1

1

ദൈവം ഭാഗം ഭാഗമായും, പലവിധത്തിലും, പണ്ട് പ്രവാചകന്മാര്‍ മുഖേന നമ്മുടെ പൂര്‍വികരോടു സംസാരിച്ചിട്ടുണ്ട്.

2 എന്നാല്‍ ഈ അന്ത്യനാളുകളില്‍ തന്‍റെ പുത്രന്‍ മുഖേന അവിടുന്നു നമ്മോടു സംസാരിച്ചിരിക്കുന്നു. പുത്രന്‍ മുഖേനയാണ് അവിടുന്നു പ്രപഞ്ചത്തെ സൃഷ്‍ടിച്ചത്. എല്ലാറ്റിന്‍റെയും അധികാരിയും അവകാശിയുമായി നിയമിച്ചിരിക്കുന്നതും ഈ പുത്രനെത്തന്നെയാണ്.

3 ദൈവതേജസ്സിന്‍റെ മഹത്തായശോഭ പുത്രന്‍ പ്രതിഫലിപ്പിക്കുന്നു. ഈശ്വരസത്തയുടെ പ്രതിരൂപവും പുത്രന്‍ തന്നെ. തന്‍റെ വചനത്തിന്‍റെ ശക്തിയാല്‍ പ്രപഞ്ചത്തെ അവിടുന്നു നിലനിറുത്തുന്നു. മനുഷ്യരാശിക്കു പാപപരിഹാരം കൈവരുത്തിയശേഷം അവിടുന്ന് അത്യുന്നതസ്വര്‍ഗത്തില്‍ സര്‍വേശ്വരന്‍റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി വാണരുളുന്നു.

4

പുത്രനു സിദ്ധിച്ച നാമം മാലാഖമാരുടേതിനെക്കാള്‍ ശ്രേഷ്ഠമായിരിക്കുന്നു; അതുപോലെതന്നെ അവിടുന്ന് അവരെക്കാള്‍ ശ്രേഷ്ഠനായിരിക്കുകയും ചെയ്യുന്നു.

5

നീ എന്‍റെ പുത്രന്‍;
ഇന്നു ഞാന്‍ നിന്‍റെ പിതാവായിത്തീര്‍ന്നിരിക്കുന്നു

എന്നും

ഞാന്‍ അവനു പിതാവും
അവന്‍ എനിക്കു പുത്രനും ആയിരിക്കും

എന്നും ഏതെങ്കിലും ദൂതനെ സംബന്ധിച്ച് ദൈവം പറഞ്ഞിട്ടുണ്ടോ?

6 ദൈവം തന്‍റെ ആദ്യജാതനായ പുത്രനെ ലോകത്തിലേക്ക് അയച്ചപ്പോള്‍ ‘ദൈവത്തിന്‍റെ സകല ദൂതന്മാരും അവനെ നമസ്കരിക്കണം’ എന്ന് അവിടുന്ന് അരുള്‍ചെയ്തു.

7 എന്നാല്‍ മാലാഖമാരെക്കുറിച്ച് അവിടുന്നു പറയുന്നത്

തന്‍റെ ദൂതന്മാരെ കാറ്റുകളും
തന്‍റെ സേവകരെ അഗ്നിജ്വാലകളും ആക്കുന്നു എന്നത്രേ.

8

പുത്രനെക്കുറിച്ചാകട്ടെ,

ദൈവമേ, അവിടുത്തെ സിംഹാസനം
എന്നേക്കുമുള്ളത്;
അവിടുത്തെ ജനങ്ങളുടെമേല്‍
അങ്ങ് നീതിയോടെ വാണരുളും;

9
അങ്ങു നീതിയെ സ്നേഹിച്ചു;
അനീതിയെ വെറുത്തു.
അതുകൊണ്ടാണു ദൈവം, നിന്‍റെ ദൈവംതന്നെ,
നിന്നെ തിരഞ്ഞെടുക്കുകയും
നിന്‍റെ കൂട്ടുകാര്‍ക്കു നല്‌കിയതിനെക്കാള്‍ അതിമഹത്തായ ബഹുമതിയുടെ ആനന്ദതൈലംകൊണ്ട്
നിന്നെ അഭിഷേകം ചെയ്യുകയും ചെയ്തത് എന്നും ദൈവം പറഞ്ഞു.

10
അവിടുന്നു വീണ്ടും അരുള്‍ചെയ്യുന്നതു കേള്‍ക്കുക:
സര്‍വേശ്വരാ, അങ്ങ് ആദ്യം ഭൂമിയെ സൃഷ്‍ടിച്ചു;
ആകാശത്തെ സൃഷ്‍ടിച്ചതും അങ്ങുതന്നെ.

11
അവയെല്ലാം നശിക്കും; അങ്ങുമാത്രം നിലനില്‌ക്കും.
അവ വസ്ത്രംപോലെ ജീര്‍ണിക്കും

12
പുറങ്കുപ്പായംപോലെ അങ്ങ് അവയെ ചുരുട്ടിനീക്കും;
അവിടുന്നാകട്ടെ എന്നും മാറ്റമില്ലാത്തവനായിരിക്കും.
അവിടുത്തെ ആയുസ്സിന് അറുതിയില്ല.

13

“നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠമാക്കുന്നതുവരെ നീ ഇവിടെ എന്‍റെ വലത്തുഭാഗത്തിരിക്കുക” എന്ന് ഒരു മാലാഖയോടും ദൈവം ഒരിക്കലും കല്പിച്ചിട്ടില്ല.

14

അപ്പോള്‍ ഈ മാലാഖമാര്‍ ആരാണ്? രക്ഷയ്‍ക്ക് അവകാശികളാകുവാനുള്ളവരെ സഹായിക്കുന്ന സേവകാത്മാക്കളത്രേ അവര്‍.

2

1

അതുകൊണ്ട്, നാം കേട്ടിട്ടുള്ള സത്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും അവയെ മുറുകെപ്പിടിക്കുകയും വേണം. അല്ലെങ്കില്‍ അവയില്‍നിന്നു നാം ഒഴുകിയകന്നു പോകും.

2 മാലാഖമാര്‍ മുഖേന നല്‌കപ്പെട്ട സന്ദേശം സാധുവായിത്തീര്‍ന്നു; അതിനെ ധിക്കരിക്കുകയും അനുസരിക്കാതിരിക്കുകയും ചെയ്ത എല്ലാവര്‍ക്കും നീതിയുക്തമായ ശിക്ഷ ലഭിച്ചു.

3 അങ്ങനെയെങ്കില്‍ ഇത്ര വലിയ രക്ഷയെ നാം അവഗണിച്ചാല്‍, ശിക്ഷയില്‍നിന്നു പിന്നെ എങ്ങനെ തെറ്റിയൊഴിയും? സര്‍വേശ്വരന്‍തന്നെയാണ് ഈ രക്ഷ ആദ്യം പ്രഖ്യാപനം ചെയ്തത്. അതു സത്യമാണെന്ന് അവിടുത്തെ അരുളപ്പാടു ശ്രവിച്ചവര്‍ നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്തു.

4 അവരുടെ സാക്ഷ്യത്തിനു പുറമേ, പല തരത്തിലുള്ള അടയാളങ്ങളാലും, അതിശയപ്രവര്‍ത്തനങ്ങളാലും അദ്ഭുതകര്‍മങ്ങളാലും, തിരുഹിതപ്രകാരമുള്ള പരിശുദ്ധാത്മാവിന്‍റെ വരങ്ങളാലും ദൈവവും ഇതിനു സാക്ഷ്യം വഹിക്കുന്നു.

5

വരുവാനിരിക്കുന്ന പുതിയ ലോകത്തിന്‍റെ അധിപന്മാരായി മാലാഖമാരെ ദൈവം ആക്കിയിട്ടില്ല. ആ ലോകത്തെക്കുറിച്ചാണ് നാം സംസാരിക്കുന്നത്. വേദഗ്രന്ഥത്തില്‍ മനുഷ്യനെപ്പറ്റി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:

6

ദൈവമേ, അവിടുന്നു മനുഷ്യനെക്കുറിച്ചു ചിന്തിക്കുവാന്‍ അവന്‍ എന്തുള്ളൂ?
മനുഷ്യപുത്രനെക്കുറിച്ചു കരുതുവാന്‍ അവന്‍ ആരാണ്?

7
മാലാഖമാരെക്കാള്‍ അല്പം താണവനായി
അങ്ങ് അവനെ സൃഷ്‍ടിച്ചു;
തേജസ്സും ബഹുമാനവുമാകുന്ന കിരീടം
അങ്ങ് അവനെ അണിയിച്ചു.
എല്ലാറ്റിനെയും അവന്‍റെ കാല്‌ക്കീഴാക്കുകയും ചെയ്തു.

8

“എല്ലാറ്റിനെയും അവന്‍റെ കാല്‌ക്കീഴാക്കി” എന്നു പറയുമ്പോള്‍ അവന്‍റെ അധികാരത്തില്‍ പെടാത്തതായി ഒന്നുംതന്നെ ഇല്ലെന്നുള്ളതു സ്പഷ്ടം. എന്നാല്‍ ഇപ്പോള്‍ അവന്‍ എല്ലാറ്റിനെയും ഭരിക്കുന്നതായി നാം കാണുന്നില്ല.

9 ദൈവകൃപയാല്‍ എല്ലാവര്‍ക്കുംവേണ്ടി മരിക്കേണ്ടതിന് അല്പകാലത്തേക്കു മാലാഖമാരെക്കാള്‍ താഴ്ത്തപ്പെട്ടെങ്കിലും തന്‍റെ കഷ്ടാനുഭവവും മരണവുംമൂലം തേജസ്സും ബഹുമാനവുംകൊണ്ട് കിരീടം അണിയിക്കപ്പെട്ടവനായി യേശുവിനെ നാം കാണുന്നു.

10 തേജസ്സില്‍ പങ്കാളികളാകേണ്ടതിന് അനേകം പുത്രന്മാരെ രക്ഷയിലേക്കു നയിക്കുന്ന യേശുവിനെ കഷ്ടാനുഭവത്തില്‍കൂടി സമ്പൂര്‍ണനാക്കുന്നത് സകലത്തെയും സൃഷ്‍ടിച്ചു നിലനിറുത്തുന്ന ദൈവത്തെ സംബന്ധിച്ചിടത്തോളം സമുചിതമായിരുന്നു.

11

പാപങ്ങള്‍ നീക്കി ശുദ്ധീകരിക്കുന്ന യേശുവിന്‍റെയും ശുദ്ധീകരിക്കപ്പെട്ട എല്ലാവരുടെയും പിതാവ് ഒരുവന്‍തന്നെ. അതുകൊണ്ടാണ് അവരെ തന്‍റെ സഹോദരന്മാര്‍ എന്നു വിളിക്കുവാന്‍ യേശു ലജ്ജിക്കാതിരുന്നത്.

12 വേദഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നുണ്ടല്ലോ:

അങ്ങയെക്കുറിച്ച്,
എന്‍റെ സഹോദരന്മാരോടു ഞാന്‍ പറയും;
അവരുടെ സഭയില്‍ അങ്ങയെ ഞാന്‍
പ്രകീര്‍ത്തിക്കും.

13

വീണ്ടും:

ദൈവത്തില്‍ ഞാന്‍ ആശ്രയിക്കും

എന്നും

ഇതാ ഞാനും ദൈവം എനിക്കു നല്‌കിയിരിക്കുന്ന മക്കളും

എന്നും പറയുന്നു

14

അതുകൊണ്ട് മാംസരക്തങ്ങള്‍ ഉള്ള മക്കളെപ്പോലെ യേശു ആയിത്തീരുകയും അവരുടെ മനുഷ്യപ്രകൃതിയില്‍ ഭാഗഭാക്കാകുകയും ചെയ്തു. അവിടുന്ന് ഇങ്ങനെ ചെയ്തത്, മരണത്തിന്മേല്‍ അധികാരമുള്ളവനായ പിശാചിനെ, തന്‍റെ മരണത്താല്‍ നശിപ്പിക്കേണ്ടതിനായിരുന്നു.

15 ഇങ്ങനെ മരണഭീതിയോടെ ജീവിതകാലം മുഴുവന്‍ അടിമത്തത്തില്‍ കഴിഞ്ഞവരെ അവിടുന്നു സ്വതന്ത്രരാക്കി.

16 അവിടുന്നു മാലാഖമാരുടെ പ്രകൃതിയല്ലല്ലോ സ്വീകരിച്ചത്, പിന്നെയോ അബ്രഹാമിന്‍റെ സന്തതികളുടെ പ്രകൃതിയത്രേ.

17 മനുഷ്യരുടെ പാപപരിഹാരത്തിനുവേണ്ടിയുള്ള ദൈവത്തിന്‍റെ ശുശ്രൂഷയില്‍, അവരുടെ വിശ്വസ്തനും ദയാലുവുമായ മഹാപുരോഹിതനായിരിക്കേണ്ടതിന് എല്ലാ പ്രകാരത്തിലും തന്‍റെ സഹോദരന്മാരെപ്പോലെ അവിടുന്ന് ആകേണ്ടിയിരുന്നു എന്നത്രേ ഇതിന്‍റെ സാരം.

18 അവിടുന്ന് പരീക്ഷിക്കപ്പെടുകയും പീഡനം സഹിക്കുകയും ചെയ്തതുകൊണ്ട് പരീക്ഷിക്കപ്പെടുന്നവരെ സഹായിക്കുവാന്‍ അവിടുത്തേക്കു കഴിയും.

3

1

സ്വര്‍ഗീയ വിളിയില്‍ പങ്കാളികളായ എന്‍റെ വിശുദ്ധ സഹോദരരേ, നാം സ്ഥിരീകരിച്ച് ഏറ്റുപറയുന്ന വിശ്വാസത്തിന്‍റെ അപ്പോസ്തോലനും മഹാപുരോഹിതനുമായ യേശുവിനെപ്പറ്റി ചിന്തിക്കുക.

2 ദൈവത്തിന്‍റെ ഭവനത്തില്‍ മോശ എല്ലാ കാര്യങ്ങളിലും വിശ്വസ്തനായിരുന്നു. അതുപോലെ തന്നെ നിയോഗിച്ച ദൈവത്തോട് യേശുവും വിശ്വസ്തനായിരുന്നു.

3 ഭവനം നിര്‍മിക്കുന്നവനു ഭവനത്തെക്കാള്‍ മാന്യത ഉണ്ട്. അതുപോലെതന്നെ യേശു മോശയെക്കാള്‍ അധികം മാന്യതയ്‍ക്കു യോഗ്യനാകുന്നു.

4 ഏതു ഭവനവും ആരെങ്കിലും നിര്‍മിക്കുന്നു. എന്നാല്‍ എല്ലാം നിര്‍മിക്കുന്നത് ദൈവമാകുന്നു.

5 മോശ ദൈവത്തിന്‍റെ ഭവനത്തില്‍ എല്ലാ കാര്യങ്ങളിലും ഒരു ഭൃത്യനെപ്പോലെ വിശ്വസ്തനായിരുന്നു. ഭാവിയില്‍ ദൈവത്തിനു പറയുവാനുള്ള കാര്യങ്ങളെപ്പറ്റി മോശ സംസാരിക്കുകയും ചെയ്തു.

6 എന്നാല്‍ ഭവനത്തിന്‍റെമേല്‍ അധികാരമുള്ള പുത്രനെന്ന നിലയിലത്രേ ക്രിസ്തു വിശ്വസ്തനായിരിക്കുന്നത്. നമ്മുടെ ആത്മധൈര്യവും നാം പ്രത്യാശിക്കുന്നതിലുള്ള അഭിമാനവും മുറുകെപ്പിടിക്കുന്നുവെങ്കില്‍ നാം ദൈവത്തിന്‍റെ ഭവനമാകുന്നു.

7

പരിശുദ്ധാത്മാവ് അരുള്‍ചെയ്യുന്നത് ഇങ്ങനെയാണ്:

8

ഇന്നു നിങ്ങള്‍ ദൈവത്തിന്‍റെ ശബ്ദം കേള്‍ക്കുന്നുവെങ്കില്‍
നിങ്ങളുടെ പൂര്‍വികര്‍
ദൈവത്തോടു മത്സരിച്ചപ്പോള്‍ ആയിരുന്നതുപോലെ
കഠിനഹൃദയം ഉള്ളവരായിരിക്കരുത്.
മരുഭൂമിയിലായിരുന്നപ്പോള്‍
അവര്‍ ദൈവത്തെ പരീക്ഷിച്ചുവല്ലോ.

9
നാല്പതു വര്‍ഷം എന്‍റെ പ്രവൃത്തികള്‍ കണ്ടിട്ടും
അവിടെവച്ച് അവര്‍ എന്നെ
പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്തു.

10
അതുകൊണ്ട് എനിക്ക്
ആ തലമുറയോട് അമര്‍ഷമുണ്ടായി;
അവര്‍ സദാ വഴിതെറ്റിപ്പോകുന്നവരും
എന്‍റെ വഴി അറിഞ്ഞിട്ടില്ലാത്തവരുമാണ്
എന്നു ഞാന്‍ പറഞ്ഞു.

11
തന്മൂലം, ഞാന്‍ അവര്‍ക്കു
സ്വസ്ഥത നല്‌കുമായിരുന്ന ദേശത്ത്
അവര്‍ ഒരിക്കലും പ്രവേശിക്കുകയില്ലെന്ന്
ഞാന്‍ കുപിതനായി ശപഥം ചെയ്തു.

12

സഹോദരരേ, ജീവനുള്ള ദൈവത്തെ പരിത്യജിച്ചു പുറംതിരിഞ്ഞുപോകത്തക്കവണ്ണം, അവിശ്വാസവും ദുഷ്ടതയുമുള്ള ഹൃദയം നിങ്ങളില്‍ ആര്‍ക്കും ഉണ്ടാകാതിരിക്കുവാന്‍ സൂക്ഷിച്ചുകൊള്ളുക.

13 നേരേമറിച്ച്, നിങ്ങളില്‍ ആരുംതന്നെ പാപത്താല്‍ വഞ്ചിക്കപ്പെടാതിരിക്കുന്നതിനും കഠിന ഹൃദയമുള്ളവരായിത്തീരാതിരിക്കുന്നതിനുംവേണ്ടി ‘ഇന്ന്’ എന്നു വിളിക്കപ്പെടുന്ന ദിവസങ്ങള്‍ ഉള്ളിടത്തോളം നാള്‍തോറും അന്യോന്യം പ്രബോധിപ്പിക്കുക.

14 ആദ്യം ഉണ്ടായിരുന്ന ദൃഢവിശ്വാസം അന്ത്യംവരെ മുറുകെപ്പിടിക്കുന്നെങ്കില്‍ നാം ക്രിസ്തുവിന്‍റെ പങ്കുകാരായിരിക്കും.

15

വേദഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നുണ്ടല്ലോ:

ഇന്നു നിങ്ങള്‍ ദൈവത്തിന്‍റെ ശബ്ദം
കേള്‍ക്കുന്നു എങ്കില്‍
നിങ്ങളുടെ പൂര്‍വികര്‍
ദൈവത്തോടു മത്സരിച്ചപ്പോള്‍ ആയിരുന്നതുപോലെ
നിങ്ങള്‍ വഴങ്ങാത്ത ഹൃദയമുള്ളവരാകരുത്.

16

ദൈവത്തിന്‍റെ ശബ്ദം കേട്ടിട്ടും തന്നോടു മത്സരിച്ചത് ആരാണ്? മോശ മുഖേന ഈജിപ്തില്‍നിന്നു വിമോചിതരായ എല്ലാവരുമല്ലേ?

17 ആരോടാണു ദൈവം നാല്പതു വര്‍ഷം കോപത്തോടുകൂടി വര്‍ത്തിച്ചത്? പാപം ചെയ്ത് മരുഭൂമിയില്‍ മരിച്ചുവീണ ജനത്തോടുതന്നെ.

18 ‘ഞാന്‍ അവര്‍ക്കു വിശ്രമം നല്‌കുമായിരുന്ന ദേശത്ത് അവര്‍ ഒരിക്കലും പ്രവേശിക്കുകയില്ല’ എന്നു ദൈവം ശപഥം ചെയ്തത് ആരെപ്പറ്റിയാണ്? ദൈവത്തോടു മത്സരിച്ചവരെപ്പറ്റിത്തന്നെ.

19 അങ്ങനെ അവിശ്വാസം നിമിത്തം അവര്‍ക്ക് ആ ദേശത്തു പ്രവേശിക്കുവാന്‍ കഴിഞ്ഞില്ല എന്നു നാം അറിയുന്നു.

4

1

വിശ്രമം നല്‌കുമെന്നുള്ള ദൈവത്തിന്‍റെ വാഗ്ദാനം ഇപ്പോഴും നിലനില്‌ക്കുന്നു. ആ വിശ്രമം നിങ്ങളിലാര്‍ക്കും നഷ്ടപ്പെടാതിരിക്കുന്നതിന് നാം പ്രത്യേകം ശ്രദ്ധിക്കുക.

2 എന്തെന്നാല്‍ അവര്‍ കേട്ടതുപോലെ നമ്മളും സദ്‍വാര്‍ത്ത കേട്ടിരിക്കുന്നു. അവര്‍ ദൈവവചനം കേട്ടെങ്കിലും, വിശ്വാസത്തോടുകൂടി കൈക്കൊള്ളായ്കയാല്‍ അത് അവര്‍ക്കു പ്രയോജനപ്പെട്ടില്ല.

3 വിശ്വസിക്കുന്നവരായ നാം ദൈവം വാഗ്ദാനം ചെയ്ത ആ വിശ്രമം പ്രാപിക്കുന്നു. വിശ്വസിക്കാത്തവരെക്കുറിച്ച് ദൈവം പറയുന്നത് ഇപ്രകാരമാണ്:

എന്‍റെ രോഷത്തില്‍ ഞാന്‍ ശപഥം ചെയ്തു.
അവര്‍ക്കു ഞാന്‍ വിശ്രമം നല്‌കുമായിരുന്ന ദേശത്ത്
അവര്‍ ഒരിക്കലും പ്രവേശിക്കുകയില്ല

പ്രപഞ്ചസൃഷ്‍ടിയില്‍ അവിടുത്തെ പ്രവൃത്തി പൂര്‍ത്തിയായിട്ടും ഇങ്ങനെയാണല്ലോ ദൈവം ശപഥം ചെയ്തത്.

4 ഏഴാം നാളില്‍ ദൈവം തന്‍റെ പ്രവര്‍ത്തനങ്ങളില്‍നിന്നു നിവൃത്തനായി വിശ്രമിച്ചു എന്ന് ഏഴാം നാളായ ശബത്തിനെപ്പറ്റി വേദഗ്രന്ഥത്തില്‍ ഒരിടത്തു പറയുന്നുണ്ടല്ലോ.

5 അതേ കാര്യത്തെക്കുറിച്ചുതന്നെ വീണ്ടും പറയുന്നു: ‘ഞാന്‍ അവര്‍ക്കു വിശ്രമം നല്‌കുമായിരുന്ന ദേശത്ത് അവര്‍ ഒരിക്കലും പ്രവേശിക്കുകയില്ല!’

6 സുവിശേഷം ആദ്യം കേട്ടവര്‍ അതു വിശ്വസിക്കായ്കയാല്‍ അവര്‍ക്ക് ആ വിശ്രമം ലഭിച്ചില്ല. എന്നാല്‍ ആ വിശ്രമത്തില്‍ പ്രവേശിക്കുവാന്‍ വേറേ ചിലരുണ്ട്.

7 വീണ്ടും ‘ഇന്ന്’ എന്നൊരു പ്രത്യേക ദിവസം ദൈവം നിശ്ചയിക്കുന്നു. മുമ്പ് ഉദ്ധരിച്ചതുപോലെ, ദാവീദു മുഖേന വളരെക്കാലത്തിനുശേഷം അവിടുന്ന് അരുള്‍ചെയ്തു:

ഇന്നു ദൈവത്തിന്‍റെ ശബ്ദം കേള്‍ക്കുന്നു എങ്കില്‍
നിങ്ങള്‍ വഴങ്ങാത്ത ഹൃദയമുള്ളവരാകരുത്.

8

ദൈവം വാഗ്ദാനം ചെയ്ത വിശ്രമം യോശുവ ജനത്തിനു നല്‌കിയിരുന്നെങ്കില്‍, ദൈവം മറ്റൊരു ദിവസത്തെപ്പറ്റി പിന്നീടു പറയുകയില്ലായിരുന്നു.

9 ഒരു വിശ്രമാനുഭവം ദൈവത്തിന്‍റെ ജനത്തെ കാത്തുനില്‌ക്കുന്നു.

10 ദൈവം വാഗ്ദാനം ചെയ്ത വിശ്രമത്തിലേക്കു പ്രവേശിക്കുന്ന ഏതൊരുവനും ദൈവത്തെപ്പോലെ, തന്‍റെ കര്‍മരംഗത്തുനിന്നു വിരമിച്ചു വിശ്രമിക്കുന്നു.

11 അതിനാല്‍ അവിശ്വാസംമൂലം നമ്മിലാരും ഇസ്രായേല്‍ജനതയെപ്പോലെ പരാജയപ്പെടാതിരിക്കുവാന്‍ ആ വിശ്രമം ലഭിക്കുന്നതിനു നമുക്കു പരമാവധി പരിശ്രമിക്കാം.

12

ദൈവത്തിന്‍റെ വചനം ജീവനുള്ളതും, പ്രയോഗക്ഷമവും, ഇരുവായ്ത്തലയുള്ള വാളിനെക്കാള്‍ മൂര്‍ച്ചയേറിയതുമാണ്. അത് ആത്മാവും ചേതനയും സന്ധിക്കുന്ന സ്ഥാനംവരെ കടന്നുചെല്ലും. സന്ധിബന്ധങ്ങളും മജ്ജയും വേര്‍പെടുത്തിക്കൊണ്ടു തുളച്ചുകയറും, അത് മനുഷ്യഹൃദയത്തിന്‍റെ ചിന്തകളെയും ആഗ്രഹങ്ങളെയും വിവേചിച്ചറിയും.

13 പ്രപഞ്ചത്തിലുള്ള യാതൊരു സൃഷ്‍ടിക്കും ദൈവത്തില്‍നിന്നു മറഞ്ഞിരിക്കുവാന്‍ സാധ്യമല്ല. സകലവും ഈശ്വരസമക്ഷം തുറന്നുകിടക്കുന്നു; ഒന്നും മറച്ചുവച്ചിട്ടില്ല. അങ്ങനെയുള്ള ദൈവത്തിന്‍റെ മുമ്പിലാണ് നാം നില്‌ക്കേണ്ടിവരുന്നത്.

14

ദൈവത്തിന്‍റെ സന്നിധിയിലേക്ക് ആരോഹണം ചെയ്ത ഒരു മഹാപുരോഹിതന്‍ നമുക്കുണ്ട് - ദൈവപുത്രനായ യേശുതന്നെ. അതുകൊണ്ട് നാം ഏറ്റുപറയുന്ന വിശ്വാസം നമുക്കു മുറുകെപ്പിടിക്കാം.

15 നമ്മുടെ ബലഹീനതയില്‍ സഹതപിക്കുവാന്‍ കഴിയാത്ത ഒരു മഹാപുരോഹിതനല്ല നമുക്കുള്ളത്. പിന്നെയോ, എല്ലാകാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടിട്ടും പാപരഹിതനായിരുന്ന ഒരു മഹാപുരോഹിതനത്രേ നമുക്കുള്ളത്.

16 അതുകൊണ്ട് ധൈര്യംപൂണ്ട് കൃപയുടെ ഇരിപ്പിടമായ ദൈവസിംഹാസനത്തെ നമുക്കു സമീപിക്കാം. യഥാസമയം നമ്മെ സഹായിക്കുന്ന കൃപ നാം അവിടെ കണ്ടെത്തുകയും ദൈവത്തിന്‍റെ കരുണ നമുക്കു ലഭിക്കുകയും ചെയ്യും.

5

1

മനുഷ്യരില്‍നിന്നു തിരഞ്ഞെടുക്കപ്പെടുന്ന ഏതു മഹാപുരോഹിതനും ജനങ്ങള്‍ക്കുവേണ്ടി ദൈവത്തിനു കാഴ്ചകളും പാപപരിഹാരബലികളും അര്‍പ്പിക്കുന്ന ദിവ്യശുശ്രൂഷ നിര്‍വഹിക്കുന്നതിനായി നിയമിക്കപ്പെട്ടിരിക്കുന്നു.

2 താന്‍തന്നെ ബലഹീനനായതുകൊണ്ട് അജ്ഞരും തെറ്റുചെയ്യുന്നവരുമായ ജനത്തോടു സഹാനുഭൂതിയോടുകൂടി പെരുമാറുവാന്‍ അദ്ദേഹത്തിനു കഴിയും.

3 എന്നുതന്നെയല്ല, താന്‍തന്നെ ബലഹീനന്‍ ആയതുകൊണ്ട് ജനങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടി മാത്രമല്ല, സ്വന്തം പാപങ്ങള്‍ക്കുവേണ്ടിയും അദ്ദേഹം യാഗം അര്‍പ്പിക്കേണ്ടതുണ്ട്.

4 അഹരോനെപ്പോലെ ദൈവം വിളിക്കുന്നവരല്ലാതെ ആരും സ്വയമേവ ഈ പദവി ഏറ്റെടുക്കുന്നില്ല.

5

അതുപോലതന്നെ ക്രിസ്തുവും മഹാപുരോഹിതന്‍ എന്ന ഉല്‍ക്കൃഷ്ടപദവി സ്വയമേവ എടുത്തില്ല. പിന്നെയോ ‘നീ എന്‍റെ പ്രിയപുത്രന്‍; ഇന്നു ഞാന്‍ നിന്‍റെ പിതാവായിത്തീര്‍ന്നിരിക്കുന്നു.’

എന്നു ക്രിസ്തുവിനോടു പറഞ്ഞുകൊണ്ട് ദൈവം അവിടുത്തെ നിയമിക്കുകയാണു ചെയ്തത്.

6 മറ്റൊരിടത്ത് ദൈവം വീണ്ടും പറഞ്ഞിരിക്കുന്നു: ‘മെല്‌കിസെദേക്കിനെപ്പോലെ നീ എന്നേക്കും ഒരു പുരോഹിതനത്രേ.’

7

ക്രിസ്തു തന്‍റെ ഐഹികജീവിതകാലത്ത്, മരണത്തില്‍നിന്നു തന്നെ രക്ഷിക്കുവാന്‍ കഴിവുള്ള ദൈവത്തോട് ഉച്ചത്തിലുള്ള നിലവിളിയോടും കണ്ണുനീരോടുംകൂടി വിനയപൂര്‍വം പ്രാര്‍ഥിച്ചു. അവിടുത്തെ എളിമയും ഭയഭക്തിയുംമൂലം ദൈവം പ്രാര്‍ഥന കേട്ടു.

8 താന്‍ ദൈവപുത്രനായിരുന്നെങ്കിലും തന്‍റെ കഷ്ടാനുഭവങ്ങളില്‍കൂടി ക്രിസ്തു അനുസരണം അഭ്യസിച്ചു

9 പരിപൂര്‍ണതയുടെ പാരമ്യത്തിലെത്തുകയും, തന്നെ അനുസരിക്കുന്ന എല്ലാവരുടെയും ശാശ്വതരക്ഷയുടെ ഉറവിടമായിത്തീരുകയും ചെയ്തു.

10 അവിടുന്നു മെല്‌കിസെദേക്കിനെപ്പോലെയുള്ള മഹാപുരോഹിതനാണെന്നു ദൈവം പ്രഖ്യാപനം ചെയ്യുകയും ചെയ്തു.

11

ഇതിനെക്കുറിച്ച് ഞങ്ങള്‍ക്കു പറയുവാന്‍ വളരെയുണ്ട്. എന്നാല്‍ അവ നിങ്ങള്‍ക്കു വേണ്ടവണ്ണം ഗ്രഹിക്കുവാന്‍ ത്രാണിയില്ലാത്തതുകൊണ്ട്, വിശദീകരിക്കുവാന്‍ വിഷമമാണ്.

12 ഇതിനകം നിങ്ങള്‍ ഉപദേഷ്ടാക്കള്‍ ആകേണ്ടതായിരുന്നു. എന്നിട്ടും ദൈവത്തിന്‍റെ സന്ദേശത്തിലെ ആദ്യപാഠങ്ങള്‍പോലും ആരെങ്കിലും നിങ്ങള്‍ക്കു പറഞ്ഞുതരേണ്ടിയിരിക്കുന്നു. കട്ടിയുള്ള ആഹാരമല്ല, പാലാണ് ഇപ്പോഴും നിങ്ങള്‍ക്ക് ആവശ്യം.

13 പാലുകുടിച്ചു ജീവിക്കുന്നവന്‍ ശരിയും തെറ്റും തിരിച്ചറിയുവാന്‍ പരിചയമില്ലാത്തവനാണ്. എന്തെന്നാല്‍ അവന്‍ ശിശുവാകുന്നു.

14 കട്ടിയുള്ള ആഹാരം മുതിര്‍ന്നവര്‍ക്കുള്ളതാണ്. അവര്‍ക്ക് തഴക്കംകൊണ്ട് നന്മയും തിന്മയും തിരിച്ചറിയുവാനുള്ള കഴിവ് ഉണ്ടാകും.

6

1

അതുകൊണ്ട് ക്രിസ്തുവിന്‍റെ സന്ദേശത്തിന്‍റെ പ്രാഥമികപാഠങ്ങള്‍ പിന്നിട്ട് പക്വതയിലേക്കു നമുക്ക് മുന്നേറാം. പ്രയോജനരഹിതമായ പ്രവൃത്തികളില്‍നിന്നുള്ള പിന്തിരിയല്‍,

2 ദൈവത്തിലുള്ള വിശ്വാസം, സ്നാപനത്തെക്കുറിച്ചുള്ള ഉപദേശം, കൈവയ്പ്, മരിച്ചവരുടെ പുനരുത്ഥാനം, അനന്തമായ ശിക്ഷാവിധി എന്നീ പ്രാഥമികപാഠങ്ങളുടെ അടിസ്ഥാനം നാം വീണ്ടും ഇടേണ്ടതില്ല.

3 ദൈവം അനുവദിക്കുമെങ്കില്‍ നമുക്കു മുന്നോട്ടു പോകാം.

4

വിശ്വാസം പരിത്യജിച്ചവരെ അനുതാപത്തിലേക്കു വീണ്ടും കൊണ്ടുവരുവാന്‍ എങ്ങനെ സാധിക്കും? അവര്‍ ദൈവത്തിന്‍റെ പ്രകാശത്തിലേക്കു വരികയും, സ്വര്‍ഗീയവരങ്ങള്‍ ആസ്വദിക്കുകയും, പരിശുദ്ധാത്മാവിന്‍റെ ഓഹരി പ്രാപിക്കുകയും ചെയ്തവരാണ്.

5 ദൈവത്തിന്‍റെ വചനം ശ്രേഷ്ഠമാണെന്ന് തങ്ങളുടെ അനുഭവത്തില്‍നിന്നു മനസ്സിലാക്കുകയും, വരുവാനിരിക്കുന്ന യുഗത്തിന്‍റെ ശക്തി അനുഭവവേദ്യമാക്കുകയും ചെയ്തിട്ടുമുണ്ട്.

6 എന്നിട്ടും അവര്‍ വിശ്വാസം പരിത്യജിച്ചാല്‍ അവരെ പശ്ചാത്താപത്തിലേക്കു വീണ്ടും കൊണ്ടുവരുവാന്‍ സാധ്യമല്ല. എന്തുകൊണ്ടെന്നാല്‍, ദൈവപുത്രനെ അവര്‍ വീണ്ടും ക്രൂശിക്കുകയും പരസ്യമായി പരിഹാസപാത്രമാക്കിത്തീര്‍ക്കുകയും ചെയ്തുവല്ലോ.

7

കൂടെക്കൂടെ പെയ്യുന്ന മഴവെള്ളം കുടിക്കുകയും കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ സസ്യാദികള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്ന ഭൂമിയെ ദൈവം അനുഗ്രഹിക്കുന്നു.

8 എന്നാല്‍ മുള്‍ച്ചെടികളും ഞെരിഞ്ഞിലുമാണ് അത് ഉല്‍പ്പാദിപ്പിക്കുന്നതെങ്കില്‍ അതുകൊണ്ട് ഒരു പ്രയോജനവുമില്ല. അതു ശാപയോഗ്യമായിത്തീരുകയും, തീയിട്ടു നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. അതാണ് അതിന്‍റെ അവസാനം.

9

പ്രിയപ്പെട്ടവരേ, ഞങ്ങള്‍ ഇങ്ങനെ സംസാരിക്കുന്നു എങ്കിലും രക്ഷയുടെ ശ്രേഷ്ഠമായ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്കുണ്ടെന്നു ഞങ്ങള്‍ക്ക് ഉത്തമബോധ്യമുണ്ട്.

10 ദൈവം അന്യായം പ്രവര്‍ത്തിക്കുന്നവനല്ലല്ലോ. നിങ്ങളുടെ പ്രവൃത്തികളും സഹവിശ്വാസികള്‍ക്കു ചെയ്തിട്ടുള്ളതും ചെയ്തുകൊണ്ടിരിക്കുന്നതുമായ സഹായത്തിലൂടെ ദൈവത്തോടു നിങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള സ്നേഹവും അവിടുന്നു വിസ്മരിക്കുകയില്ല.

11 നിങ്ങള്‍ ഓരോ വ്യക്തിയും പ്രത്യാശിക്കുന്ന കാര്യങ്ങള്‍ യഥാര്‍ഥമായിത്തീരുന്നതിന് നിങ്ങള്‍ അന്ത്യംവരെ ജാഗ്രതയുള്ളവരായിരിക്കണമെന്നത്രേ ഞങ്ങളുടെ അഭിവാഞ്ഛ.

12 നിങ്ങള്‍ അലസരാകരുതെന്നും, വിശ്വാസവും സഹനശക്തിയുംമൂലം ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നതു പ്രാപിക്കുന്നവരെപ്പോലെ ആകണമെന്നുമത്രേ നിങ്ങളെപ്പറ്റി ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

13

ദൈവം അബ്രഹാമിനോടു വാഗ്ദാനം ചെയ്തപ്പോള്‍, അവിടുത്തെക്കാള്‍ വലിയവനായി ആരും ഇല്ലാതിരുന്നതുകൊണ്ട് സ്വന്തം നാമത്തില്‍തന്നെ സത്യംചെയ്തു.

14 ‘ഞാന്‍ നിന്നെ നിശ്ചയമായും അനുഗ്രഹിക്കുകയും നിനക്ക് അനവധി സന്തതികളെ നല്‌കുകയും ചെയ്യും’ എന്നു ദൈവം അബ്രഹാമിനോടു പറഞ്ഞു.

15 അബ്രഹാം ക്ഷമയോടെ കാത്തിരുന്നു. ദൈവം വാഗ്ദാനം ചെയ്തത് അബ്രഹാമിനു ലഭിക്കുകയും ചെയ്തു.

16 മനുഷ്യര്‍ സാധാരണ ശപഥം ചെയ്യുമ്പോള്‍ തങ്ങളെക്കാള്‍ വലിയവനായ ഒരാളിന്‍റെ നാമത്തിലായിരിക്കുമല്ലോ അപ്രകാരം ചെയ്യുന്നത്. എല്ലാകാര്യങ്ങള്‍ക്കും തന്മൂലം ഉറപ്പുവരുത്തുന്നു.

17 അവിടുത്തെ ഉദ്ദേശ്യത്തിന് ഒരിക്കലും മാറ്റമില്ലെന്ന്, വാഗ്ദാനത്തിന്‍റെ അവകാശികള്‍ക്കു സ്പഷ്ടമാക്കിക്കൊടുക്കുവാന്‍ ദൈവം സ്വന്തം ശപഥത്താല്‍ ഉറപ്പു നല്‌കി.

18 മാറ്റുവാന്‍ കഴിയാത്ത ഈ രണ്ടു കാര്യങ്ങളിലും ദൈവത്തിന്‍റെ വാക്ക് വ്യാജമാണെന്നു തെളിയിക്കുവാന്‍ സാധ്യമല്ല. അതുകൊണ്ട് ദൈവത്തില്‍ ശരണം കണ്ടെത്തിയ നമ്മുടെ മുമ്പില്‍ വയ്‍ക്കപ്പെട്ടിരിക്കുന്ന പ്രത്യാശയെ മുറുകെപ്പിടിക്കുവാന്‍ ശക്തമായ പ്രോത്സാഹനം നമുക്കു ലഭിക്കുന്നു. നമ്മുടെ ജീവിതത്തിന് ഒരു നങ്കൂരമാണ് ഈ പ്രത്യാശ.

19 ഇത് സുരക്ഷിതവും സുനിശ്ചിതവും, തിരശ്ശീലയ്‍ക്കപ്പുറത്തുള്ള അതിവിശുദ്ധസ്ഥലത്തേക്കു കടന്നുചെല്ലുന്നതുമാകുന്നു.

20 യേശു നമുക്കുവേണ്ടി, നമുക്കുമുമ്പായി അവിടെ പ്രവേശിക്കുകയും മെല്‌ക്കിസെദേക്കിനെപ്പോലെ എന്നേക്കും മഹാപുരോഹിതനാകുകയും ചെയ്തിരിക്കുന്നു.

7

1

ശാലേമിന്‍റെ രാജാവും അത്യുന്നതനായ ദൈവത്തിന്‍റെ മഹാപുരോഹിതനുമായിരുന്നു മെല്‌ക്കിസെദേക്ക്. രാജാക്കന്മാരെ നിഗ്രഹിച്ചശേഷം തിരിച്ചുവന്ന അബ്രഹാമിനെ മെല്‌ക്കിസെദേക്ക് എതിരേറ്റ് അനുഗ്രഹിച്ചു.

2 യുദ്ധത്തില്‍ താന്‍ പിടിച്ചെടുത്ത എല്ലാറ്റിന്‍റെയും പത്തിലൊന്ന് അബ്രഹാം മെല്‌ക്കിസെദേക്കിനു കൊടുത്തു. മെല്‌ക്കിസെദേക്ക് എന്ന പേരിന്‍റെ അര്‍ഥം ‘നീതിയുടെ രാജാവ്’ എന്നത്രേ; ശാലേമിന്‍റെ രാജാവായതുകൊണ്ട് ‘സമാധാനത്തിന്‍റെ രാജാവ്’ എന്നും പറയാം.

3 മെല്‌ക്കിസെദേക്കിന് പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവിതത്തിന് ആദിയോ അന്തമോ ഇല്ല. ദൈവപുത്രനു തുല്യനായി അദ്ദേഹം എന്നേക്കും പുരോഹിതനാകുന്നു.

4

അദ്ദേഹം എത്ര വലിയവനാണെന്നു നോക്കുക! നമ്മുടെ പൂര്‍വികനായ അബ്രഹാമിന് യുദ്ധത്തില്‍ ലഭിച്ച എല്ലാ മുതലിന്‍റെയും പത്തിലൊന്ന് അദ്ദേഹത്തിനു നല്‌കിയല്ലോ.

5 പുരോഹിതന്മാരായ ലേവിവംശജര്‍ക്ക് തങ്ങളുടെ സഹോദരന്മാരും അബ്രഹാമിന്‍റെ സന്താനങ്ങളുമായ ജനത്തില്‍നിന്നുപോലും ദശാംശം വാങ്ങുവാന്‍ അവരുടെ നിയമം അനുശാസിച്ചിട്ടുണ്ട്.

6 മെല്‌ക്കിസെദേക് ലേവിയുടെ വംശജനല്ല. എന്നിട്ടും അബ്രഹാമില്‍നിന്നു ദശാംശം സ്വീകരിക്കുകയും ദൈവത്തിന്‍റെ വാഗ്ദാനങ്ങള്‍ ലഭിച്ചവനായ അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്തു.

7 അനുഗ്രഹിക്കുന്നവന്‍ അനുഗ്രഹിക്കപ്പെടുന്നവനെക്കാള്‍ വലിയവനാണെന്നുള്ളതിനു സംശയമില്ലല്ലോ.

8 ഇവിടെ കേവലം മര്‍ത്യരായ പുരോഹിതന്മാര്‍ ദശാംശം വാങ്ങുന്നു. മെല്‌കിസെദേക്കിന്‍റെ കാര്യത്തിലാകട്ടെ, ദശാംശം വാങ്ങുന്നവന്‍ ജീവിച്ചിരിക്കുന്നവനാണെന്നു വേദഗ്രന്ഥം സാക്ഷ്യം വഹിക്കുന്നു.

9 ദശാംശം വാങ്ങിക്കൊണ്ടിരിക്കുന്ന ലേവിയും അബ്രഹാമില്‍കൂടി ദശാംശം കൊടുത്തു എന്ന് ഒരു വിധത്തില്‍ പറയാം.

10 എന്തുകൊണ്ടെന്നാല്‍ മെല്‌ക്കിസെദേക്ക് അബ്രഹാമിനെ എതിരേറ്റപ്പോള്‍ ലേവി തന്‍റെ പൂര്‍വപിതാവായ അബ്രഹാമിന്‍റെ ശരീരത്തില്‍ ഉണ്ടായിരുന്നുവല്ലോ.

11

ലേവ്യപൗരോഹിത്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇസ്രായേല്‍ജനത്തിനു നിയമസംഹിത നല്‌കപ്പെട്ടത്. ലേവ്യപൗരോഹിത്യത്തിലൂടെ സമ്പൂര്‍ണത ആര്‍ജിക്കുവാന്‍ കഴിയുമായിരുന്നെങ്കില്‍ അഹരോന്‍റെ പൗരോഹിത്യക്രമത്തില്‍നിന്നു വിഭിന്നമായി മെല്‌ക്കിസെദേക്കിനെപ്പോലെ ഒരു പുരോഹിതന്‍ വരേണ്ട ആവശ്യമെന്ത്?

12 പൗരോഹിത്യത്തിനു മാറ്റമുണ്ടായപ്പോള്‍ നിയമത്തിലും മാറ്റമുണ്ടാകേണ്ടത് ആവശ്യമായിരുന്നു.

13 ഇവിടെ ആരെക്കുറിച്ചു സൂചിപ്പിച്ചിരിക്കുന്നുവോ, അദ്ദേഹം മറ്റൊരു ഗോത്രത്തില്‍പ്പെട്ടവനായിരുന്നു. അദ്ദേഹത്തിന്‍റെ ഗോത്രത്തില്‍പ്പെട്ടവര്‍ ആരുംതന്നെ പുരോഹിത ശുശ്രൂഷ ചെയ്തിട്ടുമില്ല.

14 നമ്മുടെ കര്‍ത്താവ് യെഹൂദഗോത്രത്തില്‍ ജനിച്ചു എന്നുള്ളത് സ്പഷ്ടമാണല്ലോ. ആ ഗോത്രത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ പുരോഹിതന്മാരെപ്പറ്റി മോശ ഒന്നും പറഞ്ഞിട്ടില്ലല്ലോ.

15

മെല്‌ക്കിസെദേക്കിനെപ്പോലെ മറ്റൊരു പുരോഹിതന്‍ ആവിര്‍ഭവിക്കുന്നതില്‍നിന്ന് ഇതു കൂടുതല്‍ വ്യക്തമാകുന്നു.

16 മാനുഷികമായ പിന്തുടര്‍ച്ചയെപ്പറ്റിയുള്ള നിയമമനുസരിച്ചല്ല, അനശ്വരമായ ജീവന്‍റെ ശക്തി മുഖേനയാണ് അവിടുന്നു പുരോഹിതന്‍ ആയിരിക്കുന്നത്.

17 അവിടുത്തെപ്പറ്റി വേദഗ്രന്ഥം ഇങ്ങനെ സാക്ഷ്യം വഹിക്കുന്നു: “മെല്‌ക്കിസെദേക്കിനെപ്പോലെ നീ എന്നേക്കും പുരോഹിതനായിരിക്കും.”

18 പഴയ കല്പന ദുര്‍ബലവും പ്രയോജനരഹിതവുമാകയാല്‍ അത് അസാധുവാക്കപ്പെട്ടിരിക്കുന്നു. നിയമം ഒന്നിനെയും പൂര്‍ണമാക്കുന്നില്ലല്ലോ.

19 അതിനെക്കാള്‍ മികച്ച പ്രത്യാശ ഇപ്പോള്‍ നമുക്കു നല്‌കപ്പെട്ടിരിക്കുന്നു. അതില്‍കൂടി നാം ദൈവത്തെ സമീപിക്കുകയും ചെയ്യുന്നു.

20

ദൈവത്തിന്‍റെ ശപഥം കൂടാതെയാണല്ലോ മറ്റുള്ളവര്‍ പുരോഹിതന്മാരായിത്തീര്‍ന്നത്.

21 എന്നാല്‍ യേശു പുരോഹിതനായപ്പോള്‍ ദൈവം അവിടുത്തോട് ഇപ്രകാരം പറഞ്ഞു:

സര്‍വേശ്വരന്‍ ശപഥം ചെയ്തിട്ടുണ്ട്;
അതില്‍നിന്ന് അവിടുന്നു മാറുകയില്ല;
‘നീ എന്നേക്കും ഒരു പുരോഹിതനായിരിക്കും.’

22

ഇങ്ങനെ യേശു ഒരു മികച്ച ഉടമ്പടിയുടെ ഉറപ്പായിത്തീര്‍ന്നിരിക്കുന്നു.

23

മുമ്പ് നിരവധി പുരോഹിതന്മാര്‍ ഉണ്ടായിട്ടുണ്ട്; അവരുടെ മരണത്തോടുകൂടി തങ്ങളുടെ പൗരോഹിത്യവും അവസാനിക്കുന്നു.

24 എന്നാല്‍ യേശു എന്നേക്കും ജീവിക്കുന്നതുകൊണ്ട് അവിടുത്തെ പൗരോഹിത്യം ശാശ്വതമാണ്.

25 അതുകൊണ്ട് തന്നില്‍കൂടി ദൈവത്തിന്‍റെ അടുക്കല്‍ വരുന്നവരെ എപ്പോഴും രക്ഷിക്കുവാന്‍ യേശുവിനു കഴിയും. എന്തുകൊണ്ടെന്നാല്‍ അവര്‍ക്കുവേണ്ടി ദൈവത്തിന്‍റെ അടുക്കല്‍ മധ്യസ്ഥത വഹിക്കുവാന്‍ അവിടുന്ന് എന്നേക്കും ജിവിക്കുന്നു.

26

ഇങ്ങനെയുള്ള ഒരു മഹാപുരോഹിതന്‍ നമുക്ക് ഉണ്ടാകേണ്ടത് ആവശ്യമായിരുന്നു. അവിടുന്നു നിര്‍മ്മലനും നിര്‍ദോഷനും നിഷ്കളങ്കനും പാപികളില്‍നിന്നു വേര്‍തിരിക്കപ്പെവനുമാണ്. അവിടുന്ന് സ്വര്‍ഗങ്ങള്‍ക്കുമീതെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു.

27 മറ്റുള്ള മഹാപുരോഹിതന്മാരെപ്പോലെ, ആദ്യം സ്വന്തം പാപങ്ങള്‍ക്കുവേണ്ടിയും പിന്നീടു മറ്റുള്ളവരുടെ പാപങ്ങള്‍ക്കുവേണ്ടിയും എന്നും ബലിയര്‍പ്പിക്കേണ്ട ആവശ്യം യേശുവിനില്ലായിരുന്നു. ഒരിക്കല്‍ മാത്രമേ അവിടുന്നു ബലി അര്‍പ്പിച്ചിട്ടുള്ളൂ; അത് തന്‍റെ ജീവന്‍ അര്‍പ്പിച്ചുകൊണ്ടുള്ള ബലിയായിരുന്നു.

28 മോശയുടെ നിയമം, ദുര്‍ബലരായ മനുഷ്യരെ മഹാപുരോഹിതന്മാരായി നിയമിക്കുന്നു. എന്നാല്‍ നിയമത്തിന്‍റെ കാലശേഷം, എന്നേക്കും പൂര്‍ണനാക്കപ്പെട്ടിരിക്കുന്ന പുത്രനെ ദൈവം ശപഥം ചെയ്തുകൊണ്ടു നല്‌കിയ വാഗ്ദാനം മുഖേന മഹാപുരോഹിതനായി നിയമിക്കുന്നു.

8

1

നാം പറയുന്നതിന്‍റെ സാരം ഇതാണ്; സ്വര്‍ഗത്തില്‍ ദൈവത്തിന്‍റെ തേജോമയമായ സിംഹാസനത്തിന്‍റെ വലത്തുഭാഗത്ത് ഇരിക്കുന്ന ഒരു മഹാപുരോഹിതന്‍ നമുക്കുണ്ട്.

2 മനുഷ്യനിര്‍മിതമല്ലാത്തതും, സര്‍വേശ്വരന്‍ സ്ഥാപിച്ചതുമായ സത്യകൂടാരമാകുന്ന അതിവിശുദ്ധസ്ഥലത്ത് അവിടുന്നു ശുശ്രൂഷ ചെയ്യുന്നു.

3

ഏതു മഹാപുരോഹിതനും നിയോഗിക്കപ്പെടുന്നത് വഴിപാടുകളും ബലികളും അര്‍പ്പിക്കുവാനാണ്. അതുകൊണ്ട് ഈ മഹാപുരോഹിതനും അര്‍പ്പിക്കുവാന്‍ എന്തെങ്കിലും ഉണ്ടായിരിക്കേണ്ടതാണല്ലോ.

4 അവിടുന്നു ഭൂമിയിലായിരുന്നെങ്കില്‍ ഒരിക്കലും ഒരു പുരോഹിതന്‍ ആകുമായിരുന്നില്ല. യെഹൂദനിയമപ്രകാരം വഴിപാടുകള്‍ അര്‍പ്പിക്കുന്ന പുരോഹിതന്മാര്‍ ഇവിടെയുണ്ടല്ലോ.

5 അവര്‍ ഇവിടെ ചെയ്യുന്ന ശുശ്രൂഷ സ്വര്‍ഗത്തില്‍ ചെയ്യുന്നതിന്‍റെ പ്രതിബിംബവും നിഴലും മാത്രമാണ്. മോശ കൂടാരം നിര്‍മിക്കുവാന്‍ ഭാവിച്ചപ്പോള്‍ ‘പര്‍വതത്തില്‍വച്ചു നിനക്കു കാണിച്ചുതന്ന മാതൃകപ്രകാരം സകലവും ചെയ്യുവാന്‍ നീ ശ്രദ്ധിക്കുക’ എന്നു ദൈവം അരുളിച്ചെയ്തു.

6 ശ്രേഷ്ഠമായ വാഗ്ദാനങ്ങളില്‍ അധിഷ്ഠിതമായ മികച്ച ഉടമ്പടിയുടെ മധ്യസ്ഥനാണ് യേശു. അതിനാല്‍ അതിന്‍റെ വൈശിഷ്ട്യത്തിനൊത്തവണ്ണം അതിവിശിഷ്ടമായ ശുശ്രൂഷയത്രേ യേശുവിനു ലഭിച്ചിരിക്കുന്നത്.

7

ആദ്യത്തെ ഉടമ്പടി അന്യൂനമായിരുന്നെങ്കില്‍ രണ്ടാമതൊന്നു വേണ്ടിവരികയില്ലായിരുന്നു.

8 എന്നാല്‍ ജനങ്ങള്‍ കുറവുള്ളവരായിരുന്നതുകൊണ്ട് വേദഗ്രന്ഥത്തില്‍ ഇപ്രകാരം പറയുന്നു:

സര്‍വേശ്വരന്‍ അരുള്‍ചെയ്യുന്നു:

“ഞാന്‍ ഇസ്രായേല്‍ഗൃഹത്തോടും യെഹൂദാഗൃഹത്തോടും

ഒരു പുതിയ ഉടമ്പടിചെയ്യുന്ന ദിവസങ്ങള്‍ വരുന്നു.

9 ഞാന്‍ അവരുടെ പൂര്‍വികരുടെ കൈക്കുപിടിച്ച് ഈജിപ്തില്‍ നിന്നു കൊണ്ടുവന്ന നാളില്‍ അവരോടു ചെയ്തതുപോലെയുള്ള ഉടമ്പടിയല്ല അത്.”

എന്തെന്നാല്‍ സര്‍വേശ്വരന്‍ പറയുന്നു:

“ആ ഉടമ്പടിയോട് അവര്‍ വിശ്വസ്തത പാലിച്ചില്ല; അതുകൊണ്ട് ഞാന്‍ അവരെ ശ്രദ്ധിച്ചുമില്ല.”

10

സര്‍വേശ്വരന്‍ ഇങ്ങനെ അരുള്‍ചെയ്യുന്നു:

“വരുംകാലത്ത് ഇസ്രായേല്‍ജനത്തോടു ഞാന്‍ ചെയ്യുവാനിരിക്കുന്ന ഉടമ്പടി ഇതാകുന്നു:

എന്‍റെ നിയമങ്ങള്‍ അവരുടെ മനസ്സില്‍ ഞാന്‍ നല്‌കും;

അവരുടെ ഹൃദയങ്ങളില്‍ അവ ആലേഖനം ചെയ്യും.

ഞാന്‍ അവരുടെ ദൈവമായിരിക്കും;

അവര്‍ എന്‍റെ ജനവുമായിരിക്കും.

11

സര്‍വേശ്വരനെ അറിയുക എന്ന് അവരിലാര്‍ക്കും തന്‍റെ സഹപൗരനെയോ സഹോദരനെയോ പറഞ്ഞു പഠിപ്പിക്കേണ്ടിവരികയില്ല;

എന്തെന്നാല്‍ ഏറ്റവും എളിയവന്‍തൊട്ട് ഏറ്റവും വലിയവന്‍വരെ എല്ലാവരും എന്നെ അറിയും;

12

അവരുടെ അധര്‍മം ഞാന്‍ പൊറുക്കും; അവരുടെ പാപങ്ങള്‍ ഒരിക്കലും ഓര്‍ക്കുകയുമില്ല.”

13

ഒരു പുതിയ ഉടമ്പടി എന്നു പറയുന്നതിനാല്‍ ആദ്യത്തേതിനെ ദൈവം കാലഹരണപ്പെടുത്തിയിരിക്കുന്നു; പഴകുന്നതും ജീര്‍ണിക്കുന്നതുമായവ എന്തും ക്ഷണം അപ്രത്യക്ഷമാകും.

9

1

ആദ്യത്തെ ഉടമ്പടിയനുസരിച്ചുള്ള ആരാധനയ്‍ക്ക് നിര്‍ദിഷ്ട വിധികളും ഭൗമികമായ പൂജാസ്ഥലവും ഉണ്ടായിരുന്നു.

2 ഒരു കൂടാരം നിര്‍മിച്ചു; പുറംകൂടാരത്തിന് വിശുദ്ധസ്ഥലം എന്നായിരുന്നു പേര്‍. അവിടെ നിലവിളക്കും മേശയും കാഴ്ചയപ്പവും ഉണ്ടായിരുന്നു.

3 രണ്ടാമത്തെ യവനികയ്‍ക്കു പിന്നിലാണ് അതിവിശുദ്ധസ്ഥലം.

4 അവിടെ ധൂപാര്‍ച്ചനയ്‍ക്കുള്ള സ്വര്‍ണനിര്‍മിതമായ പീഠവും, പൊന്നുപൊതിഞ്ഞ നിയമപ്പെട്ടിയും, അതിനുള്ളില്‍ മന്ന നിറച്ച പൊന്‍പാത്രവും, അഹരോന്‍റെ തളിര്‍ത്ത വടിയും, നിയമം ആലേഖനം ചെയ്തിട്ടുള്ള കല്പലകകളും ഉണ്ടായിരുന്നു.

5 നിയമപേടകത്തിന്‍റെ മീതെ, കൃപാസനത്തെ മൂടി ചിറകുവിരിച്ചു നില്‌ക്കുന്നതും തേജസ്വികളുമായ കെരൂബുകളുമുണ്ടായിരുന്നു. എന്നാല്‍ അവയെല്ലാം വിശദീകരിക്കുവാനുള്ള സമയം ഇതല്ല.

6

ഇങ്ങനെയാണ് ആരാധനാസ്ഥലം സംവിധാനം ചെയ്തിരുന്നത്. പുറംകൂടാരത്തില്‍ പുരോഹിതന്മാര്‍ നിത്യവും പ്രവേശിച്ച് ശുശ്രൂഷ നടത്തും.

7 രണ്ടാമത്തേതിലാകട്ടെ, ആണ്ടിലൊരിക്കല്‍ മാത്രം മഹാപുരോഹിതന്‍ പ്രവേശിക്കും. തന്‍റെയും ജനത്തിന്‍റെയും പാപങ്ങള്‍ക്കുവേണ്ടി അര്‍പ്പിക്കുവാനുള്ള രക്തവുമായിട്ടാണ് അദ്ദേഹം അവിടെ പ്രവേശിക്കുന്നത്.

8 പുറംകൂടാരം നിലനില്‌ക്കുന്നിടത്തോളം കാലം അതിവിശുദ്ധസ്ഥലത്തേക്കുള്ള പാത ഇനിയും തുറക്കപ്പെട്ടിട്ടില്ല എന്ന് പരിശുദ്ധാത്മാവ് ഈ സംവിധാനത്താല്‍തന്നെ സൂചിപ്പിക്കുന്നു.

9 ഇത് ഈ കാലഘട്ടത്തിന്‍റെ പ്രതീകമാണ്. ദൈവത്തിന് അര്‍പ്പിക്കുന്ന വഴിപാടുകളും ബലികളും ആരാധകരുടെ മനസ്സാക്ഷിയെ കുറ്റമറ്റതാക്കിത്തീര്‍ക്കുവാന്‍ പര്യാപ്തമല്ല എന്നത്രേ ഇതിന്‍റെ അര്‍ഥം.

10 ഭക്ഷണപാനീയങ്ങള്‍, വിവിധ ശുദ്ധീകരണ പ്രക്രിയകള്‍ മുതലായവയോടു മാത്രമേ അവയ്‍ക്കു ബന്ധമുള്ളൂ. ദൈവം നൂതനമായ വ്യവസ്ഥിതി ഏര്‍പ്പെടുത്തുന്നതുവരെ, അനുഷ്ഠിക്കേണ്ട ബാഹ്യാചാരങ്ങള്‍ മാത്രമാണവ.

11

എന്നാല്‍ വരാനിരിക്കുന്ന നന്മകളുടെ മഹാപുരോഹിതനായി ക്രിസ്തു വന്നിരിക്കുന്നു. അവിടുന്നു ശുശ്രൂഷ ചെയ്യുന്ന കൂടാരം കൂടുതല്‍ മഹത്തരവും അന്യൂനവുമാണ്. അതു മനുഷ്യനിര്‍മിതമല്ല; അതായത് ഭൗമികമല്ല എന്നു സാരം.

12 ക്രിസ്തു കൂടാരത്തിലൂടെ കടന്ന് ഒരിക്കല്‍ മാത്രമായി അതിവിശുദ്ധസ്ഥലത്തു പ്രവേശിച്ചു. കോലാടിന്‍റെയോ കാളക്കിടാവിന്‍റെയോ രക്തത്തോടു കൂടിയല്ല, പിന്നെയോ, സ്വന്തം രക്തത്തോടുകൂടിയത്രേ അവിടുന്ന് അവിടെ പ്രവേശിച്ചത്. അങ്ങനെ അവിടുന്ന് നമുക്ക് ശാശ്വതമായ വീണ്ടെടുപ്പ് നേടിത്തന്നു.

13 മതാചാരവിധിപ്രകാരം അശുദ്ധരായ ജനത്തിന്‍റെമേല്‍ കോലാടിന്‍റെയും കാളക്കിടാക്കളുടെയും രക്തം തളിച്ചും പശുക്കുട്ടികളുടെ ഭസ്മം വിതറിയും അശുദ്ധരെ ശുദ്ധീകരിക്കുന്നു.

14 ഇത് ശരിയാണെങ്കില്‍, ക്രിസ്തുവിന്‍റെ രക്തം എത്രയധികമായി നമ്മെ ശുദ്ധീകരിക്കും! നിത്യാത്മാവില്‍കൂടി ദൈവത്തിനര്‍പ്പിക്കുന്ന അന്യൂനയാഗമായി തന്നെത്തന്നെ അവിടുന്നു സമര്‍പ്പിച്ചു. ജീവിക്കുന്ന ദൈവത്തെ സേവിക്കേണ്ടതിനു പ്രയോജനശൂന്യമായ അനുഷ്ഠാനമുറകളില്‍നിന്നു നമ്മുടെ മനസ്സാക്ഷിയെ ക്രിസ്തുവിന്‍റെ രക്തം ശുദ്ധീകരിക്കും.

15

ആദ്യത്തെ ഉടമ്പടി പ്രാബല്യത്തിലിരുന്നപ്പോള്‍ തങ്ങള്‍ ചെയ്ത നിയമലംഘനങ്ങളില്‍നിന്ന് ജനത്തെ വീണ്ടെടുക്കുന്നതിന് ക്രിസ്തു മരിച്ചു. അങ്ങനെ ദൈവം വിളിച്ചിട്ടുള്ളവര്‍ക്കു വാഗ്ദാനം ചെയ്തിട്ടുള്ള അനശ്വരമായ അവകാശങ്ങള്‍ പ്രാപിക്കേണ്ടതിന്, ക്രിസ്തു ഒരു പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായിത്തീര്‍ന്നു.

16

മരണപത്രത്തിന്‍റെ കാര്യത്തില്‍, അത് എഴുതിയ ആള്‍ മരിച്ചു എന്നു സ്ഥാപിക്കേണ്ടത് ആവശ്യമാണല്ലോ.

17 മരണപത്രം എഴുതിയ ആള്‍ ജീവിച്ചിരിക്കുമ്പോള്‍ അതിനു സാധുതയൊന്നുമില്ല; അയാളുടെ മരണശേഷം മാത്രമേ അതു പ്രാബല്യത്തില്‍ വരികയുള്ളൂ.

18 രക്തം അര്‍പ്പിക്കാതെയല്ലല്ലോ ആദ്യത്തെ ഉടമ്പടിതന്നെയും ഉറപ്പിക്കപ്പെട്ടത്.

19 നിയമസംഹിതയില്‍ ആവിഷ്കരിക്കപ്പെട്ട കല്പനകള്‍ മോശ ജനത്തോട് ആദ്യം പ്രഖ്യാപനം ചെയ്തു. അതിനുശേഷം കാളക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തമെടുത്തു വെള്ളത്തില്‍ കലര്‍ത്തി, ഈസ്സോപ്പുചില്ലയും ചെമന്ന ആട്ടുരോമവുപയോഗിച്ചു നിയമപുസ്തകത്തിന്മേലും ജനത്തിന്മേലും തളിച്ചു.

20 ‘ഇത് ദൈവം നിങ്ങള്‍ക്കു നല്‌കിയ ഉടമ്പടിയുടെ രക്തം’ എന്നു പ്രസ്താവിച്ചുകൊണ്ടാണ് ഇപ്രകാരം ചെയ്തത്.

21 അങ്ങനെതന്നെ കൂടാരത്തിന്മേലും ആരാധനയ്‍ക്കുപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളിന്മേലും അദ്ദേഹം രക്തം തളിച്ചു.

22 നിയമപ്രകാരം എല്ലാംതന്നെ രക്തംകൊണ്ട് ശുദ്ധീകരിക്കപ്പെടുന്നു. രക്തം അര്‍പ്പിക്കാതെ പാപങ്ങള്‍ ക്ഷമിക്കപ്പെടുകയില്ലല്ലോ.

23

സ്വര്‍ഗീയമായവയുടെ പ്രതിരൂപങ്ങളെ ഇങ്ങനെ ശുദ്ധീകരിക്കേണ്ടിയിരുന്നു. എന്നാല്‍ സ്വര്‍ഗീയമായവയ്‍ക്ക് ഇതിനെക്കാള്‍ ശ്രേഷ്ഠമായ യാഗങ്ങള്‍ ആവശ്യമാണ്.

24 യഥാര്‍ഥമായതിന്‍റെ പ്രതീകവും മനുഷ്യനിര്‍മിതവുമായ വിശുദ്ധസ്ഥലത്തേക്കല്ല ക്രിസ്തു പ്രവേശിച്ചത്. അവിടുന്നു സ്വര്‍ഗത്തിലേക്കു തന്നെ പ്രവേശിച്ച്, ദൈവസമക്ഷം നമുക്കുവേണ്ടി സന്നിഹിതനായിരിക്കുന്നു.

25 യെഹൂദമഹാപുരോഹിതന്‍ തന്‍റേതല്ലാത്ത രക്തവുമായി ആണ്ടിലൊരിക്കല്‍ അതിവിശുദ്ധസ്ഥലത്ത് പ്രവേശിക്കുന്നു. എന്നാല്‍ ക്രിസ്തു വീണ്ടും വീണ്ടും തന്നെത്തന്നെ യാഗമായി അര്‍പ്പിച്ചില്ല.

26 അങ്ങനെ ചെയ്യേണ്ടിയിരുന്നെങ്കില്‍ പ്രപഞ്ചോല്‍പത്തിമുതല്‍ അനേകം പ്രാവശ്യം അവിടുന്നു കഷ്ടതയനുഭവിക്കേണ്ടിവരുമായിരുന്നു. എന്നാല്‍ തന്നെത്തന്നെ ബലിയര്‍പ്പിച്ച് പാപം നിര്‍മാര്‍ജനം ചെയ്യുന്നതിനുവേണ്ടി ഒരിക്കല്‍മാത്രം, കാലത്തിന്‍റെ സമ്പൂര്‍ണതയില്‍ അവിടുന്നു പ്രത്യക്ഷനായി.

27 എല്ലാവരും ഒരിക്കല്‍ മരിക്കുകയും അതിനുശേഷം വിധിയുണ്ടാകുകയും ചെയ്യുന്നു.

28 അങ്ങനെ അസംഖ്യം മനുഷ്യരുടെ പാപങ്ങള്‍ നീക്കിക്കളയുന്നതിനു ക്രിസ്തുവും ഒരിക്കല്‍ തന്നെത്തന്നെ യാഗമായി അര്‍പ്പിച്ചു. ഇനി പാപപരിഹാരാര്‍ഥമല്ല, തന്നെ കാത്തിരിക്കുന്നവരെ രക്ഷിക്കുന്നതിനുവേണ്ടിയാണ് ക്രിസ്തു വീണ്ടും പ്രത്യക്ഷനാകുന്നത്.

10

1

നിയമസംഹിത സാക്ഷാലുള്ളതിന്‍റെ പൂര്‍ണവും സൂക്ഷ്മവുമായ പ്രതിരൂപമല്ല, വരുവാനുള്ള നന്മകളുടെ അവ്യക്തമായ നിഴല്‍ മാത്രമാണ്. ആണ്ടുതോറും ഒരേ യാഗംതന്നെ മുടങ്ങാതെ ആവര്‍ത്തിക്കുന്നതുകൊണ്ട് ദൈവത്തിന്‍റെ അടുക്കല്‍ വരുന്നവര്‍ എങ്ങനെയാണ് സമ്പൂര്‍ണരായിത്തീരുന്നത്?

2 സമ്പൂര്‍ണരായിത്തീരുമെങ്കില്‍ യാഗാര്‍പ്പണം തന്നെ നിന്നുപോകുമായിരുന്നില്ലേ? യാഗാര്‍പ്പണം ചെയ്യുന്നവര്‍ യഥാര്‍ഥത്തില്‍ പാപത്തില്‍നിന്നുള്ള ശുദ്ധീകരണം പ്രാപിക്കുന്നുവെങ്കില്‍, പാപത്തെക്കുറിച്ചുള്ള ബോധം പിന്നീട് അവര്‍ക്ക് ഉണ്ടാകുമായിരുന്നില്ല.

3 ഇപ്പോഴാകട്ടെ വര്‍ഷംതോറും ജനത്തിന്‍റെ പാപങ്ങള്‍ അനുസ്മരിപ്പിക്കുവാനാണ് യാഗങ്ങള്‍ ഉപകരിക്കുന്നത്;

4 എന്തെന്നാല്‍ കാളകളുടെയും ആടുകളുടെയും രക്തം പാപനിവാരണത്തിനു പര്യാപ്തമല്ല.

5

അതിനാല്‍ ക്രിസ്തു ലോകത്തിലേക്കു വന്നപ്പോള്‍ അവിടുന്നു പറഞ്ഞു:

യാഗങ്ങളും വഴിപാടുകളും അവിടുന്ന് ആഗ്രഹിച്ചില്ല,

എന്നാല്‍ അവിടുന്ന് എനിക്കുവേണ്ടി

ഒരു ശരീരം സജ്ജമാക്കിയിരിക്കുന്നു.

6

സര്‍വാംഗഹോമങ്ങളിലോ,

പാപപരിഹാരബലികളിലോ

അവിടുന്നു പ്രസാദിച്ചില്ല.

7

അപ്പോള്‍ ഞാന്‍ പറഞ്ഞു:

വേദഗ്രന്ഥത്തിന്‍റെ ഏടുകളില്‍

എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതു പോലെ

ദൈവമേ, അവിടുത്തെ ഇഷ്ടം ചെയ്യുവാന്‍ ഇതാ ഞാന്‍ വന്നിരിക്കുന്നു.

8

സര്‍വാംഗഹോമങ്ങളും പാപപരിഹാര ബലികളും ദൈവം ആഗ്രഹിക്കുകയോ, അവയില്‍ അവിടുന്നു പ്രസാദിക്കുകയോ ചെയ്തില്ല എന്ന് ആദ്യമേ പ്രസ്താവിക്കുന്നു. നിയമസംഹിതയനുസരിച്ച് അനുഷ്ഠിച്ചുപോരുന്ന മൃഗബലികള്‍ ആണിവ.

9 പിന്നീട് ‘ദൈവമേ അവിടുത്തെ ഇഷ്ടം ചെയ്യുവാന്‍ ഞാനിതാ വരുന്നു’ എന്നും പറഞ്ഞു. അങ്ങനെ രണ്ടാമത്തേത് ഉറപ്പിക്കുന്നതിനായി ഒന്നാമത്തേത് നീക്കിക്കളഞ്ഞു.

10 യേശുക്രിസ്തു ഒരിക്കല്‍ മാത്രം അനുഷ്ഠിച്ച ശരീരയാഗത്താല്‍ ദൈവഹിതം നിറവേറ്റിയതുകൊണ്ട് നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.

11

ഏതു പുരോഹിതനും നിന്നുകൊണ്ട് നിത്യവും ഒരേ യാഗം തന്നെ പിന്നെയും പിന്നെയും നടത്തുന്നു. ഈ യാഗങ്ങള്‍ക്കു പാപനിവാരണത്തിനുള്ള കഴിവില്ല.

12 ക്രിസ്തുവാകട്ടെ, പാപങ്ങള്‍ക്കുവേണ്ടി എന്നേക്കുമായുള്ള ഏകബലി അര്‍പ്പിച്ചശേഷം ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നു.

13 തന്‍റെ ശത്രുക്കളെ ദൈവം പാദപീഠമാക്കുന്നതുവരെ ക്രിസ്തു കാത്തിരിക്കുന്നു.

14 പാപത്തില്‍നിന്നു ശുദ്ധീകരിച്ചവരെ, ഏക ബലിയാല്‍ അവിടുന്ന് എന്നെന്നേക്കുമായി സമ്പൂര്‍ണരാക്കിത്തീര്‍ത്തിരിക്കുന്നു.

15

പരിശുദ്ധാത്മാവും ഇങ്ങനെ നമ്മോടു സാക്ഷ്യം പറയുന്നു:

16
ആ കാലത്തിനുശേഷം
ഞാന്‍ അവരോടു ചെയ്യുന്ന ഉടമ്പടി ഇതാകുന്നു:

17
എന്‍റെ നിയമങ്ങള്‍ അവരുടെ ഹൃദയങ്ങളില്‍ നിക്ഷേപിക്കുകയും
അവരുടെ മനസ്സില്‍ ആലേഖനം ചെയ്യുകയും ചെയ്യും

എന്നും അതിനുശേഷം “അവരുടെ പാപങ്ങളും ദുഷ്കൃത്യങ്ങളും ഇനിമേല്‍ ഞാന്‍ ഓര്‍ക്കുകയില്ല” എന്നും സര്‍വേശ്വരന്‍ അരുള്‍ ചെയ്യുന്നു.

18 ഇവയെല്ലാം ക്ഷമിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് പാപപരിഹാരാര്‍ഥം ഒരു യാഗവും ഇനി ആവശ്യമില്ല.

19

അതുകൊണ്ട് സഹോദരരേ, യേശുവിന്‍റെ രക്തം ചിന്തിയുള്ള മരണം മുഖേന അതിവിശുദ്ധസ്ഥലത്തു പ്രവേശിക്കുവാന്‍ നമുക്ക് ആത്മധൈര്യം ഉണ്ട്.

20 ക്രിസ്തു ജീവന്‍റെ ഒരു നവീനമാര്‍ഗം നമുക്കു തുറന്നുതന്നു; അവിടുത്തെ തിരുശരീരം എന്ന തിരശ്ശീലയില്‍ കൂടിത്തന്നെ.

21 ദൈവഭവനത്തിന്‍റെമേല്‍ അധികാരമുള്ള ഒരു ശ്രേഷ്ഠപുരോഹിതന്‍ നമുക്കുണ്ട്.

22 അതിനാല്‍ ആത്മാര്‍ഥഹൃദയത്തോടും പൂര്‍ണവിശ്വാസത്തോടും കുറ്റബോധം അകറ്റി ശുദ്ധീകരിക്കപ്പെട്ട മനസ്സോടും ശുദ്ധജലത്തില്‍ കഴുകപ്പെട്ട ശരീരത്തോടുംകൂടി ദൈവത്തിന്‍റെ അടുക്കലേക്കു നമുക്കു ചെല്ലാം.

23 നാം ഏറ്റുപറയുന്ന പ്രത്യാശയെ മുറുകെ പിടിച്ചുകൊള്ളുക. അതില്‍നിന്നു വ്യതിചലിക്കരുത്. വാഗ്ദാനം ചെയ്ത ദൈവം വിശ്വസ്തന്‍!

24 സ്നേഹിക്കുന്നതിനും സല്‍പ്രവൃത്തികള്‍ ചെയ്യുന്നതിനും പരസ്പരം പ്രോത്സാഹിപ്പിക്കുന്നതില്‍ ജാഗരൂകരായിരിക്കുക.

25 ചിലര്‍ ചെയ്യുന്നതുപോലെ സഭായോഗങ്ങളില്‍നിന്നു മാറിനില്‌ക്കരുത്; കര്‍ത്താവിന്‍റെ ദിവസം സമീപിച്ചിരിക്കുന്നതിനാല്‍ അക്കാര്യത്തില്‍ അന്യോന്യം അധികം പ്രോത്സാഹിപ്പിക്കുകയും വേണം.

26

സത്യത്തെക്കുറിച്ചുള്ള അറിവു നമുക്കു ലഭിച്ചശേഷവും നാം മനഃപൂര്‍വം പാപം ചെയ്തുകൊണ്ടിരുന്നാല്‍ പാപപരിഹാരാര്‍ഥമുള്ള ഒരു ബലിയും ഇനി അവശേഷിച്ചിട്ടില്ല.

27 മറിച്ച്, വരുവാനുള്ള ന്യായവിധിയെയും ദൈവത്തെ എതിര്‍ക്കുന്നവരെ നിശ്ശേഷം നശിപ്പിക്കുന്ന ഭയാനകമായ അഗ്നിയെയും നേരിടേണ്ടിവരും.

28 മോശയുടെ നിയമം ലംഘിക്കുന്ന ഏതൊരുവനെയും, രണ്ടോ മൂന്നോ സാക്ഷികള്‍ നല്‌കുന്ന തെളിവിന്മേല്‍ നിഷ്കരുണം വധശിക്ഷയ്‍ക്കു വിധിക്കുന്നു.

29 അങ്ങനെയെങ്കില്‍, ദൈവപുത്രനെ നിന്ദിച്ചു തള്ളിക്കളയുകയും, പാപത്തില്‍നിന്നു മനുഷ്യനെ ശുദ്ധീകരിച്ച ഉടമ്പടിയുടെ രക്തം നിസ്സാരമായി എണ്ണുകയും കൃപയുടെ ആത്മാവിനെ അധിക്ഷേപിക്കുകയും ചെയ്യുന്നവന് അര്‍ഹിക്കുന്ന ശിക്ഷ എത്ര ഭയങ്കരമായിരിക്കുമെന്ന് ഓര്‍ത്തുനോക്കുക.

30 “പ്രതികാരം എനിക്കുള്ളത്, ഞാന്‍ പകരം വീട്ടും” എന്നും “സര്‍വേശ്വരന്‍ തന്‍റെ ജനത്തെ വിധിക്കും” എന്നും അരുള്‍ചെയ്തിട്ടുള്ളത് നമുക്കറിയാമല്ലോ.

31 ജീവിക്കുന്നവനായ ദൈവത്തിന്‍റെ കൈകളില്‍ നിപതിക്കുന്നത് എത്ര ഭയങ്കരം!

32

നിങ്ങളുടെ പൂര്‍വകാലത്തെക്കുറിച്ച് ഓര്‍ത്തുനോക്കൂ. നിങ്ങള്‍ക്ക് ദിവ്യപ്രകാശം ലഭിച്ചശേഷം നിങ്ങള്‍ അനേകം കഷ്ടതകളെ നേരിട്ടു ചെറുത്തുനിന്നു.

33 പലപ്പോഴും നിങ്ങള്‍ പരസ്യമായ നിന്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരാക്കപ്പെടുകയും ചെയ്തു. ചില സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ ഇപ്രകാരം പീഡിപ്പിക്കപ്പെടുന്നവരുടെ കൂട്ടാളികളായിത്തീര്‍ന്നിട്ടുമുണ്ട്.

34 തടവില്‍ കിടന്നവരുടെ വേദനകളില്‍ നിങ്ങള്‍ പങ്കുചേര്‍ന്നു. നിങ്ങളുടെ വസ്തുവകകള്‍ അപഹരിക്കപ്പെട്ടപ്പോള്‍ നിങ്ങള്‍ക്കു നിലനില്‍ക്കുന്ന ഉത്തമസമ്പത്തുണ്ടെന്നറിഞ്ഞ് അതും സന്തോഷപൂര്‍വം നിങ്ങള്‍ സഹിച്ചു.

35 ആത്മധൈര്യം പരിത്യജിക്കരുത്. എന്തെന്നാല്‍ അതിനു വലിയ പ്രതിഫലമുണ്ട്.

36 ദൈവം വാഗ്ദാനം ചെയ്യുന്നത് പ്രാപിക്കുന്നതിനും അവിടുത്തെ തിരുഹിതം നിറവേറ്റുന്നതിനുംവേണ്ടി നിങ്ങള്‍ക്കു നിരന്തരക്ഷമ ആവശ്യമാണ്.

37 വേദഗ്രന്ഥത്തില്‍ പറയുന്നതുപോലെ,

ഇനി അല്പകാലംകൂടി മാത്രമേയുള്ളൂ,
വരുവാനുള്ളവന്‍ വരികതന്നെ ചെയ്യും;
അവിടുന്നു വരാന്‍ വൈകുകയില്ല.

38
എന്നാല്‍ എന്‍റെ മുമ്പില്‍ നീതിമാനായിരിക്കുന്നവന്‍ വിശ്വാസത്താല്‍ ജീവിക്കും;
ആരെങ്കിലും പിന്തിരിഞ്ഞുപോയാല്‍
അവനില്‍ ഞാന്‍ പ്രസാദിക്കുകയില്ല.

39

നാമാകട്ടെ, പിന്തിരിഞ്ഞു നശിച്ചു പോകുന്നവരുടെ കൂട്ടത്തിലല്ല; പ്രത്യുത, വിശ്വസിച്ചു ജീവന്‍ പ്രാപിക്കുന്നവരുടെ കൂട്ടത്തിലാകുന്നു.

11

1

വിശ്വാസം എന്നത് നാം പ്രത്യാശിക്കുന്നതിനെക്കുറിച്ചുള്ള ഉറപ്പും, അദൃശ്യകാര്യങ്ങളെക്കുറിച്ചുള്ള നിശ്ചയവുമാണ്.

2 വിശ്വാസംമൂലമാണ് പൂര്‍വികര്‍ക്ക് ദൈവത്തിന്‍റെ അംഗീകാരം ലഭിച്ചത്.

3

ദൈവത്തിന്‍റെ വചനത്താല്‍ ഈ പ്രപഞ്ചം സൃഷ്‍ടിക്കപ്പെട്ടു എന്നും ദൃശ്യമായവ അദൃശ്യമായവയില്‍ നിന്നുണ്ടായി എന്നും വിശ്വാസത്താല്‍ നാം മനസ്സിലാക്കുന്നു.

4

വിശ്വാസത്താല്‍ ഹാബേല്‍ ദൈവത്തിന് അര്‍പ്പിച്ച യാഗം കയീന്‍റെ യാഗത്തെക്കാള്‍ ശ്രേഷ്ഠമായിരുന്നു. ദൈവം ഹാബേലിന്‍റെ വഴിപാടുകള്‍ സ്വീകരിച്ചു. അങ്ങനെ വിശ്വാസത്തിലൂടെ നീതിമാന്‍ എന്ന അംഗീകാരം അയാള്‍ ദൈവത്തില്‍നിന്നു നേടി. ഹാബേല്‍ മരിച്ചെങ്കിലും, തന്‍റെ വിശ്വാസം മുഖേന അയാള്‍ ഇപ്പോഴും സംസാരിക്കുന്നു.

5

വിശ്വാസംമൂലമാണ് ഹാനോക്ക് മരണമടയാതെ ദൈവത്തിങ്കലേക്ക് ഉയര്‍ത്തപ്പെട്ടത്. ദൈവം അദ്ദേഹത്തെ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തിയതുകൊണ്ട് ആര്‍ക്കും അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല. ഹാനോക്ക് എടുക്കപ്പെടുന്നതിനുമുമ്പ് അദ്ദേഹം ദൈവത്തെ പ്രസാദിപ്പിച്ചു എന്നു വേദഗ്രന്ഥത്തില്‍ പറയുന്നു.

6 വിശ്വാസംകൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല; ദൈവത്തെ സമീപിക്കുന്ന ഏതൊരുവനും ദൈവം ഉണ്ടെന്നും, അവിടുത്തെ അന്വേഷിക്കുന്നവര്‍ക്ക് അവിടുന്നു പ്രതിഫലം നല്‌കുന്നു എന്നും വിശ്വസിക്കേണ്ടതാണല്ലോ.

7

വിശ്വാസത്താല്‍ നോഹ ഒരു കപ്പല്‍ നിര്‍മിച്ച് കുടുംബസമേതം അതില്‍ കയറി രക്ഷപ്പെട്ടു; വരാന്‍പോകുന്നതും അതുവരെ കണ്ടിട്ടില്ലാത്തതുമായ കാര്യങ്ങളെക്കുറിച്ചുള്ള ദൈവത്തിന്‍റെ മുന്നറിയിപ്പു കേട്ട് നോഹ അനുസരിച്ചു. അങ്ങനെ അദ്ദേഹം ലോകത്തെ കുറ്റം വിധിക്കുകയും വിശ്വാസത്താലുള്ള നീതിക്ക് അവകാശിയായിത്തീരുകയും ചെയ്തു.

8

വിശ്വാസംമൂലം അബ്രഹാം ദൈവത്തെ അനുസരിച്ചു; തനിക്ക് അവകാശമായി ലഭിക്കുവാനിരുന്ന ദേശത്തേക്കു പോകുവാന്‍ ദൈവം വിളിച്ചപ്പോള്‍, താന്‍ എങ്ങോട്ടാണു പോകുന്നതെന്ന് അറിയാതെ അദ്ദേഹം പുറപ്പെട്ടു.

9 വിശ്വാസത്താല്‍ വാഗ്ദത്തദേശത്ത് ഒരു പരദേശിയെപ്പോലെ അദ്ദേഹം ജീവിച്ചു. അതേ വാഗ്ദാനത്തിന്‍റെ കൂട്ടവകാശികളായിരുന്ന ഇസ്ഹാക്കിനോടും യാക്കോബിനോടുമൊത്ത് അബ്രഹാമും കൂടാരങ്ങളിലാണു പാര്‍ത്തത്.

10 എന്തെന്നാല്‍ ദൈവം രൂപസംവിധാനം ചെയ്ത്, സ്ഥിരമായ അടിസ്ഥാനമിട്ടു നിര്‍മിക്കുന്ന നഗരത്തിനുവേണ്ടി അബ്രഹാം കാത്തിരിക്കുകയായിരുന്നു.

11

വിശ്വാസംമൂലമാണ് വന്ധ്യയായ സാറായ്‍ക്ക് പ്രായം കടന്നിട്ടും ഗര്‍ഭധാരണശക്തി ലഭിച്ചത്. വാഗ്ദാനം ചെയ്ത ദൈവം വിശ്വസ്തനാണെന്ന് അവര്‍ കരുതി.

12 അങ്ങനെ കേവലം മൃതപ്രായനായിരുന്നിട്ടും അബ്രഹാം എന്ന ഏക മനുഷ്യനില്‍നിന്ന് ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെയും കടല്‍ക്കരയിലെ മണല്‍ത്തരികള്‍പോലെയും അസംഖ്യം സന്താനപരമ്പരകളുണ്ടായി.

13

വിശ്വാസത്തോടുകൂടിയാണ് ഇവരെല്ലാം മൃതിയടഞ്ഞത്. ദൈവം വാഗ്ദാനം ചെയ്തവ അവര്‍ പ്രാപിച്ചില്ല എങ്കിലും ദൂരെ നിന്നുകൊണ്ട് അവര്‍ അവ കാണുകയും അവയെ അഭിവാദനം ചെയ്യുകയും ഭൂമിയില്‍ തങ്ങള്‍ പരദേശികളും പ്രവാസികളുമാണെന്നു പരസ്യമായി സമ്മതിക്കുകയും ചെയ്തു.

14 ഇങ്ങനെ പറയുന്നവര്‍ സ്വന്തമായ ഒരു നാടിനുവേണ്ടി പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവരാണെന്നു വ്യക്തമാകുന്നു.

15 തങ്ങള്‍ വിട്ടുപോന്ന ദേശത്തെക്കുറിച്ച് അവര്‍ ഓര്‍ത്തുകൊണ്ടിരുന്നില്ല. അപ്രകാരം ചെയ്തിരുന്നെങ്കില്‍ അവര്‍ക്കു തിരിച്ചുപോകാനുള്ള സാധ്യത ഉണ്ടായിരുന്നല്ലോ.

16 പകരം അതിനെക്കാള്‍ മികച്ച ഒരു സ്വര്‍ഗീയ ദേശത്തെതന്നെ അവര്‍ കാംക്ഷിച്ചു. അതുകൊണ്ട് അവരുടെ ദൈവം എന്നു വിളിക്കപ്പെടുന്നതില്‍ ദൈവം ലജ്ജിക്കുന്നില്ല. അവര്‍ക്കുവേണ്ടി ഒരു നഗരം അവിടുന്ന് ഒരുക്കിയിരിക്കുന്നുവല്ലോ.

17

വിശ്വാസംമൂലമാണ്, താന്‍ പരീക്ഷിക്കപ്പെട്ടപ്പോള്‍, അബ്രഹാം വാഗ്ദാനത്താല്‍ ലഭിച്ച ഏകപുത്രനായ ഇസ്ഹാക്കിനെ ബലികഴിക്കുവാന്‍ സന്നദ്ധനായത്.

18 “ഇസ്ഹാക്കില്‍ കൂടി ആയിരിക്കും നിനക്കു സന്താനപരമ്പരകള്‍ ലഭിക്കുന്നത്” എന്നു ദൈവം അബ്രഹാമിനോട് അരുള്‍ചെയ്തിരുന്നെങ്കിലും ആ പുത്രനെ ബലികഴിക്കുവാന്‍ അബ്രഹാം സന്നദ്ധനായി.

19 മരിച്ചവരെ ഉയിര്‍പ്പിക്കുവാന്‍പോലും ദൈവത്തിനു കഴിയുമെന്ന് അബ്രഹാം വിശ്വസിച്ചു. ഒരര്‍ഥത്തില്‍ മരണത്തില്‍നിന്നെന്നപോലെ ഇസ്ഹാക്കിനെ അബ്രഹാമിനു തിരിച്ചുകിട്ടുകയും ചെയ്തു.

20

വിശ്വാസത്താല്‍ ഇസ്ഹാക്ക് ഭാവിവരങ്ങള്‍ നേര്‍ന്നുകൊണ്ട് യാക്കോബിനെയും ഏശാവിനെയും അനുഗ്രഹിച്ചു.

21

വിശ്വാസത്താലത്രേ, ആസന്നമരണനായ യാക്കോബ് വടിയൂന്നിയിരുന്ന് പ്രാര്‍ഥനാപൂര്‍വം യോസേഫിന്‍റെ മക്കളെ ഇരുവരെയും അനുഗ്രഹിച്ചത്.

22

വിശ്വാസത്താലാണ് യോസേഫ് മരിക്കാറായപ്പോള്‍, ഈജിപ്തില്‍നിന്നുള്ള ഇസ്രായേല്‍ജനത്തിന്‍റെ പുറപ്പാടിനെക്കുറിച്ച് സൂചിപ്പിക്കുകയും, തന്‍റെ ഭൗതികാവശിഷ്ടം എന്തു ചെയ്യണമെന്നതിനെക്കുറിച്ചുള്ള നിര്‍ദേശം നല്‌കുകയും ചെയ്തത്.

23

വിശ്വാസംമൂലമാണ്, മോശ ജനിച്ചപ്പോള്‍, ശിശു സുന്ദരനെന്നു കാണുകയാല്‍, മോശയുടെ മാതാപിതാക്കള്‍ രാജകല്പനയെ ഭയപ്പെടാതെ മൂന്നുമാസം അവനെ ഒളിച്ചുവച്ചത്.

24

വിശ്വാസത്താലാണ് പ്രായപൂര്‍ത്തി ആയപ്പോള്‍ മോശ ഫറവോന്‍റെ പുത്രിയുടെ മകന്‍ എന്ന പദവി നിഷേധിച്ചത്.

25 പാപത്തിന്‍റെ ക്ഷണികമായ ഉല്ലാസമല്ല, ദൈവത്തിന്‍റെ ജനത്തോടുകൂടിയുള്ള സഹനമാണ് അദ്ദേഹം തിരഞ്ഞെടുത്തത്.

26 ക്രിസ്തുവിനുവേണ്ടി നിന്ദ സഹിക്കുന്നത് ഈജിപ്തിലെ സകല നിധിയെയുംകാള്‍ വിലയേറിയതായി മോശ കരുതി. ഭാവിയില്‍ ഉണ്ടാകുന്ന പ്രതിഫലത്തിലാണ് അദ്ദേഹം ദൃഷ്‍ടി ഉറപ്പിച്ചത്.

27

വിശ്വാസത്താലാണ് രാജാവിന്‍റെ കോപത്തെ ഭയപ്പെടാതെ മോശ ഈജിപ്തില്‍നിന്നു പുറപ്പെട്ടത്. വിശ്വാസംകൊണ്ട് അദൃശ്യനായ ദൈവത്തെ ദര്‍ശിച്ചാലെന്നവണ്ണം അദ്ദേഹം ഉറച്ചുനിന്നു.

28 വിശ്വാസത്താലത്രേ ഇസ്രായേല്‍ജനത്തിന്‍റെ ആദ്യജാതന്മാരെ സംഹാരദൂതന്‍ കൊല്ലാതിരിക്കേണ്ടതിന് പെസഹ ഏര്‍പ്പെടുത്തിയതും വാതിലുകളില്‍ രക്തം തളിക്കുവാന്‍ കല്പിച്ചതും.

29

വിശ്വാസത്താലാണ് ഇസ്രായേല്‍ജനം വരണ്ട ഭൂമിയിലൂടെയെന്നവണ്ണം ചെങ്കടല്‍ കടന്നത്. ഈജിപ്തുകാര്‍ കടക്കാന്‍ ശ്രമിച്ചപ്പോഴാകട്ടെ, കടല്‍ അവരെ വിഴുങ്ങിക്കളഞ്ഞു.

30

വിശ്വാസംമൂലം ഇസ്രായേല്‍ജനം ഏഴു ദിവസം യെരീഹോവിനെ പ്രദക്ഷിണം ചെയ്തപ്പോള്‍ അതിന്‍റെ മതിലുകള്‍ ഇടിഞ്ഞുവീണു.

31 വിശ്വാസത്താല്‍ റാഹാബ് എന്ന വേശ്യ ചാരന്മാരെ സൗഹൃദപൂര്‍വം സ്വീകരിച്ചതിനാല്‍ ദൈവത്തെ അനുസരിക്കാത്തവരോടൊപ്പം അവള്‍ നശിച്ചില്ല.

32

ഇതില്‍ കൂടുതല്‍ ഇനി ഞാന്‍ എന്താണു പറയേണ്ടത്? ഗിദെയോന്‍, ബാരാക്ക്, ശിംശോന്‍, യിപ്താഹ്, ദാവീദ് മുതലായവരെയും, ശമൂവേല്‍ തുടങ്ങിയ പ്രവാചകന്മാരെയും സംബന്ധിച്ചു വിവരിക്കുവാന്‍ സമയംപോരാ.

33 വിശ്വാസത്താല്‍ അവര്‍ രാജ്യങ്ങള്‍ പിടിച്ചടക്കി; നീതി നടപ്പാക്കി; ദൈവത്തിന്‍റെ വാഗ്ദാനങ്ങള്‍ പ്രാപിച്ചു; സിംഹങ്ങളുടെ വായ് അടച്ചു.

34 ജ്വലിക്കുന്ന അഗ്നി കെടുത്തി; വാളിന്‍റെ വായ്ത്തലയില്‍നിന്നു തെറ്റിയൊഴിഞ്ഞു; ബലഹീനതയില്‍നിന്നു ശക്തി ആര്‍ജിച്ചു; യുദ്ധത്തില്‍ വീരന്മാരായിത്തീര്‍ന്നു; വിദേശസൈന്യങ്ങളെ തുരത്തിക്കളഞ്ഞു;

35 സ്‍ത്രീകള്‍ക്കു തങ്ങളുടെ മരിച്ചുപോയവരെ ഉയിര്‍ത്തെഴുന്നേല്പിലൂടെ തിരിച്ചുകിട്ടി.

ചിലര്‍ ശ്രേഷ്ഠമായ ജീവിതത്തിലേക്കു ഉത്ഥാനം ചെയ്യപ്പെടുന്നതിനുവേണ്ടി വിമോചനം നിരസിച്ചുകൊണ്ട് പീഡനം സഹിച്ചു മരിച്ചു.

36 മറ്റുചിലര്‍ പരിഹസിക്കപ്പെട്ടു; ചാട്ടവാറുകൊണ്ടുള്ള അടിയേറ്റു; വിലങ്ങു വയ്‍ക്കപ്പെട്ടു; തുറുങ്കില്‍ അടയ്‍ക്കപ്പെട്ടു;

37 ചിലരെ കല്ലെറിഞ്ഞു; ഈര്‍ച്ചവാളുകൊണ്ട് രണ്ടായി അറുത്തു മുറിച്ചു; വാളുകൊണ്ട് വെട്ടിക്കൊന്നു; അവര്‍ കോലാടുകളെയും ചെമ്മരിയാടുകളുടെയും തോല്‍ ധരിച്ചു. അവര്‍ അഗതികളും പീഡിതരും നിന്ദിതരുമായി നടന്നു.

38 അവര്‍ക്കു ജീവിക്കുവാന്‍ തക്ക യോഗ്യത ലോകത്തിനുണ്ടായിരുന്നില്ല! അവര്‍ അഭയാര്‍ഥികളെപ്പോലെ മലകളിലും മരുഭൂമികളിലും അലഞ്ഞുതിരിയുകയും ഗുഹകളിലും മാളങ്ങളിലും കഴിഞ്ഞുകൂടുകയും ചെയ്തു.

39

അവരുടെ വിശ്വാസത്തെ സംബന്ധിച്ചു മഹനീയമായ സാക്ഷ്യം ലഭിച്ചെങ്കിലും ദൈവത്തിന്‍റെ വാഗ്ദാനം അവര്‍ പ്രാപിച്ചില്ല.

40 നമ്മോടുകൂടിയല്ലാതെ അവര്‍ പൂര്‍ണരാകാതിരിക്കുവാന്‍ കൂടുതല്‍ ശ്രേഷ്ഠമായതിനെ ദൈവം നമുക്കെല്ലാവര്‍ക്കും വേണ്ടി മുന്‍കൂട്ടി കരുതിയിരുന്നു.

12

1

സാക്ഷികളുടെ ഒരു വലിയ സമൂഹം നമുക്കു ചുറ്റുമുണ്ട്. അതുകൊണ്ട് സകല ഭാരങ്ങളും നമ്മെ മുറുകെപ്പിടിക്കുന്ന പാപവും പരിത്യജിച്ച് സ്ഥിരനിശ്ചയത്തോടെ നമ്മുടെ മുമ്പില്‍ ഉള്ള മത്സരയോട്ടം ഓടാം.

2 നമ്മുടെ വിശ്വാസത്തിന്‍റെ ആദികാരണനും അതിന്‍റെ പൂരകനുമായ യേശുവില്‍ നമ്മുടെ ദൃഷ്‍ടി ഉറപ്പിക്കുക. തനിക്കു വരുവാനിരിക്കുന്ന സന്തോഷം ഓര്‍ത്ത് അവിടുന്ന് അപമാനം അവഗണിച്ചുകൊണ്ട് കുരിശില്‍ മരിച്ച് ദൈവസിംഹാസനത്തിന്‍റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി.

3

നിങ്ങള്‍ ദുര്‍ബലഹൃദയരായി തളര്‍ന്നുപോകാതിരിക്കേണ്ടതിന്, പാപികളുടെ എതിര്‍പ്പിനെ സഹിച്ചുനിന്ന യേശുവിനെ ഓര്‍ത്തുകൊള്ളുക.

4 പാപത്തോടുള്ള പോരാട്ടത്തില്‍ രക്തം ചൊരിയേണ്ടിവരുന്നതുവരെ നിങ്ങള്‍ എതിര്‍ത്തുനിന്നിട്ടില്ലല്ലോ.

5

മക്കളോടെന്നപോലെ ദൈവം നിങ്ങളോട് അരുള്‍ചെയ്തിട്ടുള്ള പ്രബോധനം നിങ്ങള്‍ മറന്നുപോയോ?

എന്‍റെ മകനേ, സര്‍വേശ്വരന്‍റെ ശിക്ഷണത്തെ നിസ്സാരമായി കരുതരുത്;
അവിടുന്ന് നിന്നെ ശാസിക്കുമ്പോള്‍
അധൈര്യപ്പെടുകയുമരുത്.

6
താന്‍ സ്നേഹിക്കുന്നവരെ
അവിടുന്നു ശിക്ഷണത്തിനു വിധേയരാക്കുന്നു.

താന്‍ പുത്രനായി സ്വീകരിക്കുന്നവനെ അടിക്കുന്നു.

7 നിങ്ങള്‍ സഹിക്കുന്നത് ശിക്ഷണത്തിനുവേണ്ടിയത്രേ. മക്കളോടെന്നവണ്ണം ദൈവം നിങ്ങളോടു പെരുമാറുന്നു. പിതാവു ശിക്ഷിക്കാത്ത മക്കളുണ്ടോ?

8 എല്ലാവര്‍ക്കും ലഭിക്കുന്ന ശിക്ഷണം നിങ്ങള്‍ക്കു ലഭിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ മക്കളല്ല, ജാരസന്തതികളത്രേ.

9 നമ്മെ ശിക്ഷണത്തില്‍ വളര്‍ത്തിയ ലൗകികപിതാക്കന്മാരെ നാം ബഹുമാനിക്കുന്നു. അങ്ങനെയെങ്കില്‍ നമ്മുടെ സ്വര്‍ഗീയ പിതാവിന് അതിനെക്കാള്‍ എത്രയധികം കീഴ്പ്പെട്ടു ജീവിക്കേണ്ടതാണ്.

10 ലൗകികപിതാക്കന്മാര്‍ അല്പകാലത്തേക്കു മാത്രം അവര്‍ക്കു യുക്തമെന്നു തോന്നിയ വിധത്തില്‍ ശിക്ഷണം നടത്തുന്നു. എന്നാല്‍ തന്‍റെ വിശുദ്ധിയില്‍ പങ്കാളികളാകുവാന്‍വേണ്ടി നമ്മുടെ നന്മയ്‍ക്കായി ദൈവം നമുക്കു ശിക്ഷണം നല്‌കുന്നു.

11 ഏതു ശിക്ഷയും തത്സമയം സന്തോഷപ്രദമായിരിക്കുകയില്ല; അതു വേദനാജനകമായിരിക്കും; എന്നാല്‍ ശിക്ഷണത്തിനു വിധേയരാകുന്നവര്‍ക്ക് ദൈവത്തോടുള്ള അനുരഞ്ജനത്തില്‍ നിന്നുളവാകുന്ന സമാധാനം കാലാന്തരത്തില്‍ ലഭിക്കും.

12

തളര്‍ന്ന കരങ്ങള്‍ ഉയര്‍ത്തുക; വിറയ്‍ക്കുന്ന കാല്മുട്ടുകളെ ബലപ്പെടുത്തുക.

13 മുടന്തുള്ള പാദത്തിന്‍റെ സന്ധിബന്ധം ഇളകിപ്പോകാതെ സുഖം പ്രാപിക്കുന്നതിന്, നിങ്ങളുടെ പാത നിരപ്പാക്കുക.

14

എല്ലാവരോടും സമാധാനമായിരിക്കുന്നതിനും വിശുദ്ധജീവിതം നയിക്കുന്നതിനും തീവ്രയത്നം ചെയ്യുക. ഇതുകൂടാതെ ആരും സര്‍വേശ്വരനെ ദര്‍ശിക്കുകയില്ല.

15 ദൈവകൃപ നഷ്ടപ്പെടുത്താതിരിക്കുന്നതിനു സൂക്ഷിച്ചുകൊള്ളുക; നിങ്ങളുടെ ഇടയില്‍ വിദ്വേഷം വേരൂന്നി വളരാനിടയാകരുത്. അത് പലരെയും നശിപ്പിക്കും.

16 നിങ്ങളില്‍ ആരുംതന്നെ ദുര്‍മാര്‍ഗിയോ, ഒരു നേരത്തെ ആഹാരത്തിനുവേണ്ടി ആദ്യജാതനുള്ള അവകാശങ്ങള്‍ വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആയിത്തീരരുത്.

17 ഏശാവ് അതുകഴിഞ്ഞ് സ്വപിതാവില്‍നിന്ന് തന്‍റെ അവകാശമായ അനുഗ്രഹം പ്രാപിക്കുവാന്‍ ആഗ്രഹിച്ചു; എന്നാല്‍ അയാള്‍ കരഞ്ഞപേക്ഷിച്ചിട്ടും അനുതപിക്കുവാന്‍ അവസരം കിട്ടാഞ്ഞതുകൊണ്ട് അയാളുടെ അപേക്ഷ നിഷേധിക്കപ്പെട്ടു എന്നുള്ളത് നിങ്ങള്‍ക്ക് അറിയാമല്ലോ.

18

[18,19] ജ്വലിക്കുന്ന അഗ്നി, കൂരിരുട്ട്, മേഘപടലം, കൊടുങ്കാറ്റ്, കാഹളധ്വനി, വാക്കുകളുടെ ശബ്ദം ഇവയൊക്കെയുള്ള സ്ഥലത്തേക്കല്ല നിങ്ങള്‍ വന്നിരിക്കുന്നത്. ആ ശബ്ദം കേട്ടവര്‍ അതിനികേള്‍ക്കാനിടയാകരുതേ എന്നപേക്ഷിച്ചു.

19

20 എന്തെന്നാല്‍ ആ പര്‍വതത്തെ സ്പര്‍ശിക്കുന്ന മൃഗത്തെപ്പോലും കല്ലെറിഞ്ഞുകൊല്ലണം എന്ന കല്പന അവര്‍ക്കു ദുസ്സഹമായിരുന്നു.

21 “ഞാന്‍ ഭയപ്പെട്ടു വിറയ്‍ക്കുന്നു” എന്നു മോശ പറയുവാന്‍ തക്കവണ്ണം ആ ദൃശ്യം അത്ര ഭയങ്കരമായിരുന്നു.

22

നിങ്ങളാകട്ടെ, സീയോന്‍ പര്‍വതത്തെയും അസംഖ്യം മാലാഖമാര്‍ സമ്മേളിച്ചിരിക്കുന്ന ജീവിക്കുന്ന ദൈവത്തിന്‍റെ നഗരമായ സ്വര്‍ഗീയ യെരൂശലേമിനെയും ആണല്ലോ സമീപിച്ചിരിക്കുന്നത്.

23 സ്വര്‍ഗത്തില്‍ പേരെഴുതപ്പെട്ട ആദ്യജാതന്മാരുടെ സഭയിലേക്കും, എല്ലാവരുടെയും വിധികര്‍ത്താവായ ദൈവത്തിന്‍റെ സമക്ഷത്തിലേക്കും നിങ്ങള്‍ വന്നിരിക്കുന്നു.

24 പൂര്‍ണരായിത്തീര്‍ന്നിട്ടുള്ള നീതിമാന്മാരുടെ ആത്മാക്കളെയും പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായ യേശുവിനെയും, ഹാബേലിന്‍റെ രക്തത്തെക്കാള്‍ ശ്രേഷ്ഠമായതു വാഗ്ദാനം ചെയ്യുന്ന ശുദ്ധീകരണരക്തത്തെയും ആണ് നിങ്ങള്‍ സമീപിച്ചിരിക്കുന്നത്.

25

അതുകൊണ്ട് അവിടുന്നു സംസാരിക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കാതിരിക്കരുത്. ഭൂമിയില്‍വച്ചു മുന്നറിയിപ്പു നല്‌കിയ ആളിനെ നിരസിച്ചവര്‍ തെറ്റിയൊഴിഞ്ഞുപോയിട്ടില്ല. അങ്ങനെയെങ്കില്‍ സ്വര്‍ഗത്തില്‍നിന്നു സംസാരിക്കുന്നവനെ ശ്രദ്ധിക്കാതിരുന്നാല്‍ നാം എങ്ങനെ തെറ്റിയൊഴിയും?

26 അന്ന് അവിടുത്തെ ശബ്ദം ഭൂമിയെ പ്രകമ്പനം കൊള്ളിച്ചു. എന്നാല്‍ “ഇനി ഒരിക്കല്‍ ഞാന്‍ ഭൂമിയെ മാത്രമല്ല, ആകാശത്തെയും വിറപ്പിക്കും” എന്ന് അവിടുന്ന് ഇപ്പോള്‍ പ്രതിജ്ഞ ചെയ്തിരിക്കുന്നു.

27 ഇനി ഒരിക്കല്‍ എന്നത് ഇളക്കപ്പെടുവാന്‍ സാധ്യമല്ലാത്തവ നിലനില്‌ക്കുവാന്‍വേണ്ടി, സൃഷ്‍ടിക്കപ്പെട്ട സകലവും ഇളക്കിനീക്കുമെന്നത്രേ സൂചിപ്പിക്കുന്നത്.

28

അതിനാല്‍ ഇളക്കുവാന്‍ ആവാത്ത ഒരു രാജ്യം നമുക്കു ലഭിക്കുന്നതുകൊണ്ട് നാം നന്ദിയുള്ളവരായിരിക്കുകയും, ദൈവത്തിനു പ്രസാദകരമായ വിധത്തില്‍ ഭയഭക്തിപുരസ്സരം ആരാധിക്കുകയും ചെയ്യുക.

29 എന്തുകൊണ്ടെന്നാല്‍, നമ്മുടെ ദൈവം സംഹരിക്കുന്ന അഗ്നിയാണല്ലോ.

13

1

സഹോദരനിര്‍വിശേഷമായ സ്നേഹം നിങ്ങളുടെ ഇടയില്‍ ഉണ്ടായിരിക്കട്ടെ.

2 അപരിചിതരോട് ആതിഥ്യമര്യാദ കാണിക്കുവാന്‍ മറക്കരുത്. അങ്ങനെ ചെയ്തിട്ടുള്ള ചിലര്‍ മാലാഖമാരെ അറിയാതെ സല്‍ക്കരിച്ചിട്ടുണ്ടല്ലോ.

3 തടവില്‍ കിടക്കുന്നവരെ, നിങ്ങള്‍ തന്നെ അവരോടൊത്തു തടവുകാരായിരുന്നാല്‍ എന്നപോലെ ഓര്‍ക്കുക. പീഡനമനുഭവിക്കുന്നവരെന്നവണ്ണം നിങ്ങള്‍ പീഡിതരെയും ഓര്‍ക്കണം.

4

വിവാഹത്തെ എല്ലാവരും മാനിക്കണം. ഭാര്യാഭര്‍ത്തൃബന്ധം നിര്‍മ്മലമായിരിക്കട്ടെ. ദുര്‍മാര്‍ഗികളെയും വ്യഭിചാരികളെയും ദൈവം വിധിക്കും.

5

നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹത്തിന്‍റെ പിടിയില്‍ അമര്‍ന്നുപോകരുത്; നിങ്ങള്‍ക്ക് ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക. എന്തെന്നാല്‍ “ഞാന്‍ നിന്നെ ഒരിക്കലും കൈവിടുകയില്ല; ഉപേക്ഷിക്കുകയുമില്ല” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നു.

6

അതുകൊണ്ട്
സര്‍വേശ്വരന്‍ എനിക്കു തുണ;
ഞാന്‍ ഭയപ്പെടുകയില്ല;
മനുഷ്യന് എന്നോട് എന്തുചെയ്‍വാന്‍ കഴിയും?
എന്നു നമുക്കു സധൈര്യം പറയാം.

7

ദൈവത്തിന്‍റെ സന്ദേശം നിങ്ങളെ അറിയിച്ച നിങ്ങളുടെ നേതാക്കളെ ഓര്‍ത്തുകൊള്ളണം. അവരുടെ ജീവിതത്തിന്‍റെ ഫലത്തെക്കുറിച്ചു പരിചിന്തനം ചെയ്തുകൊണ്ട് അവരുടെ വിശ്വാസത്തെ അനുകരിക്കുക.

8 യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും മാറ്റമില്ലാത്തവനത്രേ.

9 വിവിധങ്ങളായ ഇതരോപദേശങ്ങളാല്‍ ആരും നിങ്ങളെ നേരായ മാര്‍ഗത്തില്‍നിന്നു തെറ്റിക്കുവാന്‍ ഇടയാകരുത്. ഭക്ഷണകാര്യത്തെക്കുറിച്ചുള്ള ചട്ടങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. അതുകൊണ്ട് ദൈവകൃപയില്‍നിന്ന് ആന്തരികശക്തി പ്രാപിക്കുന്നതാണ് നിങ്ങള്‍ക്കു നല്ലത്.

10

നമുക്കു നമ്മുടേതായ ഒരു ബലിപീഠമുണ്ട്. അതില്‍നിന്നു ഭക്ഷിക്കുവാന്‍ യെഹൂദന്മാരുടെ ആരാധനസ്ഥലമായ കൂടാരത്തില്‍ ശുശ്രൂഷ ചെയ്യുന്നവര്‍ക്ക് അവകാശമില്ല.

11 യെഹൂദന്മാരുടെ മഹാപുരോഹിതന്‍ മൃഗങ്ങളുടെ രക്തം അതിവിശുദ്ധസ്ഥലത്തു കൊണ്ടുവന്ന്, പാപപരിഹാര ബലിയായി അര്‍പ്പിക്കുന്നു. എന്നാല്‍ മൃഗങ്ങളുടെ ശരീരം പാളയത്തിനു പുറത്തുവച്ച് ദഹിപ്പിക്കുകയാണു ചെയ്യുന്നത്.

12 അതുകൊണ്ട് യേശുവും തന്‍റെ സ്വന്തം രക്തത്താല്‍ ജനത്തെ ആകമാനം പാപത്തില്‍നിന്നു ശുദ്ധീകരിക്കുന്നതിനായി നഗരത്തിന്‍റെ പുറത്തുവച്ച് മരണംവരിച്ചു.

13 അതുകൊണ്ട് നമുക്കും പാളയത്തിനു പുറത്ത് അവിടുത്തെ അടുക്കലേക്കു ചെല്ലുകയും അവിടുത്തെ അപമാനത്തില്‍ പങ്കുചേരുകയും ചെയ്യാം.

14 ഭൂമിയില്‍ നമുക്കു ശാശ്വതമായ നഗരമില്ല; വരുവാനുള്ള നഗരത്തെ നാം നോക്കിപ്പാര്‍ക്കുകയാണല്ലോ.

15 നമുക്ക് യേശുവില്‍കൂടി നിരന്തരം ദൈവത്തിന് സ്തോത്രം അര്‍പ്പിക്കാം. യേശുവിനെ കര്‍ത്താവായി ഏറ്റുപറയുന്നവരുടെ അധരങ്ങള്‍ അര്‍പ്പിക്കുന്ന യാഗമാണത്.

16 നന്മ ചെയ്യുന്നതിലും, നിങ്ങള്‍ക്കുള്ളത് അന്യോന്യം പങ്കിടുന്നതിലും ഉപേക്ഷ കാണിക്കരുത്. ഇങ്ങനെയുള്ള യാഗങ്ങളില്‍ ദൈവം പ്രസാദിക്കുന്നു.

17

നിങ്ങളുടെ നേതാക്കന്മാരെ അനുസരിച്ച് അവര്‍ക്കു കീഴ്പ്പെട്ടിരിക്കണം. അവര്‍ ദൈവത്തിന്‍റെ മുമ്പില്‍ കണക്കു ബോധിപ്പിക്കേണ്ടതുകൊണ്ട് നിങ്ങളെ ജാഗ്രതയോടെ കാത്തുസൂക്ഷിക്കുന്നു. അവര്‍ സന്തോഷപൂര്‍വം അതു ചെയ്യുവാന്‍ ഇടയാക്കുക. സങ്കടത്തോടുകൂടിയാണ് ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ക്ക് അതു പ്രയോജനശൂന്യമായിരിക്കും.

18

ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക. എപ്പോഴും ശരിയായതു ചെയ്യണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ട് ഞങ്ങള്‍ക്ക് സ്വച്ഛമായ ഒരു മനസ്സാക്ഷിയുണ്ട് എന്ന് നിസ്സംശയം പറയാം.

19 ഞാന്‍ എത്രയും വേഗം നിങ്ങളുടെ അടുക്കല്‍ തിരിച്ചുവരേണ്ടതിന് കൂടുതല്‍ ശുഷ്കാന്തിയോടുകൂടി പ്രാര്‍ഥിക്കണമെന്നു നിങ്ങളോട് അപേക്ഷിക്കുന്നു.

20

[20,21] സമാധാനത്തിന്‍റെ ദൈവം അവിടുത്തെ ഇഷ്ടം നിറവേറ്റുവാന്‍വേണ്ടി നിങ്ങള്‍ക്ക് ആവശ്യമുള്ള എല്ലാ നല്ല കാര്യങ്ങള്‍കൊണ്ടും നിങ്ങളെ ധന്യരാക്കട്ടെ. അവിടുത്തെ യാഗരക്തം മൂലം സനാതനമായ ഉടമ്പടിക്കു മുദ്രവച്ച, ആടുകളുടെ വലിയ ഇടയനായ നമ്മുടെ കര്‍ത്താവായ യേശുവിനെ മരണത്തില്‍നിന്ന് ദൈവം ഉത്ഥാനം ചെയ്യിച്ചു. അവിടുത്തേക്കു പ്രസാദകരമായിട്ടുള്ളവ യേശുക്രിസ്തുവില്‍കൂടി നമ്മില്‍ പ്രവര്‍ത്തിക്കുന്ന ദൈവത്തിന് എന്നേക്കും മഹത്ത്വമുണ്ടാകട്ടെ, ആമേന്‍.

21

22

സഹോദരരേ, ഞാന്‍ ചുരുക്കമായി എഴുതിയിരിക്കുന്ന ഈ പ്രബോധനം ക്ഷമയോടെ ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു.

23 നമ്മുടെ സഹോദരനായ തിമൊഥെയോസ് തടവില്‍നിന്നു വിമോചിതനായി എന്നുള്ള വിവരം ഞാന്‍ നിങ്ങളെ അറിയിച്ചുകൊള്ളുന്നു. അയാള്‍ വേഗം വന്നാല്‍ ഞാന്‍ അയാളോടുകൂടി വന്നു നിങ്ങളെ കണ്ടുകൊള്ളാം.

24

നിങ്ങളുടെ എല്ലാ നേതാക്കന്മാര്‍ക്കും ദൈവജനത്തിനും എന്‍റെ അഭിവാദനങ്ങള്‍! ഇറ്റലിയിലെ വിശ്വാസികളും നിങ്ങളെ വന്ദനം ചെയ്യുന്നു.

25

നിങ്ങളെല്ലാവരോടുംകൂടി ദൈവത്തിന്‍റെ കൃപ ഉണ്ടായിരിക്കട്ടെ.