1

1

പ്രിയപ്പെട്ട തെയോഫിലോസേ, യേശുവിന്‍റെ പ്രവര്‍ത്തനം ആരംഭിച്ച സമയംമുതല്‍ സ്വര്‍ഗാരോഹണംവരെ, അവിടുന്നു ചെയ്യുകയും പഠിപ്പിക്കുകയും ചെയ്ത എല്ലാ കാര്യങ്ങളും എന്‍റെ ആദ്യത്തെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.

2 [2,3] താന്‍ തിരഞ്ഞെടുത്ത അപ്പോസ്തോലന്മാര്‍ക്കു പരിശുദ്ധാത്മാവിലൂടെ വേണ്ട നിര്‍ദേശങ്ങള്‍ നല്‌കിയ ശേഷമാണ് അവിടുന്നു സ്വര്‍ഗാരോഹണം ചെയ്തത്. അവിടുത്തെ പീഡാനുഭവത്തിനും മരണത്തിനുംശേഷം താന്‍ ജീവിച്ചിരിക്കുന്നു എന്നു സംശയാതീതമായി തെളിയിക്കുന്ന വിധത്തില്‍ നാല്പതു ദിവസം അവിടുന്നു പലവട്ടം അവര്‍ക്കു ദര്‍ശനം നല്‌കുകയും ദൈവരാജ്യം സംബന്ധിച്ചുള്ള കാര്യങ്ങള്‍ അവരോട് സംസാരിക്കുകയും ചെയ്തു.

3

4 അവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു അവരോട് ആജ്ഞാപിച്ചു: “നിങ്ങള്‍ യെരൂശലേം വിട്ടുപോകരുത്; എന്‍റെ പിതാവു വാഗ്ദാനം ചെയ്തിട്ടുള്ളതു ലഭിക്കുന്നതിനുവേണ്ടി കാത്തിരിക്കുക; അതേപ്പറ്റി ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ.

5 യോഹന്നാന്‍ വെള്ളം കൊണ്ടാണു സ്നാപനം ചെയ്തത്; എന്നാല്‍ ഏറെ ദിവസങ്ങള്‍ കഴിയുന്നതിനുമുമ്പ് പരിശുദ്ധാത്മാവിനാലുള്ള സ്നാപനം നിങ്ങള്‍ക്കു ലഭിക്കും.”

6

യേശുവും അപ്പോസ്തോലന്മാരും ഒരുമിച്ചുകൂടി ഇരിക്കുമ്പോള്‍ അവര്‍ ചോദിച്ചു: “കര്‍ത്താവേ, ഈ സമയത്താണോ അങ്ങ് ഇസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചുകൊടുക്കുന്നത്?”

7

യേശു അവരോട് അരുള്‍ചെയ്തു: “പിതാവ് തന്‍റെ സ്വന്തം അധികാരത്തില്‍ നിശ്ചയിച്ചിട്ടുള്ള കാലങ്ങളും സമയങ്ങളും നിങ്ങള്‍ അറിയേണ്ടാ.

8 എന്നാല്‍ പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വരുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിച്ച്, യെരൂശലേമിലും യെഹൂദ്യയില്‍ എല്ലായിടത്തും ശമര്യയിലും എന്നല്ല ഭൂമിയുടെ അറുതിവരെയും എന്‍റെ സാക്ഷികളായിത്തീരും.”

9 ഇപ്രകാരം അരുള്‍ചെയ്തശേഷം അവര്‍ നോക്കി നില്‌ക്കുമ്പോള്‍ത്തന്നെ, യേശു സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു; ഒരു മേഘം വന്ന് അവിടുത്തെ അവരുടെ ദൃഷ്‍ടിയില്‍നിന്നു മറയ്‍ക്കുകയും ചെയ്തു.

10

യേശു സ്വര്‍ഗാരോഹണം ചെയ്യുന്നത് അവര്‍ നിര്‍ന്നിമേഷരായി നോക്കി നില്‌ക്കുമ്പോള്‍ ശുഭ്രവസ്ത്രധാരികളായ രണ്ടു പുരുഷന്മാര്‍ അവരുടെ സമീപത്തു വന്നുനിന്ന് അവരോടു പറഞ്ഞു:

11 “അല്ലയോ ഗലീലക്കാരേ, നിങ്ങളെന്തിന് ആകാശത്തേക്കു നോക്കിനില്‌ക്കുന്നു? സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ട ഈ യേശു സ്വര്‍ഗത്തിലേക്കു പോകുന്നതു നിങ്ങള്‍ കണ്ടല്ലോ. അതുപോലെ തന്നെ അവിടുന്നു മടങ്ങിവരുകയും ചെയ്യും.

12

അനന്തരം അവര്‍ ഒലിവുമലയില്‍നിന്ന് യെരൂശലേമിലേക്കു തിരിച്ചുപോയി. ഈ സ്ഥലങ്ങള്‍ തമ്മില്‍ ഒരു ശബത്തുദിവസം സഞ്ചരിക്കാവുന്ന ദൂരമേ ഉള്ളൂ.

13 അവിടെ എത്തിയ ഉടനെ, തങ്ങള്‍ പാര്‍ത്തിരുന്ന മാളികമുറിയിലേക്ക് അവര്‍ കയറിപ്പോയി. അപ്പോസ്തോലന്മാര്‍ - പത്രോസ്, യോഹന്നാന്‍, യാക്കോബ്, അന്ത്രയാസ്, ഫീലിപ്പോസ്, തോമസ്, ബര്‍തൊലോമായി, മത്തായി, അല്ഫായിയുടെ മകനായ യാക്കോബ്, അത്യുത്സാഹിയായ ശിമോന്‍, യാക്കോബിന്‍റെ പുത്രനായ യൂദാസ് എന്നിവരായിരുന്നു.

14 യേശുവിന്‍റെ മാതാവായ മറിയമിനോടും മറ്റു സ്‍ത്രീകളോടും യേശുവിന്‍റെ സഹോദരന്മാരോടും ചേര്‍ന്ന് അവര്‍ എല്ലാവരും ഏകമനസ്സോടും ശുഷ്കാന്തിയോടും കൂടി പ്രാര്‍ഥിച്ചു പോന്നു.

15

ഏതാനും ദിവസങ്ങള്‍ക്കുശേഷം ഏകദേശം നൂറ്റിരുപതുപേരുള്ള ഒരു സംഘം ഒരുമിച്ചു കൂടിയിരുന്നപ്പോള്‍ പത്രോസ് ആ സഹോദരന്മാരുടെ മധ്യത്തില്‍ നിന്നുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു:

16 “സഹോദരരേ, യേശുവിനെ ബന്ധനസ്ഥനാക്കിയവര്‍ക്കു വഴികാട്ടിയായിത്തീര്‍ന്ന യൂദാസിനെക്കുറിച്ച് പരിശുദ്ധാത്മാവു ദാവീദില്‍ക്കൂടി പ്രവചിച്ചിട്ടുള്ള വേദലിഖിതം സത്യമായിരിക്കുന്നു. അയാള്‍ ഞങ്ങളുടെ ഗണത്തിലെ ഒരംഗമായിരുന്നു.

17 ഈ ശുശ്രൂഷയില്‍ പങ്കെടുക്കുന്നതിനു തിരഞ്ഞെടുക്കപ്പെട്ടവനുമായിരുന്നു.

18 എന്നാല്‍ ആ മനുഷ്യന്‍ തന്‍റെ ദുഷ്കര്‍മത്തിനു കിട്ടിയ പ്രതിഫലംകൊണ്ട് ഒരു നിലം വാങ്ങി; അയാള്‍ നിലത്തുവീണു വയറു പിളര്‍ന്നു കുടലെല്ലാം പുറത്തുചാടി.

19 യെരൂശലേമില്‍ നിവസിക്കുന്ന എല്ലാവരും ഈ സംഭവം അറിഞ്ഞു. ആ നിലത്തിന് അവരുടെ ഭാഷയില്‍ ‘രക്തനിലം’ എന്നര്‍ഥമുള്ള ‘അക്കല്ദാമ’ എന്നു പേരുവന്നു.

20

‘അവന്‍റെ വാസസ്ഥലം ശൂന്യമായിത്തീരട്ടെ;

അതില്‍ ആരും പാര്‍ക്കാതിരിക്കട്ടെ’

എന്നും

‘അവന്‍റെ അധ്യക്ഷസ്ഥാനം മറ്റൊരുവനു ലഭിക്കട്ടെ’ എന്നും സങ്കീര്‍ത്തനപുസ്തകത്തില്‍ എഴുതിയിട്ടുണ്ടല്ലോ.

21

“അതുകൊണ്ട് ഞങ്ങളോടൊപ്പം കര്‍ത്താവായ യേശുവിന്‍റെ പുനരുത്ഥാനത്തിനു സാക്ഷ്യം വഹിക്കുവാന്‍ ഒരാള്‍ ആവശ്യമായിരിക്കുന്നു.

22 കര്‍ത്താവായ യേശു നമ്മുടെകൂടെ സഞ്ചരിച്ചിരുന്ന കാലമത്രയും - യോഹന്നാന്‍റെ സ്നാപനംമുതല്‍ കര്‍ത്താവ് സ്വര്‍ഗാരോഹണം ചെയ്ത നാള്‍വരെ - നമ്മുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരുവനായിരിക്കണം അയാള്‍.

23

അവര്‍ യുസ്തൊസ് എന്ന അപരനാമമുള്ള ബര്‍ശബാ എന്ന യോസേഫിന്‍റെയും മത്ഥിയാസിന്‍റെയും പേരുകള്‍ നിര്‍ദേശിച്ചു. അനന്തരം അവര്‍ ഇങ്ങനെ പ്രാര്‍ഥിച്ചു:

24 “സകല മനുഷ്യഹൃദയങ്ങളെയും അറിയുന്ന കര്‍ത്താവേ, ഈ ശുശ്രൂഷയുടെയും അപ്പോസ്തോലത്വത്തിന്‍റെയും സ്ഥാനം ഉപേക്ഷിച്ച്, താന്‍ അര്‍ഹിക്കുന്ന സ്ഥലത്തേക്ക് യൂദാസ് പോയിരിക്കുന്നു.

25 അയാള്‍ക്കു പകരം ഇവരില്‍ ആരെ അവിടുന്നു തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരണമേ.”

26 പിന്നീട് അവരുടെ പേരില്‍ നറുക്കിട്ടു; നറുക്കു മത്ഥിയാസിനു വീണു. അങ്ങനെ അദ്ദേഹം പതിനൊന്ന് അപ്പോസ്തോലന്മാരോടുകൂടി ചേര്‍ക്കപ്പെട്ടു.

2

1

പെന്തെക്കോസ്തു നാളില്‍ അവര്‍ എല്ലാവരും ഒരു സ്ഥലത്തു കൂടിയിരിക്കുകയായിരുന്നു.

2 പെട്ടെന്നു കൊടുങ്കാറ്റടിക്കുന്നതുപോലെ ഒരു മുഴക്കം ആകാശത്തുനിന്നുണ്ടായി; അത് അവരിരുന്ന വീടു മുഴുവന്‍ വ്യാപിച്ചു.

3 തീനാമ്പുപോലെയുള്ള നാവ് അവര്‍ക്ക് പ്രത്യക്ഷമായി; അതു പിളര്‍ന്ന് ഓരോരുത്തരുടെയും മേല്‍ പതിഞ്ഞു.

4 എല്ലാവരും പരിശുദ്ധാത്മാവുകൊണ്ടു നിറഞ്ഞു; ആത്മാവ് അവര്‍ക്ക് ഉച്ചരിക്കുവാന്‍ നല്‌കിയ വരം അനുസരിച്ച് വിവിധ ഭാഷകളില്‍ അവര്‍ സംസാരിക്കുവാന്‍ തുടങ്ങി.

5

അന്ന് ആകാശത്തിന്‍കീഴുള്ള എല്ലാ രാജ്യങ്ങളില്‍നിന്നും വന്നു പാര്‍ക്കുന്ന യെഹൂദ ഭക്തജനങ്ങള്‍ യെരൂശലേമിലുണ്ടായിരുന്നു.

6 ഈ ശബ്ദം കേട്ട് ഒരു വലിയ ജനക്കൂട്ടം അവിടെ വന്നുകൂടി. അവര്‍ സംസാരിക്കുന്നത് ഓരോരുത്തരും അവനവന്‍റെ സ്വന്തം ഭാഷയില്‍ കേട്ടതിനാല്‍ അവര്‍ അന്ധാളിച്ചുപോയി.

7 അവര്‍ അമ്പരന്ന് അദ്ഭുതാധീനരായി പറഞ്ഞു: “ഈ സംസാരിക്കുന്നവരെല്ലാം ഗലീലക്കാരല്ലേ?

8 പിന്നെ എങ്ങനെയാണ് ഇവരുടെ ഭാഷണം നമ്മുടെ ഓരോരുത്തരുടെയും മാതൃഭാഷയില്‍ കേള്‍ക്കുന്നത്?

9 [9-11] പാര്‍ഥ്യരും മേദ്യരും ഏലാമ്യരും മെസപ്പൊത്താമ്യ, യെഹൂദ്യ, കപ്പദോക്യ, പൊന്തൊസ്, ഏഷ്യാസംസ്ഥാനം, ഫ്റുഗ്യ, പംഫുല്യ, ഈജിപ്ത്, കുറേനയ്‍ക്ക് അടുത്തുകിടക്കുന്ന ലിബിയയിലെ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിവസിക്കുന്നവരും റോമില്‍നിന്നു വന്നിട്ടുള്ള സന്ദര്‍ശകരും ജന്മനാ യെഹൂദന്മാരും യെഹൂദമതം സ്വീകരിച്ചവരും ക്രീറ്റുകാരും അറേബ്യക്കാരും നമ്മുടെ കൂട്ടത്തിലുണ്ടല്ലോ. എന്നിട്ടും ദൈവത്തിന്‍റെ അദ്ഭുതപ്രവര്‍ത്തനങ്ങളെപ്പറ്റി അവര്‍ പറയുന്നത് നമ്മുടെ സ്വന്തം ഭാഷകളില്‍ നാം കേള്‍ക്കുന്നു!”

10

11

12 എല്ലാവരും ആശ്ചര്യപ്പെടുകയും സംഭ്രാന്തരാകുകയും ചെയ്തു. “ഇതിന്‍റെ അര്‍ഥം എന്ത്?” എന്ന് അവര്‍ അന്യോന്യം ചോദിച്ചു.

13

“അവര്‍ നിറയെ പുതുവീഞ്ഞു കുടിച്ചിട്ടുണ്ട്” എന്നു മറ്റു ചിലര്‍ പരിഹാസപൂര്‍വം പറഞ്ഞു.

14

അപ്പോള്‍ പത്രോസ് മറ്റു പതിനൊന്ന് അപ്പോസ്തോലന്മാരോടു കൂടി എഴുന്നേറ്റുനിന്ന് ഉച്ചസ്വരത്തില്‍ അവരെ അഭിസംബോധന ചെയ്തു: “യെഹൂദാജനങ്ങളേ, യെരൂശലേം നിവാസികളേ, നിങ്ങള്‍ ഇത് അറിഞ്ഞുകൊള്ളുക; എന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുക:

15 നിങ്ങള്‍ വിചാരിക്കുന്നതുപോലെ ഇവര്‍ കുടിച്ചു മത്തുപിടിച്ചവരൊന്നുമല്ല. ഇപ്പോള്‍ രാവിലെ ഒന്‍പതുമണിയല്ലേ ആയിട്ടുള്ളൂ.

16 എന്നാല്‍ ഇത് യോവേല്‍പ്രവാചകന്‍ പറഞ്ഞിട്ടുള്ളതാണ്:

17

ദൈവം അരുളിച്ചെയ്യുന്നു:

അന്ത്യനാളുകളില്‍ എന്‍റെ ആത്മാവിനെ
സകല മനുഷ്യരുടെയുംമേല്‍ ഞാന്‍ പകരും;
നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും;
നിങ്ങളുടെ യുവാക്കള്‍ ദര്‍ശനങ്ങള്‍ കാണും.
നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങള്‍ ദര്‍ശിക്കും;

18
അതേ, ആ നാളുകളില്‍,
എന്‍റെ ദാസന്മാരുടെയും ദാസിമാരുടെയും മേല്‍
എന്‍റെ ആത്മാവിനെ ഞാന്‍ പകരുകയും
അവര്‍ പ്രവചിക്കുകയും ചെയ്യും.

19
ഞാന്‍ ആകാശത്ത് അദ്ഭുതങ്ങളും
ഭൂമിയില്‍ അടയാളങ്ങളും കാണിക്കും;
രക്തവും അഗ്നിയും ഇരുണ്ട ധൂമപടലവും തന്നെ.

20
കര്‍ത്താവിന്‍റെ മഹത്തും തേജസ്കരവുമായ
ആ ദിവസം വരുന്നതിനുമുമ്പു
സൂര്യന്‍ ഇരുണ്ടുപോകും;
ചന്ദ്രന്‍ രക്തമായിത്തീരുകയും ചെയ്യും.

21
എന്നാല്‍ കര്‍ത്താവിന്‍റെ നാമം
വിളിച്ചപേക്ഷിക്കുന്നവരെല്ലാം രക്ഷിക്കപ്പെടും.

22

“ഇസ്രായേല്‍ജനങ്ങളേ, നസറായനായ യേശു എന്ന മനുഷ്യന്‍ ദൈവത്താല്‍ നിയുക്തനായിരിക്കുന്നു. തന്നില്‍കൂടി നിങ്ങളുടെ മധ്യത്തില്‍ ദൈവം പ്രവര്‍ത്തിച്ച അദ്ഭുതങ്ങളും അതിശക്തമായ പ്രവര്‍ത്തനങ്ങളും അതു വെളിപ്പെടുത്തി. ഇത് നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ.

23

ഈ യേശു ദൈവത്തിന്‍റെ മുന്നറിവും നിശ്ചയവും അനുസരിച്ചു നിങ്ങളുടെ കൈയില്‍ ഏല്പിക്കപ്പെട്ടു. നിങ്ങള്‍ അവിടുത്തെ അധര്‍മികളുടെ കൈകളാല്‍ കുരിശില്‍ തറച്ചുകൊന്നു.

24

എന്നാല്‍ മരണത്തിന്‍റെ അധീനതയില്‍നിന്നു ദൈവം അവിടുത്തെ മോചിപ്പിച്ച് ഉയിര്‍പ്പിച്ചു. എന്തെന്നാല്‍ മരണത്തിന് അവിടുത്തെ തടങ്കലില്‍ വയ്‍ക്കുക അസാധ്യമായിരുന്നു.

25 ദാവീദ് അവിടുത്തെക്കുറിച്ചു പറയുന്നത് ഇങ്ങനെയാണ്:

കര്‍ത്താവിനെ എപ്പോഴും
എന്‍റെ കണ്‍മുമ്പില്‍ ഞാന്‍ ദര്‍ശിച്ചിരുന്നു;
അവിടുന്ന് എന്‍റെ വലത്തുഭാഗത്തുള്ളതിനാല്‍
ഞാന്‍ കുലുങ്ങിപ്പോകുകയില്ല.

26
അതുകൊണ്ട് എന്‍റെ ഹൃദയം സന്തോഷിച്ചു;
എന്‍റെ നാവ് ആഹ്ലാദപൂര്‍വം ആര്‍ത്തുവിളിച്ചു.
മാത്രമല്ല, ഞാന്‍ മര്‍ത്യനെങ്കിലും പ്രത്യാശയോടെ ഇരിക്കും.

27
എന്തെന്നാല്‍ അങ്ങ് എന്‍റെ പ്രാണനെ
മരിച്ചവരുടെ ലോകത്തിലേക്കു കൈവിടുകയില്ല;
അവിടുത്തെ പരിശുദ്ധനെ
ജീര്‍ണതയ്‍ക്കു വിധേയനാകുവാന്‍ അനുവദിക്കുകയുമില്ല.

28
ജീവനിലേക്കു നയിക്കുന്ന മാര്‍ഗങ്ങള്‍
അങ്ങ് എനിക്കു കാണിച്ചു തന്നു;
അവിടുത്തെ സാന്നിധ്യത്താല്‍
എന്നെ സന്തോഷപൂര്‍ണനാക്കും.

29

“സഹോദരരേ, നമ്മുടെ ഗോത്രപിതാവായ ദാവീദിനെക്കുറിച്ചു ഞാന്‍ സധൈര്യം പറയട്ടെ: അദ്ദേഹം അന്തരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ശവകുടീരം ഇന്നും നമ്മുടെ ഇടയിലുണ്ടല്ലോ.

30 ദാവീദ് ഒരു പ്രവാചകനായതിനാല്‍ തന്‍റെ സന്താനപരമ്പരയില്‍ ഒരുവനെ തന്‍റെ സിംഹാസനത്തില്‍ ഉപവിഷ്ടനാക്കുമെന്നു ദൈവം പ്രതിജ്ഞ ചെയ്ത് ഉറപ്പിച്ചുപറഞ്ഞു എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.

31 അങ്ങനെ ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തെ മുന്‍കൂട്ടികാണുകയും ‘അവിടുന്നു മരിച്ചവരുടെ ലോകത്തില്‍ കൈവിടപ്പെടുകയോ, അവിടുത്തെ ജഡം ജീര്‍ണിക്കുകയോ ചെയ്യുകയില്ല’ എന്നു പ്രസ്താവിക്കുകയും ചെയ്തു.

32 ഈ യേശുവിനെയാണു ദൈവം ഉയിര്‍പ്പിച്ചത്; അതിനു ഞങ്ങളെല്ലാവരും സാക്ഷികളുമാണ്.

33 അവിടുന്ന് ദൈവത്തിന്‍റെ വലത്തുഭാഗത്ത് ആരോഹണം ചെയ്തു; വാഗ്ദാനപ്രകാരം, പരിശുദ്ധാത്മാവിനെ പിതാവില്‍നിന്നു പ്രാപിച്ചു പകര്‍ന്നു തന്നതാണ് നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്.

34 ദാവീദു സ്വര്‍ഗാരോഹണം ചെയ്തിട്ടില്ല. എങ്കിലും അദ്ദേഹം ഇപ്രകാരം പറയുന്നു:

35

‘ഞാന്‍ നിന്‍റെ ശത്രുക്കളെ

നിന്‍റെ പാദപീഠമാക്കുന്നതുവരെ-

നീ എന്‍റെ വലത്തുഭാഗത്തിരിക്കുക’

എന്നു സര്‍വേശ്വരന്‍

എന്‍റെ കര്‍ത്താവിനോട് അരുളിചെയ്തു.

36

“അതുകൊണ്ട് നിങ്ങള്‍ ക്രൂശിച്ച ഈ യേശുവിനെ ദൈവം കര്‍ത്താവും ക്രിസ്തുവുമാക്കി വച്ചിരിക്കുന്നു എന്ന് ഇസ്രായേല്‍ വംശജരെല്ലാം നിശ്ചയമായും അറിഞ്ഞുകൊളളട്ടെ.”

37

ഇതുകേട്ട് മനസ്സാക്ഷിക്കു കുത്തുകൊണ്ട് അവര്‍ പത്രോസിനോടും മറ്റ് അപ്പോസ്തോലന്മാരോടും ചോദിച്ചു: “സഹോദരന്മാരേ, ഞങ്ങള്‍ എന്താണു വേണ്ടത്?”

38

പത്രോസ് അവരോടു പറഞ്ഞു: “നിങ്ങള്‍ ഓരോ വ്യക്തിയും അനുതപിച്ചു മനം തിരിഞ്ഞു പാപമോചനത്തിനുവേണ്ടി യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്നാപനം സ്വീകരിക്കുക; അപ്പോള്‍ നിങ്ങള്‍ക്കു പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും.

39 ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ മക്കള്‍ക്കും നമ്മുടെ ദൈവമായ കര്‍ത്താവു വിളിച്ചുചേര്‍ക്കുന്ന വിദൂരസ്ഥരായ എല്ലാവര്‍ക്കുംവേണ്ടിയുള്ളതാണ്.”

40 മറ്റു പല വാദമുഖങ്ങളും ഉന്നയിച്ചുകൊണ്ട് പത്രോസ് അവരോടു സാക്ഷ്യം വഹിക്കുകയും വക്രതയുള്ള ഈ തലമുറയ്‍ക്കു നേരിടുന്ന ശിക്ഷയില്‍നിന്നു നിങ്ങള്‍ രക്ഷപെട്ടുകൊള്ളുക” എന്നു ശക്തമായി ഉദ്ബോധിപ്പിക്കുകയും ചെയ്തു.

41 അദ്ദേഹത്തിന്‍റെ സന്ദേശം സ്വീകരിച്ചവര്‍ സ്നാപനം ഏറ്റു. അന്നു മൂവായിരത്തോളം ആളുകള്‍ അവരുടെകൂടെ ചേര്‍ന്നു.

42 അവര്‍ അപ്പോസ്തോലന്മാരുടെ പ്രബോധനങ്ങള്‍ കേള്‍ക്കുന്നതിലും കൂട്ടായ്മയിലും അപ്പം മുറിക്കുന്നതിലും പ്രാര്‍ഥനയിലും നിരന്തരമായി സര്‍വാത്മനാ പങ്കെടുത്തുപോന്നു.

43

അപ്പോസ്തോലന്മാരിലൂടെ നടന്ന അനേകം അദ്ഭുതങ്ങളും അടയാളങ്ങളും മൂലം എല്ലാവരിലും ഭയം ജനിച്ചു.

44 വിശ്വസിച്ചവരെല്ലാം ഒരുമിച്ച് ഒരു സമൂഹമായി കഴിയുകയും, അവര്‍ക്കുള്ള സര്‍വസ്വവും പൊതുവകയായി എണ്ണുകയും,

45 തങ്ങളുടെ വസ്തുവകകളെല്ലാം വിറ്റ് ഓരോരുത്തരുടെയും ആവശ്യാനുസരണം വിഭജിച്ചുകൊടുക്കുകയും ചെയ്തു.

46 അവര്‍ ശുഷ്കാന്തിയോടുകൂടി നിത്യവും ഏകമനസ്സോടെ ദേവാലയത്തില്‍ വന്നുകൂടിയിരുന്നു. വീടുകള്‍തോറും അവര്‍ അപ്പം മുറിക്കുകയും, ഉല്ലാസത്തോടും പരമാര്‍ഥഹൃദയത്തോടും കൂടി അവരുടെ ഭക്ഷണം പങ്കിടുകയും,

47 ദൈവത്തെ സ്തുതിക്കുകയും എല്ലാവരുടെയും സൗഹൃദം ആസ്വദിക്കുകയും ചെയ്തു. രക്ഷിക്കപ്പെട്ടുകൊണ്ടിരുന്നവരെ കര്‍ത്താവു ദിനംതോറും അവരുടെ സംഘത്തില്‍ ചേര്‍ത്തുകൊണ്ടിരുന്നു.

3

1

ഒരു ദിവസം ഉച്ചകഴിഞ്ഞു മൂന്നുമണിക്കുള്ള പ്രാര്‍ഥനാസമയത്ത് പത്രോസും യോഹന്നാനും ദേവാലയത്തിലേക്കു പോകുകയായിരുന്നു.

2 ദേവാലയത്തില്‍ പോകുന്നവരോടു ഭിക്ഷ യാചിക്കുന്നതിനുവേണ്ടി ജന്മനാ മുടന്തനായ ഒരുവനെ ഏതാനും പേര്‍ ദേവാലയത്തിലേക്ക് എടുത്തുകൊണ്ടുവന്ന് ‘സുന്ദരം’ എന്നു പേരുള്ള ദേവാലയത്തിന്‍റെ പടിവാതില്‌ക്കല്‍ ഇരുത്തുക പതിവായിരുന്നു.

3 പത്രോസും യോഹന്നാനും ദേവാലയത്തിലേക്കു പോകുന്നതു കണ്ടപ്പോള്‍ അയാള്‍ അവരോട് ഭിക്ഷ യാചിച്ചു.

4 പത്രോസ് യോഹന്നാനോടൊപ്പം അയാളെ സൂക്ഷിച്ചുനോക്കിക്കൊണ്ട്, “ഞങ്ങളുടെ നേരേ നോക്കൂ” എന്നു പറഞ്ഞു.

5 അവരില്‍നിന്നു വല്ലതും കിട്ടുമെന്നു പ്രതീക്ഷിച്ചുകൊണ്ട് അയാള്‍ അവരെ സൂക്ഷിച്ചുനോക്കി.

6 എന്നാല്‍ പത്രോസ്, “പൊന്നും വെള്ളിയും എനിക്കില്ല; എങ്കിലും എനിക്കുള്ളതു ഞാന്‍ നിനക്കു തരുന്നു; നസറായനായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ നടക്കുക”

7 എന്നു പറഞ്ഞുകൊണ്ട് അയാളുടെ വലത്തുകൈക്കു പിടിച്ച് എഴുന്നേല്പിച്ചു. തല്‍ക്ഷണം ആ മനുഷ്യന്‍റെ പാദങ്ങള്‍ക്കും കണങ്കാലുകള്‍ക്കും ബലമുണ്ടായി.

8 അയാള്‍ ചാടി എഴുന്നേറ്റു നില്‌ക്കുകയും നടക്കുകയും ചെയ്തു; നടന്നും തുള്ളിച്ചാടിയും ദൈവത്തെ സ്തുതിച്ചുകൊണ്ട് അയാള്‍ അവരോടുകൂടി ദേവാലയത്തില്‍ പ്രവേശിച്ചു.

9 അയാള്‍ നടക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും എല്ലാവരും കണ്ടു.

10 ‘സുന്ദരം’ എന്ന ദേവാലയഗോപുരത്തിലിരുന്നു ഭിക്ഷയാചിച്ച മനുഷ്യനാണയാള്‍ എന്ന് അവര്‍ക്ക് മനസ്സിലായി; അയാള്‍ക്കു സംഭവിച്ചതിനെക്കുറിച്ച് അവര്‍ക്കു വിസ്മയവും സംഭ്രമവുമുണ്ടായി.

11

അയാള്‍ പത്രോസിന്‍റെയും യോഹന്നാന്‍റെയും അടുക്കല്‍ പറ്റിക്കൂടി നില്‌ക്കുന്നതുകണ്ട് ജനങ്ങള്‍ അമ്പരന്ന്, ‘ശലോമോന്‍റേത്’ എന്നു പേരുള്ള മണ്ഡപത്തില്‍ അവരുടെ അടുക്കല്‍ ഓടിക്കൂടി.

12 ഇതു കണ്ട് പത്രോസ് അവരെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു: “ഇസ്രായേല്‍ജനങ്ങളേ, ഇതില്‍ നിങ്ങള്‍ എന്തിനാണ് വിസ്മയിക്കുന്നത്? നിങ്ങള്‍ ഞങ്ങളെ തുറിച്ചുനോക്കുന്നത് എന്തിന്? ഞങ്ങളുടെ സ്വന്തം ശക്തികൊണ്ടോ ഭക്തികൊണ്ടോ അല്ല ഈ മനുഷ്യനെ നടക്കുമാറാക്കിയത്.

13 അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം, തന്‍റെ ദാസനായ യേശുവിനെ മഹത്ത്വപ്പെടുത്തി. ആ യേശുവിനെ നിങ്ങള്‍ അധികാരികള്‍ക്ക് ഏല്പിച്ചുകൊടുത്തു. പീലാത്തോസ് യേശുവിനെ മോചിപ്പിക്കുവാന്‍ തീരുമാനിച്ചു. എന്നിട്ടും അദ്ദേഹത്തിന്‍റെ മുമ്പില്‍വച്ച് നിങ്ങള്‍ അവിടുത്തെ തള്ളിപ്പറഞ്ഞു.

14 പരിശുദ്ധനും നീതിമാനുമായവനെ നിങ്ങള്‍ തിരസ്കരിച്ചു. ഒരു കൊലപാതകിയെ വിട്ടുകിട്ടണമെന്നത്രേ നിങ്ങള്‍ ആവശ്യപ്പെട്ടത്.

15 ജീവനാഥനെ നിങ്ങള്‍ വധിച്ചു; ദൈവം അവിടുത്തെ മരിച്ചവരുടെ ഇടയില്‍നിന്നു ഉയിര്‍പ്പിച്ചു; അതിനു ഞങ്ങള്‍ സാക്ഷികള്‍.

16 ആ യേശുവിന്‍റെ നാമം, അവിടുത്തെ നാമത്തിലുള്ള വിശ്വാസംതന്നെ, നിങ്ങള്‍ കാണുകയും അറിയുകയും ചെയ്യുന്ന ഈ മനുഷ്യനു ബലം നല്‌കിയിരിക്കുന്നു. നിങ്ങളുടെ എല്ലാവരുടെയും സാന്നിധ്യത്തില്‍, ഇയാള്‍ക്കു സമ്പൂര്‍ണമായ ആരോഗ്യം നല്‌കിയത് യേശുക്രിസ്തുവില്‍ക്കൂടിയുള്ള വിശ്വാസമാണ്.

17

“സഹോദരരേ, നിങ്ങളുടെ നേതാക്കന്മാരും നിങ്ങളും അജ്ഞതമൂലമാണ് യേശുവിനോട് ഇപ്രകാരം ചെയ്തതെന്ന് എനിക്കറിയാം.

18 എന്നാല്‍ ക്രിസ്തു കഷ്ടതയനുഭവിക്കുമെന്നു സകല പ്രവാചകന്മാരും മുഖാന്തരം ദൈവം മുന്‍കൂട്ടി അറിയിച്ചത് ഇങ്ങനെ സംഭവിച്ചു.

19 അതിനാല്‍ നിങ്ങളുടെ പാപം നിര്‍മാര്‍ജനം ചെയ്യപ്പെടേണ്ടതിന് അനുതപിച്ചു ദൈവത്തിങ്കലേക്കു തിരിഞ്ഞുകൊള്ളുക.

20 അങ്ങനെ ചെയ്താല്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍ നിന്ന് ആശ്വാസം ലഭിക്കുന്ന കാലം വരും. നിങ്ങള്‍ക്കുവേണ്ടി മുന്‍നിയമിക്കപ്പെട്ട ക്രിസ്തുവാകുന്ന യേശുവിനെ അവിടുന്ന് അയയ്‍ക്കുകയും ചെയ്യും.

21 പണ്ടുമുതല്‍ വിശുദ്ധപ്രവാചകന്മാര്‍ മുഖാന്തരം ദൈവം അരുള്‍ചെയ്തതുപോലെ, എല്ലാറ്റിനെയും യഥാസ്ഥാനമാക്കുന്നതുവരെ യേശു സ്വര്‍ഗത്തില്‍ ആയിരിക്കേണ്ടതാകുന്നു.

22 മോശ ഇങ്ങനെ പറയുന്നു: ‘ദൈവമായ കര്‍ത്താവു നിങ്ങളുടെ സഹോദരന്മാരുടെ ഇടയില്‍നിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്കുവേണ്ടി എഴുന്നേല്പിക്കും. അദ്ദേഹം പറയുന്നത് എന്തുതന്നെ ആയാലും, അതു നിങ്ങള്‍ ശ്രദ്ധിക്കണം.

23 അദ്ദേഹത്തിന്‍റെ വാക്കുകള്‍ കേള്‍ക്കാത്തവരെല്ലാം ഉന്മൂലനം ചെയ്യപ്പെടും.’

24 ശമൂവേല്‍ തുടങ്ങി എല്ലാ പ്രവാചകന്മാരും ഈ കാലത്തെക്കുറിച്ചു പ്രസ്താവിച്ചിട്ടുണ്ട്.

25

“നിങ്ങള്‍ പ്രവാചകന്മാരുടെയും, ദൈവം നിങ്ങളുടെ പൂര്‍വികന്മാര്‍ക്കു നല്‌കിയ ഉടമ്പടിയുടെയും അവകാശികളാകുന്നു. ‘ഭൂമിയിലെ സകലവംശങ്ങളും നിന്‍റെ സന്തതിയില്‍ക്കൂടി അനുഗ്രഹിക്കപ്പെടും’ എന്ന് അബ്രഹാമിനോട് അരുള്‍ചെയ്തിട്ടുണ്ടല്ലോ.

26

“നിങ്ങളെ ഓരോരുത്തരെയും അവനവന്‍റെ ദുഷ്ടതയില്‍നിന്നു പിന്‍തിരിപ്പിച്ച് അനുഗ്രഹിക്കേണ്ടതിന് ദൈവം തന്‍റെ ദാസനെ നിയോഗിച്ച്, ആദ്യമേ നിങ്ങളുടെ അടുക്കലേക്കയച്ചു.

4

1

പത്രോസും യോഹന്നാനും ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ, പുരോഹിതന്മാരും ദേവാലയത്തിലെ പടനായകനും സാദൂക്യരും അവരുടെനേരെ ചെന്നു.

2 അപ്പോസ്തോലന്മാര്‍ പ്രബോധിപ്പിക്കുകയും മരണത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ യേശുവിന്‍റെ ദൃഷ്ടാന്തം ഉദ്ധരിച്ചുകൊണ്ട് പുനരുത്ഥാനത്തെപ്പറ്റി പ്രസംഗിക്കുകയും ചെയ്തതിനാല്‍ അവര്‍ക്ക് അമര്‍ഷമുണ്ടായി.

3 അവര്‍ അപ്പോസ്തോലന്മാരെ ബന്ധനസ്ഥരാക്കുകയും നേരം വൈകിപ്പോയതിനാല്‍ പിറ്റേന്നാള്‍വരെ തടങ്കലില്‍ വയ്‍ക്കുകയും ചെയ്തു.

4 എന്നാല്‍ അവരുടെ സന്ദേശം ശ്രദ്ധിച്ച അനേകമാളുകള്‍ വിശ്വസിച്ചു. വിശ്വസിച്ച പുരുഷന്മാരുടെ സംഖ്യ അങ്ങനെ അയ്യായിരത്തോളമായി.

5

പിറ്റേദിവസം അവരുടെ അധികാരികളും ജനപ്രമുഖന്മാരും മതപണ്ഡിതന്മാരും യെരൂശലേമില്‍ ഒരുമിച്ചുകൂടി.

6 മഹാപുരോഹിതനായ ഹന്നാസും കയ്യഫാസും യോഹന്നാനും അലക്സാണ്ടറും മഹാപുരോഹിതകുടുംബത്തില്‍പ്പെട്ട എല്ലാവരും അവിടെ കൂടിയിരുന്നു.

7 അവര്‍ അപ്പോസ്തോലന്മാരെ മധ്യത്തില്‍ നിറുത്തിക്കൊണ്ടു ചോദിച്ചു: “എന്തധികാരംകൊണ്ട് അഥവാ ആരുടെ നാമത്തിലാണ് നിങ്ങള്‍ ഇതു ചെയ്തത്?”

8

അപ്പോള്‍ പത്രോസ് പരിശുദ്ധാത്മപൂര്‍ണനായി ഇപ്രകാരം പറഞ്ഞു:

9 “ഭരണാധിപന്മാരേ, ജനപ്രമുഖന്മാരേ, മുടന്തനായ ഈ മനുഷ്യനു ചെയ്ത ഉപകാരത്തെയും അയാള്‍ എങ്ങനെ സുഖം പ്രാപിച്ചു എന്നതിനെയും സംബന്ധിച്ചാണ് ഇന്നു ഞങ്ങളെ വിസ്തരിക്കുന്നതെങ്കില്‍, നിങ്ങള്‍ ക്രൂശിക്കുകയും മരിച്ചവരില്‍നിന്നു ദൈവം ഉയിര്‍പ്പിക്കുകയും ചെയ്ത

10 നസറായനായ യേശുവിന്‍റെ നാമത്തില്‍ത്തന്നെയാണ് ഈ മനുഷ്യന്‍ പൂര്‍ണമായ ആരോഗ്യം പ്രാപിച്ചു നിങ്ങളുടെ മുമ്പില്‍ നില്‌ക്കുന്നതെന്നു നിങ്ങളും ഇസ്രായേലിലെ ജനങ്ങള്‍ എല്ലാവരും അറിഞ്ഞുകൊള്ളുക.

11

‘വീടു പണിയുന്നവരായ നിങ്ങള്‍

തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നിരിക്കുന്നു.’

12

ആ കല്ലാണ് ഈ യേശു. മറ്റൊരുവനിലും രക്ഷയില്ല. നമുക്കു രക്ഷ പ്രാപിക്കുവാന്‍ ആകാശത്തിന്‍റെ കീഴില്‍ മറ്റൊരു നാമവും മനുഷ്യര്‍ക്കു നല്‌കപ്പെട്ടിട്ടില്ല.”

13

പത്രോസിന്‍റെയും യോഹന്നാന്‍റെയും ധൈര്യം കാണുകയും അവര്‍ വിദ്യാവിഹീനരായ വെറും സാധാരണക്കാരാണെന്ന് അറിയുകയും ചെയ്തപ്പോള്‍, അവിടെ കൂടിയിരുന്നവര്‍ ആശ്ചര്യപ്പെടുകയും അവര്‍ യേശുവിന്‍റെ സഹചാരികള്‍ ആയിരുന്നു എന്നു മനസ്സിലാക്കുകയും ചെയ്തു.

14 എന്നാല്‍ സൗഖ്യം പ്രാപിച്ച മനുഷ്യന്‍ അപ്പോസ്തോലന്മാരുടെകൂടെ നില്‌ക്കുന്നതു കണ്ടതുകൊണ്ട് അവര്‍ക്ക് ഒന്നും എതിര്‍ത്തു പറയുവാന്‍ കഴിഞ്ഞില്ല.

15 അപ്പോസ്തോലന്മാര്‍ പുറത്തിറങ്ങി നില്‌ക്കാന്‍ സന്നദ്രിംസംഘം ആജ്ഞാപിച്ചു.

16 പിന്നീട് അവര്‍ പരസ്പരം ആലോചിച്ചു: “ഈ മനുഷ്യരെ നാം എന്താണു ചെയ്യുക? പ്രത്യക്ഷമായ ഒരദ്ഭുതം ഇവരിലൂടെ നടന്നിരിക്കുന്നു. അത് യെരൂശലേമില്‍ നിവസിക്കുന്ന എല്ലാവരും അറിഞ്ഞുകഴിഞ്ഞു; അതു നിഷേധിക്കുവാന്‍ നമുക്കു സാധ്യവുമല്ല.

17 എന്നാല്‍ ജനങ്ങളുടെ ഇടയില്‍ ഈ വാര്‍ത്ത ഇനിയും പരക്കാതിരിക്കേണ്ടതിന്, അവര്‍ മേലില്‍ ആരോടും ഒരിക്കലും ഈ നാമത്തില്‍ സംസാരിക്കരുതെന്നു താക്കീതു നല്‌കാം.”

18

അനന്തരം അവര്‍ അപ്പോസ്തോലന്മാരെ വിളിച്ച് യേശുവിന്‍റെ നാമത്തില്‍ സംസാരിക്കുകയോ പഠിപ്പിക്കുകയോ ചെയ്തുപോകരുതെന്ന് കര്‍ശനമായി ആജ്ഞാപിച്ചു.

19 എന്നാല്‍ പത്രോസും യോഹന്നാനും പ്രതിവചിച്ചു: “ദൈവത്തെ അനുസരിക്കുന്നതിലും അധികം നിങ്ങളെ അനുസരിക്കുന്നത് ദൈവത്തിന്‍റെ ദൃഷ്‍ടിയില്‍ ശരിയാണോ? നിങ്ങള്‍തന്നെ വിധിക്കുക.

20 ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ചു പ്രസ്താവിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കു സാധ്യമല്ല.”

21 എന്നാല്‍ ആ സംഭവംമൂലം എല്ലാവരും ദൈവത്തെ പുകഴ്ത്തിയതിനാല്‍ അപ്പോസ്തോലന്മാരെ ശിക്ഷിക്കുവാന്‍ ഒരു പഴുതും കണ്ടില്ല. അതിനാല്‍ അവര്‍ക്കു വീണ്ടും ശക്തമായ താക്കീതു നല്‌കി വിട്ടയച്ചു.

22 അദ്ഭുതകരമായി സൗഖ്യം ലഭിച്ച ആ മനുഷ്യനു നാല്പതു വയസ്സിനുമേല്‍ പ്രായമുണ്ടായിരുന്നു.

23

സ്വതന്ത്രരായ ഉടനെ അവര്‍ സഹവിശ്വാസികളുടെ അടുക്കല്‍ ചെന്ന് പുരോഹിതമുഖ്യന്മാരും ജനപ്രമുഖന്മാരും തങ്ങളോടു പറഞ്ഞ കാര്യങ്ങള്‍ അവരെ അറിയിച്ചു.

24 ഇതുകേട്ടപ്പോള്‍ അവര്‍ ഏകമനസ്സോടെ ശബ്ദമുയര്‍ത്തി ദൈവത്തോടു പ്രാര്‍ഥിച്ചു: “ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും സൃഷ്‍ടിച്ച സര്‍വേശ്വരാ,

25 ഞങ്ങളുടെ പിതാവും അവിടുത്തെ ദാസനുമായ ദാവീദിനെക്കൊണ്ടു പരിശുദ്ധാത്മാവിനാല്‍ അങ്ങ് ഇപ്രകാരം പറയിച്ചുവല്ലോ:

വിജാതീയര്‍ കോപാകുലരാകുന്നതും,
ജനങ്ങള്‍ വ്യര്‍ഥമായതു വിഭാവനം ചെയ്യുന്നതും എന്തുകൊണ്ട്?
സര്‍വേശ്വരനും

26
അവിടുത്തെ അഭിഷിക്തനും എതിരെ
ഭൂമിയിലെ രാജാക്കന്മാര്‍ അണിനിരക്കുകയും
ഭരണാധിപന്മാര്‍ സംഘടിക്കുകയും ചെയ്തിരിക്കുന്നു.

27

[27,28] “വാസ്തവത്തില്‍ അങ്ങയുടെ പരിശുദ്ധദാസനും അങ്ങ് അഭിഷേകം ചെയ്തവനുമായ യേശുവിന് എതിരെ ഈ നഗരത്തില്‍ ഹേരോദായും പൊന്തിയോസ് പീലാത്തോസും ഇസ്രായേല്‍ജനത്തോടും വിജാതീയരോടും ഒത്തുചേര്‍ന്നു. അതിന്‍റെ ഫലമായി സംഭവിച്ചത് അങ്ങയുടെ കരബലവും കര്‍മപദ്ധതിയുമനുസരിച്ചു മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന കാര്യങ്ങള്‍ തന്നെയാണ്.

28

29 അതുകൊണ്ട് കര്‍ത്താവേ, ഇപ്പോള്‍ അവരുടെ ഭീഷണികളെ ശ്രദ്ധിക്കണമേ. അവിടുത്തെ സന്ദേശം സധൈര്യം ഘോഷിക്കുവാന്‍ അവിടുത്തെ ദാസന്മാര്‍ക്കു കൃപയരുളണമേ.

30 രോഗശാന്തിക്കായി അവിടുത്തെ കൈനീട്ടുകയും അവിടുത്തെ പരിശുദ്ധദാസനായ യേശുവിന്‍റെ നാമത്തില്‍ അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിക്കുകയും ചെയ്യണമേ”.

31

അവര്‍ ഇങ്ങനെ പ്രാര്‍ഥിച്ചപ്പോള്‍ അവര്‍ കൂടിയിരുന്ന സ്ഥലം കുലുങ്ങി. അവരെല്ലാവരും പരിശുദ്ധാത്മാവുകൊണ്ടു നിറഞ്ഞു; ദൈവത്തിന്‍റെ സന്ദേശം അവര്‍ സധൈര്യം തുടര്‍ന്നു ഘോഷിക്കുകയും ചെയ്തു.

32

വിശ്വാസികളുടെ സമൂഹം ഏക മനസ്സും ഏക ഹൃദയവുമുള്ളവരായിരുന്നു; തനിക്കുള്ളത് ഒന്നും സ്വന്തമെന്ന് ആരും പറഞ്ഞില്ല. സകലവും അവര്‍ക്കു പൊതുവകയായിരുന്നു.

33 അപ്പോസ്തോലന്മാര്‍ അതീവശക്തിയോടെ കര്‍ത്താവായ യേശുവിന്‍റെ പുനരുത്ഥാനത്തിനു സാക്ഷ്യം വഹിച്ചു.

34 [34,35] ധാരാളമായ ദൈവകൃപ എല്ലാവരിലും ഉണ്ടായിരുന്നു. അവരുടെ കൂട്ടത്തില്‍ ബുദ്ധിമുട്ടുള്ളവര്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല. വീടോ പറമ്പോ ഉണ്ടായിരുന്നവര്‍ അവ വിറ്റുകിട്ടിയ പണം അപ്പോസ്തോലന്മാരുടെ പാദത്തിങ്കല്‍ സമര്‍പ്പിച്ചു: ഓരോരുത്തരുടെയും ആവശ്യാനുസരണം അതു പങ്കിട്ടു കൊടുത്തുപോന്നു.

35

36

സൈപ്രസ്സുകാരനായ യോസേഫ് എന്നു പേരുള്ള ഒരു ലേവ്യനുണ്ടായിരുന്നു. ‘ധൈര്യപ്പെടുത്തുന്നവന്‍’ എന്നര്‍ഥമുള്ള ബര്‍നബാസ് എന്നാണ് അയാളെ അപ്പോസ്തോലന്മാര്‍ വിളിച്ചിരുന്നത്.

37 അയാള്‍ തനിക്കുണ്ടായിരുന്ന നിലം വിറ്റ് ആ പണം അപ്പോസ്തോലന്മാരുടെ കാല്‌ക്കല്‍ സമര്‍പ്പിച്ചു.

5

1

അനന്യാസ് എന്നുപേരുള്ള ഒരാളും അയാളുടെ ഭാര്യ സഫീറയും ചേര്‍ന്ന് അവരുടെ ഒരു നിലം വിറ്റു.

2 ഭാര്യയുടെ അറിവോടുകൂടി ആ വസ്തുവിന്‍റെ വിലയില്‍ ഒരംശം അയാള്‍ മാറ്റിവച്ചു; ബാക്കി കൊണ്ടുവന്ന് അപ്പോസ്തോലന്മാരുടെ കാല്‌ക്കല്‍ സമര്‍പ്പിച്ചു.

3 അപ്പോള്‍ പത്രോസ് പറഞ്ഞു: “അനന്യാസേ, പരിശുദ്ധാത്മാവിന്‍റെ നേരെ വ്യാജം പ്രവര്‍ത്തിക്കുവാനും വസ്തുവിന്‍റെ വിലയില്‍ ഒരു പങ്ക് എടുത്തുവയ്‍ക്കുവാനും സാത്താന്‍ നിന്‍റെ ഹൃദയത്തെ കൈയടക്കിയത് എന്തുകൊണ്ട്?

4 ആ വസ്തു വില്‌ക്കുന്നതിനുമുമ്പു നിന്‍റേതുതന്നെ ആയിരുന്നില്ലേ? വിറ്റതിനുശേഷവും ആ പണം നിന്‍റെ സ്വന്തം അല്ലായിരുന്നുവോ? പിന്നെ ഇങ്ങനെയൊരു പ്രവൃത്തി ചെയ്യുവാന്‍ നീ മനസ്സുവച്ചത് എന്തുകൊണ്ട്? നീ മനുഷ്യരോടല്ല, ദൈവത്തോടാണു വ്യാജം പ്രവര്‍ത്തിച്ചത്”.

5 ഈ വാക്കുകള്‍ കേട്ടയുടന്‍ അനന്യാസ് വീണു മരിച്ചു. ഈ സംഭവത്തെപ്പറ്റി കേട്ടവരെല്ലാം ഭയവിഹ്വലരായി.

6 അവിടെയുണ്ടായിരുന്ന യുവാക്കന്മാര്‍ അനന്യാസിന്‍റെ മൃതശരീരം തുണിയില്‍ പൊതിഞ്ഞു പുറത്തുകൊണ്ടുപോയി സംസ്കരിച്ചു.

7

ഏകദേശം മൂന്നു മണിക്കൂര്‍ കഴിഞ്ഞ് അനന്യാസിന്‍റെ ഭാര്യ ഇതൊന്നും അറിയാതെ അവിടെ ചെന്നു.

8 പത്രോസ് അവരോടു ചോദിച്ചു: “പറയൂ, ഈ വിലയ്‍ക്കുതന്നെയോ നിങ്ങള്‍ വസ്തു വിറ്റത്?”

“അതെ, ഈ വിലയ്‍ക്കുതന്നെ” എന്ന് ആ സ്‍ത്രീ ഉത്തരം പറഞ്ഞു.

9

അപ്പോള്‍ പത്രോസ് പറഞ്ഞു: “കര്‍ത്താവിന്‍റെ ആത്മാവിനെ പരീക്ഷിക്കുവാന്‍ നിങ്ങള്‍ തമ്മില്‍ പറഞ്ഞൊത്തത് എന്തുകൊണ്ട്? ഇതാ നോക്കൂ, നിങ്ങളുടെ ഭര്‍ത്താവിനെ സംസ്കരിച്ചവര്‍ വാതില്‌ക്കല്‍ എത്തിക്കഴിഞ്ഞു. അവര്‍ നിങ്ങളെയും എടുത്തുകൊണ്ടു പുറത്തുപോകും.”

10 തല്‍ക്ഷണം സഫീറയും പത്രോസിന്‍റെ കാല്ച്ചുവട്ടില്‍ വീണു മരിച്ചു; പ്രസ്തുത യുവാക്കന്മാര്‍ അകത്തു ചെന്നപ്പോള്‍ ആ സ്‍ത്രീ മരിച്ചുകിടക്കുന്നതായി കണ്ടു. അവര്‍ മൃതദേഹം എടുത്തുകൊണ്ടുപോയി ഭര്‍ത്താവിന്‍റെ സമീപം സംസ്കരിച്ചു.

11 സഭയിലുള്ള എല്ലാവര്‍ക്കും ഈ സംഭവത്തെക്കുറിച്ചു കേട്ട മറ്റുള്ള സകല ജനങ്ങള്‍ക്കും അത്യധികമായ ഭയമുണ്ടായി.

12

അപ്പോസ്തോലന്മാര്‍ മുഖേന അനേകം അദ്ഭുതങ്ങളും അടയാളപ്രവൃത്തികളും ജനങ്ങളുടെ ഇടയില്‍ നടന്നു. വിശ്വാസികളെല്ലാവരും ഏകമനസ്സോടെ ശലോമോന്‍റെ മണ്ഡപത്തില്‍ കൂടിവന്നു.

13 ജനങ്ങള്‍ അവരെ പ്രകീര്‍ത്തിച്ചെങ്കിലും അവരുടെ സമൂഹത്തില്‍ ഉള്‍പ്പെടാത്തവരാരും അവരുടെകൂടെ ചേരുവാന്‍ ധൈര്യപ്പെട്ടില്ല.

14 എങ്കിലും മേല്‌ക്കുമേല്‍ പുരുഷന്മാരും സ്‍ത്രീകളും ഉള്‍പ്പെട്ട വലിയ സംഘം കര്‍ത്താവില്‍ വിശ്വസിച്ച് അവരോടു ചേര്‍ന്നുകൊണ്ടിരുന്നു.

15 പത്രോസ് കടന്നുപോകുമ്പോള്‍, അദ്ദേഹത്തിന്‍റെ നിഴലെങ്കിലും രോഗികളുടെമേല്‍ പതിക്കുന്നതിനുവേണ്ടി ജനങ്ങള്‍ അവരെ കൊണ്ടുവന്നു തെരുവീഥികളില്‍പോലും കിടക്കകളിലും വിരിപ്പുകളിലും കിടത്തിവന്നിരുന്നു.

16 കൂടാതെ യെരൂശലേമിനു ചുറ്റുമുള്ള പട്ടണങ്ങളില്‍നിന്ന് ബഹുജനങ്ങള്‍ രോഗികളെയും അശുദ്ധാത്മാക്കള്‍ ബാധിച്ചവരെയും കൊണ്ടുവന്നു. അവരെല്ലാവരും സുഖം പ്രാപിക്കുകയും ചെയ്തു.

17

മഹാപുരോഹിതനും അദ്ദേഹത്തെ അനുകൂലിച്ച സാദൂക്യകക്ഷിയില്‍പ്പെട്ട എല്ലാവരും അസൂയകൊണ്ടു നിറഞ്ഞ് അപ്പോസ്തോലന്മാര്‍ക്ക് എതിരെ നടപടി എടുക്കുവാന്‍ തീരുമാനിച്ചു.

18 അവര്‍ അവരെ പിടിച്ചു പൊതുതടവിലാക്കി.

19 എന്നാല്‍ കര്‍ത്താവിന്‍റെ ദൂതന്‍ കാരാഗൃഹത്തിന്‍റെ വാതില്‍ തുറന്ന് അവരെ പുറത്തുകൊണ്ടുവന്നു പറഞ്ഞു:

20 “നിങ്ങള്‍ ദേവാലയത്തില്‍ ചെന്ന് ജനങ്ങളോട് ഈ പുതിയ ജീവന്‍റെ വചനങ്ങള്‍ അറിയിക്കുക.”

21 അതനുസരിച്ച് അപ്പോസ്തോലന്മാര്‍ അതിരാവിലെ ദേവാലയത്തില്‍ പോയി പഠിപ്പിക്കുവാനാരംഭിച്ചു.

മഹാപുരോഹിതനും കൂടെയുള്ളവരും ചെന്ന് ഇസ്രായേല്‍ ജനപ്രമുഖന്മാരെല്ലാം ഉള്‍പ്പെട്ട സന്നദ്രിംസംഘത്തെ വിളിച്ചുകൂട്ടി; പിന്നീട് അപ്പോസ്തോലന്മാരെ ഹാജരാക്കുവാന്‍ കാരാഗൃഹത്തിലേക്ക് ആളയച്ചു.

22 എന്നാല്‍ ദേവാലയത്തിലെ ഉദ്യോഗസ്ഥന്മാര്‍ ചെന്നപ്പോള്‍ അപ്പോസ്തോലന്മാരെ അവിടെ കണ്ടില്ല.

23 അവര്‍ മടങ്ങിച്ചെന്ന് ഇപ്രകാരം അറിയിച്ചു: “ജയില്‍ വളരെ ഭദ്രമായി പൂട്ടിയിരിക്കുന്നത് ഞങ്ങള്‍ കണ്ടു. കാവല്‌ക്കാര്‍ വാതില്‌ക്കല്‍ നില്‌ക്കുന്നുമുണ്ടായിരുന്നു. പക്ഷേ, വാതില്‍ തുറന്നപ്പോള്‍ അകത്ത് ആരെയും കണ്ടില്ല.”

24 ദേവാലയത്തിലെ പടനായകനും പുരോഹിതമുഖ്യന്മാരും ഇതു കേട്ടപ്പോള്‍, ഇതെങ്ങനെ പരിണമിക്കുമെന്ന് ഓര്‍ത്ത് അവരെക്കുറിച്ച് അത്യധികം അമ്പരന്നു.

25 ആ സമയത്ത് ഒരാള്‍ വന്ന് അവരോടു പറഞ്ഞു: “നിങ്ങള്‍ കാരാഗൃഹത്തിലടച്ച ആ മനുഷ്യന്‍ അതാ, ദേവാലയത്തില്‍ നിന്നുകൊണ്ട് ജനങ്ങളെ പഠിപ്പിക്കുന്നു.”

26 അപ്പോള്‍ പടനായകനും ഭടന്മാരുംകൂടി ചെന്ന് അപ്പോസ്തോലന്മാരെ കൂട്ടിക്കൊണ്ടുവന്നു. ജനങ്ങള്‍ തങ്ങളെ കല്ലെറിഞ്ഞേക്കുമോ എന്ന് അവര്‍ക്ക് ഭയമുണ്ടായിരുന്നതുകൊണ്ട് ബലം പ്രയോഗിച്ചില്ല.

27

അങ്ങനെ അവരെ സന്നദ്രിംസംഘത്തിന്‍റെ മുമ്പില്‍ ഹാജരാക്കി. മഹാപുരോഹിതന്‍ അവരെ ചോദ്യം ചെയ്തുകൊണ്ടു പറഞ്ഞു:

28 “ആ മനുഷ്യന്‍റെ നാമത്തില്‍ ജനങ്ങളെ പഠിപ്പിക്കരുതെന്നു ഞങ്ങള്‍ നിങ്ങളോടു കര്‍ശനമായി ആജ്ഞാപിച്ചിരുന്നുവല്ലോ. എന്നാല്‍ ഇപ്പോള്‍ ഇതാ നിങ്ങള്‍ നിങ്ങളുടെ ഉപദേശംകൊണ്ട് യെരൂശലേം മുഴുവന്‍ നിറച്ചിരിക്കുന്നു. ആ മനുഷ്യന്‍റെ രക്തത്തിന്‍റെ ഉത്തരവാദിത്വം ഞങ്ങളുടെമേല്‍ ചുമത്താനാണു നിങ്ങളുടെ ഉദ്ദേശ്യം.”

29

പത്രോസും അപ്പോസ്തോലന്മാരും പ്രതിവചിച്ചു: “മനുഷ്യരെക്കാള്‍ അധികം ദൈവത്തെയാണ് ഞങ്ങള്‍ അനുസരിക്കേണ്ടത്.

30 നിങ്ങള്‍ മരക്കുരിശില്‍ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിര്‍പ്പിച്ചു.

31 ഇസ്രായേല്‍ അനുതപിച്ചു മനം തിരിയുന്നതിനും അവര്‍ക്കു പാപമോചനം നല്‌കുന്നതിനും യേശുവിനെ നായകനും രക്ഷകനുമായി ദൈവം തന്‍റെ വലത്തുഭാഗത്തേക്ക് ഉയര്‍ത്തിയിരിക്കുന്നു.

32 ഈ വസ്തുതകള്‍ക്ക് ഞങ്ങളും, ദൈവത്തെ അനുസരിക്കുന്നവര്‍ക്ക് അവിടുന്നു നല്‌കുന്ന പരിശുദ്ധാത്മാവും സാക്ഷികളാകുന്നു.”

33

ഇതു കേട്ടപ്പോള്‍ അവര്‍ ക്ഷുഭിതരായി. അപ്പോസ്തോലന്മാരുടെ കഥ കഴിക്കണമെന്ന് അവര്‍ തീരുമാനിച്ചു.

34 എന്നാല്‍ സന്നദ്രിംസംഘത്തിലുള്‍പ്പെട്ട ഗമാലിയേല്‍ എന്ന പരീശന്‍ എഴുന്നേറ്റുനിന്ന് അപ്പോസ്തോലന്മാരെ അല്പസമയത്തേക്ക് പുറത്തിറക്കി നിറുത്താന്‍ ആജ്ഞാപിച്ചു.

35 എല്ലാവരാലും ബഹുമാനിതനും യെഹൂദന്മാരുടെ ധര്‍മോപദേഷ്ടാവുമായിരുന്നു ഗമാലിയേല്‍. അദ്ദേഹം പറഞ്ഞു: “ഇസ്രായേല്‍ജനങ്ങളേ, ഈ മനുഷ്യരെ സംബന്ധിച്ച് എന്തെങ്കിലും ചെയ്യുന്നത് സൂക്ഷിച്ചുവേണം.

36 കുറെനാള്‍ മുമ്പ് ത്യുദാസ് എന്നൊരാള്‍ താന്‍ മഹാനാണെന്നു ഭാവിച്ചുകൊണ്ടു പ്രത്യക്ഷപ്പെട്ടല്ലോ. ഏകദേശം നാനൂറുപേര്‍ അയാളുടെ പക്ഷത്തു ചേര്‍ന്നു. എന്നാല്‍ അയാള്‍ കൊല്ലപ്പെട്ടു; അയാളെ അനുഗമിച്ചവര്‍ ചിന്നിച്ചിതറി നാമാവശേഷരായിത്തീര്‍ന്നു.

37 അതിനുശേഷം ഗലീലക്കാരനായ യൂദാ എന്നൊരാള്‍ കാനേഷുമാരി എടുത്തകാലത്തു പ്രത്യക്ഷപ്പെട്ട് ഏതാനും ആളുകളെ വശീകരിച്ചു. അയാളും നശിച്ചു; അയാളെ അനുഗമിച്ചവരും ചിന്നിച്ചിതറിപ്പോയി.

38 അതുകൊണ്ട് ഇക്കാര്യത്തില്‍ ഞാന്‍ പറയുന്നത്, അവരുടെ പേരില്‍ നടപടിയൊന്നും എടുക്കാതെ അവരുടെ വഴിക്കു വിടുക എന്നാണ്. ഇതു മനുഷ്യന്‍റെ പദ്ധതിയോ പ്രവര്‍ത്തനമോ ആണെങ്കില്‍ താനേ നശിക്കും.

39 എന്നാല്‍ ദൈവത്തില്‍നിന്നുള്ളതാണെങ്കില്‍ അതിനെ നശിപ്പിക്കുവാന്‍ നിങ്ങള്‍ക്കു സാധ്യമല്ല. നിങ്ങള്‍ ദൈവത്തോട് എതിര്‍ക്കുന്നവരെന്ന് ഒരിക്കലും വരരുതല്ലോ.”

40

സന്നദ്രിംസംഘം ഗമാലിയേലിന്‍റെ ഉപദേശം സ്വീകരിച്ചു. അവര്‍ അപ്പോസ്തോലന്മാരെ വിളിച്ചുവരുത്തി പ്രഹരിപ്പിച്ചു; മേലില്‍ യേശുവിന്‍റെ നാമത്തില്‍ പ്രബോധിപ്പിക്കരുതെന്നു താക്കീതു നല്‌കിയശേഷം അവരെ വിട്ടയച്ചു.

41 അവരാകട്ടെ യേശുവിന്‍റെ നാമത്തില്‍ അപമാനം സഹിക്കുവാന്‍ അര്‍ഹരായതില്‍ ആനന്ദിച്ചുകൊണ്ട് സന്നദ്രിംസംഘത്തിന്‍റെ മുമ്പില്‍നിന്നു പോയി.

42 അവര്‍ ദിവസംതോറും ദേവാലയത്തിലും വീടുകളിലും യേശുവാണ് മശിഹാ എന്ന് അനുസ്യൂതം പ്രസംഗിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്തുപോന്നു.

6

1

അക്കാലത്തു ശിഷ്യന്മാരുടെ സംഖ്യ വര്‍ധിച്ചുവന്നു. അപ്പോള്‍, ദിനംപ്രതിയുള്ള ഭക്ഷ്യവിതരണത്തില്‍ തങ്ങളുടെ വിധവമാര്‍ അവഗണിക്കപ്പെടുന്നു എന്നു പറഞ്ഞ് ഗ്രീക്കുഭാഷ സംസാരിക്കുന്ന യെഹൂദന്മാര്‍ എബ്രായഭാഷ സംസാരിക്കുന്നവരുടെ നേരെ പിറുപിറുത്തു.

2 അപ്പോസ്തോലന്മാര്‍ പന്ത്രണ്ടുപേരും ശിഷ്യസമൂഹത്തെ വിളിച്ചുകൂട്ടി പറഞ്ഞു: “ഭക്ഷ്യവിതരണത്തില്‍ ശ്രദ്ധിക്കുന്നതിനുവേണ്ടി ദൈവവചനഘോഷണം ഞങ്ങള്‍ ഉപേക്ഷിക്കുന്നത് ഉചിതമല്ല.

3 അതുകൊണ്ട് സഹോദരരേ, നിങ്ങളുടെ കൂട്ടത്തില്‍നിന്നു സല്‍പേരുള്ളവരും, ആത്മാവും ജ്ഞാനവും നിറഞ്ഞവരുമായ ഏഴുപേരെ നിങ്ങള്‍ തിരഞ്ഞെടുക്കുക; ഇക്കാര്യത്തിനായി അവരെ ഞങ്ങള്‍ ഉപയോഗിക്കാം.

4 ഞങ്ങളാകട്ടെ, പ്രാര്‍ഥനയിലും വചനഘോഷണത്തിലും വ്യാപൃതരായിരിക്കും.”

5

ഈ നിര്‍ദേശം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞവനായ സ്തേഫാനോസ്, ഫീലിപ്പോസ്, പ്രൊഖൊരൊസ്, നിക്കാനോര്‍, തിമോന്‍, പര്‍മ്മെനാസ്, യെഹൂദമതം സ്വീകരിച്ചിരുന്ന അന്ത്യോക്യക്കാരന്‍ നിക്കൊലാവൊസ് എന്നിവരെ അവര്‍ തിരഞ്ഞെടുത്ത്,

6 അപ്പോസ്തോലന്മാരുടെ മുമ്പില്‍ കൊണ്ടുവന്നു. അവര്‍ പ്രാര്‍ഥിച്ച് അവരുടെമേല്‍ കൈകള്‍ വച്ചു.

7

ദൈവവചനം കൂടുതല്‍ പ്രചരിച്ചു; യെരൂശലേമില്‍ ശിഷ്യന്മാരുടെ സംഖ്യ മേല്‌ക്കുമേല്‍ വര്‍ധിച്ചു; ഒട്ടുവളരെ പുരോഹിതന്മാരും വിശ്വാസം സ്വീകരിച്ചു.

8

ദൈവത്തിന്‍റെ വരപ്രസാദവും ശക്തിയും നിറഞ്ഞവനായ സ്തേഫാനോസ് ജനമധ്യത്തില്‍ വലിയ അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചു.

9 ലിബര്‍ത്തിനര്‍ - വിമോചിതര്‍ - എന്നു വിളിക്കപ്പെട്ടിരുന്നവരുടെ സുനഗോഗിലെ അംഗങ്ങളില്‍ ചിലരും കുറേനക്കാരും, അലക്സാന്ത്രിയക്കാരും, കിലിക്യ, ഏഷ്യാ എന്നീ സംസ്ഥാനക്കാരില്‍ ചിലരും സ്തേഫാനോസിനോടു തര്‍ക്കിക്കുവാന്‍ മുന്നോട്ടു വന്നു.

10 എന്നാല്‍ അദ്ദേഹത്തിന്‍റെ ജ്ഞാനത്തോടും, പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താല്‍ അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്ന വാക്കുകളോടും എതിര്‍ത്തു നില്‌ക്കുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല.

11 അവര്‍ രഹസ്യമായി ചിലരെ വശത്താക്കി; സ്തേഫാനോസ് ദൈവത്തിനും മോശയ്‍ക്കും വിരോധമായി ദൂഷണം പറയുന്നതു തങ്ങള്‍ കേട്ടു എന്നു പറയിച്ചു.

12 അങ്ങനെ അവര്‍ പൊതുജനങ്ങളെയും ജനപ്രമുഖന്മാരെയും നിയമപണ്ഡിതന്മാരെയും ഇളക്കിവിട്ടു. പിന്നീട് അദ്ദേഹത്തെ പിടിച്ച് സന്നദ്രിംസംഘത്തിന്‍റെ മുമ്പില്‍ ഹാജരാക്കി.

13 ഏതാനും കള്ളസാക്ഷികളെയും കൊണ്ടുവന്നു. അവര്‍ ഇങ്ങനെ മൊഴി കൊടുത്തു: “ഈ മനുഷ്യന്‍ വിശുദ്ധസ്ഥലത്തിനും യെഹൂദധര്‍മശാസ്ത്രത്തിനും എതിരായി അനുസ്യൂതം പ്രസംഗിക്കുന്നു.

14 ആ നസറായനായ യേശു ഈ സ്ഥലം നശിപ്പിക്കുമെന്നും മോശ നമുക്കു നല്‌കിയ ആചാരമര്യാദകളെല്ലാം മാറ്റുമെന്നും ഈ മനുഷ്യന്‍ പറയുന്നതു ഞങ്ങള്‍ കേട്ടു.” സന്നദ്രിംസംഘത്തിലിരുന്നവര്‍ സ്തേഫാനോസിനെ സൂക്ഷിച്ചുനോക്കി. അദ്ദേഹത്തിന്‍റെ മുഖം മാലാഖയുടെ മുഖംപോലെ കാണപ്പെട്ടു.

7

1

മഹാപുരോഹിതന്‍ സ്തേഫാനോസിനോടു ചോദിച്ചു: “ഈ പറയുന്നതെല്ലാം വാസ്തവമാണോ?” സ്തേഫാനോസ് പ്രതിവചിച്ചു:

2 “സഹോദരന്മാരേ, പിതാക്കന്മാരേ, ശ്രദ്ധിച്ചാലും! നമ്മുടെ പിതാവായ അബ്രഹാം ഹാരാനില്‍ വാസമുറപ്പിക്കുന്നതിനു മുമ്പ് മെസോപ്പൊത്തേമ്യയില്‍ പാര്‍ത്തിരുന്നപ്പോള്‍, തേജോമയനായ ദൈവം അദ്ദേഹത്തിനു പ്രത്യക്ഷനായി അരുള്‍ചെയ്തു:

3 ‘നിന്‍റെ ചാര്‍ച്ചക്കാരെയും ദേശത്തെയും വിട്ട്, ഞാന്‍ നിനക്കു കാണിച്ചുതരുവാനിരിക്കുന്ന ദേശത്തേക്കു പോകുക.’ അങ്ങനെ അദ്ദേഹം കല്ദയരുടെ ദേശം വിട്ട് ഹാരാനില്‍ വന്നു വാസമുറപ്പിച്ചു.

4 അദ്ദേഹത്തിന്‍റെ പിതാവ് അന്തരിച്ചശേഷം ദൈവം അദ്ദേഹത്തെ അവിടെനിന്ന് നിങ്ങള്‍ ഇപ്പോള്‍ നിവസിക്കുന്ന ഈ ദേശത്തേക്കു മാറ്റി പാര്‍പ്പിച്ചു.

5 എങ്കിലും ഒരു ചുവട്ടടി ഭൂമിപോലും അദ്ദേഹത്തിനു അവകാശപ്പെടുത്തിക്കൊടുത്തില്ല. ആ സമയത്ത് അദ്ദേഹത്തിന് ഒരു സന്താനവും ഇല്ലാതിരുന്നിട്ടുപോലും അദ്ദേഹത്തിനും അദ്ദേഹത്തിന്‍റെ കാലശേഷം സന്താനപരമ്പരയ്‍ക്കും അതിന്‍റെ പൂര്‍ണാവകാശം നല്‌കുമെന്ന് ദൈവം വാഗ്ദാനം ചെയ്തു;

6 അബ്രഹാമിന്‍റെ സന്തതി അന്യദേശത്തു പോയി പാര്‍ക്കുകയും ആ ദേശക്കാര്‍ അവരെ അടിമകളാക്കി നാനൂറു വര്‍ഷം പീഡിപ്പിക്കുകയും ചെയ്യുമെന്ന് അവിടുന്ന് അരുള്‍ചെയ്തു.

7 ‘എന്നാല്‍ അവര്‍ ആര്‍ക്കു ദാസ്യവേല ചെയ്യുന്നുവോ ആ ജനതയെ ഞാന്‍ വിധിക്കും; അതിനുശേഷം അവര്‍ ആ രാജ്യം വിട്ട് ഈ സ്ഥലത്തുവന്ന് എന്നെ ആരാധിക്കും’ എന്നും ദൈവം അരുളിച്ചെയ്തു.

8 പിന്നീട് അബ്രഹാമിന് ഒരു ഉടമ്പടി നല്‌കി. അതിന്‍റെ സൂചനയായി ഏര്‍പ്പെടുത്തിയതാണ് പരിച്ഛേദനകര്‍മം. അപ്രകാരം ഇസ്ഹാക്ക് ജനിച്ചപ്പോള്‍ എട്ടാം ദിവസം ആ ശിശുവിന്‍റെ പരിച്ഛേദനകര്‍മം നടത്തി. ഇസ്ഹാക്കിന് യാക്കോബ് എന്ന പുത്രനുണ്ടായി. യാക്കോബിന്‍റെ പുത്രന്മാരായിരുന്നു പന്ത്രണ്ടു ഗോത്രപിതാക്കന്മാര്‍.

9

“അവര്‍ യോസേഫിനോട് അസൂയപൂണ്ട് അദ്ദേഹത്തെ ഈജിപ്തുകാര്‍ക്കു വിറ്റുകളഞ്ഞു. എന്നാല്‍ ദൈവം യോസേഫിനോടുകൂടി ഉണ്ടായിരുന്നു.

10 അവിടുന്ന് എല്ലാ കഷ്ടതകളില്‍നിന്നും അദ്ദേഹത്തെ വിടുവിച്ചു. ഈജിപ്തിലെ രാജാവായ ഫറവോന്‍റെ മുമ്പില്‍ ചെന്നപ്പോള്‍ ദൈവകൃപയും ജ്ഞാനവും അദ്ദേഹത്തിനു നല്‌കപ്പെട്ടു. ഫറവോന്‍ അദ്ദേഹത്തെ ഈജിപ്തിന്‍റെ ഗവര്‍ണറും കൊട്ടാരം കാര്യസ്ഥനുമായി നിയമിച്ചു.

11 അക്കാലത്ത് ഈജിപ്തില്‍ എല്ലായിടത്തും, കനാനിലും, ക്ഷാമവും മഹാകഷ്ടതയും ഉണ്ടായി. നമ്മുടെ പിതാക്കന്മാര്‍ക്ക് ആഹാരം കിട്ടാതെയായി.

12 ഈജിപ്തില്‍ ധാന്യമുണ്ടെന്നു യാക്കോബു കേട്ടിട്ട് നമ്മുടെ പിതാക്കന്മാരെ ആദ്യമായി അവിടേക്കയച്ചു.

13 രണ്ടാം പ്രാവശ്യം അവര്‍ ചെന്നപ്പോള്‍ യോസേഫ് തന്നെത്തന്നെ സഹോദരന്മാര്‍ക്കു വെളിപ്പെടുത്തി; ഫറവോനും യോസേഫിന്‍റെ കുടുംബാംഗങ്ങളെ അറിയുവാനിടയായി.

14 യോസേഫ് തന്‍റെ പിതാവായ യാക്കോബിനെയും അദ്ദേഹത്തിന്‍റെ കുടുംബത്തിലുള്ള എല്ലാവരെയും ആളയച്ചു വിളിപ്പിച്ചു. അവര്‍ ആകെ എഴുപത്തഞ്ചു പേരുണ്ടായിരുന്നു.

15 യാക്കോബ് ഈജിപ്തിലേക്കു പോയി; അവിടെവച്ച് അദ്ദേഹവും നമ്മുടെ പിതാക്കന്മാരും മരണമടഞ്ഞു.

16 അവരുടെ മൃതദേഹങ്ങള്‍ ശേഖേമിലേക്കു കൊണ്ടുപോയി. ഹാമോരിന്‍റെ പുത്രന്മാരോട് അബ്രഹാം വിലകൊടുത്തു വാങ്ങിയ കല്ലറയില്‍ അവരെ സംസ്കരിച്ചു.

17

“ദൈവം അബ്രഹാമിനോടു ചെയ്ത വാഗ്ദാനം നിറവേറേണ്ട കാലം സമീപിച്ചപ്പോള്‍ ഈജിപ്തില്‍ ഇസ്രായേല്‍ജനങ്ങള്‍ വളരെ വര്‍ധിച്ചു.

18 ഒടുവില്‍ യോസേഫിനെപ്പറ്റി അറിഞ്ഞിട്ടില്ലാത്ത ഒരു രാജാവ് ഈജിപ്തില്‍ ഭരണമാരംഭിച്ചു.

19 ആ രാജാവ് കൗശലപൂര്‍വം നമ്മുടെ വംശത്തോടു പെരുമാറി; നമ്മുടെ പിതാക്കന്മാരെ പീഡിപ്പിക്കുകയും, ശിശുക്കള്‍ ജീവനോടെ ശേഷിക്കാതിരിക്കേണ്ടതിന് അവരെ പുറത്തുകളയുവാന്‍ കല്പന പുറപ്പെടുവിക്കുകയും ചെയ്തു.

20 ഈ സമയത്താണ് മോശ ജനിച്ചത്. അതികോമളനായ ഒരു ശിശുവായിരുന്നു മോശ. മൂന്നു മാസം ആ കുട്ടിയെ പിതൃഗൃഹത്തില്‍ വളര്‍ത്തി. പിന്നീട് അവനെ പുറത്തുകളഞ്ഞു.

21 അതിനുശേഷം ഫറവോന്‍റെ പുത്രി അവനെ എടുത്തു സ്വന്തം മകനായി വളര്‍ത്തി.

22 ഈജിപ്തുകാരുടെ എല്ലാ വിജ്ഞാനവും മോശ അഭ്യസിച്ചു. വാക്കിലും പ്രവൃത്തിയിലും അദ്ദേഹം പ്രഗല്ഭനായിത്തീര്‍ന്നു.

23

“നാല്പതു വയസ്സായപ്പോള്‍ ഇസ്രായേല്യരായ തന്‍റെ സഹോദരന്മാരെ സന്ദര്‍ശിക്കണമെന്നു മോശയ്‍ക്കു തോന്നി.

24 അവരില്‍ ഒരുവനോട് ഒരു ഈജിപ്തുകാരന്‍ അന്യായമായി പെരുമാറുന്നത് അദ്ദേഹം കണ്ടു. അദ്ദേഹം മര്‍ദിതനായ ഇസ്രായേല്യന്‍റെ സഹായത്തിനെത്തുകയും, ആ ഈജിപ്തുകാരനെ അടിച്ചുകൊന്ന് മര്‍ദിതനുവേണ്ടി പ്രതികാരം നടത്തുകയും ചെയ്തു.

25 താന്‍ മുഖാന്തരം സ്വജനങ്ങളെ വിമോചിപ്പിക്കുവാന്‍ പോകുകയാണെന്ന് അവര്‍ ഗ്രഹിക്കുമെന്നായിരുന്നു മോശ വിചാരിച്ചത്. പക്ഷേ, അവര്‍ അതു മനസ്സിലാക്കിയില്ല.

26 പിറ്റേദിവസം രണ്ട് ഇസ്രായേല്യര്‍ തമ്മില്‍ ശണ്ഠകൂടിക്കൊണ്ടിരിക്കുമ്പോള്‍ അവരെ രഞ്ജിപ്പിക്കുന്നതിനായി മോശ പറഞ്ഞു: “നിങ്ങള്‍ സഹോദരന്മാരല്ലേ? നിങ്ങള്‍ തമ്മില്‍ അന്യായം പ്രവര്‍ത്തിക്കുന്നത് എന്തുകൊണ്ട്?

27 എന്നാല്‍, തന്‍റെ സഹോദരനോട് അന്യായം പ്രവര്‍ത്തിച്ചവന്‍ അദ്ദേഹത്തെ തള്ളിമാറ്റിക്കൊണ്ടു ചോദിച്ചു: നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനും ആക്കിയത് ആരാണ്?

28 ഇന്നലെ ആ ഈജിപ്തുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലുവാനാണോ ഭാവം?

29 ഈ മറുപടി കേട്ട് മോശ ഓടിപ്പോയി. അദ്ദേഹം മിദ്യാനില്‍ ചെന്ന് പരദേശിയായി പാര്‍ത്തു. അവിടെവച്ച് അദ്ദേഹത്തിനു രണ്ടു പുത്രന്മാര്‍ ജനിച്ചു.

30

“നാല്പതു വര്‍ഷം കഴിഞ്ഞ്, സീനായ്മലയുടെ സമീപത്തുള്ള മരുഭൂമിയില്‍ കത്തുന്ന മുള്‍പ്പടര്‍പ്പില്‍ ഒരു ദൈവദൂതന്‍ മോശയ്‍ക്കു പ്രത്യക്ഷപ്പെട്ടു.

31 ഈ ദര്‍ശനം ഉണ്ടായപ്പോള്‍ അദ്ദേഹം ആശ്ചര്യഭരിതനായി. സൂക്ഷിച്ചു നോക്കുന്നതിനായി അടുത്തു ചെന്നപ്പോള്‍

32 ‘ഞാന്‍ നിന്‍റെ പിതാക്കന്മാരുടെ ദൈവമാകുന്നു; അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവം’ എന്നു സര്‍വേശ്വരന്‍ അരുള്‍ചെയ്ത ശബ്ദം കേട്ടു. അപ്പോള്‍ അദ്ദേഹം ഭയപ്പെട്ടു വിറച്ചു; അങ്ങോട്ടു നോക്കുവാന്‍ ധൈര്യപ്പെട്ടില്ല.

33

“സര്‍വേശ്വരന്‍ തുടര്‍ന്ന് അരുള്‍ചെയ്തു: ‘നിന്‍റെ കാലില്‍നിന്നു ചെരുപ്പ് ഊരിക്കളയുക; നീ നില്‌ക്കുന്ന സ്ഥലം പരിശുദ്ധമാകുന്നു.

34 ഈജിപ്തില്‍ എന്‍റെ ജനങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ഞാന്‍ കണ്ടിരിക്കുന്നു; അവരുടെ നെടുവീര്‍പ്പും ഞാന്‍ കേട്ടു; അവരെ മോചിപ്പിക്കുവാന്‍ ഞാന്‍ ഇറങ്ങിവന്നിരിക്കുന്നു. അതുകൊണ്ട് വരിക, ഞാന്‍ നിന്നെ ഈജിപ്തിലേക്ക് അയയ്‍ക്കും.

35

“നിന്നെ ഞങ്ങളുടെ അധികാരിയും വിധികര്‍ത്താവും ആക്കിയത് ആരാണ്?’ എന്നു ചോദിച്ചുകൊണ്ട് അവര്‍ നിരസിച്ച ഈ മോശയെതന്നെ, മുള്‍പ്പടര്‍പ്പില്‍ പ്രത്യക്ഷപ്പെട്ട ദൈവദൂതന്‍ മുഖാന്തരം അവരുടെ വിമോചകനും അധികാരിയുമായി ദൈവം അയച്ചു.

36 അദ്ദേഹം ഈജിപ്തിലും ചെങ്കടലിലും അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചുകൊണ്ട് നാല്പതു വര്‍ഷക്കാലം മരുഭൂമിയിലൂടെ അവരെ നയിച്ചു.

37 ‘എന്നെ എന്നപോലെ ഒരു പ്രവാചകനെ ദൈവം നിങ്ങളുടെ സഹോദരന്മാരില്‍നിന്ന് നിങ്ങള്‍ക്കുവേണ്ടി എഴുന്നേല്പിക്കും’ എന്ന് ഇസ്രായേല്‍ജനത്തോടു പറഞ്ഞതും ഈ മോശ തന്നെയാണ്.

38 സീനായ്മലയില്‍ ദൈവദൂതനോടു സംസാരിച്ചതും, മരുഭൂമിയില്‍ ഇസ്രായേല്യസഭയോടും നമ്മുടെ പിതാക്കന്മാരോടുംകൂടി ഉണ്ടായിരുന്നതും അദ്ദേഹമാണ്. നമുക്കു നല്‌കുവാനായി ദൈവത്തിന്‍റെ ജീവദായകമായ അരുളപ്പാടു ലഭിച്ചതും അദ്ദേഹത്തിനു തന്നെയാണ്.

39

“എന്നാല്‍ നമ്മുടെ പിതാക്കന്മാര്‍ അദ്ദേഹത്തെ അനുസരിക്കുവാന്‍ കൂട്ടാക്കിയില്ല; അവര്‍ അദ്ദേഹത്തെ തള്ളിക്കളഞ്ഞു; അവര്‍ ഉള്ളുകൊണ്ട് ഈജിപ്തിലേക്കു പിന്തിരിഞ്ഞു.

40 അവര്‍ അഹരോനോടു പറഞ്ഞു: ‘ഞങ്ങളെ നയിക്കുവാന്‍ ദൈവങ്ങളെ ഉണ്ടാക്കിത്തരിക; ഞങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന ആ മോശയ്‍ക്ക് എന്തു സംഭവിച്ചു എന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ.’

41 അക്കാലത്താണ് അവര്‍ കാളക്കുട്ടിയുടെ വിഗ്രഹം ഉണ്ടാക്കിയതും അതിനു ബലിയര്‍പ്പിച്ചതും. അങ്ങനെ തങ്ങളുടെ കൈപ്പണിയില്‍ അവര്‍ ഉല്ലസിച്ചു.

42 അപ്പോള്‍ ദൈവം മുഖംതിരിക്കുകയും അവരെ ആകാശത്തിലെ നക്ഷത്രരാശിയെ ആരാധിക്കുവാന്‍വേണ്ടി വിടുകയും ചെയ്തു. പ്രവാചകന്മാരുടെ ഗ്രന്ഥത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:

ഇസ്രായേല്‍ ഗൃഹമേ! നിങ്ങള്‍
മരുഭൂമിയില്‍ നാല്പതു വര്‍ഷം
ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അര്‍പ്പിച്ചത്
എനിക്കായിരുന്നുവോ?

43
നിങ്ങള്‍ ആരാധിക്കുവാനുണ്ടാക്കിയ
വിഗ്രഹങ്ങളായ മോലേക്കിന്‍റെ കൂടാരവും
രേഫാന്‍ദേവന്‍റെ നക്ഷത്രവും
നിങ്ങള്‍ എടുത്തുകൊണ്ടു നടന്നുവല്ലോ.
അതുകൊണ്ട് ഞാന്‍ നിങ്ങളെ
ബാബിലോണിന് അപ്പുറത്തേക്കു നാടുകടത്തും.

44

“നമ്മുടെ പിതാക്കന്മാര്‍ക്കു മരുഭൂമിയില്‍ ദൈവസാന്നിധ്യത്തിന്‍റെ സാക്ഷ്യം വഹിക്കുന്ന കൂടാരമുണ്ടായിരുന്നു. ദൈവം മോശയോട് അരുളിച്ചെയ്തപ്രകാരം അദ്ദേഹത്തിനു കാണിച്ചുകൊടുത്ത രൂപമാതൃകയില്‍ നിര്‍മിച്ചതായിരുന്നു അത്.

45 പിന്‍തലമുറയിലെ നമ്മുടെ പിതാക്കന്മാര്‍ അത് ഏറ്റുവാങ്ങി; അവരുടെ മുമ്പില്‍നിന്നു ദൈവം നീക്കിക്കളഞ്ഞ ജനതകളുടെ കൈവശഭൂമിയിലേക്ക് യോശുവയോടുകൂടി അവര്‍ പ്രവേശിച്ചപ്പോള്‍ ആ സാക്ഷ്യകൂടാരവും അവര്‍ കൊണ്ടുവന്ന് ദാവീദിന്‍റെ കാലംവരെ സൂക്ഷിച്ചു.

46 ദാവീദ് ദൈവകൃപ ലഭിച്ചവനായിരുന്നു. യാക്കോബിന്‍റെ ദൈവത്തിന് ഒരു മന്ദിരമുണ്ടാക്കുവാന്‍ അനുവദിക്കണമെന്ന് ദാവീദു ദൈവത്തോടപേക്ഷിച്ചു.

47 പക്ഷേ, ശലോമോനായിരുന്നു ദൈവത്തിന് ഒരാലയം നിര്‍മിച്ചത്.

48

“എന്നാല്‍ അത്യുന്നതനായ ദൈവം മനുഷ്യകരങ്ങള്‍ക്കൊണ്ടു നിര്‍മിക്കുന്ന മന്ദിരങ്ങളില്‍ വസിക്കുന്നില്ല. പ്രവാചകന്‍ പറയുന്നു:

49

‘സ്വര്‍ഗം എന്‍റെ സിംഹാസനവും

ഭൂമി എന്‍റെ പാദപീഠവുമാകുന്നു;

എങ്ങനെയുള്ള ഭവനമാണ്

നിങ്ങള്‍ എനിക്കുവേണ്ടി നിര്‍മിക്കുന്നത്?

എന്‍റെ വിശ്രമസ്ഥലം ഏത്?

50

ഇവയെല്ലാം എന്‍റെ കരം നിര്‍മിച്ചവയല്ലേ?’

എന്നു സര്‍വേശ്വരന്‍ അരുള്‍ചെയ്യുന്നു.

51

“ദുശ്ശാഠ്യക്കാരേ, ഹൃദയത്തില്‍ ഇപ്പോഴും ദൈവബോധമില്ലാത്തവരേ, സത്യത്തിനു ചെവികൊടുക്കാത്തവരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ നിങ്ങളും എപ്പോഴും പരിശുദ്ധാത്മാവിനോട് എതിര്‍ക്കുന്നു!

52 പ്രവാചകന്മാരില്‍ ആരെയെങ്കിലും നിങ്ങളുടെ പിതാക്കന്മാര്‍ പീഡിപ്പിക്കാതിരുന്നിട്ടുണ്ടോ? നീതിമാനായവന്‍റെ ആഗമനത്തെക്കുറിച്ചു മുന്‍കൂട്ടി അറിയിച്ചവരെ അവര്‍ നിഗ്രഹിക്കുകയത്രേ ചെയ്തത്.

53 നിങ്ങളാകട്ടെ, ഇപ്പോള്‍ ആ നീതിമാനെ ഒറ്റിക്കൊടുക്കുകയും വധിക്കുകയും ചെയ്തിരിക്കുന്നു. ദൈവദൂതന്മാരില്‍കൂടി നിങ്ങള്‍ക്കു ധര്‍മശാസ്ത്രം ലഭിച്ചു. എന്നാല്‍ നിങ്ങള്‍ അത് അനുസരിച്ചില്ല.”

54

ഇതു കേട്ടപ്പോള്‍ സന്നദ്രിംസംഘാംഗങ്ങള്‍ കോപാക്രാന്തരായി സ്തേഫാനോസിന്‍റെ നേരെ പല്ലുകടിച്ചു.

55 എന്നാല്‍ അദ്ദേഹം പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വര്‍ഗത്തിലേക്ക് ഉറ്റുനോക്കി; ദൈവത്തിന്‍റെ തേജസ്സ് അദ്ദേഹം ദര്‍ശിച്ചു; അവിടുത്തെ വലത്തുഭാഗത്ത് യേശു നില്‌ക്കുന്നതും കണ്ടു.

56 അദ്ദേഹം പറഞ്ഞു: “ഇതാ സ്വര്‍ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍ ദൈവത്തിന്‍റെ വലത്തുഭാഗത്ത് നില്‌ക്കുന്നതും ഞാന്‍ കാണുന്നു.”

57

ഉടനെ അവര്‍ ഉച്ചത്തില്‍ അട്ടഹസിച്ച് ചെവിപൊത്തിക്കൊണ്ട് സ്തേഫാനോസിന്‍റെ നേരെ പാഞ്ഞുചെന്ന്

58 അദ്ദേഹത്തെ പിടിച്ചു നഗരത്തിനു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു. സാക്ഷികള്‍ അവരുടെ പുറങ്കുപ്പായം ശൗല്‍ എന്നൊരു യുവാവിനെയാണ് ഏല്പിച്ചിരുന്നത്.

59 അവര്‍ കല്ലെറിഞ്ഞുകൊണ്ടിരുന്നപ്പോള്‍ “കര്‍ത്താവായ യേശുവേ, എന്‍റെ ആത്മാവിനെ അങ്ങു കൈക്കൊള്ളണമേ” എന്നു സ്തേഫാനോസ് പ്രാര്‍ഥിച്ചു.

60 അദ്ദേഹം മുട്ടുകുത്തിക്കൊണ്ട് “കര്‍ത്താവേ, ഈ പാപം ഇവരുടെമേല്‍ ചുമത്തരുതേ” എന്ന് അത്യുച്ചത്തില്‍ അപേക്ഷിച്ചു. ഇതു പറഞ്ഞിട്ട് അദ്ദേഹം അന്തരിച്ചു. സ്തേഫാനോസിന്‍റെ വധത്തെ ശൗല്‍ അനുകൂലിച്ചിരുന്നു.

8

1

ആ ദിവസംതന്നെ യെരൂശലേമിലെ സഭയുടെനേരേയുള്ള നിഷ്ഠുരമായ പീഡനം ആരംഭിച്ചു; അപ്പോസ്തോലന്മാര്‍ ഒഴികെയുള്ള എല്ലാവരും യെഹൂദ്യ ശമര്യപ്രദേശങ്ങളുടെ നാനാഭാഗങ്ങളിലേക്കു ചിതറിപ്പോയി.

2 ഏതാനും ഭക്തജനങ്ങള്‍ സ്തേഫാനോസിന്‍റെ മൃതദേഹം സംസ്കരിക്കുകയും അദ്ദേഹത്തെക്കുറിച്ചു വളരെയധികം വിലപിക്കുകയും ചെയ്തു.

3

ശൗല്‍ ആകട്ടെ, വീടുതോറും കയറിയിറങ്ങി സ്‍ത്രീകളെയും പുരുഷന്മാരെയും വലിച്ചിഴച്ചു കാരാഗൃഹത്തിലടച്ചുകൊണ്ട് സഭയെ നശിപ്പിക്കുവാന്‍ ശ്രമിച്ചു.

4

ചിതറിപ്പോയവര്‍ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ചുറ്റി സഞ്ചരിച്ചു.

5 ഫീലിപ്പോസ് ശമര്യയിലെ ഒരു നഗരത്തില്‍ ചെന്ന് ക്രിസ്തുവിനെപ്പറ്റി പ്രഘോഷിച്ചു.

6 ഫീലിപ്പോസിന്‍റെ പ്രസംഗം കേള്‍ക്കുകയും അദ്ദേഹം ചെയ്ത അദ്ഭുതങ്ങള്‍ കാണുകയും ചെയ്തപ്പോള്‍ ബഹുജനങ്ങള്‍ ഏകമനസ്സോടെ അദ്ദേഹത്തിന്‍റെ വാക്കുകള്‍ സ്വീകരിച്ചു.

7 അശുദ്ധാത്മാക്കള്‍ ബാധിച്ചവരില്‍നിന്ന് അവ ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് ഒഴിഞ്ഞുപോയി; പക്ഷവാതരോഗികളും മുടന്തരുമായ അനേകമാളുകള്‍ സുഖം പ്രാപിച്ചു.

8 അങ്ങനെ ആ പട്ടണത്തില്‍ അത്യധികമായ ആനന്ദമുണ്ടായി.

9

അവിടെ ശിമോന്‍ എന്നു പേരുള്ള ഒരു മന്ത്രവാദിയുണ്ടായിരുന്നു. താന്‍ മഹാനാണെന്നു സ്വയം അവകാശപ്പെട്ടുകൊണ്ട് മാന്ത്രികവിദ്യകളാല്‍ അയാള്‍ ശമര്യയിലെ ജനത്തെ അദ്ഭുതപ്പെടുത്തിവന്നു.

10 ‘മഹതി’ എന്ന ദിവ്യശക്തിയാണ് ഈ മനുഷ്യനില്‍ വ്യാപരിക്കുന്നതെന്ന് വലിയവരും ചെറിയവരും എന്ന ഭേദമന്യേ ആ പട്ടണത്തിലുള്ള എല്ലാവരും പറഞ്ഞു.

11 തന്‍റെ ക്ഷുദ്രപ്രയോഗംകൊണ്ട് ദീര്‍ഘകാലമായി അയാള്‍ അവരെ അമ്പരപ്പിച്ചിരുന്നതിനാല്‍ അയാള്‍ പറയുന്നത് അവര്‍ സ്വീകരിച്ചുപോന്നു.

12 എങ്കിലും ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്‍റെ നാമത്തെയുംകുറിച്ച് ഫീലിപ്പോസ് പ്രസംഗിച്ച സുവിശേഷം വിശ്വസിച്ച പുരുഷന്മാരും സ്‍ത്രീകളും സ്നാപനം സ്വീകരിച്ചു. ശിമോന്‍പോലും വിശ്വസിച്ചു;

13 അയാള്‍ സ്നാപനം സ്വീകരിച്ചശേഷം ഫീലിപ്പോസിനോടു ചേര്‍ന്നുനിന്നു. അവിടെ നടന്ന വലിയ അദ്ഭുതങ്ങളും അടയാളങ്ങളും കണ്ട് ശിമോന്‍ ആശ്ചര്യഭരിതനായി.

14

ശമര്യയിലെ ജനങ്ങള്‍ ദൈവവചനം കൈക്കൊണ്ടു എന്ന് യെരൂശലേമിലുള്ള അപ്പോസ്തോലന്മാര്‍ കേട്ട് അവര്‍ പത്രോസിനെയും യോഹന്നാനെയും അവരുടെ അടുക്കലേക്കയച്ചു.

15 അവര്‍ ചെന്ന് ശമര്യയിലെ വിശ്വാസികള്‍ക്കു പരിശുദ്ധാത്മാവു ലഭിക്കുന്നതിനുവേണ്ടി പ്രാര്‍ഥിച്ചു.

16 അതുവരെ ആരിലും പരിശുദ്ധാത്മാവു വന്നിട്ടില്ലായിരുന്നു. അവര്‍ കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ സ്നാപനം സ്വീകരിച്ചിരുന്നതേയുള്ളൂ.

17 പിന്നീട് പത്രോസും യോഹന്നാനും അവരുടെമേല്‍ കൈകള്‍ വയ്‍ക്കുകയും അവര്‍ക്കു പരിശുദ്ധാത്മാവു ലഭിക്കുകയും ചെയ്തു.

18

അപ്പോസ്തോലന്മാരുടെ കൈവയ്പുമൂലം അവര്‍ക്കു പരിശുദ്ധാത്മാവു ലഭിച്ചത് ശിമോന്‍ കണ്ടു. അയാള്‍ പത്രോസിനും യോഹന്നാനും പണം സമര്‍പ്പിച്ചുകൊണ്ട്

19 “ഞാന്‍ ആരുടെമേല്‍ കൈകള്‍ വയ്‍ക്കുന്നുവോ അവര്‍ക്കു പരിശുദ്ധാത്മാവു ലഭിക്കുന്നതിനുള്ള ഈ അധികാരം എനിക്കും നല്‌കിയാലും” എന്ന് അവരോടപേക്ഷിച്ചു.

20

അപ്പോള്‍ പത്രോസ് പ്രതിവചിച്ചു: “ദൈവത്തിന്‍റെ വരദാനം പണം കൊടുത്തു വാങ്ങാമെന്നു നീ വിചാരിച്ചതുകൊണ്ട് നീയും നിന്‍റെ പണവും നശിക്കട്ടെ!

21 നിന്‍റെ ഹൃദയം ദൈവത്തിന്‍റെ ദൃഷ്‍ടിയില്‍ നേരുള്ളതല്ലാത്തതുകൊണ്ട് ഇക്കാര്യത്തില്‍ നിനക്കു പങ്കും ഓഹരിയുമില്ല.

22 അതുകൊണ്ട് ഈ ദുഷ്ടതയെക്കുറിച്ച് അനുതപിച്ചു കര്‍ത്താവിനോടു പ്രാര്‍ഥിക്കുക. നിന്‍റെ ഹൃദയത്തിലെ ദുഷ്ടവിചാരം ഒരുവേള ക്ഷമിക്കപ്പെട്ടേക്കാം.

23 നീ ഉള്‍പ്പകയുടെ കയ്പിലും അനീതിയുടെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു എന്നു ഞാന്‍ കാണുന്നു.”

24

അപ്പോള്‍ ശിമോന്‍, “അങ്ങു പറഞ്ഞതൊന്നും എനിക്കു ഭവിക്കാതിരിക്കുവാന്‍ എനിക്കുവേണ്ടി കര്‍ത്താവിനോടു പ്രാര്‍ഥിക്കണമേ” എന്ന് അപേക്ഷിച്ചു.

25

ശമര്യയിലെ അനേകം ഗ്രാമങ്ങളില്‍ സാക്ഷ്യം വഹിക്കുകയും കര്‍ത്താവിന്‍റെ സന്ദേശം അറിയിക്കുകയും ചെയ്തുകൊണ്ട് പത്രോസും യോഹന്നാനും യെരൂശലേമിലേക്കു മടങ്ങിപ്പോയി.

26

കര്‍ത്താവിന്‍റെ ദൂതന്‍ ഫീലിപ്പോസിനോട്, “ദക്ഷിണദിക്കിലേക്ക്, യെരൂശലേമില്‍നിന്നു ഗസെയിലേക്കുള്ള നിര്‍ജനമായ വഴിയിലൂടെ പോകുക” എന്നു പറഞ്ഞു.

27 ഫീലിപ്പോസ് ഉടനെ പുറപ്പെട്ടു; പോകുന്ന വഴി ഷണ്ഡനായ ഒരു എത്യോപ്യനെ കണ്ടുമുട്ടി. അദ്ദേഹം എത്യോപ്യാരാജ്ഞിയായ കന്ദക്കയുടെ ഭണ്ഡാരവകുപ്പിന്‍റെ മേലധികാരിയായിരുന്നു. അദ്ദേഹം യെരൂശലേമില്‍ ചെന്ന് ആരാധന നടത്തിയശേഷം മടങ്ങിപ്പോകുകയായിരുന്നു;

28 രഥത്തില്‍ യാത്ര ചെയ്യുമ്പോള്‍ യെശയ്യാപ്രവാചകന്‍റെ പുസ്‍തകം വായിച്ചുകൊണ്ടിരുന്നു.

29 “ആ രഥത്തോടു ചേര്‍ന്നു നടക്കുക” എന്ന് ആത്മാവ് ഫീലിപ്പോസിനോടു പറഞ്ഞു.

30 ഫീലിപ്പോസ് ഓടി രഥത്തിന്‍റെ അടുത്തുചെന്നപ്പോള്‍ യെശയ്യാപ്രവാചകന്‍റെ പുസ്‍തകം വായിക്കുന്നതുകേട്ട് അദ്ദേഹത്തോടു ചോദിച്ചു: “താങ്കള്‍ വായിക്കുന്നത് എന്താണ് എന്നു ഗ്രഹിക്കുന്നുണ്ടോ?”

31

അദ്ദേഹം പ്രതിവചിച്ചു: “ആരെങ്കിലും വ്യാഖ്യാനിച്ചുതരാതെ എങ്ങനെ ഗ്രഹിക്കും?” പിന്നീട് തേരില്‍ കയറി തന്‍റെ കൂടെ ഇരിക്കുവാന്‍ അദ്ദേഹം ഫീലിപ്പോസിനെ ക്ഷണിച്ചു.

32 വിശുദ്ധഗ്രന്ഥത്തില്‍നിന്ന് അദ്ദേഹം വായിച്ചഭാഗം ഇതായിരുന്നു:

അവിടുന്ന് അറുക്കുവാന്‍ കൊണ്ടുപോകുന്ന
ആടിനെപ്പോലെ ആയിരുന്നു;
രോമം കത്രിക്കുന്നവന്‍റെ മുമ്പില്‍
നിശ്ശബ്ദനായിരിക്കുന്ന കുഞ്ഞാടിനെപ്പോലെതന്നെ,
അവിടുന്നു വായ് തുറക്കാതിരുന്നു.

33
അപമാനിതനായ അദ്ദേഹത്തിനു
നീതി നിഷേധിക്കപ്പെട്ടു.
അദ്ദേഹത്തിന്‍റെ പിന്‍ഗാമികളെക്കുറിച്ച്
ആരു പ്രസ്താവിക്കും?
ഭൂമിയില്‍നിന്ന് അവിടുത്തെ ജീവന്‍
എടുത്തുകളഞ്ഞിരിക്കുന്നുവല്ലോ.

34

“ആരെക്കുറിച്ചാണു പ്രവാചകന്‍ ഇതു പറയുന്നത്, തന്നെക്കുറിച്ചുതന്നെയോ, അതോ വേറെ വല്ലവരെയുംകുറിച്ചോ? പറഞ്ഞുതന്നാലും” എന്ന് അദ്ദേഹം ഫീലിപ്പോസിനോട് അപേക്ഷിച്ചു.

35 ഈ വേദഭാഗം ആധാരമാക്കി ഫീലിപ്പോസ് യേശുവിനെപ്പറ്റിയുള്ള സുവിശേഷം അദ്ദേഹത്തെ അറിയിച്ചു.

36 അങ്ങനെ അവര്‍ സഞ്ചരിക്കുമ്പോള്‍ വെള്ളമുള്ള ഒരു സ്ഥലത്തെത്തി. “ഇതാ വെള്ളം; ഞാന്‍ സ്നാപനം സ്വീകരിക്കുന്നതിന് എന്താണു പ്രതിബന്ധം?” എന്ന് അദ്ദേഹം ഫീലിപ്പോസിനോടു ചോദിച്ചു.

37

“താങ്കള്‍ പൂര്‍ണഹൃദയത്തോടെ വിശ്വസിക്കുന്നുവെങ്കില്‍ അങ്ങനെ ആകാം” എന്നു ഫീലിപ്പോസ് പറഞ്ഞു.

“യേശുക്രിസ്തു ദൈവപുത്രന്‍ എന്നു ഞാന്‍ വിശ്വസിക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞു.

38

രഥം നിറുത്തുവാന്‍ ആ ഉദ്യോഗസ്ഥന്‍ ആജ്ഞാപിച്ചു. അവര്‍ ഇരുവരും വെള്ളത്തിലിറങ്ങി. ഫീലിപ്പോസ് അദ്ദേഹത്തെ സ്നാപനം ചെയ്തു.

39 അവര്‍ വെള്ളത്തില്‍നിന്നു കയറിയപ്പോള്‍ കര്‍ത്താവിന്‍റെ ആത്മാവു ഫീലിപ്പോസിനെ എടുത്തുകൊണ്ടുപോയി. ആ ഉദ്യോഗസ്ഥന്‍ പിന്നീടു ഫീലിപ്പോസിനെ കണ്ടില്ല; എങ്കിലും അദ്ദേഹം ആനന്ദത്തോടെ യാത്ര തുടര്‍ന്നു.

40 ഫീലിപ്പോസിനെ പിന്നീടു കാണുന്നത് അസ്തോദില്‍ വച്ചാണ്. കൈസര്യയില്‍ എത്തുന്നതുവരെ പല പട്ടണങ്ങളിലും സുവിശേഷം പ്രസംഗിച്ചുകൊണ്ട് അദ്ദേഹം യാത്ര ചെയ്തു.

9

1

കര്‍ത്താവിന്‍റെ ശിഷ്യന്മാരെയെല്ലാം കൊന്നൊടുക്കുമെന്ന് ശൗല്‍ ഭീഷണി മുഴക്കി.

2 ക്രിസ്തുമാര്‍ഗം സ്വീകരിച്ച സ്‍ത്രീകളെയോ പുരുഷന്മാരെയോ കണ്ടാല്‍, അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുന്നതിന് തന്നെ അധികാരപ്പെടുത്തുന്ന കത്തുകള്‍ ദമാസ്കസിലെ സുനഗോഗുകളിലേക്കു മഹാപുരോഹിതന്‍റെ പക്കല്‍നിന്ന് അദ്ദേഹം വാങ്ങി.

3

അങ്ങനെ ശൗല്‍ പുറപ്പെട്ട് ദമാസ്കസിനു സമീപത്തെത്തി. പെട്ടെന്ന് ആകാശത്തുനിന്ന് ഉജ്ജ്വലമായ ഒരു മിന്നലൊളി അദ്ദേഹത്തെ വലയം ചെയ്തു. തല്‍ക്ഷണം അദ്ദേഹം നിലംപതിച്ചു;

4 “ശൗലേ, ശൗലേ, നീ എന്തിന് എന്നെ ഉപദ്രവിക്കുന്നു?” എന്ന് ഒരശരീരിയും കേട്ടു.

5

“അങ്ങ് ആരാകുന്നു കര്‍ത്താവേ?” എന്നു ശൗല്‍ ചോദിച്ചു.

6

“നീ പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന യേശുവാണു ഞാന്‍. നീ എഴുന്നേറ്റു പട്ടണത്തിലേക്കു ചെല്ലുക; നീ എന്താണു ചെയ്യേണ്ടതെന്ന് അവിടെവച്ചു നിന്നോടു പറയും” എന്ന് അവിടുന്നു പ്രതിവചിച്ചു.

7

ശൗലിനോടുകൂടി യാത്രചെയ്തിരുന്നവര്‍ ആ ശബ്ദം കേട്ടതല്ലാതെ ആരെയും കണ്ടില്ല. അവര്‍ സ്തംഭിച്ചുനിന്നുപോയി.

8 ശൗല്‍ നിലത്തുനിന്ന് എഴുന്നേറ്റു കണ്ണു തുറന്നു; പക്ഷേ, ഒന്നും കാണാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് സഹയാത്രികര്‍ അദ്ദേഹത്തെ കൈക്കുപിടിച്ച് ദമാസ്കസിലേക്കു കൊണ്ടുപോയി.

9 മൂന്നു ദിവസം അദ്ദേഹം കണ്ണു കാണാതെയും എന്തെങ്കിലും ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യാതെയും കഴിച്ചുകൂട്ടി.

10

ദമാസ്കസില്‍ അനന്യാസ് എന്ന ഒരു ക്രിസ്തുശിഷ്യനുണ്ടായിരുന്നു. അദ്ദേഹത്തിന് ഒരു ദര്‍ശനമുണ്ടായി. ദര്‍ശനത്തില്‍ “അനന്യാസേ,” എന്നു വിളിക്കുന്നതു കേട്ട്, “കര്‍ത്താവേ അടിയന്‍ ഇതാ” എന്ന് അദ്ദേഹം പറഞ്ഞു.

11

അപ്പോള്‍ കര്‍ത്താവ് അദ്ദേഹത്തോടു കല്പിച്ചു: “നീ നേര്‍വീഥി എന്ന തെരുവില്‍ യൂദയുടെ വീട്ടില്‍ ചെന്ന് തര്‍സൊസുകാരനായ ശൗല്‍ എന്നയാളിനെ അന്വേഷിക്കുക; അവന്‍ പ്രാര്‍ഥിക്കുന്നു.

12 തനിക്കു കാഴ്ച തിരിച്ചു കിട്ടുന്നതിനായി അനന്യാസ് എന്നൊരാള്‍ വന്നു തന്‍റെ തലയില്‍ കൈകള്‍ വയ്‍ക്കുന്നതായി ഒരു ദര്‍ശനത്തില്‍ അവന്‍ കണ്ടിരിക്കുന്നു.”

13

അനന്യാസ് അതിനു മറുപടിയായി, “കര്‍ത്താവേ, യെരൂശലേമിലുള്ള അവിടുത്തെ ഭക്തജനങ്ങള്‍ക്ക് ആ മനുഷ്യന്‍ വളരെ അധികം ദ്രോഹം ചെയ്തിരിക്കുന്നു എന്നു പലരും പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്;

14 ഇവിടെയും അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുന്നവരെ ബന്ധനസ്ഥരാക്കാന്‍ മഹാപുരോഹിതന്മാരുടെ അധികാരപത്രവുമായിട്ടാണ് അയാള്‍ വന്നിരിക്കുന്നത്” എന്നു പറഞ്ഞു.

15

കര്‍ത്താവ് അനന്യാസിനോട്, “എങ്കിലും നീ പോകണം; വിജാതീയരുടെയും രാജാക്കന്മാരുടെയും ഇസ്രായേല്‍ജനതയുടെയും മുമ്പില്‍ എന്‍റെ നാമം വഹിക്കുന്നതിന് ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്ന പാത്രമാണ് അയാള്‍.

16 എനിക്കുവേണ്ടി എന്തെല്ലാം കഷ്ടതകള്‍ അയാള്‍ സഹിക്കേണ്ടതുണ്ട് എന്നു ഞാന്‍ തന്നെ അയാള്‍ക്കു കാണിച്ചുകൊടുക്കും” എന്നു പറഞ്ഞു.

17

അതനുസരിച്ച് അനന്യാസ് ആ വീട്ടില്‍ ചെന്നു, ശൗലിന്‍റെമേല്‍ കൈകള്‍ വച്ചുകൊണ്ട് പറഞ്ഞു: “ശൗലേ, സഹോദരാ, കാഴ്ചപ്രാപിക്കേണ്ടതിനും പരിശുദ്ധാത്മാവിന്‍റെ പൂര്‍ണമായ നിറവ് താങ്കളിലുണ്ടാകേണ്ടതിനും വഴിയില്‍വച്ചു താങ്കള്‍ക്കു പ്രത്യക്ഷനായ യേശു എന്ന കര്‍ത്താവ് എന്നെ ഇവിടേക്ക് അയച്ചിരിക്കുന്നു.”

18 ഉടനെ ശൗലിന്‍റെ കണ്ണില്‍നിന്ന് ചെതുമ്പല്‍പോലെ ഏതോ ഒന്നു താഴെ വീണു. തല്‍ക്ഷണം അദ്ദേഹത്തിനു വീണ്ടും കാഴ്ച ലഭിച്ചു;

19 ഉടനെതന്നെ സ്നാപനം സ്വീകരിക്കുകയും ഭക്ഷണം കഴിച്ചു ശക്തി പ്രാപിക്കുകയും ചെയ്തു.

20

ദമാസ്കസിലുണ്ടായിരുന്ന ക്രിസ്തു ശിഷ്യന്മാരോടുകൂടി ശൗല്‍ കുറെനാള്‍ പാര്‍ത്തു. താമസംവിനാ, യേശു ദൈവപുത്രന്‍ തന്നെ എന്ന് അദ്ദേഹം സുനഗോഗുകളില്‍ പ്രഖ്യാപനം ചെയ്തു തുടങ്ങി.

21

അദ്ദേഹത്തിന്‍റെ പ്രഭാഷണം കേട്ടവരെല്ലാം അദ്ഭുതപ്പെട്ടു. അവര്‍ ചോദിച്ചു: “ഈ മനുഷ്യനല്ലേ യെരൂശലേമില്‍ യേശുവിന്‍റെ നാമം ഉച്ചരിക്കുന്നവരെയെല്ലാം നശിപ്പിച്ചുകൊണ്ടിരുന്നത്? അങ്ങനെയുള്ളവരെ പിടിച്ചുകെട്ടി മുഖ്യപുരോഹിതന്മാരുടെ അടുക്കല്‍ കൊണ്ടുപോകുവാനല്ലേ അയാള്‍ ഇവിടെയും വന്നത്?”

22

ശൗലാകട്ടെ, പൂര്‍വാധികം ശക്തിപ്രാപിക്കുകയും യേശുതന്നെ മശിഹാ എന്ന് ശക്തമായി സമര്‍ഥിച്ചുകൊണ്ട് ദമാസ്കസില്‍ നിവസിച്ചിരുന്ന യെഹൂദന്മാരെ മൊഴിമുട്ടിക്കുകയും ചെയ്തു.

23

കുറെനാള്‍ കഴിഞ്ഞ് ശൗലിനെ വധിക്കുവാന്‍ യെഹൂദന്മാര്‍ ഗൂഢാലോചന നടത്തി. എന്നാല്‍ അദ്ദേഹം അതറിഞ്ഞു.

24 അദ്ദേഹത്തെ പിടിച്ച് വധിക്കുന്നതിനുവേണ്ടി നഗരത്തിന്‍റെ പ്രവേശനദ്വാരങ്ങളില്‍ രാവും പകലും കാവല്‌ക്കാരെ നിറുത്തിയിരുന്നു.

25 എന്നാല്‍ ഒരു രാത്രിയില്‍ ശൗലിന്‍റെ ശിഷ്യന്മാര്‍ അദ്ദേഹത്തെ മതിലിന്‍റെ മുകളിലൂടെ ഒരു കുട്ടയില്‍ കെട്ടിയിറക്കി വിട്ടു.

26

ശൗല്‍ യെരൂശലേമിലെത്തി ക്രിസ്തുശിഷ്യന്മാരുടെകൂടെ ചേരുവാന്‍ ശ്രമിച്ചു. എന്നാല്‍ ശൗല്‍ ഒരു ശിഷ്യനാണെന്നു വിശ്വസിക്കാഞ്ഞതുമൂലം അവരെല്ലാവരും അദ്ദേഹത്തെ ഭയപ്പെട്ടു.

27 അപ്പോള്‍ ബര്‍നബാസ് വന്ന് അദ്ദേഹത്തെ അപ്പോസ്തോലന്മാരുടെ അടുക്കലേക്കു കൂട്ടിക്കൊണ്ടുപോയി. വഴിയില്‍വച്ച് ശൗല്‍ കര്‍ത്താവിനെ ദര്‍ശിച്ചതും അവിടുന്ന് അദ്ദേഹത്തോടു സംസാരിച്ചതും പിന്നീട് ദമാസ്കസില്‍വച്ച് അദ്ദേഹം യേശുവിന്‍റെ നാമത്തില്‍ സുധീരം പ്രസംഗിച്ചതുമെല്ലാം ബര്‍നബാസ് വിവരിച്ചു പറഞ്ഞു.

28 അങ്ങനെ ശൗല്‍ അവരോട് അടുത്ത് ഇടപെടുകയും, യെരൂശലേമില്‍ എല്ലായിടത്തും സഞ്ചരിച്ച് യേശുവിന്‍റെ നാമത്തില്‍ നിര്‍ഭയം പ്രസംഗിക്കുകയും ചെയ്തു.

29 ഗ്രീക്കുഭാഷക്കാരായ യെഹൂദന്മാരോടും അദ്ദേഹം സംസാരിക്കുകയും തര്‍ക്കിക്കുകയും ചെയ്തു പോന്നു. എന്നാല്‍ അവര്‍ അദ്ദേഹത്തെ വധിക്കുവാന്‍ വട്ടംകൂട്ടി.

30 അവിടുത്തെ സഹോദരന്മാര്‍ ഈ വിവരമറിഞ്ഞ് അദ്ദേഹത്തെ കൈസര്യയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും അവിടെനിന്നു തര്‍സൊസിലേക്ക് അയയ്‍ക്കുകയും ചെയ്തു.

31

അങ്ങനെ യെഹൂദ്യ, ഗലീല, ശമര്യ എന്നീ പ്രദേശങ്ങളിലെങ്ങുമുള്ള സഭയ്‍ക്കു സമാധാനമുണ്ടായി. പരിശുദ്ധാത്മാവിന്‍റെ സഹായത്താല്‍ സഭ ശക്തിപ്പെട്ടു; അംഗസംഖ്യ വര്‍ധിച്ചു; കര്‍ത്താവിനോടുള്ള ഭക്തിയില്‍ ജീവിക്കുകയും ചെയ്തു.

32

പത്രോസ് എല്ലായിടവും ചുറ്റി സഞ്ചരിച്ചുകൊണ്ടിരുന്നു. അങ്ങനെ അദ്ദേഹം ലുദ്ദയിലെ ഭക്തജനങ്ങളുടെ അടുക്കലെത്തി.

33 അവിടെ എട്ടു വര്‍ഷമായി പക്ഷവാതം പിടിപെട്ട് ശയ്യാവലംബിയായി കഴിഞ്ഞിരുന്ന ഐനിയാസ് എന്നൊരാളെ അദ്ദേഹം കണ്ടു.

34 അയാളോടു പത്രോസ് പറഞ്ഞു: “ഐനിയാസേ, യേശുക്രിസ്തു ഇതാ നിനക്കു സൗഖ്യം നല്‌കുന്നു; എഴുന്നേറ്റു നീ തന്നെ കിടക്ക വിരിക്കുക.” തല്‍ക്ഷണം അയാള്‍ എഴുന്നേറ്റു.

35 സുഖംപ്രാപിച്ച ഐനിയാസിനെ കണ്ടിട്ട് ലുദ്ദയിലും ശാരോനിലും പാര്‍ക്കുന്നവരെല്ലാം കര്‍ത്താവിങ്കലേക്കു തിരിഞ്ഞു.

36

യോപ്പയില്‍ തബീഥാ എന്നൊരു ക്രിസ്തുശിഷ്യ ഉണ്ടായിരുന്നു. തബീഥാ എന്ന പേരിനു ഗ്രീക്കില്‍ ദോര്‍ക്കാസ്-പേടമാന്‍-എന്നാണര്‍ഥം. അവള്‍ ധാരാളം സല്‍പ്രവൃത്തികളും ദാനധര്‍മങ്ങളും ചെയ്യുന്നതില്‍ സദാ ജാഗരൂകയായിരുന്നു.

37 ആയിടയ്‍ക്ക് ഒരു രോഗം പിടിപെട്ട് അവള്‍ മരണമടഞ്ഞു. മൃതദേഹം കുളിപ്പിച്ച് ഒരു മാളികമുറിയില്‍ കിടത്തി.

38 പത്രോസ് തൊട്ടടുത്തുള്ള ലുദ്ദയിലുണ്ടെന്നു യോപ്പയിലെ ശിഷ്യന്മാരറിഞ്ഞു. അദ്ദേഹം കഴിയുന്നതും വേഗം യോപ്പയിലേക്കു ചെല്ലണമെന്നു നിര്‍ബന്ധപൂര്‍വം അപേക്ഷിക്കുന്നതിനായി രണ്ടു പേരെ ലുദ്ദയിലേക്കു പറഞ്ഞയച്ചു.

39 പത്രോസ് അവരോടുകൂടി യോപ്പയില്‍ ചെന്നു. അവര്‍ അദ്ദേഹത്തെ മാളികമുറിയിലേക്ക് ആനയിച്ചു; ദോര്‍ക്കാസ് ജീവിച്ചിരുന്നപ്പോള്‍ ഉണ്ടാക്കിക്കൊടുത്ത കുപ്പായങ്ങളും ഉടുപ്പുകളും മറ്റും കാണിച്ചുകൊടുത്തുകൊണ്ട് വിധവമാര്‍ പത്രോസിന്‍റെ ചുറ്റുംനിന്നു വിലപിച്ചു.

40 അവരെയെല്ലാം പുറത്തിറക്കി നിറുത്തിയശേഷം പത്രോസ് മുട്ടുകുത്തി പ്രാര്‍ഥിച്ചു. പിന്നീട് മൃതദേഹത്തിനു നേരെ തിരിഞ്ഞ്, “തബീഥയേ, എഴുന്നേല്‌ക്കൂ” എന്ന് ആജ്ഞാപിച്ചു. ഉടനെ അവള്‍ കണ്ണു തുറന്നു. പത്രോസിനെ കണ്ടപ്പോള്‍ അവള്‍ എഴുന്നേറ്റിരുന്നു.

41 അദ്ദേഹം കൈകൊടുത്തു തബീഥയെ എഴുന്നേല്പിച്ചു. പിന്നീട് വിധവമാരെയും ഭക്തജനങ്ങളെയും വിളിച്ച് ജീവന്‍ പ്രാപിച്ച തബീഥയെ അവരുടെ മുമ്പില്‍ നിറുത്തി.

42 യോപ്പയില്‍ എല്ലായിടത്തും ഈ വാര്‍ത്ത പരന്നു. അനേകം ആളുകള്‍ കര്‍ത്താവില്‍ വിശ്വസിച്ചു.

43 യോപ്പയില്‍ ശിമോന്‍ എന്നയാളിന്‍റെ വീട്ടില്‍ അദ്ദേഹം വളരെനാള്‍ പാര്‍ത്തു. തുകല്‍ ഊറയ്‍ക്കിടുകയായിരുന്നു ശിമോന്‍റെ തൊഴില്‍.

10

1

കൈസര്യയില്‍ കൊര്‍ന്നല്യോസ് എന്നൊരു ശതാധിപനുണ്ടായിരുന്നു. ‘ഇത്താലിക’ എന്ന സൈന്യദളത്തിലെ ശതാധിപന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം.

2 ദൈവഭക്തനായ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ എല്ലാവരുംതന്നെ ഇസ്രായേലിന്‍റെ ദൈവത്തെ ആരാധിച്ചുപോന്നു. ഉദാരമായി ദാനധര്‍മങ്ങള്‍ ചെയ്യുകയും നിരന്തരമായി പ്രാര്‍ഥിക്കുകയും ചെയ്തുവന്നിരുന്ന ഒരാളായിരുന്നു കൊര്‍ന്നല്യോസ്.

3 ഒരുദിവസം ഉച്ചകഴിഞ്ഞ് ഏകദേശം മൂന്നുമണിക്ക് അദ്ദേഹത്തിന് ഒരു ദര്‍ശനമുണ്ടായി. ഒരു ദൈവദൂതന്‍ തന്‍റെ അടുക്കല്‍ വരുന്നത് ദര്‍ശനത്തില്‍ അദ്ദേഹം വ്യക്തമായി കണ്ടു. ദൈവദൂതന്‍ “കൊര്‍ന്നല്യോസേ” എന്നു വിളിച്ചു.

4

ഭയപരവശനായിത്തീര്‍ന്ന അദ്ദേഹം തുറിച്ചുനോക്കിക്കൊണ്ട് “പ്രഭോ! എന്താകുന്നു?” എന്നു ചോദിച്ചു.

ദൈവദൂതന്‍ പറഞ്ഞു: “താങ്കളുടെ പ്രാര്‍ഥനയും ദാനധര്‍മങ്ങളും ദൈവസന്നിധിയില്‍ എത്തിയിരിക്കുന്നു.

5 യോപ്പയിലേക്ക് ഉടനെ ആളയച്ചു പത്രോസ് എന്നു വിളിക്കുന്ന ശിമോനെ വരുത്തുക;

6 കടല്‍ത്തീരത്ത് തുകല്‍ ഊറയ്‍ക്കിടുന്ന ശിമോന്‍ എന്നൊരാളിന്‍റെ കൂടെയാണ് അദ്ദേഹം പാര്‍ക്കുന്നത്.”

7 തന്നോടു സംസാരിച്ച ദൂതന്‍ പോയിക്കഴിഞ്ഞ്, കൊര്‍ന്നല്യോസ് തന്‍റെ ഭൃത്യന്മാരില്‍ രണ്ടു പേരെയും,

8 തനിക്ക് അകമ്പടിസേവിക്കുന്ന വിശ്വസ്തനായ ഒരു പടയാളിയെയും വിളിച്ച് എല്ലാ വിവരങ്ങളും പറഞ്ഞ് യോപ്പയിലേക്കയച്ചു.

9

അവര്‍ യാത്രചെയ്ത് പിറ്റേദിവസം ആ പട്ടണത്തോടു സമീപിച്ചപ്പോള്‍, പത്രോസ് മധ്യാഹ്നസമയത്തെ പ്രാര്‍ഥനയ്‍ക്കായി വീടിന്‍റെ മട്ടുപ്പാവിലേക്കു കയറിപ്പോയി.

10 അദ്ദേഹത്തിനു വിശക്കുന്നുണ്ടായിരുന്നു. എന്തെങ്കിലും ഭക്ഷിക്കുവാന്‍ അദ്ദേഹം ആഗ്രഹിച്ചു. വീട്ടുകാര്‍ ഭക്ഷണം തയ്യാറാക്കുകയായിരുന്നു.

11 തത്സമയം അദ്ദേഹം ഒരു ദിവ്യാനുഭൂതിയില്‍ വിലയം പ്രാപിച്ചു. ആകാശം തുറന്ന് വിസ്താരമുള്ള കപ്പല്‍പായ്പോലെയുള്ള ഏതോ ഒന്ന് നാലുമൂലയ്‍ക്കും കെട്ടി ഭൂമിയിലേക്ക് ഇറക്കുന്നതായി അദ്ദേഹം കണ്ടു.

12 അതില്‍ ലോകത്തിലുള്ള സകല പക്ഷിമൃഗാദികളും ഇഴജന്തുക്കളും ഉണ്ടായിരുന്നു.

13 “പത്രോസേ എഴുന്നേറ്റു കൊന്നു തിന്നു കൊള്ളുക” എന്നൊരു അശരീരിയും അദ്ദേഹം കേട്ടു.

14

എന്നാല്‍ പത്രോസ് പറഞ്ഞു: “ഒരിക്കലും പാടില്ല, കര്‍ത്താവേ! നിഷിദ്ധമോ അശുദ്ധമോ ആയ യാതൊന്നും ഞാന്‍ ഒരിക്കലും ഭക്ഷിച്ചിട്ടില്ലല്ലോ.”

15

രണ്ടാം പ്രാവശ്യം അശരീരിയുണ്ടായി: “ദൈവം ശുദ്ധീകരിച്ചത് അശുദ്ധമെന്നു നീ കരുതരുത്.”

16 ഇതു മൂന്നു പ്രാവശ്യം സംഭവിച്ചു. പിന്നീട് ആ പാത്രം തിരിയെ ആകാശത്തേക്കു വലിച്ചെടുക്കപ്പെട്ടു.

17

ഈ ദര്‍ശനത്തിന്‍റെ അര്‍ഥം എന്താണെന്നു പത്രോസ് ആലോചിച്ച് അമ്പരന്നിരിക്കുമ്പോള്‍ കൊര്‍ന്നല്യോസ് അയച്ച ആളുകള്‍ ശിമോന്‍ പാര്‍ക്കുന്ന സ്ഥലം അന്വേഷിച്ചു പടിക്കലെത്തി.

18 “പത്രോസ് എന്നു പേരുള്ള ശിമോന്‍ ഇവിടെയാണോ പാര്‍ക്കുന്നത്?” എന്ന് അവര്‍ ചോദിച്ചു.

19

പത്രോസ് ആ സമയത്തും ദര്‍ശനത്തെക്കുറിച്ചുള്ള ചിന്തയില്‍ മുഴുകിയിരിക്കുകയായിരുന്നു. അപ്പോള്‍ ആത്മാവ് അദ്ദേഹത്തോടു പറഞ്ഞു: “അതാ, മൂന്നു പേര്‍ നിന്നെ അന്വേഷിക്കുന്നു;

20 താഴേക്ക് ഇറങ്ങിച്ചെല്ലൂ; അവരോടുകൂടി പോകാന്‍ ഒട്ടും സംശയിക്കേണ്ടാ; ഞാനാണ് അവരെ അയച്ചിരിക്കുന്നത്.”

21 പത്രോസ് അവരുടെ അടുക്കല്‍ ഇറങ്ങിച്ചെന്ന്, “ഞാനാണ് നിങ്ങളന്വേഷിക്കുന്ന ആള്‍; നിങ്ങള്‍ എന്തിനാണു വന്നത്?” എന്നു ചോദിച്ചു.

22

അവര്‍ പറഞ്ഞു: “കൊര്‍ന്നല്യോസ് എന്ന ശതാധിപനാണ് ഞങ്ങളെ ഇങ്ങോട്ടു പറഞ്ഞയച്ചത്. നീതിനിഷ്ഠനും ഇസ്രായേലിന്‍റെ ദൈവത്തെ ആരാധിക്കുന്നവനും സകല യെഹൂദജാതിക്കും സുസമ്മതനുമാണദ്ദേഹം. അങ്ങയെ ആളയച്ചുവരുത്തി അങ്ങയുടെ വാക്കുകള്‍ കേള്‍ക്കണമെന്ന് ഒരു മാലാഖ മുഖാന്തരം അദ്ദേഹത്തിന് അരുളപ്പാടു ലഭിച്ചിരിക്കുന്നു.”

23 പത്രോസ് അവരെ തന്‍റെ അതിഥികളായി സ്വീകരിച്ചു.

പിറ്റേദിവസം അദ്ദേഹം അവരോടുകൂടി പോയി. യോപ്പയിലെ ചില സഹോദരന്മാരും അദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്നു. അടുത്തദിവസം അവര്‍ കൈസര്യയിലെത്തി.

24 കൊര്‍ന്നല്യോസ് അവരുടെ വരവു പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. തന്‍റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അദ്ദേഹം വീട്ടില്‍ വിളിച്ചുകൂട്ടിയിരുന്നു.

25 പത്രോസ് അകത്തു പ്രവേശിച്ചപ്പോള്‍ കൊര്‍ന്നല്യോസ് ചെന്ന് അദ്ദേഹത്തിന്‍റെ കാല്‌ക്കല്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു.

26 “എഴുന്നേല്‌ക്കുക, ഞാനും ഒരു മനുഷ്യന്‍ മാത്രമാണല്ലോ” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തെ പത്രോസ് പിടിച്ചെഴുന്നേല്പിച്ചു.

27 അദ്ദേഹത്തോടു സംസാരിച്ചുകൊണ്ട് പത്രോസ് വീടിനകത്തേക്കു കടന്നപ്പോള്‍ അവിടെ ഒട്ടേറെ ആളുകള്‍ കൂടിയിരിക്കുന്നതായി കണ്ടു.

28 അദ്ദേഹം അവരോടു പറഞ്ഞു: “അന്യവര്‍ഗക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും അവരെ സന്ദര്‍ശിക്കുന്നതും യെഹൂദന്മാര്‍ക്ക് നിഷിദ്ധമാണെന്നുള്ളത് നിങ്ങള്‍ക്കറിയാമല്ലോ. എന്നാല്‍ ആരെയും നിഷിദ്ധനെന്നോ അശുദ്ധനെന്നോ വിളിക്കരുതെന്നു ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു.

29 അതുകൊണ്ടാണ് നിങ്ങള്‍ ആളയച്ചപ്പോള്‍ യാതൊരു എതിരും പറയാതെ ഞാന്‍ വന്നത്. എന്തിനാണ് എന്നെ വിളിച്ചത്?”

30

അപ്പോള്‍ കൊര്‍ന്നല്യോസ് പറഞ്ഞു: “നാലു ദിവസം മുമ്പ് ഏതാണ്ട് ഈ സമയത്ത് ഞാന്‍ വീടിനകത്ത് ഉച്ചകഴിഞ്ഞു മൂന്നു മണിക്കുള്ള പ്രാര്‍ഥന നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് ശുഭ്രവസ്ത്രം ധരിച്ച ഒരു പുരുഷന്‍ എന്‍റെ മുമ്പില്‍ നില്‌ക്കുന്നതായി ഞാന്‍ കണ്ടു.

31 ‘കൊര്‍ന്നല്യോസേ, ദൈവം നിന്‍റെ പ്രാര്‍ഥന കേട്ടിരിക്കുന്നു; നിന്‍റെ ദാനധര്‍മങ്ങളും അവിടുന്നു കൈക്കൊണ്ടിരിക്കുന്നു;

32 നീ ഉടനെ യോപ്പയിലേക്ക് ആളയച്ചു പത്രോസ് എന്നു വിളിക്കുന്ന ശിമോനെ വിളിപ്പിക്കുക; അദ്ദേഹം സമുദ്രതീരത്ത് തോല്പണിക്കാരനായ ശിമോന്‍ എന്ന ആളിന്‍റെ വീട്ടിലുണ്ട്’ എന്നു പറഞ്ഞു.

33 അപ്പോള്‍ത്തന്നെ ഞാന്‍ അങ്ങയുടെ അടുക്കലേക്ക് ആളയച്ചു; അങ്ങു ദയാപൂര്‍വം വരികയും ചെയ്തു. കര്‍ത്താവില്‍നിന്ന് അങ്ങേക്കു ലഭിച്ചിരിക്കുന്ന അരുളപ്പാടു കേള്‍ക്കുന്നതിനാണ് ഞങ്ങളെല്ലാവരും ഇവിടെ ദൈവസന്നിധിയില്‍ കൂടിയിരിക്കുന്നത്.”

34

അപ്പോള്‍ പത്രോസ് ഇപ്രകാരം പ്രസ്താവിച്ചു: “ദൈവത്തിനു പക്ഷപാതമില്ലെന്നും

35 ഏതു ജാതിയില്‍പ്പെട്ടവരായാലും, ദൈവഭയമുള്ളവരും നീതിനിഷ്ഠരുമായ ആളുകളെ ദൈവം അംഗീകരിക്കുന്നുവെന്നും ഇപ്പോള്‍ എനിക്കു ബോധ്യമായിരിക്കുന്നു.

36 സകല മനുഷ്യരുടെയും കര്‍ത്താവായ യേശുക്രിസ്തുവില്‍കൂടി സമാധാനത്തിന്‍റെ സദ്‍വാര്‍ത്ത പ്രഖ്യാപനം ചെയ്തുകൊണ്ട് ഇസ്രായേല്‍ജനതയ്‍ക്കു ദൈവം അയച്ച സന്ദേശം നിങ്ങള്‍ അറിയുന്നുവല്ലോ.

37 മാനസാന്തരസ്നാപനത്തെക്കുറിച്ചുളള യോഹന്നാന്‍റെ പ്രസംഗത്തിനുശേഷം ഗലീലയില്‍ ആരംഭിച്ച് യെഹൂദ്യയില്‍ എല്ലായിടത്തും വ്യാപിച്ച മഹാസംഭവമാണത്.

38 ദൈവം നസ്രായനായ യേശുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിരുന്നു. ദൈവം അവിടുത്തോടു കൂടെയിരുന്നതിനാല്‍ എല്ലാവര്‍ക്കും നന്മ ചെയ്തുകൊണ്ടും പിശാചിന്‍റെ ശക്തിക്ക് അടിപ്പെട്ടിരുന്നവരെ സുഖപ്പെടുത്തിക്കൊണ്ടും അവിടുന്ന് സഞ്ചരിച്ചു.

39 യെരൂശലേമിലും യെഹൂദന്മാരുടെ നാട്ടിലെങ്ങും അവിടുന്നു ചെയ്ത സകല പ്രവൃത്തികള്‍ക്കും ഞങ്ങള്‍ സാക്ഷികളാകുന്നു. അവര്‍ അവിടുത്തെ കുരിശില്‍ തറച്ചു കൊല്ലുകയാണു ചെയ്തത്.

40 എന്നാല്‍ ദൈവം അവിടുത്തെ മൂന്നാംനാള്‍ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു.

41 എല്ലാവര്‍ക്കും പ്രത്യക്ഷനായില്ലെങ്കിലും, സാക്ഷികളായി ദൈവം മുന്‍കൂട്ടി നിയമിച്ച ഞങ്ങള്‍ക്ക് അവിടുന്നു പ്രത്യക്ഷനാകുവാന്‍ ദൈവം ഇടയാക്കി. യേശു മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റശേഷം, ഞങ്ങള്‍ അവിടുത്തോടുകൂടി ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തു.

42 ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ന്യായാധിപതിയായി ദൈവം നിയമിച്ചിരിക്കുന്ന ആള്‍ അവിടുന്നു തന്നെയാണെന്നു പ്രസംഗിക്കുവാനും സാക്ഷ്യം വഹിക്കുവാനും അവിടുന്ന് ഞങ്ങളോടാജ്ഞാപിച്ചു.

43 തന്നില്‍ വിശ്വസിക്കുന്ന ഏതൊരുവനും അവിടുത്തെ നാമം മൂലം പാപമോചനം ലഭിക്കുമെന്നതിന് എല്ലാ പ്രവാചകന്മാരും സാക്ഷ്യം വഹിക്കുന്നു.’

44

പത്രോസ് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ശ്രോതാക്കളായ എല്ലാവരുടെയുംമേല്‍ പരിശുദ്ധാത്മാവു വന്ന് ആവസിച്ചു.

45 [45,46] അവര്‍ അന്യഭാഷകളില്‍ സംസാരിക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും കേട്ടപ്പോള്‍, വിജാതീയര്‍ക്കുകൂടി പരിശുദ്ധാത്മാവ് എന്ന ദാനം ദൈവം പകര്‍ന്നുകൊടുക്കുന്നതായി കണ്ട് പത്രോസിന്‍റെ കൂടെ വന്ന പരിച്ഛേദനകര്‍മവാദികളായ യെഹൂദവിശ്വാസികള്‍ വിസ്മയിച്ചു.

46

47 “നമുക്കു ലഭിച്ചതുപോലെ, പരിശുദ്ധാത്മാവു ലഭിച്ച ഇവരെ ജലത്താല്‍ സ്നാപനം നടത്തുവാന്‍ പാടില്ലെന്ന് ആര്‍ക്കു വിലക്കുവാന്‍ കഴിയും?” എന്നു പത്രോസ് ചോദിച്ചു.

48 യേശുക്രിസ്തുവിന്‍റെ നാമത്തില്‍ അവരെ സ്നാപനം ചെയ്യുവാന്‍ അദ്ദേഹം ആജ്ഞാപിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ അവിടെ പാര്‍ക്കണമെന്ന് അവര്‍ അദ്ദേഹത്തോട് അപേക്ഷിച്ചു.

11

1

വിജാതീയര്‍കൂടി ദൈവവചനം സ്വീകരിച്ചു എന്ന് അപ്പോസ്തോലന്മാരും യെഹൂദ്യയിലെ സഹോദരന്മാരും കേട്ടു.

2 പത്രോസ് യെരൂശലേമില്‍ ചെന്നപ്പോള്‍ പരിച്ഛേദനകര്‍മവാദികളായ യെഹൂദന്മാര്‍ അദ്ദേഹത്തെ വിമര്‍ശിച്ചു.

3 പരിച്ഛേദനകര്‍മം സ്വീകരിക്കാത്തവരുടെ അടുക്കല്‍ താങ്കള്‍ പോകുകയും, അവരോടുകൂടി ഭക്ഷണം കഴിക്കുകയും ചെയ്തത് എന്തുകൊണ്ട്?” എന്ന് അവര്‍ ചോദിച്ചു.

4 നടന്ന സംഭവങ്ങള്‍ പത്രോസ് അവരോട് യഥാക്രമം വിവരിച്ചു.

5

“യോപ്പാപട്ടണത്തില്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്ക് ഒരു ദിവ്യാനുഭൂതിയുണ്ടായി. വിസ്താരമേറിയ കപ്പല്‍പായ്പോലെയുള്ള ഒരു പാത്രം നാലു മൂലയ്‍ക്കും കെട്ടി ആകാശത്തുനിന്ന് എന്‍റെ അടുക്കലേക്ക് ഇറക്കുന്നതായി ദര്‍ശനത്തില്‍ ഞാന്‍ കണ്ടു.

6 ഞാന്‍ സൂക്ഷിച്ചുനോക്കിയപ്പോള്‍, അതില്‍ ഭൂമിയിലുള്ള സകല വളര്‍ത്തുമൃഗങ്ങളെയും, വന്യമൃഗങ്ങളെയും, ഇഴജന്തുക്കളെയും, ആകാശത്തിലെ പക്ഷികളെയും കണ്ടു.

7 “പത്രോസേ, എഴുന്നേറ്റു കൊന്നു തിന്നുകൊള്ളുക” എന്നൊരു അശരീരി ഞാന്‍ കേട്ടു.

8 ഞാനാകട്ടെ, ഒരിക്കലും ഇല്ല കര്‍ത്താവേ, നിഷിദ്ധമോ അശുദ്ധമോ ആയ യാതൊന്നും എന്‍റെ വായില്‍ തൊട്ടിട്ടുപോലുമില്ല’ എന്നു പറഞ്ഞു.

9 ‘ദൈവം ശുദ്ധീകരിച്ചത് നിഷിദ്ധമെന്നു നീ കരുതരുത്’ എന്ന ശബ്ദം പിന്നെയും ആകാശത്തുനിന്നു കേട്ടു. ഇങ്ങനെ മൂന്നു പ്രാവശ്യം ഉണ്ടായി.

10 പിന്നീട് അവയെല്ലാം തിരിച്ച് ആകാശത്തേക്കു വലിച്ചെടുക്കപ്പെട്ടു.

11 അപ്പോള്‍ത്തന്നെ കൈസര്യയില്‍നിന്ന് അയയ്‍ക്കപ്പെട്ട മൂന്നു പേര്‍ ഞങ്ങള്‍ പാര്‍ത്തിരുന്ന വീടിന്‍റെ മുമ്പില്‍ എത്തിയിരുന്നു;

12 ഒന്നും സംശയിക്കാതെ അവരോടുകൂടി പോകുവാന്‍ ആത്മാവ് എന്നോട് ആജ്ഞാപിച്ചു. ഈ ആറു സഹോദരന്മാരും എന്നോടുകൂടി പോന്നു. ഞങ്ങള്‍ കൊര്‍ന്നല്യോസിന്‍റെ ഭവനത്തിലേക്കാണു പോയത്.

13 ഒരു ദൈവദൂതന്‍ തന്‍റെ വീട്ടില്‍ നില്‌ക്കുന്നതായി അദ്ദേഹം കണ്ടു എന്നും ‘യോപ്പയിലേക്ക് ആളയച്ചു ശിമോന്‍ പത്രോസിനെ വിളിപ്പിക്കുക;

14 നീയും നിന്‍റെ കുടുംബവും രക്ഷിക്കപ്പെടുവാനുള്ള വാക്കുകള്‍ അദ്ദേഹം നിന്നോടു പറയും’ എന്നു ദൂതന്‍ അദ്ദേഹത്തോടു പറഞ്ഞതായി ഞങ്ങളെ അറിയിച്ചു.

15 ഞാന്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍, പരിശുദ്ധാത്മാവു നമ്മുടെമേല്‍ ആദ്യം വന്നതുപോലെ അവരുടെമേലും വന്നു.

16 “യോഹന്നാന്‍ വെള്ളംകൊണ്ടു സ്നാപനം ചെയ്തു; നിങ്ങളോ പരിശുദ്ധാത്മാവിനാല്‍ സ്നാപനം ചെയ്യപ്പെടും’ എന്ന കര്‍ത്താവിന്‍റെ വചനം ഞാന്‍ അപ്പോള്‍ ഓര്‍ത്തു.

17 അതുകൊണ്ടു കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിച്ചവരായ നമുക്കു തന്ന അതേ ദാനം അവര്‍ക്കും ദൈവം നല്‌കിയെങ്കില്‍, ദൈവത്തെ വിലക്കുവാന്‍ ഞാന്‍ ആരാണ്?”

18

ഇതു കേട്ട് അവര്‍ നിശ്ശബ്ദരായി. “ജീവനിലേക്കു നയിക്കുന്ന അനുതാപം വിജാതീയര്‍ക്കും ദൈവം നല്‌കിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞ് അവര്‍ ദൈവത്തെ പ്രകീര്‍ത്തിച്ചു.

19

സ്തേഫാനോസ് നിമിത്തമുണ്ടായ പീഡനത്തില്‍ ചിതറിപ്പോയവരില്‍ ചിലര്‍ ഫൊയ്നിക്യ, സൈപ്രസ്, അന്ത്യോക്യ എന്നീ പ്രദേശങ്ങള്‍വരെ എത്തിയിരുന്നു. അവര്‍ യെഹൂദന്മാരോടു മാത്രമേ സുവിശേഷം പ്രസംഗിച്ചിരുന്നുള്ളൂ.

20 എന്നാല്‍ സൈപ്രസില്‍നിന്നും കുറേനയില്‍നിന്നും അന്ത്യോക്യയിലെത്തിയിരുന്ന ചിലര്‍ കര്‍ത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം ഗ്രീക്കുകാരെയും അറിയിച്ചു.

21 കര്‍ത്താവിന്‍റെ ശക്തി അവരോടുകൂടി ഉണ്ടായിരുന്നതിനാല്‍ ഒട്ടേറെ ആളുകള്‍ വിശ്വസിച്ചു കര്‍ത്താവിങ്കലേക്കു തിരിഞ്ഞു.

22

അവരെക്കുറിച്ചുള്ള വാര്‍ത്ത യെരൂശലേമിലെ സഭ കേട്ടു; അവര്‍ ബര്‍നബാസിനെ അന്ത്യോക്യയിലേക്കു പറഞ്ഞയച്ചു.

23 [23,24] ഉത്തമനായ അദ്ദേഹം പരിശുദ്ധാത്മാവിന്‍റെ പൂര്‍ണമായ അധിവാസമുള്ളവനും തികഞ്ഞ വിശ്വാസിയും ആയിരുന്നു. ബര്‍നബാസ് അവിടെയെത്തി, ദൈവകൃപയുടെ പ്രവര്‍ത്തനം കണ്ടു സന്തോഷിച്ചു. സുദൃഢമായ ലക്ഷ്യത്തോടുകൂടി കര്‍ത്താവിനോടു ചേര്‍ന്നു നിലകൊള്ളുവാന്‍ അദ്ദേഹം എല്ലാവരെയും ഉദ്ബോധിപ്പിച്ചു. അങ്ങനെ ഒരു വലിയ ജനസഞ്ചയം കര്‍ത്താവിനോടു ചേര്‍ന്നു.

24

25

പിന്നീടു ബര്‍നബാസ് ശൗലിനെ അന്വേഷിച്ചു തര്‍സൊസിലേക്കു പോയി;

26 അദ്ദേഹത്തെ കണ്ടെത്തി അന്ത്യോക്യയിലേക്കു കൂട്ടിക്കൊണ്ടുപോന്നു. അവര്‍ ഇരുവരും ഒരു വര്‍ഷം മുഴുവന്‍ അവിടത്തെ സഭായോഗങ്ങളില്‍ പങ്കെടുക്കുകയും ഒരു വലിയ ജനസമൂഹത്തെ പ്രബോധിപ്പിക്കുകയും ചെയ്തു. അന്ത്യോക്യയിലാണു ക്രിസ്തുശിഷ്യന്മാരെ ആദ്യമായി ക്രിസ്ത്യാനികള്‍ എന്നു വിളിക്കുവാന്‍ തുടങ്ങിയത്.

27

ആയിടയ്‍ക്ക് യെരൂശലേമില്‍നിന്നു ചില പ്രവാചകന്മാര്‍ അന്ത്യോക്യയിലെത്തി.

28 അവരില്‍ അഗബൊസ് എന്നൊരാള്‍ ലോകത്തെമ്പാടും ഒരു മഹാക്ഷാമം ഉണ്ടാകുമെന്ന് ആത്മാവിന്‍റെ ശക്തിയാല്‍ പ്രവചിച്ചു. ക്ലൗദിയൊസ് കൈസറുടെ കാലത്ത് ഈ പ്രവചനം സംഭവിച്ചു.

29 അന്ന് യെഹൂദ്യയിലുണ്ടായിരുന്ന സഹോദരന്മാര്‍ക്ക് ശിഷ്യന്മാര്‍ അവരവരുടെ കഴിവനുസരിച്ചുള്ള സംഭാവന അയച്ചുകൊടുക്കുവാന്‍ നിശ്ചയിച്ചു.

30 അവര്‍ ബര്‍നബാസിന്‍റെയും ശൗലിന്‍റെയും കൈയില്‍ തങ്ങളുടെ സംഭാവനകള്‍ സഭയുടെ മുഖ്യന്മാര്‍ക്കു കൊടുത്തയച്ചു.

12

1

അക്കാലത്ത് ഹേരോദാരാജാവ് സഭാംഗങ്ങളില്‍ ചിലരെ പീഡിപ്പിക്കുവാന്‍ തുടങ്ങി.

2 യോഹന്നാന്‍റെ സഹോദരനായ യാക്കോബിനെ വാളിനിരയാക്കി.

3 [3,4] അത് യെഹൂദന്മാര്‍ക്കു സന്തോഷമായി എന്നു കണ്ടപ്പോള്‍ ആ മനുഷ്യന്‍ പത്രോസിനെയും പിടിച്ച് ബന്ധിച്ച് കാരാഗൃഹത്തിലാക്കി; നാലു പടയാളികള്‍ വീതമുള്ള നാലു സംഘങ്ങളെ കാവലിനു നിയോഗിക്കുകയും ചെയ്തു.

4

5 അത് പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവമായ പെസഹായുടെ കാലമായിരുന്നു. ഉത്സവകാലം കഴിഞ്ഞ് യെഹൂദന്മാരെ ഏല്പിക്കുവാനാണ് അപ്രകാരം ചെയ്തത്. പത്രോസിനുവേണ്ടി സഭ സര്‍വാത്മനാ ദൈവത്തോടു പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.

6

ഹേരോദാ പത്രോസിനെ യെഹൂദന്മാരുടെ മുമ്പില്‍ കൊണ്ടുവരുവാന്‍ നിശ്ചയിച്ചിരുന്നതിന്‍റെ തലേ രാത്രിയില്‍ രണ്ടു പടയാളികളുടെ മധ്യേ രണ്ടു ചങ്ങലകൊണ്ടു ബന്ധിതനായി അദ്ദേഹം ഉറങ്ങുകയായിരുന്നു. ഭടന്മാര്‍ കാരാഗൃഹത്തിന്‍റെ വാതില്‌ക്കല്‍ കാവല്‍ നില്‌ക്കുന്നുണ്ടായിരുന്നു.

7 ആ സമയത്ത് ഒരു ദൈവദൂതന്‍ പ്രത്യക്ഷനായി; തടവുമുറിയില്‍ പ്രകാശം പരന്നു. ദൂതന്‍ പത്രോസിനെ പാര്‍ശ്വത്തില്‍ തട്ടിയുണര്‍ത്തി, “വേഗം എഴുന്നേല്‌ക്കൂ” എന്നു പറഞ്ഞു. തല്‍ക്ഷണം അദ്ദേഹത്തിന്‍റെ കൈകളില്‍നിന്നു ചങ്ങല താഴെ വീണു. ദൂതന്‍ അദ്ദേഹത്തോടു പറഞ്ഞു:

8 “അരക്കച്ച കെട്ടി, ചെരുപ്പു ധരിക്കൂ.” പത്രോസ് അങ്ങനെ ചെയ്തു. “പുറങ്കുപ്പായം ഇട്ടുകൊണ്ട്, എന്‍റെ പിന്നാലേ വരിക” എന്നും ദൂതന്‍ പറഞ്ഞു.

9 പത്രോസ് ദൂതനെ അനുഗമിച്ചു പുറത്തിറങ്ങി. ദൈവദൂതന്‍ മുഖാന്തരം നടന്ന ഈ സംഭവം ഒരു യാഥാര്‍ഥ്യമാണെന്നു പത്രോസിനു മനസ്സിലായില്ല. ഒരു ദര്‍ശനം കാണുകയാണെന്നത്രേ അദ്ദേഹം വിചാരിച്ചത്.

10 കാവല്‍ഭടന്മാര്‍ നിന്നിരുന്ന ഒന്നാമത്തെയും രണ്ടാമത്തെയും വാതിലുകള്‍ കടന്ന് അവര്‍ നഗരത്തിലേക്കു കടക്കുവാനുള്ള ഇരുമ്പുവാതില്‌ക്കലെത്തി. ആ വാതില്‍ താനേ തുറന്നു. അവര്‍ പുറത്തുകടന്ന് ഒരു വീഥിയില്‍ കൂടി നടന്നു മുമ്പോട്ടു നീങ്ങി; ദൂതന്‍ പെട്ടെന്ന് അപ്രത്യക്ഷനായി.

11

അപ്പോഴാണ് സംഭവിച്ചതിനെക്കുറിച്ച് പത്രോസിനു ബോധമുണ്ടായത്. അദ്ദേഹം പറഞ്ഞു: “ഹേരോദായുടെ കൈയില്‍നിന്നും, യെഹൂദജനത എന്നോടു ചെയ്യാനുദ്ദേശിച്ച എല്ലാറ്റില്‍നിന്നും, കര്‍ത്താവു തന്‍റെ ദൂതനെ അയച്ച് എന്നെ രക്ഷിച്ചിരിക്കുന്നു എന്ന് എനിക്ക് ഇപ്പോള്‍ പൂര്‍ണബോധ്യം വന്നു.”

12

ശരിയായ ബോധം കൈവന്ന ശേഷം മര്‍ക്കോസ് എന്ന അപരനാമമുള്ള യോഹന്നാന്‍റെ മാതാവായ മറിയമിന്‍റെ വീട്ടിലേക്കാണ് പത്രോസ് പോയത്. അവിടെ ഒട്ടേറെ ആളുകള്‍ ഒരുമിച്ചുകൂടി പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു.

13 പത്രോസ് പടിവാതില്‌ക്കല്‍ മുട്ടിയപ്പോള്‍ ആരാണെന്നു നോക്കാന്‍ രോദാ എന്ന വേലക്കാരി പെണ്‍കുട്ടി ചെന്നു.

14 പത്രോസിന്‍റെ സ്വരം തിരിച്ചറിഞ്ഞ് അവള്‍ സന്തോഷാധിക്യത്താല്‍ മതിമറന്ന് വാതില്‍ തുറക്കാന്‍കൂടി നില്‌ക്കാതെ അകത്തേക്ക് ഓടിച്ചെന്ന്, “പത്രോസ് അതാ വാതില്‌ക്കല്‍ നില്‌ക്കുന്നു” എന്നറിയിച്ചു.

15 “നിനക്കു ഭ്രാന്താണ്” എന്ന് അവര്‍ പറഞ്ഞപ്പോള്‍ “അല്ല, ഞാന്‍ പറഞ്ഞത് വാസ്തവംതന്നെയാണ്” എന്നവള്‍ ഉറപ്പിച്ചു പറഞ്ഞു. അത് അദ്ദേഹത്തിന്‍റെ കാവല്‍ മാലാഖ ആയിരിക്കും” എന്നായിരുന്നു അവരുടെ മറുപടി.

16

പത്രോസ് പിന്നെയും വാതില്‌ക്കല്‍ മുട്ടിക്കൊണ്ടിരുന്നു. അവര്‍ ചെന്നു വാതില്‍ തുറന്ന് അദ്ദേഹത്തെ കണ്ടപ്പോള്‍ അമ്പരന്നുപോയി.

17 നിശ്ശബ്ദരായിരിക്കുവാന്‍ കൈകൊണ്ട് ആംഗ്യം കാട്ടിയശേഷം, എങ്ങനെയാണ് കര്‍ത്താവ് കാരാഗൃഹത്തില്‍നിന്നു തന്നെ വിടുവിച്ചതെന്ന് പത്രോസ് വിവരിച്ചു. “ഈ വിവരം യാക്കോബിനെയും മറ്റു സഹോദരന്മാരെയും അറിയിക്കുക” എന്നു പറഞ്ഞശേഷം അദ്ദേഹം മറ്റൊരു സ്ഥലത്തേക്കു പോയി.

18

നേരം വെളുത്തപ്പോള്‍ പത്രോസിന് എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് പടയാളികളുടെ ഇടയില്‍ അനല്പമായ പരിഭ്രമമുണ്ടായി.

19 പത്രോസിനെ അന്വേഷിച്ചിട്ടു കാണാതെ വന്നപ്പോള്‍, ഹേരോദാ കാവല്‌ക്കാരെ വിസ്തരിച്ചശേഷം അവരെ വധിക്കുവാന്‍ കല്പിച്ചു.

പിന്നീട് ഹേരോദാ യെഹൂദ്യയില്‍നിന്നു കൈസര്യയില്‍ പോയി അവിടെ കുറെനാള്‍ പാര്‍ത്തു.

20

അക്കാലത്ത് സോരിലെയും സീദോനിലെയും ജനങ്ങളോട് ഹേരോദാ കോപിച്ചിരിക്കുകയായിരുന്നു. അവരുടെ നാടിനു വേണ്ട ഭക്ഷണപദാര്‍ഥങ്ങള്‍ ലഭിക്കേണ്ടത് ഹേരോദായുടെ രാജ്യത്തുനിന്നായിരുന്നതിനാല്‍ അവരുടെ ഒരു സംഘം ആളുകള്‍ ഹേരോദായെ കാണാന്‍ ചെന്നു. അവര്‍ രാജാവിന്‍റെ കാര്യസ്ഥനായ ബ്ലെസ്തൊസിനെ സ്വാധീനിച്ച് സമാധാനാഭ്യര്‍ഥന നടത്തി.

21

നിശ്ചിതദിവസം രാജകീയവേഷം അണിഞ്ഞു സിംഹാസനത്തില്‍ ഉപവിഷ്ടനായ ജനക്കൂട്ടത്തോട് ഹേരോദാ സംസാരിച്ചു തുടങ്ങി.

22 അപ്പോള്‍ “ഒരു ദേവന്‍റെ ശബ്ദമാണു ഞങ്ങള്‍ കേള്‍ക്കുന്നത്, മനുഷ്യന്‍റെ ശബ്ദമല്ല” എന്നു ജനസഞ്ചയം ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.

23 ഹേരോദാ ദൈവത്തിനു മഹത്ത്വം കൊടുക്കാഞ്ഞതിനാല്‍ പെട്ടെന്ന് ദൈവദൂതന്‍റെ അടിയേറ്റുവീണു കൃമികള്‍ക്ക് ഇരയായി മരണമടഞ്ഞു.

24

എന്നാല്‍ ദൈവവചനം പൂര്‍വോപരി പ്രചരിച്ചുകൊണ്ടിരുന്നു.

25

ബര്‍നബാസും ശൗലും തങ്ങളുടെ ദൗത്യം നിര്‍വഹിച്ചശേഷം മര്‍ക്കോസ് എന്ന് അപരനാമമുള്ള യോഹന്നാനെയും കൂട്ടിക്കൊണ്ട് യെരൂശലേമില്‍നിന്നു മടങ്ങിപ്പോയി.

13

1

അന്ത്യോക്യയിലെ സഭയില്‍ പ്രവാചകന്മാരും ഉപദേഷ്ടാക്കളുമായി ബര്‍നബാസ്, നീഗര്‍ എന്നു വിളിച്ചിരുന്ന ശിമോന്‍, കുറേനക്കാരനായ ലൂക്യോസ്, ഇടപ്രഭുവായ അന്തിപ്പാസിനോടുകൂടി വളര്‍ത്തപ്പെട്ട മനയേന്‍, ശൗല്‍ എന്നിവരുണ്ടായിരുന്നു.

2 അവര്‍ ഉപവസിച്ചു കര്‍ത്താവിനെ ആരാധിച്ചുകൊണ്ടിരുന്നപ്പോള്‍ “ഞാന്‍ ബര്‍നബാസിനെയും ശൗലിനെയും പ്രത്യേക വേലയ്‍ക്കായി വിളിച്ചിരിക്കുന്നു; അതിനുവേണ്ടി അവരെ എനിക്കായി വേര്‍തിരിക്കുക” എന്നു പരിശുദ്ധാത്മാവിന്‍റെ അരുളപ്പാടുണ്ടായി.

3

അവര്‍ ഉപവസിച്ചു പ്രാര്‍ഥിച്ച് ശൗലിന്‍റെയും ബര്‍നബാസിന്‍റെയുംമേല്‍ കൈകള്‍ വച്ച് അവരെ പറഞ്ഞയച്ചു.

4

പരിശുദ്ധാത്മാവിന്‍റെ നിയോഗമനുസരിച്ച് അവര്‍ സെലൂക്യയിലേക്കും, അവിടെനിന്നു കപ്പല്‍കയറി സൈപ്രസ്ദ്വീപിലേക്കും പോയി.

5 സലമീസില്‍ എത്തിയപ്പോള്‍ അവര്‍ യെഹൂദന്മാരുടെ സുനഗോഗില്‍ ചെന്നു ദൈവവചനം പ്രഘോഷിച്ചു. ഈ യാത്രയില്‍ യോഹന്നാന്‍ അവരുടെ സഹായി ആയിരുന്നു.

6

അവര്‍ സൈപ്രസ്ദ്വീപില്‍ ഉടനീളം സഞ്ചരിച്ചു പാഫോസ്‍വരെ എത്തിയപ്പോള്‍ ബര്‍യേശു എന്നൊരു മാന്ത്രികനെ കണ്ടു. യെഹൂദനായ അയാള്‍ ഒരു കള്ളപ്രവാചകനായിരുന്നു.

7 സെര്‍ഗ്യൊസ് പൗലൊസ് എന്ന ബുദ്ധിമാനായ ദേശാധിപതിയോടുകൂടിയാണ് അയാള്‍ കഴിഞ്ഞിരുന്നത്. ബര്‍നബാസിനെയും ശൗലിനെയും വിളിച്ചുവരുത്തി ദൈവവചനം കേള്‍ക്കുവാന്‍ ദേശാധിപതി ആഗ്രഹിച്ചു.

8 എന്നാല്‍ മാന്ത്രികനായ എലീമാസ്-ഗ്രീക്കില്‍ എലീമാസ് എന്ന പേരിന്‍റെ അര്‍ഥം മാന്ത്രികന്‍ എന്നാണ്. അവരെ എതിര്‍ക്കുകയും വിശ്വാസം സ്വീകരിക്കുന്നതില്‍നിന്നു ദേശാധിപതിയെ പിന്‍തിരിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു.

9 അപ്പോള്‍ പൗലൊസ് എന്ന പേരിലും വിളിക്കപ്പെട്ടിരുന്ന ശൗല്‍ പരിശുദ്ധാത്മാവിന്‍റെ പൂര്‍ണമായ ശക്തിയോടുകൂടി അയാളെ സൂക്ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു:

10 “ഹേ, പിശാചിന്‍റെ മകനേ, സകല നീതിയുടെയും ശത്രുവേ, നീ എല്ലാവിധ ദ്രോഹവും കപടതന്ത്രവും നിറഞ്ഞവനാണ്! ദൈവത്തിന്‍റെ നേര്‍വഴികള്‍ വക്രമാക്കുന്നതില്‍നിന്നു നീ വിരമിക്കുകയില്ലേ? ഇതാ നോക്കൂ! ദൈവത്തിന്‍റെ കൈ നിന്‍റെമേല്‍ പതിക്കും; കുറെ സമയത്തേക്കു സൂര്യനെ കാണാതെ നീ അന്ധനായിരിക്കും.”

11

തല്‍ക്ഷണം അയാളുടെ കണ്ണിനു തിമിരം ബാധിച്ചു, ഇരുള്‍ അയാളെ മൂടി. തന്നെ കൈപിടിച്ചു നടത്തുന്നതിന് അയാള്‍ മറ്റുള്ളവരുടെ സഹായം തേടി.

12 ദേശാധിപതി ഇതു കണ്ടപ്പോള്‍ കര്‍ത്താവിനെക്കുറിച്ചു കേട്ട പ്രബോധനത്തില്‍ വിസ്മയഭരിതനാകുകയും വിശ്വാസം സ്വീകരിക്കുകയും ചെയ്തു.

13

പൗലൊസും സഹയാത്രികരും പാഫോസില്‍നിന്നു കപ്പല്‍കയറി പംഫുല്യയില്‍ പെര്‍ഗ്ഗ എന്ന സ്ഥലത്തെത്തി. അവിടെവച്ച് യോഹന്നാന്‍ അവരെ വിട്ടുപിരിഞ്ഞ് യെരൂശലേമിലേക്കു മടങ്ങിപ്പോയി.

14 അവര്‍ പെര്‍ഗ്ഗയില്‍നിന്നു പിസിദ്യയിലെ അന്ത്യോക്യയിലെത്തി;

15 ശബത്തുദിവസം അവിടത്തെ സുനഗോഗില്‍ ചെന്ന് ഇരുന്നു. മോശയുടെ ധര്‍മശാസ്ത്രത്തില്‍നിന്നും പ്രവാചകന്മാരുടെ ഗ്രന്ഥങ്ങളില്‍നിന്നും വായിച്ചു കഴിഞ്ഞ്, സുനഗോഗിന്‍റെ അധികാരികള്‍ അവരുടെ അടുക്കല്‍ ആളയച്ച് സഹോദരന്മാരേ, നിങ്ങള്‍ക്ക് ഇവിടത്തെ ജനങ്ങളെ ഉദ്ബോധിപ്പിക്കുവാന്‍ എന്തെങ്കിലുമുണ്ടെങ്കില്‍ പറയുക” എന്നു പറയിച്ചു.

16 പൗലൊസ് എഴുന്നേറ്റ് ആംഗ്യം കാണിച്ചു കൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു:

“ഇസ്രായേല്‍ജനങ്ങളേ, ഇസ്രായേലിന്‍റെ ദൈവത്തെ ഭജിക്കുന്നവരേ, ഇതു ശ്രദ്ധിക്ക:

17 ഇസ്രായേല്‍ജനത്തിന്‍റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു; ഈജിപ്തില്‍ പരദേശികളായിരുന്ന കാലത്ത് അവരെ ഒരു മഹാജനതയാക്കി ഉയര്‍ത്തി; ദൈവം സ്വശക്തിയാല്‍ അവരെ അവിടെനിന്നു കൊണ്ടുപോന്നു;

18 നാല്പതു വര്‍ഷക്കാലം മരുഭൂമിയില്‍ അവരെ ദൈവം ക്ഷമയോടെ പരിപാലിച്ചു.

19 അവിടുന്ന് കനാനിലെ ഏഴു ജനതകളെ നശിപ്പിച്ച് അവരുടെ ദേശം അവര്‍ക്കു അവകാശമായി നല്‌കി.

20 അങ്ങനെ ഏകദേശം നാനൂറ്റമ്പതു വര്‍ഷം കഴിഞ്ഞു.

21

“അതിനുശേഷം ശമൂവേല്‍പ്രവാചകന്‍വരെയുള്ള ന്യായാധിപന്മാരെ അവര്‍ക്കു നല്‌കി; അനന്തരം തങ്ങള്‍ക്ക് ഒരു രാജാവിനെ വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ദൈവം അവര്‍ക്കു ബെന്യാമീന്‍ഗോത്രക്കാരനായ കീശിന്‍റെ പുത്രന്‍ ശൗലിനെ നാല്പതു വര്‍ഷത്തേക്കു രാജാവായി നല്‌കി.

22 അദ്ദേഹത്തെ നീക്കിയശേഷം ദാവീദിനെ രാജാവായി വാഴിച്ചു. ‘യിശ്ശായിയുടെ പുത്രനായ ദാവീദിനെ എന്‍റെ മനസ്സിന് ഇണങ്ങിയവനായി ഞാന്‍ കണ്ടിരിക്കുന്നു. അവന്‍ എന്‍റെ ഇച്ഛ എല്ലാം നിറവേറ്റും’ എന്നിങ്ങനെയാണു ദൈവം ദാവീദിനെക്കുറിച്ചു പറഞ്ഞത്.

23 ദൈവം വാഗ്ദാനം ചെയ്തതുപോലെ ഈ ദാവീദിന്‍റെ വംശപരമ്പരയില്‍ നിന്ന് യേശു എന്ന രക്ഷകനെ ഇസ്രായേലിനു നല്‌കി.

24 അദ്ദേഹത്തിന്‍റെ ആഗമനത്തിനുമുമ്പ്, പാപത്തില്‍നിന്നു പിന്‍തിരിഞ്ഞ് സ്നാപനം സ്വീകരിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് യോഹന്നാന്‍ എല്ലാ ഇസ്രായേല്‍ജനങ്ങളോടും പ്രസംഗിച്ചു.

25 തന്‍റെ ദൗത്യം പൂര്‍ത്തിയാകാറായപ്പോള്‍ യോഹന്നാന്‍ പറഞ്ഞു: ‘ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ ഊഹിക്കുന്നത്? നിങ്ങള്‍ പ്രതീക്ഷിക്കുന്ന ആള്‍ ഞാനല്ല; എന്നാല്‍ എന്‍റെ പിന്നാലെ ഒരാള്‍ വരുന്നുണ്ട്; അവിടുത്തെ കാലിലെ ചെരുപ്പ് അഴിക്കുവാന്‍പോലും ഞാന്‍ യോഗ്യനല്ല.’

26

“സഹോദരരേ, അബ്രഹാമിന്‍റെ വംശജരേ, ഇസ്രായേലിന്‍റെ ദൈവത്തെ ഭജിക്കുന്നവരേ, ഈ രക്ഷയുടെ സന്ദേശം നമുക്കാണ് അയച്ചിരിക്കുന്നത്.

27 യെരൂശലേംനിവാസികളും അവരുടെ ഭരണാധിപന്മാരും യേശു ആരെന്നു ഗ്രഹിച്ചില്ല; ശബത്തുതോറും വായിക്കുന്ന പ്രവാചകഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ളത് മനസ്സിലാക്കിയതുമില്ല. അവര്‍ യേശുവിനെ ശിക്ഷയ്‍ക്കു വിധിച്ചു: അങ്ങനെ ആ പ്രവചനങ്ങള്‍ സത്യമായി.

28 വധശിക്ഷയ്‍ക്കുള്ള കാരണമൊന്നും കാണാതിരുന്നിട്ടും യേശുവിനെ വധിക്കുവാന്‍ പീലാത്തോസിനോട് അവര്‍ ആവശ്യപ്പെട്ടു.

29 അവിടുത്തെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ളതെല്ലാം അവര്‍ പൂര്‍ത്തീകരിച്ചു; പീന്നീട് യേശുവിനെ കുരിശില്‍നിന്നിറക്കി ഒരു കല്ലറയില്‍ വച്ചു.

30 എന്നാല്‍ ദൈവം യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു.

31 ഗലീലയില്‍നിന്നു തന്നോടുകൂടി യെരൂശലേമിലേക്കു ചെന്നവര്‍ക്ക് അവിടുന്നു പല ദിവസങ്ങളിലും പ്രത്യക്ഷനായി. അവര്‍ ഇപ്പോള്‍ ജനങ്ങളുടെ മുമ്പില്‍ അവിടുത്തെ സാക്ഷികളാകുന്നു.

32 നമ്മുടെ പിതാക്കന്മാരോടു ചെയ്ത വാഗ്ദാനം ദൈവം യേശുവിനെ ഉയിര്‍പ്പിച്ചതുമൂലം മക്കളായ നമുക്കു പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു.

നീ എന്‍റെ പുത്രന്‍;

ഇന്നു ഞാന്‍ നിന്‍റെ പിതാവായിത്തീര്‍ന്നിരിക്കുന്നു

എന്ന് രണ്ടാം സങ്കീര്‍ത്തനത്തില്‍ എഴുതിയിട്ടുണ്ടല്ലോ.

33 ആ സദ്‍വാര്‍ത്ത ഞങ്ങള്‍ നിങ്ങളോടു പ്രഖ്യാപനം ചെയ്യുന്നു.

34 വീണ്ടും ജീര്‍ണാവസ്ഥയിലേക്കു തിരിയാത്തവിധം ദൈവം യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു. അതെക്കുറിച്ചുള്ള അരുളപ്പാട് ഇങ്ങനെയാണ്:

ദാവീദിനു വാഗ്ദാനം ചെയ്തിട്ടുള്ള
സംശയരഹിതവും വിശുദ്ധവുമായ നന്മകള്‍ ഞാന്‍ നിങ്ങള്‍ക്കു നല്‌കും.

35
മറ്റൊരിടത്ത്,
അങ്ങയുടെ പരിശുദ്ധന്‍ ജീര്‍ണിക്കുവാന്‍ അങ്ങ് അനുവദിക്കുകയില്ല

എന്നും പറയുന്നു.

36 ദാവീദ് തന്‍റെ തലമുറയില്‍ ദൈവോദ്ദേശ്യപ്രകാരം പ്രവര്‍ത്തിച്ചശേഷം മരണമടഞ്ഞു; തന്‍റെ പിതാക്കന്മാരോടു ചേര്‍ന്നു ജീര്‍ണതയ്‍ക്കു വിധേയനായിത്തീര്‍ന്നു.

37 എന്നാല്‍ ദൈവം ഉയിര്‍പ്പിച്ചവനാകട്ടെ ജീര്‍ണതയ്‍ക്കു വിധേയനായില്ല.

38 അതുകൊണ്ട് സഹോദരരേ, ഇത് അറിഞ്ഞുകൊള്ളുക: ഈ യേശു മുഖാന്തരം പാപമോചനത്തിന്‍റെ സന്ദേശം നിങ്ങളെ അറിയിച്ചിരിക്കുന്നു.

39 മോശയുടെ ധര്‍മശാസ്ത്രപ്രകാരം മോചനം ലഭിക്കാത്ത എല്ലാ പാപങ്ങളില്‍നിന്നും, വിശ്വസിക്കുന്ന ഏതൊരുവനും അവിടുന്നു മുഖാന്തരം മോചനം ലഭിക്കുമെന്നും അറിഞ്ഞുകൊള്ളുക.

40 പ്രവാചകന്മാര്‍ പറഞ്ഞിട്ടുള്ളതു നിങ്ങള്‍ക്കു ഭവിക്കാതിരിക്കുവാന്‍ സൂക്ഷിച്ചുകൊള്ളുക:

41

ഹേ, പരിഹാസികളേ നോക്കുക,
നിങ്ങളുടെ കാലത്ത് ഞാന്‍ ഒരു പ്രവൃത്തിചെയ്യുന്നു;
ആരെങ്കിലും വിശദീകരിച്ചു തന്നാലും
നിങ്ങള്‍ അതൊരിക്കലും വിശ്വസിക്കുകയില്ല.
അതുകൊണ്ട് നിങ്ങള്‍ അന്ധാളിക്കുകയും
നശിക്കുകയും ചെയ്യട്ടെ.”

42

പൗലൊസും ബര്‍നബാസും സുനഗോഗില്‍നിന്നു പോകുമ്പോള്‍ അടുത്ത ശബത്തിലും വന്ന് ഈ വിഷയത്തെപ്പറ്റി സംസാരിക്കണമെന്നു ജനങ്ങള്‍ അപേക്ഷിച്ചു.

43 സുനഗോഗില്‍ കൂടിയിരുന്ന പല യെഹൂദന്മാരും യൂദമതം സ്വീകരിച്ച ഭക്തജനങ്ങളും അവരെ അനുഗമിച്ചു. അവര്‍ അവരോടു സംസാരിക്കുകയും ദൈവകൃപയില്‍ നിലനില്‌ക്കേണ്ടതിന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

44

അടുത്ത ശബത്തില്‍ ആ പട്ടണവാസികള്‍ ആസകലം ദൈവവചനം കേള്‍ക്കുവാന്‍ വന്നുകൂടി.

45 എന്നാല്‍ ജനാവലിയെ കണ്ടപ്പോള്‍ യെഹൂദന്മാര്‍ അസൂയപൂണ്ടു. അവര്‍ പൗലൊസ് പറയുന്നതിന് എതിര്‍പറയുകയും അദ്ദേഹത്തെ ദുഷിക്കുകയും ചെയ്തു.

46 അപ്പോള്‍ പൗലൊസും ബര്‍നബാസും അവരോടു സുധീരം പ്രസ്താവിച്ചു: “ആദ്യം നിങ്ങളോടു ദൈവവചനം സംസാരിക്കേണ്ടത് ആവശ്യമായിരുന്നു. എന്നാല്‍ അതിനെ നിരാകരിച്ച നിങ്ങള്‍ അനശ്വരജീവന് അര്‍ഹരല്ലെന്നു നിങ്ങളെത്തന്നെ വിധിച്ചിരിക്കുന്നു. ഞങ്ങളിതാ വിജാതീയരുടെ അടുക്കലേക്കു പോകുന്നു.

47

എന്‍റെ രക്ഷ ഭൂതലത്തിന്‍റെ അങ്ങേ അറ്റംവരെ എത്തിക്കുവാന്‍ ഞാന്‍ നിന്നെ
വിജാതീയരുടെ വെളിച്ചമാക്കി വച്ചിരിക്കുന്നു

എന്നു കര്‍ത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ട്.”

48

വിജാതീയര്‍ ഇതുകേട്ടപ്പോള്‍ ആനന്ദിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു. അനശ്വരജീവനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട അനേകമാളുകള്‍ ക്രിസ്തുവില്‍ വിശ്വസിച്ചു.

49 ദൈവവചനം ആ പ്രദേശത്തെങ്ങും പ്രചരിച്ചു.

50 എന്നാല്‍ യെഹൂദന്മാര്‍ ഭക്തിയുള്ള മാന്യസ്‍ത്രീകളെയും പട്ടണത്തിലെ പ്രമുഖ വ്യക്തികളെയും പ്രേരിപ്പിച്ച് പൗലൊസിനും ബര്‍നബാസിനും എതിരെ പീഡനനടപടികള്‍ ആരംഭിച്ചു. അങ്ങനെ ആ പ്രദേശത്തുനിന്ന് അവര്‍ തുരത്തപ്പെട്ടു.

51 അവരാകട്ടെ, തങ്ങളുടെ കാലിലെ പൊടി അവരുടെനേരെ തട്ടിക്കളഞ്ഞ ശേഷം ഇക്കോന്യയിലേക്കു പോയി.

52 അന്ത്യോക്യയിലെ ശിഷ്യന്മാര്‍ ആനന്ദവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീര്‍ന്നു.

14

1

അവര്‍ ഒരുമിച്ച് ഇക്കോന്യയില്‍ യെഹൂദന്മാരുടെ സുനഗോഗില്‍ ചെന്നു പ്രസംഗിച്ചു. അവിടെയും അനേകം യെഹൂദന്മാരും ഗ്രീക്കുകാരും വിശ്വാസികളായിത്തീര്‍ന്നു.

2 എന്നാല്‍ വിശ്വാസം നിരസിച്ച യെഹൂദന്മാര്‍ വിജാതീയരെ പറഞ്ഞിളക്കി സഹോദരന്മാരുടെനേരെ ശത്രുത ജനിപ്പിച്ചു.

3 എങ്കിലും അവര്‍ കര്‍ത്താവിനെക്കുറിച്ചു ധീരതയോടെ പ്രസംഗിച്ചുകൊണ്ടു വളരെക്കാലം അവിടെ പാര്‍ത്തു. കര്‍ത്താവ് അവര്‍ മുഖേന അദ്ഭുതങ്ങളും അടയാളങ്ങളും കാട്ടിക്കൊണ്ട് തന്‍റെ കൃപയുടെ സന്ദേശത്തിനു സാക്ഷ്യം വഹിച്ചു.

4 പട്ടണത്തിലെ ജനസമൂഹം രണ്ടു പക്ഷമായി തിരിഞ്ഞു. ഒരു പക്ഷം യെഹൂദന്മാരുടെ കൂടെയും, അന്യപക്ഷം അപ്പോസ്തോലന്മാരുടെ കൂടെയും ചേര്‍ന്നു.

5

വിജാതീയരും യെഹൂദന്മാരും അവരുടെ അധികാരികളുംകൂടി അപ്പോസ്തോലന്മാരെ അപമാനിക്കുവാനും കല്ലെറിയുവാനും ശ്രമിച്ചു.

6 ഇതറിഞ്ഞ് അപ്പോസ്തോലന്മാര്‍ അവിടെനിന്നു പലായനം ചെയ്തു. അവര്‍ ലുക്കവോന്യയിലെ ലുസ്ത്ര, ദര്‍ബ എന്നീ പട്ടണങ്ങളിലും സമീപസ്ഥലങ്ങളിലും ചെന്ന്,

7 ആ പ്രദേശങ്ങളില്‍ സുവിശേഷം പ്രചരിപ്പിച്ചു.

8

ലുസ്ത്രയില്‍ കാലിനു സ്വാധീനമില്ലാത്ത ഒരാള്‍ ഉണ്ടായിരുന്നു. ജന്മനാ മുടന്തനായ അയാള്‍ ഒരിക്കലും നടന്നിട്ടില്ല.

9 അയാള്‍ പൗലൊസിന്‍റെ പ്രസംഗം ശ്രദ്ധിച്ചുകേട്ടു. പൗലൊസ് അയാളെ സൂക്ഷിച്ചുനോക്കി, സൗഖ്യം പ്രാപിക്കുവാനുള്ള വിശ്വാസം അയാള്‍ക്കുണ്ടെന്നു മനസ്സിലാക്കിയിട്ട്,

10 “എഴുന്നേറ്റു കാലൂന്നി നിവര്‍ന്നു നില്‌ക്കുക” എന്ന് ഉച്ചസ്വരത്തില്‍ ആജ്ഞാപിച്ചു. ഉടനെ അയാള്‍ ചാടിയെഴുന്നേറ്റു നടന്നു.

11 പൗലൊസ് ചെയ്തതു കണ്ടപ്പോള്‍ “ദേവന്മാര്‍ മനുഷ്യരൂപത്തില്‍ നമ്മുടെ അടുക്കല്‍ ഇറങ്ങിവന്നിരിക്കുന്നു” എന്നു ജനം ലുക്കവോന്യഭാഷയില്‍ ശബ്ദമുയര്‍ത്തി പറഞ്ഞു.

12 അവര്‍ ബര്‍നബാസിനെ സീയൂസ് അഥവാ ഇന്ദ്രന്‍ എന്നും മുഖ്യപ്രസംഗകനായിരുന്ന പൗലൊസിനെ ഹെര്‍മിസ് അഥവാ ബുധന്‍ എന്നും വിളിച്ചു.

13 പട്ടണത്തിന്‍റെ മുന്‍ഭാഗത്ത് സീയൂസിന്‍റെ ഒരു ക്ഷേത്രമുണ്ടായിരുന്നു. അവിടത്തെ പൂജാരി ജനങ്ങളോടുചേര്‍ന്ന് അവര്‍ക്കു ബലിയര്‍പ്പിക്കുന്നതിനായി കാളകളെ കൊണ്ടുവന്നു; അവയോടൊപ്പം പൂമാലകളും.

14

അപ്പോസ്തോലന്മാരായ പൗലൊസും ബര്‍നബാസും ഈ വിവരമറിഞ്ഞു വസ്ത്രം കീറിക്കൊണ്ട് ജനമധ്യത്തിലേക്ക് ഓടിച്ചെന്നു.

15 “ഹേ മനുഷ്യരേ! നിങ്ങള്‍ എന്താണീ ചെയ്യുന്നത്? ഞങ്ങളും നിങ്ങളെപ്പോലെ മര്‍ത്ത്യസ്വഭാവമുള്ളവര്‍ മാത്രമാണ്. ഈ വ്യര്‍ഥകാര്യങ്ങളില്‍നിന്നു മാറി, ആകാശവും ഭൂമിയും സമുദ്രങ്ങളും അവയിലുള്ള സമസ്തവും സൃഷ്‍ടിച്ച, ജീവനുള്ള ദൈവത്തിലേക്കു നിങ്ങള്‍ തിരിയുന്നതിനുവേണ്ടി ഈ സദ്‍വാര്‍ത്ത നിങ്ങളെ അറിയിക്കുന്നതിനാണ് ഞങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നത്.

16 സകല ജനതകളെയും തങ്ങള്‍ക്കിഷ്ടമുള്ള മാര്‍ഗങ്ങളില്‍ ജീവിക്കുവാന്‍ പൂര്‍വകാലങ്ങളില്‍ ദൈവം അനുവദിച്ചു.

17 എങ്കിലും അവിടുന്നു ചെയ്തരുളുന്ന നന്മകളാല്‍ ദൈവം തന്നെക്കുറിച്ചുള്ള സാക്ഷ്യം നിങ്ങള്‍ക്കു നല്‌കിക്കൊണ്ടിരുന്നു. അവിടുന്നു മഴ പെയ്യിക്കുകയും, ഫലസമൃദ്ധി ഉളവാക്കുന്ന കാലങ്ങള്‍ നിങ്ങള്‍ക്കു നല്‌കുകയും ചെയ്യുന്നു. അങ്ങനെ ആഹാരവും സന്തോഷവുംകൊണ്ടു നിങ്ങളെ സംതൃപ്തരാക്കുന്നുണ്ടല്ലോ.”

18 ഇങ്ങനെ പറഞ്ഞുകൊണ്ട് തങ്ങള്‍ക്കുവേണ്ടി യാഗം കഴിക്കുവാനുള്ള സംരംഭത്തില്‍നിന്ന് അവര്‍ ജനങ്ങളെ പണിപ്പെട്ട് പിന്‍തിരിപ്പിച്ചു.

19

എന്നാല്‍ പിസിദ്യയിലെ അന്ത്യോക്യയില്‍നിന്നും ഇക്കോന്യയില്‍നിന്നും യെഹൂദന്മാര്‍ അവിടെയെത്തി, ജനത്തെ വശീകരിച്ച് പൗലൊസിനെ കല്ലെറിഞ്ഞു. മരിച്ചെന്നു കരുതി അവര്‍ അദ്ദേഹത്തെ പട്ടണത്തിന്‍റെ പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി.

20 എന്നാല്‍ ശിഷ്യന്മാര്‍ അദ്ദേഹത്തിന്‍റെ ചുറ്റുംകൂടി നിന്നപ്പോള്‍ അദ്ദേഹം എഴുന്നേറ്റു പട്ടണത്തിലേക്കു തിരിച്ചുചെന്നു; പിറ്റേദിവസം ബര്‍നബാസിനോടുകൂടി ദര്‍ബയിലേക്കുപോയി.

21 ദര്‍ബയിലും അവര്‍ സുവിശേഷം പ്രസംഗിച്ചു പലരെയും ശിഷ്യരാക്കിത്തീര്‍ത്തു.

പിന്നീട് അവര്‍ ലുസ്ത്ര, ഇക്കോന്യ, പിസിദ്യയിലെ അന്ത്യോക്യ എന്നീ പട്ടണങ്ങളിലേക്കു മടങ്ങിച്ചെന്ന്,

22 ക്രിസ്തുവിന്‍റെ അനുയായികളായിത്തീര്‍ന്നവരെ ധൈര്യപ്പെടുത്തി. വിശ്വാസത്തില്‍ ഉറച്ചു നില്‌ക്കണമെന്നും “അനേകം കഷ്ടതകളില്‍കൂടി നാം ദൈവരാജ്യത്തില്‍ പ്രവേശിക്കണം” എന്നും അവരെ ഉദ്ബോധിപ്പിച്ചു.

23 ഓരോ സഭയിലും അവര്‍ സഭാമുഖ്യന്മാരെ നിയമിച്ചു; പ്രാര്‍ഥനയോടും ഉപവാസത്തോടുംകൂടി, തങ്ങള്‍ വിശ്വസിച്ച കര്‍ത്താവിന് അവരെ സമര്‍പ്പിക്കുകയും ചെയ്തു.

24

പിന്നീട് അവര്‍ പിസിദ്യയില്‍കൂടി കടന്നു പംഫുല്യയിലെത്തി.

25 പെര്‍ഗ്ഗയില്‍ ദൈവവചനം പ്രസംഗിച്ചശേഷം അത്തല്യക്കു പോയി. അവിടെനിന്ന് അവര്‍ അന്ത്യോക്യയിലേക്കു കപ്പല്‍കയറി.

26 പൗലൊസും ബര്‍നബാസും പൂര്‍ത്തീകരിച്ച പ്രവര്‍ത്തനത്തിനായി അവരെ ദൈവകൃപയുടെ സംരക്ഷണത്തില്‍ ഭരമേല്പിച്ചത് അവിടെവച്ചായിരുന്നല്ലോ.

27

അന്ത്യോക്യയില്‍ എത്തിയശേഷം അവിടത്തെ സഭയെ വിളിച്ചുകൂട്ടി, ദൈവം തങ്ങളോടുകൂടിയിരുന്നു ചെയ്ത എല്ലാ കാര്യങ്ങളും, വിജാതീയര്‍ക്കു വിശ്വാസത്തിന്‍റെ വാതില്‍ തുറക്കപ്പെട്ടിരിക്കുന്നതും അവര്‍ വിവരിച്ചു പറഞ്ഞു.

28 അവര്‍ ശിഷ്യന്മാരോടൊത്ത് അവിടെ കുറെക്കാലം കഴിച്ചുകൂട്ടി.

15

1

“മോശ ഏര്‍പ്പെടുത്തിയ ആചാരപ്രകാരം പരിച്ഛേദനകര്‍മം നടത്താതെ നിങ്ങള്‍ക്കു രക്ഷപ്പെടാന്‍ സാധ്യമല്ല” എന്ന് യെഹൂദ്യയില്‍നിന്നു വന്ന ചിലര്‍ അക്കാലത്ത് സഹോദരന്മാരെ പഠിപ്പിച്ചു തുടങ്ങി.

2 പൗലൊസിനും ബര്‍നബാസിനും ഈ അഭിപ്രായത്തോട് ഉഗ്രമായ വിയോജിപ്പും തര്‍ക്കവും ഉണ്ടായിരുന്നു. അതുകൊണ്ട് ഈ പ്രശ്നത്തെക്കുറിച്ച് അപ്പോസ്തോലന്മാരോടും സഭാമുഖ്യന്മാരോടും ആലോചിക്കുന്നതിന് അവരും മറുപക്ഷത്തുള്ള ചിലരും യെരൂശലേമിലേക്കു പോകണമെന്നു നിശ്ചയിച്ചു.

3

അങ്ങനെ സഭ അവരെ യഥോചിതം യാത്ര അയച്ചു. അവര്‍ ഫൊയ്നിക്യയിലും ശമര്യയിലുംകൂടി കടന്നുപോയപ്പോള്‍ വിജാതീയരുടെ മാനസാന്തരത്തെക്കുറിച്ച് അവര്‍ ആ പ്രദേശങ്ങളിലെ സഹോദരന്മാരെ അറിയിച്ചു. അതുകേട്ട് അവര്‍ അത്യന്തം ആനന്ദിച്ചു.

4 പൗലൊസും ബര്‍നബാസും മറ്റുള്ളവരും യെരൂശലേമിലെത്തിയപ്പോള്‍ സഭയും അപ്പോസ്തോലന്മാരും സഭാമുഖ്യന്മാരും അവരെ സ്വീകരിച്ചു. ദൈവം തങ്ങളോടുകൂടിയിരുന്നു പ്രവര്‍ത്തിച്ച കാര്യങ്ങള്‍ അവര്‍ പ്രസ്താവിച്ചു.

5 എന്നാല്‍ പരീശപക്ഷക്കാരായ ചില വിശ്വാസികള്‍ വിജാതീയര്‍ പരിച്ഛേദനകര്‍മം സ്വീകരിക്കേണ്ടതാണെന്നും, മോശയുടെ നിയമസംഹിത അനുസരിക്കേണ്ടതാണെന്ന് അവരെ അനുശാസിക്കണമെന്നും വാദിച്ചു.

6

ഈ പ്രശ്നത്തെക്കുറിച്ചു ചര്‍ച്ചചെയ്യുന്നതിന് അപ്പോസ്തോലന്മാരും സഭാമുഖ്യന്മാരും ഒരു യോഗം കൂടി.

7 ദീര്‍ഘസമയത്തെ വാദപ്രതിവാദങ്ങള്‍ക്കുശേഷം പത്രോസ് എഴുന്നേറ്റുനിന്ന് ഇപ്രകാരം പ്രസ്താവിച്ചു: “സഹോദരന്മാരേ, വിജാതീയര്‍ എന്‍റെ അധരങ്ങളില്‍നിന്നു സുവിശേഷവചനം കേട്ടു വിശ്വസിക്കുന്നതിന്, അവരോടു പ്രസംഗിക്കുവാന്‍ നിങ്ങളുടെ ഇടയില്‍നിന്ന് വളരെ മുമ്പ് ദൈവം എന്നെ തിരഞ്ഞെടുത്തു എന്നത് നിങ്ങള്‍ക്കറിയാമല്ലോ.

8 സകല ഹൃദയങ്ങളെയും അറിയുന്ന ദൈവം, നമുക്കു നല്‌കിയതുപോലെ, വിജാതീയര്‍ക്കും പരിശുദ്ധാത്മാവു പകര്‍ന്നു കൊടുത്തുകൊണ്ട്, അവരെ അംഗീകരിച്ചു എന്നതിനു സാക്ഷ്യം വഹിച്ചു. നമുക്കും അവര്‍ക്കും തമ്മില്‍ ഒരു വ്യത്യാസവും കല്പിച്ചില്ല;

9 വിശ്വസിച്ചതുകൊണ്ട് അവരുടെ ഹൃദയങ്ങളെയും അവിടുന്നു ശുദ്ധീകരിച്ചുവല്ലോ.

10 അങ്ങനെയിരിക്കെ, നമ്മുടെ പിതാക്കന്മാര്‍ക്കോ, നമുക്കോ, വഹിക്കുവാന്‍ കഴിയാതിരുന്ന ഒരു നുകം ശിഷ്യന്മാരുടെമേല്‍ കെട്ടിയേല്പിച്ച് നാം എന്തിനു ദൈവത്തെ പരീക്ഷിക്കുന്നു? നാം വിശ്വസിക്കുന്നത് കര്‍ത്താവായ യേശുവിന്‍റെ കൃപയാല്‍ രക്ഷപ്രാപിക്കുമെന്നത്രേ.

11 അതുപോലെ തന്നെയാണ് അവരും രക്ഷപ്രാപിക്കുന്നത്.”

12

തങ്ങളില്‍ക്കൂടി ദൈവം വിജാതീയരുടെ ഇടയില്‍ കാണിച്ച അടയാളങ്ങളും അദ്ഭുതങ്ങളും ബര്‍നബാസും പൗലൊസും വിവരിച്ചത് ജനം നിശ്ശബ്ദം കേട്ടുകൊണ്ടിരുന്നു.

13 അവരുടെ പ്രഭാഷണം കഴിഞ്ഞ്, യാക്കോബ് ഇപ്രകാരം പ്രസ്താവിച്ചു: “സഹോദരന്മാരേ, ഞാന്‍ പറയുന്നതു ശ്രദ്ധിക്കുക:

14 വിജാതീയരില്‍നിന്ന് ഒരു വിഭാഗത്തെ തന്‍റെ നാമത്തിനു സാക്ഷ്യം വഹിക്കുന്നതിനുവേണ്ടി തിരഞ്ഞെടുത്ത്, അവരെക്കുറിച്ചുള്ള തന്‍റെ കരുതല്‍ എങ്ങനെയാണ് ദൈവം ആദ്യം പ്രകടിപ്പിച്ചതെന്ന് ശിമോന്‍ വിവരിച്ചു കഴിഞ്ഞല്ലോ.

15 പ്രവാചകവചനങ്ങളും ഇതിനോടു യോജിക്കുന്നു. ഇവയാണ് ആ വചനങ്ങള്‍:

16

‘അതിനുശേഷം ദാവീദിന്‍റെ വീണുപോയ കൂടാരം

ഞാന്‍ വീണ്ടും പണിയും;

അതിന്‍റെ ശൂന്യാവശിഷ്ടങ്ങള്‍

വീണ്ടും പടുത്തുയര്‍ത്തും.

17

അങ്ങനെ ശേഷിച്ച സര്‍വജനവും

എന്‍റെ സ്വന്തമായിരിക്കുവാന്‍

ഞാന്‍ തിരഞ്ഞെടുത്ത വിജാതീയരും,

എന്‍റെ അടുക്കലേക്കു വരും.’

18

എന്നിങ്ങനെ ആദിമുതല്‌ക്കേ ഇവയെല്ലാം അറിയിച്ചിട്ടുള്ള കര്‍ത്താവ് അരുള്‍ചെയ്യുന്നു.

19

“അതുകൊണ്ട് ദൈവത്തിങ്കലേക്കു തിരിയുന്ന വിജാതീയരെ അസഹ്യപ്പെടുത്തരുതെന്നാണ് എന്‍റെ അഭിപ്രായം.

20 വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ചതുമൂലം അശുദ്ധമായിത്തീര്‍ന്നിട്ടുള്ളവ ഭക്ഷിക്കരുതെന്നും, യാതൊരു അവിഹിത വേഴ്ചയും പാടില്ലെന്നും, ശ്വാസംമുട്ടിച്ചു കൊല്ലുന്ന ഏതെങ്കിലും മൃഗത്തിന്‍റെ മാംസമോ രക്തമോ ഭക്ഷിക്കരുതെന്നും അവര്‍ക്ക് എഴുതിയാല്‍മതി.

21 പണ്ടുതൊട്ടേ ശബത്തു തോറും എല്ലാ പട്ടണങ്ങളിലുമുള്ള സുനഗോഗുകളില്‍ മോശയുടെ നിയമസംഹിത വായിക്കുകയും പ്രസംഗിക്കുകയും ചെയ്തുവരുന്നുണ്ടല്ലോ.”

22

തങ്ങളുടെ കൂട്ടത്തില്‍നിന്ന് ഏതാനും പേരെ തിരഞ്ഞെടുത്ത് പൗലൊസിന്‍റെയും ബര്‍നബാസിന്‍റെയും കൂടെ അന്ത്യോക്യയിലേക്ക് അയയ്‍ക്കണമെന്ന് അപ്പോസ്തോലന്മാരും സഭാമുഖ്യന്മാരും സമസ്തസഭയോടും ചേര്‍ന്നു നിശ്ചയിച്ചു. അങ്ങനെ സഹോദരന്മാരുടെ ഇടയില്‍ പ്രമുഖരായ ബര്‍നബാസ് എന്ന യൂദാസിനെയും ശീലാസിനെയും അവരോടുകൂടി അയച്ചു.

23 താഴെപ്പറയുന്ന കത്തും അവരുടെ കൈവശം കൊടുത്തയച്ചു;

അപ്പോസ്തോലന്മാരും സഭാമുഖ്യന്മാരുമായ സഹോദരന്മാര്‍ അന്ത്യോക്യ, സിറിയ, കിലിക്യ എന്നീ പ്രദേശങ്ങളിലെ വിജാതീയരായ സഹോദരന്മാര്‍ക്ക് എഴുതുന്നത്:-

24

ഞങ്ങളുടെ കൂട്ടത്തില്‍പെട്ട ചിലര്‍ തങ്ങളുടെ വാക്കുകളാല്‍ ചിന്താകുഴപ്പം ഉണ്ടാക്കി നിങ്ങളെ അസ്വസ്ഥരാക്കിത്തീര്‍ത്തതായി ഞങ്ങള്‍ കേട്ടു. ഞങ്ങളുടെ നിര്‍ദേശപ്രകാരമല്ല അവര്‍ അങ്ങനെ ചെയ്തത്.

25 [25,26] അതുകൊണ്ട് ഞങ്ങള്‍ യോഗംകൂടി ഏതാനുംപേരെ തിരഞ്ഞെടുത്ത്, കര്‍ത്താവായ യേശുക്രിസ്തുവിനുവേണ്ടി ജീവിതം അര്‍പ്പിച്ചവരായ നമ്മുടെ പ്രിയപ്പെട്ട ബര്‍നബാസിനോടും പൗലൊസിനോടുംകൂടി നിങ്ങളുടെ അടുക്കല്‍ അയയ്‍ക്കണമെന്ന് ഐകകണ്ഠ്യേന തീരുമാനിച്ചു.

26

27 അങ്ങനെ യൂദാസിനെയും ശീലാസിനെയും നിങ്ങളുടെ അടുക്കലേക്കയയ്‍ക്കുന്നു. അവര്‍ നേരിട്ട് ഈ സംഗതികള്‍ നിങ്ങളോടു പറയും.

28 [28,29] വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ച വസ്തുക്കള്‍, രക്തം, ശ്വാസംമുട്ടിച്ചു കൊല്ലപ്പെട്ടവ ഇതുകള്‍ നിങ്ങള്‍ വര്‍ജിക്കുകയും, അവിഹിതവേഴ്ചയില്‍ നിന്ന് ഒഴിഞ്ഞിരിക്കുകയും ചെയ്യണമെന്നല്ലാതെ, അതിലധികമായ ഭാരം നിങ്ങളുടെമേല്‍ കെട്ടിയേല്പിക്കേണ്ടതില്ലെന്ന് പരിശുദ്ധാത്മാവിനും ഞങ്ങള്‍ക്കും തോന്നിയിരിക്കുന്നു. ഇവ അനുഷ്ഠിക്കുന്നതായാല്‍ നിങ്ങള്‍ക്കു നന്ന്. നിങ്ങള്‍ക്കു മംഗളം!

29

30

അങ്ങനെ അവരെ യാത്രയാക്കി; അവര്‍ അന്ത്യോക്യയിലെത്തി സഭാജനങ്ങളെ വിളിച്ചുകൂട്ടി കത്ത് അവരെ ഏല്പിച്ചു.

31 അവര്‍ ആ കത്തു വായിച്ചു. അതിലെ ആശ്വാസപ്രദമായ ഉദ്ബോധനം അവരെ ആനന്ദഭരിതരാക്കി.

32 പ്രവാചകന്മാര്‍ ആയിരുന്ന യൂദാസും ശീലാസും നിരവധി ഉദ്ബോധനങ്ങളാല്‍ അവരെ ധൈര്യപ്പെടുത്തി.

33 കുറെനാള്‍ ആ സഹോദരന്മാര്‍ അവിടെ താമസിച്ചു. പിന്നീട് തങ്ങളെ അയച്ചവരുടെ അടുക്കലേക്ക്, അന്ത്യോക്യയിലെ സഹോദരന്മാര്‍ അവരെ സമാധാനത്തോടെ യാത്രയയച്ചു.

34 എന്നാല്‍ പൗലൊസും ബര്‍നബാസും അന്ത്യോക്യയില്‍തന്നെ പാര്‍ത്തു.

35

അവര്‍ മറ്റു പലരോടുംകൂടി കര്‍ത്താവിന്‍റെ വചനം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്തുപോന്നു.

36

കുറേനാള്‍ കഴിഞ്ഞ് പൗലൊസ് ബര്‍നബാസിനോട്, “നാം കര്‍ത്താവിന്‍റെ വചനം പ്രസംഗിച്ച പട്ടണങ്ങള്‍ വീണ്ടും സന്ദര്‍ശിച്ച് സഹോദരന്മാര്‍ എങ്ങനെ കഴിയുന്നു എന്ന് അന്വേഷിക്കാം” എന്നു പറഞ്ഞു.

37 മര്‍ക്കോസ് എന്നു പേരുള്ള യോഹന്നാനെക്കൂടി തങ്ങളുടെകൂടെ കൊണ്ടുപോകാന്‍ ബര്‍നബാസ് ആഗ്രഹിച്ചു.

38 എന്നാല്‍ പംഫുല്യയില്‍വച്ചു വിട്ടുപിരിയുകയും തങ്ങളുടെ പ്രവര്‍ത്തനത്തില്‍ തുടര്‍ന്നു സഹകരിക്കുവാന്‍ വിസമ്മതിക്കുകയും ചെയ്ത ആളിനെ കൊണ്ടുപോകുന്നതിനെ പൗലൊസ് അനുകൂലിച്ചില്ല.

39 ഇതിന്‍റെ പേരില്‍ അവര്‍ തമ്മില്‍ നിശിതമായ തര്‍ക്കം ഉണ്ടായി. അങ്ങനെ അവര്‍ പരസ്പരം പിരിഞ്ഞു; ബര്‍നബാസ് മര്‍ക്കോസിനെ കൂട്ടിക്കൊണ്ട് സൈപ്രസിലേക്കു കപ്പല്‍കയറി.

40 സഹോദരന്മാര്‍ പൗലൊസിനെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ചു.

41 അദ്ദേഹം ശീലാസിനോടുകൂടി സിറിയ, കിലിക്യ പ്രദേശങ്ങളില്‍ സഞ്ചരിച്ചു സഭകളെ ഉറപ്പിച്ചുപോന്നു.

16

1

പൗലൊസ് ദര്‍ബയിലും ലുസ്ത്രയിലുമെത്തി. തിമൊഥെയോസ് എന്നൊരു ശിഷ്യന്‍ അവിടെയുണ്ടായിരുന്നു. അയാള്‍ വിശ്വാസിനിയായ ഒരു യെഹൂദസ്‍ത്രീയുടെ പുത്രനായിരുന്നു. ഒരു ഗ്രീക്കുകാരനായിരുന്നു അയാളുടെ പിതാവ്.

2 ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാര്‍ക്കു സുസമ്മതനായിരുന്നു തിമൊഥെയോസ്. അയാളെ തന്നോടുകൂടി കൊണ്ടുപോകുവാന്‍ പൗലൊസ് ആഗ്രഹിച്ചു.

3 പിതാവ് ഗ്രീക്കുകാരനാണെന്ന് ആ പ്രദേശങ്ങളിലുള്ള യെഹൂദന്മാര്‍ക്ക് അറിയാമായിരുന്നതുകൊണ്ട് അവരെയോര്‍ത്ത് തിമൊഥെയോസിനെ പരിച്ഛേദനകര്‍മത്തിനു വിധേയനാക്കി.

4 അവര്‍ പട്ടണംതോറും സഞ്ചരിച്ചുകൊണ്ട്, യെരൂശലേമിലെ അപ്പോസ്തോലന്മാരും സഭാമുഖ്യന്മാരും ചെയ്ത തീരുമാനങ്ങള്‍ അനുസരിക്കണമെന്ന് അറിയിച്ചു.

5 അങ്ങനെ സഭകള്‍ വിശ്വാസത്തില്‍ ഉറയ്‍ക്കുകയും വിശ്വാസികളുടെ എണ്ണം അനുദിനം വര്‍ധിക്കുകയും ചെയ്തു.

6

ഏഷ്യാസംസ്ഥാനത്ത് ദൈവവചനം പ്രസംഗിക്കുന്നത് പരിശുദ്ധാത്മാവു വിലക്കുകയാല്‍, അവര്‍ ഫ്രുഗ്യയിലും ഗലാത്യയിലുംകൂടി കടന്ന് മുസ്യക്കു സമീപമെത്തി.

7 അതുവഴി ബിഥുന്യക്കു പോകുവാന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍ യേശുവിന്‍റെ ആത്മാവ് അവരെ അനുവദിച്ചില്ല.

8 അതുകൊണ്ട് അവര്‍ മുസ്യ കടന്നു ത്രോവാസിലെത്തി.

9 ആ രാത്രി പൗലൊസിന് ഒരു ദര്‍ശനമുണ്ടായി. മാസിഡോണിയക്കാരനായ ഒരാള്‍ “മാസിഡോണിയയിലേക്കു വന്നു ഞങ്ങളെ സഹായിച്ചാലും” എന്ന് അഭ്യര്‍ഥിക്കുന്നതായിട്ടാണ് അദ്ദേഹം കണ്ടത്.

10 ഈ ദര്‍ശനമുണ്ടായപ്പോള്‍ അവരോടു സുവിശേഷം പ്രസംഗിക്കുവാന്‍ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്നു ഞങ്ങള്‍ നിശ്ചയിച്ചു; അതുകൊണ്ടു ഉടന്‍തന്നെ മാസിഡോണിയയിലേക്കു പോകുവാന്‍ തയ്യാറായി.

11

[11,12] അങ്ങനെ ഞങ്ങള്‍ ത്രോവാസില്‍നിന്നു കപ്പല്‍ കയറി സമൊത്രാക്കയിലെത്തി; പിറ്റേദിവസം നവപൊലീസിലേക്കും അവിടെനിന്ന് ഫിലിപ്പിയിലേക്കും പോയി. മാസിഡോണിയാ സംസ്ഥാനത്തെ പ്രമുഖപട്ടണവും റോമന്‍ കോളനിയുമാണ് ഫിലിപ്പി. അവിടെ ഞങ്ങള്‍ ഏതാനും ദിവസം പാര്‍ത്തു.

12

13 ശബത്തുദിവസം ഞങ്ങള്‍ പട്ടണാതിര്‍ത്തിക്കു പുറത്ത് നദീതീരത്തേക്കു പോയി. അവിടെ യെഹൂദന്മാരുടെ പ്രാര്‍ഥനാസ്ഥലമുണ്ടായിരിക്കുമെന്നു ഞങ്ങള്‍ വിചാരിച്ചു. ഞങ്ങള്‍ അവിടെ വന്നുകൂടിയ സ്‍ത്രീകളോടു സംസാരിച്ചു.

14 തുയത്തൈരാ പട്ടണക്കാരി ലുദിയ എന്നൊരു വനിത പൗലൊസ് പറഞ്ഞതു കേട്ടുകൊണ്ടിരുന്നു. കടുംചെമപ്പു നിറമുള്ള തുണിത്തരങ്ങള്‍ വില്‌ക്കുന്ന തൊഴിലില്‍ അവള്‍ ഏര്‍പ്പെട്ടിരുന്നു. ഇസ്രായേലിന്‍റെ ദൈവത്തെ ആരാധിച്ചിരുന്നവളുമായിരുന്നു ആ സ്‍ത്രീ. പൗലൊസിന്‍റെ പ്രഭാഷണം ശ്രദ്ധിക്കുവാന്‍ കര്‍ത്താവ് ലുദിയയുടെ ഹൃദയം തുറന്നു.

15 ആ സ്‍ത്രീ സകുടുംബം സ്നാപനം സ്വീകരിച്ചു. “ഞാന്‍ കര്‍ത്താവില്‍ വിശ്വസിക്കുന്നു എന്നു നിങ്ങള്‍ക്കു ബോധ്യമുണ്ടെങ്കില്‍ എന്‍റെ വീട്ടില്‍ വന്നു പാര്‍ത്താലും” എന്ന് അവര്‍ അപേക്ഷിച്ചു. ലുദിയയുടെ നിര്‍ബന്ധത്തിനു ഞങ്ങള്‍ വഴങ്ങി.

16

ഒരിക്കല്‍ ഞങ്ങള്‍ പ്രാര്‍ഥനാസ്ഥലത്തേക്കു പോകുമ്പോള്‍ ഒരു ഭൂതാവേശമുള്ള അടിമപ്പെണ്‍കുട്ടിയെ കണ്ടുമുട്ടി. അവള്‍ ഭാവിഫലം പറഞ്ഞ് തന്‍റെ യജമാനന്മാര്‍ക്കു ധാരാളം ആദായം ഉണ്ടാക്കിവന്നിരുന്നു.

17 അവള്‍ പൗലൊസിന്‍റെയും ഞങ്ങളുടെയും പിന്നാലെ വന്ന് “ഇവര്‍ അത്യുന്നതനായ ദൈവത്തിന്‍റെ ദാസന്മാരാണ്; രക്ഷയുടെ മാര്‍ഗമാണ് ഇവര്‍ നിങ്ങളെ അറിയിക്കുന്നത്” എന്നു വിളിച്ചുപറഞ്ഞു.

18 ഇത് അവള്‍ പലദിവസം ആവര്‍ത്തിച്ചു. പൗലൊസിന് ഇതൊരു ശല്യമായിത്തീര്‍ന്നു. അദ്ദേഹം അവളുടെ നേരേ തിരിഞ്ഞ് അവളില്‍ കുടികൊണ്ടിരുന്ന ഭൂതത്തോട്, “അവളെ വിട്ടു പുറത്തുപോകുക എന്ന് യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ഞാന്‍ നിന്നോടാജ്ഞാപിക്കുന്നു” എന്നു പറഞ്ഞു. ആ നിമിഷത്തില്‍ത്തന്നെ ഭൂതം അവളെ വിട്ടുപോയി.

19 ഇതോടെ തങ്ങളുടെ ആദായമാര്‍ഗം അടഞ്ഞു എന്നു കണ്ട് ആ പെണ്‍കുട്ടിയുടെ ഉടമസ്ഥന്മാര്‍ പൗലൊസിനെയും ശീലാസിനെയും പിടിച്ച് വലിച്ചിഴച്ചുകൊണ്ടുവന്ന് പട്ടണത്തിലെ പൊതുസ്ഥലത്ത് അധികാരികളുടെ മുമ്പില്‍ ഹാജരാക്കി.

20 അവരെ ന്യായാധിപന്മാരുടെ മുമ്പില്‍ കൊണ്ടുവന്ന് “യെഹൂദന്മാരായ ഇവര്‍ നമ്മുടെ പട്ടണത്തില്‍ വലിയ കലാപമുണ്ടാക്കുന്നു;

21 റോമാക്കാരായ നമുക്ക് അംഗീകരിക്കുവാനും അനുസരിക്കുവാനും നിവൃത്തിയില്ലാത്ത ആചാരങ്ങള്‍ ഇവര്‍ പ്രസംഗിക്കുന്നു” എന്നു പറഞ്ഞു.

22 അവരോടുകൂടി ബഹുജനങ്ങളും ചേര്‍ന്നു.

പൗലൊസിന്‍റെയും ശീലാസിന്‍റെയും വസ്ത്രം അഴിച്ച് അടിശിക്ഷ നല്‌കുവാന്‍ ന്യായാധിപന്മാര്‍ ആജ്ഞാപിച്ചു.

23 വളരെയധികം പ്രഹരിച്ചശേഷം അവരെ കാരാഗൃഹത്തിലടച്ചു; അവരെ ജാഗ്രതയോടുകൂടി സൂക്ഷിച്ചുകൊള്ളണമെന്ന് ജയിലധികാരിക്കു നിര്‍ദേശവും നല്‌കി.

24 അതനുസരിച്ച് അവരുടെ കാല് ആമത്തിലിട്ട് അവരെ ജയിലിന്‍റെ ഉള്‍മുറിയിലടച്ചു.

25

പൗലൊസും ശീലാസും അര്‍ധരാത്രിയില്‍ ദൈവത്തെ സ്തുതിച്ചു പാട്ടുപാടി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. മറ്റു തടവുകാര്‍ അതു ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു.

26 പെട്ടെന്ന് കാരാഗൃഹത്തിന്‍റെ അടിസ്ഥാനം ഇളകുമാറ് ഒരു വലിയ ഭൂകമ്പമുണ്ടായി; എല്ലാ വാതിലുകളും തുറക്കപ്പെട്ടു; എല്ലാവരുടെയും ചങ്ങല താഴെ വീണു.

27 ജയിലധികാരി ഉണര്‍ന്നപ്പോള്‍ ജയില്‍ വാതിലുകളെല്ലാം തുറന്നിരിക്കുന്നതാണു കണ്ടത്. തടവുകാര്‍ ഓടിപ്പോയിരിക്കുമെന്നു കരുതി അയാള്‍ വാളെടുത്ത് ആത്മഹത്യ ചെയ്യുവാന്‍ ഭാവിച്ചു.

28 അപ്പോള്‍ പൗലൊസ് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു; അരുതാത്തത് ചെയ്യരുത്; ഞങ്ങളെല്ലാവരും ഇവിടെയുണ്ട്.”

29

വിളക്കു കൊണ്ടുവരുവാന്‍ അയാള്‍ വിളിച്ചുപറഞ്ഞു. വിളക്കു കൊണ്ടുവന്ന് അകത്തേക്കു പാഞ്ഞുചെന്നു; ഭയന്നു വിറച്ചുകൊണ്ട് അയാള്‍ പൗലൊസിന്‍റെയും ശീലാസിന്‍റെയും മുമ്പില്‍ സാഷ്ടാംഗം വീണു വണങ്ങി.

30 പിന്നീട് അവരെ പുറത്തുകൊണ്ടുവന്ന് അയാള്‍ ചോദിച്ചു: “മഹാത്മാക്കളേ, രക്ഷിക്കപ്പെടുവാന്‍ ഞാന്‍ എന്തു ചെയ്യണം?”

31

അവര്‍ പ്രതിവചിച്ചു: “കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; എന്നാല്‍ താങ്കളും താങ്കളുടെ കുടുംബവും രക്ഷിക്കപ്പെടും.”

32 അവര്‍ കര്‍ത്താവിന്‍റെ വചനം അയാളോടും വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു.

33 രാത്രിയുടെ ആ നിമിഷത്തില്‍തന്നെ അയാള്‍ അവരെ കൂട്ടിക്കൊണ്ടുപോയി അവരുടെ മുറിവുകളെല്ലാം കഴുകി. അയാളും അയാളുടെ ഭവനത്തിലുള്ള എല്ലാവരും സ്നാപനം സ്വീകരിച്ചു.

34 അതിനുശേഷം ജയിലധികാരി പൗലൊസിനെയും ശീലാസിനെയും വീട്ടില്‍ കൊണ്ടുപോയി അവര്‍ക്കു ഭക്ഷണം കൊടുത്തു. ദൈവത്തില്‍ വിശ്വസിക്കാനിടയായതുമൂലം ആ ഭവനത്തിലുള്ള എല്ലാവരും ഒന്നടങ്കം ആനന്ദിച്ചു.

35

നേരം വെളുത്തപ്പോള്‍ ന്യായാധിപന്മാര്‍ പടയാളികളെ അയച്ച് പൗലൊസിനെയും ശീലാസിനെയും വിട്ടയയ്‍ക്കാന്‍ ആവശ്യപ്പെട്ടു.

36

“നിങ്ങളെ വിട്ടയയ്‍ക്കാന്‍ ന്യായാധിപന്മാര്‍ പറഞ്ഞയച്ചിരിക്കുന്നു. അതുകൊണ്ട് സമാധാനത്തോടുകൂടി പോകുക” എന്നു ജയിലധികാരി പൗലൊസിനോടു പറഞ്ഞു.

37

അപ്പോള്‍ അദ്ദേഹം പറഞ്ഞു: “റോമാപൗരന്മാരായ ഞങ്ങളെ വിസ്തരിക്കാതെ, പരസ്യമായി പ്രഹരിച്ച് തടവിലാക്കി; എന്നിട്ടിപ്പോള്‍ രഹസ്യമായി ഞങ്ങളെ വിട്ടയയ്‍ക്കാനാണോ ഭാവം? അതു പാടില്ല, ന്യായാധിപന്മാര്‍തന്നെ വന്നു ഞങ്ങളെ വിട്ടയയ്‍ക്കട്ടെ.”

38

പടയാളികള്‍ തിരിച്ചുചെന്നു വിവരം അറിയിച്ചു. അവര്‍ റോമാപൗരന്മാരാണെന്ന് അറിഞ്ഞപ്പോള്‍ ന്യായാധിപന്മാര്‍ ഭയപ്പെട്ടു.

39 അതുകൊണ്ട് അവര്‍ ചെന്നു നല്ലവാക്കു പറഞ്ഞ് അവരെ പുറത്തുകൊണ്ടുവന്ന്, നഗരം വിട്ടുപോകണമെന്ന് അപേക്ഷിച്ചു.

അവര്‍ കാരാഗൃഹത്തില്‍നിന്ന് ലുദിയയുടെ ഭവനത്തിലേക്കുപോയി; അവിടെവച്ചു സഹോദരന്മാരെ കാണുകയും അവരെ ധൈര്യപ്പെടുത്തുകയും ചെയ്തശേഷം ഫിലിപ്പിയില്‍നിന്നു യാത്രപുറപ്പെട്ടു.

17

1

അവര്‍ അംഫിപൊലീസിലും അപ്പൊലോന്യയിലും കൂടി സഞ്ചരിച്ചു തെസ്സലോനിക്യയിലെത്തി. അവിടെ യെഹൂദന്മാരുടെ ഒരു സുനഗോഗുണ്ടായിരുന്നു.

2 പൗലൊസ് പതിവുപോലെ അവിടെപോയി. വേദഗ്രന്ഥത്തെ ആധാരമാക്കി അദ്ദേഹം മൂന്നു ശബത്തു ദിവസം അവരോടു സംവാദം നടത്തി.

3 ക്രിസ്തു കഷ്ടതയനുഭവിച്ച് മരിച്ച് ഉയിര്‍ത്തെഴുന്നേല്‌ക്കേണ്ടതാണെന്നു വിശദീകരിക്കുകയും സമര്‍ഥിക്കുകയും ചെയ്തു. “ഞാന്‍ ആരെക്കുറിച്ചു നിങ്ങളോടു പ്രസ്താവിക്കുന്നുവോ ആ യേശുതന്നെയാണു ക്രിസ്തു” എന്നും അദ്ദേഹം പറഞ്ഞു.

4 അവിടെ കൂടിയിരുന്ന ചിലര്‍ക്ക് ഇതു ബോധ്യമായി; അവര്‍ പൗലൊസിനോടും ശീലാസിനോടും ചേര്‍ന്നു. അതുപോലെതന്നെ ഇസ്രായേലിന്‍റെ ദൈവത്തെ ആരാധിച്ചുവന്ന അനേകം ഗ്രീക്കുകാരും പ്രമുഖരായ ഒട്ടേറെ സ്‍ത്രീകളും ക്രിസ്തുവില്‍ വിശ്വസിച്ചു.

5

ഇത് യെഹൂദന്മാരില്‍ അമര്‍ഷം ഉളവാക്കി. അവര്‍ കമ്പോളത്തിലുള്ള ചട്ടമ്പികളെ വിളിച്ചുകൂട്ടി ജനങ്ങളുടെയിടയില്‍ പ്രക്ഷോഭമുണ്ടാക്കി. പൗലൊസിനെയും ശീലാസിനെയും ജനമധ്യത്തിലേക്കു കൊണ്ടുവരുന്നതിനുവേണ്ടി അവര്‍ യാസോന്‍ എന്ന ആളിന്‍റെ വീട് ആക്രമിച്ചു.

6 എന്നാല്‍ അവരെ അവിടെ കാണാഞ്ഞതിനാല്‍ യാസോനെയും മറ്റുചില സഹോദരന്മാരെയും ബലം പ്രയോഗിച്ച് വലിച്ചിഴച്ച് നഗരാധിപന്മാരുടെ മുമ്പില്‍ ഹാജരാക്കി. “ഭൂലോകത്തെ കീഴ്മേല്‍ മറിച്ചവര്‍ ഇവിടെയും വന്നിരിക്കുന്നു.

7 യാസോന്‍ അവരെ ഇവിടെ അതിഥികളായി സ്വീകരിച്ചിരിക്കുന്നു; യേശു എന്ന മറ്റൊരു രാജാവുണ്ടെന്നു പറഞ്ഞ് ഇവര്‍ കൈസറിന്‍റെ കല്പനകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു” എന്നിങ്ങനെ അവര്‍ ആക്രോശിച്ചു.

8 ഇതുകേട്ടപ്പോള്‍ നഗരാധിപന്മാരും പൗരജനങ്ങളും അമ്പരന്നു.

9 ഒടുവില്‍ അധികാരികള്‍ യാസോനെയും മറ്റുള്ളവരെയും ജാമ്യത്തില്‍ വിട്ടയച്ചു.

10

രാത്രിയായ ഉടനെ സഹോദരന്മാര്‍ പൗലൊസിനെയും ശീലാസിനെയും ബെരോവയിലേക്കയച്ചു. അവിടെയെത്തിയപ്പോള്‍ അവര്‍ യെഹൂദന്മാരുടെ സുനഗോഗിലേക്കു പോയി.

11 അവിടെയുള്ളവര്‍ തെസ്സലോനിക്യയിലുള്ളവരെക്കാള്‍ വിശാലമനസ്കരായിരുന്നു. അവര്‍ അതീവതാത്പര്യത്തോടെ വചനം സ്വീകരിക്കുകയും, അതു ശരിയാണോ എന്നറിയുന്നതിനു ദിവസംതോറും വേദഭാഗങ്ങള്‍ പരിശോധിക്കുകയും ചെയ്തുപോന്നു.

12 അങ്ങനെ അനേകമാളുകള്‍ വിശ്വാസികളായിത്തീര്‍ന്നു. അക്കൂട്ടത്തില്‍ കുലീനരായ ധാരാളം ഗ്രീക്കുവനിതകളും പുരുഷന്മാരും ഉണ്ടായിരുന്നു.

13 ബെരോവയിലും പൗലൊസ് ദൈവവചനം പ്രസംഗിക്കുന്നു എന്ന വിവരം തെസ്സലോനിക്യയിലെ യെഹൂദന്മാര്‍ അറിഞ്ഞ് അവിടെയുമെത്തി ജനത്തെ പറഞ്ഞിളക്കി പ്രക്ഷോഭമുണ്ടാക്കി.

14 പെട്ടെന്ന് അവിടത്തെ സഹോദരന്മാര്‍ പൗലൊസിനെ സമുദ്രതീരത്തേക്കു പറഞ്ഞയച്ചു. എന്നാല്‍ ശീലാസും തിമൊഥെയോസും ബെരോവയില്‍തന്നെ പാര്‍ത്തു.

15 പൗലൊസിനെ കൊണ്ടുപോയവര്‍ ആഥന്‍സുവരെ അദ്ദേഹത്തിന്‍റെകൂടെ പോയി. പിന്നീട് അവര്‍ ബെരോവയിലേക്കു തിരിച്ചുപോയി. ശീലാസും തിമൊഥെയോസും എത്രയുംവേഗം തന്‍റെ അടുക്കല്‍ എത്തിച്ചേരണമെന്നു പൗലൊസ് അവരോടു പറഞ്ഞയച്ചു.

16

ശീലാസും തിമൊഥെയോസും വരുന്നതിന് പൗലൊസ് ആഥന്‍സില്‍ കാത്തിരിക്കുകയായിരുന്നു. ആ പട്ടണം വിഗ്രഹങ്ങളെക്കൊണ്ടു നിറഞ്ഞിരിക്കുന്നതായി അദ്ദേഹം കണ്ടു.

17 അത് അദ്ദേഹത്തെ അസ്വസ്ഥനാക്കി. സുനഗോഗില്‍ വന്നുകൂടുന്ന യെഹൂദന്മാരോടും അവരോടൊത്ത് ആരാധിച്ചുവന്ന വിജാതീയരായ ഭക്തജനങ്ങളോടും പട്ടണത്തിലെ പൊതുസ്ഥലത്ത് ദിനംതോറും കൂടിവന്നവരോടും അദ്ദേഹം വാദപ്രതിവാദം നടത്തിപ്പോന്നു.

18 എപ്പിക്കൂര്യരും സ്തോയിക്കുകളുമായ ദാര്‍ശനികരും അദ്ദേഹത്തോടു വാദിച്ചു. “ഈ വിടുവായന്‍ എന്താണു പറയുവാന്‍ പോകുന്നത്?” എന്നു ചിലരും യേശുവിനെയും പുനരുത്ഥാനത്തെയും കുറിച്ച് പ്രസംഗിക്കുന്നതുകൊണ്ട് “അന്യദൈവങ്ങളെക്കുറിച്ചാണ് ഇയാള്‍ പ്രസംഗിക്കുന്നതെന്നു തോന്നുന്നു” എന്നു മറ്റു ചിലരും പറഞ്ഞു.

19

പിന്നീട് അവര്‍ അദ്ദേഹത്തെ പിടിച്ച് നഗരസഭ സമ്മേളിക്കുന്ന അരയോപഗക്കുന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി പറഞ്ഞു: “താങ്കള്‍ പ്രസംഗിക്കുന്ന ഈ നവീനോപദേശം എന്തെന്നു ഞങ്ങള്‍ക്കറിഞ്ഞാല്‍ കൊള്ളാം;

20 വളരെ വിചിത്രമായ സിദ്ധാന്തങ്ങളാണല്ലോ ഞങ്ങള്‍ കേള്‍ക്കുന്നത്. ഇതിന്‍റെ അര്‍ഥം എന്താണെന്നറിയുവാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്” എന്നു പറഞ്ഞു.

21 ആഥന്‍സുകാര്‍ക്കും, ആ പട്ടണത്തില്‍ നിവസിച്ചിരുന്ന വിദേശീയര്‍ക്കും പുതുമയുള്ള കാര്യങ്ങള്‍ പറയുകയോ കേള്‍ക്കുകയോ ചെയ്യുന്നതിനു മാത്രമേ താത്പര്യമുണ്ടായിരുന്നുള്ളൂ.

22

അരയോപഗസ്സിന്‍റെ മധ്യത്തില്‍ നിന്നുകൊണ്ട് പൗലൊസ് ഇപ്രകാരം പ്രസ്താവിച്ചു: “ആഥന്‍സിലെ പൗരജനങ്ങളേ, നിങ്ങള്‍ എല്ലാ പ്രകാരത്തിലും മതനിഷ്ഠരാണെന്നു ഞാന്‍ മനസ്സിലാക്കുന്നു.

23 ഞാന്‍ ചുറ്റിനടന്നപ്പോള്‍ നിങ്ങളുടെ പൂജാവസ്തുക്കളെല്ലാം കണ്ടു; ‘അജ്ഞാതദേവന്’ എന്ന് ആലേഖനം ചെയ്തിട്ടുള്ള ഒരു ബലിപീഠവും അതിനിടയ്‍ക്കു കാണാനിടയായി. നിങ്ങള്‍ അറിവില്ലാതെ പൂജിക്കുന്ന ആ അജ്ഞാതദേവനെപ്പറ്റിയാണ് ഞാന്‍ പ്രഖ്യാപനം ചെയ്യുന്നത്.

24 പ്രപഞ്ചവും അതിലുള്ള സകലവും ഉണ്ടാക്കിയ ഈശ്വരന്‍, ആകാശത്തിന്‍റെയും ഭൂമിയുടെയും അധിനാഥനായതുകൊണ്ട്, മനുഷ്യകരങ്ങളാല്‍ നിര്‍മിക്കപ്പെട്ട ക്ഷേത്രങ്ങളില്‍ നിവസിക്കുന്നില്ല.

25 മനുഷ്യനു ജീവനും ശ്വാസവും എന്നല്ല, സമസ്തവും നല്‌കുന്നത് അവിടുന്നാണ്. അതിനാല്‍ വല്ലതിനും ബുദ്ധിമുട്ടുള്ളവന് എന്നപോലെ മനുഷ്യകരങ്ങള്‍ക്കൊണ്ടുള്ള സേവനം അവിടുത്തേക്ക് ഒട്ടാവശ്യവുമില്ല.

26 ഭൂതലത്തെ മുഴുവനും അധിവസിക്കുന്നതിനായി ഒരുവനില്‍നിന്ന് മനുഷ്യജാതിയെ മുഴുവന്‍ അവിടുന്നു സൃഷ്‍ടിച്ചു. മനുഷ്യന്‍ എത്രകാലം എവിടെയൊക്കെ പാര്‍ക്കണമെന്നു സ്ഥലകാല പരിധികളും അവിടുന്നു കൃത്യമായി നിര്‍ണയിച്ചിട്ടുണ്ട്.

27 അവര്‍ ഈശ്വരനെ തപ്പിത്തിരഞ്ഞു കണ്ടെത്താമെന്ന പ്രതീക്ഷയോടെ അവിടുത്തെ അന്വേഷിക്കേണ്ടതിനാണ് ഇപ്രകാരം ചെയ്തിരിക്കുന്നത്. എങ്കിലും അവിടുന്ന് നമ്മില്‍ ആരില്‍നിന്നും അകന്നിരിക്കുന്നവനല്ല.

28

ഈശ്വരനിലാണു നാം ജീവിക്കുന്നതും ചരിക്കുന്നതും;
നമ്മുടെ അസ്തിത്വം തന്നെയും ഈശ്വരനിലാകുന്നു.
നിങ്ങളുടെ കവികളില്‍ ഒരാള്‍ പറഞ്ഞിരിക്കുന്നതുപോലെ,
നാം ദൈവത്തിന്‍റെ സന്താനങ്ങള്‍ തന്നെ.

29

“അങ്ങനെ നാം ദൈവത്തിന്‍റെ സന്താനങ്ങളായിരിക്കെ മനുഷ്യന്‍റെ ശില്പകലാ വൈദഗ്ധ്യവും കല്പനാവൈഭവവുംകൊണ്ട് സ്വര്‍ണത്തിലോ വെള്ളിയിലോ കല്ലിലോ നിര്‍മിക്കുന്ന വിഗ്രഹത്തെപ്പോലെയാണു ദൈവമെന്നു ചിന്തിക്കുവാന്‍ പാടില്ല.

30 അനുതപിച്ച് പാപമാര്‍ഗങ്ങളില്‍നിന്നു പിന്തിരിയണമെന്ന് ലോകത്തെങ്ങുമുള്ള സകല മനുഷ്യരോടും അവരുടെ അജ്ഞതയുടെ കാലങ്ങളെ കണക്കിലെടുക്കാതെ, ഇപ്പോള്‍ ദൈവം ആജ്ഞാപിക്കുന്നു.

31 അവിടുന്ന് ഒരു ദിവസം നിശ്ചയിച്ചിട്ടുണ്ട്. അന്ന് സകല ലോകത്തെയും അവിടുന്നു നീതിപൂര്‍വം വിധിക്കും. അതിനുവേണ്ടി ഒരു മനുഷ്യനെയും അവിടുന്നു തിരഞ്ഞെടുത്തിരിക്കുന്നു. ആ മനുഷ്യനെ മരിച്ചവരില്‍ നിന്നുയിര്‍പ്പിച്ചതിനാല്‍, എല്ലാവര്‍ക്കും അതിനുള്ള ഉറപ്പും നല്‌കിയിരിക്കുന്നു.”

32

മരിച്ചവരുടെ പുനരുത്ഥാനത്തെപ്പറ്റി അദ്ദേഹം പറഞ്ഞതു കേട്ടപ്പോള്‍ ചിലര്‍ പരിഹസിച്ചു. എന്നാല്‍ മറ്റുചിലരാകട്ടെ, “ഈ വിഷയത്തെക്കുറിച്ചു താങ്കള്‍ ചെയ്യുന്ന പ്രസംഗം ഇനിയും കേട്ടാല്‍ കൊള്ളാം എന്നു പറഞ്ഞു.

33 അങ്ങനെ പൗലൊസ് അവരുടെ മധ്യത്തില്‍നിന്നു പോയി.

34 ഏതാനുമാളുകള്‍ പൗലൊസിനോടു ചേര്‍ന്നു വിശ്വാസികളായിത്തീര്‍ന്നു. നഗരസഭാംഗമായ ഡയോനിഷ്യസും ദമരിസ് എന്ന വനിതയും മറ്റുചിലരും അവരില്‍ ഉള്‍പ്പെട്ടിരുന്നു.

18

1

അതിനുശേഷം പൗലൊസ് ആഥന്‍സില്‍നിന്ന് കൊരിന്തിലേക്കു പോയി.

2 അവിടെവച്ച് പൊന്തൊസ്കാരന്‍ അക്വിലാ എന്ന യെഹൂദനെയും അയാളുടെ ഭാര്യ പ്രിസ്കില്ലയെയും പരിചയപ്പെട്ടു. എല്ലാ യെഹൂദന്മാരും റോമാനഗരം വിട്ടുപോകണമെന്നു ക്ലൗദ്യോസ് കൈസര്‍ ഉത്തരവിട്ടതനുസരിച്ച്, ആയിടയ്‍ക്ക് ഇറ്റലിയില്‍നിന്നു വന്നവരായിരുന്നു ആ ദമ്പതികള്‍. പൗലൊസ് അവരെ സന്ദര്‍ശിച്ചു.

3 കൂടാരനിര്‍മാണമായിരുന്നു അവരുടെ തൊഴില്‍. പൗലൊസിന്‍റെയും തൊഴില്‍ അതായിരുന്നതുകൊണ്ട് അദ്ദേഹം അവരോടുകൂടി പാര്‍ത്ത് ആ പണിയില്‍ ഏര്‍പ്പെട്ടു.

4 എന്നാല്‍ ശബത്തുതോറും അദ്ദേഹം സുനഗോഗില്‍ പോയി സംവാദം നടത്തുകയും യെഹൂദന്മാരെയും ഗ്രീക്കുകാരെയും ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുപോന്നു.

5

ശീലാസും തിമൊഥെയോസും മാസിഡോണിയയില്‍നിന്നു വന്നശേഷം പൗലൊസ് മുഴുവന്‍ സമയവും വചനഘോഷണത്തിലേര്‍പ്പെട്ടു. യേശു തന്നെയാണ് സാക്ഷാല്‍ ക്രിസ്തു എന്നു യെഹൂദന്മാരോട് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.

6 അവര്‍ അദ്ദേഹത്തെ എതിര്‍ക്കുകയും ദുഷിക്കുകയും ചെയ്തതിനാല്‍ തന്‍റെ വസ്ത്രം കുടഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു: “നിങ്ങളുടെ നാശത്തിനു നിങ്ങള്‍ തന്നെയാണ് ഉത്തരവാദികള്‍; ഞാന്‍ നിരപരാധിയത്രേ. ഇനി ഞാന്‍ വിജാതീയരുടെ അടുക്കലേക്കു പോകും.”

7

പിന്നീട് അദ്ദേഹം സുനഗോഗിനു തൊട്ടടുത്തുള്ള തീത്തോസ് യുസ്തൊസ് എന്നയാളിന്‍റെ വീട്ടില്‍ ചെന്നു പാര്‍ത്തു. അദ്ദേഹം ഇസ്രായേലിന്‍റെ ദൈവത്തെ ആരാധിച്ചുപോന്ന ഒരു ഭക്തനായിരുന്നു.

8 സുനഗോഗിന്‍റെ അധികാരിയായ ക്രിസ്പോസും അദ്ദേഹത്തിന്‍റെ കുടുംബത്തിലുള്ള എല്ലാവരും കര്‍ത്താവില്‍ വിശ്വസിച്ചു. കൊരിന്തിലുള്ള അനേകമാളുകള്‍ പൗലൊസിന്‍റെ പ്രസംഗം കേട്ടു വിശ്വസിക്കുകയും സ്നാപനം സ്വീകരിക്കുകയും ചെയ്തു.

9

രാത്രിയില്‍ ഒരു ദര്‍ശനത്തില്‍ കര്‍ത്താവു പൗലൊസിനോട് അരുള്‍ചെയ്തു: “നീ ഭയപ്പെടരുത്; പ്രസംഗിച്ചുകൊള്ളുക; മിണ്ടാതിരിക്കരുത്. ഞാന്‍ നിന്‍റെകൂടെയുണ്ട്;

10 ആരും നിന്നെ കൈയേറ്റം ചെയ്യുകയോ ദ്രോഹിക്കുകയോ ഇല്ല. ഈ നഗരത്തില്‍ എനിക്കു ധാരാളം ആളുകളുണ്ട്.”

11 അങ്ങനെ ദൈവവചനം പഠിപ്പിച്ചുകൊണ്ട് ഒന്നരവര്‍ഷം പൗലൊസ് അവിടെ പാര്‍ത്തു.

12

ഗല്ലിയോന്‍, അഖായയിലെ ദേശാധിപതിയായി വാഴുമ്പോള്‍ യെഹൂദന്മാര്‍ പൗലൊസിനെതിരെ ഏകാഭിപ്രായത്തോടെ സംഘടിച്ച് അദ്ദേഹത്തെ പിടിച്ച് കോടതിയില്‍ ഹാജരാക്കി.

13 “യെഹൂദമതനിയമം അനുവദിക്കാത്തവിധം ദൈവത്തെ ആരാധിക്കുവാന്‍ ഈ മനുഷ്യന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു” എന്ന കുറ്റം അവര്‍ അദ്ദേഹത്തില്‍ ആരോപിച്ചു.

14

പൗലൊസ് മറുപടി പറയുവാന്‍ ഭാവിച്ചപ്പോള്‍ ഗല്ലിയോന്‍ ഇപ്രകാരം പറഞ്ഞു: “അല്ലയോ യെഹൂദന്മാരേ, എന്തെങ്കിലും അന്യായമോ അധര്‍മമോ ആയിരുന്നെങ്കില്‍ നിങ്ങളുടെ സങ്കടം ഞാന്‍ ക്ഷമയോടെ കേള്‍ക്കാമായിരുന്നു.

15 എന്നാല്‍ ചില വാക്കുകളുടെയും നാമങ്ങളുടെയും നിങ്ങളുടെ ധര്‍മശാസ്ത്രത്തിന്‍റെയും പ്രശ്നമാണെങ്കില്‍, നിങ്ങള്‍തന്നെ തീരുമാനിച്ചുകൊള്ളുക; ഇങ്ങനെയുള്ള കാര്യങ്ങളുടെ വിധികര്‍ത്താവാകുവാന്‍ എനിക്കു സമ്മതമില്ല.”

16 അദ്ദേഹം അവരെ കോടതിയില്‍നിന്നു പുറത്താക്കുകയും ചെയ്തു.

17 അവര്‍ എല്ലാവരുംകൂടി സുനഗോഗിന്‍റെ അധികാരിയായ സോസ്ഥനേസിനെ പിടിച്ച് കോടതിയുടെ മുമ്പില്‍ വച്ചുതന്നെ അടിച്ചു. പക്ഷേ ഗല്ലിയോന്‍ ഇതൊന്നും ഗൗനിച്ചില്ല.

18

പൗലൊസ് കുറെനാള്‍കൂടി കൊരിന്തില്‍ പാര്‍ത്തു. പിന്നീട് അവിടെയുള്ള സഹോദരന്മാരോടു യാത്രപറഞ്ഞ് സിറിയയിലേക്കു കപ്പല്‍കയറി. പ്രിസ്കില്ലയും അക്വിലായും അദ്ദേഹത്തിന്‍റെകൂടെ ഉണ്ടായിരുന്നു. ഒരു നേര്‍ച്ച ഉണ്ടായിരുന്നതിനാല്‍ കെംക്രയില്‍വച്ച് അദ്ദേഹം തല മുണ്ഡനംചെയ്തു.

19 എഫെസൊസില്‍ എത്തിയപ്പോള്‍ കൂടെയുണ്ടായിരുന്നവരെ അവിടെ വിട്ടു. അദ്ദേഹം അവിടത്തെ സുനഗോഗില്‍ ചെന്ന് യെഹൂദന്മാരോടു സംവാദം നടത്തി.

20 കുറെനാള്‍കൂടി അവിടെ പാര്‍ക്കുവാന്‍ അവര്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സമ്മതിച്ചില്ല.

21 “ദൈവം അനുവദിച്ചാല്‍ ഞാന്‍ മടങ്ങിവരാം” എന്നു പറഞ്ഞ് അവരോടു വിടവാങ്ങിക്കൊണ്ട് എഫെസൊസില്‍നിന്നു കപ്പല്‍കയറി.

22

കൈസര്യയില്‍ ഇറങ്ങി അദ്ദേഹം സഭയെ അഭിവാദനം ചെയ്തു.

23 പിന്നീട് അന്ത്യോക്യയിലേക്കു പോയി; അവിടെ കുറെനാള്‍ പ്രവര്‍ത്തിച്ചശേഷം ഗലാത്യ, ഫ്രുഗ്യ എന്നീ പ്രദേശങ്ങളില്‍ സഞ്ചരിച്ച് വിശ്വാസികളെ ധൈര്യപ്പെടുത്തി.

24

അലക്സാന്ത്രിയാ സ്വദേശിയായ അപ്പൊല്ലോസ് എന്നൊരു യെഹൂദന്‍ എഫെസൊസില്‍ എത്തി. നല്ലൊരു വാഗ്മി ആയിരുന്നു അദ്ദേഹം. വേദഗ്രന്ഥം കൈകാര്യം ചെയ്യുന്നതില്‍ പ്രഗല്ഭനും,

25 കര്‍ത്താവിന്‍റെ മാര്‍ഗത്തെക്കുറിച്ച് ഉപദേശം ലഭിച്ച ആളുമായിരുന്നു. യോഹന്നാന്‍റെ സ്നാപനത്തെക്കുറിച്ച് മാത്രമേ അദ്ദേഹം അറിഞ്ഞിരുന്നുള്ളൂ എങ്കിലും ആത്മാവില്‍ തീക്ഷ്ണതയുള്ളവനായി യേശുവിനെ സംബന്ധിച്ച കാര്യങ്ങള്‍ സൂക്ഷ്മമായി പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്തുപോന്നു.

26 അദ്ദേഹം സുനഗോഗുകളില്‍ സുധീരം പ്രസംഗിക്കുവാന്‍ തുടങ്ങി. അക്വിലായും പ്രിസ്കില്ലയും അദ്ദേഹത്തിന്‍റെ പ്രഭാഷണം കേട്ടപ്പോള്‍ അദ്ദേഹത്തെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി ദൈവത്തിന്‍റെ മാര്‍ഗം കൂടുതല്‍ സ്പഷ്ടമായി വിശദീകരിച്ചുകൊടുത്തു.

27 അപ്പൊല്ലോസ് മറുകരെയുള്ള അഖായയിലേക്കു പോരുവാന്‍ ആഗ്രഹിച്ചപ്പോള്‍ സഹോദരന്മാര്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും അദ്ദേഹത്തെ സ്വീകരിക്കണമെന്നു കാണിച്ച് അവിടത്തെ ശിഷ്യന്മാര്‍ക്കു കത്തെഴുതുകയും ചെയ്തു. ദൈവകൃപയാല്‍ വിശ്വാസികളായിത്തീര്‍ന്നവര്‍ക്ക് അദ്ദേഹം അവിടെ ചെന്നത് വളരെയധികം പ്രയോജനകരമായി ഭവിച്ചു.

28 യേശുതന്നെയാണ് ക്രിസ്തു എന്നു വേദലിഖിതങ്ങള്‍ ഉദ്ധരിച്ചു സമര്‍ഥിച്ചുകൊണ്ട് പരസ്യമായി യെഹൂദന്മാരുടെ വാദമുഖങ്ങള്‍ അദ്ദേഹം ഖണ്ഡിച്ചു.

19

1

അപ്പൊല്ലോസ് കൊരിന്തില്‍ ആയിരിക്കുമ്പോള്‍ പൗലൊസ് ഉള്‍നാടുകളില്‍കൂടി സഞ്ചരിച്ച് എഫെസൊസിലെത്തി. അവിടെ ഏതാനും ശിഷ്യന്മാരെ അദ്ദേഹം കണ്ടു.

2 “നിങ്ങള്‍ വിശ്വാസികളായിത്തീര്‍ന്നപ്പോള്‍ പരിശുദ്ധാത്മാവു ലഭിച്ചുവോ?” എന്ന് അദ്ദേഹം അവരോടു ചോദിച്ചു.

അപ്പോള്‍ അവര്‍ പറഞ്ഞു: “ഇല്ല, പരിശുദ്ധാത്മാവ് ഉണ്ടെന്നുപോലും ഞങ്ങള്‍ കേട്ടിട്ടില്ല.”

3

അദ്ദേഹം ചോദിച്ചു: “പിന്നെ ഏതു സ്നാപനമാണ് നിങ്ങള്‍ സ്വീകരിച്ചത്?”

4

“യോഹന്നാന്‍റെ സ്നാപനം” എന്ന് അവര്‍ പ്രതിവചിച്ചു. പൗലൊസ് പറഞ്ഞു: “യോഹന്നാന്‍ മാനസാന്തരത്തിന്‍റെ സ്നാപനമാണ് നടത്തിയത്; തന്‍റെ പിന്നാലെ വരുന്നവനായ യേശുവില്‍ വിശ്വസിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ഊന്നിപ്പറയുകയും ചെയ്തു.”

5

ഇതു കേട്ടപ്പോള്‍ അവര്‍ കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ സ്നാപനം സ്വീകരിച്ചു.

6 പൗലൊസ് അവരുടെമേല്‍ കൈകള്‍ വച്ചപ്പോള്‍ പരിശുദ്ധാത്മാവ് അവരുടെമേല്‍ വരുകയും അവര്‍ അന്യഭാഷകളില്‍ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു.

7 അവര്‍ പന്ത്രണ്ടു പേരോളം ഉണ്ടായിരുന്നു.

8

പൗലൊസ് സുനഗോഗില്‍ ചെന്ന് ധീരതയോടെ പ്രസംഗിക്കുകയും, ദൈവരാജ്യത്തെക്കുറിച്ചു ബോധ്യമാകുമാറ് സംവാദം നടത്തുകയും ചെയ്തുകൊണ്ട് മൂന്നുമാസം അവിടെ കഴിച്ചുകൂട്ടി.

9 എന്നാല്‍ ചിലര്‍ വഴങ്ങിയില്ല. അവര്‍ വിശ്വസിക്കുവാന്‍ വിസമ്മതിച്ചു. പൗലൊസ് പ്രസംഗിച്ച മാര്‍ഗത്തെ അവര്‍ പരസ്യമായി ദുഷിച്ചു. അപ്പോള്‍ അദ്ദേഹം ശിഷ്യന്മാരെ വിളിച്ചുകൊണ്ട് തുറന്നൊസിന്‍റെ പ്രഭാഷണശാലയില്‍ പോയി ദിനംപ്രതി സംവാദം നടത്തിപ്പോന്നു.

10 ഇങ്ങനെ രണ്ടു വര്‍ഷം ചെയ്തതിന്‍റെ ഫലമായി ഏഷ്യാസംസ്ഥാനത്ത് നിവസിച്ചിരുന്ന എല്ലാ യെഹൂദന്മാരും, ഗ്രീക്കുകാരും കര്‍ത്താവിന്‍റെ വചനം കേള്‍ക്കുവാനിടയായി.

11

ദൈവം പൗലൊസ് മുഖാന്തരം അസാധാരണമായ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു.

12 പൗലൊസിന്‍റെ തുവാലയും ഉത്തരീയവും കൊണ്ടുവന്ന് രോഗികളുടെമേല്‍ ഇടുമ്പോള്‍ അവരുടെ രോഗം സുഖപ്പെടുകയും ദുഷ്ടാത്മാക്കള്‍ അവരില്‍നിന്നു വിട്ടുപോകുകയും ചെയ്തുവന്നു.

13 ദേശാടനം ചെയ്ത് പിശാചുബാധ ഒഴിക്കുന്ന ചില യെഹൂദമന്ത്രവാദികള്‍ ദുഷ്ടാത്മാക്കള്‍ക്കെതിരെ കര്‍ത്താവിന്‍റെ നാമം ഉപയോഗിക്കുവാന്‍ തുനിഞ്ഞു. “പൗലൊസ് ആരെപ്പറ്റി പ്രസംഗിക്കുന്നുവോ, ആ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ നിങ്ങളോട് ശപഥം ചെയ്തു കല്പിക്കുന്നു” എന്ന് അവര്‍ പറഞ്ഞു.

14 സ്കേവാ എന്ന പുരോഹിതമുഖ്യന്‍റെ ഏഴു പുത്രന്മാരാണ് ഇപ്രകാരം ചെയ്തത്.

15

എന്നാല്‍ ദുഷ്ടാത്മാവ് അവരോടു ചോദിച്ചു: “യേശുവിനെ എനിക്കറിയാം; പൗലൊസിനെയും അറിയാം; എന്നാല്‍ നിങ്ങളാരാണ്?”

16

പിന്നീട് ഭൂതബാധിതന്‍ അവരുടെമേല്‍ ചാടിവീണ് എല്ലാവരെയും പതംവരുത്തി കീഴടക്കി. അവര്‍ പരുക്കേറ്റു നഗ്നരായി ആ വീട്ടില്‍നിന്ന് ഓടി രക്ഷപെട്ടു.

17 എഫെസൊസില്‍ നിവസിക്കുന്ന എല്ലാ യെഹൂദന്മാരും ഗ്രീക്കുകാരും ഈ സംഭവം അറിഞ്ഞപ്പോള്‍ വല്ലാതെ ഭയപ്പെട്ടു; കര്‍ത്താവായ യേശുവിന്‍റെ നാമം കൂടുതല്‍ പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്തു.

18 വിശ്വസിച്ചവരായ പലരും വന്നു തങ്ങളുടെ പ്രവൃത്തികള്‍ പരസ്യമായി ഏറ്റുപറഞ്ഞു.

19 ക്ഷുദ്രപ്രയോഗം ചെയ്തിരുന്ന അനേകമാളുകള്‍ തങ്ങളുടെ ഗ്രന്ഥങ്ങള്‍ കൊണ്ടുവന്നു പരസ്യമായി ചുട്ടുകളഞ്ഞു. അവയുടെ വില കണക്കാക്കി നോക്കിയപ്പോള്‍ അമ്പതിനായിരം വെള്ളിക്കാശ് എന്നു കണ്ടു.

20 ഇങ്ങനെ കര്‍ത്താവിന്‍റെ വചനം ശക്തിയോടെ പ്രചരിക്കുകയും പ്രബലപ്പെടുകയും ചെയ്തു.

21

ഈ സംഭവങ്ങള്‍ക്കുശേഷം പൗലൊസ് മാസിഡോണിയയിലും അഖായയിലുംകൂടി കടന്നു യെരൂശലേമിലേക്കു പോകണമെന്ന് ആത്മനിയോഗംമൂലം തീരുമാനിച്ചു. അവിടെ ചെന്നശേഷം റോമും സന്ദര്‍ശിക്കണം എന്ന് അദ്ദേഹം വിചാരിച്ചു.

22 തന്‍റെ സഹായകരായ തിമൊഥെയോസിനെയും എരസ്തൊസിനെയും മാസിഡോണിയയിലേക്ക് അയച്ചശേഷം അദ്ദേഹം ഏഷ്യാസംസ്ഥാനത്ത് കുറേക്കാലംകൂടി താമസിച്ചു.

23

അക്കാലത്ത് ക്രിസ്തുമാര്‍ഗത്തെച്ചൊല്ലി എഫെസൊസില്‍ വലിയ കലഹമുണ്ടായി.

24 അവിടെ ദെമെത്രിയൊസ് എന്നൊരു ശില്പി അര്‍ത്തെമിസ്ദേവിയുടെ ക്ഷേത്രരൂപം വെള്ളികൊണ്ട് ഉണ്ടാക്കിവന്നിരുന്നു; ആ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്ക് അത് നല്ലൊരു ആദായവുമായിരുന്നു.

25 ഈ തൊഴിലാളികളെ അയാള്‍ വിളിച്ചുകൂട്ടി പറഞ്ഞു: “സുഹൃത്തുക്കളേ, നമ്മുടെ ആദായമാര്‍ഗമാണ് ഈ തൊഴില്‍ എന്നുള്ളത് നിങ്ങള്‍ക്കറിയാമല്ലോ.

26 എന്നാല്‍ മനുഷ്യകരങ്ങളാല്‍ നിര്‍മിക്കപ്പെട്ടവ ദേവന്മാര്‍ അല്ലെന്നു പറഞ്ഞ് പൗലൊസ് എന്ന മനുഷ്യന്‍ എഫെസൊസില്‍ മാത്രമല്ല, ഏഷ്യാസംസ്ഥാനത്ത് മിക്കവാറും ഉടനീളം ഒട്ടേറെയാളുകളെ വശീകരിച്ചു വഴിതെറ്റിക്കുന്നത് നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടല്ലോ.

27 ഇതുമൂലം നമ്മുടെ തൊഴില്‍ നിന്ദ്യമായിത്തീരുമെന്ന അപകടം മാത്രമല്ല ഉള്ളത്; പിന്നെയോ അര്‍ത്തെമിസ്മഹാദേവിയുടെ ക്ഷേത്രം യാതൊരു വിലയുമില്ലാത്തതായി പരിഗണിക്കപ്പെടുകയും ചെയ്യും. അങ്ങനെ ഏഷ്യാസംസ്ഥാനത്തുള്ള സമസ്തജനങ്ങളുമെന്നല്ല, ഭൂതലത്തിലെങ്ങുമുള്ളവര്‍ പൂജിച്ചുവരുന്ന ദേവിയുടെ മാഹാത്മ്യത്തിനു കോട്ടം തട്ടുകയും ചെയ്യും.”

28

ഇതു കേട്ടപ്പോള്‍ അവര്‍ രോഷാകുലരായി, “എഫെസ്യരുടെ അര്‍ത്തെമിസ് മഹാദേവി ജയിക്കട്ടെ!” എന്ന് ആര്‍ത്തുവിളിച്ചു. അങ്ങനെ പട്ടണം മുഴുവന്‍ പ്രക്ഷുബ്‍ധമായി;

29 ജനം ഒത്തുചേര്‍ന്ന് പൗലൊസിന്‍റെ സഹയാത്രികരായ ഗായോസ്, അരിസ്തര്‍ഹൊസ് എന്നീ മാസിഡോണിയക്കാരെ പിടിച്ചുവലിച്ചിഴച്ച് സമ്മേളനസ്ഥലത്തേക്കു പാഞ്ഞുചെന്നു.

30 പൗലൊസ് ജനക്കൂട്ടത്തിന്‍റെ മുമ്പിലേക്കു ചെല്ലുവാന്‍ ആഗ്രഹിച്ചെങ്കിലും, ശിഷ്യന്മാര്‍ അദ്ദേഹത്തെ അതിന് അനുവദിച്ചില്ല.

31 ഏഷ്യാ സംസ്ഥാനത്തെ ജനനേതാക്കന്മാരില്‍ ചിലര്‍ പൗലൊസിന്‍റെ സുഹൃത്തുക്കളായിരുന്നതിനാല്‍ അദ്ദേഹം സമ്മേളനസ്ഥലത്തേക്കു പോകരുതെന്ന് അവരും ആളയച്ചപേക്ഷിച്ചു.

32 ജനം ക്ഷുഭിതരായിരുന്നതിനാല്‍, തങ്ങള്‍ എന്തിനാണു വന്നുകൂടിയതെന്നുപോലും മിക്കപേര്‍ക്കും അറിഞ്ഞുകൂടായിരുന്നു. ചിലര്‍ ഒരു വിധത്തിലും മറ്റുചിലര്‍ മറ്റൊരു വിധത്തിലും മുറവിളികൂട്ടി.

33 യെഹൂദന്മാര്‍ മുമ്പോട്ട് ഉന്തിത്തള്ളിക്കൊണ്ടുവന്ന അലക്സാണ്ടര്‍ സംസാരിക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. ജനം നിശ്ശബ്ദരായിരിക്കുവാന്‍ ആംഗ്യം കാട്ടിക്കൊണ്ട് അയാള്‍ പ്രതിവാദിക്കുവാന്‍ ഭാവിച്ചു.

34 എന്നാല്‍ അയാള്‍ യെഹൂദനാണെന്നറിഞ്ഞപ്പോള്‍ “എഫെസ്യരുടെ അര്‍ത്തെമിസ്മഹാദേവി ജയിക്കട്ടെ” എന്ന് അവര്‍ ഏകസ്വരത്തില്‍ ആര്‍ത്തുവിളിച്ചു. ഈ ശബ്ദകോലാഹലം രണ്ടു മണിക്കൂറോളം നീണ്ടുനിന്നു.

35

ഒടുവില്‍ എഫെസൊസിലെ നഗരകാര്യദര്‍ശി ജനസഞ്ചയത്തെ ശാന്തമാക്കിക്കൊണ്ടു പറഞ്ഞു: “എഫെസൊസിലെ പൗരജനങ്ങളേ, എഫെസൊസ്നഗരം അര്‍ത്തെമിസ് മഹാദേവിയുടെ ക്ഷേത്രത്തിന്‍റെയും, ആകാശത്തു നിന്നുവീണ ആ ദിവ്യവിഗ്രഹത്തിന്‍റെയും സംരക്ഷകയാണെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്?

36 ഇവയൊക്കെ അനിഷേധ്യമായ വസ്തുതകളാകയാല്‍, തിടുക്കത്തിലൊന്നും ചെയ്യാതെ ശാന്തരായിരിക്കുക.

37 നിങ്ങള്‍ ഇവരെ ഇവിടെ പിടിച്ചുകൊണ്ടു വന്നുവല്ലോ; ഇവര്‍ ക്ഷേത്രം കവര്‍ച്ച ചെയ്യുന്നവരോ, നമ്മുടെ ദേവിയെ ദുഷിക്കുന്നവരോ അല്ല.

38 എന്നാല്‍ ദെമെത്രിയൊസിനും അയാളുടെ തൊഴിലാളികള്‍ക്കും, ആരുടെയെങ്കിലും പേരില്‍ പരാതിയുണ്ടെങ്കില്‍ അതു കേള്‍ക്കുവാന്‍ നിശ്ചിത ദിവസങ്ങളുണ്ട്, ദേശാധിപതികളുമുണ്ട്. അവര്‍ കോടതിയില്‍ വന്ന് വ്യവഹരിക്കട്ടെ.

39 അതല്ല, വേറെ കാര്യം ചൊല്ലിയാണു തര്‍ക്കമെങ്കില്‍, നിയമാനുസൃതം വിളിച്ചുകൂട്ടുന്ന പൗരസമിതിയില്‍വച്ച് അതു തീര്‍ക്കാമല്ലോ.

40 ഇന്നത്തെ ഈ ബഹളത്തിനു മതിയായ കാരണമില്ലാത്തതിനാല്‍, നമ്മുടെപേരില്‍ അധികാരികള്‍ കുറ്റം ചുമത്തുവാന്‍ ഇടയുണ്ട്. കൂട്ടംകൂടി നമ്മള്‍ ബഹളം കൂട്ടിയതിനു സമാധാനം പറയുവാന്‍ ഒന്നുമില്ലല്ലോ.”

41 ഇങ്ങനെ പറഞ്ഞുകൊണ്ട് അയാള്‍ ജനക്കൂട്ടത്തെ പിരിച്ചുവിട്ടു.

20

1

ബഹളമെല്ലാം ശമിച്ചുകഴിഞ്ഞ് പൗലൊസ് ശിഷ്യന്മാരെ വിളിച്ചുകൂട്ടി അവരെ ധൈര്യപ്പെടുത്തി. അനന്തരം അദ്ദേഹം അവരോടു യാത്രപറഞ്ഞ് മാസിഡോണിയയിലേക്കു പുറപ്പെട്ടു.

2 ആ പ്രദേശങ്ങളില്‍കൂടി സഞ്ചരിച്ച് അതതു സ്ഥലത്തെ ജനങ്ങളെ ഉദ്ബോധിപ്പിച്ചുകൊണ്ട് അദ്ദേഹം ഗ്രീസിലെത്തി. അവിടെ മൂന്നുമാസം പാര്‍ത്തു.

3 പിന്നീടു സിറിയയിലേക്കു കപ്പല്‍ കയറാന്‍ ഭാവിച്ചപ്പോള്‍ യെഹൂദന്മാര്‍ അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തുന്നതായി അറിഞ്ഞു. അതുകൊണ്ട് മാസിഡോണിയ വഴി തിരിച്ചുപോകുവാന്‍ അദ്ദേഹം നിശ്ചയിച്ചു.

4 ബെരോവയിലെ പുറൊസിന്‍റെ മകന്‍ സോപത്രോസും തെസ്സലോനിക്യരായ അരിസ്തര്‍ഹൊസും സെക്കുന്തൊസും ദര്‍ബക്കാരനായ ഗായോസും തിമൊഥെയൊസും ഏഷ്യാസംസ്ഥാനക്കാരായ തുഹിക്കൊസും ത്രൊഫിമൊസും മുമ്പേ പോയി

5 ഞങ്ങള്‍ക്കുവേണ്ടി ത്രോവാസില്‍ കാത്തിരുന്നു.

6 ഞങ്ങള്‍ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാള്‍ കഴിഞ്ഞ് ഫിലിപ്പിയില്‍നിന്നു കപ്പല്‍കയറി അഞ്ചുദിവസം കൊണ്ട് ത്രോവാസില്‍ അവരുടെ അടുക്കലെത്തി. അവിടെ ഞങ്ങള്‍ ഏഴുദിവസം പാര്‍ത്തു.

7

ആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിവസം അപ്പം മുറിക്കുവാന്‍ ഒന്നിച്ചു കൂടിയപ്പോള്‍ പൗലൊസ് അവരോടു സംസാരിച്ചു. പിറ്റെന്നാള്‍ അവിടെനിന്നു പുറപ്പെടാന്‍ ഉദ്ദേശിച്ചിരുന്നതുകൊണ്ട് അര്‍ധരാത്രിവരെ അദ്ദേഹം പ്രസംഗം നീട്ടി.

8 ഞങ്ങള്‍ കൂടിയിരുന്ന മാളികയില്‍ ഒട്ടേറെ വിളക്കുകള്‍ കത്തിച്ചുവച്ചിരുന്നു.

9 പൗലൊസിന്‍റെ പ്രഭാഷണം അങ്ങനെ നീണ്ടു പോയപ്പോള്‍, യൂത്തിക്കൊസ് എന്നൊരു യുവാവ് ജനല്‍പടിയില്‍ ഇരുന്ന് ഉറക്കംതൂങ്ങി. അയാള്‍ ഗാഢനിദ്രയിലായപ്പോള്‍ മൂന്നാമത്തെ നിലയില്‍നിന്നു താഴെ വീണു. എടുത്തുകൊണ്ടു വന്നപ്പോഴേക്കും അയാള്‍ മരിച്ചിരുന്നു.

10 പൗലൊസ് ഉടനെ ഇറങ്ങിച്ചെന്ന് കുനിഞ്ഞ് അയാളെ ആശ്ലേഷിച്ചു. “പരിഭ്രമിക്കേണ്ടാ, ഇവനു ജീവനുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു.

11 പിന്നീട് അദ്ദേഹം കയറിച്ചെന്ന് അപ്പം മുറിച്ചു ഭക്ഷിക്കുകയും നേരം പുലരുന്നതുവരെ സംസാരിക്കുകയും ചെയ്തു.

12 അനന്തരം അദ്ദേഹം അവിടെനിന്നു യാത്ര പുറപ്പെട്ടു. അവര്‍ ആ ചെറുപ്പക്കാരനെ ജീവനോടെ കൂട്ടിക്കൊണ്ടു പോയി; അവര്‍ക്കുണ്ടായ ആശ്വാസം അനല്പമായിരുന്നു.

13

അസ്സൊസ്‍വരെ കാല്നടയായി പോകുവാന്‍ പൗലൊസ് നിശ്ചയിച്ചു. അദ്ദേഹം ഏര്‍പ്പാടു ചെയ്തതനുസരിച്ച് അസ്സോസില്‍ വച്ച് അദ്ദേഹത്തെ കപ്പലില്‍ കയറ്റാമെന്നു ഞങ്ങള്‍ വിചാരിച്ചു. അങ്ങനെ ഞങ്ങള്‍ മുമ്പേ കപ്പലില്‍ പുറപ്പെട്ടു.

14 അസ്സോസില്‍വച്ച് ഞങ്ങള്‍ അദ്ദേഹത്തെ കയറ്റി മിതുലേനയിലെത്തി.

15 അവിടെനിന്നു കപ്പല്‍ നീക്കി പിറ്റേദിവസം ഖിയോസ്ദ്വീപിന്‍റെ എതിര്‍വശത്തെത്തി. അടുത്ത ദിവസം സാമോസ്ദ്വീപിലും പിറ്റേദിവസം മിലേത്തൊസിലും ഞങ്ങള്‍ ചെന്നുചേര്‍ന്നു.

16 കഴിയുമെങ്കില്‍ പെന്തെക്കോസ്തു പെരുന്നാളിനുമുമ്പ് യെരൂശലേമിലെത്താന്‍ പൗലൊസ് തിടുക്കം കൂട്ടി. അതുകൊണ്ട് ഏഷ്യാസംസ്ഥാനത്തു തങ്ങി വൈകാതിരിക്കുന്നതിനാണ് എഫെസൊസില്‍ ഇറങ്ങാതെ കപ്പലോടിച്ചു പോകുവാന്‍ തീരുമാനിച്ചത്.

17

എന്നാല്‍ മിലേത്തൊസില്‍വച്ച് അദ്ദേഹം എഫെസൊസിലെ സഭാമുഖ്യന്മാരെ ആളയച്ചുവരുത്തി, ഇപ്രകാരം പറഞ്ഞു:

18 “ഞാന്‍ ഏഷ്യയില്‍ കാലുകുത്തിയ നാള്‍മുതല്‍ നിങ്ങളുടെ ഇടയില്‍ എങ്ങനെയാണു ജീവിച്ചതെന്നു നിങ്ങള്‍ക്ക് അറിയാമല്ലോ.

19 യെഹൂദന്മാരുടെ ഗൂഢാലോചന നിമിത്തമുണ്ടായ അഗ്നിപരീക്ഷണങ്ങളെ നേരിട്ടുകൊണ്ട് കണ്ണുനീരോടുകൂടി, ഏറ്റവും വിനയപൂര്‍വം ഞാന്‍ കര്‍ത്താവിനെ സേവിച്ചുപോന്നു.

20 നിങ്ങള്‍ക്കു പ്രയോജനകരമായ യാതൊന്നും മറച്ചുവയ്‍ക്കാതെ വെളിപ്പെടുത്തിക്കൊണ്ട്, പൊതുസ്ഥലങ്ങളിലും നിങ്ങളുടെ ഭവനങ്ങളിലുംവച്ച് ഞാന്‍ നിങ്ങളെ ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്തു.

21 പശ്ചാത്തപിച്ചു ദൈവത്തിങ്കലേക്കു തിരിയുകയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്കുകയും ചെയ്യണമെന്ന് യെഹൂദന്മാരോടു മാത്രമല്ല, ഗ്രീക്കുകാരോടും ഞാന്‍ ഉറപ്പിച്ചു പ്രസ്താവിച്ചു. ഇവയെല്ലാം നിങ്ങള്‍ക്കറിയാമല്ലോ.

22 ഇപ്പോള്‍ ഇതാ, ഞാന്‍ ആത്മാവിനാല്‍ ബദ്ധനായി യെരൂശലേമിലേക്കു പോകുന്നു.

23 അവിടെ എനിക്ക് എന്താണു സംഭവിക്കുന്നതെന്ന് അറിഞ്ഞുകൂടാ. എന്നാല്‍ കാരാഗൃഹവും കഷ്ടതകളും എനിക്കായി കാത്തിരിക്കുന്നു എന്ന് ഓരോ പട്ടണത്തില്‍വച്ചും പരിശുദ്ധാത്മാവ് എനിക്കു മുന്നറിയിപ്പു നല്‌കിക്കൊണ്ടിരിക്കുന്നു.

24 എങ്കിലും എന്‍റെ പ്രാണനെ ഞാന്‍ നിസ്സാരമായി കരുതുന്നു. അതിനെ വിലയേറിയതായി ഞാന്‍ എണ്ണുന്നേയില്ല. എന്‍റെ ഓട്ടവും, കര്‍ത്താവായ യേശുവില്‍നിന്നു ലഭിച്ച ദൗത്യവും, പൂര്‍ത്തിയാക്കണമെന്നേ എനിക്കുള്ളൂ; ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യം വഹിക്കുക എന്നതാണ് ആ ദൗത്യം.

25

“നിങ്ങളുടെ മധ്യത്തില്‍ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ടു നടന്നവനായ എന്‍റെ മുഖം നിങ്ങള്‍ ഇനി കാണുകയില്ല എന്നു ഞാന്‍ അറിയുന്നു.

26 അതുകൊണ്ടു നിങ്ങളില്‍ ആരെങ്കിലും നഷ്ടപ്പെട്ടുപോയാല്‍, അതിനു ഞാന്‍ ഉത്തരവാദിയായിരിക്കുകയില്ല എന്ന് നിങ്ങളോട് ഉറപ്പിച്ചു പറയുന്നു.

27 ദൈവത്തിന്‍റെ ഉദ്ദേശ്യങ്ങള്‍ ഒന്നും മറച്ചുവയ്‍ക്കാതെ സമസ്തവും ഞാന്‍ നിങ്ങളെ അറിയിച്ചിട്ടുണ്ടല്ലോ.

28 തന്‍റെ ജീവന്‍ കൊടുത്ത് യേശു സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്‍റെ സഭയെ സംരക്ഷിക്കുവാന്‍ പരിശുദ്ധാത്മാവു നിങ്ങളെ അധ്യക്ഷന്മാരാക്കിയിരിക്കുന്നു. ആ ആട്ടിന്‍പറ്റത്തെ മുഴുവനെയും നിങ്ങളെത്തന്നെയും സൂക്ഷിച്ചുകൊള്ളുക.

29 ഞാന്‍ പോയതിനുശേഷം, കടിച്ചുകീറുന്ന ചെന്നായ്‍ക്കള്‍ വന്നു നിങ്ങളെ ആക്രമിക്കുന്നുവെന്നും, അവയ്‍ക്ക് ആടുകളോട് അശേഷം കരുണ ഉണ്ടായിരിക്കുകയില്ലെന്നും എനിക്കറിയാം.

30 ശിഷ്യന്മാരെ പാട്ടിലാക്കുന്നതിനു ദുരുപദേശവുമായി വരുന്ന ആളുകള്‍ നിങ്ങളുടെ ഇടയില്‍ നിന്നുതന്നെ മുമ്പോട്ടു വരും.

31 അതുകൊണ്ട് ഉണര്‍ന്നിരിക്കുക; മൂന്നു വര്‍ഷം രാപകല്‍ ഭേദമില്ലാതെ കണ്ണുനീരോടുകൂടി ഞാന്‍ നിങ്ങള്‍ക്കു ബുദ്ധി ഉപദേശിച്ചത് നിങ്ങള്‍ ഓര്‍മിച്ചുകൊള്ളണം.

32

“നിങ്ങളുടെ ജീവിതത്തെ പടുത്തുയര്‍ത്തുവാനും, സകല വിശുദ്ധന്മാര്‍ക്കും അവകാശമായി ലഭിക്കുന്ന അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്കു തരുവാനും കഴിയുന്ന, ദൈവത്തിന്‍റെ പരിപാലനത്തിലും അവിടുത്തെ കൃപയുടെ വചനത്തിലും ഞാന്‍ ഇപ്പോള്‍ നിങ്ങളെ സമര്‍പ്പിക്കുന്നു.

33 ആരുടെയും പൊന്നോ, വെള്ളിയോ, വസ്ത്രമോ ഞാന്‍ മോഹിച്ചിട്ടില്ല.

34 എന്‍റെയും എന്‍റെ സഹചാരികളുടെയും ആവശ്യങ്ങള്‍ക്കുവേണ്ടി, ഈ കൈകള്‍കൊണ്ടു ഞാന്‍ അധ്വാനിച്ചു എന്നത് നിങ്ങള്‍ക്കുതന്നെ അറിവുള്ളതാണല്ലോ.

35 വാങ്ങുന്നതിനെക്കാള്‍ കൊടുക്കുന്നതാണു ഭാഗ്യം എന്നു കര്‍ത്താവായ യേശു പറഞ്ഞിട്ടുള്ളത് ഓര്‍ത്തുകൊണ്ട് നാം അധ്വാനിച്ച് ബലഹീനരെ താങ്ങേണ്ടതാണ്. അതിനു ഞാന്‍ നിങ്ങള്‍ക്കു മാതൃക കാട്ടിയിരിക്കുന്നു.”

36

ഇങ്ങനെ പറഞ്ഞശേഷം അദ്ദേഹം അവരോടുകൂടി മുട്ടുകുത്തി പ്രാര്‍ഥിച്ചു.

37 അവരെല്ലാവരും വളരെയധികം കരയുകയും പൗലൊസിനെ കെട്ടിപ്പിടിച്ചു ചുംബിക്കുകയും ചെയ്തു.

38 ഇനിമേല്‍ തന്‍റെ മുഖം അവര്‍ കാണുകയില്ലെന്ന് അദ്ദേഹം പറഞ്ഞതാണ് അവരെ അധികം വേദനിപ്പിച്ചത്. അവര്‍ കപ്പലിനടുത്തുവരെ അദ്ദേഹത്തെ അനുയാത്രചെയ്തു.

21

1

ഞങ്ങള്‍ അവരെ ഒരു വിധത്തില്‍ വിട്ടു പിരിഞ്ഞ് കപ്പല്‍ നീക്കി. ഞങ്ങള്‍ നേരേ യാത്ര ചെയ്തു കോസിലും, പിറ്റേദിവസം രോദോസിലും പിന്നീട് പത്തരയിലുമെത്തി.

2 അവിടെനിന്ന് ഫൊയ്നിക്യയിലേക്ക് പോകുന്ന ഒരു കപ്പല്‍ കണ്ട് ഞങ്ങള്‍ അതില്‍ കയറി യാത്ര തുടര്‍ന്നു.

3 സൈപ്രസ്ദ്വീപു കണ്ടപ്പോള്‍ കപ്പല്‍ അതിന്‍റെ തെക്കുഭാഗത്തുകൂടി വിട്ട് സിറിയയിലേക്ക് ഓടിച്ചുപോയി. അങ്ങനെ സോരില്‍ ചെന്നിറങ്ങി. അവിടെ കപ്പലില്‍നിന്നു ചരക്കിറക്കാനുണ്ടായിരുന്നു. അവിടത്തെ ശിഷ്യന്മാരെ ഞങ്ങള്‍ അന്വേഷിച്ചു കണ്ടുപിടിച്ചു. ഏഴുദിവസം ഞങ്ങള്‍ അവരോടുകൂടി പാര്‍ത്തു.

4 യെരൂശലേമിലേക്കു പോകരുതെന്ന് അവര്‍ പരിശുദ്ധാത്മാവിന്‍റെ പ്രേരണയാല്‍ പൗലൊസിനോടു പറഞ്ഞു.

5 അവിടത്തെ താമസം കഴിഞ്ഞിട്ട് ഞങ്ങള്‍ അവരെ വിട്ടുപിരിഞ്ഞു പോന്നപ്പോള്‍, സ്‍ത്രീകളും കുട്ടികളുമടക്കം അവരെല്ലാവരുംകൂടി പട്ടണത്തിനു പുറത്തുവരെ അനുയാത്ര ചെയ്തു. ഞങ്ങള്‍ കടല്‍പ്പുറത്തു മുട്ടുകുത്തി പ്രാര്‍ഥിച്ച്, അന്യോന്യം വിടവാങ്ങി.

6 പിന്നീട് ഞങ്ങള്‍ കപ്പലില്‍ കയറുകയും അവര്‍ സ്വഭവനങ്ങളിലേക്കു തിരിച്ചുപോകുകയും ചെയ്തു.

7

സോരില്‍ നിന്നു യാത്രചെയ്ത് ഞങ്ങള്‍ പ്തൊലെമായിസില്‍ എത്തിച്ചേര്‍ന്നു; സഹോദരന്മാരെ ഞങ്ങള്‍ അഭിവാദനം ചെയ്തു; ഒരു ദിവസം അവരോടുകൂടി പാര്‍ത്തു.

8 പിറ്റേദിവസം ഞങ്ങള്‍ അവിടെനിന്നു പുറപ്പെട്ടു കൈസര്യയിലെത്തി. ഫീലിപ്പോസ് എന്ന സുവിശേഷകന്‍റെ വീട്ടില്‍ ചെന്ന് അദ്ദേഹത്തിന്‍റെ കൂടെ പാര്‍ത്തു. യെരൂശലേമില്‍വച്ചു ദിവ്യശുശ്രൂഷയ്‍ക്കായി തിരഞ്ഞെടുക്കപ്പെട്ട ഏഴുപേരില്‍ ഒരാളായിരുന്നു അദ്ദേഹം.

9 അദ്ദേഹത്തിനു പ്രവചിക്കുന്നവരും കന്യകമാരുമായ നാലു പുത്രിമാരുണ്ടായിരുന്നു. ഞങ്ങള്‍ ഏതാനും ദിവസം അവിടെ താമസിച്ചു;

10 അതിനിടയ്‍ക്ക് അഗബൊസ് എന്നൊരു പ്രവാചകന്‍ യെഹൂദ്യയില്‍നിന്നു വന്നു.

11 അയാള്‍ ഞങ്ങളുടെ അടുക്കല്‍ വന്ന്, പൗലൊസിന്‍റെ അരക്കച്ച എടുത്ത് സ്വന്തം കൈകാലുകള്‍ കെട്ടി; “ഈ അരക്കച്ചയുടെ ഉടമസ്ഥനെ യെരൂശലേമിലെ യെഹൂദന്മാര്‍ ഇതുപോലെ ബന്ധിച്ചു വിജാതീയരെ ഏല്പിക്കുമെന്നു പരിശുദ്ധാത്മാവു പറയുന്നു” എന്നു പറഞ്ഞു.

12

ഇതുകേട്ടപ്പോള്‍ യെരൂശലേമിലേക്കു പോകരുതെന്നു ഞങ്ങളും അവിടെയുള്ളവരും പൗലൊസിനോടപേക്ഷിച്ചു.

13 അപ്പോള്‍ അദ്ദേഹം ഇപ്രകാരം പ്രതിവചിച്ചു: “നിങ്ങള്‍ എന്താണീ ചെയ്യുന്നത്? നിങ്ങള്‍ വിങ്ങിക്കരഞ്ഞ് എന്‍റെ ഹൃദയം തകര്‍ക്കുകയാണോ? കര്‍ത്താവായ യേശുവിനുവേണ്ടി യെരൂശലേമില്‍വച്ചു ബന്ധനസ്ഥനാകുവാന്‍ മാത്രമല്ല, മരിക്കുവാന്‍പോലും ഞാന്‍ തയ്യാറാണ്.”

14

അദ്ദേഹം വഴങ്ങുകയില്ലെന്നു കണ്ടപ്പോള്‍, ഞങ്ങള്‍ ആ ഉദ്യമം ഉപേക്ഷിച്ചിട്ട് ദൈവഹിതം പൂര്‍ത്തിയാകട്ടെ എന്നു പറഞ്ഞു.

15

ഏതാനും ദിവസങ്ങള്‍ക്കുശേഷം വേണ്ട ഒരുക്കങ്ങള്‍ചെയ്ത് ഞങ്ങള്‍ യെരൂശലേമിലേക്കു പോയി.

16 കൈസര്യയിലെ ചില ശിഷ്യന്മാരും ഞങ്ങളുടെകൂടെ പോന്നു. അവര്‍ ഞങ്ങളെ ആദ്യകാല ശിഷ്യന്മാരില്‍ ഒരാളായ സൈപ്രസുകാരന്‍ മ്നാസോന്‍റെ അടുക്കലേക്കു കൂട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന്‍റെ വീട്ടിലാണ് ഞങ്ങള്‍ക്കു പാര്‍ക്കേണ്ടിയിരുന്നത്.

17

ഞങ്ങള്‍ യെരൂശലേമിലെത്തിയപ്പോള്‍ അവിടത്തെ സഹോദരന്മാര്‍ ഞങ്ങളെ സസന്തോഷം സ്വീകരിച്ചു.

18 പിറ്റേദിവസം പൗലൊസും ഞങ്ങളുംകൂടി യാക്കോബിന്‍റെ അടുക്കലേക്കു പോയി; സഭയിലെ എല്ലാ മുഖ്യന്മാരും അവിടെ കൂടിയിരുന്നു.

19 അവരെ അഭിവാദനം ചെയ്തശേഷം, തന്‍റെ ശുശ്രൂഷയില്‍കൂടി വിജാതീയരുടെ ഇടയില്‍ ദൈവം ചെയ്ത കാര്യങ്ങള്‍ പൗലൊസ് ഓരോന്നായി വിവരിച്ചു.

20 അതുകേട്ടപ്പോള്‍ അവര്‍ ദൈവത്തെ സ്തുതിച്ചു; അവര്‍ അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: “നോക്കൂ, സഹോദരാ, യെഹൂദന്മാരുടെ ഇടയില്‍ വിശ്വാസികളായിത്തീര്‍ന്നിട്ടുള്ള എത്ര ആയിരം ജനങ്ങളുണ്ട്! യെഹൂദധര്‍മശാസ്ത്രത്തിന്‍റെ അനുഷ്ഠാനത്തില്‍ വ്യഗ്രതയുള്ളവരാണ് അവരെല്ലാവരും.

21 കുട്ടികളെ പരിച്ഛേദനകര്‍മത്തിനു വിധേയരാക്കുകയോ, പരമ്പരാഗതമായ ആചാരങ്ങള്‍ അനുഷ്ഠിക്കുകയോ ചെയ്യരുതെന്ന്, വിജാതീയരുടെ ഇടയിലുള്ള യെഹൂദന്മാരോടു പറഞ്ഞുകൊണ്ട്, മോശയുടെ നിയമസംഹിത പരിത്യജിക്കണമെന്ന്,

22 അവരെ താങ്കള്‍ ഉപദേശിക്കുന്നതായി ഇവിടെയുള്ളവര്‍ കേട്ടിരിക്കുന്നു. ഇക്കാര്യത്തില്‍ എന്താണു ചെയ്യുക? താങ്കള്‍ വന്നിരിക്കുന്ന വിവരം അവര്‍ നിശ്ചയമായും അറിയും;

23 അതുകൊണ്ട് ഞങ്ങളുടെ നിര്‍ദേശം ഇതാണ്; വ്രതമെടുത്തിട്ടുള്ള നാലു പുരുഷന്മാര്‍ ഇവിടെയുണ്ട്.

24 അവരെ കൂട്ടിക്കൊണ്ടുപോയി അവരോടൊപ്പം താങ്കളും ശുദ്ധീകരണകര്‍മത്തിനു വിധേയനാകുക; അവരുടെ തല മുണ്ഡനം ചെയ്യുന്നതിനുള്ള ചെലവും കൊടുക്കുക; അങ്ങനെ ചെയ്താല്‍ താങ്കളെപ്പറ്റി അവര്‍ കേട്ടതില്‍ കഥയൊന്നുമില്ലെന്നും, താങ്കള്‍ യെഹൂദനിയമസംഹിത അനുസരിക്കുന്ന ആളാണെന്നും എല്ലാവര്‍ക്കും ബോധ്യമാകും.

25 വിശ്വാസികളായിത്തീര്‍ന്ന വിജാതീയരാകട്ടെ, വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ചിട്ടുള്ളവയും, രക്തവും, ശ്വാസംമുട്ടിച്ചത്തവയും, ദുര്‍മാര്‍ഗവും വര്‍ജിച്ചാല്‍ മതിയെന്നു നാം തീരുമാനിച്ച് എഴുതി അറിയിച്ചിട്ടുണ്ടല്ലോ.

26

അങ്ങനെ പിറ്റേദിവസം പൗലൊസ് ആ നാലുപേരെ കൂട്ടിക്കൊണ്ടുപോയി അവരോടുകൂടി ശുദ്ധീകരണകര്‍മത്തിനു വിധേയനായി. അവര്‍ക്ക് ഓരോരുത്തര്‍ക്കുംവേണ്ട വഴിപാട് അര്‍പ്പിക്കുന്നതിലേക്കു ശുദ്ധീകരണദിവസങ്ങള്‍ എന്നു പൂര്‍ത്തിയാകുമെന്ന് അറിയിക്കുന്നതിനായി പൗലൊസ് ദേവാലയത്തിലേക്കു പോകുകയും ചെയ്തു.

27

ആ ഏഴു ദിവസം പൂര്‍ത്തിയാകാറായപ്പോള്‍, ഏഷ്യാസംസ്ഥാനത്തുനിന്നു വന്ന യെഹൂദന്മാര്‍ ദേവാലയത്തില്‍വച്ച് അദ്ദേഹത്തെ കണ്ടു.

28 “ഇസ്രായേല്‍പുരുഷന്മാരേ, സഹായത്തിനെത്തിയാലും! ഈ മനുഷ്യനാണ് നമ്മുടെ ജനതയ്‍ക്കും ധര്‍മശാസ്ത്രത്തിനും ഈ ദേവാലയത്തിനും എതിരെ എല്ലായിടത്തും എല്ലാവരെയും ഉപദേശിക്കുന്നത്! ഇയാള്‍ ഗ്രീക്കുകാരെ ദേവാലയത്തില്‍ പ്രവേശിപ്പിച്ച് ഈ വിശുദ്ധസ്ഥലം അശുദ്ധമാക്കുകയും ചെയ്തിരിക്കുന്നു” എന്നിങ്ങനെ ആക്രോശിച്ചുകൊണ്ട് അവര്‍ ജനങ്ങളെ ഇളക്കിവിട്ടു. അവര്‍ അദ്ദേഹത്തെ പിടിച്ചു.

29 എഫെസൊസുകാരനായ ത്രോഫിമോസിനെ അവര്‍ പൗലൊസിനോടുകൂടി നേരത്തെ നഗരത്തില്‍വച്ചു കണ്ടിരുന്നു. അതുകൊണ്ട് അയാളെ ദേവാലയത്തില്‍ പ്രവേശിപ്പിച്ചുകാണുമെന്ന് അവര്‍ ഊഹിച്ചു.

30

നഗരം ആകമാനം ഇളകി, ജനങ്ങള്‍ ഓടിക്കൂടി. അവര്‍ പൗലൊസിനെ പിടിച്ചു ദേവാലയത്തിനു പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി. ഉടനെതന്നെ വാതിലുകളെല്ലാം അടയ്‍ക്കപ്പെട്ടു. അവര്‍ അദ്ദേഹത്തെ കൊല്ലാന്‍ ശ്രമിച്ചു.

31 ഈ സമയത്ത് യെരൂശലേമിലെങ്ങും കലാപമുണ്ടായിരിക്കുന്നുവെന്ന് സൈന്യത്തിന്‍റെ സഹസ്രാധിപന് അറിവു കിട്ടി.

32 ഉടനെ അദ്ദേഹം പടയാളികളെയും ശതാധിപന്മാരെയും കൂട്ടിക്കൊണ്ട് അവരുടെ അടുക്കല്‍ പാഞ്ഞെത്തി. സൈന്യാധിപനെയും പടയാളികളെയും കണ്ടപ്പോള്‍ അവര്‍ പൗലൊസിനെ മര്‍ദിക്കുന്നതു നിറുത്തി.

33 സഹസ്രാധിപന്‍ വന്നു പൗലൊസിനെ പിടിച്ച്, രണ്ടു ചങ്ങലകൊണ്ടു ബന്ധിക്കുവാന്‍ ഉത്തരവിട്ടു. ഇയാള്‍ ആരാണെന്നും എന്താണു ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.

34 ജനങ്ങളില്‍ ഒരു കൂട്ടര്‍ ഒരു വിധത്തിലും മറ്റൊരു കൂട്ടര്‍ മറ്റൊരു വിധത്തിലും വിളിച്ചുകൂവി. ബഹളംമൂലം കലാപത്തിന്‍റെ യഥാര്‍ഥ കാരണം മനസ്സിലാക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അതുകൊണ്ട് പൗലൊസിനെ പാളയത്തിലേക്കു കൊണ്ടുപോകുവാന്‍ അദ്ദേഹം ആജ്ഞാപിച്ചു.

35 പാളയത്തിന്‍റെ നടയ്‍ക്കരികിലെത്തിയപ്പോള്‍ പ്രക്ഷുബ്‍ധമായ ജനസഞ്ചയത്തിന്‍റെ ബലാല്‌ക്കാരംമൂലം, പടയാളികള്‍ക്കു പൗലൊസിനെ എടുത്തുകൊണ്ടുപോകേണ്ടിവന്നു.

36 “അവനെ കൊന്നുകളയുക” എന്ന് ആള്‍ക്കൂട്ടം ആക്രോശിച്ചുകൊണ്ടു പിറകേ ചെന്നു.

37

പാളയത്തില്‍ പ്രവേശിക്കാറായപ്പോള്‍ പൗലൊസ് സഹസ്രാധിപനോട്, “ചില കാര്യങ്ങള്‍ അങ്ങയോടു പറയുവാന്‍ എന്നെ അനുവദിക്കുമോ?” എന്നു ചോദിച്ചു.

38

അപ്പോള്‍ സൈന്യാധിപന്‍, “നിങ്ങള്‍ക്കു ഗ്രീക്കറിയാം അല്ലേ? കുറേനാള്‍മുമ്പ് ഒരു വിപ്ലവമുണ്ടാക്കി നാലായിരം ഭീകരപ്രവര്‍ത്തകരെ മരുഭൂമിയിലേക്കു നയിച്ച ഈജിപ്തുകാരനല്ലേ നിങ്ങള്‍? എന്നു ചോദിച്ചു.

39

പൗലൊസ് പ്രതിവചിച്ചു: “ഞാന്‍ ഒരു യെഹൂദനാണ്; കിലിക്യയിലെ പ്രസിദ്ധനഗരമായ തര്‍സൊസില്‍ ജനിച്ച ഒരു പൗരനുമാണ്; ഈ ജനത്തോട് ഒന്നു സംസാരിക്കുവാന്‍ അങ്ങ് അനുവദിച്ചാലും.”

40

സഹസ്രാധിപന്‍ അനുവദിച്ചപ്പോള്‍, പൗലൊസ് നടയില്‍ നിന്നുകൊണ്ട് ജനത്തോടു നിശ്ശബ്ദത പാലിക്കാന്‍ ആംഗ്യം കാട്ടി; ജനം നിശ്ശബ്ദരായപ്പോള്‍, അദ്ദേഹം എബ്രായഭാഷയില്‍ ഇപ്രകാരം പ്രസ്താവിച്ചു:

22

1

“സഹോദരന്മാരേ, പിതാക്കന്മാരേ, എനിക്കു പറയാനുള്ള സമാധാനം കേട്ടാലും.”

2

എബ്രായഭാഷയില്‍ അദ്ദേഹം സംസാരിക്കുന്നതു കേട്ടപ്പോള്‍ അവര്‍ പൂര്‍വോപരി ശാന്തരായി. അദ്ദേഹം തുടര്‍ന്നു:

3

“ഞാന്‍ ഒരു യെഹൂദനാണ്. കിലിക്യയിലെ തര്‍സൊസിലാണു ഞാന്‍ ജനിച്ചത്. എന്നാല്‍ വളര്‍ന്നത് ഈ നഗരത്തിലാണ്. ഗമാലീയേലിന്‍റെ ശിക്ഷണത്തില്‍ നമ്മുടെ പിതാക്കന്മാരുടെ ധര്‍മശാസ്ത്രം ഞാന്‍ അവധാനപൂര്‍വം അഭ്യസിച്ചു. നിങ്ങളെല്ലാവരും ഇന്ന് ആയിരിക്കുന്നതുപോലെ ദൈവത്തെ സേവിക്കുന്നതില്‍ ഞാനും ഏറ്റവും ശുഷ്കാന്തിയുള്ളവനായിരുന്നു.

4 പുരുഷന്മാരെയും സ്‍ത്രീകളെയും പിടിച്ചുകെട്ടി കാരാഗൃഹത്തിലേല്പിച്ചും കൊലയ്‍ക്കു കൊടുത്തും, ഈ മാര്‍ഗത്തെ ഞാന്‍ ദ്രോഹിച്ചുവന്നു. മഹാപുരോഹിതനും ജനപ്രമുഖന്മാരുടെ സംഘം മുഴുവനും അതിനു സാക്ഷികളാണ്.

5 അവരില്‍നിന്നു ദമാസ്കസിലുള്ള സഹോദരന്മാര്‍ക്കു കത്തുകള്‍ വാങ്ങിക്കൊണ്ട്, അവിടെ പാര്‍ക്കുന്നവരെ പിടിച്ചുകെട്ടി യെരൂശലേമില്‍ കൊണ്ടുവന്നു ദണ്ഡിപ്പിക്കുന്നതിനായി ഞാന്‍ പുറപ്പെട്ടു.

6

“അങ്ങനെ ഞാന്‍ യാത്രചെയ്ത് ദമാസ്കസിനോടടുത്തപ്പോള്‍ മധ്യാഹ്നസമയത്ത് ആകാശത്തുനിന്നുള്ള ഒരു ഉജ്ജ്വല പ്രകാശം പെട്ടെന്ന് എന്‍റെ ചുറ്റും ദൃശ്യമായി.

7 ഞാന്‍ നിലത്തുവീണു. ‘ശൗലേ, ശൗലേ, എന്തിനാണ് നീ എന്നെ ദ്രോഹിക്കുന്നത്?’ എന്ന് എന്നോടു ചോദിക്കുന്ന ഒരശരീരി ഞാന്‍ കേട്ടു.

8 ‘കര്‍ത്താവേ, അങ്ങ് ആരാകുന്നു?’ എന്നു ഞാന്‍ ചോദിച്ചു. ‘നീ ദ്രോഹിക്കുന്ന നസ്രായനായ യേശുവാണ് ഞാന്‍’ എന്നായിരുന്നു മറുപടി.

9 എന്‍റെകൂടെയുണ്ടായിരുന്നവര്‍ ആ പ്രകാശം കണ്ടെങ്കിലും, എന്നോടു സംസാരിച്ച ആളിന്‍റെ ശബ്ദം കേട്ടില്ല,

10 ഞാന്‍ ചോദിച്ചു: ‘കര്‍ത്താവേ, ഞാന്‍ എന്താണു ചെയ്യേണ്ടത്?’ അപ്പോള്‍ കര്‍ത്താവ് എന്നോട് അരുള്‍ചെയ്തു: ‘നീ എഴുന്നേറ്റു ദമാസ്കസിലേക്കു പോകുക; നീ ചെയ്യണമെന്നു നിശ്ചയിക്കപ്പെട്ടിട്ടുള്ളതെല്ലാം അവിടെവച്ചു നിന്നോടു പറയും.’

11 ആ പ്രകാശത്തിന്‍റെ ഉജ്ജ്വലതേജസ്സുമൂലം എനിക്കു കണ്ണുകാണാന്‍ പാടില്ലാതെയായി. അതുകൊണ്ട് എന്‍റെകൂടെ ഉണ്ടായിരുന്നവര്‍ കൈക്കു പിടിച്ച് എന്നെ നടത്തി. അങ്ങനെ ഞാന്‍ ദമാസ്കസിലെത്തി.

12

“തദ്ദേശവാസികളായ സകല യെഹൂദന്മാരാലും സമാദരിക്കപ്പെട്ടിരുന്നവനും, യെഹൂദധര്‍മശാസ്ത്രമനുസരിച്ചു ജീവിച്ചിരുന്നവനുമായ അനന്യാസ് എന്നൊരാള്‍ അവിടെയുണ്ടായിരുന്നു.

13 അദ്ദേഹം എന്‍റെ അടുക്കല്‍ വന്നു നിന്നുകൊണ്ട് ‘ശൗലേ, സഹോദരാ, കാഴ്ച പ്രാപിക്കുക’ എന്നു പറഞ്ഞു: തല്‍ക്ഷണം ഞാന്‍ കാഴ്ച പ്രാപിച്ചു; അദ്ദേഹത്തെ കാണുകയും ചെയ്തു.

14 അദ്ദേഹം എന്നോട് ഇപ്രകാരം പറഞ്ഞു: ‘നമ്മുടെ പിതാക്കന്മാരുടെ ദൈവത്തിന്‍റെ തിരുവിഷ്ടം മനസ്സിലാക്കുവാനും, തിരുമുഖത്തുനിന്നുള്ള ശബ്ദം കേള്‍ക്കുവാനും, അവിടുന്നു താങ്കളെ മുന്‍കൂട്ടി തിരഞ്ഞെടുത്തിരിക്കുന്നു;

15 താങ്കള്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ക്ക് സകലരുടെയും മുമ്പില്‍ താങ്കള്‍ അവിടുത്തെ സാക്ഷിയായിരിക്കും.

16 ഇനി എന്തിനു താമസിക്കുന്നു? അവിടുത്തെ നാമം വിളിച്ചപേക്ഷിച്ചുകൊണ്ട് സ്നാപനം സ്വീകരിക്കുകയും താങ്കളുടെ പാപം കഴുകിക്കളകയും ചെയ്യുക.’

17

“ഞാന്‍ യെരൂശലേമിലേക്കു മടങ്ങിപ്പോയി അവിടെ ദേവാലയത്തില്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്ക് ഒരു ദിവ്യാനുഭൂതിയുണ്ടായി.

18 കര്‍ത്താവിനെ ഞാന്‍ ദര്‍ശിച്ചു. ‘അതിശീഘ്രം യെരൂശലേം വിട്ടുപോകുക; നീ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം അവര്‍ സ്വീകരിക്കുകയില്ല’ എന്ന് അവിടുന്ന് എന്നോട് അരുള്‍ചെയ്തു.

19 അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘കര്‍ത്താവേ, ഓരോ സുനഗോഗിലും അങ്ങയില്‍ വിശ്വസിക്കുന്നവരെ ഞാന്‍ തടവിലാക്കുകയും പ്രഹരം ഏല്പിക്കുകയും ചെയ്തു എന്ന് അവര്‍ക്ക് അറിയാം.

20 അവിടുത്തെ സാക്ഷിയായ സ്തേഫാനോസിന്‍റെ രക്തം ചൊരിഞ്ഞപ്പോള്‍ ഞാനും അതിനു സമ്മതം മൂളുകയും, അദ്ദേഹത്തെ വധിച്ചവരുടെ വസ്ത്രങ്ങള്‍ കാത്തുകൊണ്ടു സമീപത്തു നില്‌ക്കുകയും ചെയ്തുവല്ലോ.’

21 എന്നാല്‍ കര്‍ത്താവ് എന്നോട്, ‘പോകുക, ഞാന്‍ നിന്നെ വിദൂരസ്ഥരായ വിജാതീയരുടെ അടുക്കലേക്ക് അയയ്‍ക്കും’ എന്ന് കല്പിച്ചു.”

22

[22,23] ഇത്രയും പറയുന്നതുവരെ അവര്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു; എന്നാല്‍ ഇതുകേട്ടപ്പോള്‍ “ഇങ്ങനെയുള്ളവനെ ഭൂമിയില്‍ വച്ചേക്കരുത്; ഇവന്‍ ജീവിച്ചിരുന്നുകൂടാ” എന്ന് ഉച്ചത്തില്‍ അലറിക്കൊണ്ട് അവര്‍ വസ്ത്രങ്ങള്‍ അന്തരീക്ഷത്തില്‍ വീശുകയും പൂഴിവാരി മേലോട്ട് എറിയുകയും ചെയ്തു.

23

24 അപ്പോള്‍ “ഇയാളെ പാളയത്തിലേക്കു കൊണ്ടുപോകുക” എന്നു സഹസ്രാധിപന്‍ ആജ്ഞാപിച്ചു. അവര്‍ അദ്ദേഹത്തിനെതിരെ ഇപ്രകാരം മുറവിളി കൂട്ടാനുള്ള കാരണം എന്തെന്നറിയുവാന്‍ ചാട്ടവാറുകൊണ്ട് അടിച്ച് പൗലൊസിനെ ചോദ്യം ചെയ്യുവാനും ഉത്തരവിട്ടു.

25 അവര്‍ തന്നെ കയറുകൊണ്ടു വരിഞ്ഞുകെട്ടിയപ്പോള്‍ സമീപത്തു നിന്നിരുന്ന ശതാധിപനോട് അദ്ദേഹം ചോദിച്ചു: വിസ്താരം നടത്തി കുറ്റക്കാരനെന്നു വിധിക്കാതെ, ഒരു റോമാപൗരനെ ചാട്ടവാറുകൊണ്ട് അടിക്കുന്നതു ന്യായമാണോ?”

26

ഇതുകേട്ടപ്പോള്‍ ശതാധിപന്‍ സഹസ്രാധിപന്‍റെ അടുക്കല്‍ ചെന്ന്, “അങ്ങ് എന്താണു ചെയ്യുവാന്‍ പോകുന്നത്? ഇയാള്‍ ഒരു റോമാപൗരനാണല്ലോ എന്നറിയിച്ചു.

27

ഉടനെ സഹസ്രാധിപന്‍ ചെന്ന്, അദ്ദേഹത്തോടു ചോദിച്ചു: ‘താങ്കള്‍ റോമാപൗരനാണോ? എന്നോടു പറയൂ.”

“അതേ, എന്ന് അദ്ദേഹം ഉത്തരം നല്‌കി.

28

അപ്പോള്‍ സഹസ്രാധിപന്‍ പറഞ്ഞു: “വളരെയധികം പണം കൊടുത്തിട്ടാണ് ഞാന്‍ റോമാപൗരത്വം നേടിയത്!”

“എന്നാല്‍ ഞാന്‍ ജന്മനാതന്നെ റോമാപൗരനാണ്” എന്നു പൗലൊസ് പറഞ്ഞു.

29

അതുകൊണ്ട് അദ്ദേഹത്തെ ചോദ്യം ചെയ്യുവാന്‍ ഭാവിച്ചവര്‍ പെട്ടെന്നു പിന്മാറി. റോമാപൗരനാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തെ ബന്ധിച്ചല്ലോ എന്നോര്‍ത്ത് സഹസ്രാധിപന്‍ ഭയപ്പെട്ടു.

30

പിറ്റേദിവസം, യെഹൂദന്മാര്‍ പൗലൊസിന്‍റെമേല്‍ ആരോപിക്കുന്ന കുറ്റം എന്താണെന്നറിയുവാന്‍ സഹസ്രാധിപന്‍ ആഗ്രഹിച്ചു. മുഖ്യപുരോഹിതന്മാരും സന്നദ്രിംസംഘം മുഴുവനും ഒരുമിച്ചുകൂടാന്‍ അദ്ദേഹം ആജ്ഞാപിച്ചു. പൗലൊസിനെ ബന്ധനവിമുക്തനാക്കി താഴെ കൊണ്ടുചെന്ന് അവരുടെ മുമ്പില്‍ നിറുത്തി.

23

1

സന്നദ്രിംസംഘാംഗങ്ങളെ സൂക്ഷിച്ചു നോക്കിക്കൊണ്ട് പൗലൊസ് പറഞ്ഞു: “സഹോദരന്മാരേ, ഞാന്‍ ഇന്നുവരെ ദൈവസന്നിധിയില്‍ ഉത്തമമനസ്സാക്ഷിയോടെയത്രെ ജീവിച്ചിട്ടുള്ളത്.”

2 ഉടനെ മഹാപുരോഹിതനായ അനന്യാസ് സമീപത്തു നിന്നവരോട്, അദ്ദേഹത്തിന്‍റെ കരണത്തടിക്കുവാന്‍ ആജ്ഞാപിച്ചു.

3 പൗലൊസ് മഹാപുരോഹിതനോട് ‘വെള്ളപൂശിയ ചുവരേ! നിങ്ങളെ ദൈവം അടിക്കും. നിങ്ങള്‍ നിയമം അനുസരിച്ച് എന്നെ വിധിക്കുവാനല്ലേ ഇരിക്കുന്നത്; എന്നിട്ടും നിയമത്തിനു വിരുദ്ധമായി എന്നെ അടിക്കുവാന്‍ ആജ്ഞാപിക്കുന്നുവോ?’

4

അപ്പോള്‍ അടുത്തു നിന്നവര്‍ “താങ്കള്‍ ദൈവത്തിന്‍റെ മഹാപുരോഹിതനെ അധിക്ഷേപിക്കുന്നുവോ?” എന്നു ചോദിച്ചു.

5

പൗലൊസ് പറഞ്ഞു: “സഹോദരന്മാരേ, അദ്ദേഹം മഹാപുരോഹിതനാണെന്നു ഞാന്‍ അറിഞ്ഞില്ല; ‘നിന്‍റെ ജനത്തിന്‍റെ അധിപതിയെ ദുഷിക്കരുത്’ എന്ന് എഴുതിയിട്ടുണ്ടല്ലോ.”

6

അവിടെ കൂടിയിരുന്നവരില്‍ ഒരു വിഭാഗം സാദൂക്യരും മറുഭാഗം പരീശന്മാരുമാണെന്നു മനസ്സിലാക്കിയപ്പോള്‍, പൗലൊസ് സന്നദ്രിംസംഘത്തോട് ഇപ്രകാരം ഉച്ചത്തില്‍ പറഞ്ഞു: “സഹോദരന്മാരേ, ഞാന്‍ ഒരു പരീശനും പരീശകുലത്തില്‍ ജനിച്ചവനുമാണ്. മരിച്ചവരുടെ പുനരുത്ഥാനത്തിലുള്ള പ്രത്യാശ നിമിത്തമത്രേ ഞാന്‍ വിസ്തരിക്കപ്പെടുന്നത്.”

7

അദ്ദേഹം ഇതു പറഞ്ഞപ്പോള്‍ പരീശന്മാരും സാദൂക്യരും തമ്മില്‍ കലഹമുണ്ടായി. അങ്ങനെ അവിടെ കൂടിയിരുന്നവര്‍ രണ്ടു കക്ഷികളായി പിളര്‍ന്നു.

8 പുനരുത്ഥാനമോ, മാലാഖയോ, ആത്മാവോ ഒന്നുമില്ലെന്നു പറയുന്നവരാണു സാദൂക്യര്‍. പരീശന്മാരാകട്ടെ, ഇവയെല്ലാം ഉണ്ടെന്നു വിശ്വസിക്കുന്നു. അങ്ങനെ അവിടെ ഒരു വലിയ ബഹളമുണ്ടായി.

9 പരീശപക്ഷത്തുള്ള മതപണ്ഡിതന്മാരില്‍ ചിലര്‍, “ഈ മനുഷ്യനില്‍ ഞങ്ങള്‍ ഒരു കുറ്റവും കാണുന്നില്ല; ഒരാത്മാവോ മാലാഖയോ ഇയാളോടു സംസാരിച്ചുവെങ്കില്‍ അതിനെന്ത്? എന്നു വാദിച്ചു.

10

അവര്‍ തമ്മിലുള്ള വാദപ്രതിവാദം അക്രമാസക്തമായപ്പോള്‍, പൗലൊസിനെ അവര്‍ വലിച്ചുകീറിക്കളയുമോ എന്നു സൈന്യാധിപന്‍ ഭയപ്പെട്ടു. അദ്ദേഹത്തെ അവരുടെ ഇടയില്‍നിന്നു പാളയത്തിലേക്കു കൊണ്ടുപോകുവാന്‍ പടയാളികളോട് ആജ്ഞാപിച്ചു.

11

അന്നു രാത്രിയില്‍ കര്‍ത്താവ് പൗലൊസിന്‍റെ അടുക്കല്‍ വന്ന്: “ധൈര്യമുള്ളവനായിരിക്കുക; നീ യെരൂശലേമില്‍ എനിക്കു സാക്ഷ്യം വഹിച്ചതുപോലെ റോമിലും സാക്ഷ്യം വഹിക്കേണ്ടതാകുന്നു” എന്ന് അരുള്‍ചെയ്തു.

12

നേരം വെളുത്തപ്പോള്‍ യെഹൂദന്മാര്‍ ഒരു ഗൂഢാലോചന നടത്തി. പൗലൊസിനെ വധിക്കുന്നതുവരെ തങ്ങള്‍ എന്തെങ്കിലും ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യുകയില്ലെന്നു ശപഥം ചെയ്തു.

13

ഈ ഗൂഢാലോചനയില്‍ നാല്പതില്‍പരം ആളുകള്‍ ഉള്‍പ്പെട്ടിരുന്നു.

14 അവര്‍ പുരോഹിതമുഖ്യന്മാരുടെയും ജനപ്രമുഖന്മാരുടെയും അടുക്കല്‍ ചെന്നു പറഞ്ഞു: “പൗലൊസിനെ വധിക്കുന്നതുവരെ ഞങ്ങള്‍ യാതൊന്നും ഭക്ഷിക്കുകയില്ലെന്നു സര്‍വാത്മനാ ശപഥം ചെയ്തിരിക്കുകയാണ്.

15 അതുകൊണ്ട് ഇപ്പോള്‍ നിങ്ങളും സന്നദ്രിംസംഘവും ചേര്‍ന്ന്, അയാളുടെ കാര്യം കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കുവാനെന്ന ഭാവത്തില്‍, അയാളെ നിങ്ങളുടെ അടുക്കലേക്ക് ഇറക്കിക്കൊണ്ടുവരുവാന്‍ സഹസ്രാധിപനോട് അഭ്യര്‍ഥിക്കുക. ഇവിടെയെത്തുന്നതിനു മുമ്പ് അയാളുടെ കഥ കഴിക്കുവാന്‍ ഞങ്ങള്‍ തയ്യാറാണ്.”

16

ഈ പതിയിരിപ്പിനെപ്പറ്റി പൗലൊസിന്‍റെ സഹോദരീപുത്രന് അറിവുകിട്ടി. അയാള്‍ പാളയത്തില്‍ ചെന്നു പൗലൊസിനോടു വിവരം പറഞ്ഞു.

17 പൗലൊസ് ഒരു ശതാധിപനെ വിളിച്ച്, “ഇയാള്‍ക്ക് സഹസ്രാധിപനോട് എന്തോ പറയാനുണ്ട്; അതുകൊണ്ട് ഇയാളെ അദ്ദേഹത്തിന്‍റെ അടുക്കലേക്കു കൊണ്ടുപോകണം” എന്നു പറഞ്ഞു.

18 ശതാധിപന്‍ അയാളെ കൂട്ടിക്കൊണ്ട് സഹസ്രാധിപന്‍റെ അടുത്തുചെന്ന്, “ഇയാള്‍ക്ക് അങ്ങയോട് എന്തോ പറയാനുണ്ട് എന്നു തടവുകാരനായ പൗലൊസ് എന്നെ വിളിച്ചു പറഞ്ഞു” എന്നറിയിച്ചു.

19

സൈന്യാധിപന്‍ അയാളെ കൈക്കുപിടിച്ചു മാറ്റി നിറുത്തിക്കൊണ്ട്, “എന്നോട് എന്താണു പറയാനുള്ളത്?” എന്നു രഹസ്യമായി ചോദിച്ചു.

20

അയാള്‍ പറഞ്ഞു: “പൗലൊസിനെ കൂടുതല്‍ സൂക്ഷ്മമായി വിസ്തരിക്കുവാനെന്ന ഭാവത്തില്‍, നാളെ സന്നദ്രിംസംഘത്തിന്‍റെ മുമ്പാകെ കൊണ്ടുചെല്ലുന്നതിനുവേണ്ടി അങ്ങയോട് അഭ്യര്‍ഥിക്കുവാന്‍ യെഹൂദന്മാര്‍ തീരുമാനിച്ചിരിക്കുകയാണ്.

21 എന്നാല്‍ അങ്ങ് അതിനു വഴങ്ങരുത്; അവരില്‍ നാല്പതില്‍പരം ആളുകള്‍ അദ്ദേഹത്തെ കൊല്ലുന്നതുവരെ യാതൊന്നും ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യുകയില്ലെന്നു ദൃഢപ്രതിജ്ഞ ചെയ്തു പതിയിരിക്കുന്നുണ്ട്. അങ്ങയുടെ അനുവാദം പ്രതീക്ഷിച്ച് അവര്‍ കാത്തിരിക്കുകയാണ്.

22

ഈ വിവരം തന്നെ അറിയിച്ചത് ആരോടും പറയരുതെന്ന് ആജ്ഞാപിച്ചശേഷം അദ്ദേഹം അയാളെ വിട്ടയച്ചു.

23

പിന്നീട് സൈന്യാധിപന്‍ ശതാധിപന്മാരില്‍ രണ്ടുപേരെ വിളിച്ച് “ഇന്നുരാത്രി ഒന്‍പതു മണിക്കു കൈസര്യയിലേക്കു പോകുന്നതിന് ഇരുനൂറു പടയാളികളെയും അവരോടൊപ്പം എഴുപതു കുതിരപ്പടയാളികളെയും ഇരുനൂറു കുന്തക്കാരെയും തയ്യാറാക്കുക.

24 പൗലൊസിന്‍റെ യാത്രയ്‍ക്ക് ആവശ്യമുള്ള കുതിരകളെയും നല്‌കണം; അങ്ങനെ അദ്ദേഹത്തെ ഗവര്‍ണര്‍ ഫെലിക്സിന്‍റെ അടുക്കല്‍ സുരക്ഷിതമായി എത്തിക്കണം” എന്ന് ആജ്ഞാപിച്ചു.

25 താഴെപ്പറയുന്ന പ്രകാരം ഒരു കത്തും അദ്ദേഹമെഴുതി:

26

ക്ലൗദ്യോസ് ലുസിയാസ്, അഭിവന്ദ്യനായ ഗവര്‍ണര്‍ ഫെലിക്സിന് എഴുതുന്നത്:

27 അങ്ങേക്ക് എന്‍റെ അഭിവാദനങ്ങള്‍! ഈ മനുഷ്യനെ യെഹൂദന്മാര്‍ പിടിച്ചു വധിക്കുവാന്‍ ഭാവിച്ചപ്പോള്‍, ഇയാള്‍ ഒരു റോമാപൗരനാണെന്നറിഞ്ഞ്, ഞാന്‍ പട്ടാളക്കാരോടുകൂടി ചെന്ന് ഇയാളെ രക്ഷിച്ചു.

28 അവര്‍ ആരോപിച്ച കുറ്റം എന്താണെന്ന് അറിയുവാനുള്ള ആഗ്രഹത്തോടെ, അവരുടെ സന്നദ്രിംസംഘത്തിന്‍റെ മുമ്പില്‍ ഞാന്‍ ഇയാളെ കൊണ്ടുചെന്നു.

29 അവരുടെ ധര്‍മശാസ്ത്രം സംബന്ധിച്ച പ്രശ്നങ്ങളുടെ പേരിലാണ് ഇയാളുടെമേല്‍ കുറ്റം ചുമത്തിയിരുന്നതെന്നും, വധശിക്ഷയ്‍ക്കോ തടവിനോ അര്‍ഹമായ കുറ്റമൊന്നും ഇയാള്‍ ചെയ്തിട്ടില്ലെന്നും എനിക്കു ബോധ്യമായി.

30 ഇയാള്‍ക്കെതിരെ അവര്‍ ഗൂഢാലോചന നടത്തുന്നുവെന്ന് എനിക്ക് അറിവുകിട്ടിയ ക്ഷണത്തില്‍ത്തന്നെ ഞാന്‍ ഇയാളെ അങ്ങയുടെ അടുക്കലേക്ക് അയയ്‍ക്കുകയാണ്. ഇയാള്‍ക്ക് എതിരെ പരാതിക്കാര്‍ക്കു പറയാനുള്ളത് അങ്ങയുടെ അടുക്കല്‍ ബോധിപ്പിക്കണമെന്നും ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

31

സൈന്യാധിപന്‍റെ ഉത്തരവനുസരിച്ച്, പടയാളികള്‍ രാത്രിയില്‍ത്തന്നെ പൗലൊസിനെ കൂട്ടിക്കൊണ്ട് അന്തിപ്പത്രിസ് വരെയെത്തി.

32 പിറ്റേദിവസം കുതിരപ്പടയാളികളെ മാത്രം അദ്ദേഹത്തിന്‍റെകൂടെ അയച്ചശേഷം മറ്റുള്ളവര്‍ പാളയത്തിലേക്കു മടങ്ങിപ്പോന്നു.

33 അവര്‍ കൈസര്യയിലെത്തി ഗവര്‍ണര്‍ക്കു കത്തു സമര്‍പ്പിച്ചശേഷം പൗലൊസിനെ അദ്ദേഹത്തിന്‍റെ മുമ്പില്‍ ഹാജരാക്കി.

34 എഴുത്തു വായിച്ചിട്ട് പൗലൊസ് ഏതു സംസ്ഥാനക്കാരനാണെന്നു ഗവര്‍ണര്‍ ചോദിച്ചു. കിലിക്യക്കാരന്‍ എന്നറിഞ്ഞപ്പോള്‍

35 “വാദികള്‍കൂടി വന്നിട്ടു വിസ്തരിക്കാം” എന്നു പറഞ്ഞ് പൗലൊസിനെ ഹേരോദായുടെ ആസ്ഥാനത്തു സൂക്ഷിക്കുവാന്‍ അദ്ദേഹം ആജ്ഞാപിച്ചു.

24

1

അഞ്ചു ദിവസം കഴിഞ്ഞ് മഹാപുരോഹിതനായ അനന്യാസ്, ഏതാനും ജനപ്രമുഖന്മാരോടും തെര്‍ത്തുല്ലോസ് എന്ന അഭിഭാഷകനോടുംകൂടി ഗവര്‍ണറുടെ അടുക്കലെത്തി. അവര്‍ പൗലൊസിനെതിരെ ഗവര്‍ണറുടെ മുമ്പില്‍ അന്യായം ബോധിപ്പിച്ചു.

2 പൗലൊസിന്‍റെ പേരിലുള്ള ആരോപണങ്ങള്‍ വിശദീകരിച്ചുകൊണ്ട് തെര്‍ത്തുല്ലൊസ് ഇപ്രകാരം പ്രസ്താവിച്ചു:

“അഭിവന്ദ്യനായ ഫെലിക്സേ, അങ്ങു മുഖാന്തരം ഞങ്ങള്‍ വളരെയധികം സമാധാനം അനുഭവിക്കുന്നു. യെഹൂദജനതയുടെ ശ്രേയസ്സിന് ആവശ്യമുള്ള പരിഷ്കാരങ്ങള്‍ ദീര്‍ഘവീക്ഷണത്തോടുകൂടി അവിടുന്ന് ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നു.

3 ഞങ്ങള്‍ എല്ലായിടത്തും എല്ലാവിധത്തിലും കൃതജ്ഞതാപുരസ്സരം അത് അംഗീകരിക്കുന്നു.

4 അങ്ങയുടെ സമയം കൂടുതല്‍ എടുക്കണമെന്ന് എനിക്ക് ആഗ്രഹമില്ല. ഞങ്ങള്‍ ചുരുക്കമായി പറയുന്നത് അങ്ങു ദയാപൂര്‍വം കേള്‍ക്കണമെന്ന് അപേക്ഷിക്കുന്നു.

5 ഈ മനുഷ്യന്‍ ഒരു മഹാബാധയാണ്; ലോകത്തെങ്ങുമുള്ള യെഹൂദന്മാരുടെ ഇടയില്‍ പ്രക്ഷോഭമുണ്ടാക്കുന്നവനും, നസ്രായകക്ഷിയുടെ നായകനുമാണിയാള്‍ എന്നു ഞങ്ങള്‍ക്കു മനസ്സിലായി.

6 ഇയാള്‍ ദേവാലയത്തെ അശുദ്ധമാക്കുവാന്‍പോലും ശ്രമിച്ചു. എന്നാല്‍ ഞങ്ങള്‍ ഇയാളെ പിടിച്ചു; ഞങ്ങളുടെ ധര്‍മശാസ്ത്രപ്രകാരം ഇയാളെ വിസ്തരിക്കുവാന്‍ ഉദ്ദേശിച്ചു.

7 എന്നാല്‍ സഹസ്രാധിപനായ ലുസിയാസ് ഇയാളെ ഞങ്ങളുടെ കൈയില്‍നിന്നു ബലാല്‌ക്കാരേണ പിടിച്ചുകൊണ്ടുപോയി.

8 വാദികള്‍ അങ്ങയുടെ മുമ്പില്‍ ഹാജരാകുവാന്‍ ആജ്ഞാപിക്കുകയും ചെയ്തു. അങ്ങുതന്നെ ഇയാളെ വിസ്തരിക്കുന്ന പക്ഷം ഞങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങളുടെ സത്യാവസ്ഥ ഇയാളില്‍ നിന്നുതന്നെ മനസ്സിലാക്കുവാന്‍ കഴിയും.”

9 അതു ശരിതന്നെ എന്നു പറഞ്ഞുകൊണ്ട് യെഹൂദന്മാര്‍ അയാളെ പിന്‍താങ്ങി.

10

സംസാരിക്കുവാന്‍ ഗവര്‍ണര്‍ ആംഗ്യം കാട്ടിയപ്പോള്‍ പൗലൊസ് പ്രതിവാദിച്ചു:

“ദീര്‍ഘകാലമായി അങ്ങ് ഈ ജനതയുടെ ന്യായാധിപതി ആയിരിക്കുന്നു എന്ന് എനിക്കറിയാം. അതുകൊണ്ട് എനിക്കു പറയാനുള്ളത് അങ്ങയുടെ മുമ്പില്‍ ബോധിപ്പിക്കുന്നതില്‍ എനിക്കു സന്തോഷമുണ്ട്.

11 [11,12] ഞാന്‍ ആരാധനയ്‍ക്കായി യെരൂശലേമില്‍ പോയിട്ട് പന്ത്രണ്ടു ദിവസത്തിലേറെ ആയിട്ടില്ല. ദേവാലയത്തിലോ, സുനഗോഗുകളിലോ, നഗരത്തിലോ ഞാന്‍ ആരോടെങ്കിലും വാഗ്വാദം നടത്തുകയോ ജനങ്ങളുടെ ഇടയില്‍ പ്രക്ഷോഭമുണ്ടാക്കുകയോ ചെയ്യുന്നത് ഇവരാരും കണ്ടിട്ടില്ല. ഇതു വാസ്തവമാണെന്ന് അങ്ങേക്കു പരിശോധിച്ച് അറിയാവുന്നതാണ്.

12

13 എനിക്കെതിരെ ബോധിപ്പിച്ചിട്ടുള്ള ആരോപണങ്ങള്‍ അങ്ങയുടെ മുമ്പില്‍ തെളിയിക്കുവാന്‍ ഇവര്‍ക്കു സാധ്യവുമല്ല.

14 ഒരു കാര്യം ഞാന്‍ സമ്മതിക്കുന്നു; ഒരു പ്രത്യേക മതവിഭാഗമെന്ന് ഇവര്‍ പറയുന്ന ആ മാര്‍ഗപ്രകാരം ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തെ ഞാന്‍ ഭജിക്കുകയും ധര്‍മശാസ്ത്രത്തിലും പ്രവാചകപുസ്തകങ്ങളിലും എഴുതിയിരിക്കുന്നത് എല്ലാം വിശ്വസിക്കുകയും ചെയ്യുന്നു.

15 ശിഷ്ടജനങ്ങളും ദുഷ്ടജനങ്ങളും ഉയിര്‍ത്തെഴുന്നേല്‌ക്കുമെന്ന് ഇവര്‍ പ്രത്യാശിക്കുന്നതുപോലെ തന്നെ, ഞാനും ദൈവത്തില്‍ പ്രത്യാശിക്കുന്നു.

16 അതുകൊണ്ട് ഞാന്‍ ദൈവത്തോടും മനുഷ്യരോടും എപ്പോഴും കുറ്റമറ്റ മനസാക്ഷിയുള്ളവനായിരിക്കുന്നതിനു പരമാവധി പരിശ്രമിക്കുന്നു.

17

“വര്‍ഷങ്ങള്‍ക്കു ശേഷമാണ്, സ്വജാതീയര്‍ക്കു ദാനധര്‍മങ്ങള്‍ കൊടുക്കുന്നതിനും വഴിപാട് അര്‍പ്പിക്കുന്നതിനുംവേണ്ടി ഞാന്‍ യെരൂശലേമിലേക്കു ചെന്നത്.

18 അതനുഷ്ഠിക്കുമ്പോള്‍ ദേവാലയത്തില്‍വച്ച് ശുദ്ധീകരണകര്‍മം കഴിഞ്ഞവനായി അവര്‍ എന്നെ കണ്ടു. അപ്പോള്‍ അവിടെ ആള്‍ക്കൂട്ടമോ ബഹളമോ ഉണ്ടായിരുന്നില്ല.

19 എന്നാല്‍ അവിടെ ഏഷ്യാ സംസ്ഥാനക്കാരായ ഏതാനും യെഹൂദന്മാരുണ്ടായിരുന്നു. എന്‍റെ പേരില്‍ എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍, അവരായിരുന്നു അങ്ങയുടെ മുമ്പില്‍വന്ന് അതു ബോധിപ്പിക്കേണ്ടിയിരുന്നത്.

20 [20,21] സന്നദ്രിംസംഘത്തിന്‍റെ മുമ്പില്‍ നില്‌ക്കുമ്പോള്‍ ‘മരിച്ചവരുടെ പുനരുത്ഥാനം സംബന്ധിച്ച് ഇന്നു നിങ്ങള്‍ എന്നെ വിസ്തരിക്കുന്നു’ എന്നു വിളിച്ചു പറഞ്ഞ ഒരു കാര്യമല്ലാതെ മറ്റെന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ഇവര്‍ തന്നെ പറയട്ടെ.”

21

22

ഫെലിക്സിന് നസ്രായമാര്‍ഗത്തെക്കുറിച്ചു നന്നായി അറിയാമായിരുന്നിട്ടും “ലുസിയാസ് സഹസ്രാധിപന്‍ വന്നിട്ടു നിങ്ങളുടെ പരാതിക്കു തീരുമാനമുണ്ടാക്കാം” എന്നു പറഞ്ഞ് അദ്ദേഹം വ്യവഹാരം മാറ്റിവച്ചു.

23 പൗലൊസിനെ തടവില്‍ സൂക്ഷിക്കുവാന്‍ അദ്ദേഹം ശതാധിപനോട് ആജ്ഞാപിച്ചു; എന്നാല്‍ കുറെയൊക്കെ സ്വാതന്ത്ര്യം അനുവദിക്കണമെന്നും, സ്വജനങ്ങള്‍ അദ്ദേഹത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതു വിലക്കരുതെന്നും നിര്‍ദേശിച്ചു.

24

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ്, ഫെലിക്സ് യെഹൂദവനിതയായ ഭാര്യ ദ്രുസില്ലയുമൊന്നിച്ചു ചെന്ന്, പൗലൊസിനെ ആളയച്ചു വരുത്തി. ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെപ്പറ്റി അദ്ദേഹത്തില്‍നിന്നു കേട്ടു.

25 എന്നാല്‍ നീതി, ആത്മനിയന്ത്രണം, വരുവാനുള്ള ന്യായവിധി ഇവയെക്കുറിച്ചു പൗലൊസ് സംസാരിച്ചപ്പോള്‍, ഫെലിക്സ് ഭയപരവശനായി. “താങ്കള്‍ തത്ക്കാലം പോകുക; സൗകര്യമുള്ളപ്പോള്‍ വിളിപ്പിക്കാം” എന്നു പറഞ്ഞു.

26 അതേ സമയം പൗലൊസില്‍നിന്നു കൈക്കൂലി കിട്ടുമെന്ന് ഫെലിക്സ് പ്രതീക്ഷിച്ചു. അതുകൊണ്ട് പലപ്പോഴും അദ്ദേഹം പൗലൊസിനെ വരുത്തി സംസാരിച്ചുപോന്നു.

27 രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഫെലിക്സിന്‍റെ പിന്‍ഗാമിയായി പൊര്‍ക്ക്യൊസ് ഫെസ്തൊസ് ഗവര്‍ണറായി വന്നു. യെഹൂദന്മാരുടെ പ്രീതിക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചതുകൊണ്ട് ഫെലിക്സ് പൗലൊസിനെ തടവുകാരനായി വിട്ടിട്ടുപോയി.

25

1

ഫെസ്തൊസ് കൈസര്യയില്‍ വന്നതിന്‍റെ മൂന്നാം ദിവസം യെരൂശലേമിലേക്കു പോയി.

2 അപ്പോള്‍ മുഖ്യപുരോഹിതന്മാരും യെഹൂദനേതാക്കളും പൗലൊസിനെതിരെ അദ്ദേഹത്തിന്‍റെ അടുക്കല്‍ പരാതി ബോധിപ്പിച്ചു.

3 “അവിടുന്നു ദയാപൂര്‍വം പൗലൊസിനെ യെരൂശലേമിലേക്ക് അയയ്‍ക്കണം” എന്ന് അവര്‍ അഭ്യര്‍ഥിച്ചു.

4 അദ്ദേഹത്തെ വഴിയില്‍വച്ച് അപായപ്പെടുത്തുവാന്‍ അവര്‍ ഗൂഢാലോചന നടത്തിയിരുന്നു. അതിനു ഫെസ്തൊസ് ഇപ്രകാരം മറുപടി നല്‌കി: “പൗലൊസിനെ കൈസര്യയില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്; ഉടനെതന്നെ ഞാന്‍ അവിടേക്കു തിരിച്ചുപോകുന്നുണ്ട്.

5 നിങ്ങളില്‍ പ്രാപ്തിയുള്ളവര്‍ എന്‍റെകൂടെ വന്ന്, അയാളുടെ പേരില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ ബോധിപ്പിക്കാം.”

6

ഫെസ്തോസ് എട്ടുപത്തുദിവസം അവരോടുകൂടി കഴിഞ്ഞശേഷം കൈസര്യയിലേക്കു മടങ്ങിപ്പോയി. പിറ്റേദിവസം അദ്ദേഹം ന്യായാസനത്തില്‍ ഉപവിഷ്ടനായിരുന്നുകൊണ്ട്, പൗലൊസിനെ ഹാജരാക്കുവാന്‍ ആജ്ഞാപിച്ചു.

7 പൗലൊസ് ഫെസ്തൊസിന്‍റെ മുമ്പിലെത്തിയപ്പോള്‍ യെരൂശലേമില്‍ നിന്നു വന്ന യെഹൂദന്മാര്‍ അദ്ദേഹത്തിന്‍റെ പേരില്‍ ഗുരുതരമായ പല കുറ്റങ്ങളും ആരോപിച്ചു. എന്നാല്‍ അവയൊന്നും തെളിയിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല.

8 തന്‍റെ പ്രതിവാദത്തില്‍ പൗലൊസ് ഇങ്ങനെ ബോധിപ്പിച്ചു: “യെഹൂദന്മാരുടെ ധര്‍മശാസ്ത്രത്തിനോ, ദേവാലയത്തിനോ, കൈസര്‍ക്കോ എതിരായി ഒരു കുറ്റവും ഞാന്‍ ചെയ്തിട്ടില്ല.”

9

ഫെസ്തോസിന് യെഹൂദന്മാരെ പ്രീണിപ്പിക്കണമെന്നുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം പൗലൊസിനോടു ചോദിച്ചു: “യെരൂശലേമില്‍വച്ച് എന്‍റെ മുമ്പാകെ ഈ ആരോപണങ്ങളെക്കുറിച്ചുള്ള വിചാരണ നടത്തുന്നത് താങ്കള്‍ക്കു സമ്മതമാണോ?

10

പൗലൊസ് പ്രതിവചിച്ചു: “ഞാന്‍ കൈസറുടെ ന്യായാസനത്തിനു മുമ്പിലാണു നില്‌ക്കുന്നത്; അവിടെയാണു ഞാന്‍ വിസ്തരിക്കപ്പെടേണ്ടത്; ഞാന്‍ യെഹൂദന്മാര്‍ക്കു വിരോധമായി ഒരു തെറ്റും ചെയ്തിട്ടില്ലെന്നുളളത് അങ്ങേക്കു ശരിയായി അറിയാമല്ലോ.

11 വധശിക്ഷയ്‍ക്ക് അര്‍ഹമായ കുറ്റം ഞാന്‍ ചെയ്തിട്ടുണ്ടെങ്കില്‍, അതില്‍നിന്ന് ഒഴിഞ്ഞുമാറുവാന്‍ ശ്രമിക്കുന്നില്ല. എന്നാല്‍ അവരുടെ കുറ്റാരോപണങ്ങള്‍ക്ക് അടിസ്ഥാനമൊന്നുമില്ലെങ്കില്‍ എന്നെ അവര്‍ക്ക് ഏല്പിച്ചുകൊടുക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. ഞാന്‍ കൈസറുടെ മുമ്പാകെ മേല്‍വിചാരണ ആഗ്രഹിക്കുന്നു.”

12

അപ്പോള്‍ തന്‍റെ ഉപദേഷ്ടാക്കന്മാരുമായി ആലോചിച്ചശേഷം ഫെസ്തോസ് ഇങ്ങനെ പറഞ്ഞു: “താങ്കള്‍ കൈസറുടെ മുമ്പില്‍ മേല്‍വിചാരണയ്‍ക്കുവേണ്ടി അപേക്ഷിച്ചിരിക്കുന്നതുകൊണ്ട് അദ്ദേഹത്തിന്‍റെ അടുക്കലേക്കു പോകുകതന്നെ വേണം.”

13

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് അഗ്രിപ്പാരാജാവും ബെര്‍ന്നീക്കയും ഫെസ്തൊസിനെ അഭിവാദനം ചെയ്യുന്നതിനു കൈസര്യയിലെത്തി. അവര്‍ കുറെനാള്‍ അവിടെ പാര്‍ത്തു.

14 അതിനിടയ്‍ക്ക് ഫെസ്തോസ് പൗലൊസിന്‍റെ കാര്യം രാജാവിനോട് വിവരിച്ചു: “ഫെലിക്സ് തടവിലാക്കിയ ഒരാള്‍ ഇവിടെയുണ്ട്.

15 ഞാന്‍ യെരൂശലേമില്‍ പോയപ്പോള്‍ അയാളെക്കുറിച്ചുള്ള ആരോപണങ്ങള്‍ യെഹൂദന്മാരുടെ പുരോഹിതമുഖ്യന്മാരും നേതാക്കന്മാരും എന്നെ അറിയിക്കുകയും അയാളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

16 എന്നാല്‍ വാദിപ്രതികളെ അഭിമുഖമായി നിറുത്തി, പ്രതിയുടെ പേരില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്കു സമാധാനം ബോധിപ്പിക്കുന്നതിന് അവസരം നല്‌കാതെ ശിക്ഷയ്‍ക്ക് ഏല്പിച്ചുകൊടുക്കുന്ന പതിവു റോമാഗവര്‍മെന്‍റിനില്ലെന്നു ഞാന്‍ അവര്‍ക്കു മറുപടി നല്‌കി.

17 അതുകൊണ്ട്, അവര്‍ വന്നുകൂടിയതിന്‍റെ പിറ്റേദിവസം തന്നെ, ഞാന്‍ ന്യായാസനത്തിലിരുന്ന് ആ മനുഷ്യനെ ഹാജരാക്കുവാന്‍ ഉത്തരവിട്ടു.

18 പൗലൊസിന്‍റെ എതിരാളികള്‍ അയാളുടെ പേരിലുള്ള കുറ്റങ്ങള്‍ നിരത്തിവച്ചെങ്കിലും, ഞാന്‍ പ്രതീക്ഷിച്ചതുപോലെയുള്ള കുറ്റങ്ങളൊന്നും അവര്‍ ആരോപിച്ചില്ല.

19 തങ്ങളുടെ മതത്തെക്കുറിച്ചും, മരിച്ചുപോയ യേശു എന്ന ഒരാളിനെക്കുറിച്ചും അയാളുമായുള്ള തര്‍ക്കസംഗതികള്‍ ഉന്നയിക്കുക മാത്രമേ ചെയ്തുള്ളൂ. യേശു എന്ന മനുഷ്യന്‍ ജീവിച്ചിരിക്കുന്നു എന്നാണു പൗലൊസ് തറപ്പിച്ചു പറയുന്നത്.

20 ഇങ്ങനെയുള്ള ആക്ഷേപങ്ങളെക്കുറിച്ചു കൂലങ്കഷമായി പരിശോധിക്കേണ്ടത് എങ്ങനെയെന്ന് എനിക്കറിഞ്ഞുകൂടാ. അതുകൊണ്ട്, യെരൂശലേമില്‍ പോയി അവിടെവച്ച് ഈ ആരോപണങ്ങളെപ്പറ്റിയുള്ള വിസ്താരം നടത്തുന്നത് സമ്മതമാണോ എന്നു ഞാന്‍ പൗലൊസിനോടു ചോദിച്ചു.

21 എന്നാല്‍ തന്‍റെ പേരിലുള്ള വ്യവഹാരം അഭിവന്ദ്യനായ കൈസര്‍ തീരുമാനിക്കുന്നതുവരെ തനിക്കു സംരക്ഷണം നല്‌കണമെന്നു പൗലൊസ് അഭ്യര്‍ഥിച്ചതിനാല്‍ അതുവരെ അയാളെ തടങ്കലില്‍ പാര്‍പ്പിക്കുവാന്‍ ഞാന്‍ ഉത്തരവിട്ടു.”

22

തനിക്കും പൗലൊസിന്‍റെ പ്രസംഗം കേള്‍ക്കാന്‍ ആഗ്രഹമുണ്ടെന്ന് അഗ്രിപ്പാ ഫെസ്തൊസിനോടു പറഞ്ഞു.

“നാളെയാകട്ടെ” എന്ന് അദ്ദേഹം മറുപടി പറഞ്ഞു.

23

പിറ്റേദിവസം അഗ്രിപ്പാ ബെര്‍ന്നീക്കയുമായി രാജകീയമായ ആഡംബരത്തോടുകൂടി വിചാരണമണ്ഡപത്തിലെത്തി. സൈനികമേധാവികളും നഗരത്തിലെ പ്രമുഖവ്യക്തികളും അവിടെ വന്നുകൂടിയിരുന്നു. ഫെസ്തൊസിന്‍റെ ഉത്തരവനുസരിച്ചു പൗലൊസിനെ ഹാജരാക്കി.

24 ഫെസ്തൊസ് പറഞ്ഞു: “അഗ്രിപ്പാരാജാവേ, മഹാജനങ്ങളേ, നിങ്ങളുടെ മുമ്പില്‍ നില്‌ക്കുന്ന ഈ മനുഷ്യനെതിരെ ഇവിടെയും യെരൂശലേമിലുമുള്ള യെഹൂദജനസഞ്ചയം എന്‍റെ അടുക്കല്‍ പരാതി ബോധിപ്പിച്ചിരിക്കുന്നു. ഇയാളെ ജീവനോടെ വച്ചേക്കരുതെന്നാണ് അവര്‍ വിളിച്ചുകൂവുന്നത്.

25 എന്നാല്‍ വധശിക്ഷയ്‍ക്ക് അര്‍ഹമായ എന്തെങ്കിലും ഇയാള്‍ ചെയ്തതായി ഞാന്‍ കാണുന്നില്ല. ഇയാള്‍ കൈസറുടെ മുമ്പാകെ മേല്‍വിചാരണയ്‍ക്ക് അപേക്ഷിച്ചിരിക്കുന്നതിനാല്‍ അദ്ദേഹത്തിന്‍റെ അടുക്കല്‍ അയയ്‍ക്കുവാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്.

26 എങ്കിലും ഇയാളെ സംബന്ധിച്ച് വ്യക്തമായി എന്തെങ്കിലും കൈസറുടെ പേര്‍ക്ക് എഴുതുവാന്‍ എനിക്കില്ല. അതുകൊണ്ടാണ് നിങ്ങളുടെ മുമ്പിലും, വിശിഷ്യ അഗ്രിപ്പാരാജാവിന്‍റെ മുമ്പിലും, ഇയാളെ ഹാജരാക്കിയിരിക്കുന്നത്. ഇയാളെ വിസ്തരിച്ചു കഴിയുമ്പോള്‍ എനിക്ക് എഴുതുവാന്‍ വല്ലതും ലഭിച്ചേക്കാം.

27 ഒരു തടവുകാരനെ അയയ്‍ക്കുമ്പോള്‍ അയാളുടെ പേരിലുള്ള ആരോപണങ്ങള്‍ എന്തൊക്കെയാണെന്നു വ്യക്തമായി എഴുതാതിരിക്കുന്നതു ശരിയല്ലെന്ന് എനിക്ക് തോന്നുന്നു.”

26

1

അഗ്രിപ്പാ പൗലൊസിനോടു പറഞ്ഞു: “നിങ്ങള്‍ക്കു പറയാനുള്ളതു പറയാം. അപ്പോള്‍ പൗലൊസ് കൈനീട്ടിക്കൊണ്ടു പ്രതിവാദിച്ചു:

2

[2,3] “അല്ലയോ അഗ്രിപ്പാരാജാവേ, യെഹൂദ ജനതയുടെ ആചാരങ്ങളും അവരുടെ ഇടയിലുള്ള തര്‍ക്കങ്ങളും അങ്ങേക്കു സുപരിചിതങ്ങളാണല്ലോ. അതുകൊണ്ട് അവര്‍ എന്‍റെമേല്‍ ചുമത്തുന്ന എല്ലാ ആരോപണങ്ങളെക്കുറിച്ചും അങ്ങയുടെ മുമ്പില്‍വച്ച് പ്രതിവാദിക്കുവാന്‍ ഇടവന്നത് എന്‍റെ ഭാഗ്യമായി ഞാന്‍ കരുതുന്നു. ഞാന്‍ പറയുന്നത് അങ്ങു ക്ഷമയോടെ കേള്‍ക്കണമെന്ന് അപേക്ഷിക്കുന്നു.

3

4

“ബാല്യംമുതല്‍ എന്‍റെ സ്വന്തം ജനങ്ങളുടെ ഇടയിലും യെരൂശലേമിലും ഞാന്‍ എങ്ങനെയാണു ജീവിച്ചതെന്ന് എല്ലാ യെഹൂദന്മാര്‍ക്കും അറിയാവുന്നതാണ്.

5 യെഹൂദമതാനുഷ്ഠാനങ്ങളില്‍ ഏറ്റവും തീക്ഷ്ണതയുള്ള പരീശ കക്ഷിയില്‍പ്പെട്ട ഒരുവനാണു ഞാനെന്ന് ആദിമുതല്‌ക്കേ അവര്‍ക്കറിയാം.

6 മനസ്സുണ്ടെങ്കില്‍ അവര്‍ സാക്ഷ്യം വഹിക്കട്ടെ. ഞങ്ങളുടെ പിതാക്കന്മാരോടു ദൈവം ചെയ്ത വാഗ്ദാനത്തിലുള്ള പ്രത്യാശ ഹേതുവായിട്ടത്രേ ഇന്നു ഞാന്‍ ഇവിടെ വിസ്തരിക്കപ്പെടുന്നത്.

7 ആ വാഗ്ദാനം പ്രാപിക്കുന്നതിനുവേണ്ടി ഞങ്ങളുടെ പന്ത്രണ്ടു ഗോത്രങ്ങളും രാവും പകലും ആരാധനാനിരതരായി പ്രത്യാശിക്കുന്നു. ആ പ്രത്യാശയുടെ പേരിലാണ്, മഹാരാജാവേ, എന്നില്‍ കുറ്റമാരോപിക്കുന്നത്.

8 ദൈവം മരിച്ചവരെ ഉയിര്‍പ്പിക്കും എന്നത് നിങ്ങള്‍ക്ക് അവിശ്വസനീയമായി തോന്നുന്നത് എന്തുകൊണ്ട്?

9

“നസറായനായ യേശുവിന്‍റെ നാമത്തിനു വിരോധമായി എന്തൊക്കെ ചെയ്യുവാന്‍ കഴിയുമോ, അതൊക്കെ ചെയ്യേണ്ടതാണെന്നു ഞാന്‍ ഒരുകാലത്തു കരുതിയിരുന്നു.

10 അതുതന്നെയാണ് ഞാന്‍ യെരൂശലേമില്‍ ചെയ്തത്. പുരോഹിതമുഖ്യന്മാരില്‍ നിന്ന് അധികാരപത്രം വാങ്ങിക്കൊണ്ട് യേശുവിന്‍റെ അനുയായികളായ വിശുദ്ധന്മാരില്‍ പലരെയും ഞാന്‍ കാരാഗൃഹത്തിലാക്കി. അവരെ നിഗ്രഹിക്കുന്നതിനെ ഞാന്‍ അനുകൂലിക്കുകയും ചെയ്തിട്ടുണ്ട്.

11 സുനാഗോഗുകളിലെല്ലാം ചെന്ന് ഞാന്‍ പലപ്പോഴും അവരെ ദണ്ഡിപ്പിക്കുകയും തങ്ങളുടെ വിശ്വാസമുപേക്ഷിച്ച് ദൈവത്തെ ദുഷിക്കുവാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്തു. അവരോടുള്ള കോപാവേശത്താല്‍ ഇതര നഗരങ്ങളില്‍പോലും പോയി ഞാന്‍ അവരെ പീഡിപ്പിച്ചു.

12

“അതിനുവേണ്ടിയാണ് പുരോഹിതമുഖ്യന്മാരില്‍നിന്ന് അധികാരപത്രവും ഉത്തരവും വാങ്ങിക്കൊണ്ട് ഞാന്‍ ദമാസ്കസിലേക്കു പോയത്.

13 അല്ലയോ രാജാവേ, മാര്‍ഗമധ്യേ, മധ്യാഹ്നസമയത്ത്, സൂര്യപ്രകാശത്തെ അതിശയിക്കുന്ന ഒരു പ്രകാശം ആകാശത്തുനിന്ന് എന്‍റെയും എന്‍റെകൂടെ യാത്രചെയ്തവരുടെയും ചുറ്റും മിന്നിത്തിളങ്ങി.

14 ഉടനെ ഞങ്ങളെല്ലാവരും നിലംപതിച്ചു: ‘ശൗലേ, ശൗലേ, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു? മുള്ളിന്‍റെ നേരെ ഉതയ്‍ക്കുന്നതുമൂലം നിനക്കു തന്നെയാണു വേദനിക്കുന്നത്’ എന്ന് എബ്രായഭാഷയില്‍ എന്നോടു പറയുന്ന ഒരു ശബ്ദം ഞാന്‍ കേള്‍ക്കുകയും ചെയ്തു.

15 ‘കര്‍ത്താവേ, അവിടുന്ന് ആരാകുന്നു?’ എന്നു ഞാന്‍ ചോദിച്ചു.

16 ഉടനെ കര്‍ത്താവ് അരുള്‍ചെയ്തു: ‘നീ ദ്രോഹിക്കുന്ന യേശുവാണു ഞാന്‍. നീ എഴുന്നേറ്റ് നിവര്‍ന്നു നില്‌ക്കുക; നീ ഇന്ന് എന്നെ ദര്‍ശിച്ചു എന്നതിനും, ഇനിയും ഞാന്‍ നിനക്കു കാണിച്ചു തരുവാന്‍ പോകുന്ന കാര്യങ്ങള്‍ക്കും സാക്ഷ്യം വഹിക്കുവാന്‍, എന്‍റെ സേവകനായി നിന്നെ നിയമിക്കുന്നതിനാണ് ഞാന്‍ നിനക്കു പ്രത്യക്ഷനായത്.

17 ഇസ്രായേല്‍ജനങ്ങളുടെയും വിജാതീയരുടെയും അടുക്കലേക്കു ഞാന്‍ നിന്നെ അയയ്‍ക്കുന്നു; അവരുടെ കൈയില്‍നിന്നു ഞാന്‍ നിന്നെ രക്ഷിക്കും.

18 അവരുടെ കണ്ണുകള്‍ തുറന്ന് ഇരുളില്‍നിന്നു വെളിച്ചത്തിലേക്കും സാത്താന്‍റെ അധികാരത്തില്‍നിന്നു ദൈവത്തിങ്കലേക്കും തിരിയുന്നതിനും അങ്ങനെ അവര്‍ പാപമോചനവും എന്നിലുള്ള വിശ്വാസത്താല്‍ വിശുദ്ധീകരിക്കപ്പെട്ടവരുടെ ഗണത്തില്‍ ഓഹരിയും പ്രാപിക്കുന്നതിനുമാണ് ഞാന്‍ നിന്നെ അയയ്‍ക്കുന്നത്.

19

“അതുകൊണ്ട്, അല്ലയോ അഗ്രിപ്പാരാജാവേ, ആ സ്വര്‍ഗീയദര്‍ശനത്തെ ഞാന്‍ അനുസരിക്കുക മാത്രമാണു ചെയ്തത്.

20 എല്ലാവരും അനുതപിച്ചു ദൈവത്തിങ്കലേക്കു തിരിയണമെന്നും മാനസാന്തരത്തിനു യോഗ്യമായ പ്രവൃത്തികള്‍ ചെയ്യണമെന്നും, ആദ്യം ദമാസ്കസിലും പിന്നീട് യെരൂശലേമിലും അതിനുശേഷം യെഹൂദ്യനാട്ടിലെല്ലായിടത്തും, വിജാതീയരുടെ ഇടയിലും ഞാന്‍ പ്രസംഗിച്ചു.

21 ഇക്കാരണത്താലാണ് യെഹൂദന്മാര്‍ ദേവാലയത്തില്‍വച്ച് എന്നെ പിടിച്ചു വധിക്കുവാന്‍ ഉദ്യമിച്ചത്.

22 ഇന്നുവരെ ദൈവത്തിന്‍റെ സഹായം എനിക്കു ലഭിച്ചു. അതുകൊണ്ടു വലിയവരോടും ചെറിയവരോടും ഒരുപോലെ ഇവിടെ നിന്നുകൊണ്ട് എന്‍റെ സാക്ഷ്യം പറയുന്നു.

23 ക്രിസ്തു കഷ്ടം അനുഭവിക്കണമെന്നും, അവിടുന്നു മരിച്ചവരില്‍നിന്ന് ആദ്യമായി പുനരുത്ഥാനം ചെയ്ത് സ്വജാതീയര്‍ക്കും വിജാതീയര്‍ക്കും രക്ഷയുടെ ഉദയം വിളംബരം ചെയ്യുമെന്നും മോശയും പ്രവാചകന്മാരും പറഞ്ഞിട്ടുണ്ടല്ലോ. അതല്ലാതെ മറ്റൊന്നും ഞാന്‍ പറയുന്നില്ല.”

24

പൗലൊസ് ഇപ്രകാരം പ്രതിവാദിച്ചപ്പോള്‍ ഫെസ്തൊസ് ഉച്ചത്തില്‍ പറഞ്ഞു: “പൗലൊസേ, നിങ്ങള്‍ക്കു ഭ്രാന്താണ്; അമിതവിജ്ഞാനം നിങ്ങളെ ഭ്രാന്തുപിടിപ്പിച്ചിരിക്കുന്നു.”

25

എന്നാല്‍ പൗലൊസ് പ്രതിവചിച്ചു: “ബഹുമാന്യനായ ഫെസ്തോസേ, എനിക്കു ഭ്രാന്തില്ല; ഞാന്‍ പറയുന്നതു സത്യവും സമചിത്തതയോടു കൂടിയതും ആകുന്നു.

26 അങ്ങേക്ക് ഇവയെല്ലാം അറിവുള്ളതാണല്ലോ. അതുകൊണ്ടു ഞാന്‍ സധൈര്യം അങ്ങയോടു പറയുന്നു: ഈ കാര്യങ്ങളൊന്നും അങ്ങയുടെ ശ്രദ്ധയില്‍ പെടാതിരുന്നിട്ടില്ലെന്ന് എനിക്കു ബോധ്യമുണ്ട്. എന്തെന്നാല്‍ ഇവയൊന്നും വല്ല മുക്കിലോ മൂലയിലോ വച്ചു നടന്ന സംഭവങ്ങളല്ല.

27 അല്ലയോ അഗ്രിപ്പാരാജാവേ, അങ്ങു പ്രവാചകന്മാരെ വിശ്വസിക്കുന്നുവോ? വിശ്വസിക്കുന്നുണ്ടെന്ന് എനിക്കറിയാം.”

28

അപ്പോള്‍ രാജാവ് പൗലൊസിനോടു പറഞ്ഞു: “അല്പസമയംകൊണ്ട് താങ്കള്‍ എന്നെയും ഒരു ക്രിസ്ത്യാനിയാകുവാന്‍ പ്രേരിപ്പിക്കുന്നു.”

29

പൗലൊസ് പറഞ്ഞു: “അങ്ങു മാത്രമല്ല, ഇന്ന് എന്‍റെ വാക്കുകള്‍ കേട്ടുകൊണ്ടിരിക്കുന്ന എല്ലാവരും, ചുരുങ്ങിയ സമയംകൊണ്ടായാലും ദീര്‍ഘസമയംകൊണ്ടായാലും, ഈ ബന്ധനം ഒഴികെ മറ്റെല്ലാ കാര്യങ്ങളിലും എന്നെപ്പോലെയാകണമെന്നത്രേ ദൈവത്തോടുള്ള എന്‍റെ പ്രാര്‍ഥന.”

30

അപ്പോള്‍ രാജാവും ഗവര്‍ണറും ബെര്‍ന്നീക്കയും മറ്റുള്ള എല്ലാവരും എഴുന്നേറ്റു.

31 അവര്‍ അല്പം മാറിനിന്ന് അന്യോന്യം പറഞ്ഞു: “വധശിക്ഷയോ തടവോ അര്‍ഹിക്കുന്നതൊന്നും ഇയാള്‍ ചെയ്തിട്ടില്ല.”

32 അഗ്രിപ്പാരാജാവു ഫെസ്തൊസിനോടു പറഞ്ഞു: “ഇയാള്‍ കൈസറുടെ അടുക്കല്‍ മേല്‍വിചാരണയ്‍ക്ക് അപേക്ഷിച്ചില്ലായിരുന്നുവെങ്കില്‍ ഇയാളെ വിട്ടയയ്‍ക്കാമായിരുന്നു.”

27

1

ഞങ്ങള്‍ കപ്പല്‍ കയറി ഇറ്റലിയിലേക്കു പോകണമെന്നു തീരുമാനിച്ചപ്പോള്‍, പൗലൊസിനെയും മറ്റുചില തടവുകാരെയും ഔഗുസ്തന്‍ സൈന്യദളത്തിലെ ഒരു ശതാധിപനായ യൂലിയൊസിനെ ഏല്പിച്ചു.

2 അങ്ങനെ ഞങ്ങള്‍ ഏഷ്യാസംസ്ഥാനത്തിന്‍റെ കരപറ്റി അവിടെയുള്ള തുറമുഖങ്ങളിലേക്കു പോകുന്ന ഒരു അദ്രമുത്തു കപ്പലില്‍ കയറി പുറപ്പെട്ടു. തെസ്സലോനിക്യനിവാസിയും മാസിഡോണിയക്കാരനുമായ അരിസ്തര്‍ഹൊസും ഞങ്ങളുടെകൂടെ ഉണ്ടായിരുന്നു.

3 പിറ്റേദിവസം ഞങ്ങള്‍ സീദോനില്‍ എത്തി. പൗലൊസിനോടു യൂലിയൊസ് സ്നേഹപൂര്‍വം പെരുമാറുകയും, തന്‍റെ സുഹൃത്തുക്കളെ സന്ദര്‍ശിക്കുവാനും അവരുടെ സല്‍ക്കാരോപചാരങ്ങള്‍ സ്വീകരിക്കുവാനും അനുവദിക്കുകയും ചെയ്തു.

4 അവിടെനിന്നു കപ്പല്‍ നീക്കിയപ്പോള്‍ കാറ്റു പ്രതികൂലമായിരുന്നതിനാല്‍ സൈപ്രസ്ദ്വീപിന്‍റെ മറപറ്റിയാണ് ഞങ്ങള്‍ പോയത്.

5 കിലിക്യ, പംഫുല്യ കടല്‍വഴി യാത്ര ചെയ്ത്, ലുക്കിയയിലെ മുറാപട്ടണത്തില്‍ ഞങ്ങളെത്തി.

6 അവിടെവച്ച് ഇറ്റലിയിലേക്കു പോകുന്ന ഒരു അലക്സാന്ത്രിയന്‍ കപ്പല്‍ കണ്ട്, ശതാധിപന്‍ ഞങ്ങളെ അതില്‍ കയറ്റി.

7

പിന്നീട് ഏതാനും ദിവസങ്ങള്‍ ഞങ്ങള്‍ സാവധാനത്തിലാണ് യാത്രചെയ്തത്. വളരെ ക്ലേശിച്ച് ഞങ്ങള്‍ ക്നീദോസില്‍ എത്തി.

8 കാറ്റു പ്രതികൂലമായിരുന്നതിനാല്‍ ക്രീറ്റുദ്വീപിന്‍റെ മറപറ്റി, സല്മോനെയെ വിട്ടകന്ന്, വളരെ പണിപ്പെട്ട് കരചേര്‍ന്ന് കപ്പല്‍ ഓടിച്ച് ലസയ്യപട്ടണത്തിന്‍റെ സമീപത്തുള്ള ശുഭതുറമുഖം എന്ന സ്ഥലത്തെത്തി.

9

വളരെ ദിവസങ്ങള്‍ അവിടെ താമസിക്കേണ്ടിവന്നു. അപ്പോള്‍ യെഹൂദന്മാരുടെ നോമ്പുകാലം കഴിഞ്ഞിരുന്നു. കപ്പല്‍യാത്ര വളരെ ആപല്‍ക്കരവും ആയിത്തീര്‍ന്നു. അതിനാല്‍ പൗലൊസ് ഇപ്രകാരം ഉപദേശിച്ചു:

10 “സുഹൃത്തുക്കളേ, ഇവിടെനിന്നുള്ള യാത്ര ആപല്‍ക്കരമാണെന്നു ഞാന്‍ കാണുന്നു. ചരക്കിനും കപ്പലിനും മാത്രമല്ല, നമ്മുടെ ജീവനും കഷ്ടനഷ്ടങ്ങളുണ്ടാകും.”

11 ശതാധിപനാകട്ടെ, പൗലൊസ് പറഞ്ഞതിനെക്കാള്‍ അധികം കപ്പിത്താന്‍റെയും കപ്പലുടമസ്ഥന്‍റെയും വാക്കുകള്‍ വിശ്വസിച്ചു.

12 ആ തുറമുഖം ശീതകാലം കഴിച്ചുകൂട്ടാന്‍ പറ്റിയതുമായിരുന്നില്ല. അതുകൊണ്ട് അവിടെനിന്ന് യാത്രതുടര്‍ന്നു കഴിയുമെങ്കില്‍ ഫീനിക്സിലെത്താന്‍ ശ്രമിക്കണമെന്ന അഭിപ്രായത്തെ ഭൂരിപക്ഷംപേരും അനുകൂലിച്ചു. ക്രീറ്റിലെ ഒരു തുറമുഖമാണ് ഫീനിക്സ്. തെക്കുപടിഞ്ഞാറും വടക്കുപടിഞ്ഞാറും അഭിമുഖമായി നിന്ന ആ തുറമുഖത്ത് ശീതകാലം കഴിച്ചുകൂട്ടാന്‍ കഴിയുമെന്നായിരുന്നു അവരുടെ ചിന്ത.

13

തെക്കന്‍കാറ്റ് മന്ദംമന്ദം വീശുവാന്‍ തുടങ്ങിയതുകൊണ്ട്, തങ്ങള്‍ ഉദ്ദേശിച്ചതുപോലെ അവിടെയെത്താമെന്നു വിചാരിച്ച് അവര്‍ നങ്കൂരമെടുത്തു കപ്പല്‍ നീക്കി. കഴിയുന്നതും ക്രീറ്റുദ്വീപിന്‍റെ തീരം ചേര്‍ന്ന് അവര്‍ യാത്ര തുടര്‍ന്നു.

14 പെട്ടെന്ന് ദ്വീപില്‍നിന്ന് വടക്കുകിഴക്കന്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കുവാന്‍ തുടങ്ങി.

15 കാറ്റിനെതിരെ മുന്നോട്ടു നീങ്ങുവാന്‍ കഴിയാതെ വന്നപ്പോള്‍, ഞങ്ങള്‍ ആ സാഹസം ഉപേക്ഷിച്ചു; കാറ്റിന്‍റെ ഗതിക്കൊത്തു കപ്പല്‍ വിട്ടു.

16 അങ്ങനെ ഞങ്ങള്‍ ക്ലൗദ എന്ന ചെറിയ ദ്വീപിന്‍റെ മറവിലെത്തി. അവിടെവച്ച് ഞങ്ങള്‍ വളരെ പണിപ്പെട്ട് കപ്പലിലെ തോണി പിടിച്ചെടുത്തു.

17 അതു വലിച്ചു കയറ്റിയശേഷം വടംകൊണ്ട് കപ്പല്‍ ചുറ്റിക്കെട്ടിയും മറ്റും ഉറപ്പു വരുത്തി. കപ്പല്‍ ലിബിയയുടെ തീരത്തിനടുത്തുള്ള ആഴംകുറഞ്ഞ സ്ഥലത്ത് മണല്‍ത്തിട്ടയില്‍ ചെന്നു കയറുമെന്ന് അവര്‍ ഭയപ്പെട്ടു. അതുകൊണ്ട് അവര്‍ പായ് താഴ്ത്തി; കാറ്റിന്‍റെ ഗതിക്കൊത്ത് കപ്പല്‍ നീങ്ങി.

18 തുടരെ അടിച്ചുകൊണ്ടിരുന്ന ഉഗ്രമായ കൊടുങ്കാറ്റില്‍ കപ്പല്‍ ആടിയുലഞ്ഞു. പിറ്റേദിവസം അവര്‍ ചരക്കുകള്‍ പുറത്തെറിയുവാന്‍ തുടങ്ങി.

19 മൂന്നാം ദിവസം കപ്പലിന്‍റെ പല ഉപകരണങ്ങളും അവരുടെ കൈകൊണ്ടുതന്നെ കടലിലെറിഞ്ഞു.

20 ദിവസങ്ങളോളം സൂര്യനെയോ നക്ഷത്രങ്ങളെയോ ഞങ്ങള്‍ക്കു കാണാന്‍ കഴിഞ്ഞില്ല. കൊടുങ്കാറ്റ് അവിരാമം അടിച്ചുകൊണ്ടിരുന്നു. ഒടുവില്‍ രക്ഷപെടാമെന്നുള്ള ഞങ്ങളുടെ സകല ആശയും അസ്തമിച്ചു.

21

കപ്പലില്‍ ഉണ്ടായിരുന്നവര്‍ ഭക്ഷണം കഴിക്കാതെയായിട്ട് വളരെ ദിവസങ്ങളായിരുന്നു. അപ്പോള്‍ പൗലൊസ് അവരുടെ മധ്യത്തില്‍ നിന്നുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു: “സ്നേഹിതരേ, നിങ്ങള്‍ എന്‍റെ വാക്കുകള്‍ കേള്‍ക്കേണ്ടതായിരുന്നു. അതനുസരിച്ച് ക്രീറ്റില്‍നിന്നു പുറപ്പെടാതിരുന്നെങ്കില്‍ ഈ കഷ്ടനഷ്ടങ്ങള്‍ ഒഴിവാക്കാമായിരുന്നല്ലോ.

22 എങ്കിലും, ഇപ്പോള്‍ ഞാന്‍ നിങ്ങളോടു പറയുന്നു: ധൈര്യപ്പെടുക; നിങ്ങളില്‍ ആര്‍ക്കും തന്നെ ജീവാപായം ഉണ്ടാകുകയില്ല; കപ്പലിനുമാത്രമേ നാശമുണ്ടാകൂ.

23 ഞാന്‍ സേവിക്കുന്ന എന്‍റെ ഉടയവനായ ദൈവം അയച്ച ഒരു മാലാഖ കഴിഞ്ഞ രാത്രിയില്‍ എന്‍റെ അടുക്കല്‍ വന്നു.

24 ‘പൗലൊസേ, നീ ഭയപ്പെടേണ്ടാ; നീ കൈസറുടെ മുമ്പില്‍ നില്‌ക്കേണ്ടതാകുന്നു; നിന്‍റെ കൂടെ യാത്രചെയ്യുന്നവരെല്ലാം നീ മൂലം രക്ഷപെടും’ എന്നു പറഞ്ഞു.

25 അതുകൊണ്ട് സ്നേഹിതരേ, ധൈര്യപ്പെടുക! എന്നോടു പറഞ്ഞതുപോലെതന്നെ സംഭവിക്കുമെന്ന വിശ്വാസം എനിക്കു ദൈവത്തിലുണ്ട്.

26 എങ്കിലും നാം ഒരു ദ്വീപില്‍ ചെന്നു കുടുങ്ങേണ്ടിവരും.”

27

അദ്രിയാറ്റിക് കടലില്‍ ഞങ്ങള്‍ അലഞ്ഞു തിരിയുന്നതിന്‍റെ പതിനാലാമത്തെ രാത്രിയില്‍ ഏതാണ്ട് അര്‍ധരാത്രി സമയത്ത്, കരയോട് അടുത്തെത്തിയെന്നു നാവികര്‍ക്കു തോന്നി.

28 അതുകൊണ്ട് അവര്‍ ആഴം അളന്നുനോക്കി. ഏകദേശം നാല്പതു മീറ്റര്‍ ആഴമുണ്ടെന്ന് അവര്‍ക്കു മനസ്സിലായി. കുറച്ചുകൂടി കഴിഞ്ഞ് അവര്‍ വീണ്ടും അളന്നപ്പോള്‍ മുപ്പതു മീറ്റര്‍ എന്നു കണ്ടു.

29 കപ്പല്‍ പാറക്കെട്ടില്‍ ചെന്നു മുട്ടിയേക്കുമെന്നു ഭയപ്പെട്ട് അവര്‍ അമരത്തുനിന്ന് നാലു നങ്കൂരമിട്ടു; നേരം വെളുക്കുന്നതിന് അത്യാകാംക്ഷയോടെ കാത്തിരുന്നു.

30 പുലര്‍ച്ചയായപ്പോള്‍ നാവികര്‍ കപ്പല്‍ ഉപേക്ഷിച്ച് രക്ഷപെടുവാന്‍ ശ്രമിച്ചു. അവര്‍ അണിയത്തുനിന്ന് നങ്കൂരമിടുവാനെന്ന ഭാവത്തില്‍ തോണി കടലിലിറക്കി.

31 അപ്പോള്‍ പൗലൊസ് ശതാധിപനോടും പടയാളികളോടും പറഞ്ഞു: “ഈ മനുഷ്യര്‍ കപ്പലില്‍ നിന്നിറങ്ങിയാല്‍ നിങ്ങള്‍ക്കു രക്ഷപെടുവാന്‍ കഴിയുകയില്ല.”

32 അതുകൊണ്ട് പടയാളികള്‍ തോണിയുടെ കയര്‍ അറുത്തുവിട്ടുകളഞ്ഞു.

33

നേരം പുലരാറായപ്പോള്‍ എല്ലാവരെയും ഭക്ഷണം കഴിക്കുവാന്‍ പൗലൊസ് നിര്‍ബന്ധിച്ചു. അദ്ദേഹം പറഞ്ഞു: “നിങ്ങള്‍ ഒരാഹാരവും കഴിക്കാതെയായിട്ട് പതിനാലു ദിവസമായല്ലോ.

34 അതുകൊണ്ട്, നിങ്ങള്‍ എന്തെങ്കിലും കഴിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. നിങ്ങളുടെ ജീവന്‍ അവശേഷിക്കുന്നതിന് അത് അത്യാവശ്യവുമാണല്ലോ; നിങ്ങളുടെ തലയിലെ ഒരു രോമംപോലും നഷ്ടപ്പെടുകയില്ല.”

35 ഇങ്ങനെ പറഞ്ഞശേഷം എല്ലാവരുടെയും മുമ്പില്‍വച്ച് അദ്ദേഹം അപ്പമെടുത്ത് ദൈവത്തിനു സ്തോത്രം ചെയ്തശേഷം മുറിച്ചു തിന്നുവാന്‍ തുടങ്ങി.

36 അപ്പോള്‍ എല്ലാവരും ധൈര്യംപൂണ്ടു ഭക്ഷണം കഴിച്ചു.

37 കപ്പലില്‍ ഞങ്ങള്‍ മൊത്തം ഇരുനൂറ്റെഴുപത്താറു പേരുണ്ടായിരുന്നു.

38 അവര്‍ മതിയാകുവോളം ഭക്ഷിച്ചശേഷം കോതമ്പ് കടലില്‍ കളഞ്ഞ് കപ്പലിന്‍റെ ഭാരം കുറച്ചു.

39

പ്രഭാതമായപ്പോള്‍ എവിടെയാണ് എത്തിയിരിക്കുന്നതെന്ന് നാവികര്‍ക്കു മനസ്സിലായില്ല; എങ്കിലും ഒരു ഉള്‍ക്കടലും അതിന്‍റെ കരയും കണ്ടു. കഴിയുമെങ്കില്‍ കപ്പല്‍ അവിടെ അടുപ്പിക്കണമെന്ന് അവര്‍ തീരുമാനിച്ചു.

40 അവര്‍ നങ്കൂരം അറുത്തു കടലില്‍ ഇട്ടു; ചുക്കാന്‍റെ കെട്ടും അഴിച്ചു കാറ്റിന് അഭിമുഖമായി പായ് ഉയര്‍ത്തി കരയെ ലക്ഷ്യമാക്കി കപ്പല്‍വിട്ടു.

41 അത് രണ്ടു കടല്‍ സന്ധിക്കുന്ന സ്ഥാനമായിരുന്നതിനാല്‍, കപ്പല്‍ മണല്‍ത്തിട്ടയില്‍ ചെന്നുകയറി അണിയം ഉറച്ചു; കപ്പല്‍ അവിടെനിന്ന് ഇളകാതെയായി. തിരത്തല്ലേറ്റ് കപ്പലിന്‍റെ അമരം തകര്‍ന്നു.

42

തടവുകാര്‍ നീന്തി രക്ഷപെടാതിരിക്കുന്നതിന് അവരെ കൊല്ലണമെന്ന് പടയാളികള്‍ വിചാരിച്ചു.

43 ശതാധിപനാകട്ടെ പൗലൊസിനെ രക്ഷിക്കണമെന്നാഗ്രഹിച്ചതുകൊണ്ട് പടയാളികളുടെ ഉദ്യമം തടഞ്ഞു. നീന്താന്‍ കഴിവുള്ളവര്‍ ആദ്യം കടലില്‍ ചാടി നീന്തിയും,

44 ബാക്കിയുള്ളവര്‍ പലകകളിലും കപ്പലിന്‍റെ അവശിഷ്ടങ്ങളിലും പിടിച്ചും കരയ്‍ക്കെത്തുവാന്‍ അദ്ദേഹം ആജ്ഞാപിച്ചു. അങ്ങനെ എല്ലാവരും സുരക്ഷിതരായി കരയ്‍ക്കെത്തി.

28

1

ഞങ്ങള്‍ രക്ഷപെട്ടു ചെന്നെത്തിയിരിക്കുന്നത് മാള്‍ട്ടാദ്വീപിലാണെന്നു മനസ്സിലായി.

2 ആ ദ്വീപിലെ ജനങ്ങള്‍ ഞങ്ങളോട് അസാമാന്യമായ ദയ കാണിച്ചു. മഴയും തണുപ്പും ഉണ്ടായിരുന്നതുകൊണ്ട് തീ കൂട്ടിതന്ന് അവര്‍ ഞങ്ങളെ എല്ലാവരെയും സ്വീകരിച്ചു.

3 പൗലൊസ് കുറെ വിറകു പെറുക്കിക്കൊണ്ടു വന്ന് തീയിലിട്ടു. ചൂടേറ്റപ്പോള്‍ അതില്‍നിന്ന് ഒരു അണലി പുറത്തു ചാടി പൗലൊസിന്‍റെ കൈയില്‍ ചുറ്റി.

4 അത് കൈയില്‍ തൂങ്ങിക്കിടക്കുന്നതു കണ്ടപ്പോള്‍ “ഈ മനുഷ്യന്‍ നിശ്ചയമായും ഒരു കൊലപാതകി ആയിരിക്കണം; കടലില്‍നിന്നു രക്ഷപെട്ടിട്ടും ജീവിച്ചിരിക്കുവാന്‍ നീതിദേവി ഇയാളെ അനുവദിക്കുന്നില്ലല്ലോ” എന്ന് ആ ദ്വീപുനിവാസികള്‍ അന്യോന്യം പറഞ്ഞു.

5 പൗലൊസ് ആകട്ടെ, ആ പാമ്പിനെ കുടഞ്ഞു തീയിലിട്ടു; ഒരു ഉപദ്രവവും അദ്ദേഹത്തിനുണ്ടായില്ല.

6 അദ്ദേഹം നീരുവന്നു വീര്‍ക്കുകയോ, മരിച്ചു വീഴുകയോ ചെയ്യുമെന്ന് അവര്‍ പ്രതീക്ഷിച്ചു. എന്നാല്‍ ദീര്‍ഘസമയം കാത്തിരുന്നിട്ടും അദ്ദേഹത്തിന് ഒരനര്‍ഥവും ഉണ്ടായില്ലെന്നു കണ്ടപ്പോള്‍ അവരുടെ ചിന്താഗതി മാറി അദ്ദേഹം ഒരു ദേവനാണെന്നു പറഞ്ഞു.

7

അവിടെയടുത്ത് ആ ദ്വീപിന്‍റെ അധികാരിയായ പുബ്ലിയൊസിന് കുറെ സ്ഥലമുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെ സ്വീകരിച്ച് മൂന്നു ദിവസം സൗഹൃദപൂര്‍വം സല്‍ക്കരിച്ചു.

8 പുബ്ലിയൊസിന്‍റെ പിതാവ് പനിയും അതിസാരവും പിടിച്ചു കിടപ്പിലായിരുന്നു; പൗലൊസ് അയാളെ സന്ദര്‍ശിച്ച് കൈകള്‍ വച്ചു പ്രാര്‍ഥിക്കുകയും രോഗം സുഖപ്പെടുത്തുകയും ചെയ്തു.

9 ഈ സംഭവത്തിനുശേഷം ആ ദ്വീപിലെ മറ്റു രോഗികളും അദ്ദേഹത്തിന്‍റെ അടുക്കല്‍വന്നു സുഖം പ്രാപിച്ചു.

10 അവര്‍ ധാരാളം സമ്മാനങ്ങള്‍ തന്നു ഞങ്ങളെ ബഹുമാനിച്ചു. ഞങ്ങള്‍ അവിടെനിന്നു പുറപ്പെട്ടപ്പോള്‍ ഞങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം അവര്‍ കപ്പലില്‍ കയറ്റിത്തന്നു.

11

മൂന്നു മാസം കഴിഞ്ഞ് ഒരു അലക്സാന്ത്രിയന്‍ കപ്പലില്‍ ഞങ്ങള്‍ പുറപ്പെട്ടു. അശ്വനീദേവന്മാരുടെ മുദ്രയുള്ള ആ കപ്പല്‍ മാള്‍ട്ടാദ്വീപില്‍ അടുത്ത് ശീതകാലം കഴിച്ചുകൂട്ടുകയായിരുന്നു.

12 ഞങ്ങള്‍ സിറക്കൂസയിലെത്തി മൂന്നു ദിവസം അവിടെ പാര്‍ത്തു.

13 അവിടെനിന്നു ഞങ്ങള്‍ ചുറ്റിയോടി രഗ്യോനില്‍ എത്തി. ഒരു ദിവസം കഴിഞ്ഞ് തെക്കന്‍ കാറ്റടിച്ചതിനാല്‍ പിറ്റേദിവസം പുത്യൊലിയില്‍ എത്തി.

14 അവിടെവച്ച് ചില ക്രൈസ്തവസഹോദരന്മാരെ ഞങ്ങള്‍ കണ്ടുമുട്ടി. ഒരാഴ്ച തങ്ങളോടുകൂടി താമസിക്കുന്നതിന് അവര്‍ ഞങ്ങളെ ക്ഷണിച്ചു. പിന്നീട് ഞങ്ങള്‍ റോമിലെത്തി.

15 അവിടത്തെ സഹോദരന്മാര്‍ ഞങ്ങളെപ്പറ്റി കേട്ടിട്ട്, ഞങ്ങളെ എതിരേല്‌ക്കാന്‍ അപ്യപുരവും ത്രിമണ്ഡപവുംവരെ വന്നു. അവരെ കണ്ടപ്പോള്‍ പൗലൊസ് ദൈവത്തിനു നന്ദി പറയുകയും ധൈര്യപ്പെടുകയും ചെയ്തു.

16

ഞങ്ങള്‍ റോമിലെത്തിയശേഷം കാവല്‍ പടയാളികളോടുകൂടി തനിച്ചു പാര്‍ക്കുവാന്‍ പൗലൊസിന് അനുവാദം കിട്ടി.

17

മൂന്നു ദിവസം കഴിഞ്ഞ് അദ്ദേഹം അവിടെയുള്ള യെഹൂദനേതാക്കളെ വിളിച്ചുകൂട്ടി ഇപ്രകാരം പ്രസ്താവിച്ചു: “സഹോദരരേ, നമ്മുടെ ജനങ്ങള്‍ക്കോ പൂര്‍വപിതാക്കളുടെ ആചാരങ്ങള്‍ക്കോ വിരുദ്ധമായി ഞാന്‍ ഒന്നും ചെയ്തിട്ടില്ല. എങ്കിലും യെരൂശലേമില്‍ വച്ച് ഞാന്‍ ഒരു തടവുകാരനായി റോമാക്കാരുടെ കൈയില്‍ ഏല്പിക്കപ്പെട്ടു.

18 അവര്‍ എന്നെ വിസ്തരിച്ചു. വധശിക്ഷയ്‍ക്ക് അര്‍ഹമായ കുറ്റം എന്നില്‍ കാണാഞ്ഞതിനാല്‍ എന്നെ മോചിപ്പിക്കുവാന്‍ അവര്‍ക്കു മനസ്സുണ്ടായിരുന്നു.

19 എന്നാല്‍ യെഹൂദന്മാര്‍ എതിര്‍ത്തതിനാല്‍ കൈസറുടെ അടുക്കല്‍ എനിക്ക് അഭയം തേടേണ്ടിവന്നു. എന്‍റെ സ്വന്തം ജനങ്ങള്‍ക്കെതിരെ എനിക്ക് യാതൊരു ദോഷാരോപണവും ഉന്നയിക്കാനില്ലതാനും.

20 അതുകൊണ്ടാണ് നിങ്ങളെ കാണണമെന്നു ഞാന്‍ ആവശ്യപ്പെട്ടത്. ഇസ്രായേലിന്‍റെ പ്രത്യാശയെപ്രതി മാത്രമാണ് ഞാന്‍ ഈ ചങ്ങലയാല്‍ ബന്ധിതനായിരിക്കുന്നത്.”

21

അവര്‍ അദ്ദേഹത്തോടു പറഞ്ഞു: “താങ്കളെ സംബന്ധിച്ച് യെഹൂദ്യയില്‍നിന്ന് ആരുടെയും കത്ത് ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. സഹോദരന്മാരില്‍ ആരെങ്കിലും വന്ന് താങ്കളെപ്പറ്റി യാതൊരു ദോഷവും ഒട്ടു പറഞ്ഞിട്ടുമില്ല.

22 ഈ മതവിഭാഗത്തെക്കുറിച്ച് എല്ലായിടത്തും എതിരായിട്ടാണ് പറഞ്ഞുകേള്‍ക്കുന്നത്. താങ്കളുടെ അഭിപ്രായങ്ങള്‍ എന്താണെന്നു നേരിട്ടു കേള്‍ക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.”

23

അതിന് അവര്‍ ഒരു ദിവസം നിശ്ചയിച്ചു. ധാരാളം ആളുകള്‍ അദ്ദേഹത്തിന്‍റെ വാസസ്ഥലത്തു വന്നുകൂടി. ദൈവരാജ്യത്തിനു സാക്ഷ്യം വഹിച്ചുകൊണ്ടും, മോശയുടെ ധര്‍മശാസ്ത്രവും പ്രവാചകഗ്രന്ഥങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുവാന്‍ ശ്രമിച്ചുകൊണ്ടും, പ്രഭാതംമുതല്‍ പ്രദോഷംവരെ അദ്ദേഹം അവര്‍ക്കു സകലവും വിശദീകരിച്ചുകൊടുത്തു.

24 അദ്ദേഹം പറഞ്ഞത് ചിലര്‍ക്കു ബോധ്യമായി; മറ്റുള്ളവര്‍ വിശ്വസിച്ചില്ല.

25 അങ്ങനെ അഭിപ്രായൈക്യം ഉണ്ടാകാതെ അവര്‍ പിരിഞ്ഞുപോകുമ്പോള്‍ പൗലൊസ് ഇങ്ങനെ പറഞ്ഞു:

26

“ഈ ജനത്തിന്‍റെ അടുക്കല്‍ പോയി പറയുക:

നിങ്ങള്‍ എത്രകേട്ടാലും ഒരിക്കലും ഗ്രഹിക്കുകയില്ല,

നിങ്ങള്‍ എത്രതന്നെ നോക്കിയാലും

ഒരിക്കലും കാണുകയില്ല.

27

എന്തെന്നാല്‍ ഈ ജനം

മന്ദബുദ്ധികളായിത്തീര്‍ന്നിരിക്കുന്നു;

അവരുടെ കാതുകളുടെ ശ്രവണശക്തി

മന്ദീഭവിച്ചിരിക്കുന്നു;

അവരുടെ കണ്ണുകള്‍ അടഞ്ഞിരിക്കുന്നു.

അല്ലെങ്കില്‍ തങ്ങളുടെ കണ്ണുകൊണ്ട് അവര്‍ കാണുകയും

കാതുകൊണ്ടു കേള്‍ക്കുകയും

മനസ്സുകൊണ്ടു ഗ്രഹിക്കുകയും

അവരെ സുഖപ്പെടുത്തുന്നതിന്

അവര്‍ എന്‍റെ അടുക്കലേക്കു

തിരിയുകയും ചെയ്യുമായിരുന്നു”

എന്നിങ്ങനെ പരിശുദ്ധാത്മാവ് യെശയ്യാ പ്രവാചകന്‍ മുഖാന്തരം നിങ്ങളുടെ പിതാക്കന്മാരോടു പറഞ്ഞിരിക്കുന്നതു ശരിതന്നെ.

28

“അതുകൊണ്ട് ദൈവത്തിന്‍റെ രക്ഷയുടെ ഈ സന്ദേശം വിജാതീയരുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു. അവരതു ശ്രദ്ധിക്കുമെന്ന് അറിഞ്ഞുകൊള്ളുക.”

29 പൗലൊസ് ഇതു പറഞ്ഞു കഴിഞ്ഞപ്പോള്‍ യെഹൂദന്മാര്‍ അന്യോന്യം ഉച്ചത്തില്‍ വാദകോലാഹലം മുഴക്കിക്കൊണ്ട് അവിടം വിട്ടിറങ്ങിപ്പോയി.

30

വാടകവീട്ടില്‍ അദ്ദേഹം സ്വന്തം ചെലവില്‍ രണ്ടു വര്‍ഷം പാര്‍ത്തു. തന്നെ സമീപിച്ചവരെ അദ്ദേഹം സ്വീകരിച്ച്

31 ദൈവരാജ്യം പ്രസംഗിക്കുകയും കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു പരസ്യമായി നിര്‍വിഘ്നം പഠിപ്പിക്കുകയും ചെയ്തുപോന്നു.