1
ഇതു ദൈവപുത്രനായ യേശുക്രിസ്തുവിന്‍റെ സുവിശേഷം.2 [2,3] യെശയ്യാപ്രവാചകന്‍റെ പുസ്തകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:
‘നിനക്കുവേണ്ടി വഴി ഒരുക്കുന്നതിന്3
4
അങ്ങനെ യോഹന്നാന്‍ മരുഭൂമിയില്‍ പ്രത്യക്ഷപ്പെട്ട് സ്നാപനം നടത്തുകയും. പ്രസംഗിക്കുകയും ചെയ്തു. “നിങ്ങളുടെ പാപത്തില്‍നിന്നു പിന്തിരിഞ്ഞ് സ്നാപനം സ്വീകരിക്കുക; അപ്പോള്‍ ദൈവം നിങ്ങളുടെ പാപങ്ങള്‍ക്കു മോചനം നല്‌കും” എന്ന് അദ്ദേഹം ജനത്തോടു പറഞ്ഞു.5 യെഹൂദ്യയിലും യെരൂശലേമിലുമുള്ള സര്‍വജനങ്ങളും അദ്ദേഹത്തിന്‍റെ പ്രഭാഷണം കേള്‍ക്കുവാന്‍ വന്നുകൂടി. അവര്‍ തങ്ങളുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞു; അദ്ദേഹം യോര്‍ദ്ദാന്‍ നദിയില്‍ അവരെ സ്നാപനം ചെയ്തു.
6
ഒട്ടകരോമംകൊണ്ടുള്ള വസ്ത്രവും തുകല്‍ ബെല്‍റ്റും യോഹന്നാന്‍ ധരിച്ചിരുന്നു. വെട്ടുക്കിളിയും കാട്ടുതേനുമായിരുന്നു അദ്ദേഹത്തിന്‍റെ ആഹാരം.7 യോഹന്നാന്‍ ഇപ്രകാരം പ്രഖ്യാപനം ചെയ്തു: “എന്‍റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ബലമേറിയവനാണ്. കുനിഞ്ഞ് അവിടുത്തെ ചെരുപ്പ് അഴിക്കുവാന്‍പോലുമുള്ള യോഗ്യത എനിക്കില്ല.
8 ഞാന്‍ ജലംകൊണ്ടു നിങ്ങളെ സ്നാപനം ചെയ്തിരിക്കുന്നു; അവിടുന്നാകട്ടെ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടു സ്നാപനം ചെയ്യും.”
9
അക്കാലത്ത് യേശു ഗലീലപ്രദേശത്തെ നസറെത്തില്‍നിന്നു വന്ന് യോര്‍ദ്ദാന്‍നദിയില്‍ യോഹന്നാനില്‍നിന്നു സ്നാപനം സ്വീകരിച്ചു.10 വെള്ളത്തില്‍നിന്നു കയറിയ ഉടനെ സ്വര്‍ഗം തുറക്കുന്നതും ആത്മാവ് ഒരു പ്രാവിനെപ്പോലെ തന്‍റെമേല്‍ ഇറങ്ങിവരുന്നതും അദ്ദേഹം കണ്ടു.
11 “നീ എന്‍റെ പ്രിയ പുത്രന്‍; നിന്നില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു” എന്നു സ്വര്‍ഗത്തില്‍നിന്ന് ഒരു അശരീരിയുമുണ്ടായി.
12
ഉടനെതന്നെ ആത്മാവ് അവിടുത്തെ വിജനസ്ഥലത്തേക്കു നയിച്ചു.13 അവിടുന്ന് അവിടെ സാത്താനാല്‍ പരീക്ഷിക്കപ്പെട്ടുകൊണ്ട് നാല്പതു ദിവസം വന്യമൃഗങ്ങളോടുകൂടി കഴിച്ചുകൂട്ടി. മാലാഖമാര്‍ വന്ന് അവിടുത്തെ പരിചരിച്ചുകൊണ്ടിരുന്നു.
14
യോഹന്നാന്‍ കാരാഗൃഹത്തിലടയ്‍ക്കപ്പെട്ടശേഷം യേശു ഗലീലയില്‍ ചെന്ന് ദൈവത്തിന്‍റെ സുവിശേഷം ഉദ്ഘോഷിച്ചു.15 “സമയം പൂര്‍ത്തിയായി; ദൈവരാജ്യം ഇതാ അടുത്തെത്തിക്കഴിഞ്ഞു! പാപത്തില്‍നിന്നു പിന്തിരിഞ്ഞ് സുവിശേഷത്തില്‍ വിശ്വസിക്കുക” എന്ന് അവിടുന്നു പറഞ്ഞു.
16
ഗലീലത്തടാകത്തിന്‍റെ തീരത്തുകൂടി യേശു നടന്നു പോകുകയായിരുന്നു. ശിമോനും തന്‍റെ സഹോദരന്‍ അന്ത്രയാസും തടാകത്തില്‍ വല വീശുന്നത് അവിടുന്ന് കണ്ടു; അവര്‍ മീന്‍പിടിത്തക്കാരായിരുന്നു.17 യേശു അവരോട്: “എന്‍റെ കൂടെ വരിക; ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു പറഞ്ഞു.
18 ഉടനെതന്നെ അവര്‍ വലയും മറ്റും ഉപേക്ഷിച്ച് അവിടുത്തെ അനുഗമിച്ചു.
19
അവിടെനിന്നു കുറെദൂരം മുന്നോട്ടു ചെന്നപ്പോള്‍ യാക്കോബും അയാളുടെ സഹോദരന്‍ യോഹന്നാനും വഞ്ചിയിലിരുന്നു വല നന്നാക്കുന്നതു കണ്ടു. സെബദിയുടെ പുത്രന്മാരായിരുന്നു അവര്‍.20 യേശു അവരെയും വിളിച്ചു. അവരുടെ പിതാവായ സെബദിയെ കൂലിക്കാരോടുകൂടി വഞ്ചിയില്‍ വിട്ടിട്ട് അവര്‍ യേശുവിനെ അനുഗമിച്ചു.
21
പിന്നീട് അവര്‍ കഫര്‍ന്നഹൂമില്‍ പ്രവേശിച്ചു. ശബത്തില്‍ യേശു സുനഗോഗില്‍ ചെന്നു പഠിപ്പിച്ചുകൊണ്ടിരുന്നു.22 യേശുവിന്‍റെ ധര്‍മോപദേശം കേട്ടു ജനങ്ങള്‍ വിസ്മയിച്ചു. യെഹൂദമതപണ്ഡിതന്മാരെപ്പോലെയല്ല അധികാരത്തോടുകൂടിയത്രേ അവിടുന്ന് പ്രബോധിപ്പിച്ചത്.
23
[23,24] ദുരാത്മാവ് ബാധിച്ച ഒരു മനുഷ്യന്‍ അവരുടെ സുനഗോഗിലുണ്ടായിരുന്നു. “നസറായനായ യേശുവേ, അങ്ങേക്കു ഞങ്ങളോട് എന്തു കാര്യം? ഞങ്ങളെ നശിപ്പിക്കുന്നതിനാണോ അങ്ങു വന്നിരിക്കുന്നത്? അങ്ങ് ആരാണെന്ന് എനിക്കറിയാം; അങ്ങു ദൈവത്തിന്‍റെ പരിശുദ്ധന്‍തന്നെ” എന്ന് അയാള്‍ ആക്രോശിച്ചു.24
25
“മിണ്ടരുത്, അവനെ വിട്ടു പോകൂ” എന്നു യേശു ദുരാത്മാവിനോട് ആജ്ഞാപിച്ചു.26
അപ്പോള്‍ അയാളെ കഠിനമായി ഉലച്ച് ഉച്ചത്തില്‍ അലറിക്കൊണ്ട് ആ ദുരാത്മാവ് വിട്ടുപോയി. എല്ലാവരും ആശ്ചര്യപരതന്ത്രരായി.27 “ഇതെന്ത്? ഇത് ഒരു പുതിയ ഉപദേശമാണല്ലോ! ദുരാത്മാക്കളോടുപോലും ഇദ്ദേഹം ആജ്ഞാപിക്കുന്നു! അവ അനുസരിക്കുകയും ചെയ്യുന്നുവല്ലോ” എന്ന് അവര്‍ അന്യോന്യം പറഞ്ഞു.
28
അങ്ങനെ അവിടുത്തെക്കുറിച്ചുള്ള കീര്‍ത്തി ഗലീലനാട്ടിലെങ്ങും അതിവേഗം പരന്നു.29
സുനഗോഗില്‍നിന്നു പുറപ്പെട്ട്, യാക്കോബിനോടും യോഹന്നാനോടുംകൂടി യേശു ശിമോന്‍റെയും അന്ത്രയാസിന്‍റെയും വീട്ടില്‍ ചെന്നു.30 അപ്പോള്‍ ശിമോന്‍റെ ഭാര്യാമാതാവ് ജ്വരബാധിതയായി കിടപ്പിലായിരുന്നു. അവിടെ എത്തിയ ഉടനെ ആ രോഗിണിയെപ്പറ്റി അവര്‍ യേശുവിനോടു പറഞ്ഞു.
31 അവിടുന്ന് അടുത്തുചെന്ന് ആ സ്‍ത്രീയുടെ കൈക്കു പിടിച്ച് എഴുന്നേല്പിച്ചു. ഉടനെ ജ്വരം വിട്ടുമാറി. ആ സ്‍ത്രീ അവരെ പരിചരിക്കുകയും ചെയ്തു.
32
സൂര്യാസ്തമയത്തോടുകൂടി ശബത്ത് അവസാനിച്ചപ്പോള്‍, അവര്‍ എല്ലാവിധ രോഗികളെയും ഭൂതബാധിതരെയും അവിടുത്തെ അടുക്കല്‍ കൊണ്ടുവന്നു.33 പട്ടണവാസികളെല്ലാവരും വാതില്‌ക്കല്‍ വന്നുകൂടി.
34 വിവിധ വ്യാധികള്‍ ബാധിച്ച അനേകമാളുകളെ അവിടുന്നു സുഖപ്പെടുത്തി. അനേകം ഭൂതാവിഷ്ടരില്‍നിന്ന് ഭൂതങ്ങളെ ബഹിഷ്കരിക്കുകയും ചെയ്തു. അവിടുന്ന് ആരാണെന്നു ഭൂതങ്ങള്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ട്, അവിടുന്ന് അവരെ സംസാരിക്കുവാന്‍ അനുവദിച്ചില്ല.
35
അതിരാവിലെ ഇരുട്ടുള്ളപ്പോള്‍ത്തന്നെ യേശു എഴുന്നേറ്റ് ഒരു വിജനസ്ഥലത്തുപോയി പ്രാര്‍ഥിച്ചു.36 ശിമോനും കൂടെയുണ്ടായിരുന്നവരും യേശുവിനെ അന്വേഷിച്ചു പുറപ്പെട്ടു.
37 അവിടുത്തെ കണ്ടെത്തിയപ്പോള്‍ “എല്ലാവരും അങ്ങയെ അന്വേഷിക്കുന്നു” എന്ന് അവര്‍ പറഞ്ഞു.
38
യേശു അവരോട്, “ചുറ്റുപാടുമുള്ള മറ്റു ഗ്രാമങ്ങളിലേക്കും നമുക്കു പോകണം. എനിക്ക് ആ പ്രദേശങ്ങളിലും പ്രസംഗിക്കേണ്ടിയിരിക്കുന്നു. അതിനുവേണ്ടിയാണല്ലോ ഞാന്‍ വന്നിരിക്കുന്നത്” എന്നു മറുപടി പറഞ്ഞു.39
അവരുടെ സുനഗോഗുകളില്‍ പ്രസംഗിക്കുകയും ഭൂതങ്ങളെ ബഹിഷ്കരിക്കുകയും ചെയ്തുകൊണ്ട് ഗലീലയില്‍ ഉടനീളം അവിടുന്നു സഞ്ചരിച്ചു.40
ഒരു കുഷ്ഠരോഗി യേശുവിന്‍റെ അടുക്കല്‍ വന്നു മുട്ടുകുത്തി കേണപേക്ഷിച്ചു: “അങ്ങേക്കു മനസ്സുണ്ടെങ്കില്‍ രോഗം നീക്കി എന്നെ ശുദ്ധീകരിക്കുവാന്‍ കഴിയും.”41
യേശു മനസ്സലിഞ്ഞ് കൈനീട്ടി അയാളെ തൊട്ടു; “എനിക്കു മനസ്സുണ്ട്; ശുദ്ധനാകുക” എന്നു പറഞ്ഞു.42 തല്‍ക്ഷണം കുഷ്ഠരോഗം വിട്ടുമാറി അയാള്‍ ശുദ്ധനായിത്തീര്‍ന്നു.
43 [43,44] “നോക്കൂ, ഇക്കാര്യം ആരോടും പറയരുത്; എന്നാല്‍ നീ നേരെ പുരോഹിതന്‍റെ അടുക്കല്‍ ചെന്നു നിന്നെത്തന്നെ കാണിച്ചുകൊടുക്കുക; രോഗവിമുക്തനായി എന്നുള്ളതിന്‍റെ സാക്ഷ്യത്തിനായി മോശ കല്പിച്ചിട്ടുള്ള വഴിപാട് അര്‍പ്പിക്കുകയും ചെയ്യുക” എന്നു യേശു കര്‍ശനമായി ആജ്ഞാപിച്ചശേഷം അയാളെ പറഞ്ഞയച്ചു.
44
45
എന്നാല്‍ ആ മനുഷ്യന്‍ അവിടെനിന്നു പോയ ഉടനെ, ഈ വാര്‍ത്ത എല്ലായിടത്തും പറഞ്ഞു പരത്തുവാന്‍ തുടങ്ങി. പരസ്യമായി പട്ടണത്തില്‍ പ്രവേശിക്കുവാന്‍ യേശുവിനു നിവൃത്തിയില്ലാതെയായി; അതുകൊണ്ട് അവിടുന്നു വിജനസ്ഥലങ്ങളില്‍ കഴിഞ്ഞുകൂടി. എങ്കിലും എല്ലാ ദിക്കുകളില്‍നിന്നും ആളുകള്‍ അവിടുത്തെ അടുക്കല്‍ വന്നുകൊണ്ടിരുന്നു.1
ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് യേശു വീണ്ടും കഫര്‍ന്നഹൂമിലെത്തി. യേശു അവിടെ ഒരു ഭവനത്തിലുണ്ടെന്നറിഞ്ഞപ്പോള്‍ വാതില്‌ക്കല്‍പോലും നില്‌ക്കാന്‍ ഇടമില്ലാത്തവിധം അനേകമാളുകള്‍ അവിടെ വന്നുകൂടി.2 യേശു അവരോടു ദിവ്യസന്ദേശം പ്രസംഗിച്ചു.
3 ഒരു പക്ഷവാതരോഗിയെ ചുമന്നുകൊണ്ട് നാലുപേര്‍ അവിടെ വന്നു.
4 എന്നാല്‍ ജനബാഹുല്യം നിമിത്തം യേശുവിനെ സമീപിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല; അതുകൊണ്ട് ആ വീടിന്‍റെ മുകളില്‍ കയറി മട്ടുപ്പാവു പൊളിച്ച്, ആ രോഗിയെ കിടക്കയോടുകൂടി യേശുവിന്‍റെ മുമ്പില്‍ ഇറക്കിവച്ചു.
5 അവരുടെ വിശ്വാസം കണ്ടിട്ട് യേശു ആ രോഗിയോട്: “മകനേ, നിന്‍റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
6
അവിടെ ഉണ്ടായിരുന്ന ചില മതപണ്ഡിതന്മാര്‍ ആത്മഗതം ചെയ്തു:7 “ഈ മനുഷ്യന്‍ ഇങ്ങനെ പറയുന്നത് എന്തുകൊണ്ട്? ഇതു ദൈവദൂഷണമല്ലേ? ദൈവം ഒരുവനല്ലാതെ മറ്റാര്‍ക്കാണ് പാപം ക്ഷമിക്കുവാന്‍ കഴിയുക.”
8
അവരുടെ അന്തര്‍ഗതം ആത്മാവില്‍ അറിഞ്ഞുകൊണ്ട് യേശു അവരോടു ചോദിച്ചു: “നിങ്ങള്‍ ഉള്ളില്‍ ഇങ്ങനെ ചിന്തിക്കുന്നത് എന്തിന്?9 പക്ഷവാതരോഗിയോടു നിന്‍റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു കിടക്ക എടുത്തുകൊണ്ടു നടക്കുക എന്നു പറയുന്നതോ ഏതാണ് എളുപ്പം?
10 എന്നാല്‍ ഭൂമിയില്‍ മനുഷ്യപുത്രനു പാപങ്ങള്‍ പൊറുക്കുവാന്‍ അധികാരമുണ്ടെന്നു ഞാന്‍ തെളിയിച്ചുതരാം.”
11 അനന്തരം യേശു ആ പക്ഷവാതരോഗിയോട്, “എഴുന്നേറ്റു കിടക്കയെടുത്തു നിന്‍റെ വീട്ടിലേക്കു പോകുക എന്നു ഞാന്‍ നിന്നോടു പറയുന്നു” എന്ന് അരുള്‍ചെയ്തു.
12
അയാള്‍ തല്‍ക്ഷണം എല്ലാവരും കാൺകെ എഴുന്നേറ്റ് കിടക്കയെടുത്തു നടന്നുപോയി. ഇതു കണ്ട് അവിടെ കൂടിയിരുന്നവരെല്ലാം വിസ്മയിച്ച് അദ്ഭുതപ്പെട്ടു. “ഇതുപോലെയൊരു സംഭവം ഒരിക്കലും കണ്ടിട്ടില്ലല്ലോ” എന്നു പറഞ്ഞുകൊണ്ട് അവര്‍ ദൈവത്തെ പ്രകീര്‍ത്തിച്ചു.13
യേശു വീണ്ടും ഗലീലത്തടാകത്തിന്‍റെ തീരത്തേക്കു പോയി; ഒരു ജനസഞ്ചയം അവിടുത്തെ അടുക്കല്‍ വന്നുകൂടി. അവിടുന്ന് അവരെ ഉപദേശിച്ചു.14 അവിടുന്നു മുന്‍പോട്ട് ചെന്നപ്പോള്‍ അല്ഫായിയുടെ മകനായ ലേവി എന്ന ചുങ്കം പിരിവുകാരന്‍ തന്‍റെ ജോലിസ്ഥലത്തിരിക്കുന്നതു കണ്ടു. “എന്‍റെ കൂടെ വരിക” എന്ന് യേശു അയാളോടു പറഞ്ഞു. ലേവി എഴുന്നേറ്റ് അവിടുത്തെ അനുഗമിച്ചു.
15
യേശു ലേവിയുടെ വീട്ടില്‍ ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ ചുങ്കക്കാരും മതനിഷ്ഠയില്ലാത്തവരുമായ പലരും യേശുവിനോടും ശിഷ്യന്മാരോടുംകൂടി പന്തിയിലിരുന്നു. ഇങ്ങനെയുള്ള അനേകമാളുകള്‍ അവിടുത്തെ അനുഗമിച്ചിരുന്നു.16 ചുങ്കക്കാരോടും മതനിഷ്ഠയില്ലാത്തവരോടും കൂടിയിരുന്ന് യേശു ഭക്ഷണം കഴിക്കുന്നത് പരീശന്മാരായ മതപണ്ഡിതന്മാര്‍ കണ്ടപ്പോള്‍ അവിടുത്തെ ശിഷ്യന്മാരോട് അവര്‍ ചോദിച്ചു: “എന്തുകൊണ്ടാണ് അദ്ദേഹം ചുങ്കക്കാരോടും മതനിഷ്ഠയില്ലാത്തവരോടുംകൂടി ഇരുന്നു ഭക്ഷണം കഴിക്കുന്നത്?”
17
ഇതു കേട്ടിട്ട് യേശു അവരോട്, “ആരോഗ്യമുള്ളവര്‍ക്കല്ല രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം; ഞാന്‍ പുണ്യവാന്മാരെയല്ല പാപികളെയാണു വിളിക്കുവാന്‍ വന്നത്” എന്നു പറഞ്ഞു.18
ഒരിക്കല്‍ സ്നാപകയോഹന്നാന്‍റെ ശിഷ്യന്മാരും പരീശന്മാരും ഉപവസിക്കുകയായിരുന്നു. ചിലര്‍ വന്ന് യേശുവിനോടു ചോദിച്ചു: “യോഹന്നാന്‍റെയും പരീശന്മാരുടെയും ശിഷ്യന്മാര്‍ ഉപവസിക്കുന്നുണ്ടല്ലോ; അങ്ങയുടെ ശിഷ്യന്മാര്‍ ഉപവസിക്കാത്തത് എന്തുകൊണ്ടാണ്?”19
യേശു അവരോടു ചോദിച്ചു, “മണവാളന്‍ കൂടെയുള്ളപ്പോള്‍ വിരുന്നുകാര്‍ക്ക് ഉപവസിക്കാമോ?20 മണവാളന്‍ അവരെ വിട്ടുപിരിയുന്ന കാലം വരും; അന്ന് അവര്‍ ഉപവസിക്കും.
21
“ആരും കോടിത്തുണിക്കഷണം പഴയ വസ്ത്രത്തില്‍ ചേര്‍ത്തു തുന്നുകയില്ല. അങ്ങനെ ചെയ്താല്‍ പുത്തന്‍തുണി ചുരുങ്ങി പഴയതില്‍നിന്നു വിട്ടുപോവുകയും തന്മൂലം കീറല്‍ ഏറെ വലുതാവുകയും ചെയ്യും.22 ആരും പുതുവീഞ്ഞ് പഴയ തോല്‌ക്കുടങ്ങളില്‍ ഒഴിച്ചുവയ്‍ക്കാറില്ല. അപ്രകാരം ചെയ്താല്‍ വീഞ്ഞ് തോല്‌ക്കുടത്തെ പിളര്‍ക്കും; വീഞ്ഞ് ഒഴുകിപ്പോകുകയും കുടം നശിക്കുകയും ചെയ്യും. പുതുവീഞ്ഞ് പുതിയ തോല്‌ക്കുടങ്ങളില്‍ത്തന്നെയാണ് ഒഴിച്ചുവയ്‍ക്കേണ്ടത്.”
23
ഒരു ശബത്തുദിവസം യേശു ഒരു വിളഭൂമിയില്‍ക്കൂടി നടന്നുപോകുമ്പോള്‍ അവിടുത്തെ ശിഷ്യന്മാര്‍ കതിര്‍ പറിച്ചു തുടങ്ങി.24
പരീശന്മാര്‍ യേശുവിനോട്, “ഇവര്‍ ശബത്തുദിവസം ചെയ്തുകൂടാത്തതു ചെയ്യുന്നതു കണ്ടില്ലേ?” എന്നു ചോദിച്ചു.25
യേശു പ്രതിവചിച്ചു: “ദാവീദും അനുചരന്മാരും വിശന്നുവലഞ്ഞപ്പോള്‍ എന്താണു ചെയ്തതെന്നു നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലേ?26 അബ്യാഥാര്‍പുരോഹിതന്‍റെ കാലത്ത് ദാവീദ് ദേവാലയത്തില്‍ പ്രവേശിച്ച് പുരോഹിതന്മാരല്ലാതെ മറ്റാരും ഭക്ഷിച്ചുകൂടാത്ത കാഴ്ചയപ്പം എടുത്തു ഭക്ഷിക്കുകയും അനുചരന്മാര്‍ക്കു കൊടുക്കുകയും ചെയ്തില്ലേ?”
27
പിന്നീടു യേശു അവരോടു പറഞ്ഞു: “ശബത്തു മനുഷ്യനുവേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്; മനുഷ്യന്‍ ശബത്തിനുവേണ്ടിയുള്ളവനല്ല.28 മനുഷ്യപുത്രനാകട്ടെ ശബത്തിന്‍റെയും കര്‍ത്താവാകുന്നു.”
1
യേശു പിന്നീടൊരിക്കല്‍ സുനഗോഗില്‍ ചെന്നു; കൈ ശോഷിച്ചുപോയ ഒരു മനുഷ്യന്‍ അവിടെയുണ്ടായിരുന്നു.2 ശബത്തുദിവസം അവിടുന്ന് ആ മനുഷ്യനെ സുഖപ്പെടുത്തുമോ എന്ന് അവര്‍ ഉറ്റുനോക്കിക്കൊണ്ടിരുന്നു. യേശുവില്‍ കുറ്റം ആരോപിക്കുന്നതിനുവേണ്ടിയാണ് അങ്ങനെ ചെയ്തത്.
3 കൈ ശോഷിച്ച ആ മനുഷ്യനോട്, “എഴുന്നേറ്റ് മുന്‍പിലേക്ക് മാറിനില്‌ക്കുക” എന്ന് യേശു പറഞ്ഞു.
4 പിന്നീട് അവിടുന്ന് ജനത്തോട്, “ശബത്തില്‍ നന്മ ചെയ്യുന്നതോ, തിന്മ ചെയ്യുന്നതോ, ജീവനെ രക്ഷിക്കുന്നതോ, നശിപ്പിക്കുന്നതോ ഏതാണു നിയമാനുസൃതം?” എന്നു ചോദിച്ചു. അവരാകട്ടെ മൗനം അവലംബിച്ചു.
5 യേശു അവരുടെ ഹൃദയകാഠിന്യത്തില്‍ ദുഃഖിച്ച്, കോപത്തോടുകൂടി ചുറ്റും നോക്കിയശേഷം ആ മനുഷ്യനോട്, “നിന്‍റെ കൈ നീട്ടുക” എന്നു പറഞ്ഞു. അയാള്‍ കൈ നീട്ടി.
6 ഉടനെ കൈ സുഖം പ്രാപിച്ചു. പരീശന്മാര്‍ ഉടന്‍തന്നെ പുറത്തുപോയി അവിടുത്തെ എങ്ങനെ അപായപ്പെടുത്താം എന്നതിനെക്കുറിച്ച് ഹേരോദ്യരോട് ആലോചിച്ചു.
7
ശിഷ്യന്മാരോടുകൂടി യേശു ഗലീലത്തടാകത്തിന്‍റെ തീരത്തേക്കു പോയി. ഗലീലയില്‍നിന്ന് ഒരു വന്‍ ജനസഞ്ചയം അവിടുത്തെ അനുഗമിച്ചു.8 യെഹൂദ്യ, യെരൂശലേം, എദോം, യോര്‍ദ്ദാന്‍റെ മറുകര, സോരിന്‍റെയും സീദോന്‍റെയും ചുറ്റുമുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം വലിയൊരു ജനാവലി യേശു ചെയ്ത കാര്യങ്ങളെക്കുറിച്ചു കേട്ടിട്ട് അവിടുത്തെ അടുക്കല്‍ വന്നുകൂടി.
9 [9,10] ഒട്ടേറെ ആളുകളെ അവിടുന്ന് സുഖപ്പെടുത്തിയതിനാല്‍ രോഗബാധിതരായ എല്ലാവരും അവിടുത്തെ സ്പര്‍ശിക്കുന്നതിനായി തള്ളിക്കയറി മുന്‍പോട്ടു വന്നുകൊണ്ടിരുന്നു. ആള്‍ക്കൂട്ടം തന്നെ ഞെരുക്കാതിരിക്കേണ്ടതിന് ഒരു ചെറുവഞ്ചി ഒരുക്കുവാന്‍ യേശു ശിഷ്യന്മാരോടു പറഞ്ഞു.
10
11 അവിടുത്തെ കണ്ടമാത്രയില്‍ ദുഷ്ടാത്മാക്കള്‍ സാഷ്ടാംഗം വീണ് “അങ്ങു ദൈവപുത്രനാണ്” എന്നു വിളിച്ചു പറഞ്ഞു.
12
താന്‍ ആരാണെന്നു വെളിപ്പെടുത്തരുതെന്ന് അവരോട് യേശു കര്‍ശനമായി ആജ്ഞാപിച്ചു.13
യേശു പിന്നീട് ഒരു കുന്നിന്‍റെ മുകളിലേക്ക് കയറിപ്പോയി. താന്‍ ഇച്ഛിച്ചവരെ അവിടുന്നു വിളിച്ചു. അവര്‍ അവിടുത്തെ അടുത്തെത്തി.14 അവിടുന്നു നിയമിച്ച പന്ത്രണ്ടുപേര്‍ക്ക് അപ്പോസ്തോലന്മാര്‍ എന്നു നാമകരണം ചെയ്തു.
15 അവിടുന്ന് അവരോടു പറഞ്ഞു: “എന്‍റെകൂടെ ആയിരിക്കേണ്ടതിന് ഞാന്‍ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു; സുവിശേഷം ഘോഷിക്കുവാന്‍ ഞാന്‍ നിങ്ങളെ അയയ്‍ക്കും; ഭൂതങ്ങളെ പുറത്താക്കുവാനുള്ള അധികാരം നിങ്ങള്‍ക്കുണ്ടായിരിക്കും.”
16
[16,17] ശിമോന് അവിടുന്നു പത്രോസ് എന്നു പേരിട്ടു. സെബദിയുടെ പുത്രന്മാരായ യാക്കോബിനും യോഹന്നാനും ഇടിമുഴക്കത്തിന്‍റെ മക്കള്‍ എന്ന് അര്‍ഥമുള്ള ബോവനേര്‍ഗ്ഗസ് എന്നും നാമകരണം ചെയ്തു.17
18 ശേഷമുള്ളവര്‍ അന്ത്രയാസ്, ഫീലിപ്പോസ്, ബര്‍തൊലൊമായി, മത്തായി, തോമസ്, അല്ഫായിയുടെ മകന്‍ യാക്കോബ്, തദ്ദായി, തീവ്രവാദിയായ ശിമോന്‍,
19 യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് ഈസ്കരിയോത്ത് എന്നിവരായിരുന്നു.
20
പിന്നീട് യേശു വീട്ടിലേക്കു പോയി. അവര്‍ക്കു ഭക്ഷണം കഴിക്കുവാന്‍പോലും സാധിക്കാത്തവിധം പിന്നെയും ജനം തിങ്ങിക്കൂടി.21 ഇതറിഞ്ഞ് യേശുവിന്‍റെ ബന്ധുജനങ്ങള്‍ അവിടുത്തെ പിടിച്ചുകൊണ്ടു പോകുവാന്‍ വന്നു. “അവിടുത്തേക്കു ബുദ്ധിഭ്രമമുണ്ട്” എന്ന് അവര്‍ പറഞ്ഞു.
22
“ബേല്‍സബൂല്‍ ആണ് ഇയാളിലുള്ളത്; പിശാചുക്കളെ ഇറക്കാനുള്ള ശക്തി ഇയാള്‍ക്കു നല്‌കുന്നത് പിശാചുക്കളുടെ തലവനാണ്” എന്ന് യെരൂശലേമില്‍നിന്നു വന്ന മതപണ്ഡിതന്മാര്‍ പറഞ്ഞു.23
അപ്പോള്‍ യേശു അവരെ വിളിച്ച് ദൃഷ്ടാന്തരൂപേണ ഇങ്ങനെ പറഞ്ഞു:24 “സാത്താനു സാത്താനെ ബഹിഷ്കരിക്കുവാന്‍ കഴിയുന്നതെങ്ങനെ? അന്തഃഛിദ്രമുള്ള രാജ്യത്തിനു നിലനില്‌ക്കുവാന്‍ സാധിക്കുകയില്ല.
25 അതുപോലെതന്നെ അന്തഃഛിദ്രമുള്ള കുടുംബത്തിനും നിലനില്‌ക്കുവാന്‍ സാധിക്കുകയില്ല.
26 സാത്താന്‍ തന്നോടുതന്നെ എതിര്‍ക്കുകയും ഭിന്നിക്കുകയും ചെയ്താല്‍ നിലനില്‌ക്കുവാന്‍ കഴിയാതെ അവന്‍ നാശമടയുന്നു.
27
“ബലശാലിയായ ഒരുവനെ പിടിച്ചുകെട്ടിയിട്ടല്ലാതെ അയാളുടെ വീട്ടില്‍ പ്രവേശിച്ച് മുതല്‍ അപഹരിക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ലല്ലോ. ആദ്യം അയാളെ ബന്ധിക്കണം. അതിനുശേഷമേ, അയാളുടെ വീടു കൊള്ളചെയ്യുവാന്‍ സാധിക്കൂ.28
“ഞാന്‍ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു: മനുഷ്യരുടെ എല്ലാ പാപങ്ങളും ഈശ്വരനിന്ദകളും ക്ഷമിക്കപ്പെടും;29 എന്നാല്‍ പരിശുദ്ധാത്മാവിനെതിരെയുള്ള ദൂഷണങ്ങള്‍ ഒരിക്കലും ക്ഷമിക്കപ്പെടുകയില്ല; അവന്‍ എന്നാളും കുറ്റവാളിയായിരിക്കും.”
30 “യേശുവില്‍ ഒരു ദുഷ്ടാത്മാവുണ്ട്” എന്ന് അവര്‍ പറഞ്ഞതുകൊണ്ടാണ് ഇങ്ങനെ പ്രസ്താവിച്ചത്.
31
യേശുവിന്‍റെ അമ്മയും സഹോദരന്മാരും പുറത്തുനിന്നുകൊണ്ട് അവിടുത്തെ വിളിക്കുവാന്‍ ആളയച്ചു.32 ഒരു വലിയ ജനസഞ്ചയം അവിടുത്തെ ചുറ്റും ഇരിക്കുന്നുണ്ടായിരുന്നു. “അവിടുത്തെ അമ്മയും സഹോദരന്മാരും സഹോദരിമാരും അവിടുത്തെ അന്വേഷിച്ചു പുറത്തു നില്‌ക്കുന്നു” എന്ന് അവര്‍ പറഞ്ഞു.
33
“ആരാണ് എന്‍റെ അമ്മ? ആരെല്ലാമാണ് എന്‍റെ സഹോദരര്‍?” എന്ന് അവിടുന്ന് അവരോടു ചോദിച്ചു.34 പിന്നീട് തന്‍റെ ചുറ്റും കൂടിയിരുന്നവരെ നോക്കിക്കൊണ്ട് അരുള്‍ചെയ്തു:
35 “ഇതാ എന്‍റെ അമ്മയും സഹോദരരും! ദൈവത്തിന്‍റെ തിരുവിഷ്ടം ചെയ്യുന്നവരാണ് എന്‍റെ സഹോദരനും സഹോദരിയും അമ്മയും.”
1
യേശു വീണ്ടും ഗലീലത്തടാകത്തിന്‍റെ തീരത്തുവച്ചു പ്രബോധിപ്പിക്കുവാന്‍ തുടങ്ങി. ഒരു വലിയ ജനാവലി അവിടുത്തെ ചുറ്റും കൂടിയിരുന്നതുകൊണ്ട് അവിടുന്ന് തടാകത്തില്‍ കിടന്ന ഒരു വഞ്ചിയില്‍ കയറി ഇരുന്നു. ജനങ്ങളെല്ലാവരും തടാകതീരത്തു നിലകൊണ്ടു.2 ദൃഷ്ടാന്തങ്ങളിലൂടെ അവിടുന്നു പല കാര്യങ്ങള്‍ അവരെ പഠിപ്പിച്ചു. ധര്‍മോപദേശമധ്യേ അവിടുന്ന് ഇപ്രകാരം പറഞ്ഞു:
3
“ഇതാ കേള്‍ക്കൂ! ഒരു മനുഷ്യന്‍ വിതയ്‍ക്കാന്‍ പുറപ്പെട്ടു.4 അയാള്‍ വിതച്ചപ്പോള്‍ കുറെ വിത്തു വഴിയില്‍ വീണു. പക്ഷികള്‍ വന്ന് അവ തിന്നുകളഞ്ഞു.
5 [5,6] ചില വിത്തു പാറയുള്ള സ്ഥലത്താണു വീണത്. അവിടെ മണ്ണിനു താഴ്ചയില്ലാതിരുന്നതിനാല്‍ വിത്തു പെട്ടെന്നു മുളച്ചെങ്കിലും അവയ്‍ക്കു വേരില്ലാഞ്ഞതുകൊണ്ട് സൂര്യന്‍ ഉദിച്ചുയര്‍ന്നപ്പോള്‍ വാടിക്കരിഞ്ഞുപോയി.
6
7 മറ്റു ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ വളര്‍ന്ന് അവയെ ഞെരുക്കിക്കളഞ്ഞു. അവ ഫലം നല്‌കിയില്ല.
8 മറ്റുള്ള വിത്തു നല്ല നിലത്താണു വീണത്. അവ മുളച്ചു വളര്‍ന്നു; മുപ്പതും അറുപതും നൂറും മേനി വിളവു നല്‌കി.”
9
“കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ” എന്നും യേശു പറഞ്ഞു.10
യേശു തനിച്ചിരുന്നപ്പോള്‍, അവിടുത്തോട് കൂടെയുണ്ടായിരുന്നവരില്‍ ചിലര്‍ പന്ത്രണ്ടു ശിഷ്യന്മാരോടുകൂടിവന്ന്, അവിടുന്നു പറഞ്ഞതിന്‍റെ പൊരുള്‍ എന്താണെന്നു ചോദിച്ചു.11 അപ്പോള്‍ യേശു അരുള്‍ചെയ്തു: “ദൈവരാജ്യത്തിന്‍റെ മര്‍മം നിങ്ങള്‍ക്കു വെളിപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ മറ്റുള്ളവരാകട്ടെ എല്ലാം ദൃഷ്ടാന്തങ്ങളിലൂടെ കേള്‍ക്കുന്നു.
12
“അവര്‍ പിന്നെയും പിന്നെയും നോക്കും;13
പിന്നീട് യേശു അവരോടു പറഞ്ഞു: “ഈ ദൃഷ്ടാന്തം നിങ്ങള്‍ക്കു മനസ്സിലായില്ലേ? എങ്കില്‍ മറ്റു ദൃഷ്ടാന്തങ്ങളൊക്കെയും നിങ്ങള്‍ എങ്ങനെ ഗ്രഹിക്കും?14 വിതയ്‍ക്കുന്നവന്‍ ദൈവവചനമാണു വിതയ്‍ക്കുന്നത്.
15 ചിലരുടെ ഹൃദയത്തില്‍ വിതയ്‍ക്കപ്പെടുന്ന വചനം കേള്‍ക്കുന്ന ക്ഷണത്തില്‍ത്തന്നെ സാത്താന്‍ വന്ന് എടുത്തുകളയുന്നു. ഇതാണ് വഴിയരികില്‍ വീണ വിത്ത്.
16 അതുപോലെതന്നെ പാറയുള്ള സ്ഥലത്തു വിതയ്‍ക്കപ്പെട്ട വിത്തിനെപ്പോലെയാണ് മറ്റു ചിലര്‍. കേള്‍ക്കുന്ന ഉടനെ അവര്‍ സന്തോഷപൂര്‍വം വചനം സ്വീകരിക്കുന്നു.
17 എന്നാല്‍ അതിന്‍റെ വേര് ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലാത്തതുകൊണ്ട് അല്പകാലം മാത്രമേ നിലനില്‌ക്കുകയുള്ളൂ; വചനംമൂലം കഷ്ടതകളും പീഡനങ്ങളും നേരിടുമ്പോള്‍ ആടിയുലഞ്ഞു വീണുപോകുന്നു.
18 മുള്‍ച്ചെടികള്‍ക്കിടയില്‍ വിതയ്‍ക്കപ്പെട്ട വിത്തിനെപ്പോലെയാണു മറ്റു ചിലര്‍; വചനം കേള്‍ക്കുമെങ്കിലും ലൗകിക ജീവിതത്തിന്‍റെ ക്ലേശങ്ങളും ധനമോഹവും
19 ഇതരകാര്യങ്ങളിലുള്ള വ്യഗ്രതയും വചനത്തെ ഞെക്കിഞെരുക്കുകയും ഫലശൂന്യമാക്കുകയും ചെയ്യുന്നവരാണ് ഇക്കൂട്ടര്‍.
20 എന്നാല്‍ നല്ല നിലത്തു വിതയ്‍ക്കപ്പെട്ട വിത്തു സൂചിപ്പിക്കുന്നത്, വചനം കേട്ടു സ്വീകരിക്കുകയും മുപ്പതും അറുപതും നൂറും മേനി വിളവ് ഉത്പാദിപ്പിക്കുകയും ചെയ്യുന്നവരെയത്രേ.”
21
പിന്നീടു യേശു അവരോടു പറഞ്ഞു: “വിളക്കു കത്തിച്ചു പറയുടെയോ കട്ടിലിന്‍റെയോ കീഴില്‍ ആരെങ്കിലും വയ്‍ക്കുമോ? അതു വിളക്കുതണ്ടിന്മേലല്ലേ വയ്‍ക്കുന്നത്?22 നിഗൂഢമായി വച്ചിരിക്കുന്നത് എന്തുതന്നെ ആയാലും അതു വെളിച്ചത്തുവരും. മൂടി വച്ചിരിക്കുന്നതെന്തും അനാവരണം ചെയ്യപ്പെടും.
23 കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.”
24
യേശു വീണ്ടും പറഞ്ഞു: “നിങ്ങള്‍ കേള്‍ക്കുന്നത് എന്താണെന്നു ശ്രദ്ധിക്കുക; നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടുതന്നെ നിങ്ങള്‍ക്ക് അളന്നു കിട്ടും; എന്നല്ല നിങ്ങള്‍ക്കു കൂടുതല്‍ കിട്ടുകയും ചെയ്യും.25 ഉള്ളവനു നല്‌കപ്പെടും; ഇല്ലാത്തവനില്‍നിന്ന് അവന് ഉള്ളതുകൂടി എടുത്തുകളയും.”
26
യേശു തുടര്‍ന്നു പറഞ്ഞു: “ഒരു മനുഷ്യന്‍ തന്‍റെ കൃഷിഭൂമിയില്‍ വിത്തു വിതയ്‍ക്കുന്നു.27 അയാള്‍ രാവും പകലും ഉറങ്ങിയും ഉണര്‍ന്നും കഴിയുന്നു. അതിനിടയ്‍ക്ക്, എങ്ങനെയെന്ന് അയാള്‍ അറിയാതെ വിത്തു മുളച്ചു വളരുന്നു. ഈ വിത്തുപോലെയാണു ദൈവരാജ്യം.
28 ഭൂമി സ്വയമേവ വിളവ് ഉത്പാദിപ്പിക്കുന്നു. ആദ്യം ഇളനാമ്പു തല നീട്ടുന്നു; പിന്നീട് കതിരും, അവസാനം കതിര്‍ക്കുല നിറയെ ധാന്യമണികളും ഉണ്ടാകുന്നു.
29 ധാന്യം വിളഞ്ഞു കൊയ്ത്തിനു പാകമാകുമ്പോള്‍ കൊയ്യുന്നതിന് അയാള്‍ ആളിനെ അയയ്‍ക്കുന്നു.”
30
അവിടുന്നു വീണ്ടും അവരോടു പറഞ്ഞു: “ദൈവരാജ്യത്തെ എന്തിനോട് ഉപമിക്കാം? ഏതൊരു ദൃഷ്ടാന്തംകൊണ്ട് അതിനെ വിശദീകരിക്കാം?31 അതൊരു കടുകുമണിയെപ്പോലെയാണ്. വിതയ്‍ക്കുമ്പോള്‍ അതു ഭൂമിയിലുള്ള മറ്റെല്ലാ വിത്തിനെയുംകാള്‍ ചെറുതാണ്.
32 എന്നാല്‍ അതു മുളച്ചുവളര്‍ന്ന് എല്ലാ ചെടികളെയുംകാള്‍ വലുതായിത്തീരുന്നു. പക്ഷികള്‍ക്ക് അതിന്‍റെ തണലില്‍ കൂടുകെട്ടി പാര്‍ക്കാന്‍ തക്ക വലിയ ശാഖകള്‍ നീട്ടുകയും ചെയ്യുന്നു.”
33
ഇതുപോലെയുള്ള അനേകം ദൃഷ്ടാന്തങ്ങള്‍ മുഖേന അവര്‍ക്കു ഗ്രഹിക്കാവുന്ന വിധത്തില്‍ യേശു ദിവ്യവചനം പ്രസംഗിച്ചു.34 ദൃഷ്ടാന്തരൂപേണയല്ലാതെ അവിടുന്ന് ഒന്നും അവരോടു പറഞ്ഞിരുന്നില്ല. ശിഷ്യന്മാരോടുകൂടി അവിടുന്ന് തനിച്ചിരിക്കുമ്പോള്‍ ഓരോ ദൃഷ്ടാന്തവും അവര്‍ക്കു വിശദീകരിച്ചു കൊടുത്തിരുന്നു.
35
അന്നു വൈകുന്നേരം, “നമുക്ക് അക്കരയ്‍ക്കുപോകാം” എന്ന് യേശു ശിഷ്യന്മാരോടു പറഞ്ഞു.36 അതുകൊണ്ട് അവര്‍ ജനസഞ്ചയത്തെ വിട്ടിട്ട് യേശു നേരത്തെ കയറിയിരുന്ന വഞ്ചിയില്‍ കയറി പുറപ്പെട്ടു. വേറെ വഞ്ചികളും കൂടെയുണ്ടായിരുന്നു.
37 അപ്പോള്‍ അത്യുഗ്രമായ ഒരു കൊടുങ്കാറ്റടിച്ചു. തിരമാലകള്‍ ഉയര്‍ന്നു, വഞ്ചിയില്‍ വെള്ളം അടിച്ചു കയറി, വഞ്ചി നിറയുമാറായി.
38 യേശു അമരത്ത് ഒരു തലയിണവച്ചു കിടന്ന് ഉറങ്ങുകയായിരുന്നു. ശിഷ്യന്മാര്‍ അവിടുത്തെ വിളിച്ചുണര്‍ത്തി; “ഗുരോ, ഞങ്ങള്‍ മുങ്ങിമരിക്കാന്‍ പോകുന്നതിനെക്കുറിച്ച് അങ്ങേക്ക് ഒരു വിചാരവുമില്ലേ?” എന്നു ചോദിച്ചു.
39
യേശു എഴുന്നേറ്റു കാറ്റിനോട് “അടങ്ങുക” എന്ന് ആജ്ഞാപിച്ചു. തിരമാലകളോട് “ശാന്തമാകുക” എന്നും കല്പിച്ചു. ഉടനെ കാറ്റടങ്ങി. പ്രക്ഷുബ്‍ധമായ തടാകം പ്രശാന്തമായി.40 പിന്നീട് അവിടുന്ന് അവരോട്, “എന്തിനാണു നിങ്ങള്‍ ഇങ്ങനെ ഭീരുക്കളാകുന്നത്? നിങ്ങള്‍ക്കു വിശ്വാസമില്ലേ?” എന്നു ചോദിച്ചു.
41
അവര്‍ അത്യന്തം ഭയപരവശരായി; ഇദ്ദേഹം ആരാണ്? കാറ്റും തിരമാലകളുംകൂടി അവിടുത്തെ അനുസരിക്കുന്നുവല്ലോ” എന്ന് അവര്‍ അന്യോന്യം പറഞ്ഞു.1
അവര്‍ ഗലീലത്തടാകത്തിന്‍റെ മറുകരയുള്ള ഗരസീന്യരുടെ ദേശത്തെത്തി.2 വഞ്ചിയില്‍നിന്നു കരയ്‍ക്കിറങ്ങിയ ഉടനെ, ശവകുടീരങ്ങളില്‍ പാര്‍ത്തുവന്നിരുന്ന ഒരു മനുഷ്യനെ കണ്ടു. ഒരു അശുദ്ധാത്മാവ് അയാളെ ബാധിച്ചിരുന്നു.
3 ചങ്ങലകൊണ്ടു പോലും ആര്‍ക്കും അയാളെ ബന്ധിച്ചു കീഴ്പെടുത്തുവാന്‍ കഴിഞ്ഞിരുന്നില്ല.
4
പലപ്പോഴും വിലങ്ങുകൊണ്ടും ചങ്ങലകൊണ്ടും അയാളുടെ കൈകാലുകള്‍ ബന്ധിച്ചിരുന്നെങ്കിലും അയാള്‍ വിലങ്ങുകള്‍ തകര്‍ക്കുകയും ചങ്ങലകള്‍ പൊട്ടിക്കുകയും ചെയ്തുവന്നു. ആര്‍ക്കും അയാളെ നിയന്ത്രിക്കുവാന്‍ കഴിഞ്ഞിരുന്നില്ല.5 അയാള്‍ അത്യുച്ചത്തില്‍ അലറുകയും കല്ലുകൊണ്ട് സ്വയം പരുക്കേല്പിക്കുകയും ചെയ്തുവന്നു; രാവും പകലും ശവകുടീരങ്ങളിലും മലകളിലും കഴിച്ചുകൂട്ടി.
6
കുറെ അകലെവച്ചുതന്നെ യേശുവിനെ കണ്ടിട്ട് അയാള്‍ ഓടിവന്ന് അവിടുത്തെ മുമ്പില്‍ സാഷ്ടാംഗം നമസ്കരിച്ചു.7 അയാള്‍ ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട്, “യേശുവേ, അത്യുന്നതനായ ദൈവത്തിന്‍റെ പുത്രാ, എന്‍റെ കാര്യത്തില്‍ അങ്ങ് എന്തിനിടപെടുന്നു? ദൈവത്തെ ഓര്‍ത്ത് എന്നെ ദണ്ഡിപ്പിക്കരുതേ” എന്ന് അപേക്ഷിച്ചു.
8 “ദുഷ്ടാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറത്തുപോകുക” എന്നു യേശു പറഞ്ഞതുകൊണ്ടാണ് ഇങ്ങനെ അപേക്ഷിച്ചത്.
9
യേശു അയാളോട് “നിന്‍റെ പേരെന്ത്?” എന്നു ചോദിച്ചു. “എന്‍റെ പേരു ലെഗ്യോന്‍ എന്നാണ്; ഞങ്ങള്‍ ഒട്ടുവളരെപ്പേര്‍ ഉണ്ട്” എന്ന് അയാള്‍ പ്രതിവചിച്ചു.10 “ഞങ്ങളെ ഈ നാട്ടില്‍നിന്ന് തുരത്തിക്കളയരുതേ” എന്ന് അയാള്‍ കെഞ്ചി.
11
അവിടെ കുന്നിന്‍ചരുവില്‍ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.12 “ഞങ്ങളെ ആ പന്നിക്കൂട്ടത്തിലേക്ക് അയച്ചാലും; അവയില്‍ ഞങ്ങള്‍ പ്രവേശിച്ചുകൊള്ളാം” എന്ന് ദുഷ്ടാത്മാക്കള്‍ കേണപേക്ഷിച്ചു. യേശു അതിനവരെ അനുവദിച്ചു.
13 അവര്‍ ആ മനുഷ്യനില്‍നിന്നു പുറത്തുകടന്നു പന്നികളില്‍ പ്രവേശിച്ചു. രണ്ടായിരത്തോളം വരുന്ന ആ പന്നിക്കൂട്ടം കുത്തനെയുള്ള കുന്നിന്‍ചരുവിലൂടെ പാഞ്ഞുചെന്നു തടാകത്തില്‍ ചാടി മുങ്ങിച്ചത്തു.
14
പന്നിയെ മേയിച്ചിരുന്നവര്‍ ഓടിപ്പോയി, പട്ടണത്തിലും പ്രാന്തപ്രദേശങ്ങളിലും ഈ വിവരം അറിയിച്ചു. സംഭവിച്ചത് എന്തെന്നറിയാന്‍ ആളുകള്‍ ഉടനെ ഓടിക്കൂടി.15 അവര്‍ യേശുവിന്‍റെ അടുക്കല്‍ വന്നപ്പോള്‍ പിശാചുബാധിതനായിരുന്ന ആ മനുഷ്യന്‍ വസ്ത്രം ധരിച്ചും സുബോധമുള്ളവനായും ഇരിക്കുന്നതു കണ്ടു. ലെഗ്യോന്‍ ബാധിച്ചിരുന്ന ആ മനുഷ്യനെ കണ്ടപ്പോള്‍ അവര്‍ ഭയപ്പെട്ടു.
16 ആ ഭൂതബാധിതനും പന്നികള്‍ക്കും സംഭവിച്ചതെന്താണെന്നു ദൃക്സാക്ഷികളില്‍നിന്ന് അവര്‍ മനസ്സിലാക്കി.
17
അവര്‍ യേശുവിനോടു തങ്ങളുടെ ദേശം വിട്ടുപോകണമെന്ന് അപേക്ഷിച്ചു.18
യേശു വഞ്ചിയില്‍ കയറിയപ്പോള്‍ “അങ്ങയുടെകൂടെ വരാന്‍ എന്നെക്കൂടി അനുവദിക്കണമേ” എന്നു ഭൂതാവിഷ്ടനായിരുന്ന ആ മനുഷ്യന്‍ അപേക്ഷിച്ചു.19
പക്ഷേ യേശു അനുവദിച്ചില്ല. അവിടുന്ന് അയാളോട്: “നീ നിന്‍റെ വീട്ടിലേക്കു തിരിച്ചുപോയി കര്‍ത്താവു തന്‍റെ കരുണയാല്‍ നിനക്കു ചെയ്തിരിക്കുന്നത് നിന്‍റെ ബന്ധുമിത്രാദികളോടു പറയുക” എന്നു പറഞ്ഞു.20
അങ്ങനെ ആ മനുഷ്യന്‍ മടങ്ങിപ്പോയി യേശു തനിക്കു ചെയ്തതെല്ലാം ദക്കപ്പൊലി ദേശത്ത് പ്രഖ്യാപനം ചെയ്തുതുടങ്ങി. അതുകേട്ടവരെല്ലാം വിസ്മയഭരിതരായി.21
യേശു വഞ്ചിയില്‍ കയറി വീണ്ടും മറുകരയെത്തി. ഒരു വലിയ ജനാവലി അവിടെ വന്നുകൂടി.22 യേശു തടാകത്തിന്‍റെ തീരത്ത് ഇരിക്കുമ്പോള്‍ അവിടത്തെ സുനഗോഗിന്‍റെ അധികാരികളിലൊരുവനായ യായിറോസ് അവിടുത്തെ അടുക്കല്‍ വന്നു. അവിടുത്തെ കണ്ടയുടനെ അയാള്‍ അവിടുത്തെ മുമ്പില്‍ സാഷ്ടാംഗം വീണു നമസ്കരിച്ചുകൊണ്ട് കേണപേക്ഷിച്ചു.
23 “എന്‍റെ കുഞ്ഞുമകള്‍ ആസന്നമരണയായി കിടക്കുന്നു; അങ്ങു വന്ന് അവളുടെമേല്‍ കൈകള്‍ വയ്‍ക്കണമേ. അവിടുന്ന് അങ്ങനെ ചെയ്താല്‍ അവള്‍ രോഗവിമുക്തയായി ജീവിക്കും.
24
യേശു ഉടനെ യായിറോസിന്‍റെ കൂടെ പുറപ്പെട്ടു. ഒരു വലിയ ജനസഞ്ചയം തിക്കിഞെരുക്കിക്കൊണ്ട് അവിടുത്തെ പിന്നാലെ ചെന്നു.25
പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവരോഗം മൂലം കഷ്ടപ്പെട്ട ഒരു സ്‍ത്രീയും അക്കൂട്ടത്തിലുണ്ടായിരുന്നു.26 അനേകം വൈദ്യന്മാര്‍ ചികിത്സിക്കുകയും ഉണ്ടായിരുന്ന പണമെല്ലാം ചെലവിടുകയും ചെയ്തിട്ടും ആ സ്‍ത്രീയുടെ രോഗം ഭേദമാകാതെ ഒന്നിനൊന്നു കൂടുകയാണു ചെയ്തത്.
27 [27,28] അവര്‍ യേശുവിനെപ്പറ്റി കേട്ടിരുന്നു. അവിടുത്തെ വസ്ത്രത്തിലെങ്കിലും ഒന്നു തൊടാന്‍ കഴിഞ്ഞാല്‍ തനിക്കു സൗഖ്യം ലഭിക്കുമെന്ന് ആ രോഗിണി ആത്മഗതം ചെയ്തു.
28
29
അങ്ങനെ ആള്‍ത്തിരക്കിനിടയില്‍ ആ സ്‍ത്രീ യേശുവിന്‍റെ പിറകില്‍ചെന്ന് അവിടുത്തെ വസ്ത്രത്തില്‍ തൊട്ടു. തല്‍ക്ഷണം അവരുടെ രക്തസ്രാവം നിലച്ചു; തന്‍റെ രോഗം വിട്ടുമാറിയതായി ശരീരത്തില്‍ അവര്‍ക്ക് അനുഭവപ്പെടുകയും ചെയ്തു.30 തന്നില്‍നിന്നു ശക്തി പുറപ്പെട്ടുവെന്നു മനസ്സിലാക്കിക്കൊണ്ട്, ആ ആള്‍ത്തിരക്കിനിടയില്‍ യേശു പെട്ടെന്നു തിരിഞ്ഞുനിന്ന് “ആരാണ് എന്‍റെ വസ്ത്രത്തില്‍ തൊട്ടത്” എന്നു ചോദിച്ചു.
31
അപ്പോള്‍ ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു: “ജനങ്ങള്‍ അങ്ങയെ തിക്കിഞെരുക്കുന്നതു കാണുന്നില്ലേ? എന്നിട്ടും ‘എന്നെ തൊട്ടത് ആര്‍?’ എന്ന് അങ്ങു ചോദിക്കുകയാണോ?”32
എങ്കിലും തന്നെ ആരാണു തൊട്ടതെന്നറിയാന്‍ യേശു ചുറ്റും നോക്കി.33 എന്നാല്‍ തന്‍റെ ശരീരത്തില്‍ സംഭവിച്ചതെന്തെന്നു മനസ്സിലാക്കിയ ആ സ്‍ത്രീ ഭയപ്പെട്ടു വിറച്ചുകൊണ്ട് അവിടുത്തെ മുമ്പില്‍ സാഷ്ടാംഗം വീണ്, സത്യം മുഴുവന്‍ തുറന്നുപറഞ്ഞു.
34 യേശു അവരോട്: “മകളേ, നിന്‍റെ വിശ്വാസം നിനക്കു സൗഖ്യം നല്‌കിയിരിക്കുന്നു; സമാധാനത്തോടുകൂടി പോകുക; നീ ആരോഗ്യവതിയായി ജീവിക്കുക” എന്നു പറഞ്ഞു.
35
യേശു ഇങ്ങനെ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ സുനഗോഗ് അധികാരിയുടെ വീട്ടില്‍നിന്ന് ഏതാനും ആളുകള്‍ വന്ന് “അങ്ങയുടെ മകള്‍ മരിച്ചുപോയി; ഇനിയും ഗുരുവിനെ ബുദ്ധിമുട്ടിക്കുന്നതെന്തിന്?” എന്നു യായിറോസിനോടു പറഞ്ഞു.36
യേശു അതു ഗൗനിക്കാതെ അയാളോട്: “ഭയപ്പെടേണ്ടാ, വിശ്വസിക്കുക മാത്രം ചെയ്യുക” എന്നു പറഞ്ഞു.37 പത്രോസ്, യാക്കോബ്, യാക്കോബിന്‍റെ സഹോദരനായ യോഹന്നാന്‍ എന്നിവരൊഴികെ മറ്റാരെയും തന്‍റെകൂടെ ചെല്ലാന്‍ യേശു അനുവദിച്ചില്ല.
38 അവര്‍ യായിറോസിന്‍റെ ഭവനത്തിലെത്തിയപ്പോള്‍ അവിടെ വലിയ ബഹളവും ഉച്ചത്തിലുള്ള കരച്ചിലും മുറവിളിയും ആയിരുന്നു.
39 യേശു അകത്തു കടന്ന്, “ഈ ബഹളവും കരച്ചിലും എന്തിന്? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്” എന്നു പറഞ്ഞു.
40
ഇതുകേട്ടപ്പോള്‍ അവര്‍ യേശുവിനെ പരിഹസിച്ചു. എന്നാല്‍ അവിടുന്ന് അവരെയെല്ലാം പുറത്താക്കിയശേഷം കുട്ടിയുടെ മാതാപിതാക്കളെയും കൂടെയുണ്ടായിരുന്ന ശിഷ്യന്മാരെയും കൂട്ടിക്കൊണ്ട്41 അവള്‍ കിടന്നിരുന്ന സ്ഥലത്തു ചെന്ന് അവളുടെ കൈക്കു പിടിച്ചുകൊണ്ട് “തലീഥാ കും” എന്ന് അവളോടു പറഞ്ഞു. ‘കുട്ടീ, എഴുന്നേല്‌ക്കുക എന്നു ഞാന്‍ നിന്നോടു പറയുന്നു’ എന്നാണതിനര്‍ഥം.
42
തല്‍ക്ഷണം അവള്‍ എഴുന്നേറ്റു നടന്നു. അവള്‍ക്കു പന്ത്രണ്ടുവയസ്സുണ്ടായിരുന്നു. അവര്‍ ആശ്ചര്യപരതന്ത്രരായി.43 ഈ സംഭവം ആരും അറിയരുതെന്ന് യേശു കര്‍ശനമായി അവരോട് ആജ്ഞാപിച്ചു. പിന്നീട് ‘അവള്‍ക്ക് എന്തെങ്കിലും ആഹാരം കൊടുക്കുക’ എന്നും പറഞ്ഞു.
1
അനന്തരം യേശു അവിടംവിട്ട് സ്വദേശത്തേക്കു പോയി.2 ശിഷ്യന്മാര്‍ അവിടുത്തെ അനുഗമിച്ചു. ശബത്തുനാളായപ്പോള്‍ അവിടുന്നു സുനഗോഗില്‍ ചെന്നു പഠിപ്പിക്കുവാന്‍ തുടങ്ങി. അവിടുത്തെ ധര്‍മോപദേശം കേട്ട് പലരും വിസ്മയിച്ചു. അവര്‍ ഇങ്ങനെ ചോദിച്ചു: “ഈ മനുഷ്യന് ഈ ജ്ഞാനം എവിടെനിന്നു കിട്ടി? എന്തൊരു ജ്ഞാനമാണ് ഇയാള്‍ക്കു ലഭിച്ചിരിക്കുന്നത്! ഇയാള്‍ എങ്ങനെയാണീ അദ്ഭുതപ്രവൃത്തികള്‍ ചെയ്യുന്നത്? ആ മരപ്പണിക്കാരനല്ലേ ഇയാള്‍?
3 മറിയമിന്‍റെ പുത്രനും യാക്കോബ്, യോസെ, യൂദാസ്, ശിമോന്‍ എന്നിവരുടെ സഹോദരനുമല്ലേ? ഈ മനുഷ്യന്‍റെ സഹോദരിമാരും നമ്മോടു കൂടിയുണ്ടല്ലോ” ഇങ്ങനെ പറഞ്ഞുകൊണ്ട് അവര്‍ യേശുവിനെ അവഗണിച്ചുകളഞ്ഞു.
4
യേശു അവരോടു പറഞ്ഞു: “ഒരു പ്രവാചകന്‍ തന്‍റെ സ്വന്തം നാട്ടിലും സ്വഭവനത്തിലും സ്വജനങ്ങളുടെ ഇടയിലും മാത്രമാണ് ബഹുമാനിക്കപ്പെടാതിരിക്കുന്നത്.”5
ഏതാനും ചില രോഗികളുടെമേല്‍ കൈകള്‍വച്ചു സുഖപ്പെടുത്തിയതല്ലാതെ അവിടെ മറ്റ് അദ്ഭുതപ്രവൃത്തികളൊന്നും ചെയ്യാന്‍ അവിടുത്തേക്ക് കഴിഞ്ഞില്ല.6 അവര്‍ക്കു വിശ്വാസമില്ലാത്തതില്‍ അവിടുന്നു വിസ്മയിച്ചു.
അതിനുശേഷം യേശു ചുറ്റുമുള്ള ഗ്രാമങ്ങളില്‍ സഞ്ചരിച്ചു ജനത്തെ പ്രബോധിപ്പിച്ചുകൊണ്ടിരുന്നു.7 പന്ത്രണ്ടു ശിഷ്യന്മാരെ അവിടുന്ന് അടുക്കല്‍ വിളിച്ച് ഈരണ്ടുപേരെ വീതം അയച്ചു. അവര്‍ക്കു ദുഷ്ടാത്മാക്കളുടെമേല്‍ അധികാരം നല്‌കി.
8 “യാത്രയ്‍ക്ക് ഒരു വടിയല്ലാതെ ഭക്ഷണമോ, ഭാണ്ഡമോ, കീശയില്‍ പണമോ എടുക്കരുത്;
9 ചെരുപ്പു ധരിക്കാം; എന്നാല്‍ രണ്ടു വസ്ത്രം ആവശ്യമില്ല.
10 നിങ്ങള്‍ ഏതെങ്കിലും ഒരു സ്ഥലത്ത് ഒരു വീട്ടില്‍ ചെന്നാല്‍ ആ സ്ഥലം വിട്ടുപോകുന്നതുവരെ അവിടെത്തന്നെ പാര്‍ക്കുക;
11 ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതിരിക്കുകയോ, നിങ്ങള്‍ പറയുന്നതു ശ്രദ്ധിക്കാതിരിക്കുകയോ ചെയ്താല്‍ അവിടം വിട്ടു പൊയ്‍ക്കൊള്ളുക; നിങ്ങളുടെ പാദങ്ങളിലെ പൊടി തട്ടിക്കളയുകയും ചെയ്യുക; അത് അവര്‍ക്കെതിരെയുള്ള സാക്ഷ്യമായിരിക്കും” എന്ന് അവരെ അനുശാസിക്കുകയും ചെയ്തു.
12
അങ്ങനെ അവര്‍ പോയി, “അനുതപിച്ച് ദൈവത്തിങ്കലേക്കു തിരിയുക” എന്നു പ്രസംഗിച്ചു.13 അവര്‍ അനേകം ഭൂതങ്ങളെ പുറത്താക്കുകയും തൈലലേപനം ചെയ്ത് ഒട്ടുവളരെ രോഗികളെ സുഖപ്പെടുത്തുകയും ചെയ്തു.
14
ഇങ്ങനെ യേശുവിന്‍റെ പേര്‍ പ്രഖ്യാതമായി. ഹേരോദാരാജാവും അവിടുത്തെപ്പറ്റി കേട്ടു. “സ്നാപകയോഹന്നാന്‍ മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ടാണ് ഈ അദ്ഭുതശക്തികള്‍ അദ്ദേഹത്തില്‍ വ്യാപരിക്കുന്നത്” എന്നു ചിലര്‍ പറഞ്ഞു.15
എന്നാല്‍ അവിടുന്ന് ഏലിയാ ആണെന്നു മറ്റുചിലരും പുരാതനപ്രവാചകന്മാരില്‍ ഒരുവനെപ്പോലെയുള്ള ഒരു പ്രവാചകനാണെന്നു വേറെ ചിലരും അഭിപ്രായപ്പെട്ടു.16
ഇതു കേട്ടപ്പോള്‍ “ഞാന്‍ ശിരച്ഛേദം ചെയ്ത യോഹന്നാന്‍ ഉത്ഥാനം ചെയ്യപ്പെട്ടിരിക്കുന്നു” എന്ന് ഹേരോദാ പറഞ്ഞു.17 [17,18] ഈ ഹേരോദാ തന്‍റെ സഹോദരന്‍ ഫീലിപ്പോസിന്‍റെ ഭാര്യയായ ഹേരോദ്യയെ സ്വഭാര്യയാക്കിയിരുന്നു. “അങ്ങയുടെ സഹോദരഭാര്യയെ പരിഗ്രഹിക്കുന്നത് നിയമവിരുദ്ധമാണ്” എന്ന് യോഹന്നാന്‍ ഹേരോദായോടു പറഞ്ഞു. അതിന്‍റെ പേരില്‍ ഹേരോദാ ഹേരോദ്യയുടെ ഇച്ഛാനുസരണം ആളയച്ചു യോഹന്നാനെ പിടിച്ചു ബന്ധിച്ച് കാരാഗൃഹത്തിലാക്കി.
18
19
ഹേരോദ്യക്കു യോഹന്നാനോടുള്ള പകനിമിത്തം അദ്ദേഹത്തെ കൊല്ലുവാന്‍ അവള്‍ ഇച്ഛിച്ചു; പക്ഷേ സാധിച്ചില്ല.20 യോഹന്നാന്‍ നീതിനിഷ്ഠനും പരിശുദ്ധനുമാണെന്ന് അറിഞ്ഞിരുന്നതിനാല്‍ ഹേരോദാ അദ്ദേഹത്തെ ഭയപ്പെട്ടു. അതുകൊണ്ട് അദ്ദേഹത്തെ സുരക്ഷിതമായി സൂക്ഷിച്ചു. യോഹന്നാന്‍റെ വാക്കുകള്‍ കേട്ട് ഹേരോദാ സംഭ്രാന്തനായിത്തീര്‍ന്നെങ്കിലും അദ്ദേഹത്തിന്‍റെ പ്രഭാഷണം സന്തോഷപൂര്‍വം കേട്ടുപോന്നു.
21
അങ്ങനെയിരിക്കെ തന്‍റെ ഇംഗിതം നിറവേറ്റുന്നതിനു പറ്റിയ ഒരു സന്ദര്‍ഭം ഹേരോദ്യക്കു ലഭിച്ചു. ഹേരോദായുടെ പിറന്നാള്‍ ദിവസമായിരുന്നു അത്. അന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ക്കും സേനാനായകന്മാര്‍ക്കും ഗലീലയിലെ പൗരമുഖ്യന്മാര്‍ക്കും ഒരു വിരുന്നു നല്‌കി.22 ഹേരോദ്യയുടെ പുത്രി രാജസദസ്സില്‍ ചെന്നു നൃത്തം ചെയ്ത് രാജാവിനെയും അതിഥികളെയും സന്തോഷിപ്പിച്ചു. “നീ ആഗ്രഹിക്കുന്നത് എന്തുതന്നെയും നമ്മോടു ചോദിച്ചുകൊള്ളുക; നാം അതു നിനക്കു നല്‌കുന്നതാണ്” എന്നു ഹേരോദാ രാജകുമാരിയോടു പറഞ്ഞു.
23 “നീ ചോദിക്കുന്നതെന്തും രാജ്യത്തിന്‍റെ പകുതിതന്നെയും നാം തരും” എന്ന് അദ്ദേഹം പ്രതിജ്ഞചെയ്തു.
24
രാജകുമാരി പോയി, താനെന്താണ് ആവശ്യപ്പെടേണ്ടതെന്ന് അമ്മയോടു ചോദിച്ചു. “സ്നാപകയോഹന്നാന്‍റെ ശിരസ്സു തരാന്‍ പറയൂ” എന്ന് ഹേരോദ്യ പറഞ്ഞു.25
രാജകുമാരി ഉടനെ ഓടി രാജസന്നിധിയിലെത്തി, “സ്നാപകയോഹന്നാന്‍റെ ശിരസ്സ് ഒരു താലത്തില്‍വച്ച് എനിക്കു തന്നാലും” എന്നു പറഞ്ഞു.26
ഇതു കേട്ടപ്പോള്‍ രാജാവ് അത്യന്തം ദുഃഖിതനായി. എങ്കിലും തന്‍റെ പ്രതിജ്ഞയെയും അവിടെ സന്നിഹിതരായിരുന്ന അതിഥികളെയും ഓര്‍ത്തപ്പോള്‍ രാജകുമാരിയുടെ ഇംഗിതം നിറവേറ്റാതിരിക്കാന്‍ അദ്ദേഹത്തിനു നിവൃത്തിയില്ലാതെയായി.27 ഉടനെ തന്നെ അകമ്പടി സേവിക്കുന്ന ഒരു പടയാളിയെ വിളിച്ച് സ്നാപകയോഹന്നാന്‍റെ ശിരസ്സു കൊണ്ടുവരുവാന്‍ രാജാവു കല്പിച്ചു. ആ പടയാളി ഉടനെപോയി കാരാഗൃഹത്തില്‍വച്ച് ശിരച്ഛേദം ചെയ്ത് യോഹന്നാന്‍റെ തല ഒരു താലത്തില്‍വച്ചു കൊണ്ടുവന്നു രാജകുമാരിക്കു കൊടുത്തു.
28 രാജകുമാരി അതുകൊണ്ടുപോയി അവളുടെ അമ്മയെ ഏല്പിച്ചു.
29 ഇതറിഞ്ഞ് യോഹന്നാന്‍റെ ശിഷ്യന്മാര്‍ അദ്ദേഹത്തിന്‍റെ മൃതദേഹം ഏറ്റുവാങ്ങി ഒരു കല്ലറയില്‍ സംസ്കരിച്ചു.
30
അപ്പോസ്തോലന്മാര്‍ തിരിച്ചുവന്ന് തങ്ങള്‍ ചെയ്തതും പഠിപ്പിച്ചതും എല്ലാം യേശുവിനോടു പറഞ്ഞു.31 നിരവധിയാളുകള്‍ വരികയും പോകുകയും ചെയ്തുകൊണ്ടിരുന്നതിനാല്‍ യേശുവിനും ശിഷ്യന്മാര്‍ക്കും ഭക്ഷണം കഴിക്കുവാന്‍പോലും സമയം കിട്ടിയിരുന്നില്ല. അതുകൊണ്ട് യേശു അപ്പോസ്തോലന്മാരോട്: “നിങ്ങള്‍ വരിക, നമുക്ക് ഒരു വിജനസ്ഥലത്തുപോയി അല്പസമയം വിശ്രമിക്കാം” എന്നു പറഞ്ഞു.
32 അവര്‍ വഞ്ചിയില്‍കയറി തനിച്ച് ഒരു ഏകാന്തസ്ഥലത്തേക്കു പോയി.
33
അവര്‍ പോകുന്നതു പലരും കാണുകയും അറിയുകയും ചെയ്തു. അങ്ങനെ എല്ലാ പട്ടണങ്ങളില്‍നിന്നും ആളുകള്‍ കരമാര്‍ഗം ഓടി യേശുവും ശിഷ്യന്മാരും എത്തുന്നതിനുമുമ്പ് അവിടെ എത്തി.34 യേശു കരയ്‍ക്കിറങ്ങിയപ്പോള്‍ ഒരു വലിയ ജനസഞ്ചയത്തെ കണ്ടു. അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ ആയിരുന്നതുകൊണ്ട് അവിടുത്തേക്ക് അവരോട് അനുകമ്പയുണ്ടായി. അവിടുന്നു പലകാര്യങ്ങള്‍ അവരെ പഠിപ്പിക്കുവാന്‍ തുടങ്ങി.
35
നേരം വൈകിയപ്പോള്‍ ശിഷ്യന്മാര്‍ യേശുവിന്‍റെ അടുക്കല്‍വന്നു പറഞ്ഞു: “ഇതൊരു വിജനസ്ഥലമാണല്ലോ; നേരവും നന്നേ വൈകിയിരിക്കുന്നു.36 കുടിപാര്‍പ്പുള്ള സമീപസ്ഥലങ്ങളിലോ ഗ്രാമങ്ങളിലോ ചെന്ന് എന്തെങ്കിലും വാങ്ങി ഭക്ഷിക്കുവാന്‍ ജനങ്ങളെ പറഞ്ഞയച്ചാലും.”
37
യേശു അവരോട്: “നിങ്ങള്‍ത്തന്നെ അവര്‍ക്കു ഭക്ഷിക്കുവാന്‍ കൊടുക്കുക” എന്നു പറഞ്ഞു. അപ്പോള്‍ അവര്‍: “ഞങ്ങള്‍ പോയി ഇരുനൂറു ദിനാറിന് അപ്പം വാങ്ങി ഇവര്‍ക്കു കൊടുക്കണമെന്നാണോ അങ്ങു പറയുന്നത്?” എന്ന് ചോദിച്ചു.38
“നിങ്ങളുടെ കൈവശം എത്ര അപ്പം ഉണ്ട്? പോയി നോക്കൂ” എന്ന് യേശു അവരോടു പറഞ്ഞു. അവര്‍ നോക്കിയശേഷം “അഞ്ചപ്പവും രണ്ടു മീനും ഉണ്ട്” എന്നറിയിച്ചു.39
ജനങ്ങളെ പച്ചപ്പുല്‍ത്തറയില്‍ പന്തിയായി ഇരുത്തുവാന്‍ യേശു അവരോടാജ്ഞാപിച്ചു.40 അവര്‍ നൂറും അമ്പതുംപേര്‍ വീതമുള്ള പന്തികളായി ഇരുന്നു.
41 യേശു ആ അഞ്ചപ്പവും രണ്ടുമീനും എടുത്തു സ്വര്‍ഗത്തിലേക്കു നോക്കി വാഴ്ത്തി അപ്പം മുറിച്ചു ജനങ്ങള്‍ക്കു വിളമ്പിക്കൊടുക്കുവാന്‍ ശിഷ്യന്മാരെ ഏല്പിച്ചു. ആ രണ്ടുമീനും അവര്‍ക്കു പങ്കിട്ടു കൊടുത്തു.
42 എല്ലാവരും ഭക്ഷിച്ചു സംതൃപ്തരായി.
43 ശേഷിച്ച അപ്പക്കഷണങ്ങളും മീന്‍ നുറുക്കുകളും അവര്‍ പന്ത്രണ്ടു കുട്ട നിറച്ചെടുത്തു.
44 അപ്പം തിന്നവരില്‍ പുരുഷന്മാര്‍തന്നെ അയ്യായിരം പേരുണ്ടായിരുന്നു.
45
യേശു ജനത്തെ പിരിച്ചുവിടുന്നതിനിടയ്‍ക്ക്, ശിഷ്യന്മാര്‍ മുന്‍കൂട്ടി വഞ്ചിയില്‍ കയറി തടാകത്തിനക്കരെയുള്ള ബെത്‍സെയ്ദയിലേക്കു പോകുവാന്‍ ആജ്ഞാപിച്ചു.46 അവരെ പറഞ്ഞയച്ചശേഷം പ്രാര്‍ഥിക്കുന്നതിനായി അവിടുന്നു മലയിലേക്കു പോയി.
47 സന്ധ്യ ആയപ്പോള്‍ വഞ്ചി തടാകത്തിന്‍റെ നടുവിലും യേശു ഏകനായി കരയിലുമായിരുന്നു.
48 കാറ്റ് അവര്‍ക്കു പ്രതികൂലമായിരുന്നതുകൊണ്ട് അവര്‍ തുഴഞ്ഞു കുഴയുന്നത് അവിടുന്നു കണ്ടു. രാത്രിയുടെ നാലാംയാമത്തില്‍ അവിടുന്ന് ജലപ്പരപ്പിലൂടെ നടന്ന് അവരുടെ അടുക്കലെത്തി. അവിടുന്ന് അവരെ കടന്നുപോകുവാന്‍ ഭാവിച്ചു.
49 യേശു വെള്ളത്തിന്മീതെ നടക്കുന്നതുകണ്ട് ഒരു ഭൂതമായിരിക്കുമെന്നു വിചാരിച്ച് അവര്‍ നിലവിളിച്ചു.
50 അവിടുത്തെ ആ നിലയില്‍ കണ്ട് അവര്‍ എല്ലാവരും വല്ലാതെ ഭയപ്പെട്ടു.
ഉടനെ അവിടുന്ന് അരുള്‍ചെയ്തു: “ധൈര്യപ്പെടുക; ഇതു ഞാന്‍ തന്നെയാണ്; ഭയപ്പെടേണ്ടാ.”51 പിന്നീട് അവിടുന്ന് അവരോടു കൂടി വഞ്ചിയില്‍ കയറി. കാറ്റ് ഉടനെ ശമിച്ചു. അവര്‍ അദ്ഭുതംകൊണ്ടു സ്തംഭിച്ചുപോയി.
52 എന്തെന്നാല്‍ അയ്യായിരം പേര്‍ക്ക് അപ്പം കൊടുത്തു സംതൃപ്തരാക്കിയതിന്‍റെ മര്‍മം അവര്‍ ഗ്രഹിച്ചിരുന്നില്ല; അവരുടെ മനസ്സിന് അത് ഉള്‍ക്കൊള്ളാനുള്ള കഴിവും ഉണ്ടായിരുന്നില്ല.
53
അവര്‍ അക്കരെ ഗന്നേസരെത്ത് എന്ന സ്ഥലത്തു കരയ്‍ക്കിറങ്ങി.54 അവര്‍ വഞ്ചിയില്‍ നിന്നിറങ്ങിയ ഉടനെ ജനങ്ങള്‍ യേശുവിനെ തിരിച്ചറിഞ്ഞു.
55 അവര്‍ സമീപപ്രദേശങ്ങളിലെല്ലാം ഓടിനടന്ന് രോഗികളെ കിടക്കയോടുകൂടി എടുത്തുകൊണ്ട് യേശു വന്നിട്ടുണ്ടെന്നു കേട്ട സ്ഥലങ്ങളില്‍ ചെന്നുതുടങ്ങി.
56 ഗ്രാമങ്ങളിലും പട്ടണങ്ങളിലും നാട്ടിന്‍പുറങ്ങളിലും എന്നല്ല, അവിടുന്നു ചെല്ലുന്നിടത്തെല്ലാം ജനങ്ങള്‍ രോഗികളെ വീഥികളില്‍ കിടത്തുമായിരുന്നു. “അവിടുത്തെ വസ്ത്രത്തിന്‍റെ അഗ്രത്തിലെങ്കിലും സ്പര്‍ശിക്കുവാന്‍ അനുവദിക്കണേ” എന്ന് അവര്‍ കേണപേക്ഷിച്ചു. അവിടുത്തെ സ്പര്‍ശിച്ചവരെല്ലാം സുഖംപ്രാപിക്കുകയും ചെയ്തു.
1
യെരൂശലേമില്‍നിന്നു പരീശന്മാരും ചില മതപണ്ഡിതന്മാരും യേശുവിന്‍റെ അടുക്കല്‍ വന്നുകൂടി.2 അവിടുത്തെ ശിഷ്യന്മാരില്‍ ചിലര്‍ അവരുടെ ആചാരപ്രകാരം ശുദ്ധമാക്കാത്ത കൈകൊണ്ട് അതായത് കഴുകാത്ത കൈകൊണ്ട്, ഭക്ഷണം കഴിക്കുന്നത് അവര്‍ കണ്ടു.
3
പൂര്‍വികരുടെ പരമ്പരാഗതമായ ആചാരമനുസരിച്ച് പരീശന്മാരും യെഹൂദന്മാരും കൈകഴുകാതെ ഭക്ഷണം കഴിക്കുമായിരുന്നില്ല.4 ചന്തയില്‍നിന്നു വരുമ്പോഴും കുളിക്കാതെ അവര്‍ ഭക്ഷണം കഴിക്കുകയില്ല, പാനപാത്രങ്ങളും കുടങ്ങളും ഓട്ടുപാത്രങ്ങളും കഴുകുക തുടങ്ങി പല ആചാരങ്ങളും അവര്‍ അനുഷ്ഠിച്ചുപോന്നിരുന്നു.
5
അതിനാല്‍ പരീശന്മാരും മതപണ്ഡിതന്മാരും യേശുവിനോടു ചോദിച്ചു: “താങ്കളുടെ ശിഷ്യന്മാര്‍ നമ്മുടെ പൂര്‍വികന്മാരുടെ ആചാരങ്ങള്‍ അനുസരിക്കാതെ അശുദ്ധമായ കൈകൊണ്ടു ഭക്ഷണം കഴിക്കുന്നത് എന്ത്? യേശു പ്രതിവചിച്ചു:6
“കപടഭക്തരായ നിങ്ങളെക്കുറിച്ച് യെശയ്യാ പ്രവചിച്ചത് എത്ര ശരിയാണ്:
ഈ ജനം അധരംകൊണ്ട് എന്നെ ആദരിക്കുന്നു,
അവരുടെ ഹൃദയമാകട്ടെ,
എന്നില്‍നിന്ന് അകന്നിരിക്കുന്നു;
7
മനുഷ്യര്‍ നടപ്പാക്കിയ അനുശാസനങ്ങളെ
ദൈവത്തിന്‍റെ പ്രമാണങ്ങളെന്നവിധം
പഠിപ്പിക്കുന്നതുകൊണ്ട്
എന്നെ അവര്‍ ആരാധിക്കുന്നത് വ്യര്‍ഥമാണ്.
8
നിങ്ങള്‍ ദൈവത്തിന്‍റെ ധര്‍മശാസനം ഉപേക്ഷിച്ചിട്ട്
മനുഷ്യന്‍റെ അനുശാസനങ്ങള്‍ മുറുകെപ്പിടിക്കുന്നു.
9
പിന്നീട് അവിടുന്നു പറഞ്ഞു: “നിങ്ങളുടെ പാരമ്പര്യം പാലിക്കുന്നതിനുവേണ്ടി, ദൈവത്തിന്‍റെ ധര്‍മശാസനങ്ങളെ കൗശലപൂര്‍വം നിങ്ങള്‍ നിരാകരിക്കുന്നു!10 നിങ്ങളുടെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കണം എന്നും പിതാവിനെയോ മാതാവിനെയോ ദുഷിക്കുന്നവന്‍ നിശ്ചയമായും മരിക്കണം എന്നും മോശ അനുശാസിച്ചിട്ടുണ്ട്.
11 [11,12] എന്നാല്‍ ഒരുവന്‍ തന്‍റെ മാതാവിനോടോ പിതാവിനോടോ ‘നിങ്ങളെ സംരക്ഷിക്കുവാന്‍ എന്‍റെ കൈവശമുള്ളത് കൊര്‍ബാന്‍, അഥവാ ദൈവത്തിനു സമര്‍പ്പിതം ആകുന്നു’ എന്നു പറഞ്ഞാല്‍ പിന്നെ തന്‍റെ മാതാവിനോ പിതാവിനോ എന്തെങ്കിലും ചെയ്യുവാന്‍ അയാളെ നിങ്ങള്‍ അനുവദിക്കുന്നില്ല.
12
13 ഇങ്ങനെ നിങ്ങളുടെ മാമൂല്‍കൊണ്ട് ഈശ്വരകല്പനകളെ നിങ്ങള്‍ നിരര്‍ഥകമാക്കുന്നു; ഇങ്ങനെയുള്ള പല കാര്യങ്ങളും നിങ്ങള്‍ ചെയ്യുന്നുണ്ട്.”
14
യേശു ജനാവലിയെ വീണ്ടും അടുക്കല്‍ വിളിച്ച് അവരോടു പറഞ്ഞു: “നിങ്ങള്‍ എല്ലാവരും ഞാന്‍ പറയുന്നതു ശ്രദ്ധിച്ചു മനസ്സിലാക്കുക.15 പുറത്തുനിന്ന് ഒരുവന്‍റെ ഉള്ളിലേക്കു ചെല്ലുന്നതൊന്നും അവനെ അശുദ്ധനാക്കുകയില്ല. പ്രത്യുത, മനുഷ്യനില്‍നിന്നു പുറത്തേക്കു വരുന്നതാണ് അവനെ മലിനപ്പെടുത്തുന്നത്.
16 കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.”
17
ജനക്കൂട്ടത്തെവിട്ട് യേശു വീട്ടിലെത്തിയപ്പോള്‍ ശിഷ്യന്മാര്‍ പ്രസ്തുത ദൃഷ്ടാന്തത്തെപ്പറ്റി അവിടുത്തോടു ചോദിച്ചു.18 അവിടുന്ന് അവരോട് അരുള്‍ചെയ്തു: “നിങ്ങളും ഇത്ര ബുദ്ധിയില്ലാത്തവരാണോ? പുറത്തുനിന്നു മനുഷ്യന്‍റെ ഉള്ളിലെത്തുന്ന ഒന്നിനും അവനെ മലിനപ്പെടുത്തുവാന്‍ സാധ്യമല്ലെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ?
19 അതു ഹൃദയത്തിലല്ല, ഉദരത്തിലാണു ചെല്ലുന്നത്; പിന്നീടു വിസര്‍ജിക്കപ്പെടുകയും ചെയ്യുന്നു.” ഇങ്ങനെ പ്രസ്താവിച്ചുകൊണ്ട് എല്ലാ ഭക്ഷണസാധനങ്ങളും ശുദ്ധമാണെന്ന് യേശു സൂചിപ്പിച്ചു.
20
അവിടുന്നു തുടര്‍ന്നു പറഞ്ഞു: “മനുഷ്യനില്‍നിന്നു പുറപ്പെടുന്നതാണ് അവനെ അശുദ്ധനാക്കുന്നത്.21 [21,22] എന്തെന്നാല്‍ ഉള്ളില്‍നിന്ന്, അതായത് അവന്‍റെ ഹൃദയത്തില്‍നിന്ന് ദുഷ്ടവിചാരം, അവിഹിതവേഴ്ച, മോഷണം, കൊലപാതകം, വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, ചതി, ഭോഗാസക്തി, അസൂയ, ദൈവദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറത്തേക്കു വരുന്നു.
22
23 ഈ ദോഷങ്ങളെല്ലാം ഉള്ളില്‍നിന്നു പുറപ്പെട്ട് മനുഷ്യനെ അശുദ്ധനാക്കുന്നു.”
24
യേശു അവിടെനിന്ന് സോര്‍ പ്രദേശത്തേക്കുപോയി. അവിടെയുള്ള ഒരു വീട്ടില്‍ അദ്ദേഹം ചെന്നു. അത് ആരും അറിയരുതെന്ന് അവിടുന്ന് ആഗ്രഹിച്ചു. പക്ഷേ അവിടുത്തെ സാന്നിധ്യം മറച്ചുവയ്‍ക്കുക സാധ്യമല്ലായിരുന്നു.25 ദുഷ്ടാത്മാവു ബാധിച്ച ഒരു പെണ്‍കുട്ടിയുടെ അമ്മ യേശുവിനെപ്പറ്റി കേട്ട് അവിടെയെത്തി അവിടുത്തെ പാദാന്തികത്തില്‍ സാഷ്ടാംഗം വീണു വണങ്ങി.
26 അവര്‍ സിറിയയിലെ ഫൊയ്നിക്യയില്‍ ജനിച്ച ഒരു ഗ്രീക്കു വനിതയായിരുന്നു. തന്‍റെ മകളില്‍നിന്ന് ആ ദുഷ്ടാത്മാവിനെ പുറത്താക്കണമെന്ന് അവര്‍ യേശുവിനോട് അപേക്ഷിച്ചു. അവിടുന്ന് അവരോടു പറഞ്ഞു:
27 “ആദ്യം മക്കള്‍ തിന്നു തൃപ്തരാകട്ടെ: മക്കള്‍ക്കുള്ള അപ്പം എടുത്തു നായ്‍ക്കുട്ടികള്‍ക്ക് ഇട്ടുകൊടുക്കുന്നതു ശരിയല്ലല്ലോ.”
28
എന്നാല്‍ അതിനു മറുപടിയായി, “കര്‍ത്താവേ, മേശയുടെ കീഴിലിരിക്കുന്ന നായ്‍ക്കുട്ടികള്‍പോലും മക്കളുടെ കൈയില്‍നിന്നു വീഴുന്ന അപ്പക്കഷണങ്ങള്‍ തിന്നാറുണ്ടല്ലോ” എന്ന് അവര്‍ പറഞ്ഞു.29
‘നീ പറഞ്ഞതു ശരി; പൊയ്‍ക്കൊള്ളുക; ദുഷ്ടാത്മാവ് നിന്‍റെ മകളെ വിട്ടുപോയിരിക്കുന്നു” എന്ന് യേശു പറഞ്ഞു.30
ആ സ്‍ത്രീ വീട്ടില്‍ മടങ്ങിച്ചെന്നപ്പോള്‍ അവരുടെ മകള്‍ ഭൂതോപദ്രവത്തില്‍നിന്നു വിമുക്തയായി കിടക്കയില്‍ കിടക്കുന്നതു കണ്ടു.31
പിന്നീട് യേശു സോരില്‍നിന്ന് സീദോന്‍വഴി ദക്കപ്പൊലി ദേശത്തുകൂടി ഗലീലത്തടാകതീരത്തേക്കു മടങ്ങിപ്പോയി.32 അപ്പോള്‍ ബധിരനും മൂകനുമായ ഒരു മനുഷ്യനെ ചിലര്‍ അവിടുത്തെ അടുക്കല്‍ കൊണ്ടുവന്ന് അയാളുടെമേല്‍ കൈകള്‍ വയ്‍ക്കണമെന്ന് അപേക്ഷിച്ചു.
33 യേശു ആ മനുഷ്യനെ ആള്‍ക്കൂട്ടത്തില്‍നിന്ന് രഹസ്യമായി മാറ്റി നിറുത്തി അയാളുടെ ചെവിയില്‍ വിരലുകള്‍ ഇടുകയും തുപ്പല്‍കൊണ്ട് നാവില്‍ സ്പര്‍ശിക്കുകയും ചെയ്തു;
34 പിന്നീട് സ്വര്‍ഗത്തിലേക്കു നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് “എഫഥാ” എന്ന് അയാളോടു പറഞ്ഞു; അതിനു ‘തുറക്കപ്പെടട്ടെ’ എന്നര്‍ഥം.
35
അപ്പോള്‍ ആ ബധിരന്‍റെ ചെവി തുറന്നു. അയാളുടെ നാവിന്‍റെ ബന്ധനം അഴിഞ്ഞു സ്പഷ്ടമായി സംസാരിക്കുകയും ചെയ്തു.36 ഇത് ആരോടും പറയരുതെന്ന് അവിടുന്ന് അവരോട് ആജ്ഞാപിച്ചു. എന്നാല്‍ എത്ര നിഷ്കര്‍ഷാപൂര്‍വം അവിടുന്ന് ആജ്ഞാപിച്ചുവോ അത്രയധികം അവര്‍ ഈ സംഭവം വിളംബരം ചെയ്തു.
37 ഇതു കേട്ടവരെല്ലാം അത്യന്തം ആശ്ചര്യഭരിതരായി. “എത്ര നന്നായിട്ടാണ് അവിടുന്ന് എല്ലാം ചെയ്യുന്നത്! ബധിരര്‍ക്കു ശ്രവണശക്തിയും മൂകര്‍ക്കു സംസാരശേഷിയും അവിടുന്നു പ്രദാനം ചെയ്യുന്നു” എന്നു പറഞ്ഞു.
1
അന്നൊരിക്കല്‍ വീണ്ടും ഒരു വലിയ ജനസഞ്ചയം വന്നുകൂടി. അവര്‍ക്കു ഭക്ഷിക്കുന്നതിനൊന്നും ഇല്ലാഞ്ഞതിനാല്‍ ശിഷ്യന്മാരെ വിളിച്ച് യേശു പറഞ്ഞു:2 “ഈ ജനത്തോട് എനിക്ക് അനുകമ്പ തോന്നുന്നു; മൂന്നു ദിവസമായി അവര്‍ എന്നോടുകൂടി കഴിയുകയാണല്ലോ.
3 ഇവര്‍ക്കു ഭക്ഷിക്കാനൊന്നുമില്ല; ഞാനിവരെ പട്ടിണിയായി ഇവരുടെ വീടുകളിലേക്കു പറഞ്ഞയച്ചാല്‍ ഇവര്‍ വഴിയില്‍ തളര്‍ന്നുവീഴും; ഇവരില്‍ ചിലര്‍ ദൂരസ്ഥലങ്ങളില്‍നിന്നു വന്നിട്ടുള്ളവരാണ്.”
4
അപ്പോള്‍ ശിഷ്യന്മാര്‍ അവിടുത്തോട്: “ഈ ജനത്തിനെല്ലാം ആഹാരം കൊടുക്കുവാന്‍ ഈ വിജനസ്ഥലത്ത് ആര്‍ക്കു കഴിയും?” എന്നു ചോദിച്ചു.5
“ആകട്ടെ നിങ്ങളുടെ കൈയില്‍ എത്ര അപ്പമുണ്ട്?” എന്ന് യേശു അവരോട് ചോദിച്ചു. “ഏഴ്” എന്നവര്‍ പറഞ്ഞു.6
അവിടുന്നു ജനത്തോടു നിലത്തിരിക്കുവാന്‍ ആജ്ഞാപിച്ചു. പിന്നീട് ആ ഏഴപ്പം എടുത്തു സ്തോത്രംചെയ്തു മുറിച്ച് അവര്‍ക്കു വിളമ്പിക്കൊടുക്കുവാന്‍ ശിഷ്യന്മാരെ ഏല്പിച്ചു.7 അവര്‍ വിളമ്പി; കുറെ ചെറുമീനും അവരുടെ പക്കലുണ്ടായിരുന്നു; യേശു അവയും വാഴ്ത്തിയശേഷം വിളമ്പിക്കൊടുക്കുവാന്‍ ശിഷ്യന്മാരോടു പറഞ്ഞു.
8 അവര്‍ ഭക്ഷിച്ചു തൃപ്തരായി; ശേഷിച്ച അപ്പനുറുക്കുകള്‍ ഏഴു വട്ടി നിറയെ ശേഖരിച്ചു.
9 ഭക്ഷിച്ചവര്‍ നാലായിരത്തോളം പേരുണ്ടായിരുന്നു.
10 യേശു അവരെ പറഞ്ഞയച്ചു. ഉടനെതന്നെ അവിടുന്നു ശിഷ്യന്മാരോടുകൂടി വഞ്ചിയില്‍ കയറി ദല്മനൂഥ ദേശത്തേക്കു പോയി.
11
പരീശന്മാര്‍ വന്ന് യേശുവിനോടു തര്‍ക്കിച്ചു തുടങ്ങി. അവിടുത്തെ പരീക്ഷിച്ചുകൊണ്ട് ആകാശത്തുനിന്ന് ഒരു അടയാളം കാണിക്കുവാന്‍ അവര്‍ അവിടുത്തോട് ആവശ്യപ്പെട്ടു.12 അവിടുന്ന് ആത്മാവിന്‍റെ അടിത്തട്ടില്‍നിന്നു നെടുവീര്‍പ്പിട്ടുകൊണ്ട് “ഈ തലമുറ അടയാളം അന്വേഷിക്കുന്നത് എന്തിന്? ഒരടയാളവും അവര്‍ക്കു ലഭിക്കുകയില്ലെന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു” എന്നു പറഞ്ഞു.
13
അനന്തരം അവിടുന്ന് അവരെ വിട്ട് വഞ്ചിയില്‍ കയറി തടാകത്തിന്‍റെ മറുകരയ്‍ക്കുപോയി.14
അപ്പം കൊണ്ടുപോരുവാന്‍ ശിഷ്യന്മാര്‍ മറന്നുപോയി. വഞ്ചിയില്‍ അവരുടെ കൈവശം ഒരപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ.15 യേശു അവരോട്, “പരീശന്മാരുടെയും ഹേരോദായുടെയും പുളിപ്പുമാവ് സൂക്ഷിച്ചുകൊള്ളുക” എന്നു മുന്നറിയിപ്പു നല്‌കി.
16
“നമ്മുടെ കൈവശം അപ്പം ഇല്ലാത്തതുകൊണ്ടായിരിക്കുമോ അവിടുന്ന് ഇങ്ങനെ നിര്‍ദേശിച്ചത്?” എന്ന് അവര്‍ അന്യോന്യം പറഞ്ഞു.17
യേശു ഇതറിഞ്ഞ് അവരോടു ചോദിച്ചു: “നിങ്ങളുടെ കൈയില്‍ അപ്പമില്ലാത്തതിനെപ്പറ്റി സംസാരിക്കുന്നതെന്തിന്? നിങ്ങള്‍ ഇനിയും ഒന്നും കാണുകയും ഗ്രഹിക്കുകയും ചെയ്യുന്നില്ലേ? നിങ്ങള്‍ മന്ദബുദ്ധികളായിത്തന്നെ ഇരിക്കുന്നുവോ?18 കണ്ണുണ്ടായിട്ടും നിങ്ങള്‍ കാണുന്നില്ലേ? ചെവിയുണ്ടായിട്ടും കേള്‍ക്കുന്നില്ലേ? നിങ്ങള്‍ ഓര്‍ക്കുന്നില്ലേ,
19 അയ്യായിരംപേര്‍ക്ക് ഞാന്‍ അഞ്ചപ്പം നുറുക്കിക്കൊടുത്തപ്പോള്‍ അപ്പനുറുക്കുകള്‍ നിങ്ങള്‍ എത്ര കുട്ട നിറച്ചെടുത്തു?”
അവര്‍ പറഞ്ഞു: “പന്ത്രണ്ട്.”20
യേശു അവരോടു വീണ്ടും ചോദിച്ചു: “നാലായിരംപേര്‍ക്ക് ഏഴപ്പം കൊടുത്തപ്പോള്‍ അപ്പനുറുക്കുകള്‍ എത്ര വട്ടി നിറച്ചെടുത്തു?” “ഏഴ്” എന്നവര്‍ പറഞ്ഞു.21
യേശു അവരോട് “ഇനിയും നിങ്ങള്‍ ഗ്രഹിക്കുന്നില്ലേ?” എന്നു ചോദിച്ചു.22
പിന്നീട് അവര്‍ ബെത്‍സെയ്ദയിലെത്തി. കാഴ്ചയില്ലാത്ത ഒരുവനെ ചിലര്‍ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. “അയാളെ ഒന്നു തൊടണേ” എന്ന് അവര്‍ അപേക്ഷിച്ചു.23 അവിടുന്ന് ആ അന്ധനെ കൈക്കുപിടിച്ച് ഗ്രാമത്തിനു പുറത്തു കൊണ്ടുപോയി അയാളുടെ കണ്ണില്‍ സ്വന്തം ഉമിനീരു പുരട്ടുകയും കൈകള്‍ അയാളുടെമേല്‍ വയ്‍ക്കുകയും ചെയ്തു. “വല്ലതും കാണുന്നുണ്ടോ?” എന്ന് യേശു ആ മനുഷ്യനോടു ചോദിച്ചു.
24
അയാള്‍ മുഖം ഉയര്‍ത്തിനോക്കിക്കൊണ്ടു പറഞ്ഞു: “എനിക്കു മനുഷ്യരെ കാണാം; എന്നാല്‍ അവര്‍ മരങ്ങള്‍പോലെയിരിക്കുന്നു; അവര്‍ നടക്കുന്നതായി ഞാന്‍ കാണുന്നു.”25
അയാളുടെ കണ്ണുകളുടെമേല്‍ വീണ്ടും യേശു തന്‍റെ കരങ്ങള്‍വച്ചു; അയാള്‍ മിഴിച്ചു നോക്കി. അപ്പോള്‍ എല്ലാം വ്യക്തമായി കാണത്തക്കവിധം ആ അന്ധന്‍ സുഖം പ്രാപിച്ചു.26 ഗ്രാമത്തില്‍ പ്രവേശിക്കുകപോലും ചെയ്യരുതെന്നു പറഞ്ഞിട്ട് യേശു അയാളെ വീട്ടിലേക്കു പറഞ്ഞയച്ചു.
27
അനന്തരം യേശു ശിഷ്യന്മാരോടുകൂടി കൈസര്യഫിലിപ്പിക്കു ചുറ്റുമുള്ള ഗ്രാമങ്ങളിലേക്കുപോയി. വഴിയില്‍വച്ച് അവിടുന്ന് ശിഷ്യന്മാരോട്: “ഞാന്‍ ആരാണെന്നാണ് ആളുകള്‍ പറയുന്നത്?” എന്നു ചോദിച്ചു.28
“ചിലര്‍ സ്നാപകയോഹന്നാന്‍ എന്നും, മറ്റു ചിലര്‍ ഏലിയാ എന്നും, വേറെ ചിലര്‍ പ്രവാചകന്മാരില്‍ ഒരുവനെന്നും പറയുന്നു” എന്ന് അവര്‍ ഉത്തരം പറഞ്ഞു.29
അപ്പോള്‍, “ആകട്ടെ, ഞാന്‍ ആരാണെന്നാണു നിങ്ങള്‍ പറയുന്നത്?” എന്ന് യേശു ചോദിച്ചു. അതിനു പത്രോസ്, “അങ്ങു ക്രിസ്തു ആകുന്നു” എന്നുത്തരം പറഞ്ഞു.30
തന്നെപ്പറ്റി ആരോടും പറയരുതെന്ന് അവിടുന്നു കര്‍ശനമായി അവരോട് ആജ്ഞാപിച്ചു.31
മനുഷ്യപുത്രനായ തനിക്കു വളരെയധികം കഷ്ടതകള്‍ സഹിക്കേണ്ടിവരുമെന്നും ജനപ്രമാണിമാരും മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും തന്നെ പരിത്യജിക്കുമെന്നും താന്‍ വധിക്കപ്പെടുമെന്നും മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‌ക്കുമെന്നും യേശു അവരെ പറഞ്ഞു ധരിപ്പിക്കുവാന്‍ തുടങ്ങി.32 ഇക്കാര്യങ്ങള്‍ അവിടുന്ന് അവരോടു തുറന്നു പറഞ്ഞു.
33 അപ്പോള്‍ പത്രോസ് യേശുവിനെ അല്പം മാറ്റി നിറുത്തി അവിടുത്തെ തന്‍റെ പ്രതിഷേധം അറിയിച്ചു. അവിടുന്നു തിരിഞ്ഞു ശിഷ്യന്മാരെ കണ്ടിട്ട്, “സാത്താനേ, എന്‍റെ മുമ്പില്‍നിന്നു പോകൂ; നിന്‍റെ ചിന്താഗതി ദൈവത്തിന്‍റേതല്ല മനുഷ്യരുടേതത്രേ” എന്നു പറഞ്ഞു പത്രോസിനെ ശാസിച്ചു.
34
അനന്തരം യേശു ജനക്കൂട്ടത്തെയും ശിഷ്യന്മാരെയും അടുക്കല്‍ വിളിച്ച് ഇപ്രകാരം പ്രസ്താവിച്ചു: “എന്നെ അനുഗമിക്കുവാന്‍ ആരെങ്കിലും ഇച്ഛിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ ത്യജിച്ചു തന്‍റെ കുരിശു വഹിച്ചുകൊണ്ട് എന്നെ അനുഗമിക്കട്ടെ.35 ആരെങ്കിലും തന്‍റെ ജീവനെ രക്ഷിക്കുവാന്‍ ഇച്ഛിക്കുന്നുവെങ്കില്‍ അവന്‍ അതു നഷ്ടപ്പെടുത്തും; എന്നാല്‍ എനിക്കുവേണ്ടിയും സുവിശേഷത്തിനുവേണ്ടിയും തന്‍റെ ജീവനെ നഷ്ടപ്പെടുത്തുന്നവന്‍ അതിനെ രക്ഷിക്കും.
36 ഒരുവന്‍ സര്‍വലോകവും നേടിയാലും തന്‍റെ ജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവന് എന്താണു പ്രയോജനം?
37 തന്‍റെ ജീവന്‍ തിരിച്ചുകിട്ടുന്നതിനുവേണ്ടി ഒരുവന് എന്തു പകരം കൊടുക്കുവാന്‍ കഴിയും?
38 വഴി പിഴച്ചതും പാപം നിറഞ്ഞതുമായ ഈ തലമുറയില്‍ ആരെങ്കിലും എന്നെയും എന്‍റെ വചനങ്ങളെയും കുറിച്ചു ലജ്ജിച്ചാല്‍, തന്‍റെ പിതാവിന്‍റെ തേജസ്സില്‍ വിശുദ്ധമാലാഖമാരോടുകൂടി വരുമ്പോള്‍ മനുഷ്യപുത്രന്‍ അവനെക്കുറിച്ചും ലജ്ജിക്കും.”
1
യേശു അവരോടു പറഞ്ഞു: “വാസ്തവം ഞാന്‍ പറയട്ടെ, ദൈവരാജ്യം പ്രഭാവത്തോടുകൂടി വരുന്നതു കാണുന്നതുവരെ ഇവിടെ നില്‌ക്കുന്നവരില്‍ ചിലര്‍ മരിക്കുകയില്ല.”2
ആറു ദിവസം കഴിഞ്ഞ് പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരെ കൂട്ടിക്കൊണ്ട് യേശു ഒരുയര്‍ന്ന മലയിലേക്കുപോയി. അവിടെ അവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരുടെ കണ്‍മുമ്പില്‍വച്ച് അവിടുന്നു രൂപാന്തരപ്പെട്ടു.3 ഭൂമിയിലുള്ള ഒരാള്‍ക്കും വെളുപ്പിക്കുവാന്‍ കഴിയാത്തവിധം അവിടുത്തെ വസ്ത്രം വെണ്‍മയുള്ളതായി മിന്നിത്തിളങ്ങി.
4 ഏലിയായും മോശയും പ്രത്യക്ഷപ്പെട്ട് യേശുവിനോടു സംസാരിക്കുന്നത് അവര്‍ കണ്ടു.
5 പത്രോസ് യേശുവിനോട്, “ഗുരോ, ഞങ്ങള്‍ ഇവിടെ ഉള്ളത് എത്ര നന്നായി; ഞങ്ങള്‍ മൂന്നു കുടില്‍ ഉണ്ടാക്കട്ടെയോ? ഒന്ന് അങ്ങേക്കും, ഒന്നു മോശയ്‍ക്കും ഒന്ന് ഏലിയായ്‍ക്കും” എന്നു ചോദിച്ചു.
6 താന്‍ എന്താണു പറയേണ്ടതെന്നു പത്രോസിന് അറിഞ്ഞുകൂടായിരുന്നു. അദ്ദേഹവും മറ്റു ശിഷ്യന്മാരും അത്രമാത്രം ഭയപരവശരായിത്തീര്‍ന്നിരുന്നു.
7
പിന്നീട് ഒരു മേഘം വന്ന് അവരെ മൂടി. “ഇവന്‍ എന്‍റെ പ്രിയപുത്രന്‍, ഇവന്‍ പറയുന്നതു ശ്രദ്ധിക്കുക” എന്ന് മേഘത്തില്‍നിന്ന് ഒരു അശരീരിയുണ്ടായി.8 പെട്ടെന്ന് അവര്‍ ചുറ്റും നോക്കി. അപ്പോള്‍ തങ്ങളോടുകൂടി യേശുവിനെയല്ലാതെ ആരെയും അവര്‍ കണ്ടില്ല.
9
മനുഷ്യപുത്രന്‍ മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‌ക്കുന്നതുവരെ ഈ ദര്‍ശനത്തെപ്പറ്റി ആരോടും പറയരുതെന്ന് മലയില്‍നിന്ന് ഇറങ്ങിവരുമ്പോള്‍ യേശു അവരോടു കര്‍ശനമായി ആജ്ഞാപിച്ചു.10
അതുകൊണ്ട് ഈ സംഭവം അവര്‍ രഹസ്യമായി സൂക്ഷിച്ചു. എന്നാല്‍ മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‌ക്കും എന്ന് അവിടുന്നു പറഞ്ഞതിന്‍റെ അര്‍ഥം എന്തായിരിക്കുമെന്ന് അവര്‍ അന്യോന്യം ചോദിച്ചുകൊണ്ടിരുന്നു.11 “ഏലിയാ ആദ്യം വരേണ്ടതാണ് എന്ന് മതപണ്ഡിതന്മാര്‍ പറയുന്നത് എന്തുകൊണ്ട്?” എന്ന് അവര്‍ യേശുവിനോടു ചോദിച്ചു.
12
അതിനു യേശു അവരോടു പറഞ്ഞു: “എല്ലാം ഒരുക്കുന്നതിന് ആദ്യം ഏലിയാ വരുന്നു; എന്നാല്‍ മനുഷ്യപുത്രന്‍ വളരെയധികം കഷ്ടപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യേണ്ടതാണെന്നല്ലേ എഴുതിയിരിക്കുന്നത്?13 ഞാന്‍ നിങ്ങളോടു പറയുന്നു: ഏലിയാ വന്നു കഴിഞ്ഞു. അദ്ദേഹത്തെപ്പറ്റി എഴുതപ്പെട്ടിരിക്കുന്നതുപോലെ അവര്‍ അദ്ദേഹത്തോടു യഥേഷ്ടം പ്രവര്‍ത്തിച്ചു.”
14
അവര്‍ ശിഷ്യന്മാരുടെ അടുക്കലെത്തിയപ്പോള്‍ ഒരു വലിയ ജനസഞ്ചയം അവരുടെ ചുറ്റും കൂടിനില്‌ക്കുന്നതും മതപണ്ഡിതന്മാര്‍ അവരോടു തര്‍ക്കിക്കുന്നതും കണ്ടു.15 യേശുവിനെ പെട്ടെന്നു കണ്ടപ്പോള്‍ ജനങ്ങള്‍ ആശ്ചര്യഭരിതരായി ഓടിവന്ന് അവിടുത്തെ അഭിവാദനം ചെയ്തു.
16 അവിടുന്ന് അവരോടു ചോദിച്ചു:
“നിങ്ങളെന്തിനെക്കുറിച്ചാണ് അവരുമായി തര്‍ക്കിക്കുന്നത്?”17
ജനക്കൂട്ടത്തിലൊരാള്‍ പറഞ്ഞു: “ഗുരോ, എന്‍റെ മകനെ ഞാന്‍ അങ്ങയുടെ അടുക്കല്‍ കൊണ്ടുവന്നു; അവനില്‍ ഒരു മൂകനായ ദുഷ്ടാത്മാവുള്ളതുകൊണ്ട് അവനു സംസാരിക്കുവാന്‍ കഴിവില്ല.18 ആവേശിക്കുന്നിടത്തുവച്ച് അത് അവനെ തള്ളിയിടുന്നു. അവന്‍റെ വായില്‍നിന്നു നുരയും പതയും വരികയും അവന്‍ പല്ലുകടിക്കുകയും ചെയ്യും. അതോടെ അവന്‍റെ ദേഹം വിറങ്ങലിച്ചുപോകുകയും ചെയ്യുന്നു. ഈ ഭൂതത്തെ പുറത്താക്കണമെന്ന് അങ്ങയുടെ ശിഷ്യന്മാരോടു ഞാന്‍ അപേക്ഷിച്ചു. പക്ഷേ അവര്‍ക്കു കഴിഞ്ഞില്ല.”
19
അപ്പോള്‍ യേശു അവരോടു പറഞ്ഞു: “അവിശ്വാസികളായ തലമുറക്കാരേ, എത്രകാലം ഞാന്‍ നിങ്ങളോടുകൂടിയിരിക്കണം? എത്രകാലം ഞാന്‍ നിങ്ങളെ വഹിക്കണം? അവനെ ഇങ്ങു കൊണ്ടുവരൂ.”20 അവര്‍ ആ ബാലനെ യേശുവിന്‍റെ അടുത്തു കൊണ്ടുവന്നു.
യേശുവിനെ കണ്ടയുടന്‍ ആ ഭൂതം അവനെ വിറപ്പിച്ച് ശരീരം കോട്ടി തള്ളിയിട്ടു. അവന്‍ വായില്‍നിന്നു നുര പുറപ്പെടുവിച്ചുകൊണ്ട് നിലത്തുകിടന്നുരുണ്ടു.21 യേശു അവന്‍റെ പിതാവിനോട്, “ഇതു തുടങ്ങിയിട്ട് എത്രകാലമായി?” എന്നു ചോദിച്ചു.
“കുട്ടിക്കാലം മുതല്‍ത്തന്നെ തുടങ്ങിയതാണ്;22 ഇവനെ നശിപ്പിക്കുന്നതിനുവേണ്ടി പലപ്പോഴും തീയിലും വെള്ളത്തിലും അത് ഇവനെ തള്ളിയിട്ടിട്ടുണ്ട്. അങ്ങേക്ക് എന്തെങ്കിലും ചെയ്യുവാന്‍ കഴിയുമെങ്കില്‍ മനസ്സലിഞ്ഞു ഞങ്ങളെ സഹായിച്ചാലും” എന്ന് അയാള്‍ പറഞ്ഞു.
23
“കഴിയുമെങ്കില്‍ എന്നോ!” യേശു പറഞ്ഞു; “വിശ്വസിക്കുന്നവനു സകലവും സാധ്യമാണ്.”24
ഉടനെ ആ കുട്ടിയുടെ പിതാവ് “നാഥാ! ഞാന്‍ വിശ്വസിക്കുന്നു; എന്‍റെ വിശ്വാസത്തിന്‍റെ പോരായ്മ നികത്താന്‍ സഹായിച്ചാലും” എന്ന് ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു.25
ജനം തിങ്ങിക്കൂടുന്നതു കണ്ടപ്പോള്‍ യേശു ദുഷ്ടാത്മാവിനെ ശാസിച്ചുകൊണ്ടു പറഞ്ഞു: “ബധിരനും മൂകനുമായ ആത്മാവേ, ഇവനില്‍നിന്നു ഒഴിഞ്ഞുപോകൂ! ഇനി ഒരിക്കലും ഇവനില്‍ പ്രവേശിക്കരുത് എന്നു ഞാന്‍ നിന്നോടാജ്ഞാപിക്കുന്നു.”26
അപ്പോള്‍ അത് അലറിക്കൊണ്ട് അവനെ ഞെരിച്ചിഴച്ച് അവനില്‍നിന്ന് ഒഴിഞ്ഞുപോയി. ആ ബാലന്‍ മരിച്ചവനെപ്പോലെ ആയി. “അവന്‍ മരിച്ചുപോയി” എന്നു പലരും പറഞ്ഞു.27
യേശു അവന്‍റെ കൈക്കു പിടിച്ചു പൊക്കി; അവന്‍ എഴുന്നേറ്റു നിന്നു.28
യേശു വീട്ടില്‍ വന്നപ്പോള്‍ ശിഷ്യന്മാര്‍ അവിടുത്തോടു രഹസ്യമായി ചോദിച്ചു; ‘ഞങ്ങള്‍ക്കതിനെ പുറത്താക്കുവാന്‍ കഴിയാഞ്ഞത് എന്തുകൊണ്ടാണ്?”29
അവിടുന്ന് അരുള്‍ചെയ്തു: “ഈ വകയെ ബഹിഷ്കരിക്കുവാന്‍ പ്രാര്‍ഥനകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും സാധ്യമല്ല.”30
അവര്‍ അവിടെനിന്നു പുറപ്പെട്ട് ഗലീലയില്‍ക്കൂടി കടന്നുപോയി. അത് ആരും അറിയരുതെന്ന് യേശു ആഗ്രഹിച്ചു.31 എന്തെന്നാല്‍ മനുഷ്യപുത്രന്‍ മനുഷ്യരുടെ കൈയില്‍ ഏല്പിക്കപ്പെടുമെന്നും അവര്‍ അവനെ വധിക്കുമെന്നും പിന്നീട് മൂന്നു ദിവസം കഴിഞ്ഞ് ഉയിര്‍ത്തെഴുന്നേല്‌ക്കുമെന്നും അവിടുന്ന് ശിഷ്യന്മാരെ പറഞ്ഞു ധരിപ്പിക്കുകയായിരുന്നു.
32
ഇത് അവര്‍ക്കു മനസ്സിലായില്ല. അവിടുത്തോടു വീണ്ടും ചോദിക്കുവാന്‍ അവര്‍ക്കു ഭയവുമായിരുന്നു.33
അങ്ങനെ അവര്‍ കഫര്‍ന്നഹൂമില്‍ എത്തിച്ചേര്‍ന്നു. വീട്ടില്‍ വന്നപ്പോള്‍ യേശു ശിഷ്യന്മാരോട്, “വഴിയില്‍വച്ചു നിങ്ങള്‍ എന്തിനെപ്പറ്റിയാണ് വാദപ്രതിവാദം നടത്തിക്കൊണ്ടിരുന്നത്?” എന്നു ചോദിച്ചു.34
അവരുടെ വാദപ്രതിവാദം തങ്ങളില്‍ ആരാണ് ഏറ്റവും വലിയവന്‍ എന്നതിനെപ്പറ്റിയായിരുന്നതുകൊണ്ട് അവര്‍ മൗനം അവലംബിച്ചു.35 അവിടുന്ന് ഇരുന്നശേഷം പന്ത്രണ്ടു ശിഷ്യന്മാരെയും വിളിച്ച് അവരോടു പറഞ്ഞു: “ഒരുവന്‍ പ്രമുഖനാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ എല്ലാവരിലും എളിയവനും എല്ലാവരുടെയും ശുശ്രൂഷകനും ആകണം.”
36 പിന്നീട് അവിടുന്ന് ഒരു ശിശുവിനെ എടുത്ത് അവരുടെ മധ്യത്തില്‍ നിറുത്തി. ആ ശിശുവിനെ അവിടുന്ന് കരവലയത്തിലണച്ചുകൊണ്ട് അവരോടു പറഞ്ഞു:
37 “ഇതുപോലെയുള്ള ഒരു ശിശുവിനെ എന്‍റെ നാമത്തില്‍ ഏതൊരാള്‍ സ്വീകരിക്കുന്നുവോ അയാള്‍ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്ന ഏതൊരുവനും എന്നെയല്ല എന്നെ അയച്ചവനെയത്രേ സ്വീകരിക്കുന്നത്.”
38
യോഹന്നാന്‍ യേശുവിനോടു പറഞ്ഞു: ‘ഗുരോ, ഒരു മനുഷ്യന്‍ അങ്ങയുടെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുന്നത് ഞങ്ങള്‍ കണ്ടു. അയാള്‍ നമ്മെ അനുഗമിക്കാത്തവനായതുകൊണ്ട് ഞങ്ങള്‍ അയാളെ വിലക്കി.”39
യേശു യോഹന്നാനോടു പറഞ്ഞു: “അയാളെ വിലക്കരുത്; എന്‍റെ നാമത്തില്‍ അദ്ഭുതം പ്രവര്‍ത്തിക്കുന്നവന്‍ പിന്നീട് എന്നെ ദുഷിക്കുക സാധ്യമല്ല.40 നമുക്ക് എതിരില്ലാത്തവന്‍ നമ്മെ അനുകൂലിക്കുന്നവനാണ്.
41 ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: നിങ്ങള്‍ ക്രിസ്തുവിന്‍റെ നാമം വഹിക്കുന്നവരായതുകൊണ്ട് ആരെങ്കിലും ഒരു പാത്രം വെള്ളം നിങ്ങള്‍ക്കു കുടിക്കുവാന്‍ തരികയാണെങ്കില്‍ അയാള്‍ക്കു പ്രതിഫലം ലഭിക്കാതെയിരിക്കുകയില്ല.
42
“എന്നില്‍ വിശ്വസിക്കുന്ന ഈ എളിയവരില്‍ ഒരുവന്‍ പാപം ചെയ്യുന്നതിന് ആരു കാരണഭൂതനാകുന്നുവോ, അവന്‍റെ കഴുത്തില്‍ ഒരു വലിയ തിരികല്ലുകെട്ടി കടലില്‍ എറിയുന്നതാണ് അവന് ഏറെ നല്ലത്.43 പാപം ചെയ്യുന്നതിനു നിന്‍റെ കൈ കാരണമായി ഭവിക്കുന്നെങ്കില്‍ അതിനെ വെട്ടിക്കളയുക.
44 രണ്ടു കൈയുള്ളവനായി നരകത്തില്‍ നിത്യാഗ്നിയില്‍ നിപതിക്കുന്നതിനെക്കാള്‍ അംഗഭംഗമുള്ളവനായി ജീവനില്‍ പ്രവേശിക്കുന്നതാണു നിനക്കു നല്ലത്.
45 നിന്‍റെ കാല് പാപം ചെയ്യുന്നതിനു കാരണമായിത്തീര്‍ന്നാല്‍ അതു വെട്ടിക്കളയുക.
46 രണ്ടു കാലുള്ളവനായി നരകത്തില്‍ എറിയപ്പെടുന്നതിനെക്കാള്‍ മുടന്തനായി ജീവനില്‍ പ്രവേശിക്കുന്നതാണു നിനക്കു നല്ലത്.
47 നിന്‍റെ കണ്ണു പാപംചെയ്യാന്‍ കാരണമായിത്തീര്‍ന്നാല്‍ അതു ചുഴന്നെടുത്തു കളയുക. രണ്ടു കണ്ണുള്ളവനായി ചാകാത്ത പുഴുവും കെടാത്ത തീയുമുള്ള നരകത്തില്‍ എറിയപ്പെടുന്നതിനെക്കാള്‍ ഒരു കണ്ണുള്ളവനായി ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതാണു നിനക്കു നല്ലത്.
48 അവരെ അരിക്കുന്ന പുഴു ചാകുകയില്ല. അവരെ ദഹിപ്പിക്കുന്ന തീ കെടുകയുമില്ല.
49
[49,50] “എല്ലാവര്‍ക്കും തീകൊണ്ട് ഉപ്പു ചേര്‍ക്കപ്പെടും. ഉപ്പു നല്ലതുതന്നെ. എന്നാല്‍ ഉപ്പിന് ഉപ്പുരസമില്ലെങ്കില്‍ എങ്ങനെയാണതു രുചിപ്പെടുത്തുക? നിങ്ങള്‍ ഉപ്പുള്ളവരായിരിക്കുക; നിങ്ങള്‍ അന്യോന്യം സമാധാനമായിരിക്കുകയും വേണം.”1
യേശു അവിടംവിട്ട് യോര്‍ദ്ദാന്‍റെ മറുകരെയുള്ള യെഹൂദ്യപ്രദേശത്തേക്കു പോയി. വീണ്ടും ജനങ്ങള്‍ കൂട്ടംകൂട്ടമായി അവിടുത്തെ അടുക്കല്‍ വന്നുചേര്‍ന്നു. പതിവുപോലെ അവിടുന്ന് അവരെ പ്രബോധിപ്പിക്കുവാന്‍ തുടങ്ങി.2
അപ്പോള്‍ പരീശന്മാര്‍ അടുത്തുവന്ന് അവിടുത്തെ പരീക്ഷിക്കുന്നതിനുവേണ്ടി ചോദിച്ചു: “ഒരു പുരുഷന്‍ തന്‍റെ ഭാര്യയെ ഉപേക്ഷിക്കുന്നതു ന്യായമാണോ?”3
യേശു മറുപടിയായി “മോശ കല്പിച്ചിരിക്കുന്നതെന്താണ്?” എന്നു ചോദിച്ചു.4
“പുരുഷന്‍ മോചനപത്രം എഴുതിക്കൊടുത്തിട്ട് ഭാര്യയെ ഉപേക്ഷിക്കുവാന്‍ മോശ അനുവദിച്ചിട്ടുണ്ട്” എന്നവര്‍ പറഞ്ഞു.5
യേശു അവരോട് അരുള്‍ചെയ്തു: “നിങ്ങള്‍ക്ക് ഇതിലുപരി ഗ്രഹിക്കുവാന്‍ കഴിയാത്തതുകൊണ്ടാണ് മോശ അപ്രകാരം അനുശാസിച്ചത്.6 സൃഷ്‍ടിയുടെ ആരംഭത്തില്‍ത്തന്നെ ദൈവം മനുഷ്യരെ ആണും പെണ്ണുമായി സൃഷ്‍ടിച്ചു.
7 അതിനാല്‍ ഒരുവന്‍ തന്‍റെ മാതാപിതാക്കളെ വിട്ട് ഭാര്യയോടു ചേരും;
8 അവര്‍ ഇരുവരും ഒരു മെയ്യായിത്തീരുകയും ചെയ്യും.” അതുകൊണ്ട് അതുമുതല്‍ അവര്‍ രണ്ടല്ല, ഒരു ശരീരമാകുന്നു.
9 ദൈവം സംയോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പിരിക്കരുത്.
10
വീട്ടില്‍വച്ച് ഇക്കാര്യത്തെപ്പറ്റി ശിഷ്യന്മാര്‍ വീണ്ടും അവിടുത്തോട് ചോദിച്ചു. അവിടുന്ന് അവരോടു പറഞ്ഞു:11 “സ്വഭാര്യയെ ഉപേക്ഷിച്ച് വേറൊരു സ്‍ത്രീയെ വിവാഹം ചെയ്യുന്ന ഏതൊരുവനും അവള്‍ക്കെതിരെ വ്യഭിചാരം ചെയ്യുന്നു.
12 ഒരു സ്‍ത്രീ തന്‍റെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് വേറൊരുവനെ വിവാഹം ചെയ്താല്‍ ആ സ്‍ത്രീയും വ്യഭിചാരം ചെയ്യുന്നു.”
13
ശിശുക്കളെ തൊട്ട് അനുഗ്രഹിക്കുന്നതിനുവേണ്ടി ചിലര്‍ അവരെ യേശുവിന്‍റെ അടുത്തുകൊണ്ടുവന്നു. ശിഷ്യന്മാര്‍ അവരെ ശകാരിച്ചു.14 അതു കണ്ടപ്പോള്‍ യേശു നീരസപ്പെട്ട് അവരോടു പറഞ്ഞു: “എന്‍റെ അടുക്കല്‍ വരുവാന്‍ ആ ശിശുക്കളെ അനുവദിക്കൂ; അവരെ വിലക്കരുത്. എന്തെന്നാല്‍ ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതാണ്.
15 ഒരു ശിശു എന്നപോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്തവന്‍ അതില്‍ പ്രവേശിക്കുകയില്ലെന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു.”
16 പിന്നീട് ആ ശിശുക്കളെ അവിടുന്ന് ആശ്ലേഷിക്കുകയും ചെയ്തു.
17
അവിടെനിന്ന് യേശു യാത്ര തുടര്‍ന്നപ്പോള്‍ ഒരാള്‍ ഓടിവന്ന് അവിടുത്തെ മുമ്പില്‍ മുട്ടുകുത്തി, “നല്ലവനായ ഗുരോ, അനശ്വരജീവന്‍ അവകാശമാക്കുവാന്‍ ഞാന്‍ എന്തു ചെയ്യണം?” എന്നു ചോദിച്ചു.18
യേശു അയാളോട്, “എന്നെ നല്ലവന്‍ എന്നു വിളിക്കുന്നതെന്ത്? നല്ലവനായി ദൈവം മാത്രമേയുള്ളൂ; മറ്റാരുമില്ലതന്നെ. കൊല ചെയ്യരുത്,19 വ്യഭിചാരം ചെയ്യരുത്, മോഷ്‍ടിക്കരുത്, കള്ളസ്സാക്ഷ്യം പറയരുത്, വഞ്ചിക്കരുത്, മാതാപിതാക്കളെ ബഹുമാനിക്കണം എന്നിങ്ങനെയുള്ള ധര്‍മശാസനങ്ങള്‍ താങ്കള്‍ക്ക് അറിയാമല്ലോ” എന്നു പറഞ്ഞു.
20
“ഗുരോ, ഇവയെല്ലാം ചെറുപ്പം മുതല്‌ക്കേ ഞാന്‍ പാലിക്കുന്നുണ്ട്” എന്ന് അയാള്‍ പറഞ്ഞു.21
യേശു സ്നേഹപൂര്‍വം അയാളെ സൂക്ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു: “താങ്കള്‍ക്കു ഒരു കുറവുണ്ട്; പോയി താങ്കള്‍ക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക; അപ്പോള്‍ താങ്കള്‍ക്കു സ്വര്‍ഗത്തില്‍ നിക്ഷേപം ഉണ്ടാകും; പിന്നീടു വന്ന് എന്നെ അനുഗമിക്കുക.”22 ഇതുകേട്ട് ദുഃഖിതനായിത്തീര്‍ന്ന അയാള്‍, മ്ലാനമുഖനായി അവിടെനിന്നു പോയി; എന്തെന്നാല്‍ അയാള്‍ വലിയ ധനികനായിരുന്നു.
23
യേശു ചുറ്റും നോക്കിയിട്ട്: “ധനവാന്മാര്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുക എത്ര ദുഷ്കരം” എന്ന് ശിഷ്യന്മാരോട് അരുള്‍ ചെയ്തു.24
അവിടുത്തെ ഈ വാക്കുകള്‍ കേട്ട് അവര്‍ വിസ്മയഭരിതരായി.25 യേശു വീണ്ടും പറഞ്ഞു: “കുഞ്ഞുങ്ങളേ, ദൈവരാജ്യത്തില്‍ പ്രവേശിക്കുക എത്രയോ പ്രയാസം! ധനവാന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്.”
26
അവര്‍ അത്യധികം ആശ്ചര്യപ്പെട്ട് യേശുവിനോടു ചോദിച്ചു: “അങ്ങനെയെങ്കില്‍ രക്ഷപെടുവാന്‍ ആര്‍ക്കു കഴിയും?”27
യേശു അവരെ നോക്കിക്കൊണ്ട്: “മനുഷ്യര്‍ക്ക് അത് അസാധ്യം; എന്നാല്‍ ദൈവത്തിന് അസാധ്യമല്ല” എന്ന് ഉത്തരമരുളി.28
പത്രോസ് യേശുവിനോട്, “ഇതാ ഞങ്ങള്‍ സകലവും ഉപേക്ഷിച്ച് അങ്ങയെ അനുഗമിക്കുകയാണല്ലോ” എന്നു പറഞ്ഞു.29
യേശു അരുള്‍ചെയ്തു: “വാസ്തവം ഞാന്‍ നിങ്ങളോടു പറയട്ടെ; എനിക്കുവേണ്ടിയോ, സുവിശേഷത്തിനുവേണ്ടിയോ; ഭവനത്തെയും സഹോദരന്മാരെയും സഹോദരിമാരെയും മാതാവിനെയും പിതാവിനെയും മക്കളെയും നിലംപുരയിടങ്ങളെയും ഉപേക്ഷിക്കുന്ന ഏതൊരുവനും30 ഇപ്പോള്‍ത്തന്നെ നൂറുമടങ്ങു ഭവനങ്ങളെയും സഹോദരന്മാരെയും സഹോദരിമാരെയും അമ്മമാരെയും മക്കളെയും വസ്തുവകകളെയും പീഡനങ്ങളോടൊപ്പം ലഭിക്കും; ഭാവിയുഗത്തില്‍ അനശ്വര ജീവനും കിട്ടും.
31 എന്നാല്‍ മുമ്പന്മാര്‍ പലരും പിമ്പന്മാരും പിമ്പന്മാര്‍ പലരും മുമ്പന്മാരുമായിത്തീരും.
32
അവര്‍ യെരൂശലേമിലേക്കു യാത്ര ചെയ്യുകയായിരുന്നു. യേശു അവരുടെ മുമ്പേ നടന്നു. ശിഷ്യന്മാര്‍ വിസ്മയിക്കുകയും യേശുവിനെ അനുഗമിച്ചിരുന്നവര്‍ ഭയപ്പെടുകയും ചെയ്തിരുന്നു. അവിടുന്നു പന്ത്രണ്ടു ശിഷ്യന്മാരെ അരികില്‍ വിളിച്ച് തനിക്കു സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചു വീണ്ടും പറഞ്ഞുതുടങ്ങി:33 “ഇതാ നാം യെരൂശലേമിലേക്കു പോകുകയാണ്. മനുഷ്യപുത്രന്‍ മുഖ്യപുരോഹിതന്മാരുടെയും മതപണ്ഡിതന്മാരുടെയും കൈയില്‍ ഏല്പിക്കപ്പെടും; അവര്‍ തന്നെ വധശിക്ഷയ്‍ക്കു വിധിക്കുകയും വിജാതീയരെ ഏല്പിക്കുകയും ചെയ്യും.
34 അവര്‍ മനുഷ്യപുത്രനെ പരിഹസിക്കുകയും തന്‍റെമേല്‍ തുപ്പുകയും ചാട്ടവാറുകൊണ്ട് അടിക്കുകയും ഒടുവില്‍ കൊല്ലുകയും ചെയ്യും. എന്നാല്‍ മൂന്നുദിവസം കഴിഞ്ഞ് മനുഷ്യപുത്രന്‍ ഉയിര്‍ത്തെഴുന്നേല്‌ക്കും.”
35
സെബദിയുടെ പുത്രന്മാരായ യാക്കോബും യോഹന്നാനും വന്ന് “ഗുരോ, ഞങ്ങള്‍ ആഗ്രഹിക്കുന്ന കാര്യം സാധിച്ചു തരണമേ” എന്ന് യേശുവിനോട് അപേക്ഷിച്ചു.36
“ഞാന്‍ എന്താണു നിങ്ങള്‍ക്കു ചെയ്തുതരേണ്ടത്?” എന്ന് യേശു ചോദിച്ചു.37
അവര്‍ പറഞ്ഞു: “മഹത്ത്വമേറിയ രാജ്യത്തില്‍ അവിടുന്നു വാണരുളുമ്പോള്‍ ഞങ്ങളിലൊരുവന്‍ അങ്ങയുടെ വലത്തും അപരന്‍ ഇടത്തും ഇരിക്കുവാനുള്ള വരം തന്നാലും.”38
യേശു അവരോട്, “നിങ്ങള്‍ അപേക്ഷിക്കുന്നത് എന്തെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടാ. ഞാന്‍ കുടിക്കുന്ന പാനപാത്രത്തില്‍നിന്നു കുടിക്കുവാനും ഞാന്‍ ഏല്‌ക്കുന്ന സ്നാപനം ഏല്‌ക്കുവാനും നിങ്ങള്‍ക്കു കഴിയുമോ?” എന്നു ചോദിച്ചു.39
“ഞങ്ങള്‍ക്കു കഴിയും” എന്ന് അവര്‍ പറഞ്ഞു. യേശു അവരോട് അരുള്‍ചെയ്തു: “ഞാന്‍ കുടിക്കുന്ന പാനപാത്രത്തില്‍നിന്നു നിങ്ങള്‍ കുടിക്കും; ഞാന്‍ സ്വീകരിക്കുന്ന സ്നാപനം നിങ്ങള്‍ സ്വീകരിക്കുകയും ചെയ്യും.40 എന്നാല്‍ എന്‍റെ വലത്തും ഇടത്തും ഇരിക്കുവാനുള്ള വരം നല്‌കുന്നത് എന്‍റെ അധികാരത്തിലുള്ള കാര്യമല്ല; അത് ആര്‍ക്കുവേണ്ടി ഒരുക്കപ്പെട്ടിരിക്കുന്നുവോ അവര്‍ക്കുള്ളതായിരിക്കും.”
41
ഇതു കേട്ടപ്പോള്‍ മറ്റു പത്തു ശിഷ്യന്മാര്‍ക്കും യാക്കോബിനോടും യോഹന്നാനോടും നീരസം തോന്നി.42 യേശു അവരെ അടുക്കല്‍ വിളിച്ച് ഇപ്രകാരം പറഞ്ഞു: “വിജാതീയരില്‍ പ്രഭുത്വമുള്ളവര്‍ അധികാരം നടത്തുന്നു എന്നും അവരില്‍ പ്രമുഖന്മാര്‍ അവരെ ഭരിക്കുന്നുവെന്നും നിങ്ങള്‍ക്ക് അറിയാമല്ലോ.
43 എന്നാല്‍ നിങ്ങളുടെ ഇടയില്‍ അതു പാടില്ല. നിങ്ങളില്‍ വലിയവനാകുവാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ശുശ്രൂഷകന്‍ ആകണം.
44 നിങ്ങളില്‍ പ്രമുഖന്‍ ആകുവാന്‍ ഇച്ഛിക്കുന്നവന്‍ എല്ലാവരുടെയും ദാസനാകണം.
45 മനുഷ്യപുത്രന്‍ വന്നത് ശുശ്രൂഷിക്കപ്പെടുവാനല്ല, ശുശ്രൂഷിക്കുവാനും അസംഖ്യം ആളുകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മൂല്യമായി തന്‍റെ ജീവന്‍ നല്‌കുവാനുമാണ്.”
46
അവര്‍ യെരിഹോവിലെത്തി. ശിഷ്യന്മാരോടും ഒരു വലിയ ജനാവലിയോടുംകൂടി യേശു അവിടെനിന്നു പോകുമ്പോള്‍ തിമായിയുടെ മകനായ ബര്‍ത്തിമായി എന്ന അന്ധന്‍ വഴിയരികില്‍ ഭിക്ഷ യാചിച്ചുകൊണ്ടിരുന്നു.47 നസറായനായ യേശു വരുന്നു എന്നു കേട്ടപ്പോള്‍, “യേശുവേ! ദാവീദുപുത്രാ! എന്നോടു കരുണയുണ്ടാകണമേ” എന്ന് അയാള്‍ ഉച്ചത്തില്‍ വിളിച്ചുപറയുവാന്‍ തുടങ്ങി.
48
“മിണ്ടാതിരിക്കൂ” എന്നു പറഞ്ഞുകൊണ്ട് പലരും അയാളെ ശകാരിച്ചു. അയാളാകട്ടെ, കൂടുതല്‍ ഉച്ചത്തില്‍ “ദാവീദുപുത്രാ! എന്നോടു കനിവുതോന്നണമേ” എന്നു നിലവിളിച്ചു.49
യേശു അവിടെ നിന്നു: “അയാളെ വിളിക്കുക” എന്നു പറഞ്ഞു. അവര്‍ ആ അന്ധനെ വിളിച്ച് “ധൈര്യപ്പെടുക; എഴുന്നേല്‌ക്കൂ! അവിടുന്നു നിന്നെ വിളിക്കുന്നു” എന്നു പറഞ്ഞു.50
അയാള്‍ മേലങ്കി വലിച്ചെറിഞ്ഞു ചാടിയെഴുന്നേറ്റ് യേശുവിന്‍റെ അടുക്കലേക്കു ചെന്നു.51
യേശു അയാളോട്: “ഞാന്‍ നിനക്ക് എന്തു ചെയ്തുതരണമെന്നാണു നീ ആഗ്രഹിക്കുന്നത്?” എന്നു ചോദിച്ചു. “ഗുരോ, എനിക്കു വീണ്ടും കാഴ്ച കിട്ടണം” എന്ന് ആ അന്ധന്‍ പറഞ്ഞു.52
യേശു അരുള്‍ചെയ്തു: “പോകുക, നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.” തല്‍ക്ഷണം അയാള്‍ കാഴ്ചപ്രാപിച്ച് യാത്രയില്‍ യേശുവിനെ അനുഗമിച്ചു.1
അവര്‍ യെരൂശലേമിനു സമീപം ഒലിവുമലയ്‍ക്ക് അരികിലുള്ള ബേത്ഫാഗയ്‍ക്കും ബേഥാന്യക്കും അടുത്തെത്തിയപ്പോള്‍ യേശു ശിഷ്യന്മാരില്‍ രണ്ടുപേരെ വിളിച്ചു പറഞ്ഞു:2 നിങ്ങളുടെ മുമ്പില്‍ കാണുന്ന ഗ്രാമത്തിലേക്കു ചെല്ലുക; അവിടെ പ്രവേശിക്കുമ്പോള്‍ത്തന്നെ, ആരും ഇതുവരെ കയറിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു നിങ്ങള്‍ കാണും; അതിനെ അഴിച്ചുകൊണ്ടുവരിക;
3 നിങ്ങള്‍ എന്തിനാണ് അതിനെ അഴിക്കുന്നതെന്ന് ആരെങ്കിലും ചോദിച്ചാല്‍ കര്‍ത്താവിന് ഇതിനെ ആവശ്യമുണ്ട്, അവിടുന്ന് ഇതിനെ ഉടനെതന്നെ ഇവിടെ തിരിച്ചെത്തിക്കും എന്നു പറയുക.” ഇങ്ങനെ പറഞ്ഞ് അവിടുന്ന് അവരെ അയച്ചു.
4
അവര്‍ അതനുസരിച്ചു പോയി തെരുവില്‍ ഒരു വീട്ടുവാതില്‌ക്കല്‍ ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു. അവര്‍ അതിനെ അഴിച്ചു.5 അവിടെ നിന്നിരുന്നവരില്‍ ചിലര്‍ അവരോട്, “നിങ്ങള്‍ കഴുതക്കുട്ടിയെ അഴിക്കുന്നത് എന്തിനാണ്?” എന്നു ചോദിച്ചു.
6
യേശു പറഞ്ഞിരുന്നതുപോലെ അവര്‍ മറുപടി പറഞ്ഞു.7 അവിടെ നിന്നവര്‍ അവരെ അനുവദിക്കുകയും ചെയ്തു. ആ ശിഷ്യന്മാര്‍ കഴുതക്കുട്ടിയെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. അവരുടെ മേലങ്കികള്‍ അതിന്‍റെ പുറത്തു വിരിച്ചു. യേശു കഴുതപ്പുറത്തു കയറിയിരുന്നു.
8 പലരും തങ്ങളുടെ മേലങ്കികള്‍ വഴിയില്‍ വിരിച്ചു. മറ്റുള്ളവര്‍ പറമ്പുകളില്‍നിന്ന് ഇലയുള്ള മരച്ചില്ലകള്‍ വെട്ടി വഴിയില്‍ വിതറി.
9 അവിടുത്തെ മുമ്പും പിമ്പും നടന്നവര്‍ “ഹോശാനാ! കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍!
10 നമ്മുടെ പിതാവായ ദാവീദിന്‍റെ വരുവാനുള്ള രാജ്യം വാഴ്ത്തപ്പെട്ടതാകുന്നു! അത്യുന്നതങ്ങളില്‍ ഹോശാനാ!” എന്ന് ഉച്ചത്തില്‍ ആര്‍പ്പുവിളിച്ചു.
11
അങ്ങനെ യേശു യെരൂശലേമില്‍ പ്രവേശിച്ച്, നേരെ ദേവാലയത്തിലേക്കു പോയി; അവിടെയെത്തി ചുറ്റുപാടുമുള്ളതെല്ലാം നോക്കിക്കണ്ടു. എന്നാല്‍ നേരം വൈകിയിരുന്നതിനാല്‍ അവിടുന്ന് പന്ത്രണ്ടു ശിഷ്യന്മാരോടുകൂടി ബേഥാന്യയിലേക്കു പോയി.12
പിറ്റേദിവസം അവര്‍ ബേഥാന്യയില്‍നിന്നു തിരിച്ചുവരികയായിരുന്നു. അപ്പോള്‍ യേശുവിനു വിശന്നു.13 അങ്ങകലെ ഇലകള്‍ നിറഞ്ഞ ഒരു അത്തിവൃക്ഷം നില്‌ക്കുന്നതുകണ്ട് അതില്‍ അത്തിപ്പഴം കാണുമെന്നു കരുതി അവിടുന്ന് അടുത്തു ചെന്നു; പക്ഷേ ഇലകളല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അത് അത്തിപ്പഴത്തിന്‍റെ കാലമല്ലായിരുന്നു. അവിടുന്നു പറഞ്ഞു:
14 “ഇനിമേല്‍ ആരും ഒരിക്കലും നിന്നില്‍നിന്ന് അത്തിപ്പഴം ഭക്ഷിക്കാതിരിക്കട്ടെ.”
ഇതു ശിഷ്യന്മാര്‍ പ്രത്യേകം ശ്രദ്ധിച്ചു.15
അവര്‍ യെരൂശലേമിലെത്തി. യേശു ദേവാലയത്തില്‍ പ്രവേശിച്ച് അവിടെ ക്രയവിക്രയം ചെയ്തിരുന്നവരെ പുറത്താക്കുവാന്‍ തുടങ്ങി; നാണയം മാറ്റിക്കൊടുക്കുന്നവരുടെ മേശകളും പ്രാക്കളെ വില്‍ക്കുന്നവരുടെ ഇരിപ്പിടങ്ങളും മറിച്ചിട്ടു.16 ദേവാലയത്തിലൂടെ യാതൊരു സാധനവും എടുത്തുകൊണ്ടുപോകുവാന്‍ അവിടുന്ന് അനുവദിച്ചില്ല.
17 ജനങ്ങളെ അവിടുന്ന് ഇപ്രകാരം പ്രബോധിപ്പിച്ചു: “എന്‍റെ ആലയം എല്ലാ ജനങ്ങളുടെയും പ്രാര്‍ഥനാലയം എന്ന് വിളിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്തതായി എഴുതപ്പെട്ടിട്ടില്ലേ? എന്നാല്‍ നിങ്ങള്‍ അതിനെ കൊള്ളക്കാരുടെ താവളമാക്കിയിരിക്കുന്നു.”
18
പുരോഹിതമുഖ്യന്മാരും മതപണ്ഡിതന്മാരും ഇതുകേട്ട് യേശുവിനെ നിഗ്രഹിക്കുവാനുള്ള വഴി എന്തെന്ന് ആലോചിച്ചു. കാരണം യേശുവിന്‍റെ ധര്‍മോപദേശം കേട്ട് എല്ലാ ജനങ്ങളും വിസ്മയഭരിതരായതുകൊണ്ട് പുരോഹിതമുഖ്യന്മാരും മതപണ്ഡിതന്മാരും അവിടുത്തെ ഭയപ്പെട്ടു.19
സന്ധ്യാസമയമായപ്പോള്‍ യേശുവും ശിഷ്യന്മാരും പട്ടണത്തിനു പുറത്തു പോയി.20
പിറ്റേദിവസം രാവിലെ അവര്‍ കടന്നുപോകുമ്പോള്‍ ആ അത്തിവൃക്ഷം സമൂലം ഉണങ്ങിയിരിക്കുന്നതായി കണ്ടു.21 അപ്പോള്‍ യേശു പറഞ്ഞ വാക്കുകള്‍ ഓര്‍ത്തുകൊണ്ട്, “ഗുരുനാഥാ, അതാ നോക്കൂ! അങ്ങു ശപിച്ച ആ അത്തിവൃക്ഷം ഉണങ്ങിപ്പോയതു കണ്ടില്ലേ?” എന്നു പത്രോസ് പറഞ്ഞു.
22
യേശു പ്രതിവചിച്ചു: “നിങ്ങള്‍ ദൈവത്തില്‍ വിശ്വാസമുള്ളവരായിരിക്കുക.23 ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു, ഹൃദയത്തില്‍ സംശയലേശം കൂടാതെ താന്‍ പറയുന്നതുപോലെ സംഭവിക്കുമെന്നു വിശ്വസിച്ചുകൊണ്ട് ഒരുവന്‍ ഈ മലയോട് ഇളകി കടലില്‍ വീഴുക എന്നു പറഞ്ഞാല്‍ അപ്രകാരം സംഭവിക്കും.
24 അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ നിങ്ങള്‍ എന്തിനുവേണ്ടിയെങ്കിലും അപേക്ഷിച്ചാല്‍ അതു ലഭിച്ചിരിക്കുന്നു എന്നു വിശ്വസിക്കുക. നിങ്ങള്‍ അപേക്ഷിക്കുന്നതെന്തും നിങ്ങള്‍ക്കു ലഭിക്കുകയും ചെയ്യും.
25 നിങ്ങള്‍ പ്രാര്‍ഥിക്കുവാന്‍ നില്‌ക്കുമ്പോള്‍ സ്വര്‍ഗസ്ഥനായ പിതാവു നിങ്ങളുടെ പിഴകള്‍ നിങ്ങളോടു ക്ഷമിക്കേണ്ടതിനു നിങ്ങള്‍ക്ക് ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കില്‍ അതു ക്ഷമിക്കുക.
26 നിങ്ങള്‍ മറ്റുള്ളവരോടു ക്ഷമിക്കുന്നില്ലെങ്കില്‍, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവും നിങ്ങളുടെ പിഴകള്‍ ക്ഷമിക്കുകയില്ല.
27
അവര്‍ വീണ്ടും യെരൂശലേമില്‍ വന്നു. യേശു ദേവാലയത്തിലൂടെ നടക്കുമ്പോള്‍ മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും ജനപ്രമാണിമാരും വന്ന് അവിടുത്തോട് ചോദിച്ചു:28 “എന്ത് അധികാരംകൊണ്ടാണ് താങ്കള്‍ ഇവയെല്ലാം ചെയ്യുന്നത്? അഥവാ ഇവയൊക്കെ ചെയ്യുവാനുള്ള അധികാരം ആരാണു താങ്കള്‍ക്കു നല്‌കിയത്?”
29
യേശു പ്രതിവചിച്ചു: “നിങ്ങളോടു ഞാനും ഒന്നു ചോദിക്കട്ടെ; അതിന് ഉത്തരം നല്‌കുക. എന്നാല്‍ എന്തധികാരംകൊണ്ടാണ് ഇവയെല്ലാം ഞാന്‍ ചെയ്യുന്നതെന്നു നിങ്ങളോടു പറയാം.30 സ്നാപനം നടത്തുന്നതിനുള്ള അധികാരം യോഹന്നാന് എവിടെനിന്നു ലഭിച്ചു? ദൈവത്തില്‍നിന്നോ, മനുഷ്യരില്‍നിന്നോ? പറയുക.”
31
അവര്‍ അന്യോന്യം ആലോചിച്ചു. “ദൈവത്തില്‍നിന്ന് എന്നു നാം പറഞ്ഞാല്‍, പിന്നെ നിങ്ങള്‍ എന്തുകൊണ്ട് യോഹന്നാനെ വിശ്വസിച്ചില്ല എന്ന് അവിടുന്നു ചോദിക്കും;32 മനുഷ്യരില്‍നിന്ന് എന്ന് പറഞ്ഞാലോ?” പക്ഷേ അവര്‍ ജനങ്ങളെ ഭയപ്പെട്ടു. എന്തെന്നാല്‍ യോഹന്നാനെ ഒരു പ്രവാചകനായിട്ടത്രേ എല്ലാവരും കരുതിയിരുന്നത്.
33 അതുകൊണ്ട് “ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ” എന്ന് അവര്‍ യേശുവിനോടു പറഞ്ഞു.
“എന്നാല്‍ എന്തധികാരംകൊണ്ടാണ് ഇവയെല്ലാം ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല” എന്ന് യേശു അവരോടുത്തരം പറഞ്ഞു.1
അനന്തരം യേശു ദൃഷ്ടാന്തരൂപേണ അവരോടു സംസാരിച്ചു തുടങ്ങി: “ഒരു മനുഷ്യന്‍ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, ചുറ്റും വേലികെട്ടുകയും മുന്തിരിച്ചക്കു കുഴിച്ചിടുകയും കാവല്‍ഗോപുരം നിര്‍മിക്കുകയും ചെയ്തു. പിന്നീട് തോട്ടം പാട്ടത്തിന് ഏല്പിച്ചശേഷം അയാള്‍ വിദേശത്തേക്കു പോയി.2 വിളവെടുപ്പിനു സമയമായപ്പോള്‍ മുന്തിരിത്തോട്ടത്തില്‍നിന്നു തനിക്കു കിട്ടേണ്ട പാട്ടം വാങ്ങുന്നതിനായി അയാള്‍ ഒരു ദാസനെ പാട്ടക്കാരുടെ അടുക്കലേക്കയച്ചു.
3 അവര്‍ അവനെ പിടിച്ചു കണക്കിനു പ്രഹരിച്ചു വെറുംകൈയായി തിരിച്ചയച്ചു.
4 വീണ്ടും മറ്റൊരു ദാസനെ അവരുടെ അടുക്കല്‍ അയച്ചു. അവര്‍ അവന്‍റെ തലയ്‍ക്കു പരുക്കേല്പിക്കുകയും അവനെ അപമാനിക്കുകയും ചെയ്തു.
5 പിന്നീടു മറ്റൊരാളെക്കൂടി പറഞ്ഞയച്ചു. അവര്‍ അവനെ കൊന്നുകളഞ്ഞു; മറ്റുപലരെയും ആ പാട്ടക്കാര്‍ തല്ലുകയും ചിലരെ കൊല്ലുകയും ചെയ്തു.
6 അവരുടെ അടുക്കല്‍ അയയ്‍ക്കാന്‍ ഇനി ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ; അയാളുടെ പ്രിയപുത്രന്‍. ‘എന്‍റെ മകനെ അവര്‍ ആദരിക്കും’ എന്നു പറഞ്ഞുകൊണ്ട് അയാള്‍ തന്‍റെ മകനെയും ആ കൃഷിക്കാരുടെ അടുക്കലേക്ക് അയച്ചു.
7 മകനെ കണ്ടപ്പോള്‍ അവര്‍ അന്യോന്യം പറഞ്ഞു: ‘ഇതാ ഇവനാണ് ഈ തോട്ടത്തിന്‍റെ അവകാശി; വരൂ, നമുക്ക് ഇവനെ കൊല്ലാം,
8 അപ്പോള്‍ അവകാശം നമ്മുടേതായിത്തീരും’ എന്നു പറഞ്ഞുകൊണ്ട് അവര്‍ അവനെ പിടിച്ചു കൊന്ന് തോട്ടത്തിനു പുറത്തെറിഞ്ഞു കളഞ്ഞു.
9
“ആ മുന്തിരിത്തോട്ടത്തിന്‍റെ ഉടമസ്ഥന്‍ ഇനി എന്തു ചെയ്യും? അയാള്‍ ചെന്ന് ആ പാട്ടക്കാരെ നിഗ്രഹിക്കുകയും മുന്തിരിത്തോട്ടം മറ്റാരെയെങ്കിലും ഏല്പിക്കുകയും ചെയ്യും.10 നിങ്ങള്‍ ഈ വേദഭാഗം വായിച്ചിട്ടില്ലേ?
പണിക്കാര്‍ തള്ളിക്കളഞ്ഞ കല്ലുതന്നെ11
ഇതു സര്‍വേശ്വരന്‍റെ പ്രവൃത്തിയാണ്;
നമ്മുടെ ദൃഷ്‍ടിയില്‍ ഇത് എത്ര ആശ്ചര്യകരം”
12
യെഹൂദമതനേതാക്കള്‍ യേശുവിനെ പിടിക്കുവാന്‍ ശ്രമിച്ചു. എന്തെന്നാല്‍ ഈ ദൃഷ്ടാന്തം തങ്ങളെക്കുറിച്ചാണ് പറഞ്ഞതെന്ന് അവര്‍ക്കു മനസ്സിലായി. എന്നാല്‍ പൊതുജനങ്ങളെ ഭയപ്പെട്ടതുകൊണ്ട് അവര്‍ അവിടുത്തെ വിട്ടുപോയി.13
വാക്കുകള്‍കൊണ്ട് യേശുവിനെ കെണിയില്‍ വീഴ്ത്തുവാന്‍ പരീശന്മാരിലും ഹേരോദ്യരിലുംപെട്ട ചിലരെ അവര്‍ അവിടുത്തെ അടുക്കല്‍ അയച്ചു.14 അവര്‍ അവിടുത്തോട് പറഞ്ഞു: “ഗുരോ, അങ്ങു സത്യസന്ധനും ആരെയും ഭയപ്പെടാത്തവനും ആണെന്നും, അതുകൊണ്ട് അങ്ങ് ആരുടെയും മുഖം നോക്കാതെ ദൈവത്തിന്‍റെ മാര്‍ഗം സത്യമായി ഉപദേശിക്കുന്നു എന്നും ഞങ്ങള്‍ക്കറിയാം; ഞങ്ങള്‍ ഒന്നു ചോദിക്കട്ടെ; കൈസര്‍ക്കു നികുതികള്‍ കൊടുക്കുന്നതു ന്യായമാണോ? ഞങ്ങള്‍ അതു കൊടുക്കണോ വേണ്ടയോ?”
15
അവരുടെ കപടതന്ത്രം മനസ്സിലാക്കിക്കൊണ്ട് യേശു അവരോടു പറഞ്ഞു: “നിങ്ങള്‍ എന്നെ പരീക്ഷിക്കുന്നത് എന്തിന്? ഒരു നാണയം ഇങ്ങുകൊണ്ടുവരൂ; ഞാന്‍ അതൊന്നു നോക്കട്ടെ.”16
അവര്‍ ഒരു നാണയം കൊണ്ടുവന്നു. അവിടുന്നു ചോദിച്ചു: “ആരുടെ രൂപവും ലിഖിതവുമാണ് ഇതില്‍ കാണുന്നത്?” “കൈസറുടേത്” എന്ന് അവര്‍ പറഞ്ഞു.17
“ശരി, കൈസര്‍ക്കുള്ളത് കൈസര്‍ക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക” എന്ന് യേശു പറഞ്ഞു. അപ്പോള്‍ അവര്‍ അത്യന്തം ആശ്ചര്യപ്പെട്ടു.18
പുനരുത്ഥാനമില്ലെന്നു വാദിക്കുന്ന സാദൂക്യര്‍ യേശുവിന്‍റെ അടുക്കല്‍ വന്നു ചോദിച്ചു:19 “ഗുരോ, ഒരാള്‍ സന്താനമില്ലാതെ മരിച്ചാല്‍ അയാളുടെ സഹോദരന്‍ വിധവയായിത്തീര്‍ന്ന സഹോദരഭാര്യയെ വിവാഹം ചെയ്ത് അന്തരിച്ച ആളിനുവേണ്ടി സന്താനങ്ങളെ ജനിപ്പിക്കണമെന്ന് മോശ എഴുതിയിട്ടുണ്ടല്ലോ.
20 “ഒരിടത്ത് ഏഴു സഹോദരന്മാരുണ്ടായിരുന്നു; ഒന്നാമന്‍ വിവാഹം ചെയ്തു. അയാള്‍ സന്താനമില്ലാതെ മരണമടഞ്ഞു.
21 രണ്ടാമന്‍ ആ വിധവയെ വിവാഹം ചെയ്തു. അയാളും സന്താനമില്ലാതെ മരിച്ചു.
22 മൂന്നാമനും അങ്ങനെ തന്നെ. അങ്ങനെ ആ ഏഴു സഹോദരന്മാര്‍ക്കും സന്താനങ്ങളുണ്ടായില്ല.
23 എല്ലാവര്‍ക്കും ഒടുവില്‍ ആ സ്‍ത്രീയും മരിച്ചു. പുനരുത്ഥാനത്തില്‍ അവള്‍ ആരുടെ ഭാര്യ ആയിരിക്കും? അവള്‍ ഏഴുപേരുടെയും ഭാര്യ ആയിരുന്നുവല്ലോ.”
24
യേശു അവരോടു പറഞ്ഞു: “വേദഭാഗങ്ങളും ദൈവത്തിന്‍റെ ശക്തിയും നിങ്ങള്‍ ഗ്രഹിച്ചിട്ടില്ലാത്തതുകൊണ്ടല്ലേ നിങ്ങള്‍ക്കീ തെറ്റു പറ്റുന്നത്?25 മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‌ക്കുമ്പോള്‍ സ്‍ത്രീപുരുഷന്മാര്‍ വിവാഹിതരാകുന്നില്ല. അവര്‍ സ്വര്‍ഗത്തിലെ മാലാഖമാരെപ്പോലെയാകുന്നു.
26 മോശയുടെ പുസ്തകത്തില്‍ മുള്‍പ്പടര്‍പ്പില്‍ ദൈവം പ്രത്യക്ഷപ്പെട്ട സംഭവത്തെപ്പറ്റി രേഖപ്പെടുത്തിയിരിക്കുന്ന ഭാഗത്തു മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു നിങ്ങള്‍ വായിച്ചിട്ടില്ലയോ? അവിടെ ‘ഞാന്‍ അബ്രാഹാമിന്‍റെ ദൈവവും ഇസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവുമാകുന്നു’ എന്ന് ദൈവം മോശയോട് അരുളിച്ചെയ്യുന്നു.
27 ദൈവം മരിച്ചവരുടെ ദൈവമല്ല, ജീവിക്കുന്നവരുടെ ദൈവമാകുന്നു. നിങ്ങള്‍ക്കു തികച്ചും തെറ്റുപറ്റിയിരിക്കുന്നു.”
28
മതപണ്ഡിതന്മാരില്‍ ഒരാള്‍ അവരുടെ സംവാദം കേട്ടു. യേശു അവര്‍ക്കു നല്‌കിയ മറുപടി സമുചിതമായിരിക്കുന്നുവെന്നു കണ്ട് അയാള്‍ അവിടുത്തോടു ചോദിച്ചു: “കല്പനകളില്‍ ഏതാണ് പരമപ്രധാനമായിട്ടുള്ളത്?”29
യേശു പ്രതിവചിച്ചു: “ഇതാണു മുഖ്യ കല്പന: ഇസ്രായേലേ, കേള്‍ക്കുക! സര്‍വേശ്വരനായ നമ്മുടെ ദൈവം ഏക കര്‍ത്താവാകുന്നു.30 നിന്‍റെ ദൈവമായ സര്‍വേശ്വരനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടും പൂര്‍ണശക്തിയോടുംകൂടി സ്നേഹിക്കുക;
31 അതുപോലെതന്നെ രണ്ടാമത്തെ കല്പന, നിന്‍റെ അയല്‍ക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക എന്നതാകുന്നു. ഇവയ്‍ക്കുപരി മറ്റൊരു കല്പനയുമില്ല.
32
മതപണ്ഡിതന്‍ യേശുവിനോടു പറഞ്ഞു: “ഗുരോ, അങ്ങു പറഞ്ഞതു ശരിതന്നെ; ഏകദൈവമേ ഉള്ളൂ. അവിടുന്നല്ലാതെ മറ്റൊരു ദൈവം ഇല്ലതന്നെ.33 ആ ദൈവത്തെ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും സര്‍വശക്തിയോടുംകൂടി സ്നേഹിക്കുകയും അയല്‍ക്കാരനെ തന്നെപ്പോലെതന്നെ സ്നേഹിക്കുകയും ചെയ്യുന്നത് എല്ലാ ഹോമങ്ങളെയും യാഗങ്ങളെയുംകാള്‍ ശ്രേഷ്ഠമാണ്.”
34
അയാള്‍ ബുദ്ധിപൂര്‍വം മറുപടി പറഞ്ഞതു കേട്ടിട്ട് യേശു അയാളോട് “താങ്കള്‍ ദൈവരാജ്യത്തില്‍നിന്നു വിദൂരസ്ഥനല്ല” എന്നു പറഞ്ഞു. പിന്നീട് ആരും യേശുവിനോടു ചോദ്യങ്ങള്‍ ചോദിക്കുവാന്‍ തുനിഞ്ഞില്ല.35
യേശു ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇങ്ങനെ പറഞ്ഞു: “മശിഹാ ദാവീദിന്‍റെ വംശജനാണെന്നു മതപണ്ഡിതന്മാര്‍ പറയുന്നതെങ്ങനെ?36
‘ഞാന്‍ നിന്‍റെ ശത്രുക്കളെ കാല്‌ക്കീഴാക്കുന്നതുവരെ നീ എന്‍റെ വലത്തുഭാഗത്ത് ഇരിക്കുക എന്നു സര്‍വേശ്വരന്‍ എന്‍റെ കര്‍ത്താവിനോട് അരുള്‍ചെയ്തു’ എന്നു ദാവീദ് പരിശുദ്ധാത്മപ്രചോദിതനായി പറഞ്ഞിട്ടുണ്ടല്ലോ.37
“ദാവീദുതന്നെ അവിടുത്തെ കര്‍ത്താവ് എന്നു വിളിക്കുന്നു എങ്കില്‍ അവിടുന്ന് എങ്ങനെ ദാവീദിന്‍റെ പുത്രനാകും?”38
ഒരു വലിയ ജനതതി യേശുവിന്‍റെ പ്രഭാഷണം സന്തോഷപൂര്‍വം കേട്ടു. അവിടുന്നു പ്രബോധിപ്പിക്കുന്നതിനിടയില്‍ അവരോട് അരുള്‍ചെയ്തു: “നീണ്ട അങ്കി അണിഞ്ഞു നടക്കുവാനും പൊതുസ്ഥലങ്ങളില്‍വച്ച് അഭിവാദനം ചെയ്യപ്പെടുവാനും സുനഗോഗുകളില്‍ മുഖ്യാസനവും39 വിരുന്നുശാലയില്‍ പ്രഥമസ്ഥാനവും ലഭിക്കുവാനും ആഗ്രഹിക്കുന്ന മതപണ്ഡിതന്മാരെ സൂക്ഷിച്ചുകൊള്ളുക.
40 അവര്‍ വിധവകളുടെ വീടുകള്‍ വിഴുങ്ങുകയും നീണ്ട പ്രാര്‍ഥന നടത്തുന്നു എന്നു ഭാവിക്കുകയും ചെയ്യുന്നു. അവര്‍ക്കു ലഭിക്കുന്ന ശിക്ഷാവിധി ഏറ്റവും കഠിനതരമായിരിക്കും.”
41
ഒരിക്കല്‍ യേശു ശ്രീഭണ്ഡാരത്തിന് അഭിമുഖമായി ഇരുന്ന് ജനങ്ങള്‍ കാണിക്കയിടുന്നത് നോക്കുകയായിരുന്നു. ധനികരായ പലരും വലിയ തുകകള്‍ ഇട്ടുകൊണ്ടിരുന്നു.42 സാധുവായ ഒരു വിധവ വന്ന് രണ്ടു പൈസയിട്ടു.
43 യേശു ശിഷ്യന്മാരെ അടുക്കല്‍ വിളിച്ചു പറഞ്ഞു: “ശ്രീഭണ്ഡാരത്തില്‍ കാണിക്കയിട്ട എല്ലാവരെയുംകാള്‍ അധികം ഇട്ടത് നിര്‍ധനയായ ആ വിധവയാണെന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു;
44 എന്തെന്നാല്‍ എല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍നിന്നാണു സമര്‍പ്പിച്ചത്. ഈ സ്‍ത്രീയാകട്ടെ, അവളുടെ ഇല്ലായ്മയില്‍നിന്ന്, തനിക്കുള്ളതെല്ലാം, തന്‍റെ ഉപജീവനത്തിനുള്ള വക മുഴുവനുംതന്നെ സമര്‍പ്പിച്ചിരിക്കുന്നു.”
1
യേശു ദേവാലയത്തില്‍ നിന്നിറങ്ങിപ്പോകുമ്പോള്‍ ശിഷ്യന്മാരില്‍ ഒരാള്‍ അവിടുത്തോട്, “ഗുരോ, നോക്കുക! എത്ര മനോഹരമായ കല്ലുകള്‍! എത്ര സുന്ദരമായ സൗധങ്ങള്‍!” എന്നു പറഞ്ഞു.2
യേശു ആ ശിഷ്യനോട്, “നീ കാണുന്ന ഈ മഹാസൗധങ്ങളെല്ലാം കല്ലിന്മേല്‍ മറ്റൊരു കല്ലു ശേഷിക്കാതെ ഇടിച്ചു നിരത്തപ്പെടുകതന്നെ ചെയ്യും” എന്നു പറഞ്ഞു.3
യേശു ഒലിവുമലയില്‍വന്ന് ദേവാലയത്തിന് അഭിമുഖമായി ഇരിക്കുമ്പോള്‍ പത്രോസും യാക്കോബും യോഹന്നാനും അന്ത്രയാസും രഹസ്യമായിവന്ന്,4 “ഇതൊക്കെയും എപ്പോഴാണു സംഭവിക്കുന്നത്? അത് അടുത്തിരിക്കുന്നു എന്നു സൂചിപ്പിക്കുന്ന അടയാളമെന്തായിരിക്കുമെന്നു ഞങ്ങളോടു പറഞ്ഞാലും” എന്നു പറഞ്ഞു.
5
അതിനു യേശു ഇങ്ങനെ ഉത്തരം പറഞ്ഞു: “ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കുവാന്‍ സൂക്ഷിച്ചുകൊള്ളുക.6 ഞാനാകുന്നു എന്നു പറഞ്ഞുകൊണ്ട് എന്‍റെ നാമത്തില്‍ പലരും വരും. അനേകമാളുകളെ അവര്‍ വഴിതെറ്റിക്കും.
7 യുദ്ധങ്ങളെയും യുദ്ധത്തെപ്പറ്റിയുള്ള കിംവദന്തികളെയും കുറിച്ചു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പരിഭ്രമിക്കരുത്. അതു സംഭവിക്കേണ്ടതാണ്.
8 എന്നാല്‍ അത് അന്ത്യമല്ല. ജനത ജനതയോടും രാഷ്ട്രം രാഷ്ട്രത്തോടും എതിര്‍ക്കും; അവിടവിടെ ഭൂകമ്പവും ക്ഷാമവും ഉണ്ടാകും; ഇവയെല്ലാം ഈറ്റുനോവിന്‍റെ ആരംഭം മാത്രമാണ്.
9
“എന്നാല്‍ നിങ്ങള്‍ ജാഗ്രതയുള്ളവരായിരിക്കുക; എന്തെന്നാല്‍ അവര്‍ നിങ്ങളെ പിടിച്ച് സന്നദ്രിംസംഘത്തിന് ഏല്പിച്ചുകൊടുക്കും. സുനഗോഗുകളില്‍വച്ച് നിങ്ങളെ ചാട്ടവാറുകൊണ്ട് അടിക്കും. ഞാന്‍ നിമിത്തം ഗവര്‍ണര്‍മാരുടെയും രാജാക്കന്മാരുടെയും മുമ്പില്‍ അവരോടു സാക്ഷ്യം വഹിക്കുന്നതിനായി നിങ്ങള്‍ നില്‌ക്കേണ്ടിവരും.10 അന്ത്യം വരുന്നതിനുമുമ്പ് എല്ലാ ജനതകളോടും സുവിശേഷം പ്രസംഗിക്കപ്പെടേണ്ടതാണ്.
11 അവര്‍ നിങ്ങളെ അറസ്റ്റുചെയ്ത് അധികാരികളെ ഏല്പിക്കുമ്പോള്‍ എന്തു പറയണമെന്നോര്‍ത്ത് ആകുലപ്പെടേണ്ടതില്ല. തത്സമയം നിങ്ങള്‍ക്കു നല്‌കപ്പെടുന്നതെന്തോ അതു പറയുക. എന്തെന്നാല്‍ നിങ്ങളല്ല പരിശുദ്ധാത്മാവായിരിക്കും സംസാരിക്കുന്നത്.
12 സഹോദരന്‍ സഹോദരനെയും അപ്പന്‍ മകനെയും മരണത്തിനേല്പിക്കും. മക്കള്‍ മാതാപിതാക്കളോടെതിര്‍ത്ത് അവരെ കൊല്ലിക്കും.
13 നിങ്ങള്‍ എന്‍റെ നാമം ധരിക്കുന്നതിനാല്‍ എല്ലാവരും നിങ്ങളെ വെറുക്കും. എന്നാല്‍ അവസാനത്തോളം സഹിച്ചു നില്‌ക്കുന്നവന്‍ രക്ഷപെടും.
14
“വിനാശകരമായ മ്ലേച്ഛത കാണരുതാത്ത സ്ഥാനത്തു നിങ്ങള്‍ കാണുമ്പോള്‍-വായിക്കുന്നവന്‍ മനസ്സിലാക്കിക്കൊള്ളട്ടെ-യെഹൂദ്യയിലുള്ളവര്‍ മലമുകളിലേക്ക് ഓടിപ്പോകട്ടെ;15 മട്ടുപ്പാവില്‍ ഇരിക്കുന്നവന്‍ വീട്ടിനുള്ളിലേക്കു പോകുകയോ എന്തെങ്കിലും എടുക്കുന്നതിന് അകത്തു കടക്കുകയോ ചെയ്യരുത്.
16 വയലില്‍ ആയിരിക്കുന്നവന്‍ തന്‍റെ മേലങ്കി എടുക്കുന്നതിനു തിരിച്ചു പോകരുത്.
17 അക്കാലത്ത് ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന മാതാക്കള്‍ക്കും മഹാകഷ്ടം!
18 ശീതകാലത്ത് ഇതു സംഭവിക്കാതിരിക്കുവാന്‍ പ്രാര്‍ഥിക്കുക. പ്രപഞ്ചസൃഷ്‍ടിയുടെ ആരംഭം മുതല്‍
19 ഇതുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനി ഒരിക്കലും സംഭവിക്കാത്തതുമായ ദുരിതങ്ങളുടെ നാളുകളായിരിക്കും അവ.
20 സര്‍വേശ്വരന്‍ ആ ദിവസങ്ങള്‍ പരിമിതപ്പെടുത്തിയില്ലെങ്കില്‍ ഒരു ജീവിയും രക്ഷപെടുകയില്ല. എന്നാല്‍ താന്‍ തിരഞ്ഞെടുത്തവരെപ്രതി ദൈവം ആ നാളുകള്‍ പരിമിതപ്പെടുത്തിയിരിക്കുന്നു.
21
“അപ്പോള്‍ ‘അതാ ക്രിസ്തു അവിടെയുണ്ട്’! ‘ഇതാ ഇവിടെയുണ്ട്’! എന്ന് ആരെങ്കിലും നിങ്ങളോടു പറഞ്ഞാല്‍ അതു വിശ്വസിക്കരുത്.22 കള്ളക്രിസ്തുക്കളും വ്യാജപ്രവാചകന്മാരും വന്ന് കഴിയുമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെക്കൂടി വഴിതെറ്റിക്കുന്നതിനായി അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കും.
23 നിങ്ങള്‍ ജാഗരൂകരായിരിക്കുക. ഞാന്‍ മുന്‍കൂട്ടി എല്ലാം നിങ്ങളോടു പറഞ്ഞിരിക്കുന്നു.
24
“അക്കാലത്ത് ഈ കൊടിയ ദുരന്തങ്ങള്‍ക്കുശേഷം സൂര്യന്‍ ഇരുണ്ടുപോകും; ചന്ദ്രന്‍ പ്രകാശം ചൊരിയുകയില്ല;25 നക്ഷത്രങ്ങള്‍ ആകാശത്തുനിന്നു വീണുകൊണ്ടിരിക്കും; നഭോമണ്ഡലത്തിലെ ശക്തികള്‍ ഇളക്കപ്പെടും.
26 അനന്തരം മനുഷ്യപുത്രന്‍ മഹാശക്തിയോടും തേജസ്സോടുംകൂടി വിണ്‍മേഘങ്ങളില്‍ എഴുന്നള്ളുന്നത് അവര്‍ കാണും.
27 പിന്നീട് അവിടുന്നു തന്‍റെ ദൂതന്മാരെ അയച്ച് ആകാശത്തിന്‍റെയും ഭൂമിയുടെയും അറുതിവരെയുള്ള നാലു ദിക്കുകളില്‍നിന്നും തിരഞ്ഞെടുത്തവരെ കൂട്ടിച്ചേര്‍ക്കും.
28
“അത്തിവൃക്ഷത്തില്‍നിന്നുള്ള പാഠം പഠിക്കുക. അതിന്‍റെ ചില്ലകള്‍ ഇളതായി തളിരണിയുമ്പോള്‍ വേനല്‍ക്കാലം സമീപിച്ചിരിക്കുന്നു എന്നു നിങ്ങള്‍ മനസ്സിലാക്കുന്നു.29 അതുപോലെ തന്നെ ഇവയെല്ലാം സംഭവിക്കുന്നതു കാണുമ്പോള്‍ അന്ത്യം ആസന്നമായിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുക.
30 ഞാന്‍ വാസ്തവം പറയട്ടെ, ഇവയെല്ലാം സംഭവിക്കുന്നതിനുമുമ്പ് ഈ തലമുറ കടന്നുപോകുകയില്ല.
31 ആകാശവും ഭൂമിയും നശിച്ചുപോകും; എന്‍റെ വചനങ്ങളാകട്ടെ എന്നും നിലനില്‌ക്കും.
32
എന്നാല്‍ ആ നാളോ നാഴികയോ ആരും അറിയുന്നില്ല; പിതാവുമാത്രമല്ലാതെ സ്വര്‍ഗത്തിലെ മാലാഖമാരോ, പുത്രന്‍ പോലുമോ, അതറിയുന്നില്ല.33 നിങ്ങള്‍ സശ്രദ്ധം ജാഗരൂകരായിരിക്കുക; എന്തെന്നാല്‍ ആ സമയം എപ്പോഴാണെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടല്ലോ.
34 ഒരു മനുഷ്യന്‍ വീടുവിട്ടു യാത്രയ്‍ക്കു പുറപ്പെടുമ്പോള്‍ തന്‍റെ ഭൃത്യന്മാര്‍ക്ക് ഓരോരുത്തര്‍ക്കും ചെയ്യുവാനുള്ള ജോലി ഏല്പിച്ചിട്ട് വാതില്‍ കാവല്‌ക്കാരനോട് ജാഗ്രതയോടുകൂടി ഇരിക്കണമെന്ന് ആജ്ഞാപിക്കുന്നതുപോലെയാണത്.
35 ആ ഗൃഹനായകന്‍ സന്ധ്യക്കോ, അര്‍ധരാത്രിക്കോ, കോഴികൂകുമ്പോഴോ, പുലര്‍കാലത്തോ എപ്പോഴാണു വരുന്നതെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടാ. അതുകൊണ്ട് ജാഗ്രതയുള്ളവരായിരിക്കുക.
36 അല്ലെങ്കില്‍ ഗൃഹനായകന്‍ പെട്ടെന്നു വന്നു നിങ്ങളെ ഉറങ്ങുന്നവരായി കണ്ടെന്നു വരാം.
37 നിങ്ങളോടു പറയുന്നതുതന്നെ ഞാന്‍ എല്ലാവരോടും പറയുന്നു: ‘ഉണര്‍ന്നിരിക്കുക!’
1
പെസഹായുടെയും പുളിപ്പില്ലാത്ത അപ്പത്തിന്‍റെയും ഉത്സവത്തിനു രണ്ടുദിവസം മുമ്പ് മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും യേശുവിനെ എങ്ങനെയാണു പിടികൂടി വധിക്കേണ്ടതെന്നുള്ളതിനെപ്പറ്റി ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു.2 ജനങ്ങളുടെ ഇടയില്‍ പ്രക്ഷോഭമുണ്ടായേക്കുമെന്നു ശങ്കിച്ച് അത് ഉത്സവസമയത്താകരുതെന്ന് അവര്‍ പറഞ്ഞു.
3
യേശു ബേഥാന്യയില്‍, കുഷ്ഠരോഗിയായ ശിമോന്‍റെ ഭവനത്തില്‍ ഭക്ഷണം കഴിക്കുവാനിരിക്കുമ്പോള്‍, ഒരു വെണ്‍കല്പാത്രത്തില്‍ വളരെ വിലയേറിയ, ശുദ്ധമായ നര്‍ദീന്‍ തൈലവുമായി ഒരു സ്‍ത്രീ വന്ന്, പൊട്ടിച്ച് തൈലം അവിടുത്തെ തലയില്‍ പകര്‍ന്നു.4 എന്നാല്‍ അവിടെ സന്നിഹിതരായിരുന്ന ചിലര്‍ നീരസപ്പെട്ടു സ്വയം പറഞ്ഞു: “ഈ തൈലം ഇങ്ങനെ പാഴാക്കുന്നത് എന്തിന്?
5 ഇതു മുന്നൂറിനുമേല്‍ ദിനാറിനു വിറ്റു പാവങ്ങള്‍ക്കു കൊടുക്കാമായിരുന്നില്ലേ?” അവര്‍ ആ സ്‍ത്രീയോട് പരുഷമായി സംസാരിച്ചു.
6
എന്നാല്‍ യേശു അവരോടു പറഞ്ഞു: “ആ സ്‍ത്രീ സ്വൈരമായിരിക്കാന്‍ അനുവദിക്കൂ; എന്തിനവളെ അസഹ്യപ്പെടുത്തുന്നു? അവള്‍ എനിക്കുവേണ്ടി ഒരു നല്ല കാര്യമല്ലേ ചെയ്തത്?7 ദരിദ്രര്‍ എപ്പോഴും നിങ്ങളോടുകൂടി ഉണ്ട്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളപ്പോഴൊക്കെ അവര്‍ക്കു നന്മ ചെയ്യാമല്ലോ. എന്നാല്‍ ഞാന്‍ എപ്പോഴും നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല.
8 തനിക്കു കഴിയുന്നത് ആ സ്‍ത്രീ ചെയ്തു. എന്‍റെ ശരീരം മുന്‍കൂട്ടി തൈലംപൂശി ശവസംസ്കാരത്തിനുവേണ്ടി ഒരുക്കുകയാണ് അവള്‍ ചെയ്തത്.
9 ലോകത്തിലെങ്ങും സുവിശേഷം പ്രഘോഷിക്കുന്നിടത്തെല്ലാം അവള്‍ ചെയ്ത ഇക്കാര്യം അവളുടെ സ്മരണയ്‍ക്കായി പ്രസ്താവിക്കപ്പെടും എന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു.”
10
പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവനായ യൂദാസ് ഈസ്കരിയോത്ത്, യേശുവിനെ ഒറ്റിക്കൊടുക്കുന്നതിനുവേണ്ടി മുഖ്യപുരോഹിതന്മാരുടെ അടുക്കല്‍ ചെന്നു.11 അവര്‍ ഇതുകേട്ടപ്പോള്‍ സന്തോഷിച്ച് അയാള്‍ക്ക് പണം നല്‌കാമെന്ന് വാഗ്ദാനം ചെയ്തു. യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കുവാനുള്ള തക്കം നോക്കിക്കൊണ്ടിരുന്നു.
12
പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഒന്നാം നാള്‍ പെസഹാബലി അര്‍പ്പിക്കുന്ന ദിവസം ശിഷ്യന്മാര്‍ യേശുവിന്‍റെ അടുക്കല്‍ ചെന്ന്, “അങ്ങേക്കുവേണ്ടി ഞങ്ങള്‍ എവിടെയാണു പെസഹ ഒരുക്കേണ്ടത്?” എന്നു ചോദിച്ചു.13
അവിടുന്ന് ശിഷ്യന്മാരില്‍ രണ്ടുപേരെ വിളിച്ച് ഇപ്രകാരം പറഞ്ഞയച്ചു: “നിങ്ങള്‍ നഗരത്തിലേക്കു ചെല്ലുക. അവിടെ ഒരു കുടം ചുമന്നുകൊണ്ടു വരുന്ന ഒരുവനെ നിങ്ങള്‍ കാണും.14 അയാളുടെ പിന്നാലെ ചെല്ലുക; അയാള്‍ എവിടെ പ്രവേശിക്കുന്നുവോ, ആ വീടിന്‍റെ ഉടമസ്ഥനോട് ‘എനിക്കു ശിഷ്യന്മാരോടുകൂടി ഇരുന്നു പെസഹ ഭക്ഷിക്കാനുള്ള ശാല എവിടെയാണ്?’ എന്നു ഗുരു ചോദിക്കുന്നു എന്നു പറയുക.
15 അപ്പോള്‍ വിരിച്ചൊരുക്കിയ ഒരു വലിയ മാളികമുറി അയാള്‍ നിങ്ങള്‍ക്കു കാണിച്ചുതരും. അവിടെ നമുക്കുവേണ്ടി പെസഹ ഒരുക്കുക.”
16
ആ ശിഷ്യന്മാര്‍ നഗരത്തില്‍ ചെന്നു തങ്ങളോട് യേശു പറഞ്ഞതുപോലെ അവര്‍ കണ്ടു. അവര്‍ അവിടെ പെസഹ ഒരുക്കി.17
സന്ധ്യ ആയപ്പോള്‍ യേശു പന്ത്രണ്ടു ശിഷ്യന്മാരോടുകൂടി അവിടെയെത്തി.18 അവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു പറഞ്ഞു: “ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു, നിങ്ങളില്‍ ഒരുവന്‍ എന്നെ ഒറ്റിക്കൊടുക്കും; എന്നോടുകൂടി ഭക്ഷണം കഴിക്കുന്നവന്‍ തന്നെ.”
19
ഇതുകേട്ട് അവര്‍ അത്യന്തം ദുഃഖിതരായി; “അതു ഞാനാണോ?” “ഞാനാണോ?” എന്ന് ഓരോരുത്തനും ചോദിച്ചുതുടങ്ങി.20
യേശു അവരോടു പറഞ്ഞു: “പന്ത്രണ്ടുപേരില്‍ ഒരുവന്‍--എന്നോടു കൂടി ഈ പാത്രത്തില്‍നിന്നു ഭക്ഷിക്കുന്നവന്‍ തന്നെ.21 മനുഷ്യപുത്രന്‍റെ മരണത്തെപ്പറ്റി എഴുതപ്പെട്ടിരിക്കുന്നതുപോലെ തന്നെ അതു സംഭവിക്കുന്നു; എങ്കിലും മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്ന ആ മനുഷ്യനു ഹാ കഷ്ടം! അവന്‍ ജനിക്കാതിരുന്നെങ്കില്‍ അവനു നല്ലതായിരുന്നു.”
22
അവര്‍ ഭക്ഷണം കഴിക്കുന്നതിനിടയ്‍ക്ക് യേശു അപ്പമെടുത്തു വാഴ്ത്തിമുറിച്ച് അവര്‍ക്കു കൊടുത്തുകൊണ്ടു പറഞ്ഞു: “ഇതു സ്വീകരിക്കുക, ഇതെന്‍റെ ശരീരമാകുന്നു.”23
പിന്നീട് അവിടുന്നു പാനപാത്രമെടുത്തു സ്തോത്രം ചെയ്ത് അവര്‍ക്കു കൊടുത്തു. എല്ലാവരും അതില്‍നിന്നു കുടിച്ചു.24 അവിടുന്ന് അവരോടു പറഞ്ഞു: “ഇത് എന്‍റെ രക്തം; അനേകമാളുകള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന ഉടമ്പടിയുടെ രക്തംതന്നെ.
25 ദൈവരാജ്യത്തിലെ പുതിയവീഞ്ഞു പാനം ചെയ്യുന്ന ആ നാള്‍ വരെ ഞാന്‍ ഇനി വീഞ്ഞു കുടിക്കുകയില്ല എന്നു നിങ്ങളോടു ഉറപ്പിച്ചു പറയുന്നു.”
26
അവര്‍ സ്തോത്രകീര്‍ത്തനം പാടിയശേഷം ഒലിവുമലയിലേക്കു പോയി.27
യേശു അവരോട് അരുള്‍ചെയ്തു: “നിങ്ങള്‍ എല്ലാവരും ഇടറിവീഴും; ‘ഞാന്‍ ഇടയനെ അടിച്ചു വീഴ്ത്തും; ആടുകള്‍ ചിതറിപ്പോകും’ എന്നിങ്ങനെ വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.28 ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റശേഷം നിങ്ങള്‍ക്കു മുമ്പായി ഗലീലയിലേക്കു പോകും.”
29
അപ്പോള്‍ പത്രോസ് യേശുവിനോട്, “ആരെല്ലാം ഇടറിവീണാലും ഞാന്‍ വീഴുകയില്ല” എന്നു പറഞ്ഞു.30
യേശു പത്രോസിനോട്, “ഇന്ന് രാത്രിയില്‍ കോഴി രണ്ടു വട്ടം കൂകുന്നതിനുമുമ്പ് നീ മൂന്നുപ്രാവശ്യം എന്നെ തള്ളിപ്പറയും എന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു” എന്നു പറഞ്ഞു.31
അപ്പോള്‍ പത്രോസ് കൂറെക്കൂടി തറപ്പിച്ചു പറഞ്ഞു: “അങ്ങയോടുകൂടി മരിക്കേണ്ടി വന്നാലും ഞാന്‍ അങ്ങയെ തള്ളിപ്പറയുകയില്ല.” അതുപോലെതന്നെ ശിഷ്യന്മാര്‍ എല്ലാവരും പറഞ്ഞു.32
പിന്നീട് എല്ലാവരുംകൂടി ഗത്ശമേന എന്ന സ്ഥലത്തേക്കു പോയി. അവിടെ എത്തിയപ്പോള്‍ “ഞാന്‍ പ്രാര്‍ഥിച്ചു കഴിയുന്നതുവരെ നിങ്ങള്‍ ഇവിടെ ഇരിക്കുക” എന്ന് യേശു ശിഷ്യന്മാരോടു പറഞ്ഞു.33
പിന്നീട് അവിടുന്ന് പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ട് മുമ്പോട്ടുപോയി; അവിടുന്ന് അത്യന്തം ശോകാകുലനും അസ്വസ്ഥനുമാകുവാന്‍ തുടങ്ങി.34 യേശു അവരോടു പറഞ്ഞു: “എന്‍റെ ആത്മാവിന്‍റെ വേദന മരണവേദനപോലെയായിരിക്കുന്നു. നിങ്ങള്‍ ഇവിടെ ജാഗ്രതയോടുകൂടി ഇരിക്കുക.”
35
പിന്നീട് അവിടുന്ന് അല്പം മുന്നോട്ടുപോയി നിലത്ത് സാഷ്ടാംഗം വീണു: “കഴിയുമെങ്കില്‍ കഷ്ടാനുഭവത്തിന്‍റെ ഈ നാഴിക നീങ്ങിപ്പോകണമേ” എന്നു പ്രാര്‍ഥിച്ചു.36 “പിതാവേ! എന്‍റെ പിതാവേ! അവിടുത്തേക്കു സമസ്തവും സാധ്യമാണല്ലോ; ഈ പാനപാത്രം എന്നില്‍നിന്നു നീക്കിയാലും; എങ്കിലും ഞാന്‍ ഇച്ഛിക്കുന്നതുപോലെയല്ല, അങ്ങ് ഇച്ഛിക്കുന്നതുപോലെ നടക്കട്ടെ” എന്ന് അവിടുന്നു പ്രാര്‍ഥിച്ചു.
37
യേശു തിരിച്ചുവന്നപ്പോള്‍ ശിഷ്യന്മാര്‍ ഉറങ്ങുന്നതായി കണ്ടു. അവിടുന്ന് അവരോടു പറഞ്ഞു: “ശിമോനേ, നീ ഉറങ്ങുകയാണോ, ഒരുമണിക്കൂര്‍ ഉണര്‍ന്നിരിക്കുവാന്‍ നിനക്കു കഴിവില്ലേ?38 പരീക്ഷയില്‍ വീണുപോകാതിരിക്കുവാന്‍ നിങ്ങള്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കുക. ആത്മാവു സന്നദ്ധമാണ്; എന്നാല്‍ ശരീരം ദുര്‍ബലമത്രേ.”
39
യേശു വീണ്ടുംപോയി അതേ വാക്കുകള്‍ ഉച്ചരിച്ചു പ്രാര്‍ഥിച്ചു.40 തിരിച്ചുവന്നപ്പോള്‍ പിന്നെയും അവര്‍ ഉറങ്ങുന്നതായിട്ടത്രേ കണ്ടത്. അവരുടെ കണ്ണുകള്‍ക്ക് അത്രയ്‍ക്കു നിദ്രാഭാരമുണ്ടായിരുന്നു. എന്താണ് ഉത്തരം പറയേണ്ടതെന്ന് അവര്‍ക്കറിഞ്ഞുകൂടായിരുന്നു.
41
മൂന്നാം പ്രാവശ്യവും അവിടുന്ന് അവരുടെ അടുക്കല്‍ വന്ന് അവരോട്, “നിങ്ങള്‍ ഇപ്പോഴും ഉറങ്ങി വിശ്രമിക്കുകയാണോ? മതി! സമയമായിരിക്കുന്നു! മനുഷ്യപുത്രന്‍ പാപികളുടെ കൈകളില്‍ ഏല്പിക്കപ്പെടുവാന്‍ പോകുന്നു. എഴുന്നേല്‌ക്കുക നമുക്കു പോകാം.42 ഇതാ എന്നെ ഒറ്റിക്കൊടുക്കുന്നവന്‍ അടുത്തെത്തിക്കഴിഞ്ഞു!” എന്നു പറഞ്ഞു.
43
ഇങ്ങനെ പറഞ്ഞുകൊണ്ടു നില്‌ക്കുമ്പോള്‍ത്തന്നെ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവനായ യൂദാസ് അവിടെയെത്തി; മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും ജനപ്രമാണിമാരും അയച്ച ഒരു ജനസഞ്ചയം വാളും വടിയുമായി യൂദാസിനോടുകൂടി ഉണ്ടായിരുന്നു.44 “ഞാന്‍ ആരെ ചുംബിക്കുന്നുവോ, അയാളാണ് ആ മനുഷ്യന്‍” എന്നും “അയാളെ പിടിച്ച് കരുതലോടുകൂടി കൊണ്ടുപൊയ്‍ക്കൊള്ളണം” എന്നും ഒറ്റുകാരനായ യൂദാസ് അവര്‍ക്കു നിര്‍ദേശം നല്‌കിയിരുന്നു.
45
അയാള്‍ ഉടനെ യേശുവിന്‍റെ അടുത്തുചെന്ന് “ഗുരോ” എന്നു പറഞ്ഞുകൊണ്ട് അവിടുത്തെ ചുംബിച്ചു.46 അവര്‍ അവിടുത്തെ പിടിക്കുകയും ചെയ്തു.
47 അടുത്തു നിന്നവരില്‍ ഒരാള്‍ വാളൂരി മഹാപുരോഹിതന്‍റെ ഭൃത്യനെ വെട്ടി, അവന്‍റെ കാത് ഛേദിച്ചുകളഞ്ഞു.
48 അപ്പോള്‍ യേശു പറഞ്ഞു: “ഒരു കൊള്ളക്കാരന്‍റെ നേരെ എന്നവിധം എന്നെ പിടിക്കുവാന്‍ നിങ്ങള്‍ വാളും വടിയുമായി വന്നിരിക്കുന്നുവോ?
49 നിത്യേന ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ നിങ്ങളോടുകൂടി ഉണ്ടായിരുന്നല്ലോ? എന്നിട്ടും നിങ്ങള്‍ എന്നെ പിടിച്ചില്ല. എന്നാല്‍ വേദലിഖിതങ്ങള്‍ നിറവേറണമല്ലോ.
50
തത്സമയം ശിഷ്യന്മാര്‍ എല്ലാവരും യേശുവിനെ വിട്ട് ഓടിപ്പോയി.51
പുതപ്പുമാത്രം ദേഹത്തു ചുറ്റിയിരുന്ന ഒരു യുവാവ് യേശുവിനെ അനുഗമിച്ചിരുന്നു. അവര്‍ അവനെയും പിടികൂടി.52 എന്നാല്‍ അവന്‍ പുതപ്പ് ഉപേക്ഷിച്ചിട്ട് നഗ്നനായി ഓടി രക്ഷപെട്ടു.
53
അവര്‍ യേശുവിനെ മഹാപുരോഹിതന്‍റെ അടുക്കലേക്കു കൊണ്ടുപോയി. എല്ലാ മുഖ്യപുരോഹിതന്മാരും ജനപ്രമാണിമാരും മതപണ്ഡിതന്മാരും അവിടെ കൂടിയിരുന്നു.54 പത്രോസ് കുറേ ദൂരെ മാറി യേശുവിന്‍റെ പിന്നാലെ ചെന്ന്, മഹാപുരോഹിതന്‍റെ അരമനയുടെ അങ്കണംവരെ എത്തി, അവിടത്തെ കാവല്‍ഭടന്മാരോടുകൂടി തീ കാഞ്ഞുകൊണ്ടിരുന്നു.
55 മുഖ്യപുരോഹിതന്മാരും സന്നദ്രിംസംഘം മുഴുവനും യേശുവിനു വധശിക്ഷ നല്‌കുന്നതിനു അവിടുത്തേക്കെതിരെയുള്ള സാക്ഷ്യങ്ങള്‍ അന്വേഷിക്കുകയായിരുന്നു;
56 പക്ഷേ ഒന്നും കണ്ടെത്തിയില്ല. യേശുവിനെതിരെ പലരും സത്യവിരുദ്ധമായ മൊഴി നല്‌കിക്കൊണ്ടിരുന്നു. എന്നാല്‍ അവരുടെ മൊഴികള്‍ പരസ്പരം പൊരുത്തപ്പെട്ടില്ല.
57
‘മനുഷ്യനിര്‍മിതമായ ഈ വിശുദ്ധമന്ദിരം പൊളിച്ച് മനുഷ്യനിര്‍മിതമല്ലാത്ത മറ്റൊന്ന് മൂന്നു ദിവസത്തിനകം ഞാന്‍ പണിയും’ എന്ന്58 ഇയാള്‍ പറയുന്നതു ഞങ്ങള്‍ കേട്ടു എന്നു ചിലര്‍ യേശുവിനെതിരെ സാക്ഷ്യം പറഞ്ഞു.
59
ഇതിലും അവരുടെ മൊഴികള്‍ തമ്മില്‍ പൊരുത്തമില്ലായിരുന്നു.60
മഹാപുരോഹിതന്‍ അവരുടെ മധ്യത്തില്‍ എഴുന്നേറ്റുനിന്നുകൊണ്ട് യേശുവിനോട്, “നിങ്ങള്‍ക്കെതിരെ എന്തെല്ലാം ആരോപണങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്? ഇവയ്‍ക്കൊന്നും നിങ്ങള്‍ മറുപടി പറയുന്നില്ലേ?” എന്നു ചോദിച്ചു.61
എന്നാല്‍ യേശു ഒന്നും പറയാതെ മൗനം അവലംബിച്ചതേയുള്ളൂ. വീണ്ടും മഹാപുരോഹിതന്‍ ചോദിച്ചു: “നിങ്ങള്‍ വാഴ്ത്തപ്പെട്ട ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു ആണോ?”62
യേശു പ്രതിവചിച്ചു: അതേ, ഞാനാകുന്നു; മനുഷ്യപുത്രന്‍ സര്‍വശക്തന്‍റെ വലത്തുഭാഗത്തിരിക്കുന്നതും വിണ്‍മേഘങ്ങളില്‍ വരുന്നതും നിങ്ങള്‍ കാണും.”63
അപ്പോള്‍ മഹാപുരോഹിതന്‍ വസ്ത്രം കീറി. “ഇനി സാക്ഷികളുടെ ആവശ്യം എന്ത്?64 ഇയാള്‍ പറഞ്ഞ ദൈവദൂഷണം നിങ്ങള്‍ കേട്ടു കഴിഞ്ഞല്ലോ; നിങ്ങള്‍ക്ക് എന്തു തോന്നുന്നു?” എന്ന് അദ്ദേഹം ചോദിച്ചു.
“ഇയാള്‍ വധശിക്ഷയ്‍ക്കു അര്‍ഹന്‍” എന്ന് എല്ലാവരും വിധിച്ചു.65
ചിലര്‍ യേശുവിന്‍റെമേല്‍ തുപ്പുകയും മുഖം മൂടിക്കെട്ടിയശേഷം “പ്രവചിച്ചാലും!” എന്നു പറഞ്ഞുകൊണ്ട് മുഷ്‍ടിചുരുട്ടി ഇടിക്കുകയും ചെയ്തു. അരമനയിലെ കാവല്‍ഭടന്മാര്‍ യേശുവിനെ അടിച്ചുകൊണ്ട് ഏറ്റുവാങ്ങി.66
പത്രോസ് താഴെ നടുമുറ്റത്തിരിക്കുകയായിരുന്നു. അപ്പോള്‍ മഹാപുരോഹിതന്‍റെ ഒരു പരിചാരിക വന്നു തീ കാഞ്ഞുകൊണ്ടിരുന്ന പത്രോസിനെ സൂക്ഷിച്ചുനോക്കിക്കൊണ്ട്,67 “നിങ്ങളും നസറായനായ യേശുവിന്‍റെകൂടെ ഉണ്ടായിരുന്നുവല്ലോ” എന്നു പറഞ്ഞു.
68
അപ്പോള്‍ പത്രോസ്, “നീ പറയുന്നത് എന്താണെന്ന് എനിക്കറിഞ്ഞുകൂടാ; എനിക്കു മനസ്സിലാകുന്നുമില്ല” എന്നു തള്ളിപ്പറഞ്ഞു. അനന്തരം പത്രോസ് പുറത്തുള്ള പടിപ്പുരയിലേക്കുപോയി. അപ്പോള്‍ കോഴി കൂകി.69
ആ പരിചാരിക അദ്ദേഹത്തെ നോക്കിയിട്ട് ഈ മനുഷ്യന്‍ അവരിലൊരാള്‍ തന്നെയാണെന്ന് അടുത്തു നിന്നവരോടു വീണ്ടും പറഞ്ഞു. എന്നാല്‍ പത്രോസ് വീണ്ടും നിഷേധിച്ചു.70
കുറെക്കഴിഞ്ഞ് അടുത്തുനിന്നവര്‍ “തീര്‍ച്ചയായും നിങ്ങള്‍ അവരുടെ കൂട്ടത്തിലൊരാളാണ്; നിങ്ങള്‍ ഒരു ഗലീലക്കാരനാണല്ലോ” എന്നു പത്രോസിനോടു പറഞ്ഞു.71
അപ്പോള്‍ അദ്ദേഹം “നിങ്ങള്‍ പറയുന്ന ആ മനുഷ്യനെ എനിക്ക് അറിഞ്ഞുകൂടാ” എന്നു സത്യം ചെയ്യുകയും ശപിക്കുകയും ചെയ്തു.72
തല്‍ക്ഷണം കോഴി രണ്ടാമതും കൂകി. “കോഴി രണ്ടുവട്ടം കൂകുന്നതിനുമുമ്പ് നീ എന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയും എന്ന്” യേശു തന്നോടു പറഞ്ഞ വാക്ക് ഓര്‍ത്ത് പത്രോസ് ഉള്ളുരുകി പൊട്ടിക്കരഞ്ഞു.1
അതിരാവിലെതന്നെ മുഖ്യപുരോഹിതന്മാര്‍, ജനപ്രമാണിമാരോടും മതപണ്ഡിതന്മാരോടും സന്നദ്രിംസംഘത്തിലെ എല്ലാ അംഗങ്ങളോടുംകൂടി ആലോചിച്ചശേഷം യേശുവിനെ ബന്ധിച്ച് പീലാത്തോസിന്‍റെ മുമ്പില്‍ ഹാജരാക്കി.2
പീലാത്തോസ് യേശുവിനോട് ചോദിച്ചു: “നിങ്ങള്‍ യെഹൂദന്മാരുടെ രാജാവാണോ?” യേശു പ്രതിവചിച്ചു: “താങ്കള്‍ അങ്ങനെ പറയുന്നു.”3
മുഖ്യപുരോഹിതന്മാര്‍ യേശുവിനെതിരെ പല ആരോപണങ്ങള്‍ ഉന്നയിച്ചു.4 പീലാത്തോസ് വീണ്ടും ചോദിച്ചു: “താങ്കള്‍ ഒരു മറുപടിയും പറയുന്നില്ലേ? നോക്കൂ, താങ്കള്‍ക്കെതിരെ എത്രയെത്ര കുറ്റങ്ങളാണ് അവര്‍ ആരോപിക്കുന്നത്!”
5
എന്നിട്ടും യേശു മറുപടിയൊന്നും പറഞ്ഞില്ല. അതില്‍ പീലാത്തോസ് ആശ്ചര്യപ്പെട്ടു.6
ഉത്സവദിവസം അവര്‍ ആവശ്യപ്പെടുന്ന ഒരു തടവുകാരനെ പീലാത്തോസ് മോചിപ്പിക്കുക പതിവായിരുന്നു.7 ഒരു കലാപത്തില്‍ കൊലക്കുറ്റം ചെയ്ത ബറബ്ബാസ് എന്നൊരാള്‍ മറ്റു കലാപകാരികളോടുകൂടി തടവില്‍ കിടക്കുന്നുണ്ടായിരുന്നു.
8 ജനങ്ങള്‍ പീലാത്തോസിന്‍റെ അടുക്കല്‍ചെന്ന്, പതിവുപോലെ ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
9
“യെഹൂദന്മാരുടെ രാജാവിനെ ഞാന്‍ നിങ്ങള്‍ക്കു വിട്ടുതരണമെന്നാണോ നിങ്ങളുടെ ആഗ്രഹം?” എന്നു പീലാത്തോസ് അവരോടു ചോദിച്ചു.10 അസൂയകൊണ്ടാണ് മുഖ്യപുരോഹിതന്മാര്‍ യേശുവിനെ പിടിച്ച് തന്നെ ഏല്പിച്ചതെന്ന് പീലാത്തോസ് മനസ്സിലാക്കിയിരുന്നു.
11
ബറബ്ബാസിനെത്തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടാന്‍ പുരോഹിതമുഖ്യന്മാര്‍ ജനത്തെ പറഞ്ഞിളക്കി.12 പീലാത്തോസ് വീണ്ടും ചോദിച്ചു: “യെഹൂദന്മാരുടെ രാജാവ് എന്നു നിങ്ങള്‍ പറയുന്ന ഈ മനുഷ്യനെ ഞാന്‍ എന്തുചെയ്യണം?”
13
“അയാളെ ക്രൂശിക്കുക” എന്ന് അവര്‍ അത്യുച്ചത്തില്‍ പറഞ്ഞു.14
“എന്തിന്? അയാള്‍ എന്തുദോഷം ചെയ്തു?” എന്നു പീലാത്തോസ് അവരോടു ചോദിച്ചു. എന്നാല്‍ അവര്‍ പൂര്‍വാധികം ഉച്ചത്തില്‍ “അയാളെ ക്രൂശിക്കുക” എന്ന് അട്ടഹസിച്ചു.15
ജനങ്ങളെ പ്രീണിപ്പിക്കുവാന്‍ പീലാത്തോസ് ആഗ്രഹിച്ചതുകൊണ്ട് ബറബ്ബാസിനെ മോചിപ്പിക്കുകയും യേശുവിനെ ചാട്ടവാറുകൊണ്ട് അടിപ്പിച്ചശേഷം ക്രൂശിക്കുവാന്‍ അവരെ ഏല്പിക്കുകയും ചെയ്തു.16
പടയാളികള്‍ യേശുവിനെ കൊട്ടാരത്തിനുള്ളിലുള്ള അങ്കണത്തിലേക്കു കൊണ്ടുപോയി. അവര്‍ അവിടെയുണ്ടായിരുന്ന പട്ടാളത്തെ മുഴുവന്‍ വിളിച്ചുകൂട്ടി;17 അവിടുത്തെ കടുംചുമപ്പ് നിറമുള്ള ഒരു അങ്കി അണിയിച്ചു; മുള്ളുകൊണ്ടു മെടഞ്ഞ കിരീടം അവിടുത്തെ ശിരസ്സില്‍ ചൂടിക്കുകയും ചെയ്തു.
18 പിന്നീട് “ഹേ, യെഹൂദന്മാരുടെ രാജാവേ! ജയിച്ചാലും! ജയിച്ചാലും! എന്നു പറഞ്ഞുകൊണ്ട് ഹാസ്യമായി അഭിവാദനം ചെയ്തു.
19 വടികൊണ്ട് അവര്‍ അവിടുത്തെ തലയ്‍ക്കടിച്ചു; മുഖത്തു തുപ്പി; മുട്ടുകുത്തി അവിടുത്തെ നമസ്കരിച്ചു.
20 ഇങ്ങനെ അവര്‍ അവിടുത്തെ അവഹേളിച്ചശേഷം അങ്കി ഊരി സ്വന്തം വസ്ത്രം ധരിപ്പിച്ചു ക്രൂശിക്കുവാന്‍ പുറത്തേക്കു കൊണ്ടുപോയി.
21
അലക്സാണ്ടറിന്‍റെയും രൂഫസിന്‍റെയും പിതാവായ കുറേനക്കാരന്‍ ശിമോന്‍ വയലില്‍നിന്ന് അതുവഴി കടന്നുപോകുമ്പോള്‍ യേശുവിന്‍റെ കുരിശ് ചുമക്കുവാന്‍ പടയാളികള്‍ അയാളെ നിര്‍ബന്ധിച്ചു.22 അവര്‍ യേശുവിനെ തലയോടിന്‍റെ സ്ഥലം എന്ന് അര്‍ഥമുള്ള ഗോല്ഗോഥായിലേക്ക് കൊണ്ടുപോയി.
23 അവര്‍ അവിടുത്തെ കയ്പുചേര്‍ത്ത വീഞ്ഞു കുടിക്കുവാന്‍ കൊടുത്തു. പക്ഷേ അവിടുന്ന് അതു സ്വീകരിച്ചില്ല.
24 അവര്‍ അവിടുത്തെ ക്രൂശിച്ചു. പിന്നീട് അവിടുത്തെ വസ്ത്രങ്ങള്‍ പങ്കിട്ടശേഷം ആര്‍ക്കു കിട്ടണമെന്നറിയുന്നതിനു നറുക്കിട്ടു.
25 രാവിലെ ഒന്‍പതുമണിക്കാണ് അവര്‍ യേശുവിനെ ക്രൂശിച്ചത്.
26 അവിടുത്തെ പേരിലുള്ള കുറ്റമായി ‘യെഹൂദന്മാരുടെ രാജാവ്’ എന്ന് മീതെ എഴുതിവച്ചു.
27 യേശുവിന്‍റെ കൂടെ രണ്ടു കൊള്ളക്കാരെ ഒരാളെ വലത്തും അപരനെ ഇടത്തുമായി ക്രൂശിച്ചു.
28 ‘അവന്‍ അധര്‍മികളുടെകൂടെ എണ്ണപ്പെട്ടു’ എന്ന വേദലിഖിതം ഇങ്ങനെ സത്യമായി.
29
അതുവഴി കടന്നുപോയവര്‍ യേശുവിനെ ദുഷിച്ചു; “ആഹാ! ദേവാലയം പൊളിച്ചു മൂന്നു ദിവസംകൊണ്ടു പണിയുന്നവനല്ലേ നീ!30 കുരിശില്‍നിന്ന് ഇറങ്ങിവന്നു നീ നിന്നെത്തന്നെ രക്ഷിക്കുക!” എന്നു തലയാട്ടിക്കൊണ്ട് അവര്‍ പറഞ്ഞു.
31
അതുപോലെതന്നെ മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും യേശുവിനെ പരിഹസിച്ചു; അവര്‍ അന്യോന്യം പറഞ്ഞു: “ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു; പക്ഷേ തന്നെത്തന്നെ രക്ഷിക്കുവാന്‍ കഴിവില്ല.32 ഇസ്രായേലിന്‍റെ രാജാവായ മശിഹാ ഇപ്പോള്‍ കുരിശില്‍നിന്ന് ഇറങ്ങിവരട്ടെ; നമുക്കു കണ്ടു വിശ്വസിക്കാമല്ലോ”
യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ടവരും അവിടുത്തെ നിന്ദിച്ചു.33
മധ്യാഹ്നം മുതല്‍ മൂന്നുമണിവരെ ദേശമാസകലം അന്ധകാരാവൃതമായി; മൂന്നുമണിക്ക് യേശു,34 “ഏലോയീ, ഏലോയീ, ലമ്മാ ശബ്ബക്താനി?” എന്ന് അത്യുച്ചത്തില്‍ നിലവിളിച്ചു. ‘എന്‍റെ ദൈവമേ, എന്‍റെ ദൈവമേ അങ്ങ് എന്നെ കൈവിട്ടത് എന്ത്? എന്നാണ് ഇതിനര്‍ഥം.
35
അടുത്തുനിന്നവരില്‍ ചിലര്‍ ഇതു കേട്ടപ്പോള്‍, “അതാ അയാള്‍ ഏലിയായെ വിളിക്കുന്നു” എന്നു പറഞ്ഞു.36 ഒരാള്‍ ഓടിപ്പോയി പുളിച്ച വീഞ്ഞില്‍ സ്പഞ്ചു മുക്കി ഞാങ്ങണത്തണ്ടില്‍ വച്ച് അവിടുത്തേക്ക് കുടിക്കുവാന്‍ കൊടുത്തു. “ആകട്ടെ ഏലിയാ ഇയാളെ താഴെ ഇറക്കാന്‍ വരുമോ എന്ന് നമുക്കു കാണാം” എന്ന് അവര്‍ പറഞ്ഞു.
37
യേശു ഉച്ചത്തില്‍ നിലവിളിച്ചു പ്രാണന്‍ വെടിഞ്ഞു.38
അപ്പോള്‍ വിശുദ്ധമന്ദിരത്തിലെ തിരശ്ശീല മുകളില്‍നിന്നു താഴെവരെ രണ്ടായി കീറിപ്പോയി.39 യേശു ഇങ്ങനെ പ്രാണന്‍ വെടിഞ്ഞത് കണ്ടപ്പോള്‍ അവിടുത്തേക്ക് അഭിമുഖമായി നോക്കി നിന്നിരുന്ന ശതാധിപന്‍, “തീര്‍ച്ചയായും ഈ മനുഷ്യന്‍ ദൈവപുത്രനായിരുന്നു” എന്നു പറഞ്ഞു.
40 ഏതാനും സ്‍ത്രീകളും അല്പം അകലെ നിന്നുകൊണ്ട് ഇവയെല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു. അവരുടെ കൂട്ടത്തില്‍ മഗ്ദലേന മറിയവും ചെറിയ യാക്കോബിന്‍റെയും യോസെയുടെയും അമ്മ മറിയവും ശലോമിയും ഉണ്ടായിരുന്നു.
41 യേശു ഗലീലയിലായിരുന്നപ്പോള്‍ അവിടുത്തെ അനുഗമിക്കുകയും പരിചരിക്കുകയും ചെയ്തവരായിരുന്നു ഈ സ്‍ത്രീകള്‍. അവിടുത്തോടുകൂടെ യെരൂശലേമിലേക്കു വന്ന മറ്റു പല സ്‍ത്രീകളും അവിടെയുണ്ടായിരുന്നു.
42
[42,43] അന്നു ശബത്തിന്‍റെ തലേദിവസമായ ഒരുക്കനാളായിരുന്നു. അതുകൊണ്ട് സന്ധ്യ ആയപ്പോള്‍, അരിമത്യസ്വദേശിയായ യോസേഫ് ധൈര്യസമേതം പീലാത്തോസിന്‍റെ അടുക്കല്‍ ചെന്ന് യേശുവിന്‍റെ ശരീരം വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. അയാള്‍ സന്നദ്രിം സംഘത്തിലെ സമാദരണീയനായ ഒരു അംഗവും ദൈവരാജ്യത്തെ പ്രതീക്ഷിച്ചിരുന്നവനും ആയിരുന്നു.43
44 യേശു ഇത്രവേഗം മരിച്ചു എന്നു കേട്ടതിനാല്‍ പീലാത്തോസ് ആശ്ചര്യപ്പെട്ടു. അദ്ദേഹം ശതാധിപനെ വിളിച്ച്, യേശു മരിച്ചുകഴിഞ്ഞോ എന്നു ചോദിച്ചു.
45 ശതാധിപനില്‍ നിന്ന് യേശു മരിച്ച വിവരം ഗ്രഹിച്ചശേഷം ശരീരം യോസേഫിനു വിട്ടുകൊടുത്തു.
46 അദ്ദേഹം യേശുവിന്‍റെ ശരീരം ഇറക്കി മൃതദേഹം പൊതിയുന്ന തുണി വാങ്ങിക്കൊണ്ടുവന്ന് അതില്‍ പൊതിഞ്ഞു പാറയില്‍ വെട്ടിയുണ്ടാക്കിയ കല്ലറയില്‍ സംസ്കരിച്ചു; കല്ലറയുടെ വാതില്‌ക്കല്‍ ഒരു കല്ലുരുട്ടി വയ്‍ക്കുകയും ചെയ്തു.
47
മഗ്ദലേന മറിയവും യോസെയുടെ അമ്മ മറിയവും യേശുവിന്‍റെ ശരീരം സംസ്കരിച്ച സ്ഥലം കണ്ടിരുന്നു.1
ശബത്തു കഴിഞ്ഞപ്പോള്‍ മഗ്ദലേന മറിയവും യാക്കോബിന്‍റെ അമ്മ മറിയവും ശലോമിയും യേശുവിന്‍റെ ശരീരത്തില്‍ പൂശുവാന്‍ സുഗന്ധദ്രവ്യങ്ങള്‍ വാങ്ങി.2 അവര്‍ ഞായറാഴ്ച പുലര്‍കാലവേളയില്‍ സൂര്യനുദിച്ചപ്പോള്‍ത്തന്നെ കല്ലറയ്‍ക്കലേക്കു പോയി.
3 “നമുക്കുവേണ്ടി കല്ലറയുടെ വാതില്‌ക്കല്‍നിന്ന് ആ കല്ല് ആര് ഉരുട്ടിനീക്കിത്തരും?” എന്ന് അവര്‍ അന്യോന്യം പറഞ്ഞു.
4 എന്നാല്‍ അവര്‍ സൂക്ഷിച്ചുനോക്കിയപ്പോള്‍ കല്ലുരുട്ടി നീക്കിയിരിക്കുന്നതു കണ്ടു. ഒരു വലിയ കല്ലായിരുന്നു അത്.
5 കല്ലറയ്‍ക്കുള്ളില്‍ പ്രവേശിച്ചപ്പോള്‍ ശുഭ്രവസ്ത്രം ധരിച്ച ഒരു യുവാവ് വലത്തുഭാഗത്ത് ഇരിക്കുന്നത് കണ്ട് അവര്‍ അമ്പരന്നു.
6
അയാള്‍ പറഞ്ഞു: “പരിഭ്രമിക്കേണ്ടാ; ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെയാണല്ലോ നിങ്ങള്‍ അന്വേഷിക്കുന്നത്; അവിടുന്ന് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു; ഇവിടെയില്ല. അവിടുത്തെ സംസ്കരിച്ച സ്ഥലം ഇതാ കണ്ടാലും.7 നിങ്ങള്‍ പോയി അവിടുത്തെ ശിഷ്യന്മാരോടും പത്രോസിനോടും ‘നിങ്ങള്‍ക്കു മുമ്പായി അവിടുന്ന് ഗലീലയിലേക്കു പോകുന്നു; നിങ്ങളോടു പറഞ്ഞതുപോലെ അവിടെവച്ച് അവിടുത്തെ നിങ്ങള്‍ കാണും’ എന്നു പറയുക.
8
ആ സ്‍ത്രീകള്‍ കല്ലറയില്‍ നിന്നിറങ്ങി ഓടി. അവര്‍ അമ്പരന്നു വിറയ്‍ക്കുന്നുണ്ടായിരുന്നു. ഭയപരവശരായിരുന്നതുകൊണ്ട് അവര്‍ ആരോടും ഒന്നും സംസാരിച്ചില്ല.9
ഞായറാഴ്ച അതിരാവിലെ യേശു ഉയിര്‍ത്തെഴുന്നേറ്റശേഷം ആദ്യമായി മഗ്ദലേന മറിയമിനു പ്രത്യക്ഷപ്പെട്ടു. ആ സ്‍ത്രീയില്‍ നിന്നായിരുന്നു യേശു ഏഴു ഭൂതങ്ങളെ ഒഴിച്ചു വിട്ടത്.10 മറിയം പോയി യേശു ഉയിര്‍ത്തെഴുന്നേറ്റ വാര്‍ത്ത അദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്നവരെ അറിയിച്ചു. അവര്‍ ദുഃഖിച്ചു വിലപിക്കുകയായിരുന്നു.
11 യേശു ജീവിച്ചിരിക്കുന്നു എന്നും മറിയം അവിടുത്തെ കണ്ടു എന്നും കേട്ടിട്ട് അവര്‍ വിശ്വസിച്ചില്ല.
12
അതിനുശേഷം അവരില്‍ രണ്ടുപേര്‍ നാട്ടിന്‍പുറത്തേക്കു പോകുമ്പോള്‍ യേശു മറ്റൊരു വിധത്തില്‍ അവര്‍ക്കു പ്രത്യക്ഷപ്പെട്ടു.13 അവര്‍ തിരിച്ചുചെന്ന് മറ്റുള്ളവരോട് ആ വിവരം പറഞ്ഞിട്ടും അവര്‍ വിശ്വസിച്ചില്ല.
14
ഒടുവില്‍ ശിഷ്യന്മാര്‍ പതിനൊന്നു പേരും ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. താന്‍ ഉയിര്‍ത്തെഴുന്നേറ്റശേഷം തന്നെ നേരില്‍ കണ്ടവര്‍ പറഞ്ഞത് അവിശ്വാസവും ഹൃദയകാഠിന്യവും മൂലം വിശ്വസിക്കാതിരുന്നതിനാല്‍, യേശു അവരെ ശാസിച്ചു.15 അനന്തരം അവിടുന്ന് അരുള്‍ചെയ്തു: “നിങ്ങള്‍ ലോകമെങ്ങും പോയി സര്‍വമനുഷ്യരാശിയോടും ഈ സുവിശേഷം പ്രസംഗിക്കുക.
16 വിശ്വസിച്ച് സ്നാപനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും.
17 വിശ്വസിക്കുന്നവര്‍ക്ക് ഈ അദ്ഭുതസിദ്ധികള്‍ ഉണ്ടായിരിക്കും; എന്‍റെ നാമത്തില്‍ അവര്‍ ഭൂതങ്ങളെ പുറത്താക്കും. അവര്‍ പുതിയ ഭാഷകളില്‍ സംസാരിക്കും.
18 സര്‍പ്പങ്ങളെ അവര്‍ കൈയിലെടുക്കുകയോ മാരകമായ ഏതെങ്കിലും വിഷം കുടിക്കുകയോ ചെയ്താലും അവര്‍ക്ക് ഒരു ഹാനിയും സംഭവിക്കുകയില്ല; അവര്‍ കൈകള്‍വച്ചാല്‍ രോഗികള്‍ സുഖം പ്രാപിക്കും.”
19
ഇങ്ങനെ അവരോടു പറഞ്ഞശേഷം കര്‍ത്താവായ യേശു സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു; അവിടുന്ന് ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി.20 ശിഷ്യന്മാര്‍ എല്ലായിടത്തും പോയി പ്രസംഗിച്ചു. കര്‍ത്താവ് അവരോടു ചേര്‍ന്നു പ്രവര്‍ത്തിക്കുകയും അവര്‍ മുഖാന്തരം നടന്ന അദ്ഭുതപ്രവൃത്തികളാല്‍ വചനത്തെ ഉറപ്പിക്കുകയും ചെയ്തുപോന്നു.