1

1

ആദിയില്‍ത്തന്നെ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടുകൂടി ആയിരുന്നു. വചനം ദൈവമായിരുന്നു.

2 ആ വചനം ആദിയില്‍ത്തന്നെ ദൈവത്തോടുകൂടി ആയിരുന്നു.

3 വചനം മുഖാന്തരമാണ് സകലവും ഉണ്ടായത്; സൃഷ്‍ടികളില്‍ ഒന്നുംതന്നെ വചനത്തെ കൂടാതെ ഉണ്ടായിട്ടില്ല.

4 വചനത്തില്‍ ജീവനുണ്ടായിരുന്നു; ആ ജീവന്‍ മനുഷ്യവര്‍ഗത്തിനു പ്രകാശം നല്‌കിക്കൊണ്ടിരുന്നു.

5 ഇരുളില്‍ പ്രകാശിച്ചുകൊണ്ടിരിക്കുന്ന ആ വെളിച്ചത്തെ ഇരുള്‍ ഒരിക്കലും കീഴടക്കിയിട്ടില്ല.

6

യോഹന്നാന്‍ എന്നു പേരുള്ള ഒരു മനുഷ്യനെ ദൈവം അയച്ചു.

7 അദ്ദേഹം സാക്ഷ്യം വഹിക്കുവാന്‍, താന്‍ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിനു വെളിച്ചത്തിനു സാക്ഷ്യം വഹിക്കുവാന്‍ തന്നെ വന്നു.

8 അദ്ദേഹം വെളിച്ചമായിരുന്നില്ല; വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം വഹിക്കുവാന്‍ വന്നവന്‍ മാത്രമായിരുന്നു.

9 സകല മനുഷ്യരെയും പ്രകാശിപ്പിക്കുന്ന ആ സത്യവെളിച്ചം പ്രപഞ്ചത്തിലേക്കു വന്നുകൊണ്ടിരുന്നു.

10

അവിടുന്നു പ്രപഞ്ചത്തിലുണ്ടായിരുന്നു. പ്രപഞ്ചം അവിടുന്നു മുഖാന്തരമാണു സൃഷ്‍ടിക്കപ്പെട്ടത്; എങ്കിലും ലോകം അവിടുത്തെ അറിഞ്ഞില്ല.

11 അവിടുന്നു സ്വന്തമായതിലേക്കു വന്നു; എന്നാല്‍ സ്വജനങ്ങള്‍ അവിടുത്തെ സ്വീകരിച്ചില്ല.

12 തന്നെ സ്വീകരിച്ച്, തന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ദൈവത്തിന്‍റെ മക്കള്‍ ആകുവാനുള്ള അധികാരം അവിടുന്നു നല്‌കി.

13 അവിടുന്നു ജനിച്ചത് മനുഷ്യരക്തത്തില്‍ നിന്നല്ല; ലൈംഗിക പ്രേരണയാലും പുരുഷന്‍റെ ഇച്ഛയാലും അല്ല; പ്രത്യുത, ദൈവത്തില്‍ നിന്നത്രേ.

14

വചനം മനുഷ്യജന്മമെടുത്തു, ദൈവത്തിന്‍റെ വരപ്രസാദവും സത്യവും സമ്പൂര്‍ണമായി നിറഞ്ഞ് നമ്മുടെ ഇടയില്‍ വസിച്ചു; അവിടുത്തെ തേജസ്സ് പിതാവില്‍നിന്നുള്ള ഏകജാതന്‍റെ തേജസ്സായി ഞങ്ങള്‍ ദര്‍ശിച്ചു.

15

യോഹന്നാന്‍ അവിടുത്തെ സാക്ഷ്യം വഹിച്ചുകൊണ്ട് ഇപ്രകാരം ഉദ്ഘോഷിച്ചു: “എന്‍റെ പിന്നാലെ ഒരാള്‍ വരുന്നുണ്ടെന്നും, അവിടുന്ന് എനിക്കു മുമ്പേ ഉള്ളവനായതിനാല്‍ എന്നെക്കാള്‍ ശ്രേഷ്ഠനാണെന്നും ഞാന്‍ പറഞ്ഞത് ഇദ്ദേഹത്തെക്കുറിച്ചാണ്.”

16

അവിടുത്തെ സമ്പൂര്‍ണതയില്‍നിന്നു നമുക്കെല്ലാവര്‍ക്കും മേല്‌ക്കുമേല്‍ കൃപ ലഭിച്ചിരിക്കുന്നു. മോശ മുഖാന്തരം ധാര്‍മിക നിയമങ്ങള്‍ നല്‌കപ്പെട്ടു;

17 കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു. ദൈവത്തെ ആരും ഒരിക്കലും ദര്‍ശിച്ചിട്ടില്ല;

18 പിതാവിന്‍റെ മടിയിലിരിക്കുന്ന ഏകജാതനായ പുത്രന്‍ അവിടുത്തെ വെളിപ്പെടുത്തിയിരിക്കുന്നു.

19

‘അങ്ങ് ആരാകുന്നു?’ എന്നു യോഹന്നാനോട് ചോദിക്കുന്നതിനു യെഹൂദന്മാര്‍ യെരൂശലേമില്‍നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അദ്ദേഹത്തിന്‍റെ അടുക്കലേക്കയച്ചു.

20

അദ്ദേഹം അവരോടു തുറന്നു പറഞ്ഞു: “ഞാന്‍ ക്രിസ്തുവല്ല.”

21

അപ്പോള്‍ അവര്‍ ചോദിച്ചു: “പിന്നെ അങ്ങ് ആരാണ്? ഏലിയാ ആണോ?” “അല്ല” എന്ന് അദ്ദേഹം പ്രതിവചിച്ചു. അവര്‍ വീണ്ടും ചോദിച്ചു: “ഞങ്ങള്‍ പ്രതീക്ഷിക്കുന്ന ആ പ്രവാചകനാണോ താങ്കള്‍?” “അല്ല” എന്ന് അദ്ദേഹം പറഞ്ഞു.

22

അവര്‍ പിന്നെയും അദ്ദേഹത്തോടു ചോദിച്ചു: “അങ്ങ് ആരാണെന്നു പറഞ്ഞാലും: ഞങ്ങളെ പറഞ്ഞയച്ചവരോട് ഒരു മറുപടി പറയണമല്ലോ. അങ്ങയെക്കുറിച്ച് എന്താണ് പറയുന്നത്?”

23

അദ്ദേഹം പറഞ്ഞു: “യെശയ്യാപ്രവാചകന്‍ പറഞ്ഞിട്ടുള്ളതുപോലെ ‘കര്‍ത്താവിന്‍റെ വഴി നേരേയാക്കുക’ എന്നു മരുഭൂമിയില്‍ ഉദ്ഘോഷിക്കുന്നവന്‍റെ ശബ്ദമാകുന്നു ഞാന്‍.”

24

പരീശകക്ഷിയില്‍പ്പെട്ടവരായിരുന്നു അവരെ അയച്ചത്. അവര്‍ ചോദിച്ചു:

25 “അങ്ങു ക്രിസ്തുവല്ല, ഏലിയായുമല്ല, വരുവാനുള്ള പ്രവാചകനുമല്ല എങ്കില്‍ പിന്നെ അങ്ങ് എന്തിനു സ്നാപനം നടത്തുന്നു?”

26

യോഹന്നാന്‍ പ്രതിവചിച്ചു: “ഞാന്‍ ജലംകൊണ്ടു സ്നാപനം ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ക്ക് അജ്ഞാതനായ ഒരാള്‍ നിങ്ങളുടെ മധ്യത്തില്‍ നില്‌ക്കുന്നുണ്ട്.

27 അവിടുന്ന് എന്‍റെ പിന്നാലെ വരുന്നു എങ്കിലും അവിടുത്തെ ചെരുപ്പിന്‍റെ വാറ് അഴിക്കുവാന്‍പോലും ഞാന്‍ യോഗ്യനല്ല.”

28

യോഹന്നാന്‍ സ്നാപനം നടത്തിക്കൊണ്ടിരുന്ന യോര്‍ദ്ദാന്‍നദിയുടെ തീരപ്രദേശമായ ബേഥാന്യയിലാണ് ഇവയെല്ലാം സംഭവിച്ചത്.

29

അടുത്ത ദിവസം യേശു തന്‍റെ അടുക്കലേക്കു വരുന്നത് യോഹന്നാന്‍ കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: “ഇതാ, ലോകത്തിന്‍റെ പാപഭാരം ചുമന്നു നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്.

30 ഇദ്ദേഹത്തെക്കുറിച്ചാണു ഞാന്‍ പറഞ്ഞത്, ‘എന്‍റെ പിന്നാലെ ഒരാള്‍ വരുന്നു; അവിടുന്ന് എനിക്കു മുമ്പേ ഉള്ളവനായതിനാല്‍ എന്നെക്കാള്‍ ശ്രേഷ്ഠനാണ്’ എന്ന്.

31 ഞാന്‍പോലും അവിടുത്തെ മനസ്സിലാക്കിയില്ല; എങ്കിലും ഇസ്രായേല്‍ജനതയ്‍ക്ക് അവിടുത്തെ വെളിപ്പെടുത്തിക്കൊടുക്കുവാനാണ് ഞാന്‍ ജലംകൊണ്ടു സ്നാപനം നടത്തുവാന്‍ വന്നത്.”

32

“യോഹന്നാന്‍ തന്‍റെ സാക്ഷ്യം ഇങ്ങനെ തുടര്‍ന്നു: “ഒരു പ്രാവെന്നപോലെ ആത്മാവു സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന് അദ്ദേഹത്തില്‍ ആവസിക്കുന്നതു ഞാന്‍ കണ്ടു.

33 എങ്കിലും ഞാന്‍ അദ്ദേഹത്തെ മനസ്സിലാക്കിയില്ല. എന്നാല്‍ ജലംകൊണ്ടു സ്നാപനം നടത്താന്‍ എന്നെ അയച്ചവന്‍ എന്നോട് അരുള്‍ചെയ്തു: ‘ആത്മാവു സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങി ആരുടെമേല്‍ ആവസിക്കുന്നതായി നീ കാണുന്നുവോ, അദ്ദേഹമാണ് പരിശുദ്ധാത്മാവിനാല്‍ സ്നാപനം നടത്തുന്നവന്‍.’

34 അതു ഞാന്‍ കാണുകയും അവിടുന്ന് ദൈവപുത്രനാണെന്നു ഞാന്‍ സാക്ഷ്യം വഹിക്കുകയും ചെയ്തിരിക്കുന്നു.”

35

പിറ്റേദിവസം യോഹന്നാന്‍ വീണ്ടും തന്‍റെ ശിഷ്യന്മാരില്‍ രണ്ടുപേരോടുകൂടി അവിടെ നില്‌ക്കുമ്പോള്‍,

36 യേശു അതുവഴി കടന്നുപോകുന്നതു കണ്ടു. അപ്പോള്‍ യോഹന്നാന്‍ പറഞ്ഞു: “ഇതാ, ദൈവത്തിന്‍റെ കുഞ്ഞാട്!”.

37 ഇതുകേട്ട് ആ ശിഷ്യന്മാര്‍ രണ്ടുപേരും യേശുവിനെ അനുഗമിച്ചു.

38 യേശു തിരിഞ്ഞു നോക്കി, തന്‍റെ പിന്നാലെ അവര്‍ ചെല്ലുന്നതുകണ്ട് “നിങ്ങള്‍ എന്താണ് അന്വേഷിക്കുന്നത്?” എന്നു ചോദിച്ചു, അപ്പോള്‍ അവര്‍, “റബ്ബീ, അങ്ങ് എവിടെയാണു പാര്‍ക്കുന്നത്?” എന്നു ചോദിച്ചു.

39 ‘റബ്ബീ’ എന്ന വാക്കിന് ‘ഗുരു’ എന്നര്‍ഥം. “വന്നു കാണുക” എന്ന് യേശു പറഞ്ഞു. അവര്‍ ചെന്ന് അവിടുത്തെ വാസസ്ഥലം കണ്ടു; അപ്പോള്‍ ഏകദേശം നാലുമണി സമയം ആയിരുന്നതിനാല്‍ അന്ന് അവര്‍ അദ്ദേഹത്തിന്‍റെ കൂടെ പാര്‍ത്തു.

40 യോഹന്നാന്‍ പറഞ്ഞതുകേട്ട് യേശുവിനെ അനുഗമിച്ച രണ്ടുപേരില്‍ ഒരാള്‍ ശിമോന്‍ പത്രോസിന്‍റെ സഹോദരനായ അന്ത്രയാസ് ആയിരുന്നു.

41 അയാള്‍ ആദ്യമായി തന്‍റെ സഹോദരന്‍ ശിമോനെ കണ്ടു പറഞ്ഞു: “ഞങ്ങള്‍ മിശിഹായെ കണ്ടെത്തിയിരിക്കുന്നു.” ‘മിശിഹ’ എന്നതിനു ‘ക്രിസ്തു’ അഥവാ ‘അഭിഷിക്തന്‍’ എന്നര്‍ഥം.

42 അനന്തരം അന്ത്രയാസ് ശിമോനെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുചെന്നു; യേശു ശിമോനെ നോക്കിക്കൊണ്ടു പറഞ്ഞു: “നീ യോഹന്നാന്‍റെ പുത്രനായ ശിമോന്‍ അല്ലേ? നീ ഇനി കേഫാ എന്നു വിളിക്കപ്പെടും.” അതിനു പത്രോസ് അഥവാ പാറ എന്നര്‍ഥം.

43

അടുത്ത ദിവസം യേശു ഗലീലയിലേക്കു പോകുവാന്‍ തീരുമാനിച്ചു. അവിടുന്നു ഫീലിപ്പോസിനെ കണ്ട് “എന്‍റെകൂടെ വരിക” എന്നു പറഞ്ഞു.

44 പത്രോസിന്‍റെയും അന്ത്രയാസിന്‍റെയും പട്ടണമായ ബെത്‍സെയ്ദാ ആയിരുന്നു ഫീലിപ്പോസിന്‍റെയും ജന്മസ്ഥലം.

45 ഫീലിപ്പോസ് നഥാനിയേലിനെ കണ്ടു പറഞ്ഞു: “മോശയുടെ നിയമഗ്രന്ഥത്തിലും പ്രവാചകന്മാരുടെ പുസ്തകങ്ങളിലും ആരെക്കുറിച്ച് എഴുതിയിരിക്കുന്നുവോ അവിടുത്തെ ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു, യോസേഫിന്‍റെ പുത്രന്‍ നസറെത്തില്‍നിന്നുള്ള യേശുവിനെത്തന്നെ.”

46

അപ്പോള്‍ നഥാനിയേല്‍ ചോദിച്ചു: “നസറെത്തോ? അവിടെനിന്നു വല്ല നന്മയും ഉണ്ടാകുമോ?”

ഫീലിപ്പോസ് അയാളോട്: “വന്നു കാണുക” എന്നു പറഞ്ഞു.

47

നഥാനിയേല്‍ തന്‍റെ അടുക്കലേക്കു വരുന്നതു കണ്ട് യേശു പറഞ്ഞു: “ഇതാ, ഒരു യഥാര്‍ഥ ഇസ്രായേല്യന്‍; ഇയാളില്‍ യാതൊരു കാപട്യവുമില്ല.”

48

നഥാനിയേല്‍ യേശുവിനോടു ചോദിച്ചു: “അവിടുന്ന് എന്നെ എങ്ങനെ അറിഞ്ഞു?”

“ഫീലിപ്പോസ് നിന്നെ വിളിക്കുന്നതിനു മുമ്പ് നീ അത്തിവൃക്ഷത്തിന്‍റെ കീഴില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെ കണ്ടു” എന്നു യേശു ഉത്തരമരുളി.

49

നഥാനിയേല്‍ യേശുവിനോട്: “ഗുരോ, അങ്ങു ദൈവത്തിന്‍റെ പുത്രന്‍; അങ്ങ് ഇസ്രായേലിന്‍റെ രാജാവുതന്നെ” എന്നു പറഞ്ഞു.

50

യേശു ഇപ്രകാരം പ്രതിവചിച്ചു: “നിന്നെ ഞാന്‍ അത്തിയുടെ ചുവട്ടില്‍വച്ചു കണ്ടു എന്നു പറഞ്ഞതുകൊണ്ടാണോ നീ വിശ്വസിക്കുന്നത്? ഇതിനെക്കാള്‍ വലിയ കാര്യങ്ങള്‍ നീ കാണും.”

51

പിന്നീട് അവിടുന്ന് അയാളോട് അരുള്‍ചെയ്തു: “സ്വര്‍ഗം തുറന്നിരിക്കുന്നതും ദൈവത്തിന്‍റെ ദൂതന്മാര്‍ മനുഷ്യപുത്രന്‍ മുഖേന കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങള്‍ കാണും എന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു.”

2

1

മൂന്നാം ദിവസം ഗലീലയിലെ കാനായില്‍ ഒരു കല്യാണം ഉണ്ടായിരുന്നു. യേശുവിന്‍റെ അമ്മയും അവിടെ എത്തിയിരുന്നു.

2 യേശുവും ശിഷ്യന്മാരും ആ വിവാഹവിരുന്നിനു ക്ഷണിക്കപ്പെട്ടിരുന്നു.

3 അവിടെ വീഞ്ഞു തികയാതെ വന്നതിനാല്‍ യേശുവിന്‍റെ അമ്മ യേശുവിന്‍റെ അടുക്കല്‍ ചെന്ന് “അവര്‍ക്ക് വീഞ്ഞില്ല” എന്നു പറഞ്ഞു.

4

അപ്പോള്‍ യേശു: “സ്‍ത്രീയേ, ഇതില്‍ എനിക്കും നിങ്ങള്‍ക്കും എന്തുകാര്യം? എന്‍റെ സമയം ഇതുവരെയും ആയിട്ടില്ല” എന്നു പറഞ്ഞു.

5

യേശുവിന്‍റെ അമ്മ പരിചാരകരോട്: “യേശു പറയുന്നത് എന്തായാലും അതു നിങ്ങള്‍ ചെയ്യുക” എന്നു പറഞ്ഞു.

6

യെഹൂദന്മാരുടെ ആചാരപ്രകാരമുള്ള ശുദ്ധീകരണത്തിനു വെള്ളം നിറച്ചുവയ്‍ക്കുന്ന ആറു കല്ഭരണികള്‍ അവിടെ ഉണ്ടായിരുന്നു. ഓരോന്നിലും നൂറു നൂറ്റമ്പതു ലിറ്റര്‍ വെള്ളം കൊള്ളുമായിരുന്നു.

7 യേശു പരിചാരകരോട്: “ആ കല്ഭരണികളില്‍ വെള്ളം നിറയ്‍ക്കുക” എന്നു പറഞ്ഞു. അവര്‍ അവയുടെ വക്കുവരെ വെള്ളം നിറച്ചു.

8 “ഇനി ഇതു പകര്‍ന്നു വിരുന്നിന്‍റെ മേല്‍നോട്ടം വഹിക്കുന്ന ആളിന്‍റെ അടുക്കല്‍ കൊണ്ടുചെല്ലുക” എന്നും യേശു ആജ്ഞാപിച്ചു. അവര്‍ അങ്ങനെ ചെയ്തു.

9 വീഞ്ഞായിത്തീര്‍ന്ന വെള്ളം അയാള്‍ രുചിച്ചു നോക്കി. അതെവിടെനിന്നു കിട്ടിയെന്ന് അയാള്‍ അറിഞ്ഞില്ല. വെള്ളം കോരിക്കൊണ്ടുചെന്ന പരിചാരകര്‍ മാത്രമേ അറിഞ്ഞിരുന്നുള്ളൂ.

10 വിരുന്നിന്‍റെ മേല്‍നോട്ടം വഹിക്കുന്നയാള്‍ മണവാളനെ വിളിച്ചു പറഞ്ഞു: “എല്ലാവരും നല്ല വീഞ്ഞാണ് ആദ്യം വിളമ്പുക; ലഹരി പിടിച്ചശേഷമേ മോശമായതു വിളമ്പാറുള്ളൂ. എന്നാല്‍ നിങ്ങള്‍ ഈ നല്ല വീഞ്ഞ് ഇതുവരെ സൂക്ഷിച്ചുവച്ചിരുന്നല്ലോ.”

11

യേശുവിന്‍റെ ദിവ്യമഹത്ത്വം പ്രകടമാക്കിയ ആദ്യത്തെ അടയാളപ്രവൃത്തി ആയിരുന്നു, ഗലീലയിലെ കാനായില്‍ നടന്ന ഈ സംഭവം. അത് അവിടുത്തെ മഹത്ത്വം വെളിപ്പെടുത്തി. ശിഷ്യന്മാര്‍ യേശുവില്‍ വിശ്വസിക്കുകയും ചെയ്തു.

12

അനന്തരം യേശു തന്‍റെ അമ്മയോടും സഹോദരന്മാരോടും ശിഷ്യന്മാരോടുംകൂടി കഫര്‍ന്നഹൂമിലേക്കു പോയി. അവിടെ അവര്‍ ഏതാനും ദിവസങ്ങള്‍ താമസിച്ചു.

13

യെഹൂദന്മാരുടെ പെസഹാപെരുന്നാള്‍ സമീപിച്ചിരുന്നു. അതിനാല്‍ യേശു യെരൂശലേമിലേക്കുപോയി.

14 ദേവാലയത്തില്‍ ആടുമാടുകളെയും പ്രാക്കളെയും വില്‍ക്കുന്നവരെയും നാണയം മാറിക്കൊടുക്കുന്ന വ്യാപാരത്തിലേര്‍പ്പെട്ടിരിക്കുന്നവരെയും കണ്ടിട്ട്

15 യേശു കയറുകൊണ്ട് ഒരു ചാട്ട ഉണ്ടാക്കി, അവിടെ വ്യാപാരം ചെയ്തുകൊണ്ടിരുന്ന എല്ലാവരെയും ആടുമാടുകളെയും അവിടെനിന്നു പുറത്താക്കി; നാണയം മാറുന്നവരുടെ മേശകള്‍ മറിച്ചിട്ടു പണം ചിതറിച്ചുകളഞ്ഞു.

16 പ്രാക്കളെ വില്‍ക്കുന്നവരോട് “ഇവയെല്ലാം ഇവിടെനിന്നു കൊണ്ടുപോകൂ; എന്‍റെ പിതാവിന്‍റെ ഭവനം വ്യാപാരശാല ആക്കിക്കൂടാ” എന്നു പറഞ്ഞു.

17 “അവിടുത്തെ ആലയത്തെക്കുറിച്ചുള്ള ശുഷ്കാന്തി എന്നെ ഗ്രസിച്ചുകളയും” എന്ന വേദലിഖിതം ശിഷ്യന്മാര്‍ ആ സമയത്ത് അനുസ്മരിച്ചു.

18 യെഹൂദന്മാര്‍ അവിടുത്തോട്: “ഇവയെല്ലാം ചെയ്യുവാന്‍ താങ്കള്‍ക്ക് അധികാരമുണ്ടെന്നുള്ളതിന് എന്താണ് അടയാളം? ഞങ്ങള്‍ക്കു കാണിച്ചുതരൂ” എന്നു പറഞ്ഞു.

19

“ഈ ആലയം നശിപ്പിക്കുക; മൂന്നു ദിവസംകൊണ്ട് ഞാനിതു വീണ്ടും പണിയാം” എന്ന് യേശു പ്രതിവചിച്ചു.

20

ഉടനെ യെഹൂദന്മാര്‍ അവിടുത്തോടു ചോദിച്ചു: “നാല്പത്തിയാറു വര്‍ഷംകൊണ്ടാണ് ഈ ദേവാലയം നിര്‍മിച്ചത്. ഇതു മൂന്നു ദിവസംകൊണ്ടു താങ്കള്‍ വീണ്ടും പണിയുമെന്നോ?”

21

എന്നാല്‍ തന്‍റെ ശരീരമാകുന്ന ദേവാലയത്തെക്കുറിച്ചായിരുന്നു യേശു സൂചിപ്പിച്ചത്.

22 യേശു പറഞ്ഞ ഈ വാക്കുകള്‍ അവിടുന്ന് മരിച്ചവരുടെ ഇടയില്‍നിന്നു ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ ശിഷ്യന്മാര്‍ അനുസ്മരിച്ചു. അങ്ങനെ അവര്‍ വേദലിഖിതവും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.

23

പെസഹാപെരുന്നാളിന് യേശു യെരൂശലേമില്‍ ആയിരുന്നപ്പോള്‍ ചെയ്ത അദ്ഭുതപ്രവൃത്തികള്‍ കണ്ട് അനേകമാളുകള്‍ അവിടുത്തെ നാമത്തില്‍ വിശ്വസിച്ചു.

24 എന്നാല്‍ യേശു എല്ലാവരെയും അറിഞ്ഞിരുന്നതുകൊണ്ട് അവരില്‍ വിശ്വാസം അര്‍പ്പിച്ചില്ല.

25 മനുഷ്യന്‍റെ അന്തര്‍ഗതം അറിയാമായിരുന്നതുകൊണ്ട് അവരെപ്പറ്റി മറ്റാരുടെയും സാക്ഷ്യം യേശുവിന് ആവശ്യമില്ലായിരുന്നു.

3

1

യെഹൂദപ്രമാണിമാരുടെ കൂട്ടത്തില്‍ നിക്കോദിമോസ് എന്നു പേരുള്ള ഒരു പരീശന്‍ ഉണ്ടായിരുന്നു.

2 അയാള്‍ രാത്രിയില്‍ യേശുവിന്‍റെ അടുക്കല്‍ ചെന്ന് ഇങ്ങനെ പറഞ്ഞു: “റബ്ബീ, അങ്ങ് ദൈവസന്നിധിയില്‍ നിന്നു വന്ന ഗുരുവാണെന്നു ഞങ്ങള്‍ക്കറിയാം. ദൈവം കൂടെയില്ലാതെ അങ്ങു ചെയ്യുന്നതുപോലെയുള്ള ഈ അദ്ഭുതപ്രവൃത്തികള്‍ ആര്‍ക്കും ചെയ്യുവാന്‍ സാധ്യമല്ല.”

3

യേശു നിക്കോദിമോസിനോട്, “ഒരുവന്‍ പുതുതായി ജനിക്കുന്നില്ലെങ്കില്‍ അവന് ദൈവരാജ്യം ദര്‍ശിക്കുവാന്‍ കഴിയുകയില്ല എന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു” എന്ന് അരുള്‍ചെയ്തു.

4

നിക്കോദിമോസ് ചോദിച്ചു: “പ്രായംചെന്ന ഒരു മനുഷ്യന്‍ വീണ്ടും ജനിക്കുന്നതെങ്ങനെ? വീണ്ടും മാതാവിന്‍റെ ഗര്‍ഭാശയത്തില്‍ പ്രവേശിച്ചു ജനിക്കുക സാധ്യമാണോ?”

5

യേശു ഉത്തരമരുളി: “ഞാന്‍ ഉറപ്പിച്ചു പറയുന്നു: ഒരുവന്‍ ജലത്തിലും ആത്മാവിലുംകൂടി ജനിക്കുന്നില്ലെങ്കില്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ സാധ്യമല്ല.

6 ഭൗതികശരീരത്തില്‍നിന്നു ജനിക്കുന്നത് ഭൗതികശരീരവും ആത്മാവില്‍നിന്നു ജനിക്കുന്നത് ആത്മാവുമാകുന്നു.

7 നിങ്ങള്‍ വീണ്ടും ജനിക്കണമെന്നു ഞാന്‍ പറയുമ്പോള്‍ ആശ്ചര്യപ്പെടരുത്.

8 കാറ്റ് ഇഷ്ടമുള്ളിടത്തു വീശുന്നു; അതിന്‍റെ ശബ്ദം നിങ്ങള്‍ കേള്‍ക്കുന്നു; എങ്കിലും, എവിടെനിന്നു വരുന്നു എന്നോ, എങ്ങോട്ടു പോകുന്നു എന്നോ, നിങ്ങള്‍ അറിയുന്നില്ല. ആത്മാവില്‍നിന്നു ജനിക്കുന്നവനും അങ്ങനെതന്നെ.

9

നിക്കോദിമോസ് യേശുവിനോടു ചോദിച്ചു: “ഇതെങ്ങനെയാണു സംഭവിക്കുക?”

10

യേശു പറഞ്ഞു: “താങ്കള്‍ ഇസ്രായേലിന്‍റെ ഒരു ഗുരുവായിട്ടും ഈ വക കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലേ?

11 ഞാന്‍ ഉറപ്പിച്ചു പറയുന്നു. ഞങ്ങള്‍ അറിയുന്നതു പ്രസ്താവിക്കുകയും ഞങ്ങള്‍ കണ്ടതിനു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. പക്ഷേ, ഞങ്ങളുടെ സാക്ഷ്യം നിങ്ങള്‍ സ്വീകരിക്കുന്നില്ല.

12 ഞാന്‍ ഭൗമികകാര്യങ്ങള്‍ നിങ്ങളോടു പറഞ്ഞിട്ടു നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ സ്വര്‍ഗീയമായ കാര്യങ്ങള്‍ പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും?

13 സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും സ്വര്‍ഗത്തില്‍ കയറിയിട്ടില്ല.”

14

[14,15] മോശ മരുഭൂമിയില്‍വച്ചു സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, മനുഷ്യപുത്രനും തന്നില്‍ വിശ്വസിക്കുന്ന ഏതൊരുവനും അനശ്വരജീവന്‍ ലഭിക്കേണ്ടതിന് ഉയര്‍ത്തപ്പെടേണ്ടതാണ്.

15

16 തന്‍റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്നവര്‍ ആരും നശിച്ചുപോകാതെ അനശ്വരജീവന്‍ പ്രാപിക്കേണ്ടതിന് ആ പുത്രനെ നല്‌കുവാന്‍ തക്കവണ്ണം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.

17 ലോകത്തെ വിധിക്കുവാനല്ല ദൈവം തന്‍റെ പുത്രനെ ലോകത്തിലേക്കയച്ചത്; പ്രത്യുത, പുത്രന്‍ മൂലം ലോകത്തെ രക്ഷിക്കുവാനാണ്.

18

പുത്രനില്‍ വിശ്വസിക്കുന്ന ഒരുവനും വിധിക്കപ്പെടുന്നില്ല; വിശ്വസിക്കാത്തവന്‍ വിധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു; ദൈവത്തിന്‍റെ ഏകപുത്രന്‍റെ നാമത്തില്‍ വിശ്വസിക്കാത്തതിനാല്‍ത്തന്നെ.

19 മനുഷ്യരുടെ പ്രവൃത്തികള്‍ ദുഷ്ടതനിറഞ്ഞവയായതിനാല്‍ വെളിച്ചം ലോകത്തില്‍ വന്നിട്ടും വെളിച്ചത്തെക്കാള്‍ അധികം ഇരുളിനെ അവര്‍ സ്നേഹിച്ചു. ഇതത്രേ ന്യായവിധി.

20 അധമപ്രവൃത്തികള്‍ ചെയ്യുന്ന ഏതൊരുവനും വെളിച്ചത്തെ വെറുക്കുന്നു. തന്‍റെ പ്രവൃത്തികള്‍ വെളിച്ചത്താകുമെന്നുള്ളതിനാല്‍ അവന്‍ വെളിച്ചത്തിലേക്കു വരുന്നില്ല.

21 എന്നാല്‍ സത്യം പ്രവര്‍ത്തിക്കുന്നവന്‍ തന്‍റെ പ്രവൃത്തികള്‍ ദൈവത്തെ മുന്‍നിറുത്തി ചെയ്തിട്ടുള്ളതാണെന്നു വ്യക്തമാകത്തക്കവിധം വെളിച്ചത്തിലേക്കു വരുന്നു.

22

അനന്തരം യേശുവും ശിഷ്യന്മാരും യെഹൂദ്യദേശത്തേക്കു പോയി, അവിടുന്ന് അവരോടുകൂടി അവിടെ താമസിക്കുകയും സ്നാപനം നടത്തുകയും ചെയ്തു.

23 ശാലേമിനു സമീപം ഐനോനില്‍ ധാരാളം വെള്ളമുണ്ടായിരുന്നതുകൊണ്ട് യോഹന്നാന്‍ അവിടെ സ്നാപനം നടത്തിക്കൊണ്ടിരുന്നു. ജനങ്ങള്‍ അവിടെയെത്തി സ്നാപനം സ്വീകരിച്ചു.

24 യോഹന്നാന്‍ അന്നു കാരാഗൃഹത്തില്‍ അടയ്‍ക്കപ്പെട്ടിരുന്നില്ല.

25

യോഹന്നാന്‍റെ ചില ശിഷ്യന്മാരും ഒരു യെഹൂദനും തമ്മില്‍ ശാസ്ത്രവിധിപ്രകാരമുള്ള ശുദ്ധീകരണത്തെ സംബന്ധിച്ച് തര്‍ക്കമുണ്ടായി.

26 അവര്‍ വന്നു യോഹന്നാനോടു പറഞ്ഞു: “ഗുരോ, യോര്‍ദ്ദാന്‍റെ മറുകരവച്ച് അങ്ങ് ഒരാളെ ചൂണ്ടിക്കൊണ്ട് സാക്ഷ്യം പറഞ്ഞല്ലോ. അദ്ദേഹം ഇപ്പോള്‍ സ്നാപനം നടത്തിക്കൊണ്ടിരിക്കുന്നു; എല്ലാവരും അദ്ദേഹത്തിന്‍റെ അടുക്കലേക്കു പോകുന്നു.”

27

യോഹന്നാന്‍ പറഞ്ഞു: “ദൈവം നല്‌കാതെ ആര്‍ക്കും ഒന്നും സിദ്ധിക്കുന്നില്ല.

28 ഞാന്‍ ക്രിസ്തു അല്ലെന്നും അദ്ദേഹത്തിനുമുമ്പേ അയയ്‍ക്കപ്പെട്ടവന്‍ മാത്രമാണെന്നും ഞാന്‍ പറഞ്ഞതിനു നിങ്ങള്‍തന്നെ സാക്ഷികളാണല്ലോ.

29 മണവാട്ടി ഉള്ളവനാണു മണവാളന്‍. മണവാളന്‍റെ സ്നേഹിതന്‍ അടുത്തുനിന്ന് അയാളുടെ സ്വരം കേട്ട് അത്യന്തം ആനന്ദിക്കുന്നു. ഈ ആനന്ദം എനിക്കു പൂര്‍ണമായിരിക്കുന്നു.

30 അവിടുന്നു വളരുകയും ഞാന്‍ കുറയുകയും വേണം.”

31

ഉന്നതത്തില്‍നിന്നു വരുന്നവന്‍ എല്ലാവരെയുംകാള്‍ സമുന്നതനാണ്. ഭൂമിയില്‍നിന്നുള്ളവന്‍ ഭൗമികനാകുന്നു; ഭൗമികകാര്യങ്ങള്‍ അവന്‍ സംസാരിക്കുന്നു. സ്വര്‍ഗത്തില്‍നിന്നു വരുന്നവന്‍ എല്ലാവരെയുംകാള്‍ സമുന്നതനാണ്.

32 താന്‍ കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുള്ള കാര്യങ്ങള്‍ക്ക് അവിടുന്നു സാക്ഷ്യം വഹിക്കുന്നു; എന്നിട്ടും അവിടുത്തെ സാക്ഷ്യം ആരും സ്വീകരിക്കുന്നില്ല.

33 ആ സാക്ഷ്യം സ്വീകരിക്കുന്നവന്‍ ദൈവം സത്യവാന്‍ എന്ന് അംഗീകരിക്കുന്നു.

34 ദൈവം അയച്ചവന്‍ ദൈവവചനങ്ങള്‍ ഉച്ചരിക്കുന്നു. ആത്മാവിനെ അളവുകൂടാതെയാണു ദൈവം നല്‌കുന്നത്.

35 പിതാവു പുത്രനെ സ്നേഹിക്കുന്നതുകൊണ്ട് സമസ്തവും അവിടുത്തെ കൈകളില്‍ ഏല്പിച്ചിരിക്കുന്നു.

36 പുത്രനില്‍ വിശ്വസിക്കുന്നവന് അനശ്വരജീവനുണ്ട്; പുത്രനെ അനുസരിക്കാത്തവന്‍ ജീവന്‍ പ്രാപിക്കുകയില്ല; എന്തെന്നാല്‍ അവന്‍ ദൈവകോപത്തിനു വിധേയനാണ്.

4

1

യേശു യോഹന്നാനെക്കാള്‍ അധികം ആളുകളെ ശിഷ്യരാക്കുകയും സ്നാപനം നടത്തുകയും ചെയ്യുന്നു എന്നു പരീശന്മാര്‍ കേട്ടു.

2 യഥാര്‍ഥത്തില്‍ യേശുവല്ല അവിടുത്തെ ശിഷ്യന്മാരാണ് സ്നാപനം നടത്തിയത്.

3 ഇതറിഞ്ഞപ്പോള്‍ യേശു യെഹൂദ്യവിട്ട് ഗലീലയിലേക്കു മടങ്ങിപ്പോയി.

4 അവിടുത്തേക്കു ശമര്യയില്‍ കൂടിയാണ് പോകേണ്ടിയിരുന്നത്.

5

അങ്ങനെ യേശു ശമര്യയിലെ സുഖാര്‍ എന്ന പട്ടണത്തിലെത്തി. യാക്കോബ് സ്വപുത്രനായ യോസേഫിനു നല്‌കിയ വയലിനു സമീപത്തായിരുന്നു ഈ പട്ടണം.

6 യാക്കോബിന്‍റെ കിണറും അവിടെയായിരുന്നു. യാത്രാക്ഷീണംകൊണ്ട് യേശു ആ കിണറിന്‍റെ അരികിലിരുന്നു; അപ്പോള്‍ ഏതാണ്ടു മധ്യാഹ്ന സമയമായിരുന്നു.

7

ഒരു ശമര്യക്കാരി വെള്ളം കോരാന്‍ അവിടെ ചെന്നു. യേശു ആ സ്‍ത്രീയോട്: “എനിക്കു കുടിക്കാന്‍ അല്പം വെള്ളം തരിക” എന്നു പറഞ്ഞു.

8 ഈ സമയത്ത് ശിഷ്യന്മാര്‍ ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ പട്ടണത്തിലേക്കു പോയിരിക്കുകയായിരുന്നു.

9

ആ സ്‍ത്രീ യേശുവിനോടു ചോദിച്ചു: “ഒരു യെഹൂദനായ അങ്ങ് ശമര്യക്കാരിയായ എന്നോടു എങ്ങനെ കുടിക്കാന്‍ ചോദിക്കും?” യെഹൂദന്മാരും ശമര്യക്കാരും തമ്മില്‍ യാതൊരു സമ്പര്‍ക്കവുമില്ലായിരുന്നു.

10

അതിന് യേശു മറുപടി പറഞ്ഞു: “ദൈവത്തിന്‍റെ ദാനം എന്താണെന്നും നിന്നോടു കുടിക്കാന്‍ ചോദിക്കുന്നത് ആരാണെന്നും നീ അറിഞ്ഞിരുന്നെങ്കില്‍ നീ അയാളോടു ചോദിക്കുകയും അയാള്‍ നിനക്കു ജീവജലം നല്‌കുകയും ചെയ്യുമായിരുന്നു.”

11

അപ്പോള്‍ ആ സ്‍ത്രീ പറഞ്ഞു: “പ്രഭോ, വെള്ളം കോരുവാന്‍ അങ്ങയുടെ കൈയില്‍ പാത്രമില്ലല്ലോ; കിണറാണെങ്കില്‍ ആഴമേറിയതാണുതാനും; പിന്നെ എവിടെനിന്നാണ് അങ്ങേക്കു ജീവജലം ലഭിക്കുക?

12 നമ്മുടെ പൂര്‍വപിതാവായ യാക്കോബിനെക്കാള്‍ വലിയവനാണോ അങ്ങ്? അദ്ദേഹമാണ് ഞങ്ങള്‍ക്ക് ഈ കിണര്‍ നല്‌കിയത്. അദ്ദേഹവും സന്താനങ്ങളും അദ്ദേഹത്തിന്‍റെ മൃഗങ്ങളും ഇതിലെ വെള്ളമാണു കുടിച്ചുപോന്നത്.”

13

യേശു പ്രതിവചിച്ചു: “ഈ വെള്ളം കുടിക്കുന്നവനു പിന്നെയും ദാഹിക്കും. ഞാന്‍ നല്‌കുന്ന വെള്ളം കുടിക്കുന്നവന് ഒരിക്കലും ദാഹിക്കുകയില്ല.

14

ഞാന്‍ നല്‌കുന്ന ജലം അവന് അനശ്വരജീവനിലേക്ക് ഉദ്ഗമിക്കുന്ന നീരുറവയായിത്തീരും.”

15

സ്‍ത്രീ അവിടുത്തോട്: “പ്രഭോ, ആ ജലം എനിക്കു തന്നാലും. പിന്നീട് എനിക്കു ദാഹിക്കുകയില്ലല്ലോ. വെള്ളം കോരാന്‍ ഇവിടംവരെ വരികയും വേണ്ടല്ലോ” എന്നു പറഞ്ഞു.

16

അപ്പോള്‍ യേശു: “നീ പോയി നിന്‍റെ ഭര്‍ത്താവിനെ വിളിച്ചുകൊണ്ടുവരൂ” എന്ന് ആജ്ഞാപിച്ചു.

17

“എനിക്കു ഭര്‍ത്താവില്ല എന്നായിരുന്നു ശമര്യക്കാരിയുടെ മറുപടി. യേശു പറഞ്ഞു: “നിനക്കു ഭര്‍ത്താവില്ല എന്നു നീ പറഞ്ഞതു ശരിയാണ്.

18 നിനക്ക് അഞ്ചു ഭര്‍ത്താക്കന്മാരുണ്ടായിരുന്നു. ഇപ്പോഴുള്ളവന്‍ യഥാര്‍ഥത്തില്‍ നിന്‍റെ ഭര്‍ത്താവല്ല. നീ പറഞ്ഞതു സത്യം തന്നെ.”

19

അപ്പോള്‍ ആ സ്‍ത്രീ യേശുവിനോടു പറഞ്ഞു: “പ്രഭോ, അങ്ങ് ഒരു പ്രവാചകനാണെന്നു ഞാന്‍ മനസ്സിലാക്കുന്നു.

20 ഞങ്ങളുടെ പൂര്‍വികന്മാര്‍ ഈ മലയിലാണു ദൈവത്തെ ആരാധിച്ചു വന്നത്; എന്നാല്‍ ദൈവത്തെ ആരാധിക്കേണ്ട സ്ഥലം യെരൂശലേമിലാണെന്നു യെഹൂദന്മാരായ നിങ്ങള്‍ പറയുന്നു.”

21

യേശു അവളോടു പറഞ്ഞു: “ഞാന്‍ പറയുന്നതു വിശ്വസിക്കുക; പിതാവിനെ ആരാധിക്കുന്നത് ഈ മലയിലോ യെരൂശലേമിലോ അല്ലാതാകുന്ന സമയം വരുന്നു.

22 ആരെയാണ് ആരാധിക്കുന്നത് എന്ന് ശമര്യരായ നിങ്ങള്‍ യഥാര്‍ഥത്തില്‍ അറിയുന്നില്ല; യെഹൂദന്മാരായ ഞങ്ങള്‍ക്കറിയാം, ഞങ്ങള്‍ ആരെയാണ് ആരാധിക്കുന്നതെന്ന്;

23 രക്ഷ യെഹൂദന്മാരില്‍നിന്നാണല്ലോ വരുന്നത്. യഥാര്‍ഥ ആരാധകര്‍ പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന സമയം വരുന്നു; അല്ല വന്നു കഴിഞ്ഞിരിക്കുന്നു. ഇങ്ങനെയുള്ള ആരാധകരെയാണു പിതാവ് അന്വേഷിക്കുന്നത്.

24

“ദൈവം ആത്മാവാകുന്നു; ദൈവത്തെ ആരാധിക്കുന്നവര്‍ ആത്മാവിലും സത്യത്തിലും ആരാധിക്കണം.”

25

ആ സ്‍ത്രീ യേശുവിനോട്: “ക്രിസ്തു എന്നു വിളിക്കപ്പെടുന്ന മിശിഹാ വരുമെന്ന് എനിക്കറിയാം; അവിടുന്നു വരുമ്പോള്‍ സമസ്തവും ഞങ്ങള്‍ക്ക് ഉപദേശിച്ചുതരും” എന്നു പറഞ്ഞു.

26 യേശു ഉത്തരമരുളി: “നിന്നോടു സംസാരിക്കുന്ന ഞാന്‍ തന്നെയാണു മിശിഹാ.”

27

ഈ സന്ദര്‍ഭത്തില്‍ ശിഷ്യന്മാര്‍ മടങ്ങിയെത്തി. യേശു ഒരു സ്‍ത്രീയോട് സംസാരിക്കുന്നതു കണ്ട് അവര്‍ ആശ്ചര്യപ്പെട്ടു. എങ്കിലും “നിനക്ക് എന്തുവേണം?” എന്ന് ആ സ്‍ത്രീയോടോ, “അവളോടു സംസാരിക്കുന്നത് എന്തിന്?” എന്ന് യേശുവിനോടോ ആരും ചോദിച്ചില്ല.

28

പിന്നീട് ആ സ്‍ത്രീ കുടം അവിടെ വച്ചിട്ടു പട്ടണത്തിലേക്കു തിരിച്ചുപോയി അവിടത്തെ ജനങ്ങളോടു പറഞ്ഞു:

29 “ഞാന്‍ ഇന്നുവരെ ചെയ്തിട്ടുള്ളതെല്ലാം എന്നോടു പറഞ്ഞ ആ മനുഷ്യനെ വന്നു കാണുക; അദ്ദേഹം മിശിഹാ ആയിരിക്കുമോ?”

30 അവര്‍ പട്ടണത്തില്‍നിന്ന് യേശുവിന്‍റെ അടുക്കലേക്കു ചെന്നു.

31

ഇതിനിടയ്‍ക്ക് ശിഷ്യന്മാര്‍ യേശുവിനോട് “ഗുരോ, ഭക്ഷണം കഴിച്ചാലും” എന്ന് അപേക്ഷിച്ചു.

32

അവിടുന്ന് അവരോടു പറഞ്ഞു: “നിങ്ങള്‍ക്ക് അജ്ഞാതമായ ആഹാരം എനിക്കുണ്ട്.”

33

“വല്ലവരും അവിടുത്തേക്ക് ഭക്ഷണം കൊണ്ടുവന്നു കൊടുത്തു കാണുമോ?” എന്ന് ശിഷ്യന്മാര്‍ അന്യോന്യം ചോദിച്ചു.

34

യേശു ഉത്തരം പറഞ്ഞു: “എന്നെ അയച്ചവന്‍റെ അഭീഷ്ടം നിറവേറ്റുകയും അവിടുന്ന് എന്നെ ഏല്പിച്ച ജോലി പൂര്‍ത്തീകരിക്കുകയും ചെയ്യുന്നതാണ് എന്‍റെ ആഹാരം.

35 ‘കൊയ്ത്തിന് ഇനിയും നാലുമാസംകൂടിയുണ്ട്’ എന്നല്ലേ നിങ്ങള്‍ പറയുന്നത്? ഞാന്‍ നിങ്ങളോടു പറയട്ടെ: നിങ്ങള്‍ തലയുയര്‍ത്തി നോക്കുക. ഇപ്പോള്‍ത്തന്നെ നിലം വിളഞ്ഞു വെളുത്ത് കൊയ്യാന്‍ പാകമായിരിക്കുന്നു.

36 വിതയ്‍ക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ച് ആഹ്ലാദിക്കുവാന്‍ തക്കവണ്ണം കൊയ്യുന്നവന്‍ കൂലി വാങ്ങുകയും അവന്‍ അനശ്വരജീവനുവേണ്ടി വിളവു സംഭരിച്ചു വയ്‍ക്കുകയും ചെയ്യുന്നു.

37 ‘ഒരുവന്‍ വിതയ്‍ക്കുന്നു, മറ്റൊരുവന്‍ കൊയ്യുന്നു’ എന്ന ചൊല്ല് ഇക്കാര്യത്തില്‍ ഒരു യാഥാര്‍ഥ്യമായിത്തീര്‍ന്നിരിക്കുന്നു.

38 നിങ്ങള്‍ അധ്വാനിച്ചിട്ടില്ലാത്ത വയലില്‍നിന്നു കൊയ്യുവാന്‍ ഞാന്‍ നിങ്ങളെ അയച്ചിരിക്കുന്നു. അന്യര്‍ അധ്വാനിച്ചു; അവരുടെ അധ്വാനഫലം നിങ്ങള്‍ അനുഭവിക്കുന്നു.”

39

“ഞാന്‍ ചെയ്തിട്ടുള്ളതു സകലവും അവിടുന്ന് എന്നോടു പറഞ്ഞു” എന്നുള്ള ശമര്യക്കാരിയുടെ സാക്ഷ്യംമൂലം ആ പട്ടണത്തിലുള്ള പലരും യേശുവില്‍ വിശ്വസിച്ചു.

40 ശമര്യക്കാര്‍ യേശുവിന്‍റെ അടുക്കല്‍ വന്ന് തങ്ങളോടുകൂടി താമസിക്കണമെന്ന് അപേക്ഷിച്ചു. അതനുസരിച്ച് യേശു രണ്ടു ദിവസം അവിടെ പാര്‍ത്തു.

41

യേശുവിന്‍റെ പ്രഭാഷണം കേട്ട മറ്റനേകം ആളുകള്‍ തന്നില്‍ വിശ്വസിച്ചു.

42 അവര്‍ ആ സ്‍ത്രീയോട്, “നീ പറഞ്ഞതുകൊണ്ടല്ല ഇപ്പോള്‍ ഞങ്ങള്‍ വിശ്വസിക്കുന്നത്: പിന്നെയോ ഞങ്ങള്‍ നേരിട്ട് അവിടുത്തെ വാക്കുകള്‍ കേട്ടിരിക്കുന്നു. അവിടുന്നു തന്നെയാണ് സാക്ഷാല്‍ ലോകരക്ഷകന്‍ എന്നു ഞങ്ങള്‍ ഇപ്പോള്‍ അറിയുന്നു” എന്നു പറഞ്ഞു.

43

രണ്ടു ദിവസം കഴിഞ്ഞ് യേശു അവിടെനിന്ന് ഗലീലയിലേക്കു പോയി.

44 ഒരു പ്രവാചകനും സ്വന്തം നാട്ടില്‍ ബഹുമാനിക്കപ്പെടുന്നില്ലെന്ന് യേശുതന്നെ പ്രസ്താവിച്ചിരുന്നു.

45 അവിടെയെത്തിയപ്പോള്‍ ഗലീലക്കാര്‍ യേശുവിനെ സ്വാഗതം ചെയ്തു. അവരും പെസഹാപെരുന്നാളിന് യെരൂശലേമില്‍ പോയിരുന്നതുകൊണ്ട് യേശു അവിടെ ചെയ്തതെല്ലാം അവര്‍ കണ്ടിരുന്നു.

46 യേശു വീണ്ടും ഗലീലയിലെ കാനായില്‍ വന്നു; അവിടെവച്ചായിരുന്നല്ലോ അവിടുന്നു വെള്ളം വീഞ്ഞാക്കിയത്. കഫര്‍ന്നഹൂമില്‍ ഒരു ഉദ്യോഗസ്ഥന്‍റെ പുത്രന്‍ രോഗിയായി കിടന്നിരുന്നു.

47 യേശു യെഹൂദ്യയില്‍നിന്നു വന്നിട്ടുണ്ടെന്നറിഞ്ഞ് ആ ഉദ്യോഗസ്ഥന്‍ അവിടുത്തെ അടുക്കലെത്തി, ആസന്നമരണനായി കിടക്കുന്ന പുത്രനെ സുഖപ്പെടുത്തണമെന്നപേക്ഷിച്ചു.

48 യേശു അയാളോടു ചോദിച്ചു: “അടയാളങ്ങളും അദ്ഭുതങ്ങളും കാണാതെ നിങ്ങളാരും വിശ്വസിക്കുകയില്ല, അല്ലേ?”

49 ആ ഉദ്യോഗസ്ഥന്‍ യേശുവിനോട് “പ്രഭോ, എന്‍റെ കുട്ടി മരിക്കുന്നതിനു മുമ്പ് അങ്ങു വരണമേ” എന്നു വീണ്ടും അപേക്ഷിച്ചു.

50 “പൊയ്‍ക്കൊള്ളുക; നിങ്ങളുടെ മകന്‍റെ രോഗം വിട്ടുമാറി ജീവിച്ചിരിക്കുന്നു” എന്ന് യേശു പറഞ്ഞു. യേശുവിന്‍റെ വാക്കു വിശ്വസിച്ച് ആ ഉദ്യോഗസ്ഥന്‍ തിരിച്ചുപോയി.

51

അയാള്‍ വീട്ടിലേക്കു മടങ്ങിപ്പോകുമ്പോള്‍ വഴിയില്‍വച്ച് ഭൃത്യന്മാര്‍ വന്നു തന്‍റെ പുത്രന്‍ ജീവിച്ചിരിക്കുന്നു എന്നറിയിച്ചു.

52 “എപ്പോള്‍ മുതലാണ് കുട്ടിക്കു സുഖം കണ്ടു തുടങ്ങിയത്?” എന്നയാള്‍ ചോദിച്ചു. “ഇന്നലെ ഉച്ചകഴിഞ്ഞ് ഒരുമണിക്ക് പനിവിട്ടു” എന്നവര്‍ പറഞ്ഞു.

53 “നിങ്ങളുടെ മകന്‍റെ രോഗം വിട്ടുമാറി ജീവിച്ചിരിക്കുന്നു” എന്ന് യേശു പറഞ്ഞത് ആ സമയത്തു തന്നെ ആയിരുന്നു എന്ന് ആ ഉദ്യോഗസ്ഥനു ബോധ്യമായി. അയാളും കുടുംബം മുഴുവനും യേശുവില്‍ വിശ്വസിച്ചു.

54

യെഹൂദ്യയില്‍നിന്നു ഗലീലയില്‍ വന്നശേഷം യേശു ചെയ്ത രണ്ടാമത്തെ അദ്ഭുതപ്രവൃത്തിയായിരുന്നു ഇത്.

5

1

അതിനുശേഷം, യെഹൂദന്മാരുടെ ഒരുത്സവമുണ്ടായിരുന്നതിനാല്‍ യേശു യെരൂശലേമിലേക്കു പോയി.

2 അവിടെ ‘ആട്ടിന്‍ വാതില്‍’ എന്ന നഗരഗോപുരത്തിനു സമീപം ‘ബേത്‍സഥാ’ എന്ന് എബ്രായ ഭാഷയില്‍ വിളിക്കപ്പെടുന്ന ഒരു കുളമുണ്ട്. അതിന് അഞ്ചു മുഖമണ്ഡപങ്ങളുമുണ്ട്.

3 അവിടെ അന്ധന്മാര്‍, മുടന്തന്മാര്‍, ശരീരം തളര്‍ന്നവര്‍ തുടങ്ങി ഒട്ടുവളരെ രോഗഗ്രസ്തര്‍ കിടന്നിരുന്നു.

4 കുളത്തിലെ വെള്ളം ഇളകുന്നതു നോക്കി കിടക്കുകയായിരുന്നു അവര്‍. ഇടയ്‍ക്കിടെ ഒരു ദൈവദൂതന്‍ കുളത്തിലിറങ്ങി വെള്ളം ഇളക്കും. അതിനുശേഷം ആദ്യം കുളത്തിലിറങ്ങുന്ന ആള്‍ ഏതു രോഗം പിടിപെട്ടവനായിരുന്നാലും സുഖംപ്രാപിച്ചു വന്നിരുന്നു.

5 മുപ്പത്തെട്ടു വര്‍ഷമായി രോഗബാധിതനായിരുന്ന ഒരാള്‍ അവിടെയുണ്ടായിരുന്നു.

6 യേശു ആ രോഗിയെ കണ്ടു; ദീര്‍ഘകാലമായി അയാള്‍ ഈ അവസ്ഥയില്‍ അവിടെ കഴിയുകയാണെന്നു മനസ്സിലാക്കി. യേശു അയാളോട് “നിനക്കു സുഖം പ്രാപിക്കണമെന്ന് ആഗ്രഹമുണ്ടോ?” എന്നു ചോദിച്ചു.

7

രോഗി പറഞ്ഞു: “പ്രഭോ, വെള്ളം ഇളകുമ്പോള്‍ എന്നെ കുളത്തിലിറക്കുവാന്‍ ആരുമില്ല; ഞാന്‍ ചെല്ലുമ്പോഴേക്ക് എനിക്കു മുമ്പായി ആരെങ്കിലും ഇറങ്ങിക്കഴിയും.”

8

യേശു അയാളോട്, “എഴുന്നേറ്റ്, നിന്‍റെ കിടക്ക എടുത്തു നടക്കുക” എന്നു പറഞ്ഞു.

9 ഉടനെ ആ മനുഷ്യന്‍ സുഖം പ്രാപിച്ച് കിടക്കയെടുത്തു നടന്നു തുടങ്ങി.

10

അതൊരു ശബത്തു ദിവസമായിരുന്നു. സുഖംപ്രാപിച്ച മനുഷ്യനോട് യെഹൂദന്മാര്‍ ചോദിച്ചു: “ഇന്ന് ശബത്തല്ലേ? ശബത്തു ദിവസം കിടക്ക എടുത്തുകൊണ്ടു നടക്കുന്നത് നമ്മുടെ മതനിയമത്തിനു വിരുദ്ധമല്ലേ?”

11

അപ്പോള്‍ അയാള്‍ പറഞ്ഞു: “എന്നെ സുഖപ്പെടുത്തിയ മനുഷ്യന്‍ കിടക്ക എടുത്തുകൊണ്ടു നടക്കുക എന്ന് എന്നോടു പറഞ്ഞു.”

12

അവര്‍ വീണ്ടും അയാളോടു ചോദിച്ചു: “കിടക്കയെടുത്തു നടക്കുവാന്‍ നിന്നോടു പറഞ്ഞ ആ മനുഷ്യന്‍ ആരാണ്?”

13

എന്നാല്‍ യേശു സൗഖ്യം നല്‌കിയ ആ മനുഷ്യന് തന്നെ സുഖപ്പെടുത്തിയത് ആരാണെന്ന് അറിഞ്ഞുകൂടായിരുന്നു. എന്തെന്നാല്‍ അവിടെ ഉണ്ടായിരുന്ന ആള്‍ക്കൂട്ടത്തില്‍ യേശു മറഞ്ഞുകഴിഞ്ഞിരുന്നു.

14

പിന്നീട് യേശു അയാളെ ദേവാലയത്തില്‍വച്ചു കണ്ട് അയാളോട് “നോക്കൂ, നീ സുഖം പ്രാപിച്ചുവല്ലോ; ഇനിമേല്‍ പാപം ചെയ്യരുത്; ഇതിലേറെ ദോഷമായതു നിനക്കു സംഭവിക്കരുതല്ലോ” എന്നു പറഞ്ഞു.

15

ആ മനുഷ്യന്‍ ചെന്ന് യെഹൂദന്മാരോട്, തന്നെ സുഖപ്പെടുത്തിയത് യേശു ആണെന്നു പറഞ്ഞു.

16 യേശു ശബത്തില്‍ ഇങ്ങനെയുള്ള പ്രവൃത്തികള്‍ ചെയ്തതുകൊണ്ട് യെഹൂദന്മാര്‍ അവിടുത്തെ പീഡിപ്പിക്കുവാന്‍ തുടങ്ങി. യേശു അവരോടു പറഞ്ഞു:

17 “എന്‍റെ പിതാവ് ഇപ്പോഴും കര്‍മനിരതനാണ്. അതുകൊണ്ടു ഞാനും പ്രവര്‍ത്തിക്കുന്നു.”

18

ശബത്തു ലംഘിച്ചു എന്നതു മാത്രമല്ല, ദൈവത്തെ തന്‍റെ പിതാവ് എന്നു വിളിച്ച് തന്നെത്തന്നെ ദൈവത്തോടു സമനാക്കി എന്നതുകൊണ്ടും യെഹൂദന്മാര്‍ യേശുവിനെ വധിക്കുവാനുള്ള ഉപായം എന്തെന്നു പൂര്‍വാധികം അന്വേഷിച്ചു.

19

യേശു അവരോടു പറഞ്ഞു: “സത്യം ഞാന്‍ നിങ്ങളോടു പറയട്ടെ: പുത്രനു സ്വന്തനിലയില്‍ ഒന്നും ചെയ്യുവാന്‍ കഴിയുകയില്ല. പിതാവു ചെയ്യുന്നതായി കാണുന്നതു മാത്രമേ പുത്രന്‍ ചെയ്യുന്നുള്ളൂ.

20 പിതാവു ചെയ്യുന്നതുതന്നെ പുത്രനും ചെയ്യുന്നു. പിതാവു പുത്രനെ സ്നേഹിക്കുന്നു. താന്‍ ചെയ്യുന്നതെല്ലാം പുത്രനു കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. നിങ്ങള്‍ ആശ്ചര്യപ്പെടത്തക്കവിധം ഇവയെക്കാള്‍ വലിയ പ്രവൃത്തികള്‍ അവിടുന്നു കാണിച്ചുകൊടുക്കും.

21 പിതാവു മരിച്ചവരെ ഉയിര്‍പ്പിച്ച് അവര്‍ക്കു ജീവന്‍ നല്‌കുന്നതുപോലെ പുത്രനും തനിക്കിഷ്ടമുള്ളവര്‍ക്ക് ജീവന്‍ നല്‌കുന്നു.

22 [22,23] പിതാവ് ആരെയും ന്യായം വിധിക്കുന്നില്ല. പിതാവിനെ ബഹുമാനിക്കുന്നതുപോലെ എല്ലാവരും പുത്രനെയും ബഹുമാനിക്കേണ്ടതിന് അവിടുന്നു ന്യായവിധി മുഴുവന്‍ പുത്രനെ ഏല്പിച്ചിരിക്കുന്നു. പുത്രനെ ബഹുമാനിക്കാത്തവന്‍ പുത്രനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല.

23

24

“ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: എന്‍റെ വചനം കേട്ട് എന്നെ അയച്ചവനില്‍ വിശ്വസിക്കുന്നവന് അനശ്വര ജീവനുണ്ട്; അവന്‍ ന്യായവിധിക്കു വിധേയനാകാതെ മരണത്തില്‍നിന്നു ജീവനിലേക്കു കടന്നുകഴിഞ്ഞിരിക്കുന്നു.

25 മരിച്ചവര്‍ ദൈവപുത്രന്‍റെ ശബ്ദം കേള്‍ക്കുകയും കേള്‍ക്കുന്നവര്‍ ജീവന്‍ പ്രാപിക്കുകയും ചെയ്യുന്ന സമയം വരുന്നു; ഇപ്പോള്‍ത്തന്നെ വന്നുകഴിഞ്ഞിരിക്കുന്നു എന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു.

26 താന്‍ തന്നെ ജീവന്‍റെ ഉറവിടം ആയിരിക്കുന്നതുപോലെ പുത്രനും ജീവന്‍റെ ഉറവിടം ആയിരിക്കുവാനുള്ള അധികാരം അവനു നല്‌കപ്പെട്ടിരിക്കുന്നു.

27 അവന്‍ മനുഷ്യപുത്രനായതുകൊണ്ട് ന്യായം വിധിക്കുവാനുള്ള അധികാരം അവനു നല്‌കപ്പെട്ടിരിക്കുന്നു. ഇതില്‍ ആരും ആശ്ചര്യപ്പെടേണ്ടാ.

28 [28,29] ശവക്കുഴിയിലുള്ള മരിച്ചവരെല്ലാം പുത്രന്‍റെ ശബ്ദം കേട്ടു പുറത്തുവരികയും നന്മചെയ്തവര്‍ ഉയിര്‍ത്തെഴുന്നേറ്റു ജീവിക്കുകയും തിന്മ ചെയ്തിട്ടുള്ളവര്‍ ഉയിര്‍ത്തെഴുന്നേറ്റു ന്യായവിധിക്കു വിധേയരാവുകയും ചെയ്യുന്ന സമയം വരുന്നു.

29

30

“എനിക്കു സ്വയമേവ ഒന്നും ചെയ്യുവാന്‍ കഴിയുകയില്ല. ദൈവം പറയുന്നതുകേട്ട് ഞാന്‍ ന്യായം വിധിക്കുന്നു. എന്‍റെ ഇഷ്ടമല്ല എന്നെ അയച്ചവന്‍റെ ഇഷ്ടമത്രേ ഞാന്‍ ചെയ്യുവാന്‍ ശ്രമിക്കുന്നത്. അതുകൊണ്ട് എന്‍റെ വിധി നീതിയുക്തവുമാണ്.

31

“ഞാന്‍ തന്നെ എന്നെപ്പറ്റി സാക്ഷ്യം പറഞ്ഞാല്‍ അതു ശരിയായിരിക്കുകയില്ല.

32 എന്നാല്‍ എന്നെക്കുറിച്ചു സാക്ഷ്യം വഹിക്കുന്ന ഒരാളുണ്ട്. അവിടുന്ന് എന്നെപ്പറ്റി പറയുന്ന ആ സാക്ഷ്യം സത്യമാണെന്ന് എനിക്കറിയാം.

33 നിങ്ങള്‍ യോഹന്നാന്‍റെ അടുക്കലേക്കു ദൂതന്മാരെ അയച്ചല്ലോ. അദ്ദേഹം സത്യത്തിനു സാക്ഷ്യംവഹിച്ചിരിക്കുന്നു.

34 മനുഷ്യന്‍റെ സാക്ഷ്യം എനിക്ക് ആവശ്യം ഉണ്ടായിട്ടില്ല; നിങ്ങള്‍ രക്ഷ പ്രാപിക്കുന്നതിനാണ് ഞാനിതു പറയുന്നത്.

35 യോഹന്നാന്‍ കത്തിജ്വലിക്കുന്ന വിളക്കായിരുന്നു. അതിന്‍റെ പ്രകാശത്തില്‍ അല്പകാലം ആഹ്ലാദിക്കുവാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുകയും ചെയ്തു.

36 എന്നാല്‍ യോഹന്നാന്‍ നല്‌കിയ സാക്ഷ്യത്തെക്കാള്‍ മഹത്തായ സാക്ഷ്യം എനിക്കുണ്ട്. ഞാന്‍ ചെയ്തു പൂര്‍ത്തീകരിക്കുന്നതിനു പിതാവ് ഏല്പിച്ചിരിക്കുന്നതും ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നതുമായ ഈ പ്രവൃത്തികള്‍തന്നെയാണ് പിതാവ് എന്നെ അയച്ചു എന്നതിനു സാക്ഷ്യം വഹിക്കുന്നത്.

37 എന്നെ അയച്ച പിതാവു തന്നെയും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ അവിടുത്തെ ശബ്ദം ഒരിക്കലും ശ്രവിച്ചിട്ടില്ല; അവിടുത്തെ രൂപം ഒരിക്കലും ദര്‍ശിച്ചിട്ടുമില്ല. അവിടുത്തെ വചനം നിങ്ങളില്‍ വസിക്കുന്നുമില്ല.

38 എന്തെന്നാല്‍ അവിടുന്ന് അയച്ചവനെ നിങ്ങള്‍ വിശ്വസിക്കുന്നില്ലല്ലോ.

39 വേദലിഖിതങ്ങളില്‍ അനശ്വരജീവനുണ്ടെന്നു കരുതി നിങ്ങള്‍ ശുഷ്കാന്തിയോടെ അവ പരിശോധിക്കുന്നു. ആ ലിഖിതങ്ങള്‍ എന്നെക്കുറിച്ചു സാക്ഷ്യം വഹിക്കുന്നവയാണ്.

40 എങ്കിലും ജീവന്‍ പ്രാപിക്കേണ്ടതിന് എന്‍റെ അടുക്കല്‍ വരുവാന്‍ നിങ്ങള്‍ക്കു മനസ്സില്ല.

41

“മനുഷ്യരുടെ പ്രശംസയ്‍ക്ക് ഞാന്‍ വില കല്പിക്കുന്നില്ല.

42 എന്നാല്‍ എനിക്കു നിങ്ങളെ അറിയാം; നിങ്ങളില്‍ ദൈവസ്നേഹം ഇല്ല.

43 എന്‍റെ പിതാവ് അധികാരപ്പെടുത്തിയിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. എന്നിട്ടും നിങ്ങള്‍ എന്നെ സ്വീകരിക്കുന്നില്ല; മറ്റൊരാള്‍ തന്‍റെ സ്വന്തം അധികാരത്തില്‍ വന്നാല്‍ അയാളെ നിങ്ങള്‍ സ്വീകരിക്കും.

44 ഏക ദൈവത്തില്‍നിന്നുള്ള ബഹുമതി അന്വേഷിക്കാതെ അന്യോന്യം ബഹുമതി കാംക്ഷിക്കുന്ന നിങ്ങള്‍ക്കു വിശ്വസിക്കുവാന്‍ എങ്ങനെ കഴിയും?

45 എന്‍റെ പിതാവിന്‍റെ സന്നിധിയില്‍ ഞാന്‍ നിങ്ങളുടെമേല്‍ കുറ്റം ആരോപിക്കുമെന്നു കരുതേണ്ടാ. നിങ്ങള്‍ പ്രത്യാശ ഉറപ്പിച്ചിരിക്കുന്ന മോശയായിരിക്കും നിങ്ങളുടെമേല്‍ കുറ്റം ആരോപിക്കുക.

46 മോശയെ നിങ്ങള്‍ വിശ്വസിച്ചിരുന്നെങ്കില്‍ എന്നെയും വിശ്വസിക്കുമായിരുന്നു. എന്തെന്നാല്‍ അദ്ദേഹം എന്നെക്കുറിച്ച് എഴുതിയിട്ടുണ്ടല്ലോ.

47 അദ്ദേഹം എഴുതിയിട്ടുള്ളത് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ എന്‍റെ വാക്കുകള്‍ എങ്ങനെ വിശ്വസിക്കും?”

6

1

അനന്തരം യേശു ഗലീലത്തടാകത്തിന്‍റെ മറുകരയിലേക്കു പോയി. തിബെര്യാസ് തടാകം എന്നും അതിനു പേരുണ്ട്.

2 രോഗികള്‍ക്കു സൗഖ്യം നല്‌കിക്കൊണ്ട് യേശു ചെയ്ത അടയാളപ്രവൃത്തികള്‍ കണ്ട് ഒരു വലിയ ജനാവലി അവിടുത്തെ പിന്നാലെ അവിടെയെത്തി.

3 യേശു ഒരു മലയില്‍ കയറി ശിഷ്യന്മാരോടുകൂടി അവിടെയിരുന്നു.

4 യെഹൂദന്മാരുടെ പെസഹാപെരുന്നാള്‍ സമീപിച്ചിരുന്നു.

5 യേശു തല ഉയര്‍ത്തി നോക്കി. ഒരു വലിയ ജനസഞ്ചയം തന്‍റെ അടുക്കലേക്കു വരുന്നതു കണ്ടിട്ട് അവിടുന്നു ഫീലിപ്പോസിനോട് ചോദിച്ചു: “ഇവര്‍ക്കു ഭക്ഷിക്കുവാന്‍ നാം എവിടെനിന്നാണ് അപ്പം വാങ്ങുക?”

6 ഫീലിപ്പോസിനെ പരീക്ഷിക്കുന്നതിനായിരുന്നു യേശു ഇപ്രകാരം ചോദിച്ചത്. താന്‍ എന്താണു ചെയ്യാന്‍ പോകുന്നതെന്ന് യേശുവിന് അറിയാമായിരുന്നു.

7

“ഇരുനൂറു ദിനാറിന് അപ്പം വാങ്ങിയാല്‍പോലും ഇവരില്‍ ഓരോരുത്തനും അല്പമെങ്കിലും കൊടുക്കുവാന്‍ മതിയാകുകയില്ല” എന്നു ഫീലിപ്പോസ് മറുപടി പറഞ്ഞു.

8

ശിമോന്‍ പത്രോസിന്‍റെ സഹോദരനായ അന്ത്രയാസ് എന്ന ശിഷ്യന്‍ യേശുവിനോട്,

9 “ഇവിടെ ഒരു ബാലനുണ്ട്; അവന്‍റെ കൈയില്‍ അഞ്ചു ബാര്‍ലി അപ്പവും രണ്ടു മീനുമുണ്ട്; പക്ഷേ, ഇത്ര വളരെ ആളുകള്‍ക്ക് അത് എന്താകാനാണ്?” എന്നു പറഞ്ഞു.

10

യേശു ശിഷ്യന്മാരോട്, “ആളുകളെ എല്ലാം ഇരുത്തുക” എന്നാജ്ഞാപിച്ചു. ധാരാളം പുല്ലുള്ള സ്ഥലമായിരുന്നു അത്. പുരുഷന്മാര്‍ ഏകദേശം അയ്യായിരം പേരുണ്ടായിരുന്നു.

11 യേശു അപ്പമെടുത്തു സ്തോത്രം ചെയ്തശേഷം ഇരുന്നവര്‍ക്കു പങ്കിട്ടു കൊടുത്തു.

12 അങ്ങനെതന്നെ മീനും വേണ്ടുവോളം വിളമ്പി. എല്ലാവരും ഭക്ഷിച്ചു തൃപ്തരായപ്പോള്‍ യേശു ശിഷ്യന്മാരോട്: “ശേഷിച്ച കഷണങ്ങള്‍ ഒന്നും നഷ്ടപ്പെടുത്താതെ ശേഖരിക്കുക” എന്നു പറഞ്ഞു.

13 അങ്ങനെ അഞ്ചപ്പത്തില്‍നിന്ന് അയ്യായിരം പേര്‍ ഭക്ഷിച്ചശേഷം ബാക്കി വന്ന കഷണങ്ങള്‍ അവര്‍ ശേഖരിച്ചു; അവ പന്ത്രണ്ടു കുട്ട നിറയെ ഉണ്ടായിരുന്നു.

14

യേശു ചെയ്ത ഈ അദ്ഭുതപ്രവൃത്തി കണ്ട്: “തീര്‍ച്ചയായും ലോകത്തിലേക്കു വരുവാനിരിക്കുന്ന പ്രവാചകന്‍ ഇദ്ദേഹം തന്നെ” എന്ന് ആളുകള്‍ പറഞ്ഞു.

15 അവര്‍ വന്നു തന്നെ പിടിച്ചുകൊണ്ടുപോയി രാജാവാക്കുവാന്‍ ഭാവിക്കുന്നു എന്നു മനസ്സിലാക്കി യേശു തനിച്ചു മലയിലേക്കു വീണ്ടും പിന്‍വാങ്ങി.

16

സന്ധ്യ ആയപ്പോള്‍ ശിഷ്യന്മാര്‍ തടാകത്തിന്‍റെ തീരത്തെത്തി.

17 അവര്‍ ഒരു വഞ്ചിയില്‍ കയറി മറുകരെയുള്ള കഫര്‍ന്നഹൂമിലേക്കു പോയി. രാത്രി ആയിട്ടും യേശു അവരുടെ അടുക്കല്‍ എത്തിയിരുന്നില്ല.

18 ഉഗ്രമായ ഒരു കൊടുങ്കാറ്റടിച്ച് തടാകം ക്ഷോഭിച്ചിരുന്നു.

19 അഞ്ചാറു കിലോമീറ്റര്‍ ദൂരം തുഴഞ്ഞു കഴിഞ്ഞപ്പോള്‍, യേശു ജലപ്പരപ്പിലൂടെ നടന്നു വഞ്ചിയെ സമീപിക്കുന്നതു കണ്ട് അവര്‍ ഭയപരവശരായി.

20 യേശു അവരോട് “ഭയപ്പെടേണ്ടാ, ഞാന്‍ തന്നെയാണ്” എന്നു പറഞ്ഞു.

21 യേശുവിനെ വഞ്ചിയില്‍ കയറ്റാന്‍ ശിഷ്യന്മാര്‍ ആഗ്രഹിച്ചു; എന്നാല്‍ അപ്പോഴേക്ക് അവര്‍ക്ക് എത്തേണ്ട സ്ഥലത്തു വഞ്ചി എത്തിക്കഴിഞ്ഞു.

22

ഒരു വഞ്ചി മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ എന്നും ശിഷ്യന്മാരോടുകൂടി യേശു വഞ്ചിയില്‍ കയറിയിരുന്നില്ല എന്നും ശിഷ്യന്മാര്‍ തനിച്ചാണു പോയത് എന്നും പിറ്റേദിവസം മറുകരെയുണ്ടായിരുന്ന ജനങ്ങള്‍ മനസ്സിലാക്കി.

23 കര്‍ത്താവു വാഴ്ത്തിക്കൊടുത്ത അപ്പം ജനങ്ങള്‍ ഭക്ഷിച്ച സ്ഥലത്തിനടുത്തേക്കു തിബെര്യാസ് പട്ടണത്തില്‍നിന്നു വഞ്ചികളില്‍ ആളുകള്‍ ചെന്നു.

24 യേശുവോ, ശിഷ്യന്മാരോ, അവിടെയില്ലെന്നു മനസ്സിലാക്കിയപ്പോള്‍ ആ ജനം വഞ്ചികളില്‍ കയറി യേശുവിനെ അന്വേഷിച്ചു കഫര്‍ന്നഹൂമിലെത്തി.

25

തടാകത്തിന്‍റെ മറുകരയില്‍വച്ച് യേശുവിനെ കണ്ടപ്പോള്‍ “ഗുരോ, അങ്ങ് എപ്പോഴാണ് ഇവിടെ എത്തിയത്” എന്ന് അവര്‍ ചോദിച്ചു.

26

യേശു പറഞ്ഞു: “ഞാന്‍ കാണിച്ച അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടുമാത്രമാണ് നിങ്ങള്‍ എന്നെ അന്വേഷിക്കുന്നത് എന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു.

27 നശ്വരമായ ആഹാരത്തിനുവേണ്ടിയല്ല നിങ്ങള്‍ പ്രയത്നിക്കേണ്ടത്, പ്രത്യുത, അനശ്വരജീവനിലേക്കു നയിക്കുന്ന ആഹാരത്തിനുവേണ്ടിയത്രേ. അതു മനുഷ്യപുത്രന്‍ നിങ്ങള്‍ക്കു നല്‌കും; എന്തുകൊണ്ടെന്നാല്‍ പിതാവായ ദൈവം തന്‍റെ അംഗീകാരമുദ്ര പുത്രനില്‍ പതിച്ചിരിക്കുന്നു.”

28

അപ്പോള്‍ അവര്‍ ചോദിച്ചു: “ദൈവത്തിനു പ്രസാദമുള്ള കാര്യങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ ഞങ്ങള്‍ എന്തു ചെയ്യണം?”

29

യേശു ഉത്തരമരുളി: “ദൈവം അയച്ചവനില്‍ വിശ്വസിക്കുക; അതാണു ദൈവത്തിന് ഇഷ്ടമുള്ള പ്രവൃത്തി.”

30

അപ്പോള്‍ അവര്‍ ചോദിച്ചു: “ഞങ്ങള്‍ കണ്ട് അങ്ങയെ വിശ്വസിക്കേണ്ടതിന് എന്ത് അടയാളമാണ് അങ്ങു കാണിക്കുന്നത്? എന്താണ് അങ്ങു ചെയ്യുന്നത്?

31 നമ്മുടെ പൂര്‍വികന്മാര്‍ മരുഭൂമിയില്‍വച്ചു മന്നാ ഭക്ഷിച്ചു. അവര്‍ക്കു ഭക്ഷിക്കുവാന്‍ സ്വര്‍ഗത്തില്‍നിന്നു മോശ അപ്പം നല്‌കി എന്നാണല്ലോ എഴുതിയിരിക്കുന്നത്.”

32

യേശു പറഞ്ഞു: “ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: സ്വര്‍ഗത്തില്‍നിന്നുള്ള അപ്പം മോശയല്ല നിങ്ങള്‍ക്കു നല്‌കിയത്; സ്വര്‍ഗത്തില്‍നിന്നുള്ള യഥാര്‍ഥ അപ്പം എന്‍റെ പിതാവാണു നിങ്ങള്‍ക്കു നല്‌കുന്നത്.

33 ദൈവത്തിന്‍റെ അപ്പമാകട്ടെ, സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്നു ലോകത്തിനു ജീവന്‍ പ്രദാനം ചെയ്യുന്നവന്‍ തന്നെ.”

34

അപ്പോള്‍ അവര്‍: “ഗുരോ, ഞങ്ങള്‍ക്കു ആ അപ്പം എപ്പോഴും നല്‌കണമേ” എന്ന് അപേക്ഷിച്ചു.

35

യേശു ഉത്തരമരുളി: “ഞാനാകുന്നു ജീവന്‍റെ അപ്പം; എന്‍റെ അടുക്കല്‍ വരുന്നവന് ഒരിക്കലും വിശക്കുകയില്ല; എന്നില്‍ വിശ്വസിക്കുന്നവന് ഒരുനാളും ദാഹിക്കുകയുമില്ല.

36 എന്നാല്‍ നിങ്ങള്‍ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ.

37 പിതാവ് എനിക്ക് ആരെയെല്ലാം നല്‌കുന്നുവോ അവര്‍ എല്ലാവരും എന്‍റെ അടുക്കല്‍ വരും. എന്‍റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരുനാളും തള്ളിക്കളയുകയില്ല.

38 എന്തെന്നാല്‍ ഞാന്‍ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങി വന്നത് എന്‍റെ ഇഷ്ടം ചെയ്യുവാനല്ല, എന്നെ അയച്ച പിതാവിന്‍റെ ഇഷ്ടം ചെയ്യുവാനാണ്.

39 എനിക്കു നല്‌കിയിരിക്കുന്നവരില്‍ ഒരുവന്‍പോലും നഷ്ടപ്പെടാതെ എല്ലാവരെയും അന്ത്യദിനത്തില്‍ ഉയിര്‍പ്പിക്കണമെന്നാണ് എന്‍റെ പിതാവ് ഇച്ഛിക്കുന്നത്.

40 പുത്രനെ കണ്ടു വിശ്വസിക്കുന്ന എല്ലാവര്‍ക്കും അനശ്വരജീവന്‍ ഉണ്ടാകണമെന്നതാണ് എന്‍റെ പിതാവിന്‍റെ അഭീഷ്ടം. അന്ത്യനാളില്‍ ഞാന്‍ അവരെ ഉയിര്‍പ്പിക്കും.”

41

സ്വര്‍ഗത്തില്‍നിന്നു വന്ന അപ്പമാണു താന്‍ എന്ന് യേശു പറഞ്ഞതിനാല്‍ അവിടുത്തെക്കുറിച്ചു യെഹൂദന്മാര്‍ പിറുപിറുത്തു.

42 അവര്‍ ചോദിച്ചു: “യോസേഫിന്‍റെ പുത്രനായ യേശു അല്ലേ ഈ മനുഷ്യന്‍? ഇയാളുടെ പിതാവിനെയും മാതാവിനെയും നമുക്ക് അറിഞ്ഞൂകൂടേ? പിന്നെ എങ്ങനെയാണ് ‘ഞാന്‍ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങി വന്നു’ എന്ന് ഇയാള്‍ പറയുന്നത്?”

43

യേശു പ്രതിവചിച്ചു: “നിങ്ങള്‍ അന്യോന്യം പിറുപിറുക്കേണ്ടാ.

44 എന്നെ അയച്ച പിതാവ് അടുപ്പിക്കാതെ ആര്‍ക്കും എന്‍റെ അടുക്കല്‍ വരുവാന്‍ സാധ്യമല്ല. അവസാനനാളില്‍ ഞാന്‍ അവനെ ഉയിര്‍പ്പിക്കും.

45 ‘ദൈവം എല്ലാവരെയും പഠിപ്പിക്കും’ എന്നു പ്രവാചകന്മാര്‍ എഴുതിയിരിക്കുന്നു. പിതാവു പറയുന്നതു കേള്‍ക്കുകയും പഠിക്കുകയും ചെയ്യുന്നവന്‍ എന്‍റെ അടുക്കല്‍ വരുന്നു.

46 ദൈവത്തില്‍നിന്നു വരുന്നവന്‍ മാത്രമേ പിതാവിനെ ദര്‍ശിച്ചിട്ടുള്ളൂ.

47 മറ്റാരുംതന്നെ പിതാവിനെ കണ്ടിട്ടില്ല എന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നു. വിശ്വസിക്കുന്നവന് അനശ്വരജീവനുണ്ട്.

48 [48,49] ഞാന്‍ ജീവന്‍റെ അപ്പമാകുന്നു. നിങ്ങളുടെ പൂര്‍വപിതാക്കന്മാര്‍ മരുഭൂമിയില്‍വച്ച് മന്നാ ഭക്ഷിച്ചിട്ടും മരണമടഞ്ഞു.

49

50 എന്നാല്‍ ഇവിടെയുള്ളത് സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരുന്ന അപ്പമാകുന്നു. ഇതു ഭക്ഷിക്കുന്ന യാതൊരുവനും മരിക്കുകയില്ല.

51 സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പം ഞാനാകുന്നു. ഈ അപ്പം തിന്നുന്ന ഏതൊരുവനും എന്നേക്കും ജീവിക്കും. ഞാന്‍ കൊടുക്കുവാനിരിക്കുന്ന അപ്പം ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ കൊടുക്കുന്ന എന്‍റെ ശരീരമാകുന്നു.”

52

എങ്ങനെയാണു തന്‍റെ ശരീരം നമുക്കു ഭക്ഷണമായിത്തരാന്‍ ഈ മനുഷ്യനു കഴിയുന്നത് എന്നു പറഞ്ഞുകൊണ്ട് യെഹൂദന്മാര്‍ അന്യോന്യം തര്‍ക്കിച്ചു.

53

അപ്പോള്‍ യേശു അവരോട് അരുള്‍ചെയ്തു: “നിങ്ങള്‍ മനുഷ്യപുത്രന്‍റെ ശരീരം ഭക്ഷിക്കാതെയും രക്തം പാനം ചെയ്യാതെയുമിരുന്നാല്‍ നിങ്ങളില്‍ ജീവനുണ്ടായിരിക്കുകയില്ല എന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു.

54 എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് അനശ്വരജീവനുണ്ട്; അവസാനനാളില്‍ ഞാന്‍ അവനെ ഉയിര്‍പ്പിക്കും.

55 എന്തെന്നാല്‍ എന്‍റെ ശരീരം സാക്ഷാല്‍ ഭക്ഷണവും എന്‍റെ രക്തം സാക്ഷാല്‍ പാനീയവുമാകുന്നു.

56 എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു.

57 ജീവിക്കുന്ന പിതാവത്രേ എന്നെ അയച്ചത്. പിതാവുമൂലം ഞാനും ജീവിക്കുന്നു. അതുപോലെ എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും. സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്ന അപ്പം ഇതാകുന്നു.

58 നിങ്ങളുടെ പൂര്‍വപിതാക്കള്‍ അപ്പം ഭക്ഷിച്ചെങ്കിലും മരിച്ചല്ലോ. അതുപോലെയല്ല ഈ അപ്പം. ഈ അപ്പം ഭക്ഷിക്കുന്ന ഏതൊരുവനും എന്നേക്കും ജീവിക്കും.’

59

യേശു കഫര്‍ന്നഹൂമിലെ സുനഗോഗില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇവയെല്ലാം അരുള്‍ചെയ്തത്.

60

യേശുവിന്‍റെ ശിഷ്യന്മാരില്‍ പലരും ഇതു കേട്ടിട്ട്: “ഈ പ്രബോധനം ദുര്‍ഗ്രഹമാണല്ലോ; ആര്‍ക്ക് ഇത് ഉള്‍ക്കൊള്ളുവാന്‍ കഴിയും?” എന്നു പറഞ്ഞു.

61

ഇതിനെച്ചൊല്ലി ശിഷ്യന്മാര്‍ പിറുപിറുക്കുന്നതായി യേശു മനസ്സിലാക്കിക്കൊണ്ട് അവരോടു പറഞ്ഞു: “ഇതു നിങ്ങള്‍ക്ക് ഇടര്‍ച്ചയുണ്ടാക്കുന്നുവോ?

62 അങ്ങനെയെങ്കില്‍ മനുഷ്യപുത്രന്‍ മുമ്പ് എവിടെയായിരുന്നുവോ അവിടേക്ക് ആരോഹണം ചെയ്യുന്നതു നിങ്ങള്‍ കണ്ടാലോ? ആത്മാവാകുന്നു ജീവന്‍ നല്‌കുന്നത്.

63 ഭൗതികശരീരം നിഷ്പ്രയോജനം; ഞാന്‍ നിങ്ങളോടു പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാകുന്നു. എങ്കിലും നിങ്ങളില്‍ ചിലര്‍ വിശ്വസിക്കുന്നില്ല.”

64 വിശ്വസിക്കാത്തവര്‍ ആരെല്ലാമെന്നും തന്നെ ഒറ്റിക്കൊടുക്കുന്നത് ആരെന്നും ആദിമുതല്‌ക്കേ യേശുവിന് അറിയാമായിരുന്നു.

65 അവിടുന്ന് അവരോടു തുടര്‍ന്നു പ്രസ്താവിച്ചു: “ഇതുകൊണ്ടാണ് പിതാവിന്‍റെ വരം കൂടാതെ ആര്‍ക്കും എന്‍റെ അടുക്കല്‍ വരുവാന്‍ സാധ്യമല്ലെന്നു ഞാന്‍ നിങ്ങളോടു പറഞ്ഞത്.”

66

ഇതു കേട്ടിട്ട് യേശുവിന്‍റെ അനുയായികളില്‍ പലരും അവിടുത്തെ വിട്ടു പിന്മാറിപ്പോയി. അവര്‍ പിന്നീട് ഒരിക്കലും അവിടുത്തെ അനുഗമിച്ചില്ല.

67 അതുകൊണ്ട് യേശു തന്‍റെ പന്ത്രണ്ടു ശിഷ്യന്മാരോടു ചോദിച്ചു: “നിങ്ങള്‍ക്കും പോകണമോ?”

68

അപ്പോള്‍ ശിമോന്‍പത്രോസ് ചോദിച്ചു: “ഗുരോ, ഞങ്ങള്‍ ആരുടെ അടുക്കലേക്കാണു പോകുക? അനശ്വരജീവന്‍ നല്‌കുന്ന വചനങ്ങള്‍ അങ്ങയില്‍നിന്നാണല്ലോ വരുന്നത്.

69 അങ്ങ് ദൈവത്തിന്‍റെ പരിശുദ്ധന്‍ എന്നു ഞങ്ങള്‍ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു.”

70

അപ്പോള്‍ യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങള്‍ പന്ത്രണ്ടു പേരെയല്ലേ ഞാന്‍ തിരഞ്ഞെടുത്തത്? എങ്കിലും നിങ്ങളിലൊരുവന്‍ പിശാചാണ്!”

71 ശിമോന്‍ ഈസ്കര്യോത്തിന്‍റെ പുത്രനായ യൂദാസിനെക്കുറിച്ചാണ് യേശു ഇതു പറഞ്ഞത്. പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവനായ അയാളാണ് യേശുവിനെ ഒറ്റിക്കൊടുക്കുവാനിരുന്നത്.

7

1

പിന്നീട് യേശു ഗലീലയില്‍ ചുറ്റിസഞ്ചരിച്ചു. യെഹൂദന്മാര്‍ അവിടുത്തെ വധിക്കുവാനുള്ള തക്കം അന്വേഷിച്ചുകൊണ്ടിരുന്നതിനാല്‍ യെഹൂദ്യയില്‍ സഞ്ചരിക്കുവാന്‍ അവിടുന്നു മനസ്സുവച്ചില്ല.

2 [2,3] യെഹൂദന്മാരുടെ കൂടാരപ്പെരുന്നാള്‍ അടുത്തിരുന്നു. അതിനാല്‍ യേശുവിന്‍റെ സഹോദരന്മാര്‍ പറഞ്ഞു: “യെഹൂദ്യയിലേക്കു പോകുക; നിന്‍റെ പ്രവൃത്തികള്‍ നിന്‍റെ ശിഷ്യന്മാര്‍ കാണട്ടെ.

3

4 പ്രസിദ്ധി കാംക്ഷിക്കുന്നവര്‍ ആരും രഹസ്യമായിട്ടല്ലല്ലോ പ്രവര്‍ത്തിക്കുന്നത്. നീ ഇവയെല്ലാം ചെയ്യുന്നെങ്കില്‍ ലോകത്തിനു നിന്നെത്തന്നെ വെളിപ്പെടുത്തുക.”

5 സ്വസഹോദരന്മാര്‍പോലും യേശുവില്‍ വിശ്വസിച്ചിരുന്നില്ല.

6

യേശു അവരോടു പറഞ്ഞു: “എന്‍റെ സമയം ഇനിയും സമാഗതമായിട്ടില്ല. നിങ്ങള്‍ക്കാകട്ടെ എപ്പോഴും സമയംതന്നെ. ലോകത്തിനു നിങ്ങളെ ദ്വേഷിക്കുവാന്‍ കഴിയുകയില്ല.

7 എന്നാല്‍ ലോകത്തിന്‍റെ പ്രവൃത്തികള്‍ തിന്മയാണെന്നു ഞാന്‍ പ്രഖ്യാപനം ചെയ്യുന്നതുകൊണ്ട് ലോകം എന്നെ ദ്വേഷിക്കുന്നു.

8 നിങ്ങള്‍ പെരുന്നാളിനു പൊയ്‍ക്കൊള്ളുക. എന്‍റെ സമയം ഇനിയും പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ ഞാന്‍ ഇപ്പോള്‍ പോകുന്നില്ല.”

9 ഇങ്ങനെ പറഞ്ഞിട്ട് യേശു ഗലീലയില്‍ത്തന്നെ പാര്‍ത്തു.

10

തന്‍റെ സഹോദരന്മാര്‍ പെരുന്നാളിനു പോയശേഷം യേശുവും പോയി; എന്നാല്‍ പരസ്യമായിട്ടല്ല രഹസ്യമായിട്ടാണു പോയത്.

11 പെരുന്നാള്‍ ദിവസങ്ങളില്‍ യെഹൂദന്മാര്‍ യേശുവിനെ അന്വേഷിച്ചുകൊണ്ടിരുന്നു. “അയാള്‍ എവിടെ?” എന്നവര്‍ ചോദിച്ചു.

12

ജനക്കൂട്ടത്തിനിടയ്‍ക്ക് യേശുവിനെക്കുറിച്ച് രഹസ്യമായി വളരെയധികം കുശുകുശുപ്പുണ്ടായി. “അദ്ദേഹം ഒരു നല്ല മനുഷ്യനാണ്” എന്ന് ഒരു കൂട്ടരും “അല്ല, അയാള്‍ ജനങ്ങളെ വഴി തെറ്റിക്കുന്നവനാണ്” എന്നു വേറൊരു കൂട്ടരും പറഞ്ഞുകൊണ്ടിരുന്നു.

13 എങ്കിലും യെഹൂദന്മാരെ ഭയപ്പെട്ട് ആരും ഒന്നും പരസ്യമായി പ്രസ്താവിച്ചില്ല.

14

ഉത്സവകാലം പകുതി ആയപ്പോള്‍ യേശു ദേവാലയത്തില്‍ ചെന്നു പഠിപ്പിച്ചു.

15 യെഹൂദന്മാര്‍ ആശ്ചര്യഭരിതരായി. “ഒരു പഠിപ്പുമില്ലാത്ത ഈ മനുഷ്യന് എങ്ങനെയാണീ പാണ്ഡിത്യമുണ്ടായത്?” എന്ന് അവര്‍ ചോദിച്ചു.

16

യേശു അവരോടു പറഞ്ഞു: “എന്‍റെ പ്രബോധനം എന്‍റേതല്ല; എന്നെ അയച്ചവന്‍റെതത്രേ.

17 എന്‍റെ പ്രബോധനം ദൈവത്തില്‍ നിന്നുള്ളതോ എന്‍റെ സ്വന്തമോ എന്ന് ദൈവഹിതം നിറവേറ്റുവാന്‍ ഇച്ഛിക്കുന്നവന്‍ അറിയും.

18 സ്വമേധയാ സംസാരിക്കുന്നവന്‍ സ്വന്തം മഹത്ത്വം തേടുന്നു; തന്നെ അയച്ചവന്‍റെ മഹത്ത്വം തേടുന്നവനാകട്ടെ, സത്യവാനാകുന്നു; അവനില്‍ അനീതിയില്ല.

19 മോശ നിങ്ങള്‍ക്കു നിയമസംഹിത നല്‌കിയിട്ടില്ലേ? എങ്കിലും നിങ്ങളില്‍ ആരുംതന്നെ അതനുസരിക്കുന്നില്ലല്ലോ. നിങ്ങള്‍ എന്നെ കൊല്ലുവാന്‍ ശ്രമിക്കുന്നതെന്തിന്?”

20

ജനങ്ങള്‍ അതിനു മറുപടിയായി “താങ്കളില്‍ ഒരു ഭൂതമുണ്ട്! ആരാണു താങ്കളെ കൊല്ലാന്‍ ശ്രമിക്കുന്നത്?” എന്നു ചോദിച്ചു.

21

യേശു പ്രതിവചിച്ചു: “ഞാന്‍ ഒരു പ്രവൃത്തിചെയ്തു; നിങ്ങള്‍ എല്ലാവരും അതില്‍ ആശ്ചര്യപ്പെടുന്നു. മോശ പരിച്ഛേദനം എന്ന കര്‍മം നിങ്ങള്‍ക്കു നല്‌കി - മോശയല്ല,

22 പൂര്‍വപിതാക്കളത്രേ അത് ആരംഭിച്ചത്. നിങ്ങള്‍ ശബത്തിലും പരിച്ഛേദനകര്‍മം നടത്തുന്നു.

23 മോശയുടെ നിയമം ലംഘിക്കപ്പെടാതിരിക്കുവാന്‍ ശബത്തില്‍ ഒരുവനു പരിച്ഛേദനം സ്വീകരിക്കാമെങ്കില്‍ ഞാന്‍ ഒരു മനുഷ്യനെ ശബത്തില്‍ സുഖപ്പെടുത്തിയതിന് നിങ്ങള്‍ എന്തിനാണ് എന്നോടു കോപിക്കുന്നത്?

24 ബാഹ്യമായ കാഴ്ചപ്രകാരം വിധിക്കരുത്; ശരിയായ മാനദണ്ഡം ഉപയോഗിച്ചു നിങ്ങള്‍ വിധിക്കുക.”

25

ഇതു കേട്ടപ്പോള്‍ യെരൂശലേംനിവാസികളില്‍ ചിലര്‍ പറഞ്ഞു: “ഈ മനുഷ്യനെയല്ലേ അവര്‍ കൊല്ലുവാന്‍ അന്വേഷിക്കുന്നത്?

26 ഇതാ അവിടുന്ന് പരസ്യമായി സംസാരിക്കുന്നു. എന്നിട്ടും അവര്‍ ഇദ്ദേഹത്തോട് ഒന്നും പറയുന്നില്ലല്ലോ. ഇദ്ദേഹം ക്രിസ്തു ആണെന്ന് അധികാരികള്‍ ഗ്രഹിച്ചിരിക്കുമോ?

27 എങ്കിലും ഇദ്ദേഹം എവിടെനിന്നുള്ളവന്‍ എന്നു നമുക്കറിയാം. ക്രിസ്തു വരുമ്പോഴാകട്ടെ അദ്ദേഹം എവിടെനിന്നു വരുന്നു എന്ന് ആരും അറിയുകയില്ലല്ലോ.”

28

യേശു ദേവാലയത്തില്‍വച്ചു ജനങ്ങളെ പ്രബോധിപ്പിക്കുമ്പോള്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: “നിങ്ങള്‍ക്ക് എന്നെ അറിയാം; ഞാന്‍ എവിടെനിന്നു വരുന്നു എന്നും നിങ്ങള്‍ അറിയുന്നു. എന്നാല്‍ ഞാന്‍ സ്വമേധയാ വന്നവനല്ല. എന്നെ അയച്ചവന്‍ സത്യസ്വരൂപനാണ്. അവിടുത്തെ നിങ്ങള്‍ അറിയുന്നില്ല. എന്നാല്‍ ഞാന്‍ അവിടുത്തെ അറിയുന്നു,

29 എന്തെന്നാല്‍ ഞാന്‍ അവിടുത്തെ അടുക്കല്‍ നിന്നാണു വന്നിരിക്കുന്നത്. എന്നെ അയച്ചതും അവിടുന്നാണ്.”

30

അപ്പോള്‍ അവര്‍ യേശുവിനെ പിടിക്കുവാന്‍ ശ്രമിച്ചു. പക്ഷേ, അവിടുത്തെ സമയം അപ്പോഴും വന്നുകഴിഞ്ഞിരുന്നില്ല. അതുകൊണ്ട് ആര്‍ക്കും അവിടുത്തെമേല്‍ കൈവയ്‍ക്കുവാന്‍ കഴിഞ്ഞില്ല.

31 ജനങ്ങളില്‍ പലരും യേശുവില്‍ വിശ്വസിച്ചു: “ക്രിസ്തു പ്രത്യക്ഷനാകുമ്പോള്‍ ഇദ്ദേഹം ചെയ്തതിനെക്കാള്‍ അധികം അടയാളപ്രവൃത്തികള്‍ ചെയ്യുമോ?” എന്ന് അവര്‍ ചോദിച്ചു.

32

യേശുവിനെപ്പറ്റി ജനങ്ങളുടെ ഇടയില്‍ നടക്കുന്ന കുശുകുശുപ്പിനെക്കുറിച്ച് പരീശന്മാര്‍ കേട്ടു. അതിനാല്‍ അവിടുത്തെ പിടിക്കുവാന്‍ പുരോഹിതമുഖ്യന്മാരും പരീശന്മാരും ദേവാലയ ഭടന്മാരെ നിയോഗിച്ചു.

33 അപ്പോള്‍ യേശു: “ഞാന്‍ ഇനി അല്പസമയംകൂടി മാത്രമേ നിങ്ങളുടെകൂടെ ഉണ്ടായിരിക്കൂ; പിന്നീട് എന്നെ അയച്ച പിതാവിന്‍റെ അടുക്കലേക്കു ഞാന്‍ പോകും.

34 നിങ്ങള്‍ എന്നെ അന്വേഷിക്കും, എന്നാല്‍ കണ്ടെത്തുകയില്ല. ഞാന്‍ എവിടെയായിരിക്കുമോ അവിടെ നിങ്ങള്‍ക്കു വരുവാന്‍ കഴിയുകയുമില്ല” എന്നു പറഞ്ഞു.

35

അപ്പോള്‍ യെഹൂദന്മാര്‍ പരസ്പരം പറഞ്ഞു: “നാം കണ്ടെത്താതവണ്ണം ഇയാള്‍ എവിടെ പോകാനാണു ഭാവിക്കുന്നത്? നമ്മുടെ ആളുകള്‍ പാര്‍ക്കുന്ന ഗ്രീക്കുനഗരങ്ങളില്‍ പോയി ഗ്രീക്കുകാരെ പഠിപ്പിക്കുവാനാണോ ഉദ്ദേശ്യം?

36 ‘നിങ്ങള്‍ എന്നെ അന്വേഷിക്കും, എന്നെ കണ്ടെത്തുകയില്ലതാനും; ഞാന്‍ എവിടെ ആയിരിക്കുന്നുവോ അവിടെ വരുവാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല’ എന്ന് ഇയാള്‍ പറഞ്ഞതിന്‍റെ അര്‍ഥമെന്താണ്?”

37

ഉത്സവത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സമാപനദിവസം യേശു എഴുന്നേറ്റു നിന്നുകൊണ്ട് ഇപ്രകാരം ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: “ദാഹിക്കുന്ന ഏതൊരുവനും എന്‍റെ അടുക്കല്‍ വന്നു പാനം ചെയ്യട്ടെ.

38 വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഉള്ളില്‍നിന്നു ജീവജലത്തിന്‍റെ നദികള്‍ പ്രവഹിക്കും.”

39 തന്നില്‍ വിശ്വസിക്കുന്നവര്‍ക്കു ലഭിക്കുന്ന പരിശുദ്ധാത്മാവിനെ ഉദ്ദേശിച്ചത്രേ അവിടുന്ന് ഇങ്ങനെ പ്രസ്താവിച്ചത്. അതുവരെയും യേശു മഹത്ത്വം പ്രാപിച്ചിരുന്നില്ല. അതിനാല്‍ അവര്‍ക്ക് ആത്മാവു നല്‌കപ്പെട്ടിരുന്നുമില്ല.

40

ഈ വാക്കുകള്‍ കേട്ട ചിലര്‍ പറഞ്ഞു: “ഇത് യഥാര്‍ഥത്തില്‍ ആ പ്രവാചകന്‍ തന്നെയാണ്.”

41

മറ്റുചിലര്‍: “ഇദ്ദേഹം ക്രിസ്തുതന്നേ” എന്നു പറഞ്ഞു.

42

“ഗലീലയില്‍നിന്നു ക്രിസ്തു വരുമോ? ദാവീദിന്‍റെ വംശത്തില്‍നിന്നു ജനിച്ച് അദ്ദേഹത്തിന്‍റെ ഗ്രാമമായ ബേത്‍ലഹേമില്‍നിന്ന് ക്രിസ്തു വരുന്നു എന്നല്ലേ വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്?” എന്നു വേറെ ചിലര്‍ ചോദിച്ചു.

43 ഇങ്ങനെ യേശുവിനെ സംബന്ധിച്ച് ജനമധ്യത്തില്‍ ഭിന്നാഭിപ്രായമുണ്ടായി.

44 അവരില്‍ ചിലര്‍ക്ക് അവിടുത്തെ ബന്ധനസ്ഥനാക്കണമെന്നുണ്ടായിരുന്നെങ്കിലും ആരും അവിടുത്തെമേല്‍ കൈവച്ചില്ല.

45

ദേവാലയഭടന്മാര്‍ പുരോഹിതമുഖ്യന്മാരുടെയും പരീശന്മാരുടെയും അടുക്കല്‍ മടങ്ങിച്ചെന്നു. “നിങ്ങള്‍ എന്തുകൊണ്ട് അയാളെ പിടിച്ചുകൊണ്ടു വന്നില്ല?” എന്ന് അവര്‍ ഭടന്മാരോടു ചോദിച്ചു.

46

“ആ മനുഷ്യന്‍ സംസാരിക്കുന്നതുപോലെ ആരും ഒരിക്കലും സംസാരിച്ചു കേട്ടിട്ടില്ല” എന്ന് അവര്‍ മറുപടി പറഞ്ഞു.

47

പരീശന്മാര്‍ അവരോടു ചോദിച്ചു: “നിങ്ങളെയും അയാള്‍ വഴിതെറ്റിച്ചുവോ?

48 നമ്മുടെ അധികാരികളിലോ, പരീശപക്ഷത്തുള്ളവരിലോ, ആരെങ്കിലും അയാളില്‍ വിശ്വസിച്ചിട്ടുണ്ടോ?

49 ധര്‍മശാസ്ത്രത്തെക്കുറിച്ചു വിവരമില്ലാത്ത ഈ ജനങ്ങള്‍ ശപിക്കപ്പെട്ടവര്‍ തന്നെ!”

50

യെഹൂദപ്രമുഖന്മാരില്‍പ്പെട്ടവനും മുമ്പൊരിക്കല്‍ യേശുവിനെ സന്ദര്‍ശിച്ചവനുമായ നിക്കോദിമോസ് ചോദിച്ചു:

51 “ഒരുവന്‍റെ മൊഴി കേള്‍ക്കുകയും അയാള്‍ ചെയ്തതെന്തെന്ന് അറിയുകയും ചെയ്യുന്നതിനുമുമ്പ് അയാളെ വിധിക്കുവാന്‍ നമ്മുടെ ധര്‍മശാസ്ത്രം അനുവദിക്കുന്നുണ്ടോ?”

52

അവര്‍ അദ്ദേഹത്തോട്: “താങ്കളും ഗലീലക്കാരനാണോ? വേദലിഖിതം പരിശോധിച്ചു നോക്കൂ; ഗലീലയില്‍ ഒരു പ്രവാചകനും ഉണ്ടാവുകയില്ലെന്ന് അപ്പോള്‍ താങ്കള്‍ക്കു മനസ്സിലാകും” എന്നു പറഞ്ഞു.

53

അനന്തരം എല്ലാവരും അവരവരുടെ ഭവനങ്ങളിലേക്കു തിരിച്ചുപോയി.

8

1

യേശു ഒലിവുമലയിലേക്കു പോയി.

2 അടുത്ത ദിവസം രാവിലെ അവിടുന്നു വീണ്ടും ദേവാലയത്തിലെത്തി. ജനമെല്ലാം അവിടുത്തെ അടുക്കല്‍ വന്നുകൂടി. യേശു അവിടെയിരുന്ന് അവരെ പഠിപ്പിച്ചുതുടങ്ങി.

3 വ്യഭിചാരക്കുറ്റത്തില്‍ പിടിക്കപ്പെട്ട ഒരു സ്‍ത്രീയെ മതപണ്ഡിതന്മാരും പരീശന്മാരുംകൂടി കൊണ്ടുവന്ന് അവരുടെ മധ്യത്തില്‍ നിറുത്തി.

4 അവര്‍ യേശുവിനോടു പറഞ്ഞു: “ഗുരോ, വ്യഭിചാരകര്‍മത്തില്‍ ഏര്‍പ്പെട്ടിരിക്കെത്തന്നെ പിടിക്കപ്പെട്ടവളാണ് ഈ സ്‍ത്രീ.

5 ഇങ്ങനെയുള്ളവരെ കല്ലെറിഞ്ഞു കൊല്ലണമെന്നാണ് മോശയുടെ നിയമസംഹിത അനുശാസിച്ചിട്ടുള്ളത്.

6 അങ്ങ് എന്തു പറയുന്നു?” യേശുവിന്‍റെ പേരില്‍ കുറ്റം ആരോപിക്കുന്നതിനുവേണ്ടി അവിടുത്തെ പരീക്ഷിക്കുന്നതിനാണ് അവര്‍ ഇങ്ങനെ ചോദിച്ചത്. യേശുവാകട്ടെ, കുനിഞ്ഞ് വിരല്‍കൊണ്ട് നിലത്ത് എഴുതിക്കൊണ്ടിരുന്നു.

7

എന്നാല്‍ അവര്‍ ഈ ചോദ്യം ആവര്‍ത്തിച്ചതുകൊണ്ട് യേശു നിവര്‍ന്ന് “നിങ്ങളില്‍ പാപമില്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ” എന്ന് അവരോടു പറഞ്ഞു.

8 പിന്നെയും യേശു കുനിഞ്ഞ് വിരല്‍കൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു.

9 ഇതു കേട്ടപ്പോള്‍ പ്രായം കൂടിയവര്‍ തുടങ്ങി ഓരോരുത്തരായി എല്ലാവരും സ്ഥലം വിട്ടു. ഒടുവില്‍ ആ സ്‍ത്രീയും യേശുവും മാത്രം ശേഷിച്ചു.

10 യേശു നിവര്‍ന്ന് അവളോട് “അവരെല്ലാവരും എവിടെ? നീ കുറ്റവാളിയാണെന്ന് ആരും വിധിച്ചില്ലേ?” എന്നു ചോദിച്ചു.

11

“ഇല്ല പ്രഭോ” എന്ന് അവള്‍ മറുപടി പറഞ്ഞു.

അപ്പോള്‍ യേശു, “ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‍ക്കൊള്ളുക; ഇനിമേല്‍ പാപം ചെയ്യരുത്” എന്ന് അരുള്‍ചെയ്തു.

12

യേശു വീണ്ടും പരീശന്മാരോടു പറഞ്ഞു: “ഞാന്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്‍റെ പ്രകാശം ഉണ്ടായിരിക്കും.”

13

പരീശന്മാര്‍ പറഞ്ഞു: “താങ്കള്‍ താങ്കളെക്കുറിച്ചുതന്നെ സാക്ഷ്യം വഹിക്കുന്നു; ആ സാക്ഷ്യത്തിനു വിലയില്ല.”

14

യേശു പ്രതിവചിച്ചു: “ഞാന്‍ എന്നെക്കുറിച്ചു തന്നെ സാക്ഷ്യം പറഞ്ഞാലും എന്‍റെ സാക്ഷ്യം സത്യമാകുന്നു. ഞാന്‍ എവിടെ നിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും എനിക്കറിയാം. എന്നാല്‍ ഞാന്‍ എവിടെനിന്നു വന്നു എന്നോ, എവിടേക്കു പോകുന്നു എന്നോ നിങ്ങള്‍ക്ക് അറിഞ്ഞുകൂടാ.

15 മനുഷ്യന്‍റെ തോത് ഉപയോഗിച്ചാണ് നിങ്ങളുടെ വിധി.

16 ഞാന്‍ ആരെയും വിധിക്കുന്നില്ല. ഞാന്‍ വിധിച്ചാല്‍തന്നെയും എന്‍റെ വിധി സത്യമായിരിക്കും. എന്തുകൊണ്ടെന്നാല്‍ ഞാന്‍ ഏകനായിട്ടല്ല വിധിക്കുന്നത്; പിന്നെയോ, ഞാനും എന്നെ അയച്ച പിതാവും ചേര്‍ന്നാണ്.

17 രണ്ട് ആളുകളുടെ സാക്ഷ്യം ഒരുപോലെ വന്നാല്‍ അതു സത്യമാണെന്നു നിങ്ങളുടെ ധര്‍മശാസ്ത്രത്തില്‍ എഴുതിയിട്ടുണ്ടല്ലോ.

18 ഞാന്‍ തന്നെ എന്നെക്കുറിച്ചു സാക്ഷ്യം വഹിക്കുന്നു; എന്നെ അയച്ച പിതാവും എന്നെപ്പറ്റി സാക്ഷ്യം വഹിക്കുന്നു.”

19

അപ്പോള്‍ അവര്‍ ചോദിച്ചു: “എവിടെയാണു താങ്കളുടെ പിതാവ്?”

യേശു മറുപടി പറഞ്ഞു: “നിങ്ങള്‍ക്ക് എന്നെയോ എന്‍റെ പിതാവിനെയോ അറിഞ്ഞുകൂടാ; എന്നെ നിങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ എന്‍റെ പിതാവിനെയും അറിയുമായിരുന്നു.”

20

ദേവാലയത്തില്‍ ശ്രീഭണ്ഡാരത്തിനടുത്തുവച്ച് ജനങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് യേശു ഇപ്രകാരം പറഞ്ഞത്. എന്നാല്‍ അവിടുത്തെ സമയം അപ്പോഴും ആഗതമായിരുന്നില്ല. അതിനാല്‍ ആരും അവിടുത്തെ പിടികൂടിയുമില്ല.

21

യേശു വീണ്ടും അവരോട് അരുള്‍ചെയ്തു: “ഞാന്‍ പോകുന്നു; നിങ്ങള്‍ എന്നെ അന്വേഷിക്കും; നിങ്ങളുടെ പാപത്തില്‍ നിങ്ങള്‍ മരിക്കുകയും ചെയ്യും. ഞാന്‍ പോകുന്നിടത്തു വരുവാന്‍ നിങ്ങള്‍ക്കു സാധ്യമല്ല.”

22

യെഹൂദപ്രമുഖന്മാര്‍ പറഞ്ഞു: “ഇയാള്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണോ? ‘ഞാന്‍ പോകുന്നിടത്തു നിങ്ങള്‍ക്കു വരുവാന്‍ സാധ്യമല്ല’ എന്ന് ഇയാള്‍ പറയുന്നല്ലോ.”

23

യേശു അവരോട് അരുള്‍ചെയ്തു: “നിങ്ങള്‍ മണ്ണില്‍ നിന്നുള്ളവര്‍, ഞാന്‍ വിണ്ണില്‍നിന്നുള്ളവനും; നിങ്ങള്‍ ഈ ലോകത്തില്‍ നിന്നുള്ളവര്‍; ഞാന്‍ ഈ ലോകത്തില്‍ നിന്നുള്ളവനല്ല.”

24

“നിങ്ങളുടെ പാപങ്ങളില്‍ നിങ്ങള്‍ മരിക്കുമെന്നു ഞാന്‍ പറഞ്ഞുവല്ലോ. ഞാനാകുന്നവന്‍ ഞാന്‍തന്നെ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.”

അപ്പോള്‍ അവര്‍ ചോദിച്ചു: “താങ്കള്‍ ആരാണ്?”

25

അതിന് യേശു, “ആദിമുതല്‍ ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ള ആള്‍തന്നെ” എന്നു പ്രതിവചിച്ചു.

26 “നിങ്ങളെപ്പറ്റി എനിക്കു വളരെയധികം പറയുവാനും വിധിക്കുവാനുമുണ്ട്. എന്നാല്‍ എന്നെ അയച്ചവന്‍ സത്യസ്വരൂപനാകുന്നു. അവിടുത്തെ അടുക്കല്‍ നിന്നു കേട്ടതുമാത്രം ഞാന്‍ ലോകത്തോടു പ്രസ്താവിക്കുന്നു.”

27

യേശു അവരോടു പറഞ്ഞത് പിതാവിനെക്കുറിച്ചാണെന്ന് അവര്‍ മനസ്സിലാക്കിയില്ല.

28 അതുകൊണ്ട് അവിടുന്നു വീണ്ടും പറഞ്ഞു: “മനുഷ്യപുത്രനെ നിങ്ങള്‍ ഉയര്‍ത്തുമ്പോള്‍ ഞാനാകുന്നവന്‍ ഞാന്‍ തന്നെ ആണെന്നു നിങ്ങള്‍ക്കു മനസ്സിലാകും. ഞാന്‍ സ്വയമായി ഒന്നും ചെയ്യാതെ എന്‍റെ പിതാവു പ്രബോധിപ്പിക്കുന്നതു മാത്രം പ്രസ്താവിക്കുന്നു എന്നു നിങ്ങള്‍ക്കു ബോധ്യമാകും. എന്നെ അയച്ചവന്‍ എന്നോടുകൂടിയുണ്ട്;

29 അവിടുത്തേക്കു പ്രസാദകരമായത് ഞാന്‍ എപ്പോഴും ചെയ്യുന്നതിനാല്‍ അവിടുന്ന് എന്നെ ഏകനായി വിട്ടിട്ടില്ല.”

30

ഇതു പറഞ്ഞപ്പോള്‍ അനേകം ആളുകള്‍ യേശുവില്‍ വിശ്വസിച്ചു.

31

തന്നില്‍ വിശ്വസിച്ച യെഹൂദന്മാരോട് യേശു പറഞ്ഞു: “എന്‍റെ വചനത്തില്‍ നിങ്ങള്‍ നിലനില്‌ക്കുന്നെങ്കില്‍ യഥാര്‍ഥത്തില്‍ നിങ്ങള്‍ എന്‍റെ ശിഷ്യന്മാര്‍ തന്നെ.

32 നിങ്ങള്‍ സത്യം അറിയുകയും ആ സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.”

33 അവര്‍ ചോദിച്ചു: “ഞങ്ങള്‍ അബ്രഹാമിന്‍റെ സന്താനങ്ങളാണ്; ഞങ്ങള്‍ ഒരിക്കലും ആരുടെയും അടിമകളായിരുന്നിട്ടില്ല; പിന്നെ ഞങ്ങളെ സ്വതന്ത്രരാക്കും എന്നു താങ്കള്‍ പറയുന്നതിന്‍റെ അര്‍ഥം എന്താണ്?”

34

അതിന് യേശു ഉത്തരമരുളി: “ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. പാപം ചെയ്യുന്ന ഏതൊരുവനും പാപത്തിന്‍റെ അടിമയാകുന്നു.

35 അടിമ, വീട്ടില്‍ സ്ഥിരമായി വസിക്കുന്നില്ല. എന്നാല്‍ പുത്രന്‍ എന്നും അവിടെ വസിക്കുന്നു.

36 അതുകൊണ്ട് പുത്രന്‍ നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍ യഥാര്‍ഥത്തില്‍ സ്വതന്ത്രരായിരിക്കും.

37 നിങ്ങള്‍ അബ്രഹാമിന്‍റെ സന്താനങ്ങളാണെന്ന് എനിക്കറിയാം. എന്നിട്ടും നിങ്ങള്‍ എന്നെ കൊല്ലുവാന്‍ ആലോചിക്കുന്നു. എന്തുകൊണ്ടെന്നാല്‍ എന്‍റെ വചനം നിങ്ങള്‍ ഗ്രഹിക്കുന്നില്ല.

38 എന്‍റെ പിതാവില്‍ ദര്‍ശിച്ചിട്ടുള്ളത് ഞാന്‍ നിങ്ങളോടു സംസാരിക്കുന്നു. എന്നാല്‍ നിങ്ങളുടെ പിതാവില്‍നിന്നു കേട്ടിട്ടുള്ളത് നിങ്ങള്‍ ചെയ്യുന്നു.”

39

അവര്‍ യേശുവിനോടു പറഞ്ഞു: “അബ്രഹാമാണു ഞങ്ങളുടെ പിതാവ്.”

യേശു പറഞ്ഞു: “നിങ്ങള്‍ അബ്രഹാമിന്‍റെ മക്കളായിരുന്നെങ്കില്‍ അബ്രഹാമിന്‍റെ പ്രവൃത്തികള്‍ നിങ്ങള്‍ ചെയ്യുമായിരുന്നു.

40 എന്നാല്‍ ദൈവത്തില്‍നിന്നു കേട്ട സത്യം നിങ്ങളെ അറിയിക്കുക മാത്രം ചെയ്ത എന്നെ നിങ്ങള്‍ കൊല്ലുവാന്‍ ഭാവിക്കുന്നു. അബ്രഹാം അങ്ങനെയൊന്നും ചെയ്തില്ലല്ലോ.

41 നിങ്ങളുടെ പിതാവിന്‍റെ പ്രവൃത്തികളത്രേ നിങ്ങള്‍ ചെയ്യുന്നത്.”

“ഞങ്ങള്‍ ജാരസന്തതികളല്ല; ഞങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ; ദൈവം മാത്രം” എന്ന് അതിന് അവര്‍ മറുപടി പറഞ്ഞു.

42

യേശു അവരോടു പറഞ്ഞു: “ദൈവം യഥാര്‍ഥത്തില്‍ നിങ്ങളുടെ പിതാവായിരുന്നെങ്കില്‍ നിങ്ങള്‍ എന്നെ സ്നേഹിക്കുമായിരുന്നു. എന്തെന്നാല്‍ ഞാന്‍ ദൈവത്തില്‍നിന്നു വന്നിരിക്കുന്നു. ഞാന്‍ സ്വമേധയാ വന്നതല്ല, എന്നെ ദൈവം അയച്ചതാണ്.

43 ഞാന്‍ പറയുന്നത് നിങ്ങള്‍ മനസ്സിലാക്കാത്തത് എന്തുകൊണ്ട്? എന്‍റെ വചനം ഗ്രഹിക്കുവാന്‍ നിങ്ങള്‍ക്കു കഴിയാത്തതുകൊണ്ടു തന്നെ.

44 പിശാച് ആണ് നിങ്ങളുടെ പിതാവ്. നിങ്ങളുടെ പിതാവിന്‍റെ ദുര്‍മോഹം നിറവേറ്റുവാന്‍ നിങ്ങള്‍ ഇച്ഛിക്കുന്നു. അവന്‍ ആദിമുതല്‍ കൊലപാതകി ആയിരുന്നു. അവന്‍ ഒരിക്കലും സത്യത്തിന്‍റെ പക്ഷത്തു നിന്നിട്ടില്ല. എന്തെന്നാല്‍ അവനില്‍ സത്യമില്ല. അവന്‍ അസത്യം പറയുമ്പോള്‍ അവന്‍റെ സ്വഭാവമാണു പ്രകടമാകുന്നത്. അവന്‍ അസത്യവാദിയും അസത്യത്തിന്‍റെ പിതാവുമാകുന്നു.

45 എന്നാല്‍ ഞാന്‍ സത്യം പറയുന്നതുകൊണ്ട് നിങ്ങള്‍ എന്നെ വിശ്വസിക്കുന്നില്ല.

46 ഞാന്‍ പാപിയാണെന്ന് എന്നെ ബോധ്യപ്പെടുത്തുവാന്‍ നിങ്ങളില്‍ ആര്‍ക്കു കഴിയും? ഞാന്‍ പറയുന്നതു സത്യം ആണെങ്കില്‍ നിങ്ങള്‍ എന്തുകൊണ്ട് എന്നെ വിശ്വസിക്കുന്നില്ല?

47 ദൈവത്തില്‍ നിന്നുള്ളവന്‍ ദൈവത്തിന്‍റെ വാക്കുകള്‍ ശ്രവിക്കുന്നു. നിങ്ങള്‍ ദൈവത്തില്‍നിന്നുള്ളവരല്ലാത്തതുകൊണ്ടാണ് അവിടുത്തെ വചനങ്ങള്‍ ശ്രവിക്കാത്തത്.”

48

യെഹൂദന്മാര്‍ ചോദിച്ചു: “താങ്കള്‍ ഒരു ശമര്യനാണെന്നും താങ്കളില്‍ ഒരു ഭൂതമുണ്ടെന്നും ഞങ്ങള്‍ പറയുന്നത് ശരിയല്ലേ?”

49

യേശു പറഞ്ഞു: “എന്നില്‍ ഭൂതമില്ല. ഞാന്‍ എന്‍റെ പിതാവിനെ ബഹുമാനിക്കുന്നു; നിങ്ങളാകട്ടെ, എന്നെ അപമാനിക്കുന്നു.

50 എന്നിരുന്നാലും ഞാന്‍ എന്‍റെ സ്വന്തം മഹത്ത്വം തേടുന്നില്ല. അത് എനിക്കുവേണ്ടി തേടുന്ന ഒരാളുണ്ട്; അവിടുന്നാണ് വിധികര്‍ത്താവ്. ഞാന്‍ ഉറപ്പിച്ചു പറയുന്നു:

51 എന്‍റെ വാക്ക് അനുസരിക്കുന്നവന്‍ മരണം എന്തെന്ന് ഒരിക്കലും അറിയുകയില്ല.”

52

യെഹൂദന്മാര്‍ പറഞ്ഞു: “താങ്കളില്‍ ഒരു ഭൂതമുണ്ടെന്ന് ഞങ്ങള്‍ക്ക് ഇപ്പോള്‍ ബോധ്യമായി. അബ്രഹാം അന്തരിച്ചു; അതുപോലെ തന്നെ പ്രവാചകന്മാരും. എന്നിട്ടും താങ്കള്‍ പറയുന്നു ‘എന്‍റെ വാക്ക് അനുസരിക്കുന്നവര്‍ക്ക് ഒരിക്കലും മരണത്തിന്‍റെ അനുഭവം ഉണ്ടാകുകയില്ല’ എന്ന്.

53 ഞങ്ങളുടെ പൂര്‍വപിതാവായ അബ്രഹാം മരണമടഞ്ഞല്ലോ. അദ്ദേഹത്തെക്കാള്‍ വലിയവനാണോ താങ്കള്‍? പ്രവാചകന്മാരും മരിച്ചു. താങ്കള്‍ ആരെന്നാണ് അവകാശപ്പെടുന്നത്?”

54

യേശു ഉത്തരമരുളി: “ഞാന്‍ എന്നെത്തന്നെ പ്രകീര്‍ത്തിച്ചാല്‍ അതിന് ഒരു വിലയുമില്ല; നിങ്ങളുടെ ദൈവമെന്നു നിങ്ങള്‍ പറയുന്ന എന്‍റെ പിതാവാണ് എന്നെ പ്രകീര്‍ത്തിക്കുന്നത്.

55 എന്നാല്‍ നിങ്ങള്‍ അവിടുത്തെ ഒരിക്കലും അറിഞ്ഞിട്ടില്ല: ഞാനാകട്ടെ അവിടുത്തെ അറിയുന്നു. ഞാന്‍ അവിടുത്തെ അറിയുന്നില്ലെന്നു പറഞ്ഞാല്‍ ഞാനും നിങ്ങളെപ്പോലെ കള്ളം പറയുന്നവനായിരിക്കും. ഞാന്‍ അവിടുത്തെ അറിയുകയും അവിടുത്തെ വചനം അനുസരിക്കുകയും ചെയ്യുന്നു.

56 നിങ്ങളുടെ പിതാവായ അബ്രഹാം എന്‍റെ ആഗമനദിവസം കാണാം എന്ന പ്രത്യാശയില്‍ ആഹ്ലാദിച്ചു. അദ്ദേഹം അതു കണ്ട് ആനന്ദിക്കുകയും ചെയ്തു.”

57

അപ്പോള്‍ യെഹൂദന്മാര്‍ ചോദിച്ചു: “താങ്കള്‍ക്ക് അന്‍പതു വയസ്സുപോലും ആയിട്ടില്ല; എന്നിട്ടും അബ്രഹാമിനെ കണ്ടിട്ടുണ്ടെന്നോ?”

58

യേശു പ്രതിവചിച്ചു: “ഞാന്‍ ഉറപ്പിച്ചു പറയുന്നു, അബ്രഹാമിനു മുമ്പുതന്നെ ഞാന്‍ ഉണ്ടായിരുന്നു.”

59

ഇതു പറഞ്ഞപ്പോള്‍ യേശുവിനെ എറിയുന്നതിന് അവര്‍ കല്ലെടുത്തു. എന്നാല്‍ യേശു അവരില്‍ നിന്ന് ഒഴിഞ്ഞുമാറി ദേവാലയം വിട്ടുപോയി.

9

1

യേശു കടന്നുപോകുമ്പോള്‍ ജന്മനാ അന്ധനായ ഒരു മനുഷ്യനെ കണ്ടു. ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു:

2 “ഗുരോ, ആരു പാപം ചെയ്തിട്ടാണ് ഈ മനുഷ്യന്‍ അന്ധനായി ജനിച്ചത്, ഇയാളോ, ഇയാളുടെ മാതാപിതാക്കളോ?”

3

യേശു പറഞ്ഞു: “ഈ മനുഷ്യനോ ഇയാളുടെ മാതാപിതാക്കളോ പാപം ചെയ്തതുകൊണ്ടല്ല ഇയാള്‍ അന്ധനായി ജനിച്ചത്; പിന്നെയോ, ദൈവത്തിന്‍റെ പ്രവൃത്തികള്‍ ഇയാളില്‍ പ്രത്യക്ഷമാകേണ്ടതിനാണ്.

4 പകലുള്ളിടത്തോളം എന്നെ അയച്ചവന്‍റെ പ്രവൃത്തികള്‍ നാം ചെയ്യേണ്ടതാകുന്നു. ആര്‍ക്കും പ്രവര്‍ത്തിക്കുവാന്‍ കഴിയാത്ത രാത്രി വരുന്നു.

5 ഞാന്‍ ലോകത്തിലായിരിക്കുമ്പോള്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു.”

6

ഇങ്ങനെ പറഞ്ഞശേഷം അവിടുന്നു നിലത്തു തുപ്പി തുപ്പല്‍കൊണ്ടു ചേറുണ്ടാക്കി ആ മനുഷ്യന്‍റെ കണ്ണിന്മേല്‍ പൂശിയശേഷം,

7 “നീ ശീലോഹാം കുളത്തില്‍ ചെന്നു കഴുകുക” എന്നു പറഞ്ഞു. ‘ശീലോഹാം’ എന്ന വാക്കിന് ‘അയയ്‍ക്കപ്പെട്ടവന്‍’ എന്നാണര്‍ഥം. അങ്ങനെ അവന്‍ പോയി കഴുകി കാഴ്ചപ്രാപിച്ചു തിരിച്ചുവന്നു.

8

അയാളുടെ അയല്‍ക്കാരും മുമ്പു ഭിക്ഷ യാചിക്കുന്നവനായി അയാളെ കണ്ടവരും, “ഇവനല്ലേ അവിടെയിരുന്നു ഭിക്ഷ യാചിച്ചിരുന്നത്?” എന്നു ചോദിച്ചു.

9

“ഇവന്‍തന്നേ” എന്നു ചിലര്‍ പറഞ്ഞു. “അല്ല, ഇവന്‍ അവനെപ്പോലെയിരിക്കുന്നു എന്നേയുള്ളൂ” എന്നു മറ്റു ചിലരും പറഞ്ഞു. അപ്പോള്‍ ആ മനുഷ്യന്‍, “അതു ഞാന്‍ തന്നെ” എന്നു പറഞ്ഞു.

10

“എങ്ങനെയാണു നിനക്കു കാഴ്ച ലഭിച്ചത്?” എന്ന് അവര്‍ ചോദിച്ചു.

11

അയാള്‍ പറഞ്ഞു: “യേശു എന്നു പേരുള്ള മനുഷ്യന്‍ ചേറുണ്ടാക്കി എന്‍റെ കണ്ണിന്മേല്‍ പൂശി; ശീലോഹാം കുളത്തില്‍ പോയി കഴുകുക എന്നു പറഞ്ഞു. ഞാന്‍ പോയി കഴുകി; കാഴ്ച പ്രാപിക്കുകയും ചെയ്തു.”

12

“അയാള്‍ എവിടെ?” എന്ന് അവര്‍ ചോദിച്ചു. “എനിക്കറിഞ്ഞുകൂടാ” എന്ന് അയാള്‍ മറുപടി നല്‌കി.

13

അന്ധനായിരുന്ന ആ മനുഷ്യനെ അവര്‍ പരീശന്മാരുടെ അടുത്ത് കൂട്ടിക്കൊണ്ടുപോയി.

14 യേശു ചേറുണ്ടാക്കി അയാള്‍ക്കു കാഴ്ച നല്‌കിയത് ഒരു ശബത്തു ദിവസമായിരുന്നു.

15 പരീശന്മാരും ആ മനുഷ്യനോടു ചോദിച്ചു; “എങ്ങനെയാണ് നിനക്കു കാഴ്ച കിട്ടിയത്?” “അദ്ദേഹം എന്‍റെ കണ്ണില്‍ ചേറു പൂശി; ഞാന്‍ അതു കഴുകിക്കളഞ്ഞു; എനിക്കിപ്പോള്‍ കാഴ്ചയുണ്ട്” എന്ന് അയാള്‍ പറഞ്ഞു.

16

അപ്പോള്‍ പരീശന്മാരില്‍ ചിലര്‍, “ആ മനുഷ്യന്‍ ദൈവത്തില്‍ നിന്നുള്ളവനല്ല, അയാള്‍ ശബത്ത് ആചരിക്കുന്നില്ലല്ലോ” എന്നു പറഞ്ഞു.

എന്നാല്‍ മറ്റു ചിലര്‍ “പാപിയായ ഒരു മനുഷ്യന് ഇങ്ങനെയുള്ള അടയാളപ്രവൃത്തികള്‍ ചെയ്യുവാന്‍ എങ്ങനെ കഴിയും?” എന്നു ചോദിച്ചു. ഇങ്ങനെ അവരുടെ ഇടയില്‍ത്തന്നെ ഭിന്നാഭിപ്രായമുണ്ടായി.

17

കാഴ്ച ലഭിച്ച ആ മനുഷ്യനോട് പരീശന്മാര്‍ വീണ്ടും ചോദിച്ചു: “അയാളെക്കുറിച്ച് നീ എന്തു പറയുന്നു? അയാള്‍ നിനക്കു കാഴ്ച നല്‌കിയല്ലോ.”

18

“അദ്ദേഹം ഒരു പ്രവാചകനാണ്” എന്ന് അയാള്‍ പറഞ്ഞു. അയാള്‍ അന്ധനായിരുന്നു എന്നും കാഴ്ച പ്രാപിച്ചു എന്നും മാതാപിതാക്കളില്‍നിന്ന് അറിയുന്നതുവരെ യെഹൂദപ്രമുഖന്മാര്‍ വിശ്വസിച്ചില്ല.

19 അവര്‍ ചോദിച്ചു: “പിറവിയിലേ അന്ധനായിരുന്നു എന്നു നിങ്ങള്‍ പറയുന്ന മകന്‍ ഇവന്‍ തന്നെയാണോ? എങ്കില്‍ ഇപ്പോള്‍ അവനു കാഴ്ച ലഭിച്ചതെങ്ങനെ?”

20

മാതാപിതാക്കള്‍ അതിനു മറുപടിയായി “ഇവന്‍ ഞങ്ങളുടെ മകനാണെന്നും പിറവിയിലേ ഇവന്‍ അന്ധനായിരുന്നുവെന്നും ഞങ്ങള്‍ക്കറിയാം.

21 എന്നാല്‍ ഇവന് ഇപ്പോള്‍ എങ്ങനെ കാഴ്ചയുണ്ടായെന്നോ, ആരാണ് ഇവനു കാഴ്ച നല്‌കിയതെന്നോ ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ. അവനോടുതന്നെ ചോദിക്കുക; അവനു പ്രായമുണ്ടല്ലോ; അവന്‍തന്നെ പറയട്ടെ” എന്നു പറഞ്ഞു.

22 യെഹൂദന്മാരെ ഭയന്നാണ് അവര്‍ ഇങ്ങനെ പറഞ്ഞത്. എന്തെന്നാല്‍ യേശുവിനെ ആരെങ്കിലും ക്രിസ്തുവായി അംഗീകരിച്ചാല്‍ സുനഗോഗില്‍നിന്ന് അയാളെ ബഹിഷ്കരിക്കണമെന്ന് യെഹൂദപ്രമുഖന്മാര്‍ നേരത്തേ തീരുമാനിച്ചിരുന്നു.

23 അതുകൊണ്ടാണ് “അവനു പ്രായമുണ്ടല്ലോ; അവനോടു തന്നെ ചോദിക്കുക” എന്ന് അവര്‍ പറഞ്ഞത്.

24

അന്ധനായിരുന്ന ആ മനുഷ്യനെ വീണ്ടും അവര്‍ വിളിച്ചു: “ദൈവത്തെ പ്രകീര്‍ത്തിക്കുക. ആ മനുഷ്യന്‍ പാപിയാണെന്നു ഞങ്ങള്‍ക്കറിയാം” എന്നു പറഞ്ഞു.

25

“അദ്ദേഹം പാപിയാണോ അല്ലയോ എന്ന് എനിക്കറിഞ്ഞുകൂടാ; എന്നാല്‍ ഒരു കാര്യം എനിക്കറിയാം. മുമ്പു ഞാന്‍ അന്ധനായിരുന്നു; ഇപ്പോള്‍ എനിക്കു കാഴ്ചയുണ്ട്” എന്ന് അയാള്‍ ഉത്തരം പറഞ്ഞു.

26

അവര്‍ അവനോടു പിന്നെയും ചോദിച്ചു: “ആ മനുഷ്യന്‍ നിനക്ക് എന്തുചെയ്തു? അയാള്‍ നിനക്കു കാഴ്ച നല്‌കിയത് എങ്ങനെയാണ്?”

27

അയാള്‍ പറഞ്ഞു: “അതു ഞാന്‍ നേരത്തെ പറഞ്ഞു കഴിഞ്ഞല്ലോ; നിങ്ങള്‍ ശ്രദ്ധിച്ചില്ല; വീണ്ടും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതെന്ത്? നിങ്ങള്‍ക്കും അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ ആകണമെന്നുണ്ടോ?”

28

അവര്‍ അയാളെ ശകാരിച്ചുകൊണ്ട്: “നീ അവന്‍റെ ശിഷ്യനാണ്; ഞങ്ങള്‍ മോശയുടെ ശിഷ്യന്മാരാകുന്നു.

29 ദൈവം മോശയോടു സംസാരിച്ചിട്ടുണ്ടെന്നു ഞങ്ങള്‍ക്കറിയാം; എന്നാല്‍ ഇയാള്‍ എവിടെനിന്നു വന്നു എന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ” എന്നു പറഞ്ഞു.

30

ഉടനെ അയാള്‍ പറഞ്ഞു: “ഇത് ആശ്ചര്യകരം തന്നെ! അദ്ദേഹം എന്‍റെ കണ്ണു തുറന്നുതന്നു. എന്നിട്ടും അദ്ദേഹം എവിടെനിന്നു വരുന്നു എന്നു നിങ്ങള്‍ക്കറിഞ്ഞുകൂടെന്നോ!

31 പാപികളുടെ പ്രാര്‍ഥന ദൈവം കേള്‍ക്കുകയില്ലെന്നും അവിടുത്തെ ആരാധിക്കുകയും അവിടുത്തെ ഇഷ്ടം നിറവേറ്റുകയും ചെയ്യുന്നവരുടെ പ്രാര്‍ഥന ശ്രദ്ധിക്കുമെന്നും നമുക്കറിയാം.

32 ജന്മനാ കാഴ്ച ഇല്ലാത്ത ഒരുവന് ആരെങ്കിലും കാഴ്ച നല്‌കിയതായി ലോകം ഉണ്ടായതിനുശേഷം ഇന്നുവരെ കേട്ടിട്ടില്ലല്ലോ.

33 ഇദ്ദേഹം ദൈവത്തില്‍നിന്നുള്ളവനല്ലെങ്കില്‍ ഇങ്ങനെയൊന്നും ചെയ്യുവാന്‍ കഴിയുമായിരുന്നില്ല.”

34

“പാപത്തില്‍ത്തന്നെ ജനിച്ചു വളര്‍ന്ന നീയാണോ ഞങ്ങളെ പഠിപ്പിക്കുവാന്‍ വരുന്നത്?” എന്നു പറഞ്ഞുകൊണ്ട് അവര്‍ അയാളെ ബഹിഷ്കരിച്ചു.

35

യെഹൂദന്മാര്‍ ആ മനുഷ്യനെ പുറന്തള്ളി എന്നു യേശു കേട്ടു. യേശു അയാളെ കണ്ടുപിടിച്ച് “നീ മനുഷ്യപുത്രനില്‍ വിശ്വസിക്കുന്നുവോ?” എന്നു ചോദിച്ചു.

36

“പ്രഭോ, ഞാന്‍ വിശ്വസിക്കേണ്ടതിന് അവിടുന്ന് ആരാണ് എന്നു പറഞ്ഞാലും” എന്ന് അയാള്‍ അപേക്ഷിച്ചു.

37

യേശു അയാളോട് “നീ അദ്ദേഹത്തെ കണ്ടുകഴിഞ്ഞു; നിന്നോടു സംസാരിക്കുന്ന ആള്‍ തന്നെ” എന്ന് ഉത്തരമരുളി.

38

അപ്പോള്‍ അയാള്‍, “കര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് അവിടുത്തെ നമസ്കരിച്ചു.

39

യേശു അരുള്‍ചെയ്തു: “ന്യായവിധിക്കായി ഞാന്‍ ലോകത്തില്‍ വന്നിരിക്കുന്നു; കാഴ്ചയില്ലാത്തവര്‍ക്കു കാഴ്ചയുണ്ടാകുവാനും കാഴ്ചയുള്ളവര്‍ക്കു കാഴ്ചയില്ലാതാകുവാനും തന്നെ.”

40

ഇതുകേട്ട് അടുത്തുനിന്ന ചില പരീശന്മാര്‍ ചോദിച്ചു: “ഞങ്ങളും അന്ധന്മാരാണോ?”

41

യേശു ഉത്തരമരുളി: “നിങ്ങള്‍ അന്ധന്മാരായിരുന്നെങ്കില്‍ നിങ്ങള്‍ക്കു കുറ്റമില്ലായിരുന്നെനേ. കാഴ്ചയുണ്ടെന്നു നിങ്ങള്‍ പറയുന്നതിനാല്‍ നിങ്ങളുടെ പാപം നിലനില്‌ക്കുന്നു.”

10

1

“ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: ആടിനെ സൂക്ഷിക്കുന്ന ആലയുടെ വാതില്‍ വഴിയല്ലാതെ മറ്റു മാര്‍ഗത്തിലൂടെ പ്രവേശിക്കുന്നവന്‍ കള്ളനും കൊള്ളക്കാരനുമാകുന്നു.

2 വാതിലിലൂടെ പ്രവേശിക്കുന്നവനാണ് ആടുകളുടെ ഇടയന്‍.

3 കാവല്‌ക്കാരന്‍ അയാള്‍ക്കു വാതില്‍ തുറന്നുകൊടുക്കുന്നു; ആടുകള്‍ അയാളുടെ ശബ്ദം കേട്ടനുസരിക്കുന്നു. സ്വന്തം ആടുകളെ അയാള്‍ പേരുചൊല്ലിവിളിച്ച് പുറത്തേക്കു കൊണ്ടുപോകുകയും ചെയ്യുന്നു.

4 പുറത്തു കൊണ്ടുവന്നിട്ട് അയാള്‍ അവയുടെ മുമ്പേ നടക്കും. ഇടയന്‍റെ ശബ്ദം തിരിച്ചറിയുന്നതുകൊണ്ട് അവ അയാളെ അനുഗമിക്കും.

5 അപരിചിതനെ അവ ഒരിക്കലും അനുഗമിക്കുകയില്ലെന്നു മാത്രമല്ല, അയാളുടെ ശബ്ദം തിരിച്ചറിയാത്തതിനാല്‍ ആടുകള്‍ അയാളെ വിട്ട് ഓടിപ്പോകുകയും ചെയ്യും.”

6

യേശു ഈ ദൃഷ്ടാന്തം അവരോടു പറഞ്ഞു എങ്കിലും അതിന്‍റെ പൊരുള്‍ അവര്‍ക്കു മനസ്സിലായില്ല.

7

യേശു വീണ്ടും അവരോട് അരുള്‍ചെയ്തു: “ഞാന്‍ ഉറപ്പിച്ചു പറയുന്നു, ആടുകളുടെ വാതില്‍ ഞാനാകുന്നു.

8 എനിക്കു മുമ്പു വന്നവരെല്ലാം കള്ളന്മാരും കൊള്ളക്കാരുമായിരുന്നു.

9 ആടുകള്‍ അവരെ ശ്രദ്ധിച്ചില്ല. ഞാനാകുന്നു വാതില്‍; എന്നിലൂടെ ആരെങ്കിലും അകത്തു പ്രവേശിക്കുന്നുവെങ്കില്‍ അവര്‍ സുരക്ഷിതനായിരിക്കും. അവന്‍ അകത്തു വരികയും പുറത്തുപോകുകയും മേച്ചില്‍സ്ഥലം കണ്ടെത്തുകയും ചെയ്യും.

10 മോഷ്ടാവു വരുന്നത് മോഷ്‍ടിക്കുവാനും കൊല്ലുവാനും നശിപ്പിക്കുവാനും മാത്രമാണ്. ഞാന്‍ വന്നത് അവയ്‍ക്കു ജീവന്‍ ഉണ്ടാകുവാനും അതു സമൃദ്ധമായിത്തീരുവാനും ആകുന്നു.

11

“ഞാന്‍ നല്ല ഇടയനാകുന്നു. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി തന്‍റെ പ്രാണന്‍ വെടിയുന്നു.

12 പ്രത്യുത, ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരന്‍ ചെന്നായ് വരുന്നതു കാണുമ്പോള്‍ ആടുകളെ ഉപേക്ഷിച്ച് ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്നു.

13 ആടുകളുടെ കാര്യത്തില്‍ താത്പര്യമില്ലാത്ത കേവലം കൂലിക്കാരനായതുകൊണ്ടത്രേ അവന്‍ ഓടിപ്പോകുന്നത്.

14 ഞാന്‍ നല്ല ഇടയനാകുന്നു. എന്‍റെ പിതാവ് എന്നെയും ഞാന്‍ പിതാവിനെയും അറിയുന്നതുപോലെ ഞാന്‍ എന്‍റെ സ്വന്തം ആടുകളെയും അവ എന്നെയും അറിയുന്നു.

15 ആടുകള്‍ക്കുവേണ്ടി ഞാന്‍ ജീവന്‍ അര്‍പ്പിക്കുന്നു.

16 ഈ ആലയില്‍പ്പെടാത്ത വേറെ ആടുകളും എനിക്കുണ്ട്; അവയെയും ഞാന്‍ കൂട്ടിക്കൊണ്ടു വരേണ്ടിയിരിക്കുന്നു. അവ എന്‍റെ ശബ്ദം ശ്രദ്ധിക്കും; അങ്ങനെ ഒരു ആട്ടിന്‍പറ്റവും ഒരു ഇടയനും മാത്രം ആയിത്തീരുകയും ചെയ്യും.

17

“വീണ്ടും പ്രാപിക്കേണ്ടതിന് എന്‍റെ ജീവന്‍ ഞാന്‍ അര്‍പ്പിക്കുന്നു. അതുകൊണ്ട് എന്‍റെ പിതാവ് എന്നെ സ്നേഹിക്കുന്നു.

18 എന്‍റെ ജീവന്‍ എന്നില്‍നിന്ന് ആരും എടുത്തുകളയുന്നില്ല; പ്രത്യുത, ഞാന്‍ സ്വമേധയാ അര്‍പ്പിക്കുകയാണു ചെയ്യുന്നത്. അത് അര്‍പ്പിക്കുവാനും വീണ്ടും പ്രാപിക്കുവാനും എനിക്ക് അധികാരമുണ്ട്. എന്‍റെ പിതാവില്‍നിന്ന് എനിക്കു ലഭിച്ചിട്ടുള്ള കല്പനയാണിത്.”

19

യേശുവിന്‍റെ ഈ വാക്കുകള്‍ മൂലം യെഹൂദന്മാരുടെ ഇടയില്‍ വീണ്ടും ഭിന്നാഭിപ്രായമുണ്ടായി. അവരില്‍ പലരും പറഞ്ഞു:

20 “അയാളില്‍ ഭൂതമുണ്ട്; അയാള്‍ ഭ്രാന്തനാണ്; അയാള്‍ പറയുന്നത് എന്തിനു ശ്രദ്ധിക്കുന്നു?”

21

“ഒരു ഭൂതാവിഷ്ടന്‍റെ വാക്കുകളല്ല ഇവ; അന്ധന്മാര്‍ക്കു കാഴ്ച നല്‌കുവാന്‍ പിശാചിനു കഴിയുമോ?” എന്നു മറ്റു ചിലര്‍ ചോദിച്ചു.

22

യെരൂശലേമില്‍ പ്രതിഷ്ഠോത്സവം കൊണ്ടാടുകയായിരുന്നു; അത് ശീതകാലവുമായിരുന്നു.

23 യേശു ദേവാലയത്തില്‍ ശലോമോന്‍റെ മണ്ഡപത്തില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ യെഹൂദന്മാര്‍ അവിടുത്തെ ചുറ്റും കൂടിനിന്നു ചോദിച്ചു:

24 “ഈ അനിശ്ചിതാവസ്ഥയില്‍ ഞങ്ങള്‍ എത്രനാള്‍ തുടരണം? അങ്ങു ക്രിസ്തു ആണെങ്കില്‍ അതു തുറന്നു പറയുക.”

25

യേശു ഇപ്രകാരം മറുപടി നല്‌കി: “ഞാന്‍ പറഞ്ഞുകഴിഞ്ഞു; എന്നാല്‍ നിങ്ങള്‍ വിശ്വസിക്കുന്നില്ല. എന്‍റെ പിതാവിന്‍റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ എനിക്കു സാക്ഷ്യം വഹിക്കുന്നു.

26 പക്ഷേ, നിങ്ങള്‍ എന്‍റെ ആടുകളില്‍പെട്ടവരല്ലാത്തതുകൊണ്ട് വിശ്വസിക്കുന്നില്ല.

27 എന്‍റെ ആടുകള്‍ എന്‍റെ ശബ്ദം കേള്‍ക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുകയും ചെയ്യുന്നു.

28 ഞാന്‍ അവയ്‍ക്ക് അനശ്വരജീവന്‍ നല്‌കുന്നു. അവ ഒരുനാളും നശിച്ചുപോകുകയില്ല. ആരും അവയെ എന്‍റെ കൈയില്‍നിന്ന് തട്ടിക്കൊണ്ടുപോകുകയുമില്ല.

29 അവയെ എനിക്കു നല്‌കിയ പിതാവ് എല്ലാവരെയുംകാള്‍ വലിയവനത്രേ.

30 ആ പിതാവിന്‍റെ കൈയില്‍നിന്ന് അവയെ അപഹരിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. ഞാനും പിതാവും ഒന്നാകുന്നു.”

31

ഇതുകേട്ട് യെഹൂദന്മാര്‍ യേശുവിനെ എറിയുവാന്‍ വീണ്ടും കല്ലെടുത്തു.

32 അവിടുന്ന് അവരോടു പറഞ്ഞു: “പിതാവിന്‍റെ അഭീഷ്ടമനുസരിച്ച് പല നല്ല പ്രവൃത്തികളും ഞാന്‍ നിങ്ങളുടെ മുമ്പില്‍ ചെയ്തിട്ടുണ്ടല്ലോ. അവയില്‍ ഏതിനെ പ്രതിയാണ് നിങ്ങള്‍ എന്നെ കല്ലെറിയുന്നത്?”

33

യെഹൂദന്മാര്‍ പറഞ്ഞു: “നല്ല പ്രവൃത്തികളുടെ പേരിലല്ല ദൈവദൂഷണത്തിന്‍റെ പേരിലാണ് ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്. വെറുമൊരു മനുഷ്യനായ നീ, നിന്നെത്തന്നെ ദൈവമാക്കുന്നുവല്ലോ.”

34

യേശു മറുപടി നല്‌കി: “നിങ്ങള്‍ ദേവന്മാരാണെന്നു ഞാന്‍ പറഞ്ഞു, എന്നു നിങ്ങളുടെ ധര്‍മശാസ്ത്രത്തില്‍ എഴുതിയിട്ടില്ലേ?

35 ദൈവത്തിന്‍റെ അരുളപ്പാടു ലഭിച്ചവരെ അവിടുന്നു ‘ദേവന്മാര്‍’ എന്നു വിളിച്ചു - വേദലിഖിതം ഒരിക്കലും അഴിവില്ലാത്തതാണല്ലോ.

36 ഞാന്‍ ദൈവപുത്രനാണെന്നു പറഞ്ഞതുകൊണ്ട് പിതാവു വിശുദ്ധീകരിച്ച് ലോകത്തിലേക്ക് അയച്ച എന്നില്‍ നിങ്ങള്‍ ദൈവദൂഷണക്കുറ്റം ആരോപിക്കുന്നുവോ?

37 ഞാന്‍ എന്‍റെ പിതാവിന്‍റെ പ്രവൃത്തികള്‍ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ എന്നെ വിശ്വസിക്കേണ്ടാ.

38 എന്നാല്‍ ഞാന്‍ അവ ചെയ്യുന്നു എങ്കില്‍, എന്നെ നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍പോലും എന്‍റെ പ്രവൃത്തികളെ വിശ്വസിക്കുക. അങ്ങനെ ചെയ്താല്‍ പിതാവ് എന്നിലും ഞാന്‍ പിതാവിലും ആണെന്നു നിങ്ങള്‍ക്ക് അറിയുകയും ഗ്രഹിക്കുകയും ചെയ്യാം.”

39

പിന്നെയും അവര്‍ യേശുവിനെ പിടിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ അവിടുന്നു പിടികൊടുക്കാതെ അവരുടെ കൈയില്‍നിന്ന് ഒഴിഞ്ഞുമാറി.

40

യേശു യോര്‍ദ്ദാന്‍റെ മറുകരയില്‍ യോഹന്നാന്‍ ആദ്യം സ്നാപനം നടത്തിക്കൊണ്ടിരുന്ന സ്ഥലത്ത് വീണ്ടും പോയി പാര്‍ത്തു. അനേകം ആളുകള്‍ അവിടുത്തെ അടുക്കല്‍ ചെന്നു. അവര്‍ പറഞ്ഞു:

41 “യോഹന്നാന്‍ അടയാളപ്രവൃത്തി ഒന്നും ചെയ്തിട്ടില്ല. എന്നാല്‍ യോഹന്നാന്‍ ഇദ്ദേഹത്തെപ്പറ്റി പറഞ്ഞിട്ടുള്ളതെല്ലാം സത്യമാണ്.” അവിടെ അനേകംപേര്‍ യേശുവില്‍ വിശ്വസിച്ചു.

11

1

ബേഥാന്യക്കാരനായ ലാസര്‍ എന്നൊരാള്‍ രോഗിയായി കിടന്നിരുന്നു. മറിയമിന്‍റെയും അവളുടെ സഹോദരി മാര്‍ത്തയുടെയും ഗ്രാമമായിരുന്നു ബേഥാന്യ.

2 കര്‍ത്താവിന്‍റെ തൃപ്പാദങ്ങളില്‍ സുഗന്ധതൈലം പൂശി തന്‍റെ തലമുടികൊണ്ടു തുടച്ചത് ഈ മറിയമാണ്. അവരുടെ സഹോദരനായിരുന്നു രോഗിയായി കിടന്നിരുന്ന ലാസര്‍.

3 ആ സഹോദരികള്‍ യേശുവിന്‍റെ അടുക്കല്‍ ആളയച്ചു: “കര്‍ത്താവേ, അങ്ങയുടെ പ്രിയപ്പെട്ട സ്നേഹിതന്‍ രോഗിയായി കിടക്കുന്നു” എന്ന് അറിയിച്ചു.

4

ഇതു കേട്ടപ്പോള്‍ യേശു പറഞ്ഞു: “ഈ രോഗം മരണത്തില്‍ അവസാനിക്കുവാനുള്ളതല്ല; ഇതു ദൈവത്തിന്‍റെ മഹത്ത്വത്തിനുവേണ്ടിയുള്ളതാണ്. ദൈവപുത്രന്‍ ഇതില്‍ക്കൂടി പ്രകീര്‍ത്തിക്കപ്പെടും.”

5

യേശു മാര്‍ത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചിരുന്നു.

6 എങ്കിലും ലാസര്‍ രോഗിയായി കിടക്കുന്നു എന്നു കേട്ടിട്ടും അവിടുന്ന് രണ്ടു ദിവസംകൂടി അവിടെത്തന്നെ താമസിച്ചു.

7 അനന്തരം യേശു ശിഷ്യന്മാരോട്, “നമുക്കു വീണ്ടും യെഹൂദ്യയിലേക്കു പോകാം എന്നു പറഞ്ഞു.”

8

അപ്പോള്‍ ശിഷ്യന്മാര്‍ ചോദിച്ചു: “ഗുരോ, യെഹൂദ്യയിലെ ജനങ്ങള്‍ അങ്ങയെ കല്ലെറിയാന്‍ ഭാവിച്ചിട്ട് അധികകാലം ആയില്ലല്ലോ. എന്നിട്ടും അങ്ങു വീണ്ടും അവിടേക്കുതന്നെ പോകുകയാണോ?”

9

യേശു ഉത്തരമരുളി: “പകലിനു പന്ത്രണ്ടു മണിക്കൂറല്ലേ ഉള്ളത്? പകല്‍ നടക്കുന്നവന്‍ ഈ ലോകത്തിന്‍റെ പ്രകാശം കാണുന്നതുകൊണ്ട് തട്ടിവീഴുകയില്ല.

10 എന്നാല്‍ രാത്രിയില്‍ നടക്കുന്നവനില്‍ വെളിച്ചമില്ലാത്തതിനാല്‍ അവന്‍ കാലിടറി വീഴും.”

11 അവിടുന്നു വീണ്ടും പറഞ്ഞു: “നമ്മുടെ സ്നേഹിതനായ ലാസര്‍ ഉറങ്ങുകയാണ്. അയാളെ ഉണര്‍ത്തുന്നതിനായി ഞാന്‍ പോകുന്നു.”

12

അപ്പോള്‍ ശിഷ്യന്മാര്‍ “ലാസര്‍ ഉറങ്ങുകയാണെങ്കില്‍ അയാള്‍ സുഖം പ്രാപിക്കും” എന്നു പറഞ്ഞു.

13

ലാസറിന്‍റെ മരണത്തെക്കുറിച്ചായിരുന്നു യേശു സൂചിപ്പിച്ചത്. പക്ഷേ അയാള്‍ ഉറങ്ങി വിശ്രമിക്കുകയാണെന്നത്രേ ശിഷ്യന്മാര്‍ ധരിച്ചത്.

14 അതുകൊണ്ട് യേശു സ്പഷ്ടമായി പറഞ്ഞു:

15 “ലാസര്‍ മരിച്ചുപോയി; ഞാന്‍ അവിടെ ഇല്ലാതിരുന്നതിനാല്‍ നിങ്ങള്‍ നിമിത്തം ഞാന്‍ സന്തോഷിക്കുന്നു. എന്തെന്നാല്‍ നിങ്ങള്‍ വിശ്വസിക്കുവാന്‍ ഇതു കാരണമാകുമല്ലോ. ഏതായാലും നമുക്ക് അയാളുടെ അടുക്കലേക്കു പോകാം.”

16

അപ്പോള്‍ ദിദിമോസ് എന്നു വിളിക്കപ്പെടുന്ന തോമസ്: “അവിടുത്തോടുകൂടി മരിക്കുവാന്‍ നമുക്കും പോകാം” എന്നു സഹശിഷ്യന്മാരോടു പറഞ്ഞു.

17

യേശു അവിടെയെത്തിയപ്പോള്‍ ലാസറിനെ കല്ലറയില്‍ വച്ചിട്ടു നാലു ദിവസം കഴിഞ്ഞു എന്നറിഞ്ഞു.

18 യെരൂശലേമിനു വളരെ അടുത്താണ് ബേഥാന്യ. ഏകദേശം മൂന്നു കിലോമീറ്റര്‍ ദൂരം മാത്രം.

19 അതുകൊണ്ടു സഹോദരന്‍റെ നിര്യാണംമൂലം ദുഃഖിതരായ മാര്‍ത്തയെയും മറിയമിനെയും ആശ്വസിപ്പിക്കുവാന്‍ ഒട്ടേറെ യെഹൂദന്മാര്‍ അവിടെയെത്തിയിരുന്നു.

20

യേശു വരുന്നു എന്നു കേട്ടപ്പോള്‍ അവിടുത്തെ സ്വീകരിക്കുവാന്‍ മാര്‍ത്ത ഇറങ്ങിച്ചെന്നു. മറിയമാകട്ടെ വീട്ടില്‍ത്തന്നെ ഇരുന്നു.

21 മാര്‍ത്ത യേശുവിനോട്, “കര്‍ത്താവേ, അങ്ങ് ഇവിടെയുണ്ടായിരുന്നെങ്കില്‍ എന്‍റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു.

22 എങ്കിലും അങ്ങു ചോദിക്കുന്നതെന്തും ദൈവം നല്‌കുമെന്ന് ഇപ്പോഴും എനിക്കറിയാം” എന്നു പറഞ്ഞു.

23

യേശു മാര്‍ത്തയോട്, “നിന്‍റെ സഹോദരന്‍ ഉയിര്‍ത്തെഴുന്നേല്‌ക്കും” എന്നു പറഞ്ഞു.

24

അപ്പോള്‍ മാര്‍ത്ത പറഞ്ഞു: “അന്തിമനാളിലെ പുനരുത്ഥാനത്തില്‍ എന്‍റെ സഹോദരന്‍ ഉയിര്‍ത്തെഴുന്നേല്‌ക്കുമെന്ന് എനിക്കറിയാം.”

25

യേശു അവളോട് അരുള്‍ചെയ്തു: “ഞാന്‍ തന്നെയാണു പുനരുത്ഥാനവും ജീവനും.

26 എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. ജീവിച്ചിരിക്കുമ്പോള്‍ എന്നില്‍ വിശ്വസിക്കുന്ന ഏതൊരുവനും ഒരുനാളും മരിക്കുകയില്ല; ഇതു നീ വിശ്വസിക്കുന്നുവോ?”

27

“ഉവ്വ് കര്‍ത്താവേ, ലോകത്തിലേക്കു വരുമെന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്ന ദൈവപുത്രനായ ക്രിസ്തു അങ്ങുതന്നെ എന്നു ഞാന്‍ വിശ്വസിക്കുന്നു” എന്നു മാര്‍ത്ത പ്രതിവചിച്ചു.

28

ഇത്രയും പറഞ്ഞിട്ട് മാര്‍ത്ത തിരിച്ചുപോയി മറിയമിനെ രഹസ്യമായി വിളിച്ച്, “ഗുരു വന്നിട്ടുണ്ട്, നിന്നെ വിളിക്കുന്നു” എന്നു പറഞ്ഞു.

29 ഉടനെ മറിയം എഴുന്നേറ്റ് യേശുവിന്‍റെ അടുക്കലേക്കു പോയി.

30 അതുവരെ യേശു ഗ്രാമത്തില്‍ പ്രവേശിക്കാതെ മാര്‍ത്ത അദ്ദേഹത്തെ എതിരേറ്റ സ്ഥലത്തുതന്നെ നില്‌ക്കുകയായിരുന്നു.

31 മറിയം തിടുക്കത്തില്‍ എഴുന്നേറ്റു പോകുന്നത് അവളെ സാന്ത്വനപ്പെടുത്തിക്കൊണ്ടു വീട്ടില്‍ ഇരുന്ന യെഹൂദന്മാര്‍ കണ്ടു. അവള്‍ ശവക്കല്ലറയ്‍ക്കടുത്തു ചെന്നു വിലപിക്കുവാന്‍ പോകുകയായിരിക്കുമെന്നു വിചാരിച്ച് അവര്‍ അവളുടെ പിന്നാലെ ചെന്നു.

32

യേശു നിന്നിരുന്ന സ്ഥലത്ത് മറിയം എത്തി. അവിടുത്തെ കണ്ടപ്പോള്‍ മറിയം അവിടുത്തെ കാല്‌ക്കല്‍ വീണു, “കര്‍ത്താവേ, അങ്ങ് ഇവിടെയുണ്ടായിരുന്നെങ്കില്‍ എന്‍റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു” എന്നു പറഞ്ഞു.

33

അവളും കൂടെയുണ്ടായിരുന്ന യെഹൂദന്മാരും കരയുന്നതു കണ്ടപ്പോള്‍ ദുഃഖംകൊണ്ട് യേശുവിന്‍റെ അന്തരംഗം നൊന്തുകലങ്ങി.

34 അവിടുന്ന് അവരോട് ചോദിച്ചു: “അവനെ എവിടെയാണു സംസ്കരിച്ചത്?”

അവര്‍ മറുപടിയായി, “കര്‍ത്താവേ, വന്നു കണ്ടാലും” എന്നു പറഞ്ഞു.

35

യേശു കണ്ണുനീര്‍ ചൊരിഞ്ഞു.

36

അപ്പോള്‍ യെഹൂദന്മാര്‍ പറഞ്ഞു: “നോക്കൂ, അദ്ദേഹം അയാളെ എത്രയധികം സ്നേഹിച്ചിരുന്നു!”

37

എന്നാല്‍ ചിലര്‍ ചോദിച്ചു: “അന്ധനു കാഴ്ചനല്‌കിയ ഇദ്ദേഹത്തിന് ഈ മനുഷ്യന്‍റെ മരണം ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ലേ?”

38

യേശു വീണ്ടും ദുഃഖാര്‍ത്തനായി ലാസറിന്‍റെ കല്ലറയ്‍ക്കു സമീപമെത്തി. അതൊരു ഗുഹ ആയിരുന്നു. അതിന്‍റെ വാതില്‌ക്കല്‍ ഒരു കല്ലും വച്ചിരുന്നു.

39

“ആ കല്ലെടുത്തു മാറ്റുക” എന്ന് യേശു ആജ്ഞാപിച്ചു. മരിച്ചുപോയ ലാസറിന്‍റെ സഹോദരി മാര്‍ത്ത പറഞ്ഞു: “കര്‍ത്താവേ, മരിച്ചിട്ട് നാലു ദിവസമായല്ലോ; ഇപ്പോള്‍ ദുര്‍ഗന്ധം ഉണ്ടായിരിക്കും.”

40

യേശു അവളോട്, “നീ വിശ്വസിക്കുന്നു എങ്കില്‍ ദൈവത്തിന്‍റെ മഹത്ത്വം കാണുമെന്നു ഞാന്‍ പറഞ്ഞില്ലേ?” എന്നു ചോദിച്ചു. അവര്‍ ഗുഹാദ്വാരത്തില്‍നിന്നു കല്ലു നീക്കി.

41 യേശു കണ്ണുകള്‍ ഉയര്‍ത്തി ഇപ്രകാരം പ്രാര്‍ഥിച്ചു: “പിതാവേ, എന്‍റെ പ്രാര്‍ഥന അങ്ങു കേട്ടതുകൊണ്ട് ഞാന്‍ അങ്ങേക്കു സ്തോത്രം ചെയ്യുന്നു.

42 അങ്ങ് എപ്പോഴും എന്‍റെ പ്രാര്‍ഥന കേള്‍ക്കുന്നു എന്നു ഞാന്‍ അറിയുന്നു; എന്നാല്‍ അങ്ങ് എന്നെ അയച്ചിരിക്കുന്നു എന്ന് എന്‍റെ ചുറ്റും നില്‌ക്കുന്ന ജനങ്ങള്‍ വിശ്വസിക്കുന്നതിനുവേണ്ടിയത്രേ ഞാനിതു പറയുന്നത്.

43 ഇങ്ങനെ പറഞ്ഞശേഷം അവിടുന്ന് “ലാസറേ, പുറത്തുവരിക” എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ഉടനെ മരിച്ചവന്‍ പുറത്തുവന്നു.

44 അയാളുടെ കൈകാലുകള്‍ തുണികൊണ്ടു ചുറ്റപ്പെട്ടിരുന്നു; മുഖം ഒരു തുവാലകൊണ്ടു മൂടിയുമിരുന്നു. യേശു അവരോട് “അവന്‍റെ കെട്ടുകള്‍ അഴിക്കുക; അവന്‍ പൊയ്‍ക്കൊള്ളട്ടെ” എന്നു കല്പിച്ചു.

45

മാര്‍ത്തയെയും മറിയമിനെയും സന്ദര്‍ശിക്കുവാന്‍ വന്ന യെഹൂദന്മാരില്‍ പലരും യേശു ചെയ്ത ഈ അദ്ഭുതം കണ്ട് തന്നില്‍ വിശ്വസിച്ചു.

46 എന്നാല്‍ അവരില്‍ ചിലര്‍ യേശു ചെയ്തത് പരീശന്മാരോടു പോയി അറിയിച്ചു.

47 പുരോഹിതമുഖ്യന്മാരും പരീശന്മാരും സന്നദ്രിംസമിതി വിളിച്ചുകൂട്ടി: “നാം എന്താണു ചെയ്യുക! ഈ മനുഷ്യന്‍ ഒട്ടുവളരെ അടയാളപ്രവൃത്തികള്‍ ചെയ്യുന്നുവല്ലോ.

48 ഇങ്ങനെ മുന്നോട്ടു പോകാന്‍ അനുവദിച്ചാല്‍ എല്ലാവരും ഇയാളില്‍ വിശ്വസിക്കും; റോമന്‍ അധികാരികള്‍ വന്ന് നമ്മുടെ നാടിനെയും ജനതയെയും നശിപ്പിക്കുകയും ചെയ്യും” എന്നു പറഞ്ഞു.

49

അവിടെ കൂടിയിരുന്നവരില്‍ ഒരാള്‍ ആ വര്‍ഷത്തെ മഹാപുരോഹിതനായ കയ്യഫാസ് ആയിരുന്നു.

50 അദ്ദേഹം അവരോട് “നിങ്ങള്‍ക്ക് ഒന്നുംതന്നെ അറിഞ്ഞുകൂടാ; ഒരു ജനത മുഴുവന്‍ നശിക്കാതിരിക്കുന്നതിന് അവര്‍ക്കു പകരം ഒരുവന്‍ മരിക്കുന്നത് യുക്തമെന്നു നിങ്ങള്‍ മനസ്സിലാക്കുന്നില്ലേ?” എന്നു ചോദിച്ചു.

51 ഇത് അദ്ദേഹം സ്വമേധയാ പറഞ്ഞതല്ല; പ്രത്യുത, യെഹൂദ ജനതയ്‍ക്കുവേണ്ടി മാത്രമല്ല,

52 ചിന്നിച്ചിതറപ്പെട്ട ദൈവമക്കളെ എല്ലാവരെയും ഒരുമിച്ച് കൂട്ടിച്ചേര്‍ക്കുന്നതിനുവേണ്ടി യേശു മരിക്കണമെന്നുള്ളത്, ആ വര്‍ഷത്തെ മഹാപുരോഹിതന്‍ എന്ന നിലയ്‍ക്ക്, അദ്ദേഹം ഒരു പ്രവാചകനായി പറയുകയാണു ചെയ്തത്.

53

അന്നുമുതല്‍ യേശുവിനെ വധിക്കുന്നതിനെപ്പറ്റി അവര്‍ ആലോചിച്ചുകൊണ്ടിരുന്നു.

54 അതുകൊണ്ട് പിന്നീട് യേശു പരസ്യമായി യെഹൂദന്മാരുടെ ഇടയില്‍ സഞ്ചരിക്കാതെ വിജനപ്രദേശത്തിനടുത്തുള്ള എഫ്രയീം എന്ന പട്ടണത്തിലേക്കു പോയി ശിഷ്യന്മാരോടുകൂടി അവിടെ പാര്‍ത്തു.

55

യെഹൂദന്മാരുടെ പെസഹാപെരുന്നാള്‍ സമീപിച്ചിരുന്നു. അതിനുമുമ്പ് തങ്ങളുടെ ശുദ്ധീകരണകര്‍മം നടത്തുന്നതിനുവേണ്ടി നാട്ടിന്‍പുറങ്ങളില്‍നിന്നു ധാരാളം ആളുകള്‍ പെസഹായ്‍ക്കു മുമ്പുതന്നെ യെരൂശലേമിലെത്തി.

56 അവര്‍ യേശുവിനെ അന്വേഷിച്ചു കൊണ്ടിരുന്നു. “നിങ്ങള്‍ക്ക് എന്തു തോന്നുന്നു? അയാള്‍ പെരുന്നാളിനു വരികയില്ലേ?” എന്ന് ദേവാലയത്തില്‍വച്ച് അവര്‍ അന്യോന്യം ചോദിച്ചു.

57 യേശു എവിടെയെങ്കിലും ഉള്ളതായി ആരെങ്കിലും അറിഞ്ഞാല്‍ അവിടുത്തെ പിടിക്കുന്നതിനുവേണ്ടി വിവരം തങ്ങളെ അറിയിക്കണമെന്ന് പുരോഹിതമുഖ്യന്മാരും പരീശന്മാരും ഉത്തരവു പുറപ്പെടുവിച്ചിരുന്നു.

12

1

പെസഹായ്‍ക്ക് ആറു ദിവസം മുമ്പ് യേശു ബേഥാന്യയിലെത്തി. അവിടെവച്ചായിരുന്നല്ലോ അവിടുന്ന് ലാസറിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചത്.

2 അവിടെ തനിക്ക് ഒരു വിരുന്നൊരുക്കി; മാര്‍ത്ത അതിഥികളെ പരിചരിച്ചു. യേശുവിനോടൊപ്പം ഭക്ഷണത്തിനിരുന്നവരില്‍ ലാസറുമുണ്ടായിരുന്നു.

3 വിലയേറിയതും ശുദ്ധവുമായ ഏകദേശം നാനൂറു ഗ്രാം നറുദീന്‍ തൈലം കൊണ്ടുവന്ന് മറിയം യേശുവിന്‍റെ പാദങ്ങളില്‍ പൂശി, തന്‍റെ മുടികൊണ്ട് അതു തുടച്ചു. വീടു മുഴുവന്‍ തൈലത്തിന്‍റെ സൗരഭ്യംകൊണ്ടു നിറഞ്ഞു.

4 എന്നാല്‍ യേശുവിന്‍റെ ശിഷ്യന്മാരില്‍ ഒരുവനും, തന്നെ ഒറ്റിക്കൊടുക്കുവാനിരുന്നവനുമായ യൂദാസ് ഈസ്കര്യോത്ത്,

5 “ഈ പരിമളതൈലം മുന്നൂറു ദിനാറിനു വിറ്റ് ആ പണം ദരിദ്രര്‍ക്കു കൊടുക്കാമായിരുന്നില്ലേ?” എന്നു ചോദിച്ചു.

6 ദരിദ്രരെക്കുറിച്ചുള്ള കരുതല്‍ കൊണ്ടല്ല അയാള്‍ ഇങ്ങനെ പറഞ്ഞത്; പിന്നെയോ, കള്ളനായതുകൊണ്ടത്രേ. പണസഞ്ചി അയാളുടെ കൈയിലായിരുന്നതിനാല്‍ അതിലിടുന്ന പണം അയാള്‍ എടുത്തുവന്നിരുന്നു.

7

യേശു പറഞ്ഞു: “അവളെ ശല്യപ്പെടുത്താതിരിക്കൂ; എന്‍റെ ശവസംസ്കാരത്തിനുവേണ്ടി അവള്‍ അതു സൂക്ഷിച്ചിരുന്നതായി കരുതുക.

8 ദരിദ്രര്‍ എപ്പോഴും നിങ്ങളോടുകൂടിയുണ്ടല്ലോ; ഞാനാകട്ടെ, എപ്പോഴും നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല.”

9

യേശു അവിടെയുണ്ടെന്നു കേട്ട് യെഹൂദന്മാരുടെ ഒരു വലിയ സമൂഹം അവിടെയെത്തി. യേശുവിനെ ഉദ്ദേശിച്ചു മാത്രമല്ല അവിടുന്നു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ച ലാസറിനെ കാണുന്നതിനുംകൂടിയാണ് അവര്‍ വന്നത്.

10 [10,11] ലാസര്‍ ഹേതുവായി അനേകം യെഹൂദന്മാര്‍ തങ്ങളെ ഉപേക്ഷിച്ച് യേശുവില്‍ വിശ്വസിക്കുവാന്‍ തുടങ്ങിയതിനാല്‍ ലാസറിനെയും വധിക്കുവാന്‍ മുഖ്യപുരോഹിതന്മാര്‍ ആലോചിച്ചു.

11

12

പിറ്റേദിവസം യേശു യെരൂശലേമില്‍ വരുന്നുണ്ടെന്ന് ഉത്സവത്തിനു വന്ന ജനക്കൂട്ടം അറിഞ്ഞു.

13 അവര്‍ ഈത്തപ്പനയുടെ കുരുത്തോലയുമായി അവിടുത്തെ എതിരേല്‌ക്കുവാന്‍ ചെന്നു.

“ഹോശന്നാ! സര്‍വേശ്വരന്‍റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍!

ഇസ്രായേലിന്‍റെ രാജാവ് വാഴ്ത്തപ്പെട്ടവന്‍!”

എന്ന് അവര്‍ ജയഘോഷം മുഴക്കിക്കൊണ്ടിരുന്നു.

14

യേശു ഒരു കഴുതക്കുട്ടിയെ കണ്ട് അതിന്‍റെ പുറത്ത് ഉപവിഷ്ടനായി.

15

“സീയോന്‍പുത്രീ, ഭയപ്പെടേണ്ടാ!;

ഇതാ നിന്‍റെ രാജാവു വരുന്നു

കഴുതക്കുട്ടിയുടെ പുറത്തു കയറി വരുന്നു.”

എന്ന് എഴുതപ്പെട്ടിരിക്കുന്നതുപോലെ തന്നെ.

16

യേശുവിന്‍റെ ശിഷ്യന്മാര്‍ക്ക് ആദ്യം ഇതിന്‍റെ പൊരുള്‍ മനസ്സിലായില്ല. എന്നാല്‍ യേശുവിന്‍റെ മഹത്ത്വീകരണത്തിനു ശേഷം അവിടുത്തെക്കുറിച്ച് ഇപ്രകാരം എഴുതിയിട്ടുള്ളതും ജനങ്ങള്‍ അവിടുത്തേക്കുവേണ്ടി ചെയ്തതും അവര്‍ അനുസ്മരിച്ചു.

17

ലാസറിനെ കല്ലറയില്‍നിന്നു വിളിച്ച് മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചപ്പോള്‍ യേശുവിന്‍റെ കൂടെയുണ്ടായിരുന്ന ജനക്കൂട്ടം ആ സംഭവത്തിനു സാക്ഷ്യം വഹിച്ചിരുന്നു.

18 യേശുവിന്‍റെ ഈ അടയാളപ്രവൃത്തിയെക്കുറിച്ചു കേട്ടിരുന്നതുകൊണ്ടാണ് ജനങ്ങള്‍ അവിടുത്തെ എതിരേല്‌ക്കുവാന്‍ ചെന്നത്.

19 പരീശന്മാര്‍ ഇതുകണ്ട് അന്യോന്യം പറഞ്ഞു: “നമ്മുടെ പരിശ്രമം ഒന്നും ഫലിക്കുന്നില്ലല്ലോ! നോക്കുക, ലോകം മുഴുവന്‍ അയാളുടെ പിന്നാലെ പോയിക്കഴിഞ്ഞു.”

20

ഉത്സവത്തിന് ആരാധിക്കുവാന്‍ വന്നവരുടെ കൂട്ടത്തില്‍ ഏതാനും ഗ്രീക്കുകാരുമുണ്ടായിരുന്നു.

21 അവര്‍ ഗലീലയിലെ ബെത്‍സെയ്ദക്കാരനായ ഫീലിപ്പോസിനെ സമീപിച്ച്, “യേശുവിനെ കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു.

22

ഫീലിപ്പോസ് ഈ വിവരം അന്ത്രയാസിനെ അറിയിച്ചു. അവര്‍ രണ്ടുപേരുംകൂടി ചെന്ന് യേശുവിനോട് ഇക്കാര്യം പറഞ്ഞു.

23 അപ്പോള്‍ യേശു അരുള്‍ചെയ്തു: “മനുഷ്യപുത്രന്‍ മഹത്ത്വപ്പെടുന്നതിനുള്ള സമയം ഇതാ വന്നിരിക്കുന്നു. ഞാന്‍ ഉറപ്പിച്ചുപറയുന്നു:

24 കോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് ഒരേ ഒരു മണിയായിത്തന്നെ ഇരിക്കും. എന്നാല്‍ അത് അഴിയുന്നെങ്കില്‍ സമൃദ്ധമായ വിളവു നല്‌കുന്നു.

25 തന്‍റെ ജീവനെ സ്നേഹിക്കുന്നവന് അതു നഷ്ടപ്പെടുന്നു. ഈ ലോകത്തില്‍വച്ചു തന്‍റെ ജീവനെ വെറുക്കുന്നവന്‍ അനശ്വരജീവനുവേണ്ടി അതു സൂക്ഷിക്കുന്നു.

26 എന്നെ സേവിക്കുന്നവന്‍ എന്നെ അനുഗമിക്കട്ടെ; ഞാന്‍ എവിടെ ആയിരിക്കുന്നുവോ, അവിടെ ആയിരിക്കും എന്‍റെ സേവകനും. എന്നെ സേവിക്കുന്നവനെ എന്‍റെ പിതാവ് ആദരിക്കും.

27

“ഇപ്പോള്‍ എന്‍റെ മനസ്സ് അസ്വസ്ഥമായിരിക്കുന്നു. ഞാന്‍ എന്താണു പറയേണ്ടത്? പിതാവേ, ഈ നാഴികയില്‍നിന്ന് എന്നെ രക്ഷിക്കണമേ എന്നോ? എന്നാല്‍ ഈ പ്രതിസന്ധിയില്‍ക്കൂടി കടക്കുന്നതിനാണല്ലോ ഞാന്‍ ഈ നാഴികയിലെത്തിയിരിക്കുന്നത്. പിതാവേ, അവിടുത്തെ നാമം മഹത്ത്വപ്പെടുത്തിയാലും.”

28

അപ്പോള്‍ സ്വര്‍ഗത്തില്‍നിന്ന്, “ഞാന്‍ മഹത്ത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്ത്വപ്പെടുത്തുകയും ചെയ്യും” എന്ന് ഒരു അശരീരിയുണ്ടായി.

29

അടുത്തു നിന്നിരുന്ന ജനസഞ്ചയം ആ ശബ്ദം കേട്ടിട്ട് “ഇടിമുഴങ്ങി” എന്നു പറഞ്ഞു. മറ്റുചിലര്‍ “ഒരു ദൈവദൂതന്‍” അദ്ദേഹത്തോടു സംസാരിച്ചതാണ്” എന്നു പറഞ്ഞു.

30

അപ്പോള്‍ യേശു അരുള്‍ചെയ്തു: “ഈ പ്രഖ്യാപനം ഉണ്ടായത് എനിക്കുവേണ്ടിയല്ല, നിങ്ങള്‍ക്കുവേണ്ടിയത്രേ.

31 ഈ ലോകത്തിന്‍റെ ന്യായവിധി ഇപ്പോള്‍ത്തന്നെയാകുന്നു. ലോകത്തിന്‍റ അധിപതി ഇപ്പോള്‍ പുറത്തു തള്ളപ്പെടും.

32 ഞാന്‍ ഭൂമിയില്‍നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാവരെയും എന്നിലേക്ക് ആകര്‍ഷിക്കും.

33 തനിക്കു സംഭവിക്കുവാന്‍ പോകുന്ന മരണം എങ്ങനെയുള്ളതായിരിക്കും എന്നു സൂചിപ്പിക്കുവാനത്രേ യേശു ഇതു പറഞ്ഞത്.

34

ജനം യേശുവിനോടു ചോദിച്ചു: “ക്രിസ്തു എന്നേക്കും ജീവിക്കും എന്നാണല്ലോ ധര്‍മശാസ്ത്രത്തില്‍നിന്ന് ഞങ്ങള്‍ ഗ്രഹിച്ചിരിക്കുന്നത്. പിന്നെ മനുഷ്യപുത്രന്‍ ഉയര്‍ത്തപ്പെടണമെന്ന് താങ്കള്‍ പറയുന്നതെങ്ങനെ? ആരാണ് ഈ മനുഷ്യപുത്രന്‍?”

35

അവിടുന്ന് അരുള്‍ചെയ്തു: “അല്പസമയംകൂടി മാത്രമേ പ്രകാശം നിങ്ങളുടെ മധ്യത്തിലുണ്ടായിരിക്കൂ. അന്ധകാരം നിങ്ങളെ പിടികൂടാതിരിക്കുന്നതിന് പ്രകാശമുള്ളിടത്തോളം സമയം അതില്‍ നടന്നുകൊള്ളുക. അന്ധകാരത്തില്‍ നടക്കുന്നവന്‍ താന്‍ എവിടെ പോകുന്നു എന്ന് അറിയുന്നില്ല.

36 നിങ്ങള്‍ പ്രകാശത്തിന്‍റെ മക്കള്‍ ആകേണ്ടതിന് പ്രകാശമുള്ള ഈ സമയത്ത് അതില്‍ വിശ്വസിക്കുക.”

37

അനന്തരം യേശു അവിടം വിട്ടുപോയി അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടാതെ രഹസ്യമായി പാര്‍ത്തു.

38 അവരുടെ കണ്‍മുമ്പില്‍ ഇത്ര വളരെ അടയാളപ്രവൃത്തികള്‍ ചെയ്തിട്ടും അവര്‍ തന്നില്‍ വിശ്വസിച്ചില്ല.

“കര്‍ത്താവേ, ഞങ്ങളുടെ സന്ദേശം ആര്‍ വിശ്വസിച്ചു?

കര്‍ത്താവിന്‍റെ ഭുജബലം ആര്‍ക്കു വെളിപ്പെട്ടിരിക്കുന്നു?”

എന്ന് യെശയ്യാപ്രവാചകന്‍ പറഞ്ഞത് ഇങ്ങനെ പൂര്‍ത്തിയായി.

39

അവര്‍ക്കു വിശ്വസിക്കുവാന്‍ കഴിയാതെപോയതിനെപ്പറ്റി വീണ്ടും യെശയ്യാ പറയുന്നത് ഇപ്രകാരമാണ്:

40

“ദൈവം അവരുടെ കണ്ണുകള്‍ അന്ധമാക്കുകയും

മനസ്സ് മരവിപ്പിക്കുകയും ചെയ്തിരിക്കുന്നു.

അവര്‍ കണ്ണുകൊണ്ടു കാണുകയോ,

മനസ്സുകൊണ്ടു ഗ്രഹിക്കുകയോ,

എന്നില്‍നിന്നു സുഖം പ്രാപിക്കുവാന്‍

എന്‍റെ അടുക്കലേക്കു തിരിയുകയോ

ചെയ്യാതിരിക്കുവാന്‍തന്നെ” എന്ന്

ദൈവം അരുള്‍ചെയ്യുന്നു

41

യെശയ്യാ യേശുവിന്‍റെ മഹത്ത്വം ദര്‍ശിച്ചുകൊണ്ട് അവിടുത്തെക്കുറിച്ചു സംസാരിക്കുകയാണു ചെയ്തത്.

42

എന്നിരുന്നാലും പല അധികാരികള്‍പോലും യേശുവില്‍ വിശ്വസിച്ചു. എന്നാല്‍ സുനഗോഗില്‍നിന്ന് പരീശന്മാര്‍ തങ്ങളെ ബഹിഷ്കരിക്കുമെന്നു ഭയന്ന് അവര്‍ പരസ്യമായി അത് ഏറ്റുപറഞ്ഞില്ല.

43 ദൈവത്തില്‍നിന്നു ലഭിക്കുന്ന പ്രശംസയെക്കാള്‍ അധികം മനുഷ്യരുടെ പ്രശംസയാണ് അവര്‍ ഇഷ്ടപ്പെട്ടത്.

44

യേശു ഉച്ചത്തില്‍ പ്രഖ്യാപനം ചെയ്തു: “എന്നില്‍ വിശ്വസിക്കുന്നവന്‍ എന്നിലല്ല എന്നെ അയച്ചവനില്‍ വിശ്വസിക്കുന്നു.

45 എന്നെ ദര്‍ശിക്കുന്നവന്‍ എന്നെ അയച്ചവനെ ദര്‍ശിക്കുന്നു.

46 എന്നില്‍ വിശ്വസിക്കുന്ന ഏതൊരുവനും അന്ധകാരത്തില്‍ വസിക്കാതിരിക്കേണ്ടതിന് ഞാന്‍ പ്രകാശമായി ലോകത്തില്‍ വന്നിരിക്കുന്നു.

47 ആരെങ്കിലും എന്‍റെ വാക്കുകള്‍ കേട്ട് അനുസരിക്കാതിരുന്നാല്‍ ഞാന്‍ അവനെ വിധിക്കുകയില്ല; എന്തെന്നാല്‍ ഞാന്‍ വന്നത് ലോകത്തെ വിധിക്കുവാനല്ല, രക്ഷിക്കുവാനത്രേ.

48 എന്നെ അനാദരിക്കുകയും എന്‍റെ വാക്കുകള്‍ അവഗണിക്കുകയും ചെയ്യുന്നവനെ വിധിക്കുന്ന ഒന്നുണ്ട്. ഞാന്‍ പറഞ്ഞിട്ടുള്ള വചനം തന്നെ അന്ത്യനാളില്‍ അവനെ വിധിക്കും.

49 ഞാന്‍ സ്വമേധയാ ഒന്നും സംസാരിച്ചിട്ടില്ല. എന്തു പറയണമെന്നും എങ്ങനെ പറയണമെന്നും എന്നെ അയച്ച പിതാവ് എന്നോടു കല്പിച്ചിരിക്കുന്നു.

50 അവിടുത്തെ കല്പന അനശ്വരജീവന്‍തന്നെ എന്നു ഞാന്‍ അറിയുന്നു. ഞാന്‍ എന്തു പറയുന്നുവോ അത് എന്‍റെ പിതാവ് എന്നോട് അരുളിച്ചെയ്തപ്രകാരമാണ് ഞാന്‍ പറയുന്നത്.”

13

1

അന്ന് പെസഹാപെരുന്നാളിന്‍റെ തലേദിവസമായിരുന്നു. താന്‍ ഈ ലോകം വിട്ട് പിതാവിന്‍റെ അടുക്കലേക്കു പോകേണ്ട സമയമായിരിക്കുന്നു എന്ന് യേശു മനസ്സിലാക്കി. ലോകത്തില്‍ തനിക്കുള്ളവരെ അവിടുന്ന് എപ്പോഴും സ്നേഹിച്ചിരുന്നു. അന്ത്യംവരെയും അവരെ അവിടുന്നു പൂര്‍ണമായി സ്നേഹിക്കുകയും ചെയ്തു.

2

ആ സായാഹ്നത്തില്‍ യേശുവും ശിഷ്യന്മാരും അത്താഴത്തിന് ഇരിക്കുകയായിരുന്നു. യേശുവിനെ ഒറ്റിക്കൊടുക്കണമെന്ന തീരുമാനം ശിമോന്‍റെ പുത്രനായ യൂദാസ് ഈസ്കര്യോത്തിന്‍റെ ഹൃദയത്തില്‍ നേരത്തെതന്നെ പിശാച് തോന്നിച്ചിരുന്നു.

3 പിതാവു സമസ്തകാര്യങ്ങളും തന്‍റെ കൈയിലേല്പിച്ചിരിക്കുന്നു എന്നും താന്‍ ദൈവത്തിന്‍റെ അടുക്കല്‍നിന്നാണു വന്നിരിക്കുന്നത് എന്നും ദൈവത്തിന്‍റെ അടുക്കലേക്കാണ് പോകുന്നത് എന്നും അറിഞ്ഞുകൊണ്ട്

4 അത്താഴത്തിനിരുന്ന യേശു എഴുന്നേറ്റ് പുറങ്കുപ്പായം ഊരിവച്ചശേഷം ഒരു തുവര്‍ത്തെടുത്ത് അരയ്‍ക്കു കെട്ടി.

5 പിന്നീട് ഒരു പാത്രത്തില്‍ വെള്ളം പകര്‍ന്നു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകുകയും അരയില്‍ ചുറ്റിയിരുന്ന തുവര്‍ത്തുകൊണ്ടു തുടയ്‍ക്കുകയും ചെയ്തു.

6 യേശു ശിമോന്‍പത്രോസിന്‍റെ അടുക്കല്‍ ചെന്നപ്പോള്‍, “ഗുരോ, അങ്ങ് എന്‍റെ കാലു കഴുകുന്നുവോ” എന്നു ചോദിച്ചു.

7 യേശു അതിനു മറുപടിയായി പറഞ്ഞു: “ഞാന്‍ ചെയ്യുന്നത് എന്താണെന്നു നീ ഇപ്പോള്‍ മനസ്സിലാക്കുന്നില്ല, എന്നാല്‍ പിന്നീടു മനസ്സിലാക്കും.”

8

അപ്പോള്‍ പത്രോസ്, “അങ്ങ് എന്‍റെ കാലു കഴുകാന്‍ ഞാന്‍ ഒരിക്കലും സമ്മതിക്കുകയില്ല” എന്നു പറഞ്ഞു.

യേശു പ്രതിവചിച്ചു: “ഞാന്‍ നിന്‍റെ കാലു കഴുകുന്നില്ലെങ്കില്‍ ഇനി ഒരിക്കലും നീ എന്‍റെ ശിഷ്യനായിരിക്കുകയില്ല.”

9

അപ്പോള്‍ ശിമോന്‍ പത്രോസ് പറഞ്ഞു: “ഗുരോ, അങ്ങനെയാണെങ്കില്‍ എന്‍റെ പാദങ്ങള്‍ മാത്രമല്ല കൈയും തലയുംകൂടി കഴുകിയാലും.”

10

യേശു പത്രോസിനോട്, “കുളി കഴിഞ്ഞിരിക്കുന്നവനു കാലുമാത്രമേ കഴുകേണ്ടതുള്ളൂ. അവന്‍ മുഴുവന്‍ ശുദ്ധിയുള്ളവനാണ്. നിങ്ങള്‍ ശുദ്ധിയുള്ളവരാകുന്നു, എന്നാല്‍ എല്ലാവരും അല്ലതാനും” എന്നു പറഞ്ഞു.

11 തന്നെ ഒറ്റിക്കൊടുക്കുന്നവന്‍ ആരാണെന്ന് യേശുവിന് അറിയാമായിരുന്നു. അതുകൊണ്ടാണ് എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞത്.

12

ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയശേഷം യേശു പുറങ്കുപ്പായം ധരിച്ചു സ്വസ്ഥാനത്തു വീണ്ടും ഇരുന്നു. അനന്തരം അവിടുന്നു ചോദിച്ചു: “ഞാന്‍ നിങ്ങള്‍ക്കു ചെയ്തത് എന്താണെന്നു മനസ്സിലായോ?

13 നിങ്ങള്‍ എന്നെ ഗുരുവെന്നും കര്‍ത്താവെന്നും വിളിക്കുന്നു. ഞാന്‍ ഗുരുവും കര്‍ത്താവും ആകുന്നതുകൊണ്ട് നിങ്ങള്‍ അങ്ങനെ വിളിക്കുന്നതു ശരിതന്നെ.

14 നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും അന്യോന്യം പാദങ്ങള്‍ കഴുകേണ്ടതാണ്.

15 ഞാന്‍ നിങ്ങള്‍ക്ക് ഒരു മാതൃക കാണിച്ചുതന്നിരിക്കുന്നു. ഞാന്‍ നിങ്ങള്‍ക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യണം.

16 ഞാന്‍ ഉറപ്പിച്ചു പറയുന്നു: ഭൃത്യന്‍ യജമാനനെക്കാള്‍ വലിയവനല്ല. ദൂതനും തന്നെ അയച്ചവനെക്കാള്‍ വലിയവനല്ല.

17 ഇതു നിങ്ങള്‍ ഗ്രഹിക്കുന്നപക്ഷം അതുപോലെ ചെയ്യുക; എന്നാല്‍ നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവരാകും.

18

“നിങ്ങളെ എല്ലാവരെയും സംബന്ധിച്ചല്ല ഞാനിതു പറയുന്നത്; ഞാന്‍ തിരഞ്ഞെടുത്തവരെ എനിക്കറിയാം. ‘എന്‍റെ അപ്പം തിന്നുന്നവന്‍ എന്‍റെ കുതികാലു വെട്ടാന്‍ ഒരുങ്ങിയിരിക്കുന്നു’ എന്ന വേദലിഖിതം സത്യമാകണമല്ലോ.

19 ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു എന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിന് അവ സംഭവിക്കുന്നതിനുമുമ്പ് ഞാന്‍ നിങ്ങളെ അറിയിക്കുകയാണ്.

20 ഞാന്‍ ഉറപ്പിച്ചുപറയുന്നു: ഞാന്‍ അയയ്‍ക്കുന്നവനെ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെയും സ്വീകരിക്കുന്നു.”

21

ഇതു പറഞ്ഞശേഷം യേശു അസ്വസ്ഥചിത്തനായി ഇപ്രകാരം തുറന്നു പറഞ്ഞു: “നിങ്ങളില്‍ ഒരുവന്‍ എന്നെ ഒറ്റിക്കൊടുക്കുമെന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു.”

22

അവിടുന്ന് ആരെ ഉദ്ദേശിച്ചാണിതു പറഞ്ഞതെന്നു മനസ്സിലാകാതെ ശിഷ്യന്മാര്‍ അന്ധാളിച്ച് അന്യോന്യം നോക്കി.

23 യേശുവിന്‍റെ വത്സലശിഷ്യന്‍ അവിടുത്തെ മാറില്‍ ചാരി ഇരിക്കുകയായിരുന്നു.

24 ആരെ ഉദ്ദേശിച്ചാണു പറഞ്ഞതെന്നു യേശുവിനോടു ചോദിക്കുവാന്‍ ശിമോന്‍പത്രോസ് അയാളോട് ആംഗ്യം കാട്ടി.

25

യേശുവിന്‍റെ മാറില്‍ ചാരിക്കൊണ്ടുതന്നെ അയാള്‍ ചോദിച്ചു: “കര്‍ത്താവേ ആരാണത്?”

26

യേശു മറുപടിയായി, “ഈ അപ്പം മുക്കി ഞാന്‍ ആര്‍ക്കു കൊടുക്കുന്നുവോ അയാള്‍ തന്നെ” എന്നു പറഞ്ഞു. പിന്നീട് ഒരു കഷണം അപ്പമെടുത്തു മുക്കി ശിമോന്‍റെ പുത്രനായ യൂദാസ് ഈസ്കര്യോത്തിനു കൊടുത്തു.

27 അപ്പക്കഷണം കിട്ടിയ ഉടനെ സാത്താന്‍ യൂദാസില്‍ പ്രവേശിച്ചു. യേശു യൂദാസിനോടു പറഞ്ഞു: “നീ ചെയ്യുവാന്‍ പോകുന്നതു വേഗം ചെയ്യുക.”

28 എന്നാല്‍ എന്തിനാണ് അയാളോട് ഇതു പറഞ്ഞതെന്ന് യേശുവിനോടൊപ്പം ഭക്ഷണത്തിനിരുന്നവരാരും മനസ്സിലാക്കിയില്ല.

29 യൂദാസിന്‍റെ കൈയിലായിരുന്നു പണസഞ്ചി. അതുകൊണ്ട് പെരുന്നാളിനു വേണ്ടത് വാങ്ങാനോ, ദരിദ്രര്‍ക്ക് എന്തെങ്കിലും ദാനം ചെയ്യാനോ ആണ് യേശു അയാളോടു പറഞ്ഞത് എന്നത്രേ ചിലര്‍ ഊഹിച്ചത്.

30

അപ്പക്കഷണം കിട്ടിയ ഉടനെ, യൂദാസ് പുറത്തേക്ക് ഇറങ്ങിപ്പോയി. അപ്പോള്‍ രാത്രി ആയിരുന്നു.

31

യൂദാസ് പോയപ്പോള്‍ യേശു അരുള്‍ചെയ്തു: “മനുഷ്യപുത്രന്‍ ഇപ്പോള്‍ മഹത്ത്വപ്പെട്ടിരിക്കുന്നു; അവനിലൂടെ ദൈവവും മഹത്ത്വപ്പെട്ടിരിക്കുന്നു.

32 ദൈവം മനുഷ്യപുത്രനില്‍ മഹത്ത്വപ്പെട്ടിരിക്കുന്നെങ്കില്‍ ദൈവം പുത്രനെ മഹത്ത്വപ്പെടുത്തും; ഉടനെ അതു സംഭവിക്കുകയും ചെയ്യും.

33 കുഞ്ഞുങ്ങളേ, ഞാന്‍ ഇനി അല്പസമയം കൂടിയേ നിങ്ങളോടുകൂടി ഉണ്ടായിരിക്കുകയുള്ളൂ. നിങ്ങള്‍ എന്നെ അന്വേഷിക്കും; എന്നാല്‍ ഞാന്‍ പോകുന്നിടത്തു നിങ്ങള്‍ക്കു വരുവാന്‍ കഴിയുകയില്ല എന്നു യെഹൂദന്മാരോടു ഞാന്‍ പറഞ്ഞതുപോലെ ഇപ്പോള്‍ നിങ്ങളോടും പറയുന്നു.

34 ഒരു പുതിയ കല്പന ഞാന്‍ നിങ്ങള്‍ക്കു നല്‌കുന്നു; നിങ്ങള്‍ അന്യോന്യം സ്നേഹിക്കുക; ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും അന്യോന്യം സ്നേഹിക്കണം.

35 നിങ്ങള്‍ക്കു പരസ്പരം സ്നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്‍റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും.”

36

ശിമോന്‍ പത്രോസ് ചോദിച്ചു: “ഗുരോ, അങ്ങ് എവിടെയാണു പോകുന്നത്?”

യേശു പ്രതിവചിച്ചു: “ഞാന്‍ പോകുന്നിടത്തേക്ക് എന്നെ അനുഗമിക്കുവാന്‍ നിനക്ക് ഇപ്പോള്‍ കഴിയുകയില്ല. എന്നാല്‍ പിന്നീട് നീ എന്നെ അനുഗമിക്കും.”

37

അപ്പോള്‍ പത്രോസ് ചോദിച്ചു: “ഗുരോ, എനിക്ക് അങ്ങയെ അനുഗമിക്കുവാന്‍ ഇപ്പോള്‍ കഴിയാത്തത് എന്തുകൊണ്ടാണ്? അങ്ങേക്കുവേണ്ടി മരിക്കുവാന്‍പോലും ഞാന്‍ സന്നദ്ധനാണ്”.

38

യേശു പ്രതിവചിച്ചു: “എനിക്കുവേണ്ടി മരിക്കുമെന്നോ? എന്നാല്‍ സത്യം ഞാന്‍ പറയട്ടെ. കോഴി കൂകുന്നതിനുമുമ്പ് നിശ്ചയമായും നീ എന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയും.

14

1

“നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത്; ദൈവത്തില്‍ വിശ്വസിക്കുക; എന്നിലും വിശ്വസിക്കുക.

2 എന്‍റെ പിതാവിന്‍റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് ഒരു വാസസ്ഥലം ഒരുക്കുവാന്‍ പോകുന്നു എന്നു ഞാന്‍ പറയുമായിരുന്നുവോ?

3 ഞാന്‍ എവിടെ ആയിരിക്കുന്നുവോ, അവിടെ നിങ്ങളും ഉണ്ടായിരിക്കേണ്ടതിന് ഞാന്‍ പോയി സ്ഥലം ഒരുക്കിയശേഷം വീണ്ടും വന്ന് നിങ്ങളെ കൂട്ടിക്കൊണ്ടുപോകും.

4 ഞാന്‍ പോകുന്നിടത്തേക്കുള്ള വഴി നിങ്ങള്‍ക്കറിയാം.”

5

തോമസ് യേശുവിനോട്, “ഗുരോ, എവിടേക്കാണ് അങ്ങു പോകുന്നതെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ; പിന്നെ എങ്ങനെയാണു വഴി അറിയുക” എന്നു ചോദിച്ചു.

6

യേശു മറുപടി പറഞ്ഞു: “വഴിയും സത്യവും ജീവനും ഞാന്‍ തന്നെയാണ്; എന്നിലൂടെയല്ലാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ല.

7 നിങ്ങള്‍ എന്നെ അറിഞ്ഞിരുന്നെങ്കില്‍ എന്‍റെ പിതാവിനെയും അറിയുമായിരുന്നു; ഇപ്പോള്‍മുതല്‍ നിങ്ങള്‍ അവിടുത്തെ അറിയുന്നു, നിങ്ങള്‍ അവിടുത്തെ ദര്‍ശിച്ചുമിരിക്കുന്നു.”

8

അപ്പോള്‍ ഫീലിപ്പോസ്, “ഗുരോ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതന്നാലും; ഞങ്ങള്‍ക്ക് അതുമാത്രം മതി” എന്നു പറഞ്ഞു.

9

യേശു ഇപ്രകാരം അരുള്‍ചെയ്തു: “ഇത്രയുംകാലം ഞാന്‍ നിങ്ങളോടുകൂടി ഉണ്ടായിരുന്നിട്ടും നിനക്ക് എന്നെ മനസ്സിലായില്ലല്ലോ ഫീലിപ്പോസേ; എന്നെ കണ്ടിട്ടുള്ളവന്‍ എന്‍റെ പിതാവിനെയും കണ്ടിരിക്കുന്നു. പിന്നെ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരണമെന്നു നീ പറയുന്നത് എന്താണ്!

10 ഞാന്‍ പിതാവിലും പിതാവ് എന്നിലുമാകുന്നു എന്നു നീ വിശ്വസിക്കുന്നില്ലേ? നിങ്ങളോടു ഞാന്‍ പറയുന്ന ഈ വാക്കുകള്‍ എന്‍റെ സ്വന്തമല്ല; പിതാവ് എന്നില്‍ വസിച്ച് എന്നിലൂടെ തന്‍റെ പ്രവൃത്തികള്‍ നിര്‍വഹിക്കുന്നു.

11 ഞാന്‍ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്നു ഞാന്‍ പറയുന്നതു വിശ്വസിക്കുക, അല്ലെങ്കില്‍ എന്‍റെ പ്രവൃത്തികള്‍കൊണ്ടെങ്കിലും വിശ്വസിക്കുക.

12 ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും; ഞാന്‍ പിതാവിന്‍റെ അടുക്കല്‍ പോകുന്നതുകൊണ്ട് അവയെക്കാള്‍ വലിയ പ്രവൃത്തികളും ചെയ്യും.

13 പിതാവിന്‍റെ മഹത്ത്വം പുത്രനില്‍ക്കൂടി വെളിപ്പെടുന്നതിന് എന്‍റെ നാമത്തില്‍ നിങ്ങള്‍ എന്തുതന്നെ അപേക്ഷിച്ചാലും ഞാന്‍ നിങ്ങള്‍ക്കു ചെയ്തുതരും.

14 എന്‍റെ നാമത്തില്‍ നിങ്ങള്‍ എന്തെങ്കിലും അപേക്ഷിക്കുന്നെങ്കില്‍ അതു ഞാന്‍ ചെയ്തുതരും.

15

“നിങ്ങള്‍ എന്നെ സ്നേഹിക്കുന്നെങ്കില്‍ എന്‍റെ കല്പനകള്‍ അനുസരിക്കും.

16 ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും അവിടുന്നു സത്യത്തിന്‍റെ ആത്മാവിനെ മറ്റൊരു സഹായകനായി നിങ്ങളോടുകൂടി എന്നേക്കും ഇരിക്കുവാന്‍ നിങ്ങള്‍ക്കു നല്‌കുകയും ചെയ്യും.

17 ലോകം ആ ആത്മാവിനെ കാണുകയോ അറിയുകയോ ചെയ്തിട്ടില്ല; അതിനാല്‍ ലോകത്തിന് അവിടുത്തെ സ്വീകരിക്കുവാനും കഴിയുകയില്ല. നിങ്ങള്‍ അവിടുത്തെ അറിയുന്നു; എന്തെന്നാല്‍ അവിടുന്നു നിങ്ങളോടുകൂടി ഇരിക്കുകയും നിങ്ങളില്‍ വസിക്കുകയും ചെയ്യുന്നു.

18

“ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരും.

19 അല്പസമയംകൂടി കഴിഞ്ഞാല്‍ ലോകം എന്നെ കാണുകയില്ല; എന്നാല്‍ നിങ്ങള്‍ എന്നെ കാണും; ഞാന്‍ ജീവിക്കുന്നതിനാല്‍ നിങ്ങളും ജീവിക്കും.

20 ഞാന്‍ എന്‍റെ പിതാവിലും നിങ്ങള്‍ എന്നിലും ഞാന്‍ നിങ്ങളിലും ആകുന്നുവെന്ന് നിങ്ങള്‍ അന്നു ഗ്രഹിക്കും.

21

“എന്‍റെ കല്പനകള്‍ സ്വീകരിച്ച് അനുസരിക്കുന്നവനാണ് എന്നെ സ്നേഹിക്കുന്നവന്‍. എന്നെ സ്നേഹിക്കുന്നവനെ എന്‍റെ പിതാവു സ്നേഹിക്കും; ഞാനും അവനെ സ്നേഹിക്കുകയും എന്നെത്തന്നെ അവനു വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്യും.”

22

അപ്പോള്‍ ഈസ്കര്യോത്ത് അല്ലാത്ത യൂദാ യേശുവിനോട് “ഗുരോ, അങ്ങ് അങ്ങയെത്തന്നെ ലോകത്തിന് വെളിപ്പെടുത്താതെ ഞങ്ങള്‍ക്കു മാത്രം വെളിപ്പെടുത്തുന്നത് എങ്ങനെയാണ്?” എന്നു ചോദിച്ചു.

23

യേശു പ്രതിവചിച്ചു: “എന്നെ സ്നേഹിക്കുന്ന ഏതൊരുവനും എന്‍റെ വചനം അനുസരിക്കും. എന്‍റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങള്‍ വന്ന് അവനോടുകൂടി വാസമുറപ്പിക്കുകയും ചെയ്യും.

24 എന്നെ സ്നേഹിക്കാത്തവന്‍ എന്‍റെ വചനങ്ങള്‍ അനുസരിക്കുകയില്ല. നിങ്ങള്‍ കേള്‍ക്കുന്ന വചനം എന്‍റെ സ്വന്തമല്ല എന്നെ അയച്ച പിതാവിന്‍റേതത്രേ.

25

“ഞാന്‍ നിങ്ങളുടെ കൂടെയുള്ളപ്പോള്‍ത്തന്നെ ഈ കാര്യങ്ങള്‍ നിങ്ങളോടു സംസാരിച്ചിരിക്കുന്നു.

26 എന്നാല്‍ എന്‍റെ നാമത്തില്‍ പിതാവ് അയയ്‍ക്കുവാന്‍ പോകുന്ന പരിശുദ്ധാത്മാവ് എന്ന സഹായകന്‍ എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കും; ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം അനുസ്മരിപ്പിക്കുകയും ചെയ്യും.

27

“സമാധാനം ഞാന്‍ നിങ്ങള്‍ക്കു തന്നിട്ടു പോകുന്നു; എന്‍റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു. ലോകം നല്‌കുന്നതുപോലെയുള്ള സമാധാനമല്ല ഞാന്‍ നിങ്ങള്‍ക്കു നല്‌കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത്; നിങ്ങള്‍ ഭയപ്പെടുകയും അരുത്.

28 ഞാന്‍ പോകുകയാണെന്നും നിങ്ങളുടെയടുക്കല്‍ മടങ്ങി വരുമെന്നും ഞാന്‍ പറഞ്ഞത് നിങ്ങള്‍ കേട്ടുവല്ലോ. നിങ്ങള്‍ എന്നെ സ്നേഹിക്കുന്നു എങ്കില്‍ ഞാന്‍ പിതാവിന്‍റെ അടുക്കല്‍ പോകുന്നതില്‍ നിങ്ങള്‍ സന്തോഷിക്കുമായിരുന്നു. പിതാവ് എന്നെക്കാള്‍ വലിയവനാണല്ലോ.

29 മുന്‍കൂട്ടി ഞാനിതു പറഞ്ഞത് ഇതു സംഭവിക്കുമ്പോള്‍ നിങ്ങള്‍ക്കു വിശ്വാസമുണ്ടാകുവാനാണ്.

30 നിങ്ങളോടു സംസാരിക്കുവാന്‍ എനിക്കിനി അധികം സമയമില്ല. എന്തെന്നാല്‍ ഈ ലോകത്തിന്‍റെ അധിപതി വരുന്നു. എങ്കിലും അവന് എന്‍റെമേല്‍ ഒരധികാരവുമില്ല.

31 എന്നാല്‍ ഞാന്‍ പിതാവിനെ സ്നേഹിക്കുന്നു എന്നു ലോകം അറിയേണ്ടതിന് പിതാവ് എന്നോട് കല്പിച്ചതുപോലെ ഞാന്‍ ചെയ്യുന്നു.

“എഴുന്നേല്‌ക്കുക; നമുക്കു പുറപ്പെടാം.”

15

1

“ഞാന്‍ യഥാര്‍ഥ മുന്തിരിച്ചെടിയും എന്‍റെ പിതാവു കൃഷിക്കാരനുമാകുന്നു.

2 അവിടുന്നു ഫലം കായ്‍ക്കാത്ത എല്ലാ ശാഖകളും എന്നില്‍നിന്ന് വെട്ടിക്കളയുന്നു. ഫലം കായ്‍ക്കുന്നവ കൂടുതല്‍ ഫലം നല്‌കേണ്ടതിനു തലപ്പുകള്‍ കോതി വൃത്തിയാക്കുന്നു.

3 ഞാന്‍ നിങ്ങളോടു സംസാരിച്ചിട്ടുള്ള വചനംമൂലം നിങ്ങള്‍ ശുദ്ധിയുള്ളവരായിത്തീര്‍ന്നിരിക്കുന്നു.

4 എന്നില്‍ വസിക്കുക; ഞാന്‍ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയില്‍ സ്ഥിതിചെയ്യാത്ത ശാഖയ്‍ക്കു സ്വയമേവ ഫലം കായ്‍ക്കുവാന്‍ കഴിയുകയില്ല. അതുപോലെ എന്നില്‍ വസിക്കാതെയിരുന്നാല്‍ നിങ്ങള്‍ക്കും ഫലം കായ്‍ക്കുവാന്‍ സാധ്യമല്ല.

5

“ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാകുന്നു; ഒരുവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു എങ്കില്‍, അവന്‍ ധാരാളം ഫലം പുറപ്പെടുവിക്കും. എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യുവാന്‍ കഴിയുകയില്ല.

6 എന്നില്‍ വസിക്കാത്തവന്‍ ഒരു ശാഖയെന്നപോലെ പുറത്തെറിയപ്പെട്ട് ഉണങ്ങിപ്പോകും. ഉണങ്ങിയ ശാഖകള്‍ ശേഖരിച്ചു തീയിലിട്ടു ചുട്ടുകളയുന്നു;

7 നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്‍റെ വചനങ്ങള്‍ നിങ്ങളില്‍ കുടികൊള്ളുകയും ചെയ്യുന്നെങ്കില്‍ നിങ്ങള്‍ അപേക്ഷിക്കുന്നതെന്തും നിങ്ങള്‍ക്കു ലഭിക്കും.

8 നിങ്ങള്‍ ധാരാളം ഫലം കായ്‍ക്കുന്നതിനാല്‍ എന്‍റെ പിതാവു മഹത്ത്വപ്പെടുന്നു. അങ്ങനെ നിങ്ങള്‍ എന്‍റെ ശിഷ്യന്മാരായിത്തീരുന്നു.

9 എന്‍റെ പിതാവ് എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു. എന്‍റെ സ്നേഹത്തില്‍ നിങ്ങള്‍ നിലനില്‌ക്കുക.

10 ഞാന്‍ എന്‍റെ പിതാവിന്‍റെ കല്പനകള്‍ അനുസരിച്ച് അവിടുത്തെ സ്നേഹത്തില്‍ നിലനില്‌ക്കുന്നതുപോലെ നിങ്ങള്‍ എന്‍റെ കല്പനകള്‍ അനുസരിച്ചാല്‍ എന്‍റെ സ്നേഹത്തില്‍ നിലനില്‌ക്കും.

11

“എന്‍റെ ആനന്ദം നിങ്ങളില്‍ ഉണ്ടായിരിക്കുവാനും നിങ്ങളുടെ ആനന്ദം സമ്പൂര്‍ണമാകുവാനും വേണ്ടിയാണ് ഇവയെല്ലാം ഞാന്‍ നിങ്ങളോടു സംസാരിച്ചത്.

12 ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണമെന്നാണ് എന്‍റെ കല്പന.

13 സ്നേഹിതന്മാര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലുതായ സ്നേഹം ആര്‍ക്കുമില്ലല്ലോ.

14 ഞാന്‍ നിങ്ങളോടു കല്പിച്ചതെല്ലാം നിങ്ങള്‍ ചെയ്യുന്നെങ്കില്‍ നിങ്ങള്‍ എന്‍റെ സ്നേഹിതന്മാരാണ്.

15 ഇനിയും നിങ്ങളെ ദാസന്മാരെന്ന് ഞാന്‍ വിളിക്കുന്നില്ല; യജമാനന്‍ ചെയ്യുന്നത് എന്താണെന്നു ദാസന്‍ അറിയുന്നില്ലല്ലോ. എന്‍റെ പിതാവില്‍നിന്നു കേട്ടതെല്ലാം ഞാന്‍ നിങ്ങളെ അറിയിച്ചിരിക്കുന്നു; അതുകാണ്ടാണ് എന്‍റെ സ്നേഹിതന്മാരെന്നു ഞാന്‍ നിങ്ങളെ വിളിക്കുന്നത്.

16 നിങ്ങള്‍ പോയി നിലനില്‌ക്കുന്ന ഫലം പുറപ്പെടുവിക്കുന്നതിന് ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. അതുകൊണ്ട് എന്‍റെ നാമത്തില്‍ നിങ്ങള്‍ പിതാവിനോട് എന്തപേക്ഷിച്ചാലും അവിടുന്നു നിങ്ങള്‍ക്കു നല്‌കും.

17 നിങ്ങള്‍ പരസ്പരം സ്നേഹിക്കുന്നതിനുവേണ്ടിയാണ് ഇവയെല്ലാം ഞാന്‍ നിങ്ങളോട് ആജ്ഞാപിക്കുന്നത്.

18

“ലോകം നിങ്ങളെ വെറുക്കുന്നു എങ്കില്‍ അത് എന്നെയാണ് ആദ്യം വെറുത്തത് എന്ന് അറിഞ്ഞുകൊള്ളുക.

19 നിങ്ങള്‍ ലോകത്തില്‍ നിന്നുള്ളവരായിരുന്നെങ്കില്‍ അത് സ്വന്തമെന്നവണ്ണം നിങ്ങളെ സ്നേഹിക്കുമായിരുന്നു. എന്നാല്‍ ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തിരഞ്ഞെടുത്തതിനാല്‍ നിങ്ങള്‍ ലോകത്തിന്‍റെ വകയല്ല. അതുകൊണ്ട് ലോകം നിങ്ങളെ വെറുക്കുന്നു.

20 ദാസന്‍ യജമാനനെക്കാള്‍ വലിയവനല്ലെന്നു ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളത് ഓര്‍മിച്ചുകൊള്ളുക. അവര്‍ എന്നെ പീഡിപ്പിച്ചെങ്കില്‍ നിങ്ങളെയും പീഡിപ്പിക്കും. അവര്‍ എന്‍റെ വചനം അനുസരിച്ചെങ്കില്‍ നിങ്ങളുടേതും അനുസരിക്കും.

21 എന്നാല്‍ എന്നെ അയച്ചവനെ അവര്‍ അറിഞ്ഞിട്ടില്ലാത്തതുകൊണ്ട് എന്‍റെ നാമം നിമിത്തം ഇവയെല്ലാം അവര്‍ നിങ്ങളോടു ചെയ്യും.

22 ഞാന്‍ വന്ന് അവരോടു സംസാരിക്കാതിരുന്നെങ്കില്‍ അവര്‍ കുറ്റമറ്റവരായിരുന്നേനെ. എന്നാല്‍ ഇപ്പോള്‍ അവരുടെ പാപത്തിന് ഒഴികഴിവൊന്നുമില്ല.

23 എന്നെ വെറുക്കുന്നവന്‍ എന്‍റെ പിതാവിനെയും വെറുക്കുന്നു.

24 മറ്റാരും ഒരിക്കലും ചെയ്തിട്ടില്ലാത്ത പ്രവൃത്തികള്‍ ഞാന്‍ അവരുടെ മധ്യത്തില്‍ ചെയ്യാതിരുന്നെങ്കില്‍ അവര്‍ക്കു കുറ്റമില്ലായിരുന്നേനെ. എന്‍റെ പ്രവൃത്തികള്‍ അവര്‍ കണ്ടിരിക്കുന്നു. എന്നിട്ടും എന്നെയും എന്‍റെ പിതാവിനെയും അവര്‍ വെറുക്കുന്നു.

25 ‘അവര്‍ അകാരണമായി എന്നെ ദ്വേഷിച്ചു’ എന്ന് അവരുടെ ധര്‍മശാസ്ത്രത്തില്‍ എഴുതിയിരിക്കുന്നതു സത്യമാകുന്നതിന് ഇവയെല്ലാം സംഭവിക്കേണ്ടതാണ്.”

26

“എന്നാല്‍ പിതാവിന്‍റെ സന്നിധിയില്‍നിന്നു ഞാന്‍ നിങ്ങള്‍ക്കുവേണ്ടി അയയ്‍ക്കുവാനിരിക്കുന്ന സഹായകനായ സത്യത്തിന്‍റെ ആത്മാവ് പിതാവില്‍നിന്നു പുറപ്പെട്ട് നിങ്ങളുടെ അടുക്കല്‍വരും. ആ ആത്മാവ് എന്നെക്കുറിച്ചു സാക്ഷ്യം വഹിക്കും.

27 നിങ്ങള്‍ ആദിമുതല്‍ എന്നോടുകൂടി ഉണ്ടായിരുന്നതുകൊണ്ടു നിങ്ങള്‍ സാക്ഷികളായിരിക്കുകയും ചെയ്യും.

16

1

“നിങ്ങള്‍ ഇടറിവീഴാതിരിക്കുന്നതിനാണ് ഞാന്‍ ഇവയെല്ലാം നിങ്ങളോടു സംസാരിച്ചത്.

2 അവര്‍ നിങ്ങളെ സുനഗോഗുകളില്‍നിന്നു പുറന്തള്ളും. നിങ്ങളെ വധിക്കുന്ന ഏതൊരുവനും ദൈവത്തിന് അര്‍പ്പിക്കുന്ന ഒരു പുണ്യകര്‍മം ചെയ്യുന്നു എന്നു കരുതുന്ന സമയം വരുന്നു.

3 അവര്‍ പിതാവിനെയോ എന്നെയോ അറിഞ്ഞിട്ടില്ലാത്തതിനാല്‍ ഇവയെല്ലാം ചെയ്യും.

4 അവര്‍ ഇങ്ങനെ ചെയ്യുന്ന സമയം വരുമ്പോള്‍ ഞാന്‍ ഇവയെല്ലാം പറഞ്ഞതാണല്ലോ എന്നു നിങ്ങള്‍ അനുസ്മരിക്കുന്നതിനുവേണ്ടിയാണ് ഇതു പറയുന്നത്.

“ഞാന്‍ നിങ്ങളോടുകൂടി ഉണ്ടായിരുന്നതുകൊണ്ടാണ് ആദ്യംതന്നെ ഇക്കാര്യങ്ങള്‍ പറയാതിരുന്നത്.

5 എന്നാല്‍ ഇപ്പോള്‍ ഞാന്‍ എന്നെ അയച്ചവന്‍റെ അടുക്കലേക്കു പോകുന്നു. എങ്കിലും ഞാന്‍ എവിടെ പോകുന്നു എന്ന് നിങ്ങളിലാരും എന്നോടു ചോദിക്കുന്നില്ല.

6 ഞാനിവയെല്ലാം നിങ്ങളോടു പറഞ്ഞതിനാല്‍ നിങ്ങളുടെ ഹൃദയം ദുഃഖംകൊണ്ടു നിറഞ്ഞിരിക്കുന്നു.

7 എന്നാല്‍ സത്യം ഞാന്‍ പറയട്ടെ, ഞാന്‍ പോകുന്നതുകൊണ്ട് നിങ്ങള്‍ക്കു പ്രയോജനമുണ്ട്. ഞാന്‍ പോകുന്നില്ലെങ്കില്‍ സഹായകന്‍ നിങ്ങളുടെ അടുക്കല്‍ വരുകയില്ല. ഞാന്‍ പോയാല്‍ സഹായകനെ നിങ്ങളുടെ അടുക്കലേക്ക് അയയ്‍ക്കും.

8 സഹായകന്‍ വരുമ്പോള്‍ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും;

9 ലോകത്തിലുള്ളവര്‍ എന്നില്‍ വിശ്വസിക്കാത്തതുകൊണ്ടു പാപത്തെക്കുറിച്ചും

10 ഞാന്‍ പിതാവിന്‍റെ അടുക്കലേക്കു പോകുന്നതിനാല്‍ നിങ്ങള്‍ ഇനിയും എന്നെ കാണാതിരിക്കുമെന്നതുകൊണ്ടു നീതിയെക്കുറിച്ചും

11 ഈ ലോകത്തിന്‍റെ അധിപതി വിധിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു ന്യായവിധിയെക്കുറിച്ചും ബോധ്യപ്പെടുത്തും.

12

“എനിക്കിനിയും ഒട്ടുവളരെ കാര്യങ്ങള്‍ നിങ്ങളോടു പറയുവാനുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ അവയെല്ലാം വഹിക്കുവാന്‍ കഴിവില്ല.

13 സത്യത്തിന്‍റെ ആത്മാവു വരുമ്പോള്‍ അവിടുന്നു നിങ്ങളെ സകല സത്യത്തിലും വഴിനടത്തും. അവിടുന്നു സ്വമേധയാ അല്ല സംസാരിക്കുന്നത്. താന്‍ കേള്‍ക്കുന്നതു സംസാരിക്കുകയും സംഭവിക്കുവാന്‍ പോകുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യും.

14 അവിടുന്ന് എന്നെ മഹത്ത്വപ്പെടുത്തും. എന്തുകൊണ്ടെന്നാല്‍ എനിക്കു പറയുവാനുള്ളതു ഗ്രഹിച്ച് അവിടുന്നു നിങ്ങളോടു പ്രസ്താവിക്കും;

15 പിതാവിനുള്ളതെല്ലാം എനിക്കുള്ളതാകുന്നു. അതുകൊണ്ടാണ് ഞാന്‍ പറയുവാനുള്ള കാര്യങ്ങള്‍ ഗ്രഹിച്ച് അവിടുന്നു നിങ്ങളെ അറിയിക്കും എന്നു ഞാന്‍ പറഞ്ഞത്.

16

“ഇനി അല്പസമയം കഴിയുമ്പോള്‍ നിങ്ങള്‍ എന്നെ കാണുകയില്ല; പിന്നെയും അല്പസമയം കഴിയുമ്പോള്‍ നിങ്ങള്‍ എന്നെ കാണും.”

17

അപ്പോള്‍ യേശുവിന്‍റെ ശിഷ്യന്മാരില്‍ ചിലര്‍ പരസ്പരം പറഞ്ഞു: “അല്പസമയം കഴിയുമ്പോള്‍ നിങ്ങള്‍ എന്നെ കാണുകയില്ല, പിന്നെയും അല്പസമയം കഴിയുമ്പോള്‍ നിങ്ങള്‍ എന്നെ കാണും എന്നും എന്‍റെ പിതാവിന്‍റെ അടുക്കല്‍ ഞാന്‍ പോകുന്നു എന്നും അവിടുന്നു പറഞ്ഞതിന്‍റെ അര്‍ഥമെന്താണ്?

18 അല്പസമയം എന്ന് അവിടുന്നു പറഞ്ഞതിന്‍റെ സാരം എന്തായിരിക്കും? അവിടുന്നു പറയുന്നതിന്‍റെ അര്‍ഥം നമുക്കു മനസ്സിലാകുന്നില്ലല്ലോ!”

19

ഇതേപ്പറ്റി തന്നോടു ചോദിക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നു എന്ന് യേശു മനസ്സിലാക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “ഇനി അല്പസമയം കഴിഞ്ഞു നിങ്ങള്‍ എന്നെ കാണുകയില്ല; പിന്നെയും അല്പസമയം കഴിഞ്ഞു നിങ്ങള്‍ എന്നെ കാണും എന്നു ഞാന്‍ പറഞ്ഞതിന്‍റെ അര്‍ഥം എന്താണെന്നുള്ളതിനെക്കുറിച്ചാണോ നിങ്ങള്‍ അന്യോന്യം ചോദിക്കുന്നത്?

20 ഞാന്‍ ഉറപ്പിച്ചു പറയുന്നു; നിങ്ങള്‍ കരയുകയും വിലപിക്കുകയും ചെയ്യും; ലോകമാകട്ടെ സന്തോഷിക്കും. നിങ്ങള്‍ ദുഃഖിക്കുമെങ്കില്‍ നിങ്ങളുടെ ദുഃഖം ആനന്ദമായി മാറും.

21 സ്‍ത്രീക്കു പ്രസവസമയത്തു വേദനയുണ്ട്. എന്നാല്‍ പ്രസവിച്ചുകഴിയുമ്പോള്‍ ഒരു മനുഷ്യന്‍ ലോകത്തിലേക്കു പിറന്നിരിക്കുന്നതുമൂലമുള്ള സന്തോഷത്താല്‍ പിന്നീട് തന്‍റെ വേദനയെക്കുറിച്ച് അവള്‍ ഓര്‍മിക്കുന്നില്ല.

22 അതുപോലെ ഇപ്പോള്‍ നിങ്ങള്‍ക്കു വ്യാകുലതയുണ്ട്; എന്നാല്‍ ഞാന്‍ വീണ്ടും നിങ്ങളെ കാണുമ്പോള്‍ നിങ്ങള്‍ ആനന്ദിക്കും. ആ ആനന്ദം ആരും നിങ്ങളില്‍നിന്ന് എടുത്തുകളയുകയില്ല.

23

“ആ ദിവസം വരുമ്പോള്‍ നിങ്ങള്‍ ഒന്നും എന്നോടു ചോദിക്കുകയില്ല. നിങ്ങള്‍ പിതാവിനോട് എന്ത് അപേക്ഷിച്ചാലും അവിടുന്ന് എന്‍റെ നാമത്തില്‍ അതു നിങ്ങള്‍ക്കു നല്‌കും എന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു.

24 ഇതുവരെ നിങ്ങള്‍ ഒന്നും എന്‍റെ നാമത്തില്‍ അപേക്ഷിച്ചിട്ടില്ല. അപേക്ഷിക്കുക, എന്നാല്‍ നിങ്ങള്‍ക്കു ലഭിക്കും. അങ്ങനെ നിങ്ങളുടെ ആനന്ദം സമ്പൂര്‍ണമാകും.

25

“ആലങ്കാരിക ഭാഷയിലാണ് ഞാന്‍ ഇവയെല്ലാം നിങ്ങളോടു സംസാരിച്ചത്. എന്നാല്‍ ഇനിയും ആലങ്കാരികമായിട്ടല്ലാതെ പിതാവിനെക്കുറിച്ച് സ്പഷ്ടമായി നിങ്ങളോടു പ്രസ്താവിക്കുന്ന സമയം വരുന്നു.

26 അന്നു നിങ്ങള്‍ എന്‍റെ നാമത്തില്‍ പിതാവിനോട് അപേക്ഷിക്കും. ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കുമെന്നു പറയുന്നില്ല;

27 എന്തെന്നാല്‍ നിങ്ങളെന്നെ സ്നേഹിക്കുകയും ഞാന്‍ പിതാവിന്‍റെ അടുക്കല്‍നിന്നു വന്നു എന്നു വിശ്വസിക്കുകയും ചെയ്തിരിക്കുന്നതുകൊണ്ട് പിതാവുതന്നെ നിങ്ങളെ സ്നേഹിക്കുന്നു.

28 ഞാന്‍ പിതാവിന്‍റെ സന്നിധിയില്‍ നിന്നു പുറപ്പെട്ടു ലോകത്തിലേക്കു വന്നിരിക്കുന്നു. ഇനി ഞാന്‍ ലോകം വിട്ട് വീണ്ടും പിതാവിന്‍റെ സന്നിധിയിലേക്കു പോകുകയാണ്.”

29

അപ്പോള്‍ അവിടുത്തെ ശിഷ്യന്മാര്‍ പറഞ്ഞു: “ഇതാ ഇപ്പോള്‍ ആലങ്കാരികമായിട്ടല്ല, സ്പഷ്ടമായിട്ടാണ് അങ്ങു സംസാരിക്കുന്നത്.

30 അവിടുത്തേക്ക് എല്ലാം അറിയാമെന്നും അങ്ങയോട് ആരും ഒന്നും ചോദിക്കേണ്ട ആവശ്യമില്ലെന്നും ഇപ്പോള്‍ ഞങ്ങള്‍ക്കു ബോധ്യമായി. അങ്ങു ദൈവത്തിന്‍റെ അടുക്കല്‍നിന്നു വന്നു എന്നു ഞങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നു.”

31

യേശു പ്രതിവചിച്ചു: “ഇപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുന്നുവെന്നോ?

32 എന്നെ ഏകനായി വിട്ടിട്ട് നിങ്ങള്‍ ഓരോരുത്തനും അവനവന്‍റെ വഴിക്കു ചിതറി ഓടുന്ന സമയം വരുന്നു; അല്ല വന്നു കഴിഞ്ഞിരിക്കുന്നു. എങ്കിലും ഞാന്‍ ഏകനല്ല; പിതാവ് എന്‍റെ കൂടെയുണ്ട്.

33 എന്നോടുള്ള ഐക്യത്തില്‍ നിങ്ങള്‍ സമാധാനം കണ്ടെത്തേണ്ടതിനാണ് ഇവയെല്ലാം ഞാന്‍ നിങ്ങളോടു പറഞ്ഞത്: ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടതയുണ്ട്; എന്നാല്‍ നിങ്ങള്‍ ധൈര്യപ്പെടുക; ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു.”

17

1

ഇതു പറഞ്ഞശേഷം യേശു സ്വര്‍ഗത്തിലേക്കു ദൃഷ്‍ടികളുയര്‍ത്തി ഇപ്രകാരം പ്രാര്‍ഥിച്ചു: “പിതാവേ, സമയം ആയിരിക്കുന്നു. അവിടുത്തെ പുത്രന്‍ അങ്ങയെ മഹത്ത്വപ്പെടുത്തേണ്ടതിന് പുത്രനെ മഹത്ത്വപ്പെടുത്തിയാലും.

2 അവിടുന്ന് ഏല്പിച്ചിട്ടുള്ളവര്‍ക്കെല്ലാം അനശ്വരജീവന്‍ നല്‌കേണ്ടതിനു സകല മനുഷ്യരുടെയുംമേല്‍ അവിടുത്തെ പുത്രന് അധികാരം നല്‌കിയിരിക്കുന്നു.

3 ഏക സത്യദൈവമായ അങ്ങയെയും അങ്ങ് അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെയാണല്ലോ അനശ്വരജീവന്‍.

4 അങ്ങ് എന്നെ ഏല്പിച്ച ജോലി പൂര്‍ത്തീകരിച്ചുകൊണ്ട് ഞാന്‍ ഭൂമിയില്‍ അങ്ങയെ മഹത്ത്വപ്പെടുത്തി.

5 പിതാവേ, പ്രപഞ്ചോല്പത്തിക്കുമുമ്പ് എനിക്ക് അങ്ങയോടുകൂടിയുണ്ടായിരുന്ന മഹത്ത്വത്താല്‍ ഇപ്പോള്‍ എന്നെ മഹത്ത്വപ്പെടുത്തണമേ.

6

ലോകത്തില്‍നിന്ന് എനിക്കു നല്‌കിയവര്‍ക്ക് അവിടുത്തെ നാമം ഞാന്‍ വെളിപ്പെടുത്തി. അവര്‍ അങ്ങേക്കുള്ളവരായിരുന്നു. അങ്ങ് അവരെ എനിക്കു നല്‌കി; അങ്ങയുടെ വചനം അവര്‍ അനുസരിക്കുകയും ചെയ്തിരിക്കുന്നു.

7 എനിക്ക് അങ്ങു നല്‌കിയിട്ടുള്ളതെല്ലാം അങ്ങയില്‍നിന്നുള്ളവയാണെന്ന് ഇപ്പോള്‍ അവര്‍ അറിഞ്ഞിരിക്കുന്നു.

8 എന്തെന്നാല്‍ അവിടുന്ന് എനിക്കു നല്‌കിയ ഉപദേശങ്ങള്‍ ഞാന്‍ അവര്‍ക്കു നല്‌കി. അവര്‍ അതു സ്വീകരിക്കുകയും അങ്ങയില്‍നിന്നാണു ഞാന്‍ വന്നതെന്ന് യഥാര്‍ഥമായി ഗ്രഹിക്കുകയും അവിടുന്നാണ് എന്നെ അയച്ചതെന്നു വിശ്വസിക്കുകയും ചെയ്തിരിക്കുന്നു.

9

“ഞാന്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നു; ലോകത്തിനുവേണ്ടിയല്ല. അങ്ങ് എനിക്കു നല്‌കിയിട്ടുള്ളവര്‍ അവിടുത്തെ സ്വന്തം ആയതുകൊണ്ട് അവര്‍ക്കുവേണ്ടിയാണ് ഞാന്‍ അപേക്ഷിക്കുന്നത്.

10 എനിക്കുള്ളവരെല്ലാം അങ്ങേക്കുള്ളവര്‍തന്നെ; അങ്ങേക്കുള്ളവര്‍ എനിക്കുള്ളവരും. അവരില്‍കൂടി എന്‍റെ മഹത്ത്വം വെളിപ്പെട്ടിരിക്കുന്നു.

11 ഇനി ഞാന്‍ ലോകത്തില്‍ ഉണ്ടായിരിക്കുകയില്ല. അവരാകട്ടെ ലോകത്തില്‍ ആകുന്നു; അവിടുത്തെ സന്നിധിയിലേക്കു ഞാന്‍ വരുന്നു. പരിശുദ്ധപിതാവേ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകുന്നതിന് അവിടുന്ന് എന്നെ ഏല്പിച്ചവരെയെല്ലാം അവിടുത്തെ നാമത്തില്‍ കാത്തുകൊള്ളണമേ.

12 അവരോടുകൂടി ആയിരുന്നപ്പോള്‍ അവിടുത്തെ നാമത്തിനു ചേര്‍ന്നവിധം ഞാന്‍ അവരെ കാത്തു; അവരെ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്തു. ആ നാശയോഗ്യനല്ലാതെ അവരില്‍ ആരുംതന്നെ നഷ്ടപ്പെട്ടിട്ടില്ല. വേദലിഖിതം നിറവേറേണ്ടതാണല്ലോ.

13 ഇപ്പോള്‍ ഞാന്‍ അങ്ങയുടെ അടുക്കലേക്കു വരുന്നു. എന്‍റെ ആനന്ദം അവര്‍ക്കു സമ്പൂര്‍ണമായി ഉണ്ടാകുവാന്‍ ഞാന്‍ ലോകത്തില്‍വച്ച് ഇതു സംസാരിക്കുന്നു.

14 അവിടുത്തെ വചനം ഞാന്‍ അവര്‍ക്കു നല്‌കി. ഞാന്‍ ലോകത്തിന്‍റെ വകയല്ലാത്തതുപോലെ അവരും ലോകത്തിന്‍റെ വകയല്ലാത്തതുകൊണ്ട് ലോകം അവരെ വെറുത്തിരിക്കുന്നു.

15 അവരെ ലോകത്തില്‍നിന്നു നീക്കണമെന്നല്ല പൈശാചിക ശക്തിയില്‍നിന്ന് അവരെ കാത്തു രക്ഷിക്കണം എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു.

16 ഞാന്‍ ലോകത്തിന്‍റെ വകയല്ലാത്തതുപോലെ അവരും ലോകത്തിന്‍റെ വകയല്ലല്ലോ.

17 സത്യത്താല്‍ അവരെ വിശുദ്ധീകരിക്കണമേ; അവിടുത്തെ വചനമാണല്ലോ സത്യം.

18 അങ്ങ് എന്നെ ലോകത്തിലേക്ക് അയച്ചതുപോലെ ഞാനും അവരെ ലോകത്തിലേക്ക് അയച്ചിരിക്കുന്നു.

19 സത്യത്താല്‍ അവര്‍ അങ്ങേക്കു സമര്‍പ്പിക്കപ്പെടുന്നതിനുവേണ്ടി ഞാന്‍ എന്നെത്തന്നെ സമര്‍പ്പിക്കുന്നു.

20

“അവര്‍ക്കുവേണ്ടി മാത്രമല്ല, അവരുടെ വചനംമൂലം എന്നില്‍ വിശ്വസിക്കാനിരുന്നവര്‍ക്കുവേണ്ടിയും ഞാന്‍ പ്രാര്‍ഥിക്കുന്നു.

21 പിതാവേ, അവിടുന്ന് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരെല്ലാവരും ഒന്നായിത്തീരണമേ. അങ്ങനെ അങ്ങ് എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിക്കുവാന്‍വേണ്ടി അവര്‍ നമ്മിലായിത്തീരണമേ.

22 അങ്ങും ഞാനും ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുവാന്‍വേണ്ടി അങ്ങ് എനിക്കു നല്‌കിയ മഹത്ത്വം ഞാന്‍ അവര്‍ക്കു നല്‌കിയിരിക്കുന്നു.

23 അങ്ങനെ ഞാന്‍ അവരിലും അങ്ങ് എന്നിലും ആയിരിക്കുന്നതിനാല്‍, അവര്‍ സമ്പൂര്‍ണമായി ഐക്യത്തില്‍ ആകണമേ. തന്മൂലം അവിടുന്ന് എന്നെ അയച്ചു എന്നും എന്നെ സ്നേഹിക്കുന്നതുപോലെ അങ്ങ് അവരെ സ്നേഹിക്കുന്നു എന്നും മനുഷ്യവര്‍ഗം അറിയുന്നതിന് ഇടയാകട്ടെ.

24

“പിതാവേ, പ്രപഞ്ചസൃഷ്‍ടിക്കു മുമ്പുതന്നെ അങ്ങ് എന്നെ സ്നേഹിച്ചിരുന്നു. ആ സ്നേഹം മൂലം അങ്ങ് എനിക്കു നല്‌കിയിരിക്കുന്ന മഹത്ത്വം എനിക്കു നല്‌കിയിട്ടുള്ളവര്‍ ദര്‍ശിക്കുന്നതിന് ഞാന്‍ എവിടെ ആയിരിക്കുന്നുവോ അവിടെ അവരും ഉണ്ടായിരിക്കണമെന്ന് ഞാന്‍ ഇച്ഛിക്കുന്നു.

25 നീതിമാനായ പിതാവേ, ലോകം അങ്ങയെ അറിഞ്ഞിട്ടില്ല; എന്നാല്‍ ഞാന്‍ അങ്ങയെ അറിയുന്നു; അങ്ങ് എന്നെ അയച്ചു എന്ന് ഇവരും അറിയുന്നു.

26 അങ്ങേക്ക് എന്നോടുള്ള സ്നേഹം ഇവരില്‍ ഉണ്ടായിരിക്കുന്നതിനും ഞാന്‍ ഇവരില്‍ വസിക്കുന്നതിനും അങ്ങയുടെ നാമം ഞാന്‍ ഇവര്‍ക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനി വെളിപ്പെടുത്തുകയും ചെയ്യും.”

18

1

ഇപ്രകാരം പ്രാര്‍ഥിച്ചശേഷം യേശു ശിഷ്യന്മാരോടുകൂടി കെദ്രോന്‍തോടിന്‍റെ മറുകരയിലേക്കു പോയി. അവിടെ ഉണ്ടായിരുന്ന തോട്ടത്തില്‍ താനും ശിഷ്യന്മാരും പ്രവേശിച്ചു.

2 യേശുവും ശിഷ്യന്മാരും അവിടെ കൂടുക പതിവായിരുന്നു. അതുകൊണ്ട് യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന് ആ സ്ഥലം അറിയാമായിരുന്നു.

3 ഒരു സംഘം പട്ടാളത്തെയും പുരോഹിതമുഖ്യന്മാരും പരീശന്മാരും അയച്ച ദേവാലയഭടന്മാരെയും കൂട്ടിക്കൊണ്ട്, വിളക്കുകളും പന്തങ്ങളും ആയുധങ്ങളുമായി യൂദാസ് അവിടെയെത്തി.

4 തനിക്കു സംഭവിക്കാന്‍ പോകുന്നത് എല്ലാം അറിഞ്ഞുകൊണ്ട് യേശു മുമ്പോട്ടു ചെന്ന് അവരോടു ചോദിച്ചു: “നിങ്ങള്‍ ആരെയാണ് അന്വേഷിക്കുന്നത്?”

5

“നസ്രായനായ യേശുവിനെ” എന്ന് അവര്‍ മറുപടി പറഞ്ഞു.

അപ്പോള്‍ യേശു അവരോട് “അതു ഞാനാണ്” എന്നു പറഞ്ഞു.

യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് അവരോടുകൂടി ഉണ്ടായിരുന്നു.

6 “അതു ഞാനാണ്” എന്ന് യേശു പറഞ്ഞപ്പോള്‍ അവര്‍ പിറകോട്ടു മാറി നിലംപതിച്ചു.

7 അവിടുന്ന് വീണ്ടും അവരോടു ചോദിച്ചു. “നിങ്ങള്‍ ആരെയാണ് അന്വേഷിക്കുന്നത്?”

“നസ്രായനായ യേശുവിനെ” എന്ന് അവര്‍ പറഞ്ഞു.

8

“അതു ഞാന്‍ തന്നെയാണെന്നു നിങ്ങളോടു പറഞ്ഞല്ലോ; എന്നെയാണു നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍ ഇവര്‍ പൊയ്‍ക്കൊള്ളട്ടെ” എന്ന് യേശു പറഞ്ഞു.

9 “അങ്ങ് എനിക്കു നല്‌കിയിട്ടുള്ളവര്‍ ആരുംതന്നെ നഷ്ടപ്പെട്ടിട്ടില്ല” എന്ന് യേശു പറഞ്ഞ വാക്ക് ഇങ്ങനെ സത്യമായി.

10

ശിമോന്‍ പത്രോസ് തന്‍റെ കൈയിലുണ്ടായിരുന്ന വാളൂരി മഹാപുരോഹിതന്‍റെ ഭൃത്യനെ വെട്ടി, അയാളുടെ വലത്തുകാത് ഛേദിച്ചുകളഞ്ഞു. മല്‌ക്കോസ് എന്നായിരുന്നു ആ ഭൃത്യന്‍റെ പേര്.

11 യേശു പത്രോസിനോട്: “വാള്‍ ഉറയില്‍ ഇടുക; പിതാവ് എനിക്കു നല്‌കിയിരിക്കുന്ന പാനപാത്രം ഞാന്‍ കുടിക്കേണ്ടയോ?” എന്നു ചോദിച്ചു.

12

അപ്പോള്‍ പട്ടാളവും സഹസ്രാധിപനും ദേവാലയഭടന്മാരും യേശുവിനെ പിടിച്ചു ബന്ധിച്ചു.

13 അവിടുത്തെ ആദ്യം ഹന്നാസിന്‍റെ അടുക്കലേക്ക് അവര്‍ കൊണ്ടുപോയി. ആ വര്‍ഷത്തെ മഹാപുരോഹിതനായിരുന്ന കയ്യഫാസിന്‍റെ ഭാര്യാപിതാവായിരുന്നു ഹന്നാസ്.

14 ജനങ്ങള്‍ക്കുവേണ്ടി ഒരാള്‍ മരിക്കുന്നത് യുക്തം എന്ന് യെഹൂദന്മാര്‍ക്ക് ഉപദേശം നല്‌കിയത് കയ്യഫാസ് ആയിരുന്നു.

15

ശിമോന്‍പത്രോസ് മറ്റൊരു ശിഷ്യനോടൊപ്പം യേശുവിനെ പിന്തുടര്‍ന്നു. ആ ശിഷ്യന്‍ മഹാപുരോഹിതനു പരിചിതനായിരുന്നതിനാല്‍ യേശുവിനോടുകൂടി നടുമുറ്റത്തു പ്രവേശിച്ചു.

16 പത്രോസ് പടിവാതിലിനു വെളിയില്‍ നില്‌ക്കുകയായിരുന്നു.

17 മഹാപുരോഹിതനു പരിചിതനായിരുന്ന ശിഷ്യന്‍ വാതില്‍ക്കാവല്‌ക്കാരിയോടു പറഞ്ഞ് പത്രോസിനെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. അപ്പോള്‍ കാവല്‌ക്കാരിയായ ആ പെണ്‍കുട്ടി പത്രോസിനോടു ചോദിച്ചു: “താങ്കളും ആ മനുഷ്യന്‍റെ ശിഷ്യന്മാരില്‍ ഒരുവനല്ലേ?”

“അല്ല” എന്നു പത്രോസ് പറഞ്ഞു.

18

തണുപ്പുള്ള രാത്രി ആയിരുന്നതിനാല്‍ ഭൃത്യന്മാരും ദേവാലയഭടന്മാരും കനല്‍ക്കൂട്ടി തീ കാഞ്ഞുകൊണ്ടു നില്‌ക്കുകയായിരുന്നു. പത്രോസും അവരോടുചേര്‍ന്നു തീ കാഞ്ഞുകൊണ്ടു നിന്നു.

19

യേശുവിന്‍റെ ശിഷ്യന്മാരെക്കുറിച്ചും അവിടുത്തെ ഉപദേശത്തെക്കുറിച്ചും മഹാപുരോഹിതന്‍ ചോദ്യം ചെയ്തു.

20 യേശു ഇപ്രകാരം ഉത്തരം പറഞ്ഞു: “ഞാന്‍ ലോകത്തോട് പരസ്യമായിട്ടാണു സംസാരിച്ചിട്ടുള്ളത്; എല്ലാ യെഹൂദന്മാരും വന്നു കൂടാറുള്ള സുനഗോഗുകളിലും ദേവാലയത്തിലും വച്ച് എപ്പോഴും ഞാന്‍ പഠിപ്പിച്ചു.

21 രഹസ്യമായി ഞാന്‍ യാതൊന്നും പറഞ്ഞിട്ടില്ല. പിന്നെ എന്തിന് എന്നോടു ചോദിക്കുന്നു? ഞാന്‍ എന്താണു പറഞ്ഞതെന്ന് എന്‍റെ വാക്കുകള്‍ കേട്ടവരോടു ചോദിക്കുക; അവര്‍ക്കറിയാം.”

22

ഇങ്ങനെ സംസാരിച്ചപ്പോള്‍ അടുത്തുനിന്നിരുന്ന ദേവാലയ ഭടന്മാരിലൊരാള്‍ യേശുവിനെ അടിച്ചു. “ഇങ്ങനെയാണോ മഹാപുരോഹിതനോട് ഉത്തരം പറയുന്നത്?” എന്ന് അയാള്‍ ചോദിച്ചു.

23

“ഞാന്‍ തെറ്റായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ തെളിയിക്കുക; ഞാന്‍ പറഞ്ഞതു ശരിയാണെങ്കില്‍ പിന്നെ എന്തിന് എന്നെ അടിക്കുന്നു?” എന്ന് യേശു പറഞ്ഞു.

24

പിന്നീട് ബന്ധനസ്ഥനായ യേശുവിനെ ഹന്നാസ് മഹാപുരോഹിതനായ കയ്യഫാസിന്‍റെ അടുക്കലേക്കയച്ചു.

25

അപ്പോഴും ശിമോന്‍പത്രോസ് തീ കാഞ്ഞുകൊണ്ടു നില്‌ക്കുകയായിരുന്നു. “താങ്കളും അയാളുടെ ശിഷ്യന്മാരില്‍ ഒരാളല്ലേ?” എന്ന് ചിലര്‍ ചോദിച്ചു. “അല്ല” എന്നു പത്രോസ് നിഷേധിച്ചു.

26

മഹാപുരോഹിതന്‍റെ ഭൃത്യന്മാരിലൊരാള്‍-പത്രോസ് കാതു ഛേദിച്ചു കളഞ്ഞയാളിന്‍റെ ഒരു ബന്ധു-“തോട്ടത്തില്‍വച്ചു നിങ്ങളെ ആ മനുഷ്യന്‍റെകൂടെ ഞാന്‍ കണ്ടല്ലോ?” എന്നു പറഞ്ഞു.

27

പത്രോസ് വീണ്ടും അതു നിഷേധിച്ചു. തല്‍ക്ഷണം കോഴി കൂകി.

28

നേരം വെളുത്തുവരുമ്പോള്‍ കയ്യഫാസിന്‍റെ അടുക്കല്‍നിന്ന് യേശുവിനെ യെഹൂദപ്രമുഖന്മാര്‍ ഗവര്‍ണറുടെ മന്ദിരത്തിലേക്കു കൊണ്ടുപോയി. എന്നാല്‍ അവര്‍ അവിടെ പ്രവേശിച്ചില്ല. പ്രവേശിച്ചാല്‍ തങ്ങള്‍ അശുദ്ധരാകുമെന്നും പെസഹ ഭക്ഷിക്കാന്‍ കഴിയാതെ വരുമെന്നും അവര്‍ കരുതി.

29 അതുകൊണ്ടു പീലാത്തോസ് പുറത്തുവന്ന്, “ഈ മനുഷ്യന്‍റെ പേരില്‍ എന്തുകുറ്റമാണ് നിങ്ങള്‍ ആരോപിക്കുന്നത്?” എന്നു ചോദിച്ചു.

30

“കുറ്റവാളി അല്ലായിരുന്നെങ്കില്‍ ഇയാളെ അങ്ങയെ ഏല്പിക്കുമായിരുന്നില്ല” എന്ന് അവര്‍ ഉത്തരം പറഞ്ഞു.

31

പീലാത്തോസ് അവരോട്, “നിങ്ങള്‍തന്നെ ഇയാളെ കൊണ്ടുപോയി നിങ്ങളുടെ നിയമമനുസരിച്ചു വിധിച്ചുകൊള്ളുക” എന്നു പറഞ്ഞു.

32

യെഹൂദന്മാര്‍ അദ്ദേഹത്തോട്, “വധശിക്ഷ നല്‌കാനുള്ള അധികാരം ഞങ്ങള്‍ക്കില്ലല്ലോ” എന്നു പറഞ്ഞു. എങ്ങനെയുള്ള മരണമാണു തനിക്കു സംഭവിക്കുവാന്‍ പോകുന്നതെന്ന് യേശു നേരത്തെ സൂചിപ്പിച്ചിരുന്നത് സംഭവിക്കണമല്ലോ.

33

വീണ്ടും പീലാത്തോസ് അകത്തുചെന്ന് യേശുവിനെ വിളിച്ച് “താങ്കള്‍ യെഹൂദന്മാരുടെ രാജാവാണോ?” എന്നു ചോദിച്ചു.

34

അപ്പോള്‍ യേശു, “അങ്ങു സ്വമേധയാ പറയുന്നതാണോ ഇത്, അതോ മറ്റുള്ളവര്‍ എന്നെപ്പറ്റി അങ്ങയോടു പറഞ്ഞതാണോ?” എന്നു ചോദിച്ചു.

35

പീലാത്തോസ് പ്രതിവചിച്ചു: “ഞാന്‍ ഒരു യെഹൂദനാണോ? നിങ്ങളുടെ ജനങ്ങളും പുരോഹിതമുഖ്യന്മാരുമാണ് നിങ്ങളെ എന്‍റെ പക്കല്‍ ഏല്പിച്ചത്. നിങ്ങള്‍ ചെയ്ത കുറ്റം എന്താണ്?”

36

യേശു പറഞ്ഞു: “എന്‍റെ രാജ്യം ഭൗമികമല്ല. അങ്ങനെ ആയിരുന്നെങ്കില്‍ എന്നെ യെഹൂദന്മാര്‍ക്ക് ഏല്പിച്ചുകൊടുക്കാതിരിക്കുന്നതിനുവേണ്ടി എന്‍റെ പടയാളികള്‍ പോരാടുമായിരുന്നു. എന്നാല്‍ എന്‍റെ രാജത്വം ഐഹികമല്ല.”

37

“അപ്പോള്‍ നിങ്ങള്‍ രാജാവു തന്നെയോ?” എന്നു പീലാത്തോസ് ചോദിച്ചു. “ഞാന്‍ രാജാവാകുന്നു എന്ന് അങ്ങു പറയുന്നു. സത്യത്തിനു സാക്ഷ്യം വഹിക്കുന്നതിനുവേണ്ടിയാണ് ഞാന്‍ ജനിച്ചതും ലോകത്തിലേക്കു വന്നതും. സത്യതല്‍പരനായ ഏതൊരുവനും എന്‍റെ ശബ്ദം കേള്‍ക്കുന്നു” എന്ന് യേശു പറഞ്ഞു.

38

പീലാത്തോസ് ചോദിച്ചു: സത്യമോ? അതെന്താണ്?

39

ഇതു പറഞ്ഞശേഷം പീലാത്തോസ് വീണ്ടും പുറത്തുചെന്ന് യെഹൂദന്മാരോട്, “ഞാന്‍ ഇയാളില്‍ ഒരു കുറ്റവും കാണുന്നില്ല. പെസഹായ്‍ക്ക് ഞാന്‍ ഒരു തടവുകാരനെ മോചിപ്പിച്ചുതരിക പതിവുണ്ടല്ലോ; യെഹൂദന്മാരുടെ ഈ രാജാവിനെ ഞാന്‍ മോചിപ്പിക്കട്ടെയോ?” എന്നു ചോദിച്ചു.

40

ഉടനെ “ഈ മനുഷ്യനെയല്ല, ബറബ്ബാസിനെ ഞങ്ങള്‍ക്കു വിട്ടുതരിക,” എന്ന് അവര്‍ ഉറക്കെ വിളിച്ചുപറഞ്ഞു. ബറബ്ബാസാകട്ടെ ഒരു കവര്‍ച്ചക്കാരനായിരുന്നു.

19

1

പീലാത്തോസ് യേശുവിനെ കൊണ്ടു പോയി ചാട്ടവാറുകൊണ്ടടിപ്പിച്ചു.

2 പടയാളികള്‍ മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞ് തലയില്‍ വച്ചു; കടുംചുവപ്പുള്ള ഒരു മേലങ്കിയും അണിയിച്ചു.

3 അവര്‍ അവിടുത്തെ മുമ്പില്‍ നിന്ന് “യെഹൂദന്മാരുടെ രാജാവേ, ജയ്! ജയ്!” എന്നു പറഞ്ഞുകൊണ്ട് യേശുവിനെ അടിച്ചു.

4

പീലാത്തോസ് വീണ്ടും പുറത്തു ചെന്ന് അവരോടു പറഞ്ഞു: “ഈ ആളില്‍ ഞാനൊരു കുറ്റവും കാണുന്നില്ല എന്നു നിങ്ങള്‍ അറിയേണ്ടതിന് ഇതാ ഞാന്‍ അയാളെ നിങ്ങളുടെ അടുക്കലേക്കു കൊണ്ടുവരുന്നു.”

5 അങ്ങനെ മുള്‍ക്കിരീടവും കടുംചുവപ്പു വസ്ത്രവും ധരിച്ചുകൊണ്ട് യേശു പുറത്തേക്കു വന്നു. “ഇതാ ആ മനുഷ്യന്‍” എന്നു പീലാത്തോസ് അവരോടു പറഞ്ഞു.

6

പുരോഹിതമുഖ്യന്മാരും ദേവാലയഭടന്മാരും യേശുവിനെ കണ്ടപ്പോള്‍ “ക്രൂശിക്കുക! ക്രൂശിക്കുക!” എന്ന് ആക്രോശിച്ചു.

അപ്പോള്‍ പീലാത്തോസ് അവരോട് “നിങ്ങള്‍തന്നെ അയാളെ കൊണ്ടുപോയി ക്രൂശിക്കുക. ഞാന്‍ അയാളില്‍ ഒരു കുറ്റവും കാണുന്നില്ല” എന്നു പറഞ്ഞു.

7

അതിന് യെഹൂദന്മാര്‍, “ഞങ്ങള്‍ക്ക് ഒരു നിയമമുണ്ട്; അതനുസരിച്ച് ഇയാള്‍ വധശിക്ഷയ്‍ക്ക് അര്‍ഹനാണ്; എന്തെന്നാല്‍ ഇയാള്‍ ദൈവപുത്രനാണെന്നു സ്വയം അവകാശപ്പെട്ടിരിക്കുന്നു” എന്നു പറഞ്ഞു.

8

ഈ വാക്കുകള്‍ കേട്ടപ്പോള്‍ പീലാത്തോസ് കുറേക്കൂടി ഭയപ്പെട്ടു.

9 അദ്ദേഹം വീണ്ടും അകത്തു പ്രവേശിച്ച് യേശുവിനോട്: “നിങ്ങളുടെ സ്വദേശം ഏതാണ്?” എന്നു ചോദിച്ചു.

10

പക്ഷേ, യേശു അതിന് ഉത്തരം പറഞ്ഞില്ല. വീണ്ടും പീലാത്തോസ് ചോദിച്ചു: “നിങ്ങള്‍ എന്നോടു പറയുകയില്ലേ? നിങ്ങളെ ക്രൂശിക്കാനും വിട്ടയയ്‍ക്കാനുമുള്ള അധികാരം എനിക്കുണ്ടെന്ന് അറിഞ്ഞുകൂടേ?”

11

അതിന് യേശു, “ഉന്നതത്തില്‍നിന്നു നല്‌കപ്പെട്ടിട്ടില്ലായിരുന്നെങ്കില്‍ അങ്ങേക്ക് എന്‍റെമേല്‍ ഒരധികാരവും ഉണ്ടാകുമായിരുന്നില്ല; അതുകൊണ്ട് എന്നെ അങ്ങയുടെ കൈയിലേല്പിച്ചവനാണ് കൂടുതല്‍ കുറ്റം” എന്ന് ഉത്തരം പറഞ്ഞു.

12

അപ്പോള്‍മുതല്‍ പീലാത്തോസ് യേശുവിനെ വിട്ടയയ്‍ക്കാനുള്ള മാര്‍ഗം അന്വേഷിച്ചുതുടങ്ങി. എന്നാല്‍ “അങ്ങ് ഈ മനുഷ്യനെ വിട്ടയച്ചാല്‍ അങ്ങ് കൈസറിന്‍റെ സ്നേഹിതനല്ല. സ്വയം രാജാവാകുന്ന ഏതൊരുവനും കൈസറിന്‍റെ ശത്രുവാണ്” എന്ന് യെഹൂദന്മാര്‍ ഉച്ചത്തില്‍ ആക്രോശിച്ചു.

13

ഇതു കേട്ടിട്ട് യേശുവിനെ പുറത്തു കൊണ്ടുവന്നശേഷം പീലാത്തോസ് ‘ഗബ്ബഥാ’ എന്നറിയപ്പെടുന്ന സ്ഥലത്തുള്ള ന്യായാസനത്തില്‍ ഉപവിഷ്ടനായി. എബ്രായഭാഷയില്‍ ‘ഗബ്ബഥാ’ എന്ന വാക്കിന് ‘കല്ത്തളം’ എന്നാണര്‍ഥം.

14 അത് പെസഹായ്‍ക്കു മുമ്പുള്ള ഒരുക്കദിവസം ഏകദേശം പന്ത്രണ്ടു മണിക്കായിരുന്നു. “ഇതാ നിങ്ങളുടെ രാജാവ്” എന്നു പീലാത്തോസ് യെഹൂദന്മാരോടു പറഞ്ഞു.

15

അപ്പോള്‍ “കൊല്ലുക! കൊല്ലുക! അവനെ ക്രൂശിക്കുക!” എന്ന് യെഹൂദന്മാര്‍ വീണ്ടും ഉച്ചത്തില്‍ അലറി.

പീലാത്തോസ് അവരോട്: “നിങ്ങളുടെ രാജാവിനെ ഞാന്‍ ക്രൂശിക്കണോ?” എന്നു ചോദിച്ചു.

“കൈസര്‍ അല്ലാതെ മറ്റൊരു രാജാവ് ഞങ്ങള്‍ക്കില്ല” എന്നു പുരോഹിതമുഖ്യന്മാര്‍ പറഞ്ഞു.

16

അപ്പോള്‍ യേശുവിനെ ക്രൂശിക്കുന്നതിനായി പീലാത്തോസ് അവരെ ഏല്പിച്ചു.

17

അവര്‍ യേശുവിനെ ഏറ്റുവാങ്ങി. യേശു കുരിശു ചുമന്നുകൊണ്ട് ഗോല്‍ഗോഥായിലേക്കു പോയി. എബ്രായഭാഷയില്‍ ‘ഗോല്‍ഗോഥാ’ എന്ന വാക്കിന് ‘തലയോടിന്‍റെ സ്ഥലം’ എന്നര്‍ഥം.

18 അവിടെ അവര്‍ അവിടുത്തെ ക്രൂശിച്ചു. മറ്റു രണ്ടാളുകളെയും യേശുവിന്‍റെ ഇരുവശങ്ങളിലുമായി ക്രൂശിച്ചു.

19 ‘നസറായനായ യേശു, യെഹൂദന്മാരുടെ രാജാവ്’ എന്ന മേലെഴുത്ത് പീലാത്തോസ് എഴുതി കുരിശിന്‍റെ മുകളില്‍ വയ്പിച്ചു.

20 യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിനു സമീപമായിരുന്നതുകൊണ്ടും എബ്രായ, ലത്തീന്‍, ഗ്രീക്ക് എന്നീ ഭാഷകളില്‍ അത് എഴുതപ്പെട്ടിരുന്നതുകൊണ്ടും അനേകം യെഹൂദന്മാര്‍ ആ മേലെഴുത്തു വായിച്ചു.

21 ‘യെഹൂദന്മാരുടെ രാജാവ്’ എന്നല്ല, ‘ഞാന്‍ യെഹൂദന്മാരുടെ രാജാവാകുന്നു എന്ന് ആ മനുഷ്യന്‍ പറഞ്ഞു’ എന്നത്രേ എഴുതേണ്ടത് എന്ന് യെഹൂദന്മാരുടെ പുരോഹിതമുഖ്യന്മാര്‍ പറഞ്ഞു.

22

“ഞാന്‍ എഴുതിയത് എഴുതി” എന്നു പീലാത്തോസ് പ്രതിവചിച്ചു.

23

യേശുവിനെ ക്രൂശിച്ചശേഷം പടയാളികള്‍ അവിടുത്തെ വസ്ത്രങ്ങള്‍ നാലായി പങ്കിട്ടെടുത്തു. അവിടുത്തെ പുറങ്കുപ്പായവും അവരെടുത്തു. എന്നാല്‍ അത് മുകള്‍മുതല്‍ അടിവരെ തയ്യലില്ലാതെ നെയ്തുണ്ടാക്കിയതായിരുന്നതുകൊണ്ട്

24 “ഇതു നമുക്കു കീറണ്ടാ, നറുക്കിട്ട് ആര്‍ക്കു കിട്ടുമെന്ന് നിശ്ചയിക്കാം” എന്നു പരസ്പരം പറഞ്ഞു.

എന്‍റെ വസ്ത്രങ്ങള്‍ അവര്‍ പങ്കിട്ടെടുത്തു,

എന്‍റെ അങ്കിക്കായി അവര്‍ ചീട്ടിട്ടു

എന്നു വേദഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നത് ഇപ്രകാരം സംഭവിച്ചു.

25

യേശുവിന്‍റെ കുരിശിനു സമീപം അവിടുത്തെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പായുടെ ഭാര്യ മറിയവും മഗ്ദലേന മറിയവും നില്‌ക്കുന്നുണ്ടായിരുന്നു.

26 തന്‍റെ മാതാവും താന്‍ സ്നേഹിച്ച ശിഷ്യനും അടുത്തുനില്‌ക്കുന്നതു കണ്ടപ്പോള്‍ യേശു മാതാവിനോട്, “സ്‍ത്രീയേ, ഇതാ നിങ്ങളുടെ മകന്‍ എന്നു പറഞ്ഞു. പിന്നീട് ശിഷ്യനോട്, ‘ഇതാ നിന്‍റെ അമ്മ’ എന്നും അരുള്‍ചെയ്തു.

27 അപ്പോള്‍ത്തന്നെ ആ ശിഷ്യന്‍ യേശുവിന്‍റെ അമ്മയെ തന്‍റെ സ്വന്തം ഭവനത്തിലേക്കു കൂട്ടിക്കൊണ്ടുപോയി.

28

അതിനുശേഷം സകലവും പൂര്‍ത്തിയായിരിക്കുന്നു എന്ന് യേശു അറിഞ്ഞുകൊണ്ട് “എനിക്കു ദാഹിക്കുന്നു” എന്നു പറഞ്ഞു. വേദഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതു സംഭവിക്കേണ്ടതാണല്ലോ.

29

അവിടെ ഒരു ഭരണി നിറയെ പുളിച്ചവീഞ്ഞു വച്ചിരുന്നു. അവര്‍ ആ പുളിച്ചവീഞ്ഞില്‍ സ്പഞ്ചു മുക്കി ഒരു കോലില്‍വച്ച് അവിടുത്തെ വായോട് അടുപ്പിച്ചു പിടിച്ചു.

30 പുളിച്ചവീഞ്ഞ് സ്വീകരിച്ചശേഷം “എല്ലാം പൂര്‍ത്തിയായിരിക്കുന്നു” എന്ന് അവിടുന്ന് അരുള്‍ചെയ്തു.

അനന്തരം അവിടുന്നു തലകുനിച്ചു പ്രാണന്‍ വെടിഞ്ഞു.

31

ശബത്തിന്‍റെ ഒരുക്കനാളായിരുന്നല്ലോ അന്ന്. ആ ശബത്താകട്ടെ അതിപ്രധാനവുമായിരുന്നു. ശബത്തില്‍ ശരീരങ്ങള്‍ കുരിശില്‍ കിടക്കുന്നത് ശരിയല്ലാത്തതുകൊണ്ട് കാലുകള്‍ ഒടിച്ചു നീക്കം ചെയ്യണമെന്ന് യെഹൂദന്മാര്‍ പീലാത്തോസിനോട് അപേക്ഷിച്ചു.

32 അതനുസരിച്ചു പടയാളികള്‍ വന്ന് യേശുവിനോടുകൂടി ക്രൂശിക്കപ്പെട്ട ആദ്യത്തെ ആളിന്‍റെയും അപരന്‍റെയും കാലുകള്‍ ഒടിച്ചു.

33 എന്നാല്‍ അവര്‍ യേശുവിന്‍റെ അടുക്കല്‍ വന്നപ്പോള്‍ അവിടുന്നു മരിച്ചു കഴിഞ്ഞതായി മനസ്സിലാക്കിയതിനാല്‍ അവിടുത്തെ കാലുകള്‍ ഒടിച്ചില്ല.

34 എങ്കിലും പടയാളികളില്‍ ഒരുവന്‍ അവിടുത്തെ പാര്‍ശ്വത്തില്‍ കുന്തം കുത്തിയിറക്കി. ഉടനെ രക്തവും വെള്ളവും പുറത്തേക്കൊഴുകി.

35 നിങ്ങളും വിശ്വസിക്കുന്നതിനായി ഇതു നേരില്‍ കണ്ടയാളാണ് ഇതിനു സാക്ഷ്യം വഹിച്ചിരിക്കുന്നത്. അയാളുടെ സാക്ഷ്യം സത്യമാകുന്നു. സത്യമാണു താന്‍ പറയുന്നത് എന്ന് അയാള്‍ക്കു ബോധ്യവുമുണ്ട്.

36 ‘അവിടുത്തെ ഒരു അസ്ഥിയും ഒടിക്കപ്പെടുകയില്ല’ എന്നു വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഈ സംഭവത്തിലൂടെ സത്യമായിത്തീര്‍ന്നു.

37 തങ്ങള്‍ കുത്തിത്തുളച്ചവനിലേക്ക് അവര്‍ നോക്കും; എന്ന് മറ്റൊരു ലിഖിതവുമുണ്ടല്ലോ.

38

അരിമത്യയിലെ യോസേഫ് എന്നൊരാള്‍ യെഹൂദന്മാരെ ഭയന്ന് യേശുവിന്‍റെ ഒരു രഹസ്യശിഷ്യനായി കഴിഞ്ഞിരുന്നു. കുരിശില്‍നിന്ന് യേശുവിന്‍റെ ശരീരം നീക്കം ചെയ്യുന്നതിന് അദ്ദേഹം പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നല്‌കുകയും ചെയ്തു. അദ്ദേഹം വന്ന് യേശുവിന്‍റെ ശരീരം കുരിശില്‍നിന്നിറക്കി.

39 മുമ്പ് ഒരു രാത്രിയില്‍ യേശുവിന്‍റെ അടുത്തുവന്ന നിക്കോദിമോസ്, മൂരും അകിലും ചേര്‍ത്തുണ്ടാക്കിയ നാല്പതില്‍പരം കിലോഗ്രാം സുഗന്ധദ്രവ്യം കൊണ്ടുവന്നു.

40 അവര്‍ ചേര്‍ന്ന് യേശുവിന്‍റെ ശരീരം യെഹൂദന്മാരുടെ ശവസംസ്കാരരീതിയനുസരിച്ച് സുഗന്ധദ്രവ്യത്തോടുകൂടി മൃതദേഹം പൊതിയുന്ന തുണി ചുറ്റിക്കെട്ടി സജ്ജമാക്കി.

41 യേശുവിനെ ക്രൂശിച്ച സ്ഥലത്ത് ഒരു തോട്ടവും അതില്‍ ആരെയും ഒരിക്കലും സംസ്കരിച്ചിട്ടില്ലാത്ത ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു.

42 യെഹൂദന്മാരുടെ ഒരുക്കനാള്‍ ആയിരുന്നു അത്. ആ കല്ലറ സമീപത്തുമായിരുന്നു. അതുകൊണ്ട് അവര്‍ യേശുവിനെ അവിടെ സംസ്കരിച്ചു.

20

1

ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടുള്ളപ്പോള്‍ത്തന്നെ, മഗ്ദലേനമറിയം കല്ലറയ്‍ക്കു സമീപം എത്തി. അപ്പോള്‍ കല്ലറയുടെ വാതില്‍ക്കല്‍നിന്നു കല്ലു മാറ്റിയിരിക്കുന്നതായി അവര്‍ കണ്ടു.

2 ഉടനെ അവര്‍ ഓടി ശിമോന്‍ പത്രോസിന്‍റെയും യേശുവിനു വാത്സല്യമുള്ള മറ്റേ ശിഷ്യന്‍റെയും അടുത്തെത്തി പറഞ്ഞു: “കര്‍ത്താവിനെ അവര്‍ കല്ലറയില്‍നിന്ന് എടുത്തുകൊണ്ടുപോയി. അദ്ദേഹത്തെ അവര്‍ എവിടെ വച്ചിരിക്കുന്നു എന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ.”

3 ഉടനെ പത്രോസ് മറ്റേ ശിഷ്യനോടുകൂടി കല്ലറയ്‍ക്കടുത്തേക്കു പോയി. അവരിരുവരും ഓടുകയായിരുന്നു;

4 എന്നാല്‍ മറ്റേ ശിഷ്യന്‍ പത്രോസിനെക്കാള്‍ വേഗം ഓടി ആദ്യം കല്ലറയ്‍ക്കടുത്തെത്തി.

5 അയാള്‍ കുനിഞ്ഞുനോക്കി, മൃതദേഹം പൊതിഞ്ഞ തുണി കിടക്കുന്നതു കണ്ടു;

6 പക്ഷേ അകത്തു കടന്നില്ല. പിന്നാലെ വന്ന ശിമോന്‍ പത്രോസും അപ്പോള്‍ എത്തിച്ചേര്‍ന്നു. അദ്ദേഹം കല്ലറയ്‍ക്കുള്ളില്‍ പ്രവേശിച്ചു.

7 മൃതശരീരം പൊതിഞ്ഞ തുണി അവിടെക്കിടക്കുന്നതും തലയില്‍ ചുറ്റിയിരുന്ന തുവാല വേര്‍പെട്ട്, ചുറ്റിയിരുന്ന വിധത്തില്‍ത്തന്നെ ഇരിക്കുന്നതും കണ്ടു.

8 ആദ്യം കല്ലറയ്‍ക്കടുത്തെത്തിയ മറ്റേ ശിഷ്യനും ഉടനെ അകത്തു ചെന്നു കണ്ടു വിശ്വസിച്ചു.

9 യേശു മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‌ക്കേണ്ടതാണെന്നു വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് അതുവരെ അവര്‍ ഗ്രഹിച്ചിരുന്നില്ല.

10 അനന്തരം തങ്ങളുടെ വീടുകളിലേക്ക് അവര്‍ മടങ്ങിപ്പോയി.

11

[11,12] മറിയം കല്ലറയുടെ വെളിയില്‍ കരഞ്ഞുകൊണ്ടുനിന്നു. കരയുന്നതിനിടയ്‍ക്ക് കല്ലറയ്‍ക്കുള്ളിലേക്കു കുനിഞ്ഞു നോക്കി; യേശുവിന്‍റെ ശരീരം വച്ചിരുന്ന സ്ഥലത്ത് ശുഭ്രവസ്ത്രധാരികളായ രണ്ടു മാലാഖമാര്‍ ഒരാള്‍ തലയ്‍ക്കലും മറ്റെയാള്‍ കാല്‌ക്കലും ആയി ഇരിക്കുന്നതു കണ്ടു.

12

13

അവര്‍ മറിയമിനോട്, “എന്തിനാണു കരയുന്നത്” എന്നു ചോദിച്ചു.

മറിയം പറഞ്ഞു: “എന്‍റെ കര്‍ത്താവിനെ അവര്‍ എടുത്തു കൊണ്ടുപോയി; അദ്ദേഹത്തെ എവിടെവച്ചു എന്ന് എനിക്കറിഞ്ഞുകൂടാ.”

14

ഇതു പറഞ്ഞിട്ട് മറിയം പിറകോട്ടു തിരിഞ്ഞപ്പോള്‍ യേശു നില്‌ക്കുന്നതു കണ്ടു; പക്ഷേ യേശുവാണ് അതെന്നു മനസ്സിലാക്കിയില്ല.

15 യേശു മറിയമിനോട് “നീ എന്തിനാണു കരയുന്നത്?” എന്നു ചോദിച്ചു.

അതു തോട്ടക്കാരനായിരിക്കുമെന്നു വിചാരിച്ച് “അങ്ങ് അദ്ദേഹത്തെ എടുത്തുകൊണ്ടുപോയെങ്കില്‍ എവിടെയാണു വച്ചിരിക്കുന്നത് എന്നു പറഞ്ഞാലും; ഞാന്‍ അദ്ദേഹത്തെ എടുത്തുകൊണ്ടു പൊയ്‍ക്കൊള്ളാം” എന്ന് അവള്‍ പറഞ്ഞു.

16

അപ്പോള്‍ യേശു “മറിയം” എന്നു വിളിച്ചു. അവള്‍ തിരിഞ്ഞ് എബ്രായഭാഷയില്‍ “റബ്ബൂനീ” എന്നു പറഞ്ഞു. അതിന്‍റെ അര്‍ഥം ‘ഗുരോ’ എന്നാണ്.

17

അപ്പോള്‍ യേശു മറിയമിനോട്, “എന്നെ തൊടരുത്; ഞാന്‍ ഇതുവരെ പിതാവിന്‍റെ അടുക്കലേക്കു കയറിപ്പോയില്ല. എന്‍റെ പിതാവും നിങ്ങളുടെ പിതാവും എന്‍റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്‍റെ അടുക്കലേക്കു ഞാന്‍ കയറിപ്പോകുകയാണെന്ന് എന്‍റെ സഹോദരന്മാരോടു പോയി പറയുക” എന്നു പറഞ്ഞു.

18

മഗ്ദലേനമറിയം പോയി ശിഷ്യന്മാരോട് “ഞാന്‍ കര്‍ത്താവിനെ കണ്ടു” എന്നു പറഞ്ഞു. തന്നോട് അദ്ദേഹം പറഞ്ഞ കാര്യങ്ങളും മറിയം അവരെ അറിയിച്ചു.

19

ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകുന്നേരം യെഹൂദന്മാരെ ഭയന്ന് ശിഷ്യന്മാര്‍ ഇരുന്ന മുറിയുടെ വാതില്‍ അടച്ചിരുന്നു. യേശു തത്സമയം അവരുടെ മധ്യത്തില്‍ വന്നുനിന്നുകൊണ്ട് “നിങ്ങള്‍ക്കു മംഗളം ഭവിക്കട്ടെ” എന്ന് അരുള്‍ചെയ്തു.

20 അതിനുശേഷം അവിടുന്ന് തന്‍റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. കര്‍ത്താവിനെ കണ്ടപ്പോള്‍ അവര്‍ ആനന്ദഭരിതരായി.

21 യേശു വീണ്ടും അരുള്‍ചെയ്തു: “നിങ്ങള്‍ക്കു സമാധാനം; പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്‍ക്കുന്നു.”

22 ഇതു പറഞ്ഞശേഷം അവിടുന്ന് അവരുടെമേല്‍ ഊതി. “പരിശുദ്ധാത്മാവിനെ സ്വീകരിക്കുക;

23 നിങ്ങള്‍ ആരുടെ പാപങ്ങള്‍ക്കു മാപ്പു കൊടുക്കുന്നുവോ അവര്‍ക്കു മാപ്പു ലഭിക്കുന്നു; ആരുടെ പാപങ്ങള്‍ക്കു മോചനം നല്‌കാതിരിക്കുന്നുവോ അവ മോചിക്കപ്പെടാതിരിക്കുന്നു” എന്നും അവരോട് അരുള്‍ചെയ്തു.

24

യേശു ചെന്ന സമയത്ത് പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവനായ ദിദിമോസ് എന്ന തോമസ് ഇതരശിഷ്യന്മാരോടുകൂടി ഇല്ലായിരുന്നു.

25 “ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു” എന്ന് അവര്‍ തോമസിനോടു പറഞ്ഞു. തോമസ് ആകട്ടെ, “അവിടുത്തെ കൈകളിലെ ആണിപ്പഴുതുകള്‍ കാണുകയും അവയില്‍ എന്‍റെ വിരലിടുകയും അവിടുത്തെ പാര്‍ശ്വത്തില്‍ എന്‍റെ കൈയിടുകയും ചെയ്താലല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല” എന്ന് അവരോടു പറഞ്ഞു.

26

എട്ടാം ദിവസം യേശുവിന്‍റെ ശിഷ്യന്മാര്‍ വീണ്ടും വാതിലടച്ചു വീടിനകത്ത് ഇരിക്കുകയായിരുന്നു. തോമസും അവരോടുകൂടി ഉണ്ടായിരുന്നു.

27 യേശു അവരുടെ മധ്യത്തില്‍ വന്നുനിന്നുകൊണ്ട്, “നിങ്ങള്‍ക്കു സമാധാനം” എന്നു പറഞ്ഞു.

28 പിന്നീട് അവിടുന്നു തോമസിനോട് അരുള്‍ചെയ്തു: “എന്‍റെ കൈകള്‍ കാണുക; നിന്‍റെ വിരല്‍ ഇങ്ങോട്ടു നീട്ടൂ; നിന്‍റെ കൈ നീട്ടി എന്‍റെ പാര്‍ശ്വത്തിലിടുക; അവിശ്വസിക്കാതെ വിശ്വാസിയായിരിക്കുക.”

അപ്പോള്‍ തോമസ് “എന്‍റെ കര്‍ത്താവേ! എന്‍റെ ദൈവമേ!” എന്നു പ്രതിവചിച്ചു.

29

യേശു തോമസിനോട് “എന്നെ കണ്ടതു കൊണ്ടാണല്ലോ നീ വിശ്വസിക്കുന്നത്; കാണാതെതന്നെ വിശ്വസിക്കുന്നവര്‍! എത്ര അനുഗ്രഹിക്കപ്പെട്ടവര്‍!” എന്നു പറഞ്ഞു.

30

ഈ പുസ്തകത്തില്‍ രേഖപ്പെടുത്താത്ത മറ്റനേകം അടയാളപ്രവൃത്തികള്‍ ശിഷ്യന്മാരുടെ കണ്‍മുമ്പില്‍വച്ച് യേശു ചെയ്തിട്ടുണ്ട്.

31 യേശു ദൈവപുത്രനായ ക്രിസ്തു ആകുന്നു എന്നു നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ അവിടുത്തെ നാമത്തില്‍ നിങ്ങള്‍ക്കു ജീവന്‍ ഉണ്ടാകേണ്ടതിനുമാണ് ഇവ എഴുതപ്പെട്ടിരിക്കുന്നത്.

21

1

യേശു തിബര്യാസ് തടാകത്തിന്‍റെ തീരത്തുവച്ച് ശിഷ്യന്മാര്‍ക്കു വീണ്ടും പ്രത്യക്ഷപ്പെട്ടു. അത് ഇപ്രകാരമായിരുന്നു:

2 ശിമോന്‍ പത്രോസും ദിദിമോസ് എന്നു വിളിക്കുന്ന തോമസും ഗലീലയിലെ കാനായിലുള്ള നഥാനിയേലും സെബദിയുടെ പുത്രന്മാരും ശിഷ്യന്മാരില്‍ വേറെ രണ്ടുപേരും ഒരുമിച്ചു കൂടിയിരിക്കുകയായിരുന്നു.

3 അപ്പോള്‍ ശിമോന്‍ പത്രോസ് പറഞ്ഞു: “ഞാന്‍ മീന്‍ പിടിക്കാന്‍ പോകുകയാണ്.”

അവര്‍ അദ്ദേഹത്തോട് “ഞങ്ങളും വരുന്നു” എന്നു പറഞ്ഞു. അങ്ങനെ അവര്‍ ഒരു വഞ്ചിയില്‍ കയറിപ്പോയി. എന്നാല്‍ ആ രാത്രിയില്‍ അവര്‍ക്ക് ഒന്നും കിട്ടിയില്ല.

4 പ്രഭാതമായപ്പോള്‍ യേശു തടാകത്തിന്‍റെ കരയ്‍ക്കു നില്‌ക്കുകയായിരുന്നു. എന്നാല്‍ അത് യേശു ആണെന്നു ശിഷ്യന്മാര്‍ മനസ്സിലാക്കിയില്ല.

5 യേശു അവരോടു ചോദിച്ചു: “കുഞ്ഞുങ്ങളേ, മീന്‍ വല്ലതും കിട്ടിയോ?”

“ഒന്നും കിട്ടിയില്ല” എന്ന് അവര്‍ പറഞ്ഞു.

6

അവിടുന്ന് അവരോട് അരുള്‍ചെയ്തു: “നിങ്ങള്‍ വഞ്ചിയുടെ വലത്തുവശത്തു വലയിറക്കുക; അപ്പോള്‍ നിങ്ങള്‍ക്കു കിട്ടും” അവര്‍ അങ്ങനെ ചെയ്തു. വല വലിച്ചുകയറ്റാന്‍ കഴിയാത്തവിധം വലയില്‍ മീന്‍ അകപ്പെട്ടു.

7

യേശുവിന്‍റെ വത്സലശിഷ്യന്‍ അപ്പോള്‍ പത്രോസിനോട് “അതു കര്‍ത്താവാണ്” എന്നു പറഞ്ഞു. ശിമോന്‍പത്രോസ് അപ്പോള്‍ വസ്ത്രം ധരിച്ചിരുന്നില്ല. അതു കര്‍ത്താവാകുന്നു എന്നു കേട്ടമാത്രയില്‍ പുറങ്കുപ്പായം അരയില്‍ചുറ്റി അദ്ദേഹം തടാകത്തിലേക്കു ചാടി.

8 എന്നാല്‍ മറ്റു ശിഷ്യന്മാര്‍ മത്സ്യം നിറഞ്ഞ വല വലിച്ചുകൊണ്ട് വഞ്ചിയില്‍ത്തന്നെ വന്നടുത്തു. അവര്‍ കരയില്‍നിന്നു വളരെ അകലെ അല്ലായിരുന്നു; ഏകദേശം തൊണ്ണൂറു മീറ്റര്‍ ദൂരമേ ഉണ്ടായിരുന്നുള്ളൂ.

9 അവര്‍ കരയ്‍ക്കിറങ്ങിയപ്പോള്‍ തീക്കനല്‍ കൂട്ടി അതിന്മേല്‍ മീന്‍ വച്ചിരിക്കുന്നതും അപ്പവും കണ്ടു.

10 യേശു അവരോട് “ഇപ്പോള്‍ നിങ്ങള്‍ പിടിച്ച മീനും കുറെ ഇങ്ങു കൊണ്ടുവരൂ” എന്നു പറഞ്ഞു.

11

ശിമോന്‍പത്രോസ് വഞ്ചിയില്‍ കയറി വല വലിച്ചുകയറ്റി. നൂറ്റിഅമ്പത്തിമൂന്നു വലിയ മീനുണ്ടായിരുന്നു. അത്ര വളരെ ഉണ്ടായിരുന്നിട്ടും വല കീറിപ്പോയില്ല.

12 യേശു അവരോട്, വന്നു പ്രാതല്‍ കഴിക്കൂ എന്നു പറഞ്ഞു. “അങ്ങ് ആരാകുന്നു?” എന്ന് അവിടുത്തോടു ചോദിക്കാന്‍ ശിഷ്യന്മാര്‍ ആരും മുതിര്‍ന്നില്ല. അതു കര്‍ത്താവാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു.

13 യേശു ചെന്ന് അപ്പമെടുത്ത് അവര്‍ക്കു കൊടുത്തു; അതുപോലെതന്നെ മീനും.

14

മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റശേഷം യേശു ശിഷ്യന്മാര്‍ക്കു പ്രത്യക്ഷനായത് ഇതു മൂന്നാം പ്രാവശ്യമായിരുന്നു.

15

പ്രാതല്‍ കഴിഞ്ഞപ്പോള്‍ യേശു ശിമോന്‍ പത്രോസിനോടു ചോദിച്ചു: “യോഹന്നാന്‍റെ മകനായ ശിമോനേ, ഇവരെക്കാള്‍ അധികമായി നീ എന്നെ സ്നേഹിക്കുന്നുണ്ടോ?”

“ഉവ്വ് കര്‍ത്താവേ എനിക്ക് അങ്ങയോടു പ്രിയമുണ്ട് എന്ന് അങ്ങ് അറിയുന്നുണ്ടല്ലോ” എന്നു പത്രോസ് പറഞ്ഞു.

യേശു പത്രോസിനോട് “എന്‍റെ കുഞ്ഞാടുകളെ മേയ്‍ക്കുക” എന്ന് അരുള്‍ചെയ്തു.

16 യേശു രണ്ടാം പ്രാവശ്യവും “യോഹന്നാന്‍റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ?” എന്നു ചോദിച്ചു.

“ഉവ്വ് കര്‍ത്താവേ എനിക്ക് അങ്ങയോട് പ്രിയമുണ്ടെന്ന് അങ്ങ് അറിയുന്നുണ്ടല്ലോ” എന്നു പത്രോസ് പ്രതിവചിച്ചു.

“എന്‍റെ ആടുകളെ പരിപാലിക്കുക” എന്ന് യേശു അരുള്‍ചെയ്തു.

17 മൂന്നാംപ്രാവശ്യം യേശു, “യോഹന്നാന്‍റെ മകനായ ശിമോനേ, നിനക്ക് എന്നോടു പ്രിയമുണ്ടോ?” എന്നു ചോദിച്ചു. മൂന്നാം പ്രാവശ്യവും നിനക്ക് എന്നോടു പ്രിയമുണ്ടോ? എന്ന് യേശു ചോദിച്ചതിനാല്‍ പത്രോസിനു വ്യസനമുണ്ടായി. “കര്‍ത്താവേ, അങ്ങു സകലവും അറിയുന്നു; എനിക്ക് അങ്ങയോടു പ്രിയമുണ്ടെന്ന് അങ്ങ് അറിയുന്നുവല്ലോ” എന്നു പത്രോസ് പറഞ്ഞു.

ഉടനെ യേശു അരുള്‍ചെയ്തു: “എന്‍റെ ആടുകളെ മേയ്‍ക്കുക;

18 നീ യുവാവായിരുന്നപ്പോള്‍ സ്വയം അര മുറുക്കി നിനക്ക് ഇഷ്ടമുള്ളേടത്തു സഞ്ചരിച്ചു. വൃദ്ധനാകുമ്പോഴാകട്ടെ, നീ കൈ നീട്ടുകയും വേറൊരാള്‍ നിന്‍റെ അര മുറുക്കി ഇഷ്ടമില്ലാത്ത സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകുകയും ചെയ്യും എന്നു ഞാന്‍ ഉറപ്പിച്ചുപറയുന്നു.”

19

പത്രോസ് എങ്ങനെയുള്ള മരണത്താല്‍ ദൈവത്തെ മഹത്ത്വപ്പെടുത്തുമെന്നു സൂചിപ്പിക്കുവാനാണ് അവിടുന്ന് ഇങ്ങനെ പറഞ്ഞത്. അതിനുശേഷം “എന്നെ അനുഗമിക്കുക” എന്നു പത്രോസിനോട് അരുള്‍ചെയ്തു.

20

പത്രോസ് തിരിഞ്ഞുനോക്കിയപ്പോള്‍ യേശുവിന്‍റെ വത്സലശിഷ്യന്‍ പിന്നാലെ വരുന്നതു കണ്ടു. “കര്‍ത്താവേ, അങ്ങയെ ഒറ്റിക്കൊടുക്കുന്നവന്‍ ആരാണ്?” എന്ന് അത്താഴവേളയില്‍ അവിടുത്തെ മാറോടു ചേര്‍ന്നിരുന്നുകൊണ്ടു ചോദിച്ചത് അയാളാണ്.

21 അപ്പോള്‍ പത്രോസ് യേശുവിനോട്, “ഇയാളുടെ കാര്യം എന്താകും?” എന്നു ചോദിച്ചു.

22

യേശു പറഞ്ഞു: “ഞാന്‍ വരുന്നതുവരെ ഇവന്‍ ജീവിച്ചിരിക്കണമെന്നതാണ് എന്‍റെ ഇഷ്ടമെങ്കില്‍ നിനക്ക് അതിലെന്താണ്? നീ എന്നെ അനുഗമിക്കുക!”

23

അങ്ങനെ ആ ശിഷ്യന്‍ മരിക്കുകയില്ല എന്ന ശ്രുതി സഹോദരന്മാരുടെ ഇടയില്‍ പരന്നു. എന്നാല്‍ യേശു അരുള്‍ചെയ്തത് അയാള്‍ മരിക്കുകയില്ല എന്നല്ല, “ഞാന്‍ വരുന്നതുവരെ ഇവന്‍ ജീവിച്ചിരിക്കണമെന്നതാണ് എന്‍റെ ഇഷ്ടമെങ്കില്‍ നിനക്ക് അതിലെന്ത്?” എന്നായിരുന്നു.

24

ആ ശിഷ്യന്‍തന്നെയാണ് ഇതെഴുതിയതും മേല്പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം സാക്ഷ്യം വഹിക്കുന്നതും. അയാളുടെ സാക്ഷ്യം സത്യമാണെന്നു നമുക്കറിയാം.

25

യേശു ചെയ്തിട്ടുള്ള മറ്റനേകം കാര്യങ്ങളുണ്ട്. അവ ഓരോന്നും രേഖപ്പെടുത്തുകയാണെങ്കില്‍ അങ്ങനെ എഴുതപ്പെടുന്ന ഗ്രന്ഥങ്ങള്‍ ലോകത്തില്‍ എങ്ങും ഒതുങ്ങുമെന്നു തോന്നുന്നില്ല.