1
[1-4] ദൈവത്തിന്‍റെ ദാസനും യേശുക്രിസ്തുവിന്‍റെ അപ്പോസ്തോലനുമായ പൗലൊസ്, നമ്മുടെ പൊതുവിശ്വാസത്തില്‍ എന്‍റെ യഥാര്‍ഥ പുത്രനായ തീത്തോസിന് എഴുതുന്നത്: പിതാവായ ദൈവത്തില്‍നിന്നും നമ്മുടെ രക്ഷകനായ ക്രിസ്തുയേശുവില്‍നിന്നും നിനക്കു കൃപയും സമാധാനവും ലഭിക്കട്ടെ. ദൈവം തിരഞ്ഞെടുത്തവരുടെ വിശ്വാസവും ദൈവഭക്തിയിലേക്കു നയിക്കുന്ന സത്യത്തിന്‍റെ പരിജ്ഞാനവും വര്‍ധിപ്പിക്കുന്നതിനുവേണ്ടി എന്നെ നിയോഗിച്ചു. ആ വിശ്വാസവും പരിജ്ഞാനവും അനശ്വരജീവനുവേണ്ടിയുള്ള പ്രത്യാശയില്‍ അടിസ്ഥാനപ്പെട്ടിരിക്കുന്നു. ഒരിക്കലും വ്യാജം പറയാത്ത ദൈവം യുഗാരംഭത്തിനുമുമ്പ് വാഗ്ദാനം ചെയ്തതും അവിടുത്തെ വചനത്തില്‍ യഥാകാലം വെളിപ്പെടുത്തിയതുമാണ് ഈ പ്രത്യാശ. ആ വചനം പ്രസംഗിക്കുവാനുള്ള ചുമതല നമ്മുടെ രക്ഷകനായ ദൈവത്തിന്‍റെ കല്പനപ്രകാരം എന്നെ ഭരമേല്പിച്ചു.2
3
4
5
ഞാന്‍ നിന്നെ ക്രീറ്റില്‍ വിട്ടിട്ടു പോന്നത് അവിടെ ഇനിയും ചെയ്യുവാനുള്ള കാര്യങ്ങള്‍ ക്രമപ്പെടുത്തുന്നതിനും, ഞാന്‍ നിര്‍ദേശിച്ച പ്രകാരം ഓരോ പട്ടണത്തിലും സഭാമുഖ്യന്മാരെ നിയമിക്കുന്നതിനുമാണ്.6 സഭാമുഖ്യന്‍ കുറ്റമറ്റവനും ഏകപത്നീവ്രതക്കാരനും ആയിരിക്കണം. അയാളുടെ മക്കളും വിശ്വാസികളായിരിക്കണം. ദുഷ്പ്രവൃത്തികളില്‍ മുഴുകിയിരിക്കുന്നവരെന്നോ, അനുസരണയില്ലാത്തവരെന്നോ ഉള്ള ദുഷ്പേരുള്ളവര്‍ ആയിരിക്കയുമരുത്.
7 ദൈവത്തിന്‍റെ കാര്യസ്ഥന്‍ എന്ന നിലയ്‍ക്ക് സഭയുടെ അധ്യക്ഷന്‍ കുറ്റമറ്റവനായിരിക്കേണ്ടതാണ്. അയാള്‍ അഹങ്കാരിയോ, ക്ഷിപ്രകോപിയോ, മദ്യപനോ, അക്രമാസക്തനോ, അമിതലാഭം മോഹിക്കുന്നവനോ ആയിരിക്കരുത്.
8 പകരം അയാള്‍ അതിഥിസല്‍ക്കാരപ്രിയനും നന്മയെ സ്നേഹിക്കുന്നവനും ആത്മനിയന്ത്രണമുള്ളവനും നീതിനിഷ്ഠനും നിര്‍മ്മലനും സുശിക്ഷിതനും ആയിരിക്കണം.
9 വിശ്വാസയോഗ്യമായ ഉപദേശം പഠിപ്പിക്കുവാനും അതിനെ എതിര്‍ക്കുന്നവരുടെ വാദത്തെ ഖണ്ഡിക്കുവാനും കഴിയേണ്ടതിന്, താന്‍ പഠിച്ച സത്യവചനത്തെ അയാള്‍ മുറുകെപ്പിടിക്കുകയും വേണം.
10 എന്തെന്നാല്‍ വഴങ്ങാത്ത പ്രകൃതമുള്ളവരും കഴമ്പില്ലാത്ത സംഭാഷണത്തില്‍ ഏര്‍പ്പെടുന്നവരും വഞ്ചകരുമായ ധാരാളം ആളുകളുണ്ടല്ലോ; പ്രത്യേകിച്ചു പരിച്ഛേദനകര്‍മവാദികള്‍.
11 അവരെ മൊഴിമുട്ടിക്കണം. പഠിപ്പിക്കരുതാത്ത കാര്യങ്ങള്‍ അധമമായ ലാഭത്തിനുവേണ്ടി പഠിപ്പിച്ച്, കുടുംബങ്ങളെ അവര്‍ വഴിതെറ്റിക്കുന്നു.
12 “ക്രീറ്റിലുള്ളവര്‍ അസത്യം പറയുന്നവരും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും ആണ്” എന്ന് അവരിലൊരാള്‍, ഒരു പ്രവാചകന്‍തന്നെ പറഞ്ഞിട്ടുണ്ടല്ലോ.
13 [13,14] ഈ സാക്ഷ്യം ശരിയാണ്. അതുകൊണ്ട് യെഹൂദന്മാരുടെ കെട്ടുകഥകള്‍ക്കോ, സത്യത്തെ നിരാകരിക്കുന്നവരുടെ ആജ്ഞകള്‍ക്കോ ചെവികൊടുക്കാതെ, വിശ്വാസത്തിന്‍റെ ഭദ്രമായ അടിസ്ഥാനത്തില്‍ ഉറച്ചു നില്‌ക്കണമെന്നു കര്‍ശനമായി ശാസിക്കുക.
14
15 ശുദ്ധമനസ്കര്‍ക്ക് എല്ലാം ശുദ്ധമാകുന്നു. എന്നാല്‍ മലിനഹൃദയര്‍ക്കും അവിശ്വാസികള്‍ക്കും ഒന്നുംതന്നെ ശുദ്ധമല്ല. അവരുടെ മനസ്സും മനസ്സാക്ഷിയും ദുഷിച്ചതാണല്ലോ.
16 തങ്ങള്‍ ദൈവത്തെ അറിയുന്നു എന്ന് അവര്‍ അവകാശപ്പെടുന്നു; പക്ഷേ പ്രവൃത്തികള്‍ക്കൊണ്ട് ദൈവത്തെ നിഷേധിക്കുന്നു. അവര്‍ വെറുക്കത്തക്കവരും അനുസരണമില്ലാത്തവരും യാതൊരു നല്ലകാര്യത്തിനും കൊള്ളരുതാത്തവരും ആകുന്നു.
1
എന്നാല്‍ നീ ശരിയായ ഉപദേശത്തിനു ചേര്‍ന്ന കാര്യങ്ങള്‍ പഠിപ്പിക്കുക.2 പ്രായംചെന്ന പുരുഷന്മാര്‍ പക്വതയും കാര്യഗൗരവവും വിവേകവും ആത്മനിയന്ത്രണവും ഉള്ളവരും, വിശ്വാസത്തിലും സ്നേഹത്തിലും സഹിഷ്ണുതയിലും അടിയുറപ്പുള്ളവരും ആയിരിക്കണമെന്ന് ഉപദേശിക്കുക.
3 അതുപോലെ തന്നെ പ്രായംചെന്ന സ്‍ത്രീകള്‍ ആദരപൂര്‍വം പെരുമാറുകയും നുണ പറഞ്ഞു പരത്താതിരിക്കുകയും മദ്യപിക്കാത്തവരും ആയിരിക്കണമെന്ന് ഉപദേശിക്കണം.
4 [4,5] തങ്ങളുടെ ഭര്‍ത്താക്കന്മാരെയും കുട്ടികളെയും സ്നേഹിക്കുക, വിവേകവും പാതിവ്രത്യവും കുടുംബകാര്യങ്ങളില്‍ ശ്രദ്ധയും ദയാശീലവും ഉള്ളവരായിരിക്കുക, ഭര്‍ത്താക്കന്മാര്‍ക്കു കീഴ്പെട്ടിരിക്കുക മുതലായവ പരിശീലിക്കത്തക്കവിധം പെണ്‍കുട്ടികളെ അവര്‍ നല്ല കാര്യങ്ങള്‍ പഠിപ്പിക്കുകയും ചെയ്യട്ടെ. അല്ലെങ്കില്‍ ദൈവവചനം ദുഷിക്കപ്പെടും.
5
6
അതുപോലെതന്നെ ആത്മനിയന്ത്രണമുള്ളവരായിരിക്കുവാന്‍ യുവാക്കന്മാരെ ഉദ്ബോധിപ്പിക്കുക.7 എല്ലാ സല്‍പ്രവൃത്തികള്‍ക്കും നീ നിന്നെത്തന്നെ മാതൃകയായി കാണിക്കുക. നിന്‍റെ പ്രബോധനങ്ങള്‍ ആത്മാര്‍ഥതയും ഗൗരവവും ഉള്ളതായിരിക്കട്ടെ.
8 ശത്രുക്കള്‍ വിമര്‍ശിക്കുവാന്‍ കഴിയാത്ത വിധത്തില്‍ കുറ്റമറ്റതായിരിക്കണം നിന്‍റെ വാക്കുകള്‍. നമ്മെപ്പറ്റി ഒരു തിന്മയും പറയുവാന്‍ കഴിയാതെ ശത്രു ലജ്ജിക്കട്ടെ.
9
യജമാനന്മാര്‍ക്കു കീഴ്പെട്ടിരിക്കുവാനും എല്ലാവിധത്തിലും അവരെ പ്രീതിപ്പെടുത്തുവാനും അടിമകളെ ഉപദേശിക്കുക. അവര്‍ യജമാനന്മാരോട് എതിര്‍ത്തു സംസാരിക്കുകയോ,10 അവരുടെ യാതൊന്നും അപഹരിക്കുകയോ ചെയ്യരുത്; എല്ലാ കാര്യങ്ങളിലും നമ്മുടെ രക്ഷകനായ ദൈവത്തിന്‍റെ ഉപദേശങ്ങള്‍ക്കു ഭൂഷണമായിരിക്കത്തക്കവിധം, പൂര്‍ണവും ആത്മാര്‍ഥവുമായ വിശ്വസ്തത അവര്‍ പാലിക്കണം.
11
സകല മനുഷ്യരുടെയും രക്ഷയ്‍ക്കായുള്ള ദൈവകൃപ പ്രത്യക്ഷമായിരിക്കുന്നു.12 വിലക്കപ്പെട്ടതും പ്രാപഞ്ചികമോഹങ്ങളും പരിത്യജിക്കുവാനും, സമചിത്തതയോടും നീതിനിഷ്ഠയോടും ദൈവഭക്തിയോടുംകൂടി ജീവിക്കുവാനും ദൈവകൃപ നമ്മെ പരിശീലിപ്പിക്കുന്നു.
13 നമ്മുടെ മഹോന്നതനായ ദൈവവും രക്ഷകനുമായ യേശുക്രിസ്തുവിന്‍റെ തേജസ്സ് പ്രത്യക്ഷമാകുന്ന അനുഗ്രഹിക്കപ്പെട്ട ആ ദിവസത്തിനുവേണ്ടി നാം കാത്തിരിക്കുകയാണ്.
14 എല്ലാ തിന്മകളില്‍നിന്നും നമ്മെ രക്ഷിക്കുന്നതിനും സല്‍പ്രവൃത്തികള്‍ ചെയ്യുന്നതില്‍ ശുഷ്കാന്തിയുള്ള തന്‍റെ സ്വന്തം ജനമായിരിക്കേണ്ടതിന് നമ്മെ തനിക്കുവേണ്ടി ശുദ്ധീകരിക്കുന്നതിനുമായി യേശുക്രിസ്തു സ്വയം സമര്‍പ്പിച്ചു.
15
ഈ കാര്യങ്ങള്‍ വിളംബരം ചെയ്യുക; അധികാരപൂര്‍വം ഉദ്ബോധിപ്പിക്കുകയും ശാസിക്കുകയും ചെയ്യുക. ആരും നിന്നെ അവഗണിക്കാതിരിക്കട്ടെ.1
ഭരണാധിപന്മാര്‍ക്കും മറ്റ് അധികാരികള്‍ക്കും കീഴ്പെട്ടിരിക്കുവാനും, അനുസരണവും ഉത്തമമായ ഏതുജോലിയും ചെയ്യുവാന്‍ സന്നദ്ധതയും ഉള്ളവര്‍ ആയിരിക്കുവാനും,2 ശണ്ഠകള്‍ ഒഴിവാക്കി സൗമ്യശീലരായി എല്ലാവരോടും തികഞ്ഞ മര്യാദ പാലിക്കുവാനും ജനത്തെ അനുസ്മരിപ്പിക്കുക.
3 ഒരു കാലത്ത് നാം തന്നെ ബുദ്ധിയില്ലാത്തവരും, അനുസരണമില്ലാത്തവരും, വഴിപിഴച്ചു പോയവരും, വിവിധ വികാരങ്ങള്‍ക്കും ഭോഗങ്ങള്‍ക്കും അടിമപ്പെട്ടവരും, തിന്മയിലും ശത്രുതയിലും കഴിഞ്ഞിരുന്നവരും, മറ്റുള്ളവരാല്‍ വെറുക്കപ്പെട്ടവരും, അന്യോന്യം വിദ്വേഷത്തില്‍ കഴിഞ്ഞിരുന്നവരും ആയിരുന്നുവല്ലോ.
4 എങ്കിലും നമ്മുടെ രക്ഷകനായ ദൈവത്തിന്‍റെ നന്മയും സ്നേഹനിര്‍ഭരമായ ദയയും പ്രത്യക്ഷമായപ്പോള്‍ അവിടുന്നു നമ്മെ രക്ഷിച്ചു.
5 അത് നമ്മുടെ പുണ്യപ്രവൃത്തികള്‍കൊണ്ടല്ല, പിന്നെയോ നമ്മെ പുനരുജ്ജീവിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മസ്നാപനം കൊണ്ടാണ്.
6 നമ്മുടെ രക്ഷകനായ യേശുക്രിസ്തുവില്‍കൂടി പരിശുദ്ധാത്മാവിനെ ദൈവം നമ്മുടെമേല്‍ സമൃദ്ധമായി വര്‍ഷിക്കുന്നു.
7 അവിടുത്തെ കൃപാവരത്താല്‍ നമുക്കു തന്നോടുള്ള ബന്ധം ക്രമപ്പെടുത്തുന്നതിനും നാം പ്രത്യാശിക്കുന്ന അനശ്വരജീവന്‍ അവകാശമാക്കുന്നതിനുംവേണ്ടിയാണ് ദൈവം ഇങ്ങനെ ചെയ്തത്.
8 ഇതു സത്യമാണ്.
ദൈവത്തില്‍ വിശ്വസിച്ചവര്‍ സല്‍പ്രവൃത്തികളില്‍ ദത്തശ്രദ്ധരായിരിക്കേണ്ടതിന് ഇതു നീ ഊന്നിപ്പറയണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. ഇവയെല്ലാം ശ്രേഷ്ഠവും മനുഷ്യനു പ്രയോജനകരവും ആകുന്നു.9 എന്നാല്‍ നിരര്‍ഥകമായ വാദപ്രതിവാദങ്ങളും വംശാവലി സംബന്ധിച്ച പ്രശ്നങ്ങളും ശണ്ഠയും നിയമത്തെച്ചൊല്ലിയുള്ള കലഹങ്ങളും ഒഴിവാക്കുക. ഇവ നിഷ്പ്രയോജനവും വ്യര്‍ഥവുമാണല്ലോ.
10 സഭയില്‍ ഭിന്നതയുണ്ടാക്കുന്നവന് ഒന്നോ രണ്ടോ വട്ടം താക്കീതു നല്‌കുക. ഫലമില്ലെന്നു കണ്ടാല്‍ അയാളെ ഒഴിച്ചുനിറുത്തുക.
11 അയാള്‍ നേരായ മാര്‍ഗത്തില്‍നിന്നു വ്യതിചലിച്ചവനാണ്. അയാള്‍ പാപം ചെയ്തു കുറ്റവാളിയെന്നു സ്വയം വിധിച്ചിരിക്കുന്നു.
12
ഞാന്‍ അര്‍ത്തെമാസിനെയോ തിഹിക്കൊസിനെയോ അങ്ങോട്ട് അയയ്‍ക്കുമ്പോള്‍ നീ നിക്കൊപ്പൊലിസില്‍ എന്‍റെ അടുക്കല്‍ വരുവാന്‍ ആവോളം ശ്രമിക്കണം. ശീതകാലം ഞാന്‍ ഇവിടെ കഴിച്ചുകൂട്ടാന്‍ നിശ്ചയിച്ചിരിക്കുകയാണ്.13 നിയമജ്ഞനായ സേനാസിനെയും അപ്പൊല്ലൊസിനെയും എത്രയും വേഗം യാത്രയാക്കുവാന്‍ കഴിയുന്നത്ര ശ്രമിക്കണം. അവര്‍ക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കുവാന്‍ നീ വേണ്ടതു ചെയ്യുമല്ലോ.
14 നമ്മുടെ ആളുകള്‍ സല്‍കര്‍മങ്ങള്‍ ചെയ്യുവാന്‍ പഠിക്കട്ടെ. അവര്‍ പ്രയോജനശൂന്യരാകാതെ അടിയന്തരാവശ്യങ്ങള്‍ ഉള്ളവരെ സഹായിക്കേണ്ടതാണ്.
15
എന്‍റെ കൂടെയുള്ള എല്ലാവരും നിനക്കു വന്ദനം പറയുന്നു. ഞങ്ങളെ സ്നേഹിക്കുന്ന സഹവിശ്വാസികള്‍ക്ക് അഭിവാദനങ്ങള്‍. ദൈവത്തിന്‍റെ കൃപ നിങ്ങളെല്ലാവരോടും കൂടി ഉണ്ടായിരിക്കട്ടെ.