1
നമ്മുടെ ദൈവത്തിന്‍റെയും രക്ഷകനായ യേശുക്രിസ്തുവിന്‍റെയും നീതിയിലൂടെ, ഞങ്ങളോടൊപ്പം അതേ വിലയേറിയ വിശ്വാസം ലഭിച്ചവര്‍ക്ക് യേശുക്രിസ്തുവിന്‍റെ ദാസനും അപ്പോസ്തോലനുമായ ശിമോന്‍പത്രോസ് എഴുതുന്നത്.2
ദൈവത്തെയും നമ്മുടെ കര്‍ത്താവായ യേശുവിനെയും കുറിച്ചുള്ള പരിജ്ഞാനംമൂലം നിങ്ങള്‍ക്കു കൃപയും സമാധാനവും ധാരാളമായി ഉണ്ടാകട്ടെ.3
തന്‍റെ മഹത്ത്വത്തിലും നന്മയിലും പങ്കാളികള്‍ ആകുന്നതിനു നമ്മെ വിളിച്ച ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിലൂടെ ഭക്തിപൂര്‍വം ജീവിക്കുന്നതിനു വേണ്ടതൊക്കെ അവിടുത്തെ ദിവ്യശക്തി നമുക്കു പ്രദാനം ചെയ്തിരിക്കുന്നു.4 അവിടുന്നു വാഗ്ദാനം ചെയ്തിരുന്ന അതിമഹത്തും അമൂല്യവുമായ വരങ്ങള്‍ നമുക്കു ലഭിച്ചിട്ടുണ്ട്. ഈ ലോകത്തിലെ വിനാശകരമായ വിഷയാസക്തിയില്‍നിന്നു രക്ഷപെടുവാനും ദിവ്യസ്വഭാവത്തില്‍ നിങ്ങള്‍ പങ്കുകാരായിത്തീരുവാനും ഈ വരങ്ങള്‍ ഇടയാക്കുന്നു.
5
[5-7] ഇക്കാരണത്താല്‍ വിശ്വാസത്തോടു സ്വഭാവശുദ്ധിയും സ്വഭാവശുദ്ധിയോടു പരിജ്ഞാനവും പരിജ്ഞാനത്തോട് ആത്മസംയമനവും ആത്മസംയമനത്തോടു സ്ഥൈര്യവും സ്ഥൈര്യത്തോടു ദൈവഭക്തിയും ദൈവഭക്തിയോടു സഹോദരപ്രീതിയും സഹോദരപ്രീതിയോടു സ്നേഹവും ചേര്‍ക്കുവാന്‍ സര്‍വാത്മനാ ശ്രമിക്കുക.6
7
8 ഇവ നിങ്ങള്‍ക്കു സമൃദ്ധമായി ഉണ്ടായിരിക്കുന്ന പക്ഷം കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള നിങ്ങളുടെ പരിജ്ഞാനത്തില്‍ നിങ്ങള്‍ പ്രയോജനമുള്ളവരും ഫലം പുറപ്പെടുവിക്കുന്നവരും ആയിരിക്കും.
9 ഇവ ഇല്ലാത്തവന്‍ പഴയ പാപങ്ങളില്‍നിന്നുള്ള ശുദ്ധീകരണം പ്രാപിച്ചിരിക്കുന്നതു മറന്നിരിക്കുന്നു. അവന്‍ ഹ്രസ്വദൃഷ്‍ടി ആയതിനാല്‍ ഒന്നും ശരിയായി കാണുന്നില്ല.
10
അതുകൊണ്ടു സഹോദരരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും യഥാര്‍ഥമാക്കുന്നതിനു തീവ്രയത്നം ചെയ്യുക. അങ്ങനെ നിങ്ങള്‍ ചെയ്യുന്നതായാല്‍ നിങ്ങള്‍ ഒരിക്കലും വീണുപോകുകയില്ല.11 നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്‍റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനത്തിന് ആവശ്യമുള്ളതെല്ലാം സമൃദ്ധമായി ലഭിക്കുകയും ചെയ്യും.
12
ഇക്കാര്യങ്ങളെല്ലാം നിങ്ങള്‍ക്ക് അറിവുള്ളതാണ്. നിങ്ങള്‍ക്കു ലഭിച്ച സത്യത്തില്‍ നിങ്ങള്‍ ഉറച്ചു നില്‌ക്കുന്നവരുമാണ്. എങ്കിലും ഇവ ഞാന്‍ എപ്പോഴും നിങ്ങളെ അനുസ്മരിപ്പിക്കും.13 ഈ ശരീരത്തില്‍ ഇരിക്കുന്നിടത്തോളം ഇക്കാര്യങ്ങള്‍ ഓര്‍മിപ്പിച്ച് നിങ്ങളെ ഉണര്‍ത്തുന്നത് ഉചിതമാണെന്നു ഞാന്‍ കരുതുന്നു.
14 എന്തെന്നാല്‍ ഈ ശരീരം ഉപേക്ഷിക്കേണ്ട സമയം ആസന്നമാണെന്നു ഞാന്‍ അറിയുന്നു. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്ന് എനിക്കു ലഭിച്ച വെളിപാടാണ് ഇത്.
15 ഇക്കാര്യങ്ങള്‍ എന്‍റെ നിര്യാണശേഷവും ഏതു സമയത്തും നിങ്ങള്‍ ഓര്‍മിക്കുവാന്‍ തക്കവണ്ണം ഞാന്‍ പരിശ്രമിക്കും.
16
ഞങ്ങള്‍ ബുദ്ധിപൂര്‍വം കെട്ടിച്ചമച്ച കല്പിത കഥകളിലൂടെയല്ല നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ശക്തിയെയും പ്രത്യാഗമനത്തെയും കുറിച്ച് നിങ്ങളെ അറിയിച്ചത്; പ്രത്യുത ഞങ്ങള്‍ അവിടുത്തെ തേജസ്സിനു ദൃക്സാക്ഷികളാണ്.17 അവിടുന്നു പിതാവായ ദൈവത്തില്‍നിന്നു ബഹുമതിയും തേജസ്സും പ്രാപിച്ചപ്പോള്‍ ‘ഇവന്‍ എന്‍റെ പ്രിയപുത്രന്‍, ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു’ എന്ന ശബ്ദം ഉജ്ജ്വല തേജസ്സില്‍നിന്നു പുറപ്പെട്ടു.
18 തത്സമയം ഞങ്ങള്‍ അവിടുത്തോടുകൂടി ആ വിശുദ്ധപര്‍വതത്തില്‍ ഉണ്ടായിരുന്നതിനാല്‍ സ്വര്‍ഗത്തില്‍നിന്നുണ്ടായ ആ ശബ്ദം ഞങ്ങള്‍ കേട്ടു.
19
കൂടുതല്‍ ഉറപ്പു നല്‌കുന്ന പ്രവാചകവചനവും നമുക്കുണ്ടല്ലോ. ക്രിസ്തു എന്ന പ്രഭാതനക്ഷത്രം നിങ്ങളുടെ ഹൃദയങ്ങളില്‍ ഉദിക്കുന്ന പുലര്‍കാലംവരെ, ഇരുളടഞ്ഞ സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതേണ്ടതാണ്.20 വേദഗ്രന്ഥത്തിലുള്ള ഒരു പ്രവചനവും ആര്‍ക്കും സ്വയം വ്യാഖ്യാനിക്കാവുന്നതല്ലെന്ന് ഒന്നാമതു മനസ്സിലാക്കണം.
21 എന്തെന്നാല്‍ ഒരു പ്രവചനവും ഒരിക്കലും മനുഷ്യബുദ്ധിയുടെ പ്രചോദനത്താല്‍ ഉണ്ടായിട്ടുള്ളതല്ല. പിന്നെയോ, ദൈവത്തില്‍നിന്നുള്ള പരിശുദ്ധാത്മാവിന്‍റെ നിയോഗപ്രകാരം മനുഷ്യര്‍ പ്രവചിച്ചിട്ടുള്ളതാണ്.
1
എന്നാല്‍ വ്യാജപ്രവാചകന്മാരും ഇസ്രായേല്‍ജനതയില്‍ ഉണ്ടായിട്ടുണ്ട്. അവരെപ്പോലെയുള്ള ദുരുപദേഷ്ടാക്കള്‍ നിങ്ങളുടെ ഇടയിലും ഉണ്ടാകും. അവര്‍ വിനാശകരമായ വിരുദ്ധോപദേശങ്ങള്‍ രഹസ്യമായി കൊണ്ടുവരും. എന്നുമാത്രമല്ല, തങ്ങളെ വിലകൊടുത്തു വീണ്ടെടുത്ത നാഥനെ തള്ളിപ്പറഞ്ഞുകൊണ്ടു തങ്ങള്‍ക്കുതന്നെ ശീഘ്രനാശം വരുത്തുകയും ചെയ്യും.2 അവരുടെ ദുര്‍വൃത്തികളെ പലരും അനുകരിക്കും. അവര്‍ നിമിത്തം സത്യമാര്‍ഗം ദുഷിക്കപ്പെടും.
3 ദ്രവ്യാഗ്രഹം മൂലം വ്യാജം പറഞ്ഞ് അവര്‍ നിങ്ങളെ ചൂഷണം ചെയ്യും. അവരുടെ ന്യായവിധി മുന്‍പുതന്നെ നടന്നുകഴിഞ്ഞു. അതു സുശക്തമായി നിലവിലിരിക്കുന്നു. വിനാശം അവരെ വിഴുങ്ങുവാന്‍ ജാഗരൂകമായിരിക്കുന്നു.
4
പാപം ചെയ്ത മാലാഖമാരെ ദൈവം വെറുതെ വിട്ടില്ല. അവരെ നരകത്തിലേക്ക് എറിഞ്ഞു; അന്ത്യവിധിനാളിനുവേണ്ടി കാത്തുകൊണ്ട് അധോലോകത്തിലെ അന്ധകാരാവൃതമായ ഗര്‍ത്തങ്ങളില്‍ അന്ത്യവിധിനാള്‍വരെ, അവരെ ബന്ധനസ്ഥരായി സൂക്ഷിക്കുവാന്‍ ഏല്പിച്ചിരിക്കുന്നു.5 പുരാതനലോകത്തെയും ദൈവം ഒഴിവാക്കിയില്ല. ദൈവഭയമില്ലാത്ത ജനത്തിന്മേല്‍ അവിടുന്നു പ്രളയം വരുത്തി. എന്നാല്‍ നീതിയുടെ വക്താവായ നോഹയെ വേറെ ഏഴുപേരോടുകൂടി ദൈവം കാത്തു രക്ഷിച്ചു.
6 സോദോം ഗോമോറാ പട്ടണങ്ങളെ ചുട്ടുകരിച്ച് ദൈവം ന്യായം വിധിച്ചു. അവ ദൈവഭയമില്ലാത്ത ജനങ്ങള്‍ക്ക് എന്തു സംഭവിക്കും എന്നതിനു ദൃഷ്ടാന്തമായിത്തീര്‍ന്നു.
7 ആ ദുഷ്ടജനത്തിന്‍റെ ഇടയില്‍ ജീവിക്കുമ്പോള്‍ നീതിമാനായ ലോത്ത് അധര്‍മികളായ അവരുടെ കാമാസക്തമായ ദുര്‍വൃത്തികള്‍ ദിനംതോറും കാണുകയും കേള്‍ക്കുകയും ചെയ്ത് മനംനൊന്തു വലഞ്ഞു.
8 ദൈവം അദ്ദേഹത്തെ വിടുവിച്ചു.
9 തന്‍റെ ഭക്തജനങ്ങളെ പരീക്ഷയില്‍നിന്നു രക്ഷിക്കുവാനും അധര്‍മികളെ
10 പ്രത്യേകിച്ച് ശാരീരികമായ കാമവികാരാദികളാല്‍ ആസക്തരായി ദൈവത്തിന്‍റെ അധികാരത്തെ നിന്ദിക്കുന്നവരെ ദണ്ഡനത്തിനുവേണ്ടി വിധിനാള്‍വരെ സൂക്ഷിക്കുവാനും കര്‍ത്താവിന് അറിയാം.
ധാര്‍ഷ്ട്യവും സ്വേച്ഛാപ്രമത്തതയുമുള്ള അക്കൂട്ടര്‍ ശ്രേഷ്ഠജനത്തെ നിന്ദിക്കുവാന്‍ ശങ്കിക്കുന്നില്ല.11 അതേസമയം അവരെക്കാള്‍ ബലവും ശക്തിയും ഏറിയ മാലാഖമാര്‍പോലും കര്‍ത്താവിന്‍റെ സന്നിധിയില്‍, ആ ശ്രേഷ്ഠജനത്തെ അധിക്ഷേപിക്കുകയോ വിധിക്കുകയോ ചെയ്യുന്നില്ല. പ്രസ്തുത മനുഷ്യര്‍ വന്യമൃഗങ്ങളെപ്പോലെയാണ്;
12 അവയെ മനുഷ്യര്‍ വേട്ടയാടുകയും കൊല്ലുകയും ചെയ്യുന്നു. അതിലധികം ഉദ്ദേശ്യം അവയുടെ ജന്മത്തിനില്ല. ആ മനുഷ്യര്‍ പ്രാകൃതവാസനയനുസരിച്ചു വര്‍ത്തിക്കുന്നു. തങ്ങള്‍ക്ക് അജ്ഞാതമായ കാര്യങ്ങളെച്ചൊല്ലി അവര്‍ ശകാരം ചൊരിയുന്നു. വന്യമൃഗങ്ങള്‍ക്കു നേരിടുന്ന നാശം അവര്‍ക്കും സംഭവിക്കും.
13 തങ്ങളുടെ അധര്‍മത്തിന്‍റെ ഫലം അവര്‍ അനുഭവിക്കും. പട്ടാപ്പകല്‍ തിന്നുകുടിച്ചു പുളയ്‍ക്കുന്നതില്‍ അവര്‍ സന്തോഷിക്കുന്നു. നിങ്ങളുടെ വിരുന്നുസല്‍ക്കാരങ്ങളില്‍ അമിതമായി മദ്യപിച്ച്, സദാചാരനിഷ്ഠയില്ലാതെ പെരുമാറുന്ന ഇക്കൂട്ടര്‍ സമൂഹത്തിനു കറയും കളങ്കവുമാണ്.
14 അവരുടെ കണ്ണുകള്‍ കാമംകൊണ്ടു കലുഷിതമാണ്. പാപത്തിനുവേണ്ടിയുള്ള അവരുടെ വിശപ്പ് ഒന്നുകൊണ്ടും അടക്കാന്‍ ആവാത്തതാണ്. അസ്ഥിരമനസ്കരെ അവര്‍ വഴിതെറ്റിക്കുന്നു. ദ്രവ്യാഗ്രഹത്തോടുകൂടിയിരിക്കുവാന്‍ അവരുടെ ഹൃദയം പരിശീലിപ്പിക്കപ്പെടുന്നു.
15 അവര്‍ ശാപത്തിന്‍റെ സന്തതികള്‍! അവര്‍ നേരായ മാര്‍ഗം വിട്ട് വഴിപിഴച്ചുപോകുന്നു; ബെയോരിന്‍റെ മകനായ ബിലെയാമിന്‍റെ വഴി പിന്തുടരുകയും ചെയ്യുന്നു.
16 ബിലെയാം തിന്മയുടെ പ്രതിഫലം മോഹിച്ചു. എന്നാല്‍ അയാളുടെ പാപത്തിനു ശക്തമായ താക്കീതു കിട്ടി. സംസാരശേഷി ഇല്ലാത്ത കഴുത മനുഷ്യസ്വരത്തില്‍ സംസാരിച്ച്, ആ പ്രവാചകന്‍റെ ഭ്രാന്തിനു കടിഞ്ഞാണിട്ടു.
17 ഈ മനുഷ്യര്‍ വറ്റിയ നീരുറവുകളും കൊടുങ്കാറ്റില്‍ പറന്നുപോകുന്ന മേഘങ്ങളുംപോലെ ആകുന്നു. അന്ധകാരത്തിന്‍റെ അടിത്തട്ടിലുള്ള സ്ഥലം അവര്‍ക്കുവേണ്ടി ഒരുക്കപ്പെട്ടിരിക്കുന്നു.
18 വഴിപിഴച്ചു ജീവിക്കുന്നവരില്‍നിന്നു കഷ്‍ടിച്ചു രക്ഷപെട്ടവരെ, മൂഢമായ വമ്പു പറഞ്ഞ് കാമവികാരങ്ങളിലേക്ക് അവര്‍ വശീകരിക്കുന്നു.
19 തങ്ങള്‍തന്നെ വിനാശത്തിനു വിധേയരായിരിക്കെ, അവര്‍ മറ്റുള്ളവര്‍ക്കു സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നു. ഒരുവനെ ഏതൊന്നു പരാജയപ്പെടുത്തുന്നുവോ, അതിന് അവര്‍ അടിമയാകുന്നു.
20 നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിനെ അറിഞ്ഞ് ലോകത്തിന്‍റെ മാലിന്യത്തില്‍നിന്നു രക്ഷപെട്ടശേഷം, പിന്നെയും അതില്‍ കുടുങ്ങി അതിന്‍റെ അധികാരത്തില്‍ അമര്‍ന്നുപോകുന്നപക്ഷം അങ്ങനെയുള്ളവരുടെ അവസ്ഥ ആദ്യത്തേതിനെക്കാള്‍ ദയനീയമായിരിക്കും.
21 നീതിയുടെ മാര്‍ഗം അറിഞ്ഞശേഷം തങ്ങളെ ഏല്പിച്ച കല്പനയില്‍നിന്നു പിന്തിരിയുന്നതിനെക്കാള്‍ അവര്‍ ആ മാര്‍ഗം അറിയാതിരിക്കുകയായിരുന്നു നല്ലത്.
22 ‘നായ് ഛര്‍ദിച്ചതുതന്നെ തിന്നുന്നു’ ‘കുളികഴിഞ്ഞ പന്നി വീണ്ടും ചെളിയില്‍ കിടന്ന് ഉരുളുന്നു’. ഈ പഴഞ്ചൊല്ല് ഇങ്ങനെയുള്ളവരെ സംബന്ധിച്ചിടത്തോളം യഥാര്‍ഥമായിത്തീര്‍ന്നിരിക്കുന്നു.
1
പ്രിയപ്പെട്ടവരേ, ഇത് ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്ന രണ്ടാമത്തെ കത്താണല്ലോ. ഈ രണ്ടു കത്തുകളിലും ചില കാര്യങ്ങള്‍ നിങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട്, നിങ്ങളുടെ മനസ്സില്‍ ശുദ്ധവിചാരങ്ങള്‍ ഉണര്‍ത്തുവാന്‍ ഞാന്‍ ശ്രമിക്കുകയാണ്.2 വിശുദ്ധപ്രവാചകന്മാര്‍ മുന്‍കൂട്ടി അറിയിച്ച കാര്യങ്ങളും, കര്‍ത്താവും രക്ഷകനുമായവന്‍ നിങ്ങളുടെ അപ്പോസ്തോലന്മാര്‍ മുഖേന നല്‌കിയ കല്പനയും നിങ്ങള്‍ അനുസ്മരിക്കണം.
3 അധമവികാരങ്ങള്‍ക്കു വിധേയരായി ജീവിക്കുന്ന മതനിന്ദകര്‍ അന്ത്യനാളുകളില്‍ വരുമെന്നുള്ളത് ആദ്യമായി നിങ്ങള്‍ മനസ്സിലാക്കണം.
4 ‘അവിടുത്തെ പ്രത്യാഗമനത്തെക്കുറിച്ചുള്ള വാഗ്ദാനമെവിടെ? നമ്മുടെ പിതാക്കന്മാര്‍ അന്തരിച്ചു കഴിഞ്ഞു. എന്നാല്‍ പ്രപഞ്ചസൃഷ്‍ടിമുതല്‍ സകലവും അന്നത്തെ സ്ഥിതിയില്‍ത്തന്നെ തുടരുന്നു’ എന്ന് അവര്‍ പറയുന്നു.
5 ദൈവത്തിന്‍റെ വചനത്താല്‍ ആദിയില്‍ ആകാശവും ഭൂമിയും ഉണ്ടായി എന്ന വസ്തുത അവര്‍ മനഃപൂര്‍വം വിസ്മരിക്കുന്നു.
6 വെള്ളത്തില്‍നിന്ന് വെള്ളം മുഖേന ഭൂമി രൂപംപൂണ്ടു. അന്നത്തെ ലോകം ജലപ്രളയത്തില്‍ നശിച്ചുപോയി.
7 എന്നാല്‍ അഭക്തരായ മനുഷ്യരെ വിധിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന നാളില്‍, ഇപ്പോഴത്തെ ആകാശവും ഭൂമിയും അഗ്നിയില്‍ വെന്തു വെണ്ണീറാക്കപ്പെടുന്നതിനുവേണ്ടി അതേ വചനത്താല്‍ത്തന്നെ കാത്തുസൂക്ഷിക്കപ്പെടുന്നു.
8
പ്രിയപ്പെട്ടവരേ, കര്‍ത്താവിന് ഒരു ദിവസം ആയിരം വര്‍ഷംപോലെയും ആയിരം വര്‍ഷം ഒരു ദിവസംപോലെയുമാണെന്നുള്ളത് നിങ്ങള്‍ മറക്കരുത്.9 ചിലര്‍ കരുതുന്നതുപോലെ, തന്‍റെ വാഗ്ദാനം നിറവേറ്റുവാന്‍ കര്‍ത്താവു കാലവിളംബം വരുത്തുകയില്ല. എന്നാല്‍ ആരും നശിച്ചുപോകാതെ, എല്ലാവരും അനുതപിച്ച് പാപത്തില്‍നിന്നു പിന്‍തിരിയണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതുകൊണ്ട് നിങ്ങളോടു ദീര്‍ഘകാലം ക്ഷമിക്കുന്നു.
10
കര്‍ത്താവിന്‍റെ ദിവസം കള്ളനെപ്പോലെവരും. അന്ന് വലിയ മുഴക്കത്തോടെ ആകാശം അപ്രത്യക്ഷമാകും. മൂലവസ്തുക്കള്‍ കത്തി നശിക്കും. ഭൂമിയും അതിലുള്ള സമസ്തവും തിരോധാനം ചെയ്യും.11
പ്രപഞ്ചത്തിലുള്ളതു സമസ്തവും ഇങ്ങനെ നശിച്ചുപോകുന്നതുകൊണ്ട്, നിങ്ങള്‍ എത്രമാത്രം വിശുദ്ധിയും ദൈവഭക്തിയും ഉള്ളവരായി ജീവിക്കേണ്ടതാണ്.12 ദൈവത്തിന്‍റെ ദിവസത്തിനുവേണ്ടി നിങ്ങള്‍ കാത്തിരിക്കുകയും അതിന്‍റെ ആഗമനം ത്വരിതപ്പെടുത്തുകയും വേണം. ആ ദിവസം ആകാശം അഗ്നിക്ക് ഇരയാകും. മൂലവസ്തുക്കള്‍ വെന്തുരുകും!
13 എന്നാല്‍ അവിടുത്തെ വാഗ്ദാനമനുസരിച്ച് നീതി നിവസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുംവേണ്ടി നാം കാത്തിരിക്കുന്നു.
14
അതിനാല്‍ പ്രിയപ്പെട്ടവരേ, അങ്ങനെ നിങ്ങള്‍ കാത്തിരിക്കുന്നതുകൊണ്ട്, കറയും കളങ്കവും ഇല്ലാത്തവരും സമാധാനത്തോടുകൂടിയവരുമായി നിങ്ങളെ അവിടുന്നു കണ്ടെത്തുന്നതിന് അത്യുത്സുകരായി വര്‍ത്തിക്കുക. നമ്മുടെ കര്‍ത്താവിന്‍റെ ക്ഷമയെ രക്ഷിക്കപ്പെടാനുള്ള അവസരമായി കരുതിക്കൊള്ളണം.15 നമ്മുടെ പ്രിയ സഹോദരനായ പൗലൊസും, തനിക്കു ലഭിച്ച ജ്ഞാനത്തിനൊത്തവണ്ണം,
16 തന്‍റെ എല്ലാ കത്തുകളിലും എഴുതാറുള്ളതുപോലെ, ഇതിനെക്കുറിച്ച് നിങ്ങള്‍ക്ക് എഴുതിയിട്ടുണ്ടല്ലോ. അവയില്‍ ചിലത് ദുര്‍ഗ്രഹമാണ്. അജ്ഞരും ചഞ്ചലചിത്തരും ആയ ചിലര്‍ മറ്റു വേദലിഖിതങ്ങളെപ്പോലെ ഇതും വളച്ചൊടിച്ച് തങ്ങളുടെ നാശത്തിന് ഇടയാക്കുന്നു.
17
അതുകൊണ്ട് പ്രിയപ്പെട്ടവരേ, ഇക്കാര്യം നിങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ് അധര്‍മികളുടെ കെണിയില്‍ കുടുങ്ങി നിങ്ങളുടെ സ്ഥൈര്യം നഷ്ടപ്പെടാതിരിക്കുവാന്‍ സൂക്ഷിച്ചുകൊള്ളുക.18 നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്‍റെ കൃപയിലും അവിടുത്തെക്കുറിച്ചുള്ള ജ്ഞാനത്തിലും വളരുക. അവിടുത്തേക്ക് ഇന്നും എന്നേക്കും മഹത്ത്വം ഉണ്ടാകട്ടെ. ആമേന്‍.