1

1

ക്രിസ്തുയേശുവിനോടുള്ള ഐക്യം മുഖേന നാം ജീവന്‍ പ്രാപിക്കുമെന്ന വാഗ്ദാനം അനുസരിച്ച് ദൈവഹിതത്താല്‍ ക്രിസ്തുയേശുവിന്‍റെ അപ്പോസ്തോലനായ പൗലൊസ്, പ്രിയപ്പെട്ട പുത്രനായ തിമൊഥെയോസിന് എഴുതുന്നത്:

2

പിതാവായ ദൈവത്തില്‍നിന്നും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിനക്കു കൃപയും കാരുണ്യവും സമാധാനവും ലഭിക്കട്ടെ.

3

എന്‍റെ പ്രാര്‍ഥനകളില്‍ ഞാന്‍ അഹോരാത്രം സദാ നിന്നെ അനുസ്മരിക്കുമ്പോള്‍ ദൈവത്തിനു സ്തോത്രം അര്‍പ്പിക്കുന്നു. എന്‍റെ പൂര്‍വപിതാക്കള്‍ ചെയ്തതുപോലെ നിര്‍മ്മലമനസ്സാക്ഷിയോടുകൂടി ഞാന്‍ ആ ദൈവത്തെ സേവിക്കുന്നു.

4 നിന്‍റെ കണ്ണീരിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍, നിന്നെ കണ്ട് ആനന്ദപൂര്‍ണനായിത്തീരുവാന്‍ ഞാന്‍ അഭിവാഞ്ഛിക്കുന്നു.

5 നിന്‍റെ ആത്മാര്‍ഥമായ വിശ്വാസം ഞാന്‍ ഓര്‍മിക്കുന്നു. ആ വിശ്വാസം മുമ്പുതന്നെ നിന്‍റെ പിതാമഹിയായ ലോവീസിനും അമ്മ യുനീക്കയ്‍ക്കും ഉണ്ടായിരുന്നു. ആ വിശ്വാസം നിന്നിലും കുടികൊള്ളുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്.

6 അതിനാല്‍ എന്‍റെ കൈവയ്പിലൂടെ നിനക്കു ലഭിച്ച കൃപാവരം ഉദ്ദീപിപ്പിക്കണമെന്നു ഞാന്‍ നിന്നെ അനുസ്മരിപ്പിക്കുന്നു.

7 എന്തെന്നാല്‍ ഭീരുത്വത്തിന്‍റെ ആത്മാവിനെയല്ല, ശക്തിയുടെയും സ്നേഹത്തിന്‍റെയും ആത്മസംയമനത്തിന്‍റെയും ആത്മാവിനെയത്രേ ദൈവം നമുക്കു നല്‌കിയത്.

8

അതുകൊണ്ട്, നമ്മുടെ കര്‍ത്താവിനെക്കുറിച്ച് സാക്ഷ്യം വഹിക്കുന്നതിനു നീ ലജ്ജിക്കരുത്. അവിടുത്തേക്കുവേണ്ടി കാരാഗൃഹവാസിയായ എന്നെപ്പറ്റിയും നീ ലജ്ജിക്കേണ്ടതില്ല. ദൈവം നിനക്കു നല്‌കുന്ന ശക്തിക്കൊത്തവണ്ണം സുവിശേഷത്തിനുവേണ്ടിയുള്ള കഷ്ടാനുഭവങ്ങളില്‍ നിന്‍റെ പങ്കു വഹിക്കുക.

9 ദൈവം നമ്മെ രക്ഷിക്കുകയും വിശുദ്ധ ജീവിതം നയിക്കുന്നതിനുവേണ്ടി നമ്മെ വിളിക്കുകയും ചെയ്തിരിക്കുന്നു. അത് നമ്മുടെ പ്രവൃത്തികളുടെ നന്മകൊണ്ടല്ല, പ്രത്യുത അവിടുത്തെ ഉദ്ദേശ്യമനുസരിച്ചും കൃപമൂലവും ആകുന്നു. യുഗങ്ങള്‍ക്കു മുമ്പുതന്നെ ക്രിസ്തുയേശു മുഖേന ഈ കൃപ നല്‌കപ്പെട്ടു.

10 എന്നാല്‍ ഇപ്പോള്‍ നമ്മുടെ രക്ഷകനായ ക്രിസ്തുയേശുവിന്‍റെ ആഗമനത്തില്‍കൂടി അതു വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. അവിടുന്നു മരണത്തിന് അറുതി വരുത്തി; അനശ്വരജീവന്‍ സുവിശേഷത്തില്‍കൂടി വെളിച്ചത്തു കൊണ്ടുവരികയും ചെയ്തു.

11

ഈ സുവിശേഷം പ്രഖ്യാപനം ചെയ്യുന്നതിനുവേണ്ടി അപ്പോസ്തോലനും ഉപദേഷ്ടാവുമായി ഞാന്‍ നിയമിക്കപ്പെട്ടിരിക്കുന്നു.

12 അതുകൊണ്ട് ഞാന്‍ ഈ പീഡനങ്ങള്‍ സഹിക്കുന്നു എങ്കിലും ബന്ധനസ്ഥനായിരിക്കുന്നതില്‍ ലജ്ജിക്കുന്നില്ല. ഞാന്‍ വിശ്വസിക്കുന്നത് ആരെയാണെന്ന് എനിക്ക് അറിയാം. എന്നെ ഏല്പിച്ചിരിക്കുന്നത് ആ ദിവസംവരെ കാത്തുസൂക്ഷിക്കുവാന്‍ അവിടുന്നു പ്രാപ്തനാണെന്ന് എനിക്കുറപ്പുണ്ട്.

13 എന്നില്‍നിന്നു കേട്ട ആശ്വാസദായകമായ പ്രബോധനങ്ങള്‍ മാതൃകയായി നീ മുറുകെ പിടിച്ചുകൊള്ളുക; ക്രിസ്തുയേശുവിനോടുള്ള നമ്മുടെ ഐക്യത്തില്‍ നമുക്കുള്ള വിശ്വാസത്തിലും സ്നേഹത്തിലും നിലനില്‌ക്കുകയും ചെയ്യുക.

14 നമ്മില്‍ നിവസിക്കുന്ന പരിശുദ്ധാത്മാവ് ഭരമേല്പിച്ചിരിക്കുന്ന സത്യം നീ കാത്തു സൂക്ഷിച്ചു കൊള്ളണം.

15

ഏഷ്യാദേശത്തുള്ള എല്ലാവരും എന്നെ വിട്ടുപോയി എന്നു നിനക്ക് അറിയാമല്ലോ. ഫുഗലൊസും ഹെര്‍മ്മൊഗനേസും അക്കൂട്ടത്തിലുള്‍പ്പെടുന്നു.

16 പലപ്പോഴും എനിക്ക് ഉന്മേഷം പകര്‍ന്നുതന്നിട്ടുള്ള ഒനേസിഫൊരൊസിന്‍റെ കുടുംബത്തോടു കര്‍ത്താവു കരുണ കാണിക്കട്ടെ.

17 ഞാന്‍ ബന്ധനസ്ഥനായതില്‍ ലജ്ജിക്കാതെ അയാള്‍ റോമില്‍ വന്നയുടനെ എന്നെ അന്വേഷിച്ചു കണ്ടുപിടിച്ചു.

18 വിധിനാളില്‍ കര്‍ത്താവ് അയാളുടെമേല്‍ കാരുണ്യം ചൊരിയട്ടെ. എഫെസൊസില്‍വച്ചും അയാള്‍ എനിക്ക് എന്തെല്ലാം ശുശ്രൂഷകള്‍ ചെയ്തു എന്നുള്ളത് നിനക്ക് അറിയാമല്ലോ.

2

1

എന്‍റെ മകനേ, ക്രിസ്തുയേശുവിലുള്ള കൃപാവരത്താല്‍ നീ ശക്തിയുള്ളവനായിരിക്കുക.

2 അനേകം സാക്ഷികളുടെ മുമ്പില്‍വച്ച് നീ എന്നില്‍നിന്നു കേട്ട കാര്യങ്ങള്‍ മറ്റുള്ളവരെക്കൂടി പഠിപ്പിക്കുവാന്‍ പ്രാപ്തിയുള്ള വിശ്വസ്തരായ ആളുകളെ ഭരമേല്പിക്കുക.

3

ക്രിസ്തുയേശുവിന്‍റെ ധര്‍മഭടനെന്ന നിലയില്‍ കഷ്ടതയില്‍ നിന്‍റെ പങ്കുവഹിക്കുക.

4 സൈനിക സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു പടയാളിയും അന്യകാര്യങ്ങളില്‍ ഉള്‍പ്പെടാറില്ല. എന്തെന്നാല്‍ തന്നെ പടയാളിയാക്കിയവനെ തൃപ്തിപ്പെടുത്തുക എന്നതാണ് അവന്‍റെ ലക്ഷ്യം.

5 നിയമാനുസൃതം മത്സരിക്കാതെ കായികാഭ്യാസിക്ക് വിജയത്തിന്‍റെ കിരീടം ലഭിക്കുകയില്ല.

6 അധ്വാനിക്കുന്ന കര്‍ഷകനാണ് വിളവിന്‍റെ ആദ്യപങ്കു ലഭിക്കേണ്ടത്.

7 ഞാന്‍ പറയുന്നതിനെപ്പറ്റി നീ ചിന്തിക്കുക; എല്ലാ കാര്യങ്ങളും ഗ്രഹിക്കുന്നതിനുള്ള ബുദ്ധി കര്‍ത്താവു നിനക്കു തരും.

8

ദാവീദിന്‍റെ വംശജനും മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റവനുമായ യേശുക്രിസ്തുവിനെ ഓര്‍ത്തുകൊള്ളുക.

9 ഇതാകുന്നു ഞാന്‍ പ്രബോധിപ്പിച്ച സുവിശേഷം. ഈ സുവിശേഷത്തിനു വേണ്ടിയത്രേ ഞാന്‍ കഷ്ടത സഹിക്കുകയും ഒരു കുറ്റവാളി എന്നവണ്ണം ഇപ്പോള്‍ ചങ്ങല ധരിക്കുകയും ചെയ്യുന്നത്. എന്നാല്‍ ദൈവവചനത്തിനു ബന്ധനം ഉണ്ടായിട്ടില്ല.

10 അതുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു ക്രിസ്തുയേശുവിലൂടെയുള്ള രക്ഷ അനശ്വരമായ തേജസ്സോടുകൂടി ലഭ്യമാകുന്നതിന്, അവര്‍ക്കുവേണ്ടി ഞാന്‍ എല്ലാം സഹിക്കുന്നു.

താഴെപ്പറയുന്ന വചനം വിശ്വാസയോഗ്യമാകുന്നു:

11

നാം അവിടുത്തോടുകൂടി മരിച്ചിരിക്കുന്നു എങ്കില്‍
നാം അവിടുത്തോടുകൂടി ജീവിക്കുകയും ചെയ്യും.

12
നാം സഹിക്കുന്നു എങ്കില്‍
അവിടുത്തോടുകൂടി വാഴുകയും ചെയ്യും.
നാം അവിടുത്തെ നിഷേധിക്കുന്നു എങ്കില്‍
അവിടുന്നു നമ്മെയും നിഷേധിക്കും.

13
നാം അവിശ്വസ്തരായിരുന്നാലും
അവിടുന്നു വിശ്വസ്തനായിത്തന്നെയിരിക്കുന്നു;
എന്തുകൊണ്ടെന്നാല്‍ അവിടുത്തേക്ക്
തന്‍റെ സ്വഭാവം പരിത്യജിക്കുവാന്‍ കഴിയുകയില്ലല്ലോ.

14

വാക്കുകളെചൊല്ലിയുള്ള വാഗ്വാദങ്ങള്‍ ഉപേക്ഷിക്കുവാന്‍ ദൈവസമക്ഷം ജനത്തെ ഉപദേശിക്കുക. ഇങ്ങനെയുള്ള തര്‍ക്കങ്ങള്‍ കേള്‍വിക്കാരെ നശിപ്പിക്കുകയേയുള്ളൂ. ഒരു നന്മയും അതുകൊണ്ട് ഉണ്ടാകുകയില്ല. ഇത് അവരെ അനുസ്മരിപ്പിക്കണം.

15 സത്യത്തിന്‍റെ വചനം സമുചിതമായി കൈകാര്യം ചെയ്യുന്ന ഒരു ഭൃത്യന് ലജ്ജിക്കേണ്ട ആവശ്യമില്ല. അങ്ങനെ ദൈവസമക്ഷം അംഗീകരിക്കപ്പെടുവാന്‍ അങ്ങേയറ്റം പരിശ്രമിക്കുക.

16 ഭക്തിവിരുദ്ധമായ വ്യര്‍ഥഭാഷണങ്ങളില്‍നിന്ന് ഒഴിഞ്ഞിരിക്കുക. അവ കൂടുതല്‍ അഭക്തിയിലേക്കു മനുഷ്യരെ നയിക്കുകയേ ഉള്ളല്ലോ.

17 ശരീരത്തെ നിര്‍ജീവമാക്കി ജീര്‍ണിപ്പിക്കുന്ന വ്രണംപോലെ അത്തരം സംഭാഷണം മനുഷ്യനെ നശിപ്പിക്കും. ഹുമനയോസും ഫിലേത്തൊസും അങ്ങനെയുള്ളവരാണ്.

18 അവര്‍ സത്യത്തില്‍നിന്നു വ്യതിചലിച്ച് പുനരുത്ഥാനം നേരത്തെ കഴിഞ്ഞുപോയി എന്ന വാദം ഉന്നയിച്ചുകൊണ്ട് ചിലരുടെ വിശ്വാസത്തെ കീഴ്മേല്‍ മറിക്കുന്നു.

19 എന്നാല്‍ ദൈവം സ്ഥാപിച്ച അടിസ്ഥാനം ഇളകിപ്പോകാതെ ഉറച്ചുനില്‌ക്കുന്നു. ‘തനിക്കുള്ളവരെ കര്‍ത്താവ് അറിയുന്നു’ എന്നും ‘കര്‍ത്താവിന്‍റെ നാമം ഉച്ചരിക്കുന്നവരെല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ’ എന്നും ആ അടിസ്ഥാനത്തില്‍ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു.

20

ഒരു വലിയ ഭവനത്തില്‍ സ്വര്‍ണവും വെള്ളിയും കൊണ്ടുള്ള പാത്രങ്ങള്‍ മാത്രമല്ല, മരവും മണ്ണുംകൊണ്ടു നിര്‍മിച്ചവയും ഉണ്ടായിരിക്കും. ചിലത് വിശേഷസന്ദര്‍ഭങ്ങളിലും മറ്റുചിലത് സാധാരണ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നു.

21 ഹീനമായതെല്ലാം നീക്കി തന്നെത്തന്നെ വെടിപ്പാക്കുന്നവന്‍ മാന്യമായ ഉപയോഗത്തിനു പറ്റിയ പാത്രമായിരിക്കും. അത് ദൈവികകാര്യങ്ങള്‍ക്കായി മാറ്റിവയ്‍ക്കപ്പെടുന്നതും ഗൃഹനായകന് ഉപയോഗപ്രദവും ഏതു ശ്രേഷ്ഠകാര്യത്തിനുംവേണ്ടി സജ്ജമാക്കപ്പെട്ടതും ആയിരിക്കും.

22 അതുകൊണ്ട് യുവസഹജമായ വികാരാവേശങ്ങള്‍ വിട്ടകന്ന്, നിര്‍മ്മലഹൃദയത്തോടെ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു ചേര്‍ന്ന് നീതി, വിശ്വാസം, സ്നേഹം, സമാധാനം എന്നിവയില്‍ ലക്ഷ്യം ഉറപ്പിക്കുക.

23 മൂഢവും നിരര്‍ഥകവുമായ വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടരുത്; അവ ശണ്ഠയ്‍ക്ക് ഇടയാക്കുമെന്നു നിങ്ങള്‍ക്ക് അറിയാമല്ലോ. കര്‍ത്താവിന്‍റെ ദാസന്‍ ശണ്ഠ കൂടുന്നവന്‍ ആയിരിക്കരുത്;

24 അവന്‍ എല്ലാവരോടും ദയാലുവും യോഗ്യനായ പ്രബോധകനും ക്ഷമാശീലനും ആയിരിക്കണം; പ്രതിയോഗികളെ സൗമ്യമായി തിരുത്തുകയും വേണം.

25 അവര്‍ അനുതപിച്ച് സത്യം എന്തെന്ന് അറിയുവാന്‍ ദൈവം ഇടയാക്കിയേക്കാം.

26 തന്‍റെ ഇഷ്ടം ചെയ്യുന്നതിന് പിശാച് അവരെ അടിമപ്പെടുത്തിയെങ്കിലും അവന്‍റെ കെണിയില്‍നിന്ന് അവര്‍ രക്ഷപെട്ടേക്കാം.

3

1

അന്ത്യനാളുകളില്‍ ദുര്‍ഘട സമയങ്ങള്‍ ഉണ്ടാകുമെന്ന് അറിഞ്ഞുകൊള്ളുക.

2 മനുഷ്യര്‍ സ്വാര്‍ഥപ്രിയരും ദ്രവ്യാഗ്രഹികളും ഗര്‍വിഷ്ഠരും അഹങ്കാരികളും ദൂഷകരും മാതാപിതാക്കളെ അനുസരിക്കാത്തവരും കൃതഘ്നരും

3 ജീവിതവിശുദ്ധിയില്ലാത്തവരും മനുഷ്യത്വമില്ലാത്തവരും വഴങ്ങാത്ത പ്രകൃതിയുള്ളവരും പരദൂഷണ വ്യവസായികളും ദുര്‍വൃത്തരും

4 ക്രൂരന്മാരും സദ്ഗുണ വിദ്വേഷികളും വഞ്ചകരും എടുത്തുചാട്ടക്കാരും അഹന്തകൊണ്ടു ഞെളിയുന്നവരും ദൈവത്തെ സ്നേഹിക്കുന്നതിലുപരി ഭോഗപ്രിയരായി ജീവിക്കുന്നവരും ആയിരിക്കും.

5 അവര്‍ മതത്തിന്‍റെ ബാഹ്യരൂപത്തെ മുറുകെപ്പിടിക്കുന്നെങ്കിലും അതിന്‍റെ ചൈതന്യത്തെ നിഷേധിക്കുന്നു. ഇങ്ങനെയുള്ളവരില്‍നിന്ന് അകന്നു നില്‌ക്കുക.

6 [6,7] അവരില്‍ ചിലര്‍ വീടുകളില്‍ കയറി സ്‍ത്രീകളെ വശീകരിക്കുന്നു. ദുര്‍ബലരും പാപഭാരം ചുമക്കുന്നവരും എല്ലാവിധ മോഹങ്ങള്‍ക്കും അധീനരുമായ ആ സ്‍ത്രീകള്‍ ആരു പറയുന്നതും കേള്‍ക്കും. പക്ഷേ, സത്യം ഗ്രഹിക്കുവാന്‍ അവര്‍ക്ക് ഒരിക്കലും സാധ്യമല്ല.

7

8 യന്നേസും യംബ്രേസും മോശയോട് എതിര്‍ത്തു നിന്നതുപോലെ, ഈ മനുഷ്യരും സത്യത്തെ എതിര്‍ക്കുന്നു. അവര്‍ വിവേകശൂന്യരും കപടവിശ്വാസമുള്ളവരും ആണ്.

9 എന്നാല്‍ അവര്‍ വളരെ മുന്നേറുകയില്ല. മേല്പറഞ്ഞവരുടെ ബുദ്ധിശൂന്യതപോലെ, അവരുടെ ബുദ്ധിശൂന്യതയും എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ.

10

എന്‍റെ ഉപദേശവും ജീവിതരീതിയും ജീവിതലക്ഷ്യവും വിശ്വാസവും ക്ഷമയും സ്നേഹവും സ്ഥൈര്യവും നീ അറിഞ്ഞിട്ടുള്ളതാണ്.

11 അന്ത്യോക്യയിലും ഇക്കോന്യയിലും ലുസ്ത്രയിലും എനിക്കുണ്ടായ പീഡനങ്ങളും കഷ്ടാനുഭവങ്ങളും നിനക്ക് അറിയാമല്ലോ. ഞാന്‍ എന്തെല്ലാം സഹിച്ചു എന്നും നിനക്കറിയാം. അവയില്‍നിന്നെല്ലാം കര്‍ത്താവ് എന്നെ രക്ഷിച്ചു.

12 ക്രിസ്തുയേശുവിനോട് ഏകീഭവിച്ച് വിശുദ്ധജീവിതം നയിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചയമായും പീഡിപ്പിക്കപ്പെടും.

13 അതേസമയം ദുഷ്ടജനങ്ങളും കപടനാട്യക്കാരും മറ്റുള്ളവരെ വഞ്ചിച്ചും സ്വയം വഞ്ചിക്കപ്പെട്ടും അടിക്കടി തിന്മയില്‍ മുന്നേറും.

14 നീയാകട്ടെ, നീ പഠിച്ചിട്ടുള്ളതും ഉറപ്പായി വിശ്വസിക്കുന്നതുമായ കാര്യങ്ങള്‍ ആരില്‍നിന്നു പഠിച്ചു എന്നോര്‍മിച്ച് അവയില്‍ ഉറച്ചുനില്‌ക്കുക.

15 ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലൂടെ രക്ഷപ്രാപിക്കുന്നതിനെക്കുറിച്ചു നിന്നെ ഉദ്ബോധിപ്പിക്കുന്ന വിശുദ്ധലിഖിതങ്ങള്‍ കുട്ടിക്കാലംതൊട്ടു നിനക്കു പരിചയമുള്ളതാണല്ലോ. എല്ലാ വിശുദ്ധരേഖകളും ഈശ്വരപ്രചോദിതമാണ്.

16 അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റു തിരുത്തുന്നതിനും ധാര്‍മിക പരിശീലനത്തിനും ഉപകരിക്കുന്നു.

17 അതിലൂടെ ദൈവഭക്തിയുള്ള മനുഷ്യന്‍ പൂര്‍ണത പ്രാപിക്കുകയും എല്ലാ സല്‍ക്കര്‍മങ്ങളും ചെയ്യുന്നതിന് ഒരുക്കപ്പെടുകയും ചെയ്യുന്നു.

4

1

ദൈവത്തിന്‍റെ മുമ്പാകെയും ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാനിരിക്കുന്ന ക്രിസ്തുയേശുവിന്‍റെ മുമ്പാകെയും അവിടുത്തെ ആഗമനത്തെയും ഭരണത്തെയും പരിഗണിച്ച് ഇത് ഞാന്‍ നിന്നോട് ആജ്ഞാപിക്കുന്നു:

2 ദൈവത്തിന്‍റെ സന്ദേശം അറിയിക്കുക. അതിനുവേണ്ടി സമയത്തും അസമയത്തും ജാഗ്രതയുള്ളവനായിരിക്കണം. ശ്രോതാക്കള്‍ക്കു ബോധ്യം വരുത്തുകയും അവരെ ശാസിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുക. സഹനത്തിലും പ്രബോധനത്തിലും പരാജയപ്പെടരുത്.

3 എന്തെന്നാല്‍ ഉത്തമമായ ഉപദേശങ്ങള്‍ മനുഷ്യര്‍ വഹിക്കാത്ത കാലം വരുന്നു.

4 തങ്ങളുടെ കാതിനു കൗതുകം ഉളവാക്കുന്നവ കേള്‍ക്കുവാനുള്ള അഭിലാഷത്താല്‍, സ്വന്തം അഭീഷ്ടത്തിനു ചേര്‍ന്ന ഉപദേഷ്ടാക്കളെ അവര്‍ വിളിച്ചുകൂട്ടും.

5 സത്യത്തിനു ചെവികൊടുക്കാതെ, കെട്ടുകഥകളിലേക്ക് അവര്‍ ശ്രദ്ധ തിരിക്കുകയും ചെയ്യും. എന്നാല്‍ നീ അചഞ്ചലനായി കഷ്ടത സഹിക്കുക; സുവിശേഷകന്‍റെ ജോലി നിര്‍വഹിക്കുകയും, നിന്‍റെ ശുശ്രൂഷ പൂര്‍ത്തിയാക്കുകയും ചെയ്യുക.

6

ഞാന്‍ ബലികഴിക്കപ്പെടേണ്ട സമയമായിക്കഴിഞ്ഞു. എനിക്കു ലോകത്തോടു വിടവാങ്ങേണ്ട സമയം ആയിരിക്കുന്നു.

7 ഞാന്‍ നല്ല പോര്‍ പൊരുതു; എന്‍റെ ഓട്ടം പൂര്‍ത്തിയാക്കി; വിശ്വാസം കാത്തുസൂക്ഷിച്ചു; അതുകൊണ്ട് നീതിയുടെ കിരീടം എനിക്കായി കാത്തിരിക്കുന്നു.

8 നീതിപൂര്‍വം വിധിക്കുന്ന കര്‍ത്താവു അത് ആ ദിവസം എനിക്കു സമ്മാനിക്കും. എനിക്കു മാത്രമല്ല, കര്‍ത്താവിന്‍റെ ആഗമനത്തെ സ്നേഹപൂര്‍വം കാത്തിരിക്കുന്ന എല്ലാവര്‍ക്കുംതന്നെ അതു സമ്മാനിക്കപ്പെടും.

9

നീ എത്രയും വേഗം എന്‍റെ അടുക്കല്‍ വരുവാന്‍ കഴിയുന്നത്ര ഉത്സാഹിക്കുക.

10 ദേമാസ് ഈ ലോകത്തെ സ്നേഹിച്ചിട്ട് എന്നെവിട്ടു തെസ്സലോനിക്യയിലേക്കു പോയി. ക്രെസ്കേസ് ഗലാത്യക്കും, തീത്തോസ് ദല്മാത്യക്കും പോയിരിക്കുന്നു.

11 ലൂക്കോസ് മാത്രമേ എന്‍റെ കൂടെയുള്ളൂ. നീ മര്‍ക്കോസിനെക്കൂടി കൂട്ടിക്കൊണ്ടുവരണം; എന്‍റെ ശുശ്രൂഷയില്‍ അവന്‍ വളരെയധികം ഉപകരിക്കും.

12 തിഹിക്കൊസിനെ ഞാന്‍ എഫെസൊസിലേക്ക് അയച്ചിരിക്കുകയാണ്.

13 ഞാന്‍ ത്രോവാസില്‍ കര്‍പ്പൊസിന്‍റെ പക്കല്‍ ഏല്പിച്ചിരുന്ന പുറങ്കുപ്പായവും പുസ്തകങ്ങളും വിശിഷ്യ തുകല്‍ എഴുത്തുകളും നീ വരുമ്പോള്‍ കൊണ്ടുവരണം.

14

ചെമ്പുപണിക്കാരന്‍ അലക്സാണ്ടര്‍ എനിക്കു വളരെ ദ്രോഹം ചെയ്തു. അവന്‍റെ പ്രവൃത്തികള്‍ക്കു തക്ക പ്രതിഫലം ദൈവം നല്‌കും.

15 നാം അറിയിക്കുന്ന സന്ദേശത്തെ ശക്തിയുക്തം എതിര്‍ക്കുന്നവനായതുകൊണ്ട് അയാളെ നീ സൂക്ഷിച്ചുകൊള്ളണം.

16

ആദ്യം ഞാന്‍ പ്രതിവാദം നടത്തിയപ്പോള്‍ എന്‍റെ പക്ഷത്ത് ആരും ഉണ്ടായിരുന്നില്ല. എല്ലാവരും എന്നെ കൈവിട്ടു. ആ അപരാധം അവരുടെ പേരില്‍ ദൈവം കണക്കിടാതിരിക്കട്ടെ.

17 എന്നാല്‍ കര്‍ത്താവ് എന്‍റെ പക്ഷത്തുണ്ടായിരുന്നു. എല്ലാ വിജാതീയരും കേള്‍ക്കത്തക്കവണ്ണം ദൈവവചനം പൂര്‍ണമായി പ്രസംഗിക്കുവാനുള്ള ശക്തി കര്‍ത്താവ് എനിക്കു നല്‌കി. അങ്ങനെ ഞാന്‍ സിംഹത്തിന്‍റെ വായില്‍നിന്നു രക്ഷിക്കപ്പെട്ടു.

18 എല്ലാ തിന്മകളില്‍നിന്നും കര്‍ത്താവ് എന്നെ വീണ്ടെടുക്കുകയും തന്‍റെ സ്വര്‍ഗീയ രാജ്യത്തിനുവേണ്ടി എന്നെ കാത്തുകൊള്ളുകയും ചെയ്യും.

19

പ്രിസ്കില്ലയ്‍ക്കും, അക്വിലായ്‍ക്കും, ഒനേസിഫൊരൊസിന്‍റെ കുടുംബത്തിനും വന്ദനം പറയുക.

20 എരസ്തൊസ് കൊരിന്തില്‍ തങ്ങി. ത്രൊഫിമൊസിന് രോഗം പിടിപെട്ടതിനാല്‍ ഞാന്‍ മിലേത്തൊസില്‍ ആക്കിയിട്ടു പോന്നു.

21

ശീതകാലത്തിനു മുമ്പ് നീ വന്നുചേരുവാന്‍ പരമാവധി ശ്രമിക്കുക. യൂബൂലൊസും പൂദെസും ലീനൊസും ക്ലൗദിയയും മറ്റെല്ലാ സഹോദരങ്ങളും നിനക്കു വന്ദനം പറയുന്നു.

22

കര്‍ത്താവു നിന്‍റെ ആത്മാവിനോടുകൂടി ഉണ്ടായിരിക്കട്ടെ. ദൈവത്തിന്‍റെ കൃപ നിങ്ങളോടുകൂടി ഇരിക്കട്ടെ.