"
13 നിങ്ങളെന്നെ ‘ഗുരു’ എന്നു വിളിക്കുന്നു. ‘കര്‍ത്താവേ,’ എന്നു വിളിക്കുന്നു. ഞാന്‍ അതായതു കൊണ്ട് ശരിയാണ്."
14 നിങ്ങളുടെ കര്‍ത്താവ് ഞാനാണ്. പക്ഷേ ഞാനൊരു ദാസനെപ്പോലെ നിങ്ങളുടെ കാലുകള്‍ കഴുകി. അതിനാല്‍ നിങ്ങളോരോരുത്തരും മറ്റുള്ളവരുടെ കാലുകള്‍ കഴുകണം."
15 നിങ്ങള്‍ക്കു മാതൃകയായാണ് ഞാനിങ്ങനെയൊക്കെ ചെയ്തത്. അതിനാല്‍ ഞാന്‍ നിങ്ങളോട് ചെയ്തതുപോലെ നിങ്ങളോരോരുത്തരും പരസ്പരം ചെയ്യുക."
16 ഞാന്‍ നിങ്ങളോട് സത്യമായി പറയുന്നു. ഒരു ദാസനും തന്‍റെ യജമാനനെക്കാള്‍ വലിയവനല്ല."
17 ഇതെല്ലാമറിഞ്ഞു നിങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ക്കു സന്തോഷവാന്മാരായിരിക്കാം."
18 ഞാന്‍ നിങ്ങളെ എല്ലാവരേയും പറ്റിയല്ല ഈ പറയുന്നത്. ഞാന്‍ തിരഞ്ഞെടുത്തവരെ എനിക്കറിയാം. പക്ഷേ തിരുവെഴുത്തില്‍ പറഞ്ഞതു സംഭവിക്കണം. ‘എന്‍റെ അപ്പം പങ്കു വെച്ചവന്‍എനിക്കെതിരായി.’"
19 അങ്ങനെ സംഭവിക്കും മുന്പ് ഇപ്പോള്‍ ഞാനിതു നിങ്ങളോടു പറയുന്നു. അതു സംഭവിക്കുന്പോള്‍ നിങ്ങള്‍ ‘ഞാന്‍ ആകുന്നു’ എന്നു വിശ്വസിക്കും."
20 ഞാന്‍ നിങ്ങളോടു സത്യം പറയാം. ഞാനയച്ചവനെ സ്വീകരിക്കുന്നവന്‍ എന്നെയും സ്വീകരിക്കുന്നു. എന്നെ സ്വീകരിച്ചവന്‍ എന്നെ അയച്ചവനെയും സ്വീകരിക്കും.”"
21 ഇതു പറഞ്ഞു കഴിഞ്ഞപ്പോള്‍ യേശുവിന്‍റെ മനസ്സു വീണ്ടും കലങ്ങി. അവന്‍ തന്‍റെ ശിഷ്യന്മാരോടു തുറന്നു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യം പറയാം. നിങ്ങളിലൊരുവന്‍ എനിക്കെതിരെ തിരിയും.”"
22 ശിഷ്യന്മാരെല്ലാവരും പരസ്പരം നോക്കി. ആരെപ്പറ്റിയാണ് യേശു പറയുന്നതെന്ന് അവര്‍ക്കു മനസ്സിലായില്ല."
23 ശിഷ്യന്മാരിലൊരുവന്‍ യേശുവിന്‍റെ അടുത്ത് ഇരിക്കുന്നുണ്ടായിരുന്നു. യേശു സ്നേഹിച്ച ഒരു ശിഷ്യനായിരുന്നു അത്."
24 ആരെപ്പറ്റിയാണ് സംസാരിക്കുന്നതെന്ന് യേശുവിനോടു ചോദിക്കാന്‍ ശിമോന്‍ പത്രൊസ് അയാളോട് ആംഗ്യം കാട്ടി."
25 അയാള്‍ യേശുവിന്‍റെയടുത്തേക്കു ചാഞ്ഞു ചോദിച്ചു, “കര്‍ത്താവേ, അങ്ങേക്കെതിരെ തിരിയുന്നവന്‍ ആരാണ്?”"
26 യേശു മറുപടി പറഞ്ഞു, ഈ അപ്പം ഞാന്‍ പാത്രത്തില്‍ മുക്കും. ഇതു ഞാന്‍ ആര്‍ക്കു കൊടുക്കുന്നുവോ അവന്‍ എനിക്കെതിരെ തിരിയും.” യേശു ഒരു അപ്പക്കഷണമെടുത്ത് മുക്കി ശിമോന്‍റെ പുത്രനായ യൂദാഇസ്കരിയോത്തിനു കൊടുത്തു."
27 അപ്പമെടുത്തപ്പോള്‍ സാത്താന്‍ അവനില്‍ പ്രവേശിച്ചു. യേശു യൂദയോടു പറഞ്ഞു, “നിനക്കു ചെയ്യാനുള്ളതു വേഗം ചെയ്യുക.”"
28 യേശു ഇത് യൂദയോട് പറയുവാന്‍ കാരണമെന്തെന്ന് മേശയ്ക്കരികിലിരുന്ന ആര്‍ക്കും മനസ്സിലായില്ല."
29 യൂദയായിരുന്നു പണപ്പെട്ടി സൂക്ഷിപ്പുകാരന്‍. അതിനാല്‍ വിരുന്നിനു വേണ്ടതൊക്കെ വാങ്ങാന്‍ യേശു യൂദയോടു പറയുകയാകാം എന്നവര്‍ കരുതി. അല്ലെങ്കില്‍ പാവങ്ങള്‍ക്കെന്തെങ്കിലും കൊടുക്കാന്‍ പറയുകയുമാവാം എന്നുമവര്‍ കരുതി."
30 യേശു കൊടുത്ത അപ്പവും വാങ്ങി രാത്രിയില്‍ യൂദാ പുറത്തേക്കു പോയി."
31 യൂദാ പോയപ്പോള്‍ യേശു പറഞ്ഞു, “ഇപ്പോള്‍ മനുഷ്യപുത്രന്‍ മഹത്വപ്പെട്ടിരിക്കുന്നു. ദൈവവും മനുഷ്യപുത്രനിലൂടെ മഹത്വപ്പെടുന്നു."
32 അവനിലൂടെ ദൈവം മഹത്വപ്പെട്ടുവെങ്കില്‍ ദൈവം തന്നിലൂടെ പുത്രനെയും മഹത്വപ്പെടുത്തും. ദൈവം വേഗം തന്നെ അവന്‍റെ മഹത്വം നല്‍കും.”"
33 യേശു പറഞ്ഞു, “എന്‍റെ കുട്ടികളെ, ഞാനിനി കുറച്ചു നേരത്തേക്കു കൂടി മാത്രമേ നിങ്ങളോടൊത്തുണ്ടാകൂ. നിങ്ങളെന്നെ തിരയും. യെഹൂദരോടു പറഞ്ഞതു നിങ്ങളോടും ഇപ്പോള്‍ ഞാന്‍ പറയുന്നു: ഞാന്‍ പോകുന്നിടത്തു നിങ്ങള്‍ക്ക് എന്നെ അനുഗമിക്കാനാവില്ല."
34 “ഞാന്‍ നിങ്ങള്‍ക്കു പുതിയൊരു കല്പന തരുന്നു: പരസ്പരം സ്നേഹിക്കുക. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങള്‍ പരസ്പരം സ്നേഹിക്കുക."
35 നിങ്ങള്‍ പരസ്പരം സ്നേഹിച്ചാല്‍ നിങ്ങളെന്‍റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും.”"
36 ശിമോന്‍ പത്രൊസ് യേശുവിനോടു ചോദിച്ചു, “കര്‍ത്താവേ, അങ്ങെവിടേക്കാണു പോകുന്നത്?” യേശു മറുപടി പറഞ്ഞു, “ഞാന്‍ പോകുന്നിടത്തേക്കു നിനക്കിപ്പോള്‍ പിന്തുടരാനാവില്ല. പക്ഷേ പിന്നീട് നിനക്കു പിന്തുടരാനാകും.”"
37 പത്രൊസ് ചോദിച്ചു, “എന്തുകൊണ്ട് എനിക്കു നിന്നെ പിന്തുടര്‍ന്നുകൂടാ കര്‍ത്താവേ? ഞാന്‍ നിനക്കുവേണ്ടി മരിക്കാനും തയ്യാറാണ്.”"
38 യേശു മറുപടി പറഞ്ഞു, “യഥാര്‍ത്ഥത്തില്‍ നിനക്ക് നിന്‍റെ ജീവന്‍ എനിക്കായി തരുവാന്‍ കഴിയുമോ? ഞാന്‍ നിന്നോടു സത്യമായി പറയട്ടെ. കോഴി കൂകും മുന്പ് മൂന്നു തവണ നീയെന്നെ തള്ളിപ്പറയും.”"
1 യേശു പറഞ്ഞു, “നിങ്ങളുടെ ഹൃദയത്തെ വിഷമിപ്പിക്കരുത്. ദൈവത്തില്‍ വിശ്വസിക്കുക. എന്നിലും വിശ്വസിക്കുക."
2 എന്‍റെ പിതാവിന്‍റെ വസതിയില്‍ അനേകം മുറികളുണ്ട്. അങ്ങനെ ഇല്ലായിരുന്നുവെങ്കില്‍ ഇതൊന്നും ഞാന്‍ നിങ്ങളോടു പറയുകയില്ലായിരുന്നു. നിങ്ങള്‍ക്കവിടെ ഒരിടമുണ്ടാക്കാന്‍ ഞാന്‍ പോകുന്നു."
3 അവിടെ നിങ്ങള്‍ക്കൊരിടമുണ്ടാക്കിയിട്ട് ഞാന്‍ തിരിച്ചു വരാം. ഞാനുള്ള സ്ഥലത്ത് നിങ്ങളും ഉണ്ടായിരിക്കേണ്ടതിനായി, അപ്പോള്‍ നിങ്ങളെ എന്നോടൊപ്പം കൊണ്ടുപോകും."
4 ഞാന്‍ പോകുന്നിടത്തേയ്ക്കുള്ള വഴി നിങ്ങള്‍ക്കറിയാം.”"
5 തോമസ് പറഞ്ഞു, “നീ പോകുന്നത് എവിടേക്കാണെന്നു ഞങ്ങള്‍ക്കറിയില്ല കര്‍ത്താവേ. പിന്നെങ്ങനെ ഞങ്ങള്‍ക്കു വഴിയറിയാനാവും?”"
6 യേശു മറുപടി പറഞ്ഞു, “വഴിയും സത്യവും ജീവനും ഞാനാകുന്നു. പിതാവിലേക്കുള്ള ഏകമാര്‍ഗ്ഗം എന്നിലൂടെയാണ്."
7 നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്നെ അറിഞ്ഞെങ്കില്‍ എന്‍റെ പിതാ വിനെയും അറിയണം. എന്നാലിപ്പോള്‍ നിങ്ങള്‍ക്ക് എന്‍റെ പിതാവിനെ അറിയാം. നിങ്ങളവനെ കണ്ടിട്ടുമുണ്ട്.”"
8 ഫിലിപ്പോസ് യേശുവിനോടു പറഞ്ഞു, “കര്‍ത്താവേ, ഞങ്ങള്‍ക്കു പിതാവിനെ കാണിച്ചു തന്നാലും. ഞങ്ങള്‍ക്കതു മതിയാകും.”"
9 യേശു മറുപടി പറഞ്ഞു, “ഫിലിപ്പോസേ, ഞാന്‍ ഇത്രയും കാലം നിങ്ങളോടൊത്തുണ്ടായിരുന്നു. അതിനാല്‍ നിങ്ങളെന്നെ അറിയണം. എന്നെ കണ്ടവന്‍ പിതാവിനെയും കണ്ടിട്ടുണ്ട്. പിന്നെന്താണ്, ‘ഞങ്ങള്‍ക്കു പിതാവിനെ കാണിച്ചു തരൂ’ എന്നു പറയുന്നത്?"
10 ഞാന്‍ പിതാവിലും പിതാവ് എന്നിലുമുണ്ടെന്ന് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നുണ്ടോ? ഞാന്‍ നിങ്ങളോടു പറഞ്ഞ കാര്യങ്ങളൊന്നും എന്നില്‍ നിന്നും വന്നതല്ല. പിതാവ് എന്നില്‍ വസിച്ച് അവന്‍റെ ജോലികള്‍ ചെയ്യുന്നു."
11 എന്‍റെ പിതാവ് എന്നിലും ഞാന്‍ പിതാവിലും വസിക്കുന്നു എന്നു ഞാന്‍ പറയുന്നതു വിശ്വസിക്കുക. അല്ലെങ്കില്‍ എന്‍റെ അത്ഭുതപ്രവര്‍ത്തികള്‍ നിമിത്തം വിശ്വസിക്കുക."
12 ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ. എന്നില്‍ വിശ്വസിക്കുന്നവന് ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യാനാവും. അതെ, ഞാന്‍ ചെയ്തതിനെക്കാള്‍ വലിയ പ്രവൃത്തികള്‍ പോലും അവന്‍ ചെയ്യും. എന്തുകൊണ്ടെന്നാല്‍ ഞാന്‍ പിതാവിലേക്കു പോകുന്നു."
13 എന്‍റെ നാമത്തില്‍ നിങ്ങളെന്തെങ്കിലും ആവശ്യപ്പെട്ടാല്‍ ഞാനതു നിങ്ങള്‍ക്കായി ചെയ്യും. അപ്പോള്‍ പിതാവിന്‍റെ മഹത്വം പുത്രനിലൂടെ കാണിക്കപ്പെടും."
14 എന്‍റെ നാമത്തില്‍ നിങ്ങളെന്തെങ്കിലും ചോദിച്ചാല്‍ ഞാനതു നിറവേറ്റും."
15 “നിങ്ങളെന്നെ സ്നേഹിക്കുന്നുവെങ്കില്‍ എന്‍റെ കല്പനകള്‍ അനുസരിക്കണം."
16 മറ്റൊരു സഹായിയെക്കൂടി അയയ്ക്കാന്‍ ഞാന്‍ പിതാവിനോട് അഭ്യര്‍ത്ഥിക്കും. ആ സഹായിയെ എന്നെന്നേയ്ക്കുമായി അവന്‍ നിങ്ങള്‍ക്കു നല്‍കും."
17 ആ സഹായി സത്യത്തിന്‍റെ ആത്മാവായിരിക്കും. ലോകത്തിന് അവനെ സ്വീകരിക്കാനാവില്ല. കാരണം ലോകം അവനെ കാണുകയോ അറിയുകയോ ഇല്ല. എന്നാല്‍ നിങ്ങള്‍ അവനെ അറിയുന്നു. അവന്‍ നിങ്ങളോടൊപ്പവും നിങ്ങളിലും വസിക്കുന്നു."
18 “അപ്പനമ്മമാരില്ലാത്ത കുട്ടികളെപ്പോലെ ഞാന്‍ നിങ്ങളെ ഒറ്റയ്ക്ക് ഉപേക്ഷിക്കില്ല. ഞാന്‍ നിങ്ങളിലേക്കു മടങ്ങിവരും."
19 അല്പസമയം കൂടി കഴിഞ്ഞാല്‍ ലോകം എന്നെ കാണുകയില്ല. പക്ഷേ നിങ്ങള്‍ എന്നെക്കാണും. ഞാന്‍ ജീവിക്കുന്നതിനാല്‍ നിങ്ങളും ജീവിക്കും."
20 ആ ദിവസം ഞാന്‍ പിതാവിലുണ്ടെന്ന് നിങ്ങളറിയും. നിങ്ങള്‍ എന്നിലും ഞാന്‍ നിങ്ങളിലും ഉണ്ടെന്ന് നിങ്ങളറിയും."
21 എന്‍റെ കല്പനകള്‍ അറിഞ്ഞ് അവ അനുസരിക്കുന്നവന്‍ എന്നെ യഥാര്‍ത്ഥത്തിലും സ്നേഹിക്കുന്നു. എന്നെ സ്നേഹിക്കുന്നവനെ എന്‍റെ പിതാവും സ്നേഹിക്കും. ഞാനും അവനെ സ്നേഹിക്കും. ഞാനവന് എന്നെ കാട്ടിക്കൊടുക്കും.”"
22 അപ്പോള്‍ യൂദാ(യൂദാ ഇസ്കര്യോത്ത് അല്ല) ചോദിച്ചു, “പക്ഷേ കര്‍ത്താവേ, എന്തുകൊണ്ടാണ് നീ നിന്നെത്തന്നെ ഞങ്ങള്‍ക്കു കാട്ടുകയും ലോകത്തിനു കാട്ടാതിരിയ്ക്കുകയും ചെയ്യുന്നത്?”"
23 യേശു മറുപടി പറഞ്ഞു, “എന്നെ സ്നേഹിക്കുന്നവന്‍ എന്‍റെ വചനങ്ങള്‍ അനുസരിക്കും. എന്‍റെ പിതാവ് അവനെ സ്നേഹിക്കും. ഞാനും എന്‍റെ പിതാവും അവനിലേക്കു വന്ന് അവനോടൊത്തു വസിക്കും."
24 എന്നാല്‍ എന്നെ സ്നേഹിക്കാത്തവന്‍ എന്‍റെ വചനങ്ങള്‍ അനുസരിക്കയില്ല. നിങ്ങള്‍ കേള്‍ക്കുന്ന എന്‍റെ വചനങ്ങളൊന്നും എന്‍റേതല്ല. അതെല്ലാം എന്നെ അയച്ച എന്‍റെ പിതാവില്‍ നിന്നും ആണ്."
25 “ഞാന്‍ നിങ്ങളോടൊത്ത് ഉണ്ടായിരുന്ന കാലത്ത് ഞാനിതെല്ലാം പറഞ്ഞിരുന്നു."
26 പക്ഷേ സഹായി നിങ്ങളെ എല്ലാം പഠിപ്പിക്കും. ഞാന്‍ നിങ്ങളോടു പറഞ്ഞ കാര്യങ്ങളെല്ലാം ഓര്‍മ്മിക്കാന്‍ സഹായി നിങ്ങള്‍ക്കു കാരണമാകും. പിതാവ് എന്‍റെ നാമത്തില്‍ അയയ്ക്കുന്ന പരിശുദ്ധാത്മാവായിരിക്കും ആ സഹായി."
27 “ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. ഞാന്‍ തരുന്നത് എന്‍റെ തന്നെ സമാധാനമാണ്. ലോകം ചെയ്യുന്നതില്‍നിന്നും വ്യത്യസ്തമായ മാര്‍ഗ്ഗത്തിലാണ് ഞാന്‍ സമാധാനം തരുന്നത്. അതിനാല്‍ നിങ്ങളുടെ ഹൃദയത്തെ വിഷമിപ്പിക്കരുത്. ഭയപ്പെടേണ്ട."
28 ഞാന്‍ നിങ്ങളോടു പറഞ്ഞതു കേട്ടല്ലോ, ‘ഞാന്‍ പോകുന്നു. ഞാന്‍ നിങ്ങളുടെ അടുത്തേക്ക് മടങ്ങിവരും.’ നിങ്ങളെന്നെ സ്നേഹിച്ചിരുന്നുവെങ്കില്‍ ഞാന്‍ പിതാവിലേക്കു മടങ്ങുന്നതില്‍ നിങ്ങള്‍ സന്തോഷിക്കും. കാരണം പിതാവ് എന്നേക്കാള്‍ ശ്രേഷ്ഠനാണ്."
29 ഇതു സംഭവിക്കും മുന്പ് ഞാനിപ്പോള്‍ നിങ്ങളോടു പറയുന്നു. അപ്പോള്‍ ഇതു സംഭവിക്കുന്പോള്‍ നിങ്ങള്‍ വിശ്വസിക്കും."
30 ഞാനിനി അധികം നേരം നിങ്ങളോടു സംസാരിക്കയില്ല. ഈ ലോകത്തിന്‍റെ ഭരണാധിപന്‍ വരുന്നു. അവന് എന്‍റെമേല്‍ ഒരു ശക്തിയുമില്ല."
31 പക്ഷേ ഞാനെന്‍റെ പിതാവിനെ സ്നേഹിക്കുന്നുവെന്ന് ലോകം അറിയണം. അതിനായി പിതാവ് കല്പിച്ചതുപോലെ ഞാന്‍ ചെയ്യുന്നു. “വരൂ, നമുക്കിവിടം വിട്ടുപോകാം.”"
1 യേശു പറഞ്ഞു, “ഞാന്‍ യഥാര്‍ത്ഥ മുന്തിരിവള്ളിയാകുന്നു. എന്‍റെ പിതാവ് തോട്ടക്കാരനും."
2 ഫലം ഉണ്ടാകാത്ത എന്‍റെ എല്ലാ ശാഖകളും അവന്‍ മുറിച്ചു കളയുന്നു. കായ്ക്കുന്ന എല്ലാ ശാഖകളും കൂടുതല്‍ കായ്ക്കുന്നതിന് അവന്‍ വെട്ടിയൊതുക്കുന്നു."
3 ഞാന്‍ നിങ്ങളോടു പറഞ്ഞ വചനങ്ങള്‍ മൂലം നിങ്ങള്‍ നേരത്തെതന്നെ വൃത്തിയാക്കപ്പെട്ടിരിക്കുന്നു."
4 എന്നില്‍ തുടര്‍ന്നു വസിക്കുക, ഞാന്‍ നിങ്ങളിലും വസിക്കും. ഒരു ശാഖയ്ക്കും തനിയെ കായ്ക്കാനാവില്ല. അത് മുന്തിരിവള്ളിയുടെ ശാഖയായിരിക്കണം. അതുപോലെയാണു നിങ്ങളും. നിങ്ങള്‍ക്കു തനിയെ കായ്ക്കാനാവില്ല. നിങ്ങള്‍ എന്നില്‍ വസിക്കണം."
5 “ഞാന്‍ മുന്തിരിവള്ളിയും നിങ്ങള്‍ ചില്ലകളുമാണ്. ഒരുത്തന്‍ എന്നില്‍ വസിക്കുകയും ഞാന്‍ അവനില്‍ വസിക്കുകയും ചെയ്താല്‍ ഏറെ ഫലം ഉളവാക്കും. പക്ഷേ എന്നെക്കൂടാതെ അയാള്‍ക്ക് ഒന്നും ചെയ്യാനാവില്ല."
6 എന്നില്‍ വസിക്കാനാവാത്തവന്‍ മുറിച്ചെറിയപ്പെട്ട ചില്ലയ്ക്കു സമമാണ്. ആ ചില്ല കരിഞ്ഞു പോകും. ഉണങ്ങിയ ചില്ലകള്‍ ശേഖരിച്ച് ആളുകള്‍ തീയിലെറിയും."
7 “എന്നില്‍ വസിക്കുകയും എന്‍റെ വചനങ്ങള്‍ പിന്തുടരുകയും ചെയ്യുക. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെന്തും സാധിച്ചു കിട്ടും."
8 കൂടുതല്‍ ഫലമുണ്ടാക്കി നിങ്ങള്‍ എന്‍റെ ശിഷ്യന്മാരാണെന്നു തെളിയിക്കുക. അതെന്‍റെ പിതാവിനെ മഹത്വപ്പെടുത്തും."
9 പിതാവ് എന്നെ സ്നേഹിക്കുന്ന പോലെ ഞാന്‍ നിങ്ങളെ സ്നേഹിച്ചു. എന്‍റെ സ്നേഹത്തില്‍ വാസം തുടരുക."
10 ഞാനെന്‍റെ പിതാവിന്‍റെ കല്പനകള്‍ അനുസരിക്കുകയും അവന്‍റെ സ്നേഹത്തില്‍ വസിക്കുകയും ചെയ്യുന്നു. നിങ്ങള്‍ എന്‍റെ കല്പനകള്‍ അനുസരിച്ചാല്‍ നിങ്ങള്‍ എന്‍റെ സ്നേഹത്തിനു തുടര്‍ച്ചയായി പാത്രമാകും."
11 എനിക്കുള്ള അതേ ആഹ്ലാദം നിങ്ങള്‍ക്കും ഉണ്ടാകാനാണിതെല്ലാം നിങ്ങളോടു ഞാന്‍ പറഞ്ഞത്. നിങ്ങളുടെ ആഹ്ലാദം സന്പൂര്‍ണ്ണമായിരിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു."
12 ഞാന്‍ നിങ്ങള്‍ക്കു തരുന്ന കല്പന ഇതാണ്. ഞാന്‍ നിങ്ങളെ സ്നേഹിച്ചതു പോലെ പരസ്പരം സ്നേഹിക്കുവിന്‍."
13 കൂട്ടുകാര്‍ക്കുവേണ്ടി മരിക്കുകയാണ് ഒരാള്‍ക്കു കാണിക്കാവുന്ന ഏറ്റവും മഹത്തായ സ്നേഹം."
14 ഞാന്‍ പറയുന്ന കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങളെന്‍റെ സുഹൃത്തുക്കളാണ്."
15 ഞാനിപ്പോള്‍ നിങ്ങളെ ദാസരെന്നു വിളിക്കുന്നില്ല. യജമാനനെന്താണു ചെയ്യുന്നതെന്നു ദാസനറിയുന്നില്ല. എന്നാല്‍ ഞാന്‍ നിങ്ങളെ സ്നേഹിതരെന്നു വിളിച്ചിരിക്കുന്നു. കാരണം, എന്‍റെ പിതാവില്‍ നിന്നു കേട്ടതൊക്കെ ഞാന്‍ നിങ്ങളെ അറിയിച്ചു കഴിഞ്ഞു."
16 നിങ്ങള്‍ എന്നെ തിരഞ്ഞെടുത്തതല്ല. ഞാന്‍ നിങ്ങളെ തിരഞ്ഞെടുത്തതാണ്. പോയി ഫലം സൃഷ്ടിക്കുക, അപ്പോള്‍ നിങ്ങളുടെ ഫലം ജീവിതത്തില്‍ തുടരും. അപ്പോള്‍ പിതാവ് നിങ്ങള്‍ എന്‍റെ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തും നിങ്ങള്‍ക്കു നല്‍കും."
17 ഇതെന്‍റെ കല്പനയാണ്. പരസ്പരം സ്നേഹിക്കുക."
18 “ലോകം നിങ്ങളെ വെറുക്കുന്നുവെങ്കില്‍, ഓര്‍മ്മിക്കുക ലോകം എന്നെ ആദ്യം വെറുത്തു."
19 നിങ്ങള്‍ ഈ ലോകത്തില്‍ നിന്നുള്ളവര്‍ ആയിരുന്നെങ്കില്‍ സ്വന്തം ആളുകളെ സ്നേഹിക്കുന്നതു പോലെ ലോകം നിങ്ങളെയും സ്നേഹിച്ചേനെ. പക്ഷെ ഞാന്‍ നിങ്ങളെ തിരഞ്ഞെടുത്തു ലോകത്തില്‍നിന്നും മാറ്റി നിര്‍ത്തി. അങ്ങനെ നിങ്ങള്‍ ഈ ലോകത്തില്‍ ഉള്‍പ്പെടാത്തതിനാലാണ് അവര്‍ നിങ്ങളെ വെറുത്തത്."
20 ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞുതന്ന പാഠം ഓര്‍മ്മിക്കുക: ഒരു ദാസനും യജമാനനെക്കാള്‍ ശ്രേഷ്ഠനല്ല. ആളുകള്‍ എന്നെ പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ അവര്‍ അതു നിങ്ങളോടും ചെയ്യും. എന്‍റെ വചനങ്ങള്‍ അവര്‍ അനുസരിച്ചിരുന്നുവെങ്കില്‍ നിങ്ങളുടെ വചനങ്ങളെയും അവര്‍ അനുസരിക്കും."
21 ആളുകള്‍ ഞാന്‍ കാരണം നിങ്ങളോട് ഇങ്ങനെയെല്ലാം ചെയ്യും. എന്തുകൊണ്ടെന്നാല്‍ എന്നെ അയച്ചവനെ അവര്‍ക്കറിയില്ല."
22 ഞാന്‍ വന്ന് ലോകരോടു സംസാരിച്ചിരുന്നില്ലെങ്കില്‍ അവര്‍ക്കു പാപത്തിന്‍റെ കുറ്റഭാരം ഉണ്ടാകുകയില്ലായിരുന്നു. പക്ഷേ ഞാന്‍ അവരോടു സംസാരിച്ചു കഴിഞ്ഞു. അതുകൊണ്ട് അവര്‍ക്ക് പാപത്തില്‍ നിന്ന് ഒഴികഴിവില്ല."
23 എന്നെ വെറുക്കുന്ന ഏതൊരുവനും എന്‍റെ പിതാവിനെയും വെറുക്കുന്നു."
24 മറ്റാരും ഇതുവരെ ചെയ്യാത്ത കാര്യങ്ങളാണ് ഞാന്‍ അവരുടെയിടയില്‍ ചെയ്തത്. ഞാനതൊന്നും ചെയ്തിരുന്നില്ലെങ്കില്‍ അവര്‍ക്കു പാപം ഉണ്ടാവുകയില്ലായിരുന്നു. എന്നാല്‍ ഞാന്‍ ചെയ്തതൊക്കെ അവര്‍ കണ്ടു. എന്നിട്ടും അവര്‍ എന്നെയും എന്‍റെ പിതാവിനെയും വെറുക്കുന്നു."
25 അവരുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നത് സത്യാമാകാനാണിങ്ങനെ സംഭവിച്ചത് ‘അവരെന്നെ അകാരണമായി വെറുത്തു.’"
26 “ഞാന്‍ പിതാവില്‍ നിന്ന് സഹായിയെ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കും. അതു പിതാവില്‍ നിന്നുള്ള സത്യത്മാവായിരിക്കും. അവന്‍ വരുന്പോള്‍ എന്നെപ്പറ്റി പറയും."
27 നിങ്ങളെപ്പറ്റിയും ആളുകളോടു പറയും. എന്തെന്നാല്‍ ആദ്യം മുതല്‍ക്കു തന്നെ നിങ്ങളെന്‍റെ കൂടെ ഉണ്ടായിരുന്നു."
1 “ഞാനിതെല്ലാം നിങ്ങളോടു പറഞ്ഞത് ആരും നിങ്ങളുടെ വിശ്വാസത്തെ തകര്‍ക്കാതിരിക്കാനാണ്."
2 ആളുകള്‍ നിങ്ങളെ യെഹൂദപ്പള്ളിയില്‍നിന്നും ഇറക്കിവിട്ടേക്കാം. നിങ്ങളെ കൊല്ലുന്നത് ദൈവത്തിനു യാഗമര്‍പ്പിക്കലാണെന്ന് ആളുകള്‍ ചിന്തിക്കുന്ന സമയം വരും."
3 പിതാവിനെയും എന്നെയും അറിയാത്തതു കൊണ്ടാണ് ആളുകള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്."
4 ഇതെല്ലാം ഞാന്‍ നിങ്ങളോടിപ്പോള്‍ പറയുന്നു. അതുകൊണ്ട് ഇതെല്ലാം സംഭവിക്കുന്പോള്‍, ഞാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു തന്നിരുന്നു എന്നു നിങ്ങള്‍ ഓര്‍ക്കും. “ആരംഭത്തില്‍ ഞാന്‍ നിങ്ങളോട് ഇതൊന്നും പറഞ്ഞില്ല, കാരണം ഞാനപ്പോള്‍ നിങ്ങളോടൊത്തുണ്ടായിരുന്നു."
5 ഇപ്പോള്‍ ഞാന്‍ എന്നെ അയച്ചവന്‍റെ അടുത്തേക്കു മടങ്ങുന്നു. എന്നാല്‍ നിങ്ങളാരും എന്നോട് ‘നീ എവിടെപ്പോകുന്നു?’ എന്നു ചോദിക്കുന്നില്ല."
6 ഞാനിതെല്ലാം പറഞ്ഞതുകൊണ്ട് നിങ്ങളുടെ മനസ്സു നിറയെ ദുഃഖമാണ്."
7 പക്ഷേ ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ. ഞാന്‍ ദൂരേക്കു പോകുന്നത് നിങ്ങള്‍ക്കു നല്ലതാണ്. കാരണം, ഞാന്‍ പോകുന്പോള്‍ സഹായിയെ ഞാന്‍ അയയ്ക്കും. ഞാന്‍ പോയില്ലെങ്കില്‍ അയാള്‍ വരില്ല."
8 സഹായി വരുന്പോള്‍ അവന്‍ ലോകത്തിനു തെറ്റു പറ്റിയെന്നു തെളിയിക്കും."
9 പാപത്തെ സംബന്ധിച്ചിടത്തോളം ലോകത്തിന്‍റെ തെറ്റ് അവന്‍ വെളിച്ചത്തു കൊണ്ടുവരും. കാരണം അവര്‍ എന്നില്‍ വിശ്വസിക്കുന്നില്ല."
10 അവര്‍ എന്നില്‍ വിശ്വസിക്കാത്തതു കൊണ്ട് പാപത്തെപ്പറ്റിയും ഞാന്‍ പിതാവിന്‍റെ അടുക്കലേക്കു പോവുകയും നിങ്ങളിനി എന്നെ കാണാതിരിക്കുകയും ചെയ്യുന്നതു കൊണ്ടു നീതിയെപ്പറ്റിയും അവര്‍ കുറ്റപ്പെടുത്തും."
11 ഈ ലോകത്തിന്‍റെ ഭരണാധികാരി വിധിക്കപ്പെട്ടു കഴിഞ്ഞതിനാല്‍ അവന്‍ ന്യായവിധിയെപ്പറ്റിയുള്ള സത്യം ലോകത്തിനു തെളിയിച്ചു കൊടുക്കും."
12 “എനിക്കു നിങ്ങളോടു പറയാന്‍ ഇനിയും ഒരുപാടു കാര്യങ്ങളുണ്ട്. എന്നാല്‍ അതു താങ്ങാന്‍ നിങ്ങള്‍ക്കിപ്പോള്‍ ആവില്ല."
13 എന്നാല്‍ സത്യാത്മാവ് വരുന്പോള്‍ അവന്‍ നിങ്ങളെ പരിപൂര്‍ണ്ണമായ സത്യത്തിലേക്കു നയിക്കും. സത്യാത്മാവ് അവന്‍റെ തന്നെ വാക്കുകളല്ല പറയുന്നത്. അവന്‍ കേട്ടത് മാത്രം പറയും. സംഭവിക്കുവാന്‍ പോകുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളോടു പറയും."
14 സത്യാത്മാവ് എന്നെ മഹത്വപ്പെടുത്തും. എങ്ങനെയെന്നോ? അവന്‍ എന്നില്‍ നിന്നെടുത്ത് അവ നിങ്ങളോടു പറയും."
15 പിതാവിനുള്ളവയെല്ലാം എന്‍റേതാണ്. അതുകൊണ്ടാണ് ആത്മാവ് എന്നില്‍ നിന്നെടുത്ത് നിങ്ങളോടു പറയുമെന്നു ഞാന്‍ പറഞ്ഞത്."
16 “അല്പസമയത്തിനു ശേഷം നിങ്ങളെന്നെ കാണില്ല. അല്പം കൂടി നേരം കഴിഞ്ഞാല്‍ പിന്നെ നിങ്ങളെന്നെ വീണ്ടും കാണും.”"
17 ഏതാനും ശിഷ്യന്മാര്‍ പരസ്പരം പറഞ്ഞു, “അല്പ സമയത്തിനു ശേഷം നിങ്ങളെന്നെ കാണില്ല. അല്പം കൂടി നേരം കഴിഞ്ഞാല്‍ നിങ്ങളെന്നെ വീണ്ടും കാണും എന്ന് യേശു പറഞ്ഞതിന്‍റെ അര്‍ത്ഥമെന്താണ്? എന്തെന്നാല്‍ ‘ഞാനെന്‍റെ പിതാവിന്‍റെ അടുത്തേയ്ക്കു പോകുന്നു’ എന്നു പറയുന്നതിനും എന്താണര്‍ത്ഥം?”"
18 ശിഷ്യന്മാര്‍ തമ്മില്‍ ചോദിച്ചു, “ഒരല്പ നേരം എന്നതിന് എന്താണര്‍ത്ഥം? അവനെന്താണു പറയുന്നതെന്ന് ഞങ്ങള്‍ക്കു മനസ്സിലാകുന്നില്ല.”"
19 ശിഷ്യന്മാര്‍ക്കിതേപ്പറ്റി ചോദിക്കാന്‍ ആഗ്രഹമുണ്ടെന്ന് യേശു മനസ്സിലാക്കി. അതുകൊണ്ടവന്‍ അവരോടു പറഞ്ഞു, “അല്പനേരത്തിനു ശേഷം നിങ്ങളെന്നെ കാണില്ല. കുറച്ചു നേരംകൂടി കഴി ഞ്ഞാല്‍ പിന്നെ നിങ്ങളെന്നെ വീണ്ടും കാണും എന്നും ഞാന്‍ പറഞ്ഞതിന്‍റെ അര്‍ത്ഥമാണോ നിങ്ങള്‍ പരസ്പരം ചോദിക്കുന്നത്?"
20 ഞാന്‍ നിങ്ങളോടു സത്യം പറയുന്നു. നിങ്ങള്‍ കരയുകയും ദുഃഖിതരാവുകയും ചെയ്യുമെങ്കിലും ലോകം സന്തോഷിക്കും. നിങ്ങള്‍ ദുഃഖിക്കുമെങ്കിലും നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും."
21 “ഒരുവള്‍ പ്രസവിക്കുന്പോള്‍ അവള്‍ക്കു വേദനയുണ്ടാകും. കാരണം അവളുടെ സമയമായി എന്നതുതന്നെ. എന്നാല്‍ കുഞ്ഞു പിറന്നു കഴിയുന്പോള്‍ അവള്‍ വേദന മറക്കുന്നു. ഒരു ശിശുവിനെ ലോകത്തിലേക്കു കൊണ്ടുവന്നതില്‍ അവള്‍ എല്ലാം മറന്നു സന്തോഷിക്കുന്നു."
22 നിങ്ങള്‍ക്കും അതുപോലെ തന്നെ. ഇപ്പോള്‍ നിങ്ങള്‍ ദുഃഖിക്കുന്നു. എന്നാല്‍ ഞാനിനി നിങ്ങളെ കാണുന്പോള്‍ നിങ്ങള്‍ ഹൃദയംഗമായി ആഹ്ലാദിക്കും. ആരും നിങ്ങളുടെ സന്തോഷത്തെ തട്ടി മാറ്റുകയുമില്ല."
23 ആ ദിവസം നിങ്ങള്‍ എന്നോടൊന്നും ആവശ്യപ്പെടുകയില്ല. ഞാന്‍ നിങ്ങളോടു സത്യം പറയുന്നു. എന്‍റെ നാമത്തില്‍ നിങ്ങള്‍ എന്തു ആവശ്യപ്പെട്ടാലും എന്‍റെ പിതാവ് അതു നിറവേറ്റിത്തരും."
24 നിങ്ങളിതുവരെ എന്‍റെ നാമത്തില്‍ ഒന്നും ആവശ്യപ്പെട്ടില്ല. ചോദിക്കുക, നിങ്ങള്‍ക്കു കിട്ടും. അങ്ങനെ നിങ്ങളുടെ ആഹ്ലാദം പൂര്‍ണ്ണമാകും."
25 “ഇതു ഞാന്‍ ആലങ്കാരിക ഭാഷയില്‍ നിങ്ങളോടു സംസാരിച്ചിരിക്കുന്നു. എന്നാല്‍ വാക്കുകള്‍ അപ്രകാരം ഉപയോഗിക്കാതെ ഞാന്‍ കാര്യങ്ങള്‍ പറയുന്നകാലം വരും. ഞാന്‍ നിങ്ങളോടു നേരിട്ടുള്ള വാക്കുകളില്‍ പിതാവിനെപ്പറ്റി പറയും."
26 ആ ദിവസം നിങ്ങള്‍ പിതാവിനോട് എന്‍റെ നാമത്തില്‍ പലതും ചോദിക്കും. അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പിതാവിനോട് ചോദിക്കേണ്ട ആവശ്യമില്ല."
27 പിതാവ് തന്നെ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങള്‍ എന്നെ സ്നേഹിച്ചതിനാല്‍ അവന്‍ നിങ്ങളെ സ്നേഹിക്കുന്നു. ഞാന്‍ ദൈവത്തില്‍ നിന്നു വന്നവനാണെന്ന് നിങ്ങള്‍ വിശ്വസിച്ചതുകൊണ്ടും പിതാവ് നിങ്ങളെ സ്നേഹിക്കുന്നു."
28 ഞാന്‍ പിതാവില്‍ നിന്ന് ഈ ലോകത്തിലേക്കു വന്നു. ഇപ്പോള്‍ ഞാന്‍ ഈ ലോകം വിട്ട് പിതാവിലേക്കു മടങ്ങുന്നു.”"
29 അപ്പോള്‍ യേശുവിന്‍റെ ശിഷ്യന്മാര്‍ പറഞ്ഞു, “അങ്ങിപ്പോള്‍ ഞങ്ങളോടു വ്യക്തമായി സംസാരിക്കുന്നു. അങ്ങിപ്പോള്‍ ആലങ്കാരികമായ ഭാഷ ഉപയോഗിക്കുന്നില്ല."
30 അങ്ങയ്ക്ക് എല്ലാമറിയാമെന്നു ഞങ്ങള്‍ക്കിപ്പോള്‍ കാണാം. ഒരുവന്‍ ഒരു ചോദ്യം ചോദിക്കും മുന്പു തന്നെ നിനക്കതിനു മറുപടി പറയാനാകും. നീ ദൈവത്തില്‍ നിന്നും വന്നതാണെന്നതു ഞങ്ങളെ വിശ്വസിപ്പിക്കുന്നു.”"
31 യേശു പറഞ്ഞു, “അതുകൊണ്ടിപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുന്നു അല്ലേ?"
32 ഇവിടെ ശ്രദ്ധിക്കുക. നിങ്ങള്‍ ചിതറിക്കപ്പെടുന്ന സമയം വരും. നിങ്ങളില്‍ ഓരോരുത്തരും അവരവരുടെ വീടുകളിലേക്കു ചിതറിക്കപ്പെടും. അതിപ്പോഴാണ്. നിങ്ങളെന്നെ വിട്ടുപോകും. ഞാനൊറ്റയ്ക്കാകും. പക്ഷേ ഞാനൊരിക്കലും ഒറ്റയ്ക്കല്ല. കാരണം പിതാവ് എന്നോടൊപ്പമുണ്ട്."
33 നിങ്ങള്‍ക്കെന്നില്‍ സമാധാനം ഉണ്ടായിരിക്കാന്‍ വേണ്ടിയാണു നിങ്ങളോടു ഞാനിതൊക്കെ പറഞ്ഞത്. ഈ ലോകത്തില്‍ നിങ്ങള്‍ക്കു പ്രശ്നങ്ങളുണ്ടാകാം. പക്ഷേ ധൈര്യത്തോടെയിരിക്കുക. ഞാന്‍ ലോകത്തെ പരാജയപ്പെടുത്തിയിരിക്കുന്നു."
1 ഇതെല്ലാം പറഞ്ഞതിനു ശേഷം യേശു സ്വര്‍ഗ്ഗത്തിലേക്കു നോക്കി. യേശു പ്രാര്‍ത്ഥിച്ചു, “പിതാവേ, സമയമായിരിക്കുന്നു. പുത്രന്‍ അങ്ങയെ മഹത്വപ്പെടുത്തേണ്ടതിന് പുത്രനെ മഹത്വപ്പെടുത്തേണമേ."
2 അങ്ങ് അവനു നല്‍കിയിരിക്കുന്ന ആളുകള്‍ക്കൊക്കെ നിത്യജീവന്‍ നല്‍കാന്‍ പറ്റുന്ന വിധം നീ പുത്രന് എല്ലാവരുടെയും മേല്‍ ശക്തി നല്‍കി."
3 ഇതാണ് നിത്യജീവന്‍, ഏകസത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നത്."
4 നീ എന്നെ ഏല്പിച്ച ജോലി ഞാന്‍ പൂര്‍ത്തിയാക്കി. ഭൂമിയില്‍ അങ്ങയെ ഞാന്‍ മഹത്വീകരിച്ചു."
5 പിതാവേ നിന്നോടൊപ്പം ഇപ്പോള്‍, എന്നെയും മഹത്വപ്പെടുത്തുക. ലോകസൃഷ്ടിക്കു മുന്പ് എനിക്കു നിന്നോടൊത്തുണ്ടായിരുന്ന മഹത്വം എനിക്കു നല്‍കിയാലും."
6 “നീയെനിക്കീ ലോകത്തില്‍ നിന്നും ചിലരെ തന്നു. അങ്ങയുടെ സദൃശ്യങ്ങളെ ഞാനവര്‍ക്കു കാട്ടി. അങ്ങയുടേതായ അവരെ എനിക്കു നല്‍കി. അങ്ങയുടെ വചനം അവര്‍ അനുസരിച്ചു."
7 നീ എനിക്കു തന്നതെല്ലാം നിന്നില്‍ നിന്നാണെന്ന് അവരിപ്പോള്‍ അറിയുന്നു."
8 നീ എനിക്കു തന്ന ഉപദേശങ്ങള്‍ ഞാനവര്‍ക്കു കൊടുത്തു. അവ അവര്‍ സ്വീകരിച്ചു. ഞാന്‍ യഥാര്‍ത്ഥത്തില്‍ നിന്നില്‍ നിന്നു വന്നവനാണെന്ന് അവര്‍ അറിയുന്നു. നീ എന്നെ അയച്ചതാണെന്ന് അവര്‍ വിശ്വസിക്കുന്നു."
9 അവര്‍ക്കായി ഞാനിപ്പോള്‍ പ്രാര്‍ത്ഥിക്കുന്നു. ഈ ലോകത്തിലുള്ളവര്‍ക്കു വേണ്ടിയല്ല ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. അങ്ങയുടെ ആള്‍ക്കാര്‍ക്കുവേണ്ടി, അവരെ അങ്ങ് എനിക്കു നല്‍കിയതുകൊണ്ട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു."
10 എനിക്കുള്ളതെല്ലാം നിന്‍റേതാണ്. നിനക്കുള്ളതെല്ലാം എന്‍റേതും. ഇവര്‍ എനിക്കു മഹത്വം കൊണ്ടുവന്നു തന്നു."
11 ഇപ്പോള്‍ ഞാന്‍ നിന്നിലേക്കു വരുന്നു. ഞാനിനി ലോകത്തില്‍ തങ്ങുകയില്ല. എന്നാലിവര്‍ ഇനിയും ഇവിടെയുണ്ടാവും. പരിശുദ്ധ പിതാവേ, ഇവരെ കാക്കേണമേ. ഞാനും നീയും ഒന്നായിരിക്കുന്പോലെ ഇവര്‍ ഒന്നായിരിക്കാന്‍ അങ്ങയുടെ നാമത്തിന്‍റെ (അങ്ങെനിക്കു തന്ന നാമം) ശക്തിയില്‍ ഇവരെ കാക്കേണമേ,"
12 ഞാനവരോടൊത്ത് ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ അവരെ കാത്തു. നീ എനിക്കു തന്ന നിന്‍റെ നാമത്തിന്‍റെ ശക്തിയാല്‍ ഞാന്‍ അവരെ കാത്തു. നഷ്ടപ്പെടാന്‍ തിരഞ്ഞെടുക്കപ്പെട്ട ഒരുവന്‍ യൂദാ മാത്രം നഷ്ടപ്പെട്ടു. തിരുവെഴുത്തിലെ വാക്കുകള്‍ യഥാര്‍ത്ഥമാകുവാനാണ് അങ്ങനെ സംഭവിച്ചത്."
13 “ഞാനിപ്പോള്‍ നിന്‍റെയടുത്തേക്കു വരുന്നു. എന്നാല്‍ ഞാനിതൊക്കെ പ്രവര്‍ത്തിക്കുന്നത് ഞാനിപ്പോഴും ഈ ലോകത്തായതിനാലാണ്. ഇവര്‍ക്ക് എന്‍റെ ആഹ്ലാദമുണ്ടാകുന്നതിനാണ് ഞാന്‍ ഇക്കാര്യങ്ങളൊക്കെ പറയുന്നത്. അവര്‍ക്കെല്ലാം എന്‍റെ മുഴുവന്‍ ആഹ്ലാദമുണ്ടാകാന്‍ ഞാനാഗ്രഹിക്കുന്നു."
14 അങ്ങയുടെ ഉപദേശം ഞാനവര്‍ക്കു നല്‍കി. ലോകം അവരെ വെറുത്തു. ഞാന്‍ ഈ ലോകത്തിന്‍റെ അല്ലാത്തതുപോലെ അവരും ഈ ലോകത്തിന്‍റെ അല്ലാത്തതുകൊണ്ട് ഇവരേയും ലോകം വെറുത്തു."
15 അവരെ ഈ ലോകത്തില്‍ നിന്നും പുറത്തെടുക്കാനല്ല ഞാനാവശ്യപ്പെടുന്നത്. അവരെ ദുഷ്ടനില്‍നിന്നും സംരക്ഷിക്കണമെന്നാണ്."
16 ഞാന്‍ ഈ ലോകത്തിന്‍റേത് അല്ലാത്തതുപോലെ അവരും ഈ ലോകത്തിന്‍റേതല്ല."
17 നിന്‍റെ സത്യത്തിലൂടെ നിന്‍റെ സേവനത്തിനവരെ സജ്ജരാക്കുക. നിന്‍റെ വചനം സത്യമാണ്."
18 നീ എന്നെ ഈ ലോകത്തിലേക്ക് അയച്ചതുപോലെ ഞാന്‍ അവരെയും ഈ ലോകത്തിലേക്കയച്ചു."
19 ഞാന്‍ സേവനത്തിനായി എന്നെത്തന്നെ ഒരുക്കുന്നു. നിന്‍റെ സേവനത്തിനവര്‍ സത്യത്തില്‍ തയ്യാറാകും വിധം ഞാനിതൊക്കെ അവര്‍ക്കായി ചെയ്യുന്നു."
20 ഞാനവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു, ഇവരുടെ ഉപദേശങ്ങള്‍ കൊണ്ട് എന്നില്‍ വിശ്വസിക്കുന്നവര്‍ക്കു വേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു."
21 പിതാവേ, എന്നില്‍ വിശ്വസിച്ചവരെല്ലാം ഒന്നാകുവാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നീ എന്നിലും ഞാന്‍ നിന്നിലും ഉണ്ട്. നീ എന്നെ അയച്ചു എന്നു ലോകം വിശ്വസിക്കും വിധം ഇവരെല്ലാം നമ്മില്‍ ഒന്നാകുവാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു."
22 നീ എനിക്കു തന്ന മഹത്വം ഞാനിവര്‍ക്കു കൊടുത്തു. ഞാനും നീയും ഒന്നായിരിക്കുന്നതു പോലെ അവരും ഒന്നാകുന്നതിനാണ് ഞാന്‍ ഈ മഹത്വം അവര്‍ക്കു നല്‍കിയത്."
23 ഞാന്‍ അവരിലുണ്ടാകും. നീ എന്നിലും. അങ്ങനെ അവര്‍ പൂര്‍ണ്ണമായും ഒന്നാകും. അപ്പോള്‍ ലോകം അറിയും നീ എന്നെ അയച്ചുവെന്ന്. എന്നെ നീ സ്നേഹിച്ചതുപോലെ ഈ മനുഷ്യരെയും നീ സ്നേഹിച്ചുവെന്ന് ലോകം അറിയും."
24 “പിതാവേ, ഞാന്‍ എവിടെ ആയിരുന്നാലും എന്നോടൊപ്പം നീ എനിക്കു തന്നവരായ ഇവരും ഉണ്ടാകേണമേ. അങ്ങനെ അവര്‍ക്കു എന്‍റെ മഹത്വം കാണാമല്ലോ. ലോകസൃഷ്ടിക്കു മുന്പു തന്നെ എന്നോടുള്ള സ്നേഹം മൂലം നീ എനിക്കു തന്നതാണ് ഈ മഹത്വം."
25 പിതാവേ, നീയാണു നീതിമാന്‍. ലോകം നിന്നെ അറിയുന്നില്ലെങ്കിലും ഞാനറിയുന്നു. ഇവര്‍ക്കറിയാം എന്നെ നീ അയച്ചതാണെന്ന്."
26 അങ്ങ് എങ്ങനെയാണെന്നു ഞാനവരെ പഠിപ്പിച്ചു. തുടര്‍ന്നും ഞാനവരെ പഠിപ്പിക്കും. അപ്പോള്‍ നിനക്ക് എന്നോടുള്ളതുപോലുള്ള സ്നേഹം അവര്‍ക്കുമുണ്ടാകും. ഞാനവരില്‍ വസിക്കുകയും ചെയ്യും.”"
1 പ്രാര്‍ത്ഥന കഴിഞ്ഞയുടന്‍ യേശു ശിഷ്യന്മാരോടൊത്ത് അവിടം വിട്ടു. അവര്‍ കെദ്രോന്‍ താഴ്വര കടന്നു. താഴ്വരയുടെ മറുവശത്ത് ഒലിവുമരങ്ങളുടെ ഒരു തോട്ടമുണ്ടായിരുന്നു. യേശുവും ശിഷ്യന്മാരും അങ്ങോട്ടു പോയി."
2 യേശു പലപ്പോഴും അവന്‍റെ ശിഷ്യന്മാരുമായി അവിടെ ഒത്തുകൂടാറുണ്ടായിരുന്നതിനാല്‍ യൂദയ്ക്ക് ആ സ്ഥലം അറിയാമായിരുന്നു."
3 അതിനാല്‍ യൂദാ ഒരു സംഘം ഭടന്മാരെ അങ്ങോട്ടു കൊണ്ടുവന്നു. മഹാപുരോഹിതന്മാരും പരീശന്മാരും നിയോഗിച്ച ഏതാനും കാവല്‍ക്കാരും അവനോടൊത്തുണ്ടായിരുന്നു. അവര്‍ വിളക്കുകളും പന്തങ്ങളും ആയുധങ്ങളും എടുത്തിരുന്നു."
4 തനിക്കു സംഭവിക്കാന്‍പോകുന്നതെല്ലാം യേശുവിന് അറിയാമായിരുന്നു. യേശു പുറത്തേക്കിറങ്ങി ചോദിച്ചു, “നിങ്ങള്‍ ആരെയാണു നോക്കുന്നത്?”"
5 അവര്‍ പറഞ്ഞു, “നസറായനായ യേശുവിനെ.” യേശു പറഞ്ഞു, “ഞാനാണ് യേശു.” (യേശുവിനെതിരെ തിരിഞ്ഞ യൂദായും അവരോടൊപ്പം നില്പുണ്ടായിരുന്നു.)"
6 ‘ഞാനാണ് യേശു’ എന്നവന്‍ പറഞ്ഞപ്പോള്‍ അവര്‍ പുറകോട്ടു പോയി നിലത്തു വീണു."
7 യേശു വീണ്ടും അവരോടു ചോദിച്ചു, “ആരെയാണ് നിങ്ങള്‍ തിരയുന്നത്?” അവര്‍ പറഞ്ഞു, “നസറായനായ യേശുവിനെ.”"
8 യേശു പറഞ്ഞു, “ഞാന്‍ പറഞ്ഞല്ലോ, ഞാനാണ് യേശു. അതുകൊണ്ട് നിങ്ങള്‍ എന്നെയാണു തിരയുന്നതെങ്കില്‍ മറ്റുള്ളവര്‍ പൊയ്ക്കൊള്ളട്ടെ.”"
9 യേശു മുന്പു പറഞ്ഞ ഈ വാക്കുകള്‍ അങ്ങനെ യാഥാര്‍ത്ഥ്യമായി. “നീ എനിക്കു തന്ന ആരെയും ഞാന്‍ നഷ്ടപ്പെടുത്തിയില്ല.”"
10 ശിമോന്‍ പത്രൊസിന് ഒരു വാളുണ്ടായിരുന്നു, അയാള്‍ വാളൂരി മഹാപുരോഹിതന്‍റെ ദാസനെ വെട്ടി. അയാളുടെ വലതു ചെവി പത്രൊസ് വെട്ടി. (മല്‍ക്കൊസ് എന്നായിരുന്നു ആ ദാസന്‍റെ പേര്)"
11 യേശു പത്രൊസിനോടു പറഞ്ഞു, “പത്രൊസേ, നിന്‍റെ വാള് തിരികെ ഉറയിലിടുക. പിതാവ് എനിക്കു തന്ന കഷ്ടതയുടെ പാനപാത്രം ഞാന്‍ വാങ്ങിയേ പറ്റൂ.”"
12 ഭടന്മാരും അവരുടെ തലവനും യെഹൂദകാവല്‍ക്കാരും ചേര്‍ന്ന് യേശുവിനെ പിടിച്ചുകെട്ടി തടവിലാക്കി."
13 അവര്‍ അവനെ ആദ്യം ഹന്നാവിന്‍റെ മുന്പില്‍ കൊണ്ടുവന്നു. കയ്യഫാവിന്‍റെ അമ്മായിയപ്പനായിരുന്നു ഹന്നാവ്. ആ വര്‍ഷത്തെ മഹാപുരോഹിതനായിരുന്നു കയ്യഫാവ്."
14 എല്ലാവര്‍ക്കും വേണ്ടി ഒരുവന്‍ മരിക്കുന്നതാവാം നല്ലതെന്ന് ഇയാളാണ് യെഹൂദരോട് പറഞ്ഞത്."
15 ശിമോന്‍ പത്രൊസും യേശുവിന്‍റെ മറ്റൊരു ശിഷ്യനും യേശുവിനോടൊത്തു പോയി. മറ്റേ ശിഷ്യനു മഹാപുരോഹിതനെ അറിയാമായിരുന്നു. അതിനാലയാള്‍ യേശുവിനോടൊത്തു മഹാപുരോഹിതന്‍റെ വീട്ടുമുറ്റം വരെ പോയി."
16 പക്ഷേ പത്രൊസ് വാതിലിനടുത്ത് വെളിയില്‍ നിന്നതേയുള്ളൂ. മഹാപുരോഹിതനെ അറിയാവുന്ന ശിഷ്യന്‍ പുറത്തേക്കു വന്നു. വാതില്‍ തുറന്ന ദാസിയോട് അയാള്‍ സംസാരിച്ചു. എന്നിട്ടയാള്‍ പത്രൊസിനെ അകത്തേക്കു കടത്തി."
17 വാതില്‍ക്കലെ ദാസി പത്രൊസിനോടു ചോദിച്ചു, “നീയും, ആ മനുഷ്യന്‍റെ ശിഷ്യന്മാരിലൊരുത്തനല്ലേ?” പത്രൊസ് പറഞ്ഞു, “അല്ല, ഞാനല്ല.”"
18 തണുപ്പായിരുന്നതിനാല്‍ ദാസന്മാരും കാവല്‍ക്കാരും തീ കൂട്ടിയിരുന്നു. അവരതിനു ചുറ്റുമിരുന്നു ചൂടുപിടിക്കുകയായിരുന്നു. പത്രൊസ് അവരോടൊത്തു നില്‍ക്കുകയായിരുന്നു."
19 മഹാപുരോഹിതന്‍ യേശുവിനോട് അവന്‍റെ ശിഷ്യന്മാരെപ്പറ്റി ചോദിച്ചു. യേശു പഠിപ്പിച്ച കാര്യങ്ങളെപ്പറ്റിയും ചോദിച്ചു."
20 യേശു മറുപടി പറഞ്ഞു, “ഞാനെപ്പോഴും ആളുകളോട് തുറന്നു സംസാരിച്ചിരുന്നു. യെഹൂദപ്പള്ളിയിലും ദൈവാലയങ്ങളിലും ഇരുന്നാണ് ഞാന്‍ പഠിപ്പിക്കാറ്. യെഹൂദരെല്ലാം അവിടെ കൂടാറുണ്ടായിരുന്നു. ഒരിക്കലും ഞാന്‍ ഒന്നും രഹസ്യമായി പറഞ്ഞിരുന്നില്ല."
21 പിന്നെന്താണെന്നെ നിങ്ങള്‍ ചോദ്യം ചെയ്യുന്നത്? എന്‍റെ വചനങ്ങള്‍ കേട്ടവരോട് ചോദിക്കുക. അവര്‍ക്കറിയാം ഞാന്‍ എന്താണു പറഞ്ഞതെന്ന്.”"
22 യേശു ഇതു പറഞ്ഞപ്പോള്‍ കാവല്‍ക്കാരില്‍ ഒരുവന്‍ അവനെ ഇടിച്ചു. അയാള്‍ പറഞ്ഞു, “മഹാപുരോഹിതനോട് ഇങ്ങനെ സംസാരിക്കരുത്.”"
23 യേശു മറുപടി പറഞ്ഞു, “തെറ്റെന്തെങ്കിലും പറഞ്ഞെങ്കില്‍ ആ തെറ്റ് എന്താണെന്ന് ഇവിടെയുള്ളവരോട് പറയുക. പക്ഷേ ശരിയാണെങ്കില്‍ പിന്നെ നീയെന്തിനാണെന്നെ ഇടിച്ചത്?”"
24 അതിനാല്‍ ഹന്നാവ് യേശുവിനെ കയ്യഫാവിന്‍റെ അടുത്തേക്ക് അയച്ചു. യേശു അപ്പോഴും ബന്ധിതനായിരുന്നു."
25 ശിമോന്‍ പത്രൊസ് നിന്നുകൊണ്ട് തീ കായുകയായിരുന്നു. മറ്റുള്ളവര്‍ പത്രൊസിനോടു ചോദിച്ചു, “നീ അവന്‍റെ ശിഷ്യന്മാരില്‍ ഒരുത്തനല്ലേ?” പക്ഷേ പത്രൊസ് പറഞ്ഞു, “അല്ല, ഞാനല്ല.”"
26 മഹാപുരോഹിതന്‍റെ ദാസന്മാരില്‍ ഒരുവന്‍ അവിടെ ഉണ്ടായിരുന്നു. പത്രൊസ് ചെവി മുറിച്ചവന്‍റെ ബന്ധുവാണയാള്‍. അയാള്‍ പറഞ്ഞു, “നിന്നെ ഞാന്‍ പൂന്തോട്ടത്തില്‍ വച്ച് അവനോടൊത്ത് കണ്ടിട്ടുള്ളതായി തോന്നുന്നു.”"
27 പക്ഷേ പത്രൊസ് വീണ്ടും പറഞ്ഞു, “ഇല്ല, ഞാനവനോടൊത്ത് ഉണ്ടായിരുന്നില്ല. അപ്പോള്‍ ഒരു കോഴി കൂകി."
28 അനന്തരം യെഹൂദന്മാര്‍ യേശുവിനെ കയ്യഫാവിന്‍റെ കൊട്ടാരത്തില്‍നിന്നും ഗവര്‍ണ്ണരുടെ കൊട്ടാരത്തിലേക്കു കൊണ്ടുപോയി. അതു പുലര്‍ച്ചെയായിരുന്നു. യെഹൂദര്‍ വസതിക്കുള്ളില്‍ കടന്നില്ല. പെസഹാ ഭക്ഷിക്കേണ്ടിയിരുന്നതു കൊണ്ട് അവര്‍ സ്വയം അശുദ്ധരാകാന്‍ ഇഷ്ടപ്പെട്ടില്ല."
29 അതിനാല്‍ പീലാത്തൊസ് പുറത്ത് യെഹൂദരുടെ അടുത്തേക്കു വന്നു. അദ്ദേഹം ചോദിച്ചു, “ഈ മനുഷ്യനെതിരെയുള്ള നിങ്ങളുടെ കുറ്റാരോപണം എന്ത്?”"
30 യെഹൂദര്‍ പറഞ്ഞു, “അവന്‍ ഒരു കുറ്റവാളിയാണ്. അതുകൊണ്ടാണവനെ ഞങ്ങള്‍ അങ്ങയെ ഏല്പിച്ചത്.”"
31 പീലാത്തൊസ് പറഞ്ഞു, “നിങ്ങള്‍ യെഹൂദര്‍ ഇവനെ കൊണ്ടുപോയി നിങ്ങളുടെ ന്യായപ്രമാണമനുസരിച്ച് ശിക്ഷ വിധിക്കുവിന്‍.” യെഹൂദര്‍ പറഞ്ഞു, “എന്നാല്‍ ഒരാളെ വധശിക്ഷയ്ക്കു വിധിക്കാന്‍ അങ്ങയുടെ നിയമം ഞങ്ങളെ അനുവദിക്കുന്നില്ല.”"
32 (താനെങ്ങനെ മരിക്കും എന്ന് യേശു മുന്പു പറഞ്ഞതു യാഥാര്‍ത്ഥ്യമായി.)"
33 അപ്പോള്‍ പീലാത്തൊസ് കൊട്ടാരത്തിനുള്ളിലേക്കു മടങ്ങിപ്പോയി. അദ്ദേഹം യേശുവിനെ വിളിച്ചു. അദ്ദേഹം യേശുവിനോടു ചോദിച്ചു, “നീ യെഹൂദരുടെ രാജാവാണോ?”"
34 യേശു പറഞ്ഞു, “ഇത് താങ്കളുടെ സ്വന്തം ചോദ്യമാണോ? അതോ മറ്റാരെങ്കിലും താങ്കളോട് എന്നെപ്പറ്റി പറഞ്ഞതോ?”"
35 പീലാത്തൊസ് പറഞ്ഞു, “ഞാന്‍ ഒരു യെഹൂദനല്ല. നിന്‍റെ തന്നെ ആളുകളും മഹാപുരോഹിതന്മാരും ആണ് നിന്നെ പിടിച്ചു കൊണ്ടുവന്ന് എന്നെ ഏല്പിച്ചത്. എന്താണു നിന്‍റെ മേലുള്ള ആരോപണം?”"
36 യേശു പറഞ്ഞു, “എന്‍റെ രാജ്യം ഈ ലോകത്തിന്‍റേതല്ല. അത് ഈ ലോകത്തിന്‍റേത് ആയിരുന്നുവെങ്കില്‍ ഞാന്‍ യെഹൂദരുടെ കയ്യില്‍ ഏല്പിക്കപ്പെടാതിരിക്കാന്‍ എന്‍റെ ദാസന്മാര്‍ പൊരുതുമായിരുന്നു. എന്നാല്‍ എന്‍റെ രാജ്യം മറ്റൊരിടത്തു നിന്നുമാണ്.”"
37 പീലാത്തൊസ് പറഞ്ഞു, “അപ്പോള്‍ നീയൊരു രാജാവാണ്. യേശു പറഞ്ഞു, “ഞാന്‍ രാജാവാണെന്നു താങ്കള്‍ പറയുന്നു. അതു ശരിയാണ്. ഞാന്‍ ജനിച്ചത് ഇതിനാണ്. സത്യം ജനങ്ങളെ സാക്ഷ്യപ്പെടുത്താന്‍. അതിനാണു ഞാന്‍ ഈ ലോകത്തില്‍ വന്നത്. സത്യത്തില്‍ നിന്നുള്ളവരെല്ലാം എന്നെ ശ്രവിക്കുന്നു.”"
38 പീലാത്തൊസ് ചോദിച്ചു, “എന്താണു സത്യം?” അതു ചോദിച്ച ശേഷം പീലാത്തൊസ് പുറത്ത് യെഹൂദരുടെ അടുത്തേക്കു മടങ്ങിപ്പോയി. പീലാത്തൊസ് അവരോടു പറഞ്ഞു, “അയാള്‍ക്കെതിരെ ചാര്‍ത്താന്‍ ഒരു കുറ്റവും ഞാന്‍ കാണുന്നില്ല."
39 എന്നാല്‍ പെസഹാ ദിവസം ഒരു തടവുകാരനെ വിട്ടയയ്ക്കുന്ന ചടങ്ങ് നിങ്ങള്‍ക്കുണ്ട്. യെഹൂദരുടെ ഈ രാജാവിനെ ഞാന്‍ സ്വതന്ത്രനാക്കട്ടേ?”"
40 യെഹൂദര്‍ വിളിച്ചു പറഞ്ഞു, “വേണ്ട, അവനെ വേണ്ട. ബറബ്ബാസിനെ വിട്ടയയ്ക്കുക.” (ബറബ്ബാസ് ഒരു കള്ളനായിരുന്നു.)"
1 അപ്പോള്‍ യേശുവിനെ കൊണ്ടുപോയി ചാട്ടയടി നല്‍കുവാന്‍ പീലാത്തൊസ് കല്പന നല്‍കി."
2 ഭടന്മാര്‍ മുള്ളുകൊന്പുകള്‍ കൊണ്ട് ഒരു കിരീടമുണ്ടാക്കി അത് യേശുവിന്‍റെ തലയില്‍ ചാര്‍ത്തി. അവരവനെ ഒരു നീളന്‍ ചെങ്കുപ്പായം അണിയിച്ചു."
3 അവര്‍ പലവട്ടം അവന്‍റെയടുത്തുവന്ന് “യെഹൂദന്മാരുടെ രാജാവേ വന്ദനം!” എന്നു വിളിക്കുകയും യേശുവിന്‍റെ മുഖത്ത് ഇടിക്കുകയും ചെയ്തു."
4 പീലാത്തൊസ് വീണ്ടും പുറത്തേക്കു വന്ന് യെഹൂദരോടു പറഞ്ഞു, “നോക്കൂ ഞാന്‍ ഇവനെ പുറത്തേക്കു കൊണ്ടുവരുന്നു. ഇവനെതിരെ കുറ്റമൊന്നും ആരോപിക്കാന്‍ ഞാന്‍ കാണുന്നില്ലെന്നറിയിക്കുവാനാണത്.”"
5 അപ്പോള്‍ മുള്‍ക്കിരീടവും ചുവപ്പു മേലങ്കിയും ധരിച്ച യേശു പുറത്തു വന്നു. പീലാത്തൊസ് യെഹൂദരോട് പറഞ്ഞു, “ഇതാ അവന്‍.”"
6 മഹാപുരോഹിതന്മാരും യെഹൂദ കാവല്‍ക്കാരും അവനെ കണ്ടപ്പോള്‍ വിളിച്ചു കൂകി, “അവനെ ക്രൂശിക്കുക! അവനെ ക്രൂശിക്കുക!” പക്ഷേ പീലാത്തൊസ് പറഞ്ഞു, “നിങ്ങള്‍ തന്നെ കൊണ്ടുപോയി അവനെ ക്രൂശിക്കുക. അവനെതിരെ ചാര്‍ത്താന്‍ കുറ്റമൊന്നും ഞാന്‍ കാണുന്നില്ല.”"
7 യെഹൂദര്‍ പറഞ്ഞു, “സ്വയം ദൈവപുത്രനെന്നു വിശേഷിപ്പിക്കുന്ന ഇവന്‍ മരിക്കണമെന്നു പറയുന്ന ഒരു ന്യായപ്രമാണം ഞങ്ങള്‍ക്കുണ്ട്.”"
8 ഇതുകേട്ട് പീലാത്തൊസ് കൂടുതല്‍ ഭയന്നു."
9 അയാള്‍ വീണ്ടും കൊട്ടാരത്തിനുള്ളിലേക്കു പോയി. അയാള്‍ യേശുവിനോടു ചോദിച്ചു, “നീ എവിടെ നിന്നു വരുന്നു?” എന്നാല്‍ യേശു മറുപടിയൊന്നും പറഞ്ഞില്ല."
10 “നീയെന്നോടു സംസാരിക്കില്ലേ. എനിക്കു നിന്നെ വിട്ടയയ്ക്കാനുള്ള അധികാരമുണ്ടെന്നോര്‍ക്കുക. നിന്നെ ക്രൂശിക്കാനുള്ളതും.”"
11 യേശു മറുപടി പറഞ്ഞു, “ദൈവം നിന്നെ ഏല്പിച്ചിട്ടുള്ള അധികാരമേ നിനക്ക് എന്‍റെമേല്‍ ഉള്ളൂ. അതിനാല്‍ എന്നെ നിന്നെ ഏല്പിച്ചവന്‍ കൂടുതല്‍ പാപത്താല്‍ കുറ്റവാളിയാണ്.”"
12 അതിനുശേഷം പീലാത്തൊസ് യേശുവിനെ മോചിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ യെഹൂദര്‍ വിളിച്ചു പറഞ്ഞു, “സ്വയം രാജാവാകുന്നവന്‍ കൈസര്‍ക്കെതിരാണ്. അതിനാല്‍ അവനെ താങ്കള്‍ വിട്ടയച്ചാല്‍ താങ്കള്‍ കൈസറിന്‍റെ ശത്രുവാകും.”"
13 യെഹൂദര്‍ പറഞ്ഞത് പീലാത്തൊസ് കേട്ടു. അയാള്‍ യേശുവിനെ പുറത്തു കൊണ്ടുവന്നു. പീലാത്തൊസ് കല്‍ത്തളത്തിലെ (ഇതിന് എബ്രായ ഭാഷയില്‍ ഗബ്ബഥാ എന്നു പറയും.) ന്യായാസനത്തില്‍ ഇരുന്നു."
14 പെസഹാവാരത്തിന്‍റെ തയ്യാറെടുപ്പുദിനം ഉച്ചയോടടുത്തിരുന്നു. പീലാത്തൊസ് യെഹൂദരോടു പറഞ്ഞു, “ഇതാ നിങ്ങളുടെ രാജാവ്.”"
15 യെഹൂദര്‍ വിളിച്ചു പറഞ്ഞു, “അവനെ കൊണ്ടു പോകുക! അവനെ കൊണ്ടുപോകുക! അവനെ ക്രൂശിക്കുക!” പീലാത്തൊസ് യെഹൂദരോട് ചോദിച്ചു, “നിങ്ങളുടെ രാജാവിനെ ക്രൂശിക്കാനാണോ എന്നോടാവശ്യപ്പെടുന്നത്?” മഹാപുരോഹിതന്മാര്‍ മറുപടി പറഞ്ഞു, “ഞങ്ങളുടെ ഏക രാജാവ് കൈസറാണ്.”"
16 അതുകൊണ്ട് പീലാത്തൊസ് യേശുവിനെ ക്രൂശിക്കാന്‍ അവരെ ഏല്പിച്ചു. ഭടന്മാര്‍ യേശുവിനെ കൊണ്ടുപോയി."
17 യേശു സ്വന്തം ക്രൂശു ചുമന്നിരുന്നു. “തലയോടിടം” എന്നറിയപ്പെടുന്ന (യെഹൂദ ഭാഷയില്‍ “ഗോല്‍ഗോഥാ”) സ്ഥലത്തേക്കവന്‍ പോയി."
18 അവിടെ അവര്‍ യേശുവിനെ കുരിശില്‍ ചേര്‍ത്ത് ആണിയടിച്ചു. അവര്‍ മറ്റു രണ്ടുപേരെക്കൂടി ക്രൂശിച്ച് അവന്‍റെ ഇരുവശത്തുമായി സ്ഥാപിച്ചു. യേശു മദ്ധ്യത്തിലായിരുന്നു."
19 പീലാത്തൊസ് ഒരടയാളമെഴുതി കുരിശില്‍ ചാര്‍ത്തി. അടയാളം ഇങ്ങനെയായിരുന്നു: “നസറെത്തിലെ യേശു യെഹൂദന്മാരുടെ രാജാവ്.”"
20 എബ്രായ ഭാഷയിലും, റോമ, യവന ഭാഷകളിലും അതെഴുതപ്പെട്ടിരുന്നു. യേശുവിനെ ക്രൂശിച്ചത് നഗരത്തോടടുത്ത സ്ഥലമായിരുന്നതിനാല്‍ അനേകം യെഹൂദര്‍ അതു വായിച്ചു."
21 യെഹൂദ മഹാപുരോഹിതന്മാര്‍ പീലാത്തൊസിനോടു പറഞ്ഞു, “‘യെഹൂദരുടെ രാജാവ് എന്നെഴുതേണ്ട’ എന്നാല്‍ ഞാന്‍ യെഹൂദരുടെ രാജാവാണെന്ന് ഇയാള്‍ പറയുന്നു എന്നെഴുതുക.”"
22 പീലാത്തൊസ് മറുപടി പറഞ്ഞു, “എഴുതിയതു ഞാന്‍ തിരുത്തുകയില്ല.”"
23 യേശുവിനെ കുരിശില്‍ തറച്ച ശേഷം ഭടന്മാര്‍ അവന്‍റെ വസ്ത്രങ്ങള്‍ ഊരിയെടുത്തു. അതിനെ നാലായി പകുത്തു. ഓരോ ഭടനും ഓരോ ഭാഗമെടുത്തു. അവന്‍റെ അടിക്കുപ്പായവും അവര്‍ എടുത്തു. ആ കുപ്പായം തയ്യലില്ലാത്തതും അടിമുടി നെയ്തതുമായ ഒരു കഷണമായിരുന്നു."
24 അതുകൊണ്ട് പട്ടാളക്കാര്‍ പരസ്പരം പറഞ്ഞു, “ഇതു നമുക്കു കീറണ്ട, നറുക്കിട്ട് ആര്‍ക്കെടുക്കണമെന്ന് തീരുമാനിക്കാം.” തിരുവെഴുത്തില്‍ എഴുതിയിട്ടുള്ളത് യാഥാര്‍ത്ഥ്യമാകുവാനാണങ്ങനെ സംഭവിച്ചത്: “എന്‍റെ വസ്ത്രങ്ങള്‍ അവര്‍ വീതം വെച്ചു. എന്‍റെ ഉടുപ്പിനായി അവര്‍ നറുക്കിട്ടു.” സങ്കീര്‍ത്തനങ്ങള്‍ 22:18 അതിനാല്‍ ഭടന്മാരങ്ങനെ ചെയ്തു."
25 കുരിശിനരുകില്‍ യേശുവിന്‍റെ അമ്മയും അവന്‍റെ അമ്മയുടെ സഹോദരിയും നില്‍ക്കുന്നുണ്ടായിരുന്നു. ക്ലെയോപ്പാവിന്‍റെ ഭാര്യ മറിയയും മഗ്ദലക്കാരി മറിയയും അവരോടൊത്തുണ്ടായിരുന്നു."
26 യേശു തന്‍റെ അമ്മയെ കണ്ടു. താന്‍ സ്നേഹിച്ച ശിഷ്യനും അവിടെ നില്‍ക്കുന്നത് യേശു കണ്ടു. അവന്‍ അമ്മയോടു പറഞ്ഞു, “സ്ത്രീയേ, ഇതാ നിന്‍റെ മകന്‍.”"
27 അനന്തരം യേശു തന്‍റെ ശിഷ്യനോടു പറഞ്ഞു, “ഇതാ നിന്‍റെ അമ്മ.” അതിനാല്‍ അതിനുശേഷം ആ ശിഷ്യന്‍ യേശുവിന്‍റെ അമ്മയെ തന്‍റെ വീട്ടില്‍ താമസിപ്പിച്ചു."
28 പിന്നീട്, എല്ലാം ചെയ്തു കഴിഞ്ഞു എന്ന് യേശു അറിഞ്ഞു. തിരുവെഴുത്ത് യാഥാര്‍ത്ഥ്യമാകാന്‍ അവന്‍ പറഞ്ഞു, “എനിക്കു ദാഹിക്കുന്നു.”"
29 അവിടെ വിനാഗിരി നിറച്ച ഒരു ഭരണി ഉണ്ടായിരുന്നു. ഭടന്മാര്‍ അതില്‍ ഒരു നീര്‍പ്പഞ്ഞി മുക്കി. നീര്‍പ്പഞ്ഞി ഒരു ഈസോപ്പു കന്പില്‍ കെട്ടിവച്ച് യേശുവിന്‍റെ വായിലേക്കടുപ്പിച്ചു."
30 യേശു വിനാഗിരി നുണഞ്ഞു. എന്നിട്ടവന്‍ പറഞ്ഞു, “എല്ലാം പൂര്‍ത്തിയായി.” യേശു തന്‍റെ തല കുനിച്ചു, മരിച്ചു."
31 ഈ സമയം തയ്യാറെടുപ്പു ദിവസമായിരുന്നു. പിറ്റേന്ന് ഒരു വിശേഷപ്പെട്ട ശബ്ബത്തും ആയിരുന്നു. ശബ്ബത്തു ദിവസം ശരീരങ്ങള്‍ കുരിശില്‍ കിടക്കുന്നത് യെഹൂദര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാല്‍ അവരുടെ കാലുകള്‍ ഒടിച്ച് താമസിയാതെ അവര്‍ മരിക്കാന്‍ ഇടയാക്കാന്‍ യെഹൂദര്‍ പീലാ ത്തൊസിനോട് അഭ്യര്‍ത്ഥിച്ചു. എന്നിട്ട് ശരീരങ്ങള്‍ കുരിശില്‍ നിന്ന് ഇറക്കാനും അപേക്ഷിച്ചു."
32 ഭടന്മാര്‍ വന്ന് യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ടിരുന്ന ഒരുവന്‍റെ കാലുകള്‍ ഒടിച്ചു. എന്നിട്ട് രണ്ടാമന്‍റെയും കാലുകള്‍ ഒടിച്ചു."
33 യേശുവിനെ സമീപിച്ച ഭടന്മാര്‍ അവന്‍ മരിച്ചുകഴിഞ്ഞതായി കണ്ടു. അതിനാല്‍ അവര്‍ അവന്‍റെ കാലുകള്‍ ഒടിച്ചില്ല."
34 എന്നാല്‍ ഭടന്മാരില്‍ ഒരുവന്‍ തന്‍റെ കുന്തം കൊണ്ട് യേശുവിന്‍റെ പള്ളയില്‍ കുത്തി. ചോരയും വെള്ളവും പുറത്തു ചാടി."
35 (അതു നേരില്‍ കണ്ട ഒരുവന്‍ പറഞ്ഞിരിക്കുന്നു. നിങ്ങളും വിശ്വസിക്കുന്നതിനു വേണ്ടിയാണ് അവനിതു പറഞ്ഞത്. അയാള്‍ പറഞ്ഞതെല്ലാം സത്യമാകുന്നു. സത്യമാണു താന്‍ പറയുന്നതെന്ന് അയാള്‍ക്ക് അറിയാമായിരുന്നു.)"
36 തിരുവെഴുത്ത് സത്യമാവാന്‍ വേണ്ടിയാണിങ്ങനെ സംഭവിച്ചത്: “അവന്‍റെ എല്ലുകളൊന്നും ഒടിക്കപ്പെടുകയില്ല.”"
37 മറ്റൊരു തിരുവെഴുത്തു പറയുന്നു, “തങ്ങള്‍ കുത്തിയവനെ അവര്‍ നോക്കും.”"
38 പിന്നീട് അതിമഥ്യായില്‍ നിന്നും വന്ന യോസേഫ് എന്നൊരാള്‍ പീലാത്തൊസിനോട് യേശുവിന്‍റെ ശരീരം ആവശ്യപ്പെട്ടു. (യോസേഫ് യേശുവിന്‍റെ ഒരു ശിഷ്യനായിരുന്നു. എന്നാല്‍ യെഹൂദരെ ഭയപ്പെട്ടതിനാല്‍ അയാളിക്കാര്യം ആരോടും പറഞ്ഞില്ല.) പീലാത്തൊസ് അനുവദിച്ചു."
39 നിക്കൊദേമൊസും യോസേഫിനെ അനുഗമിച്ചു. ഒരു രാത്രിയില്‍ യേശുവിനെ കാണാന്‍ വന്നവനാണ് നിക്കൊദേമൊസ്. അയാളുടെ കൈയില്‍ നൂറു റാത്തല്‍ സുഗന്ധ ദ്രവ്യമുണ്ടായിരുന്നു. മീറായും അകിലും ചേര്‍ന്ന ഒരു സുഗന്ധക്കൂട്ടായിരുന്നു അത്."
40 ഇവരിരുവരും ചേര്‍ന്ന് യേശുവിന്‍റെ ശരീരം ചുമന്നു. അവര്‍ മൃതദേഹം നേര്‍മയുള്ള തുണികളില്‍ പൊതിഞ്ഞു. (ഇത് യെഹൂദരുടെ ശവസംസ്കാരരീതിയിലൊന്നാണ്.)"
41 യേശു ക്രൂശിക്കപ്പെട്ടിടത്ത് ഒരു തോട്ടമുണ്ടായിരുന്നു. അവിടെ ഒരു പുതിയ കല്ലറയും. അവിടെ മുന്പ് ആരെയും സംസ്കരിച്ചിട്ടില്ല."
42 അവര്‍ യേശുവിനെ ആ കല്ലറയില്‍ അടക്കി. കാരണം ആ കല്ലറ സമീപത്തുള്ളതായിരുന്നു. മാത്രവുമല്ല, അത് യെഹൂദരുടെ ശബ്ബത്തിന്‍റെ ഒരു ദിവസം കൂടിയായിരുന്നു."
1 ആഴ്ചയിലെ ആദ്യത്തെ ദിവസം പുലര്‍ച്ചെ മഗ്ദലക്കാരി മറിയ യേശുവിന്‍റെ കല്ലറയിലേക്കു പോയി. അപ്പോള്‍ ഇരുട്ടായിരുന്നു. വാതില്‍ക്കല്‍ അടച്ചിരുന്ന വലിയ കല്ല് തള്ളിമാറ്റപ്പെട്ടിരുന്നു."
2 അതുകണ്ട് മറിയ ശിമോന്‍ പത്രൊസിന്‍റെയും മറ്റേ ശിഷ്യന്‍റേയും (യേശു വളരെ സ്നേഹിച്ചിരുന്നവന്‍.) അടുത്തേക്ക് ഓടി. മറിയ പറഞ്ഞു, “അവര്‍ കര്‍ത്താവിനെ കല്ലറയില്‍ നിന്നും കൊണ്ടുപോയി. എവിടെയാണവനെ വെച്ചതെന്നറിഞ്ഞു കൂടാ.”"
3 അതുകൊണ്ട് പത്രൊസും മറ്റേ ശിഷ്യനും കല്ലറയിലേക്കു പുറപ്പെട്ടു."
4 ഇരുവരും ഓടുകയായിരുന്നുവെങ്കിലും മറ്റേ ശിഷ്യന്‍ പത്രൊസിനെക്കാള്‍ വേഗത്തില്‍ ഓടി."
5 അതിനാല്‍ അയാള്‍ ആദ്യം കല്ലറയിലെത്തി. അയാള്‍ കുനിഞ്ഞ് അകത്തേക്കു നോക്കി. നേര്‍മ്മയുള്ള തുണിക്കഷണങ്ങളവിടെ ചിതറിക്കിടക്കുന്നതു കണ്ടെങ്കിലും അയാള്‍ അകത്തേക്കു കയറിയില്ല."
6 അപ്പോള്‍ ശിമോന്‍ പത്രൊസ് അയാള്‍ക്കു പിന്നിലെത്തി. പത്രൊസ് കല്ലറയ്ക്കുള്ളിലേക്കു കടന്നു. അവിടെ നേര്‍മ്മയുള്ള തുണിക്കഷണങ്ങള്‍ ചിതറിക്കിടക്കുന്നത് അയാള്‍ കണ്ടു."
7 യേശുവിന്‍റെ തലയില്‍ കെട്ടിയിരുന്ന തുണിയും അയാള്‍ കണ്ടു. അതാകട്ടെ ചുരുട്ടി മറ്റൊരിടത്തിരിക്കുന്നതാണ് കണ്ടത്."
8 പ്പോള്‍ മറ്റേ ശിഷ്യനും അകത്തു കടന്നു. അയാളായിരുന്നു കല്ലറയ്ക്കടുത്ത് ആദ്യം വന്നത്. സംഭവിച്ചതൊക്കെ കണ്ട് അയാള്‍ വിശ്വസിച്ചു."
9 (യേശു ഉയിര്‍ത്തെഴുന്നേല്‍ക്കണമെന്നു തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നത് അവര്‍ ഒരിക്കലും മനസ്സിലാക്കിയിരുന്നില്ല.) (മര്‍ക്കൊ. 16:9-11)"
10 അനന്തരം ശിഷ്യന്മാര്‍ ഇരുവരും തങ്ങളുടെ വീടുകളിലേയ്ക്കു മടങ്ങി."
11 പക്ഷേ മറിയ കല്ലറയ്ക്കു വെളിയില്‍ കരഞ്ഞുകൊണ്ടു നിന്നു. കരയുന്നതിനിടയില്‍ അവള്‍ കുനിഞ്ഞ് അകത്തേക്കു നോക്കി."
12 വെള്ള വസ്ത്രം ധരിച്ച രണ്ടു ദൂതന്മാരെ അവള്‍ അവിടെ കണ്ടു. യേശുവിന്‍റെ ശരീരം ഇരുന്നിടത്ത് അവരിരുന്നിരുന്നു. ഒരു ദൂതന്‍ യേശുവിന്‍റെ പാദം ഇരുന്നിടത്തും ഇരുന്നു."
13 ദൂതന്മാര്‍ മറിയയോടു ചോദിച്ചു, “സ്ത്രീയേ നീയെന്തിനാണു കരയുന്നത്?” മറിയ മറുപടി പറഞ്ഞു, “ചിലര്‍ എന്‍റെ കര്‍ത്താവിന്‍റെ ശരീരം എടുത്തു കൊണ്ടുപോയി. അവരവനെ എവിടെ വെച്ചു എന്നെനിക്കറിയില്ല.”"
14 മറിയ അതു പറഞ്ഞു തീര്‍ന്നപ്പോള്‍ യേശു മുന്പില്‍ നില്‍ക്കുന്നത് അവള്‍ കണ്ടു. എന്നാല്‍ അത് യേശുവാണെന്ന് അവള്‍ക്ക് അറിയുമായിരുന്നില്ല."
15 യേശു അവളോടു ചോദിച്ചു, “സ്ത്രീയേ, എന്തിനാണ് നീ കരയുന്നത്? ആരെയാണ് നീ തേടുന്നത്?” ഇതു തോട്ടക്കാരനാണെന്നു മറിയ കരുതി. എന്നിട്ടവള്‍ ചോദിച്ചു, “നിങ്ങള്‍ അവനെ കൊണ്ടുപോയിട്ടുണ്ടെങ്കില്‍ പറയൂ നിങ്ങള്‍ എവിടെയാണ് അവനെ വെച്ചിട്ടുള്ളത്, അപ്പോള്‍ എനിക്ക് അവിടെപ്പോയി അവനെ എടുക്കാം.”"
16 യേശു അവളെ വിളിച്ചു, “മറിയേ,” മറിയ യേശുവിനു നേര്‍ക്കു തിരിഞ്ഞു യെഹൂദഭാഷയില്‍ പറഞ്ഞു, “റബ്ബോനി!” (“ഗുരു” എന്ന് അര്‍ത്ഥം)"
17 അപ്പോള്‍ യേശു അവളോടു പറഞ്ഞു, “എന്നെ പിടിച്ചു നിര്‍ത്തരുത്. ഞാനിതുവരെ പിതാവിന്‍റെ അടുക്കലേക്കു പോയില്ല. നീ എന്‍റെ സഹോദരന്‍ന്മാരുടെ അടുത്തുചെന്ന് ഇങ്ങനെ പറയുക: ‘ഞാന്‍ എന്‍റെ പിതാവിന്‍റെയും നിങ്ങളുടെ പിതാവിന്‍റെയും അടുത്തേയ്ക്കു പോകുന്നു. ഞാന്‍ എന്‍റെ ദൈവത്തിന്‍റെയും നിങ്ങളുടെ ദൈവത്തിന്‍റെയും അടുത്തേക്കു പോകുന്നു.’”"
18 മഗ്ദലമറിയ ശിഷ്യന്മാരുടെ അടുത്തു ചെന്നു പറഞ്ഞു, “കര്‍ത്താവിനെ ഞാന്‍ കണ്ടു.” യേശു അവളോടു പറഞ്ഞതെല്ലാം അവള്‍ അവരോടു പറഞ്ഞു."
19 അന്ന് ആഴ്ചയിലെ ആദ്യത്തെ ദിവസമായിരുന്നു. വൈകുന്നേരം ശിഷ്യന്മാര്‍ ഒത്തുചേര്‍ന്നിരുന്നു. യെഹൂദന്മാരെ ഭയന്ന് അവര്‍ കതകടച്ചു കുറ്റിയിട്ടിരുന്നു. അപ്പോള്‍ യേശു വന്ന് അവരുടെ ഇടയില്‍ നിന്നു. യേശു പറഞ്ഞു, “നിങ്ങള്‍ക്കു സമാധാനം.”"
20 ഇതു പറഞ്ഞിട്ട് അവന്‍ ശിഷ്യന്മാരെ തന്‍റെ കൈകളും പാര്‍ശ്വവും കാണിച്ചു. കര്‍ത്താവിനെ കണ്ടപ്പോള്‍ ശിഷ്യന്മാര്‍ വളരെ സന്തോഷിച്ചു."
21 അപ്പോള്‍ യേശു വീണ്ടും പറഞ്ഞു, “നിങ്ങള്‍ക്കു സമാധാനം. പിതാവ് എന്നെ അയച്ചു. അതുപോലെ ഞാന്‍ നിങ്ങളെയും അയയ്ക്കുന്നു.”"
22 ഇതു പറഞ്ഞിട്ട് യേശു ശിഷ്യന്മാരുടെമേല്‍ ഊതി. യേശു പറഞ്ഞു, “പരിശുദ്ധാത്മാവിനെ സ്വീകരിക്കുക."
23 നിങ്ങള്‍ ആളുകളുടെ പാപം പൊറുത്താല്‍ അവരുടെ പാപങ്ങള്‍ പൊറുക്കപ്പെടും. നിങ്ങള്‍ പൊറുക്കാതിരുന്നാല്‍ അവരില്‍ പാപങ്ങള്‍ നിലനില്‍ക്കും.”"
24 യേശു വന്നപ്പോള്‍ തോമസ് എന്നു വിളിക്കുന്ന ദിദിമൊസ് ശിഷ്യന്മാരോടൊപ്പം ഉണ്ടായിരുന്നില്ല. പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവനായിരുന്നു തോമസ്."
25 മറ്റു ശിഷ്യന്മാര്‍ “ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു” എന്നവനോടു പറഞ്ഞു. തോമസ് പറഞ്ഞു, “അവന്‍റെ കൈകളിലെ ആണിത്തുളകള്‍ കാണാതെ ഞാനിതു വിശ്വസിക്കില്ല. അവന്‍റെ ആണിപ്പഴുതുകളില്‍ എന്‍റെ വിരലിടുകയും പാര്‍ശ്വത്തില്‍ കൈവയ്ക്കുകയും ചെയ്യാതെ ഞാനിതു വിശ്വസിക്കയില്ല.”"
26 ഒരാഴ്ചയ്ക്കു ശേഷം അവന്‍റെ ശിഷ്യന്മാര്‍ വീണ്ടും വീട്ടിലിരിക്കുകയായിരുന്നു. തോമസും അവരോടൊപ്പം ഉണ്ടായിരുന്നു. കതകുകള്‍ അടച്ചിരുന്നുവെങ്കിലും യേശു അവരുടെ മുന്പില്‍ വന്നു നിന്നു. എന്നിട്ടു പറഞ്ഞു, “നിങ്ങള്‍ക്കു സമാധാനം!”"
27 അപ്പോള്‍ യേശു തോമസിനോടു പറഞ്ഞു, “നിന്‍റെ വിരല്‍ ഇതാ ഇവിടെ കടത്തുക. ഇതാ എന്‍റെ കൈകള്‍. നിന്‍റെ കൈകള്‍ എന്‍റെ പളളയില്‍ വയ്ക്കുക. സംശയം അവസാനിപ്പിച്ച് വിശ്വസിക്കുക.”"
28 തോമസ് യേശുവിനോട് പറഞ്ഞു, “എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ!”"
29 യേശു തോമസിനോടു പറഞ്ഞു, “എന്നെ കണ്ടതുകൊണ്ട് നീ വിശ്വസിച്ചു. എന്നെ കാണാതെ തന്നെ വിശ്വസിക്കുന്നവര്‍ ഏറെ അനുഗൃഹീതര്‍.”"
30 യേശു ശിഷ്യന്മാരുടെ സാന്നിദ്ധ്യത്തില്‍ പല അത്ഭുതപ്രവര്‍ത്തികളും കാണിച്ചു. അവ ഈ സുവിശേഷത്തില്‍ എഴുതിയിട്ടില്ല."
31 യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന് നിങ്ങള്‍ വിശ്വസിക്കാനാണ് ഈ കാര്യങ്ങള്‍ എഴുതപ്പെട്ടത്. വിശ്വാസത്തിലൂടെ അവന്‍റെ നാമത്തില്‍ ജീവന്‍ കിട്ടുന്നതിനും."
1 പിന്നീട് തിബെര്യാസ് (ഗലീല) കടല്‍പ്പുറത്തു വച്ച് യേശു വീണ്ടും ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെട്ടു. ഇങ്ങനെയാണതു സംഭവിച്ചത്:"
2 ചില ശിഷ്യന്മാര്‍ അവിടെ കൂടിയിരുന്നു. ശിമോന്‍ പത്രൊസ്, തോമസ് എന്നു വിളിക്കുന്ന ദിദിമൊസ്, ഗലീലയിലെ കാനാക്കാരനായ നഥനയേല്‍, സെബെദിയുടെ രണ്ടു പുത്രന്മാര്‍ കൂടാതെ മറ്റു രണ്ടു ശിഷ്യന്മാരും."
3 ശിമോന്‍ പത്രൊസ് പറഞ്ഞു, “ഞാന്‍ മീന്‍ പിടിക്കാന്‍ പോകുന്നു.” മറ്റു ശിഷ്യന്മാര്‍ പറഞ്ഞു, “ഞങ്ങളും നിന്നോടൊത്തു വരുന്നു.” അവര്‍ ഒരു വഞ്ചിയില്‍ കയറിപ്പോയി. ആ രാത്രി മുഴുവന്‍ വലയെറിഞ്ഞുവെങ്കിലും ഒന്നിനേയും കിട്ടിയില്ല."
4 പിറ്റേന്ന് പുലര്‍ച്ചയ്ക്കു യേശു തീരത്തു നിന്നു. എന്നാല്‍ അത് യേശുവാണെന്ന് ശിഷ്യന്മാര്‍ അറിഞ്ഞില്ല."
5 അപ്പോള്‍ യേശു ശിഷ്യന്മാരോടു ചോദിച്ചു, “സ്നേഹിതരേ നിങ്ങള്‍ക്കു മീന്‍ വല്ലതും കിട്ടിയോ?” ശിഷ്യന്മാര്‍ പറഞ്ഞു, “ഇല്ല.”"
6 യേശു പറഞ്ഞു, “നിങ്ങളുടെ വഞ്ചിയുടെ വലതുവശത്തു വലയെറിയുക. അവിടെ നിന്നു നിങ്ങള്‍ മീന്‍ പിടിക്കും.” ശിഷ്യന്മാര്‍ അങ്ങനെ ചെയ്തു. അവര്‍ക്കു വലവലിച്ചെടുക്കാന്‍ പറ്റാത്തവിധം മത്സ്യം വലയില്‍ കുരുങ്ങി."
7 യേശു സ്നേഹിച്ചിരുന്ന ശിഷ്യന്‍ പത്രൊസിനോടു പറഞ്ഞു, “ആ മനുഷ്യന്‍ കര്‍ത്താവാണ്.” അയാള്‍ പറയുന്നതു പത്രൊസ് കേട്ടു. “ആ മനുഷ്യന്‍ കര്‍ത്താവാണ്.” അപ്പോള്‍ തന്നെ പത്രൊസ് വസ്ത്രമെടുത്തിട്ടു. (ജോലി ചെയ്യാന്‍ വസ്ത്രമഴിച്ചു വച്ചിരിക്കുകയായിരുന്നു.) അവന്‍ വെള്ളത്തിലേക്കെടുത്തു ചാടി."
8 മറ്റു ശിഷ്യന്മാര്‍ വഞ്ചിയില്‍ തന്നെ തീരത്തേക്കു പോയി. മീന്‍ നിറഞ്ഞ വലയും വലിച്ചുകൊണ്ട് അവര്‍ തീരത്തു നിന്നും വെറും നൂറുവാര അകലെയായിരുന്നു."
9 അവര്‍ വഞ്ചിയില്‍ നിന്ന് കരയ്ക്കിറങ്ങിയപ്പോള്‍ തീക്കനല്‍ കൂട്ടിയിരിക്കുന്നതു കണ്ടു. ഏതാനും മീനും അപ്പവും അതിന്മേല്‍ വച്ചിരുന്നു."
10 അപ്പോള്‍ യേശു പറഞ്ഞു, “നിങ്ങള്‍ പിടിച്ചതില്‍ കുറെ മീന്‍ കൂടി കൊണ്ടുവരിക.”"
11 ശിമോന്‍ പത്രൊസ് വഞ്ചിയില്‍ ചെന്ന് മീന്‍ നിറഞ്ഞ വല കരയ്ക്കടുപ്പിച്ചു. അതു നിറയെ വലിയ മീനായിരുന്നു. നൂറ്റന്പത്തിമൂന്നെണ്ണം. മീനിന് വലിയ ഭാരം ഉണ്ടായിരുന്നെങ്കിലും വല കീറിയിരുന്നില്ല."
12 യേശു അവരോടു പറഞ്ഞു, “വന്നു കഴിക്കുക.” ശിഷ്യന്മാരിലാരും അവനോട്, “ആരാണു നീ” എന്നു ചോദിക്കാന്‍ ധൈര്യപ്പെട്ടില്ല. കര്‍ത്താവാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു."
13 യേശു ചെന്ന് അപ്പമെടുത്ത് അവര്‍ക്കു നല്‍കി. മീനും യേശു അവര്‍ക്കു കൊടുത്തു."
14 മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റിട്ട് യേശു ഇതു മൂന്നാം തവണയാണ് ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെടുന്നത്."
15 എല്ലാവരും കഴിച്ചുകഴിഞ്ഞപ്പോള്‍ യേശു ശിമോന്‍ പത്രൊസിനോടു ചോദിച്ചു, “യോഹന്നാന്‍റെ പുത്രനായ ശിമോനേ, നീ മറ്റുള്ള ഈ മനുഷ്യരേക്കാള്‍ കൂടുതല്‍ എന്നെ സ്നേഹിക്കുന്നുണ്ടോ?” പത്രൊസ് മറുപടി പറഞ്ഞു, “ഉവ്വ്, കര്‍ത്താവേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് നിനക്കറിയാം.” അപ്പോള്‍ യേശു പത്രൊസിനോടു പറഞ്ഞു, “എന്‍റെ കുഞ്ഞാടുകളെ മേയ്ക്കുക.”"
16 യേശു പത്രൊസിനോടു രണ്ടാമതും ചോദിച്ചു, “യോഹന്നാന്‍റെ പുത്രനായ ശിമോനെ നീ എന്നെ സ്നേഹിക്കുന്നുണ്ടോ?” പത്രൊസ് മറുപടി പറഞ്ഞു, “ഉവ്വ്, കര്‍ത്താവേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് നിനക്കറിയാം.” അപ്പോള്‍ യേശു പത്രൊസിനോടു പറഞ്ഞു, “എന്‍റെ ആടുകളെ മേയ്ക്കുക.”"
17 മൂന്നാമതും യേശു ചോദിച്ചു, “യോഹന്നാന്‍റെ പുത്രനായ ശിമോനേ, നീയെന്നെ സ്നേഹിക്കുന്നുവോ?” മൂന്നു തവണ യേശു തന്നോടിങ്ങനെ ചോദിച്ചതില്‍ പത്രൊസിനു സങ്കടമായി. പത്രൊസ് പറഞ്ഞു, “നിനക്കെല്ലാമറിയാമല്ലോ കര്‍ത്താവേ. ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് നിനക്കറിയാം.” യേശു പത്രൊസിനോടു പറഞ്ഞു, “എന്‍റെ ആടുകളെ മേയ്ക്കുക."
18 ഞാന്‍ നിന്നോടു സത്യമായി പറയാം. ചെറുപ്പത്തില്‍ നീ അരമുറുക്കി ഇഷ്ടമുള്ളിടത്തു പോയിരുന്നു. എന്നാല്‍ വാര്‍ദ്ധക്യത്തില്‍ നീ കൈകള്‍ നീട്ടുകയും വേറൊരാള്‍ നിന്‍റെ അരകെട്ടി നിനക്കിഷ്ടമില്ലാത്തിടത്തേയ്ക്കു കൊണ്ടുപോവുകയും ചെയ്യും.”"
19 (പത്രൊസ് എപ്രകാരമുള്ള മരണത്താല്‍ ദൈവത്തെ മഹത്വപ്പെടുത്തുമെന്ന് യേശു പറയുകയായിരുന്നു.) അപ്പോള്‍ യേശു പത്രൊസിനോടു പറഞ്ഞു, “എന്നെ അനുഗമിക്കുക.”"
20 പത്രൊസ് തിരിഞ്ഞു നോക്കിയപ്പോള്‍ യേശു ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ശിഷ്യന്‍ പുറകേ വരുന്നതു കണ്ടു. (ഈ ശിഷ്യനാണ് അത്താഴസമയത്ത് യേശുവിനെതിരെ ചാഞ്ഞുനിന്ന് “കര്‍ത്താവേ, ആരാണു നിനക്കെതിരെ തിരിയുക?” എന്നു ചോദിച്ചത്.)"
21 അയാള്‍ പിന്നാലെ വരുന്നതു കണ്ട് പത്രൊസ് ചോദിച്ചു, “ഇയാളുടെ കാര്യമോ കര്‍ത്താവേ?”"
22 യേശു മറുപടി പറഞ്ഞു, “ഞാന്‍ വരുന്നതുവരെ ഇയാള്‍ ജീവനോടെ ഇരിക്കണം എന്നെനിക്ക് താല്പര്യമുണ്ടാകാം. അതു നീ കാര്യമാക്കേണ്ടതില്ല. നീ എന്നെ അനുഗമിക്കുക.”"
23 അങ്ങനെ സഹോദരന്മാരുടെ ഇടയില്‍ ഒരു കഥ പ്രചരിച്ചു. യേശു സ്നേഹിച്ച ആ ശിഷ്യന്‍ മരിക്കയില്ല എന്നവര്‍ പറഞ്ഞു പരത്തി. എന്നാല്‍ അവന്‍ മരിക്കയില്ലെന്ന് യേശു പറഞ്ഞില്ല. ഞാന്‍ വരും വരെ അവന്‍ ജീവിച്ചിരിക്കണമെന്ന് ഞാനാഗ്രഹിച്ചേക്കാം. അതിനു നിനക്കെന്ത്? എന്നു മാത്രമേ അവന്‍ പറഞ്ഞുള്ളൂ."
24 ആ ശിഷ്യനാണ് ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചത്. ഇതെല്ലാം ഇപ്പോഴെഴുതിയതും അയാളാണ്. അവന്‍ പറയുന്നതു സത്യമാണെന്നും നമുക്കറിയാം."
25 യേശു ചെയ്ത ധാരാളം കാര്യങ്ങള്‍ ഇനിയുമുണ്ട്. അതെല്ലാം എഴുതപ്പെട്ടുവെങ്കില്‍ ഈ ലോകം മുഴുവനും ആ എഴുതപ്പെട്ട പുസ്തകങ്ങള്‍ വെക്കാന്‍ മതിയാകയില്ല എന്നു ഞാന്‍ കരുതുന്നു."