1

1

ഹബക്കൂക് പ്രവാചകനു ലഭിച്ച അരുളപ്പാട്:

2 സര്‍വേശ്വരാ, അങ്ങു കേള്‍ക്കാതിരിക്കെ ഞാന്‍ എത്രനാള്‍ സഹായത്തിനുവേണ്ടി നിലവിളിക്കണം? അങ്ങു രക്ഷിക്കാതിരിക്കെ അക്രമത്തിനെതിരെ ഞാന്‍ എത്രനാള്‍ നിലവിളിക്കണം?

3 ഇതുപോലെയുള്ള നീതികേടു കാണാനും കഷ്ടതകള്‍ നോക്കിക്കൊണ്ടിരിക്കാനും എനിക്ക് ഇടവരുത്തുന്നത് എന്ത്? വിനാശവും അക്രമവും ആണ് എന്‍റെ മുമ്പില്‍. കലഹവും ശണ്ഠയും എല്ലായിടത്തും പൊട്ടിപ്പുറപ്പെടുന്നു.

4 അങ്ങനെ ധര്‍മം ക്ഷയിക്കുന്നു; ന്യായം ഒരിക്കലും നിലനില്‌ക്കുന്നില്ല. ദുഷ്ടന്മാര്‍ നീതിമാന്മാരെ വലയം ചെയ്യുന്നു. അതുകൊണ്ട് ന്യായം തകിടം മറിക്കപ്പെടുന്നു.

5

ജനതകളേ, നോക്കിക്കാണുക; നിങ്ങള്‍ അദ്ഭുതപ്പെട്ട് വിസ്മയഭരിതരാകുവിന്‍; കാരണം, കേട്ടാല്‍ വിശ്വസിക്കാനാവാത്ത ഒരു പ്രവൃത്തി നിങ്ങളുടെ കാലത്ത് ഞാന്‍ ചെയ്യാന്‍ പോകുന്നു.

6 ഉഗ്രന്മാരും വിചാരശൂന്യരുമായ ബാബിലോണ്യരെ ഞാന്‍ ഉണര്‍ത്തും. അവര്‍ തങ്ങളുടേതല്ലാത്ത വാസസ്ഥലങ്ങള്‍ കൈവശപ്പെടുത്താന്‍ ഭൂമിയില്‍ ഉടനീളം സഞ്ചരിക്കും.

7 അവര്‍ ഉഗ്രന്മാരും ഭീകരരുമാണ്; അവരുടെ ന്യായവും യോഗ്യതയും അവര്‍ നിശ്ചയിക്കുന്നതുതന്നെ.

8 അവരുടെ കുതിരകള്‍ക്കു പുള്ളിപ്പുലിയെക്കാള്‍ വേഗതയും ഇരതേടുന്ന ചെന്നായെക്കാള്‍ ക്രൂരതയുമുണ്ട്. അവരുടെ അശ്വാരൂഢര്‍ വിദൂരത്തുനിന്നു പാഞ്ഞുവരുന്നു; ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെ അതിശീഘ്രം അവര്‍ പറന്നുവരുന്നു.

9 അവരെല്ലാം അക്രമത്തിനാണു വരുന്നത്. അവരുടെ വരവു കാണുമ്പോഴേക്ക് എല്ലാവരും സംഭീതരായിത്തീരുന്നു; മണല്‍ത്തരിപോലെ അസംഖ്യം പേരെ അവര്‍ ബന്ദികളാക്കുന്നു.

10 അവര്‍ രാജാക്കന്മാരെ പരിഹസിക്കുന്നു; ഭരണാധികാരികളെ കളിയാക്കുന്നു. ഏതു കോട്ടയെയും അവര്‍ നിസ്സാരമായി കാണുന്നു. കാരണം മണ്‍തിട്ട ഉയര്‍ത്തി അവര്‍ കോട്ട പിടിക്കുന്നു.

11 പിന്നെ അവര്‍ കാറ്റുപോലെ വീശിയടിച്ചു കടന്നുപോകുന്നു. കുറ്റക്കാരും അതിക്രമികളുമായ അവര്‍ക്കു സ്വന്തം ശക്തിയാണു ദൈവം!

12

എന്‍റെ ദൈവമായ സര്‍വേശ്വരാ, അവിടുന്ന് അനാദികാലം മുതല്‍ക്കേ എന്‍റെ പരിശുദ്ധനായ ദൈവമല്ലേ? അവിടുന്ന് അമര്‍ത്യനാണല്ലോ; സര്‍വേശ്വരാ, അവിടുന്ന് അവരെ ന്യായവിധിക്കായി നിയോഗിച്ചിരിക്കുന്നു. എന്‍റെ അഭയശിലയായ അവിടുന്ന് ഞങ്ങള്‍ക്കു ശിക്ഷണം നല്‌കാനായി അവരെ നിയോഗിച്ചിരിക്കുന്നു.

13 തിന്മകള്‍ കാണാനരുതാത്തവിധം നിര്‍മല ദൃഷ്‍ടിയുള്ളവനും അകൃത്യം നോക്കി നില്‌ക്കാത്തവനുമായ അവിടുന്നു ദ്രോഹം ചെയ്യുന്നവരെ നോക്കിക്കൊണ്ടിരിക്കുന്നത് എന്ത്? ദുഷ്ടന്‍ തന്നെക്കാള്‍ നീതിമാനായവനെ നശിപ്പിക്കുന്നതു കണ്ട് അങ്ങു മൗനം ദീക്ഷിക്കുന്നതും എന്ത്?

14 അവിടുന്നു മനുഷ്യരെ സമുദ്രത്തിലെ മത്സ്യത്തെപ്പോലെ, നാഥനില്ലാത്ത ഇഴജന്തുക്കളെപ്പോലെ ആക്കുന്നതെന്തുകൊണ്ട്?

15 ബാബിലോണ്യര്‍ മത്സ്യത്തെപ്പോലെ മനുഷ്യരെ ചൂണ്ടയിട്ടു പിടിക്കുന്നു. അവര്‍ അവരെ വലയില്‍ കുടുക്കി വലിച്ചുകയറ്റുന്നു. അവരെ കോരുവലയില്‍ ശേഖരിക്കുന്നു. അവര്‍ ആഹ്ലാദിച്ചു തിമിര്‍ക്കുന്നു.

16 അവര്‍ തങ്ങളുടെ വലകള്‍ക്കു ബലിപൂജ നടത്തുന്നു; കോരുവലകള്‍ക്കു ധൂപം കാട്ടുന്നു. അവകൊണ്ടാണല്ലോ അവര്‍ സമൃദ്ധിയില്‍ കഴിയുന്നതും വിശിഷ്ടഭോജ്യങ്ങള്‍ ഭുജിക്കുന്നതും.

17 അങ്ങനെ അവര്‍ വല കുടഞ്ഞ് ശൂന്യമാക്കി ജനതകളെ നിഷ്കരുണം നിത്യവും കൊന്നുകൊണ്ടിരിക്കുമോ?

2

1

ഞാന്‍ കാവല്‍ഗോപുരത്തില്‍ നില്‌ക്കും; അവിടുന്ന് എന്നോട് എന്ത് അരുളിച്ചെയ്യുമെന്നും എന്‍റെ ആവലാതിയെക്കുറിച്ച് എന്തു മറുപടി നല്‌കുമെന്നും അറിയാന്‍ ഞാന്‍ നോക്കിക്കൊണ്ടിരിക്കും.

2

സര്‍വേശ്വരന്‍ എനിക്ക് ഇപ്രകാരം മറുപടി തന്നു: “ഈ ദര്‍ശനം നീ എഴുതിയിടുക. ഒറ്റനോട്ടത്തില്‍തന്നെ വായിക്കാന്‍ കഴിയുംവിധം അതു ഫലകത്തില്‍ വ്യക്തമായി രേഖപ്പെടുത്തുക.”

3 ദര്‍ശനം അതിന്‍റെ സമയത്തിനായി കാത്തിരിക്കുകയാണ്. ആ സമയം അടുത്തുകൊണ്ടിരിക്കുന്നു. അതിനു മാറ്റമുണ്ടാവില്ല. വൈകുന്നു എന്നു തോന്നിയാലും കാത്തിരിക്കുക. ആ സമയം വരികതന്നെ ചെയ്യും; വൈകുകയില്ല.

4 നിഷ്കളങ്കനല്ലാത്തവന്‍ പരാജയപ്പെടും; എന്നാല്‍ നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും. സമ്പത്ത് വഞ്ചനാപൂര്‍ണമാണ്. ഗര്‍വുള്ളവര്‍ക്കു നിലനില്പില്ല.

5 അവരുടെ ദുരാഗ്രഹം പാതാളംപോലെ വിസ്താരമുള്ളതാണ്. മൃത്യുവിനെന്നപോലെ അവര്‍ക്ക് ഒരിക്കലും തൃപ്തി വരികയില്ല. അവര്‍ ജനതകളെ തങ്ങള്‍ക്കായി ശേഖരിക്കുന്നു; സര്‍വജനങ്ങളെയും തങ്ങള്‍ക്കായി ഒന്നിച്ചുകൂട്ടുന്നു.

6

അങ്ങനെ ശേഖരിക്കപ്പെട്ടവരെല്ലാം അവരെ നിന്ദിക്കും. അവര്‍ നിന്ദിച്ചു പരിഹസിച്ചു പറയും: “തങ്ങളുടേതല്ലാത്ത മുതല്‍ നിങ്ങള്‍ എത്രത്തോളം കൂട്ടിവയ്‍ക്കും? പണയപ്പണ്ടങ്ങള്‍ വാരിക്കൂട്ടുന്നവര്‍ക്കു ദുരിതം!”

7 നിങ്ങളുടെ കടക്കാര്‍ പെട്ടെന്നു നിങ്ങളെ നേരിടുകയില്ലേ? നിങ്ങളെ സംഭീതരാക്കാന്‍ അവര്‍ കരുത്തരാകുകയില്ലേ? അങ്ങനെ നിങ്ങള്‍ അവരുടെ കൊള്ളമുതലായിത്തീരുകയില്ലേ?

8 നിരവധിരാജ്യങ്ങളെ നിങ്ങള്‍ കവര്‍ച്ച ചെയ്തതുകൊണ്ട് ജനതകളില്‍ ശേഷിച്ചവര്‍ നിങ്ങളെ കവര്‍ച്ചചെയ്യും. നിങ്ങള്‍ ചെയ്ത കൊലപാതകങ്ങള്‍കൊണ്ടും രാജ്യങ്ങളെയും നഗരങ്ങളെയും അതില്‍ നിവസിക്കുന്നവരെയും നിങ്ങള്‍ ആക്രമിക്കുകയും ചെയ്തതുകൊണ്ടും നിങ്ങള്‍ക്ക് ഇതു സംഭവിക്കും.

9

അനര്‍ഥം നേരിടാത്തവിധം ഉയരത്തില്‍ തന്‍റെ വീടു നിര്‍മിക്കുകയും സ്വന്തം കുടുംബത്തിന് അന്യായസമ്പാദ്യം ഉണ്ടാക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം!

10 നിങ്ങള്‍ അനേകം ജനതകളുടെ വംശം നശിപ്പിച്ചു നിങ്ങളുടെ ഭവനത്തിനുതന്നെ നാണക്കേടു വരുത്തിവച്ചു, നിങ്ങള്‍ക്കു തന്നെ നിങ്ങള്‍ അനര്‍ഥം വരുത്തി.

11 ചുവരിലിരിക്കുന്ന കല്ലു നിങ്ങള്‍ക്കെതിരെ നിലവിളിക്കും. മേല്‍ക്കൂരയില്‍നിന്നു തുലാം പ്രതികരിക്കുകയും ചെയ്യും.

12

രക്തപാതകംകൊണ്ട് നഗരം പടുത്തുയര്‍ത്തുന്നവര്‍ക്കും അധര്‍മത്തിന്മേല്‍ നഗരം സ്ഥാപിക്കുന്നവര്‍ക്കും ദുരിതം!

13 അഗ്നിക്ക് ഇര നല്‌കാന്‍വേണ്ടി ജനങ്ങള്‍ അധ്വാനിക്കുന്നതും വ്യര്‍ഥമായി യത്നിച്ച് ജനതകള്‍ തളരുന്നതും സര്‍വശക്തനായ സര്‍വേശ്വരന്‍റെ തിരുഹിതത്താലല്ലോ?

14 സമുദ്രം ജലംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി സര്‍വേശ്വരന്‍റെ മഹത്ത്വത്തിന്‍റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞിരിക്കുന്നു.

15

അയല്‍ക്കാരോടുള്ള ദ്വേഷം നിമിത്തം അവരെ ക്രോധത്തിന്‍റെ പാനപാത്രം കുടിപ്പിക്കുന്നവര്‍ക്കും അവരുടെ നഗ്നത കാണാന്‍ അവരെ ലഹരിപിടിപ്പിക്കുന്നവര്‍ക്കും ദുരിതം!

16 മഹത്ത്വംകൊണ്ടല്ല അപമാനംകൊണ്ടു നിങ്ങള്‍ക്കു മതിവരും; നിങ്ങള്‍ കുടിച്ചു കൂത്താടുക. സര്‍വേശ്വരന്‍റെ വലങ്കൈയിലുള്ള ശിക്ഷാവിധിയുടെ പാനപാത്രം നിങ്ങള്‍ കുടിക്കും; മഹത്ത്വത്തിനുപകരം അപമാനം നിങ്ങള്‍ക്കു വന്നുചേരും.

17 ദേശത്തോടും നഗരങ്ങളോടും അവിടെ അധിവസിക്കുന്ന സകലരോടും ചെയ്ത ബലാല്‌ക്കാരവും രക്തച്ചൊരിച്ചിലും നിമിത്തം വന്യമൃഗങ്ങള്‍ വരുത്തുന്ന നാശം നിങ്ങളെ ഭയപ്പെടുത്തും; ലെബാനോനോടു നിങ്ങള്‍ ചെയ്ത അക്രമം നിങ്ങളെ പിടികൂടും.

18

വിഗ്രഹം കൊത്തി നിര്‍മിച്ചവന് അതുകൊണ്ട് എന്തു പ്രയോജനം? അവന്‍ തന്‍റെ സ്വന്തം സൃഷ്‍ടിയിലാണല്ലോ ആശ്രയിക്കുന്നത്? അതു വ്യാജ അരുളപ്പാടാണല്ലോ നല്‌കുക?

19

തടിയില്‍ പണിത ശില്പത്തോട് ഉണരുക എന്നും മൂകമായ കല്ലിനോട് എഴുന്നേല്‌ക്കുക എന്നും പറയുന്നവനു ദുരിതം! അതിനു പ്രബോധനം നല്‌കാന്‍ കഴിയുമോ? പൊന്നും വെള്ളിയും പൊതിഞ്ഞതാണെങ്കിലും അതിനു ജീവന്‍ ഇല്ലല്ലോ?

20

എന്നാല്‍ സര്‍വേശ്വരന്‍ അവിടുത്തെ വിശുദ്ധമന്ദിരത്തിലുണ്ട്. സമസ്തലോകവും തിരുസന്നിധിയില്‍ മൗനമായിരിക്കട്ടെ.

3

1

ഹബക്കൂക് പ്രവാചകന്‍ വിലാപരാഗത്തില്‍ രചിച്ച ഗീതം.

2

സര്‍വേശ്വരാ, അങ്ങയെക്കുറിച്ചു കേട്ടറിഞ്ഞ് ഞാന്‍ ഭയന്നു;
അങ്ങയുടെ പ്രവൃത്തികള്‍ ഇന്നും ആവര്‍ത്തിക്കണമേ.
അവിടുന്നു കോപിച്ചിരിക്കുമ്പോഴും അങ്ങയുടെ കാരുണ്യം അനുസ്മരിക്കണമേ

3
ദൈവം തേമാനില്‍നിന്നു വന്നു;
പരിശുദ്ധനായ ദൈവം പാറാന്‍ ഗിരിയില്‍നിന്നു വന്നു.
അവിടുത്തെ തേജസ്സ് ആകാശം മൂടി.
അവിടുത്തെക്കുറിച്ചുള്ള സ്തുതിയാല്‍ ഭൂമി നിറഞ്ഞു.

4
അവിടുത്തെ ശോഭ മിന്നലൊളിപോലെ ആയിരുന്നു;
തൃക്കരങ്ങളില്‍നിന്നു പ്രകാശകിരണങ്ങള്‍ പ്രസരിച്ചു.
അവിടെയാണ് അവിടുത്തെ ശക്തി മറഞ്ഞിരിക്കുന്നത്.

5
മഹാമാരി തിരുമുമ്പില്‍ നീങ്ങുന്നു.
മഹാവ്യാധി അവിടുത്തെ തൊട്ടുപിന്നിലും.

6
അവിടുന്നു ഭൂമിയെ അളന്നു.
അവിടുത്തെ നോട്ടത്തില്‍ ജനതകള്‍ കുലുങ്ങിവിറച്ചു.
പണ്ടേയുള്ള പര്‍വതങ്ങള്‍ ചിതറിപ്പോയി.
പുരാതനഗിരികള്‍ താണുപോയി.
എന്നാല്‍ അവിടുത്തെ മാര്‍ഗങ്ങള്‍ പഴയതുതന്നെ.

7
കൂശാന്‍റെ കൂടാരങ്ങള്‍ അനര്‍ഥത്തിലാണ്ടതു ഞാന്‍ കണ്ടു.
മിദ്യാന്‍ദേശത്തിന്‍റെ തിരശ്ശീലകള്‍ വിറച്ചു.

8
സര്‍വേശ്വരാ, നദികള്‍ക്കു നേരെയാണോ അവിടുത്തെ ക്രോധം?
അവിടുന്നു പുഴകളോടു നീരസം പൂണ്ടിരിക്കുന്നു.
അവിടുന്നു വിജയരഥമേറി കുതിരകളെ തെളിച്ചുവരുമ്പോള്‍
അങ്ങയുടെ ക്രോധം സമുദ്രത്തിനോടോ?

9
അവിടുന്ന് അമ്പെടുത്തു വില്ലില്‍ തൊടുത്തു.
നദികളാല്‍ അവിടുന്നു ഭൂതലം പിളര്‍ന്നു.

10
പര്‍വതങ്ങള്‍ അങ്ങയെ കണ്ടു വിറച്ചു.
ജലപ്രവാഹങ്ങള്‍ പ്രവഹിച്ചു.
അഗാധജലം ഗര്‍ജിച്ചു.
ഉയരത്തിലേക്ക് അതിന്‍റെ തിരമാലകളെ ഉയര്‍ത്തി.

11
അവിടുത്തെ മിന്നിപ്പായുന്ന അസ്ത്രങ്ങളുടെ പ്രകാശവും;
കുന്തങ്ങളുടെ മിന്നലൊളിയും കണ്ട്
സൂര്യചന്ദ്രന്മാര്‍ സ്വസ്ഥാനങ്ങളില്‍ നിശ്ചലരായി നിന്നു.

12
ക്രോധത്തോടെ അവിടുന്നു ഭൂമിയില്‍ നടന്നു.
കോപത്തോടെ അവിടുന്നു ജനതകളെ മെതിച്ചു.

13
അവിടുത്തെ ജനത്തിന്‍റെയും അവിടുത്തെ അഭിഷിക്തന്‍റെയും രക്ഷയ്‍ക്കായി അവിടുന്നു പുറപ്പെട്ടു.
ദുഷ്ടഭവനത്തെ അവിടുന്നു തകര്‍ത്ത്
അതിന്‍റെ അടിത്തറവരെ അവിടുന്ന് അനാവൃതമാക്കി.

14
അയാളുടെ പടയാളികളുടെ തല അവിടുന്നു കുന്തംകൊണ്ടു കുത്തിത്തുളച്ചു.
എന്നെ ചിതറിക്കാന്‍ അവര്‍ ചുഴലിക്കാറ്റുപോലെ വന്നു;
എളിയവനെ ഒളിവില്‍ വിഴുങ്ങുന്നതിലെന്നപോലെ അവര്‍ സന്തോഷിച്ചു.

15
അവിടുന്നു കുതിരകളുമായി വന്നു സമുദ്രത്തെ,
ഇളകിമറിയുന്ന തിരമാലകളെ ചവുട്ടിമെതിച്ചു.

16
ആ ആരവം കേട്ടു ഞാന്‍ നടുങ്ങി;
ആ ശബ്ദം കേട്ട് എന്‍റെ അധരങ്ങള്‍ വിറച്ചു.
എന്‍റെ അസ്ഥികള്‍ ദ്രവിച്ചു തുടങ്ങി.
എന്‍റെ കാലടികള്‍ ഇടറുന്നു;
ഞങ്ങളെ ആക്രമിക്കുന്ന ജനങ്ങള്‍ക്കു കഷ്ടദിവസം വരുവാനായി ഞാന്‍ ക്ഷമയോടെ കാത്തിരിക്കും.

17
അത്തിവൃക്ഷം പൂവണിയുകയോ മുന്തിരിവള്ളി കായ്‍ക്കുകയോ ചെയ്തില്ലെന്നു വരാം.
ഒലിവ് ഫലം നല്‌കാതെയും വയലില്‍ ധാന്യം വിളയാതെയും വന്നേക്കാം.
ആട്ടിന്‍കൂട്ടം ആലകളില്‍ നിശ്ശേഷം നശിച്ചെന്നു വരാം;
തൊഴുത്തുകളില്‍ കന്നുകാലികള്‍ ഇല്ലാതെ വന്നേക്കാം.

18
എന്നാലും ഞാന്‍ സര്‍വേശ്വരനില്‍ ആനന്ദിക്കും.
എന്‍റെ രക്ഷകനായ ദൈവത്തില്‍ സന്തോഷിക്കും.

19
സര്‍വേശ്വരനായ കര്‍ത്താവാണ് എന്‍റെ ബലം;
പേടമാന്‍റെ കാലുകള്‍ക്കുള്ള വേഗത എന്‍റെ കാലുകള്‍ക്ക് അവിടുന്നു നല്‌കി;
അവിടുന്ന് എന്നെ ഉന്നതങ്ങളില്‍ നടത്തുന്നു.