1

1

യോഥാം, ആഹാസ്, ഹിസ്കീയാ എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്ത് മോരസ്ത്യനായ മീഖായ്‍ക്ക് ശമര്യയെയും യെരൂശലേമിനെയും സംബന്ധിച്ച് സര്‍വേശ്വരനില്‍നിന്ന് അരുളപ്പാട് ലഭിച്ചു.

2

ജനതകളേ, കേള്‍ക്കുവിന്‍, ഭൂമിയും അതിലുള്ള സമസ്തവുമേ, ശ്രദ്ധിക്കുവിന്‍; സര്‍വേശ്വരനായ കര്‍ത്താവ് അവിടുത്തെ വിശുദ്ധമന്ദിരത്തില്‍നിന്നു നിങ്ങള്‍ക്ക് എതിരെ സാക്ഷ്യം വഹിക്കട്ടെ.

3 സര്‍വേശ്വരന്‍ അവിടുത്തെ വിശുദ്ധസ്ഥലത്തുനിന്നു വരുന്നു, അവിടുന്ന് ഇറങ്ങിവന്ന് ഭൂമിയുടെ ഉന്നതസ്ഥലങ്ങളില്‍ നടക്കുന്നു.

4 അപ്പോള്‍ തീയുടെ മുമ്പില്‍ മെഴുകെന്നപോലെ അവിടുത്തെ കാല്‍ക്കീഴില്‍ പര്‍വതങ്ങള്‍ ഉരുകും. അവ മലഞ്ചരുവിലൂടെ ഒഴുകുന്ന വെള്ളംപോലെ താഴ്വരകളിലേക്ക് ഒഴുകും.

5 യാക്കോബ്‍വംശജരുടെ അതിക്രമവും ഇസ്രായേല്‍ഗൃഹത്തിന്‍റെ പാപങ്ങളും നിമിത്തമാണ് ഇവയെല്ലാം സംഭവിക്കുന്നത്. യാക്കോബുവംശജരുടെ അതിക്രമം എന്താണ്?

6 അത് ശമര്യ അല്ലേ? യെഹൂദ്യയുടെ പാപം എന്താണ്? അത് യെരൂശലേം അല്ലേ? അതുകൊണ്ട് സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഞാന്‍ ശമര്യയെ വെളിമ്പ്രദേശത്തെ പാഴ്കൂനപോലെയും മുന്തിരി നടാനുള്ള സ്ഥലംപോലെയും ആക്കും. അതിലെ കല്ലുകള്‍ താഴ്വരയിലേക്ക് ഉരുട്ടിക്കളയും; ശമര്യയുടെ അടിത്തറ ഞാന്‍ പൊളിച്ചുകളയും.

7 അവളുടെ അമൂല്യവിഗ്രഹങ്ങള്‍ തച്ചുടയ്‍ക്കും. അവള്‍ക്കു ലഭിച്ച വേതനമെല്ലാം ചുട്ടെരിക്കും. അവളുടെ സമസ്തവിഗ്രഹങ്ങളും നശിപ്പിക്കും. വേശ്യാവൃത്തിക്കുള്ള വേതനമായിട്ടാണല്ലോ ശമര്യ അവ നേടിയത്; അവ വീണ്ടും വേശ്യയുടെ കൂലിയായിത്തീരും.”

8

മീഖാ പറഞ്ഞു: “ഇതു നിമിത്തം ഞാന്‍ വിലപിച്ചു കരയും. ഞാന്‍ ചെരുപ്പും വസ്ത്രവും കൂടാതെ നടക്കും. ഞാന്‍ കുറുനരികളെപ്പോലെ ഓലിയിടും. ഒട്ടകപ്പക്ഷിയെപ്പോലെ വിലപിക്കും.

9 ശമര്യയുടെ മുറിവുകള്‍ ഒരിക്കലും കരിയാത്തതാണല്ലോ; അതു യെഹൂദ്യവരെ, യെരൂശലേമിന്‍റെ കവാടംവരെ എത്തിയിരിക്കുന്നു. അവിടെയാണല്ലോ എന്‍റെ ജനം പാര്‍ക്കുന്നത്.”

10

നമ്മുടെ ശത്രുക്കളായ ഗത്ത്നിവാസികളോട് ഇക്കാര്യം പറയരുത്. നിങ്ങള്‍ അവരുടെ മുമ്പില്‍ വിലപിക്കുകയും അരുത്. നിങ്ങള്‍ ബേത്ത്-ലെ-ആഫ്രായിലെ പൂഴിയില്‍ വീണുരുളുക.

11 ശാഫീര്‍നിവാസികളേ, നിങ്ങള്‍ നഗ്നരും ലജ്ജിതരുമായി കടന്നുപോകൂ. സായനാന്‍നിവാസികള്‍ പുറത്തുവരുന്നില്ല. ബേത്ത്-ഏസെലിലെ വിലാപം കേള്‍ക്കുമ്പോള്‍ അവര്‍ക്കു നിങ്ങളെ സഹായിക്കാന്‍ കഴിയുകയില്ലെന്നു നിങ്ങള്‍ അറിയും.

12 മാരോത്ത് നിവാസികള്‍ സഹായത്തിനായി ഉല്‍ക്കണ്ഠയോടെ കാത്തിരിക്കുന്നു. കാരണം സര്‍വേശ്വരന്‍ അയച്ച അനര്‍ഥം യെരൂശലേമിന്‍റെ വാതില്‌ക്കല്‍ എത്തിക്കഴിഞ്ഞു.

13 ലാക്കീശ്നിവാസികളേ, കുതിരകളെ രഥത്തില്‍ പൂട്ടുക. സീയോന്‍നിവാസികളുടെ പാപങ്ങള്‍ക്കു നിങ്ങളാണു തുടക്കം കുറിച്ചത്. ഇസ്രായേലിന്‍റെ അതിക്രമങ്ങള്‍ നീയും പ്രവര്‍ത്തിച്ചുവല്ലോ.

14 അതുകൊണ്ട് യെഹൂദ്യയിലെ ജനമേ, മോരേശെത്ത്-ഗത്ത് നിവാസികള്‍ക്കു വിട നല്‌കുക. അക്സിബുനഗരത്തില്‍നിന്നു സഹായം ലഭിക്കാതെ ഇസ്രായേല്‍രാജാക്കന്മാര്‍ നിരാശരാകും.

15 മാരേശാനിവാസികളേ, നിങ്ങളെ കീഴടക്കാന്‍ ഞാന്‍ ഒരുവനെ നിങ്ങളുടെ നേര്‍ക്ക് അയയ്‍ക്കും. ഇസ്രായേലിലെ പ്രമുഖരായ ജനനേതാക്കള്‍ അദുല്ലാംഗുഹയില്‍ ഒളിക്കും.

16 നിങ്ങളുടെ ഓമനക്കുഞ്ഞുങ്ങളെ ഓര്‍ത്തു നിങ്ങളുടെ തല മുണ്ഡനം ചെയ്യുക. നിങ്ങളുടെ ശിരസ്സു കഴുകന്‍റേതുപോലെ കഷണ്ടി ആക്കുവിന്‍. നിങ്ങളുടെ മക്കള്‍ നിങ്ങളെ വിട്ടു പ്രവാസികളായിപ്പോകുമല്ലോ.

2

1

ഉറങ്ങാതെ ദ്രോഹം ചിന്തിക്കുകയും പുലരുമ്പോള്‍ കൈക്കരുത്തുള്ളതിനാല്‍ അവസരം പാര്‍ത്ത് അതു നടപ്പാക്കുകയും ചെയ്യുന്നവര്‍ക്കു ഹാ ദുരിതം!

2 അവര്‍ അന്യരുടെ ഭൂമി മോഹിച്ചു പിടിച്ചെടുക്കുന്നു. വീടുകള്‍ ആഗ്രഹിച്ചു കൈക്കലാക്കുന്നു. അവര്‍ വീട്ടുകാരനെയും അവന്‍റെ കുടുംബത്തെയും പീഡിപ്പിക്കുന്നു. അവനെയും അവന്‍റെ അവകാശത്തെയുംതന്നെ.

3 അതുകൊണ്ട് സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: നിന്‍റെ വംശത്തിന്മേല്‍ അനര്‍ഥം വരുത്താന്‍ ഞാന്‍ ആലോചിക്കുകയാണ്. അതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ നിങ്ങള്‍ക്കു സാധ്യമല്ല. അത് അനര്‍ഥങ്ങളുടെ കാലമാകയാല്‍ നിങ്ങള്‍ക്ക് അഹങ്കരിച്ചു നടക്കാന്‍ ആവുകയില്ല.

4 ആ സമയം വരുമ്പോള്‍ ജനം നിന്നെ പരിഹസിച്ചു പാടും; വിലപിച്ച് അലമുറയിടും. അവര്‍ ഇങ്ങനെ വിലപിക്കും. ഞങ്ങള്‍ നിശ്ശേഷം നശിച്ചിരിക്കുന്നു. അവിടുന്നു തങ്ങളുടെ ദേശം ഞങ്ങളില്‍നിന്ന് എടുത്തിരിക്കുന്നു. ഞങ്ങളെ തടവിലാക്കിയവര്‍ക്ക് അവ വീതിച്ചുകൊടുത്തിരിക്കുന്നു.

5 അതുകൊണ്ട് നിങ്ങള്‍ക്കുള്ള ഭൂമി അളന്നു വാങ്ങാന്‍ സര്‍വേശ്വരന്‍റെ സഭയില്‍ ആരും ഉണ്ടായിരിക്കുകയില്ല.

6

“പ്രസംഗിക്കരുത്; ഇത്തരം കാര്യങ്ങളെക്കുറിച്ച് ആരും പ്രസംഗിച്ചുകൂടാ; അപമാനം നമ്മെ ബാധിക്കുകയില്ല” എന്നവര്‍ പ്രസംഗിക്കുന്നു.

7 യാക്കോബിന്‍റെ ഗൃഹമേ, ഇങ്ങനെ പറയാമോ? സര്‍വേശ്വരന്‍റെ ക്ഷമ നശിച്ചെന്നോ? ഇവയെല്ലാം അവിടുത്തെ പ്രവൃത്തികളോ? നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവന് എന്‍റെ വാക്കുകള്‍ ഗുണകരമല്ലേ?

8 എന്നാല്‍ ശത്രു എന്നപോലെ നീ എന്‍റെ ജനത്തിന് എതിരെ വരുന്നു. യുദ്ധഭീതി കൂടാതെ പോകുന്നവരുടെ പുറങ്കുപ്പായം വലിച്ചെടുക്കുന്നു.

9 എന്‍റെ ജനത്തിലെ സ്‍ത്രീകളെ അവരുടെ സന്തുഷ്ടഭവനങ്ങളില്‍നിന്നു നിങ്ങള്‍ ഓടിക്കുന്നു. എന്‍റെ അനുഗ്രഹങ്ങള്‍ അവരുടെ പിഞ്ചോമനകളില്‍നിന്ന് എന്നേക്കുമായി നിങ്ങള്‍ അപഹരിച്ചിരിക്കുന്നു.

10 നിങ്ങള്‍ ഇവിടെനിന്നു പോകുവിന്‍. ഇതു വിശ്രമിക്കാനുള്ള സ്ഥലമല്ല. നിങ്ങളുടെ അശുദ്ധി നിമിത്തം നാശത്തിന്, ദാരുണമായ വിപത്തിന് ഈ നഗരം വിധിക്കപ്പെട്ടിരിക്കുന്നു.

11 വീഞ്ഞിനെയും വീര്യംകൂടിയ മദ്യത്തെയുംകുറിച്ച് ഞാന്‍ നിങ്ങളോടു പറയാം എന്നു വഞ്ചനയുടെയും അസത്യത്തിന്‍റെയും ആത്മാവില്‍ ഒരാള്‍ പ്രസ്താവിച്ചാല്‍, അയാളായിരിക്കും ഈ ജനത്തിനനുയോജ്യനായ പ്രഭാഷകന്‍.

12

യാക്കോബുഗൃഹമേ, ഞാന്‍ നിങ്ങളെ എല്ലാവരെയും ഒരുമിച്ചു കൂട്ടും; ഇസ്രായേലില്‍ ശേഷിച്ചവരെയെല്ലാം ഞാന്‍ ഒന്നിച്ചുചേര്‍ക്കും; ആലയിലെ ആടുകളെപ്പോലെയും മേച്ചില്‍പ്പുറത്തെ ആട്ടിന്‍പ്പറ്റത്തെപോലെയും ഞാന്‍ അവരെ ഒരുമിച്ചുചേര്‍ക്കും. ശബ്ദമുഖരിതമായ ഒരു വലിയ ജനസമൂഹമായിരിക്കും അത്.

13 പ്രതിബന്ധങ്ങള്‍ തകര്‍ക്കുന്ന ദൈവം അവര്‍ക്കുമുമ്പേ പോകും. അവര്‍ നഗരവാതില്‍ തകര്‍ത്ത് അതിലൂടെ കടന്നുപോകും. അവരുടെ രാജാവ്, സര്‍വേശ്വരന്‍തന്നെ അവരെ നയിക്കും.

3

1

ഞാന്‍ പറഞ്ഞു: “യാക്കോബിന്‍റെ നേതാക്കളേ, ഇസ്രായേല്‍ഗൃഹത്തിന്‍റെ അധിപതികളേ, കേള്‍ക്കുവിന്‍! ന്യായം എന്തെന്നു നിങ്ങള്‍ അറിയേണ്ടതല്ലേ?

2 നിങ്ങള്‍ നന്മ വെറുക്കുകയും തിന്മ ഇഷ്ടപ്പെടുകയും ചെയ്യുന്നു. നിങ്ങള്‍ എന്‍റെ ജനത്തിന്‍റെ തൊലി ഉരിക്കുന്നു. അവരുടെ അസ്ഥികളില്‍നിന്നു മാംസം പറിച്ചെടുക്കുന്നു.

3 നിങ്ങള്‍ എന്‍റെ ജനത്തിന്‍റെ മാംസം തിന്നുന്നു; തൊലി ഉരിച്ചുകളയുന്നു. അവരുടെ അസ്ഥികള്‍ തകര്‍ക്കുന്നു; കലത്തില്‍ ഇടാനുള്ള മാംസംപോലെ നിങ്ങള്‍ അവരെ വെട്ടിനുറുക്കുന്നു.

4 അന്ന് അവര്‍ സര്‍വേശ്വരനോടു നിലവിളിക്കും; എന്നാല്‍ അവിടുന്ന് അവര്‍ക്ക് ഉത്തരമരുളുകയില്ല. അവരുടെ ദുഷ്പ്രവൃത്തികള്‍ നിമിത്തം അവിടുന്ന് അവരില്‍നിന്നു മുഖം തിരിച്ചുകളയും.

5

എന്‍റെ ജനത്തെ വഴിതെറ്റിക്കുകയും ഭക്ഷിക്കാന്‍ വല്ലതും കിട്ടുമ്പോള്‍ “സമാധാനം” എന്ന് ഉദ്ഘോഷിക്കുകയും ഭക്ഷണമൊന്നും കൊടുക്കാത്തവന്‍റെ നേരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ചു അവിടുന്ന് അരുളിച്ചെയ്യുന്നു:

6 നിങ്ങള്‍ക്ക് ഇനി ദര്‍ശനം ലഭിക്കാത്ത രാത്രിയും ലക്ഷണം പറയാന്‍ കഴിയാത്ത ഇരുട്ടും ഉണ്ടാകും. പ്രവാചകന്മാര്‍ക്കു സൂര്യന്‍ അസ്തമിച്ചുപോകും; അവര്‍ക്കു പകല്‍ ഇരുട്ടായി മാറും. ദീര്‍ഘദര്‍ശികള്‍ അപമാനിതരാകും.

7 ലക്ഷണം പറയുന്നവര്‍ ലജ്ജിതരാകും. ദൈവത്തില്‍നിന്ന് ഉത്തരം ലഭിക്കായ്കയാല്‍ അവര്‍ ലജ്ജിതരായി മുഖം മറയ്‍ക്കും.

8 എന്നാല്‍ യാക്കോബുവംശജരോട് അവരുടെ അതിക്രമവും ഇസ്രായേല്‍ജനത്തോട് അവരുടെ പാപവും തുറന്നു പ്രസ്താവിക്കാന്‍ ഞാന്‍ ശക്തിയും സര്‍വേശ്വരന്‍റെ ചൈതന്യവും നീതിയും വീര്യവും നിറഞ്ഞവനായിരിക്കുന്നു.

9

ന്യായത്തെ വെറുക്കുകയും ധാര്‍മിക നീതിയെ വളച്ചൊടിക്കുകയും ചെയ്യുന്ന യാക്കോബുഗൃഹത്തലവന്മാരേ, ഇസ്രായേല്‍ഗൃഹാധിപന്മാരേ, ഇതു കേള്‍ക്കുവിന്‍.

10 നിങ്ങള്‍ സീയോനെ രക്തപാതകംകൊണ്ടു പണിയുന്നു. അതേ, യെരൂശലേമിനെ അനീതികൊണ്ടു നിര്‍മിക്കുന്നു.

11 അതിന്‍റെ അധിപതികള്‍ കോഴ വാങ്ങി ഭരണം നടത്തുന്നു; പുരോഹിതന്മാര്‍ കൂലിക്കു ധര്‍മശാസ്ത്രം വ്യാഖ്യാനിക്കുന്നു; പ്രവാചകന്മാര്‍ പണത്തിനുവേണ്ടി ലക്ഷണം പറയുന്നു. എന്നിട്ടും അവര്‍ സര്‍വേശ്വരനില്‍ ആശ്രയിച്ചുകൊണ്ടു പറയുന്നു: “സര്‍വേശ്വരന്‍ നമ്മുടെ മധ്യത്തിലുണ്ട്, ഒരനര്‍ഥവും നമുക്കുണ്ടാവുകയില്ല.”

12 അതുകൊണ്ട് നിങ്ങള്‍ നിമിത്തം സീയോന്‍ വയല്‍പോലെ ഉഴുതുമറിക്കപ്പെടും; അതേ! യെരൂശലേം കുപ്പക്കൂനയാകും. ദേവാലയഗിരി വനമായിത്തീരും.

4

1

അവസാനനാളുകളില്‍ സര്‍വേശ്വരന്‍റെ മന്ദിരം സ്ഥാപിതമായിരിക്കുന്ന പര്‍വതം തലയെടുപ്പോടെ മറ്റ് എല്ലാ പര്‍വതങ്ങളെക്കാളും ഉയര്‍ന്നുനില്‌ക്കും. സര്‍വജനതകളും അവിടേക്ക് ഒഴുകിച്ചെല്ലും.

2 അനേകം ജനതകള്‍ പറയും: വരിക, നമുക്കു സര്‍വേശ്വരന്‍റെ പര്‍വതത്തിലേക്കു ചെല്ലാം, യാക്കോബിന്‍റെ ദൈവത്തിന്‍റെ ആലയത്തിലേക്കു പോകാം. അവിടുത്തെ പാതകളില്‍ നടക്കാന്‍ തക്കവിധം അവിടുന്നു തന്‍റെ വഴികള്‍ നമുക്ക് ഉപദേശിക്കട്ടെ. പ്രബോധനം സീയോനില്‍നിന്നും സര്‍വേശ്വരന്‍റെ വചനം യെരൂശലേമില്‍നിന്നുമാണല്ലോ വരുന്നത്.

3 അനേകം ജനതകളുടെ ഇടയില്‍ അവിടുന്നു ന്യായം വിധിക്കും. സുശക്തരായ വിദൂരസ്ഥജനതകള്‍ക്ക് അവിടുന്ന് വിധികര്‍ത്താവായിരിക്കും.

4 അവര്‍ തങ്ങളുടെ വാള്‍ കൊഴുവായും കുന്തം അരിവാളായും അടിച്ചുപണിയും. ജനത ജനതയ്‍ക്കെതിരെ വാള്‍ ഉയര്‍ത്തുകയില്ല; അവര്‍ ഇനി യുദ്ധം അഭ്യസിക്കുകയും ഇല്ല. അവര്‍ തങ്ങളുടെ മുന്തിരിച്ചെടിയുടെ കീഴിലും; അത്തിവൃക്ഷത്തിന്‍റെ കീഴിലും നിര്‍ഭയം വസിക്കും. സര്‍വശക്തനായ സര്‍വേശ്വരന്‍ ആണല്ലോ ഇങ്ങനെ അരുളിച്ചെയ്തിരിക്കുന്നത്.

5 സകല ജനതകളും അവരവരുടെ ദേവനെ ആരാധിക്കുന്നു. നാമോ നമ്മുടെ ദൈവമായ സര്‍വേശ്വരനെ എന്നെന്നും ഭക്തിയോടെ ആരാധിക്കും.

6

സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “അന്നു മുടന്തരെയും പുറന്തള്ളപ്പെട്ടവരെയും ഞാന്‍ പീഡിപ്പിച്ചവരെയും ഒരുമിച്ചുകൂട്ടും.

7 മുടന്തരെ ഞാന്‍ അവശേഷിപ്പിക്കുന്ന ജനതയാക്കും; ദൂരെ എറിഞ്ഞുകളയപ്പെട്ടവരെ പ്രബല ജനതയാക്കും; സര്‍വേശ്വരന്‍ സീയോന്‍ഗിരിയില്‍ അവരുടെ രാജാവായി ഇന്നുമുതല്‍ എന്നേക്കും വാഴും.”

8 ദൈവജനത്തിന്‍റെ ഗോപുരമേ, സീയോന്‍നിവാസികളുടെ ശൈലമേ, പണ്ടുണ്ടായിരുന്ന ആധിപത്യം-യെരൂശലേമിന്‍റെ രാജത്വം-നിനക്കു കൈവരും.

9

ഇപ്പോള്‍ നീ എന്തിന് ഉറക്കെ കരയുന്നു? നിനക്കു രാജാവില്ലേ? നിന്‍റെ ഉപദേഷ്ടാവു നശിച്ചുപോയോ? ഈറ്റുനോവുള്ളവളെപ്പോലെ നീ എന്തിനു വേദനിക്കുന്നു?

10 സീയോന്‍ നിവാസികളേ, ഈറ്റുനോവുള്ളവളെപ്പോലെ നിങ്ങള്‍ വേദനകൊണ്ടു പുളയുക; നിങ്ങള്‍ക്കു നഗരം വിട്ടു വിജനപ്രദേശത്തു ചെന്നു പാര്‍ക്കേണ്ടിവരും. ബാബിലോണിലേക്കു പോകേണ്ടിവരും. അവിടെവച്ചു നിങ്ങള്‍ വിമോചിക്കപ്പെടും; അവിടെവച്ചു ശത്രുക്കളുടെ കൈയില്‍നിന്നു സര്‍വേശ്വരന്‍ നിങ്ങളെ വീണ്ടെടുക്കും.

11

നിരവധി ജനതകള്‍ സീയോനെതിരെ ഇപ്പോള്‍ ഒരുമിച്ചുകൂടി പറയുന്നു: “അവള്‍ മലിനയായിത്തീരട്ടെ; അതുകണ്ട് നമുക്കു രസിക്കാം.”

12 എന്നാല്‍ സര്‍വേശ്വരന്‍റെ ഉദ്ദേശ്യങ്ങള്‍ അവര്‍ അറിയുന്നില്ല; അവിടുത്തെ ആലോചനകള്‍ ഗ്രഹിക്കുന്നതുമില്ല; മെതിക്കളത്തില്‍ കറ്റകള്‍ ശേഖരിക്കുന്നതുപോലെ അവിടുന്ന് അവരെ ഒരുമിച്ചുകൂട്ടിയിരിക്കുന്നു.

13 സീയോന്‍നിവാസികളേ, എഴുന്നേറ്റു ശത്രുക്കളെ നശിപ്പിക്കുക; അനേകം ജനതകളെ തകര്‍ത്തു കളയുക. ഞാന്‍ നിങ്ങള്‍ക്ക് ഇരുമ്പുകൊമ്പുകളും ഓടുകൊണ്ടുള്ള കുളമ്പുകളും നല്‌കും. ശത്രുക്കള്‍ അന്യായമായി സമ്പാദിച്ച മുതല്‍ നിങ്ങള്‍ സര്‍വേശ്വരനു സമര്‍പ്പിക്കും. അവരുടെ സമ്പത്ത് സര്‍വഭൂമിയുടെയും സര്‍വേശ്വരനു നിവേദിക്കുകയും ചെയ്യും.

5

1

ഇതാ ശത്രു നമ്മെ കോട്ടപോലെ വളഞ്ഞിരിക്കുന്നു. ഇസ്രായേല്‍ഭരണാധിപനെ അവര്‍ വടികൊണ്ട് ചെകിട്ടത്ത് അടിക്കുന്നു.

2

ബേത്‍ലഹേം എഫ്രാത്തേ, നീ യെഹൂദാവംശങ്ങളില്‍ ഏറ്റവും ചെറുതെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കുവേണ്ടി നിന്നില്‍നിന്നു പുറപ്പെടും. അവന്‍റെ ഉദ്ഭവം അതിപുരാതനമായതുതന്നെ.

3 അതിനാല്‍ ഈറ്റുനോവു കൊള്ളുന്നവള്‍ പ്രസവിക്കുംവരെ അവിടുന്നു തന്‍റെ ജനത്തെ ശത്രുക്കള്‍ക്ക് ഏല്പിച്ചുകൊടുക്കും. അവന്‍റെ സഹോദരന്മാരില്‍ അവശേഷിച്ചവര്‍ തിരിച്ചുവന്ന് ഇസ്രായേല്‍ജനത്തോടു ചേരും.

4 സര്‍വേശ്വരന്‍റെ ശക്തിയോടും തന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ നാമത്തിന്‍റെ മഹത്ത്വത്തോടും കൂടി അവന്‍ എഴുന്നേറ്റ് തന്‍റെ ആടുകളെ മേയിക്കും. അവര്‍ നിര്‍ഭയം വസിക്കും. അവന്‍റെ മാഹാത്മ്യം ഭൂമിയുടെ അറുതിവരെ വ്യാപിക്കും. അവന്‍ സമാധാനവും ഐശ്വര്യവും കൈവരുത്തും.

5

അസ്സീറിയാക്കാര്‍ നമ്മെ ആക്രമിക്കുകയും നമ്മുടെ മണ്ണില്‍ കാലുകുത്തുകയും ചെയ്യുമ്പോള്‍ അവരെ നേരിടാന്‍ ശക്തരായ അനേകം ഇടയന്മാരെയും പ്രഭുക്കന്മാരെയും നമ്മള്‍ അണിനിരത്തും.

6 അവര്‍ വാളുകൊണ്ട് അസ്സീറിയാദേശത്തെയും ഊരിപ്പിടിച്ച വാളുകൊണ്ട് നിമ്രോദ്‍ദേശത്തെയും ഭരിക്കും. അസ്സീറിയാക്കാര്‍ നമ്മുടെ ദേശത്തു പ്രവേശിച്ച് അതിര്‍ത്തിയില്‍ കാലു കുത്തുമ്പോള്‍ അവരുടെ കൈയില്‍നിന്ന് അവര്‍ നമ്മെ വിടുവിക്കും.

7

ഇസ്രായേലില്‍ ശേഷിച്ചിരിക്കുന്നവര്‍ ജനതകള്‍ക്കിടയില്‍ സര്‍വേശ്വരന്‍ അയയ്‍ക്കുന്ന മഞ്ഞുപോലെയും മനുഷ്യനുവേണ്ടി കാത്തു നില്‌ക്കുകയോ തങ്ങി നില്‌ക്കുകയോ ചെയ്യാതെ പുല്‍പ്പുറത്തു വര്‍ഷിക്കുന്ന മഴപോലെയും ആയിരിക്കും.

8 ഇസ്രായേലില്‍ അവശേഷിക്കുന്നവര്‍ വന്യമൃഗങ്ങള്‍ക്കിടയില്‍ സിംഹം എന്നപോലെയും ആട്ടിന്‍പറ്റങ്ങള്‍ക്കിടയില്‍ യുവസിംഹംപോലെയും ആകും. അതു ചവുട്ടിമെതിച്ചും കടിച്ചുകീറിയും കടന്നുപോകും. അതിന്‍റെ പിടിയില്‍നിന്നു വിടുവിക്കാന്‍ ആരും ഉണ്ടായിരിക്കുകയില്ല.

9 നിന്‍റെ കൈ വൈരികള്‍ക്കു മീതെ ഉയര്‍ന്നിരിക്കും; നിന്‍റെ സര്‍വശത്രുക്കളും ഛേദിക്കപ്പെടും.

10

അന്നു നിന്‍റെ കുതിരകളെ ഛേദിച്ചുകളയുമെന്നും നിന്‍റെ രഥങ്ങളെ നശിപ്പിച്ചുകളയുമെന്നും സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

11 ഞാന്‍ നിന്‍റെ നഗരങ്ങള്‍ നശിപ്പിക്കുകയും നിന്‍റെ കോട്ടകള്‍ ഇടിച്ചുനിരത്തുകയും ചെയ്യും.

12 നിന്‍റെ ക്ഷുദ്രപ്രയോഗങ്ങള്‍ക്കു ഞാന്‍ അറുതിവരുത്തും. ശകുനം നോക്കി പ്രവചിക്കാന്‍ ഇനിമേല്‍ നിനക്ക് ആരും ഉണ്ടായിരിക്കുകയില്ല.

13 നിങ്ങളുടെ വിഗ്രഹങ്ങളും സ്തംഭങ്ങളും ഞാന്‍ തകര്‍ത്തുകളയും. നിങ്ങളുടെ കൈപ്പണിയായ വിഗ്രഹങ്ങളെ നിങ്ങള്‍ ഇനിമേല്‍ നമസ്കരിക്കുകയില്ല.

14 അശേരാപ്രതിഷ്ഠകള്‍ നിങ്ങളുടെ ഇടയില്‍നിന്നു ഞാന്‍ പിഴുതുകളയും, നിങ്ങളുടെ നഗരങ്ങള്‍ നശിപ്പിച്ചു കളയുകയും ചെയ്യും.

15 എന്നെ അനുസരിക്കാത്ത ജനതകളുടെമേല്‍ ഉഗ്രകോപം പൂണ്ട് അവര്‍ കേട്ടിട്ടില്ലാത്തവിധം ഞാന്‍ പ്രതികാരം ചെയ്യും.

6

1

സര്‍വേശ്വരന്‍റെ വാക്കു ശ്രദ്ധിക്കുവിന്‍, സര്‍വേശ്വരാ, ഇസ്രായേലിനെതിരെയുള്ള അവിടുത്തെ പരാതികള്‍ അറിയിച്ചാലും. ഗിരികളും പര്‍വതങ്ങളും അവിടുത്തെ ശബ്ദം കേള്‍ക്കട്ടെ.

2 ഗിരികളേ, ഭൂമിയുടെ ശാശ്വതാടിസ്ഥാനങ്ങളേ, സര്‍വേശ്വരന്‍റെ വാദം കേള്‍ക്കുവിന്‍; അവിടുത്തേക്കു തന്‍റെ ജനത്തിനെതിരെ ഒരു വ്യവഹാരം ഉണ്ട്. ഇസ്രായേലിനെതിരെ അവിടുന്നു കുറ്റം ഉന്നയിക്കാന്‍ പോകുന്നു.

3

“എന്‍റെ ജനമേ, ഞാന്‍ നിങ്ങളോട് എന്തു ചെയ്തു? ഏതുവിധം ഞാന്‍ നിങ്ങളെ വിഷമിപ്പിച്ചു?”

4 ഈജിപ്തില്‍നിന്നു ഞാന്‍ നിങ്ങളെ വിടുവിച്ചു കൊണ്ടുവന്നു; അടിമത്തത്തില്‍നിന്നു ഞാന്‍ നിങ്ങളെ വീണ്ടെടുത്തു; നിങ്ങളെ നയിക്കാന്‍ മോശയെയും അഹരോനെയും മിര്യാമിനെയും ഞാന്‍ അയച്ചു.

5 എന്‍റെ ജനമേ, മോവാബുരാജാവായ ബാലാക്ക് ആലോചിച്ചതും ബെയോരിന്‍റെ പുത്രനായ ബിലെയാം അവനു നല്‌കിയ മറുപടിയും ഓര്‍മിക്കുക. ശിത്തീംമുതല്‍ ഗില്ഗാല്‍വരെ സംഭവിച്ചതും ഓര്‍ക്കുക. അങ്ങനെ സര്‍വേശ്വരന്‍റെ രക്ഷാകരമായ പ്രവൃത്തികള്‍ നിങ്ങള്‍ ഗ്രഹിക്കുവിന്‍.

6

ഞാന്‍ സര്‍വേശ്വരന്‍റെ സന്നിധിയില്‍ എന്തു കാഴ്ചയുമായാണ് വരേണ്ടത്? അത്യുന്നതനായ ദൈവത്തിന്‍റെ മുമ്പില്‍ ഞാന്‍ എങ്ങനെയാണ് കുമ്പിടേണ്ടത്? ഹോമയാഗത്തിന് ഒരു വയസ്സു പ്രായമുള്ള കാളക്കിടാക്കളോടുകൂടി തിരുസന്നിധിയില്‍ ഞാന്‍ ചെല്ലണമോ?

7 ആയിരക്കണക്കിനു മുട്ടാടുകളിലും പതിനായിരക്കണക്കിനു തൈലനദികളിലും അവിടുന്നു പ്രസാദിക്കുമോ? എന്‍റെ അതിക്രമങ്ങള്‍ക്കുവേണ്ടി എന്‍റെ ആദ്യജാതനെ, എന്‍റെ പാപങ്ങള്‍ക്കുവേണ്ടി എന്‍റെ ഉദരഫലത്തെ തന്നെ നല്‌കണമോ?

8 മനുഷ്യാ, നല്ലത് എന്തെന്ന് അവിടുന്നു നിനക്കു കാണിച്ചു തന്നിരിക്കുന്നു; നീതി പ്രവര്‍ത്തിക്കുക, സുസ്ഥിരസ്നേഹം കാണിക്കുക, ദൈവത്തിന്‍റെ സന്നിധിയില്‍ വിനീതനായി നടക്കുക, ഇതല്ലാതെ മറ്റെന്താണ് അവിടുന്ന് ആവശ്യപ്പെടുന്നത്?

9

സര്‍വേശ്വരന്‍ നഗരത്തോടു വിളിച്ചു പറയുന്നു: അവിടുത്തെ നാമത്തെ ഭയപ്പെടുകയാണു യഥാര്‍ഥ ജ്ഞാനം. ജനനേതാക്കളേ, നഗരസഭയേ, കേള്‍ക്കുവിന്‍.

10 ദുഷ്ടരുടെ ഭവനങ്ങളിലെ അന്യായസമ്പാദ്യങ്ങളും ശപിക്കപ്പെട്ട കള്ളഅളവുകളും ഞാന്‍ എങ്ങനെ മറക്കും?

11 കള്ളത്തുലാസും കള്ളക്കട്ടികളുള്ള സഞ്ചിയും കൈവശമുള്ളവനെ കുറ്റമറ്റവനായി ഞാന്‍ എണ്ണുമോ?

12 നിന്‍റെ സമ്പന്നര്‍ അക്രമാസക്തരാണ്. നിന്നില്‍ നിവസിക്കുന്നവര്‍ വ്യാജം സംസാരിക്കുന്നു; അവരുടെ നാവു വഞ്ചന നിറഞ്ഞത്.

13 അതിനാല്‍ ഞാന്‍ നിന്നെ കഠിനമായി ദണ്ഡിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. നിന്‍റെ പാപം നിമിത്തം ഞാന്‍ നിന്നെ ശൂന്യമാക്കും.

14 നീ ഭക്ഷിക്കും; തൃപ്തി വരികയില്ല; നിന്‍റെ വിശപ്പ് അടങ്ങുകയുമില്ല. നീ നീക്കിവയ്‍ക്കും; എന്നാല്‍ ഒന്നും നേടുകയില്ല; നിന്‍റെ സമ്പാദ്യം ഞാന്‍ വാളിന് ഏല്പിച്ചുകൊടുക്കും.

15 നീ വിതയ്‍ക്കും; കൊയ്യുകയില്ല. നീ ഒലിവുകായ് ആട്ടും; എണ്ണ തേക്കുകയില്ല; മുന്തിരിപ്പഴം ആട്ടും; പക്ഷേ വീഞ്ഞു കുടിക്കുകയില്ല.

16 കാരണം നീ ഒമ്രിയുടെ ചട്ടങ്ങള്‍ പാലിച്ചു; ആഹാബുവംശത്തിന്‍റെ പ്രവര്‍ത്തികളെല്ലാം പ്രമാണമാക്കി, അവരുടെ ഉപദേശം അനുസരിച്ചു നടന്നു. അതുകൊണ്ടു ഞാന്‍ നിന്നെ ശൂന്യമാക്കും; നിന്നില്‍ നിവസിക്കുന്നവരെ പരിഹാസവിഷയമാക്കും. അങ്ങനെ നീ ജനതകളുടെ നിന്ദാപാത്രമാകും.

7

1

എനിക്ക് ഹാ ദുരിതം! ഗ്രീഷ്മകാലത്തെ വിളവെടുപ്പ് കഴിഞ്ഞ്, മുന്തിരിപ്പഴം പറിച്ചശേഷം, കാലാപെറുക്കാന്‍ എത്തിയവനെപ്പോലെ ആയിരിക്കുന്നു ഞാന്‍. തിന്നാന്‍ ഒരു മുന്തിരിപ്പഴവും ഇല്ല; ഞാന്‍ കൊതിക്കുന്ന അത്തിയുടെ ആദ്യഫലവും ഇല്ല.

2 ദൈവഭക്തര്‍ ഭൂമിയില്‍ ഇല്ലാതായി. മനുഷ്യരുടെ ഇടയില്‍ നേരുള്ളവര്‍ ആരും ഇല്ല. എല്ലാവരും രക്തം ചൊരിയാന്‍ പതിയിരിക്കുന്നു; സ്വന്തം സഹോദരനെ വേട്ടയാടാന്‍ അവര്‍ വല വിരിക്കുന്നു.

3 തിന്മ ചെയ്യാന്‍ വിരുതുള്ളവയാണ് അവരുടെ കരങ്ങള്‍. ഭരണാധിപനും ന്യായപാലകനും കൈക്കൂലി ചോദിക്കുന്നു. ഉന്നതന്മാര്‍ തങ്ങളുടെ ദുരാഗ്രഹം വെളിപ്പെടുത്തുന്നു. അവര്‍ ഒത്തുചേര്‍ന്നു പരിപാടി തയ്യാറാക്കുന്നു.

4 അവരില്‍ ഏറ്റവും നല്ലവന്‍ മുള്‍ച്ചെടിക്കു സമം. ഏറ്റവും നേരുള്ളവന്‍ മുള്ളുവേലിക്കു സദൃശം. നിങ്ങളുടെ കാവല്‌ക്കാര്‍ അറിയിച്ച ദിവസം, നിങ്ങളുടെ ശിക്ഷാദിവസം വന്നുകഴിഞ്ഞു. നിങ്ങളുടെ പരിഭ്രാന്തി ആസന്നമായിരിക്കുന്നു.

5 അയല്‍ക്കാരനെ വിശ്വസിക്കരുത്. സ്നേഹിതനെ ആശ്രയിക്കരുത്. നിന്‍റെ മാറോടു ചേര്‍ന്നു ശയിക്കുന്നവളോടുപോലും ഹൃദയംതുറന്നു സംസാരിക്കരുത്.

6 മകന്‍ അപ്പനെ നിന്ദിക്കുന്നു; മകള്‍ അമ്മയെയും മരുമകള്‍ ഭര്‍ത്തൃമാതാവിനെയും എതിര്‍ക്കുന്നു; സ്വന്തം ഭവനത്തിലെ അംഗങ്ങള്‍തന്നെ ഒരുവനു ശത്രുക്കളായിത്തീരുന്നു.

7

എന്നാല്‍ ഞാന്‍ സര്‍വേശ്വരനിലേക്കു കണ്ണുയര്‍ത്തും; എന്‍റെ രക്ഷകനായ ദൈവത്തിനായി കാത്തിരിക്കും; എന്‍റെ ദൈവം എന്‍റെ പ്രാര്‍ഥന കേള്‍ക്കും.

8

എന്‍റെ ശത്രുക്കളേ, നിങ്ങള്‍ എന്നെച്ചൊല്ലി സന്തോഷിക്കേണ്ടാ; ഞാന്‍ വീണാലും എഴുന്നേല്‌ക്കും; ഇരുട്ടില്‍ ഇരുന്നാലും സര്‍വേശ്വരന്‍ എനിക്കു വെളിച്ചമായിരിക്കും.

9 ഞാന്‍ അവിടുത്തേക്കെതിരെ പാപം ചെയ്തു. അതുകൊണ്ട് അവിടുന്ന് എനിക്കുവേണ്ടി വാദിച്ച് ന്യായംപാലിച്ചു തരുന്നതുവരെ അവിടുത്തെ ക്രോധം ഞാന്‍ സഹിക്കും; അവിടുന്ന് എന്നെ പ്രകാശത്തിലേക്കു നയിക്കും. ഞാന്‍ അവിടുത്തെ രക്ഷ കാണും.

10 എന്‍റെ ശത്രു അതുകാണും. “നിന്‍റെ ദൈവമായ സര്‍വേശ്വരന്‍ എവിടെ?” എന്നു ചോദിച്ചവള്‍ ലജ്ജിതയാകും. അപ്പോള്‍ അതുകണ്ട് ഞാന്‍ രസിക്കും. അന്ന് അവള്‍ തെരുവിലെ ചെളിപോലെ ചവുട്ടിത്തേക്കപ്പെടും.

11

നിന്‍റെ മതിലുകള്‍ പണിയുന്ന ദിവസം വരുന്നു. അന്നു നിന്‍റെ അതിര്‍ത്തികള്‍ വിശാലമാകും.

12 അസ്സീറിയാമുതല്‍ ഈജിപ്തുവരെയും ഈജിപ്തുമുതല്‍ നദിവരെയും സമുദ്രംമുതല്‍ സമുദ്രംവരെയും പര്‍വതംമുതല്‍ പര്‍വതംവരെയുമുള്ളവര്‍ അന്നു നിന്‍റെ അടുക്കല്‍ വരും.

13 എന്നാല്‍ ഭൂമി അതിലെ നിവാസികള്‍ നിമിത്തവും അവരുടെ പ്രവൃത്തികളുടെ ഫലം നിമിത്തവും ശൂന്യമായിത്തീരും.

14

ഫലഭൂയിഷ്ഠമായ ദേശത്തിന്‍റെ നടുവിലുള്ള കാട്ടില്‍ (മരുപ്രദേശത്ത്) തനിച്ചു കഴിയുന്ന അങ്ങയുടെ സ്വന്തജനമായ അജഗണത്തെ അവിടുന്നു മേയ്‍ക്കണമേ. പണ്ടെന്നപോലെ അവര്‍ ബാശാനിലും ഗിലെയാദിലും മേഞ്ഞുകൊള്ളട്ടെ.

15 ഈജിപ്തില്‍നിന്നു ഞങ്ങളെ വിമോചിപ്പിച്ച ദിനങ്ങളില്‍ കാണിച്ചതു പോലെയുള്ള അദ്ഭുതങ്ങള്‍ അവിടുന്നു പ്രവര്‍ത്തിച്ചാലും.

16

ജനം അതു കാണുമ്പോള്‍ തങ്ങളുടെ ശക്തിയെക്കുറിച്ച് ലജ്ജിക്കും; അവര്‍ വായ്പൊത്തും; അവരുടെ കാതുകള്‍ അടഞ്ഞുപോകും.

17 അവര്‍ പാമ്പിനെപ്പോലെ, നിലത്തിഴയുന്ന ജീവികളെപ്പോലെ പൂഴി തിന്നും. സുരക്ഷിതമായ ഗുഹകളില്‍നിന്ന് അവര്‍ വിറച്ചുകൊണ്ടു പുറത്തുവരും; അവര്‍ പേടിച്ചു നമ്മുടെ ദൈവമായ സര്‍വേശ്വരന്‍റെ അടുക്കല്‍ വരികയും അവിടുത്തെ നിമിത്തം ഭയപ്പെടുകയും ചെയ്യും.

18

അവശേഷിച്ചിരിക്കുന്നവരായ സ്വന്തജനത്തിന്‍റെ അകൃത്യവും അതിക്രമങ്ങളും അവിടുത്തെപ്പോലെ ക്ഷമിക്കുന്ന മറ്റൊരു ദൈവം ആരുണ്ട്? അവിടുന്ന് എന്നേക്കുമായി കോപം പുലര്‍ത്തുന്നില്ല; തന്‍റെ സുസ്ഥിരസ്നേഹം പ്രകടിപ്പിക്കുന്നതില്‍ അവിടുന്ന് ആനന്ദിക്കുന്നു.

19 നമ്മോട് അവിടുന്നു വീണ്ടും കരുണ കാണിക്കും. നമ്മുടെ അകൃത്യങ്ങളെ അവിടുന്നു ചവുട്ടിത്താഴ്ത്തും. നമ്മുടെ പാപങ്ങളെല്ലാം സമുദ്രത്തിന്‍റെ ആഴത്തിലേക്ക് എറിഞ്ഞുകളയും.

20 പുരാതനകാലം മുതല്‍ക്കേ നമ്മുടെ പിതാക്കന്മാരോടു പ്രതിജ്ഞ ചെയ്തിട്ടുള്ളതുപോലെ അവിടുത്തെ വിശ്വസ്തത യാക്കോബിന്‍റെ വംശത്തോടും അവിടുത്തെ ദയ അബ്രഹാമിന്‍റെ സന്തതികളോടും അവിടുന്നു കാണിക്കും.