1

1

ആദിമുതല്‍ ഉണ്ടായിരുന്നതും, ഞങ്ങള്‍ കേട്ടതും സ്വന്തം കണ്ണുകൊണ്ട് കണ്ടതും നിരീക്ഷിച്ചറിഞ്ഞതും കൈകള്‍കൊണ്ടു സ്പര്‍ശിച്ചതുമായ ജീവന്‍റെ വചനത്തെക്കുറിച്ചാണു ഞങ്ങള്‍ എഴുതുന്നത്.

2 ജീവന്‍ പ്രത്യക്ഷമായി; ഞങ്ങള്‍ ദര്‍ശിച്ചു. ഞങ്ങള്‍ അതിനു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. പിതാവിനോടുകൂടി ഉണ്ടായിരുന്നതും ഞങ്ങള്‍ക്കു കാണിച്ചുതന്നതുമായ അനശ്വരജീവനെക്കുറിച്ച് ഞങ്ങള്‍ പ്രഖ്യാപനം ചെയ്യുന്നു.

3 ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തതുതന്നെ നിങ്ങളോടു പ്രസ്താവിക്കുന്നു. നിങ്ങള്‍ക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിനാണ് അപ്രകാരം ചെയ്യുന്നത്. നമ്മുടെ കൂട്ടായ്മയാകട്ടെ, പിതാവിനോടും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു.

4 നമ്മുടെ ആനന്ദം പൂര്‍ണമാകുന്നതിനുവേണ്ടിയാണ് ഇതെഴുതുന്നത്.

5

ദൈവം പ്രകാശമാകുന്നു; ദൈവത്തില്‍ അന്ധകാരത്തിന്‍റെ കണികപോലുമില്ല; ഇതാണ് യേശുക്രിസ്തുവില്‍നിന്നു ഞങ്ങള്‍ കേട്ടതും നിങ്ങളോടു പ്രഖ്യാപനം ചെയ്യുന്നതുമായ സന്ദേശം.

6 അവിടുത്തോടു കൂട്ടായ്മ ഉണ്ടെന്നു നാം പറയുകയും ഇരുളില്‍ നടക്കുകയും ചെയ്യുന്നെങ്കില്‍, നാം പറയുന്നത് വ്യാജമാണ്; നാം സത്യത്തെ അനുസരിച്ചു ജീവിക്കുന്നവരല്ല.

7 അവിടുന്നു പ്രകാശത്തിലായിരിക്കുന്നതുപോലെ നാം പ്രകാശത്തില്‍ നടക്കുന്നെങ്കില്‍ നമുക്ക് അന്യോന്യം കൂട്ടായ്മ ഉണ്ട്. അവിടുത്തെ പുത്രനായ യേശുവിന്‍റെ രക്തം സര്‍വപാപവും നീക്കി നമ്മെ ശുദ്ധീകരിക്കുന്നു.

8

നമുക്കു പാപം ഇല്ലെന്നു നാം പറയുന്നെങ്കില്‍, നമ്മെത്തന്നെ വഞ്ചിക്കുന്നു; സത്യം നമ്മില്‍ ഇല്ലെന്നു സ്പഷ്ടം.

9 ദൈവം വാഗ്ദാനം നിറവേറ്റുന്നവനും നീതി പ്രവര്‍ത്തിക്കുന്നവനും ആകുന്നു; പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍ അവിടുന്നു നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുകയും നമ്മുടെ എല്ലാ അനീതികളും അകറ്റി നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും.

10 നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നെങ്കില്‍ നാം ദൈവത്തെ അസത്യവാദിയാക്കുന്നു; അവിടുത്തെ വചനം നമ്മിലുണ്ടായിരിക്കുകയില്ല.

2

1

പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, നിങ്ങള്‍ പാപം ചെയ്യാതിരിക്കുവാന്‍വേണ്ടിയാണ് ഞാന്‍ ഇത് എഴുതുന്നത്. എന്നാല്‍ ആരെങ്കിലും പാപം ചെയ്യുന്നെങ്കില്‍, പിതാവിന്‍റെ സന്നിധിയില്‍ നമുക്കുവേണ്ടി വാദിക്കുന്ന ഒരു മധ്യസ്ഥന്‍ നമുക്കുണ്ട് - നീതിമാനായ യേശുക്രിസ്തു.

2 അവിടുന്നു നമ്മുടെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിനു മാത്രമല്ല, സര്‍വലോകത്തിന്‍റെയും പാപങ്ങള്‍ക്കു പ്രായശ്ചിത്തം ആകുന്നു.

3

നാം ദൈവത്തിന്‍റെ കല്പനകള്‍ അനുസരിക്കുന്നുവെങ്കില്‍ നാം അവിടുത്തെ അറിയുന്നു എന്നു തീര്‍ച്ചയാക്കാം.

4 “ഞാന്‍ അവിടുത്തെ അറിയുന്നു” എന്നു പറയുകയും അവിടുത്തെ കല്പനകള്‍ അനുസരിക്കാതിരിക്കുകയും ചെയ്യുന്നവന്‍ അസത്യവാദി ആകുന്നു. സത്യം അവനില്‍ ഇല്ല.

5 എന്നാല്‍ അവിടുത്തെ വചനം അനുസരിക്കുന്ന ഏതൊരുവനിലും വാസ്തവത്തില്‍ ദൈവസ്നേഹം നിറഞ്ഞുകവിയുന്നു. അവിടുത്തോടു നാം ഏകീഭവിച്ചിരിക്കുന്നു എന്ന് ഇതിനാല്‍ നമുക്ക് അറിയാം.

6 ദൈവത്തില്‍ നിവസിക്കുന്നു എന്നു പറയുന്നവന്‍ യേശുക്രിസ്തു ജീവിച്ചതുപോലെ ജീവിക്കേണ്ടതാകുന്നു.

7

പ്രിയപ്പെട്ടവരേ, പുതിയ കല്പനയല്ല ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത്, പിന്നെയോ ആദിമുതല്‍ നിങ്ങള്‍ക്കുണ്ടായിരുന്ന പഴയ കല്പനയാണ്. ആ പഴയ കല്പന നിങ്ങള്‍ കേട്ട വചനമാകുന്നു.

8 എന്നിരുന്നാലും ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത് ഒരു പുതിയ കല്പനയാണെന്നും വേണമെങ്കില്‍ പറയാം. അത് ക്രിസ്തുവിലും നിങ്ങളിലും യഥാര്‍ഥമായിരിക്കുന്നു. എന്തെന്നാല്‍ അന്ധകാരം അകലുന്നു; സത്യവെളിച്ചം പ്രകാശിച്ചു തുടങ്ങി.

9

താന്‍ പ്രകാശത്തില്‍ ജീവിക്കുന്നു എന്നു പറയുകയും സഹോദരനെ വെറുക്കുകയും ചെയ്യുന്നവന്‍ ഇപ്പോഴും ഇരുട്ടിലാണു കഴിയുന്നത്.

10 സഹോദരനെ സ്നേഹിക്കുന്നവന്‍ പ്രകാശത്തില്‍ നിവസിക്കുന്നു. അതുകൊണ്ട് അവന്‍ തട്ടിവീഴാനിടയാകുന്നില്ല.

11 എന്നാല്‍ സഹോദരനെ വെറുക്കുന്നവന്‍ ഇരുളില്‍ ഇരിക്കുന്നു, ഇരുട്ടില്‍ നടക്കുകയും ചെയ്യുന്നു. എങ്ങോട്ടാണു താന്‍ പോകുന്നതെന്ന് അവന് അറിഞ്ഞുകൂടാ. എന്തുകൊണ്ടെന്നാല്‍ ഇരുട്ട് അവന്‍റെ കണ്ണുകളെ അന്ധമാക്കിയിരിക്കുന്നു.

12

എന്‍റെ കുഞ്ഞുമക്കളേ, ക്രിസ്തുവിന്‍റെ നാമത്തില്‍ നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു.

13 പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങള്‍ അറിയുന്നതുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു. യുവജനങ്ങളേ, നിങ്ങള്‍ ദുഷ്ടനെ ജയിച്ചിരിക്കുകയാല്‍ ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു. കൊച്ചുകുഞ്ഞുങ്ങളേ, നിങ്ങള്‍ പിതാവിനെ അറിയുന്നതുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു.

14

പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങള്‍ അറിയുന്നതുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു. യുവാക്കളേ, നിങ്ങള്‍ ശക്തരായിരിക്കുന്നതുകൊണ്ടും, ദൈവവചനം നിങ്ങളില്‍ നിവസിക്കുന്നതുകൊണ്ടും, ദുഷ്ടനെ നിങ്ങള്‍ കീഴടക്കിയിരിക്കുന്നതുകൊണ്ടും ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു.

15

ലോകത്തെയോ, ലോകത്തിലുള്ളതിനെയോ നിങ്ങള്‍ സ്നേഹിക്കരുത്. ഒരുവന്‍ ലോകത്തെ സ്നേഹിക്കുന്നുവെങ്കില്‍ അവനില്‍ പിതാവിന്‍റെ സ്നേഹമില്ല.

16 മാംസദാഹം, കാമാസക്തമായ കണ്ണുകള്‍, ജീവിതത്തിന്‍റെ അഹന്ത, ഇവയെല്ലാം ലോകത്തിനുള്ളവയത്രേ. ലോകത്തിനുള്ളത് പിതാവില്‍നിന്നുള്ളതല്ല.

17 ലോകവും അതിന്‍റെ മോഹവും മാറിപ്പോകുന്നു. ദൈവത്തിന്‍റെ ഇഷ്ടം പ്രവര്‍ത്തിക്കുന്നവനോ എന്നേക്കും നിലനില്‌ക്കുന്നു.

18

കുഞ്ഞുങ്ങളേ, ഇത് അന്ത്യനാഴികയാണ്. ക്രിസ്തുവൈരി വരുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ പല ക്രിസ്തുവൈരികള്‍ വന്നുകഴിഞ്ഞു; അതുകൊണ്ട് ഇത് അന്ത്യനാഴികയാണെന്നു നാം അറിയുന്നു.

19 അവര്‍ നമ്മുടെ ഇടയില്‍നിന്നു പുറപ്പെട്ടവരാണെങ്കിലും നമുക്കുള്ളവരായിരുന്നില്ല. അവര്‍ നമുക്കുള്ളവര്‍ ആയിരുന്നെങ്കില്‍ നമ്മോടുകൂടി നില്‌ക്കുമായിരുന്നു. അവര്‍ നമ്മെ വിട്ടുപോയി. അതില്‍നിന്ന് അവര്‍ നമുക്കുള്ളവരല്ലെന്നു സ്പഷ്ടമാണല്ലോ.

20

നിങ്ങള്‍ പരിശുദ്ധനാല്‍ അഭിഷിക്തരായിരിക്കുന്നു. അതുകൊണ്ട് സത്യം എന്തെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം.

21 സത്യം നിങ്ങള്‍ അറിയാത്തതുകൊണ്ടല്ല, നിങ്ങള്‍ അത് അറിയുന്നതുകൊണ്ടും, യാതൊരു വ്യാജവും സത്യത്തില്‍നിന്നു വരുന്നില്ല എന്ന് അറിയുന്നതുകൊണ്ടും അത്രേ ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത്.

22

യേശു, ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവനല്ലാതെ വ്യാജം പറയുന്നവന്‍ മറ്റാരാണ്? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാണ് ക്രിസ്തുവൈരി.

23 പുത്രനെ നിഷേധിക്കുന്നവന്‍ പിതാവിനെയും നിഷേധിക്കുന്നു. പുത്രനെ സ്വീകരിക്കുന്നവന് പിതാവുമുണ്ട്.

24

ആദിമുതല്‍ നിങ്ങള്‍ കേട്ടത് നിങ്ങളില്‍ നിവസിക്കട്ടെ. ആദിമുതല്‍ കേട്ടത് നിങ്ങളില്‍ നിവസിക്കുന്നെങ്കില്‍ നിങ്ങള്‍ പുത്രനിലും പിതാവിലും നിവസിക്കും.

25 ഇതാകുന്നു അവിടുന്നു നമുക്കു നല്‌കിയിരിക്കുന്ന വാഗ്ദാനം- അനശ്വരജീവന്‍ തന്നെ.

26

നിങ്ങളെ വഴിതെറ്റിക്കുന്നവരെപ്പറ്റിയാണ് ഇതു ഞാന്‍ എഴുതുന്നത്.

27 എന്നാല്‍ ക്രിസ്തുവില്‍നിന്നു നിങ്ങള്‍ക്കു ലഭിച്ച പരിശുദ്ധാത്മാവു നിങ്ങളില്‍ വസിക്കുന്നതിനാല്‍ നിങ്ങളെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല. അവിടുത്തെ ആത്മാവ് എല്ലാം നിങ്ങള്‍ക്ക് ഉപദേശിച്ചു തരുന്നു. അവിടുന്ന് ഉപദേശിക്കുന്നത് വ്യാജമല്ല, സത്യമാകുന്നു. ആത്മാവിന്‍റെ ഉപദേശമനുസരിച്ച് ക്രിസ്തുവിനോട് ഏകീഭവിച്ചു ജീവിക്കുക.

28

എന്‍റെ കുഞ്ഞുങ്ങളേ, ക്രിസ്തുവിന്‍റെ വരവിങ്കല്‍ നാം അവിടുത്തെ സന്നിധിയില്‍ ലജ്ജിച്ചുപോകാതെ ആത്മധൈര്യമുള്ളവരായിരിക്കേണ്ടതിന് അവിടുത്തോട് ഏകീഭവിച്ചു ജീവിക്കുക.

29 അവിടുന്നു നീതിമാനാണെന്നു നിങ്ങള്‍ക്കു ബോധ്യമുണ്ടെങ്കില്‍ നീതി പ്രവര്‍ത്തിക്കുന്നവരെല്ലാം അവിടുന്നില്‍നിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങള്‍ക്ക് അറിയാമല്ലോ.

3

1

കാണുക, നാം ദൈവത്തിന്‍റെ മക്കള്‍ എന്നു വിളിക്കപ്പെടുവാന്‍ പിതാവ് എത്ര വലിയ സ്നേഹമാണു നമുക്ക് നല്‌കിയിരിക്കുന്നത്. നാം അങ്ങനെതന്നെ ആകുന്നു താനും. ലോകം ദൈവത്തെ അറിയായ്കകൊണ്ട് നമ്മെയും അറിയുന്നില്ല.

2

പ്രിയപ്പെട്ടവരേ, നാം ദൈവത്തിന്‍റെ മക്കളാകുന്നു. നാം എന്തായിത്തീരുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ ക്രിസ്തു പ്രത്യക്ഷനാകുമ്പോള്‍ നാം അവിടുത്തെപ്പോലെ ആയിത്തീരുമെന്നു നാം അറിയുന്നു. എന്തെന്നാല്‍ അവിടുന്നു യഥാര്‍ഥത്തില്‍ എപ്രകാരം ആയിരിക്കുന്നുവോ അപ്രകാരം അവിടുത്തെ നാം ദര്‍ശിക്കും.

3 ക്രിസ്തുവില്‍ ഈ പ്രത്യാശ ഉള്ളവര്‍ ക്രിസ്തു നിര്‍മ്മലനായിരിക്കുന്നതുപോലെ തങ്ങളെത്തന്നെ നിര്‍മ്മലരാക്കും.

4

പാപം ചെയ്യുന്ന ഏതൊരുവനും നിയമലംഘനംമൂലം കുറ്റക്കാരനായിത്തീരുന്നു; പാപം നിയമലംഘനം തന്നെ.

5 പാപത്തെ നിര്‍മാര്‍ജനം ചെയ്യുന്നതിന് ക്രിസ്തു പ്രത്യക്ഷനായി. ക്രിസ്തുവില്‍ പാപം ഉണ്ടായിരുന്നില്ല.

6 ക്രിസ്തുവില്‍ നിവസിക്കുന്നവന്‍ പാപം ചെയ്തുകൊണ്ടിരിക്കുന്നില്ല. പാപം ചെയ്തുകൊണ്ടിരിക്കുന്ന ഒരുവനും അവിടുത്തെ കാണുകയോ അറിയുകയോ ചെയ്തിട്ടില്ല.

7

കുഞ്ഞുങ്ങളേ, ആരും നിങ്ങളെ വഴി തെറ്റിക്കരുത്. അവിടുന്നു നീതിമാനായിരിക്കുന്നതുപോലെ നീതി പ്രവര്‍ത്തിക്കുന്നവന്‍ നീതിമാനാകുന്നു.

8 പാപം ചെയ്യുന്നവന്‍ പിശാചിന്‍റെ മകനാകുന്നു. ആദിമുതല്‍തന്നെ പാപംചെയ്തവനാണല്ലോ പിശാച്. പിശാചിന്‍റെ പ്രവൃത്തികളെ തകര്‍ക്കുവാനാണ് ദൈവപുത്രന്‍ പ്രത്യക്ഷനായത്.

9

ദൈവത്തില്‍നിന്നു ജനിച്ചവരാരും പാപം ചെയ്യുന്നില്ല. എന്തുകൊണ്ടെന്നാല്‍ ദൈവത്തിന്‍റെ സത്ത അവനില്‍ കുടികൊള്ളുന്നു. താന്‍ ദൈവത്തില്‍നിന്നു ജനിച്ചവനാകയാല്‍ അവനു പാപത്തില്‍ ജീവിക്കുവാന്‍ സാധ്യമല്ല.

10 ഇതില്‍നിന്നും ദൈവത്തിന്‍റെ മക്കള്‍ ആരെന്നും പിശാചിന്‍റെ മക്കള്‍ ആരെന്നും തെളിയുന്നു. നീതി പ്രവര്‍ത്തിക്കാത്ത ഒരുവനും ദൈവത്തില്‍നിന്നു ജനിച്ചവനല്ല. തന്‍റെ സഹോദരനെ സ്നേഹിക്കാത്തവനും അതുപോലെതന്നെ.

11

നാം പരസ്പരം സ്നേഹിക്കണം എന്നുള്ളതാണല്ലോ ആദിമുതല്‍ നിങ്ങള്‍ കേട്ട സന്ദേശം.

12 തിന്മയില്‍നിന്നു ജന്മമെടുത്ത് സ്വസഹോദരനെ വധിച്ച കയീനെപ്പോലെ നിങ്ങള്‍ ആകരുത്. കയീന്‍ തന്‍റെ സഹോദരനെ കൊന്നത് എന്തുകൊണ്ട്? തന്‍റെ പ്രവൃത്തി ദുഷ്ടവും സഹോദരന്‍റേത് നീതിനിഷ്ഠവും ആയതുകൊണ്ടത്രേ.

13

സഹോദരരേ, ലോകം നിങ്ങളെ വെറുക്കുന്നു എങ്കില്‍ ആശ്ചര്യപ്പെടരുത്.

14 നാം മരണത്തെ അതിജീവിച്ച് ജീവനില്‍ പ്രവേശിച്ചിരിക്കുന്നു എന്ന് സഹോദരന്മാരെ സ്നേഹിക്കുന്നതുമൂലം നാം അറിയുന്നു. സഹോദരന്മാരെ സ്നേഹിക്കാത്തവന്‍ മരണത്തിന്‍റെ പിടിയില്‍ കഴിയുന്നു.

15 സഹോദരനെ ദ്വേഷിക്കുന്നവന്‍ കൊലപാതകിയാണ്. ഒരു കൊലപാതകിയിലും അനശ്വരജീവന്‍ കുടികൊള്ളുന്നില്ല എന്നു നിങ്ങള്‍ക്ക് അറിയാമല്ലോ.

16 ക്രിസ്തു നമുക്കുവേണ്ടി തന്‍റെ ജീവന്‍ അര്‍പ്പിച്ചു. ഇതില്‍നിന്ന് സ്നേഹം എന്തെന്ന് നാം അറിയുന്നു. നമ്മളും സഹോദരന്മാര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കേണ്ടവരാണ്.

17 എന്നാല്‍ ഐഹികജീവിതത്തിനു വേണ്ട വസ്തുവകകളുള്ള ഒരുവന്‍, തന്‍റെ സഹോദരന്‍റെ ബുദ്ധിമുട്ടും പ്രയാസവും കണ്ടിട്ടും ദയയുടെ വാതില്‍ കൊട്ടിയടയ്‍ക്കുന്നെങ്കില്‍ അയാളില്‍ ദൈവത്തിന്‍റെ സ്നേഹം വസിക്കുന്നു എന്ന് എങ്ങനെ പറയാം?

18 കുഞ്ഞുങ്ങളേ, വെറും വാക്കുകൊണ്ടും സംസാരംകൊണ്ടും അല്ല പ്രവൃത്തികൊണ്ടും സത്യംകൊണ്ടുമാണു നാം സ്നേഹിക്കേണ്ടത്.

19

[19,20] നാം സത്യത്തിന്‍റെ പക്ഷത്തുള്ളവരാണെന്ന് ഇതിനാല്‍ നമുക്ക് അറിയാം. ദൈവത്തിന്‍റെ സന്നിധിയില്‍ നാം ധൈര്യം ഉള്ളവരായിരിക്കുന്നതും ഇതുകൊണ്ടാണ്. നമ്മുടെ മനസ്സാക്ഷി നമ്മെ കുറ്റപ്പെടുത്തുന്നു എങ്കില്‍, ദൈവം മനസ്സാക്ഷിയെക്കാള്‍ വലിയവനും സകലവും അറിയുന്നവനും ആണല്ലോ.

20

21 അതുകൊണ്ടു പ്രിയപ്പെട്ടവരേ, നമ്മുടെ മനസ്സാക്ഷി നമ്മെ കുറ്റപ്പെടുത്തുന്നില്ലെങ്കില്‍ ദൈവത്തിന്‍റെ മുമ്പില്‍ നമുക്കു ധൈര്യം ഉണ്ട്.

22 നാം എന്തു ചോദിച്ചാലും നമുക്കു ലഭിക്കുന്നു. എന്തുകൊണ്ടെന്നാല്‍ നാം ദൈവത്തിന്‍റെ കല്പനകള്‍ അനുസരിക്കുകയും അവിടുത്തേക്കു പ്രസാദകരമായതു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

23 തന്‍റെ പുത്രനായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ വിശ്വസിക്കുകയും അവിടുന്നു നമ്മോടു കല്പിച്ചതുപോലെ പരസ്പരം സ്നേഹിക്കുകയും ചെയ്യുക എന്നതാണു ദൈവത്തിന്‍റെ കല്പന.

24 ദൈവത്തിന്‍റെ കല്പന അനുസരിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു. ദൈവം നമ്മില്‍ വസിക്കുന്നു എന്ന് അവിടുന്നു നമുക്കു നല്‌കിയിട്ടുള്ള ആത്മാവിനാല്‍ നാം അറിയുന്നു.

4

1

പ്രിയപ്പെട്ടവരേ, ആത്മാവുണ്ടെന്ന് അവകാശപ്പെടുന്ന എല്ലാവരെയും വിശ്വസിക്കരുത്. ആത്മാവ് ദൈവത്തില്‍നിന്നുള്ളതാണോ എന്നു ശോധന ചെയ്യുക. എന്തെന്നാല്‍ അനേകം വ്യാജപ്രവാചകന്മാര്‍ ലോകത്തില്‍ ഇറങ്ങിയിട്ടുണ്ട്.

2 ദൈവാത്മാവിനെ തിരിച്ചറിയുന്നത് ഇങ്ങനെയാണ്. യേശുക്രിസ്തു മനുഷ്യനായി വന്നു എന്ന് ഏറ്റുപറയുന്ന ഏത് ആത്മാവും ദൈവത്തില്‍ നിന്നുള്ളതാകുന്നു.

3 യേശുക്രിസ്തുവിനെ അപ്രകാരം ഏറ്റുപറയാത്ത ഒരാത്മാവും ദൈവത്തില്‍നിന്നുള്ളതല്ല. അത് ക്രിസ്തുവൈരിയുടെ ആത്മാവാകുന്നു. ക്രിസ്തുവൈരി വരുമെന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ത്തന്നെ ക്രിസ്തുവൈരി ലോകത്തിലുണ്ട്.

4

കുഞ്ഞുങ്ങളേ, നിങ്ങള്‍ ദൈവത്തില്‍ നിന്നുള്ളവരാകുന്നു; നിങ്ങള്‍ വ്യാജപ്രവാചകന്മാരെ ജയിച്ചിരിക്കുന്നു. നിങ്ങളിലുള്ളവന്‍ ലോകത്തിലുള്ളവനെക്കാള്‍ വലിയവനാണല്ലോ.

5 അവര്‍ ലോകത്തിനുള്ളവരാകയാല്‍ ലൗകികമായ കാര്യങ്ങളാണു സംസാരിക്കുന്നത്. ലോകം അവരെ ശ്രദ്ധിക്കുന്നു.

6 എന്നാല്‍ നാം ദൈവത്തിനുള്ളവരാണ്. ദൈവത്തെ അറിയുന്നവന്‍ നമ്മെ ശ്രദ്ധിക്കുന്നു. ദൈവത്തില്‍നിന്നല്ലാത്തവന്‍ നമ്മെ ശ്രദ്ധിക്കുന്നില്ല. ഇങ്ങനെയാണ് നാം സത്യത്തിന്‍റെ ആത്മാവിനെയും വഞ്ചനയുടെ ആത്മാവിനെയും തിരിച്ചറിയുന്നത്.

7

പ്രിയപ്പെട്ടവരേ, നാം അന്യോന്യം സ്നേഹിക്കണം. എന്തെന്നാല്‍ സ്നേഹം ദൈവത്തില്‍നിന്നുള്ളതാകുന്നു. സ്നേഹിക്കുന്ന ഏതൊരുവനും ദൈവത്തില്‍നിന്നു ജനിച്ചവനാണ്. അവന്‍ ദൈവത്തെ അറിയുകയും ചെയ്യുന്നു.

8 സ്നേഹിക്കാത്തവന്‍ ദൈവത്തെ അറിയുന്നില്ല.

9 ദൈവം സ്നേഹം തന്നെ. തന്‍റെ പുത്രനിലൂടെ നമുക്കു ജീവന്‍ ലഭിക്കേണ്ടതിന് ആ ഏകപുത്രനെ ദൈവം ലോകത്തിലേക്ക് അയച്ചു. അങ്ങനെയാണ് ദൈവം തന്‍റെ സ്നേഹം നമ്മുടെ ഇടയില്‍ വെളിപ്പെടുത്തിയത്.

10 നാം ദൈവത്തെ സ്നേഹിക്കുകയല്ല, പ്രത്യുത, അവിടുന്നു നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപത്തിന്‍റെ പരിഹാരമായി സ്വപുത്രനെ അയയ്‍ക്കുകയുമാണ് ഉണ്ടായത്; ഇതാണു സാക്ഷാല്‍ സ്നേഹം.

11

പ്രിയപ്പെട്ടവരേ, ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു എങ്കില്‍, നാമും അന്യോന്യം സ്നേഹിക്കേണ്ടതല്ലേ?

12 ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. നാം അന്യോന്യം സ്നേഹിക്കുന്നുവെങ്കില്‍ ദൈവം നമ്മില്‍ നിവസിക്കുന്നു. അവിടുത്തെ സ്നേഹം നമ്മില്‍ പൂര്‍ണമാകുകയും ചെയ്തിരിക്കുന്നു.

13

തന്‍റെ സ്വന്തം ആത്മാവിനെ ദൈവം നമുക്കു നല്‌കിയിരിക്കുന്നതുകൊണ്ട് നാം ദൈവത്തില്‍ വസിക്കുകയും ദൈവം നമ്മില്‍ വസിക്കുകയും ചെയ്യുന്നു എന്നും നാം അറിയുന്നു.

14 പിതാവ് തന്‍റെ പുത്രനെ ലോകരക്ഷകനായി അയച്ചതു ഞങ്ങള്‍ കണ്ടു; അതിനു ഞങ്ങള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു.

15 യേശു ദൈവപുത്രനെന്ന് ഒരുവന്‍ ഏറ്റുപറയുന്നെങ്കില്‍ ദൈവം അവനിലും അവന്‍ ദൈവത്തിലും വസിക്കുന്നു.

16 ദൈവത്തിനു നമ്മോടുള്ള സ്നേഹത്തെ നാം അറിയുകയും വിശ്വസിക്കുകയും ചെയ്തിരിക്കുന്നു.

ദൈവം സ്നേഹമാകുന്നു. സ്നേഹത്തില്‍ ജീവിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു.

17 സ്നേഹം നമ്മില്‍ പൂര്‍ണമാക്കപ്പെട്ടിരിക്കുന്നതിനാല്‍ ന്യായവിധി ദിവസം നമുക്കു ധൈര്യം ഉണ്ടായിരിക്കും. ഈ ലോകത്തിലെ നമ്മുടെ ജീവിതം ക്രിസ്തുവിന്‍റെ ജീവിതംപോലെയാകുന്നു.

18 സ്നേഹത്തില്‍ ഭയമില്ല; തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കുന്നു. ഭയപ്പെടുന്നവനില്‍ സ്നേഹത്തിന്‍റെ തികവില്ല. എന്തുകൊണ്ടെന്നാല്‍ ശിക്ഷയെക്കുറിച്ചാണല്ലോ ഭയം.

19

ദൈവം ആദ്യം നമ്മെ സ്നേഹിച്ചു. അതുകൊണ്ടു നമ്മളും സ്നേഹിക്കുന്നു.

20 ഒരുവന്‍ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുകയും സഹോദരനെ ദ്വേഷിക്കുകയും ചെയ്യുന്നു എങ്കില്‍ അവന്‍ പറയുന്നത് വ്യാജമാണ്. കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് അദൃശ്യനായ ദൈവത്തെ സ്നേഹിക്കുവാന്‍ എങ്ങനെ കഴിയും?

21 ദൈവത്തെ സ്നേഹിക്കുന്ന ഏതൊരുവനും സഹോദരനെയും സ്നേഹിക്കേണ്ടതാണ്. ഇതാകുന്നു ക്രിസ്തുവില്‍നിന്നു നമുക്കു ലഭിച്ചിരിക്കുന്ന കല്പന.

5

1

യേശുവാണു ക്രിസ്തു എന്നു വിശ്വസിക്കുന്ന ഏതൊരുവനും ദൈവത്തിന്‍റെ പുത്രനാണ്; പിതാവിനെ സ്നേഹിക്കുന്നവന്‍ അവിടുത്തെ പുത്രനെയും സ്നേഹിക്കുന്നു.

2 ദൈവത്തെ സ്നേഹിക്കുകയും അവിടുത്തെ കല്പനകള്‍ അനുസരിക്കുകയും ചെയ്യുമ്പോള്‍ നാം ദൈവമക്കളെയും സ്നേഹിക്കുന്നു എന്നു നമുക്ക് അറിയാം.

3 നാം ദൈവത്തിന്‍റെ കല്പനകള്‍ അനുസരിക്കുന്നതാണല്ലോ ദൈവത്തോടുള്ള സ്നേഹം. അവിടുത്തെ കല്പനകള്‍ ദുര്‍വഹമല്ല.

4 ദൈവത്തില്‍നിന്നു ജനിച്ചവരെല്ലാം ലോകത്തെ ജയിക്കുന്നു. ലോകത്തിന്മേലുള്ള വിജയമാകട്ടെ, വിശ്വാസം മുഖേനയുള്ളതുതന്നെ.

5 ആരാണു ലോകത്തെ ജയിക്കുന്നത്? യേശു ദൈവപുത്രന്‍ എന്നു വിശ്വസിക്കുന്നവനല്ലാതെ മറ്റാരാണ്?

6

സ്നാപനത്തിലൂടെയും ക്രൂശില്‍ ചൊരിഞ്ഞ രക്തത്തിലൂടെയും വെളിപ്പെട്ടവനാണ് യേശുക്രിസ്തു. ജലത്തിലൂടെ മാത്രമല്ല, ജലത്തിലൂടെയും രക്തത്തിലൂടെയും തന്നെ.

7 ഇതിനു സാക്ഷ്യം വഹിക്കുന്നത് ആത്മാവാണ്.

8 ആത്മാവു സത്യമാണല്ലോ. സാക്ഷികള്‍ മൂന്നുണ്ട്: ആത്മാവും, ജലവും, രക്തവും. ഈ മൂന്നിന്‍റെയും സാക്ഷ്യം ഒന്നാകുന്നു.

9 നാം മനുഷ്യരുടെ സാക്ഷ്യം സ്വീകരിക്കുന്നുവെങ്കില്‍, ദൈവത്തിന്‍റെ സാക്ഷ്യം അതിലും വലുതാണല്ലോ. ദൈവത്തിന്‍റെ സാക്ഷ്യം അവിടുത്തെ പുത്രനെക്കുറിച്ചു നല്‌കിയിട്ടുള്ളതുതന്നെ.

10 ദൈവപുത്രനില്‍ വിശ്വസിക്കുന്നവന്‍റെ ഉള്ളില്‍ത്തന്നെ ആ സാക്ഷ്യമുണ്ട്. ദൈവത്തെ വിശ്വസിക്കാത്തവന്‍, ദൈവം തന്‍റെ പുത്രനെക്കുറിച്ചു നല്‌കിയ സാക്ഷ്യം വിശ്വസിക്കാത്തതുകൊണ്ട് ദൈവത്തെ അസത്യവാദിയാക്കുന്നു.

11 ദൈവം നമുക്കു നിത്യജീവന്‍ നല്‌കി; അവിടുത്തെ പുത്രനോടുള്ള ഐക്യത്തില്‍ ആ ജീവന്‍ നമുക്കു ലഭിക്കുന്നു. ഇതാണ് ആ സാക്ഷ്യം.

12 പുത്രനുള്ളവനു ജീവനുണ്ട്; ദൈവപുത്രനില്ലാത്തവനു ജീവനില്ല.

13

നിങ്ങള്‍ക്ക് അനശ്വരജീവനുണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിന്, ദൈവപുത്രന്‍റെ നാമത്തില്‍ വിശ്വസിക്കുന്നവരായ നിങ്ങള്‍ക്ക് ഞാന്‍ ഇതെഴുതുന്നു.

14 ദൈവത്തിന്‍റെ ഇച്ഛാനുസരണം നാം അപേക്ഷിക്കുമെങ്കില്‍, അവിടുന്നു നമ്മുടെ അപേക്ഷ കേള്‍ക്കുന്നു എന്നതാണു നമുക്ക് അവിടുത്തെക്കുറിച്ചുള്ള ഉറപ്പ്.

15 നാം എന്തുതന്നെ അപേക്ഷിച്ചാലും അവിടുന്നു നമ്മുടെ അപേക്ഷ കേള്‍ക്കുന്നു എന്നു നാം അറിയുന്നുവെങ്കില്‍, നാം ചോദിച്ചതു ലഭിച്ചിരിക്കുന്നു എന്നും നാം അറിയുന്നു.

16

ഒരു സഹോദരന്‍ മരണകരമല്ലാത്ത പാപം ചെയ്യുന്നതായി ആരെങ്കിലും കണ്ടാല്‍ അവന്‍ ആ സഹോദരനുവേണ്ടി പ്രാര്‍ഥിക്കട്ടെ. മരണകരമല്ലാത്ത പാപം ചെയ്യുന്നവര്‍ക്കു ദൈവം ജീവന്‍ പ്രദാനം ചെയ്യും. എന്നാല്‍ മരണകരമായ പാപമുണ്ട്. അതിനുവേണ്ടി പ്രാര്‍ഥിക്കണമെന്നു ഞാന്‍ പറയുന്നില്ല.

17 എല്ലാ അധര്‍മവും പാപംതന്നെ. എന്നാല്‍ മരണത്തിലേക്കു നയിക്കാത്ത പാപമുണ്ട്.

18

ദൈവത്തില്‍നിന്നു ജനിച്ചവന്‍ പാപം ചെയ്തുകൊണ്ടിരിക്കുന്നില്ല എന്നു നാം അറിയുന്നു. ദൈവത്തില്‍നിന്നു ജനിച്ചവന്‍ തന്നെത്തന്നെ സംരക്ഷിക്കുന്നു; ദുഷ്ടന്‍ അവനെ തൊടുകയുമില്ല.

19

നാം ദൈവത്തില്‍നിന്നുള്ളവരാണെന്നും എന്നാല്‍ സര്‍വലോകവും ദുഷ്ടന്‍റെ അധീനതയിലാണെന്നും നാം അറിയുന്നു.

20

ദൈവപുത്രന്‍ വന്നു എന്നും സത്യദൈവത്തെ അറിയുവാനുള്ള വിവേകം അവിടുന്നു നമുക്കു നല്‌കി എന്നും നാം അറിയുന്നുവല്ലോ. നാം സത്യദൈവത്തോട്, അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടുതന്നെ ഏകീഭവിച്ചിരിക്കുന്നു; അവിടുന്നാണ് സത്യസ്വരൂപന്‍; അവിടുന്നാണ് നിത്യജീവനും.

21

കുഞ്ഞുങ്ങളേ, വിഗ്രഹാരാധനയില്‍നിന്നു നിങ്ങള്‍ അകന്നു നില്‌ക്കുവിന്‍.