1
ദൈവഹിതപ്രകാരം ക്രിസ്തുയേശുവിന്‍റെ അപ്പോസ്തോലനായ പൗലൊസും സഹോദരനായ തിമൊഥെയോസും ചേര്‍ന്ന്2 കൊലോസ്യയിലെ ക്രൈസ്തവഭക്തരും നമ്മുടെ വിശ്വസ്ത സഹോദരരുമായ ദൈവജനങ്ങള്‍ക്ക് എഴുതുന്നത്:
നമ്മുടെ പിതാവായ ദൈവത്തില്‍നിന്ന് നിങ്ങള്‍ക്കു കൃപയും സമാധാനവും ലഭിക്കട്ടെ.3
നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ പ്രാര്‍ഥിക്കുമ്പോഴെല്ലാം, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവത്തിനു സ്തോത്രം ചെയ്യുന്നു.4 എന്തുകൊണ്ടെന്നാല്‍ ക്രിസ്തുയേശുവിലുള്ള നിങ്ങളുടെ വിശ്വാസത്തെക്കുറിച്ചും എല്ലാ ദൈവജനങ്ങളോടും നിങ്ങള്‍ക്കുള്ള സ്നേഹത്തെക്കുറിച്ചും ഞങ്ങള്‍ കേട്ടിരിക്കുന്നു.
5 നിങ്ങളുടെ വിശ്വാസവും സ്നേഹവും നിങ്ങളുടെ പ്രത്യാശയില്‍ അധിഷ്ഠിതമാണ്. സത്യസന്ദേശമായ സുവിശേഷം ആദ്യം നിങ്ങളുടെ അടുക്കലെത്തിയപ്പോള്‍ അതു വാഗ്ദാനം ചെയ്യുന്ന പ്രത്യാശയെക്കുറിച്ച് നിങ്ങള്‍ കേട്ടു. നിങ്ങള്‍ പ്രത്യാശിക്കുന്നത് നിങ്ങള്‍ക്കുവേണ്ടി സ്വര്‍ഗത്തില്‍ ഭദ്രമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
6 ദൈവകൃപയെക്കുറിച്ച് നിങ്ങള്‍ ആദ്യമായി കേള്‍ക്കുകയും അത് യഥാര്‍ഥത്തില്‍ മനസ്സിലാക്കുകയും ചെയ്ത നാള്‍മുതല്‍ നിങ്ങളുടെയിടയില്‍ സുവിശേഷം എങ്ങനെ വര്‍ത്തിക്കുന്നുവോ, അപ്രകാരംതന്നെ അത് ലോകമെങ്ങും അനുഗ്രഹങ്ങള്‍ നല്‌കിക്കൊണ്ടു പ്രചരിക്കുന്നു.
7 ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകനായ എപ്പഫ്രാസില്‍നിന്ന് ഇതു നിങ്ങള്‍ ഗ്രഹിച്ചിട്ടുണ്ടല്ലോ. ക്രിസ്തുവിന്‍റെ വിശ്വസ്ത ശുശ്രൂഷകനായ അയാള്‍ ഞങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു.
8 ദൈവത്തിന്‍റെ ആത്മാവു നിങ്ങള്‍ക്കു നല്‌കിയ സ്നേഹത്തെക്കുറിച്ച് അയാള്‍ ഞങ്ങളോടു പറഞ്ഞു.
9
ഇക്കാരണത്താല്‍, നിങ്ങളെപ്പറ്റി കേട്ടപ്പോള്‍മുതല്‍ ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി നിരന്തരം പ്രാര്‍ഥിക്കുന്നു. ദൈവഹിതത്തെക്കുറിച്ചുള്ള അറിവുകൊണ്ടും, അവിടുത്തെ ആത്മാവു നല്‌കുന്ന സകല വിവേകവും ബുദ്ധിയുംകൊണ്ടും നിങ്ങളെ നിറയ്‍ക്കണമെന്നത്രേ ഞങ്ങള്‍ പ്രാര്‍ഥിക്കുന്നത്.10 അങ്ങനെ ദൈവം നിങ്ങളെക്കുറിച്ച് ആഗ്രഹിക്കുന്ന പ്രകാരം ജീവിക്കുവാനും ദൈവത്തിനു സംപ്രീതി ഉളവാക്കുന്ന വിധത്തില്‍ എപ്പോഴും പ്രവര്‍ത്തിക്കുവാനും നിങ്ങള്‍ക്കു പ്രാപ്തിയുണ്ടാകും. എല്ലാവിധ സല്‍പ്രവൃത്തികള്‍കൊണ്ടും നിങ്ങളുടെ ജീവിതം ഫലസമൃദ്ധമായിത്തീരും. ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തില്‍ നിങ്ങള്‍ വളരുകയും ചെയ്യും.
11 ദൈവത്തിന്‍റെ മഹത്തായ പ്രഭാവത്തില്‍ നിന്നു പുറപ്പെടുന്ന ശക്തിധാരയാല്‍ നിങ്ങള്‍ ബലം പ്രാപിക്കട്ടെ. അങ്ങനെ എല്ലാം ക്ഷമയോടെ സഹിക്കുന്നതിനു നിങ്ങള്‍ പ്രാപ്തരായിത്തീരും.
12 തന്‍റെ ജനത്തിനു പ്രകാശത്തിന്‍റെ രാജ്യത്തില്‍ കരുതിവച്ചിട്ടുള്ളതിന്‍റെ ഓഹരി പ്രാപിക്കുവാന്‍ നിങ്ങളെ യോഗ്യരാക്കിയ ദൈവത്തിന് ആഹ്ലാദപൂര്‍വം സ്തോത്രം ചെയ്യുക.
13 അവിടുന്ന് അന്ധകാരത്തിന്‍റെ അധികാരത്തില്‍നിന്നു നിങ്ങളെ വീണ്ടെടുത്ത് തന്‍റെ പ്രിയപുത്രന്‍റെ രാജ്യത്തിലേക്കു കൊണ്ടുവന്നു.
14 ആ പുത്രന്‍ മുഖേനയാണല്ലോ നാം സ്വതന്ത്രരാക്കപ്പെട്ടത്, അഥവാ നമ്മുടെ പാപം ക്ഷമിക്കപ്പെട്ടത്.
15
അദൃശ്യനായ ദൈവത്തിന്‍റെ ദൃശ്യമായ പ്രതിച്ഛായയാണു ക്രിസ്തു. അവിടുന്നു പ്രപഞ്ചത്തിലെ സകല സൃഷ്‍ടികള്‍ക്കും മുമ്പേയുള്ളവനും ആദ്യജാതനും ആകുന്നു.16 ദൈവം തന്‍റെ പുത്രന്‍ മുഖേനയാണ് സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ സകലവും സൃഷ്‍ടിച്ചത്. ആത്മീയശക്തികളും പ്രഭുക്കന്മാരും ഭരണാധിപന്മാരും അധികാരികളുമെല്ലാം അതിലുള്‍പ്പെടുന്നു. പ്രപഞ്ചം ആകമാനം സൃഷ്‍ടിക്കപ്പെട്ടത് പുത്രനില്‍ക്കൂടിയും പുത്രനുവേണ്ടിയും ആണ്.
17 എല്ലാറ്റിനുംമുമ്പ് പുത്രനുണ്ടായിരുന്നു. അവിടുന്ന് സകലത്തിനും ആധാരമാകുന്നു.
18 അവിടുന്നാണ് സഭയാകുന്ന ശരീരത്തിന്‍റെ ശിരസ്സ്; ശരീരത്തിന്‍റെ ജീവന് ആധാരം അവിടുന്നാണ്. എല്ലാറ്റിലും പ്രഥമസ്ഥാനം അവിടുത്തേക്കു മാത്രമായിരിക്കേണ്ടതിന് ആദ്യജാതനായ അവിടുന്ന് മരണത്തില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടു.
19 [19,20] പുത്രനില്‍ തന്‍റെ ഭാവം സമ്പൂര്‍ണമായി നിവസിക്കുവാനും, പ്രപഞ്ചത്തെ ആകമാനം തന്‍റെ പുത്രന്‍ മുഖേന തന്നോട് അനുരഞ്ജിപ്പിക്കുവാനും ദൈവം തിരുമനസ്സായി. അവിടുന്നു പുത്രന്‍റെ ക്രൂശുമരണത്താല്‍ സമാധാനം ഉണ്ടാക്കുകയും, അങ്ങനെ ആകാശത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും തന്നോട് അനുരഞ്ജിപ്പിക്കുകയും ചെയ്തു.
20
21
മുമ്പ് ദുഷ്ടവിചാരംമൂലവും, ദുഷ്പ്രവൃത്തികള്‍ മൂലവും നിങ്ങള്‍ ദൈവത്തില്‍നിന്ന് അകന്നവരും അവിടുത്തെ ശത്രുക്കളുമായിരുന്നു.22 എന്നാല്‍ ഇപ്പോള്‍ തന്‍റെ പുത്രന്‍റെ ശാരീരിക മരണത്താല്‍ ദൈവം നിങ്ങളെ തന്‍റെ മിത്രങ്ങളാക്കിത്തീര്‍ത്തിരിക്കുന്നു. നിങ്ങളെ പവിത്രരും, കളങ്കരഹിതരും, കുറ്റമറ്റവരുമായി ദൈവമുമ്പാകെ സമര്‍പ്പിക്കേണ്ടതിനാണ് ഇപ്രകാരം ചെയ്തത്.
23 സുവിശേഷം കേട്ട് ആര്‍ജിച്ച പ്രത്യാശയില്‍നിന്ന് ഇളകിപ്പോകാതെ, ഉറച്ചതും ദൃഢമായി വിശ്വസിക്കാവുന്നതുമായ അടിസ്ഥാനത്തില്‍ നിലയുറപ്പിച്ച് വിശ്വസ്തരായി നിങ്ങള്‍ മുന്നോട്ടു പോകണം. ലോകത്തിലുള്ള സര്‍വസൃഷ്‍ടികളോടും ആയി പ്രസംഗിക്കപ്പെട്ടിരിക്കുന്ന ഈ സുവിശേഷത്തിന് പൗലൊസ് എന്ന ഞാന്‍ ദാസനായിത്തീര്‍ന്നു.
24
നിങ്ങള്‍ക്കുവേണ്ടി സഹിച്ച കഷ്ടതയില്‍ ഞാന്‍ സന്തോഷിക്കുന്നു. എന്തുകൊണ്ടെന്നാല്‍ സഭയാകുന്ന തന്‍റെ ശരീരത്തിനുവേണ്ടി ക്രിസ്തു സഹിച്ച പീഡാനുഭവങ്ങളില്‍ കുറവുള്ളതു പൂരിപ്പിക്കുകയാണല്ലോ ഞാന്‍ ചെയ്യുന്നത്.25 നിങ്ങളുടെ നന്മയ്‍ക്കുവേണ്ടി ഈ ചുമതല ദൈവം എന്നെ ഏല്പിച്ചതുകൊണ്ട് ഞാന്‍ സഭയുടെ ദാസനായിത്തീര്‍ന്നിരിക്കുന്നു. ദൈവത്തിന്‍റെ സന്ദേശം പൂര്‍ണമായി അറിയിക്കുക എന്നതാണ് എന്‍റെ കര്‍ത്തവ്യം.
26 പൂര്‍വയുഗങ്ങളില്‍ സര്‍വമനുഷ്യരാശിക്കും ആ മര്‍മ്മം മറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ദൈവജനത്തിന് അതു വെളിപ്പെടുത്തിക്കൊടുത്തിരിക്കുന്നു.
27 സര്‍വജനങ്ങള്‍ക്കുമായുള്ളതും മഹത്തും അമൂല്യവുമായ ഈ രഹസ്യം തന്‍റെ ജനത്തെ അറിയിക്കുക എന്നതാണ് ദൈവത്തിന്‍റെ പദ്ധതി. ക്രിസ്തു നിങ്ങളിലുണ്ട് എന്നതാണ് ആ രഹസ്യം. ദൈവത്തിന്‍റെ തേജസ്സില്‍ നിങ്ങളും പങ്കാളിയാണെന്നാണല്ലോ അതിന്‍റെ സാരം.
28 അതുകൊണ്ട് എല്ലാവരോടും ക്രിസ്തുവിനെപ്പറ്റി ഞങ്ങള്‍ പ്രസംഗിക്കുന്നു. ക്രിസ്തുവിനോട് ഏകീഭവിച്ച് പക്വത പ്രാപിച്ചവരായി എല്ലാവരെയും ദൈവമുമ്പാകെ കൊണ്ടുവരുന്നതിനുവേണ്ടി, സകല ജ്ഞാനത്തോടുംകൂടി അവര്‍ക്കു ബുദ്ധി ഉപദേശിക്കുകയും അവരെ പ്രബോധിപ്പിക്കുകയും ചെയ്യുന്നു.
29
അതു സാധിക്കുന്നതിന്, ക്രിസ്തു എനിക്കു നല്‌കിക്കൊണ്ടിരിക്കുന്നതും എന്നില്‍ അതിശക്തമായി വ്യാപരിക്കുന്നതുമായ ചൈതന്യത്താല്‍ ഞാന്‍ അധ്വാനിക്കുകയും പോരാടുകയും ചെയ്യുന്നു.1
നിങ്ങള്‍ക്കും ലവുദിക്യയിലുള്ളവര്‍ക്കും എന്നെ നേരിട്ടറിയാത്ത മറ്റുള്ള എല്ലാവര്‍ക്കും വേണ്ടി എത്ര വലിയ പോരാട്ടമാണ് ഞാന്‍ നടത്തുന്നത്!2 ഇത് അവര്‍ക്ക് ആശ്വാസം ലഭിക്കുന്നതിനും, സ്നേഹത്തില്‍ അവര്‍ ഒരുമിച്ചു ചേര്‍ക്കപ്പെടുന്നതിനും, അങ്ങനെ യഥാര്‍ഥജ്ഞാനത്തില്‍ നിന്നുണ്ടാകുന്ന വിശ്വാസത്തിന്‍റെ പൂര്‍ണസമ്പത്തു പ്രാപിക്കുന്നതിനും വേണ്ടിയാണ്. ഇങ്ങനെ അവര്‍ ദൈവത്തിന്‍റെ മര്‍മ്മം അറിയും.
3 ക്രിസ്തുതന്നെയാണ് ആ മര്‍മ്മം. ഈശ്വരന്‍റെ ജ്ഞാനവിജ്ഞാനങ്ങള്‍ ക്രിസ്തുവില്‍ അന്തര്‍ലീനമായിരിക്കുന്നു.
4
സമര്‍ഥമെന്നു തോന്നിക്കുന്ന യുക്ത്യാഭ്യാസംകൊണ്ട് ആരും നിങ്ങളെ വഞ്ചിക്കരുത്.5 ശരീരത്തില്‍ ഞാന്‍ നിങ്ങളില്‍നിന്ന് അകന്നിരുന്നാലും ആത്മാവില്‍ നിങ്ങളോടുകൂടിയുണ്ട്. ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ നിങ്ങളെ ഉറപ്പിച്ചു നിറുത്തുന്ന നിശ്ചയദാര്‍ഢ്യത്തെപ്പറ്റി അറിയുകയും അതില്‍ ഞാന്‍ സന്തോഷിക്കുകയും ചെയ്യുന്നു.
6
ക്രിസ്തുയേശുവിനെ നിങ്ങള്‍ കര്‍ത്താവായി കൈക്കൊണ്ടിരിക്കുന്നതിനാല്‍ അവിടുത്തോട് ഏകീഭവിച്ചു ജീവിക്കുക.7 ക്രിസ്തുവേശുവില്‍ നിങ്ങള്‍ വേരൂന്നുകയും നിങ്ങളുടെ ജീവിതം ആ അടിസ്ഥാനത്തില്‍ പടുത്തുയര്‍ത്തുകയും, നിങ്ങളെ പഠിപ്പിച്ചിട്ടുള്ളതുപോലെ വിശ്വാസത്തില്‍ കൂടുതല്‍ ബലം പ്രാപിക്കുകയും ചെയ്യണം. കൃതജ്ഞത നിങ്ങളില്‍ നിറഞ്ഞു കവിയട്ടെ.
8
തത്ത്വജ്ഞാനവും ചതിയുംകൊണ്ട് ആരും നിങ്ങളെ വഴിതെറ്റിക്കാതെ സൂക്ഷിക്കുക. അവ മനുഷ്യന്‍റെ പരമ്പരാഗതമായ ഉപദേശങ്ങളില്‍നിന്നും, പ്രാപഞ്ചികമായ ഭൗതികശക്തികളില്‍നിന്നും വരുന്നതാണ്, ക്രിസ്തുവില്‍നിന്നുള്ളതല്ല.9 സമ്പൂര്‍ണദൈവികത്വം മനുഷ്യരൂപം പൂണ്ട് ക്രിസ്തുവില്‍ നിവസിക്കുന്നു.
10 ക്രിസ്തുവിനോടുള്ള ഏകീഭാവം മൂലം നിങ്ങള്‍ പൂര്‍ണതയില്‍ എത്തിയിരിക്കുന്നു. അവിടുന്ന് എല്ലാ വാഴ്ചകളുടെയും അധികാരത്തിന്‍റെയും അധീശനാണ്.
11
ക്രിസ്തുവിനോടുള്ള ഐക്യത്താല്‍ നിങ്ങള്‍ യഥാര്‍ഥ പരിച്ഛേദനത്തിനു വിധേയരായിരിക്കുന്നു. എന്നാല്‍ മനുഷ്യര്‍ ചെയ്യുന്ന പരിച്ഛേദനം അല്ല അത്; പിന്നെയോ ക്രിസ്തുവിന്‍റെ പരിച്ഛേദനമാകുന്നു. അത് പാപകരമായ ശരീരത്തിന്‍റെ ദുര്‍വാസനകളെ നിര്‍മാര്‍ജനം ചെയ്യുന്നു.12 സ്നാപനം മുഖേന നിങ്ങള്‍ ക്രിസ്തുവിനോടുകൂടി സംസ്കരിക്കപ്പെടുക മാത്രമല്ല, ക്രിസ്തുവിനെ മരിച്ചവരില്‍നിന്നുയിര്‍പ്പിച്ച ദൈവത്തിന്‍റെ ശക്തിയിലുള്ള വിശ്വാസത്താല്‍ ക്രിസ്തുവിനോടുകൂടി ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു.
13 പാപങ്ങള്‍കൊണ്ടും ദൈവകല്പന അനുസരിക്കാത്തതുകൊണ്ടും നിങ്ങള്‍ ഒരിക്കല്‍ ആത്മീയമായി മരിച്ചവരായിരുന്നു. എന്നാല്‍ ഇപ്പോള്‍ ദൈവം നിങ്ങളെ ക്രിസ്തുവിനോടുകൂടി ജീവിപ്പിച്ചിരിക്കുന്നു. നമ്മുടെ സകല പാപങ്ങളും ദൈവം ക്ഷമിക്കുകയും ചെയ്തു.
14 നമ്മുടെ കടങ്ങള്‍ സംബന്ധിച്ച് നമുക്കു പ്രതികൂലമായുണ്ടായിരുന്ന രേഖകളും ചട്ടങ്ങളും ദൈവം മാറ്റുകയും അവയെ കുരിശില്‍ തറച്ചു പൂര്‍ണമായി തുടച്ചു നീക്കുകയും ചെയ്തു.
15 കുരിശിലൂടെ ക്രിസ്തു അധമശക്തികളെയും ദുഷ്ട അധികാരികളെയും നിരായുധരാക്കി അവരുടെമേല്‍ ജയോത്സവം കൊണ്ടാടുകയും അവരെ ജനമധ്യത്തില്‍ പരിഹാസപാത്രമായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
16
അതുകൊണ്ട് ആഹാരപാനീയങ്ങള്‍ സംബന്ധിച്ചോ പെരുന്നാള്‍, അമാവാസി, ശബത്ത് മുതലായവ സംബന്ധിച്ചോ ആരും ഇനി നിങ്ങളെ വിധിക്കാതിരിക്കട്ടെ.17 ഇവയെല്ലാം ഭാവിയില്‍ സംഭവിക്കുവാനിരിക്കുന്നതിന്‍റെ നിഴല്‍മാത്രമാകുന്നു; യാഥാര്‍ഥ്യം ക്രിസ്തുവത്രേ.
18 പ്രത്യേക ദര്‍ശനങ്ങളുള്ളവരെന്നു പറഞ്ഞ് മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠരാണെന്ന് അവകാശപ്പെടുകയും, കപടവിനയം ഭാവിക്കുവാനും മാലാഖമാരെ ആരാധിക്കുവാനും പ്രേരിപ്പിക്കുകയും ചെയ്യുന്ന ആരും നിങ്ങള്‍ക്ക് അയോഗ്യത കല്പിക്കുവാന്‍ ഇടകൊടുക്കരുത്. അങ്ങനെയുള്ളവര്‍ തങ്ങളുടെ മാനുഷികരീതിയിലുള്ള ചിന്തമൂലം അഹങ്കരിക്കുന്നതേയുള്ളൂ.
19 അവര്‍ ശിരസ്സാകുന്ന ക്രിസ്തുവിനോട് ഗാഢബന്ധം പുലര്‍ത്താത്തവരാണ്. ക്രിസ്തുവിന്‍റെ നിയന്ത്രണത്തില്‍ ശരീരം മുഴുവനും പരിപുഷ്ടമാക്കപ്പെടുകയും, സന്ധിബന്ധങ്ങളും സിരകളുംകൊണ്ട് കൂട്ടിയിണക്കപ്പെടുകയും ദൈവം ആഗ്രഹിക്കുന്ന പ്രകാരം വളരുകയും ചെയ്യുന്നു.
20
നിങ്ങള്‍ ക്രിസ്തുവിനോടുകൂടി മരിക്കുകയും പ്രപഞ്ചത്തെ ഭരിക്കുന്ന ഭൗതികശക്തികളില്‍നിന്നു സ്വതന്ത്രരാക്കപ്പെടുകയും ചെയ്തിരിക്കുന്നു. പിന്നെയും, എന്തിനു ലോകത്തിനുള്ളവര്‍ എന്നവണ്ണം നിങ്ങള്‍ ജീവിക്കുന്നു?21 ‘ഇത് എടുക്കരുത്, അതു രുചിക്കരുത്, മറ്റതു തൊടുകപോലും അരുത്’ എന്നിങ്ങനെയുള്ള ചട്ടങ്ങള്‍ എന്തിന് അനുസരിക്കണം?
22 ഉപയോഗംകൊണ്ടു നശിച്ചുപോകുന്നവയെക്കുറിച്ചത്രേ ഇവിടെ പറയുന്നത്; ഇവയെല്ലാം മനുഷ്യനിര്‍മിതമായ ചട്ടങ്ങളും ഉപദേശങ്ങളുമാകുന്നു.
23 സ്വേച്ഛാരാധനയും കപടവിനയവും കര്‍ക്കശമായ ശാരീരിക വ്രതാനുഷ്ഠാനവും സംബന്ധിച്ച വിജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള അനുശാസനങ്ങളാണിവയൊക്കെ എന്നു തോന്നിയേക്കാം. എന്നാല്‍ ഇന്ദ്രിയനിഗ്രഹത്തിനു പര്യാപ്തമായ മൂല്യം ഇവയ്‍ക്കില്ല.
1
നിങ്ങള്‍ ക്രിസ്തുവിനോടുകൂടി പുനരുത്ഥാനം ചെയ്യപ്പെട്ടിരിക്കുന്നു. അതുകൊണ്ട് സ്വര്‍ഗത്തിലുള്ള കാര്യങ്ങള്‍ അന്വേഷിക്കുക. ക്രിസ്തു ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നുവല്ലോ.2 ഭൂമിയിലുള്ള കാര്യങ്ങളിലല്ല, സ്വര്‍ഗത്തിലുള്ള കാര്യങ്ങളില്‍ത്തന്നെ നിങ്ങളുടെ മനസ്സ് ഉറപ്പിക്കുക.
3 എന്തെന്നാല്‍ നിങ്ങള്‍ മരിച്ചുകഴിഞ്ഞു; നിങ്ങളുടെ ജീവന്‍ ക്രിസ്തുവിനോടുകൂടി ദൈവത്തില്‍ മറഞ്ഞിരിക്കുകയാണ്.
4 നമ്മുടെ യഥാര്‍ഥ ജീവനായ ക്രിസ്തു പ്രത്യക്ഷനാകുമ്പോള്‍ നിങ്ങളും അവിടുത്തോടുകൂടി തേജസ്സില്‍ പ്രത്യക്ഷരാകും.
5
നിങ്ങളില്‍ വ്യാപരിക്കുന്ന അസാന്മാര്‍ഗികത, അശ്ലീലത, വിഷയാസക്തി, ദുഷ്കാമം, വിഗ്രഹാരാധനയുടെ മറ്റൊരു രൂപമായ അത്യാഗ്രഹം മുതലായ ഭൗമികമായ സ്വഭാവങ്ങളെ നിങ്ങള്‍ നിഗ്രഹിക്കണം.6 എന്തെന്നാല്‍ അനുസരണമില്ലാത്തവരുടെമേല്‍ ഇവമൂലം ദൈവത്തിന്‍റെ ശിക്ഷ വന്നുചേരുന്നു.
7 ഒരു കാലത്ത് നിങ്ങള്‍ അവയ്‍ക്കു വിധേയരായിരുന്നു. അന്ന് അവ നിങ്ങളില്‍ ആധിപത്യം ഉറപ്പിച്ചിരുന്നു.
8
എന്നാല്‍ ഇന്ന് കോപം, അമര്‍ഷം, ദോഷം എന്നിവയെല്ലാം നിങ്ങള്‍ ഉപേക്ഷിക്കേണ്ടതാണ്. അധിക്ഷേപവാക്കുകളോ, അശ്ലീലഭാഷണമോ നിങ്ങളുടെ അധരങ്ങളില്‍നിന്നു പുറപ്പെടരുത്.9 നിങ്ങള്‍ അന്യോന്യം അസത്യം പറയരുത്. നിങ്ങളുടെ പഴയ മനുഷ്യനെ അവന്‍റെ പഴയ സ്വഭാവത്തോടുകൂടി നിഷ്കാസനം ചെയ്തിരിക്കുകയാണല്ലോ.
10 ഇപ്പോള്‍ പുതിയ പ്രകൃതി നിങ്ങള്‍ ധരിച്ചിരിക്കുന്നു. സ്രഷ്ടാവായ ദൈവത്തെ പൂര്‍ണമായി നിങ്ങള്‍ അറിയുന്നതിനുവേണ്ടി ആ പ്രകൃതിയെ തന്‍റെ പ്രതിച്ഛായയില്‍ അവിടുന്ന് അനുസ്യൂതം നവീകരിച്ചുകൊണ്ടിരിക്കുന്നു.
11 അതില്‍ യെഹൂദനെന്നോ, വിജാതീയനെന്നോ, പരിച്ഛേദനകര്‍മത്തിനു വിധേയനോ അല്ലാത്തവനോ എന്നോ, ഭേദമില്ല; കിരാതന്‍, അപരിഷ്കൃതന്‍, ദാസന്‍, സ്വതന്ത്രന്‍ എന്നീ ഭേദങ്ങളുമില്ല; ക്രിസ്തുവാണ് എല്ലാവരിലും എല്ലാം ആയിരിക്കുന്നത്.
12
നിങ്ങള്‍ ദൈവത്തിന്‍റെ ജനമാകുന്നു; അവിടുന്നു നിങ്ങളെ സ്നേഹിക്കുകയും തന്‍റെ സ്വന്തം ജനമായിരിക്കേണ്ടതിനു നിങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. അതുകൊണ്ട് മനസ്സലിവ്, ദയ, വിനയം, സൗമ്യത, ക്ഷമാശീലം ഇവ നിങ്ങള്‍ ധരിക്കണം.13 നിങ്ങള്‍ അന്യോന്യം സഹിക്കുകയും പൊറുക്കുകയും ഒരുവനു മറ്റൊരുവനെപ്പറ്റി എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ പരസ്പരം ക്ഷമിക്കുകയും വേണം. കര്‍ത്താവു നിങ്ങളോടു ക്ഷമിച്ചിരിക്കുന്നതുപോലെ നിങ്ങളും അന്യോന്യം ക്ഷമിക്കേണ്ടതാണ്.
14 സര്‍വോപരി, സമ്പൂര്‍ണമായ ഐക്യത്തില്‍ എല്ലാറ്റിനെയും കൂട്ടിയിണക്കുന്ന സ്നേഹം ധരിച്ചുകൊള്ളുക.
15 ക്രിസ്തുവിന്‍റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. ഈ സമാധാനത്തിലേക്കാണ് ദൈവം നിങ്ങളെ ഏകശരീരമായി വിളിച്ചിരിക്കുന്നത്. അതിനാല്‍ നിങ്ങള്‍ അവിടുത്തോടു നന്ദിയുള്ളവരായിരിക്കുക.
16 ക്രിസ്തുവിന്‍റെ സന്ദേശം അതിന്‍റെ സര്‍വസമൃദ്ധിയോടുംകൂടി നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കണം. സകല ജ്ഞാനത്തോടും കൂടി അന്യോന്യം പ്രബോധിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുക. സങ്കീര്‍ത്തനങ്ങളും സ്തോത്രഗീതങ്ങളും ആത്മീയ ഗാനങ്ങളും ആലപിക്കുക; നിങ്ങളുടെ ഹൃദയത്തില്‍നിന്നു ദൈവത്തിനു കൃതജ്ഞതയോടുകൂടിയ ഗാനം ഉയരട്ടെ.
17 നിങ്ങള്‍ ചെയ്യുന്നതും പറയുന്നതും എല്ലാം കര്‍ത്താവായ യേശുവില്‍കൂടി പിതാവായ ദൈവത്തിനു സ്തോത്രം ചെയ്തുകൊണ്ട് അവിടുത്തെ നാമത്തില്‍ ആയിരിക്കേണ്ടതാണ്.
18
ഭാര്യമാരേ, കര്‍ത്താവിന്‍റെ അനുയായികള്‍ എന്ന നിലയില്‍ കടമ എന്നു കരുതി നിങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കു കീഴ്പെട്ടിരിക്കുക.19
ഭര്‍ത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുക; അവരോടു പരുഷമായി പെരുമാറരുത്.20
കുട്ടികളേ, എല്ലാ കാര്യങ്ങളിലും നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുക; എന്തെന്നാല്‍ അതാണ് കര്‍ത്താവിനു പ്രസാദകരമായിട്ടുള്ളത്.21
മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികളെ പ്രകോപിപ്പിക്കരുത്; അങ്ങനെ ചെയ്താല്‍ അവര്‍ ധൈര്യഹീനരായിത്തീരും.22
ദാസന്മാരേ, എല്ലാ കാര്യങ്ങളിലും നിങ്ങളുടെ ലൗകികയജമാനന്മാരെ അനുസരിക്കുക; അവരുടെ പ്രീതി കിട്ടുന്നതിനുവേണ്ടി, അവരുടെ കണ്‍മുമ്പില്‍ മാത്രമല്ല അനുസരിക്കേണ്ടത്. കര്‍ത്താവിനോടുള്ള ഭയഭക്തിമൂലം ആത്മാര്‍ഥമായി അനുസരിക്കുക.23 നിങ്ങള്‍ എന്തുചെയ്താലും മനുഷ്യര്‍ക്കുവേണ്ടിയല്ല, കര്‍ത്താവിനുവേണ്ടിയത്രേ ചെയ്യുന്നത് എന്ന ചിന്തയില്‍ പൂര്‍ണഹൃദയത്തോടുകൂടി ചെയ്യണം.
24 തന്‍റെ ജനത്തിനു നല്‌കുവാന്‍ കരുതിവച്ചിട്ടുള്ള പൈതൃകം കര്‍ത്താവു പ്രതിഫലമായി നിങ്ങള്‍ക്കു നല്‌കുമെന്നുള്ളത് ഓര്‍ത്തുകൊള്ളുക.
25 എന്തെന്നാല്‍ ക്രിസ്തു എന്ന യജമാനനെയാണ് നിങ്ങള്‍ യഥാര്‍ഥത്തില്‍ സേവിക്കുന്നത്. തെറ്റു ചെയ്യുന്നവന് അര്‍ഹിക്കുന്ന ശിക്ഷ കിട്ടും; ഒരേ അളവുകോല്‍കൊണ്ടാണ് ദൈവം എല്ലാവരെയും അളക്കുന്നത്.
1
യജമാനന്മാരേ, ദാസന്മാരോടു ന്യായമായും നീതിയായും പെരുമാറുക. നിങ്ങള്‍ക്കും സ്വര്‍ഗത്തില്‍ ഒരു യജമാനന്‍ ഉണ്ടെന്നുള്ളത് ഓര്‍ക്കുക.2
പ്രാര്‍ഥനയില്‍ ജാഗരൂകരായി ദൈവത്തിനു സ്തോത്രം അര്‍പ്പിച്ചുകൊണ്ട് ഉറച്ചുനില്‌ക്കുക.3 ക്രിസ്തുവിന്‍റെ രഹസ്യം പ്രസംഗിക്കുന്നതിനു വചനത്തിന്‍റെ വാതില്‍ തുറന്നു കിട്ടുവാനായി ഞങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കുക. അതിനുവേണ്ടിയാണല്ലോ ഞാന്‍ ഇപ്പോള്‍ തടവിലായിരിക്കുന്നത്.
4 ആ മര്‍മ്മം സ്പഷ്ടമാക്കുന്ന വിധത്തില്‍ യഥോചിതം പ്രസംഗിക്കുവാന്‍ എനിക്കു കഴിയുന്നതിനുവേണ്ടിയും പ്രാര്‍ഥിക്കുക.
5
നിങ്ങള്‍ക്കു ലഭിക്കുന്ന അവസരങ്ങള്‍ നന്നായി പ്രയോജനപ്പെടുത്തിക്കൊണ്ട്, വിശ്വാസികളല്ലാത്തവരോടു വിവേകപൂര്‍വം വര്‍ത്തിക്കുക.6 നിങ്ങളുടെ സംഭാഷണം ഹൃദ്യവും മധുരോദാരവുമായിരിക്കണം. എല്ലാവര്‍ക്കും സമുചിതമായ മറുപടി നല്‌കേണ്ടത് എങ്ങനെയാണെന്നു നിങ്ങള്‍ അറിഞ്ഞിരിക്കുകയും വേണം.
7
നമ്മുടെ പ്രിയ സഹോദരനും കര്‍ത്താവിന്‍റെ വേലയില്‍ വിശ്വസ്തനും സഹഭൃത്യനുമായ തിഹിക്കൊസ് എന്നെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും നിങ്ങളോടു പറയും.8 ഞങ്ങളുടെ വിവരങ്ങള്‍ അറിയിച്ച് നിങ്ങളെ സമാശ്വസിപ്പിക്കുന്നതിനുവേണ്ടിയത്രേ അയാളെ ഞാന്‍ അയയ്‍ക്കുന്നത്.
9 നിങ്ങളുടെ കൂട്ടത്തില്‍പ്പെട്ട പ്രിയങ്കരനും വിശ്വസ്തനുമായ ഒനേസിമോസും അയാളുടെ കൂടെ വരുന്നുണ്ട്. ഇവിടത്തെ എല്ലാ വിവരങ്ങളും അവര്‍ നിങ്ങളെ അറിയിക്കും.
10
എന്‍റെ കൂടെ തടവില്‍ കിടക്കുന്ന അരിസ്തര്‍ഹൊസും ബര്‍നബാസിന്‍റെ പിതൃവ്യപുത്രനായ മര്‍ക്കോസും നിങ്ങളെ അഭിവാദനം ചെയ്യുന്നു. മര്‍ക്കോസ് നിങ്ങളുടെ അടുക്കല്‍ വരികയാണെങ്കില്‍ അയാളെ നിങ്ങള്‍ സ്വീകരിക്കണമെന്നു നേരത്തെ നിര്‍ദേശിച്ചിട്ടുണ്ടല്ലോ.11 യുസ്തൊസ് എന്നു വിളിക്കുന്ന യേശുവും നിങ്ങള്‍ക്കു വന്ദനം പറയുന്നു. എന്നോടുകൂടി ദൈവരാജ്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരില്‍ ഈ മൂന്നുപേര്‍ മാത്രമാണ്, വിശ്വാസം സ്വീകരിച്ചിട്ടുള്ള യെഹൂദന്മാര്‍. അവര്‍ എനിക്കു വലിയ സഹായമായിത്തീര്‍ന്നു.
12
നിങ്ങളുടെ കൂട്ടത്തിലുള്ളവനും ക്രിസ്തുയേശുവിന്‍റെ ഭൃത്യനുമായ എപ്പഫ്രാസും നിങ്ങളെ അഭിവാദനം ചെയ്യുന്നു. നിങ്ങള്‍ ദൃഢവിശ്വാസമുള്ളവരും പക്വമതികളുമായി ദൈവഹിതം പൂര്‍ണമായി അനുസരിക്കുന്നതില്‍ പതറാതെ ഉറച്ചുനില്‌ക്കുന്നതിനുവേണ്ടി അയാള്‍ ഏറ്റവും ശുഷ്കാന്തിയോടുകൂടി എപ്പോഴും പ്രാര്‍ഥിക്കുന്നു.13 നിങ്ങള്‍ക്കും ലവൊദിക്യയിലും ഹിയരാപ്പൊലിസിലുള്ളവര്‍ക്കുംവേണ്ടി അയാള്‍ ചെയ്യുന്ന കഠിനാധ്വാനത്തിനു ഞാന്‍ സാക്ഷിയാണ്.
14 നമ്മുടെ പ്രിയപ്പെട്ട വൈദ്യനായ ലൂക്കോസും, ദേമാസും നിങ്ങള്‍ക്കു വന്ദനം പറയുന്നു.
15
ലവൊദിക്യയിലുള്ള സഹോദരന്മാര്‍ക്കും, നിംഫയ്‍ക്കും, അവളുടെ ഭവനത്തില്‍ കൂടുന്ന സഭയ്‍ക്കും, ഞങ്ങളുടെ ആശംസകള്‍.16 നിങ്ങള്‍ ഈ കത്തു വായിച്ചശേഷം ലവൊദിക്യയിലെ സഭയിലും ഇതു വായിക്കണം.
17 അതുപോലെതന്നെ ലവൊദിക്യയിലെ സഹോദരന്മാര്‍ നിങ്ങള്‍ക്കയച്ചുതരുന്ന കത്തും നിങ്ങള്‍ വായിക്കേണ്ടതാണ്. കര്‍ത്തൃശുശ്രൂഷയില്‍ തന്നെ ഏല്പിച്ചിട്ടുള്ള ചുമതല നിര്‍വഹിക്കണമെന്ന് അര്‍ഹിപ്പൊസിനോടു പറയുക.
18
നിങ്ങള്‍ക്ക് എന്‍റെ അഭിവാദനങ്ങള്‍! പൗലൊസ് എന്ന ഞാന്‍ എന്‍റെ സ്വന്തം കൈകൊണ്ട് ഇതെഴുതിയിരിക്കുന്നു. ഞാന്‍ തടവിലാണ് എന്നുള്ളത് നിങ്ങള്‍ മറക്കരുത്. ദൈവത്തിന്‍റെ കൃപ നിങ്ങളോടുകൂടി ഇരിക്കുമാറാകട്ടെ.