1

1

പൗലൊസും ശീലാസും തിമൊഥെയോസും പിതാവായ ദൈവത്തിന്‍റെയും കര്‍ത്താവായ യേശുക്രിസ്തുവിന്‍റെയും ജനമായ തെസ്സലോനിക്യയിലെ സഭയ്‍ക്ക് എഴുതുന്നത്:

നിങ്ങള്‍ക്കു കൃപയും സമാധാനവും ലഭിക്കട്ടെ.

2

[2,3] നിങ്ങള്‍ ജീവിതത്തില്‍ വിശ്വാസം എങ്ങനെ പ്രായോഗികമാക്കുന്നു എന്നും, കഠിനമായി അധ്വാനിക്കുന്നതിന് സ്നേഹം എങ്ങനെ നിങ്ങളെ പ്രാപ്തരാക്കുന്നു എന്നും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലുള്ള നിങ്ങളുടെ പ്രത്യാശ എത്രമാത്രം ഉറപ്പുള്ളതാണെന്നും അനുസ്മരിച്ചുകൊണ്ട് നിങ്ങള്‍ക്കെല്ലാവര്‍ക്കുംവേണ്ടി നമ്മുടെ പിതാവായ ദൈവത്തിനു ഞങ്ങള്‍ എപ്പോഴും സ്തോത്രം ചെയ്യുന്നു; ഞങ്ങള്‍ പ്രാര്‍ഥിക്കുമ്പോഴെല്ലാം നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

3

4 സഹോദരരേ, ദൈവം നിങ്ങളെ സ്നേഹിക്കുന്നു എന്നും, തന്‍റെ ജനമായി അവിടുന്നു നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു എന്നും ഞങ്ങള്‍ അറിയുന്നു.

5 എന്തുകൊണ്ടെന്നാല്‍ വചനത്താല്‍ മാത്രമല്ല, ശക്തിയാലും പരിശുദ്ധാത്മാവിനാലും, സത്യത്തെക്കുറിച്ചുള്ള പരിപൂര്‍ണമായ ബോധ്യത്താലും ഞങ്ങള്‍ നിങ്ങളെ സുവിശേഷം അറിയിച്ചു. ഞങ്ങള്‍ നിങ്ങളോടുകൂടിയായിരുന്നപ്പോള്‍ എങ്ങനെ ജീവിച്ചു എന്നു നിങ്ങള്‍ക്ക് അറിയാമല്ലോ. അതു നിങ്ങളുടെ നന്മയ്‍ക്കുവേണ്ടിത്തന്നെ ആയിരുന്നു.

6 നിങ്ങള്‍ ഞങ്ങളെയും കര്‍ത്താവിനെയും അനുകരിച്ചു; നിങ്ങള്‍ വളരെയധികം ക്ലേശങ്ങള്‍ സഹിച്ചു; എങ്കിലും പരിശുദ്ധാത്മാവില്‍നിന്നു ലഭിക്കുന്ന ആനന്ദത്തോടുകൂടി യേശുക്രിസ്തുവിനെക്കുറിച്ചുള്ള സന്ദേശം കൈക്കൊണ്ടു.

7 അങ്ങനെ നിങ്ങള്‍ മാസിഡോണിയയിലും അഖായയിലുമുള്ള എല്ലാ വിശ്വാസികള്‍ക്കും മാതൃകയായിത്തീര്‍ന്നു.

8 കര്‍ത്താവിനെക്കുറിച്ചുള്ള സന്ദേശത്തിന്‍റെ മാറ്റൊലി നിങ്ങളില്‍നിന്ന് മാസിഡോണിയയിലും അഖായയിലും പരക്കുക മാത്രമല്ല, നിങ്ങള്‍ക്കു ദൈവത്തിലുള്ള വിശ്വാസത്തെ സംബന്ധിച്ച വാര്‍ത്ത എല്ലായിടത്തും പ്രസിദ്ധമാകുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട്, അതിനെക്കുറിച്ച് ഞങ്ങള്‍ ഒന്നുംതന്നെ കൂടുതലായി പറയേണ്ടതില്ല.

9 [9,10] നിങ്ങളെ സന്ദര്‍ശിച്ചപ്പോള്‍ നിങ്ങള്‍ ഞങ്ങളെ എങ്ങനെ സ്വീകരിച്ചു എന്നും, ജീവനുള്ള സത്യദൈവത്തെ സേവിക്കുന്നതിനുവേണ്ടി വിഗ്രഹങ്ങളെ ഉപേക്ഷിച്ചു നിങ്ങള്‍ എപ്രകാരം ദൈവത്തിലേക്കു തിരിഞ്ഞു എന്നും, ആ ദേശങ്ങളിലെ ജനങ്ങള്‍ പറയുന്നു. കൂടാതെ, ദൈവത്താല്‍ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടവനും വരുവാനുള്ള ന്യായവിധിയില്‍നിന്നു നമ്മെ വിടുവിക്കുന്നവനുമായ അവിടുത്തെ പുത്രനായ യേശു സ്വര്‍ഗത്തില്‍നിന്നു വരുന്നതു പ്രതീക്ഷിച്ചുകൊണ്ടാണ് നിങ്ങള്‍ ദൈവത്തിങ്കലേക്കു തിരിഞ്ഞതെന്നും അവര്‍ പറയുന്നു.

2

1

സഹോദരരേ, ഞങ്ങള്‍ നിങ്ങളെ സന്ദര്‍ശിച്ചത് വ്യര്‍ഥമായില്ല എന്നു നിങ്ങള്‍ക്കു തന്നെ അറിയാമല്ലോ.

2 ഞങ്ങള്‍ നിങ്ങളുടെ അടുക്കല്‍ വരുന്നതിനുമുമ്പ് ഫിലിപ്പിയില്‍വച്ചു സഹിച്ച പീഡനത്തെക്കുറിച്ചും അപമാനത്തെക്കുറിച്ചും നിങ്ങള്‍ക്ക് അറിവുള്ളതാണ്. ഉഗ്രമായ പോരാട്ടത്തെ നേരിടേണ്ടിവന്നിട്ടും, അവിടുത്തെ സുവിശേഷം നിങ്ങളെ അറിയിക്കുവാനുള്ള ധൈര്യം ദൈവം ഞങ്ങള്‍ക്കു നല്‌കി.

3 ഞങ്ങളുടെ പ്രബോധനം അബദ്ധമോ, അശുദ്ധമോ ആയ ഉദ്ദേശ്യത്തെ മുന്‍നിറുത്തി ഉള്ളതല്ല. ഞങ്ങള്‍ ആരെയും കബളിപ്പിക്കുന്നുമില്ല.

4 പിന്നെയോ, സുവിശേഷം ഭരമേല്പിക്കുന്നതിനു ഞങ്ങള്‍ യോഗ്യരാണെന്നു ദൈവം പരിശോധിച്ച് അംഗീകരിച്ചിരിക്കുന്നതിനാല്‍ ഞങ്ങളെ സംബന്ധിച്ച് അവിടുന്ന് ആഗ്രഹിക്കുന്നപ്രകാരം ഞങ്ങള്‍ സംസാരിക്കുന്നു. ഞങ്ങള്‍ മനുഷ്യരെയല്ല, ഞങ്ങളുടെ ഹൃദയം ശോധനചെയ്യുന്ന ദൈവത്തെയാണു പ്രസാദിപ്പിക്കുവാന്‍ ശ്രമിക്കുന്നത്.

5 ഞങ്ങള്‍ നിങ്ങളെ സമീപിച്ചത് മുഖസ്തുതിയോടുകൂടിയോ സ്വാര്‍ഥനിഷ്ഠമായ ആഗ്രഹം ഉള്ളില്‍ വച്ചുകൊണ്ടോ അല്ല എന്നു നിങ്ങള്‍ക്കറിയാമല്ലോ. അതിനു ദൈവം സാക്ഷി.

6 ക്രിസ്തുവിന്‍റെ അപ്പോസ്തോലന്മാരെന്ന നിലയില്‍ ഞങ്ങള്‍ക്കു ന്യായമായി അവകാശപ്പെടാമായിരുന്നതുപോലും ഞങ്ങള്‍ ആഗ്രഹിച്ചില്ല. നിങ്ങളുടെയോ, മറ്റാരുടെയെങ്കിലുമോ പ്രശംസ ലഭിക്കുന്നതിനുവേണ്ടി ഞങ്ങള്‍ ശ്രമിച്ചിട്ടുമില്ല.

7 ഞങ്ങള്‍ നിങ്ങളോടുകൂടി ആയിരുന്നപ്പോള്‍ തന്‍റെ കുഞ്ഞുങ്ങളെ പരിരക്ഷിക്കുന്ന ഒരു അമ്മയെപ്പോലെ ഞങ്ങള്‍ നിങ്ങളോട് ആര്‍ദ്രതയോടെ വര്‍ത്തിച്ചു.

8 നിങ്ങളോടുള്ള ഞങ്ങളുടെ സ്നേഹം നിമിത്തം ദൈവത്തിന്‍റെ സുവിശേഷം മാത്രമല്ല, ഞങ്ങളുടെ ജീവന്‍പോലും നിങ്ങള്‍ക്കു പങ്കുവയ്‍ക്കുവാന്‍ ഞങ്ങള്‍ സന്നദ്ധരായിരുന്നു. നിങ്ങള്‍ ഞങ്ങള്‍ക്ക് അത്ര പ്രിയങ്കരരാണ്.

9 സഹോദരരേ, ഞങ്ങള്‍ എങ്ങനെ വേലചെയ്തു എന്നും, എത്ര കഠിനമായി അധ്വാനിച്ചു എന്നും നിങ്ങള്‍ ഓര്‍ക്കുന്നുണ്ടായിരിക്കുമല്ലോ. ഞങ്ങളുടെ ചെലവിന്‍റെ കാര്യത്തില്‍ നിങ്ങളിലാര്‍ക്കും ബുദ്ധിമുട്ടാണ്ടാകാതിരിക്കുന്നതിന് ഞങ്ങള്‍ രാവും പകലും അധ്വാനിച്ചുകൊണ്ടാണ് ദൈവത്തിന്‍റെ സുവിശേഷം നിങ്ങളോടു പ്രസംഗിച്ചത്.

10

വിശ്വാസികളായ നിങ്ങളോടുള്ള ഞങ്ങളുടെ പെരുമാറ്റം നിഷ്കളങ്കവും നീതിയുക്തവും കുറ്റമറ്റതുമായിരുന്നു എന്നതിന് നിങ്ങള്‍ സാക്ഷികള്‍; ദൈവവും സാക്ഷി.

11 പിതാവ് മക്കളോടെന്നവണ്ണം ഞങ്ങള്‍ നിങ്ങളോട് ഓരോ വ്യക്തിയോടും പെരുമാറി എന്നു നിങ്ങള്‍ക്കറിയാമല്ലോ.

12 തന്‍റെ രാജ്യത്തിന്‍റെയും മഹത്ത്വത്തിന്‍റെയും ഓഹരിക്കാരായിത്തീരുവാന്‍ നിങ്ങളെ വിളിച്ച ദൈവത്തിനു പ്രസാദകരമായ ജീവിതം നയിക്കുവാന്‍ ഞങ്ങള്‍ നിങ്ങളെ പ്രോത്സാഹിപ്പിച്ചു; ഉത്തേജിപ്പിച്ചു; ശക്തമായി പ്രേരിപ്പിക്കുകയും ചെയ്തു.

13

ദൈവത്തിന്‍റെ സന്ദേശം ഞങ്ങള്‍ നിങ്ങളെ അറിയിച്ചപ്പോള്‍ മനുഷ്യന്‍റെ സന്ദേശമായിട്ടല്ല, വാസ്തവത്തില്‍ അത് ആയിരിക്കുന്നതുപോലെ ദൈവത്തിന്‍റെ സന്ദേശമായിത്തന്നെ നിങ്ങള്‍ അതു കേട്ടു സ്വീകരിച്ചു. ദൈവത്തിനു ഞങ്ങള്‍ നിരന്തരമായി സ്തോത്രം ചെയ്യുന്നതിന് അതും കാരണമാണ്. വിശ്വാസികളായ നിങ്ങളില്‍ ദൈവം പ്രവര്‍ത്തിക്കുന്നു.

14 സഹോദരരേ, ക്രിസ്തുഭക്തരായ യെഹൂദ്യയിലെ ദൈവസഭകള്‍ക്കുണ്ടായ അനുഭവം നിങ്ങള്‍ക്കും ഉണ്ടായി. യെഹൂദന്മാരില്‍നിന്ന് അവര്‍ സഹിച്ചതുപോലെയുള്ള പീഡനങ്ങള്‍ നിങ്ങളും സ്വന്തം നാട്ടുകാരില്‍നിന്നു സഹിച്ചു.

15 യെഹൂദജനം കര്‍ത്താവായ യേശുവിനെയും പ്രവാചകന്മാരെയും വധിക്കുകയും ഞങ്ങളെ ബഹിഷ്കരിക്കുകയും ചെയ്തു. ദൈവത്തിന് എത്രമാത്രം അപ്രീതി ഉളവാക്കുന്നവരാണവര്‍! സകല മനുഷ്യര്‍ക്കും അവര്‍ വിരോധികളാണ്.

16 രക്ഷ കൈവരുത്തുന്ന സുവിശേഷം വിജാതീയരോടു പ്രസംഗിക്കുന്നതില്‍നിന്നു ഞങ്ങളെ പിന്തിരിപ്പിക്കുവാന്‍ അവര്‍ പരിശ്രമിക്കുകപോലും ചെയ്തു. അങ്ങനെ അവരുടെ പാപങ്ങളുടെ ആകെത്തുക പൂര്‍ത്തിയാക്കുന്നു. ഇപ്പോള്‍ ദൈവത്തിന്‍റെ ന്യായവിധി അവരുടെമേല്‍ വന്നിരിക്കുന്നു.

17

സഹോദരരേ, ഞങ്ങള്‍ അല്പകാലത്തേക്കു ശരീരംകൊണ്ട് നിങ്ങളില്‍നിന്നു വേര്‍പിരിഞ്ഞിരുന്നു; എങ്കിലും ഹൃദയംകൊണ്ടു സമീപസ്ഥരായിരുന്നു. വീണ്ടും നിങ്ങളെ കാണാന്‍ എത്രവളരെ വാഞ്ഛിച്ചു!

18 നിങ്ങളുടെ അടുക്കലേക്കു വീണ്ടും വരുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയും, പൗലൊസ് എന്ന ഞാന്‍ തന്നെ പലവട്ടം അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്തു. പക്ഷേ, സാത്താന്‍ അതിനു പ്രതിബന്ധമുണ്ടാക്കി.

19 ഏതായാലും നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ പ്രത്യാഗമനത്തില്‍ അവിടുത്തെ മുമ്പാകെ, ഞങ്ങളുടെ പ്രത്യാശയും ആനന്ദവും അഭിമാനത്തിന്‍റെ കിരീടവും നിങ്ങള്‍ തന്നെയാണ്.

20 അതെ, നിശ്ചയമായും നിങ്ങളാണ് ഞങ്ങളുടെ അഭിമാനഭാജനങ്ങളും ആനന്ദവും.

3

1

[1,2] നിങ്ങളില്‍നിന്ന് അകന്നിരിക്കുക എന്നത്, ഞങ്ങള്‍ക്ക് അശേഷം സഹിച്ചുകൂടാഞ്ഞതുകൊണ്ട്, ഞങ്ങള്‍ തനിച്ച് ആഥന്‍സിന് കഴിച്ചുകൂട്ടേണ്ടിവന്നാലും, തിമൊഥെയോസിനെ നിങ്ങളുടെ അടുക്കലേക്ക് അയയ്‍ക്കാമെന്നു തീരുമാനിച്ചു. ക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുന്നതില്‍ ഞങ്ങളോടു കൂടി ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന നമ്മുടെ ഈ സഹോദരനെ നിങ്ങളുടെ അടുക്കലേക്ക് അയച്ചത് നിങ്ങളെ ബലപ്പെടുത്തുന്നതിനും, വിശ്വാസത്തില്‍ ഉറച്ചുനില്‌ക്കുന്നതിന് നിങ്ങളെ ധൈര്യപ്പെടുത്തുന്നതിനുമാണ്.

2

3 നിങ്ങളില്‍ ആരുംതന്നെ പീഡനങ്ങള്‍ നിമിത്തം പിന്തിരിഞ്ഞുപോകാന്‍ ഇടയാകരുതല്ലോ. ഇങ്ങനെയുള്ള പീഡനങ്ങള്‍ നമ്മെ സംബന്ധിച്ചുള്ള ദൈവോദ്ദേശ്യത്തില്‍ ഉള്‍പ്പെട്ടതാണെന്നു നിങ്ങള്‍ക്ക് അറിയാമല്ലോ.

4 നാം പീഡിപ്പിക്കപ്പെടും എന്നു ഞങ്ങള്‍ നിങ്ങളോടുകൂടിയായിരുന്നപ്പോള്‍, നേരത്തെതന്നെ പറഞ്ഞിട്ടുള്ളതാണ്. അത് അങ്ങനെതന്നെ സംഭവിച്ചു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.

5 നിങ്ങളുടെ വിശ്വാസത്തെപ്പറ്റി അറിയുന്നതിനുവേണ്ടി ഇനിയും കാത്തിരിക്കുവാന്‍ എനിക്കു സാധ്യമല്ല. അതുകൊണ്ടാണ് തിമൊഥെയോസിനെ നിങ്ങളുടെ അടുക്കലേക്ക് അയച്ചത്. പരീക്ഷകന്‍ നിങ്ങളെ പരീക്ഷിച്ചുവോ എന്നും, ഞങ്ങളുടെ പ്രയത്നമെല്ലാം വ്യര്‍ഥമായിത്തീര്‍ന്നുവോ എന്നുമുള്ള ഉല്‍ക്കണ്ഠ എനിക്കുണ്ടായിരുന്നു.

6

ഇപ്പോള്‍ ഇതാ, നിങ്ങളുടെ സ്നേഹത്തെയും വിശ്വാസത്തെയും സംബന്ധിച്ചുള്ള സന്തോഷവാര്‍ത്തയുമായി തിമൊഥെയോസ് നിങ്ങളുടെ അടുക്കല്‍നിന്നു മടങ്ങിയെത്തിയിരിക്കുന്നു. നിങ്ങളെ കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ ഞങ്ങളെ കാണാന്‍ നിങ്ങളും ആഗ്രഹിക്കുന്നു എന്നും, നിങ്ങള്‍ എപ്പോഴും ഞങ്ങളെ സ്നേഹപൂര്‍വം അനുസ്മരിക്കുന്നു എന്നും, അയാള്‍ ഞങ്ങളോടു പറഞ്ഞു.

7 അതുകൊണ്ട് സഹോദരരേ, ഞങ്ങളുടെ സകല കഷ്ടതകളിലും വിഷമതകളിലും നിങ്ങളുടെ വിശ്വാസം ഞങ്ങള്‍ക്ക് ഉത്തേജനം നല്‌കുന്നു.

8 എന്തുകൊണ്ടെന്നാല്‍ കര്‍ത്താവിനോടുള്ള ബന്ധത്തില്‍ അടിപതറാതെ നിങ്ങള്‍ ഉറച്ചുനില്‌ക്കുന്നതുകൊണ്ടാണ് വാസ്തവത്തില്‍ ഞങ്ങള്‍ ഇപ്പോള്‍ ജീവിക്കുന്നത് എന്നു പറയേണ്ടിയിരിക്കുന്നു.

9 നിങ്ങളെപ്രതി ഇപ്പോള്‍ ഞങ്ങള്‍ ദൈവത്തെ സ്തുതിക്കുന്നു. നിങ്ങള്‍ നിമിത്തം ദൈവസന്നിധിയില്‍ ഞങ്ങള്‍ക്ക് ഉണ്ടായിരിക്കുന്ന ആനന്ദത്തിന്‍റെ പേരില്‍ ഞങ്ങള്‍ എങ്ങനെ സ്തോത്രം ചെയ്യാതിരിക്കും!

10 നിങ്ങളെ അഭിമുഖം കാണുന്നതിനും, നിങ്ങളുടെ വിശ്വാസത്തികവിന് ആവശ്യമായതു ചെയ്യുവാന്‍ ഇടയാകുന്നതിനുംവേണ്ടി രാവും പകലും ഞങ്ങള്‍ സര്‍വാത്മനാ പ്രാര്‍ഥിക്കുന്നു.

11

ഞങ്ങള്‍ നിങ്ങളുടെ അടുക്കല്‍ വരുന്നതിന് നമ്മുടെ പിതാവായ ദൈവംതന്നെയും, കര്‍ത്താവായ യേശുവും വഴിയൊരുക്കട്ടെ.

12 നിങ്ങള്‍ക്ക് അന്യോന്യമുള്ളതും മറ്റ് എല്ലാവരോടുമുള്ളതും ആയ സ്നേഹം ഉത്തരോത്തരം വര്‍ധിച്ച്, നിങ്ങളോടു ഞങ്ങള്‍ക്കുള്ള സ്നേഹത്തോടൊപ്പമായിത്തീരുവാന്‍ കര്‍ത്താവ് ഇടയാക്കട്ടെ.

13 നമ്മുടെ കര്‍ത്താവായ യേശു, സകല വിശുദ്ധന്മാരോടുമൊത്തു വരുമ്പോള്‍, നമ്മുടെ ദൈവവും പിതാവുമായവന്‍റെ സന്നിധിയില്‍ നിര്‍ദോഷികളും വിശുദ്ധരുമായിത്തീരത്തക്കവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ ശക്തമാക്കുകയും ചെയ്യട്ടെ.

4

1

അവസാനമായി, സഹോദരരേ, ദൈവത്തിനു സംപ്രീതികരമായ ജീവിതം നയിക്കേണ്ടത് എങ്ങനെയെന്ന് ഞങ്ങളില്‍നിന്നു നിങ്ങള്‍ പഠിച്ചു. നിങ്ങള്‍ അങ്ങനെതന്നെയാണു ജീവിക്കുന്നതും. എന്നാല്‍ നിങ്ങളുടെ ജീവിതം പൂര്‍വാധികം അഭിവൃദ്ധി പ്രാപിക്കണമെന്ന് കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ ഞങ്ങള്‍ ഇപ്പോള്‍ അഭ്യര്‍ഥിക്കുകയും, നിങ്ങളെ പ്രബോധിപ്പിക്കുകയും ചെയ്യുന്നു.

2 കര്‍ത്താവായ യേശുവിന്‍റെ അധികാരത്താല്‍ ഞങ്ങള്‍ നിങ്ങള്‍ക്കു നല്‌കിയ പ്രബോധനങ്ങള്‍ നിങ്ങള്‍ക്ക് അറിയാമല്ലോ.

3 നിങ്ങള്‍ ജീവിതവിശുദ്ധി പാലിക്കുന്നവരും ദുര്‍മാര്‍ഗത്തില്‍നിന്നു പൂര്‍ണമായി വിമുക്തരുമായിരിക്കണമെന്നത്രേ ദൈവം ആഗ്രഹിക്കുന്നത്.

4 ഓരോരുത്തനും അവനവന്‍റെ ഭാര്യയോടൊത്ത് പരിശുദ്ധമായും മാന്യമായും ജീവിക്കേണ്ടത് എങ്ങനെയെന്നു നിങ്ങള്‍ക്ക് അറിയാമല്ലോ.

5 ദൈവത്തെ അറിയാത്ത വിജാതീയരെപ്പോലെ വിഷയാസക്തരായി നിങ്ങള്‍ ജീവിക്കരുത്.

6 ഇക്കാര്യത്തില്‍ ആരും നിയമം ലംഘിച്ച് തന്‍റെ സഹോദരനെ വഞ്ചിക്കരുത്. അങ്ങനെ ചെയ്യുന്നവരെ കര്‍ത്താവു ശിക്ഷിക്കുമെന്നു നേരത്തെ ഞങ്ങള്‍ മുന്നറിയിപ്പു നല്‌കിയിട്ടുണ്ടല്ലോ.

7 ദുര്‍മാര്‍ഗത്തില്‍ ജീവിക്കുവാനല്ല, വിശുദ്ധിയില്‍ ജീവിക്കുവാനാണു ദൈവം നമ്മെ ആഹ്വാനം ചെയ്തിരിക്കുന്നത്.

8 ഈ ഉപദേശം അവഗണിക്കുന്ന ഏതൊരുവനും മനുഷ്യനെയല്ല അവഗണിക്കുന്നത്, പരിശുദ്ധാത്മാവിനെ നിങ്ങള്‍ക്കു നല്‌കുന്ന ദൈവത്തെ തന്നെയാണ്.

9

സഹവിശ്വാസികളോടുള്ള സ്നേഹത്തെക്കുറിച്ച് എഴുതേണ്ട ആവശ്യമില്ല. നിങ്ങള്‍ പരസ്പരം എങ്ങനെ സ്നേഹിക്കണമെന്നു ദൈവം നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടല്ലോ.

10 വാസ്തവത്തില്‍ മാസിഡോണിയയിലെങ്ങുമുള്ള എല്ലാ സഹോദരരോടും ഇങ്ങനെയാണ് നിങ്ങള്‍ പെരുമാറുന്നത്. സഹോദരരേ, നിങ്ങളുടെ സ്നേഹം അതിലുമധികമായി തീരണമെന്നാണ് ഞങ്ങള്‍ പ്രബോധിപ്പിക്കുന്നത്.

11

ഞങ്ങള്‍ നേരത്തെ പറഞ്ഞിട്ടുള്ളതുപോലെ, അവനവന്‍റെ ജോലി ചെയ്ത്, നിങ്ങളുടെ ഉപജീവനത്തിനുള്ള വക സമ്പാദിച്ച്, ശാന്തമായി ജീവിക്കുക എന്നതായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം.

12 അങ്ങനെ ജീവിച്ചാല്‍ വിശ്വാസികളല്ലാത്തവരുടെ ബഹുമാനം നിങ്ങള്‍ ആര്‍ജിക്കും. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് ആരെയും ആശ്രയിക്കേണ്ടിവരികയുമില്ല.

13

സഹോദരരേ, പ്രത്യാശയില്ലാത്തവരെപ്പോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കേണ്ടതിന്, മരണമടഞ്ഞവരെ സംബന്ധിച്ച സത്യം നിങ്ങള്‍ അറിയണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു.

14 യേശു മരിക്കുകയും വീണ്ടും ഉയിര്‍ത്തെഴുന്നേല്‌ക്കുകയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു. അതുകൊണ്ട് യേശുവില്‍ വിശ്വസിച്ചു മരണമടഞ്ഞവരെ അവിടുത്തോടുകൂടി ദൈവം ഉയിര്‍പ്പിക്കുമെന്നും നാം വിശ്വസിക്കുന്നു.

15

ഇപ്പോള്‍ ഞങ്ങള്‍ കര്‍ത്താവിന്‍റെ ഉപദേശമാണ് നിങ്ങള്‍ക്കു നല്‌കുന്നത്; കര്‍ത്താവിന്‍റെ പ്രത്യാഗമനദിവസം ജീവനോടുകൂടി ഇരിക്കുന്നവരായ നാം മരിച്ചുപോയവരുടെ മുമ്പേയല്ല പോകുന്നത്.

16 ഗംഭീരനാദം, പ്രധാനദൂതന്‍റെ ഘോഷം, ദൈവത്തിന്‍റെ കാഹളധ്വനി ഇവയോടുകൂടി കര്‍ത്താവു സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരും. ക്രിസ്തുവില്‍ വിശ്വസിച്ചു മരിച്ചവര്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്‌ക്കും.

17 അപ്പോള്‍ ജീവിച്ചിരിക്കുന്നവരായ നാം ആകാശമധ്യത്തില്‍ എഴുന്നള്ളുന്ന കര്‍ത്താവിനെ എതിരേല്‌ക്കുന്നതിനായി പിന്നീടു മേഘങ്ങളില്‍ അവരോടുകൂടി ചേര്‍ക്കപ്പെടും. അങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടുകൂടി ആയിരിക്കുകയും ചെയ്യും.

18 അതുകൊണ്ട് ഈ വാക്കുകളാല്‍ നിങ്ങള്‍ അന്യോന്യം സമാശ്വസിപ്പിച്ചുകൊള്ളുക.

5

1

സഹോദരരേ, ഇതൊക്കെ സംഭവിക്കുന്ന കാലവും സമയവും സംബന്ധിച്ച് ഒന്നും നിങ്ങള്‍ക്ക് എഴുതേണ്ട ആവശ്യമില്ല.

2 രാത്രിയില്‍ കള്ളന്‍ എന്നതുപോലെ കര്‍ത്താവിന്‍റെ ദിവസം വന്നു ചേരുമെന്നു നിങ്ങള്‍ക്കു നന്നായി അറിയാം.

3 “എല്ലാം ശാന്തമായിരിക്കുന്നു; ഒന്നും ഭയപ്പെടേണ്ടതില്ല” എന്ന് ആളുകള്‍ പറയുമ്പോള്‍ പെട്ടെന്നു നാശം വന്നു ഭവിക്കും! ഗര്‍ഭിണിക്കു പ്രസവേദനയുണ്ടാകുന്നതുപോലെ ആയിരിക്കും അത്; അതില്‍നിന്നു തെറ്റി ഒഴിയുക അസാധ്യമാണ്.

4 എന്നാല്‍ സഹോദരരേ, നിങ്ങള്‍ അന്ധകാരത്തില്‍ ജീവിക്കുന്നവരല്ല, അതുകൊണ്ട് കള്ളന്‍ വരുമ്പോള്‍ എന്നവണ്ണം ആ ദിവസം നിങ്ങളെ സംഭ്രമിപ്പിക്കുകയില്ല.

5 നിങ്ങളെല്ലാവരും പ്രകാശത്തിന്‍റെയും പകലിന്‍റെയും മക്കളാകുന്നു. നാം രാത്രിയുടെയോ അന്ധകാരത്തിന്‍റെയോ വകയല്ല.

6 അതുകൊണ്ട് മറ്റുള്ളവരെപ്പോലെ നാം ഉറങ്ങരുത്; നാം ഉണര്‍ന്ന് സുബോധമുള്ളവരായിരിക്കേണ്ടതാണ്.

7 ഉറങ്ങുന്നവര്‍ രാത്രിയിലാണ് ഉറങ്ങുന്നത്; മദ്യപിക്കുന്നവര്‍ രാത്രിയില്‍ മദ്യപിച്ചു മത്തരാകുന്നു.

8 എന്നാല്‍ നാം പകലിനുള്ളവരാകയാല്‍ വിശ്വാസവും സ്നേഹവും കവചമായും, രക്ഷയുടെ പ്രത്യാശ പടത്തൊപ്പിയായും ധരിച്ചുകൊണ്ട് ജാഗ്രതയുള്ളവരായി ഇരിക്കണം.

9 നമ്മെ കോപത്തിനു വിധേയരാക്കണമെന്നല്ല, പ്രത്യുത, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖേന നാം രക്ഷ അവകാശമാക്കണമെന്നത്രേ ദൈവം ഉദ്ദേശിച്ചത്.

10 നാം ജീവിച്ചിരുന്നാലും മരിച്ചാലും തന്നോടുകൂടി ജീവിക്കേണ്ടതിനു നമുക്കുവേണ്ടി മരിച്ചവനാണ് നമ്മുടെ കര്‍ത്താവ്.

11 അതുകൊണ്ട് നിങ്ങള്‍ ഇപ്പോള്‍ ചെയ്തുവരുന്നതുപോലെ അന്യോന്യം ധൈര്യപ്പെടുത്തുകയും, ബലപ്പെടുത്തുകയും ചെയ്യുക.

12

സഹോദരരേ, നിങ്ങളുടെ ഇടയില്‍ അധ്വാനിക്കുകയും ക്രിസ്തീയജീവിതത്തില്‍ നിങ്ങളെ വഴികാട്ടി നയിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുന്നവരെ യഥോചിതം സമാദരിക്കണമെന്ന് ഞങ്ങള്‍ നിങ്ങളോടപേക്ഷിക്കുന്നു.

13 അവര്‍ ചെയ്ത അധ്വാനത്തെ പ്രതി നിങ്ങള്‍ അങ്ങേയറ്റം ആദരത്തോടും സ്നേഹത്തോടുംകൂടി അവരോടു പെരുമാറുക. നിങ്ങള്‍ സമാധാനമുള്ളവരായി ജീവിക്കുക.

14

സഹോദരരേ, ഞങ്ങള്‍ നിങ്ങളെ ശക്തമായി പ്രബോധിപ്പിക്കുന്നത് ഇതാണ്: അലസന്മാര്‍ക്കു താക്കീതു നല്‌കുക; ഉള്‍ക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുക; ബലഹീനരെ സഹായിക്കുക; എല്ലാവരോടും സഹിഷ്ണുത കാണിക്കുക.

15 ആരും തിന്മയ്‍ക്കു പകരം തിന്മ ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കുക. തമ്മില്‍ത്തമ്മില്‍ എന്നല്ല, എല്ലാവര്‍ക്കും എപ്പോഴും നന്മ ചെയ്യുക എന്നതായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം.

16

[16,17] എപ്പോഴും സന്തോഷിക്കുക; ഇടവിടാതെ പ്രാര്‍ഥിക്കുക;

17

18 എല്ലാ പരിതഃസ്ഥിതികളിലും ദൈവത്തോടു നന്ദിയുള്ളവരായിരിക്കുക; ഇതാണ് ക്രിസ്തുയേശുവിനോട് ഏകീഭവിച്ച നിങ്ങളുടെ ജീവിതത്തില്‍നിന്നു ദൈവം ആഗ്രഹിക്കുന്നത്.

19

[19,20] ആത്മാവിന്‍റെ പ്രകാശം നിങ്ങള്‍ കെടുത്തിക്കളയരുത്. പ്രവചനം അവഗണിക്കുകയുമരുത്.

20

21 സകലവും സംശോധന ചെയ്ത് ഉത്തമമായത് മുറുകെപ്പിടിക്കുക.

22 എല്ലാവിധ ദോഷവും പരിത്യജിക്കുക.

23

നമുക്കു സമാധാനം നല്‌കുന്നവനായ ദൈവം എല്ലാ വിധത്തിലും നിങ്ങളെ ശുദ്ധീകരിക്കട്ടെ; നിങ്ങളുടെ വ്യക്തിത്വം ആകമാനം - നിങ്ങളുടെ ആത്മാവും ചേതനയും ശരീരവും - നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പ്രത്യാഗമനവേളയില്‍ തികച്ചും കുറ്റമറ്റതായിരിക്കുവാന്‍ തക്കവണ്ണം ദൈവം കാക്കുമാറാകട്ടെ.

24 നിങ്ങളെ വിളിക്കുന്നവന്‍ വിശ്വസ്തനാണ്. അവിടുന്ന് അതു നിറവേറ്റും.

25

സഹോദരരേ, ഞങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കുക.

26

വിശുദ്ധചുംബനത്താല്‍ സകല വിശ്വാസികളെയും അഭിവാദനം ചെയ്യുക.

27

ഈ കത്ത് എല്ലാ വിശ്വാസികളെയും വായിച്ചു കേള്‍പ്പിക്കണമെന്ന് കര്‍ത്താവിന്‍റെ അധികാരത്താല്‍ ഞാന്‍ ആവശ്യപ്പെടുന്നു.

28

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളോടുകൂടി ഇരിക്കുമാറാകട്ടെ.