1

1

നമ്മുടെ ഇടയില്‍ നടന്നിട്ടുള്ള സംഭവങ്ങള്‍ രേഖപ്പെടുത്തുവാന്‍ പലരും പരിശ്രമിച്ചിട്ടുണ്ട്.

2 ആദിമുതല്‌ക്കേ ദൃക്സാക്ഷികളായ സുവിശേഷപ്രചാരകര്‍ നമുക്കു പറഞ്ഞുതന്നിട്ടുള്ള വിവരങ്ങളാണ് അവര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

3 പ്രസ്തുത സംഭവങ്ങളെല്ലാം ആരംഭംമുതല്‍ ഞാന്‍ ശ്രദ്ധാപൂര്‍വം പഠിച്ചുകഴിഞ്ഞിരിക്കുന്നു. അവ യഥാക്രമം താങ്കള്‍ക്ക് എഴുതുന്നതു നല്ലതാണെന്ന് എനിക്കും തോന്നി.

4 അതുകൊണ്ടു താങ്കളെ പ്രബോധിപ്പിച്ചിട്ടുള്ള കാര്യങ്ങളുടെ സത്യാവസ്ഥ പൂര്‍ണമായി ബോധ്യപ്പെടുത്തുന്നതിനുവേണ്ടി ഞാന്‍ ഇതെഴുതുന്നു.

5

യെഹൂദ്യയിലെ രാജാവായ ഹേരോദായുടെ ഭരണകാലത്തു സഖറിയാ എന്നൊരു പുരോഹിതനുണ്ടായിരുന്നു. അബിയാ എന്ന പുരോഹിതവിഭാഗത്തില്‍പെട്ടവനായിരുന്നു സഖറിയാ. അദ്ദേഹത്തിന്‍റെ ഭാര്യ എലിസബെത്തും പുരോഹിതനായ അഹരോന്‍റെ വംശജയായിരുന്നു.

6 അവരിരുവരും ദൈവമുമ്പാകെ നീതിനിഷ്ഠരായി, ദൈവത്തിന്‍റെ എല്ലാ കല്പനകളും അനുശാസനങ്ങളും അനുസരിച്ചു കുറ്റമറ്റവരായി ജീവിച്ചിരുന്നു.

7 എങ്കിലും എലിസബെത്തു വന്ധ്യ ആയിരുന്നതിനാല്‍ അവര്‍ക്കു സന്താനസൗഭാഗ്യം ലഭിച്ചിരുന്നില്ല. അവരിരുവരും വയോവൃദ്ധരുമായിരുന്നു.

8

ഒരിക്കല്‍ സഖറിയാ ഉള്‍പ്പെട്ട പുരോഹിത വിഭാഗത്തിനു ദേവാലയത്തില്‍ ശുശ്രൂഷ ചെയ്യുന്നതിനുള്ള തവണ വന്നു.

9 അന്നത്തെ പൗരോഹിത്യാചാരപ്രകാരം ദേവാലയത്തിലെ വിശുദ്ധസ്ഥലത്തു പ്രവേശിച്ചു ധൂപം അര്‍പ്പിക്കുന്നതിനുള്ള ആളിനെ നറുക്കിട്ടു തിരഞ്ഞെടുക്കുകയായിരുന്നു പതിവ്. അങ്ങനെ ധൂപാര്‍പ്പണത്തിനായി സഖറിയാ തിരഞ്ഞെടുക്കപ്പെട്ടു.

10 തദനുസരണം ഒരു ദിവസം അദ്ദേഹം ദൈവ സന്നിധിയില്‍ ശുശ്രൂഷ ചെയ്യുകയായിരുന്നു. ജനങ്ങള്‍ എല്ലാവരും അപ്പോള്‍ വിശുദ്ധസ്ഥലത്തിനു പുറത്തു പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.

11

തത്സമയം ദൈവദൂതന്‍ ധൂപപീഠത്തിന്‍റെ വലത്തുഭാഗത്തു പ്രത്യക്ഷനായി.

12 സഖറിയാ പരിഭ്രമിച്ചു ഭയപരവശനായിത്തീര്‍ന്നു.

13 അപ്പോള്‍ മാലാഖ അദ്ദേഹത്തോടു പറഞ്ഞു: “സഖറിയായേ, ഭയപ്പെടേണ്ടാ; ദൈവം നിന്‍റെ പ്രാര്‍ഥന കേട്ടിരിക്കുന്നു. നിന്‍റെ ഭാര്യ എലിസബെത്ത് ഒരു പുത്രനെ പ്രസവിക്കും. അവനു യോഹന്നാന്‍ എന്നു പേരിടണം.

14 നിനക്ക് ആനന്ദവും ആഹ്ലാദവും ഉണ്ടാകും. അവന്‍റെ ജനനത്തില്‍ അനവധി ആളുകള്‍ സന്തോഷിക്കും.

15 എന്തുകൊണ്ടെന്നാല്‍ കര്‍ത്താവിന്‍റെ ദൃഷ്‍ടിയില്‍ അവന്‍ ശ്രേഷ്ഠനായിരിക്കും. അവന്‍ വീഞ്ഞോ ലഹരിയുള്ള ഏതെങ്കിലും പാനീയമോ കുടിക്കുകയില്ല. അമ്മയുടെ ഗര്‍ഭത്തില്‍ വച്ചുതന്നെ അവന്‍ പരിശുദ്ധാത്മാവുകൊണ്ടു നിറയും.

16 ഇസ്രായേല്‍ജനത്തില്‍ പലരെയും ദൈവമായ കര്‍ത്താവിന്‍റെ അടുക്കലേക്ക് അവന്‍ തിരിച്ചുകൊണ്ടുവരും.

17 അവന്‍ പിതാക്കന്മാരെയും മക്കളെയും തമ്മില്‍ രഞ്ജിപ്പിക്കും; അനുസരണമില്ലാത്തവരെ നീതിനിഷ്ഠയ്‍ക്കു വിധേയരാക്കും; അങ്ങനെ ദൈവത്തിനുവേണ്ടി ഒരു ജനതയെ ഒരുക്കുന്നതിന് അവന്‍ കര്‍ത്താവിന്‍റെ മുന്നോടിയായി ഏലിയാപ്രവാചകന്‍റെ വീറോടും ശക്തിയോടുംകൂടി പ്രവര്‍ത്തിക്കും.”

18

അപ്പോള്‍ സഖറിയാ ദൂതനോടു പറഞ്ഞു: “ഞാന്‍ ഇതെങ്ങനെ ഗ്രഹിക്കും? ഞാനൊരു വൃദ്ധനാണല്ലോ; എന്‍റെ ഭാര്യയും അങ്ങനെതന്നെ.”

19

ദൂതന്‍ പ്രതിവചിച്ചു: “ഞാന്‍ ദൈവസന്നിധിയില്‍ നില്‌ക്കുന്ന ഗബ്രിയേലാണ്. ഈ സദ്‍വാര്‍ത്ത നിന്നെ അറിയിക്കുന്നതിനു ദൈവം എന്നെ അയച്ചിരിക്കുന്നു.

20 എന്‍റെ വാക്കുകള്‍ യഥാകാലം സത്യമാകും. എന്നാല്‍ നീ ആ വാക്കുകള്‍ വിശ്വസിക്കാഞ്ഞതിനാല്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കുന്നതുവരെ നീ മൂകനായിരിക്കും.”

21

ജനങ്ങള്‍ സഖറിയായെ കാത്തിരിക്കുകയായിരുന്നു. വിശുദ്ധസ്ഥലത്തുനിന്ന് അദ്ദേഹം മടങ്ങിവരുവാന്‍ ഇത്രയും വൈകുന്നത് എന്തുകൊണ്ടായിരിക്കും എന്നോര്‍ത്ത് അവര്‍ ആശ്ചര്യപ്പെട്ടു.

22 അദ്ദേഹം പുറത്തുവന്നപ്പോള്‍ അവരോട് ഒന്നും സംസാരിക്കുവാന്‍ കഴിഞ്ഞില്ല. ദേവാലയത്തില്‍വച്ച് അദ്ദേഹത്തിന് ഒരു ദിവ്യദര്‍ശനം ഉണ്ടായെന്ന് അവര്‍ മനസ്സിലാക്കി. അദ്ദേഹം ആംഗ്യംകാട്ടി ഊമനായി കഴിഞ്ഞു.

23 തന്‍റെ ശുശ്രൂഷാകാലം കഴിഞ്ഞപ്പോള്‍ അദ്ദേഹം സ്വഭവനത്തിലേക്കു പോയി.

24

അനന്തരം സഖറിയായുടെ ഭാര്യ എലിസബെത്ത് ഗര്‍ഭംധരിച്ചു. അവര്‍ പറഞ്ഞു: “ദൈവം എന്നെ കടാക്ഷിച്ചിരിക്കുന്നു.

25 മനുഷ്യരുടെ ഇടയില്‍ എനിക്കുണ്ടായിരുന്ന അപമാനം അവിടുന്നു നീക്കിയിരിക്കുന്നു.” അഞ്ചുമാസം അന്യരുടെ ദൃഷ്‍ടിയില്‍പ്പെടാതെ എലിസബെത്ത് കഴിച്ചുകൂട്ടി.

26

[26,27] എലിസബെത്ത് ഗര്‍ഭവതിയായതിന്‍റെ ആറാം മാസത്തില്‍ ഗലീലയിലെ ഒരു പട്ടണമായ നസറെത്തില്‍ ദാവീദുരാജാവിന്‍റെ വംശജനായ യോസേഫിനു വിവാഹം നിശ്ചയിച്ചിരുന്ന മറിയം എന്ന കന്യകയുടെ അടുക്കല്‍ ദൈവം ഗബ്രിയേലിനെ അയച്ചു.

27

28 ദൈവദൂതന്‍ മറിയമിനെ സമീപിച്ച്: “ദൈവത്തിന്‍റെ പ്രസാദവരം ലഭിച്ചവളേ, നിനക്കു വന്ദനം! ദൈവം നിന്നോടുകൂടെയുണ്ട്” എന്നു പറഞ്ഞു.

29

ഇതു കേട്ടപ്പോള്‍ മറിയം വല്ലാതെ സംഭ്രമിച്ചു. “ഇതെന്തൊരഭിവാദനം!” എന്നു മനസ്സില്‍ വിചാരിച്ചു.

30 അപ്പോള്‍ മാലാഖ മറിയമിനോടു പറഞ്ഞു: “ഭയപ്പെടേണ്ടാ; ദൈവം നിന്നില്‍ പ്രസാദിച്ചിരിക്കുന്നു. നീ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും;

31 അവന് യേശു എന്നു പേരിടണം.

32 അവന്‍ വലിയവനായിരിക്കും; മഹോന്നതനായ ദൈവത്തിന്‍റെ പുത്രനെന്നു വിളിക്കപ്പെടുകയും ചെയ്യും; അവന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനം സര്‍വേശ്വരന്‍ അവനു നല്‌കും.

33 അവന്‍ എന്നെന്നേക്കും ഇസ്രായേല്‍ജനതയുടെ രാജാവായി വാഴും. അവന്‍റെ രാജത്വം അനന്തവുമായിരിക്കും.”

34

മറിയം മാലാഖയോടു ചോദിച്ചു: “പുരുഷസംഗമം കൂടാതെ ഇതെങ്ങനെ സംഭവിക്കും?”

35

മാലാഖ പ്രതിവചിച്ചു: “പരിശുദ്ധാത്മാവു നിന്‍റെമേല്‍ വരും. അത്യുന്നതന്‍റെ ശക്തി നിന്‍റെമേല്‍ ആവസിക്കും. അതുകൊണ്ടു നിന്നില്‍ ജനിക്കുന്ന വിശുദ്ധശിശു ദൈവത്തിന്‍റെ പുത്രന്‍ എന്നു വിളിക്കപ്പെടും.

36 ഇതാ, നിന്‍റെ ചാര്‍ച്ചക്കാരിയായ എലിസബെത്ത് വാര്‍ധക്യത്തില്‍ ഒരു പുത്രനെ ഗര്‍ഭംധരിച്ചിരിക്കുന്നു. വന്ധ്യ എന്നു പറഞ്ഞുവന്ന എലിസബെത്തിന് ഇത് ആറാം മാസമത്രേ.

37 ദൈവത്തിന് അസാധ്യമായിട്ട് ഒന്നുംതന്നെ ഇല്ലല്ലോ.”

38

അപ്പോള്‍ മറിയം: “ഇതാ ഞാന്‍ കര്‍ത്താവിന്‍റെ ദാസി; അങ്ങു പറഞ്ഞതുപോലെ എനിക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. അതിനുശേഷം ദൂതന്‍ അവിടെനിന്നു പോയി.

39

ആയിടയ്‍ക്കു മറിയം സഖറിയായുടെ വീട്ടിലേക്കു ബദ്ധപ്പെട്ടു ചെന്നു. യെഹൂദ്യയിലെ മലനാട്ടിലുള്ള ഒരു പട്ടണത്തിലായിരുന്നു ആ ഭവനം.

40 മറിയം അവിടെയെത്തി എലിസബെത്തിനെ അഭിവാദനം ചെയ്തു.

41 മറിയമിന്‍റെ അഭിവാദനം കേട്ടപ്പോള്‍ എലിസബെത്തിന്‍റെ ഗര്‍ഭത്തിലുള്ള ശിശു ഇളകിത്തുള്ളി.

42 എലിസബെത്തു പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താല്‍ ഇപ്രകാരം ഉദ്ഘോഷിച്ചു: “സ്‍ത്രീകളില്‍ നീ ഏറ്റവും അനുഗ്രഹിക്കപ്പെട്ടവള്‍; നിന്‍റെ ഗര്‍ഭത്തിലുള്ള ശിശുവും അനുഗ്രഹിക്കപ്പെട്ടതുതന്നെ.

43 എന്‍റെ കര്‍ത്താവിന്‍റെ മാതാവ് എന്‍റെ ഭവനത്തില്‍ വരുവാനുള്ള ബഹുമതിക്ക് എങ്ങനെ ഞാന്‍ യോഗ്യയായി!

44 നിന്‍റെ അഭിവാദനസ്വരം എന്‍റെ കാതുകളില്‍ പതിഞ്ഞപ്പോള്‍ എന്‍റെ ഗര്‍ഭത്തിലുള്ള ശിശു ആനന്ദംകൊണ്ട് ഇളകിത്തുള്ളി.

45 ദൈവത്തില്‍ നിന്നുള്ള അരുളപ്പാടു സംഭവിക്കുമെന്നു വിശ്വസിച്ചവള്‍ അനുഗൃഹീതതന്നെ.”

46

ഇതു കേട്ടപ്പോള്‍ മറിയം ഇപ്രകാരം പാടി:

“എന്‍റെ ഹൃദയം കര്‍ത്താവിനെ പ്രകീര്‍ത്തിക്കുന്നു;

47
എന്‍റെ രക്ഷകനായ ദൈവത്തില്‍ എന്‍റെ ആത്മാവ് ആനന്ദിക്കുന്നു.

48
ഈ വിനീതദാസിയെ അവിടുന്നു തൃക്കണ്‍പാര്‍ത്തിരിക്കുന്നു!
ഇന്നുമുതല്‍ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും.

49
സര്‍വശക്തനായ ദൈവം എനിക്കു വന്‍കാര്യം ചെയ്തിരിക്കുന്നു;
അവിടുത്തെ നാമം പരിശുദ്ധമാകുന്നു.

50
ദൈവത്തെ ഭയപ്പെടുന്നവരുടെമേല്‍ തലമുറതലമുറയായി
അവിടുത്തെ കാരുണ്യം നിരന്തരം ചൊരിയുന്നു.

51
അവിടുത്തെ കരബലം അവിടുന്നു പ്രകടമാക്കി
അന്തരംഗത്തില്‍ അഹങ്കരിച്ചിരുന്നവരെ അവിടുന്നു ചിതറിച്ചിരിക്കുന്നു.

52
പ്രബലന്മാരെ അവരുടെ സിംഹാസനങ്ങളില്‍നിന്നു നിഷ്കാസനം ചെയ്തു;
വിനീതരെ ഉയര്‍ത്തിയിരിക്കുന്നു.

53
വിശന്നു വലയുന്നവരെ വിശിഷ്ടഭോജ്യങ്ങള്‍കൊണ്ടു സംതൃപ്തരാക്കി
ധനവാന്മാരെ വെറുംവയറോടെ പറഞ്ഞയച്ചു.

54

അബ്രഹാമിനെയും അദ്ദേഹത്തിന്‍റെ സന്താനപരമ്പരകളെയും അനുഗ്രഹിക്കുമെന്നു

പൂര്‍വപിതാക്കന്മാരോടു ചെയ്ത വാഗ്ദാനപ്രകാരം

55
ഇസ്രായേല്‍ജനതയെ കരുണയോടെ കടാക്ഷിച്ചു.”

56

മറിയം ഏകദേശം മൂന്നു മാസക്കാലം എലിസബെത്തിന്‍റെകൂടെ പാര്‍ത്തശേഷം സ്വഭവനത്തിലേക്കു തിരിച്ചുപോയി.

57

എലിസബെത്ത് യഥാകാലം ഒരു പുത്രനെ പ്രസവിച്ചു.

58 കര്‍ത്താവു കാണിച്ച കാരുണ്യാതിരേകത്തെപ്പറ്റി കേട്ട് അവരുടെ അയല്‍ക്കാരും ബന്ധുജനങ്ങളും അവരോടൊപ്പം സന്തോഷിച്ചു.

59

എട്ടാം ദിവസം ശിശുവിന്‍റെ പരിച്ഛേദനകര്‍മത്തിനായി എല്ലാവരും വന്നുകൂടി. ആ കുട്ടിക്ക് പിതാവിന്‍റെ പേരനുസരിച്ച് സഖറിയാ എന്നു നാമകരണം ചെയ്യാന്‍ അവര്‍ ഭാവിച്ചു.

60 എന്നാല്‍ അവന്‍റെ അമ്മ പറഞ്ഞു: “അങ്ങനെയല്ല, അവന്‍റെ പേരു യോഹന്നാന്‍ എന്നായിരിക്കണം.”

61 അപ്പോള്‍ വന്നുകൂടിയവര്‍: “നിന്‍റെ ബന്ധുക്കള്‍ക്ക് ആര്‍ക്കും ആ പേരില്ലല്ലോ” എന്നു പറഞ്ഞു.

62 പിന്നീട് കുട്ടിക്ക് എന്താണു പേരിടേണ്ടത് എന്ന് അവന്‍റെ പിതാവിനോട് ആംഗ്യംകാട്ടി ചോദിച്ചു.

63

അപ്പോള്‍ അദ്ദേഹം ഒരു എഴുത്തുപലക കൊണ്ടുവരാനാവശ്യപ്പെട്ടു. “അവന്‍റെ പേര് യോഹന്നാന്‍ എന്നാണ്” എന്ന് അദ്ദേഹം അതിലെഴുതി. അപ്പോള്‍ എല്ലാവര്‍ക്കും അത്യധികം ആശ്ചര്യമുണ്ടായി.

64 തല്‍ക്ഷണം സഖറിയായുടെ അധരങ്ങള്‍ തുറന്നു; നാവിന്‍റെ ബന്ധനം നീങ്ങുകയും ചെയ്തു. അദ്ദേഹം ദൈവത്തെ സ്തുതിച്ചുകൊണ്ടു സംസാരിക്കുവാന്‍ തുടങ്ങി.

65 അയല്‍വാസികളെല്ലാവരും സംഭീതരായി. യെഹൂദ്യയിലെ മലനാട്ടിലെങ്ങും ഈ വാര്‍ത്ത പ്രസിദ്ധമായി.

66 കേട്ടവരെല്ലാം ഈ കുട്ടി ആരായിത്തീരുമെന്നു ചിന്തിക്കുകയും പറയുകയും ചെയ്തു. കാരണം സര്‍വേശ്വരന്‍റെ ശക്തിപ്രഭാവം ആ ശിശുവില്‍ പ്രത്യക്ഷമായിരുന്നു.

67

യോഹന്നാന്‍റെ പിതാവായ സഖറിയാ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് ഇപ്രകാരം പ്രവചിച്ചു:

68

“ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവു വാഴ്ത്തപ്പെട്ടവന്‍:
അവിടുന്നു തന്‍റെ ജനത്തെ സന്ദര്‍ശിക്കുകയും
അവരെ സ്വതന്ത്രരാക്കുകയും ചെയ്തിരിക്കുന്നു.

69
[69-75] ആദിമുതല്‍ തന്‍റെ വിശുദ്ധപ്രവാചകന്മാരിലൂടെ
അവിടുന്ന് അരുള്‍ചെയ്തപ്രകാരം
നമ്മുടെ ശത്രുക്കളില്‍നിന്നും നമ്മെ ദ്വേഷിക്കുന്ന
എല്ലാവരുടെയും കൈകളില്‍നിന്നും നമ്മെ രക്ഷിക്കുവാന്‍
തന്‍റെ ദാസനായ ദാവീദിന്‍റെ വംശത്തില്‍
നിന്നു ശക്തനായ ഒരു രക്ഷകനെ
അവിടുന്നു നമുക്കു നല്‌കിയിരിക്കുന്നു.
നമ്മുടെ പൂര്‍വപിതാക്കന്മാരോടു ചെയ്ത വാഗ്ദാനമനുസരിച്ച്
അവിടുന്നു തന്‍റെ ദാസരായ ഇസ്രായേല്‍ജനതയെ
കാരുണ്യപൂര്‍വം ഓര്‍ത്ത് അവരെ സഹായിച്ചിരിക്കുന്നു.
അബ്രഹാമിനോടും തന്‍റെ സന്താന പരമ്പരകളോടും
കരുണ കാണിക്കുകയും ചെയ്തിരിക്കുന്നു.
നമ്മുടെ ആയുഷ്കാലം മുഴുവനും
നീതിയോടും വിശുദ്ധിയോടുംകൂടി
നിര്‍ഭയം തിരുമുമ്പില്‍ ആരാധിക്കുന്നതിനു വേണ്ടി
ശത്രുക്കളുടെ കരങ്ങളില്‍നിന്നു നമ്മെ രക്ഷിക്കുവാന്‍ കൃപയരുളുമെന്ന്
നമ്മുടെ പിതാവായ അബ്രഹാമിനോട് ദൈവം ചെയ്ത പ്രതിജ്ഞയെയും
വിശുദ്ധഉടമ്പടിയെയും അനുസ്മരിച്ചു കൊണ്ട്
അവിടുന്നു തന്‍റെ വാഗ്ദാനം നിറവേറ്റിയിരിക്കുന്നു.

70

71

72

73

74

75

76
കുഞ്ഞേ, നീ മഹോന്നതനായ ദൈവത്തിന്‍റെ പ്രവാചകനെന്നു വിളിക്കപ്പെടും;

77
എന്തുകൊണ്ടെന്നാല്‍ കര്‍ത്താവിനു വഴിയൊരുക്കുന്നതിനും,

78
കരുണാര്‍ദ്രനായ നമ്മുടെ ദൈവത്തില്‍ നിന്നു ലഭിക്കുന്ന
പാപവിമോചനംകൊണ്ടു കൈവരുന്ന രക്ഷയെക്കുറിച്ചുള്ള അറിവ്
അവിടുത്തെ ജനത്തിനു നല്‌കുന്നതിനുമായി,
നീ അവിടുത്തെ മുന്നോടിയായി പോകും.

79
കൂരിരുട്ടിലും മരണത്തിന്‍റെ കരിനിഴലിലും ഇരിക്കുന്നവര്‍ക്കു
പ്രകാശം പകരുന്നതിനും സമാധാനത്തിന്‍റെ മാര്‍ഗത്തില്‍
നമ്മുടെ പാദങ്ങള്‍ നയിക്കുന്നതിനും
ഉന്നതത്തില്‍നിന്ന് ഉഷസ്സ് നമ്മുടെമേല്‍ ഉദയംചെയ്യും.”

80

ശിശു വളര്‍ന്നു; ആത്മീയ ചൈതന്യവും പുഷ്‍ടിയും പ്രാപിച്ച് ഇസ്രായേല്‍ജനങ്ങളുടെ മുമ്പില്‍ സ്വയം പ്രത്യക്ഷനാകുന്നതുവരെ വിജനപ്രദേശത്തു വസിച്ചു.

2

1

അക്കാലത്തു റോമാസാമ്രാജ്യത്തിലെങ്ങും കാനേഷുമാരി എടുക്കണമെന്ന് ഒഗസ്തുസ് കൈസര്‍ കല്പന പുറപ്പെടുവിച്ചു.

2 കുറേന്യോസ് സിറിയയിലെ ഗവര്‍ണര്‍ ആയിരിക്കുമ്പോഴാണ് ഇത് ആദ്യമായി നടന്നത്.

3 പേരു രേഖപ്പെടുത്തുന്നതിനുവേണ്ടി എല്ലാവരും അവരവരുടെ പട്ടണങ്ങളിലേക്കു പോയി.

4 [4,5] ദാവീദുവംശജനായിരുന്നതുകൊണ്ട് യോസേഫും ഗലീലയിലെ നസറെത്ത് എന്ന പട്ടണത്തില്‍നിന്നു യെഹൂദ്യയിലെ ബേത്‍ലഹേമിലേക്കു പോയി. ബേത്‍ലഹേംപട്ടണമായിരുന്നു ദാവീദിന്‍റെ ജന്മസ്ഥലം. തനിക്കു വിവാഹനിശ്ചയം ചെയ്തിരുന്ന ഗര്‍ഭിണിയായ മറിയമിനോടുകൂടിയാണ് യോസേഫ് പോയത്.

5

6

[6,7] ബേത്‍ലഹേമില്‍വച്ചു മറിയമിനു പ്രസവസമയമായി. അവള്‍ തന്‍റെ സീമന്തസന്താനമായ പുത്രനെ പ്രസവിച്ചു. അവര്‍ക്കു താമസിക്കുവാന്‍ സത്രത്തില്‍ സ്ഥലം കിട്ടിയില്ല. അതുകൊണ്ട് മറിയം ശിശുവിനെ തുണിയില്‍ പൊതിഞ്ഞ് ഒരു കാലിത്തൊഴുത്തിലെ പുല്‍ത്തൊട്ടിയില്‍ കിടത്തി.

7

8

ആ രാത്രിയില്‍ വെളിംപ്രദേശത്ത് ഏതാനും ഇടയന്മാര്‍ തങ്ങളുടെ ആട്ടിന്‍പറ്റത്തെ കാത്തുകൊണ്ടിരിക്കുകയായിരുന്നു.

9 ഒരു ദൈവദൂതന്‍ അവര്‍ക്കു പ്രത്യക്ഷനായി; ദൈവത്തിന്‍റെ തേജസ്സ് അവരുടെ ചുറ്റും പ്രകാശിച്ചു. ആട്ടിടയന്മാര്‍ ഭയപരവശരായി.

10 ദൂതന്‍ അവരോടു പറഞ്ഞു: “ഭയപ്പെടേണ്ടാ; സര്‍വജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷം ഞാന്‍ നിങ്ങളെ അറിയിക്കുന്നു.

11 ഇന്നേദിവസം ദാവീദിന്‍റെ പട്ടണത്തില്‍ കര്‍ത്താവായ യേശുക്രിസ്തു എന്ന രക്ഷകന്‍ നിങ്ങള്‍ക്കായി പിറന്നിരിക്കുന്നു.

12 തുണിയില്‍ പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും. അതായിരിക്കും നിങ്ങള്‍ക്കുള്ള അടയാളം.”

13

പെട്ടെന്നു മാലാഖമാരുടെ ഒരു വലിയ സംഘം ആ ദൂതനോടു ചേര്‍ന്നു ദൈവത്തെ സ്തുതിച്ചു:

14

“സ്വര്‍ഗാതിസ്വര്‍ഗത്തില്‍ ദൈവത്തിനു മഹത്ത്വം!
ഭൂമിയില്‍ ദൈവപ്രസാദം ലഭിച്ച മനുഷ്യര്‍ക്കു സമാധാനം!”

15

അനന്തരം മാലാഖമാര്‍ അവരുടെ അടുക്കല്‍നിന്നു സ്വര്‍ഗത്തിലേക്കു പോയി. അപ്പോള്‍ ഇടയന്മാര്‍ തമ്മില്‍ പറഞ്ഞു: “നമുക്കു ബേത്‍ലഹേംവരെ ഒന്നു പോകാം; ദൈവം നമ്മെ അറിയിച്ച ആ സംഭവം കാണാമല്ലോ.”

16

അവര്‍ അതിവേഗംപോയി മറിയമിനെയും യോസേഫിനെയും പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിനെയും കണ്ടു.

17 ഈ ശിശുവിനെപ്പറ്റി മാലാഖമാര്‍ പറഞ്ഞ വസ്തുതകള്‍ ഇടയന്മാര്‍ അറിയിച്ചു.

18 [18,19] കേട്ടവരെല്ലാം വിസ്മയഭരിതരായി. മറിയമാകട്ടെ ഇക്കാര്യങ്ങളെല്ലാം മനസ്സില്‍ സൂക്ഷിച്ച് അവയെപ്പറ്റി ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു.

19

20 ദൈവദൂതന്‍ തങ്ങളോടു പറഞ്ഞതുപോലെയെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്തതിനാല്‍ ആട്ടിടയന്മാര്‍ ദൈവത്തെ പാടിപ്പുകഴ്ത്തിക്കൊണ്ടു തിരിച്ചുപോയി.

21

എട്ടാം ദിവസം ആയപ്പോള്‍ ശിശുവിന്‍റെ പരിച്ഛേദനകര്‍മം നടത്തി, യേശു എന്നു പേരിട്ടു. അമ്മയുടെ ഗര്‍ഭത്തില്‍ ആ ശിശു ജന്മമെടുക്കുന്നതിനു മുമ്പ് ദൈവദൂതന്‍ നല്‌കിയ പേരായിരുന്നു അത്.

22

മോശയുടെ നിയമസംഹിതയില്‍ അനുശാസിച്ചിട്ടുള്ള ശുദ്ധീകരണകര്‍മം അനുഷ്ഠിക്കേണ്ട സമയമായപ്പോള്‍ മാതാപിതാക്കള്‍ ശിശുവിനെ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുന്നതിന് യെരൂശലേമിലേക്കു കൊണ്ടുപോയി.

23 [23,24] എല്ലാ കടിഞ്ഞൂല്‍പുത്രന്മാരെയും ദൈവത്തിനു സമര്‍പ്പിക്കണമെന്നു യെഹൂദന്മാരുടെ ധര്‍മശാസ്ത്രത്തില്‍ അനുശാസിച്ചിട്ടുണ്ടല്ലോ. അതനുസരിച്ച് ഒരു ജോടി മാടപ്രാക്കളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ യാഗം കഴിക്കേണ്ടിയിരുന്നു.

24

25

ഇസ്രായേല്‍ജനതയുടെ സമുദ്ധാരണം പ്രതീക്ഷിച്ചുകൊണ്ടിരുന്ന നീതിനിഷ്ഠനും ഭക്തനുമായ ശിമ്യോന്‍ എന്നൊരാള്‍ യെരൂശലേമില്‍ പാര്‍ത്തിരുന്നു. പരിശുദ്ധാത്മാവിന്‍റെ അധിവാസം അദ്ദേഹത്തിലുണ്ടായിരുന്നു.

26 ദൈവം വാഗ്ദാനം ചെയ്തപോലെ ക്രിസ്തുവിനെ ദര്‍ശിക്കുന്നതിനുമുമ്പ് അദ്ദേഹം മരിക്കുകയില്ലെന്നു പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയിരുന്നു.

27 [27,28] ആത്മാവിന്‍റെ പ്രചോദനത്താല്‍ അദ്ദേഹം ദേവാലയത്തിലെത്തി. ധര്‍മശാസ്ത്രവിധിപ്രകാരമുള്ള കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതിനായി ഉണ്ണിയേശുവിനെ മാതാപിതാക്കള്‍ ദേവാലയത്തിലേക്കു കൊണ്ടുവന്നപ്പോള്‍ ശിമ്യോന്‍ ശിശുവിനെ കൈയിലെടുത്തു ദൈവത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ഇപ്രകാരം പാടി:

28

29

“പരമനാഥാ, അവിടുത്തെ വാഗ്ദാനം അങ്ങു നിറവേറ്റിയിരിക്കുന്നു;
ഇനി സമാധാനത്തോടുകൂടി കടന്നുപോകാന്‍ ഈ വിനീതദാസനെ അനുവദിച്ചാലും.

30
[30-32] സര്‍വ മനുഷ്യവര്‍ഗത്തിനുംവേണ്ടി അവിടുന്ന് ഒരുക്കിവച്ചിട്ടുള്ള രക്ഷ
ഇയ്യുള്ളവന്‍റെ കണ്ണുകള്‍ ദര്‍ശിച്ചിരിക്കുന്നുവല്ലോ.
അതു വിജാതീയരുടെ ബോധോദയത്തിനുള്ള വെളിച്ചവും
അവിടുത്തെ ജനമായ ഇസ്രായേലിന്‍റെ അഭിമാനകാരണവുമാകുന്നു.”

31

32

33

ശിശുവിനെപ്പറ്റി ശിമ്യോന്‍ പറഞ്ഞ ഈ വാക്കുകള്‍ ആ മാതാപിതാക്കളെ ആശ്ചര്യഭരിതരാക്കി.

34 ശിമ്യോന്‍ അവരെ അനുഗ്രഹിച്ചശേഷം മാതാവായ മറിയമിനോടു പറഞ്ഞു:

“ഈ ശിശു ഇസ്രായേല്‍ജനങ്ങളില്‍ പലരുടെയും വീഴ്ചയ്‍ക്കും എഴുന്നേല്പിനും വേണ്ടി നിയുക്തനായിരിക്കുന്നു. ദൈവത്തെ എതിര്‍ത്തു പറയുന്നവരുടെ ഹൃദയങ്ങളിലെ

35 രഹസ്യവിചാരങ്ങള്‍ വെളിപ്പെടുമാറ് ഇവന്‍ ദൈവത്തില്‍നിന്നുള്ള ഒരടയാളമാണ്. മൂര്‍ച്ചയേറിയ ഒരു വാള്‍ കണക്കേ തീവ്രമായ ദുഃഖം നിന്‍റെ ഹൃദയത്തെ പിളര്‍ക്കും.”

36

[36,37] അക്കാലത്ത് ഹന്നാ എന്നൊരു പ്രവാചിക ഉണ്ടായിരുന്നു. ആശേര്‍ഗോത്രത്തിലെ ഫനുവേലിന്‍റെ പുത്രിയായ ഹന്നാ വളരെ വയസ്സുചെന്ന സ്‍ത്രീയായിരുന്നു. ഏഴുവര്‍ഷം മാത്രമേ ഭര്‍ത്താവിനോടൊത്ത് അവര്‍ ജീവിച്ചിട്ടുള്ളൂ. പിന്നീടു വിധവയായിത്തീര്‍ന്ന ഹന്നാ എണ്‍പത്തിനാലു വയസ്സുവരെ ദേവാലയം വിട്ടുപോകാതെ പ്രാര്‍ഥനയോടും ഉപവാസത്തോടുംകൂടി ദൈവത്തെ അഹോരാത്രം ആരാധിച്ചുപോന്നു.

37

38 യേശുവിനെ ദേവാലയത്തില്‍ കൊണ്ടുവന്നപ്പോള്‍ ആ പ്രവാചികയും അടുത്തുവന്നു ദൈവത്തെ സ്തുതിക്കുകയും ഇസ്രായേല്‍ജനതയുടെ വീണ്ടെടുപ്പിനുവേണ്ടി കാത്തിരുന്ന എല്ലാവരോടും ആ ദിവ്യശിശുവിനെക്കുറിച്ചു സംസാരിക്കുകയും ചെയ്തു.

39

നിയമസംഹിതയില്‍ നിര്‍ദേശിച്ചിട്ടുള്ള എല്ലാ കര്‍മങ്ങളും പൂര്‍ത്തിയാക്കിയശേഷം അവര്‍ ഗലീലയില്‍ ഉള്ള സ്വന്തം പട്ടണമായ നസറെത്തിലേക്കു തിരിച്ചുപോയി.

40

ശിശു വളര്‍ന്നു; ബലം പ്രാപിച്ചു; ജ്ഞാനസമ്പൂര്‍ണനായി; ദൈവത്തിന്‍റെ സംപ്രീതിയും ആ ബാലന്‍റെമേല്‍ ഉണ്ടായിരുന്നു.

41

യേശുവിന്‍റെ മാതാപിതാക്കള്‍ വര്‍ഷംതോറും പെസഹാപെരുന്നാളിനു യെരൂശലേമിലേക്കു പോകുക പതിവായിരുന്നു.

42 യേശുവിനു പന്ത്രണ്ടു വയസ്സായപ്പോള്‍ അവര്‍ പതിവുപോലെ പെരുന്നാളിനു പോയി.

43 പെരുന്നാള്‍ കഴിഞ്ഞു മാതാപിതാക്കള്‍ യെരൂശലേമില്‍നിന്നു തിരിച്ചുപോരുമ്പോള്‍ ബാലനായ യേശു അവരോടുകൂടി പോന്നില്ല; ഇത് അവരറിഞ്ഞുമില്ല.

44 സഹയാത്രികരുടെ കൂട്ടത്തില്‍ യേശു ഉണ്ടായിരിക്കുമെന്നു കരുതി അവര്‍ ഒരു ദിവസത്തെ വഴി പിന്നിട്ടു.

45 ബന്ധുജനങ്ങളുടെയും പരിചിതരുടെയും ഇടയിലെല്ലാം യേശുവിനെ അവര്‍ അന്വേഷിച്ചു; കാണാതെ വന്നപ്പോള്‍ അവര്‍ യെരൂശലേമിലേക്കു തിരിച്ചുപോയി.

46 മൂന്നു ദിവസം കഴിഞ്ഞ് അവര്‍ കുട്ടിയെ ദേവാലയത്തില്‍ കണ്ടെത്തി. മതഗുരുക്കന്മാരുടെ പ്രബോധനം ശ്രദ്ധിക്കുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുകയായിരുന്നു യേശു.

47 ആ സംഭാഷണം കേട്ടവരെല്ലാം യേശുവിന്‍റെ അറിവിലും ബുദ്ധിപൂര്‍വകമായ ഉത്തരങ്ങളിലും അദ്ഭുതപ്പെട്ടു.

48 മകനെ കണ്ടപ്പോള്‍ മാതാപിതാക്കള്‍ ആശ്ചര്യഭരിതരായി. മറിയം ചോദിച്ചു: “എന്‍റെ മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തത് എന്തിന്? നിന്‍റെ പിതാവും ഞാനും എത്ര മനോവേദനയോടെ എവിടെയെല്ലാം നിന്നെ അന്വേഷിച്ചു!”

49

യേശു പ്രതിവചിച്ചു: “എന്തിനാണു നിങ്ങള്‍ എന്നെ അന്വേഷിച്ചത്? എന്‍റെ പിതാവിന്‍റെ ഭവനത്തില്‍ ഞാന്‍ ഇരിക്കണം എന്നുള്ളതു നിങ്ങള്‍ക്കറിഞ്ഞുകൂടേ?”

50 പക്ഷേ, യേശു പറഞ്ഞത് എന്താണെന്ന് അവര്‍ക്കു മനസ്സിലായില്ല.

51

പിന്നീട് യേശു അവരോടുകൂടി പുറപ്പെട്ടു നസറെത്തില്‍ചെന്നു മാതാപിതാക്കള്‍ക്കു വിധേയനായി ജീവിച്ചു. ഈ കാര്യങ്ങളെല്ലാം മറിയം ഓര്‍മയില്‍ വച്ചു.

52 യേശുവാകട്ടെ ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതി ആര്‍ജിച്ചുകൊണ്ട് ശാരീരികമായും മാനസികമായും വളര്‍ന്നുവന്നു.

3

1

സഖറിയായുടെ പുത്രനായ യോഹന്നാനു വിജനസ്ഥലത്തുവച്ച് ദൈവത്തിന്‍റെ അരുളപ്പാടുണ്ടായി. അത് തിബര്യോസ് കൈസറുടെ ഭരണത്തിന്‍റെ പതിനഞ്ചാം വര്‍ഷം ആയിരുന്നു; പൊന്തിയോസ് പീലാത്തോസ് ആയിരുന്നു യെഹൂദ്യയിലെ ഗവര്‍ണര്‍;

2 ഹേരോദാ അന്തിപ്പാസ് ഗലീലയിലെയും അദ്ദേഹത്തിന്‍റെ സഹോദരന്‍ ഫീലിപ്പോസ് ഇതൂര്യ ത്രഖോനിത്തിയിലെയും ലൂസാന്യാസ് അബിലേനയിലെയും സാമന്തരാജാക്കന്മാരും ആയിരുന്നു. അന്നത്തെ മഹാപുരോഹിതന്മാര്‍ ഹന്നാസും കയ്യഫാസുമായിരുന്നു.

3 യോഹന്നാന്‍ യോര്‍ദ്ദാന്‍നദിയുടെ പരിസരപ്രദേശങ്ങളിലെല്ലാം സഞ്ചരിച്ച് “നിങ്ങളുടെ പാപങ്ങളില്‍നിന്നു പിന്തിരിയുക, സ്നാപനം സ്വീകരിക്കുക; അപ്പോള്‍ ദൈവം നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കും” എന്നു പ്രഖ്യാപനം ചെയ്തു.

4

വിജനപ്രദേശത്ത് ഒരാള്‍ വിളിച്ചുപറയുന്നു:

‘ദൈവത്തിനുവേണ്ടി വഴി ഒരുക്കുക; അവിടുത്തെ പാത നേരെയാക്കുക.

5
എല്ലാ താഴ്വരകളും നികത്തപ്പെടണം;
എല്ലാ കുന്നുകളും മലകളും നിരത്തുകയും,
വളഞ്ഞ വഴികളെല്ലാം നേരെയാക്കുകയും, പരുക്കന്‍ പാതകളെല്ലാം
സുഗമമാക്കിത്തീര്‍ക്കുകയും വേണം.

6
അങ്ങനെ ദൈവത്തിന്‍റെ രക്ഷ മനുഷ്യവര്‍ഗം മുഴുവനും ദര്‍ശിക്കും’

എന്ന് യെശയ്യാപ്രവാചകന്‍റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ടല്ലോ.

7

തന്നില്‍നിന്നു സ്നാപനം സ്വീകരിക്കുവാന്‍ വന്ന ജനസഞ്ചയത്തോട് അദ്ദേഹം പറഞ്ഞു: “സര്‍പ്പസന്തതികളേ, വരുവാനുള്ള ശിക്ഷാവിധിയില്‍നിന്ന് ഓടി രക്ഷപെടുവാന്‍ നിങ്ങള്‍ക്ക് ബുദ്ധി ഉപദേശിച്ചത് ആരാണ്?

8 അബ്രഹാം ഞങ്ങളുടെ പൂര്‍വപിതാവാണ് എന്നു സ്വയം അഭിമാനിക്കാതെ പാപത്തില്‍നിന്നു പിന്തിരിഞ്ഞു എന്നു തെളിയിക്കുന്ന പ്രവൃത്തികള്‍ ചെയ്യുക. ഈ കല്ലുകളില്‍നിന്നുപോലും അബ്രഹാമിനുവേണ്ടി സന്തതികളെ ഉത്പാദിപ്പിക്കുവാന്‍ ദൈവത്തിനു കഴിയും.

9 ഇപ്പോള്‍ത്തന്നെ വൃക്ഷങ്ങളുടെ ചുവട്ടില്‍ കോടാലി വച്ചുകഴിഞ്ഞിരിക്കുന്നു. നല്ല ഫലം കായ്‍ക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിലിട്ടു കളയും.”

10 അപ്പോള്‍ ജനം അദ്ദേഹത്തോട്: “ഞങ്ങള്‍ എന്തു ചെയ്യണം?” എന്നു ചോദിച്ചു. യോഹന്നാന്‍ പ്രതിവചിച്ചു:

11 “രണ്ടു വസ്ത്രമുള്ളവന്‍ ഇല്ലാത്തവനു പങ്കുവയ്‍ക്കുക. ആഹാരസാധനങ്ങളുള്ളവരും അങ്ങനെതന്നെ ചെയ്യണം.”

12

ചുങ്കം പിരിക്കുന്നവരില്‍ ചിലരും സ്നാപനം ഏല്‌ക്കുവാന്‍ വന്നു. അവര്‍ ചോദിച്ചു: “ഞങ്ങള്‍ ചെയ്യേണ്ടത് എന്താണ്?”

13

യോഹന്നാന്‍ പറഞ്ഞു: “നിങ്ങള്‍ നിശ്ചിത നിരക്കില്‍ കൂടുതല്‍ നികുതി ഈടാക്കരുത്.”

14

പടയാളികളും തങ്ങള്‍ എന്തു ചെയ്യണമെന്ന് അദ്ദേഹത്തോടു ചോദിച്ചു.

“ബലാല്‍ക്കാരേണയോ, സത്യവിരുദ്ധമായി കുറ്റം ആരോപിച്ചോ, ആരുടെയും മുതല്‍ അപഹരിക്കരുത്. നിങ്ങളുടെ വേതനംകൊണ്ടു തൃപ്തിപ്പെടുക” എന്ന് അദ്ദേഹം മറുപടി നല്‌കി.

15

വീണ്ടെടുപ്പിനുവേണ്ടി കാത്തിരുന്ന ജനങ്ങള്‍ യോഹന്നാനെക്കുറിച്ച് “ഒരുവേള ഇദ്ദേഹം ക്രിസ്തു ആയിരിക്കുമോ?” എന്നു സ്വയം ചോദിച്ചു.

16 യോഹന്നാനാകട്ടെ ഇങ്ങനെ പറഞ്ഞു: “ഞാന്‍ വെള്ളംകൊണ്ടാണു നിങ്ങളെ സ്നാപനം ചെയ്യുന്നത്; എന്നാല്‍ എന്നെക്കാള്‍ ബലമേറിയ ഒരുവന്‍ വന്നു നിങ്ങളെ പരിശുദ്ധാത്മാവിലും അഗ്നിയിലും സ്നാപനം ചെയ്യും. അവിടുത്തെ ചെരുപ്പിന്‍റെ വാറ് അഴിക്കുന്ന അടിമയുടെ യോഗ്യതപോലും എനിക്കില്ല.

17 അവിടുത്തെ കൈയില്‍ വീശുമുറം ഉണ്ട്; കളം വെടിപ്പാക്കി, നല്ല കോതമ്പ് അറപ്പുരയില്‍ സംഭരിക്കുകയും പതിര് കെടാത്ത തീയിലിട്ടു ചുട്ടുകളയുകയും ചെയ്യും.”

18

ഇങ്ങനെയുള്ള ഒട്ടേറെ പ്രബോധനങ്ങള്‍ നല്‌കിക്കൊണ്ടു യോഹന്നാന്‍ സുവിശേഷം പ്രസംഗിച്ചു. സാമന്തരാജാവായ ഹേരോദാ

19 സഹോദരഭാര്യയായ ഹേരോദ്യയുമായി അവിഹിതബന്ധം പുലര്‍ത്തുകയും മറ്റു പല അധര്‍മങ്ങളിലും ഏര്‍പ്പെടുകയും ചെയ്തിരുന്നതുകൊണ്ട് യോഹന്നാന്‍ അദ്ദേഹത്തെ കഠിനമായി ശാസിച്ചു.

20 ഹേരോദാ എല്ലാ അധര്‍മങ്ങളും ചെയ്തതിനു പുറമേ യോഹന്നാനെ കാരാഗൃഹത്തിലാക്കുകയും ചെയ്തു.

21

ജനങ്ങളെല്ലാം സ്നാപനമേറ്റപ്പോള്‍ യേശുവും സ്നാപനം സ്വീകരിച്ചു. യേശു പ്രാര്‍ഥിച്ചുകൊണ്ടിരുന്നപ്പോള്‍ സ്വര്‍ഗം തുറന്നു.

22 പരിശുദ്ധാത്മാവു പ്രാവിന്‍റെ രൂപത്തില്‍ അവിടുത്തെമേല്‍ ഇറങ്ങിവന്നു. സ്വര്‍ഗത്തില്‍നിന്ന് “നീ എന്‍റെ പ്രിയപുത്രന്‍; നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” എന്നൊരു അശരീരിയും ഉണ്ടായി.

23

ഏകദേശം മുപ്പതു വയസ്സായപ്പോഴാണ് യേശു പൊതുരംഗത്തു പ്രവര്‍ത്തനം ആരംഭിച്ചത്. യേശു യോസേഫിന്‍റെ പുത്രനെന്നത്രേ ജനങ്ങള്‍ കരുതിയിരുന്നത്. യോസേഫ് ഹേലിയുടെ പുത്രന്‍;

24 ഹേലി മത്ഥാത്തിന്‍റെ പുത്രന്‍; മത്ഥാത്ത് ലേവിയുടെ പുത്രന്‍; ലേവി മെല്‌ക്കിയുടെ പുത്രന്‍; മെല്‌ക്കി യന്നായിയുടെ പുത്രന്‍; യന്നായി യോസേഫിന്‍റെ പുത്രന്‍;

25 യോസേഫ് മത്തഥ്യൊസിന്‍റെ പുത്രന്‍; മത്തഥ്യൊസ് ആമോസിന്‍റെ പുത്രന്‍; ആമോസ് നാഹൂമിന്‍റെ പുത്രന്‍; നാഹൂം എസ്‍ലിയുടെ പുത്രന്‍; എസ്‍ലി നഗ്ഗായിയുടെ പുത്രന്‍;

26 നഗ്ഗായി മയാത്തിന്‍റെ പുത്രന്‍; മയാത്ത് മത്തഥ്യൊസിന്‍റെ പുത്രന്‍; മത്തഥ്യൊസ് ശെമയിയുടെ പുത്രന്‍; ശെമയി യോസേഫിന്‍റെ പുത്രന്‍; യോസേഫ് യോദയുടെ പുത്രന്‍;

27 യോദ യോഹന്നാന്‍റെ പുത്രന്‍; യോഹന്നാന്‍ രേസയുടെ പുത്രന്‍; രേസ സൊരൊബാബേലിന്‍റെ പുത്രന്‍; സൊരൊബാബേല്‍ ശലഥിയേലിന്‍റെ പുത്രന്‍;

28 ശലഥിയേല്‍ നേരിയുടെ പുത്രന്‍; നേരി മെല്‌ക്കിയുടെ പുത്രന്‍; മെല്‌ക്കി അദ്ദിയുടെ പുത്രന്‍; അദ്ദി കോസാമിന്‍റെ പുത്രന്‍; കോസാം എല്മാദാമിന്‍റെ പുത്രന്‍;

29 എല്മാദാം ഏരിന്‍റെ പുത്രന്‍; ഏര്‍ യോശുവിന്‍റെ പുത്രന്‍; യോശു എലീയേസരിന്‍റെ പുത്രന്‍; എലീയേസര്‍ യോരീമിന്‍റെ പുത്രന്‍; യോരീം മത്ഥാത്തിന്‍റെ പുത്രന്‍; മത്ഥാത്ത് ലേവിയുടെ പുത്രന്‍;

30 ലേവി ശിമ്യോന്‍റെ പുത്രന്‍; ശിമ്യോന്‍ യെഹൂദായുടെ പുത്രന്‍; യെഹൂദാ യോസേഫിന്‍റെ പുത്രന്‍; യോസേഫ് യോനാമിന്‍റെ പുത്രന്‍;

31 യോനാം എല്യാക്കീമിന്‍റെ പുത്രന്‍; എല്യാക്കീം മെല്യാവിന്‍റെ പുത്രന്‍; മെല്യാവ് മെന്നയുടെ പുത്രന്‍; മെന്ന മത്തഥയുടെ പുത്രന്‍; മത്തഥ നാഥാന്‍റെ പുത്രന്‍;

32 നാഥാന്‍ ദാവീദിന്‍റെ പുത്രന്‍; ദാവീദ് യിശ്ശായിയുടെ പുത്രന്‍; യിശ്ശായി ഓബേദിന്‍റെ പുത്രന്‍; ഓബേദ് ബോവസിന്‍റെ പുത്രന്‍; ബോവസ് സല്മോന്‍റെ പുത്രന്‍; സല്മോന്‍ നഹശോന്‍റെ പുത്രന്‍; നഹശോന്‍ അമ്മീനാദാബിന്‍റെ പുത്രന്‍;

33 അമ്മീനാദാബ് ആരാമിന്‍റെ പുത്രന്‍; ആരാം എസ്രോന്‍റെ പുത്രന്‍; എസ്രോന്‍ പാരെസിന്‍റെ പുത്രന്‍; പാരെസ് യെഹൂദായുടെ പുത്രന്‍;

34 യെഹൂദാ യാക്കോബിന്‍റെ പുത്രന്‍; യാക്കോബ് ഇസ്ഹാക്കിന്‍റെ പുത്രന്‍; ഇസ്ഹാക്ക് അബ്രഹാമിന്‍റെ പുത്രന്‍; അബ്രഹാം തേരഹിന്‍റെ പുത്രന്‍;

35 തേരഹ് നാഹോരിന്‍റെ പുത്രന്‍; നാഹോര്‍ സെരൂഗിന്‍റെ പുത്രന്‍; സെരൂഗ് രെഗുവിന്‍റെ പുത്രന്‍; രെഗു ഫാലെഗിന്‍റെ പുത്രന്‍; ഫാലെഗ് ഏബെരിന്‍റെ പുത്രന്‍; ഏബെര്‍ ശലാമിന്‍റെ പുത്രന്‍; ശലാം കയിനാന്‍റെ പുത്രന്‍;

36 കയിനാന്‍ അര്‍ഫക്സാദിന്‍റെ പുത്രന്‍; അര്‍ഫക്സാദ് ശേമിന്‍റെ പുത്രന്‍; ശേം നോഹയുടെ പുത്രന്‍;

37 നോഹ ലാമേക്കിന്‍റെ പുത്രന്‍; ലാമേക്ക് മെഥൂശലയുടെ പുത്രന്‍; മെഥൂശല ഹാനോക്കിന്‍റെ പുത്രന്‍; ഹാനോക്ക് യാരെദിന്‍റെ പുത്രന്‍; യാരെദ് മെലെല്യേലിന്‍റെ പുത്രന്‍; മെലെല്യേല്‍ കയിനാന്‍റെ പുത്രന്‍;

38 കയിനാന്‍ ഏനോശിന്‍റെ പുത്രന്‍; ഏനോശ് ശേത്തിന്‍റെ പുത്രന്‍; ശേത്ത് ആദാമിന്‍റെ പുത്രന്‍; ആദാം ദൈവത്തിന്‍റെ പുത്രന്‍.

4

1

പരിശുദ്ധാത്മാവിനാല്‍ പരിപൂരിതനായി യേശു യോര്‍ദ്ദാനില്‍നിന്നു തിരിച്ചു പോയി. ആത്മാവ് അവിടുത്തെ വിജനപ്രദേശത്തേക്കു നയിച്ചു.

2 അവിടെ നാല്പതു ദിവസം പിശാച് യേശുവിനെ പരീക്ഷിച്ചു. ആ സമയം മുഴുവനും അവിടുന്ന് ഒന്നും ഭക്ഷിച്ചില്ല. അതു കഴിഞ്ഞപ്പോള്‍ അവിടുത്തേക്ക് വിശന്നു.

3

അപ്പോള്‍ പിശാച് അവിടുത്തോടു പറഞ്ഞു: “അങ്ങു ദൈവപുത്രനാണെങ്കില്‍ ഈ കല്ലിനോട് അപ്പമായിത്തീരുവാന്‍ കല്പിക്കുക.”

4

യേശുവാകട്ടെ: “മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നത് എന്നു വിശുദ്ധഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ” എന്നു പ്രതിവചിച്ചു.

5

പിന്നീടു പിശാച് ഉയര്‍ന്ന ഒരു സ്ഥലത്തേക്ക് യേശുവിനെ കൂട്ടിക്കൊണ്ടുപോയി; ക്ഷണനേരംകൊണ്ടു ലോകത്തിലെ സകല രാജ്യങ്ങളും കാണിച്ചുകൊടുത്തു.

6 “ഈ സകല അധികാരവും പ്രതാപവും ഞാന്‍ താങ്കള്‍ക്കു നല്‌കാം; ഇവയെല്ലാം എന്നെ ഏല്പിച്ചിരിക്കുന്നു; എനിക്കു മനസ്സുള്ളവന് ഇവ കൊടുക്കുന്നു.

7 എന്നെ ആരാധിക്കുകയാണെങ്കില്‍ ഇവയെല്ലാം താങ്കളുടേതാകും” എന്നു പിശാചു പറഞ്ഞു.

8

യേശു അതിനു മറുപടിയായി: “നിന്‍റെ ദൈവമായ കര്‍ത്താവിനെ നമസ്കരിക്കുക; അവിടുത്തെ മാത്രമേ ആരാധിക്കാവൂ എന്നാണല്ലോ എഴുതിയിരിക്കുന്നത്” എന്നു പറഞ്ഞു.

9

അനന്തരം പിശാച് യേശുവിനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടുപോയി; ദേവാലയത്തിന്‍റെ മുകളില്‍ ഏറ്റവും ഉയരംകൂടിയ സ്ഥാനത്തു നിറുത്തിക്കൊണ്ടു പറഞ്ഞു:

10 “അങ്ങു ദൈവപുത്രനാണെങ്കില്‍ ഇവിടെനിന്നു താഴേക്കു ചാടുക; ‘നിന്നെ സംരക്ഷിക്കുവാന്‍ ദൂതന്മാരോടു ദൈവം ആജ്ഞാപിക്കും;

11 നിന്‍റെ പാദം കല്ലില്‍ തട്ടാത്തവിധം അവര്‍ തങ്ങളുടെ കൈകളില്‍ താങ്ങിക്കൊള്ളും’ എന്ന് എഴുതിയിട്ടുണ്ടല്ലോ.”

12 യേശു മറുപടി നല്‌കി: “നിന്‍റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത് എന്നും വിശുദ്ധഗ്രന്ഥത്തില്‍ പറയുന്നുണ്ട്.”

13

ഇങ്ങനെ സകല പ്രലോഭനങ്ങളും പ്രയോഗിച്ചശേഷം പിശാചു തല്‌ക്കാലം യേശുവിനെ വിട്ടുമാറി.

14

യേശു പരിശുദ്ധാത്മാവിന്‍റെ ചൈതന്യത്തോടുകൂടി ഗലീലയില്‍ തിരിച്ചെത്തി. ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം അവിടുത്തെപ്പറ്റിയുള്ള ശ്രുതി പരന്നു.

15 അവിടുന്ന് അവരുടെ സുനഗോഗുകളില്‍ പോയി പഠിപ്പിച്ചു. എല്ലാവരും അവിടുത്തെ പ്രകീര്‍ത്തിച്ചു.

16

[16,17] അങ്ങനെ യേശു വളര്‍ന്ന നസറെത്തില്‍ ചെന്ന്, പതിവുപോലെ ശബത്തുദിവസം സുനഗോഗില്‍ പോയി. വേദപാരായണത്തിനായി എഴുന്നേറ്റു നിന്നപ്പോള്‍ യെശയ്യാപ്രവാചകന്‍റെ ഗ്രന്ഥച്ചുരുള്‍ അവിടുത്തെ കൈയില്‍ കൊടുത്തു. ചുരുള്‍ തുറന്നപ്പോള്‍ താഴെപ്പറയുന്ന ഭാഗം കണ്ടു:

17

18

“ദരിദ്രരോടു സദ്‍വാര്‍ത്ത ഘോഷിക്കുവാന്‍
ദൈവം എന്നെ അഭിഷേകം ചെയ്തിരിക്കുകയാല്‍
അവിടുത്തെ ആത്മാവ് എന്‍റെമേല്‍ ആവസിക്കുന്നു;
തടവുകാര്‍ക്ക് വിടുതല്‍ പ്രഖ്യാപനം ചെയ്യുവാനും,
അന്ധന്മാര്‍ക്കു കാഴ്ച നല്‌കുവാനും, പീഡിതരെ സ്വതന്ത്രരാക്കുവാനും,

19
ദൈവം തന്‍റെ ജനത്തെ വീണ്ടെടുക്കുന്ന വര്‍ഷം വിളംബരം ചെയ്യുവാനും,
അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.”

20

അനന്തരം യേശു ഗ്രന്ഥം ചുരുട്ടി ശുശ്രൂഷകനെ തിരിച്ചേല്പിച്ചശേഷം ഇരുന്നു; അവിടെ കൂടിയിരുന്ന എല്ലാവരുടെയും കണ്ണുകള്‍ അവിടുത്തെ നോക്കിയിരുന്നു.

21 അവിടുന്ന് അവരോട് ഇപ്രകാരം പ്രസ്താവിച്ചു: “ഞാന്‍ വായിച്ച ഈ വേദഭാഗം നിങ്ങള്‍ കേട്ടപ്പോള്‍ത്തന്നെ അതു സംഭവിച്ചിരിക്കുന്നു.”

22

എല്ലാവരും അവിടുത്തെ പ്രശംസിച്ചു സംസാരിച്ചു. അവിടുത്തെ അധരങ്ങളില്‍നിന്നു നിര്‍ഗമിച്ച ഹൃദ്യമായ വാക്കുകള്‍ അവരെ അദ്ഭുതപ്പെടുത്തി. “ഇയാള്‍ യോസേഫിന്‍റെ മകന്‍ തന്നെ അല്ലേ?” എന്ന് അവര്‍ ചോദിച്ചു.

23

യേശു അവരോടു: “വൈദ്യാ, നീ നിന്നെത്തന്നെ സുഖപ്പെടുത്തുക’ എന്ന പഴമൊഴി ഉദ്ധരിച്ചുകൊണ്ട് ‘കഫര്‍ന്നഹൂമില്‍ താങ്കള്‍ ചെയ്തതായി ഞങ്ങള്‍ കേട്ടിരിക്കുന്നതെല്ലാം താങ്കളുടെ സ്വന്തം നാടായ ഇവിടെയും ചെയ്യുക’ എന്നു നിങ്ങള്‍ നിശ്ചയമായും എന്നോടാവശ്യപ്പെടും.

24 എന്നാല്‍ ഒരു പ്രവാചകനും സ്വന്തനാട്ടില്‍ സുസമ്മതനായിരിക്കുകയില്ല എന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു.”

25

“ഒരു വസ്തുത ഞാന്‍ പറയട്ടെ: ഏലീയായുടെ കാലത്തു മൂന്നര വര്‍ഷം മഴയില്ലാതെ നാട്ടിലെങ്ങും കഠിനമായ ക്ഷാമമുണ്ടായി. അന്ന് ഇസ്രായേലില്‍ ധാരാളം വിധവമാര്‍ ഉണ്ടായിരുന്നെങ്കിലും ഏലീയായെ അവരുടെ ആരുടെയും അടുക്കലേക്കയയ്‍ക്കാതെ

26 സീദോനിലെ സരെപ്തയിലുള്ള ഒരു വിധവയുടെ അടുക്കലേക്കു മാത്രമാണു ദൈവം അയച്ചത്.

27 എലിശാപ്രവാചകന്‍റെ കാലത്ത് ഇസ്രായേലില്‍ അനേകം കുഷ്ഠരോഗികളുണ്ടായിരുന്നെങ്കിലും സിറിയക്കാരനായ നയമാന്‍ മാത്രമേ സുഖം പ്രാപിച്ചുള്ളൂ.”

28

ഇതു കേട്ടപ്പോള്‍ സുനഗോഗിലുണ്ടായിരുന്നവരെല്ലാം കോപാക്രാന്തരായി.

29 അവര്‍ ചാടി എഴുന്നേറ്റ് അവിടുത്തെ പിടിച്ചു പട്ടണത്തിനു പുറത്താക്കി. ആ പട്ടണം നിര്‍മിച്ചിരുന്നത് ഒരു കുന്നിന്‍പുറത്തായിരുന്നു. അവിടുത്തെ ആ കുന്നിന്‍റെ നിറുകയില്‍നിന്ന് തള്ളിയിടുവാനായിരുന്നു അവരുടെ ശ്രമം.

30 പക്ഷേ അവിടുന്ന് അവരുടെ ഇടയില്‍ക്കൂടി കടന്നു തന്‍റെ വഴിക്കു പോയി.

31

ഗലീലയിലെ ഒരു നഗരമായ കഫര്‍ന്നഹൂമിലേക്കാണ് യേശു പിന്നീടു പോയത്. ശബത്തുതോറും അവിടുന്നു സുനഗോഗിലെത്തി ജനങ്ങളെ പഠിപ്പിച്ചുവന്നു.

32 അവിടുത്തെ വചനം അധികാരത്തോടുകൂടിയായിരുന്നതിനാല്‍ അവിടുത്തെ പ്രബോധനം കേട്ട് അവര്‍ വിസ്മയിച്ചു.

33 സുനഗോഗില്‍ ദുഷ്ടാത്മാവു ബാധിച്ച ഒരു മനുഷ്യനുണ്ടായിരുന്നു. അയാള്‍ ഉച്ചത്തില്‍ നിലവിളിച്ചു:

34 “നസറായനായ യേശുവേ ഞങ്ങളെ എന്തിന് ഉപദ്രവിക്കുന്നു? ഞങ്ങളെ നശിപ്പിക്കുവാനാണോ അങ്ങു വന്നിരിക്കുന്നത്? അങ്ങ് ആരാണെന്ന് എനിക്കറിയാം. ദൈവം അയച്ച പരിശുദ്ധന്‍ തന്നെ.”

35

യേശു ദുഷ്ടാത്മാവിനെ ശാസിച്ചുകൊണ്ട്: “മിണ്ടരുത്! ഈ മനുഷ്യനെ വിട്ടു പുറത്തുപോകൂ!” എന്നു പറഞ്ഞു. ദുഷ്ടാത്മാവ് അവനെ അവരുടെ മധ്യത്തില്‍ തള്ളിയിട്ടശേഷം ഒരുപദ്രവവും വരുത്താതെ അവനെ വിട്ടു പോയി.

36

എല്ലാവരും അമ്പരന്നു. “ഇതെന്തൊരു കല്പന! അധികാരത്തോടും ശക്തിയോടുംകൂടി അവിടുന്നു ദുഷ്ടാത്മാക്കളോട് ആജ്ഞാപിക്കുന്നു. അവ അനുസരിക്കുകയും ചെയ്യുന്നു” എന്ന് അവര്‍ അന്യോന്യം പറഞ്ഞു.

37

യേശുവിനെപ്പറ്റിയുള്ള ശ്രുതി ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം പരന്നു.

38

യേശു സുനഗോഗില്‍ നിന്നിറങ്ങി ശിമോന്‍റെ ഭവനത്തിലെത്തി. ശിമോന്‍റെ ഭാര്യാമാതാവ് കഠിനമായ ജ്വരം ബാധിച്ചു കിടക്കുകയായിരുന്നു.

39 ആ രോഗിണിയെക്കുറിച്ച് അവര്‍ യേശുവിനോടു പറഞ്ഞു. അവിടുന്ന് ആ സ്‍ത്രീയുടെ അടുത്തുചെന്ന് അവരുടെ പനിയെ ശാസിച്ചു; പനി വിട്ടുമാറി. ഉടനെ അവര്‍ എഴുന്നേറ്റ് എല്ലാവരെയും പരിചരിച്ചു.

40

ശബത്തു കഴിഞ്ഞ് സൂര്യാസ്തമയമായപ്പോള്‍ നാനാവിധ രോഗങ്ങള്‍ ബാധിച്ചവരെ അവിടുത്തെ അടുത്തു കൊണ്ടുവന്നു. അവിടുന്ന് ഓരോരുത്തരുടെയുംമേല്‍ കൈകള്‍ വച്ച് അവരെ സുഖപ്പെടുത്തി.

41 “അങ്ങു ദൈവത്തിന്‍റെ പുത്രന്‍തന്നെ” എന്ന് അട്ടഹസിച്ചുകൊണ്ട് പലരില്‍നിന്നും ഭൂതങ്ങള്‍ ഒഴിഞ്ഞുപോയി. എന്നാല്‍ യേശു അവയെ ശാസിച്ചു. അവിടുന്നു ക്രിസ്തുതന്നെയാണെന്നു ദുഷ്ടാത്മാക്കള്‍ക്കു ബോധ്യപ്പെട്ടതിനാല്‍ സംസാരിക്കുവാന്‍ അവരെ അവിടുന്ന് അനുവദിച്ചില്ല.

42

പിറ്റേദിവസം പ്രഭാതമായപ്പോള്‍ യേശു ഒരു വിജനസ്ഥലത്തേക്കു പോയി. ജനങ്ങള്‍ അവിടുത്തെ അന്വേഷിച്ചു പുറപ്പെട്ടു. കണ്ടെത്തിയപ്പോള്‍ തങ്ങളെ വിട്ടുപോകരുതെന്ന് അവര്‍ അവിടുത്തെ നിര്‍ബന്ധിച്ചു.

43 അപ്പോള്‍ അവിടുന്നു പറഞ്ഞു: “ദൈവരാജ്യത്തെപ്പറ്റിയുള്ള സദ്‍വാര്‍ത്ത മറ്റുപട്ടണങ്ങളിലും എനിക്കു അറിയിക്കേണ്ടതുണ്ട്. അതിനുവേണ്ടിയാണല്ലോ ദൈവം എന്നെ അയച്ചിരിക്കുന്നത്.”

44

അങ്ങനെ ആ നാട്ടിലെങ്ങുമുള്ള സുനഗോഗുകളില്‍ യേശു പ്രഭാഷണം നടത്തിവന്നു.

5

1

ഒരു ദിവസം യേശു ഗന്നേസരെത്ത് തടാകത്തിന്‍റെ തീരത്തു നില്‌ക്കുകയായിരുന്നു. ജനം ദൈവവചനം കേള്‍ക്കുവാന്‍ അവിടുത്തെ ചുറ്റും തിങ്ങിക്കൂടി.

2 അപ്പോള്‍ രണ്ടു വഞ്ചി കരയ്‍ക്കടുത്തുകിടക്കുന്നത് യേശു കണ്ടു. മീന്‍പിടിത്തക്കാര്‍ ആ വഞ്ചികളില്‍ നിന്നിറങ്ങി വല കഴുകുകയായിരുന്നു.

3 ഒരു വഞ്ചി ശിമോന്‍റേതായിരുന്നു. യേശു അതില്‍ കയറിയശേഷം കരയ്‍ക്കുനിന്നു വഞ്ചി അല്പം തള്ളിനീക്കുവാന്‍ ശിമോനോടു പറഞ്ഞു. അതിലിരുന്നുകൊണ്ട് അവിടുന്നു ജനങ്ങളെ പ്രബോധിപ്പിച്ചു.

4

അതിനുശേഷം ആഴമുള്ളിടത്തേക്കു വഞ്ചി നീക്കി വലയിറക്കുവാന്‍ യേശു ശിമോനോടു പറഞ്ഞു.

5

“ഗുരോ, രാത്രി മുഴുവന്‍ ഞങ്ങള്‍ കഠിനമായി അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല. എങ്കിലും അങ്ങയുടെ വാക്കനുസരിച്ചു ഞാന്‍ വലയിറക്കാം” എന്നു ശിമോന്‍ പറഞ്ഞു.

6 അവര്‍ വലയിറക്കി. വല കീറിപ്പോകുമാറ് ഒരു വലിയ മീന്‍കൂട്ടം അതിലകപ്പെട്ടു.

7 അവര്‍ സഹായത്തിനുവേണ്ടി മറ്റേ വഞ്ചിയിലുള്ള കൂട്ടുകാരെ മാടിവിളിച്ചു. അവര്‍ വന്നു രണ്ടു വഞ്ചികളും മുങ്ങാറാകുവോളം മീന്‍ നിറച്ചു.

8 ശിമോന്‍ പത്രോസ് ഇതു കണ്ട് യേശുവിന്‍റെ കാല്‌ക്കല്‍ സാഷ്ടാംഗം വീണ്: “കര്‍ത്താവേ, ഞാന്‍ പാപിയായ മനുഷ്യന്‍; എന്നെ വിട്ടുപോയാലും” എന്നു പറഞ്ഞു.

9

[9,10] അന്നത്തെ മീന്‍പിടിത്തത്തില്‍ ശിമോനും കൂടെയുണ്ടായിരുന്നവരും, ശിമോന്‍റെ പങ്കാളികളായ യാക്കോബും യോഹന്നാനും സംഭ്രമിച്ചു. യാക്കോബും യോഹന്നാനും സെബദിയുടെ മക്കളായിരുന്നു. യേശു ശിമോനോട്: “ഭയപ്പെടേണ്ടാ; ഇന്നുമുതല്‍ നീ മനുഷ്യരെ പിടിക്കുന്നവനാകും” എന്നു പറഞ്ഞു.

10

11

അവര്‍ വഞ്ചികള്‍ കരയ്‍ക്കടുപ്പിച്ചശേഷം സര്‍വസ്വവും ഉപേക്ഷിച്ചു യേശുവിനെ അനുഗമിച്ചു.

12

ഒരു ദിവസം യേശു ഒരു പട്ടണത്തില്‍ ചെന്നപ്പോള്‍ ശരീരം ആസകലം കുഷ്ഠരോഗം ബാധിച്ച ഒരാള്‍ അവിടുത്തെ അടുക്കല്‍ വന്നു. അയാള്‍ സാഷ്ടാംഗം വീണു നമസ്കരിച്ചുകൊണ്ട്: “കര്‍ത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കില്‍ എന്നെ സുഖപ്പെടുത്തുവാന്‍ കഴിയും” എന്നു പറഞ്ഞു.

13

അപ്പോള്‍ യേശു കൈ നീട്ടി അയാളെ തൊട്ടുകൊണ്ടു പറഞ്ഞു: “എനിക്കു മനസ്സുണ്ട്, നീ സുഖം പ്രാപിക്കുക.” തല്‍ക്ഷണം കുഷ്ഠരോഗം ആ മനുഷ്യനെ വിട്ടുമാറി.

14 “ഇക്കാര്യം ആരോടും പറയരുത്; എന്നാല്‍ പുരോഹിതന്‍റെ അടുക്കല്‍ ചെന്നു നിന്നെത്തന്നെ കാണിച്ച് എല്ലാവരെയും ബോധ്യപ്പെടുത്തുന്നതിനായി മോശ കല്പിച്ചിട്ടുള്ളപ്രകാരം ശുദ്ധീകരണത്തിനുള്ള വഴിപാട് അര്‍പ്പിക്കുക” എന്ന് അവിടുന്ന് നിഷ്കര്‍ഷിച്ചു.

15

എങ്കിലും യേശുവിനെക്കുറിച്ചുള്ള ഈ വാര്‍ത്ത നാട്ടിലെങ്ങും പരന്നു. അവിടുത്തെ പ്രബോധനം കേള്‍ക്കുവാനും രോഗശാന്തി ലഭിക്കുവാനും വലിയ ജനസഞ്ചയങ്ങള്‍ വന്നുകൊണ്ടിരുന്നു.

16 അവിടുന്നാകട്ടെ പ്രാര്‍ഥിക്കുവാന്‍ വിജനസ്ഥലങ്ങളിലേക്കു മാറിപ്പോകുമായിരുന്നു.

17

ഒരിക്കല്‍ യേശു പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. യെഹൂദ്യയിലും ഗലീലയിലുമുള്ള എല്ലാ ഗ്രാമങ്ങളില്‍നിന്നും യെരൂശലേമില്‍നിന്നും പരീശന്മാരും മതോപദേഷ്ടാക്കളും അവിടെ വന്നുകൂടി. രോഗങ്ങള്‍ ശമിപ്പിക്കുന്നതിനുള്ള ദൈവശക്തി യേശുവിന് ഉണ്ടായിരുന്നു.

18 ചിലര്‍ ഒരു പക്ഷവാതരോഗിയെ കിടക്കയില്‍ എടുത്തുകൊണ്ടുവന്ന് യേശുവിന്‍റെ മുമ്പില്‍ എത്തിക്കുവാന്‍ ശ്രമിച്ചു.

19 പക്ഷേ, ജനങ്ങളുടെ തിരക്കുമൂലം അകത്തേക്കു കൊണ്ടുചെല്ലുവാന്‍ കഴിഞ്ഞില്ല. മറ്റൊരു മാര്‍ഗവും കാണാഞ്ഞതുകൊണ്ട് അവര്‍ മുകളില്‍ കയറി മട്ടുപ്പാവു പൊളിച്ച് രോഗിയെ കിടക്കയോടെ ഇറക്കി അവിടുത്തെ മുമ്പില്‍ വച്ചു.

20 യേശു അവരുടെ വിശ്വാസം കണ്ടപ്പോള്‍ “സ്നേഹിതാ, നിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു” എന്നു പറഞ്ഞു.

21

അപ്പോള്‍ പരീശന്മാരും മതപണ്ഡിതന്മാരും “ദൈവദൂഷണം പറയുന്ന ഇവന്‍ ആര്? പാപങ്ങള്‍ ക്ഷമിക്കുവാന്‍ ദൈവത്തിനല്ലാതെ മറ്റാര്‍ക്കാണു കഴിയുക?” എന്നിങ്ങനെ ചിന്തിച്ചുതുടങ്ങി.

22

യേശു അവരുടെ മനോഗതം മനസ്സിലാക്കി. “നിങ്ങള്‍ എന്താണ് ചിന്തിക്കുന്നത്?

23 നിന്‍റെ പാപങ്ങള്‍ മോചിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ, ഏതാണ് എളുപ്പം?

24 മനുഷ്യപുത്രനു ഭൂമിയില്‍ പാപങ്ങള്‍ മോചിക്കുവാന്‍ അധികാരമുണ്ടെന്നു നിങ്ങള്‍ മനസ്സിലാക്കണം” എന്ന് യേശു അവരോടു പറഞ്ഞു. അനന്തരം അവിടുന്ന് പക്ഷവാതരോഗിയോട് ആജ്ഞാപിച്ചു: “ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേറ്റു കിടക്കയെടുത്തു വീട്ടിലേക്കു പോകുക.”

25

ഉടനെ ആ മനുഷ്യന്‍ അവരുടെ മുമ്പില്‍ എഴുന്നേറ്റു നിന്നു. അയാള്‍ കിടക്കയെടുത്തു ദൈവത്തെ പ്രകീര്‍ത്തിച്ചുകൊണ്ടു സ്വഭവനത്തിലേക്കു പോയി. എല്ലാവരും വിസ്മയഭരിതരായി ദൈവത്തെ സ്തുതിച്ചു. അവരുടെ ഉള്ളില്‍ ഭയം നിറഞ്ഞു.

26 “എന്തൊരു അവിശ്വസനീയമായ സംഗതിയാണ് ഇന്നു നാം കണ്ടത്” എന്ന് അവര്‍ അന്യോന്യം പറഞ്ഞു.

27

പിന്നീടു യാത്രാമധ്യേ ചുങ്കം പിരിവുകാരനായ ലേവി അയാളുടെ ജോലിസ്ഥലത്ത് ഇരിക്കുന്നതു യേശു കണ്ടു. “എന്നെ അനുഗമിക്കുക” എന്ന് അവിടുന്ന് ലേവിയോടു പറഞ്ഞു.

28 അയാള്‍ എല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു.

29

യേശുവിനുവേണ്ടി ലേവി തന്‍റെ വീട്ടില്‍ ഒരു വലിയ വിരുന്നൊരുക്കി. ചുങ്കംപിരിവുകാരും മറ്റുമായി ഒട്ടുവളരെ ആളുകള്‍ യേശുവിനോടുകൂടി ഭക്ഷണം കഴിക്കുവാനിരുന്നു.

30 പരീശന്മാരും മതപണ്ഡിതന്മാരും ശിഷ്യന്മാരോടു പിറുപിറുത്തുകൊണ്ട്: “ചുങ്കക്കാരോടും മതനിഷ്ഠയില്ലാത്തവരോടുംകൂടി ഇരുന്നു നിങ്ങള്‍ ഭക്ഷണം കഴിക്കുന്നത് എന്തുകൊണ്ട്?” എന്നു ചോദിച്ചു.

31

യേശു പ്രതിവചിച്ചു: “ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണു വൈദ്യനെക്കൊണ്ട് ആവശ്യം.

32 പുണ്യവാന്മാരെ വിളിക്കുവാനല്ല, പാപികളെ അവരുടെ പാപത്തില്‍നിന്നു പിന്തിരിപ്പിക്കുവാനാണു ഞാന്‍ വന്നത്.”

33

അവര്‍ പറഞ്ഞു: “യോഹന്നാന്‍റെ ശിഷ്യന്മാര്‍ കൂടെക്കൂടെ ഉപവസിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു; അങ്ങനെതന്നെ പരീശന്മാരുടെ ശിഷ്യന്മാരും ചെയ്യുന്നു. താങ്കളുടെ ശിഷ്യന്മാരാകട്ടെ ഉപവസിക്കാതെ തിന്നുകയും കുടിക്കുകയും ചെയ്യുന്നുവല്ലോ!”

34

അതിന് യേശു: “മണവാളന്‍ കൂടെയുള്ളപ്പോള്‍ കല്യാണത്തിനു വന്ന അതിഥികളെക്കൊണ്ട് ഉപവസിപ്പിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുമോ?

35 മണവാളനെ അവരില്‍നിന്നു നീക്കുന്ന സമയം വരും. അക്കാലത്ത് അവര്‍ ഉപവസിക്കും” എന്നു മറുപടി നല്‌കി.

36

ഒരു ദൃഷ്ടാന്തവും അവിടുന്ന് അവരോടു പറഞ്ഞു: “ആരും പുതിയ വസ്ത്രത്തിന്‍റെ ഒരു കഷണം കീറിയെടുത്തു പഴയ വസ്ത്രത്തോടു ചേര്‍ത്തു തുന്നുകയില്ല. അങ്ങനെ ചെയ്താല്‍ പുതിയ വസ്ത്രം കീറിക്കളയുന്നു എന്നു മാത്രമല്ല, പുതിയ കഷണം പഴയതിനോടു ചേരാതിരിക്കുകയും ചെയ്യും.

37 അതുപോലെതന്നെ പുതുവീഞ്ഞ് ആരും പഴയ തോല്‌ക്കുടങ്ങളില്‍ പകര്‍ന്നു വയ്‍ക്കാറില്ല. അങ്ങനെ ചെയ്താല്‍ പുതുവീഞ്ഞു തോല്‌ക്കുടം പൊളിച്ച് ഒഴുകിപ്പോകും; കുടവും നശിക്കും.

38 പുതുവീഞ്ഞു പുതിയ തോല്‌ക്കുടത്തില്‍ത്തന്നെ പകര്‍ന്നു വയ്‍ക്കണം.

39 പഴയ വീഞ്ഞു കുടിച്ചു ശീലിച്ച ആരുംതന്നെ പുതുവീഞ്ഞ് ഇഷ്ടപ്പെടുകയില്ല; പഴയതുതന്നെയാണു മെച്ചം എന്നു പറയും.”

6

1

ഒരു ശബത്തുദിവസം യേശു വിളഭൂമിയില്‍കൂടി കടന്നുപോകുകയായിരുന്നു. ശിഷ്യന്മാര്‍ കതിരു പറിച്ചു കൈയില്‍വച്ചു തിരുമ്മിത്തിന്നു.

2 “ശബത്തില്‍ ചെയ്തുകൂടാത്തതു നിങ്ങള്‍ ചെയ്യുന്നതെന്തുകൊണ്ട്?” എന്നു ചില പരീശന്മാര്‍ ചോദിച്ചു.

3 യേശു അതിനു മറുപടിയായി “ദാവീദിനും അനുയായികള്‍ക്കും വിശന്നപ്പോള്‍ എന്താണു ചെയ്തതെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ?

4 അദ്ദേഹം ദേവാലയത്തില്‍ ചെന്നു പുരോഹിതന്മാരല്ലാതെ മറ്റാരും തിന്നുകൂടാത്ത കാഴ്ചയപ്പം എടുത്തു ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവര്‍ക്കു കൊടുക്കുകയും ചെയ്തില്ലേ?

5 മനുഷ്യപുത്രന്‍ ശബത്തിന്‍റെയും അധീശനാണ്” എന്നു പറഞ്ഞു.

6

മറ്റൊരു ശബത്തുനാളില്‍ യേശു സുനഗോഗില്‍ പോയി പഠിപ്പിച്ചു. വലംകൈ ശോഷിച്ച ഒരു മനുഷ്യന്‍ അവിടെയുണ്ടായിരുന്നു.

7 ശബത്തില്‍ യേശു അയാളെ സുഖപ്പെടുത്തുമോ എന്നു മതപണ്ഡിതന്മാരും പരീശന്മാരും ശ്രദ്ധിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തില്‍ കുറ്റം ആരോപിക്കുവാന്‍ കാരണം അന്വേഷിക്കുകയായിരുന്നു അവര്‍.

8 യേശു അവരുടെ മനോഗതം മനസ്സിലാക്കി കൈ ശോഷിച്ച ആ മനുഷ്യനോട്: “എഴുന്നേറ്റു നടുവിലേക്കു മാറി നില്‌ക്കുക” എന്നു പറഞ്ഞു. അയാള്‍ എഴുന്നേറ്റു നിന്നു.

9 യേശു അവരോടു പറഞ്ഞു: “ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ: ശബത്തുദിവസം നന്മ ചെയ്യുകയോ തിന്മ ചെയ്യുകയോ ജീവനെ രക്ഷിക്കുകയോ നശിപ്പിക്കുകയോ ഏതാണു ശരി?”

10 അനന്തരം അവരെയെല്ലാം ചുറ്റും നോക്കിയശേഷം ആ മനുഷ്യനോടു കൈ നീട്ടുക എന്നാജ്ഞാപിച്ചു. അയാള്‍ അപ്രകാരം ചെയ്തു. തല്‍ക്ഷണം അയാളുടെ കൈ സുഖംപ്രാപിച്ചു.

11 അവര്‍ക്കു കഠിനമായ അമര്‍ഷം ഉണ്ടായി. യേശുവിനെ എന്തു ചെയ്യണമെന്ന് അവര്‍ അന്യോന്യം ആലോചിച്ചു.

12

അന്നൊരിക്കല്‍ യേശു പ്രാര്‍ഥിക്കുവാന്‍ ഒരു മലയിലേക്കു പോയി.

13 രാത്രിമുഴുവന്‍ അവിടുന്നു പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. പ്രഭാതമായപ്പോള്‍ അവിടുന്നു തന്‍റെ അനുയായികളെ വിളിച്ചുകൂട്ടി;

14 [14-16] താഴെപ്പറയുന്ന പന്ത്രണ്ടുപേരെ അവരില്‍നിന്നു തിരഞ്ഞെടുത്ത് അപ്പോസ്തോലന്മാര്‍ എന്നു നാമകരണം ചെയ്തു: ശിമോന്‍ (ഇദ്ദേഹത്തെ പത്രോസ് എന്നു യേശു വിളിച്ചു), അദ്ദേഹത്തിന്‍റെ സഹോദരന്‍ അന്ത്രയാസ്, യാക്കോബ്, യോഹന്നാന്‍, ഫീലിപ്പോസ്, ബര്‍ത്തൊലൊമായി, മത്തായി, തോമസ്, അല്ഫായിയുടെ മകന്‍ യാക്കോബ്, തീവ്രവാദിയായി അറിയപ്പെട്ടിരുന്ന ശിമോന്‍, യാക്കോബിന്‍റെ മകന്‍ യൂദാസ്, ഒറ്റുകാരനായിത്തീര്‍ന്ന യൂദാസ് ഈസ്കരിയോത്ത്.

15

16

17

അനന്തരം യേശു അവരോടുകൂടി മലയില്‍ നിന്നിറങ്ങി സമതലത്തു വന്നു. ശിഷ്യന്മാരുടെ ഒരു വലിയ സമൂഹം അവിടെയുണ്ടായിരുന്നു. യെരൂശലേമില്‍ നിന്നുള്ളവരെ കൂടാതെ യെഹൂദ്യയുടെ നാനാഭാഗങ്ങളില്‍നിന്നും സമുദ്രതീരത്തുള്ള സോര്‍, സീദോന്‍ പ്രദേശങ്ങളില്‍നിന്നും യേശുവിന്‍റെ പ്രബോധനം കേള്‍ക്കുവാനും രോഗശാന്തി ലഭിക്കുവാനുമായി ഒരു വലിയ ജനതതി വന്നുകൂടി.

18 അശുദ്ധാത്മാക്കള്‍ ബാധിച്ചു വലഞ്ഞവര്‍ സുഖംപ്രാപിച്ചു.

19 യേശുവില്‍നിന്ന് ദിവ്യശക്തി പുറപ്പെട്ട് എല്ലാ രോഗികളെയും സുഖപ്പെടുത്തി വന്നു. അതുകൊണ്ട് അവിടുത്തെ ഒന്നു തൊടുവാന്‍ ആള്‍ക്കൂട്ടത്തിന്‍റെ ഇടയില്‍ വലിയ തിരക്കുണ്ടായി.

20

യേശു ശിഷ്യന്മാരെ നോക്കിക്കൊണ്ട് ഇപ്രകാരം അരുള്‍ചെയ്തു:

“ദരിദ്രരായ നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവര്‍;
ദൈവരാജ്യം നിങ്ങള്‍ക്കുള്ളതാകുന്നു!

21
ഇപ്പോള്‍ വിശക്കുന്നവരായ നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവര്‍;
നിങ്ങള്‍ സംതൃപ്തരാകും!
ഇപ്പോള്‍ കരയുന്നവരായ നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവര്‍;
നിങ്ങള്‍ ചിരിക്കും!

22
മനുഷ്യപുത്രനെ അനുഗമിക്കുന്നതിനാല്‍
നിങ്ങളെ മറ്റുള്ളവര്‍ ദ്വേഷിക്കുകയും ഭ്രഷ്ടരാക്കുകയും നിന്ദിക്കുകയും
നികൃഷ്ടരെന്നവിധം നിരാകരിക്കുകയും ചെയ്യുമ്പോള്‍
നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവര്‍;

23
അന്നു നിങ്ങള്‍ ആഹ്ലാദിച്ചു തുള്ളിച്ചാടുക;
എന്തെന്നാല്‍ സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതാണ്:
അവരുടെ പിതാക്കന്മാരും പ്രവാചകന്മാരോട്
അങ്ങനെതന്നെയാണല്ലോ വര്‍ത്തിച്ചിട്ടുള്ളത്.

24
എന്നാല്‍ സമ്പന്നരേ, നിങ്ങള്‍ക്കു ഹാ കഷ്ടം!;
നിങ്ങളുടെ സൗഭാഗ്യകാലം കഴിഞ്ഞുപോയി!

25
ഇപ്പോള്‍ സംതൃപ്തരായിരിക്കുന്നവരേ, നിങ്ങള്‍ക്കു ഹാ കഷ്ടം!;
നിങ്ങള്‍ക്കു വിശക്കും!
ഇപ്പോള്‍ ആഹ്ലാദിക്കുന്നവരേ, നിങ്ങള്‍ക്കു ഹാ കഷ്ടം!;
നിങ്ങള്‍ വിലപിക്കുകയും കരയുകയും ചെയ്യും!

26
എല്ലാ മനുഷ്യരും നിങ്ങളെ പുകഴ്ത്തുമ്പോള്‍ നിങ്ങള്‍ക്കു ഹാ കഷ്ടം!;
അവരുടെ പിതാക്കന്മാര്‍ വ്യാജപ്രവാചകന്മാരെ
അങ്ങനെതന്നെ പുകഴ്ത്തിയിട്ടുണ്ടല്ലോ.

27

“എന്നാല്‍ എന്‍റെ പ്രബോധനം കേള്‍ക്കുന്നവരായ നിങ്ങളോടു ഞാന്‍ പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക; നിങ്ങളെ ദ്വേഷിക്കുന്നവര്‍ക്കു നന്മ ചെയ്യുക;

28 നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുക; നിങ്ങളെ നിന്ദിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക.

29 നിന്‍റെ ഒരു ചെകിട്ടത്ത് അടിക്കുന്നവനു മറ്റേതുംകൂടി കാണിച്ചുകൊടുക്കുക. നിന്‍റെ പുറങ്കുപ്പായം അപഹരിക്കുന്നവനു കുപ്പായംകൂടി വിട്ടുകൊടുക്കാന്‍ മടിക്കരുത്.

30 നിന്നോടു ചോദിക്കുന്ന എല്ലാവര്‍ക്കും കൊടുക്കുക. നിന്‍റെ വസ്തുവകകള്‍ അപഹരിച്ചവനോട് അവ തിരിച്ചു ചോദിക്കരുത്.

31 മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ വര്‍ത്തിക്കണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അതുപോലെതന്നെ അവരോടും വര്‍ത്തിക്കുക.

32

“നിങ്ങളെ സ്നേഹിക്കുന്നവരെ മാത്രം സ്നേഹിക്കുന്നതുകൊണ്ടു നിങ്ങള്‍ക്കുള്ള മേന്മയെന്ത്? പാപികള്‍പോലും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുണ്ടല്ലോ.

33 നിങ്ങള്‍ക്കു നന്മ ചെയ്യുന്നവര്‍ക്കുമാത്രം നന്മ ചെയ്താല്‍ നിങ്ങള്‍ക്കുള്ള മേന്മയെന്ത്? പാപികളും അങ്ങനെതന്നെ ചെയ്യുന്നുണ്ടല്ലോ.

34 തിരിച്ചുകിട്ടുമെന്നാശിച്ചു കൊണ്ടു വായ്പ കൊടുത്താല്‍ നിങ്ങള്‍ക്ക് എന്തു മെച്ചം? കൊടുത്തത് അത്രയും തിരിച്ചുവാങ്ങാമെന്നു കരുതി പാപികള്‍പോലും പാപികള്‍ക്കു കടം കൊടുക്കാറുണ്ടല്ലോ.

35 എന്നാല്‍ നിങ്ങള്‍ ശത്രുക്കളെ സ്നേഹിക്കുക; അവര്‍ക്കു നന്മ ചെയ്യുക. തിരിച്ച് ഒന്നുംതന്നെ പ്രതീക്ഷിക്കാതെ കടം കൊടുക്കുക. അപ്പോള്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും; നിങ്ങള്‍ അത്യുന്നതന്‍റെ മക്കളായിത്തീരും; അവിടുന്നു നന്ദികെട്ടവരോടും തന്‍കാര്യക്കാരോടും ദയാലുവാണല്ലോ.

36 നിങ്ങളുടെ പിതാവു കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുക.

37

“ആരെയും വിധിക്കരുത്; എന്നാല്‍ ദൈവം നിങ്ങളെയും വിധിക്കുകയില്ല. ആരെയും കുറ്റവാളിയെന്നു വിധിക്കരുത്; എന്നാല്‍ നിങ്ങളെയും കുറ്റവാളികളെന്നു വിധിക്കുകയില്ല. മറ്റുള്ളവരോടു ക്ഷമിക്കുക; എന്നാല്‍ ദൈവം നിങ്ങളോടും ക്ഷമിക്കും. കൊടുക്കുക; എന്നാല്‍ നിങ്ങള്‍ക്കു ലഭിക്കും.

38 അമര്‍ത്തിക്കുലുക്കി നിറഞ്ഞു കവിയുന്ന നല്ല അളവുതന്നെ നിങ്ങള്‍ക്കു ലഭിക്കും. നിങ്ങള്‍ അളന്നുകൊടുക്കുന്ന അളവായിരിക്കും നിങ്ങള്‍ക്കു തിരിച്ചു കിട്ടുക.”

39

യേശു അവരോട് ഒരു ദൃഷ്ടാന്തം പറഞ്ഞു: “അന്ധന് അന്ധനെ വഴി കാണിക്കുവാന്‍ കഴിയുമോ? രണ്ടുപേരും കുഴിയില്‍ വീഴുകയില്ലേ?

40 ഗുരുവിന് ഉപരിയല്ല ശിഷ്യന്‍; എന്നാല്‍ അവന്‍ പൂര്‍ണമായി പഠിച്ചു കഴിയുമ്പോള്‍ ഗുരുവിനൊപ്പമാകും.

41

“സഹോദരന്‍റെ കണ്ണിലെ കരടു കാണുകയും സ്വന്തം കണ്ണിലെ കോല് ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?

42 അഥവാ സ്വന്തം കണ്ണില്‍ കോല് ഇരിക്കെ സഹോദരനോട്, ‘സഹോദരാ, നിന്‍റെ കണ്ണിലെ കരടു ഞാന്‍ എടുത്തുകളയട്ടെ’ എന്നു പറയുവാന്‍ എങ്ങനെ കഴിയും? ഹേ! കപടനാട്യക്കാരാ, ആദ്യം നിന്‍റെ കണ്ണില്‍നിന്നു കോല് എടുത്തു കളയുക; അപ്പോള്‍ സഹോദരന്‍റെ കണ്ണിലെ കരട് എടുത്തുകളയത്തക്കവിധം തെളിവായി കാണും.

43

“നല്ല വൃക്ഷത്തില്‍ ചീത്ത ഫലം കായ്‍ക്കുകയില്ല; ചീത്ത വൃക്ഷത്തില്‍ നല്ല ഫലവും കായ്‍ക്കുകയില്ല.

44 ഓരോ വൃക്ഷവും അതതിന്‍റെ ഫലംകൊണ്ടു തിരിച്ചറിയാം. മുള്‍ച്ചെടികളില്‍നിന്ന് അത്തിപ്പഴമോ, ഞെരിഞ്ഞിലില്‍ നിന്നു മുന്തിരിങ്ങയോ ആരും പറിക്കുന്നില്ല.

45 നല്ല മനുഷ്യന്‍ തന്‍റെ ഹൃദയത്തിലെ നന്മയുടെ നിക്ഷേപത്തില്‍നിന്നു നന്മ പുറപ്പെടുവിക്കുന്നു. ദുഷ്ടമനുഷ്യന്‍ തന്‍റെ ഹൃദയത്തിലുള്ള ദുഷ്ടതയുടെ നിക്ഷേപത്തില്‍നിന്നു തിന്മ പുറപ്പെടുവിക്കുന്നു. തന്‍റെ ഹൃദയത്തില്‍ നിറഞ്ഞു കവിയുന്നതാണല്ലോ അവന്‍ സംസാരിക്കുന്നത്.

46

“നിങ്ങള്‍ എന്നെ കര്‍ത്താവേ, കര്‍ത്താവേ എന്നു വിളിക്കുകയും ഞാന്‍ പറയുന്നതു ചെയ്യാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?

47 എന്‍റെ അടുക്കല്‍ വന്ന് എന്‍റെ വാക്കുകള്‍ കേട്ട് അവ അനുസരിക്കുന്ന ഏതൊരുവനും ആരോടു സമനാണെന്നു ഞാന്‍ പറഞ്ഞുതരാം.

48 ആഴത്തില്‍ വാനം തോണ്ടി പാറമേല്‍ അടിസ്ഥാനമുറപ്പിച്ചു വീടുപണിയുന്ന മനുഷ്യനോടു തുല്യനായിരിക്കും അവന്‍. വെള്ളം പൊങ്ങി, ഒഴുക്ക് ആ വീടിന്മേല്‍ ആഞ്ഞടിച്ചു; പക്ഷേ അതിനെ ഇളക്കുവാന്‍ കഴിഞ്ഞില്ല, എന്തെന്നാല്‍ ബലവത്തായി നിര്‍മിച്ചതായിരുന്നു ആ വീട്.

49 എന്നാല്‍ എന്‍റെ പ്രബോധനം കേട്ട് അതനുസരിച്ച് പ്രവര്‍ത്തിക്കാതിരിക്കുന്നവന്‍ ശരിയായ അടിസ്ഥാനമിടാതെ പൂഴിമണലില്‍ വീടു നിര്‍മിച്ചവനോടു തുല്യനത്രേ. ആ വീടിന്മേല്‍ ഒഴുക്ക് ആഞ്ഞടിച്ചു; തല്‍ക്ഷണം അതു നിലംപതിച്ചു; ആ വീടിന്‍റെ തകര്‍ച്ച വലുതായിരുന്നു.”

7

1

അങ്ങനെ തന്‍റെ പ്രഭാഷണം പൂര്‍ത്തിയാക്കിയശേഷം യേശു കഫര്‍ന്നഹൂമിലെത്തി.

2 അവിടെ റോമാസൈന്യത്തിലെ ഒരു ശതാധിപനുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ പ്രിയങ്കരനായ ഒരു ഭൃത്യന്‍ രോഗം പിടിപെട്ട് ആസന്നമരണനായി കിടന്നിരുന്നു.

3 ശതാധിപന്‍ യേശുവിനെക്കുറിച്ചു കേട്ടു; അവിടുന്ന് വന്നു തന്‍റെ ഭൃത്യനെ സുഖപ്പെടുത്തണമെന്ന് അഭ്യര്‍ഥിക്കുന്നതിനായി സുനഗോഗിലെ ഏതാനും പ്രമുഖന്മാരെ യേശുവിന്‍റെ അടുക്കലയച്ചു.

4 അവര്‍ അവിടുത്തെ സമീപിച്ചു നിര്‍ബന്ധപൂര്‍വം അപേക്ഷിച്ചു:

5 “ഈ ശതാധിപന്‍ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു; ഞങ്ങള്‍ക്ക് ഒരു സുനഗോഗും നിര്‍മിച്ചു തന്നു; അതുകൊണ്ട് ഇതു ചെയ്തു കൊടുക്കുന്നതിന് അദ്ദേഹം യോഗ്യനാണ്.”

6

യേശു അവരോടുകൂടി പോയി. ശതാധിപന്‍റെ വീടിനോടു സമീപിക്കാറായപ്പോള്‍ അദ്ദേഹം തന്‍റെ സ്നേഹിതന്മാരെ അയച്ച് യേശുവിനെ ഇപ്രകാരം അറിയിച്ചു: “പ്രഭോ, അങ്ങു ബുദ്ധിമുട്ടേണ്ടതില്ല. അങ്ങ് എന്‍റെ ഭവനത്തില്‍ വരുവാനുള്ള യോഗ്യത എനിക്കില്ല.

7 അങ്ങയുടെ അടുക്കല്‍ നേരിട്ടു വരുവാനും എനിക്കു യോഗ്യതയില്ല; അവിടുന്ന് ഒരു വാക്കു കല്പിച്ചാല്‍ മതി, എന്‍റെ ഭൃത്യന്‍ സുഖം പ്രാപിക്കും.

8 ഞാനും അധികാരത്തിന്‍കീഴില്‍ ഉള്ളവനാണ്; എന്‍റെ കീഴിലും പടയാളികളുണ്ട്; ഒരുവനോടു ‘പോകൂ’ എന്നു പറഞ്ഞാല്‍ അയാള്‍ പോകുന്നു. മറ്റൊരുവനോടു ‘വരിക’ എന്നു പറഞ്ഞാല്‍ അയാള്‍ വരുന്നു. എന്‍റെ ഭൃത്യനോട് ‘ഇതു ചെയ്യുക’ എന്നു പറഞ്ഞാല്‍ അവന്‍ ചെയ്യുന്നു.”

9

ഇതു കേട്ടപ്പോള്‍ യേശു വിസ്മയഭരിതനായി. അവിടുന്നു തിരിഞ്ഞ് തന്നെ അനുഗമിച്ച ജനത്തോടു പറഞ്ഞു: “ഇസ്രായേലില്‍പോലും ഇത്ര വലിയ വിശ്വാസം ഞാന്‍ കണ്ടിട്ടില്ല!”

10

യേശുവിന്‍റെ അടുക്കല്‍ അയച്ച ആളുകള്‍ തിരിച്ചു ചെന്നപ്പോള്‍ ശതാധിപന്‍റെ ഭൃത്യന്‍ പൂര്‍ണസുഖം പ്രാപിച്ചിരിക്കുന്നതായി കണ്ടു.

11

അടുത്ത ദിവസം യേശു നയിന്‍ എന്ന പട്ടണത്തിലേക്കു യാത്രയായി. ശിഷ്യന്മാരും ഒരു വലിയ ജനസഞ്ചയവും അവിടുത്തെ അനുഗമിച്ചു.

12 അവിടുന്നു നഗരഗോപുരത്തോടു സമീപിച്ചപ്പോള്‍ ഒരു മൃതശരീരം എടുത്തുകൊണ്ട് ഏതാനുമാളുകള്‍ വരുന്നതു കണ്ടു. ഒരു വിധവയുടെ ഏകപുത്രനായിരുന്നു മരിച്ചയാള്‍. പട്ടണത്തില്‍നിന്ന് ഒരു വലിയ ജനാവലിയും അവരുടെ കൂടെയുണ്ടായിരുന്നു.

13 യേശു ആ സ്‍ത്രീയെ കണ്ടപ്പോള്‍ മനസ്സലിഞ്ഞ്, അവരോട്: “കരയേണ്ടാ” എന്നു പറഞ്ഞു.

14 അവിടുന്ന് അടുത്തുചെന്ന് ശവമഞ്ചത്തില്‍ തൊട്ടു. മഞ്ചം വഹിച്ചിരുന്നവര്‍ അവിടെ നിന്നു. പിന്നീട് യേശു ഇപ്രകാരം ആജ്ഞാപിച്ചു: “യുവാവേ!, ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേല്‌ക്കൂ!”

15 മരിച്ചയാള്‍ ഉടനെ എഴുന്നേറ്റിരുന്നു സംസാരിച്ചു. യേശു ആ യുവാവിനെ അയാളുടെ അമ്മയെ ഏല്പിച്ചു.

16

എല്ലാവരും പരിഭ്രാന്തരായി. “മഹാനായ ഒരു പ്രവാചകന്‍ നമ്മുടെ ഇടയില്‍ പ്രത്യക്ഷനായിരിക്കുന്നു! ദൈവം തന്‍റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു!” ഇങ്ങനെ പറഞ്ഞുകൊണ്ട് അവര്‍ ദൈവത്തെ പ്രകീര്‍ത്തിച്ചു.

17

യേശുവിനെക്കുറിച്ചുള്ള ഈ വാര്‍ത്ത യെഹൂദ്യനാട്ടില്‍ എല്ലായിടത്തും പരിസരപ്രദേശങ്ങളിലും പ്രചരിച്ചു.

18

യോഹന്നാന്‍റെ ശിഷ്യന്മാര്‍ ഈ കാര്യങ്ങളെല്ലാം അദ്ദേഹത്തെ അറിയിച്ചു.

19 അദ്ദേഹം രണ്ടു ശിഷ്യന്മാരെ വിളിച്ച് “വരുവാനിരിക്കുന്ന മിശിഹാ അങ്ങു തന്നെയോ, അതോ ഞങ്ങള്‍ മറ്റൊരുവനെ കാത്തിരിക്കണോ?” എന്നു ചോദിക്കുന്നതിനായി യേശുവിന്‍റെ അടുക്കല്‍ അയച്ചു.

20

അവര്‍ ചെന്ന് യേശുവിനോടു ചോദിച്ചു; “സ്നാപകയോഹന്നാന്‍ ഞങ്ങളെ ഇവിടെ അയച്ചിരിക്കുന്നു; വരുവാനിരിക്കുന്നവന്‍ അങ്ങുതന്നെയാണോ? അതോ മറ്റൊരുവനെ ഞങ്ങള്‍ കാത്തിരിക്കണോ?”

21

ആ സമയത്ത് യേശു രോഗങ്ങളും വ്യാധികളും ദുഷ്ടാത്മാക്കളും ബാധിച്ച നിരവധി ആളുകളെ സുഖപ്പെടുത്തുകയും അന്ധന്മാര്‍ക്കു കാഴ്ച നല്‌കുകയും ചെയ്തുകൊണ്ടിരുന്നു.

22 അവിടുന്ന് യോഹന്നാന്‍റെ ദൂതന്മാരോടു പ്രതിവചിച്ചു: “നിങ്ങള്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ അദ്ദേഹത്തോടു പോയി പറയുക: അന്ധന്മാര്‍ക്കു കാഴ്ച ലഭിക്കുന്നു, മുടന്തന്മാര്‍ നടക്കുന്നു, കുഷ്ഠരോഗികള്‍ സുഖംപ്രാപിക്കുന്നു, ബധിരര്‍ കേള്‍ക്കുന്നു, മരിച്ചവരെ ഉയിര്‍പ്പിക്കുന്നു, ദരിദ്രരോടു സുവിശേഷം പ്രസംഗിക്കുന്നു.

23 എന്നിലുള്ള വിശ്വാസത്തില്‍നിന്ന് ഇടറിവീഴാതിരിക്കുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍.”

24

യോഹന്നാന്‍റെ ദൂതന്മാര്‍ പോയശേഷം യേശു അദ്ദേഹത്തെക്കുറിച്ചു ജനസമൂഹത്തോട് ഇപ്രകാരം പറഞ്ഞു: “നിങ്ങള്‍ എന്തു കാണാമെന്നു പ്രതീക്ഷിച്ചാണ് വിജനസ്ഥലത്തേക്കു പോയത്? കാറ്റില്‍ ഉലയുന്ന ഞാങ്ങണയോ?

25 പിന്നെ എന്തു കാണാന്‍ നിങ്ങള്‍ പോയി? മൃദുലവസ്ത്രം ധരിച്ച ഒരുവനെയോ? അങ്ങനെയുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് ആഡംബരപൂര്‍വം ജീവിക്കുന്നവര്‍ രാജകൊട്ടാരങ്ങളിലല്ലേ ഉള്ളത്?

26 എന്നാല്‍ പിന്നെ എന്തു കാണാന്‍ പോയി? ഒരു പ്രവാചകനെയോ? അതെ, പ്രവാചകനെക്കാള്‍ വളരെ മികച്ചവനെത്തന്നെ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

27 ‘ഇതാ നിനക്കുവേണ്ടി വഴി ഒരുക്കുവാന്‍ ഞാന്‍ എന്‍റെ ദൂതനെ നിനക്കുമുമ്പേ അയയ്‍ക്കുന്നു’ എന്ന് എഴുതപ്പെട്ടിട്ടുള്ളത് ഇദ്ദേഹത്തെക്കുറിച്ചാണ്.

28 സ്‍ത്രീകളില്‍നിന്നു ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ ശ്രേഷ്ഠന്‍ ആരുമില്ല എന്നു ഞാന്‍ പറയുന്നു. എങ്കിലും ദൈവരാജ്യത്തിലെ ഏറ്റവും ചെറിയവന്‍ അദ്ദേഹത്തെക്കാള്‍ മികച്ചവന്‍ തന്നെ.”

29

ചുങ്കംപിരിക്കുന്നവരും മറ്റെല്ലാ ജനങ്ങളും യോഹന്നാന്‍റെ സന്ദേശം കേള്‍ക്കുകയും സ്നാപനം സ്വീകരിക്കുകയും ചെയ്തുകൊണ്ടു ദൈവത്തിന്‍റെ നീതി നിറവേറ്റി.

30 എന്നാല്‍ അദ്ദേഹത്തിന്‍റെ സ്നാപനം സ്വീകരിക്കാതിരുന്ന പരീശന്മാരും മതപണ്ഡിതന്മാരും തങ്ങളെപ്പറ്റിയുള്ള ദൈവോദ്ദേശ്യം സ്വയം നിരസിച്ചുകളഞ്ഞു.

31

യേശു തുടര്‍ന്നു പറഞ്ഞു: “ഈ തലമുറയിലെ മനുഷ്യരെ ഞാന്‍ എന്തിനോടാണ് ഉപമിക്കേണ്ടത്? ആര്‍ക്കു തുല്യരാണവര്‍?

32 ‘ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി കുഴലൂതി; നിങ്ങള്‍ നൃത്തം ചെയ്തില്ല; ഞങ്ങള്‍ വിലാപഗാനം പാടി; നിങ്ങള്‍ കരഞ്ഞില്ല’ എന്നിങ്ങനെ ചന്തയിലിരുന്ന് അന്യോന്യം വിളിച്ചുപറയുന്ന കുട്ടികള്‍ക്ക് തുല്യരാണവര്‍.

33

“സ്നാപകയോഹന്നാന്‍ ഭക്ഷണപാനീയങ്ങളില്‍ വര്‍ജനം ആചരിക്കുന്നവനായി വന്നു. അദ്ദേഹം ഭൂതാവിഷ്ടനാണെന്നു നിങ്ങള്‍ പറയുന്നു;

34 മനുഷ്യപുത്രന്‍ ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നവനായി വന്നു. ‘ഇതാ ഭോജനപ്രിയനും മദ്യപനുമായ മനുഷ്യന്‍! ചുങ്കക്കാരുടെയും അധര്‍മികളുടെയും സ്നേഹിതന്‍!’ എന്നു നിങ്ങള്‍ പറയുന്നു.

35 ദൈവികമായ ജ്ഞാനമാണു ശരിയായതെന്ന് അതു സ്വീകരിക്കുന്ന എല്ലാവരാലും തെളിയിക്കപ്പെട്ടിരിക്കുന്നു.”

36

ഒരിക്കല്‍ ഒരു പരീശന്‍ യേശുവിനെ വിരുന്നിനു ക്ഷണിച്ചു. അവിടുന്ന് അയാളുടെ വീട്ടിലെത്തി ഭക്ഷണം കഴിക്കാനിരുന്നു.

37 ആ പട്ടണത്തില്‍ പാപിനിയായ ഒരു സ്‍ത്രീ ഉണ്ടായിരുന്നു. യേശു ആ പരീശന്‍റെ ഭവനത്തില്‍ ഉണ്ടെന്നറിഞ്ഞ് അവള്‍ ഒരു വെണ്‍കല്പാത്രത്തില്‍ പരിമളതൈലവുമായി എത്തി.

38

അവള്‍ യേശുവിന്‍റെ പിറകില്‍ അവിടുത്തെ കാല്‌ക്കല്‍ കരഞ്ഞുകൊണ്ടുനിന്നു. തന്‍റെ കണ്ണുനീര്‍കൊണ്ട് അവള്‍ അവിടുത്തെ പാദങ്ങള്‍ നനയ്‍ക്കുവാന്‍ തുടങ്ങി. അവള്‍ തലമുടികൊണ്ട് അതു തുടച്ചു. അവിടുത്തെ പാദങ്ങള്‍ തുടരെ ചുംബിക്കുകയും പരിമളതൈലം പൂശുകയും ചെയ്തു.

39 ഇതുകണ്ട് ആതിഥേയനായ പരീശന്‍ ആത്മഗതം ചെയ്തു: “ഇദ്ദേഹം പ്രവാചകനായിരുന്നെങ്കില്‍, തന്നെ സ്പര്‍ശിച്ച ഈ സ്‍ത്രീ ആരാണെന്നും എങ്ങനെയുള്ളവളാണെന്നും അറിയുമായിരുന്നു; അവള്‍ ഒരു പാപിനിയാണല്ലോ.”

40

യേശു പരീശനോടു പറഞ്ഞു: “ശിമോനേ താങ്കളോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്.”

“ഗുരോ, പറഞ്ഞാലും” എന്ന് അയാള്‍ പറഞ്ഞു.

41

യേശു അരുള്‍ചെയ്തു: “പണം കടം കൊടുക്കുന്ന ഒരാള്‍ക്കു രണ്ടുപേര്‍ കടപ്പെട്ടിരുന്നു; ഒരാള്‍ അഞ്ഞൂറു ദിനാറും മറ്റെയാള്‍ അമ്പതു ദിനാറുമായിരുന്നു അയാള്‍ക്കു കൊടുക്കാനുണ്ടായിരുന്നത്.

42 കടം വീട്ടാന്‍ കഴിവില്ലായ്കയാല്‍ രണ്ടുപേര്‍ക്കും ആ തുകകള്‍ അയാള്‍ ഇളച്ചുകൊടുത്തു; ഇവരില്‍ ആരാണ് അയാളെ അധികം സ്നേഹിക്കുക?”

43

“കൂടുതല്‍ സംഖ്യ ഇളച്ചു കിട്ടിയവനായിരിക്കുമെന്ന് എനിക്കു തോന്നുന്നു” എന്നു ശിമോന്‍ പറഞ്ഞു.

44

“അതു ശരിതന്നെ” എന്നു പറഞ്ഞശേഷം യേശു ആ സ്‍ത്രീയുടെ നേരെ തിരിഞ്ഞു ശിമോനോടു പറഞ്ഞു: “ഈ സ്‍ത്രീയെ താങ്കള്‍ കാണുന്നുണ്ടല്ലോ. ഞാന്‍ നിങ്ങളുടെ ഭവനത്തില്‍ വന്നു; നിങ്ങള്‍ എനിക്കു കാലു കഴുകുവാന്‍ വെള്ളം തന്നില്ല; ഇവളാകട്ടെ തന്‍റെ കണ്ണുനീരുകൊണ്ട് എന്‍റെ കാലു കഴുകി, തലമുടികൊണ്ടു തുടച്ചു.

45 നിങ്ങള്‍ ചുംബനം ചെയ്ത് എന്നെ സ്വീകരിച്ചില്ല. ഇവളാകട്ടെ ഞാനിവിടെ വന്നപ്പോള്‍ മുതല്‍ എന്‍റെ പാദങ്ങളില്‍ തുടരെ ചുംബിച്ചുകൊണ്ടിരിക്കുന്നു.

46 നിങ്ങള്‍ എന്‍റെ തലയില്‍ തൈലം പൂശിയില്ല; എന്നാല്‍ ഇവള്‍ എന്‍റെ പാദങ്ങളില്‍ പരിമളതൈലം പൂശി.

47 അതുകൊണ്ടു ഞാന്‍ പറയുന്നു: ഇവള്‍ കൂടുതല്‍ സ്നേഹിച്ചതിനാല്‍ ഇവളുടെ എണ്ണമറ്റ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു; കുറച്ചു ക്ഷമിക്കപ്പെട്ടവന്‍ കുറച്ചു മാത്രമേ സ്നേഹിക്കുകയുള്ളൂ.” പിന്നീട് ആ സ്‍ത്രീയോട്:

48 “നിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു” എന്ന് അരുള്‍ ചെയ്തു.

49

യേശുവിനോടുകൂടി ഭക്ഷണം കഴിക്കാനിരുന്നവര്‍: “പാപങ്ങള്‍ ക്ഷമിക്കുകപോലും ചെയ്യുന്ന ഇവന്‍ ആര്?” എന്നു തമ്മില്‍ പറഞ്ഞു തുടങ്ങി.

50 യേശു ആ സ്‍ത്രീയോട്: “നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു, സമാധാനത്തോടുകൂടി പോകുക” എന്നു പറഞ്ഞു.

8

1

അനന്തരം യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു പ്രസംഗിക്കുകയും ദൈവരാജ്യത്തെക്കുറിച്ചുള്ള സദ്‍വാര്‍ത്ത അറിയിക്കുകയും ചെയ്തു. പന്ത്രണ്ടു ശിഷ്യന്മാരും അവിടുത്തോടുകൂടെയുണ്ടായിരുന്നു.

2 കൂടാതെ രോഗങ്ങളില്‍നിന്നും ദുഷ്ടാത്മാക്കളില്‍നിന്നും മോചനം നേടിയ ഏതാനും സ്‍ത്രീകളും അവിടുത്തെ അനുഗമിച്ചിരുന്നു.

3 അക്കൂട്ടത്തില്‍ ഏഴു ഭൂതങ്ങളില്‍നിന്നു വിമുക്തയാക്കപ്പെട്ട മഗ്ദലേനമറിയവും ഹേരോദായുടെ കാര്യസ്ഥനായ ഖൂസയുടെ ഭാര്യ യോഹന്നയും സൂസന്നയും തങ്ങളുടെ ധനംകൊണ്ട് യേശുവിനെയും ശിഷ്യന്മാരെയും സഹായിച്ചുവന്ന മറ്റു പലരും ഉള്‍പ്പെട്ടിരുന്നു.

4

ഒരിക്കല്‍ ഒരു വലിയ ജനസഞ്ചയം പല പട്ടണങ്ങളില്‍നിന്നും യേശുവിന്‍റെ അടുക്കല്‍ വന്നുകൂടി. അവരോട് യേശു ദൃഷ്ടാന്ത രൂപേണ പറഞ്ഞു:

5

“ഒരിക്കല്‍ ഒരാള്‍ വിത്തു വിതയ്‍ക്കുവാന്‍ പോയി. വിതച്ചപ്പോള്‍ ഏതാനും വിത്ത് വഴിയില്‍ വീണു. അവ ചവുട്ടിക്കളഞ്ഞു; പക്ഷികള്‍ കൊത്തിത്തിന്നുകയും ചെയ്തു.

6 കുറെ വിത്തു പാറപ്പുറത്തു വീണു. അവ മുളച്ചു പൊങ്ങിയപ്പോള്‍ നനവില്ലാഞ്ഞതിനാല്‍ കരിഞ്ഞുപോയി.

7 മറ്റു ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്ള് അവയോടൊന്നിച്ചു വളര്‍ന്ന് അവയെ ഞെരുക്കിക്കളഞ്ഞു.

8 വേറെ ചിലതു നല്ലമണ്ണില്‍ വീണു. അവ വളര്‍ന്നു നൂറുമേനി വിളവു നല്‌കി.”

ഒടുവില്‍ യേശു ഉച്ചത്തില്‍ പറഞ്ഞു: “കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.”

9

ഈ ദൃഷ്ടാന്തത്തിന്‍റെ അര്‍ഥം എന്താണെന്നു ശിഷ്യന്മാര്‍ ചോദിച്ചപ്പോള്‍ അവിടുന്നു പറഞ്ഞു:

10 “ദൈവരാജ്യത്തിന്‍റെ നിഗൂഢരഹസ്യങ്ങള്‍ അറിയുവാനുള്ള പദവി നിങ്ങള്‍ക്കു നല്‌കപ്പെട്ടിരിക്കുന്നു; മറ്റുള്ളവര്‍ക്കാകട്ടെ കണ്ടിട്ടും കാണാതിരിക്കുകയോ കേട്ടിട്ടും കേള്‍ക്കാതിരിക്കുകയോ ചെയ്യുമാറ് ദൃഷ്ടാന്തങ്ങളിലൂടെയാണ് നല്‌കപ്പെട്ടിട്ടുള്ളത്.

11

“ആ ദൃഷ്ടാന്തത്തിന്‍റെ സാരം ഇതാണ്: വിത്തു ദൈവവചനമാണ്.

12 വചനം കേട്ടവര്‍ അതു വിശ്വസിച്ചു രക്ഷപ്രാപിക്കാതിരിക്കുവാന്‍ പിശാച് വന്ന് ചിലരുടെ ഹൃദയത്തില്‍നിന്ന് ആ വചനം എടുത്തുകളയുന്നു.

13 അതാണു വഴിയില്‍ വീണ വിത്തു സൂചിപ്പിക്കുന്നത്. പാറമേല്‍ വീണ വിത്താകട്ടെ, കേള്‍ക്കുമ്പോള്‍ ആഹ്ലാദപൂര്‍വം സ്വീകരിക്കുന്നവരുടെ ഹൃദയത്തില്‍ പതിയുന്ന വചനമാണ്. പക്ഷേ, ആ വിത്തുകള്‍ക്കു വേരില്ല. അങ്ങനെയുള്ളവര്‍ താത്ക്കാലികമായി വിശ്വസിക്കുന്നു. എന്നാല്‍ പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ വഴിതെറ്റിപ്പോകുന്നു.

14 വചനം കേള്‍ക്കുന്നവരാണെങ്കിലും ജീവിതത്തിന്‍റെ ചിന്താഭാരങ്ങളും സമ്പത്തും ഉല്ലാസങ്ങളും അതിനെ ഞെരുക്കിക്കളയുന്നു. ഇതാണു മുള്ളിനിടയില്‍ വീണ വിത്തു സൂചിപ്പിക്കുന്നത്. ഇങ്ങനെയുള്ളവര്‍ പാകമായ ഫലം നല്‌കുന്നില്ല.

15 വചനം കേട്ടു ശ്രേഷ്ഠവും നിര്‍മ്മലവുമായ ഹൃദയത്തില്‍ അതു സ്വീകരിക്കുകയും സഹിച്ചുനിന്നു ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നവരാണ് നല്ല മണ്ണില്‍ വീണ വിത്ത്.

16

“വിളക്കു കത്തിച്ചശേഷം ആരും പാത്രംകൊണ്ടു മൂടുകയോ കട്ടിലിന്‍റെ കീഴില്‍ വയ്‍ക്കുകയോ ചെയ്യാറില്ല; പിന്നെയോ വീട്ടില്‍ വരുന്നവര്‍ക്കു കാണത്തക്കവിധം വിളക്കുതണ്ടിന്മേലത്രേ വയ്‍ക്കുന്നത്.

17

“മറഞ്ഞിരിക്കുന്നതെല്ലാം പ്രത്യക്ഷമാകും; വെളിച്ചത്തു വരാത്തതും പ്രസിദ്ധമാകാത്തതുമായ ഒരു രഹസ്യവുമില്ല.

18

“അതുകൊണ്ട് നിങ്ങള്‍ എങ്ങനെ കേള്‍ക്കുന്നു എന്നു സൂക്ഷിച്ചുകൊള്ളുക. ഉള്ളവനു കൂടുതല്‍ കൊടുക്കും. ഇല്ലാത്തവനില്‍നിന്ന് ഉണ്ടെന്നു വിചാരിക്കുന്നതുകൂടി എടുത്തുകളയും.”

19

യേശുവിന്‍റെ അമ്മയും സഹോദരന്മാരും അവിടുത്തെ കാണാന്‍ വന്നു. പക്ഷേ, ആള്‍ത്തിരക്കുമൂലം അവിടുത്തെ അടുക്കല്‍ ചെല്ലാന്‍ കഴിഞ്ഞില്ല.

20 “അങ്ങയുടെ അമ്മയും സഹോദരന്മാരും അങ്ങയെ കാണാന്‍ പുറത്തു നില്‌ക്കുന്നു” എന്ന് ആരോ അവിടുത്തെ അറിയിച്ചു.

21

അപ്പോള്‍ യേശു ഇങ്ങനെ പറഞ്ഞു: “ദൈവവചനം കേള്‍ക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് എന്‍റെ അമ്മയും എന്‍റെ സഹോദരന്മാരും.”

22

ഒരു ദിവസം യേശു ശിഷ്യന്മാരോടുകൂടി വഞ്ചിയില്‍ കയറി, “നമുക്കു തടാകത്തിന്‍റെ മറുകരയിലേക്കു പോകാം” എന്നു പറഞ്ഞു.

23 അവര്‍ വഞ്ചി നീക്കി മുമ്പോട്ടു പോകുമ്പോള്‍ യേശു ഗാഢനിദ്രയിലാണ്ടു. അപ്പോള്‍ തടാകത്തില്‍ ഒരു കൊടുങ്കാറ്റുണ്ടായി. വെള്ളം അടിച്ചുകയറി വഞ്ചി മുങ്ങുമാറായി.

24 ശിഷ്യന്മാര്‍ യേശുവിനെ വിളിച്ചുണര്‍ത്തി: “ഗുരോ, ഗുരോ ഞങ്ങള്‍ നശിക്കുവാന്‍ പോകുന്നു” എന്നു പറഞ്ഞു.

യേശു എഴുന്നേറ്റു കൊടുങ്കാറ്റിനെയും ഇളകിമറിയുന്ന തിരമാലകളെയും ശാസിച്ചു. അവ അടങ്ങി; എല്ലാം ശാന്തമായി.

25

യേശു അവരോടു ചോദിച്ചു: “നിങ്ങളുടെ വിശ്വാസം എവിടെ?”

അവര്‍ക്കു ഭയവും വിസ്മയവുമുണ്ടായി. “ഇദ്ദേഹം ആരാണ്? കാറ്റിനോടും കടലിനോടുപോലും ഇദ്ദേഹം ആജ്ഞാപിക്കുന്നു, അവ അനുസരിക്കുകയും ചെയ്യുന്നു” എന്ന് അവര്‍ അന്യോന്യം പറഞ്ഞു.

26

അവര്‍ ഗലീലയുടെ മറുകരെയുള്ള ഗരസേന്യദേശത്ത് എത്തി.

27 യേശു കരയ്‍ക്കിറങ്ങിയപ്പോള്‍ പട്ടണത്തില്‍നിന്നു വന്ന ഭൂതാവിഷ്ടനായ ഒരു മനുഷ്യനെ കണ്ടുമുട്ടി. വളരെ നാളുകളായി അയാള്‍ വസ്ത്രം ധരിച്ചിരുന്നില്ല; വീട്ടില്‍ താമസിക്കാതെ കല്ലറകള്‍ക്കിടയില്‍ പാര്‍ത്തിരുന്നു.

28 യേശുവിനെ കണ്ടപ്പോള്‍ അയാള്‍ നിലവിളിച്ചുകൊണ്ട് അവിടുത്തെ മുമ്പില്‍ സാഷ്ടാംഗം വീണ് അത്യുച്ചത്തില്‍ “യേശുവേ, മഹോന്നതനായ ദൈവത്തിന്‍റെ പുത്രാ, അങ്ങ് എന്തിന് ഇയ്യുള്ളവന്‍റെ കാര്യത്തില്‍ ഇടപെടുന്നു? ദയചെയ്ത് എന്നെ ദണ്ഡിപ്പിക്കരുതേ” എന്ന് അപേക്ഷിച്ചു.

29 ആ മനുഷ്യനെ വിട്ടുപോകുവാന്‍ ദുഷ്ടാത്മാവിനോട് യേശു ആജ്ഞാപിച്ചതുകൊണ്ടാണ് ഭൂതാവിഷ്ടന്‍ ഇപ്രകാരം പറഞ്ഞത്. ഭൂതം പലപ്പോഴും ആ മനുഷ്യനെ കൈയടക്കിയിരുന്നു. ചങ്ങലയും വിലങ്ങുംകൊണ്ട് അയാളെ ബന്ധിച്ചു സൂക്ഷിച്ചിരുന്നെങ്കിലും അയാള്‍ അവ തകര്‍ക്കുകയും ഭൂതം അയാളെ വിജനസ്ഥലത്തേക്ക് ഓടിക്കുകയും ചെയ്തു.

30

യേശു ചോദിച്ചു: “നിന്‍റെ പേരെന്താണ്?” അനേകം ഭൂതങ്ങള്‍ ആ മനുഷ്യനില്‍ കടന്നുകൂടിയിരുന്നതുകൊണ്ട് “ലെഗ്യോന്‍” എന്ന് അയാള്‍ മറുപടി പറഞ്ഞു.

31 പാതാളത്തിലേക്കു പോകുവാന്‍ തങ്ങളോടു കല്പിക്കരുതേ എന്നു ഭൂതങ്ങള്‍ യേശുവിനോട് അപേക്ഷിച്ചു.

32

അവിടെ കുന്നിന്‍റെ ചരിവില്‍ ഒരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. “ആ പന്നികളില്‍ പ്രവേശിക്കുവാന്‍ ഞങ്ങളെ അനുവദിച്ചാലും” എന്നു ഭൂതങ്ങള്‍ അഭ്യര്‍ഥിച്ചു. യേശു അവയെ അനുവദിക്കുകയും ചെയ്തു.

33 ഭൂതങ്ങള്‍ ആ മനുഷ്യനെ വിട്ടു പന്നികളില്‍ കടന്നുകൂടി. അവ കടുംതൂക്കായ കുന്നിന്‍ചരിവില്‍ക്കൂടി തടാകത്തിലേക്കു കുതിച്ചുപാഞ്ഞു മുങ്ങിച്ചത്തു.

34

പന്നികളെ മേയിക്കുന്നവര്‍ ഇതുകണ്ട് ഓടിപ്പോയി പട്ടണത്തിലും നാട്ടിന്‍പുറങ്ങളിലും ഈ വാര്‍ത്ത അറിയിച്ചു.

35 എന്താണു സംഭവിച്ചതെന്നു കാണാന്‍ ജനം യേശുവിന്‍റെ അടുത്തെത്തി. ഭൂതങ്ങള്‍ വിട്ടുപോയ മനുഷ്യന്‍ വസ്ത്രം ധരിച്ചു സുബോധമുള്ളവനായി യേശുവിന്‍റെ പാദാന്തികത്തിലിരിക്കുന്നതു കണ്ട് അവര്‍ അദ്ഭുതപ്പെട്ടു.

36 ഭൂതാവിഷ്ടന്‍ എങ്ങനെയാണു സുഖപ്പെട്ടതെന്ന് ആ സംഭവം കണ്ടവര്‍ വന്നുകൂടിയ ജനങ്ങളോടു പറഞ്ഞു.

37 തങ്ങളെ വിട്ടുപോകണമെന്ന് ഗരസേന്യയില്‍നിന്നും പ്രാന്തപ്രദേശങ്ങളില്‍നിന്നും വന്നുകൂടിയവരെല്ലാം യേശുവിനോടപേക്ഷിച്ചു. അവര്‍ അത്രയ്‍ക്കു ഭയപരവശരായിത്തീര്‍ന്നിരുന്നു. അതുകൊണ്ട് യേശു വഞ്ചിയില്‍ കയറി തിരിച്ചുപോയി.

38 ഭൂതങ്ങള്‍ വിട്ടുമാറിയ മനുഷ്യന്‍ “ഞാന്‍കൂടി വരട്ടെയോ?” എന്നു ചോദിച്ചു.

39 “നീ തിരിച്ചു വീട്ടില്‍ പോയി ദൈവം നിനക്കു ചെയ്ത ഉപകാരത്തെപ്പറ്റി എല്ലാവരെയും അറിയിക്കുക” എന്നു പറഞ്ഞ് യേശു അയാളെ അയച്ചു.

അയാള്‍ പോയി യേശു തനിക്കു ചെയ്തതെല്ലാം പട്ടണത്തിലെങ്ങും അറിയിച്ചു.

40

യേശു തിരിച്ചുവന്നപ്പോള്‍ ജനങ്ങള്‍ ആഹ്ലാദപൂര്‍വം അവിടുത്തെ വരവേറ്റു. അവരെല്ലാവരും യേശുവിനെ കാത്തിരിക്കുകയായിരുന്നു.

41 ആ സമയത്ത് അവിടത്തെ സുനഗോഗിന്‍റെ മേധാവികളിലൊരാളായ യായിറോസ് വന്ന് യേശുവിന്‍റെ കാല്‌ക്കല്‍ സാഷ്ടാംഗം വീണു തന്‍റെ ഭവനത്തിലേക്ക് ചെല്ലണമെന്നു കേണപേക്ഷിച്ചു.

42 അയാള്‍ക്ക് ഒരു മകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പന്ത്രണ്ടു വയസ്സു പ്രായമുള്ള ആ പെണ്‍കുട്ടി ആസന്നമരണയായി കിടക്കുകയായിരുന്നു.

യേശു പോകുമ്പോള്‍ ജനങ്ങള്‍ തന്‍റെ ചുറ്റും തിങ്ങിക്കൂടി.

43 തനിക്കുള്ള സര്‍വസ്വവും വൈദ്യന്മാര്‍ക്കു കൊടുത്തിട്ടും പന്ത്രണ്ടു വര്‍ഷമായി ആരെക്കൊണ്ടും സുഖപ്പെടുത്തുവാന്‍ കഴിയാതിരുന്ന രക്തസ്രാവരോഗം പിടിപെട്ട ഒരു സ്‍ത്രീ

44 ഈ സമയത്തു യേശുവിന്‍റെ പിന്നിലെത്തി അവിടുത്തെ വസ്ത്രാഗ്രത്തില്‍ തൊട്ടു. പെട്ടെന്ന് അവളുടെ രക്തസ്രാവം നിലച്ചു.

45 ഉടനെ യേശു ചോദിച്ചു: “ആരാണ് എന്നെ തൊട്ടത്?”

എല്ലാവരും “ഞാനല്ല” “ഞാനല്ല” എന്നു നിഷേധിച്ചപ്പോള്‍ പത്രോസ് ചോദിച്ചു: “ഗുരോ, ജനങ്ങള്‍ അങ്ങയെ തിക്കി ഞെരുക്കിക്കൊണ്ടിരിക്കുകയല്ലേ?”

46

അപ്പോള്‍ യേശു പറഞ്ഞു: “ആരോ എന്നെ തൊട്ടു; എന്നില്‍നിന്നു ശക്തി പുറപ്പെട്ടത് ഞാനറിഞ്ഞു.”

47 തനിക്ക് ഒളിക്കുവാന്‍ സാധ്യമല്ലെന്നു കണ്ടപ്പോള്‍ ആ സ്‍ത്രീ വിറച്ചുകൊണ്ട് യേശുവിന്‍റെ മുമ്പില്‍ സാഷ്ടാംഗം വീണ് അവിടുത്തെ സ്പര്‍ശിച്ചതിന്‍റെ കാരണവും, ഉടനെ സുഖംപ്രാപിച്ച വിവരവും പരസ്യമായി പ്രസ്താവിച്ചു.

48 യേശു ആ സ്‍ത്രീയോട്: “മകളേ, നിന്‍റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു; സമാധാനത്തോടുകൂടി പോകുക” എന്ന് അരുള്‍ചെയ്തു.

49

ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ സുനഗോഗിന്‍റെ മേധാവിയുടെ വീട്ടില്‍നിന്ന് ഒരാള്‍ വന്ന് “അങ്ങയുടെ പുത്രി മരിച്ചുപോയി; ഗുരുവിനെ ഇനി ബുദ്ധിമുട്ടിക്കേണ്ടതില്ല” എന്നു പറഞ്ഞു.

50

അതു കേട്ടപ്പോള്‍ യേശു പറഞ്ഞു: “ഭയപ്പെടേണ്ടാ; വിശ്വസിക്കുക മാത്രം ചെയ്യുക; അവള്‍ സുഖം പ്രാപിക്കും.”

51

വീട്ടിലെത്തിയപ്പോള്‍ പത്രോസിനെയും യോഹന്നാനെയും യാക്കോബിനെയും ആ കുട്ടിയുടെ മാതാപിതാക്കളെയുമല്ലാതെ മറ്റാരെയും തന്നോടൊപ്പം അകത്തു കടക്കുവാന്‍ യേശു അനുവദിച്ചില്ല.

52 എല്ലാവരും ആ പെണ്‍കുട്ടിയെച്ചൊല്ലി കരയുകയും വിലപിക്കുകയും ചെയ്തുകൊണ്ടിരുന്നു. യേശു അവരോട്: “ആരും കരയേണ്ടാ; അവള്‍ മരിച്ചിട്ടില്ല, ഉറങ്ങുകയാണ്” എന്നു പറഞ്ഞു.

53

അവള്‍ മരിച്ചുപോയി എന്ന് അറിയാമായിരുന്നതിനാല്‍ അവര്‍ അവിടുത്തെ പരിഹസിച്ചു.

54 എന്നാല്‍ അവിടുന്ന് ആ പെണ്‍കുട്ടിയുടെ കൈക്കു പിടിച്ചുകൊണ്ട്: “മകളേ എഴുന്നേല്‌ക്കുക” എന്ന് ഉച്ചത്തില്‍ ആജ്ഞാപിച്ചു.

55 ഉടനെ കുട്ടിയുടെ പ്രാണന്‍ തിരിച്ചുവന്നു. അവള്‍ പെട്ടെന്ന് എഴുന്നേറ്റു. “അവള്‍ക്ക് എന്തെങ്കിലും ആഹാരം കൊടുക്കുക” എന്ന് യേശു പറഞ്ഞു.

56 ആ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആനന്ദനിര്‍വൃതിയടഞ്ഞു. എന്നാല്‍ ഈ സംഭവത്തെക്കുറിച്ച് ആരോടും പറയരുതെന്ന് യേശു അവരോടു കല്പിച്ചു.

9

1

യേശു പന്ത്രണ്ടു ശിഷ്യന്മാരെ വിളിച്ചു കൂട്ടി സകല ഭൂതങ്ങളെയും പുറത്താക്കുവാനും രോഗികളെ സുഖപ്പെടുത്തുവാനും അധികാരവും ശക്തിയും നല്‌കി.

2 പിന്നീടു ദൈവരാജ്യം വിളംബരം ചെയ്യുവാനും അസ്വസ്ഥരെ സുഖപ്പെടുത്തുവാനും അവരെ അയച്ചു.

3 അവിടുന്ന് അവരോടു പറഞ്ഞു: “യാത്രയ്‍ക്കുവേണ്ടി നിങ്ങള്‍ ഒന്നും കരുതേണ്ടാ; വടിയോ, സഞ്ചിയോ, ആഹാരമോ, പണമോ വേണ്ടാ; രണ്ടു വസ്ത്രവും എടുക്കേണ്ടതില്ല.

4 നിങ്ങള്‍ ഏതെങ്കിലും ഭവനത്തില്‍ ചെന്നാല്‍ ആ സ്ഥലത്തുനിന്നു പോകുന്നതുവരെ അവിടെത്തന്നെ പാര്‍ക്കുക.

5 ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതിരുന്നാല്‍ ആ പട്ടണം വിട്ടുപോകുമ്പോള്‍ അവര്‍ക്ക് എതിരെയുള്ള സാക്ഷ്യത്തിനുവേണ്ടി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുക.”

6

അങ്ങനെ ശിഷ്യന്മാര്‍ പുറപ്പെട്ട് സുവിശേഷം ഘോഷിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്തുകൊണ്ട് ഗ്രാമംതോറും സഞ്ചരിച്ചു.

7

ഈ കാര്യങ്ങളെല്ലാം സാമന്തരാജാവായ ഹേരോദാ കേട്ടു.

8 യോഹന്നാന്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എന്നു ചിലരും ഏലിയാ പ്രവാചകന്‍ പ്രത്യക്ഷനായിരിക്കുന്നു എന്നു മറ്റുചിലരും പണ്ടത്തെ പ്രവാചകന്മാരിലൊരാള്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എന്നു വേറെ ചിലരും പറയുന്നതുകേട്ട് ഹേരോദാ അമ്പരന്ന് ഇപ്രകാരം പറഞ്ഞു:

9 “യോഹന്നാനെ ഞാന്‍ ശിരഛേദം ചെയ്തുവല്ലോ; ഇങ്ങനെയെല്ലാം പറഞ്ഞു കേള്‍ക്കുന്ന ഈ മനുഷ്യന്‍ ആരായിരിക്കും?” ഹേരോദാ യേശുവിനെ കാണാന്‍ ശ്രമിച്ചു.

10

തങ്ങള്‍ ചെയ്ത കാര്യങ്ങളെല്ലാം അപ്പോസ്തോലന്മാര്‍ തിരിച്ചുവന്ന് യേശുവിനോടു പറഞ്ഞു. അവിടുന്ന് അവരെ കൂട്ടിക്കൊണ്ട് രഹസ്യമായി ബെത്‍സെയ്ദ എന്ന പട്ടണത്തിലേക്കു പോയി.

11 ജനങ്ങള്‍ ഇതറിഞ്ഞ് യേശുവിനെ പിന്തുടര്‍ന്നു. അവിടുന്ന് അവരെ സ്വീകരിച്ച്, ദൈവരാജ്യത്തെപ്പറ്റി അവരോടു സംസാരിക്കുകയും രോഗശാന്തി ആവശ്യമുള്ളവര്‍ക്കു സൗഖ്യം നല്‌കുകയും ചെയ്തു.

12

അസ്തമയത്തോടടുത്തപ്പോള്‍ പന്ത്രണ്ടു ശിഷ്യന്മാര്‍ യേശുവിനെ സമീപിച്ചു പറഞ്ഞു: “ഇതു വിജനസ്ഥലമാണല്ലോ; ഈ ജനം അടുത്തുള്ള ഗ്രാമങ്ങളിലും കുടിപാര്‍പ്പുള്ള സ്ഥലങ്ങളിലും പോയി രാപാര്‍ക്കുകയും വല്ല ഭക്ഷണസാധനങ്ങളും വാങ്ങുകയും ചെയ്യുവാന്‍ ഇവരെ പറഞ്ഞയച്ചാലും.”

13

എന്നാല്‍ യേശു പറഞ്ഞു: “നിങ്ങള്‍ അവര്‍ക്കു വല്ലതും ഭക്ഷിക്കുവാന്‍ കൊടുക്കണം!”

അതിനു മറുപടിയായി അവര്‍, “ഞങ്ങളുടെ പക്കല്‍ അഞ്ചപ്പവും രണ്ടു മീനുമല്ലാതെ മറ്റൊന്നുമില്ല; ഞങ്ങള്‍ പോയി ഈ വലിയ ജനസഞ്ചയത്തിനു വേണ്ട ആഹാരം വാങ്ങണമെന്നാണോ അങ്ങു പറയുന്നത്?” എന്നു ചോദിച്ചു.

14 പുരുഷന്മാര്‍തന്നെ അയ്യായിരത്തോളം അവിടെ കൂടിയിരുന്നു.

ഏകദേശം അമ്പതുപേര്‍ വീതമുള്ള പന്തികളായി അവരെ ഇരുത്തുവാന്‍ യേശു ശിഷ്യന്മാരോട് ആജ്ഞാപിച്ചു.

15

[15,16] എല്ലാവരെയും അവര്‍ ഇരുത്തി. യേശു ആ അഞ്ച് അപ്പവും രണ്ടുമീനും കൈയിലെടുത്തു സ്വര്‍ഗത്തിലേക്കു നോക്കി, വാഴ്ത്തി നുറുക്കി, ജനത്തിനു വിളമ്പിക്കൊടുക്കുവാന്‍ ശിഷ്യന്മാരെ ഏല്പിച്ചു.

16

17 എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. അധികം വന്ന അപ്പക്കഷണങ്ങള്‍ ശിഷ്യന്മാര്‍ പന്ത്രണ്ടു കുട്ടകളില്‍ സംഭരിച്ചു.

18

ഒരിക്കല്‍ യേശു തനിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശിഷ്യന്മാരും കൂടെയുണ്ടായിരുന്നു. യേശു അവരോടു ചോദിച്ചു: “ഞാന്‍ ആരാണെന്നാണു ജനങ്ങള്‍ പറയുന്നത്?”

19 അവര്‍ പറഞ്ഞു: “യോഹന്നാന്‍ സ്നാപകനെന്നു ചിലരും, ഏലിയാ എന്നു മറ്റു ചിലരും, മരിച്ചുപോയ പ്രവാചകന്മാരില്‍ ഒരാള്‍ വീണ്ടും വന്നിരിക്കുന്നു എന്നു വേറെ ചിലരും പറയുന്നു.”

20

യേശു വീണ്ടും ചോദിച്ചു: “ആകട്ടെ, ഞാന്‍ ആരാണെന്നാണു നിങ്ങള്‍ പറയുന്നത്?”

“അങ്ങു ദൈവത്തിന്‍റെ അഭിഷിക്തനായ ക്രിസ്തുതന്നേ” എന്നു പത്രോസ് പറഞ്ഞു.

21

ഇത് ആരോടും പറയരുതെന്ന് യേശു അവരോടു നിഷ്കര്‍ഷാപൂര്‍വം കല്പിച്ചു.

22 “മനുഷ്യപുത്രന്‍ വളരെയധികം പീഡനങ്ങള്‍ സഹിക്കേണ്ടതുണ്ട്. ജനപ്രമാണിമാരും മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും അവനെ തിരസ്കരിച്ചു കൊല്ലുവാന്‍ ഏല്പിച്ചുകൊടുക്കും. എന്നാല്‍ മൂന്നാംദിവസം മനുഷ്യപുത്രന്‍ ഉയിര്‍ത്തെഴുന്നേല്‌ക്കും” എന്നും യേശു പറഞ്ഞു.

23

അനന്തരം എല്ലാവരോടുമായി യേശു അരുള്‍ചെയ്തു: “എന്നെ അനുഗമിക്കുവാന്‍ ഇച്ഛിക്കുന്നവന്‍ സ്വയം പരിത്യജിച്ച് അനുദിനം തന്‍റെ കുരിശെടുത്ത് എന്നെ അനുഗമിക്കട്ടെ.

24 എന്തെന്നാല്‍ തന്‍റെ ജീവനെ രക്ഷിക്കുവാന്‍ ഇച്ഛിക്കുന്ന ഏതൊരുവനും അതു നഷ്ടപ്പെടും. എനിക്കുവേണ്ടി ആരെങ്കിലും സ്വജീവനെ നഷ്ടപ്പെടുത്തുന്നു എങ്കില്‍ അവന്‍ അതിനെ രക്ഷിക്കും.

25 ഒരു മനുഷ്യന്‍ സര്‍വലോകവും നേടിയാലും തന്നെത്തന്നെ നഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്താല്‍ അവന് എന്തു പ്രയോജനം!

26 ആരെങ്കിലും എന്നെക്കുറിച്ചോ എന്‍റെ വാക്കുകളെക്കുറിച്ചോ ലജ്ജിച്ചാല്‍, തന്‍റെയും തന്‍റെ പിതാവിന്‍റെയും വിശുദ്ധദൂതന്മാരുടെയും തേജസ്സില്‍ വരുമ്പോള്‍ മനുഷ്യപുത്രനും അവനെക്കുറിച്ചു ലജ്ജിക്കും.

27 നിങ്ങളോടു ഞാന്‍ ഉറപ്പിച്ചു പറയുന്നു: ഇവിടെ നില്‌ക്കുന്നവരില്‍ ചിലര്‍ ദൈവരാജ്യം ദര്‍ശിക്കുന്നതിനുമുമ്പ് മരണം അടയുകയില്ല.”

28

ഇക്കാര്യങ്ങള്‍ പറഞ്ഞ് ഏകദേശം എട്ടു ദിവസം കഴിഞ്ഞ് യേശു പത്രോസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ട് പ്രാര്‍ഥിക്കുന്നതിനായി ഒരു മലയിലേക്കു പോയി.

29 പ്രാര്‍ഥിച്ചുകൊണ്ടിരുന്നപ്പോള്‍ യേശുവിന്‍റെ മുഖഭാവം മാറി. അവിടുത്തെ വസ്ത്രം കണ്ണഞ്ചിക്കുന്ന വെണ്‍മയുള്ളതായിത്തീര്‍ന്നു.

30 അതാ രണ്ടു പുരുഷന്മാര്‍ യേശുവിനോടു സംസാരിക്കുന്നു! മോശയും ഏലിയായും!

31 യെരൂശലേമില്‍വച്ചു നടക്കുവാന്‍ പോകുന്നതിന്‍റെ നിര്യാണത്തിലൂടെ ദൈവോദ്ദേശ്യം പൂര്‍ത്തീകരിക്കുന്നതിനെക്കുറിച്ചാണ് ആ തേജോമയന്മാര്‍ യേശുവിനോടു സംസാരിച്ചത്.

32 പത്രോസും അദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്നവരും ഗാഢനിദ്രയിലാണ്ടിരുന്നു. ഉണര്‍ന്നപ്പോള്‍ ഉജ്ജ്വല തേജസ്സോടുകൂടിയ യേശുവിനെയും തന്നോടുകൂടെ നില്‌ക്കുന്ന രണ്ടുപേരെയും അവര്‍ കണ്ടു.

33 അവര്‍ യേശുവിനെ വിട്ടുപിരിയാന്‍ ഭാവിച്ചപ്പോള്‍ പത്രോസ് യേശുവിനോടു പറഞ്ഞു: “ഗുരോ, നാം ഇവിടെ ഇരിക്കുന്നതു നന്ന്; ഞങ്ങള്‍ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കട്ടെ; ഒന്ന് അങ്ങേക്കും, ഒന്നു മോശയ്‍ക്കും, ഒന്ന് ഏലീയായ്‍ക്കും.” താന്‍ പറയുന്നത് എന്തെന്ന് പത്രോസ് അറിഞ്ഞില്ല.

34

ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഒരു മേഘം വന്ന് അവരുടെമേല്‍ നിഴല്‍ വീശി. അവര്‍ മേഘത്തിനുള്ളിലായപ്പോള്‍ ശിഷ്യന്മാര്‍ ഭയപ്പെട്ടു.

35 “ഇവനാണ് ഞാന്‍ തിരഞ്ഞെടുത്ത എന്‍റെ പുത്രന്‍; ഇവന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുക.” എന്നൊരു അശരീരി ആ സമയത്ത് മേഘത്തില്‍ നിന്നുണ്ടായി.

36

അശരീരി നിലച്ചപ്പോള്‍ യേശുവിനെ മാത്രമേ അവര്‍ കണ്ടുള്ളൂ. ഈ ദര്‍ശനത്തെക്കുറിച്ച് അക്കാലത്ത് ശിഷ്യന്മാര്‍ ആരോടും പറയാതെ മൗനം അവലംബിച്ചു.

37

പിറ്റേദിവസം യേശു മലയില്‍ നിന്നിറങ്ങി വന്നപ്പോള്‍ ഒരു വലിയ ജനക്കൂട്ടത്തെ കണ്ടു.

38 അവരില്‍നിന്ന് ഒരാള്‍ വിളിച്ചു പറഞ്ഞു: “ഗുരോ, എന്‍റെ ഈ മകനെ ഒന്നു നോക്കണമേ! എന്‍റെ ഏക സന്താനമാണ് ഇവന്‍.

39 ഭൂതബാധ ഉണ്ടായാല്‍ ഉടനെ ഇവന്‍ ഉച്ചത്തില്‍ നിലവിളിക്കും; അത് അവനെ ഞെരുക്കി ശരീരം കോട്ടും; വായില്‍ നുരയും പതയും ഉണ്ടാകും. ഇവനെ പരുക്കേല്പിക്കാതെ അതു വിട്ടുമാറുകയുമില്ല.

40 ഈ ബാധ ഒഴിവാക്കുവാന്‍ അങ്ങയുടെ ശിഷ്യന്മാരോടും ഞാന്‍ അപേക്ഷിച്ചു; പക്ഷേ അവര്‍ക്കു കഴിഞ്ഞില്ല.”

41

അപ്പോള്‍ യേശു പ്രതിവചിച്ചു: “അവിശ്വാസികളും വഴിതെറ്റിയവരുമായ തലമുറക്കാരേ! ഞാന്‍ എത്രകാലം നിങ്ങളോടുകൂടി ഇരുന്നു നിങ്ങളെ വഹിക്കും”! “നിന്‍റെ മകനെ ഇവിടെ കൊണ്ടുവരിക” എന്ന് ആ മനുഷ്യനോട് പറഞ്ഞു.

42

ബാലന്‍ വരുമ്പോള്‍ത്തന്നെ ഭൂതം അവനെ തള്ളിയിട്ടു ഞെരിച്ചു. യേശു ആ ദുഷ്ടാത്മാവിനെ ശാസിച്ചു; ബാലനെ സുഖപ്പെടുത്തി, അവന്‍റെ പിതാവിനെ ഏല്പിക്കുകയും ചെയ്തു.

43 ദൈവത്തിന്‍റെ അദ്ഭുതശക്തിയില്‍ എല്ലാവരും വിസ്മയിച്ചു.

44

താന്‍ ചെയ്ത എല്ലാ പ്രവൃത്തികളെക്കുറിച്ചും ജനങ്ങള്‍ അദ്ഭുതപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ യേശു ശിഷ്യന്മാരോടു പറഞ്ഞു: “മനുഷ്യപുത്രന്‍ മനുഷ്യരുടെ കൈയില്‍ ഏല്പിക്കപ്പെടുവാന്‍ പോകുകയാണ്; ഇത് നിങ്ങളുടെ ഓര്‍മയിലിരിക്കട്ടെ.”

45 എന്നാല്‍ അവര്‍ അതു ഗ്രഹിച്ചില്ല. അവര്‍ക്കു ഗ്രഹിക്കുവാന്‍ കഴിയാത്തവിധം അതു നിഗൂഢമായിരുന്നു. അതിനെക്കുറിച്ച് അവിടുത്തോടു ചോദിക്കുവാന്‍ അവര്‍ ശങ്കിച്ചു.

46

തങ്ങളുടെ ഇടയില്‍ ആരാണ് ഏറ്റവും വലിയവന്‍ എന്നതിനെച്ചൊല്ലി ശിഷ്യന്മാര്‍ തമ്മില്‍ തര്‍ക്കമുണ്ടായി.

47 യേശു അവരുടെ മനോഗതം മനസ്സിലാക്കിക്കൊണ്ട് ഒരു ശിശുവിനെ എടുത്ത്, അടുത്തുനിറുത്തി ഇപ്രകാരം അരുള്‍ചെയ്തു:

48 “എന്‍റെ നാമത്തില്‍ ഈ ശിശുവിനെ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്ന ഏതൊരുവനും എന്നെ അയച്ചവനെ സ്വീകരിക്കുന്നു. നിങ്ങളില്‍ ഏറ്റവും ചെറിയവനാണ് ഏറ്റവും വലിയവന്‍.”

49

യോഹന്നാന്‍ യേശുവിനോടു പറഞ്ഞു: “ഗുരോ, അങ്ങയുടെ നാമത്തില്‍ ഒരാള്‍ ഭൂതങ്ങളെ പുറത്താക്കുന്നത് ഞങ്ങള്‍ കണ്ടു. അയാള്‍ ഞങ്ങളോടുകൂടി അങ്ങയെ അനുഗമിക്കാത്തതുകൊണ്ട് ഞങ്ങള്‍ അയാളെ വിലക്കി.”

50

യേശു പ്രതിവചിച്ചു: “അയാളെ വിലക്കരുത്; നിങ്ങള്‍ക്ക് എതിരല്ലാത്തവന്‍ നിങ്ങള്‍ക്ക് അനുകൂലനത്രേ.”

51

സ്വര്‍ഗാരോഹണത്തിനുള്ള സമയം അടുത്തപ്പോള്‍ യേശു യെരൂശലേമിലേക്കു പോകുവാന്‍ ദൃഢനിശ്ചയം ചെയ്തു;

52 തനിക്കുവേണ്ട ഒരുക്കങ്ങള്‍ ചെയ്യുന്നതിനു ചിലരെ മുമ്പേ അയച്ചു. അവിടുത്തേക്ക് കടന്നുപോകേണ്ടിയിരുന്ന ഒരു ശമര്യഗ്രാമത്തില്‍ അവര്‍ പ്രവേശിച്ചു.

53 എന്നാല്‍ യേശു യെരൂശലേമിലേക്കു പോവുകയായിരുന്നതുകൊണ്ട് ശമര്യക്കാര്‍ അവിടുത്തെ സ്വീകരിച്ചില്ല.

54 ഇതു കണ്ടിട്ട് ശിഷ്യന്മാരായ യാക്കോബും യോഹന്നാനും ചോദിച്ചു: “ഗുരോ, ഏലിയാ ചെയ്തതുപോലെ ആകാശത്തുനിന്ന് അഗ്നിയിറങ്ങി ഇവരെ നശിപ്പിക്കുവാന്‍ ഞങ്ങള്‍ ആജ്ഞാപിക്കട്ടെയോ?”

55

യേശു അവരുടെ നേരെ തിരിഞ്ഞ് അവരെ ശാസിച്ചു: “ നിങ്ങള്‍ ഏതൊരാത്മാവിനാലാണ് ഇതു പറയുന്നതെന്നു നിങ്ങള്‍ അറിയുന്നില്ല;

56 മനുഷ്യരെ നശിപ്പിക്കുവാനല്ല രക്ഷിക്കുവാനത്രേ മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്” എന്നു പറഞ്ഞു. പിന്നീട് അവര്‍ മറ്റൊരു ഗ്രാമത്തിലേക്കു പോയി.

57

അവര്‍ പോകുമ്പോള്‍ ഒരാള്‍ യേശുവിന്‍റെ അടുത്തുവന്ന് “അങ്ങ് എവിടെ പോയാലും ഞാന്‍ അങ്ങയെ അനുഗമിക്കാം” എന്നു പറഞ്ഞു.

58 യേശു പ്രതിവചിച്ചു: “കുറുനരികള്‍ക്കു മാളങ്ങളുണ്ട്; ആകാശത്തിലെ പറവകള്‍ക്കു കൂടുകളുണ്ട്; മനുഷ്യപുത്രനാകട്ടെ തലചായിക്കുവാന്‍പോലും ഇടമില്ല.”

59

മറ്റൊരാളോട്: “എന്നെ അനുഗമിക്കുക” എന്നു യേശു പറഞ്ഞു. “ഗുരോ, എന്‍റെ പിതാവിന്‍റെ ശവസംസ്കാരം നടത്തുവാന്‍ എന്നെ അനുവദിച്ചാലും” എന്ന് അയാള്‍ പ്രതിവചിച്ചു.

60 അപ്പോള്‍ യേശു, “മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ; നീ പോയി ദൈവരാജ്യം വിളംബരം ചെയ്യുക” എന്നു പറഞ്ഞു.

61

വേറൊരാള്‍, “ഗുരോ, ഞാന്‍ അങ്ങയെ അനുഗമിക്കാം; എന്നാല്‍ ആദ്യം എന്‍റെ ബന്ധുക്കളോടു യാത്രപറയട്ടെ” എന്നു പറഞ്ഞു. അതിന് യേശുവിന്‍റെ മറുപടി,

62 “കലപ്പയില്‍ കൈവച്ചശേഷം പിന്തിരിഞ്ഞു നോക്കുന്നവന്‍ ദൈവരാജ്യത്തിനു യോജിച്ചവനല്ല” എന്നായിരുന്നു.

10

1

അതിനുശേഷം വേറെ എഴുപത്തിരണ്ടുപേരെ യേശു നിയമിച്ചു. അവിടുന്ന് അവരെ രണ്ടുപേരെ വീതം താന്‍ പോകാനിരുന്ന

2 ഓരോ പട്ടണത്തിലേക്കും മറ്റു സ്ഥലങ്ങളിലേക്കും അയച്ചു. യേശു അവരോടു പറഞ്ഞു: “കൊയ്ത്തു വളരെയുണ്ട്, പക്ഷേ, വേലക്കാര്‍ ചുരുക്കം. അതുകൊണ്ട് നിലമുടമസ്ഥനോടു കൊയ്ത്തിനു വേലക്കാരെ അയച്ചുതരുവാന്‍ അപേക്ഷിക്കുക.

3 ചെന്നായ്‍ക്കളുടെ ഇടയിലേക്ക് ആട്ടിന്‍കുട്ടികളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്‍ക്കുന്നു; നിങ്ങള്‍ പോകുക.

4 പണസഞ്ചിയോ, ഭാണ്ഡമോ, ചെരുപ്പോ കൊണ്ടുപോകേണ്ടാ; വഴിയില്‍വച്ച് ആരെയും അഭിവാദനം ചെയ്യേണ്ടതില്ല.

5 ഏതെങ്കിലും ഭവനത്തില്‍ നിങ്ങള്‍ പ്രവേശിച്ചാല്‍ ആദ്യം ‘ഈ വീടിനു സമാധാനം’ എന്ന് ആശംസിക്കണം.

6 അവിടെ ഒരു സമാധാനപ്രിയന്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ആശംസിച്ച സമാധാനം അവന്‍റെമേല്‍ ആവസിക്കും. അല്ലെങ്കില്‍ ആ സമാധാനം നിങ്ങളിലേക്കു തിരിച്ചുപോരും.

7 അവര്‍ തരുന്ന ഭക്ഷണപാനീയങ്ങള്‍ സ്വീകരിച്ച് അതേ ഭവനത്തില്‍ത്തന്നെ പാര്‍ക്കുക. എന്തെന്നാല്‍ വേലക്കാരന്‍ തന്‍റെ കൂലിക്ക് അര്‍ഹനത്രേ. വീടുകള്‍തോറും മാറി മാറി താമസിക്കുവാന്‍ തുനിയരുത്.

8 ഏതെങ്കിലും പട്ടണത്തിലെ ജനങ്ങള്‍ നിങ്ങളെ സ്വീകരിച്ചാല്‍ അവര്‍ വിളമ്പിത്തരുന്നത് എന്തായാലും അതു ഭക്ഷിക്കുക.

9 ആ പട്ടണത്തിലെ രോഗികളെ സുഖപ്പെടുത്തുകയും ‘ദൈവരാജ്യം നിങ്ങളുടെ അടുക്കലെത്തിയിരിക്കുന്നു’ എന്ന് അവരോടു പറയുകയും ചെയ്യുക.

10 എന്നാല്‍ ഏതെങ്കിലും പട്ടണത്തിലെ ജനങ്ങള്‍ നിങ്ങളെ സ്വീകരിക്കാതിരുന്നാല്‍ അവിടത്തെ തെരുവീഥികളില്‍ ചെന്ന്

11 ‘നിങ്ങളുടെ പട്ടണത്തില്‍നിന്നു ഞങ്ങളുടെ കാലുകളില്‍ പറ്റിയ പൊടിപോലും ഇതാ നിങ്ങളുടെ മുമ്പില്‍വച്ചു തട്ടിക്കളയുന്നു; എങ്കിലും ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുക’ എന്ന് അവരോട് പറയണം.

12 ന്യായവിധിനാളില്‍ ആ പട്ടണത്തിനുണ്ടാകുന്ന ശിക്ഷാവിധി സോദോംപട്ടണത്തിനുണ്ടായതിനെക്കാള്‍ ഭയങ്കരമായിരിക്കുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.”

13

“കോരസീനേ, നിനക്കു ഹാ കഷ്ടം! ബെത്‍സെയ്ദയേ, നിനക്ക് ഹാ കഷ്ടം! നിങ്ങളില്‍ നടന്ന അദ്ഭുതപ്രവൃത്തികള്‍ സോരിലും സീദോനിലും നടന്നിരുന്നുവെങ്കില്‍, അവര്‍ പണ്ടുതന്നെ ചാക്കുതുണിയുടുത്തും വെണ്ണീറിലിരുന്നും അനുതപിക്കുമായിരുന്നു.

14 എന്നാല്‍ ന്യായവിധിനാളില്‍ സോരിന്‍റെയും സീദോന്‍റെയും അവസ്ഥ നിങ്ങളുടേതിനെക്കാള്‍ സഹിക്കാവുന്നതായിരിക്കും.

15 കഫര്‍ന്നഹൂമേ, നീ സ്വര്‍ഗത്തോളം ഉയരുവാന്‍ ആഗ്രഹിച്ചുവോ! നീ പാതാളത്തോളം താണുപോകും.

16

“നിങ്ങളെ അനുസരിക്കുന്നവന്‍ എന്നെ അനുസരിക്കുന്നു; നിങ്ങളെ നിരാകരിക്കുന്നവന്‍ എന്നെ നിരാകരിക്കുന്നു. എന്നെ നിരാകരിക്കുന്നവന്‍ എന്നെ അയച്ചവനെ നിരാകരിക്കുന്നു.”

17

യേശു അയച്ച ആ എഴുപത്തിരണ്ടുപേര്‍ ആഹ്ലാദപൂര്‍വം തിരിച്ചു വന്നു പറഞ്ഞു: “ഗുരോ, അവിടുത്തെ നാമത്തില്‍ ഭൂതങ്ങള്‍പോലും ഞങ്ങള്‍ക്കു കീഴടങ്ങുന്നു.”

18

അപ്പോള്‍ അവിടുന്ന് ഇപ്രകാരം പറഞ്ഞു: ‘മിന്നല്‍പ്പിണര്‍പോലെ സാത്താന്‍ സ്വര്‍ഗത്തില്‍നിന്നു വീഴുന്നതു ഞാന്‍ കണ്ടു.

19 ഇതാ, സര്‍പ്പങ്ങളെയും തേളുകളെയും ചവുട്ടിമെതിക്കുന്നതിനുള്ള കഴിവു മാത്രമല്ല ശത്രുവിന്‍റെ സകല ശക്തികളുടെയും മേലുള്ള അധികാരവും ഞാന്‍ നിങ്ങള്‍ക്കു നല്‌കിയിരിക്കുന്നു. അവയൊന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല.

20 എങ്കിലും ദുഷ്ടാത്മാക്കള്‍ നിങ്ങള്‍ക്കു കീഴടങ്ങുന്നതിലല്ല, നിങ്ങളുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതിയിരിക്കുന്നതില്‍ ആണ് സന്തോഷിക്കേണ്ടത്.”

21

ആ സമയത്തുതന്നെ യേശു പരിശുദ്ധാത്മാവില്‍ ആനന്ദിച്ചുകൊണ്ടു പ്രാര്‍ഥിച്ചു: “ആകാശത്തിന്‍റെയും ഭൂമിയുടെയും അധിപനായ പിതാവേ, അങ്ങയെ ഞാന്‍ വാഴ്ത്തുന്നു. അങ്ങ് ഇക്കാര്യങ്ങള്‍ ജ്ഞാനികളില്‍നിന്നും ബുദ്ധിശാലികളില്‍നിന്നും മറച്ച് കേവലം ശിശുക്കള്‍ക്കു വെളിപ്പെടുത്തിയിരിക്കുന്നു. അതേ, പിതാവേ, ഇപ്രകാരം തിരുവുള്ളം പ്രസാദിച്ചുവല്ലോ.”

22

യേശു പറഞ്ഞു: “എന്‍റെ പിതാവു സകലവും എന്നെ ഏല്പിച്ചിരിക്കുന്നു. പുത്രന്‍ ആരാണെന്നു പിതാവല്ലാതെ മറ്റാരും അറിയുന്നില്ല. അതുപോലെതന്നെ പിതാവ് ആരാണെന്നു പുത്രനും പുത്രന്‍ ആര്‍ക്കെല്ലാം വെളിപ്പെടുത്തിക്കൊടുക്കുവാന്‍ ഇച്ഛിക്കുന്നുവോ അവരുമല്ലാതെ മറ്റാരും അറിയുന്നില്ല.”

23

പിന്നീടു ശിഷ്യന്മാരുടെ നേരെ തിരിഞ്ഞു യേശു സ്വകാര്യമായി പറഞ്ഞു: “നിങ്ങള്‍ കാണുന്നതെന്തോ, അതു കാണുന്നവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍.

24 ഞാന്‍ പറയട്ടെ, നിങ്ങള്‍ കാണുന്നതു കാണാന്‍ അനേകം പ്രവാചകന്മാരും രാജാക്കന്മാരും ആഗ്രഹിച്ചു; അവര്‍ കണ്ടില്ല. നിങ്ങള്‍ കേള്‍ക്കുന്നതു കേള്‍ക്കുവാന്‍ അവര്‍ ആഗ്രഹിച്ചു; കേട്ടതുമില്ല.”

25

ഒരു നിയമപണ്ഡിതന്‍ യേശുവിന്‍റെ അടുക്കല്‍ വന്ന് അവിടുത്തെ പരീക്ഷിക്കുന്നതിനുവേണ്ടി ചോദിച്ചു: “ഗുരോ, അനശ്വരമായ ജീവന്‍ അവകാശമായി ലഭിക്കുവാന്‍ ഞാന്‍ എന്തു ചെയ്യണം!”

26

യേശു പറഞ്ഞു: “ധര്‍മശാസ്ത്രത്തില്‍ എന്താണ് എഴുതിയിരിക്കുന്നത്? താങ്കള്‍ എന്താണു വായിച്ചു ഗ്രഹിക്കുന്നത്?”

27

“നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണശക്തിയോടും പൂര്‍ണമനസ്സോടുംകൂടി സ്നേഹിക്കണം; നിന്‍റെ അയല്‍ക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം” എന്ന് അയാള്‍ ഉത്തരം പറഞ്ഞു.

28

യേശു അയാളോട്: “താങ്കള്‍ പറഞ്ഞത് ശരിതന്നെ; അപ്രകാരം ചെയ്യുക; എന്നാല്‍ താങ്കള്‍ ജീവിക്കും” എന്നു പറഞ്ഞു.

29

എന്നാല്‍ തന്‍റെ പ്രശ്നത്തെ ന്യായീകരിക്കുവാന്‍ ആഗ്രഹിച്ചുകൊണ്ട് അയാള്‍ യേശുവിനോട്: “ആരാണ് എന്‍റെ അയല്‍ക്കാരന്‍?” എന്നു ചോദിച്ചു.

30

യേശു ഇപ്രകാരം പ്രതിവചിച്ചു: “ഒരു മനുഷ്യന്‍ യെരൂശലേമില്‍നിന്നു യെരിഹോവിലേക്കു പോകുകയായിരുന്നു. അയാള്‍ കൊള്ളക്കാരുടെ കൈയിലകപ്പെട്ടു. അവര്‍ അയാളുടെ വസ്ത്രം ഉരിഞ്ഞു മര്‍ദിച്ച് അര്‍ധപ്രാണനാക്കിയശേഷം കടന്നുകളഞ്ഞു.

31 ഒരു പുരോഹിതന്‍ യാദൃച്ഛികമായി അതുവഴി വന്നു. അയാള്‍ ആ മനുഷ്യനെ കണ്ടപ്പോള്‍ വഴിയുടെ മറുവശത്തേക്കു മാറി കടന്നുപോയി.

32 അതുപോലെതന്നെ ഒരു ലേവ്യനും അതുവഴി വന്നു. അയാളും ആ മനുഷ്യനെ കണ്ടിട്ട് മറുവശത്തുകൂടി കടന്നുപോകുകയാണുണ്ടായത്.

33 എന്നാല്‍ ഒരു ശമര്യന്‍ തന്‍റെ യാത്രാമധ്യേ അവിടെയെത്തി; ആ മനുഷ്യനെ കണ്ടു മനസ്സലിഞ്ഞ്

34 അയാള്‍ അടുത്തുചെന്ന് എണ്ണയും വീഞ്ഞും പകര്‍ന്ന് അയാളുടെ മുറിവുകള്‍ വച്ചുകെട്ടിയശേഷം അയാളെ തന്‍റെ വാഹന മൃഗത്തിന്‍റെ പുറത്തുകയറ്റി സത്രത്തിലേക്കു കൊണ്ടുപോയി ശ്രദ്ധാപൂര്‍വം പരിചരിച്ചു.

35 പിറ്റേദിവസം ആ ശമര്യന്‍ രണ്ടു ദിനാര്‍ എടുത്ത് ആ സത്രമുടമസ്ഥനെ ഏല്പിച്ചിട്ട് ഇങ്ങനെ പറഞ്ഞു: ‘ഈ മനുഷ്യനെ വേണ്ടതുപോലെ ശുശ്രൂഷിച്ചുകൊള്ളണം. അധികം എന്തുതന്നെ ചെലവായാലും ഞാന്‍ തിരിച്ചുവരുമ്പോള്‍ തന്നുകൊള്ളാം.”

36

യേശു ആ നിയമപണ്ഡിതനോടു ചോദിച്ചു: “കൊള്ളക്കാരുടെ കൈയിലകപ്പെട്ട ആ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഈ മൂന്നുപേരില്‍ ആരാണ് അയല്‍ക്കാരനായി വര്‍ത്തിച്ചത് എന്നു താങ്കള്‍ക്കു തോന്നുന്നു?”

37

“അയാളോടു കരുണ കാണിച്ചവന്‍തന്നെ” എന്നു നിയമപണ്ഡിതന്‍ പറഞ്ഞു.

യേശു ആ നിയമജ്ഞനോടു പറഞ്ഞു: “താങ്കളും പോയി അതുപോലെ ചെയ്യുക.”

38

യാത്രാമധ്യേ യേശു ഒരു ഗ്രാമത്തില്‍ പ്രവേശിച്ചപ്പോള്‍ മാര്‍ത്ത എന്നൊരു സ്‍ത്രീ തന്‍റെ വീട്ടില്‍ അവിടുത്തെ സ്വീകരിച്ചു.

39 അവള്‍ക്കു മറിയം എന്നു പേരുള്ള ഒരു സഹോദരി ഉണ്ടായിരുന്നു. അവള്‍ യേശുവിന്‍റെ കാല്‌ക്കലിരുന്ന് അവിടുത്തെ പ്രബോധനങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

40 മാര്‍ത്തയാകട്ടെ വളരെയധികം ജോലികളില്‍ മുഴുകി വ്യഗ്രത പൂണ്ടിരുന്നു. അവള്‍ യേശുവിനെ സമീപിച്ച്: “ഗുരോ, എന്‍റെ സഹോദരി എന്നെ ഈ ജോലിയെല്ലാം തനിച്ചു ചെയ്യാന്‍ വിട്ടിരിക്കുന്നതിനെക്കുറിച്ച് അങ്ങേക്ക് വിചാരമില്ലേ? എന്നെ സഹായിക്കുവാന്‍ അവളോടു പറഞ്ഞാലും” എന്നു പറഞ്ഞു.

41

അതിന് യേശു: “മാര്‍ത്തയേ, മാര്‍ത്തയേ, നീ പല കാര്യങ്ങളെച്ചൊല്ലി വ്യാകുലപ്പെട്ട് അസ്വസ്ഥയായിരിക്കുകയാണ്.

42 എന്നാല്‍ അല്പമേ വേണ്ടൂ; അല്ല, ഒന്നുമാത്രം മതി; മറിയം നല്ല അംശം തിരഞ്ഞെടുത്തു. അത് അവളില്‍നിന്ന് ആരും അപഹരിക്കുകയില്ല” എന്നു പറഞ്ഞു.

11

1

യേശു ഒരു സ്ഥലത്തു പ്രാര്‍ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു. പ്രാര്‍ഥന കഴിഞ്ഞപ്പോള്‍ ശിഷ്യന്മാരിലൊരാള്‍ അഭ്യര്‍ഥിച്ചു: “നാഥാ, യോഹന്നാന്‍ തന്‍റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്‍ഥിക്കുവാന്‍ പഠിപ്പിക്കണമേ.”

2 യേശു അരുള്‍ചെയ്തു: “നിങ്ങള്‍ ഇപ്രകാരം പ്രാര്‍ഥിക്കുക:

പിതാവേ,
അവിടുത്തെ പരിശുദ്ധനാമം പൂജിതമാകണമേ;
അവിടുത്തെ രാജ്യം വരണമേ.

3
ആവശ്യമുള്ള ആഹാരം ദിനംതോറും
ഞങ്ങള്‍ക്കു നല്‌കണമേ.

4
ഞങ്ങളോടു കടപ്പെട്ടിട്ടുള്ള ഏതൊരുവനോടും

5
ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ
ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോടു ക്ഷമിക്കണമേ.
കഠിന പരീക്ഷണത്തില്‍ ഞങ്ങള്‍ അകപ്പെടുവാന്‍ ഇടയാക്കരുതേ.”

അനന്തരം യേശു അവരോടു പറഞ്ഞു: “നിങ്ങളില്‍ ആരെങ്കിലും അര്‍ധരാത്രിയില്‍ നിങ്ങളുടെ സ്നേഹിതന്‍റെ വീട്ടില്‍ ചെന്നു

6 ‘സ്നേഹിതാ, എന്‍റെ ഒരു സുഹൃത്ത് യാത്രാമധ്യേ എന്‍റെ വീട്ടില്‍ വന്നിരിക്കുന്നു; അയാള്‍ക്കു കൊടുക്കുവാന്‍ എന്‍റെ പക്കല്‍ ഒന്നുമില്ല; മൂന്ന് അപ്പം വായ്പ തരണേ’ എന്നു പറയുന്നു എന്നിരിക്കട്ടെ.

7 ‘എന്നെ ശല്യപ്പെടുത്താതിരിക്കൂ, വാതില്‍ അടച്ചു കഴിഞ്ഞു; കുട്ടികളും എന്‍റെ കൂടെ കിടക്കുന്നു; ഇപ്പോള്‍ എഴുന്നേറ്റു വന്ന് എന്തെങ്കിലും എടുത്തുതരാന്‍ നിവൃത്തിയില്ല’ എന്ന് അയാള്‍ അകത്തുനിന്നു പറയുന്നു എന്നും വിചാരിക്കുക.

8 വീണ്ടും വീണ്ടും നിര്‍ബന്ധിച്ചു ചോദിക്കുമ്പോള്‍ മമതയുടെ പേരില്‍ അല്ലെങ്കിലും സ്നേഹിതന്‍റെ നിര്‍ബന്ധംമൂലം അയാള്‍ എഴുന്നേറ്റ് ആവശ്യമുള്ളത് എടുത്തുകൊടുക്കും.”

9

“അപേക്ഷിച്ചുകൊണ്ടിരിക്കുക, നിങ്ങള്‍ക്കു ലഭിക്കും; അന്വേഷിച്ചുകൊണ്ടിരിക്കുക, നിങ്ങള്‍ കണ്ടെത്തും; മുട്ടിക്കൊണ്ടിരിക്കുക, നിങ്ങള്‍ക്കു വാതില്‍ തുറന്നു കിട്ടും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എന്തെന്നാല്‍ അപേക്ഷിക്കുന്ന ഏതൊരുവനും ലഭിക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു;

10 മുട്ടുന്നവനു വാതില്‍ തുറന്നു കിട്ടുന്നു.

11 നിങ്ങളില്‍ ഏതൊരു പിതാവാണ് മകന്‍ അപ്പം ചോദിച്ചാല്‍ കല്ലെടുത്തു കൊടുക്കുന്നത്? അഥവാ മീന്‍ ചോദിച്ചാല്‍ പാമ്പിനെ കൊടുക്കുന്നത്?

12 മുട്ട ചോദിച്ചാല്‍ തേളിനെ കൊടുക്കുന്നത്?

13 മക്കള്‍ക്കു നല്ലതു ദാനം ചെയ്യാന്‍ ദോഷികളായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍ സ്വര്‍ഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക്, പരിശുദ്ധാത്മാവിനെ എത്ര ഉദാരമായി നല്‌കും.”

14

ഒരിക്കല്‍ യേശു ഊമനായ ഒരു ഭൂതത്തെ പുറത്താക്കി; ഭൂതം വിട്ടുമാറിയ ഉടന്‍ മൂകനായിരുന്ന ആ മനുഷ്യന്‍ സംസാരിച്ചുതുടങ്ങി. ഇതു കണ്ട് ജനങ്ങള്‍ ആശ്ചര്യപ്പെട്ടു.

15 എന്നാല്‍ “ഇയാള്‍ ഭൂതങ്ങളെ പുറത്താക്കുന്നത് ഭൂതങ്ങളുടെ തലവനായ ബേല്‍സബൂലിനെക്കൊണ്ടാണ്” എന്നു ചിലര്‍ പറഞ്ഞു.

16

മറ്റു ചിലരാകട്ടെ അവിടുത്തെ കുടുക്കിലാക്കുന്നതിനായി സ്വര്‍ഗത്തില്‍നിന്ന് ഒരു അടയാളം കാണിക്കുവാന്‍ ആവശ്യപ്പെട്ടു.

17 യേശു അവരുടെ അന്തര്‍ഗതം മനസ്സിലാക്കിക്കൊണ്ട് അവരോടു പറഞ്ഞു: “ഏതൊരു രാജാവും അന്തഃഛിദ്രംമൂലം നശിക്കുന്നു; ഏതൊരു കുടുംബവും ഭിന്നതമൂലം വീണുപോകുന്നു.

18 സാത്താന്‍റെ രാജ്യത്തിലും അന്തഃഛിദ്രമുണ്ടായാല്‍ അത് എങ്ങനെ നിലനില്‌ക്കും? ബേല്‍സബൂലിനെക്കൊണ്ടാണ് ഞാന്‍ ഭൂതങ്ങളെ പുറത്താക്കുന്നതെന്നു നിങ്ങള്‍ പറയുന്നു.

19 ഞാന്‍ ഭൂതങ്ങളെ ബഹിഷ്കരിക്കുന്നത് ഇങ്ങനെയെങ്കില്‍ നിങ്ങളുടെ അനുയായികള്‍ ആരെക്കൊണ്ടാണ് അവയെ പുറത്താക്കുന്നത്! അതുകൊണ്ട് നിങ്ങള്‍ പറയുന്നതു ശരിയല്ലെന്ന് നിങ്ങളുടെ അനുയായികള്‍ തെളിയിക്കുന്നു.

20 അല്ല, ഞാന്‍ ദൈവശക്തികൊണ്ടാണ് ഭൂതങ്ങളെ പുറത്താക്കുന്നതെങ്കില്‍ ദൈവരാജ്യം നിങ്ങളുടെ അടുത്തു നിശ്ചയമായും വന്നുകഴിഞ്ഞിരിക്കുന്നു.”

21

“ബലിഷ്ഠനായ ഒരുവന്‍ ആയുധധാരിയായി സ്വഭവനം കാത്തുസൂക്ഷിക്കുമ്പോള്‍ അയാളുടെ വസ്തുവകകളെല്ലാം സുരക്ഷിതമായിരിക്കും.

22 എന്നാല്‍ തന്നെക്കാള്‍ ശക്തനായ ഒരാള്‍ വന്ന് അയാളെ ആക്രമിച്ചു കീഴടക്കുമ്പോള്‍ അയാള്‍ അവലംബമായി കരുതിയിരുന്ന ആയുധങ്ങള്‍ ആ മനുഷ്യന്‍ പിടിച്ചെടുക്കുകയും വസ്തുവകകളെല്ലാം അയാള്‍ കൊള്ളചെയ്തു പങ്കിടുകയും ചെയ്യും.

23

“എന്നെ അനുകൂലിക്കാത്തവന്‍ എനിക്കു വിരോധിയാകുന്നു. ഒന്നിച്ചു ചേര്‍ക്കുന്നതില്‍ എന്നെ സഹായിക്കാത്തവന്‍ ചിതറിക്കുകയാണു ചെയ്യുന്നത്.”

24

“ദുഷ്ടാത്മാവ് ഒരു മനുഷ്യനില്‍നിന്ന് ഒഴിഞ്ഞുപോകുമ്പോള്‍ വിശ്രമസങ്കേതം തേടി വെള്ളമില്ലാത്ത പ്രദേശങ്ങളില്‍ ചുറ്റിത്തിരിയുന്നു; സങ്കേതം കണ്ടെത്താതെ വരുമ്പോള്‍ ‘ഞാന്‍ പുറപ്പെട്ടുപോന്ന വീട്ടിലേക്കുതന്നെ തിരിച്ചുപോകും’ എന്ന് അതു പറയുന്നു.

25 അങ്ങനെ അതു തിരിച്ചുചെല്ലുമ്പോള്‍ ആ വീട് അടിച്ചുവാരി അടുക്കും ചിട്ടയുമുള്ളതാക്കി ഇട്ടിരിക്കുന്നതു കാണും.

26 അപ്പോള്‍ ആ ദുഷ്ടാത്മാവു പോയി തന്നെക്കാള്‍ ദുഷ്ടതയേറിയ വേറെ ഏഴ് ആത്മാക്കളെക്കൂടി കൂട്ടികൊണ്ടു വന്ന് അവിടെ പ്രവേശിച്ചു വാസമുറപ്പിക്കും. അങ്ങനെ ആ മനുഷ്യന്‍റെ അവസ്ഥ ആദ്യത്തേതിനെക്കാള്‍ കഷ്ടതരമായിത്തീരും.”

27

യേശു ഇതു പറഞ്ഞപ്പോള്‍ ജനക്കൂട്ടത്തില്‍നിന്ന് ഒരു സ്‍ത്രീ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: “അങ്ങയെ ഉദരത്തില്‍ വഹിക്കുകയും പാലൂട്ടി വളര്‍ത്തുകയും ചെയ്ത അങ്ങയുടെ അമ്മ അനുഗ്രഹിക്കപ്പെട്ടവള്‍ തന്നെ!”

28

അപ്പോള്‍ യേശു അരുള്‍ചെയ്തു: “ദൈവവചനം കേള്‍ക്കുകയും അതനുവര്‍ത്തിക്കുകയും ചെയ്യുന്നവരത്രേ സാക്ഷാല്‍ അനുഗൃഹീതര്‍.”

29

കൂടുതല്‍ ജനം വന്നുചേര്‍ന്നപ്പോള്‍ അവിടുന്ന് ഇപ്രകാരം പറഞ്ഞു: “ഇന്നത്തെ തലമുറ ദുഷ്ടത നിറഞ്ഞതാണ്; അവര്‍ അടയാളം അന്വേഷിക്കുന്നു; യോനായുടെ അടയാളമല്ലാതെ മറ്റൊന്നും അവര്‍ക്കു ലഭിക്കുകയില്ല.

30 യോനാ നിനെവേക്കാര്‍ക്ക് അടയാളമായിരുന്നതുപോലെ മനുഷ്യപുത്രന്‍ ഈ തലമുറയ്‍ക്ക് അടയാളമായിരിക്കും.

31 ന്യായവിധിനാളില്‍ ദക്ഷിണദേശത്തിലെ രാജ്ഞി ഈ തലമുറയോടൊപ്പം ഉയിര്‍ത്തെഴുന്നേറ്റ് അവരെ കുറ്റവാളികളെന്നു വിധിക്കും. ശേബാരാജ്ഞി ശലോമോന്‍റെ ജ്ഞാനവചസ്സുകള്‍ കേള്‍ക്കുവാന്‍ ഭൂമിയുടെ ഒരു കോണില്‍നിന്നു വന്നുവല്ലോ. ഇതാ, ഇവിടെ ശലോമോനെക്കാള്‍ വലിയവന്‍.

32 ന്യായവിധിനാളില്‍ ഈ തലമുറയോടൊപ്പം നിനെവേയിലെ ജനങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റ് ഈ തലമുറക്കാരെ കുറ്റവാളികളെന്നു വിധിക്കും. നിനെവേക്കാര്‍ യോനായുടെ പ്രഭാഷണം കേട്ട് അനുതപിച്ചുവല്ലോ; ഇതാ, ഇവിടെ യോനായെക്കാള്‍ വലിയവന്‍.

33

“വിളക്കു കത്തിച്ച് ആരും നിലവറയിലോ പറയുടെ കീഴിലോ വയ്‍ക്കാറില്ല. അകത്തു വരുന്നവര്‍ക്കു വെളിച്ചം കാണേണ്ടതിന് അതു വിളക്കുതണ്ടിന്മേലത്രേ വയ്‍ക്കുന്നത്.

34 നിങ്ങളുടെ കണ്ണ് ശരീരത്തിന്‍റെ വിളക്കാകുന്നു. കണ്ണിനു പൂര്‍ണമായ കാഴ്ചയുള്ളപ്പോള്‍ ശരീരം മുഴുവന്‍ പ്രകാശപൂര്‍ണമായിരിക്കും. എന്നാല്‍ കണ്ണിന് വൈകല്യമുണ്ടെങ്കില്‍ ശരീരം ആസകലം ഇരുട്ടായിരിക്കും.

35 അതിനാല്‍ നിന്നിലുള്ള പ്രകാശം അന്ധകാരമായിത്തീരാതിരിക്കുവാന്‍ ശ്രദ്ധിച്ചുകൊള്ളുക.

36 ഒരിടത്തും ഇരുള്‍ ഇല്ലാതെ നിങ്ങളുടെ ശരീരം ആപാദചൂഡം പ്രകാശപൂരിതമായിരുന്നാല്‍, ഒരു ദീപം അതിന്‍റെ ശോഭയാല്‍ നിങ്ങള്‍ക്കു വെളിച്ചം നല്‌കുന്നതുപോലെ നിങ്ങളുടെ ശരീരം മുഴുവന്‍ പ്രകാശമാനമായിരിക്കും.”

37

യേശു പ്രബോധിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു പരീശന്‍ വന്ന് തന്നോടുകൂടി ഭക്ഷണം കഴിക്കുവാന്‍ അവിടുത്തെ ക്ഷണിച്ചു. യേശു ആ പരീശന്‍റെ ഭവനത്തിലെത്തി.

38 കൈകാലുകള്‍ കഴുകാതെ അവിടുന്ന് ഭക്ഷണം കഴിക്കാനിരുന്നത് ആ പരീശനെ അദ്ഭുതപ്പെടുത്തി.

39 എന്നാല്‍ കര്‍ത്താവ് അയാളോടു പറഞ്ഞു: “പരീശന്മാരായ നിങ്ങള്‍ കിണ്ടികിണ്ണങ്ങളുടെ പുറം ശുദ്ധമാക്കുന്നു. നിങ്ങളുടെ ഉള്ളിലാകട്ടെ അപഹരണാസക്തിയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.

40 ഭോഷന്മാരേ, പുറം നിര്‍മിച്ചവന്‍ തന്നെയല്ലേ അകവും നിര്‍മിച്ചത്?

41 നിങ്ങളുടെ പാത്രങ്ങളിലുള്ളതു ദാനം ചെയ്യുക; അപ്പോള്‍ നിങ്ങള്‍ക്കുള്ളതെല്ലാം ശുദ്ധമായിരിക്കും.

42

“പരീശന്മാരേ, നിങ്ങള്‍ക്കു ഹാ കഷ്ടം! നിങ്ങള്‍ എല്ലാവകകളുടെയും ദശാംശം കൊടുക്കുന്നു; കര്‍പ്പൂരതുളസി, പുതിന, ചീര മുതലായ ചെറു സസ്യങ്ങളുടേതുപോലും; പക്ഷേ, നീതിയും ദൈവസ്നേഹവും അവഗണിക്കുന്നു. ഇവയെ അവഗണിക്കാതെ നിങ്ങള്‍ മറ്റുള്ളതെല്ലാം ചെയ്യേണ്ടതായിരുന്നു.

43

“പരീശന്മാരേ, നിങ്ങള്‍ക്കു ഹാ കഷ്ടം! സുനഗോഗുകളില്‍ പ്രമുഖസ്ഥാനവും അങ്ങാടിയില്‍ വന്ദനവും ലഭിക്കുവാന്‍ നിങ്ങള്‍ അഭിലഷിക്കുന്നു.

44 നിങ്ങള്‍ക്ക് ഹാ കഷ്ടം! എവിടെയെന്നു തിരിച്ചറിയാന്‍ കഴിയാത്ത ശവക്കുഴിപോലെയത്രേ നിങ്ങള്‍. മനുഷ്യര്‍ അറിയാതെ അതിന്മീതെ നടക്കുന്നുവല്ലോ.”

45

അപ്പോള്‍ നിയമപണ്ഡിതന്മാരിലൊരാള്‍: “ഗുരോ, ഇങ്ങനെ പറഞ്ഞ് അങ്ങു ഞങ്ങളെക്കൂടി അപമാനിക്കുകയാണല്ലോ” എന്നു യേശുവിനോടു പറഞ്ഞു.

46

അവിടുന്നു പ്രതിവചിച്ചു: “നിയമപണ്ഡിതന്മാരേ, നിങ്ങള്‍ക്കു ഹാ കഷ്ടം! ദുര്‍വഹമായ ഭാരങ്ങള്‍ നിങ്ങള്‍ മനുഷ്യരുടെമേല്‍ കെട്ടിവയ്‍ക്കുന്നു. നിങ്ങളാണെങ്കില്‍ ഒരു വിരല്‍കൊണ്ടുപോലും ഒന്നു താങ്ങിക്കൊടുക്കുന്നുമില്ല.

47 നിങ്ങള്‍ക്കു ഹാ കഷ്ടം! നിങ്ങളുടെ പൂര്‍വപിതാക്കന്മാര്‍ വധിച്ച പ്രവാചകന്മാരുടെ ശവകുടീരങ്ങള്‍ നിങ്ങള്‍ പണിയുന്നു.

48 അങ്ങനെ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികള്‍ക്കു നിങ്ങള്‍ സാക്ഷികളാകുന്നു; അവരുടെ പ്രവൃത്തികളെ നിങ്ങള്‍ അനുകൂലിക്കുകയും ചെയ്യുന്നു. അവര്‍ അവരെ വധിച്ചു; നിങ്ങള്‍ അവര്‍ക്കു ശവകുടീരം നിര്‍മിക്കുന്നു.

49 അതുകൊണ്ടു ദൈവത്തിന്‍റെ ജ്ഞാനം ഇങ്ങനെ പറഞ്ഞിരിക്കുന്നു: ‘ഞാന്‍ പ്രവാചകന്മാരെയും അപ്പോസ്തോലന്മാരെയും അവരുടെ അടുക്കലേക്ക് അയയ്‍ക്കും. അവരില്‍ ചിലരെ അവര്‍ സംഹരിക്കുകയും ചിലരെ പീഡിപ്പിക്കുകയും ചെയ്യും.’

50 [50,51] അങ്ങനെ ഹാബേലിന്‍റെ രക്തംമുതല്‍ യാഗപീഠത്തിനും വിശുദ്ധസ്ഥലത്തിനും ഇടയ്‍ക്കുവച്ചു കൊല്ലപ്പെട്ട സഖറിയായുടെ രക്തംവരെ, ലോകാരംഭംമുതല്‍ ചൊരിയപ്പെട്ടിട്ടുള്ള രക്തത്തിന് ഈ തലമുറ ഉത്തരവാദികളായിരിക്കും. അതേ, ഈ തലമുറയോട് അതിനു പകരം ചോദിക്കുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

51

52

“നിയമപണ്ഡിതന്മാരേ, നിങ്ങള്‍ക്കു ഹാ കഷ്ടം! ജ്ഞാനഭണ്ഡാരപ്പുരയുടെ താക്കോല്‍ നിങ്ങള്‍ കൈവശമാക്കിയിരിക്കുന്നു. നിങ്ങള്‍തന്നെ അതില്‍ പ്രവേശിച്ചില്ല; പ്രവേശിക്കുവാന്‍ വരുന്നവരെ തടയുകയും ചെയ്യുന്നു.”

53

യേശു അവിടെനിന്നു പോകുമ്പോള്‍ മതപണ്ഡിതന്മാരും പരീശന്മാരും യേശുവിനെ നിശിതമായി വിമര്‍ശിക്കുവാന്‍ തുടങ്ങി.

54 യേശുവിനെ വാക്കില്‍ കുടുക്കി പിടിക്കുവാന്‍ തക്കം നോക്കിക്കൊണ്ട് അവര്‍ അവിടുത്തോടു പലകാര്യങ്ങളെക്കുറിച്ചും ചോദിച്ചു.

12

1

ഇതിനിടയ്‍ക്ക് അന്യോന്യം ചവിട്ടേല്‌ക്കത്തക്കവിധം ജനങ്ങള്‍ ആയിരക്കണക്കിനു തിങ്ങിക്കൂടി. ആദ്യം തന്‍റെ ശിഷ്യന്മാരോട് യേശു ഇപ്രകാരം പറഞ്ഞു:

2 “പരീശന്മാരുടെ കപടഭക്തിയാകുന്ന പുളിപ്പുമാവില്‍നിന്ന് ഒഴിഞ്ഞുമാറിക്കൊള്ളണം; മറച്ചുവച്ചത് ഒന്നും വെളിച്ചത്തുവരാതെയും നിഗൂഢമായത് ഒന്നും അറിയപ്പെടാതെയും ഇരിക്കുകയില്ല.

3 ഇരുട്ടില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ എന്തുതന്നെയായാലും അവ വെളിച്ചത്തു കേള്‍ക്കും. സ്വകാര്യമുറികളിലിരുന്നു മന്ത്രിച്ചത് പുരമുകളില്‍ ഉച്ചത്തില്‍ ഘോഷിക്കപ്പെടും.

4

“എന്‍റെ സ്നേഹിതന്മാരേ, ഞാന്‍ നിങ്ങളോടു പറയുന്നു: ശരീരത്തെ നശിപ്പിക്കുന്നവരെ ഭയപ്പെടേണ്ടാ; അതില്‍ കൂടുതലൊന്നും അവര്‍ക്കു ചെയ്യുവാന്‍ കഴിയുകയില്ലല്ലോ.

5 പിന്നെ ആരെയാണു ഭയപ്പെടേണ്ടത് എന്നല്ലേ? കൊന്നശേഷം നരകത്തിലേക്കു തള്ളിക്കളയുവാന്‍ അധികാരമുള്ളവനെ ഭയപ്പെടുക എന്നു ഞാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‌കുന്നു. അതേ, ആ ദൈവത്തെത്തന്നെ ഭയപ്പെടുക.

6

“രണ്ടു കാശിന് അഞ്ചു കുരുവികളെയല്ലേ വില്‍ക്കുന്നത്? എന്നാല്‍ അവയില്‍ ഒന്നിനെപ്പോലും ദൈവം മറക്കുന്നില്ല.

7 നിങ്ങളുടെ തലയിലെ ഓരോ മുടിയും എണ്ണപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഭയപ്പെടേണ്ടാ, അനേകം കുരുവികളെക്കാള്‍ നിങ്ങള്‍ വിലയേറിയവരാണല്ലോ.

8

“മനുഷ്യരുടെ മുമ്പില്‍ എന്നെ സ്വീകരിച്ച് ഏറ്റുപറയുന്നവനെ, ദൈവദൂതന്മാരുടെ മുമ്പില്‍ മനുഷ്യപുത്രനും സ്വീകരിച്ച് ഏറ്റുപറയും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു;

9 എന്നാല്‍ മനുഷ്യരുടെ മുമ്പില്‍ എന്നെ നിഷേധിക്കുന്നവനെ, ദൈവദൂതന്മാരുടെ മുമ്പില്‍ ഞാനും നിഷേധിക്കും.

10

“മനുഷ്യപുത്രനെതിരെ ഒരു വാക്കു പറയുന്ന ഏതൊരുവനോടും ക്ഷമിക്കും; പക്ഷേ, പരിശുദ്ധാത്മാവിനെതിരെ ദൂഷണം പറയുന്നവനോടു ക്ഷമിക്കുകയില്ല.

11

“നിങ്ങളെ സുനഗോഗുകളിലേക്കോ ഭരണാധിപന്മാരുടെയോ അധികാരികളുടെയോ മുമ്പിലേക്കോ കൊണ്ടുപോകുമ്പോള്‍ എന്തു മറുപടി പറയണമെന്നോ അഥവാ എങ്ങനെ മൊഴി കൊടുക്കണമെന്നോ ഓര്‍ത്ത് ആകുലചിത്തരാകേണ്ടതില്ല.

12 നിങ്ങള്‍ എന്തു പറയണമെന്നുള്ളത് തത്സമയം പരിശുദ്ധാത്മാവു നിങ്ങളെ പഠിപ്പിക്കും.”

13

ജനക്കൂട്ടത്തില്‍ ഒരുവന്‍ യേശുവിനോട്: “ഗുരോ, ഞങ്ങളുടെ പിതൃസ്വത്തില്‍ എനിക്കുള്ള ഓഹരി ഭാഗിച്ചുതരുവാന്‍ എന്‍റെ സഹോദരനോടു കല്പിച്ചാലും” എന്നു പറഞ്ഞു.

14

അവിടുന്ന് അയാളോടു ചോദിച്ചു: “ഹേ! മനുഷ്യാ, എന്നെ ന്യായാധിപനായോ സ്വത്തുഭാഗം ചെയ്യുന്നവനായോ ആരെങ്കിലും നിയമിച്ചിട്ടുണ്ടോ?”

15 പിന്നീട് എല്ലാവരോടുമായി അവിടുന്നു പറഞ്ഞു: “എല്ലാവിധ ദ്രവ്യാഗ്രഹങ്ങളില്‍നിന്നും ഒഴിഞ്ഞിരിക്കുവാന്‍ സൂക്ഷിച്ചുകൊള്ളുക; ഒരുവന്‍റെ സമ്പല്‍സമൃദ്ധിയിലല്ല അവന്‍റെ ജീവന്‍ അടങ്ങിയിരിക്കുന്നത്.”

16

യേശു അവരോട് ഒരു ദൃഷ്ടാന്തകഥ പറഞ്ഞു: “ധനാഢ്യനായ ഒരാളിന്‍റെ കൃഷിഭൂമിയില്‍ സമൃദ്ധമായ വിളവുണ്ടായി;

17 അയാള്‍ ചിന്തിച്ചു തുടങ്ങി: ‘എന്‍റെ വിളവു സൂക്ഷിക്കുവാന്‍ സ്ഥലമില്ലല്ലോ; ഞാന്‍ എന്തു ചെയ്യും?’

18 അയാള്‍ ആത്മഗതം ചെയ്തു: ‘ഒരു കാര്യം ഞാന്‍ ചെയ്യും: എന്‍റെ അറപ്പുരകള്‍ പൊളിച്ചു വലുതാക്കിപ്പണിയും; അവിടെ എന്‍റെ മുഴുവന്‍ ധാന്യങ്ങളും മറ്റുവിഭവങ്ങളും സംഭരിക്കും.

19 പിന്നീട് എന്നോടുതന്നെ ഞാന്‍ പറയും: ‘അനേകവര്‍ഷത്തേക്കു വേണ്ട വകകളെല്ലാം നിനക്കുണ്ട്; ഇനി വിശ്രമിച്ചുകൊള്ളുക; തിന്നുക, കുടിക്കുക, ആനന്ദിക്കുക.’

20 എന്നാല്‍ ദൈവം അവനോടു പറഞ്ഞു: ‘ഭോഷാ! ഇന്നു രാത്രി നിന്‍റെ ജീവന്‍ നിന്നോട് ആവശ്യപ്പെടുന്നെങ്കില്‍ നിന്‍റെ സമ്പാദ്യമെല്ലാം ആര്‍ക്കുള്ളതായിരിക്കും?

21

“ദൈവികകാര്യങ്ങളില്‍ സമ്പന്നനാകാതെ തനിക്കുവേണ്ടിതന്നെ സമ്പത്തു സംഭരിച്ചു വയ്‍ക്കുന്നവന്‍റെ സ്ഥിതി ഇതാണ്.”

22

യേശു ശിഷ്യന്മാരോട് അരുള്‍ചെയ്തു: “അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കുമെന്നോര്‍ത്ത് നിന്‍റെ ജീവനെക്കുറിച്ചോ, എന്തു ധരിക്കുമെന്നോര്‍ത്ത് ശരീരത്തെക്കുറിച്ചോ ആകുലചിത്തരാകരുത്.

23 ജീവന്‍ ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രാധാന്യമുള്ളതാണല്ലോ.

24 കാക്കളെ നോക്കുക; അവ വിതയ്‍ക്കുന്നില്ല, കൊയ്യുന്നുമില്ല; അവയ്‍ക്ക് അറപ്പുരയോ, കളപ്പുരയോ ഇല്ല. എങ്കിലും ദൈവം അവയെ പോറ്റുന്നു. അവയെക്കാള്‍ എത്രയോ വിലപ്പെട്ടവരാണ് നിങ്ങള്‍!

25 ഉല്‍ക്കണ്ഠാകുലരാകുന്നതുകൊണ്ട് തന്‍റെ ആയുസ്സിന്‍റെ ദൈര്‍ഘ്യം അല്പമെങ്കിലും കൂട്ടുവാന്‍ നിങ്ങളില്‍ ആര്‍ക്കു കഴിയും?

26 അത്രയും ചെറിയ ഒരു കാര്യത്തിനുപോലും നിങ്ങള്‍ക്കു കഴിവില്ലെങ്കില്‍ മറ്റു കാര്യങ്ങളെച്ചൊല്ലി എന്തിന് ആകുലചിത്തരാകുന്നു?

27 കാട്ടുപൂക്കള്‍ എങ്ങനെ വളരുന്നു എന്ന് ആലോചിച്ചുനോക്കുക. അവ അധ്വാനിക്കുന്നില്ല; നൂല്‍ക്കുന്നതുമില്ല; എങ്കിലും സകല പ്രതാപത്തോടുംകൂടി വാണരുളിയ ശലോമോന്‍റെ വസ്ത്രങ്ങള്‍പോലും ഈ പൂക്കളില്‍ ഒന്നിനെപ്പോലെ മനോഹരമായിരുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

28 ഇന്നു വയലില്‍ കാണുന്നെങ്കിലും നാളെ അടുപ്പില്‍ വയ്‍ക്കുന്ന പുല്‍ക്കൊടിയെ ദൈവം ഇപ്രകാരം അണിയിക്കുന്നെങ്കില്‍ അല്പവിശ്വാസികളേ, അവിടുന്ന് അതിലും എത്ര അധികമായി നിങ്ങളെ അണിയിക്കും.

29

“അതുകൊണ്ട് എന്തു തിന്നും എന്തു കുടിക്കും എന്നു ചിന്തിക്കുകയോ ആകുലചിത്തരാകുകയോ അരുത്.

30 ഈവക കാര്യങ്ങളെല്ലാം ലൗകികമനുഷ്യര്‍ അന്വേഷിക്കുന്നു; എന്നാല്‍ ഇവ നിങ്ങള്‍ക്ക് ആവശ്യമുണ്ടെന്ന് നിങ്ങളുടെ പിതാവിനറിയാം.

31 അവിടുത്തെ രാജ്യം സാക്ഷാത്കരിക്കുന്നതിനുള്ള കാര്യങ്ങളില്‍ നിങ്ങള്‍ തത്പരരാകുക; അതോടുകൂടി ഇവയും നിങ്ങള്‍ക്കു ലഭിക്കും.

32

“ചെറിയ ആട്ടിന്‍പറ്റമേ, ഭയപ്പെടേണ്ടാ. തന്‍റെ രാജ്യം നിങ്ങള്‍ക്കു നല്‌കുവാന്‍ നിങ്ങളുടെ പിതാവ് പ്രസാദിച്ചിരിക്കുന്നു.

33 നിങ്ങളുടെ വസ്തുവകകള്‍ വിറ്റു ദരിദ്രര്‍ക്കു കൊടുക്കുക. അങ്ങനെ ഒരിക്കലും ജീര്‍ണിക്കാത്ത പണസഞ്ചിയും അക്ഷയമായ നിക്ഷേപവും സ്വര്‍ഗത്തില്‍ സൂക്ഷിക്കുക. അവിടെ കള്ളന്‍ കടക്കുകയില്ല; പുഴു തിന്നു നശിപ്പിക്കുകയുമില്ല.

34 നിങ്ങളുടെ നിക്ഷേപം എവിടെ ആയിരിക്കുന്നുവോ അവിടെ ആയിരിക്കും നിങ്ങളുടെ സര്‍വ ശ്രദ്ധയും.

35

“നിങ്ങള്‍ അരമുറുക്കിയും വിളക്കു കൊളുത്തിയും കാത്തിരിക്കുക.

36 കല്യാണവിരുന്നു കഴിഞ്ഞ് തങ്ങളുടെ യജമാനന്‍ തിരിച്ചുവന്നു മുട്ടുന്നയുടന്‍ വാതില്‍ തുറന്നു കൊടുക്കുവാന്‍ കാത്തിരിക്കുന്നവരെപ്പോലെ ആയിരിക്കണം നിങ്ങള്‍.

37 യജമാനന്‍ വരുമ്പോള്‍ ജാഗരൂകരായി കാണപ്പെടുന്ന ഭൃത്യന്മാര്‍ അനുഗൃഹീതര്‍. അദ്ദേഹം അരകെട്ടിവന്ന് അവരെ ഭക്ഷണത്തിനിരുത്തി ഉപചരിക്കുമെന്നു ഞാന്‍ ഉറപ്പിച്ചു നിങ്ങളോടു പറയുന്നു.

38 അദ്ദേഹം അര്‍ധരാത്രിക്കോ അതിനു ശേഷമോ വരികയും തന്‍റെ ദാസന്മാരെ ജാഗ്രതയുള്ളവരായി കാണുകയും ചെയ്താല്‍ അവര്‍ അനുഗ്രഹിക്കപ്പെട്ടവരാകുന്നു.

39 [39,40] കള്ളന്‍ ഏതു സമയത്താണു വരുന്നതെന്ന് അറിഞ്ഞിരുന്നാല്‍ ഗൃഹനാഥന്‍ ഉണര്‍ന്നിരിക്കുകയും വീടു കുത്തിത്തുറക്കുവാന്‍ ഇടകൊടുക്കാതിരിക്കുകയും ചെയ്യും. അപ്രതീക്ഷിതമായ സമയത്തായിരിക്കും മനുഷ്യപുത്രന്‍ വരുന്നത്. അതുകൊണ്ട് നിങ്ങളും ഒരുങ്ങിയിരിക്കുക.”

40

41

അപ്പോള്‍ പത്രോസ് ചോദിച്ചു: “കര്‍ത്താവേ, ഈ ദൃഷ്ടാന്തകഥ ഞങ്ങളോടു മാത്രമാണോ അതോ എല്ലാവരോടുംകൂടിയാണോ അങ്ങു പറഞ്ഞത്?”

42

യേശു പ്രതിവചിച്ചു: “ഭൃത്യന്മാര്‍ക്ക് യഥാവസരം ഭക്ഷണസാധനങ്ങള്‍ വീതിച്ചു കൊടുക്കുന്നതിനും വീട്ടുകാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതിനുമായി വിശ്വസ്തനും വിവേകിയുമായ ഒരു കാര്യസ്ഥനെ യജമാനന്‍ നിയമിക്കുന്നു എന്നു സങ്കല്പിക്കുക.

43 യജമാനന്‍ വരുമ്പോള്‍ ആ കാര്യസ്ഥന്‍ അപ്രകാരമെല്ലാം ചെയ്യുന്നതായി കാണപ്പെടുന്നെങ്കില്‍ അയാള്‍ അനുഗ്രഹിക്കപ്പെട്ടവനത്രേ.

44 അയാളെ തന്‍റെ സകല വസ്തുവകകളുടെയും കാര്യസ്ഥനായി അദ്ദേഹം നിയമിക്കുമെന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു.

45 എന്നാല്‍ യജമാനന്‍ വരാന്‍ വൈകുമെന്നു സ്വയം പറഞ്ഞുകൊണ്ട് ആ ഭൃത്യന്‍ വേലക്കാരായ സ്‍ത്രീകളെയും പുരുഷന്മാരെയും പ്രഹരിക്കുകയും തിന്നും കുടിച്ചും മദ്യപിച്ചും ഉന്മത്തനായാല്‍

46 താന്‍ പ്രതീക്ഷിക്കാത്ത നാളിലും നാഴികയിലും അദ്ദേഹം വന്ന് അയാളെ ശിക്ഷിക്കുകയും അവിശ്വസ്തരുടെ ഗണത്തില്‍ അയാളെ ഉള്‍പ്പെടുത്തുകയും ചെയ്യും.

47

“യജമാനന്‍റെ ഹിതം എന്തെന്ന് അറിഞ്ഞിട്ടും ഒരുങ്ങാതെയും യജമാനന്‍റെ ഇച്ഛാനുസരണം പ്രവര്‍ത്തിക്കാതെയും ഇരിക്കുന്ന ദാസനു കഠിനമായ പ്രഹരം ലഭിക്കും.

48 എന്നാല്‍ ചെയ്ത പ്രവൃത്തി ശിക്ഷാര്‍ഹമാണെങ്കിലും അറിയാതെയാണ് അപ്രകാരം ചെയ്തതെങ്കില്‍ അയാള്‍ക്കു ലഭിക്കുന്ന അടി ലഘുവായിരിക്കും. അധികം ലഭിച്ചവനില്‍നിന്ന് അധികം ആവശ്യപ്പെടും. കൂടുതല്‍ ഏല്പിച്ചവനോടു കൂടുതല്‍ ചോദിക്കും.

49

“ഭൂമിയില്‍ അഗ്നി വര്‍ഷിക്കുവാനാണു ഞാന്‍ വന്നത്. ഉടന്‍ തന്നെ അതു കത്തി ജ്വലിച്ചിരുന്നെങ്കില്‍!

50 എന്നാല്‍ എനിക്ക് ഒരു സ്നാപനം ഏല്‌ക്കേണ്ടതായിട്ടുണ്ട്. അതു കഴിയുന്നതുവരെ ഞാന്‍ എത്രമാത്രം ഞെരുങ്ങുന്നു!

51 ഭൂമിയില്‍ സമാധാനം നല്‌കുവാന്‍ ഞാന്‍ വന്നു എന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്? സമാധാനം അല്ല, പ്രത്യുത, ഭിന്നത വരുത്തുവാനത്രേ ഞാന്‍ വന്നിരിക്കുന്നത് എന്നു നിങ്ങളോടു പറയുന്നു.

52 ഇനിമേല്‍ അഞ്ചംഗങ്ങളുള്ള ഒരു ഭവനത്തില്‍ മൂന്നുപേര്‍ രണ്ടുപേര്‍ക്കെതിരെയും രണ്ടുപേര്‍ മൂന്നുപേര്‍ക്കെതിരെയും ഭിന്നിക്കും.

53 അപ്പന്‍ മകനും, മകന്‍ അപ്പനും, അമ്മ മകള്‍ക്കും, മകള്‍ അമ്മയ്‍ക്കും, അമ്മായിയമ്മ മരുമകള്‍ക്കും, മരുമകള്‍ അമ്മായിയമ്മയ്‍ക്കും എതിരെ ഭിന്നിക്കും.”

54

യേശു ജനത്തോട് അരുള്‍ചെയ്തു: “പടിഞ്ഞാറു മേഘം ഉയരുന്നതു കണ്ടാല്‍ ഉടനെ മഴപെയ്യാന്‍ പോകുന്നു എന്നു നിങ്ങള്‍ പറയും; അപ്രകാരം സംഭവിക്കുകയും ചെയ്യുന്നു.

55 തെക്കന്‍കാറ്റ് അടിക്കുമ്പോള്‍ അത്യുഷ്ണം ഉണ്ടാകും എന്നു നിങ്ങള്‍ പറയുന്നു; അങ്ങനെതന്നെ സംഭവിക്കുകയും ചെയ്യുന്നു.

56 കപടഭക്തന്മാരേ, ആകാശത്തിന്‍റെയും ഭൂമിയുടെയും ഭാവഭേദങ്ങള്‍ വിവേചിക്കുവാന്‍ നിങ്ങള്‍ക്കറിയാം. പക്ഷേ, ഈ സമയത്തെ വിവേചിക്കുവാന്‍ അറിഞ്ഞുകൂടാത്തത് എന്തുകൊണ്ട്?

57

“ന്യായമായി ചെയ്യേണ്ടത് എന്തെന്നു നിങ്ങള്‍ സ്വയം വിധിക്കാത്തതും എന്തുകൊണ്ട്?

58 നിന്‍റെ പേരില്‍ അന്യായം കൊടുത്തിട്ടുള്ള വാദിയോടൊത്തു ഭരണാധിപന്‍റെ മുമ്പിലേക്കു പോകുമ്പോള്‍ വഴിയില്‍വച്ചുതന്നെ അയാളുമായി രാജിയാകുവാന്‍ ശ്രമിക്കുക; അല്ലാത്തപക്ഷം അയാള്‍ നിന്നെ വലിച്ചിഴച്ചു ന്യായാധിപനെ ഏല്പിക്കുകയും ന്യായാധിപന്‍ നിന്നെ ജയിലധികാരിയെ ഏല്പിക്കുകയും ജയിലധികാരി നിന്നെ കാരാഗൃഹത്തിലടയ്‍ക്കുകയും ചെയ്യും.

59 അവസാനത്തെ പൈസവരെ കൊടുത്തുകഴിഞ്ഞല്ലാതെ നീ ഒരിക്കലും അവിടെനിന്നു പുറത്തുവരികയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.”

13

1

ചില ഗലീലക്കാര്‍ യാഗം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ പീലാത്തോസ് അവരെ കൊല്ലിച്ചതായും അങ്ങനെ അവരുടെ രക്തം ആ യാഗത്തില്‍ കലര്‍ന്നതായും ആ സമയത്ത് അവിടെയുണ്ടായിരുന്ന ചിലര്‍ യേശുവിനെ അറിയിച്ചു.

2 അവിടുന്ന് അവരോടു ചോദിച്ചു: “ആ ഗലീലക്കാര്‍ക്ക് ഈ ദുരവസ്ഥ നേരിട്ടത് അവര്‍ മറ്റുള്ള ഗലീലക്കാരെക്കാള്‍ പാപികളായതുകൊണ്ടാണെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ?

3 തീര്‍ച്ചയായും അല്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. അനുതപിക്കുന്നില്ലെങ്കില്‍ നിങ്ങളും അതുപോലെ നശിക്കും.

4 ശീലോഹാമിലെ ഗോപുരം ഇടിഞ്ഞുവീണു പതിനെട്ടുപേര്‍ മരിച്ചല്ലോ? അവര്‍ യെരൂശലേമില്‍ നിവസിച്ചിരുന്ന മറ്റെല്ലാവരെയുംകാള്‍ കുറ്റമുള്ളവരായിരുന്നു എന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്?

5 തീര്‍ച്ചയായും അല്ല എന്നു തന്നെ ഞാന്‍ പറയുന്നു. അനുതപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിച്ചുപോകും.”

6

യേശു അവരോട് ഒരു ദൃഷ്ടാന്തകഥ പറഞ്ഞു: “ഒരാള്‍ തന്‍റെ മുന്തിരിത്തോട്ടത്തില്‍ ഒരു അത്തിവൃക്ഷം നട്ടുവളര്‍ത്തിയിരുന്നു. അതില്‍ ഫലമുണ്ടോ എന്നന്വേഷിച്ചു തോട്ടമുടമസ്ഥന്‍ ചെന്നപ്പോള്‍ ഒന്നും കണ്ടില്ല.

7 അപ്പോള്‍ അയാള്‍ തോട്ടക്കാരനോട്: ‘ഇതാ ഇക്കഴിഞ്ഞ മൂന്നുവര്‍ഷമായി ഈ അത്തിയില്‍ ഫലമുണ്ടോ എന്നു ഞാന്‍ നോക്കുന്നു. പക്ഷേ, ഇതുവരെ ഒന്നും കണ്ടില്ല. അതു വെട്ടിക്കളയുക; അത് എന്തിനു ഭൂമി പാഴാക്കുന്നു?’

8 അപ്പോള്‍ തോട്ടക്കാരന്‍ പറഞ്ഞു: “യജമാനനേ ഒരു കൊല്ലംകൂടി നില്‌ക്കട്ടെ; ഞാന്‍ അതിനു ചുറ്റും കിളച്ചു, തടമെടുത്തു വളമിടാം.

9 ഒരുവേള അടുത്ത കൊല്ലം അതു ഫലം നല്‌കിയെന്നുവരാം. ഇല്ലെങ്കില്‍ വെട്ടിക്കളയാം.”

10

ഒരു ശബത്തു ദിവസം യേശു സുനഗോഗില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു.

11 പതിനെട്ടു വര്‍ഷമായി ഒരു ദുഷ്ടാത്മാവു ബാധിച്ച് കൂനിപ്പോയ ഒരു സ്‍ത്രീ അവിടെയുണ്ടായിരുന്നു. അവര്‍ക്കു നിവര്‍ന്നു നില്‌ക്കുവാന്‍ കഴിയുമായിരുന്നില്ല.

12 ആ സ്‍ത്രീയെ യേശു കണ്ടപ്പോള്‍ അടുക്കല്‍ വിളിച്ച് അവരോടു പറഞ്ഞു: “നിന്‍റെ രോഗത്തില്‍നിന്ന് നീ വിമുക്തയായിരിക്കുന്നു.” അനന്തരം അവിടുന്ന് ആ സ്‍ത്രീയുടെമേല്‍ കൈകള്‍ വച്ചു.

13 തല്‍ക്ഷണം അവര്‍ നിവര്‍ന്നു നിന്നു ദൈവത്തെ സ്തുതിച്ചു.

14

ആ സ്‍ത്രീയെ സുഖപ്പെടുത്തിയത് ശബത്തില്‍ ആയിരുന്നതുകൊണ്ട് സുനഗോഗിന്‍റെ അധികാരിക്ക് അമര്‍ഷമുണ്ടായി. അയാള്‍ ജനങ്ങളോടു പറഞ്ഞു: “വേല ചെയ്യുവാന്‍ ആറു ദിവസമുണ്ടല്ലോ; ആ ദിവസങ്ങളില്‍ വന്നു സുഖം പ്രാപിച്ചുകൊള്ളുക, ശബത്തില്‍ അതു പാടില്ല.”

15

യേശു പറഞ്ഞു: “കപടഭക്തന്മാരേ, ശബത്തില്‍ നിങ്ങളില്‍ ആരെങ്കിലും തന്‍റെ കാളയെയോ, കഴുതയെയോ തൊഴുത്തില്‍നിന്ന് അഴിച്ച് വെള്ളം കൊടുക്കാന്‍ കൊണ്ടുപോകാതിരിക്കുമോ?

16 അബ്രഹാമിന്‍റെ പുത്രിയായ ഈ സ്‍ത്രീ സാത്താന്‍റെ ബന്ധനത്തിലായിട്ട് പതിനെട്ടു വര്‍ഷമായി. ആ ബന്ധനത്തില്‍നിന്നു ശബത്തു ദിവസം ഇവളെ മോചിപ്പിക്കുവാന്‍ പാടില്ലെന്നോ?

17 “യേശു ഇതു പറഞ്ഞപ്പോള്‍ തന്‍റെ പ്രതിയോഗികളെല്ലാവരും ലജ്ജിച്ചുപോയി. എന്നാല്‍ യേശു ചെയ്ത മഹത്തായ പ്രവൃത്തികള്‍ കണ്ടു ജനങ്ങള്‍ ആഹ്ലാദിച്ചു.

18

അനന്തരം യേശു അരുള്‍ചെയ്തു: “ദൈവരാജ്യം ഏതിനോടു സദൃശം? എന്തിനോടാണ് ഞാന്‍ അതിനെ താരതമ്യപ്പെടുത്തുക? അത് ഒരു കടുകുമണിയോടു സദൃശം.

19 ഒരു മനുഷ്യന്‍ അതെടുത്തു തന്‍റെ തോട്ടത്തിലിട്ടു. അതു വളര്‍ന്ന് ഒരു വൃക്ഷമായിത്തീര്‍ന്നു. പക്ഷികള്‍ വന്ന് അതിന്‍റെ ശാഖകളില്‍ കൂടുവച്ചു.”

20

യേശു വീണ്ടും അവരോടു പറഞ്ഞു: “ദൈവരാജ്യത്തെ ഏതിനോടാണ് തുലനം ചെയ്യേണ്ടത്?

21 അത് പുളിപ്പുമാവിനോടു സദൃശം. ഒരു സ്‍ത്രീ അതെടുത്ത് മൂന്നുപറ മാവു പുളിച്ചു പൊങ്ങുന്നതുവരെ അതില്‍ ചേര്‍ത്തുവച്ചു.”

22

യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു ജനങ്ങളെ പ്രബോധിപ്പിച്ചുകൊണ്ട് യെരൂശലേമിലേക്കു യാത്ര ചെയ്തു.

23 ഒരാള്‍ അവിടുത്തോട് ചോദിച്ചു: “ഗുരോ, രക്ഷപ്രാപിക്കുന്നവര്‍ ചുരുക്കമാണോ?”

24

യേശു അവരോടു പറഞ്ഞു: “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ തീവ്രയത്നം ചെയ്യുക. പലരും അതിനുവേണ്ടി പരിശ്രമിക്കുമെങ്കിലും സാധിക്കുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

25 ഗൃഹനാഥന്‍ എഴുന്നേറ്റു വാതില്‍ അടച്ചുകഴിയുമ്പോള്‍ ‘യജമാനനേ വാതില്‍ തുറന്നുതരണേ’ എന്നു പറഞ്ഞുകൊണ്ടു നിങ്ങള്‍ മുട്ടിത്തുടങ്ങും. അപ്പോള്‍ ‘നിങ്ങള്‍ എവിടെനിന്നു വരുന്നു? എനിക്ക് അറിഞ്ഞുകൂടല്ലോ!’ എന്നു ഗൃഹനാഥന്‍ നിങ്ങളോട് ഉത്തരം പറയും.

26 ‘അങ്ങയുടെകൂടെ ഞങ്ങള്‍ ഭക്ഷണം കഴിച്ചിട്ടുണ്ടല്ലോ; തെരുവീഥികളില്‍വച്ച് അങ്ങു ഞങ്ങളെ പഠിപ്പിച്ചില്ലേ?’ എന്നിങ്ങനെ നിങ്ങള്‍ പറഞ്ഞു തുടങ്ങും.

27 എന്നാല്‍ അപ്പോള്‍ ഗൃഹനാഥന്‍, ‘നിങ്ങള്‍ എവിടെനിന്നാണു വരുന്നതെന്ന് എനിക്കറിഞ്ഞുകൂടാ; അധര്‍മം പ്രവര്‍ത്തിക്കുന്നവരേ, എന്നെ വിട്ടു പോകൂ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു’ എന്നു പറയും.

28 അബ്രഹാമും ഇസ്ഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവരാജ്യത്തിലിരിക്കുന്നതും നിങ്ങള്‍ പുറത്തു തള്ളപ്പെടുന്നതും കാണുമ്പോള്‍ കരച്ചിലും പല്ലുകടിയും ആയിരിക്കും നിങ്ങളുടെ അനുഭവം.

29 കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും ആളുകള്‍ വന്നു ദൈവരാജ്യത്തില്‍ വിരുന്നിനിരിക്കും.

30 മുമ്പന്മാരായിത്തീരുന്ന പിമ്പന്മാരും പിമ്പന്മാരായിത്തീരുന്ന മുമ്പന്മാരും ഉണ്ട്.”

31

ആ സമയത്തുതന്നെ ചില പരീശന്മാര്‍ യേശുവിന്‍റെ അടുക്കല്‍ വന്ന് “അങ്ങ് ഇവിടംവിട്ടു പോകണം; അന്തിപ്പാസ് ഹേരോദാ അങ്ങയെ കൊല്ലാനിരിക്കുകയാണ്” എന്നു പറഞ്ഞു.

32

യേശു അവരോടു പറഞ്ഞു: “നിങ്ങള്‍ പോയി ആ കുറുക്കനോടു പറയൂ, ഇന്നും നാളെയും ഞാന്‍ ഭൂതത്തെ പുറത്താക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്യും. മൂന്നാം ദിവസം എന്‍റെ പ്രവൃത്തി പൂര്‍ത്തിയാക്കും.

33 എന്നിരുന്നാലും ഇന്നും നാളെയും അതിനടുത്ത ദിവസവും ഈ യാത്ര തുടരുകതന്നെ വേണം. യെരൂശലേമില്‍വച്ചല്ലാതെ ഒരു പ്രവാചകനും കൊല്ലപ്പെടരുതല്ലോ.

34

“യെരൂശലേമേ, യെരൂശലേമേ! പ്രവാചകന്മാരെ കൊല്ലുകയും നിന്‍റെ അടുക്കല്‍ അയച്ചവരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്‍റെ കുഞ്ഞുങ്ങളെ ചിറകിന്‍കീഴില്‍ ചേര്‍ക്കുന്നതുപോലെ നിന്‍റെ മക്കളെ ചേര്‍ക്കുവാന്‍ ഞാന്‍ എത്ര തവണ ഇച്ഛിച്ചു! നിനക്കോ അതിനു മനസ്സില്ലാതെപോയി!

35 ഇതാ നിന്‍റെ ഭവനം പരിത്യജിക്കപ്പെട്ടിരിക്കുന്നു. ‘കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍’ എന്നു നിങ്ങള്‍ പറയുന്നതുവരെ നിങ്ങള്‍ എന്നെ കാണുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.”

14

1

ഒരു ശബത്തുനാളില്‍ യേശു ഒരു പരീശപ്രമാണിയുടെ വീട്ടില്‍ ഭക്ഷണം കഴിക്കുവാന്‍ പോയി. അവിടുന്ന് എന്താണു ചെയ്യാന്‍ പോകുന്നതെന്ന് അവിടെയുണ്ടായിരുന്നവര്‍ നോക്കിക്കൊണ്ടിരുന്നു.

2 അവിടുത്തെ മുമ്പില്‍ ഒരു മഹോദരരോഗി ഉണ്ടായിരുന്നു.

3 അവിടെ കൂടിയിരുന്ന നിയമപണ്ഡിതന്മാരോടും പരീശന്മാരോടും യേശു ചോദിച്ചു: “ശബത്തില്‍ ഒരുവനെ സുഖപ്പെടുത്തുന്നതു ധര്‍മശാസ്ത്രപ്രകാരം ശരിയാണോ?”

4

എന്നാല്‍ അവര്‍ മൗനം ദീക്ഷിച്ചു. യേശു ആ രോഗിയെ തൊട്ടു സുഖപ്പെടുത്തി പറഞ്ഞയച്ചു.

5 അവിടുന്ന് അവരോടു പറഞ്ഞു: “ശബത്തില്‍ നിങ്ങളുടെ ആരുടെയെങ്കിലും ഒരു മകനോ, കാളയോ കിണറ്റില്‍ വീണാല്‍ ഉടന്‍തന്നെ കരയ്‍ക്കു കയറ്റാതിരിക്കുമോ?”

6 അതിനുത്തരം നല്‌കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.

7

വിരുന്നിനു ക്ഷണിക്കപ്പെട്ടവര്‍ മുഖ്യാസനങ്ങള്‍ തിരഞ്ഞെടുക്കുന്നതു കണ്ടപ്പോള്‍ ഉപദേശരൂപേണ യേശു അവരോടു പറഞ്ഞു:

8 “ഒരു വിവാഹവിരുന്നിനു നിങ്ങളെ ആരെങ്കിലും ക്ഷണിച്ചാല്‍ മുഖ്യസ്ഥാനത്തു കയറി ഇരിക്കരുത്. നിങ്ങളെക്കാള്‍ മാന്യനായ ഒരു അതിഥിയെ ക്ഷണിച്ചിട്ടുണ്ടായിരിക്കാം.

9 ആതിഥേയന്‍ വന്ന് ‘ഇദ്ദേഹത്തിന് ഇടം ഒഴിഞ്ഞുകൊടുക്കുക’ എന്നു നിങ്ങളോടു പറഞ്ഞാല്‍ ലജ്ജിതനായി എഴുന്നേറ്റ് ഏറ്റവും ഒടുവിലത്തെ ഇരിപ്പിടത്തില്‍ പോയി ഇരിക്കേണ്ടിവരും.

10 എന്നാല്‍ നിങ്ങള്‍ വിരുന്നിനു ക്ഷണിക്കപ്പെടുമ്പോള്‍ ഏറ്റവും ഒടുവിലത്തെ സ്ഥാനത്തുപോയി ഇരിക്കുക. ആതിഥേയന്‍ വന്ന് ‘സ്നേഹിതാ മുമ്പോട്ടു കയറി ഇരിക്കൂ’ എന്നു പറയുവാന്‍ ഇടയാകട്ടെ. അപ്പോള്‍ വിരുന്നിനു വന്നിരിക്കുന്നവരുടെ മുമ്പില്‍ നിങ്ങള്‍ ബഹുമാനിതനാകും.

11 തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.”

12

പിന്നീടു തന്നെ ക്ഷണിച്ച പരീശപ്രമാണിയോടു യേശു പറഞ്ഞു: “താങ്കള്‍ വിരുന്നു നടത്തുമ്പോള്‍ സുഹൃത്തുക്കളെയോ, സഹോദരരെയോ, ചാര്‍ച്ചക്കാരെയോ, സമ്പന്നന്മാരായ അയല്‍ക്കാരെയോ അല്ല ക്ഷണിക്കേണ്ടത്. അവര്‍ താങ്കളെയും തിരിച്ചു ക്ഷണിക്കുകയും അങ്ങനെ പ്രത്യുപകാരം ലഭിക്കുകയും ചെയ്യും.

13 എന്നാല്‍ താങ്കള്‍ വിരുന്നു കൊടുക്കുമ്പോള്‍ ദരിദ്രര്‍, അംഗഹീനര്‍, മുടന്തര്‍, അന്ധന്മാര്‍ മുതലായവരെ ക്ഷണിക്കുക. അപ്പോള്‍ താങ്കള്‍ ധന്യനാകും.

14 അവര്‍ക്കു പ്രത്യുപകാരം ചെയ്യാന്‍ കഴിവില്ലല്ലോ; നീതിമാന്മാരുടെ പുനരുത്ഥാനദിവസം താങ്കള്‍ക്കു പ്രതിഫലം ലഭിക്കും.”

15

യേശുവിനോടുകൂടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരില്‍ ഒരാള്‍ ഇതു കേട്ടിട്ടു പറഞ്ഞു: “ദൈവരാജ്യത്തിലെ വിരുന്നില്‍ സംബന്ധിക്കുന്നവന്‍ ധന്യനാകുന്നു.”

16 അപ്പോള്‍ യേശു പറഞ്ഞു: “ഒരാള്‍ ഒരു വലിയ വിരുന്നൊരുക്കി; അനേകം അതിഥികളെ ക്ഷണിക്കുകയും ചെയ്തു.

17 വിരുന്നിന്‍റെ സമയമായപ്പോള്‍ ക്ഷണിക്കപ്പെട്ടവരോട്: വരിക, എല്ലാം തയ്യാറായിരിക്കുന്നു എന്നു പറയുന്നതിന് അയാള്‍ തന്‍റെ ഭൃത്യനെ അയച്ചു.

18 എന്നാല്‍ അവര്‍ എല്ലാവരും ഓരോ ഒഴികഴിവു പറഞ്ഞുതുടങ്ങി. ഒന്നാമത്തെയാള്‍ ‘ഞാനൊരു നിലം വാങ്ങിയിട്ടുണ്ട്, എനിക്കുപോയി അതൊന്നു നോക്കേണ്ടിയിരിക്കുന്നു; എന്നോട് സദയം ക്ഷമിക്കുക’ എന്നു പറഞ്ഞു.

19 മറ്റൊരാള്‍ പറഞ്ഞത്, ‘ഞാന്‍ അഞ്ചു ജോടി കാളയെ വാങ്ങിയിട്ടുണ്ട്, എനിക്കു പോയി അവയെ ഒന്നു തെളിച്ചു നോക്കണം; സദയം എന്നെ ഒഴിവാക്കുക’ എന്നായിരുന്നു.

20 വേറൊരാള്‍ പറഞ്ഞു: ‘എന്‍റെ വിവാഹം കഴിഞ്ഞതേയുള്ളൂ; എനിക്കു വരാന്‍ നിവൃത്തിയില്ല.’

21

“ആ ഭൃത്യന്‍ വന്ന് അവര്‍ പറഞ്ഞ ഒഴികഴിവുകള്‍ യജമാനനെ അറിയിച്ചു. അതുകേട്ട് കുപിതനായിത്തീര്‍ന്ന ഗൃഹനാഥന്‍ വീണ്ടും ഭൃത്യനോട് ആജ്ഞാപിച്ചു: ‘നീ വേഗം പോയി നഗരത്തിലെ തെരുവീഥികളിലും ഇടവഴികളിലും കാണുന്ന ദരിദ്രരെയും അംഗഹീനരെയും മുടന്തരെയും അന്ധന്മാരെയുമെല്ലാം വിളിച്ച് അകത്തു കൊണ്ടുവരിക.”

22

“പിന്നെയും ഭൃത്യന്‍ വന്ന്, ‘പ്രഭോ, അങ്ങു കല്പിച്ചതുപോലെ ചെയ്തു; എന്നാല്‍ ഇനിയും സ്ഥലമുണ്ട്’ എന്നു പറഞ്ഞു.

23 ‘നീ പോയി പെരുവഴികളിലും വേലിയരികിലും കാണുന്നവരെ സ്നേഹപൂര്‍വം നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുവന്ന് എന്‍റെ വീടു നിറയ്‍ക്കുക.

24 ആദ്യം ക്ഷണിക്കപ്പെട്ടവരില്‍ ആരും എന്‍റെ വിരുന്നിന്‍റെ സ്വാദ് അറിയുകയില്ല, എന്നു ഞാന്‍ നിങ്ങളോടു പറയുന്നു’ എന്നു യജമാനന്‍ പറഞ്ഞു.”

25

ഒരു വലിയ ജനസഞ്ചയം യേശുവിന്‍റെ കൂടെ സഞ്ചരിച്ചിരുന്നു.

26 അവിടുന്ന് അവരുടെ നേരെ തിരിഞ്ഞ് അരുള്‍ചെയ്തു: “എന്നെ അനുഗമിക്കുന്ന ഒരാള്‍ തന്‍റെ മാതാവിനെയോ, പിതാവിനെയോ, ഭാര്യയെയോ, മക്കളെയോ, സഹോദരന്മാരെയോ, സഹോദരികളെയോ, എന്നല്ല സ്വന്തം ജീവനെപ്പോലുമോ എന്നെക്കാള്‍ അധികമായി സ്നേഹിക്കുന്നുവെങ്കില്‍ അയാള്‍ക്ക് എന്‍റെ ശിഷ്യനായിരിക്കുവാന്‍ സാധ്യമല്ല.

27 തന്‍റെ കുരിശു ചുമന്നുകൊണ്ട് എന്നെ അനുഗമിക്കാത്തവനും എന്‍റെ ശിഷ്യനായിരിക്കുവാന്‍ സാധ്യമല്ല.

28 നിങ്ങളില്‍ ആരെങ്കിലും ഒരു ഗോപുരം പണിയുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആദ്യംതന്നെ ഇരുന്ന് അതു പൂര്‍ത്തിയാക്കുവാനുള്ള വക കൈയിലുണ്ടോ എന്നു കണക്കാക്കി നോക്കുകയില്ലേ?

29 അങ്ങനെ ചെയ്യാതെ അടിസ്ഥാനമിട്ടശേഷം പൂര്‍ത്തിയാക്കുവാന്‍ കഴിയാതെ വരുമ്പോള്‍

30 ‘ഈ മനുഷ്യന്‍ പണിയാനാരംഭിച്ചു; അതു പൂര്‍ത്തിയാക്കുവാന്‍ കഴിവില്ല’ എന്നു പറഞ്ഞ് കാണുന്നവരെല്ലാം അയാളെ പരിഹസിക്കും.

31

“അല്ലെങ്കില്‍ ഒരു രാജാവു മറ്റൊരു രാജാവിനോടു യുദ്ധത്തിനു പുറപ്പെടുന്നതിനുമുമ്പ് തന്‍റെ പതിനായിരം ഭടന്മാരെക്കൊണ്ട് ഇരുപതിനായിരം ഭടന്മാരോടുകൂടി വരുന്ന ശത്രുവിനെ നേരിടാന്‍ കഴിയുമോ എന്നു നല്ലവണ്ണം ആലോചിക്കാതിരിക്കുമോ?

32 അത് അസാധ്യമാണെങ്കില്‍ ശത്രു അകലെ ആയിരിക്കുമ്പോള്‍ത്തന്നെ, ആ രാജാവു തന്‍റെ പ്രതിനിധിയെ അയച്ച് സമാധാനവ്യവസ്ഥയുണ്ടാക്കുവാന്‍ അഭ്യര്‍ഥിക്കും.

33

“അതുപോലെ തനിക്കുള്ളതെല്ലാം പരിത്യജിക്കാതെ നിങ്ങളിലാര്‍ക്കും എന്‍റെ ശിഷ്യനായിരിക്കുവാന്‍ സാധ്യമല്ല.”

34

“ഉപ്പു നല്ലതുതന്നെ; പക്ഷേ, അതിന്‍റെ രസം നഷ്ടപ്പെട്ടുപോയാല്‍ പിന്നെ എങ്ങനെ അതിനു വീണ്ടും ഉപ്പുരസം കൈവരുത്തും.

35 അതു ഭൂമിക്കോ, വളത്തിനോ കൊള്ളുകയില്ല; പുറത്തുകളയുകയേ നിവൃത്തിയുള്ളൂ. കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.”

15

1

യേശുവിന്‍റെ പ്രഭാഷണം കേള്‍ക്കുന്നതിനായി ചുങ്കം പിരിക്കുന്നവരും മതനിഷ്ഠയില്ലാത്തവരും അവിടുത്തെ അടുക്കല്‍ വന്നുകൊണ്ടിരുന്നു.

2 “ഈ മനുഷ്യന്‍ മതനിഷ്ഠയില്ലാത്തവരെ സ്വീകരിക്കുകയും അവരോടുകൂടി ഭക്ഷണം കഴിക്കുകയും ചെയ്യുന്നുവല്ലോ” എന്നു പറഞ്ഞുകൊണ്ട് പരീശന്മാരും മതപണ്ഡിതന്മാരും പിറുപിറുത്തു.

3

അപ്പോള്‍ യേശു അവരോട് ഒരു ദൃഷ്ടാന്തകഥ പറഞ്ഞു: “നിങ്ങളില്‍ ആര്‍ക്കെങ്കിലും നൂറ് ആടുണ്ട് എന്നു വിചാരിക്കുക.

4 അവയില്‍ ഒന്നിനെ കാണാതെ പോയാല്‍ തൊണ്ണൂറ്റി ഒന്‍പതിനെയും വിജനസ്ഥലത്തു വിട്ടിട്ടു കാണാതെ പോയതിനെ കണ്ടെത്തുന്നതുവരെ അന്വേഷിക്കാതിരിക്കുമോ?

5 കണ്ടെത്തുമ്പോള്‍ ആഹ്ലാദപൂര്‍വം അതിനെ തോളിലേറ്റിക്കൊണ്ടു വീട്ടിലേക്കു മടങ്ങും.

6 പിന്നീട് അയല്‍ക്കാരെയും സുഹൃത്തുക്കളെയും വിളിച്ചുകൂട്ടി ‘കാണാതെപോയ എന്‍റെ ആടിനെ കണ്ടുകിട്ടിയിരിക്കുന്നു; എന്നോടുകൂടി സന്തോഷിക്കുക’ എന്നു പറയുകയില്ലേ?

7 അപ്രകാരം തന്നെ തങ്ങള്‍ക്ക് അനുതാപം ആവശ്യമില്ലെന്നു കരുതുന്ന മതനിഷ്ഠയുള്ള തൊണ്ണൂറ്റി ഒന്‍പതു പേരെക്കാള്‍ അനുതപിക്കുന്ന ഒരു അധര്‍മിയെക്കുറിച്ചു സ്വര്‍ഗത്തില്‍ അധികം ആനന്ദമുണ്ടാകുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

8

“അല്ലെങ്കില്‍, ഒരു സ്‍ത്രീയുടെ കൈവശമുണ്ടായിരുന്ന പത്തു വെള്ളിനാണയത്തില്‍ ഒന്ന് കൈമോശം വന്നാല്‍, അവള്‍ വിളക്കു കത്തിച്ചു വീടു മുഴുവന്‍ അടിച്ചുവാരി അതു കിട്ടുന്നതുവരെ ശ്രദ്ധാപൂര്‍വം തിരയാതിരിക്കുമോ?

9 കണ്ടുകിട്ടിയാല്‍ അവള്‍ തന്‍റെ കൂട്ടുകാരികളെയും അയല്‍ക്കാരെയും വിളിച്ചുകൂട്ടി, ‘കാണാതെപോയ എന്‍റെ വെള്ളിനാണയം കണ്ടുകിട്ടിയിരിക്കുന്നു; എന്നോടുകൂടി സന്തോഷിക്കുക’ എന്നു പറയും.

10 അങ്ങനെതന്നെ അനുതപിക്കുന്ന ഒരു അധര്‍മിയെക്കുറിച്ചു ദൈവദൂതന്മാരുടെ ഇടയില്‍ ആനന്ദമുണ്ടാകുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.”

11

യേശു വീണ്ടും അരുള്‍ചെയ്തു: “ഒരാള്‍ക്കു രണ്ടു പുത്രന്മാരുണ്ടായിരുന്നു.

12 ഇളയമകന്‍ പിതാവിനോട് ‘അപ്പാ, കുടുംബസ്വത്തില്‍ എനിക്കു കിട്ടേണ്ട ഓഹരി തന്നാലും’ എന്നു പറഞ്ഞു. പിതാവ് തന്‍റെ സ്വത്ത് അവര്‍ക്കു രണ്ടുപേര്‍ക്കുമായി ഭാഗിച്ചുകൊടുത്തു.

13 ഇളയമകന്‍ ഏറെത്താമസിയാതെ തനിക്കു കിട്ടിയ സ്വത്തു മുഴുവന്‍ വിറ്റു പണമാക്കിക്കൊണ്ട് ദൂരദേശത്തേക്കു യാത്രയായി.

14 അവിടെ അവന്‍ പണം ധൂര്‍ത്തടിച്ചു ജീവിച്ചു; അങ്ങനെ സര്‍വസ്വവും നശിപ്പിച്ചു. കൈയിലുണ്ടായിരുന്നതെല്ലാം തീര്‍ന്നപ്പോള്‍ ആ ദേശത്തു കഠിന ക്ഷാമമുണ്ടായി. ദാരിദ്ര്യം മൂലം അവന്‍ വലഞ്ഞുതുടങ്ങി.

15 എന്തെങ്കിലും പണി കിട്ടുന്നതിന് അവന്‍ ആ നാട്ടിലെ പൗരന്മാരില്‍ ഒരാളുടെ അടുക്കല്‍ ചെന്നു. അയാള്‍ അവനെ പന്നികളെ തീറ്റുന്നതിനായി പറഞ്ഞയച്ചു.

16 പന്നിയുടെ തീറ്റകൊണ്ടെങ്കിലും വിശപ്പടക്കാമെന്ന് അവന്‍ ആശിച്ചു. പക്ഷേ, ആരും അവന് അതുപോലും കൊടുത്തില്ല.

17 എന്നാല്‍ അവനു സുബുദ്ധിയുണ്ടായപ്പോള്‍ സ്വയം പറഞ്ഞു: “എന്‍റെ പിതാവിന്‍റെ ഭവനത്തിലെ വേലക്കാര്‍ എത്ര സുഭിക്ഷമായി കഴിയുന്നു!

18 ഞാന്‍ പോയി, ‘അപ്പാ അങ്ങേക്കും ദൈവത്തിനും വിരോധമായി ഞാന്‍ കുറ്റം ചെയ്തിരിക്കുന്നു; ഇനിമേല്‍ അവിടുത്തെ പുത്രനെന്നു ഗണിക്കുവാന്‍ ഞാന്‍ യോഗ്യനല്ല;

19 അങ്ങയുടെ കൂലിക്കാരില്‍ ഒരുവനായി മാത്രം എന്നെ കരുതിയാല്‍ മതി’ എന്ന് എന്‍റെ പിതാവിനോടു പറയും.”

20 പിന്നീട് അവന്‍ പിതാവിന്‍റെ അടുക്കലേക്കു തിരിച്ചുപോയി.

“ദൂരെവച്ചുതന്നെ പിതാവ് മകനെ കണ്ടു. ആ അപ്പന്‍റെ മനസ്സലിഞ്ഞ്, ഓടിച്ചെന്ന് അവനെ ആലിംഗനം ചെയ്തു.

21 അവന്‍ പിതാവിനോട് ഇങ്ങനെ പറഞ്ഞു: ‘അപ്പാ, ഞാന്‍ അങ്ങേക്കും ദൈവത്തിനും വിരോധമായി കുറ്റം ചെയ്തിരിക്കുന്നു. മേലില്‍ അവിടുത്തെ പുത്രനായി ഗണിക്കപ്പെടുവാന്‍ ഞാന്‍ യോഗ്യനല്ല!

22 എന്നാല്‍ ആ പിതാവു ഭൃത്യന്മാരോടു പറഞ്ഞു: ‘നിങ്ങള്‍ വേഗംപോയി വിശിഷ്ടമായ വസ്ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുക. കൈയില്‍ മോതിരവും കാലില്‍ ചെരുപ്പും അണിയിക്കണം. കൊഴുപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു കൊല്ലുക.

23 നമുക്കു ഭക്ഷിച്ച് ഉല്ലസിക്കാം. എന്‍റെ ഈ മകന്‍ മൃതനായിരുന്നു; അവന്‍ വീണ്ടും ജീവിച്ചിരിക്കുന്നു;

24 അവന്‍ നഷ്ടപ്പെട്ടുപോയിരുന്നു; ഇപ്പോള്‍ അവനെ കണ്ടുകിട്ടിയിരിക്കുന്നു.’ അങ്ങനെ അവര്‍ ആഹ്ലാദിക്കുവാന്‍ തുടങ്ങി.

25

“വയലില്‍ പോയിരുന്ന മൂത്തപുത്രന്‍ വീടിനടുത്തെത്തിയപ്പോള്‍ സംഗീതവും നൃത്തഘോഷങ്ങളും കേട്ടു;

26 ഒരു ഭൃത്യനെ വിളിച്ചു വിവരം അന്വേഷിച്ചു.

27 ഭൃത്യന്‍ പറഞ്ഞു: ‘അങ്ങയുടെ സഹോദരന്‍ വന്നിരിക്കുന്നു. അദ്ദേഹത്തെ സുരക്ഷിതനായി തിരിച്ചുകിട്ടിയതിനാല്‍ പിതാവു കൊഴുപ്പിച്ച കാളക്കുട്ടിയെ അറുത്തിരിക്കുന്നു.’

28

“ഇതുകേട്ട് അയാള്‍ അത്യന്തം കുപിതനായി, വീട്ടില്‍ കയറാന്‍ വിസമ്മതിച്ചു. പിതാവു പുറത്തുവന്ന് അയാളോട് അകത്തേക്കു ചെല്ലുവാന്‍ അനുനയപൂര്‍വം പറഞ്ഞു.

29 അയാള്‍ പിതാവിനോട് ഇപ്രകാരം പറഞ്ഞു: ‘എത്രയോ കാലമായി ഞാന്‍ അങ്ങയെ സേവിക്കുന്നു! അവിടുത്തെ ആജ്ഞകള്‍ ഒരിക്കല്‍പോലും ഞാന്‍ ലംഘിച്ചിട്ടില്ല. എന്നിട്ടും എന്‍റെ കൂട്ടുകാരോടൊത്ത് ഉല്ലസിക്കുന്നതിന് അങ്ങ് എനിക്ക് ഒരാട്ടിന്‍കുട്ടിയെപ്പോലും ഒരിക്കലും തന്നിട്ടില്ലല്ലോ.

30 എന്നാല്‍ വേശ്യകളോടുകൂടി കഴിഞ്ഞ്, അങ്ങയുടെ മുതലെല്ലാം മുടിച്ച ഈ മകന്‍ വന്നപ്പോള്‍ അവനുവേണ്ടി അങ്ങു കൊഴുപ്പിച്ച കാളക്കുട്ടിയെ അറുത്തു സദ്യ ഒരുക്കിയിരിക്കുന്നു!”

31 പിതാവ് അയാളോടു പറഞ്ഞു: ‘മകനേ, നീ എപ്പോഴും എന്‍റെകൂടെത്തന്നെയാണ്. എനിക്കുള്ളതെല്ലാം നിന്‍റേതാണല്ലോ.

32 നിന്‍റെ ഈ സഹോദരന്‍ മൃതനായിരുന്നു; അവന്‍ വീണ്ടും ജീവിച്ചിരിക്കുന്നു. അവന്‍ നഷ്ടപ്പെട്ടുപോയിരുന്നു; അവനെ കണ്ടെത്തിയിരിക്കുന്നു. അതുകൊണ്ട് നാം ആഹ്ലാദിച്ചുല്ലസിക്കുന്നത് ഉചിതമല്ലേ?”

16

1

യേശു പിന്നെയും ശിഷ്യന്മാരോടു പറഞ്ഞു: “ധനികനായ ഒരു മനുഷ്യന് ഒരു കാര്യസ്ഥനുണ്ടായിരുന്നു. തന്‍റെ യജമാനന്‍റെ വസ്തുവകകള്‍ ദുര്‍വ്യയം ചെയ്യുന്നു എന്ന് അയാളുടെ പേരില്‍ ആരോപണം ഉണ്ടായി.

2 ആ ധനികന്‍ അയാളെ വിളിച്ച് ഇങ്ങനെ പറഞ്ഞു: ‘തന്നെപ്പറ്റി ഈ കേള്‍ക്കുന്നത് എന്ത്? എന്‍റെ വസ്തുവകകള്‍ കൈകാര്യം ചെയ്തതിന്‍റെ കണക്കു കൊണ്ടുവരിക; ഇനിമേല്‍ താന്‍ എന്‍റെ കാര്യസ്ഥനായിരിക്കുവാന്‍ പാടില്ല,’

3 അപ്പോള്‍ അയാള്‍ ആത്മഗതം ചെയ്തു: ‘യജമാനന്‍ എന്നെ ജോലിയില്‍നിന്നു പിരിച്ചുവിടാന്‍ പോകുന്നു. ഞാന്‍ ഇനി എന്തുചെയ്യും? കിളയ്‍ക്കുവാന്‍ എനിക്കു വശമില്ല; ഇരക്കുവാന്‍ ഞാന്‍ നാണിക്കുന്നു.

4 യജമാനന്‍ എന്നെ ജോലിയില്‍നിന്നു നീക്കുമ്പോള്‍ മറ്റുള്ളവര്‍ തങ്ങളുടെ വീടുകളില്‍ എന്നെ സ്വീകരിക്കേണ്ടതിന് എന്തു ചെയ്യണമെന്ന് എനിക്കറിയാം.’

5

“അയാള്‍ യജമാനന്‍റെ കടക്കാരെ ഓരോരുത്തരായി വിളിച്ചുവരുത്തി. ഒന്നാമനോട് അയാള്‍ ചോദിച്ചു: ‘നീ എന്‍റെ യജമാനനോടു കടം വാങ്ങിയിട്ടുള്ളത് എന്താണ്?’

6 ‘നൂറു കുടം ഒലിവെണ്ണ’ എന്ന് ആ കടക്കാരന്‍ പറഞ്ഞു. അപ്പോള്‍ കാര്യസ്ഥന്‍, നിന്‍റെ പറ്റുചീട്ട് ഇതാ, വേഗം അമ്പത് എന്നു തിരുത്തുക’ എന്നു പറഞ്ഞു.

7 പിന്നീടു മറ്റൊരാളിനോട്, ‘നീ എന്തു കൊടുക്കാനുണ്ട്?’ എന്നു ചോദിച്ചു. ‘നൂറു പറ കോതമ്പ്’ എന്നയാള്‍ മറുപടി പറഞ്ഞു. കാര്യസ്ഥന്‍ ഉടനെ അയാളോട് ‘നിന്‍റെ പറ്റുചീട്ടെടുത്ത് എണ്‍പത് എന്നാക്കുക’ എന്നു പറഞ്ഞു.

8

“അവിശ്വസ്തനായ ഈ കാര്യസ്ഥന്‍ തന്‍റെ പ്രവൃത്തിയില്‍ പ്രദര്‍ശിപ്പിച്ച കുശാഗ്രബുദ്ധിയെ യജമാനന്‍ ശ്ലാഘിച്ചു. ലോകത്തിന്‍റെ മക്കള്‍ തങ്ങളുടെ തലമുറയില്‍, വെളിച്ചത്തിന്‍റെ മക്കളെക്കാള്‍ ബുദ്ധിയുള്ളവരാണല്ലോ.

9

“ഞാന്‍ നിങ്ങളോടു പറയുന്നു: അന്യായമായ ധനംകൊണ്ടു നിങ്ങള്‍ സ്നേഹിതന്മാരെ നേടിക്കൊള്ളുക. അങ്ങനെ ചെയ്യുന്നതായാല്‍ ലൗകികധനം നിങ്ങള്‍ക്കില്ലാതെ വരുമ്പോള്‍ നിത്യഭവനങ്ങളില്‍ നിങ്ങള്‍ സ്വീകരിക്കപ്പെടും.

10 ഏറ്റവും ചെറിയ കാര്യങ്ങളില്‍ വിശ്വസ്തനായിരിക്കുന്നവന്‍ വലിയ കാര്യങ്ങളിലും വിശ്വസ്തനായിരിക്കും. ഏറ്റവും ചെറിയ കാര്യങ്ങളില്‍ അവിശ്വസ്തന്‍ വലിയ കാര്യങ്ങളിലും അവിശ്വസ്തനായിരിക്കും.

11 ലൗകികധനം കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ അവിശ്വസ്തരാണെങ്കില്‍ സാക്ഷാത്തായ ധനം നിങ്ങളെ ആരാണ് ഏല്പിക്കുക?

12 അന്യരുടെ മുതലിന്‍റെ കാര്യത്തില്‍ നിങ്ങള്‍ അവിശ്വസ്തരാണെങ്കില്‍ നിങ്ങള്‍ക്ക് സ്വന്തമായി എന്തെങ്കിലും ആരു തരും?

13

“രണ്ട് യജമാനന്മാരെ സേവിക്കുവാന്‍ ഒരു ഭൃത്യനും സാധ്യമല്ല. ഒന്നുകില്‍ ഒരുവനെ വെറുത്ത് അപരനെ സ്നേഹിക്കും. അല്ലെങ്കില്‍ ഒരുവനോടു കൂറുള്ളവനായിരുന്ന് അപരനെ കൈവെടിയും. നിങ്ങള്‍ക്കു ദൈവത്തെയും ധനത്തെയും സേവിക്കുക സാധ്യമല്ല.

14

ദ്രവ്യാഗ്രഹികളായ പരീശന്മാര്‍ ഇവയെല്ലാം കേട്ടപ്പോള്‍ യേശുവിനെ പരിഹസിച്ചു.

15 അവിടുന്ന് അവരോടു പറഞ്ഞു: “നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വയം ന്യായീകരിക്കുന്നു. എന്നാല്‍ ദൈവം നിങ്ങളുടെ ഹൃദയങ്ങളെ അറിയുന്നു. മനുഷ്യര്‍ക്ക് ഉത്തമമെന്നു തോന്നുന്നത് ദൈവത്തിന്‍റെ ദൃഷ്‍ടിയില്‍ അധര്‍മമായിരിക്കും.

16

“യോഹന്നാന്‍റെ ആഗമനംവരെ ആയിരുന്നു ധര്‍മശാസ്ത്രത്തിന്‍റെയും പ്രവാചകന്മാരുടെയും കാലം. അതിനുശേഷം ദൈവരാജ്യത്തിന്‍റെ സുവിശേഷം ഘോഷിക്കപ്പെട്ടുവരുന്നു. എല്ലാവരും ദൈവരാജ്യം ബലാല്‌ക്കാരേണ പിടിച്ചുപറ്റുവാന്‍ ശ്രമിക്കുന്നു.

17 ധര്‍മശാസ്ത്രത്തിലെ ഒരു വള്ളിക്കോ പുള്ളിക്കോ മാറ്റം വരുന്നതിനെക്കാള്‍ എളുപ്പം ആകാശവും ഭൂമിയും ഇല്ലാതാകുന്നതായിരിക്കും.

18

“സ്വഭാര്യയെ പരിത്യജിച്ചു മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു. ഭര്‍ത്താവു പരിത്യജിച്ച സ്‍ത്രീയെ വിവാഹം ചെയ്യുന്നവനും വ്യഭിചാരം ചെയ്യുന്നു.

19

“ഒരിടത്ത് ധനാഢ്യനായ ഒരു മനുഷ്യനുണ്ടായിരുന്നു. അയാള്‍ വിലയേറിയ പട്ടുവസ്ത്രം അണിയുകയും സുഖലോലുപനായി നിത്യേന വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുകയും ചെയ്തുവന്നു.

20 ഈ ധനികന്‍റെ പടിവാതില്‌ക്കല്‍ വ്രണബാധിതനായി കിടന്നിരുന്ന ലാസര്‍ എന്ന ദരിദ്രന്‍,

21 ആ ധനികന്‍റെ ഭക്ഷണമേശയില്‍നിന്നു പുറത്തുകളയുന്ന ഉച്ഛിഷ്ടംകൊണ്ടെങ്കിലും വിശപ്പടക്കാമെന്ന് ആശിച്ചു. നായ്‍ക്കള്‍ വന്ന് അയാളുടെ വ്രണങ്ങള്‍ നക്കുമായിരുന്നു.

22

“ദരിദ്രനായ ലാസര്‍ മരിച്ചു. മാലാഖമാര്‍ അയാളെ കൊണ്ടുപോയി അബ്രഹാമിന്‍റെ മാറോടു ചേര്‍ത്തിരുത്തി.

23 ആ ധനികനും മരിച്ച് അടക്കപ്പെട്ടു. അയാള്‍ പ്രേതലോകത്തില്‍ കിടന്നു യാതന അനുഭവിക്കുമ്പോള്‍ മുകളിലേക്കു നോക്കി. അങ്ങു ദൂരെ അബ്രഹാമിനോടു ചേര്‍ന്നിരിക്കുന്ന ലാസറിനെ കണ്ട്, അയാള്‍ വിളിച്ചുപറഞ്ഞു:

24 ‘അബ്രഹാം പിതാവേ, എന്നോടു കരുണയുണ്ടാകണമേ. വിരല്‍ത്തുമ്പുകൊണ്ടെങ്കിലും ഇറ്റുവെള്ളം പകര്‍ന്ന് എന്‍റെ നാവു തണുപ്പിക്കുന്നതിനു ലാസറിനെ ഇങ്ങോട്ടയച്ചാലും. ഞാന്‍ ഈ അഗ്നിജ്വാലയേറ്റ് അതിവേദന അനുഭവിക്കുകയാണല്ലോ.

25

“അബ്രഹാം പ്രതിവചിച്ചു: ‘ജീവിതകാലത്ത് എല്ലാ സുഖഭോഗങ്ങളും നിനക്കു ലഭിച്ചു; അതേസമയം ലാസര്‍ എല്ലാവിധ കഷ്ടതകളും അനുഭവിച്ചു എന്നും ഓര്‍ക്കുക. എന്നാല്‍ ഇപ്പോള്‍ അവന്‍ ഇവിടെ ആശ്വസിക്കുന്നു;

26 നീയാകട്ടെ വേദനപ്പെടുന്നു. ഇവിടെനിന്നു നിങ്ങളുടെ അടുക്കലേക്കു കടന്നുവരാനോ, അവിടെനിന്ന് ഇങ്ങോട്ടു കടക്കുവാനോ കഴിയാത്തവിധം ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മധ്യേ അഗാധമായ ഒരു പിളര്‍പ്പുണ്ട്.

27 അപ്പോള്‍ അയാള്‍ പറഞ്ഞു: ‘എന്നാല്‍ പിതാവേ, ഒരു കാര്യം ചെയ്യണമേ! എന്‍റെ ഭവനത്തിലേക്കു ലാസറിനെ അയച്ചാലും;

28 എനിക്ക് അഞ്ചു സഹോദരന്മാരുണ്ട്; അവരെങ്കിലും ഈ കഠിനയാതനയുടെ സ്ഥലത്തു വരാതിരിക്കുവാന്‍ അയാള്‍ അവര്‍ക്കു മുന്നറിയിപ്പു നല്‌കട്ടെ.’

29

“എന്നാല്‍ അബ്രഹാം അതിനു മറുപടിയായി ‘അവര്‍ക്ക് മോശയുടെ നിയമസംഹിതയും പ്രവാചകന്മാരുടെ പ്രബോധനങ്ങളുമുണ്ട്; നിന്‍റെ സഹോദരന്മാര്‍ അവരുടെ വാക്കുകള്‍ ശ്രദ്ധിക്കട്ടെ.’

30 അപ്പോള്‍ അയാള്‍ പറഞ്ഞു: ‘അങ്ങനെയല്ല പിതാവേ, മരിച്ച ഒരാള്‍ അവരുടെ അടുക്കല്‍ മടങ്ങിച്ചെന്നാല്‍ അവര്‍ അനുതപിക്കാതിരിക്കുകയില്ല.’

31 അബ്രഹാം അതിനു ‘മോശയെയും പ്രവാചകന്മാരെയും ചെവിക്കൊള്ളാത്തവന്‍, ഒരുവന്‍ ഉയിര്‍ത്തെഴുന്നേറ്റു ചെന്നാലും വിശ്വസിക്കുവാന്‍ പോകുന്നില്ല’ എന്നു മറുപടി പറഞ്ഞു.

17

1

യേശു ശിഷ്യന്മാരോട് അരുള്‍ചെയ്തു: പാപത്തില്‍ വീഴുന്നതിനുള്ള പ്രലോഭനങ്ങള്‍ ഉണ്ടാകുമെന്നത് നിശ്ചയം; എന്നാല്‍ ആരു മുഖാന്തരം അതുണ്ടാകുന്നുവോ അവന്, ഹാ കഷ്ടം!

2 ഈ എളിയവരില്‍ ഒരുവനെ വഴിതെറ്റിക്കുന്നതിനുള്ള ശിക്ഷയെക്കാള്‍ ലഘുവായിരിക്കും അവന്‍റെ കഴുത്തില്‍ ഒരു തിരികല്ലുകെട്ടി കടലിലെറിയുന്നത്.

3 ഇതു നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.

“നിങ്ങളുടെ ഒരു സഹോദരന്‍ തെറ്റുചെയ്താല്‍ അവനോടു ക്ഷമിക്കുക.

4 അവന്‍ ദിവസം ഏഴു പ്രാവശ്യം നിന്നോട് അന്യായം പ്രവര്‍ത്തിക്കുകയും ആ ഏഴു പ്രാവശ്യവും തിരിച്ചുവന്ന്, ‘ഞാന്‍ അനുതപിക്കുന്നു’ എന്നു പറയുകയും ചെയ്താല്‍ അവനോടു ക്ഷമിക്കണം.”

5

“ഞങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കണമേ” എന്ന് അപ്പോസ്തോലന്മാര്‍ കര്‍ത്താവിനോടപേക്ഷിച്ചു.

6

അതിന് അവിടുന്ന് ഇപ്രകാരം മറുപടി പറഞ്ഞു: “ഒരു കടുകുമണിയോളം വിശ്വാസം നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ കാട്ടത്തിയോടു വേരോടെ ഇളകി കടലില്‍ പോയി ഉറച്ചു നില്‌ക്കുക എന്നു പറഞ്ഞാല്‍ അതു നിങ്ങളെ അനുസരിക്കും.

7

“ഒരു ഭൃത്യന്‍ നിലമുഴുകയോ, ആടിനെ മേയ്‍ക്കുകയോ ചെയ്തശേഷം വീട്ടില്‍ വരുമ്പോള്‍ അയാളോട് ‘പെട്ടെന്ന് വന്നു ഭക്ഷണം കഴിക്കുക’ എന്നു നിങ്ങളില്‍ ആരെങ്കിലും പറയുമോ?

8 നേരെമറിച്ച്, ‘എനിക്ക് അത്താഴം ഒരുക്കുക; എനിക്കു വിളമ്പിത്തന്നശേഷം ഞാന്‍ ഭക്ഷണം കഴിച്ചു കഴിയുന്നതുവരെ അരകെട്ടി കാത്തു നില്‌ക്കുക; പിന്നീടു നിനക്ക് ആഹാരം കഴിക്കാം’ എന്നല്ലേ പറയുക?

9 കല്പന അനുസരിച്ചതിന് ആ ഭൃത്യനോടു നന്ദി പറയുമോ?

10 അതുപോലെ നിങ്ങളോടു കല്പിക്കുന്നതെല്ലാം ചെയ്തു കഴിയുമ്പോള്‍: ‘ഞങ്ങള്‍ കേവലം ഭൃത്യന്മാര്‍; ഞങ്ങളുടെ കടമ നിറവേറ്റുക മാത്രമാണു ഞങ്ങള്‍ ചെയ്തത്’ എന്നു പറയുക.”

11

യെരൂശലേമിലേക്കുള്ള യാത്രയ്‍ക്കിടയില്‍ യേശു ഗലീലയുടെയും ശമര്യയുടെയും ഇടയ്‍ക്കുകൂടി കടന്നുപോകുകയായിരുന്നു.

12 അവിടുന്ന് ഒരു ഗ്രാമത്തില്‍ പ്രവേശിച്ചപ്പോള്‍ പത്തു കുഷ്ഠരോഗികള്‍ അവിടുത്തെ കണ്ടുമുട്ടി;

13 അവര്‍ അകലെ നിന്നുകൊണ്ട് “യേശുനാഥാ, ഞങ്ങളോടു കരുണയുണ്ടാകണമേ” എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.

14

അവിടുന്ന് അവരെ കണ്ടപ്പോള്‍ “നിങ്ങള്‍ പോയി നിങ്ങളെത്തന്നെ പുരോഹിതന്മാരെ കാണിക്കുക” എന്നു പറഞ്ഞു.

15

പോകുന്ന വഴിയില്‍വച്ചുതന്നെ അവര്‍ സുഖം പ്രാപിച്ചു. അവരിലൊരാള്‍ തന്‍റെ രോഗം വിട്ടുമാറി എന്നു കണ്ടപ്പോള്‍ അത്യുച്ചത്തില്‍

16 ദൈവത്തെ സ്തുതിച്ചുകൊണ്ടു മടങ്ങിവന്നു യേശുവിന്‍റെ കാല്‌ക്കല്‍ സാഷ്ടാംഗം വീണു നമസ്കരിച്ചുകൊണ്ടു നന്ദിപറഞ്ഞു. ശമര്യക്കാരനായിരുന്നു അയാള്‍.

17 യേശു ചോദിച്ചു: “സുഖം പ്രാപിച്ചവര്‍ പത്തു പേരായിരുന്നില്ലേ?

18 ഒന്‍പതുപേര്‍ എവിടെ? തിരിച്ചുവന്നു ദൈവത്തെ സ്തുതിക്കുവാന്‍ യെഹൂദനല്ലാത്ത ഈ മനുഷ്യനെ അല്ലാതെ മറ്റാരെയും കണ്ടില്ലല്ലോ”

19 പിന്നീട് യേശു അയാളോട് “എഴുന്നേറ്റ് പൊയ്‍ക്കൊള്ളുക; നിന്‍റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു” എന്നു പറഞ്ഞു.

20

“ദൈവരാജ്യത്തിന്‍റെ ആഗമനം എപ്പോഴാണ്” എന്നു പരീശന്മാര്‍ ചോദിച്ചപ്പോള്‍ യേശു ഇങ്ങനെ പറഞ്ഞു: “കാണാവുന്ന വിധത്തിലല്ല ദൈവരാജ്യം വരുന്നത്.

21 ഇതാ, ഇവിടെയെന്നോ; അതാ, അവിടെയെന്നോ ആര്‍ക്കും അത് ചൂണ്ടിക്കാണിക്കാവുന്നതല്ല. ദൈവരാജ്യം നിങ്ങളില്‍ത്തന്നെയാണ്.”

22

അനന്തരം അവിടുന്നു ശിഷ്യന്മാരോടു പറഞ്ഞു: “മനുഷ്യപുത്രന്‍റെ ആഗമനദിവസം കാണുവാന്‍ നിങ്ങള്‍ അഭിവാഞ്ഛിക്കുന്ന കാലം വരുന്നു. പക്ഷേ, നിങ്ങള്‍ കാണുകയില്ല.

23 ‘ഇതാ, ഇവിടെ’ എന്നോ ‘അതാ, അവിടെ’ എന്നോ ആളുകള്‍ പറയും. അതുകേട്ട് നിങ്ങള്‍ പോകരുത്; അവരെ അനുഗമിക്കുകയുമരുത്.

24 മിന്നല്‍പ്പിണര്‍ ഒരു വശത്തുനിന്നു മറുവശത്തേക്കു മിന്നി ആകാശമണ്ഡലത്തെ ഉജ്ജ്വലമാക്കുന്നതുപോലെയായിരിക്കും മനുഷ്യപുത്രന്‍ പ്രത്യക്ഷനാകുന്നത്.

25 എന്നാല്‍ അതിനുമുമ്പ് അവന്‍ വളരെയധികം കഷ്ടതകള്‍ സഹിക്കുകയും ഈ തലമുറ അവനെ തള്ളിക്കളയുകയും ചെയ്യേണ്ടിയിരിക്കുന്നു.

26 നോഹയുടെ കാലത്തെന്നപോലെ മനുഷ്യപുത്രന്‍റെ കാലത്തും സംഭവിക്കും;

27 നോഹയുടെ കാലത്ത് മനുഷ്യര്‍ തിന്നുകയും കുടിക്കുകയും വിവാഹബന്ധങ്ങളിലേര്‍പ്പെടുകയും ചെയ്തുപോന്നിരുന്നു. നോഹ പേടകത്തില്‍ പ്രവേശിച്ചതോടെ ജലപ്രളയം ഉണ്ടാകുകയും എല്ലാവരും നശിക്കുകയും ചെയ്തു.

28 അതുപോലെതന്നെ ലോത്തിന്‍റെ കാലത്തും ജനങ്ങള്‍ തിന്നുകയും കുടിക്കുകയും വാങ്ങുകയും വില്‌ക്കുകയും നടുകയും പണിയുകയും ചെയ്തുപോന്നു.

29 എന്നാല്‍ ലോത്ത് സോദോം വിട്ട ദിവസം ആകാശത്തുനിന്ന് അഗ്നിയും ഗന്ധകവും പെയ്ത് അവരെ ആകമാനം നശിപ്പിച്ചു.

30 മനുഷ്യപുത്രന്‍ പ്രത്യക്ഷനാകുന്ന നാളിലും അപ്രകാരം സംഭവിക്കും.

31

“അന്നു വീടിന്‍റെ മട്ടുപ്പാവിലിരിക്കുന്നവന്‍ അകത്തിരിക്കുന്ന സാധനങ്ങള്‍ എടുക്കാന്‍ നില്‌ക്കരുത്; അതുപോലെ വയലില്‍ നില്‌ക്കുന്നവന്‍ വീട്ടിലക്കു തിരിച്ചുപോവുകയുമരുത്.

32 ലോത്തിന്‍റെ ഭാര്യക്കു സംഭവിച്ചത് ഓര്‍ത്തുകൊള്ളുക.

33 സ്വജീവനെ നേടുവാന്‍ നോക്കുന്നവന് അതു നഷ്ടപ്പെടും. എന്നാല്‍ തന്‍റെ ജീവന്‍ ത്യജിക്കുന്നവന്‍ അതു സുരക്ഷിതമായി സൂക്ഷിക്കുന്നു.

34 ഞാന്‍ നിങ്ങളോടു പറയട്ടെ: അന്നു രാത്രിയില്‍ രണ്ടുപേര്‍ ഒരു കിടക്കയിലുണ്ടായിരുന്നാല്‍ ഒരുവനെ സ്വീകരിക്കും, മറ്റേയാളിനെ ഉപേക്ഷിക്കും.

35 രണ്ടു സ്‍ത്രീകള്‍ ഒരുമിച്ച് ഒരു തിരികല്ലില്‍ ധാന്യം പൊടിച്ചുകൊണ്ടിരിക്കും. ഒരുവളെ കൈക്കൊള്ളും മറ്റവളെ കൈവെടിയും.

36 രണ്ടുപേര്‍ വയലിലായിരിക്കും, ഒരുവനെ സ്വീകരിക്കും, അപരനെ തിരസ്കരിക്കും.”

37

“കര്‍ത്താവേ, എവിടെ?” എന്നു ശിഷ്യന്മാര്‍ ചോദിച്ചു. “മൃതശരീരം എവിടെയുണ്ടോ അവിടെയാണല്ലോ കഴുകന്മാര്‍ വന്നുകൂടുന്നത്” എന്നു യേശു മറുപടി പറഞ്ഞു.

18

1

നിരാശരാകാതെ നിരന്തരം പ്രാര്‍ഥിക്കേണ്ടതിന്‍റെ ആവശ്യകത വിശദമാക്കുന്നതിന് യേശു ഒരു ദൃഷ്ടാന്തകഥ പറഞ്ഞു:

2 “ദൈവത്തെ ഭയമില്ലാത്തവനും മനുഷ്യരെ വകവയ്‍ക്കാത്തവനുമായ ഒരു ന്യായാധിപന്‍ ഒരു പട്ടണത്തിലുണ്ടായിരുന്നു.

3 ആ പട്ടണത്തില്‍ത്തന്നെ ഉണ്ടായിരുന്ന ഒരു വിധവ ‘എന്‍റെ പ്രതിയോഗിക്കെതിരെ ന്യായം നടത്തിത്തരണമേ’ എന്ന് ആ ന്യായാധിപനോടു കൂടെക്കൂടെ അപേക്ഷിച്ചുവന്നിരുന്നു.

4 കുറെ നാളത്തേക്ക് ആ ന്യായാധിപന്‍ കൂട്ടാക്കിയില്ല; ഒടുവില്‍ അയാള്‍ ആത്മഗതം ചെയ്തു: “ഞാന്‍ ദൈവത്തെ ഭയപ്പെടുകയോ, മനുഷ്യനെ വകവയ്‍ക്കുകയോ ചെയ്യാത്തവനാണെങ്കിലും

5 ഈ വിധവ എന്നെ ശല്യപ്പെടുത്തുന്നതുകൊണ്ട് ഞാന്‍ അവള്‍ക്കു ന്യായം നടത്തിക്കൊടുക്കും; അല്ലെങ്കില്‍ അവള്‍ വന്ന് എന്നെ നിരന്തരം അലട്ടിക്കൊണ്ടിരിക്കും.”

6

യേശു തുടര്‍ന്ന് ഇങ്ങനെ പറഞ്ഞു: ‘നീതികെട്ട ഈ ന്യായാധിപന്‍ പറയുന്നതു ശ്രദ്ധിക്കുക.

7 അങ്ങനെയെങ്കില്‍ രാവും പകലും തന്നെ നോക്കി വിളിക്കുന്ന തന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങള്‍ക്കു ദൈവം നീതി നടത്തിക്കൊടുക്കാതിരിക്കുമോ? അവര്‍ക്കു നീതി നടത്തിക്കൊടുക്കുന്നതില്‍ അവിടുന്നു കാലവിളംബം വരുത്തുമോ?

8 അവിടുന്ന് എത്രയും വേഗം അവര്‍ക്കു ന്യായം നടത്തിക്കൊടുക്കുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എന്നാല്‍ മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?’

9

തങ്ങള്‍ നീതിനിഷ്ഠരാണെന്നു സ്വയം കരുതി മറ്റുള്ളവരെ നിന്ദിക്കുന്ന ചിലരെക്കുറിച്ചും യേശു ഒരു ദൃഷ്ടാന്തകഥ പറഞ്ഞു:

10 “രണ്ടുപേര്‍ പ്രാര്‍ഥിക്കുവാന്‍ ദേവാലയത്തിലേക്കു പോയി. ഒരാള്‍ പരീശനും മറ്റെയാള്‍ ചുങ്കംപിരിക്കുന്നവനും ആയിരുന്നു.

11

“പരീശന്‍ മാറി നിവര്‍ന്നു നിന്നുകൊണ്ട് ആത്മഗതമായി ഇങ്ങനെ പ്രാര്‍ഥിച്ചു: ‘ദൈവമേ, പിടിച്ചുപറിക്കുന്നവര്‍, നീതികെട്ടവര്‍, വ്യഭിചാരികള്‍ മുതലായവരെപ്പോലെയോ, ഈ ചുങ്കക്കാരനെപ്പോലെയോ ഞാന്‍ അല്ലാത്തതുകൊണ്ട് അങ്ങയോടു നന്ദിയുള്ളവനാണ്.

12 ആഴ്ചയില്‍ രണ്ടു തവണ ഞാന്‍ ഉപവസിക്കുന്നു. എന്‍റെ എല്ലാ വരുമാനത്തിന്‍റെയും ദശാംശം ഞാന്‍ കൊടുക്കുന്നു.’

13

“ആ ചുങ്കക്കാരനാകട്ടെ അകലെ നിന്നുകൊണ്ട് സ്വര്‍ഗത്തേക്കു നോക്കുവാന്‍പോലും തുനിയാതെ മാറത്തടിച്ചുകൊണ്ട് ‘ദൈവമേ, ഈ പാപിയോടു കരുണയുണ്ടാകണമേ’ എന്നു പ്രാര്‍ഥിച്ചു.

14 ഞാന്‍ നിങ്ങളോടു പറയുന്നു: പരീശനല്ല, ചുങ്കക്കാരനാണ് പാപം മോചിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങിപ്പോയത്. തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.”

15

അനുഗ്രഹിക്കുന്നതിനുവേണ്ടി ചിലര്‍ ശിശുക്കളെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. ഇതുകണ്ടപ്പോള്‍ ശിഷ്യന്മാര്‍ അവരെ ശകാരിച്ചു.

16 എന്നാല്‍ ശിശുക്കളെ തന്‍റെ അടുക്കലേക്കു വിളിച്ചുകൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “ശിശുക്കള്‍ എന്‍റെ അടുക്കല്‍ വരുവാന്‍ അനുവദിക്കുക; അവരെ വിലക്കരുത്; ദൈവരാജ്യം ഇവരെപ്പോലെയുള്ളവരുടേതാണ്.

17 ഒരു ശിശു സ്വീകരിക്കുന്നതുപോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്തവന്‍ ഒരിക്കലും അതില്‍ പ്രവേശിക്കുകയില്ലെന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു.”

18

ഒരു യെഹൂദനേതാവ് യേശുവിന്‍റെ അടുക്കല്‍വന്നു ചോദിച്ചു: “നല്ലവനായ ഗുരോ, നിത്യജീവന്‍ അവകാശമായി ലഭിക്കേണ്ടതിന് എന്താണു ഞാന്‍ ചെയ്യേണ്ടത്?”

19

യേശു മറുപടി പറഞ്ഞു: “എന്നെ എന്തിനു നല്ലവന്‍ എന്നു വിളിക്കുന്നു? ദൈവമല്ലാതെ നല്ലവന്‍ മറ്റാരുമില്ലല്ലോ.

20 കല്പനകള്‍ താങ്കള്‍ക്കറിഞ്ഞുകൂടേ? കൊലപാതകം ചെയ്യരുത്, വ്യഭിചരിക്കരുത്, മോഷ്‍ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, മാതാപിതാക്കളെ ബഹുമാനിക്കുക.”

21

അയാള്‍ പറഞ്ഞു: “ഇവയെല്ലാം ഞാന്‍ ചെറുപ്പം തൊട്ടേ പാലിക്കുന്നുണ്ട്.”

22

അപ്പോള്‍ യേശു പറഞ്ഞു: “താങ്കള്‍ക്ക് ഇനിയും ഒരു കുറവുണ്ട്; താങ്കള്‍ക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ താങ്കള്‍ക്കു നിക്ഷേപം ഉണ്ടാകും. പിന്നീട് വന്ന് എന്നെ അനുഗമിക്കുക.

23 അയാള്‍ ഒരു വലിയ ധനികനായിരുന്നതുകൊണ്ട് ഇതുകേട്ടപ്പോള്‍ അത്യന്തം ദുഃഖിതനായി.

24

അയാളുടെ ദുഃഖഭാവം കണ്ടിട്ട് യേശു പറഞ്ഞു: “ധനികന്മാര്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നത് എത്ര ദുഷ്കരം!

25 ധനവാന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയില്‍ക്കൂടി കടക്കുന്നതായിരിക്കും.”

26

ഇതു കേട്ടവര്‍ പറഞ്ഞു: “അങ്ങനെയാണെങ്കില്‍ രക്ഷപെടുവാന്‍ ആര്‍ക്കു കഴിയും?”

27

എന്നാല്‍ യേശു അരുള്‍ചെയ്തു: “മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സുസാധ്യമത്രേ.”

28

അപ്പോള്‍ പത്രോസ്, “ഞങ്ങള്‍ സര്‍വസ്വവും ഉപേക്ഷിച്ച് അങ്ങയെ അനുഗമിച്ചവരാണല്ലോ” എന്നു പറഞ്ഞു.

29

[29,30] യേശു അവരോട്, “ദൈവരാജ്യത്തിനുവേണ്ടി സ്വഭവനത്തെയോ, ഭാര്യയെയോ, സഹോദരന്മാരെയോ, മാതാപിതാക്കളെയോ, മക്കളെയോ പരിത്യജിക്കുന്ന ഏതൊരുവനും ഐഹിക ജീവിതകാലത്തുതന്നെ അനേകമടങ്ങു പ്രതിഫലം ലഭിക്കാതിരിക്കുകയില്ല; വരുവാനുള്ള ലോകത്തില്‍ നിത്യജീവനും ലഭിക്കും എന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു’ എന്നു പറഞ്ഞു.

30

31

യേശു പന്ത്രണ്ടു ശിഷ്യന്മാരെ വിളിച്ചു മാറ്റിനിര്‍ത്തി അവരോട് അരുള്‍ചെയ്തു: “നാം യെരൂശലേമിലേക്കു പോകുകയാണ്; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാര്‍ എഴുതിയിട്ടുള്ളതെല്ലാം നിറവേറും.

32 അവനെ വിജാതീയര്‍ക്ക് ഏല്പിച്ചുകൊടുക്കും.

33 അവര്‍ അവനെ പരിഹസിക്കുകയും നിന്ദിക്കുകയും തുപ്പുകയും ചാട്ടവാറുകൊണ്ട് അടിക്കുകയും കൊല്ലുകയും ചെയ്യും. എന്നാല്‍ മൂന്നാം ദിവസം അവന്‍ ഉയിര്‍ത്തെഴുന്നേല്‌ക്കും.”

34

പക്ഷേ, ശിഷ്യന്മാര്‍ക്ക് ഈ പറഞ്ഞതൊന്നും മനസ്സിലായില്ല. യേശുവിന്‍റെ വാക്കുകളുടെ പൊരുള്‍ അവര്‍ക്കു അവ്യക്തമായിരുന്നതുകൊണ്ടാണു യേശു പറഞ്ഞതു ഗ്രഹിക്കാഞ്ഞത്.

35

യേശു യെരിഹോവിനോടു സമീപിച്ചു. അന്ധനായ ഒരു മനുഷ്യന്‍ വഴിയരികില്‍ ഭിക്ഷയാചിച്ചുകൊണ്ടിരുന്നു.

36 ആള്‍ക്കൂട്ടം കടന്നുപോകുന്ന ശബ്ദം കേട്ടപ്പോള്‍ അതെന്താണെന്ന് അയാള്‍ അന്വേഷിച്ചു.

37

“നസറായനായ യേശു കടന്നുപോകുന്നു” എന്ന് ആളുകള്‍ പറഞ്ഞു.

38

“ദാവീദിന്‍റെ പുത്രനായ യേശുവേ, ഇയ്യുള്ളവനോടു കരുണയുണ്ടാകണമേ” എന്ന് അയാള്‍ നിലവിളിച്ചു പറഞ്ഞു.

39

“മിണ്ടരുത്” എന്നു പറഞ്ഞ് മുമ്പില്‍ പോയവര്‍ അയാളെ ശകാരിച്ചു. അയാളാകട്ടെ കൂടുതല്‍ ഉച്ചത്തില്‍ “ദാവീദിന്‍റെ പുത്രാ എന്നോടു കനിവുണ്ടാകണമേ” എന്നു പിന്നെയും നിലവിളിച്ചു.

40

യേശു അവിടെ നിന്നു; ആ അന്ധനെ അടുത്തു കൊണ്ടുചെല്ലുവാന്‍ ആജ്ഞാപിച്ചു.

41 അയാള്‍ അടുത്തുചെന്നപ്പോള്‍ “ഞാനെന്താണു നിനക്കു ചെയ്തുതരേണ്ടത്?” എന്ന് യേശു ചോദിച്ചു.

“നാഥാ, എനിക്കു കാഴ്ച തിരിച്ചുകിട്ടണം” എന്ന് അയാള്‍ മറുപടി പറഞ്ഞു.

42

യേശു അന്ധനോട്, “കാഴ്ചപ്രാപിക്കുക; നിന്‍റെ വിശ്വാസം നിനക്കു സൗഖ്യം നല്‌കിയിരിക്കുന്നു” എന്നു പറഞ്ഞു.

43

തല്‍ക്ഷണം അയാള്‍ക്ക് വീണ്ടും കാഴ്ച ലഭിച്ചു. അയാള്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് യേശുവിനെ അനുഗമിച്ചു. ഈ സംഭവത്തിനു സാക്ഷ്യം വഹിച്ച എല്ലാവരും ദൈവത്തെ പുകഴ്ത്തി.

19

1

യേശു യെരിഹോവില്‍ പ്രവേശിച്ചു യാത്ര തുടര്‍ന്നു.

2 അവിടെ സഖായി എന്നൊരാളുണ്ടായിരുന്നു. ചുങ്കം പിരിവുകാരില്‍ പ്രധാനിയും ധനികനുമായിരുന്നു സഖായി.

3 യേശു ആരാണെന്നു കാണാന്‍ സഖായി അഭിവാഞ്ഛിച്ചു; പക്ഷേ, പൊക്കം കുറഞ്ഞവനായിരുന്നതിനാല്‍ ജനബാഹുല്യം മൂലം സഖായിക്ക് യേശുവിനെ കാണാന്‍ കഴിഞ്ഞില്ല.

4 അതുകൊണ്ട് അവിടുത്തെ കാണാന്‍ സഖായി മുമ്പേ ഓടി ഒരു കാട്ടത്തിമരത്തില്‍ കയറി ഇരുന്നു. യേശുവിന് ആ വഴിയാണു കടന്നുപോകേണ്ടിയിരുന്നത്.

5 അവിടെയെത്തിയപ്പോള്‍ യേശു മുകളിലേക്കു നോക്കി, “സഖായീ, വേഗം ഇറങ്ങിവരൂ, ഇന്ന് താങ്കളുടെ വീട്ടിലാണ് എനിക്കു പാര്‍ക്കേണ്ടത്” എന്നു പറഞ്ഞു.

6

സഖായി വേഗം താഴെയിറങ്ങി യേശുവിനെ സന്തോഷപൂര്‍വം സ്വീകരിച്ചു.

7 ഇതു കണ്ടപ്പോള്‍ പാപിയായ ഒരു മനുഷ്യന്‍റെ അതിഥിയായിട്ടാണല്ലോ അദ്ദേഹം പോയിരിക്കുന്നത് എന്നു പറഞ്ഞ് എല്ലാവരും പിറുപിറുത്തു.

8

സഖായി എഴുന്നേറ്റു നിന്ന് കര്‍ത്താവിനോടു പറഞ്ഞു: “ഗുരോ, ഇതാ എന്‍റെ സമ്പാദ്യത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുവാന്‍ പോകുന്നു. ആരില്‍നിന്നെങ്കിലും എന്തെങ്കിലും ഞാന്‍ വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍ നാലുമടങ്ങു തിരിച്ചുകൊടുക്കും.”

9

യേശു അരുള്‍ചെയ്തു: “ഇന്ന് ഈ ഭവനത്തിനു രക്ഷ കൈവന്നിരിക്കുന്നു. ഇയാളും അബ്രഹാമിന്‍റെ വംശജനാണല്ലോ.

10 നഷ്ടപ്പെട്ടുപോയതിനെ തേടിപ്പിടിച്ചു രക്ഷിക്കുവാനത്രേ മനുഷ്യപുത്രന്‍ വന്നത്.”

11

അവര്‍ യേശുവിന്‍റെ പ്രഭാഷണം കേട്ടുകൊണ്ടിരിക്കുകയായിരുന്നു. യേശു യെരൂശലേമിനെ സമീപിച്ചിരുന്നതുകൊണ്ടും ദൈവരാജ്യം ഉടനെ പ്രത്യക്ഷമാകുമെന്ന് അവര്‍ കരുതിയിരുന്നതുകൊണ്ടും അവിടുന്ന് ഒരു ദൃഷ്ടാന്ത കഥ അവരോടു പറഞ്ഞു:

12 “രാജാധികാരം പ്രാപിച്ചു തിരിച്ചുവരുന്നതിനുവേണ്ടി ഒരു പ്രഭു വിദേശത്തേക്കു പോയി.

13 പോകുന്നതിനുമുമ്പ് അദ്ദേഹം പത്തു ഭൃത്യന്മാരെ വിളിച്ച് ഓരോ സ്വര്‍ണനാണയം കൊടുത്തശേഷം ‘ഞാന്‍ തിരിച്ചുവരുന്നതുവരെ ഇതുകൊണ്ടു നിങ്ങള്‍ വ്യാപാരം ചെയ്യുക’ എന്നു പറഞ്ഞു.

14 ആ നാട്ടിലെ പൗരജനങ്ങള്‍ ആ പ്രഭുവിനെ വെറുത്തിരുന്നതുകൊണ്ട് ‘ഞങ്ങളെ ഭരിക്കുവാന്‍ ഈ മനുഷ്യന്‍ വേണ്ടാ’ എന്നു പറയുന്നതിന് അദ്ദേഹം പോയശേഷം ഒരു പ്രതിനിധിസംഘത്തെ അവര്‍ അദ്ദേഹത്തിന്‍റെ പിന്നാലെ അയച്ചു.

15

“രാജാധികാരം പ്രാപിച്ച് ആ പ്രഭു തിരിച്ചുവന്നു താന്‍ കൊടുത്തിരുന്ന പണംകൊണ്ട് ഓരോരുത്തനും എങ്ങനെ വ്യാപാരം ചെയ്തു എന്ന് അറിയുന്നതിന് ആ ഭൃത്യന്മാരെ വിളിക്കുവാന്‍ അദ്ദേഹം ആജ്ഞാപിച്ചു.

16 ആദ്യത്തെ ആള്‍ വന്നു പറഞ്ഞു: ‘പ്രഭോ, അങ്ങു തന്ന സ്വര്‍ണനാണയംകൊണ്ട് ഞാന്‍ പത്തുകൂടി നേടിയിരിക്കുന്നു.’

17 അദ്ദേഹം അയാളോട് ‘കൊള്ളാം ഉത്തമനായ ഭൃത്യാ, അല്പകാര്യത്തില്‍ വിശ്വസ്തനായിരുന്നതുകൊണ്ട് നീ പത്തു നഗരങ്ങളുടെ അധിപതിയായിരിക്കുക’ എന്നു പറഞ്ഞു.

18 രണ്ടാമന്‍ വന്ന് ‘പ്രഭോ, അങ്ങ് എന്നെ ഏല്പിച്ച നാണയംകൊണ്ട് അഞ്ചുകൂടി സമ്പാദിച്ചിരിക്കുന്നു’ എന്നു പറഞ്ഞു.

19 ‘നീ അഞ്ചു നഗരങ്ങളുടെ അധിപനായിരിക്കുക’ എന്നു രാജാവ് കല്പിച്ചു.

20

“മൂന്നാമത്തവന്‍ വന്ന് പ്രഭോ, ‘ഇതാ എന്നെ ഏല്പിച്ച നാണയം; ഇത് ഒരു തൂവാലയില്‍ പൊതിഞ്ഞ് ഞാന്‍ ഭദ്രമായി സൂക്ഷിച്ചിരുന്നു.

21 അങ്ങു വയ്‍ക്കാത്തത് എടുക്കുകയും വിതയ്‍ക്കാത്തതു കൊയ്യുകയും ചെയ്യുന്ന കര്‍ക്കശക്കാരനായതുകൊണ്ട് എനിക്ക് അങ്ങയെ ഭയമായിരുന്നു.’

22 രാജാവ് അവനോടു പറഞ്ഞു: ‘ദുഷ്ടഭൃത്യാ, നിന്‍റെ വാക്കുകളാല്‍ത്തന്നെ നിന്നെ ഞാന്‍ വിധിക്കുന്നു. ഞാന്‍ വയ്‍ക്കാത്തത് എടുക്കുകയും വിതയ്‍ക്കാത്തതു കൊയ്യുകയും ചെയ്യുന്ന കര്‍ക്കശക്കാരനാണെന്നു നിനക്ക് അറിയാമായിരുന്നല്ലോ; എന്നിട്ട് എന്തുകൊണ്ട് എന്‍റെ പണം പണമിടപാടുകാരെ ഏല്പിച്ചില്ല?

23 ഏല്പിച്ചിരുന്നെങ്കില്‍ ഞാന്‍ മടങ്ങിവന്ന് പലിശയോടുകൂടി അതു തിരിച്ചു വാങ്ങിക്കൊള്ളുമായിരുന്നല്ലോ.

24

“പിന്നീട് അടുത്തുനിന്നവരോട് അദ്ദേഹം കല്പിച്ചു: ‘അവന്‍റെ പക്കല്‍നിന്ന് ആ നാണയമെടുത്ത് പത്തു നാണയം നേടിയവനു കൊടുക്കുക.’

25 ‘പ്രഭോ, അയാള്‍ക്കു പത്തു നാണയമുണ്ടല്ലോ’ എന്ന് അവര്‍ പറഞ്ഞു.

26 ‘ഞാന്‍ പറയുന്നു, ഉള്ളവന് പിന്നെയും നല്‌കപ്പെടും; ഇല്ലാത്തവനില്‍നിന്ന് അവനുള്ളതുപോലും എടുത്തുകളയും.’

27

“എന്‍റെ ഭരണം ഇഷ്ടപ്പെടാത്ത എന്‍റെ ശത്രുക്കളെ കൊണ്ടുവന്ന് എന്‍റെ മുമ്പില്‍ വച്ചുതന്നെ വധിക്കുക.”

28

“ഇതു പറഞ്ഞുകഴിഞ്ഞു യേശു യെരൂശലേം ലക്ഷ്യമാക്കി, അവരോടൊപ്പം മുന്‍പേ നടന്നു.

29 ഒലിവുമലയ്‍ക്കടുത്തുള്ള ബേഥാന്യക്കും ബേത്ഫാഗയ്‍ക്കും അടുത്തെത്തിയപ്പോള്‍ യേശു ശിഷ്യന്മാരില്‍ രണ്ടുപേരെ വിളിച്ച് ഇപ്രകാരം പറഞ്ഞയച്ചു:

30 ‘മുമ്പില്‍ കാണുന്ന ആ ഗ്രാമത്തിലേക്കു ചെല്ലുക; അവിടെ പ്രവേശിക്കുമ്പോള്‍ ആരും ഇതുവരെ കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു നിങ്ങള്‍ കാണും.

31 അതിനെ അഴിച്ചുകൊണ്ടുവരിക. ‘അതിനെ അഴിക്കുന്നതെന്തിന്?’ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ‘ഗുരുവിന് ഇതിനെ ആവശ്യമുണ്ട്’ എന്നു പറയണം.”

32

അവര്‍ ചെന്നപ്പോള്‍ അവിടുന്നു പറഞ്ഞതുപോലെ കണ്ടു.

33 അവര്‍ കഴുതക്കുട്ടിയെ അഴിക്കുന്നത് അതിന്‍റെ ഉടമസ്ഥന്‍ കണ്ടപ്പോള്‍ “എന്തിനാണ് അതിനെ അഴിക്കുന്നത്?” എന്നു ചോദിച്ചു.

34

“ഗുരുവിന് ഇതിനെ ആവശ്യമുണ്ട്” എന്ന് അവര്‍ പറഞ്ഞു.

35 അവര്‍ അതിനെ യേശുവിന്‍റെ അടുത്തുകൊണ്ടുവന്നു. അവരുടെ മേലങ്കികള്‍ അതിന്‍റെ പുറത്തു വിരിച്ചശേഷം യേശുവിനെ അതിന്‍റെ പുറത്തു കയറ്റി ഇരുത്തി.

36 അവിടുന്ന് മുമ്പോട്ടു നീങ്ങിയപ്പോള്‍ ജനങ്ങള്‍ തങ്ങളുടെ മേലങ്കികള്‍ വഴിയില്‍ വിരിച്ചു.

37

ഒലിവുമലയുടെ ഇറക്കത്തോടു സമീപിച്ചപ്പോള്‍ ശിഷ്യസമൂഹം ഒന്നടങ്കം തങ്ങള്‍ കണ്ട എല്ലാ അദ്ഭുതപ്രവൃത്തികള്‍ മൂലം ആഹ്ലാദഭരിതരായി അത്യുച്ചത്തില്‍ ദൈവത്തെ വാഴ്ത്തിപ്പാടി:

38 “ദൈവത്തിന്‍റെ നാമത്തില്‍ വരുന്ന രാജാവു വാഴ്ത്തപ്പെട്ടവന്‍! സ്വര്‍ഗത്തില്‍ സമാധാനം! അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്ത്വം!”

39

ആള്‍ക്കൂട്ടത്തിലുണ്ടായിരുന്ന ഏതാനും പരീശന്മാര്‍ “ഗുരോ, അങ്ങയുടെ ശിഷ്യന്മാരോട് ശബ്ദിക്കരുതെന്നു കല്പിക്കുക” എന്ന് യേശുവിനോടു പറഞ്ഞു.

40

“അവര്‍ നിശ്ശബ്ദരായിരുന്നാല്‍ ഈ കല്ലുകള്‍ ആര്‍ത്തുവിളിക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു” എന്ന് യേശു പ്രതിവചിച്ചു.

41

യേശു യെരൂശലേമിന്‍റെ സമീപം എത്തി. നഗരം കണ്ടപ്പോള്‍ അതിനെക്കുറിച്ചു വിലപിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു:

42 “ഇപ്പോഴെങ്കിലും സമാധാനത്തിന്‍റെ മാര്‍ഗം നീ അറിഞ്ഞിരുന്നു എങ്കില്‍! പക്ഷേ, അത് ഇപ്പോള്‍ നിന്‍റെ കണ്ണുകള്‍ക്ക് മറഞ്ഞിരിക്കുന്നു.

43 [43,44] ദൈവം നിന്നെ രക്ഷിക്കുവാന്‍ വന്നുചേര്‍ന്ന അവസരം നീ തിരിച്ചറിയാഞ്ഞതുകൊണ്ട്, ശത്രുക്കള്‍ നിന്‍റെ ചുറ്റും മണ്‍കോട്ട നിര്‍മിച്ച്, നിന്നെ വളഞ്ഞ്, എല്ലാവശങ്ങളില്‍നിന്നും നിന്നെ ഞെരുക്കുന്ന കാലം ഇതാ വരുന്നു. അവര്‍ നിന്നെയും നിന്‍റെ മതില്‍ക്കെട്ടിനുള്ളിലുള്ള ജനങ്ങളെയും നിശ്ശേഷം നശിപ്പിക്കുകയും അങ്ങനെ നിന്നില്‍ കല്ലിന്മേല്‍ കല്ലു ശേഷിക്കാതിരിക്കുകയും ചെയ്യും.”

44

45

യേശു ദേവാലയത്തില്‍ പ്രവേശിച്ച് അവിടെ കച്ചവടം നടത്തിക്കൊണ്ടിരുന്നവരെ പുറത്താക്കുവാന്‍ തുടങ്ങി.

46 “എന്‍റെ ഭവനം പ്രാര്‍ഥനാലയം ആയിരിക്കുമെന്ന് എഴുതപ്പെട്ടിരിക്കുന്നു; നിങ്ങളാകട്ടെ അതിനെ കൊള്ളക്കാരുടെ താവളം ആക്കിത്തീര്‍ത്തിരിക്കുന്നു” എന്ന് അവരോടു പറഞ്ഞു.

47

അവിടുന്നു ദിവസംതോറും ദേവാലയത്തില്‍ ചെന്നു പഠിപ്പിച്ചു പോന്നു. പുരോഹിതമുഖ്യന്മാരും മതപണ്ഡിതന്മാരും ജനപ്രമാണിമാരും അവിടുത്തെ അപായപ്പെടുത്തുന്നതിനുള്ള അവസരം അന്വേഷിച്ചുകൊണ്ടിരുന്നു.

48 പക്ഷേ, ജനം വിട്ടുമാറാതെ അവിടുത്തെ പ്രഭാഷണം ശ്രദ്ധിച്ചുകൊണ്ടിരുന്നതിനാല്‍ എന്തെങ്കിലും ചെയ്യുന്നതിനുള്ള തക്കം അവര്‍ കണ്ടെത്തിയില്ല.

20

1

ഒരു ദിവസം യേശു ദേവാലയത്തില്‍ ജനങ്ങളെ പ്രബോധിപ്പിക്കുകയും സുവിശേഷം പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നു. തത്സമയം പുരോഹിതമുഖ്യന്മാരും മതപണ്ഡിതന്മാരും ജനപ്രമാണിമാരോടുകൂടി അവിടുത്തെ സമീപിച്ചു ചോദിച്ചു:

2 “എന്തധികാരം കൊണ്ടാണു താങ്കള്‍ ഇതെല്ലാം ചെയ്യുന്നത്? പറയൂ, ആരാണു താങ്കള്‍ക്ക് ഈ അധികാരം തന്നത്?”

3

യേശു പ്രതിവചിച്ചു: “ഞാന്‍ നിങ്ങളോട് ഒന്നു ചോദിക്കട്ടെ: അതിനു മറുപടി പറയാമോ?

4 യോഹന്നാനു സ്നാപനം ചെയ്യാനുള്ള അധികാരം ലഭിച്ചത് ദൈവത്തില്‍ നിന്നോ, മനുഷ്യരില്‍നിന്നോ?”

5

അവര്‍ ഈ ചോദ്യത്തെപ്പറ്റി അന്യോന്യം ചര്‍ച്ച ചെയ്തു; “ദൈവത്തില്‍നിന്ന് എന്നു പറഞ്ഞാല്‍ ‘പിന്നെ നിങ്ങള്‍ എന്തുകൊണ്ട് അദ്ദേഹത്തെ വിശ്വസിച്ചില്ല’ എന്ന് അയാള്‍ ചോദിക്കും;

6 മനുഷ്യരില്‍നിന്ന് എന്നു പറഞ്ഞാല്‍ എല്ലാവരും നമ്മെ കല്ലെറിയും; യോഹന്നാന്‍ ഒരു പ്രവാചകനായിരുന്നു എന്ന് അവര്‍ ദൃഢമായി വിശ്വസിക്കുന്നുവല്ലോ.”

7 അതുകൊണ്ട്, “എവിടെനിന്ന് എന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ” എന്ന് അവര്‍ മറുപടി പറഞ്ഞു.

8

“എന്നാല്‍ എന്തധികാരംകൊണ്ടാണ് ഇതെല്ലാം ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല” എന്ന് യേശു പറഞ്ഞു.

9

അനന്തരം യേശു ജനങ്ങളോട് ഈ ദൃഷ്ടാന്തകഥ പറഞ്ഞു: “ഒരിക്കല്‍ ഒരാള്‍ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കിയശേഷം പാട്ടത്തിനേല്പിച്ചു; പിന്നീട് അയാള്‍ ദീര്‍ഘകാലത്തെ വിദേശവാസത്തിനായി പോയി.

10 വിളവെടുക്കാറായപ്പോള്‍ തോട്ടത്തില്‍നിന്നു തനിക്കു ലഭിക്കേണ്ട ഓഹരി വാങ്ങുന്നതിനായി അയാള്‍ ഒരു ഭൃത്യനെ പാട്ടക്കാരുടെ അടുക്കല്‍ അയച്ചു. അവര്‍ അവനെ പ്രഹരിക്കുകയും വെറുംകൈയോടെ പറഞ്ഞയയ്‍ക്കുകയും ചെയ്തു. അയാള്‍ വീണ്ടും ഒരു ഭൃത്യനെ അയച്ചു.

11 അവര്‍ അവനെയും തല്ലി അപമാനിച്ച് യാതൊന്നും കൊടുക്കാതെ പറഞ്ഞയച്ചു.

12 മൂന്നാമതും ഒരാളെ അയച്ചു. ആ ഭൃത്യനെ അവര്‍ പരുക്കേല്പിച്ചശേഷം പിടിച്ചു പുറത്താക്കി.

13 അപ്പോള്‍ മുന്തിരിത്തോട്ടത്തിന്‍റെ ഉടമസ്ഥന്‍ പറഞ്ഞു: “ഇനി ഞാനെന്താണു ചെയ്യുക? എന്‍റെ വത്സലപുത്രനെ തന്നെ അയയ്‍ക്കാം; അവനെ ഒരുപക്ഷേ അവര്‍ ആദരിച്ചേക്കും.”

14 എന്നാല്‍ പാട്ടക്കാര്‍ പരസ്പരം ആലോചിച്ചുകൊണ്ടു പറഞ്ഞു: ‘ഇതാ ഇവനാണ് തോട്ടത്തിന്‍റെ അവകാശി! നമുക്കിവനെ കൊന്നുകളയാം; അപ്പോള്‍ അവകാശം നമ്മുടേതായിത്തീരുമല്ലോ!’

15 അവര്‍ തോട്ടമുടമസ്ഥന്‍റെ പുത്രനെ തോട്ടത്തില്‍നിന്നു പുറത്താക്കി കൊന്നുകളഞ്ഞു.

16

“മുന്തിരിത്തോട്ടത്തിന്‍റെ ഉടമസ്ഥന്‍ അവരോട് എന്തു ചെയ്യും? അയാള്‍ വന്ന് ആ മനുഷ്യനെ നിഗ്രഹിച്ചശേഷം തോട്ടം മറ്റാരെയെങ്കിലും ഏല്പിക്കും.”

അവര്‍ ഇതു കേട്ടപ്പോള്‍ “ഒരിക്കലും അങ്ങനെ സംഭവിക്കാതിരിക്കട്ടെ” എന്നു പറഞ്ഞു.

17

യേശു അവരെ നോക്കിക്കൊണ്ടു പറഞ്ഞു:

“അങ്ങനെയെങ്കില്‍ പണിക്കാര്‍ തള്ളിക്കളഞ്ഞ ആ കല്ലുതന്നെ മൂലക്കല്ലായിത്തീര്‍ന്നിരിക്കുന്നു എന്നെഴുതിയിരിക്കുന്നതിന്‍റെ അര്‍ഥമെന്ത്?

18 ആ കല്ലിന്മേല്‍ വീഴുന്ന ഏതൊരുവനും തകര്‍ന്നു തരിപ്പണമാകും; അത് ആരുടെയെങ്കിലും മേല്‍ വീണാല്‍ അത് അവനെ തകര്‍ത്തുകളയും.”

19

ഈ ദൃഷ്ടാന്തകഥ തങ്ങളെക്കുറിച്ചാണ് യേശു പറഞ്ഞതെന്നു പുരോഹിതമുഖ്യന്മാര്‍ക്കും മതപണ്ഡിതന്മാര്‍ക്കും മനസ്സിലായതുകൊണ്ട് ആ നിമിഷത്തില്‍ത്തന്നെ അവിടുത്തെ പിടികൂടാന്‍ അവര്‍ ശ്രമിച്ചെങ്കിലും ജനങ്ങളെ ഭയന്ന് അതിനു മുതിര്‍ന്നില്ല.

20 യേശുവിനെ വാക്കില്‍ കുടുക്കി പിടികൂടി ഗവര്‍ണറുടെ അധികാരത്തിലും അധീനതയിലും ഏല്പിച്ചുകൊടുക്കുന്നതിന് അവര്‍ ജാഗ്രതയോടെ തക്കം നോക്കിക്കൊണ്ടിരുന്നു. അതിനുവേണ്ടി നീതിമാന്മാരുടെ ഭാവം നടിക്കുന്ന ചാരന്മാരെ അവര്‍ അയച്ചു.

21 ആ ഒറ്റുകാര്‍ യേശുവിനോടു ചോദിച്ചു: “ഗുരോ, അങ്ങു സത്യം സംസാരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. അങ്ങ് ആരുടെയും മുഖം നോക്കാതെ ദൈവത്തിന്‍റെ മാര്‍ഗം ശരിയായി ഉപദേശിക്കുന്നു എന്ന് ഞങ്ങള്‍ക്കറിയാം.

22 കൈസര്‍ക്കു കരം കൊടുക്കുന്നതു ന്യായമാണോ അല്ലയോ എന്നു പറഞ്ഞാലും.

23

യേശു അവരുടെ കൗശലം മനസ്സിലാക്കിക്കൊണ്ടു പറഞ്ഞു:

24 “കരം കൊടുക്കാനുള്ള ഒരു നാണയം കാണിക്കുക; ആരുടെ രൂപവും ലിഖിതവുമാണ് അതിലുള്ളത്?”

“കൈസറുടേത്” എന്ന് അവര്‍ പറഞ്ഞു.

25

“അങ്ങനെയെങ്കില്‍ കൈസര്‍ക്കുള്ളത് കൈസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക” എന്ന് യേശു അവരോടു പറഞ്ഞു.

26

അങ്ങനെ ജനങ്ങളുടെ മുമ്പില്‍വച്ച് യേശുവിനെ വാക്കില്‍ കുടുക്കുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അവിടുത്തെ മറുപടിയില്‍ അവര്‍ ആശ്ചര്യപ്പെട്ടു മൗനം അവലംബിച്ചു.

27

പുനരുത്ഥാനം ഇല്ല എന്നു വാദിക്കുന്ന സാദൂക്യകക്ഷിയില്‍പ്പെട്ട ചിലര്‍ യേശുവിനോടു ചോദിച്ചു:

28 “ഗുരോ, ഒരാള്‍ മക്കളില്ലാതെ മരിച്ചാല്‍ അയാളുടെ ഭാര്യയെ അയാളുടെ സഹോദരന്‍ പരിഗ്രഹിച്ച് മരിച്ചയാളിനുവേണ്ടി സന്താനങ്ങളെ ജനിപ്പിക്കണമെന്നു മോശ എഴുതിയിട്ടുണ്ടല്ലോ.

29 ഒരിടത്ത് ഏഴു സഹോദരന്മാര്‍ ജീവിച്ചിരുന്നു. അവരില്‍ ഒന്നാമന്‍ ഒരു സ്‍ത്രീയെ വിവാഹം ചെയ്തു. അയാള്‍ മക്കളില്ലാതെ മരിച്ചു.

30 രണ്ടാമനും അയാളുടെ കാലശേഷം മൂന്നാമനും,

31 അങ്ങനെ ഏഴു സഹോദരന്മാരും ആ സ്‍ത്രീയെ ഭാര്യയായി സ്വീകരിക്കുകയും മക്കളില്ലാതെ മരിക്കുകയും ചെയ്തു. ഒടുവില്‍ ആ സ്‍ത്രീയും മരിച്ചു.

32 പുനരുത്ഥാനത്തില്‍ ആ സ്‍ത്രീ ആരുടെ ഭാര്യയായിരിക്കും?

33 അവള്‍ ആ ഏഴുപേരുടെയും ഭാര്യയായിരുന്നല്ലോ.”

34

യേശു പ്രതിവചിച്ചു: “ഈ യുഗത്തിന്‍റെ മക്കള്‍ വിവാഹം കഴിക്കുകയും വിവാഹം കഴിപ്പിക്കുകയും ചെയ്യുന്നു.

35 വരുവാനുള്ള യുഗവും പുനരുത്ഥാനവും പ്രാപിക്കുന്നതിന് അര്‍ഹരാകുന്നവര്‍ വിവാഹം കഴിക്കുന്നില്ല, വിവാഹം കഴിപ്പിക്കുന്നുമില്ല.

36 അവര്‍ പുനരുത്ഥാനത്തിന്‍റെ പുത്രന്മാരായതിനാല്‍ ദൈവദൂതന്മാര്‍ക്കു തുല്യരും ദൈവത്തിന്‍റെ പുത്രന്മാരുമാണ്. അതുകൊണ്ട് അവര്‍ ഇനിമേല്‍ മരിക്കുകയില്ല.

37 എന്നാല്‍ മുള്‍പ്പടര്‍പ്പിനെക്കുറിച്ചു പറയുന്ന ഭാഗത്ത് മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‌ക്കുമെന്ന് മോശയും സൂചിപ്പിച്ചിട്ടുണ്ട്. അവിടെ അബ്രഹാമിന്‍റെ ദൈവവും ഇസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവും എന്നത്രേ ദൈവത്തെപ്പറ്റി പറയുന്നത്.

38 അവിടുന്നു മരിച്ചവരുടെ ദൈവമല്ല ജീവനുള്ളവരുടെ ദൈവമാണ്. അങ്ങനെ ദൈവത്തെ സംബന്ധിച്ചിടത്തോളം എല്ലാവരും ജീവിക്കുന്നവരാകുന്നു.”

39

അപ്പോള്‍ മതപണ്ഡിതന്മാരില്‍ ചിലര്‍ പറഞ്ഞു: “ഗുരോ, അങ്ങു പറഞ്ഞതു സമുചിതമായ മറുപടിയാണ്.”

40 പിന്നീട് ഒരു ചോദ്യവും ഉന്നയിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല.

41

യേശു അവരോടു ചോദിച്ചു: “ക്രിസ്തു ദാവീദിന്‍റെ പുത്രന്‍ എന്നു പറയുന്നതെങ്ങനെ?

42 സങ്കീര്‍ത്തനപുസ്തകത്തില്‍ ദാവീദു തന്നെ പറയുന്നു:

43

സര്‍വേശ്വരന്‍

എന്‍റെ കര്‍ത്താവിനോട് അരുള്‍ചെയ്തു:

“ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠമാക്കുന്നതുവരെ നീ എന്‍റെ വലത്തുഭാഗത്തിരിക്കുക” എന്ന്.

44

അങ്ങനെ ദാവീദ് അവിടുത്തെ ‘കര്‍ത്താവ്’ എന്നു വിളിക്കുന്നെങ്കില്‍ അവിടുന്ന് എങ്ങനെ ദാവീദിന്‍റെ പുത്രനാകും?”

45

പിന്നീട് എല്ലാവരും കേള്‍ക്കെ യേശു ശിഷ്യന്മാരോട് അരുള്‍ചെയ്തു:

46 “ഈ മതപണ്ഡിതന്മാരെ സൂക്ഷിച്ചുകൊള്ളുക. അവര്‍ നീണ്ട കുപ്പായം ധരിച്ചുനടക്കുവാന്‍ ആഗ്രഹിക്കുന്നു. അങ്ങാടിയില്‍ വന്ദനവും സുനഗോഗുകളില്‍ മുഖ്യാസനവും സത്ക്കാരവിരുന്നുകളില്‍ മാന്യസ്ഥാനവും അവര്‍ ഇഷ്ടപ്പെടുന്നു.

47 പക്ഷേ, അവര്‍ വിധവകളുടെ വീടുകള്‍ ചൂഷണം ചെയ്യുകയും കപടഭാവത്തില്‍ ദീര്‍ഘമായി പ്രാര്‍ഥിക്കുകയും ചെയ്യും! അവര്‍ക്കു ലഭിക്കുന്ന ശിക്ഷാവിധി ഏറ്റവും കഠിനമായിരിക്കും.”

21

1

യേശു തല ഉയര്‍ത്തി ചുറ്റും നോക്കിയപ്പോള്‍ ദേവാലയത്തിലെ ഭണ്ഡാരത്തില്‍ ധനികന്മാര്‍ കാണിക്ക ഇടുന്നതു കണ്ടു.

2 പാവപ്പെട്ട ഒരു വിധവ രണ്ടു ചെറിയ ചെമ്പുകാശ് ഇടുന്നതും അവിടുത്തെ ദൃഷ്‍ടിയില്‍പ്പെട്ടു.

3 “വാസ്തവത്തില്‍ ദരിദ്രയായ ഈ വിധവ എല്ലാവരെയുംകാള്‍ അധികം അര്‍പ്പിച്ചിരിക്കുന്നു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

4 മറ്റുള്ളവരെല്ലാം അവരുടെ സമൃദ്ധിയില്‍നിന്നത്രേ സമര്‍പ്പിച്ചത്. ഈ വിധവയാകട്ടെ, തന്‍റെ ദാരിദ്ര്യത്തില്‍നിന്ന്, ഉപജീവനത്തിനുള്ള വക മുഴുവനും അര്‍പ്പിച്ചിരിക്കുന്നു എന്ന് അവിടുന്നു പറഞ്ഞു.

5

ചിലര്‍ ദേവാലയത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു. വിലപ്പെട്ട ശിലകള്‍കൊണ്ടും നേര്‍ച്ചവസ്തുക്കള്‍കൊണ്ടും എത്ര മനോഹരമായി അത് അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്ന് അവര്‍ പറഞ്ഞു.

6 “നിങ്ങള്‍ ഈ കാണുന്നതെല്ലാം കല്ലിന്മേല്‍ മറ്റൊരു കല്ലു ശേഷിക്കാതെ ഇടിച്ചു നിരത്തപ്പെടുന്ന കാലം വരും” എന്ന് യേശു അപ്പോള്‍ പറഞ്ഞു.

7

ഉടനെ അവര്‍ ചോദിച്ചു: “ഗുരോ, ഈ കാര്യങ്ങള്‍ എപ്പോള്‍ സംഭവിക്കും? അതിനുള്ള അടയാളം എന്തായിരിക്കും?”

8

യേശു അരുള്‍ചെയ്തു: “നിങ്ങളെ ആരും വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക; ‘ഞാനാകുന്നു അവന്‍’ എന്നും, ‘സമയം അടുത്തിരിക്കുന്നു’ എന്നും പറഞ്ഞ് പലരും എന്‍റെ നാമത്തില്‍ വരും.

9 നിങ്ങള്‍ അവരുടെ പിന്നാലെ പോകരുത്. യുദ്ധങ്ങളെയും വിപ്ലവങ്ങളെയും കുറിച്ചു കേള്‍ക്കുമ്പോള്‍ ഭയപ്പെടുകയുമരുത്; ഇവയെല്ലാം ആദ്യം സംഭവിക്കേണ്ടതുതന്നെ. എന്നാല്‍ ഉടനെ അന്ത്യം സംഭവിക്കുകയില്ല.”

10

യേശു തുടര്‍ന്നു പറഞ്ഞു: “വംശം വംശത്തോടും രാഷ്ട്രം രാഷ്ട്രത്തോടും എതിര്‍ക്കും;

11 വലിയ ഭൂകമ്പങ്ങളും പലയിടങ്ങളിലും ക്ഷാമങ്ങളും മാരകമായ സാംക്രമികരോഗങ്ങളും ഉണ്ടാകും. ഭീകരമായ കാഴ്ചകളും ആകാശത്തു വലിയ അടയാളങ്ങളും ദൃശ്യമാകും.

12 ഇവയെല്ലാം സംഭവിക്കുന്നതിനുമുമ്പ് എന്‍റെ നാമത്തെ പ്രതി അവര്‍ നിങ്ങളെ പിടിച്ചു ദണ്ഡിപ്പിക്കുകയും സുനഗോഗിന്‍റെ അധികാരികളെ ഏല്പിച്ച് കാരാഗൃഹങ്ങളില്‍ അടയ്‍ക്കുക മാത്രമല്ല രാജാക്കന്മാരുടെയും ഗവര്‍ണര്‍മാരുടെയും മുമ്പില്‍ ഹാജരാക്കുകയും ചെയ്യും.

13 നിങ്ങള്‍ക്കു സാക്ഷ്യം വഹിക്കുവാനുള്ള സന്ദര്‍ഭമായിരിക്കും അത്.

14 എങ്ങനെ മറുപടി പറയണമെന്നുള്ളതിനെപ്പറ്റി നിങ്ങള്‍ മുന്‍കൂട്ടി ആലോചിക്കേണ്ടതില്ലെന്നു മനസ്സില്‍ ഉറച്ചുകൊള്ളുക.

15 എന്തുകൊണ്ടെന്നാല്‍ നിങ്ങളുടെ എതിരാളികള്‍ക്ക് ആര്‍ക്കും എതിര്‍ത്തു നില്‌ക്കുവാനോ, നിഷേധിക്കുവാനോ കഴിയാത്ത വിധത്തിലുള്ള ജ്ഞാനവും വാഗ്‍വൈഭവവും ഞാന്‍ നിങ്ങള്‍ക്കു നല്‌കും.

16 മാതാപിതാക്കളും സഹോദരന്മാരും സ്നേഹിതന്മാരും ബന്ധുക്കളും നിങ്ങളെ അധികാരികള്‍ക്ക് ഏല്പിച്ചുകൊടുക്കും; നിങ്ങളില്‍ ചിലരെ അവര്‍ കൊല്ലുകയും ചെയ്യും.

17 എന്‍റെ നാമത്തെപ്രതി എല്ലാവരും നിങ്ങളെ ദ്വേഷിക്കും.

18 എങ്കിലും നിങ്ങളുടെ ഒരു തലമുടിപോലും നശിക്കുകയില്ല.

19 സഹനശക്തിയോടെ ഉറച്ചു നില്‌ക്കുന്നതുമൂലം നിങ്ങളുടെ ജീവനെ നിങ്ങള്‍ നേടും.

20

“സൈന്യങ്ങള്‍ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോള്‍ അതിന്‍റെ വിനാശം അടുത്തിരിക്കുന്നുവെന്ന് അറിഞ്ഞുകൊള്ളണം.

21 അപ്പോള്‍ യെഹൂദ്യയിലുള്ളവര്‍ മലകളിലേക്ക് ഓടിപ്പോകട്ടെ; നഗരങ്ങളിലുള്ളവര്‍ അവിടംവിട്ടു പോകട്ടെ; നാട്ടിന്‍പുറത്തുള്ളവര്‍ നഗരത്തില്‍ പ്രവേശിക്കയുമരുത്;

22 വേദലിഖിതമെല്ലാം നിറവേറുന്നതിനുള്ള ന്യായവിധിയുടെ ദിവസങ്ങളായിരിക്കും അവ.

23 അക്കാലത്തു ഗര്‍ഭിണികള്‍ക്കും മുലകുടിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളുള്ള മാതാക്കള്‍ക്കും ഹാ കഷ്ടം! അന്നു ഭൂമിയില്‍ മഹാദുരിതവും ഈ ജനത്തിന്മേല്‍ ദൈവശിക്ഷയും ഉണ്ടാകും;

24 അവര്‍ വാളിനിരയായി നിലംപതിക്കും; വിജാതീയര്‍ അവരെ തടവുകാരാക്കി നാനാ രാജ്യങ്ങളിലേക്കും കൊണ്ടുപോകും; തങ്ങളുടെ ആധിപത്യകാലം കഴിയുന്നതുവരെ വിജാതീയര്‍ യെരൂശലേമിനെ ചവിട്ടിമെതിക്കും.”

25

“സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങള്‍ ദൃശ്യമാകും; സമുദ്രത്തിന്‍റെയും അതിലെ തിരമാലകളുടെയും അലര്‍ച്ചമൂലം ഭൂമുഖത്തെങ്ങുമുള്ള ജനങ്ങള്‍ വ്യാകുലപരവശരായി അന്ധാളിക്കും.

26 ആകാശത്തിലെ ശക്തികള്‍ അവയുടെ സഞ്ചാരപഥങ്ങളില്‍നിന്ന് ഇളക്കി മാറ്റപ്പെടും. ഭൂതലത്തിന് എന്താണു സംഭവിക്കുവാന്‍ പോകുന്നതെന്നോര്‍ത്തു ഭയപ്പെട്ട് മനുഷ്യര്‍ അസ്തപ്രജ്ഞരാകും.

27 അപ്പോള്‍ മനുഷ്യപുത്രന്‍ പ്രഭാവത്തോടും മഹാതേജസ്സോടുംകൂടി മേഘത്തില്‍ വരുന്നത് അവര്‍ കാണും.

28 ഇവയെല്ലാം സംഭവിച്ചുതുടങ്ങുമ്പോള്‍ നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നതുകൊണ്ട് നിങ്ങള്‍ തല ഉയര്‍ത്തി നിവര്‍ന്നു നില്‌ക്കുക.”

29

യേശു അവരോട് ഒരു ദൃഷ്ടാന്തവും പറഞ്ഞു: “അത്തി തുടങ്ങിയ എല്ലാ വൃക്ഷങ്ങളെയും നോക്കുക;

30 അവ തളിര്‍ക്കുന്നതു കാണുമ്പോള്‍ വേനല്‍ക്കാലം സമീപിച്ചിരിക്കുന്നുവെന്നു നിങ്ങള്‍ മനസ്സിലാക്കുന്നു.

31 അതുപോലെ ഇവയെല്ലാം സംഭവിക്കുന്നതു കാണുമ്പോള്‍ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുക.

32

“ഈ തലമുറ നീങ്ങിപ്പോകുന്നതിനു മുമ്പുതന്നെ ഇവയെല്ലാം സംഭവിക്കുമെന്നു ഞാന്‍ ഉറപ്പിച്ചുപറയുന്നു.

33 ആകാശവും ഭൂമിയും നീങ്ങിപ്പോകും; പക്ഷേ എന്‍റെ വാക്കുകള്‍ ഒരിക്കലും നീങ്ങിപ്പോകുകയില്ല.

34

“നിങ്ങള്‍ ജാഗരൂകരായിരിക്കുക! നിങ്ങളുടെ ഹൃദയം അമിതഭക്ഷണത്തിലും മദ്യപാനത്തിലും ഐഹിക ജീവിതചിന്താഭാരത്തിലും മുഴുകിപ്പോകരുത്; ആ ദിവസം അപ്രതീക്ഷിതമായി വന്നുചേരുമെന്ന് ഓര്‍ത്തുകൊള്ളുക.

35 ഭൂമുഖത്തുള്ള സകല മനുഷ്യരുടെയുംമേല്‍ ആ ദിവസം ഒരു കെണിപോലെ വരും.

36 വരാന്‍പോകുന്ന ഈ സംഭവങ്ങളില്‍നിന്നെല്ലാം രക്ഷപെടുന്നതിനും മനുഷ്യപുത്രന്‍റെ മുമ്പില്‍ നില്‌ക്കുന്നതിനും പ്രാപ്തരായിത്തീരുന്നതിന് നിങ്ങള്‍ എപ്പോഴും പ്രാര്‍ഥനാപൂര്‍വം ജാഗ്രതയുള്ളവരായിരിക്കുക.”

37

യേശു പകല്‍തോറും ദേവാലയത്തില്‍ ജനങ്ങളെ പഠിപ്പിക്കുകയും രാത്രി ഒലിവുമലയില്‍ കഴിയുകയും ചെയ്തുപോന്നു.

38 ജനമെല്ലാം അവിടുത്തെ പ്രബോധനം കേള്‍ക്കുവാന്‍ അതിരാവിലെ ദേവാലയത്തില്‍ എത്തുമായിരുന്നു.

22

1

പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവം സമീപിച്ചു.

2 മുഖ്യ പുരോഹിതന്മാരും മതപണ്ഡിതന്മാരും പൊതുജനങ്ങളെ ഭയപ്പെട്ടിരുന്നതുകൊണ്ട് യേശുവിന്‍റെ കഥകഴിക്കേണ്ടത് എങ്ങനെയെന്ന് ആരാഞ്ഞുകൊണ്ടിരുന്നു.

3

പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവനായ യൂദാസ് ഈസ്കരിയോത്തില്‍ സാത്താന്‍ പ്രവേശിച്ചു.

4 അയാള്‍ പോയി പുരോഹിതമുഖ്യന്മാരോടും ദേവാലയത്തിലെ പടത്തലവന്മാരോടും യേശുവിനെ അവര്‍ക്ക് ഒറ്റിക്കൊടുക്കുവാനുള്ള ഉപായത്തെക്കുറിച്ച് കൂടിയാലോചന നടത്തി.

5 അവര്‍ സന്തോഷഭരിതരായി, അയാള്‍ക്കു പണം കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു.

6 യൂദാസ് അവര്‍ക്കു വാക്കുകൊടുക്കുകയും ചെയ്തു. ആളുകള്‍ കൂടെയില്ലാത്ത അവസരത്തില്‍ യേശുവിനെ ഒറ്റിക്കൊടുക്കുവാന്‍ അയാള്‍ തക്കം അന്വേഷിച്ചുകൊണ്ടിരുന്നു.

7

പെസഹാകുഞ്ഞാടിനെ ബലികഴിക്കേണ്ടിയിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാള്‍ വന്നുചേര്‍ന്നു.

8 “നിങ്ങള്‍ പോയി നമുക്കു ഭക്ഷിക്കുവാനുള്ള പെസഹ ഒരുക്കുക” എന്നു പറഞ്ഞ് യേശു പത്രോസിനെയും യോഹന്നാനെയും അയച്ചു.

9

“ഞങ്ങള്‍ എവിടെ പെസഹ ഒരുക്കണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്?” എന്ന് അവര്‍ ചോദിച്ചു.

10

യേശു അവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങള്‍ നഗരത്തില്‍ പ്രവേശിക്കുമ്പോള്‍ ഒരു കുടത്തില്‍ വെള്ളം ചുമന്നുകൊണ്ടു വരുന്ന ഒരാള്‍ നിങ്ങളെ കണ്ടുമുട്ടും. അയാളെ അനുഗമിച്ച് അയാള്‍ പ്രവേശിക്കുന്ന വീട്ടില്‍ ചെന്ന്

11 ‘എന്‍റെ ശിഷ്യന്മാരോടുകൂടി പെസഹ കഴിക്കുന്നതിനുള്ള ഭോജനശാല എവിടെ എന്നു ഗുരു ചോദിക്കുന്നു’ എന്ന് ആ ഗൃഹനാഥനോടു പറയണം.

12 വിരിച്ചൊരുക്കിയ വിശാലമായ ഒരു മാളികമുറി അയാള്‍ കാണിച്ചുതരും; അവിടെ നിങ്ങള്‍ ഒരുക്കുക.”

13

അവര്‍ പോയി യേശു തങ്ങളോടു പറഞ്ഞപ്രകാരം കണ്ടു പെസഹ ഒരുക്കി.

14

സമയമായപ്പോള്‍ യേശു ഭക്ഷണം കഴിക്കാനിരുന്നു. അവിടുത്തോടൊപ്പം അപ്പോസ്തോലന്മാരും ഇരുന്നു.

15 അവിടുന്ന് അവരോട് അരുള്‍ചെയ്തു: “എന്‍റെ പീഡാനുഭവത്തിനുമുമ്പ് നിങ്ങളോടുകൂടി ഈ പെസഹ ഭക്ഷിക്കുവാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു.

16 ദൈവരാജ്യത്തില്‍ ഇതിന്‍റെ പൂര്‍ത്തീകരണം ഉണ്ടാകുന്നതുവരെ ഇനിമേല്‍ ഞാന്‍ ഇതു ഭക്ഷിക്കുകയില്ല എന്നു നിങ്ങളോടു പറയുന്നു.”

17

അനന്തരം അവിടുന്നു പാനപാത്രമെടുത്തു സ്തോത്രം ചെയ്തശേഷം “ഇതെടുത്തു നിങ്ങള്‍ അന്യോന്യം പങ്കിടുക;

18 ദൈവരാജ്യം വരുന്നതുവരെ ഇനിമേല്‍ മുന്തിരിയുടെ ഫലത്തില്‍നിന്ന് ഞാന്‍ പാനം ചെയ്യുകയില്ല” എന്നു പറഞ്ഞു.

19

പിന്നീട് അപ്പം എടുത്തു സ്തോത്രം ചെയ്തു മുറിച്ച് അവര്‍ക്കു കൊടുത്തുകൊണ്ട് പറഞ്ഞു: “ഇതു നിങ്ങള്‍ക്കുവേണ്ടി നല്‌കപ്പെടുന്ന എന്‍റെ ശരീരം; എന്‍റെ ഓര്‍മയ്‍ക്കായി ഇത് അനുഷ്ഠിക്കുക!”

20 അങ്ങനെതന്നെ അത്താഴം കഴിഞ്ഞു പാനപാത്രം എടുത്തു കൊടുത്തുകൊണ്ട് അരുള്‍ചെയ്തു: “ഈ പാനപാത്രം നിങ്ങള്‍ക്കുവേണ്ടി ചൊരിയുന്ന എന്‍റെ രക്തത്താല്‍ ഉറപ്പിക്കപ്പെടുന്ന ദൈവത്തിന്‍റെ പുതിയ ഉടമ്പടിയാകുന്നു.”

21

“എന്നാല്‍ എന്നെ ഒറ്റിക്കൊടുക്കുന്നവന്‍ എന്നോടുകൂടി ഈ മേശയ്‍ക്കരികില്‍ത്തന്നെ ഉണ്ട്.

22 ദൈവം നിശ്ചയിച്ചിരിക്കുന്നതുപോലെ മനുഷ്യപുത്രന്‍ കടന്നുപോകുന്നു; പക്ഷേ, അവനെ ഒറ്റിക്കൊടുക്കുന്ന ആ മനുഷ്യന് ഹാ കഷ്ടം.”

23

അപ്പോള്‍ തങ്ങളില്‍ ആരായിരിക്കും ഇതു ചെയ്യുവാന്‍ പോകുന്നതെന്ന് അവര്‍ അന്യോന്യം ചോദിച്ചുതുടങ്ങി.

24

തങ്ങളില്‍ ആരെയാണ് ഏറ്റവും ശ്രേഷ്ഠനായി കരുതേണ്ടത് എന്നതിനെച്ചൊല്ലി ശിഷ്യന്മാരുടെ ഇടയില്‍ ഒരു തര്‍ക്കമുണ്ടായി; യേശു അവരോടു പറഞ്ഞു:

25 “വിജാതീയരുടെ രാജാക്കന്മാര്‍ അവരുടെമേല്‍ ആധിപത്യം പുലര്‍ത്തുന്നു; അധികാരികള്‍ ‘അന്നദാതാക്കള്‍’ എന്നു വിളിക്കപ്പെടുകയും ചെയ്യുന്നു; നിങ്ങളാകട്ടെ അങ്ങനെ അല്ല;

26 നിങ്ങളില്‍ ഏറ്റവും വലിയവന്‍ ഏറ്റവും ചെറിയവനെപ്പോലെയും അധികാരി പരിചാരകനെപ്പോലെയും ആയിത്തീരട്ടെ.

27 ഭക്ഷണത്തിനിരിക്കുന്നവനോ, പരിചാരകനോ, ആരാണു വലിയവന്‍? ഭക്ഷണത്തിനിരിക്കുന്നവനല്ലേ? ഞാന്‍ നിങ്ങളുടെ ഇടയില്‍ ഒരു പരിചാരകനെപ്പോലെയാണല്ലോ വര്‍ത്തിച്ചിട്ടുള്ളത്.

28 എനിക്കുണ്ടായ പരിശോധനകളില്‍ എന്നോടുകൂടി സുസ്ഥിരമായി നിന്നവരാണു നിങ്ങള്‍;

29 എന്‍റെ പിതാവു രാജ്യത്തിന്‍റെ അധികാരം നല്‌കി എന്നെ നിയമിച്ചതുപോലെ ഞാന്‍ നിങ്ങളെയും നിയമിക്കുന്നു.

30 നിങ്ങള്‍ എന്‍റെ രാജ്യത്തില്‍ എന്നോടൊന്നിച്ചു ഭക്ഷിക്കുകയും പാനം ചെയ്യുകയും പന്ത്രണ്ട് ഇസ്രായേല്‍ ഗോത്രങ്ങളുടെ ന്യായാധിപന്മാരായി സിംഹാസനങ്ങളില്‍ ഇരിക്കുകയും ചെയ്യും.

31

“ശിമോനേ, ശിമോനേ, നിങ്ങളെ എല്ലാവരെയും കോതമ്പുപോലെ പാറ്റിക്കൊഴിക്കാന്‍ സാത്താന്‍ അനുവാദം ചോദിച്ചു.

32 എന്നാല്‍ നിന്‍റെ വിശ്വാസം ക്ഷയിക്കാതിരിക്കുന്നതിനുവേണ്ടി ഞാന്‍ പ്രാര്‍ഥിച്ചു; നീ എന്നിലുള്ള വിശ്വാസത്തിലേക്കു തിരിഞ്ഞശേഷം സഹോദരന്മാരെ ഉറപ്പിക്കണം.”

33

പത്രോസ് ഇതിനു മറുപടിയായി പറഞ്ഞു: “കര്‍ത്താവേ, അങ്ങയുടെകൂടെ കാരാഗൃഹത്തില്‍ പോകുന്നതിനും മരിക്കുന്നതിനുതന്നെയും ഞാന്‍ സന്നദ്ധനാണ്.”

34

അപ്പോള്‍ യേശു അരുള്‍ചെയ്തു: “പത്രോസേ, നീ എന്നെ അറിയുകയില്ലെന്നു മൂന്നുവട്ടം തള്ളിപ്പറയുന്നതിനുമുമ്പ് ഈ രാത്രി കോഴി കൂവുകയില്ല എന്നു ഞാന്‍ പറയുന്നു.”

35

പിന്നീട് അവിടുന്ന് അവരോട് ഇങ്ങനെ ചോദിച്ചു: “പണസഞ്ചിയും ഭാണ്ഡവും ചെരുപ്പുമില്ലാതെ ഞാന്‍ നിങ്ങളെ അയച്ചിട്ടു നിങ്ങള്‍ക്കു വല്ല കുറവുമുണ്ടായോ?

“ഇല്ല,” എന്ന് അവര്‍ പറഞ്ഞു.

36

“എന്നാല്‍ ഇപ്പോള്‍ പണസഞ്ചിയുള്ളവന്‍ അതെടുക്കട്ടെ; അതുപോലെതന്നെ ഭാണ്ഡമുള്ളവനും. വാള്‍ ഇല്ലാത്തവന്‍ തന്‍റെ പുറങ്കുപ്പായം വിറ്റിട്ടെങ്കിലും അതു വാങ്ങട്ടെ.

37 ‘അവന്‍ അധര്‍മികളുടെ കൂട്ടത്തില്‍ എണ്ണപ്പെട്ടു’ എന്ന് എന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്ന വേദലിഖിതം സത്യമാകണം എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതെല്ലാം പൂര്‍ത്തീകരിക്കപ്പെടുന്നു.”

38

“കര്‍ത്താവേ, ഇവിടെ രണ്ടു വാളുണ്ട്” എന്ന് അവര്‍ പറഞ്ഞു. “അതു മതി” എന്ന് യേശു പ്രതിവചിച്ചു.

39

പതിവുപോലെ യേശു ഒലിവുമലയിലേക്കു പോയി. ശിഷ്യന്മാരും അവിടുത്തെ അനുഗമിച്ചു,

40 അവിടെ എത്തിയപ്പോള്‍ യേശു അവരോട് അരുള്‍ചെയ്തു: “പരീക്ഷണത്തില്‍ വീണു പോകാതിരിക്കുവാന്‍ പ്രാര്‍ഥിക്കുക.”

41

പിന്നീട് അവരില്‍നിന്ന് ഒരു കല്ലേറു ദൂരെ മാറി മുട്ടുകുത്തി അവിടുന്ന് ഇങ്ങനെ പ്രാര്‍ഥിച്ചു:

42 “പിതാവേ, തിരുവിഷ്ടമെങ്കില്‍ എന്നില്‍നിന്ന് ഈ പാനപാത്രം നീക്കണമേ; എങ്കിലും എന്‍റെ ഇഷ്ടമല്ല, അവിടുത്തെ ഇഷ്ടംതന്നെ പൂര്‍ത്തിയാവട്ടെ.”

43 തത്സമയം അവിടുത്തെ ശക്തിപ്പെടുത്തുവാന്‍ സ്വര്‍ഗത്തില്‍നിന്ന് ഒരു മാലാഖ പ്രത്യക്ഷനായി.

44 യേശു പ്രാണവേദനയിലായി; കൂടുതല്‍ വികാരതീക്ഷ്ണതയോടുകൂടി അവിടുന്നു പ്രാര്‍ഥിച്ചു. അവിടുത്തെ വിയര്‍പ്പു കനത്ത രക്തത്തുള്ളികള്‍ കണക്കേ നിലത്ത് ഇറ്റിറ്റു വീണു.

45

പ്രാര്‍ഥന കഴിഞ്ഞ് അവിടുന്ന് എഴുന്നേറ്റ് ശിഷ്യന്മാരുടെ അടുക്കലേക്കു ചെന്നു. ശിഷ്യന്മാര്‍ ദുഃഖംകൊണ്ടു തളര്‍ന്നു കിടന്ന് ഉറങ്ങുന്നതായി യേശു കണ്ടു.

46 യേശു അവരോട്’: “നിങ്ങള്‍ ഉറങ്ങുന്നത് എന്തുകൊണ്ട്? പരീക്ഷണത്തില്‍ വീണുപോകാതിരിക്കുവാന്‍ ഉണര്‍ന്നെഴുന്നേറ്റു പ്രാര്‍ഥിക്കുക” എന്നു പറഞ്ഞു.

47

ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഒരു ജനസഞ്ചയം അവിടെയെത്തി. പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവനായ യൂദാസാണ് അവരെ നയിച്ചിരുന്നത്.

48 യൂദാസ് യേശുവിനെ ചുംബിക്കുവാന്‍ അടുത്തുചെന്നു. അവിടുന്നു ചോദിച്ചു: “യൂദാസേ, ചുംബനം കൊണ്ടാണോ നീ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നത്?”

49

എന്താണു സംഭവിക്കുവാന്‍ പോകുന്നതെന്ന് യേശുവിന്‍റെ കൂടെയുണ്ടായിരുന്നവര്‍ മനസ്സിലാക്കിക്കൊണ്ട്: “കര്‍ത്താവേ, ഞങ്ങള്‍ വാളെടുത്തു വെട്ടട്ടെയോ?” എന്നു ചോദിച്ചു.

50 അവരിലൊരാള്‍ മഹാപുരോഹിതന്‍റെ ഭൃത്യനെ വെട്ടി അവന്‍റെ വലത്തുകാതു ഛേദിച്ചുകളഞ്ഞു.

51 ‘നിറുത്തൂ! അതു പാടില്ല; അവരുടെ ഇഷ്ടം നടക്കട്ടെ” എന്നു പറഞ്ഞുകൊണ്ട് ആ ഭൃത്യന്‍റെ കാത് യേശു തൊട്ടു സുഖപ്പെടുത്തി.

52

തനിക്കെതിരെ വന്ന പുരോഹിതമുഖ്യന്മാരോടും ദേവാലയത്തിലെ കാവല്‍പ്പടയുടെ തലവന്മാരോടും ജനപ്രമാണിമാരോടും യേശു ചോദിച്ചു: “ഒരു കൊള്ളക്കാരനെ പിടിക്കുവാനെന്നപോലെ, നിങ്ങള്‍ വാളും വടിയുമായി എന്‍റെ അടുക്കല്‍ വന്നിരിക്കുകയാണോ?

53 നിങ്ങളോടുകൂടി ദിനംതോറും ഞാന്‍ ദേവാലയത്തില്‍ ഉണ്ടായിരുന്നിട്ടും നിങ്ങള്‍ എന്നെ പിടിച്ചില്ല. ഇരുളിന്‍റെ അധികാരം നടമാടുന്ന ഈ സമയം നിങ്ങള്‍ക്കു പ്രവര്‍ത്തിക്കുവാനുള്ള അവസരമാണ്.”

54

അവര്‍ യേശുവിനെ ബന്ധനസ്ഥനാക്കി മഹാപുരോഹിതന്‍റെ വസതിയിലേക്കു കൊണ്ടുപോയി. പത്രോസ് കുറെ അകലെ മാറി പിന്നാലെ ചെന്നു.

55 കുറെപേര്‍ നടുമുറ്റത്തു തീ കാഞ്ഞുകൊണ്ടിരുന്നു. പത്രോസും ചെന്ന് അവരുടെ ഇടയില്‍ ഇരുന്നു.

56 അദ്ദേഹം ഇരിക്കുന്നത് തീയുടെ വെളിച്ചത്തില്‍ ഒരു പരിചാരിക കണ്ടു. അവള്‍ പത്രോസിനെ സൂക്ഷിച്ചു നോക്കിക്കൊണ്ട് “ഇയാളും യേശുവിന്‍റെ കൂടെയുണ്ടായിരുന്ന ആളാണല്ലോ” എന്നു പറഞ്ഞു.

57

“ഹേ, സ്‍ത്രീയേ; എനിക്ക് അദ്ദേഹത്തെ അറിഞ്ഞുകൂടാ” എന്നു പത്രോസ് തള്ളിപ്പറഞ്ഞു.

58

കുറെ കഴിഞ്ഞു മറ്റൊരാള്‍ പത്രോസിനെ കണ്ടു. “നിങ്ങളും യേശുവിന്‍റെ കൂടെയുണ്ടായിരുന്നവരില്‍ ഒരാളാണല്ലോ” എന്നു പറഞ്ഞു.

59

“ഹേ, മനുഷ്യാ; അതു ഞാനല്ല” എന്നു പത്രോസ് പറഞ്ഞു. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വേറൊരാള്‍ തറപ്പിച്ചു പറഞ്ഞു: “ഈ മനുഷ്യന്‍ തീര്‍ച്ചയായും അയാളുടെ ശിഷ്യന്മാരില്‍ ഒരാള്‍ തന്നേ! ഇയാളും ഗലീലക്കാരനാണല്ലോ.”

60

അപ്പോള്‍ പത്രോസ്, “ഹേ മനുഷ്യാ, താങ്കള്‍ പറയുന്നത് എന്തെന്നു എനിക്കു മനസ്സിലാകുന്നില്ല!” എന്നു പറഞ്ഞു.

61

[61,62] ഇങ്ങനെ പറയുമ്പോള്‍ത്തന്നെ കോഴി കൂകി. അപ്പോള്‍ യേശു തിരിഞ്ഞു പത്രോസിനെ സൂക്ഷിച്ചുനോക്കി. “ഇന്നു കോഴി കൂകുന്നതിനു മുമ്പ് നീ എന്നെ മൂന്നുവട്ടം തള്ളിപ്പറയും” എന്ന അവിടുത്തെ വാക്കുകള്‍ ഓര്‍ത്ത് പത്രോസ് പുറത്തുപോയി തീവ്രമായ ദുഃഖത്തോടുകൂടി കരഞ്ഞു.

62

63

[63-65] യേശുവിനെ ബന്ധനസ്ഥനാക്കിയവര്‍ അവിടുത്തെ കണ്ണുകള്‍ മൂടിക്കെട്ടി. അവര്‍ അവിടുത്തെ അടിക്കുകയും പരിഹസിക്കുകയും ചെയ്തു. “നിന്നെ അടിച്ചതു ആരെന്നു പറയുക; നീ പ്രവാചകനാണല്ലോ” എന്നും മറ്റും പറഞ്ഞ് അവര്‍ യേശുവിനെ അവഹേളിച്ചുകൊണ്ടിരുന്നു.

64

65

66

പുലര്‍ച്ചയായപ്പോള്‍ ജനപ്രമാണിമാരും പുരോഹിതമുഖ്യന്മാരും മതപണ്ഡിതന്മാരും ഒരുമിച്ചുകൂടി; യേശുവിനെ സന്നദ്രിം എന്ന ന്യായാധിപസംഘത്തിന്‍റെ മുമ്പില്‍ ഹാജരാക്കി. അവര്‍ യേശുവിനോടു:

67 “താങ്കള്‍ ക്രിസ്തു ആണെങ്കില്‍ അതു ഞങ്ങളോടു പറയുക” എന്ന് ആവശ്യപ്പെട്ടു.

എന്നാല്‍ യേശു അവരോടു പറഞ്ഞു: “ഞാന്‍ നിങ്ങളോടു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുകയില്ല;

68 ഞാന്‍ എന്തെങ്കിലും ചോദിച്ചാല്‍ നിങ്ങള്‍ ഉത്തരം പറയുകയുമില്ല.

69 ഇനിമേല്‍ മനുഷ്യപുത്രന്‍ ദൈവത്തിന്‍റെ വലത്തുഭാഗത്തിരിക്കും.”

70

അപ്പോള്‍ അവരെല്ലാവരും ചോദിച്ചു: “താങ്കള്‍ ദൈവപുത്രനാകുന്നു എന്നാണോ അതിന്‍റെ അര്‍ഥം?”

യേശു പ്രതിവചിച്ചു: “ഞാനാകുന്നു എന്ന് നിങ്ങള്‍ പറയുന്നു.”

71

ഉടനെ അവര്‍ “ഇനി സാക്ഷ്യമൊന്നും നമുക്കാവശ്യമില്ലല്ലോ! ഇവന്‍റെ വായില്‍നിന്നുതന്നെ നാം അതു കേട്ടു കഴിഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു.

23

1

അനന്തരം അവരെല്ലാവരുംകൂടി യേശുവിനെ പീലാത്തോസിന്‍റെ മുമ്പില്‍ ഹാജരാക്കി.

2 “ഇയാള്‍ ഞങ്ങളുടെ ജനങ്ങളെ വഴിതെറ്റിക്കുന്നതായി ഞങ്ങള്‍ക്കു ബോധ്യമായിരിക്കുന്നു; ക്രിസ്തു എന്ന രാജാവ് താനാണെന്നു പറഞ്ഞുകൊണ്ട് കൈസര്‍ക്കു കരം കൊടുക്കുന്നത് ഇയാള്‍ വിലക്കുകയും ചെയ്യുന്നു” എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ അവര്‍ യേശുവിനെതിരെ ഉന്നയിക്കുവാന്‍ തുടങ്ങി.

3

പീലാത്തോസ് യേശുവിനോട്, “താങ്കള്‍ യെഹൂദന്മാരുടെ രാജാവു തന്നെയോ?” എന്നു ചോദിച്ചു.

അതിന് യേശു “അങ്ങ് അങ്ങനെ പറയുന്നു” എന്ന് ഉത്തരം പറഞ്ഞു.

4

പീലാത്തോസ് പുരോഹിതമുഖ്യന്മാരോടും ജനസഞ്ചയത്തോടും പറഞ്ഞു: “ഈ മനുഷ്യനില്‍ ഞാന്‍ കുറ്റമൊന്നും കാണുന്നില്ല.”

5

അപ്പോള്‍ അവര്‍ തറപ്പിച്ചു പറഞ്ഞു: “ഇയാള്‍ ഗലീലതൊട്ട് ഇവിടംവരെയും യെഹൂദ്യയിലെല്ലായിടത്തും ജനങ്ങളെ ഉപദേശിച്ചു പ്രക്ഷോഭമുണ്ടാക്കുന്നു.”

6

ഇതുകേട്ടപ്പോള്‍ “ഇയാള്‍ ഗലീലക്കാരനാണോ?” എന്നു പീലാത്തോസ് ചോദിച്ചു.

7 ഹേരോദായുടെ അധികാരാതിര്‍ത്തിക്കുള്ളിലുള്ള ആളാണെന്നു മനസ്സിലാക്കിയപ്പോള്‍ പീലാത്തോസ് യേശുവിനെ അദ്ദേഹത്തിന്‍റെ അടുക്കലേക്കയച്ചു. ഹേരോദാ ആ സമയത്ത് യെരൂശലേമിലുണ്ടായിരുന്നു.

8 യേശുവിനെ കണ്ടപ്പോള്‍ അദ്ദേഹം അത്യന്തം സന്തോഷിച്ചു. യേശുവിനെക്കുറിച്ചു കേട്ടിരുന്നതിനാല്‍ നേരിട്ടു കാണാന്‍ വളരെ നാളുകളായി ഹേരോദാ ആഗ്രഹിച്ചിരിക്കുകയായിരുന്നു. യേശു എന്തെങ്കിലും അദ്ഭുതം പ്രവര്‍ത്തിക്കുന്നതു കാണാമെന്നും അദ്ദേഹം ആശിച്ചിരുന്നു.

9 ഹേരോദാ ഒട്ടേറേ കാര്യങ്ങള്‍ യേശുവിനോടു ചോദിച്ചു. പക്ഷേ, അവിടുന്ന് ഒരു മറുപടിയും പറഞ്ഞില്ല.

10 പുരോഹിതമുഖ്യന്മാരും മതപണ്ഡിതന്മാരും മുമ്പോട്ടുവന്ന് യേശുവിനെതിരെ ഉഗ്രമായ കുറ്റാരോപണം നടത്തി.

11 ഹേരോദായും പടയാളികളും വളരെ നിന്ദ്യമായി അവിടുത്തോട് പെരുമാറുകയും അവിടുത്തെ പരിഹസിക്കുകയും ചെയ്തു. അനന്തരം അവിടുത്തെ പുച്ഛിച്ച്, പകിട്ടേറിയ വസ്ത്രം ധരിപ്പിച്ച് പീലാത്തോസിന്‍റെ അടുക്കലേക്കു തിരിച്ചയച്ചു.

12 പീലാത്തോസും ഹേരോദായും അതുവരെ ശത്രുതയിലാണു കഴിഞ്ഞിരുന്നത്. എന്നാല്‍ അന്നുമുതല്‍ അവര്‍ മിത്രങ്ങളായിത്തീര്‍ന്നു.

13

പീലാത്തോസ് പുരോഹിതമുഖ്യന്മാരെയും ജനപ്രമാണിമാരെയും പൊതുജനങ്ങളെയും വിളിച്ചുകൂട്ടി അവരോടു പറഞ്ഞു:

14 “ജനങ്ങളെ വഴിതെറ്റിക്കുന്നു എന്ന കുറ്റം ആരോപിച്ചുകൊണ്ടാണല്ലോ ഈ മനുഷ്യനെ നിങ്ങള്‍ എന്‍റെ അടുക്കല്‍ കൊണ്ടുവന്നത്; നിങ്ങളുടെ മുമ്പില്‍വച്ച് ഞാന്‍ ഇയാളെ വിസ്തരിക്കുകയും ചെയ്തു. പക്ഷേ, ഈ മനുഷ്യനെതിരെ നിങ്ങളാരോപിച്ച കുറ്റമൊന്നും ഞാന്‍ കണ്ടില്ല:

15 ഹേരോദായും കണ്ടില്ല. അതുകൊണ്ടാണല്ലോ അദ്ദേഹം ഇയാളെ നമ്മുടെ അടുക്കലേക്കു തിരിച്ചയച്ചത്. വധശിക്ഷയ്‍ക്ക് അര്‍ഹമായ യാതൊന്നും ഇയാള്‍ ചെയ്തിട്ടില്ല.

16 അതുകൊണ്ട് ഇയാളെ ചാട്ടവാറുകൊണ്ട് അടിപ്പിച്ചശേഷം ഞാന്‍ വിട്ടയയ്‍ക്കും.”

17

ഉത്സവസമയത്ത് ഒരു തടവുകാരനെ മോചിപ്പിക്കുക അന്നു പതിവായിരുന്നു.

18 എന്നാല്‍ ജനം ഒന്നടങ്കം വിളിച്ചു പറഞ്ഞു: “ഇവനെ കൊന്നുകളയുക! ബറബ്ബാസിനെ ഞങ്ങള്‍ക്കു വിട്ടുതരിക!”

19 ബറബ്ബാസാകട്ടെ നഗരത്തില്‍ നടന്ന ഒരു കലാപത്തിന്‍റെയും കൊലപാതകത്തിന്‍റെയും പേരില്‍ തടവിലാക്കപ്പെട്ടിരുന്ന ആളായിരുന്നു.

20

യേശുവിനെ വിട്ടയയ്‍ക്കണമെന്നാഗ്രഹിച്ചുകൊണ്ട് പീലാത്തോസ് വീണ്ടും അവരെ വിളിച്ചു സംസാരിച്ചു.

21 ജനസഞ്ചയമാകട്ടെ, “ക്രൂശിക്കുക! അവനെ ക്രൂശിക്കുക!” എന്ന് അട്ടഹസിച്ചു.

22

മൂന്നാം പ്രാവശ്യം പീലാത്തോസ് അവരോടു ചോദിച്ചു: “എന്തിന്? ഇയാള്‍ എന്തു തെറ്റാണ് ചെയ്തത്? വധശിക്ഷയ്‍ക്ക് അര്‍ഹമായ കുറ്റമൊന്നും ഈ മനുഷ്യനില്‍ ഞാന്‍ കണ്ടില്ല; അതുകൊണ്ട് ഇയാളെ ചാട്ടവാറുകൊണ്ട് അടിപ്പിച്ചശേഷം ഞാന്‍ വിട്ടയയ്‍ക്കും.”

23

എന്നാല്‍ യേശുവിനെ ക്രൂശിക്കണമെന്ന് അവര്‍ തുടരെ അട്ടഹസിച്ചുകൊണ്ടു നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടു. അവസാനം അവരുടെ അട്ടഹാസം വിജയിച്ചു.

24 അവര്‍ ആവശ്യപ്പെട്ടതുപോലെ തന്നെ പീലാത്തോസ് വിധിച്ചു.

25 കലാപം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്കു തുറങ്കിലടയ്‍ക്കപ്പെട്ടിരുന്ന ബറബ്ബാസിനെ അവര്‍ ആവശ്യപ്പെട്ടപ്രകാരം മോചിപ്പിക്കുകയും യേശുവിനെ അവരുടെ ഇഷ്ടത്തിന് ഏല്പിച്ചു കൊടുക്കുകയും ചെയ്തു.

26

യേശുവിനെ ക്രൂശില്‍ തറയ്‍ക്കുവാന്‍ കൊണ്ടുപോകുമ്പോള്‍ കുറേനക്കാരനായ ശിമോന്‍ കൃഷിസ്ഥലത്തുനിന്നു വരികയായിരുന്നു. അവര്‍ അയാളെ തടഞ്ഞു നിറുത്തി കുരിശു ചുമന്നുകൊണ്ടു യേശുവിന്‍റെ പിന്നാലേ പോകുന്നതിന് അത് അയാളുടെ ചുമലില്‍ വച്ചുകൊടുത്തു.

27

ഒരു വലിയ ജനാവലി യേശുവിനെ അനുഗമിച്ചിരുന്നു. അവിടുത്തേക്കുറിച്ചു വിലപിക്കുകയും പൊട്ടിക്കരയുകയും ചെയ്യുന്ന സ്‍ത്രീകളും അക്കൂട്ടത്തിലുണ്ടായിരുന്നു.

28 യേശു തിരിഞ്ഞ് അവരോടു പറഞ്ഞു: “യെരൂശലേമിലെ വനിതകളേ, എന്നെച്ചൊല്ലി നിങ്ങള്‍ കരയേണ്ടതില്ല; നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലിക്കരയുക.

29 എന്തെന്നാല്‍ വന്ധ്യകളും പ്രസവിച്ചിട്ടില്ലാത്ത സ്‍ത്രീകളും പിഞ്ചുകുഞ്ഞുങ്ങളില്ലാത്ത മാതാക്കളും ഭാഗ്യവതികള്‍ എന്നു പറയേണ്ടിവരുന്ന ദിവസങ്ങള്‍ വരുന്നു!

30 പര്‍വതങ്ങളോടു ‘ഞങ്ങളുടെമേല്‍ വീഴുക’ എന്നും മലകളോടു ‘ഞങ്ങളെ മൂടുക’ എന്നും അന്ന് അവര്‍ പറഞ്ഞുതുടങ്ങും.

31 പച്ചമരത്തോട് ഇങ്ങനെ അവര്‍ ചെയ്യുന്നെങ്കില്‍ ഉണങ്ങിയതിന് എന്താണു സംഭവിക്കാതിരിക്കുക.”

32

രണ്ടു കുറ്റവാളികളെക്കൂടി യേശുവിനോടൊപ്പം വധിക്കുവാന്‍ അവര്‍ കൊണ്ടുപോയി.

33 തലയോട് എന്നു പേരുള്ള സ്ഥലത്ത് അവര്‍ എത്തി. അവിടെ യേശുവിനെയും അവിടുത്തെ ഇടത്തും വലത്തും ആ കുറ്റവാളികളെയും അവര്‍ കുരിശില്‍ തറച്ചു.

34 യേശു ഇങ്ങനെ പ്രാര്‍ഥിച്ചു: “പിതാവേ, ഇവരോടു ക്ഷമിക്കണമേ; ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ലല്ലോ!”

പിന്നീട് യേശുവിന്‍റെ വസ്ത്രം പങ്കിടുന്നതിനുവേണ്ടി അവര്‍ ചീട്ടിട്ടു.

35 ജനം ഇതെല്ലാം നോക്കിക്കൊണ്ട് അടുത്തുനിന്നു.

യെഹൂദന്മാര്‍ അവിടുത്തെ പരിഹസിച്ചുകൊണ്ടു പറഞ്ഞു: “ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു ആണെങ്കില്‍ ഇവന്‍ സ്വയം രക്ഷപെടട്ടെ”

36

പടയാളികളും യേശുവിനെ പരിഹസിച്ചു; അവര്‍ അടുത്ത ചെന്നു പുളിച്ച വീഞ്ഞു നീട്ടിക്കൊടുത്തുകൊണ്ട്

37 “നീ യെഹൂദന്മാരുടെ രാജാവാണെങ്കില്‍ നിന്നെത്തന്നെ രക്ഷപെടുത്തുക” എന്നു പറഞ്ഞു.

38

‘ഇവന്‍ യെഹൂദന്മാരുടെ രാജാവ്’ എന്ന് എഴുതി കുരിശിന്‍റെ മുകളില്‍ വച്ചിരുന്നു.

39

കുരിശില്‍ തറയ്‍ക്കപ്പെട്ട കുറ്റവാളികളില്‍ ഒരാള്‍ യേശുവിനെ അവഹേളിച്ചുകൊണ്ടു പറഞ്ഞു: “താങ്കള്‍ ക്രിസ്തുവല്ലേ? താങ്കളെത്തന്നെയും ഞങ്ങളെയും രക്ഷിക്കുക.”

40

എന്നാല്‍ മറ്റേ കുറ്റവാളി അയാളെ ശകാരിച്ചു: “തുല്യശിക്ഷയ്‍ക്കു വിധേയനായിട്ടും നിനക്കു ദൈവത്തെ ഭയമില്ലേ?

41 നമ്മുടെ ശിക്ഷ തികച്ചും ന്യായമായിട്ടുള്ളതത്രേ. നമ്മുടെ പ്രവൃത്തികള്‍ക്കു തക്ക പ്രതിഫലമാണു ലഭിച്ചിരിക്കുന്നത്. ഇദ്ദേഹമാകട്ടെ, ഒരു തെറ്റും ചെയ്തിട്ടില്ല.”

42 പിന്നീട് അയാള്‍ പറഞ്ഞു: “യേശുവേ, അവിടുന്നു രാജത്വം പ്രാപിക്കുമ്പോള്‍ എന്നെയും ഓര്‍ത്തുകൊള്ളണമേ.”

43

യേശു അയാളോട് “നീ ഇന്ന് എന്നോടുകൂടി പറുദീസയില്‍ ഉണ്ടായിരിക്കും എന്നു ഞാന്‍ നിന്നോടു പറയുന്നു” എന്ന് അരുളിച്ചെയ്തു.

44

അപ്പോള്‍ ഏകദേശം പന്ത്രണ്ടുമണി ആയിരുന്നു. അതുമുതല്‍ മൂന്നുമണിവരെ ദേശം ആകമാനം അന്ധകാരത്തിലാണ്ടു പോയി. സൂര്യന്‍റെ പ്രകാശം നിലച്ചു.

45 ദേവാലയത്തിലെ തിരശ്ശീല നടുവേ കീറിപ്പോയി.

46 “പിതാവേ തൃക്കരങ്ങളില്‍ എന്‍റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു” എന്ന് ഉച്ച ശബ്ദത്തില്‍ പറഞ്ഞുകൊണ്ട് യേശു പ്രാണന്‍ വെടിഞ്ഞു.

47

ഈ സംഭവം കണ്ടുനിന്ന ശതാധിപന്‍ അതില്‍ ദൈവത്തിന്‍റെ മഹത്ത്വം ദര്‍ശിച്ചിട്ടു സ്തോത്രം ചെയ്തു. “നിശ്ചയമായും ഈ മനുഷ്യന്‍ നീതിമാന്‍ ആയിരുന്നു” എന്ന് അയാള്‍ പറഞ്ഞു.

48

കാഴ്ചക്കാരായി വന്നുകൂടിയ ജനങ്ങള്‍ ഈ സംഭവങ്ങളെല്ലാം കണ്ടപ്പോള്‍ മാറത്തടിച്ചു നിലവിളിച്ചുകൊണ്ടു മടങ്ങിപ്പോയി.

49

യേശുവിനെ നേരിട്ടറിയാവുന്നവരും ഗലീലയില്‍നിന്ന് അവിടുത്തെ അനുഗമിച്ച സ്‍ത്രീകളും അല്പം അകലെനിന്ന് ഇതെല്ലാം വീക്ഷിച്ചുകൊണ്ടിരുന്നു.

50

[50,51] യെഹൂദ്യയിലെ അരിമത്യ എന്ന പട്ടണക്കാരനായ യോസേഫ് എന്നൊരാള്‍ അവിടെയുണ്ടായിരുന്നു. അദ്ദേഹം സന്നദ്രിംസംഘത്തിലെ അംഗമായിരുന്നെങ്കിലും യേശുവിനെ സംബന്ധിച്ച് അവര്‍ കൈക്കൊണ്ട തീരുമാനത്തെയും നടപടിയെയും അനുകൂലിച്ചിരുന്നില്ല. ഉത്തമനും ധര്‍മനിഷ്ഠനുമായ അദ്ദേഹം ദൈവരാജ്യത്തിന്‍റെ ആഗമനം പ്രതീക്ഷിച്ചുകൊണ്ടിരുന്നവരില്‍ ഒരാളായിരുന്നു.

51

52 യോസേഫ് പീലാത്തോസിന്‍റെ അടുക്കല്‍ ചെന്ന് യേശുവിന്‍റെ മൃതശരീരം വിട്ടുകൊടുക്കണമെന്ന് അപേക്ഷിച്ചു.

53 പിന്നീട് അദ്ദേഹം യേശുവിന്‍റെ ശരീരം താഴെയിറക്കി മൃതദേഹം പൊതിയുന്ന തുണിയില്‍ പൊതിഞ്ഞ്, പാറ തുരന്നുണ്ടാക്കിയതും അതിനു മുമ്പ് ആരെയും വച്ചിട്ടില്ലാത്തതുമായ ഒരു കല്ലറയില്‍ സംസ്കരിച്ചു.

54 അന്ന് യെഹൂദന്മാരുടെ ഒരുക്കനാളായിരുന്നു. ശബത്തിന്‍റെ ആരംഭമായ സന്ധ്യാസമയം സമീപിച്ചുമിരുന്നു.

55

ഗലീലയില്‍നിന്ന് യേശുവിനെ അനുഗമിച്ചിരുന്ന സ്‍ത്രീകള്‍ യോസേഫിനോടുകൂടി ചെന്ന് കല്ലറയും യേശുവിന്‍റെ മൃതദേഹം സംസ്കരിച്ച വിധവും കണ്ടു.

56 പിന്നീട് അവര്‍ തിരിച്ചുപോയി യേശുവിന്‍റെ ശരീരത്തില്‍ പൂശുവാനുള്ള സുഗന്ധദ്രവ്യങ്ങളും പരിമളതൈലവും തയ്യാറാക്കി.

ശബത്തുദിവസം യെഹൂദമതനിയമപ്രകാരം അവര്‍ വിശ്രമിച്ചു.

24

1

തങ്ങള്‍ ഒരുക്കിവച്ച സുഗന്ധദ്രവ്യങ്ങളുമായി ആ സ്‍ത്രീകള്‍ ഞായറാഴ്ച അതിരാവിലെ കല്ലറയുടെ അടുക്കലെത്തി.

2 കല്ലറയുടെ വാതില്‌ക്കല്‍ വച്ചിരുന്ന കല്ല് ഉരുട്ടി നീക്കിയിരിക്കുന്നതായി അവര്‍ കണ്ടു.

3 അവര്‍ അകത്തുകടന്നപ്പോള്‍ കര്‍ത്താവായ യേശുവിന്‍റെ ശരീരം അവിടെ കണ്ടില്ല.

4 അവര്‍ അമ്പരന്നു നില്‌ക്കുമ്പോള്‍ മിന്നിത്തിളങ്ങുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാര്‍ സമീപത്തു നില്‌ക്കുന്നതു കണ്ടു.

5 ആ സ്‍ത്രീകള്‍ ഭയപരവശരായി മുഖം കുനിച്ചുനിന്നു. അപ്പോള്‍ ആ പുരുഷന്മാര്‍ അവരോടു പറഞ്ഞു: “ജീവിച്ചിരിക്കുന്നവനെ മരിച്ചവരുടെ ഇടയില്‍ നിങ്ങള്‍ അന്വേഷിക്കുന്നതെന്തിന്?

6 [6,7] അവിടുന്ന് ഇവിടെയില്ല, ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. മനുഷ്യപുത്രന്‍ അധര്‍മികളുടെ കൈയില്‍ ഏല്പിക്കപ്പെടുമെന്നും അവര്‍ അവിടുത്തെ ക്രൂശിക്കുമെന്നും എന്നാല്‍ മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‌ക്കുമെന്നും അവിടുന്ന് ഗലീലയില്‍വച്ചു പറഞ്ഞത് നിങ്ങള്‍ ഓര്‍മിക്കുന്നില്ലേ?”

7

8

അപ്പോള്‍ അവിടുത്തെ വാക്കുകള്‍ അവര്‍ അനുസ്മരിച്ചു.

9 അവര്‍ അവിടെനിന്നു തിരിച്ചുചെന്ന് പതിനൊന്നു ശിഷ്യന്മാരെയും മറ്റുള്ളവരെയും ഈ വിവരം അറിയിച്ചു.

10 മഗ്ദലേനമറിയവും യോഹന്നയും യാക്കോബിന്‍റെ അമ്മ മറിയവും അവരുടെകൂടെ ഉണ്ടായിരുന്ന ഇതര സ്‍ത്രീകളുമാണ് അപ്പോസ്തോലന്മാരോട് ഈ വിവരങ്ങള്‍ പറഞ്ഞത്.

11 പക്ഷേ, അവരുടെ വാക്കുകള്‍ വെറും കെട്ടുകഥയാണന്നേ അവര്‍ക്കു തോന്നിയുള്ളൂ. അത് അവര്‍ ഒട്ടും വിശ്വസിച്ചതുമില്ല.

12 പത്രോസ് കല്ലറയുടെ അടുക്കല്‍ ഓടിച്ചെന്നു കുനിഞ്ഞുനോക്കി; അതില്‍ മൃതദേഹം പൊതിഞ്ഞിരുന്ന തുണിയല്ലാതെ മറ്റൊന്നും കണ്ടില്ല. എന്താണു സംഭവിച്ചതെന്നോര്‍ത്ത് ആശ്ചര്യഭരിതനായി അദ്ദേഹം തിരിച്ചുപോയി.

13

അന്നുതന്നെ യേശുവിന്‍റെ അനുയായികളില്‍ രണ്ടുപേര്‍ യെരൂശലേമില്‍നിന്ന് ഏകദേശം പതിനൊന്നു കിലോമീറ്റര്‍ ദൂരമുള്ള എമ്മവൂസ് എന്ന ഗ്രാമത്തിലേക്കു പോകുകയായിരുന്നു.

14 [14,15] യെരൂശലേമില്‍ നടന്ന സംഭവങ്ങളെക്കുറിച്ചു സംസാരിച്ചുകൊണ്ട് അവര്‍ നടന്നുപോകുമ്പോള്‍ യേശു അടുത്തുചെന്ന് അവരുടെകൂടെ നടന്നു.

15

16 പക്ഷേ, അവിടുത്തെ തിരിച്ചറിയാന്‍ കഴിയാതവണ്ണം അവരുടെ ദര്‍ശനശക്തി നിരോധിക്കപ്പെട്ടിരുന്നു.

17 യേശു അവരോടു ചോദിച്ചു: “നിങ്ങള്‍ നടക്കുന്നതിനിടയില്‍ പരസ്പരം പറയുന്ന കാര്യങ്ങള്‍ എന്താണ്?”

18

അവര്‍ വിഷാദത്തില്‍ മുഴുകി നിശ്ചലരായി നിന്നു. അവരില്‍ ക്ലെയോപ്പാവ് എന്നയാള്‍ അവിടുത്തോടു ചോദിച്ചു: “ഇക്കഴിഞ്ഞ ദിവസങ്ങളില്‍ യെരൂശലേമില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് അവിടെ നിവസിക്കുന്നവരില്‍ താങ്കള്‍ക്കുമാത്രം അറിവില്ലെന്നോ?”

19

“എന്തു സംഭവങ്ങള്‍?” യേശു വീണ്ടും ചോദിച്ചു.

അവര്‍ ഉത്തരം നല്‌കി: “നസറായനായ യേശുവിനെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ തന്നെ. ദൈവത്തിന്‍റെയും മനുഷ്യരുടെയും മുമ്പില്‍ വാക്കിലും പ്രവൃത്തിയിലും അസാമാന്യമായ ശക്തിയുള്ള പ്രവാചകനായിരുന്നു യേശു.

20 നമ്മുടെ പുരോഹിതമുഖ്യന്മാരും ജനപ്രമാണിമാരും അവിടുത്തെ വധശിക്ഷയ്‍ക്ക് ഏല്പിച്ചു കൊടുക്കുകയും കുരിശില്‍ തറച്ചുകൊല്ലുകയും ചെയ്തു.

21 ഇസ്രായേല്‍ജനതയെ വീണ്ടെടുക്കുവാനുള്ളവന്‍ അദ്ദേഹം ആണെന്നത്രേ ഞങ്ങള്‍ പ്രത്യാശിച്ചിരുന്നത്. മാത്രമല്ല, ഇതു സംഭവിച്ചിട്ട് ഇന്നു മൂന്നാം ദിവസമാണ്.

22 [22,23] ഞങ്ങളുടെ കൂട്ടത്തിലുള്ള ചില സ്‍ത്രീകള്‍ ഇന്ന് അതിരാവിലെ കല്ലറയുടെ അടുത്തു പോയിരുന്നു. അവിടുത്തെ ശരീരം അവര്‍ അവിടെ കണ്ടില്ല. യേശു ജീവിച്ചിരിക്കുന്നു എന്ന് ദൈവദൂതന്മാര്‍ പ്രത്യക്ഷപ്പെട്ടു തങ്ങളെ അറിയിച്ചതായി ആ സ്‍ത്രീകള്‍ പറഞ്ഞു. ഇതുകേട്ടപ്പോള്‍ ഞങ്ങള്‍ അമ്പരന്നുപോയി.

23

24 ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ചിലര്‍ കല്ലറയുടെ അടുക്കല്‍ പോയി നോക്കി. ആ സ്‍ത്രീകള്‍ പറഞ്ഞതുപോലെ യേശുവിനെ അവരും കണ്ടില്ല.”

25

അവിടുന്ന് അവരോടു പറഞ്ഞു: “ഹാ, നിങ്ങള്‍ ഇത്ര ബുദ്ധിശൂന്യരോ! പ്രവാചകന്മാര്‍ പറഞ്ഞിട്ടുള്ളതെല്ലാം വിശ്വസിക്കുവാന്‍ കഴിയാതെവണ്ണം നിങ്ങള്‍ മന്ദബുദ്ധികളായിപ്പോയല്ലോ.

26 ക്രിസ്തു ഇതെല്ലാം സഹിച്ചിട്ട് തന്‍റെ മഹത്ത്വത്തില്‍ പ്രവേശിക്കേണ്ടതല്ലേ?”

27

പിന്നീടു മോശയും സകല പ്രവാചകന്മാരും എഴുതിയിട്ടുള്ള രേഖകള്‍ ആരംഭംമുതല്‍ വ്യാഖാനിച്ച് തന്നെപ്പറ്റിയുള്ള വേദലിഖിതങ്ങള്‍ അവിടുന്ന് അവരെ ബോധ്യപ്പെടുത്തി.

28

അവര്‍ക്കു പോകേണ്ടിയിരുന്ന ഗ്രാമത്തോടു സമീപിച്ചപ്പോള്‍ അവിടുന്നു മുമ്പോട്ടുപോകുവാന്‍ ഭാവിച്ചു.

29 അപ്പോള്‍ അവര്‍ നിര്‍ബന്ധപൂര്‍വം പറഞ്ഞു: “ഇന്നു ഞങ്ങളുടെകൂടെ പാര്‍ക്കുക; പകല്‍ കഴിയാറായിരിക്കുന്നു. നേരം എരിഞ്ഞടങ്ങുവാന്‍ പോകുകയാണല്ലോ. അങ്ങനെ അവിടുന്ന് അവരോടുകൂടി രാപാര്‍ക്കുവാന്‍ ചെന്നു.

30

അത്താഴം കഴിക്കാനിരുന്നപ്പോള്‍ യേശു അപ്പം എടുത്ത് ആശീര്‍വദിച്ചു നുറുക്കി അവര്‍ക്കു കൊടുത്തു.

31 ഉടനെ അവരുടെ കണ്ണുകള്‍ തുറന്നു. അവര്‍ യേശുവിനെ തിരിച്ചറിഞ്ഞു. ഉടന്‍തന്നെ അവിടുന്ന് അപ്രത്യക്ഷനാകുകയും ചെയ്തു.

32 “വഴിയില്‍വച്ച് അവിടുന്ന് സംസാരിക്കുകയും വേദഭാഗങ്ങള്‍ നമുക്കു വ്യക്തമാക്കിത്തരികയും ചെയ്തപ്പോള്‍ നമ്മുടെ ഹൃദയം ഉള്ളില്‍ കത്തി ജ്വലിക്കുകയായിരുന്നില്ലേ?” എന്നിങ്ങനെ അവര്‍ പരസ്പരം പറഞ്ഞു.

33

അപ്പോള്‍ത്തന്നെ അവര്‍ എഴുന്നേറ്റ് യെരൂശലേമിലേക്കു തിരിച്ചു. അവിടെ ചെന്ന് പതിനൊന്നു ശിഷ്യന്മാരെയും അവരോടൊത്ത് അവിടെ കൂടിയിരുന്ന മറ്റുള്ളവരെയും കണ്ടു.

34 “കര്‍ത്താവു നിശ്ചയമായും ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു! അവിടുന്നു ശിമോനു പ്രത്യക്ഷനാകുകയും ചെയ്തു” എന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

35

വഴിയില്‍വച്ചു നടന്ന സംഭവവും അപ്പം നുറുക്കിയപ്പോള്‍ യേശുവിനെ തിരിച്ചറിയാനിടയായതുമെല്ലാം എമ്മവൂസില്‍നിന്നു മടങ്ങിച്ചെന്നവര്‍ അവരെ അറിയിച്ചു.

36

ഇങ്ങനെ അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ യേശു അവരുടെ മധ്യത്തില്‍ വന്നുനിന്നു, “നിങ്ങള്‍ക്കു സമാധാനം” എന്നു പറഞ്ഞു.

37

തങ്ങള്‍ കാണുന്നത് ഒരു ഭൂതത്തെയാണെന്നു വിചാരിച്ച് അവര്‍ ഭയപ്പെട്ടു പരിഭ്രമിച്ചു.

38 യേശു അവരോട് അരുള്‍ചെയ്തു: “നിങ്ങള്‍ എന്തിനു പരിഭ്രമിക്കുന്നു? എന്തിനു സംശയിക്കുന്നു?

39 എന്‍റെ കൈകളും കാലുകളും നോക്കുക; ഇതു ഞാന്‍ തന്നെയാണ്; എന്നെ തൊട്ടു നോക്കൂ. എനിക്കുള്ളതായി നിങ്ങള്‍ കാണുന്നതുപോലെ അസ്ഥിയും മാംസവും ഭൂതത്തിനില്ലല്ലോ.”

40

ഇങ്ങനെ പറഞ്ഞുകൊണ്ട് അവിടുന്ന് തന്‍റെ കൈകാലുകള്‍ അവര്‍ക്കു കാണിച്ചുകൊടുത്തു.

41 എന്നിട്ടും അവര്‍ക്കു വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല; അവര്‍ അത്രയ്‍ക്ക് ആനന്ദത്തില്‍ മുഴുകുകയും വിസ്മയഭരിതരാകുകയും ചെയ്തിരുന്നു.

42 അവിടുന്നു ചോദിച്ചു: “നിങ്ങളുടെ പക്കല്‍ തിന്നുവാന്‍ വല്ലതുമുണ്ടോ?” അവര്‍ ഒരു കഷണം വറുത്ത മീനും തേന്‍കട്ടയും യേശുവിനു കൊടുത്തു;

43 അവിടുന്ന് അവരുടെ മുമ്പില്‍വച്ച് തിന്നുകയും ചെയ്തു.

44

അനന്തരം യേശു അവരോട് അരുള്‍ചെയ്തു: “മോശയുടെ നിയമസംഹിതയിലും പ്രവാചകന്മാരുടെ ഗ്രന്ഥങ്ങളിലും സങ്കീര്‍ത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതിയിട്ടുള്ളതെല്ലാം പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു എന്നു ഞാന്‍ നിങ്ങളുടെകൂടെ ഉണ്ടായിരുന്നപ്പോള്‍ പറഞ്ഞതാണല്ലോ.”

45

അനന്തരം വേദലിഖിതങ്ങള്‍ ഗ്രഹിക്കുന്നതിന് അവിടുന്ന് അവരുടെ ബുദ്ധിയെ പ്രകാശിപ്പിച്ചു.

46 [46,47] യേശു പിന്നെയും അവരോട് അരുള്‍ചെയ്തു: “ക്രിസ്തു പീഡനം അനുഭവിക്കുകയും മൂന്നാം നാള്‍ മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‌ക്കുകയും തന്‍റെ നാമത്തില്‍ യെരൂശലേമില്‍ തുടങ്ങി സകല ജനതകളോടും പശ്ചാത്താപത്തെയും പാപമോചനത്തെയും കുറിച്ചുള്ള സന്ദേശം പ്രസംഗിക്കപ്പെടുകയും ചെയ്യണമെന്ന് എഴുതപ്പെട്ടിട്ടുണ്ടല്ലോ. ഇവയ്‍ക്കെല്ലാം നിങ്ങള്‍ സാക്ഷികള്‍.

47

48 [48,49] എന്‍റെ പിതാവു വാഗ്ദാനം ചെയ്തിട്ടുള്ളത് ഞാന്‍ നിങ്ങളുടെമേല്‍ അയയ്‍ക്കും. സ്വര്‍ഗത്തില്‍നിന്ന് ശക്തി പ്രാപിക്കുന്നതുവരെ നിങ്ങള്‍ യെരൂശലേമില്‍ത്തന്നെ വസിക്കുക.”

49

50

അനന്തരം യേശു അവരെ ബേഥാന്യയിലേക്കു കൂട്ടിക്കൊണ്ടുപോയി; കരങ്ങളുയര്‍ത്തി അവിടുന്ന് അവരെ ആശീര്‍വദിച്ചു.

51 അവരെ അനുഗ്രഹിക്കുമ്പോള്‍ത്തന്നെ അവിടുന്ന് അവരെ വിട്ടുപിരിഞ്ഞു സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു;

52 അവര്‍ അവിടുത്തെ നമസ്കരിച്ചശേഷം ആനന്ദാതിരേകത്തോടെ യെരൂശലേമിലേക്കു തിരിച്ചുപോയി;

53 ദൈവത്തെ സ്തുതിച്ചുകൊണ്ട് അവര്‍ ദേവാലയത്തില്‍ത്തന്നെ കഴിഞ്ഞുകൂടി.