1
എല്‌ക്കോശിലെ നഹൂമിന്‍റെ ദര്‍ശനഗ്രന്ഥം - നിനെവേയെക്കുറിച്ചുള്ള അരുളപ്പാട്:2
സര്‍വേശ്വരന്‍ തീക്ഷ്ണതയുള്ളവനും പ്രതികാരം ചെയ്യുന്നവനുമായ ദൈവമാണ്. അവിടുന്ന് പ്രതികാരം ചെയ്യുന്നവനും ക്രോധം നിറഞ്ഞവനുമാണ്. സര്‍വേശ്വരന്‍ പ്രതിയോഗികളോടു പക വീട്ടുന്നു. ശത്രുവിനെതിരെ അമര്‍ഷംകൊള്ളുന്നു.3 സര്‍വേശ്വരന്‍ ക്ഷമാശീലനും മഹാശക്തനും ആകുന്നു. കുറ്റവാളികളെ അവിടുന്ന് ഒരിക്കലും വെറുതെ വിടുകയില്ല. കൊടുങ്കാറ്റിലും ചുഴലിക്കാറ്റിലുമാണ് അവിടുത്തെ വഴി. മേഘങ്ങള്‍ അവിടുത്തെ കാല്‌ക്കീഴിലെ പൊടിയാണ്.
4 അവിടുന്നു സമുദ്രത്തെ ശാസിച്ച് വറ്റിക്കുന്നു. എല്ലാ നദികളെയും വരളുമാറാക്കുന്നു; ബാശാന്‍പുല്‍മേടുകളും കര്‍മ്മേല്‍മലയും ഉണങ്ങിക്കരിയുന്നു; ലെബാനോനിലെ പുഷ്പങ്ങള്‍ വാടുന്നു.
5 തിരുമുമ്പില്‍ പര്‍വതങ്ങള്‍ കിടിലംകൊള്ളുന്നു. കുന്നുകള്‍ ഉരുകുന്നു. തിരുസന്നിധിയില്‍ ഭൂമി കുലുങ്ങുന്നു. ഭൂമിയും അതിലെ ജീവജാലങ്ങളും വിറയ്‍ക്കുന്നു.
6
അവിടുത്തെ രോഷത്തിനു മുമ്പില്‍ ആര്‍ക്കു നില്‌ക്കാന്‍ കഴിയും? അവിടുത്തെ കോപത്തിന്‍റെ ചൂട് ആര്‍ക്കു സഹിക്കാനാവും? അവിടുന്നു ക്രോധം അഗ്നിപോലെ ചൊരിയുന്നു; അവിടുന്നു പാറകളെ തകര്‍ക്കുന്നു.7 സര്‍വേശ്വരന്‍ നല്ലവനും കഷ്ടതയുടെ നാളില്‍ രക്ഷാസങ്കേതവും ആകുന്നു. തന്നില്‍ ആശ്രയിക്കുന്നവരെ അവിടുന്ന് അറിയുന്നു.
8 എന്നാല്‍ കവിഞ്ഞൊഴുകുന്ന ജലപ്രവാഹത്താല്‍ അവിടുന്ന് വൈരികളെ ഉന്മൂലനം ചെയ്യും; അവിടുന്ന് അവരെ അന്ധകാരത്തിലേക്കു നയിക്കുന്നു.
9 സര്‍വേശ്വരനെതിരെ നിങ്ങള്‍ എന്തു ഗൂഢാലോചനയാണ് നടത്തുന്നത്? അവിടുന്ന് അത് നിശ്ശേഷം തകര്‍ക്കും. ശത്രുക്കള്‍ക്ക് എതിരെ രണ്ടാമതൊരു പ്രതികാരം അവിടുത്തേക്ക് വേണ്ടിവരികയില്ല.
10 കെട്ടുപിണഞ്ഞു കിടക്കുന്ന മുള്‍പ്പടര്‍പ്പുപോലെയോ ഉണങ്ങിയ വയ്‍ക്കോല്‍പോലെയോ അവരെ അഗ്നിക്കിരയാക്കും.
11 സര്‍വേശ്വരനെതിരെ ദുരാലോചന നടത്തുകയും വഞ്ചന ഉപദേശിക്കുകയും ചെയ്ത ഒരുവന്‍ നിന്നില്‍നിന്ന് ഉദ്ഭവിച്ചില്ലേ?
12
സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: അവര്‍ ബലിഷ്ഠരും സംഖ്യാബലം ഉള്ളവരുമെങ്കിലും ഛേദിക്കപ്പെട്ട് ഇല്ലാതാകും. “ഞാന്‍ നിങ്ങളെ പീഡിപ്പിച്ചെങ്കിലും ഇനിമേല്‍ അങ്ങനെ ചെയ്കയില്ല.13 നിങ്ങളുടെമേല്‍ ഇരിക്കുന്ന അസ്സീറിയായുടെ നുകം ഞാന്‍ തകര്‍ത്തുകളയും. നിങ്ങളുടെ ബന്ധനങ്ങള്‍ ഞാന്‍ തകര്‍ക്കും.”
14 അവിടുന്നു അസ്സീറിയായെക്കുറിച്ചു കല്പിച്ചിരിക്കുന്നു. നിന്‍റെ നാമം ഇനിമേല്‍ നിലനിര്‍ത്തുകയില്ല; നിന്‍റെ ദേവന്മാരുടെ ക്ഷേത്രത്തില്‍നിന്ന് ശില്പരൂപങ്ങളും വാര്‍പ്പുവിഗ്രഹങ്ങളും ഞാന്‍ തകര്‍ത്തുകളയും. നിന്‍റെ ദുഷ്ടത നിമിത്തം ഞാന്‍ നിനക്കു ശവക്കുഴി തോണ്ടും.
15
ഇതാ സദ്‍വാര്‍ത്തകൊണ്ടുവരുന്നവന്‍റെ- സമാധാനം ആശംസിക്കുന്നവന്‍റെ പാദങ്ങള്‍ മലമുകളില്‍! യെഹൂദായേ, നിന്‍റെ ഉത്സവങ്ങള്‍ ആചരിക്കുക; നിന്‍റെ നേര്‍ച്ചകള്‍ കഴിക്കുക; ദുഷ്ടജനം ഇനി നിന്‍റെ ദേശം ആക്രമിക്കുകയില്ല; അവര്‍ നിശ്ശേഷം നശിപ്പിക്കപ്പെട്ടിരിക്കുന്നു.1
വിനാശകന്‍ നിനക്കെതിരെ വരുന്നു. കോട്ടകള്‍ക്കു കാവല്‍ ഏര്‍പ്പെടുത്തുക. വീഥികള്‍ കാത്തുസൂക്ഷിക്കുക. നിന്‍റെ അരമുറുക്കുക, സര്‍വശക്തിയും സംഭരിക്കുക.2 സര്‍വേശ്വരന്‍ യാക്കോബിന്‍റെ മഹത്ത്വം ഇസ്രായേലിന്‍റെ മഹത്ത്വംപോലെ പുനഃസ്ഥാപിക്കാന്‍ പോകുന്നു. കവര്‍ച്ചക്കാര്‍ അവരെ കൊള്ളയടിച്ചു; അവരുടെ ശിഖരങ്ങള്‍ എല്ലാം നശിപ്പിച്ചു.
3
ശത്രുവിന്‍റെ വീരയോദ്ധാക്കള്‍ ചെമ്പരിച കൈയിലേന്തിയിരിക്കുന്നു. അവരുടെ പടയാളികള്‍ ചെങ്കുപ്പായം അണിഞ്ഞിരിക്കുന്നു. അവര്‍ ആക്രമിക്കാന്‍ ഒരുങ്ങുന്നു, അവരുടെ രഥങ്ങള്‍ തീജ്വാലപോലെ മിന്നിത്തിളങ്ങുന്നു. അവരുടെ പടക്കുതിരകള്‍ കുതിച്ചുചാടുന്നു.4 രഥങ്ങള്‍ വീഥികളിലൂടെ ഇരമ്പിപ്പായുന്നു; നഗരവീഥികളില്‍ അവ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. തീപ്പന്തങ്ങള്‍പോലെ അവ കാണപ്പെടുന്നു. മിന്നല്‍പ്പിണര്‍പോലെ അവ പായുന്നു.
5 അവരുടെ പടനായകരെ വിളിച്ചുകൂട്ടുന്നു. അവര്‍ മുന്നോട്ട് അടുക്കുമ്പോള്‍ ഇടറിവീഴുന്നു. അവര്‍ തിടുക്കത്തില്‍ കോട്ടയോടടുക്കുന്നു. അവിടെ ലോഹമറ സജ്ജമാക്കിയിരിക്കുന്നു.
6 നദികള്‍ തുറന്നുവിട്ടിരിക്കുന്നു; രാജകൊട്ടാരം കൊടുംഭീതിയിലമര്‍ന്നിരിക്കുന്നു.
7 രാജ്ഞിയെ നഗ്നയാക്കി പിടിച്ചുകൊണ്ടു പോയിരിക്കുന്നു. ദാസിമാര്‍ പ്രാവു കുറുകുംപോലെ മാറിലടിച്ചു വിലപിക്കുന്നു.
8 നിനെവേ വെള്ളം വാര്‍ന്നൊഴുകുന്ന കുളംപോലെയാണ്. “നില്‌ക്കൂ, നില്‌ക്കൂ എന്ന് അവര്‍ വിളിച്ചുപറയുന്നു. പക്ഷേ, ആരും തിരിഞ്ഞു നോക്കുന്നില്ല.
9 സ്വര്‍ണം കൊള്ളയടിക്കുക, വെള്ളിയും പിടിച്ചെടുക്കുക, നിധികള്‍ക്കു അന്തമില്ല, എല്ലാത്തരം അമൂല്യവസ്തുക്കളും അവിടെയുണ്ട്.
10
എങ്ങും ശൂന്യത! ശൂന്യത! വിനാശം! ഹൃദയം തളരുന്നു. കാല്‍മുട്ടുകള്‍ വിറയ്‍ക്കുന്നു; അരക്കെട്ടിലെങ്ങും കൊടിയവേദന; എല്ലാ മുഖങ്ങളും വിളറുന്നു!11 സിംഹങ്ങള്‍ ഇരയെ കൊണ്ടുവന്ന ഗുഹ എവിടെ? യുവസിംഹങ്ങളും സിംഹിയും കുട്ടികളും നിര്‍ബാധം വിഹരിച്ചിരുന്ന സ്ഥലങ്ങള്‍ എവിടെ?
12 കുട്ടികള്‍ക്കുവേണ്ട മാംസം സിംഹം കടിച്ചു കീറി വച്ചിരിക്കുന്നു. സിംഹികള്‍ക്കായും ഇരയെ ഞെരിച്ചു കൊന്നുവച്ചിരിക്കുന്നു. ഇരയെക്കൊണ്ടു ഗുഹയും കടിച്ചുകീറിയ മാംസംകൊണ്ടു മാളവും നിറച്ചിരിക്കുന്നു.
13
“ഇതാ, ഞാന്‍ നിനക്ക് എതിരായിരിക്കുന്നു” ഇത് സര്‍വശക്തനായ സര്‍വേശ്വരന്‍റെ വചനം. “നിന്‍റെ രഥങ്ങള്‍ ഞാന്‍ ചുട്ടുകളയും. നിന്‍റെ യുവസിംഹങ്ങളെ ഞാന്‍ വാളിന് ഇരയാക്കും; ഇനി ഞാന്‍ നിനക്ക് ഭൂമിയില്‍ ഇര ശേഷിപ്പിക്കുകയില്ല. നിന്‍റെ ദൂതന്മാരുടെ ശബ്ദം ഇനി കേള്‍ക്കുകയുമില്ല.”1
കൊല്ലും കൊലയും നിറഞ്ഞ നഗരമേ, നിനക്കു ദുരിതം! നിന്നില്‍ നിറയെ കള്ളവും കവര്‍ച്ചയും ആണ്. അവിടെ കൊള്ളയ്‍ക്ക് ഒരു അറുതിയുമില്ല!2 ചാട്ടവാറിന്‍റെ പടപടശബ്ദം! ചക്രങ്ങളുടെ കടകടാരവം! കുതിച്ചുപായുന്ന കുതിരകള്‍!
3 ഓടുന്ന രഥങ്ങള്‍! ആക്രമിക്കുന്ന അശ്വസൈനികര്‍! മിന്നിജ്വലിക്കുന്ന വാളുകള്‍! വെട്ടിത്തിളങ്ങുന്ന കുന്തങ്ങള്‍! കണക്കറ്റു കൊല്ലപ്പെട്ടവര്‍! ശവശരീരങ്ങളുടെ കൂനകള്‍! അവയ്‍ക്കറുതിയില്ല. അവര്‍ ജഡങ്ങളില്‍ തട്ടിവീഴുന്നു.
4 സൗന്ദര്യവും മാരകമായ വശീകരണശക്തിയുമുള്ള അഭിസാരികയുടെ എണ്ണമറ്റ വേശ്യാവൃത്തികൊണ്ട് ഇതെല്ലാം സംഭവിച്ചു. അവള്‍ ജനതകളെ വേശ്യാവൃത്തിയാലും രാജ്യങ്ങളെ വശീകരണതന്ത്രത്താലും വഞ്ചിച്ചു.
5
ഇതാ, ഞാന്‍ നിനക്ക് എതിരാണ്! സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ഞാന്‍ നിന്‍റെ വസ്ത്രം മുഖംവരെ ഉയര്‍ത്തും; അങ്ങനെ നിന്‍റെ നഗ്നത ജനതകളും നിന്‍റെ അപമാനം രാജ്യങ്ങളും ദര്‍ശിക്കാന്‍ ഇടയാക്കും.6 ഞാന്‍ നിന്‍റെമേല്‍ ചെളി വാരിയെറിയും. ഞാന്‍ നിന്നെ നിന്ദ്യയാക്കും. നീ അവജ്ഞാപാത്രം ആകും.
7 അങ്ങനെ നിന്നെ കാണുന്നവര്‍ എല്ലാം അറച്ചു പിറകോട്ടുമാറി പറയും: “നിനെവേ ശൂന്യമാക്കപ്പെട്ടു; ആര് അവള്‍ക്കുവേണ്ടി വിലപിക്കും. അവളെ സാന്ത്വനപ്പെടുത്തുന്നവരെ ഞാന്‍ എവിടെ കണ്ടെത്തും.
8
നൈല്‍നദിക്കരികിലുള്ള തേബസ്നഗരത്തെക്കാള്‍ നീ മികച്ചവളോ? അവള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ജലം അവള്‍ക്ക് കോട്ടയും സമുദ്രം അവള്‍ക്ക് കൊത്തളവും ആണല്ലോ.9 എത്യോപ്യയും ഈജിപ്തും അവള്‍ക്ക് അതിരറ്റ ബലമായിരുന്നു. പൂത്യരും ലിബിയാക്കാരും അവള്‍ക്കു സഹായികളായിരുന്നു.
10 എന്നിട്ടും അവള്‍ പ്രവാസത്തിലേക്കും അടിമത്തത്തിലേക്കും പോകേണ്ടിവന്നു. അവളുടെ കുഞ്ഞുങ്ങളെ തെരുവീഥികളില്‍ നിലത്തടിച്ചു കൊന്നു. അവളുടെ സമുന്നതന്മാര്‍ക്കുവേണ്ടി നറുക്കിട്ടു. അവളുടെ പ്രമാണികളെയെല്ലാം ചങ്ങലകളാല്‍ ബന്ധിച്ചു.
11 നിനെവേ, നീയും ലഹരി പിടിച്ച് ഉന്മത്തയും പരിഭ്രാന്തയും ആകും; നീ ശത്രുവിന്‍റെ മുമ്പില്‍നിന്ന് അഭയം തേടിപ്പോകും.
12 നിന്‍റെ സകല കോട്ടകളും ആദ്യഫലങ്ങള്‍ പേറുന്ന അത്തിമരം പോലെയാകും. പിടിച്ചൊന്നു കുലുക്കിയാല്‍ അവ തിന്നാനുള്ളവന്‍റെ വായില്‍ വീഴും.
13 നിന്‍റെ പടയാളികള്‍ സ്‍ത്രീകളെപ്പോലെയാണ്. നിന്‍റെ ദേശകവാടം ശത്രുവിനു മുമ്പില്‍ മലര്‍ക്കെ തുറന്നുകിടക്കുന്നു. നിന്‍റെ ഓടാമ്പലുകള്‍ അഗ്നിക്ക് ഇരയായിരിക്കുന്നു.
14
ഉപരോധത്തിനുവേണ്ടി വെള്ളം കോരുക; നിന്‍റെ കോട്ടകളെ ബലപ്പെടുത്തുക. കളിമണ്ണു ചവുട്ടിക്കുഴച്ച് ഇഷ്‍ടിക പിടിക്കുക.15 അവിടെ തീ നിന്നെ ചുട്ടുകളയും; വാള്‍ നിന്നെ ഛേദിക്കും. വെട്ടുക്കിളിയെപ്പോലെ അതു നിന്നെ തിന്നൊടുക്കും. വെട്ടുക്കിളിയെപ്പോലെ നീ പെരുകുക; വിട്ടിലിനെപ്പോലെ വര്‍ധിക്കുക.
16 നിന്‍റെ വ്യാപാരികളെ ആകാശത്തിലെ നക്ഷത്രങ്ങളിലും അധികമായി നീ വര്‍ധിപ്പിച്ചുവല്ലോ. എന്നാല്‍ വെട്ടുക്കിളികള്‍പോലെ അവര്‍ ചിറകുവിരിച്ചു പറന്നുപോകുന്നു.
17 നിന്‍റെ പ്രഭുക്കന്മാര്‍ വെട്ടുക്കിളിപോലെയും നിന്‍റെ ഉന്നതമേധാവികള്‍ ശീതകാലത്തു വേലിയില്‍ പറ്റിക്കൂടുന്ന വിട്ടില്‍പ്പറ്റങ്ങള്‍പോലെയും ആകുന്നു. സൂര്യോദയത്തില്‍ അവ പറന്നുപോകുന്നു. അവ എവിടെയെന്ന് ആരും അറിയുന്നില്ല.
18 അസ്സീറിയാരാജാവേ, നിന്‍റെ ഇടയന്മാര്‍ ഉറങ്ങുന്നു. പ്രഭുക്കന്മാര്‍ മയങ്ങുന്നു. നിന്‍റെ ജനം മലകളില്‍ ചിതറിപ്പോയിരിക്കുന്നു. അവരെ ഒരുമിച്ചു കൂട്ടാന്‍ ആരുമില്ല.
19 നിന്‍റെ പരുക്ക് കരിയുന്നില്ല. നിന്‍റെ മുറിവ് ഗുരുതരമാണ്; നിന്നെക്കുറിച്ചുള്ള വാര്‍ത്ത അറിയുന്നവരെല്ലാം നിന്‍റെ പതനത്തില്‍ കൈകൊട്ടും. കാരണം നിന്‍റെ ഒടുങ്ങാത്ത ദുഷ്ടതയ്‍ക്ക് ഇരയാകാത്തവര്‍ ആരുണ്ട്?