1
സമീപഭാവിയില്‍ സംഭവിക്കുവാനുള്ള കാര്യങ്ങള്‍ തന്‍റെ ദാസന്മാര്‍ക്കു വെളിപ്പെടുത്തുന്നതിനുവേണ്ടി ദൈവം യേശുക്രിസ്തുവിനു നല്‌കിയ വെളിപാട്. അത് അവിടുത്തെ മാലാഖയെ അയച്ച് അവിടുത്തെ ദാസനായ യോഹന്നാനു വെളിപ്പെടുത്തി.2 ദൈവത്തിന്‍റെ സന്ദേശമായും യേശുക്രിസ്തുവിന്‍റെ വെളിപാടായും താന്‍ കണ്ട എല്ലാറ്റിനും യോഹന്നാന്‍ സാക്ഷ്യം വഹിച്ചു.
3 ഈ പ്രവചനത്തിലെ വാക്കുകള്‍ വായിക്കുന്നവരും വായിച്ചുകേള്‍ക്കുന്നവരും അതില്‍ എഴുതിയിരിക്കുന്നതു പാലിക്കുന്നവരും അനുഗൃഹീതര്‍. എന്തെന്നാല്‍ സമയം സമീപിച്ചിരിക്കുന്നു.
4
യോഹന്നാന്‍ ഏഷ്യയിലെ ഏഴു സഭകള്‍ക്ക് എഴുതുന്നത്: ഇപ്പോള്‍ ഉള്ളവനും, ഉണ്ടായിരുന്നവനും വരുവാനിരിക്കുന്നവനുമായ ദൈവത്തില്‍നിന്നും, അവിടുത്തെ സിംഹാസനത്തിന്‍റെ മുമ്പിലുള്ള5 ഏഴ് ആത്മാക്കളില്‍നിന്നും വിശ്വസ്തസാക്ഷിയും മരിച്ചവരില്‍നിന്ന് ആദ്യമായി ഉത്ഥാനം ചെയ്തവനും, ഭൂമിയിലെ രാജാധിരാജനുമായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
6
നമ്മെ സ്നേഹിക്കുകയും, തന്‍റെ രക്തത്താല്‍ പാപത്തില്‍നിന്നു വിമോചിപ്പിച്ച് നമ്മെ ഒരു രാജ്യവും, തന്‍റെ ദൈവവും പിതാവുമായവന്‍റെ പുരോഹിതന്മാരും ആക്കിത്തീര്‍ക്കുകയും ചെയ്ത ക്രിസ്തുവിന് എന്നും എന്നേക്കും മഹത്ത്വവും ആധിപത്യവും ഉണ്ടാകട്ടെ. ആമേന്‍.7
ഇതാ അവിടുന്ന് മേഘാരൂഢനായി എഴുന്നള്ളുന്നു. എല്ലാ നേത്രങ്ങളും അവിടുത്തെ ദര്‍ശിക്കും. അവിടുത്തെ കുത്തിത്തുളച്ചവരും അവിടുത്തെ കാണും. ഭൂമിയിലെ സകല ഗോത്രങ്ങളും അവിടുത്തെപ്രതി വിലപിക്കും. അതെ, അങ്ങനെതന്നെ; ആമേന്‍.8
‘ഞാന്‍ അല്ഫയും ഓമേഗയും-ആദിയും അന്തവും-ആകുന്നു’ എന്ന് ഉള്ളവനും ഉണ്ടായിരുന്നവനും വരുവാനിരിക്കുന്നവനും സര്‍വശക്തനുമായ ദൈവമായ കര്‍ത്താവ് അരുള്‍ചെയ്യുന്നു.9
യേശുവിന്‍റെ പീഡനങ്ങളിലും, രാജ്യത്തിലും, ക്ഷമാപൂര്‍വമുള്ള സഹനത്തിലും നിങ്ങളുടെ പങ്കാളിയും, നിങ്ങളുടെ സഹോദരനുമായ യോഹന്നാന്‍ എന്ന ഞാന്‍ ദൈവവചനത്തെയും, യേശുക്രിസ്തുവിനെക്കുറിച്ചുള്ള സാക്ഷ്യത്തെയും പ്രതി പത്മോസ് എന്ന ദ്വീപില്‍ ആയിരുന്നു.10 [10,11] കര്‍ത്താവിന്‍റെ ദിവസത്തില്‍ ആത്മാവില്‍ വിലയം പ്രാപിച്ചിരിക്കുമ്പോള്‍ കാഹളനാദം പോലെയുള്ള ഒരു ഗംഭീരസ്വരം പിറകില്‍ കേട്ടു. “നീ കാണുന്നത് ഒരു പുസ്തകത്തില്‍ എഴുതി എഫെസൊസ്, സ്മുര്‍ന്ന, പെര്‍ഗ്ഗമൊസ്, തുയത്തൈര, സര്‍ദ്ദീസ്, ഫിലദെല്‍ഫിയ, ലവൊദിക്യ എന്നീ ഏഴു സഭകള്‍ക്ക് അയച്ചുകൊടുക്കുക” എന്നു പറയുന്നതാണ് കേട്ടത്.
11
12
എന്നോടു സംസാരിക്കുന്നത് ആരാണെന്നറിയുവാന്‍ ഞാന്‍ തിരിഞ്ഞുനോക്കി.13 അപ്പോള്‍ ഏഴു പൊന്‍വിളക്കുകളും അവയുടെ മധ്യത്തില്‍ നിലയങ്കി ധരിച്ച് മാറില്‍ സ്വര്‍ണക്കച്ച കെട്ടിയ മനുഷ്യസദൃശനായ ഒരുവനെയും കണ്ടു;
14 അവിടുത്തെ ശിരസ്സും മുടിയും വെണ്‍കമ്പിളിപോലെയും ഹിമംപോലെയും ധവളസുന്ദരമായിരുന്നു. അവിടുത്തെ നേത്രങ്ങള്‍ അഗ്നിജ്വാലപോലെ കാണപ്പെട്ടു.
15 പാദങ്ങളാകട്ടെ തേച്ചുമിനുക്കിയ വെള്ളോടുപോലെയും, അവിടുത്തെ സ്വരം പെരുവെള്ളത്തിന്‍റെ ഇരമ്പല്‍പോലെയും ആയിരുന്നു.
16 അവിടുത്തെ വലംകൈയില്‍ ഏഴു നക്ഷത്രങ്ങള്‍ ഉണ്ടായിരുന്നു. വായില്‍നിന്നു മൂര്‍ച്ചയേറിയ ഇരുമുനവാള്‍ പുറത്തേക്കു വന്നു. അവിടുത്തെ വദനം അതിഭാസുരമായി പ്രകാശിക്കുന്ന സൂര്യനു സമാനമായിരുന്നു.
17 ദര്‍ശനമാത്രയില്‍ ഞാന്‍ ചേതനയറ്റവനെപ്പോലെ അവിടുത്തെ കാല്‌ക്കല്‍ വീണു. അപ്പോള്‍ വലംകൈ എന്‍റെമേല്‍ വച്ചുകൊണ്ട് അവിടുന്ന് ഇപ്രകാരം അരുള്‍ചെയ്തു: “ഭയപ്പെടേണ്ടാ, ഞാന്‍ ആദ്യനും അന്ത്യനും ആകുന്നു.
18 ഞാന്‍ ജീവിക്കുന്നവനാകുന്നു; ഞാന്‍ മരിച്ചെങ്കിലും ഇതാ എന്നെന്നേക്കും ജീവിക്കുന്നു. മരണത്തിന്‍റെയും നരകത്തിന്‍റെയും താക്കോലുകള്‍ എന്‍റെ കൈയിലുണ്ട്.
19 ഇപ്പോള്‍ ഉള്ളതും ഇനി സംഭവിക്കുവാന്‍ പോകുന്നതുമായ കാര്യങ്ങളെക്കുറിച്ചു നീ കണ്ടതു രേഖപ്പെടുത്തുക.
20 എന്‍റെ വലംകൈയില്‍ കണ്ട ഏഴു നക്ഷത്രങ്ങളുടെയും ഏഴു പൊന്‍വിളക്കുകളുടെയും മര്‍മ്മം ഇതാണ്: ഏഴു നക്ഷത്രം ഏഴു സഭകളുടെ മാലാഖമാരാണ്; ഏഴു വിളക്കുകള്‍ ഏഴു സഭകളും.
1
എഫെസൊസിലെ സഭയുടെ മാലാഖയ്‍ക്ക് എഴുതുക: ഏഴു നക്ഷത്രങ്ങള്‍ വലത്തു കൈയിലേന്തി ഏഴു വിളക്കുകളുടെ മധ്യേ നടക്കുന്നവന്‍ പറയുന്നു:2 നിങ്ങളുടെ പ്രവൃത്തിയും പ്രയത്നവും ക്ഷമാപൂര്‍വമുള്ള സഹനവും, ദുഷ്ടജനത്തെ നിങ്ങള്‍ക്കു വഹിക്കുവാന്‍ കഴിയുന്നില്ല എന്നതും എനിക്കറിയാം. അപ്പോസ്തോലന്മാരല്ലാതിരിക്കെ, അപ്പോസ്തോലന്മാരെന്നു ഭാവിക്കുന്നവരെ പരീക്ഷിച്ച് അവര്‍ അസത്യവാദികള്‍ എന്നു നീ കണ്ടുപിടിച്ചിരിക്കുന്നു.
3 നീ ക്ഷമാപൂര്‍വം സഹിച്ചു നില്‌ക്കുന്നു; എന്‍റെ നാമത്തെപ്രതി പീഡനങ്ങള്‍ സഹിക്കുന്നെങ്കിലും നീ തളര്‍ന്നുപോകുന്നില്ല എന്നു ഞാന്‍ അറിയുന്നു.
4 എന്നാല്‍ നിന്നെപ്പറ്റി എനിക്ക് ഒരു കാര്യം പറയുവാനുണ്ട്: ആദ്യമുണ്ടായിരുന്ന സ്നേഹം നീ വിട്ടുകളഞ്ഞു.
5 ഏതവസ്ഥയില്‍നിന്നു നീ വീണിരിക്കുന്നു എന്നോര്‍ത്ത് അനുതപിച്ച് ആദ്യം നീ ചെയ്തുവന്ന പ്രവൃത്തികള്‍ ചെയ്യുക. അങ്ങനെ ചെയ്യാതിരുന്നാല്‍ ഞാന്‍ നിന്‍റെ അടുക്കല്‍ വരികയും നിന്‍റെ വിളക്ക് തല്‍സ്ഥാനത്തുനിന്നു നീക്കുകയും ചെയ്യും. അങ്ങനെ വരാതിരിക്കുവാന്‍ നീ അനുതപിച്ച് ദൈവത്തിങ്കലേക്കു തിരിയുക.
6 എങ്കിലും നിങ്ങളെക്കുറിച്ചുള്ള ഒരു മേന്മ പറയാനുണ്ട്. നിങ്ങള്‍ നിക്കൊലാവ്യരുടെ പ്രവൃത്തികളെ വെറുക്കുന്നു. ഞാനും അവയെ വെറുക്കുന്നു.
7
ആത്മാവു സഭകളോട് അരുള്‍ചെയ്യുന്നത് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ജയിക്കുന്നവന് ദൈവത്തിന്‍റെ പറുദീസയിലുള്ള ജീവവൃക്ഷത്തിന്‍റെ ഫലം ഭക്ഷിക്കുവാന്‍ കൊടുക്കും.8
സ്മുര്‍ന്നയിലെ സഭയുടെ മാലാഖയ്‍ക്കെഴുതുക: മൃതിയടയുകയും വീണ്ടും ജീവന്‍പ്രാപിക്കുകയും ചെയ്ത ആദിയും അന്തവുമായവന്‍ ഇങ്ങനെ പറയുന്നു:9 നിങ്ങളുടെ ക്ലേശഭാരവും ദാരിദ്ര്യവും എനിക്കറിയാം. എങ്കിലും നിങ്ങള്‍ സമ്പന്നരാകുന്നു. വാസ്തവത്തില്‍ യെഹൂദന്മാരല്ലാതിരിക്കെ യെഹൂദന്മാരാണെന്നു പറയുന്നവരുണ്ട്. സാത്താന്‍റെ ആലയങ്ങളായ അക്കൂട്ടരുടെ ദൂഷണവും ഞാന്‍ അറിയുന്നു.
10 നിങ്ങള്‍ക്ക് ആസന്നഭാവിയില്‍ സഹിക്കുവാനുള്ളത് ഓര്‍ത്ത് ഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന് പിശാചു നിങ്ങളില്‍ ചിലരെ തടവില്‍ ആക്കും; പത്തു ദിവസത്തേക്കു നിങ്ങള്‍ക്കു കഷ്ടതയുണ്ടാകും. മരണപര്യന്തം വിശ്വസ്തനായിരിക്കുക; എന്നാല്‍ ജീവകിരീടം ഞാന്‍ നിനക്കു നല്‌കും.
11
“ആത്മാവു സഭകളോട് അരുള്‍ചെയ്യുന്നത് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ: “ജയിക്കുന്നവന്‍ നിശ്ചയമായും രണ്ടാമത്തെ മരണത്തിന് അധീനനാകുകയില്ല.”12
പെര്‍ഗ്ഗമൊസിലെ സഭയുടെ മാലാഖയ്‍ക്ക് എഴുതുക:13
“മൂര്‍ച്ചയേറിയ ഇരുമുനവാള്‍ ഉള്ളവന്‍ അരുള്‍ചെയ്യുന്നു: നീ എവിടെയാണു വസിക്കുന്നത് എന്ന് എനിക്കറിയാം; സാത്താന്‍റെ സിംഹാസനം ഉള്ളിടത്തുതന്നെ. നീ എന്‍റെ നാമം മുറുകെപ്പിടിച്ചു. സാത്താന്‍ നിവസിക്കുന്ന, നിങ്ങളുടെ സ്ഥലത്തുവച്ച് എന്‍റെ വിശ്വസ്തസാക്ഷിയായ അന്തിപ്പാസിനെ വധിച്ച കാലത്തുപോലും എന്നിലുള്ള വിശ്വാസം നീ കൈവെടിഞ്ഞില്ല.14 എങ്കിലും നിങ്ങളെപ്പറ്റി എനിക്കു പറയുവാനുണ്ട്. വിഗ്രഹങ്ങള്‍ക്കു നിവേദിച്ചതു ഭക്ഷിക്കുവാനും, അസാന്മാര്‍ഗിക പ്രവൃത്തികള്‍ ചെയ്യുവാനും ഇസ്രായേല്‍മക്കള്‍ക്കു പ്രേരണനല്‌കി അവര്‍ക്കു പ്രതിബന്ധം സൃഷ്‍ടിക്കുവാന്‍ ബാലാക്കിനെ ഉപദേശിച്ച ബിലെയാമിന്‍റെ ഉപദേശം മുറുകെപ്പിടിക്കുന്ന ചിലര്‍ അവിടെയുണ്ട്.
15 അതുപോലെതന്നെ നിക്കൊലാവ്യരുടെ സിദ്ധാന്തങ്ങളെ മുറുകെപ്പിടിക്കുന്ന ചിലരും അവിടെയുണ്ട്. അതുകൊണ്ട് അനുതപിക്കുക.
16 അല്ലെങ്കില്‍ ഞാന്‍ വേഗം വന്ന് എന്‍റെ വായിലെ വാളുകൊണ്ട് അവരോടു പോരാടും.
17
ആത്മാവു സഭകളോട് അരുള്‍ചെയ്യുന്നത് എന്തെന്ന് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. “ജയിക്കുന്നവനു ഞാന്‍ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; വെണ്മയുള്ള ഒരു കല്ലും ഞാന്‍ അവനു നല്‌കും. അതില്‍ ഒരു പുതിയ നാമം എഴുതിയിരിക്കും. ആ കല്ലു ലഭിക്കുന്നവനല്ലാതെ മറ്റാരും അതു മനസ്സിലാക്കുകയില്ല.18
തുയത്തൈരയിലെ സഭയുടെ മാലാഖയ്‍ക്ക് എഴുതുക: “അഗ്നിജ്വാലയ്‍ക്കു സമാനമായ കണ്ണുകളും മിന്നിത്തിളങ്ങുന്ന വെള്ളോടിനു തുല്യമായ പാദങ്ങളും ഉള്ള ദൈവസുതന്‍ അരുള്‍ചെയ്യുന്നു:19 നിന്‍റെ പ്രവൃത്തികളും, സ്നേഹവും, വിശ്വാസവും, ശുശ്രൂഷയും, ക്ഷമയോടുകൂടിയ സഹനവും ഞാന്‍ അറിയുന്നു. നിന്‍റെ അവസാനത്തെ പ്രവൃത്തികള്‍ ആദ്യത്തേതിനെക്കാള്‍ മെച്ചപ്പെട്ടവയാണ്.
20 എങ്കിലും നിനക്കെതിരെ എനിക്ക് ഒരു കാര്യം പറയാനുണ്ട്. താന്‍ പ്രവാചികയാണെന്നു സ്വയം പറഞ്ഞുകൊണ്ട് എന്‍റെ ദാസന്മാരെ അനാശാസ്യത്തിനും വിഗ്രഹങ്ങള്‍ക്കു നിവേദിച്ചവ ഭക്ഷിക്കുവാനും ഉപദേശിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യുന്ന ഈസബേല്‍ എന്ന സ്‍ത്രീയെ നീ വച്ചുപുലര്‍ത്തുന്നു.
21 അനുതപിക്കുവാന്‍ ഞാന്‍ അവള്‍ക്ക് അവസരം നല്‌കി. എങ്കിലും തന്‍റെ ദുര്‍മാര്‍ഗത്തില്‍നിന്നു പിന്തിരിയുവാന്‍ അവള്‍ കൂട്ടാക്കിയില്ല.
22 ഇതാ ഞാന്‍ അവളെ രോഗശയ്യയിലാക്കും. അവളോടൊത്തു വ്യഭിചാരം ചെയ്യുന്നവര്‍ അവളോടുള്ള വേഴ്ചയെക്കുറിച്ച് അനുതപിക്കുന്നില്ലെങ്കില്‍ ഞാന്‍ അവരെ കൊടിയ ദുരിതത്തിലാക്കും.
23 അവളുടെ മക്കളെ ഞാന്‍ കൊന്നുകളയും. ഞാന്‍ മനസ്സും ഹൃദയവും പരിശോധിക്കുന്നവരാണെന്ന് എല്ലാ സഭകളും അറിയും. നിങ്ങള്‍ക്കോരുത്തര്‍ക്കും അവരവരുടെ പ്രവൃത്തിക്കു തക്കത് ഞാന്‍ നല്‌കും.
24
“എന്നാല്‍ മേല്പറഞ്ഞ ഉപദേശം സ്വീകരിക്കാത്തവരും ‘സാത്താന്‍റെ ഗഹനമായ കാര്യങ്ങള്‍’ എന്നു ചിലര്‍ വിശേഷിപ്പിക്കുന്നവ പഠിക്കാത്തവരുമായ, തുയത്തൈരയിലെ ഇതര ജനത്തോടു ഞാന്‍ പറയുന്നു: വേറൊരു ഭാരവും ഞാന്‍ നിങ്ങളുടെമേല്‍ വയ്‍ക്കുന്നില്ല;25 ഞാന്‍ വരുന്നതുവരെ നിങ്ങള്‍ക്കുള്ള വിശ്വാസം മുറുകെപ്പിടിച്ചുകൊള്ളുക.
26 ജയിക്കുകയും അന്ത്യംവരെ എന്‍റെ പ്രവൃത്തികള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവന് ജനതകളുടെമേല്‍ ഞാന്‍ അധികാരം നല്‌കും.
27 ഇരുമ്പു ചെങ്കോല്‍കൊണ്ട് അവന്‍ അവരെ ഭരിക്കും. മണ്‍പാത്രംപോലെ അവര്‍ തകര്‍ക്കപ്പെടും.
28 എനിക്കു പിതാവില്‍നിന്നു ലഭിച്ച അധികാരമാണിത്. ഉദയനക്ഷത്രം ഞാന്‍ നല്‌കും.
“സഭകളോട് ആത്മാവ് അരുള്‍ചെയ്യുന്നത് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.”1
സര്‍ദ്ദീസിലെ സഭയുടെ മാലാഖയ്‍ക്ക് എഴുതുക: “ദൈവത്തിന്‍റെ ഏഴ് ആത്മാക്കളും ഏഴു നക്ഷത്രങ്ങളുമുള്ളവന്‍ അരുള്‍ച്ചെയ്യുന്നു: നിന്‍റെ പ്രവൃത്തികള്‍ ഞാന്‍ അറിയുന്നു; സചേതനന്‍ എന്നു നിനക്കു പേരുണ്ട്. പക്ഷേ നീ അചേതനനാണ്.2 ഉണരുക! മരണം ആസന്നമായി അവശേഷിച്ചിട്ടുള്ളവരെ ശക്തീകരിക്കുക. എന്‍റെ ദൈവത്തിന്‍റെ ദൃഷ്‍ടിയില്‍ നിന്‍റെ പ്രവൃത്തികള്‍ കുറ്റമറ്റതായി ഞാന്‍ കണ്ടില്ല.
3 അതുകൊണ്ട് നിനക്കു ലഭിച്ച സന്ദേശം ഓര്‍ത്തുകൊള്ളുക. അതു മുറുകെപ്പിടിക്കുകയും അനുതപിക്കുകയും ചെയ്യുക. നീ ഉണരുന്നില്ലെങ്കില്‍ ഞാന്‍ ഒരു കള്ളനെപ്പോലെ വരും. ഏതു വിനാഴികയിലാണു ഞാന്‍ വരുന്നതെന്നു നീ അറിയുകയില്ല.
4 എങ്കിലും തങ്ങളുടെ വസ്ത്രം മലിനപ്പെടുത്താത്ത കുറെപ്പോര്‍ സര്‍ദ്ദീസിലുണ്ട്. അവര്‍ ശുഭ്രവസ്ത്രം അണിഞ്ഞ് എന്‍റെകൂടെ നടക്കും. അതിന്, അവര്‍ യോഗ്യരാണ്.
5 ജയിക്കുന്നവന്‍ ശുഭ്രവസ്ത്രം ധരിക്കും; ജീവന്‍റെ പുസ്തകത്തില്‍നിന്ന് അവന്‍റെ പേര്‍ ഞാന്‍ മായിച്ചുകളയുകയില്ല. എന്‍റെ പിതാവിന്‍റെയും അവിടുത്തെ മാലാഖമാരുടെയും മുമ്പില്‍ ഞാന്‍ അവന്‍റെ പേര്‍ അംഗീകരിക്കും.
6
“സഭകളോട് ആത്മാവ് അരുള്‍ചെയ്യുന്നത് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.7
ഫിലദെല്‍ഫിയയിലെ സഭയുടെ മാലാഖയ്‍ക്ക് എഴുതുക: “പരിശുദ്ധനും, സത്യവാനും, ദാവീദിന്‍റെ താക്കോല്‍ കൈവശമുള്ളവനും ആര്‍ക്കും അടയ്‍ക്കുവാന്‍ കഴിയാത്തവണ്ണം തുറക്കുന്നവനും, ആര്‍ക്കും തുറക്കുവാന്‍ കഴിയാത്തവണ്ണം അടയ്‍ക്കുന്നവനുമായവന്‍ അരുള്‍ചെയ്യുന്നു:8 നിന്‍റെ പ്രവൃത്തികള്‍ ഞാന്‍ അറിയുന്നു. ഇതാ നിന്‍റെ മുമ്പില്‍ ആര്‍ക്കും അടയ്‍ക്കുവാന്‍ കഴിയാത്തവിധം തുറന്നിരിക്കുന്ന ഒരു വാതില്‍ ഞാന്‍ സ്ഥാപിച്ചിരിക്കുന്നു. നിനക്കു പരിമിതമായ ശക്തിയേ ഉള്ളൂ. എങ്കിലും നീ എന്‍റെ വചനം കാത്തു; എന്‍റെ നാമം നിഷേധിച്ചിട്ടുമില്ല.
9 യഥാര്‍ഥത്തില്‍ യെഹൂദന്മാരല്ലാതിരിക്കെ തങ്ങള്‍ യെഹൂദന്മാരാണെന്നു വ്യാജം പറയുന്ന ചിലരെ ഞാന്‍ സാത്താന്‍റെ സുനഗോഗില്‍നിന്നു വരുത്തി നിങ്ങളുടെ മുമ്പില്‍ സാഷ്ടാംഗപ്രണാമം ചെയ്യിക്കും. ഞാന്‍ നിന്നെ സ്നേഹിച്ചു എന്ന് അവര്‍ മനസ്സിലാക്കും.
10 എന്‍റെ ക്ഷമയോടുകൂടിയ സഹനത്തിന്‍റെ വചനം നീ ജീവിതത്തില്‍ പാലിച്ചതുകൊണ്ട്, ഭൂമിയില്‍ നിവസിക്കുന്നവരെ ശോധന ചെയ്യുന്നതിനായി പ്രപഞ്ചത്തിന് ആകമാനമുണ്ടാകുന്ന അഗ്നിപരീക്ഷണകാലത്ത്, ഞാന്‍ നിന്നെ സംരക്ഷിക്കും.
11 ഞാന്‍ വേഗം വരുന്നു. നിനക്കുള്ളതിനെ മുറുകെപ്പിടിച്ചുകൊള്ളുക. നിന്‍റെ വിജയകിരീടം ആരും തട്ടിയെടുക്കാതിരിക്കട്ടെ.
12 ജയിക്കുന്നവനെ എന്‍റെ ദൈവത്തിന്‍റെ ആലയത്തിന് ഞാന്‍ ഒരു തൂണാക്കും; അവന്‍ ഒരിക്കലും അവിടെനിന്നു മാറ്റപ്പെടുകയില്ല; എന്‍റെ ദൈവത്തിന്‍റെ നാമം ഞാന്‍ അവന്‍റെമേല്‍ എഴുതും; സ്വര്‍ഗത്തില്‍നിന്ന് എന്‍റെ ദൈവത്തിന്‍റെ അടുക്കല്‍നിന്നുതന്നെ, ഇറങ്ങിവരുന്ന എന്‍റെ ദൈവത്തിന്‍റെ നഗരമായ നവയെരൂശലേമിന്‍റെ നാമവും, എന്‍റെ പുതിയ നാമവും അവന്‍റെമേല്‍ എഴുതും.
13
“ആത്മാവ് സഭകളോട് അരുള്‍ചെയ്യുന്നത് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ”14
ലവൊദിക്യ സഭയുടെ മാലാഖയ്‍ക്ക് എഴുതുക: “വിശ്വസ്തനും, സത്യസാക്ഷിയും, ഈശ്വരസൃഷ്‍ടിയുടെ ആരംഭവുമായ ആമേന്‍ അരുള്‍ചെയ്യുന്നത്:15 നിന്‍റെ പ്രവൃത്തികള്‍ ഞാന്‍ അറിയുന്നു. നീ ശീതവാനും ഉഷ്ണവാനും അല്ല. നീ ശീതവാനോ ഉഷ്ണവാനോ ആയിരുന്നെങ്കില്‍ നന്നായിരുന്നു.
16 ശീതവാനും ഉഷ്ണവാനും അല്ലാതെ ശീതോഷ്ണവാന്‍ ആയതിനാല്‍ എന്‍റെ വായില്‍നിന്നു നിന്നെ ഞാന്‍ തുപ്പിക്കളയും.
17 ‘ഞാന്‍ ധനാഢ്യനാണ്; എനിക്കു വേണ്ടുവോളം സമ്പല്‍സമൃദ്ധി ഉണ്ട്; ഒന്നിനും എനിക്കു ബുദ്ധിമുട്ടില്ല’ എന്നു നീ പറയുന്നു. എന്നാല്‍ നീ നിര്‍ഭാഗ്യവാനും അരിഷ്ടനും ദയനീയനും ദരിദ്രനും അന്ധനും നഗ്നനുമാണെന്ന് നീ അറിയുന്നില്ല.
18 നീ സമ്പന്നനാകുവാന്‍ അഗ്നിയില്‍ ശുദ്ധീകരിച്ച സ്വര്‍ണവും, നിന്‍റെ നഗ്നത മറയ്‍ക്കുന്നതിനുവേണ്ടി ധരിക്കുവാനുള്ള ശുഭ്രവസ്ത്രവും, നിനക്കു കാഴ്ച ലഭിക്കുവാന്‍ കണ്ണിലെഴുതാനുള്ള അഞ്ജനവും, എന്‍റെ പക്കല്‍നിന്നു വാങ്ങിക്കൊള്ളുക എന്നു ഞാന്‍ നിനക്കു ബുദ്ധി ഉപദേശിക്കുന്നു.
19 ഞാന്‍ സ്നേഹിക്കുന്നവരെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ദത്തശ്രദ്ധനായിരിക്കുക; അനുതപിച്ചു പാപത്തില്‍നിന്നു പിന്തിരിയുക.
20 ഇതാ, ഞാന്‍ വാതില്‌ക്കല്‍നിന്ന് മുട്ടുന്നു. ആരെങ്കിലും എന്‍റെ ശബ്ദം കേട്ട് വാതില്‍ തുറക്കുന്നെങ്കില്‍ ഞാന്‍ അകത്തുവരും; ഞാന്‍ അവനോടുകൂടിയും അവന്‍ എന്നോടുകൂടിയും ഭക്ഷണം കഴിക്കുകയും ചെയ്യും.
21 ജയിക്കുന്നവന് എന്‍റെ സിംഹാസനത്തില്‍ എന്നോടുകൂടി ഇരിക്കുവാനുള്ള വരം നല്‌കും. ഞാന്‍ വിജയം വരിച്ച് എന്‍റെ പിതാവിനോടൊത്ത് അവിടുത്തെ സിംഹാസനത്തില്‍ ഇരുന്നതുപോലെതന്നെ.
22
“ആത്മാവു സഭകളോട് അരുള്‍ചെയ്യുന്നത് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.”1
അനന്തരം സ്വര്‍ഗത്തില്‍ ഒരു വാതില്‍ തുറന്നിരിക്കുന്നതു ഞാന്‍ കണ്ടു; കാഹളധ്വനിപോലെയുള്ള ആദ്യത്തെ ശബ്ദം എന്നോട് ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു: “ഇങ്ങോട്ടു കയറി വരിക; ഇനി സംഭവിക്കാനുള്ളത് എന്തെന്നു ഞാന്‍ കാണിച്ചുതരാം.2 പെട്ടെന്നു ഞാന്‍ ആത്മവിവശനായി ഇങ്ങനെ ദര്‍ശിച്ചു: സ്വര്‍ഗത്തില്‍ ഒരു സിംഹാസനം; അതില്‍ ഒരുവന്‍ ഉപവിഷ്ടനായിരിക്കുന്നു.
3 സിംഹാസനാരൂഢന്‍ സൂര്യകാന്തം പോലെയും മരതകക്കല്ലുപോലെയും ശോഭിക്കുന്നവനായി കാണപ്പെട്ടു. സിംഹാസനത്തെ മരതകമണിയുടെ ശോഭയുള്ള മഴവില്ലു വലയം ചെയ്തിരുന്നു.
4 സിംഹാസനത്തിനു ചുറ്റും അതാ ഇരുപത്തിനാലു സിംഹാസനങ്ങള്‍! അവയില്‍ ശുഭ്രവസ്ത്രവും സ്വര്‍ണക്കിരീടവും ധരിച്ച ഇരുപത്തിനാലു ശ്രേഷ്ഠപുരുഷന്മാര്‍ ഇരിക്കുന്നു.
5 സിംഹാസനത്തില്‍ നിന്നു മിന്നല്‍പ്പിണരുകളും മുഴക്കങ്ങളും ഇടിനാദങ്ങളും പുറപ്പെടുന്നു. ജ്വലിക്കുന്ന ഏഴു ദീപങ്ങള്‍ സിംഹാസനത്തിന്‍റെ മുമ്പില്‍. അവ ദൈവത്തിന്‍റെ ഏഴ് ആത്മാക്കളാകുന്നു.
6 സിംഹാസനത്തിന്‍റെ മുമ്പില്‍ പളുങ്കുപോലെ തെളിമയുള്ള സ്ഫടികസമുദ്രം.
“മധ്യത്തില്‍, സിംഹാസനത്തിനു ചുറ്റും നാലു ജീവികള്‍. അവയ്‍ക്ക് മുമ്പിലും പിറകിലും നിറയെ കണ്ണുകള്‍ ഉണ്ട്.7 ഒന്നാമത്തെ ജീവി സിംഹത്തെപ്പോലെയിരുന്നു. രണ്ടാമത്തേത് കാളയെപ്പോലെയും, മൂന്നാമത്തേത് മനുഷ്യന്‍റെ മുഖത്തോടുകൂടിയും, നാലാമത്തേത് പറക്കുന്ന കഴുകനെപ്പോലെയും കാണപ്പെട്ടു.
8 ഈ നാലു ജീവികള്‍ക്കും ആറു ചിറകു വീതം ഉണ്ടായിരുന്നു. അവയുടെ അകവും പുറവും നിറയെ കണ്ണുകളും.
“ഉണ്ടായിരുന്നവനും ഇപ്പോഴും ഉള്ളവനും വരുവാനിരിക്കുന്നവനുമായ സര്‍വശക്തനായ ദൈവമായ കര്‍ത്താവു പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍” എന്ന് രാവും പകലും ആ ജീവികള്‍ അവിരാമം പാടിക്കൊണ്ടിരുന്നു.9
“സിംഹാസനാരൂഢനായി എന്നും എന്നേക്കും വാണരുളുന്നവന് ആ ജീവികള്‍ മഹത്ത്വവും ബഹുമാനവും സ്തോത്രവും അര്‍പ്പിക്കുമ്പോള്‍,10 ഇരുപത്തിനാലു ശ്രേഷ്ഠപുരുഷന്മാര്‍ സിംഹാസനത്തില്‍ എന്നും എന്നേക്കും ഇരിക്കുന്നവനെ സാഷ്ടാംഗം പ്രണമിക്കുന്നു; സിംഹാസനത്തിന്‍റെ മുമ്പില്‍ അവരുടെ കിരീടങ്ങള്‍ സമര്‍പ്പിച്ചുകൊണ്ടു പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു.
11
“ഞങ്ങളുടെ ദൈവവും കര്‍ത്താവുമായ അങ്ങ് മഹത്ത്വവും ബഹുമാനവും ശക്തിയും കൈക്കൊള്ളുവാന്‍ യോഗ്യന്‍! എന്തുകൊണ്ടെന്നാല്‍ അവിടുന്നു സമസ്തവും സൃഷ്‍ടിച്ചു. തിരുഹിതത്താല്‍ അവയ്‍ക്ക് അങ്ങനെ അസ്തിത്വം കൈവരികയും അവ സൃഷ്‍ടിക്കപ്പെടുകയും ചെയ്തു” എന്നിങ്ങനെ അവര്‍ പാടുന്നു.1
സിംഹാസനസ്ഥന്‍റെ വലത്തു കൈയില്‍ ഒരു ഗ്രന്ഥച്ചുരുള്‍ ഞാന്‍ കണ്ടു. അതിന്‍റെ അകത്തും പുറത്തും എഴുതിയിരുന്നു; അതിന് ഏഴു മുദ്രകള്‍ വച്ചിരുന്നു.2 മുദ്ര പൊട്ടിച്ച് ഈ ഗ്രന്ഥം തുറക്കുവാന്‍ യോഗ്യനായി ആരുണ്ട്? എന്ന് ഉച്ചസ്വരത്തില്‍ വിളിച്ചുപറയുന്ന ശക്തനായ ഒരു മാലാഖയെയും ഞാന്‍ കണ്ടു.
3 ആ ഗ്രന്ഥം തുറക്കുന്നതിനോ അതില്‍ നോക്കുന്നതിനോ കഴിവുള്ള ആരുംതന്നെ സ്വര്‍ഗത്തിലും ഭൂമിയിലും അധോലോകത്തിലും ഉണ്ടായിരുന്നില്ല.
4 ഗ്രന്ഥം തുറക്കുവാനോ അതില്‍ നോക്കുവാനോ യോഗ്യനായ ഒരുവനെയും കണ്ടെത്താഞ്ഞതുകൊണ്ട് ഞാന്‍ വളരെയധികം കരഞ്ഞു.
5 അപ്പോള്‍ ആ ശ്രേഷ്ഠപുരുഷന്മാരില്‍ ഒരാള്‍ എന്നോടു പറഞ്ഞു: “കരയേണ്ടാ, ഇതാ യൂദാകുലത്തിന്‍റെ സിംഹം, ദാവീദിന്‍റെ പിന്‍ഗാമിതന്നെ, ഗ്രന്ഥം തുറക്കുന്നതിലും സപ്തമുദ്രകള്‍ പൊട്ടിക്കുന്നതിലും വിജയം വരിച്ചിരിക്കുന്നു.”
6
അപ്പോള്‍ സിംഹാസനത്തിന്‍റെയും നാലു ജീവികളുടെയും ഇടയ്‍ക്ക് ശ്രേഷ്ഠപുരുഷന്മാരുടെ മധ്യത്തില്‍ ഒരു കുഞ്ഞാടു നില്‌ക്കുന്നതു ഞാന്‍ കണ്ടു. കൊല്ലപ്പെട്ടതായി തോന്നിയ ആ കുഞ്ഞാടിന് ഏഴു കൊമ്പുകളും ഏഴു കണ്ണുകളും ഉണ്ടായിരുന്നു. ലോകമെങ്ങും അയയ്‍ക്കപ്പെട്ട ദൈവാത്മാക്കളായിരുന്നു ആ ഏഴു കണ്ണുകള്‍.7 കുഞ്ഞാടു വന്ന് സിംഹാസനാരൂഢന്‍റെ വലത്തുകൈയില്‍നിന്ന് പുസ്തകച്ചുരുള്‍ എടുത്തു.
8 അപ്പോള്‍ നാലു ജീവികളും ഇരുപത്തിനാലു ശ്രേഷ്ഠപുരുഷന്മാരും കുഞ്ഞാടിന്‍റെ മുമ്പില്‍ സാഷ്ടാംഗപ്രണാമം ചെയ്തു. ആ സമയത്ത് ഭക്തജനങ്ങളുടെ പ്രാര്‍ഥനയാകുന്ന സുഗന്ധദ്രവ്യം നിറച്ച സ്വര്‍ണപ്പാത്രങ്ങളും വീണകളും ആ ശ്രേഷ്ഠപുരുഷന്മാരുടെ കൈയിലുണ്ടായിരുന്നു.
9 [9,10] ഈ പുതിയഗാനം അവര്‍ പാടി.
“ഗ്രന്ഥം സ്വീകരിക്കുന്നതിനും മുദ്ര പൊട്ടിക്കുന്നതിനും അങ്ങു യോഗ്യന്‍. എന്തുകൊണ്ടെന്നാല്‍ അവിടുന്നു കൊല്ലപ്പെട്ടു. അവിടുത്തെ രക്തത്താല്‍, സകല ഗോത്രങ്ങളിലും ഭാഷക്കാരിലും വംശക്കാരിലും ജാതികളിലും ഉള്ളവരെ അവിടുന്നു ദൈവത്തിനായി വിലയ്‍ക്കു വാങ്ങുകയും ചെയ്തു. അവരെ നമ്മുടെ ദൈവത്തിന്‍റെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീര്‍ത്തിരിക്കുന്നു. അവര്‍ ഭൂമിയില്‍ വാഴും.”10
11
എന്‍റെ ദര്‍ശനത്തില്‍, സിംഹാസനത്തിന്‍റെയും ജീവികളുടെയും ശ്രേഷ്ഠപുരുഷന്മാരുടെയും ചുറ്റും, നിരവധി മാലാഖമാരുടെ സ്വരം ഞാന്‍ കേട്ടു. അവരുടെ എണ്ണം പതിനായിരങ്ങളുടെ പതിനായിരവും ആയിരങ്ങളുടെ ആയിരവും ആയിരുന്നു.12 “ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്ത്വവും സ്തുതിയും ലഭിക്കുന്നതിന്, കൊല്ലപ്പെട്ട കുഞ്ഞാടു യോഗ്യന്‍!” എന്ന് അത്യുച്ചത്തില്‍ പറയുന്നതു ഞാന്‍ കേട്ടു.
13 പിന്നീട് സ്വര്‍ഗത്തിലും ഭൂമിയിലും അധോലോകത്തിലും സമുദ്രത്തിലും ഉള്ള എല്ലാ സൃഷ്‍ടികളും ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു:
“സിംഹാസനത്തിലിരിക്കുന്നവനും കുഞ്ഞാടിനും എന്നെന്നേക്കും സ്തുതിയും ബഹുമാനവും മഹത്ത്വവും ശക്തിയും ഭവിക്കട്ടെ!” നാലു ജീവികളും ആമേന്‍ എന്നു പറഞ്ഞു. ശ്രേഷ്ഠപുരുഷന്മാര്‍ വീണ്ടും സാഷ്ടാംഗം വീണു നമസ്കരിച്ചു.1
കുഞ്ഞാട് ആ ഏഴുമുദ്രകളില്‍ ഒന്നു തുറന്നതായി ഞാന്‍ കണ്ടു. അപ്പോള്‍ ആ നാലു ജീവികളില്‍ ഒന്ന് ‘വരിക’ എന്നു പറയുന്നതു ഞാന്‍ കേട്ടു. ഇടിനാദംപോലെ ആയിരുന്നു ആ ശബ്ദം.2 തത്സമയം ഒരു വെള്ളക്കുതിര കയറിവരുന്നതു ഞാന്‍ കണ്ടു. അതിന്‍റെ പുറത്തിരിക്കുന്നവന്‍റെ കൈയില്‍ ഒരു വില്ലുണ്ട്. അയാള്‍ക്കു വിജയകിരീടം നല്‌കപ്പെട്ടു. വിജയശ്രീലാളിതനായി അയാള്‍ യാത്ര ആരംഭിച്ചു.
3
കുഞ്ഞാട് രണ്ടാമത്തെ മുദ്ര തുറന്നപ്പോള്‍ ‘വരിക’ എന്നു രണ്ടാമത്തെ ജീവി പറയുന്നതു ഞാന്‍ കേട്ടു.4 അപ്പോള്‍ ജ്വലിക്കുന്ന ചെമപ്പുനിറമുള്ള മറ്റൊരു കുതിര കയറിവന്നു; മനുഷ്യര്‍ അന്യോന്യം ഹിംസിക്കുവാന്‍ ഇടയാകുമാറ് ഭൂമിയില്‍നിന്നു സമാധാനം എടുത്തുകളയുവാന്‍ അശ്വാരൂഢന് അധികാരം കൊടുത്തു. ഒരു വലിയ വാളും അയാള്‍ക്കു നല്‌കി.
5
മൂന്നാമത്തെ മുദ്ര തുറപ്പോള്‍ ‘വരിക’ എന്നു മൂന്നാമത്തെ ജീവി പറയുന്നതു കേട്ടു. അപ്പോള്‍ ഒരു കറുത്ത കുതിര കയറി വരുന്നതായി കണ്ടു. അതിന്മേല്‍ ആരൂഢനായിരുന്ന ആളിന്‍റെ കൈയില്‍ ഒരു തുലാസുണ്ടായിരുന്നു.6 “ഒരു ദിനാറിന് ഒരു ലിറ്റര്‍ കോതമ്പ്; ഒരു ദിനാറിന് മൂന്നു ലിറ്റര്‍ ബാര്‍ലി; എണ്ണയും വീഞ്ഞും നശിപ്പിച്ചു കളയരുത്!” എന്നിങ്ങനെ പറയുന്നതായി ഒരു ശബ്ദവും നാലു ജീവികളുടെ നടുവില്‍നിന്നു ഞാന്‍ കേട്ടു.
7
നാലാമത്തെ മുദ്ര തുറപ്പോള്‍ ‘വരിക’ എന്നു നാലാമത്തെ ജീവിയും പറയുന്നതു ഞാന്‍ കേട്ടു.8 അപ്പോള്‍ പാണ്ഡുരവര്‍ണമുള്ള ഒരു കുതിര കയറിവരുന്നതു കണ്ടു. അതിന്മേല്‍ ആരൂഢനായിരുന്ന ആളിന്‍റെ പേര് മരണം എന്നായിരുന്നു. പാതാളം അയാളെ അനുഗമിച്ചു. യുദ്ധം, ക്ഷാമം, മഹാവ്യാധി, ഭൂമിയിലെ വന്യമൃഗങ്ങള്‍ എന്നിവയാല്‍ സംഹാരം നടത്തുവാന്‍ ഭൂതലത്തിന്‍റെ നാലിലൊന്നിന്മേല്‍ അവര്‍ക്ക് അധികാരം ലഭിച്ചു.
9
അഞ്ചാമത്തെ മുദ്ര തുറന്നപ്പോള്‍, ദൈവവചനത്തെപ്രതിയും തങ്ങളുടെ സാക്ഷ്യത്തെപ്രതിയും കൊല്ലപ്പെട്ടവരുടെ ആത്മാക്കളെ ബലിപീഠത്തിനടിയില്‍ ഞാന്‍ കണ്ടു.10 [10,11] “പരിശുദ്ധനും സത്യവാനുമായ സര്‍വനാഥാ, ഞങ്ങളുടെ രക്തം ചൊരിഞ്ഞതിന്‍റെ പേരില്‍ ഭൂവാസികളെ വിധിക്കുവാനും അവരോടു പ്രതികാരം ചെയ്യുവാനും അങ്ങ് എത്രത്തോളം വൈകും?” എന്ന് അവര്‍ അത്യുച്ചത്തില്‍ വിളിച്ചുചോദിച്ചു. പിന്നീട് അവര്‍ക്ക് ഓരോരുത്തര്‍ക്കും വെള്ളനിലയങ്കി നല്‌കപ്പെട്ടു; അവരെപ്പോലെ വധിക്കപ്പെടുവാനിരിക്കുന്ന സഹഭൃത്യന്മാരുടെയും സഹോദരന്മാരുടെയും എണ്ണം പൂര്‍ത്തിയാകുന്നതുവരെ അല്പകാലംകൂടി വിശ്രമിക്കുവാന്‍ അവര്‍ക്ക് അരുളപ്പാടു ലഭിക്കുകയും ചെയ്തു.
11
12
ആറാമത്തെ മുദ്ര തുറന്നപ്പോള്‍ ഒരു വലിയ ഭൂകമ്പമുണ്ടായി; സൂര്യന്‍ കരിമ്പടംപോലെ കറുത്തു. പൂര്‍ണചന്ദ്രന്‍ രക്തംപോലെ ചെമന്നു.13 കൊടുങ്കാറ്റില്‍ ആടിയുലയുന്ന അത്തിവൃക്ഷത്തില്‍നിന്ന് പാകമാകാത്ത ഫലങ്ങള്‍ പൊഴിയുന്നതുപോലെ നക്ഷത്രങ്ങള്‍ ഭൂമിയില്‍ നിപതിച്ചു.
14 ചുരുട്ടിയ പുസ്തകത്താള്‍പോലെ ആകാശം അപ്രത്യക്ഷമായി. സകല പര്‍വതങ്ങളും ദ്വീപുകളും അതതിന്‍റെ സ്ഥാനങ്ങളില്‍നിന്നു മാറ്റപ്പെട്ടു.
15 ഭൂമിയിലെ രാജാക്കന്മാരും അധികാരികളും സൈനികമേധാവികളും, ധനാഢ്യന്മാരും ബലവാന്മാരും അടിമകളും സ്വതന്ത്രരും എല്ലാം, ഗുഹകളിലും പര്‍വതങ്ങളിലെ പാറക്കെട്ടുകളിലും ചെന്നൊളിച്ചു.
16 “ഞങ്ങളുടെമേല്‍ വീഴുക; സിംഹാസനസ്ഥന്‍റെ മുഖം കാണാതെയും കുഞ്ഞാടിന്‍റെ കോപത്തിന് ഇരയാകാതെയും ഇരിക്കുവാന്‍ ഞങ്ങളെ മറച്ചാലും!
17 അവരുടെ കോപത്തിന്‍റെ മഹാദിവസം വന്നു കഴിഞ്ഞു. ചെറുത്തു നില്‌ക്കുവാന്‍ ആര്‍ക്കു കഴിയും?” എന്ന് അവര്‍ പര്‍വതങ്ങളോടും പാറകളോടും വിളിച്ചുപറഞ്ഞു.
1
ഇതിനുശേഷം ഭൂമിയുടെ നാലു കോണുകളിലായി നാലു മാലാഖമാര്‍ നില്‌ക്കുന്നതു ഞാന്‍ കണ്ടു. കരയിലോ, കടലിലോ, വൃക്ഷങ്ങളുടെമേലോ ആഞ്ഞടിക്കാതിരിക്കുന്നതിനുവേണ്ടി ഭൂമിയിലെ നാലു കാറ്റുകളെയും പിടിച്ച് അമര്‍ത്തിക്കൊണ്ടു നില്‌ക്കുകയായിരുന്നു ആ മാലാഖമാര്‍.2 ജീവിക്കുന്ന ദൈവത്തിന്‍റെ മുദ്രയോടുകൂടി പൂര്‍വദിക്കില്‍നിന്ന് മറ്റൊരു മാലാഖ ഉയര്‍ന്നുവരുന്നതായും ഞാന്‍ കണ്ടു. ആ മാലാഖ കരയെയും കടലിനെയും നശിപ്പിക്കുവാനുള്ള അധികാരം നല്‌കപ്പെട്ടിരുന്ന നാലു മാലാഖമാരോട് ഇപ്രകാരം ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു:
3 “നമ്മുടെ ദൈവത്തിന്‍റെ ദാസന്മാരുടെ നെറ്റിയില്‍ ഞങ്ങള്‍ മുദ്രകുത്തിത്തീരുന്നതുവരെ നിങ്ങള്‍ കരയ്‍ക്കോ കടലിനോ വൃക്ഷങ്ങള്‍ക്കോ ഹാനി വരുത്തരുത്.”
4 മുദ്ര കുത്തപ്പെട്ടവരുടെ എണ്ണവും ഞാന്‍ കേട്ടു: ഇസ്രായേല്‍ജനതയുടെ ഗോത്രങ്ങളില്‍നിന്നു മുദ്രകുത്തപ്പെട്ടവരുടെ എണ്ണവും ഞാന്‍ കേട്ടു: ഇസ്രായേല്‍ജനതയുടെ ഗോത്രങ്ങളില്‍നിന്നു മുദ്രകുത്തപ്പെട്ടവര്‍ നൂറ്റിനാല്പത്തിനാലായിരം പേര്‍:
5 യെഹൂദാഗോത്രത്തില്‍ മുദ്രകുത്തപ്പെട്ടവര്‍ പന്തീരായിരം; രൂബേന്‍ഗോത്രത്തില്‍ പന്തീരായിരം; ഗാദ്ഗോത്രത്തില്‍ പന്തീരായിരം;
6 ആശേര്‍ ഗോത്രത്തില്‍ പന്തീരായിരം; നപ്താലിഗോത്രത്തില്‍ പന്തീരായിരം; മനശ്ശെഗോത്രത്തില്‍ പന്തീരായിരം;
7 ശിമയോന്‍ഗോത്രത്തില്‍ പന്തീരായിരം; ലേവിഗോത്രത്തില്‍ പന്തീരായിരം; യിസ്സാഖാര്‍ഗോത്രത്തില്‍ പന്തീരായിരം;
8 സെബൂലോന്‍ഗോത്രത്തില്‍ പന്തീരായിരം; യോസേഫ്ഗോത്രത്തില്‍ പന്തീരായിരം; ബെന്യാമീന്‍ഗോത്രത്തില്‍ പന്തീരായിരം.
9
അതിനുശേഷം സകല ജനതകളിലും സകല ഗോത്രങ്ങളിലും സകല രാഷ്ട്രങ്ങളിലും സകല ഭാഷക്കാരിലുമുള്ള അസംഖ്യം ആളുകള്‍ വെള്ളനിലയങ്കി ധരിച്ച് കൈയില്‍ കുരുത്തോലയുമായി സിംഹാസനത്തിന്‍റെ മുമ്പിലും കുഞ്ഞാടിന്‍റെ മുമ്പിലും ആയി നില്‌ക്കുന്നതു ഞാന്‍ കണ്ടു; ആര്‍ക്കും അവരെ എണ്ണിത്തിട്ടപ്പെടുത്തുവാന്‍ സാധ്യമല്ലായിരുന്നു.10 “രക്ഷ സിംഹാസനാരൂഢനായ ദൈവത്തിനും കുഞ്ഞാടിനും ഉള്ളതാകുന്നു” എന്ന് അവര്‍ അത്യുച്ചത്തില്‍ ആര്‍ത്തുവിളിച്ചുകൊണ്ടിരുന്നു.
11 എല്ലാ മാലാഖമാരും സിംഹാസനത്തിന്‍റെയും ശ്രേഷ്ഠപുരുഷന്മാരുടെയും നാലു ജീവികളുടെയും ചുറ്റും വന്നു നിന്നു. അവര്‍ സിംഹാസനത്തിന്‍റെ മുമ്പില്‍ സാഷ്ടാംഗപ്രണാമം ചെയ്തുകൊണ്ട്,
12 “ആമേന്‍, നമ്മുടെ ദൈവത്തിന് എന്നെന്നേക്കും സ്തുതിയും മഹത്ത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും അധികാരവും ശക്തിയും ഉണ്ടായിരിക്കട്ടെ. ആമേന്‍” എന്നു പറഞ്ഞുകൊണ്ട് ആരാധിച്ചു.
13
ആ ശ്രേഷ്ഠപുരുഷന്മാരില്‍ ഒരാള്‍ എന്നോടു ചോദിച്ചു: “വെള്ളനിലയങ്കി ധരിച്ചിരിക്കുന്ന ഇവര്‍ ആരാണ്? ഇവര്‍ എവിടെ നിന്നു വരുന്നു?”14
“പ്രഭോ, അങ്ങേക്ക് അറിയാമല്ലോ” എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ആ ശ്രേഷ്ഠന്‍ പ്രതിവചിച്ചു: “ഇവര്‍ കൊടിയ പീഡനത്തില്‍നിന്നു വന്നവരത്രേ. ഇവരുടെ അങ്കി കുഞ്ഞാടിന്‍റെ രക്തത്തില്‍ കഴുകി ശുദ്ധമാക്കിയിരിക്കുന്നു.15 അതുകൊണ്ട് അവര്‍ സിംഹാസനത്തില്‍ ഇരുന്നരുളുന്ന ദൈവത്തിന്‍റെ മുമ്പില്‍ നില്‌ക്കുന്നു. സിംഹാസനാരൂഢന്‍ അവര്‍ക്കു സങ്കേതമായിരിക്കും.
16 അവര്‍ക്ക് ഇനി ഒരിക്കലും വിശക്കുകയോ ദാഹിക്കുകയോ ഇല്ല; കഠിനമായ വെയിലോ ചൂടോ അവരെ ബാധിക്കുകയില്ല.
17 എന്തുകൊണ്ടെന്നാല്‍ സിംഹാസനത്തിന്‍റെ മധ്യത്തിലിരിക്കുന്ന കുഞ്ഞാട് അവരുടെ ഇടയനായിരിക്കും; ജീവജലത്തിന്‍റെ ഉറവുകളിലേക്ക് അവിടുന്ന് ഇവരെ നയിക്കും; ദൈവം അവരുടെ കണ്ണുകളില്‍നിന്നു കണ്ണുനീരെല്ലാം തുടച്ചുകളയുകയും ചെയ്യും.”
1
കുഞ്ഞാട് ഏഴാമത്തെ മുദ്ര പൊട്ടിച്ചപ്പോള്‍ സ്വര്‍ഗത്തില്‍ അരമണിക്കൂറോളം നിശ്ശബ്ദതയുണ്ടായി.2 അപ്പോള്‍ ദൈവസന്നിധാനത്തില്‍ ഏഴു മാലാഖമാര്‍ നില്‌ക്കുന്നതു ഞാന്‍ കണ്ടു. ഏഴു കാഹളങ്ങള്‍ അവര്‍ക്കു നല്‌കപ്പെട്ടു.
3
മറ്റൊരു മാലാഖ ധൂപാരാധനയ്‍ക്കുള്ള സ്വര്‍ണകലശവുമായി ബലിപീഠത്തിനരികില്‍ വന്നു നിന്നു. സകല വിശുദ്ധന്മാരുടെയും പ്രാര്‍ഥനയ്‍ക്കുവേണ്ടി സിംഹാസനത്തിനു മുമ്പിലുള്ള ബലിപീഠത്തില്‍ അര്‍പ്പിക്കുന്നതിനായി ആ മാലാഖയ്‍ക്കു ധാരാളം സുഗന്ധദ്രവ്യം നല്‌കപ്പെട്ടു.4 അതിന്‍റെ സുരഭിലമായ ധൂപം പ്രാര്‍ഥനകളോടൊപ്പം ദൈവസന്നിധിയിലേക്കുയര്‍ന്നു.
5 മാലാഖ ബലിപീഠത്തിലെ തീക്കനല്‍ ധൂപകലശത്തില്‍ നിറച്ച് ഭൂമിയിലേക്ക് എറിഞ്ഞു. ഉടനെ ഇടിമുഴക്കവും ഉച്ചത്തിലുള്ള ശബ്ദങ്ങളും മിന്നല്‍പ്പിണരുകളും ഭൂകമ്പവും ഉണ്ടായി.
6
കാഹളങ്ങള്‍ കൈയിലേന്തിയ ഏഴു മാലാഖമാര്‍ അവ മുഴക്കുവാന്‍ ഒരുങ്ങിനിന്നു.7
ഒന്നാമന്‍ കാഹളം ഊതി. അപ്പോള്‍ രക്തം കലര്‍ന്ന കന്മഴയും അഗ്നിയും ഭൂമിയില്‍ വര്‍ഷിക്കപ്പെട്ടു. ഭൂമിയുടെ മൂന്നിലൊരു ഭാഗം വെന്തു വെണ്ണീറായി. വൃക്ഷങ്ങളില്‍ മൂന്നിലൊന്നും വെന്തെരിഞ്ഞു. പച്ചപ്പുല്ലു മുഴുവന്‍ കത്തിക്കരിഞ്ഞുപോയി.8
രണ്ടാമത്തെ മാലാഖ കാഹളം ഊതി. എരിയുന്ന ഒരു വലിയ തീമലപോലെ ഏതോ ഒന്നു സമുദ്രത്തിലേക്ക് എറിയപ്പെട്ടു. സമുദ്രത്തിന്‍റെ മൂന്നിലൊന്നു രക്തമായിത്തീര്‍ന്നു.9 സമുദ്രജീവികളില്‍ മൂന്നിലൊന്നു ചത്തൊടുങ്ങി. സമുദ്രത്തില്‍ സഞ്ചരിച്ചിരുന്ന കപ്പലുകളില്‍ മൂന്നിലൊന്നു നശിച്ചുപോയി.
10
പിന്നീട് മൂന്നാമത്തെ മാലാഖ കാഹളം ഊതി. അപ്പോള്‍ പന്തംപോലെ എരിയുന്ന ഒരു മഹാനക്ഷത്രം ആകാശത്തുനിന്നു നദികളില്‍ മൂന്നിലൊന്നിന്മേലും നീരുറവകളിന്മേലും വീണു.11 ആ നക്ഷത്രത്തിന് തിക്തകം എന്നുപേര്‍. ജലത്തിന്‍റെ മൂന്നിലൊന്നു കയ്പായിത്തീര്‍ന്നു. ആ തിക്തജലം പാനം ചെയ്ത അനേകം ആളുകള്‍ മൃതിയടഞ്ഞു.
12
നാലാമത്തെ മാലാഖ കാഹളം മുഴക്കിയപ്പോള്‍ സൂര്യന്‍റെ മൂന്നിലൊന്നും ചന്ദ്രന്‍റെ മൂന്നിലൊന്നും തകര്‍ക്കപ്പെട്ടു. തന്മൂലം അവയുടെ മൂന്നിലൊന്ന് ഇരുണ്ടുപോയി. പകലിന്‍റെ മൂന്നിലൊന്ന് ഇരുളടഞ്ഞു. അതുപോലെതന്നെ രാത്രിയുടെ മൂന്നിലൊന്നും.13
പിന്നീട് ആകാശമധ്യത്തിലൂടെ പറക്കുന്ന ഒരു കഴുകന്‍ “ഇനിയുള്ള മൂന്നു മാലാഖമാര്‍ കാഹളം മുഴക്കുമ്പോള്‍ ഭൂമിയില്‍ നിവസിക്കുന്നവര്‍ക്ക് ഹാ കഷ്ടം! ഹാ കഷ്ടം! എന്ന് ഉച്ചത്തില്‍ വിളിച്ചുപറയുന്നതും ദര്‍ശനത്തില്‍ ഞാന്‍ കേട്ടു.1
അനന്തരം അഞ്ചാമത്തെ മാലാഖ കാഹളമൂതി. ആകാശത്തുനിന്നു ഭൂമിയില്‍ നിപതിച്ച ഒരു നക്ഷത്രം ഞാന്‍ കണ്ടു.2 അവന് അഗാധപാതാളത്തിന്‍റെ താക്കോല്‍ നല്‌കപ്പെട്ടു. അവന്‍ അതിന്‍റെ പ്രവേശനദ്വാരം തുറന്നു. അതില്‍നിന്ന് ഒരു വലിയ തീച്ചൂളയില്‍ നിന്നെന്നപോലെ പുക പൊങ്ങി. സൂര്യനും വായുമണ്ഡലവും പുകകൊണ്ട് ഇരുണ്ടുപോയി.
3 പുകയില്‍നിന്ന് വെട്ടുക്കിളി ഭൂമിയിലേക്കു വന്നു. ഭൂമിയിലെ തേളുകള്‍ക്കുള്ളതുപോലെയുള്ള ശക്തി അവയ്‍ക്കു നല്‌കപ്പെട്ടു.
4 നെറ്റിത്തടത്തില്‍ സര്‍വേശ്വരന്‍റെ മുദ്രയില്ലാത്ത മനുഷ്യരെയല്ലാതെ മറ്റാരെയെങ്കിലുമോ ഏതെങ്കിലും വൃക്ഷത്തെയോ പച്ചിലച്ചെടിയെയോ പുല്‍ക്കൊടിയെയോ ദ്രോഹിക്കരുതെന്ന് അവയോടു കല്പിച്ചിരുന്നു.
5 അവരെ കൊല്ലുവാനല്ല, അഞ്ചുമാസം ദണ്ഡിപ്പിക്കുവാനത്രേ അതിന് അധികാരം നല്‌കപ്പെട്ടത്. അവ ഉണ്ടാക്കുന്ന വേദന തേളു കുത്തുമ്പോഴുള്ള വേദനപോലെ ആയിരിക്കും.
6 ആ നാളുകളില്‍ മനുഷ്യന്‍ മരണത്തെ തേടും, പക്ഷേ കണ്ടെത്തുകയില്ല. അവര്‍ മരിക്കാന്‍ ആഗ്രഹിക്കും, എന്നാല്‍ മരണം അവരെ വിട്ട് ഓടിയകലും.
7
യുദ്ധത്തിനുവേണ്ടി ചമയിച്ച് ഒരുക്കിനിറുത്തുന്ന പടക്കുതിരയെപ്പോലെയാണ് വെട്ടുക്കിളിയുടെ ആകൃതി. അവയുടെ മുഖം മനുഷ്യന്‍റേതുപോലെയും തലയില്‍ സ്വര്‍ണക്കിരീടം വച്ചിരിക്കുന്നതുപോലെയും കാണപ്പെട്ടു.8 സ്‍ത്രീകളുടേതുപോലെയുള്ള മുടി അവയ്‍ക്കുണ്ട്. സിംഹത്തിന്‍റേതുപോലെയുള്ള പല്ലുകളും
9 ഇരുമ്പുകവചംപോലെയുള്ള ചെതുമ്പലുകളും അവയ്‍ക്കുണ്ടായിരുന്നു. കുതിരകളെ പൂട്ടിയ അനേകം രഥങ്ങള്‍ പടക്കളത്തിലേക്കു പായുമ്പോഴുള്ള ശബ്ദം പോലെയാണ് അവയുടെ ചിറകടിയുടെ ശബ്ദം.
10 തേളിന്‍റേതുപോലെയുള്ള വാലും വിഷമുള്ളും അവയ്‍ക്കുണ്ട്. മനുഷ്യനെ അഞ്ചുമാസം വേദനിപ്പിക്കുന്നതിനുള്ള ശക്തി അവയുടെ വാലുകള്‍ക്കുണ്ട്.
11 പാതാളത്തിന്‍റെ മാലാഖയാണ് അവയുടെ രാജാവ്. ആ മാലാഖയുടെ പേര്‍ എബ്രായഭാഷയില്‍ ‘അബദ്ദോന്‍’ എന്നും ഗ്രീക്കുഭാഷയില്‍ ‘അപ്പൊല്ലുവോന്‍’ അഥവാ ‘നശിപ്പിക്കുന്നവന്‍’ എന്നുമാണ്.
12
ഒന്നാമത്തെ കഷ്ടത കഴിഞ്ഞു. ഇനി രണ്ടു കഷ്ടതകള്‍ കൂടി വരുവാനുണ്ട്.13
പിന്നീട് ആറാമത്തെ മാലാഖ കാഹളമൂതി. അപ്പോള്‍ ദൈവത്തിന്‍റെ മുമ്പിലുള്ള സ്വര്‍ണബലിപീഠത്തിന്‍റെ നാലു കൊമ്പുകളില്‍നിന്ന് ഒരു ശബ്ദം ഞാന്‍ കേട്ടു.14 കാഹളം കൈയിലുള്ള മാലാഖയോട്, “യൂഫ്രട്ടീസ് നദിയുടെ തീരത്തു ബന്ധിച്ചിരിക്കുന്ന നാലു മാലാഖമാരെയും അഴിച്ചുവിടുക” എന്നു പറയുന്നതായിരുന്നു ആ ശബ്ദം.
15 ഉടനെ ആ മാലാഖമാരെ അഴിച്ചുവിട്ടു. മനുഷ്യരാശിയുടെ മൂന്നിലൊന്നു ഭാഗത്തെ കൊന്നൊടുക്കുവാനുള്ള നാഴികയ്‍ക്കും ദിവസത്തിനും മാസത്തിനും വര്‍ഷത്തിനുംവേണ്ടി ഒരുക്കപ്പെട്ടവരാണ് അവര്‍.
16 കുതിരപ്പടയുടെ സംഖ്യ പതിനായിരത്തിന്‍റെ ഇരുപതിനായിരം മടങ്ങ് എന്നു ഞാന്‍ കേട്ടു. ആ കുതിരപ്പടയെ ദര്‍ശനത്തില്‍ ഞാന്‍ കണ്ടത് ഇങ്ങനെയാണ്:
17 കുതിരപ്പുറത്തിരുന്നവര്‍ അഗ്നിയുടെയും ഇന്ദ്രനീലത്തിന്‍റെയും ഗന്ധകത്തിന്‍റെയും നിറമുള്ള കവചം ധരിച്ചിരിക്കുന്നു. സിംഹത്തിന്‍റേതുപോലെ തലയുള്ള കുതിരയുടെ വായില്‍നിന്നു തീയും ഗന്ധകവും പുകയും പുറപ്പെട്ടിരുന്നു.
18 ഈ മൂന്നു മഹാമാരികള്‍മൂലം മനുഷ്യരാശിയുടെ മൂന്നിലൊന്നു നശിച്ചുപോയി. ആ കുതിരയുടെ വായില്‍നിന്നു പുറപ്പെട്ട അഗ്നിയും പുകയും ഗന്ധകവുംകൊണ്ടു തന്നെ.
19 എന്തെന്നാല്‍ ആ കുതിരകളുടെ ശക്തി അവയുടെ വായിലും വാലിലും ആണ്. സര്‍പ്പാകൃതിയും തലയുമുള്ളവ ആയിരുന്നു അവയുടെ വാലുകള്‍. ആ വാലുകൊണ്ട് അവ ക്ഷതമേല്പിക്കുന്നു.
20
ഈ മഹാമാരികള്‍കൊണ്ടു കൊല്ലപ്പെടാതെ അവശേഷിച്ചവര്‍ തങ്ങളുടെ കൈകളുടെ പ്രവൃത്തിയെക്കുറിച്ച് അനുതപിച്ചില്ല; പിശാചുപൂജയും വിഗ്രഹാരാധനയും തുടര്‍ന്നുപോന്നു. പൊന്നും വെള്ളിയും വെള്ളോടും കല്ലും മരവുംകൊണ്ട് ഉണ്ടാക്കിയിട്ടുള്ളവയാണ് അവര്‍ ആരാധിക്കുന്ന വിഗ്രഹങ്ങള്‍. അവയ്‍ക്കു കാണുവാനോ, കേള്‍ക്കുവാനോ, നടക്കുവാനോ ഉള്ള കഴിവില്ലല്ലോ.21 തങ്ങളുടെ കൊലപാതകങ്ങള്‍, ആഭിചാരം, ദുര്‍വൃത്തികള്‍, മോഷണങ്ങള്‍ ഇവയെക്കുറിച്ച് അവര്‍ അനുതപിച്ചതുമില്ല.
1
അനന്തരം ശക്തനായ മറ്റൊരു മാലാഖ ആകാശത്തുനിന്ന് ഇറങ്ങി വരുന്നതു ഞാന്‍ കണ്ടു. മേഘത്തില്‍ പൊതിഞ്ഞിരുന്ന ആ മാലാഖയുടെ ശിരസ്സിനു മുകളില്‍ ഒരു മഴവില്ലുണ്ടായിരുന്നു. ആ ദൈവദൂതന്‍റെ മുഖം സൂര്യനെപ്പോലെയും കാലുകള്‍ അഗ്നിസ്തംഭങ്ങള്‍പോലെയും ഇരുന്നു.2 കൈയില്‍ തുറന്ന ഒരു ഗ്രന്ഥച്ചുരുള്‍ ഉണ്ടായിരുന്നു. വലത്തുകാല് കടലിന്മേലും ഇടത്തുകാല് കരയിലും ഉറപ്പിച്ചുകൊണ്ട്,
3 മാലാഖ സിംഹം ഗര്‍ജിക്കുന്നതുപോലെ അട്ടഹസിച്ചു. ആ ഗര്‍ജനത്തോടൊപ്പം ഏഴ് ഇടി മുഴങ്ങി.
4 ഏഴ് ഇടി സംസാരിച്ചത് ഞാന്‍ എഴുതുവാന്‍ ഭാവിച്ചു. ഗര്‍ജനത്തോടൊപ്പം അപ്പോള്‍ “ആ ഏഴ് ഇടിമുഴക്കം സംസാരിച്ച കാര്യങ്ങള്‍ക്കു മുദ്രവയ്‍ക്കുക; അവ എഴുതപ്പെടരുത്” എന്ന് ആകാശത്തുനിന്നു പറയുന്നതായി ഞാന്‍ കേട്ടു.
5
കരയിലും കടലിലും കാലുറപ്പിച്ചു നില്‌ക്കുന്നതായി ഞാന്‍ കണ്ട മാലാഖ വലങ്കൈ ആകാശത്തേക്കുയര്‍ത്തി ഇപ്രകാരം പ്രതിജ്ഞ ചെയ്തു:6 “ആകാശവും അതിലുള്ളതും, ഭൂമിയും അതിലുള്ളതും എല്ലാം സൃഷ്‍ടിച്ചവനും നിത്യനുമായ ദൈവത്തിന്‍റെ നാമത്തില്‍ ഞാന്‍ പറയുന്നു: ഇനി കാലവിളംബം ഉണ്ടാകുകയില്ല.
7 ഏഴാമത്തെ മാലാഖയുടെ കാഹളം മുഴങ്ങുന്ന നാളുകളില്‍ ദൈവം തന്‍റെ ദാസന്മാരായ പ്രവാചകന്മാരെ അറിയിച്ച നിഗൂഢ പദ്ധതി നിര്‍വഹിക്കപ്പെടും.”
8
“കടലിലും കരയിലും കാലൂന്നി നില്‌ക്കുന്ന മാലാഖയുടെ കൈയിലിരിക്കുന്ന തുറന്ന ഗ്രന്ഥച്ചുരുള്‍ വാങ്ങുക” എന്ന് ആകാശത്തുനിന്നു മുമ്പു സംസാരിച്ച ശബ്ദം എന്നോടു വീണ്ടും പറഞ്ഞു.9
ഞാന്‍ ആ മാലാഖയുടെ അടുത്തുചെന്ന് “ആ ചെറിയ ഗ്രന്ഥച്ചുരുള്‍ തന്നാലും” എന്ന് ആവശ്യപ്പെട്ടു. അപ്പോള്‍ മാലാഖ പറഞ്ഞു: “ഇതു വാങ്ങിത്തിന്നുകൊള്ളുക; ഇതു നിന്‍റെ വയറിനു കയ്പായിരിക്കുമെങ്കിലും നിന്‍റെ വായില്‍ തേന്‍പോലെ മധുരമുള്ളതായിരിക്കും.”10
മാലാഖയുടെ കൈയില്‍നിന്ന് ഞാന്‍ ആ ചെറിയ ഗ്രന്ഥച്ചുരുള്‍ വാങ്ങിത്തിന്നു; അതു തേന്‍പോലെ മധുരമുള്ളതായി തോന്നി. എങ്കിലും അതു വയറ്റില്‍ ചെന്നപ്പോള്‍ വയറു വല്ലാതെ കയ്ച്ചുപോയി.11 “നീ ഇനി അനേകം ജനസമൂഹങ്ങളെയും രാഷ്ട്രങ്ങളെയും ഭാഷക്കാരെയും രാജാക്കന്മാരെയും സംബന്ധിച്ചു പ്രവചിക്കേണ്ടതാണ്” എന്നു മാലാഖ എന്നോടു പറഞ്ഞു.
1
പിന്നീട്, ദണ്ഡുപോലെയുള്ള ഒരു അളവുകോല്‍ നല്‌കിയിട്ട് എന്നോട് ഇപ്രകാരം പറഞ്ഞു: “നീ പോയി ദേവാലയവും അതിലെ ബലിപീഠവും അളക്കുക; ദേവാലയത്തില്‍ ആരാധിക്കുന്നവരെയും അളക്കുക;2 എന്നാല്‍ ദേവാലയത്തിനു പുറത്തുള്ള അങ്കണം അളക്കരുത്; അതു വിജാതീയര്‍ക്കു വിട്ടുകൊടുത്തിരിക്കുന്നതാണല്ലോ. അവര്‍ നാല്പത്തിരണ്ടു മാസം വിശുദ്ധനഗരത്തെ ചവുട്ടിമെതിക്കും.
3 ഞാന്‍ രണ്ടു സാക്ഷികളെ പ്രവചിക്കുവാന്‍ അധികാരപ്പെടുത്തും. അവര്‍ ചണവസ്ത്രം ധരിച്ച് ആയിരത്തി ഇരുന്നൂറ്റി അറുപതു ദിവസം പ്രവചിക്കും.”
4
ലോകനാഥന്‍റെ മുമ്പില്‍ നില്‌ക്കുന്ന രണ്ട് ഒലിവുമരങ്ങളും രണ്ടു നിലവിളക്കുകളുമാണ് പ്രസ്തുത സാക്ഷികള്‍.5 ആരെങ്കിലും ആ പ്രവാചകരെ ദ്രോഹിക്കുവാന്‍ ശ്രമിച്ചാല്‍ അവരുടെ വായില്‍നിന്ന് അഗ്നി പുറപ്പെട്ട് ശത്രുക്കളെ നശിപ്പിക്കും; അവരെ ദ്രോഹിക്കുന്നവര്‍ മരിക്കേണ്ടിവരും.
6 അവരുടെ പ്രവചനകാലത്ത് മഴപെയ്യാതെവണ്ണം ആകാശത്തിന്‍റെ കിളിവാതിലുകള്‍ അടച്ചുകളയുവാന്‍ അവര്‍ക്ക് അധികാരമുണ്ട്. സകല ജലാശയങ്ങളെയും രക്തമായി മാറ്റുവാനും സര്‍വ പകര്‍ച്ചവ്യാധികള്‍കൊണ്ടും ഭൂമിയെ യഥേഷ്ടം ദണ്ഡിപ്പിക്കുവാനുമുള്ള അധികാരവും അവര്‍ക്കുണ്ട്.
7
അവരുടെ ദൗത്യം നിറവേറ്റിക്കഴിയുമ്പോള്‍ പാതാളത്തില്‍നിന്നു കയറിവരുന്ന മൃഗം അവരോടു പടവെട്ടി അവരെ കീഴടക്കികൊന്നുകളയും.8 അവരുടെ കര്‍ത്താവ് ക്രൂശിക്കപ്പെട്ട മഹാനഗരത്തിന്‍റെ തെരുവീഥിയില്‍ അവരുടെ മൃതദേഹങ്ങള്‍ കിടക്കും. സോദോമിന്‍റെയും ഈജിപ്തിന്‍റെയും പ്രതീകമായിട്ടത്രേ ആ നഗരം അറിയപ്പെടുന്നത്.
9 സകല ജനതകളിലും ഗോത്രങ്ങളിലും ഭാഷക്കാരിലും ജാതികളിലും നിന്നുള്ളവര്‍ മൂന്നര ദിവസം അവരുടെ മൃതദേഹങ്ങളെ നോക്കിനില്‌ക്കും. അവയെ സംസ്കരിക്കുവാന്‍ അവര്‍ അനുവദിക്കുകയില്ല.
10 ഭൂമിയില്‍ നിവസിക്കുന്ന തങ്ങളെ ദണ്ഡിപ്പിച്ച ആ പ്രവാചകന്മാരുടെ മരണത്തില്‍ അവര്‍ സന്തോഷിക്കുകയും ആഹ്ലാദഭരിതരായി അന്യോന്യം സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യും.
11 മൂന്നര ദിവസം കഴിഞ്ഞ് ജീവന്‍ നല്‌കുന്ന ആത്മാവ് ദൈവത്തില്‍നിന്ന് അവരില്‍ പ്രവേശിച്ചു. അവര്‍ എഴുന്നേറ്റു നിന്നു. അവരെ കണ്ടവര്‍ അത്യന്തം ഭയപരവശരായി.
12 അപ്പോള്‍ സ്വര്‍ഗത്തില്‍നിന്ന് ഒരു മഹാശബ്ദം: “ഇവിടെ കയറിവരിക” എന്നു പറയുന്നതായി അവര്‍ കേട്ടു. തങ്ങളുടെ ശത്രുക്കള്‍ നോക്കിനില്‌ക്കെ അവര്‍ മേഘത്തിലൂടെ സ്വര്‍ഗാരോഹണം ചെയ്തു.
13 തല്‍ക്ഷണം ഒരു വലിയ ഭൂകമ്പമുണ്ടായി; പട്ടണത്തിന്‍റെ പത്തിലൊന്നു നിലംപരിചായി. ഏഴായിരംപേര്‍ കൊല്ലപ്പെട്ടു. ശേഷിച്ചവര്‍ ഭയാക്രാന്തരായിത്തീര്‍ന്നു. സ്വര്‍ഗത്തിന്‍റെ അധീശനായ ദൈവത്തിന്‍റെ മഹത്ത്വത്തെ അവര്‍ പുകഴ്ത്തി.
14
രണ്ടാമത്തെ ദുരിതം കഴിഞ്ഞു. ഇതാ മൂന്നാമത്തേതിന്‍റെ ആഗമനം ആസന്നമായിരിക്കുന്നു.15
അനന്തരം ഏഴാമത്തെ മാലാഖ കാഹളം ഊതി. അപ്പോള്‍ സ്വര്‍ഗത്തില്‍ ഒരു ശബ്ദഘോഷമുണ്ടായി: “ലോകരാജ്യം നമ്മുടെ സര്‍വേശ്വരന്‍റെയും അവിടുത്തെ ക്രിസ്തുവിന്‍റെയും രാജ്യമായിത്തീര്‍ന്നിരിക്കുന്നു; അവിടുന്ന് എന്നെന്നേക്കും വാണരുളും” എന്നായിരുന്നു ആ ശബ്ദഘോഷം.16 അപ്പോള്‍ ദൈവസന്നിധിയിലുള്ള സിംഹാസനങ്ങളില്‍ ഉപവിഷ്ടരായിരിക്കുന്ന ഇരുപത്തിനാലു ശ്രേഷ്ഠപുരുഷന്മാര്‍ ദൈവമുമ്പാകെ സാഷ്ടാംഗപ്രണാമം ചെയ്തുകൊണ്ട് ഇപ്രകാരം പറഞ്ഞു:
17
ഉണ്ടായിരുന്നവനും ഇപ്പോഴുള്ളവനും18
വിജാതീയര്‍ രോഷാകുലരായി;
അവിടുത്തെ കോപം വന്നണഞ്ഞിരിക്കുന്നു.
മരിച്ചവര്‍ വിധിക്കപ്പെടുന്നതിനുള്ള
സമയം സമാഗതമായി.
അന്ന് അവിടുത്തെ ദാസന്മാരായ
പ്രവാചകന്മാര്‍ക്കും വിശുദ്ധന്മാര്‍ക്കും
അങ്ങയുടെ നാമത്തെ ഭയപ്പെടുന്ന
ചെറിയവര്‍ക്കും വലിയവര്‍ക്കും
പ്രതിഫലം നല്‌കപ്പെടുകയും
ഭൂമിയെ നശിപ്പിക്കുന്നവര്‍
ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്യും.
19
പിന്നീട് സ്വര്‍ഗത്തില്‍ ദൈവത്തിന്‍റെ ആലയം തുറക്കപ്പെട്ടു. ദൈവത്തിന്‍റെ ഉടമ്പടിപ്പേടകം അവിടെ ദൃശ്യമായി. മിന്നല്‍പ്പിണരും ഉച്ചത്തിലുള്ള ശബ്ദവും ഇടിമുഴക്കവും ഉഗ്രമായ കന്മഴയും ഭൂകമ്പവും ഉണ്ടായി.1
അതാ സ്വര്‍ഗത്തില്‍ ഒരു അദ്ഭുതദൃശ്യം! സൂര്യനെ ഉടയാടയാക്കിയിരിക്കുന്ന ഒരു സ്‍ത്രീ! ചന്ദ്രന്‍ അവള്‍ക്കു പാദപീഠമായിരിക്കുന്നു. പന്ത്രണ്ടു നക്ഷത്രംകൊണ്ടു പ്രശോഭിക്കുന്ന കിരീടം അവളുടെ ശിരസ്സില്‍ അണിഞ്ഞിട്ടുണ്ട്. അവള്‍ ഗര്‍ഭിണിയാണ്.2 പ്രസവം അടുത്തതിനാല്‍ കഠിനവേദനകൊണ്ടു നിലവിളിക്കുന്നു.
3
സ്വര്‍ഗത്തില്‍ മറ്റൊരു അടയാളവും ദൃശ്യമായി. അതാ, അഗ്നിസമാനമായ ഒരു ഉഗ്രസര്‍പ്പം! അതിന് ഏഴു തലയും പത്തുകൊമ്പും ഉണ്ട്;4 ഓരോ തലയിലും ഓരോ കിരീടവും. അതിന്‍റെ വാല്‍ ആകാശത്തിലെ നക്ഷത്രങ്ങളില്‍ മൂന്നിലൊന്നിനെ തൂത്തുവാരി ഭൂമിയിലേക്ക് എറിഞ്ഞുകളഞ്ഞു. ആ സ്‍ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങുവാന്‍ അവളുടെ മുമ്പില്‍ ആ ഉഗ്രസര്‍പ്പം നിലയുറപ്പിച്ചു.
5 സകല മനുഷ്യജാതികളെയും ഇരുമ്പുചെങ്കോല്‍കൊണ്ടു ഭരിക്കുവാനുള്ള പുരുഷസന്താനത്തെ ആ സ്‍ത്രീ പ്രസവിച്ചു. എന്നാല്‍ ആ ശിശു ദൈവത്തിന്‍റെയും അവിടുത്തെ സിംഹാസനത്തിന്‍റെയും അടുക്കലേക്ക് ഉയര്‍ത്തപ്പെട്ടു.
6 ആ സ്‍ത്രീയാകട്ടെ വിജനസ്ഥലത്തേക്ക് ഓടിപ്പോയി. ആയിരത്തി ഇരുന്നൂറ്ററുപതു ദിവസം അവളെ പോറ്റുന്നതിന് ദൈവം ഒരു സ്ഥലം അവിടെ സജ്ജമാക്കിയിരുന്നു.
7
പിന്നീട് സ്വര്‍ഗത്തില്‍ യുദ്ധം ആരംഭിച്ചു. മീഖായേലും തന്‍റെ മാലാഖമാരുടെ ഗണവും ഉഗ്രസര്‍പ്പത്തോടു പടവെട്ടി.8 സര്‍പ്പവും അവന്‍റെ കിങ്കരന്മാരും തിരിച്ചടിച്ചു. പക്ഷേ, അവര്‍ പരാജിതരായി. പിന്നീടൊരിക്കലും അവര്‍ക്കു സ്വര്‍ഗത്തില്‍ സ്ഥലം ലഭിച്ചില്ല.
9 ആ മഹാസര്‍പ്പത്തെ ഭൂമിയിലേക്കു എറിഞ്ഞുകളഞ്ഞു. ആ പുരാതന സര്‍പ്പത്തെ പിശാചെന്നും സാത്താനെന്നും വിളിക്കുന്നു. ലോകത്തെ ആകമാനം വഞ്ചിക്കുന്നവനാണ് അവന്‍. അവനോടൊപ്പം അവന്‍റെ കിങ്കരന്മാരെയും ഭൂമിയിലേക്കു തള്ളിക്കളഞ്ഞു.
10
സ്വര്‍ഗത്തില്‍ ഒരു മഹാശബ്ദം ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു: “ഇപ്പോള്‍ നമ്മുടെ ദൈവത്തിന്‍റെ രക്ഷയും ശക്തിയും ആധിപത്യവും അവിടുത്തെ ക്രിസ്തുവിന്‍റെ അധികാരവും വന്നെത്തിയിരിക്കുന്നു. എന്തെന്നാല്‍ രാപകല്‍ നമ്മുടെ സഹോദരന്മാരെ ദൈവസമക്ഷം കുറ്റം ചുമത്തിക്കൊണ്ടിരുന്നവനെ തള്ളിക്കളഞ്ഞുവല്ലോ.11 അവരാകട്ടെ, കുഞ്ഞാടിന്‍റെ രക്തംകൊണ്ടും തങ്ങളുടെ സാക്ഷ്യവചനംകൊണ്ടും അവനെ ജയിച്ചു. തങ്ങളുടെ പ്രാണനെ അവര്‍ സ്നേഹിച്ചില്ല. മരിക്കുവാന്‍പോലും അവര്‍ സന്നദ്ധരായിരുന്നു.
12 അതുകൊണ്ട് സ്വര്‍ഗമേ, സ്വര്‍ഗവാസികളേ, നിങ്ങള്‍ ആനന്ദിക്കുക! ഭൂമിയേ, സമുദ്രമേ, നിങ്ങള്‍ക്ക് ഹാ കഷ്ടം! എന്തെന്നാല്‍ പിശാചു നിങ്ങളുടെ അടുക്കലേക്കു വന്നിരിക്കുന്നു. ചുരുങ്ങിയ സമയമേ അവശേഷിച്ചിട്ടുള്ളൂ എന്ന് അവനറിയാവുന്നതുകൊണ്ട് അവന്‍ ഉഗ്രകോപം പൂണ്ടിരിക്കുന്നു.
13
താന്‍ ഭൂമിയിലേക്കു തള്ളപ്പെട്ടു എന്നു സര്‍പ്പം മനസ്സിലാക്കിയപ്പോള്‍ പുരുഷസന്താനത്തെ പ്രസവിച്ച ആ സ്‍ത്രീയെ പീഡിപ്പിക്കുവാന്‍ ഭാവിച്ചു.14 എന്നാല്‍ അതിന്‍റെ പിടിയില്‍പ്പെടാതെ വിജനസ്ഥലത്തേക്കു പറന്നുപോകുവാന്‍ വന്‍കഴുകന്‍റെ രണ്ടുചിറകുകള്‍ ആ സ്‍ത്രീക്കു നല്‌കപ്പെട്ടു. അവിടെ മൂന്നര വര്‍ഷക്കാലം സര്‍പ്പത്തിന്‍റെ കൈയില്‍ അകപ്പെടാതെ അവള്‍ സംരക്ഷിക്കപ്പെടേണ്ടിയിരുന്നു.
15 ആ സ്‍ത്രീയെ ഒഴുക്കിക്കളയുന്നതിന് നദിപോലെയുള്ള ഒരു ജലപ്രവാഹം സര്‍പ്പം തന്‍റെ വായില്‍നിന്നു പുറപ്പെടുവിച്ചു.
16 എന്നാല്‍ ഭൂമി സ്‍ത്രീയുടെ തുണയ്‍ക്കെത്തി. സര്‍പ്പം പുറപ്പെടുവിച്ച നദിയെ ഭൂമി വായ് തുറന്നു വിഴുങ്ങിക്കളഞ്ഞു.
17 അപ്പോള്‍ സ്‍ത്രീയുടെനേരെ സര്‍പ്പത്തിന് ഉഗ്രരോഷം ഉണ്ടായി. ദൈവത്തിന്‍റെ കല്പനകള്‍ അനുസരിക്കുകയും യേശുവിന്‍റെ സാക്ഷികളായി ജീവിക്കുകയും ചെയ്യുന്നവരുമായി ആ സ്‍ത്രീയുടെ സന്താനങ്ങളില്‍ ശേഷിച്ചിട്ടുള്ളവരോടു യുദ്ധം ചെയ്യുവാന്‍ സര്‍പ്പം പുറപ്പെട്ടു.
18 കടല്‍ത്തീരത്ത് അവന്‍ നിലയുറപ്പിച്ചു.
1
പിന്നീട് സമുദ്രത്തില്‍നിന്ന് ഒരു മൃഗം കയറി വരുന്നതായി ഞാന്‍ കണ്ടു. അതിനു പത്തു കൊമ്പും ഏഴു തലയും കൊമ്പുകളില്‍ പത്തു രാജകീയ കിരീടവും ഓരോ തലയിലും ദൈവനിന്ദാസൂചകമായ ഓരോ നാമവും ഉണ്ടായിരുന്നു.2 ഞാന്‍ കണ്ട ആ മൃഗം പുള്ളിപ്പുലിയെപ്പോലെ ആയിരുന്നെങ്കിലും അതിന്‍റെ കാല് കരടിയുടേതുപോലെയും വായ് സിംഹത്തിന്‍റേതുപോലെയും ആയിരുന്നു. ഉഗ്രസര്‍പ്പം തന്‍റെ അധികാരവും ശക്തിയും സിംഹാസനവും അതിനു നല്‌കി.
3 അതിന്‍റെ ഒരു തലയില്‍ മാരകമായ മുറിവേറ്റിരുന്നതുപോലെ കാണപ്പെട്ടു; എങ്കിലും ആ മുറിവു പൊറുത്തിരുന്നു; സമസ്തലോകവും ആ മൃഗത്തെക്കുറിച്ചു വിസ്മയിച്ചു.
4 തന്‍റെ അധികാരം മൃഗത്തിനു നല്‌കിയതുകൊണ്ട് ഉഗ്രസര്‍പ്പത്തെ മനുഷ്യര്‍ നമസ്കരിച്ചു. “ഈ മൃഗത്തോടു സമന്‍ ആരുണ്ട്? ഇതിനോടു പോരാടുവാന്‍ ആര്‍ക്കു കഴിയും?” എന്നു പറഞ്ഞുകൊണ്ട് മനുഷ്യര്‍ അതിനെയും നമസ്കരിച്ചു.
5
ഡംഭും ദൈവദൂഷണവും നിറഞ്ഞ വാക്കുകള്‍ സംസാരിക്കുന്ന ഒരു വായും അതിനു നല്‌കപ്പെട്ടു. നാല്പത്തിരണ്ടു മാസം അധികാരം നടത്തുവാന്‍ അതിന് അനുവാദവും നല്‌കപ്പെട്ടു.6 ദൈവത്തെ ദുഷിക്കുവാന്‍ അതു വായ് തുറന്നു. ദൈവനാമത്തെയും അവിടുത്തെ വാസസ്ഥലത്തെയും സ്വര്‍ഗവാസികളെയും അതു ദുഷിച്ചു.
7 വിശുദ്ധന്മാരോടു യുദ്ധംചെയ്തു ജയിക്കുവാനും അതിന് അധികാരം നല്‌കപ്പെട്ടു. സകല ഗോത്രക്കാരുടെയും വംശക്കാരുടെയും ഭാഷക്കാരുടെയും ജാതികളുടെയും മേലുള്ള അധികാരം അതിനു ലഭിക്കുകയും ചെയ്തു.
8 ബലി അര്‍പ്പിക്കപ്പെട്ട കുഞ്ഞാടിന്‍റെ ജീവഗ്രന്ഥത്തില്‍ ലോകസ്ഥാപനത്തിനു മുമ്പ് പേരെഴുതപ്പെട്ടിട്ടില്ലാത്ത സകല ഭൂവാസികളും അതിനെ വന്ദിക്കും. ചെവിയുള്ളവന്‍ ഇതു കേള്‍ക്കട്ടെ.
9 [9,10] തടവില്‍ ആക്കപ്പെടേണ്ടവന്‍ തടവിലേക്കു പോകുന്നു. വാളുകൊണ്ടു സംഹരിക്കുന്നവന്‍ വാളിന് ഇരയാകേണ്ടിവരും. ഇവിടെയാണു വിശുദ്ധന്മാരുടെ സഹിഷ്ണുതയും വിശ്വാസവും പ്രകടമാകുന്നത്.
10
11
ഭൂമിയില്‍നിന്നു കയറിവന്ന മറ്റൊരു മൃഗത്തെ ഞാന്‍ പിന്നീടു കണ്ടു. അതിനു കുഞ്ഞാടിനുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു. അത് ഉഗ്രസര്‍പ്പത്തെപ്പോലെ സംസാരിച്ചു.12 അത് ആദ്യത്തെ മൃഗത്തിന്‍റെ മുമ്പില്‍ അതിന്‍റെ എല്ലാ അധികാരവും നടത്തി; മാരകമായ മുറിവു സുഖപ്പെട്ട ആദ്യമൃഗത്തെ നമസ്കരിക്കുവാന്‍ ഭൂമിയെയും അതില്‍ നിവസിക്കുന്നവരെയും നിര്‍ബന്ധിക്കുകയും ചെയ്തു.
13 മനുഷ്യര്‍ കാൺകെ അത് ആകാശത്തുനിന്നു ഭൂമിയിലേക്ക് അഗ്നി വര്‍ഷിക്കുന്നതുവരെയുള്ള വലിയ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
14 ആദ്യത്തെ മൃഗത്തിന്‍റെ മുമ്പില്‍വച്ച് ചെയ്യുവാന്‍ അനുവദിച്ച അദ്ഭുതങ്ങള്‍ കാണിച്ച് രണ്ടാമത്തെ മൃഗം ഭൂമിയില്‍ നിവസിക്കുന്ന മനുഷ്യരെ വഴിതെറ്റിക്കുകയും വാളുകൊണ്ടുള്ള വെട്ടേറ്റിട്ടും അതിനെ അതിജീവിച്ചവന്‍റെ വിഗ്രഹം ഉണ്ടാക്കുവാന്‍ ഭൂവാസികളോട് ആവശ്യപ്പെടുകയും ചെയ്തു.
15 വിഗ്രഹത്തിനു ജീവശ്വാസം കൊടുക്കുവാനുള്ള കഴിവ് രണ്ടാമത്തെ മൃഗത്തിനു നല്‌കപ്പെട്ടു. അങ്ങനെ, സംസാരിക്കുവാനും അതിനെ ആരാധിക്കാത്തവരെ വധിക്കുവാനും ആ വിഗ്രഹത്തിനു സാധിച്ചു.
16 ചെറിയവരെന്നോ വലിയവരെന്നോ സമ്പന്നരെന്നോ ദരിദ്രരെന്നോ സ്വതന്ത്രരെന്നോ അടിമകളെന്നോ ഉള്ള ഭേദം കൂടാതെ സകലരെയും വലംകൈയിലോ നെറ്റിയിലോ മുദ്രകുത്താന്‍ മൃഗം നിര്‍ബന്ധിക്കുന്നു.
17 മൃഗത്തിന്‍റെ പേരോ, പേരിനു പകരമുള്ള സംഖ്യയോ ആയിരിക്കും മുദ്രണം ചെയ്യുന്നത്. ഈ മുദ്രകൂടാതെ വാങ്ങുകയോ വില്‌ക്കുകയോ ചെയ്യുവാന്‍ സാധ്യമല്ല.
18
ഇവിടെയാണ് ജ്ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്ധിയുള്ളവന്‍ മൃഗത്തിന്‍റെ സംഖ്യയുടെ അര്‍ഥം കണ്ടുപിടിക്കട്ടെ. എന്തുകൊണ്ടെന്നാല്‍ ആ സംഖ്യ ഒരു മനുഷ്യന്‍റെ പേരിനെ കുറിക്കുന്നു. ആ സംഖ്യ അറുനൂറ്റിഅറുപത്തിയാറ്.1
പിന്നീട് സിയോന്‍മലയില്‍ കുഞ്ഞാടും നെറ്റിയില്‍ അവന്‍റെ നാമവും അവന്‍റെ പിതാവിന്‍റെ നാമവും എഴുതപ്പെട്ടിട്ടുള്ള നൂറ്റിനാല്പത്തിനാലായിരം പേരും നില്‌ക്കുന്നതു ഞാന്‍ കണ്ടു.2 വെള്ളച്ചാട്ടത്തിന്‍റെ ഗര്‍ജനംപോലെയും ഗംഭീരമായ ഇടിമുഴക്കംപോലെയും സ്വര്‍ഗത്തില്‍നിന്ന് ഒരു ശബ്ദം ഞാന്‍ കേട്ടു. ഞാന്‍ കേട്ടത് വൈണികരുടെ വീണകളില്‍നിന്നു പുറപ്പെടുന്ന ശബ്ദംപോലെ ആയിരുന്നു.
3 അവര്‍ സിംഹാസനത്തിന്‍റെയും നാലു ജീവികളുടെയും ശ്രേഷ്ഠപുരുഷന്മാരുടെയും മുമ്പില്‍ ഒരു പുതിയ ഗാനം ആലപിച്ചു. ഭൂമിയില്‍നിന്നു വീണ്ടെടുക്കപ്പെട്ട നൂറ്റിനാല്പത്തിനാലായിരം പേര്‍ക്കല്ലാതെ ആ ഗാനം പഠിക്കുവാന്‍ കഴിഞ്ഞില്ല.
4 സ്‍ത്രീകളോടു ബന്ധം പുലര്‍ത്താത്ത ജിതേന്ദ്രിയരാണവര്‍. കുഞ്ഞാട് എവിടെ പോയാലും അവര്‍ കുഞ്ഞാടിനെ അനുഗമിക്കുന്നു. മനുഷ്യവര്‍ഗത്തില്‍നിന്ന് അവര്‍ വീണ്ടെടുക്കപ്പെട്ടിരിക്കുന്നു. അവര്‍ ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും ആദ്യഫലം അത്രേ.
5 അവരുടെ വായില്‍നിന്ന് അസത്യവാക്കു പുറപ്പെട്ടിരുന്നില്ല. അവര്‍ നിഷ്കളങ്കരാണ്.
6
പിന്നീട് മറ്റൊരു മാലാഖ ആകാശമധ്യത്തില്‍ പറക്കുന്നതായി ഞാന്‍ ദര്‍ശിച്ചു. എല്ലാ വര്‍ഗക്കാരും എല്ലാ ഗോത്രക്കാരും എല്ലാ ഭാഷക്കാരും സര്‍വ ദേശക്കാരും ആയ സമസ്ത ഭൂവാസികളോടും വിളംബരം ചെയ്യാനുള്ള നിത്യസുവിശേഷം ആ മാലാഖയുടെ പക്കല്‍ ഉണ്ടായിരുന്നു.7 “വിധിയുടെ നാഴിക വന്നുകഴിഞ്ഞിരിക്കുന്നു. ദൈവത്തെ ഭയപ്പെടുകയും ദൈവത്തിന്‍റെ മഹത്ത്വത്തെ പ്രകീര്‍ത്തിക്കുകയും ചെയ്യുക; ആകാശവും ഭൂമിയും സമുദ്രവും നീരുറവുകളും സൃഷ്‍ടിച്ചവനെ നമസ്കരിക്കുക” എന്ന് ആ മാലാഖ ഉച്ചസ്വരത്തില്‍ പറഞ്ഞു.
8
രണ്ടാമത് മറ്റൊരു മാലാഖ പിന്നാലെ വന്നു. “വീണുപോയി! എല്ലാ ജനതകളെയും ദുര്‍വൃത്തിയുടെ മാദകലഹരിയുള്ള വീഞ്ഞു കുടിപ്പിച്ചു മഹാബാബിലോണ്‍ വീണുപോയി!” എന്ന് ആ മാലാഖ പറഞ്ഞു.9
[9,10] മൂന്നാമതു വേറൊരു മാലാഖ അവരുടെ പിന്നാലെ വന്ന് അത്യുച്ചസ്വരത്തില്‍ പറഞ്ഞു: “മൃഗത്തെയോ അതിന്‍റെ പ്രതിമയെയോ വന്ദിക്കുകയും, നെറ്റിയിലോ കൈയിലോ മുദ്രകുത്തപ്പെടുകയും ചെയ്യുന്നവന്‍ ദൈവത്തിന്‍റെ ഉഗ്രകോപമാകുന്ന വീഞ്ഞു കുടിക്കേണ്ടിവരും. വീര്യം കുറയ്‍ക്കാത്ത ആ വീഞ്ഞ് ദൈവത്തിന്‍റെ കോപമാകുന്ന പാനപാത്രത്തില്‍ പകര്‍ന്നിരിക്കുന്നു. വിശുദ്ധമാലാഖമാരുടെയും കുഞ്ഞാടിന്‍റെയും മുമ്പാകെ അവര്‍ ഗന്ധകാഗ്നിയില്‍ ദണ്ഡിപ്പിക്കപ്പെടും.10
11 അവരെ പീഡിപ്പിക്കുന്ന അഗ്നിയുടെ പുക എന്നേക്കും ഉയരുന്നു; മൃഗത്തെയും അതിന്‍റെ പ്രതിമയെയും ആരാധിക്കുന്നവര്‍ക്കും അതിന്‍റെ നാമമുദ്ര സ്വീകരിക്കുന്നവര്‍ക്കും രാവും പകലും ഒരു സ്വസ്ഥതയും ഉണ്ടാവുകയില്ല.
12
യേശുവിലുള്ള വിശ്വാസവും ദൈവകല്പനകളും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണുത ഇവിടെയാണു പ്രകടമാകുന്നത്.13
പിന്നീട് സ്വര്‍ഗത്തില്‍നിന്ന് ഒരു ശബ്ദം ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു: “എഴുതിക്കൊള്ളുക; ഇന്നുമുതല്‍ കര്‍ത്താവിനോടു വിശ്വസ്തരായിരുന്നു മൃതിയടയുന്നവര്‍ അനുഗൃഹീതര്‍!” “അതെ, നിശ്ചയമായും തങ്ങളുടെ അധ്വാനങ്ങളില്‍നിന്നു വിരമിച്ച് അവര്‍ വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തികള്‍ അവരെ പിന്തുടരുന്നു” എന്ന് ആത്മാവു പറയുന്നു.14
അതിനുശേഷം അതാ ഒരു വെണ്‍മേഘം! മേഘത്തിന്മേല്‍ മനുഷ്യപുത്രനു സദൃശനായ ഒരുവന്‍ തലയില്‍ പൊന്‍കിരീടവും കൈയില്‍ മൂര്‍ച്ചയുള്ള അരിവാളുമായി ഇരിക്കുന്നു.15 പിന്നീട് മറ്റൊരു മാലാഖ ദേവാലയത്തില്‍നിന്നു പുറത്തുവന്ന് മേഘാരൂഢനായിരിക്കുന്ന ആളിനോട് ഉച്ചത്തില്‍ പറഞ്ഞു: “കൊയ്ത്തിനു സമയമായിരിക്കുന്നു; നിന്‍റെ അരിവാളെടുത്തു കൊയ്യുക; ഭൂമി കൊയ്ത്തിനു വിളഞ്ഞു പാകമായിരിക്കുന്നു.”
16 അപ്പോള്‍ മേഘത്തിന്മേല്‍ ഇരുന്നയാള്‍ അരിവാള്‍ ഭൂമിയിലേക്കെറിഞ്ഞു. ഭൂമിയിലെ കൊയ്ത്തു നടക്കുകയും ചെയ്തു.
17
അനന്തരം വേറൊരു മാലാഖ സ്വര്‍ഗത്തിലെ ദേവാലയത്തില്‍നിന്ന് ഇറങ്ങിവന്നു. ആ ദൂതന്‍റെ കൈയിലും ഉണ്ട് മൂര്‍ച്ചയുള്ള ഒരു അരിവാള്‍.18
അഗ്നിയുടെമേല്‍ അധികാരമുള്ള ഒരു മാലാഖ ബലിപീഠത്തില്‍നിന്നു പുറത്തുവന്ന് മൂര്‍ച്ചയുള്ള അരിവാള്‍ കൈയിലുള്ളവനോട്, “ഭൂമിയിലെ മുന്തിരിയുടെ ഫലങ്ങള്‍ പാകമായിരിക്കുന്നു. അരിവാള്‍ എറിഞ്ഞ് മുന്തിരിവള്ളിയില്‍നിന്ന് കുലകള്‍ അറുത്തെടുക്കുക” എന്ന് ഉച്ചത്തില്‍ പറഞ്ഞു.19 ആ മാലാഖ അരിവാള്‍ ഭൂമിയിലേക്ക് എറിഞ്ഞു; മുന്തിരിവള്ളിയില്‍നിന്ന് കുലകള്‍ അറുത്തെടുത്ത് നഗരത്തിനു പുറത്തുള്ള ചക്കില്‍ ഇട്ടു ഞെക്കിപ്പിഴിഞ്ഞു.
20 ദൈവത്തിന്‍റെ ഉഗ്രരോഷമാകുന്ന ആ മുന്തിരിച്ചക്കില്‍നിന്ന് രക്തം കുതിരയുടെ കടിഞ്ഞാണോളം ഉയരത്തില്‍ മുന്നൂറു കിലോമീറ്റര്‍ ദൂരം ഒഴുകി.
1
അദ്ഭുതകരമായ മറ്റൊരു വലിയ അടയാളം ഞാന്‍ സ്വര്‍ഗത്തില്‍ ദര്‍ശിച്ചു. അവസാനത്തെ ഏഴു മഹാമാരികളോടുകൂടിയ ഏഴു മാലാഖമാര്‍ പ്രത്യക്ഷരായി. ഇതോടുകൂടി ദൈവത്തിന്‍റെ രോഷം സമാപിച്ചു.2
അഗ്നിമയമായ സ്ഫടികസമുദ്രംപോലെ ഒന്നു ഞാന്‍ കണ്ടു. മൃഗത്തോടും, അതിന്‍റെ പ്രതിമയോടും, ആ പേരിന്‍റെ സംഖ്യയോടും പൊരുതി ജയിച്ചവര്‍ വീണകള്‍ കൈയിലെടുത്ത് സ്ഫടികക്കടലിനു സമീപം നില്‌ക്കുന്നതും ഞാന്‍ ദര്‍ശിച്ചു.3 അവര്‍ ദൈവത്തിന്‍റെ ദാസനായ മോശയുടെ ഗാനവും കുഞ്ഞാടിന്‍റെ ഗാനവും ആലപിച്ചു. അത് ഇപ്രകാരം ആയിരുന്നു:
“സര്‍വശക്തനും ദൈവവുമായ സര്‍വേശ്വരാ, അവിടുത്തെ പ്രവൃത്തികള്‍ മഹത്തും അദ്ഭുതകരവുമാകുന്നു. സര്‍വ ജനതകളുടെയും രാജാവേ, അവിടുത്തെ വഴികള്‍ നീതിയും സത്യവുമുള്ളവയാകുന്നു.4
സര്‍വേശ്വരാ, ആര്‍ അങ്ങയെ ഭയപ്പെടാതിരിക്കും? ആര്‍ അങ്ങയുടെ നാമത്തെ പ്രകീര്‍ത്തിക്കാതിരിക്കും? അങ്ങു മാത്രമാണല്ലോ പരിശുദ്ധന്‍. അവിടുത്തെ ന്യായവിധികള്‍ വെളിപ്പെട്ടിരിക്കുന്നതിനാല്‍ സകല ജനതകളും വന്ന് അങ്ങയെ വന്ദിക്കും.”5
അതിനുശേഷം സ്വര്‍ഗത്തിലെ സാക്ഷ്യകൂടാരം തുറന്നിരിക്കുന്നതു ഞാന്‍ കണ്ടു.6 ആ ഏഴു മാലാഖമാര്‍ ഏഴു മഹാമാരികളോടുകൂടി ദേവാലയത്തില്‍നിന്നു പുറത്തുവന്നു. അവര്‍ ശുദ്ധവും ശുഭ്രവുമായ വിശിഷ്ടവസ്ത്രം ധരിച്ചിരുന്നു; മാറില്‍ പൊന്‍കച്ചയും.
7 അപ്പോള്‍ നാലു ജീവികളില്‍ ഒന്ന് എന്നെന്നേക്കും ജീവിക്കുന്ന ദൈവത്തിന്‍റെ ഉഗ്രരോഷം നിറഞ്ഞ ഏഴു പൊന്‍കലശം ആ ഏഴു മാലാഖമാര്‍ക്കു നല്‌കി.
8 ദൈവത്തിന്‍റെ തേജസ്സില്‍നിന്നും ശക്തിയില്‍നിന്നും ഉയര്‍ന്ന ധൂമംകൊണ്ട് ദേവാലയം നിറഞ്ഞു. ഏഴു മാലാഖമാരുടെ ഏഴു മഹാമാരികളും അവസാനിക്കുന്നതുവരെ ആര്‍ക്കും ദേവാലയത്തില്‍ പ്രവേശിക്കുവാന്‍ കഴിഞ്ഞില്ല.
1
“നിങ്ങള്‍ പോയി ദൈവത്തിന്‍റെ ഉഗ്രരോഷം നിറച്ച ഏഴു കലശങ്ങള്‍ ഭൂമിയിലേക്ക് ഒഴിക്കുക” എന്ന് ആ ഏഴു മാലാഖമാരോട് ഉച്ചത്തില്‍ പറയുന്ന ഒരു ശബ്ദം ദേവാലയത്തില്‍നിന്ന് ഞാന്‍ പിന്നീടു കേട്ടു.2
ഒന്നാമത്തെ മാലാഖ പോയി തന്‍റെ കലശം ഭൂമിയില്‍ ഒഴിച്ചു. അപ്പോള്‍ മൃഗത്തിന്‍റെ മുദ്രയുള്ളവരും അതിന്‍റെ പ്രതിമയെ ആരാധിക്കുന്നവരുമായ മനുഷ്യര്‍ക്ക് കഠിന വേദന ഉളവാക്കുന്ന വല്ലാത്ത വ്രണങ്ങളുണ്ടായി.3
രണ്ടാമത്തെ മാലാഖ തന്‍റെ കലശം സമുദ്രത്തില്‍ പകര്‍ന്നു. അത് മരിച്ച മനുഷ്യന്‍റെ രക്തംപോലെ ആയിത്തീര്‍ന്നു. സമുദ്രത്തിലുള്ള സകല ജീവികളും ചത്തുപോയി.4
മൂന്നാമത്തെ മാലാഖ നദികളിലും നീരുറവുകളിലുമാണ് തന്‍റെ കലശം ഒഴിച്ചത്. അവയും രക്തമായിത്തീര്‍ന്നു.5 അപ്പോള്‍ ജലത്തിന്‍റെ അധിപനായ മാലാഖ ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു: “ഉണ്ടായിരുന്നവനും, ഇപ്പോഴും ഉള്ളവനും, പരിശുദ്ധനുമായ അങ്ങ് അവിടുത്തെ ന്യായവിധികളില്‍ നീതിമാനാകുന്നു.
6 മനുഷ്യര്‍ വിശുദ്ധന്മാരുടെയും പ്രവാചകന്മാരുടെയും രക്തം ചിന്തിയതിനാല്‍ അങ്ങ് അവരെ രക്തം കുടിപ്പിച്ചു. അതാണ് അവര്‍ അര്‍ഹിക്കുന്നത്.”
7 ബലിപീഠവും ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു: “അതേ, സര്‍വശക്തനും ദൈവവുമായ സര്‍വേശ്വരാ, അങ്ങയുടെ ന്യായവിധികള്‍ സത്യവും നീതിയുമുള്ളവ തന്നെ.”
8
നാലാമത്തെ മാലാഖ തന്‍റെ കലശം സൂര്യനില്‍ ഒഴിച്ചു. മനുഷ്യനെ അഗ്നികൊണ്ട് ചുട്ടുകരിക്കുവാന്‍ അതിന് അധികാരം നല്‌കപ്പെട്ടു.9 അത്യുഗ്രമായ ചൂടുകൊണ്ട് മനുഷ്യന്‍ പൊരിഞ്ഞുപോയി. എന്നിട്ടും ഈ മഹാമാരികളുടെമേല്‍ അധികാരമുള്ള ദൈവത്തിന്‍റെ നാമത്തെ അവര്‍ ശപിച്ചു; അവര്‍ പശ്ചാത്തപിക്കുകയോ, ദൈവത്തിനു മഹത്ത്വം നല്‌കുകയോ ചെയ്തില്ല.
10
അഞ്ചാമത്തെ മാലാഖ മൃഗത്തിന്‍റെ സിംഹാസനത്തിന്മേല്‍ കലശം പകര്‍ന്നു. ഉടനെ അവന്‍റെ രാജ്യം അന്ധകാരത്തില്‍ ആണ്ടുപോയി.11 മനുഷ്യര്‍ കഠിനമായ വേദനകൊണ്ട് നാവു കടിച്ചു. തങ്ങളുടെ വേദനയും വ്രണവും നിമിത്തം സ്വര്‍ഗത്തിലെ ദൈവത്തെ ശപിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് അനുതപിച്ചില്ല.
12
പിന്നീട് ആറാമത്തെ മാലാഖ യൂഫ്രട്ടീസ് എന്ന മഹാനദിയില്‍ തന്‍റെ കലശം ഒഴിച്ചു. ഉടനെ അതിലെ ജലം വറ്റിപ്പോയി. അങ്ങനെ കിഴക്കുനിന്നു വരുന്ന രാജാക്കന്മാര്‍ക്കു വഴി ഒരുക്കപ്പെട്ടു.13 ഉഗ്രസര്‍പ്പത്തിന്‍റെ വായില്‍നിന്നും, മൃഗത്തിന്‍റെ വായില്‍നിന്നും, വ്യാജപ്രവാചകന്‍റെ വായില്‍നിന്നും തവളയെപ്പോലെയുള്ള മൂന്ന് അശുദ്ധാത്മാക്കള്‍ പുറപ്പെടുന്നതു ഞാന്‍ കണ്ടു.
14 അദ്ഭുതപ്രവൃത്തികള്‍ ചെയ്യുന്ന പൈശാചികാത്മാക്കളാണ് അവര്‍. സര്‍വശക്തനായ ദൈവത്തിന്‍റെ മഹാദിവസത്തിലെ യുദ്ധത്തിനുവേണ്ടി ലോകത്തെങ്ങുമുള്ള രാജാക്കന്മാരെ ഒരുമിച്ചു കൂട്ടുന്നതിനായി അവര്‍ അവരുടെ അടുക്കലേക്കു പോകുന്നു.
15
“ഇതാ ഞാന്‍ കള്ളനെപ്പോലെ വരുന്നു! ഉണര്‍ന്നിരുന്നു തന്‍റെ വസ്ത്രം ശരിയായി സൂക്ഷിക്കുന്നവന്‍ അനുഗൃഹീതന്‍! അങ്ങനെ ചെയ്യുന്നവന് നഗ്നനായി നടക്കുവാനും മറ്റുള്ളവരുടെ മുമ്പില്‍ ലജ്ജിതനാകുവാനും ഇടയാകുന്നില്ല.”16
ആ ആത്മാക്കള്‍ അവരെ എബ്രായ ഭാഷയില്‍ ‘ഹര്‍മ്മഗെദ്ദോന്‍’ എന്നു പേരുള്ള സ്ഥലത്ത് ഒരുമിച്ചു കൂട്ടി.17
ഏഴാമത്തെ മാലാഖ കലശം ആകാശത്ത് ഒഴിച്ചപ്പോള്‍ “എല്ലാം പൂര്‍ത്തിയായി” എന്നൊരു മഹാശബ്ദം ദേവാലയത്തിലെ സിംഹാസനത്തില്‍നിന്നു പുറപ്പെട്ടു.18 മിന്നലും വലിയ ഇരമ്പലും ഇടിമുഴക്കവും മഹാഭൂകമ്പവും ഉണ്ടായി. ഭൂമിയില്‍ മനുഷ്യന്‍ ആവിര്‍ഭവിച്ച നാള്‍മുതല്‍ ഇത്ര വലിയ ഒരു ഭൂകമ്പം ഒരിക്കലും ഉണ്ടായിട്ടില്ല.
19 മഹാനഗരം മൂന്നായി പിളര്‍ന്നു. വിജാതീയരുടെ പട്ടണങ്ങളും വീണുപോയി. ദൈവം മഹാബാബിലോണിനെ ഓര്‍ത്തു; തന്‍റെ ഉഗ്രരോഷം നിറച്ച പാനപാത്രം അവള്‍ക്കു കുടിക്കുവാന്‍ കൊടുക്കുകയും ചെയ്തു. സകല ദ്വീപുകളും ഓടിമറഞ്ഞു.
20 എല്ലാ പര്‍വതങ്ങളും അപ്രത്യക്ഷമായി.
21 അമ്പതു കിലോഗ്രാമിനോളം ഘനമുള്ള കല്ലുകള്‍ ആകാശത്തുനിന്നു മനുഷ്യരുടെമേല്‍ വര്‍ഷിക്കപ്പെട്ടു. കന്മഴയുടെ ബാധ അത്യന്തം ഭീകരമായിരുന്നതുകൊണ്ട് മനുഷ്യര്‍ ദൈവത്തെ ശപിച്ചു.
1
അതിനുശേഷം കലശങ്ങള്‍ കൈയിലുള്ള ഏഴു മാലാഖമാരില്‍ ഒരാള്‍ വന്ന് എന്നോട് ഇപ്രകാരം പറഞ്ഞു: “വരിക, പെരുവെള്ളത്തിന്മേലിരിക്കുന്ന മഹാവേശ്യയുടെമേലുള്ള ന്യായവിധി ഞാന്‍ നിനക്കു കാണിച്ചുതരാം.2 ഭൂമിയിലെ രാജാക്കന്മാര്‍ അവളോടൊത്തു വ്യഭിചാരം ചെയ്തു. തന്‍റെ വേശ്യാവൃത്തിയുടെ വീഞ്ഞുകുടിച്ച് അവള്‍ ഭൂവാസികളെ മത്തുപിടിപ്പിച്ചു.”
3
ആ മാലാഖ ആത്മാവില്‍ എന്നെ വിജനസ്ഥലത്തേക്കു കൊണ്ടുപോയി. അവിടെ ദൈവദൂഷണപരമായ നാമങ്ങള്‍ നിറഞ്ഞ കടുംചെമപ്പുനിറമുള്ള ഒരു മൃഗത്തിന്മേല്‍ ഒരു സ്‍ത്രീ ഇരിക്കുന്നതു കണ്ടു. ആ മൃഗത്തിന് ഏഴു തലയും പത്തു കൊമ്പും ഉണ്ടായിരുന്നു.4 ധൂമ്രവര്‍ണവും കടുംചെമപ്പു നിറവുമുള്ള വസ്ത്രമാണ് അവള്‍ ധരിച്ചിരുന്നത്. പൊന്നും രത്നങ്ങളും മുത്തും അവള്‍ അണിഞ്ഞിരുന്നു. വേശ്യാവൃത്തിയുടെ അശുദ്ധിയും മ്ലേച്ഛതയും നിറഞ്ഞ സ്വര്‍ണപാനപാത്രവും അവളുടെ കൈയിലുണ്ടായിരുന്നു.
5 അവളുടെ നെറ്റിത്തടത്തില്‍ “മഹാബാബിലോണ്‍-വേശ്യകളുടെയും ഭൂമിയിലെ മ്ലേച്ഛതകളുടെയും മാതാവ്” എന്ന നിഗൂഢനാമം ആലേഖനം ചെയ്തിരുന്നു.
6 വിശുദ്ധന്മാരുടെ രക്തവും യേശുവിന്‍റെ സാക്ഷികളുടെ രക്തവും പാനംചെയ്ത് അവള്‍ ലഹരി പിടിച്ചിരിക്കുന്നതായി ഞാന്‍ കണ്ടു.
അവളെ കണ്ടപ്പോള്‍ ഞാന്‍ അത്യധികം അദ്ഭുതപ്പെട്ടു.7 എന്നാല്‍ ആ മാലാഖ എന്നോടു പറഞ്ഞു: “എന്തിനാണ് നീ അദ്ഭുതപ്പെടുന്നത്? ആ സ്‍ത്രീയെയും, അവള്‍ വഹിക്കുന്ന ഏഴു തലയും പത്തു കൊമ്പുമുള്ള മൃഗത്തെയും സംബന്ധിച്ചുള്ള നിഗൂഢസത്യം ഞാന്‍ പറഞ്ഞുതരാം.
8 നീ കണ്ട മൃഗമാകട്ടെ, ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതും ഇനി പാതാളത്തില്‍നിന്നു കയറിവരാനിരിക്കുന്നതും വിനാശത്തിലേക്കു നീങ്ങുന്നതുമാകുന്നു. ലോകസ്ഥാപനംമുതല്‍ ജീവന്‍റെ പുസ്തകത്തില്‍ പേരെഴുതപ്പെട്ടിട്ടില്ലാത്ത ഭൂനിവാസികള്‍, ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതും വരുവാനിരിക്കുന്നതുമായ ആ മൃഗത്തെ കണ്ടു വിസ്മയഭരിതരാകും.
9
“ഇവിടെയാണ് ജ്ഞാനസമന്വിതമായ ബുദ്ധിയുടെ ആവശ്യം. ആ സ്‍ത്രീ ഇരിക്കുന്ന ഏഴു മലകളാണ് ഏഴു തലകള്‍. മാത്രമല്ല, അവ ഏഴു രാജാക്കന്മാരുമാകുന്നു.10 അവരില്‍ അഞ്ചുപേര്‍ വീണുപോയി. ഒരാള്‍ ഇപ്പോള്‍ ഉണ്ട്. അപരന്‍ ഇനി വരുവാനിരിക്കുന്നതേയുള്ളൂ. അയാള്‍ വന്ന് അല്പകാലം ഇരിക്കേണ്ടതാകുന്നു.
11 ഉണ്ടായിരുന്നവനും ഇപ്പോള്‍ ഇല്ലാത്തവനുമായ മൃഗം എട്ടാമത്തെ ആളാണ്, എങ്കിലും ആ ഏഴു പേരിലുള്‍പ്പെടുന്നു. അവന്‍ നാശത്തിലേക്കു പോകുന്നു.
12
“നീ കണ്ട പത്തുകൊമ്പ് പത്തു രാജാക്കന്മാരാണ്. അവര്‍ ഇതുവരെ രാജത്വം ലഭിച്ചവരല്ല. എങ്കിലും മൃഗത്തോടൊപ്പം ഒരു മണിക്കൂര്‍ അവര്‍ രാജാധികാരം പ്രാപിക്കേണ്ടവരാണ്.13 ഏക മനസ്സുള്ളവരായ ഇവര്‍ തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിനു നല്‌കുന്നു. അവര്‍ കുഞ്ഞാടിനോടു പോരാടും;
14 കുഞ്ഞാട് അവരെ ജയിക്കും; എന്തുകൊണ്ടെന്നാല്‍ അവിടുന്ന് കര്‍ത്താധികര്‍ത്താവും രാജാധിരാജനും ആകുന്നു. അവിടുത്തോടുകൂടിയുള്ളവര്‍ വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരും ആകുന്നു.
15
പിന്നീട് മാലാഖ എന്നോടു പറഞ്ഞു: “വേശ്യയുടെ ഇരിപ്പിടമായി നീ കണ്ട ജലസഞ്ചയം വിവിധ വര്‍ഗങ്ങളുടെയും വിവിധ രാഷ്ട്രങ്ങളുടെയും ജനതകളുടെയും വിവിധ ഭാഷക്കാരുടെയും സമൂഹമാണ്.16 നീ കണ്ട പത്തു കൊമ്പുകളും മൃഗവും വേശ്യയെ ദ്വേഷിക്കും; അവളെ ഏകാകിനിയും നഗ്നയുമാക്കി, അവളുടെ മാംസം വിഴുങ്ങുകയും അവളെ അഗ്നിയില്‍ ദഹിപ്പിക്കുകയും ചെയ്യും.
17 എന്തുകൊണ്ടെന്നാല്‍ ദൈവത്തിന്‍റെ വചനങ്ങള്‍ സംഭവിക്കുന്നതുവരെ, ഏകമനസ്സോടെ ദൈവത്തിന്‍റെ ഉദ്ദേശ്യം പൂര്‍ത്തീകരിക്കുവാനും തങ്ങളുടെ രാജാധികാരം മൃഗത്തിനു നല്‌കുവാനും ദൈവം അവരുടെ ഹൃദയത്തില്‍ തോന്നിച്ചു.
18
“നീ കണ്ട സ്‍ത്രീ ഭൂമിയിലെ രാജാക്കന്മാരുടെമേല്‍ അധികാരമുള്ള മഹാനഗരം തന്നെ.”1
അനന്തരം വലിയ അധികാരമുള്ള മറ്റൊരു മാലാഖ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു. ആ മാലാഖയുടെ തേജസ്സുകൊണ്ട് ഭൂമി പ്രകാശപൂരിതമായിത്തീര്‍ന്നു.2 ആ ദൈവദൂതന്‍ ഗംഭീരസ്വരത്തില്‍ ഇങ്ങനെ വിളിച്ചുപറഞ്ഞു: “വീണുപോയി! മഹാബാബിലോണ്‍ വീണുപോയി! അത് ദുര്‍ഭൂതങ്ങളുടെ പാര്‍പ്പിടമായിത്തീര്‍ന്നിരിക്കുന്നു. സകല അശുദ്ധാത്മാക്കളുടെയും അഭയസ്ഥാനവും അറപ്പുതോന്നുന്ന സകല അശുദ്ധ പക്ഷികളുടെയും താവളവും ആകുന്നു.
3 എല്ലാ ജനതകളും മാദകലഹരി പിടിപ്പിക്കുന്ന, അവളുടെ വേശ്യാവൃത്തിയാകുന്ന വീഞ്ഞുകുടിച്ചിരിക്കുന്നു. ഭൂമിയിലെ രാജാക്കന്മാര്‍ അവളുമായി വ്യഭിചാരത്തില്‍ ഏര്‍പ്പെടുകയും അവളുടെ ദുര്‍വൃത്തിയുടെ ധനംകൊണ്ട് ഭൂമിയിലെ വ്യാപാരികള്‍ സമ്പന്നരാകുകയും ചെയ്തു.
4
അനന്തരം സ്വര്‍ഗത്തില്‍നിന്ന് ഇപ്രകാരം മറ്റൊരു ശബ്ദം ഞാന്‍ കേട്ടു: “എന്‍റെ ജനമേ, അവളെ വിട്ടുപോരുക! അവളുടെ പാപങ്ങളില്‍ പങ്കാളികളാകാതിരിക്കുന്നതിനും, ബാധകളുടെ ഓഹരി പറ്റാതിരിക്കുന്നതിനും, അവളെ വിട്ടു പോരുക!5
അവളുടെ പാപം ആകാശം മുട്ടെയുള്ള കൂമ്പാരമായിത്തീര്‍ന്നിരിക്കുന്നു! ദൈവം അവളുടെ അധര്‍മങ്ങള്‍ വിസ്മരിക്കുന്നില്ല.6
അവള്‍ ചെയ്തതുപോലെ അവള്‍ക്കു നിങ്ങള്‍ പകരം ചെയ്യുക; അവളുടെ പ്രവൃത്തികള്‍ക്ക് ഇരട്ടി തിരിച്ചുകൊടുക്കുക; അവള്‍ കലര്‍ത്തുന്ന പാനപാത്രത്തില്‍ അവള്‍ക്ക് ഇരട്ടി കലര്‍ത്തിക്കൊടുക്കുക.7
അവള്‍ തന്നെത്തന്നെ എത്രമാത്രം മഹത്ത്വപ്പെടുത്തുകയും സുഖലോലുപതയില്‍ മുഴുകുകയും ചെയ്തുവോ, അത്രയ്‍ക്ക് അവള്‍ക്കു പീഡനവും ദുഃഖവും നല്‌കുക. ‘ഞാന്‍ ഒരു രാജ്ഞിയായി വാഴുന്നു; വിധവയല്ല; ദുഃഖം ഞാന്‍ കാണുകയുമില്ല!’ എന്ന് അവള്‍ ആത്മഗതം ചെയ്യുന്നു.8
അതുകൊണ്ട് മരണം, ദുഃഖം, ക്ഷാമം മുതലായ ബാധകള്‍ ഒരു ദിവസംതന്നെ അവള്‍ക്കുണ്ടാകും; അവളെ തീയിലിട്ടു ചുട്ടുകളയും; അവളെ വിധിക്കുന്ന സര്‍വേശ്വരനായ ദൈവം മഹാശക്തനാണല്ലോ.”9
അവളോടൊത്തു വ്യഭിചരിക്കുകയും ആഡംബരങ്ങളില്‍ മുഴുകുകയും ചെയ്ത ഭൂമിയിലെ രാജാക്കന്മാര്‍ അവളുടെ ചിതയില്‍നിന്നു പൊങ്ങുന്ന പുക കാണുമ്പോള്‍ അവളെച്ചൊല്ലി കരയുകയും മാറത്തടിച്ചു വിലപിക്കുകയും ചെയ്യും.10 അവളുടെ ദണ്ഡനത്തെക്കുറിച്ചുള്ള ഭയം നിമിത്തം അകലെ മാറിനിന്നുകൊണ്ട് “കഷ്ടം! കഷ്ടം! മഹാ നഗരമേ! ബലിഷ്ഠനഗരമായ ബാബിലോണേ, ഒരു നാഴികകൊണ്ട് നിന്‍റെ വിധി വന്നുകഴിഞ്ഞല്ലോ” എന്നു പറഞ്ഞു വിലപിക്കും.
11
ഭൂമിയിലെ വ്യാപാരികള്‍ അവളെച്ചൊല്ലി കരയുകയും സങ്കടപ്പെടുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍ അവരുടെ ചരക്കുകള്‍ ഇനി വാങ്ങാന്‍ ആരുമില്ല.12 സ്വര്‍ണം, വെള്ളി, രത്നങ്ങള്‍, മുത്തുകള്‍, മൃദുലവസ്ത്രം, ധൂമ്രവസ്ത്രം, പട്ട്, കടുംചെമപ്പുതുണി, സുരഭിലമായ തടികള്‍, ദന്തനിര്‍മിതമായ ശില്പവസ്തുക്കള്‍, വിലയേറിയ തടി, പിച്ചള, ഇരുമ്പ്, മാര്‍ബിള്‍ ഇവകൊണ്ടു നിര്‍മിച്ചവസ്തുക്കള്‍,
13 ഇലവര്‍ഗം, ഏലം, ധൂപദ്രവ്യങ്ങള്‍; മീറ, കുന്തുരുക്കം, വീഞ്ഞ്, എണ്ണ, നേര്‍ത്ത മാവ്, കോതമ്പ്, കന്നുകാലി, ആട്, കുതിര, രഥങ്ങള്‍, അടിമകള്‍, അതായത്, ആത്മാവുള്ള മനുഷ്യര്‍, ഈ വകകളൊക്കെ ആയിരുന്നു അവര്‍ വ്യാപാരം ചെയ്തു വന്നിരുന്നത്.
14 “നിന്‍റെ ആത്മാവ് അതിയായി ആശിച്ച ഫലം കൈവിട്ടുപോയി; സ്വാദിഷ്ഠവും പകിട്ടുള്ളവയുമായ എല്ലാ വസ്തുക്കളും നിനക്കു നഷ്ടപ്പെട്ടിരിക്കുന്നു. അവ ഇനി ഒരിക്കലും കാണപ്പെടുകയില്ല!” എന്ന് അവര്‍ പറയുന്നു.
15 [15,16] മേല്‍പ്പറഞ്ഞ ചരക്കുകളുടെ വ്യാപാരംകൊണ്ട് അവളില്‍നിന്നു ധനം ആര്‍ജിച്ച വ്യാപാരികള്‍ അവള്‍ക്കു നേരിട്ട കഠിന യാതനയെക്കുറിച്ചുള്ള ഭയംകൊണ്ട് അകലെ മാറി നിന്ന് “അയ്യോ! കഷ്ടം! മഹാനഗരമേ! മൃദുലമനോഹരമായ ഉടയാടയും ധൂമ്രവര്‍ണവും കടുംചെമപ്പുള്ള വസ്ത്രങ്ങളും സ്വര്‍ണവും രത്നവും മുത്തും അണിഞ്ഞവളേ, ഒരു നാഴികകൊണ്ട് ഈ സമ്പത്തെല്ലാം നശിച്ചുപോയല്ലോ! എന്നു പറഞ്ഞുകൊണ്ട് ഉച്ചത്തില്‍ അലമുറയിട്ടു കരയും.
16
17
എല്ലാ കപ്പിത്താന്മാരും, സമുദ്രസഞ്ചാരികളും, നാവികരും, എന്നല്ല കടലില്‍ ജോലി ചെയ്യുന്ന സകലരും, അകലെ നിന്ന്, അവള്‍ കത്തിയെരിയുന്നതിന്‍റെ പുക കണ്ട്,18 “ഈ മഹാനഗരത്തിനു തുല്യമായ നഗരം എവിടെയുണ്ട്? എന്നു പറഞ്ഞു നിലവിളിച്ചു.
19 അവര്‍ തലയില്‍ പൂഴി വാരി ഇട്ടുകൊണ്ട്, “അയ്യോ! കഷ്ടം! കപ്പല്‍ക്കച്ചവടം ചെയ്യുന്നവര്‍ക്കെല്ലാം തന്‍റെ ഐശ്വര്യസമൃദ്ധികൊണ്ട് സമ്പത്തു വര്‍ധിപ്പിച്ച മഹാനഗരമേ, നീ ഒരു മണിക്കൂറുകൊണ്ടു നിശ്ശേഷം നശിച്ചുപോയല്ലോ!” എന്നു പറഞ്ഞു സങ്കടപ്പെട്ടു നിലവിളിച്ചു.
20
അല്ലയോ സ്വര്‍ഗമേ, വിശുദ്ധന്മാരേ, അപ്പോസ്തോലന്മാരേ, പ്രവാചകന്മാരേ, ദൈവം നിങ്ങള്‍ക്കുവേണ്ടി അവളോടു പ്രതികാരം ചെയ്തിരിക്കുന്നതുകൊണ്ട് ആനന്ദിക്കുക.21
പിന്നീട് അതിശക്തനായ ഒരു മാലാഖ വലിയ തിരികല്ലുപോലെയുള്ള ഒരു കല്ലെടുത്ത് കടലില്‍ എറിഞ്ഞുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ഇതുപോലെ ബാബിലോണ്‍നഗരത്തെ ആഞ്ഞ് എറിഞ്ഞുകളയും; ഇനി ഒരിക്കലും അതിനെ കാണുകയില്ല.22 വൈണികരുടെയും ഗായകരുടെയും കുഴലൂത്തുകാരുടെയും കാഹളം മുഴക്കുന്നവരുടെയും സ്വരം നിന്നില്‍നിന്നു കേള്‍ക്കുകയില്ല. കരകൗശലവിദഗ്ധരായ ശില്പികളില്‍ ആരെയും ഇനിമേല്‍ നിന്നില്‍ കാണുകയില്ല. തിരികല്ലു തിരിക്കുന്ന ശബ്ദം ഇനി നിന്നില്‍ കേള്‍ക്കുകയില്ല.
23 വിളക്കിന്‍റെ വെളിച്ചം ഇനിമേല്‍ പ്രകാശിക്കുകയില്ല. വധൂവരന്മാരുടെ ആഹ്ലാദശബ്ദം ഇനി ഒരിക്കലും കേള്‍ക്കുകയില്ല. നിന്‍റെ വ്യാപാരികള്‍ ഭൂമിയിലെ മഹാന്മാരായിരുന്നു. നിന്‍റെ ഇന്ദ്രജാലപ്രയോഗത്താല്‍ എല്ലാ ജനതകളും വഞ്ചിക്കപ്പെട്ടു.”
24
പ്രവാചകന്മാരുടെയും വിശുദ്ധന്മാരുടെയും എന്നല്ല ഭൂമിയില്‍ വച്ചു കൊല്ലപ്പെട്ട എല്ലാവരുടെയും രക്തം ആ നഗരത്തിലാണല്ലോ കണ്ടത്.1
അതിനുശേഷം ഒരു വലിയ ജനക്കൂട്ടത്തിന്‍റേതുപോലെ തോന്നിക്കുന്ന ഒരു ഗംഭീരശബ്ദം സ്വര്‍ഗത്തില്‍ ഞാന്‍ കേട്ടു. “ഹല്ലേല്ലൂയ്യാ! രക്ഷയും മഹത്ത്വവും ശക്തിയും നമ്മുടെ ദൈവത്തിനുള്ളത്.2 അവിടുത്തെ വിധികള്‍ സത്യവും നീതിയുക്തവുമാകുന്നു. വേശ്യാവൃത്തികൊണ്ടു ലോകത്തെ നശിപ്പിച്ച മഹാവേശ്യയെ അവിടുന്നു വിധിച്ചു. തന്‍റെ ദാസന്മാരുടെ രക്തത്തിനുവേണ്ടി അവിടുന്ന് അവളോടു പകരം ചോദിച്ചു” എന്നാണു ഞാന്‍ കേട്ടത്.
3 അവര്‍ പിന്നെയും “ഹല്ലേല്ലൂയ്യ അവളില്‍ നിന്നുള്ള പുക എന്നേക്കും ഉയരും” എന്നു പറഞ്ഞു.
4 ഇരുപത്തിനാലു ശ്രേഷ്ഠപുരുഷന്മാരും നാലു ജീവികളും “ആമേന്‍, ഹല്ലേലൂയ്യാ” എന്നു പറഞ്ഞ് സിംഹാസനത്തില്‍ ഉപവിഷ്ടനായ ദൈവത്തെ സാഷ്ടാംഗം പ്രണമിച്ചു.
5
അനന്തരം സിംഹാസനത്തില്‍നിന്ന് ഇങ്ങനെ പറയുന്ന ഒരു ശബ്ദം ഞാന്‍ കേട്ടു: “ചെറിയവരോ വലിയവരോ ആയി ദൈവത്തെ ഭയപ്പെടുന്ന അവിടുത്തെ ദാസന്മാരായ നിങ്ങള്‍ എല്ലാവരും അവിടുത്തെ വാഴ്ത്തുക!”6 പിന്നീടു ഞാന്‍ കേട്ടത് ഒരു വമ്പിച്ച ജനാവലിയുടെ ആരവംപോലെയും പെരുവെള്ളത്തിന്‍റെ ഇരമ്പല്‍പോലെയുമുള്ള ഒരു ശബ്ദം ആയിരുന്നു. “ഹല്ലേലൂയ്യാ! സര്‍വശക്തനും നമ്മുടെ ദൈവവുമായ കര്‍ത്താവു വാഴുന്നു!
7 നമുക്ക് ആനന്ദിക്കുകയും ആഹ്ലാദിച്ച് ആര്‍പ്പുവിളിക്കുകയും ദൈവത്തെ പ്രകീര്‍ത്തിക്കുകയും ചെയ്യാം! എന്തെന്നാല്‍ കുഞ്ഞാടിന്‍റെ വിവാഹസമയം വന്നു കഴിഞ്ഞു. അവിടുത്തെ മണവാട്ടിയും അണിഞ്ഞൊരുങ്ങിയിരിക്കുന്നു.
8 അവള്‍ക്കു മൃദുലവും നിര്‍മ്മലവും ശോഭയുള്ളതുമായ വസ്ത്രം ധരിക്കുവാന്‍ അനുഗ്രഹം ലഭിച്ചിരിക്കുന്നു” (വിശുദ്ധന്മാരുടെ നീതിനിഷ്ഠമായ പ്രവൃത്തികള്‍തന്നെയാണല്ലോ മൃദുലവസ്ത്രം).
9
പിന്നീടു മാലാഖ എന്നോടു പറഞ്ഞു: “കുഞ്ഞാടിന്‍റെ വിവാഹസദ്യക്കു ക്ഷണിക്കപ്പെട്ടവര്‍ അനുഗൃഹീതര്‍ എന്നെഴുതുക. ഇവ ദൈവത്തിന്‍റെ സത്യവചനങ്ങളാകുന്നു” എന്നു പറഞ്ഞു.10
അപ്പോള്‍ ആ ദൂതനെ നമസ്കരിക്കുന്നതിനായി ഞാന്‍ കാല്‌ക്കല്‍ മുട്ടുകുത്തി. ദൂതന്‍: “അതു പാടില്ല, താങ്കളെപ്പോലെയും യേശുക്രിസ്തുവിന്‍റെ സാക്ഷ്യം വഹിച്ചിട്ടുള്ള ഇതര സഹോദരന്മാരെപ്പോലെയുമുള്ള ഒരു ഭൃത്യന്‍ മാത്രമാണു ഞാന്‍; ദൈവത്തെ മാത്രം ആരാധിക്കുക; യേശുവിന്‍റെ സാക്ഷ്യമാകട്ടെ, പ്രവചനത്തിന്‍റെ ആത്മാവാകുന്നു” എന്നു പറഞ്ഞു.11
സ്വര്‍ഗം തുറന്നിരിക്കുന്നതു ഞാന്‍ കണ്ടു. അതാ, ഒരു വെള്ളക്കുതിര! അതിന്‍റെ പുറത്തിരിക്കുന്ന ആള്‍ വിശ്വസ്തനും സത്യവാനും ആയവന്‍ എന്നു വിളിക്കപ്പെടുന്നു. അവിടുന്നു നീതിയോടെ വിധിക്കുകയും പോരാടുകയും ചെയ്യുന്നു.12 അവിടുത്തെ കണ്ണുകള്‍ അഗ്നിജ്വാലയ്‍ക്കു സദൃശം. ശിരസ്സില്‍ അനേകം രാജകിരീടങ്ങള്‍ ഉണ്ട്. ആലേഖനം ചെയ്യപ്പെട്ട ഒരു നാമം അവിടുത്തേക്കുണ്ട്. പക്ഷേ, അവിടുത്തേക്കല്ലാതെ മറ്റാര്‍ക്കും അത് അറിഞ്ഞുകൂടാ. രക്തത്തില്‍ മുക്കിയ വസ്ത്രം അവിടുന്നു ധരിച്ചിരിക്കുന്നു.
13 ‘ദൈവത്തിന്‍റെ വചനം’ എന്നാണ് അവിടുത്തെ നാമം.
14 സ്വര്‍ഗത്തിലെ സൈന്യം നിര്‍മ്മലവും ശുഭ്രവുമായ മൃദുലവസ്ത്രം ധരിച്ച് വെള്ളക്കുതിരപ്പുറത്തു കയറി അവിടുത്തെ അനുഗമിക്കുന്നു.
15 സകല ജാതികളെയും അരിയുന്നതിന് അവിടുത്തെ വായില്‍നിന്ന് മൂര്‍ച്ചയേറിയ വാള്‍ പുറപ്പെടുന്നു. ഇരുമ്പുചെങ്കോല്‍കൊണ്ട് അവിടുന്ന് അവരെ ഭരിക്കും. സര്‍വശക്തനായ ദൈവത്തിന്‍റെ ഉഗ്രരോഷമാകുന്ന മുന്തിരിച്ചക്ക് അവിടുന്നു ചവിട്ടും.
16 അവിടുത്തെ തുടയിലും മേലങ്കിയിലും രാജാധിരാജനും കര്‍ത്താധികര്‍ത്താവും ആയവന്‍ എന്ന നാമം ആലേഖനം ചെയ്തിരിക്കുന്നു.
17 ഒരു മാലാഖ സൂര്യനില്‍ നില്‌ക്കുന്നതാണു ഞാന്‍ പിന്നീടു കണ്ടത്. ആ ദൂതന്‍ മധ്യാകാശത്തില്‍ പറന്നു നടക്കുന്ന സകല പക്ഷികളോടും ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു:
18 “രാജാക്കന്മാരുടെയും പടത്തലവന്മാരുടെയും വീരയോദ്ധാക്കളുടെയും കുതിരകളുടെയും അവയുടെ പുറത്തിരിക്കുന്നവരുടെയും സ്വതന്ത്രരും അടിമകളും ചെറിയവരും വലിയവരുമായ സകല മനുഷ്യരുടെയും മാംസം ഭക്ഷിക്കുവാന്‍ സര്‍വേശ്വരന്‍റെ വലിയ അത്താഴത്തിന് ഒരുമിച്ചുകൂടുക.”
19
അപ്പോള്‍ അശ്വാരൂഢനോടും അദ്ദേഹത്തിന്‍റെ സൈന്യത്തോടും യുദ്ധംചെയ്യുവാന്‍ മൃഗവും ഭൂമിയിലെ രാജാക്കന്മാരും അവരുടെ സൈന്യവും ഒന്നിച്ചുകൂടിയതു ഞാന്‍ കണ്ടു.20 മൃഗത്തെയും, അതിന്‍റെ മുമ്പില്‍ അദ്ഭുതങ്ങള്‍ കാട്ടി മൃഗത്തിന്‍റെ മുദ്ര സ്വീകരിക്കുകയും അതിന്‍റെ വിഗ്രഹത്തെ നമസ്കരിക്കുകയും ചെയ്ത മനുഷ്യരെ വഴിതെറ്റിച്ച വ്യാജപ്രവാചകനെയും പിടികൂടി. ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിലേക്ക് ജീവനോടെ എറിഞ്ഞുകളഞ്ഞു.
21 ശേഷിച്ചവരെ അശ്വാരൂഢന്‍റെ വായില്‍നിന്നു പുറപ്പെട്ട വാളിനാല്‍ വെട്ടിക്കൊന്നു. അവരുടെ മാംസം തിന്ന് പക്ഷികള്‍ക്കു തൃപ്തിവന്നു.
1
പിന്നീട് പാതാളത്തിന്‍റെ താക്കോലും ഒരു വലിയ ചങ്ങലയും കൈയില്‍ പിടിച്ചുകൊണ്ട് ഒരു മാലാഖ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു.2 ആ മാലാഖ ഉഗ്രസര്‍പ്പത്തെ, പിശാചും സാത്താനുമാകുന്ന പഴയ സര്‍പ്പത്തെത്തന്നെ പിടിച്ച് ആയിരം വര്‍ഷത്തേക്കു ബന്ധിച്ച് പാതാളത്തിലേക്ക് എറിഞ്ഞു.
3 ആയിരം വര്‍ഷം കഴിയുന്നതുവരെ മനുഷ്യവര്‍ഗത്തെ അവന്‍ വഞ്ചിക്കാതിരിക്കുവാന്‍, പാതാളത്തിന്‍റെ വാതില്‍ അടച്ചുപൂട്ടി മുദ്രവയ്‍ക്കുകയും ചെയ്തു. അതിനുശേഷം അല്പകാലത്തേക്ക് അവനെ അഴിച്ചുവിടേണ്ടതാണ്.
4
അനന്തരം ഞാന്‍ സിംഹാസനങ്ങള്‍ കണ്ടു. അവയില്‍ ഇരുന്നവര്‍ക്കു വിധിക്കുവാനുള്ള അധികാരം നല്‌കപ്പെട്ടു. യേശുവിനു സാക്ഷ്യം വഹിച്ചതിനുവേണ്ടിയും ദൈവവചനത്തിനുവേണ്ടിയും ശിരച്ഛേദം ചെയ്യപ്പെട്ടവരുടെ ആത്മാക്കളെ ഞാന്‍ കണ്ടു. അവര്‍ മൃഗത്തെ ആരാധിക്കുകയോ, അവന്‍റെ മുദ്ര നെറ്റിത്തടത്തിലോ കൈയിലോ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. അവര്‍ ജീവന്‍ പ്രാപിച്ച് ക്രിസ്തുവിനോടുകൂടി ആയിരം വര്‍ഷം വാണു.5 അവശേഷിച്ച മരിച്ചവര്‍ ആയിരം വര്‍ഷം കഴിയുന്നതുവരെ ജീവന്‍ പ്രാപിച്ചില്ല. ഇത് ഒന്നാമത്തെ പുനരുത്ഥാനം.
6 ഒന്നാമത്തെ പുനരുത്ഥാനത്തില്‍ പങ്കുള്ളവന്‍ അനുഗൃഹീതനും വിശുദ്ധനും ആണ്. ഇങ്ങനെയുള്ളവരുടെമേല്‍ രണ്ടാമത്തെ മരണത്തിന് അധികാരമില്ല. അവര്‍ ദൈവത്തിന്‍റെയും ക്രിസ്തുവിന്‍റെയും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടി ആയിരം വര്‍ഷം വാഴും.
7
എന്നാല്‍ ആയിരം വര്‍ഷം കഴിയുമ്പോള്‍ സാത്താനെ ബന്ധനത്തില്‍നിന്നു മോചിപ്പിക്കും.8 ഭൂമിയുടെ നാലു കോണിലുമുള്ള ജനതകളെ വഴിതെറ്റിക്കുന്നതിനായി അവന്‍ പുറപ്പെടും. യുദ്ധത്തിനുവേണ്ടി ഗോഗിനെയും മാഗോഗിനെയും കൂട്ടിച്ചേര്‍ക്കുന്നതിനാണ് അവന്‍റെ പുറപ്പാട്. അവരുടെ സംഖ്യ കടല്പുറത്തെ മണല്‍പോലെ ആയിരിക്കും.
9 വിശാലമായ ഭൂതലത്തില്‍ അവരുടെ പട മുന്നേറി വിശുദ്ധന്മാരുടെ പാളയവും അവരുടെ പ്രിയപ്പെട്ട നഗരവും വളയും. എന്നാല്‍ ആകാശത്തുനിന്ന് അഗ്നിയിറങ്ങി അവരെ വിഴുങ്ങിക്കളയും.
10 അവരെ വഴിതെറ്റിച്ച പിശാച്, മൃഗവും വ്യാജപ്രവാചകനും കിടക്കുന്ന ഗന്ധകപ്പൊയ്കയിലേക്ക് എറിയപ്പെടും. അവര്‍ അവിടെ രാപകല്‍ നിത്യയാതന അനുഭവിക്കും.
11
വെണ്മയുള്ള ഒരു വലിയ സിംഹാസനം ഞാന്‍ കണ്ടു; അതില്‍ ഉപവിഷ്ടനായിരിക്കുന്ന ഒരു ആളിനെയും. ആകാശവും ഭൂമിയും അവിടുത്തെ സന്നിധിയില്‍നിന്ന് ഓടിപ്പോയി. അവയെ പിന്നെ കണ്ടതേയില്ല.12 മരിച്ചവര്‍ ആബാലവൃദ്ധം സിംഹാസനത്തിന്‍റെ മുമ്പില്‍ നില്‌ക്കുന്നതും ഞാന്‍ കണ്ടു. പുസ്തകങ്ങള്‍ തുറക്കപ്പെട്ടു. ജീവന്‍റെ പുസ്‍തകം എന്ന മറ്റൊരു പുസ്തകവും തുറക്കപ്പെട്ടു. അവയില്‍ എഴുതിയിരുന്നതുപോലെ മരിച്ചവരുടെ പ്രവൃത്തികള്‍ക്കൊത്തവണ്ണം അവര്‍ വിധിക്കപ്പെട്ടു.
13 സമുദ്രം അതിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു. മരണവും പാതാളവും അപ്രകാരം ചെയ്തു. ഓരോ വ്യക്തിക്കും സ്വന്തം പ്രവൃത്തികള്‍ക്ക് അനുയോജ്യമായ വിധി ഉണ്ടാവുകയും ചെയ്തു.
14 പിന്നീട് മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിലേക്ക് എറിഞ്ഞുകളഞ്ഞു. ഈ തീപ്പൊയ്കയാണ് രണ്ടാമത്തെ മരണം.
15 ജീവന്‍റെ പുസ്തകത്തില്‍ പേരെഴുതപ്പെട്ടിട്ടില്ലാത്ത എല്ലാവരെയും ആ തീപ്പൊയ്കയില്‍ എറിഞ്ഞു.
1
അതിനുശേഷം പുതിയ ആകാശവും പുതിയ ഭൂമിയും ഞാന്‍ കണ്ടു; ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും അപ്രത്യക്ഷമായി.2 സമുദ്രവും ഇല്ലാതായി. പിന്നീട് വിശുദ്ധനഗരമായ നവയെരൂശലേം വരനെ എതിരേല്‌ക്കാന്‍ അണിഞ്ഞൊരുങ്ങി വരുന്ന വധുവിനെപ്പോലെ സ്വര്‍ഗത്തില്‍നിന്ന്, ദൈവസന്നിധിയില്‍ നിന്നുതന്നെ ഇറങ്ങിവരുന്നതും ഞാന്‍ കണ്ടു.
3 അപ്പോള്‍ സിംഹാസനത്തില്‍നിന്ന് ഒരു മഹാശബ്ദം ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു: “ഇതാ, ദൈവത്തിന്‍റെ വാസം മനുഷ്യരോടുകൂടി ആയിരിക്കുന്നു. അവിടുന്ന് അവരോടുകൂടി വസിക്കും; അവര്‍ അവിടുത്തെ ജനമായിരിക്കും; ദൈവംതന്നെ അവരോടുകൂടി ഉണ്ടായിരിക്കും. അവിടുന്ന് അവരുടെ ദൈവം ആയിരിക്കുകയും ചെയ്യും.
4 അവരുടെ കണ്ണില്‍നിന്ന് കണ്ണുനീരെല്ലാം അവിടുന്നു തുടച്ചുകളയും; മരണമോ, കരച്ചിലോ, വിലാപമോ, വേദനയോ ഇനി ഉണ്ടാകുകയില്ല. എന്തെന്നാല്‍ ആദ്യത്തേതെല്ലാം കഴിഞ്ഞു പോയി.”
5
സിംഹാസനത്തില്‍ ഇരിക്കുന്നവന്‍ ഇങ്ങനെ അരുള്‍ചെയ്തു: “ഇതാ, ഞാന്‍ സകലവും പുതിയതാക്കുന്നു!” വീണ്ടും അവിടുന്നു പറഞ്ഞു:6 “എഴുതുക, ഈ വാക്കുകള്‍ സത്യവും വിശ്വാസയോഗ്യവും ആകുന്നു.” പിന്നീട് അവിടുന്നു പറഞ്ഞു: “പൂര്‍ത്തിയായിരിക്കുന്നു! ഞാന്‍ അല്ഫയും ഓമേഗയും-ആദിയും അന്തവും-ആകുന്നു. ദാഹിക്കുന്നവന് ജീവജലത്തിന്‍റെ ഉറവയില്‍നിന്നു വിലകൂടാതെ ഞാന്‍ ജലം നല്‌കും.
7 ജേതാവിന് ഇത് അവകാശമായി ലഭിക്കും; ഞാന്‍ അവന് ദൈവവും അവന്‍ എനിക്കു പുത്രനും ആയിരിക്കും.
8 എന്നാല്‍ ഭീരുക്കള്‍, അവിശ്വസ്തര്‍, കൊലപാതകികള്‍, മലിനസ്വഭാവികള്‍, വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാരാധകര്‍ എന്നിവര്‍ക്കും അസത്യവാദികള്‍ക്കും ഉള്ള പങ്ക് ഗന്ധകം കത്തുന്ന തീപ്പൊയ്കയിലായിരിക്കും. ഇതത്രേ രണ്ടാമത്തെ മരണം.”
9
അന്ത്യബാധകള്‍ നിറച്ച കലശങ്ങള്‍ കൈയിലുണ്ടായിരുന്ന ഏഴു മാലാഖമാരില്‍ ഒരാള്‍ വന്ന്, “വരിക, കുഞ്ഞാടു പരിണയിച്ച മണവാട്ടിയെ കാണിച്ചുതരാം” എന്ന് എന്നോടു പറഞ്ഞു.10 ആ മാലാഖ ആത്മാവില്‍ എന്നെ ഒരു ഉയര്‍ന്ന വന്‍മലയിലേക്കു കൂട്ടിക്കൊണ്ടുപോയി; വിശുദ്ധനഗരമായ യെരൂശലേം സ്വര്‍ഗത്തില്‍നിന്ന്, ദൈവത്തിന്‍റെ അടുത്തുനിന്നുതന്നെ, ദിവ്യതേജസ്സോടുകൂടി ഇറങ്ങി വരുന്നതു കാണിച്ചുതന്നു.
11 അതിന്‍റെ തേജസ്സ് അതുല്യമായ രത്നത്തിന്‍റേതുപോലെയും സ്വച്ഛസ്ഫടികമായ സൂര്യകാന്തത്തിന്‍റേതുപോലെയും ആയിരുന്നു.
12 അതിനു പന്ത്രണ്ടു ഗോപുരങ്ങളോടുകൂടിയ ഉയര്‍ന്ന ഒരു വന്‍മതിലുണ്ടായിരുന്നു. ഓരോ ഗോപുരത്തിലും ഓരോ മാലാഖയുണ്ട്. ഇസ്രായേല്‍ പുത്രന്മാരുടെ ഓരോ ഗോത്രത്തിന്‍റെയും പേര് ഓരോ ഗോപുരത്തിലും ആലേഖനം ചെയ്തിരുന്നു.
13 ആ ഗോപുരങ്ങള്‍ കിഴക്കു മൂന്നും, വടക്കു മൂന്നും, തെക്കു മൂന്നും, പടിഞ്ഞാറു മൂന്നും ആയിരുന്നു.
14 നഗരത്തിന്‍റെ മതിലിന് പന്ത്രണ്ട് അടിസ്ഥാനശിലകളും അവയില്‍ കുഞ്ഞാടിന്‍റെ പന്ത്രണ്ട് അപ്പോസ്തോലന്മാരുടെ പേരുകളും ഉണ്ട്.
15
നഗരവും അതിന്‍റെ ഗോപുരങ്ങളും മതിലുകളും അളക്കുന്നതിനുള്ള സ്വര്‍ണദണ്ഡ് എന്നോടു സംസാരിച്ച ആളിന്‍റെ കൈവശം ഉണ്ടായിരുന്നു.16 സമചതുരമാണു നഗരം. നീളവും വീതിയും സമം. തന്‍റെ കൈയിലുള്ള ദണ്ഡുകൊണ്ട് അയാള്‍ അളന്നു. പന്തീരായിരം സ്റ്റേഡിയ അഥവാ രണ്ടായിരത്തിനാനൂറ് കിലോമീറ്റര്‍ ആയിരുന്നു അളവു കണ്ടത്. അതിന്‍റെ നീളവും വീതിയും ഉയരവും ഒന്നുതന്നെ.
17 ആ മാലാഖ നഗരത്തിന്‍റെ മതിലും അളന്നു. മനുഷ്യന്‍റെ തോതനുസരിച്ച് നൂറ്റിനാല്പത്തിനാലു മുഴമായിരുന്നു അതിന്‍റെ ഉയരം (60 മീറ്റര്‍). അതുതന്നെ ആയിരുന്നു മാലാഖയുടെയും തോത്.
18 മതില്‍ സൂര്യകാന്തശിലകൊണ്ടു നിര്‍മിച്ചതായിരുന്നു. നഗരമാകട്ടെ, സ്വച്ഛസ്ഫടികനിര്‍മ്മലമായ തനിത്തങ്കംകൊണ്ടും,
19 നഗരമതിലിന്‍റെ അടിസ്ഥാനശിലകള്‍ സകലവിധ രത്നങ്ങള്‍കൊണ്ടും അലംകൃതമായിരുന്നു; ഒന്നാമത്തേത് സൂര്യകാന്തവും രണ്ടാമത്തേത് ഇന്ദ്രനീലവും മൂന്നാമത്തേത് മാണിക്യവും നാലാമത്തേത് മരതകവും
20 അഞ്ചാമത്തേത് നഖവര്‍ണിയും ആറാമത്തേത് ചുവപ്പുകല്ലും ഏഴാമത്തേത് ചന്ദ്രകാന്തവും എട്ടാമത്തേത് ഗോമേദകവും ഒന്‍പതാമത്തേത് പുഷ്യരാഗവും പത്താമത്തേത് വൈഡൂര്യവും പതിനൊന്നാമത്തേത് പത്മരാഗവും പന്ത്രണ്ടാമത്തേത് സൗഗന്ധകവും ആയിരുന്നു.
21 പന്ത്രണ്ടു ഗോപുരങ്ങളും പന്ത്രണ്ടു മുത്തുകള്‍; ഓരോ ഗോപുരവും ഓരോ മുത്തുകൊണ്ടു നിര്‍മിച്ചതായിരുന്നു. നഗരവീഥി സ്വച്ഛസ്ഫടികനിര്‍മ്മലമായ തനിത്തങ്കം ആയിരുന്നു.
22
നഗരത്തില്‍ ദേവാലയമൊന്നും ഞാന്‍ കണ്ടിട്ടില്ല. സര്‍വശക്തനും സര്‍വാധീശനുമായ ദൈവവും കുഞ്ഞാടുമാണ് അവിടത്തെ ദേവാലയം.23 നഗരത്തിനു പ്രകാശം ചൊരിയുവാന്‍ സൂര്യനോ ചന്ദ്രനോ ആവശ്യമില്ല. എന്തുകൊണ്ടെന്നാല്‍ ദൈവതേജസ്സ് അവിടത്തെ പ്രകാശവും, കുഞ്ഞാട് അതിന്‍റെ വിളക്കുമാണ്.
24 അതിന്‍റെ പ്രകാശത്തില്‍ ജനതകള്‍ വ്യാപരിക്കും. ഭൂമിയിലെ രാജാക്കന്മാര്‍ തങ്ങളുടെ മഹത്ത്വം അവിടേക്കു കൊണ്ടുവരും.
25 പകല്‍ ഒരിക്കലും അതിന്‍റെ ഗോപുരങ്ങള്‍ അടയ്‍ക്കുകയില്ല;
26 അവിടെ രാത്രി ഇല്ലല്ലോ. ജനതകളുടെ മഹത്ത്വവും ബഹുമാനവും അവിടേക്കു കൊണ്ടുവരും.
27 കുഞ്ഞാടിന്‍റെ ജീവപുസ്തകത്തില്‍ പേരെഴുതപ്പെട്ടിട്ടുള്ളവര്‍ മാത്രമേ അവിടെ പ്രവേശിക്കുകയുള്ളൂ. നിന്ദ്യമായ പ്രവൃത്തികള്‍ ചെയ്യുകയും അസത്യം സംസാരിക്കുകയും ചെയ്യുന്നവരോ അശുദ്ധമായത് എന്തെങ്കിലുമോ അതില്‍ പ്രവേശിക്കുകയില്ല.
1
[1,2] അതിനുശേഷം സ്ഫടികംപോലെ വെട്ടിത്തിളങ്ങുന്ന ജീവജലനദി ആ മാലാഖ എനിക്കു കാണിച്ചുതന്നു. അതു ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും സിംഹാസനത്തില്‍നിന്നു പുറപ്പെട്ട് നഗരവീഥിയുടെ മധ്യത്തിലൂടെ ഒഴുകുന്നു. നദിയുടെ ഇരുകരകളിലും ജീവവൃക്ഷമുണ്ട്. അത് പന്ത്രണ്ടുതരം ഫലങ്ങള്‍ മാസംതോറും നല്‌കുന്നു; ജനതകളുടെ രോഗശാന്തിക്കുവേണ്ടിയുള്ളവയാണ് ആ വൃക്ഷത്തിന്‍റെ ഇലകള്‍.2
3 ശാപം ഒന്നും ഇനി ഉണ്ടായിരിക്കുകയില്ല; ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും സിംഹാസനം ആ നഗരത്തില്‍ ഉണ്ടായിരിക്കും; അവിടുത്തെ ദാസന്മാര്‍ അവിടുത്തെ ആരാധിക്കും.
4 അവിടുത്തെ മുഖം അവര്‍ ദര്‍ശിക്കും; അവിടുത്തെ നാമം അവരുടെ നെറ്റിയിലുണ്ടായിരിക്കും.
5 ഇനി രാത്രി ഉണ്ടാകുകയില്ല; ദൈവമായ കര്‍ത്താവ് അവരുടെ ദീപമായിരിക്കുന്നതുകൊണ്ട് വിളക്കിന്‍റെയോ സൂര്യന്‍റെയോ വെളിച്ചം ഇനി അവര്‍ക്ക് ആവശ്യമില്ല. അവര്‍ എന്നേക്കും രാജത്വത്തോടെ വാഴും.
6
പിന്നീട് മാലാഖ എന്നോടു പറഞ്ഞു: “ഈ വചനങ്ങള്‍ വിശ്വാസയോഗ്യവും സത്യവും ആകുന്നു. സംഭവിക്കേണ്ട കാര്യങ്ങള്‍ തന്‍റെ ദാസന്മാര്‍ക്ക് കാണിച്ചുകൊടുക്കുവാന്‍ പ്രവാചകാത്മാക്കളുടെ ദൈവമായ കര്‍ത്താവ് തന്‍റെ ദൂതനെ അയച്ചിരിക്കുന്നു.7
“ഇതാ, ഞാന്‍ വേഗം വരുന്നു! ഈ പുസ്തകത്തിലെ പ്രവചനങ്ങള്‍ അനുസരിക്കുന്നവന്‍ അനുഗൃഹീതന്‍!”8
യോഹന്നാന്‍ എന്ന ഞാന്‍ ആണ് ഇവയെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്തത്; ഞാന്‍ കാണുകയും കേള്‍ക്കുകയും ചെയ്തപ്പോള്‍ അവ കാണിച്ചുതന്ന മാലാഖയെ പ്രണമിക്കുന്നതിനായി സാഷ്ടാംഗം വീണു.9 എന്നാല്‍ മാലാഖ എന്നോടു പറഞ്ഞു: “അങ്ങനെ ചെയ്യരുത്! ഞാന്‍ താങ്കളുടെയും താങ്കളുടെ സഹോദരരായ പ്രവാചകരുടെയും ഈ പുസ്തകത്തിലെ വചനങ്ങള്‍ അനുസരിക്കുന്നവരുടെയും സഹഭൃത്യനത്രേ. ദൈവത്തെ മാത്രം ആരാധിക്കുക.”
10 വീണ്ടും മാലാഖ എന്നോട് ഇപ്രകാരം പറഞ്ഞു: “ഇവയെല്ലാം സംഭവിക്കുവാനുള്ള സമയം ആസന്നമായിരിക്കുകയാല്‍ ഈ ഗ്രന്ഥത്തിലെ പ്രവചനങ്ങള്‍ മുദ്രവച്ച് രഹസ്യമായി വയ്‍ക്കരുത്.
11 ദുഷ്കര്‍മി ഇനിയും ദുഷ്ടത പ്രവര്‍ത്തിച്ചുകൊള്ളട്ടെ. അഴുക്കു പറ്റിയവന്‍ അഴുക്കില്‍തന്നെ കഴിയട്ടെ; നീതിമാന്‍ മേലിലും നീതി ചെയ്യട്ടെ; വിശുദ്ധന്‍ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.
12
“ഇതാ, ഞാന്‍ വേഗം വരുന്നു! അവരവര്‍ ചെയ്ത പ്രവൃത്തിക്കു തക്കവണ്ണം ഓരോ വ്യക്തിക്കും നല്‌കുവാനുള്ള പ്രതിഫലവുമായിട്ടാണ് ഞാന്‍ വരുന്നത്.13 ഞാന്‍ അല്ഫയും ഓമേഗയും ആണ്-ആദ്യനും അന്ത്യനും-ആദിയും അന്ത്യവും ഞാന്‍ തന്നെ.
14 ജീവവൃക്ഷത്തിന്‍റെ ഫലം ഭക്ഷിക്കുവാനും ഗോപുരത്തില്‍ കൂടി നഗരത്തില്‍ പ്രവേശിക്കുവാനും അവകാശം ലഭിക്കുവാനായി തങ്ങളുടെ വസ്ത്രം അലക്കി വെളുപ്പിക്കുന്നവര്‍ അനുഗൃഹീതര്‍!
15 നായ്‍ക്കളും മന്ത്രവാദികളും വ്യഭിചാരികളും കൊലപാതകികളും വിഗ്രഹാരാധകരും വ്യാജം പറയുവാനും പ്രവര്‍ത്തിക്കുവാനും ഇഷ്ടപ്പെടുന്നവരും നഗരത്തിനു പുറത്താണ്.
16
“സഭകള്‍ക്കുള്ള സാക്ഷ്യവുമായി, യേശു എന്ന ഞാന്‍ എന്‍റെ ദൂതനെ അയച്ചിരിക്കുന്നു. ഞാന്‍ ദാവീദിന്‍റെ വേരും സന്താനവും അത്രേ. ഭാസുരമായ ഉദയനക്ഷത്രം.” ആത്മാവും മണവാട്ടിയും പറയുന്നു: “വന്നാലും!”17
കേള്‍ക്കുന്നവനും പറയട്ടെ, “വന്നാലും!” എന്ന്. ദാഹിക്കുന്നവന്‍ വരട്ടെ; ജീവജലം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ അതു വിലകൂടാതെ വാങ്ങിക്കൊള്ളട്ടെ.18
ഈ ഗ്രന്ഥത്തിലെ പ്രധാന വചസ്സുകള്‍ കേള്‍ക്കുന്ന എല്ലാവര്‍ക്കും ഞാന്‍ മുന്നറിയിപ്പു നല്‌കുന്നു: ആരെങ്കിലും ഇവയോട് എന്തെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ അങ്ങനെയുള്ളവന് ഈ പുസ്തകത്തില്‍ വിവരിച്ചിട്ടുള്ള മഹാമാരികള്‍ ദൈവം വരുത്തും.19 ഈ പ്രവചനഗ്രന്ഥത്തിലെ വചനങ്ങളില്‍നിന്ന് ഏതെങ്കിലും എടുത്തുകളയുന്നവനില്‍നിന്ന് ഇതില്‍ വിവരിച്ചിട്ടുള്ള ജീവവൃക്ഷത്തിന്‍റെയും വിശുദ്ധനഗരത്തിന്‍റെയും ഓഹരിയും എടുത്തുകളയും.
20
ഈ കാര്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നവന്‍ പറയുന്നു: “നിശ്ചയമായും, ഞാന്‍ വേഗം വരുന്നു!” ആമേന്‍, കര്‍ത്താവായ യേശുവേ, വേഗം വന്നാലും!21
കര്‍ത്താവായ യേശുവിന്‍റെ കൃപ നിങ്ങളെല്ലാവരോടുംകൂടി ഉണ്ടായിരിക്കട്ടെ. ആമേന്‍.