1
ആമോന്‍റെ പുത്രനായ യോശിയാരാജാവ് യെഹൂദാരാജ്യം ഭരിക്കുന്ന കാലത്ത് കൂശിയുടെ പുത്രനായ സെഫന്യാപ്രവാചകനു സര്‍വേശ്വരനില്‍നിന്നു ലഭിച്ച അരുളപ്പാട്. കൂശി ഗെദല്യായുടെ പുത്രനും ഗെദല്യാ അമര്യായുടെ പുത്രനും അമര്യാ ഹിസ്കിയായുടെ പുത്രനും ആയിരുന്നു.2
സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഞാന്‍ ഭൂമുഖത്തുനിന്ന് എല്ലാറ്റിനെയും സംഹരിച്ചു കളയും.3 മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കും. ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും നശിപ്പിക്കും. ദുര്‍ജനത്തെ ഉന്മൂലനം ചെയ്യും; മനുഷ്യരാശിയെ ഭൂമുഖത്തുനിന്നു ഞാന്‍ വിഛേദിക്കും.” ഇതു സര്‍വേശ്വരന്‍റെ വചനം.
4 യെഹൂദായെയും യെരൂശലേംനിവാസികളെയും ഞാന്‍ ശിക്ഷിക്കും. ബാലിന്‍റെ ആരാധകരില്‍ ശേഷിച്ചവരെയും വിഗ്രഹാരാധകരായ പുരോഹിതന്മാരെയും ഞാന്‍ നാമാവശേഷമാക്കും.
5 അവര്‍ മട്ടുപ്പാവില്‍നിന്ന് ആകാശഗോളങ്ങളെ നമസ്കരിക്കുന്നു. സര്‍വേശ്വരനെ ആരാധിക്കുന്നു. അവിടുത്തെ നാമത്തില്‍ സത്യം ചെയ്യുന്നു. എന്നാല്‍ അതോടൊപ്പം മല്‍ക്കാമിന്‍റെ നാമത്തിലും സത്യം ചെയ്യുന്നു.
6 അവര്‍ സര്‍വേശ്വരനെ അനുഗമിക്കാതെ പിന്തിരിയുന്നു. അവര്‍ അവിടുത്തെ അന്വേഷിക്കുകയോ തിരുഹിതം ആരായുകയോ ചെയ്യുന്നില്ല.
7
ദൈവമായ സര്‍വേശ്വരന്‍റെ മുമ്പില്‍ നിശ്ശബ്ദമായിരിക്കുവിന്‍; അവിടുത്തെ ദിവസം അടുത്തിരിക്കുന്നു. സര്‍വേശ്വരന്‍ ഒരു യാഗം ഒരുക്കിയിരിക്കുന്നു. അവിടുന്നു ക്ഷണിച്ചവരെ വിശുദ്ധീകരിച്ചിരിക്കുന്നു.8 എന്നാല്‍ സര്‍വേശ്വരന്‍റെ യാഗദിവസം രാജസേവകന്മാരെയും രാജകുമാരന്മാരെയും വിദേശവസ്ത്രധാരികളെയും ഞാന്‍ ശിക്ഷിക്കും.
9 അന്നേദിവസം ഉമ്മരപ്പടി ചാടിക്കടക്കുന്നവരെയും വിജാതീയര്‍ ആരാധിക്കുന്നതുപോലെ ആരാധിക്കുകയും വഞ്ചനയും അതിക്രമവുംകൊണ്ട് തങ്ങളുടെ യജമാനന്മാരുടെ വീടുകളെ നിറയ്‍ക്കുകയും ചെയ്യുന്നവരെ ഞാന്‍ ശിക്ഷിക്കും.”
10
സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “അന്നു മത്സ്യഗോപുരത്തില്‍നിന്നു നിലവിളിയും നഗരത്തിന്‍റെ പുതിയ ഭാഗത്തുനിന്നു മുറവിളിയും കുന്നുകളില്‍നിന്നു വലിയ പൊട്ടിത്തെറിയും കേള്‍ക്കും.11
മക്‌ത്തേശ്നിവാസികളേ, വിലപിക്കുവിന്‍; വ്യാപാരികള്‍ ആരും അവശേഷിച്ചിട്ടില്ലല്ലോ. വെള്ളിവ്യാപാരികളും വിച്ഛേദിക്കപ്പെട്ടിരിക്കുന്നു.12 അന്നു ഞാന്‍ ഒരു വിളക്കുമായി വന്നു യെരൂശലേമില്‍ പരിശോധന നടത്തും; ദൈവം നന്മയോ തിന്മയോ ചെയ്യുകയില്ലെന്നു പറഞ്ഞുകൊണ്ടു വീഞ്ഞുമട്ടു കുടിച്ചു ചീര്‍ക്കുന്നവരെ ഞാന്‍ ശിക്ഷിക്കും.
13 അവരുടെ ധനം കൊള്ളയടിക്കപ്പെടും; വീടുകള്‍ ശൂന്യമാക്കപ്പെടും; അവര്‍ വീടു പണിയും. പക്ഷേ അവര്‍ അതില്‍ പാര്‍ക്കുകയില്ല. മുന്തിരിത്തോട്ടം നട്ടുണ്ടാക്കുമെങ്കിലും അതില്‍നിന്നു വീഞ്ഞു കുടിക്കുകയില്ല.”
14
സര്‍വേശ്വരന്‍റെ മഹാദിവസം അടുത്തിരിക്കുന്നു. അത് അതിവേഗം വരുന്നു. ഭയജനകമായ ശബ്ദത്തോടു കൂടെയായിരിക്കും ആ ദിവസം വരിക. അതിധീരനായ പടയാളിപോലും അന്ന് ഉറക്കെ കരയും.15 അത് ഉഗ്രക്രോധത്തിന്‍റെ ദിനമായിരിക്കും. കഷ്ടതയുടെയും കൊടിയ മനോവേദനയുടെയും ദിനം; ശൂന്യതയുടെയും വിനാശത്തിന്‍റെയും ദിനം; ഇരുട്ടിന്‍റെയും നൈരാശ്യത്തിന്‍റെയും ദിനം; മേഘങ്ങളുടെയും കൂരിരുട്ടിന്‍റെയും ദിനം.
16 സുരക്ഷിതനഗരങ്ങള്‍ക്കും ഉന്നതകൊത്തളങ്ങള്‍ക്കുമെതിരെ സമരകാഹളവും പോര്‍വിളിയും കേള്‍ക്കുന്ന ദിവസമായിരിക്കും അത്.
17
സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഞാന്‍ മനുഷ്യര്‍ക്കു ദുരിതം വരുത്തും; അവര്‍ അന്ധരെപ്പോലെ നടക്കും. അവര്‍ എനിക്കെതിരെ പാപം ചെയ്തുവല്ലോ. അവരുടെ രക്തം പൂഴിപോലെയും അവരുടെ മാംസം ചാണകം പോലെയും ചിതറിക്കും.”18 സര്‍വേശ്വരന്‍റെ ക്രോധദിവസത്തില്‍ സ്വര്‍ണത്തിനോ വെള്ളിക്കോ അവരെ രക്ഷിക്കാന്‍ ആവുകയില്ല. ഭൂമി മുഴുവന്‍ അവിടുത്തെ തീക്ഷ്ണമായ ക്രോധാഗ്നിക്ക് ഇരയാകും. ഭൂവാസികളെ എല്ലാം അവിടുന്ന് അതിശീഘ്രം നശിപ്പിക്കും.
1
നാണംകെട്ട ജനതേ, പാറിപ്പോകുന്ന പതിരുപോലെ നിങ്ങളെ പറത്തിക്കളയുന്നതിനുമുമ്പ്, സര്‍വേശ്വരന്‍റെ ഉഗ്രകോപം നിങ്ങളില്‍ പതിക്കുന്നതിനു മുമ്പ്,2 ഉഗ്രരോഷദിവസം നിങ്ങളെ നേരിടുന്നതിനുമുമ്പ് നിങ്ങള്‍ ഒരുമിച്ചുകൂടുവിന്‍.
3 വിനീതരായ ദേശവാസികളേ, കര്‍ത്തൃകല്പനകള്‍ അനുസരിക്കുന്നവരേ, നിങ്ങളെല്ലാവരും സര്‍വേശ്വരനിലേക്കു തിരിയുവിന്‍. നീതിയും വിനയവും തേടുവിന്‍. അവിടുത്തെ ക്രോധദിവസത്തില്‍ നിങ്ങള്‍ ശിക്ഷാവിധിയില്‍നിന്ന് ഒരുവേള ഒഴിവാക്കപ്പെട്ടേക്കാം.
4 ഗസ്സാ നിര്‍ജനമാകും; അസ്കലോന്‍ ശൂന്യമായിത്തീരും. അസ്തോദിലെ ജനങ്ങളെ നട്ടുച്ചയ്‍ക്ക് ഓടിച്ചുകളയും; എക്രോന്‍ ഉന്മൂലനം ചെയ്യപ്പെടും.
5
സമുദ്രതീരനിവാസികളായ ക്രേത്യജനതേ, നിങ്ങള്‍ക്കു ഹാ! ദുരിതം! ഫെലിസ്ത്യരുടേതായ കനാന്‍ദേശമേ, സര്‍വേശ്വരന്‍റെ വിധി നിങ്ങള്‍ക്ക് എതിരാണ്.6 സമുദ്രതീരപ്രദേശമേ, നീ മേച്ചില്‍പ്പുറമാകും. നീ ഇടയന്മാര്‍ക്കു പുല്‍പ്പുറങ്ങളും ആട്ടിന്‍പറ്റത്തിനുള്ള ആലകളും ആകും.
7 സമുദ്രതീരം യെഹൂദാഗോത്രത്തില്‍ ശേഷിക്കുന്നവരുടെ കൈവശമാകും. അവിടെ അവര്‍ ആടുമേയ്‍ക്കും. അസ്കലോന്‍റെ ഭവനങ്ങളില്‍ അവര്‍ അന്തിയുറങ്ങും. അവരുടെ ദൈവമായ സര്‍വേശ്വരന്‍ അവരെ സ്മരിക്കുകയും അവരുടെ സുസ്ഥിതി വീണ്ടെടുക്കുകയും ചെയ്യും.
8
മോവാബ്യരുടെ അധിക്ഷേപവും എന്‍റെ ജനത്തെ നിന്ദിക്കുകയും അവരുടെ ദേശത്തിനെതിരെ വമ്പു പറയുകയും ചെയ്തുകൊണ്ടുള്ള അമ്മോന്യരുടെ പരിഹാസവും ഞാന്‍ കേട്ടിരിക്കുന്നു.9 അതുകൊണ്ട് ഇസ്രായേലിന്‍റെ ദൈവമായ സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഞാന്‍ സത്യം ചെയ്തു പറയുന്നു. മോവാബ് സൊദോമിനെപ്പോലെയും അമ്മോന്യദേശം ഗൊമോറായെപ്പോലെയും മുള്‍പ്പടര്‍പ്പുകളും ഉപ്പുകുഴികളും നിറഞ്ഞ് നിത്യശൂന്യങ്ങളായിത്തീരും. എന്‍റെ ജനത്തില്‍ അവശേഷിക്കുന്നവര്‍ അവരെ കവര്‍ച്ച ചെയ്യും. എന്‍റെ ജനതകളില്‍ ശേഷിക്കുന്നവര്‍ അവ കൈവശമാക്കും.
10 ഇതാണ് അവരുടെ അഹങ്കാരത്തിനു ലഭിക്കുന്ന പ്രതിഫലം. അവര്‍ സര്‍വശക്തനായ സര്‍വേശ്വരന്‍റെ ജനത്തോടു നിന്ദയും ധിക്കാരവും കാട്ടിയിരിക്കുന്നുവല്ലോ.
11 അവിടുന്ന് അവര്‍ക്കു ഭീതിജനകനായിരിക്കും. അവിടുന്നു ഭൂമിയിലെ സകലദേവന്മാരെയും മുട്ടു കുത്തിക്കും. സര്‍വജനതകളും താന്താങ്ങളുടെ ദേശത്ത് സര്‍വേശ്വരനെ നമിക്കും.
12
എത്യോപ്യരേ, നിങ്ങളും എന്‍റെ വാളിന് ഇരയാകും.13 അവിടുന്ന് ഉത്തരദിക്കിലേക്കു കൈ നീട്ടി അസ്സീറിയായെ നശിപ്പിക്കും. നിനെവേയെ ശൂന്യവും മരുഭൂമിപോലെ വരണ്ടതും ആക്കും.
14 അതിന്‍റെ മധ്യത്തില്‍ കാലിക്കൂട്ടങ്ങളും മറ്റു മൃഗങ്ങളും കിടക്കും. തകര്‍ന്ന തൂണുകളുടെ ഇടയില്‍ കഴുകനും മുള്ളന്‍പന്നിയും കുടിപാര്‍ക്കും. കിളിവാതില്‍ക്കല്‍ മൂങ്ങ മൂളും. ഉമ്മരപ്പടിയില്‍ ഇരുന്നു മലങ്കാക്ക കരയും. ദേവദാരുശില്പവേലകള്‍ ശൂന്യമാക്കപ്പെടും.
15 “ഞാനേയുള്ളൂ; ഞാനല്ലാതെ മറ്റാരുമില്ല” എന്ന ഭാവത്തില്‍ തിമിര്‍പ്പോടെ സുരക്ഷിതമായി നിന്നിരുന്ന നഗരമാണിത്. അതു ശൂന്യമായി മൃഗങ്ങളുടെ കിടപ്പിടമായിത്തീര്‍ന്നത് എങ്ങനെ? അതിനരികില്‍കൂടി കടന്നുപോകുന്നവര്‍ പരിഹാസശബ്ദം പുറപ്പെടുവിക്കുകയും കൈ വീശുകയും ചെയ്യുന്നു.
1
മത്സരിയും മലിനയും മര്‍ദകയുമായ യെരൂശലേംനഗരത്തിനു ദുരിതം!2 അവള്‍ ആരു പറയുന്നതും ചെവിക്കൊള്ളുകയില്ല. അവള്‍ ശിക്ഷണത്തിനു വഴങ്ങുകയില്ല. അവള്‍ സര്‍വേശ്വരനില്‍ വിശ്വാസം അര്‍പ്പിക്കുന്നില്ല. തന്‍റെ ദൈവത്തിങ്കലേക്കു തിരിയുന്നില്ല.
3 അവളുടെ പ്രഭുക്കന്മാര്‍ ഗര്‍ജിക്കുന്ന സിംഹങ്ങളാകുന്നു. അവളുടെ ന്യായാധിപന്മാര്‍ അന്തിക്ക് ഇരപിടിക്കാന്‍ ഇറങ്ങുന്ന ചെന്നായ്‍ക്കള്‍. അവര്‍ പ്രഭാതത്തിലേക്ക് ഒന്നും ശേഷിപ്പിക്കുകയില്ല.
4 അവളുടെ പ്രവാചകന്മാര്‍ താന്തോന്നികളും അവിശ്വസ്തരുമാണ്. അവളുടെ പുരോഹിതന്മാര്‍ വിശുദ്ധമായതിനെ അശുദ്ധമാക്കുന്നു. അവര്‍ ദൈവത്തിന്‍റെ നിയമം ലംഘിക്കുന്നു.
5 എങ്കിലും നഗരത്തിനുള്ളില്‍ സര്‍വേശ്വരന്‍ ഉണ്ട്. അവിടുന്നു നീതി പ്രവര്‍ത്തിക്കുന്നു. നീതിവിരുദ്ധമായി ഒന്നും ചെയ്യുന്നില്ല. പ്രഭാതംതോറും മുടങ്ങാതെ അവിടുന്നു തന്‍റെ ന്യായം വെളിപ്പെടുത്തുന്നു. എന്നാല്‍ നീതികെട്ടവനു ലജ്ജ എന്തെന്ന് അറിഞ്ഞുകൂടാ.
6
“ഞാന്‍ ജനതകളെ സംഹരിച്ചിരിക്കുന്നു; അവരുടെ കോട്ടകളെ ഞാന്‍ ശൂന്യമാക്കി; തെരുവീഥികള്‍ വിജനമാക്കി; അവയിലൂടെ ആരും കടന്നുപോകുന്നില്ല. യാതൊരു മനുഷ്യനും ശേഷിക്കാത്തവിധം അവരുടെ പട്ടണങ്ങളെ ഞാന്‍ ശൂന്യമാക്കിയിരിക്കുന്നു.7 നിശ്ചയമായും അവള്‍ എന്നെ ഭയപ്പെടും. എന്‍റെ ശിക്ഷണം അവള്‍ സ്വീകരിക്കും. ഞാന്‍ അവള്‍ക്കു വരുത്തിയ ശിക്ഷകള്‍ അവള്‍ കാണാതെപോവുകയില്ല എന്നു ഞാന്‍ കരുതി. എങ്കിലും കൂടുതല്‍ ജാഗ്രതയോടെ അവള്‍ ദുഷ്ടത കാട്ടി.
8
അതുകൊണ്ട് “ഞാന്‍ സാക്ഷ്യം വഹിക്കാന്‍ എഴുന്നേല്‌ക്കുന്നനാള്‍വരെ എനിക്കുവേണ്ടി കാത്തിരിക്കുക” എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. എന്‍റെ ക്രോധവും ക്രോധാഗ്നിയും ചൊരിയാന്‍ ജനതകളെയും രാജ്യങ്ങളെയും ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. ഉഗ്രമായ എന്‍റെ കോപാഗ്നിക്കു ഭൂമി മുഴുവനും ഇരയായിത്തീരും. ഞാന്‍ അവരുടെ അധരങ്ങളെ ശുദ്ധീകരിക്കും.9
അങ്ങനെ സകല ജനതകളും സര്‍വേശ്വരന്‍റെ നാമം വിളിച്ചപേക്ഷിച്ച് ഏകമനസ്സോടെ അവിടുത്തെ സേവിക്കാന്‍ ഇടയാകും.10 എത്യോപ്യയിലെ നദികള്‍ക്ക് അക്കരെനിന്ന്, എന്‍റെ ആരാധകജനത്തില്‍നിന്നു ചിതറിപ്പോയവരുടെ പുത്രിമാര്‍തന്നെ എനിക്കു വഴിപാടു കൊണ്ടുവരും.
11
നീ എന്നെ ധിക്കരിച്ചു ചെയ്ത പ്രവൃത്തികളുടെ പേരില്‍ ഞാന്‍ അന്നു നിന്നെ ലജ്ജിതനാക്കുകയില്ല. കാരണം അഹങ്കരിച്ചു തിമിര്‍ത്തവരെ നിങ്ങളുടെ മധ്യത്തില്‍നിന്നു ഞാന്‍ നീക്കിക്കളയും; എന്‍റെ വിശുദ്ധപര്‍വതത്തില്‍ നിങ്ങള്‍ പിന്നീടു ഗര്‍വു കാട്ടുകയില്ല.12 താഴ്മയും എളിമയുമുള്ള ഒരു ജനതയെ ഞാന്‍ നിങ്ങളുടെ മധ്യത്തില്‍ അവശേഷിപ്പിക്കും.
13 ഇസ്രായേലില്‍ ശേഷിക്കുന്നവര്‍ അധര്‍മം പ്രവര്‍ത്തിക്കുകയില്ല; വ്യാജം സംസാരിക്കുകയുമില്ല; വഞ്ചന അവരുടെ നാവില്‍ ഉണ്ടായിരിക്കുകയില്ല. അവര്‍ മേഞ്ഞ് സ്വച്ഛന്ദം വിശ്രമിക്കും. അവരെ ആരും ഭയപ്പെടുത്തുകയില്ല.
14
സീയോന്‍നിവാസികളേ, ഉറക്കെ പാടുവിന്‍; ഇസ്രായേല്യരേ, ആര്‍പ്പുവിളിക്കുവിന്‍. യെരൂശലേംനിവാസികളേ, പൂര്‍ണഹൃദയത്തോടെ ആനന്ദിച്ചുല്ലസിക്കുക.15 സര്‍വേശ്വരന്‍ നിങ്ങള്‍ക്കെതിരെയുള്ള വിധി മാറ്റി നിങ്ങളുടെ ശത്രുക്കളെ നീക്കിക്കളഞ്ഞു. ഇസ്രായേലിന്‍റെ രാജാവായ സര്‍വേശ്വരന്‍ നിങ്ങളുടെ മധ്യത്തിലുണ്ട്. നിങ്ങള്‍ ഇനിമേല്‍ ഒരനര്‍ഥവും ഭയപ്പെടേണ്ടതില്ല.
16
അന്ന് യെരൂശലേമിനോടു ഭയപ്പെടരുതെന്നും സീയോനോടു നിന്‍റെ കൈകള്‍ തളര്‍ന്നു പോകരുതെന്നും പറയും.17 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ജയം നല്‌കുന്ന യോദ്ധാവായി നിങ്ങളുടെ മധ്യത്തിലുണ്ട്; അവിടുന്നു സന്തോഷാധിക്യത്താല്‍ നിങ്ങളെക്കുറിച്ച് ആനന്ദിക്കും; അവിടുന്ന് സ്നേഹത്താല്‍ നിങ്ങളെ നവീകരിക്കും. ഉത്സവദിവസത്തിലെന്നപോലെ അവിടുന്നു നിങ്ങളെപ്രതി ആനന്ദഗീതം ഉയര്‍ത്തും.
18 നിങ്ങളില്‍നിന്ന് അനര്‍ഥം ഞാന്‍ നീക്കും; അങ്ങനെ അതുമൂലമുള്ള അപമാനം നിങ്ങള്‍ നേരിടുകയില്ല;
19 കണ്ടുകൊള്‍ക, അന്നാളില്‍ നിങ്ങളുടെ മര്‍ദകരെ ഞാന്‍ നേരിടും. ഞാന്‍ മുടന്തനെ രക്ഷിക്കും. പുറന്തള്ളിയവരെ ഒരുമിച്ചുകൂട്ടും. അവരുടെ ലജ്ജാഭാരത്തെ ഭൂമി മുഴുവന്‍ വ്യാപിക്കുന്ന സ്തുതിയും കീര്‍ത്തിയുമായി മാറ്റും.
20 അന്നു ഞാന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും; അന്നു ഞാന്‍ നിങ്ങളെ സ്വദേശത്തേക്കു തിരിച്ചുകൊണ്ടുവരും. നിങ്ങള്‍ കാണ്‍കെ നിങ്ങളുടെ സുസ്ഥിതി പുനഃസ്ഥാപിക്കുമ്പോള്‍ ഭൂമിയിലെ എല്ലാ ജനതകള്‍ക്കും ഇടയില്‍ നിങ്ങളെ ഞാന്‍ പേരും പെരുമയും ഉള്ളവരാക്കും.” ഇതു സര്‍വേശ്വരന്‍റെ വചനം.