1

1

ദൈവത്തിന്‍റെ തിരുഹിതത്താല്‍ യേശുക്രിസ്തുവിന്‍റെ അപ്പോസ്തോലനായ പൗലൊസ്, ക്രിസ്തുയേശുവിനോട് ഏകീഭവിച്ചുള്ള ജീവിതത്തില്‍ വിശ്വസ്തരായ എഫെസൊസിലെ ദൈവജനങ്ങള്‍ക്ക് എഴുതുന്നത്:

2

നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ലഭിക്കട്ടെ.

3

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവത്തെ നമുക്കു സ്തുതിക്കാം. എന്തെന്നാല്‍ ക്രിസ്തുവിനോട് ഏകീഭവിച്ചുള്ള നമ്മുടെ ജീവിതത്തില്‍ സ്വര്‍ഗത്തിലെ എല്ലാ ആത്മീയനല്‍വരങ്ങളും നല്‌കി അവിടുന്നു നമ്മെ അനുഗ്രഹിച്ചിരിക്കുന്നു.

4 തന്‍റെ മുമ്പാകെ നാം വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന് ക്രിസ്തുവിനോടുള്ള ഏകീഭാവത്തിലൂടെ നാം അവിടുത്തെ സ്വന്തമായിരിക്കുന്നതിനുവേണ്ടി, പ്രപഞ്ചസൃഷ്‍ടിക്കു മുമ്പു തന്നെ ദൈവം നമ്മെ തിരഞ്ഞെടുത്തു.

5

യേശുക്രിസ്തു മുഖേന നമ്മെ അവിടുത്തെ പുത്രന്മാരാക്കണമെന്നു സ്നേഹം നിമിത്തം ദൈവം മുന്‍കൂട്ടി തീരുമാനിച്ചു; ഇതായിരുന്നു അവിടുത്തെ ലക്ഷ്യവും പ്രീതിയും.

6 അവിടുത്തെ മഹത്തായ കൃപയ്‍ക്കും അവിടുത്തെ പുത്രന്‍ എന്ന സൗജന്യമായ ദാനത്തിനുംവേണ്ടി നമുക്കു സ്തോത്രം ചെയ്യാം.

7 ക്രിസ്തു രക്തം ചിന്തി മരിച്ചതുമൂലം നാം സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു. അതായത് നമ്മുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.

8 ദൈവത്തിന്‍റെ കൃപ എത്ര വലുത്! ഈ കൃപയാകട്ടെ, അവിടുന്നു സമൃദ്ധമായി നമുക്കു നല്‌കി.

9

ദൈവം തന്‍റെ സകല വിവേകത്തിലും ഉള്‍ക്കാഴ്ചയിലും താന്‍ ഉദ്ദേശിച്ചതു ചെയ്തു. ക്രിസ്തു മുഖേന പൂര്‍ത്തീകരിക്കുവാന്‍ നേരത്തെ നിശ്ചയിച്ചിരുന്ന കര്‍മപദ്ധതിയുടെ മര്‍മ്മം നമ്മെ അറിയിക്കുകയും ചെയ്തു.

10 കാലത്തികവില്‍ ദൈവം പൂര്‍ത്തിയാക്കുന്ന ഈ പദ്ധതി സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള സകലതിനെയും ക്രിസ്തുവില്‍ ഒരുമിച്ചു ചേര്‍ക്കുക എന്നതാകുന്നു.

11

ദൈവത്തിന്‍റെ പദ്ധതിയും നിശ്ചയവും അനുസരിച്ചത്രേ എല്ലാ കാര്യങ്ങളും സംഭവിക്കുന്നത്. ആദിമുതലുള്ള അവിടുത്തെ നിശ്ചയപ്രകാരം, സ്വന്തം ഇച്ഛയനുസരിച്ചു ക്രിസ്തുവിനോട് ഏകീഭവിച്ച് അവിടുത്തെ സ്വന്തജനമായിരിക്കേണ്ടതിന് ദൈവം നമ്മെ തിരഞ്ഞെടുത്തു.

12 അതിനാല്‍ എല്ലാവര്‍ക്കും മുമ്പെ ക്രിസ്തുവില്‍ പ്രത്യാശ അര്‍പ്പിച്ചവരായ നമുക്ക് ദൈവത്തിന്‍റെ മഹത്ത്വത്തെ പ്രകീര്‍ത്തിക്കാം.

13

നിങ്ങള്‍ക്കു രക്ഷ കൈവരുത്തുന്ന യഥാര്‍ഥ സന്ദേശമായ സുവിശേഷം ശ്രവിച്ച്, നിങ്ങളും ദൈവത്തിന്‍റെ ജനമായിത്തീര്‍ന്നു. നിങ്ങള്‍ ക്രിസ്തുവില്‍ വിശ്വസിച്ചു; ദൈവം വാഗ്ദാനം ചെയ്തിരുന്ന പരിശുദ്ധാത്മാവിനെ നല്‌കിക്കൊണ്ട് നിങ്ങളുടെമേല്‍ അവിടുത്തേക്കുള്ള ഉടമസ്ഥാവകാശത്തിനു മുദ്രയിടുകയും ചെയ്തു.

14 ദൈവം വാഗ്ദാനം ചെയ്തിട്ടുള്ളത് നമുക്ക് ലഭിക്കുമെന്നുള്ളതിന്‍റെ അച്ചാരമാണ് പരിശുദ്ധാത്മാവ്. തന്‍റെ ജനത്തിനു ദൈവം പൂര്‍ണമായ സ്വാതന്ത്ര്യം നല്‌കുമെന്ന് അത് ഉറപ്പുവരുത്തുന്നു. അവിടുത്തെ മഹത്ത്വത്തെ നമുക്കു പ്രകീര്‍ത്തിക്കാം.

15

[15,16] കര്‍ത്താവായ യേശുവിലുള്ള നിങ്ങളുടെ വിശ്വാസത്തെയും എല്ലാ ദൈവജനത്തോടുമുള്ള നിങ്ങളുടെ സ്നേഹത്തെയും സംബന്ധിച്ചു കേട്ടപ്പോള്‍ മുതല്‍ നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ദൈവത്തെ അനുസ്യൂതം സ്തുതിക്കുകയും എന്‍റെ പ്രാര്‍ഥനകളില്‍ നിങ്ങളെ അനുസ്മരിക്കുകയും ചെയ്യുന്നു.

16

17

ആത്മാവു നിങ്ങളെ വിവേകമുള്ളവരാക്കും; നിങ്ങള്‍ ദൈവത്തെ അറിയേണ്ടതിന് ദൈവത്തെ നിങ്ങള്‍ക്കു വെളിപ്പെടുത്തിത്തരികയും ചെയ്യും. ഈ ആത്മാവിനെ നിങ്ങള്‍ക്കു തരുന്നതിനുവേണ്ടി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ മഹത്ത്വമുള്ള പിതാവായ ദൈവത്തോടു ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.

18 ഏതൊരു പ്രത്യാശയിലേക്കാണു നിങ്ങളെ വിളിച്ചിരിക്കുന്നതെന്നും, തന്‍റെ ജനത്തിന് അവിടുന്നു വാഗ്ദാനം ചെയ്യുന്ന അദ്ഭുതകരമായ അനുഗ്രഹങ്ങള്‍ എത്ര അമൂല്യമാണെന്നും

19 വിശ്വസിക്കുന്നവരായ നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്തി എത്ര വലുതാണെന്നും നിങ്ങള്‍ മനസ്സിലാക്കേണ്ടതിന് ദൈവത്തിന്‍റെ പ്രകാശം ദര്‍ശിക്കുവാന്‍ നിങ്ങളുടെ അന്തര്‍നേത്രങ്ങള്‍ തുറക്കുന്നതിനുവേണ്ടി ഞാന്‍ അപേക്ഷിക്കുന്നു.

20 ദൈവം മരണത്തില്‍നിന്ന് ക്രിസ്തുവിനെ ഉയിര്‍പ്പിച്ച് സ്വര്‍ഗത്തില്‍ തന്‍റെ വലത്തുഭാഗത്ത് ഉപവിഷ്ടനാക്കിയത് ഈ മഹാശക്തികൊണ്ടാണ്.

21 എല്ലാ സ്വര്‍ഗീയഅധികാരങ്ങള്‍ക്കും, ആധിപത്യങ്ങള്‍ക്കും, ശക്തികള്‍ക്കും, പ്രഭുത്വങ്ങള്‍ക്കും അധീശനായി ക്രിസ്തു വാഴുന്നു. അവിടുത്തെ അധികാരപദവി ഈ ലോകത്തിലെയും വരുവാനുള്ള ലോകത്തിലെയും സകല അധികാരപദവികള്‍ക്കും മീതേയുള്ളതാണ്.

22 ദൈവം സകലവും ക്രിസ്തുവിന്‍റെ കാല്‌ക്കീഴാക്കി; എല്ലാറ്റിന്‍റെയും അധീശനായി ക്രിസ്തുവിനെ സഭയ്‍ക്കു നല്‌കുകയും ചെയ്തു. സഭ ക്രിസ്തുവിന്‍റെ ശരീരമാകുന്നു; എല്ലായിടത്തുമുള്ള എല്ലാറ്റിനെയും പൂരിപ്പിക്കുന്ന ക്രിസ്തുവിന്‍റെ പൂര്‍ത്തീകരണമാണ് സഭ.

2

1

അനുസരണക്കേടിനാലും പാപങ്ങളാലും ആത്മീയമായി നിങ്ങള്‍ മരിച്ചവരായിരുന്നു.

2 അന്നു ലോകത്തിന്‍റെ ദുഷ്ടമാര്‍ഗം നിങ്ങള്‍ പിന്തുടര്‍ന്നു. ദൈവത്തെ അനുസരിക്കാത്തവരെ ഇപ്പോള്‍ നയിക്കുന്ന ആത്മാവായ ദുഷ്ടാത്മശക്തികളുടെ അധിപതിയെ നിങ്ങള്‍ അനുസരിച്ചു.

3 വാസ്തവത്തില്‍ നാമെല്ലാവരും നമ്മുടെ പാപപ്രകൃതിയുടെ തീവ്രാഭിലാഷങ്ങളെ തൃപ്തിപ്പെടുത്തിക്കൊണ്ടും അതിന്‍റെ മോഹങ്ങള്‍ക്കും ചിന്തകള്‍ക്കും അനുസൃതമായി പ്രവര്‍ത്തിച്ചുകൊണ്ടും ജീവിച്ചു. മറ്റ് ഏതൊരുവനെയും പോലെ സ്വഭാവേന നാം ദൈവശിക്ഷയ്‍ക്ക് അര്‍ഹരായിരുന്നു.

4

[4,5] എന്നാല്‍ അനുസരണക്കേടിനാല്‍ ആത്മീയമായി മരിച്ചവരായിരുന്ന നമ്മെ, തന്‍റെ അതിരറ്റ കാരുണ്യവും നമ്മോടുള്ള അളവറ്റ സ്നേഹവും നിമിത്തം, ക്രിസ്തുവിനോടുകൂടി ദൈവം ഉജ്ജീവിപ്പിച്ചിരിക്കുന്നു. നിങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നത് ദൈവത്തിന്‍റെ കൃപയാലത്രേ.

5

6 ക്രിസ്തുയേശുവിനോട് ഏകീഭവിച്ച നമ്മെ, തന്നോടൊപ്പം സ്വര്‍ഗീയലോകത്തില്‍ വാഴുന്നതിനുവേണ്ടി തന്നോടുകൂടി ഉയിര്‍പ്പിച്ചിരിക്കുന്നു.

7 ക്രിസ്തുയേശുവില്‍ നമ്മോടു കാണിച്ച ഔദാര്യത്തിലൂടെ, തന്‍റെ കൃപാധനത്തിന്‍റെ അളവറ്റ വൈപുല്യം വരുംകാലങ്ങളിലെല്ലാം പ്രദര്‍ശിപ്പിക്കുന്നതിനാണ് ദൈവം ഇങ്ങനെ ചെയ്തത്.

8 [8,9] എന്തെന്നാല്‍ വിശ്വാസത്തിലൂടെ നിങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നത്, സ്വപ്രയത്നത്താലല്ല, ദൈവത്തിന്‍റെ കൃപയാലത്രേ. രക്ഷ, നിങ്ങളുടെ പ്രവൃത്തികളുടെ ഫലമല്ല, പ്രത്യുത ദൈവത്തിന്‍റെ ദാനമാകുന്നു. അതുകൊണ്ട് അതിനെപ്പറ്റി ആര്‍ക്കും ആത്മപ്രശംസ ചെയ്യുവാന്‍ സാധ്യമല്ല. ദൈവം നിര്‍മിച്ച ശില്പങ്ങളാണു നാം.

9

10 നേരത്തെ നമുക്കുവേണ്ടി ഒരുക്കിയിട്ടുള്ള സത്ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുവേണ്ടി ദൈവം ക്രിസ്തുയേശുവില്‍കൂടി നമ്മെ സൃഷ്‍ടിച്ചിരിക്കുന്നു.

11

മുമ്പ് ജന്മംകൊണ്ട് നിങ്ങള്‍ വിജാതീയരായിരുന്നു എന്ന് ഓര്‍ക്കണം. പരിച്ഛേദന എന്ന ആചാരമുള്ള യെഹൂദന്മാര്‍ നിങ്ങളെ “അഗ്രചര്‍മികള്‍” എന്നു വിളിച്ചുവന്നു. മനുഷ്യര്‍ തങ്ങളുടെ ശരീരത്തിനു ചെയ്യുന്ന ഒരു കര്‍മമാണു പരിച്ഛേദനം.

12 വിജാതീയരായ നിങ്ങള്‍ മുമ്പ് എങ്ങനെയുള്ളവരായിരുന്നു എന്ന് ഓര്‍ത്തുകൊള്ളുക. അന്നു നിങ്ങള്‍ ക്രിസ്തുവില്‍നിന്ന് അകന്നു ജീവിച്ചിരുന്നു. തന്‍റെ ജനങ്ങള്‍ക്കു ദൈവം നല്‌കിയിട്ടുള്ള വാഗ്ദാനങ്ങളില്‍ അധിഷ്ഠിതമായ ഉടമ്പടികളില്‍, തിരഞ്ഞെടുക്കപ്പെട്ട ജനമല്ലാത്ത നിങ്ങള്‍ക്ക് ഒരു പങ്കുമില്ലായിരുന്നു. നിങ്ങള്‍ അന്യരായിരുന്നു. പ്രത്യാശയില്ലാത്തവരും ദൈവമില്ലാത്തവരുമായി നിങ്ങള്‍ ലോകത്തില്‍ ജീവിച്ചു.

13 എന്നാല്‍ വിദൂരസ്ഥരായിരുന്ന നിങ്ങള്‍ ഇന്ന് ക്രിസ്തുയേശുവിനോട് ഏകീഭവിച്ച് രക്തം ചിന്തിയുള്ള അവിടുത്തെ മരണത്താല്‍ സമീപസ്ഥരാക്കപ്പെട്ടിരിക്കുന്നു.

14 യെഹൂദന്മാരെയും വിജാതീയരെയും ഒന്നാക്കിത്തീര്‍ത്തുകൊണ്ട് ക്രിസ്തുതന്നെ നമുക്കു സമാധാനം കൈവരുത്തി. അവരെ തമ്മില്‍ വേര്‍തിരിക്കുകയും ശത്രുക്കളായി അകറ്റി നിറുത്തുകയും ചെയ്ത ചുവര്‍ അവിടുന്ന് ഇടിച്ചു നിരത്തി.

15 തന്നോടുള്ള സംയോജനത്താല്‍ രണ്ടു വര്‍ഗങ്ങളില്‍നിന്ന് ഒരു പുതിയ മനുഷ്യനെ സൃഷ്‍ടിക്കുന്നതിനും അങ്ങനെ സമാധാനം ഉണ്ടാക്കുന്നതിനുംവേണ്ടി, അവിടുന്നു തന്‍റെ ആത്മപരിത്യാഗത്താല്‍ കല്പനകളും ചട്ടങ്ങളുമടങ്ങിയ യെഹൂദനിയമസംഹിത നീക്കിക്കളഞ്ഞു.

16 കുരിശിലെ തന്‍റെ മരണത്താല്‍, അവരുടെ ശത്രുത അവിടുന്ന് ഇല്ലാതാക്കി; അങ്ങനെ രണ്ടു വര്‍ഗങ്ങളെയും ഏകശരീരമായി സംയോജിപ്പിക്കുകയും ദൈവത്തിങ്കലേക്ക് അവരെ തിരിച്ചുകൊണ്ടുവരികയും ചെയ്തു.

17 ക്രിസ്തു വന്ന്, വിജാതീയരും വിദൂരസ്ഥരുമായിരുന്ന നിങ്ങളോടും സമീപസ്ഥരായിരുന്ന യെഹൂദന്മാരോടും സമാധാനത്തിന്‍റെ സുവിശേഷം പ്രസംഗിച്ചു.

18 ക്രിസ്തുവില്‍കൂടിയാണ് യെഹൂദന്മാരും വിജാതീയരുമായ നമുക്കെല്ലാവര്‍ക്കും ഒരേ ആത്മാവിനാല്‍ പിതാവിന്‍റെ സന്നിധാനത്തില്‍ പ്രവേശിക്കുവാന്‍ കഴിയുന്നത്.

19

അതുകൊണ്ട് വിജാതീയരായ നിങ്ങള്‍ ഇനിമേല്‍ അന്യരോ വിദേശിയരോ അല്ല; നിങ്ങള്‍ ഇപ്പോള്‍ ദൈവജനത്തിന്‍റെ സഹപൗരന്മാരും ദൈവത്തിന്‍റെ ഭവനത്തിലെ അംഗങ്ങളുമാകുന്നു.

20 അപ്പോസ്തോലന്മാരും പ്രവാചകന്മാരുമായ അടിസ്ഥാനത്തിന്മേലത്രേ നിങ്ങളും പണിയപ്പെടുന്നത്. മൂലക്കല്ല് ക്രിസ്തുയേശു തന്നെ.

21 അവിടുന്നാണ് ഭവനത്തെ ആകമാനം ചേര്‍ത്തു നിറുത്തുകയും, കര്‍ത്താവിനു പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള വിശുദ്ധമന്ദിരമായി അതു വളര്‍ന്നു വരുവാന്‍ ഇടയാക്കുകയും ചെയ്യുന്നത്.

22 ക്രിസ്തുവിനോട് ഏകീഭവിച്ച് നിങ്ങളും പരിശുദ്ധാത്മാവു മുഖേന ദൈവം വസിക്കുന്ന മന്ദിരമായി പണിയപ്പെടുന്നു.

3

1

ഇക്കാരണത്താല്‍ വിജാതീയരായ നിങ്ങളെപ്രതി ക്രിസ്തുയേശുവിന്‍റെ തടവുകാരനായ പൗലൊസ് എന്ന ഞാന്‍ ദൈവത്തോടു പ്രാര്‍ഥിക്കുന്നു.

2 നിങ്ങളുടെ നന്മയ്‍ക്കുവേണ്ടിയുള്ള ഈ ദൗത്യം ദൈവം തന്‍റെ കൃപയാല്‍ എന്നെ ഏല്പിച്ചിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.

3 ദൈവം തന്‍റെ പദ്ധതിയുടെ മര്‍മ്മം വെളിപാടിലൂടെ എന്നെ അറിയിച്ചു. ഇതേപ്പറ്റി ചുരുക്കമായി മുകളില്‍ ഞാന്‍ എഴുതിയിട്ടുണ്ടല്ലോ.

4 ഞാന്‍ എഴുതിയത് നിങ്ങള്‍ വായിക്കുമെങ്കില്‍ ക്രിസ്തുവില്‍ വെളിപ്പെട്ട നിഗൂഢരഹസ്യത്തെക്കുറിച്ചുള്ള എന്‍റെ അറിവ് നിങ്ങള്‍ക്കു ഗ്രഹിക്കാം.

5 കഴിഞ്ഞ കാലത്ത് ഈ മര്‍മ്മം മനുഷ്യവര്‍ഗത്തെ അറിയിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പരിശുദ്ധാത്മാവ് അവിടുത്തെ വിശുദ്ധ അപ്പോസ്തോലന്മാര്‍ക്കും പ്രവാചകന്മാര്‍ക്കും അതു വെളിപ്പെടുത്തിയിരിക്കുന്നു.

6 സുവിശേഷം മുഖേന ദൈവത്തിന്‍റെ അനുഗ്രഹങ്ങളില്‍ വിജാതീയര്‍ക്ക് യെഹൂദന്മാരോട് ഒപ്പം പങ്കുണ്ട് എന്നതാണ് ആ രഹസ്യം; ഒരേ ശരീരത്തിന്‍റെ അവയവങ്ങളാണവര്‍. ദൈവം ക്രിസ്തുയേശു മുഖേന ചെയ്തിട്ടുള്ള വാഗ്ദാനത്തില്‍ അവര്‍ക്ക് ഓഹരിയുമുണ്ട്.

7

തന്‍റെ ശക്തിയുടെ വ്യാപാരത്തിലൂടെ ദൈവം എനിക്കു നല്‌കിയ പ്രത്യേക വരദാനത്താലാണ് ഞാന്‍ ഈ സുവിശേഷത്തിന്‍റെ ശുശ്രൂഷകനാക്കപ്പെട്ടത്.

8 [8,9] ദൈവത്തിന്‍റെ ജനങ്ങളില്‍ ഏറ്റവും എളിയവരില്‍ എളിയവനാണു ഞാന്‍. എന്നിട്ടും ക്രിസ്തുവിന്‍റെ അനന്തമായ ധനത്തെ സംബന്ധിച്ചുള്ള സദ്‍വാര്‍ത്ത വിജാതീയരെ അറിയിക്കുവാനും, ദൈവത്തിന്‍റെ രഹസ്യപദ്ധതി എങ്ങനെയാണു പ്രാവര്‍ത്തികമാക്കുന്നതെന്ന് എല്ലാവര്‍ക്കും വ്യക്തമാക്കിക്കൊടുക്കുവാനുമുള്ള പദവി ദൈവം എനിക്കു നല്‌കി. എല്ലാറ്റിന്‍റെയും സ്രഷ്ടാവായ ദൈവം പൂര്‍വയുഗങ്ങളില്‍ ഈ രഹസ്യം മറച്ചുവച്ചിരുന്നു.

9

10 സ്വര്‍ഗലോകത്തെ മാലാഖമാരുടെ തലത്തിലുള്ള അധികാരികളും ശക്തികളും പ്രപഞ്ചസ്രഷ്ടാവിനുള്ള ദിവ്യജ്ഞാനത്തിന്‍റെ നാനാവശങ്ങള്‍ ഇക്കാലത്ത് സഭ മുഖേന അറിയുന്നതിനുവേണ്ടിയാണ് അപ്രകാരം ചെയ്തത്.

11 ഇത് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖേന സാധിച്ച ആത്യന്തിക ലക്ഷ്യമനുസരിച്ചും ആയിരുന്നു.

12 ക്രിസ്തുവിനോട് ഏകീഭവിച്ച് ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്തില്‍കൂടി നിര്‍ഭയം ദൈവമുമ്പാകെ ചെല്ലുവാനുള്ള ആത്മധൈര്യം നമുക്കുണ്ട്.

13 അതിനാല്‍ നിങ്ങള്‍ക്കുവേണ്ടി ഞാന്‍ സഹിക്കുന്ന ക്ലേശങ്ങള്‍ നിമിത്തം നിങ്ങള്‍ അധൈര്യപ്പെടരുതെന്ന് ഞാന്‍ അപേക്ഷിക്കുന്നു. ഇവയെല്ലാം നിങ്ങളുടെ ശ്രേയസ്സിനുവേണ്ടിയുള്ളതാകുന്നു.

14

ഇക്കാരണത്താല്‍ ഞാന്‍ പിതാവിന്‍റെ മുമ്പില്‍ മുട്ടുകുത്തി വണങ്ങുന്നു.

15 സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബങ്ങളുടെയും പേരും സ്വഭാവവും ലഭിക്കുന്നത് ആ പിതാവില്‍ നിന്നാകുന്നു.

16 നിങ്ങളുടെ ആന്തരിക മനുഷ്യന്‍ ബലപ്പെടുവാന്‍ ദൈവത്തിന്‍റെ മഹത്ത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് അവിടുത്തെ ആത്മാവില്‍കൂടി നിങ്ങള്‍ക്കു ശക്തി ലഭിക്കുവാനും,

17 ക്രിസ്തുവിലുള്ള വിശ്വാസത്താല്‍ അവിടുന്നു നിങ്ങളുടെ ഹൃദയങ്ങളെ തന്‍റെ വാസസ്ഥലങ്ങള്‍ ആക്കുവാനുംവേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു. നിങ്ങള്‍ സ്നേഹത്തില്‍ വേരൂന്നുകയും അടിസ്ഥാനമുറപ്പിക്കുകയും ചെയ്യുന്നതിനുവേണ്ടിയും ഞാന്‍ പ്രാര്‍ഥിക്കുന്നു.

18 അങ്ങനെ ക്രിസ്തുവിന്‍റെ സ്നേഹം എത്ര നീളവും വീതിയും ഉയരവും ആഴവും ഏറിയതാണെന്നു ഗ്രഹിക്കുവാനുള്ള ശക്തി സകല ദൈവജനങ്ങളോടുമൊപ്പം നിങ്ങള്‍ക്കുണ്ടാകട്ടെ.

19 മനുഷ്യബുദ്ധിക്കതീതമായ ക്രിസ്തുവിന്‍റെ സ്നേഹത്തെ അറിയുവാന്‍ നിങ്ങള്‍ക്ക് ഇടയാകട്ടെ. അങ്ങനെ ദൈവത്തിന്‍റെ സ്വഭാവമഹിമയാല്‍ നിങ്ങള്‍ പൂര്‍ണമായി നിറയപ്പെടട്ടെ.

20

നമ്മില്‍ വ്യാപരിക്കുന്ന ശക്തി മുഖേന നാം ചോദിക്കുന്നതിലും, നാം പ്രതീക്ഷിക്കുന്നതിലും വളരെ മടങ്ങു നമുക്കു നല്‌കുവാന്‍ കഴിയുന്ന ദൈവത്തിന് സഭയിലും ക്രിസ്തുയേശുവിലും മഹത്ത്വം എന്നെന്നേക്കും ഉണ്ടാകട്ടെ, ആമേന്‍.

4

1

കര്‍ത്താവിനെ സേവിക്കുന്നതുകൊണ്ട് തടവുകാരനായിരിക്കുന്ന എനിക്കു നിങ്ങളെ പ്രബോധിപ്പിക്കുവാനുള്ളത് ഇതാണ്: ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നതുകൊണ്ട്, ആ പരമമായ വിളിക്കു യോഗ്യമായ വിധത്തില്‍ ജീവിക്കുക.

2 എപ്പോഴും വിനയവും സൗമ്യതയും സഹനശക്തിയും ഉള്ളവരായിരിക്കുക; അന്യോന്യം സഹിഷ്ണുതയോടെ വര്‍ത്തിച്ചുകൊണ്ട് നിങ്ങളുടെ സ്നേഹം പ്രകടമാക്കുകയും വേണം.

3 നിങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സമാധാനം മുഖേന, ആത്മാവു നല്‌കുന്ന ഐക്യം നിലനിറുത്തുവാന്‍ പരമാവധി ശ്രമിക്കുക.

4 നിങ്ങളെ ദൈവം വിളിച്ചിരിക്കുന്നത് ഏകപ്രത്യാശയിലേക്കാണ്. അതുപോലെതന്നെ ശരീരം ഒന്നാണ്, ആത്മാവും ഒന്നാണ്;

5 കര്‍ത്താവ് ഒരുവന്‍; വിശ്വാസം ഒന്ന്, സ്നാപനവും ഒന്ന്.

6 സര്‍വമനുഷ്യവര്‍ഗത്തിന്‍റെയും പിതാവും ദൈവവും ഒരുവനത്രേ. അവിടുന്ന് പരമോന്നതന്‍ ആകുന്നു; അവിടുന്ന് എല്ലാവരിലുംകൂടി പ്രവര്‍ത്തിക്കുകയും എല്ലാവരിലും വ്യാപരിക്കുകയും ചെയ്യുന്നു.

7

ക്രിസ്തുവിന്‍റെ ദാനത്തിന്‍റെ അളവിനനുസൃതമായി നമുക്കോരോരുത്തര്‍ക്കും പ്രത്യേക കൃപാവരം ലഭിച്ചിരിക്കുന്നു.

8 വേദഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതുപോലെ:

അവിടുന്ന് അത്യുന്നതങ്ങളിലേക്കു കയറിയപ്പോള്‍
അനേകം ബദ്ധന്മാരെ തന്നോടുകൂടി കൊണ്ടുപോയി;
അവിടുന്നു മനുഷ്യവര്‍ഗത്തിനു വരങ്ങള്‍ നല്‌കി.

9

‘അവിടുന്നു കയറിപ്പോയി’ എന്നു പറയുന്നതിന്‍റെ അര്‍ഥം എന്താണ്? ഭൂമിയുടെ അഗാധതലങ്ങളിലേക്ക് ആദ്യം ഇറങ്ങി എന്നതല്ലേ?

10 അതുകൊണ്ട് താഴേക്ക് ഇറങ്ങിയവന്‍ സകല സ്വര്‍ഗങ്ങള്‍ക്കുമുപരി കയറിയവനുമാകുന്നു; അങ്ങനെ തന്‍റെ സാന്നിധ്യംകൊണ്ട് അവിടുന്ന് പ്രപഞ്ചത്തെ ആകമാനം നിറയ്‍ക്കുന്നു.

11 മനുഷ്യവര്‍ഗത്തിനു വരങ്ങള്‍ നല്‌കിയതും അവിടുന്നു തന്നെ; ചിലരെ അവിടുന്ന് അപ്പോസ്തോലന്മാരായും മറ്റു ചിലരെ പ്രവാചകന്മാരായും വേറെ ചിലരെ സുവിശേഷ പ്രസംഗകരായും ആത്മീയ ഇടയന്മാരായും ഗുരുക്കന്മാരായും നിയമിച്ചു.

12 [12,13] ക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭയുടെ നിര്‍മാണ ജോലിക്കുവേണ്ടിയുള്ള ക്രിസ്തീയ ശുശ്രൂഷയ്‍ക്കായി എല്ലാ ദൈവജനത്തെയും സജ്ജമാക്കുന്നതിനായിട്ടാണ് അപ്രകാരം ചെയ്തിരിക്കുന്നത്. അങ്ങനെ ദൈവപുത്രനെ സംബന്ധിച്ച പരിജ്ഞാനത്തിലും വിശ്വാസത്തിലുമുള്ള ഐക്യത്തിലേക്ക് നാം എല്ലാവരും ഒരുമിച്ചു ചേര്‍ന്നുവരും; ക്രിസ്തുവിന്‍റെ പൂര്‍ണതയുടെ പാരമ്യത്തോളം എത്തുന്ന പക്വത നാം പ്രാപിക്കുകയും ചെയ്യും.

13

14 കൗശലത്താല്‍ മറ്റുള്ളവരെ വഴിതെറ്റിക്കുന്ന വഞ്ചകരായ മനുഷ്യരുണ്ട്. അവരുടെ ഉപദേശമാകുന്ന കാറ്റിനാലും തിരമാലകളാലും ചിതറിക്കുകയും ഉലയ്‍ക്കുകയും ചെയ്യുവാന്‍ തക്കവണ്ണം നാം ഇനിമേല്‍ ശിശുക്കളാകരുത്.

15 നേരേമറിച്ച് സ്നേഹപൂര്‍വം സത്യം പ്രഘോഷിച്ചുകൊണ്ട് നമ്മുടെ ശിരസ്സാകുന്ന ക്രിസ്തുവിനോളം എല്ലാവിധത്തിലും നാം വളരണം.

16 അവിടുത്തെ നിയന്ത്രണത്തില്‍ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങള്‍ കൂട്ടിയിണക്കപ്പെട്ട്, എല്ലാ സന്ധിബന്ധങ്ങള്‍കൊണ്ടും ശരീരത്തെ ആകമാനം സംഘടിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് ഓരോ അവയവവും അതിന്‍റേതായ പ്രവൃത്തിചെയ്യുമ്പോള്‍ ശരീരം ആസകലം വളരുകയും സ്നേഹത്തിലൂടെ പടുത്തുയുര്‍ത്തപ്പെടുകയും ചെയ്യുന്നു.

17

കര്‍ത്താവിന്‍റെ നാമത്തില്‍ ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയട്ടെ: വിജാതീയരെപ്പോലെ നിങ്ങള്‍ ഇനി വ്യര്‍ഥചിന്തകളനുസരിച്ചു ജീവിക്കരുത്.

18 അവരുടെ മനസ്സ് അന്ധകാരത്തിലാണ്ടിരിക്കുന്നു. അവര്‍ തികച്ചും അജ്ഞരും വഴങ്ങാത്ത പ്രകൃതമുള്ളവരുമാകയാല്‍ ദൈവം നല്‌കുന്ന ജീവനില്‍ അവര്‍ക്കു പങ്കില്ല.

19 അവര്‍ ലജ്ജയില്ലാത്തവരായിത്തീര്‍ന്നിരിക്കുന്നു; യാതൊരു സംയമവും കൂടാതെ ദുര്‍മാര്‍ഗ ജീവിതത്തിനും എല്ലാവിധ അയോഗ്യമായ നടപടികള്‍ക്കും അവര്‍ തങ്ങളെത്തന്നെ ഏല്പിച്ചുകൊടുക്കുന്നു.

20

നിങ്ങള്‍ ക്രിസ്തുവിനെപ്പറ്റി പഠിച്ചത് ഇതല്ലല്ലോ.

21 നിശ്ചയമായും നിങ്ങള്‍ ക്രിസ്തുവിനെപ്പറ്റി കേട്ടിട്ടുണ്ട്. അവിടുത്തെ അനുയായികള്‍ എന്ന നിലയില്‍ യേശുവില്‍ അന്തര്‍ഭവിച്ചിരിക്കുന്ന സത്യം നിങ്ങള്‍ പഠിച്ചിട്ടുമുണ്ട്.

22 പൂര്‍വകാലജീവിതത്തിനു നിങ്ങളെ പ്രേരിപ്പിച്ച പഴയ മനുഷ്യപ്രകൃതി ഉപേക്ഷിക്കുക. വഞ്ചനാത്മകമായ ദുര്‍മോഹങ്ങള്‍കൊണ്ട് ആ പഴയ മനുഷ്യന്‍ നശിക്കുന്നു.

23 നിങ്ങളുടെ ഹൃദയവും മനസ്സും സമ്പൂര്‍ണമായി നവീകരിക്കപ്പെടണം.

24 യഥാര്‍ഥ നീതിയിലും വിശുദ്ധിയിലും ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ സൃഷ്‍ടിക്കപ്പെട്ട പുതിയ മനുഷ്യപ്രകൃതി ധരിച്ചുകൊള്ളുക.

25

അതിനാല്‍ ഇനി നിങ്ങള്‍ വ്യാജം പറയരുത്! നാം ക്രിസ്തുവിന്‍റെ ശരീരത്തിലെ അവയവങ്ങളായതുകൊണ്ട്, നാം ഓരോ വ്യക്തിയും, സഹവിശ്വാസികളോടു സത്യംതന്നെ സംസാരിക്കണം.

26 കോപിച്ചാലും കോപം നിങ്ങളെ പാപത്തിലേക്കു നയിക്കാതിരിക്കട്ടെ. സൂര്യന്‍ അസ്തമിക്കുന്നതുവരെ നിങ്ങളുടെ കോപം വച്ചുകൊണ്ടിരിക്കരുത്.

27 സാത്താന് അവസരം കൊടുക്കരുതല്ലോ.

28 മോഷ്‍ടിച്ചിരുന്നവര്‍ ഇനി അപ്രകാരം ചെയ്യാതെ, ദരിദ്രരെ സഹായിക്കുവാന്‍ വകയുണ്ടാകുന്നതിന് ഉത്തമമായ ജോലിയില്‍ ഏര്‍പ്പെട്ട് സ്വന്തം കൈകൊണ്ട് അധ്വാനിക്കണം.

29 നിങ്ങളുടെ വായില്‍നിന്ന് ദുര്‍ഭാഷണം പുറപ്പെടരുത്. കേള്‍ക്കുന്നവര്‍ക്കു നന്മയുണ്ടാകത്തക്കവണ്ണം നിങ്ങളുടെ വാക്കുകള്‍ സന്ദര്‍ഭോചിതവും, ശ്രോതാവിന് ആത്മീയമായ പ്രചോദനം പ്രദാനം ചെയ്യുന്നതുമായിരിക്കണം.

30 ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്; നിങ്ങളുടെ വീണ്ടെടുപ്പിന്‍റെ ദിവസത്തിലേക്കു ദൈവത്തിന്‍റെ വകയായി നിങ്ങളെ മുദ്രയിട്ടിരിക്കുന്നത് ആ പരിശുദ്ധാത്മാവിനാലാണല്ലോ;

31 എല്ലാ വിദ്വേഷവും ക്രോധവും അമര്‍ഷവും ഉപേക്ഷിക്കുക; അട്ടഹാസവും, ദൂഷണവും, എന്നല്ല എല്ലാ പകയും നിങ്ങളില്‍നിന്നു വിട്ടുപോകട്ടെ. ദയയോടും മനസ്സലിവോടുംകൂടി അന്യോന്യം പെരുമാറുകയും, ദൈവം നിങ്ങളോടു ക്രിസ്തു മുഖേന ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിക്കുകയും ചെയ്യുക.

5

1

നിങ്ങള്‍ ദൈവത്തിന്‍റെ പ്രിയപ്പെട്ട മക്കള്‍ ആയതുകൊണ്ട് ദൈവത്തെ അനുകരിക്കുക.

2 ദൈവത്തിനു പ്രസാദകരമായ യാഗവും സുരഭിലമായ വഴിപാടുമായി തന്‍റെ ജീവന്‍ നമുക്കു നല്‌കി ക്രിസ്തു നമ്മെ സ്നേഹിച്ചു. അതുപോലെ സ്നേഹം നിങ്ങളുടെ ജീവിതത്തെ ഭരിക്കട്ടെ.

3

നിങ്ങള്‍ ദൈവത്തിന്‍റെ ജനമായതുകൊണ്ട് ലൈംഗികമായ ദുര്‍ന്നടപ്പ്, അയോഗ്യമായ നടപടികള്‍, അത്യാഗ്രഹം ഇവയെപ്പറ്റി നിങ്ങളുടെ ഇടയില്‍ സംസാരിക്കുന്നതുപോലും അനുചിതമാകുന്നു.

4 അശ്ലീലവും അസഭ്യവും സംസ്കാരശൂന്യവുമായ സംഭാഷണവും ഉപേക്ഷിക്കണം. നിങ്ങളുടെ നാവില്‍ ദൈവത്തിനു സ്തോത്രം പറയുക അത്രേ വേണ്ടത്.

5 അധര്‍മിക്കും അയോഗ്യമായി ജീവിക്കുന്നവനും അത്യാഗ്രഹിക്കും ക്രിസ്തുവിന്‍റെയും ദൈവത്തിന്‍റെയും രാജ്യത്തില്‍ ഒരു പങ്കുമുണ്ടായിരിക്കുകയില്ലെന്നു നിങ്ങള്‍ അറിഞ്ഞിരിക്കണം. വിഗ്രഹാരാധനയുടെ മറ്റൊരു രൂപമാണല്ലോ അത്യാഗ്രഹം.

6

വ്യര്‍ഥവാക്കുകളാല്‍ ആരും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ; ഇവ നിമിത്തമാണല്ലോ തന്നെ അനുസരിക്കാത്തവരുടെമേല്‍ ദൈവത്തിന്‍റെ കോപം വന്നുചേരുന്നത്.

7 അതിനാല്‍ അങ്ങനെയുള്ളവരുമായി യാതൊരു സമ്പര്‍ക്കവും പാടില്ല.

8 ഒരിക്കല്‍ നിങ്ങള്‍ ഇരുട്ടിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ കര്‍ത്താവിന്‍റെ ജനമായതുകൊണ്ട് വെളിച്ചത്തിലായിരിക്കുന്നു. അതുകൊണ്ട് പ്രകാശത്തിന് ഉള്ളവരെപ്പോലെ നിങ്ങള്‍ ജീവിക്കണം.

9 എന്തെന്നാല്‍ പ്രകാശത്തിന്‍റെ ഫലമാണ് സകലവിധ നന്മയും നീതിയും സത്യവും.

10 കര്‍ത്താവിനു പ്രസാദകരമായത് എന്തെന്നു പഠിക്കുക.

11 അന്ധകാരത്തിന്‍റെ നിഷ്ഫലപ്രവൃത്തികളില്‍ നിങ്ങള്‍ പങ്കുചേരരുത്. മറിച്ച് അവയെ വെളിച്ചത്തു കൊണ്ടുവരികയത്രേ ചെയ്യേണ്ടത്.

12 വാസ്തവത്തില്‍ അവര്‍ ഗോപ്യമായി ചെയ്യുന്ന കാര്യങ്ങളെപ്പറ്റി പറയുന്നതുപോലും ലജ്ജാവഹമത്രേ.

13 എല്ലാ സംഗതികളും വെളിച്ചത്തു കൊണ്ടുവരുമ്പോള്‍ അവയുടെ തനിസ്വഭാവം വ്യക്തമാകും. വ്യക്തമായി വെളിപ്പെടുന്നതെല്ലാം വെളിച്ചമായിത്തീരുന്നു.

14 അതുകൊണ്ടാണ്,

ഉറങ്ങുന്നവരേ ഉണരുക;
മരണത്തില്‍നിന്ന് എഴുന്നേല്‌ക്കുക;
എന്നാല്‍ ക്രിസ്തു നിന്‍റെമേല്‍ പ്രകാശിക്കും

എന്നു പറയുന്നത്.

15

അതുകൊണ്ട് ജീവിക്കുന്നത് എങ്ങനെയാണ് എന്നതിനെപ്പറ്റി നിങ്ങള്‍ ശ്രദ്ധയുള്ളവരായിരിക്കണം. അജ്ഞാനികളെപ്പോലെയല്ല, ജ്ഞാനികളെപ്പോലെ നിങ്ങള്‍ ജീവിക്കുക.

16 നിങ്ങള്‍ക്കു ലഭിക്കുന്ന എല്ലാ അവസരങ്ങളും യഥായോഗ്യം പ്രയോജനപ്പെടുത്തുക; എന്തെന്നാല്‍ ഇത് ദുഷ്കാലമാണ്.

17 നിങ്ങള്‍ ബുദ്ധിശൂന്യരാകാതെ നിങ്ങള്‍ ചെയ്യണമെന്നു കര്‍ത്താവ് ഇച്ഛിക്കുന്നത് എന്താണെന്നു കണ്ടുപിടിക്കുക.

18

വീഞ്ഞുകുടിച്ചു മത്തരാകരുത്; അതു നിങ്ങളെ നശിപ്പിക്കും; ആത്മാവിലാണ് നിങ്ങള്‍ നിറയേണ്ടത്.

19 സങ്കീര്‍ത്തനങ്ങളുടെയും ഗീതങ്ങളുടെയും ആത്മീയഗാനങ്ങളുടെയും വാക്കുകളാല്‍ നിങ്ങള്‍ അന്യോന്യം സംസാരിക്കുകയും, പൂര്‍ണഹൃദയത്തോടെ ഗീതങ്ങളും സങ്കീര്‍ത്തനങ്ങളും പാടി കര്‍ത്താവിനെ സ്തുതിക്കുകയും,

20 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ പിതാവായ ദൈവത്തിന് എപ്പോഴും എല്ലാറ്റിനുംവേണ്ടി സ്തോത്രം ചെയ്യുകയും വേണം.

21

ക്രിസ്തുവിനോടുള്ള ഭക്തി നിമിത്തം നിങ്ങള്‍ അന്യോന്യം വഴങ്ങുക.

22

ഭാര്യമാരേ, കര്‍ത്താവിനെന്നവണ്ണം നിങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കു സ്വയം വഴങ്ങുക.

23 ക്രിസ്തു തന്‍റെ ശരീരമാകുന്ന സഭയുടെ ശിരസ്സും രക്ഷകനുമാണല്ലോ. സഭയുടെമേല്‍ കര്‍ത്താവിന് അധികാരമുള്ളതുപോലെ ഭാര്യയുടെമേല്‍ ഭര്‍ത്താവിന് അധികാരമുണ്ട്.

24 അതുകൊണ്ട് സഭ ക്രിസ്തുവിനു സ്വയം സമര്‍പ്പിക്കുന്നതുപോലെതന്നെ, ഭാര്യമാരും തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കു പൂര്‍ണമായും സ്വയം സമര്‍പ്പിക്കേണ്ടതാണ്.

25

ഭര്‍ത്താക്കന്മാരേ, ക്രിസ്തു സഭയെ സ്നേഹിക്കുകയും സഭയ്‍ക്കുവേണ്ടി സ്വജീവന്‍ അര്‍പ്പിക്കുകയും ചെയ്തതുപോലെ നിങ്ങളും നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുക.

26 സഭയെ ജലസ്നാനം ചെയ്ത്, വചനത്താല്‍ ശുദ്ധീകരിച്ച്,

27 മാലിന്യമോ, ഊനമോ, മറ്റേതെങ്കിലും കുറവോ ഇല്ലാതെ അണിഞ്ഞൊരുങ്ങിയവളും പരിശുദ്ധയും നിഷ്കളങ്കയുമായി തന്‍റെ മുമ്പില്‍ നിറുത്തുന്നതിനുവേണ്ടിയാണ് ക്രിസ്തു അപ്രകാരം ചെയ്തത്.

28 പുരുഷന്മാര്‍ സ്വന്തം ശരീരത്തെ എന്നവണ്ണം തങ്ങളുടെ ഭാര്യമാരെ സ്നേഹിക്കേണ്ടതാണ്. ഭാര്യയെ സ്നേഹിക്കുന്ന ഒരു മനുഷ്യന്‍ തന്നെത്തന്നെയാണു സ്നേഹിക്കുന്നത്.

29 സ്വന്തം ശരീരത്തെ ആരും വെറുക്കുന്നില്ല. പകരം ക്രിസ്തു സഭയെ എന്നവണ്ണം അവന്‍ ഭക്ഷണം നല്‌കി ശരീരത്തെ പോഷിപ്പിക്കുകയാണല്ലോ ചെയ്യുന്നത്.

30 നാം ക്രിസ്തുവിന്‍റെ ശരീരത്തിലെ അവയവങ്ങളാണ്.

31 ഇതുകൊണ്ടാണ്, മനുഷ്യന്‍ മാതാപിതാക്കളെ വിട്ടു തന്‍റെ ഭാര്യയോട് ഏകീഭവിക്കുമെന്നും അവര്‍ ഇരുവരും ഒന്നായിത്തീരുമെന്നും വേദപുസ്തകത്തില്‍ പറയുന്നത്.

32 ഇതില്‍ അന്തര്‍ഭവിച്ചിട്ടുള്ള മര്‍മ്മം വളരെ വലുതാണ്; ഞാന്‍ പറയുന്നത് ക്രിസ്തുവിനെയും സഭയെയും സംബന്ധിച്ചാണ്.

33 അതു നിങ്ങളെ സംബന്ധിച്ചും വാസ്തവമത്രേ. ഭര്‍ത്താവ് തന്നെപ്പോലെ തന്നെ തന്‍റെ ഭാര്യയെ സ്നേഹിക്കുകയും ഭാര്യ തന്‍റെ ഭര്‍ത്താവിനെ ബഹുമാനിക്കുകയും വേണം.

6

1

മക്കളേ, നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുക; അതു ന്യായവും നിങ്ങളുടെ ക്രൈസ്തവ ധര്‍മവുമാകുന്നു.

2 ‘നിന്‍റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക’ എന്നത് വാഗ്ദാനസഹിതമുള്ള ആദ്യത്തെ കല്പനയാകുന്നു.

3 നിനക്ക് സകല നന്മകളും കൈവരികയും നീ ഭൂമിയില്‍ ദീര്‍ഘായുസ്സോടെ ഇരിക്കുകയും ചെയ്യും എന്നുള്ളതാണ് ആ വാഗ്ദാനം.

4

പിതാക്കളേ, നിങ്ങളുടെ മക്കള്‍ പ്രകോപിതരാകത്തക്കവണ്ണം നിങ്ങള്‍ അവരോട് ഇടപെടരുത്. അവരെ ക്രിസ്തീയ ഉപദേശത്തിലും ശിക്ഷണത്തിലും വളര്‍ത്തുക.

5

ദാസന്മാരേ, ലോകത്തിലെ യജമാനന്മാരെ ഭയത്തോടും ബഹുമാനത്തോടും കൂടി അനുസരിക്കുക; അത് ക്രിസ്തുവിനെ എന്നവണ്ണം ആത്മാര്‍ഥതയോടുകൂടി ആയിരിക്കുകയും വേണം.

6 അവരുടെ പ്രീതി നേടണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ട് അവര്‍ നിങ്ങളെ നോക്കുമ്പോള്‍ മാത്രം അപ്രകാരം ചെയ്യാതെ ക്രിസ്തുവിന്‍റെ ദാസന്മാര്‍ എന്നവണ്ണം, ദൈവം നിങ്ങളെ സംബന്ധിച്ച് ആഗ്രഹിക്കുന്നതുപോലെ പൂര്‍ണഹൃദയത്തോടുകൂടി പ്രവര്‍ത്തിക്കുക.

7 കേവലം മനുഷ്യരെ എന്നവണ്ണമല്ല കര്‍ത്താവിനെ സേവിക്കുന്നതുപോലെ സന്മനസ്സോടെ നിങ്ങളുടെ പ്രവൃത്തിചെയ്യുക.

8 അടിമയെന്നോ സ്വതന്ത്രനെന്നോ ഉള്ള ഭേദം കൂടാതെ ഓരോ മനുഷ്യനും ചെയ്യുന്ന നല്ല പ്രവൃത്തിക്കു തക്ക പ്രതിഫലം കര്‍ത്താവു നല്‌കുമെന്നു കരുതിക്കൊള്ളുക.

9

യജമാനന്മാരേ, നിങ്ങളും നിങ്ങളുടെ ദാസന്മാരോട് അങ്ങനെതന്നെ പെരുമാറണം. ഇനി അവരെ ഭീഷണിപ്പെടുത്തരുത്. നിങ്ങളുടെയും അവരുടെയും യജമാനന്‍ സ്വര്‍ഗത്തിലുണ്ടല്ലോ. അവിടുന്ന് ആരുടെയും മുഖം നോക്കാതെ ഒരേ മാനദണ്ഡത്താല്‍ എല്ലാവരെയും വിധിക്കുന്നു.

10

അവസാനമായി കര്‍ത്താവിനോട് ഏകീഭവിച്ച് അവിടുത്തെ അജയ്യശക്തി മുഖേന നിങ്ങള്‍ കരുത്തുറ്റവരായിത്തീരുക.

11 പിശാചിന്‍റെ കുതന്ത്രങ്ങളോട് എതിര്‍ത്തു നില്‌ക്കുവാന്‍ നിങ്ങള്‍ പ്രാപ്തരാകേണ്ടതിന് ദൈവം നിങ്ങള്‍ക്കു നല്‌കുന്ന എല്ലാ ആയുധങ്ങളും ധരിച്ചുകൊള്ളുക.

12 നാം പോരാടുന്നത് മനുഷ്യരോടല്ല, അധികാരങ്ങളോടും ശക്തികളോടും ഈ അന്ധകാരലോകത്തിന്‍റെ അധിപതികളോടും ആകാശത്തിലെ ദുഷ്ടാത്മസേനയോടുമത്രേ.

13 അതുകൊണ്ട് ദൈവത്തിന്‍റെ എല്ലാ പടക്കോപ്പുകളും ധരിക്കുക! അങ്ങനെ ചെയ്താല്‍ ദുര്‍ദിനത്തില്‍ ശത്രുവിന്‍റെ ആക്രമണത്തെ പ്രതിരോധിക്കുവാനും അവസാനംവരെ പോരാടിയശേഷവും വീഴാതെ കാലുറപ്പിച്ചു നില്‌ക്കുവാനും നിങ്ങള്‍ക്കു കഴിയും.

14

അതിനാല്‍ സത്യംകൊണ്ട് അരമുറുക്കിയും നീതി എന്ന കവചം ധരിച്ചും തയ്യാറായി നില്‌ക്കുക.

15 സമാധാനത്തിന്‍റെ സുവിശേഷം പ്രഖ്യാപനം ചെയ്യുവാനുള്ള സന്നദ്ധത ആയിരിക്കട്ടെ നിങ്ങളുടെ പാദരക്ഷ.

16 വിശ്വാസം എന്ന പരിച എല്ലാസമയത്തും നിങ്ങളുടെ കൈയിലുണ്ടായിരിക്കണം. തന്മൂലം ദുഷ്ടന്‍ തൊടുത്തുവിടുന്ന ആഗ്നേയാസ്ത്രങ്ങളെ കെടുത്തുവാന്‍ നിങ്ങള്‍ക്കു കഴിയും.

17 രക്ഷ പടത്തൊപ്പിയായും ദൈവവചനം ആത്മാവു നല്‌കുന്ന വാളായും സ്വീകരിച്ചുകൊള്ളുക.

18 [18,19] ആത്മാവു പ്രേരിപ്പിക്കുന്നതനുസരിച്ച് എല്ലാ സമയവും പ്രാര്‍ഥിക്കുക. എപ്പോഴും ജാഗരൂകരായിരിക്കുക. ഞാന്‍ സുധീരം സംസാരിക്കുകയും സുവിശേഷത്തിന്‍റെ മര്‍മ്മം അറിയിക്കുകയും ചെയ്യേണ്ടതിന് ഞാന്‍ പ്രസംഗിക്കുമ്പോള്‍ ഒരു സന്ദേശം എനിക്കു ലഭിക്കുവാന്‍ എനിക്കുവേണ്ടി പ്രാര്‍ഥിക്കുക. എല്ലാ ദൈവജനങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കണം. ദൈവത്തിന്‍റെ സഹായം അപേക്ഷിച്ചുകൊണ്ട് ഇവയെല്ലാം ചെയ്യണം.

19

20 ഇപ്പോള്‍ തടവില്‍ കിടക്കുകയാണെങ്കിലും ഞാന്‍ സുവിശേഷത്തിന്‍റെ സ്ഥാനപതിയാണ്. സുവിശേഷം വേണ്ടതുപോലെ പ്രസംഗിക്കുന്നതിനുള്ള ധീരത എനിക്ക് ഉണ്ടാകുവാന്‍ വേണ്ടിയും പ്രാര്‍ഥിക്കണം.

21

എന്‍റെ വിശേഷങ്ങള്‍ അറിയുവാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരിക്കുമല്ലോ. നമ്മുടെ പ്രിയ സഹോദരനും കര്‍ത്താവിന്‍റെ വിശ്വസ്ത ശുശ്രൂഷകനുമായ തിഹിക്കൊസ് എല്ലാ വിവരങ്ങളും വിശിഷ്യ ഞാന്‍ എന്തു ചെയ്യുന്നു എന്നും നിങ്ങളോടു പറയും.

22 ഞങ്ങളെല്ലാവരും എങ്ങനെ കഴിയുന്നു എന്ന് അറിയിക്കുന്നതിനും നിങ്ങളെ ധൈര്യപ്പെടുത്തുന്നതിനുമാണ് അയാളെ നിങ്ങളുടെ അടുക്കലേക്ക് അയയ്‍ക്കുന്നത്.

23

പിതാവായ ദൈവവും കര്‍ത്താവായ യേശുക്രിസ്തുവും എല്ലാ സഹോദരന്മാര്‍ക്കും സമാധാനവും വിശ്വാസത്തോടുകൂടിയ സ്നേഹവും നല്‌കുമാറാകട്ടെ.

24 അക്ഷയമായ സ്നേഹത്താല്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ സ്നേഹിക്കുന്ന എല്ലാവരോടുംകൂടി ദൈവത്തിന്‍റെ കൃപ ഉണ്ടായിരിക്കട്ടെ.