1

1

ദൈവത്തിന്‍റെയും കര്‍ത്താവായ യേശുക്രിസ്തുവിന്‍റെയും ദാസനായ യാക്കോബ്, ചിതറിപ്പാര്‍ക്കുന്ന പന്ത്രണ്ടു ഗോത്രങ്ങള്‍ക്ക് എഴുതുന്നത്:

നിങ്ങള്‍ക്ക് എന്‍റെ അഭിവാദനങ്ങള്‍!

2

എന്‍റെ സഹോദരരേ, നിങ്ങള്‍ വിവിധ പരീക്ഷണങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ അത് സര്‍വപ്രകാരേണയും ആനന്ദമായി കരുതുക.

3 എന്തുകൊണ്ടെന്നാല്‍ നിങ്ങളുടെ വിശ്വാസം പരീക്ഷിക്കപ്പെടുമ്പോള്‍ നിങ്ങളില്‍ സ്ഥൈര്യം ഉളവാകുന്നു എന്നുള്ളത് നിങ്ങള്‍ക്ക് അറിയാമല്ലോ.

4 നിങ്ങള്‍ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂര്‍ണരും ആകേണ്ടതിന് ഈ സ്ഥിരത പൂര്‍ണഫലം പുറപ്പെടുവിക്കട്ടെ.

5

നിങ്ങളില്‍ ആര്‍ക്കെങ്കിലും ജ്ഞാനം കുറവാണെങ്കില്‍ എല്ലാവര്‍ക്കും കാരുണ്യപൂര്‍വം ഉദാരമായി നല്‌കുന്ന ദൈവത്തോട് അപേക്ഷിക്കട്ടെ; അവനു ലഭിക്കും.

6 എന്നാല്‍ സംശയിക്കാതെ വിശ്വാസത്തോടുകൂടി അപേക്ഷിക്കേണ്ടതാണ്. സംശയിക്കുന്നവന്‍ കാറ്റടിച്ച് ഇളകിമറിയുന്ന കടല്‍ത്തിരയ്‍ക്കു സമനാകുന്നു.

7 അങ്ങനെയുള്ളവനു കര്‍ത്താവില്‍നിന്ന് എന്തെങ്കിലും ലഭിക്കുമെന്നു കരുതരുത്.

8 ഇരുമനസ്സുള്ള മനുഷ്യന്‍ തന്‍റെ ജീവിത വ്യാപാരങ്ങളിലെല്ലാം അസ്ഥിരനായിരിക്കും.

9

എളിയ സഹോദരന്‍ തന്‍റെ ഉയര്‍ച്ചയിലും

10 ധനവാനോ പുല്ലിന്‍റെ പൂപോലെ ഒഴിഞ്ഞുപോകുന്നവനാകയാല്‍ തന്‍റെ എളിമയിലും പ്രശംസിക്കട്ടെ.

11 പൊള്ളുന്ന ചൂടോടെ സൂര്യന്‍ ഉദിച്ചുയരുന്നു. അതിന്‍റെ ചൂടേറ്റ് പുല്ലു വാടിക്കരിയുന്നു; പൂവു കൊഴിഞ്ഞുവീഴുന്നു; അതിന്‍റെ സൗന്ദര്യം നശിക്കുകയും ചെയ്യുന്നു. അതുപോലെ ധനികനും തന്‍റെ പ്രയത്നങ്ങള്‍ക്കിടയില്‍ വാടി നശിക്കുന്നു.

12

പരീക്ഷണങ്ങള്‍ നേരിടുമ്പോള്‍ ഉറച്ചു നില്‌ക്കുന്നവന്‍ അനുഗൃഹീതന്‍; എന്തെന്നാല്‍ പരീക്ഷണങ്ങളെ അതിജീവിക്കുന്നവന്, തന്നെ സ്നേഹിക്കുന്നവര്‍ക്കു ദൈവം വാഗ്ദാനം ചെയ്തിട്ടുള്ള ജീവകിരീടം ലഭിക്കും.

13 പരീക്ഷിക്കപ്പെടുമ്പോള്‍ ദൈവം എന്നെ പരീക്ഷിക്കുന്നു എന്ന് ആരും പറയരുത്. എന്തെന്നാല്‍ തിന്മയാല്‍ ദൈവത്തെ പരീക്ഷിക്കുവാന്‍ സാധ്യമല്ല. അവിടുന്ന് ആരെയും പരീക്ഷിക്കുന്നുമില്ല.

14

മറിച്ച് ഓരോരുത്തന്‍ സ്വന്തം ദുര്‍മോഹത്താല്‍ ആകൃഷ്ടനായി വഴിതെറ്റിപ്പോകുവാന്‍ പരീക്ഷിക്കപ്പെടുന്നു.

15 മോഹം ഗര്‍ഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു. പാപം പൂര്‍ണവളര്‍ച്ചയിലെത്തുമ്പോള്‍ മരണത്തെ ഉളവാക്കുന്നു.

16

എന്‍റെ പ്രിയ സഹോദരരേ, ആരും നിങ്ങളെ വഴിതെറ്റിക്കരുത്.

17 എല്ലാ നല്ല ദാനങ്ങളും തികവുറ്റ വരങ്ങളും ഉന്നതത്തില്‍നിന്ന്, പ്രകാശഗോളങ്ങളുടെ സ്രഷ്ടാവായ പിതാവില്‍നിന്നുതന്നെ വരുന്നു. ദൈവത്തിനു മാറ്റമോ, ഗതിഭേദംകൊണ്ടുള്ള നിഴലോ ഇല്ല.

18 തന്‍റെ സൃഷ്‍ടികളില്‍ നാം ആദ്യഫലം ആകേണ്ടതിന്, ദൈവം തന്‍റെ സ്വന്തം ഇച്ഛയാല്‍ സത്യത്തിന്‍റെ വചനംകൊണ്ടു നമ്മെ ജനിപ്പിച്ചു.

19

എന്‍റെ പ്രിയപ്പെട്ട സഹോദരരേ, നിങ്ങള്‍ ഇത് ഓര്‍ത്തുകൊള്ളണം; ഏതു മനുഷ്യനും കേള്‍ക്കുന്നതില്‍ വേഗം ശ്രദ്ധിക്കുന്നവനും, പറയുന്നതിലും കോപിക്കുന്നതിലും തിടുക്കം കൂട്ടാത്തവനും ആയിരിക്കട്ടെ.

20 മനുഷ്യന്‍റെ കോപംമൂലം ദൈവത്തിന്‍റെ നീതി നിര്‍വഹിക്കപ്പെടുന്നില്ല.

21 അതിനാല്‍ എല്ലാ അശുദ്ധിയും കൊടിയ ദുഷ്ടതയും ഉപേക്ഷിച്ച്, നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുവാന്‍ പര്യാപ്തമായതും ദൈവം നിങ്ങളുടെ ഉള്ളില്‍ നടുന്നതുമായ വചനത്തെ വിനയപൂര്‍വം കൈക്കൊള്ളുക.

22

എന്നാല്‍ നിങ്ങള്‍ വചനം കേള്‍ക്കുകമാത്രം ചെയ്ത് സ്വയം വഞ്ചിക്കാതെ അതു പ്രാവര്‍ത്തികമാക്കണം.

23 [23,24] വചനം കേള്‍ക്കുന്നെങ്കില്‍ അത് അനുവര്‍ത്തിക്കാതിരിക്കുന്നവന്‍ തന്‍റെ മുഖം കണ്ണാടിയില്‍ കണ്ടിട്ട് അത് ഉടനെ മറക്കുന്നവനെപ്പോലെയാകുന്നു.

24

25 സ്വാതന്ത്ര്യത്തിന്‍റെ സമ്പൂര്‍ണമായ നിയമത്തെ നോക്കിക്കാണുകയും അതു നിഷ്ഠയോടെ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നവന്‍ കേട്ടിട്ടു മറക്കുന്നവനല്ല, പിന്നെയോ ചെയ്യുന്നവനാകുന്നു. തന്‍റെ പ്രവൃത്തികളാല്‍ അവന്‍ അനുഗൃഹീതനാകും.

26

ഭക്തനാണെന്നു വിചാരിക്കുന്ന ഒരുവന്‍ തന്‍റെ നാവിനു കടിഞ്ഞാണിടാതെ സ്വയം വഞ്ചിക്കുന്നുവെങ്കില്‍ അവന്‍റെ ഭക്തി വ്യര്‍ഥമത്രേ.

27 പിതാവായ ദൈവത്തിന്‍റെ മുമ്പാകെയുള്ള ശുദ്ധവും നിര്‍മ്മലവുമായ ഭക്തിയാകട്ടെ, അനാഥരെയും വിധവമാരെയും അവരുടെ കഷ്ടതകളില്‍ ചെന്നു കണ്ട് ആശ്വസിപ്പിക്കുകയും ലോകത്തിന്‍റെ മാലിന്യംപറ്റാതെ സ്വയം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതാകുന്നു.

2

1

എന്‍റെ സഹോദരരേ, മഹത്ത്വത്തിന്‍റെ പ്രഭുവും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന നിങ്ങള്‍ പക്ഷപാതം കാണിക്കരുത്.

2 പൊന്‍മോതിരവും മോടിയുള്ള വസ്ത്രവും അണിഞ്ഞ് ഒരാളും മുഷിഞ്ഞ വസ്ത്രംധരിച്ച് ഒരു ദരിദ്രനും നിങ്ങളുടെ സഭായോഗത്തില്‍ വരുന്നു എന്നിരിക്കട്ടെ.

3 നിങ്ങള്‍ മോടിയുള്ള വസ്ത്രം ധരിച്ചയാളിനോട് “ഇവിടെ സുഖമായി ഇരിക്കുക” എന്ന് ആദരപൂര്‍വം പറയുകയും അതേ സമയം ആ പാവപ്പെട്ട മനുഷ്യനോട് “അവിടെ നില്‌ക്കുക” എന്നോ, “എന്‍റെ കാല്‌ക്കല്‍ നിലത്ത് ഇരുന്നുകൊള്ളുക” എന്നോ പറയുകയും ചെയ്യുന്നെങ്കില്‍,

4 നിങ്ങളുടെ ഇടയില്‍ത്തന്നെ നിങ്ങള്‍ വിവേചനം കാണിക്കുന്നവരും ദുരുദ്ദേശ്യത്തോടുകൂടി വിധികല്പിക്കുന്നവരും ആയിത്തീരുന്നില്ലേ?

5 എന്‍റെ പ്രിയപ്പെട്ട സഹോദരരേ, ഞാന്‍ പറയുന്നതു കേള്‍ക്കുക; ലോകത്തില്‍ ദരിദ്രര്‍ ആയവരെ ദൈവം, വിശ്വാസത്തില്‍ സമ്പന്നരും, തന്നെ സ്നേഹിക്കുന്നവര്‍ക്കു വാഗ്ദാനം ചെയ്തിട്ടുള്ള രാജ്യത്തിന് അവകാശികളും ആക്കിത്തീര്‍ത്തിട്ടില്ലേ?

6 എന്നാല്‍ നിങ്ങള്‍ ദരിദ്രനെ അപമാനിക്കുന്നു. ആരാണ് നിങ്ങളെ പീഡിപ്പിക്കുകയും കോടതിയിലേക്കു വലിച്ചിഴയ്‍ക്കുകയും ചെയ്യുന്നത്? ധനവാന്മാര്‍തന്നെ!

7 ഏതൊരുപേരില്‍ നിങ്ങള്‍ അറിയപ്പെടുന്നുവോ, ആ സംപൂജ്യനാമത്തെ നിന്ദിക്കുന്നതും അവരല്ലേ?

8

വേദലിഖിതത്തില്‍‍ കാണുന്നതുപോലെ “നിന്‍റെ അയല്‍ക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക” എന്ന ദൈവരാജ്യനിയമം നിങ്ങള്‍ യഥാര്‍ഥമായി അനുസരിക്കുന്നത് ഉത്തമം.

9 എന്നാല്‍ നിങ്ങള്‍ പക്ഷപാതം കാണിക്കുന്നെങ്കില്‍ നിങ്ങള്‍ പാപം ചെയ്യുന്നു. നിയമത്താല്‍ നിങ്ങള്‍ കുറ്റക്കാരായി വിധിക്കപ്പെടുകയും ചെയ്യുന്നു.

10 നിയമങ്ങളിലൊന്നു ലംഘിക്കുന്നവന്‍ നിയമം ആസകലം ലംഘിക്കുന്നവനായിത്തീരുന്നു.

11 “വ്യഭിചാരം ചെയ്യരുത്” എന്നു കല്പിച്ചവന്‍ “കൊല ചെയ്യരുത്” എന്നും കല്പിച്ചിട്ടുണ്ട്. നീ വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കൊല ചെയ്യുന്നെങ്കില്‍ നീ നിയമം ലംഘിക്കുന്നു.

12 ദൈവരാജ്യനിയമമാണ് നമ്മെ സ്വതന്ത്രരാക്കുന്നത്. ആ നിയമം അനുസരിച്ച് നിങ്ങള്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക.

13 കാരുണ്യം കാണിക്കാത്തവന്‍റെമേല്‍ കരുണയില്ലാത്ത വിധിയുണ്ടാകും. കാരുണ്യമാകട്ടെ വിധിയെ വെല്ലുന്നു.

14

എന്‍റെ സഹോദരരേ, ഒരുവന്‍ വിശ്വാസമുണ്ട് എന്നു പറയുകയും അവന് അതനുസരിച്ചുള്ള പ്രവൃത്തികള്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ എന്തു പ്രയോജനം? അവന്‍റെ വിശ്വാസം അവനെ രക്ഷിക്കുവാന്‍ പര്യാപ്തമാണോ?

15 വിശപ്പടക്കാന്‍ ആഹാരവും നഗ്നത മറയ്‍ക്കാന്‍ വസ്ത്രവും ഇല്ലാതെ വലയുന്ന ഒരു സഹോദരനോടോ സഹോദരിയോടോ അവര്‍ക്ക് ആവശ്യമുള്ളതു കൊടുക്കാതെ

16 “നിങ്ങള്‍ സമാധാനത്തോടുകൂടി പോയി തണുപ്പകറ്റി മൃഷ്ടാന്നം ഭക്ഷിക്കുക” എന്നു നിങ്ങളില്‍ ആരെങ്കിലും പറയുന്നെങ്കില്‍ അതുകൊണ്ട് എന്താണു പ്രയോജനം?

17 അതുകൊണ്ട് പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം സ്വതേ നിര്‍ജീവമാകുന്നു.

18

എന്നാല്‍ “നിനക്കു വിശ്വാസമുണ്ട്, എനിക്കു പ്രവൃത്തികളുമുണ്ട്” എന്നു നിങ്ങള്‍ പറഞ്ഞേക്കാം. നിന്‍റെ വിശ്വാസം പ്രവൃത്തികള്‍ കൂടാതെ എനിക്കു കാണിച്ചുതരിക. എന്‍റെ വിശ്വാസം പ്രവൃത്തികളില്‍ കൂടി ഞാന്‍ കാണിച്ചുതരാം.

19 ദൈവം ഏകനാണെന്നു നീ വിശ്വസിക്കുന്നു. അതു നല്ലതുതന്നെ! പിശാചുക്കള്‍പോലും അതു വിശ്വസിക്കുന്നു. ഭയപ്പെട്ടു വിറയ്‍ക്കുകയും ചെയ്യുന്നു.

20 മൂഢനായ മനുഷ്യാ, പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം നിഷ്ഫലമെന്നു ഞാന്‍ തെളിയിച്ചുതരണമോ?

21 നമ്മുടെ പിതാവായ അബ്രഹാം തന്‍റെ പുത്രനായ ഇസ്ഹാക്കിനെ ബലിപീഠത്തില്‍ സമര്‍പ്പിച്ചു. അങ്ങനെ പ്രവൃത്തികളിലൂടെയാണല്ലോ അദ്ദേഹം നീതികരിക്കപ്പെട്ടത്.

22 അബ്രഹാമിന്‍റെ പ്രവൃത്തികളോടൊപ്പം വിശ്വാസവും വര്‍ത്തിച്ചു എന്നും, വിശ്വാസം പ്രവൃത്തികളാല്‍ പൂര്‍ണമാക്കപ്പെട്ടു എന്നും നിങ്ങള്‍ അറിയുന്നുവല്ലോ.

23 അങ്ങനെ ‘അബ്രഹാം ദൈവത്തെ വിശ്വസിച്ചു; അതുകൊണ്ട് അദ്ദേഹത്തെ നീതിമാനായി അംഗീകരിച്ചു’ എന്ന വേദലിഖിതം സത്യമായി; അദ്ദേഹം ദൈവത്തിന്‍റെ സ്നേഹിതന്‍ എന്നു വിളിക്കപ്പെടുകയും ചെയ്തു.

24 അങ്ങനെ, മനുഷ്യന്‍ പ്രവൃത്തികള്‍കൊണ്ടാണ് നീതിമാനായി അംഗീകരിക്കപ്പെടുന്നതെന്ന് നിങ്ങള്‍ അറിയുന്നു; കേവലം വിശ്വാസംകൊണ്ടല്ല.

25

റാഹാബ് എന്ന വേശ്യയും അംഗീകരിക്കപ്പെട്ടത് പ്രവൃത്തികളില്‍ കൂടിയാണ്. അവള്‍ ഇസ്രായേല്യചാരന്മാരെ സ്വീകരിക്കുകയും മറ്റൊരു വഴിയിലൂടെ അവരെ പുറത്തേക്കു പറഞ്ഞയയ്‍ക്കുകയും ചെയ്തു.

26 ആത്മാവില്ലാത്ത ശരീരം നിര്‍ജീവമായിരിക്കുന്നതുപോലെ പ്രവൃത്തികൂടാതെയുള്ള വിശ്വാസവും നിര്‍ജീവമായിരിക്കും.

3

1

നിങ്ങളില്‍ അധികംപേര്‍ ഉപദേഷ്ടാക്കള്‍ ആകരുത്. ഉപദേഷ്ടാക്കളായ നാം കൂടൂതല്‍ കര്‍ശനമായ വിധിക്കു വിധേയരാകുമെന്നു നിങ്ങള്‍ക്കറിയാമല്ലോ.

2 നാമെല്ലാവരും പലവിധത്തില്‍ തെറ്റുകള്‍ ചെയ്യുന്നു. സംഭാഷണത്തില്‍ പിഴ വരുത്താത്തവന്‍ ശരീരത്തെ മുഴുവന്‍ കടിഞ്ഞാണിട്ടു നയിക്കുവാന്‍ കഴിവുള്ള ഉത്തമ മനുഷ്യനായിരിക്കും.

3 കുതിരയെ അധീനമാക്കുന്നതിനുവേണ്ടി അതിന്‍റെ വായില്‍ കടിഞ്ഞാണിടുന്നു; അങ്ങനെ അതിന്‍റെ ശരീരത്തെ മുഴുവനും നാം നിയന്ത്രിക്കുന്നുവല്ലോ.

4 കപ്പലിന്‍റെ കാര്യംതന്നെ നോക്കുക. അത് എത്ര വലുതായാലും, ശക്തമായ കാറ്റിന്‍റെ സഹായംകൊണ്ട് ഓടുന്നതായാലും ഒരു ചെറിയ ചുക്കാന്‍കൊണ്ട് അമരക്കാരന്‍ ബോധിച്ച ദിക്കിലേക്കു തിരിക്കുന്നു.

5 അതുപോലെ നാവും വളരെ ചെറിയ ഒരവയവമാണെങ്കിലും വലിയ കാര്യങ്ങളെക്കുറിച്ചു വീരവാദം നടത്തുന്നു.

എത്ര വലിയ വനമായാലും മുഴുവന്‍ കത്തി നശിക്കുവാന്‍ ഒരു തീപ്പൊരി മതി.

6 നാവും ഒരു അഗ്നി തന്നെ. അതു നമ്മുടെ അവയവങ്ങളുടെ മധ്യത്തില്‍ തിന്മയുടെ ഒരു പ്രപഞ്ചമാണ്. നമ്മുടെ സത്തയെ ആകമാനം അതു മലിനമാക്കുന്നു. അതു ജീവിതത്തെ സമൂലം നരകാഗ്നിക്ക് ഇരയാക്കുന്നു.

7 ഏതു തരം മൃഗത്തെയും പക്ഷിയെയും ഇഴജന്തുവിനെയും ജലജീവിയെയും മനുഷ്യനു മെരുക്കിയെടുക്കാം; മെരുക്കിയിട്ടുമുണ്ട്.

8 എന്നാല്‍ നാവിനെ മെരുക്കുവാന്‍ ഒരു മനുഷ്യനും സാധ്യമല്ല. അത് അടക്കാനാവാത്ത ദോഷവും മാരകമായ വിഷവും നിറഞ്ഞതാണ്.

9 നമ്മുടെ പിതാവായ സര്‍വേശ്വരനെ നാവുകൊണ്ട് നാം സ്തുതിക്കുന്നു. ദൈവത്തിന്‍റെ സാദൃശ്യത്തില്‍ സൃഷ്‍ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യനെ അതേ നാവുകൊണ്ടു ശപിക്കുകയും ചെയ്യുന്നു.

10 ഒരേ വായില്‍നിന്നു തന്നെ ഈശ്വരസ്തുതിയും ശാപവും പുറപ്പെടുന്നു. എന്‍റെ സഹോദരരേ, ഇത് ഉചിതമല്ല.

11 ഒരേ നീരുറവ് ശുദ്ധജലവും ഉപ്പുവെള്ളവും പുറപ്പെടുവിക്കുമോ?

12 എന്‍റെ സഹോദരരേ, അത്തിവൃക്ഷത്തില്‍ ഒലിവുഫലമോ, മുന്തിരിവള്ളിമേല്‍ അത്തിപ്പഴമോ ഉണ്ടാകുമോ? ഉപ്പുവെള്ളം പുറപ്പെടുവിക്കുന്ന നീരുറവിന് അതിലെ ജലത്തെ മധുരിപ്പിക്കുവാന്‍ സാധ്യമാണോ?

13

നിങ്ങളില്‍ ജ്ഞാനവും വിവേകവും ഉള്ളവന്‍ ആരാണ്? ജ്ഞാനത്തിന്‍റെ ലക്ഷണം വിനയമാണ്. വിനയത്തോടുകൂടി ചെയ്യുന്ന പ്രവൃത്തികളാല്‍ അവന്‍ തന്‍റെ ഉത്തമജീവിതത്തില്‍ അതു കാണിക്കട്ടെ.

14 എന്നാല്‍ നിങ്ങളുടെ ഹൃദയത്തില്‍ കയ്പു നിറഞ്ഞ അസൂയയും സ്വാര്‍ഥനിഷ്ഠമായ താത്പര്യങ്ങളും ഉണ്ടെങ്കില്‍ ജ്ഞാനത്തെക്കുറിച്ച് ആത്മപ്രശംസ ചെയ്യരുത്. അത് സത്യത്തിനു നിരക്കാത്തതാണ്.

15 ഇങ്ങനെ ആത്മപ്രശംസ ചെയ്യുന്ന ജ്ഞാനം ദൈവത്തില്‍നിന്നുള്ളതല്ല. അത് ഭൗമികവും, അനാത്മികവും, പൈശാചികവുമാണ്.

16 എവിടെ അസൂയയും സ്വാര്‍ഥതാത്പര്യവും ഉണ്ടോ, അവിടെ ക്രമക്കേടും എല്ലാവിധ തിന്മകളും ഉണ്ടായിരിക്കും.

17 എന്നാല്‍ ഉന്നതത്തില്‍നിന്നുള്ള ജ്ഞാനം ഒന്നാമത് നിര്‍മ്മലമാണ്, പിന്നെ സമാധാനപ്രദവും സൗമ്യവും അനുരഞ്ജകവും കരുണാമയവും സല്‍ഫലങ്ങള്‍ ഉളവാക്കുന്നതും ആകുന്നു. അതു പക്ഷപാതവും കാപട്യവും ജനിപ്പിക്കുന്നില്ല.

18 സമാധാനം ഉണ്ടാക്കുന്നവന്‍ സമാധാനം വിതച്ച് നന്മ കൊയ്തെടുക്കുന്നു.

4

1

നിങ്ങളുടെ ഇടയില്‍ കലഹങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടാകുന്നത് എന്തുകൊണ്ട്? നിങ്ങളുടെ അവയവങ്ങളില്‍ പോരാട്ടം നടത്തുന്ന ഭോഗേച്ഛയല്ലേ അതിനു കാരണം?

2 നിങ്ങള്‍ മോഹിക്കുന്നതു പ്രാപിക്കുന്നില്ല; അതുകൊണ്ട് നിങ്ങള്‍ കൊല്ലുന്നു. നിങ്ങള്‍ അത്യധികമായി ആഗ്രഹിക്കുന്നെങ്കിലും നേടുവാന്‍ കഴിയുന്നില്ല. അതുകൊണ്ട് നിങ്ങള്‍ ശണ്ഠ കൂടുകയും പോരാടുകയും ചെയ്യുന്നു. നിങ്ങള്‍ക്കു വേണ്ടതു ലഭിക്കാത്തത് ദൈവത്തോടു ചോദിക്കാത്തതുകൊണ്ടാണ്.

3 നിങ്ങള്‍ അപേക്ഷിച്ചിട്ടും കിട്ടാതിരിക്കുന്നത് നിങ്ങളുടെ ഭോഗങ്ങളില്‍ ചെവിടേണ്ടതിനു ദുരാഗ്രഹത്തോടെ യാചിക്കുന്നതുകൊണ്ടാണ്.

4 അവിശ്വസ്തരായ ജനമേ! ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? അതുകൊണ്ട് ലോകത്തിന്‍റെ മിത്രമാകുവാന്‍ ആഗ്രഹിക്കുന്ന ഏതൊരുവനും തന്നെത്തന്നെ ദൈവത്തിന്‍റെ ശത്രുവാക്കുന്നു.

5 ‘നമ്മില്‍ കുടികൊള്ളുന്ന ആത്മാവ് തീവ്രമായ ആഗ്രഹങ്ങളോടുകൂടിയതാണ്’ എന്ന വേദലിഖിതം വൃഥാകഥനമാണെന്നു വിചാരിക്കുന്നുവോ? ദൈവമാകട്ടെ വളരെയധികം കൃപാവരം നല്‌കുന്നു.

6 അതുകൊണ്ടാണ് ‘ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും എളിയവര്‍ക്കു കൃപാവരം അരുളുകയും ചെയ്യുന്നു’ എന്ന് എഴുതിയിരിക്കുന്നത്.

7 അതുകൊണ്ട് നിങ്ങള്‍ നിങ്ങളെത്തന്നെ ദൈവത്തിനു വിധേയരാക്കുക; പിശാചിനോടു ചെറുത്തു നില്‌ക്കുക; എന്നാല്‍ അവന്‍ നിങ്ങളെ വിട്ട് ഓടിപ്പോകും.

8 ദൈവത്തെ സമീപിക്കുക; എന്നാല്‍ ദൈവവും നിങ്ങളുടെ അടുത്തുവരും. പാപികളേ! നിങ്ങളുടെ കരങ്ങള്‍ വെടിപ്പാക്കുക; കപടഭക്തരേ! നിങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കുക.

9 നിങ്ങള്‍ ദുഃഖിച്ചു വിലപിച്ചു കരയുക. നിങ്ങളുടെ ചിരി കരച്ചിലായും, സന്തോഷം വിഷാദമായും തീരട്ടെ.

10 കര്‍ത്താവിന്‍റെ മുമ്പില്‍ നിങ്ങള്‍ താഴുക; എന്നാല്‍ അവിടുന്നു നിങ്ങളെ ഉയര്‍ത്തും.

11

സഹോദരരേ, നിങ്ങള്‍ അന്യോന്യം ദുഷിക്കരുത്. സഹോദരനെ ദുഷിക്കുകയും വിധിക്കുകയും ചെയ്യുന്നവന്‍ നിയമസംഹിതയെ ദുഷിക്കുകയും വിധിക്കുകയും ചെയ്യുന്നു. നീ നിയമത്തെ വിധിക്കുന്നവനാണെങ്കില്‍ അതിനെ അനുസരിക്കുന്നവനല്ല, പ്രത്യുത വിധികര്‍ത്താവാണ്.

12 നിയമകര്‍ത്താവും വിധികര്‍ത്താവും ആയി നമ്മെ രക്ഷിക്കുവാനും നശിപ്പിക്കുവാനും കഴിവുള്ള ഒരുവനേയുള്ളൂ. നിന്‍റെ അയല്‍ക്കാരനെ വിധിക്കുവാന്‍ നീ ആരാണ്?

13

“ഇന്നോ നാളെയോ ഞങ്ങള്‍ പട്ടണത്തില്‍പോയി ഒരു വര്‍ഷം അവിടെ താമസിച്ചു വ്യാപാരം ചെയ്തു ലാഭമുണ്ടാക്കും” എന്നു പറയുന്നവരേ, എന്‍റെ വാക്കുകള്‍ കേള്‍ക്കൂ.

14 നാളത്തെ കാര്യം നീ അറിയുന്നില്ലല്ലോ. നിങ്ങളുടെ ജീവന്‍ എങ്ങനെയുള്ളതാകുന്നു? അല്പസമയത്തേക്കു കാണപ്പെടുകയും അടുത്ത ക്ഷണത്തില്‍ കാണാതാകുകയും ചെയ്യുന്ന മൂടല്‍മഞ്ഞുപോലെ മാത്രമേയുള്ളൂ നിങ്ങള്‍.

15 “ദൈവം അനുവദിക്കുന്നപക്ഷം ഞങ്ങള്‍ ജീവിച്ചിരുന്ന് ഇന്നതു ചെയ്യും” എന്നാണ് നിങ്ങള്‍ പറയേണ്ടത്.

16 അതിനുപകരം ഗര്‍വ്വുകൊണ്ട് നീ വമ്പു പറയുന്നു. ഇങ്ങനെയുള്ള എല്ലാ വമ്പു പറച്ചിലും തിന്മയാണ്.

17 നന്മ എന്താണെന്ന് അറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നത് പാപമാണ്.

5

1

ധനവാന്മാരേ, നിങ്ങള്‍ക്കു വരുവാന്‍ പോകുന്ന ദുരിതങ്ങള്‍ ഓര്‍ത്ത് വിലപിച്ചു കരയുക.

2 നിങ്ങളുടെ സമ്പത്തു ജീര്‍ണിച്ചും നിങ്ങളുടെ വസ്ത്രങ്ങള്‍ പുഴു കരണ്ടും നശിച്ചിരിക്കുന്നു.

3 നിങ്ങളുടെ പൊന്നും വെള്ളിയും കറ പിടിച്ചിരിക്കുന്നു. ആ കറ നിങ്ങള്‍ക്കെതിരെ സാക്ഷ്യം പറയും. തീ എന്നപോലെ അതു നിങ്ങളുടെ മാംസം കാര്‍ന്നുതിന്നും. അന്ത്യനാളുകള്‍ക്കുവേണ്ടി നിങ്ങള്‍ നിക്ഷേപം കൂട്ടിവയ്‍ക്കുന്നു.

4 ഇതാ, നിങ്ങളുടെ നിലം കൊയ്ത തൊഴിലാളികളെ വഞ്ചിച്ചു പിടിച്ചുവച്ച കൂലി ഉച്ചത്തില്‍ നിലവിളിക്കുന്നു. ആ കൊയ്ത്തുകാരുടെ നിലവിളി സര്‍വശക്തനായ ദൈവത്തിന്‍റെ ചെവികളില്‍ എത്തിയിരിക്കുന്നു.

5 ഭൂമിയില്‍ നിങ്ങള്‍ ആഡംബരത്തിലും സുഖലോലുപതയിലും ജീവിച്ചു; കശാപ്പു നടത്തുന്ന ദിവസത്തേക്കെന്നവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ കൊഴുപ്പിച്ചിരിക്കുന്നു.

6 നിങ്ങള്‍ നീതിമാനെ കുറ്റവാളിയെന്നു വിധിച്ചുകൊന്നു. അവിടുന്നാകട്ടെ നിങ്ങളോട് എതിര്‍ത്തുനില്‌ക്കുന്നില്ല.

7

സഹോദരരേ, കര്‍ത്താവിന്‍റെ ആഗമനംവരെ ക്ഷമയോടെ ഇരിക്കുക. ഭൂമിയില്‍നിന്നു മെച്ചപ്പെട്ട ഫലം കിട്ടുന്നതിനു കര്‍ഷകന്‍ മുന്‍മഴയ്‍ക്കായും പിന്‍മഴയ്‍ക്കായും ക്ഷമാപൂര്‍വം കാത്തിരിക്കുന്നുവല്ലോ.

8 നിങ്ങളും ക്ഷമയോടുകൂടിയിരിക്കുക. നിങ്ങളുടെ മനസ്സ് ഉറപ്പിക്കുക. കര്‍ത്താവിന്‍റെ ആഗമനം അടുത്തിരിക്കുന്നു.

9 സഹോദരരേ, നിങ്ങള്‍ വിധിക്കപ്പെടാതെയിരിക്കുവാന്‍ അന്യോന്യം സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുക. ഇതാ, വിധികര്‍ത്താവ് വാതില്‌ക്കല്‍ നില്‌ക്കുന്നു.

10 സഹോദരരേ, സര്‍വേശ്വരന്‍റെ നാമത്തില്‍ സംസാരിച്ച പ്രവാചകന്മാര്‍ നിങ്ങള്‍ക്കു സഹനത്തിന്‍റെയും ക്ഷമയുടെയും മാതൃകയായിരിക്കട്ടെ.

11 അചഞ്ചലരായി ഉറച്ചുനിന്നിട്ടുള്ളവരെ അനുഗൃഹീതരെന്നു നാം പ്രകീര്‍ത്തിക്കുന്നു. യോബിന്‍റെ സഹിഷ്ണുതയെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. യോബിനെപ്പറ്റി സര്‍വേശ്വരന്‍റെ ഉദ്ദേശ്യം എന്തായിരുന്നു എന്നും അവിടുന്ന് എത്രമാത്രം ദയയും കാരുണ്യവും ഉള്ളവനെന്നും നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്.

12

സഹോദരരേ, സര്‍വോപരി സ്വര്‍ഗത്തെയോ, ഭൂമിയെയോ, മറ്റേതെങ്കിലും ഒന്നിനെയോ ചൊല്ലി സത്യം ചെയ്യരുത്. നിങ്ങള്‍ ശിക്ഷാവിധിയില്‍ അകപ്പെടാതിരിക്കുവാന്‍ നിങ്ങള്‍ ‘അതെ’ എന്നു പറയുന്നത് ‘അതെ’ എന്നും ‘അല്ല’ എന്നു പറയുന്നത് ‘അല്ല’ എന്നും ആയിരിക്കട്ടെ.

13

നിങ്ങളില്‍ കഷ്ടത സഹിക്കുന്നവന്‍ പ്രാര്‍ഥിക്കട്ടെ; സന്തോഷിക്കുന്നവന്‍ സ്തോത്രഗാനം ആലപിക്കട്ടെ.

14 രോഗശയ്യയില്‍ കിടക്കുന്നവന്‍ സഭാമുഖ്യരെ വരുത്തട്ടെ. അവര്‍ കര്‍ത്താവിന്‍റെ നാമത്തില്‍ എണ്ണ പൂശി ആ രോഗിക്കുവേണ്ടി പ്രാര്‍ഥിക്കട്ടെ.

15 വിശ്വാസത്തോടുകൂടിയ പ്രാര്‍ഥന രോഗിയെ രക്ഷിക്കും; കര്‍ത്താവ് അവനെ എഴുന്നേല്പിക്കും; അവന്‍ പാപം ചെയ്തിട്ടുണ്ടെങ്കില്‍ അവനോടു ക്ഷമിക്കുകയും ചെയ്യും.

16 നിങ്ങള്‍ക്കു രോഗശാന്തി ഉണ്ടാകേണ്ടതിന് പരസ്പരം പാപം ഏറ്റുപറഞ്ഞ് ഒരുവനുവേണ്ടി മറ്റൊരുവന്‍ പ്രാര്‍ഥിക്കുക. നീതിമാന്‍റെ ശ്രദ്ധയോടുകൂടിയ പ്രാര്‍ഥന വളരെ ഫലിക്കുന്നു.

17

ഏലിയാ നമ്മെപ്പോലെതന്നെയുള്ള ഒരു മനുഷ്യനായിരുന്നു. മഴ പെയ്യാതിരിക്കുവാന്‍വേണ്ടി അദ്ദേഹം ശുഷ്കാന്തിയോടെ പ്രാര്‍ഥിച്ചു. അതിന്‍റെ ഫലമായി മൂന്നര വര്‍ഷം ഭൂമിയില്‍ മഴ പെയ്തില്ല.

18 അദ്ദേഹം വീണ്ടും പ്രാര്‍ഥിച്ചപ്പോള്‍ ആകാശം മഴ നല്‌കി; ഭൂമി അതിന്‍റെ ഫലങ്ങള്‍ നല്‌കുകയും ചെയ്തു.

19

എന്‍റെ സഹോദരരേ, നിങ്ങളില്‍ ആരെങ്കിലും സത്യത്തില്‍നിന്നു വ്യതിചലിക്കുകയും, മറ്റൊരാള്‍ അയാളെ തിരിച്ചു വരുത്തുകയും ചെയ്താല്‍,

20 പാപിയെ അവന്‍റെ വഴിയില്‍നിന്നു തിരിക്കുന്നവന്‍, അവന്‍റെ ആത്മാവിനെ മരണത്തില്‍നിന്നു രക്ഷിക്കുകയും അവന്‍റെ അസംഖ്യമായ പാപങ്ങള്‍ മറയ്‍ക്കുകയും ചെയ്യുന്നു എന്നുള്ളത് ഓര്‍ത്തുകൊള്ളുക.