1
അമിത്ഥായുടെ പുത്രന്‍ യോനായ്‍ക്ക് ദൈവത്തിന്‍റെ അരുളപ്പാടുണ്ടായി:2 “നീ മഹാനഗരമായ നിനെവേയില്‍ ചെന്ന് അതിനെതിരെ പ്രസംഗിക്കുക. അവരുടെ ദുഷ്ടത എന്‍റെ സന്നിധിയില്‍ എത്തിയിരിക്കുന്നു.”
3 എന്നാല്‍ യോനാ സര്‍വേശ്വരന്‍റെ സന്നിധിയില്‍നിന്ന് തര്‍ശ്ശീശിലേക്ക് ഓടിപ്പോകാന്‍ ഒരുങ്ങി. അയാള്‍ യോപ്പയില്‍ എത്തി; അവിടെ തര്‍ശ്ശീശിലേക്കു പോകുന്ന ഒരു കപ്പല്‍ കണ്ട് യാത്രക്കൂലി കൊടുത്ത് കയറി. അങ്ങനെ സര്‍വേശ്വരന്‍റെ സന്നിധിയില്‍നിന്നു സഹയാത്രികരോടൊത്ത് തര്‍ശ്ശീശിലേക്കു പുറപ്പെട്ടു.
4
എന്നാല്‍ സര്‍വേശ്വരന്‍ കടലില്‍ ഒരു കൊടുങ്കാറ്റ് അടിപ്പിച്ചു. കടല്‍ ക്ഷോഭിച്ചു; കപ്പല്‍ തകര്‍ന്നുപോകുമെന്ന നിലയായി.5 കപ്പലില്‍ ഉള്ളവര്‍ പരിഭ്രാന്തരായി, ഓരോരുത്തരും താന്താങ്ങളുടെ ദൈവത്തെ വിളിച്ചു പ്രാര്‍ഥിച്ചു. കേവുഭാരം കുറയ്‍ക്കാന്‍ കപ്പല്‍ക്കാര്‍ ചരക്കുകള്‍ കടലിലെറിഞ്ഞു. എന്നാല്‍ യോനാ ഈ സമയത്ത് കപ്പലിന്‍റെ അടിത്തട്ടില്‍ സുഖമായി ഉറങ്ങുകയായിരുന്നു.
6 കപ്പിത്താന്‍ അടുത്തുചെന്ന് യോനായെ ഉണര്‍ത്തി ചോദിച്ചു: “ഇതെന്ത്! ഈ സമയത്ത് കിടന്നുറങ്ങുകയോ? എഴുന്നേറ്റു നിങ്ങളുടെ ദൈവത്തെ വിളിച്ചു പ്രാര്‍ഥിക്കൂ. ഒരുവേള ദൈവം കനിവു തോന്നി നമ്മെ രക്ഷിച്ചാലോ.”
7
പിന്നീട് കപ്പലിലുണ്ടായിരുന്നവര്‍ പരസ്പരം പറഞ്ഞു: “വരൂ, ആരു നിമിത്തമാണ് ഈ അനര്‍ഥം നമുക്ക് ഉണ്ടായിരിക്കുന്നതെന്ന് അറിയാന്‍ നറുക്കിട്ടു നോക്കാം.” അങ്ങനെ അവര്‍ നറുക്കിട്ടു. നറുക്കു യോനായ്‍ക്കാണു വീണത്.8 അവര്‍ യോനായോടു ചോദിച്ചു: “ആരു നിമിത്തമാണ് ഈ അനര്‍ഥം ഉണ്ടായതെന്നു താങ്കള്‍തന്നെ പറയുക; താങ്കളുടെ തൊഴിലെന്ത്? എവിടെനിന്നു വരുന്നു? ഏതു രാജ്യക്കാരന്‍? ഏതു ജനതയില്‍പ്പെടുന്നു?”
9 യോനാ മറുപടി പറഞ്ഞു: “ഞാന്‍ ഒരു എബ്രായനാണ്. കടലും കരയും സൃഷ്‍ടിച്ച സ്വര്‍ഗസ്ഥനായ സര്‍വേശ്വരനെ ഞാന്‍ ആരാധിക്കുന്നു.” ദൈവകല്പന ധിക്കരിച്ച് തിരുസന്നിധിയില്‍നിന്നു താന്‍ ഓടിപ്പോകുകയാണെന്നു യോനാ അവരോടു പറഞ്ഞു.
10 അതു കേട്ട് അവര്‍ അത്യന്തം ഭയപ്പെട്ടു. അവര്‍ ചോദിച്ചു: “താങ്കള്‍ ഇങ്ങനെ ചെയ്തതെന്തിന്? താങ്കളോട് എന്തു ചെയ്താല്‍ കടല്‍ ശാന്തമാകും?
11
കടല്‍ക്ഷോഭം അടിക്കടി വര്‍ധിച്ചുകൊണ്ടിരുന്നു.12 യോനാ മറുപടി പറഞ്ഞു: “എന്നെ കടലില്‍ എറിഞ്ഞുകളഞ്ഞാല്‍ അതു ശാന്തമാകും. ഞാന്‍ നിമിത്തമാണ് ഈ കടല്‍ക്ഷോഭം നിങ്ങള്‍ നേരിടുന്നതെന്ന് എനിക്കറിയാം.”
13 യോനാ ഇങ്ങനെ പറഞ്ഞെങ്കിലും കപ്പല്‍ കരയ്‍ക്കടുപ്പിക്കാന്‍ നാവികര്‍ ആഞ്ഞു തണ്ടുവലിച്ചു. പക്ഷേ കടല്‍ വല്ലാതെ ക്ഷോഭിച്ചിരുന്നതിനാല്‍ അവര്‍ക്ക് അതിനു കഴിഞ്ഞില്ല.
14 എല്ലാവരും സര്‍വേശ്വരനോടു നിലവിളിച്ചു പ്രാര്‍ഥിച്ചു: “സര്‍വേശ്വരാ, ഈ മനുഷ്യന്‍റെ ജീവന്‍ നിമിത്തം ഞങ്ങള്‍ നശിച്ചുപോകാന്‍ ഇടയാകരുതേ; നിര്‍ദോഷരക്തത്തിന്‍റെ അപരാധം ഞങ്ങളുടെമേല്‍ വരരുതേ; അവിടുന്ന് ഇച്ഛിച്ചത് അങ്ങു ചെയ്തിരിക്കുന്നു.”
15 പിന്നീട് അവര്‍ യോനായെ എടുത്ത് കടലില്‍ എറിഞ്ഞു. ഉടനെ കടല്‍ ശാന്തമായി, അതുകണ്ട് അവര്‍ സര്‍വേശ്വരനെ അത്യന്തം ഭയപ്പെട്ടു.
16 അവിടുത്തേക്ക് ഒരു യാഗം കഴിക്കുകയും നേര്‍ച്ചകള്‍ നേരുകയും ചെയ്തു.
17
യോനായെ വിഴുങ്ങാന്‍ ഒരു വലിയ മത്സ്യത്തെ സര്‍വേശ്വരന്‍ നിയോഗിച്ചിരുന്നു. യോനാ ആ മത്സ്യത്തിന്‍റെ വയറ്റില്‍ മൂന്നുരാവും മൂന്നുപകലും കഴിഞ്ഞു.1
മത്സ്യത്തിന്‍റെ വയറ്റില്‍ കിടന്നുകൊണ്ട് യോനാ തന്‍റെ ദൈവമായ സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു:2 “അതിദുഃഖത്തോടെ ഞാന്‍ സര്‍വേശ്വരനോടു നിലവിളിച്ചു; അവിടുന്ന് എനിക്ക് ഉത്തരമരുളി. പാതാളഗര്‍ത്തത്തില്‍നിന്നു ഞാന്‍ കരഞ്ഞപേക്ഷിച്ചു; അവിടുന്ന് എന്‍റെ ശബ്ദം കേട്ടു.
3 അവിടുന്ന് എന്നെ കടലിന്‍റെ ആഴത്തിലേക്കെറിഞ്ഞു; സമുദ്രത്തിന്‍റെ അന്തര്‍ഭാഗത്തേക്കുതന്നെ; പ്രവാഹങ്ങള്‍ എന്നെ ചുറ്റി; ഓളങ്ങളും തിരമാലകളും അവിടുന്ന് എന്‍റെ മീതെ അയച്ചു.
4 അപ്പോള്‍ ഞാന്‍ പറഞ്ഞു: “സര്‍വേശ്വരന്‍ എന്നെ പുറന്തള്ളിയിരിക്കുന്നു. ഇനി ഞാന്‍ അവിടുത്തെ വിശുദ്ധമന്ദിരത്തിലേക്ക് എങ്ങനെ നോക്കും?
5 വെള്ളം എന്നെ ഞെരുക്കി; ആഴി എന്നെ പൂര്‍ണമായി ഗ്രസിച്ചു; പര്‍വതങ്ങള്‍ വേരുറപ്പിച്ച ആഴത്തില്‍ ഞാന്‍ താണു; കടല്‍ക്കള എന്നെ പൊതിഞ്ഞു.
6 അഗാധതയിലേക്ക് ഞാന്‍ ഇറങ്ങിച്ചെന്നു; ഭൂമി ഓടാമ്പലിട്ട് എന്നെ അടച്ചുപൂട്ടി. എന്‍റെ ദൈവമായ സര്‍വേശ്വരാ, അങ്ങെന്‍റെ ജീവനെ പാതാളത്തില്‍നിന്നു കരകയറ്റി,
7 എന്‍റെ ആത്മാവ് തളര്‍ന്നപ്പോള്‍ ഞാന്‍ സര്‍വേശ്വരനെ ഓര്‍ത്തു.
8 എന്‍റെ പ്രാര്‍ഥന തിരുസന്നിധിയില്‍ എത്തി. മിഥ്യാവിഗ്രഹങ്ങളെ ഭജിക്കുന്നവര്‍ ദൈവഭക്തി ത്യജിക്കുന്നു;
9 ഞാനോ സ്തോത്രഗാനത്തോടെ അങ്ങേക്ക് യാഗം അര്‍പ്പിക്കും. ഞാന്‍ എന്‍റെ നേര്‍ച്ചകള്‍ നിറവേറ്റും; എന്നാല്‍ രക്ഷയുടെ ഉറവിടം അവിടുന്നു തന്നെ.”
10 സര്‍വേശ്വരന്‍ മത്സ്യത്തോടു കല്പിച്ചു: അതു യോനായെ കരയിലേക്കു ഛര്‍ദിച്ചു.
1
സര്‍വേശ്വരന്‍ വീണ്ടും യോനായോട് അരുളിച്ചെയ്തു:2 “നീ മഹാനഗരമായ നിനെവേയിലേക്കു ചെന്ന് ഞാന്‍ തരുന്ന സന്ദേശം വിളിച്ചറിയിക്കുക.”
3 അങ്ങനെ ദൈവകല്പന അനുസരിച്ച് യോനാ നിനെവേയിലേക്കു പോയി. ഒരറ്റത്തു നിന്നു മറ്റേ അറ്റത്ത് എത്താന്‍ മൂന്നുദിവസം നടക്കേണ്ടത്ര വലിയ നഗരമാണ് നിനെവേ.
4 യോനാ നഗരത്തിലെത്തി ഒരു ദിവസത്തെ വഴി നടന്നു, പിന്നീട് ഇങ്ങനെ വിളിച്ചുപറഞ്ഞു: “നാല്പതു ദിവസം കഴിയുമ്പോള്‍ നിനെവേയ്‍ക്ക് ഉന്മൂലനാശം സംഭവിക്കും.”
5 നിനെവേക്കാര്‍ ദൈവത്തില്‍ വിശ്വസിച്ചു. അവര്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു. വലിയവര്‍തൊട്ടു ചെറിയവര്‍വരെ എല്ലാവരും അനുതാപസൂചകമായി ചാക്കുതുണി ഉടുത്തു.
6
ഈ വാര്‍ത്ത നിനെവേയിലെ രാജാവു കേട്ടു. അദ്ദേഹവും വിനയപൂര്‍വം അനുതപിച്ച് ചാക്കുടുത്തു, ചാരത്തിലിരുന്നു.7 തുടര്‍ന്ന് നിനെവേയില്‍ ഈ വിളംബരം പ്രസിദ്ധപ്പെടുത്തി: “നിനെവേയിലെ രാജാവും പ്രഭുക്കന്മാരും കല്പിക്കുന്നു: മനുഷ്യനാകട്ടെ കന്നുകാലികളാകട്ടെ യാതൊന്നും ഭക്ഷിക്കരുത്. യാതൊരു ജീവിയും തിന്നുകയോ കുടിക്കുകയോ ചെയ്യരുത്.
8 മനുഷ്യരും മൃഗങ്ങളും എല്ലാം ചാക്കുടുത്ത് ഉച്ചത്തില്‍ ദൈവത്തെ വിളിച്ചു പ്രാര്‍ഥിക്കണം; എല്ലാവരും ദുര്‍മാര്‍ഗങ്ങളില്‍നിന്നും അധര്‍മങ്ങളില്‍നിന്നും പിന്തിരിയട്ടെ.”
9 ദൈവം തന്‍റെ മനസ്സുമാറ്റി ക്രോധമടക്കുകയും നാം നശിച്ചുപോകാതെ രക്ഷപെടുകയും ചെയ്യുകയില്ലെന്ന് ആരു കണ്ടു?
10
ദൈവം അവരുടെ ഈ പ്രവൃത്തികളും ദുര്‍വൃത്തികളില്‍നിന്നുള്ള പിന്മാറ്റവും കണ്ടു. അതുകൊണ്ട് മനസ്സുമാറ്റി; അവരുടെമേല്‍ വരുത്താന്‍ നിശ്ചയിച്ച അനര്‍ഥങ്ങള്‍ അയച്ചില്ല.1
ഇത് യോനായ്‍ക്കു തീരെ രസിച്ചില്ല. അദ്ദേഹം രോഷാകുലനായി. യോനാ സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു:2 “എന്‍റെ ദേശത്തുവച്ചു ഞാന്‍ പറഞ്ഞത് ഇതുതന്നെയല്ലേ? അതുകൊണ്ടാണു ഞാന്‍ തര്‍ശ്ശീശിലേക്കു ബദ്ധപ്പെട്ട് ഓടിപ്പോയത്. അവിടുന്ന് അനുകമ്പയുള്ളവനും കാരുണ്യവാനും ക്ഷമിക്കുന്നവനും ശാശ്വതസ്നേഹനിധിയും ശിക്ഷിക്കാതെ മനസ്സലിവു കാട്ടുന്ന ദൈവവുമാണെന്ന് എനിക്കറിയാമായിരുന്നു.
3 അതുകൊണ്ട് സര്‍വേശ്വരാ, ഇപ്പോള്‍ എന്‍റെ ജീവനെ അങ്ങ് എടുത്തുകൊണ്ടാലും; എനിക്ക് ജീവിക്കേണ്ടാ, മരിക്കുന്നതാണ് എനിക്കു നല്ലത്.” അവിടുന്നു യോനായോടു ചോദിച്ചു:
4 “നിന്‍റെ ഈ കോപം ഉചിതമോ?”
5 അനന്തരം യോനാ നിനെവേ വിട്ടുപോയി. നഗരത്തിന്‍റെ കിഴക്കുവശത്ത് ഒരു കുടില്‍ കെട്ടി, നഗരത്തിന് എന്തു ഭവിക്കും എന്നു കാണാന്‍ അതില്‍ പാര്‍ത്തു.
6
സര്‍വേശ്വരന്‍ അവിടെ ഒരു ചെടി മുളപ്പിച്ചു. അതു വളര്‍ന്ന് തണല്‍ നല്‌കിയപ്പോള്‍ യോനായ്‍ക്ക് ആശ്വാസമായി. യോനാ വളരെ സന്തോഷിച്ചു.7 എന്നാല്‍ പിറ്റേന്നു പുലര്‍ച്ചെ ദൈവം നിയോഗിച്ച ഒരു പുഴു ചെടിയെ നശിപ്പിച്ചു. അതു വാടിപ്പോയി.
8 വെയിലായപ്പോള്‍ ദൈവം അത്യുഷ്ണമുള്ള ഒരു കിഴക്കന്‍ കാറ്റ് അടിപ്പിച്ചു. ഉച്ചവെയില്‍ യോനായുടെ തലയില്‍ തട്ടി; തന്നിമിത്തം അദ്ദേഹം വാടിത്തളര്‍ന്നു. മരിച്ചാല്‍മതിയെന്നു യോനാ ഇച്ഛിച്ചു. “എനിക്കു ജീവിക്കേണ്ടാ, മരിക്കുന്നത് എനിക്കു നന്ന്” എന്ന് അദ്ദേഹം പറഞ്ഞു.
9 “ആ ചെടിയെച്ചൊല്ലി നീ കോപിക്കുന്നതു ശരിയോ?” ദൈവം യോനായോടു ചോദിച്ചു. “മരണംവരെ കോപിക്കുന്നതു ശരിതന്നെ” യോനാ മറുപടി പറഞ്ഞു.
10 സര്‍വേശ്വരന്‍ വീണ്ടും അരുളിച്ചെയ്തു: “നീ നടുകയോ നനയ്‍ക്കുകയോ വളര്‍ത്തുകയോ ചെയ്യാതെ ഒരു രാത്രികൊണ്ടു വളര്‍ന്നു മറ്റൊരു രാത്രികൊണ്ടു നശിച്ച ആ ചെടിയോടു നിനക്ക് അനുകമ്പ തോന്നുന്നു അല്ലേ?
11 വിവേകശൂന്യരായ ഒരുലക്ഷത്തി ഇരുപതിനായിരത്തില്‍പരം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നിനെവേയോട് എനിക്ക് അനുകമ്പ തോന്നരുതെന്നോ?”