1

1

ദൈവത്തിന്‍റെ തിരുഹിതത്താല്‍, ക്രിസ്തുയേശുവിന്‍റെ അപ്പോസ്തോലനായി നിയമിക്കപ്പെട്ട പൗലൊസും സഹോദരനായ തിമൊഥെയോസും,

കൊരിന്തിലെ ദൈവസഭയ്‍ക്കും അഖായയില്‍ എങ്ങുമുള്ള എല്ലാ ദൈവജനത്തിനും എഴുതുന്നത്:

2

നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

3

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും പിതാവുമായ സര്‍വേശ്വരന്‍ വാഴ്ത്തപ്പെട്ടവനാകട്ടെ! അവിടുന്ന് കൃപാലുവായ പിതാവും സര്‍വസമാശ്വാസത്തിന്‍റെയും ഉറവിടവുമാകുന്നു.

4 ദൈവത്തില്‍നിന്ന് നാം ആശ്വാസംപ്രാപിച്ച്, എല്ലാവിധത്തിലും ക്ലേശിക്കുന്നവരെ ആശ്വസിപ്പിക്കുവാന്‍ പ്രാപ്തരാകേണ്ടതിന് നമ്മുടെ സകല വിഷമതകളിലും അവിടുന്നു നമ്മെ ആശ്വസിപ്പിക്കുന്നു.

5 ക്രിസ്തുവിന്‍റെ പീഡാനുഭവങ്ങളില്‍ നാം ധാരാളമായി പങ്കു ചേരുന്നതുപോലെ തന്നെ, ക്രിസ്തു മുഖേനയുള്ള ആശ്വാസത്തിലും നാം സമൃദ്ധമായി പങ്കുകൊള്ളുന്നു.

6 ഞങ്ങള്‍ ക്ലേശങ്ങള്‍ സഹിക്കുന്നെങ്കില്‍ അതു നിങ്ങളുടെ സമാശ്വാസത്തിനും രക്ഷയ്‍ക്കും വേണ്ടിയാണ്; ഞങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്നെങ്കില്‍ നിങ്ങളും ആശ്വസിക്കപ്പെടും; ഈ ആശ്വാസം, ഞങ്ങള്‍ സഹിക്കുന്ന അതേ കഷ്ടതകള്‍ ക്ഷമയോടെ സഹിക്കുന്നതിനുള്ള ശക്തിയും നിങ്ങള്‍ക്കു നല്‌കും.

7 ഞങ്ങളുടെ കഷ്ടതകളില്‍ നിങ്ങള്‍ പങ്കാളികളായിരിക്കുന്നതുപോലെ ഞങ്ങളുടെ ആശ്വാസത്തിലും നിങ്ങള്‍ ഓഹരിക്കാരാകുന്നു എന്നറിയുന്നതുകൊണ്ടു ഞങ്ങള്‍ക്കു നിങ്ങളിലുള്ള പ്രത്യാശ അടിയുറച്ചതാണ്.

8

സഹോദരരേ, ഏഷ്യാദേശത്തു ഞങ്ങള്‍ക്കുണ്ടായ ക്ലേശങ്ങള്‍ നിങ്ങളെ അറിയിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ജീവനോടെ ശേഷിക്കുമെന്ന് ഓര്‍ത്തതല്ല; അത്ര കഠിനവും ഭാരമേറിയതുമായിരുന്നു ഞങ്ങള്‍ക്കു വഹിക്കേണ്ടിവന്ന ക്ലേശങ്ങള്‍.

9 ഞങ്ങള്‍ വധിക്കപ്പെടുമെന്നു വിചാരിച്ചതാണ്. എന്നാല്‍ ഈ പീഡനങ്ങളില്‍കൂടിയെല്ലാം ഞങ്ങള്‍ കടന്നുപോന്നതുകൊണ്ട്, ഞങ്ങളില്‍ അല്ല, മരിച്ചവരെ ഉയിര്‍പ്പിക്കുന്ന ദൈവത്തില്‍ത്തന്നെയാണ് ആശ്രയിക്കേണ്ടതെന്നു ഞങ്ങള്‍ക്കു ബോധ്യമായി.

10 ഇങ്ങനെയുള്ള മാരകമായ വിപത്തുകളില്‍നിന്ന് ദൈവം ഞങ്ങളെ രക്ഷിച്ചു; ഇനി രക്ഷിക്കുകയും ചെയ്യും; രക്ഷിക്കുമെന്നുള്ള ഞങ്ങളുടെ പ്രത്യാശ ദൈവത്തില്‍ സമര്‍പ്പിച്ചുമിരിക്കുന്നു.

11 നിങ്ങളെല്ലാവരും ചേര്‍ന്നു ഞങ്ങള്‍ക്കുവേണ്ടി സര്‍വാത്മനാ പ്രാര്‍ഥിക്കണം. നിങ്ങളുടെ പ്രാര്‍ഥനയാല്‍ ഞങ്ങള്‍ക്കു ലഭിക്കുന്ന കൃപയ്‍ക്കുവേണ്ടി ധാരാളം ആളുകള്‍ സ്തോത്രം ചെയ്യും.

12

ലൗകികമായ ജ്ഞാനമല്ല, പ്രത്യുത ദൈവദത്തമായ നിഷ്കപടതയും ആത്മാര്‍ഥതയുമാണ് ഈ ലോകത്തിലുള്ള ഞങ്ങളുടെ ജീവിതത്തെയും വിശിഷ്യ, നിങ്ങളോടുള്ള ബന്ധത്തെയും ഭരിക്കുന്നതെന്നു ഞങ്ങളുടെ മനസ്സാക്ഷിക്ക് ഉറപ്പുണ്ട്. അതിലാണ് ഞങ്ങള്‍ അഭിമാനം കൊള്ളുന്നത്.

13 [13,14] നിങ്ങള്‍ക്കു വായിച്ചു മനസ്സിലാക്കുവാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രമേ ഞങ്ങള്‍ എഴുതുന്നുള്ളൂ. ഇപ്പോള്‍ നിങ്ങള്‍ അപൂര്‍ണമായി മാത്രമേ ഞങ്ങളെ അറിയുന്നുള്ളൂ; നിങ്ങള്‍ ഞങ്ങളെ സമ്പൂര്‍ണമായി മനസ്സിലാക്കുമെന്നും, ഞങ്ങള്‍ നിങ്ങളില്‍ അഭിമാനംകൊള്ളുന്നതുപോലെ നമ്മുടെ കര്‍ത്താവിന്‍റെ ദിവസത്തില്‍ നിങ്ങള്‍ക്കു ഞങ്ങളില്‍ അഭിമാനംകൊള്ളുവാന്‍ കഴിയുമെന്നും ഞങ്ങള്‍ പ്രത്യാശിക്കുന്നു.

14

15

[15,16] ഇതെല്ലാം എനിക്കു നിശ്ചയമുണ്ടായിരുന്നതുകൊണ്ട് മാസിഡോണിയയിലേക്കു പോകുന്ന വഴി നിങ്ങളെ സന്ദര്‍ശിക്കാമെന്നും അവിടെനിന്നു തിരിച്ചു വരുന്നവഴി നിങ്ങളെ കണ്ട് നിങ്ങളുടെ സഹായത്തോടുകൂടി യെഹൂദ്യയിലേക്കു പോകാമെന്നുമായിരുന്നു ഞാന്‍ നേരത്തെ ഉദ്ദേശിച്ചിരുന്നത്. അങ്ങനെ നിങ്ങളെ രണ്ടു പ്രാവശ്യം കാണാമെന്നും നിങ്ങള്‍ക്ക് ഇരട്ടിയായ ദൈവാനുഗ്രഹം ലഭിക്കുമെന്നും ഞാന്‍ കരുതി.

16

17 എന്‍റെ തീരുമാനത്തില്‍ എനിക്ക് ഉറപ്പില്ലെന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്? അനാത്മികരെപ്പോലെയാണോ ഞാന്‍ പദ്ധതികള്‍ തയ്യാറാക്കുന്നത്? ഒരേ സമയത്തുതന്നെ ‘അതേ, അതേ’ എന്നും ‘അല്ല, അല്ല’ എന്നും ഞാന്‍ പറയുമെന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടോ?

18 നിങ്ങളോടുള്ള ഞങ്ങളുടെ വാക്ക് ഒരേ സമയം ‘അതേ’ എന്നും ‘അല്ല’ എന്നും ആയിരുന്നില്ല എന്നുള്ളതിനു സത്യസ്വരൂപനായ ദൈവം സാക്ഷി.

19 ശീലാസും തിമൊഥെയോസും ഞാനും ആരെപ്പറ്റി നിങ്ങളോടു പ്രസംഗിച്ചുവോ, ആ ദൈവപുത്രനായ യേശുക്രിസ്തു ‘അതേ’ എന്നും ‘അല്ല’ എന്നും ഉള്ളവനല്ല. പ്രത്യുത അവിടുന്ന് ദൈവത്തിന്‍റെ ‘അതേ’ ആകുന്നു.

20 എന്തുകൊണ്ടെന്നാല്‍ അവിടുന്നാണ് ദൈവത്തിന്‍റെ എല്ലാ വാഗ്ദാനങ്ങള്‍ക്കുമുള്ള ‘അതേ’. അതുകൊണ്ട് ആ യേശുക്രിസ്തുവില്‍കൂടി ദൈവത്തിന്‍റെ മഹത്ത്വത്തിനായി നാം ആമേന്‍ പറയുന്നു.

21 ക്രിസ്തുവിനോടു സംയോജിച്ചുള്ള ഞങ്ങളുടെയും നിങ്ങളുടെയും ജീവിതത്തിന് ഉറപ്പു വരുത്തുന്നതും ഞങ്ങളെ വിളിച്ച് അധികാരപ്പെടുത്തിയിരിക്കുന്നതും ദൈവം തന്നെയാണ്.

22 തന്‍റെ ഉടമസ്ഥാവകാശത്തെ സൂചിപ്പിക്കുന്ന മുദ്ര അവിടുന്നു നമ്മുടെമേല്‍ പതിക്കുകയും നമുക്കുവേണ്ടി സംഭരിച്ചിട്ടുള്ള എല്ലാറ്റിന്‍റെയും ഉറപ്പിലേക്കായി പരിശുദ്ധാത്മാവിനെ നമ്മുടെ ഹൃദയങ്ങളില്‍ പകരുകയും ചെയ്തിരിക്കുന്നു.

23

ഞാന്‍ കൊരിന്തിലേക്കു വരാതിരുന്നത് നിങ്ങളെപ്പറ്റിയുള്ള എന്‍റെ പരിഗണനകൊണ്ടാണ്;

24 അതിന് ദൈവം സാക്ഷി. നിങ്ങളുടെ വിശ്വാസം എന്തായിരിക്കണമെന്നു ഞങ്ങള്‍ വിധിക്കുന്നില്ല. വിശ്വാസത്തില്‍ നിങ്ങള്‍ അടിയുറച്ചു നില്‌ക്കുന്നു എന്നു ഞങ്ങള്‍ അറിയുന്നു. നിങ്ങളുടെ സന്തോഷത്തിനുവേണ്ടി നിങ്ങളോടൊത്ത് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

2

1

വീണ്ടും സന്ദര്‍ശിച്ചു നിങ്ങള്‍ക്കു മനോവേദന ഉണ്ടാക്കരുതെന്നു ഞങ്ങള്‍ നിശ്ചയിച്ചു.

2 ഞാന്‍ നിങ്ങളെ ദുഃഖിപ്പിച്ചാല്‍ എന്നെ സമാശ്വസിപ്പിക്കുന്നതിന് ഞാന്‍ ദുഃഖിപ്പിച്ച നിങ്ങളല്ലാതെ മറ്റാരാണുള്ളത്?

3 ഞാന്‍ വരുമ്പോള്‍ എനിക്കു സന്തോഷം നല്‌കേണ്ടവര്‍ എന്നെ ദുഃഖിപ്പിക്കാതിരിക്കുവാന്‍വേണ്ടിയാണു ഞാന്‍ ആ കത്തെഴുതിയത്. എന്തെന്നാല്‍ ഞാന്‍ സന്തോഷിക്കുമ്പോള്‍ നിങ്ങളെല്ലാവരുംതന്നെ സന്തോഷിക്കുമെന്ന് എനിക്കു ബോധ്യമുണ്ട്.

4 അത്യധികമായ ദുഃഖത്തോടും ഹൃദയവേദനയോടും കണ്ണുനീരോടുംകൂടി ഞാന്‍ നിങ്ങള്‍ക്ക് എഴുതിയത് നിങ്ങളെ ദുഃഖിപ്പിക്കുന്നതിനല്ല, പിന്നെയോ നിങ്ങളെ എല്ലാവരെയും ഞാന്‍ എത്രമാത്രം സ്നേഹിക്കുന്നു എന്നു നിങ്ങള്‍ക്കു ബോധ്യമാകുന്നതിനുവേണ്ടിയാണ്.

5

ദുഃഖിപ്പിച്ചവന്‍ എന്നെയല്ല, നിങ്ങളെ എല്ലാവരെയുമാണ് ഒരളവില്‍ ദുഃഖിപ്പിച്ചത്- അയാളെ കൂടുതല്‍ വേദനിപ്പിക്കരുതല്ലോ.

6 നിങ്ങളില്‍ ഭൂരിപക്ഷം പേര്‍ അയാള്‍ക്കു നല്‌കിയ ശിക്ഷ ധാരാളം മതി.

7 ഏതായാലും അയാള്‍ നിലയില്ലാത്ത ദുഃഖത്തില്‍ നിമഗ്നനായി നശിച്ചു പോകാതിരിക്കേണ്ടതിന് നിങ്ങള്‍ അയാളോടു ക്ഷമിക്കുകയും അയാളെ ആശ്വസിപ്പിക്കുകയും വേണം.

8 അതുകൊണ്ട് അയാളോടുള്ള നിങ്ങളുടെ സ്നേഹം വീണ്ടും ഉറപ്പിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു.

9 എന്‍റെ നിര്‍ദേശങ്ങള്‍ അനുസരിക്കുവാന്‍ നിങ്ങള്‍ എപ്പോഴും സന്നദ്ധരാണോ എന്നു പരീക്ഷിക്കുന്നതിനാണ് ഞാന്‍ അങ്ങനെ എഴുതിയത്.

10 നിങ്ങള്‍ ക്ഷമിച്ച ഏതൊരുവനോടും ഞാനും ക്ഷമിക്കുന്നു; ഞാന്‍ എന്തെങ്കിലും ക്ഷമിച്ചിരിക്കുന്നെങ്കില്‍, നിങ്ങളെ പ്രതി ക്രിസ്തുവിന്‍റെ സാന്നിധ്യത്തിലത്രേ അപ്രകാരം ചെയ്തത്.

11 ഇത് സാത്താന്‍ നമ്മെ അടിമപ്പെടുത്താതിരിക്കുന്നതിനാണ്. സാത്താന്‍റെ തന്ത്രങ്ങളെപ്പറ്റി നാം അറിവില്ലാത്തവരല്ലല്ലോ.

12

ക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുന്നതിനായി ഞാന്‍ ത്രോവാസിലെത്തിയപ്പോള്‍ അവിടെ പ്രവര്‍ത്തനത്തിനുള്ള വാതില്‍ കര്‍ത്താവ് തുറന്നിരിക്കുന്നതായി ഞാന്‍ കണ്ടു.

13 എന്നാല്‍ എന്‍റെ സഹോദരനായ തീത്തോസിനെ അവിടെ കാണാഞ്ഞതുകൊണ്ടു ഞാന്‍ അസ്വസ്ഥനായി. അതുകൊണ്ട് അവിടത്തെ ജനത്തോടു യാത്രപറഞ്ഞ് ഞാന്‍ മാസിഡോണിയയിലേക്കു പോയി.

14

ദൈവത്തിനു സ്തോത്രം! ക്രിസ്തുവിനോട് ഐക്യപ്പെട്ടുകൊണ്ടുള്ള ഞങ്ങളുടെ ജൈത്രയാത്രയില്‍ ദൈവം ഞങ്ങളെ എപ്പോഴും നയിക്കുന്നു. ക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനം സൗരഭ്യം എന്നപോലെ എല്ലായിടത്തും പരത്തുന്നതിന് ദൈവം ഞങ്ങളെ ഉപയോഗിക്കുന്നു.

15 എന്തെന്നാല്‍ ക്രിസ്തു ദൈവത്തിനു സമര്‍പ്പിച്ച നറുമണം ചൊരിയുന്ന ധൂപംപോലെയുള്ളവരാണ് ഞങ്ങള്‍. ആ ധൂപത്തിന്‍റെ വാസന രക്ഷിക്കപ്പെടുന്നവരുടെയും നഷ്ടപ്പെടുന്നവരുടെയും ഇടയില്‍ വ്യാപിക്കുന്നു.

16 നശിച്ചുപോകുന്നവര്‍ക്ക് അത് മാരകമായ ദുര്‍ഗന്ധമായിരിക്കും; എന്നാല്‍ രക്ഷിക്കപ്പെടുന്നവര്‍ക്ക് അത് ജീവന്‍ കൈവരുത്തുന്ന സൗരഭ്യമത്രേ. ഇതുപോലെയുള്ള പ്രവര്‍ത്തനത്തിന് ആരാണു യോഗ്യന്‍?

17 മായം ചേര്‍ത്ത വ്യാപാരച്ചരക്കെന്നോണം ദൈവത്തിന്‍റെ സന്ദേശം കൈകാര്യം ചെയ്യുന്ന വളരെയാളുകളുണ്ട്. അവരെപ്പോലെയല്ല ഞങ്ങള്‍. ദൈവം ഞങ്ങളെ അയച്ചിരിക്കുന്നതുകൊണ്ട് ക്രിസ്തുവിന്‍റെ ദാസന്മാരെന്നവണ്ണം അവിടുത്തെ സാന്നിധ്യത്തില്‍ ആത്മാര്‍ഥതയോടുകൂടി സംസാരിക്കുന്നു.

3

1

ഞങ്ങള്‍ പിന്നെയും ആത്മപ്രശംസ ചെയ്യുവാന്‍ തുടങ്ങുകയാണോ? നിങ്ങളുടെ പേര്‍ക്കോ, നിങ്ങളില്‍നിന്നോ മറ്റുചിലര്‍ക്കെന്നപോലെ, ഞങ്ങള്‍ക്ക് ശുപാര്‍ശക്കത്തുകള്‍ ആവശ്യമുണ്ടോ?

2 എല്ലാവരും അറിയേണ്ടതിനും വായിക്കേണ്ടതിനും ഞങ്ങളുടെ ഹൃദയങ്ങളില്‍ എഴുതപ്പെട്ട സാക്ഷ്യപത്രം നിങ്ങള്‍തന്നെയാണ്.

3 നിങ്ങള്‍ ക്രിസ്തുവിന്‍റെ കത്താകുന്നു എന്നുള്ളതു സ്പഷ്ടം. അത് മഷികൊണ്ടല്ല ജീവിക്കുന്ന ദൈവത്തിന്‍റെ ആത്മാവിനാലാണ് എഴുതപ്പെട്ടത്. കല്പലകകളില്ല, മനുഷ്യഹൃദയങ്ങളില്‍ത്തന്നെ അത് ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.

4

ക്രിസ്തു മുഖേന ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് നല്ല ഉറപ്പുണ്ട്.

5 തനിയെ ഈ പ്രവൃത്തി ചെയ്യുന്നതിനുള്ള പ്രാപ്തി ഞങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെടുന്നില്ല. ഞങ്ങള്‍ക്കുള്ള പ്രാപ്തി ദൈവത്തില്‍നിന്നു ലഭിക്കുന്നതാണ്.

6 പുതിയ ഉടമ്പടിയുടെ ശുശ്രൂഷകരാകാനുള്ള പ്രാപ്തി ദൈവം ഞങ്ങള്‍ക്കു നല്‌കി. ആ ഉടമ്പടി അക്ഷരങ്ങള്‍കൊണ്ട് എഴുതപ്പെട്ടതല്ല, ആത്മാവിനാലുള്ളതാകുന്നു. എഴുതപ്പെട്ട നിയമം മരണത്തിലേക്കു നയിക്കുന്നു. എന്നാല്‍ ആത്മാവു ജീവന്‍ പ്രദാനം ചെയ്യുന്നു.

7

കല്പലകകളില്‍ അക്ഷരങ്ങളില്‍ എഴുതിയ നിയമസംഹിത നല്‌കിയപ്പോള്‍ ദൈവതേജസ്സ് പ്രത്യക്ഷമായി; തന്മൂലം മോശയ്‍ക്കുണ്ടായ മുഖതേജസ്സ് മങ്ങിപ്പോകുന്നതായിരുന്നെങ്കിലും ഇസ്രായേല്‍ജനത്തിന് അദ്ദേഹത്തിന്‍റെ മുഖത്തേക്കു നോക്കുവാന്‍ കഴിയാതവണ്ണം അത് അത്രയ്‍ക്ക് ഉജ്ജ്വലമായിരുന്നു. മരണത്തിനു നിദാനമായ നിയമസംഹിത ഇത്ര തേജസ്സോടുകൂടി വന്നെങ്കില്‍,

8 ആത്മാവിന്‍റെ പ്രവര്‍ത്തനം എത്രയധികം തേജോമയമായിരിക്കും!

9 ശിക്ഷാവിധി വരുത്തുന്ന വ്യവസ്ഥ തേജസ്സുള്ളതായിരുന്നെങ്കില്‍ രക്ഷയിലേക്കു നയിക്കുന്ന പ്രവര്‍ത്തനം എത്രയധികം തേജസ്സുള്ളതായിരിക്കും!

10 ഒരിക്കല്‍ പ്രശോഭിച്ചിരുന്ന തേജസ്സ്, അതിനെ അതിശയിക്കുന്ന മറ്റൊരു തേജസ്സ് വന്നപ്പോള്‍ നിഷ്പ്രഭമായിപ്പോയി.

11 അല്പകാലത്തേക്കു മാത്രം നിലനിന്നത് തേജസ്സുള്ളതായിരുന്നെങ്കില്‍ അനന്തമായി നിലനില്‌ക്കുന്നത് എത്രയധികം തേജസ്സുറ്റതായിരിക്കും!

12

ഈ പ്രത്യാശയുള്ളതിനാല്‍ ഞങ്ങള്‍ക്ക് വളരെയധികം ധൈര്യമുണ്ട്.

13 തന്‍റെ മുഖത്തെ തേജസ്സ് മങ്ങിമറയുന്നത് ഇസ്രായേല്‍ജനം കാണാതിരിക്കുന്നതിന് മോശ തന്‍റെ മുഖം മൂടുപടംകൊണ്ടു മറച്ചു. എന്നാല്‍ ഞങ്ങളുടെ അവസ്ഥ അതുപോലെയല്ല.

14 ഇസ്രായേല്‍ജനത്തിന്‍റെ മനസ്സ് നിര്‍ജീവമായിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ഇന്നും പഴയ ഉടമ്പടിയുടെ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ അവരുടെ മനസ്സ് അതേ മൂടുപടംകൊണ്ടു മറയ്‍ക്കപ്പെടുന്നു. ഒരുവന്‍ ക്രിസ്തുവിനോടു ചേരുമ്പോള്‍ മാത്രമേ മൂടുപടം നീങ്ങുന്നുള്ളൂ.

15 ഇന്നുപോലും മോശയുടെ നിയമസംഹിത വായിക്കുമ്പോഴെല്ലാം അവരുടെ മനസ്സ് മൂടുപടത്താല്‍ ആവരണം ചെയ്യപ്പെടുന്നു.

16 എന്നാല്‍ ‘കര്‍ത്താവിന്‍റെ അടുക്കലേക്കു തിരിഞ്ഞപ്പോള്‍ മൂടുപടം നീക്കി’ എന്നു പറയുന്നതുപോലെ അതു നീക്കുവാന്‍ കഴിയും.

17 ‘കര്‍ത്താവ്’ എന്ന് ഇവിടെ പറയുന്നത് ആത്മാവാകുന്നു; കര്‍ത്താവിന്‍റെ ആത്മാവ് എവിടെയുണ്ടോ അവിടെ സ്വാതന്ത്ര്യമുണ്ട്.

18 അനാവരണം ചെയ്ത മുഖത്തോടുകൂടി നാമെല്ലാവരും കര്‍ത്താവിന്‍റെ തേജസ്സ് പ്രതിഫലിപ്പിക്കുന്നു. ആത്മാവാകുന്ന കര്‍ത്താവില്‍നിന്നു വരുന്ന തേജസ്സുമൂലം, നാം തേജസ്സില്‍ ഉത്തരോത്തരം വളര്‍ന്ന് തന്‍റെ സാദൃശ്യത്തിലേക്കു രൂപാന്തരപ്പെടുന്നു.

4

1

ദൈവം തന്‍റെ കരുണയാല്‍ ഈ ദൗത്യം ഞങ്ങളെ ഏല്പിച്ചിരിക്കുന്നു. അതില്‍ ഞങ്ങള്‍ ഭഗ്നാശരാകുന്നില്ല.

2 രഹസ്യവും ലജ്ജാകരവുമായ എല്ലാ പ്രവൃത്തികളും ഞങ്ങള്‍ ഉപേക്ഷിച്ചു; ഞങ്ങള്‍ വഞ്ചിക്കുകയോ ദൈവവചനത്തില്‍ മായം ചേര്‍ക്കുകയോ ചെയ്യുന്നില്ല. സത്യത്തിന്‍റെ പൂര്‍ണവെളിച്ചത്തില്‍ ദൈവസമക്ഷം ഞങ്ങള്‍ ജീവിക്കുകയും എല്ലാവരുടെയും മനസ്സാക്ഷിക്കു ഞങ്ങളെത്തന്നെ സമര്‍പ്പിക്കുകയും ചെയ്യുന്നു.

3 ഞങ്ങള്‍ പ്രസംഗിക്കുന്ന സുവിശേഷം മറഞ്ഞിരിക്കുന്നെങ്കില്‍, അത് രക്ഷയുടെ അനുഭവത്തിലേക്കു വരാതെ നശിച്ചുകൊണ്ടിരിക്കുന്നവര്‍ക്കു മാത്രമാണ്.

4 ദൈവത്തിന്‍റെ സാക്ഷാല്‍ പ്രതിരൂപമായ ക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷത്തില്‍നിന്നു പുറപ്പെടുന്ന പ്രകാശം കാണാതിരിക്കത്തക്കവിധം അവിശ്വാസികളുടെ മനസ്സ് ഈ ലോകത്തിന്‍റെ ദൈവം അന്ധകാരമാക്കിയിരിക്കുന്നു. ഞങ്ങളെത്തന്നെയല്ല ഞങ്ങള്‍ പ്രസംഗിക്കുന്നത്;

5 യേശുക്രിസ്തുവിനെ കര്‍ത്താവായും യേശുവിനെ പ്രതി ഞങ്ങളെ നിങ്ങളുടെ ദാസന്മാരായും വിളംബരം ചെയ്യുന്നു.

6 ‘അന്ധകാരത്തില്‍നിന്നു പ്രകാശം ഉദിക്കും’ എന്ന് അരുള്‍ചെയ്ത ദൈവം തന്നെയാണ്, ക്രിസ്തുവിന്‍റെ മുഖത്തു ശോഭിക്കുന്ന ദൈവതേജസ്സിന്‍റെ പരിജ്ഞാനം നമുക്കു നല്‌കുന്നതിന് അവിടുത്തെ വെളിച്ചം നമ്മുടെ ഹൃദയത്തില്‍ പ്രകാശിപ്പിച്ചത്.

7

എന്നിരുന്നാലും പരമാധികാരം ഞങ്ങള്‍ക്കുള്ളതല്ല ദൈവത്തിനുള്ളതാണ് എന്നു വെളിപ്പെടുത്തുമാറ് ആധ്യാത്മികമായ ഈ നിധി കൈവശമുള്ള ഞങ്ങള്‍ കേവലം മണ്‍പാത്രംപോലെയാകുന്നു.

8 എല്ലാവിധത്തിലുമുള്ള ഉപദ്രവങ്ങള്‍ ഞങ്ങള്‍ക്കുണ്ടാകുന്നുണ്ട്. എങ്കിലും വഴിമുട്ടിപ്പോകുന്നില്ല; ആശങ്കയുണ്ടാകുന്നെങ്കിലും ഒരിക്കലും ഭഗ്നാശരാകുന്നില്ല;

9 ധാരാളം ശത്രുക്കളുണ്ടെങ്കിലും ഒരിക്കലും മിത്രങ്ങളാല്‍ പരിത്യക്തരാകുന്നില്ല. വല്ലാതെ പീഡിപ്പിക്കപ്പെട്ടുവെങ്കിലും ഉന്മൂലനം ചെയ്യപ്പെടുന്നില്ല.

10 ഞങ്ങള്‍ മര്‍ത്യശരീരത്തില്‍ യേശുവിന്‍റെ മരണം സദാ വഹിക്കുന്നു. അവിടുത്തെ ജീവനും ഞങ്ങളുടെ ശരീരത്തില്‍ പ്രകാശിക്കണമല്ലോ.

11 ഞങ്ങളുടെ മര്‍ത്യശരീരത്തില്‍ യേശുവിന്‍റെ ജീവന്‍ പ്രത്യക്ഷമാകേണ്ടതിന് അവിടുത്തെപ്രതി എപ്പോഴും മരണകരമായ വിപത്തില്‍ ഞങ്ങള്‍ ആയുഷ്കാലം മുഴുവന്‍ കഴിയുന്നു.

12 ഞങ്ങളില്‍ മരണവും നിങ്ങളില്‍ ജീവനും പ്രവര്‍ത്തിക്കുന്നു എന്നത്രേ ഇതിന്‍റെ സാരം.

13

‘ഞാന്‍ വിശ്വസിച്ചതുകൊണ്ടു സംസാരിച്ചു’ എന്നു വേദഗ്രന്ഥത്തില്‍ പറയുന്നു. ഞങ്ങളും വിശ്വസിക്കുന്നതുകൊണ്ട് അതേ വിശ്വാസത്തിന്‍റെ ആത്മാവില്‍ സംസാരിക്കുന്നു.

14 കര്‍ത്താവായ യേശുവിനെ ഉയിര്‍പ്പിച്ച ദൈവം, യേശുവിനോടുകൂടി ഞങ്ങളെയും ഉയിര്‍പ്പിക്കുമെന്നും, നിങ്ങളോടൊപ്പം അവിടുത്തെ സന്നിധിയില്‍ കൊണ്ടുവരുമെന്നും ഞങ്ങള്‍ അറിയുന്നു. ഇവയെല്ലാം നിങ്ങള്‍ക്കുവേണ്ടിയാണു സംഭവിക്കുന്നത്.

15 ദൈവകൃപ കൂടുതല്‍ കൂടുതല്‍ ആളുകള്‍ക്കു ലഭിക്കുന്നതനുസരിച്ച് ദൈവത്തിന്‍റെ മഹത്ത്വം കൂടുതല്‍ പ്രകാശിതമാകുംവിധം അവര്‍ സ്തോത്രം അര്‍പ്പിക്കേണ്ടതാണല്ലോ.

16

ഇക്കാരണത്താല്‍ ഞങ്ങള്‍ ഒരിക്കലും അധൈര്യപ്പെടുന്നില്ല. ഞങ്ങളുടെ ബാഹ്യമനുഷ്യന്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ആന്തരികമനുഷ്യന്‍ അനുദിനം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

17 അതുകൊണ്ട് ഞങ്ങള്‍ സഹിക്കുന്ന ലഘുവും താത്ക്കാലികവുമായ ക്ലേശം, അതിബൃഹത്തും അനശ്വരവുമായ മഹത്ത്വത്തിനുവേണ്ടി ഞങ്ങളെ സജ്ജരാക്കുന്നു. ക്ഷണനേരത്തേക്കുള്ള ഇപ്പോഴത്തെ ക്ലേശങ്ങള്‍ നിസ്സാരമാണ്.

18 ഞങ്ങള്‍ ദൃശ്യമായ കാര്യങ്ങളിലല്ല, അദൃശ്യമായ കാര്യങ്ങളിലാണു ശ്രദ്ധ ഊന്നുന്നത്. കാണുന്നത് താത്ക്കാലികം; കാണാത്തതോ ശാശ്വതം.

5

1

ഞങ്ങള്‍ വസിക്കുന്ന കൂടാരമാകുന്ന ഈ ഭൗമികശരീരം പൊളിഞ്ഞുപോകുമ്പോള്‍, ഞങ്ങള്‍ക്കു വസിക്കുന്നതിന് സ്വര്‍ഗത്തില്‍ ഒരു ഭവനം ദൈവം നല്‌കും. മനുഷ്യകരങ്ങളല്ല, ദൈവംതന്നെ നിര്‍മിച്ച ആ വാസസ്ഥലം അനശ്വരമാകുന്നു.

2 ഇപ്പോഴത്തെ ഈ ശരീരത്തില്‍ ഞങ്ങള്‍ ഞരങ്ങിക്കൊണ്ടിരിക്കുന്നു; സ്വര്‍ഗീയമായ പാര്‍പ്പിടം ധരിക്കുവാന്‍ ഞങ്ങള്‍ അഭിവാഞ്ഛിക്കുന്നു.

3 അതു ധരിക്കുമ്പോള്‍ ഞങ്ങള്‍ ശരീരം ഇല്ലാത്തവരായിരിക്കുകയില്ല.

4 ഭൗമികമായ ഈ കൂടാരത്തില്‍ വസിക്കുമ്പോള്‍ ഞങ്ങള്‍ ഭാരപ്പെട്ടു ഞരങ്ങുന്നു; ഈ ശരീരം ഇല്ലാതിരിക്കുവാനല്ല, ഇതിനുമീതെ സ്വര്‍ഗീയമായത് ധരിക്കുവാനത്രേ ഞങ്ങള്‍ ആഗ്രഹിക്കുന്നത്; അങ്ങനെ ഈ മര്‍ത്യശരീരം ജീവനുള്ള ശരീരമായി രൂപാന്തരപ്പെടും.

5 ഈ പരിവര്‍ത്തനത്തിനു ഞങ്ങളെ സജ്ജരാക്കുന്നതു ദൈവമാകുന്നു. നമുക്കുവേണ്ടി അവിടുന്നു സംഭരിച്ചുവച്ചിട്ടുള്ള എല്ലാറ്റിന്‍റെയും ഉറപ്പിനായി തന്‍റെ ആത്മാവിനെ അവിടുന്നു ഞങ്ങള്‍ക്കു നല്‌കുകയും ചെയ്തു.

6

അതുകൊണ്ട് ഞങ്ങള്‍ക്ക് എപ്പോഴും ധൈര്യമുണ്ട്. ഞങ്ങള്‍ ഈ ശരീരത്തില്‍ വസിക്കുമ്പോള്‍ കര്‍ത്താവില്‍നിന്നു വിദൂരസ്ഥരാണെന്നു ഞങ്ങള്‍ അറിയുന്നു.

7 ബാഹ്യദൃഷ്‍ടികൊണ്ടുള്ള കാഴ്ചയാലല്ല, വിശ്വാസത്താലത്രേ ഞങ്ങള്‍ ജീവിക്കുന്നത്.

8 ഈ ശരീരം വിട്ട് കര്‍ത്താവിനോടുകൂടി വസിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ട് ഞങ്ങള്‍ക്കു തികഞ്ഞ ധൈര്യമുണ്ട്.

9 എല്ലാറ്റിലുമുപരി ഞങ്ങള്‍ ഇവിടെയോ, അവിടെയോ എവിടെയായിരുന്നാലും കര്‍ത്താവിന് ഹിതകരമായി ജീവിക്കുവാന്‍ അഭിവാഞ്ഛിക്കുന്നു.

10 നാം എല്ലാവരും ക്രിസ്തുവിന്‍റെ ന്യായാസനത്തിനുമുമ്പില്‍ നില്‌ക്കേണ്ടിവരും. ഓരോരുത്തനും ശരീരത്തിലിരിക്കുമ്പോള്‍ ചെയ്തത് നന്മയായാലും തിന്മയായാലും അതിന് അവനവന്‍ അര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കും.

11

കര്‍ത്താവിനോടുള്ള ഭയഭക്തി എന്തെന്നു ഞങ്ങള്‍ക്ക് അറിയാം. അതുകൊണ്ടു ഞങ്ങള്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നു. ദൈവം ഞങ്ങളെ പൂര്‍ണമായി അറിയുന്നു. അതുപോലെതന്നെ നിങ്ങളുടെ മനസ്സാക്ഷിക്കും അത് അറിയാമെന്നു ഞാന്‍ കരുതുന്നു.

12 ഞങ്ങള്‍ വീണ്ടും നിങ്ങളുടെ മുമ്പില്‍ ഞങ്ങളെത്തന്നെ ശ്ലാഘിക്കുവാന്‍ ശ്രമിക്കുകയല്ല; പ്രത്യുത നിങ്ങള്‍ക്കു ഞങ്ങളെക്കുറിച്ച് അഭിമാനം കൊള്ളുന്നതിനു മതിയായ കാരണമുണ്ടാകുവാന്‍ വേണ്ടിയാണു ശ്രമിക്കുന്നത്. തന്മൂലം യഥാര്‍ഥസ്വഭാവം നോക്കാതെ മുഖം നോക്കി പ്രശംസിക്കുന്നവര്‍ക്കു മറുപടി പറയുവാന്‍ നിങ്ങള്‍ പ്രാപ്തരാകും.

13 ഞങ്ങള്‍ സുബോധമില്ലാത്തവരാണോ? എങ്കില്‍ അതു ദൈവത്തിനുവേണ്ടിയാകുന്നു; ഞങ്ങള്‍ സുബോധമുള്ളവരാണെങ്കില്‍ അതു നിങ്ങള്‍ക്കുവേണ്ടിയത്രേ.

14 ക്രിസ്തുവിന്‍റെ സ്നേഹം ഞങ്ങളെ ഭരിക്കുന്നു; എല്ലാവര്‍ക്കുംവേണ്ടിയാണ് ഒരാള്‍ മരിച്ചത് എന്നും അതുകൊണ്ട് എല്ലാവരും അവിടുത്തെ മരണത്തില്‍ പങ്കാളികളാകുന്നു എന്നും ഞങ്ങള്‍ക്കു ബോധ്യമായിരിക്കുന്നു.

15 അവിടുന്ന് എല്ലാവര്‍ക്കുംവേണ്ടി മരിച്ചു. അതുകൊണ്ട് ഇനി ജീവിക്കുന്നവര്‍ തങ്ങള്‍ക്കുവേണ്ടിയല്ല, തങ്ങള്‍ക്കുവേണ്ടി മരിച്ച് ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിനുവേണ്ടിയാണു ജീവിക്കേണ്ടത്.

16

അതിനാല്‍ ഞങ്ങള്‍ ഇനി മാനുഷികമായ കാഴ്ചപ്പാടില്‍ ആരെയും വിധിക്കുന്നില്ല. മാനുഷികമായ കാഴ്ചപ്പാട് അനുസരിച്ച് ഞങ്ങള്‍ ഒരിക്കല്‍ ക്രിസ്തുവിനെ മനസ്സിലാക്കിയിരുന്നു.

17 എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഒരുവന്‍ ക്രിസ്തുവിനോട് ഏകീഭവിച്ചാല്‍ അവന്‍ പുതിയ സൃഷ്‍ടിയാകുന്നു; പഴയത് പോകുകയും പുതിയതു വരികയും ചെയ്തിരിക്കുന്നു.

18 ശത്രുക്കളായിരുന്ന നമ്മെ ക്രിസ്തുവില്‍ക്കൂടി തന്‍റെ മിത്രങ്ങളായി രൂപാന്തരപ്പെടുത്തുകയും ആ രഞ്ജിപ്പിക്കലിന്‍റെ ശുശ്രൂഷ നമുക്കു നല്‌കുകയും ചെയ്ത ദൈവമാണ് ഇവയെല്ലാം ചെയ്യുന്നത്.

19 ദൈവം ക്രിസ്തുവിലായിരുന്നു. അവിടുന്നു ക്രിസ്തുവിലൂടെ മനുഷ്യരാശിയെ ആകമാനം, അവരുടെ പാപങ്ങള്‍ കണക്കിലെടുക്കാതെ, തന്നോട് അനുരഞ്ജിപ്പിച്ചു. ഇതാണ് ഞങ്ങളെ ഏല്പിച്ചിരിക്കുന്ന സന്ദേശം.

20

അതുകൊണ്ട് ക്രിസ്തുവിന്‍റെ സ്ഥാനപതികളായ ഞങ്ങളില്‍കൂടി ദൈവം നിങ്ങളോട് അഭ്യര്‍ഥിക്കുന്നു. ദൈവത്തോടു നിങ്ങള്‍ രമ്യപ്പെടുക എന്നു ക്രിസ്തുവിനുവേണ്ടി ഞങ്ങള്‍ അപേക്ഷിക്കുന്നു.

21 പാപരഹിതനായ ക്രിസ്തുവിനെ ദൈവം നമുക്കുവേണ്ടി പാപമാക്കിത്തീര്‍ത്തു. ക്രിസ്തുവിനോടുള്ള നമ്മുടെ സംയോജനത്താല്‍ ദൈവത്തിന്‍റെ നീതീകരണപ്രവൃത്തിക്കു നമ്മെ വിധേയരാക്കുവാനാണ് അപ്രകാരം ചെയ്തത്.

6

1

നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ദൈവകൃപ അവഗണിച്ചു കളയരുതെന്നു ദൈവത്തിന്‍റെ സഹപ്രവര്‍ത്തകരെന്ന നിലയില്‍ ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നു.

2 ദൈവം അരുള്‍ചെയ്യുന്നത് എന്താണെന്നു ശ്രദ്ധിക്കുക:

നിന്നോടു സംപ്രീതി കാട്ടേണ്ട സമയം വന്നപ്പോള്‍ ഞാന്‍ നിങ്കലേക്ക് എന്‍റെ ശ്രദ്ധ തിരിച്ചു;

നിന്നെ രക്ഷിക്കേണ്ട ആ ദിവസം ഞാന്‍ നിന്നെ സഹായിക്കുകയും ചെയ്തു.

കൃപയുടെ സമയം ഇതാണ്; രക്ഷിക്കപ്പെടുവാനുള്ള ദിവസം ഇതുതന്നെ!

3

ഞങ്ങള്‍ ആര്‍ക്കും പ്രതിബന്ധം ഉണ്ടാക്കുന്നില്ല. ആരും ഞങ്ങളുടെ ശുശ്രൂഷയില്‍ ഒരു കുറവും ചൂണ്ടിക്കാണിക്കരുതല്ലോ.

4 പീഡനങ്ങളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ക്ഷമയോടുകൂടി സഹിച്ചുകൊണ്ട് ഞങ്ങള്‍ എല്ലാറ്റിലും ദൈവത്തിന്‍റെ ദാസന്മാര്‍ എന്നു തെളിയിക്കുന്നു.

5 ഞങ്ങള്‍ അടികൊണ്ടു, തടവിലാക്കപ്പെട്ടു, ലഹളകളിലകപ്പെട്ടു; കഠിനമായി അധ്വാനിച്ചു, ഉറക്കമിളച്ചു, പട്ടിണി കിടന്നു.

6 ഞങ്ങള്‍ നിര്‍മ്മലതയും, ജ്ഞാനവും, ക്ഷമയും, ദയയുംകൊണ്ട് ദൈവത്തിന്‍റെ ദാസന്മാര്‍ എന്നു തെളിയിക്കുന്നു-

7 പരിശുദ്ധാത്മാവുകൊണ്ടും, യഥാര്‍ഥമായ സ്നേഹംകൊണ്ടും ഞങ്ങള്‍ അറിയിക്കുന്ന സത്യത്തിന്‍റെ സന്ദേശംകൊണ്ടും, ദൈവത്തിന്‍റെ ശക്തികൊണ്ടും തന്നെ. ഇടത്തുകൈയിലും വലത്തുകൈയിലും നീതി എന്ന ആയുധം ഞങ്ങള്‍ വഹിക്കുന്നു.

8 ഞങ്ങള്‍ ബഹുമാനിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നു; അതുപോലെ ദുഷിക്കപ്പെടുകയും പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു. വ്യാജം പറയുന്നവരോടെന്നവണ്ണം ഞങ്ങളോടു പെരുമാറുന്നെങ്കിലും ഞങ്ങള്‍ സത്യം പ്രസ്താവിക്കുന്നു;

9 അപരിചിതരെപ്പോലെയാണെങ്കിലും ഞങ്ങളെ എല്ലാവരും അറിയുന്നു; ഞങ്ങള്‍ മരിച്ചവരെപ്പോലെ ആയിത്തീര്‍ന്നിട്ടും ഞങ്ങള്‍ ജീവിക്കുന്നു; ഞങ്ങള്‍ ശിക്ഷിക്കപ്പെട്ടു, പക്ഷേ വധിക്കപ്പെട്ടില്ല.

10 ദുഃഖിതരാണെങ്കിലും ഞങ്ങള്‍ എപ്പോഴും സന്തോഷിക്കുന്നു; ദരിദ്രരാണെങ്കിലും ഞങ്ങള്‍ അനേകമാളുകളെ സമ്പന്നരാക്കുന്നു; അന്യരുടെ ദൃഷ്‍ടിയില്‍ ഒന്നുമില്ലെന്നു തോന്നിയാലും ഞങ്ങള്‍ക്ക് എല്ലാമുണ്ട്.

11

കൊരിന്തിലുള്ള പ്രിയപ്പെട്ട സുഹൃത്തുക്കളേ, നിങ്ങളോടു ഞങ്ങള്‍ തുറന്നു സംസാരിച്ചിരിക്കുന്നു; ഞങ്ങളുടെ ഹൃദയം തുറന്നു കാട്ടുകയും ചെയ്തു.

12 ഞങ്ങളല്ല നിങ്ങളുടെ നേരേ ഹൃദയം കൊട്ടിയടച്ചത്; നിങ്ങള്‍തന്നെ നിങ്ങളുടെ ഹൃദയം ഞങ്ങളുടെ നേരേ അടച്ചുകളഞ്ഞു.

13 മക്കളോടെന്നവണ്ണം ഞങ്ങള്‍ ഇപ്പോള്‍ നിങ്ങളോടു പറയുന്നു: ഞങ്ങള്‍ക്കു നിങ്ങളോടുള്ള അതേ മമത നിങ്ങള്‍ ഞങ്ങളോടും കാണിക്കും; നിങ്ങളുടെ ഹൃദയത്തിന്‍റെ കവാടം വിശാലമായി തുറക്കുക!

14

തുല്യനിലയിലുള്ളവരെന്നു കരുതി അവിശ്വാസികളോടു കൂട്ടുചേരരുത്; ധര്‍മവും അധര്‍മവും തമ്മില്‍ എന്താണു ബന്ധം? ഇരുളും വെളിച്ചവും എങ്ങനെ ഒരുമിച്ചു വസിക്കും?

15 ക്രിസ്തുവിന്‍റെയും പിശാചിന്‍റെയും മനസ്സ് എങ്ങനെ യോജിക്കും? വിശ്വാസിക്കും അവിശ്വാസിക്കും പൊതുവായി എന്താണുള്ളത്?

16 ദൈവത്തിന്‍റെ ആലയവും വിഗ്രഹങ്ങളും തമ്മില്‍ പൊരുത്തപ്പെടുന്നത് എങ്ങനെയാണ്? ജീവിക്കുന്ന ദൈവത്തിന്‍റെ ആലയമാണു നാം. ദൈവം തന്നെ പറയുന്നത് ഇങ്ങനെയാണ്:

എന്‍റെ ജനത്തോടൊന്നിച്ചു ഞാന്‍ വസിക്കും;
അവരുടെ ഇടയില്‍ ഞാന്‍ സഞ്ചരിക്കും;
ഞാന്‍ അവരുടെ ദൈവമായിരിക്കും;
അവര്‍ എന്‍റെ ജനവും.

17

അതുകൊണ്ടു കര്‍ത്താവു പറയുന്നു:

നിങ്ങള്‍ അവരെ വിട്ടുപിരിഞ്ഞ്
അവരില്‍നിന്ന് അകന്നിരിക്കണം;
അശുദ്ധമായതിനോടു നിങ്ങള്‍ക്കൊരു കാര്യവുമില്ല;
എന്നാല്‍ ഞാന്‍ നിങ്ങളെ കൈക്കൊള്ളും.

18
ഞാന്‍ നിങ്ങളുടെ പിതാവും
നിങ്ങള്‍ എന്‍റെ പുത്രന്മാരും പുത്രിമാരും
ആയിരിക്കുകയും ചെയ്യും

എന്നു സര്‍വശക്തനായ കര്‍ത്താവ് അരുള്‍ചെയ്യുന്നു.

7

1

പ്രിയപ്പെട്ട സ്നേഹിതരേ, ഈ വാഗ്ദാനങ്ങളെല്ലാം നമുക്കുള്ളതാകുന്നു. അതുകൊണ്ട് നമ്മുടെ ശരീരത്തെയോ ആത്മാവിനെയോ അശുദ്ധമാക്കുന്ന എല്ലാറ്റില്‍നിന്നും നമ്മെത്തന്നെ ശുദ്ധീകരിക്കാം; ദൈവഭയമുള്ളവരായി ജീവിച്ച് നമ്മുടെ വിശുദ്ധി പൂര്‍ണമാക്കുകയും ചെയ്യാം.

2

നിങ്ങളുടെ ഹൃദയത്തില്‍ ഞങ്ങള്‍ക്ക് ഇടം തരിക. ഞങ്ങള്‍ ആര്‍ക്കും ഒരു ദോഷവും ചെയ്തിട്ടില്ല; ആരെയും ഞങ്ങള്‍ നശിപ്പിച്ചിട്ടില്ല; ആരെയും ചൂഷണം ചെയ്തിട്ടുമില്ല.

3 നിങ്ങളെ കുറ്റം വിധിക്കുവാനല്ല ഞാനിതു പറയുന്നത്. ഞാന്‍ മുമ്പു പറഞ്ഞിട്ടുള്ളതുപോലെ, ഞങ്ങള്‍ ജീവിച്ചാലും മരിച്ചാലും ഞങ്ങള്‍ക്ക് ഏറ്റവും പ്രിയങ്കരരാണു നിങ്ങള്‍. നിങ്ങള്‍ ഞങ്ങളുടെ ഹൃദയങ്ങളില്‍ ഉണ്ടായിരിക്കും.

4 നിങ്ങളില്‍ എനിക്കു സുദൃഢമായ വിശ്വാസമുണ്ട്; നിങ്ങളില്‍ ഞാന്‍ അത്യധികം അഭിമാനംകൊള്ളുകയും ചെയ്യുന്നു. ഞങ്ങളുടെ എല്ലാ കഷ്ടതകളിലും ഞാന്‍ തികച്ചും ധൈര്യമുള്ളവനായിരിക്കുന്നു; എന്‍റെ ആനന്ദം നിറഞ്ഞു കവിയുകയും ചെയ്യുന്നു.

5

ഞങ്ങള്‍ മാസിഡോണിയയില്‍ എത്തിയിട്ടും ഒരു വിശ്രമവുമില്ലായിരുന്നു. എങ്ങോട്ടു തിരിഞ്ഞാലും ഉപദ്രവങ്ങള്‍; പുറത്ത് ശണ്ഠകള്‍, അകത്ത് ആശങ്ക.

6 എന്നാല്‍ മനസ്സിടിഞ്ഞവരെ ആശ്വസിപ്പിക്കുന്നവനായ ദൈവം, തീത്തോസിന്‍റെ ആഗമനം മൂലം എന്നെ ആശ്വസിപ്പിച്ചു.

7 തീത്തോസിന്‍റെ വരവുമാത്രമല്ല, നിങ്ങള്‍ അയാളെ എങ്ങനെയാണ് ആശ്വസിപ്പിച്ചതെന്ന് അയാള്‍ ഞങ്ങളോടു പറഞ്ഞതും ഞങ്ങള്‍ക്ക് ആശ്വാസം നല്‌കി. എന്നെ കാണാന്‍ നിങ്ങള്‍ എത്രമാത്രം അഭിവാഞ്ഛിക്കുന്നു എന്നും, നിങ്ങള്‍ എത്രമാത്രം ദുഃഖിതരാണെന്നും, എന്‍റെ കാര്യത്തില്‍ നിങ്ങള്‍ക്ക് എത്ര തീവ്രമായ താത്പര്യമുണ്ടെന്നും തീത്തോസ് ഞങ്ങളോടു പറഞ്ഞു. അതുകൊണ്ട് എനിക്ക് ഇപ്പോള്‍ അത്യധികമായ സന്തോഷമുണ്ട്.

8

ഞാന്‍ അയച്ച കത്ത് നിങ്ങളെ ദുഃഖിപ്പിച്ചെങ്കില്‍ത്തന്നെയും എനിക്കതില്‍ സങ്കടമില്ല. അല്പകാലത്തേക്കാണെങ്കില്‍പോലും ആ കത്ത് നിങ്ങള്‍ക്കു ദുഃഖത്തിനു കാരണമായി എന്നു കണ്ടപ്പോള്‍ ആദ്യം ഞാന്‍ വ്യസനിച്ചു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ സന്തോഷിക്കുന്നു.

9 നിങ്ങളെ ഞാന്‍ ദുഃഖിപ്പിച്ചതുകൊണ്ടല്ല, പിന്നെയോ നിങ്ങള്‍ അനുതപിച്ചു ദൈവത്തിങ്കലേക്കു തിരിയുവാന്‍ നിങ്ങളുടെ ദുഃഖം കാരണമായിത്തീര്‍ന്നതുകൊണ്ടുതന്നെ. ആ ദുഃഖത്തെ ദൈവം ഉപയോഗിച്ചു. അതുകൊണ്ട് ഞങ്ങള്‍ നിമിത്തം നിങ്ങള്‍ക്ക് ഒരു ദോഷവും ഉണ്ടായില്ല.

10 എന്തുകൊണ്ടെന്നാല്‍ ദൈവം ഉപയോഗിച്ച ദുഃഖം രക്ഷയിലേക്കു നയിക്കുന്ന അനുതാപഹൃദയം ഉളവാക്കി. അതില്‍ സങ്കടപ്പെടാന്‍ എന്തിരിക്കുന്നു? എന്നാല്‍ കേവലം ലൗകികദുഃഖം മരണത്തിന് കാരണമായി ഭവിക്കുന്നു.

11 നിങ്ങളുടെ ഈ ദുഃഖംകൊണ്ട് ദൈവം നിങ്ങളെ എത്ര ഉത്സാഹമുള്ളവരാക്കി! നിങ്ങള്‍ നിര്‍ദോഷികള്‍ എന്നു തെളിയിക്കുവാന്‍ എത്രമാത്രം ഔത്സുക്യം ഉളവാക്കി! അതുപോലെതന്നെ എത്ര ധാര്‍മികരോഷവും എത്ര അമ്പരപ്പും എത്ര അത്യാകാംക്ഷയും എത്ര ശുഷ്കാന്തിയും ദുഷ്പ്രവൃത്തിക്കു ശിക്ഷ നല്‌കാനുള്ള സന്നദ്ധതയും നിങ്ങളില്‍ ജനിപ്പിച്ചു! എല്ലാ കാര്യത്തിലും കുറ്റമറ്റവരാണെന്നു നിങ്ങള്‍ തന്നെ തെളിയിച്ചിരിക്കുന്നു.

12

അതുകൊണ്ട് ആ കത്തു ഞാന്‍ എഴുതിയത് അന്യായം ചെയ്തവനെ ഉദ്ദേശിച്ചോ, അന്യായത്തിനു വിധേയനായവനെ ഉദ്ദേശിച്ചോ അല്ല; മറിച്ച്, ഞങ്ങളോടുള്ള നിങ്ങളുടെ കൂറും വിശ്വസ്തതയും യഥാര്‍ഥത്തില്‍ എത്ര ആഴമേറിയതാണെന്നു ദൈവമുമ്പാകെ വ്യക്തമാക്കുന്നതിനാണ്.

13 അതുകൊണ്ട് ഞങ്ങള്‍ക്കു പ്രോത്സാഹനം ലഭിക്കുകയും ചെയ്തു.

അതിനു പുറമേ നിങ്ങളുടെ എല്ലാവരുടെയും സഹായത്താല്‍ തന്‍റെ യാത്രയില്‍ തീത്തോസിനുണ്ടായ സന്തോഷം ഞങ്ങള്‍ക്ക് ആനന്ദം ഉളവാക്കുകയും ചെയ്തു.

14 ഞാന്‍ അയാളോടു നിങ്ങളെപ്പറ്റി പ്രശംസിച്ചു. അതില്‍ എനിക്കു ലജ്ജിക്കേണ്ടി വന്നില്ല. എല്ലായ്പോഴും ഞങ്ങള്‍ നിങ്ങളോടു സത്യമാണു സംസാരിച്ചിട്ടുള്ളത്. അതുപോലെതന്നെ തീത്തോസിനോടു നിങ്ങളെപ്പറ്റി ശ്ലാഘിച്ചു സംസാരിച്ചതും സത്യമാണെന്നു തെളിഞ്ഞിരിക്കുന്നു.

15 നിങ്ങള്‍ എല്ലാവരും അയാളുടെ ഉപദേശം ഭയത്തോടും വിറയലോടും അനുസരിച്ചു എന്നുള്ളതും എങ്ങനെ അയാളെ സ്വീകരിച്ചു എന്നുള്ളതും ഓര്‍ക്കുമ്പോള്‍ അയാള്‍ക്കു നിങ്ങളോടുള്ള സ്നേഹം അത്യന്തം വര്‍ധിക്കുന്നു.

16 നിങ്ങളെ എനിക്കു പൂര്‍ണമായി വിശ്വസിക്കുവാന്‍ കഴിയും എന്നുള്ളതിനാല്‍ ഞാന്‍ എത്രമാത്രം സന്തുഷ്ടനായിരിക്കുന്നു!

8

1

സഹോദരരേ, മാസിഡോണിയയിലെ സഭകളില്‍ ദൈവം അവിടുത്തെ കൃപമൂലം സാധിച്ച കാര്യങ്ങള്‍ നിങ്ങള്‍ അറിയണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു.

2 അവരുടെ ക്ലേശങ്ങളും ദാരിദ്ര്യവും കഠിനതരമായിരുന്നെങ്കിലും ഉദാരമായി ദാനം ചെയ്യുന്നതില്‍ അവര്‍ അത്യന്തം സന്തോഷിച്ചു.

3 തങ്ങള്‍ക്കു കഴിവുള്ളിടത്തോളം എന്നല്ല, കഴിവിനപ്പുറംതന്നെ അവര്‍ ദാനം ചെയ്തു എന്ന് ഉറപ്പിച്ചുപറയാം.

4 യെഹൂദ്യയിലെ ദൈവജനത്തെ സഹായിക്കുന്ന സേവനത്തില്‍ പങ്കുകൊള്ളുക എന്ന പദവിക്കുവേണ്ടി അവര്‍ ഞങ്ങളോടു വാദിക്കുകയും അപേക്ഷിക്കുകയും ചെയ്തു.

5 ഇത് ഞങ്ങള്‍ പ്രതീക്ഷിച്ചതില്‍ അപ്പുറമായിരുന്നു. ഒന്നാമത് അവര്‍ തങ്ങളെത്തന്നെ കര്‍ത്താവിനു സമര്‍പ്പിച്ചു; പിന്നീട് അവര്‍ ദൈവഹിതപ്രകാരം തങ്ങളെ ഞങ്ങള്‍ക്കും സമര്‍പ്പിച്ചു.

6 തീത്തോസും നിങ്ങളുടെ ഇടയില്‍ നേരത്തെ സമാരംഭിച്ച ഈ ഉദാരമായ സേവനം തുടര്‍ന്നു പൂര്‍ത്തീകരിക്കുന്നതില്‍ നിങ്ങളെ സഹായിക്കുവാന്‍ അയാളോടുതന്നെ ഞങ്ങള്‍ അഭ്യര്‍ഥിച്ചു.

7 വിശ്വാസം, പ്രഭാഷണം, പരിജ്ഞാനം, സഹായിക്കുവാനുളള വ്യഗ്രത, ഞങ്ങളോടുള്ള സ്നേഹം എന്നിവയിലെല്ലാം നിങ്ങള്‍ സമ്പന്നരാകുന്നു.

8 അതുകൊണ്ട് ഈ കൃപാശുശ്രൂഷയിലും നിങ്ങള്‍ മികച്ചുനില്‌ക്കുക.

ഇതൊരു കല്പനയല്ല; സഹായിക്കുന്ന കാര്യത്തില്‍ മറ്റുള്ളവര്‍ എത്രമാത്രം ഉത്സുകരാണെന്ന് എടുത്തു കാണിച്ച്, നിങ്ങളുടെ സ്നേഹവും എത്രകണ്ട് യഥാര്‍ഥമാണെന്നു മനസ്സിലാക്കുവാന്‍ ഞാന്‍ ശ്രമിക്കുകയാണ്.

9 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ; തന്‍റെ ദാരിദ്ര്യം മുഖേന നിങ്ങള്‍ സമ്പന്നരാകുന്നതിനുവേണ്ടി, സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി അവിടുന്നു സ്വയം ദരിദ്രനായിത്തീര്‍ന്നു.

10

കഴിഞ്ഞ വര്‍ഷം നിങ്ങള്‍ ആരംഭിച്ച കാര്യം ഇപ്പോള്‍ പൂര്‍ത്തിയാക്കുന്നത് ഉത്തമമായിരിക്കുമെന്നത്രേ എന്‍റെ അഭിപ്രായം. ഈ സേവനത്തില്‍ പ്രയത്നിക്കുവാനും തീരുമാനം ചെയ്യുവാനും മറ്റുള്ളവരെക്കാള്‍ മുമ്പു നിങ്ങള്‍ തുടങ്ങിയതാണ്.

11 നേരത്തെ ആസൂത്രണം ചെയ്തിരുന്ന പദ്ധതിയനുസരിച്ച്, അതു പൂര്‍ത്തിയാക്കുവാന്‍ ഇപ്പോള്‍ നിങ്ങള്‍ കഴിവനുസരിച്ചു പ്രവര്‍ത്തിക്കുക. ആരംഭിക്കുവാന്‍ നിങ്ങള്‍ കാണിച്ച ഉത്സാഹം അതു പൂര്‍ത്തിയാക്കുന്നതിലും ഉണ്ടായിരിക്കട്ടെ.

12 കഴിവനുസരിച്ച് കൊടുക്കുവാന്‍ നിങ്ങള്‍ക്കു താത്പര്യമുണ്ടെങ്കില്‍ ദൈവം നിങ്ങളുടെ ദാനം കൈക്കൊള്ളും. നിങ്ങള്‍ക്ക് ഇല്ലാത്തത് നിങ്ങള്‍ കൊടുക്കേണ്ടതില്ല.

13

[13,14] നിങ്ങളുടെമേല്‍ ഒരു ഭാരം കെട്ടിവച്ചിട്ടു മറ്റുള്ളവരെ ഒഴിവാക്കുവാനല്ല ഞാന്‍ ശ്രമിക്കുന്നത്; പിന്നെയോ, ഇപ്പോള്‍ നിങ്ങള്‍ സുഭിക്ഷതയിലിരിക്കുന്നതുകൊണ്ട് ദുര്‍ഭിക്ഷതയിലിരിക്കുന്നവരെ സഹായിക്കേണ്ടത് ന്യായമാകുന്നു. അങ്ങനെ ചെയ്താല്‍, നിങ്ങള്‍ ദുര്‍ഭിക്ഷതയിലാകുകയും അവര്‍ സുഭിക്ഷതയിലിരിക്കുകയും ചെയ്യുമ്പോള്‍ അവര്‍ നിങ്ങളെ സഹായിക്കും. ഇങ്ങനെ തുല്യനില പാലിക്കാം.

14

15 വേദഗ്രന്ഥത്തില്‍ പറയുന്നതുപോലെ ‘അധികം സമ്പാദിച്ചവന് അധികം ഉണ്ടായില്ല, കുറച്ചു സമ്പാദിച്ചവനു കുറവും ഉണ്ടായില്ല.’

16

നിങ്ങളെ സഹായിക്കുന്നതില്‍ ഞങ്ങളെപ്പോലെതന്നെ തീത്തോസിനെയും തത്പരനാക്കിയ ദൈവത്തിനു സ്തോത്രം!

17 ഞങ്ങളുടെ അപേക്ഷ അയാള്‍ സ്വീകരിക്കുക മാത്രമല്ല, നിങ്ങളെ സഹായിക്കുന്നതിനുള്ള അത്യുത്സാഹംകൊണ്ട് അയാള്‍ സ്വമനസ്സാലേ അങ്ങോട്ടു പുറപ്പെടുവാന്‍ നിശ്ചയിക്കുകയും ചെയ്തു.

18 സുവിശേഷം പ്രസംഗിക്കുന്നതില്‍ എല്ലാ സഭകളും ബഹുമാനിക്കുന്ന ഒരു സഹോദരനെക്കൂടി തീത്തോസിന്‍റെകൂടെ ഞങ്ങള്‍ അയയ്‍ക്കുന്നു.

19 സഹായിക്കുന്നതിനുള്ള നമ്മുടെ സന്നദ്ധത വെളിപ്പെടുത്തുന്ന സ്നേഹത്തിന്‍റെ ശുശ്രൂഷ കര്‍ത്താവിന്‍റെ മഹത്ത്വത്തിനായി നിര്‍വഹിക്കുവാന്‍ ഞങ്ങളോടുകൂടി സഞ്ചരിക്കുന്നതിന്, സഭകള്‍ അയാളെ നിയോഗിച്ചിരിക്കുന്നു.

20

ഉദാരമായ ഈ സംഭാവന കൈകാര്യം ചെയ്യുന്നതില്‍ ഞങ്ങള്‍ക്കെതിരെ പരാതി ഉണ്ടാകാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

21 കര്‍ത്താവിന്‍റെ മുമ്പില്‍ മാത്രമല്ല, മനുഷ്യന്‍റെ മുമ്പിലും മാന്യമായതു ചെയ്യണമെന്നാണു ഞങ്ങളുടെ ഉദ്ദേശ്യം.

22

അതുകൊണ്ട് ഞങ്ങളുടെ സഹോദരനെ അവരോടുകൂടി അയയ്‍ക്കുന്നു; അയാള്‍ വളരെയധികം ഉത്സാഹമുള്ളവനാണെന്നു പലപ്പോഴും പലവിധ പരീക്ഷണങ്ങളിലും തെളിഞ്ഞിട്ടുണ്ട്. നിങ്ങളില്‍ അയാള്‍ക്ക് ഉറപ്പുള്ളതുകൊണ്ട് ഇക്കാര്യത്തില്‍ അയാള്‍ അത്യുത്സാഹിയാണ്.

23 തീത്തോസിനെക്കുറിച്ചു പറഞ്ഞാല്‍, നിങ്ങളുടെ ഇടയിലെ സേവനത്തില്‍ എന്‍റെകൂടെ പ്രവര്‍ത്തിച്ച എന്‍റെ സഹകാരിയാണ് അയാള്‍; അയാളുടെകൂടെ വരുന്ന രണ്ടു സഹോദരന്മാരാകട്ടെ, സഭകളെ പ്രതിനിധാനം ചെയ്യുന്നവരും ക്രിസ്തുവിനു മഹത്ത്വം കൈവരുത്തുന്നവരുമാകുന്നു.

24 നിങ്ങളെ സംബന്ധിച്ചുള്ള ഞങ്ങളുടെ പ്രശംസ ശരിയാണെന്ന് എല്ലാ സഭകള്‍ക്കും ബോധ്യമാകത്തക്കവണ്ണം അവരോടു സ്നേഹപൂര്‍വം നിങ്ങള്‍ വര്‍ത്തിക്കണം.

9

1

യെഹൂദ്യയിലെ ദൈവജനത്തിനുവേണ്ടി സഹായധനം അയച്ചുകൊടുക്കുന്നതിനെപ്പറ്റി വിശേഷിച്ചു ഞാന്‍ എഴുതേണ്ട ആവശ്യമില്ലല്ലോ.

2 അവരെ സഹായിക്കുവാനുള്ള സന്മനസ്സ് നിങ്ങള്‍ക്കുണ്ടെന്ന് എനിക്കറിയാം. അഖായയിലെ സഹോദരന്മാര്‍ കഴിഞ്ഞവര്‍ഷം മുതല്‍തന്നെ സഹായിക്കുവാന്‍ സന്നദ്ധമായിരിക്കുന്നു എന്നു നിങ്ങളെക്കുറിച്ചു ഞാന്‍ പ്രശംസിച്ചിട്ടുണ്ട്. നിങ്ങളുടെ ഉത്സാഹം അവരില്‍ മിക്കപേരെയും ഉണര്‍ത്തിയിരിക്കുന്നു.

3 ഇക്കാര്യത്തില്‍ നിങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ പ്രശംസ വ്യര്‍ഥമാകാതിരിക്കുവാന്‍ ഈ സഹോദരന്മാരെ ഞാന്‍ അയയ്‍ക്കുന്നു. സഹായഹസ്തം നീട്ടാന്‍ നിങ്ങള്‍ ഒരുങ്ങിയിരിക്കുന്നു എന്നു ഞാന്‍ അവരോടു പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ അപ്രകാരം ഒരുങ്ങിയിരിക്കേണ്ടതാണ്.

4 മാസിഡോണിയക്കാര്‍ എന്‍റെകൂടെ വരികയും സഹായസന്നദ്ധത ഇല്ലാതെ നിങ്ങളെ കാണുകയും ചെയ്യുന്ന പക്ഷം, നിങ്ങളുടെ കാര്യം പോകട്ടെ, നിങ്ങളില്‍ ഇത്രമാത്രം വിശ്വാസം അര്‍പ്പിച്ച ഞങ്ങള്‍ എത്രമാത്രം ലജ്ജിതരാകും!

5 അതിനാല്‍ എനിക്കുമുമ്പായി നിങ്ങളുടെ അടുക്കല്‍ വന്ന് നിങ്ങള്‍ വാഗ്ദാനം ചെയ്ത സംഭാവനകള്‍ മുന്‍കൂട്ടി ഒരുക്കി വയ്‍ക്കുന്നതിന് ഈ സഹോദരന്മാരെ പറഞ്ഞയയ്‍ക്കേണ്ടത് ആവശ്യമാണെന്ന് എനിക്കു തോന്നി. അങ്ങനെയാണെങ്കില്‍ ഞാന്‍ വരുന്നതിനു മുമ്പുതന്നെ നിങ്ങളുടെ സംഭാവന ഒരുക്കിവയ്‍ക്കുകയും ആരുടെയും നിര്‍ബന്ധംകൊണ്ടല്ല, നിങ്ങളുടെ സന്മനസ്സുകൊണ്ടുതന്നെ, ഈ സഹായം നല്‌കി എന്നു സ്പഷ്ടമാകുകയും ചെയ്യുമല്ലോ.

6

കുറച്ചു വിതച്ചവന്‍ കുറച്ചേ കൊയ്യൂ; എന്നാല്‍ കൂടുതല്‍ വിതച്ചവന്‍ കൂടുതല്‍ കൊയ്യുന്നു എന്ന വസ്തുത മറക്കരുത്.

7 ഓരോരുത്തന്‍ അവനവന്‍ നിശ്ചയിച്ചതുപോലെ ദാനം ചെയ്യട്ടെ; വൈമനസ്യത്തോടെയോ, നിര്‍ബന്ധത്തിനു വഴങ്ങിയോ ആരും കൊടുക്കേണ്ടതില്ല. സന്തോഷപൂര്‍വം കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.

8 നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‌കുവാന്‍ ദൈവത്തിനു കഴിവുണ്ട്. അതുകൊണ്ട് എല്ലാ നല്ല കാര്യങ്ങള്‍ക്കും ദാനം ചെയ്യുവാന്‍ സാധിക്കുമാറ് നിങ്ങളുടെ ആവശ്യത്തിനും അതിലേറെയും എപ്പോഴും നിങ്ങള്‍ക്കുണ്ടായിരിക്കും.

9 വേദഗ്രന്ഥത്തില്‍ പറയുന്നതുപോലെ

അവിടുന്നു ബുദ്ധിമുട്ടുള്ളവര്‍ക്ക് ഉദാരമായി നല്‌കുന്നു;
അവിടുത്തെ ദയ എന്നേക്കും നിലനില്‌ക്കുന്നു.

10

വിതയ്‍ക്കുവാന്‍ വിത്തും ഭക്ഷിക്കുവാന്‍ ആഹാരവും തരുന്ന ദൈവം, നിങ്ങള്‍ വിതച്ചത് മുളപ്പിക്കുകയും, നിങ്ങളുടെ ഉദാരമനസ്കതമൂലം സമൃദ്ധമായ വിളവ് ഉല്‍പാദിപ്പിക്കുകയും ചെയ്യും.

11 എപ്പോഴും ഉദാരശീലരായിരിക്കുവാന്‍ വേണ്ടത്ര ഐശ്വര്യസമൃദ്ധി ദൈവം നിങ്ങള്‍ക്കു നല്‌കും. ഞങ്ങളില്‍നിന്നു ദാനങ്ങള്‍ സ്വീകരിക്കുന്നവര്‍ നിങ്ങളുടെ ദാനങ്ങള്‍ക്കുവേണ്ടി ദൈവത്തെ സ്തുതിക്കും.

12 നിങ്ങള്‍ ചെയ്യുന്ന ഈ സേവനം ദൈവത്തിന്‍റെ ജനങ്ങളുടെ ബുദ്ധിമുട്ടു പരിഹരിക്കുന്നു എന്നു മാത്രമല്ല, നന്ദി നിറഞ്ഞ ഹൃദയങ്ങളില്‍നിന്നു ദൈവത്തിന്‍റെ അടുക്കലേക്ക് ഒഴുകിച്ചെല്ലുന്ന സ്തോത്രധാരകള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു.

13 നിങ്ങള്‍ സ്വീകരിച്ച ക്രിസ്തുവിന്‍റെ സുവിശേഷത്തോടു നിങ്ങള്‍ക്കുള്ള കൂറ് ഈ സേവനംമൂലം തെളിയുന്നു. അതിന്‍റെ പേരിലും, തങ്ങളോടും മറ്റുള്ള എല്ലാവരോടും നിങ്ങള്‍ കാണിക്കുന്ന ഔദാര്യത്തിന്‍റെ പേരിലും അനേകമാളുകള്‍ ദൈവത്തെ പ്രകീര്‍ത്തിക്കുന്നു.

14 ദൈവം നിങ്ങളോടു കാണിച്ച ഉദാരമായ കൃപ നിമിത്തം അവര്‍ ഉറ്റ സ്നേഹത്തോടുകൂടി നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കും.

15 അവര്‍ണനീയമായ അവിടുത്തെ ദാനത്തിന്‍റെ പേരില്‍ ദൈവത്തിനു സ്തോത്രം!

10

1

നിങ്ങളോട് അഭിമുഖമായിരിക്കുമ്പോള്‍ സൗമ്യനായും അകലെ ഇരിക്കുമ്പോള്‍ കര്‍ക്കശനായും ഗണിക്കപ്പെടുന്ന പൗലൊസ് എന്ന ഞാന്‍ ക്രിസ്തുവിന്‍റെ സൗമ്യതയിലും സഹിഷ്ണുതയിലും ഇതു നിങ്ങളോട് അഭ്യര്‍ഥിക്കുന്നു;

2 ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുമ്പോള്‍ കര്‍ക്കശമായി പെരുമാറാന്‍ എന്നെ നിര്‍ബന്ധിതനാക്കരുതെന്നാണ് എന്‍റെ അഭ്യര്‍ഥന. ഞങ്ങള്‍ ഭൗതികമായ ലക്ഷ്യങ്ങളെ മുന്‍നിറുത്തി പ്രവര്‍ത്തിക്കുന്നു എന്നു പറയുന്നവരോട് കര്‍ക്കശമായിത്തന്നെ പെരുമാറാനുള്ള ധൈര്യം എനിക്കുണ്ടെന്നുള്ളതിനു സംശയമൊന്നുമില്ല.

3 ഞങ്ങള്‍ ലോകത്തില്‍ ജീവിക്കുന്നു എന്നതു വാസ്തവം തന്നെ; എങ്കിലും ലൗകികമായ പോരാട്ടമല്ല ഞങ്ങള്‍ നടത്തുന്നത്.

4 ഞങ്ങളുടെ പോരാട്ടത്തിനുപയോഗിക്കുന്ന ആയുധങ്ങളും ലൗകികമല്ല. ബലവത്തായ കോട്ടകളെ ഇടിച്ചുനിരത്തുന്ന അതിശക്തമായ ദിവ്യായുധങ്ങളാണ് ഞങ്ങള്‍ ഉപയോഗിക്കുന്നത്. അസത്യജടിലമായ വാദമുഖങ്ങളെ ഞങ്ങള്‍ തകര്‍ക്കും.

5 ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിനെതിരെയുള്ള എല്ലാ യുക്ത്യാഭാസങ്ങളെയും ഔദ്ധത്യത്തെയും ഞങ്ങള്‍ തകര്‍ക്കും. എല്ലാ മാനുഷികവിചാരങ്ങളെയും ഞങ്ങള്‍ കീഴടക്കി ക്രിസ്തുവിനെ അനുസരിക്കുമാറാക്കും.

6 അങ്ങനെ നിങ്ങളുടെ അനുസരണം പരിപൂര്‍ണമായെന്നു തെളിയിച്ചശേഷം എല്ലാ അനുസരണക്കേടിനും ശിക്ഷ നല്‌കാന്‍ ഞങ്ങള്‍ ഒരുങ്ങിയിരിക്കുകയാണ്.

7

നിങ്ങളുടെ കണ്‍മുമ്പിലുള്ളത് ശ്രദ്ധിക്കുക. താന്‍ ക്രിസ്തുവിനുള്ളവനാണെന്നു വിചാരിക്കുന്ന ആരെങ്കിലും അവിടെയുണ്ടോ? അവന്‍ ആയിരിക്കുന്നതുപോലെതന്നെ ഞങ്ങളും ക്രിസ്തുവിനുള്ളവരാണെന്ന് അവന്‍ ഓര്‍ത്തുകൊള്ളട്ടെ.

8 നിങ്ങളെ ഇടിച്ചു കളയുവാനല്ല, പടുത്തുയര്‍ത്തുവാനുള്ള അധികാരമാണ് കര്‍ത്താവ് ഞങ്ങള്‍ക്ക് നല്‌കിയിരിക്കുന്നത്. ആ അധികാരത്തില്‍ ഞാന്‍ അല്പം അഭിമാനിച്ചാല്‍പോലും ലജ്ജിതനാകുകയില്ല.

9 കത്തുകള്‍കൊണ്ട് ഞാന്‍ നിങ്ങളെ ഭയപ്പെടുത്തുവാന്‍ ശ്രമിക്കുന്നു എന്നു വിചാരിക്കരുത്.

10 ‘പൗലൊസിന്‍റെ വാക്കുകള്‍ പരുഷവും ശക്തവും ആകുന്നു. എന്നാല്‍ നേരില്‍ കാണുമ്പോള്‍ അദ്ദേഹം ബലഹീനനും അദ്ദേഹത്തിന്‍റെ വാക്കുകള്‍ സാരമില്ലാത്തതുമാണ്’ എന്നു ചിലര്‍ പറഞ്ഞേക്കാം.

11 എന്നാല്‍ ഞങ്ങള്‍ അകലെ ആയിരിക്കുമ്പോള്‍ ഞങ്ങളുടെ കത്തുകളില്‍ എന്തെഴുതുന്നുവോ അതും, നിങ്ങളോടുകൂടി ആയിരിക്കുമ്പോള്‍ ഞങ്ങള്‍ ചെയ്യുന്നതും തമ്മില്‍ ഒരു ഭേദവുമുണ്ടായിരിക്കുകയില്ലെന്ന് അങ്ങനെയുള്ളവര്‍ മനസ്സിലാക്കിക്കൊള്ളട്ടെ.

12

ഉന്നതന്മാരെന്നു സ്വയം കരുതുന്നവരുടെ ഗണത്തില്‍ ഞങ്ങളെ ഉള്‍പ്പെടുത്തുവാനോ, അവരോടു ഞങ്ങളെ തുലനം ചെയ്യുവാനോ തീര്‍ച്ചയായും ഞങ്ങള്‍ തുനിയുന്നില്ല. എത്ര മൂഢന്മാരാണവര്‍! തങ്ങളെത്തന്നെ അളക്കുവാനുള്ള മാനദണ്ഡങ്ങള്‍ അവര്‍ ഉണ്ടാക്കുന്നു; തങ്ങളുടെ തോതുവച്ച് അവര്‍ തങ്ങളെത്തന്നെ വിധിക്കുകയും ചെയ്യുന്നു.

13 ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ ആത്മപ്രശംസ അതിരുവിട്ടു പോകുകയില്ല; ഞങ്ങള്‍ക്കുവേണ്ടി ദൈവം നിശ്ചയിച്ച പരിധിയില്‍ അത് ഒതുങ്ങിനില്‌ക്കുന്നു. നിങ്ങളുടെ ഇടയിലെ പ്രവര്‍ത്തനവും ആ പരിധിയില്‍ ഉള്‍പ്പെടുന്നതാണ്.

14 അതുകൊണ്ട് ക്രിസ്തുവിനെ സംബന്ധിച്ചുള്ള സുവിശേഷവുമായി ഞങ്ങള്‍ നിങ്ങളുടെ അടുക്കല്‍ വന്നപ്പോള്‍ ഞങ്ങള്‍ അതിരു കടന്നു പോകുകയില്ലായിരുന്നു.

15

ദൈവം ഞങ്ങള്‍ക്കുവേണ്ടി നിശ്ചയിച്ച പരിധിക്കു പുറത്ത് മറ്റുള്ളവര്‍ ചെയ്തിട്ടുള്ള പ്രവര്‍ത്തനം സംബന്ധിച്ച് ഞങ്ങള്‍ സ്വയം പ്രശംസിക്കുന്നില്ല. മറിച്ച്, നിങ്ങളുടെ വിശ്വാസം വര്‍ധിക്കുമെന്നും നിങ്ങളുടെ ഇടയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയുമെന്നും ഞങ്ങള്‍ പ്രത്യാശിക്കുന്നു.

16

മറ്റൊരുവന്‍റെ മേഖലയില്‍ ഞങ്ങള്‍ പ്രവേശിച്ച് അവിടെ നടന്നിട്ടുള്ള പ്രവര്‍ത്തനത്തെപ്പറ്റി പ്രശംസിക്കാതെ, നിങ്ങളുടെ ദേശത്തിന് അപ്പുറത്തുള്ള ദേശങ്ങളിലേക്കു പോയി ഞങ്ങള്‍ക്കു സുവിശേഷം പ്രസംഗിക്കാമല്ലോ.

17

എന്നാല്‍ ‘ആര്‍ക്കെങ്കിലും പ്രശംസിക്കണമെന്നുണ്ടെങ്കില്‍ കര്‍ത്താവു ചെയ്തിരിക്കുന്നതിനെപ്പറ്റി പ്രശംസിക്കട്ടെ’ എന്നാണല്ലോ വേദഗ്രന്ഥത്തില്‍ പറയുന്നത്.

18 സ്വയം പ്രശംസിക്കുന്നവനല്ല, കര്‍ത്താവ് ആരെ പ്രശംസിക്കുന്നുവോ അവന്‍ മാത്രമാണ് സ്വീകാര്യനാകുക.

11

1

എന്‍റെ അല്പമായ ഭോഷത്തം നിങ്ങള്‍ പൊറുക്കണമെന്നു ഞാന്‍ താത്പര്യപ്പെടുന്നു. അതേ, നിങ്ങള്‍ എന്നോടു പൊറുക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

2 ദൈവത്തിനു നിങ്ങളുടെ അവിഭക്തമായ സ്നേഹം വേണമെന്നു നിര്‍ബന്ധമുണ്ട്. നിങ്ങളുടെ കാര്യത്തില്‍ ആ നിര്‍ബന്ധം എനിക്കുമുണ്ട്. ഒരു കന്യകയെ വരനു വാഗ്ദാനം ചെയ്യുന്നതുപോലെ, ക്രിസ്തുവാകുന്ന വരന് നിങ്ങളെ നിര്‍മ്മല വധുവായി ഞാന്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാല്‍ സര്‍പ്പത്തിന്‍റെ കൗശലോക്തികളാല്‍ ഹവ്വാ വഞ്ചിക്കപ്പെട്ടതുപോലെ,

3 നിങ്ങളുടെ മനസ്സും ക്രിസ്തുവിനോടുള്ള പൂര്‍ണവും നിര്‍മ്മലവുമായ ദൃഢഭക്തി ഉപേക്ഷിച്ച് കലുഷിതമായിത്തീരുമോ എന്നു ഞാന്‍ ഭയപ്പെടുന്നു.

4 എന്തുകൊണ്ടെന്നാല്‍ ഞങ്ങള്‍ നിങ്ങളോടു പ്രസംഗിക്കാത്ത ഒരു യേശുവിനെപ്പറ്റി ആരെങ്കിലും വന്നു നിങ്ങളോടു പ്രസംഗിച്ചാല്‍ നിങ്ങള്‍ സന്തോഷപൂര്‍വം അതു കേള്‍ക്കുന്നു; അതുപോലെതന്നെ ഞങ്ങളില്‍നിന്നു നിങ്ങള്‍ക്കു ലഭിച്ച ആത്മാവില്‍നിന്നും സുവിശേഷത്തില്‍നിന്നും തികച്ചും വിഭിന്നമായ ആത്മാവും സുവിശേഷവും നിങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നു.

5

“അപ്പോസ്തോലന്മാര്‍” എന്നു പറയപ്പെടുന്ന ഇക്കൂട്ടരെക്കാള്‍ ഞാന്‍ ഒട്ടും താഴ്ന്നവനാണെന്നു വിചാരിക്കുന്നില്ല.

6 എനിക്കു വാഗ്മിത്വം കുറവായിരിക്കാം. പക്ഷേ ഞാന്‍ പരിജ്ഞാനത്തില്‍ ഒട്ടും പിന്നിലല്ല. എല്ലാ അവസരങ്ങളിലും എല്ലാ കാര്യങ്ങളിലും ഞങ്ങള്‍ അതു വ്യക്തമാക്കിയിട്ടുമുണ്ട്.

7

ദൈവത്തിന്‍റെ സുവിശേഷം നിങ്ങളോടു പ്രസംഗിച്ചപ്പോള്‍ യാതൊരു പ്രതിഫലവും വേണമെന്നു ഞാന്‍ ആവശ്യപ്പെട്ടില്ല; നിങ്ങളെ ഉയര്‍ത്തുന്നതിനുവേണ്ടി ഞാന്‍ എന്നെത്തന്നെ താഴ്ത്തി. അത് എന്‍റെ പേരില്‍ ഒരു തെറ്റാണോ?

8 ഞാന്‍ നിങ്ങളുടെ മധ്യത്തില്‍ പ്രസംഗിച്ചപ്പോള്‍ മറ്റു സഭകളാണ് എന്‍റെ ചെലവിനുള്ള വക എനിക്കു നല്‌കിയത്. നിങ്ങളെ സഹായിക്കുന്നതിനുവേണ്ടി, ഒരു വിധത്തില്‍ പറഞ്ഞാല്‍ ഞാന്‍ അവരെ ചൂഷണം ചെയ്യുകയായിരുന്നു.

9 ഞാന്‍ നിങ്ങളോടുകൂടി ആയിരുന്നപ്പോള്‍ എനിക്കു പണത്തിന് ആവശ്യമുണ്ടായിട്ടുണ്ട്; എങ്കിലും ഒരിക്കലും നിങ്ങളെ ഞാന്‍ ഭാരപ്പെടുത്തിയില്ല. എനിക്കു വേണ്ടതെല്ലാം മാസിഡോണിയയില്‍നിന്നു വന്ന സഹോദരന്മാരാണു കൊണ്ടുവന്നു തന്നത്. കഴിഞ്ഞ കാലത്തെപ്പോലെതന്നെ ഭാവിയിലും ഞാന്‍ ഒരിക്കലും നിങ്ങള്‍ക്കു ഭാരമായിരിക്കുകയില്ല!

10 എന്‍റെ ഈ പ്രശംസ അഖായപ്രദേശങ്ങളിലെങ്ങും അയഥാര്‍ഥമായിത്തീരുന്നതിനു ഞാന്‍ ഇടയാക്കുകയില്ല എന്ന് എന്നിലുള്ള ക്രിസ്തുവിന്‍റെ സത്യത്താല്‍ ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.

11 നിങ്ങളെ ഞാന്‍ സ്നേഹിക്കാത്തതുകൊണ്ടാണോ ഇതു പറയുന്നത്? ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു എന്നുള്ളതു ദൈവം അറിയുന്നു.

12

ഞങ്ങള്‍ ചെയ്യുന്നതുപോലെയുള്ള പ്രേഷിതവേലയാണു തങ്ങളും ചെയ്യുന്നതെന്നു വമ്പു പറയുന്ന മറ്റ് ‘അപ്പോസ്തോലന്മാര്‍ക്ക്’ അതിനുള്ള അവസരം ഉണ്ടാകാതിരിക്കുന്നതിനുവേണ്ടി ഞാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനം തുടര്‍ന്നും ചെയ്തുകൊണ്ടിരിക്കും.

13 അവര്‍ യഥാര്‍ഥ അപ്പോസ്തോലന്മാരല്ല, ക്രിസ്തുവിന്‍റെ അപ്പോസ്തോലന്മാരെപ്പോലെ തോന്നത്തക്കവണ്ണം കപടവേഷം ധരിച്ച് തങ്ങളുടെ പ്രവര്‍ത്തനത്തെപ്പറ്റി വ്യാജം പറയുന്ന കള്ളഅപ്പോസ്തോലന്മാരാണവര്‍.

14 അതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല! സാത്താന്‍പോലും പ്രകാശത്തിന്‍റെ മാലാഖയായി കപടവേഷം കെട്ടുന്നല്ലോ!

15 അതുകൊണ്ട് അവന്‍റെ ദാസന്മാര്‍ നീതിയുടെ ദാസന്മാരുടെ വേഷം ധരിക്കുന്നെങ്കില്‍ അതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല. തങ്ങളുടെ പ്രവൃത്തികള്‍ക്കു തക്ക പ്രതിഫലം അവസാനം അവര്‍ക്കു ലഭിക്കും.

16

എന്നെ വെറും ഭോഷനായി ആരും കരുതരുതെന്നു ഞാന്‍ പിന്നെയും പറയുന്നു. അല്ലെങ്കില്‍ ഒരു ഭോഷനായിത്തന്നെ കരുതുക; എനിക്കും അല്പം പ്രശംസിക്കാമല്ലോ.

17 കര്‍ത്താവ് ആഗ്രഹിക്കുന്ന കാര്യമല്ല ഞാനിപ്പോള്‍ പറയുന്നത്. ആത്മപ്രശംസയെ സംബന്ധിച്ചിടത്തോളം ഒരു ഭോഷനെപ്പോലെയാണു ഞാന്‍ സംസാരിക്കുന്നത്.

18 വെറും മാനുഷികമായ കാര്യങ്ങളെച്ചൊല്ലി ആത്മപ്രശംസ ചെയ്യുന്ന നിരവധി ആളുകളുണ്ടല്ലോ. അതുകൊണ്ടു ഞാനും സ്വയം പ്രശംസിക്കും.

19 നിങ്ങള്‍ ബുദ്ധിയുള്ളവരാകയാല്‍ ഭോഷന്മാരെ സന്തോഷപൂര്‍വം പൊറുക്കുന്നു.

20 ഒരുവന്‍ നിങ്ങളുടെമേല്‍ മര്‍ദനഭരണം നടത്തുകയോ നിങ്ങളെ ചൂഷണം ചെയ്യുകയോ കെണിയില്‍ അകപ്പെടുത്തുകയോ നിന്ദിക്കുകയോ കരണത്തടിക്കുകയോ ചെയ്താലും നിങ്ങള്‍ പൊറുക്കുന്നുവല്ലോ.

21 അങ്ങനെയുള്ള കാര്യങ്ങളില്‍ ഞങ്ങള്‍ ദുര്‍ബലരായിരുന്നു എന്നു ലജ്ജയോടെ സമ്മതിക്കുന്നു.

എന്നാല്‍ ആര്‍ക്കെങ്കിലും പ്രശംസിക്കുവാന്‍ ധൈര്യമുണ്ടെങ്കില്‍-ഒരു ഭോഷനെപ്പോലെ ഞാന്‍ പറയുന്നു-എനിക്കും ധൈര്യമുണ്ട്.

22 അവര്‍ എബ്രായരാണോ? ഞാനും എബ്രായന്‍ തന്നെ. അവര്‍ ഇസ്രായേല്യരാണോ? ഞാനും ഇസ്രായേല്യന്‍ തന്നെ.

23 അവര്‍ അബ്രഹാമിന്‍റെ വംശജരാണെങ്കില്‍ ഞാനും അതേ വംശത്തില്‍പ്പെട്ടവന്‍ തന്നെ. അവര്‍ ക്രിസ്തുവിന്‍റെ ദാസന്മാരാണോ? ബുദ്ധിഭ്രമമുള്ളവനെപ്പോലെ ഞാന്‍ പറയുന്നു എന്നു തോന്നാം -ഞാന്‍ അവരെക്കാള്‍ മികച്ച ദാസനാകുന്നു; ഞാന്‍ അവരെക്കാള്‍ വളരെയധികം അധ്വാനിച്ചു; കൂടുതല്‍ തവണ തടവിലാക്കപ്പെട്ടു; ചാട്ടവാറുകൊണ്ടുള്ള പ്രഹരം വളരെയേറെ ഏറ്റു; പലപ്പോഴും മരണത്തിന്‍റെ വക്കോളമെത്തി;

24 യെഹൂദന്മാരില്‍നിന്ന് മുപ്പത്തൊന്‍പത് അടി അഞ്ചുപ്രാവശ്യം ഞാന്‍ കൊണ്ടു;

25 മൂന്നുവട്ടം റോമാക്കാര്‍ എന്നെ വടികൊണ്ട് അടിച്ചു; ഒരിക്കല്‍ കല്ലേറുമേറ്റു; മൂന്നു പ്രാവശ്യം കപ്പലപകടത്തില്‍പെട്ടു. ഒരിക്കല്‍ ഇരുപത്തിനാലു മണിക്കൂര്‍ വെള്ളത്തില്‍ കഴിച്ചുകൂട്ടേണ്ടിവന്നു.

26 എന്‍റെ യാത്രകളില്‍ വെള്ളപ്പൊക്കത്തില്‍നിന്നും കൊള്ളക്കാരില്‍നിന്നും സ്വജാതീയരില്‍നിന്നും വിജാതീയരില്‍നിന്നുമുള്ള വിപത്തുകളില്‍ ഞാന്‍ അകപ്പെട്ടിട്ടുണ്ട്. പട്ടണങ്ങളിലും കാട്ടിലും കടലിലും വച്ചുള്ള വിപത്തുകളുമുണ്ടായിട്ടുണ്ട്; വ്യാജസ്നേഹിതരില്‍ നിന്നുള്ള അപകടങ്ങളിലും അകപ്പെട്ടു;

27 കഠിനമായ അധ്വാനവും ക്ലേശവും ഉണ്ടായിട്ടുണ്ട്. പലപ്പോഴും ഉറങ്ങാന്‍ കഴിയാതെയും വിശന്നും ദാഹിച്ചും വലയുകയും പട്ടിണി കിടക്കുകയും ശീതബാധയില്‍നിന്നു രക്ഷപെടുന്നതിന് ഒരിടമോ വസ്ത്രമോ ഇല്ലാതെ വിഷമിക്കുകയും ചെയ്തിട്ടുണ്ട്.

28 ഇവയ്‍ക്കെല്ലാം പുറമേ എല്ലാ സഭകളെയുംകുറിച്ചുള്ള ചിന്താഭാരവും അനുദിനം ഞാന്‍ വഹിക്കേണ്ടിയിരുന്നു.

29 ആരെങ്കിലും ദുര്‍ബലനായിരിക്കുന്നുവെങ്കില്‍ ഞാന്‍ അവന്‍റെ ദൗര്‍ബല്യത്തില്‍ പങ്കാളിയാകാതിരിക്കുന്നുവോ? ആരെങ്കിലും പാപത്തിലേക്കു നയിക്കപ്പെടുന്നെങ്കില്‍ ദുഃഖംകൊണ്ട് എന്‍റെ ഹൃദയം കത്തിയെരിയാതിരിക്കുന്നുവോ?

30

എനിക്കു പ്രശംസിക്കണമെന്നുണ്ടെങ്കില്‍ ഞാന്‍ എത്ര ബലഹീനനാണെന്ന് എടുത്തുകാണിക്കുന്ന കാര്യങ്ങളില്‍ ഞാന്‍ പ്രശംസിക്കും.

31 കര്‍ത്താവായ യേശുവിന്‍റെ പിതാവായ ദൈവത്തിന്‍റെ നാമം എന്നേക്കും വാഴ്ത്തപ്പെടട്ടെ; ഞാന്‍ പറയുന്നത് വ്യാജമല്ലെന്ന് അവിടുന്ന് അറിയുന്നു.

32 ഞാന്‍ ദമാസ്കസില്‍ ആയിരുന്നപ്പോള്‍ അരേതാരാജാവിന്‍റെ കീഴിലുള്ള ഗവര്‍ണര്‍ എന്നെ പിടികൂടുന്നതിനു കാവല്‍ ഏര്‍പ്പെടുത്തി.

33 എന്നാല്‍ മതിലിലുള്ള ഒരു കിളിവാതിലിലൂടെ എന്നെ ചിലര്‍ ഒരു കുട്ടയില്‍ കെട്ടിയിറക്കി വിട്ടു. അങ്ങനെ രാജാവിന്‍റെ പിടിയില്‍നിന്നു വഴുതിമാറി.

12

1

ആത്മപ്രശംസകൊണ്ട് പ്രയോജനമൊന്നുമില്ലെങ്കിലും എനിക്കു സ്വയം പ്രശംസിക്കേണ്ടിയിരിക്കുന്നു.

2 കര്‍ത്താവ് എനിക്കു നല്‌കിയ ദര്‍ശനങ്ങളെയും വെളിപാടുകളെയും കുറിച്ച് ഞാന്‍ ഇനി പറയട്ടെ: പതിനാലു വര്‍ഷം മുമ്പ് മൂന്നാം സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തപ്പെട്ട ഒരു ക്രൈസ്തവപുരുഷനെ എനിക്കറിയാം; ശരീരത്തോടുകൂടിയോ ശരീരം കൂടാതെയോ എന്ന് എനിക്ക് അറിഞ്ഞുകൂടാ-ദൈവം അറിയുന്നു.

3 ആ മനുഷ്യന്‍ പറുദീസയിലേക്ക് ഉയര്‍ത്തപ്പെട്ടു-ശരീരത്തോടുകൂടിയോ ശരീരം കൂടാതെയോ എന്ന് എനിക്ക് അറിഞ്ഞുകൂടാ. അതു ദൈവം അറിയുന്നു-

4 അവാച്യവും മനുഷ്യാധരങ്ങള്‍ക്ക് ഉച്ചരിക്കുവാനാവാത്തതുമായ കാര്യങ്ങള്‍ അയാള്‍ കേട്ടു.

5 ഈ മനുഷ്യനെക്കുറിച്ചു ഞാന്‍ അഭിമാനംകൊള്ളും- എന്നാല്‍ ഞാന്‍ എത്ര ബലഹീനനാണെന്നു സൂചിപ്പിക്കുന്ന കാര്യങ്ങളിലല്ലാതെ മറ്റൊന്നിലും എനിക്കു പ്രശംസിക്കുവാനില്ല.

6 ഞാന്‍ പ്രശംസിക്കുകയാണെങ്കില്‍ത്തന്നെ ഞാന്‍ ഭോഷനാകുകയില്ല. ഞാന്‍ പറയുന്നതു സത്യമാണല്ലോ. എങ്കിലും ഒരുവന്‍ എന്നില്‍ കാണുകയും എന്നില്‍നിന്നു കേള്‍ക്കുകയും ചെയ്യുന്നതില്‍ അധികമായി എന്നെപ്പറ്റി ചിന്തിക്കണമെന്നു ഞാന്‍ ആഗ്രഹിക്കാത്തതുകൊണ്ട് ആത്മപ്രശംസ ചെയ്യുന്നില്ല.

7

ഞാന്‍ കണ്ട അദ്ഭുതകരമായ അനേകം ദര്‍ശനങ്ങളുടെ പേരില്‍ അതിരുകടന്ന ആത്മാഭിമാനംകൊണ്ട് നിഗളിച്ചുപോകാതിരിക്കുന്നതിന് ശാരീരികമായ ഒരു നിശിതരോഗം എനിക്കു നല്‌കപ്പെട്ടിരിക്കുന്നു. എന്നെ ദണ്ഡിപ്പിക്കുന്നതിന് സാത്താന്‍റെ ദൂതനായിട്ടത്രേ അതു വര്‍ത്തിക്കുന്നത്. ഞാന്‍ മതിമറന്ന് അഹങ്കരിക്കുന്നതില്‍നിന്ന് അത് എന്നെ രക്ഷിക്കുകയും ചെയ്യുന്നു.

8 ഇത് എന്നില്‍നിന്നു നീങ്ങേണ്ടതിന് ഞാന്‍ മൂന്നുവട്ടം കര്‍ത്താവിനോട് അപേക്ഷിച്ചു.

9 എന്നാല്‍ “എന്‍റെ കൃപ നിനക്കു മതി; എന്തെന്നാല്‍ നീ ബലഹീനനായിരിക്കുമ്പോഴാണ് എന്‍റെ ശക്തി തികവുറ്റതായിത്തീരുന്നത്” എന്നായിരുന്നു എനിക്കു ലഭിച്ച മറുപടി. ക്രിസ്തുവിന്‍റെ ശക്തി എന്നെ സംരക്ഷിക്കുന്നു എന്നുള്ളത് അനുഭവിച്ചറിയുന്നതിനു കാരണമാക്കുന്ന എന്‍റെ ബലഹീനതയെക്കുറിച്ച് ഞാന്‍ ആഹ്ലാദപൂര്‍വം പ്രശംസിക്കും.

10 ക്രിസ്തുവിനെപ്രതി ബലഹീനതകളും ആക്ഷേപങ്ങളും കഷ്ടതകളും പീഡനങ്ങളും പ്രയാസങ്ങളും സഹിക്കുന്നതില്‍ ഞാന്‍ സംതൃപ്തനാണ്. എന്തുകൊണ്ടെന്നാല്‍ ഞാന്‍ ബലഹീനനായിരിക്കുമ്പോഴാണല്ലോ ശക്തനായിരിക്കുന്നത്.

11

ഞാന്‍ ഒരു ഭോഷനായിത്തീര്‍ന്നു! പക്ഷേ നിങ്ങള്‍ അതിന് എന്നെ നിര്‍ബന്ധിച്ചു. നിങ്ങള്‍ എന്നെ ശ്ലാഘിക്കേണ്ടതായിരുന്നു. ഞാന്‍ ഏതുമല്ലാത്തവനാണെങ്കിലും, നിങ്ങളുടെ അപ്പോസ്തോലശ്രേഷ്ഠന്മാരെക്കാള്‍ ഒരു വിധത്തിലും കുറഞ്ഞവനല്ല.

12 ഞാന്‍ ഒരു അപ്പോസ്തോലനാണ് എന്നു തെളിയിക്കുന്ന അടയാളങ്ങളും അദ്ഭുതങ്ങളും വിസ്മയാവഹമായ പ്രവര്‍ത്തനങ്ങളും ഏറ്റവും സഹിഷ്ണുതയോടുകൂടി നിങ്ങളുടെ ഇടയില്‍ നടത്തിയിട്ടുണ്ട്.

13 സാമ്പത്തിക സഹായത്തിനുവേണ്ടി നിങ്ങളെ ഞാന്‍ ഭാരപ്പെടുത്തിയിട്ടില്ല എന്നതൊഴികെ ഇതര സഭകളെക്കാള്‍ നിങ്ങള്‍ക്കു കുറവു വന്നിട്ടുള്ളത് എന്താണ്? ഈ അപരാധം നിങ്ങള്‍ സദയം ക്ഷമിക്കുക!

14

ഇതാ മൂന്നാം പ്രാവശ്യവും നിങ്ങളെ സന്ദര്‍ശിക്കുവാന്‍ ഞാന്‍ ഒരുങ്ങിയിരിക്കുന്നു- ഞാന്‍ നിങ്ങള്‍ക്ക് ഒരുവിധത്തിലും ഭാരമാകുകയില്ല. നിങ്ങളുടെ പണമല്ല നിങ്ങളെയാണ് എനിക്കു വേണ്ടത്. മക്കള്‍ മാതാപിതാക്കള്‍ക്കല്ല, മാതാപിതാക്കള്‍ മക്കള്‍ക്കാണല്ലോ കൊടുക്കേണ്ടത്.

15 നിങ്ങളെ സഹായിക്കുന്നതിനുവേണ്ടി എനിക്കുള്ള എല്ലാ വകകളും മാത്രമല്ല എന്നെത്തന്നെയും ചെലവഴിക്കുന്നതില്‍ എനിക്കു സന്തോഷമേയുള്ളൂ. ഞാന്‍ നിങ്ങളെ അധികം സ്നേഹിക്കുന്നതുകൊണ്ടാണോ നിങ്ങള്‍ക്ക് എന്നോടുള്ള സ്നേഹം കുറഞ്ഞുപോയത്?

16

ഞാന്‍ നിങ്ങള്‍ക്ക് ഒരു ഭാരമായിരുന്നില്ല എന്നുള്ളത് നിങ്ങള്‍ സമ്മതിക്കും. എന്നാല്‍ ഞാന്‍ തന്ത്രശാലിയാണെന്നും വ്യാജങ്ങള്‍കൊണ്ടു നിങ്ങളെ വഞ്ചിച്ചു എന്നും ചിലര്‍ പറയുമായിരിക്കും. അതെങ്ങനെയാണ്?

17 ഞാന്‍ നിങ്ങളുടെ അടുക്കല്‍ അയച്ച ദൂതന്മാര്‍ മുഖേന നിങ്ങളുടെ വക വല്ലതും വഞ്ചിച്ചെടുത്തുവോ?

18 തീത്തോസിനോടു നിങ്ങളുടെ അടുക്കല്‍ വരുവാന്‍ ഞാന്‍ അഭ്യര്‍ഥിക്കുകയും മറ്റേ ക്രൈസ്തവ സഹോദരനെ അവന്‍റെ കൂടെ അയയ്‍ക്കുകയും ചെയ്തു. തീത്തോസ് നിങ്ങളെ ചൂഷണം ചെയ്തു എന്നു നിങ്ങള്‍ പറയുമോ? ഒരേ ലക്ഷ്യവും മാര്‍ഗവും അനുസരിച്ചല്ലേ അവരും ഞാനും പ്രവര്‍ത്തിച്ചത്?

19

ഇതുവരെയും ഞങ്ങളെത്തന്നെ ന്യായീകരിക്കുവാന്‍ ഞങ്ങള്‍ ശ്രമിക്കുകയായിരുന്നു എന്ന് ഒരുവേള നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവാം. ദൈവമുമ്പാകെ ഞങ്ങള്‍ എങ്ങനെ സംസാരിക്കണമെന്നു ക്രിസ്തു ആഗ്രഹിക്കുന്നുവോ അങ്ങനെയാണു ഞങ്ങള്‍ സംസാരിക്കുന്നത്. പ്രിയ സ്നേഹിതരേ, നിങ്ങളുടെ ഉന്നമനത്തിനുവേണ്ടിയാണു ഞങ്ങള്‍ ചെയ്യുന്നതെല്ലാം.

20 ഞാന്‍ അവിടെയെത്തുമ്പോള്‍ ഞാന്‍ ഇച്ഛിക്കുന്നതില്‍നിന്നു വ്യത്യസ്തമായ വിധത്തില്‍ നിങ്ങളെ കാണുകയും നിങ്ങള്‍ ഇച്ഛിക്കുന്ന വിധത്തില്‍ അല്ലാതെ നിങ്ങള്‍ എന്നെ കാണുകയും ചെയ്യുമോ എന്നു ഞാന്‍ ഭയപ്പെടുന്നു. പരസ്പരം ശണ്ഠ, അസൂയ, ക്ഷിപ്രകോപം, സ്വാര്‍ഥത, അധിക്ഷേപം, ഏഷണി, അഹങ്കാരം, അച്ചടക്കമില്ലായ്മ ഇവയെല്ലാം നിങ്ങളുടെ ഇടയിലുണ്ടായിരിക്കുമോ എന്നാണ് എന്‍റെ ഭയം.

21 അടുത്ത തവണ ഞാന്‍ വരുമ്പോള്‍ നിങ്ങളുടെ മുമ്പില്‍വച്ച് എന്‍റെ ദൈവം എന്നെ അപമാനിതനാക്കുമെന്നും കഴിഞ്ഞ കാലത്തു പാപം ചെയ്തിട്ട് തങ്ങളുടെ അസാന്മാര്‍ഗികമായ നടപടികള്‍, വിഷയാസക്തി, ലൈംഗികമായ പാപങ്ങള്‍ മുതലായവയെക്കുറിച്ച് അനുതപിക്കാത്ത അനേകമാളുകളെ പ്രതി ദുഃഖിക്കേണ്ടിവരുമെന്നും ഞാന്‍ ഭയപ്പെടുന്നു.

13

1

നിങ്ങളെ സന്ദര്‍ശിക്കുവാന്‍ ഞാന്‍ വരുന്നത് ഇതു മൂന്നാംതവണയാണ്. ‘ഏതു കുറ്റാരോപണവും മൂന്നോ അല്ലെങ്കില്‍ കുറഞ്ഞത് രണ്ടോ സാക്ഷികളുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് സ്ഥിരീകരിക്കേണ്ടത്’ എന്നു വേദഗ്രന്ഥത്തില്‍ എഴുതിയിട്ടുണ്ടല്ലോ.

2 മുമ്പ് പാപം ചെയ്തവര്‍ക്കും മറ്റുള്ള എല്ലാവര്‍ക്കും ഞാന്‍ നല്‌കിയ മുന്നറിയിപ്പ് മുമ്പത്തെപ്പോലെതന്നെ ആവര്‍ത്തിക്കുന്നു; രണ്ടാമത്തെ സന്ദര്‍ശനവേളയില്‍ ഞാന്‍ നേരിട്ട് ആ മുന്നറിയിപ്പു നല്‌കി. ഇപ്പോള്‍ അകലെയിരുന്നുകൊണ്ടാണ് അത് ആവര്‍ത്തിക്കുന്നത്. ഞാന്‍ വീണ്ടും വരുമ്പോള്‍ ആരോടും ഒരു വിട്ടുവീഴ്ചയും കാണിക്കുകയില്ല.

3 ക്രിസ്തു എന്നിലൂടെ സംസാരിക്കുന്നു എന്നതിന് തെളിവു വേണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നു. അവിടുന്നു നിങ്ങളോട് ഇടപെടുന്നത് ദുര്‍ബലനായിട്ടല്ല; പിന്നെയോ തന്‍റെ ശക്തി അവിടുന്നു നിങ്ങളുടെ മധ്യത്തില്‍ പ്രകടമാക്കിക്കൊണ്ടത്രേ.

4 തന്‍റെ ബലഹീനതയില്‍ അവിടുന്നു കുരിശില്‍ മരിച്ചു. എന്നാല്‍ ദൈവത്തിന്‍റെ ശക്തിയാല്‍ അവിടുന്നു ജീവിക്കുന്നു. അവിടുത്തെ ബലഹീനതയില്‍ പങ്കുകാരായ ഞങ്ങള്‍ നിങ്ങളോടിടപെടുമ്പോള്‍ ദൈവത്തിന്‍റെ ശക്തിയാല്‍ അവിടുത്തോടുകൂടി ജീവിക്കും.

5

നിങ്ങള്‍ വിശ്വാസജീവിതം നയിക്കുന്നുണ്ടോ എന്നു സ്വയം പരിശോധിക്കുക; നിങ്ങളെത്തന്നെ പരീക്ഷിക്കുക. നിശ്ചയമായും ക്രിസ്തുയേശു നിങ്ങളിലുണ്ടെന്നു നിങ്ങള്‍ അറിയുന്നില്ലേ? -ഇല്ലെങ്കില്‍ നിങ്ങള്‍ പൂര്‍ണമായും പരാജയമടഞ്ഞിരിക്കുന്നു.

6 ഞങ്ങള്‍ പരാജയപ്പെട്ടില്ലെന്നു നിങ്ങള്‍ക്കറിയാം എന്നാണ് എന്‍റെ വിശ്വാസം.

7 നിങ്ങള്‍ ഒരു തിന്മയും ചെയ്യാതിരിക്കേണ്ടതിനു ഞങ്ങള്‍ ദൈവത്തോടു പ്രാര്‍ഥിക്കുന്നു. ഞങ്ങളുടെ ജീവിതം ഒരു വിജയമാണെന്നു കാണിക്കേണ്ടതിനല്ല അപ്രകാരം ചെയ്യുന്നത്. ഞങ്ങളുടെ ജീവിതം പരാജയമാണെന്നു തോന്നിയാല്‍ത്തന്നെയും, നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കണം.

8 സത്യത്തിനുവേണ്ടിയല്ലാതെ അതിനു വിരുദ്ധമായി ഒന്നും ചെയ്യുവാന്‍ ഞങ്ങള്‍ക്കു സാധ്യമല്ല. ഞങ്ങള്‍ ബലഹീനരും നിങ്ങള്‍ ശക്തരുമാകുമ്പോള്‍ ഞങ്ങള്‍ സന്തോഷിക്കുന്നു;

9 നിങ്ങള്‍ പൂര്‍ണത പ്രാപിക്കുവാന്‍ ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.

10 അതുകൊണ്ടാണ് ദൂരെയിരുന്നുകൊണ്ട് ഞാന്‍ ഇതെഴുതുന്നത്; ഞാന്‍ വരുമ്പോള്‍ കര്‍ത്താവ് എനിക്കു നല്‌കിയിരിക്കുന്ന അധികാരമുപയോഗിച്ച് നിങ്ങളോട് കര്‍ക്കശമായി പെരുമാറുവാന്‍ ഇടയാകരുതല്ലോ. എനിക്കു നല്‌കപ്പെട്ടിരിക്കുന്ന അധികാരം ഇടിച്ചു നിരത്തുവാനുള്ളതല്ല, പടുത്തുയര്‍ത്തുവാനുള്ളതാകുന്നു.

11

എന്‍റെ സഹോദരരേ, നിങ്ങള്‍ക്കു വന്ദനം! പൂര്‍ണതയിലെത്തുവാന്‍ പരിശ്രമിക്കുക; എന്‍റെ അഭ്യര്‍ഥനകള്‍ നിങ്ങള്‍ ശ്രദ്ധിക്കുകയും വേണം. ഏക മനസ്സുള്ളവരായിരിക്കുക; സമാധാനമായി ജീവിക്കുക. എന്നാല്‍ സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ദൈവം നിങ്ങളോടുകൂടിയിരിക്കും.

12

വിശുദ്ധ ചുംബനംകൊണ്ട് പരസ്പരം അഭിവാദനം ചെയ്യുക.

13 നിങ്ങള്‍ക്ക് എല്ലാ ദൈവജനങ്ങളുടെയും അഭിവാദനങ്ങള്‍!

14

കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപയും ദൈവത്തിന്‍റെ സ്നേഹവും പരിശുദ്ധാത്മാവിന്‍റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടി ഉണ്ടായിരിക്കട്ടെ.