1

1

യേശുക്രിസ്തുവിന്‍റെ അപ്പോസ്തോലനായ പത്രോസ്, പൊന്തൊസിലും ഗലാത്യയിലും കപ്പദൊക്യയിലും ഏഷ്യാദേശത്തും ബിഥുന്യയിലും പരദേശികളെപ്പോലെ ചിതറിപ്പാര്‍ക്കുന്ന ദൈവജനത്തിന് എഴുതുന്നത്:

2

നിങ്ങള്‍ക്കു കൃപയും സമാധാനവും വര്‍ധിക്കട്ടെ.

യേശുക്രിസ്തുവിനെ അനുസരിക്കുവാനും അവിടുത്തെ രക്തം തളിച്ചു ശുദ്ധീകരിക്കപ്പെടുവാനുമായി ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെടുകയും ആത്മാവിനാല്‍ പവിത്രീകരിക്കപ്പെടുകയും ചെയ്തവരാണു നിങ്ങള്‍.

3

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവന്‍! മരണത്തില്‍നിന്നുള്ള യേശുക്രിസ്തുവിന്‍റെ ഉത്ഥാനത്തിലൂടെ ദൈവം തന്‍റെ മഹാകാരുണ്യംമൂലം നമുക്കു നവജന്മം നല്‌കിയിരിക്കുന്നു. അതുമൂലം സജീവമായ പ്രത്യാശ നമുക്കുണ്ട്.

4 നിങ്ങള്‍ക്കുവേണ്ടി സ്വര്‍ഗത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നതും, അനശ്വരവും, മാലിന്യമില്ലാത്തതും, അക്ഷയവുമായ അനുഗ്രഹങ്ങള്‍ക്ക് നിങ്ങള്‍ അവകാശികള്‍ ആണ്.

5 അന്ത്യകാലത്തു വെളിപ്പെടുവാനിരിക്കുന്ന രക്ഷയ്‍ക്കുവേണ്ടി വിശ്വാസത്തിലൂടെ ദൈവത്തിന്‍റെ ശക്തിയാല്‍ കാത്തുസൂക്ഷിക്കപ്പെടുന്നവരാണു നിങ്ങള്‍.

6

അല്പകാലത്തേക്കു നാനാവിധ പരീക്ഷണങ്ങളാല്‍ നിങ്ങള്‍ ഇപ്പോള്‍ ദുഃഖിതരാകുന്നത് ആവശ്യമാണെങ്കില്‍ത്തന്നെയും അതില്‍ നിങ്ങള്‍ ആനന്ദംകൊള്ളുക.

7 നശ്വരമായ സ്വര്‍ണം അഗ്നിയില്‍ ശോധന ചെയ്യപ്പെടുന്നു. നിങ്ങളുടെ ഈ അഗ്നിപരീക്ഷണം സ്വര്‍ണത്തെക്കാള്‍ വിലയേറിയ നിങ്ങളുടെ വിശ്വാസത്തിന്‍റെ പരിശുദ്ധി തെളിയിക്കുകയും യേശുക്രിസ്തു വീണ്ടും പ്രത്യക്ഷപ്പെടുമ്പോള്‍ സ്തുതിക്കും മഹത്ത്വത്തിനും ബഹുമാനത്തിനും നിദാനമാവുകയും ചെയ്യും.

8 കാണാതെ തന്നെ നിങ്ങള്‍ യേശുക്രിസ്തുവിനെ സ്നേഹിക്കുന്നു. ഇപ്പോള്‍ നിങ്ങള്‍ കാണുന്നില്ലെങ്കിലും വിശ്വസിച്ചുകൊണ്ട് അവാച്യവും അത്യുല്‍കൃഷ്ടവുമായ ആനന്ദത്താല്‍ ആമോദിക്കുന്നു.

9 എന്തെന്നാല്‍ നിങ്ങളുടെ ആത്മാക്കള്‍ രക്ഷപ്രാപിക്കുന്നു എന്നതാണ് നിങ്ങളുടെ വിശ്വാസത്തിന്‍റെ ഫലം.

10

നിങ്ങള്‍ക്കു ലഭിക്കുവാനിരിക്കുന്ന വരദാനത്തെപ്പറ്റി പ്രവചിച്ച പ്രവാചകന്മാര്‍ ഈ രക്ഷയെക്കുറിച്ച് അന്വേഷിക്കുകയും ആരായുകയും ചെയ്തിരുന്നു.

11 ക്രിസ്തുവിന്‍റെ കഷ്ടാനുഭവത്തെയും തദനന്തരമുണ്ടാകുന്ന മഹത്ത്വത്തെയും സംബന്ധിച്ചു മുന്‍കൂട്ടി അറിയിച്ചപ്പോള്‍ തങ്ങളിലുള്ള ക്രിസ്തുവിന്‍റെ ആത്മാവു സൂചിപ്പിച്ച സമയം ഏതായിരിക്കുമെന്നും ആ ആള്‍ ആരായിരിക്കുമെന്നും അവര്‍ അന്വേഷിച്ചു.

12 അവര്‍ തങ്ങള്‍ക്കു വേണ്ടിയല്ല, നിങ്ങള്‍ക്കുവേണ്ടിയാണു ശുശ്രൂഷ ചെയ്യുന്നതെന്ന് അവര്‍ക്കു വെളിപ്പെട്ടു. സ്വര്‍ഗത്തില്‍നിന്ന് അയച്ച പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താല്‍ നിങ്ങളുടെ സുവിശേഷം പ്രസംഗിച്ചവര്‍ മുഖാന്തരം ഇപ്പോള്‍ അതു പ്രസ്താവിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇക്കാര്യങ്ങള്‍ ദര്‍ശിക്കുവാന്‍ മാലാഖമാര്‍പോലും അഭിവാഞ്ഛിക്കുന്നു.

13

അതുകൊണ്ട് നിങ്ങളുടെ മനസ്സ് സുസജ്ജമാക്കി, യേശുക്രിസ്തു പ്രത്യക്ഷപ്പെടുമ്പോള്‍ നിങ്ങള്‍ക്കു ലഭിക്കുവാനിരിക്കുന്ന കൃപയില്‍ നിങ്ങളുടെ പ്രത്യാശ പൂര്‍ണമായി ഉറപ്പിച്ചുകൊള്ളുക.

14 മുമ്പ് നിങ്ങള്‍ അജ്ഞരായിരുന്ന കാലത്ത് നിങ്ങളില്‍ വര്‍ത്തിച്ചിരുന്ന രാഗമോഹാദികള്‍ അനുസരിച്ചു നടക്കരുത്.

15 പ്രത്യുത നിങ്ങളെ വിളിച്ച ദൈവം വിശുദ്ധനായിരിക്കുന്നതുകൊണ്ട്, അനുസരണയുള്ള മക്കള്‍ എന്നവണ്ണം നിങ്ങളുടെ എല്ലാ പെരുമാറ്റങ്ങളിലും വിശുദ്ധര്‍ ആയിരിക്കുക.

16 ‘ഞാന്‍ വിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും വിശുദ്ധരായിരിക്കുക’ എന്ന് എഴുതിയിട്ടുണ്ടല്ലോ.

17

പക്ഷപാതം കൂടാതെ അവനവന്‍ ചെയ്യുന്ന പ്രവൃത്തിക്ക് ഒത്തവണ്ണം ഓരോരുത്തനെയും വിധിക്കുന്നവനെയാണ് നിങ്ങള്‍ പിതാവ് എന്നു വിളിക്കുന്നത്. അതുകൊണ്ട് നിങ്ങളുടെ ഈ പ്രവാസകാലം മുഴുവന്‍ ഭക്തിയോടെ ജീവിക്കുക.

18 പിതൃപാരമ്പര്യ വഴിക്കു ലഭിച്ച വ്യര്‍ഥമായ ജീവിതരീതിയില്‍നിന്നു നിങ്ങളെ വിമോചിപ്പിക്കുന്നതിനുള്ള വിലയായി കൊടുത്തത് വെള്ളി, സ്വര്‍ണം തുടങ്ങിയ നശ്വരവസ്തുക്കളല്ല,

19 പ്രത്യുത ക്രിസ്തുവിന്‍റെ വിലയേറിയ രക്തമാണ് എന്നുള്ളതു നിങ്ങള്‍ക്ക് അറിയാമല്ലോ. ഊനവും കളങ്കവും ഇല്ലാത്ത ബലിമൃഗമായ കുഞ്ഞാടാണ് അവിടുന്ന്.

20 പ്രപഞ്ചസൃഷ്‍ടിക്കു മുമ്പുതന്നെ അവിടുന്നു നിയോഗിക്കപ്പെട്ടു. ഈ അന്ത്യനാളുകളില്‍ നിങ്ങള്‍ക്കുവേണ്ടി വെളിപ്പെടുകയും ചെയ്തു.

21 അവിടുന്നു മുഖാന്തരം നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. ക്രിസ്തുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കുകയും, അവിടുത്തേക്കു മഹത്ത്വം നല്‌കുകയും ചെയ്ത ആ ദൈവത്തിലാകുന്നു നിങ്ങളുടെ വിശ്വാസവും പ്രത്യാശയും.

22

സത്യത്തെ അനുസരിക്കുന്നതിനാല്‍ ആത്മാവിനു നൈര്‍മ്മല്യവും ഹൃദയംഗമമായ സഹോദരസ്നേഹവും നിങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ അന്യോന്യം ഉറ്റുസ്നേഹിക്കുക.

23 നശ്വരമായ ബീജത്താലല്ല, സജീവവും അനശ്വരവുമായ ദൈവവചനത്താല്‍ തന്നെ നിങ്ങള്‍ വീണ്ടും ജനിച്ചിരിക്കുന്നു.

24

എന്തെന്നാല്‍ സകല മനുഷ്യരും കാട്ടുപുല്ലുപോലെയും
അവരുടെ മഹിമ പുല്ലിന്‍റെ പൂപോലെയും ആകുന്നു.
പുല്ലു വാടിക്കരിയുന്നു;
പൂക്കള്‍ കൊഴിഞ്ഞുവീഴുന്നു;

25
സര്‍വേശ്വരന്‍റെ വചനം ആകട്ടെ,
എന്നേക്കും നിലനില്‌ക്കുന്നു.

നിങ്ങളെ അറിയിച്ച സുവാര്‍ത്തയാണ് ആ വചനം.

2

1

എല്ലാ ദുഷ്ടതയും, വഞ്ചനയും, കാപട്യവും അസൂയയും എല്ലാ പരദൂഷണങ്ങളും ഉപേക്ഷിക്കുക.

2 പിഞ്ചുശിശുക്കള്‍ പാല്‍ കുടിച്ചു വളരുന്നതുപോലെ രക്ഷയിലേക്കു വളരുന്നതിന് ദൈവവചനമാകുന്ന കലര്‍പ്പറ്റ പാല്‍ കുടിക്കുവാന്‍ പുതുതായി ജനിച്ച നിങ്ങള്‍ അഭിവാഞ്ഛിക്കണം.

3 കര്‍ത്താവിന്‍റെ ദയാലുത്വം നിങ്ങള്‍ ആസ്വദിച്ചിട്ടുണ്ടല്ലോ.

4

അവിടുത്തെ അടുക്കലേക്കു വരിക; മനുഷ്യന്‍ പരിത്യജിച്ചതെങ്കിലും ദൈവം തിരഞ്ഞെടുത്തതും വിലയേറിയതുമായ ജീവിക്കുന്ന ശിലയാണ് അവിടുന്ന്.

5 ജീവിക്കുന്ന ശിലകള്‍ എന്നപോലെ നിങ്ങളും ആധ്യാത്മിക മന്ദിരമായും വിശുദ്ധ പുരോഹിതവര്‍ഗമായും ഉയര്‍ത്തപെടട്ടെ. അങ്ങനെ ദൈവത്തിനു പ്രസാദകരമായ ആത്മീയയാഗം യേശുക്രിസ്തു മുഖാന്തരം നിങ്ങള്‍ അര്‍പ്പിക്കും.

6 വിശുദ്ധ ലിഖിതത്തില്‍ ഇങ്ങനെ കാണുന്നു:

ഇതാ, ഞാന്‍ തിരഞ്ഞെടുത്തതും വിലയേറിയതുമായ ഒരു മൂലക്കല്ല് സീയോനില്‍ ഇടുന്നു.
ആ കല്ലാണ് അവിടുന്ന്;
അവിടുന്നില്‍ വിശ്വസിക്കുന്നവന്
ഒരിക്കലും ലജ്ജിക്കുവാന്‍ ഇടയാകുകയില്ല.

7

അതുകൊണ്ട് വിശ്വസിക്കുന്ന നിങ്ങള്‍ക്ക് അവിടുന്നു വിലയേറിയവന്‍ ആകുന്നു. വിശ്വസിക്കാത്തവര്‍ക്കാകട്ടെ,

പണിക്കാര്‍ തള്ളിക്കളഞ്ഞ കല്ലുതന്നെ
മൂലക്കല്ലായിത്തീര്‍ന്നു.

8
അത് അവര്‍ക്ക് തട്ടിവീഴ്ത്തുന്ന തടസ്സക്കല്ലും
ഇടറി വീഴ്ത്തുന്ന തെന്നല്‍പാറയും ആയിരിക്കും.

വചനം അനുസരിക്കാത്തതിനാല്‍ അവര്‍ തട്ടിവീഴുന്നു; അതിനുവേണ്ടി അവര്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

9

നിങ്ങളാകട്ടെ, അന്ധകാരത്തില്‍നിന്ന് തന്‍റെ അദ്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ച ദൈവത്തിന്‍റെ അദ്ഭുതകരമായ പ്രവൃത്തികളെ പ്രഘോഷിക്കുന്നതിനു തിരഞ്ഞെടുക്കപ്പെട്ട വംശവും, രാജകീയ പുരോഹിതവര്‍ഗവും, വിശുദ്ധജനതയും, ദൈവത്തിന്‍റെ സ്വന്തജനവും ആകുന്നു.

10

മുമ്പ് നിങ്ങള്‍ ദൈവത്തിന്‍റെ ജനം ആയിരുന്നില്ല;
എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍
അവിടുത്തെ ജനം ആയിരിക്കുന്നു;
മുമ്പ് നിങ്ങള്‍ക്കു കാരുണ്യം ലഭിച്ചിരുന്നില്ല;
എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്കു കാരുണ്യം ലഭിച്ചിരിക്കുന്നു.

11

പ്രിയപ്പെട്ടവരേ, നിങ്ങളുടെ ആത്മാവിനോടു പോരാടുന്ന കാമക്രോധാദിവികാരങ്ങളെ വിട്ടകലുവാന്‍ നിങ്ങളോടു ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഈ ലോകത്തില്‍ നിങ്ങള്‍ അന്യരും പരദേശികളും ആണല്ലോ.

12 വിജാതീയരുടെ ഇടയിലുള്ള നിങ്ങളുടെ പെരുമാറ്റം യോഗ്യമായിരിക്കണം. നിങ്ങള്‍ ദുര്‍വൃത്തരാണെന്നു പറയുന്നവര്‍ നിങ്ങളുടെ സല്‍പ്രവൃത്തികള്‍ കണ്ടിട്ട് കര്‍ത്താവിന്‍റെ സന്ദര്‍ശന ദിവസത്തില്‍ ദൈവത്തെ പ്രകീര്‍ത്തിക്കുവാന്‍ ഇടയാകട്ടെ.

13

കര്‍ത്താവിനെപ്രതി മാനുഷികമായ എല്ലാ അധികാരസ്ഥാനങ്ങളോടും വിധേയരായിരിക്കുക.

14 പരമാധികാരി ആയതുകൊണ്ട് ചക്രവര്‍ത്തിക്കും, ദുഷ്പ്രവൃത്തി ചെയ്യുന്നവരെ ശിക്ഷിക്കുന്നതിനും സല്‍പ്രവൃത്തിചെയ്യുന്നവരെ പ്രശംസിക്കുന്നതിനുംവേണ്ടി അദ്ദേഹം അയയ്‍ക്കുന്ന ഗവര്‍ണര്‍മാര്‍ക്കും കീഴടങ്ങുക.

15 അജ്ഞതയില്‍നിന്ന് ആരോപണം ഉന്നയിക്കുന്ന ഭോഷന്മാരെ, നിങ്ങളുടെ സല്‍പ്രവൃത്തികള്‍കൊണ്ടു മിണ്ടാതാക്കണം. അതാണ് ദൈവത്തിന്‍റെ തിരുഹിതം.

16 സ്വതന്ത്രരായി ജീവിക്കുക; എന്നാല്‍ നിങ്ങളുടെ സ്വാതന്ത്ര്യം തിന്മയ്‍ക്കു മറയാക്കാതെ ദൈവത്തിന്‍റെ അടിമകളായി ജീവിക്കണം.

17 എല്ലാവരെയും ബഹുമാനിക്കുക; സഹോദരസമൂഹത്തെ സ്നേഹിക്കുക. ദൈവത്തെ ഭയപ്പെടുകയും ചക്രവര്‍ത്തിയെ സമാദരിക്കുകയും ചെയ്യുക.

18

ദാസന്മാരേ, നിങ്ങളുടെ യജമാനന്മാര്‍ക്ക് സാദരം വിധേയരായിരിക്കുക. ദയാലുക്കളും സൗമ്യശീലരുമായ യജമാനന്മാര്‍ക്കു മാത്രമല്ല, കഠിനഹൃദയരായവര്‍ക്കുകൂടിയും കീഴടങ്ങിയിരിക്കുക.

19 അന്യായമായി കഷ്ടത അനുഭവിക്കുന്നവന്‍ ദൈവത്തെ മുന്‍നിറുത്തി ആ വേദന ക്ഷമയോടെ സഹിക്കുന്നെങ്കില്‍ അവന്‍ അനുഗ്രഹിക്കപ്പെടുന്നു.

20 നിങ്ങള്‍ തെറ്റു ചെയ്തിട്ടു ശിക്ഷിക്കപ്പെടുകയും ആ ശിക്ഷ ക്ഷമയോടെ സഹിക്കുകയും ചെയ്താല്‍ അതില്‍ പ്രശംസിക്കുവാന്‍ എന്തിരിക്കുന്നു. നിങ്ങള്‍ നന്മ ചെയ്തിട്ടും പീഡിപ്പിക്കപ്പെടുകയും അതു ക്ഷമയോടെ സഹിക്കുകയും ചെയ്താല്‍ ദൈവത്തിനു പ്രസാദകരമായിരിക്കും. ഇതിനായിട്ടാണല്ലോ നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്.

21 എന്തുകൊണ്ടെന്നാല്‍ ക്രിസ്തുവും നിങ്ങള്‍ക്കുവേണ്ടി കഷ്ടം സഹിച്ചു. അവിടുത്തെ കാല്‍ച്ചുവടുകള്‍ നിങ്ങള്‍ പിന്തുടരുന്നതിനുവേണ്ടി അവിടുന്ന് ഒരു മാതൃക കാണിച്ചിരിക്കുന്നു.

22 അവിടുന്ന് ഒരു പാപവും ചെയ്തില്ല; അവിടുത്തെ അധരങ്ങളില്‍ ഒരു വഞ്ചനയും ഉണ്ടായിരുന്നില്ല.

23 അധിക്ഷേപിക്കപ്പെട്ടിട്ടും, അവിടുന്ന് അധിക്ഷേപിച്ചില്ല. പീഡനം സഹിച്ചിട്ടും അവിടുന്നു ഭീഷണിപ്പെടുത്തിയില്ല; പിന്നെയോ, നീതിയോടെ വിധിക്കുന്നവന്‍റെ കൈയില്‍ തന്നെത്തന്നെ ഭരമേല്പിക്കുകയാണു ചെയ്തത്.

24 നാം പാപത്തിനു മരിച്ച് നീതിക്കുവേണ്ടി ജീവിക്കുന്നതിനായി നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട് അവിടുന്ന് കുരിശിലേറി. അവിടുത്തെ അടിയേറ്റ മുറിവുകളാല്‍ നിങ്ങള്‍ക്കു സൗഖ്യം ലഭിച്ചിരിക്കുന്നു.

25 വഴിതെറ്റി അലയുന്ന ആടുകളെപ്പോലെ ആയിരുന്നു നിങ്ങള്‍. എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ ആത്മാക്കളുടെ ഇടയനും സംരക്ഷകനുമായവന്‍റെ അടുക്കലേക്കു മടങ്ങിവന്നിരിക്കുന്നു.

3

1

[1,2] ഭാര്യാമാരേ, ഭര്‍ത്താക്കന്മാര്‍ക്ക് നിങ്ങള്‍ വിധേയരായിരിക്കുക. അവരില്‍ ദൈവവചനം അനുസരിക്കാത്തവര്‍ ഉണ്ടെങ്കില്‍, പതിഭക്തിയോടും സ്വഭാവനൈര്‍മ്മല്യത്തോടുംകൂടി അവരോടു പെരുമാറുക. ഒന്നും പറയാതെതന്നെ നിങ്ങളുടെ പെരുമാറ്റംകൊണ്ട് അവരെ നേടിയെടുക്കുവാന്‍ കഴിയും.

2

3 പിന്നിയ മുടി, സ്വര്‍ണാഭരണം, മോടിയുള്ള വസ്ത്രം തുടങ്ങി ബാഹ്യമായ ഒന്നുമല്ല നിങ്ങളുടെ യഥാര്‍ഥഭൂഷണം.

4 സൗമ്യവും പ്രശാന്തവുമായ മനസ്സ് എന്ന അനശ്വരരത്നം ധരിക്കുന്ന അന്തരാത്മാവ് ആയിരിക്കട്ടെ നിങ്ങളുടെ അലങ്കാരം. ദൈവത്തിന്‍റെ ദൃഷ്‍ടിയില്‍ വിലയുള്ളതായി കരുതപ്പെടുന്നത് അതാണ്.

5 ദൈവത്തില്‍ പ്രത്യാശവച്ചിരുന്ന വിശുദ്ധസ്‍ത്രീകള്‍ മുന്‍കാലത്ത് ഇപ്രകാരമാണല്ലോ തങ്ങളെത്തന്നെ അലങ്കരിച്ച് ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരുന്നത്.

6 സാറാ അബ്രഹാമിനെ നാഥാ എന്നു വിളിച്ച് അദ്ദേഹത്തിനു കീഴ്പെട്ടിരുന്നല്ലോ. ഭീഷണി ഒന്നും ഭയപ്പെടാതെ നന്മ പ്രവര്‍ത്തിക്കുന്നതുകൊണ്ട് നിങ്ങള്‍ സാറായുടെ സന്തതികളായിത്തീരുന്നു.

7

അതുപോലെതന്നെ ഭര്‍ത്താക്കന്മാരേ, സ്‍ത്രീകള്‍ ബലഹീനപാത്രമാണെന്നുള്ളതു മനസ്സിലാക്കി അവരോടൊത്തു വിവേകപൂര്‍വം ജീവിക്കുക. ദൈവത്തിന്‍റെ ദാനമായ ജീവന് നിങ്ങളെപ്പോലെതന്നെ അവര്‍ക്കും അവകാശം ഉള്ളതുകൊണ്ട് അവരെ ബഹുമാനിക്കുക. അങ്ങനെ ചെയ്താല്‍ നിങ്ങളുടെ പ്രാര്‍ഥനയ്‍ക്കു പ്രതിബന്ധം ഉണ്ടാവുകയില്ല.

8

ചുരുക്കത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഐകമത്യവും, സഹതാപവും, സഹോദരസ്നേഹവും, മനസ്സലിവും, വിനയവും ഉണ്ടായിരിക്കണം.

9 തിന്മയ്‍ക്കു തിന്മയും, അധിക്ഷേപത്തിന് അധിക്ഷേപവും പകരം ചെയ്യാതെ അനുഗ്രഹിക്കുകയാണു വേണ്ടത്. നിങ്ങള്‍ ഇതുമൂലം അനുഗ്രഹം പ്രാപിക്കേണ്ടതിനു വിളിക്കപ്പെട്ടവരാണല്ലോ.

10

സൗഭാഗ്യജീവിതം വാഞ്ഛിക്കുകയും

സന്തോഷം നല്‌കുന്ന ദിവസങ്ങള്‍ കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവന്‍ തിന്മയില്‍നിന്നു തന്‍റെ നാവിനെയും വഞ്ചന സംസാരിക്കുന്നതില്‍നിന്നു തന്‍റെ അധരങ്ങളെയും കാത്തു സൂക്ഷിക്കട്ടെ.

11 അവന്‍ തിന്മ വിട്ടകന്ന് നന്മ പ്രവര്‍ത്തിക്കട്ടെ; സമാധാനം അന്വേഷിച്ചു പിന്തുടരുകയും ചെയ്യട്ടെ.

12 എന്തെന്നാല്‍ സര്‍വേശ്വരന്‍ നീതിമാന്മാരെ കടാക്ഷിക്കുന്നു; അവരുടെ പ്രാര്‍ഥന ശ്രദ്ധിക്കുകയും ചെയ്യുന്നു. എന്നാല്‍ തിന്മ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവിടുന്ന് എതിരായിരിക്കും.

13

നന്മ ചെയ്യുന്നതില്‍ നിങ്ങള്‍ ഉത്സുകരാണെങ്കില്‍ ആരു നിങ്ങളെ ദ്രോഹിക്കും?

14 എന്നാല്‍ നീതി നിമിത്തം കഷ്ടത സഹിക്കേണ്ടി വന്നാല്‍ത്തന്നെയും നിങ്ങള്‍ ഭാഗ്യവാന്മാര്‍! നിങ്ങള്‍ ആരെയും ഭയപ്പെടേണ്ടാ; അസ്വസ്ഥചിത്തരാകുകയും വേണ്ടാ.

15 നിങ്ങളുടെ ഹൃദയങ്ങളില്‍ ക്രിസ്തുവിനെ പരമനാഥനായി ആരാധിക്കുക. നിങ്ങള്‍ക്കുള്ള പ്രത്യാശയെക്കുറിച്ച് ചോദ്യം ചെയ്യുന്നവരോട് സൗമ്യതയോടും ആദരത്തോടും കൂടി പ്രതിവാദം നടത്തുവാന്‍ സന്നദ്ധരായിരിക്കുക.

16 ക്രിസ്തുവിന്‍റെ അനുയായികളായ നിങ്ങളുടെ സല്‍പ്രവൃത്തിയെ ദുഷിക്കുകയും നിങ്ങളെ അധിക്ഷേപിക്കുകയും ചെയ്യുന്നവര്‍ ലജ്ജിച്ചുപോകത്തക്കവിധം നിങ്ങള്‍ നിര്‍മ്മല മനസ്സാക്ഷിയുള്ളവരായിരിക്കണം.

17 നിങ്ങള്‍ നന്മ ചെയ്യുന്നതുമൂലം കഷ്ടത സഹിക്കുന്നതു ദൈവഹിതമാണെങ്കില്‍, തിന്മ ചെയ്തിട്ടു കഷ്ടത സഹിക്കുന്നതിനെക്കാള്‍ നല്ലതാണ് അത്.

18 ക്രിസ്തുവും എല്ലാവരുടെയും പാപങ്ങള്‍ക്കുവേണ്ടി ഒരിക്കല്‍മാത്രം മരിച്ചു; നമ്മെ ദൈവത്തിങ്കലേക്കു നയിക്കുന്നതിന് നീതികെട്ടവര്‍ക്കുവേണ്ടി നീതിമാന്‍ ശരീരത്തില്‍ മരണശിക്ഷ ഏല്‌ക്കുകയും ആത്മാവില്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു;

19 ആ അവസ്ഥയില്‍ അവിടുന്ന് തടവില്‍ കിടന്നിരുന്ന ആത്മാക്കളോടു പ്രസംഗിച്ചു.

20 പ്രളയത്തിനുമുമ്പ്, ദൈവം ക്ഷമയോടെ കാത്തിരുന്ന കാലത്ത് അനുസരിക്കാതിരുന്നവരാണ് അവര്‍. നോഹ കപ്പല്‍ നിര്‍മിക്കുകയും വളരെ കുറച്ചുപേര്‍, അതായത് എട്ടു പേര്‍ മാത്രം, പ്രളയത്തില്‍നിന്നു രക്ഷപെടുകയും ചെയ്തു.

21 അവര്‍ വെള്ളത്തിലൂടെ രക്ഷപ്രാപിച്ചതിനു സമാനമാകുന്നു സ്നാപനം; അത് പുറമേയുള്ള അഴുക്കു കഴുകിക്കളയുന്നതിന് ഉള്ളതല്ല, പിന്നെയോ, യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിലൂടെ ഒരു നല്ല മനസ്സാക്ഷിക്കുവേണ്ടി ദൈവത്തോടുള്ള അപേക്ഷ എന്ന നിലയില്‍ ഇപ്പോള്‍ നിങ്ങളെ രക്ഷിക്കുന്നു.

22 യേശുക്രിസ്തു സ്വര്‍ഗാരോഹണം ചെയ്ത്, ദൂതന്മാര്‍ക്കും അധികാരങ്ങള്‍ക്കും ശക്തികള്‍ക്കും അധീശനായി ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഇരിക്കുന്നു.

4

1

ക്രിസ്തു കായികമായ പീഡനം സഹിച്ചതുകൊണ്ട് നിങ്ങളും അവിടുത്തെ മനോഭാവം തന്നെ ആയുധമായി ധരിച്ചുകൊള്ളുക.

2 ശരീരത്തില്‍ പീഡനം സഹിച്ച ഏതൊരുവനും പാപത്തോടുള്ള ബന്ധം വിട്ടിരിക്കും. ഇനി അവശേഷിച്ച ജീവിതകാലം മാനുഷികമായ വികാരങ്ങള്‍ക്കല്ല, ദൈവത്തിന്‍റെ ഇഷ്ടത്തിനുതന്നെ വിധേയരായി ജീവിക്കേണ്ടതാണ്.

3 വിജാതീയര്‍ ചെയ്യുന്നതുപോലെ കാമാസക്തിയിലും വികാരാവേശത്തിലും മദ്യലഹരിയിലും മദോന്മത്തതയിലും ധര്‍മവിരുദ്ധമായ വിഗ്രഹാരാധനയിലും മുഴുകി കാലം പോക്കിയതു മതി.

4 തങ്ങളുടെ അനിയന്ത്രിതമായ ദുര്‍വൃത്തികളില്‍ നിങ്ങള്‍ പങ്കുചേരാത്തതില്‍ അവര്‍ വിസ്മയിക്കുകയും നിങ്ങളെ ദുഷിക്കുകയും ചെയ്യുന്നു.

5 എന്നാല്‍ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാനിരിക്കുന്നവന്‍റെ മുമ്പില്‍ അവര്‍ കണക്കു ബോധിപ്പിക്കേണ്ടിവരും.

6 ഇതിനായിട്ടാണല്ലോ മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിച്ചത്. അവര്‍ ശാരീരികമായി മനുഷ്യരെപ്പോലെ വിധിക്കപ്പെട്ടെങ്കിലും, ദൈവത്തെപ്പോലെ ആത്മാവില്‍ ജീവിക്കേണ്ടതിനുതന്നെ.

7

എല്ലാറ്റിന്‍റെയും അന്ത്യം അടുത്തിരിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ സമചിത്തരും ജാഗരൂകരുമായി പ്രാര്‍ഥനയില്‍ മുഴുകുക.

8 എല്ലാറ്റിനും ഉപരി, നിങ്ങള്‍ പരസ്പരം ഉറ്റ സ്നേഹം ഉള്ളവരായിരിക്കണം. എന്തുകൊണ്ടെന്നാല്‍ സ്നേഹം പാപങ്ങളുടെ ബഹുലതയെ മറയ്‍ക്കുന്നു.

9 പിറുപിറുപ്പുകൂടാതെ നിങ്ങള്‍ അന്യോന്യം സല്‍ക്കരിക്കുക.

10 ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്ന വരദാനമനുസരിച്ച് വൈവിധ്യമാര്‍ന്ന ദൈവകൃപയുടെ ഉത്തമകാര്യസ്ഥന്മാര്‍ എന്ന നിലയില്‍ അന്യോന്യം ശുശ്രൂഷ ചെയ്യണം.

11 പ്രസംഗിക്കുന്നത് ദൈവത്തിന്‍റെ അരുളപ്പാട് അറിയിക്കുന്നതുപോലെ ആയിരിക്കട്ടെ; ശുശ്രൂഷിക്കുന്നത് ദൈവം നല്‌കുന്ന പ്രാപ്തിക്ക് ഒത്തവണ്ണവും ആയിരിക്കണം. അങ്ങനെ എല്ലാറ്റിലും യേശുക്രിസ്തുവിലൂടെ ദൈവം വാഴ്ത്തപ്പെടുവാന്‍ ഇടയാകട്ടെ. മഹത്ത്വവും അധികാരവും എന്നും എന്നേക്കും അവിടുത്തേക്കുള്ളത്, ആമേന്‍.

12

പ്രിയപ്പെട്ടവരേ, നിങ്ങളെ ശോധന ചെയ്യുന്ന അഗ്നിപരീക്ഷണം ഒരു അപൂര്‍വ കാര്യം എന്നു കരുതി വിസ്മയിക്കരുത്.

13 ക്രിസ്തുവിന്‍റെ പീഡനങ്ങളില്‍ പങ്കാളികളാകുന്തോറും നിങ്ങള്‍ ആനന്ദിക്കുക. അവിടുത്തെ തേജസ്സിന്‍റെ പ്രത്യക്ഷതയില്‍ നിങ്ങള്‍ ആനന്ദിച്ച് ഉല്ലസിക്കുവാന്‍ ഇടവരും.

14 ക്രിസ്തുവിന്‍റെ നാമം നിമിത്തം നിങ്ങള്‍ നിന്ദിക്കപ്പെടുന്നുവെങ്കില്‍, നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവരാകുന്നു. കാരണം, മഹത്ത്വത്തിന്‍റെ ആത്മാവായ ദൈവാത്മാവ് നിങ്ങളുടേമേല്‍ ആവസിക്കുന്നു.

15 കൊലപാതകിയോ, മോഷ്ടാവോ, ദുര്‍വൃത്തനോ, കലഹക്കാരനോ ആയി നിങ്ങളില്‍ ആരും പീഡനം സഹിക്കുവാന്‍ ഇടയാകരുത്.

16 പ്രത്യുത ക്രിസ്ത്യാനി എന്ന നിലയില്‍ പീഡനം സഹിക്കുന്നുവെങ്കില്‍ അവനു ലജ്ജിക്കേണ്ടതില്ല. ക്രിസ്തുവിന്‍റെ നാമം ധരിച്ചുകൊണ്ട് അവന്‍ ദൈവത്തെ പ്രകീര്‍ത്തിക്കട്ടെ.

17 ന്യായവിധി ദൈവഗൃഹത്തില്‍ ആരംഭിക്കുവാനുള്ള സമയം വന്നിരിക്കുന്നു. അതു നമ്മില്‍ ആരംഭിക്കുന്നെങ്കില്‍, ദൈവത്തിന്‍റെ സുവാര്‍ത്ത നിഷേധിക്കുന്നവരുടെ ഗതി എന്തായിരിക്കും?

18

നീതിമാന്‍പോലും രക്ഷപ്രാപിക്കുന്നത്
വിഷമിച്ചാണെങ്കില്‍,
അഭക്തന്‍റെയും പാപിയുടെയും സ്ഥിതി
എന്തായിരിക്കും?

19

അതുകൊണ്ട് ദൈവഹിതപ്രകാരം കഷ്ടത സഹിക്കുന്നവര്‍ നന്മചെയ്തുകൊണ്ട് തങ്ങളുടെ ആത്മാക്കളെ വിശ്വസ്തനായ സ്രഷ്ടാവിനെ ഭരമേല്പിക്കട്ടെ.

5

1

നിങ്ങളുടെ ഇടയിലെ മുഖ്യന്മാരെപ്പോലെയുള്ള ഒരുവനും, ക്രിസ്തുവിന്‍റെ പീഡാനുഭവങ്ങള്‍ക്കു ദൃക്സാക്ഷിയും, വെളിപ്പെടുവാനിരിക്കുന്ന തേജസ്സിന്‍റെ പങ്കാളിയുമായ ഞാന്‍ പ്രബോധിപ്പിക്കുന്നു:

2 നിങ്ങളെ ഏല്പിച്ചിരിക്കുന്ന അജഗണത്തെ പാലിക്കുക; ആരുടെയും നിര്‍ബന്ധംകൊണ്ടല്ല, ദൈവം ആഗ്രഹിക്കുന്നതുപോലെ സ്വമനസ്സാല്‍ നിങ്ങളുടെ ചുമതല നിര്‍വഹിക്കണം.

3 അത് അധമമായ ലാഭമോഹം കൊണ്ടല്ല, ഔത്സുക്യംകൊണ്ട് ആയിരിക്കണം.

4 നിങ്ങളുടെ ചുമതലയിലുള്ളവരുടെമേല്‍ അധികാരപ്രമത്തത കാട്ടുകയല്ല, അവര്‍ക്കു നിങ്ങള്‍ മാതൃകയായിത്തീരുകയാണു വേണ്ടത്. അങ്ങനെ ചെയ്താല്‍ പ്രധാനഇടയന്‍ പ്രത്യക്ഷനാകുമ്പോള്‍ മഹത്ത്വത്തിന്‍റെ വാടാത്ത വിജയകിരീടം നിങ്ങള്‍ക്കു ലഭിക്കും.

5

അതുപോലെതന്നെ, യുവജനങ്ങളേ, മുതിര്‍ന്നവര്‍ക്ക് നിങ്ങള്‍ കീഴ്പെട്ടിരിക്കുക. വിനയമാകുന്ന വസ്ത്രം ധരിച്ച് പരസ്പരം സേവനം ചെയ്യുക. എന്തെന്നാല്‍ ‘അഹങ്കാരികളെ ദൈവം എതിര്‍ക്കുന്നു; വിനീതര്‍ക്ക് അവിടുന്നു കൃപയരുളുകയും ചെയ്യുന്നു.’

6 അതുകൊണ്ട് ദൈവത്തിന്‍റെ ബലവത്തായ കരങ്ങള്‍ക്ക് നിങ്ങളെത്തന്നെ കീഴ്പെടുത്തുക. എന്നാല്‍ അവിടുന്ന് യഥാവസരം നിങ്ങളെ ഉയര്‍ത്തും.

7 സകല ചിന്താഭാരവും അവിടുത്തെമേല്‍ വച്ചുകൊള്ളുക. അവിടുന്നു നിങ്ങള്‍ക്കുവേണ്ടി കരുതുന്നവനാണല്ലോ.

8

നിങ്ങള്‍ സമചിത്തരും ജാഗരൂകരുമായിരിക്കുക. നിങ്ങളുടെ പ്രതിയോഗിയായ പിശാച് ആരെ വിഴുങ്ങണം എന്നുവച്ച് അലറുന്ന സിംഹത്തെപ്പോലെ ചുറ്റിത്തിരിയുന്നു.

9 ലോകത്തെങ്ങുമുള്ള സഹോദരവര്‍ഗം ഇതേ പീഡാനുഭവങ്ങളിലൂടെയാണു കടന്നുപോകുന്നത്. അതുകൊണ്ട് വിശ്വാസത്തില്‍ ഉറച്ചുനിന്ന് നിങ്ങളുടെ പ്രതിയോഗിയെ ചെറുക്കുക.

10 ക്രിസ്തുമുഖാന്തരം തന്‍റെ നിത്യതേജസ്സിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന പരമകൃപാലുവായ ദൈവം, അല്പകാലത്തെ നിങ്ങളുടെ കഷ്ടാനുഭവങ്ങള്‍ക്കുശേഷം നിങ്ങളെ യഥാസ്ഥാനത്ത് ഉറപ്പിച്ചു ശക്തീകരിക്കും.

11 പരമാധികാരം എന്നേക്കും അവിടുത്തേക്കുള്ളതാകുന്നു. ആമേന്‍.

12

നിങ്ങളെ പ്രബോധിപ്പിക്കുവാനും നിങ്ങള്‍ നിലകൊള്ളുന്നത് സാക്ഷാല്‍ ദൈവകൃപയിലാണന്നു സാക്ഷ്യം വഹിക്കുവാനുമായി നിങ്ങളുടെ വിശ്വസ്ത സഹോദരനായ ശീലാസിന്‍റെ സഹായത്തോടുകൂടി, ചുരുങ്ങിയ വാക്കുകളില്‍ ഞാന്‍ ഇതെഴുതുന്നു. ഇതില്‍ നിങ്ങള്‍ ഉറച്ചുനില്‌ക്കുക.

13

നിങ്ങളോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട ബാബിലോണിലെ സഭയും എന്‍റെ പുത്രനായ മര്‍ക്കോസും നിങ്ങള്‍ക്കു വന്ദനം പറയുന്നു.

14 സ്നേഹത്തിന്‍റെ ചുംബനത്താല്‍ നിങ്ങള്‍ അന്യോന്യം അഭിവാദനം ചെയ്യുക.

ക്രിസ്തുവിനുള്ളവരായ നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനം ലഭിക്കട്ടെ.