1

1

പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായി ദാര്യാവേശ് അധികാരം ഏറ്റതിന്‍റെ രണ്ടാം വര്‍ഷം ആറാം മാസം ഒന്നാം ദിവസം ശെയല്‍തീയേലിന്‍റെ പുത്രനും യെഹൂദ്യയിലെ ദേശാധിപതിയുമായ സെരുബ്ബാബേലിനും യെഹോസാദാക്കിന്‍റെ പുത്രനും മഹാപുരോഹിതനുമായ യോശുവയ്‍ക്കും ഹഗ്ഗായിപ്രവാചകനിലൂടെ ലഭിച്ച സര്‍വേശ്വരന്‍റെ അരുളപ്പാട്.

2 സര്‍വശക്തനായ സര്‍വേശ്വരന്‍ ഹഗ്ഗായിയോട് അരുളിച്ചെയ്തു: “എന്‍റെ ആലയം പുനരുദ്ധരിക്കാനുള്ള സമയം ഇനിയും ആയിട്ടില്ല എന്ന് ഈ ജനം പറയുന്നു.”

3 പിന്നീട് പ്രവാചകനായ ഹഗ്ഗായി മുഖേന ജനത്തോട് അവിടുന്ന് അരുളിച്ചെയ്തു:

4 “എന്‍റെ ജനമേ, എന്‍റെ ഭവനം തകര്‍ന്നുകിടക്കുമ്പോള്‍ ആണോ നിങ്ങള്‍ക്കു മണിമേടകളില്‍ പാര്‍ക്കാന്‍ അവസരം?

5 അതുകൊണ്ട് നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചു ചിന്തിക്കുക” എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. നിങ്ങള്‍ ധാരാളം വിതച്ചു; അല്പം മാത്രം കൊയ്തു.

6 നിങ്ങള്‍ ഭക്ഷിക്കുന്നെങ്കിലും വയറു നിറയുന്നില്ല; പാനം ചെയ്യുന്നെങ്കിലും തൃപ്തി ആകുന്നില്ല. വസ്ത്രം ധരിക്കുന്നെങ്കിലും കുളിരു മാറുന്നില്ല; കൂലി വാങ്ങുന്നവന്‍ അതു തുളയുള്ള സഞ്ചിയിലിടുന്നു.

7

സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി ആലോചിച്ചു നോക്കൂ.

8 നിങ്ങള്‍ മലകളില്‍നിന്നു മരം മുറിച്ച് മന്ദിരം പണിയുവിന്‍; അതില്‍ ഞാന്‍ പ്രസാദിക്കും. അവിടെ ഞാന്‍ മഹത്ത്വത്തോടെ പ്രത്യക്ഷപ്പെടും.” ഇത് സര്‍വേശ്വരന്‍റെ വചനം.

9 സമൃദ്ധമായ ഒരു വിളവെടുപ്പു നിങ്ങള്‍ പ്രതീക്ഷിച്ചു; പക്ഷേ അത് അല്പമായിത്തീര്‍ന്നു; നിങ്ങള്‍ അതു വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ ഞാന്‍ അത് ഊതിപ്പറപ്പിച്ചു കളഞ്ഞു. അത് എന്തുകൊണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? എന്‍റെ ആലയം ശൂന്യമായി കിടക്കെ ഓരോരുത്തനും സ്വന്തം വീട്ടുകാര്യങ്ങളില്‍ മുഴുകിയിരിക്കുന്നതുകൊണ്ടു തന്നെ.

10 അതുകൊണ്ട് മഴ പെയ്യാതിരിക്കുന്നു. ഭൂമി അനുഭവം നല്‌കാതെയുമിരിക്കുന്നു.

11 ഞാന്‍ ദേശത്തെങ്ങും വരള്‍ച്ച വരുത്തി- മലകളിലും ധാന്യങ്ങളിലും വീഞ്ഞിലും മുന്തിരിത്തോട്ടത്തിലും ഒലിവുതോട്ടത്തിലും എന്നല്ല ഭൂമിയിലെ സകലവിളകളിലും മനുഷ്യരിലും മൃഗങ്ങളിലും മനുഷ്യന്‍റെ സര്‍വ പ്രയത്നങ്ങളിലും ഞാന്‍ വരള്‍ച്ച വരുത്തിയിരിക്കുന്നു.

12

അപ്പോള്‍ ശെയല്‍തീയേലിന്‍റെ പുത്രനും യെഹൂദാദേശാധിപതിയുമായ സെരുബ്ബാബേലും യെഹോസാദാക്കിന്‍റെ പുത്രനും മഹാപുരോഹിതനുമായ യോശുവയും ശേഷിച്ച സകല ജനങ്ങളും തങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ അരുളപ്പാടുകളും അവിടുത്തെ നിയോഗപ്രകാരം വന്ന ഹഗ്ഗായിപ്രവാചകന്‍റെ വാക്കുകളും അനുസരിച്ചു. ജനം സര്‍വേശ്വരന്‍റെ സന്നിധിയില്‍ ഭയഭക്തിയുള്ളവരായിത്തീര്‍ന്നു.

13 അപ്പോള്‍ സര്‍വേശ്വരന്‍റെ ദൂതനായ ഹഗ്ഗായി അവിടുത്തെ സന്ദേശം അറിയിച്ചു: “ഞാന്‍ നിങ്ങളുടെ കൂടെയുണ്ടെന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.”

14 ശെയല്‍തീയേലിന്‍റെ പുത്രനും യെഹൂദാദേശാധിപതിയുമായ സെരുബ്ബാബേലിന്‍റെയും യെഹോസാദാക്കിന്‍റെ പുത്രനും മഹാപുരോഹിതനുമായ യോശുവയുടെയും മറ്റുള്ള സര്‍വജനത്തിന്‍റെയും മനസ്സ് സര്‍വേശ്വരന്‍ ഉണര്‍ത്തി. അവര്‍ വന്നു സര്‍വശക്തനായ സര്‍വേശ്വരന്‍റെ ആലയം പണിയാന്‍ തുടങ്ങി.

15 ദാര്യാവേശ്‍ചക്രവര്‍ത്തിയുടെ രണ്ടാം ഭരണവര്‍ഷം ആറാം മാസം ഇരുപത്തിനാലാം ദിവസം ആയിരുന്നു അത്.

2

1

ദാര്യാവേശ് അധികാരമേറ്റതിന്‍റെ രണ്ടാം വര്‍ഷം ഏഴാം മാസം ഇരുപത്തൊന്നാം ദിവസം ഹഗ്ഗായി പ്രവാചകന് സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി:

2 “നീ ശെയല്‍തീയേലിന്‍റെ പുത്രനും യെഹൂദാദേശാധിപതിയുമായ സെരുബ്ബാബേലിനോടും യെഹോസാദാക്കിന്‍റെ പുത്രനും മഹാപുരോഹിതനുമായ യോശുവായോടും ജനത്തില്‍ അവശേഷിച്ചവരോടും പറയുക:

3 ഈ ദേവാലയത്തിന്‍റെ പൂര്‍വമഹത്ത്വം കണ്ടിട്ടുള്ളവര്‍ നിങ്ങളില്‍ ആരെങ്കിലും ഉണ്ടോ? ഇപ്പോള്‍ ഇത് കാഴ്ചയില്‍ എങ്ങനെ? നിസ്സാരമായി തോന്നുന്നില്ലേ?

4 എങ്കിലും സെരുബ്ബാബേലേ, ധൈര്യമായിരിക്കുക. സര്‍വേശ്വരനാണ് അരുളിച്ചെയ്യുന്നത്. യെഹോസാദാക്കിന്‍റെ പുത്രനും മഹാപുരോഹിതനുമായ യോശുവേ, ദേശത്തുള്ള സമസ്തജനങ്ങളേ, ധൈര്യമായിരിക്കുവിന്‍. നിങ്ങള്‍ പണിയില്‍ ഏര്‍പ്പെടുക. ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്.” ഇത് സര്‍വശക്തനായ സര്‍വേശ്വരന്‍റെ വചനം.

5 ഈജിപ്തില്‍നിന്നു നിങ്ങള്‍ പുറപ്പെട്ടപ്പോള്‍ ചെയ്ത വാഗ്ദാനം അനുസരിച്ച് ഞാന്‍ നിങ്ങളുടെകൂടെ ഉണ്ടല്ലോ? എന്‍റെ ആത്മാവ് നിങ്ങളുടെകൂടെ വസിക്കുന്നു; നിങ്ങള്‍ ഭയപ്പെടേണ്ടാ.

6 സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഇനി ഏറെത്താമസിയാതെ ഞാന്‍ ആകാശത്തെയും ഭൂമിയെയും കടലിനെയും കരയെയും ഒന്നുകൂടി ഇളക്കും.

7 സമസ്തജനതകളെയും ഞാന്‍ പ്രകമ്പനം കൊള്ളിക്കും. അങ്ങനെ അവര്‍ കൂട്ടിവച്ച ധനമെല്ലാം ഇവിടെ എത്തും. ഞാന്‍ ഈ ആലയം മഹത്ത്വപൂര്‍ണമാക്കും. ഇത് സര്‍വേശ്വരന്‍റെ വചനം.

8 ‘വെള്ളി എനിക്കുള്ളതാണ്. സ്വര്‍ണവും എന്‍റേതുതന്നെ’ എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.

9 ഈ ആലയത്തിന്‍റെ ഇപ്പോഴത്തെ മഹത്ത്വം പണ്ടുണ്ടായിരുന്നതിനെ അതിശയിക്കത്തക്കതായിരിക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ഈ സ്ഥലം ഐശ്വര്യസമൃദ്ധമാക്കുമെന്നാണു സര്‍വശക്തനായ സര്‍വേശ്വരന്‍റെ അരുളപ്പാട്.

10

ദാര്യാവേശിന്‍റെ രണ്ടാം ഭരണവര്‍ഷം ഒന്‍പതാം മാസം ഇരുപത്തിനാലാം ദിവസം ഹഗ്ഗായിപ്രവാചകന്‍ മുഖേന സര്‍വേശ്വരന്‍ അരുളിച്ചെയ്തു:

11 [11,12] “ഒരുവന്‍ വിശുദ്ധമാംസം വസ്ത്രത്തുമ്പില്‍ പൊതിഞ്ഞുകെട്ടി ആ വസ്ത്രാഞ്ചലംകൊണ്ട് അപ്പമോ, പായസമോ, വീഞ്ഞോ, എണ്ണയോ, മറ്റേതെങ്കിലും ഭക്ഷണസാധനമോ സ്പര്‍ശിച്ചാല്‍ അവ വിശുദ്ധമായിത്തീരുമോ എന്നു പുരോഹിതന്മാരോടു ചോദിക്കാന്‍ സര്‍വശക്തനായ സര്‍വേശ്വരന്‍ കല്പിക്കുന്നു. അതിന് “ഇല്ല” എന്നു പുരോഹിതന്മാര്‍ ഉത്തരം പറഞ്ഞു.

12

13 എന്നാല്‍ ശവശരീരത്തില്‍ തൊട്ട് അശുദ്ധനായ ഒരുവന്‍ ഇതിലേതെങ്കിലും ഒന്നില്‍ സ്പര്‍ശിച്ചാല്‍ അത് അശുദ്ധമാകുമോ എന്നു ഹഗ്ഗായി ചോദിച്ചപ്പോള്‍ “അശുദ്ധമാകും” എന്നു പുരോഹിതന്മാര്‍ പറഞ്ഞു.

14 അപ്പോള്‍ ഹഗ്ഗായി പറഞ്ഞു: “ഈ ജനവും ജനതയും എന്‍റെ സന്നിധിയില്‍ അങ്ങനെതന്നെ; അവരുടെ എല്ലാ പ്രവൃത്തികളും അങ്ങനെതന്നെയാകുന്നു. അവര്‍ അവിടെ അര്‍പ്പിക്കുന്നതും അശുദ്ധം തന്നെ.

15 ഇത് സര്‍വശക്തനായ സര്‍വേശ്വരന്‍റെ വചനം. സര്‍വേശ്വരന്‍റെ ആലയം വീണ്ടും പണിയുന്നതിനു തൊട്ടുമുമ്പുള്ള കാലത്തെക്കുറിച്ച് ഓര്‍ത്തുനോക്കുക.

16 അന്ന് ഇരുപതു പറയുണ്ടായിരുന്ന ധാന്യക്കൂമ്പാരത്തില്‍ ചെന്നുനോക്കുമ്പോള്‍ പത്തു മാത്രമേ ഉണ്ടായിരിക്കൂ. മരത്തൊട്ടിയില്‍നിന്ന് അമ്പതു കുടം വീഞ്ഞു കോരി എടുക്കാന്‍ ചെല്ലുമ്പോള്‍ ഇരുപതു കുടമേ കാണുകയുള്ളൂ.

17 നിങ്ങള്‍ ഉല്‍പാദിപ്പിച്ച സകലവും ഞാന്‍ ഉഷ്ണക്കാറ്റും പൂപ്പലും കന്മഴയും അയച്ചു നശിപ്പിച്ചെങ്കിലും നിങ്ങള്‍ അനുതപിച്ചില്ല എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.

18

ഇന്നുമുതല്‍ സംഭവിക്കുന്നതെല്ലാം നിങ്ങള്‍ ശ്രദ്ധിക്കുക. ഒന്‍പതാം മാസം ഇരുപത്തിനാലാം ദിവസമാണല്ലോ ഇന്ന്. ദേവാലയത്തിന്‍റെ അടിസ്ഥാനം ഇട്ട ദിവസമാണിത്.

19 ധാന്യം കളപ്പുരയില്‍ അവശേഷിച്ചിട്ടില്ലെങ്കിലും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഒലിവുവൃക്ഷവും ഫലം നല്‌കുന്നില്ലെങ്കിലും ഇന്നുമുതല്‍ ഞാന്‍ നിങ്ങളെ അനുഗ്രഹിക്കും.

20

ഒന്‍പതാം മാസം ഇരുപത്തിനാലാം ദിവസമായ അന്നേ ദിവസം ഹഗ്ഗായിപ്രവാചകനു വീണ്ടും സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി:

21 നീ യെഹൂദാദേശാധിപതിയായ സെരുബ്ബാബേലിനോടു പറയുക: “ഞാന്‍ ആകാശത്തിനും ഭൂമിക്കും ഇളക്കമുണ്ടാക്കും.

22 രാജസിംഹാസനങ്ങള്‍ ഇളക്കിമറിക്കും. അവയുടെ ശക്തി അവസാനിപ്പിക്കും. തേരുകളെയും തേരാളികളെയും നീക്കിക്കളയും. അശ്വങ്ങളും അശ്വാരൂഢരും സഹയോദ്ധാക്കളുടെ വാളിനാല്‍ നിലംപതിക്കും.

23 ശെയല്‍തീയേലിന്‍റെ പുത്രനും എന്‍റെ ദാസനുമായ സെരുബ്ബാബേലേ, അന്ന് എന്‍റെ നാമത്തില്‍ ഭരണം നടത്താന്‍ ഞാന്‍ നിന്നെ എന്‍റെ മുദ്രമോതിരംപോലെയാക്കും. ഞാന്‍ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.