1

1

ക്രിസ്തുയേശുവിന്‍റെ സേവകരായ പൗലൊസും തിമൊഥെയോസും, ഫിലിപ്പിയിലെ സഭാമേലധ്യക്ഷന്മാര്‍ക്കും ശുശ്രൂഷകര്‍ക്കും ക്രിസ്തുയേശുവിനോട് ഏകീഭവിച്ചിട്ടുള്ള സകല ദൈവജനങ്ങള്‍ക്കും എഴുതുന്നത്:

2

നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ലഭിക്കട്ടെ.

3

നിങ്ങളെ ഓര്‍മിക്കുമ്പോഴെല്ലാം എന്‍റെ ദൈവത്തിനു ഞാന്‍ സ്തോത്രം ചെയ്യുന്നു.

4 നിങ്ങള്‍ക്കെല്ലാവര്‍ക്കുംവേണ്ടി ഞാന്‍ പ്രാര്‍ഥിക്കുമ്പോഴെല്ലാം ആനന്ദത്തോടുകൂടിയാണു പ്രാര്‍ഥിക്കുന്നത്.

5 [5,6] ആദിമുതല്‍ ഇന്നുവരെയും സുവിശേഷ പ്രചാരണത്തില്‍ നിങ്ങള്‍ വഹിച്ചിട്ടുള്ള പങ്കില്‍ ദൈവത്തോടു ഞാന്‍ അതീവ കൃതജ്ഞനുമാണ്. ഈ നല്ല പ്രവൃത്തി നിങ്ങളില്‍ ആരംഭിച്ച ദൈവം, ക്രിസ്തുയേശുവിന്‍റെ പ്രത്യാഗമനനാള്‍വരെ, അതു തുടര്‍ന്നു പൂര്‍ത്തിയാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

6

7 നിങ്ങളെ എല്ലാവരെയും എന്‍റെ ഹൃദയത്തില്‍ വഹിച്ചിരിക്കുന്നതുകൊണ്ട്, നിങ്ങളെപ്പറ്റി ഇപ്രകാരമെല്ലാം വിചാരിക്കുന്നത് യുക്തമാണല്ലോ. എന്തുകൊണ്ടെന്നാല്‍ എന്‍റെ കാരാഗൃഹവാസത്തിലും അതുപോലെ തന്നെ സുവിശേഷത്തിനുവേണ്ടി പ്രതിവാദം നടത്തുകയും അതിനെ ഉറപ്പിക്കുകയും ചെയ്യുവാന്‍ ദൈവം എനിക്കു നല്‌കിയ ഈ പദവിയിലും നിങ്ങളെല്ലാവരും പങ്കാളികളായിരുന്നല്ലോ.

8 ക്രിസ്തുയേശുവിന്‍റെ പ്രീതിവാത്സല്യങ്ങളോടുകൂടി നിങ്ങളെ എല്ലാവരെയും കാണുവാന്‍ ഞാന്‍ എത്ര അധികമായി ആഗ്രഹിക്കുന്നു എന്നതിന് എന്‍റെ ദൈവം സാക്ഷി.

9

[9,10] ഉത്തമമായതു തിരഞ്ഞെടുക്കുവാന്‍ നിങ്ങള്‍ പ്രാപ്തരാകുന്നതിനു പര്യാപ്തമായ പരിജ്ഞാനത്തോടും, വിവേചനബുദ്ധിയോടുംകൂടി നിങ്ങളുടെ സ്നേഹം മേല്‌ക്കുമേല്‍ വര്‍ധിച്ചുവരട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു. അങ്ങനെ ക്രിസ്തുവിന്‍റെ പ്രത്യാഗമനദിവസത്തില്‍ നിങ്ങള്‍ വിശുദ്ധിയും നൈര്‍മല്യവും ഉള്ളവരായിത്തീരും.

10

11 ദൈവത്തിന്‍റെ മഹത്ത്വത്തിനും സ്തുതിക്കുംവേണ്ടി യേശുക്രിസ്തുവില്‍കൂടി ദൈവം നമ്മെ സ്വീകരിക്കുന്നതിന്‍റെ ഫലങ്ങള്‍കൊണ്ട് നിങ്ങള്‍ നിറയുകയും ചെയ്യും.

12

സഹോദരരേ, എനിക്കു സംഭവിച്ചതെല്ലാം യഥാര്‍ഥത്തില്‍ സുവിശേഷത്തിന്‍റെ പുരോഗതിക്കു സഹായകരമായിത്തീര്‍ന്നു എന്നു നിങ്ങള്‍ മനസ്സിലാക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.

13 ക്രിസ്തുവിനെപ്രതിയാണ് ഞാന്‍ കാരാഗൃഹത്തില്‍ ആയിരിക്കുന്നത് എന്ന് എല്ലാ അകമ്പടിപ്പട്ടാളക്കാര്‍ക്കും ഇവിടെയുള്ള മറ്റെല്ലാവര്‍ക്കും ബോധ്യമായിരിക്കുന്നു.

14 ഞാന്‍ തടവിലായതു മൂലം സഹോദരന്മാരില്‍ മിക്കപേര്‍ക്കും കര്‍ത്താവിലുള്ള വിശ്വാസം ഉറയ്‍ക്കുകയും ദൈവത്തിന്‍റെ സന്ദേശം നിര്‍ഭയം പ്രഘോഷിക്കുന്നതിനുള്ള ധൈര്യം വര്‍ധിക്കുകയും ചെയ്തിരിക്കുന്നു.

15

ചിലര്‍ ക്രിസ്തുവിന്‍റെ സുവിശേഷം പ്രഘോഷിക്കുന്നത് അസൂയയും പിണക്കവും കൊണ്ടാണെന്ന് വ്യക്തമാണ്. മറ്റു ചിലരാകട്ടെ ആത്മാര്‍ഥമായ സന്മനസ്സോടുകൂടി പ്രസംഗിക്കുന്നു.

16 എന്നോടുള്ള സ്നേഹത്തിന്‍റെ പേരിലാണ് അവര്‍ അപ്രകാരം ചെയ്യുന്നത്. എന്തെന്നാല്‍ സുവിശേഷത്തിന്‍റെ സംരക്ഷണത്തിനുവേണ്ടിയാണ് എന്നെ നിയോഗിച്ചിരിക്കുന്നതെന്ന് അവര്‍ക്കറിയാം.

17 ആദ്യത്തെ കൂട്ടര്‍ ആത്മാര്‍ഥതകൊണ്ടല്ല പിന്നെയോ കക്ഷിതാത്പര്യംകൊണ്ടാണ് ക്രിസ്തുവിനെ വിളംബരം ചെയ്യുന്നത്; ബന്ധനസ്ഥനായ എന്നെ കൂടുതല്‍ ക്ലേശിപ്പിക്കാമെന്നത്രേ അവര്‍ കരുതുന്നത്.

18

അതു സാരമില്ല! ഉദ്ദേശ്യം ശരിയോ തെറ്റോ ആയിക്കൊള്ളട്ടെ. എങ്ങനെയായാലും ക്രിസ്തുവിനെക്കുറിച്ചാണല്ലോ പ്രസംഗിക്കുന്നതെന്ന് ഓര്‍ക്കുമ്പോള്‍ എനിക്കു സന്തോഷമേയുള്ളൂ; ഈ സന്തോഷത്തില്‍ ഞാന്‍ തുടരുകയും ചെയ്യും.

19 എന്തുകൊണ്ടെന്നാല്‍, നിങ്ങളുടെ പ്രാര്‍ഥനയാലും, യേശുക്രിസ്തുവിന്‍റെ ആത്മാവിന്‍റെ സഹായത്താലും ഞാന്‍ വിമോചിതനാകുമെന്ന് എനിക്കറിയാം.

20 അങ്ങനെ ഞാന്‍ അശേഷം ലജ്ജിച്ചുപോകാതെ പൂര്‍ണ ധൈര്യത്തോടുകൂടി എപ്പോഴുമെന്നതുപോലെ ഇപ്പോഴും കഴിയുന്നു; ജീവിതത്തില്‍കൂടിയാകട്ടെ, മരണത്തില്‍കൂടിയാകട്ടെ ക്രിസ്തു എന്നിലൂടെ മഹത്ത്വപ്പെടണമെന്ന് ഞാന്‍ സര്‍വാത്മനാ പ്രതീക്ഷിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നു.

21 ക്രിസ്തുവാണ് എന്‍റെ ജീവന്‍; മരണം എനിക്കു ലാഭവും.

22 എന്നാല്‍ ഇനിയും ജീവിക്കുകയാണെങ്കില്‍ കൂടുതല്‍ ഫലപ്രദമായി പ്രയത്നിക്കുവാന്‍ കഴിയും. ഇതില്‍ ഏതാണു തിരഞ്ഞെടുക്കേണ്ടതെന്ന് എനിക്കു നിശ്ചയമില്ല. ഇവയുടെ മധ്യത്തില്‍ ഞാന്‍ വല്ലാതെ ഞെരുങ്ങുന്നു.

23 ശരീരത്തോടു വിടവാങ്ങി ക്രിസ്തുവിനോടു ചേരുവാനാണ് ഞാന്‍ അഭിവാഞ്ഛിക്കുന്നത്. അതാണല്ലോ കൂടുതല്‍ അഭികാമ്യം.

24 എന്നാല്‍ നിങ്ങളെപ്രതി ഞാന്‍ ശരീരത്തോടുകൂടി ഇരിക്കേണ്ടത് അതിലേറെ ആവശ്യം.

25 ഈ ബോധ്യത്തോടുകൂടി നിങ്ങളുടെ അഭിവൃദ്ധിക്കും വിശ്വാസത്തിലുള്ള ആനന്ദത്തിനുവേണ്ടി ഞാന്‍ ജീവനോടെ ശേഷിക്കുമെന്നും നിങ്ങളെല്ലാവരോടുംകൂടി ഉണ്ടായിരിക്കുമെന്നും എനിക്കുറപ്പുണ്ട്.

26 അങ്ങനെ ഞാന്‍ വീണ്ടും നിങ്ങളുടെ അടുക്കല്‍ വരുന്നതുകൊണ്ട്, ക്രിസ്തുയേശുവിനോടുള്ള ബന്ധത്തില്‍ ഞാന്‍ നിമിത്തം നിങ്ങള്‍ക്ക് അഭിമാനിക്കുവാന്‍ വേണ്ടുവോളം വകയുണ്ടാകും.

27

[27,28] നിങ്ങള്‍ ക്രിസ്തുവിന്‍റെ സുവിശേഷത്തിനു യോഗ്യമായവിധം ജീവിക്കണമെന്നതാണ് ഏറ്റവും പ്രധാനം. അങ്ങനെ ഞാന്‍ വന്നു നിങ്ങളെ കാണുകയോ, അഥവാ വരാതെ നിങ്ങളെക്കുറിച്ചു കേള്‍ക്കുകയോ ചെയ്താലും, നിങ്ങള്‍ ഏകാത്മാവോടും ഏകമനസ്സോടുംകൂടി ഉറച്ചുനിന്നുകൊണ്ട് സുവിശേഷത്തിന്‍റെ വിശ്വാസത്തിനുവേണ്ടി പോരാടുന്നു എന്നും, ഒരു കാര്യത്തിലും ശത്രുക്കള്‍ നിങ്ങളെ ഭയപ്പെടുത്തുന്നില്ല എന്നും, നിങ്ങളെക്കുറിച്ച് അറിയുവാന്‍ എനിക്ക് ഇടയാകട്ടെ. നിങ്ങളുടെ പോരാട്ടം അവരുടെ നാശത്തിനും, പ്രത്യുത നിങ്ങളുടെ രക്ഷയ്‍ക്കും ദൈവത്തില്‍ നിന്നുള്ള അടയാളമാകുന്നു.

28

29 ക്രിസ്തുവില്‍ വിശ്വസിക്കുവാന്‍ മാത്രമല്ല, അവിടുത്തെ പ്രതി കഷ്ടത സഹിക്കുവാന്‍കൂടി ഉള്ള വരം ദൈവം നിങ്ങള്‍ക്കു നല്‌കിയിരിക്കുന്നു.

30 എന്നില്‍ നിങ്ങള്‍ കണ്ടതും, ഇപ്പോള്‍ എന്നെക്കുറിച്ചു കേള്‍ക്കുന്നതുമായ അതേ പോരാട്ടത്തില്‍ തന്നെയാണല്ലോ നിങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

2

1

[1,2] ക്രിസ്തുവില്‍ വല്ല ഉത്തേജനവും ഉണ്ടെങ്കില്‍, സ്നേഹത്തിന്‍റെ വല്ല പ്രചോദനവും ഉണ്ടെങ്കില്‍, ആത്മാവില്‍ വല്ല കൂട്ടായ്മയും ഉണ്ടെങ്കില്‍, വല്ല പ്രീതിവാത്സല്യവും സഹാനുഭൂതിയും ഉണ്ടെങ്കില്‍, നിങ്ങള്‍ ഏകമനസ്സും ഏകസ്നേഹവും ഉള്ളവരായി ഒത്തിണങ്ങി, ഏകീഭാവത്തോടുകൂടി വര്‍ത്തിച്ച് എന്‍റെ ആനന്ദം പൂര്‍ണമാക്കുക.

2

3 മാത്സര്യത്താലോ, ദുരഭിമാനത്താലോ ഒന്നും ചെയ്യരുത്. മറ്റുള്ളവര്‍ നിങ്ങളെക്കാള്‍ ശ്രേഷ്ഠരാണെന്നു വിനയപൂര്‍വം കരുതിക്കൊള്ളണം.

4 ഓരോരുത്തരും സ്വന്തതാത്പര്യം മാത്രമല്ല മറ്റുള്ളവരുടെ താത്പര്യംകൂടി നോക്കണം.

5 ക്രിസ്തുയേശുവിനുണ്ടായിരുന്ന മനോഭാവം തന്നെ നിങ്ങള്‍ക്കും ഉണ്ടായിരിക്കട്ടെ.

6

അവിടുത്തെ പ്രകൃതി ദൈവത്തിന്‍റെ തനിമയായിരുന്നെങ്കിലും,
അവിടുന്നു ദൈവത്തോടുള്ള സമത്വം
മുറുകെ പിടിക്കണമെന്നു വിചാരിച്ചില്ല.

7
അവിടുന്നു സ്വയം ശൂന്യമാക്കിക്കൊണ്ട്
ദാസരൂപം പൂണ്ട്, മനുഷ്യനായി ജന്മമെടുത്തു;
ബാഹ്യരൂപത്തില്‍ മനുഷ്യനായി
കാണപ്പെടുകയും ചെയ്തു.

8
അങ്ങനെ അവിടുന്നു തന്നെത്താന്‍ താഴ്ത്തി,
മരണത്തോളം എന്നല്ല
കുരിശിലെ മരണത്തോളംതന്നെ,
അനുസരണമുള്ളവനായിത്തീര്‍ന്നു.

9
അതിനാല്‍ ദൈവം അവിടുത്തെ ഏറ്റവും
സമുന്നത പദത്തിലേക്കുയര്‍ത്തി,
സകല നാമങ്ങള്‍ക്കും മീതെയുള്ള നാമം നല്‌കി.

10
അങ്ങനെ യേശുവിന്‍റെ ശ്രേഷ്ഠനാമത്തെ ആദരിച്ച്
അവിടുത്തെ സ്വര്‍ഗത്തിലും ഭൂമിയിലും
അധോലോകത്തിലുമുള്ള
എല്ലാവരും മുട്ടുകുത്തി നമസ്കരിക്കുകയും

11
പിതാവായ ദൈവത്തിന്‍റെ മഹത്ത്വത്തിനായി,
യേശുക്രിസ്തു കര്‍ത്താവെന്ന്
എല്ലാനാവും ഏറ്റുപറയുകയും ചെയ്യുന്നു.

12

പ്രിയ സുഹൃത്തുക്കളേ, നിങ്ങള്‍ എപ്പോഴും എന്നെ അനുസരിച്ചിട്ടുള്ളതുപോലെ, ഇപ്പോള്‍ എന്‍റെ സാന്നിധ്യത്തില്‍ മാത്രമല്ല, അതിലേറെ എന്‍റെ അസാന്നിധ്യത്തിലും, നിങ്ങളുടെ രക്ഷ സ്വായത്തമാക്കുന്നതിനുവേണ്ടി ഭയത്തോടും വിറയലോടുംകൂടി പൂര്‍വാധികം യത്നിക്കുക.

13 ദൈവഹിതപ്രകാരം ഇച്ഛിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുവാന്‍ നിങ്ങളെ പ്രാപ്തരാക്കുന്നത് നിങ്ങളില്‍ വര്‍ത്തിക്കുന്ന ദൈവമാണല്ലോ.

14

എല്ലാ കാര്യങ്ങളും പിറുപിറുപ്പും തര്‍ക്കവും കൂടാതെ ചെയ്യുക.

15 അങ്ങനെ വക്രതയും കുടിലതയും നിറഞ്ഞ തലമുറയുടെ നടുവില്‍ നിങ്ങള്‍ കളങ്കമറ്റ ദൈവമക്കളായി, നിര്‍മ്മലരും അനിന്ദ്യരും ആയിത്തീരണം;

16 ലോകത്തില്‍ ജീവന്‍റെ വചനം മുറുകെപ്പിടിച്ചുകൊണ്ട് ദീപങ്ങളെപ്പോലെ പ്രകാശിക്കുകയും വേണം. അങ്ങനെ ഞാന്‍ ഓടിയതും അധ്വാനിച്ചതും വ്യര്‍ഥമായില്ല എന്നു ക്രിസ്തുവിന്‍റെ പ്രത്യാഗമനനാളില്‍ എനിക്ക് അഭിമാനിക്കുവാന്‍ ഇടയാകും.

17

നിങ്ങളുടെ വിശ്വാസത്തിന്‍റെ ബലിവേദിയില്‍ എന്‍റെ ജീവരക്തം നിവേദിക്കേണ്ടി വന്നാലും ഞാന്‍ സന്തോഷിക്കും; നിങ്ങളെല്ലാവരോടുംകൂടി ഞാന്‍ ആനന്ദിക്കും.

18 അതുപോലെ തന്നെ നിങ്ങളും എന്നോടുകൂടി സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യണം.

19

നിങ്ങളുടെ വിവരങ്ങള്‍ അറിഞ്ഞു സന്തോഷിക്കേണ്ടതിന് തിമൊഥെയോസിനെ എത്രയുംവേഗം അങ്ങോട്ടയയ്‍ക്കാമെന്നു ഞാന്‍ കര്‍ത്താവായ യേശുവില്‍ പ്രത്യാശിക്കുന്നു.

20 അയാളെപ്പോലെ നിങ്ങളുടെ ക്ഷേമത്തില്‍ താത്പര്യമുള്ള വേറൊരാളെ അയയ്‍ക്കുവാന്‍ എനിക്കില്ല.

21 മറ്റുള്ള എല്ലാവരും യേശുക്രിസ്തുവിന്‍റെ കാര്യമല്ല, അവനവന്‍റെ കാര്യമാണു നോക്കുന്നത്.

22 എന്നാല്‍ സുവിശേഷഘോഷണത്തില്‍ ഒരു മകന്‍ അപ്പന്‍റെ കൂടെ എന്നവണ്ണം എന്നോടൊപ്പം സേവനം അനുഷ്ഠിച്ച തിമൊഥെയോസിന്‍റെ യോഗ്യത നിങ്ങള്‍ക്ക് അറിയാമല്ലോ.

23 അതുകൊണ്ട് എന്‍റെ കാര്യം എങ്ങനെ ആകും എന്ന് അറിഞ്ഞാലുടന്‍ അയാളെ അങ്ങോട്ടയയ്‍ക്കാമെന്ന് ആശിക്കുന്നു.

24 ഞാനും കാലവിളംബംകൂടാതെ വരാമെന്നു കര്‍ത്താവില്‍ പ്രതീക്ഷിക്കുന്നു.

25

എന്‍റെ സഹോദരനും, സഹപ്രവര്‍ത്തകനും, സഹഭടനും, എന്‍റെ ആവശ്യങ്ങളില്‍ എന്നെ പരിചരിക്കുന്നതിനായി നിങ്ങള്‍ അയച്ചവനുമായ എപ്പഫ്രൊദിത്തോസിനെ നിങ്ങളുടെ അടുക്കല്‍ തിരിച്ച് അയയ്‍ക്കേണ്ടത് ആവശ്യം എന്ന് എനിക്കു തോന്നി.

26 നിങ്ങളെ എല്ലാവരെയും കാണാന്‍ അയാള്‍ അതിയായി ആഗ്രഹിക്കുന്നു. മാത്രമല്ല, താന്‍ രോഗശയ്യയിലായിരുന്നു എന്നു നിങ്ങള്‍ കേട്ടതുകൊണ്ട് അയാള്‍ അത്യന്തം അസ്വസ്ഥനാകുകയും ചെയ്യുന്നു.

27 വാസ്തവത്തില്‍ അയാള്‍ രോഗാധീനനായി മരണത്തിന്‍റെ വക്കുവരെ എത്തിയതായിരുന്നു. എങ്കിലും ദൈവത്തിന് അയാളോടു കരുണ തോന്നി. അയാളോടു മാത്രമല്ല എന്നോടും. അങ്ങനെ ഒരു ദുഃഖത്തിന്‍റെ പുറത്തു മറ്റൊന്നുകൂടി വരാനിടയായില്ല.

28 അങ്ങനെ അയാളെ വീണ്ടും കണ്ട് നിങ്ങള്‍ സന്തോഷിക്കുന്നതിനും എന്‍റെ ഉല്‍ക്കണ്ഠ കുറയുന്നതിനുംവേണ്ടി അയാളെ നിങ്ങളുടെ അടുക്കലേക്ക് അയയ്‍ക്കുന്നു.

29 കര്‍ത്താവില്‍ ഒരു സഹോദരനെപ്പോലെ നിങ്ങള്‍ അയാളെ സന്തോഷപൂര്‍വം സ്വീകരിക്കണം. അയാളെപ്പോലെയുള്ളവരെ ആദരിക്കണം;

30 എനിക്കു വേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷ പൂര്‍ത്തീകരിക്കുവാന്‍ ക്രിസ്തുവിന്‍റെ വേല ചെയ്യുന്നതിനു തന്‍റെ ജീവന്‍ അപകടത്തിലാക്കിക്കൊണ്ട് മരണത്തിന്‍റെ വക്കുവരെ അയാള്‍ എത്തിയല്ലോ.

3

1

ഇനി, എന്‍റെ സഹോദരരേ, കര്‍ത്താവില്‍ ആനന്ദിക്കുക. ഒരേ കാര്യം തന്നെ ആവര്‍ത്തിച്ച് എഴുതുന്നതില്‍ എനിക്കു മടുപ്പു തോന്നുന്നില്ല. അതു നിങ്ങള്‍ക്കു ഉറപ്പു നല്‌കുമല്ലോ.

2 വിച്ഛേദനവാദികളും ദുഷ്പ്രവര്‍ത്തകരുമായ നായ്‍ക്കളെ സൂക്ഷിച്ചുകൊള്ളുക.

3 ആത്മാവില്‍ ദൈവത്തെ ആരാധിക്കുകയും ക്രിസ്തുവിനോട് ഏകീഭവിച്ചുള്ള ജീവിതത്തില്‍ ആനന്ദിക്കുകയും ചെയ്യുന്ന നാമാണ് യഥാര്‍ഥ പരിച്ഛേദനം സ്വീകരിച്ചിട്ടുള്ളവര്‍. ബാഹ്യമായ ഏതെങ്കിലും ആചാരങ്ങളെ നാം ആശ്രയിക്കുന്നില്ല.

4 എനിക്കാണെങ്കില്‍ ബാഹ്യമായ കാര്യങ്ങളെയും ആശ്രയിക്കുവാന്‍ മതിയായ കാരണമുണ്ട്. മറ്റാര്‍ക്കെങ്കിലും ബാഹ്യമായ കാര്യങ്ങളെ ആശ്രയിക്കുവാന്‍ വകയുണ്ടെങ്കില്‍ എനിക്ക് എത്രയധികം!

5 എട്ടാം നാളില്‍ പരിച്ഛേദനം സ്വീകരിച്ചവനാണു ഞാന്‍; ഇസ്രായേല്‍ വംശജനും ബെന്യാമീന്‍ ഗോത്രക്കാരനും തനി എബ്രായനുമാണ്;

6 യെഹൂദനിയമപ്രകാരം ഒരു പരീശന്‍; മതതീക്ഷ്ണതയുടെ കാര്യത്തില്‍ സഭയെ പീഡിപ്പിച്ചവന്‍, നിയമം അനുശാസിക്കുന്ന നീതിയുടെ കാര്യത്തില്‍ തികച്ചും കുറ്റമറ്റവന്‍.

7 എന്നാല്‍ എനിക്കു ലാഭമായിരുന്നതെല്ലാം ക്രിസ്തുവിനുവേണ്ടി നഷ്ടം എന്നു കരുതി.

8 എന്‍റെ കര്‍ത്താവായ ക്രിസ്തുയേശുവിനെ അറിയുക എന്നതിന്‍റെ വില മറ്റെന്തിനെയും അതിശയിക്കുന്നതാകയാല്‍, നിശ്ചയമായും ഇപ്പോഴും എല്ലാം നഷ്ടമായിത്തന്നെ ഞാന്‍ കരുതുന്നു. ക്രിസ്തുവിനെ നേടുന്നതിനും, ക്രിസ്തുവിനോടു സമ്പൂര്‍ണമായി ഏകീഭവിക്കുന്നതിനുംവേണ്ടി, അവയെല്ലാം ചപ്പും ചവറുമായി ഞാന്‍ കരുതുന്നു.

9 നിയമസംഹിത അനുസരിക്കുന്നതിലൂടെ ലഭിക്കുന്ന നീതി ഇനി ഇല്ല. പിന്നെയോ ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ ലഭിക്കുന്ന നീതിയാണ് ഇപ്പോള്‍ എനിക്കുള്ളത്. ആ നീതി ദൈവത്തില്‍നിന്നുള്ളതും വിശ്വാസത്തില്‍ അധിഷ്ഠിതവുമാകുന്നു.

10 [10,11] ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിന്‍റെ ശക്തി അനുഭവവേദ്യമാക്കുകയും, അവിടുത്തെ പീഡാനുഭവങ്ങളില്‍ പങ്കുചേര്‍ന്ന്, മരണത്തില്‍ അവിടുത്തെപ്പോലെ ആയിത്തീരുകയും മരിച്ചവരില്‍നിന്നുള്ള പുനരുത്ഥാനം പ്രാപിക്കുമെന്നു പ്രത്യാശിക്കുകയും അങ്ങനെ ക്രിസ്തുവിനെ അറിയുകയും ചെയ്യുക എന്നതല്ലാതെ മറ്റൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല.

11

12

ഇവയെല്ലാം നേടിക്കഴിഞ്ഞു എന്നോ, പൂര്‍ണനായി എന്നോ ഞാന്‍ അവകാശപ്പെടുന്നില്ല; എന്നാല്‍ ഇവ സ്വന്തമാക്കാം എന്നു പ്രത്യാശിച്ചു ഞാന്‍ യത്നിക്കുന്നു. കാരണം ക്രിസ്തുയേശു എന്നെ തന്‍റെ സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു.

13 സഹോദരരേ, ഞാന്‍ അവ നേടിയെടുത്തു എന്നു കണക്കാക്കുന്നില്ല; എന്നാല്‍ ഒന്നു ഞാന്‍ ചെയ്യുന്നു;

14 പിന്നിലുള്ളതു മറന്ന്, മുന്നിലുള്ളതിനെ ഉന്നം വച്ചുകൊണ്ട് ആയാസപ്പെട്ടു മുന്നേറി, ക്രിസ്തുയേശുവിലൂടെ ഉള്ള ദൈവത്തിന്‍റെ പരമോന്നതമായ വിളിയുടെ സമ്മാനം കരസ്ഥമാക്കുന്നതിനുവേണ്ടി ലക്ഷ്യസ്ഥാനത്തേക്ക് ഓടുന്നു.

15

നമ്മില്‍ ആത്മീയപക്വത പ്രാപിച്ചവരെല്ലാം ഇങ്ങനെയാണു ചിന്തിക്കേണ്ടത്. എന്നാല്‍ നിങ്ങളില്‍ ചിലര്‍ മറ്റു വിധത്തില്‍ ചിന്തിക്കുകയാണെങ്കിലും ദൈവം അതു നിങ്ങള്‍ക്കു വെളിപ്പെടുത്തിത്തരും.

16 എങ്ങനെയായാലും നാം പ്രാപിച്ചിട്ടുള്ളതിനെ മുറുകെപ്പിടിക്കുക.

17

സഹോദരരേ, നിങ്ങള്‍ എന്നെ അനുകരിക്കുക. ഞങ്ങള്‍ നിങ്ങളുടെ മുമ്പില്‍ വച്ചിട്ടുള്ള നല്ല മാതൃക പിന്തുടരുന്നവരെ ശ്രദ്ധിച്ചുകൊള്ളുക.

18 ക്രിസ്തുവിന്‍റെ കുരിശിനു ശത്രുക്കളായി പലരും ജീവിക്കുന്നു എന്ന് ഞാന്‍ പലപ്പോഴും നിങ്ങളോടു പറഞ്ഞിട്ടുള്ളതാണ്. അത് കണ്ണുനീരോടുകൂടി ഞാന്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു.

19 അവരുടെ അന്ത്യം വിനാശമത്രേ. വയറാണ് അവരുടെ ദൈവം; ലജ്ജാകരമായതില്‍ അവര്‍ അഭിമാനം കൊള്ളുന്നു; ഭൗമികകാര്യങ്ങളെക്കുറിച്ചുമാത്രം അവര്‍ ചിന്തിക്കുന്നു.

20 നാമാകട്ടെ, സ്വര്‍ഗത്തിന്‍റെ പൗരന്മാരാകുന്നു. സ്വര്‍ഗത്തില്‍നിന്നു വരുന്ന കര്‍ത്താവായ യേശുക്രിസ്തു എന്ന രക്ഷകനെ നാം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

21 സകലത്തെയും തനിക്കു വിധേയമാക്കാന്‍ കഴിവുള്ള ശക്തിയാല്‍, തന്‍റെ മഹത്ത്വമുള്ള ശരീരത്തോടു സമാനമായി, നമ്മുടെ എളിയശരീരങ്ങളെ അവിടുന്നു രൂപാന്തരപ്പെടുത്തും.

4

1

അതുകൊണ്ട്, എന്‍റെ സഹോദരരേ, നിങ്ങള്‍ എനിക്ക് എത്ര വാത്സല്യമുള്ളവരാണ്! നിങ്ങളെ കാണുവാന്‍ ഞാന്‍ എത്രകണ്ട് അഭിവാഞ്ഛിക്കുന്നു! എന്‍റെ സന്തോഷവും എന്‍റെ കിരീടവുമായ പ്രിയരേ, ഇങ്ങനെ നിങ്ങള്‍ കര്‍ത്താവില്‍ ഉറച്ചുനില്‌ക്കുക.

2

കര്‍ത്താവില്‍ ഏകമനസ്സുള്ളവരായി വര്‍ത്തിക്കണമെന്ന് ഞാന്‍ യുവൊദ്യയോടും സുന്തുക്കയോടും അഭ്യര്‍ഥിക്കുന്നു.

3 എന്‍റെ ആത്മസുഹൃത്തേ, ആ സ്‍ത്രീകളെ സഹായിക്കണമെന്ന് ഞാന്‍ നിന്നോടപേക്ഷിക്കുന്നു. ജീവന്‍റെ പുസ്തകത്തില്‍ പേരെഴുതപ്പെട്ട ക്ലെമന്‍റിനോടും മറ്റു സഹപ്രവര്‍ത്തകരോടുംകൂടി, സുവിശേഷഘോഷണത്തില്‍ എന്നോടൊത്ത് അധ്വാനിച്ചവരാണല്ലോ അവര്‍.

4

നിങ്ങള്‍ എപ്പോഴും കര്‍ത്താവില്‍ ആനന്ദിക്കുക; വീണ്ടും ഞാന്‍ പറയുന്നു, ആനന്ദിക്കുക.

5

നിങ്ങളുടെ സൗമ്യമനോഭാവം എല്ലാവരും അറിയട്ടെ. ഇതാ, കര്‍ത്താവു വേഗം വരുന്നു.

6 ഒന്നിനെക്കുറിച്ചും ആകുലചിത്തരാകേണ്ടതില്ല. നിങ്ങളുടെ എല്ലാ ആവശ്യങ്ങളും കൃതജ്ഞതാസ്തോത്രത്തോടുകൂടി പ്രാര്‍ഥനയിലൂടെയും വിനീതമായ അഭ്യര്‍ഥനയിലൂടെയും ദൈവത്തെ അറിയിക്കുക.

7 അപ്പോള്‍ മനുഷ്യന്‍റെ എല്ലാ ധാരണാശക്തിക്കും അതീതമായ ദൈവത്തിന്‍റെ സമാധാനം, നിങ്ങളുടെ ഹൃദയങ്ങളെയും മനസ്സുകളെയും ക്രിസ്തുയേശുവില്‍ ലയിപ്പിച്ച് ഭദ്രമായി കാത്തുകൊള്ളും.

8

അവസാനമായി സഹോദരരേ, സത്യമായും, വന്ദ്യമായും, നീതിയുക്തമായും, നിര്‍മ്മലമായും, സുന്ദരമായും, ശ്രേഷ്ഠമായും, വിശിഷ്ടമായും, പ്രശംസാര്‍ഹമായും എന്തൊക്കെയുണ്ടോ, അവയെക്കുറിച്ചു ചിന്തിച്ചുകൊള്ളുക.

9 എന്നില്‍നിന്നു നിങ്ങള്‍ പഠിച്ചതും, സ്വീകരിച്ചതും, കേട്ടതും, എന്നില്‍ നിങ്ങള്‍ കണ്ടതുമായ കാര്യങ്ങള്‍ ചെയ്യുക; അപ്പോള്‍ സമാധാനപ്രദനായ ദൈവം നിങ്ങളോടുകൂടി ഉണ്ടായിരിക്കും.

10

എന്നെക്കുറിച്ചുള്ള നിങ്ങളുടെ താത്പര്യം ഇപ്പോഴും സജീവമായിരിക്കുന്നതിനാല്‍ കര്‍ത്താവിനോട് ഐക്യപ്പെട്ടുള്ള എന്‍റെ ജീവിതത്തില്‍ ഞാന്‍ അത്യധികം ആനന്ദിക്കുന്നു. യഥാര്‍ഥത്തില്‍ നിങ്ങള്‍ എന്നും എന്‍റെ കാര്യത്തില്‍ തത്പരരായിരുന്നു. പക്ഷേ, നിങ്ങളുടെ താത്പര്യം പ്രകടിപ്പിക്കുവാനുള്ള അവസരം മുമ്പുണ്ടായിട്ടില്ല.

11 എനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടല്ല ഞാനിതു പറയുന്നത്. ഏതവസ്ഥയിലും സംതൃപ്തനായിരിക്കുവാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്.

12 സുഭിക്ഷതയിലും ദുര്‍ഭിക്ഷതയിലും കഴിയാന്‍ എനിക്കറിയാം. എന്നല്ല എല്ലാ സാഹചര്യങ്ങളിലും, വിഭവസമൃദ്ധിയെയും വിശപ്പിനെയും, ഐശ്വര്യത്തെയും ദാരിദ്ര്യത്തെയും അഭിമുഖീകരിക്കുവാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്.

13 എന്നെ ശക്തനാക്കുന്നവന്‍ മുഖേന എല്ലാം ചെയ്യുവാന്‍ എനിക്കു കഴിയും.

14

എന്നിരുന്നാലും എന്‍റെ പ്രയാസത്തില്‍ പങ്കുചേര്‍ന്ന് നിങ്ങള്‍ എന്നോട് ഔദാര്യം കാട്ടിയിരിക്കുന്നു.

15 ഫിലിപ്പിയിലെ സഹോദരരേ, സുവിശേഷഘോഷണത്തിന്‍റെ ആരംഭത്തില്‍ ഞാന്‍ മാസിഡോണിയയില്‍നിന്നു പുറപ്പെട്ടപ്പോള്‍ നിങ്ങളല്ലാതെ മറ്റൊരു സഭയും വരവുചെലവു കാര്യങ്ങളില്‍ എന്നോടു സഹകരിച്ചില്ലെന്നുള്ളത് നിങ്ങള്‍ക്ക് അറിയാമല്ലോ.

16 ഞാന്‍ തെസ്സലോനിക്യയില്‍ ആയിരുന്നപ്പോള്‍പോലും, എന്‍റെ ആവശ്യങ്ങളില്‍ നിങ്ങള്‍ എനിക്കു പലവട്ടം സഹായം എത്തിച്ചുതന്നു.

17 ദാനം ഞാന്‍ ആഗ്രഹിക്കുന്നു എന്നു വിചാരിക്കരുത്. പിന്നെയോ, നിങ്ങളുടെ കണക്കില്‍ വര്‍ധിച്ചുവരുന്ന പ്രതിഫലമത്രേ ഞാന്‍ ആഗ്രഹിക്കുന്നത്.

18 എനിക്കു വേണ്ടതും അതിലധികവും ലഭിച്ചിരിക്കുന്നു. നിങ്ങള്‍ എപ്പഫ്രൊദിത്തോസിന്‍റെ കൈയില്‍ കൊടുത്തയച്ച സംഭാവന സ്വീകരിച്ച് ഞാന്‍ സംതൃപ്തനായിരിക്കുന്നു. അതു ദൈവത്തിനു പ്രസാദകരവും സ്വീകാര്യവുമായ യാഗവും, സുരഭിലമായ നിവേദ്യവും ആകുന്നു.

19 എന്‍റെ ദൈവം ക്രിസ്തുയേശുവിലൂടെ അവിടുത്തെ മഹത്ത്വത്തിന്‍റെ സമൃദ്ധിക്കൊത്തവണ്ണം നിങ്ങളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റും.

20 നമ്മുടെ പിതാവായ ദൈവത്തിന് എന്നെന്നേക്കും മഹത്ത്വം ഉണ്ടാകട്ടെ. ആമേന്‍.

21

ക്രിസ്തുയേശുവിനുള്ളവരായ എല്ലാ ദൈവജനങ്ങള്‍ക്കും വന്ദനം പറയുക. എന്‍റെ കൂടെയുള്ള സഹോദരന്മാരും നിങ്ങളെ വന്ദനം പറയുന്നു.

22 എല്ലാ ദൈവജനങ്ങളും വിശിഷ്യ കൈസറിന്‍റെ കൊട്ടാരത്തിലുള്ളവരും നിങ്ങള്‍ക്കു വന്ദനം പറയുന്നു.

23

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളെല്ലാവരോടുംകൂടി ഉണ്ടായിരിക്കട്ടെ.