1
പൗലൊസും ശീലാസും തിമൊഥെയോസും നമ്മുടെ പിതാവായ ദൈവത്തിന്‍റെയും കര്‍ത്താവായ യേശുക്രിസ്തുവിന്‍റെയും ജനമായ തെസ്സലോനിക്യയിലെ സഭയ്‍ക്ക് എഴുതുന്നത്:2
നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ലഭിക്കട്ടെ.3
സഹോദരരേ, നിങ്ങള്‍ക്കുവേണ്ടി എപ്പോഴും ദൈവത്തിനു സ്തോത്രം ചെയ്യുവാന്‍ ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. നിങ്ങളുടെ വിശ്വാസം അസാമാന്യമായി വളരുകയും, നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും മറ്റുള്ളവരോടുള്ള സ്നേഹം വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതിനാല്‍ ഞങ്ങള്‍ അപ്രകാരം ചെയ്യുന്നത് സമുചിതമാണ്.4 അതുകൊണ്ടാണ് ദൈവത്തിന്‍റെ സഭകളില്‍ ഞങ്ങള്‍ തന്നെ നിങ്ങളെക്കുറിച്ചു പ്രശംസിക്കുന്നത്. നിങ്ങള്‍ അനുഭവിക്കുന്ന എല്ലാ പീഡനങ്ങളിലും കഷ്ടതകളിലും നിങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സഹിഷ്ണുതയെയും വിശ്വാസത്തെയും കുറിച്ചു ഞങ്ങള്‍ പലപ്പോഴും പറയാറുണ്ട്.
5
ദൈവരാജ്യത്തിനുവേണ്ടിയാണല്ലോ നിങ്ങള്‍ കഷ്ടത സഹിക്കുന്നത്. ദൈവത്തിന്‍റെ വിധി ന്യായയുക്തമായതിനാല്‍ നിങ്ങള്‍ ദൈവരാജ്യത്തിനു യോഗ്യരായിത്തീരുന്നു എന്നു നിങ്ങളുടെ കഷ്ടതകള്‍ തെളിയിക്കുന്നു.6 [6,7] ദൈവം നീതിയായിട്ടുള്ളതുതന്നെ പ്രവര്‍ത്തിക്കും. കര്‍ത്താവായ യേശു അവിടുത്തെ ശക്തരായ മാലാഖമാരോടുകൂടി സ്വര്‍ഗത്തില്‍നിന്നു പ്രത്യക്ഷനാകുമ്പോള്‍ നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്ക് ദൈവം കഷ്ടത നല്‌കും; കഷ്ടത സഹിക്കുന്നവരായ നിങ്ങള്‍ക്കും, അതുപോലെതന്നെ ഞങ്ങള്‍ക്കും ആശ്വാസം അരുളുകയും ചെയ്യും.
7
8 നമ്മുടെ കര്‍ത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അനുസരിക്കാത്തവരെയും ദൈവത്തെ നിരാകരിക്കുന്നവരെയും ശിക്ഷിക്കുന്നതിനായി ജ്വലിക്കുന്ന അഗ്നിയോടുകൂടിയത്രേ അവിടുന്ന് എഴുന്നള്ളുക.
9 ആ നാളില്‍ അവര്‍ അവിടുത്തെ സന്നിധിയില്‍നിന്നും മഹത്ത്വമാര്‍ന്ന ശക്തിയില്‍നിന്നും നീക്കപ്പെടും; നിത്യവിനാശം എന്ന ശിക്ഷ അനുഭവിക്കുകയും ചെയ്യും.
10 അന്നു തന്‍റെ എല്ലാ വിശുദ്ധജനങ്ങളാലും പ്രകീര്‍ത്തിക്കപ്പെടുകയും തന്‍റെ എല്ലാ വിശ്വാസികളാലും വിസ്മയപൂര്‍വം ആരാധിക്കപ്പെടുകയും ചെയ്യുന്നതിനായി അവിടുന്ന് ആഗതനാകും. ഞങ്ങള്‍ നിങ്ങളെ അറിയിച്ച സന്ദേശം നിങ്ങള്‍ വിശ്വസിച്ചതുകൊണ്ട് നിങ്ങളും ആ കൂട്ടത്തിലുണ്ടായിരിക്കും.
11
ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നു. ആ വിളിക്കു നിങ്ങളെ യോഗ്യരാക്കിത്തീര്‍ക്കേണ്ടതിന് ഞങ്ങള്‍ നമ്മുടെ ദൈവത്തോട് എപ്പോഴും നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നു; തന്‍റെ ശക്തിയാല്‍ നിങ്ങളുടെ എല്ലാ സദുദ്ദേശ്യങ്ങളും അവിടുന്നു നിറവേറ്റുകയും നിങ്ങളുടെ വിശ്വാസത്തിന്‍റെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുകയും ചെയ്യട്ടെ.12 ഇങ്ങനെ ദൈവത്തിന്‍റെയും കര്‍ത്താവായ യേശുക്രിസ്തുവിന്‍റെയും കൃപയാല്‍, അവിടുത്തെ നാമം നിങ്ങള്‍ നിമിത്തം പ്രകീര്‍ത്തിക്കപ്പെടും; നിങ്ങള്‍ക്ക് അവിടുന്നില്‍നിന്നു മഹത്ത്വം ലഭിക്കുകയും ചെയ്യും.
1
സഹോദരരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പ്രത്യാഗമനത്തെക്കുറിച്ചും അവിടുത്തോടുകൂടി നാം ഒരുമിച്ചു ചേര്‍ക്കപ്പെടുന്നതിനെക്കുറിച്ചും ഞാന്‍ എഴുതട്ടെ:2 കര്‍ത്താവിന്‍റെ ദിവസം വന്നുകഴിഞ്ഞു എന്നുള്ള ആരുടെയെങ്കിലും പ്രസംഗമോ, സ്വപ്രേരിതമായ വാക്കുകളോ, ഞങ്ങളുടേതെന്നു തോന്നിപ്പിക്കുന്ന കത്തോ നിമിത്തം പെട്ടെന്നു ചിന്താക്കുഴപ്പം ഉണ്ടായി നിങ്ങള്‍ അസ്വസ്ഥരാകരുതെന്നും ഞാന്‍ അപേക്ഷിക്കുന്നു.
3 [3,4] ഒരുവിധത്തിലും നിങ്ങളെ ആരും വഞ്ചിക്കാനിടയാകരുത്. എന്തുകൊണ്ടെന്നാല്‍ ആ ദിവസം വന്നുചേരുന്നതിനുമുമ്പ് അനവധിയാളുകള്‍ ദൈവവിശ്വാസം ത്യജിക്കും; നാശത്തിന്‍റെ സന്തതിയായ അധര്‍മമൂര്‍ത്തി പ്രത്യക്ഷപ്പെടും; ദൈവം എന്നു വിളിക്കപ്പെടുകയോ പൂജിക്കപ്പെടുകയോ ചെയ്യുന്ന ഏതിനെയും അവന്‍ എതിര്‍ക്കും; എല്ലാറ്റിനും ഉപരി താന്‍ ദൈവമാണെന്ന് അവകാശപ്പെട്ടുകൊണ്ട് ദേവാലയത്തില്‍ തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും.
4
5
ഞാന്‍ നിങ്ങളോടുകൂടി ആയിരുന്നപ്പോള്‍ ഇതെല്ലാം പറഞ്ഞിട്ടുള്ളതാണല്ലോ! നിങ്ങള്‍ ഓര്‍ക്കുന്നില്ലേ?6 എന്നിട്ടും ഇവയൊക്കെ ഇതുവരെ സംഭവിക്കാതെ, അവനെ ഏതോ തടഞ്ഞു നിറുത്തിയിരിക്കുന്നു എന്നുള്ളതു നിങ്ങള്‍ക്കറിയാം. ആ അധര്‍മമൂര്‍ത്തി യഥാവസരം പ്രത്യക്ഷപ്പെടും.
7 നിഗൂഢമായ ദുഷ്ടത ഇപ്പോള്‍ത്തന്നെ വ്യാപരിക്കുന്നുണ്ട്. എന്നാല്‍ തടഞ്ഞു നിറുത്തുന്നവന്‍ വഴിമാറുന്നതുവരെ, സംഭവിക്കുവാന്‍ പോകുന്നത് സംഭവിക്കുകയില്ല.
8 അപ്പോള്‍ ആ അധര്‍മമൂര്‍ത്തി പ്രത്യക്ഷപ്പെടും. എന്നാല്‍ കര്‍ത്താവായ യേശു വരുമ്പോള്‍ തന്‍റെ വായിലെ ശ്വാസത്താല്‍ അവനെ സംഹരിക്കും; തന്‍റെ സാന്നിധ്യത്താലും ദര്‍ശനത്താലും അവനെ തകര്‍ക്കുകയും ചെയ്യും.
9 അധര്‍മമൂര്‍ത്തി സാത്താന്‍റെ പ്രഭാവത്തോടുകൂടി വരികയും കപടമായ എല്ലാവിധ അടയാളങ്ങളും മഹാദ്ഭുതങ്ങളും പ്രകടിപ്പിക്കുകയും ചെയ്യും.
10 നശിക്കാനുള്ളവരുടെമേല്‍ ദുഷ്ടമായ സകല ചതിപ്രയോഗങ്ങളും നടത്തും. രക്ഷിക്കപ്പെടുന്നതിനുവേണ്ടി, സത്യത്തെ സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യാത്തതുമൂലം അവര്‍ നശിച്ചുപോകും.
11 അവര്‍ വ്യാജത്തെ വിശ്വസിക്കത്തക്കവിധം അവരില്‍ പ്രവര്‍ത്തിക്കുവാനായി ദുഷ്ടശക്തിയെ ദൈവം അയയ്‍ക്കുന്നു.
12 സത്യത്തില്‍ വിശ്വസിക്കാതെ പാപത്തില്‍ സന്തോഷിക്കുന്ന എല്ലാവരും അങ്ങനെ വിധിക്കപ്പെടും.
13
ആത്മാവിന്‍റെ ശുദ്ധീകരണത്താലും സത്യത്തിലുള്ള വിശ്വാസത്താലും രക്ഷിക്കപ്പെടേണ്ടതിനായി ദൈവം നിങ്ങളെ ആദ്യം തിരഞ്ഞെടുത്തു. അതുകൊണ്ടു സഹോദരരേ, കര്‍ത്താവിന്‍റെ സ്നേഹഭാജനങ്ങളായ നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ എപ്പോഴും ദൈവത്തെ സ്തുതിക്കേണ്ടതാകുന്നു.14 ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ച സുവിശേഷത്തിലൂടെയാണല്ലോ ഈ രക്ഷയിലേക്കു ദൈവം നിങ്ങളെ വിളിച്ചത്; നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ മഹത്ത്വത്തില്‍ നിങ്ങളെ ഓഹരിക്കാരാക്കുന്നതിന് അവിടുന്നു നിങ്ങളെ വിളിച്ചു.
15 അതുകൊണ്ടു സഹോദരരേ, ഞങ്ങളുടെ പ്രഭാഷണംമൂലമോ കത്തുമൂലമോ ഞങ്ങള്‍ നിങ്ങളെ പഠിപ്പിച്ച സത്യങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട് ഉറച്ചുനില്‌ക്കുക.
16
[16,17] നമ്മെ സ്നേഹിക്കുകയും തന്‍റെ കൃപയാല്‍ ശാശ്വതമായ ധൈര്യവും അടിയുറച്ച പ്രത്യാശയും നല്‌കുകയും ചെയ്ത നമ്മുടെ പിതാവായ ദൈവവും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുതന്നെയും നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും എല്ലാ നല്ല കാര്യങ്ങളും ചെയ്യുന്നതിനും പറയുന്നതിനും ശക്തരാക്കുകയും ചെയ്യുമാറാകട്ടെ.1
അവസാനമായി സഹോദരരേ, നിങ്ങളുടെ ഇടയില്‍ എന്നപോലെ കര്‍ത്താവിന്‍റെ സന്ദേശം എങ്ങും അതിശീഘ്രം പ്രചരിച്ചു വിജയം വരിക്കുന്നതിനും,2 അധര്‍മികളും ദുഷ്ടന്മാരുമായ ആളുകളില്‍നിന്നു ഞങ്ങള്‍ രക്ഷപ്പെടുന്നതിനും വേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കുക; എല്ലാവരും കര്‍ത്താവിന്‍റെ സന്ദേശം വിശ്വസിക്കുന്നില്ലല്ലോ.
3
എന്നാല്‍ കര്‍ത്താവു വിശ്വസനീയനാകുന്നു. അവിടുന്നു നിങ്ങളെ സുശക്തരാക്കുകയും ദുഷ്ടന്‍റെ പിടിയില്‍പെടാതെ കാത്തുസൂക്ഷിക്കുകയും ചെയ്യും.4 ഞങ്ങള്‍ പറയുന്നതു നിങ്ങള്‍ ചെയ്യുന്നു എന്നും മേലിലും ചെയ്യും എന്നുമുള്ള പൂര്‍ണമായ ഉറപ്പ് കര്‍ത്താവിന്‍റെ കൃപയാല്‍ ഞങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്.
5
ക്രിസ്തുവിന്‍റെ സഹനശക്തിയിലേക്കും ദൈവത്തിന്‍റെ സ്നേഹത്തിലേക്കും കര്‍ത്താവു നിങ്ങളുടെ ഹൃദയങ്ങളെ നയിക്കട്ടെ.6
സഹോദരരേ, അലസമായി ജീവിക്കുകയും ഞങ്ങള്‍ നല്‌കിയ പ്രബോധനങ്ങള്‍ അനുസരിക്കാതിരിക്കുകയും ചെയ്യുന്ന ഏതൊരു സഹോദരനില്‍നിന്നും അകന്നുകൊള്ളണമെന്നു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോട് ആജ്ഞാപിക്കുന്നു.7 ഞങ്ങള്‍ ചെയ്തതുപോലെതന്നെ നിങ്ങളും ചെയ്യേണ്ടതാണെന്നു നിങ്ങള്‍ക്കു നന്നായി അറിയാമല്ലോ. ഞങ്ങള്‍ നിങ്ങളോടുകൂടി ആയിരുന്നപ്പോള്‍ അലസരായിരുന്നില്ല.
8 ആരില്‍നിന്നും ഞങ്ങള്‍ സൗജന്യമായി ആഹാരം സ്വീകരിച്ചിട്ടുമില്ല. പ്രത്യുത, ഞങ്ങള്‍ കഠിനമായി അധ്വാനിച്ചു. ഞങ്ങള്‍ ആര്‍ക്കും ഭാരമാകാതിരിക്കുന്നതിനുവേണ്ടി രാവും പകലും അധ്വാനിച്ചു.
9 നിങ്ങളുടെ സഹായം ആവശ്യപ്പെടാന്‍ ഞങ്ങള്‍ക്ക് അവകാശമില്ലാഞ്ഞിട്ടല്ല, ഞങ്ങളെ നിങ്ങള്‍ അനുകരിക്കത്തക്കവിധം നിങ്ങള്‍ക്ക് ഒരു മാതൃകയായിത്തീരുന്നതിനാണ് അങ്ങനെ ചെയ്തത്.
10 ജോലി ചെയ്യുവാന്‍ മനസ്സില്ലാത്തവന്‍ ഭക്ഷിക്കയുമരുത് എന്ന കല്പന നിങ്ങളോടുകൂടി ആയിരുന്നപ്പോള്‍ ഞങ്ങള്‍ നല്‌കിയിട്ടുണ്ടല്ലോ.
11
നിങ്ങളില്‍ ചിലര്‍ ഒരു ജോലിയും ചെയ്യാതെ പരകാര്യങ്ങളില്‍ ഇടപെട്ട് ക്രമംകെട്ടവരായി ജീവിക്കുന്നു എന്നു കേള്‍ക്കുന്നതുകൊണ്ടാണ് ഞങ്ങള്‍ ഇതു പറയുന്നത്.12 അവര്‍ ഉപജീവനത്തിനുവേണ്ടി പ്രയത്നിക്കുകയും അവധാനപൂര്‍വം ജീവിതം നയിക്കുകയും ചെയ്യണമെന്ന് ഞങ്ങള്‍ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ആജ്ഞാപിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു.
13
സഹോദരരേ, നന്മ ചെയ്യുന്നതില്‍ നിങ്ങള്‍ തളര്‍ന്നുപോകരുത്.14 ഈ കത്തിലെ നിര്‍ദേശം അനുസരിക്കാത്തവര്‍ അവിടെ ഉണ്ടായിരുന്നേക്കാം. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ അയാള്‍ ലജ്ജിക്കേണ്ടതിന് അയാളെ നിങ്ങളുടെ ശ്രദ്ധയില്‍ വയ്‍ക്കുകയും അയാളുമായി യാതൊരു ഇടപാടിലുമേര്‍പ്പെടാതെ, അയാളെ ഒറ്റപ്പെടുത്തുകയും ചെയ്യുക.
15 എന്നാല്‍ അയാളെ ശത്രുവായി പരിഗണിക്കരുത്; പ്രത്യുത ഒരു സഹോദരനെയെന്നവണ്ണം ഉപദേശിക്കുകയാണു വേണ്ടത്.
16
സമാധാനത്തിന്‍റെ ഉറവിടമായ കര്‍ത്താവുതന്നെ എപ്പോഴും എല്ലാവിധത്തിലും നിങ്ങള്‍ക്കു സമാധാനം നല്‌കുമാറാകട്ടെ. അവിടുന്നു നിങ്ങളെല്ലാവരോടുംകൂടി ഇരിക്കുകയും ചെയ്യട്ടെ.17
നിങ്ങള്‍ക്ക് പൗലൊസിന്‍റെ അഭിവാദനങ്ങള്‍! എന്‍റെ സ്വന്തം കൈകൊണ്ട് ഞാന്‍ ഇതെഴുതുന്നു. എന്‍റെ എല്ലാ കത്തുകളിലും ഇങ്ങനെ എഴുതിയാണ് ഞാന്‍ അടയാളം വയ്‍ക്കുന്നത്.18 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളെല്ലാവരോടുംകൂടി ഇരിക്കുമാറാകട്ടെ.