1
മനുഷ്യരില്‍നിന്നോ, മനുഷ്യന്‍ മുഖേനയോ അല്ല, യേശുക്രിസ്തുവിനാലും മരിച്ചവരില്‍നിന്ന് അവിടുത്തെ ഉയിര്‍പ്പിച്ച പിതാവായ ദൈവത്തിനാലും അപ്പോസ്തോലനായി വിളിക്കപ്പെട്ടിരിക്കുന്ന പൗലൊസ് എഴുതുന്നു:2
ഗലാത്യയിലെ സഭകള്‍ക്ക് എന്‍റെയും എന്നോടുകൂടി ഇവിടെയുള്ള എല്ലാ സഹോദരരുടെയും അഭിവാദനങ്ങള്‍.3
നമ്മുടെ പിതാവായ ദൈവവും കര്‍ത്താവായ യേശുക്രിസ്തുവും നിങ്ങള്‍ക്കു കൃപയും സമാധാനവും നല്‌കുമാറാകട്ടെ.4
ദുഷ്ടത നിറഞ്ഞ ഈ യുഗത്തില്‍നിന്നു നമ്മെ സ്വതന്ത്രരാക്കുന്നതിന് നമ്മുടെ പിതാവായ ദൈവത്തിന്‍റെ തിരുഹിതമനുസരിച്ച് നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി ക്രിസ്തു സ്വയം അര്‍പ്പിച്ചു.5 ദൈവത്തിന് എന്നെന്നേക്കും മഹത്ത്വമുണ്ടാകട്ടെ! ആമേന്‍.
6
ക്രിസ്തുവിന്‍റെ കൃപയാലാണ് നിങ്ങള്‍ വിളിക്കപ്പെട്ടത്. നിങ്ങളെ വിളിച്ചവനെ ഇത്ര പെട്ടെന്ന് ഉപേക്ഷിച്ച് മറ്റൊരു സുവിശേഷം നിങ്ങള്‍ സ്വീകരിച്ചതില്‍ ഞാന്‍ ആശ്ചര്യപ്പെടുന്നു! വാസ്തവത്തില്‍ മറ്റൊരു സുവിശേഷവുമില്ല.7 നിങ്ങളെ തകിടം മറിക്കാനും, ക്രിസ്തുവിന്‍റെ സുവിശേഷത്തെ മാറ്റിമറിക്കാനും ശ്രമിക്കുന്ന ചിലരുള്ളതുകൊണ്ടാണ് ഞാനിതു പറയുന്നത്.
8 എന്നാല്‍ ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം നിങ്ങളോടു പ്രസംഗിക്കുന്നത് ഞങ്ങള്‍ തന്നെ ആയാലും സ്വര്‍ഗത്തില്‍നിന്നുള്ള ഒരു മാലാഖ ആയാലും ശപിക്കപ്പെട്ടവന്‍ ആകുന്നു.
9 ഞങ്ങള്‍ നേരത്തെ നിങ്ങളോടു പറഞ്ഞിട്ടുള്ളതു വീണ്ടും പറയുന്നു. നിങ്ങള്‍ സ്വീകരിച്ച ആ സുവിശേഷത്തില്‍നിന്നു വിഭിന്നമായ സുവിശേഷം ആരുതന്നെ പ്രസംഗിച്ചാലും അയാള്‍ ശപിക്കപ്പെട്ടവനാകുന്നു.
10
മനുഷ്യരുടെ അംഗീകാരം നേടുന്നതിനുവേണ്ടി ഞാന്‍ ശ്രമിക്കുന്നു എന്നു തോന്നുന്നുവോ? ഒരിക്കലുമില്ല! എനിക്കു വേണ്ടത് ദൈവത്തിന്‍റെ അംഗീകാരമാണ്! ജനസമ്മിതി നേടാന്‍വേണ്ടിയാണോ ഞാന്‍ ശ്രമിക്കുന്നത്? അപ്രകാരം ചെയ്യുന്നപക്ഷം ഞാന്‍ ക്രിസ്തുവിന്‍റെ ദാസനായിരിക്കുകയില്ല.11
സഹോദരരേ, ഞാന്‍ നിങ്ങളോടു പറയട്ടെ: ഞാന്‍ പ്രസംഗിക്കുന്ന സുവിശേഷം മനുഷ്യനില്‍നിന്ന് ഉദ്ഭവിക്കുന്നതല്ല.12 അത് ഏതെങ്കിലും മനുഷ്യനില്‍നിന്ന് എനിക്കു ലഭിക്കുകയോ, ആരെങ്കിലും എന്നെ പഠിപ്പിക്കുകയോ ചെയ്തതുമല്ല. യേശുക്രിസ്തുതന്നെയാണ് അത് എനിക്കു വെളിപ്പെടുത്തിത്തന്നത്.
13
യെഹൂദമതാവലംബി ആയിരുന്നപ്പോള്‍ എങ്ങനെയാണു ഞാന്‍ ജീവിച്ചതെന്നു നിങ്ങള്‍ കേട്ടിരിക്കുമല്ലോ. അന്നു ദൈവത്തിന്‍റെ സഭയെ പീഡിപ്പിക്കുവാനും അതിനെ നശിപ്പിക്കുവാനും ഞാന്‍ പരമാവധി പരിശ്രമിച്ചു.14 മതാനുഷ്ഠാനത്തില്‍ ഞാന്‍ എന്‍റെ സമകാലികരായ യെഹൂദന്മാരുടെ മുന്‍പന്തിയിലായിരുന്നു; പൂര്‍വികരുടെ പാരമ്പര്യങ്ങള്‍ പാലിക്കുന്നതില്‍ അതീവ നിഷ്ഠയുള്ളവനും ആയിരുന്നു.
15
[15,16] എന്നാല്‍ ഞാന്‍ ജനിക്കുന്നതിനുമുമ്പുതന്നെ ദൈവം തിരുകൃപയാല്‍ എന്നെ തിരഞ്ഞെടുത്ത് വിജാതീയരോടു സുവിശേഷം പ്രസംഗിക്കുവാന്‍ അവിടുത്തെ പുത്രനെ എനിക്കു വെളിപ്പെടുത്തിത്തന്നു. അങ്ങനെ എന്നെ വിളിച്ചപ്പോള്‍ ഉപദേശം തേടി ഞാന്‍ ആരുടെയും അടുക്കല്‍ പോയില്ല.16
17 എനിക്കു മുമ്പ് അപ്പോസ്തോലന്മാരായവരെ കാണാന്‍ ഞാന്‍ യെരൂശലേമിലേക്കും പോയില്ല. പിന്നെയോ, ഉടനെതന്നെ ഞാന്‍ അറേബ്യയിലേക്കു പോകുകയും അവിടെനിന്നു ദമാസ്കസിലേക്കു തിരിച്ചുവരികയുമാണ് ചെയ്തത്.
18
പത്രോസിനെ കണ്ടു വിവരങ്ങള്‍ അറിയുവാന്‍ ഞാന്‍ യെരൂശലേമിലേക്കു പോകുകയും പതിനഞ്ചു ദിവസം അദ്ദേഹത്തിന്‍റെ കൂടെ പാര്‍ക്കുകയും ചെയ്തത് മൂന്നു വര്‍ഷത്തിനു ശേഷമാണ്.19 കര്‍ത്താവിന്‍റെ സഹോദരന്‍ യാക്കോബിനെ അല്ലാതെ അപ്പോസ്തോലന്മാരില്‍ വേറെ ആരെയും ഞാന്‍ കണ്ടില്ല.
20
ഞാന്‍ എഴുതുന്ന ഇക്കാര്യങ്ങള്‍ വ്യാജമല്ല എന്നു ദൈവം അറിയുന്നു.21
പിന്നീടു ഞാന്‍ സിറിയ, കിലിക്യപ്രദേശങ്ങളിലേക്കു പോയി.22 ആ സമയത്ത് യെഹൂദ്യയിലുള്ള സഭാംഗങ്ങളും ഞാനും തമ്മില്‍ മുഖപരിചയം ഉണ്ടായിരുന്നില്ല.
23 “നമ്മെ പീഡിപ്പിച്ചു വന്നിരുന്ന ആ മനുഷ്യന്‍, താന്‍ നിര്‍മാര്‍ജനം ചെയ്യുവാന്‍ ശ്രമിച്ച വിശ്വാസത്തെപ്പറ്റി ഇപ്പോള്‍ പ്രസംഗിക്കുന്നു” എന്ന് അവര്‍ കേട്ടു. അങ്ങനെ ഞാന്‍ നിമിത്തം അവര്‍ ദൈവത്തെ സ്തുതിച്ചു.
1
പിന്നീട് പതിനാല് വര്‍ഷം കഴിഞ്ഞ് ബര്‍നബാസിനോടുകൂടി ഞാന്‍ വീണ്ടും യെരൂശലേമിലേക്കു പോയി. തീത്തോസിനെയും എന്‍റെകൂടെ കൊണ്ടുപോയിരുന്നു.2 ദൈവത്തിന്‍റെ ഒരു വെളിപാടു ലഭിച്ചതുകൊണ്ടാണ് ഞാന്‍ അങ്ങോട്ടു പോയത്. അവിടത്തെ നേതാക്കന്മാരെ തനിച്ചു കണ്ട് വിജാതീയരോടു ഞാന്‍ പ്രസംഗിച്ചുവന്ന സുവിശേഷം അവര്‍ക്കു വിശദീകരിച്ചുകൊടുത്തു. ഞാന്‍ ചെയ്തതും ചെയ്യുന്നതുമായ പ്രവൃത്തി വിഫലമായിത്തീരാതിരിക്കുവാനാണ് അപ്രകാരം ചെയ്തത്.
3 എന്‍റെ കൂടെയുണ്ടായിരുന്ന തീത്തോസ് ഗ്രീക്കുകാരനായിരുന്നെങ്കിലും പരിച്ഛേദനകര്‍മത്തിനു വിധേയനാകണമെന്ന് അയാളെ ആരും നിര്‍ബന്ധിച്ചില്ല.
4 എന്നാല്‍ അതിനു വിധേയനാക്കണമെന്നു ചിലര്‍ക്ക് ഉദ്ദേശ്യമുണ്ടായിരുന്നു. ക്രിസ്തുയേശുവിനോടുള്ള ഐക്യത്തില്‍ ഞങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം എങ്ങനെയുള്ളതാണെന്നു കണ്ടുപിടിക്കുന്നതിനുവേണ്ടി അവര്‍ സഹവിശ്വാസികളെന്ന ഭാവത്തില്‍ ഞങ്ങളുടെ സംഘത്തില്‍ ഒറ്റുകാരായി നുഴഞ്ഞുകയറി. നമ്മെ അടിമകളാക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം.
5 സുവിശേഷസത്യം നിങ്ങള്‍ക്കുവേണ്ടി സുരക്ഷിതമായി നിലനിറുത്തേണ്ടിയിരുന്നതുകൊണ്ട് ഒരു നിമിഷംപോലും ഞങ്ങള്‍ അവര്‍ക്കു വിധേയരായില്ല.
6
പ്രമാണിമാരെപ്പോലെ കാണപ്പെട്ട അവര്‍ ആരുതന്നെ ആയാലും വേണ്ടില്ല; ഞാന്‍ പറഞ്ഞതില്‍ കൂടുതലായി ഒന്നുംതന്നെ അവര്‍ നിര്‍ദേശിച്ചില്ല. പുറമേ എങ്ങനെയുള്ളവരാണെന്നു നോക്കിയല്ലല്ലോ ദൈവം വിധിക്കുന്നത്.7 നേരെമറിച്ച് യെഹൂദന്മാരോടു സുവിശേഷം പ്രസംഗിക്കുന്ന ചുമതല പത്രോസിനെ ഏല്പിച്ചിരിക്കുന്നതുപോലെ, വിജാതീയരോടു സുവിശേഷം പ്രസംഗിക്കുന്ന ചുമതല എന്നെ ദൈവം ഏല്പിച്ചിരിക്കുന്നു എന്ന് അവര്‍ക്കു ബോധ്യമായി.
8 പത്രോസില്‍ വ്യാപരിച്ച ദൈവശക്തി അദ്ദേഹത്തെ യെഹൂദന്മാരുടെ അപ്പോസ്തോലനാക്കി. ആ ശക്തിയുടെ വ്യാപാരം തന്നെയാണ് എന്നെ വിജാതീയരുടെ അപ്പോസ്തോലന്‍ ആക്കിയത്.
9 ഈ പ്രത്യേക ചുമതല എന്നെ ഏല്പിച്ചിരിക്കുന്നു എന്നു ബോധ്യമായപ്പോള്‍, സഭയുടെ നെടുംതൂണുകളായി ഗണിക്കപ്പെട്ടിരുന്ന യാക്കോബും പത്രോസും യോഹന്നാനും എന്‍റെയും ബര്‍നബാസിന്‍റെയും നേരേ സൗഹൃദഹസ്തം നീട്ടി. അങ്ങനെ ഞങ്ങള്‍ വിജാതീയരുടെ ഇടയിലും, അവര്‍ യെഹൂദന്മാരുടെ ഇടയിലും പ്രവര്‍ത്തിക്കുന്നു.
10 ദരിദ്രരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നല്ലാതെ മറ്റൊന്നും അവര്‍ പറഞ്ഞില്ല. അക്കാര്യത്തില്‍ ഞാന്‍ ശ്രദ്ധിച്ചുമിരുന്നു.
11
പത്രോസ് അന്ത്യോക്യയില്‍ വന്നപ്പോള്‍ അദ്ദേഹം ചെയ്തത് ശരിയല്ലാഞ്ഞതുകൊണ്ട് മുഖത്തുനോക്കി ഞാന്‍ അദ്ദേഹത്തെ എതിര്‍ത്തു.12 യാക്കോബിന്‍റെ അടുക്കല്‍നിന്നു വന്ന ഏതാനും പേര്‍ അവിടെ എത്തുന്നതിനുമുമ്പ്, അദ്ദേഹം വിജാതീയ സഹോദരന്മാരോടുകൂടി ഭക്ഷണം കഴിച്ചു വന്നിരുന്നു. എന്നാല്‍ അവര്‍ വന്നുകഴിഞ്ഞ് ആ പതിവു നിറുത്തി അവരില്‍നിന്ന് അകന്നുനിന്നു. എന്തുകൊണ്ടെന്നാല്‍ പരിച്ഛേദനവാദികളെ അദ്ദേഹം ഭയപ്പെട്ടു.
13 പത്രോസിനോടൊപ്പം ഇതരയെഹൂദ സഹോദരന്മാരും ഭീരുക്കളെപ്പോലെ പെരുമാറുവാന്‍ തുടങ്ങി; ബര്‍നബാസുപോലും ഈ കാപട്യത്തിനു വഴിപ്പെട്ടു.
14 അവര്‍ സുവിശേഷസത്യം അനുസരിച്ചല്ല നടക്കുന്നതെന്നു കണ്ടപ്പോള്‍ എല്ലാവരുടെയും മുമ്പില്‍വച്ച് ഞാന്‍ പത്രോസിനോടു പറഞ്ഞു: “താങ്കള്‍ ഒരു യെഹൂദനായിരുന്നിട്ടും യെഹൂദമര്യാദപ്രകാരമല്ല, വിജാതീയനെപ്പോലെയാണു ജീവിക്കുന്നത്; അങ്ങനെയെങ്കില്‍ യെഹൂദന്മാരെപ്പോലെ ജീവിക്കണമെന്നു വിജാതീയരെ നിങ്ങള്‍ നിര്‍ബന്ധിക്കുന്നതെന്തിന്?”
15
“നാം ജന്മനാ യെഹൂദന്മാരാണ്, വിജാതീയരായ പാപികളല്ല”16 എന്നിരുന്നാലും ഒരുവന്‍ കുറ്റമറ്റവനായി ദൈവത്താല്‍ അംഗീകരിക്കപ്പെടുന്നത് യെഹൂദമതനിയമം പാലിക്കുന്നതുകൊണ്ടല്ല, യേശുക്രിസ്തുവിലുള്ള വിശ്വാസംകൊണ്ടു മാത്രമാകുന്നു എന്നു നമുക്ക് അറിയാമല്ലോ. നിയമങ്ങള്‍ അനുസരിക്കുന്നതുകൊണ്ടല്ല, പ്രത്യുത ക്രിസ്തുവിലുള്ള വിശ്വാസംമൂലമാണ് ദൈവത്താല്‍ അംഗീകരിക്കപ്പെടുന്നതെന്നു നാം അറിയുന്നു. എന്തുകൊണ്ടെന്നാല്‍ നിയമങ്ങള്‍ പാലിക്കുന്നതുകൊണ്ടു മാത്രം ആരും കുറ്റമറ്റവനായി ദൈവത്താല്‍ അംഗീകരിക്കപ്പെടുന്നില്ല.
17 ക്രിസ്തുവിനോട് ഐക്യപ്പെട്ട് ദൈവത്താല്‍ കുറ്റമറ്റവരായി അംഗീകരിക്കപ്പെടുവാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍ നാം വിജാതീയരെപ്പോലെ ‘പാപികളായി’ ഭവിക്കുന്നു. ഇതിന്‍റെ അര്‍ഥം ക്രിസ്തു പാപത്തിനു കാരണഭൂതനാണെന്നാണോ? ഒരിക്കലുമല്ല.
18 ഞാന്‍ ഇടിച്ചുപൊളിച്ചതു ഞാന്‍ തന്നെ വീണ്ടും കെട്ടിപ്പടുക്കുന്നെങ്കില്‍ ഞാന്‍ നിയമലംഘനക്കാരന്‍ എന്നു സ്വയം തെളിയിക്കുകയാണ്.
19 ദൈവത്തിനായി ജീവിക്കുന്നതിനുവേണ്ടി യെഹൂദമത നിയമത്തെ സംബന്ധിച്ചിടത്തോളം ഞാന്‍ മരിച്ചു-നിയമത്താല്‍തന്നെ കൊല്ലപ്പെട്ടു.
20 ക്രിസ്തുവിനോടുകൂടി ഞാന്‍ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല; എന്നില്‍ ജീവിക്കുന്നതു ക്രിസ്തുവാകുന്നു. ഇപ്പോഴത്തെ എന്‍റെ ജീവിതമാകട്ടെ, എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി തന്‍റെ ജീവന്‍ നല്‌കുകയും ചെയ്ത ദൈവപുത്രനിലുള്ള വിശ്വാസത്താലാകുന്നു.
21 ദൈവകൃപ ഞാന്‍ നിരസിക്കുന്നില്ല. യെഹൂദമതനിയമംകൊണ്ട് ദൈവത്തിന്‍റെ അംഗീകാരം ലഭിക്കുമെങ്കില്‍ ക്രിസ്തുവിന്‍റെ മരണം വ്യര്‍ഥമാണല്ലോ.
1
ബുദ്ധികെട്ട ഗലാത്യക്കാരേ! യേശുക്രിസ്തുവിന്‍റെ കുരിശിലെ മരണം നിങ്ങളുടെ കണ്‍മുമ്പില്‍ സ്പഷ്ടമായി ചിത്രീകരിച്ചിരിക്കെ, ആരാണ് ക്ഷുദ്രപ്രയോഗം ചെയ്തു നിങ്ങളെ മയക്കിയത്?2 ഒരു കാര്യം എന്നോടു പറയുക: നിങ്ങള്‍ക്കു ദൈവത്തിന്‍റെ ആത്മാവു ലഭിച്ചത് നിയമം അനുശാസിക്കുന്ന കര്‍മങ്ങള്‍ അനുഷ്ഠിച്ചതുകൊണ്ടാണോ, അതോ സുവിശേഷം കേട്ടു വിശ്വസിച്ചതുകൊണ്ടാണോ?
3 നിങ്ങള്‍ ഇത്ര ബുദ്ധിഹീനരോ! ദൈവാത്മാവില്‍ ആരംഭിച്ചിട്ട്, നിങ്ങളുടെ ശാരീരികമായ കര്‍മാനുഷ്ഠാനങ്ങളില്‍ ഇപ്പോള്‍ അവസാനിപ്പിക്കുന്നുവോ?
4 നിങ്ങള്‍ സഹിച്ച പീഡനങ്ങളെല്ലാം തീര്‍ത്തും വ്യര്‍ഥമായി എന്നോ? നിശ്ചയമായും അവ വ്യര്‍ഥമല്ലല്ലോ.
5 ദൈവം നിങ്ങള്‍ക്ക് ആത്മാവിനെ നല്‌കുകയും നിങ്ങളുടെ ഇടയില്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് നിങ്ങള്‍ നിയമം അനുശാസിക്കുന്ന കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതുകൊണ്ടോ, അതോ സുവിശേഷം കേട്ടു വിശ്വസിക്കുന്നതുകൊണ്ടോ?
6
അബ്രഹാമിന്‍റെ അനുഭവം എന്തായിരുന്നു? അബ്രഹാം ദൈവത്തില്‍ വിശ്വസിച്ചു; ആ വിശ്വാസം നിമിത്തം അദ്ദേഹത്തെ നീതിമാനായി ദൈവം അംഗീകരിച്ചു എന്നു വേദഗ്രന്ഥത്തില്‍ പറയുന്നുണ്ടല്ലോ.7 അതിനാല്‍ വിശ്വാസമുള്ളവരാണ് അബ്രഹാമിന്‍റെ യഥാര്‍ഥ സന്താനങ്ങള്‍ എന്നു നിങ്ങള്‍ മനസ്സിലാക്കണം.
8 വിശ്വാസത്താല്‍ വിജാതീയരെ ദൈവം കുറ്റമറ്റവരായി അംഗീകരിക്കുമെന്ന് വേദഗ്രന്ഥത്തില്‍ മുന്‍കൂട്ടി പറഞ്ഞിട്ടുണ്ട്: “നിന്നില്‍ക്കൂടി മാനവവംശം മുഴുവന്‍ അനുഗ്രഹിക്കപ്പെടും” എന്ന സദ്‍വാര്‍ത്ത അബ്രഹാമിനെ നേരത്തെതന്നെ ദൈവം അറിയിച്ചിരുന്നു.
9 അബ്രഹാം വിശ്വസിക്കുകയും ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്തു; അതുപോലെ വിശ്വസിക്കുന്ന എല്ലാവരും വിശ്വാസിയായ അബ്രഹാമിനോടൊപ്പം അനുഗ്രഹിക്കപ്പെടും.
10
നിയമം അനുശാസിക്കുന്ന കര്‍മാനുഷ്ഠാനങ്ങളെ ആശ്രയിക്കുന്നവന്‍ ശാപത്തിന് അധീനനാണ്. “നിയമഗ്രന്ഥത്തില്‍ എഴുതിയിട്ടുള്ളതു സമസ്തവും എപ്പോഴും അനുസരിക്കാത്ത ഏതൊരുവനും ശാപത്തിനു വിധേയനാകുന്നു” എന്നാണല്ലോ വേദഗ്രന്ഥത്തില്‍ പറയുന്നത്.11 അതിനാല്‍ നിയമസംഹിത മുഖേന ആരും ദൈവത്തിന്‍റെ മുമ്പില്‍ കുറ്റമറ്റവനായി തീരുന്നില്ലെന്നുള്ളതു സ്പഷ്ടമാണ്. എന്തുകൊണ്ടെന്നാല്‍ ‘വിശ്വാസംമൂലം ദൈവസമക്ഷം കുറ്റമറ്റവനായി അംഗീകരിക്കപ്പെടുന്നവന്‍ ജീവിക്കും’ എന്നു വേദഗ്രന്ഥത്തില്‍ പറയുന്നു.
12 എന്നാല്‍ ‘നിയമം വിശ്വാസത്തില്‍ അധിഷ്ഠിതമല്ല; ധര്‍മശാസ്ത്ര വിധികളെല്ലാം ആചരിക്കുന്നവര്‍ അവയാല്‍ ജീവിക്കും’ എന്നു പറയുന്നുണ്ടല്ലോ.
13
എന്നാല്‍ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീര്‍ന്നതുകൊണ്ട്, നിയമത്തിന്‍റെ ശാപത്തില്‍നിന്ന് നമ്മെ വീണ്ടെടുത്തിരിക്കുന്നു. ‘മരത്തില്‍ തൂക്കപ്പെടുന്ന ഏതൊരുവനും ശപിക്കപ്പെട്ടവനാണ്’ എന്നു വേദഗ്രന്ഥത്തില്‍ പറയുന്നുണ്ട്.14 അതുകൊണ്ട്, അബ്രഹാമിനോടു ദൈവം വാഗ്ദാനം ചെയ്ത അനുഗ്രഹം യേശുക്രിസ്തുവിനോടുള്ള ഐക്യത്തില്‍ വിജാതീയര്‍ക്കു ലഭിക്കുകയും ദൈവം വാഗ്ദാനം ചെയ്തിട്ടുള്ള ആത്മാവിനെ വിശ്വാസത്തിലൂടെ നാം പ്രാപിക്കുകയും ചെയ്യുന്നു.
15
സഹോദരരേ, സാധാരണജീവിതത്തില്‍നിന്ന് ഒരു ദൃഷ്ടാന്തം ഞാന്‍ ഉദ്ധരിക്കട്ടെ: ഒരു കാര്യം സംബന്ധിച്ച് രണ്ടുപേര്‍ ഒരു ഉടമ്പടി ഉണ്ടാക്കിയാല്‍ മറ്റാര്‍ക്കും അത് അസാധുവാക്കുവാനോ, അതില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുവാനോ സാധ്യമല്ല.16 ദൈവത്തിന്‍റെ വാഗ്ദാനങ്ങള്‍ അബ്രഹാമിനും അദ്ദേഹത്തിന്‍റെ സന്തതിക്കുമാണ് നല്‌കപ്പെട്ടത്. അനേകം ആളുകള്‍ എന്നര്‍ഥം വരുന്ന ബഹുവചനമല്ല, ഒരാള്‍ എന്ന് അര്‍ഥം ധ്വനിക്കുന്ന ഏകവചനമായ ‘നിന്‍റെ സന്തതിക്കും’ എന്നത്രേ വേദഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നത്. ‘നിന്‍റെ സന്തതി’ എന്നു പറയുന്നത് ക്രിസ്തുവിനെക്കുറിച്ചാണ്.
17 ഞാന്‍ പറയുന്നതിന്‍റെ സാരം ഇതാണ്: ദൈവം അബ്രഹാമിനോട് ഒരു ഉടമ്പടി ചെയ്തു. അതു പാലിക്കുമെന്ന് വാഗ്ദാനവും ചെയ്തു. നാനൂറ്റിമുപ്പതു വര്‍ഷം കഴിഞ്ഞു നല്‌കപ്പെട്ട നിയമസംഹിതയ്‍ക്ക് ദൈവത്തിന്‍റെ ഉടമ്പടിയെ അസാധുവാക്കുന്നതിനോ വാഗ്ദാനം ഉപേക്ഷിക്കുന്നതിനോ സാധ്യമല്ല.
18 എന്തെന്നാല്‍ ദൈവം നല്‌കുന്ന അവകാശം നിയമത്തെയാണ് ആശ്രയിച്ചിരിക്കുന്നതെങ്കില്‍, അതൊരിക്കലും വാഗ്ദാനത്തെ ആശ്രയിച്ചുള്ളതായിരിക്കുകയില്ല. വാഗ്ദാനംമൂലമാണ് ദൈവം അബ്രഹാമിന് ആ അവകാശം നല്‌കിയത്.
19
അങ്ങനെയെങ്കില്‍ നിയമം എന്തിന്? വാഗ്ദാനം ചെയ്യപ്പെട്ട സന്തതിയുടെ ആഗമനംവരെ നിയമലംഘനം ചൂണ്ടിക്കാണിച്ചു തരുന്നതിനുവേണ്ടി അതു വാഗ്ദാനത്തോടു ചേര്‍ത്തുതന്നതാണ്. മാലാഖമാര്‍ മുഖേന അതൊരു മധ്യസ്ഥനെ ഏല്പിച്ചു.20 എന്നാല്‍ ഒരുവന്‍ മാത്രമുള്ളിടത്ത് മധ്യസ്ഥന്‍റെ ആവശ്യമില്ല. ദൈവം ഏകനാണല്ലോ.
21
അങ്ങനെയെങ്കില്‍ നിയമം ദൈവത്തിന്‍റെ വാഗ്ദാനങ്ങള്‍ക്കു വിരുദ്ധമാണെന്നോ? ഒരിക്കലുമല്ല; ജീവന്‍ പ്രദാനം ചെയ്യുവാന്‍ കഴിയുന്ന നിയമസംഹിത ഉണ്ടായിരുന്നെങ്കില്‍ അതിലെ അനുശാസനങ്ങള്‍ അനുഷ്ഠിക്കുന്നതിനാല്‍ മനുഷ്യര്‍ ദൈവത്തിന്‍റെ മുമ്പില്‍ കുറ്റമറ്റവരായി തീരുമായിരുന്നല്ലോ.22 എന്നാല്‍ വേദഗ്രന്ഥത്തിലെ പ്രസ്താവനയനുസരിച്ച് സമസ്തലോകവും പാപത്തിന്‍റെ അധികാരത്തിന്‍കീഴിലാണ്. അതുകൊണ്ട്, യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന അവകാശം വിശ്വസിക്കുന്നവര്‍ക്കു നല്‌കപ്പെടുന്നു.
23
ഈ വിശ്വാസം കൈവരുന്നതിനുമുമ്പ്, ദൈവം ഈ വിശ്വാസം നമുക്കു പ്രത്യക്ഷമാക്കുന്നതുവരെ, നിയമസംഹിത നമ്മെ എല്ലാവരെയും തടവുപുള്ളികളെപ്പോലെ ബന്ധിച്ചിരുന്നു.24 വിശ്വാസത്തിലൂടെ നാം ദൈവത്തിന്‍റെ മുമ്പില്‍ കുറ്റമറ്റവരായി അംഗീകരിക്കപ്പെടുന്നതിന് ക്രിസ്തു വരുന്നതുവരെ, നിയമം നമ്മെ ക്രിസ്തുവിലേക്കു നയിക്കുന്ന സംരക്ഷകനായിരുന്നു.
25 ഇപ്പോഴാകട്ടെ, യേശുക്രിസ്തുവില്‍ വിശ്വസിക്കേണ്ട കാലമായതുകൊണ്ട്, നിയമം ഇനിയും നമ്മുടെ സംരക്ഷകനല്ല.
26
ക്രിസ്തുയേശുവിലുള്ള വിശ്വാസം മുഖേന നിങ്ങളെല്ലാവരും ദൈവത്തിന്‍റെ മക്കളാകുന്നു.27 ക്രിസ്തുവിനോടുള്ള ഐക്യത്തിനുവേണ്ടി സ്നാപനം ചെയ്യപ്പെട്ട നിങ്ങളെല്ലാവരും ക്രിസ്തുവിന്‍റെ ജീവന്‍ ധരിച്ചിരിക്കുന്നു.
28 അതുകൊണ്ട്, യൂദനെന്നോ യൂദേതരനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ, പുരുഷനെന്നോ സ്‍ത്രീയെന്നോ ഉള്ള ഭേദമില്ല. നിങ്ങളെല്ലാവരും ക്രിസ്തുയേശുവിലുള്ള ഐക്യത്തില്‍ ഒന്നാകുന്നു.
29 നിങ്ങള്‍ ക്രിസ്തുവിനുള്ളവരാണെങ്കില്‍, അബ്രഹാമിന്‍റെ സന്തതികളും ദൈവത്തിന്‍റെ വാഗ്ദാനപ്രകാരം അവകാശികളുമാകുന്നു.
1
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, പിതാവിന്‍റെ സ്വത്ത് അവകാശിക്കു ലഭിക്കുമെങ്കിലും, അവന്‍ ശിശുവായിരിക്കുമ്പോള്‍ എല്ലാറ്റിന്‍റെയും ഉടമസ്ഥനാണെങ്കില്‍കൂടി, അടിമയ്‍ക്കു സമനാണ്.2 പിതാവു നിശ്ചയിക്കുന്ന സമയംവരെ, തന്നെ സംരക്ഷിക്കുന്നതിനും തന്‍റെ കാര്യങ്ങള്‍ നോക്കുന്നതിനും നിയോഗിക്കപ്പെട്ടിട്ടുള്ളവരുടെ കീഴിലായിരിക്കും അവന്‍.
3 അതുപോലെതന്നെ നാം ആത്മീയപക്വത പ്രാപിക്കുന്നതുവരെ, പ്രപഞ്ചത്തിന്‍റെ ബാലപാഠങ്ങള്‍ക്ക് അടിമകളായിരുന്നു.
4 എന്നാല്‍ കാലത്തികവില്‍ ദൈവം തന്‍റെ പുത്രനെ അയച്ചു. അവിടുന്ന് ഒരു സ്‍ത്രീയുടെ പുത്രനായി ജനിച്ചു. യെഹൂദനിയമത്തിന് അധീനനായി അവിടുന്നു ജീവിക്കുകയും ചെയ്തു.
5 നിയമത്തിന്‍ കീഴിലുള്ളവരെ വീണ്ടെടുക്കുന്നതിനും, അങ്ങനെ നമുക്കു പുത്രത്വം ലഭിക്കുന്നതിനുംവേണ്ടിയാണ് അവിടുന്നു വന്നത്.
6
“അബ്ബാ-എന്‍റെ പിതാവേ!” എന്നു വിളിക്കുന്ന പുത്രന്‍റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിലേക്ക് അയച്ചതില്‍നിന്ന് നിങ്ങള്‍ അവിടുത്തെ പുത്രന്മാരാണെന്നു തെളിയുന്നു.7 അതുകൊണ്ട് നീ ഇനി അടിമയല്ല, പുത്രനാണ്. പുത്രനായതുകൊണ്ട് തന്‍റെ പുത്രന്മാര്‍ക്കുള്ളതെല്ലാം ദൈവം നിനക്കു നല്‌കും.
8
മുമ്പ് നിങ്ങള്‍ ദൈവത്തെ അറിഞ്ഞിരുന്നില്ല; അതുകൊണ്ട് നിങ്ങള്‍ സത്യദൈവമല്ലാത്ത മറ്റു ദൈവങ്ങളുടെ അടിമകളായിരുന്നു.9 എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ സാക്ഷാല്‍ ദൈവത്തെ അറിയുന്നു-അഥവാ ദൈവം നിങ്ങളെ അറിയുന്നു എന്നു പറയുകയായിരിക്കും കൂടുതല്‍ ശരി. അപ്പോള്‍ ദുര്‍ബലവും വ്യര്‍ഥവുമായ പ്രാപഞ്ചികശക്തികളെ അനുസരിക്കുവാന്‍ അവയുടെ അടുക്കലേക്കു തിരിച്ചുപോകുന്നതിന് നിങ്ങള്‍ എങ്ങനെ ആഗ്രഹിക്കും? വീണ്ടും അവയുടെ അടിമകളായിത്തീരുന്നതിനു നിങ്ങള്‍ താത്പര്യപ്പെടുന്നത് എന്തുകൊണ്ട്?
10 ചില ദിവസങ്ങളും മാസങ്ങളും മുഹൂര്‍ത്തങ്ങളും വര്‍ഷങ്ങളും നിങ്ങള്‍ ആചരിക്കുന്നുവല്ലോ!
11 നിങ്ങള്‍ക്കുവേണ്ടിയുള്ള എന്‍റെ അധ്വാനം വ്യര്‍ഥമായിത്തീരുമോ എന്നു ഞാന്‍ ഭയപ്പെടുന്നു.
12
എന്‍റെ സഹോദരരേ, നിങ്ങള്‍ എന്നെപ്പോലെ ആകണമെന്നാണ് എന്‍റെ അപേക്ഷ; ഞാനും നിങ്ങളെപ്പോലെ ആയല്ലോ. നിങ്ങള്‍ എന്നോട് ഒരു അന്യായവും ചെയ്തിട്ടില്ല.13 എന്‍റെ ശാരീരിക ബലഹീനതയാണ് സുവിശേഷം പ്രസംഗിക്കുവാന്‍ ആദ്യമായി എനിക്ക് അവസരമുണ്ടാക്കിയത് എന്നു നിങ്ങള്‍ ഓര്‍ക്കുന്നുണ്ടായിരിക്കുമല്ലോ.
14 എന്‍റെ രോഗം നിങ്ങള്‍ക്ക് ഒരു വലിയ പരീക്ഷണമായിരുന്നിട്ടും നിങ്ങള്‍ എന്നെ നിന്ദിക്കുകയോ, ഉപേക്ഷിക്കുകയോ ചെയ്തില്ല. മറിച്ച്, സ്വര്‍ഗത്തില്‍ നിന്നു വന്ന ഒരു മാലാഖയെപ്പോലെ നിങ്ങള്‍ എന്നെ കൈക്കൊള്ളുകയാണു ചെയ്തത്; ക്രിസ്തുയേശുവിനെ എന്നവണ്ണം നിങ്ങള്‍ എന്നെ സ്വീകരിച്ചു.
15 നിങ്ങള്‍ എത്ര സന്തുഷ്ടരായിരുന്നു! നിങ്ങള്‍ക്കു കഴിയുമായിരുന്നെങ്കില്‍, നിങ്ങളുടെ സ്വന്തം കണ്ണുകള്‍ ചുഴന്നെടുത്ത് എനിക്കു തരുമായിരുന്നു എന്നുള്ളതിനു ഞാന്‍ തന്നെ സാക്ഷി.
16 ഇപ്പോള്‍ എന്തു സംഭവിച്ചു? സത്യം തുറന്നു പറഞ്ഞതുകൊണ്ട് ഞാനിപ്പോള്‍ നിങ്ങളുടെ ശത്രുവായിത്തീര്‍ന്നിരിക്കുന്നുവോ?
17
തങ്ങളുടെ പക്ഷത്തേക്കു നിങ്ങളെ കൊണ്ടുവരുന്നതിന് അവര്‍ നിങ്ങളില്‍ അത്യധികമായ താത്പര്യം പ്രദര്‍ശിപ്പിക്കുന്നു. പക്ഷേ, അതു സദുദ്ദേശ്യത്തോടുകൂടിയല്ല. എന്നില്‍നിന്നു നിങ്ങളെ വേര്‍പെടുത്തി അവരില്‍ നിങ്ങള്‍ക്കു താത്പര്യം ഉളവാക്കുക എന്നതു മാത്രമാണ് അവരുടെ ലക്ഷ്യം.18 ഉദ്ദേശ്യം നല്ലതാണെങ്കില്‍ അങ്ങനെയുള്ള താത്പര്യം നല്ലതുതന്നെ. എന്നാല്‍ അത് ഞാന്‍ നിങ്ങളോടുകൂടിയുള്ളപ്പോള്‍ മാത്രമല്ല, എപ്പോഴും ഉണ്ടായിരിക്കണം.
19 എന്‍റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, ക്രിസ്തുവിന്‍റെ സ്വഭാവം നിങ്ങളില്‍ ജന്മമെടുക്കുന്നതുവരെ, ഒരമ്മയുടെ പ്രസവവേദന പോലെയുള്ള വേദന നിങ്ങളെ സംബന്ധിച്ച് എനിക്കുണ്ട്.
20 നിങ്ങളെ നേരില്‍ കണ്ടിരുന്നെങ്കില്‍ സന്ദര്‍ഭോചിതമായി സംസാരിക്കുവാന്‍ കഴിയുമായിരുന്നു. നിങ്ങളെക്കുറിച്ച് ഞാന്‍ വളരെയധികം അസ്വസ്ഥനാണ്.
21
നിയമസംഹിതയ്‍ക്ക് വിധേയരായിരിക്കണമെന്ന് ആഗ്രഹിക്കുന്ന നിങ്ങളോടു ഞാനൊന്നു ചോദിക്കട്ടെ: നിയമം പറയുന്നതെന്താണെന്ന് യഥാര്‍ഥത്തില്‍ നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടോ?22 അവിടെ കാണുന്നത് ശ്രദ്ധിക്കുക: അബ്രഹാമിന് രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു. ഒരാള്‍ അടിമസ്‍ത്രീയില്‍ ജനിച്ചവനും, അപരന്‍ സ്വതന്ത്രയായ സ്വഭാര്യയില്‍ ജനിച്ചവനും.
23 ദാസിയുടെ പുത്രന്‍ സാധാരണഗതിയിലും സ്വഭാര്യയില്‍ പിറന്ന പുത്രന്‍ വാഗ്ദാനഫലമായും ജനിച്ചു.
24 മേല്പറഞ്ഞ കാര്യങ്ങള്‍ ഒരു ഉദാഹരണം എന്ന നിലയില്‍ മനസ്സിലാക്കേണ്ടതാണ്. ആ രണ്ടു സ്‍ത്രീകള്‍ രണ്ട് ഉടമ്പടികളെ പ്രതിനിധാനം ചെയ്യുന്നു.
25 സീനായ്പര്‍വതത്തില്‍വച്ച് നല്‌കപ്പെട്ടതും അടിമത്തത്തിലേക്കു നയിക്കുന്നതുമാണ് അവയിലൊന്ന്; ഹാഗാര്‍ അതിനെ കുറിക്കുന്നു. സീനായ്പര്‍വതം അറേബ്യയിലാണല്ലോ. ഹാഗാര്‍ അറേബ്യയിലെ സീനായ്പര്‍വതമാണ്. അവര്‍ അടിമത്തത്തിലിരിക്കുന്ന ഇന്നത്തെ യെരൂശലേമിന്‍റെയും അവിടത്തെ ജനങ്ങളുടെയും പ്രതീകമാകുന്നു.
26 എന്നാല്‍ നമ്മുടെ മാതാവായ സ്വര്‍ഗീയ യെരൂശലേം സ്വതന്ത്രയാണ്.
27 വേദഗ്രന്ഥത്തില്‍ ഇപ്രകാരം പറയുന്നു:
മക്കളില്ലാത്ത സ്‍ത്രീയേ, സന്തോഷിക്കുക!28
സഹോദരരേ, നിങ്ങള്‍ ഇസ്ഹാക്കിനെപ്പോലെ വാഗ്ദാനഫലമായി ജനിച്ച മക്കളാകുന്നു.29 ജഡപ്രകാരം ജനിച്ചവന്‍ ദൈവത്തിന്‍റെ ആത്മാവിനാല്‍ ജനിച്ചവനെ അന്നു പീഡിപ്പിച്ചു. ഇന്നും അതുപോലെതന്നെയാണ്.
30 എന്നാല്‍ വേദഗ്രന്ഥം എന്താണു പറയുന്നത്? “ദാസിയെയും അവളുടെ മകനെയും പറഞ്ഞയയ്‍ക്കുക; സ്വതന്ത്രയുടെ പുത്രനെപ്പോലെ ദാസിയുടെ മകന്‍ പിതൃസ്വത്തിന് അവകാശിയല്ലല്ലോ.”
31 അതുകൊണ്ട് സഹോദരരേ, നാം ദാസിയുടെ മക്കളല്ല, പിന്നെയോ സ്വതന്ത്രയുടെ മക്കളാണ്.
1
സ്വതന്ത്രരായിരിക്കുന്നതിനുവേണ്ടി ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; അതുകൊണ്ട് ആ സ്വാതന്ത്ര്യത്തില്‍ ഉറച്ചു നില്‌ക്കുക; വീണ്ടും അടിമനുകം നിങ്ങളുടെ ചുമലില്‍ ഏറ്റരുത്.2
പൗലൊസ് എന്ന ഞാന്‍ പറയുന്നതു ശ്രദ്ധിക്കുക: പരിച്ഛേദനകര്‍മത്തിനു വിധേയരാകുവാന്‍ നിങ്ങളെത്തന്നെ അനുവദിക്കുന്നെങ്കില്‍ ക്രിസ്തുവിനെക്കൊണ്ട് നിങ്ങള്‍ക്കൊരു പ്രയോജനവുമില്ല.3 പരിച്ഛേദനകര്‍മം സ്വീകരിക്കുന്ന ഏതൊരു മനുഷ്യനും നിയമസംഹിത മുഴുവനും അനുസരിക്കുവാന്‍ ബാധ്യസ്ഥനാണെന്നു ഞാന്‍ ഒരിക്കല്‍ക്കൂടി ഉറപ്പിച്ചു പറയുന്നു.
4 നിയമത്തിന്‍റെ മാര്‍ഗത്തിലൂടെ ദൈവസമക്ഷം കുറ്റമറ്റവരായിത്തീരുവാന്‍ ശ്രമിക്കുന്ന നിങ്ങള്‍, നിങ്ങളെത്തന്നെ ക്രിസ്തുവിനോടുള്ള ബന്ധത്തില്‍നിന്നു വിച്ഛേദിക്കുന്നു; നിങ്ങള്‍ ദൈവത്തിന്‍റെ കൃപയ്‍ക്കു പുറത്താകുകയും ചെയ്യുന്നു.
5 നമ്മെ സംബന്ധിച്ചിടത്തോളം, ദൈവം നമ്മെ കുറ്റമറ്റവരായി അംഗീകരിക്കും എന്നുള്ളതാണു നമ്മുടെ പ്രത്യാശ. വിശ്വാസത്തിലൂടെ പ്രവര്‍ത്തിക്കുന്ന ദൈവാത്മാവിന്‍റെ ശക്തിയാല്‍ ഈ പ്രത്യാശ സഫലമാകുന്നതിനുവേണ്ടി നാം കാത്തിരിക്കുന്നു.
6 ക്രിസ്തുയേശുവിനോടു നാം ഏകീഭവിച്ചു കഴിയുമ്പോള്‍ പരിച്ഛേദനം ചെയ്യുന്നതിലും ചെയ്യാത്തതിലും കാര്യമൊന്നുമില്ല; സ്നേഹത്തിലൂടെ പ്രവര്‍ത്തിക്കുന്ന വിശ്വാസമാണു പ്രധാനം.
7
വിശ്വാസത്തില്‍ നിങ്ങള്‍ നന്നായി മുന്നേറുകയായിരുന്നു. സത്യത്തില്‍നിന്നു വ്യതിചലിക്കുവാന്‍ നിങ്ങളെ പ്രേരിപ്പിച്ചത് ആരാണ്?8 ആ പ്രേരണ നിശ്ചയമായും നിങ്ങളെ വിളിക്കുന്ന ദൈവത്തില്‍ നിന്നല്ല.
9 പുളിച്ചമാവ് അല്പമായാലും പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു.
10 എന്‍റെ ചിന്താഗതിയില്‍നിന്നു വിഭിന്നമായ ഒരു ചിന്താഗതി നിങ്ങള്‍ സ്വീകരിക്കുകയില്ല എന്ന് എനിക്കു ദൃഢവിശ്വാസമുണ്ട്. കര്‍ത്താവിനോടുള്ള നമ്മുടെ ഏകീഭാവമാണ് ആ ഉറപ്പ് എനിക്കു നല്‌കുന്നത്. നിങ്ങളെ തകിടം മറിക്കുന്നത് ആരുതന്നെ ആയാലും അവന്‍ ശിക്ഷ അനുഭവിക്കും.
11
എന്നാല്‍ സഹോദരരേ, പരിച്ഛേദനം വേണമെന്നു ഞാന്‍ ഇപ്പോഴും പ്രസംഗിക്കുന്നു എങ്കില്‍ എന്തിനു ഞാന്‍ പീഡിപ്പിക്കപ്പെടുന്നു? ഞാന്‍ അതിനുവേണ്ടി വാദിച്ചിരുന്നു എങ്കില്‍, ക്രിസ്തുവിന്‍റെ കുരിശുമരണത്തെക്കുറിച്ചുള്ള എന്‍റെ പ്രസംഗം യെഹൂദന്മാര്‍ക്ക് ഇടര്‍ച്ചയാകുമായിരുന്നില്ല.12 നിങ്ങളെ തകിടം മറിക്കുന്നവര്‍ പരിച്ഛേദനംകൊണ്ടു തൃപ്തിപ്പെടാതെ അംഗവിച്ഛേദനം കൂടി ചെയ്ത് സ്വയം നിര്‍വീര്യരാക്കപ്പെടട്ടെ.
13
സഹോദരരേ, സ്വാതന്ത്ര്യത്തിലേക്കാണ് നിങ്ങളെ വിളിച്ചിരിക്കുന്നത്. എന്നാല്‍ ഈ സ്വാതന്ത്ര്യം പാപജടിലമായ ഇച്ഛകളുടെ പൂര്‍ത്തീകരണത്തിന് ഇടവരുത്തരുത്. സ്നേഹത്തിന്‍റെ പ്രചോദനത്താല്‍ നിങ്ങള്‍ അന്യോന്യം സേവനം ചെയ്യുകയാണു വേണ്ടത്.14 എന്തെന്നാല്‍ നിന്‍റെ അയല്‍ക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുക എന്നതില്‍ നിയമസംഹിത മുഴുവനും അടങ്ങിയിരിക്കുന്നു.
15 അന്യോന്യം കടിച്ചുകീറുന്ന വന്യമൃഗങ്ങളെപ്പോലെ വര്‍ത്തിച്ചാല്‍, നിങ്ങള്‍ പരസ്പരം നിശ്ശേഷം നശിപ്പിക്കപ്പെടും എന്നു കരുതിക്കൊള്ളുക.
16
ഞാന്‍ പറയുന്നത് ഇതാണ്: ആത്മാവു നിങ്ങളുടെ ജീവിതത്തെ നയിക്കട്ടെ. പാപജടിലമായ അഭിലാഷങ്ങളെ തൃപ്തിപ്പെടുത്തുവാന്‍ ശ്രമിക്കരുത്.17 എന്തെന്നാല്‍ മാനുഷികമായ അധമാഭിലാഷങ്ങള്‍ ആത്മാവിനും, ആത്മാവിന്‍റെ അഭിലാഷങ്ങള്‍ മനുഷ്യന്‍റെ അധമസ്വഭാവത്തിനും എതിരാകുന്നു. ഇവ രണ്ടും അന്യോന്യം എതിരായതുകൊണ്ട് നിങ്ങള്‍ ആഗ്രഹിക്കുന്നതു ചെയ്യുവാന്‍ കഴിയുകയില്ല.
18 ആത്മാവാണു നിങ്ങളെ നയിക്കുന്നതെങ്കില്‍, നിങ്ങള്‍ നിയമസംഹിതയ്‍ക്കു വിധേയരല്ല.
19
മനുഷ്യന്‍റെ അധമസ്വഭാവത്തിന്‍റെ വ്യാപാരങ്ങള്‍ എന്തെല്ലാമെന്ന് എല്ലാവര്‍ക്കുമറിയാം; അവ അസാന്മാര്‍ഗികത, അശുദ്ധി, കാമാസക്തി,20 വിഗ്രഹാരാധന, മന്ത്രവാദം മുതലായവയാണ്. മാത്രമല്ല, മനുഷ്യര്‍ ശത്രുക്കളായിത്തീര്‍ന്ന് പരസ്പരം പടവെട്ടുന്നു; അവര്‍ അസൂയാലുക്കളും കോപിഷ്ഠരും അത്യാഗ്രഹികളുമായിത്തീരുന്നു;
21 അവര്‍ അന്യന്‍റെ മുതലിനായി ആഗ്രഹിക്കുകയും മദ്യപിച്ചു കൂത്താടുകയും ചെയ്യുന്നു; അതുപോലെയുള്ള മറ്റു പ്രവൃത്തികളിലും ഏര്‍പ്പെടുന്നു. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് ദൈവരാജ്യത്തിന് അവകാശം ലഭിക്കുകയില്ല എന്നു ഞാന്‍ മുമ്പു പറഞ്ഞിട്ടുള്ളതുപോലെ ഇപ്പോഴും ഉറപ്പിച്ചു പറയുന്നു.
22
[22,23] എന്നാല്‍ ആത്മാവിന്‍റെ ഫലം, സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, വിനയം, ആത്മനിയന്ത്രണം ഇവയാണ്. ഇവയ്‍ക്കെതിരെ ഒരു നിയമവുമില്ല.23
24 ക്രിസ്തുയേശുവിനുള്ളവര്‍ തങ്ങളുടെ പ്രാകൃതസ്വഭാവത്തെ അതിന്‍റെ രാഗമോഹങ്ങളോടുകൂടി ക്രൂശിച്ചിരിക്കുന്നു.
25 ആത്മാവു നമുക്കു ജീവന്‍ പ്രദാനം ചെയ്യുന്നു. നമ്മുടെ ജീവിതത്തെ നയിക്കേണ്ടതും ആത്മാവുതന്നെ.
26 നാം അഹങ്കരിക്കുകയോ, അന്യോന്യം പ്രകോപിപ്പിക്കുകയോ, അസൂയാലുക്കളായി വര്‍ത്തിക്കുകയോ ചെയ്യരുത്.
1
സഹോദരരേ, ആത്മാവിനാല്‍ നയിക്കപ്പെട്ട നിങ്ങള്‍, ഒരാള്‍ ഏതെങ്കിലും തെറ്റില്‍ വീണുപോയാല്‍ സൗമ്യതയോടെ അയാളെ വീഴ്ചയില്‍നിന്ന് ഉദ്ധരിക്കുക. നിങ്ങളും പ്രലോഭനങ്ങള്‍ക്ക് അടിപ്പെടാതെ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊള്ളണം.2 ഭാരങ്ങള്‍ ചുമക്കുന്നതില്‍ അന്യോന്യം സഹായിക്കുക. ഇങ്ങനെ നിങ്ങള്‍ ക്രിസ്തുവിന്‍റെ നിയമം നിറവേറ്റണം.
3 ഒരുവന്‍ കേവലം നിസ്സാരനായിരിക്കെ വലിയവനാണെന്നു ഭാവിച്ചാല്‍, തന്നെത്തന്നെ വഞ്ചിക്കുകയാണു ചെയ്യുന്നത്.
4 ഓരോ വ്യക്തിയും അവരവരുടെ ചെയ്തികളെ വിധിക്കട്ടെ. അവ നല്ലതാണെങ്കില്‍ അന്യരുടെ അംഗീകാരത്തെ ആശ്രയിക്കാതെ താന്‍ ചെയ്തതിനെക്കുറിച്ച് അഭിമാനം കൊള്ളുവാന്‍ കഴിയും.
5 ഓരോ വ്യക്തിയും താന്താങ്ങളുടെ ഭാരം ചുമക്കേണ്ടിയിരിക്കുന്നു.
6
ക്രിസ്തുവിന്‍റെ സുവിശേഷം പഠിച്ചുകൊണ്ടിരിക്കുന്നവന്‍ പഠിപ്പിക്കുന്നവന് തനിക്കുള്ള എല്ലാ നല്ല വസ്തുക്കളും പങ്കിടണം.7
നിങ്ങള്‍ സ്വയം വഞ്ചിക്കരുത്; ദൈവത്തെ വഞ്ചിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. ഒരുവന്‍ വിതച്ചതുതന്നെ കൊയ്യും.8 പ്രാകൃതമായ അഭിലാഷങ്ങളുടെ വിളഭൂമിയിലാണു വിതയ്‍ക്കുന്നതെങ്കില്‍, അതില്‍നിന്ന് അവന്‍ നാശം കൊയ്യും; ആത്മാവിന്‍റെ വിളഭൂമിയിലാണു വിതയ്‍ക്കുന്നതെങ്കില്‍ അവന്‍ കൊയ്യുന്നത് അനശ്വരജീവനായിരിക്കും.
9 നന്മ ചെയ്യുന്നതില്‍ നാം ക്ഷീണിച്ചു പോകരുത്; ക്ഷീണിക്കാതിരുന്നാല്‍ യഥാകാലം അതിന്‍റെ വിളവെടുക്കാം.
10 അതുകൊണ്ട് എല്ലാവര്‍ക്കും വിശിഷ്യ സഹവിശ്വാസികള്‍ക്ക് അവസരം ലഭിക്കുമ്പോഴെല്ലാം നന്മചെയ്യണം; വിശ്വാസികളായ നാമെല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങളാണല്ലോ.
11
എന്‍റെ സ്വന്തം കൈകൊണ്ട് എത്ര വലിയ അക്ഷരത്തിലാണ് ഞാന്‍ എഴുതിയിരിക്കുന്നതെന്നു നോക്കൂ!12 പരിച്ഛേദനം ചെയ്യാന്‍ നിങ്ങളെ ഹേമിക്കുന്നത്, പുറമേയുള്ള കാര്യങ്ങളെപ്പറ്റി ആത്മപ്രശംസ ചെയ്യുന്നവരാണ്. ക്രിസ്തുവിന്‍റെ കുരിശിനുവേണ്ടി പീഡനം സഹിക്കാതിരിക്കുവാനാണ് അവര്‍ അപ്രകാരം ചെയ്യുന്നത്.
13 പരിച്ഛേദനകര്‍മത്തിനു വിധേയരായവര്‍പോലും നിയമം അനുസരിക്കുന്നില്ല. ഈ ബാഹ്യകര്‍മത്തിനു നിങ്ങള്‍ വഴങ്ങിയെന്നു പൊങ്ങച്ചം പറയുന്നതിനുവേണ്ടിയാണ് നിങ്ങള്‍ പരിച്ഛേദനം നടത്തണമെന്ന് അവര്‍ ആഗ്രഹിക്കുന്നത്.
14 ഞാനാകട്ടെ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കുരിശിനെക്കുറിച്ചു മാത്രമേ അഭിമാനം കൊള്ളുകയുള്ളൂ. എന്തുകൊണ്ടെന്നാല്‍, അവിടുത്തെ കുരിശു മുഖേന ലോകം എനിക്കും, ഞാന്‍ ലോകത്തിനും മരിച്ചിരിക്കുന്നു.
15 ഒരുവന്‍ പരിച്ഛേദനകര്‍മത്തിനു വിധേയനാകട്ടെ, വിധേയനാകാതിരിക്കട്ടെ അതില്‍ അര്‍ഥമൊന്നുമില്ല. ഒരുവന്‍ പുതിയ സൃഷ്‍ടിയായിത്തീരുന്നതാണു പ്രധാനം.
16 ഈ പ്രമാണമനുസരിച്ചു ജീവിക്കുന്ന എല്ലാ ദൈവജനത്തോടും കൂടി സമാധാനവും കാരുണ്യവും ഉണ്ടായിരിക്കട്ടെ.
17
ഇനി ആരും എന്നെ വിഷമിപ്പിക്കരുത്; എന്തെന്നാല്‍ എന്‍റെ ശരീരത്തിലുള്ള പാടുകള്‍ ഞാന്‍ യേശുവിന്‍റെ വകയാണെന്നു വ്യക്തമാക്കുന്നു.18
സഹോദരരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളോടുകൂടി ഉണ്ടായിരിക്കട്ടെ. ആമേന്‍.