1

1

ദൈവഹിതപ്രകാരം ക്രിസ്തുയേശുവിന്‍റെ അപ്പോസ്തോലനായി വിളിക്കപ്പെട്ട പൗലൊസും സോസ്തെനേസ് എന്ന സഹോദരനും ചേര്‍ന്ന്,

2 ക്രിസ്തുയേശുവിനോടുള്ള ഐക്യത്തില്‍ ദൈവത്തിന്‍റെ സ്വന്തമായ വിശുദ്ധജനമെന്നു വിളിക്കപ്പെടുന്ന കൊരിന്തിലെ ദൈവസഭയ്‍ക്കും, നമ്മുടെയും അവരുടെയും കര്‍ത്താവായ യേശുക്രിസ്തുവിനെ ആരാധിക്കുന്നവരായി ലോകത്തിലെങ്ങുമുള്ള എല്ലാവര്‍ക്കും എഴുതുന്നത്:

3

നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

4

ക്രിസ്തുയേശു മുഖേന നിങ്ങള്‍ക്ക് നല്‌കിയിരിക്കുന്ന ദൈവകൃപ നിമിത്തം നിങ്ങള്‍ക്കുവേണ്ടി എന്‍റെ ദൈവത്തെ എപ്പോഴും ഞാന്‍ സ്തുതിക്കുന്നു.

5 ക്രിസ്തുവിനോടുള്ള ഐക്യത്തില്‍ എല്ലാവിധ ഭാഷണങ്ങളും അറിവുകളുമുള്‍പ്പെടെയുള്ള സകല കാര്യങ്ങളിലും നിങ്ങള്‍ സമ്പന്നരായിത്തീര്‍ന്നിരിക്കുന്നു.

6 ക്രിസ്തുവിനെക്കുറിച്ചുള്ള സാക്ഷ്യം നിങ്ങളില്‍ ദൃഢമായി വേരൂന്നിയിട്ടുണ്ട്.

7 അങ്ങനെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു പ്രത്യക്ഷപ്പെടുന്നതിനുവേണ്ടി കാത്തിരിക്കുന്ന നിങ്ങള്‍ക്ക് എല്ലാ അനുഗ്രഹങ്ങളും ലഭിച്ചിട്ടുണ്ടല്ലോ.

8 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ദിവസത്തില്‍ നിങ്ങള്‍ കുറ്റമറ്റവരായിരിക്കുന്നതിന് അന്ത്യംവരെ അവിടുന്ന് നിങ്ങളെ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യും.

9 അവിടുത്തെ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവിനോടുള്ള കൂട്ടായ്മയ്‍ക്കായി നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തന്‍ തന്നെ.

10

എന്‍റെ സഹോദരരേ, നിങ്ങളുടെ ഇടയില്‍ ഭിന്നത ഉണ്ടാകാതെ, നിങ്ങള്‍ ഏകമനസ്സും ഏകലക്ഷ്യവും ഉള്ളവരായിരിക്കേണ്ടതിന് നിങ്ങള്‍ക്ക് പൂര്‍ണമായ ഐക്യം ഉണ്ടായിരിക്കണമെന്ന് കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ എല്ലാവരോടും ഞാന്‍ അപേക്ഷിക്കുന്നു.

11 നിങ്ങളുടെ ഇടയില്‍ ഭിന്നതകള്‍ ഉള്ളതായി ക്ലോവയുടെ ആളുകള്‍ വ്യക്തമായി എന്നോടു പറഞ്ഞു.

12 ഞാന്‍ പൗലൊസിന്‍റെ അനുയായി എന്ന് ഒരാള്‍; അപ്പൊല്ലോസിന്‍റെ അനുയായി എന്ന് മറ്റൊരാള്‍; പത്രോസിന്‍റെ അനുയായി എന്നു വേറൊരാള്‍; ഇവരെ ആരെയുമല്ല, ക്രിസ്തുവിനെയാണ് ഞാന്‍ അനുഗമിക്കുന്നത് എന്ന് ഇനിയുമൊരാള്‍! ഇങ്ങനെ പലരും പലവിധത്തില്‍ പറയുന്നുണ്ടത്രേ.

13 ക്രിസ്തു പല കൂട്ടമായി വിഭജിക്കപ്പെട്ടിരിക്കുന്നു എന്നോ? നിങ്ങള്‍ക്കുവേണ്ടി ക്രൂശിക്കപ്പെട്ടത് പൗലൊസാണോ? പൗലൊസിന്‍റെ നാമത്തിലാണോ നിങ്ങള്‍ സ്നാപനം ചെയ്യപ്പെട്ടത്?

14

ക്രിസ്പൊസിനെയും ഗായൊസിനെയും ഒഴികെ നിങ്ങളില്‍ ആരെയും ഞാന്‍ സ്നാപനം ചെയ്തിട്ടില്ല. അതിനിടയാക്കിയ ദൈവത്തെ ഞാന്‍ സ്തുതിക്കുന്നു.

15 അതുകൊണ്ട്, എന്‍റെ നാമത്തില്‍ നിങ്ങളെ ഞാന്‍ സ്നാപനം ചെയ്തു എന്നു പറയുവാന്‍ ആര്‍ക്കും സാധ്യമല്ലല്ലോ.

16 അതേ, സ്തേഫാനോസിനെയും അയാളുടെ കുടുംബത്തെയും ഞാന്‍ സ്നാപനം ചെയ്തു. വേറെ ആരെയും സ്നാപനം ചെയ്തതായി ഞാന്‍ ഓര്‍ക്കുന്നില്ല.

17 ക്രിസ്തു എന്നെ അയച്ചത് സ്നാപനം ചെയ്യുവാനല്ല, പ്രത്യുത, സുവിശേഷം അറിയിക്കുന്നതിനാകുന്നു. ക്രിസ്തുവിന്‍റെ ക്രൂശുമരണത്തിന്‍റെ മാഹാത്മ്യത്തിനു കുറവു വരാതിരിക്കുവാന്‍, പാണ്ഡിത്യത്തിന്‍റെ ഭാഷ ഉപയോഗിക്കാതെയാണു ഞാന്‍ അറിയിക്കുന്നത്.

18

ക്രിസ്തുവിന്‍റെ ക്രൂശുമരണത്തെക്കുറിച്ചുള്ള സന്ദേശം നശിച്ചുപോകുന്നവര്‍ക്ക് ഭോഷത്തമാകുന്നു; എന്നാല്‍ രക്ഷിക്കപ്പെടുന്നവരായ നമുക്ക് അതു ദൈവത്തിന്‍റെ ശക്തിയത്രേ.

19 വേദഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നു:

ജ്ഞാനികളുടെ ജ്ഞാനം ഞാന്‍ നശിപ്പിക്കും;
പണ്ഡിതന്മാരുടെ പാണ്ഡിത്യം
ദുര്‍ബലമാക്കുകയും ചെയ്യും.

20

അപ്പോള്‍ ജ്ഞാനി എവിടെ? പണ്ഡിതന്‍ എവിടെ? ഈ ലോകത്തിലെ താര്‍ക്കികന്‍ എവിടെ? ലൗകികജ്ഞാനം ഭോഷത്തമാണെന്നു ദൈവം വ്യക്തമാക്കിയിരിക്കുന്നു.

21

തങ്ങളുടെ സ്വന്തം ജ്ഞാനം മുഖേന മനുഷ്യര്‍ക്കു ദൈവത്തെ അറിയുവാന്‍ സാധ്യമല്ല. ദൈവമാണ് തന്‍റെ ജ്ഞാനത്താല്‍ മനുഷ്യന് അത് അസാധ്യമാക്കിത്തീര്‍ത്തത്. മറിച്ച്, ഭോഷത്തമെന്നു പറയപ്പെടുന്നതും ഞങ്ങള്‍ പ്രസംഗിക്കുന്നതുമായ സുവിശേഷംമുഖേന, വിശ്വസിക്കുന്നവരെ രക്ഷിക്കുവാന്‍ ദൈവത്തിനു തിരുമനസ്സായി.

22 തെളിവിന് അടയാളങ്ങള്‍ വേണമെന്നു യെഹൂദന്മാര്‍ ആവശ്യപ്പെടുന്നു. ഗ്രീക്കുകാര്‍ക്കു വേണ്ടത് ജ്ഞാനമാണ്.

23 ഞങ്ങളാകട്ടെ, വിളംബരം ചെയ്യുന്നത് ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെയാകുന്നു; അത് യെഹൂദന്മാര്‍ക്ക് ഇടര്‍ച്ചയും വിജാതീയര്‍ക്കു ഭോഷത്തവുമത്രേ;

24 എന്നാല്‍ യെഹൂദന്മാര്‍ക്കാകട്ടെ, വിജാതീയര്‍ക്കാകട്ടെ, ദൈവം വിളിച്ച ഏവര്‍ക്കും ഈ സുവിശേഷം, ദൈവത്തിന്‍റെ ശക്തിയും ദൈവത്തിന്‍റെ ജ്ഞാനവുമാകുന്ന ക്രിസ്തു ആകുന്നു.

25 ദൈവത്തിന്‍റെ ഭോഷത്തം എന്നു നമുക്കു തോന്നുന്നത് മനുഷ്യരുടെ ജ്ഞാനത്തെക്കാള്‍ മികച്ചതും, ദൈവത്തിന്‍റെ ദൗര്‍ബല്യം എന്നു തോന്നുന്നത് മനുഷ്യരുടെ ശക്തിയെക്കാള്‍ ബലമേറിയതുമാണ്.

26

എന്‍റെ സഹോദരരേ, നിങ്ങളെ ദൈവം വിളിക്കുന്നതിനു മുമ്പ് നിങ്ങള്‍ എങ്ങനെയുള്ളവരായിരുന്നു എന്ന് ഓര്‍ത്തുനോക്കൂ. മാനുഷികമായി നോക്കിയാന്‍ നിങ്ങളുടെ ഇടയില്‍ ജ്ഞാനികളോ, ശക്തന്മാരോ, കൂലീനന്മാരോ അധികമില്ലായിരുന്നു.

27 ജ്ഞാനികളെ ലജ്ജിപ്പിക്കുവാന്‍, ഭോഷത്തമെന്നു ലോകം കരുതുന്നത് ദൈവം തിരഞ്ഞെടുത്തു. ശക്തന്മാരെ ലജ്ജിപ്പിക്കുവാന്‍ അശക്തമെന്നു ലോകം കരുതുന്നതാണു ദൈവം തിരഞ്ഞെടുത്തത്;

28 നിസ്സാരമെന്നും, നികൃഷ്ടമെന്നും, ഏതുമില്ലാത്തതെന്നും ലോകം പരിഗണിക്കുന്നവയെ ദൈവം തിരഞ്ഞെടുത്തു. ലോകം സുപ്രധാനമെന്നു കരുതുന്നവയെ തകര്‍ക്കുന്നതിനുവേണ്ടിയാണ് അപ്രകാരം ചെയ്തത്.

29 അതുകൊണ്ട് ദൈവമുമ്പാകെ ആര്‍ക്കുംതന്നെ അഹങ്കരിക്കുവാനാവില്ല.

30 എന്നാല്‍ ദൈവം നിങ്ങളെ ക്രിസ്തുയേശുവിനോടുള്ള ഐക്യതയിലേക്കു കൊണ്ടുവന്നിരിക്കുന്നു. ക്രിസ്തു നമുക്കുവേണ്ടി ദൈവത്തില്‍നിന്നുള്ള ജ്ഞാനമായിത്തീരുകയും ചെയ്തിരിക്കുന്നു. ക്രിസ്തുമൂലം നാം ദൈവമുമ്പാകെ നിഷ്കളങ്കരും ദൈവത്തിന്‍റെ വിശുദ്ധജനവും ആയിത്തീരും. അവിടുന്നു നമ്മെ സ്വതന്ത്രരാക്കുകയും ചെയ്യുന്നു.

31 അതുകൊണ്ട്, വേദഗ്രന്ഥത്തില്‍ പറയുന്നതുപോലെ ‘അഭിമാനിക്കണമെന്നുള്ളവന്‍ കര്‍ത്താവു ചെയ്തിരിക്കുന്നതില്‍ അഭിമാനം കൊള്ളട്ടെ.’

2

1

എന്‍റെ സഹോദരരേ, ഞാന്‍ നിങ്ങളുടെ അടുക്കല്‍ വന്നപ്പോള്‍ വലിയ വാഗ്‍വൈഭവമോ പാണ്ഡിത്യമോ പ്രകടിപ്പിച്ചുകൊണ്ടല്ല ദൈവത്തിന്‍റെ നിഗൂഢസത്യം നിങ്ങളെ അറിയിച്ചത്.

2 എന്തെന്നാല്‍ യേശുക്രിസ്തുവിനെ, പ്രത്യേകിച്ചു ക്രൂശിക്കപ്പെട്ടവനായ ക്രിസ്തുവിനെമാത്രം എന്‍റെ മനസ്സില്‍ വയ്‍ക്കണമെന്നു ഞാന്‍ നിശ്ചയിച്ചു.

3 അതുകൊണ്ട് ഭയന്ന്, വിറപൂണ്ട്, ദുര്‍ബലനായിട്ടാണ് ഞാന്‍ നിങ്ങളുടെ അടുക്കല്‍ വന്നത്.

4 എന്‍റെ പ്രബോധനവും പ്രഭാഷണവും മാനുഷികമായ വിജ്ഞാനത്തിന്‍റെ വശ്യവചസ്സുകള്‍ കൊണ്ടല്ലായിരുന്നു; പ്രത്യുത, ദൈവാത്മാവിന്‍റെ ശക്തി ബോധ്യപ്പെടുത്തുന്നവയായിരുന്നു.

5 അങ്ങനെ നിങ്ങളുടെ വിശ്വാസത്തിന് ആധാരം മാനുഷികമായ ജ്ഞാനമല്ല, പിന്നെയോ ദൈവത്തിന്‍റെ ശക്തിയാണ്.

6

എങ്കിലും ആത്മീയപക്വത പ്രാപിച്ചവരോടു ജ്ഞാനത്തിന്‍റെ സന്ദേശം ഞങ്ങള്‍ പ്രസംഗിക്കുന്നുണ്ട്. എന്നാല്‍ ലൗകിക ജ്ഞാനമോ ഈ ലോകത്തെ ഭരിക്കുന്ന പ്രഭുക്കന്മാരുടെ ജ്ഞാനമോ അല്ല-അവരുടെ അധികാരം നാശോന്മുഖമായിക്കൊണ്ടിരിക്കുന്നു-

7 ദൈവത്തിന്‍റെ നിഗൂഢജ്ഞാനമാണ് ഞങ്ങള്‍ പ്രഖ്യാപനം ചെയ്യുന്നത്. അതു മനുഷ്യര്‍ക്കു നിഗൂഢമായിരുന്നെങ്കിലും യുഗങ്ങള്‍ക്കു മുമ്പുതന്നെ നമ്മുടെ മഹത്ത്വ പ്രാപ്തിക്കായി ദൈവം കരുതിയിരുന്നതാണ്.

8 ഈ ലോകത്തിലെ അധികാരികള്‍ ആരുംതന്നെ അത് അറിഞ്ഞിരുന്നില്ല. അതറിഞ്ഞിരുന്നെങ്കില്‍ അവര്‍ മഹത്ത്വത്തിന്‍റെ കര്‍ത്താവിനെ ക്രൂശിക്കുകയില്ലായിരുന്നു.

9

തന്നെ സ്നേഹിക്കുന്നവര്‍ക്കുവേണ്ടി
ദൈവം ഒരുക്കിയിട്ടുള്ളത്
ആരും ഒരിക്കലും കാണുകയോ
കേള്‍ക്കുകയോ ചെയ്തിട്ടില്ല;
അതു സംഭവിക്കുക സാധ്യമാണെന്ന്
ആരും ഒരിക്കലും ചിന്തിച്ചിട്ടുമില്ല

എന്നാണല്ലോ വേദഗ്രന്ഥത്തില്‍ പറയുന്നത്.

10 നമുക്കാകട്ടെ, ദൈവം ആത്മാവു മുഖാന്തരം തന്‍റെ രഹസ്യം വെളിപ്പെടുത്തിത്തന്നിരിക്കുന്നു; ആത്മാവ് സമസ്തവും എന്നല്ല, ദൈവത്തിന്‍റെ അഗാധ രഹസ്യങ്ങള്‍പോലും നിരീക്ഷിക്കുന്നുണ്ടല്ലോ.

11 ഒരു മനുഷ്യനെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും അയാളുടെ അന്തരാത്മാവു മാത്രമേ അറിയുന്നുള്ളൂ; അതുപോലെതന്നെ, ദൈവത്തെ സംബന്ധിച്ചുള്ള സമസ്ത കാര്യങ്ങളും ദൈവത്തിന്‍റെ ആത്മാവ് അറിയുന്നു.

12 നമുക്കു ലഭിച്ചിരിക്കുന്നത് ഈ ലോകത്തിന്‍റെ ആത്മാവിനെയല്ല, പ്രത്യുത ദൈവത്തില്‍നിന്നുള്ള ആത്മാവിനെയത്രേ. ആ ആത്മാവുമൂലം ദൈവത്തിന്‍റെ എല്ലാ ദാനങ്ങളെയും നാം അറിയുന്നു.

13

അതുകൊണ്ട്, മാനുഷികമായ ജ്ഞാനം ഉപദേശിച്ചുതരുന്ന വാക്കുകളിലല്ല ഞങ്ങള്‍ സംസാരിക്കുന്നത്, പിന്നെയോ, ആത്മാവു ഉദ്ബോധിപ്പിക്കുന്ന വാക്കുകളിലാകുന്നു. ആത്മാവിനെ സ്വന്തമാക്കിയവര്‍ക്ക് ആധ്യാത്മിക സത്യങ്ങള്‍ ആ വാക്കുകളിലൂടെ ഞങ്ങള്‍ വ്യാഖ്യാനിച്ചുകൊടുക്കുന്നു.

14 ദൈവാത്മാവു ലഭിച്ചിട്ടില്ലാത്ത സ്വാഭാവിക മനുഷ്യന് ആത്മാവിന്‍റെ വരദാനങ്ങള്‍ പ്രാപിക്കുക സാധ്യമല്ല. അങ്ങനെയുള്ളവന്‍ യഥാര്‍ഥത്തില്‍ അവ ഗ്രഹിക്കുന്നില്ല; അവനെ സംബന്ധിച്ചിടത്തോളം അവ ഭോഷത്തങ്ങളാകുന്നു. എന്തെന്നാല്‍ അവയുടെ മൂല്യം ആധ്യാത്മികമായ അടിസ്ഥാനത്തില്‍ മാത്രമേ നിര്‍ണയിക്കുവാന്‍ കഴിയൂ.

15 ആത്മാവു ലഭിച്ച ഒരുവന് എല്ലാറ്റിന്‍റെയും മൂല്യം ഗ്രഹിക്കുവാന്‍ കഴിവുണ്ട്. എന്നാല്‍ അയാളെ വിധിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല.

16

“സര്‍വേശ്വരന്‍റെ മനസ്സ് ആരു കണ്ടു?

അവിടുത്തേക്കു ബുദ്ധി ഉപദേശിക്കുവാന്‍

ആര്‍ക്കു കഴിയും?”

എന്നു വേദഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതുപോലെ തന്നെ. നാം ആകട്ടെ, ക്രിസ്തുവിന്‍റെ മനസ്സുള്ളവരാണ്.

3

1

എന്‍റെ സഹോദരരേ, ആത്മീയ മനുഷ്യരോടെന്നപോലെ നിങ്ങളോടു സംസാരിക്കുവാന്‍ എനിക്കു കഴിഞ്ഞില്ല; ക്രിസ്തീയ വിശ്വാസത്തില്‍ ശിശുക്കളായ നിങ്ങളോട്, ലൗകികമനുഷ്യരോടെന്നവണ്ണം, എനിക്കു സംസാരിക്കേണ്ടിവന്നു.

2 കട്ടിയുള്ള ആഹാരമല്ല, പാലാണ് ഞാന്‍ നിങ്ങള്‍ക്കു തന്നത്. എന്തെന്നാല്‍ കട്ടിയുള്ള ഭക്ഷണം കഴിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുമായിരുന്നില്ല; ഇപ്പോഴും അതിനുള്ള കഴിവു നിങ്ങള്‍ക്കില്ല.

3 ലൗകികമനുഷ്യര്‍ ജീവിക്കുന്നതുപോലെയാണ് ഇപ്പോഴും നിങ്ങള്‍ ജീവിക്കുന്നത്. നിങ്ങളുടെ ഇടയില്‍ അസൂയയും ശണ്ഠയും ഉള്ളതുകൊണ്ടു നിങ്ങള്‍ ലോകത്തിന്‍റെ തോതനുസരിച്ചു ജീവിക്കുന്ന ഭൗതികമനുഷ്യരാണെന്നല്ലേ തെളിയുന്നത്?

4 നിങ്ങള്‍ കേവലം ഭൗതികമനുഷ്യരായതുകൊണ്ടല്ലേ നിങ്ങളില്‍ ഒരാള്‍ “ഞാന്‍ പൗലൊസിനെ അനുഗമിക്കുന്നു” എന്നും, മറ്റൊരാള്‍ “ഞാന്‍ അപ്പൊല്ലോസിനെ അനുഗമിക്കുന്നു” എന്നും പറയുന്നത്?

5

അപ്പൊല്ലോസ് ആരാണ്? പൗലൊസ് ആരാണ്? നിങ്ങളെ വിശ്വാസത്തിലേക്കു നയിച്ച ദൈവത്തിന്‍റെ ദാസന്മാര്‍ മാത്രമാകുന്നു ഞങ്ങള്‍. കര്‍ത്താവ് ഏല്പിച്ച ജോലി ഓരോരുത്തനും ചെയ്യുന്നു. ഞാന്‍ നട്ടു;

6 അപ്പൊല്ലോസ് നനച്ചു; എന്നാല്‍ വളര്‍ച്ച നല്‌കിയത് ദൈവമാണ്.

7 നടുന്നവനും നനയ്‍ക്കുന്നവനും ഏതുമില്ല; വളര്‍ച്ച നല്‌കിയ ദൈവത്തിനാണു വില കല്പിക്കേണ്ടത്. നടുന്നവനും നനയ്‍ക്കുന്നവനും ഒരുപോലെ മാത്രമേയുള്ളൂ.

8 ഓരോരുത്തനും അവനവന്‍റെ പ്രയത്നത്തിനു തക്ക പ്രതിഫലം ലഭിക്കും.

9 ഞങ്ങള്‍ ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കൂട്ടുവേലക്കാരാണ്; നിങ്ങള്‍ ദൈവത്തിന്‍റെ കൃഷിഭൂമിയും ദൈവത്തിന്‍റെ മന്ദിരവുമാകുന്നു.

10 ദൈവം എനിക്കു നല്‌കിയ വരമനുസരിച്ച് വിവേകമുള്ള ഒരു മുഖ്യശില്പിയെപ്പോലെ ഞാന്‍ അടിസ്ഥാനമിട്ടു; മറ്റൊരാള്‍ അതിന്മേല്‍ പണിയുന്നു. താന്‍ എങ്ങനെയാണു പണിയുന്നതെന്ന് ഓരോരുത്തരും ശ്രദ്ധിച്ചുകൊള്ളട്ടെ.

11 എന്തെന്നാല്‍ യേശുക്രിസ്തു എന്ന ഏക അടിസ്ഥാനം നേരത്തെ ഇട്ടിട്ടുണ്ട്. മറ്റൊരടിസ്ഥാനമിടുവാന്‍ ആര്‍ക്കും സാധ്യമല്ല.

12 ഈ അടിസ്ഥാനത്തിന്മേല്‍ ചിലര്‍ പൊന്ന്, വെള്ളി, വിലയേറിയ രത്നം മുതലായവ ഉപയോഗിച്ചു പണിയുന്നു; മറ്റുള്ളവര്‍ മരമോ, പുല്ലോ, വയ്‍ക്കോലോ ഉപയോഗിക്കും.

13 ക്രിസ്തുവിന്‍റെ ദിവസത്തില്‍ ഓരോ വ്യക്തിയുടെയും പണിയുടെ സവിശേഷത തുറന്നുകാട്ടുമ്പോള്‍ അതു വ്യക്തമാകും. അന്ന് ഓരോ വ്യക്തിയുടെയും പണിയുടെ സവിശേഷത അഗ്നിശോധന എടുത്തുകാട്ടുകയും ചെയ്യും.

14 താന്‍ പ്രസ്തുത അടിസ്ഥാനത്തിന്മേല്‍ നിര്‍മിച്ചത് അഗ്നിയെ അതിജീവിക്കുമെങ്കില്‍ നിര്‍മിതാവിനു പ്രതിഫലം ലഭിക്കും.

15 എന്നാല്‍ ആരെങ്കിലും നിര്‍മിച്ചത് അഗ്നിക്കിരയായാല്‍ അത് അവന് നഷ്ടപ്പെടും; അഗ്നിയിലൂടെ പുറത്തുവരുന്നവനെപ്പോലെ അവന്‍ രക്ഷിക്കപ്പെടും.

16

നിങ്ങള്‍ ദൈവത്തിന്‍റെ ആലയമാകുന്നു എന്നും ദൈവത്തിന്‍റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നു എന്നും നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ?

17 അതുകൊണ്ട് ആരെങ്കിലും ദൈവത്തിന്‍റെ ആലയം നശിപ്പിച്ചാല്‍ ദൈവം അവനെ നശിപ്പിക്കും. എന്തുകൊണ്ടെന്നാല്‍ ദൈവത്തിന്‍റെ മന്ദിരം വിശുദ്ധമാണ്. നിങ്ങള്‍ തന്നെ അവിടുത്തെ മന്ദിരമാണല്ലോ.

18

ആരും സ്വയം വഞ്ചിക്കരുത്. ലൗകികമായ മാനദണ്ഡങ്ങള്‍ അനുസരിച്ചു ജ്ഞാനിയാണെന്ന് നിങ്ങളില്‍ ആരെങ്കിലും സ്വയം വിചാരിക്കുന്നെങ്കില്‍ അയാള്‍ യഥാര്‍ഥ ജ്ഞാനിയായിത്തീരേണ്ടതിന് ഭോഷനായിത്തീരണം.

19 എന്തെന്നാല്‍ ജ്ഞാനമെന്നു ലോകം കരുതുന്നത് ദൈവത്തിന്‍റെ ദൃഷ്‍ടിയില്‍ ഭോഷത്തമാകുന്നു. ‘ബുദ്ധിമാന്മാരെ അവരുടെ കൗശലത്തില്‍ത്തന്നെ ദൈവം കുടുക്കുന്നു’ എന്നും

20 ‘ജ്ഞാനികളുടെ ചിന്തയ്‍ക്ക് ഒരു വിലയുമില്ലെന്നു കര്‍ത്താവ് അറിയുന്നു’ എന്നും വേദഗ്രന്ഥത്തില്‍ എഴുതിയിട്ടുണ്ടല്ലോ.

21 അതിനാല്‍ മനുഷ്യന്‍റെ കര്‍മശേഷിയില്‍ ആരും അഹങ്കരിക്കരുത്. എല്ലാം നിങ്ങള്‍ക്കുള്ളതാണല്ലോ.

22 പൗലൊസും, അപ്പൊല്ലോസും, പത്രോസും, ഈ ലോകവും, ജീവനും, മരണവും, ഇപ്പോഴുള്ളതും, വരുവാനുള്ളതും എല്ലാം നിങ്ങളുടേതാണ്.

23 നിങ്ങളാകട്ടെ ക്രിസ്തുവിനുള്ളവരാകുന്നു; ക്രിസ്തു ദൈവത്തിനുള്ളവനും.

4

1

ഞങ്ങള്‍ ക്രിസ്തുവിന്‍റെ ദാസന്മാരാണെന്നും ദൈവത്തിന്‍റെ ദിവ്യരഹസ്യങ്ങള്‍ ഞങ്ങളെയാണ് ഏല്പിച്ചിരിക്കുന്നതെന്നും നിങ്ങള്‍ എല്ലാവരും കരുതണം.

2 അങ്ങനെയുള്ള ഒരു ദാസന്‍ യജമാനനോടു വിശ്വസ്തനായിരിക്കണം.

3 നിങ്ങളോ, മനുഷ്യരുടേതായ ഏതെങ്കിലും നീതിപീഠമോ എന്നെ വിധിക്കുന്നെങ്കില്‍ അത് ഞാന്‍ അശേഷം കാര്യമാക്കുന്നില്ല.

4 എന്‍റെ മനസ്സാക്ഷി യാതൊന്നിനെക്കുറിച്ചും എന്നെ കുറ്റപ്പെടുത്തുന്നില്ലെങ്കിലും യഥാര്‍ഥത്തില്‍ ഞാന്‍ നിര്‍ദോഷിയാണെന്നുള്ളതിന് അതു തെളിവല്ലല്ലോ. കര്‍ത്താവു മാത്രമാണ് എന്നെ വിധിക്കുന്നത്.

5 അതുകൊണ്ടു വിധിയുടെ സമയം ആകുന്നതുവരെ നിങ്ങള്‍ ആരെയും വിധിക്കരുത്.

കര്‍ത്താവു വരുമ്പോള്‍ അവസാന വിധിയുണ്ടാകും. അതുവരെ കാത്തിരിക്കുക. ഇരുളില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍ കര്‍ത്താവു വെളിച്ചത്തു കൊണ്ടുവരും. മനുഷ്യമനസ്സില്‍ മറഞ്ഞിരിക്കുന്ന ഉദ്ദേശ്യങ്ങളെ അവിടുന്ന് അനാവരണം ചെയ്യും. അപ്പോള്‍ ഓരോരുത്തനും അര്‍ഹിക്കുന്ന പ്രശംസ ദൈവത്തില്‍നിന്നു ലഭിക്കുകയും ചെയ്യും.

6

എന്‍റെ സഹോദരരേ, ഇവിടെ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങള്‍ക്കും അപ്പൊല്ലോസിനെയും എന്നെയും ഞാന്‍ ദൃഷ്ടാന്തമാക്കിയിരിക്കുന്നു. ‘എഴുതപ്പെട്ടിരിക്കുന്നതിനെ മറികടക്കരുത്’ എന്ന ചൊല്ല് ഓര്‍ത്തുകൊള്ളണം. നിങ്ങള്‍ ഒരുവന്‍റെ പക്ഷം ചേര്‍ന്നു ഗര്‍വിഷ്ഠരാകുകയോ, മറ്റൊരുവനെ നിന്ദിക്കുകയോ ചെയ്യരുത്.

7 നിന്നെ മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠനാക്കിയത് ആരാണ്? നിനക്കുള്ളതെല്ലാം ദൈവം നല്‌കിയതല്ലേ? പിന്നെ നിനക്കുള്ളത് ദൈവത്തിന്‍റെ ദാനമല്ലെന്ന ഭാവത്തില്‍ അഹങ്കരിക്കുന്നത് എന്ത്? നിങ്ങള്‍ക്കു വേണ്ടതെല്ലാം ലഭിച്ചു കഴിഞ്ഞുവോ?

8 നിങ്ങള്‍ സമ്പന്നരായി കഴിഞ്ഞുവെന്നോ? ഞങ്ങളെ കൂടാതെ നിങ്ങള്‍ രാജപദവി പ്രാപിച്ചുവോ? നിങ്ങളോടൊപ്പം ഞങ്ങളും വാഴേണ്ടതിനു നിങ്ങള്‍ രാജാക്കന്മാരായി തീര്‍ന്നിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കുകയാണ്.

9 എന്നാല്‍ ദൈവം അപ്പോസ്തോലന്മാരായ ഞങ്ങള്‍ക്ക് വധശിക്ഷയ്‍ക്കു വിധിക്കപ്പെട്ടവരെപ്പോലെ ഏറ്റവും താണ സ്ഥാനമാണു നല്‌കിയിരിക്കുന്നതെന്ന് എനിക്കു തോന്നുന്നു; മനുഷ്യവര്‍ഗവും മാലാഖമാരുമുള്‍പ്പെട്ട സമസ്തലോകത്തിന്‍റെയും മുമ്പില്‍ ഞങ്ങള്‍ കേവലം പ്രദര്‍ശനവസ്തുക്കളായിത്തീര്‍ന്നിരിക്കുന്നുവല്ലോ.

10 ക്രിസ്തുവിനെ പ്രതി ഞങ്ങള്‍ മടയന്മാരാകുന്നു; എന്നാല്‍ ക്രിസ്തുവിനോടുള്ള ഐക്യത്തില്‍ നിങ്ങള്‍ ബുദ്ധിശാലികള്‍! ഞങ്ങള്‍ ദുര്‍ബലര്‍; നിങ്ങള്‍ ബലവാന്മാര്‍! ഞങ്ങള്‍ നിന്ദിതര്‍, നിങ്ങള്‍ ബഹുമാനിതര്‍!

11 ഞങ്ങള്‍ ഉണ്ണാനും ഉടുക്കാനും വകയില്ലാതെ കഴിയുന്നു; മര്‍ദനം ഏല്‌ക്കുന്നു; വീടും കൂടുമില്ലാതെ നാടുനീളെ അലഞ്ഞു തിരിയുന്നു.

12 സ്വന്തം കൈകൊണ്ട് ഞങ്ങള്‍ അധ്വാനിക്കുന്നു; ഞങ്ങളെ ദുഷിക്കുന്നവര്‍ക്ക് ഞങ്ങള്‍ നന്മ നേരുന്നു. പീഡനമേല്‌ക്കുമ്പോള്‍ ക്ഷമയോടെ സഹിക്കുന്നു.

13 ഞങ്ങളെപ്പറ്റി അപവാദം പറയുമ്പോള്‍ ഞങ്ങള്‍ നല്ലവാക്കു പറയുന്നു. ഇന്നുവരെയും ഞങ്ങള്‍ ലോകത്തിന്‍റെ ചവറായും എല്ലാറ്റിന്‍റെയും കീടമായും തീര്‍ന്നിരിക്കുന്നു.

14

നിങ്ങളെ ലജ്ജിപ്പിക്കുവാനല്ല, എന്‍റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളോടെന്നവണ്ണം ബുദ്ധി ഉപദേശിക്കുന്നതിനാണ് ഇതെഴുതുന്നത്.

15 ക്രിസ്തീയ ജീവിതത്തില്‍ നിങ്ങള്‍ക്ക് പതിനായിരം മാര്‍ഗദര്‍ശികളുണ്ടായിരിക്കാം. എങ്കിലും ഒരേ ഒരു പിതാവേ ഉള്ളൂ. ഞാന്‍ നിങ്ങളെ സുവിശേഷം അറിയിച്ചതുകൊണ്ട്, ക്രിസ്തീയ ജീവിതത്തില്‍ ഞാന്‍ നിങ്ങളുടെ പിതാവായിത്തീര്‍ന്നു.

16 അതുകൊണ്ട്, എന്‍റെ മാതൃക നിങ്ങള്‍ പിന്തുടരണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു.

17 ക്രിസ്തീയ ജീവിതത്തില്‍ വിശ്വസ്തനും എന്‍റെ പ്രിയ പുത്രനുമായ തിമൊഥെയോസിനെ ഇതിനുവേണ്ടി നിങ്ങളുടെ അടുക്കലേക്ക് അയയ്‍ക്കുന്നു. ക്രിസ്തുയേശുവിനോട് ഐക്യപ്പെട്ടിട്ടുള്ള ജീവിതത്തില്‍ ഞാന്‍ പിന്തുടരുന്ന മാര്‍ഗങ്ങള്‍ അയാള്‍ നിങ്ങളെ അനുസ്മരിപ്പിക്കും. എല്ലാ സഭകളോടും ഞാന്‍ പ്രബോധിപ്പിക്കുന്നതും ഇതാണ്.

18

ഞാന്‍ നിങ്ങളുടെ അടുക്കലേക്കു വരികയില്ലെന്നു വിചാരിച്ച് നിങ്ങളില്‍ ചിലര്‍ അഹങ്കരിക്കുന്നുണ്ട്.

19 എന്നാല്‍ കര്‍ത്താവ് അനുവദിക്കുന്നെങ്കില്‍ ഞാന്‍ വേഗം നിങ്ങളുടെ അടുക്കല്‍ വരും. അപ്പോള്‍ ആ അഹങ്കാരികളുടെ വാക്കുകളല്ല, അവരുടെ ശക്തിതന്നെ ഞാന്‍ നേരിട്ടു കണ്ടുകൊള്ളാം.

20 എന്തുകൊണ്ടെന്നാല്‍ ദൈവരാജ്യം കേവലം വാക്കുകളാലല്ല, ശക്തിയാലത്രേ പ്രവര്‍ത്തിക്കുന്നത്.

21 ഞാന്‍ എങ്ങനെയാണ് നിങ്ങളുടെ അടുക്കല്‍ വരേണ്ടത്? കൈയില്‍ ഒരു വടിയുമായോ; അതോ സ്നേഹസൗമ്യമായ ഹൃദയവുമായോ? നിങ്ങള്‍തന്നെ നിശ്ചയിക്കുക.

5

1

നിങ്ങളുടെ ഇടയില്‍ ദുര്‍വൃത്തി ഉണ്ടെന്നു ഞാന്‍ കേള്‍ക്കുന്നു. ഒരാള്‍ തന്‍റെ പിതാവിന്‍റെ ഭാര്യയുമായി അവിഹിതബന്ധം പുലര്‍ത്തുന്നുണ്ടത്രേ. ഇത് വിജാതീയരുടെ ഇടയില്‍പോലും ഇല്ലാത്ത നികൃഷ്ടനടപടിയാണല്ലോ.

2 എന്നിട്ടും നിങ്ങള്‍ അഹങ്കരിക്കുന്നു! നിങ്ങളുടെ ഹൃദയം സങ്കടംകൊണ്ടു നിറയേണ്ടതല്ലേ? ഈ ദുഷ്കര്‍മം ചെയ്തവനെ നിങ്ങളുടെ സഭയില്‍നിന്നു ബഹിഷ്കരിക്കേണ്ടതാണ്.

3 [3,4] ശരീരത്തില്‍ വിദൂരസ്ഥനാണെങ്കിലും ആത്മാവില്‍ ഞാന്‍ നിങ്ങളോടുകൂടിയുണ്ട്. ഞാന്‍ നിങ്ങളുടെ കൂടെ ആയിരുന്നെങ്കിലെന്നവണ്ണം, ഈ നീചകൃത്യം ചെയ്തവനെ ഞാന്‍ വിധിച്ചുകഴിഞ്ഞിരിക്കുന്നു. നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ നിങ്ങള്‍ ഒരുമിച്ചുകൂടുമ്പോള്‍, എന്‍റെ ആത്മാവും അവിടെ ഉണ്ടായിരിക്കും.

4

5 നിങ്ങള്‍ ഒരുമിച്ചുകൂടി കര്‍ത്താവായ യേശുവിന്‍റെ അധികാരത്തില്‍ ആ മനുഷ്യനെ സാത്താനെ ഏല്പിച്ചുകൊടുക്കണം. അങ്ങനെ അവന്‍റെ ഭോഗാസക്തമായ അധമസ്വഭാവം നശിക്കുകയും അവന്‍റെ ആത്മാവ് കര്‍ത്താവിന്‍റെ ദിവസത്തില്‍ രക്ഷപെടുകയും ചെയ്യും.

6

നിങ്ങളുടെ ആത്മപ്രശംസ നന്നല്ല! അല്പം പുളിച്ചമാവ് പിണ്ഡത്തെ മുഴുവന്‍ പുളിപ്പിക്കുമെന്നുള്ള ചൊല്ല് നിങ്ങള്‍ക്കറിയാമല്ലോ.

7 നിങ്ങള്‍ സത്യത്തില്‍ പുളിപ്പില്ലാത്തവരാണ്; അശേഷം പുളിപ്പു ചേരാത്ത പുതിയ മാവുപോലെ നിങ്ങള്‍ ആയിരിക്കേണ്ടതിന്, പാപത്തിന്‍റെ പുളിച്ചമാവ് പൂര്‍ണമായി നീക്കിക്കളയുക. ക്രിസ്തു എന്ന നമ്മുടെ പെസഹാബലി അര്‍പ്പിച്ചുകഴിഞ്ഞു.

8 തിന്മയും ദുഷ്ടതയുമാകുന്ന പുളിച്ചമാവ് നിശ്ശേഷം നീക്കി, വിശുദ്ധിയും സത്യവുമാകുന്ന പുളിപ്പില്ലാത്ത അപ്പത്തോടുകൂടി നമുക്കു പെസഹാ ഉത്സവം ആചരിക്കാം.

9

ദുര്‍ന്നടപ്പുകാരോട് സമ്പര്‍ക്കമരുതെന്ന് മുമ്പ് ഞാന്‍ ഒരു കത്തില്‍ എഴുതിയിരുന്നുവല്ലോ.

10 ദുര്‍മാര്‍ഗികളോ, അത്യാഗ്രഹികളോ, കൊള്ളക്കാരോ, വിഗ്രഹാരാധകരോ ആയ അന്യമതക്കാരോടു സമ്പര്‍ക്കത്തിലേര്‍പ്പെടരുതെന്നല്ല അതുകൊണ്ടു ഞാന്‍ അര്‍ഥമാക്കിയത്. അവരെ ഒഴിച്ചുനിറുത്തുകയാണെങ്കില്‍, ലോകത്തില്‍നിന്നുതന്നെ പൂര്‍ണമായി വിട്ടുപോകേണ്ടി വരുമല്ലോ.

11 സഹോദരന്‍ എന്നു സ്വയം വിളിക്കുകയും, എന്നാല്‍ ദുര്‍മാര്‍ഗിയോ, അത്യാഗ്രഹിയോ, വിഗ്രഹാരാധകനോ, പരദൂഷണവ്യവസായിയോ, മദ്യപനോ, കൊള്ളക്കാരനോ ആയിരിക്കുകയും ചെയ്യുന്നെങ്കില്‍ അങ്ങനെയുള്ളവുമായി സമ്പര്‍ക്കം പാടില്ല എന്നാണ് ഞാന്‍ പറഞ്ഞതിന്‍റെ സാരം. അവനോടുകൂടിയിരുന്നു ഭക്ഷണം കഴിക്കുകപോലുമരുത്.

12

[12,13] ഏതായാലും പുറത്തുള്ളവരെ വിധിക്കുവാന്‍ എനിക്ക് എന്തുകാര്യം? സഭയ്‍ക്കുള്ളിലുള്ളവരെയല്ലേ നിങ്ങള്‍ വിധിക്കേണ്ടത്? പുറത്തുള്ളവരെ ദൈവം വിധിച്ചുകൊള്ളും. വേദഗ്രന്ഥത്തില്‍ പറയുന്നതുപോലെ, ‘ദുഷ്ടമനുഷ്യനെ നിങ്ങളുടെ കൂട്ടത്തില്‍നിന്നു നീക്കിക്കളയുക.’

6

1

നിങ്ങളില്‍ ആര്‍ക്കെങ്കിലും മറ്റൊരു ക്രൈസ്തവ സഹോദരനുമായി തര്‍ക്കമുണ്ടായാല്‍ വിശ്വാസികളുടെ അടുക്കല്‍ പോയി നിങ്ങളുടെ പ്രശ്നത്തിനു പരിഹാരമുണ്ടാക്കാതെ വിജാതീയരായ ന്യായാധിപന്മാരുടെ അടുക്കല്‍ പോകുവാന്‍ തുനിയുന്നുവോ?

2 ദൈവത്തിന്‍റെ ജനം ലോകത്തെ വിധിക്കുമെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ? ലോകത്തെ വിധിക്കേണ്ടവരാണ് നിങ്ങളെങ്കില്‍, നിസ്സാരകാര്യങ്ങള്‍ക്കു പരിഹാരമുണ്ടാക്കുവാന്‍ നിങ്ങള്‍ക്കു കഴിവില്ലെന്നോ?

3 നാം മാലാഖമാരെ വിധിക്കുമെന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? അങ്ങനെയെങ്കില്‍ ഐഹിക ജീവിതത്തിലെ കാര്യങ്ങള്‍ വിധിക്കുന്നത് എത്ര എളുപ്പം!

4 ഐഹിക കാര്യങ്ങളെ സംബന്ധിച്ചു വിധി പറയേണ്ടിവരുമ്പോള്‍, സഭയില്‍ സ്ഥാനമില്ലാത്തവരെ നിങ്ങള്‍ അതിനുവേണ്ടി സമീപിക്കുന്നുവോ? നിങ്ങള്‍ക്കു ലജ്ജയില്ലേ?

5 ക്രൈസ്തവ സഹോദരന്മാര്‍ തമ്മിലുള്ള തര്‍ക്കം പറഞ്ഞു തീര്‍ക്കുവാന്‍ കഴിവുള്ള ഒരൊറ്റ വിവേകശാലിപോലും നിങ്ങളുടെ ഇടയില്‍ ഇല്ലെന്നു വരുമോ?

6 ക്രൈസ്തവ സഹോദരന്മാര്‍ തമ്മില്‍ വ്യവഹാരങ്ങള്‍ ഉണ്ടാകുന്നു. അവ തീര്‍ക്കുവാന്‍ അവിശ്വാസികളുടെ അടുക്കല്‍ പോകുകയും ചെയ്യുന്നു.

7

നിങ്ങള്‍ തമ്മില്‍ വ്യവഹാരങ്ങള്‍ ഉണ്ടാകുന്നതുതന്നെ, നിങ്ങള്‍ പരാജയപ്പെട്ടു തറപറ്റിയിരിക്കുന്നു എന്നു തെളിയിക്കുന്നു. അന്യായം സഹിക്കുകയും, ചൂഷണത്തിനു വിധേയരാകുകയും ചെയ്യുന്നതല്ലേ അതിനെക്കാള്‍ നല്ലത്?

8 അതിനുപകരം, നിങ്ങള്‍ അന്യായം പ്രവര്‍ത്തിക്കുന്നു; അതും സ്വന്തം സഹോദരന്മാര്‍ക്കെതിരെ.

9 അന്യായം പ്രവര്‍ത്തിക്കുന്നവര്‍ ദൈവത്തിന്‍റെ രാജ്യം അവകാശമാക്കുകയില്ലെന്നു നിങ്ങള്‍ക്കു നന്നായി അറിയാമല്ലോ. നിങ്ങള്‍ വഞ്ചിതരാകരുത്; ദുര്‍വൃത്തര്‍, വിഗ്രഹാരാധകര്‍, വ്യഭിചാരികള്‍,

10 സ്വയംഭോഗികള്‍, മോഷ്ടാക്കള്‍, അത്യാഗ്രഹികള്‍, മദ്യപന്മാര്‍, പരദൂഷകര്‍, കവര്‍ച്ചക്കാര്‍- ഇങ്ങനെയുള്ളവരാരും ദൈവരാജ്യത്തിന് അവകാശികള്‍ ആകുകയില്ല.

11 നിങ്ങളില്‍ ചിലര്‍ ഇങ്ങനെയുള്ളവരായിരുന്നു. എങ്കിലും നിങ്ങള്‍ പാപത്തില്‍നിന്നു ശുദ്ധീകരണം പ്രാപിച്ചിരിക്കുന്നു; നിങ്ങള്‍ ദൈവത്തിനു സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു; കര്‍ത്താവായ യേശുക്രിസ്തുവിനാലും നമ്മുടെ ദൈവത്തിന്‍റെ ആത്മാവിനാലും ദൈവത്തിന്‍റെ മുമ്പില്‍ നിങ്ങള്‍ കുറ്റമറ്റവരായി അംഗീകരിക്കപ്പെട്ടുമിരിക്കുന്നു.

12

“എല്ലാം എനിക്ക് നിയമാനുസൃതമാണ്; എന്നാല്‍ എല്ലാം പ്രയോജനകരമല്ല. എല്ലാം എനിക്കു നിയമാനുസൃതമാണ്; എന്നാല്‍ ഞാന്‍ ഒന്നിന്‍റെയും അടിമയാകുകയില്ല.”

13 “ആഹാരം ആമാശയത്തിനും, ആമാശയം ആഹാരത്തിനും വേണ്ടിയുള്ളതാണ്” എന്നു മറ്റു ചിലര്‍ പറഞ്ഞേക്കാം. എന്നാല്‍ ദൈവം ഇവ രണ്ടും നശിപ്പിക്കും. ശരീരം ലൈംഗികമായ ദുര്‍വൃത്തിക്കുവേണ്ടിയുള്ളതല്ല, പിന്നെയോ കര്‍ത്താവിനെ സേവിക്കുന്നതിനുവേണ്ടിയുള്ളതാണ്. കര്‍ത്താവ് ശരീരത്തിനു വേണ്ടതെല്ലാം നല്‌കുന്നു.

14 കര്‍ത്താവിനെ ദൈവം മരണത്തില്‍നിന്ന് ഉയിര്‍പ്പിച്ചു. തന്‍റെ ശക്തിയാല്‍ അവിടുന്നു നമ്മെയും ഉയിര്‍പ്പിക്കും.

15

നിങ്ങളുടെ ശരീരങ്ങള്‍ ക്രിസ്തുവിന്‍റെ അവയവങ്ങളാണെന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? ക്രിസ്തുവിന്‍റെ ശരീരത്തിലെ അവയവമെടുത്ത് വേശ്യയുടെ അവയവമാക്കാമോ? ഒരിക്കലും പാടില്ല.

16 വേശ്യയുമായി വേഴ്ചയിലേര്‍പ്പെടുന്ന ഒരുവന്‍ അവളോടു പറ്റിച്ചേര്‍ന്ന് ഒരു മെയ്യായിത്തീരുന്നു എന്നുള്ളത് നിങ്ങള്‍ക്ക് അറിഞ്ഞുകൂടെയോ? ‘അവര്‍ ഒരു ദേഹമായിത്തീരും’ എന്നു വേദഗ്രന്ഥത്തില്‍ പറയുന്നുണ്ട്.

17 എന്നാല്‍ കര്‍ത്താവിനോട് പറ്റിച്ചേരുന്നവന്‍ ആത്മീയമായി അവിടുത്തോട് ഏകീഭവിക്കുന്നു.

18

ദുര്‍വൃത്തിയില്‍ നിന്ന് ഓടിയകലുക; മനുഷ്യന്‍ ചെയ്യുന്ന മറ്റൊരു പാപവും അവന്‍റെ ശരീരത്തെ ബാധിക്കുന്നില്ല; എന്നാല്‍ ലൈംഗിക ദുര്‍വൃത്തിയിലേര്‍പ്പെടുന്നവന്‍ സ്വന്തം ശരീരത്തിനു വിരോധമായി പാപം ചെയ്യുന്നു.

19 ദൈവത്തിന്‍റെ ദാനമായ പരിശുദ്ധാത്മാവ് നിങ്ങളില്‍ വസിക്കുന്നതുകൊണ്ട് നിങ്ങളുടെ ശരീരം പരിശുദ്ധാത്മാവിന്‍റെ മന്ദിരമാകുന്നു എന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? നിങ്ങള്‍ നിങ്ങള്‍ക്കുള്ളവരല്ല, ദൈവത്തിനുള്ളവരാണ്.

20 ദൈവം നിങ്ങളെ വിലയ്‍ക്കു വാങ്ങിയിരിക്കുന്നു. അതുകൊണ്ട് ദൈവത്തിന്‍റെ മഹത്ത്വത്തിനുവേണ്ടി നിങ്ങളുടെ ശരീരത്തെ ഉപയോഗിക്കുക.

7

1

ഇനി നിങ്ങള്‍ എഴുതി അയച്ച കാര്യങ്ങളെപ്പറ്റി പറയട്ടെ. സ്‍ത്രീയെ സ്പര്‍ശിക്കാതിരിക്കുകയാണു പുരുഷനു നല്ലത്.

2 എങ്കിലും വ്യഭിചാരം ചെയ്യാനുള്ള പ്രലോഭനം ഉണ്ടാകാവുന്നതുകൊണ്ട്, ഓരോ പുരുഷനും സ്വന്തം ഭാര്യയും ഓരോ സ്‍ത്രീക്കും സ്വന്തം ഭര്‍ത്താവും ഉണ്ടായിരിക്കട്ടെ.

3 പുരുഷന്‍ തന്‍റെ ഭാര്യയോടും സ്‍ത്രീ തന്‍റെ ഭര്‍ത്താവിനോടുമുള്ള ദാമ്പത്യധര്‍മം നിറവേറ്റണം.

4 ഭാര്യയുടെ ശരീരത്തിന്മേല്‍ അവള്‍ക്കല്ല, അവളുടെ ഭര്‍ത്താവിനത്രേ അധികാരം. അതുപോലെതന്നെ ഭര്‍ത്താവിന്‍റെ ശരീരത്തിന്മേല്‍ അവനല്ല, ഭാര്യക്കാണ് അധികാരം.

5 ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരസമ്മതപ്രകാരം പ്രാര്‍ഥനയ്‍ക്കുവേണ്ടി പിരിഞ്ഞിരിക്കുന്നെങ്കിലല്ലാതെ പങ്കാളിക്കു നല്‌കേണ്ട അവകാശങ്ങള്‍ നിഷേധിച്ചുകൂടാ. അതിനുശേഷം ആത്മനിയന്ത്രണത്തിന്‍റെ കുറവുനിമിത്തം സാത്താന്‍റെ പ്രലോഭനങ്ങളില്‍ വീഴാതിരിക്കുവാന്‍ ദാമ്പത്യധര്‍മങ്ങള്‍ തുടരുക.

6

ഇത് ഒരു ആജ്ഞയായിട്ടല്ല, അനുവാദമായിട്ടാണു ഞാന്‍ പറയുന്നത്.

7 ഞാന്‍ ആയിരിക്കുന്നപ്രകാരം നിങ്ങളും ആകണമെന്നത്രേ വാസ്തവത്തില്‍ എന്‍റെ ആഗ്രഹം; എന്നാല്‍ ഓരോരുത്തര്‍ക്കും വിവിധതരത്തിലുള്ള പ്രത്യേക വരദാനമാണല്ലോ ദൈവത്തില്‍നിന്നു ലഭിച്ചിട്ടുള്ളത്.

8

അവിവാഹിതരോടും വിധവമാരോടും ഞാന്‍ പറയുന്നത്, എന്നെപ്പോലെ ഒറ്റയ്‍ക്കു ജീവിക്കുകയാണ് നന്ന് എന്നത്രേ.

9 എന്നാല്‍ ആത്മസംയമനം സാധ്യമല്ലെങ്കില്‍ വിവാഹം ചെയ്യട്ടെ. ഭോഗാസക്തികൊണ്ടു നീറുന്നതിനെക്കാള്‍ നല്ലത് വിവാഹം ചെയ്യുന്നതാണ്.

10

വിവാഹിതരോടു ഞാന്‍ ആജ്ഞാപിക്കുന്നു. ഭാര്യ ഭര്‍ത്താവിനെ പിരിയരുത്. ഇത് എന്‍റെ കല്പനയല്ല, കര്‍ത്താവിന്‍റെ കല്പനയാകുന്നു.

11 അഥവാ വേര്‍പിരിയുന്നപക്ഷം, വീണ്ടും വിവാഹം കഴിക്കാതെ ജീവിച്ചുകൊള്ളണം. അല്ലെങ്കില്‍ സ്വന്തം ഭര്‍ത്താവിനോടു രമ്യപ്പെട്ടുകൊള്ളുക; ഭര്‍ത്താവും ഭാര്യയെ ഉപേക്ഷിച്ചുകൂടാ.

12

മറ്റുള്ളവരോടു കര്‍ത്താവല്ല ഞാന്‍ പറയുന്നു: ഒരു സഹോദരന് അവിശ്വാസിനിയായ ഭാര്യ ഉണ്ടായിരിക്കുകയും അയാളോടു കൂടി പാര്‍ക്കുവാന്‍ അവള്‍ സമ്മതിക്കുകയും ചെയ്യുന്നെങ്കില്‍ അവളെ ഉപേക്ഷിക്കരുത്.

13 ഒരു സഹോദരിക്ക് അവിശ്വാസിയായ ഭര്‍ത്താവുണ്ടായിരിക്കുകയും അവളോടുകൂടി ജീവിക്കുവാന്‍ അയാള്‍ സമ്മതിക്കുകയും ചെയ്യുന്നെങ്കില്‍ ആ സ്‍ത്രീ അയാളെ ഉപേക്ഷിച്ചുകൂടാ.

14 എന്തുകൊണ്ടെന്നാല്‍ അവിശ്വാസിയായ ഭര്‍ത്താവ് തന്‍റെ ഭാര്യ മുഖാന്തരം ദൈവത്തിനു സ്വീകാര്യനായിത്തീരുന്നു; അതുപോലെതന്നെ അവിശ്വാസിനിയായ ഭാര്യ തന്‍റെ ഭര്‍ത്താവ് മുഖാന്തരം ദൈവത്തിന് സ്വീകാര്യയായിത്തീരുന്നു; അല്ലാത്ത പക്ഷം നിങ്ങളുടെ മക്കള്‍ ദൈവത്തിനുള്ളവരല്ലാതായിത്തീരും.

15 ഇപ്പോഴാകട്ടെ, അവര്‍ ദൈവത്തിനു സ്വീകാര്യരാകുന്നു. വിശ്വാസിയല്ലാത്ത ജീവിതപങ്കാളി പിരിഞ്ഞുപോകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ പിരിഞ്ഞുപോകട്ടെ; ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ വിശ്വാസികളായ സഹോദരന്മാരും സഹോദരിമാരും ബദ്ധരായിരിക്കുകയില്ല; ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നത് സമാധാനമായി ജീവിക്കുവാനാണ്.

16 അല്ലയോ, വിശ്വാസിനിയായ ഭാര്യയേ, നിന്‍റെ ഭര്‍ത്താവിനെ നീ രക്ഷപെടുത്തുമോ ഇല്ലയോ എന്ന് നിനക്ക് എങ്ങനെ അറിയാം? വിശ്വാസിയായ ഭര്‍ത്താവേ, നിന്‍റെ ഭാര്യക്ക് നീ രക്ഷ വരുത്തുമോ ഇല്ലയോ എന്ന് നിനക്ക് എങ്ങനെ അറിയാം!

17

കര്‍ത്താവു നല്‌കിയ വരമനുസരിച്ചും, ദൈവം തന്നെ വിളിച്ചപ്പോള്‍ ആയിരുന്നതുപോലെയും ഓരോ വ്യക്തിയും ജീവിക്കുക. ഇതാണ് ഞാന്‍ എല്ലാസഭകളെയും പ്രബോധിപ്പിക്കുന്നത്.

18 പരിച്ഛേദനകര്‍മത്തിനു വിധേയനായ ഒരുവന്‍, ദൈവവിളി സ്വീകരിച്ചാല്‍ പരിച്ഛേദനത്തിന്‍റെ അടയാളം മാറ്റേണ്ടതില്ല. പരിച്ഛേദനകര്‍മത്തിനു വിധേയനാകാത്ത ഒരുവന്‍ ദൈവവിളി സ്വീകരിക്കുമ്പോള്‍, ആ കര്‍മത്തിനു വിധേയനാകേണ്ടതുമില്ല.

19 പരിച്ഛേദനകര്‍മം അനുഷ്ഠിക്കുന്നതിലോ, അനുഷ്ഠിക്കാതിരിക്കുന്നതിലോ കാര്യമൊന്നുമില്ല. ദൈവത്തിന്‍റെ കല്പനകള്‍ അനുസരിക്കുന്നതാണ് സര്‍വപ്രധാനം.

20 ദൈവത്തിന്‍റെ വിളി സ്വീകരിച്ചപ്പോള്‍ ഓരോ വ്യക്തിയും എങ്ങനെയിരുന്നുവോ, അങ്ങനെ തുടര്‍ന്നാല്‍ മതി.

21 ദൈവം വിളിച്ചപ്പോള്‍ നീ അടിമയായിരുന്നുവോ? അതു കാര്യമാക്കേണ്ടതില്ല; എന്നാല്‍ സ്വതന്ത്രനാകാന്‍ അവസരം കിട്ടുന്നെങ്കില്‍ അത് ഉപയോഗിച്ചുകൊള്ളുക.

22 എന്തുകൊണ്ടെന്നാല്‍ കര്‍ത്താവു വിളിച്ച അടിമയെ അവിടുന്നു സ്വതന്ത്രനാക്കിയിരിക്കുന്നു; അതുപോലെതന്നെ ക്രിസ്തു വിളിച്ച ഒരു സ്വതന്ത്രന്‍ അവിടുത്തെ അടിമയാകുന്നു.

23 ദൈവം വിലയ്‍ക്കു വാങ്ങിയവരാണു നിങ്ങള്‍; അതുകൊണ്ട് നിങ്ങള്‍ മനുഷ്യരുടെ അടിമകളാകരുത്.

24 എന്‍റെ സഹോദരരേ, ഏതവസ്ഥയില്‍ നിങ്ങള്‍ ഓരോ വ്യക്തിയും വിളിക്കപ്പെട്ടുവോ, അതേ അവസ്ഥയില്‍ ദൈവത്തോടു ചേര്‍ന്നു ജീവിച്ചുകൊള്ളുക.

25

കന്യകമാരെപ്പറ്റി നിങ്ങള്‍ എഴുതിയിരുന്നുവല്ലോ; അതേ സംബന്ധിച്ചു കര്‍ത്താവിന്‍റെ ഒരു കല്പനയും എനിക്കു ലഭിച്ചിട്ടില്ല; എന്നാല്‍ കര്‍ത്താവിന്‍റെ കരുണയാല്‍ നിങ്ങള്‍ക്കു വിശ്വാസിക്കാവുന്നവനെന്ന നിലയില്‍ എന്‍റെ അഭിപ്രായം ഞാന്‍ പറയുന്നു:

26

ഇപ്പോഴത്തെ ദുരിതം കണക്കിലെടുക്കുമ്പോള്‍, ഒരു മനുഷ്യന്‍ താന്‍ ആയിരിക്കുന്ന അവസ്ഥയില്‍ തുടരുന്നതാണ് അവന് ഏറെ നല്ലത് എന്ന് എനിക്കു തോന്നുന്നു.

27 നീ വിവാഹിതനാണോ? എങ്കില്‍ ആ ബന്ധം വേര്‍പെടുത്തുവാന്‍ ശ്രമിക്കരുത്. നീ അവിവാഹിതനാണെങ്കില്‍ ഭാര്യയെ അന്വേഷിക്കേണ്ടതില്ല.

28 എന്നാല്‍ നീ വിവാഹം കഴിക്കുന്നെങ്കില്‍, നീ ചെയ്യുന്നത് പാപമല്ല; ഒരു കന്യക വിവാഹിതയാകുന്നെങ്കിലും, അവളും പാപം ചെയ്യുന്നില്ല. എങ്കിലും വിവാഹിതരുടെ ജീവിതത്തിലെ വിഷമതകള്‍ നിങ്ങള്‍ക്കുണ്ടാകരുതെന്നു ഞാന്‍ ആഗ്രഹിക്കുന്നു.

29

എന്‍റെ സഹോദരരേ, ഞാന്‍ പറയുന്നതിന്‍റെ സാരം ഇതാണ്: ഇനി അധികസമയം ശേഷിച്ചിട്ടില്ല. ഇനി വിവാഹിതര്‍ വിവാഹം ചെയ്യാത്തവരെപ്പോലെയും,

30 ദുഃഖിക്കുന്നവര്‍ ദുഃഖിക്കാത്തവരെപ്പോലെയും, സന്തോഷിക്കുന്നവര്‍ സന്തോഷമില്ലാത്തവരെപ്പോലെയും, വിലയ്‍ക്കുവാങ്ങുന്നവര്‍ കൈവശമാക്കാത്തവരെപ്പോലെയും,

31 വ്യാപാരത്തിലേര്‍പ്പെടുന്നവര്‍ അതില്‍ ഏര്‍പ്പെടാത്തവരെപ്പോലെയും ആയിരിക്കട്ടെ. എന്തെന്നാല്‍ ഈ ലോകത്തിന്‍റെ വ്യവസ്ഥിതി മാറിക്കൊണ്ടിരിക്കുന്നു.

32

നിങ്ങള്‍ ആകുലചിത്തരാകരുതെന്നു ഞാന്‍ ആഗ്രഹിക്കുന്നു. അവിവാഹിതനായ ഒരു മനുഷ്യന്‍ കര്‍ത്താവിന്‍റെ പ്രവര്‍ത്തനത്തില്‍ തത്പരനാകുന്നു. എന്തെന്നാല്‍ കര്‍ത്താവിനെ സംപ്രീതനാക്കുവാന്‍ അയാള്‍ ശ്രമിക്കുന്നു.

33 എന്നാല്‍ വിവാഹിതന്‍ തന്‍റെ ഭാര്യയെ പ്രീതിപ്പെടുത്തേണ്ടതുകൊണ്ട് ലൗകികകാര്യങ്ങളില്‍ തത്പരനാകുന്നു.

34 അങ്ങനെ അയാള്‍ രണ്ടു ദിശകളിലേക്കു വലിക്കപ്പെടുന്നു; അതുപോലെതന്നെ അവിവാഹിതയായ സ്‍ത്രീ അഥവാ കന്യക കര്‍ത്താവിന്‍റെ പ്രവര്‍ത്തനത്തില്‍ തത്പരയാകുന്നു. എന്തെന്നാല്‍ തന്‍റെ ശരീരവും ആത്മാവും ഈശ്വരാര്‍പ്പിതമായിരിക്കണമെന്ന് അവള്‍ ആഗ്രഹിക്കുന്നു; എന്നാല്‍ ഭര്‍ത്തൃമതിയായ സ്‍ത്രീ ഭര്‍ത്താവിനെ പ്രസാദിപ്പിക്കേണ്ടതുകൊണ്ട് ലൗകികകാര്യങ്ങളില്‍ തത്പരയാകുന്നു.

35

നിങ്ങളുടെമേല്‍ ഏതെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തുവാനല്ല, നിങ്ങളുടെ പ്രയോജനത്തിനുവേണ്ടിയാണ് ഞാന്‍ ഇതു പറയുന്നത്. ശരിയായും ഉചിതമായുമുള്ള കാര്യങ്ങള്‍ ചെയ്യണമെന്നും നിങ്ങളെത്തന്നെ കര്‍ത്താവിന്‍റെ സേവനത്തിനു പൂര്‍ണമായി സമര്‍പ്പിക്കണമെന്നുമത്രേ എന്‍റെ ആഗ്രഹം.

വിവാഹനിശ്ചയം ചെയ്ത പുരുഷനും സ്‍ത്രീയും ദാമ്പത്യബന്ധം വേണ്ടെന്നു തീരുമാനിച്ചു എന്നിരിക്കട്ടെ.

36 തന്‍റെ പ്രതിശ്രുതവധുവിനെ വിവാഹം ചെയ്യാതിരിക്കുന്നത് അനുചിതമാണെന്നും ഭോഗേച്ഛ ഉള്ളതുകൊണ്ട് അവര്‍ തമ്മില്‍ വിവാഹം ചെയ്യേണ്ടതാണെന്നും തോന്നുന്ന പക്ഷം അവര്‍ വിവാഹം ചെയ്തുകൊള്ളട്ടെ.

37 എന്നാല്‍ വിവാഹം ചെയ്യുന്നില്ലെന്നു സ്വമേധയാ ദൃഢനിശ്ചയം ചെയ്ത ഒരാള്‍ക്ക് തികഞ്ഞ ആത്മസംയമനം ഉണ്ടെങ്കില്‍ നിശ്ചയിച്ചതുപോലെ ചെയ്യട്ടെ; അയാള്‍ വിവാഹം ചെയ്യേണ്ടതില്ല.

38 വിവാഹം ചെയ്യുന്നതു നല്ലത്, ചെയ്യാതിരിക്കുന്നത് ഏറെ നല്ലത്.

39

ഭര്‍ത്താവു ജീവിച്ചിരിക്കുന്നിടത്തോളം കാലം വിവാഹിതയായ ഒരു സ്‍ത്രീ സ്വതന്ത്രയല്ല; എന്നാല്‍ ഭര്‍ത്താവു മരിച്ചാല്‍ തനിക്കിഷ്ടമുള്ള മറ്റൊരുവനെ അവള്‍ക്കു വേള്‍ക്കാം, എന്നാല്‍ അയാള്‍ ഒരു ക്രിസ്ത്യാനി ആയിരിക്കണമെന്നു മാത്രം.

40 അവള്‍ വിധവയായിത്തന്നെ ഇരിക്കുന്നെങ്കില്‍ അതാണവള്‍ക്കു കൂടുതല്‍ സൗഭാഗ്യകരം. അതാണ് എന്‍റെ അഭിപ്രായം. എനിക്കും ദൈവത്തിന്‍റെ ആത്മാവുണ്ടെന്നു ഞാന്‍ വിചാരിക്കുന്നു.

8

1

വിഗ്രഹങ്ങള്‍ക്ക് നിവേദിച്ച ഭക്ഷണസാധനങ്ങളെപ്പറ്റി നിങ്ങള്‍ എഴുതിയിരുന്നുവല്ലോ. “നമുക്കെല്ലാവര്‍ക്കും അറിവുണ്ട്” എന്നു പറയുന്നതു ശരിതന്നെ. അങ്ങനെയുള്ള അറിവ് ഒരുവനെ അഹന്തകൊണ്ട് ഊതിവീര്‍പ്പിക്കുന്നു. സ്നേഹമാകട്ടെ, ആത്മീയ വളര്‍ച്ച വരുത്തുന്നു.

2 തനിക്ക് എന്തൊക്കെയോ അറിയാം എന്നു ഭാവിക്കുന്നവന്‍, യഥാര്‍ഥത്തില്‍ അറിയേണ്ടതുപോലെ അറിഞ്ഞിട്ടില്ല.

3 എന്നാല്‍ ഒരുവന്‍ ദൈവത്തെ സ്നേഹിക്കുന്നെങ്കില്‍ ദൈവം അവനെ അറിയുന്നു.

4

വിഗ്രഹങ്ങള്‍ക്കു നിവേദിച്ച ഭക്ഷണസാധനങ്ങളെപ്പറ്റി പറയട്ടെ: ദൈവം ഏകനാണെന്നും അസ്തിത്വം ഇല്ലാത്ത ഒന്നിനെയാണ് വിഗ്രഹം പ്രതിനിധാനം ചെയ്യുന്നതെന്നും നമുക്ക് അറിയാം.

5 “ദൈവങ്ങള്‍” എന്നു വിളിക്കപ്പെടുന്നവര്‍ ഉണ്ടായിരിക്കാം. സ്വര്‍ഗത്തിലാകട്ടെ, ഭൂമിയിലാകട്ടെ അങ്ങനെയുള്ള പല “ദൈവങ്ങളും” “ദേവന്മാരും” ഉണ്ടായിരുന്നാലും

6 നമുക്കു പിതാവായ ഒരു ദൈവം മാത്രമേയുള്ളൂ. അവിടുന്നാണ് എല്ലാറ്റിന്‍റെയും സ്രഷ്ടാവ്. അവിടുത്തേക്കു വേണ്ടിയാണു നാം ജീവിക്കുന്നത്. ഒരു കര്‍ത്താവു മാത്രമേയുള്ളൂ- യേശുക്രിസ്തു. അവിടുന്നു മുഖേന സകലവും സൃഷ്‍ടിക്കപ്പെട്ടു. നാം ജീവിക്കുന്നതും അവിടുന്നു മുഖേനയാണ്.

7

എന്നാല്‍ ഈ സത്യം എല്ലാവരും അറിയുന്നില്ല. ചിരപരിചയം ഹേതുവാല്‍, വിഗ്രഹത്തിനു നിവേദിക്കപ്പെട്ട ഭക്ഷണം കഴിക്കുമ്പോള്‍ അത് വിഗ്രഹാര്‍പ്പിതമെന്ന് ചിലര്‍ കരുതുന്നു; അവരുടെ മനസ്സാക്ഷി ദുര്‍ബലമാകയാല്‍, ആ ഭക്ഷണം മൂലം തങ്ങള്‍ മലിനരായിത്തീരുന്നു എന്ന് അവര്‍ വിചാരിക്കുന്നു.

8 ഏതായാലും ദൈവത്തോടുള്ള നമ്മുടെ ബന്ധം ഭക്ഷണംകൊണ്ടു മെച്ചപ്പെടുകയില്ല. ഭക്ഷിക്കാതിരുന്നാല്‍ നമുക്കു നഷ്ടമൊന്നും വരാനില്ല; ഭക്ഷിക്കുന്നെങ്കില്‍ ഒട്ടു ലാഭവുമില്ല.

9

എങ്ങനെയായാലും വിശ്വാസത്തില്‍ ബലഹീനരായവര്‍ പാപത്തില്‍ നിപതിക്കുന്നതിനു നിങ്ങളുടെ സ്വാതന്ത്ര്യം കാരണമായി ഭവിക്കരുത്.

10 “അറിവുള്ളവന്‍” ആയ നീ വിഗ്രഹത്തിന്‍റെ പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രത്തിലിരുന്നു ഭക്ഷിക്കുന്നത് ദുര്‍ബലമനസ്സാക്ഷിയുള്ള ഒരുവന്‍ കാണുന്നു എന്നിരിക്കട്ടെ; വിഗ്രഹത്തിനു നിവേദിക്കപ്പെട്ട ഭക്ഷണം കഴിക്കുന്നതിന് അവനെ അതു പ്രേരിപ്പിക്കുകയില്ലേ?

11 ക്രിസ്തു ആര്‍ക്കുവേണ്ടി മരിച്ചുവോ ആ ബലഹീന സഹോദരന്‍ നിന്‍റെ “അറിവിനാല്‍” അങ്ങനെ നശിച്ചുപോകുന്നു.

12 ഈ വിധത്തില്‍ നിന്‍റെ സഹോദരന്‍റെ ദുര്‍ബലമനസ്സാക്ഷിയെ ക്ഷതപ്പെടുത്തി അവനെതിരെ പാപം ചെയ്യുന്നതുകൊണ്ട് ക്രിസ്തുവിനെതിരെ നീ പാപം ചെയ്യുന്നു.

13 എന്‍റെ സഹോദരന്‍ പാപത്തില്‍ നിപതിക്കാന്‍ ആഹാരം ഇടയാക്കുമെങ്കില്‍ അവന്‍ ഇടറിവീഴാന്‍ കാരണമാകാതിരിക്കേണ്ടതിന് ഇനിമേല്‍ ഞാന്‍ മാംസം ഭക്ഷിക്കുകയില്ല.

9

1

ഞാന്‍ സ്വതന്ത്രനല്ലേ? ഞാനൊരു അപ്പോസ്തോലനല്ലേ? നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ ഞാന്‍ കണ്ടിട്ടില്ലേ? കര്‍ത്താവിനുവേണ്ടി ഞാന്‍ ചെയ്ത പ്രയത്നത്തിന്‍റെ ഫലമല്ലേ നിങ്ങള്‍?

2 മറ്റുള്ളവര്‍ക്ക് ഞാന്‍ അപ്പോസ്തോലന്‍ അല്ലെങ്കിലും നിങ്ങള്‍ക്കു ഞാന്‍ നിശ്ചയമായും അപ്പോസ്തോലനാണല്ലോ. ക്രിസ്തുവിനോടു ചേര്‍ന്നുള്ള നിങ്ങളുടെ ജീവിതംതന്നെ ഞാനൊരു അപ്പോസ്തോലനാണെന്നുള്ളതിനു തെളിവാണ്.

3

എന്നെ വിമര്‍ശിക്കുന്നവരോട് എനിക്കുള്ള മറുപടി ഇതാണ്:

4 ഞങ്ങളുടെ അധ്വാനത്തിനു പ്രതിഫലമായി ആഹാരപാനീയങ്ങള്‍ ലഭിക്കുന്നതിന് ഞങ്ങള്‍ക്ക് അവകാശമില്ലേ?

5 മറ്റുള്ള അപ്പോസ്തോലന്മാരും പത്രോസും ചെയ്യുന്നതുപോലെ വിശ്വാസിനിയായ ഭാര്യയോടുകൂടി സഞ്ചരിക്കുവാന്‍ ഞങ്ങള്‍ക്ക് അവകാശമില്ലെന്നോ?

6 ഉപജീവനത്തിനുവേണ്ടി ഞാനും ബര്‍നബാസും മാത്രം വേല ചെയ്യണമെന്നുണ്ടോ?

7 പ്രതിഫലമൊന്നും പറ്റാതെ സേവനം അനുഷ്ഠിക്കുന്നത് ഏതൊരു പടയാളിയാണ്? സ്വന്തം മുന്തിരിത്തോട്ടത്തില്‍നിന്നു മുന്തിരിപ്പഴം തിന്നാത്തത് ഏതൊരു കര്‍ഷകനാണ്? സ്വന്തം ആടിന്‍റെ പാലു കുടിക്കാത്തത് ഏതൊരു ഇടയനാണ്?

8

സാധാരണ ജീവിതത്തില്‍നിന്നുള്ള ഉദാഹരണങ്ങളാണ് ഞാന്‍ ഉദ്ധരിച്ചത്. മോശയുടെ നിയമസംഹിത പറയുന്നതും ഇതുതന്നെയാണ്.

9 ‘ധാന്യം മെതിക്കുന്ന കാളയ്‍ക്ക് മുഖക്കുട്ട കെട്ടരുത്’ എന്നു പറഞ്ഞിരിക്കുന്നു. കാളയെക്കുറിച്ചുളള കരുതല്‍കൊണ്ടാണോ ദൈവം ഇങ്ങനെ പറയുന്നത്?

10 യഥാര്‍ഥത്തില്‍ നമ്മെ ഉദ്ദേശിച്ചല്ലേ പറയുന്നത്? നിശ്ചയമായും നമ്മെ ഉദ്ദേശിച്ചു തന്നെയാണ്. നിലം ഉഴുന്നവനും ധാന്യം കൊയ്യുന്നവനും തനിക്കുള്ള ഓഹരി കിട്ടുമെന്ന ആശയോടുകൂടി ജോലി ചെയ്യണം.

11 ഞങ്ങള്‍ ആത്മീയമായ വിത്ത് നിങ്ങളുടെ ഇടയില്‍ വിതച്ചിരിക്കുന്നു. നിങ്ങളില്‍നിന്നു ഭൗതികമായ നന്മകള്‍ കൊയ്യുന്നത് അധികപ്പറ്റോ?

12 നിങ്ങളില്‍നിന്ന് ഇതു പ്രതീക്ഷിക്കുവാനുള്ള അവകാശം മറ്റുള്ളവരെക്കാള്‍ അധികം ഞങ്ങള്‍ക്കില്ലേ?

എന്നാല്‍ ഈ അവകാശം ഞങ്ങള്‍ ഉപയോഗിച്ചിട്ടില്ല. ക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷത്തിന്‍റെ മാര്‍ഗത്തില്‍ ഒരു പ്രതിബന്ധവും ഉണ്ടാകാതിരിക്കുന്നതിന് ഞങ്ങള്‍ എല്ലാം സഹിച്ചു.

13 ദൈവാലയത്തില്‍ സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് ദൈവാലയത്തില്‍ നിന്ന് ആഹാരം ലഭിക്കുന്നു എന്നും ബലിപീഠത്തില്‍ യാഗം അര്‍പ്പിക്കുന്നവര്‍ക്ക് ബലിയുടെ ഓഹരി ലഭിക്കുന്നു എന്നും നിങ്ങള്‍ക്ക് അറിയാമല്ലോ.

14 അതുപോലെ സുവിശേഷം പ്രസംഗിക്കുന്നവര്‍ അതുകൊണ്ട് ഉപജീവനം കഴിച്ചുകൊള്ളണം എന്നാണു കര്‍ത്താവിന്‍റെ കല്പന.

15

എങ്കിലും ഈ അവകാശങ്ങളൊന്നും ഞാന്‍ ഉപയോഗിച്ചിട്ടില്ല; ഇതെഴുതുന്നതും എന്തെങ്കിലും ലഭിക്കണമെന്നുവച്ചല്ല. എന്‍റെ ന്യായമായ അവകാശവാദം വെറും പൊള്ളയായ വാക്കുകളാണെന്ന് ആരും സമര്‍ഥിക്കുവാന്‍ പോകുന്നില്ല; അതില്‍ ഭേദം ഞാന്‍ മരിക്കുകയാണ്.

16 ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നതുകൊണ്ട് എനിക്ക് അഭിമാനിക്കാനൊന്നുമില്ല. അതു ചെയ്യുവാനുള്ള ബാധ്യത എനിക്കുണ്ട്. സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്ക് ഹാ കഷ്ടം!

17 ആരുടെയും പ്രേരണ കൂടാതെ, സ്വമനസ്സാ അതു ഞാന്‍ ചെയ്യുന്നെങ്കില്‍ എനിക്കു പ്രതിഫലം പ്രതീക്ഷിക്കാം. എന്നാല്‍ ഈ ദൗത്യം ദൈവം എന്നെ ഏല്പിച്ചതായതുകൊണ്ട് എന്‍റെ ധര്‍മം എന്ന നിലയിലാണ് ഞാനിതു ചെയ്യുന്നത്.

18 അപ്പോള്‍ എനിക്കു കിട്ടുന്ന പ്രതിഫലം എന്താണ്? വേതനം കൂടാതെയും സുവിശേഷഘോഷണത്തില്‍ എനിക്കുള്ള അവകാശം ഉന്നയിക്കാതെയും സുവിശേഷം പ്രസംഗിക്കുന്ന പദവിയാണ് എന്‍റെ പ്രതിഫലം.

19

ഞാന്‍ ആരുടെയും അടിമയല്ല; ഞാന്‍ സ്വതന്ത്രനാണ്. എന്നാല്‍ കഴിയുന്നത്ര ആളുകളെ നേടേണ്ടതിന്, ഞാന്‍ എന്നെത്തന്നെ എല്ലാവരുടെയും അടിമയാക്കി.

20 ഞാന്‍ യെഹൂദന്മാരുടെ ഇടയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ അവരെ നേടുന്നതിനുവേണ്ടി, ഒരു യെഹൂദനെപ്പോലെ ഞാന്‍ ജീവിച്ചു; ഞാന്‍ മോശയുടെ നിയമസംഹിതയ്‍ക്കു വിധേയനല്ലെങ്കിലും, അതിനു വിധേയരായവരോടുകൂടി പ്രവര്‍ത്തിച്ചപ്പോള്‍ അവരെ നേടേണ്ടതിന് അവരെപ്പോലെയായി.

21 അതുപോലെതന്നെ വിജാതീയരുടെ ഇടയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ അവരെ നേടേണ്ടതിന്, നിയമസംഹിത കൂടാതെ, ഒരു വിജാതീയനെപ്പോലെ ഞാന്‍ ജീവിച്ചു. ദൈവത്തിന്‍റെ ധര്‍മശാസ്ത്രം ഞാന്‍ അനുസരിക്കുന്നില്ല എന്ന് ഇതിനര്‍ഥമില്ല. യഥാര്‍ഥത്തില്‍ ഞാന്‍ ക്രിസ്തുവിന്‍റെ ധര്‍മശാസ്ത്രത്തിനു വിധേയനാണ്.

22 വിശ്വാസത്തില്‍ ബലഹീനരായവരെ നേടേണ്ടതിന് ഞാന്‍ അവരുടെ മധ്യത്തില്‍ അവരിലൊരുവനെപ്പോലെയായി. ചിലരെയെങ്കിലും നേടേണ്ടതിന് ഞാന്‍ എല്ലാ വിധത്തിലും എല്ലാവര്‍ക്കുംവേണ്ടി എല്ലാമായിത്തീര്‍ന്നു.

23

സുവിശേഷത്തിന്‍റെ അനുഗ്രഹങ്ങള്‍ക്ക് പങ്കാളിയായിത്തീരുന്നതിനു സുവിശേഷത്തെ പ്രതി ഞാന്‍ ഇതെല്ലാം ചെയ്യുന്നു.

24 ഓട്ടക്കളത്തില്‍ പലരും ഓടുന്നെങ്കിലും ഒരാള്‍ മാത്രമേ സമ്മാനം നേടുന്നുള്ളൂ എന്നു നിങ്ങള്‍ക്കറിയാമല്ലോ. നിങ്ങളും സമ്മാനം നേടത്തക്കവണ്ണം ഓടുക.

25 വാടിപ്പോകുന്ന കിരീടം നേടുന്നതിനുവേണ്ടി കായികമത്സരത്തില്‍ പങ്കെടുക്കുന്ന അഭ്യാസി കഠിനമായ പരിശീലനത്തിനു വിധേയനാകുന്നു. എന്നാല്‍ അനശ്വരമായ കിരീടത്തിനു വേണ്ടിയത്രേ നാം പരിശ്രമിക്കുന്നത്.

26 അതുകൊണ്ട് ഞാന്‍ നേരെ ലക്ഷ്യത്തിലേക്ക് ഓടുന്നു. കുറിക്കു കൊള്ളത്തക്കവിധം ഞാന്‍ മുഷ്‍ടിപ്രഹരം നടത്തുകയും ചെയ്യുന്നു.

27 ഈ മത്സരത്തിലേക്കു മറ്റുള്ളവരെ വിളിച്ച ഞാന്‍ അയോഗ്യനായി തള്ളപ്പെട്ടു എന്നു വരാതിരിക്കുവാന്‍, എന്‍റെ ശരീരത്തെ മര്‍ദിച്ച് പരിപൂര്‍ണ നിയന്ത്രണത്തിന് അധീനമാക്കുകയും ചെയ്യുന്നു.

10

1

എന്‍റെ സഹോദരരേ, മോശയെ അനുഗമിച്ച നമ്മുടെ പൂര്‍വികര്‍ക്ക് എന്തു സംഭവിച്ചു എന്നു നിങ്ങള്‍ ഓര്‍മിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ മേഘത്തണലില്‍ സംരക്ഷിക്കപ്പെട്ടു; സുരക്ഷിതരായി ചെങ്കടല്‍ കടക്കുകയും ചെയ്തു.

2 മോശയുടെ അനുയായികള്‍ എന്ന നിലയില്‍, മേഘത്തണലിലും കടലിലും അവര്‍ക്കുണ്ടായ അനുഭവം ഒരു സ്നാപനമായിരുന്നു.

3 അവര്‍ എല്ലാവരും ഒരേ ആത്മികഭക്ഷണം കഴിച്ചു;

4 ഒരേ ആത്മികപാനീയം കുടിച്ചു; അവരോടുകൂടി യാത്രചെയ്ത ആത്മികപാറയില്‍നിന്നു ലഭിച്ച ജലമാണ് അവര്‍ കുടിച്ചത്. ആ പാറ ക്രിസ്തുതന്നെ ആയിരുന്നു.

5 എന്നാല്‍ അവരില്‍ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല. അതുകൊണ്ട് അവരുടെ മൃതശരീരങ്ങള്‍ മരുഭൂമിയില്‍ ചിതറപ്പെട്ടു;

6

[6,7] അവര്‍ തിന്മയെ ആഗ്രഹിക്കുകയും അവരില്‍ ചിലര്‍ വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്തു. അതുപോലെ നാം ചെയ്യാതിരിക്കുന്നതിന് നമുക്കു മുന്നറിയിപ്പു നല്‌കുന്ന മാതൃകാപാഠങ്ങളാണ് ഇവയെല്ലാം. വേദഗ്രന്ഥത്തില്‍ പറയുന്നതുപോലെ ‘ജനം തിന്നു കുടിച്ച് ഉല്ലസിക്കുന്നതിനായി ഇരുന്നു; മദിരോത്സവത്തിനായി എഴുന്നേറ്റു.’

7

8 അവരില്‍ ചിലര്‍ വ്യഭിചാരം ചെയ്യുകയും തല്‍ഫലമായി ഒറ്റദിവസംകൊണ്ട് ഇരുപത്തിമൂവായിരം പേര്‍ മരിച്ചു വീഴുകയും ചെയ്തു. അവരെപ്പോലെ നാം വ്യഭിചാരം ചെയ്യരുത്.

9 അവരില്‍ ചിലര്‍ ചെയ്തതുപോലെ നാം കര്‍ത്താവിനെ പരീക്ഷിക്കരുത്; സര്‍പ്പങ്ങളാല്‍ അവര്‍ കൊല്ലപ്പെട്ടു.

10 അവരില്‍ ചിലര്‍ ചെയ്തതുപോലെ നാം പിറുപിറുക്കുകയുമരുത്; മരണദൂതന്‍ അവരെ നശിപ്പിച്ചുകളഞ്ഞു.

11

മറ്റുള്ളവര്‍ക്ക് ദൃഷ്ടാന്തമായിത്തീരുന്നതിന് ഇവയെല്ലാം അവര്‍ക്കു സംഭവിച്ചു. നമുക്ക് ഒരു മുന്നറിയിപ്പായി അവ എഴുതപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍ അന്ത്യം അടുത്തെത്തിയിരിക്കുന്ന സമയത്താണു നാം ജീവിക്കുന്നത്.

12

ഉറച്ചുനില്‌ക്കുന്നു എന്നു വിചാരിക്കുന്നവന്‍ വീഴാതിരിക്കുവാന്‍ സൂക്ഷിച്ചുകൊള്ളട്ടെ.

13 സാധാരണ ജനങ്ങള്‍ക്ക് ഉണ്ടാകാത്ത ഒരു പരീക്ഷണവും നിങ്ങള്‍ക്ക് നേരിട്ടിട്ടില്ല. ഉറച്ചുനില്‌ക്കുവാനുള്ള നിങ്ങളുടെ ശക്തിക്കതീതമായ പരീക്ഷണങ്ങള്‍ ഉണ്ടാകുവാന്‍ ദൈവം അനുവദിക്കുകയില്ല; പരീക്ഷണത്തിനു നിങ്ങളെ വിധേയരാക്കുമ്പോള്‍ അതു സഹിക്കുവാനുള്ള ശക്തിയും നീക്കുപോക്കും അവിടുന്നു നിങ്ങള്‍ക്കു നല്‌കുന്നു. ദൈവം വിശ്വസ്തനാണല്ലോ.

14

അതുകൊണ്ട്, എന്‍റെ പ്രിയ സുഹൃത്തുക്കളേ, നിങ്ങള്‍ വിഗ്രഹാരാധന വിട്ടകലുക.

15 വിവേകമുള്ളവരോടെന്നവണ്ണമാണു ഞാന്‍ നിങ്ങളോടു പറയുന്നത്. എന്‍റെ വാക്കുകള്‍ നിങ്ങള്‍ തന്നെ വിധിച്ചുകൊള്ളുക.

16 തിരുവത്താഴത്തില്‍ ഏതൊന്നിനുവേണ്ടി നാം ദൈവത്തിനു സ്തോത്രം ചെയ്യുന്നുവോ, ആ പാനപാത്രത്തില്‍നിന്നു പാനം ചെയ്യുമ്പോള്‍ നാം ക്രിസ്തുവിന്‍റെ രക്തത്തിനു പങ്കാളികളായിത്തീരുന്നു. നാം മുറിക്കുന്ന അപ്പം ഭക്ഷിക്കുമ്പോള്‍ കര്‍ത്താവിന്‍റെ തിരുശരീരത്തിന് ഓഹരിക്കാരായിത്തീരുകയും ചെയ്യുന്നു.

17 അപ്പം ഒന്നേയുള്ളൂ. അതുകൊണ്ട് പലരായ നാം ഏകശരീരമാകുന്നു. എന്തെന്നാല്‍ ഒരേ അപ്പമാണല്ലോ നാം പങ്കിടുന്നത്.

18

ഇസ്രായേല്‍ജനതയെക്കുറിച്ച് ആലോചിച്ചു നോക്കൂ; ബലിസാധനങ്ങള്‍ ഭൂജിക്കുന്നവര്‍ ബലിപീഠത്തിന്‍റെ പങ്കാളികളല്ലേ?

19 വിഗ്രഹത്തിന് അര്‍പ്പിച്ച നിവേദ്യം യഥാര്‍ഥ മൂല്യമുള്ളതാണെന്നോ, വിഗ്രഹങ്ങള്‍തന്നെ യഥാര്‍ഥമാണെന്നോ അല്ല ഇതിനര്‍ഥം. തീര്‍ത്തും അല്ലതന്നെ!

20 വിജാതീയരുടെ ബലികള്‍ ദൈവത്തിനല്ല, ഭൂതങ്ങള്‍ക്കാണ് അര്‍പ്പിക്കുന്നത്.

21 കര്‍ത്താവിന്‍റെ പാനപാത്രത്തില്‍നിന്നും ഭൂതങ്ങളുടെ പാനപാത്രത്തില്‍നിന്നും നിങ്ങള്‍ക്കു കുടിക്കുവാന്‍ സാധ്യമല്ല. നിങ്ങള്‍ക്കു കര്‍ത്താവിന്‍റെ ഭക്ഷണമേശയിലും, ഭൂതങ്ങളുടെ ഭക്ഷണമേശയിലും പങ്കുകൊള്ളുവാന്‍ സാധ്യമല്ല.

22 കര്‍ത്താവിന്‍റെ രോഷം ജ്വലിപ്പിക്കുവാനാണോ നാം ശ്രമിക്കുന്നത്? അവിടുത്തെക്കാള്‍ ബലവാന്മാരാണോ നാം?

23

“എന്തും ചെയ്യുവാന്‍ ഞങ്ങള്‍ക്ക് അനുവാദമുണ്ട്” എന്ന് അവര്‍ പറയുന്നു. അതു ശരി തന്നെ, എന്നാല്‍ എല്ലാം നല്ലതല്ല. “എന്തും ചെയ്യുവാന്‍ നമുക്ക് അനുവാദമുണ്ട്”. പക്ഷേ എല്ലാം ആത്മീയവളര്‍ച്ച വരുത്തുന്നില്ല.

24 ഓരോരുത്തനും സ്വന്തം നന്മയല്ല മറ്റുള്ളവരുടെ നന്മയാണു നോക്കേണ്ടത്.

25

കമ്പോളത്തില്‍ വാങ്ങാന്‍ കിട്ടുന്ന ഏതു മാംസവും മനസ്സാക്ഷിയുടെ കുത്തല്‍കൂടാതെ നിസ്സംശയം വാങ്ങി ഭക്ഷിക്കുവാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്.

26 ഭൂമിയും അതിലുള്ള സകലവും കര്‍ത്താവിനുള്ളതാണല്ലോ.

27

അവിശ്വാസിയായ ഒരാള്‍ നിങ്ങളെ ഭക്ഷണത്തിനു ക്ഷണിക്കുകയും, നിങ്ങള്‍ ആ ക്ഷണം സ്വീകരിക്കുകയും ചെയ്താല്‍ നിങ്ങളുടെ മുമ്പില്‍ വിളമ്പുന്നതെന്തും മനസ്സാക്ഷി നിമിത്തം ചോദ്യം ചെയ്യാതെ ഭക്ഷിക്കുക.

28 എന്നാല്‍ ഇത് വിഗ്രഹത്തിന് അര്‍പ്പിച്ചതാണെന്ന് ആരെങ്കിലും പറയുന്നെങ്കില്‍, ആ ആളിനെയും മനസ്സാക്ഷിയെയും പ്രതി അതു ഭക്ഷിക്കരുത്.

29 നിങ്ങളുടെ സ്വന്തം മനസ്സാക്ഷിയല്ല അപരന്‍റെ മനസ്സാക്ഷിയാണ് ഇവിടെ കണക്കിലെടുക്കേണ്ടത്.

“എന്‍റെ കര്‍മസ്വാതന്ത്ര്യം മറ്റൊരുവന്‍റെ മനസ്സാക്ഷിയുടെ പേരില്‍ എന്തിനു പരിമിതപ്പെടുത്തണം?

30 സ്തോത്രം ചെയ്തശേഷം കഴിക്കുന്ന ഭക്ഷണത്തിന്‍റെ പേരില്‍ എന്നെ വിമര്‍ശിക്കുന്നത് എന്തിന്?” എന്ന് ആരെങ്കിലും ചോദിക്കാം.

31

നിങ്ങള്‍ ഭക്ഷിക്കുകയോ, കുടിക്കുകയോ എന്തു തന്നെ ചെയ്താലും ദൈവത്തിന്‍റെ മഹത്ത്വത്തിനുവേണ്ടി അതു ചെയ്യുക.

32 യെഹൂദന്മാര്‍ക്കോ, വിജാതീയര്‍ക്കോ, ദൈവത്തിന്‍റെ സഭയ്‍ക്കോ പ്രയാസമുണ്ടാക്കുന്നവിധത്തില്‍ ജീവിക്കരുത്.

33 ഞാന്‍ ചെയ്യുന്നതുപോലെ ചെയ്യുക. ഞാന്‍ ചെയ്യുന്നതിലെല്ലാം എല്ലാവരെയും സംപ്രീതരാക്കുവാന്‍ ഞാന്‍ ശ്രമിക്കുന്നു. എല്ലാവരും രക്ഷിക്കപ്പെടേണ്ടതിന് എന്‍റെ സ്വന്തം നന്മയെക്കുറിച്ചു ചിന്തിക്കാതെ അവരുടെ നന്മയ്‍ക്കുവേണ്ടി ഞാന്‍ ചിന്തിക്കുന്നു.

11

1

ഞാന്‍ ക്രിസ്തുവിനെ അനുകരിക്കുന്നതുപോലെ എന്നെ അനുകരിക്കുക.

2

നിങ്ങള്‍ എപ്പോഴും എന്നെ ഓര്‍ക്കുകയും ഞാന്‍ ഏല്പിച്ച പാരമ്പര്യങ്ങള്‍ പുലര്‍ത്തുകയും ചെയ്യുന്നതുകൊണ്ട് നിങ്ങളെ പ്രശംസിക്കുന്നു.

3 ഏതു പുരുഷന്‍റെയുംമേലുള്ള പരമാധികാരം ക്രിസ്തുവിനും, ഭാര്യയുടെമേലുള്ള അധികാരം ഭര്‍ത്താവിനും, ക്രിസ്തുവിന്‍റെമേലുള്ള അധികാരം ദൈവത്തിനുമാകുന്നു. ഇതു നിങ്ങള്‍ അറിയണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.

4 ശിരസ്സു മൂടിക്കൊണ്ടു പ്രാര്‍ഥിക്കുകയോ, ദൈവത്തിന്‍റെ സന്ദേശം പ്രഖ്യാപനം ചെയ്യുകയോ ചെയ്യുന്ന പുരുഷന്‍ ക്രിസ്തുവിനെ അനാദരിക്കുകയാണു ചെയ്യുന്നത്.

5 എന്നാല്‍ ശിരോവസ്ത്രം ധരിക്കാതെ പ്രാര്‍ഥിക്കുകയോ, ദൈവത്തിന്‍റെ സന്ദേശം പ്രഖ്യാപനം ചെയ്യുകയോ ചെയ്യുന്ന സ്‍ത്രീ തന്‍റെ ഭര്‍ത്താവിനെ അനാദരിക്കുന്നു. അവളുടെ ശിരസ്സ് മുണ്ഡനം ചെയ്യുന്നതിനു സമമാകുന്നു അത്.

6 ശിരോവസ്ത്രം അണിയാത്ത സ്‍ത്രീ തന്‍റെ മുടി വെട്ടിക്കളയേണ്ടതാണ്. മുടി വെട്ടുന്നതോ ശിരസ്സു മുണ്ഡനം ചെയ്യുന്നതോ ലജ്ജാകരമാണെന്നു തോന്നുന്നെങ്കില്‍ ശിരോവസ്ത്രം ധരിക്കണം.

7 പുരുഷന്‍ ശിരസ്സു മൂടേണ്ട ആവശ്യമില്ല. എന്തുകൊണ്ടെന്നാല്‍ അവന്‍ ദൈവത്തിന്‍റെ പ്രതിബിംബവും ദൈവത്തിന്‍റെ തേജസ്സ് പ്രതിഫലിപ്പിക്കുന്നവനുമാകുന്നു.

8 പുരുഷന്‍ സ്‍ത്രീയില്‍നിന്നല്ല, പുരുഷനില്‍നിന്നു സ്‍ത്രീ സൃഷ്‍ടിക്കപ്പെടുകയാണുണ്ടായത്.

9 സ്‍ത്രീക്കുവേണ്ടി സൃഷ്‍ടിക്കപ്പെട്ടവനല്ല പുരുഷന്‍. പിന്നെയോ സ്‍ത്രീ പുരുഷനുവേണ്ടി സൃഷ്‍ടിക്കപ്പെട്ടവളാണ്.

10 ഒരു സ്‍ത്രീ തന്‍റെ ഭര്‍ത്താവിന്‍റെ അധികാരത്തിനു വിധേയയാണെന്നു സൂചിപ്പിക്കുന്ന ശിരോവസ്ത്രം മാലാഖമാരോടുള്ള ആദരത്തിന്‍റെ പേരില്‍ ധരിക്കേണ്ടതാണ്.

11 എന്നാല്‍ ക്രിസ്തീയജീവിതത്തില്‍ സ്‍ത്രീക്കു പുരുഷനെ ആശ്രയിക്കാതെയോ പുരുഷനു സ്‍ത്രീയെ ആശ്രയിക്കാതെയോ കഴിയുവാന്‍ സാധ്യമല്ല.

12 സ്‍ത്രീ പുരുഷനില്‍നിന്നു സൃഷ്‍ടിക്കപ്പെട്ടതുപോലെ പുരുഷന്‍ സ്‍ത്രീയില്‍നിന്നു ജനിക്കുന്നു; എല്ലാറ്റിന്‍റെയും കാരണഭൂതന്‍ ദൈവമത്രേ.

13

ആരാധനാവേളയില്‍ ശിരോവസ്ത്രരഹിതയായി ഒരു സ്‍ത്രീ പ്രാര്‍ഥിക്കുന്നത് യോഗ്യമാണോ എന്നു നിങ്ങള്‍തന്നെ വിധിച്ചുകൊള്ളുക.

14 [14,15] നീണ്ട മുടി പുരുഷന് അപമാനകരമാണെന്നും സ്‍ത്രീ മുടി നീട്ടിയാല്‍ അതു ശിരസ്സിനെ മൂടുന്നതുകൊണ്ട് അത് അവള്‍ക്കു മാനമാകുന്നു എന്നും പ്രകൃതിതന്നെ പറയുന്നില്ലേ?

15

16 ആര്‍ക്കെങ്കിലും ഇനി തര്‍ക്കമുണ്ടെങ്കില്‍, ഇതാണ് ഞങ്ങള്‍ക്കും ദൈവസഭകള്‍ക്കുമുള്ള ആചാരരീതി എന്നു മാത്രമേ എനിക്കു പറയാനുള്ളൂ.

17

ഇനിയും പറയുവാന്‍ പോകുന്ന കാര്യങ്ങളില്‍ ഞാന്‍ നിങ്ങളെ പ്രശംസിക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ ആരാധനയ്‍ക്കായി ഒന്നിച്ചുകൂടുന്നതുമൂലം ഗുണത്തിനു പകരം ദോഷമാണ് ഉണ്ടാകുന്നത്.

18 ഒന്നാമത്, നിങ്ങള്‍ സഭ കൂടുമ്പോള്‍ നിങ്ങളുടെ ഇടയില്‍ ഭിന്നത ഉണ്ടാകുന്നതായി ഞാന്‍ കേള്‍ക്കുന്നു. അതു കുറെയൊക്കെ ശരിയാണെന്നു ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു.

19 നിങ്ങളുടെ ഇടയില്‍ ഭിന്നതകള്‍ ഉണ്ടാകുകതന്നെ വേണം. നിങ്ങളില്‍ വിശ്വസ്തര്‍ ആരാണെന്ന് അതു തെളിയിക്കുമല്ലോ.

20 [20,21] നിങ്ങള്‍ സഭ കൂടുമ്പോള്‍ ഓരോ വ്യക്തിയും സ്വന്തം അത്താഴം കഴിക്കുവാന്‍ തിടുക്കം കൂട്ടുന്നു; ചിലര്‍ വിശന്നു തളരുമ്പോള്‍ മറ്റു ചിലര്‍ കുടിച്ചു മത്തരാകുന്നു. അങ്ങനെ നിങ്ങള്‍ കഴിക്കുന്നത് കര്‍ത്താവിന്‍റെ തിരുവത്താഴമല്ല.

21

22 തിന്നുകയും കുടിക്കുകയും ചെയ്യുവാന്‍ നിങ്ങള്‍ക്കു വീടുകളില്ലേ? ദൈവത്തിന്‍റെ സഭയെ നിന്ദിക്കുകയും പാവങ്ങളെ ലജ്ജിപ്പിച്ചു വിഷമിപ്പിക്കുകയും ചെയ്യണമെന്നുണ്ടോ? ഇതിനെക്കുറിച്ച് ഞാന്‍ എന്താണു പറയേണ്ടത്? ഞാന്‍ നിങ്ങളെ പ്രശംസിക്കണമെന്നോ? ഒരിക്കലും ഞാന്‍ അതു ചെയ്യുകയില്ല.

23

ഞാന്‍ കര്‍ത്താവില്‍നിന്നു പ്രാപിക്കുകയും നിങ്ങളെ ഏല്പിക്കുകയും ചെയ്തത് ഇതാണ്: കര്‍ത്താവായ യേശു, ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍,

24 അപ്പം എടുത്ത് സ്തോത്രം ചെയ്തു മുറിച്ചു. അതിനുശേഷം ഇങ്ങനെ അരുള്‍ചെയ്തു: “ഇത് നിങ്ങള്‍ക്കുവേണ്ടിയുള്ള എന്‍റെ ശരീരം ആകുന്നു; എന്‍റെ ഓര്‍മയ്‍ക്കായി ഇതു ചെയ്യുക.”

25 അങ്ങനെതന്നെ അത്താഴം കഴിഞ്ഞ് അവിടുന്നു പാനപാത്രവും എടുത്ത് “എന്‍റെ രക്തംകൊണ്ടു മുദ്രയിടപ്പെട്ട ദൈവത്തിന്‍റെ പുതിയ ഉടമ്പടിയാണ് ഈ പാനപാത്രം; ഇതു കുടിക്കുമ്പോഴൊക്കെ എന്‍റെ ഓര്‍മയ്‍ക്കായി ഇതു ചെയ്യുക” എന്നു പറഞ്ഞു.

26

ഈ അപ്പം തിന്നുകയും, പാനപാത്രത്തില്‍നിന്നു കുടിക്കുകയും ചെയ്യുമ്പോഴെല്ലാം, കര്‍ത്താവു വരുന്നതുവരെ അവിടുത്തെ മരണത്തെക്കുറിച്ചു നിങ്ങള്‍ പ്രസ്താവിക്കുന്നു.

27

അതുകൊണ്ട്, അയോഗ്യമായ വിധത്തില്‍ കര്‍ത്താവിന്‍റെ അപ്പം തിന്നുകയോ, ഈ പാനപാത്രത്തില്‍നിന്നു കുടിക്കുകയോ ചെയ്യുന്ന ഏതൊരുവനും കര്‍ത്താവിന്‍റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരനാണ്.

28 ഓരോ വ്യക്തിയും ആദ്യം ആത്മപരിശോധന ചെയ്തശേഷം ഈ അപ്പം ഭക്ഷിക്കുകയും പാനപാത്രത്തില്‍നിന്നു കുടിക്കുകയും ചെയ്യേണ്ടതാണ്.

29 എന്തുകൊണ്ടെന്നാല്‍ കര്‍ത്താവിന്‍റെ തിരുശരീരത്തിന്‍റെ പൊരുള്‍ തിരിച്ചറിയാതെ ഈ അപ്പം ഭക്ഷിക്കുകയും പാനപാത്രത്തില്‍നിന്നു കുടിക്കുകയും ചെയ്യുന്നവന്‍, തന്‍റെ ശിക്ഷാവിധിയാണ് തിന്നുകയും കുടിക്കുകയും ചെയ്യുന്നത്.

30 അതുകൊണ്ടാണ് നിങ്ങളില്‍ പലരും ബലഹീനരും രോഗികളുമാകുകയും ചിലര്‍ മരിക്കുകയും ചെയ്യുന്നത്.

31 നാം നമ്മെത്തന്നെ വിധിച്ചിരുന്നെങ്കില്‍, നാം ദൈവത്തിന്‍റെ ന്യായവിധിക്കു വിധേയരാകുമായിരുന്നില്ല.

32 ലോകത്തോടൊപ്പം നമുക്കു ശിക്ഷാവിധി ഉണ്ടാകാതിരിക്കേണ്ടതിന് കര്‍ത്താവ് നമ്മെ പരിശോധിച്ച് ശിക്ഷണത്തിനു വിധേയരാക്കുന്നു.

33

അതുകൊണ്ട്, സഹോദരരേ, തിരുവത്താഴത്തില്‍ പങ്കുകൊള്ളുവാന്‍ നിങ്ങള്‍ ഒരുമിച്ചുകൂടുമ്പോള്‍ മറ്റുള്ളവര്‍ക്കുവേണ്ടി കാത്തിരിക്കുക.

34 ആര്‍ക്കെങ്കിലും വിശപ്പുണ്ടെങ്കില്‍ വീട്ടില്‍വച്ചു ഭക്ഷിച്ചുകൊള്ളട്ടെ. അല്ലെങ്കില്‍ നിങ്ങള്‍ ഒരുമിച്ചുകൂടുന്നത് ന്യായവിധിക്കു കാരണമായിത്തീരും. ഇനിയുമുള്ള കാര്യങ്ങള്‍ ഞാന്‍ വരുമ്പോള്‍ ക്രമപ്പെടുത്താം.

12

1

പരിശുദ്ധാത്മാവിന്‍റെ വരങ്ങളെക്കുറിച്ചു നിങ്ങള്‍ എഴുതിയിരുന്നുവല്ലോ. എന്‍റെ സഹോദരരേ, അവയെപ്പറ്റി നിങ്ങള്‍ അജ്ഞരാകരുതെന്നാണ് എന്‍റെ ആഗ്രഹം.

2 നിങ്ങള്‍ വിജാതീയരായിരുന്നപ്പോള്‍ അപനയിക്കപ്പെട്ട് ജീവനില്ലാത്ത വിഗ്രഹങ്ങളെ ആരാധിച്ചിരുന്നു എന്നു നിങ്ങള്‍ക്ക് അറിയാമല്ലോ.

3 ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്ന ഒരുവനും “യേശു ശപിക്കപ്പെട്ടവന്‍” എന്നു പറയുകയില്ല എന്നും, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവനു മാത്രമേ “യേശു കര്‍ത്താവാകുന്നു” എന്ന് ഏറ്റു പറയുവാന്‍ സാധ്യമാകൂ എന്നും നിങ്ങള്‍ മനസ്സിലാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

4

വിവിധതരത്തിലുള്ള ആത്മീയവരങ്ങളുണ്ട്. എന്നാല്‍ അവ നല്‌കുന്നത് ഒരേ ആത്മാവാകുന്നു.

5 സേവനം പല വിധത്തിലുണ്ട്. എന്നാല്‍ സേവിക്കപ്പെടുന്നത് ഒരേ കര്‍ത്താവു തന്നെ.

6 പ്രവര്‍ത്തിക്കുന്നതിനുള്ള പ്രാപ്തി വിവിധ തരത്തിലുണ്ട്. എന്നാല്‍ ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രത്യേക പ്രവൃത്തി ചെയ്യാനുള്ള ത്രാണി നല്‌കുന്നത് ഒരേ ദൈവമാണ്.

7 എല്ലാവരുടെയും നന്മയ്‍ക്കുവേണ്ടി ഓരോ വ്യക്തിയിലും ആത്മാവ് ഓരോ തരത്തില്‍ വെളിപ്പെടുന്നു.

8 ആത്മാവ് ഒരാള്‍ക്ക് ജ്ഞാനപൂര്‍ണമായ ഭാഷണത്തിനുള്ള വരവും അതേ ആത്മാവുതന്നെ മറ്റൊരുവന് വിജ്ഞാനപൂര്‍ണമായ ഭാഷണത്തിനുള്ള വരവും നല്‌കുന്നു.

9 ആ ആത്മാവുതന്നെ ഒരുവനു വിശ്വാസവും, മറ്റൊരുവന് രോഗസൗഖ്യത്തിനുള്ള വരവും ആണു നല്‌കുന്നത്.

10 ഒരാള്‍ക്ക് അദ്ഭുതപ്രവൃത്തികള്‍ ചെയ്യുവാനുള്ള വരമാണെങ്കില്‍ മറ്റൊരാള്‍ക്ക് ദൈവത്തിന്‍റെ സന്ദേശം അറിയിക്കുവാനുള്ള വരവും, വേറൊരാള്‍ക്ക് ആത്മാക്കളെ തിരിച്ചറിയുവാനുള്ള കഴിവുമാണ് നല്‌കപ്പെടുന്നത്. ഒരുവന് അന്യഭാഷകള്‍ സംസാരിക്കുവാനുള്ള വരവും മറ്റൊരുവന് അവ വ്യാഖ്യാനിക്കുവാനുള്ള കഴിവും നല്‌കപ്പെടുന്നു.

11 എന്നാല്‍ ഒരേ ആത്മാവുതന്നെയാണ് ഈ വരങ്ങളെല്ലാം നല്‌കുന്നത്; അവിടുന്ന് യഥേഷ്ടം ഓരോരുത്തര്‍ക്കും വരങ്ങള്‍ വിഭജിച്ചു കൊടുക്കുന്നു.

12

ശരീരം ഒന്നാണെങ്കിലും അതിന് പല അവയവങ്ങളുണ്ടല്ലോ. അവയവങ്ങള്‍ പലതായിരിക്കുമ്പോള്‍ത്തന്നെ അവയെല്ലാം ചേര്‍ന്ന് ശരീരം ഒന്നായിരിക്കുന്നു. അതുപോലെതന്നെയാണ് ക്രിസ്തുവും.

13 യെഹൂദനെന്നോ വിജാതീയനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ ഉള്ള ഭേദംകൂടാതെ, നാമെല്ലാവരും സ്നാപനംമൂലം ഏകശരീരമാക്കപ്പെട്ടിരിക്കുന്നു; നമുക്കു പാനം ചെയ്യുന്നതിന് ഒരേ ആത്മാവിനെ നല്‌കുകയും ചെയ്തിരിക്കുന്നു.

14

നമ്മുടെ ശരീരംതന്നെ, പല അവയവങ്ങള്‍ ചേര്‍ന്നതാണ്.

15 “ഞാന്‍ കൈയല്ലാത്തതുകൊണ്ട് ശരീരത്തിന്‍റെ ഭാഗമല്ല” എന്നു കാലു പറയുകയാണെങ്കില്‍, അതു ശരീരത്തിന്‍റെ അവയവം അല്ലെന്നു വരുമോ?

16 അതുപോലെതന്നെ, “ഞാന്‍ കണ്ണല്ലാത്തതുകൊണ്ട് ശരീരത്തിന്‍റെ ഭാഗമല്ല” എന്നു ചെവി പറയുന്നെങ്കില്‍ അതു ശരീരത്തിന്‍റെ ഭാഗമല്ലെന്നു വരുമോ?

17 ശരീരം ആസകലം ഒരു കണ്ണായിരുന്നെങ്കില്‍ കേള്‍ക്കുന്നത് എങ്ങനെ?

18 ചെവിമാത്രമായിരുന്നെങ്കില്‍ എങ്ങനെ മണക്കുമായിരുന്നു? എന്നാല്‍ ദൈവം സ്വന്തം ഇച്ഛയനുസരിച്ച് ഓരോ അവയവവും ശരീരത്തില്‍ ക്രമപ്പെടുത്തിയിരിക്കുന്നു.

19 എല്ലാം ഒരവയവം മാത്രമായിരുന്നെങ്കില്‍, ശരീരം ഉണ്ടാകുമായിരുന്നില്ല.

20 എന്നാല്‍ അവയവങ്ങള്‍ പലതെങ്കിലും ശരീരം ഏകമാണ്.

21

അതുകൊണ്ട് “നിന്നെ എനിക്കാവശ്യമില്ല” എന്നു കണ്ണിനു കൈയോടു പറയുവാന്‍ സാധ്യമല്ല. “നിന്നെ എനിക്കാവശ്യമില്ല” എന്ന് ശിരസ്സിന് പാദത്തോടും പറയുവാന്‍ കഴിയുകയില്ല.

22 ശരീരത്തിലെ ദുര്‍ബലങ്ങളെന്നു തോന്നുന്ന അവയവങ്ങള്‍ നമുക്ക് അത്യാവശ്യമുള്ളവയാണ്.

23 വില കുറഞ്ഞവയെന്നു നാം പരിഗണിക്കുന്ന അവയവങ്ങള്‍ക്കു കൂടുതല്‍ മാനം അണിയിക്കുന്നു;

24 അഴകു കുറഞ്ഞ അവയവങ്ങളെ അലങ്കരിക്കുന്നു. അഴകുള്ളവയെ അലങ്കരിക്കേണ്ട ആവശ്യമില്ലല്ലോ.

25 അങ്ങനെ ശരീരത്തില്‍ ഭിന്നതയില്ലാതായിത്തീരുന്നു. വിവിധ അവയവങ്ങള്‍ക്കു തമ്മില്‍ തുല്യമായ കരുതലുമുണ്ടാകുന്നു.

26 ഒരവയവം ദുരിതം അനുഭവിക്കുന്നു എങ്കില്‍ മറ്റുള്ള എല്ലാ അവയവങ്ങളും അതിന്‍റെ കഷ്ടതയില്‍ പങ്കുചേരുന്നു. ഒരവയവം പ്രശംസിക്കപ്പെടുന്നെങ്കില്‍ മറ്റ് അവയവങ്ങളെല്ലാം അതിനോടൊത്ത് സന്തോഷിക്കുന്നു.

27

നിങ്ങള്‍ ക്രിസ്തുവിന്‍റെ ശരീരവും ഓരോരുത്തരും അതിന്‍റെ ഓരോ അവയവവും ആകുന്നു.

28 ദൈവം സഭയില്‍ ഓരോരുത്തരെയും യഥാസ്ഥാനങ്ങളില്‍ ആക്കിയിരിക്കുന്നു; ഒന്നാമത് അപ്പോസ്തോലന്മാരെയും രണ്ടാമത് പ്രവാചകന്മാരെയും മൂന്നാമത് പ്രബോധിപ്പിക്കുന്നവരെയും അദ്ഭുതപ്രവൃത്തികള്‍ ചെയ്യുന്നവരെയും, പിന്നീട് രോഗശാന്തി നല്‌കാനോ, സഹായിക്കാനോ, ഭരണം നടത്താനോ, അന്യഭാഷകള്‍ സംസാരിക്കാനോ ഉള്ള സിദ്ധിവിശേഷം ഉള്ളവരെയും നിയമിച്ചിരിക്കുന്നു.

29 എല്ലാവരും അപ്പോസ്തോലന്മാരാണോ? എല്ലാവരും പ്രവാചകന്മാരാണോ? എല്ലാവരും പ്രബോധിപ്പിക്കുന്നവരാണോ? എല്ലാവരും അദ്ഭുതപ്രവൃത്തികള്‍ ചെയ്യുന്നവരാണോ?

30 രോഗശാന്തി നല്‌കുന്ന വരം എല്ലാവര്‍ക്കുമുണ്ടോ? അന്യഭാഷകളില്‍ സംസാരിക്കാനോ അതു വ്യാഖ്യാനിക്കാനോ ഉള്ള സിദ്ധി എല്ലാവര്‍ക്കുമുണ്ടോ? കൂടുതല്‍ ഉല്‍കൃഷ്ടമായ വരങ്ങള്‍ക്കുവേണ്ടി അഭിവാഞ്ഛിക്കുക.

സര്‍വോത്തമമായ മാര്‍ഗം ഞാന്‍ നിങ്ങള്‍ക്കു കാണിച്ചുതരാം.

13

1

ഞാന്‍ മനുഷ്യരുടെയും മാലാഖമാരുടെയും
ഭാഷകളില്‍ സംസാരിച്ചാലും
സ്നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചേങ്ങലയോ
ചിലമ്പുന്ന ഇലത്താളമോ ആയിരിക്കും.

2
എനിക്കു പ്രവാചകന്‍റെ സിദ്ധി ഉണ്ടായിരുന്നേക്കാം;
എല്ലാ നിഗൂഢരഹസ്യങ്ങളും എല്ലാ ജ്ഞാനവും
ഞാന്‍ ഗ്രഹിച്ചെന്നു വരാം.
മലകളെ മാറ്റുവാന്‍ തക്ക വിശ്വാസവും
എനിക്ക് ഉണ്ടായിരിക്കാം.
എങ്കിലും സ്നേഹമില്ലെങ്കില്‍ ഞാന്‍ ഏതുമില്ല.

3
എനിക്കുള്ള സര്‍വസ്വവും ദാനം ചെയ്താലും
എന്‍റെ ശരീരം തന്നെ ദഹിപ്പിക്കുവാന്‍
ഏല്പിച്ചുകൊടുത്താലും
എനിക്കു സ്നേഹമില്ലെങ്കില്‍ എല്ലാം നിഷ്ഫലം.

4
സ്നേഹം അങ്ങേയറ്റം ക്ഷമിക്കുന്നു;
ദയാപൂര്‍വം വര്‍ത്തിക്കുന്നു;
സ്നേഹം അസൂയപ്പെടുന്നില്ല;
ആത്മപ്രശംസ ചെയ്യുന്നുമില്ല.
സ്നേഹം അഹങ്കരിക്കുന്നില്ല;
പരുഷമായി പെരുമാറുന്നില്ല;

5
സ്വാര്‍ഥതാത്പര്യം മുറുകെ പിടിക്കുന്നില്ല.
സ്നേഹം ക്ഷോഭിക്കുന്നില്ല;
അന്യരുടെ അപരാധങ്ങള്‍
കണക്കെഴുതി സൂക്ഷിക്കുന്നുമില്ല.

6
അത് അധര്‍മത്തില്‍ സന്തോഷിക്കാതെ
സത്യത്തില്‍ ആനന്ദംകൊള്ളുന്നു.

7
സ്നേഹം എല്ലാം വഹിക്കുന്നു;
എല്ലാം വിശ്വസിക്കുന്നു;
എല്ലാം പ്രത്യാശിക്കുന്നു;
എല്ലാം ക്ഷമയോടെ സഹിക്കുന്നു.

8
സ്നേഹം അനശ്വരമാകുന്നു;
പ്രവചനം മാറിപ്പോകും;
അന്യഭാഷാഭാഷണം നിന്നുപോകും;
ജ്ഞാനവും മറഞ്ഞുപോകും.

9
എന്തെന്നാല്‍ നമ്മുടെ ജ്ഞാനം അപൂര്‍ണമാണ്;
നമ്മുടെ പ്രവചനവും അപൂര്‍ണമാണ്.

10
എന്നാല്‍ പൂര്‍ണമായതു വരുമ്പോള്‍
അപൂര്‍ണമായത് അപ്രത്യക്ഷമാകും.

11
ഞാന്‍ ശിശുവായിരുന്നപ്പോള്‍
എന്‍റെ സംസാരവും എന്‍റെ ചിന്തയും
എന്‍റെ നിഗമനങ്ങളും
ശിശുവിന്‍റേതുപോലെ ആയിരുന്നു.

12
പക്വത വന്നപ്പോള്‍
ഞാന്‍ ശിശുസഹജമായവ പരിത്യജിച്ചു.
ഇപ്പോള്‍ നാം കണ്ണാടിയില്‍ അവ്യക്തമായി കാണുന്നു;
അന്നാകട്ടെ, അഭിമുഖം ദര്‍ശിക്കും.
ഇപ്പോള്‍ എന്‍റെ അറിവ് പരിമിതമാണ്;
അന്നാകട്ടെ, ദൈവം എന്നെ അറിയുന്നതുപോലെ
ഞാനും പൂര്‍ണമായി അറിയും.

13
വിശ്വാസം, പ്രത്യാശ, സ്നേഹം
ഇവ മൂന്നും നിലനില്‌ക്കുന്നു.
ഇവയില്‍ ഏറ്റവും മഹത്തായത് സ്നേഹംതന്നെ.

14

1

സ്നേഹം ആചരിക്കുവാന്‍ ഉത്സാഹിക്കുവിന്‍. ആത്മീയവരങ്ങള്‍ക്കുവേണ്ടി വിശിഷ്യ, പ്രവചനവരത്തിനുവേണ്ടി അഭിവാഞ്ഛിക്കുക.

2 അന്യഭാഷകളില്‍ സംസാരിക്കുന്നവന്‍ മനുഷ്യരോടല്ല, ദൈവത്തോടത്രേ സംസാരിക്കുന്നത്; അവന്‍ ആത്മാവിന്‍റെ പ്രചോദനത്താല്‍ നിഗൂഢസത്യങ്ങള്‍ സംസാരിക്കുന്നു. അവന്‍ പറയുന്നത് ആരും ഗ്രഹിക്കുന്നില്ല.

3 എന്നാല്‍ ദൈവത്തിന്‍റെ സന്ദേശം പ്രഖ്യാപനം ചെയ്യുന്ന പ്രവാചകന്‍ മനുഷ്യരോടു സംസാരിക്കുകയും അവര്‍ക്ക് സഹായവും ധൈര്യവും ആശ്വാസവും പകരുകയും ചെയ്യുന്നു.

4 അന്യഭാഷകളില്‍ സംസാരിക്കുന്നവന്‍ ആത്മീയമായി സ്വയം വളരുക മാത്രമേ ചെയ്യുന്നുള്ളൂ. എന്നാല്‍ പ്രവചിക്കുന്നവന്‍ സഭയുടെ ആകമാനമുള്ള ആത്മീയ വളര്‍ച്ചയെ സഹായിക്കുന്നു.

5

നിങ്ങള്‍ എല്ലാവരും ഭാഷാവരം ലഭിച്ചവരായി സംസാരിക്കണം എന്നത്രേ എന്‍റെ ആഗ്രഹം. എന്നാല്‍ അതിലും അധികമായി ഞാന്‍ ആഗ്രഹിക്കുന്നത് നിങ്ങള്‍ക്കെല്ലാവര്‍ക്കും പ്രവചനവരം ലഭിക്കണമെന്നാണ്. ഭാഷാവരമുള്ളവന്‍റെ വാക്കുകള്‍ സഭയ്‍ക്ക് ആകമാനം പ്രയോജനപ്പെടത്തക്കവണ്ണം വ്യാഖ്യാനിക്കപ്പെടുന്നില്ലെങ്കില്‍, അവനെക്കാള്‍ വലിയവനാകുന്നു പ്രവചിക്കുന്നവന്‍.

6 സഹവിശ്വാസികളേ, ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുമ്പോള്‍, ദൈവത്തില്‍നിന്നുള്ള വെളിപാടോ, ജ്ഞാനമോ, ദൈവാത്മപ്രേരിതമായ സന്ദേശമോ ഉപദേശമോ നിങ്ങളെ അറിയിക്കാതെ അന്യഭാഷകളില്‍ സംസാരിക്കുകമാത്രം ചെയ്താല്‍ നിങ്ങള്‍ക്ക് എന്തു പ്രയോജനം?

7

വീണ, പുല്ലാങ്കുഴല്‍ മുതലായ അചേതനങ്ങളായ സംഗീതോപകരണങ്ങള്‍ തന്നെ ഉദാഹരണമായെടുക്കുക. സ്വരരാഗങ്ങള്‍ വ്യക്തമായി ധ്വനിപ്പിക്കുന്നില്ലെങ്കില്‍, വായിച്ചത് എന്താണെന്ന് എങ്ങനെ മനസ്സിലാക്കും?

8 കാഹളം ഊതുന്നവന്‍ അതിന്‍റെ നാദം വ്യക്തമായി പുറപ്പെടുവിച്ചില്ലെങ്കില്‍ ആരു യുദ്ധത്തിനു തയ്യാറാകും?

9 നിങ്ങളുടെ സന്ദേശം വ്യക്തമാകാതെ അന്യഭാഷകളില്‍ മാത്രമായിരുന്നാല്‍, നിങ്ങള്‍ പറയുന്നത് എന്താണെന്ന് ആര്‍ക്കെങ്കിലും മനസ്സിലാകുമോ? നിങ്ങളുടെ വാക്കുകള്‍ വായുവില്‍ ലയിച്ചുപോകുമല്ലോ.

10 ലോകത്തില്‍ അനേകം ഭാഷകളുണ്ട്. അര്‍ഥമില്ലാത്ത ഒരു ഭാഷപോലുമില്ല.

11 എങ്കിലും ഒരാള്‍ സംസാരിക്കുന്ന ഭാഷ എനിക്കു മനസ്സിലാകുന്നില്ലെങ്കില്‍ അയാള്‍ എന്നെ സംബന്ധിച്ചിടത്തോളം വൈദേശികനായിരിക്കും.

12 ആത്മീയവരങ്ങള്‍ പ്രാപിക്കുന്നതില്‍ അത്യാസക്തരായ നിങ്ങള്‍ എല്ലാറ്റിനുമുപരി സഭയുടെ വളര്‍ച്ചയ്‍ക്ക് ഉതകുന്ന വരങ്ങളാണ് അധികമായി അഭിവാഞ്ഛിക്കേണ്ടത്.

13

അതുകൊണ്ട് അന്യഭാഷകള്‍ സംസാരിക്കുന്നവന്‍ വ്യാഖ്യാനിക്കുവാനുള്ള വരത്തിനുവേണ്ടി പ്രാര്‍ഥിക്കണം.

14 ഞാന്‍ അന്യഭാഷയില്‍ പ്രാര്‍ഥിക്കുന്നെങ്കില്‍ എന്‍റെ ആത്മാവു പ്രാര്‍ഥിക്കുന്നു. പക്ഷേ, എന്‍റെ മനസ്സിന് അതില്‍ ഒരു പങ്കും ഉണ്ടായിരിക്കുകയില്ല.

15 അപ്പോള്‍ ഞാന്‍ എന്തു ചെയ്യണം? ആത്മാവുകൊണ്ടു ഞാന്‍ പ്രാര്‍ഥിക്കും; എന്‍റെ മനസ്സുകൊണ്ടും ഞാന്‍ പ്രാര്‍ഥിക്കും. ആത്മാവുകൊണ്ടു ഞാന്‍ പാടും; എന്‍റെ മനസ്സുകൊണ്ടും ഞാന്‍ പാടും.

16 നീ ആത്മാവുകൊണ്ടു മാത്രം ദൈവത്തിനു സ്തോത്രം ചെയ്യുമ്പോള്‍ ഒരു സാധാരണക്കാരന്‍ നീ പറയുന്നത് ഗ്രഹിക്കാതെ നിന്‍റെ പ്രാര്‍ഥനയ്‍ക്ക് എങ്ങനെ ആമേന്‍ പറയും.

17 നിന്‍റെ സ്തോത്രപ്രാര്‍ഥന വളരെ നല്ലതായിരിക്കാം. പക്ഷേ, അന്യന് അത് ആത്മീയവളര്‍ച്ചയ്‍ക്കു പ്രയോജനപ്പെടുന്നില്ല.

18

നിങ്ങളില്‍ ഏതൊരുവനെയും അതിശയിക്കുംവിധം ഞാന്‍ അന്യഭാഷകള്‍ സംസാരിക്കുന്നു എന്നതിനാല്‍ ഞാന്‍ ദൈവത്തോടു കൃതജ്ഞനാണ്.

19 എങ്കിലും സഭാംഗങ്ങള്‍ ആരാധനയ്‍ക്കായി കൂടുമ്പോള്‍ അന്യഭാഷകളില്‍ പതിനായിരം വാക്കുകള്‍ പറയുന്നതിനെക്കാള്‍ മറ്റുള്ളവരെ പഠിപ്പിക്കുന്നതിനു പര്യാപ്തമായ അഞ്ചുവാക്കുകള്‍ പറയുന്നതാണ് ഞാന്‍ അധികം ഇഷ്ടപ്പെടുന്നത്.

20

എന്‍റെ സഹോദരന്മാരേ, ചിന്തയില്‍ നിങ്ങള്‍ ശിശുക്കളെപ്പോലെയാകരുത്; തിന്മയെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ ശിശുക്കളും, ചിന്തയെ സംബന്ധിച്ചിടത്തോളം പക്വമതികളും ആകണം.

21

വേദലിഖിതങ്ങളില്‍ ഇങ്ങനെ കാണുന്നു:

അന്യഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍ മുഖേന എന്‍റെ ജനത്തോടു സംസാരിക്കും

എന്നും,

വൈദേശികരുടെ അധരങ്ങളില്‍കൂടി
ഞാന്‍ സംസാരിക്കും എങ്കിലും അവര്‍ എന്‍റെ വാക്കു ശ്രദ്ധിക്കുകയില്ല

എന്നും കര്‍ത്താവു പറയുന്നു.

22

അതുകൊണ്ട്, അന്യഭാഷകള്‍ അവിശ്വാസികള്‍ക്കുവേണ്ടിയുള്ള അടയാളമാകുന്നു. അതു വിശ്വാസികള്‍ക്കുവേണ്ടിയുള്ളതല്ല. പ്രവചനവരം അവിശ്വാസികള്‍ക്കല്ല, വിശ്വാസികള്‍ക്കുവേണ്ടിയുള്ളതാണ്.

23

സഭാംഗങ്ങള്‍ എല്ലാവരും സമ്മേളിച്ച് ഓരോരുവനും അന്യഭാഷകളില്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ ഭാഷാവരത്തിന്‍റെ മര്‍മം ഗ്രഹിക്കാത്തവരോ അവിശ്വാസികളോ ആയ ചിലര്‍ അവിടെ വന്നു എന്നിരിക്കട്ടെ. നിങ്ങള്‍ക്കു ഭ്രാന്തുപിടിച്ചു എന്ന് അവര്‍ പറയുകയില്ലേ?

24 എന്നാല്‍ നിങ്ങള്‍ എല്ലാവരും പ്രവാചകന്മാരെപ്പോലെ ദൈവത്തിന്‍റെ സന്ദേശം പ്രഖ്യാപനം ചെയ്യുകയാണെങ്കില്‍ ആ യോഗത്തില്‍ സന്നിഹിതനാകുന്ന അവിശ്വാസി അഥവാ സഭയ്‍ക്കു പുറത്തുള്ളവന്‍, അതു കേള്‍ക്കുന്നതുമൂലം പാപബോധമുള്ളവനായിത്തീരുന്നു; എല്ലാവരാലും വിധിക്കപ്പെടുകയും ചെയ്യുന്നു.

25 അവന്‍റെ രഹസ്യവിചാരങ്ങള്‍ പുറത്തു വരുന്നു. അവന്‍ സാഷ്ടാംഗം പ്രണമിച്ച് ദൈവത്തെ ആരാധിച്ചുകൊണ്ട് ‘ദൈവം യഥാര്‍ഥത്തില്‍ ഇവിടെ നിങ്ങളുടെ മധ്യത്തിലുണ്ട്’ എന്നു പ്രസ്താവിക്കും.

26

എന്‍റെ സഹോദരരേ, ഞാന്‍ പറഞ്ഞതിന്‍റെ സാരം ഇതാണ്: നിങ്ങള്‍ ആരാധനയ്‍ക്കായി ഒരുമിച്ചു ചേരുമ്പോള്‍ ഒരാള്‍ക്ക് ഒരു ഗാനം ആലപിക്കാനോ, മറ്റൊരാള്‍ക്ക് ഒരു പ്രബോധനം നല്‌കുവാനോ, വേറൊരാള്‍ക്ക് ദൈവത്തില്‍നിന്നുള്ള വെളിപാട് അറിയിക്കുവാനോ ഇനിയൊരാള്‍ക്ക്, അന്യഭാഷകള്‍ സംസാരിക്കുവാനോ, മറ്റൊരാള്‍ക്ക് അതിന്‍റെ വ്യാഖ്യാനം നല്‌കുവാനോ ഉണ്ടായിരിക്കാം. ഇവ സഭയുടെ ആത്മികപുരോഗതിക്കു സഹായകമായി തീരേണ്ടതാണ്.

27 അന്യഭാഷകളില്‍ ആരെങ്കിലും സംസാരിക്കുന്നെങ്കില്‍ രണ്ടോ, കൂടിയാല്‍ മൂന്നോ പേര്‍ ഒരാള്‍ പറഞ്ഞു കഴിഞ്ഞു മറ്റൊരാള്‍ എന്ന ക്രമത്തില്‍ സംസാരിക്കട്ടെ. ഒരാള്‍ അതു വ്യാഖ്യാനിക്കുകയും വേണം.

28 എന്നാല്‍ വ്യാഖ്യാനിക്കാന്‍ ആളില്ലെങ്കില്‍ അന്യഭാഷകളില്‍ സംസാരിക്കുന്നവന്‍ സഭയില്‍ നിശ്ശബ്ദനായിരുന്നു തന്നോടും ദൈവത്തോടും മാത്രം സംസര്‍ഗം ചെയ്തുകൊണ്ടിരിക്കണം.

29 ദൈവത്തിന്‍റെ സന്ദേശം ലഭിച്ചിട്ടുള്ള രണ്ടോ മൂന്നോ പ്രവാചകര്‍ സംസാരിക്കട്ടെ. മറ്റുള്ളവര്‍ അതു വിവേചിച്ചറിയട്ടെ.

30 എന്നാല്‍ സഭയിലുള്ള മറ്റൊരാള്‍ക്ക് ദൈവത്തില്‍നിന്ന് ഒരു സന്ദേശം ലഭിക്കുന്നെങ്കില്‍, പ്രസംഗിച്ചുകൊണ്ടിരിക്കുന്ന ആള്‍ നിറുത്തണം.

31 ദൈവത്തിന്‍റെ സന്ദേശം ഒരാള്‍ കഴിഞ്ഞ് മറ്റൊരാള്‍ എന്ന ക്രമത്തില്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും പ്രഖ്യാപനം ചെയ്യാമല്ലോ. അങ്ങനെ എല്ലാവര്‍ക്കും പഠിക്കുവാനും പ്രോത്സാഹനം ലഭിക്കുവാനും ഇടയാകും.

32 പ്രവാചകന്മാരുടെ ആത്മാവ് അവര്‍ക്ക് അധീനമാണ്.

33 സമാധാനം ഇല്ലാതാക്കുവാനല്ല, അവ നിലനിര്‍ത്തുവാനാണ് ദൈവം ഇച്ഛിക്കുന്നത്.

34

ദൈവജനങ്ങളുടെ സഭകളിലെല്ലാം എന്നപോലെ നിങ്ങളുടെ സഭായോഗങ്ങളിലും സ്‍ത്രീകള്‍ മൗനമായിരിക്കട്ടെ. പ്രസംഗിക്കുവാന്‍ അവര്‍ക്ക് അനുവാദമില്ല. യെഹൂദനിയമം അനുശാസിക്കുന്നതുപോലെ അവര്‍ അധികാരത്തിനു കീഴ്പ്പെട്ടിരിക്കണം.

35 അവര്‍ക്ക് എന്തെങ്കിലും അറിയണമെന്നുണ്ടെങ്കില്‍ വീട്ടില്‍വച്ച് ഭര്‍ത്താക്കന്മാരോടു ചോദിച്ചു മനസ്സിലാക്കിക്കൊള്ളണം. സഭയില്‍ സ്‍ത്രീ സംസാരിക്കുന്നത് അനുചിതമാണല്ലോ.

36 ദൈവത്തിന്‍റെ വചനം നിങ്ങളില്‍ നിന്നാണോ ഉദ്ഭവിച്ചത്? അഥവാ അത് നിങ്ങള്‍ക്കു മാത്രമാണോ ലഭിച്ചത്?

37

പ്രവാചകനെന്നോ ആത്മീയവരം ലഭിച്ചവനെന്നോ അവകാശപ്പെടുന്നവന്‍, ഞാന്‍ എഴുതുന്ന ഈ സംഗതികള്‍ കര്‍ത്താവിന്‍റെ കല്പനയാണെന്നു ധരിച്ചുകൊള്ളട്ടെ.

38 ഇത് ഒരുവന്‍ അംഗീകരിക്കുന്നില്ലെങ്കില്‍ അവന്‍ പരിഗണനീയനല്ല.

39

അതുകൊണ്ട് സോദരരേ, പ്രവചനവരത്തിനുവേണ്ടി ആത്മാര്‍ഥമായി ആഗ്രഹിക്കുക.

40 ഭാഷാവരം വിലക്കുകയും വേണ്ടാ. എല്ലാ കാര്യങ്ങളും ഉചിതമായും ക്രമമായും ചെയ്യേണ്ടതാണ്.

15

1

സഹോദരരേ, ഞാന്‍ നിങ്ങളോടു പ്രസംഗിച്ചതും നിങ്ങള്‍ സ്വീകരിച്ചതുമായ സദ്‍വാര്‍ത്ത നിങ്ങളെ അനുസ്മരിപ്പിക്കുന്നു. അതിലാണല്ലോ നിങ്ങളുടെ വിശ്വാസം ഉറച്ചു നില്‌ക്കുന്നത്.

2 ഞാന്‍ നിങ്ങളോടു പ്രസംഗിച്ച ആ സുവിശേഷം നിങ്ങള്‍ മുറുകെപ്പിടിക്കുന്നെങ്കില്‍ അതിലൂടെ നിങ്ങള്‍ രക്ഷിക്കപ്പെടുന്നു. അല്ലാത്തപക്ഷം നിങ്ങള്‍ വിശ്വസിച്ചതു വെറുതെ ആയി എന്നു വരും.

3

[3-5] എന്നെ ഭരമേല്പിച്ച പരമപ്രധാനമായ കാര്യം ഞാന്‍ നിങ്ങളെ ഏല്പിച്ചു. ആ സന്ദേശം ഇതാണ്: തിരുവെഴുത്തുകളില്‍ കാണുന്നതുപോലെ ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്തു; തിരുവെഴുത്തുകളില്‍ കാണുന്നതുപോലെതന്നെ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‌ക്കുകയും ചെയ്തു. പത്രോസിനും പിന്നീടു പന്ത്രണ്ട് അപ്പോസ്തോലന്മാര്‍ക്കും പ്രത്യക്ഷനായി;

4

5

6 അനന്തരം അവിടുത്തെ അനുയായികളായ അഞ്ഞൂറില്‍പരം ആളുകള്‍ ഒരുമിച്ചു കൂടിയിരിക്കുമ്പോള്‍ അവര്‍ക്കും പ്രത്യക്ഷനായി. അവരില്‍ ചിലരെല്ലാം അന്തരിച്ചെങ്കിലും, മിക്കപേരും ഇപ്പോഴും ജീവിച്ചിരിക്കുന്നു.

7 അനന്തരം യാക്കോബിനും പിന്നീട് അപ്പോസ്തോലന്മാര്‍ക്കും ദര്‍ശനം നല്‌കി.

8

ഏറ്റവും ഒടുവില്‍ അകാലജാതനെപ്പോലെയുള്ള എനിക്കും അവിടുന്നു പ്രത്യക്ഷപ്പെട്ടു.

9 ഞാന്‍ അപ്പോസ്തോലന്മാരില്‍ ഏറ്റവും എളിയവനാണല്ലോ. ഞാന്‍ ദൈവത്തിന്‍റെ സഭയെ ദ്രോഹിച്ചിരുന്നവനാണ്. അതുകൊണ്ട് അപ്പോസ്തോലന്‍ എന്ന പേരിന് അര്‍ഹനല്ല.

10 ദൈവകൃപമൂലം മാത്രമാണു ഞാന്‍ അപ്പോസ്തോലന്‍ ആയിരിക്കുന്നത്. ദൈവം എനിക്കു നല്‌കിയ കൃപ നിഷ്ഫലമായില്ല. മറ്റുള്ള എല്ലാ അപ്പോസ്തോലന്മാരെയുംകാള്‍ അധികം ഞാന്‍ അധ്വാനിച്ചു. ഞാന്‍ തനിയെ എന്തെങ്കിലും ചെയ്തു എന്നല്ല, ദൈവത്തിന്‍റെ കൃപ എന്നോടുകൂടി പ്രവര്‍ത്തിച്ചു എന്നതാണു വാസ്തവം.

11 ഞാനാകട്ടെ, അവരാകട്ടെ, ആരുതന്നെ ആയാലും, ഞങ്ങള്‍ എല്ലാവരും പ്രസംഗിക്കുന്നത് ഇതാണ്; നിങ്ങള്‍ വിശ്വസിച്ചതും ഇതുതന്നെ.

12

ക്രിസ്തു മരിച്ചവരില്‍നിന്ന് ഉത്ഥാനം ചെയ്യപ്പെട്ടിരിക്കുന്നു എന്ന സന്ദേശം പ്രഘോഷിക്കപ്പെടുമ്പോള്‍ മരിച്ചവര്‍ ജീവനിലേക്ക് ഉയിര്‍പ്പിക്കപ്പെടുകയില്ല എന്നു നിങ്ങളില്‍ ചിലര്‍ പറയുന്നത് എങ്ങനെ സാധൂകരിക്കും?

13 മരിച്ചവരുടെ പുനരുത്ഥാനം ഇല്ലെങ്കില്‍ ക്രിസ്തുവും ഉത്ഥാനം ചെയ്യപ്പെട്ടിട്ടില്ലാ എന്നുവരും.

14 ക്രിസ്തു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍, പിന്നെ ഞങ്ങള്‍ക്ക് പ്രസംഗിക്കുവാന്‍ ഒന്നുമില്ല; നിങ്ങള്‍ക്കു വിശ്വസിക്കുവാനും ഒന്നുമില്ല.

15 [15,16] മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍, ക്രിസ്തുവും ഉത്ഥാനം ചെയ്യപ്പെട്ടിട്ടില്ല. പുനരുദ്ധാനം ഇല്ലെങ്കില്‍ ദൈവം ക്രിസ്തുവിനെ ഉയിര്‍പ്പിച്ചിട്ടില്ല. അങ്ങനെയെങ്കില്‍ ദൈവം ക്രിസ്തുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്ന സാക്ഷ്യം ഞങ്ങള്‍ ദൈവത്തിനെതിരെ പറയുന്ന കള്ളസാക്ഷ്യം ആയിരിക്കും.

16

17 ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം വ്യര്‍ഥം. നിങ്ങള്‍ ഇന്നും നിങ്ങളുടെ പാപത്തില്‍ തന്നെ കഴിയുന്നു.

18 മരണമടഞ്ഞ ക്രിസ്തുവിശ്വാസികള്‍ നശിച്ചുപോയി എന്നു വരും.

19 നാം ഈ ആയുസ്സില്‍ മാത്രമാണ് ക്രിസ്തുവില്‍ പ്രത്യാശവച്ചിരിക്കുന്നത് എങ്കില്‍ നാം മറ്റുള്ള എല്ലാവരെയുംകാള്‍ ദയനീയരാണ്.

20

ക്രിസ്തു ഉത്ഥാനം ചെയ്യപ്പെട്ട് മരണനിദ്രയില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടവരില്‍ ഒന്നാമനായിത്തീര്‍ന്നിരിക്കുന്നു.

21 ഒരു മനുഷ്യന്‍ മുഖേന മരണം വന്നതുപോലെ തന്നെ, ഒരു മനുഷ്യന്‍ മുഖേന മരിച്ചവരുടെ പുനരുത്ഥാനവും വരുന്നു.

22 ആദാമിനോടുള്ള ഐക്യത്താല്‍ എല്ലാവരും മരിക്കുന്നതുപോലെ, ക്രിസ്തുവിനോടുള്ള ഐക്യത്താല്‍ എല്ലാവര്‍ക്കും ജീവന്‍ നല്‌കപ്പെടും.

23 എന്നാല്‍ ഓരോ വ്യക്തിയും യഥാക്രമം ഉത്ഥാനം ചെയ്യപ്പെടും; ആദ്യം ക്രിസ്തു; പിന്നീട് അവിടുത്തെ ആഗമനവേളയില്‍ അവിടുത്തേക്കുള്ളവരും.

24 ക്രിസ്തു സകല ആത്മീയാധികാരികളെയും, ഭരണാധിപന്മാരെയും ശക്തികളെയും ജയിച്ച് രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും; അപ്പോള്‍ അന്ത്യം വന്നുചേരും.

25 എല്ലാ ശത്രുക്കളെയും തോല്പിച്ച് അടിപ്പെടുത്തുന്നതുവരെ, ക്രിസ്തു രാജാവായി വാഴേണ്ടതാണ്.

26 കീഴടക്കേണ്ട അവസാനത്തെ ശത്രു മരണമായിരിക്കും.

27 ‘സമസ്തവും തന്‍റെ കാല്‍ക്കീഴിലാക്കി’ എന്നു വേദലിഖിതത്തില്‍‍ കാണുന്നു. സമസ്തവും എന്നു പറയുന്നതില്‍ ക്രിസ്തുവിനു സകലവും അധീനമാക്കിക്കൊടുത്ത ദൈവം ഉള്‍പ്പെടുന്നില്ല എന്നു സ്പഷ്ടം.

28 എന്നാല്‍ സമസ്ത കാര്യങ്ങളും ക്രിസ്തുവിന്‍റെ ഭരണത്തിനു വിധേയമാകുമ്പോള്‍, സകലവും തനിക്ക് അധീനമാക്കിക്കൊടുത്ത ദൈവത്തിന് പുത്രന്‍ സ്വയം വിധേയനാക്കും. അങ്ങനെ ദൈവം സര്‍വാധിപതിയായി വാഴും.

29

മരിച്ചവര്‍ക്കുവേണ്ടി സ്നാപനം ചെയ്യപ്പെടുന്നവരെക്കുറിച്ച് എന്താണു പറയുക? അതുകൊണ്ട് എന്തു സാധിക്കാമെന്നാണ് അവരുടെ പ്രത്യാശ? ചിലര്‍ വാദിക്കുന്നതുപോലെ മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുകയില്ല എന്നുള്ളത് വാസ്തവമാണെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി സ്നാപനം സ്വീകരിക്കുന്നവര്‍ എന്തിന് അങ്ങനെ ചെയ്യുന്നു?

30 ഞങ്ങള്‍തന്നെയും നാള്‍തോറും അപകടങ്ങളെ നേരിട്ടുകൊണ്ട് എന്തിനു മുമ്പോട്ടു പോകണം?

31 സോദരരേ, ക്രിസ്തുവിലുള്ള വിശ്വാസം സംബന്ധിച്ച് നിങ്ങളെപ്പറ്റി എനിക്കുള്ള അഭിമാനം മുന്‍നിറുത്തി ഞാന്‍ പറയുന്നു: നിത്യേന ഞാന്‍ മരണത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്.

32 എഫെസൊസില്‍വച്ചു “വന്യമൃഗങ്ങളോടു” പോരാടിയതുകൊണ്ട് ലൗകികമായി നോക്കുമ്പോള്‍ എനിക്ക് എന്തു പ്രയോജനം? മരിച്ചവര്‍ ഉത്ഥാനം ചെയ്യപ്പെടുന്നില്ലെങ്കില്‍ “നമുക്കു തിന്നും കുടിച്ചും ഉല്ലസിക്കാം; നാളെ മരിക്കുമല്ലോ.”

33

നിങ്ങളെ ആരും വഴിതെറ്റിക്കരുത്. “അധമന്മാരുടെ സംസര്‍ഗം സജ്ജനങ്ങളെ ദുഷിപ്പിക്കുന്നു.”

34 പാപമാര്‍ഗങ്ങളില്‍നിന്നു പിന്തിരിഞ്ഞ് സുബോധമുള്ളവരായിത്തീരുക. നിങ്ങളില്‍ ചിലര്‍ക്കു ദൈവത്തെക്കുറിച്ച് ഒന്നും അറിഞ്ഞുകൂടാ. നിങ്ങള്‍ ലജ്ജിക്കേണ്ടതിനാണ് ഞാനിതു പറയുന്നത്.

35

“മരിച്ചവര്‍ എങ്ങനെ ഉയിര്‍പ്പിക്കപ്പെടും?” എന്നും “അവരുടെ ശരീരം എങ്ങനെയുള്ളതായിരിക്കും?” എന്നും ചിലര്‍ ചോദിച്ചേക്കാം.

36 ഭോഷാ, നീ വിതയ്‍ക്കുന്ന വിത്ത് നശിക്കുന്നില്ലെങ്കില്‍ വീണ്ടും ജീവന്‍ പ്രാപിച്ചു മുളച്ചു വളരുകയില്ല.

37 കോതമ്പിന്‍റെയോ മറ്റേതെങ്കിലും ധാന്യത്തിന്‍റെയോ ഒരു മണി മാത്രമായിരിക്കും നിങ്ങള്‍ വിതയ്‍ക്കുന്നത്; അല്ലാതെ വളര്‍ച്ചയെത്തിയ ചെടിയല്ല നടുന്നത്.

38 തനിക്കിഷ്ടമുള്ള ശരീരം ദൈവം ആ വിത്തിനു നല്‌കുന്നു; ഓരോ വിത്തിനും അതതിന്‍റേതായ ശരീരം നല്‌കപ്പെടുന്നു.

39

എല്ലാ ജീവികളുടെയും മാംസം ഒരേ തരത്തിലുള്ളതല്ലല്ലോ; മനുഷ്യരുടെ മാംസം ഒരു തരത്തിലുള്ളതാണെങ്കില്‍ മൃഗങ്ങളുടെ മാംസം വേറൊരു തരത്തിലുള്ളതാണ്. പക്ഷികളുടെ മാംസം വേറെ, മത്സ്യമാംസവും വേറെ.

40

സ്വര്‍ഗീയ ശരീരങ്ങളുണ്ട്, ഭൗതികശരീരങ്ങളുമുണ്ട്. സ്വര്‍ഗീയശരീരങ്ങളുടെ തേജസ്സ് ഭൗതികശരീരങ്ങളുടെ തേജസ്സില്‍നിന്നു വിഭിന്നമാണ്.

41 സൂര്യന് അതിന്‍റേതായ തേജസ്സുണ്ട്. ചന്ദ്രന്‍റെ തേജസ്സ് മറ്റൊന്നാണ്. നക്ഷത്രങ്ങളുടെ തേജസ്സ് വേറൊന്ന്; തേജസ്സിന്‍റെ കാര്യത്തില്‍ ഒരു നക്ഷത്രം മറ്റൊന്നില്‍നിന്നു വ്യത്യസ്തമാണ്.

42

മരിച്ചവരുടെ പുനരുത്ഥാനത്തിലുള്ള സ്ഥിതിവിശേഷവും ഇതുപോലെയായിരിക്കും. സംസ്കരിക്കുന്ന ശരീരം നശ്വരം; ഉയിര്‍ത്തെഴുന്നേല്‌ക്കുന്ന ശരീരം അനശ്വരം.

43 സംസ്കരിക്കുമ്പോള്‍ ഹീനവും ദുര്‍ബലവുമായിരിക്കും. ഉയിര്‍ത്തെഴുന്നേല്‌ക്കുമ്പോള്‍ തേജോമയവും ശക്തവുമായിരിക്കും.

44 ഭൗതികശരീരമാണു സംസ്കരിക്കുന്നത്; ഉയിര്‍ത്തെഴുന്നേല്‌ക്കുന്നത് ആത്മീയശരീരവും. ഭൗതികശരീരം ഉള്ളതുപോലെ ആത്മീയശരീരവുമുണ്ട്.

45 ആദിമനുഷ്യനായ ആദാം ജീവനുള്ള വ്യക്തിയായി സൃഷ്‍ടിക്കപ്പെട്ടു എന്നു വേദഗ്രന്ഥത്തില്‍ പറയുന്നുണ്ട്; എന്നാല്‍ ഒടുവിലത്തെ ആദാം ജീവദായകനായ ആത്മാവാകുന്നു.

46 ആത്മീയമായതല്ല ആദ്യമുണ്ടായത്. പ്രത്യുത ആദ്യം ഭൗതികമായതും പിന്നീട് ആത്മീയമായതും ഉണ്ടായി.

47 ആദ്യത്തെ മനുഷ്യന്‍ ഭൂമിയിലെ മണ്ണില്‍ നിന്നുള്ളവനാണ്. രണ്ടാമത്തെ മനുഷ്യന്‍ സ്വര്‍ഗത്തില്‍നിന്നുള്ളവനത്രേ.

48 മണ്ണില്‍നിന്ന് ഉണ്ടായവനെപ്പോലെയാണ്, മണ്‍മയരായ എല്ലാവരും; സ്വര്‍ഗത്തില്‍നിന്നുള്ളവനെപ്പോലെയാണ് സ്വര്‍ഗീയരായ എല്ലാവരും.

49 മണ്ണുകൊണ്ട് ഉണ്ടാക്കപ്പെട്ടവന്‍റെ രൂപസാദൃശ്യം നാം ധരിച്ചതുപോലെ തന്നെ, സ്വര്‍ഗത്തില്‍നിന്നു വന്ന മനുഷ്യന്‍റെ രൂപസാദൃശ്യവും ധരിക്കും.

50

സഹോദരരേ, മാംസരക്തങ്ങള്‍ക്ക് ദൈവരാജ്യം അവകാശമാക്കുവാന്‍ കഴിയുകയില്ല; നശ്വരമായതിന് അനശ്വരമായതിനെ സ്വന്തമാക്കുവാനും സാധ്യമല്ല.

51

[51,52] ഞാന്‍ പറയുന്ന ഈ രഹസ്യസത്യം നിങ്ങള്‍ ശ്രദ്ധിക്കുക; നാം എല്ലാവരും മരിക്കുകയില്ല; എന്നാല്‍ അവസാനത്തെ കാഹളം മുഴക്കുമ്പോള്‍ എല്ലാവരും പെട്ടെന്ന് ഒരു നിമിഷമാത്രയില്‍ രൂപാന്തരപ്പെടും; കാഹളം മുഴക്കുമ്പോള്‍ മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‌ക്കും; അവര്‍ അനശ്വരരായിരിക്കും. നാമെല്ലാവരും രൂപാന്തരം പ്രാപിക്കുകയും ചെയ്യും.

52

53 ഈ നശ്വരമായത് അനശ്വരമായും, മര്‍ത്യമായത് അമര്‍ത്യമായും രൂപാന്തരപ്പെടേണ്ടതാണ്.

54 അതുകൊണ്ട് ഈ നശ്വരമായത് അനശ്വരമായും മര്‍ത്യമായത് അമര്‍ത്യമായും തീരുമ്പോള്‍ ‘മരണത്തെ ഉന്മൂലനം ചെയ്തു; വിജയം പൂര്‍ത്തിയായി’ എന്ന വേദലിഖിതം യഥാര്‍ഥമായിത്തീരും.

55

‘ഹേ മരണമേ, നിന്‍റെ വിജയമെവിടെ?

വേദനിപ്പിക്കുന്ന നിന്‍റെ വിഷമുള്ള് എവിടെ?’

56

വേദനിപ്പിക്കുവാനുള്ള ശക്തി മരണത്തിനുണ്ടാകുന്നത് പാപം മൂലമാണ്; പാപത്തിന്‍റെ ശക്തി നിയമംമൂലവും.

57 എന്നാല്‍ കര്‍ത്താവായ യേശുക്രിസ്തു മുഖേന നമുക്കു വിജയം നല്‌കുന്ന ദൈവത്തിനു സ്തോത്രം!

58

അതുകൊണ്ട് എന്‍റെ പ്രിയ സഹോദരരേ, നിങ്ങള്‍ ഉറച്ച് അചഞ്ചലരായി നില്‌ക്കുക. കര്‍ത്താവിനുവേണ്ടിയുള്ള പ്രയത്നത്തില്‍ ഉത്തരോത്തരം വ്യാപൃതരാകുക. കര്‍ത്താവില്‍ നിങ്ങളുടെ യാതൊരു പ്രയത്നവും വ്യര്‍ഥമാകുകയില്ലെന്നു നിങ്ങള്‍ക്ക് അറിയാമല്ലോ.

16

1

യെഹൂദ്യയിലെ ദൈവജനത്തെ സഹായിക്കുന്നതിനുള്ള ധനശേഖരണത്തെപ്പറ്റി നിങ്ങള്‍ എഴുതിയിരുന്നല്ലോ. ഗലാത്തിയയിലെ സഭകള്‍ ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെട്ടതുതന്നെ നിങ്ങളും ചെയ്യേണ്ടതാണ്.

2 നിങ്ങളുടെ വരവനുസരിച്ച് ഞായാറാഴ്ചതോറും ഓരോ സംഖ്യ നീക്കി വയ്‍ക്കണം. അങ്ങനെ സ്വരൂപിച്ചുവയ്‍ക്കുകയാണെങ്കില്‍ ഞാന്‍ വന്നതിനുശേഷം പണം പിരിക്കേണ്ട ആവശ്യം ഉണ്ടാകുകയില്ലല്ലോ.

3 ഞാന്‍ വരുമ്പോള്‍ നിങ്ങളുടെ ദാനങ്ങള്‍ നിങ്ങള്‍ക്കു സമ്മതമുള്ള ആളുകളുടെ കൈവശം ഏല്പിച്ച്, എഴുത്തുമായി യെരൂശലേമിലേക്ക് അയച്ചുകൊള്ളാം.

4 ഞാന്‍കൂടി പോകുന്നതിനു ആവശ്യമാണെന്നു തോന്നിയാല്‍ അവര്‍ എന്‍റെകൂടെ പോരട്ടെ.

5

എനിക്കു മാസിഡോണിയയില്‍കൂടി കടന്നുപോകേണ്ടതുണ്ട്. അതിനുശേഷം ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരും. അങ്ങനെ കുറേനാള്‍,

6 ഒരുപക്ഷേ, ശീതകാലം മുഴുവന്‍ നിങ്ങളുടെ കൂടെ കഴിച്ചുകൂട്ടാം. പിന്നീട് എനിക്കു പോകേണ്ടത് എങ്ങോട്ടായാലും നിങ്ങളുടെ സഹായത്തോടുകൂടി എന്‍റെ യാത്ര തുടരാം.

7 പോകുന്നവഴി നിങ്ങളെ കണ്ടിട്ടു പെട്ടെന്നു പോകാനല്ല ഞാന്‍ ആഗ്രഹിക്കുന്നത്. കര്‍ത്താവ് അനുവദിക്കുന്നെങ്കില്‍ കുറെ ഏറെ നാള്‍ നിങ്ങളോടൊത്തു കഴിച്ചുകൂട്ടണമെന്നാണ് എന്‍റെ ആഗ്രഹം.

8

പെന്തെക്കോസ്തുനാള്‍വരെ ഞാന്‍ എഫെസൊസില്‍ താമസിക്കും.

9 ധാരാളം ശത്രുക്കള്‍ ഉണ്ടായിരുന്നാലും ഫലപ്രദമായ പ്രവര്‍ത്തനത്തിനുള്ള സുവര്‍ണാവസരമാണ് ഇവിടെയുള്ളത്.

10

തിമൊഥെയോസ് വന്നാല്‍ നിങ്ങളുടെ ഇടയില്‍ നിര്‍ഭയം പ്രവര്‍ത്തിക്കുവാന്‍ തക്കവണ്ണം അയാളെ സ്വാഗതം ചെയ്യണം; എന്നെപ്പോലെതന്നെ അയാള്‍ കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിക്കുന്നവനാണല്ലോ. ആരും അയാളെ അവഗണിക്കരുത്.

11 സഹോദരന്മാരോടൊപ്പം ഞാന്‍ അയാളുടെ വരവു കാത്തിരിക്കുകയാണ്; എന്‍റെ അടുക്കല്‍ തിരിച്ചുവരുന്നതിനുവേണ്ടി സമാധാനത്തോടെ യാത്ര തുടരുവാന്‍ നിങ്ങള്‍ അയാളെ സഹായിക്കണം.

12

സഹോദരനായ അപ്പൊല്ലൊസിന്‍റെ കാര്യമാണെങ്കില്‍, മറ്റു സഹോദരന്മാരോടൊപ്പം നിങ്ങളെ സന്ദര്‍ശിക്കുന്നതിന് അയാളെയും ഞാന്‍ പലപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ അടുക്കല്‍ വരുന്നതിന് അയാള്‍ക്കു പൂര്‍ണസമ്മതമുണ്ടായില്ല. ഇനി അവസരമുണ്ടാകുമ്പോള്‍ വരുന്നതാണ്.

13

ഉണര്‍ന്നിരിക്കുക; വിശ്വാസത്തില്‍ അടിയുറച്ചു നില്‌ക്കുക; ധൈര്യവും മനക്കരുത്തും ഉള്ളവരായിരിക്കുക.

14 നിങ്ങള്‍ ചെയ്യുന്നതെല്ലാം സ്നേഹപൂര്‍വം ആയിരിക്കട്ടെ.

15

സ്തേഫാനോസിനെയും അയാളുടെ കുടുംബത്തെയും നിങ്ങള്‍ക്കറിയാമല്ലോ; അഖായയില്‍ ആദ്യം ക്രിസ്തുമാര്‍ഗം സ്വീകരിച്ചത് അവരാണ്. ദൈവജനത്തിന്‍റെ ശുശ്രൂഷയ്‍ക്കായി അവര്‍ തങ്ങളെത്തന്നെ സമര്‍പ്പിച്ചിരിക്കുന്നു.

16 ഇങ്ങനെയുള്ളവരുടെയും, അവരോടുകൂടി ശുശ്രൂഷചെയ്യുകയും അധ്വാനിക്കുകയും ചെയ്യുന്നവരുടെയും നേതൃത്വത്തിനു നിങ്ങള്‍ കീഴ്പെട്ടിരിക്കണം.

17 സ്തേഫാനോസും ഫൊര്‍ത്തുനാതൊസും അഖായിക്കൊസും വന്നത് എനിക്കു സന്തോഷമായി. നിങ്ങളുടെ അസാന്നിധ്യം അവര്‍ നികത്തി.

18 അവര്‍ എന്‍റെയും നിങ്ങളുടെയും ആത്മാവിന് ഉന്മേഷം പകര്‍ന്നുതന്നു. ഇങ്ങനെയുള്ളവരെ നിങ്ങള്‍ ആദരിക്കണം.

19

ഏഷ്യാദേശത്തിലെ സഭകള്‍ അവരുടെ അഭിവാദനങ്ങള്‍ അറിയിക്കുന്നു. അക്വിലായും പ്രിസ്കില്ലയും അവരുടെ ഭവനത്തില്‍ കൂടിവരുന്ന സഭയും നിങ്ങളെ ഹാര്‍ദമായി അഭിവാദനം ചെയ്യുന്നു.

20

ഇവിടെയുള്ള സകല സഹോദരരും അവരുടെ അഭിവാദനങ്ങള്‍ അറിയിക്കുന്നു.

സഹോദരനിര്‍വിശേഷമായ ചുംബനത്താല്‍ നിങ്ങള്‍ അന്യോന്യം വന്ദനം ചെയ്യുക.

21

എന്‍റെ സ്വന്തം കൈകൊണ്ട് ഞാന്‍ ഇതെഴുതുന്നു: പൗലൊസില്‍നിന്ന് നിങ്ങള്‍ക്ക് അഭിവാദനങ്ങള്‍.

22

കര്‍ത്താവിനെ സ്നേഹിക്കാത്തവന്‍ ആരുതന്നെ ആയാലും അവന്‍ ശപിക്കപ്പെട്ടവന്‍!

മാറാനാഥാ-ഞങ്ങളുടെ കര്‍ത്താവേ, വന്നാലും!

23

കര്‍ത്താവായ യേശുവിന്‍റെ കൃപ നിങ്ങളോടുകൂടി ഉണ്ടായിരിക്കട്ടെ.

24

നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ക്രിസ്തുയേശുവില്‍ എന്‍റെ സ്നേഹം. ആമേന്‍.