1

1

നമ്മുടെ രക്ഷകനായ ദൈവത്തിന്‍റെയും നമ്മുടെ പ്രത്യാശയായ യേശുക്രിസ്തുവിന്‍റെയും കല്പനയാല്‍, ക്രിസ്തുയേശുവിന്‍റെ അപ്പോസ്തോലനായ പൗലൊസ്,

2

വിശ്വാസത്തില്‍ യഥാര്‍ഥപുത്രനായ തിമൊഥെയോസിന് എഴുതുന്നത്:

പിതാവായ ദൈവത്തില്‍നിന്നും നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവില്‍നിന്നും കൃപയും കാരുണ്യവും സമാധാനവും നിനക്കു ലഭിക്കട്ടെ.

3

[3,4] ഞാന്‍ മാസിഡോണിയയിലേക്കു പോകുമ്പോള്‍ നിന്നോട് ആവശ്യപ്പെട്ടതുപോലെ നീ എഫെസൊസില്‍ താമസിക്കുക. അവിടെ അന്യഥാ ഉള്ള ഉപദേശങ്ങള്‍ പഠിപ്പിക്കുകയും അന്തമില്ലാത്ത വംശാവലിയില്‍ ശ്രദ്ധ ചെലുത്തുകയും ചെയ്യുന്ന ചിലരുണ്ട്. അവര്‍ അങ്ങനെ ചെയ്യാതിരിക്കുവാന്‍ ആജ്ഞാപിക്കേണ്ടിയിരിക്കുന്നു. വിശ്വാസത്തിലുള്ള ദൈവികവ്യവസ്ഥിതിയെക്കാള്‍ അധികമായി വിവാദപരമായ പ്രശ്നങ്ങള്‍ ഉളവാകുന്നതിനു മാത്രമേ അവ ഉപകരിക്കുകയുള്ളൂ.

4

5 നാം അവരോട് ആജ്ഞാപിക്കുന്നതിന്‍റെ ആത്യന്തിക ലക്ഷ്യം ശുദ്ധഹൃദയത്തില്‍നിന്നും നല്ല മനസ്സാക്ഷിയില്‍നിന്നും കാപട്യമില്ലാത്ത വിശ്വാസത്തില്‍നിന്നും ഉളവാകുന്ന സ്നേഹമാണ്.

6 ചിലര്‍ ഇതില്‍നിന്നു വഴുതിമാറി വ്യര്‍ഥ സംവാദത്തിലേക്കു തിരിഞ്ഞ് ധര്‍മോപദേഷ്ടാക്കളാകുവാന്‍ ആഗ്രഹിക്കുന്നു.

7 തങ്ങള്‍ പറയുന്നതെന്തെന്നോ, സമര്‍ഥിക്കുന്നതെന്തെന്നോ അവര്‍ ഒട്ടും ഗ്രഹിക്കുന്നില്ലതാനും.

8

ഉചിതമായി ആചരിച്ചാല്‍ ധര്‍മശാസ്ത്രം ഉത്തമമാണെന്നു നാം അറിയുന്നു.

9 നിയമസംഹിത ഉണ്ടാക്കിയിരിക്കുന്നത് സജ്ജനത്തിനുവേണ്ടിയല്ല; പിന്നെയോ, നിയമലംഘനക്കാര്‍, അനുസരണം കെട്ടവര്‍, അഭക്തര്‍, പാപികള്‍, അവിശുദ്ധര്‍, ലൗകികര്‍, പിതാവിനെയോ മാതാവിനെയോ കൊല്ലുന്നവര്‍, കൊലപാതകികള്‍,

10 അസാന്മാര്‍ഗികള്‍, സ്വവര്‍ഗരതിയിലേര്‍പ്പെടുന്നവര്‍, മനുഷ്യരെ തട്ടിക്കൊണ്ടുപോകുന്നവര്‍, വ്യാജം പറയുന്നവര്‍, കള്ളസത്യം ചെയ്യുന്നവര്‍ എന്നിങ്ങനെയുള്ളവര്‍ക്കും, വിശ്വാസയോഗ്യമായ പ്രബോധനത്തിനു വിരുദ്ധമായ എല്ലാറ്റിനും വേണ്ടിയാകുന്നു.

11 എന്നെ ഭരമേല്പിച്ചിരിക്കുന്ന പ്രബോധനമാകട്ടെ വാഴ്ത്തപ്പെട്ടവനായ ദൈവത്തിന്‍റെ മഹത്ത്വമേറിയ സുവിശേഷത്തിന് അനുസൃതമായിട്ടുള്ളതാണ്.

12

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ ഞാന്‍ സ്തുതിക്കുന്നു. എന്തുകൊണ്ടെന്നാല്‍ എന്നെ വിശ്വസ്തനായി കരുതി തന്‍റെ ശുശ്രൂഷയ്‍ക്കായി നിയോഗിച്ചുകൊണ്ട് എനിക്കാവശ്യമുള്ള ശക്തി അവിടുന്നു നല്‌കിയിരിക്കുന്നു.

13 നേരത്തെ ഞാന്‍ ക്രിസ്തുയേശുവിനെ നിന്ദിക്കുകയും പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. എങ്കിലും, അവിശ്വാസി ആയിരുന്ന കാലത്ത് ഞാന്‍ ചെയ്തത് അറിവില്ലാതെ ആയതിനാല്‍ എനിക്കു കരുണ ലഭിച്ചു.

14 ക്രിസ്തുയേശുവിലുള്ള സ്നേഹത്തോടും വിശ്വാസത്തോടുമൊപ്പം അവിടുത്തെ കൃപയും എന്നിലേക്കു കവിഞ്ഞൊഴുകി.

15 ക്രിസ്തുയേശു ലോകത്തില്‍ വന്നത് പാപികളെ രക്ഷിക്കുവാനാകുന്നു എന്നുള്ള സന്ദേശം തികച്ചും വിശ്വസനീയവും സ്വീകാര്യയോഗ്യവുമാകുന്നു. ആ പാപികളില്‍ ഞാന്‍ ഒന്നാമനത്രേ.

16 എങ്കിലും ദൈവം തന്‍റെ മഹാക്ഷമയാല്‍ എന്നോടു കരുണ കാണിച്ചു. ക്രിസ്തുയേശുവില്‍ വിശ്വസിച്ച് അനശ്വരജീവന്‍ പ്രാപിക്കുവാനുള്ളവര്‍ക്ക് ദൈവം എന്നെ ദൃഷ്ടാന്തമാക്കി.

17 നിത്യനായ രാജാവും, അനശ്വരനും, അദൃശ്യനുമായ ഏകദൈവത്തിന് ബഹുമാനവും മഹത്ത്വവും എന്നുമെന്നേക്കും ഉണ്ടാകട്ടെ. ആമേന്‍.

18

മകനേ, തിമൊഥെയോസേ, നിന്നെക്കുറിച്ചു മുന്‍കാലത്തു പ്രവചിച്ചിട്ടുള്ളതിന് അനുസൃതമായി ഈ കല്പന നിന്നെ ഭരമേല്പിക്കുന്നു. ആ വചനങ്ങളുടെ പ്രേരണയാല്‍ നന്നായി പോരാടുന്നതിന്,

19 വിശ്വാസവും നല്ല മനസ്സാക്ഷിയും മുറുകെപ്പിടിച്ചുകൊള്ളുക. ചിലര്‍ മനസ്സാക്ഷിയെ തിരസ്കരിച്ച് തങ്ങളുടെ വിശ്വാസം തകര്‍ത്തുകളഞ്ഞു.

20 ഹുമനയൊസും അലക്സാണ്ടറും അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ഞാന്‍ അവരെ സാത്താനെ ഏല്പിച്ചിരിക്കുകയാണ്. ദൈവദൂഷണം ചെയ്യരുത് എന്ന് ഈ ശിക്ഷമൂലം അവര്‍ പഠിക്കേണ്ടതിനാണ് അങ്ങനെ ചെയ്തത്.

2

1

എല്ലാവര്‍ക്കുംവേണ്ടി ദൈവത്തോട് അപേക്ഷിക്കുകയും പ്രാര്‍ഥിക്കുകയും മധ്യസ്ഥത വഹിക്കുകയും കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്യണമെന്നാണ് എനിക്ക് ആദ്യമായി ഉദ്ബോധിപ്പിക്കുവാനുള്ളത്.

2 എല്ലാവിധത്തിലും നാം ശാന്തവും സമാധാനപൂര്‍ണവും ഭക്തിനിരതവും മാന്യവുമായ ജീവിതം നയിക്കുവാന്‍ ഇടയാകുന്നതിന് രാജാക്കന്മാര്‍ക്കും ഉന്നതസ്ഥാനീയര്‍ക്കുംവേണ്ടി പ്രാര്‍ഥിക്കുക.

3 നമ്മുടെ രക്ഷകനായ ദൈവത്തിന്‍റെ ദൃഷ്‍ടിയില്‍ ഇത് ഉത്തമവും സ്വീകാര്യവും ആകുന്നു.

4 എല്ലാ മനുഷ്യരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നു.

5 എന്തെന്നാല്‍ ഒരു ദൈവമേ ഉള്ളൂ; ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായിരിക്കുന്നവനും ഒരുവന്‍ മാത്രം; മനുഷ്യനായ ക്രിസ്തുയേശു തന്നെ.

6 അവിടുന്ന് എല്ലാവര്‍ക്കുംവേണ്ടി മോചനദ്രവ്യമായി തന്നെത്തന്നെ സമര്‍പ്പിച്ചു. എല്ലാവരും രക്ഷിക്കപ്പെടണമെന്നതാണ് ദൈവേഷ്ടം എന്ന് അതു തെളിയിക്കുന്നു.

7 അതുകൊണ്ടാണ്, വിശ്വാസത്തിന്‍റെയും സത്യത്തിന്‍റെയും സന്ദേശം വിജാതീയരെ അറിയിക്കുന്നതിന്, പ്രസംഗകനും അപ്പോസ്തോലനും ഉപദേഷ്ടാവുമായി എന്നെ അയച്ചിരിക്കുന്നത്. ഞാന്‍ പറയുന്നതു സത്യമാണ്, വ്യാജമല്ല.

8

കോപവും വാഗ്വാദവും കൂടാതെ എല്ലായിടത്തും പുരുഷന്മാര്‍ തങ്ങളുടെ നിര്‍മ്മലകരങ്ങള്‍ ഉയര്‍ത്തി പ്രാര്‍ഥിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.

9 അതുപോലെതന്നെ ശാലീനവും മാന്യവുമായ വസ്ത്രധാരണംകൊണ്ട് സ്‍ത്രീകള്‍ തങ്ങളെ അലങ്കരിക്കണം. പിന്നിയ മുടി, പൊന്ന്, മുത്ത്, വിലയേറിയ വസ്ത്രം ഇവകൊണ്ടല്ല.

10 ദൈവഭക്തിയുള്ള സ്‍ത്രീകള്‍ക്കു യോജിച്ചവിധം സല്‍പ്രവൃത്തികള്‍ കൊണ്ടുതന്നെ അവര്‍ അണിഞ്ഞൊരുങ്ങട്ടെ.

11 സ്‍ത്രീകള്‍ വിനയപൂര്‍വം ശാന്തമായിരുന്നു പഠിക്കണം.

12 ഉപദേശിക്കുവാനോ, പുരുഷന്‍റെമേല്‍ അധികാരം നടത്തുവാനോ അവരെ ഞാന്‍ അനുവദിക്കുന്നില്ല.

13 അവര്‍ ശാന്തരായിരിക്കണം. എന്തെന്നാല്‍ ആദ്യം ആദാം സൃഷ്‍ടിക്കപ്പെട്ടു, പിന്നീട് ഹവ്വായും.

14 ആദാം അല്ല വഞ്ചിക്കപ്പെട്ടത്, സ്‍ത്രീ വഞ്ചിക്കപ്പെടുകയും നിയമം ലംഘിക്കുകയും ചെയ്തു.

15 എന്നാല്‍ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധിയിലും അടക്കമൊതുക്കത്തിലും ജീവിക്കുന്നപക്ഷം മാതൃത്വത്തിലൂടെ അവള്‍ സംരക്ഷിക്കപ്പെടും.

3

1

ഒരുവന്‍ സഭയുടെ അധ്യക്ഷസ്ഥാനം ആഗ്രഹിക്കുന്നു എങ്കില്‍ ശ്രേഷ്ഠമായ സേവനമാണ് അയാള്‍ അഭിലഷിക്കുന്നത്. അതു വാസ്തവമാണ്.

2 എന്നാല്‍ സഭയുടെ അധ്യക്ഷന്‍ ആരോപണങ്ങള്‍ക്ക് അതീതനും ഏകപത്നീവ്രതക്കാരനും ഇന്ദ്രിയവികാരങ്ങളെ ജയിക്കുന്നവനും സംയമശീലനും മാന്യനും അതിഥിസല്‍ക്കാരതല്‍പരനും ഉപദേശിക്കുവാനുള്ള പ്രാഗല്ഭ്യം ഉള്ളവനും ആയിരിക്കേണ്ടതാണ്;

3 അയാള്‍ മദ്യാസക്തനോ, അക്രമാസക്തനോ, ആയിരിക്കരുത്; പിന്നെയോ സൗമ്യനും ശാന്തശീലനും ദ്രവ്യാഗ്രഹമില്ലാത്തവനും ആയിരിക്കണം.

4 അയാള്‍ സ്വകുടുംബത്തെ യഥായോഗ്യം ഭരിക്കണം. ഉല്‍കൃഷ്ടമായ പെരുമാറ്റത്താല്‍ മക്കളെ പൂര്‍ണഗൗരവത്തോടെ അനുസരണത്തില്‍ വളര്‍ത്തുന്നവനും ആയിരിക്കണം.

5 സ്വന്തം ഭവനത്തെ ഭരിച്ചു നടത്തുവാന്‍ കഴിയാത്തവന്‍ ദൈവത്തിന്‍റെ സഭയെ എങ്ങനെ പരിപാലിക്കും?

6 അയാള്‍ പുതിയതായി വിശ്വാസം സ്വീകരിച്ച ആളായിരിക്കരുത്. അങ്ങനെ ആയിരുന്നാല്‍ അഹങ്കാരത്തിമിര്‍പ്പുകൊണ്ട് സാത്താനു വന്ന ശിക്ഷാവിധിയില്‍ അകപ്പെടും.

7 സഭാധ്യക്ഷന്‍ സഭയ്‍ക്കു പുറത്തുള്ളവര്‍ കൂടി സമാദരിക്കുന്ന ആളായിരിക്കണം. അങ്ങനെയുള്ളവന്‍ ദുഷ്കീര്‍ത്തിക്കു വിധേയനാകയില്ല; പിശാചിന്‍റെ കെണിയില്‍ വീഴുകയുമില്ല.

8

അതുപോലെതന്നെ സഭാശുശ്രൂഷകരും ഉല്‍കൃഷ്ടസ്വഭാവമുള്ളവരായിരിക്കണം; സന്ദര്‍ഭത്തിനൊത്തു വാക്കു മാറ്റി സംസാരിക്കുന്നവരോ, അമിതമായി വീഞ്ഞു കുടിക്കുന്നവരോ, ഹീനമായ ലാഭേച്ഛ ഉള്ളവരോ ആയിരിക്കരുത്.

9 അവര്‍ വിശ്വാസത്തിന്‍റെ മര്‍മ്മം സ്വച്ഛമായ മനസ്സാക്ഷിയോടുകൂടി മുറുകെപ്പിടിക്കുന്നവരായിരിക്കണം.

10 ആദ്യം അവര്‍ പരിശോധനയ്‍ക്കു വിധേയരാകണം. കുറ്റമറ്റവരാണെന്നു തെളിയുന്നപക്ഷം അവര്‍ സഭയില്‍ ശുശ്രൂഷ ചെയ്യട്ടെ.

11 അതുപോലെതന്നെ അവരുടെ ഭാര്യമാരും ഉല്‍കൃഷ്ടസ്വഭാവമുള്ളവരും, പരദൂഷണത്തില്‍ ഏര്‍പ്പെടാത്തവരും, സമചിത്തതയുള്ളവരും, എല്ലാ കാര്യങ്ങളിലും വിശ്വസ്തരും ആയിരിക്കണം.

12 സഭാശുശ്രൂഷകന്‍ ഏകപത്നിയുടെ ഭര്‍ത്താവും സ്വന്തം മക്കളെയും കുടുംബത്തെയും യഥോചിതം ഭരിക്കുവാന്‍ പ്രാപ്തരുമായിരിക്കട്ടെ.

13 നന്നായി സേവനം അനുഷ്ഠിക്കുന്ന ശുശ്രൂഷകര്‍ നിലയും വിലയും നേടുന്നു. അവര്‍ക്കു ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെപ്പറ്റി നിര്‍ഭയം സംസാരിക്കുവാനുള്ള ധൈര്യവും ഉണ്ടായിരിക്കും.

14

എത്രയും വേഗം വന്നു നിന്നെ കാണാമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

15 എന്നാല്‍ ഒരുവേള ഞാന്‍ വരാന്‍ വൈകുന്നപക്ഷം ദൈവത്തിന്‍റെ സഭയില്‍ ഒരുവന്‍ എങ്ങനെ പെരുമാറണമെന്നു നീ അറിയേണ്ടതിനാണ് ഞാന്‍ ഇതെഴുതുന്നത്. സഭ സത്യത്തിന്‍റെ തൂണും കോട്ടയും ജീവിക്കുന്ന ദൈവത്തിന്‍റെ ഭവനവുമാകുന്നു.

16 നമ്മുടെ മതവിശ്വാസത്തിന്‍റെ മര്‍മ്മം നിശ്ചയമായും മഹത്താണ്.

അവിടുന്നു മനുഷ്യജന്മമെടുത്ത് പ്രത്യക്ഷനായി;
അവിടുന്നു നീതിമാനാണെന്ന്
ആത്മാവിനാല്‍ സമര്‍ഥിക്കപ്പെട്ടു.
മാലാഖമാര്‍ക്ക് അവിടുന്നു ദര്‍ശനമേകി;
ജനവര്‍ഗങ്ങളുടെ ഇടയില്‍
അവിടുന്നു പ്രഘോഷിക്കപ്പെട്ടു.
ലോകമെങ്ങും അവിടുത്തെ വിശ്വസിച്ചു;
മഹത്ത്വത്തിലേക്ക് അവിടുന്ന്
ഉയര്‍ത്തപ്പെടുകയും ചെയ്തു.

4

1

പില്‍ക്കാലത്ത് ചിലര്‍ വഴിതെറ്റിക്കുന്ന ആത്മാക്കളെയും പിശാചിന്‍റെ ഉപദേശങ്ങളെയും ശ്രദ്ധിച്ചുകൊണ്ട് വിശ്വാസം ഉപേക്ഷിക്കുമെന്ന് ആത്മാവു വ്യക്തമായി പറയുന്നു.

2 അത്തരം ഉപദേശങ്ങള്‍ പ്രചരിപ്പിക്കുന്ന നുണയന്മാരുടെ മനസ്സാക്ഷി മരവിച്ചു നിര്‍ജീവമായിപ്പോയതാണ്.

3 വിവാഹം പാടില്ലെന്ന് അവര്‍ പറയുന്നു. വിശ്വസിക്കുകയും സത്യം അറിയുകയും ചെയ്യുന്നവര്‍ കൃതജ്ഞതയോടെ ഭക്ഷിക്കുന്നതിനായി ദൈവം സൃഷ്‍ടിച്ചിട്ടുള്ള ആഹാരസാധനങ്ങള്‍ വര്‍ജിക്കണമെന്ന് അവര്‍ അനുശാസിക്കുകയും ചെയ്യുന്നു.

4 ഈശ്വരന്‍ സൃഷ്‍ടിച്ചതെല്ലാം നല്ലതുതന്നെ; സ്തോത്രത്തോടെ സ്വീകരിക്കുന്നെങ്കില്‍ ഒന്നും വര്‍ജിക്കേണ്ടതില്ല.

5 ദൈവവചനത്താലും പ്രാര്‍ഥനയാലും അതു വിശുദ്ധീകരിക്കപ്പെടുന്നുവല്ലോ.

6

ഈ നിര്‍ദേശങ്ങള്‍ നമ്മുടെ സഹോദരന്മാരെ അനുസ്മരിപ്പിക്കുമെങ്കില്‍ നീ ക്രിസ്തുയേശുവിന്‍റെ നല്ല ശുശ്രൂഷകനായിരിക്കും. വിശ്വാസത്തിന്‍റെ വചനങ്ങളാലും, നീ അനുസരിക്കുന്ന സദുപദേശങ്ങളാലും പരിപോഷിപ്പിക്കപ്പെട്ട സേവകന്‍തന്നെ.

7 ദൈവവിശ്വാസത്തിനു വിരുദ്ധമായ കിഴവിക്കഥകളെ നീ പാടേ ഉപേക്ഷിക്കണം; ഭക്തിപരമായ ജീവിതം അഭ്യസിക്കുകയും വേണം.

8 കായികമായ വ്യായാമംകൊണ്ട് അല്പം പ്രയോജനമുണ്ട്. എന്നാല്‍ ആത്മീയ ജീവിത പരിശീലനം എല്ലാ പ്രകാരത്തിലും പ്രയോജനമുള്ളതാണ്. എന്തുകൊണ്ടെന്നാല്‍ ഈ ലോകജീവിതത്തിനും വരുവാനുള്ളതിനുംവേണ്ടിയുള്ള വാഗ്ദാനങ്ങള്‍ അതില്‍ അടങ്ങിയിരിക്കുന്നു.

9 ഇതു വിശ്വാസ്യവും തികച്ചും സ്വീകാര്യവുമായ ആപ്തവചനമാണ്.

10 ഇതിനുവേണ്ടി നാം കഠിനമായി യത്നിക്കുകയും ക്ലേശപൂര്‍വം മല്ലിട്ടു മുന്നേറുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍ എല്ലാ മനുഷ്യരുടെയും വിശിഷ്യ വിശ്വസിക്കുന്നവരുടെയും രക്ഷകനായ ജീവിക്കുന്ന ദൈവത്തില്‍ നാം പ്രത്യാശ ഉറപ്പിച്ചിരിക്കുന്നു.

11

ഈ കാര്യങ്ങള്‍ നീ ആജ്ഞാപിക്കുകയും പഠിപ്പിക്കുകയും ചെയ്യുക. നീ യുവാവാണെന്നു കരുതി ആരും നിന്നെ അവഗണിക്കുവാന്‍ ഇടവരരുത്.

12 സംഭാഷണത്തിലും പെരുമാറ്റത്തിലും സ്നേഹത്തിലും വിശ്വാസത്തിലും ജീവിതവിശുദ്ധിയിലും നീ വിശ്വാസികള്‍ക്ക് ഉത്തമമാതൃകയായിരിക്കണം.

13 ഞാന്‍ വരുന്നതുവരെ തിരുവചനം പരസ്യമായി വായിക്കുന്നതിലും പ്രസംഗിക്കുന്നതിലും പഠിപ്പിക്കുന്നതിലും ശ്രദ്ധിക്കുക.

14 സഭാമുഖ്യന്മാരുടെ കൈവയ്പില്‍കൂടിയും പ്രവചനത്തില്‍കൂടിയും നിനക്കു നല്‌കപ്പെട്ട കൃപാവരം അവഗണിക്കരുത്.

15 ഈ കര്‍ത്തവ്യങ്ങള്‍ അനുഷ്ഠിക്കുകയും അവയ്‍ക്കുവേണ്ടി നിന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്യുക. അങ്ങനെ ഇതുമൂലം നിനക്കുണ്ടാകുന്ന മേന്മ എല്ലാ മനുഷ്യരും കാണട്ടെ.

16 നിന്നെത്തന്നെയും നിന്‍റെ പ്രബോധനത്തെയും ശ്രദ്ധിക്കുക. അങ്ങനെ തുടര്‍ന്നാല്‍ നിന്നെത്തന്നെയും നിന്‍റെ പ്രബോധനം കേള്‍ക്കുന്നവരെയും നീ രക്ഷിക്കും.

5

1

പ്രായം ചെന്നവരെ ശകാരിക്കരുത്; നിന്‍റെ പിതാവിനെ എന്നവണ്ണം അവരെ ഉദ്ബോധിപ്പിക്കുക.

2 ചെറുപ്പക്കാരെ സഹോദരന്മാരെപ്പോലെയും പ്രായം ചെന്ന സ്‍ത്രീകളെ മാതാക്കളെപ്പോലെയും യുവതികളെ തികച്ചും നിര്‍മ്മലഹൃദയത്തോടുകൂടി സഹോദരിമാരെപ്പോലെയും കരുതി ഉപദേശിക്കുക.

3

യഥാര്‍ഥ വിധവമാരെ ആദരിക്കണം. ഒരു വിധവയ്‍ക്ക് മക്കളോ മക്കളുടെ മക്കളോ ഉണ്ടെങ്കില്‍

4 അവര്‍ ഒന്നാമത് സ്വന്തം കുടുംബത്തോടുള്ള ധര്‍മം അനുസരിച്ച് തങ്ങളുടെ മാതാപിതാക്കളെ യഥോചിതം ശുശ്രൂഷിക്കുവാന്‍ പഠിക്കട്ടെ; അതു ദൈവത്തിനു പ്രസാദകരമായിരിക്കും.

5 യഥാര്‍ഥത്തില്‍ വൈധവ്യം പ്രാപിച്ച്, ഏകാകിനിയായിത്തീര്‍ന്നിരിക്കുന്നവള്‍ ദൈവത്തില്‍ പ്രത്യാശ ഉറപ്പിച്ച്, രാവും പകലും ദൈവത്തോടു വിനീതമായി അപേക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

6 എന്നാല്‍ അവള്‍ സുഖഭോഗങ്ങളില്‍ മുഴുകിയിരിക്കുന്നെങ്കില്‍ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ മരിച്ചവളായിരിക്കും.

7 വിധവമാര്‍ അപവാദങ്ങള്‍ക്ക് അതീതരായിരിക്കണമെന്ന കാര്യം കര്‍ശനമായി ഉദ്ബോധിപ്പിക്കുക.

8 ഒരുവന്‍ ബന്ധുജനങ്ങളുടെയും പ്രത്യേകിച്ച് സ്വന്തം കുടുംബത്തിന്‍റെയും ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെങ്കില്‍, അയാള്‍ വിശ്വാസം പരിത്യജിച്ചവനും, അവിശ്വാസിയെക്കാള്‍ അധമനും ആകുന്നു.

9

വിധവകളുടെ ഗണത്തിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവള്‍ക്ക് അറുപതു വയസ്സെങ്കിലും പ്രായമുണ്ടായിരിക്കണം; അവള്‍ ഏകപുരുഷന്‍റെ ഭാര്യയും ആയിരുന്നിരിക്കണം.

10 അവള്‍ സല്‍പ്രവൃത്തി ചെയ്ത് സല്‍കീര്‍ത്തി സമ്പാദിച്ചവളും മക്കളെ നന്നായി വളര്‍ത്തുക, അതിഥികളെ സല്‍ക്കരിക്കുക, ഭക്തജനങ്ങളുടെ പാദങ്ങള്‍ കഴുകുക, പീഡിതരുടെ ക്ലേശങ്ങള്‍ പരിഹരിക്കുക ഇങ്ങനെയുള്ള എല്ലാ നല്ല കാര്യങ്ങളും ചെയ്യുന്നതിനുവേണ്ടി സ്വയം അര്‍പ്പിച്ചവളുമായിരിക്കണം.

11

എന്നാല്‍ പ്രായം കുറഞ്ഞ വിധവമാരെ ഈ ഗണത്തിലുള്‍പ്പെടുത്തരുത്. അവര്‍ ക്രിസ്തുവില്‍നിന്നു വ്യതിചലിച്ച് വിഷയാസക്തി മൂലം വിവാഹം ചെയ്യുവാന്‍ ആഗ്രഹിച്ചെന്നു വരാം.

12 മാത്രമല്ല തങ്ങളുടെ ആദ്യത്തെ പ്രതിജ്ഞ ലംഘിക്കുന്നതുകൊണ്ട് അവര്‍ കുറ്റക്കാരായി വിധിക്കപ്പെടുന്നതിന് അര്‍ഹരായിത്തീരുകയും ചെയ്യുന്നു.

13 അതിനു പുറമേ, അവര്‍ അലസരായി വീടുകള്‍തോറും ചുറ്റി നടക്കുകയും അപവാദവ്യവസായത്തിലേര്‍പ്പെടുകയും പരകാര്യങ്ങളില്‍ തലയിട്ട് പറയരുതാത്തതു പറയുകയും ചെയ്യും.

14 അതുകൊണ്ട് പ്രായം കുറഞ്ഞ വിധവമാര്‍ വിവാഹിതരായി മക്കളെ പ്രസവിക്കുകയും വീട്ടമ്മമാരായി ഗൃഹഭരണം നടത്തുകയും അങ്ങനെ ശത്രുവിന്‍റെ ആക്ഷേപത്തിന് അവസരം കൊടുക്കാതിരിക്കുകയും ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

15 ഇപ്പോള്‍തന്നെ ചിലര്‍ സാത്താന്‍റെ പിറകേ വഴിതെറ്റിപ്പോയിക്കഴിഞ്ഞിരിക്കുന്നു.

16 ഒരു വിശ്വാസിനിക്കു വിധവമാരായ ബന്ധുക്കളുണ്ടെങ്കില്‍ അവരുടെ ബുദ്ധിമുട്ടില്‍ അവള്‍ അവരെ സഹായിക്കട്ടെ. അവര്‍ സഭയ്‍ക്ക് ഒരു ഭാരമായിത്തീരരുത്. സാക്ഷാല്‍ വിധവമാരെ സഹായിക്കേണ്ട ചുമതല സഭയ്‍ക്കുണ്ടല്ലോ.

17

നന്നായി ഭരിക്കുന്ന സഭാമുഖ്യന്മാരെ, വിശിഷ്യ പ്രസംഗിച്ചും പ്രബോധിപ്പിച്ചും അധ്വാനിക്കുന്നവരെ ഇരട്ടി പ്രതിഫലത്തിനു യോഗ്യരായി പരിഗണിച്ചുകൊള്ളുക.

18 ‘മെതിക്കുന്ന കാളയുടെ വായ് മൂടിക്കെട്ടരുത്’ എന്നു വേദഗ്രന്ഥത്തില്‍ പറയുന്നു. ‘വേലക്കാരന്‍ തന്‍റെ കൂലിക്കു യോഗ്യന്‍’ എന്നും എഴുതപ്പെട്ടിട്ടുണ്ട്.

19 രണ്ടോ മൂന്നോ സാക്ഷികളുടെ തെളിവുകൂടാതെ സഭാമുഖ്യന്മാരുടെ പേരിലുള്ള ഒരു കുറ്റാരോപണവും സ്വീകരിക്കരുത്.

20 പാപം ചെയ്തുകൊണ്ടിരിക്കുന്നവരെ പരസ്യമായി ശാസിക്കുക. അങ്ങനെ ചെയ്താല്‍ മറ്റുള്ളവര്‍ക്കും ഭയമുണ്ടാകുമല്ലോ.

21

ആരുടെയും മുഖം നോക്കാതെയും പക്ഷപാതപരമായി ഒന്നും ചെയ്യാതെയും ഈ നിയമങ്ങള്‍ പാലിക്കണമെന്ന് ദൈവത്തെയും ക്രിസ്തുയേശുവിനെയും തിരഞ്ഞെടുക്കപ്പെട്ട മാലാഖമാരെയും സാക്ഷി നിറുത്തി ഞാന്‍ ആജ്ഞാപിക്കുന്നു.

22 കൈവയ്പു നല്‌കി ആരെയെങ്കിലും സഭാമുഖ്യനായി നിയോഗിക്കുന്നതില്‍ തിടുക്കം കൂട്ടരുത്; മറ്റൊരുവന്‍റെ പാപത്തില്‍ പങ്കുചേരുകയുമരുത്. നീ നിന്നെത്തന്നെ നിര്‍മ്മലനായി സൂക്ഷിച്ചുകൊള്ളുക.

23

വെള്ളം മാത്രമേ കുടിക്കൂ എന്നു വയ്‍ക്കാതെ കൂടെക്കൂടെയുണ്ടാകാറുള്ള നിന്‍റെ അസുഖങ്ങളും ഉദരരോഗങ്ങളും നിമിത്തം അല്പം വീഞ്ഞു കുടിച്ചുകൊള്ളുക.

24

ചിലരുടെ പാപങ്ങള്‍ വളരെ വ്യക്തമാണ്. അവരെക്കുറിച്ചുള്ള വിധി കല്പിക്കുന്നതിന് അവ ഇടയാക്കുന്നു. മറ്റുചിലരുടെ പാപങ്ങളാകട്ടെ, പിന്നീടു മാത്രമേ വെളിച്ചത്തു വരികയുള്ളൂ.

25 അതുപോലെതന്നെ, സല്‍പ്രവൃത്തികളും വ്യക്തമാണ്. അല്ലെങ്കില്‍ത്തന്നെയും അവയെ മറച്ചുവയ്‍ക്കുവാന്‍ സാധ്യമല്ല.

6

1

അടിമനുകത്തിന്‍ കീഴിലുള്ള എല്ലാവരും തങ്ങളുടെ യജമാനന്മാര്‍ എല്ലാവിധ ബഹുമാനങ്ങള്‍ക്കും അര്‍ഹരാണെന്നു കരുതിക്കൊള്ളണം. അല്ലെങ്കില്‍ ദൈവനാമത്തിനും നമ്മുടെ ഉപദേശങ്ങള്‍ക്കും അപകീര്‍ത്തി ഉണ്ടാകും.

2 യജമാനന്മാര്‍ വിശ്വാസികളാണെങ്കില്‍, അവര്‍ സഹോദരന്മാരാണല്ലോ എന്നുവച്ച്, അവരെ ബഹുമാനിക്കാതിരിക്കരുത്; തങ്ങളുടെ സേവനത്തിന്‍റെ ഗുണഭോക്താക്കളായ യജമാനന്മാര്‍ വിശ്വാസികളും പ്രിയപ്പെട്ടവരുമായതുകൊണ്ട് അവരെ കൂടുതലായി സേവിക്കുകയാണു വേണ്ടത്; ഇക്കാര്യങ്ങള്‍ നീ പഠിപ്പിക്കുകയും നിര്‍ബന്ധപൂര്‍വം ഉപദേശിക്കുകയും ചെയ്യണം.

3

ഇതില്‍നിന്നു വ്യത്യസ്തമായി പഠിപ്പിക്കുകയോ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ വിശ്വാസയോഗ്യമായ വചനങ്ങളോടും ദൈവഭക്തിക്കു ചേര്‍ന്ന പ്രബോധനങ്ങളോടും വിയോജിക്കുകയോ ചെയ്യുന്നവന്‍ അഹംഭാവംകൊണ്ടു ചീര്‍ത്തവനും അജ്ഞനുമാകുന്നു.

4 അവന്‍ വിവാദങ്ങളിലേര്‍പ്പെടുക, കേവലം വാക്കുകളെച്ചൊല്ലി മല്ലടിക്കുക തുടങ്ങിയ അനാരോഗ്യകരമായ പ്രവണതകള്‍ ഉള്‍ക്കൊള്ളുന്നവനുമായിരിക്കും. അവ അസൂയയും, ശണ്ഠയും, പരദൂഷണവും, ദുസ്സംശയങ്ങളും വാദകോലാഹലങ്ങളും ഉളവാക്കുന്നു.

5 ദുര്‍ബുദ്ധികളും സത്യമില്ലാത്തവരും ആയവര്‍ തമ്മില്‍ നിരന്തരമായ തര്‍ക്കങ്ങള്‍ ഉണ്ടാകുന്നതും അതുകൊണ്ടാണ്. അവരാകട്ടെ ധനസമ്പാദനത്തിനുള്ള ഒരുപാധിയാണ് ദൈവഭക്തി എന്നു കരുതുന്നു.

6

ഒരുവന്‍ തനിക്കുള്ളതില്‍ സംതൃപ്തനായിരിക്കുന്നെങ്കില്‍ അവന്‍റെ ദൈവഭക്തി ഒരു വലിയ ധനമാണ്;

7 എന്തുകൊണ്ടെന്നാല്‍ ഈ ലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നില്ല; ഇവിടെനിന്ന് ഒന്നും കൊണ്ടുപോകുവാന്‍ സാധ്യവുമല്ല.

8 അതുകൊണ്ട് ഉണ്ണാനും ഉടുക്കാനുമുണ്ടെങ്കില്‍ അതു നമുക്ക് ധാരാളം മതി.

9 ധനവാന്മാര്‍ ആകുവാന്‍ മോഹിക്കുന്നവര്‍ പ്രലോഭനത്തില്‍ വീഴുന്നു. നാശത്തിലും കെടുതിയിലും നിപതിക്കുന്ന നിരവധി ബുദ്ധിശൂന്യവും ഉപദ്രവകരവുമായ മോഹങ്ങളുടെ കെണിയില്‍ അകപ്പെടുകയും ചെയ്യുന്നു.

10 എല്ലാ തിന്മകളുടെയും തായ്‍വേര് ധനമോഹമാകുന്നു; തീവ്രമായ ധനമോഹം നിമിത്തം ചിലര്‍ വിശ്വാസത്തില്‍നിന്നു വ്യതിചലിക്കുകയും നിരവധി കഠോരവേദനകള്‍കൊണ്ട് ഹൃദയത്തെ ക്ഷതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

11

ദൈവത്തിന്‍റെ മനുഷ്യനായ നീ ഇതില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി നീതി, ദൈവഭക്തി, വിശ്വാസം, സ്നേഹം, സ്ഥിരത, സൗമ്യത എന്നിവയെ ലക്ഷ്യമാക്കിക്കൊള്ളുക.

12 വിശ്വാസത്തിന്‍റെ നല്ല പോര്‍ പൊരുതുക; അനശ്വരജീവനെ മുറുകെപ്പിടിക്കുകയും ചെയ്യുക. അതിനുവേണ്ടിയാണ് നീ വിളിക്കപ്പെട്ടത്. അനേകം സാക്ഷികളുടെ മുമ്പാകെ നീ ആ വിശ്വാസം സ്പഷ്ടമായി ഏറ്റുപറയുകയും ചെയ്തിട്ടുള്ളതാണല്ലോ.

13 എല്ലാറ്റിനും ജീവന്‍ നല്‌കുന്ന ദൈവത്തിന്‍റെ മുമ്പാകെയും, പൊന്തിയൊസ് പീലാത്തോസിന്‍റെ മുമ്പില്‍ തന്‍റെ വിശ്വാസം സ്പഷ്ടമായി ഏറ്റു പറഞ്ഞ ക്രിസ്തുയേശുവിന്‍റെ മുമ്പാകെയും ഞാന്‍ നിന്നോട് അധികാരപൂര്‍വം ആവശ്യപ്പെടുന്നു.

14 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു പ്രത്യക്ഷനാകുന്നതുവരെ ഈ കല്പനകള്‍ മാലിന്യംകൂടാതെ നിരാക്ഷേപം പാലിക്കുക.

15 വാഴ്ത്തപ്പെട്ടവനും ഏക പരമാധികാരിയും രാജാധിരാജനും, കര്‍ത്താധികര്‍ത്താവുമായ ദൈവം ഇത് യഥാസമയം വെളിപ്പെടുത്തും. അവിടുന്നു മാത്രമാണ് അമര്‍ത്യന്‍.

16 ആര്‍ക്കും കടന്നുചെല്ലാനാവാത്ത പ്രകാശത്തില്‍ നിവസിക്കുന്ന ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല; ആര്‍ക്കും അത് സാധ്യവുമല്ല. സകല ബഹുമാനവും അനന്തമായ അധികാരവും അവിടുത്തേക്കുള്ളതുതന്നെ. ആമേന്‍.

17

ഗര്‍വ്വ് കാണിക്കുകയോ, അനിശ്ചിതമായ സമ്പത്തില്‍ തങ്ങളുടെ പ്രത്യാശ ഊന്നുകയോ ചെയ്യരുതെന്ന് ഈ ലോകത്തിലെ സമ്പന്നന്മാരെ ഉദ്ബോധിപ്പിക്കുക. നമുക്ക് അനുഭവിക്കുന്നതിനായി സകലവും നല്‌കിയിട്ടുള്ള ദൈവത്തില്‍തന്നെ തങ്ങളുടെ പ്രത്യാശ അവര്‍ ഉറപ്പിക്കട്ടെ.

18 നന്മ ചെയ്യുവാന്‍ അവരോട് ആജ്ഞാപിക്കുക; സല്‍പ്രവൃത്തികളില്‍ അവര്‍ സമ്പന്നരാകണം; ഉദാരമതികളും തങ്ങള്‍ക്കുള്ളത് പരസ്പരം പങ്കു വയ്‍ക്കുന്നവരുമായിരിക്കുകയും വേണം.

19 അങ്ങനെ സാക്ഷാത്തായ ജീവന്‍ നേടേണ്ടതിന് തങ്ങളുടെ ഭാവിക്കുവേണ്ടിയുള്ള നല്ല അടിസ്ഥാനമായി ഒരു നിധി അവര്‍ സമ്പാദിക്കുന്നു.

20

തിമൊഥെയോസേ, നിന്നെ ഭരമേല്പിച്ചിട്ടുള്ളത് കാത്തുസൂക്ഷിക്കുക. ഭക്തിവിരുദ്ധമായ സംഭാഷണങ്ങളും ജ്ഞാനത്തിന്‍റെ കപട വേഷമണിഞ്ഞ തര്‍ക്കങ്ങളും ഉപേക്ഷിക്കുക.

21 എന്തെന്നാല്‍ ഈ ജ്ഞാനം ഉണ്ടെന്ന് അവകാശപ്പെടുന്ന ചിലര്‍ വിശ്വാസത്തില്‍നിന്നു തെറ്റിപ്പോയിട്ടുണ്ട്.

ദൈവകൃപ നിന്‍റെകൂടെ ഉണ്ടായിരിക്കട്ടെ.