1

1

അബ്രഹാമിന്‍റെ പുത്രനായ ദാവീദിന്‍റെ പുത്രന്‍ യേശുക്രിസ്തുവിന്‍റെ വംശാവലി:

2 അബ്രഹാമിന്‍റെ പുത്രന്‍ ഇസ്ഹാക്ക്;

3 ഇസ്ഹാക്കിന്‍റെ പുത്രന്‍ യാക്കോബ്; യാക്കോബിന്‍റെ പുത്രന്മാര്‍ യെഹൂദയും സഹോദരന്മാരും; യെഹൂദയ്‍ക്ക് പാരെസും സാരഹും ജനിച്ചു;

4 അവരുടെ അമ്മ താമാര്‍; പാരെസിന്‍റെ പുത്രന്‍ ഹെസ്രോന്‍; ഹെസ്രോന്‍റെ പുത്രന്‍ അരാം; അരാമിന്‍റെ പുത്രന്‍ അമ്മീനാദാബ്; അമ്മീനാദാബിന്‍റെ പുത്രന്‍ നഹശോന്‍; നഹശോന്‍റെ പുത്രന്‍ സല്മോന്‍;

5 സല്മോന്‍റെ പുത്രന്‍ ബോവസ്; ബോവസിന്‍റെ അമ്മ രാഹാബ്; ബോവസിന് രൂത്തില്‍ ജനിച്ച പുത്രന്‍ ഓബേദ്;

6 ഓബേദിന്‍റെ പുത്രന്‍ യിശ്ശായി; യിശ്ശായിയുടെ പുത്രന്‍ ദാവീദുരാജാവ്.

7

ഊരിയായുടെ ഭാര്യയായിരുന്ന ബത്ത്-ശേബയില്‍ ദാവീദിനു ജനിച്ച പുത്രന്‍ ശലോമോന്‍; ശലോമോന്‍റെ പുത്രന്‍ രഹബയാം; രഹബയാമിന്‍റെ പുത്രന്‍ അബീയാ; അബീയായുടെ പുത്രന്‍ ആസാ;

8 ആസായുടെ പുത്രന്‍ യോശാഫാത്ത്; യോശാഫാത്തിന്‍റെ പുത്രന്‍ യോരാം; യോരാമിന്‍റെ പുത്രന്‍ ഉസ്സീയാ; ഉസ്സീയായുടെ പുത്രന്‍ യോഥാം;

9 യോഥാമിന്‍റെ പുത്രന്‍ ആഹാസ്;

10 ആഹാസിന്‍റെ പുത്രന്‍ ഹിസ്കീയ; ഹിസ്കീയായുടെ പുത്രന്‍ മനശ്ശെ; മനശ്ശെയുടെ പുത്രന്‍ ആമോസ്; ആമോസിന്‍റെ പുത്രന്‍ യോശിയാ;

11 യോശിയായ്‍ക്കു ബാബേല്‍ പ്രവാസകാലത്ത് യഖ്യൊന്യായും സഹോദരന്മാരും ജനിച്ചു.

12

ബാബേല്‍പ്രവാസത്തിനുശേഷം യഖൊന്യയായ്‍ക്കു ശെയല്തിയേല്‍ എന്ന പുത്രന്‍ ജനിച്ചു; ശെയല്തിയേലിന്‍റെ പുത്രന്‍ സെരൂബ്ബാബേല്‍;

13 സെരൂബ്ബാബേലിന്‍റെ പുത്രന്‍ അബീഹൂദ്; അബീഹൂദിന്‍റെ പുത്രന്‍ എല്യാക്കീം; എല്യാക്കീമിന്‍റെ പുത്രന്‍ ആസോര്‍;

14 ആസോരിന്‍റെ പുത്രന്‍ സാദോക്ക്; സാദോക്കിന്‍റെ പുത്രന്‍ ആഖീം; ആഖീമിന്‍റെ പുത്രന്‍ എലിഹൂദ്;

15 എലിഹൂദിന്‍റെ പുത്രന്‍ എലിയാസര്‍; എലിയാസരുടെ പുത്രന്‍ മത്ഥാന്‍; മത്ഥാന്‍റെ പുത്രന്‍ യാക്കോബ്;

16 യാക്കോബിന്‍റെ പുത്രന്‍ യോസേഫ്; യോസേഫ് മറിയമിന്‍റെ ഭര്‍ത്താവായിരുന്നു; മറിയമില്‍നിന്ന് ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.

17

ഇങ്ങനെ അബ്രഹാം മുതല്‍ ദാവീദുവരെ തലമുറകള്‍ ആകെ പതിനാലും ദാവീദു മുതല്‍ ബാബേല്‍ പ്രവാസംവരെ പതിനാലും ബാബേല്‍ പ്രവാസം മുതല്‍ ക്രിസ്തുവരെ പതിനാലും ആണ്.

18

യേശുക്രിസ്തുവിന്‍റെ ജനനം ഇപ്രകാരമായിരുന്നു. യേശുവിന്‍റെ മാതാവായ മറിയവും യോസേഫും തമ്മില്‍ വിവാഹനിശ്ചയം ചെയ്തിരുന്നു. അവര്‍ ഒരുമിച്ചു ചേരുന്നതിനു മുമ്പ് മറിയം പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിച്ചിരിക്കുന്നതായി കാണപ്പെട്ടു.

19 മറിയമിന്‍റെ ഭര്‍ത്താവായ യോസേഫ് ഒരു ഉത്തമ മനുഷ്യനായിരുന്നതുകൊണ്ട് മറിയം അപമാനിതയാകുന്നതില്‍ അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നു. അതുകൊണ്ട് രഹസ്യമായി മറിയമിനെ ഉപേക്ഷിക്കുവാന്‍ അദ്ദേഹം തീരുമാനിച്ചു.

20 എന്നാല്‍ ഇതേപ്പറ്റി അദ്ദേഹം ആലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ദൈവദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷനായി ഇപ്രകാരം പ്രസ്താവിച്ചു: “ദാവീദിന്‍റെ പുത്രനായ യോസേഫേ, നിന്‍റെ ഭാര്യയായ മറിയമിനെ സ്വീകരിക്കുന്നതിനു ശങ്കിക്കേണ്ടാ; അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിനാലാണ്.

21 അവള്‍ ഒരു പുത്രനെ പ്രസവിക്കും; ആ ശിശുവിന് യേശു എന്നു പേര് വിളിക്കണം. തന്‍റെ ജനങ്ങളെ അവരുടെ പാപങ്ങളില്‍നിന്ന് അവിടുന്നു രക്ഷിക്കും.”

22

[22,23] “ഇതാ കന്യക ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും; അവന്‍ ദൈവം നമ്മോടുകൂടി എന്നര്‍ഥമുള്ള ‘ഇമ്മാനുവേല്‍’ എന്നു വിളിക്കപ്പെടും”

എന്നു പ്രവാചകന്‍ മുഖാന്തരം ദൈവം അരുളിച്ചെയ്തതു നിറവേറുന്നതിന് ഇവയെല്ലാം സംഭവിച്ചു.

23

24

യോസേഫ് നിദ്രവിട്ടുണര്‍ന്ന് ദൈവദൂതന്‍ കല്പിച്ചതുപോലെ പ്രവര്‍ത്തിച്ചു; അദ്ദേഹം തന്‍റെ ഭാര്യയെ സ്വീകരിച്ചു.

25 എന്നാല്‍ പുത്രനെ പ്രസവിക്കുന്നതുവരെ അദ്ദേഹം മറിയമിനോടു ശാരീരികബന്ധം പുലര്‍ത്തിയില്ല. ശിശുവിനെ അദ്ദേഹം യേശു എന്നു പേര് വിളിച്ചു.

2

1

ഹേരോദാരാജാവിന്‍റെ കാലത്താണ് യേശു യെഹൂദ്യയിലെ ബേത്‍ലഹേമില്‍ ജനിച്ചത്. യേശുവിന്‍റെ ജനനശേഷം പൗരസ്ത്യദേശത്തുനിന്നു ജ്യോതിശാസ്ത്രജ്ഞന്മാര്‍ യെരൂശലേമിലെത്തി.

2 “യെഹൂദന്മാരുടെ രാജാവു ജനിച്ചിരിക്കുന്നത് എവിടെ? അവിടുത്തെ നക്ഷത്രം ഞങ്ങള്‍ പൂര്‍വദിക്കില്‍ കണ്ടു; അവിടുത്തെ നമസ്കരിക്കുന്നതിനാണു ഞങ്ങള്‍ വന്നിരിക്കുന്നത്” എന്ന് അവര്‍ പറഞ്ഞു.

3

ഇതു കേട്ടപ്പോള്‍ ഹേരോദാരാജാവും സകല യെരൂശലേംനിവാസികളും പരിഭ്രമിച്ചു.

4 രാജാവ് എല്ലാ പുരോഹിത മുഖ്യന്മാരെയും വിളിച്ചുകൂട്ടി, ക്രിസ്തു ജനിക്കുന്നത് എവിടെയാണെന്നു ചോദിച്ചു.

5 [5,6] അവര്‍ ഇങ്ങനെ മറുപടി പറഞ്ഞു:

“യെഹൂദ്യയിലെ ബേത്‍ലഹേമില്‍ത്തന്നെ. അല്ലയോ യെഹൂദ്യയിലെ ബേത്‍ലഹേമേ, നീ ഒരു വിധത്തിലും യെഹൂദ്യയിലെ പ്രമുഖ നഗരങ്ങളില്‍ ഒട്ടും ചെറുതല്ല; എന്തെന്നാല്‍ എന്‍റെ ജനമായ ഇസ്രായേലിനെ മേയ്പാനുള്ളവന്‍ നിന്നില്‍നിന്നു വരുന്നു എന്നാണല്ലോ പ്രവാചകന്മാര്‍ മുഖാന്തരം എഴുതിയിരിക്കുന്നത്.”

6

7

ഹേരോദാ ആ ജ്യോതിശാസ്ത്രജ്ഞന്മാരെ രഹസ്യമായി വിളിച്ച് നക്ഷത്രം പ്രത്യക്ഷപ്പെട്ട സമയം സൂക്ഷ്മമായി ചോദിച്ചു മനസ്സിലാക്കി.

8 “നിങ്ങള്‍ പോയി ആ ശിശുവിനെക്കുറിച്ചു സുസൂക്ഷ്മം അന്വേഷിക്കുക; കണ്ടെത്തിയിട്ടു മടങ്ങിവന്ന് എന്നെ വിവരം അറിയിക്കണം; എനിക്കും പോയി ആ ശിശുവിനെ നമസ്കരിക്കണം” എന്നു പറഞ്ഞ് അദ്ദേഹം അവരെ ബേത്‍ലഹേമിലേക്ക് അയച്ചു.

9

രാജാവു പറഞ്ഞതനുസരിച്ച് അവര്‍ യാത്ര തുടര്‍ന്നു. അവര്‍ പൂര്‍വദിക്കില്‍ കണ്ട നക്ഷത്രം അവര്‍ക്കു മുമ്പേ നീങ്ങിക്കൊണ്ടിരുന്നു. അത് ശിശു കിടന്നിരുന്ന സ്ഥലത്തിനു മുകളില്‍ എത്തി നിന്നു.

10 നക്ഷത്രം കണ്ടപ്പോള്‍ അവര്‍ അത്യന്തം ആനന്ദഭരിതരായി:

11 “അവര്‍ ആ വീട്ടില്‍ പ്രവേശിച്ചപ്പോള്‍ അമ്മയായ മറിയമിനോടുകൂടി ശിശുവിനെ കണ്ടു. ഉടനെ അവര്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു. തങ്ങളുടെ നിക്ഷേപപാത്രങ്ങള്‍ തുറന്ന് പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവയ്‍ക്കുകയും ചെയ്തു.

12

ഹേരോദായുടെ അടുക്കലേക്കു തിരിച്ചുപോകരുതെന്നു സ്വപ്നത്തില്‍ അരുളപ്പാടു ലഭിച്ചതിനാല്‍ അവര്‍ മറുവഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി.

13

ജ്യോതിശാസ്ത്രജ്ഞന്മാര്‍ പോയശേഷം ഒരു ദൈവദൂതന്‍ സ്വപ്നത്തില്‍ യോസേഫിനു പ്രത്യക്ഷനായി ഇങ്ങനെ പറഞ്ഞു: “നീ എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് വേഗം ഈജിപ്തിലേക്കു പോയി രക്ഷപെടുക. ഞാന്‍ പറയുന്നതുവരെ അവിടെ പാര്‍ക്കണം. ഹേരോദാ ശിശുവിനെ കണ്ടുപിടിച്ചു കൊല്ലുവാന്‍ ശ്രമിക്കുന്നു.”

14

അങ്ങനെ യോസേഫ് ഉണര്‍ന്ന് ശിശുവിനെയും മാതാവിനെയും കൂട്ടിക്കൊണ്ട് രാത്രിതന്നെ ഈജിപ്തിലേക്കു പുറപ്പെട്ടു.

15 ഹേരോദാ അന്തരിക്കുന്നതുവരെ അവര്‍ അവിടെ പാര്‍ത്തു.

“ഈജിപ്തില്‍നിന്ന് എന്‍റെ പുത്രനെ ഞാന്‍ വിളിച്ചു വരുത്തി” എന്നു പ്രവാചകന്‍ മുഖേന ദൈവം അരുളിച്ചെയ്തത് ഇങ്ങനെ സംഭവിച്ചു.

16

ജ്യോതിശാസ്ത്രജ്ഞന്മാര്‍ തന്നെ കബളിപ്പിച്ചു എന്നു മനസ്സിലാക്കിയപ്പോള്‍ ഹേരോദാ അത്യധികം കുപിതനായി; അവരില്‍നിന്നു ചോദിച്ചറിഞ്ഞ സമയം ആസ്പദമാക്കി ബേത്‍ലഹേമിലും എല്ലാ പരിസരപ്രദേശങ്ങളിലും രണ്ടു വയസ്സോ അതിനു താഴെയോ പ്രായമുള്ള സകല ആണ്‍കുട്ടികളെയും ഹേരോദാ ആളയച്ചു കൊല്ലിച്ചു.

17

[17,18] റാമയില്‍ ഒരു ശബ്ദം കേള്‍ക്കുന്നു;
അലമുറയും വലിയ കരച്ചിലും തന്നെ.
റാഹേല്‍ തന്‍റെ മക്കളെച്ചൊല്ലി കരയുന്നു;
അവരില്‍ ആരും ജീവനോടെ ശേഷിക്കാത്തതിനാല്‍ സാന്ത്വനവാക്കുകള്‍ അവള്‍ നിരസിക്കുന്നു

എന്നിങ്ങനെ യിരെമ്യാപ്രവാചകന്‍ മുഖേന അരുള്‍ചെയ്തത് അന്നു സംഭവിച്ചു.

18

19

ഹേരോദായുടെ നിര്യാണശേഷം ഈജിപ്തില്‍വച്ച് ദൈവദൂതന്‍ യോസേഫിനു സ്വപ്നത്തില്‍ പ്രത്യക്ഷനായി ഇപ്രകാരം പറഞ്ഞു:

20 “എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് ഇസ്രായേല്‍ദേശത്തേക്കു പോകുക; ശിശുവിനെ വധിക്കുവാന്‍ തുനിഞ്ഞവര്‍ അന്തരിച്ചു.”

21 അങ്ങനെ യോസേഫ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് ഇസ്രായേല്‍ദേശത്തു വന്നു.

22

എന്നാല്‍ അര്‍ക്കലയൊസ് തന്‍റെ പിതാവായ ഹേരോദായ്‍ക്കു പകരം യെഹൂദ്യയില്‍ ഭരണം നടത്തുന്നു എന്നു കേട്ടതുകൊണ്ട് അവിടേക്കു പോകുവാന്‍ യോസേഫ് ഭയപ്പെട്ടു; സ്വപ്നത്തില്‍ ലഭിച്ച അരുളപ്പാടനുസരിച്ചു ഗലീലാപ്രദേശത്തേക്കു മാറിപ്പോയി.

23 അവിടെയെത്തി അദ്ദേഹം നസ്രെത്ത് എന്ന പട്ടണത്തില്‍ വാസമുറപ്പിച്ചു. “യേശു നസറായന്‍ എന്നു വിളിക്കപ്പെടും” എന്നു പ്രവാചകന്മാര്‍ മുഖാന്തരം അരുളിച്ചെയ്തത് അങ്ങനെ പൂര്‍ത്തിയായി.

3

1

അക്കാലത്ത് സ്നാപകയോഹന്നാന്‍ യെഹൂദ്യയിലെ വിജനപ്രദേശത്തു വന്ന്

2 “സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നതിനാല്‍ അനുതപിച്ചു ദൈവത്തിലേക്കു തിരിയുക” എന്നു പ്രസംഗിച്ചു.

3

വിജനപ്രദേശത്ത് ഒരാള്‍ വിളിച്ചുപറയുന്നു:
‘ദൈവത്തിനുവേണ്ടി വഴിയൊരുക്കുക;
അവിടുത്തെ പാതകള്‍ നേരേയാക്കുക’

എന്നിങ്ങനെ യെശയ്യാപ്രവാചകന്‍ മുഖേന അരുളിച്ചെയ്തത് ഇദ്ദേഹത്തെക്കുറിച്ചാണ്.

4

യോഹന്നാന്‍ ഒട്ടകരോമംകൊണ്ടുള്ള ഉടുപ്പു ധരിച്ചിരുന്നു. തുകല്‍കൊണ്ടുള്ള ബെല്‍റ്റ് ഉണ്ടായിരുന്നു. വെട്ടുക്കിളിയും കാട്ടുതേനുമായിരുന്നു അദ്ദേഹത്തിന്‍റെ ഭക്ഷണം.

5 യെരൂശലേമിലും യെഹൂദ്യയിലെങ്ങും യോര്‍ദ്ദാന്‍നദിയുടെ പരിസരപ്രദേശങ്ങളിലുമുള്ളവര്‍

6 അദ്ദേഹത്തിന്‍റെ അടുക്കല്‍ചെന്ന് തങ്ങളുടെ പാപം ഏറ്റുപറഞ്ഞ് അദ്ദേഹത്താല്‍ യോര്‍ദ്ദാന്‍നദിയില്‍ സ്നാപനം ചെയ്യപ്പെട്ടു.

7

പരീശന്മാരും സദൂക്യരുമായ പലരും സ്നാപനം സ്വീകരിക്കുന്നതിനായി വരുന്നതു കണ്ടപ്പോള്‍ അദ്ദേഹം അവരോട്, “സര്‍പ്പസന്തതികളേ, വരുവാനുള്ള ന്യായവിധിയില്‍നിന്ന് ഓടിപ്പോകുവാന്‍ നിങ്ങള്‍ക്കു ബുദ്ധിയുപദേശിച്ചുതന്നത് ആരാണ്?” എന്നു ചോദിച്ചു.

8 അദ്ദേഹം തുടര്‍ന്നു പറഞ്ഞു: “അനുതപിച്ചു ദൈവത്തിലേക്കു തിരിയുന്നതിന് അനുയോജ്യമായ ഫലം പുറപ്പെടുവിക്കുക;

9 ‘അബ്രഹാം ഞങ്ങള്‍ക്കു പിതാവായിട്ടുണ്ടല്ലോ’ എന്നു നിങ്ങള്‍ സ്വയം പറയുന്നതുകൊണ്ടു ഫലമില്ല; ഈ കല്ലുകളില്‍നിന്ന് അബ്രഹാമിനുവേണ്ടി മക്കളെ ഉത്പാദിപ്പിക്കുവാന്‍ ദൈവത്തിനു കഴിയുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു;

10 ഇപ്പോള്‍ത്തന്നെ വൃക്ഷങ്ങളുടെ ചുവട്ടില്‍ കോടാലി വച്ചിരിക്കുന്നു; നല്ലഫലം നല്‌കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിലിടും.

11 ജലംകൊണ്ടു ഞാന്‍ നടത്തുന്ന സ്നാപനം നിങ്ങള്‍ അനുതപിച്ചു ദൈവത്തിലേക്കു തിരിയുന്നു എന്നു സൂചിപ്പിക്കുന്നു. എന്നാല്‍ എന്‍റെ പിന്നാലെ വരുന്നവന്‍ നിങ്ങളെ പരിശുദ്ധാത്മാവിലും അഗ്നിയിലും സ്നാപനം ചെയ്യും. അവിടുന്ന് എന്നെക്കാള്‍ ശക്തനാണ്. അവിടുത്തെ ചെരുപ്പു ചുമക്കുവാന്‍പോലും ഞാന്‍ യോഗ്യനല്ല.

12 പതിര്‍ വീശിക്കളയാനുള്ള മുറം അവിടുത്തെ കൈയിലുണ്ട്. അവിടുന്നു മെതിക്കളം വൃത്തിയാക്കുകയും കോതമ്പു കളപ്പുരയില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. പതിരാകട്ടെ കെടാത്ത തീയിലിട്ടു ചുട്ടുകളയും.

13

പിന്നീടു യോഹന്നാനില്‍നിന്നു സ്നാപനം ഏല്‌ക്കുന്നതിനായി യേശു ഗലീലയില്‍നിന്നു യോര്‍ദ്ദാനില്‍ അദ്ദേഹത്തിന്‍റെ അടുക്കലെത്തി.

14 യോഹന്നാനാകട്ടെ “അങ്ങയില്‍നിന്നു ഞാനാണു സ്നാപനം സ്വീകരിക്കേണ്ടത്; എന്നിട്ടും അങ്ങ് എന്‍റെ അടുക്കല്‍ വരികയാണോ?” എന്നു പറഞ്ഞുകൊണ്ട് യേശുവിനെ വിലക്കി.

15 അതിനു മറുപടിയായി, “ഇപ്പോള്‍ ഇതു നടക്കട്ടെ. ഇങ്ങനെ സകല ധര്‍മവും പൂര്‍ത്തീകരിക്കപ്പെടുന്നത് ഉചിതമാണല്ലോ” എന്നു യേശു പറഞ്ഞു. അപ്പോള്‍ യോഹന്നാന്‍ സമ്മതിച്ചു.

16

സ്നാപനമേറ്റശേഷം യേശു വെള്ളത്തില്‍നിന്നു കയറിയപ്പോള്‍ സ്വര്‍ഗം തുറന്നു; ദൈവാത്മാവു തന്‍റെമേല്‍ ഒരു പ്രാവിനെപ്പോലെ ഇറങ്ങി വരുന്നതായി അദ്ദേഹം കണ്ടു.

17 “ഇവന്‍ എന്‍റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” എന്ന് ഒരശരീരിയും കേട്ടു.

4

1

അനന്തരം പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് ആത്മാവ് യേശുവിനെ വിജനസ്ഥലത്തേക്കു നയിച്ചു.

2 അവിടുന്നു നാല്പതു പകലും നാല്പതു രാത്രിയും ഉപവസിച്ചു. അതു കഴിഞ്ഞപ്പോള്‍ അവിടുത്തേക്കു വിശന്നു.

3 അപ്പോള്‍ പരീക്ഷകന്‍ അടുത്തുചെന്ന് “അവിടുന്നു ദൈവത്തിന്‍റെ പുത്രനാണെങ്കില്‍ ഈ കല്ലുകളോട് അപ്പമായിത്തീരുവാന്‍ ആജ്ഞാപിക്കുക” എന്നു പറഞ്ഞു.

4

യേശുവാകട്ടെ ഇങ്ങനെ പ്രതിവചിച്ചു: ‘അപ്പംകൊണ്ടു മാത്രമല്ല മനുഷ്യന്‍ ജീവിക്കുന്നത്, പ്രത്യുത, ദൈവത്തിന്‍റെ വായില്‍നിന്നു വരുന്ന എല്ലാ വചനങ്ങളുംകൊണ്ടു കൂടിയാണ്’ എന്നു വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.”

5

പിന്നീട് പിശാച് യേശുവിനെ വിശുദ്ധനഗരത്തിലേക്കു കൊണ്ടുപോയി ദേവാലയ ഗോപുരത്തിന്‍റെ മുകളില്‍ നിറുത്തിയിട്ടു പറഞ്ഞു:

6 “അങ്ങു ദൈവത്തിന്‍റെ പുത്രനാണെങ്കില്‍ ഇവിടെനിന്നു താഴത്തേക്കു ചാടുക; “അങ്ങയുടെ കാല് കല്ലില്‍ തട്ടാതെ

തങ്ങളുടെ കൈകളില്‍
അങ്ങയെ താങ്ങിക്കൊള്ളുന്നതിനു
ദൈവം തന്‍റെ മാലാഖമാരോട് ആജ്ഞാപിക്കും എന്ന് എഴുതിയിട്ടുണ്ടല്ലോ.”

7

യേശു പിശാചിനോട് “നിന്‍റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത്’ എന്നും എഴുതിയിട്ടുണ്ട്” എന്നു പറഞ്ഞു.

8

പിന്നീട് പിശാച് യേശുവിനെ ഉയരംകൂടിയ ഒരു മലയിലേക്കു കൂട്ടിക്കൊണ്ടുപോയി,

9 ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹിമയെയും കാട്ടിക്കൊടുത്തു; “എന്നെ സാഷ്ടാംഗം വീണു വണങ്ങിയാല്‍ ഇവയെല്ലാം ഞാന്‍ അവിടുത്തേക്കു നല്‌കാം” എന്നു പറഞ്ഞു.

10

അപ്പോള്‍ യേശു പിശാചിനോട് “സാത്താനേ, പോകൂ! ‘നിന്‍റെ ദൈവമായ കര്‍ത്താവിനെ വണങ്ങി അവിടുത്തെ മാത്രമേ ആരാധിക്കാവൂ’ എന്നും എഴുതിയിട്ടുണ്ട്” എന്നു പറഞ്ഞു.

11

അപ്പോള്‍ പിശാച് യേശുവിനെ വിട്ടുപോയി; മാലാഖമാര്‍ വന്ന് അവിടുത്തെ പരിചരിച്ചു.

12

യോഹന്നാന്‍ ബന്ധനസ്ഥനായി എന്നു കേട്ടിട്ട് യേശു ഗലീലയിലേക്കു മടങ്ങിപ്പോയി.

13 അവിടുന്ന് നസറെത്തു വിട്ട് സെബുലൂന്‍റെയും നഫ്താലിയുടെയും അതിര്‍ത്തിയില്‍ തടാകതീരത്തുള്ള കഫര്‍ന്നഹൂമില്‍ പോയി പാര്‍ത്തു.

14

[14-16] സെബുലൂന്‍ദേശവും നഫ്താലിദേശവും
തടാകതീരത്തും യോര്‍ദ്ദാനക്കരെയുമുള്ള നാടും,
വിജാതീയരുടെ ഗലീലയും, ഇങ്ങനെ
ഇരുട്ടില്‍ ഇരിക്കുന്ന ജനം ഒരു വലിയ പ്രകാശം കണ്ടു;
മരണത്തിന്‍റെ നിഴല്‍ വീശിയ ദേശത്തു
പാര്‍ത്തിരുന്നവര്‍ക്കു പ്രകാശം ഉദിച്ചു

എന്ന് യെശയ്യാപ്രവാചകന്‍ മുഖാന്തരം പറഞ്ഞിട്ടുള്ളത് ഇങ്ങനെ പ്രാപ്തമായി.

15

16

17

“സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു; അതുകൊണ്ട് അനുതപിച്ചു ദൈവത്തിലേക്കു തിരിയുക” എന്ന് അന്നുമുതല്‍ യേശു ആഹ്വാനം ചെയ്തുതുടങ്ങി.

18

യേശു ഗലീലത്തടാകത്തിന്‍റെ തീരത്തുകൂടി നടന്നുപോകുമ്പോള്‍ പത്രോസ് എന്നറിയപ്പെടുന്ന ശിമോനും, അയാളുടെ സഹോദരന്‍ അന്ത്രയാസും തടാകത്തില്‍ വലവീശുന്നതു കണ്ടു. അവര്‍ മീന്‍പിടിത്തക്കാരായിരുന്നു.

19 യേശു അവരോട്, “നിങ്ങള്‍ എന്‍റെ കൂടെ വരിക; ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു പറഞ്ഞു.

20 അവര്‍ ഉടനെ വല ഉപേക്ഷിച്ചിട്ട് അവിടുത്തെ അനുഗമിച്ചു.

21

അവിടെനിന്നു മുമ്പോട്ടു ചെന്നപ്പോള്‍ മറ്റു രണ്ടു സഹോദരന്മാരെ കണ്ടു. അവര്‍ സെബദിയുടെ പുത്രന്മാരായ യാക്കോബും യോഹന്നാനുമായിരുന്നു. അവര്‍ തങ്ങളുടെ പിതാവിനോടുകൂടി വഞ്ചിയില്‍ ഇരുന്നു വല നന്നാക്കുകയായിരുന്നു. യേശു അവരെയും വിളിച്ചു.

22 അവരും തല്‍ക്ഷണം വഞ്ചിയെയും പിതാവിനെയും വിട്ടിട്ട് അവിടുത്തെ അനുഗമിച്ചു.

23

യേശു സുനഗോഗുകളില്‍ പഠിപ്പിക്കുകയും രാജ്യത്തിന്‍റെ സദ്‍വാര്‍ത്ത പ്രസംഗിക്കുകയും ജനങ്ങളുടെ സകല രോഗങ്ങളും വൈകല്യങ്ങളും സുഖപ്പെടുത്തുകയും ചെയ്തുകൊണ്ട് ഗലീലയിലെങ്ങും ചുറ്റി സഞ്ചരിച്ചു.

24 അവിടുത്തെ കീര്‍ത്തി സിറിയയിലെങ്ങും പരന്നു. പലതരത്തിലുള്ള രോഗപീഡിതരും വേദനപ്പെടുന്നവരും ഭൂതാവിഷ്ടരും അപസ്മാരരോഗികളും തളര്‍വാതം പിടിപെട്ടവരുമായ എല്ലാ രോഗികളെയും യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. അവിടുന്ന് അവരെ സുഖപ്പെടുത്തുകയും ചെയ്തു.

25 ഗലീല, ദക്കപ്പൊലി, യെരൂശലേം, യെഹൂദ്യ എന്നീ സ്ഥലങ്ങളില്‍നിന്നും യോര്‍ദ്ദാന്‍റെ കിഴക്കേ കരയില്‍നിന്നും വന്ന ഒരു വലിയ ജനാവലി അവിടുത്തെ അനുഗമിച്ചു.

5

1

യേശു ജനക്കൂട്ടത്തെ കണ്ടപ്പോള്‍ മലമുകളിലേക്കു കയറിപ്പോയി. അവിടുന്ന് അവിടെ ഇരുന്നു. അപ്പോള്‍ ശിഷ്യന്മാര്‍ അടുത്തുചെന്നു.

2 അവിടുന്ന് ധര്‍മോപദേശരൂപേണ അവരോട് അരുള്‍ചെയ്തു:

3

“ആത്മീയ ദാരിദ്ര്യത്തെക്കുറിച്ചു ബോധമു
ള്ളവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍;
സ്വര്‍ഗരാജ്യം അവര്‍ക്കുള്ളതാണ്!

4
വിലപിക്കുന്നവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍;
അവരെ ദൈവം ആശ്വസിപ്പിക്കും!

5
സൗമ്യശീലര്‍ അനുഗ്രഹിക്കപ്പെട്ടവര്‍;
അവര്‍ ഭൂമിയെ അവകാശമാക്കും!

6
നീതിക്കുവേണ്ടി വിശക്കുകയും
ദാഹിക്കുകയും ചെയ്യുന്നവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍;
ദൈവം അവരെ സംതൃപ്തരാക്കും!

7
കരുണയുള്ളവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍;
അവര്‍ക്കു കരുണ ലഭിക്കും!

8
നിര്‍മ്മലഹൃദയമുള്ളവര്‍
അനുഗ്രഹിക്കപ്പെട്ടവര്‍;
അവര്‍ ദൈവത്തെ ദര്‍ശിക്കും!

9
സമാധാനമുണ്ടാക്കുന്നവര്‍
അനുഗ്രഹിക്കപ്പെട്ടവര്‍;
ദൈവം അവരെ തന്‍റെ പുത്രന്മാരെന്നു വിളിക്കും!

10
നീതിക്കുവേണ്ടി പീഡനം
സഹിക്കുന്നവര്‍
അനുഗ്രഹിക്കപ്പെട്ടവര്‍;
സ്വര്‍ഗരാജ്യം അവര്‍ക്കുള്ളതാകുന്നു!

11
എന്നെപ്രതി മറ്റുള്ളവര്‍ നിങ്ങളെ
നിന്ദിക്കുകയും പീഡിപ്പിക്കുകയും
നിങ്ങള്‍ക്കെതിരെ
എല്ലാ തിന്മകളും സത്യവിരുദ്ധമായി
ആരോപിക്കുകയും
ചെയ്യുന്നെങ്കില്‍ നിങ്ങള്‍
അനുഗ്രഹിക്കപ്പെട്ടവര്‍;

12
സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കുള്ള പ്രതിഫലം
വലുതായതുകൊണ്ട് നിങ്ങള്‍
ആനന്ദിച്ചുല്ലസിക്കുക;
നിങ്ങള്‍ക്കു മുമ്പുള്ള പ്രവാചകന്മാരെയും
അവര്‍ ഇങ്ങനെതന്നെ പീഡിപ്പിച്ചിട്ടുണ്ടല്ലോ.

13

“നിങ്ങള്‍ ഭൂമിയുടെ ഉപ്പാകുന്നു; എന്നാല്‍ ഉപ്പിന്‍റെ രസം നഷ്ടപ്പെട്ടുപോയാല്‍ വീണ്ടും അതിന് എങ്ങനെ ഉപ്പുരസം കൈവരുത്തും? അതു പുറത്തു കളഞ്ഞ് മനുഷ്യര്‍ക്കു ചവിട്ടുവാനല്ലാതെ ഒന്നിനും കൊള്ളുകയില്ല.

14

“നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു. മലയുടെ മുകളില്‍ നിലകൊള്ളുന്ന പട്ടണത്തിനു മറഞ്ഞിരിക്കുവാന്‍ സാധ്യമല്ല.

15 വിളക്കു കൊളുത്തി ആരും പറയുടെ കീഴില്‍ വയ്‍ക്കുകയില്ല; പിന്നെയോ, വിളക്കുതണ്ടിന്മേലത്രേ വയ്‍ക്കുന്നത്. അപ്പോള്‍ അത് വീട്ടിലുള്ള എല്ലാവര്‍ക്കും പ്രകാശം നല്‌കുന്നു.

16 അതുപോലെ നിങ്ങളുടെ സല്‍പ്രവൃത്തികള്‍ കണ്ടു മറ്റുള്ളവര്‍ നിങ്ങളുടെ സ്വര്‍ഗസ്ഥപിതാവിനെ പ്രകീര്‍ത്തിക്കേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.

17

“ധര്‍മശാസ്ത്രത്തെയോ പ്രവാചകശാസനങ്ങളെയോ നീക്കിക്കളയുവാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു വിചാരിക്കരുത്; ഞാന്‍ വന്നിരിക്കുന്നത് അവയെ നീക്കുവാനല്ല, പൂര്‍ത്തിയാക്കുവാനാണ്.

18 ആകാശവും ഭൂമിയും അപ്രത്യക്ഷമാകുന്നതുവരെ സകലവും പൂര്‍ത്തിയാകുവോളം ധര്‍മശാസ്ത്രത്തിലെ ഒരു വള്ളിക്കോ പുള്ളിക്കോ മാറ്റം വരുകയില്ലെന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു.

19 അതുകൊണ്ട് ഈ കല്പനകളില്‍ ഏറ്റവും ലഘുവായതുപോലും ലംഘിക്കുകയും അപ്രകാരം ചെയ്യുന്നതിനു മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ ഏറ്റവും നിസ്സാരനായി ഗണിക്കപ്പെടും. എന്നാല്‍ അവ അനുസരിക്കുകയും അപ്രകാരം ചെയ്യുവാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ വലിയവന്‍ എന്നു വിളിക്കപ്പെടും.

20 നിങ്ങളുടെ ധാര്‍മികത മതപണ്ഡിതന്മാരുടെയും പരീശന്മാരുടെയും ധാര്‍മികതയെ കവിയുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരിക്കലും സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു.

21

“കൊല ചെയ്യരുത്” എന്നും “ഏതൊരു കൊലപാതകിയും ന്യായവിധിക്കു വിധേയനാകുമെന്നും” പൂര്‍വികരോടു പറഞ്ഞിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.

22 എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു: തന്‍റെ സഹോദരനോടു കോപിക്കുന്ന ഏതൊരുവനും ന്യായവിധിക്കു വിധേയനാകും. തന്‍റെ സഹോദരനെ ‘മടയാ!’ എന്നു വിളിച്ച് അപമാനിക്കുന്നവന്‍ സന്നദ്രിംസംഘത്തോട് ഉത്തരം പറയേണ്ടിവരും. സഹോദരനെ ‘ഭോഷാ!’ എന്നു വിളിക്കുന്നവന്‍ നരകാഗ്നിക്ക് ഇരയാകും.

23 അതുകൊണ്ട്, നീ ബലിപീഠത്തില്‍ വഴിപാട് അര്‍പ്പിക്കുമ്പോള്‍ നിന്‍റെ സഹോദരനു നിന്നോട് എന്തെങ്കിലും വിരോധമുണ്ടെന്ന് അവിടെവച്ച് ഓര്‍മ വന്നാല്‍ നിന്‍റെ വഴിപാട് ബലിപീഠത്തിന്‍റെ മുമ്പില്‍ വച്ചിട്ടു പോയി ഒന്നാമത് അയാളോടു രമ്യപ്പെടുക;

24 അതിനുശേഷം വന്നു നിന്‍റെ വഴിപാട് അര്‍പ്പിക്കുക.

25

“കോടതിയിലേക്കു പോകുന്ന വഴിയില്‍വച്ചുതന്നെ നിന്‍റെ പ്രതിയോഗിയോടു രാജിയാകുക. അല്ലെങ്കില്‍ ഒരുവേള എതിര്‍കക്ഷി നിന്നെ ന്യായാധിപനെയും ന്യായാധിപന്‍ നിന്നെ പോലീസിനെയും ഏല്പിക്കും; നീ ജയിലിലടയ്‍ക്കപ്പെടുകയും ചെയ്യും.

26 അവസാനത്തെ പൈസവരെ കൊടുത്തുതീര്‍ക്കാതെ നിനക്കു നിശ്ചയമായും പുറത്തുവരാന്‍ സാധിക്കുകയില്ലെന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു.

27

‘വ്യഭിചാരം ചെയ്യരുത്’ എന്നു പറഞ്ഞിട്ടുള്ളതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.

28 എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു; ഭോഗേച്ഛയോടുകൂടി ഒരു സ്‍ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ ആ സ്‍ത്രീയുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞിരിക്കുന്നു.

29 പാപം ചെയ്യുന്നതിനു നിന്‍റെ വലത്തുകണ്ണു കാരണമായിത്തീരുന്നു എങ്കില്‍ അതു ചുഴന്നെടുത്ത് എറിഞ്ഞുകളയുക; നിന്‍റെ ശരീരം മുഴുവന്‍ നരകത്തില്‍ തള്ളപ്പെടുന്നതിനെക്കാള്‍ നിന്‍റെ അവയവങ്ങളിലൊന്നു നഷ്ടപ്പെടുന്നതാണ് നിനക്കു നല്ലത്.

30 നിന്‍റെ വലത്തു കൈ പാപം ചെയ്യാന്‍ കാരണമായിത്തീരുന്നുവെങ്കില്‍ അതു വെട്ടി എറിഞ്ഞുകളയുക; നിന്‍റെ ശരീരം മുഴുവനായി നരകത്തില്‍ തള്ളപ്പെടുന്നതിനെക്കാള്‍ നിന്‍റെ അവയവങ്ങളിലൊന്നു നഷ്ടപ്പെടുന്നതാണു നിനക്കു നല്ലത്.

31

“ഭാര്യയെ ഉപേക്ഷിക്കുന്നവന്‍ അവള്‍ക്ക് ഉപേക്ഷണപത്രം കൊടുക്കണമെന്നു പറഞ്ഞിട്ടുണ്ട്.

32 എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നത്: പാതിവ്രത്യം ലംഘിക്കുന്നതുകൊണ്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവന്‍ അവള്‍ വ്യഭിചാരം ചെയ്യാന്‍ ഇടവരുത്തുന്നു എന്നത്രേ. ഉപേക്ഷിക്കപ്പെട്ട സ്‍ത്രീയെ പരിണയിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.

33

“ശപഥം ലംഘിക്കരുതെന്നും ഈശ്വരസമക്ഷം ചെയ്തിട്ടുള്ള ശപഥം നിറവേറ്റണമെന്നും പൂര്‍വികരോടു പറഞ്ഞിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.

34 എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു: ശപഥം ചെയ്യുകയേ അരുത്.

35 സ്വര്‍ഗത്തെക്കൊണ്ടു പാടില്ല; അതു ദൈവത്തിന്‍റെ സിംഹാസനം. ഭൂമിയെക്കൊണ്ടും പാടില്ല; അത് അവിടുത്തെ പാദപീഠം. യെരൂശലേമിനെക്കൊണ്ടും പാടില്ല; അതു മഹാനായ രാജാവിന്‍റെ നഗരം.

36 നിന്‍റെ ശിരസ്സിനെക്കൊണ്ടും ശപഥം ചെയ്തുകൂടാ, എന്തെന്നാല്‍ നിന്‍റെ തലയിലെ ഒരു രോമംപോലും വെളുപ്പിക്കുവാനോ കറുപ്പിക്കുവാനോ നിനക്കു കഴിവില്ലല്ലോ.

37 നിങ്ങള്‍ പറയുന്നത് ഉവ്വ് എന്നോ, ഇല്ല എന്നോ, മാത്രം ആയിരിക്കട്ടെ. ഇതില്‍ കവിഞ്ഞുള്ളതെല്ലാം ദുഷ്ടനില്‍നിന്നാണു വരുന്നത്.

38

“കണ്ണിനു കണ്ണ്, പല്ലിനു പല്ല്” എന്നു പറഞ്ഞിട്ടുള്ളതും നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു:

39 ദുഷ്ടമനുഷ്യനോട് എതിര്‍ക്കരുത്; ആരെങ്കിലും നിന്‍റെ വലത്തെ ചെകിട്ടത്തടിച്ചാല്‍ ഇടത്തേതുകൂടി തിരിച്ചുകാണിക്കുക.

40

“ഒരുവന്‍ വ്യവഹാരപ്പെട്ടു നിന്‍റെ ഉടുപ്പു കരസ്ഥമാക്കാന്‍ ഇച്ഛിക്കുന്നുവെങ്കില്‍ മേലങ്കികൂടി അവനു വിട്ടുകൊടുക്കുക.

41 അധികാരമുള്ളവന്‍ ഒരു കിലോമീറ്റര്‍ദൂരം ചെല്ലുവാന്‍ നിന്നെ നിര്‍ബന്ധിച്ചാല്‍ അയാളുടെകൂടെ രണ്ടു കിലോമീറ്റര്‍ ദൂരം പോകുക.

42 നിന്നോടു സഹായം അഭ്യര്‍ഥിക്കുന്നവനു സഹായം നല്‌കുക; വായ്പവാങ്ങാന്‍ വരുന്നവനില്‍നിന്ന് ഒഴിഞ്ഞുമാറുകയുമരുത്.

43

“അയല്‍ക്കാരനെ സ്നേഹിക്കുക എന്നും ശത്രുവിനെ വെറുക്കുക എന്നും പറഞ്ഞിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.

44 എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുക.

45 നിങ്ങള്‍ അങ്ങനെ ചെയ്താല്‍ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മക്കളായിത്തീരും. അവിടുന്നു ദുര്‍ജനങ്ങളുടെയും സജ്ജനങ്ങളുടെയുംമേല്‍ തന്‍റെ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും നീതിരഹിതരുടെയുംമേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നുവല്ലോ.

46 നിങ്ങളെ സ്നേഹിക്കുന്നവരെ മാത്രം സ്നേഹിച്ചാല്‍ നിങ്ങള്‍ക്ക് എന്തു പ്രതിഫലം ലഭിക്കും? ചുങ്കം പിരിക്കുന്നവര്‍പോലും അങ്ങനെ ചെയ്യുന്നുവല്ലോ.

47 നിങ്ങളുടെ സഹോദരന്മാരെ മാത്രം അഭിവാദനം ചെയ്താല്‍ നിങ്ങള്‍ മറ്റുള്ളവര്‍ ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ എന്താണു ചെയ്യുന്നത്? വിജാതീയരും അങ്ങനെ ചെയ്യുന്നുണ്ടല്ലോ.

48 അതുകൊണ്ടു നിങ്ങളുടെ സ്വര്‍ഗസ്ഥപിതാവു സദ്ഗുണപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും സദ്ഗുണപൂര്‍ണരായിത്തീരുക.

6

1

“മനുഷ്യര്‍ കാണാന്‍വേണ്ടി നിങ്ങള്‍ അവരുടെ മുമ്പില്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കുക. അങ്ങനെ ചെയ്താല്‍ സ്വര്‍ഗസ്ഥനായ പിതാവില്‍നിന്നു നിങ്ങള്‍ക്കു പ്രതിഫലം ലഭിക്കുകയില്ല.

2

“നിങ്ങള്‍ ദാനധര്‍മം ചെയ്യുമ്പോള്‍, മറ്റുള്ളവരുടെ പ്രശംസ ലഭിക്കുന്നതിനുവേണ്ടി സുനഗോഗുകളിലും തെരുവീഥികളിലും കപടഭക്തന്മാര്‍ ചെയ്യുന്നതുപോലെ പെരുമ്പറ അടിച്ചറിയിക്കരുത്.

3 അവര്‍ക്കു പ്രതിഫലം കിട്ടിക്കഴിഞ്ഞു എന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. നിങ്ങള്‍ ദാനധര്‍മം ചെയ്യുമ്പോള്‍ വലങ്കൈ ചെയ്യുന്നത് ഇടങ്കൈ അറിയരുത്. അത് അത്രയ്‍ക്കു രഹസ്യമായിരിക്കണം.

4 രഹസ്യമായി നിങ്ങള്‍ ചെയ്യുന്നതു കാണുന്നവനായ നിങ്ങളുടെ പിതാവു നിങ്ങള്‍ക്കു പ്രതിഫലം തരും.

5

“നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ കപടഭക്തന്മാരെ അനുകരിക്കരുത്; മനുഷ്യര്‍ കാണുന്നതിനുവേണ്ടി സുനഗോഗുകളിലും വഴിക്കവലകളിലും നിന്നുകൊണ്ടു പ്രാര്‍ഥിക്കുവാന്‍ അവര്‍ ഇഷ്ടപ്പെടുന്നുവല്ലോ. അവര്‍ക്കു പ്രതിഫലം പൂര്‍ണമായി കിട്ടിക്കഴിഞ്ഞു എന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു.

6 എന്നാല്‍ നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ നിങ്ങളുടെ രഹസ്യമുറിയില്‍ പ്രവേശിച്ചു വാതില്‍ അടച്ച് അദൃശ്യനായ നിങ്ങളുടെ പിതാവിനോടു പ്രാര്‍ഥിക്കുക; അപ്പോള്‍ രഹസ്യമായി ചെയ്യുന്നതെന്തും കാണുന്ന നിങ്ങളുടെ പിതാവു നിങ്ങള്‍ക്കു പ്രതിഫലം നല്‌കും.

7

“അതിഭാഷണംകൊണ്ട് തങ്ങളുടെ പ്രാര്‍ഥന ദൈവം കേള്‍ക്കുമെന്നു വിജാതീയര്‍ വിചാരിക്കുന്നു. നിങ്ങളുടെ പ്രാര്‍ഥന അങ്ങനെയാകരുത്. അവരുടെ പ്രാര്‍ഥന നിരര്‍ഥകങ്ങളായ വാക്കുകളുടെ കൂമ്പാരമാണല്ലോ.

8 നിങ്ങള്‍ക്ക് ആവശ്യമുള്ളത് ഇന്നതെന്ന് നിങ്ങള്‍ പ്രാര്‍ഥിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ പിതാവ് അറിയുന്നു.

9 അതുകൊണ്ടു നിങ്ങള്‍ ഇപ്രകാരം പ്രാര്‍ഥിക്കുക:

സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
അങ്ങയുടെ നാമം സംപൂജിതമാകണമേ;

10
അവിടുത്തെ രാജ്യം വരണമേ;
തിരുഹിതം സ്വര്‍ഗത്തിലെപോലെ
ഭൂമിയിലും നിറവേറണമേ;

11
നിത്യവുമുള്ള ആഹാരം ഇന്നു
ഞങ്ങള്‍ക്കു നല്‌കണമേ;

12
ഞങ്ങളുടെ കടക്കാരോടു
ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നതുപോലെ
ഞങ്ങളുടെ കടങ്ങള്‍ അവിടുന്നു
ഞങ്ങളോടും ക്ഷമിക്കണമേ;

13
കഠിനപരീക്ഷണത്തില്‍ ഞങ്ങള്‍
അകപ്പെടുവാന്‍ ഇടയാക്കരുതേ,
ദുഷ്ടനില്‍നിന്നു ഞങ്ങളെ
കാത്തുരക്ഷിക്കണമേ;
രാജ്യവും ശക്തിയും മഹത്ത്വവും
എന്നേക്കും അങ്ങേക്കുള്ളതാണല്ലോ. ആമേന്‍.

14

“അന്യരുടെ അപരാധങ്ങള്‍ അവരോടു നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും;

15 എന്നാല്‍ മറ്റുള്ളവരുടെ പിഴകള്‍ നിങ്ങള്‍ ക്ഷമിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ പിഴകളും നിങ്ങളുടെ പിതാവു ക്ഷമിക്കുകയില്ല.

16

“നിങ്ങള്‍ ഉപവസിക്കുമ്പോള്‍ കപടഭക്തരെപ്പോലെ മ്ലാനമുഖരാകരുത്. തങ്ങള്‍ ഉപവസിക്കുന്നു എന്നുള്ളതു മനുഷ്യര്‍ കാണുന്നതിനുവേണ്ടി അവര്‍ തങ്ങളുടെ മുഖം വിരൂപമാക്കുന്നു. അവര്‍ക്കുള്ള പ്രതിഫലം കിട്ടിക്കഴിഞ്ഞു എന്നു ഞാന്‍ നിങ്ങളോട് ഊന്നിപ്പറയുന്നു.

17 നിങ്ങള്‍ ഉപവസിക്കുമ്പോള്‍ തലയില്‍ എണ്ണതേക്കുകയും മുഖം കഴുകുകയും ചെയ്യുക.

18 അങ്ങനെ ചെയ്താല്‍ അദൃശ്യനായ പിതാവല്ലാതെ, നിങ്ങള്‍ ഉപവസിക്കുകയാണെന്നുള്ളത് മറ്റാരും അറിയുകയില്ല; രഹസ്യകാര്യങ്ങള്‍ കാണുന്ന പിതാവു നിങ്ങള്‍ക്കു പ്രതിഫലം നല്‌കും.

19

“നിങ്ങളുടെ നിക്ഷേപങ്ങള്‍ ഈ ഭൂമിയില്‍ സൂക്ഷിച്ചു വയ്‍ക്കരുത്; ഇവിടെ കീടവും തുരുമ്പും തിന്ന് അവയെ നശിപ്പിക്കുകയും കള്ളന്മാര്‍ കുത്തിക്കവരുകയും ചെയ്യും. നിങ്ങളുടെ നിക്ഷേപങ്ങള്‍ സ്വര്‍ഗത്തില്‍ സൂക്ഷിച്ചുവയ്‍ക്കുക.

20 അവിടെ കീടങ്ങളും തുരുമ്പും തിന്ന് അവയെ നശിപ്പിക്കുകയോ, കള്ളന്മാര്‍ കുത്തിക്കവരുകയോ ചെയ്യുന്നില്ല;

21 നിങ്ങളുടെ നിക്ഷേപം എവിടെ ആയിരിക്കുന്നുവോ അവിടെ ആയിരിക്കും നിങ്ങളുടെ സര്‍വ ശ്രദ്ധയും.

22

“കണ്ണാണു ശരീരത്തിന്‍റെ വിളക്ക്; നിങ്ങളുടെ കണ്ണിനു പൂര്‍ണമായ കാഴ്ചയുള്ളപ്പോള്‍ ശരീരം മുഴുവന്‍ പ്രകാശിതമായിരിക്കും.

23 എന്നാല്‍ നിങ്ങളുടെ കണ്ണിനു വൈകല്യമുണ്ടെങ്കില്‍ ശരീരം ആസകലം ഇരുട്ടായിരിക്കും. നിങ്ങളിലുള്ള വെളിച്ചം ഇരുളാകുന്നുവെങ്കില്‍ ആ ഇരുള്‍ എത്ര വലുത്!

24

“രണ്ടു യജമാനന്മാരെ സേവിക്കുവാന്‍ ഒരു അടിമയ്‍ക്കും സാധ്യമല്ല. ഒന്നുകില്‍ അവന്‍ ഒരുവനെ അവഗണിച്ച് അപരനെ സ്നേഹിക്കും; അല്ലെങ്കില്‍ ഒരുവനോടു കൂറുള്ളവനായിരുന്ന് അപരനെ നിന്ദിക്കും. നിങ്ങള്‍ക്കു ദൈവത്തെയും ധനദേവതയെയും സേവിക്കുക സാധ്യമല്ല.

25

“ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ആകുലചിത്തരാകരുത്; എന്തു തിന്നും, എന്തു കുടിക്കും എന്നോര്‍ത്തു ജീവനെക്കുറിച്ചും എന്തു ധരിക്കുമെന്നോര്‍ത്തു ശരീരത്തെക്കുറിച്ചും വിഷമിക്കരുത്. ജീവന്‍ ഭക്ഷണത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും വിലപ്പെട്ടവയല്ലേ?

26 ആകാശത്തു പറന്നുനടക്കുന്ന പക്ഷികളെ നോക്കുക. അവ വിതയ്‍ക്കുന്നില്ല, കൊയ്യുന്നില്ല, അറപ്പുരയിലൊട്ടു കൂട്ടിവയ്‍ക്കുന്നതുമില്ല. എങ്കിലും നിങ്ങളുടെ സ്വര്‍ഗസ്ഥപിതാവ് അവയെ പോറ്റിപ്പുലര്‍ത്തുന്നു. അവയെക്കാള്‍ നിങ്ങള്‍ വിലയുള്ളവരല്ലേ?

27

“ആകുലപ്പെടുന്നതുകൊണ്ട് തങ്ങളുടെ ആയുര്‍ദൈര്‍ഘ്യം അല്പമെങ്കിലും കൂട്ടുവാന്‍ നിങ്ങളിലാര്‍ക്കെങ്കിലും കഴിയുമോ?

28

“വസ്ത്രത്തെ സംബന്ധിച്ചും നിങ്ങള്‍ ആകുലചിത്തരാകുന്നതെന്തിന്? കാട്ടുപൂക്കളെ നോക്കുക; അവ എങ്ങനെ വളരുന്നു! അവ അധ്വാനിക്കുകയോ നൂല് നൂല്‌ക്കുകയോ ചെയ്യുന്നില്ല.

29 എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു: ശലോമോന്‍ രാജാവ് തന്‍റെ മഹാപ്രതാപത്തില്‍പോലും ഇവയില്‍ ഒന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിട്ടില്ല.

30 ഇന്നു കാണുന്നതും നാളെ അടുപ്പില്‍ ഇടുന്നതുമായ കാട്ടുപുല്ലുകളെ ദൈവം ഇങ്ങനെ അണിയിക്കുന്നെങ്കില്‍ അല്പവിശ്വാസികളേ നിങ്ങളെ എത്രയധികം അണിയിക്കും!

31 അതുകൊണ്ട് എന്തു തിന്നും, എന്ത് ഉടുക്കും എന്നു വിചാരിച്ചു ആകുലപ്പെടരുത്.

32 വിജാതീയരത്രേ ഇവയെല്ലാം അന്വേഷിക്കുന്നത്. ഇവയെല്ലാം നിങ്ങള്‍ക്ക് ആവശ്യമാണെന്നു നിങ്ങളുടെ സ്വര്‍ഗസ്ഥപിതാവിനറിയാം.

33 ആദ്യം ദൈവത്തിന്‍റെ രാജ്യവും നീതിയും അന്വേഷിക്കുക; അതോടുകൂടി ഇവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും.

34 അതുകൊണ്ട് നാളയെക്കുറിച്ച് ആകുലപ്പെടരുത്. നാളത്തെ ദിവസം അതിനുവേണ്ടി കരുതിക്കൊള്ളുമല്ലോ. ഓരോ ദിവസത്തിനും അതതു ദിവസത്തേക്കുള്ള ക്ലേശങ്ങള്‍ മതി.

7

1

“നിങ്ങള്‍ മറ്റുള്ളവരെ വിധിക്കരുത്; എന്നാല്‍ നിങ്ങളെയും വിധിക്കുകയില്ല.

2 നിങ്ങള്‍ മറ്റുള്ളവരെ എങ്ങനെ വിധിക്കുന്നുവോ അതുപോലെയായിരിക്കും ദൈവം നിങ്ങളെയും വിധിക്കുക. നിങ്ങള്‍ ഏത് അളവുകൊണ്ടു മറ്റുള്ളവരെ അളക്കുന്നുവോ അതേ അളവുകോല്‍കൊണ്ടു ദൈവം നിങ്ങളെയും അളക്കും.

3 നിങ്ങളുടെ കണ്ണില്‍ കോല്‍ ഇരിക്കുന്നതോര്‍ക്കാതെ സഹോദരന്‍റെ കണ്ണിലെ കരടു കണ്ടുപിടിക്കുവാന്‍ ശ്രമിക്കുന്നതെന്തിന്?

4 സ്വന്തം കണ്ണില്‍ കോലിരിക്കെ സഹോദരനോട് ‘നില്‌ക്കൂ, താങ്കളുടെ കണ്ണിലെ കരട് ഞാന്‍ എടുക്കാം’ എന്ന് എങ്ങനെ നീ പറയും?

5 ഹേ, കപടഭക്താ, ആദ്യം നിന്‍റെ കണ്ണില്‍നിന്നു കോല് എടുത്തുകളയുക. അപ്പോള്‍ നിന്‍റെ സഹോദരന്‍റെ കണ്ണിലെ കരട് എടുത്തുകളയുവാന്‍ തക്കവിധം വ്യക്തമായി നിനക്കു കാണാന്‍ കഴിയും.

6

“വിശുദ്ധമായതു നായ്‍ക്കള്‍ക്കു കൊടുക്കരുത്; നിങ്ങളുടെ മുത്തുകള്‍ പന്നികളുടെ മുമ്പില്‍ എറിയുകയുമരുത്. അവ മുത്തുകളെ ചവുട്ടിമെതിക്കുകയും നേരെ തിരിഞ്ഞ് നിങ്ങളെ ചീന്തിക്കളയുകയും ചെയ്യും.

7

“അപേക്ഷിച്ചുകൊണ്ടിരിക്കുക; നിങ്ങള്‍ക്കു ലഭിക്കും; അന്വേഷിച്ചുകൊണ്ടിരിക്കുക, നിങ്ങള്‍ കണ്ടെത്തും; മുട്ടിക്കൊണ്ടിരിക്കുക, നിങ്ങള്‍ക്കു തുറന്നുകിട്ടും.

8 അപേക്ഷിക്കുന്ന ഏതൊരുവനും ലഭിക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു; മുട്ടുന്നവനു തുറന്നു കിട്ടുന്നു.

9 മകന്‍ അപ്പം ചോദിച്ചാല്‍ അവനു കല്ലു കൊടുക്കുന്ന ആരെങ്കിലും നിങ്ങളുടെ ഇടയിലുണ്ടോ?

10 അല്ല മീന്‍ ചോദിച്ചാല്‍ പാമ്പിനെ കൊടുക്കുമോ?

11 നിങ്ങളുടെ മക്കള്‍ക്കു നല്ല വസ്തുക്കള്‍ കൊടുക്കുവാന്‍ ദുഷ്ടരായ നിങ്ങള്‍ക്കറിയാമെങ്കില്‍ സ്വര്‍ഗസ്ഥനായ പിതാവു തന്നോടപേക്ഷിക്കുന്നവര്‍ക്ക് അവ എത്രയധികം നല്‌കും!

12

“നിങ്ങളോടു മറ്റുള്ളവര്‍ എങ്ങനെ വര്‍ത്തിക്കണമെന്നു നിങ്ങള്‍ ഇച്ഛിക്കുന്നുവോ അങ്ങനെ അവരോടു നിങ്ങളും വര്‍ത്തിക്കുക. ധര്‍മശാസ്ത്രത്തിന്‍റെയും പ്രവചനങ്ങളുടെയും സാരാംശം ഇതാകുന്നു.

13

“ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക; വിസ്താരമുള്ള പടിവാതിലും വിശാലമായ വഴിയും നാശത്തിലേക്കു നയിക്കുന്നു. അവയില്‍ക്കൂടി പോകുന്നവര്‍ അനവധിയത്രേ.

14 ഇടുങ്ങിയ വാതിലും ദുര്‍ഘടമായ വഴിയും ജീവനിലേക്കു നയിക്കുന്നു. എന്നാല്‍ അതു കണ്ടെത്തുന്നവര്‍ ചുരുക്കമാണ്.

15

“വ്യാജപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുക. അവര്‍ ആടിന്‍റെ വേഷത്തില്‍ നിങ്ങളെ സമീപിക്കുന്നു. അകമെയോ അവര്‍ കടിച്ചുകീറിത്തിന്നുന്ന ചെന്നായ്‍ക്കളാണ്.

16 അവരുടെ ഫലങ്ങള്‍കൊണ്ട് നിങ്ങള്‍ക്ക് അവരെ തിരിച്ചറിയാം. മുള്‍ച്ചെടിയില്‍നിന്നു മുന്തിരിപ്പഴമോ, ഞെരിഞ്ഞിലില്‍നിന്ന് അത്തിപ്പഴമോ ലഭിക്കുമോ?

17 നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്ത ഫലവും നല്‌കുന്നു.

18 നല്ല വൃക്ഷത്തിനു ചീത്ത ഫലവും ചീത്ത വൃക്ഷത്തിനു നല്ല ഫലവും നല്‌കാന്‍ സാധ്യമല്ല.

19 നല്ല ഫലം നല്‌കാത്ത എല്ലാ വൃക്ഷങ്ങളും വെട്ടി തീയിലിടുന്നു.

20 അങ്ങനെ വ്യാജപ്രവാചകന്മാരെ അവരുടെ പ്രവൃത്തികള്‍കൊണ്ടു നിങ്ങള്‍ക്കു തിരിച്ചറിയാം.

21

“കര്‍ത്താവേ, കര്‍ത്താവേ എന്ന് എന്നെ വിളിക്കുന്നവരല്ല സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നത്; പ്രത്യുത, സ്വര്‍ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവരാണ്

22 ‘കര്‍ത്താവേ, കര്‍ത്താവേ അങ്ങയുടെ നാമത്തില്‍ ഞങ്ങള്‍ പ്രവചിക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും ധാരാളം അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ?’ എന്ന് ആ ദിവസം പലരും എന്നോടു ചോദിക്കും.

23 ‘ഞാന്‍ നിങ്ങളെ ഒരിക്കലും അറിഞ്ഞിട്ടില്ല; അധര്‍മികളേ എന്നെ വിട്ടുപോകൂ!’ എന്നു ഞാന്‍ അവരോടു തീര്‍ത്തുപറയും.

24

“ബുദ്ധിമാനായ ഒരു മനുഷ്യന്‍ വീടു പണിതപ്പോള്‍ പാറമേല്‍ അടിസ്ഥാനമുറപ്പിച്ചു.

25 പേമാരി പെയ്തു, വെള്ളം പൊങ്ങി, കാറ്റ് ആഞ്ഞടിച്ചു; എന്നാല്‍ പാറയില്‍ അടിസ്ഥാനമുറപ്പിച്ചിരുന്നതുകൊണ്ട് ആ വീടു വീണുപോയില്ല. എന്‍റെ വാക്കുകള്‍ കേട്ട് അനുസരിക്കുന്നവന്‍ ഈ മനുഷ്യനെപ്പോലെയാണ്. എന്നാല്‍ ഭോഷനായ ഒരു മനുഷ്യന്‍ വീടു നിര്‍മിച്ചപ്പോള്‍ മണലില്‍ അടിസ്ഥാനമുറപ്പിച്ചു.

26 [26,27] പേമാരി പെയ്തു, വെള്ളം പൊങ്ങി, കാറ്റ് ആഞ്ഞടിച്ചു. അപ്പോള്‍ ആ വീടു വീണുപോയി. അതിന്‍റെ പതനം എത്രയും വലുതായിരുന്നു! എന്‍റെ വാക്കുകള്‍ കേട്ട് അനുസരിക്കാത്തവന്‍ ഈ മനുഷ്യനെപ്പോലെയാണ്.”

27

28

യേശു ഈ പ്രഭാഷണം ഉപസംഹരിച്ചപ്പോള്‍ ജനങ്ങള്‍ അവിടുത്തെ ഉപദേശത്തില്‍ ആശ്ചര്യഭരിതരായി.

29 എന്തെന്നാല്‍ അവരുടെ മതപണ്ഡിതന്മാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവിടുന്ന് അവരെ ഉപദേശിച്ചത്.

8

1

മലയില്‍ നിന്നിറങ്ങി വന്നപ്പോള്‍ ഒരു വലിയ ജനസഞ്ചയം യേശുവിനെ അനുഗമിച്ചു.

2 അപ്പോള്‍ ഒരു കുഷ്ഠരോഗി വന്ന് അവിടുത്തെ മുമ്പില്‍ മുട്ടുകുത്തി ഇങ്ങനെ പറഞ്ഞു: “കര്‍ത്താവേ അങ്ങേക്കു മനസ്സുണ്ടെങ്കില്‍ എന്നെ സുഖപ്പെടുത്തി ശുദ്ധനാക്കുവാന്‍ കഴിയും.”

3

യേശു കൈനീട്ടി ആ രോഗിയെ തൊട്ടുകൊണ്ട്: “എനിക്കു മനസ്സുണ്ട്, നീ ശുദ്ധനാകുക” എന്നു പറഞ്ഞു. തല്‍ക്ഷണം കുഷ്ഠരോഗം അയാളെ വിട്ടുമാറി.

4 യേശു അയാളോട്, “നോക്കൂ, ഇക്കാര്യം ആരോടും പറയരുത്; എന്നാല്‍ നീ പോയി നിന്നെത്തന്നെ പുരോഹിതനു കാണിച്ചുകൊടുത്തിട്ട് മോശ കല്പിച്ചിട്ടുള്ള വഴിപാട് അര്‍പ്പിക്കണം. അങ്ങനെ ഇക്കാര്യം അവരെ ബോധ്യപ്പെടുത്തുക” എന്നു പറഞ്ഞു.

5

യേശു കഫര്‍ന്നഹൂമില്‍ പ്രവേശിച്ചപ്പോള്‍ റോമന്‍ സൈന്യത്തിലെ ഒരു ശതാധിപന്‍ വന്ന് അവിടുത്തെ സഹായം അഭ്യര്‍ഥിച്ചു.

6 “പ്രഭോ, എന്‍റെ ഭൃത്യന്‍ തളര്‍വാതം പിടിപെട്ട് എന്‍റെ വീട്ടില്‍ കിടക്കുന്നു; അവന്‍ ദുസ്സഹമായ വേദന അനുഭവിക്കുന്നു” എന്ന് അയാള്‍ പറഞ്ഞു.

7

യേശു അയാളോട്: “ഞാന്‍ വന്ന് അവനെ സുഖപ്പെടുത്താം” എന്നു പറഞ്ഞു.

8

അപ്പോള്‍ ശതാധിപന്‍ പറഞ്ഞു “പ്രഭോ അങ്ങ് എന്‍റെ ഭവനത്തില്‍ വരാന്‍ തക്ക യോഗ്യത എനിക്കില്ല. അങ്ങ് ഒരു വാക്കു കല്പിച്ചാല്‍ മാത്രം മതി; എന്‍റെ ഭൃത്യന്‍ സുഖം പ്രാപിക്കും.

9 ഞാന്‍ മേലധികാരികളുടെ കീഴിലുള്ള ഒരുവനാണ്; എന്‍റെ കീഴിലും ഭടന്മാരുണ്ട്; ഒരുവനോട് ‘പോകുക’ എന്നു ഞാന്‍ പറഞ്ഞാല്‍ അവന്‍ പോകുന്നു; മറ്റൊരുവനോട് ‘വരിക’ എന്നു പറഞ്ഞാല്‍ അവന്‍ വരുന്നു; എന്‍റെ ഭൃത്യനോട് ‘ഇതു ചെയ്യുക’ എന്നു പറഞ്ഞാല്‍ അവനതു ചെയ്യുന്നു.”

10

യേശു ഇതു കേട്ടപ്പോള്‍ ആശ്ചര്യപ്പെട്ടു. തന്നെ അനുഗമിച്ചവരോട് അവിടുന്ന് അരുള്‍ചെയ്തു:

11 “ഇസ്രായേലില്‍പോലും ഇതുപോലെയുള്ള വിശ്വാസം ഞാന്‍ കണ്ടിട്ടില്ല എന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകമാളുകള്‍ വന്ന് അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടുംകൂടി സ്വര്‍ഗരാജ്യത്തില്‍ വിരുന്നിനിരിക്കും.

12 എന്നാല്‍ രാജ്യത്തിന്‍റെ അവകാശികളായിരിക്കേണ്ടവര്‍ പുറത്തുള്ള അന്ധകാരത്തിലേക്കു തള്ളപ്പെടും; അവിടെ അവര്‍ കരയുകയും പല്ലുകടിക്കുകയും ചെയ്യും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.”

13 യേശു ആ ശതാധിപനോട്, “പൊയ്‍ക്കൊള്ളുക, താങ്കള്‍ വിശ്വസിച്ചിരിക്കുന്നതുപോലെ താങ്കള്‍ക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. ആ നിമിഷംതന്നെ അയാളുടെ ഭൃത്യന്‍ സുഖം പ്രാപിച്ചു.

14

യേശു പത്രോസിന്‍റെ വീട്ടില്‍ ചെന്നപ്പോള്‍ അയാളുടെ ഭാര്യാമാതാവ് ജ്വരബാധിതയായി കിടക്കുന്നതു കണ്ടു. അവിടുന്ന് ആ സ്‍ത്രീയുടെ കൈയില്‍ തൊട്ടു; അപ്പോള്‍ പനി വിട്ടുമാറി.

15 അവര്‍ എഴുന്നേറ്റ് അവിടുത്തെ പരിചരിച്ചു.

16

സായാഹ്നമായപ്പോഴേക്ക് ഭൂതാവിഷ്ടരായ ഒട്ടേറെയാളുകളെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. തന്‍റെ വാക്കുകൊണ്ടു ദുഷ്ടാത്മാക്കളെ അവിടുന്നു പുറത്താക്കി; എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു.

17 ‘നമ്മുടെ വേദനകളെ അവിടുന്ന് ഏറ്റെടുക്കുകയും നമ്മുടെ രോഗങ്ങളുടെ ഭാരം വഹിക്കുകയും ചെയ്തു’ എന്ന് യെശയ്യാപ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തത് ഇങ്ങനെ സംഭവിച്ചു.

18

തന്‍റെ ചുറ്റും ഒരു ജനക്കൂട്ടത്തെ കണ്ടപ്പോള്‍ ഗലീലത്തടാകത്തിന്‍റെ മറുകരയ്‍ക്കു പോകുവാന്‍ യേശു ശിഷ്യന്മാരോട് ആജ്ഞാപിച്ചു.

19 അപ്പോള്‍ ഒരു മതപണ്ഡിതന്‍ വന്ന് “ഗുരോ, അങ്ങ് എവിടെപോയാലും ഞാന്‍ അവിടുത്തെ അനുഗമിച്ചുകൊള്ളാം” എന്നു പറഞ്ഞു.

20

അതിനു മറുപടിയായി, “കുറുനരികള്‍ക്കു മാളങ്ങളുണ്ട്; ആകാശത്തിലെ പക്ഷികള്‍ക്കു കൂടുകളും ഉണ്ട്; എന്നാല്‍ മനുഷ്യപുത്രനു തലചായ്‍ക്കാന്‍ ഇടമില്ല” എന്ന് യേശു പറഞ്ഞു.

21

മറ്റൊരു ശിഷ്യന്‍ യേശുവിനോട്, “കര്‍ത്താവേ ഞാന്‍ ആദ്യം പോയി എന്‍റെ പിതാവിന്‍റെ ശവസംസ്കാരം നടത്തട്ടെ” എന്നു പറഞ്ഞു.

22

എന്നാല്‍ യേശു അയാളോട്: “നീ എന്നെ അനുഗമിക്കുക; മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ;” എന്നു പ്രതിവചിച്ചു.

23

പിന്നീട് യേശു വഞ്ചിയില്‍ കയറി. ശിഷ്യന്മാരും അവിടുത്തെ പിന്നാലെ കയറി.

24 പെട്ടെന്ന് തടാകത്തില്‍ ഒരു വലിയ കൊടുങ്കാറ്റുണ്ടായി. തിരമാലകള്‍ വഞ്ചിക്കുമീതെ അടിച്ചുയര്‍ന്നു. യേശുവാകട്ടെ അപ്പോള്‍ ഉറങ്ങുകയായിരുന്നു.

25 അവര്‍ ചെന്ന് അവിടുത്തെ ഉണര്‍ത്തി: “നാഥാ, ഞങ്ങളിതാ നശിക്കുവാന്‍ പോകുന്നു!; ഞങ്ങളെ രക്ഷിക്കണമേ!” എന്ന് അപേക്ഷിച്ചു.

26

യേശു അവരോട്: “അല്പവിശ്വാസികളേ, നിങ്ങള്‍ എന്തിനു ഭയപ്പെടുന്നു?” എന്നു ചോദിച്ചു. അനന്തരം അവിടുന്ന് എഴുന്നേറ്റു കാറ്റിനെയും തിരമാലകളെയും ശാസിച്ചു. ഉടനെ തടാകം തികച്ചും പ്രശാന്തമായി.

27

അപ്പോള്‍ അവര്‍ ആശ്ചര്യപ്പെട്ടു. “ഇദ്ദേഹം ആരാണ്? കാറ്റും തിരമാലകളുംപോലും ഇദ്ദേഹത്തെ അനുസരിക്കുന്നുവല്ലോ” എന്ന് അവര്‍പറഞ്ഞു.

28

തടാകത്തിന്‍റെ അക്കരെ ഗദരേനരുടെ ദേശത്ത് യേശു എത്തിയപ്പോള്‍ ഭൂതാവിഷ്ടരായ രണ്ടുപേര്‍ കല്ലറകളില്‍നിന്നു പുറപ്പെട്ട് അവിടുത്തെ നേരെ വന്നു. ആര്‍ക്കും അതുവഴി കടന്നുപോകാന്‍ കഴിയാത്തവിധം അവര്‍ അത്യുഗ്രന്മാരായിരുന്നു.

29 ‘ദൈവപുത്രാ, അങ്ങേക്കു ഞങ്ങളോട് എന്തുകാര്യം? സമയത്തിനു മുമ്പ് ഞങ്ങളെ ദണ്ഡിപ്പിക്കുവാനാണോ അങ്ങു വന്നിരിക്കുന്നത്?” എന്ന് അവര്‍ അത്യുച്ചത്തില്‍ ചോദിച്ചു.

30

കുറെ അകലെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.

31 “അങ്ങു ഞങ്ങളെ പുറത്താക്കുകയാണെങ്കില്‍ ആ പന്നിക്കൂട്ടത്തിലേക്ക് അയച്ചാലും” എന്ന് ഭൂതങ്ങള്‍ അപേക്ഷിച്ചു.

32

“പൊയ്‍ക്കൊള്ളുക” എന്ന് അവിടുന്ന് പറഞ്ഞു. ഭൂതങ്ങള്‍ അവരെ വിട്ട് ആ പന്നികളില്‍ കടന്നുകൂടി. പെട്ടെന്ന് ആ പന്നികള്‍ കടുംതൂക്കായ ചരിവിലൂടെ വിരണ്ടോടി തടാകത്തില്‍ വീണു മുങ്ങിച്ചത്തു.

33

അവയെ മേയിച്ചിരുന്നവര്‍ പട്ടണത്തിലേക്ക് ഓടിപ്പോയി, സംഭവിച്ച കാര്യങ്ങള്‍ സമസ്തവും ഭൂതാവിഷ്ടരുടെ കഥയും എല്ലാവരോടും പറഞ്ഞു.

34 അപ്പോള്‍ പട്ടണവാസികള്‍ ആസകലം യേശുവിനെ കാണുവാന്‍ ചെന്നു. അവിടുത്തെ കണ്ടപ്പോള്‍ തങ്ങളുടെ ദേശം വിട്ടുപോകണമെന്ന് അവര്‍ അപേക്ഷിച്ചു.

9

1

യേശു ഒരു വഞ്ചിയില്‍ കയറി തടാകത്തിന്‍റെ മറുകരയെത്തി സ്വന്തം പട്ടണത്തില്‍ ചെന്നു.

2 അപ്പോള്‍ ശയ്യാവലംബിയായ ഒരു പക്ഷവാതരോഗിയെ ചിലര്‍ അവിടുത്തെ അടുക്കല്‍ കൊണ്ടുവന്നു. യേശു അവരുടെ വിശ്വാസം കണ്ടിട്ട്, “മകനേ, ധൈര്യപ്പെടുക! നിന്‍റെ പാപങ്ങള്‍ മോചിക്കപ്പെട്ടിരിക്കുന്നു” എന്ന് ആ രോഗിയോടു പറഞ്ഞു.

3

“ഈ മനുഷ്യന്‍ പറയുന്നതു ദൈവദൂഷണമാണ്” എന്നു ചില മതപണ്ഡിതന്മാര്‍ അപ്പോള്‍ സ്വയം പറഞ്ഞു.

4

അവരുടെ മനോഗതം മനസ്സിലാക്കിക്കൊണ്ട് യേശു ചോദിച്ചു: “നിങ്ങളുടെ ഹൃദയത്തില്‍ ദുഷ്ടവിചാരം ഉണ്ടാകുന്നത് എന്തുകൊണ്ട്?

5 നിന്‍റെ പാപങ്ങള്‍ മോചിച്ചിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം?

6 എന്നാല്‍ മനുഷ്യപുത്രനു ഭൂമിയില്‍ പാപങ്ങള്‍ മോചിക്കുവാന്‍ അധികാരമുണ്ടെന്നു നിങ്ങള്‍ അറിയേണ്ടതാണ്.” പിന്നീട് അവിടുന്ന് പക്ഷവാതരോഗിയോട് “എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോകുക” എന്നു പറഞ്ഞു.

7

[7,8] അയാള്‍ എഴുന്നേറ്റു വീട്ടിലേക്കു പോയി. ജനക്കൂട്ടം ഇതു കണ്ട് അമ്പരന്നു; മനുഷ്യര്‍ക്ക് ഇങ്ങനെയുള്ള അധികാരം നല്‌കിയിരിക്കുന്ന ദൈവത്തെ അവര്‍ വാഴ്ത്തി.

8

9

യേശു അവിടെനിന്നു യാത്ര തുടര്‍ന്നപ്പോള്‍ മത്തായി എന്ന ചുങ്കംപിരിവുകാരന്‍ തന്‍റെ ജോലിസ്ഥലത്ത് ഇരിക്കുന്നതു കണ്ടു; യേശു അയാളോട്, “എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു. അയാള്‍ എഴുന്നേറ്റ് അവിടുത്തെ പിന്നാലെ ചെന്നു.

10

യേശു അയാളുടെ വീട്ടില്‍ ചെന്നു ഭക്ഷണം കഴിക്കാനിരുന്നു. അനേകം ചുങ്കക്കാരും മതകാര്യങ്ങളില്‍ നിഷ്ഠയില്ലാത്തവരും യേശുവിനോടും ശിഷ്യന്മാരോടുംകൂടി പന്തിയിലിരുന്നു.

11

പരീശന്മാര്‍ ഇതു കണ്ടിട്ടു ശിഷ്യന്മാരോട്: “നിങ്ങളുടെ ഗുരു ഇങ്ങനെയുള്ളവരോടു കൂടിയിരുന്നു ഭക്ഷണം കഴിക്കുന്നത് എന്താണ്?” എന്നു ചോദിച്ചു.

12

അതു കേട്ടപ്പോള്‍ യേശു പറഞ്ഞു: “ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണു വൈദ്യനെ ആവശ്യം.

13 ‘ബലിയല്ല, സ്നേഹമാണു ഞാന്‍ ആഗ്രഹിക്കുന്നത്’ എന്നു പറയുന്നതിന്‍റെ അര്‍ഥം എന്താണെന്നു നിങ്ങള്‍ പോയി പഠിക്കുക; പുണ്യവാന്മാരെ വിളിക്കുവാനല്ല, പാപികളെ വിളിക്കുവാനാണു ഞാന്‍ വന്നിരിക്കുന്നത്.”

14

അപ്പോള്‍ യോഹന്നാന്‍റെ ശിഷ്യന്മാര്‍ യേശുവിനെ സമീപിച്ചു ചോദിച്ചു: “ഞങ്ങളും പരീശന്മാരും ഉപവസിക്കുന്നുണ്ടല്ലോ. എന്നാല്‍ അങ്ങയുടെ ശിഷ്യന്മാര്‍ ഉപവസിക്കാത്തത് എന്തുകൊണ്ട്?”

15

യേശു ഇങ്ങനെ മറുപടി പറഞ്ഞു: “മണവാളന്‍ കൂടെയുള്ളപ്പോള്‍ തോഴന്മാര്‍ക്ക് ഉപവസിക്കുവാന്‍ സാധിക്കുമോ? എന്നാല്‍ മണവാളന്‍ അവരില്‍നിന്നു മാറ്റപ്പെടുന്ന സമയംവരും. അപ്പോള്‍ അവര്‍ ഉപവസിക്കും.

16

“പഴയ വസ്ത്രത്തില്‍ കോടിത്തുണിക്കഷണം ചേര്‍ത്ത് ആരും തുന്നുക പതിവില്ല. അങ്ങനെ ചെയ്താല്‍ പുതിയ തുണിക്കഷണം പഴയ വസ്ത്രത്തില്‍നിന്നു വലിഞ്ഞു, കീറല്‍ വലുതാകുകയേ ഉള്ളൂ.

17 പുതിയ വീഞ്ഞു പഴയ തുകല്‍ക്കുടത്തില്‍ ആരെങ്കിലും പകര്‍ന്നു വയ്‍ക്കുമോ? അങ്ങനെ ചെയ്താല്‍ തുകല്‍ക്കുടം പൊട്ടി വീഞ്ഞ് ഒഴുകിപ്പോകും; തുകല്‍ക്കുടം നഷ്ടപ്പെടുകയും ചെയ്യും. പുതുവീഞ്ഞു പുതിയ തുകല്‍ക്കുടത്തിലാണു പകര്‍ന്നു വയ്‍ക്കുന്നത്; അപ്പോള്‍ രണ്ടും ഭദ്രമായിരിക്കും.”

18

യേശു ഇങ്ങനെ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഒരു യെഹൂദപ്രമാണി വന്ന് അവിടുത്തെ നമസ്കരിച്ചുകൊണ്ടു പറഞ്ഞു: “എന്‍റെ മകള്‍ ഇതാ ഇപ്പോള്‍ മരിച്ചുപോയി. അങ്ങുവന്ന് അവളുടെമേല്‍ കൈകള്‍ വയ്‍ക്കുകയാണെങ്കില്‍ അവള്‍ വീണ്ടും ജീവന്‍ പ്രാപിക്കും.”

19

ഉടനെ യേശു എഴുന്നേറ്റ് അയാളുടെ കൂടെ പോയി. ശിഷ്യന്മാരും അദ്ദേഹത്തെ അനുഗമിച്ചു.

20

പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവരോഗം പിടിപെട്ടു കഷ്ടപ്പെട്ടിരുന്ന ഒരു സ്‍ത്രീ ആ സമയത്ത് യേശുവിന്‍റെ പിറകില്‍ചെന്ന് അവിടുത്തെ വസ്ത്രാഞ്ചലത്തില്‍തൊട്ടു.

21 അവിടുത്തെ വസ്ത്രത്തില്‍ തൊടുകയെങ്കിലും ചെയ്താല്‍ തന്‍റെ രോഗം സുഖപ്പെടുമെന്ന് അവര്‍ വിചാരിച്ചു.

22

യേശു തിരിഞ്ഞ് ആ സ്‍ത്രീയെ നോക്കിക്കൊണ്ട്, “മകളേ, ധൈര്യപ്പെടുക! നിന്‍റെ വിശ്വാസം നിനക്കു പൂര്‍ണസുഖം വരുത്തിയിരിക്കുന്നു” എന്നു പറഞ്ഞു. തല്‍ക്ഷണം ആ സ്‍ത്രീ സുഖം പ്രാപിക്കുകയും ചെയ്തു.

23

യേശു ആ യെഹൂദപ്രമാണിയുടെ വീട്ടിലെത്തിയപ്പോള്‍ കുഴലൂതി വിലപിക്കുന്നവരെയും ബഹളംകൂട്ടുന്ന ജനത്തെയും കണ്ടു.

24 അവിടുന്ന് അവരോട് “അവിടെനിന്നു മാറുക; ആ പെണ്‍കുട്ടി മരിച്ചിട്ടില്ല അവള്‍ ഉറങ്ങുകയാണ്” എന്നു പറഞ്ഞു.

25

അവരാകട്ടെ അവിടുത്തെ പരിഹസിച്ചു. യേശു അവരെയെല്ലാം പുറത്താക്കിയ ശേഷം അകത്തു കടന്ന് ആ പെണ്‍കുട്ടിയുടെ കൈക്കു പിടിച്ചു. ഉടനെ അവള്‍ എഴുന്നേറ്റു.

26 ഈ സംഭവത്തെക്കുറിച്ചുള്ള വാര്‍ത്ത ആ നാട്ടിലെല്ലാം പരന്നു.

27

യേശു അവിടെനിന്നു പോകുമ്പോള്‍ അന്ധരായ രണ്ടുപേര്‍ യേശുവിന്‍റെ പിന്നാലെ ചെന്ന്, “ദാവീദിന്‍റെ പുത്രാ! ഞങ്ങളില്‍ കനിവുണ്ടാകണമേ!” എന്ന് ഉച്ചത്തില്‍ നിലവിളിച്ചു.

28

യേശു വീട്ടില്‍ പ്രവേശിച്ചപ്പോള്‍ ആ അന്ധന്മാര്‍ അവിടുത്തെ അടുത്തുചെന്നു. യേശു അവരോട്, “നിങ്ങള്‍ക്കു സൗഖ്യം നല്‌കുവാന്‍ എനിക്കു കഴിയുമെന്നു നിങ്ങള്‍ വിശ്വസിക്കുന്നുവോ?” എന്നു ചോദിച്ചു.

“ഉവ്വ്, പ്രഭോ!” എന്ന് അവര്‍ പറഞ്ഞു.

29

യേശു അവരുടെ കണ്ണുകളില്‍ തൊട്ടു; “നിങ്ങളുടെ വിശ്വാസംപോലെ ഭവിക്കട്ടെ” എന്ന് അവിടുന്ന് കല്പിച്ചു.

30 അപ്പോള്‍ അവര്‍ കാഴ്ച പ്രാപിച്ചു. യേശു അവരോട് “നോക്കൂ, ഇക്കാര്യം ആരും അറിയരുത്” എന്ന് നിഷ്കര്‍ഷാപൂര്‍വം ആജ്ഞാപിച്ചു.

31 അവരാകട്ടെ, ആ നാട്ടിലെല്ലാം യേശുവിന്‍റെ കീര്‍ത്തി പരത്തി.

32

അവര്‍ അവിടെനിന്നു പോകുമ്പോള്‍ പിശാചുബാധമൂലം ഊമനായിത്തീര്‍ന്ന ഒരു മനുഷ്യനെ ചിലര്‍ യേശുവിന്‍റെ അടുത്തു കൊണ്ടുവന്നു.

33 ഭൂതത്തെ ഇറക്കിയപ്പോള്‍ ആ മൂകന്‍ സംസാരിച്ചു തുടങ്ങി. എല്ലാവരും ആശ്ചര്യപരതന്ത്രരായി. “ഇസ്രായേലില്‍ ഇതുപോലെ ഒരിക്കലും കണ്ടിട്ടില്ലല്ലോ!” എന്നവര്‍ പറഞ്ഞു.

34

പരീശന്മാരാകട്ടെ, “ഭൂതങ്ങളുടെ തലവനെക്കൊണ്ടാണ് യേശു അവയെ പുറത്താക്കുന്നത്” എന്നു പറഞ്ഞു.

35

യേശു എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ച് സുനഗോഗുകളില്‍ ഉപദേശിക്കുകയും സ്വര്‍ഗരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുകയും എല്ലാ രോഗങ്ങളും അസ്വാസ്ഥ്യങ്ങളും സുഖപ്പെടുത്തുകയും ചെയ്തുപോന്നു.

36 ഇടയനില്ലാത്ത ആടുകളെപ്പോലെ ആകുലചിത്തരും ആലംബഹീനരുമായി ജനങ്ങളെ കണ്ടപ്പോള്‍ അവിടുത്തെ മനസ്സലിഞ്ഞു.

37 അവിടുന്നു ശിഷ്യന്മാരോട്, “വിളവു സമൃദ്ധം; പക്ഷേ, വേലക്കാര്‍ ചുരുക്കം;

38 അതുകൊണ്ടു കൊയ്ത്തിന്‍റെ അധികാരിയോട് കൊയ്ത്തിന് ആളുകളെ അയയ്‍ക്കാന്‍ അപേക്ഷിക്കുക” എന്ന് കല്പിച്ചു.

10

1

യേശു തന്‍റെ പന്ത്രണ്ടു ശിഷ്യന്മാരെ അടുക്കല്‍ വിളിച്ച് എല്ലാ അശുദ്ധാത്മാക്കളെയും പുറത്താക്കുന്നതിനും എല്ലാ രോഗങ്ങളും അസ്വാസ്ഥ്യങ്ങളും സുഖപ്പെടുത്തുന്നതിനും അവര്‍ക്ക് അധികാരം നല്‌കി.

2 പന്ത്രണ്ട് അപ്പോസ്തോലന്മാരുടെ പേരുകള്‍ ഇവയാണ്: ഒന്നാമന്‍ പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമോന്‍, ശിമോന്‍റെ സഹോദരന്‍ അന്ത്രയാസ്,

3 സെബദിയുടെ പുത്രന്‍ യാക്കോബ്, യാക്കോബിന്‍റെ സഹോദരന്‍ യോഹന്നാന്‍, ഫീലിപ്പോസ്, ബര്‍തൊലൊമായി, തോമസ്, ചുങ്കക്കാരന്‍ മത്തായി, അല്ഫായിയുടെ പുത്രന്‍ യാക്കോബ്, തദ്ദായി, തീവ്രവാദിയായ ശിമോന്‍,

4 യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് ഈസ്കരിയോത്ത്.

5

ഈ പന്ത്രണ്ടുപേരെയും താഴെപ്പറയുന്ന അനുശാസനങ്ങളോടുകൂടി യേശു അയച്ചു: “നിങ്ങള്‍ വിജാതീയരുടെ ഏതെങ്കിലും പ്രദേശത്തോ ശമര്യരുടെ പട്ടണങ്ങളിലോ പോകരുത്.

6 പ്രത്യുത ഇസ്രായേല്‍ഗൃഹത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുക്കലേക്കു പോകുക.

7 നിങ്ങള്‍ പോകുമ്പോള്‍ സ്വര്‍ഗരാജ്യം സമാഗതമായിരിക്കുന്നു എന്ന് അവരോടു പ്രസംഗിക്കുക.

8 രോഗികളെ സുഖപ്പെടുത്തുക, മരിച്ചവരെ ഉയിര്‍പ്പിക്കുക, കുഷ്ഠരോഗികളെ ശുദ്ധരാക്കുക, ഭൂതങ്ങളെ പുറത്താക്കുക. സൗജന്യമായി നിങ്ങള്‍ക്കു ലഭിച്ചു; സൗജന്യമായി കൊടുക്കുക.

9 നിങ്ങള്‍ സ്വര്‍ണനാണയമോ, വെള്ളിനാണയമോ, ചെമ്പുനാണയമോ കൊണ്ടുപോകരുത്. യാത്രയ്‍ക്കുള്ള ഭാണ്ഡമോ,

10 രണ്ട് ഉടുപ്പോ, ചെരുപ്പോ, വടിയോ നിങ്ങള്‍ക്ക് ആവശ്യമില്ല; വേലക്കാരന്‍ തന്‍റെ ആഹാരത്തിന് അര്‍ഹനാണല്ലോ.

11

“നിങ്ങള്‍ ഏതെങ്കിലും ഒരു പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോള്‍ നിങ്ങളെ സ്വീകരിക്കുവാന്‍ സന്മനസ്സുള്ളവരെ കണ്ടുപിടിച്ച് നിങ്ങള്‍ പോകുന്നതുവരെ അവരുടെകൂടെ പാര്‍ക്കുക.

12 നിങ്ങള്‍ ഒരു ഭവനത്തില്‍ ചെല്ലുമ്പോള്‍ ആ ഭവനത്തിലുള്ളവര്‍ക്ക് സമാധാനം ആശംസിക്കുക.

13 ആ ഭവനത്തിന് അര്‍ഹതയുണ്ടെങ്കില്‍ നിങ്ങള്‍ ആശംസിച്ച സമാധാനം അതിനുണ്ടാകട്ടെ. അതിന് അര്‍ഹതയില്ലെങ്കില്‍ ആ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ.

14 ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതെയോ നിങ്ങളുടെ സന്ദേശം ശ്രദ്ധിക്കാതെയോ ഇരുന്നാല്‍ ആ ഭവനമോ നഗരമോ വിട്ടുപോകുമ്പോള്‍ നിങ്ങളുടെ പാദങ്ങളിലെ പൊടി തട്ടിക്കളയുക.

15 ന്യായവിധിദിവസം ആ പട്ടണത്തിന്‍റെ സ്ഥിതിയെക്കാള്‍ സോദോം ഗോമോരാ പ്രദേശത്തിന്‍റെ അവസ്ഥ സഹിക്കാവുന്നതായിരിക്കും എന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു.

16

“ആടുകളെ ചെന്നായ്‍ക്കളുടെ ഇടയിലേക്ക് എന്നവിധം ഇതാ, ഞാന്‍ നിങ്ങളെ അയയ്‍ക്കുന്നു.

17 അതുകൊണ്ട് സര്‍പ്പത്തെപ്പോലെ വിവേകമുള്ളവരും പ്രാവിനെപ്പോലെ നിഷ്കളങ്കരുമായിരിക്കണം. ജാഗ്രതയുള്ളവരായിരിക്കുക;

18 മനുഷ്യര്‍ നിങ്ങളെ ന്യായാധിപസംഘത്തിന് ഏല്പിച്ചുകൊടുക്കും; സുനഗോഗുകളില്‍വച്ച് ചാട്ടവാറുകൊണ്ടു നിങ്ങളെ അടിക്കും; ഞാന്‍ നിമിത്തം ഗവര്‍ണര്‍മാരുടെയും രാജാക്കന്മാരുടെയും അടുക്കലേക്കു നിങ്ങളെ വലിച്ചിഴച്ചുകൊണ്ടു പോകുകയും ചെയ്യും. അങ്ങനെ നിങ്ങള്‍ അവരുടെയും വിജാതീയരുടെയും മുമ്പില്‍ സാക്ഷ്യം വഹിക്കും.

19 അവര്‍ നിങ്ങളെ ഏല്പിച്ചുകൊടുക്കുമ്പോള്‍ എന്തു പറയണമെന്നോ എങ്ങനെ പറയണമെന്നോ ഓര്‍ത്തു വ്യാകുലപ്പെടേണ്ടാ.

20 പറയാനുള്ളതു തത്സമയം നിങ്ങള്‍ക്കു ലഭിക്കും. എന്തെന്നാല്‍ സംസാരിക്കുന്നതു നിങ്ങളായിരിക്കുകയില്ല; നിങ്ങളില്‍കൂടി നിങ്ങളുടെ പിതാവിന്‍റെ ആത്മാവായിരിക്കും സംസാരിക്കുക.

21

“സഹോദരന്‍ സഹോദരനെയും പിതാവ് പുത്രനെയും ഏല്പിച്ചു കൊടുക്കും; മക്കള്‍ മാതാപിതാക്കളോട് എതിര്‍ക്കുകയും അവരെ കൊല്ലിക്കുകയും ചെയ്യും.

22 എന്‍റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ വെറുക്കും; അവസാനത്തോളം സഹിച്ചു നില്‌ക്കുന്നവന്‍ രക്ഷപെടും.

23 ഒരു പട്ടണത്തില്‍ അവര്‍ നിങ്ങളെ പീഡിപ്പിക്കുമ്പോള്‍ മറ്റൊന്നിലേക്ക് ഓടിപ്പൊയ്‍ക്കൊള്ളുക. മനുഷ്യപുത്രന്‍ വരുന്നതിനുമുമ്പ് നിങ്ങളുടെ പ്രവര്‍ത്തനം ഇസ്രായേലിലെ എല്ലാ പട്ടണങ്ങളിലും പൂര്‍ത്തിയാവുകയില്ല എന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു.

24

“ശിഷ്യന്‍ ഗുരുവിനെക്കാള്‍ വലിയവനല്ല, ദാസന്‍ യജമാനനെക്കാള്‍ വലിയവനുമല്ല.

25 ശിഷ്യന്‍ ഗുരുവിനെപ്പോലെയും ദാസന്‍ യജമാനനെപ്പോലെയും ആയാല്‍ മതി. ഗൃഹനാഥനെ അവര്‍ ബേല്‍സെബൂല്‍ എന്നു വിളിച്ചെങ്കില്‍ ഗൃഹത്തിലെ മറ്റംഗങ്ങളെ എന്തുതന്നെ വിളിക്കുകയില്ല!

26

“അതുകൊണ്ടു നിങ്ങള്‍ മനുഷ്യരെ ഭയപ്പെടേണ്ടാ. വെളിച്ചത്തു കൊണ്ടുവരപ്പെടാതെ മൂടിവയ്‍ക്കുകയോ അറിയപ്പെടാതെ ഗൂഢമായിരിക്കുകയോ ചെയ്യുന്നതൊന്നുമില്ല.

27 ഞാന്‍ നിങ്ങളോട് ഇരുട്ടില്‍ സംസാരിക്കുന്നത് നിങ്ങള്‍ വെളിച്ചത്തു പ്രസ്താവിക്കുക. നിങ്ങളുടെ ചെവിയില്‍ മന്ത്രിക്കുന്നതു നിങ്ങള്‍ പുരമുകളില്‍നിന്ന് ഉച്ചൈസ്തരം ഘോഷിക്കുക.

28 ശരീരത്തെ നശിപ്പിക്കുന്നവരെ ഭയപ്പെടേണ്ടാ: ആത്മാവിനെ നശിപ്പിക്കുവാന്‍ അവര്‍ക്കു കഴിയുകയില്ലല്ലോ. എന്നാല്‍ ആത്മാവിനെയും ശരീരത്തെയും നരകത്തിലിട്ടു നശിപ്പിക്കുവാന്‍ കഴിയുന്നവനെയാണു ഭയപ്പെടേണ്ടത്.

29 ഒരു പൈസയ്‍ക്കു രണ്ടു കുരുവികളെ വില്‌ക്കുന്നില്ലേ? അവയിലൊന്നുപോലും നിങ്ങളുടെ പിതാവ് അറിയാതെ നിലത്തു വീഴുന്നില്ല.

30

“നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും ദൈവത്തിന്‍റെ കണക്കിലുള്‍പ്പെട്ടിരിക്കുന്നു.

31 നിങ്ങള്‍ ഭയപ്പെടേണ്ടാ. അനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണല്ലോ നിങ്ങള്‍.”

32

“മനുഷ്യരുടെ മുമ്പില്‍ എന്നെ അംഗീകരിച്ചു പ്രഖ്യാപനം ചെയ്യുന്ന ഏതൊരുവനെയും സ്വര്‍ഗസ്ഥനായ എന്‍റെ പിതാവിന്‍റെ മുമ്പില്‍ ഞാനും അംഗീകരിക്കും.

33 എന്നാല്‍ മനുഷ്യരുടെ മുമ്പില്‍ എന്നെ നിഷേധിക്കുന്നവനെ സ്വര്‍ഗസ്ഥനായ എന്‍റെ പിതാവിന്‍റെ മുമ്പില്‍ ഞാനും നിഷേധിക്കും.

34

“ഭൂമിയില്‍ സമാധാനം വരുത്തുവാന്‍ ഞാന്‍ വന്നു എന്നു നിങ്ങള്‍ കരുതേണ്ടാ; സമാധാനമല്ല, വാളത്രേ ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്.

35 ഒരുവനെ അവന്‍റെ പിതാവിനെതിരെയും മകളെ അമ്മയ്‍ക്കെതിരെയും മരുമകളെ അമ്മായിയമ്മയ്‍ക്കെതിരെയും ഭിന്നിപ്പിക്കുവാനത്രേ ഞാന്‍ വന്നിരിക്കുന്നത്.

36 അങ്ങനെ സ്വന്തം വീട്ടിലുള്ളവര്‍ തന്നെ ഒരുവനു ശത്രുക്കളായിത്തീരും.

37

“എന്നെക്കാള്‍ അധികം തന്‍റെ മകനെയോ മകളെയോ സ്നേഹിക്കുന്നവനും എന്‍റെ ശിഷ്യനായിരിക്കുവാന്‍ യോഗ്യനല്ല.

38 തന്‍റെ ക്രൂശെടുത്ത് എന്നെ അനുഗമിക്കാത്തവനും എന്‍റെ ശിഷ്യനാകാന്‍ യോഗ്യനല്ല.

39 സ്വന്തം ജീവനെ സുരക്ഷിതമാക്കുവാന്‍ ശ്രമിക്കുന്നവന്‍ അതിനെ നഷ്ടപ്പെടുത്തും. എന്നാല്‍ എനിക്കുവേണ്ടി തന്‍റെ ജീവനെ നഷ്ടപ്പെടുത്തുന്നവന്‍ അതു നേടും.

40

“നിങ്ങളെ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു.

41 പ്രവാചകനെന്നു കരുതി ഒരു പ്രവാചകനെ സ്വീകരിക്കുന്നവനു പ്രവാചകന്‍റെ പ്രതിഫലം ലഭിക്കും. നീതിമാനെന്നു കരുതി ഒരു നീതിമാനെ സ്വീകരിക്കുന്നവനു നീതിമാന്‍റെ പ്രതിഫലം ലഭിക്കും. ഞാന്‍ നിങ്ങളോടു പറയുന്നു:

42 ശിഷ്യനെന്നു കരുതി ഈ എളിയവരില്‍ ഒരുവന് ഒരു പാത്രം ശുദ്ധജലമെങ്കിലും കൊടുക്കുന്നവന്‍ ആരായാലും അയാള്‍ക്കു പ്രതിഫലം നിശ്ചയമായും ലഭിക്കും.”

11

1

യേശു തന്‍റെ പന്ത്രണ്ടു ശിഷ്യന്മാര്‍ക്ക് ഈ പ്രബോധനങ്ങള്‍ നല്‌കിയശേഷം അടുത്തുള്ള പട്ടണങ്ങളില്‍ ഉപദേശിക്കുവാനും പ്രസംഗിക്കുവാനും അവിടെനിന്നു പോയി.

2

[2,3] കാരാഗൃഹത്തില്‍ അടയ്‍ക്കപ്പെട്ടിരുന്ന യോഹന്നാന്‍ ക്രിസ്തുവിന്‍റെ പ്രവൃത്തികളെപ്പറ്റി കേട്ടു; അദ്ദേഹം തന്‍റെ ശിഷ്യന്മാരെ ക്രിസ്തുവിന്‍റെ അടുക്കല്‍ അയച്ച് “വരുവാനുള്ളവന്‍ അങ്ങുതന്നെയോ അതോ ഞങ്ങള്‍ മറ്റൊരുവനെ കാത്തിരിക്കണമോ?” എന്നു ചോദിപ്പിച്ചു.

3

4

യേശു ഇങ്ങനെ മറുപടി പറഞ്ഞു: “നിങ്ങള്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്ന കാര്യങ്ങള്‍ യോഹന്നാനെ ചെന്ന് അറിയിക്കുക:

5 അന്ധന്മാര്‍ കാഴ്ചപ്രാപിക്കുന്നു; മുടന്തന്മാര്‍ നടക്കുന്നു; കുഷ്ഠരോഗികള്‍ സൗഖ്യം പ്രാപിച്ചു ശുദ്ധരാകുന്നു; ബധിരര്‍ക്കു കേള്‍വി ലഭിക്കുന്നു; മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു; എളിയവരെ സദ്‍വാര്‍ത്ത അറിയിക്കുന്നു;

6 എന്നിലുള്ള വിശ്വാസത്തില്‍നിന്ന് ഇടറി വീഴാത്തവന്‍ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.”

7

അവര്‍ മടങ്ങിപ്പോകുമ്പോള്‍ യേശു യോഹന്നാനെക്കുറിച്ചു ജനങ്ങളോടു പറഞ്ഞു: “എന്തിനാണു നിങ്ങള്‍ മരുഭൂമിയിലേക്കു പോയത്?

8 കാറ്റില്‍ ഉലയുന്ന ഞാങ്ങണ കാണാനോ? അല്ലെങ്കില്‍ പിന്നെ നിങ്ങള്‍ എന്തു കാണാന്‍ പോയി? മൃദുലവസ്ത്രം ധരിച്ച മനുഷ്യനെയോ? മൃദുലവസ്ത്രം ധരിക്കുന്നവര്‍ രാജകൊട്ടാരങ്ങളിലാണല്ലോ ഉള്ളത്.

9 അല്ലെങ്കില്‍ പിന്നെ നിങ്ങളെന്തു കാണാന്‍ പോയി? ഒരു പ്രവാചകനെയോ? അതേ ഞാന്‍ നിങ്ങളോടു പറയുന്നു: പ്രവാചകനിലും ശ്രേഷ്ഠനായ ഒരുവനെത്തന്നെ.

10 ‘ഇതാ നിനക്കു മുമ്പായി എന്‍റെ ദൂതനെ ഞാനയയ്‍ക്കുന്നു; അവന്‍ മുമ്പേ പോയി നിനക്കു വഴിയൊരുക്കും’ എന്ന് എഴുതപ്പെട്ടിട്ടുള്ളത് ഇദ്ദേഹത്തെക്കുറിച്ചാണ്.

11 ഞാന്‍ നിങ്ങളോടു പറയുന്നു: സ്‍ത്രീകളില്‍നിന്നു ജനിച്ചവരില്‍ യോഹന്നാന്‍സ്നാപകനെക്കാള്‍ ശ്രേഷ്ഠനായി ആരും ഉണ്ടായിട്ടില്ല സത്യം. എങ്കിലും സ്വര്‍ഗരാജ്യത്തിലുള്ള ഏറ്റവും ചെറിയവന്‍പോലും അദ്ദേഹത്തെക്കാള്‍ വലിയവനാണ്.

12 സ്നാപകയോഹന്നാന്‍റെ പ്രസംഗകാലം മുതല്‍ ഇന്നോളം സ്വര്‍ഗരാജ്യം ബലപ്രയോഗത്തിനു വിധേയമായിരുന്നു; അങ്ങനെ അക്രമികള്‍ അതിനെ കൈയടക്കുവാന്‍ ഉദ്യമിക്കുന്നു.

13 എല്ലാ പ്രവാചകന്മാരും ധര്‍മശാസ്ത്രവും യോഹന്നാന്‍റെ കാലം വരെ സ്വര്‍ഗരാജ്യത്തെപ്പറ്റി പ്രവചിച്ചിരുന്നു.

14 നിങ്ങള്‍ക്കു മനസ്സുണ്ടെങ്കില്‍ സ്വീകരിക്കുക; വരുവാനുള്ള ഏലിയാ അദ്ദേഹമാണ്.

15 ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

16

“ഈ തലമുറയെ ഞാന്‍ ഏതിനോടു തുലനം ചെയ്യും?

17 ചന്തസ്ഥലങ്ങളിലിരുന്നുകൊണ്ടു തങ്ങളുടെ കളിത്തോഴരോട് ‘ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി കുഴലൂതി, നിങ്ങളാകട്ടെ നൃത്തം ചെയ്തില്ല; ഞങ്ങള്‍ വിലാപഗാനം പാടി, നിങ്ങള്‍ മാറത്തടിച്ചു കരഞ്ഞില്ല’ എന്നു പറയുന്ന കുട്ടികളോട് അവര്‍ തുല്യരത്രേ.

18 ഭക്ഷണപാനീയകാര്യങ്ങളില്‍ വ്രതനിഷ്ഠയുള്ളവനായി യോഹന്നാന്‍ വന്നു. ‘അദ്ദേഹത്തില്‍ ഒരു ഭൂതമുണ്ട്’ എന്ന് അവര്‍ പറയുന്നു.

19

ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നവനായി മനുഷ്യപുത്രന്‍ വന്നു. ‘ഇതാ ഭോജനപ്രിയനും മദ്യപനും ചുങ്കക്കാരുടെയും അധര്‍മികളുടെയും സ്നേഹിതനും ആയ ഒരു മനുഷ്യന്‍! എന്ന് അവര്‍ പറയുന്നു. ജ്ഞാനമാകട്ടെ പ്രവൃത്തികളാല്‍ സാധൂകരിക്കപ്പെടുന്നു.”

20

പിന്നീട്, തന്‍റെ മിക്ക അദ്ഭുതപ്രവൃത്തികള്‍ക്കും സാക്ഷ്യം വഹിച്ച നഗരങ്ങള്‍ അനുതപിച്ചു ദൈവത്തിങ്കലേക്ക് തിരിയാഞ്ഞതിനാല്‍ യേശു അവയെ ശാസിച്ചു:

21 “കോരസീനേ, നിനക്ക് ഹാ കഷ്ടം! ബെത്‍സെയ്ദയേ, നിനക്കു ഹാ കഷ്ടം! നിങ്ങളില്‍ നടന്ന അദ്ഭുതപ്രവൃത്തികള്‍ സോരിലും സീദോനിലും നടന്നിരുന്നു എങ്കില്‍ അവ എത്രയോ മുമ്പ് അനുതാപസൂചകമായി ചാക്കുടുത്തും ചാരം പൂശിയും അനുതപിച്ചു ദൈവത്തിങ്കലേക്കു തിരിയുമായിരുന്നു!

22 എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു: ന്യായവിധി ദിവസത്തില്‍ സോരിന്‍റെയും സീദോന്‍റെയും അവസ്ഥ നിങ്ങളുടേതിനെക്കാള്‍ സഹിക്കാവുന്നതായിരിക്കും.

23 കഫര്‍ന്നഹൂമേ! നീ സ്വര്‍ഗത്തോളം ഉയര്‍ത്തപ്പെടുമെന്നോ? നീ അധോലോകത്തോളം താഴ്ത്തപ്പെടും. എന്തെന്നാല്‍ നിന്നില്‍ നടന്ന അദ്ഭുതപ്രവൃത്തികള്‍ സോദോമില്‍ നടന്നിരുന്നെങ്കില്‍ അത് ഇന്നും നിലനില്‌ക്കുമായിരുന്നു. എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു:

24 ന്യായവിധി ദിവസത്തില്‍ സോദോമിന്‍റെ സ്ഥിതി നിന്‍റേതിലും സഹിക്കാവുന്നതായിരിക്കും!”

25

തുടര്‍ന്ന് യേശു ഇങ്ങനെ പ്രസ്താവിച്ചു. “സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും അധിനാഥനായ പിതാവേ, ഈ സംഗതികള്‍ വിജ്ഞന്മാരില്‍നിന്നും വിവേകമതികളില്‍നിന്നും മറച്ചുവയ്‍ക്കുകയും ശിശുക്കള്‍ക്കു വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരിക്കുന്നതുകൊണ്ടു ഞാന്‍ അങ്ങയെ വാഴ്ത്തുന്നു.

26 അതേ പിതാവേ, അതുതന്നെയായിരുന്നല്ലോ തിരുവിഷ്ടം.

27

“എന്‍റെ പിതാവു സമസ്തവും എന്നെ ഏല്പിച്ചിരിക്കുന്നു. പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രന്‍ ആര്‍ക്കു വെളിപ്പെടുത്തിക്കൊടുക്കുവാന്‍ ഇച്ഛിക്കുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല.

28

“അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ എല്ലാവരും എന്‍റെ അടുക്കല്‍ വരിക; ഞാന്‍ നിങ്ങളെ സമാശ്വസിപ്പിക്കും.

29 ഞാന്‍ സൗമ്യനും വിനീതഹൃദയനുമാകയാല്‍ നിങ്ങള്‍ എന്‍റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുക. എന്നാല്‍ നിങ്ങള്‍ക്കു സ്വസ്ഥത ലഭിക്കും.

30 ഞാന്‍ നല്‌കുന്ന നുകം ക്ലേശരഹിതവും ഞാന്‍ ഏല്പിക്കുന്ന ഭാരം ലഘുവും ആകുന്നു.”

12

1

അക്കാലത്ത് ഒരു ശബത്തുദിവസം യേശു ഒരു വിളഭൂമിയിലൂടെ കടന്നുപോകുകയായിരുന്നു. അപ്പോള്‍ അവിടുത്തെ ശിഷ്യന്മാര്‍ക്കു വിശന്നു.

2 അവര്‍ കതിര്‍ പറിച്ചെടുത്തു തിന്നുതുടങ്ങി. ഇതു കണ്ടിട്ടു പരീശന്മാര്‍ യേശുവിനോടു പറഞ്ഞു: “നോക്കൂ, അങ്ങയുടെ ശിഷ്യന്മാര്‍ ശബത്തില്‍ ചെയ്തുകൂടാത്തതു ചെയ്യുന്നു.”

3

അവിടുന്ന് അവരോട് ഇങ്ങനെ പറഞ്ഞു: “ദാവീദും സഹചരന്മാരും വിശന്നപ്പോള്‍ ചെയ്തത് എന്താണെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ?

4 ദാവീദ് ദേവാലയത്തില്‍ പ്രവേശിച്ചു കാഴ്ചയപ്പം എടുത്തു ഭക്ഷിച്ചത് എങ്ങനെ? നിയമപ്രകാരം പുരോഹിതന്മാര്‍ക്കല്ലാതെ അദ്ദേഹത്തിനോ കൂടെയുള്ളവര്‍ക്കോ ഭക്ഷിക്കുവാന്‍ പാടില്ലാത്തതായിരുന്നല്ലോ അത്.

5 മാത്രമല്ല ശബത്തു ദിവസങ്ങളില്‍ ദേവാലയത്തില്‍വച്ചു പുരോഹിതന്മാര്‍ ശബത്തു ലംഘിക്കുന്നു എങ്കിലും അവര്‍ കുറ്റക്കാരല്ലെന്നു ധര്‍മശാസ്ത്രത്തില്‍ പറയുന്നത് നിങ്ങള്‍ വായിച്ചിട്ടില്ലേ?

6 ഞാന്‍ നിങ്ങളോട് പറയുന്നു: ദേവാലയത്തെക്കാള്‍ വലിയവന്‍ ഇവിടെയുണ്ട്;

7 യാഗമല്ല കാരുണ്യമാണു ഞാന്‍ ആഗ്രഹിക്കുന്നത് എന്ന തിരുവെഴുത്തിന്‍റെ അര്‍ഥം നിങ്ങള്‍ ഗ്രഹിച്ചിരുന്നെങ്കില്‍ നിര്‍ദോഷികളെ കുറ്റവാളികളെന്നു നിങ്ങള്‍ വിധിക്കുകയില്ലായിരുന്നു.

8 എന്നാല്‍ മനുഷ്യപുത്രന്‍ ശബത്തിന്‍റെയും കര്‍ത്താവാണ്.”

9

അനന്തരം യേശു അവിടെനിന്നു പുറപ്പെട്ട് അവരുടെ സുനഗോഗിലെത്തി.

10 അവിടെ കൈ ശോഷിച്ച ഒരു മനുഷ്യനുണ്ടായിരുന്നു. യേശുവില്‍ കുറ്റമാരോപിക്കുന്നതിനുവേണ്ടി “ശബത്തില്‍ രോഗം സുഖപ്പെടുത്തുന്നതു നിയമാനുസൃതമാണോ?” എന്ന് അവര്‍ ചോദിച്ചു.

11

യേശു പ്രതിവചിച്ചു: “ശബത്തുദിവസം നിങ്ങളില്‍ ആരുടെയെങ്കിലും ഒരു ആട് കുഴിയില്‍ വീണു എന്നിരിക്കട്ടെ; നിങ്ങള്‍ അതിനെ കരയ്‍ക്കു കയറ്റാതിരിക്കുമോ? മനുഷ്യന്‍ ആടിനെക്കാള്‍ എത്രയോ വിലയുള്ളവനാണ്!

12 അതുകൊണ്ട് ശബത്തുദിവസം നന്മ ചെയ്യുന്നതു നിയമാനുസൃതമാണ്.

13 പിന്നീട് യേശു ആ മനുഷ്യനോടു “കൈ നീട്ടുക” എന്നു പറഞ്ഞു.

14

അയാള്‍ കൈ നീട്ടി. ഉടനെ അതു സുഖപ്പെട്ട് മറ്റേ കൈ പോലെ ആയി. പരീശന്മാരാകട്ടെ പുറത്തുപോയി എങ്ങനെ യേശുവിനെ നശിപ്പിക്കാമെന്നു ഗൂഢാലോചന നടത്തി.

15

യേശു ഇതറിഞ്ഞ് അവിടം വിട്ടുപോയി. ധാരാളം ആളുകള്‍ അവിടുത്തെ അനുഗമിച്ചു. അവിടുന്ന് എല്ലാവരെയും സുഖപ്പെടുത്തി.

16 തന്നെക്കുറിച്ച് ഒന്നും പരസ്യപ്പെടുത്തരുതെന്ന് അവിടുന്ന് അവരോട് ആജ്ഞാപിച്ചു.

17 അങ്ങനെ യെശയ്യാ മുഖാന്തരം അരുളിച്ചെയ്തത് പൂര്‍ത്തിയായി. അദ്ദേഹം പ്രവചിച്ചത് ഇങ്ങനെയാണ്:

18

“ഇതാ ഞാന്‍ തിരഞ്ഞെടുത്ത എന്‍റെ ദാസന്‍,
എന്‍റെ അന്തരംഗം പ്രസാദിച്ച എന്‍റെ പ്രിയങ്കരന്‍.
എന്‍റെ ആത്മാവിനെ
ഞാന്‍ അവന്‍റെമേല്‍ ആവസിപ്പിക്കും;
എന്‍റെ ന്യായവിധി
അവന്‍ സര്‍വജനതകളോടും പ്രഖ്യാപനം ചെയ്യും.

19
അവന്‍ വാദകോലാഹലത്തിലേര്‍പ്പെടുകയില്ല;
തെരുവീഥികളില്‍ ആരും
അവന്‍റെ ശബ്ദം കേള്‍ക്കുകയുമില്ല.

20
നീതിനിര്‍വഹണം വിജയത്തിലെത്തിക്കുന്നതുവരെ
ചതഞ്ഞ ഓടക്കമ്പ് അവന്‍ ഒടിക്കുകയില്ല;
മങ്ങിക്കത്തുന്ന തിരി കെടുത്തുകയുമില്ല.

21
അവന്‍റെ നാമത്തിലായിരിക്കും
സകല ജനതകളുടെയും പ്രത്യാശ.”

22

അനന്തരം അന്ധനും മൂകനുമായ ഒരു ഭൂതാവിഷ്ടനെ യേശുവിന്‍റെ അടുക്കല്‍ ചിലര്‍ കൊണ്ടുവന്നു. യേശു അയാളെ സുഖപ്പെടുത്തി; അയാള്‍ സംസാരിക്കുകയും കാണുകയും ചെയ്തു.

23 ജനസമൂഹം വിസ്മയഭരിതരായി, “ഇദ്ദേഹമായിരിക്കുമോ ദാവീദിന്‍റെ പുത്രന്‍?” എന്നു പറഞ്ഞു.

24

പരീശന്മാര്‍ ഇതു കേട്ടപ്പോള്‍ “ഭൂതങ്ങളുടെ തലവനായ ബേല്‍സെബൂലിനെക്കൊണ്ട് മാത്രമാണ് ഈ മനുഷ്യന്‍ ഭൂതങ്ങളെ പുറത്താക്കുന്നത്” എന്നു പറഞ്ഞു.

25

യേശു അവരുടെ അന്തര്‍ഗതം മനസ്സിലാക്കിക്കൊണ്ട് അവരോട് ഇങ്ങനെ പറഞ്ഞു: അന്തഃഛിദ്രമുള്ള ഏതു രാജ്യവും ശൂന്യമാകും.

26 അന്തഃഛിദ്രമുണ്ടായാല്‍ ഒരു നഗരമോ ഭവനമോ നിലനില്‌ക്കുകയില്ല. സാത്താന്‍ സാത്താനെ ഉച്ചാടനം ചെയ്യുകയാണെങ്കില്‍ അവന്‍ സ്വയം ഭിന്നിച്ചു നശിക്കും. അപ്പോള്‍ അവന്‍റെ രാജ്യം എങ്ങനെ നിലനില്‌ക്കും?

27 ഞാന്‍ ബേല്‍സെബൂലിനെക്കൊണ്ടാണു ഭൂതങ്ങളെ ഒഴിച്ചുവിടുന്നതെങ്കില്‍ നിങ്ങളുടെ അനുയായികള്‍ ആരെക്കൊണ്ടാണ് അവയെ ഉച്ചാടനം ചെയ്യുന്നത്? അതുകൊണ്ടു നിങ്ങള്‍ പറയുന്നതു തെറ്റാണെന്നു നിങ്ങളുടെ അനുയായികള്‍ തന്നെ വിധിക്കുന്നു.

28 എന്നാല്‍ ബേല്‍സെബൂലല്ല ദൈവത്തിന്‍റെ ആത്മാവാണു ഭൂതങ്ങളെ പുറത്താക്കുവാന്‍ എനിക്കു ശക്തി നല്‌കുന്നത്; ദൈവരാജ്യം നിങ്ങളുടെ മധ്യേ വന്നു കഴിഞ്ഞിരിക്കുന്നു എന്ന് അതു തെളിയിക്കുകയും ചെയ്യുന്നു.

29

“ഒരു ബലശാലിയെ പിടിച്ചു കെട്ടിയിട്ടല്ലാതെ അയാളുടെ വീട്ടില്‍ പ്രവേശിച്ച് അതിലുള്ള വകകള്‍ കൊള്ള ചെയ്യുന്നത് എങ്ങനെയാണ്?

30

“എന്‍റെ പക്ഷത്തു നില്‌ക്കാത്തവന്‍ എനിക്കെതിരാണ്. ശേഖരിക്കുന്നതില്‍ എന്നെ സഹായിക്കാത്തവന്‍ ചിതറിക്കുകയാണു ചെയ്യുന്നത്.

31 അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യന്‍റെ ഏതു പാപവും ദൈവദൂഷണവും ക്ഷമിക്കപ്പെടും; എന്നാല്‍ പരിശുദ്ധാത്മാവിനെതിരെയുള്ള ദൂഷണം ക്ഷമിക്കപ്പെടുകയില്ല.

32 മനുഷ്യപുത്രനെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ക്ഷമിക്കപ്പെടും. പക്ഷേ, പരിശുദ്ധാത്മാവിന് എതിരെ എന്തെങ്കിലും പറഞ്ഞാല്‍ ഈ യുഗത്തിലോ വരുവാനുള്ള യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല.

33

“വൃക്ഷം നല്ലതെങ്കില്‍ നല്ല ഫലം ലഭിക്കുന്നു; വൃക്ഷം ചീത്തയാണെങ്കില്‍ ഫലവും ചീത്തയായിരിക്കും. ഫലം കൊണ്ടാണല്ലോ വൃക്ഷത്തെ അറിയുന്നത്.

34 സര്‍പ്പസന്തതികളേ! നിങ്ങള്‍ ദുഷ്ടരായിരിക്കെ നല്ലതു സംസാരിക്കുവാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയും? ഹൃദയത്തില്‍ നിറഞ്ഞു കവിയുന്നതാണല്ലോ വാക്കുകളായി പുറത്തുവരുന്നത്.

35 സജ്ജനങ്ങള്‍ തങ്ങളുടെ നന്മയുടെ നിക്ഷേപത്തില്‍നിന്ന് ഉത്തമമായവ പുറപ്പെടുവിക്കുന്നു. ദുര്‍ജനങ്ങള്‍ തങ്ങളുടെ ദുഷ്ടതയുടെ നിക്ഷേപത്തില്‍നിന്ന് അധമമായവ പുറപ്പെടുവിക്കുന്നു.

36

“മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ഥവാക്കിനും ന്യായവിധിനാളില്‍ സമാധാനം പറയേണ്ടതായി വരുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

37 നിങ്ങളുടെ വാക്കുകള്‍ കൊണ്ടാണു നിങ്ങള്‍ക്കു കുറ്റമില്ലെന്നു സ്ഥാപിക്കുകയോ നിങ്ങള്‍ കുറ്റക്കാരെന്നു വിധിക്കപ്പെടുകയോ ചെയ്യുന്നത്.”

38

അപ്പോള്‍ ചില മതപണ്ഡിതന്മാരും പരീശന്മാരും യേശുവിനോട്, “ഗുരോ, അങ്ങ് ഒരടയാളം കാണിച്ചാല്‍ കൊള്ളാം” എന്നു പറഞ്ഞു.

39

യേശു പ്രതിവചിച്ചു: “ദുഷ്ടതയും അവിശ്വസ്തതയും നിറഞ്ഞ ഈ തലമുറയാണ് അടയാളം അന്വേഷിക്കുന്നത്. യോനാ പ്രവാചകന്‍റെ അടയാളമല്ലാതെ മറ്റൊന്നും നിങ്ങള്‍ക്കു ലഭിക്കുകയില്ല.

40 യോനാ മൂന്നു പകലും മൂന്നു രാത്രിയും തിമിംഗലത്തിന്‍റെ വയറ്റിലായിരുന്നു. അതുപോലെ മനുഷ്യപുത്രനും മൂന്നു പകലും മൂന്നു രാവും ഭൂഗര്‍ഭത്തിലായിരിക്കും.

41 നിനെവേയിലെ ജനങ്ങള്‍ ന്യായവിധിനാളില്‍ ഈ തലമുറയിലെ ജനങ്ങളോടൊപ്പം ഉയിര്‍ത്തെഴുന്നേറ്റ് അവരെ കുറ്റം വിധിക്കും. എന്തുകൊണ്ടെന്നാല്‍ നിനെവേക്കാര്‍ യോനായുടെ പ്രസംഗംകേട്ട് അനുതപിച്ചു ദൈവത്തിങ്കലേക്കു തിരിഞ്ഞു. ഇതാ യോനായെക്കാള്‍ മഹത്തരമായ ഒന്ന് ഇവിടെയുണ്ട്.

42 ന്യായവിധിദിവസം ദക്ഷിണദേശത്തിലെ രാജ്ഞി ഈ തലമുറയോടൊപ്പം ഉയിര്‍ത്തെഴുന്നേറ്റ് അതിനെ കുറ്റംവിധിക്കും. ശലോമോന്‍റെ ജ്ഞാനവചസ്സുകള്‍ കേള്‍ക്കാന്‍ അവര്‍ ഭൂമിയുടെ അങ്ങേ അറ്റത്തുനിന്നു വന്നുവല്ലോ. ഇതാ ശലോമോനെക്കാള്‍ വലിയവന്‍ ഇവിടെയുണ്ട്.

43

ഒരു മനുഷ്യനെ വിട്ടുപോകുന്ന അശുദ്ധാത്മാവ് വെള്ളമില്ലാത്ത സ്ഥലങ്ങളില്‍ വിശ്രമം തേടി അലയുന്നു. എന്നാല്‍ അതു വിശ്രമം കണ്ടെത്തുന്നില്ല.

44 അപ്പോള്‍ താന്‍ പുറപ്പെട്ടുപോന്ന വീട്ടിലേക്കുതന്നെ തിരിച്ചുപോകും എന്ന് അതു സ്വയം പറയുന്നു. അവിടെ ചെല്ലുമ്പോള്‍ വീടെല്ലാം അടിച്ചുവാരി അടുക്കിലും ചിട്ടയിലും ഇട്ടിരിക്കുന്നതു കാണുന്നു;

45 അപ്പോള്‍ അതുപോയി തന്നെക്കാള്‍ ദുഷ്ടതയേറിയ മറ്റു ഏഴ് ആത്മാക്കളെക്കൂടി കൊണ്ടുവന്ന് അവിടെ വാസമുറപ്പിക്കുന്നു. ആ മനുഷ്യന്‍റെ അവസാനത്തെ അവസ്ഥ ആദ്യത്തേതിനെക്കാള്‍ കഷ്ടതരമായിത്തീരുന്നു. ഈ ദുഷ്ടതലമുറയ്‍ക്കും അതുപോലെയായിരിക്കും സംഭവിക്കുക.”

46

യേശു ജനങ്ങളോട് സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ അവിടുത്തെ അമ്മയും സഹോദരന്മാരും അവിടുത്തോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു പുറത്തുനിന്നിരുന്നു.

47 “അങ്ങയുടെ അമ്മയും സഹോദരന്മാരും അങ്ങയെ കാണാന്‍ വെളിയില്‍ കാത്തുനില്‌ക്കുന്നു” എന്ന് ഒരാള്‍ അവിടുത്തോടു പറഞ്ഞു.

48

എന്നാല്‍ യേശു അയാളോട്, “ആരാണ് എന്‍റെ സഹോദരന്മാര്‍?” എന്നു ചോദിച്ചു.

49 തന്‍റെ ശിഷ്യന്മാരുടെ നേരെ കൈ ചൂണ്ടിക്കൊണ്ട് “ഇതാ എന്‍റെ അമ്മയും സഹോദരന്മാരും;

50 സ്വര്‍ഗത്തിലുള്ള എന്‍റെ പിതാവിന്‍റെ തിരുവിഷ്ടം ചെയ്യുന്നവരാണ് എന്‍റെ സഹോദരനും, സഹോദരിയും, അമ്മയും” എന്ന് അരുള്‍ചെയ്തു.

13

1

അന്നുതന്നെ യേശു ആ വീട്ടില്‍നിന്നു പുറപ്പെട്ട് തടാകതീരത്തു പോയി ഇരുന്നു.

2 വമ്പിച്ച ജനസഞ്ചയം അവിടുത്തെ ചുറ്റും വന്നുകൂടി. അതുകൊണ്ട് അവിടുന്ന് ഒരു വഞ്ചിയില്‍ കയറിയിരുന്നു. ജനസഞ്ചയം കരയിലും നിന്നു.

3 ദൃഷ്ടാന്തരൂപേണ അവിടുന്ന് അനേകം കാര്യങ്ങള്‍ അവരോടു പറഞ്ഞു:

4

“ഒരു മനുഷ്യന്‍ വിതയ്‍ക്കുവാന്‍ പുറപ്പെട്ടു. അയാള്‍ വിതയ്‍ക്കുമ്പോള്‍ ഏതാനും വിത്തുകള്‍ വഴിയില്‍ വീണു. പക്ഷികള്‍ വന്ന് അവ കൊത്തിത്തിന്നുകളഞ്ഞു.

5 മറ്റു ചിലത് അടിയില്‍ പാറയുള്ള മണ്ണിലാണു വീണത്.

6 മണ്ണിനു താഴ്ചയില്ലാഞ്ഞതിനാല്‍ വിത്തു പെട്ടെന്നു മുളച്ചുപൊങ്ങിയെങ്കിലും സൂര്യന്‍ ഉദിച്ചപ്പോള്‍ വാടിപ്പോയി; അവയ്‍ക്കു വേരില്ലാഞ്ഞതിനാല്‍ ഉണങ്ങിക്കരിഞ്ഞു പോകുകയും ചെയ്തു.

7 മറ്റു ചില വിത്തുകള്‍ മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. കിളിര്‍ത്തുവന്ന വിത്തിനെ അവ ഞെരുക്കിക്കളഞ്ഞു.

8 ശേഷിച്ച വിത്തുകള്‍ നല്ല മണ്ണില്‍ വീഴുകയും ചിലതു നൂറും ചിലത് അറുപതും മറ്റുചിലത് മുപ്പതും മേനി വിളവു നല്‌കുകയും ചെയ്തു.

9 ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.”

10

പിന്നീടു ശിഷ്യന്മാര്‍ യേശുവിനെ സമീപിച്ച്, എന്തുകൊണ്ടാണ് അവിടുന്ന് ദൃഷ്ടാന്തരൂപേണ അവരോടു സംസാരിക്കുന്നത്? എന്നു ചോദിച്ചു.

11

അവിടുത്തെ മറുപടി ഇപ്രകാരമായിരുന്നു: “സ്വര്‍രാജ്യത്തെ സംബന്ധിച്ചുള്ള രഹസ്യങ്ങള്‍ അറിയുന്നതിനുള്ള വരം നിങ്ങള്‍ക്കു നല്‌കപ്പെട്ടിരിക്കുന്നു; അവര്‍ക്കാകട്ടെ അതു ലഭിച്ചിട്ടില്ല.

12 ഉള്ളവനു നല്‌കപ്പെടും; അവനു സമൃദ്ധിയുണ്ടാകും; ഇല്ലാത്തവനില്‍നിന്ന് അവനുള്ളതുപോലും എടുത്തു കളയും.

13 അവര്‍ കണ്ടിട്ടും കാണുന്നില്ല; കേട്ടിട്ടും കേള്‍ക്കുകയോ ഗ്രഹിക്കുകയോ, ചെയ്യുന്നില്ല; അതുകൊണ്ടാണു ഞാന്‍ അവരോടു ദൃഷ്ടാന്തങ്ങളിലൂടെ സംസാരിക്കുന്നത്.

14

നിങ്ങള്‍ തീര്‍ച്ചയായും കേള്‍ക്കും.
എന്നാല്‍ ഗ്രഹിക്കുകയില്ല;
നിങ്ങള്‍ തീര്‍ച്ചയായും നോക്കും,
എന്നാല്‍ കാണുകയില്ല;
എന്തെന്നാല്‍ ഈ ജനത്തിന്‍റെ ഹൃദയം
മരവിച്ചിരിക്കുന്നു,
അവരുടെ കാത് അവര്‍ അടച്ചിരിക്കുന്നു;
അവര്‍ തങ്ങളുടെ കാതുകള്‍ അടയ്‍ക്കുകയും
കണ്ണുകള്‍ പൂട്ടുകയും ചെയ്തിരിക്കുന്നു.
അല്ലെങ്കില്‍ അവര്‍ തങ്ങളുടെ കണ്ണുകൊണ്ടു കാണുകയും
ചെവികൊണ്ടു കേള്‍ക്കുകയും
ഹൃദയംകൊണ്ടു ഗ്രഹിക്കുകയും
ഞാന്‍ അവരെ സുഖപ്പെടുത്തുന്നതിനു വേണ്ടി
അവര്‍ എന്‍റെ അടുക്കലേക്കു
തിരിയുകയും ചെയ്യുമായിരുന്നു.

15

ഇങ്ങനെ യെശയ്യാപ്രവാചകന്‍ പ്രവചിച്ചിരിക്കുന്നത് ഇവരെ സംബന്ധിച്ചിടത്തോളം സത്യമായിരിക്കുന്നു.

16

“എന്നാല്‍ നിങ്ങളുടെ കണ്ണുകള്‍ അനുഗ്രഹിക്കപ്പെട്ടവയാകുന്നു, അവ കാണുന്നു; നിങ്ങളുടെ കാതുകളും അങ്ങനെതന്നെ; അവ കേള്‍ക്കുന്നു. വാസ്തവത്തില്‍ ഞാന്‍ നിങ്ങളോടു പറയുന്നു:

17 നിങ്ങള്‍ കാണുന്നതു കാണുവാനും നിങ്ങള്‍ കേള്‍ക്കുന്നത് കേള്‍ക്കുവാനും അനേകം പ്രവാചകന്മാരും നീതിമാന്മാരും അഭിവാഞ്ഛിച്ചു. എന്നാല്‍ അവര്‍ കാണുകയോ കേള്‍ക്കുകയോ ചെയ്തില്ല.

18

“വിതയ്‍ക്കുന്നവന്‍റെ ദൃഷ്ടാന്തം സൂചിപ്പിക്കുന്നത് എന്താണെന്നു കേട്ടുകൊള്ളുക.

19 സ്വര്‍ഗരാജ്യത്തെക്കുറിച്ചുള്ള വചനം ഒരുവന്‍ കേട്ടിട്ടു ഗ്രഹിക്കാതിരിക്കുമ്പോള്‍ അവന്‍റെ ഹൃദയത്തില്‍ വിതയ്‍ക്കപ്പെട്ടത് പിശാചു വന്നു തട്ടിക്കൊണ്ടുപോകുന്നു. ഇതാണു വഴിയില്‍വീണ വിത്തു സൂചിപ്പിക്കുന്നത്.

20 പാറസ്ഥലത്തു വീണ വിത്താകട്ടെ, വചനം കേള്‍ക്കുകയും ഉടന്‍ സസന്തോഷം സ്വീകരിക്കുകയും ചെയ്യുന്നവരാണ്.

21 എങ്കിലും അവരില്‍ അതു വേരുറയ്‍ക്കുന്നില്ല. അവര്‍ ക്ഷണനേരത്തേക്കു മാത്രമേ സഹിച്ചുനില്‌ക്കുകയുള്ളൂ. വചനം നിമിത്തം ക്ലേശങ്ങളോ പീഡനമോ ഉണ്ടാകുമ്പോള്‍ അവര്‍ പെട്ടെന്നു വീണുപോകുന്നു.

22 മറ്റു ചിലര്‍ വചനം കേള്‍ക്കുന്നെങ്കിലും ലൗകികകാര്യങ്ങളിലുള്ള ഉല്‍ക്കണ്ഠയും ധനത്തിന്‍റെ കപടമായ വശ്യതയും വചനത്തെ ഞെരുക്കി ഫലശൂന്യമാക്കുന്നു. ഇവരെയാണു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണ വിത്തു സൂചിപ്പിക്കുന്നത്.

23 നല്ല നിലത്തു വീണ വിത്താകട്ടെ, വചനം കേട്ടു ഗ്രഹിക്കുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നവരാണ്. ചിലര്‍ നൂറും അറുപതും വേറെ ചിലര്‍ മുപ്പതും മേനി വിളവു നല്‌കുന്നു.”

24

വേറൊരു ദൃഷ്ടാന്തവും യേശു അവരോടു പറഞ്ഞു: “ഒരു മനുഷ്യന്‍ തന്‍റെ വയലില്‍ നല്ല വിത്തു വിതച്ചതിനോടു സ്വര്‍ഗരാജ്യത്തെ ഉപമിക്കാം.

25 എല്ലാവരും ഉറങ്ങിയപ്പോള്‍ അയാളുടെ ശത്രു വന്ന് കോതമ്പിനിടയില്‍ കള വിതച്ചിട്ടു പൊയ്‍ക്കളഞ്ഞു.

26 ഞാറു വളര്‍ന്നു കതിരു വന്നപ്പോള്‍ കളയും കാണാറായി.

27 അപ്പോള്‍, ഭൃത്യന്മാര്‍ ചെന്നു ഗൃഹനാഥനോട്, ‘നല്ല വിത്തല്ലേ അങ്ങു വയലില്‍ വിതച്ചത്? ഇപ്പോള്‍ ഈ കള എങ്ങനെ ഉണ്ടായി?’ എന്നു ചോദിച്ചു.

28 “ഒരു ശത്രുവാണ് ഇത് ചെയ്തത്’ എന്ന് അയാള്‍ മറുപടി പറഞ്ഞു.

29 ‘എന്നാല്‍ ഞങ്ങള്‍ പോയി ആ കളകള്‍ പറിച്ചുകൂട്ടട്ടെ’ എന്നു ഭൃത്യന്മാര്‍ ചോദിച്ചു. അയാള്‍ ഇപ്രകാരം മറുപടി പറഞ്ഞു: ‘വേണ്ടാ, കള പറിച്ചു കളയുമ്പോള്‍ അതോടൊപ്പം കോതമ്പും പിഴുതുപോയേക്കും;

30 കൊയ്ത്തുവരെ രണ്ടും വളരട്ടെ; കൊയ്ത്തുകാലത്തു കൊയ്യുന്നവരോട് ആദ്യം കള പറിച്ചു കൂട്ടി ചുട്ടുകളയേണ്ടതിന് അതു കെട്ടുകളായി കെട്ടി വയ്‍ക്കുവാനും കോതമ്പ് എന്‍റെ കളപ്പുരയില്‍ സംഭരിക്കുവാനും ഞാന്‍ പറയും.”

31

മറ്റൊരു ദൃഷ്ടാന്തവും യേശു അവരോടു പറഞ്ഞു: “സ്വര്‍ഗരാജ്യം ഒരു മനുഷ്യന്‍ തന്‍റെ വയലില്‍ വിതച്ച കടുകുമണിയോടു സദൃശം.

32 വിത്തുകളില്‍ വച്ച് ഏറ്റവും ചെറുതെങ്കിലും അതു വളര്‍ന്നപ്പോള്‍ ഏറ്റവും വലിയ സസ്യമായി വളരുകയും ആകാശത്തിലെ പറവകള്‍ക്ക് അതിന്‍റെ കൊമ്പുകളില്‍ കൂടുകെട്ടി പാര്‍ക്കത്തക്കവിധമുള്ള ഒരു ചെടിയായിത്തീരുകയും ചെയ്യുന്നു.”

33

വേറൊരു ദൃഷ്ടാന്തവും അവിടുന്ന് പറഞ്ഞു: “സ്വര്‍ഗരാജ്യം പുളിപ്പുമാവിനോടു സദൃശം. ഒരു സ്‍ത്രീ മൂന്നുപറ മാവ് എടുത്ത്, അതു പുളിക്കുന്നതുവരെ പുളിപ്പുമാവ് അതില്‍ നിക്ഷേപിക്കുന്നു.”

34

ഇവയെല്ലാം ദൃഷ്ടാന്തങ്ങളിലൂടെ യേശു ജനങ്ങളോടു പറഞ്ഞു. ദൃഷ്ടാന്തം കൂടാതെ അവിടുന്ന് ഒന്നും അവരോട് പറഞ്ഞിരുന്നില്ല.

35

സദൃശോക്തികള്‍പറയുന്നതിനായി
ഞാന്‍ വായ് തുറക്കും;
ലോകാരംഭംമുതല്‍ നിഗൂഢമായിരിക്കുന്നതു ഞാന്‍ പ്രസ്താവിക്കും

എന്നു പ്രവാചകന്‍ മുഖാന്തരം അരുള്‍ചെയ്യപ്പെട്ടിട്ടുള്ളത് ഇങ്ങനെ പൂര്‍ത്തിയായി.

36

അനന്തരം ജനക്കൂട്ടത്തെ വിട്ടിട്ട് യേശു വീട്ടിലേക്കു പോയി. അപ്പോള്‍ ശിഷ്യന്മാര്‍ അവിടുത്തെ അടുത്തുചെന്നു. “വയലിലെ കളയുടെ ദൃഷ്ടാന്തം ഞങ്ങള്‍ക്കു വിശദീകരിച്ചു തന്നാലും” എന്ന് അപേക്ഷിച്ചു.

37

യേശു അരുള്‍ചെയ്തു: “നല്ലവിത്തു വിതയ്‍ക്കുന്നതു മനുഷ്യപുത്രന്‍, വയല്‍ ലോകവും.

38 നല്ല വിത്ത് സ്വര്‍ഗരാജ്യത്തിന്‍റെ മക്കളും കളകള്‍ ദുഷ്ടപ്പിശാചിന്‍റെ മക്കളുമാകുന്നു.

39 കളകള്‍ വിതച്ച ശത്രു പിശാചത്രേ; കൊയ്ത്തുകാലം യുഗാന്ത്യവും കൊയ്ത്തുകാര്‍ ദൈവദൂതന്മാരുമാണ്.

40 കളകള്‍ പറിച്ചുകൂട്ടി ചുട്ടുകളയുന്നതുപോലെ തന്നെ യുഗസമാപ്തിയില്‍ സംഭവിക്കും.

41 [41,42] അന്നു മനുഷ്യപുത്രന്‍ തന്‍റെ ദൂതന്മാരെ അയയ്‍ക്കും. അവര്‍ ചെന്ന്, പാപകാരണമായ സകലത്തെയും എല്ലാ അധര്‍മികളെയും തന്‍റെ രാജ്യത്തില്‍നിന്ന് ഒരുമിച്ചുകൂട്ടി അഗ്നികുണ്ഡത്തിലെറിയും. അവിടെ അവര്‍ കരയുകയും പല്ലുകടിക്കുകയും ചെയ്യും.

42

43 എന്നാല്‍ ധര്‍മനിഷ്ഠയുള്ളവര്‍, അവിടുത്തെ പിതാവിന്‍റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

44

“ഒരു നിലത്തു മറഞ്ഞു കിടക്കുന്ന നിധിക്കു സമാനമാണു സ്വര്‍ഗരാജ്യം. നിധി കണ്ടെത്തിയ ഒരു മനുഷ്യന്‍ അതു വീണ്ടും മറച്ചുവയ്‍ക്കുകയും സന്തോഷപൂര്‍വം ചെന്നു തനിക്കുള്ള സമസ്തവും വിറ്റ് ആ നിലം വാങ്ങുകയും ചെയ്യുന്നു.

45

“സ്വര്‍ഗരാജ്യം വിശിഷ്ടമായ മുത്തുകള്‍ അന്വേഷിച്ചുപോകുന്ന വ്യാപാരിയോടു സദൃശം.

46 അയാള്‍ വിലകൂടിയ ഒരു മുത്തു കണ്ടെത്തിയപ്പോള്‍ തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങി.

47

“മാത്രമല്ല, സ്വര്‍ഗരാജ്യം കടലില്‍ ഇറക്കുന്ന വലയോടു സദൃശം. എല്ലായിനം മത്സ്യങ്ങളെയും ആ വലയില്‍ പിടിക്കുന്നു.

48 വല നിറയുമ്പോള്‍ മീന്‍പിടിത്തക്കാര്‍ വല വലിച്ചു കരയ്‍ക്കു കയറ്റിയശേഷം അവിടെയിരുന്നുകൊണ്ട് നല്ലമീന്‍ പാത്രങ്ങളിലിടുന്നു; ഉപയോഗശൂന്യമായവ പുറത്ത് എറിഞ്ഞുകളയുകയും ചെയ്യുന്നു. ഇതുപോലെ യുഗാന്ത്യത്തിലും സംഭവിക്കും.

49 മാലാഖമാര്‍ വന്ന് സജ്ജനങ്ങളില്‍നിന്നു ദുര്‍ജനങ്ങളെ വേര്‍തിരിച്ച് അഗ്നികുണ്ഡത്തില്‍ എറിഞ്ഞുകളയും.

50 അവിടെ അവര്‍ കരയുകയും പല്ലുകടിക്കുകയും ചെയ്യും.”

51

“ഇവയെല്ലാം നിങ്ങള്‍ക്കു മനസ്സിലായോ?” എന്ന് യേശു ചോദിച്ചു.

“ഉവ്വ്” എന്ന് അവര്‍ പറഞ്ഞു.

52

“അങ്ങനെയാണെങ്കില്‍ സ്വര്‍ഗരാജ്യത്തിനുവേണ്ടി ശിക്ഷണം ലഭിച്ചിട്ടുള്ള ഏതൊരു മതപണ്ഡിതനും തന്‍റെ നിക്ഷേപത്തില്‍നിന്നു പുതിയതും പഴയതും എടുത്തുകൊടുക്കുന്ന ഗൃഹനാഥനോടു സമനാകുന്നു” എന്നും യേശു പറഞ്ഞു.

53

ഈ സദൃശോക്തികള്‍ പൂര്‍ത്തിയാക്കിയശേഷം യേശു അവിടെനിന്നു പുറപ്പെട്ടു സ്വന്തം ദേശത്തു ചെന്നു; അവരുടെ സുനഗോഗില്‍ പോയി അവരെ പഠിപ്പിച്ചു.

54 അവര്‍ ആശ്ചര്യഭരിതരായി ഇങ്ങനെ പറഞ്ഞു: “ഈ അറിവും അദ്ഭുതസിദ്ധികളും ഈ മനുഷ്യന് എവിടെനിന്നു കിട്ടി?

55 ആ മരപ്പണിക്കാരന്‍റെ മകനല്ലേ ഇയാള്‍? മറിയം ഇയാളുടെ അമ്മയും യാക്കോബും യോസേഫും ശിമോനും യൂദായും ഇയാളുടെ സഹോദരന്മാരുമല്ലേ? ഇയാളുടെ സഹോദരികള്‍ എല്ലാവരും ഇവിടെത്തെന്നെ ഉണ്ടല്ലോ!

56 പിന്നെ ഇയാള്‍ക്ക് ഈ സിദ്ധികളെല്ലാം എവിടെനിന്ന്? ഇങ്ങനെ പറഞ്ഞുകൊണ്ട് അവര്‍ അവിടുത്തെ തിരസ്കരിച്ചു.

57

യേശു അവരോടു പറഞ്ഞു: “ഒരു പ്രവാചകന്‍ സ്വദേശത്തും സ്വഭവനത്തിലും മാത്രമേ നിന്ദിക്കപ്പെടുന്നുള്ളൂ.”

58 അവരുടെ അവിശ്വാസം നിമിത്തം യേശു അവിടെ അധികം അദ്ഭുതപ്രവൃത്തികള്‍ ചെയ്തില്ല.

14

1

അക്കാലത്തു ഗലീല ഭരിച്ചിരുന്ന ഹേരോദാ യേശുവിന്‍റെ കീര്‍ത്തിയെപ്പറ്റി കേട്ടിട്ട്, തന്‍റെ സേവകന്മാരോടു പറഞ്ഞു:

2 “ഇതു സ്നാപകയോഹന്നാന്‍ തന്നെയാണ്; അദ്ദേഹം മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ടാണ് അദ്ദേഹത്തിന് ഈ അദ്ഭുതസിദ്ധികളെല്ലാം ഉള്ളത്.”

3

തന്‍റെ സഹോദരന്‍ ഫീലിപ്പോസിന്‍റെ ഭാര്യ ഹേരോദ്യ നിമിത്തം ഹേരോദാ യോഹന്നാനെ ബന്ധനസ്ഥനാക്കി കാരാഗൃഹത്തിലടച്ചിരുന്നു.

4 ഹേരോദ്യയെ ഭാര്യയായി വച്ചുകൊണ്ടിരുന്നതു ന്യായമല്ല എന്നു യോഹന്നാന്‍ പറഞ്ഞതുകൊണ്ടാണ് അങ്ങനെ ചെയ്തത്.

5 യോഹന്നാനെ വധിക്കണമെന്ന് ഉദ്ദേശിച്ചിരുന്നെങ്കിലും ഹേരോദാരാജാവ് ജനങ്ങളെ ഭയപ്പെട്ടു; യോഹന്നാന്‍ ഒരു പ്രവാചകനാണെന്ന് അവര്‍ കരുതിയിരുന്നു.

6

ഹേരോദായുടെ ജന്മദിനം കൊണ്ടാടിയപ്പോള്‍ ഹേരോദ്യയുടെ പുത്രി രാജസദസ്സില്‍ ചെന്നു നൃത്തം ചെയ്തു ഹേരോദായെ സന്തോഷിപ്പിച്ചു.

7 “നീ എന്തുതന്നെ ചോദിച്ചാലും നാം അതു തീര്‍ച്ചയായും നിനക്കു തരാം” എന്നു രാജാവ് അവളോടു ശപഥം ചെയ്തു.

8

അവളാകട്ടെ അമ്മയുടെ പ്രേരണയനുസരിച്ച് “സ്നാപകയോഹന്നാന്‍റെ ശിരസ്സ് ഒരു താലത്തില്‍വച്ച് എനിക്കു തരണം” എന്ന് ആവശ്യപ്പെട്ടു.

9

രാജാവു ദുഃഖിതനായി. എങ്കിലും തന്‍റെ ശപഥത്തെയും അതിഥികളെയും ഓര്‍ത്ത് അപ്രകാരം ചെയ്തുകൊടുക്കുവാന്‍ രാജാവു കല്പിച്ചു.

10 അങ്ങനെ കാരാഗൃഹത്തില്‍വച്ച് യോഹന്നാനെ ശിരച്ഛേദം ചെയ്യിച്ചു.

11 എന്നിട്ട്, തല ഒരു താലത്തില്‍വച്ച് ആ പെണ്‍കുട്ടിക്കു കൊടുത്തു. അവള്‍ അതു കൊണ്ടുപോയി അമ്മയ്‍ക്കു കൊടുക്കുകയും ചെയ്തു.

12 യോഹന്നാന്‍റെ ശിഷ്യന്മാര്‍ ചെന്ന് മൃതദ്ദേഹം അടക്കം ചെയ്തശേഷം വിവരം യേശുവിനെ അറിയിച്ചു.

13

യേശു അതു കേട്ടപ്പോള്‍ ഒരു വഞ്ചിയില്‍ കയറി അവിടംവിട്ട് തനിച്ച് ഒരു വിജനസ്ഥലത്തേക്കു പോയി. ജനങ്ങള്‍ ഇതറിഞ്ഞു പട്ടണങ്ങളില്‍നിന്നു കാല്‍നടയായി അവിടുത്തെ പിന്തുടര്‍ന്നു.

14 യേശു അവിടെ ചെന്നിറങ്ങിയപ്പോള്‍ ഒരു വലിയ ജനസമൂഹത്തെ കണ്ടു. അവിടുത്തേക്ക് അവരില്‍ അനുകമ്പ തോന്നി. അവരുടെ കൂടെയുണ്ടായിരുന്ന രോഗികള്‍ക്ക് അവിടുന്ന് സൗഖ്യം നല്‌കി.

15

സന്ധ്യ ആയപ്പോള്‍ ശിഷ്യന്മാര്‍ അവിടുത്തോടു പറഞ്ഞു: “ഇതൊരു വിജനസ്ഥലമാണല്ലോ; നേരവും വൈകി; ജനങ്ങളെ പറഞ്ഞയച്ചാലും; അവര്‍ ഗ്രാമങ്ങളില്‍ ചെന്നു വല്ല ഭക്ഷണസാധനങ്ങളും വാങ്ങട്ടെ.”

16

യേശു അവരോടു പറഞ്ഞു: “അവര്‍ പോകേണ്ടതില്ല; നിങ്ങള്‍ തന്നെ അവര്‍ക്കു ഭക്ഷണം നല്‌കണം.”

17

അവര്‍ യേശുവിനോട്: “ഞങ്ങളുടെ പക്കല്‍ അഞ്ചപ്പവും രണ്ടു മീനുമല്ലാതെ മറ്റൊന്നുമില്ല” എന്നു പറഞ്ഞു.

18

[18,19] “അവ ഇങ്ങു കൊണ്ടുവരൂ” എന്നു പറഞ്ഞശേഷം ജനങ്ങളോടു പുല്‍പ്പുറത്തിരിക്കുവാന്‍ യേശു ആജ്ഞാപിച്ചു. അനന്തരം ആ അഞ്ചപ്പവും രണ്ടു മീനും എടുത്തു സ്വര്‍ഗത്തിലേക്കു നോക്കി സ്തോത്രം ചെയ്തു മുറിച്ച് ജനങ്ങള്‍ക്കു വിളമ്പിക്കൊടുക്കുവാന്‍ ശിഷ്യന്മാരെ ഏല്പിച്ചു.

19

20 എല്ലാവരും ഭക്ഷിച്ചു സംതൃപ്തരായി. ശേഷിച്ച അപ്പക്കഷണങ്ങള്‍ പന്ത്രണ്ടു കുട്ട നിറച്ചെടുത്തു.

21 ഭക്ഷണം കഴിച്ചവര്‍ സ്‍ത്രീകളെയും കുട്ടികളെയും കൂടാതെ അയ്യായിരത്തോളം പേര്‍ ഉണ്ടായിരുന്നു.

22

ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനിടയില്‍ ശിഷ്യന്മാരോട് തോണിയില്‍ കയറി തനിക്കു മുമ്പായി അക്കരയ്‍ക്കു പോകുവാന്‍ യേശു നിര്‍ബന്ധിച്ചു.

23 അതിനുശേഷം യേശു പ്രാര്‍ഥിക്കുന്നതിനായി തനിച്ചു കുന്നിന്‍റെ മുകളിലേക്കു കയറിപ്പോയി. സന്ധ്യ ആയപ്പോള്‍ അവിടെ അവിടുന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ.

24 ഈ സമയത്ത് ശിഷ്യന്മാര്‍ കയറിയ വഞ്ചി കരവിട്ടു വളരെദൂരം മുമ്പോട്ടു പോയിരുന്നു. കാറ്റു പ്രതികൂലമായിരുന്നതിനാല്‍ തിരമാലകള്‍ അടിച്ചു തോണി ഉലഞ്ഞു.

25

വെളുപ്പിനു മൂന്നുമണിക്കുശേഷം യേശു വെള്ളത്തിന്മീതെ നടന്ന് അവരുടെ അടുക്കലെത്തി.

26 യേശു വെള്ളത്തിന്മീതെ നടക്കുന്നതു കണ്ടപ്പോള്‍ ശിഷ്യന്മാര്‍ ഭയപരവശരായി. “ഇതാ, ഒരു ഭൂതം” എന്നു പറഞ്ഞ് അവര്‍ പേടിച്ചു നിലവിളിച്ചു.

27

ഉടനെ, “ധൈര്യപ്പെടുക ഞാനാണ്, ഭയപ്പെടേണ്ടാ” എന്ന് യേശു പറഞ്ഞു.

28

അപ്പോള്‍ പത്രോസ്, “കര്‍ത്താവേ, അങ്ങുതന്നെ ആണെങ്കില്‍ വെള്ളത്തിന്മീതെ നടന്ന് അങ്ങയുടെ അടുക്കല്‍ വരുവാന്‍ എന്നോടു കല്പിച്ചാലും” എന്നു പറഞ്ഞു.

29

“വരിക” എന്നു യേശു പറഞ്ഞു. പത്രോസ് വഞ്ചിയില്‍ നിന്നിറങ്ങി വെള്ളത്തിന്മീതെ നടന്ന് യേശുവിന്‍റെ അടുക്കലേക്കു നീങ്ങി.

30 എന്നാല്‍ കാറ്റിന്‍റെ ഉഗ്രതകൊണ്ട് പത്രോസ് ഭയപ്പെട്ടു വെള്ളത്തില്‍ താഴുവാന്‍ തുടങ്ങിയപ്പോള്‍, “കര്‍ത്താവേ, രക്ഷിക്കണമേ” എന്നു നിലവിളിച്ചു.

31

ഉടനെ യേശു കൈനീട്ടി പത്രോസിനെ പിടിച്ചുകൊണ്ട് “അല്പവിശ്വാസീ, നീ എന്തിനു സംശയിച്ചു?” എന്നു ചോദിച്ചു.

32 അവര്‍ വഞ്ചിയില്‍ കയറിയപ്പോള്‍ കാറ്റു നിലച്ചു.

33 “അങ്ങു സാക്ഷാല്‍ ദൈവപുത്രന്‍തന്നെ” എന്നു പറഞ്ഞുകൊണ്ട് ആ വഞ്ചിയിലുണ്ടായിരുന്നവര്‍ അവിടുത്തെ നമസ്കരിച്ചു.

34

[34,35] യേശു അക്കരെയുള്ള ഗന്നേസരെത്തില്‍ എത്തി. അവിടെയുള്ളവര്‍ അവിടുത്തെ തിരിച്ചറിഞ്ഞപ്പോള്‍ ചുറ്റുമുള്ള സ്ഥലങ്ങളിലെല്ലാം ആളയച്ച് സകല രോഗികളെയും അവിടുത്തെ അടുക്കല്‍ വരുത്തി.

35

36 തന്‍റെ വസ്ത്രത്തിന്‍റെ അഗ്രത്തില്‍ തൊടുവാനെങ്കിലും അനുവദിക്കണമെന്ന് അവര്‍ അവിടുത്തോടപേക്ഷിച്ചു; തൊട്ടവരെല്ലാം സുഖംപ്രാപിക്കുകയും ചെയ്തു.

15

1

അനന്തരം യെരൂശലേമില്‍നിന്നു പരീശന്മാരും മതപണ്ഡിതന്മാരും യേശുവിന്‍റെ അടുക്കല്‍വന്ന്

2 “അങ്ങയുടെ ശിഷ്യന്മാര്‍ പൂര്‍വികരുടെ പാരമ്പര്യങ്ങള്‍ ലംഘിക്കുന്നത് എന്തുകൊണ്ട്? അവര്‍ ഭക്ഷണം കഴിക്കുമ്പോള്‍ കൈ കഴുകുന്നില്ലല്ലോ” എന്നു പറഞ്ഞു.

3

യേശു അതിന് ഇങ്ങനെ മറുപടി നല്‌കി: “നിങ്ങളുടെ പാരമ്പര്യം പാലിക്കുന്നതിനുവേണ്ടി, ഈശ്വരകല്പനയെ നിങ്ങള്‍ ലംഘിക്കുന്നത് എന്തുകൊണ്ട്?

4 പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക എന്നും പിതാവിനെയോ മാതാവിനെയോ ദുഷിക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കണം എന്നും ദൈവം കല്പിച്ചിരിക്കുന്നു.

5 എന്നാല്‍ ‘പിതാവിനോ മാതാവിനോ എന്നില്‍നിന്നു ലഭിക്കേണ്ടതു എന്തെങ്കിലും ഞാന്‍ ദൈവത്തിനു നല്‌കിയിരിക്കുന്നു’ എന്ന് ഒരുവന്‍ പറഞ്ഞാല്‍ പിന്നെ അച്ഛനെയും അമ്മയെയും സംരക്ഷിക്കേണ്ടതില്ല എന്നു നിങ്ങള്‍ പഠിപ്പിക്കുന്നു.

6 അങ്ങനെ പാരമ്പര്യം പുലര്‍ത്താന്‍വേണ്ടി ദൈവവചനം നിങ്ങള്‍ നിരര്‍ഥകമാക്കുന്നു.

7 കപടഭക്തരേ, നിങ്ങളെക്കുറിച്ച് യെശയ്യാ പ്രവചിച്ചിരിക്കുന്നത് എത്രയോ വാസ്തവം.

8

ഈ ജനം അധരങ്ങള്‍കൊണ്ട്
എന്നെ ബഹുമാനിക്കുന്നു.
അവരുടെ ഹൃദയമാകട്ടെ എന്നില്‍നിന്നു
വിദൂരസ്ഥമായിരിക്കുന്നു.

9
അവര്‍ എന്നെ ആരാധിക്കുന്നതു വ്യര്‍ഥം;
മനുഷ്യനിര്‍മിതങ്ങളായ അനുശാസനങ്ങളാണ്
അവരുടെ ധര്‍മോപദേശം.

10

പിന്നീട് യേശു ജനങ്ങളെ അടുക്കല്‍ വിളിച്ച് അവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങള്‍ ഇതു കേട്ടു ഗ്രഹിച്ചുകൊള്ളുക:

11 മനുഷ്യന്‍റെ വായിലേക്കു ചെല്ലുന്നത് അല്ല അവനെ അശുദ്ധനാക്കുന്നത്; പ്രത്യുത വായില്‍നിന്നു പുറത്തു വരുന്നതാണ്.”

12

അനന്തരം ശിഷ്യന്മാര്‍ യേശുവിനോട്, “അങ്ങു പറഞ്ഞത് പരീശന്മാരെ പ്രകോപിപ്പിച്ചു എന്നുള്ളത് അങ്ങു മനസ്സിലാക്കിയോ?” എന്നു ചോദിച്ചു.

13

അവിടുന്ന് ഇങ്ങനെ മറുപടി പറഞ്ഞു: “എന്‍റെ സ്വര്‍ഗീയ പിതാവു നടാത്ത ചെടികളെല്ലാം വേരോടെ പിഴുതുപോകും. അവരെ കണക്കിലെടുക്കേണ്ടാ;

14 അവര്‍ അന്ധന്മാരായ വഴികാട്ടികളത്രേ. അന്ധന്‍ അന്ധനു വഴികാട്ടിയാല്‍ ഇരുവരും കുഴിയില്‍ വീഴുമല്ലോ.”

15

പത്രോസ് അവിടുത്തോട്, “ഈ ദൃഷ്ടാന്തം ഞങ്ങള്‍ക്കു വിശദീകരിച്ചുതന്നാലും” എന്ന് അഭ്യര്‍ഥിച്ചു.

16

യേശു മറുപടി പറഞ്ഞു: “നിങ്ങള്‍പോലും അത് ഇനിയും മനസ്സിലാക്കുന്നില്ലേ?

17 ഒരുവന്‍റെ വായിലേക്കു പോകുന്നതെന്തും അവന്‍റെ വയറ്റില്‍ ചെന്നശേഷം വിസര്‍ജിക്കപ്പെടുന്നു.

18 എന്നാല്‍ വായില്‍നിന്നു പുറത്തുവരുന്നത്, ഹൃദയത്തില്‍നിന്നത്രേ ഉദ്ഭവിക്കുന്നത്.

19 അങ്ങനെയുള്ള കാര്യങ്ങളാണു മനുഷ്യനെ അശുദ്ധനാക്കുന്നത്. ഹൃദയത്തില്‍നിന്നു ദുര്‍വികാരങ്ങള്‍, കൊലപാതകം, വ്യഭിചാരം, മറ്റ് അസാന്മാര്‍ഗിക കര്‍മങ്ങള്‍, മോഷണം, കള്ളസ്സാക്ഷ്യം, പരദൂഷണം എന്നിവ പുറപ്പെടുന്നു.

20 മനുഷ്യനെ അശുദ്ധനാക്കുന്നത് ഇവയാണ്; കഴുകാത്ത കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതല്ല.”

21

യേശു അവിടെനിന്ന് സോര്‍, സീദോന്‍ പ്രദേശങ്ങളിലേക്കു പോയി. അവിടെയുള്ള ഒരു കനാന്യസ്‍ത്രീ നിലവിളിച്ചുകൊണ്ട്,

22 “കര്‍ത്താവേ, ദാവീദിന്‍റെ പുത്രാ, എന്നോടു കനിവുണ്ടാകണമേ; എന്‍റെ മകളെ ഒരു ഭൂതം കഠിനമായി ബാധിച്ചിരിക്കുന്നു” എന്നു പറഞ്ഞു. യേശു ഒരു മറുപടിയും പറഞ്ഞില്ല.

23

ശിഷ്യന്മാര്‍ അടുത്തുചെന്ന് “ആ സ്‍ത്രീ കരഞ്ഞുകൊണ്ടു നമ്മുടെ പിന്നാലേ വരുന്നല്ലോ; അവളെ പറഞ്ഞയച്ചാലും” എന്ന് അഭ്യര്‍ഥിച്ചു.

24

അതിനു മറുപടിയായി അവിടുന്ന് പറഞ്ഞു: “ഇസ്രായേല്‍ വംശത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുക്കലേക്കു മാത്രമാണ് എന്നെ അയച്ചിരിക്കുന്നത്.”

25

എന്നാല്‍ ആ സ്‍ത്രീ വന്ന് അവിടുത്തെ മുമ്പില്‍ മുട്ടുകുത്തിക്കൊണ്ട്, “പ്രഭോ, എന്നെ സഹായിക്കണമേ” എന്ന് അപേക്ഷിച്ചു.

26

“കുഞ്ഞുങ്ങള്‍ക്കു കൊടുക്കാനുള്ള അപ്പമെടുത്തു നായ്‍ക്കുട്ടികള്‍ക്ക് ഇട്ടുകൊടുക്കുന്നതു നന്നല്ല” എന്ന് യേശു പ്രതിവചിച്ചു.

27

അപ്പോള്‍ ആ സ്‍ത്രീ പറഞ്ഞു: “അതേ, കര്‍ത്താവേ, നായ്‍ക്കുട്ടികളും യജമാനന്‍റെ മേശയില്‍നിന്നു വീഴുന്ന അപ്പക്കഷണങ്ങള്‍ തിന്നാറുണ്ടല്ലോ.”

28

യേശു ആ സ്‍ത്രീയോട് അരുള്‍ചെയ്തു: “അല്ലയോ സ്‍ത്രീയേ, നിന്‍റെ വിശ്വാസം വലുതുതന്നെ; നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ.” ആ നിമിഷത്തില്‍ത്തന്നെ അവളുടെ മകള്‍ രോഗവിമുക്തയായി.

29

യേശു അവിടെനിന്ന് ഗലീലത്തടാകത്തിന്‍റെ തീരത്തുകൂടി കടന്ന് ഒരു കുന്നിന്‍മുകളില്‍ കയറിയിരുന്നു. ഒരു വലിയ ജനസമൂഹം അദ്ദേഹത്തിന്‍റെ അടുക്കല്‍വന്നു.

30 മുടന്തന്മാര്‍, അന്ധന്മാര്‍, അംഗവൈകല്യമുള്ളവര്‍, ബധിരര്‍ മുതലായ പലവിധ രോഗികളെയും അവര്‍ കൂട്ടിക്കൊണ്ടുവന്ന് അവിടുത്തെ പാദസമക്ഷം ഇരുത്തി. അവിടുന്ന് അവരെ സുഖപ്പെടുത്തി.

31 മൂകര്‍ സംസാരിക്കുന്നതും വികലാംഗര്‍ സൗഖ്യം പ്രാപിക്കുന്നതും മുടന്തര്‍ നടക്കുന്നതും അന്ധന്മാര്‍ക്കു കാഴ്ച ലഭിക്കുന്നതും കണ്ട് ജനങ്ങള്‍ വിസ്മയഭരിതരായി ഇസ്രായേലിന്‍റെ ദൈവത്തെ പ്രകീര്‍ത്തിച്ചു.

32

യേശു ശിഷ്യന്മാരെ വിളിച്ചു പറഞ്ഞു: “ഈ ജനത്തെ കണ്ടിട്ട് എന്‍റെ മനസ്സ് അലിയുന്നു. മൂന്നു ദിവസമായിട്ട് അവര്‍ എന്‍റെകൂടെ ആയിരുന്നുവല്ലോ. അവര്‍ക്ക് ഭക്ഷിക്കുവാന്‍ ഒന്നുമില്ല. അവരെ പട്ടിണിക്കു പറഞ്ഞയയ്‍ക്കാന്‍ എനിക്കു മനസ്സുവരുന്നില്ല. അവര്‍ വഴിയില്‍ തളര്‍ന്നു വീണു പോയേക്കാം.”

33

ശിഷ്യന്മാര്‍ അവിടുത്തോടു ചോദിച്ചു: “ഈ വിജനസ്ഥലത്ത് ഇത്ര വലിയ ജനസഞ്ചയത്തിനു വേണ്ടത്ര ഭക്ഷണം എങ്ങനെ കിട്ടും?”

34

യേശു അവരോട്, “നിങ്ങളുടെ കൈവശം എത്ര അപ്പമുണ്ട്?” “ഏഴപ്പവും കുറെ ചെറിയ മീനുമുണ്ട്” എന്ന് അവര്‍ പറഞ്ഞു.

35

യേശു ജനത്തോട് നിലത്തിരിക്കുവാന്‍ ആജ്ഞാപിച്ചിട്ട്,

36 ആ ഏഴപ്പവും മീനും എടുത്തു സ്തോത്രംചെയ്തു മുറിച്ച് അവര്‍ക്കു വിളമ്പിക്കൊടുക്കുവാന്‍ ശിഷ്യന്മാരെ ഏല്പിച്ചു.

37 എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച അപ്പക്കഷണങ്ങള്‍ അവര്‍ ഏഴുവട്ടി നിറച്ചെടുത്തു.

38

ഭക്ഷിച്ചവര്‍ സ്‍ത്രീകളെയും കുട്ടികളെയും കൂടാതെ നാലായിരം പേരുണ്ടായിരുന്നു.

39 യേശു ജനസമൂഹത്തെ പിരിച്ചുവിട്ടശേഷം ഒരു വഞ്ചിയില്‍ കയറി മഗദാ എന്ന പ്രദേശത്തേക്കു പോയി.

16

1

പരീശന്മാരും സാദൂക്യരും യേശുവിനെ പരീക്ഷിക്കുന്നതിനായി അവിടുത്തെ അടുക്കലെത്തി ആകാശത്തുനിന്ന് ഒരടയാളം കാണിക്കുവാന്‍ ആവശ്യപ്പെട്ടു.

2 അവിടുന്ന് അവരോടു മറുപടി പറഞ്ഞു: “ വൈകുന്നേരം ആകാശം ചെമന്നിരിക്കുന്നതായി കണ്ടാല്‍ കാലാവസ്ഥ നന്നായിരിക്കുമെന്നും പ്രഭാതത്തില്‍ ആകാശം ചെമന്ന് ഇരുണ്ടിരിക്കുന്നതായി കണ്ടാല്‍ മഴയുണ്ടാകുമെന്നും നിങ്ങള്‍ പറയുന്നു.

3 അങ്ങനെ ആകാശത്തിന്‍റെ ഭാവഭേദങ്ങളെ വ്യാഖ്യാനിക്കുവാന്‍ നിങ്ങള്‍ക്കറിയാം. എന്നാല്‍ കാലത്തിന്‍റെ ലക്ഷണങ്ങളെ വ്യാഖ്യാനിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുന്നില്ലല്ലോ.

4 ദുഷ്ടതയും അവിശ്വസ്തതയുമുള്ള തലമുറ അടയാളം അന്വേഷിക്കുന്നു. യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും അവര്‍ക്കു നല്‌കപ്പെടുകയില്ല.”

അനന്തരം അവിടുന്ന് അവരെ വിട്ടുപോയി.

5

യേശുവിന്‍റെ ശിഷ്യന്മാര്‍ ഗലീലത്തടാകം കടന്നു മറുകരയ്‍ക്കു പോകുമ്പോള്‍ അപ്പമെടുക്കുവാന്‍ മറന്നുപോയി.

6 യേശു അവരോട്, “പരീശന്മാരുടെയും സാദൂക്യരുടെയും പുളിപ്പുമാവിനെ കരുതലോടെ സൂക്ഷിച്ചുകൊള്ളുക” എന്നു പറഞ്ഞു.

7

“നാം അപ്പം കൊണ്ടുപോരാഞ്ഞതിനെക്കുറിച്ചാണ് അവിടുന്ന് പറയുന്നത്” എന്ന് അവര്‍ തമ്മില്‍ പറഞ്ഞു.

8

യേശു അതറിഞ്ഞ് അവരോടു പറഞ്ഞു: “അല്പവിശ്വാസികളേ! അപ്പമില്ലാത്തതിനെച്ചൊല്ലി നിങ്ങള്‍ തമ്മില്‍ തര്‍ക്കിക്കുന്നതെന്തിന്? നിങ്ങള്‍ ഇത്രകാലമായിട്ടും മനസ്സിലാക്കുന്നില്ലേ? നിങ്ങള്‍ മറന്നുപോയോ?

9 അഞ്ചപ്പം അയ്യായിരം പേര്‍ക്കു കൊടുത്തപ്പോള്‍ എത്ര കുട്ട അപ്പം മിച്ചം വന്നു?

10 ഏഴപ്പം നാലായിരം പേര്‍ക്കു കൊടുത്തപ്പോള്‍ എത്ര വട്ടി അപ്പം മിച്ചം വന്നു?

11 അപ്പത്തെക്കുറിച്ചല്ല ഞാന്‍ പറഞ്ഞതെന്ന് എന്തുകൊണ്ടു നിങ്ങള്‍ മനസ്സിലാക്കുന്നില്ല? പരീശന്മാരുടെയും സാദൂക്യരുടെയും പുളിപ്പുമാവിനെ സൂക്ഷിച്ചുകൊള്ളണമെന്നാണു ഞാന്‍ പറഞ്ഞത്.”

12 അപ്പത്തിന്‍റെ പുളിപ്പിനെക്കുറിച്ചല്ല, പ്രത്യുത പരീശന്മാരുടെയും സാദൂക്യരുടെയും ഉപദേശത്തെക്കുറിച്ചാണ് അവിടുന്ന് പറഞ്ഞതെന്ന് ശിഷ്യന്മാര്‍ക്ക് അപ്പോള്‍ ബോധ്യമായി.

13

കൈസര്യ ഫിലിപ്പിയുടെ പ്രാന്തപ്രദേശത്ത് എത്തിയപ്പോള്‍ “മനുഷ്യപുത്രന്‍ ആരാകുന്നു എന്നാണു ജനങ്ങള്‍ പറയുന്നത്?” എന്നു യേശു ശിഷ്യന്മാരോടു ചോദിച്ചു.

14

“സ്നാപകയോഹന്നാന്‍ എന്നു ചിലരും ഏലിയാ എന്നു മറ്റു ചിലരും യിരെമ്യായോ അഥവാ പ്രവാചകന്മാരില്‍ ഒരുവനോ എന്നു വേറേ ചിലരും പറയുന്നു” എന്ന് അവര്‍ മറുപടി പറഞ്ഞു.

15

“ആകട്ടെ ഞാന്‍ ആരാണെന്നാണു നിങ്ങള്‍ പറയുന്നത്?” എന്ന് അവിടുന്ന് അവരോടു ചോദിച്ചു.

16

“അവിടുന്ന് ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു ആകുന്നു” എന്നു ശിമോന്‍ പത്രോസ് പറഞ്ഞു.

17

അപ്പോള്‍ യേശു അരുള്‍ചെയ്തു: “യോനായുടെ പുത്രനായ ശിമോനേ, നീ അനുഗൃഹീതനാകുന്നു. മാംസരക്തങ്ങളോടുകൂടിയ മനുഷ്യര്‍ ആരുമല്ല ഈ സത്യം നിനക്കു വെളിപ്പെടുത്തിയത്, പിന്നെയോ സ്വര്‍ഗത്തിലുള്ള പിതാവത്രേ. ഞാന്‍ നിന്നോടു പറയുന്നു:

18 നീ പത്രോസ് ആകുന്നു; ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭയെ പണിയും. അധോലോകത്തിന്‍റെ ശക്തികള്‍ അതിനെ ജയിക്കുകയില്ല.

19 സ്വര്‍ഗരാജ്യത്തിന്‍റെ താക്കോലുകള്‍ ഞാന്‍ നിനക്കു തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെന്തും സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും.”

20

പിന്നീട്, താന്‍ ക്രിസ്തു ആകുന്നു എന്ന് ആരോടും പറയരുതെന്ന് അവിടുന്ന് ശിഷ്യന്മാരോടു കര്‍ശനമായി ആജ്ഞാപിച്ചു.

21

താന്‍ യെരൂശലേമിലേക്കു പോകേണ്ടതാണെന്നും യെഹൂദപ്രമാണികളില്‍നിന്നും പുരോഹിതമുഖ്യന്മാരില്‍നിന്നും മതപണ്ഡിതന്മാരില്‍നിന്നും വളരെയധികം പീഡനങ്ങള്‍ സഹിക്കുകയും വധിക്കപ്പെടുകയും മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേല്‌ക്കുകയും ചെയ്യേണ്ടതാണെന്നും അന്നുമുതല്‍ യേശു വ്യക്തമാക്കുവാന്‍ തുടങ്ങി.

22

പത്രോസ് അവിടുത്തെ മാറ്റി നിര്‍ത്തി ശാസിച്ചു. “അത് ഒരിക്കലും പാടില്ല, നാഥാ! അങ്ങേക്ക് അതു സംഭവിക്കരുതേ” എന്നു പത്രോസ് പറഞ്ഞു.

23

യേശു തിരിഞ്ഞു പത്രോസിനോട്, “സാത്താനേ, പോകൂ എന്‍റെ മുമ്പില്‍നിന്ന്; നീ എനിക്കു മാര്‍ഗതടസ്സമായിരിക്കുന്നു; നിന്‍റെ ചിന്താഗതി ദൈവികമല്ല, മാനുഷികമാണ്.”

24

പിന്നീടു യേശു ശിഷ്യന്മാരോടു പറഞ്ഞു: “ഒരുവന്‍ എന്നെ അനുഗമിക്കുവാന്‍ ഇച്ഛിക്കുന്നു എങ്കില്‍ സ്വയം ത്യജിച്ച് തന്‍റെ കുരിശെടുത്ത് എന്നെ അനുഗമിക്കട്ടെ.

25 ആരെങ്കിലും തന്‍റെ ജീവനെ പരിരക്ഷിക്കുവാന്‍ ഇച്ഛിക്കുന്നുവെങ്കില്‍ അവന്‍ അതിനെ നഷ്ടപ്പെടുത്തും.

26 എനിക്കുവേണ്ടി തന്‍റെ ജീവനെ നഷ്ടപ്പെടുത്തുന്നവന്‍ അതിനെ കണ്ടെത്തും. ഒരുവന്‍ സമസ്തലോകവും നേടിയാലും തന്‍റെ ജീവനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്തു പ്രയോജനം? അവന്‍റെ ജീവന്‍ വീണ്ടും ലഭിക്കുന്നതിന് അവനെക്കൊണ്ട് എന്തു ചെയ്യാന്‍ സാധിക്കും?

27 മനുഷ്യപുത്രന്‍ മാലാഖമാരുടെ അകമ്പടിയോടുകൂടി തന്‍റെ പിതാവിന്‍റെ തേജസ്സില്‍ ഇതാ വരുന്നു. അപ്പോള്‍ ഓരോരുത്തര്‍ക്കും താന്താങ്ങള്‍ ചെയ്ത പ്രവൃത്തിക്കനുസൃതമായ പ്രതിഫലം നല്‌കും.

28 മനുഷ്യപുത്രന്‍ രാജത്വം പ്രാപിച്ചുവരുന്നത് കാണുന്നതിനുമുമ്പ് ഇവിടെ നില്‌ക്കുന്നവരില്‍ ചിലര്‍ മരിക്കുകയില്ലെന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നു.”

17

1

ആറു ദിവസം കഴിഞ്ഞ് യേശു പത്രോസിനെയും യാക്കോബിനെയും യാക്കോബിന്‍റെ സഹോദരന്‍ യോഹന്നാനെയും കൂട്ടിക്കൊണ്ട് ഒരു ഉയര്‍ന്ന മലയിലേക്കു പോയി. അവിടെ അവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

2 അവിടുന്ന് അവരുടെ കണ്‍മുമ്പില്‍വച്ചു രൂപാന്തരം പ്രാപിച്ചു. അവിടുത്തെ മുഖം സൂര്യനെപ്പോലെ ശോഭയുള്ളതായിത്തീര്‍ന്നു; വസ്ത്രം പ്രകാശംപോലെ വെണ്‍മയുള്ളതായും

3 മോശയും ഏലിയായും പ്രത്യക്ഷപ്പെട്ട് യേശുവിനോടു സംസാരിക്കുന്നതായും അവര്‍ കണ്ടു.

4 അപ്പോള്‍ പത്രോസ് യേശുവിനോടു പറഞ്ഞു: “നാഥാ, നാം ഇവിടെ ആയിരിക്കുന്നത് എത്ര നന്ന്! അങ്ങ് ഇച്ഛിക്കുന്നെങ്കില്‍ ഞാന്‍ മൂന്നു കൂടാരങ്ങള്‍ ഇവിടെ നിര്‍മിക്കാം; ഒന്ന് അവിടുത്തേക്കും, ഒന്നു മോശയ്‍ക്കും ഒന്ന് ഏലിയായ്‍ക്കും.”

5

പത്രോസ് ഇങ്ങനെ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ വെട്ടിത്തിളങ്ങുന്ന ഒരു മേഘം വന്ന് അവരെ മൂടി; “ഇവന്‍ എന്‍റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു; ഇവന്‍ പറയുന്നതു ശ്രദ്ധിക്കുക” എന്നു മേഘത്തില്‍നിന്ന് ഒരു അശരീരിയും കേട്ടു.

6

ശിഷ്യന്മാര്‍ ഈ ശബ്ദം കേട്ടപ്പോള്‍ അത്യന്തം ഭയപരവശരായി കമിഴ്ന്നുവീണു.

7 യേശു അവരുടെ അടുത്തുചെന്ന് അവരെ തൊട്ടുകൊണ്ട് “എഴുന്നേല്‌ക്കൂ ഭയപ്പെടേണ്ടാ” എന്നു പറഞ്ഞു.

8 അവര്‍ തല ഉയര്‍ത്തി നോക്കിയപ്പോള്‍ യേശുവിനെ അല്ലാതെ മറ്റാരെയും കണ്ടില്ല.

9

മലയില്‍നിന്ന് ഇറങ്ങിവരുമ്പോള്‍ യേശു അവരോട് ആജ്ഞാപിച്ചു: “മനുഷ്യപുത്രന്‍ മരിച്ചവരുടെ ഇടയില്‍നിന്ന് ഉത്ഥാനം ചെയ്യുന്നതുവരെ നിങ്ങളുടെ ഈ ദര്‍ശനത്തെക്കുറിച്ച് ആരോടും പറയരുത്.”

10

അപ്പോള്‍ ശിഷ്യന്മാര്‍ അവിടുത്തോടു ചോദിച്ചു: “ആദ്യം ഏലിയാ വരേണ്ടതാണെന്നു മതപണ്ഡിതന്മാര്‍ പറയുന്നത് എന്തുകൊണ്ട്?”

11

അതിന് യേശു മറുപടി പറഞ്ഞു: “ഏലിയാ ആദ്യം വരികയും എല്ലാം പുനഃസ്ഥാപിക്കുകയും വേണം,

12 എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു: ഏലിയാ വന്നുകഴിഞ്ഞിരിക്കുന്നു; ആരും അദ്ദേഹത്തെ അറിഞ്ഞില്ല; തങ്ങള്‍ക്കു തോന്നിയതെല്ലാം അവര്‍ അദ്ദേഹത്തോടു ചെയ്തു. അതുപോലെതന്നെ മനുഷ്യപുത്രനെയും അവര്‍ പീഡിപ്പിക്കും.”

13

സ്നാപകയോഹന്നാനെക്കുറിച്ചാണ് തങ്ങളോട് അരുള്‍ചെയ്തതെന്ന് ശിഷ്യന്മാര്‍ക്ക് അപ്പോള്‍ മനസ്സിലായി.

14

അവര്‍ ജനക്കൂട്ടത്തിനടുത്തു തിരിച്ചുചെന്നപ്പോള്‍ ഒരു മനുഷ്യന്‍ യേശുവിന്‍റെ മുമ്പില്‍ മുട്ടുകുത്തി അവിടുത്തോടു പറഞ്ഞു:

15 “കര്‍ത്താവേ, എന്‍റെ മകനോടു കരുണയുണ്ടാകണമേ! അപസ്മാരരോഗിയായ അവന്‍ വളരെയധികം കഷ്ടപ്പെടുന്നു. അവന്‍ പലപ്പോഴും തീയിലും വെള്ളത്തിലും വീഴുന്നു.

16 ഞാന്‍ അവനെ അങ്ങയുടെ ശിഷ്യന്മാരുടെ അടുക്കല്‍ കൊണ്ടുവന്നു. അവര്‍ക്ക് അവനെ സുഖപ്പെടുത്തുവാന്‍ കഴിഞ്ഞില്ല.”

17

യേശു ഇപ്രകാരം മറുപടി പറഞ്ഞു: “അവിശ്വാസവും വഴിപിഴച്ചതുമായ തലമുറ! എത്രകാലം ഞാന്‍ നിങ്ങളോടുകൂടിയിരിക്കും? എത്രത്തോളം ഞാന്‍ നിങ്ങളെ വഹിക്കും?

18 ആ ബാലനെ ഇങ്ങു കൊണ്ടുവരൂ.” പിന്നീട് യേശു ഭൂതത്തെ ശാസിച്ചു; ഭൂതം ആ ബാലനില്‍നിന്ന് ഒഴിഞ്ഞുപോയി. തല്‍ക്ഷണം അവന്‍ സുഖംപ്രാപിച്ചു.

19

ശിഷ്യന്മാര്‍ രഹസ്യമായി യേശുവിന്‍റെ അടുത്തുവന്ന്, “ഞങ്ങള്‍ക്ക് എന്തുകൊണ്ടാണ് ആ ഭൂതത്തെ പുറത്താക്കുവാന്‍ കഴിയാഞ്ഞത്?” എന്നു ചോദിച്ചു.

20

യേശു പ്രതിവചിച്ചു: “നിങ്ങളുടെ വിശ്വാസത്തിന്‍റെ കുറവുകൊണ്ടുതന്നെ. ഞാന്‍ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു, ഒരു കടുകുമണിയോളം വിശ്വാസം നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ മലയോട് ‘ഇവിടെനിന്ന് അങ്ങോട്ടു മാറുക’ എന്നു പറഞ്ഞാല്‍ അതു മാറും. നിങ്ങള്‍ക്ക് ഒന്നും അസാധ്യമായിരിക്കുകയില്ല.

21 പ്രാര്‍ഥനയാലും ഉപവാസത്താലുമല്ലാതെ മറ്റൊന്നുകൊണ്ടും ഈ ജാതിയെ ഒഴിച്ചുവിടാന്‍ സാധ്യമല്ല.”

22

ഗലീലയില്‍ അവര്‍ ഒരുമിച്ചു കൂടിയപ്പോള്‍ യേശു അവരോടു പറഞ്ഞു: “മനുഷ്യപുത്രന്‍ മനുഷ്യരുടെ കൈയില്‍ ഏല്പിക്കപ്പെടുവാന്‍ പോകുകയാണ്.

23 അവര്‍ അവനെ വധിക്കും; എന്നാല്‍ മൂന്നാം നാള്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‌ക്കും.” ഇതുകേട്ട് ശിഷ്യന്മാര്‍ അത്യധികം ദുഃഖിച്ചു.

24

അവര്‍ കഫര്‍ന്നഹൂമില്‍ എത്തിയപ്പോള്‍ ദേവാലയനികുതി പിരിക്കുന്നവര്‍ പത്രോസിനോട്, “നിങ്ങളുടെ ഗുരു ദേവാലയനികുതി കൊടുക്കാറുണ്ടോ?” എന്നു ചോദിച്ചു. “ഉണ്ട്” എന്നു പത്രോസ് പറഞ്ഞു.

25

വീട്ടില്‍ ചെന്നപ്പോള്‍ പത്രോസ് ഇതിനെപ്പറ്റി പറയുന്നതിനു മുമ്പ് യേശു ചോദിച്ചു: “ശിമോനേ, നിന്‍റെ അഭിപ്രായം എന്താണ്? ഈ ലോകത്തിലെ രാജാക്കന്മാര്‍ ആരില്‍നിന്നാണു ചുങ്കമോ തലപ്പണമോ പിരിക്കുന്നത്? സ്വന്തം രാജ്യത്തിലെ പൗരന്മാരില്‍നിന്നോ, വിദേശീയരില്‍നിന്നോ?”

26

“വിദേശീയരില്‍നിന്ന് എന്നു പറഞ്ഞപ്പോള്‍ യേശു പത്രോസിനോട്, “അങ്ങനെയെങ്കില്‍ പൗരന്മാര്‍ അവ കൊടുക്കേണ്ടതില്ലല്ലോ.

27 എന്നാല്‍ നാം അവരെ പിണക്കേണ്ട ആവശ്യമില്ല; നീ പോയി തടാകത്തില്‍ ചൂണ്ടയിടുക; ആദ്യം കിട്ടുന്ന മീനിന്‍റെ വായില്‍നിന്ന് ഒരു നാണയം കിട്ടും. എന്‍റെയും നിന്‍റെയും ദേവാലയനികുതി കൊടുക്കുവാന്‍ അതു മതിയാകും; അതെടുത്തു നമ്മുടെ നികുതി അടയ്‍ക്കുക.”

18

1

ആ സമയത്ത് സ്വര്‍ഗരാജ്യത്തില്‍ ഏറ്റവും വലിയവന്‍ ആരാണെന്നു ചോദിച്ചുകൊണ്ട് ശിഷ്യന്മാര്‍ യേശുവിനെ സമീപിച്ചു.

2

ഒരു ശിശുവിനെ വിളിച്ച് അവരുടെ മധ്യത്തില്‍ നിറുത്തിയിട്ട് യേശു പറഞ്ഞു:

3 “നിങ്ങള്‍ക്കു പരിവര്‍ത്തനമുണ്ടായി ശിശുക്കളെപ്പോലെ ആയിത്തീരുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരിക്കലും സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല എന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു.

4 സ്വയമേവ എളിമപ്പെട്ട് ഈ ശിശുവിനെപ്പോലെ ആയിത്തീരുന്നവനാണ് സ്വര്‍ഗരാജ്യത്തില്‍ ഏറ്റവും വലിയവന്‍.

5 ഇതുപോലെയുള്ള ഒരു ശിശുവിനെ എന്‍റെ നാമത്തില്‍ ഏതൊരുവന്‍ സ്വീകരിക്കുന്നുവോ അവന്‍ എന്നെ സ്വീകരിക്കുന്നു.”

6

“ഈ ചെറിയവരില്‍ ഒരുവനെ എന്നിലുള്ള വിശ്വാസത്തില്‍നിന്നു വഴിതെറ്റിക്കുന്നവനു കൂടുതല്‍ നല്ലത് തന്‍റെ കഴുത്തില്‍ വലിയൊരു തിരികല്ലു കെട്ടി ആഴക്കടലില്‍ താഴ്ത്തപ്പെടുന്നതാണ്.

7

“പാപത്തിലേക്കുള്ള പ്രലോഭനം നിമിത്തം ലോകത്തിന്‍റെ അവസ്ഥ എത്ര ശോചനീയം! പ്രലോഭനങ്ങള്‍ ഉണ്ടായേ തീരൂ; എങ്കിലും യാതൊരുവനാല്‍ അത് ഉണ്ടാകുന്നുവോ, ആ മനുഷ്യന് ഹാ കഷ്ടം!

8

“നിന്‍റെ കൈയോ, കാലോ നിന്നെ വഴിതെറ്റിക്കുന്നു എങ്കില്‍ അതു വെട്ടി എറിഞ്ഞുകളയുക; രണ്ടു കൈയോ രണ്ടു കാലോ ഉള്ളവനായി നിത്യാഗ്നിയില്‍ എറിയപ്പെടുന്നതിനെക്കാള്‍ അംഗഹീനനായോ, മുടന്തനായോ ജീവനില്‍ പ്രവേശിക്കുന്നതാണു നിനക്കു നല്ലത്.

9 നിന്‍റെ കണ്ണു നിന്നെ വഴിതെറ്റിക്കുന്നു എങ്കില്‍ അതു ചുഴന്നെടുത്ത് എറിഞ്ഞുകളയുക; രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തില്‍ എറിയപ്പെടുന്നതിനെക്കാള്‍ ഒരു കണ്ണുള്ളവനായി ജീവനില്‍ പ്രവേശിക്കുന്നതാണു നിനക്കു നല്ലത്.

10

“ഈ ചെറിയവരില്‍ ഒരുവനെ നിന്ദിക്കാതിരിക്കുവാന്‍ നോക്കിക്കൊള്ളുക; അവരുടെ മാലാഖമാര്‍ സ്വര്‍ഗത്തിലുള്ള എന്‍റെ പിതാവിന്‍റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

11 നഷ്ടപ്പെട്ടതിനെ രക്ഷിക്കുവാനാണല്ലോ മനുഷ്യപുത്രന്‍ വന്നത്.

12

“നിങ്ങള്‍ക്ക് എന്തു തോന്നുന്നു? ഒരാള്‍ക്ക് നൂറ് ആടുണ്ട് എന്നിരിക്കട്ടെ; അവയില്‍ ഒന്നു വഴിതെറ്റിപ്പോയാല്‍ അയാള്‍ തൊണ്ണൂറ്റിഒന്‍പതിനെയും മലയില്‍ വിട്ടിട്ട് വഴി തെറ്റിപ്പോയതിനെ അന്വേഷിച്ചുപോകുകയില്ലേ?

13 കണ്ടുകിട്ടിയാല്‍ വഴിതെറ്റിപ്പോകാത്ത തൊണ്ണൂറ്റിഒന്‍പതിനെപ്പറ്റിയുള്ളതിനെക്കാള്‍ അധികം സന്തോഷം നിശ്ചയമായും ആ കാണാതെപോയ ആടിനെക്കുറിച്ച് അയാള്‍ക്കുണ്ടാകുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

14 അതുപോലെ ഈ ചെറിയവരില്‍ ഒരുവന്‍പോലും നശിച്ചു പോകുവാന്‍ സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് ഇച്ഛിക്കുന്നില്ല.

15

“നിന്‍റെ സഹോദരന്‍ നിനക്കെതിരെ എന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ അയാളുടെ അടുക്കല്‍ തനിച്ചുചെന്ന്, അയാളുടെ തെറ്റു ചൂണ്ടിക്കാണിക്കുക; അയാള്‍ നിന്‍റെ വാക്കുകള്‍ കേള്‍ക്കുന്ന പക്ഷം നിന്‍റെ സഹോദരനെ നീ നേടിക്കഴിഞ്ഞു.

16 എന്നാല്‍ അയാള്‍ നിന്‍റെ വാക്കുകള്‍ കേള്‍ക്കുന്നില്ലെങ്കില്‍ ഒന്നോ രണ്ടോ ആളുകളെ കൂട്ടിക്കൊണ്ടു ചെല്ലുക. രണ്ടോ അതിലധികമോ സാക്ഷികള്‍ നല്‌കുന്ന തെളിവിനാല്‍ ഓരോ വാക്കും സ്ഥിരീകരിക്കപ്പെടുമല്ലോ.

17 അവരെയും അയാള്‍ കൂട്ടാക്കാതെയിരുന്നാല്‍ സകല കാര്യങ്ങളും സഭയോടു പറയുക. സഭയ്‍ക്കും വഴങ്ങാതെ വന്നാല്‍ അയാള്‍ നിങ്ങള്‍ക്കു വിജാതീയനോ ചുങ്കക്കാരനോപോലെ ആയിരിക്കട്ടെ.

18

“ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: നിങ്ങള്‍ ഭൂമിയില്‍ ബന്ധിക്കുന്നതെല്ലാം സ്വര്‍ഗത്തിലും ബന്ധിക്കപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും.

19

“ഞാന്‍ വീണ്ടും നിങ്ങളോടു പറയുന്നു: ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ ഒരുമയോടുകൂടി ഏതെങ്കിലും കാര്യത്തിനുവേണ്ടി പ്രാര്‍ഥിച്ചാല്‍, സ്വര്‍ഗസ്ഥനായ എന്‍റെ പിതാവ് അവര്‍ക്ക് അതു സാധിച്ചുകൊടുക്കും.

20 എന്‍റെ നാമത്തില്‍ രണ്ടോ മൂന്നോ പേര്‍ എവിടെ കൂടുന്നുവോ അവിടെ അവരുടെ മധ്യത്തില്‍ ഞാനുണ്ടായിരിക്കും.”

21

അനന്തരം പത്രോസ് യേശുവിനോട്, “കര്‍ത്താവേ, എന്‍റെ സഹോദരന്‍ എന്നോടു തെറ്റു ചെയ്താല്‍ എത്ര പ്രാവശ്യം ഞാന്‍ മാപ്പു കൊടുക്കണം? ഏഴുപ്രാവശ്യം മതിയോ എന്നു ചോദിച്ചു.

22 യേശു ഉത്തരമരുളി: “ഏഴല്ല ഏഴ് എഴുപതു വട്ടമെന്നാണു” ഞാന്‍ പറയുന്നത്.

23

“തന്‍റെ ഭൃത്യന്മാരുമായി കണക്കു തീര്‍ക്കാന്‍ നിശ്ചയിച്ച രാജാവിനോടു സ്വര്‍ഗരാജ്യത്തെ ഉപമിക്കാം.

24 രാജാവു കണക്കുതീര്‍ത്തു തുടങ്ങിയപ്പോള്‍ പതിനായിരം താലന്തു കൊടുക്കുവാനുള്ള ഒരുവനെ അദ്ദേഹത്തിന്‍റെ മുമ്പില്‍ ഹാജരാക്കി.

25 അയാള്‍ക്കു കടം വീട്ടാനുള്ള വകയില്ലായിരുന്നു. അതുകൊണ്ട് അയാളെയും ഭാര്യയെയും മക്കളെയും എന്നല്ല അയാള്‍ക്കുള്ള സര്‍വസ്വവും വിറ്റു കടം ഈടാക്കാന്‍ രാജാവ് ഉത്തരവിട്ടു.

26 ആ ഭൃത്യന്‍ അദ്ദേഹത്തിന്‍റെ സന്നിധിയില്‍ താണുവീണ് ‘എനിക്ക് അല്പം സാവകാശം തരണമേ! അങ്ങേക്കു തരാനുള്ള സകലവും ഞാന്‍ തന്നു തീര്‍ത്തുകൊള്ളാം’ എന്നു പറഞ്ഞു.

27 രാജാവു മനസ്സലിഞ്ഞ് അയാളെ വിട്ടയയ്‍ക്കുകയും അയാളുടെ കടം ഇളച്ചുകൊടുക്കുകയും ചെയ്തു.

28

“എന്നാല്‍ ആ ഭൃത്യന്‍ പുറത്തേക്കു പോയപ്പോള്‍ നൂറു ദിനാറിനു തന്നോടു കടപ്പെട്ടിരുന്ന ഒരു സഹഭൃത്യനെ കണ്ടു. ഉടന്‍ തന്നെ തന്‍റെ ഇടപാടു തീര്‍ക്കണമെന്നു പറഞ്ഞ് ആ ഭൃത്യന്‍ അയാളുടെ കഴുത്തിനു കുത്തിപ്പിടിച്ചു ഞെരിച്ചു.

29 ‘എനിക്ക് അല്പം സാവകാശം തരണേ! ഞാന്‍ തന്നുതീര്‍ത്തുകൊള്ളാം’ എന്ന് അയാള്‍ കേണപേക്ഷിച്ചു.

30 എങ്കിലും, അയാളതു സമ്മതിക്കാതെ കടം വീട്ടുന്നതുവരെ ആ സഹഭൃത്യനെ കാരാഗൃഹത്തിലടപ്പിച്ചു.

31 ഇതു കണ്ട് മറ്റു ഭൃത്യന്മാര്‍ അതീവ ദുഃഖിതരായി സംഭവിച്ചതെല്ലാം രാജാവിനെ അറിയിച്ചു.

32 രാജാവ് ആ ഭൃത്യനെ വിളിപ്പിച്ചു പറഞ്ഞു: ദുഷ്ട ഭൃത്യാ! നീ കെഞ്ചിയപേക്ഷിച്ചതുകൊണ്ട് നിന്‍റെ കടമെല്ലാം ഞാന്‍ ഇളച്ചുതന്നു; നിന്നോട് എനിക്കു കനിവു തോന്നിയതുപോലെ

33 നിന്‍റെ സഹഭൃത്യനോടും നിനക്കു കനിവുണ്ടാകേണ്ടതല്ലേ?’

34 രോഷാകുലനായ രാജാവ് കടം മുഴുവന്‍ വീട്ടുന്നതുവരെ ആ ഭൃത്യനെ കാരാഗൃഹത്തിലടയ്‍ക്കുവാന്‍ ജയിലധികാരികളെ ഏല്പിച്ചു.

35

“നിങ്ങളുടെ സഹോദരനോടു നിങ്ങളോരോരുത്തരും ഹൃദയപൂര്‍വം ക്ഷമിക്കാതിരുന്നാല്‍ സ്വര്‍ഗസ്ഥനായ എന്‍റെ പിതാവു നിങ്ങളോടും ക്ഷമിക്കുകയില്ല.”

19

1

ഈ കാര്യങ്ങളെല്ലാം അരുള്‍ചെയ്തശേഷം യേശു ഗലീല വിട്ട്, യെഹൂദ്യയില്‍ യോര്‍ദ്ദാന്‍റെ മറുകരെയുള്ള പ്രദേശത്ത് എത്തി.

2 ഒരു വലിയ ജനസഞ്ചയം അവിടുത്തെ അനുഗമിച്ചു. അവിടുന്ന് അവരുടെ രോഗങ്ങള്‍ സുഖപ്പെടുത്തി.

3

പരീശന്മാര്‍ വന്ന് അവിടുത്തെ പരീക്ഷിക്കുവാന്‍വേണ്ടി ചോദിച്ചു: “കാരണം എന്തുതന്നെ ആയാലും ഒരുവന്‍ തന്‍റെ ഭാര്യയെ ഉപേക്ഷിക്കുന്നതു ന്യായമാണോ?”

4

യേശു മറുപടി പറഞ്ഞു: “ആദിയില്‍ സ്രഷ്ടാവ് അവരെ ആണും പെണ്ണുമായി സൃഷ്‍ടിച്ചു,

5 ‘അതുകൊണ്ട് ഒരു മനുഷ്യന്‍ മാതാവിനെയും പിതാവിനെയും വിട്ട് തന്‍റെ ഭാര്യയോടു പറ്റിച്ചേരും; അവര്‍ ഇരുവരും ഒരു ദേഹമായിത്തീരുകയും ചെയ്യും’ എന്നു വേദഗ്രന്ഥത്തില്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ?

6 അതുകൊണ്ട് അതുമുതല്‍ അവര്‍ രണ്ടല്ല ഒരു ശരീരമത്രേ. അതിനാല്‍ ദൈവം കൂട്ടിച്ചേര്‍ത്തത് മനുഷ്യന്‍ ഒരിക്കലും വേര്‍പിരിച്ചുകൂടാ.”

7

“അങ്ങനെയാണെങ്കില്‍ ഒരു മനുഷ്യന്‍ തന്‍റെ ഭാര്യക്ക് മോചനപത്രം കൊടുത്തിട്ട് അവളെ ഉപേക്ഷിക്കുവാന്‍ മോശ കല്പിച്ചിരിക്കുന്നത് എന്തുകൊണ്ട്?” എന്നു പരീശന്മാര്‍ അദ്ദേഹത്തോടു ചോദിച്ചു.

8

അപ്പോള്‍ യേശു പറഞ്ഞു: “നിങ്ങള്‍ക്ക് ഇതിലുപരി ഗ്രഹിക്കുവാന്‍ കഴിയാത്തതുകൊണ്ടാണ് ഭാര്യയെ ഉപേക്ഷിക്കുവാന്‍ മോശ അനുവദിച്ചത്. എന്നാല്‍ സൃഷ്‍ടിയുടെ ആരംഭംമുതല്‍ അങ്ങനെ അല്ലായിരുന്നു.

9 ഞാന്‍ നിങ്ങളോടു പറയുന്നു: ഭാര്യയുടെ അവിശ്വസ്തത നിമിത്തമല്ലാതെ അവളെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം കഴിക്കുന്നപക്ഷം അങ്ങനെയുള്ള ഏതൊരുവനും വ്യഭിചാരം ചെയ്യുന്നു. ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.

10

അപ്പോള്‍ ശിഷ്യന്മാര്‍ പറഞ്ഞു: “ഭാര്യാഭര്‍ത്തൃബന്ധം ഇങ്ങനെയാണെങ്കില്‍ വിവാഹം കഴിക്കാതിരിക്കുകയാണു ഭേദം.”

11

എന്നാല്‍ യേശു അവരോട് അരുള്‍ചെയ്തു: ഈ ഉപദേശം, വരം ലഭിച്ചവര്‍ക്കല്ലാതെ ആര്‍ക്കും ഗ്രഹിക്കുവാന്‍ കഴിയുകയില്ല.

12 മനുഷ്യര്‍ക്ക്, വിവാഹം കഴിക്കാതിരിക്കുവാന്‍ പല കാരണങ്ങളുമുണ്ട്. ചിലര്‍ ജന്മനാ ഷണ്ഡന്മാരാകുന്നു; മറ്റു ചിലര്‍ ഷണ്ഡന്മാരാക്കപ്പെടുന്നു; സ്വര്‍ഗരാജ്യത്തിനുവേണ്ടി ബ്രഹ്മചര്യം സ്വീകരിക്കുന്നവരുമുണ്ട്. ഇതു ഗ്രഹിക്കുവാന്‍ കഴിയുന്നവര്‍ ഗ്രഹിക്കട്ടെ.”

13

തങ്ങളുടെ ശിശുക്കളുടെമേല്‍ കൈവച്ചു പ്രാര്‍ഥിക്കേണ്ടതിന് അവരെ യേശുവിന്‍റെ അടുക്കല്‍ ചിലര്‍ കൊണ്ടുവന്നു. എന്നാല്‍ ശിഷ്യന്മാര്‍ അവരെ ശാസിച്ചു.

14 അപ്പോള്‍ യേശു പറഞ്ഞു: “ആ ശിശുക്കളെ എന്‍റെ അടുക്കല്‍ വരുവാന്‍ അനുവദിക്കൂ; അവരെ വിലക്കരുത്; സ്വര്‍ഗരാജ്യം ഇവരെപ്പോലെയുള്ളവരുടേതാകുന്നു.”

15

അതിനുശേഷം അവിടുന്ന് അവരുടെമേല്‍ കൈവച്ച് അനുഗ്രഹിച്ചു; അനന്തരം അവിടെനിന്നു യാത്രയായി.

16

ഒരിക്കല്‍ ഒരാള്‍ യേശുവിന്‍റെ അടുത്തുവന്ന്, “ഗുരോ, അനശ്വരജീവന്‍ പ്രാപിക്കേണ്ടതിന് എന്തു സല്‍ക്കര്‍മം ഞാന്‍ ചെയ്യണം?” എന്നു ചോദിച്ചു.

17

യേശു അയാളോടു പറഞ്ഞു: “സല്‍ക്കര്‍മത്തെക്കുറിച്ച് എന്തിനാണ് എന്നോട് ചോദിക്കുന്നത്? സുകൃതിയായി ഒരാള്‍ മാത്രമേയുള്ളൂ. നിനക്കു ജീവനില്‍ പ്രവേശിക്കണമെങ്കില്‍ കല്പനകള്‍ അനുസരിക്കുക.”

18

“ഏതു കല്പനകള്‍?” എന്ന് അയാള്‍ ചോദിച്ചതിന്, “കൊലപാതകം ചെയ്യരുത്, വ്യഭിചരിക്കരുത്,

19 മോഷ്‍ടിക്കരുത്, കള്ളസ്സാക്ഷ്യം പറയരുത്, മാതാപിതാക്കളെ ബഹുമാനിക്ക, അയല്‍ക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക” എന്നു യേശു ഉത്തരം പറഞ്ഞു.

20

“ഇവയെല്ലാം ഞാന്‍ പാലിച്ചുപോരുന്നു; ഇനി എനിക്കുള്ള കുറവ് എന്താണ്?” എന്ന് ആ യുവാവ് വീണ്ടും ചോദിച്ചു.

21

യേശു അയാളോട്, “നീ സദ്ഗുണപൂര്‍ണനാകുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പോയി നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കുക; അപ്പോള്‍ നിനക്കു സ്വര്‍ഗത്തില്‍ നിക്ഷേപമുണ്ടാകും. പിന്നീടു വന്ന് എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു.

22

ഇതു കേട്ടപ്പോള്‍ ആ യുവാവു ദുഃഖിതനായി അവിടെനിന്നു പോയി. എന്തുകൊണ്ടെന്നാല്‍ അയാള്‍ ഒരു വലിയ ധനികനായിരുന്നു.

23

അനന്തരം യേശു ശിഷ്യന്മാരോടു പറഞ്ഞു: “ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നത് എളുപ്പമല്ല എന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു;

24 ധനികന്‍ സ്വര്‍ഗരാജ്യത്തു പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് എന്നു ഞാന്‍ വീണ്ടും നിങ്ങളോടു പറയുന്നു.”

25

ഇതു കേട്ടപ്പോള്‍ ശിഷ്യന്മാര്‍ വിസ്മയഭരിതരായി. “അങ്ങനെയെങ്കില്‍ രക്ഷപെടുവാന്‍ ആര്‍ക്കു കഴിയും?” എന്ന് അവര്‍ ചോദിച്ചു.

26

യേശു അവരെ സൂക്ഷിച്ചു നോക്കിക്കൊണ്ടു പ്രതിവചിച്ചു: “മനുഷ്യര്‍ക്ക് അത് അസാധ്യം; എന്നാല്‍ ദൈവത്തിനു സകലവും സാധ്യമാണ്.”

27 അപ്പോള്‍ പത്രോസ് പറഞ്ഞു: “ഇതാ, ഞങ്ങള്‍ സമസ്തവും പരിത്യജിച്ച് അങ്ങയെ അനുഗമിച്ചിരിക്കുന്നു; ഞങ്ങള്‍ക്ക് എന്താണ് ലഭിക്കുക?”

28

യേശു അവരോട് ഇപ്രകാരം അരുള്‍ചെയ്തു: “ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: നവയുഗത്തില്‍ മനുഷ്യപുത്രന്‍ മഹത്ത്വമേറിയ സിംഹാസനത്തില്‍ ഇരിക്കുമ്പോള്‍ എന്നെ അനുഗമിച്ചവരായ നിങ്ങള്‍ പന്ത്രണ്ടുപേരും ഇസ്രായേലിന്‍റെ പന്ത്രണ്ടു ഗോത്രങ്ങളെ വിധിച്ചുകൊണ്ട് പന്ത്രണ്ടു സിംഹാസനങ്ങളിലിരിക്കും.

29 എന്നെപ്രതി വീടിനെയോ, സഹോദരന്മാരെയോ, സഹോദരിമാരെയോ, പിതാവിനെയോ, മാതാവിനെയോ, മക്കളെയോ, നിലം പുരയിടങ്ങളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറു മടങ്ങു ലഭിക്കും. അവര്‍ അനശ്വരജീവന് അവകാശികളായിത്തീരുകയും ചെയ്യും.

30 എന്നാല്‍ ഒന്നാമതിരിക്കുന്ന പലരും ഒടുവിലാകുകയും ഒടുവിലിരിക്കുന്നവര്‍ ഒന്നാമതാകുകയും ചെയ്യും.

20

1

തന്‍റെ മുന്തിരിത്തോട്ടത്തില്‍ പണിയെടുക്കുന്നതിനു വേലക്കാരെ വിളിക്കാന്‍ അതിരാവിലെ പുറപ്പെട്ട തോട്ടമുടമസ്ഥനോടു തുല്യമത്രേ സ്വര്‍ഗരാജ്യം.

2 ഒരാള്‍ക്ക് ഒരു ദിവസം പണി ചെയ്യുന്നതിനു പതിവുപോലെ ഒരു ദിനാര്‍ കൂലി സമ്മതിച്ച് തന്‍റെ തോട്ടത്തിലേക്ക് അയാള്‍ അവരെ പറഞ്ഞയച്ചു.

3 ഒന്‍പതു മണിക്ക് അയാള്‍ പുറത്തേക്കു പോയപ്പോള്‍ ചന്തസ്ഥലത്തു മിനക്കെട്ടു നില്‌ക്കുന്ന ഏതാനും പേരെ കണ്ടു.

4 ‘നിങ്ങളും പോയി എന്‍റെ മുന്തിരിത്തോട്ടത്തില്‍ പണിചെയ്യുക; ന്യായമായ കൂലി ഞാന്‍ തരാം’ എന്ന് അയാള്‍ പറഞ്ഞു.

5 അങ്ങനെ അവര്‍ പോയി. തോട്ടത്തിന്‍റെ ഉടമസ്ഥന്‍ വീണ്ടും പന്ത്രണ്ടു മണിക്കും മൂന്നു മണിക്കും പോയി പണിക്കാരെ വിളിച്ചുവിട്ടു.

6 അഞ്ചു മണിയോടുകൂടി അയാള്‍ ചന്തസ്ഥലത്തു ചെന്നപ്പോള്‍ വേറെ ചിലര്‍ അവിടെ നില്‌ക്കുന്നതു കണ്ടിട്ട് ‘നിങ്ങള്‍ എന്തുകൊണ്ടാണ് ഇന്നു മുഴുവന്‍ മിനക്കെട്ടത്?’ എന്നു ചോദിച്ചു.

7 ‘ആരും ഞങ്ങളെ പണിക്കു വിളിച്ചില്ല’ എന്ന് അവര്‍ മറുപടി പറഞ്ഞു. ശരി, നിങ്ങളും പോയി എന്‍റെ മുന്തിരിത്തോട്ടത്തില്‍ പണിചെയ്യുക’ എന്നു തോട്ടത്തിന്‍റെ ഉടമസ്ഥന്‍ പറഞ്ഞു.

8

“സന്ധ്യ ആയപ്പോള്‍ ഉടമസ്ഥന്‍ കാര്യസ്ഥനെ വിളിച്ച് ‘അവസാനം വന്നവര്‍തൊട്ട് ആദ്യം വന്നവര്‍വരെ എല്ലാവരെയും വിളിച്ചു കൂലികൊടുക്കുക’ എന്നു പറഞ്ഞു.

9 അഞ്ചു മണിക്കു പണിയാന്‍ വന്ന ഓരോരുത്തര്‍ക്കും ഓരോ ദിനാര്‍ കൂലികൊടുത്തു.

10 ആദ്യം പണിക്കു വന്നവര്‍ കൂലി വാങ്ങാന്‍ ചെന്നപ്പോള്‍ തങ്ങള്‍ക്കു കൂടുതല്‍ കിട്ടുമെന്ന് ഓര്‍ത്തു. എന്നാല്‍ അവര്‍ക്കും ഓരോ ദിനാര്‍മാത്രമാണു കൊടുത്തത്.

11 അവര്‍ അതു വാങ്ങിക്കൊണ്ട് തോട്ടത്തിന്‍റെ ഉടമസ്ഥനോടു പിറുപിറുത്തു.

12 ‘ഒടുവില്‍വന്നവര്‍ ഒരു മണിക്കൂര്‍ മാത്രമേ വേല ചെയ്തുള്ളൂ; ഞങ്ങളാകട്ടെ പകല്‍ മുഴുവന്‍ പൊരിയുന്ന വെയില്‍കൊണ്ട് അധ്വാനിച്ചു. എന്നിട്ടും അങ്ങ് ഞങ്ങള്‍ക്കു തന്ന കൂലി തന്നെ അവര്‍ക്കും നല്‌കി’ എന്ന് അവര്‍ പറഞ്ഞു.

13

“അവരില്‍ ഒരാളോട് ഉടമസ്ഥന്‍ ഇങ്ങനെ മറുപടി പറഞ്ഞു: ‘സ്നേഹിതാ, ഞാന്‍ നിന്നെ വഞ്ചിച്ചില്ല; ഒരു ദിവസത്തേക്ക് ഒരു ദിനാര്‍ അല്ലേ നിങ്ങള്‍ സമ്മതിച്ച കൂലി?

14 നിന്‍റെ കൂലി വാങ്ങിക്കൊണ്ടു പൊയ്‍ക്കൊള്ളുക; നിനക്കു തന്നിടത്തോളംതന്നെ അവസാനം വന്ന ഇവനും നല്‌കണമെന്നതാണ് എന്‍റെ ഇഷ്ടം.

15 എന്‍റെ പണം എന്‍റെ ഇഷ്ടംപോലെ വിനിയോഗിക്കുവാനുള്ള അവകാശം എനിക്കില്ലേ? ഞാന്‍ ദയാലുവായിരിക്കുന്നതില്‍ നീ അമര്‍ഷം കൊള്ളുന്നത് എന്തിന്!”

16

ഇങ്ങനെ ഒടുവിലായിരുന്നവര്‍ ഒന്നാമതാകുമെന്നും ഒന്നാമതായിരുന്നവര്‍ ഒടുവിലാകുമെന്നും യേശു കൂട്ടിച്ചേര്‍ത്തു.

17

യെരൂശലേമിലേക്കുള്ള യാത്രയില്‍ യേശു പന്ത്രണ്ടു ശിഷ്യന്മാരെ മാറ്റി നിറുത്തി അവരോടു രഹസ്യമായി ഇങ്ങനെ പറഞ്ഞു:

18 “നാം യെരൂശലേമിലേക്കു പോകുകയാണല്ലോ. അവിടെവച്ച് മനുഷ്യപുത്രന്‍ പുരോഹിതമുഖ്യന്മാരുടെയും മതപണ്ഡിതന്മാരുടെയും കൈയില്‍ ഏല്പിക്കപ്പെടും; അവര്‍ മനുഷ്യപുത്രനെ വധശിക്ഷയ്‍ക്കു വിധിക്കും; പിന്നീട് വിജാതീയരെ ഏല്പിക്കും.

19 അവര്‍ അയാളെ അവഹേളിക്കുകയും ചാട്ടവാറുകൊണ്ടു പ്രഹരിക്കുകയും കുരിശില്‍ തറയ്‍ക്കുകയും ചെയ്യും; മൂന്നാം ദിവസം മനുഷ്യപുത്രന്‍ ഉയിര്‍ത്തെഴുന്നേല്‌ക്കും.”

20

സെബദിയുടെ പത്നി തന്‍റെ രണ്ടു പുത്രന്മാരോടുകൂടി വന്ന് യേശുവിനെ നമിച്ചുകൊണ്ട് ഒരു വരത്തിനുവേണ്ടി അപേക്ഷിച്ചു.

21

“നിങ്ങള്‍ക്ക് എന്താണു വേണ്ടത്?” എന്ന് യേശു അവരോടു ചോദിച്ചു.

അവര്‍ പറഞ്ഞു: “അങ്ങു രാജാവാകുമ്പോള്‍ എന്‍റെ ഈ രണ്ടു പുത്രന്മാരില്‍ ഒരുവന്‍ അവിടുത്തെ വലത്തും അപരന്‍ ഇടത്തും ഇരിക്കുവാന്‍ കല്പിച്ചരുളണമേ.”

22

യേശു സെബദിപുത്രന്മാരോടു ചോദിച്ചു: “നിങ്ങള്‍ അപേക്ഷിക്കുന്നത് എന്തെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടാ; ഞാന്‍ കുടിക്കുവാന്‍ പോകുന്ന പാനപാത്രത്തില്‍നിന്നു നിങ്ങള്‍ക്കു കുടിക്കുവാന്‍ കഴിയുമോ?”

“ഞങ്ങള്‍ക്കു കഴിയും” എന്ന് അവര്‍ പറഞ്ഞു.

23

“ഞാന്‍ കുടിക്കുന്ന പാനപാത്രത്തില്‍നിന്നു നിങ്ങള്‍ തീര്‍ച്ചയായും കുടിക്കും. എന്നാല്‍ എന്‍റെ ഇടത്തും വലത്തും ഇരിക്കുന്നവര്‍ ആരായിരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം എനിക്കില്ല. ഈ സ്ഥാനങ്ങള്‍ എന്‍റെ പിതാവ് ആര്‍ക്കുവേണ്ടി ഒരുക്കിയിരിക്കുന്നുവോ അവര്‍ക്കുള്ളതാണ്” എന്ന് യേശു പറഞ്ഞു.

24

ഇത് അറിഞ്ഞപ്പോള്‍ ശേഷമുള്ള പത്തു ശിഷ്യന്മാര്‍ക്ക് ആ രണ്ടു സഹോദരന്മാരോട് കടുത്ത അമര്‍ഷമുണ്ടായി.

25 യേശു അവരെ അടുക്കല്‍ വിളിച്ച് ഇപ്രകാരം പറഞ്ഞു: “വിജാതീയരില്‍ പ്രഭുത്വമുള്ളവര്‍ അധികാരം നടത്തുന്നുവെന്നും അവരില്‍ പ്രമുഖന്മാര്‍ അവരെ ഭരിക്കുന്നുവെന്നും നിങ്ങള്‍ക്ക് അറിയാമല്ലോ;

26 എന്നാല്‍ നിങ്ങളുടെ ഇടയില്‍ അതു പാടില്ല; നിങ്ങളില്‍ ആരെങ്കിലും വലിയവനാകുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അയാള്‍ മറ്റുള്ളവരുടെ സേവകനാകണം;

27 നിങ്ങളില്‍ ഒന്നാമനാകുവാന്‍ കാംക്ഷിക്കുന്ന ഏതൊരുവനും മറ്റുള്ളവരുടെ ദാസനായിത്തീരണം.

28 മനുഷ്യപുത്രന്‍ വന്നിരിക്കുന്നതു സേവിക്കപ്പെടുന്നതിനല്ല, പിന്നെയോ മറ്റുള്ളവരെ സേവിക്കുന്നതിനും അനേകംപേരുടെ മോചനത്തിനുള്ള മൂല്യമായി തന്‍റെ ജീവന്‍ നല്‌കുന്നതിനുമാണ്.”

29

അവര്‍ യെരീഹോവില്‍നിന്നു പുറപ്പെട്ടപ്പോള്‍ ഒരു വലിയ ജനസഞ്ചയം യേശുവിനെ അനുഗമിച്ചു.

30 കണ്ണുകാണുവാന്‍ പാടില്ലാത്ത രണ്ടുപേര്‍ വഴിയരികില്‍ ഇരിക്കുകയായിരുന്നു. യേശു അതുവഴി കടന്നുപോകുന്നു എന്നറിഞ്ഞ്, “ദാവീദിന്‍റെ പുത്രാ, ഞങ്ങളോടു കരുണയുണ്ടാകണമേ” എന്നു നിലവിളിച്ചു.

31

മിണ്ടരുതെന്നു പറഞ്ഞുകൊണ്ട് ജനം അവരെ ശാസിച്ചു. ആ അന്ധന്മാരാകട്ടെ കുറേക്കൂടി ഉച്ചത്തില്‍: “കര്‍ത്താവേ, ദാവീദിന്‍റെ പുത്രാ! ഞങ്ങളോടു കരുണയുണ്ടാകണമേ” എന്നു നിലവിളിച്ചു.

32

യേശു അവിടെനിന്ന് അവരെ വിളിച്ചു. “നിങ്ങള്‍ക്കു ഞാന്‍ എന്തുചെയ്തു തരണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?” എന്നു ചോദിച്ചു.

33

“കര്‍ത്താവേ, ഞങ്ങളുടെ കണ്ണു തുറന്നുകിട്ടണം” എന്ന് അവര്‍ മറുപടി പറഞ്ഞു.

34

യേശു ആര്‍ദ്രചിത്തനായി അവരുടെ കണ്ണുകളില്‍ തൊട്ടു. തല്‍ക്ഷണം അവര്‍ കാഴ്ചപ്രാപിച്ച് അവിടുത്തെ അനുഗമിച്ചു.

21

1

യെരൂശലേമിനു സമീപം ഒലിവുമലയുടെ അരികിലുള്ള ബേത്ത്ഫാഗയിലെത്തിയപ്പോള്‍ യേശു ശിഷ്യന്മാരില്‍ രണ്ടുപേരെ വിളിച്ച് ഇപ്രകാരം പറഞ്ഞയച്ചു:

2 “നിങ്ങള്‍ മുമ്പില്‍ കാണുന്ന ആ ഗ്രാമത്തിലേക്കു പോകുക. അവിടെ ചെല്ലുമ്പോള്‍ കെട്ടിയിരിക്കുന്ന ഒരു കഴുതയെയും അതിന്‍റെ കുട്ടിയെയും നിങ്ങള്‍ കാണും. അവയെ അഴിച്ചുകൊണ്ടുവരിക.

3 നിങ്ങളോട് ആരെങ്കിലും വല്ലതും ചോദിച്ചാല്‍ ഗുരുവിന് ഇവയെ ആവശ്യമുണ്ടെന്നു പറഞ്ഞാല്‍ മതി. അവര്‍ ഉടനെ അവയെ വിട്ടയയ്‍ക്കും,”

4

[4,5] ‘ഇതാ, നിന്‍റെ രാജാവു വിനീതനായി കഴുതപ്പുറത്തു കയറിവരുന്നു!
കഴുതക്കുട്ടിയുടെ പുറത്ത് ഉപവിഷ്ടനായി
നിന്‍റെ അടുക്കലേക്ക് എഴുന്നള്ളുന്നു’
എന്നു സീയോന്‍നഗരത്തോടു പറയുക
എന്നിങ്ങനെ പ്രവാചകന്‍ മുഖാന്തരം അരുള്‍ചെയ്യപ്പെട്ടിട്ടുള്ളതു സംഭവിച്ചു.

5

6

യേശു പറഞ്ഞതുപോലെ ശിഷ്യന്മാര്‍ ചെയ്തു.

7 അവര്‍ കഴുതയെയും അതിന്‍റെ കുട്ടിയെയും കൊണ്ടുവന്നു. തങ്ങളുടെ വസ്ത്രം അവര്‍ അവയുടെമേല്‍ വിരിച്ചു.

8 യേശു കയറിയിരുന്നു; ജനാവലി അവരുടെ മേലങ്കികള്‍ വഴിയില്‍ വിരിച്ചു.

9 ചിലര്‍ മരച്ചില്ലകള്‍ വെട്ടിവിതറി. മുമ്പിലും പിമ്പിലും നടന്ന ജനക്കൂട്ടം

“ദാവീദിന്‍റെ പുത്രനു ഹോശന്നാ!”
കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍
വാഴ്ത്തപ്പെട്ടവന്‍!
അത്യുന്നതങ്ങളില്‍ ഹോശന്നാ!”

എന്ന് ആര്‍ത്തുവിളിച്ചു.

10

യെരൂശലേമില്‍ പ്രവേശിച്ചപ്പോള്‍ നഗരം ആകമാനം ഇളകിവശായി. “ഇതാര്?” എന്ന് അവര്‍ ചോദിച്ചു.

11

“ഗലീലയിലെ നസറെത്തില്‍ നിന്നു വന്ന പ്രവാചകനായ യേശു” എന്നു ജനങ്ങള്‍ മറുപടി പറഞ്ഞു.

12

യേശു ദേവാലയത്തില്‍ പ്രവേശിച്ച് അവിടെ ക്രയവിക്രയം ചെയ്തുകൊണ്ടിരുന്നവരെയെല്ലാം പുറത്തിറക്കി. നാണയം മാറുന്ന വ്യാപാരത്തിലേര്‍പ്പെട്ടിരുന്നവരുടെ മേശകളും പ്രാക്കളെ വില്‌ക്കുന്നവരുടെ ഇരിപ്പിടങ്ങളും മറിച്ചിട്ടു.

13 “എന്‍റെ ഭവനം പ്രാര്‍ഥനാലയം എന്നു വിളിക്കപ്പെടും’ എന്നു ദൈവം അരുള്‍ചെയ്തതായി വേദഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നു; എന്നാല്‍ നിങ്ങള്‍ അതിനെ കൊള്ളക്കാരുടെ സങ്കേതമാക്കിത്തീര്‍ത്തിരിക്കുന്നു” എന്ന് അവിടുന്നു പറഞ്ഞു.

14

അന്ധന്മാരും വികലാംഗരും ദേവാലയത്തില്‍ അവിടുത്തെ അടുക്കല്‍ വന്നു. അവിടുന്ന് അവരെ സുഖപ്പെടുത്തി.

15 അവിടുത്തെ അദ്ഭുതപ്രവൃത്തികളെയും “ദാവീദിന്‍റെ പുത്രനു ഹോശന്നാ” എന്ന് ആര്‍ത്തുവിളിക്കുന്ന കുട്ടികളെയും കണ്ടപ്പോള്‍ മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും കോപാക്രാന്തരായി.

16 “ഇവര്‍ പറയുന്നത് താങ്കള്‍ കേള്‍ക്കുന്നില്ലേ?” എന്ന് അവര്‍ യേശുവിനോടു ചോദിച്ചു.

“തീര്‍ച്ചയായും ഞാന്‍ കേള്‍ക്കുന്നു. ‘തികച്ചും കുറ്റമറ്റ സ്തുതിഘോഷം ശിശുക്കളുടെയും പിഞ്ചുകുഞ്ഞുങ്ങളുടെയും അധരങ്ങളില്‍നിന്ന് അവിടുന്ന് ഉണര്‍ത്തുന്നു’ എന്ന വേദഭാഗം നിങ്ങള്‍ ഒരിക്കല്‍പോലും വായിച്ചിട്ടില്ലേ?” എന്ന് യേശു അവരോടു ചോദിച്ചു.

17

അനന്തരം അവിടുന്ന് അവരെ വിട്ട് നഗരത്തിനു പുറത്തുള്ള ബേഥാന്യയില്‍ പോയി രാത്രി കഴിച്ചുകൂട്ടി.

18

പിറ്റേദിവസം അതിരാവിലെ നഗരത്തിലേക്കു മടങ്ങിപ്പോകുമ്പോള്‍ യേശുവിനു വിശന്നു.

19 വഴിയരികില്‍ ഒരത്തിവൃക്ഷം നില്‌ക്കുന്നതു കണ്ട് യേശു അതിന്‍റെ അടുത്തു ചെന്നു. അതില്‍ ഇലപ്പടര്‍പ്പല്ലാതെ ഒന്നും കണ്ടില്ല. യേശു അപ്പോള്‍ അതിനോട് “മേലില്‍ ഒരിക്കലും നിന്നില്‍ ഫലം കായ്‍ക്കാതിരിക്കട്ടെ” എന്നു പറഞ്ഞു. തല്‍ക്ഷണം ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി.

20

ഇതു കണ്ട് ശിഷ്യന്മാര്‍ ആശ്ചര്യപ്പെട്ടു. “ഇത്രവേഗം ഈ വൃക്ഷം ഉണങ്ങിയത് എങ്ങനെ?” എന്ന് അവര്‍ ചോദിച്ചു.

21

യേശു അതിനു മറുപടിയായി പറഞ്ഞു: “ഇതു നിങ്ങള്‍ ഓര്‍മിച്ചുകൊള്ളണം; നിങ്ങള്‍ അശേഷം സംശയിക്കാതെ വിശ്വാസമുള്ളവരായിരുന്നാല്‍ ഞാന്‍ ഈ അത്തിമരത്തോടു ചെയ്തതു മാത്രമല്ല, നിങ്ങള്‍ക്കു ചെയ്യുവാന്‍ കഴിയുന്നത്; ഈ മലയോട് ഇളകി കടലില്‍വീഴുക എന്നു നിങ്ങള്‍ പറഞ്ഞാല്‍ അതും സംഭവിക്കും.

22 നിങ്ങള്‍ വിശ്വസിക്കുന്നപക്ഷം പ്രാര്‍ഥനയില്‍ നിങ്ങള്‍ എന്തപേക്ഷിച്ചാലും അതു ലഭിക്കും.”

23

അവിടുന്നു ദേവാലയത്തില്‍ ചെന്നു പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ മുഖ്യപുരോഹിതന്മാരും യെഹൂദപ്രമാണികളും വന്ന് “എന്ത് അധികാരം കൊണ്ടാണ് താങ്കള്‍ ഇതൊക്കെ ചെയ്യുന്നത്? ആരാണീ അധികാരം തന്നത്?” എന്നു ചോദിച്ചു.

24

അതിനു മറുപടിയായി യേശു പറഞ്ഞു: “ആകട്ടെ, ഞാനും നിങ്ങളോട് ഒരു കാര്യം ചോദിക്കാം; അതിനു നിങ്ങള്‍ മറുപടി പറയുന്നപക്ഷം എന്തധികാരംകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നു ഞാന്‍ പറയാം.

25 സ്നാപനം നടത്തുവാനുള്ള അധികാരം യോഹന്നാന് എവിടെനിന്നാണു ലഭിച്ചത്? ദൈവത്തില്‍നിന്നോ? മനുഷ്യരില്‍നിന്നോ?

അപ്പോള്‍ അവര്‍ അന്യോന്യം ആലോചിച്ചു: “നാം എന്തു സമാധാനം പറയും?

26 ദൈവത്തില്‍നിന്ന് എന്നു പറഞ്ഞാല്‍ പിന്നെ നിങ്ങള്‍ എന്തുകൊണ്ടു വിശ്വസിച്ചില്ല എന്നു യേശു ചോദിക്കും; മനുഷ്യരില്‍നിന്ന് എന്നു പറഞ്ഞാലോ? നാം പൊതുജനങ്ങളെ ഭയപ്പെടുന്നു; എന്തെന്നാല്‍ എല്ലാവരും അദ്ദേഹത്തെ ഒരു പ്രവാചകനായിട്ടാണു കരുതുന്നത്.”

27 അതുകൊണ്ട് “ഞങ്ങള്‍ക്കറിഞ്ഞുകൂടാ” എന്ന് അവര്‍ യേശുവിനോടു പറഞ്ഞു.

“എങ്കില്‍ എന്തധികാരം കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നു ഞാനും പറയുന്നില്ല” എന്നു യേശു പറഞ്ഞു.

28

“ഒരു മനുഷ്യനു രണ്ടു പുത്രന്മാരുണ്ടായിരുന്നു. അയാള്‍ മൂത്തപുത്രന്‍റെ അടുത്തുചെന്ന് ‘മകനേ, നീ ഇന്നു മുന്തിരിത്തോട്ടത്തില്‍ പോയി വേല ചെയ്യുക’ എന്നു പറഞ്ഞു.

29 ‘എനിക്കു മനസ്സില്ല’ എന്ന് അവന്‍ മറുപടി പറഞ്ഞെങ്കിലും പിന്നീട് അനുതപിച്ച് പണിക്കുപോയി.

30 ഇളയപുത്രനോടും അയാള്‍ അങ്ങനെ പറഞ്ഞു. ‘ഞാന്‍ പോകാം’ എന്നു പറഞ്ഞെങ്കിലും അവന്‍ പോയില്ല.

31 നിങ്ങള്‍ക്ക് എന്തു തോന്നുന്നു? ഇവരില്‍ ആരാണ് പിതാവിന്‍റെ അഭീഷ്ടം അനുസരിച്ചു ചെയ്തത്?”

“മൂത്തപുത്രന്‍” എന്ന് അവര്‍ ഉത്തരം പറഞ്ഞു.

യേശു അവരോടു പറഞ്ഞു. “ചുങ്കം പിരിക്കുന്നവരും വ്യഭിചാരിണികളും ആയിരിക്കും നിങ്ങള്‍ക്കു മുമ്പായി ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നത് എന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു.

32 ധര്‍മമാര്‍ഗം ചൂണ്ടിക്കാണിച്ചുകൊണ്ട് സ്നാപകയോഹന്നാന്‍ വന്നു; നിങ്ങളാകട്ടെ അദ്ദേഹത്തെ വിശ്വസിച്ചില്ല; ചുങ്കം പിരിക്കുന്നവരും വ്യഭിചാരിണികളും അദ്ദേഹത്തെ വിശ്വസിച്ചു. അതു കണ്ടിട്ടുപോലും നിങ്ങള്‍ അനുതപിച്ച് അദ്ദേഹത്തെ വിശ്വസിച്ചില്ല.

33

“വേറൊരു ദൃഷ്ടാന്തം ശ്രദ്ധിക്കുക: ഒരാള്‍ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, ചുറ്റും വേലികെട്ടി; അതില്‍ ഒരു ചക്കു കുഴിച്ചിടുകയും ഒരു കാവല്‍മാടം നിര്‍മിക്കുകയും ചെയ്തു. പിന്നീട് ആ തോട്ടം പാട്ടത്തിനു കൊടുത്തിട്ട് അയാള്‍ വിദേശത്തേക്കു പുറപ്പെട്ടു.

34 മുന്തിരിയുടെ വിളവെടുപ്പിനുള്ള കാലം സമീപിച്ചപ്പോള്‍ തനിക്കു കിട്ടാനുള്ള പാട്ടം വാങ്ങുന്നതിനായി സ്ഥലമുടമസ്ഥന്‍ തന്‍റെ ദാസന്മാരെ ആ പാട്ടക്കാരുടെ അടുക്കല്‍ അയച്ചു.

35 എന്നാല്‍ അവര്‍ ആ ദാസന്മാരെ പിടിച്ച് ഒരുവനെ അടിക്കുകയും അപരനെ കൊല്ലുകയും മറ്റൊരുവനെ കല്ലെറിയുകയും ചെയ്തു.

36 അയാള്‍ വീണ്ടും ആദ്യത്തേതിനെക്കാള്‍ അധികം ദാസന്മാരെ അയച്ചു. അവരോടും അവര്‍ അങ്ങനെതന്നെ ചെയ്തു.

37 അവസാനം തന്‍റെ പുത്രനെത്തന്നെ അയാള്‍ അവരുടെ അടുക്കല്‍ അയച്ചു: ‘നിശ്ചയമായും എന്‍റെ മകനെ അവര്‍ ആദരിക്കും’ എന്ന് അയാള്‍ വിചാരിച്ചു.

38 പാട്ടക്കാരാകട്ടെ പുത്രനെ കണ്ടപ്പോള്‍ ‘ഇവനാണു തോട്ടത്തിന്‍റെ അവകാശി; വരിക, നമുക്ക് ഇവനെ കൊല്ലാം; അങ്ങനെ അവന്‍റെ സ്വത്തു നമുക്കു കൈവശപ്പെടുത്താം’ എന്ന് അന്യോന്യം പറഞ്ഞു;

39 പിന്നീട് അവനെ പിടിച്ച് തോട്ടത്തിനു പുറത്തു തള്ളി അവനെ കൊന്നുകളഞ്ഞു.

40

“ഇനിയും തോട്ടത്തിന്‍റെ ഉടമസ്ഥന്‍ വരുമ്പോള്‍ ആ പാട്ടക്കാരോട് എന്തു ചെയ്യും?” എന്ന് യേശു ചോദിച്ചു.

41

“അയാള്‍ നിശ്ചയമായും ആ നിഷ്ഠുരന്മാരെ നിഗ്രഹിക്കുകയും പാട്ടം യഥാവസരം നല്‌കുന്ന മറ്റു പാട്ടക്കാരെ തോട്ടം ഏല്പിക്കുകയും ചെയ്യും” എന്ന് അവര്‍ മറുപടി നല്‌കി.

42

യേശു അവരോട് അരുള്‍ചെയ്തു:

“പണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ല്
മര്‍മപ്രധാനമായ മൂലക്കല്ലായി തീര്‍ന്നിരിക്കുന്നു.
ഇതു ചെയ്തത് കര്‍ത്താവാകുന്നു;
ഇതെത്ര അദ്ഭുതകരം!”

ഈ വേദഭാഗം നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലേ?

43

അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നു: ദൈവരാജ്യം നിങ്ങളില്‍ നിന്നെടുത്ത് തക്കഫലം നല്‌കുന്ന ജനതയ്‍ക്കു നല്‌കും.

44 ഈ കല്ലിന്മേല്‍ വീഴുന്ന ഏതൊരുവനും തകര്‍ന്നു പോകും. ഈ കല്ല് ആരുടെയെങ്കിലുംമേല്‍ വീണാല്‍ അത് അവനെ തകര്‍ത്തുകളയും.”

45

മുഖ്യപുരോഹിതന്മാരും പരീശന്മാരും യേശുവിന്‍റെ സദൃശോക്തികള്‍ കേട്ടപ്പോള്‍ തങ്ങളെക്കുറിച്ചാണു പറയുന്നതെന്നു മനസ്സിലാക്കി.

46 അതുകൊണ്ട് അവിടുത്തെ പിടിക്കുവാന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ ജനങ്ങളെ ഭയപ്പെട്ടു. ജനങ്ങള്‍ അവിടുത്തെ ഒരു പ്രവാചകനായിട്ടത്രേ എണ്ണിയിരുന്നത്.

22

1

യേശു വീണ്ടും ജനങ്ങളോടു ദൃഷ്ടാന്തരൂപേണ സംസാരിച്ചു:

2 “സ്വപുത്രന്‍റെ വിവാഹത്തിനു സദ്യ ഒരുക്കിയ ഒരു രാജാവിനെപ്പോലെയാണു സ്വര്‍ഗരാജ്യം.

3 ക്ഷണിക്കപ്പെട്ടവരെ വിളിച്ചുകൊണ്ടു വരാന്‍ രാജാവു ഭൃത്യന്മാരെ അയച്ചു. എന്നാല്‍ അവര്‍ വരാന്‍ കൂട്ടാക്കിയില്ല.

4 ‘ഇതാ വിരുന്ന് ഒരുക്കിക്കഴിഞ്ഞിരിക്കുന്നു; കാളകളെയും കൊഴുപ്പിച്ച മൃഗങ്ങളെയും അറുത്തിട്ടുണ്ട്; കല്യാണസദ്യക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി: വന്നാലും എന്നു ക്ഷണിക്കപ്പെട്ടവരോടു പറയുക’ എന്നു പറഞ്ഞ് രാജാവു വീണ്ടും ഭൃത്യന്മാരെ അയച്ചു.

5 ക്ഷണിക്കപ്പെട്ടവരാകട്ടെ, അതു ഗണ്യമാക്കിയില്ല. ഒരുവന്‍ തന്‍റെ കൃഷിസ്ഥലത്തേക്കും മറ്റൊരുവന്‍ തന്‍റെ വ്യാപാരസ്ഥലത്തേക്കും പോയി.

6 മറ്റുചിലര്‍ ആ ഭൃത്യന്മാരെ പിടിച്ച് അപമാനിച്ചു കൊന്നുകളഞ്ഞു.

7 രോഷാകുലനായിത്തീര്‍ന്ന രാജാവ് പട്ടാളത്തെ അയച്ച് ആ കൊലപാതകികളെ കൊന്നൊടുക്കി; അവരുടെ പട്ടണം ചുട്ടുകരിക്കുകയും ചെയ്തു.

8 അതിനുശേഷം രാജാവു തന്‍റെ ഭൃത്യന്മാരോടു പറഞ്ഞു: ‘കല്യാണവിരുന്ന് ഏതായാലും തയ്യാറായി; ക്ഷണിക്കപ്പെട്ടവര്‍ക്ക് അതിന് അര്‍ഹതയില്ലാതെപോയി.

9 നിങ്ങള്‍ പ്രധാന തെരുവീഥികളില്‍ ചെന്ന് അവിടെ കാണുന്നവരെയെല്ലാം വിളിച്ചുകൊണ്ടുവരിക.’

10 അവര്‍ പോയി സജ്ജനങ്ങളും ദുര്‍ജനങ്ങളും എന്ന ഭേദം കൂടാതെ കണ്ണില്‍ കണ്ടവരെയെല്ലാം വിളിച്ചുകൊണ്ടുവന്നു. അങ്ങനെ കല്യാണശാല അതിഥികളെക്കൊണ്ടു നിറഞ്ഞു.

11

“വിരുന്നിന് ഇരുന്നവരെ കാണാന്‍ രാജാവു ചെന്നപ്പോള്‍ കല്യാണവസ്ത്രം ധരിക്കാത്ത ഒരുവനെ കണ്ടു, ‘സ്നേഹിതാ കല്യാണവസ്ത്രം ധരിക്കാതെ നീ എങ്ങനെ അകത്തുകടന്നു?’ എന്നു രാജാവ് അയാളോടു ചോദിച്ചു.

12 അയാള്‍ക്കു മറുപടി ഒന്നും പറയാനില്ലായിരുന്നു.

13 അപ്പോള്‍ രാജാവു സേവകരോട് ആജ്ഞാപിച്ചു: ‘ഇവനെ കൈകാലുകള്‍ കെട്ടി പുറത്തുള്ള അന്ധകാരത്തില്‍ എറിഞ്ഞുകളയുക. അവിടെ കിടന്ന് അവന്‍ കരയുകയും പല്ലുകടിക്കുകയും ചെയ്യും.’

14

“അനേകമാളുകള്‍ ക്ഷണിക്കപ്പെടുന്നു; തിരഞ്ഞെടുക്കപ്പെടുന്നവരാകട്ടെ ചുരുക്കം.”

15

അനന്തരം പരീശന്മാര്‍ പോയി യേശുവിനെ എങ്ങനെ വാക്കില്‍ കുടുക്കാമെന്നു കൂടിയാലോചിച്ചു.

16 അവര്‍ തങ്ങളുടെ ശിഷ്യന്മാരെ ഹേരോദ്യരോടുകൂടി യേശുവിന്‍റെ അടുക്കല്‍ അയച്ച് ഇങ്ങനെ ചോദിപ്പിച്ചു: “ഗുരോ, അങ്ങു സത്യവാദിയാണെന്നു ഞങ്ങള്‍ക്കറിയാം. അവിടുന്ന് ആരുടെയും മുഖം നോക്കാതെയും ആരെയും ഭയപ്പെടാതെയുമാണ് ദൈവത്തിന്‍റെ മാര്‍ഗം പഠിപ്പിക്കുന്നത്.

17 കൈസര്‍ക്കു തലക്കരം കൊടുക്കുന്നതു ശരിയോ തെറ്റോ? അങ്ങയുടെ അഭിപ്രായം എന്താണ്? ഞങ്ങളോടു പറഞ്ഞാലും.”

18

അവരുടെ ദുരുദ്ദേശ്യം മനസ്സിലാക്കിക്കൊണ്ട് യേശു പറഞ്ഞു: “കപടനാട്യക്കാരേ, നിങ്ങള്‍ എന്നെ കെണിയില്‍ അകപ്പെടുത്തുവാന്‍ നോക്കുന്നത് എന്തിന്!

19 തലക്കരം കൊടുക്കുന്നതിനുള്ള നാണയം ഒന്നു കാണിക്കൂ.”

20

അവര്‍ ഒരു നാണയം കൊണ്ടുവന്നു. യേശു ചോദിച്ചു: “ഈ പ്രതിരൂപവും ലിഖിതവും ആരുടേതാണ്?”

“കൈസറുടേത്” എന്ന് അവര്‍ പറഞ്ഞു.

21

അപ്പോള്‍യേശു: “കൈസര്‍ക്കുള്ളതു കൈസര്‍ക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക” എന്ന് അവരോടു പറഞ്ഞു.

22

ഇതു കേട്ടപ്പോള്‍ അവര്‍ ആശ്ചര്യഭരിതരായി അവിടുത്തെ വിട്ടുപോയി.

23

അന്നുതന്നെ ഏതാനും സാദൂക്യര്‍ വന്ന് - മരിച്ചവര്‍ക്ക് പുനരുത്ഥാനമില്ലെന്നു പറയുന്ന കൂട്ടരാണിവര്‍ യേശുവിനോടു ചോദിച്ചു:

24 “ഗുരോ, ഒരുവന്‍ സന്താനരഹിതനായി മരണമടഞ്ഞാല്‍ അയാളുടെ സഹോദരന്‍ മരിച്ചയാളിന്‍റെ ഭാര്യയെ വിവാഹം ചെയ്യണമെന്നും അങ്ങനെ അയാള്‍ക്കുവേണ്ടി സന്താനങ്ങളെ ഉത്പാദിപ്പിക്കാമെന്നും മോശ വിധിച്ചിട്ടുണ്ടല്ലോ.

25 ഒരിടത്ത് ഏഴു സഹോദരന്മാരുണ്ടായിരുന്നു. ഒന്നാമന്‍ വിവാഹം ചെയ്തശേഷം മരിച്ചു. അയാള്‍ക്കു സന്തതി ഇല്ലായ്കയാല്‍ അയാളുടെ സഹോദരന്‍ ആ വിധവയെ വിവാഹം ചെയ്തു.

26 [26,27] രണ്ടാമനും മൂന്നാമനും ഏഴാമന്‍ വരെയും അങ്ങനെ എല്ലാവര്‍ക്കും അപ്രകാരം സംഭവിച്ചു. അവസാനം ആ സ്‍ത്രീയും അന്തരിച്ചു.

27

28 പുനരുത്ഥാനത്തില്‍ അവള്‍ ഈ ഏഴുപേരില്‍ ആരുടെ ഭാര്യ ആയിരിക്കും? അവള്‍ എല്ലാവരുടെയും ഭാര്യ ആയിരുന്നല്ലോ.”

29

യേശു അതിന് ഇങ്ങനെ മറുപടി നല്‌കി: “വേദലിഖിതങ്ങളും ദൈവത്തിന്‍റെ ശക്തിയും നിങ്ങള്‍ മനസ്സിലാക്കാത്തതുകൊണ്ട് നിങ്ങള്‍ക്കു തെറ്റുപറ്റിയിരിക്കുന്നു.

30 പുനരുത്ഥാനത്തില്‍ വിവാഹം കഴിക്കുകയോ വിവാഹം കഴിപ്പിക്കുകയോ ചെയ്യുന്നില്ല. അവര്‍ സ്വര്‍ഗത്തിലെ ദൂതന്മാരെപ്പോലെ ആയിരിക്കും.

31 മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു ദൈവം അരുളിച്ചെയ്തിരിക്കുന്നത് നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലേ? ദൈവം അരുളിച്ചെയ്തത് ഇങ്ങനെയാണ്:

32 ‘ഞാന്‍ അബ്രഹാമിന്‍റെ ദൈവവും ഇസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവും ആകുന്നു. ദൈവം മരിച്ചവരുടെ ദൈവമല്ല. ജീവിക്കുന്നവരുടെ ദൈവമാകുന്നു.’

33

ഇതു കേട്ടപ്പോള്‍ അവിടുത്തെ പ്രബോധനത്തില്‍ ജനങ്ങള്‍ വിസ്മയിച്ചു.

34

സാദൂക്യരെ യേശു മൊഴിമുട്ടിച്ച വിവരം കേട്ടപ്പോള്‍ പരീശന്മാര്‍ ഒത്തുകൂടി വന്നു.

35 അവരില്‍ ഒരു മതപണ്ഡിതന്‍ ഒരു ചോദ്യത്തിലൂടെ അവിടുത്തെ കെണിയില്‍ വീഴ്ത്തുവാന്‍ ശ്രമിച്ചു.

36 അയാള്‍ ചോദിച്ചു: “ഗുരോ, ധര്‍മശാസ്ത്രത്തിലെ ഏറ്റവും മുഖ്യമായ കല്പന ഏതാണ്?”

37

യേശു പ്രതിവചിച്ചു: “നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണ ആത്മാവോടും പൂര്‍ണമനസ്സോടും കൂടി സ്നേഹിക്കുക;

38 ഇതാണ് ഏറ്റവും ശ്രേഷ്ഠവും സുപ്രധാനവുമായ കല്പന.

39 രണ്ടാമത്തേതും ഇതിനു സമമാണ്: നിന്‍റെ അയല്‍ക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കുക.

40 സമസ്ത ധര്‍മശാസ്ത്രവും പ്രവാചകന്മാരുടെ പ്രബോധനങ്ങളും ഈ രണ്ടു കല്പനകളില്‍ അന്തര്‍ഭവിച്ചിരിക്കുന്നു.”

41

പരീശന്മാര്‍ ഒരുമിച്ചുകൂടിയപ്പോള്‍ യേശു അവരോടു ചോദിച്ചു: “ക്രിസ്തുവിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്ത്? അവിടുന്ന് ആരുടെ പുത്രനാണ്?”

42

“ദാവീദിന്‍റെ പുത്രനാണ്” എന്ന് അവര്‍ മറുപടി പറഞ്ഞു.

43 അപ്പോള്‍ യേശു അവരോടു ചോദിച്ചു: “അങ്ങനെയാണെങ്കില്‍ ക്രിസ്തുവിനെ കര്‍ത്താവ് എന്നു വിളിക്കുവാന്‍ ദാവീദിനെ ആത്മാവു പ്രേരിപ്പിച്ചുവോ? എന്തെന്നാല്‍,

44

‘സര്‍വേശ്വരന്‍ എന്‍റെ കര്‍ത്താവിനോട് അരുള്‍ചെയ്തു: നിന്‍റെ ശത്രുക്കളെ നിന്‍റെ കാല്‌ക്കീഴിലാക്കുന്നതുവരെ നീ എന്‍റെ വലത്തുഭാഗത്തിരിക്കുക’

എന്നു ദാവീദു പറഞ്ഞുവല്ലോ.

45

ദാവീദ് അവിടുത്തെ കര്‍ത്താവ് എന്നു വിളിച്ചെങ്കില്‍ ക്രിസ്തു എങ്ങനെയാണു ദാവീദിന്‍റെ പുത്രനാകുന്നത്?”

46

ഒരു വാക്കുപോലും ഉത്തരം പറയുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അന്നുമുതല്‍ കൂടുതലായി ഒന്നുംതന്നെ അവിടുത്തോടു ചോദിക്കുവാന്‍ ആരും തുനിഞ്ഞില്ല.

23

1

അനന്തരം യേശു ജനസമൂഹത്തോടും തന്‍റെ ശിഷ്യന്മാരോടും ഇങ്ങനെ പറഞ്ഞു:

2 പരീശന്മാരും മതപണ്ഡിതന്മാരും മോശയുടെ പിന്‍ഗാമികളായി അദ്ദേഹത്തിന്‍റെ ധര്‍മപീഠത്തിലിരുന്നു പഠിപ്പിക്കുന്നവരാണല്ലോ.

3 അതുകൊണ്ട് നിങ്ങള്‍ അവര്‍ പറയുന്നതെല്ലാം ശ്രദ്ധിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുക. എന്നാല്‍ അവരുടെ പ്രവൃത്തികളെ നിങ്ങള്‍ അനുകരിക്കരുത്.

4 അവര്‍ പറയുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലല്ലോ. അവര്‍ ഭാരമേറിയതും ദുര്‍വഹവുമായ ചുമടുകള്‍ മനുഷ്യരുടെ ചുമലില്‍ കെട്ടിവയ്‍ക്കുന്നു. എന്നാല്‍ ഒരു ചെറുവിരല്‍കൊണ്ടുപോലും ഒന്നു താങ്ങിക്കൊടുക്കുവാന്‍ അവര്‍ക്കു മനസ്സില്ല.

5 അവരുടെ പ്രവൃത്തികളെല്ലാം മറ്റുള്ളവരുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നതിനുവേണ്ടിയുള്ളതാണ്. നോക്കൂ, വേദമന്ത്രങ്ങള്‍ എഴുതിയ അവരുടെ നെറ്റിപ്പട്ടകള്‍ക്കു വീതിയും

6 പുറങ്കുപ്പായത്തിന്‍റെ തൊങ്ങലുകള്‍ക്കു നീളവും കൂട്ടുന്നതു കണ്ടില്ലേ? അവര്‍ സദ്യക്കിരിക്കുമ്പോള്‍ മാന്യസ്ഥാനവും സുനഗോഗുകളില്‍ പ്രധാന ഇരിപ്പിടവും

7 ചന്തസ്ഥലത്തുവച്ച് അഭിവാദനവും മറ്റുള്ളവരില്‍നിന്ന് റബ്ബീ എന്ന അഭിസംബോധനയും ഇഷ്ടപ്പെടുന്നു.

8 എന്നാല്‍ നിങ്ങള്‍ റബ്ബീ എന്നു വിളിക്കപ്പെടുവാന്‍ ആഗ്രഹിക്കരുത്; ഒരുവന്‍ മാത്രമാണല്ലോ നിങ്ങളുടെ ഗുരു; നിങ്ങളെല്ലാവരും സഹോദരന്മാരത്രേ.

9 ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്; സ്വര്‍ഗസ്ഥനായ ഒരു പിതാവുമാത്രമേ നിങ്ങള്‍ക്കുള്ളൂ.

10 നേതാവ് എന്ന പേരും നിങ്ങള്‍ സ്വീകരിക്കരുത്. ഒരുവന്‍ മാത്രമാണ് നിങ്ങളുടെ നേതാവ് - ‘ക്രിസ്തു’ തന്നെ.

11 നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠന്‍ നിങ്ങളുടെ സേവകന്‍ ആയിരിക്കണം.

12 തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.

13

“കപടഭക്തരായ മതപണ്ഡിതന്മാരേ, പരീശന്മാരേ, നിങ്ങള്‍ക്ക് ഹാ കഷ്ടം! നിങ്ങള്‍ സ്വര്‍ഗരാജ്യത്തിന്‍റെ വാതില്‍ മനുഷ്യരുടെ നേരേ അടച്ചുകളയുന്നു. നിങ്ങളാകട്ടെ, അതില്‍ പ്രവേശിക്കുന്നുമില്ല, പ്രവേശിക്കുവാന്‍ വരുന്നവരെ ഒട്ടു കടത്തിവിടുകയുമില്ല.

14 മതപണ്ഡിതന്മാരേ, പരീശന്മാരേ! കപടഭക്തരായ നിങ്ങള്‍ക്ക് ഹാ കഷ്ടം! നിങ്ങള്‍ നീണ്ട പ്രാര്‍ഥനകള്‍ ഉരുവിടുകയും വിധവകളെ ചൂഷണം ചെയ്ത് അവരുടെ വീടുകള്‍ അപഹരിക്കുകയും ചെയ്യുന്നു. അതുകൊണ്ടു നിങ്ങള്‍ക്കുള്ള ശിക്ഷാവിധി അതികഠിനമായിരിക്കും.

15

“മതപണ്ഡിതന്മാരേ, പരീശന്മാരേ, കപടഭക്തരായ നിങ്ങള്‍ക്കു ഹാ കഷ്ടം! ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കുവാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. മതത്തില്‍ ചേര്‍ന്നു കഴിഞ്ഞാല്‍ അയാളെ നിങ്ങളുടേതിന്‍റെ ഇരട്ടി നരകശിക്ഷയ്‍ക്കു പാത്രമാക്കുന്നു.

16 അന്ധരായ വഴികാട്ടികളേ! നിങ്ങള്‍ക്കു ഹാ കഷ്ടം! ഒരുവന്‍ ദേവാലയത്തെ ചൊല്ലി സത്യംചെയ്താല്‍ അതു സാരമില്ലെന്നും പ്രത്യുത, അതിലുള്ള സ്വര്‍ണത്തെച്ചൊല്ലി സത്യംചെയ്താല്‍ അതു നിറവേറ്റുവാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണന്നുമല്ലേ നിങ്ങള്‍ പറയുന്നത്?

17 അന്ധന്മാരേ! മൂഢന്മാരേ! ഏതാണ് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നത്? സ്വര്‍ണമോ, സ്വര്‍ണത്തെ വിശുദ്ധീകരിക്കുന്ന ദേവാലയമോ?

18 ഒരുവന്‍ യാഗപീഠത്തെച്ചൊല്ലി സത്യംചെയ്താല്‍ സാരമില്ലെന്നും യാഗപീഠത്തില്‍ അര്‍പ്പിക്കുന്ന വഴിപാടിനെച്ചൊല്ലി സത്യംചെയ്താല്‍ അതു നിറവേറ്റുവാന്‍ അവനു ബാധ്യതയുണ്ടെന്നും നിങ്ങള്‍ പഠിപ്പിക്കുന്നു.

19 നിങ്ങള്‍ എത്രകണ്ട് അന്ധന്മാരാകുന്നു! ഏതാണു കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നത്? വഴിപാടോ, വഴിപാടിനെ വിശുദ്ധീകരിക്കുന്ന യാഗപീഠമോ?

20 യാഗപീഠത്തെച്ചൊല്ലി സത്യംചെയ്യുന്നവന്‍ അതിനെയും അതിന്മേലുള്ള സകലത്തെയുംചൊല്ലി സത്യംചെയ്യുന്നു.

21

“ഒരുവന്‍ ദേവാലയത്തെച്ചൊല്ലി സത്യംചെയ്യുന്നെങ്കില്‍ അതിനെയും അതില്‍ വസിക്കുന്ന ദൈവത്തെയുംചൊല്ലി സത്യം ചെയ്യുന്നു.

22 സ്വര്‍ഗത്തെച്ചൊല്ലി സത്യംചെയ്യുന്നവന്‍ ദൈവത്തിന്‍റെ സിംഹാസനത്തെയും അതില്‍ ഉപവിഷ്ടനായിരിക്കുന്ന ദൈവത്തെയും ചൊല്ലിയത്രേ സത്യംചെയ്യുന്നത്.

23

“മതപണ്ഡിതന്മാരേ! പരീശന്മാരേ! കപടഭക്തരായ നിങ്ങള്‍ക്ക് ഹാ കഷ്ടം! നിങ്ങള്‍ കര്‍പ്പൂരം, തുളസി, ചതകുപ്പ, ജീരകം മുതലായവയുടെപോലും പത്തിലൊന്നു ദൈവത്തിന് അര്‍പ്പിക്കുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ ധര്‍മശാസ്ത്രോപദേശങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്ന നീതി, കരുണ, വിശ്വസ്തത എന്നിവ അവഗണിക്കുന്നു.

24 മറ്റുള്ളവ ത്യജിക്കാതെ ഇവയും നിങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്. അന്ധരായ വഴികാട്ടികളേ, നിങ്ങള്‍ കൊതുകിനെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്നു.

25

“മതപണ്ഡിതന്മാരേ, പരീശന്മാരേ, കപടഭക്തരായ നിങ്ങള്‍ക്ക് ഹാ കഷ്ടം! നിങ്ങള്‍ പാത്രങ്ങളുടെ പുറം തേച്ചുവെടിപ്പാക്കുന്നു. അതേസമയം അകം അക്രമവും സ്വാര്‍ഥതയുംകൊണ്ട് ആര്‍ജിച്ച വസ്തുക്കള്‍ നിറഞ്ഞിരിക്കുന്നു.

26 അന്ധനായ പരീശാ, ആദ്യം പാത്രത്തിന്‍റെ അകം വെടിപ്പാക്കുക. അപ്പോള്‍ പുറവും വെടിപ്പായിക്കൊള്ളും.

27

“മതപണ്ഡിതന്മാരേ, പരീശന്മാരേ, കപടഭക്തരായ നിങ്ങള്‍ക്ക് ഹാ കഷ്ടം! വെള്ള പൂശിയ ശവക്കല്ലറയ്‍ക്കു തുല്യരാണു നിങ്ങള്‍. പുറമേ ഭംഗിയുള്ളതായി ആ കല്ലറകള്‍ കാണപ്പെടുന്നു. എന്നാല്‍ അകം മരിച്ചവരുടെ അസ്ഥികളും ജീര്‍ണിക്കുന്ന വസ്തുക്കളും നിറഞ്ഞിരിക്കുന്നു.

28 അതുപോലെ നിങ്ങളും പുറമേ മറ്റുള്ളവരുടെ ദൃഷ്‍ടിയില്‍ നീതിമാന്മാരായി കാണപ്പെടുന്നു; എന്നാല്‍ അകത്ത് കാപട്യവും അധര്‍മങ്ങളും നിറഞ്ഞിരിക്കുന്നു.

29

“മതപണ്ഡിതന്മാരേ, പരീശന്മാരേ, കപടഭക്തരായ നിങ്ങള്‍ക്ക് ഹാ കഷ്ടം! നിങ്ങള്‍ പ്രവാചകന്മാരുടെ ശവകുടീരങ്ങള്‍ നിര്‍മിക്കുന്നു; സജ്ജനങ്ങളുടെ സ്മാരകങ്ങള്‍ അലങ്കരിക്കുന്നു.

30 ‘പൂര്‍വികരുടെ കാലത്ത് ഞങ്ങള്‍ ജീവിച്ചിരുന്നെങ്കില്‍ അവര്‍ ചെയ്തതുപോലെ ചെയ്യുകയോ പ്രവാചകന്മാരെ വധിക്കുന്നതില്‍ പങ്കാളികളാകുകയോ ചെയ്യുകയില്ലായിരുന്നു’ എന്നു നിങ്ങള്‍ പറയുന്നു.

31 അതുകൊണ്ട് പ്രവാചകന്മാരെ വധിച്ചവരുടെ സന്താനങ്ങള്‍ ആണ് നിങ്ങള്‍ എന്ന് യഥാര്‍ഥത്തില്‍ സമ്മതിക്കുകയാണു ചെയ്യുന്നത്.

32 നിങ്ങളുടെ പൂര്‍വികര്‍ തുടങ്ങിവച്ചതു പൂര്‍ത്തിയാക്കിക്കൊള്ളുക.

33 സര്‍പ്പങ്ങളേ! സര്‍പ്പസന്തതികളേ! നരകശിക്ഷയില്‍നിന്ന് നിങ്ങള്‍ എങ്ങനെ ഓടി രക്ഷപെടും?

34 അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നു: പ്രവാചകന്മാരെയും ജ്ഞാനികളെയും മതഗുരുക്കന്മാരെയും നിങ്ങളുടെ അടുക്കലേക്ക് അയയ്‍ക്കും; ചിലരെ നിങ്ങള്‍ വധിക്കുകയും ക്രൂശിക്കുകയും ചെയ്യും; മറ്റുചിലരെ സുനഗോഗുകളില്‍വച്ചു ചാട്ടവാറുകൊണ്ട് അടിക്കുകയും പട്ടണംതോറും വേട്ടയാടുകയും ചെയ്യും.

35 അതുകൊണ്ടു നീതിമാനായ ഹാബേല്‍തൊട്ട് സഖറിയാവരെയുള്ള എല്ലാ നിരപരാധികളുടെയും ശിക്ഷാവിധി നിങ്ങളുടെമേല്‍ നിപതിക്കും. ബെരഖ്യായുടെ പുത്രനായ ഈ സഖറിയായെ ആണല്ലോ വിശുദ്ധസ്ഥലത്തിനും യാഗപീഠത്തിനും മധ്യേവച്ചു നിങ്ങള്‍ വധിച്ചത്.

36 ഞാന്‍ നിങ്ങളോടു പറയുന്നു: ഈ മഹാപാതകങ്ങളുടെയെല്ലാം ശിക്ഷ ഇന്നത്തെ തലമുറയുടെമേല്‍ നിശ്ചയമായും വരും.

37

“യെരൂശലേമേ, യെരൂശലേമേ! പ്രവാചകന്മാരെ നീ വധിക്കുകയും നിന്‍റെ അടുക്കലേക്ക് അയയ്‍ക്കപ്പെട്ട സന്ദേശവാഹകരെ നീ കല്ലെറിയുകയും ചെയ്തു. കോഴി തന്‍റെ കുഞ്ഞുങ്ങളെ ചിറകിന്‍കീഴില്‍ ചേര്‍ക്കുന്നതുപോലെ നിന്‍റെ ജനത്തെ എന്‍റെ കരവലയത്തില്‍ ചേര്‍ക്കുവാന്‍ ഞാന്‍ എത്ര തവണ ആഗ്രഹിച്ചു! നിങ്ങള്‍ക്ക് അതിനു മനസ്സുവന്നില്ല.

38 നിങ്ങളുടെ ആലയം ശൂന്യമായിത്തീരും!

39 ‘കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍’ എന്നു നിങ്ങള്‍ പറയുന്നതുവരെ ഇനി നിങ്ങള്‍ എന്നെ കാണുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.”

24

1

യേശു അവിടംവിട്ടു പോകുമ്പോള്‍ ദേവാലയവും അതോടനുബന്ധിച്ചുള്ള കെട്ടിടങ്ങളും അവിടുത്തെ കാണിച്ചുകൊടുക്കുവാന്‍ ശിഷ്യന്മാര്‍ അടുത്തുചെന്നു.

2 യേശു അവരോടു പറഞ്ഞു: “നിങ്ങള്‍ ഇവയെല്ലാം കാണുന്നുണ്ടല്ലോ: ഞാന്‍ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു: ഒരു കല്ലും മറ്റൊന്നിന്മേല്‍ ശേഷിക്കാതെ ഇവയെല്ലാം സമൂലം നശിപ്പിക്കപ്പെടും.”

3

യേശു ഒലിവുമലയില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ ശിഷ്യന്മാര്‍ തനിച്ചുചെന്ന് അവിടുത്തോടു ചോദിച്ചു: “അത് എപ്പോഴാണ് സംഭവിക്കുന്നത്? അങ്ങയുടെ വരവിന്‍റെയും യുഗപര്യവസാനത്തിന്‍റെയും അടയാളം എന്താണ്? ഞങ്ങള്‍ക്കു പറഞ്ഞുതന്നാലും.”

4

യേശു അവരോടു പറഞ്ഞു: “ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കുവാന്‍ സൂക്ഷിച്ചുകൊള്ളുക;

5 ‘ഞാന്‍ ക്രിസ്തുവാണ്’ എന്നു പറഞ്ഞുകൊണ്ട് എന്‍റെ നാമത്തില്‍ അനേകമാളുകള്‍ വരും; അവര്‍ പലരെയും വഴിതെറ്റിക്കും.

6 നിങ്ങള്‍ യുദ്ധത്തിന്‍റെ ശബ്ദവും യുദ്ധത്തെക്കുറിച്ചുള്ള കിംവദന്തികളും കേള്‍ക്കും; നിങ്ങള്‍ പരിഭ്രാന്തരാകരുത്; ഇവയെല്ലാം സംഭവിക്കേണ്ടതാകുന്നു; എങ്കിലും ഇത് അവസാനമല്ല.

7 ജനത ജനതയോടും രാജ്യം രാജ്യത്തോടും എതിര്‍ക്കും.

8 പല സ്ഥലങ്ങളിലും ക്ഷാമവും ഭൂകമ്പവുമുണ്ടാകും;

9 ഇവയെല്ലാം ഈറ്റുനോവിന്‍റെ ആരംഭമാണ്.

10

“അപ്പോള്‍ അവര്‍ നിങ്ങളെ പീഡനത്തിന് ഏല്പിച്ചുകൊടുക്കുകയും വധിക്കുകയും ചെയ്യും. എന്‍റെ നാമത്തെപ്രതി സകല ജനതകളും നിങ്ങളെ ദ്വേഷിക്കും. പലരും ആ സമയത്തു തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കും; അവര്‍ അന്യോന്യം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും.

11 പല വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെട്ട് അനേകമാളുകളെ വഴിതെറ്റിക്കും.

12 അധര്‍മം വര്‍ധിക്കുന്നതുകൊണ്ട് പലരുടെയും സ്നേഹം തണുത്തുപോകും.

13 എന്നാല്‍ അന്ത്യംവരെ ഉറച്ചുനില്‌ക്കുന്നവര്‍ രക്ഷപെടും.

14 രാജ്യത്തെക്കുറിച്ചുള്ള സുവിശേഷം സകല മനുഷ്യരാശിയുടെയും സാക്ഷ്യത്തിനായി ലോകമെങ്ങും ഘോഷിക്കപ്പെടും; അപ്പോഴായിരിക്കും അവസാനം.

15

“ദാനിയേല്‍പ്രവാചകന്‍ പ്രസ്താവിച്ച പ്രകാരമുള്ള വിനാശകരമായ മ്ലേച്ഛത വിശുദ്ധസ്ഥലത്തു കാണുമ്പോള്‍ അനുവാചകര്‍ മനസ്സിലാക്കിക്കൊള്ളട്ടെ-

16 അന്ന് യെഹൂദ്യയിലുള്ളവര്‍ മലകളിലേക്ക് ഓടിപ്പോകണം.

17 മട്ടുപ്പാവിലിരിക്കുന്നവന്‍ തന്‍റെ സമ്പാദ്യങ്ങള്‍ എടുക്കുന്നതിനായി വീട്ടിനുള്ളിലേക്ക് ഇറങ്ങിപ്പോകരുത്.

18 കൃഷിസ്ഥലത്തായിരിക്കുന്നവന്‍ തന്‍റെ വസ്ത്രം എടുക്കുന്നതിനായി തിരിച്ചുപോകുകയുമരുത്.

19 ആ ദിവസങ്ങളില്‍ ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന മാതാക്കളുടെയും സ്ഥിതി എത്ര ദയനീയം!

20 ഈ പലായനം ശീതകാലത്തോ ശബത്തിലോ സംഭവിക്കാതിരിക്കുവാന്‍ പ്രാര്‍ഥിക്കുക.

21 ലോകാരംഭംമുതല്‍ ഇതുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി ഒരിക്കലും സംഭവിക്കാത്തതുമായ വലിയ കഷ്ടത അന്നുണ്ടാകും.

22 എന്നാല്‍ ദൈവം നേരത്തേതന്നെ ആ നാളുകളുടെ സംഖ്യ കുറച്ചിരിക്കുന്നു. അങ്ങനെ ചെയ്യാതിരുന്നെങ്കില്‍ ആരും രക്ഷപെടുകയില്ലായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ജനം നിമിത്തം ആ നാളുകളുടെ സംഖ്യ പരിമിതമാക്കും.

23

“അപ്പോള്‍ ക്രിസ്തു ‘ഇതാ ഇവിടെ’ എന്നോ ‘അതാ അവിടെ’ എന്നോ ആരെങ്കിലും പറഞ്ഞാല്‍ അശേഷം വിശ്വസിക്കരുത്.

24 കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും പ്രത്യക്ഷപ്പെടും; കഴിയുമെങ്കില്‍ ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെപ്പോലും വഞ്ചിക്കുന്നതിനുവേണ്ടി അവര്‍ വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കും.

25 നോക്കൂ! ഞാന്‍ ഇതു നിങ്ങളോടു മുന്‍കൂട്ടി പറഞ്ഞിരിക്കുന്നു.

26 ‘അവിടുന്ന് അതാ വിജനപ്രദേശത്ത്!’ എന്ന് ആളുകള്‍ നിങ്ങളോടു പറഞ്ഞാല്‍ നിങ്ങള്‍ പോകരുത്. ‘അതാ അവിടുന്ന് ആ രഹസ്യസങ്കേതത്തില്‍ ഉണ്ട്’ എന്നു പറഞ്ഞാലും വിശ്വസിക്കരുത്.

27 ആകാശമണ്ഡലത്തില്‍ കിഴക്കുമുതല്‍ പടിഞ്ഞാറുവരെ മിന്നുന്ന മിന്നല്‍പ്പിണര്‍ പോലെയായിരിക്കും മനുഷ്യപുത്രന്‍ പ്രത്യക്ഷപ്പെടുന്നത്.

28

“ശവം എവിടെയുണ്ടോ അവിടെ കഴുകന്മാര്‍കൂടും.

29

“ആ നാളുകളിലെ കഷ്ടത കഴിഞ്ഞാലുടന്‍ സൂര്യന്‍ ഇരുണ്ടുപോകും; ചന്ദ്രന്‍ പ്രകാശം നല്‌കുകയുമില്ല. നക്ഷത്രങ്ങള്‍ ആകാശത്തുനിന്നു വീഴും.

30 ബഹിരാകാശശക്തികള്‍ അവയുടെ സഞ്ചാരപഥത്തില്‍നിന്നു മാറ്റപ്പെടും. അപ്പോള്‍ മനുഷ്യപുത്രന്‍റെ അടയാളം ആകാശത്തു പ്രത്യക്ഷപ്പെടും. ഭൂമിയിലെ സമസ്തജനങ്ങളും മാറത്തടിച്ചു കരയും. മനുഷ്യപുത്രന്‍ ശക്തിയോടും മഹാതേജസ്സോടുംകൂടി വാനമേഘങ്ങളിന്മേല്‍ വരുന്നത് അവര്‍ കാണും.

31 വലിയ കാഹളനാദത്തോടുകൂടി തന്‍റെ ദൂതന്മാരെ അവിടുന്ന് അയയ്‍ക്കും. തിരഞ്ഞെടുക്കപ്പെട്ട ജനത്തെ അവര്‍ ഭൂമിയുടെ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ നാലു ദിക്കുകളില്‍നിന്നും കൂട്ടിച്ചേര്‍ക്കും.

32

“ഒരു അത്തിവൃക്ഷത്തെ ദൃഷ്ടാന്തമായി എടുക്കാം. അതിന്‍റെ ഇളംചില്ലകള്‍ പൊടിക്കുകയും അതു തളിര്‍ക്കുകയും ചെയ്യുമ്പോള്‍ വേനല്‍ക്കാലം സമീപിച്ചു എന്നു നിങ്ങള്‍ മനസ്സിലാക്കുന്നു.

33 അതുപോലെ ഇവയൊക്കെയും നിങ്ങള്‍ കാണുമ്പോള്‍ മനുഷ്യപുത്രന്‍ അടുത്ത് പടിക്കലെത്തിയിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുക.

34 ഞാന്‍ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു: ഇവയൊക്കെ സംഭവിക്കുന്നതുവരെ ഈ തലമുറ കഴിഞ്ഞുപോകുകയില്ല;

35 ആകാശവും ഭൂമിയും അന്തര്‍ധാനം ചെയ്യും; എന്നാല്‍ എന്‍റെ വാക്കുകള്‍ എന്നേക്കും നിലനില്‌ക്കും.

36

“ആ ദിവസത്തെയും സമയത്തെയുംകുറിച്ച് എന്‍റെ പിതാവിനല്ലാതെ മറ്റാര്‍ക്കും സ്വര്‍ഗത്തിലെ ദൂതന്മാര്‍ക്കോ *പുത്രനുപോലുമോ അറിഞ്ഞുകൂടാ.

37 നോഹയുടെ കാലത്തു സംഭവിച്ചതുപോലെ ആയിരിക്കും മനുഷ്യപുത്രന്‍ പ്രത്യക്ഷപ്പെടുന്നത്.

38 ജലപ്രളയത്തിനു മുമ്പു നോഹ പെട്ടകത്തില്‍ പ്രവേശിച്ച ദിവസംവരെ ജനം തിന്നുകയും കുടിക്കുകയും വിവാഹം കഴിക്കുകയും കഴിപ്പിക്കുകയും ചെയ്തുപോന്നു.

39 ജലപ്രളയം വന്ന് എല്ലാവരെയും നിര്‍മാര്‍ജനം ചെയ്യുന്നതുവരെ അവര്‍ ഒന്നും അറിഞ്ഞില്ല;

40 ഇതുപോലെ ആയിരിക്കും മനുഷ്യപുത്രന്‍റെ വരവും.

41 അപ്പോള്‍ രണ്ടുപേര്‍ കൃഷിസ്ഥലത്തായിരിക്കും. ഒരുവനെ സ്വീകരിക്കുകയും അപരനെ തിരസ്കരിക്കുകയും ചെയ്യും; രണ്ടു സ്‍ത്രീകള്‍ ഒരു തിരികല്ലില്‍ പൊടിച്ചുകൊണ്ടിരിക്കും. ഒരുവളെ കൈക്കൊള്ളുകയും മറ്റവളെ കൈവെടിയുകയും ചെയ്യും.

42

“അതുകൊണ്ട് നിങ്ങളുടെ കര്‍ത്താവ് വരുന്നത് ഏതു ദിവസം എന്ന് അറിയാത്തതിനാല്‍ ജാഗരൂകരായിരിക്കുക.

43 രാത്രിയില്‍ കള്ളന്‍ വരുന്ന സമയം അറിഞ്ഞിരുന്നെങ്കില്‍ വീടിന്‍റെ ഉടമസ്ഥന്‍ ഉണര്‍ന്നിരിക്കുകയും ഭവനഭേദനം നടത്താന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുമായിരുന്നു.

44 അതുപോലെ അപ്രതീക്ഷിതമായ സമയത്ത് മനുഷ്യപുത്രന്‍ വരുന്നതുകൊണ്ട് നിങ്ങളും ഒരുങ്ങിയിരിക്കുക.

45

“വിശ്വസ്തനും വിവേകിയുമായ ദാസന്‍ ആരാണ്? വീട്ടുകാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതിനും വീട്ടിലുള്ളവര്‍ക്ക് യഥാവസരം ഭക്ഷണം കൊടുക്കുന്നതിനും യജമാനന്‍ നിയമിച്ച വിശ്വസ്തനും വിവേകിയുമായ ദാസന്‍ ആരാണ്?

46 യജമാനന്‍ വരുമ്പോള്‍ അവന്‍ കൃത്യനിഷ്ഠയുള്ളവനായി കാണുന്നുവെങ്കില്‍ അവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍.

47 യജമാനന്‍ ആ ദാസനെ തന്‍റെ സര്‍വസ്വത്തിന്‍റെയും കാര്യസ്ഥനായി നിയമിക്കും എന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു.

48 എന്നാല്‍ ആ ദാസന്‍ ദുഷ്ടനാണെങ്കില്‍ യജമാനന്‍ വരാന്‍ വൈകും എന്നു വിചാരിച്ച്

49 അവന്‍ സഹഭൃത്യന്മാരെ അടിക്കുകയും മദ്യപന്മാരോടുകൂടി തിന്നുകുടിച്ചു കൂത്താടുകയും ചെയ്യും.

50 ആ ദാസന്‍ പ്രതീക്ഷിക്കാത്ത ദിവസത്തിലും ഉദ്ദേശിക്കാത്ത സമയത്തും യജമാനന്‍ മടങ്ങിയെത്തും.

51 അവനെ യജമാനന്‍ ശിക്ഷിക്കുകയും ജോലിയില്‍ നിന്നു പിരിച്ചുവിട്ട് വഞ്ചകന്മാരുടെ കൂട്ടത്തിലേക്കു തള്ളുകയും ചെയ്യും; അവിടെ അവന്‍ കരയുകയും പല്ലുകടിക്കുകയും ചെയ്യും.

25

1

“സ്വര്‍ഗരാജ്യം മണവാളനെ എതിരേല്‌ക്കാന്‍ വിളക്കുമായി പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം.

2 അവരില്‍ അഞ്ചുപേര്‍ ബുദ്ധികെട്ടവരും അഞ്ചുപേര്‍ ബുദ്ധിമതികളുമായിരുന്നു.

3 ബുദ്ധികെട്ടവര്‍ വിളക്കെടുത്തപ്പോള്‍ എണ്ണ എടുത്തില്ല.

4 ബുദ്ധിമതികളാകട്ടെ, വിളക്കുകളോടൊപ്പം പാത്രത്തില്‍ എണ്ണയുമെടുത്തു.

5 മണവാളന്‍ വരാന്‍ വൈകിയതിനാല്‍ എല്ലാവരും നിദ്രാധീനരായി.

6

“അര്‍ധരാത്രിയില്‍ ‘അതാ, മണവാളന്‍ വരുന്നു; അദ്ദേഹത്തെ എതിരേല്‌ക്കുവാന്‍ പുറപ്പെടുക’ എന്നു പറഞ്ഞുകൊണ്ടുള്ള ആര്‍പ്പുവിളി ഉണ്ടായി.

7 അപ്പോള്‍ ആ കന്യകമാര്‍ എല്ലാവരും എഴുന്നേറ്റു വിളക്കു തെളിച്ചു.

8 ബുദ്ധികെട്ടവര്‍ ബുദ്ധിമതികളോട് ‘ഞങ്ങളുടെ വിളക്കുകള്‍ അണയാന്‍ പോകുന്നു; നിങ്ങളുടെ എണ്ണയില്‍ കുറെ ഞങ്ങള്‍ക്കു തരിക’ എന്നു പറഞ്ഞു.

9 ‘ഞങ്ങള്‍ക്കും നിങ്ങള്‍ക്കും തികയാതെ വന്നേക്കും; അതുകൊണ്ടു നിങ്ങള്‍ക്കു വേണ്ടതു കടയില്‍പോയി വാങ്ങുകയാണു നല്ലത്’ എന്നു ബുദ്ധിമതികള്‍ മറുപടി നല്‌കി.

10 അങ്ങനെ അവര്‍ എണ്ണ വാങ്ങാന്‍ പോയപ്പോള്‍ മണവാളന്‍ വന്നു. ഒരുങ്ങിനിന്നവര്‍ മണവാളനോടുകൂടി വിരുന്നുശാലയില്‍ പ്രവേശിച്ചു. വിരുന്നുശാലയുടെ വാതില്‍ അടയ്‍ക്കുകയും ചെയ്തു.

11

“അനന്തരം മറ്റേ കന്യകമാര്‍ വന്നു ചേര്‍ന്നു. ‘പ്രഭോ, പ്രഭോ, ഞങ്ങള്‍ക്കു വാതില്‍ തുറന്നു തരണേ!’ എന്ന് അവര്‍ അപേക്ഷിച്ചു.

12 ‘സത്യമായി നിങ്ങളെ എനിക്ക് അറിഞ്ഞുകൂടാ’ എന്നു മണവാളന്‍ മറുപടി നല്‌കി.

13

“അതുകൊണ്ട് ആ നാളും നാഴികയും നിങ്ങള്‍ക്ക് അജ്ഞാതമായിരിക്കുകയാല്‍ ജാഗരൂകരായിരിക്കുക.

14

“സ്വര്‍ഗരാജ്യം ഇതുപോലെയാണ്. ഒരാള്‍ ഒരു ദീര്‍ഘയാത്രയ്‍ക്കു പുറപ്പെട്ടപ്പോള്‍ ദാസന്മാരെ വിളിച്ച് തന്‍റെ സമ്പാദ്യം അവരെ ഏല്പിച്ചു.

15 ഓരോരുത്തനും അവനവന്‍റെ പ്രാപ്തിക്കനുസരിച്ച് ഒരാള്‍ക്ക് അഞ്ചു താലന്തും മറ്റൊരാള്‍ക്കു രണ്ടും വേറൊരാള്‍ക്ക് ഒന്നും കൊടുത്തു. പിന്നീട് അയാള്‍ യാത്രപുറപ്പെട്ടു.

16 അഞ്ചു താലന്തു കിട്ടിയവന്‍ ഉടനെ പോയി വ്യാപാരം ചെയ്ത് അഞ്ചുകൂടി നേടി.

17 [17,18] അതുപോലെതന്നെ രണ്ടു കിട്ടിയവന്‍ രണ്ടുകൂടി സമ്പാദിച്ചു. ഒരു താലന്തു ലഭിച്ചയാള്‍ പോയി നിലത്ത് ഒരു കുഴി കുഴിച്ച് യജമാനന്‍ കൊടുത്ത പണം മറച്ചുവച്ചു.

18

19

“ദീര്‍ഘകാലം കഴിഞ്ഞ് അവരുടെ യജമാനന്‍ തിരിച്ചുവന്ന് അവരെ ഏല്പിച്ച പണത്തിന്‍റെ കണക്കു ചോദിച്ചു.

20 അഞ്ചു താലന്തു ലഭിച്ചവന്‍ അഞ്ചുകൂടി കൊണ്ടുവന്ന് തന്‍റെ യജമാനന്‍റെ മുമ്പില്‍ വച്ചിട്ടു പറഞ്ഞു: ‘പ്രഭോ, അഞ്ചു താലന്താണല്ലോ അങ്ങ് എന്നെ ഏല്പിച്ചിരുന്നത്; ഇതാ, ഞാന്‍ അഞ്ചുകൂടി സമ്പാദിച്ചിരിക്കുന്നു.’

21 യജമാനന്‍ അവനോട് ‘നന്നായി; ഉത്തമനും വിശ്വസ്തനുമായ ദാസനേ, അല്പകാര്യത്തില്‍ നീ വിശ്വസ്തനാണെന്നു തെളിഞ്ഞിരിക്കുന്നു. നിന്നെ വലിയ കാര്യങ്ങള്‍ ഏല്പിക്കും. വരിക, നിന്‍റെ യജമാനന്‍റെ ആനന്ദത്തില്‍ പങ്കുകൊള്ളുക’ എന്നു പറഞ്ഞു.

22

“രണ്ടു താലന്തു ലഭിച്ചവനും വന്ന് ‘യജമാനനേ, അങ്ങു രണ്ടു താലന്താണല്ലോ എന്നെ ഏല്പിച്ചത്. ഇതാ ഞാന്‍ രണ്ടുകൂടി സമ്പാദിച്ചിരിക്കുന്നു’ എന്നു പറഞ്ഞു.

23 യജമാനന്‍ അവനോട് ‘നന്നായി, ഉത്തമനും വിശ്വസ്തനുമായ ദാസനേ, അല്പകാര്യത്തില്‍ നീ വിശ്വസ്തനാണെന്നു തെളിഞ്ഞിരിക്കുന്നു. നിന്നെ ഞാന്‍ വലിയ കാര്യങ്ങള്‍ ഏല്പിക്കും. നിന്‍റെ യജമാനന്‍റെ ആനന്ദത്തില്‍ പങ്കുകൊള്ളുക’ എന്നു പറഞ്ഞു.

24

“പിന്നീട് ഒരു താലന്തു കിട്ടിയവന്‍ വന്ന് ഇപ്രകാരം പറഞ്ഞു: ‘യജമാനനേ, അങ്ങ് ഒരു കഠിനഹൃദയന്‍ ആണെന്ന് എനിക്കറിയാം. അങ്ങു വിതയ്‍ക്കാത്തിടത്തുനിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്നു ശേഖരിക്കുകയും ചെയ്യുന്നു.

25 അതുകൊണ്ട് ഞാന്‍ ഭയപ്പെട്ട് അങ്ങയുടെ താലന്ത് മണ്ണില്‍ കുഴിച്ചുവച്ചിരുന്നു. ഇതാ അങ്ങയുടെ താലന്ത്.’

26

“യജമാനന്‍ അവനോടു പറഞ്ഞു: ‘ദുഷ്ടനും മടിയനുമായ ദാസനേ, ഞാന്‍ വിതയ്‍ക്കാത്തിടത്തുനിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്നു ശേഖരിക്കുകയും ചെയ്യുന്നവനാണെന്നു നീ അറിഞ്ഞിരുന്നു, അല്ലേ?

27 നീ എന്‍റെ താലന്തു പണവ്യാപാരികളെ ഏല്പിക്കേണ്ടതായിരുന്നു; എങ്കില്‍ ഞാന്‍ മടങ്ങിവന്നപ്പോള്‍ എന്‍റെ മുതലും പലിശയുംകൂടി വാങ്ങാമായിരുന്നല്ലോ.

28 അതുകൊണ്ട് അവന്‍റെ പക്കല്‍നിന്ന് ആ താലന്തെടുത്ത് പത്തു താലന്തുള്ളവനു കൊടുക്കുക.

29 ഉള്ളവനു പിന്നെയും കൊടുക്കും; അവനു സമൃദ്ധിയുണ്ടാകുകയും ചെയ്യും; എന്നാല്‍ ഇല്ലാത്തവനില്‍നിന്ന് അവനുള്ളതുപോലും എടുത്തുകളയും.

30 ഒന്നിനും കൊള്ളരുതാത്ത ആ ദാസനെ പുറത്തുള്ള അന്ധകാരത്തിലേക്ക് എറിഞ്ഞുകളയുക. അവിടെക്കിടന്ന് അവന്‍ കരയുകയും പല്ലുകടിക്കുകയും ചെയ്യും.’

31

“മനുഷ്യപുത്രന്‍ എല്ലാ മാലാഖമാരോടുംകൂടി തേജസ്സോടെ ആഗതനായി രാജകീയസിംഹാസനത്തില്‍ ഉപവിഷ്ഠനാകും.

32 അപ്പോള്‍ സകല ജനതകളെയും മനുഷ്യപുത്രന്‍റെ മുമ്പില്‍ സന്നിഹിതരാക്കും.

33 ഇടയന്‍ ചെമ്മരിയാടുകളെയും കോലാടുകളെയും വേര്‍തിരിക്കുന്നതുപോലെ മനുഷ്യപുത്രന്‍ അവരെ വേര്‍തിരിക്കും; ചെമ്മരിയാടുകളെ വലത്തുവശത്തും കോലാടുകളെ ഇടത്തുവശത്തും നിറുത്തും.

34 പിന്നീടു രാജാവ് വലത്തുള്ളവരോട് അരുള്‍ചെയ്യും: ‘എന്‍റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരിക; പ്രപഞ്ചത്തിന് അടിസ്ഥാനമിടുന്നതിനു മുമ്പുതന്നെ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്ളുക.

35 എന്തുകൊണ്ടെന്നാല്‍ എനിക്കു വിശന്നു, നിങ്ങള്‍ എനിക്ക് ആഹാരം തന്നു; എനിക്കു ദാഹിച്ചു, നിങ്ങള്‍ എനിക്ക് കുടിക്കുവാന്‍ തന്നു; ഞാന്‍ അന്യനും പരദേശിയും ആയിരുന്നു, നിങ്ങള്‍ എനിക്ക് അഭയംതന്നു;

36 എനിക്കു വസ്ത്രമില്ലായിരുന്നു, നിങ്ങള്‍ എനിക്കു വസ്ത്രം തന്നു; ഞാന്‍ രോഗിയായിരുന്നു, നിങ്ങള്‍ എന്നെ ശുശ്രൂഷിച്ചു; ഞാന്‍ കാരാഗൃഹത്തിലായിരുന്നു, നിങ്ങള്‍ എന്നെ വന്നു കണ്ടു.’

37

“അപ്പോള്‍ ധര്‍മനിഷ്ഠരായി ജീവിച്ചവര്‍ അദ്ദേഹത്തോടു ചോദിക്കും: ‘പ്രഭോ, ഞങ്ങള്‍ എപ്പോഴാണ് അങ്ങയെ വിശപ്പുള്ളവനായി കണ്ടിട്ട് ആഹാരം തന്നത്?

38 അഥവാ എപ്പോഴാണു അങ്ങയെ ദാഹിക്കുന്നവനായി കണ്ടിട്ടു കുടിക്കുവാന്‍ തന്നത്? അല്ലെങ്കില്‍ എപ്പോഴാണ് അങ്ങയെ അന്യനും പരദേശിയുമായി കണ്ടിട്ടു ഞങ്ങള്‍ അഭയം നല്‌കുകയും വസ്ത്രമില്ലാത്തവനായി കണ്ടിട്ട് വസ്ത്രം നല്‌കുകയും ചെയ്തത്?

39 എപ്പോഴാണ് രോഗപീഡിതനോ കാരാഗൃഹവാസിയോ ആയിരുന്നപ്പോള്‍ ഞങ്ങള്‍ വന്ന് അങ്ങയെ സന്ദര്‍ശിച്ചത്?

40 അപ്പോള്‍ രാജാവ് അവരോട് തീര്‍ച്ചയായും ഇങ്ങനെ പറയും: ‘എന്‍റെ ഈ ഏറ്റവും എളിയ സഹോദരന്മാരില്‍ ഒരുവനു നിങ്ങള്‍ ചെയ്തതെല്ലാം എനിക്കുവേണ്ടിയത്രേ ചെയ്തത്.’

41

“അനന്തരം രാജാവ് ഇടത്തുവശത്തു നില്‌ക്കുന്നവരോട് ഇപ്രകാരം പറയും: ‘ശപിക്കപ്പെട്ടവരേ, എന്നെ വിട്ട് പിശാചിനും അവന്‍റെ ദൂതന്മാര്‍ക്കുമായി ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകൂ.

42 എനിക്കു വിശന്നു, നിങ്ങള്‍ എനിക്ക് ആഹാരം തന്നില്ല; എനിക്കു ദാഹിച്ചു, നിങ്ങള്‍ എനിക്കു കുടിക്കുവാന്‍ തന്നില്ല;

43 ഞാന്‍ അന്യനും പരദേശിയും ആയിരുന്നു, നിങ്ങള്‍ എനിക്ക് അഭയം നല്‌കിയില്ല; എനിക്കു വസ്ത്രമില്ലായിരുന്നു, നിങ്ങള്‍ എനിക്കു വസ്ത്രം നല്‌കിയില്ല; ഞാന്‍ രോഗിയും കാരാഗൃഹവാസിയുമായിരുന്നു, നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചില്ല.’

44

“അപ്പോള്‍ അവരും അദ്ദേഹത്തോടു ചോദിക്കും: ‘പ്രഭോ, ഞങ്ങള്‍ എപ്പോള്‍ അങ്ങയെ വിശക്കുന്നവനായോ ദാഹിക്കുന്നവനായോ, അന്യനും പരദേശിയുമായോ, വസ്ത്രരഹിതനായോ, രോഗിയായോ, ബന്ധനസ്ഥനായോ, അങ്ങയെ കണ്ടിട്ടു ശുശ്രൂഷിക്കാതിരുന്നു?

45 ‘അപ്പോള്‍ രാജാവ് ഇങ്ങനെ മറുപടി പറയും: “ഈ ഏറ്റവും എളിയവരില്‍ ഒരുവനു ചെയ്യാതിരുന്നതെല്ലാം എനിക്കാകുന്നു നിങ്ങള്‍ ചെയ്യാതിരുന്നത്.’

46 ഞാന്‍ ഉറപ്പിച്ചു പറയുന്നു: അവര്‍ അനന്തമായ ശിക്ഷയിലേക്കു തള്ളപ്പെടും; നീതിമാന്മാര്‍ അനശ്വരജീവനിലേക്കു കടക്കുകയും ചെയ്യും.”

26

1

ഈ പ്രബോധനങ്ങളെല്ലാം പൂര്‍ത്തീകരിച്ചശേഷം യേശു ശിഷ്യന്മാരോടു പറഞ്ഞു:

2 ‘രണ്ടു ദിവസം കഴിഞ്ഞ് പെസഹാപെരുന്നാള്‍ ആണെന്നു നിങ്ങള്‍ക്ക് അറിയാമല്ലോ; അന്നു മനുഷ്യപുത്രനെ ക്രൂശിക്കുന്നതിനായി ഏല്പിച്ചുകൊടുക്കും.”

3

പുരോഹിതമുഖ്യന്മാരും ജനനേതാക്കളും മഹാപുരോഹിതനായ കയ്യഫാസിന്‍റെ അരമനയില്‍ കൂടി,

4 യേശുവിനെ തന്ത്രപൂര്‍വം പിടികൂടി വധിക്കുന്നതിനെപ്പറ്റി ആലോചിച്ചു.

5 എന്നാല്‍ ഉത്സവദിവസം ആയാല്‍ ജനക്ഷോഭമുണ്ടാകും; അതുകൊണ്ട് അന്നു പാടില്ല’ എന്ന് അവര്‍ പറഞ്ഞു.

6

യേശു ബേഥാന്യയിലെ കുഷ്ഠരോഗിയായ ശിമോന്‍റെ വീട്ടില്‍ ഇരിക്കുകയായിരുന്നു.

7 അവിടുന്നു ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു സ്‍ത്രീ ഒരു വെണ്‍കല്പാത്രം നിറയെ വിലയേറിയ സുഗന്ധതൈലവുമായി അവിടുത്തെ സമീപിച്ച് അത് അവിടുത്തെ ശിരസ്സില്‍ പകര്‍ന്നു.

8 ഇതു കണ്ടപ്പോള്‍ ശിഷ്യന്മാര്‍ക്ക് അമര്‍ഷമുണ്ടായി.

9 ഈ പാഴ്ചെലവ് എന്തിന്? ഈ തൈലം നല്ല വിലയ്‍ക്കു വിറ്റു ദരിദ്രന്മാര്‍ക്കു കൊടുക്കാമായിരുന്നല്ലോ” എന്ന് അവര്‍ പറഞ്ഞു.

10

അവര്‍ ഇങ്ങനെ പറയുന്നു എന്ന് യേശു മനസ്സിലാക്കിക്കൊണ്ട് അവരോടു പറഞ്ഞു: “ഈ സ്‍ത്രീയെ അസഹ്യപ്പെടുത്തുന്നത് എന്തിന്? അവള്‍ എനിക്കുവേണ്ടി ഒരു നല്ല കാര്യം ചെയ്തിരിക്കുന്നു.

11 ദരിദ്രന്മാര്‍ എപ്പോഴും നിങ്ങളുടെകൂടെ ഉണ്ടല്ലോ; എന്നാല്‍ ഞാന്‍ എപ്പോഴും നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല.

12 ഈ തൈലം പൂശി ശവസംസ്കാരത്തിനുവേണ്ടി എന്‍റെ ശരീരം ഒരുക്കുകയാണ് അവള്‍ ചെയ്തത്.

13 ഞാന്‍ നിങ്ങളോടു പറയുന്നു: ലോകത്തെവിടെയെല്ലാം ഈ സുവിശേഷം പ്രഘോഷിക്കപ്പെടുന്നുവോ, അവിടെയെല്ലാം അവളുടെ സ്മരണയ്‍ക്കായി ഇക്കാര്യം പ്രസ്താവിക്കപ്പെടും.”

14

പിന്നീടു പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവനായ യൂദാസ് ഈസ്കരിയോത്ത് മുഖ്യപുരോഹിതന്മാരുടെ അടുക്കല്‍ ചെന്ന്

15 “യേശുവിനെ കാണിച്ചുതന്നാല്‍ നിങ്ങള്‍ എനിക്ക് എന്തു തരും?” എന്നു ചോദിച്ചു. മുപ്പതു വെള്ളിനാണയം അവര്‍ യൂദാസിനു കൊടുത്തു.

16 അപ്പോള്‍മുതല്‍ അയാള്‍ യേശുവിനെ ഒറ്റിക്കൊടുക്കുവാനുള്ള തക്കംനോക്കിക്കൊണ്ടിരുന്നു.

17

പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഒന്നാം ഉത്സവദിവസം ശിഷ്യന്മാര്‍ വന്ന് യേശുവിനോട് “അങ്ങേക്കുവേണ്ടി എവിടെയാണു ഞങ്ങള്‍ പെസഹാഭക്ഷണം ഒരുക്കേണ്ടത്” എന്നു ചോദിച്ചു.

18

യേശു പറഞ്ഞു: “നിങ്ങള്‍ നേരേ നഗരത്തില്‍ ചെന്ന് ‘എന്‍റെ സമയം അടുത്തിരിക്കുന്നു; നിങ്ങളുടെ വീട്ടിലാണു ഞാന്‍ ശിഷ്യന്മാരോടുകൂടി പെസഹ ആചരിക്കുന്നത്’ എന്നു ഗുരു പറയുന്നു എന്ന് ഇന്നയാളിനോട് പറയണം.”

19

യേശു നിര്‍ദേശിച്ചതുപോലെ ശിഷ്യന്മാര്‍ ചെയ്തു. അവര്‍ പെസഹ ഒരുക്കി.

20

സന്ധ്യ ആയപ്പോള്‍ അവിടുന്നു പന്ത്രണ്ടു ശിഷ്യന്മാരോടുകൂടി ഭക്ഷണം കഴിക്കാനിരുന്നു.

21 അവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു പറഞ്ഞു: “നിങ്ങളില്‍ ഒരുവന്‍ എന്നെ ഒറ്റിക്കൊടുക്കുമെന്നു നിശ്ചയമായി ഞാന്‍ നിങ്ങളോടു പറയുന്നു.”

22

അപ്പോള്‍ അവര്‍ അത്യന്തം വ്യാകുലചിത്തരായി; “ഗുരോ, അതു ഞാനല്ലല്ലോ” എന്ന് ഓരോരുത്തനും പറഞ്ഞു.

23

“എന്നോടുകൂടി താലത്തില്‍ അപ്പം മുക്കുന്നവന്‍തന്നെ എന്നെ ഒറ്റിക്കൊടുക്കും” എന്ന് യേശുനാഥന്‍ പറഞ്ഞു.

24 “വിശുദ്ധഗ്രന്ഥത്തില്‍ പറയുന്നതുപോലെ മനുഷ്യപുത്രന്‍ കടന്നുപോകുന്നു; എങ്കിലും മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവന് ഹാ കഷ്ടം! ആ മനുഷ്യന്‍ ജനിക്കാതിരുന്നെങ്കില്‍ അവനു നല്ലതായിരുന്നു” എന്നും അവിടുന്നു പറഞ്ഞു.

25

യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ്, “ഗുരോ, തീര്‍ച്ചയായും അതു ഞാനല്ലല്ലോ” എന്നു പറഞ്ഞു.

“നീ അങ്ങനെ പറയുന്നു” എന്ന് യേശു മറുപടി നല്‌കി.

26

“അവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു അപ്പം എടുത്തു വാഴ്ത്തി മുറിച്ചു ശിഷ്യന്മാര്‍ക്കു കൊടുത്തു.

27

അവിടുന്ന് അരുള്‍ചെയ്തു: “വാങ്ങി ഭക്ഷിക്കുക; ഇത് എന്‍റെ ശരീരം.” അവിടുന്നു പാനപാത്രവും എടുത്തു സ്തോത്രം ചെയ്ത് അവര്‍ക്കു കൊടുത്തു. അവരോട് അവിടുന്ന് അരുള്‍ചെയ്തു: “നിങ്ങള്‍ എല്ലാവരും ഇതില്‍നിന്നു കുടിക്കുക;

28 ഇതു ദൈവത്തിന്‍റെ ഉടമ്പടിയെ സ്ഥിരീകരിക്കുന്ന രക്തമാണ്; അസംഖ്യം ആളുകളുടെ പാപമോചനത്തിനായി ചൊരിയുന്ന എന്‍റെ രക്തംതന്നെ;

29 ഞാന്‍ നിങ്ങളോടു പറയുന്നു: എന്‍റെ പിതാവിന്‍റെ രാജ്യത്തില്‍ നിങ്ങളോടുകൂടി പുതുതായി പാനം ചെയ്യുന്ന നാള്‍വരെ മുന്തിരിവള്ളിയുടെ ഫലത്തില്‍നിന്ന് ഞാന്‍ ഇനി കുടിക്കുകയില്ല.”

30

ഒരു സ്തോത്രഗാനം പാടിയശേഷം അവര്‍ ഒലിവുമലയിലേക്കു പുറപ്പെട്ടു.

31

യേശു അവരോടു പറഞ്ഞു: “ഈ രാത്രിയില്‍ നിങ്ങളെല്ലാവരും എന്നെവിട്ട് ഓടിപ്പോകും; ‘ഞാന്‍ ഇടയനെ വധിക്കും; പറ്റത്തില്‍നിന്ന് ആടുകള്‍ ചിതറിപ്പോകുകയും ചെയ്യും’ എന്നു വിശുദ്ധഗ്രന്ഥത്തില്‍ പറയുന്നുണ്ടല്ലോ.

32 എന്നാല്‍ ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റ ശേഷം നിങ്ങള്‍ക്കു മുമ്പായി ഗലീലയിലേക്കു പോകും.”

33

പത്രോസ് യേശുവിനോടു പറഞ്ഞു: “മറ്റുള്ളവരെല്ലാം അങ്ങയെ ഉപേക്ഷിച്ചുപോയാലും ഞാന്‍ ഒരിക്കലും അങ്ങയെ വിട്ടുപിരിയുകയില്ല.”

34

അതിന് യേശു: “പത്രോസേ, ഞാന്‍ നിന്നോട് ഉറപ്പിച്ചു പറയുന്നു: എന്നെ അറിയുകയില്ല എന്ന് നീ ഈ രാത്രിയില്‍ കോഴി കൂകുന്നതിനുമുമ്പ് മൂന്നുവട്ടം തള്ളിപ്പറയും” എന്നു മറുപടി പറഞ്ഞു.

35

പത്രോസ് യേശുവിനോട്, “അങ്ങയുടെകൂടെ മരിക്കേണ്ടിവന്നാലും ഞാന്‍ ഒരിക്കലും അങ്ങയെ തള്ളിപ്പറയുകയില്ല” എന്നു പറഞ്ഞു.

അതുപോലെതന്നെ എല്ലാ ശിഷ്യന്മാരും പറഞ്ഞു.

36

പിന്നീട് യേശു ശിഷ്യന്മാരോടുകൂടി ഗത്ശമേന എന്ന സ്ഥലത്തേക്കു പോയി. അവിടുന്ന് അവരോട്, “ഞാന്‍ അതാ അവിടെപ്പോയി പ്രാര്‍ഥിച്ചു കഴിയുന്നതുവരെ നിങ്ങള്‍ ഇവിടെ ഇരിക്കുക” എന്നു പറഞ്ഞു.

37 അനന്തരം പത്രോസിനെയും സെബദിയുടെ രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ട് യേശു പോയി. അവിടുന്ന് ശോകപരവശനും അസ്വസ്ഥചിത്തനും ആയിത്തീര്‍ന്നു.

38 “എന്‍റെ മനോവേദന മരണവേദനപോലെ കഠിനമാണ്; നിങ്ങള്‍ ഇവിടെ എന്നോടുകൂടി ജാഗരൂകരായിരിക്കുക” എന്ന് അവിടുന്നു പറഞ്ഞു.

39

അനന്തരം അവിടുന്നു അല്പം മുമ്പോട്ടുചെന്നു കമിഴ്ന്നുവീണു പ്രാര്‍ഥിച്ചു: “എന്‍റെ പിതാവേ, കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്നു നീക്കണമേ. എങ്കിലും ഞാന്‍ ഇച്ഛിക്കുന്നതുപോലെയല്ല, അങ്ങ് ഇച്ഛിക്കുന്നതുപോലെ നടക്കട്ടെ.”

40

അതിനുശേഷം അവിടുന്നു ശിഷ്യന്മാരുടെ അടുക്കല്‍ തിരിച്ചുചെന്നപ്പോള്‍ അവര്‍ ഉറങ്ങുന്നതായി കണ്ടു. യേശു പത്രോസിനോടു പറഞ്ഞു: “നിങ്ങള്‍ക്കു മൂന്നു പേര്‍ക്കുപോലും ഒരു മണിക്കൂര്‍ എന്നോടുകൂടി ഉണര്‍ന്നിരിക്കുവാന്‍ കഴിഞ്ഞില്ലല്ലോ;

41 പരീക്ഷണത്തില്‍ അകപ്പെടാതിരിക്കുവാന്‍ ജാഗ്രതയോടെ പ്രാര്‍ഥിക്കുക; ആത്മാവു നിശ്ചയമായും സന്നദ്ധമാണ്; ശരീരമോ ദുര്‍ബലം.”

42

യേശു വീണ്ടും പോയി പ്രാര്‍ഥിച്ചു: “എന്‍റെ പിതാവേ, ഞാന്‍ കുടിക്കാതെ ഈ പാനപാത്രം നീങ്ങിപ്പോകുവാന്‍ സാധ്യമല്ലെങ്കില്‍ അവിടുത്തെ ഇഷ്ടം നിറവേറട്ടെ.”

43 വീണ്ടും അവിടുന്നു ശിഷ്യന്മാരുടെ അടുക്കല്‍ ചെന്നു. നിദ്രാഭാരംമൂലം അവര്‍ പിന്നെയും ഉറങ്ങുന്നതായിട്ടാണു കണ്ടത്.

44

അവരെ വിട്ടിട്ട് അവിടുന്നു മൂന്നാമതും പോയി, അതേ പ്രാര്‍ഥനതന്നെ ആവര്‍ത്തിച്ചു;

45 അതിനുശേഷം ശിഷ്യന്മാരുടെ അടുക്കല്‍ ചെന്നു ചോദിച്ചു: “നിങ്ങള്‍ ഇപ്പോഴും ഉറങ്ങി വിശ്രമിക്കുകയാണോ? ഇതാ, മനുഷ്യപുത്രനെ പാപിഷ്ഠരുടെ കൈയില്‍ ഏല്പിച്ചുകൊടുക്കുവാനുള്ള സമയം ആസന്നമായിരിക്കുന്നു. എഴുന്നേല്‌ക്കുക, നമുക്കുപോകാം;

46 എന്നെ ഒറ്റിക്കൊടുക്കുന്നവന്‍ ഇതാ എത്തിക്കഴിഞ്ഞു.”

47

ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവനായ യൂദാസ് എത്തിച്ചേര്‍ന്നു. മുഖ്യപുരോഹിതന്മാരും യെഹൂദാപ്രമാണിമാരും അയച്ച ഒരു വലിയ ജനാവലി വാളും കുറുവടിയുമായി അയാളുടെ കൂടെയുണ്ടായിരുന്നു.

48

“ഞാന്‍ ആരെ ചുംബിക്കുന്നുവോ അയാളെയാണു നിങ്ങള്‍ക്കു വേണ്ടത്. അയാളെ പിടിച്ചുകൊള്ളുക” എന്ന് ഒറ്റുകാരന്‍ അവര്‍ക്ക് സൂചന നല്‌കിയിരുന്നു.

49

യൂദാസ് നേരെ യേശുവിന്‍റെ അടുക്കലേക്കു ചെന്ന്, “ഗുരോ വന്ദനം” എന്നു പറഞ്ഞുകൊണ്ട് അവിടുത്തെ ചുംബിച്ചു.

50

“സ്നേഹിതാ! നീ വന്നതെന്തിനാണ്?” എന്നു യേശു ചോദിച്ചു. അപ്പോള്‍ അവര്‍ മുമ്പോട്ടുവന്ന് യേശുവിനെ പിടിച്ചു ബന്ധിച്ചു.

51 യേശുവിന്‍റെ കൂടെയുണ്ടായിരുന്നവരില്‍ ഒരാള്‍ വാളൂരി മഹാപുരോഹിതന്‍റെ ഭൃത്യനെ വെട്ടി. വെട്ടേറ്റ് ആ ഭൃത്യന്‍റെ കാത് അറ്റുപോയി.

52 അപ്പോള്‍ യേശു ആ ശിഷ്യനോട്, “വാള്‍ ഉറയിലിടുക; വാളെടുക്കുന്നവന്‍ വാളാല്‍ത്തന്നെ നശിക്കും.

53 എന്‍റെ പിതാവിനോട് ആവശ്യപ്പെട്ടിരുന്നെങ്കില്‍ അവിടുന്ന് ഉടനടി മാലാഖമാരുടെ പന്ത്രണ്ടിലധികം സൈന്യദളങ്ങളെ അയയ്‍ക്കുമായിരുന്നു എന്നുള്ളത് നിനക്കറിഞ്ഞുകൂടേ?

54 പക്ഷേ അങ്ങനെ ആയാല്‍ ഇപ്രകാരമൊക്കെ സംഭവിക്കേണ്ടതാണെന്നുള്ള വേദലിഖിതം എങ്ങനെ നിറവേറും?”

55

അപ്പോള്‍ ജനക്കൂട്ടത്തോട് അവിടുന്ന് ഇപ്രകാരം പറഞ്ഞു: “ഒരു കള്ളനെയെന്നവണ്ണമാണല്ലോ നിങ്ങള്‍ എന്നെ പിടിക്കുവാന്‍ വാളും വടിയുമായി വന്നിരിക്കുന്നത്. ദിവസേന ഞാന്‍ ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നല്ലോ. എന്നിട്ടും നിങ്ങള്‍ എന്നെ പിടിച്ചില്ല.

56 എന്നാല്‍ പ്രവാചകന്മാര്‍ എഴുതിയിട്ടുള്ളതു നിറവേറുന്നതിനാണ് ഇവയെല്ലാം സംഭവിച്ചത്.”

അപ്പോള്‍ ശിഷ്യന്മാരെല്ലാം യേശുവിനെ വിട്ട് ഓടിപ്പോയി.

57

അവര്‍ യേശുവിനെ ബന്ധനസ്ഥനാക്കി മഹാപുരോഹിതനായ കയ്യഫാസിന്‍റെ അടുക്കലേക്കു കൊണ്ടുപോയി. അവിടെ യെഹൂദാമതപണ്ഡിതന്മാരും ജനപ്രമാണിമാരും കൂടിയിരുന്നു.

58 പത്രോസ് അല്പം അകലെ മാറി മഹാപുരോഹിതന്‍റെ അരമനയുടെ അങ്കണംവരെ യേശുവിനെ പിന്തുടര്‍ന്നു. അദ്ദേഹം അകത്തുകടന്ന് അവസാനം എന്താണെന്നറിയുന്നതിനായി ചേവകരോടുകൂടി ഇരുന്നു.

59 മുഖ്യപുരോഹിതന്മാരും യെഹൂദ ന്യായാധിപസംഘവും അവിടെ കൂടിയിരുന്നു. യേശുവിനെ വധിക്കുന്നതിന് അവിടുത്തേക്കെതിരെ വ്യാജസാക്ഷ്യങ്ങള്‍ കണ്ടെത്തുവാന്‍ അവര്‍ ശ്രമിച്ചു.

60 ഒട്ടുവളരെ കള്ളസ്സാക്ഷികള്‍ ഹാജരായെങ്കിലും പറ്റിയ തെളിവു ലഭിച്ചില്ല. ഒടുവില്‍ രണ്ടുപേര്‍ മുമ്പോട്ടുവന്നു, “ദേവാലയം പൊളിച്ചു മൂന്നു ദിവസംകൊണ്ടു പണിയാമെന്ന് ഈ മനുഷ്യന്‍ പറഞ്ഞു” എന്നു മൊഴികൊടുത്തു.

61

അപ്പോള്‍ മഹാപുരോഹിതന്‍ യേശുവിനോട് ചോദിച്ചു: “നിങ്ങള്‍ക്കെതിരെ ഈ മനുഷ്യര്‍ പറയുന്ന ആരോപണങ്ങള്‍ക്ക് ഒന്നും മറുപടി പറയുന്നില്ലേ?

62 യേശു ആകട്ടെ, മൗനം അവലംബിച്ചു.

63 മഹാപുരോഹിതന്‍ വീണ്ടും യേശുവിനോടു ചോദിച്ചു: “ഞാന്‍ ജീവനുള്ള ദൈവത്തിന്‍റെ നാമത്തില്‍ സത്യം ചെയ്തു ചോദിക്കുന്നു, താങ്കള്‍ ദൈവപുത്രനായ ക്രിസ്തുതന്നെ എങ്കില്‍ അതു ഞങ്ങളോടു പറയുക.”

64 യേശു പ്രതിവചിച്ചു: “നിങ്ങള്‍ അങ്ങനെ പറയുന്നു. മനുഷ്യപുത്രന്‍ ഇനിമേല്‍ സര്‍വശക്തന്‍റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും വിണ്‍മേഘങ്ങളിന്മേല്‍ ആഗതനാകുന്നതും നിങ്ങള്‍ കാണും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.”

65

ഉടനെ മഹാപുരോഹിതന്‍ തന്‍റെ വസ്ത്രം കീറി; അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഇയാള്‍ ദൈവദൂഷണം പറഞ്ഞിരിക്കുന്നു. ഇനി നമുക്കു സാക്ഷികളുടെ ആവശ്യം എന്ത്? ഇയാള്‍ പറഞ്ഞ ദൈവദൂഷണം ഇതാ, ഇപ്പോള്‍ നിങ്ങള്‍ തന്നെ കേട്ടല്ലോ.

66 നിങ്ങള്‍ക്ക് എന്തു തോന്നുന്നു?” അപ്പോള്‍ അവര്‍ ഇങ്ങനെ മറുപടി പറഞ്ഞു: “ഇയാള്‍ കുറ്റവാളിയാണ്; ഇയാള്‍ക്കു വധശിക്ഷതന്നെ നല്‌കണം.”

67

അവര്‍ യേശുവിന്‍റെ മുഖത്തു തുപ്പുകയും മുഷ്‍ടിചുരുട്ടി ഇടിക്കുകയും ചിലര്‍ ചെകിട്ടത്ത് അടിക്കുകയും ചെയ്തു.

68 “ഹേ, ക്രിസ്തുവേ! താങ്കളെ അടിച്ചത് ആരാണെന്നു താങ്കളുടെ പ്രവചനശക്തികൊണ്ടു പറയുക” എന്നു ചിലര്‍ പറഞ്ഞു.

69

ഈ സമയത്ത് പത്രോസ് അരമനയുടെ അങ്കണത്തിലിരിക്കുകയായിരുന്നു. ഒരു പരിചാരിക അടുത്തുചെന്ന് “താങ്കളും ഗലീലക്കാരനായ യേശുവിന്‍റെകൂടെ ഉണ്ടായിരുന്ന ആളാണല്ലോ?” എന്നു ചോദിച്ചു.

70 പത്രോസാകട്ടെ “നീ പറയുന്നത് എന്താണെന്ന് എനിക്കു മനസ്സിലാകുന്നില്ല” എന്ന് എല്ലാവരുടെയും മുമ്പില്‍വച്ചു നിഷേധിച്ചു.

71 അദ്ദേഹം പടിപ്പുരയിലേക്കു പോകുമ്പോള്‍ മറ്റൊരു പരിചാരിക അദ്ദേഹത്തെ കണ്ട്, “ഈ മനുഷ്യനും നസറായനായ യേശുവിന്‍റെകൂടെ ഉണ്ടായിരുന്ന ആളാണ്” എന്നു പറഞ്ഞു.

72 “എനിക്ക് ആ മനുഷ്യനെ അറിഞ്ഞുകൂടാ” എന്നു വീണ്ടും പത്രോസ് ആണയിട്ടു തള്ളിപ്പറഞ്ഞു.

73 അല്പം കഴിഞ്ഞ് അവിടെ നിന്നിരുന്നവര്‍ ചെന്നു പത്രോസിനോട് “നിശ്ചയമായും താങ്കള്‍ അവരിലൊരാളാണ്; താങ്കളുടെ സംസാരത്തിന്‍റെ രീതിപോലും അതു തെളിയിക്കുന്നു” എന്നു പറഞ്ഞു.

74 അപ്പോള്‍ പത്രോസ് “ഞാന്‍ ആ മനുഷ്യനെ അറിയുന്നില്ല” എന്നു പറഞ്ഞുകൊണ്ട് സത്യം ചെയ്യുവാനും സ്വയം ശപിക്കുവാനും തുടങ്ങി. ഉടനെ കോഴി കൂകി.

75 “കോഴി കൂകുന്നതിനു മുമ്പ് നീ എന്നെ മൂന്നുവട്ടം തള്ളിപ്പറയും” എന്ന് യേശു പറഞ്ഞത് അപ്പോള്‍ പത്രോസ് ഓര്‍മിച്ചു. അദ്ദേഹം പുറത്തുപോയി തീവ്രദുഃഖത്താല്‍ പൊട്ടിക്കരഞ്ഞു.

27

1

അതിരാവിലെ മുഖ്യപുരോഹിതന്മാരും യെഹൂദാപ്രമാണിമാരും യേശുവിനെ വധിക്കുവാന്‍ വട്ടംകൂട്ടി.

2 അവര്‍ അവിടുത്തെ ബന്ധനസ്ഥനാക്കി റോമാഗവര്‍ണറായ പീലാത്തോസിന്‍റെ മുമ്പില്‍ ഹാജരാക്കി.

3

[3,4] യേശുവിനെ വധശിക്ഷയ്‍ക്കു വിധിച്ചു എന്നറിഞ്ഞപ്പോള്‍ അവിടുത്തെ ഒറ്റിക്കൊടുത്ത യൂദാസ് പശ്ചാത്താപ പരവശനായിത്തീര്‍ന്നു. അയാള്‍ വാങ്ങിയ മുപ്പതു വെള്ളിനാണയങ്ങളുമായി മുഖ്യപുരോഹിതന്മാരുടെയും യെഹൂദപ്രമാണിമാരുടെയും അടുക്കല്‍ തിരിച്ചുചെന്നു നീട്ടിക്കൊണ്ട്, “ആ നിരപരാധനെ വധിക്കുന്നതിനുവേണ്ടി ഒറ്റിക്കൊടുത്തതുമൂലം ഞാന്‍ പാപം ചെയ്തിരിക്കുന്നു” എന്ന് പറഞ്ഞു.

“അതിനു ഞങ്ങള്‍ക്കെന്ത്? അതു നിന്‍റെ കാര്യം” എന്ന് അവര്‍ മറുപടി പറഞ്ഞു.

4

5

യൂദാസ് ആ പണം ദേവാലയത്തിലെ വിശുദ്ധസ്ഥലത്തേക്കു വലിച്ചെറിഞ്ഞശേഷം അവിടെനിന്നു പോയി തൂങ്ങി മരിച്ചു.

6

പുരോഹിതമുഖ്യന്മാര്‍ ആ നാണയങ്ങള്‍ പെറുക്കിയെടുത്തിട്ട്, “ഇതു രക്തത്തിന്‍റെ വിലയാണ്, ശ്രീഭണ്ഡാരത്തില്‍ നിക്ഷേപിക്കുവാന്‍ പാടില്ല” എന്നു പറഞ്ഞു.

7 അവര്‍ തമ്മില്‍ കൂടിയാലോചിച്ചശേഷം പരദേശികളുടെ ശ്മശാനത്തിനുവേണ്ടി ആ തുക കൊടുത്ത് കുശവന്‍റെ നിലം വാങ്ങി.

8 അതുകൊണ്ട് ആ നിലം ഇന്നും ‘രക്തനിലം’ എന്ന് അറിയപ്പെടുന്നു.

9

“ഒരുവനു വിലയായി കൊടുക്കാമെന്ന് ഇസ്രായേല്‍ജനം സമ്മതിച്ചിട്ടുള്ള മുപ്പതു വെള്ളിനാണയം

10 അവര്‍ കൊടുത്ത് കര്‍ത്താവ് എന്നോടു കല്പിച്ച പ്രകാരം കുശവന്‍റെ നിലം വാങ്ങി” എന്ന് യിരെമ്യാപ്രവാചകന്‍ മുഖാന്തരം പ്രവചിച്ചിട്ടുള്ളത് ഇങ്ങനെ സംഭവിച്ചു.

11

യേശുവിനെ പീലാത്തോസിന്‍റെ മുമ്പില്‍ ഹാജരാക്കി. പീലാത്തോസ് യേശുവിനോട് “താങ്കള്‍ യെഹൂദന്മാരുടെ രാജാവാണോ?” എന്നു ചോദിച്ചു.

“താങ്കള്‍ അങ്ങനെ പറയുന്നുവല്ലോ” എന്ന് യേശു മറുപടി നല്‌കി.

12

പുരോഹിതമുഖ്യന്മാരും യെഹൂദാപ്രമാണിമാരും ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും യേശു മറുപടി പറഞ്ഞില്ല.

13

അപ്പോള്‍ പീലാത്തോസ് ചോദിച്ചു: “നിങ്ങള്‍ക്കെതിരെ ഇവര്‍ പറയുന്ന ആരോപണങ്ങളെല്ലാം കേള്‍ക്കുന്നില്ലേ?”

14

യേശുവാകട്ടെ, ഒരു വാക്കുപോലും മറുപടി പറഞ്ഞില്ല. അതില്‍ ഗവര്‍ണര്‍ അത്യന്തം ആശ്ചര്യപ്പെട്ടു.

15

ജനം ആവശ്യപ്പെടുന്ന ഏതെങ്കിലും ഒരു തടവുകാരനെ ഓരോ പെസഹാഉത്സവകാലത്തും വിട്ടയയ്‍ക്കുക പതിവായിരുന്നു.

16 അക്കാലത്ത് ബറബ്ബാസ് എന്നു പേരുകേട്ട ഒരു തടവുകാരനുണ്ടായിരുന്നു. ജനം വന്നുകൂടിയപ്പോള്‍ പീലാത്തോസ് ചോദിച്ചു:

17 ‘ഞാന്‍ നിങ്ങള്‍ക്ക് ആരെ വിട്ടുതരണം? ബറബ്ബാസിനെയോ ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശുവിനെയോ?”

18 അസൂയകൊണ്ടാണ് അവര്‍ യേശുവിനെ തന്‍റെ അടുക്കല്‍ ഏല്പിച്ചതെന്നു പീലാത്തോസിന് അറിയാമായിരുന്നു.

19

പീലാത്തോസ് ന്യായാസനത്തില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ സഹധര്‍മിണി ഒരു സന്ദേശം കൊടുത്തയച്ചു. അതില്‍ ഇപ്രകാരം ആവശ്യപ്പെട്ടിരുന്നു: “ആ നീതിമാന്‍റെ കാര്യത്തില്‍ ഇടപെടരുത്; അദ്ദേഹത്തെ സംബന്ധിച്ചു കഴിഞ്ഞ രാത്രി കണ്ട സ്വപ്നം നിമിത്തം ഞാന്‍ വല്ലാതെ അസ്വസ്ഥയായിരിക്കുകയാണ്.”

20

ബറബ്ബാസിനെ മോചിപ്പിക്കുവാനും യേശുവിനെ വധിക്കുവാനും പീലാത്തോസിനോട് ആവശ്യപ്പെടാന്‍ മുഖ്യപുരോഹിതന്മാരും യെഹൂദപ്രമാണിമാരും ജനത്തെ പ്രേരിപ്പിച്ചു.

21 “ഈ രണ്ടുപേരില്‍ ആരെ വിട്ടയയ്‍ക്കണമെന്നാണു നിങ്ങള്‍ ആഗ്രഹിക്കുന്നത്?” എന്നു ഗവര്‍ണര്‍ ചോദിച്ചപ്പോള്‍: “ബറബ്ബാസിനെ” എന്ന് അവര്‍ പറഞ്ഞു.

22

“അപ്പോള്‍ ക്രിസ്തു എന്നു പറയപ്പെടുന്ന യേശുവിനെ ഞാന്‍ എന്തു ചെയ്യണം?” എന്നു പീലാത്തോസ് അവരോടു ചോദിച്ചു. “അയാളെ ക്രൂശിക്കുക” എന്ന് അവര്‍ എല്ലാവരും ചേര്‍ന്നു വിളിച്ചുപറഞ്ഞു.

23

“അയാള്‍ ചെയ്ത കുറ്റകൃത്യം എന്താണ്?” എന്നു പീലാത്തോസ് ചോദിച്ചു.

24

എന്തുപറഞ്ഞാലും ഒരു ലഹള ഉണ്ടാകും എന്ന ഘട്ടമായപ്പോള്‍ പീലാത്തോസ് ജനസഞ്ചയത്തിന്‍റെ മുമ്പില്‍വച്ച് വെള്ളം എടുത്തു കൈ കഴുകിക്കൊണ്ട്: “ഈ മനുഷ്യന്‍റെ രക്തം ചൊരിയുന്നതില്‍ ഞാന്‍ നിരപരാധനാണ്; നിങ്ങള്‍ തന്നെ അതിനുത്തരവാദികള്‍” എന്നു പറഞ്ഞു.

25

“ഇയാളുടെ രക്തം ചൊരിയുന്നതിനുള്ള ശിക്ഷ ഞങ്ങളുടെമേലും ഞങ്ങളുടെ സന്തതികളുടെമേലും വന്നുകൊള്ളട്ടെ” എന്നു ജനക്കൂട്ടം ഒന്നടങ്കം മറുപടി പറഞ്ഞു.

26

അനന്തരം പീലാത്തോസ് ബറബ്ബാസിനെ അവര്‍ക്കു വിട്ടുകൊടുത്തു; യേശുവിനെ ചാട്ടവാറുകൊണ്ട് അടിപ്പിച്ചശേഷം ക്രൂശിക്കുന്നതിനായി അവരെ ഏല്പിച്ചു.

27

പിന്നീടു പടയാളികള്‍ യേശുവിനെ പീലാത്തോസിന്‍റെ കൊട്ടാരത്തിലേക്കു കൊണ്ടുപോയി. പട്ടാളം മുഴുവനും അവിടുത്തെ ചുറ്റും കൂടിയിരുന്നു.

28 അവര്‍ അവിടുത്തെ മേലങ്കി ഊരി ഒരു കടുംചുമപ്പു വസ്ത്രം ധരിപ്പിച്ചു.

29 മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞ് അവിടുത്തെ ശിരസ്സില്‍ വച്ചു, വലത്തു കൈയില്‍ ഒരു വടിയും കൊടുത്തു; അനന്തരം അവര്‍ അവിടുത്തെ മുമ്പില്‍ മുട്ടുകുത്തി.

30 “യെഹൂദന്മാരുടെ രാജാവ് നീണാള്‍ വാഴട്ടെ!” എന്നു പറഞ്ഞു പരിഹസിച്ചു. അവര്‍ അവിടുത്തെമേല്‍ തുപ്പുകയും ആ വടികൊണ്ട് തലയ്‍ക്കടിക്കുകയും ചെയ്തു.

31 ഇങ്ങനെ അവിടുത്തെ പരിഹസിച്ചശേഷം അവര്‍ ധരിപ്പിച്ച വസ്ത്രം ഊരി സ്വന്തം മേലങ്കി ധരിപ്പിച്ചുകൊണ്ട് ക്രൂശിക്കുവാന്‍ കൊണ്ടുപോയി.

32

അവര്‍ പുറപ്പെട്ടപ്പോള്‍ കുറേന സ്വദേശിയായ ശിമോന്‍ എന്നയാളിനെ കണ്ടു. യേശുവിന്‍റെ കുരിശു ചുമക്കുവാന്‍ അവര്‍ ശിമോനെ നിര്‍ബന്ധിച്ചു.

33 തലയോടിന്‍റെ സ്ഥലം എന്നര്‍ഥമുള്ള ഗോല്‍ഗോഥായില്‍ അവര്‍ എത്തി.

34 അവിടെ ചെന്നപ്പോള്‍ കയ്പു കലര്‍ത്തിയ വീഞ്ഞ് യേശുവിനു കുടിക്കുവാന്‍ കൊടുത്തു. എന്നാല്‍ രുചിനോക്കിയിട്ട് അതു കുടിക്കുവാന്‍ യേശു വിസമ്മതിച്ചു.

35

അവിടുത്തെ ക്രൂശിച്ചശേഷം അവര്‍ അവിടുത്തെ വസ്ത്രങ്ങള്‍ കുറിയിട്ടു പങ്കുവച്ചു.

36 പിന്നീട് അവര്‍ അദ്ദേഹത്തിനു കാവലിരുന്നു.

37 ‘ഇവന്‍ യെഹൂദന്മാരുടെ രാജാവായ യേശു’ എന്ന കുറ്റാരോപണം അദ്ദേഹത്തിന്‍റെ തലയ്‍ക്കു മുകളില്‍ എഴുതിവച്ചു.

38 യേശുവിന്‍റെ കൂടെ രണ്ടു കൊള്ളക്കാരെ, ഒരുവനെ വലത്തും അപരനെ ഇടത്തുമായി ക്രൂശിച്ചു.

39

[39,40] അതുവഴി കടന്നുപോയവര്‍ തലയാട്ടിക്കൊണ്ട് “നീയല്ലേ ദേവാലയം പൊളിച്ചു മൂന്നു ദിവസംകൊണ്ടു പണിയുന്നവന്‍? നീ ദൈവപുത്രനെങ്കില്‍ നിന്നെത്തന്നെ രക്ഷിക്കുക; കുരിശില്‍നിന്ന് ഇറങ്ങി വരിക” എന്നു പറഞ്ഞ് അദ്ദേഹത്തെ പരിഹസിച്ചു.

40

41

മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും യെഹൂദപ്രമാണികളും അതുപോലെതന്നെ യേശുവിനു നേരെ പരിഹാസവാക്കുകള്‍ വര്‍ഷിച്ചു.

42 അവര്‍ പറഞ്ഞു: “അയാള്‍ മറ്റുള്ളവരെ രക്ഷിച്ചു; പക്ഷേ സ്വയം രക്ഷിക്കുവാന്‍ കഴിയുന്നില്ല. ഇസ്രായേലിന്‍റെ രാജാവ് ഇപ്പോള്‍ കുരിശില്‍നിന്ന് ഇറങ്ങി വരട്ടെ.

43 എന്നാല്‍ നമുക്ക് അയാളില്‍ വിശ്വസിക്കാം. അയാള്‍ ദൈവത്തില്‍ ആശ്രയിച്ചിരുന്നുപോലും! വേണമെങ്കില്‍ ദൈവം അയാളെ ഇപ്പോള്‍ രക്ഷിക്കട്ടെ; ‘ഞാന്‍ ദൈവപുത്രനാകുന്നു’ എന്നാണല്ലോ അയാള്‍ പറഞ്ഞത്!”

44

യേശുവിനോടുകൂടി ക്രൂശിക്കപ്പെട്ട കൊള്ളക്കാരും അതുപോലെതന്നെ അവിടുത്തെ പരിഹസിച്ചു.

45

[45,46] മധ്യാഹ്നമായപ്പോള്‍ ദേശമാസകലം അന്ധകാരത്തിലാണ്ടു. മൂന്നുമണിവരെയും ആ ഇരുള്‍ നീണ്ടുനിന്നു. ഏകദേശം മൂന്നുമണി ആയപ്പോള്‍ യേശു “ഏലീ, ഏലീ, ലമ്മ, ശബക്താനി?” എന്ന് അത്യുച്ചത്തില്‍ നിലവിളിച്ചു. ‘എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, അവിടുന്ന് എന്നെ കൈവിട്ടത് എന്ത്?’ എന്നാണതിന് അര്‍ഥം.

46

47

അവിടെ നിന്നിരുന്നവരില്‍ ചിലര്‍ ഇതു കേട്ടപ്പോള്‍, “അയാള്‍ ഏലിയായെ വിളിക്കുന്നു” എന്നു പറഞ്ഞു.

48

ഒരാള്‍ ഓടിപ്പോയി ഒരു സ്പഞ്ച് എടുത്തു പുളിച്ച വീഞ്ഞില്‍ മുക്കി ഒരു വടിയില്‍വച്ച് യേശുവിനു കുടിക്കുവാന്‍ നീട്ടിക്കൊടുത്തു.

49 “ആകട്ടെ, ഏലിയാ അയാളെ രക്ഷിക്കുവാന്‍ വരുമോ എന്നു നമുക്കു കാണാമല്ലോ” എന്നു മറ്റുള്ളവര്‍ പറഞ്ഞു.

50

യേശു വീണ്ടും ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു പ്രാണന്‍ വെടിഞ്ഞു.

51

തല്‍ക്ഷണം ദേവാലയത്തിലെ തിരശ്ശീല മുകള്‍തൊട്ട് അടിവരെ രണ്ടായി ചീന്തിപ്പോയി.

52 ഭൂതലം വിറച്ചു, പാറകള്‍ പിളര്‍ന്നു, കല്ലറകള്‍ തുറന്നു. മരണമടഞ്ഞ വിശുദ്ധന്മാരില്‍ പലരും ഉത്ഥാനം ചെയ്തു. അവര്‍ ശവകുടീരങ്ങള്‍ വിട്ടുപോകുകയും ചെയ്തു.

53 യേശുവിന്‍റെ പുനരുത്ഥാനത്തിനുശേഷം അവര്‍ വിശുദ്ധനഗരത്തില്‍ചെന്ന് അനേകമാളുകള്‍ക്കു പ്രത്യക്ഷപ്പെട്ടു.

54

പടത്തലവനും അയാളോടുകൂടി യേശുവിനെ കാവല്‍ചെയ്തുകൊണ്ടിരുന്ന പട്ടാളക്കാരും, ഭൂകമ്പവും മറ്റുസംഭവങ്ങളും കണ്ടതോടെ ഭയാക്രാന്തരായി.

55

വാസ്തവത്തില്‍ ഇദ്ദേഹം ദൈവപുത്രനായിരുന്നു എന്ന് അവര്‍ പറഞ്ഞു. യേശുവിനെ പരിചരിച്ചുകൊണ്ട് ഗലീലയില്‍നിന്ന് അവിടുത്തെ അനുഗമിച്ചിരുന്ന പല സ്‍ത്രീകളും അല്പം അകലെനിന്ന് ഇവയെല്ലാം നോക്കിക്കൊണ്ടിരുന്നു.

56 അവരുടെ കൂട്ടത്തില്‍ മഗ്ദലേന മറിയവും യാക്കോബിന്‍റെയും യോസേഫിന്‍റെയും അമ്മ മറിയവും സെബദിപുത്രന്മാരുടെ മാതാവും ഉള്‍പ്പെട്ടിരുന്നു.

57

നേരം വൈകിയപ്പോള്‍ അരിമഥ്യയിലെ ഒരു ധനികനായ യോസേഫ് എന്നയാള്‍ അവിടെയെത്തി.

58 അയാളും യേശുവിന്‍റെ ശിഷ്യത്വം സ്വീകരിച്ചവരില്‍ ഒരാളായിരുന്നു. അയാള്‍ പീലാത്തോസിനെ സമീപിച്ച് യേശുവിന്‍റെ ശരീരം വിട്ടുകൊടുക്കണമെന്നപേക്ഷിച്ചു. പീലാത്തോസ് അനുവാദം നല്‌കി.

59 യോസേഫ് ശരീരം ഏറ്റുവാങ്ങി ഒരു ശുഭ്രവസ്ത്രത്തില്‍ പൊതിഞ്ഞ് പുതുതായി പാറയില്‍ വെട്ടിച്ച തന്‍റെ കല്ലറയില്‍ സംസ്കരിച്ചു.

60 ഒരു വലിയ കല്ലുരുട്ടി കല്ലറയുടെ വാതില്‍ക്കല്‍ വച്ചശേഷം അയാള്‍ പോയി.

61 ഈ സമയത്ത് കല്ലറയ്‍ക്കഭിമുഖമായി മഗ്ദലേനമറിയവും മറ്റേ മറിയവും ഇരിക്കുന്നുണ്ടായിരുന്നു.

62

പിറ്റേ ദിവസം, അതായത് ഒരുക്കനാള്‍ കഴിഞ്ഞിട്ട്, മുഖ്യപുരോഹിതന്മാരും പരീശന്മാരും ചെന്ന് പീലാത്തോസിനോട് പറഞ്ഞു:

63 “പ്രഭോ, ആ വഞ്ചകന്‍ ജീവിച്ചിരുന്നപ്പോള്‍ ഞാന്‍ മൂന്നു ദിവസം കഴിഞ്ഞു ഉയിര്‍ത്തെഴുന്നേല്‌ക്കും’ എന്നു പറഞ്ഞിരുന്നതായി ഓര്‍ക്കുന്നു.

64 അയാളുടെ ശിഷ്യന്മാര്‍ വന്ന് അയാളെ മോഷ്‍ടിച്ചുകൊണ്ടുപോയിട്ട് അയാള്‍ മരിച്ചവരില്‍നിന്ന് ഉത്ഥാനം ചെയ്തിരിക്കുന്നു എന്നു ജനത്തെ പറഞ്ഞു ധരിപ്പിക്കും. അങ്ങനെ ഒടുവിലത്തെ ഈ വഞ്ചന ആദ്യത്തേതിനെക്കാള്‍ വഷളായിത്തീരും. അതു സംഭവിക്കാതിരിക്കുവാന്‍ മൂന്നാം ദിവസംവരെ കല്ലറ ഭദ്രമായി സൂക്ഷിക്കുവാന്‍ കല്പിച്ചാലും.”

65

“കാവല്ഭടന്മാരെ കൊണ്ടുപോയി നിങ്ങള്‍ക്ക് ആവുംവിധം കല്ലറ ഭദ്രമാക്കിക്കൊള്ളുക” എന്നു പീലാത്തോസ് അവരോടു പറഞ്ഞു.

66

അങ്ങനെ അവര്‍ പോയി അടപ്പുകല്ലിനു മുദ്രവച്ച് കല്ലറ ഭദ്രമാക്കി; ഭടന്മാരെ കാവല്‍നിറുത്തുകയും ചെയ്തു.

28

1

ശബത്തു കഴിഞ്ഞ് ഞായറാഴ്ച പ്രഭാതമായപ്പോള്‍ മഗ്ദലേനമറിയവും മറ്റേ മറിയവും കല്ലറ സന്ദര്‍ശിക്കുവാന്‍ പോയി.

2 പെട്ടെന്ന് ഉഗ്രമായ ഒരു ഭൂകമ്പമുണ്ടായി. ദൈവത്തിന്‍റെ ഒരു മാലാഖ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്നു കല്ല് ഉരുട്ടിനീക്കി അതിന്മേല്‍ ഇരുന്നു.

3 ആ മാലാഖയുടെ മുഖം മിന്നല്‍പ്പിണര്‍പോലെ ശോഭിച്ചു; ധരിച്ചിരുന്ന വസ്ത്രം ഹിമംപോലെ വെണ്മയുള്ളതുമായിരുന്നു.

4 കാവല്‌ക്കാര്‍ ദൈവദൂതനെ കണ്ടു വിറച്ച് ചേതനയറ്റവരെപ്പോലെയായി.

5

മാലാഖ സ്‍ത്രീകളോടു പറഞ്ഞു: “നിങ്ങള്‍ ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങള്‍ അന്വേഷിക്കുന്നത് എന്നെനിക്കറിയാം. അവിടുന്ന് ഇവിടെയില്ല; അവിടുന്നു പറഞ്ഞിരുന്നതുപോലെ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു.

6 നിങ്ങള്‍ വന്ന് അവിടുത്തെ സംസ്കരിച്ച സ്ഥലം കാണുക.

7 അവിടുന്നു മരിച്ചവരുടെ ഇടയില്‍നിന്ന് ഉത്ഥാനം ചെയ്തിരിക്കുന്നു എന്നു വേഗം പോയി അവിടുത്തെ ശിഷ്യന്മാരെ അറിയിക്കുക. അവിടുന്നു ഇതാ, നിങ്ങള്‍ക്കു മുമ്പായി ഗലീലയിലേക്കു പോകുന്നു; അവിടെവച്ച് നിങ്ങള്‍ക്ക് അവിടുത്തെ കാണാം. ഞാന്‍ പറഞ്ഞത് നിങ്ങള്‍ ഓര്‍ത്തുകൊള്ളണം.”

8

ആ സ്‍ത്രീകള്‍ ഭയത്തോടും എന്നാല്‍ അത്യധികമായ ആനന്ദത്തോടുംകൂടി ശിഷ്യന്മാരെ വിവരം അറിയിക്കുന്നതിനായി കല്ലറയ്‍ക്കല്‍നിന്നു വേഗം പോയി.

9

പെട്ടെന്ന് യേശുതന്നെ അവര്‍ക്ക് അഭിമുഖമായി ചെന്ന്, അവരെ അഭിവാദനം ചെയ്തു. അവര്‍ അടുത്തു ചെന്ന് അവിടുത്തെ പാദങ്ങള്‍ തൊട്ടു നമസ്കരിച്ചു.

10 യേശു അവരോട്: “ഭയപ്പെടേണ്ടാ; നിങ്ങള്‍ പോയി എന്‍റെ സഹോദരന്മാരോട് ഗലീലയിലേക്കു പോകണമെന്നും അവിടെവച്ച് അവര്‍ എന്നെ കാണുമെന്നും അറിയിക്കുക” എന്നു പറഞ്ഞു.

11

ആ സ്‍ത്രീകള്‍ പോയപ്പോള്‍ കാവല്ഭടന്മാരില്‍ ചിലര്‍ നഗരത്തില്‍ ചെന്നു സംഭവിച്ചതെല്ലാം മുഖ്യപുരോഹിതന്മാരെ അറിയിച്ചു.

12 അവര്‍ യെഹൂദപ്രമാണിമാരുമായി കൂടിയാലോചിച്ചശേഷം പടയാളികള്‍ക്ക് ഒരു വന്‍തുക കൊടുത്തു; പിന്നീട് അവരോടു പറഞ്ഞു:

13 ‘ഞങ്ങള്‍ രാത്രിയില്‍ ഉറങ്ങുമ്പോള്‍ യേശുവിന്‍റെ ശിഷ്യന്മാര്‍ വന്ന് അയാളുടെ ശരീരം മോഷ്‍ടിച്ചുകൊണ്ടുപോയി’ എന്നു നിങ്ങള്‍ പറയണം.

14 ഗവര്‍ണര്‍ ഇക്കാര്യം അറിയുന്നപക്ഷം നിങ്ങള്‍ക്ക് ഉപദ്രവം വരാതെ ഞങ്ങള്‍ അദ്ദേഹത്തോടു പറഞ്ഞു ബോധ്യപ്പെടുത്തിക്കൊള്ളാം.”

15

അവര്‍ പണം വാങ്ങി അവരോടു നിര്‍ദേശിച്ചതുപോലെ ചെയ്തു. ഇന്നുവരെ യെഹൂദന്മാരുടെ ഇടയില്‍ പ്രചാരത്തിലിരിക്കുന്ന കഥ ഇതാണ്.

16

ശിഷ്യന്മാര്‍ പതിനൊന്നു പേരും ഗലീലയില്‍ യേശു നിര്‍ദേശിച്ചിരുന്ന മലയിലേക്കു പോയി.

17 അവിടുത്തെ കണ്ടപ്പോള്‍ അവര്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു; ചിലരാകട്ടെ സംശയിച്ചുനിന്നു.

18 യേശു അടുത്തുചെന്ന് അവരോടു പറഞ്ഞു: “സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും എനിക്കു നല്‌കപ്പെട്ടിരിക്കുന്നു.

19 [19,20] അതുകൊണ്ടു നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യന്മാരാക്കുക; പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവരെ സ്നാപനം ചെയ്യുകയും ഞാന്‍ നിങ്ങളോട് ആജ്ഞാപിച്ചതെല്ലാം അനുസരിക്കുവാന്‍ അവരെ പഠിപ്പിക്കുകയും വേണം. ഞാന്‍ യുഗാന്ത്യത്തോളം എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.”