1

1

തെക്കോവയിലെ ആട്ടിടയരില്‍ ഒരുവനായ ആമോസിന് ഇസ്രായേലിനെക്കുറിച്ചു ലഭിച്ച ദൈവത്തിന്‍റെ അരുളപ്പാട്: ഉസ്സീയാ യെഹൂദ്യയിലും യോവാശിന്‍റെ പുത്രനായ യെരോബയാം ഇസ്രായേലിലും വാണിരുന്ന കാലത്തുണ്ടായ ഭൂകമ്പത്തിനു രണ്ടു വര്‍ഷം മുമ്പായിരുന്നു ഈ അരുളപ്പാടു ലഭിച്ചത്.

2

ആമോസ് പറഞ്ഞു: “സര്‍വേശ്വരന്‍ സീയോനില്‍നിന്നു ഗര്‍ജിക്കും; അവിടുത്തെ ശബ്ദം യെരൂശലേമില്‍നിന്നു മുഴങ്ങും; മേച്ചില്‍സ്ഥലങ്ങള്‍ ഉണങ്ങും. കര്‍മ്മേലിന്‍റെ കൊടുമുടി വാടിക്കരിയും.”

3

സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ദമാസ്കസ്നിവാസികളുടെ നിരന്തരപാപങ്ങള്‍നിമിത്തം ഞാന്‍ അവരെ ശിക്ഷിക്കാതെ വിടുകയില്ല. ഗിലെയാദ്നിവാസികളെ അവര്‍ ഇരുമ്പു മെതിയന്ത്രം കൊണ്ടെന്നപോലെ പീഡിപ്പിച്ചുവല്ലോ.

4 ഹസായേല്‍വംശത്തെ ഞാന്‍ നശിപ്പിക്കും. അതുകൊണ്ട് ബെന്‍-ഹദദിന്‍റെ കോട്ടകളെ ഞാന്‍ ചുട്ടെരിക്കും.”

5 “ദമാസ്കസിന്‍റെ നഗരവാതിലുകള്‍ ഞാന്‍ തകര്‍ക്കും; ആവെന്‍താഴ്വരയിലുള്ളവരെ നശിപ്പിക്കും. ഏദന്‍ഗൃഹത്തില്‍ ചെങ്കോലാണ്ടവനെ ഞാന്‍ ഛേദിച്ചുകളയും, സിറിയാക്കാര്‍ പ്രവാസികളായി കീറിലേക്കു പോകും. ഇതു സര്‍വേശ്വരന്‍റെ വചനം.

6

സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഗസ നിവാസികളുടെ നിരന്തരപാപങ്ങളുടെ പേരില്‍ ഞാന്‍ അവരെ ശിക്ഷിക്കാതെ വിടുകയില്ല.

7 അവര്‍ ഒരു ജനതയെ മുഴുവന്‍ എദോമിന് അടിമപ്പെടുത്തിയതുമൂലം ഗസയില്‍ ഞാന്‍ തീ വര്‍ഷിച്ച് അതിന്‍റെ കോട്ടകള്‍ ചുട്ടെരിക്കും.

8 അസ്തോദ്നിവാസികളെ ഞാന്‍ നശിപ്പിക്കും. അസ്കലോന്‍രാജാവിനെ ഉന്മൂലനം ചെയ്യും. എക്രോനെതിരെ ഞാന്‍ കൈ ഉയര്‍ത്തും; ഫെലിസ്ത്യരില്‍ ശേഷിച്ചവര്‍ നശിച്ചുപോകും.” ഇതു സര്‍വേശ്വരന്‍റെ വചനം.

9

സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ സോര്‍ നിവാസികളുടെ നിരന്തരപാപങ്ങള്‍ നിമിത്തം ഞാന്‍ അവരെ ശിക്ഷിക്കാതെ വിടുകയില്ല. സാഹോദര്യത്തിന്‍റെ ഉടമ്പടി വിസ്മരിച്ച് ഒരു ജനതയെ മുഴുവന്‍ എദോമിന് അടിമപ്പെടുത്തിയ

10 സോരിന്‍റെ മതിലുകളെ ഞാന്‍ ഭസ്മീകരിക്കും. ഇതു സര്‍വേശ്വരന്‍റെ വചനം.”

11

സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “എദോമ്യരുടെ നിരവധി പാപങ്ങള്‍ നിമിത്തം ഞാന്‍ അവരെ ശിക്ഷിക്കാതെ വിടുകയില്ല. അവര്‍ സഹോദരന്മാരെ നിഷ്കരുണം വാളോങ്ങി പിന്തുടര്‍ന്നു; അവരുടെ കോപം കെട്ടടങ്ങാതെ ജ്വലിച്ചുകൊണ്ടേയിരുന്നു.

12 അതുകൊണ്ടു തേമാനിന്മേല്‍ ഞാന്‍ അഗ്നി വര്‍ഷിക്കും; ബൊസ്രയിലെ കോട്ടകള്‍ ഭസ്മീകരിക്കും.”

13

സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “അമ്മോന്യരുടെ നിരന്തരപാപങ്ങള്‍ നിമിത്തം ഞാന്‍ അവരെ ശിക്ഷിക്കാതെ വിടുകയില്ല. രാജ്യം വിസ്തൃതമാക്കാന്‍ യുദ്ധം ചെയ്തപ്പോള്‍ അവര്‍ ഗിലെയാദിലെ ഗര്‍ഭിണികളെപ്പോലും പിളര്‍ന്നുകളഞ്ഞു.

14 അതുകൊണ്ട് രബ്ബാനഗരത്തിന്‍റെ കോട്ടകള്‍ക്കു ഞാന്‍ തീ കൊളുത്തും; യുദ്ധകോലാഹലത്തിന്‍റെയും ചുഴലിക്കാറ്റിന്‍റെയും ഉഗ്രതയോടെ അവ കത്തിയെരിയും.

15 അവരുടെ രാജാവ് തന്‍റെ പ്രഭുക്കന്മാരോടൊത്ത് പ്രവാസത്തിലേക്കു പോകുന്നു. ഇതു സര്‍വേശ്വരന്‍റെ വചനം.”

2

1

സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: മോവാബ്യരുടെ നിരന്തരപാപം നിമിത്തം ഞാന്‍ അവരെ ശിക്ഷിക്കാതെ വിടുകയില്ല. “എദോംരാജാവിന്‍റെ അസ്ഥികള്‍ അവര്‍ ചുട്ടെരിച്ചല്ലോ.

2 അതുകൊണ്ട് മോവാബ്യരുടെമേല്‍ ഞാന്‍ തീ വര്‍ഷിച്ചു കെരിയോത്തിന്‍റെ കോട്ടകളെ ദഹിപ്പിക്കും. മോവാബ്യര്‍ യുദ്ധകോലാഹലത്തിനിടയില്‍ നശിക്കും;

3 അവരുടെ രാജാവിനെയും പ്രഭുക്കന്മാരെയും ഞാന്‍ നശിപ്പിക്കും. ഇതു സര്‍വേശ്വരന്‍റെ വചനം.”

4

സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “യെഹൂദാനിവാസികളുടെ നിരന്തരപാപം നിമിത്തം ഞാന്‍ അവരെ ശിക്ഷിക്കാതെ വിടുകയില്ല. അവര്‍ സര്‍വേശ്വരന്‍റെ ധര്‍മശാസ്ത്രം തിരസ്കരിച്ച്, അവരുടെ പൂര്‍വികരുടെ വ്യാജദേവന്മാരെ അനുസരിച്ചല്ലോ.

5 അതുകൊണ്ട് യെഹൂദ്യരുടെമേല്‍ തീ വര്‍ഷിപ്പിച്ച് യെരൂശലേമിന്‍റെ കോട്ടകളെ ഞാന്‍ ദഹിപ്പിക്കും.”

6

സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഇസ്രായേലിന്‍റെ നിരന്തരപാപം നിമിത്തം ഞാന്‍ അവരെ ശിക്ഷിക്കാതെ വിടുകയില്ല. അവര്‍ നിര്‍ദോഷികളെ പണത്തിനും ദരിദ്രരെ ഒരു ജോഡി ചെരുപ്പിനും വിറ്റുകളയുന്നു. അവര്‍ എളിയവരെ ചവുട്ടിമെതിക്കുന്നു;

7 അവര്‍ പീഡിതര്‍ക്കു നീതി നിരസിക്കുന്നു. അപ്പനും മകനും ഒരേ യുവതിയെ പ്രാപിച്ച് എന്‍റെ വിശുദ്ധനാമം മലിനപ്പെടുത്തുന്നു.

8 പണയം വാങ്ങിയ വസ്ത്രം വിരിച്ച് അവര്‍ യാഗപീഠത്തിനടുത്ത് അന്തിയുറങ്ങുന്നു; പിഴയായി ഈടാക്കിയ വീഞ്ഞ് ദേവാലയത്തില്‍വച്ച് കുടിക്കുന്നു.

9

[9,10] ഞാന്‍ നിങ്ങളെ ഈജിപ്തില്‍നിന്നു പുറപ്പെടുവിച്ചു; നാല്പതു വര്‍ഷം മരുഭൂമിയിലൂടെ നയിച്ചു. അമോര്യരുടെ ദേശം നിങ്ങള്‍ക്കു സ്വന്തമാക്കി തന്നു. ആ മല്ലന്മാരെ ഞാന്‍ ഉന്മൂലനം ചെയ്തു; ദേവദാരുക്കളെപ്പോലെ ഉയരവും കരുവേലകംപോലെ ശക്തിയുള്ളവരുമായ അവരെ ഞാന്‍ നശിപ്പിച്ചു.

10

11 ഇസ്രായേല്‍ജനമേ, പറയൂ, ഞാന്‍ നിങ്ങളില്‍നിന്നു പ്രവാചകരെയും നാസീര്‍വ്രതസ്ഥരെയും ഉയര്‍ത്തിയില്ലേ?

12 എന്നിട്ടും നിങ്ങള്‍ അവരോട് എന്തു ചെയ്തു? നാസീര്‍വ്രതസ്ഥരെ നിങ്ങള്‍ മത്തരാക്കിയില്ലേ? പ്രവാചകന്മാരെ നിങ്ങള്‍ വിലക്കിയില്ലേ?

13

കറ്റ നിറച്ച വണ്ടി മണ്ണിലമരുമ്പോലെ നിങ്ങളെ ഞാന്‍ അമര്‍ത്തിക്കളയും. നിങ്ങളുടെ യുദ്ധവീരന്മാര്‍ രക്ഷപെടുകയില്ല.

14 അതിവേഗം ഓടുന്നവനും രക്ഷപെടാനാവില്ല, ബലവാന്മാരുടെ ശക്തി ക്ഷയിച്ചുപോകും.

15 വില്ലാളിവീരന്‍ ഉറച്ചു നില്‌ക്കയില്ല. വേഗത്തില്‍ ഓടുന്നവന്‍ രക്ഷപെടുകയില്ല. കുതിരപ്പുറത്തു പായുന്ന യോദ്ധാവിനും തന്‍റെ ജീവന്‍ രക്ഷിക്കാനാവില്ല.

16 ധീരനായ യോദ്ധാവുപോലും ആ ദിവസം ആയുധം ഉപേക്ഷിച്ചു പലായനം ചെയ്യും. ഇതു സര്‍വേശ്വരന്‍റെ വചനം.

3

1

ഇസ്രായേല്യരേ, ഈജിപ്തില്‍നിന്നു മോചിപ്പിച്ചുകൊണ്ടുവന്ന സര്‍വേശ്വരന്‍ നിങ്ങള്‍ക്കെതിരെ അരുളിച്ചെയ്യുന്നതു ശ്രദ്ധിക്കുവിന്‍:

2 “ഭൂമിയിലെ സകല വംശങ്ങളില്‍നിന്ന് നിങ്ങളെ മാത്രം ഞാന്‍ സ്വന്തമായി തിരഞ്ഞെടുത്തു. അതുകൊണ്ട് നിങ്ങളുടെ അപരാധങ്ങള്‍ക്കെല്ലാം ഞാന്‍ നിങ്ങളെ ശിക്ഷിക്കും.

3

മുന്‍കൂട്ടി സമ്മതിക്കാതെ രണ്ടുപേര്‍ ഒന്നിച്ചു നടക്കുമോ?

4 ഇരകിട്ടാതെ സിംഹം വനത്തില്‍ ഗര്‍ജിക്കുമോ? യുവസിംഹം വൃഥാ ഗുഹയില്‍നിന്നു ശബ്ദം പുറപ്പെടുവിക്കുമോ?

5 വല വിരിക്കാതെ പക്ഷി അകപ്പെടുമോ? ഒന്നും അകപ്പെടാതെ കെണി നിലത്തുനിന്നു പൊങ്ങുമോ?

6 കാഹളം മുഴങ്ങിയാല്‍ നഗരവാസികള്‍ ഭയപ്പെടാതിരിക്കുമോ?

7 സര്‍വേശ്വരന്‍ അയയ്‍ക്കാതെ പട്ടണത്തിന് അനര്‍ഥം ഭവിക്കുമോ? തന്‍റെ സന്ദേശവാഹകരായ പ്രവാചകരെ അറിയിക്കാതെ, സര്‍വേശ്വരന്‍ എന്തെങ്കിലും പ്രവര്‍ത്തിക്കുമോ?

8 സിംഹം ഗര്‍ജിച്ചാല്‍ ആര്‍ ഭയപ്പെടാതിരിക്കും? സര്‍വേശ്വരനായ ദൈവം അരുളിച്ചെയ്യുമ്പോള്‍ പ്രവാചകന്‍ മൗനം പാലിക്കുമോ?

9

ഈജിപ്തിലെയും അസ്സീറിയായിലെയും നഗരവാസികളോട് ഇങ്ങനെ പ്രഖ്യാപിക്കുക. ശമര്യാമലകളില്‍ ഒരുമിച്ചുചെന്ന് അവിടെ നടക്കുന്ന അധര്‍മവും പീഡനങ്ങളും കാണുക. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു:

10 “അവരുടെ നഗരങ്ങളില്‍ പെരുത്ത അക്രമവും കവര്‍ച്ചയും നടക്കുന്നു. ധര്‍മം അനുഷ്ഠിക്കാന്‍ അവര്‍ക്ക് അറിഞ്ഞുകൂടാ.

11 അതുകൊണ്ട് ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഒരു ശത്രു ദേശം വളയും. നിങ്ങളുടെ പ്രതിരോധം തകര്‍ത്ത് കോട്ട കൊള്ളയടിക്കും.”

12

സിംഹത്തിന്‍റെ വായില്‍നിന്ന് ആടിന്‍റെ കാലുകളോ ചെവിയോ ഇടയന്‍ വലിച്ചെടുക്കുംപോലെ, ശമര്യയില്‍ സുഖജീവിതം നയിക്കുന്ന ഒരു ചെറുഗണം മാത്രം അവശേഷിക്കും. ദൈവമായ സര്‍വേശ്വരന്‍, സര്‍വശക്തനായ ദൈവംതന്നെ അരുളിച്ചെയ്യുന്നു:

13 “ഈ മുന്നറിയിപ്പ് ശ്രദ്ധിച്ചു കേട്ട് ഇസ്രായേല്യരെ അറിയിക്കുക.

14 അവരുടെ അധര്‍മങ്ങള്‍ക്കുള്ള ശിക്ഷയായി ബെഥേലിലെ ബലിപീഠങ്ങള്‍ ഞാന്‍ തകര്‍ക്കും. ശീതകാല വസതിയും ഉഷ്ണകാല വസതിയും ഞാന്‍ തരിപ്പണമാക്കും. അതിന്‍റെ കൊമ്പുകള്‍ ഒടിഞ്ഞു നിലത്തുവീഴും. ദന്തമന്ദിരങ്ങള്‍ നശിച്ചുപോകും. മഹാസൗധങ്ങള്‍ ഇല്ലാതെയാകും.” ഇതു സര്‍വേശ്വരന്‍റെ വചനം.

4

1

ബാശാന്‍ പശുക്കളേ, ശമര്യയിലെ തടിച്ചുകൊഴുത്ത സ്‍ത്രീകളേ, ശ്രദ്ധിക്കുക: നിങ്ങള്‍ എളിയവരെ പീഡിപ്പിക്കുന്നു; ദരിദ്രരെ ഞെരുക്കുന്നു; നിങ്ങള്‍ക്കു മദ്യം കൊണ്ടുവരാന്‍ ഭര്‍ത്താക്കന്മാരോട് ആജ്ഞാപിക്കുന്നു.

2 സര്‍വേശ്വരനായ ദൈവം തന്‍റെ വിശുദ്ധിയെ സാക്ഷിയാക്കി പറയുന്നു: “നിങ്ങളെ ഒന്നടങ്കം ചൂണ്ടയില്‍ കൊളുത്തി വലിച്ചു കൊണ്ടുപോകുന്ന ദിനം വരുന്നു;

3 മതിലിലെ വിടവുകളിലൂടെ നിങ്ങളെ ഓരോരുത്തരെയായി പുറത്താക്കി ഹര്‍മ്മോനിലേക്ക് എറിഞ്ഞുകളയും.” ഇതു സര്‍വേശ്വരന്‍റെ വചനം.

4

“ബെഥേലിലും ഗില്‍ഗാലിലും ചെന്നു നിങ്ങള്‍ പാപം പെരുപ്പിക്കുന്നു. പ്രഭാതം തോറും നിങ്ങള്‍ വഴിപാടുകള്‍ അര്‍പ്പിക്കുന്നു; മൂന്നുനാള്‍ കൂടുമ്പോള്‍ ദശാംശങ്ങള്‍ കൊണ്ടുവരുന്നു.

5 പുളിച്ചമാവുകൊണ്ടുള്ള അപ്പം സ്തോത്രയാഗമായി അര്‍പ്പിക്കുന്നു; സ്വമേധാദാനങ്ങള്‍ നല്‌കി സ്വയം പ്രശംസിക്കുന്നു.

6

ഇതിലൊക്കെ ഭ്രമം കാട്ടുന്ന ഇസ്രായേല്യരേ, നിങ്ങളുടെ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “രാജ്യമാകെ ഞാന്‍ ക്ഷാമം വരുത്തിയിട്ടും നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞില്ല.”

7 ഞാന്‍ മഴ മുടക്കി നിങ്ങള്‍ക്കു വിളവില്ലാതെയാക്കി; ഒരു പട്ടണത്തില്‍ ഞാന്‍ മഴ അയച്ചപ്പോള്‍ മറ്റൊന്നില്‍ അയച്ചില്ല; ഒരു നിലത്തിനു മഴ ലഭിച്ചിട്ടും മറ്റൊന്നു വരണ്ടുപോയി.

8 ഒന്നിലേറെ പട്ടണങ്ങളിലെ ജനങ്ങള്‍ കുടിനീരിനായി മറ്റൊരു പട്ടണത്തില്‍ പോയി; പക്ഷേ, മതിയാവോളം കുടിക്കാന്‍ ലഭിച്ചില്ല. എന്നിട്ടും നിങ്ങള്‍ എങ്കലേക്കു മടങ്ങിവന്നില്ല.

9 ഉഷ്ണക്കാറ്റും കീടബാധയും വരുത്തി നിങ്ങളുടെ വിളവുകള്‍ ഞാന്‍ നശിപ്പിച്ചു; നിങ്ങളുടെ കൃഷിയും മുന്തിരിത്തോട്ടവും ഞാന്‍ ഉണക്കിക്കളഞ്ഞു; അത്തിവൃക്ഷങ്ങളും ഒലിവുമരങ്ങളും വെട്ടുക്കിളി തിന്നു തീര്‍ത്തു. എങ്കിലും നിങ്ങള്‍ എങ്കലേക്കു മടങ്ങിവന്നില്ല.”

10 “ഈജിപ്തിലെപ്പോലെ നിങ്ങളുടെ ഇടയിലും ഞാന്‍ ബാധ അയച്ചു; നിങ്ങളുടെ യുവാക്കളെ വാളിനിരയാക്കി; നിങ്ങളുടെ കുതിരകളെ ഞാന്‍ പിടിച്ചുകൊണ്ടുപോയി.

11 സൊദോം-ഗൊമോറയെപ്പോലെ നിങ്ങളില്‍ ചിലരെ ഞാന്‍ നശിപ്പിച്ചു; തീയില്‍നിന്നു വലിച്ചെടുത്ത തീക്കൊള്ളിപോലെ ശേഷിച്ചവര്‍പോലും എങ്കലേക്കു തിരിഞ്ഞില്ല.

12

അതുകൊണ്ട് ഇസ്രായേല്‍ജനമേ, ഞാന്‍ ഇങ്ങനെ നിങ്ങളോടു പ്രവര്‍ത്തിക്കും. നിങ്ങളുടെ ദൈവത്തെ നേരിടാന്‍ ഒരുങ്ങിക്കൊള്ളുക.

13 അവിടുന്നു മലകളെ മെനയുന്നു; കാറ്റുകളെ സൃഷ്‍ടിക്കുന്നു. തിരുഹിതം മനുഷ്യര്‍ക്കു വെളിപ്പെടുത്തുന്നു. അവിടുന്നു പ്രഭാതത്തെ ഇരുട്ടാക്കുന്നു. ഭൂമിയുടെ ഉന്നതങ്ങളില്‍ ചരിക്കുന്നു. സര്‍വശക്തനായ ദൈവം, സര്‍വേശ്വരന്‍ എന്നാകുന്നു അവിടുത്തെ നാമം.

5

1

ഇസ്രായേല്‍ജനമേ, കേള്‍ക്കുക, നിങ്ങളെ പ്രതിയുള്ള ഈ വിലാപഗാനം ശ്രവിക്കുക:

2 “ഇസ്രായേല്‍കന്യക വീണുപോയി; അവള്‍ ഇനി എഴുന്നേല്‌ക്കുകയില്ല. നാട്ടുകാര്‍ അവളെ കൈവെടിഞ്ഞു; അവളെ എഴുന്നേല്പിക്കാന്‍ ആരുമില്ല.”

3 സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ആയിരംപേരെ അണിനിരത്തിയ പട്ടണത്തില്‍ നൂറുപേരും; നൂറുപേരെ അണിനിരത്തിയ പട്ടണത്തില്‍ പത്തുപേര്‍ മാത്രവും ശേഷിക്കും.”

4

സര്‍വേശ്വരന്‍ ഇസ്രായേല്യരോട് അരുളിച്ചെയ്യുന്നു: “എന്നെ അന്വേഷിക്കുക; എന്നാല്‍ നിങ്ങള്‍ ജീവിക്കും.

5 എന്നെ ആരാധിക്കാന്‍ നിങ്ങള്‍ ബെഥേലിലോ, ഗില്‍ഗാലിലോ പോകരുത്; ബേര്‍-ശേബയിലേക്കും കടക്കരുത്. ഗില്‍ഗാല്‍ തീര്‍ച്ചയായും പ്രവാസത്തിലേക്കു പോകും; ബെഥേല്‍ പൂര്‍ണമായി നശിക്കും.”

6 സര്‍വേശ്വരനെ അന്വേഷിക്കുക; എന്നാല്‍ നിങ്ങള്‍ ജീവിക്കും. അല്ലെങ്കില്‍ അവിടുന്ന് അഗ്നിപോലെ ആളിപ്പടര്‍ന്ന് യോസേഫ് ഗൃഹത്തെ നശിപ്പിക്കും, ബെഥേലിനെ ദഹിപ്പിക്കും. ആ അഗ്നി അണയ്‍ക്കാന്‍ ആര്‍ക്കും സാധ്യമാവില്ല.

7 ന്യായത്തെ കയ്പുള്ളതായി മാറ്റുകയും നീതിയെ നിലത്തെറിയുകയും ചെയ്യുന്നവരേ,

8 അവിടുന്നു കാര്‍ത്തിക മകയിര നക്ഷത്രങ്ങളെ സൃഷ്‍ടിച്ചു; കൂരിരുളിനെ പ്രഭാതവും പകലിനെ ഇരുളും ആക്കുന്നു. കടല്‍വെള്ളത്തെ വിളിച്ചുവരുത്തി ഭൂമിയില്‍ മഴ പെയ്യിക്കുന്നു. സര്‍വേശ്വരന്‍ എന്നാണ് അവിടുത്തെ നാമം.

9 അവിടുന്നു ബലവാന്മാര്‍ക്കെതിരെ വിനാശമെന്ന ഇടിവാളയച്ച് അവരുടെ കോട്ടകള്‍ തകര്‍ക്കുന്നു.

10

നഗരകവാടത്തില്‍വച്ചു ന്യായത്തിന്‍റെ പേരില്‍ ശാസിക്കുന്നവനെ നിങ്ങള്‍ ദ്വേഷിക്കുന്നു. പരമാര്‍ഥം പറയുന്നവനെ നിന്ദിക്കുന്നു.

11 ദരിദ്രരെ നിങ്ങള്‍ പീഡിപ്പിക്കുന്നു; അവരുടെ ധാന്യം കവര്‍ച്ച ചെയ്യുന്നു. അതിനാല്‍ നിങ്ങളുടെ രമ്യഹര്‍മ്യങ്ങളില്‍ പാര്‍ക്കാന്‍ നിങ്ങള്‍ക്കിടവരികയില്ല. നിങ്ങള്‍ നട്ടുണ്ടാക്കിയ മനോഹരമായ മുന്തിരിത്തോട്ടങ്ങളിലെ വീഞ്ഞു കുടിക്കാന്‍ നിങ്ങള്‍ക്കിടയാവുകയില്ല.

12 കാരണം, നിങ്ങളുടെ അകൃത്യങ്ങള്‍ എത്ര അധികമെന്നും നിങ്ങളുടെ പാപത്തിന്‍റെ വൈപുല്യം എന്തെന്നും എനിക്കറിയാം. നീതിനിഷ്ഠരെ നിങ്ങള്‍ പീഡിപ്പിക്കുന്നു; കൈക്കൂലി വാങ്ങി എളിയവര്‍ക്കു നീതി നിഷേധിക്കുന്നു.

13 ബുദ്ധിമാനോ, കാലഗതിയോര്‍ത്തു വായടയ്‍ക്കുന്നു.

14

നിങ്ങള്‍ ജീവിച്ചിരിക്കേണ്ടതിനു തിന്മവിട്ട് നന്മ തേടുക; അപ്പോള്‍ നിങ്ങള്‍ അവകാശപ്പെടുന്നതുപോലെ സര്‍വശക്തനായ ദൈവം നിങ്ങളോടൊത്തു വസിക്കും.

15 തിന്മ വെറുക്കുക; നന്മ ഇഷ്ടപ്പെടുക; ന്യായകവാടത്തില്‍ നീതി നടപ്പാക്കുക. അപ്പോള്‍ സര്‍വേശ്വരന്‍, സര്‍വശക്തനായ ദൈവം ഇസ്രായേലില്‍ ശേഷിച്ചിരിക്കുന്നവരോടു കരുണ കാട്ടിയേക്കും.

16

സര്‍വേശ്വരന്‍, സര്‍വശക്തനായ ദൈവം അരുളിച്ചെയ്യുന്നു: “വഴിക്കവലകളില്‍ വിലാപം ഉണ്ടാകും; തെരുവുകളില്‍ മുറവിളി ഉയരും. അവര്‍ വയലില്‍നിന്നു പണിക്കാരെ വിലപിക്കാന്‍ വിളിക്കും. വിലാപം തൊഴിലാക്കിയവരെ അതിനായി നിയോഗിക്കും.

17 ഞാന്‍ നിങ്ങളെ ശിക്ഷിക്കാന്‍ വരുമ്പോള്‍ മുന്തിരിത്തോട്ടങ്ങളിലെല്ലാം കൂട്ടനിലവിളി ഉണ്ടാകും.

18

സര്‍വേശ്വരന്‍റെ ദിവസത്തിനായി കാത്തിരിക്കുന്നവരേ, നിങ്ങള്‍ക്കു ഹാ! ദുരിതം. അന്നു നിങ്ങള്‍ക്കു പ്രകാശമല്ല, കൊടിയ അന്ധകാരമായിരിക്കും ലഭിക്കുക.

19 സിംഹത്തെ ഭയന്നോടുന്നവന്‍ കരടിയുടെ മുമ്പില്‍ ചെന്നു പെടുമ്പോലെയോ വീട്ടിലെത്തുമ്പോള്‍ പതിയിരുന്ന പാമ്പു കടിക്കുംപോലെയോ അന്നു നിങ്ങള്‍ക്ക് അപായം നേരിടും.

20 സര്‍വേശ്വരന്‍റെ ദിവസം വെളിച്ചമല്ല ഇരുളായിരിക്കും. കൊടിയ അന്ധകാരം തന്നെ.

21

നിങ്ങളുടെ ഉത്സവങ്ങളെ ഞാന്‍ വെറുക്കുന്നു; നിങ്ങളുടെ മഹാസഭായോഗങ്ങളില്‍ എനിക്കു പ്രീതിയില്ല.

22 നിങ്ങളുടെ ഹോമയാഗങ്ങളിലും ധാന്യയാഗങ്ങളിലും ഞാന്‍ പ്രസാദിക്കുകയില്ല. സമാധാനയാഗമായി നിങ്ങള്‍ അര്‍പ്പിക്കുന്ന കൊഴുത്ത മൃഗങ്ങളെ ഞാന്‍ തിരിഞ്ഞു നോക്കുകപോലുമില്ല.

23 നിങ്ങളുടെ പാട്ടുകള്‍ നിര്‍ത്തൂ! നിങ്ങളുടെ വീണാനാദം എനിക്കു കേള്‍ക്കേണ്ടാ.

24 ധര്‍മം വെള്ളംപോലെ ഒഴുകട്ടെ; നീതി വറ്റാത്ത അരുവിപോലെ പ്രവഹിക്കട്ടെ.

25

ഇസ്രായേല്‍ജനമേ, മരുഭൂമിയില്‍വച്ച് ആ നാല്പതു വര്‍ഷം നിങ്ങളോടു ഞാന്‍ യാഗമോ വഴിപാടോ ആവശ്യപ്പെട്ടോ?

26 ഇപ്പോളിതാ, നിങ്ങള്‍ സിക്കൂത്ത്‍രാജന്‍റെയും കീയൂന്‍ദേവന്‍റെയും രൂപങ്ങള്‍ നിര്‍മിച്ച് ആ മൂര്‍ത്തികളെ എഴുന്നള്ളിക്കുന്നു!

27 അതിനാല്‍ ഞാന്‍ നിങ്ങളെ ദമാസ്കസിനപ്പുറത്തേക്കു നാടുകടത്തും. ഇതു സര്‍വേശ്വരന്‍റെ വചനം; സര്‍വശക്തനായ ദൈവം എന്നാണ് അവിടുത്തെ നാമം.

6

1

“സീയോനില്‍ സ്വൈരമായും ശമര്യാമലയില്‍ നിര്‍ഭയരായും കഴിയുന്നവരേ, ജനതകളില്‍ പ്രധാനികളേ, ഇസ്രായേല്‍ജനം സഹായം തേടി സമീപിക്കുന്നവരേ, നിങ്ങള്‍ക്കു ഹാ! ദുരിതം.”

2 കല്നെ, ഹമാത്ത്, ഗത്ത് തുടങ്ങിയ വിജാതീയനഗരങ്ങളുടെ ഇന്നത്തെ സ്ഥിതി ചെന്നു നോക്കുക. അവ യെഹൂദായെക്കാളും ഇസ്രായേലിനെക്കാളും മെച്ചമായിരുന്നോ? അവരുടെ ദേശങ്ങള്‍ നിങ്ങളുടെ ദേശത്തെക്കാള്‍ വിശാലമായിരുന്നോ?

3 അവര്‍ക്കുണ്ടായ അനര്‍ഥമൊന്നും നിങ്ങള്‍ക്കുണ്ടാകാന്‍ പോകുന്നില്ല എന്ന ഭാവത്തില്‍ നിങ്ങള്‍ അക്രമം അഴിഞ്ഞാടാന്‍ അനുവദിച്ചിരിക്കയല്ലേ?

4 ദന്തതല്പങ്ങളില്‍ വിശ്രമിക്കുകയും കുഞ്ഞാടുകളുടെയും കാളക്കിടാക്കളുടെയും മാംസം ഭക്ഷിക്കുകയും ചെയ്യുന്ന നിങ്ങള്‍ക്ക് ഹാ! കഷ്ടം.

5 നിങ്ങള്‍ ദാവീദിനെപ്പോലെ സംഗീതം രചിക്കുന്നു; എങ്കിലും നിങ്ങളുടെ സംഗീതം വൃഥാലാപങ്ങള്‍ മാത്രം.

6 ചഷകങ്ങള്‍ നിറയെ നിങ്ങള്‍ വീഞ്ഞു കുടിക്കുകയും വിശിഷ്ടതൈലം പൂശുകയും ചെയ്യുമ്പോള്‍ ഇസ്രായേലിന്‍റെ നാശത്തില്‍ നിങ്ങള്‍ക്കു ദുഃഖമില്ല.

7

ആകയാല്‍ നിങ്ങള്‍തന്നെ ആദ്യം പ്രവാസികളാകും; നിങ്ങളുടെ സുഖജീവിതം അതോടെ നിലയ്‍ക്കും.”

8 സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: അവിടുന്നു സ്വന്തനാമത്തില്‍ ശപഥം ചെയ്യുന്നു: “ഇസ്രായേലിന്‍റെ അഹങ്കാരം ഞാന്‍ വെറുക്കുന്നു, അവരുടെ മണിമാളികകള്‍ എന്നില്‍ അറപ്പുണ്ടാക്കുന്നു. അവരുടെ നഗരങ്ങളെ ഞാന്‍ സമൂലം ശത്രുവിനിരയാക്കും.

9

ഒരു ഭവനത്തില്‍ പത്തു പേര്‍ ശേഷിച്ചിരുന്നാലും അവരെല്ലാം മരിക്കും.

10 അവരുടെ ബന്ധു ശരീരങ്ങള്‍ സംസ്കരിക്കാന്‍ കൊണ്ടുപോകുമ്പോള്‍ ‘ഇനിയും ആരെങ്കിലും ഉണ്ടോ’ എന്നു വിളിച്ചു ചോദിച്ചാല്‍ ‘ഇല്ല’ എന്നു മറുപടി ലഭിക്കും. അപ്പോള്‍ അയാള്‍ പറയും: ‘കഷ്ടം! സര്‍വേശ്വരന്‍റെ നാമം ഉച്ചരിക്കാന്‍പോലും ഇനി ആരുമില്ല.”

11

സര്‍വേശ്വരന്‍ കല്പിക്കുമ്പോള്‍ മാളികകള്‍ പൊട്ടിത്തകരും; കുടിലുകള്‍ തകര്‍ന്നുപോകും.

12 പാറപ്പുറത്ത് കുതിര ഓടുമോ? കടലില്‍ കാള പൂട്ടാനാവുമോ? നിങ്ങളോ, നീതിയെ വിഷമാക്കി മാറ്റി; ധര്‍മത്തെ കയ്പാക്കി.

13 ലോദേബാറും കര്‍നേമും കീഴടക്കാന്‍ കരുത്തര്‍ എന്നു നിങ്ങള്‍ അഹങ്കരിക്കുന്നു.

14 സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഇസ്രായേല്യരേ, നിങ്ങളുടെ നാടു കീഴടക്കാന്‍ ഞാന്‍ ഒരു ജനതയെ അയയ്‍ക്കും. ഹാമാത്ത് മുതല്‍ അരാബായിലെ തോടുവരെ അവര്‍ നിങ്ങളെ പീഡിപ്പിക്കും.

7

1

സര്‍വശക്തനായ സര്‍വേശ്വരന്‍ എനിക്ക് ഇപ്രകാരം ഒരു ദര്‍ശനം അരുളി: “കൊട്ടാരവളപ്പിലെ പുല്ല് അരിഞ്ഞെടുത്തശേഷം വീണ്ടും അതു മുളച്ചു പൊങ്ങിയപ്പോള്‍ സര്‍വേശ്വരന്‍ വെട്ടുക്കിളിപ്പറ്റത്തെ സൃഷ്‍ടിച്ചു.”

2 വെട്ടുക്കിളികള്‍ ദേശത്തുള്ള പച്ചത്തലപ്പെല്ലാം തിന്നു തീര്‍ത്തു. അപ്പോള്‍ ഞാന്‍ ഉണര്‍ത്തിച്ചു: “സര്‍വേശ്വരനായ ദൈവമേ, ഞാനൊന്നു ചോദിക്കട്ടെ: കേവലം നിസ്സാരരായ ഇസ്രായേല്യര്‍ എങ്ങനെ നിലനില്‌ക്കും?”

3 അവിടുന്നു കനിഞ്ഞ് ആ ദര്‍ശനം ഫലിക്കയില്ലെന്ന് അരുളിച്ചെയ്തു.

4

സര്‍വശക്തനായ സര്‍വേശ്വരന്‍ വീണ്ടും എനിക്ക് ഒരു ദര്‍ശനം നല്‌കി. അവിടുന്നു തന്‍റെ ജനത്തെ അഗ്നിയാല്‍ ശിക്ഷിക്കാനൊരുങ്ങുന്നു! അഗ്നി ആഴിയെ വറ്റിച്ചശേഷം ഭൂമിയെ ദഹിപ്പിക്കാന്‍ തുടങ്ങി.

5 അപ്പോള്‍ ഞാന്‍ ഉണര്‍ത്തിച്ചു: “സര്‍വേശ്വരനായ ദൈവമേ, അരുതേ! കേവലം നിസ്സാരരായ ഇസ്രായേല്യര്‍ എങ്ങനെ നിലനില്‌ക്കും?”

6 ഇക്കാര്യത്തിലും അവിടുന്നു കനിഞ്ഞ് അങ്ങനെ സംഭവിക്കയില്ലെന്ന് അരുളിച്ചെയ്തു.

7

അവിടുന്നു മൂന്നാമതും എനിക്ക് ഒരു ദര്‍ശനം നല്‌കി; പണിതുകൊണ്ടിരിക്കുന്ന ഒരു മതിലിനടുത്ത് ഒരു തൂക്കുകട്ടയുമായി സര്‍വേശ്വരന്‍ നില്‌ക്കുന്നു.

8 “ആമോസേ, നീ എന്തു കാണുന്നു?” അവിടുന്നു ചോദിച്ചു. “ഒരു തൂക്കുകട്ട” ഞാന്‍ മറുപടി നല്‌കി. സര്‍വേശ്വരന്‍ വീണ്ടും അരുളിച്ചെയ്തു: “എന്‍റെ ജനമായ ഇസ്രായേലിനെ ഞാന്‍ തൂക്കുകട്ട പിടിച്ചു പരിശോധിച്ചു. അവര്‍ കോട്ടമുള്ള മതില്‍പോലെ കാണപ്പെടുന്നു. ഇനിയും ഞാന്‍ അവരെ ശിക്ഷിക്കാതെ വിടുകയില്ല.

9 യെരോബയാംരാജവംശത്തിനെതിരെ ഞാന്‍ വാളുയര്‍ത്തും. ഇസ്രായേല്യരുടെ പൂജാഗിരികള്‍ നശിച്ചുപോകും. അവരുടെ ആരാധനാമന്ദിരങ്ങള്‍ ശൂന്യമാകും.

10

ബെഥേലിലെ പുരോഹിതനായ അമസ്യാ ഇസ്രായേല്‍രാജാവായ യെരോബയാമിന്‍റെ അടുക്കല്‍ ആളയച്ചു പറഞ്ഞു: “ആമോസ് അങ്ങേക്കെതിരെ ഗൂഢാലോചന നടത്തുന്നു. അയാളുടെ രാജദ്രോഹപരമായ വാക്കുകള്‍ ഇങ്ങനെയാണ്:

11 “യെരോബയാം യുദ്ധത്തില്‍ മരിക്കും; ഇസ്രായേല്യര്‍ പ്രവാസികളായി പോകും.”

12 ആമോസിനോട് അമസ്യാ പറഞ്ഞു: “ഹേ, ദര്‍ശകാ, യെഹൂദ്യയിലേക്കു മടങ്ങിച്ചെന്നു പ്രവചിച്ചുകൊള്ളുക, അതിനു കിട്ടുന്ന കൂലിവാങ്ങി ജീവിച്ചുകൊള്ളുക.

13 ബെഥേലില്‍ ഇനിയും പ്രവചിക്കേണ്ടാ. മുഖ്യ ആരാധനാസ്ഥലമിരിക്കുന്ന ഈ രാജധാനിയില്‍ ഇനി കണ്ടുപോകരുത്!”

14

ആമോസ് മറുപടി പറഞ്ഞു: “ഞാന്‍ പ്രവാചകനല്ല; പ്രവാചകഗണത്തില്‍ പെട്ടവനുമല്ല; അത്തിപ്പഴം പെറുക്കി നടന്ന വെറും ഒരു ആട്ടിടയന്‍.

15 ആ ജോലിയില്‍നിന്നു സര്‍വേശ്വരന്‍ എന്നെ വിളിച്ചു വേര്‍തിരിച്ച്, തന്‍റെ ജനമായ ഇസ്രായേലിനോടു പ്രവചിക്കാന്‍ കല്പിച്ചു.

16 സര്‍വേശ്വരന്‍റെ വാക്കുകള്‍ കേള്‍ക്കൂ, ഇസ്രായേലിനെതിരെ പ്രവചിക്കരുതെന്നല്ലേ നിങ്ങള്‍ പറയുന്നത്.

17 എന്നാല്‍ അവിടുന്ന് ഇങ്ങനെ അരുളിച്ചെയ്യുന്നു: നിന്‍റെ ഭാര്യ നഗരത്തില്‍ വേശ്യയാകും. പുത്രീപുത്രന്മാര്‍ കൊല്ലപ്പെടും; നിന്‍റെ നിലം അന്യര്‍ പകുത്തെടുക്കും. നിന്‍റെ അന്ത്യം പരദേശത്തു വച്ചായിരിക്കും.” ഇസ്രായേല്‍ജനം തീര്‍ച്ചയായും പ്രവാസികളാകും.

8

1

സര്‍വേശ്വരനായ ദൈവം എനിക്കു മറ്റൊരു ദര്‍ശനം നല്‌കി. ഇതാ, ഒരു കൂട പഴം.

2 “നീ എന്തു കാണുന്നു?” സര്‍വേശ്വരന്‍ ചോദിച്ചു. “ഒരു കൂട പഴം” എന്നു ഞാന്‍ പറഞ്ഞു. അപ്പോള്‍ അവിടുന്ന് അരുളിച്ചെയ്തു. “എന്‍റെ ജനമായ ഇസ്രായേല്‍ പഴുത്തു നശിക്കാറായി; ഞാന്‍ അവരെ ശിക്ഷിക്കാതെ വിടുകയില്ല.”

3 അന്നു കൊട്ടാരത്തിലെ സംഗീതം മുറവിളിയായി മാറും. ശവശരീരങ്ങള്‍കൊണ്ടു രാജ്യം നിറയും. എങ്ങും ശ്മശാനമൂകത.

4

[4-6] ഇതു സര്‍വേശ്വരന്‍റെ വചനം! സാധുക്കളെ ചവുട്ടിമെതിച്ചു നശിപ്പിക്കുന്നവരേ, കേള്‍ക്കൂ: അമാവാസി കഴിഞ്ഞിരുന്നെങ്കില്‍ ധാന്യവും ശബത്തു കഴിഞ്ഞിരുന്നെങ്കില്‍ കോതമ്പും വില്‍ക്കാമായിരുന്നു എന്നല്ലേ നിങ്ങള്‍ പറയാറുള്ളത്? അളവിലും തൂക്കത്തിലും മനുഷ്യരെ കബളിപ്പിക്കാനല്ലേ നിങ്ങള്‍ വെമ്പല്‍കൊള്ളുന്നത്? കടം വീട്ടാന്‍ നിവൃത്തിയില്ലാത്ത ദരിദ്രനെ ഒരു ജോഡി ചെരുപ്പിന്‍റെ വിലപോലും മതിക്കാതെ അടിമയായി വാങ്ങാനും കോതമ്പില്‍ പതിരു ചേര്‍ത്തു വില്‍ക്കാനുമല്ലേ നിങ്ങളുടെ മോഹം.”

5

6

7 നിങ്ങളുടെ ഗര്‍വം നിമിത്തം ദൈവമായ സര്‍വേശ്വരന്‍ ശപഥം ചെയ്തിരിക്കുന്നു: “അവരുടെ പ്രവൃത്തികള്‍ നിമിത്തം ഞാന്‍ അവരെ തീര്‍ച്ചയായും ശിക്ഷിക്കും.

8 അപ്പോള്‍ ഭൂമി പ്രകമ്പനംകൊള്ളും. ഭൂവാസികള്‍ വിലപിക്കും, നൈല്‍നദിപോലെ അവര്‍ പൊങ്ങുകയും താഴുകയും ചെയ്യും.”

9

സര്‍വേശ്വരനായ ദൈവം അരുളിച്ചെയ്യുന്നു: “അന്നു സൂര്യന്‍ നട്ടുച്ചയ്‍ക്ക് അസ്തമിക്കും; പട്ടാപ്പകല്‍ ഞാന്‍ ഭൂമിയില്‍ ഇരുട്ടു വരുത്തും.

10 നിങ്ങളുടെ ഉത്സവങ്ങള്‍ വിലാപമായിത്തീരും. തല മുണ്ഡനം ചെയ്തു ചാക്കു തുണിയുടുത്തു നിങ്ങള്‍ വിലപിക്കും. നിങ്ങള്‍ വിലാപഗാനങ്ങള്‍ മാത്രം ആലപിക്കും. ഏക പുത്രന്‍റെ മരണത്തില്‍ വിലപിക്കുന്നവനെപ്പോലെതന്നെ. നിങ്ങള്‍ക്കു ലഭിക്കുന്ന ശിക്ഷ അതികഠിനമായിരിക്കും.

11

സര്‍വേശ്വരനായ ദൈവം അരുളിച്ചെയ്യുന്നു: “ദേശത്തു ഞാന്‍ ക്ഷാമം വരുത്തും, ഭക്ഷണപാനീയങ്ങളുടെ ക്ഷാമമല്ല, ദൈവവചനത്തിന്‍റെ ക്ഷാമംതന്നെ!

12 ദൈവവചനം തേടി അങ്ങോളമിങ്ങോളം ജനം വൃഥാ അലയും.

13 അന്നു സുന്ദരികളായ കന്യകമാരും യുവാക്കളും ദാഹംകൊണ്ടു ബോധംകെട്ടു വീഴും.

14 ദാനിലും ബേര്‍-ശേബയിലുമുള്ള ദേവന്മാരെ ആരാധിക്കുന്നവര്‍ വീണൊടുങ്ങും.

9

1

യാഗപീഠത്തിനരികെ സര്‍വേശ്വരന്‍ നില്‌ക്കുന്നതു ഞാന്‍ കണ്ടു. അവിടുന്നു കല്പിച്ചു: “സ്തംഭങ്ങളുടെ ഉച്ചിയില്‍ ആഞ്ഞടിക്കുക; അവ ആസകലം ഇളകട്ടെ. അവ തകര്‍ന്ന് ആരാധകരുടെമേല്‍ വീഴട്ടെ. അവരില്‍ ശേഷിക്കുന്നവരെ ഞാന്‍ വാളിനിരയാക്കും. ആരും ഓടി രക്ഷപെടുകയില്ല.

2

അവര്‍ പാതാളത്തിലേക്കു തുരന്നിറങ്ങിയാലും ഞാന്‍ അവരെ തിരികെ കൊണ്ടുവരും; ആകാശത്തിലേക്കു കയറിയാലും ഞാന്‍ അവരെ താഴെ ഇറക്കും.

3 കര്‍മ്മേല്‍ഗിരിയില്‍ ഒളിച്ചിരുന്നാലും ഞാന്‍ അവരെ തേടിപ്പിടിക്കും. ആഴിയുടെ അടിത്തട്ടില്‍ അവര്‍ ഒളിച്ചിരുന്നാലും സര്‍പ്പത്തെ അയച്ചു ഞാന്‍ അവരെ കടിപ്പിക്കും.

4 പ്രവാസികളായി പരദേശത്തു പോയാലും ഞാന്‍ അവരെ ശത്രുക്കളുടെ വാളിനിരയാക്കും. നന്മയ്‍ക്കു പകരം അവര്‍ക്കു ഞാന്‍ നാശം വരുത്തും.

5

സര്‍വേശ്വരന്‍, സര്‍വശക്തനായ ദൈവം ഭൂമിയെ ഉരുക്കും. അപ്പോള്‍ ഭൂവാസികള്‍ വിലപിക്കും. എന്‍റെ സ്പര്‍ശനത്താല്‍ നൈല്‍നദിപോലെ അവര്‍ പൊങ്ങുകയോ താഴുകയോ ചെയ്യും.

6 അവിടുന്നു മേഘങ്ങളെക്കൊണ്ടു ഹര്‍മ്യങ്ങള്‍ നിര്‍മിക്കുകയും കടല്‍ജലത്തെ വിളിച്ചു വരുത്തി മഴ പെയ്യിക്കുകയും ചെയ്യുന്നു. സര്‍വേശ്വരന്‍ എന്നാണ് അവിടുത്തെ നാമം.

7

സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ജനമേ, നിങ്ങള്‍ എനിക്ക് എത്യോപ്യരെപ്പോലെ തന്നെ. നിങ്ങളെ ഈജിപ്തില്‍നിന്നും ഫെലിസ്ത്യരെ ക്രീറ്റില്‍നിന്നും സിറിയാക്കാരെ കീറില്‍നിന്നും കൊണ്ടുവന്നതു ഞാന്‍ തന്നെയല്ലേ?

8 എന്‍റെ ദൃഷ്‍ടി പാപംകൊണ്ടു ദുഷിച്ച ഇസ്രായേല്യരുടെമേല്‍ പതിച്ചിരിക്കുന്നു. ഭൂതലത്തില്‍നിന്നു ഞാന്‍ അവരെ നീക്കിക്കളയും; പക്ഷേ, പൂര്‍ണനാശം വരുത്തുകയില്ല. ഇതു സര്‍വേശ്വരന്‍റെ വചനം.

9 ഞാന്‍ കല്പന നല്‌കും; അരിപ്പയില്‍ അരിക്കുന്നതുപോലെ ഇസ്രായേല്യരെ മറ്റു ജനതകളെക്കൊണ്ട് അരിപ്പിക്കും. അവരില്‍ അധമരായവരൊക്കെ നീക്കപ്പെടും.

10 തങ്ങള്‍ക്ക് അനര്‍ഥമുണ്ടാകയില്ലെന്നു വീമ്പടിക്കുന്ന എന്‍റെ ജനത്തിലെ അധര്‍മികള്‍ ആസകലം വാളിനിരയാകും.

11

[11,12] “വീണുപോയ ദാവീദുഗൃഹത്തെ ഞാന്‍ പുനരുദ്ധരിക്കും; അതിന്‍റെ കേടുപാടുകള്‍ പോക്കി പൂര്‍വസ്ഥിതിയിലാക്കും. അപ്പോള്‍ അവര്‍ എദോമിലെയും ചുറ്റുമുള്ള ജനതകളെയും കീഴടക്കി എന്‍റെ ജനത്തിന്‍റെ അതിര്‍ത്തി വിസ്തീര്‍ണമാക്കും. ഇതെല്ലാം ഞാനാണു ചെയ്യുന്നതെന്നു സര്‍വേശ്വരന്‍റെ അരുളപ്പാട്.

12

13

ആ നാളുകള്‍ ഇതാ, അടുത്തു വരുന്നു. കൊയ്തു തീര്‍ക്കാന്‍ കഴിയാത്തവിധം ധാന്യവും വീഞ്ഞാക്കാന്‍ കഴിയാത്തവിധം മുന്തിരിയും വിളയുന്ന കാലം വരുന്നു; അന്നു മലഞ്ചരിവുകളിലൂടെ വീഞ്ഞു ചാലുകളായി ഒഴുകും.

14 അങ്ങനെ എന്‍റെ ജനമായ ഇസ്രായേലിന്‍റെ ഐശ്വര്യം ഞാന്‍ വീണ്ടെടുക്കും. അവര്‍ തകര്‍ന്ന പട്ടണങ്ങള്‍ പുതുക്കിപ്പണിത് അവിടെ പാര്‍ക്കും. മുന്തിരിത്തോട്ടങ്ങള്‍ നട്ടുണ്ടാക്കി വീഞ്ഞു കുടിക്കും. തോട്ടങ്ങള്‍ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും.

15 ഞാന്‍ അവര്‍ക്കു നല്‌കിയ ദേശത്തു വാസമുറപ്പിച്ചശേഷം ആരും അവരെ നിഷ്കാസനം ചെയ്യുകയില്ല. ഇതു നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ വചനം.