1
പേര്‍ഷ്യന്‍ചക്രവര്‍ത്തിയായ ദാര്യാവേശിന്‍റെ വാഴ്ചയുടെ രണ്ടാം വര്‍ഷം എട്ടാംമാസം ബെരെഖ്യായുടെ പുത്രനും ഇദ്ദോപ്രവാചകന്‍റെ പൗത്രനുമായ സെഖര്യാക്കു സര്‍വേശ്വരനില്‍നിന്ന് അരുളപ്പാടുണ്ടായി.2 സര്‍വശക്തനായ അവിടുന്നു സെഖര്യായോടു പറഞ്ഞു: “ജനത്തോടു പറയുക. സര്‍വേശ്വരനായ ഞാന്‍ നിങ്ങളുടെ പിതാക്കന്മാരോട് അത്യന്തം കോപിച്ചിരിക്കുന്നു.
3 അതുകൊണ്ട് നിങ്ങള്‍ എങ്കലേക്കു തിരിയുക. അപ്പോള്‍ ഞാനും നിങ്ങളുടെ അടുക്കലേക്കു തിരിയും.”
4 “നിങ്ങള്‍ നിങ്ങളുടെ പിതാക്കന്മാരെപ്പോലെ ആകരുത്. അവരോടു പ്രവാചകന്മാര്‍ നിങ്ങളുടെ ദുഷ്പ്രവൃത്തികളെയും ദുര്‍മാര്‍ഗങ്ങളെയും ഉപേക്ഷിക്കുക” എന്നു പ്രഘോഷിച്ചു. എന്നാല്‍ അവര്‍ അതു കേള്‍ക്കുകയോ എന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുകയോ ചെയ്തില്ല എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.
5 നിങ്ങളുടെ പിതാക്കന്മാര്‍ എവിടെ? പ്രവാചകന്മാര്‍ എന്നും ജീവിച്ചിരിക്കുമോ?
6 എന്നാല്‍ എന്‍റെ ദാസന്മാരായ പ്രവാചകന്മാരിലൂടെ ഞാന്‍ കല്പിച്ച വചനങ്ങളും ചട്ടങ്ങളും നിങ്ങളുടെ പൂര്‍വികരെ പിന്തുടര്‍ന്നു പിടികൂടിയില്ലേ? അപ്പോള്‍ അവര്‍ അനുതപിച്ചു പറഞ്ഞു: ഞങ്ങളുടെ വഴികള്‍ക്കും പ്രവൃത്തികള്‍ക്കും അനുസൃതമായി സര്‍വശക്തനായ സര്‍വേശ്വരന്‍ ഉദ്ദേശിച്ചതുപോലെതന്നെ ഞങ്ങളോടു ചെയ്തിരിക്കുന്നു.
7
ദാര്യാവേശിന്‍റെ വാഴ്ചയുടെ രണ്ടാം വര്‍ഷം പതിനൊന്നാം മാസമായ ശെബാത്ത് മാസം ഇരുപത്തിനാലാം ദിവസം ബെരെഖ്യായുടെ പുത്രനും ഇദ്ദോയുടെ പൗത്രനുമായ സെഖര്യാപ്രവാചകനു സര്‍വശക്തനായ സര്‍വേശ്വരന്‍റെ അരുളപ്പാടു ദര്‍ശനത്തിലൂടെ ഉണ്ടായി.8 ചുവന്ന കുതിരപ്പുറത്തു കയറി വരുന്ന ഒരാളിനെ രാത്രി ദര്‍ശനത്തില്‍ ഞാന്‍ കണ്ടു. കുന്നുകളുടെ ഇടയ്‍ക്കുള്ള ഇടുങ്ങിയ താഴ്വരയില്‍ സുഗന്ധച്ചെടികളുടെ ഇടയില്‍ അയാള്‍ നില്‌ക്കുകയായിരുന്നു. അയാളുടെ പിന്നില്‍ ചുവപ്പും തവിട്ടും വെളുപ്പും നിറമുള്ള കുതിരകള്‍ നില്‌ക്കുന്നു.
9 ഞാന്‍ ചോദിച്ചു: “പ്രഭോ, എന്താണിത്?” എന്നോടു സംസാരിച്ച ദൂതന്‍ പറഞ്ഞു: “അത് എന്താണെന്നു നിനക്കു കാണിച്ചു തരാം.”
10 സുഗന്ധച്ചെടികളുടെ ഇടയില്‍ നില്‌ക്കുന്ന മനുഷ്യന്‍ എന്നോടു പറഞ്ഞു: “ഭൂമിയെ നിരീക്ഷിക്കാന്‍ സര്‍വേശ്വരന്‍ അയച്ചിട്ടുള്ളവരാണിവര്‍.”
11 അവര്‍ സുഗന്ധച്ചെടികളുടെ ഇടയില്‍ നില്‌ക്കുന്ന സര്‍വേശ്വരന്‍റെ ദൂതനോടു പറഞ്ഞു: “ഞങ്ങള്‍ ഭൂമിയിലെങ്ങും ചുറ്റി സഞ്ചരിച്ചു. സര്‍വലോകവും ശാന്തമായിരിക്കുന്നു.”
12 പിന്നീട് സര്‍വേശ്വരന്‍റെ ദൂതന്‍ ചോദിച്ചു: “സര്‍വശക്തനായ സര്‍വേശ്വരാ, യെരൂശലേമിനോടും യെഹൂദാനഗരങ്ങളോടും അങ്ങു കരുണ കാട്ടാതിരിക്കുമോ? ഈ എഴുപതു വര്‍ഷവും അവിടുന്ന് അവയോടു കോപിച്ചിരുന്നുവല്ലോ.”
13 എന്നോടു സംസാരിച്ച ദൂതനോടു സ്നേഹപൂര്‍ണവും ആശ്വാസകരവുമായ വാക്കുകള്‍ സര്‍വേശ്വരന്‍ അരുളിച്ചെയ്തു.
14 ദൂതന്‍ എന്നോടു പറഞ്ഞു: സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഞാന്‍ യെരൂശലേമിനോടും സീയോനോടും അത്യന്തം സ്നേഹവും കരുതലും ഉള്ളവനായിരുന്നു.
15 ഇപ്പോള്‍ സ്വസ്ഥതയനുഭവിക്കുന്ന ജനതകളോട് എനിക്ക് അത്യന്തം കോപമുണ്ട്. ഞാന്‍ എന്‍റെ ജനത്തോട് അല്പം മാത്രം കോപിച്ചിരുന്നപ്പോള്‍ അവര്‍ എന്‍റെ ജനത്തിന്‍റെ അനര്‍ഥം വര്‍ധിപ്പിച്ചു.
16 അതുകൊണ്ട് സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഞാന്‍ കാരുണ്യപൂര്‍വം യെരൂശലേമിലേക്കു മടങ്ങിവന്നിരിക്കുന്നു. അവിടെ എന്‍റെ ആലയം നിര്‍മിക്കും. യെരൂശലേമിന്മേല്‍ അളവുനൂല്‍ പിടിച്ച് അതിനെ പുനരുദ്ധരിക്കും.
17 വീണ്ടും ഉദ്ഘോഷിക്കുക എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “എന്‍റെ നഗരങ്ങളില്‍ ഐശ്വര്യസമൃദ്ധി കവിഞ്ഞൊഴുകും. സര്‍വേശ്വരന്‍ വീണ്ടും സീയോനെ ആശ്വസിപ്പിക്കും. യെരൂശലേമിനെ വീണ്ടും തിരഞ്ഞെടുക്കും.”
18
മറ്റൊരു ദര്‍ശനത്തില്‍ ഞാന്‍ നാലു കൊമ്പുകള്‍ കണ്ടു.19 എന്നോടു സംസാരിക്കുന്ന ദൂതനോട് ഇതെന്ത്? എന്നു ഞാന്‍ ചോദിച്ചു. യെഹൂദായെയും ഇസ്രായേലിനെയും യെരൂശലേമിനെയും ചിതറിച്ച കൊമ്പുകളാണിവ എന്നു ദൂതന്‍ പറഞ്ഞു.
20 പിന്നീട് ലോഹപ്പണി ചെയ്യുന്ന നാലുപേരെ സര്‍വേശ്വരന്‍ എനിക്ക് കാണിച്ചുതന്നു.
21 ഇവര്‍ എന്തു ചെയ്യാന്‍ വന്നിരിക്കുന്നു? എന്നു ഞാന്‍ ചോദിച്ചു. ദൂതന്‍ പറഞ്ഞു: “യെഹൂദാദേശത്തെ ചിതറിക്കാനായി കൊമ്പുയര്‍ത്തിയ വിജാതീയരെ സംഭീതരാക്കാനും ഒരിക്കലും തല ഉയര്‍ത്താത്തവിധം യെഹൂദായെയും യെരൂശലേമിനെയും ചിതറിച്ച ഈ കൊമ്പുകളെ തകര്‍ത്തുകളയാനും ഇവര്‍ വന്നിരിക്കുന്നു.”
1
ഞാന്‍ പിന്നെയും മറ്റൊരു ദര്‍ശനത്തില്‍ അളവുനൂലുമായി നില്‌ക്കുന്ന ഒരുവനെ കണ്ടു.2 “അങ്ങ് എവിടെപ്പോകുന്നു” എന്നു ഞാന്‍ ചോദിച്ചു. അപ്പോള്‍ ആ ദൂതന്‍ പറഞ്ഞു: “ഞാന്‍ യെരൂശലേമിനെ അളന്ന് അതിന്‍റെ നീളവും വീതിയും തിട്ടപ്പെടുത്താന്‍ പോകുകയാണ്.”
3 അപ്പോള്‍ എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൂതന്‍ മുന്നോട്ടു വന്നു. അദ്ദേഹത്തെ എതിരേല്‌ക്കാന്‍ മറ്റൊരു ദൂതനും വന്നു.
4 അയാള്‍ പറഞ്ഞു: “മനുഷ്യരും മൃഗങ്ങളും പെരുകിയ മതിലുകളില്ലാത്ത ഗ്രാമങ്ങള്‍പോലെ യെരൂശലേമാകും എന്ന് ഓടിച്ചെന്ന് അളവുനൂല്‍ കൈയിലുള്ള യുവാവിനോടു പറയുക.”
5 എന്നാല്‍ ഞാന്‍ അതിനു ചുറ്റും അഗ്നിമതിലായിരിക്കും; അവരുടെ മധ്യത്തില്‍ ഞാന്‍ അതിന്‍റെ മഹത്ത്വമായിരിക്കുകയും ചെയ്യും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.
6
“വടക്കേദേശം വിട്ട് ഓടുവിന്‍! ആകാശത്തിലെ കാറ്റ് എന്നപോലെ ഞാന്‍ നിങ്ങളെ നാലു ദിക്കിലേക്കും ചിതറിച്ചിരിക്കുന്നുവല്ലോ” എന്നും സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.7 ബാബിലോണില്‍ പാര്‍ക്കുന്ന നിങ്ങള്‍ സീയോനിലേക്കു പോയി രക്ഷപെടുക.
8 സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: നിങ്ങളെ കൊള്ളചെയ്ത ജനതകളുടെ അടുക്കലേക്കു മഹത്തായ ഒരു ദൗത്യവുമായി എന്നെ അയച്ചിരിക്കുന്നു; നിങ്ങളെ തൊടുന്ന ഏതൊരുവനും അവിടുത്തെ കൃഷ്ണമണിയെയാണു സ്പര്‍ശിക്കുന്നത്.
9 അവരുടെ നേരെ എന്‍റെ കൈ ചലിക്കും; അവര്‍ തങ്ങളുടെ ദാസന്മാരുടെ കവര്‍ച്ചയ്‍ക്ക് ഇരയാകും. സര്‍വശക്തനായ സര്‍വേശ്വരന്‍ എന്നെ അയച്ചിരിക്കുന്നു എന്ന് അപ്പോള്‍ നിങ്ങള്‍ അറിയും.
10 ‘സീയോന്‍ നിവാസികളേ, നിങ്ങള്‍ ആഹ്ലാദപൂര്‍വം ഉച്ചത്തില്‍ ഘോഷിക്കുവിന്‍. ഇതാ ഞാന്‍ വരുന്നു; നിങ്ങളുടെ മധ്യേ ഞാന്‍ വസിക്കും’ എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.
11 ആ നാളില്‍ പല ജനതകളും സര്‍വേശ്വരനോടു ചേരും. അവര്‍ എന്‍റെ ജനമായിത്തീരും. ഞാന്‍ നിങ്ങളുടെ മധ്യേ വസിക്കും. സര്‍വശക്തനായ സര്‍വേശ്വരന്‍ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു നിങ്ങള്‍ അപ്പോള്‍ അറിയും.
12 സര്‍വേശ്വരന്‍ വിശുദ്ധനാട്ടിലുള്ള തന്‍റെ ഓഹരിയായി യെഹൂദായെ സ്വന്തമാക്കും. യെരൂശലേമിനെ വീണ്ടും തിരഞ്ഞെടുക്കും.
13
മര്‍ത്യരേ, നിങ്ങളെല്ലാവരും സര്‍വേശ്വരന്‍റെ സന്നിധിയില്‍ നിശ്ശബ്ദരായിരിക്കുവിന്‍. അവിടുന്ന് തന്‍റെ വിശുദ്ധനിവാസത്തില്‍നിന്ന് എഴുന്നള്ളിയിരിക്കുന്നുവല്ലോ.1
പിന്നീട് സര്‍വേശ്വരന്‍റെ ദൂതന്‍ തന്‍റെ മുമ്പില്‍ നില്‌ക്കുന്ന മഹാപുരോഹിതനായ യോശുവയെ എനിക്കു കാണിച്ചു തന്നു. അദ്ദേഹത്തിന്‍റെമേല്‍ കുറ്റം ആരോപിക്കാനായി സാത്താന്‍ അദ്ദേഹത്തിന്‍റെ വലത്തുഭാഗത്തു നില്‌ക്കുന്നുണ്ടായിരുന്നു.2 സര്‍വേശ്വരന്‍റെ ദൂതന്‍ സാത്താനോടു പറഞ്ഞു: “സാത്താനേ, സര്‍വേശ്വരന്‍ നിന്നെ ശാസിക്കുന്നു. തീയില്‍നിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിയല്ലേ ഇവന്‍? യെരൂശലേമിനെ തിരഞ്ഞെടുത്ത സര്‍വേശ്വരന്‍ നിന്നെ ശാസിക്കുന്നു.”
3 മുഷിഞ്ഞ വസ്ത്രം ധരിച്ചുകൊണ്ട് യോശുവ ദൂതന്‍റെ മുമ്പില്‍ നില്‌ക്കുകയായിരുന്നു.
4 തന്‍റെ മുമ്പില്‍ നില്‌ക്കുന്നവരോടു ദൂതന്‍ “യോശുവയുടെ മുഷിഞ്ഞ വസ്ത്രം മാറ്റുവിന്‍” എന്നു കല്പിച്ചു. ദൂതന്‍ യോശുവയോടു പറഞ്ഞു: “നിന്‍റെ അകൃത്യം നിന്നില്‍നിന്നു നീക്കിയിരിക്കുന്നു; ഞാന്‍ നിന്നെ വിശിഷ്ടവസ്ത്രം ധരിപ്പിക്കും.” ദൂതന്‍ തുടര്‍ന്നു:
5 “വെടിപ്പുള്ള ഒരു ശിരോവസ്ത്രം അവനെ ധരിപ്പിക്കുവിന്‍.” അങ്ങനെ യോശുവയെ വസ്ത്രം ധരിപ്പിക്കുകയും നിര്‍മ്മലമായ ശിരോവസ്ത്രം അണിയിക്കുകയും ചെയ്തു. അപ്പോള്‍ സര്‍വേശ്വരന്‍റെ ദൂതന്‍ അടുത്തു നില്‌ക്കുന്നുണ്ടായിരുന്നു.
6
[6,7] ദൂതന്‍ യോശുവയോടു കല്പിച്ചു: “സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: നീ എന്‍റെ വഴികളില്‍ നടക്കുകയും; ഞാന്‍ നിന്നെ ഏല്പിച്ചിരിക്കുന്ന ചുമതലകള്‍ നിര്‍വഹിക്കുകയും ചെയ്താല്‍ എന്‍റെ ആലയത്തെ നീ ഭരിക്കും; എന്‍റെ അങ്കണങ്ങളുടെ ചുമതല നീ വഹിക്കും; ഈ നില്‌ക്കുന്നവരുടെ ഇടയില്‍ കടന്നുവരാനുള്ള അവകാശവും ഞാന്‍ നിനക്കു നല്‌കും.7
8 മഹാപുരോഹിതനായ യോശുവയും അയാളുടെ മുമ്പിലിരിക്കുന്ന ശുഭലക്ഷണത്തിന്‍റെ അടയാളങ്ങളായ സഹപുരോഹിതന്മാരും കേള്‍ക്കട്ടെ. എന്‍റെ ദാസനായ ശാഖയെ ഞാന്‍ കൊണ്ടുവരും.
9 ഇതാ, യോശുവയുടെ മുമ്പില്‍ വച്ചിരിക്കുന്ന കല്ല്; ഏഴു മുഖങ്ങളുള്ള ഈ കല്ലില്‍ രേഖപ്പെടുത്തേണ്ടതു ഞാന്‍ കൊത്തിവയ്‍ക്കും. ഒറ്റ ദിവസംകൊണ്ട് ഞാന്‍ ഈ ദേശത്തിന്‍റെ അകൃത്യം നീക്കും എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.
10 അന്നു നിങ്ങള്‍ ഓരോരുത്തനും സമാധാനവും ഐശ്വര്യവും പങ്കുവയ്‍ക്കാന്‍ തന്‍റെ അയല്‍ക്കാരനെ സ്വന്തം മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്‍റെയും കീഴിലേക്കു ക്ഷണിക്കും എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍റെ അരുളപ്പാട്.
1
എന്നോടു സംസാരിച്ച ദൈവദൂതന്‍ ഉറക്കത്തില്‍നിന്ന് ഒരുവനെ വിളിച്ചുണര്‍ത്തുന്നതുപോലെ എന്നെ ഉണര്‍ത്തി,2 “നീ എന്തു കാണുന്നു?” എന്നു ചോദിച്ചു. “അതാ, ഒരു സ്വര്‍ണ വിളക്കുതണ്ട്; ആ തണ്ടിന്‍റെ മുകളില്‍ ഒരു പാത്രം; അതിന്മേല്‍ ഏഴു വിളക്ക്; ഓരോ വിളക്കിന്‍റെയും മുകളില്‍ ഓരോ ദളം.
3 വിളക്കുതണ്ടിന്‍റെ വലത്തും ഇടത്തും ഓരോ ഒലിവു മരം.”
4 എന്നോടു സംസാരിച്ച ദൂതനോട് ഞാന്‍ ചോദിച്ചു: “പ്രഭോ, ഇവയെല്ലാം എന്താണ്?”
5 അതിനു ദൂതന്‍ പറഞ്ഞു: “ഇവ എന്തെന്ന് അറിഞ്ഞുകൂടേ?” “ ഇല്ല പ്രഭോ” ഞാന്‍ പറഞ്ഞു.
6 ദൂതന്‍ എന്നോടു പറഞ്ഞു: “സൈന്യബലത്താലോ കരബലത്താലോ അല്ല, എന്‍റെ ആത്മാവിനാലാണു വിജയം” എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ സെരുബ്ബാബേലിനോട് അരുളിച്ചെയ്യുന്നു.
7 മഹാപര്‍വതമേ, നീ ആര്? സെരുബ്ബാബേലിന്‍റെ മുമ്പില്‍ നീ സമതലമായിത്തീരും. കൃപ, ദൈവകൃപ എന്ന ആര്‍പ്പുവിളിയോടുകൂടി അവിടെ നീ ദേവാലയത്തിന്‍റെ അവസാനത്തെ കല്ലുവയ്‍ക്കും.
8 സര്‍വേശ്വരന്‍ വീണ്ടും എന്നോട് അരുളിച്ചെയ്തു:
9 “സെരുബ്ബാബേലിന്‍റെ കരങ്ങള്‍ ഈ ആലയത്തിന് അടിസ്ഥാനം ഇട്ടിരിക്കുന്നു. അവന്‍ അതു പൂര്‍ത്തിയാക്കുകയും ചെയ്യും. സര്‍വശക്തനായ സര്‍വേശ്വരനാണ് എന്നെ നിന്‍റെ അടുക്കല്‍ അയച്ചിരിക്കുന്നത് എന്ന് അപ്പോള്‍ നീ അറിയും.”
10 ദേവാലയനിര്‍മിതിയില്‍ കാര്യമായ പുരോഗതികാണാതെ നിരാശരായി കഴിയുന്നവര്‍ സെരുബ്ബാബേലിന്‍റെ നേതൃത്വത്തിലുള്ള നിര്‍മാണം കണ്ട് സന്തോഷിക്കും. ഈ ഏഴെണ്ണം സര്‍വേശ്വരന്‍റെ കണ്ണുകളാണ്. ഭൂമി മുഴുവന്‍ അവ നിരീക്ഷിക്കുന്നു.
11
അപ്പോള്‍ ഞാന്‍ ചോദിച്ചു: “വിളക്കുതണ്ടിന് ഇടത്തും വലത്തുമുള്ള ഒലിവുമരങ്ങള്‍ എന്താണ്?12 എണ്ണ ഒഴിക്കുന്ന രണ്ടു സ്വര്‍ണക്കുഴലുകള്‍ക്കു സമീപം കാണുന്ന ഒലിവുമരത്തിന്‍റെ രണ്ടു കൊമ്പുകള്‍ എന്ത്?”
13 ദൂതന്‍ എന്നോട്, “ഇത് എന്തെന്നു നീ അറിയുന്നില്ലേ” എന്നു ചോദിച്ചതിന് “ഇല്ല പ്രഭോ” എന്നു ഞാന്‍ പറഞ്ഞു.
14 “സര്‍വലോകത്തിന്‍റെയും സര്‍വേശ്വരന്‍റെ സന്നിധിയില്‍ നില്‌ക്കുന്ന രണ്ട് അഭിഷിക്തന്മാരാണ് അവര്‍” എന്നു ദൂതന്‍ മറുപടി പറഞ്ഞു.
1
മറ്റൊരു ദര്‍ശനത്തില്‍ പറന്നു പോകുന്ന ഒരു ചുരുള്‍ ഞാന്‍ കണ്ടു.2 “നീ എന്തു കാണുന്നു” എന്നു ദൂതന്‍ എന്നോട് ചോദിച്ചു. “പറന്നുപോകുന്ന ഒരു ചുരുള്‍, അതിന് ഇരുപതുമുഴം നീളവും പത്തുമുഴം വീതിയുമുണ്ട്” എന്നു ഞാന്‍ പറഞ്ഞു.
3 പിന്നീട് അദ്ദേഹം ഇങ്ങനെ തുടര്‍ന്നു: “അത് ദേശമാസകലം വ്യാപിക്കുന്ന ശാപമാകുന്നു. അതില്‍ എഴുതിയിരിക്കുന്ന പ്രകാരം കള്ളസ്സത്യം ചെയ്യുന്നവരും മോഷ്ടാക്കളും ആയ എല്ലാവരും ഇനിമേല്‍ നശിപ്പിക്കപ്പെടും.”
4 സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഞാന്‍ അത് അയയ്‍ക്കും; അതു മോഷ്ടാവിന്‍റെ വീട്ടിലും എന്‍റെ നാമത്തില്‍ കള്ളസത്യം ചെയ്യുന്നവന്‍റെ വീട്ടിലും പ്രവേശിക്കും. അത് അവന്‍റെ വീട്ടില്‍ കടന്ന് അതിലെ കല്ലും മരവും ഇടിച്ചു നശിപ്പിക്കുന്നതുവരെ അവിടെ വസിക്കും.”
5
എന്നോടു സംസാരിച്ച ദൂതന്‍ പുറത്തുവന്ന് എന്നോടു പറഞ്ഞു: “ഈ പോകുന്നത് എന്തെന്നു നീ നോക്കുക.”6 “ഇത് എന്ത്” എന്നു ഞാന്‍ ചോദിച്ചു. ദൂതന്‍ പറഞ്ഞു: “ഇതു സഞ്ചരിക്കുന്ന അളവുകുട്ട ആകുന്നു. അത് ദേശത്തെങ്ങും ഉള്ളവരുടെ അകൃത്യം ആണ്.”
7 പിന്നീട് ഈയംകൊണ്ടുള്ള അതിന്‍റെ അടപ്പ് ഉയര്‍ത്തപ്പെട്ടു. അതാ, അതിനുള്ളില്‍ ഒരു സ്‍ത്രീ ഇരിക്കുന്നു.
8 “ഇതാണു ദുഷ്ടത” എന്നു ദൈവദൂതന്‍ പറഞ്ഞു. പിന്നീടു ദൂതന്‍ ആ സ്‍ത്രീയെ കുട്ടയുടെ ഉള്ളിലാക്കി ഈയപ്പലകകൊണ്ട് അതു മൂടി.
9 വീണ്ടും ഞാന്‍ ദര്‍ശനത്തില്‍ രണ്ടു സ്‍ത്രീകള്‍ പറന്നു വരുന്നതു കണ്ടു. അവര്‍ക്കു കൊക്കിന്‍റേതുപോലെയുള്ള ചിറകുകള്‍ ഉണ്ടായിരുന്നു. അവര്‍ ആകാശത്തേക്ക് അളവുകുട്ട ഉയര്‍ത്തിക്കൊണ്ടുപോയി.”
10 അവര്‍ അളവുകുട്ട എവിടേക്കു കൊണ്ടുപോകുന്നു” എന്നു ഞാന്‍ ചോദിച്ചു.
11 അതിനു ദൂതന്‍ പറഞ്ഞു: “ശിനാര്‍ദേശത്ത് അതിനുവേണ്ടി ഒരു വീടു നിര്‍മിക്കാന്‍ പോകുന്നു. അത് പൂര്‍ത്തിയായാല്‍ അളവുകുട്ട അതിനുള്ളില്‍ സ്ഥാപിക്കും.”
1
വീണ്ടും മറ്റൊരു ദര്‍ശനത്തില്‍ ഓടുകൊണ്ടുള്ള രണ്ടു പര്‍വതങ്ങളുടെ ഇടയില്‍നിന്ന് നാലു രഥങ്ങള്‍ ഉയര്‍ന്നു വരുന്നതു ഞാന്‍ കണ്ടു.2 ഒന്നാമത്തെ രഥത്തില്‍ ചുവന്ന കുതിരകളെയും രണ്ടാമത്തേതില്‍ കറുത്ത കുതിരകളെയും
3 മൂന്നാമത്തേതില്‍ വെളുത്ത കുതിരകളെയും നാലാമത്തേതില്‍ തവിട്ടു നിറത്തില്‍ പുള്ളിയുള്ള കുതിരകളെയും പൂട്ടിയിരുന്നു.
4 എന്നോടു സംസാരിച്ച ദൂതനോടു ഞാന്‍ ചോദിച്ചു: “പ്രഭോ, ഇതെന്താണ്?”
5 “സമസ്തലോകത്തിന്‍റെയും സര്‍വേശ്വരനായ അവിടുത്തെ സന്നിധിയില്‍നിന്നു വരുന്ന ആകാശത്തിലെ നാലു കാറ്റുകളാകുന്നു അവര്‍” എന്നു ദൂതന്‍ പറഞ്ഞു.
6 കറുത്ത കുതിരകളെ പൂട്ടിയ രഥം വടക്കേദേശത്തേക്കും വെളുത്തവയെ പൂട്ടിയതു പടിഞ്ഞാറേദേശത്തേക്കും പുള്ളിക്കുതിരകളെ പൂട്ടിയതു തെക്കേദേശത്തേക്കും പോകുന്നു.
7 ഈ കുതിരകള്‍ ഭൂമിയില്‍ എല്ലായിടത്തും സഞ്ചരിക്കാന്‍ വെമ്പല്‍കൊണ്ടു. ദൂതന്‍ അവയോട്, “നിങ്ങള്‍ പോയി ഭൂമിയില്‍ ഉടനീളം സഞ്ചരിക്കുവിന്‍” എന്ന് ആജ്ഞാപിച്ചു. അങ്ങനെ അവ ഭൂമിയില്‍ സഞ്ചരിച്ചു.
8 ദൂതന്‍ എന്നോടു വിളിച്ചു പറഞ്ഞു: “അതാ, വടക്കേദേശത്തേക്കു പോയവ അവിടെ എന്‍റെ കോപം ശമിപ്പിച്ചിരിക്കുന്നു.”
9
വീണ്ടും സെഖര്യാക്കു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി:10 “നീ ബാബിലോണില്‍നിന്നു മടങ്ങി എത്തിയ പ്രവാസികളായ ഹെല്‍ദായി, തോബീയാ, യെദായാ എന്നിവരില്‍നിന്ന് പൊന്നും വെള്ളിയും സ്വീകരിക്കുക. അതുമായി അന്നുതന്നെ സെഫന്യായുടെ മകനായ യോശിയായുടെ വീട്ടില്‍ പോകുക.
11 അവരില്‍നിന്നു ലഭിച്ച സ്വര്‍ണവും വെള്ളിയുംകൊണ്ട് ഒരു കിരീടം ഉണ്ടാക്കി മഹാപുരോഹിതനായ യെഹോസാദാക്കിന്‍റെ പുത്രന്‍ യോശുവയുടെ ശിരസ്സില്‍ അണിയിക്കുക. പിന്നീട് ഇങ്ങനെ പറയണം.
12 സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഇതാ ശാഖ എന്ന നാമമുള്ള മനുഷ്യന്‍, അയാള്‍ തന്‍റെ സ്ഥലത്തുനിന്നു വളരും. അയാള്‍ സര്‍വേശ്വരന്‍റെ മന്ദിരം പണിയും.
13 അയാള്‍തന്നെ സര്‍വേശ്വരന്‍റെ മന്ദിരം പണിയുകയും രാജകീയപ്രതാപത്തോടെ തന്‍റെ സിംഹാസനത്തില്‍ വാണരുളുകയും ചെയ്യും. അയാളുടെ വലത്തുഭാഗത്ത് ഒരു പുരോഹിതന്‍ ഉണ്ടായിരിക്കും. അവര്‍ ഇരുവരും ഒരുമയോടും സമാധാനത്തോടും വര്‍ത്തിക്കും.
14 ഹെല്‍ദായ്, തോബീയാ, യെദായി, സെഫന്യായുടെ പുത്രനായ യോശിയാ എന്നിവരുടെ സ്മരണയ്‍ക്കായി ആ കിരീടം സര്‍വേശ്വരന്‍റെ ആലയത്തില്‍ ഉണ്ടായിരിക്കും.”
15
വിദൂരസ്ഥരായ ആളുകള്‍ വന്ന് സര്‍വേശ്വരന്‍റെ ആലയത്തിന്‍റെ പണിയില്‍ സഹായിക്കും; സര്‍വശക്തനായ സര്‍വേശ്വരനാണ് എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നത് എന്നു നിങ്ങള്‍ അറിയും. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം കേട്ട് അനുസരിക്കുമെങ്കില്‍ ഇതു സംഭവിക്കും.1
ദാര്യാവേശ്‍രാജാവിന്‍റെ വാഴ്ചയുടെ നാലാം വര്‍ഷം കിസ്ലേവ് എന്ന ഒമ്പതാം മാസം നാലാം ദിവസം സെഖര്യാപ്രവാചകന് സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി.2 ബെഥേലിലെ ജനം സര്‍വേശ്വരന്‍റെ അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ഥിക്കാന്‍ സരേസരിനെയും രേഗെം-മേലെക്കിനെയും തങ്ങളുടെ ആളുകളെയും അയച്ചു.
3 “ദീര്‍ഘവര്‍ഷങ്ങളായി ചെയ്തുവന്നതുപോലെ അഞ്ചാം മാസത്തില്‍ തങ്ങള്‍ വിലാപവും ഉപവാസവും ആചരിക്കണമോ എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍റെ ആലയത്തിലെ പുരോഹിതന്മാരോടും പ്രവാചകന്മാരോടും അന്വേഷിക്കാനുംകൂടിയാണ് അവരെ അയച്ചത്.
4 അപ്പോള്‍ സര്‍വശക്തനായ സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു:
5 “നീ ദേശത്തെ സര്‍വജനത്തോടും പുരോഹിതന്മാരോടും പ്രസ്താവിക്കുക: ഈ എഴുപതു വര്‍ഷമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും നിങ്ങള്‍ ഉപവാസവും വിലാപവും ആചരിച്ചത് എനിക്കുവേണ്ടി ആയിരുന്നുവോ?
6 നിങ്ങള്‍ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നത് എനിക്കുവേണ്ടിയാണോ?
7 യെരൂശലേമിലും അതിന്‍റെ ചുറ്റുമുള്ള നഗരങ്ങളിലും കുടിപ്പാര്‍പ്പും ഐശ്വര്യസമൃദ്ധിയും ഉണ്ടായിരുന്നപ്പോഴും നെഗബുദേശവും താഴ്വരപ്രദേശവും ജനനിബിഡം ആയിരുന്നപ്പോഴും ഈ വചനങ്ങള്‍ തന്നെയല്ലേ പണ്ടത്തെ പ്രവാചകന്മാരിലൂടെ സര്‍വേശ്വരന്‍ അരുളിച്ചെയ്തത്?”
8
സര്‍വേശ്വരന്‍ സെഖര്യാപ്രവാചകനോട് അരുളിച്ചെയ്തു:9 “സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: സത്യസന്ധമായി വിധിക്കുക. എല്ലാവരും തങ്ങളുടെ സഹോദരരോടു സ്നേഹവും ദയയും കാട്ടുക.
10 അനാഥനെയും വിധവയെയും ദരിദ്രനെയും പരദേശിയെയും പീഡിപ്പിക്കരുത്. നിങ്ങളില്‍ ആരും തന്നെ സഹോദരനെതിരെ തിന്മ നിരൂപിക്കരുത്.”
11 എന്നാല്‍ ഇതു ശ്രദ്ധിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല; കേള്‍ക്കാതിരിക്കാന്‍ അവര്‍ ദുശ്ശാഠ്യത്തോടെ ചെവി പൊത്തുകയും ചെയ്തു.
12 ധര്‍മശാസ്ത്രവും പണ്ടത്തെ പ്രവാചകന്മാര്‍ മുഖാന്തരം സര്‍വശക്തനായ സര്‍വേശ്വരന്‍ അവിടുത്തെ ആത്മാവിലൂടെ അരുളിച്ചെയ്ത വചനങ്ങളും അനുസരിക്കാതെ അവര്‍ ഹൃദയം കഠിനമാക്കി. അതുകൊണ്ട് സര്‍വശക്തനായ സര്‍വേശ്വരനില്‍നിന്ന് ഉഗ്രരോഷം പുറപ്പെട്ടു.
13 “ഞാന്‍ വിളിച്ചപ്പോള്‍ അവര്‍ കേട്ടില്ല. അതിനാല്‍ അവര്‍ വിളിച്ചപേക്ഷിച്ചപ്പോള്‍ ഞാന്‍ ഉത്തരം അരുളിയില്ല” എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.
14 ഞാന്‍ ഒരു ചുഴലിക്കാറ്റയച്ച് അവരെ അവരറിയാത്ത ജനങ്ങളുടെ ഇടയില്‍ ചിതറിച്ചുകളഞ്ഞു. അവരുടെ ദേശം ശൂന്യമായിത്തീര്‍ന്നു, ആരും അതിലൂടെ കടന്നുപോയില്ല. അങ്ങനെ മനോഹരമായ ദേശം ശൂന്യമാക്കപ്പെട്ടു.
1
സര്‍വശക്തനായ സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി:2 സീയോനെക്കുറിച്ചു ഞാന്‍ അതീവതല്പരനായിരിക്കുന്നു. അതിനോടുള്ള എന്‍റെ സ്നേഹം അതിരറ്റതാണ്.
3 ഞാന്‍ സീയോനിലേക്കു മടങ്ങിവരും; യെരൂശലേമില്‍ വസിക്കും. യെരൂശലേമേ, വിശ്വസ്തനഗരമെന്നും സര്‍വശക്തനായ സര്‍വേശ്വരന്‍റെ പര്‍വതമെന്നും വിശുദ്ധഗിരി എന്നും നീ വിളിക്കപ്പെടും.
4 സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: വടിയൂന്നി നടക്കുന്ന വൃദ്ധന്മാരും വൃദ്ധകളും യെരൂശലേമിന്‍റെ തെരുവീഥികളില്‍ ഉണ്ടാകും.
5 കളിച്ചുല്ലസിക്കുന്ന ബാലികാബാലന്മാരെക്കൊണ്ട് നഗരവീഥികള്‍ നിറയും.
6 അവശേഷിക്കുന്ന ജനത്തിന് ഈ കാഴ്ച അന്ന് അദ്ഭുതകരമായി തോന്നും. എന്നാല്‍ എനിക്കും അത് അദ്ഭുതമായി തോന്നണമോ” എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ ചോദിക്കുന്നു.
7 അവിടുന്ന് അരുളിച്ചെയ്യുന്നു: “കിഴക്കേദേശത്തുനിന്നും പടിഞ്ഞാറേദേശത്തുനിന്നും ഞാന്‍ എന്‍റെ ജനത്തെ രക്ഷിക്കും.
8 യെരൂശലേമില്‍ വസിക്കാന്‍ ഞാന്‍ അവരെ അവിടെനിന്നു കൊണ്ടുവരും. സത്യത്തിലും നീതിയിലും അവര്‍ എനിക്കു ജനവും ഞാന്‍ അവര്‍ക്ക് ദൈവവും ആയിരിക്കും.”
9
സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “സര്‍വേശ്വരന്‍റെ ആലയം വീണ്ടും പണിയുന്നതിനുവേണ്ടി അടിസ്ഥാനമിട്ട നാള്‍ മുതല്‍ പ്രവാചകന്മാര്‍ പ്രസ്താവിച്ച ഈ വചനങ്ങള്‍ ഇപ്പോഴും കേള്‍ക്കുന്നവരേ, നിങ്ങള്‍ ധൈര്യമുള്ളവരായിരിക്കുവിന്‍.10 ആ നാളുകള്‍ക്കുമുമ്പ് മനുഷ്യനോ മൃഗത്തിനോ കൂലി കൊടുക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. പോകുകയോ വരികയോ ചെയ്യുന്നവന് ശത്രുവില്‍നിന്നു വിടുതലും ഉണ്ടായിരുന്നില്ല. കാരണം ഞാന്‍ സകല മനുഷ്യരെയും അന്യോന്യം ശത്രുക്കളാക്കിയിരുന്നു.
11 എന്നാല്‍ ഇപ്പോള്‍ അവശേഷിച്ചിരിക്കുന്ന ജനത്തോടു ഞാന്‍ മുമ്പത്തെപ്പോലെയല്ല പെരുമാറുക” എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.
12 അവര്‍ സമാധാനത്തോടെ വിതയ്‍ക്കും; മുന്തിരി ഫലം നല്‌കും; ഭൂമിയും അതില്‍നിന്നു വിളവു നല്‌കും; ആകാശം മഞ്ഞുപൊഴിക്കും. ഈ ജനത്തില്‍ അവശേഷിക്കുന്നവരെ ഞാന്‍ ഇവയ്‍ക്കെല്ലാം അവകാശികളാക്കിത്തീര്‍ക്കും.
13 യെഹൂദാജനങ്ങളേ, ഇസ്രായേല്‍ജനങ്ങളേ, ജനതകളുടെ ഇടയില്‍ നിങ്ങള്‍ ശപിക്കപ്പെട്ടവരായിരുന്നല്ലോ; ഞാന്‍ നിങ്ങളെ രക്ഷിച്ച് ജനതകളുടെ ഇടയില്‍ നിങ്ങളെ അനുഗൃഹീതരാക്കും. നിങ്ങള്‍ ഭയപ്പെടാതെ ധൈര്യമായിരിക്കുവിന്‍.”
14
സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ പ്രകോപിപ്പിച്ചപ്പോള്‍ നിങ്ങളെ നശിപ്പിക്കണമെന്നു ഞാന്‍ തീരുമാനിച്ചു. എന്‍റെ തീരുമാനത്തില്‍നിന്നു ഞാന്‍ പിന്മാറിയില്ല.15 എന്നാല്‍ ഇപ്പോള്‍ യെരൂശലേമിനും യെഹൂദാജനത്തിനും നന്മവരുത്തണമെന്നു ഞാന്‍ ഉറച്ചിരിക്കുന്നു. നിങ്ങള്‍ ഭയപ്പെടേണ്ടാ എന്ന് സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.
16 നിങ്ങള്‍ ചെയ്യേണ്ടത് ഇവയാണ്: സത്യം പറയുക; നഗരകവാടങ്ങളില്‍ സത്യസന്ധമായി ന്യായവിധി നടത്തുക. അങ്ങനെ സമാധാനം പാലിക്കുക.
17 നിങ്ങള്‍ അപരനെതിരെ തിന്മ ആലോചിക്കരുത്. കള്ളസ്സത്യം ചെയ്യാന്‍ താല്‍പര്യപ്പെടരുത്. ഇവയെല്ലാം ഞാന്‍ വെറുക്കുന്നു എന്ന് അവിടുന്നു അരുളിച്ചെയ്യുന്നു.”
18
എനിക്കു സര്‍വശക്തനായ സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി:19 “നാലും അഞ്ചും ഏഴും പത്തും മാസങ്ങളിലെ ഉപവാസങ്ങള്‍ യെഹൂദാജനത്തിന് സന്തോഷവും ഉല്ലാസപ്രദവുമായ ആനന്ദോത്സവങ്ങള്‍ ആയിരിക്കണം. അതുകൊണ്ട് സത്യത്തെയും സമാധാനത്തെയും സ്നേഹിക്കുവിന്‍.
20
സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: അനേകം ജനതകള്‍, നിരവധി നഗരങ്ങളിലെ നിവാസികള്‍ ഇനിയും വരും.21 ഒരു നഗരത്തിലെ നിവാസികള്‍ മറ്റൊന്നിലേക്ക് ചെന്നു പറയും: വരിക, സര്‍വേശ്വരനെ പ്രസാദിപ്പിക്കാനും അവിടുത്തെ ആരാധിക്കാനും നമുക്ക് ഉടനെ പോകാം. നമുക്ക് ഒന്നിച്ചുപോകാം.
22 അങ്ങനെ സര്‍വശക്തനായ സര്‍വേശ്വരനെ ആരാധിക്കാനും അവിടുത്തെ പ്രസാദം അര്‍ഥിക്കാനും അനേകം ജനങ്ങളും ശക്തരായ ജനതകളും യെരൂശലേമില്‍ വരും.
23 സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: വിവിധ ഭാഷകള്‍ സംസാരിക്കുന്ന ജനതകളില്‍നിന്നുള്ള പത്തുപേര്‍ അന്ന് ഒരു യെഹൂദന്‍റെ വസ്ത്രത്തുമ്പില്‍ പിടിച്ചുകൊണ്ടു പറയും: ഞങ്ങളും നിങ്ങളുടെകൂടെ വരട്ടേ. ദൈവം നിങ്ങളുടെകൂടെ ഉണ്ടെന്ന് ഞങ്ങള്‍ കേട്ടിരിക്കുന്നു.”
1
സര്‍വേശ്വരന്‍റെ അരുളപ്പാട് ഹദ്രാക്ദേശത്തിനും ദമാസ്കസ്നഗരത്തിനും എതിരെ വന്നിരിക്കുന്നു. കാരണം എല്ലാ ഇസ്രായേല്‍ഗോത്രങ്ങളെയുംപോലെ സിറിയന്‍നഗരങ്ങളും സര്‍വേശ്വരന്‍റേതാകുന്നു.2 ഹദ്രാക്കിനോടു തൊട്ടുകിടക്കുന്ന ഹമാത്തും വളരെ വൈദഗ്ധ്യമുള്ള ജനങ്ങള്‍ പാര്‍ക്കുന്ന സോരും സീദോനും അങ്ങനെതന്നെ.
3 സോര്‍ കോട്ടകെട്ടി പൂഴിപോലെ വെള്ളിയും വീഥികളിലെ ചെളിപോലെ തങ്കവും കുന്നുകൂട്ടി.
4 എന്നാല്‍ സര്‍വേശ്വരന്‍ അവള്‍ക്കുള്ളതെല്ലാം എടുത്തുകളയും. അവളുടെ സമ്പത്ത് കടലില്‍ എറിയും. അഗ്നി അവളെ വിഴുങ്ങും.
5
അസ്കലോന്‍ അതു കണ്ടു ഭയപ്പെടും; ഗസ്സ അതിവേദനയാല്‍ പുളയും; പ്രത്യാശയ്‍ക്കു ഭംഗം വന്ന എക്രോനും അങ്ങനെതന്നെ ഭവിക്കും. ഗസ്സയില്‍ രാജാവ് ഇല്ലാതെയാകും.6 അസ്കലോന്‍ വിജനമാകും. അസ്തോദില്‍ ഒരു സങ്കരവര്‍ഗം പാര്‍പ്പുറപ്പിക്കും. ഫെലിസ്ത്യരുടെ ഗര്‍വിന് ഞാന്‍ അറുതിവരുത്തും.
7 രക്തമുള്ള മാംസം അവര്‍ ഇനിമേല്‍ ഭക്ഷിക്കുകയില്ല. മ്ലേച്ഛഭക്ഷണം അവരുടെ വായില്‍നിന്നു നീക്കിക്കളയും; അവരില്‍ അവശേഷിക്കുന്നവര്‍ നമ്മുടെ ദൈവത്തിന്‍റെ സ്വന്തജനത്തിന്‍റെ ഭാഗമാകും. അവര്‍ യെഹൂദ്യയിലെ ഒരു വര്‍ഗത്തെപ്പോലെ ആകും; എക്രോന്‍ നിവാസികള്‍ യെബൂസ്യരെപ്പോലെ എന്‍റെ ജനത്തിന്‍റെ ഭാഗമായിത്തീരും.
8 ആര്‍ക്കും കയറിയിറങ്ങി നടക്കാന്‍ അരുതാത്തവിധം എന്‍റെ ആലയത്തിനു ഞാന്‍ കാവല്‍നില്‌ക്കും. ഒരു മര്‍ദകനും ഇനി അവരെ കീഴടക്കുകയില്ല. ഞാന്‍ അവരുടെ പീഡനം കാണുന്നുവല്ലോ.
9
സീയോന്‍നിവാസികളേ, അത്യന്തം ആനന്ദിക്കുവിന്‍! യെരൂശലേംനിവാസികളേ, ഉദ്‌ഘോഷിക്കുവിന്‍. ഇതാ, നിങ്ങളുടെ രാജാവ് വരുന്നു. അവിടുന്നു പ്രതാപത്തോടെ വിജയശ്രീലാളിതനായി വരുന്നു. വിനീതനായി ചെറിയ കഴുതക്കുട്ടിയുടെ പുറത്തു കയറി വരുന്നു.10 സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഞാന്‍ എഫ്രയീമില്‍നിന്നു രഥങ്ങളെയും യെരൂശലേമില്‍നിന്നു പോര്‍ക്കുതിരകളെയും ഛേദിച്ചു കളയും. പടവില്ല് നശിപ്പിക്കപ്പെടും. അവന്‍ ജനതകള്‍ക്കിടയില്‍ സമാധാനം വരുത്തും. അവന്‍റെ ആധിപത്യം സമുദ്രംമുതല്‍ സമുദ്രംവരെയും നദിമുതല്‍ ഭൂമിയുടെ അറുതിവരെയും ആയിരിക്കും.
11
സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: നിങ്ങളെ സംബന്ധിച്ചിടത്തോളം യാഗരക്തംകൊണ്ടു മുദ്രവച്ച നിങ്ങളുമായുള്ള എന്‍റെ ഉടമ്പടി നിമിത്തം നിങ്ങളുടെ പ്രവാസികളെ വെള്ളമില്ലാത്ത കുഴിയില്‍നിന്നു വിട്ടയയ്‍ക്കും. പ്രത്യാശയുള്ള ബന്ദികളേ,12 നിങ്ങളുടെ രക്ഷാദുര്‍ഗത്തിലേക്കു മടങ്ങിവരുവിന്‍! നിങ്ങള്‍ക്ക് ഇരട്ടി മടക്കിത്തരുമെന്നു ഞാന്‍ ഇന്നു പ്രഖ്യാപിക്കുന്നു.
13 ഞാന്‍ യെഹൂദായെ എന്‍റെ വില്ലുപോലെ കുലച്ചു; എഫ്രയീമിനെ അതിന്‍റെ ശരമാക്കി. സീയോനേ, നിന്‍റെ നിവാസികളെ യവനദേശത്തിലെ നിവാസികള്‍ക്കെതിരെ ഒരു പടവാള്‍പോലെ ഞാന്‍ പ്രയോഗിക്കും.
14
അപ്പോള്‍ സര്‍വേശ്വരന്‍ അവര്‍ക്കുമീതെ ദൃശ്യനാകും. അവിടുത്തെ ശരം മിന്നല്‍പ്പോലെ പായും. ദൈവമായ സര്‍വേശ്വരന്‍ കാഹളം ഊതും; തെക്കന്‍ ചുഴലിക്കാറ്റില്‍ അവിടുന്നു മുന്നേറും.15 സര്‍വശക്തനായ സര്‍വേശ്വരന്‍ സ്വന്തം ജനതയെ രക്ഷിക്കും. അവര്‍ കവണക്കാരെ നശിപ്പിക്കും. പടവെട്ടുമ്പോള്‍ കുടിച്ചു മദിച്ചവരെപ്പോലെ അവര്‍ യുദ്ധാങ്കണത്തില്‍ അലറും. അവര്‍ വൈരികളുടെ ചോര ചിന്തും; യാഗകലശം നിറയുന്നതുപോലെ അവിടം രക്തംകൊണ്ടു നിറയും. യാഗപീഠത്തിന്‍റെ കോണുകള്‍പോലെ അവിടം രക്തംകൊണ്ടു കുതിരും.
16
തന്‍റെ അജഗണമായ ജനത്തെ ദൈവമായ സര്‍വേശ്വരന്‍ അന്നു രക്ഷിക്കും. കിരീടത്തില്‍ ശോഭിക്കുന്ന രത്നങ്ങള്‍പോലെ അവിടുത്തെ ദേശത്ത് അവര്‍ തിളങ്ങും.17 ആ കാഴ്ച എത്ര ശ്രേഷ്ഠവും രമ്യവും ആയിരിക്കും! ധാന്യവും വീഞ്ഞും യുവതീയുവാക്കള്‍ക്ക് ശക്തിപകരും.
1
വസന്തകാലത്തെ മഴയ്‍ക്കുവേണ്ടി സര്‍വേശ്വരനോടു പ്രാര്‍ഥിക്കുക. മഴയും മഴക്കാറും അയച്ച് സര്‍വമനുഷ്യര്‍ക്കും വിളഭൂമിയിലെ സസ്യജാലങ്ങള്‍ക്കും ജലം നല്‌കുന്നത് സര്‍വേശ്വരനാണ്;2 കുലദേവവിഗ്രഹങ്ങള്‍ നിരര്‍ഥകവാക്കുകള്‍ പുലമ്പുന്നു; ലക്ഷണം നോക്കുന്നവര്‍ അസത്യം ദര്‍ശിക്കുന്നു; സ്വപ്നദര്‍ശകന്‍ വ്യാജസ്വപ്നം കണ്ട് പൊള്ളയായ ആശ്വാസം നല്‌കുന്നു. അതുകൊണ്ടു ജനം ഇടയനില്ലാത്ത ആടുകളെപ്പോലെ വലയുന്നു.
3
“എന്‍റെ കോപം ഇടയന്മാരുടെ നേരെ ജ്വലിക്കുന്നു. ഞാന്‍ ഇവരുടെ നേതാക്കന്മാരെ ശിക്ഷിക്കും.” സര്‍വശക്തനായ സര്‍വേശ്വരന്‍ തന്‍റെ ആട്ടിന്‍പറ്റമായ യെഹൂദാജനത്തെ പരിപാലിക്കും. യുദ്ധക്കളത്തില്‍ അവരെ തലയെടുപ്പുള്ള പടക്കുതിരകളാക്കും.4 അവരില്‍നിന്നു മൂലക്കല്ലും കൂടാരത്തിന്‍റെ കുറ്റിയും പുറപ്പെടും. പടവില്ലും ഭരണാധിപന്മാരും അവരില്‍നിന്നു വരും.
5 വീഥികളിലെ ചേറില്‍ ശത്രുക്കളെ ചവുട്ടിത്താഴ്ത്തുന്ന യുദ്ധവീരന്മാരെപ്പോലെ അവര്‍ ആയിത്തീരും. സര്‍വേശ്വരന്‍ അവരുടെകൂടെ ഉള്ളതുകൊണ്ട് അവര്‍ പടപൊരുതും. അവര്‍ ശത്രുക്കളായ കുതിരപ്പടയാളികളെ സംഭീതരാക്കും.
6
യെഹൂദാജനത്തെ ഞാന്‍ ബലപ്പെടുത്തും; യോസേഫിന്‍റെ സന്തതികളെ ഞാന്‍ രക്ഷിക്കും. എനിക്ക് അവരോടു കരുണയുള്ളതുകൊണ്ട് അവരെ മടക്കിവരുത്തും. ഞാന്‍ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലാത്തവരെപ്പോലെ അവര്‍ ആയിത്തീരും; ഞാന്‍ അവരുടെ ദൈവമായ സര്‍വേശ്വരനാണല്ലോ; ഞാന്‍ അവര്‍ക്ക് ഉത്തരമരുളും.7 അപ്പോള്‍ ഇസ്രായേല്‍ജനം ശക്തരായ യുദ്ധവീരന്മാരെപ്പോലെയാകും; വീഞ്ഞുകൊണ്ടെന്നപോലെ അവരുടെ ഹൃദയം ഉല്ലസിക്കും; അവരുടെ പുത്രന്മാര്‍ അതു കണ്ട് ആനന്ദിക്കും. അവരുടെ ഹൃദയം സര്‍വേശ്വരനില്‍ സന്തോഷിക്കും. അടയാളം നല്‌കി ഞാന്‍ അവരെ വിളിച്ചുകൂട്ടും.
8
ഞാന്‍ അവരെ വീണ്ടെടുത്തിരിക്കുന്നുവല്ലോ. അവര്‍ പണ്ടെന്നപോലെ അസംഖ്യമാകും.9 ഞാന്‍ അവരെ ജനതകളുടെ ഇടയില്‍ ചിതറിച്ചെങ്കിലും വിദൂരദേശങ്ങളില്‍വച്ച് അവര്‍ എന്നെ ഓര്‍ക്കും. അവര്‍ മക്കളോടുകൂടി ജീവിക്കുകയും തിരിച്ചുവരികയും ചെയ്യും.
10 ഞാന്‍ അവരെ ഈജിപ്തില്‍നിന്നു തിരിച്ചുവരുത്തും. അസ്സീറിയായില്‍നിന്ന് ഒരുമിച്ചുകൂട്ടും. ഗിലെയാദുദേശത്തിലേക്കും ലെബാനോനിലേക്കും ഞാന്‍ അവരെ കൊണ്ടുവരും. അവിടെ അവര്‍ക്ക് ഇടംപോരാതെ വരും.
11 അവര്‍ കഷ്ടതയുടെ സമുദ്രത്തിലൂടെ കടന്നുപോകും. അപ്പോള്‍ ആ സമുദ്രത്തിലെ തിരമാലകള്‍ ഞാന്‍ അടിച്ചമര്‍ത്തും. നൈല്‍നദിയിലെ ആഴങ്ങളെല്ലാം വറ്റിപ്പോകും. അസ്സീറിയായുടെ ഗര്‍വം അടങ്ങും; ഈജിപ്തിന്‍റെ അധികാരം നഷ്ടപ്പെടും.
12 സര്‍വേശ്വരനായ ഞാന്‍ അവരെ ശക്തിപ്പെടുത്തും; അവര്‍ എന്‍റെ നാമത്തില്‍ അഭിമാനംകൊള്ളും എന്ന് സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.
1
ലെബാനോനേ, നിന്‍റെ വാതിലുകള്‍ തുറന്നിടുക; നിന്‍റെ ദേവദാരുക്കള്‍ അഗ്നിക്കിരയാകട്ടെ.2 സരളവൃക്ഷമേ, വിലപിക്കുക; ദേവദാരുക്കള്‍ വീണുപോയല്ലോ. മഹത്തായ വൃക്ഷങ്ങള്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നു. ബാശാനിലെ കരുവേലകവൃക്ഷങ്ങളേ, നിലവിളിക്കുക.
3 നിബിഡവനങ്ങള്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇടയന്മാരുടെ രോദനം ശ്രദ്ധിക്കുക; അവരുടെ മഹത്ത്വം പൊയ്പോയല്ലോ. സിംഹങ്ങളുടെ ദീനരോദനം കേള്‍ക്കുക; യോര്‍ദ്ദാനിലെ വനങ്ങള്‍ നശിച്ചുപോയല്ലോ.
4
എന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: കശാപ്പിനു വേര്‍തിരിക്കപ്പെട്ട ആടുകളുടെ ഇടയനാകുക.5 വാങ്ങുന്നവര്‍ അവയെ കൊല്ലുന്നു; അവര്‍ ശിക്ഷിക്കപ്പെടുന്നില്ല. അവയെ വില്‍ക്കുന്നവര്‍ പറയുന്നു: “ഞാന്‍ സമ്പന്നനായി തീര്‍ന്നിരിക്കകൊണ്ട് സര്‍വേശ്വരന്‍ വാഴ്ത്തപ്പെടട്ടെ. അവയുടെ ഇടയന്മാര്‍ക്കുപോലും അവയോടു കരുണയില്ലല്ലോ.”
6 “ഈ ദേശനിവാസികളോട് ഇനിമേല്‍ എനിക്കു കനിവുതോന്നുകയില്ല” എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. “അതേ, ഞാന്‍ മനുഷ്യരെ ഓരോരുത്തരെയും അവനവന്‍റെ ഇടയന്‍റെ കൈയിലും അവനവന്‍റെ രാജാവിന്‍റെ കൈയിലും ഏല്പിക്കും. അവര്‍ ഭൂമിയെ തകര്‍ക്കും. അവരുടെ കൈയില്‍നിന്ന് ആരെയും ഞാന്‍ രക്ഷിക്കുകയില്ല.”
7
ആടുവ്യാപാരികള്‍ക്കുവേണ്ടി കശാപ്പു ചെയ്യാനുള്ള ആടുകള്‍ക്കു ഞാന്‍ ഇടയനായി. ഞാന്‍ രണ്ടു വടി എടുത്തു; ഒന്നിന് കൃപ എന്നും, മറ്റേതിന് ഐക്യം എന്നും പേരിട്ടു.8 അങ്ങനെ ഞാന്‍ ആ ആടുകളെ മേയിച്ചു; ഒരു മാസത്തില്‍ത്തന്നെ ഞാന്‍ മൂന്ന് ഇടയന്മാരെ ഓടിച്ചു; അവര്‍ എന്‍റെ ക്ഷമ കെടുത്തി. അവര്‍ക്ക് എന്നോടും വെറുപ്പുണ്ടായി.
9 പിന്നീട് ഞാന്‍ ആട്ടിന്‍പറ്റത്തോടു പറഞ്ഞു: “ഞാന്‍ നിങ്ങളെ മേയ്‍ക്കുകയില്ല; ചാകുന്നതു ചാകട്ടെ; നശിക്കാനുള്ളത് നശിക്കട്ടെ; അവശേഷിക്കുന്നത് അന്യോന്യം കടിച്ചുകീറി ഒന്നു മറ്റൊന്നിന്‍റെ മാംസം തിന്നട്ടെ.”
10 പിന്നീട് കൃപ എന്നവടി ഞാന്‍ എടുത്തു രണ്ടായി മുറിച്ചു. അങ്ങനെ സകല മനുഷ്യരോടും ചെയ്തിരുന്ന ഉടമ്പടി അന്നു ഞാന്‍ അസാധുവാക്കി.
11 ഞാന്‍ ചെയ്തതു നോക്കിക്കൊണ്ടിരുന്ന ആടുവ്യാപാരികള്‍ ഇതു സര്‍വേശ്വരന്‍റെ അരുളപ്പാടാണെന്നു ഗ്രഹിച്ചു.
12 “നിങ്ങള്‍ക്കു മനസ്സുണ്ടെങ്കില്‍ എന്‍റെ കൂലി തരിക, ഇല്ലെങ്കില്‍ വേണ്ടാ” എന്നു ഞാന്‍ അവരോടു പറഞ്ഞു. അപ്പോള്‍ എന്‍റെ കൂലിയായി മുപ്പതു ശേക്കെല്‍ വെള്ളി അവര്‍ തൂക്കിത്തന്നു.
13 സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: “ആ വെള്ളി, എനിക്ക് അവര്‍ മതിച്ചിരിക്കുന്ന മഹത്തായ വില, ദേവാലയത്തിലെ ഭണ്ഡാരത്തില്‍ ഇടുക. അങ്ങനെ ആ മുപ്പതു ശേക്കെല്‍ വെള്ളി വാങ്ങി ഞാന്‍ ദേവാലയഭണ്ഡാരത്തില്‍ ഇട്ടു.
14 പിന്നീടു ഞാന്‍ ഐക്യം എന്ന രണ്ടാമത്തെ വടി എടുത്ത് ഒടിച്ചു. അതോടെ യെഹൂദായും ഇസ്രായേലും തമ്മിലുള്ള സാഹോദര്യം തകര്‍ന്നു.
15
“നീ വീണ്ടും ഹീനനായ ഇടയന്‍റെ വേഷം എടുക്കുക” എന്നു സര്‍വേശ്വരന്‍ എന്നോടു കല്പിച്ചു.16 ഇതാ, ഞാന്‍ ദേശത്ത് ഒരിടയനെ ഉയര്‍ത്തുന്നു. അവന്‍ വിനാശം നേരിടുന്നവയെ സഹായിക്കുകയോ, വഴി തെറ്റിയവയെ അന്വേഷിക്കുകയോ പരുക്കു പറ്റിയവയെ സുഖപ്പെടുത്തുകയോ, ആരോഗ്യമുള്ളവയെ പോറ്റുകയോ ചെയ്യാതെ കൊഴുത്തു തടിച്ച ആടിന്‍റെ മാംസം തിന്നുകയും കുളമ്പുപോലും പിഴുതുകളയുകയും ചെയ്യുന്നു.
17 ആട്ടിന്‍പറ്റത്തെ ഉപേക്ഷിച്ചു കളയുന്ന ഹീനനായ ഇടയന് ദുരിതം! അവന്‍റെ കൈയും വലങ്കണ്ണും വാളിനാല്‍ വിച്ഛേദിക്കപ്പെടട്ടെ. അവന്‍റെ കൈ നിശ്ശേഷം ശോഷിച്ചുപോകട്ടെ; അവന്‍റെ വലങ്കണ്ണ് തീര്‍ത്തും അന്ധമാകട്ടെ.
1
ഇസ്രായേലിനെക്കുറിച്ചുള്ള സര്‍വേശ്വരന്‍റെ അരുളപ്പാട്: “ആകാശവിതാനം നിവര്‍ക്കുകയും ഭൂമിയുടെ അടിസ്ഥാനം ഉറപ്പിക്കുകയും മനുഷ്യന്‍റെ ഉള്ളില്‍ ആത്മാവിനെ രൂപപ്പെടുത്തുകയും ചെയ്ത സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു:2 “യെരൂശലേമിനെയും യെഹൂദായെയും ആക്രമിക്കാന്‍ വരുന്ന ചുറ്റുമുള്ള ജനതകള്‍ക്ക് ഞാന്‍ യെരൂശലേമിനെ പരിഭ്രാന്തി നല്‌കുന്ന ഒരു പാനപാത്രം ആക്കാന്‍ പോകുകയാണ്.
3 അന്നു ഞാന്‍ യെരൂശലേമിനെ ഒരു ജനതയ്‍ക്കും എടുത്തുമാറ്റാന്‍ അരുതാത്ത ഭാരമേറിയ ഒരു പാറയാക്കിത്തീര്‍ക്കും. അതിനെ പൊക്കുന്നവര്‍ക്ക് ഗുരുതരമായ പരുക്കേല്‌ക്കും. ഭൂമിയിലെ സകല ജനതകളും അതിനെതിരെ ഒത്തുകൂടും.
4 അന്നു സകല കുതിരകള്‍ക്കും പരിഭ്രാന്തിയും അവയുടെ പുറത്തിരിക്കുന്നവര്‍ക്കു ഭ്രാന്തും പിടിപ്പിക്കുമെന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. എന്നാല്‍ ജനതകളുടെ കുതിരകള്‍ക്കെല്ലാം അന്ധത വരുത്തുമ്പോള്‍ യെഹൂദാജനത്തെ ഞാന്‍ കടാക്ഷിക്കും.
5 യെരൂശലേംനിവാസികള്‍ക്കു തങ്ങളുടെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ നിമിത്തം കരുത്തു ലഭിക്കുന്നു എന്നു യെഹൂദാവംശജര്‍ പറയും.
6
“അന്നു ഞാന്‍ യെഹൂദാവംശങ്ങളെ വിറകിന്‍റെ നടുവില്‍ ഇരുന്നു ജ്വലിക്കുന്ന കനല്‍ നിറച്ച ചട്ടിപോലെയും കറ്റകളുടെ നടുവിലെ തീപ്പന്തംപോലെയും ആക്കും; അവര്‍ ഇടത്തും വലത്തും ചുറ്റും ഉള്ള എല്ലാ ജനതകളെയും നശിപ്പിക്കും. അപ്പോള്‍ യെരൂശലേം നിവാസികള്‍ സുരക്ഷിതരായി വസിക്കും.7
ദാവീദുവംശജര്‍ക്കും യെരൂശലേംനിവാസികള്‍ക്കും ലഭിക്കുന്ന കീര്‍ത്തി യെഹൂദായെക്കാള്‍ ഏറിപ്പോകാതിരിക്കാന്‍ സര്‍വേശ്വരന്‍ ആദ്യം യെഹൂദാവംശജര്‍ക്ക് വിജയം നല്‌കും.8 അന്നു ഞാന്‍ യെരൂശലേംനിവാസികളെ പരിചകൊണ്ടു മറയ്‍ക്കും. അവരില്‍ ഏറ്റവും ദുര്‍ബലന്‍പോലും ദാവീദിനെപ്പോലെ ശക്തിയുള്ളവനാകും. ദാവീദുവംശജര്‍ മാലാഖയെപ്പോലെയും ദൈവത്തെപ്പോലെയും അവരെ നയിക്കും.
9 അന്ന് യെരൂശലേമിന്‍റെ നേര്‍ക്കു വരുന്ന സകല ജനതകളെയും ഞാന്‍ നശിപ്പിക്കും.”
10
ഞാന്‍ ദാവീദുവംശജരുടെമേലും യെരൂശലേംനിവാസികളുടെമേലും കൃപയുടെയും പ്രാര്‍ഥനയുടെയും ആത്മാവിനെ പകരും. തങ്ങള്‍ കുത്തിത്തുളച്ചവനെ നോക്കി, ഏക ശിശുവിനെക്കുറിച്ചു വിലപിക്കുന്ന ഒരുവനെപ്പോലെ അവര്‍ വിലപിക്കും; അതേ, ആദ്യജാതനെക്കുറിച്ചു ദുഃഖിക്കുന്നവനെപ്പോലെ അവര്‍ അവനെക്കുറിച്ച് അതിവേദനയോടെ ദുഃഖിക്കും.11 അന്ന് ഹദദ്-രിമ്മോനെക്കുറിച്ച് മെഗിദ്ദോതാഴ്വരയില്‍ ഉയര്‍ന്ന വിലാപം പോലെ യെരൂശലേമില്‍ ഒരു മഹാവിലാപം ഉണ്ടാകും.
12 ദേശത്തിലെ ഓരോ ഭവനവും വെവ്വേറെ വിലപിക്കും.
13 ദാവീദുവംശജരിലും നാഥാന്‍വംശജരിലും ലേവിവംശജരിലും ശിമെയിവംശജരിലും മറ്റുള്ള വംശജരിലും ഉള്ള
14 സ്‍ത്രീകളും പുരുഷന്മാരും പ്രത്യേകം പ്രത്യേകമായി വിലപിക്കും.
1
അന്ന് ദാവീദുവംശജരുടെയും യെരൂശലേംനിവാസികളുടെയും പാപവും മാലിന്യവും കഴുകി വെടിപ്പാക്കാന്‍ ഒരു നീരുറവ തുറക്കും.2
സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “അന്നു വിഗ്രഹങ്ങളുടെ നാമങ്ങള്‍ ദേശത്തുനിന്നു ഞാന്‍ നീക്കം ചെയ്യും. പിന്നീട് അവയെ ആരും ഓര്‍ക്കുകയില്ല; പ്രവാചകന്മാരെയും അശുദ്ധാത്മാവിനെയും ദേശത്തുനിന്നു നീക്കിക്കളയും.3
“പിന്നീട് ആരെങ്കിലും പ്രവാചകനായി പ്രത്യക്ഷപ്പെട്ടാല്‍ സര്‍വേശ്വരന്‍റെ നാമത്തില്‍ നീ കളവു പറയുന്നതുകൊണ്ട് നീ ജീവനോടിരുന്നുകൂടാ എന്നു പറഞ്ഞുകൊണ്ട് അവന്‍റെ മാതാപിതാക്കള്‍ അവന്‍ പ്രവചിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ അവനെ കുത്തിപ്പിളര്‍ക്കും.4 അന്നു പ്രവാചകന്മാര്‍ പ്രവചിക്കുമ്പോള്‍ തങ്ങളുടെ ദര്‍ശനത്തെക്കുറിച്ചു ലജ്ജിക്കും. കബളിപ്പിക്കാനായി രോമക്കുപ്പായം അവര്‍ ധരിക്കുകയില്ല.
5 പിന്നെയോ, ഞാന്‍ പ്രവാചകനല്ല; വെറും ഒരു കൃഷിക്കാരന്‍; ഈ ഭൂമി ബാല്യംമുതല്‍ എന്‍റെ കൈവശമാണ് എന്ന് അയാള്‍ പറയും.
6 ‘നിന്‍റെ പുറത്തു കാണുന്ന ഈ മുറിവുകള്‍ എന്ത്’ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ‘എന്‍റെ സ്നേഹിതന്മാരുടെ വീട്ടില്‍വച്ച് എനിക്ക് ഏറ്റ മുറിവുകളാണിവ’ എന്ന് അയാള്‍ പറയും.”
7
സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “എന്‍റെ ഇടയനെതിരെ, എന്‍റെ സമീപത്തു നില്‌ക്കുന്നവനെതിരെ; വാളേ, നീ ഉയരുക. ഇടയനെ വെട്ടുക, ആടുകള്‍ ചിതറിപ്പോകട്ടെ; ആ ചെറിയവര്‍ക്കെതിരെ ഞാന്‍ കരം ഉയര്‍ത്തും.8 ദേശത്ത് ആകെയുള്ളവരില്‍ മൂന്നില്‍ രണ്ടു ഭാഗം വിച്ഛേദിക്കപ്പെട്ട് നശിച്ചുപോകും; മൂന്നില്‍ ഒന്നു ജീവനോടെ അവശേഷിക്കും.
9 ഈ മൂന്നിലൊരു ഭാഗത്തെ ഞാന്‍ തീയിലിട്ടു വെള്ളി ശുദ്ധീകരിക്കുന്നതുപോലെ ശുദ്ധീകരിക്കും. സ്വര്‍ണം ശോധന ചെയ്യുന്നതുപോലെ അവരെ ശോധന ചെയ്യും. അവര്‍ എന്‍റെ നാമം വിളിച്ചപേക്ഷിക്കും; ഞാന്‍ അവര്‍ക്ക് ഉത്തരം അരുളും. ‘അവര്‍ എന്‍റെ ജനം’ എന്നു ഞാന്‍ പറയും. ‘സര്‍വേശ്വരന്‍ ഞങ്ങളുടെ ദൈവം’ എന്ന് അവരും പറയും.”
1
ഇതാ സര്‍വേശ്വരന്‍റെ ദിനം വരുന്നു. അന്ന് യെരൂശലേമില്‍നിന്ന് കൊള്ളയടിച്ച മുതല്‍ നിങ്ങളുടെ കണ്‍മുമ്പില്‍വച്ചുതന്നെ അവര്‍ പങ്കിടും.2 യെരൂശലേമിനോടു യുദ്ധംചെയ്യാന്‍ ഞാന്‍ സകല ജനതകളെയും ഒരുമിച്ചുകൂട്ടും. നഗരം പിടിച്ചെടുക്കപ്പെടും. വീടുകള്‍ കൊള്ളയടിക്കപ്പെടും. സ്‍ത്രീകള്‍ അപമാനിക്കപ്പെടും. നഗരവാസികളില്‍ പകുതിയും പ്രവാസികളായിത്തീരും. എന്നാല്‍ ശേഷിക്കുന്ന ജനത്തെ നഗരത്തില്‍നിന്നു വിച്ഛേദിക്കുകയില്ല.
3 യുദ്ധദിനത്തില്‍ എന്നപോലെ സര്‍വേശ്വരന്‍ പടയ്‍ക്കു പുറപ്പെട്ട് ആ ജനതകളോടു പോരാടും.
4 യെരൂശലേമിനു കിഴക്കുള്ള ഒലിവുമലയില്‍ അന്ന് അവിടുന്നു നില്‌ക്കും; ഒലിവുമല കിഴക്കുപടിഞ്ഞാറായി പിളരും; അവയ്‍ക്കു നടുവില്‍ വിശാലമായ ഒരു താഴ്വര ഉണ്ടാകും. മലയുടെ ഒരു പകുതി വടക്കോട്ടും മറ്റേ പകുതി തെക്കോട്ടും നീങ്ങും.
5 മലയെ രണ്ടായി ഭാഗിക്കുന്ന താഴ്വര ആസല്‍വരെ എത്തും. യെഹൂദാരാജാവായ ഉസ്സിയായുടെ കാലത്ത് ഭൂകമ്പമുണ്ടായപ്പോള്‍ നിങ്ങളുടെ പൂര്‍വികര്‍ ഓടി രക്ഷപെട്ടതുപോലെ നിങ്ങള്‍ ഈ താഴ്വരയിലൂടെ ഓടി രക്ഷപെടും. അപ്പോള്‍ എന്‍റെ ദൈവമായ സര്‍വേശ്വരന്‍ അവിടുത്തെ സകല വിശുദ്ധരോടുമൊപ്പം എഴുന്നള്ളും.
6
അന്നു ശൈത്യമോ മൂടല്‍മഞ്ഞോ ഉണ്ടാകുകയില്ല. ദിനരാത്രങ്ങള്‍ അന്നുണ്ടായിരിക്കുകയില്ല.7 എപ്പോഴും പകലായിരിക്കും. രാത്രിയിലും വെളിച്ചമുണ്ടായിരിക്കും. ഇത് എപ്പോഴെന്നു സര്‍വേശ്വരനു മാത്രമേ അറിയാവൂ.”
8
അന്നു യെരൂശലേമില്‍നിന്നു ജീവജലം ഒഴുകും. പകുതി കിഴക്കേകടലിലേക്കും പകുതി പടിഞ്ഞാറേകടലിലേക്കും ഒഴുകും. ശീതകാലത്തും ഉഷ്ണകാലത്തും ഒരുപോലെ അത് ഒഴുകിക്കൊണ്ടിരിക്കും.”9
സര്‍വേശ്വരന്‍ സര്‍വഭൂമിയുടെയും രാജാവാകും. അന്നു സര്‍വേശ്വരനായി അവിടുന്നു മാത്രം; അവിടുത്തേക്ക് ഒരു നാമം മാത്രം.10
ഗേബമുതല്‍ യെരൂശലേമിനു തെക്ക് രിമ്മോന്‍വരെ ദേശം മുഴുവന്‍ സമതലമായിത്തീരും. യെരൂശലേംനഗരമാകട്ടെ ബെന്യാമീന്‍ഗോപുരംമുതല്‍ പണ്ടത്തെ ഗോപുരത്തിന്‍റെ സ്ഥാനത്തുള്ള കോണ്‍ഗോപുരംവരെയും ഹനനേല്‍ഗോപുരംമുതല്‍ രാജാവിന്‍റെ മുന്തിരിച്ചക്കുകള്‍വരെയും വ്യാപിച്ചു സമീപദേശങ്ങളെക്കാള്‍ ഉയര്‍ന്നുനില്‌ക്കും.11 ജനങ്ങള്‍ അവിടെ വസിക്കും. കാരണം അവിടം ഇനിമേല്‍ ശാപഗ്രസ്തമാവുകയില്ല. യെരൂശലേം സുരക്ഷിതമായിരിക്കും.
12
യെരൂശലേമിനോടു യുദ്ധം ചെയ്ത സകല ജനതകള്‍ക്കും സര്‍വേശ്വരന്‍ വരുത്തുന്ന ഭയങ്കരമായ വ്യാധി ഇതാണ്: അവര്‍ ജീവനോടിരിക്കുമ്പോള്‍ത്തന്നെ അവരുടെ മാംസം ചീഞ്ഞഴുകും; അവരുടെ കണ്ണുകളും നാവുകളും അഴുകിപ്പോകും.13 അന്നു സര്‍വേശ്വരന്‍ അവര്‍ക്കു കൊടുംഭീതി ഉളവാക്കും. തത്ഫലമായി അവര്‍ പരസ്പരം കടന്നുപിടിക്കും; പരസ്പരം കൈ ഉയര്‍ത്തും.
14 യെഹൂദാപോലും യെരൂശലേമിനോടു പടവെട്ടും; ചുറ്റുമുള്ള സകല ജനതകളുടെയും സമ്പത്ത് അവര്‍ പിടിച്ചെടുക്കും. ധാരാളം പൊന്നും വെള്ളിയും വസ്ത്രങ്ങളും തന്നെ.
15 ശത്രുവിന്‍റെ പാളയത്തിലെ കുതിര, കോവര്‍കഴുത, ഒട്ടകം, കഴുത എന്നിങ്ങനെ സകല മൃഗങ്ങള്‍ക്കും മുന്‍പറഞ്ഞവിധം മഹാവ്യാധി ഉണ്ടാകും.
16
യെരൂശലേമിനു നേരെ യുദ്ധത്തിനു വന്നവരില്‍ ശേഷിച്ച സകല ജനതകളും രാജാധിരാജനും സര്‍വശക്തനുമായ സര്‍വേശ്വരനെ ആരാധിക്കാനും കൂടാരപ്പെരുന്നാള്‍ ആചരിക്കാനും വര്‍ഷംതോറും യെരൂശലേമില്‍ വരും.17 ഏതെങ്കിലും ജനത രാജാധിരാജനായ സര്‍വശക്തനായ സര്‍വേശ്വരനെ ആരാധിക്കാന്‍ യെരൂശലേമിലേക്കു വരുന്നില്ലെങ്കില്‍ അവര്‍ക്കു മഴ കിട്ടുകയില്ല.
18 ഈജിപ്തുകാര്‍ വരുന്നില്ലെങ്കില്‍ അവര്‍ക്കും മഴ ലഭിക്കുകയില്ല. കൂടാരപ്പെരുന്നാള്‍ ആചരിക്കാന്‍ വരാത്ത ഈജിപ്തുകാര്‍ക്ക് ഇതര ജനതകള്‍ക്കുണ്ടാകുന്ന ബാധകള്‍തന്നെ നേരിടും.
19 ഇതായിരിക്കും ഈജിപ്തിനും കൂടാരപ്പെരുന്നാള്‍ ആചരിക്കാന്‍ വരാത്ത മറ്റു ജനതകള്‍ക്കും ലഭിക്കുന്ന ശിക്ഷ.
20
അന്നു കുതിരകളുടെ മണികളില്‍ “സര്‍വേശ്വരനു വിശുദ്ധം” എന്ന് രേഖപ്പെടുത്തിയിരിക്കും. ദേവാലയത്തിലെ കലങ്ങള്‍ യാഗപീഠത്തിന്‍റെ മുമ്പിലെ കലശങ്ങള്‍പോലെ വിശുദ്ധമായിരിക്കും.21 യെരൂശലേമിലെയും യെഹൂദ്യയിലെയും കലങ്ങളൊക്കെയും സര്‍വശക്തനായ സര്‍വേശ്വരനു വിശുദ്ധമായിരിക്കും. യാഗം കഴിക്കാന്‍ വരുന്നവര്‍ യാഗമാംസം വേവിക്കാന്‍ ആ കലങ്ങള്‍ ഉപയോഗിക്കും; അന്നുമുതല്‍ സര്‍വശക്തനായ സര്‍വേശ്വരന്‍റെ ആലയത്തില്‍ ഒരു വ്യാപാരിയും ഉണ്ടായിരിക്കുകയില്ല.