1

1

യേശുക്രിസ്തുവിന്‍റെ ദാസനും യാക്കോബിന്‍റെ സഹോദരനുമായ യൂദാ, പിതാവായ ദൈവത്തിനു പ്രിയങ്കരരും യേശുക്രിസ്തുവിനുവേണ്ടി സംരക്ഷിക്കപ്പെടുന്നവരും ദൈവത്താല്‍ വിളിക്കപ്പെടുന്നവരുമായവര്‍ക്ക് എഴുതുന്നത്:

2

നിങ്ങള്‍ക്കു കരുണയും സമാധാനവും സ്നേഹവും സമൃദ്ധമായി ഉണ്ടാകട്ടെ.

3

പ്രിയപ്പെട്ടവരേ, നമ്മുടെ പൊതുവായ രക്ഷയെക്കുറിച്ച് നിങ്ങള്‍ക്ക് എഴുതുവാന്‍ ഞാന്‍ അതീവതല്‍പരനായി കഴിയുകയായിരുന്നു. അപ്പോഴാണ് എന്നേക്കുമായി വിശുദ്ധന്മാരെ ഭരമേല്പിച്ചിരുന്ന വിശ്വാസത്തിനുവേണ്ടി പോരാടുവാന്‍ നിങ്ങളെ പ്രബോധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് എനിക്കു തോന്നിയത്.

4 അഭക്തരായ ചില മനുഷ്യര്‍ നമ്മുടെ ഇടയില്‍ നുഴഞ്ഞു കയറിത്തുടങ്ങിയിട്ടുണ്ട്. നമ്മുടെ ദൈവത്തിന്‍റെ കൃപയെ സദാചാരവിരുദ്ധമായ പ്രവൃത്തികള്‍ക്കുവേണ്ടി അവര്‍ വിനിയോഗിക്കുന്നു. അങ്ങനെ നമ്മുടെ ഏകനാഥനും കര്‍ത്താവുമായ യേശുക്രിസ്തുവിനെ അവര്‍ നിഷേധിക്കുന്നു. അവരുടെ ശിക്ഷാവിധിയെപ്പറ്റി പണ്ടേ തിരുവെഴുത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.

5

നിങ്ങള്‍ ഇവയെല്ലാം ഒരിക്കല്‍ അറിഞ്ഞിട്ടുള്ളതാണെങ്കിലും ഇപ്പോള്‍ നിങ്ങളെ വീണ്ടും ഓര്‍മിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇസ്രായേല്‍ജനത്തെ ഈജിപ്തില്‍നിന്നു രക്ഷിച്ച സര്‍വേശ്വരന്‍ വിശ്വസിക്കാത്തവരെ പിന്നീടു നശിപ്പിച്ചു.

6 തങ്ങളുടെ പദവി കാത്തുസൂക്ഷിക്കാതെ സ്വന്തം വാസസ്ഥലം വിട്ടുപോയ മാലാഖമാരെ മഹാദിവസത്തിലെ വിധിക്കായി എന്നേക്കും ബന്ധനസ്ഥരായി അന്ധകാരത്തില്‍ സൂക്ഷിച്ചിരിക്കുന്നു.

7 സോദോമും ഗോമോറായും അവയെപ്പോലെ അസാന്മാര്‍ഗികതയിലും സ്വവര്‍ഗരതിയിലും മുഴുകിയ പരിസരനഗരങ്ങളും നിത്യാഗ്നിയുടെ ശിക്ഷയ്‍ക്കു വിധേയമായി. അങ്ങനെ അവ എല്ലാവര്‍ക്കും ദൃഷ്ടാന്തമായിത്തീര്‍ന്നിരിക്കുന്നു.

8

അതുപോലെതന്നെ ഈ മനുഷ്യരും തങ്ങളുടെ സ്വപ്നങ്ങളില്‍ മുഴുകി ശരീരത്തെ മലിനമാക്കുകയും, അധികാരത്തെ നിഷേധിക്കുകയും, ശ്രേഷ്ഠജനങ്ങളെ നിന്ദിക്കുകയും ചെയ്യുന്നു.

9 എന്നാല്‍ മാലാഖമാരില്‍ മുഖ്യനായ മിഖായേല്‍ മോശയുടെ ശരീരത്തെപ്പറ്റി പിശാചിനോട് തര്‍ക്കിച്ചപ്പോള്‍ അവനെ കുറ്റപ്പെടുത്തിക്കൊണ്ട് ഒരു നിന്ദാവചനംപോലും ഉച്ചരിക്കുവാന്‍ തുനിഞ്ഞില്ല. പിന്നെയോ ‘കര്‍ത്താവു നിന്നെ ഭര്‍ത്സിക്കട്ടെ’ എന്നു പറയുക മാത്രമേ ചെയ്തുള്ളൂ.

10 എന്നാല്‍ ഈ മനുഷ്യര്‍ തങ്ങള്‍ അറിയാത്തതിനെയെല്ലാം ദുഷിക്കുന്നു. വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ ജന്മവാസനയാല്‍ മാത്രം അവര്‍ അറിയുന്നു. അങ്ങനെയുള്ള അറിവിനാല്‍ അവര്‍ നശിപ്പിക്കപ്പെടുന്നു.

11 അവര്‍ക്ക് ഹാ കഷ്ടം! എന്തെന്നാല്‍ അവര്‍ കയീന്‍റെ മാര്‍ഗത്തില്‍ നടക്കുന്നു. പ്രതിഫലത്തിനുവേണ്ടി ബിലെയാമിന്‍റെ തെറ്റിനു തങ്ങളെത്തന്നെ ഏല്പിച്ചുകൊടുക്കുന്നു; കോരഹിന്‍റെ മത്സരത്തില്‍ നശിച്ചുപോകുകയും ചെയ്യുന്നു.

12

നിങ്ങളുടെ സ്നേഹവിരുന്നുകളില്‍ അവര്‍ കളങ്കം ചേര്‍ക്കുന്നു. അവര്‍ ഒരുമിച്ചുകൂടി നിര്‍ഭയം കുടിച്ചുമറിഞ്ഞ് തങ്ങളെത്തന്നെ പോഷിപ്പിക്കുന്നു. കാറ്റു പറപ്പിച്ചുകൊണ്ടുപോകുന്ന ജലരഹിതമായ മേഘങ്ങളാണവര്‍; ഹേമന്തകാലത്ത് ഫലശൂന്യമായി നില്‌ക്കുന്ന വൃക്ഷങ്ങള്‍, അവ ഇല കൊഴിഞ്ഞും വേരറ്റും അങ്ങനെ ഇരുവിധം നിര്‍ജീവങ്ങള്‍!

13 ലജ്ജാകരമായ പ്രവൃത്തികളുടെ നുരകളുയര്‍ത്തുന്ന വന്‍കടല്‍ത്തിരകള്‍! ദൈവം എന്നേക്കുമായി ഒരുക്കിയിട്ടുള്ള അന്ധകാരഗര്‍ത്തത്തില്‍ നിപതിക്കത്തക്കവിധം വഴിതെറ്റി ചുറ്റിത്തിരിയുന്ന നക്ഷത്രങ്ങള്‍!

14

ആദാമിനുശേഷം ഏഴാം തലമുറക്കാരനായ ഹാനോക്കും ഇവരെക്കുറിച്ചു പ്രവചിച്ചിട്ടുള്ളത് ഇങ്ങനെയാണ്:

15 “ഭക്തിവിരുദ്ധമായി ചെയ്തിട്ടുള്ള സകല പ്രവൃത്തികള്‍ നിമിത്തവും ദൈവത്തിനെതിരെ പറഞ്ഞിട്ടുള്ള എല്ലാ പരുഷവാക്കുകള്‍ നിമിത്തവും അഭക്തരായ പാപികളെ കുറ്റവാളികളെന്നു വിധിക്കുവാന്‍ അസംഖ്യം വിശുദ്ധന്മാരോടുകൂടി അവിടുന്നു വന്നിരിക്കുന്നു.”

16

അവര്‍ പിറുപിറുക്കുന്നവരും, അസംതൃപ്തരും, അധമവികാരങ്ങളെ അനുസരിക്കുന്നവരും ആകുന്നു. അവര്‍ ആത്മപ്രശംസ ചെയ്യുന്നു. കാര്യസാധ്യത്തിനുവേണ്ടി മുഖസ്തുതി പറയുന്നവരാണിക്കൂട്ടര്‍.

17

എന്നാല്‍ പ്രിയപ്പെട്ടവരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ അപ്പോസ്തോലന്മാര്‍ മുന്‍കൂട്ടി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ത്തുകൊള്ളണം.

18 ഭക്തിവിരുദ്ധമായ അധമവികാരങ്ങളെ അനുസരിക്കുന്ന ധര്‍മനിന്ദകര്‍ അന്ത്യകാലത്ത് ഉണ്ടാകുമെന്ന് അവര്‍ നിങ്ങളോടു പറഞ്ഞുവല്ലോ.

19 ഇങ്ങനെയുള്ളവര്‍ ഭിന്നത ഉണ്ടാക്കുന്നവരും ലോകത്തെയും അതിന്‍റെ സുഖാനുഭോഗങ്ങളെയും കാംക്ഷിക്കുന്നവരും പരിശുദ്ധാത്മരഹിതരും ആകുന്നു.

20 എന്നാല്‍ പ്രിയപ്പെട്ടവരേ, നിങ്ങളുടെ അതിവിശുദ്ധമായ വിശ്വാസത്തിന്മേല്‍ ജീവിതം പടുത്തുയര്‍ത്തുക; പരിശുദ്ധാത്മാവിന്‍റെ സഹായത്തോടെ പ്രാര്‍ഥിക്കുക; ദൈവത്തിന്‍റെ സ്നേഹത്തില്‍ നിങ്ങളെത്തന്നെ കാത്തുകൊള്ളുക.

21 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കാരുണ്യംമൂലം അനശ്വരജീവന്‍ ലഭിക്കുന്നതിനുവേണ്ടി കാത്തിരിക്കുകയും ചെയ്യുക.

22

[22,23] സംശയിക്കുന്നവരോടു കരുണകാണിക്കുവിന്‍. അഗ്നിയില്‍ അകപ്പെട്ടവരെ വലിച്ചെടുത്തു രക്ഷിക്കുക. ചിലരോടു കാരുണ്യം കാണിക്കുന്നതു ഭയത്തോടുകൂടി ആയിരിക്കണം. പാപപൂര്‍ണമായ വിഷയാസക്തിയാല്‍ കറപിടിച്ച അവരുടെ വസ്ത്രത്തെപ്പോലും വെറുത്തുകൊണ്ടുതന്നെ.

23

24

വീഴാതെവണ്ണം നിങ്ങളെ കാത്തു സൂക്ഷിച്ച്, കളങ്കരഹിതരായി തന്‍റെ തേജസ്സിന്‍റെ മുമ്പില്‍ ആനന്ദത്തോടെ നിറുത്തുവാന്‍ കഴിവുള്ളവന്,

25 നമ്മുടെ രക്ഷകനായ ഏക ദൈവത്തിനുതന്നെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം ഇപ്പോഴും എന്നെന്നേക്കും മഹത്ത്വവും പരമാധികാരവും ആധിപത്യവും ഉണ്ടാകുമാറാകട്ടെ. ആമേന്‍.