1
മലാഖിയിലൂടെ സര്‍വേശ്വരന്‍ ഇസ്രായേല്‍ജനത്തിനു നല്‌കിയ അരുളപ്പാട്:2
“ഞാന്‍ നിങ്ങളെ സ്നേഹിച്ചു” എന്നാല്‍ നിങ്ങള്‍ ചോദിക്കുന്നു: “എങ്ങനെയാണ് അവിടുന്നു ഞങ്ങളെ സ്നേഹിച്ചത്?” സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഏശാവ് യാക്കോബിന്‍റെ സഹോദരനല്ലേ? എന്നിട്ടും യാക്കോബിനെ ഞാന്‍ സ്നേഹിച്ചു;3 ഏശാവിനെ വെറുത്തു. അവന്‍റെ മലമ്പ്രദേശങ്ങള്‍ ഞാന്‍ ശൂന്യമാക്കി. അവന്‍റെ അവകാശം മരുഭൂമിയിലെ കുറുനരികള്‍ക്കു കൊടുക്കുകയും ചെയ്തു.”
4 ഞങ്ങളെ തകര്‍ത്തുകളഞ്ഞെങ്കിലും അവശിഷ്ടങ്ങള്‍ ഞങ്ങള്‍ പുനരുദ്ധരിക്കുമെന്ന് എദോം പറയുന്നുവെങ്കില്‍ സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “അവര്‍ പണിയട്ടെ, ഞാന്‍ ഇടിച്ചുനിരത്തും. അവര്‍ ദുഷ്ടജനമെന്നും സര്‍വേശ്വരന്‍റെ കോപത്തിന് എന്നും പാത്രമായ ജനമെന്നും വിളിക്കപ്പെടും.
5 നിങ്ങള്‍ സ്വന്തം കണ്ണുകൊണ്ട് അതു കാണും. ഇസ്രായേലിന്‍റെ അതിര്‍ത്തിക്കപ്പുറത്തും സര്‍വേശ്വരന്‍ ഉന്നതനെന്നു നിങ്ങള്‍ പറയും.”
6
പുത്രന്‍ പിതാവിനെയും ദാസന്‍ യജമാനനെയും ബഹുമാനിക്കുന്നു. എന്‍റെ നാമത്തെ നിന്ദിക്കുന്ന പുരോഹിതന്മാരേ, ഞാന്‍ നിങ്ങളോടു ചോദിക്കുന്നു: “ഞാന്‍ പിതാവെങ്കില്‍ എന്നോടുള്ള ബഹുമാനം എവിടെ? ഞാന്‍ യജമാനനെങ്കില്‍ എന്നോടുള്ള ഭക്തി എവിടെ? അങ്ങയുടെ നാമത്തെ എങ്ങനെയാണു ഞങ്ങള്‍ നിന്ദിക്കുന്നത്? എന്നു നിങ്ങള്‍ ചോദിക്കുന്നു.7 എന്‍റെ യാഗപീഠത്തിന്മേല്‍ മലിനഭോജനം അര്‍പ്പിക്കുന്നതുകൊണ്ടുതന്നെ. അതെങ്ങനെയാണു ഞങ്ങള്‍ മലിനമാക്കുന്നത്? എന്നു നിങ്ങള്‍ ചോദിക്കുന്നു. സര്‍വേശ്വരന്‍റെ യാഗപീഠം നിന്ദ്യമെന്നു നിങ്ങള്‍ കരുതുന്നതിനാല്‍ തന്നെ.
8 കാഴ്ചയില്ലാത്ത മൃഗങ്ങളെ യാഗം അര്‍പ്പിക്കുന്നതു തെറ്റല്ലേ? മുടന്തും രോഗവും ഉള്ളവയെ അര്‍പ്പിക്കുന്നതും ശരിയാണോ? നിങ്ങളുടെ ദേശാധിപതിക്ക് അവയെ കാഴ്ചവച്ചാല്‍ അയാള്‍ നിങ്ങളില്‍ പ്രസാദിക്കുമോ? അയാളുടെ പ്രീതി നിങ്ങള്‍ക്കു കിട്ടുമോ?
9 ഇത്തരം കാഴ്ചയര്‍പ്പിച്ചാല്‍ നിങ്ങളില്‍ ഞാന്‍ പ്രസാദിക്കുമോ? എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ ചോദിക്കുന്നു. ദൈവം നമ്മോടു കൃപാലുവായിത്തീരാന്‍ അവിടുത്തെ പ്രസാദത്തിനായി അപേക്ഷിക്കുക.
10 നിങ്ങള്‍ എന്‍റെ യാഗപീഠത്തില്‍ വെറുതെ യാഗാഗ്നി കത്തിക്കാതിരിക്കാന്‍ നിങ്ങളില്‍ ആരെങ്കിലും ദേവാലയവാതിലുകള്‍ അടച്ചിരുന്നെങ്കില്‍ കൊള്ളാമായിരുന്നു. എനിക്കു നിങ്ങളില്‍ പ്രീതി ഇല്ല. നിങ്ങള്‍ അര്‍പ്പിക്കുന്ന വഴിപാട് ഞാന്‍ സ്വീകരിക്കയുമില്ല.
11 കിഴക്കുമുതല്‍ പടിഞ്ഞാറുവരെയുള്ള ജനതകള്‍ക്കിടയില്‍ എന്‍റെ നാമം ഉന്നതമായിരിക്കുന്നു. എല്ലായിടത്തും എന്‍റെ നാമത്തില്‍ സുഗന്ധധൂപവും നിര്‍മ്മലവഴിപാടും അര്‍പ്പിച്ചുവരുന്നു. കാരണം, എന്‍റെ നാമം ജനതകള്‍ക്കിടയില്‍ ഉന്നതമാണ്. ഇതു സര്‍വശക്തനായ സര്‍വേശ്വരന്‍റെ വചനം.
12 നിങ്ങളാകട്ടെ സര്‍വേശ്വരന്‍റെ യാഗപീഠം മലിനമാക്കാമെന്നും അതില്‍ നിന്ദ്യമായ ഭോജനം അര്‍പ്പിക്കാമെന്നും കരുതുമ്പോള്‍ നിങ്ങള്‍ അതിനെ അശുദ്ധമാക്കുന്നു.
13 ‘ഇത് എത്ര അസഹ്യം!’ എന്നു പറഞ്ഞ് അതൃപ്തിയും വെറുപ്പും നിങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “അപഹരിക്കപ്പെട്ടതും രോഗംപിടിച്ചതും മുടന്തുള്ളതുമായ മൃഗങ്ങളെ യാഗാര്‍പ്പണത്തിനു നിങ്ങള്‍ കൊണ്ടുവന്നാല്‍ ഞാന്‍ അവയെ സ്വീകരിക്കണമോ?”
14 ആട്ടിന്‍കൂട്ടത്തിലുള്ള ഒരാണാടിനെ നേര്‍ന്നശേഷം കുറ്റമുള്ള മറ്റൊന്നിനെ സര്‍വേശ്വരനര്‍പ്പിക്കുന്ന വഞ്ചകന്‍ ശപിക്കപ്പെട്ടവന്‍; കാരണം, ഞാന്‍ ഉന്നതനായ രാജാവാണ്. എന്‍റെ നാമത്തെ ജനതകള്‍ ഭയപ്പെടുന്നു. ഇതു സര്‍വശക്തനായ സര്‍വേശ്വരന്‍റെ വചനം.
1
“പുരോഹിതന്മാരേ, ഇതാ! ഈ കല്പന നിങ്ങളോടാണ്.2 നിങ്ങള്‍ ശ്രദ്ധിക്കാതിരിക്കുകയും എന്‍റെ നാമത്തെ പ്രകീര്‍ത്തിക്കുന്നതില്‍ മനസ്സുവയ്‍ക്കാതിരിക്കുകയും ചെയ്താല്‍ ഞാന്‍ നിങ്ങളുടെമേല്‍ ശാപം അയയ്‍ക്കും. നിങ്ങളുടെ അനുഗ്രഹങ്ങളെ ശാപമാക്കും.” സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “അതേ, നിങ്ങള്‍ എന്‍റെ നാമത്തെ പ്രകീര്‍ത്തിക്കുന്നതിനു മനസ്സുവയ്‍ക്കാഞ്ഞതിനാല്‍ ഞാന്‍ അവയെ ശാപമാക്കിയിരിക്കുന്നു.
3 ഞാന്‍ നിങ്ങളുടെ സന്തതിയെ ശകാരിക്കും. യാഗമൃഗങ്ങളുടെ ചാണകം നിങ്ങളുടെ മുഖത്തു തേയ്‍ക്കും. എന്‍റെ സന്നിധിയില്‍ നിന്നു ഞാന്‍ നിങ്ങളെ പുറത്താക്കും.
4 അങ്ങനെ ലേവിയോടുള്ള എന്‍റെ ഉടമ്പടി നിലനിര്‍ത്താനാണ് ഞാന്‍ ഈ കല്പന അയച്ചിരിക്കുന്നതെന്നു നിങ്ങള്‍ അറിയും.”
5 ലേവിയോടുള്ള എന്‍റെ ഉടമ്പടി ജീവന്‍റെയും സമാധാനത്തിന്‍റെയും ഉടമ്പടിയായിരുന്നു. അവന്‍ ഭയഭക്തിയോടെ പെരുമാറാനാണ് ഞാനതു നല്‌കിയത്. അവന്‍ എന്നെ ഭയപ്പെടുകയും എന്‍റെ നാമത്തോടുള്ള ഭയഭക്തി അവനില്‍ നിറയുകയും ചെയ്തു.
6 യഥാര്‍ഥമായ പ്രബോധനം അവന്‍റെ നാവില്‍ ഉണ്ടായിരുന്നു. ഒരു തെറ്റും അവന്‍റെ അധരങ്ങളില്‍ കണ്ടില്ല. സത്യസന്ധമായും സമാധാനമായും അവന്‍ എന്‍റെകൂടെ നടന്നു. പലരെയും അകൃത്യത്തില്‍നിന്നു പിന്തിരിപ്പിച്ചു.
7 പുരോഹിതന്‍ സര്‍വശക്തനായ സര്‍വേശ്വരന്‍റെ ദൂതനാകയാല്‍ അധരത്തില്‍ ജ്ഞാനം സൂക്ഷിക്കണം. ജനം അയാളില്‍നിന്നു പ്രബോധനം തേടണം.
8 നിങ്ങളാകട്ടെ നേര്‍വഴി വിട്ടുമാറി; നിങ്ങളുടെ ഉപദേശത്താല്‍ പലരെയും ഇടറിവീഴുമാറാക്കി. നിങ്ങള്‍ ലേവിയുമായുള്ള എന്‍റെ ഉടമ്പടി ലംഘിച്ചിരിക്കുന്നു എന്നു സര്‍വശക്തനായ ദൈവം അരുളിച്ചെയ്യുന്നു.
9 അങ്ങനെ നിങ്ങള്‍ എന്‍റെ വഴികള്‍ അനുസരിക്കാതെ പ്രബോധനം നല്‌കിയതില്‍ എത്രമാത്രം പക്ഷഭേദം കാണിച്ചുവോ അത്രമാത്രം ഞാന്‍ നിങ്ങളെ സര്‍വമനുഷ്യരുടെയും മുമ്പില്‍ നിന്ദിതരും നികൃഷ്ടരും ആക്കും.
10
നമുക്കെല്ലാവര്‍ക്കും ഒരേ പിതാവല്ലേ ഉള്ളത്? ഒരേ ദൈവമല്ലേ നമ്മെയെല്ലാം സൃഷ്‍ടിച്ചത്? പിന്നെയെന്തിനു നാം അന്യോന്യം അവിശ്വസ്തത കാട്ടി നമ്മുടെ പിതാക്കന്മാരോടുള്ള ഉടമ്പടിയുടെ പവിത്രത നശിപ്പിക്കുന്നു?11 യെഹൂദാ അവിശ്വസ്തത കാട്ടിയിരിക്കുന്നു. മ്ലേച്ഛമായ പ്രവൃത്തികള്‍ ഇസ്രായേലിലും യെരൂശലേമിലും നടന്നിരിക്കുന്നു. സര്‍വേശ്വരനു പ്രിയപ്പെട്ട അവിടുത്തെ മന്ദിരത്തെ യെഹൂദാ അശുദ്ധമാക്കി; അന്യദേവന്‍റെ പുത്രിയെ അവന്‍ വിവാഹം ചെയ്തിരിക്കുന്നു.
12 ഇങ്ങനെ ചെയ്യുന്ന മനുഷ്യന്‍ ആരായാലും, അവന്‍ സര്‍വശക്തനായ സര്‍വേശ്വരന്‍റെ മുമ്പില്‍ സാക്ഷ്യം പറയുന്നവനോ ഉത്തരം പറയുന്നവനോ വഴിപാടര്‍പ്പിക്കുന്നവനോ ആയാല്‍പോലും അവനെ യാക്കോബിന്‍റെ കൂടാരത്തില്‍നിന്ന് അവിടുന്നു ഛേദിച്ചുകളയട്ടെ.
13
നിങ്ങള്‍ ചെയ്യുന്ന മറ്റൊരു കാര്യം ഇതാണ്. സര്‍വേശ്വരന്‍ നിങ്ങളുടെ വഴിപാടിലേക്കു തിരിഞ്ഞുനോക്കുകയോ, അവ സംപ്രീതിയോടെ കൈക്കൊള്ളുകയോ ചെയ്യാത്തതിനാല്‍ നിങ്ങള്‍ തേങ്ങിക്കരഞ്ഞു കണ്ണുനീരുകൊണ്ട് സര്‍വേശ്വരന്‍റെ യാഗപീഠം മൂടുന്നു.14 എന്തുകൊണ്ട് അവിടുന്ന് ഇതു കൈക്കൊള്ളുന്നില്ല എന്നു നിങ്ങള്‍ ചോദിക്കുന്നു. നീയും നിന്‍റെ യൗവനത്തിലെ ഭാര്യയും തമ്മിലുള്ള ഉടമ്പടിക്കു സര്‍വേശ്വരന്‍ സാക്ഷി ആയിരിക്കുന്നതുകൊണ്ടു തന്നെ; ഉടമ്പടിപ്രകാരം അവള്‍ നിന്‍റെ ജീവിതപങ്കാളിയും ധര്‍മപത്നിയുമാണല്ലോ.
15 എന്നിട്ടും നീയവളോട് അവിശ്വസ്തത കാണിച്ചു. ഏകദൈവമല്ലേ ജീവചൈതന്യം സൃഷ്‍ടിച്ചു നമ്മെ നിലനിര്‍ത്തുന്നത്? അവിടുന്ന് എന്താണ് ആഗ്രഹിക്കുന്നത്? ദൈവഭക്തരായ സന്തതികളെത്തന്നെ. അതുകൊണ്ടു നിങ്ങള്‍ സ്വയം സൂക്ഷിക്കുക; നിങ്ങളുടെ യൗവനത്തിലെ ഭാര്യയോട് അവിശ്വസ്തത കാട്ടരുത്.
16 വിവാഹമോചനം ഞാന്‍ വെറുക്കുന്നു; ഭാര്യയെ ഉപേക്ഷിക്കുന്നവന്‍ അവളോട് അക്രമം കാട്ടുന്നു എന്ന് ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. അതുകൊണ്ട് നിങ്ങള്‍ സ്വയം സൂക്ഷിക്കുക; അവിശ്വസ്തത കാട്ടാതിരിക്കുക.
17
നിങ്ങളുടെ വാക്കുകളാല്‍ സര്‍വേശ്വരനെ നിങ്ങള്‍ അസഹ്യപ്പെടുത്തിയിരിക്കുന്നു; എന്നിട്ടും എങ്ങനെയാണു ഞങ്ങള്‍ അവിടുത്തെ അസഹ്യപ്പെടുത്തിയത് എന്നു നിങ്ങള്‍ ചോദിക്കുന്നു. തിന്മ ചെയ്യുന്നവനാണ് അവിടുത്തെ ദൃഷ്‍ടിയില്‍ നല്ലവന്‍; അവിടുന്ന് അവനില്‍ പ്രസാദിക്കുന്നു എന്നു നിങ്ങള്‍ പറയുന്നു. അല്ലെങ്കില്‍ നീതിമാനായ ദൈവം എവിടെ എന്നു നിങ്ങള്‍ ചോദിക്കുന്നു.1
ഇതാ എനിക്കു മുമ്പായി വഴിയൊരുക്കുവാന്‍ ഞാന്‍ എന്‍റെ ദൂതനെ അയയ്‍ക്കുന്നു; നിങ്ങള്‍ അന്വേഷിക്കുന്ന സര്‍വേശ്വരന്‍ തന്‍റെ ആലയത്തിലേക്ക് ഉടന്‍ വരും; നിങ്ങള്‍ക്കു പ്രിയങ്കരനായ ഉടമ്പടിയുടെ ദൂതന്‍, ഇതാ വരുന്നു എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.2 എന്നാല്‍ അവിടുന്ന് ആഗതനാകുന്ന ദിനത്തെ അതിജീവിക്കാന്‍ ആര്‍ക്കു കഴിയും? അവിടുന്നു പ്രത്യക്ഷനാകുമ്പോള്‍ ആര്‍ക്കു നിലനില്‌ക്കാന്‍ കഴിയും. അവിടുന്ന് ഉലയിലെ ശുദ്ധീകരിക്കുന്ന തീപോലെയും അലക്കുകാരന്‍ ഉപയോഗിക്കുന്ന കാരംപോലെയും ആണ്.
3 ഉലയില്‍ വെള്ളി ശുദ്ധീകരിക്കുന്നവനെപ്പോലെ അവിടുന്ന് ലേവിയുടെ പുത്രന്മാരെ ശുദ്ധീകരിക്കും. അവര്‍ കുറ്റമറ്റ വഴിപാടര്‍പ്പിക്കുംവരെ പൊന്നും വെള്ളിയുമെന്നപോലെ അവിടുന്ന് അവരെ ശുദ്ധിചെയ്തുകൊണ്ടിരിക്കും.
4 അന്നു യെഹൂദായുടെയും യെരൂശലേമിന്‍റെയും വഴിപാട് മുന്‍കാലങ്ങളിലെന്നപോലെ സര്‍വേശ്വരനു പ്രസാദകരമായിരിക്കും.
5
“അപ്പോള്‍ ന്യായവിധിക്കായി ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരും; മന്ത്രവാദികള്‍ക്കും വ്യഭിചാരികള്‍ക്കും കള്ളസ്സത്യം ചെയ്യുന്നവര്‍ക്കും വേലക്കാരനെ കൂലിയില്‍ വഞ്ചിക്കുന്നവര്‍ക്കും വിധവകളെയും അനാഥരെയും പീഡിപ്പിക്കുന്നവര്‍ക്കും പരദേശികളോട് അന്യായം കാട്ടുന്നവര്‍ക്കും എന്നെ ഭയപ്പെടാത്തവര്‍ക്കും എതിരെ സാക്ഷ്യം വഹിക്കാന്‍ ഞാന്‍ ഉടനെ വരും.” ഇതു സര്‍വശക്തനായ സര്‍വേശ്വരന്‍റെ വചനം.6
സര്‍വേശ്വരനായ ഞാന്‍ മാറ്റമില്ലാത്തവനാണ്; യാക്കോബിന്‍റെ പുത്രന്മാരേ, അതുകൊണ്ടാണ് നിങ്ങള്‍ നശിച്ചുപോകാതിരിക്കുന്നത്.7
നിങ്ങളുടെ പിതാക്കന്മാരുടെ കാലംമുതല്‍ നിങ്ങള്‍ എന്‍റെ ചട്ടങ്ങള്‍ ലംഘിച്ചു വഴിതെറ്റി നടന്നു. നിങ്ങള്‍ എന്‍റെ അടുക്കലേക്കു മടങ്ങിവരുവിന്‍, ഞാന്‍ നിങ്ങളുടെ അടുക്കലേക്കും തിരിച്ചുവരും എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. എന്നാല്‍ “എങ്ങനെയാണു ഞങ്ങള്‍ മടങ്ങിവരേണ്ടത്?” എന്നു നിങ്ങള്‍ ചോദിക്കുന്നു. മനുഷ്യന്‍ ദൈവത്തെ കൊള്ള ചെയ്യുമോ?8 എന്നിട്ടും നിങ്ങള്‍ എന്നെ കൊള്ള ചെയ്യുന്നു. “എങ്ങനെയാണു ഞങ്ങള്‍ അങ്ങയെ കൊള്ള ചെയ്യുന്നത്” എന്നു നിങ്ങള്‍ ചോദിക്കുന്നു. ദശാംശം നല്‌കുന്നതിലും വഴിപാടുകള്‍ അര്‍പ്പിക്കുന്നതിലും തന്നെ.
9 എന്നെ കൊള്ള ചെയ്യുന്നതിനാല്‍, നിങ്ങള്‍, അതേ ഈ ജനത മുഴുവന്‍ ശാപഗ്രസ്തരാകുന്നു.
10 സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “എന്‍റെ ആലയത്തില്‍ ആഹാരം ഉണ്ടായിരിക്കാന്‍ ദശാംശം മുഴുവന്‍ കലവറയിലേക്കു കൊണ്ടുവരുവിന്‍. അങ്ങനെ എന്നെയൊന്നു പരീക്ഷിച്ചു നോക്കുക. ഞാന്‍ ആകാശത്തിന്‍റെ കിളിവാതിലുകള്‍ തുറന്ന് അനുഗ്രഹവര്‍ഷം സമൃദ്ധമായി ചൊരിയുകയില്ലേ?”
11 “ഞാന്‍ വെട്ടുക്കിളിയെ നിരോധിക്കും. അവ നിങ്ങളുടെ കൃഷി നശിപ്പിക്കുകയില്ല; നിങ്ങളുടെ മുന്തിരി ഫലം നല്‌കാതിരിക്കുകയില്ല.”
12 നിങ്ങളുടെ ദേശം മനോഹരമാകയാല്‍ സകല ജനതകളും നിങ്ങളെ അനുഗൃഹീതര്‍ എന്നു വിളിക്കും. ഇതു സര്‍വശക്തനായ സര്‍വേശ്വരന്‍റെ വചനം.
13
“എന്‍റെ നേരെയുള്ള നിങ്ങളുടെ വാക്കുകള്‍ പരുഷമായിരിക്കുന്നു” എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. എന്നിട്ടും നിങ്ങള്‍ ചോദിക്കുന്നു:14 “അങ്ങേക്കെതിരെ ഞങ്ങള്‍ എന്താണു സംസാരിച്ചത്?” ദൈവത്തെ സേവിക്കുന്നതു വ്യര്‍ഥം. ഞങ്ങള്‍ അവിടുത്തെ കല്പന അനുസരിക്കുന്നതുകൊണ്ടും സര്‍വശക്തനായ അവിടുത്തെ മുമ്പില്‍ വിലാപം ആചരിക്കുന്നവരെപ്പോലെ നടക്കുന്നതുകൊണ്ടും എന്തു പ്രയോജനം?
15 ഇനിമേല്‍ അഹങ്കാരികളാണ് അനുഗൃഹീതര്‍ എന്നു ഞങ്ങള്‍ കരുതും. ദുഷ്പ്രവൃത്തി ചെയ്യുന്നവര്‍ തഴച്ചു വളരുക മാത്രമല്ല ദൈവത്തെ പരീക്ഷിച്ചിട്ടും അവര്‍ ശിക്ഷയില്‍നിന്നു രക്ഷപെടുന്നു.
16
സര്‍വേശ്വരനോടു ഭക്തിയുള്ളവര്‍ അന്യോന്യം സംസാരിച്ചു. അവിടുന്ന് അതു ശ്രദ്ധിച്ചു കേട്ടു. സര്‍വേശ്വരന്‍റെ ഭക്തന്മാരെയും അവിടുത്തെ നാമം ആദരിക്കുന്നവരെയും കുറിച്ച് എഴുതിയിട്ടുള്ള ഒരു അനുസ്മരണഗ്രന്ഥം തിരുസന്നിധാനത്തില്‍ വച്ചിട്ടുണ്ട്.17 ഞാന്‍ പ്രവര്‍ത്തിക്കുന്ന ദിവസം അവര്‍ എന്‍റെ പ്രത്യേകനിക്ഷേപം ആയിരിക്കുമെന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. പിതാവ് തന്നെ ശുശ്രൂഷിക്കുന്ന മകനോടു കാരുണ്യം കാട്ടുന്നതുപോലെ ഞാന്‍ അവരോടു കാരുണ്യപൂര്‍വം വര്‍ത്തിക്കും.
18 അപ്പോള്‍ നീതിനിഷ്ഠനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുമുള്ള വ്യത്യാസം വീണ്ടും നിങ്ങള്‍ മനസ്സിലാക്കും.
1
ചൂളപോലെ ജ്വലിക്കുന്ന ദിനം ഇതാ വരുന്നു; അപ്പോള്‍ എല്ലാ അഹങ്കാരികളും ദുര്‍വൃത്തരായ സമസ്തജനങ്ങളും വയ്‍ക്കോല്‍പോലെ എരിയും. അന്നു വേരും ശിഖരവും ശേഷിക്കാത്തവിധം അവരെ അതു ദഹിപ്പിച്ചുകളയും എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.2 “എന്നാല്‍ എന്നെ ഭയപ്പെടുന്ന നിങ്ങള്‍ക്കാകട്ടെ നീതിസൂര്യന്‍ ഉദിക്കും; അതിന്‍റെ ചിറകുകളില്‍ രോഗശാന്തിയുണ്ട്. തൊഴുത്തില്‍നിന്നു പുറത്തുവരുന്ന പശുക്കിടാക്കളെപ്പോലെ നിങ്ങള്‍ തുള്ളിച്ചാടും.
3 നിങ്ങള്‍ ദുഷ്ടജനത്തെ ചവുട്ടിമെതിക്കും; കാരണം ഞാന്‍ പ്രവര്‍ത്തിക്കുന്ന ദിവസം അവര്‍ നിങ്ങളുടെ കാല്‍ക്കീഴില്‍ വെണ്ണീര്‍ ആയിരിക്കും.” ഇതു സര്‍വശക്തനായ സര്‍വേശ്വരന്‍റെ വചനം.
4
എന്‍റെ ദാസനായ മോശയുടെ നിയമം-ഞാന്‍ ഹോരേബില്‍വച്ച് അവനു നല്‌കിയ ചട്ടങ്ങളും വിധികളുംതന്നെ ഓര്‍മിച്ചുകൊള്ളുവിന്‍.5
സര്‍വേശ്വരന്‍റെ ഭയജനകമായ മഹാദിനം വരുന്നതിനു മുമ്പ് ഞാന്‍ നിങ്ങളുടെ അടുക്കല്‍ ഏലിയാപ്രവാചകനെ അയയ്‍ക്കും.6 ഞാന്‍ വന്നു നിങ്ങളുടെ ദേശത്തെ ശാപംകൊണ്ടു നശിപ്പിക്കാതിരിക്കാന്‍ പ്രവാചകന്‍ പിതാക്കളുടെ ഹൃദയങ്ങള്‍ മക്കളുടെ ഹൃദയങ്ങളോടും മക്കളുടെ ഹൃദയങ്ങള്‍ പിതാക്കളുടെ ഹൃദയങ്ങളോടും രഞ്ജിപ്പിക്കും.