1

1

തിരഞ്ഞെടുക്കപ്പെട്ട മാന്യമഹതിക്കും, അവരുടെ മക്കള്‍ക്കും, സഭാമുഖ്യനായ ഞാന്‍ എഴുതുന്നത്: നിങ്ങളെ ഞാന്‍ മാത്രമല്ല സത്യത്തെ അറിയുന്ന എല്ലാവരും യഥാര്‍ഥമായി സ്നേഹിക്കുന്നു.

2 നമ്മില്‍ വസിക്കുന്നതും നമ്മോടുകൂടി എന്നേക്കും ഉണ്ടായിരിക്കുന്നതുമായ സത്യത്തെ മുന്‍നിറുത്തിയാണ് ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നത്.

3

പിതാവായ ദൈവത്തില്‍നിന്നും അവിടുത്തെ പുത്രനായ യേശുക്രിസ്തുവില്‍നിന്നും കൃപയും കരുണയും സമാധാനവും സത്യത്തോടും സ്നേഹത്തോടുമൊപ്പം നമ്മോടുകൂടി ഉണ്ടായിരിക്കട്ടെ.

4

പിതാവു കല്പിച്ചിരിക്കുന്നതുപോലെ നിങ്ങളുടെ മക്കളില്‍ ചിലര്‍ സത്യത്തെ പിന്തുടരുന്നതുകൊണ്ട് ഞാന്‍ അത്യന്തം ആനന്ദിച്ചു.

5 അല്ലയോ മഹതീ, നമ്മളെല്ലാവരും അന്യോന്യം സ്നേഹിക്കണം എന്നു ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഒരു പുതിയ കല്പനയായിട്ടല്ല ഞാന്‍ എഴുതുന്നത്. ഇത് ആദിമുതലുള്ള കല്പനയാണ്.

6 നാം അവിടുത്തെ കല്പനകള്‍ അനുസരിച്ചു നടക്കുന്നതുതന്നെ സ്നേഹമാകുന്നു. ആദിമുതല്‍ നിങ്ങള്‍ കേട്ടിട്ടുള്ളതുപോലെ സ്നേഹത്തില്‍ വ്യാപരിക്കണം എന്നതാണു ദൈവത്തിന്‍റെ കല്പന.

7

യേശുക്രിസ്തു മനുഷ്യനായി വന്നു എന്നു സമ്മതിക്കാത്ത വഞ്ചകര്‍ ലോകത്തിലേക്കു പുറപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ളവന്‍ വഞ്ചകനും ക്രിസ്തുവൈരിയുമാകുന്നു.

8 നിങ്ങള്‍ ഏതൊന്നിനുവേണ്ടി പ്രയത്നിച്ചുവോ ആ പ്രയത്നം വിഫലമാകാതെ പൂര്‍ണപ്രതിഫലം ലഭിക്കേണ്ടതിനു സൂക്ഷിച്ചുകൊള്ളുക.

9

ക്രിസ്തുവിന്‍റെ പ്രബോധനത്തില്‍ വേരൂന്നി നില്‌ക്കാതെ മുന്നോട്ടു പോകുന്നവന്‍ ദൈവം ഉള്ളവനല്ല. ക്രിസ്തുവിന്‍റെ പ്രബോധനത്തില്‍ നിലനില്‌ക്കുന്നവന് പിതാവും പുത്രനും ഉണ്ടായിരിക്കും.

10 ഈ പ്രബോധനവും കൊണ്ടല്ലാതെ വരുന്ന ഒരുവനെ വീട്ടില്‍ സ്വീകരിക്കുകയോ, അഭിവന്ദനം ചെയ്യുകയോ അരുത്.

11 അവനെ ഉപചാരപൂര്‍വം സ്വീകരിച്ചാല്‍ അവന്‍റെ ദുഷ്പ്രവൃത്തിയില്‍ പങ്കുചേരുകയാണല്ലോ ചെയ്യുന്നത്.

12

നിങ്ങള്‍ക്കു വളരെയധികം എഴുതുവാനുണ്ടെങ്കിലും, കടലാസും മഷിയും ഉപയോഗിച്ച് എഴുതുവാനല്ല ഞാന്‍ ആഗ്രഹിക്കുന്നത്. നിങ്ങളുടെ ആനന്ദം പൂര്‍ണമാകേണ്ടതിന് നിങ്ങളുടെ അടുക്കല്‍ വന്ന് അഭിമുഖം സംസാരിക്കാമെന്നു ഞാന്‍ പ്രത്യാശിക്കുന്നു.

13 നിങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട മാന്യസഹോദരിയുടെ മക്കള്‍ നിങ്ങള്‍ക്കു വന്ദനം പറയുന്നു.