1

1

പെഥൂവേലിന്‍റെ പുത്രനായ യോവേലിനു സര്‍വേശ്വരനായ കര്‍ത്താവിന്‍റെ അരുളപ്പാട്:

2

വൃദ്ധജനങ്ങളേ, ഇതു ശ്രദ്ധിക്കുവിന്‍. ദേശനിവാസികളായ സമസ്തജനങ്ങളേ, ചെവിക്കൊള്ളുവിന്‍. നിങ്ങളുടെയോ നിങ്ങളുടെ പൂര്‍വികരുടെയോ കാലത്ത് ഇതുപോലൊന്നു സംഭവിച്ചിട്ടുണ്ടോ?

3 നിങ്ങള്‍ നിങ്ങളുടെ മക്കളോടും നിങ്ങളുടെ മക്കള്‍ അവരുടെ മക്കളോടും അവര്‍ അടുത്ത തലമുറയോടും ഇതേപ്പറ്റി പറയണം.

4 വെട്ടുക്കിളികള്‍ പറ്റമായി വന്നു മൂടുന്നു. അവ ശേഷിപ്പിച്ചതു തുള്ളന്‍ തിന്നുന്നു. തുള്ളന്‍ തിന്നു ശേഷിപ്പിച്ചതു വിട്ടില്‍ തിന്നുന്നു; അവ ശേഷിപ്പിച്ചതു പച്ചപ്പുഴുവും തിന്നുന്നു.

5

മദ്യപരേ, ഉണര്‍ന്നു കരയുവിന്‍, വീഞ്ഞു കുടിക്കുന്നവരേ, മധുരവീഞ്ഞിനെച്ചൊല്ലി വിലപിക്കുവിന്‍. അതു നിങ്ങള്‍ക്കു വിലക്കപ്പെട്ടിരിക്കുന്നുവല്ലോ.

6 എണ്ണമറ്റ ഒരു ജനത നമ്മുടെ ദേശത്തെ ആക്രമിച്ചു; സുശക്തവും അസംഖ്യവുമായ ഒരു പട! സിംഹത്തിന്‍റെ പല്ലുകള്‍പോലെ മൂര്‍ച്ചയേറിയവയാണ് അവയുടെ പല്ലുകള്‍. പെണ്‍സിംഹത്തിന്‍റേതുപോലെ അണപ്പല്ലുകള്‍ അവയ്‍ക്കുണ്ട്.

7 നമ്മുടെ മുന്തിരിവള്ളികള്‍ അവ നശിപ്പിച്ചു; അത്തിമരങ്ങള്‍ ഒടിച്ചുതകര്‍ത്തു. അവയുടെ തൊലി ഉരിഞ്ഞുകളഞ്ഞ് കൊമ്പുകളൊക്കെ വെളുപ്പിച്ചു.

8

യൗവനത്തിലേ ഭര്‍ത്താവു മരിച്ച കന്യകയെപ്പോലെ വിലപിക്കുവിന്‍!

9 ദേവാലയത്തില്‍ ധാന്യയാഗവും പാനീയയാഗവും തീര്‍ത്തും ഇല്ലാതായിരിക്കുന്നു. സര്‍വേശ്വരന്‍റെ ശുശ്രൂഷകരായ പുരോഹിതര്‍ വിലപിക്കുന്നു.

10 വയല്‍ ശൂന്യമായിരിക്കുന്നു. ഭൂമി കേഴുന്നു. ധാന്യം നശിക്കുകയും വീഞ്ഞ് ഇല്ലാതാകുകയും എണ്ണ വറ്റുകയും ചെയ്തിരിക്കുന്നുവല്ലോ.

11 കര്‍ഷകരേ, നടുങ്ങി വിറയ്‍ക്കുവിന്‍. മുന്തിരിത്തോട്ടക്കാരേ, അലമുറയിടുവിന്‍. കോതമ്പിനെയും ബാര്‍ലിയെയും ഓര്‍ത്തു കേഴുവിന്‍. വയലിലെ വിളകളെല്ലാം നശിച്ചുപോയല്ലോ.

12 മുന്തിരിവള്ളി കരിഞ്ഞു. അത്തിമരം ഉണങ്ങി. മാതളം, ഈന്തപ്പന, നാരകം എന്നല്ല ഫലവൃക്ഷങ്ങളെല്ലാം ഉണങ്ങിപ്പോയി. മനുഷ്യരില്‍ നിന്നാകട്ടെ സന്തോഷം വിട്ടകന്നിരിക്കുന്നു.

13

പുരോഹിതരേ, ചാക്കുതുണിയുടുത്തു വിലപിക്കുവിന്‍; യാഗപീഠശുശ്രൂഷകരേ, മുറയിടുവിന്‍. എന്‍റെ ദൈവത്തിന്‍റെ ശുശ്രൂഷകരേ, ചാക്കുടുത്ത് രാത്രി കഴിക്കുവിന്‍. നിങ്ങളുടെ ദൈവത്തിന്‍റെ ആലയത്തില്‍ ധാന്യയാഗവും പാനീയയാഗവും മുടങ്ങിപ്പോയല്ലോ.

14 ഉപവാസം പ്രഖ്യാപിക്കുവിന്‍; സഭ വിളിച്ചുകൂട്ടുവിന്‍; ദേശവാസികളെയും ജനപ്രമാണികളെയും നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ ആലയത്തില്‍ വിളിച്ചുകൂട്ടുവിന്‍. സര്‍വേശ്വരനോടു നിലവിളിക്കുവിന്‍. സര്‍വേശ്വരന്‍റെ ദിവസം അടുത്തിരിക്കുന്നു.

15

ആ ദിവസം എത്ര ദുരിതകരം! സര്‍വശക്തന്‍ സംഹാരം വരുത്തുന്ന ആ ദിനം വരുന്നു.

16 നമ്മുടെ കണ്‍മുമ്പില്‍നിന്നു ഭക്ഷ്യസാധനങ്ങള്‍ മറഞ്ഞില്ലേ? നമ്മുടെ ദൈവത്തിന്‍റെ ആലയത്തില്‍നിന്ന് ആഹ്ലാദോല്ലാസങ്ങള്‍ പൊയ്പ്പോയില്ലേ?

17 കട്ടകളുടെ അടിയില്‍ അമര്‍ന്നു വിത്തുകള്‍ നശിച്ചു. സംഭരണശാലകളും കളപ്പുരകളും ശൂന്യമായിരിക്കുന്നു. ധാന്യവിളകള്‍ നശിച്ചുപോയല്ലോ.

18 മൃഗങ്ങള്‍ ഞരങ്ങുന്നു; മേച്ചില്‍സ്ഥലങ്ങള്‍ ഇല്ലാതെ കന്നുകാലികള്‍ വലയുന്നു. ആട്ടിന്‍പറ്റങ്ങള്‍ നശിക്കുന്നു.

19 സര്‍വേശ്വരാ, ഞാന്‍ അവിടുത്തോടു നിലവിളിക്കുന്നു. വിജനസ്ഥലങ്ങളിലെ മേച്ചില്‍പ്പുറങ്ങള്‍ അഗ്നിക്കിരയായല്ലോ. വയലിലെ മരങ്ങളെല്ലാം എരിഞ്ഞുപോയിരിക്കുന്നു.

20 കാട്ടരുവികള്‍ വറ്റുകയും പുല്‍പ്പുറങ്ങളെല്ലാം അഗ്നിക്കിരയാവുകയും ചെയ്തിരിക്കയാല്‍ വന്യമൃഗങ്ങളും അവിടുത്തെ നോക്കിക്കരയുന്നു.

2

1

സീയോനില്‍ കാഹളം മുഴക്കുവിന്‍. എന്‍റെ വിശുദ്ധപര്‍വതത്തില്‍ ആപല്‍സൂചന നല്‌കുവിന്‍. സകല ദേശവാസികളും നടുങ്ങട്ടെ. സര്‍വേശ്വരന്‍റെ ദിവസം വരുന്നുവല്ലോ.

2 അത് ആസന്നമായിരിക്കുന്നു. ഇരുളിന്‍റെയും മ്ലാനതയുടെയും ദിവസം! കാര്‍മേഘത്തിന്‍റെയും കൂരിരുട്ടിന്‍റെയും ദിവസംതന്നെ. മഹത്ത്വവും പ്രാബല്യവുമുള്ള ഒരു ജനത കൂരിരുട്ടുപോലെ പര്‍വതത്തെ മൂടിയിരിക്കുന്നു. ഇതിനു മുമ്പൊരിക്കലും ഇതുപോലൊന്നുണ്ടായിട്ടില്ല. ഇനി ഒരു തലമുറയിലും ഉണ്ടാവുകയുമില്ല.

3 അവരുടെ മുമ്പില്‍ ദഹിപ്പിക്കുന്ന തീ! അവരുടെ പിമ്പിലും തീ ജ്വലിക്കുന്നു, അവര്‍ക്കു മുമ്പിലുള്ള ദേശം ഏദന്‍തോട്ടം പോലെ; പിന്നിലുള്ളതോ ശൂന്യമായ മരുഭൂമി. ഒന്നും അവരുടെ പിടിയില്‍നിന്നു രക്ഷപെടുകയില്ല.

4

അവരുടെ ആകൃതി കുതിരകളുടേത്; പടക്കുതിരകളെപ്പോലെ അവര്‍ പായുന്നു.

5 പര്‍വതശിഖരങ്ങളില്‍ രഥങ്ങളുടെ ഇരമ്പലെന്നു തോന്നുംവിധം അവര്‍ കുതിച്ചു ചാടുന്നു. കച്ചിക്കു തീ പിടിക്കുമ്പോള്‍ ഉണ്ടാകുന്ന കരുകര ശബ്ദംപോലെയുള്ള ശബ്ദം അവര്‍ ഉണ്ടാക്കുന്നു. അവര്‍ പടയ്‍ക്ക് ഒരുങ്ങിനില്‌ക്കുന്ന സുശക്തമായ സൈന്യംപോലെയാകുന്നു.

6 അവരുടെ മുമ്പില്‍ ജനതകള്‍ നടുങ്ങുന്നു; എല്ലാ മുഖങ്ങളും വിളറുന്നു. യുദ്ധവീരന്മാരെപ്പോലെ അവര്‍ മുന്നേറുന്നു.

7 യോദ്ധാക്കളെപ്പോലെ മതില്‍ കയറുന്നു. അവരില്‍ ഓരോരുത്തരും നിരതെറ്റാതെ അവരവരുടെ മാര്‍ഗങ്ങളില്‍ മുമ്പോട്ടു നീങ്ങുന്നു.

8 അന്യോന്യം തള്ളിമാറ്റാതെ അവരവരുടെ പാതയിലൂടെ അവര്‍ നീങ്ങുന്നു. ശത്രുക്കളുടെ ആയുധങ്ങള്‍ തട്ടിനീക്കി അവര്‍ മുന്നേറുന്നു. ആര്‍ക്കും അവരെ തടയാനാകത്തില്ല.

9 അവര്‍ നഗരത്തിന്മേല്‍ ചാടിവീഴുന്നു. മതിലിന്മേല്‍ ചാടിക്കയറുന്നു. കള്ളന്മാരെപ്പോലെ ജാലകങ്ങളിലൂടെ അവര്‍ വീടുകളില്‍ കടക്കുന്നു.

10 അവര്‍ക്കു മുമ്പില്‍ ഭൂമി കുലുങ്ങുന്നു; ആകാശം നടുങ്ങുന്നു; സൂര്യചന്ദ്രന്മാര്‍ ഇരുളുന്നു; നക്ഷത്രങ്ങള്‍ പ്രഭയറ്റു പോകുന്നു.

11 സര്‍വേശ്വരന്‍ തന്‍റെ സൈന്യത്തിനു മുമ്പില്‍ അവിടുത്തെ ശബ്ദം മുഴക്കുന്നു. അവിടുത്തെ സൈന്യം വളരെ വിപുലമാണ്. അവിടുത്തെ ആജ്ഞ നടപ്പാക്കുന്നവന്‍ കരുത്തുറ്റവന്‍. സര്‍വേശ്വരന്‍റെ ദിനം മഹത്തും ഭയാനകവുമായത്; അതിനെ നേരിടാന്‍ ആര്‍ക്കു കഴിയും?

12

സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഉപവാസത്തോടും കണ്ണീരോടും വിലാപത്തോടും പൂര്‍ണഹൃദയത്തോടും കൂടി ഇപ്പോഴെങ്കിലും നിങ്ങള്‍ എങ്കലേക്കു തിരിയുവിന്‍.

13 വസ്ത്രങ്ങളല്ല നിങ്ങളുടെ ഹൃദയങ്ങള്‍ തന്നേ കീറി ദൈവമായ സര്‍വേശ്വരനിലേക്കു തിരിയുവിന്‍. അവിടുന്നു കൃപാലുവും കരുണാമയനും ക്ഷമിക്കുന്നവനും സുസ്ഥിരസ്നേഹം ഉള്ളവനും ആണല്ലോ. ശിക്ഷ ഇളവുചെയ്യാന്‍ അവിടുന്നെപ്പോഴും സന്നദ്ധനാണ്.

14 നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ തീരുമാനം മാറ്റി ധാന്യയാഗവും പാനീയയാഗവും അര്‍പ്പിക്കാന്‍ നിങ്ങള്‍ക്കു കഴിയത്തക്കവിധം സമൃദ്ധമായ വിളവു നല്‌കി നിങ്ങളെ അനുഗ്രഹിക്കുകയില്ലെന്ന് ആരുകണ്ടു?

15 സീയോനില്‍ കാഹളം മുഴക്കുവിന്‍. ഉപവാസം പ്രഖ്യാപിക്കുവിന്‍. സഭ വിളിച്ചുകൂട്ടുവിന്‍.

16 ജനത്തെ കൂട്ടിവരുത്തുവിന്‍! അവരെ വിശുദ്ധീകരിക്കുവിന്‍! ജനപ്രമാണികളെ വിളിച്ചുകൂട്ടുവിന്‍; കുട്ടികളെയും പിഞ്ചുപൈതങ്ങളെയും ഒരുമിച്ചുകൂട്ടുവിന്‍. മണവാളന്‍ മണവറയും മണവാട്ടി ഉറക്കറയും വിട്ടു പുറത്തുവരട്ടെ.

17 സര്‍വേശ്വരന്‍റെ ശുശ്രൂഷകരായ പുരോഹിതര്‍ ദേവാലയപൂമുഖത്തിനും യാഗപീഠത്തിനും മധ്യേനിന്ന് ഉള്ളുനൊന്തു കരയട്ടെ. സര്‍വേശ്വരാ, അവിടുത്തെ ജനത്തോടു ക്ഷമിക്കണമേ. അന്യജനത അവരുടെമേല്‍ വാഴത്തക്കവിധം അവിടുത്തെ മക്കളെ നിന്ദാപാത്രവും പഴമൊഴിയും ആക്കരുതേ. ഇവരുടെ ദൈവം എവിടെ എന്നു ജനതകള്‍ ചോദിക്കാന്‍ ഇടവരുത്തരുതേ!

18

അപ്പോള്‍ സര്‍വേശ്വരനു തന്‍റെ ദേശത്തോടുള്ള സ്നേഹം ആളിക്കത്തി; തന്‍റെ ജനത്തോടു കരുണ തോന്നി.

19 സര്‍വേശ്വരന്‍ തന്‍റെ ജനത്തോട് അരുളിച്ചെയ്തു: “ഇതാ, ഞാന്‍ നിങ്ങള്‍ക്കു ധാന്യവും വീഞ്ഞും എണ്ണയും നല്‌കുന്നു. നിങ്ങള്‍ സംതൃപ്തരായിത്തീരും. ജനതകളുടെ ഇടയില്‍ ഇനി ഞാന്‍ നിങ്ങളെ നിന്ദാപാത്രമാക്കുകയില്ല.

20 വടക്കുനിന്നുള്ള ശത്രുവിനെ ഞാന്‍ നിങ്ങളുടെ അടുത്തുനിന്നു ദൂരെ പായിക്കും. ഉണങ്ങി വരണ്ട വിജനദേശത്തേക്ക് അവരെ ഓടിക്കും. അവരുടെ സൈന്യത്തിന്‍റെ മുന്‍നിരയെ കിഴക്കേ സമുദ്രത്തിലും പിന്‍നിരയെ പടിഞ്ഞാറന്‍ സമുദ്രത്തിലും വീഴ്ത്തും. ഗര്‍വം നിറഞ്ഞ അവരുടെ പ്രവൃത്തികള്‍ നിമിത്തം അവരില്‍നിന്നു ദുര്‍ഗന്ധം വമിക്കും.

21

ദേശമേ ഭയപ്പെടേണ്ടാ, സര്‍വേശ്വരന്‍ മഹത്തായ കാര്യങ്ങള്‍ ചെയ്തിരിക്കയാല്‍ ആഹ്ലാദിക്കുക; ആനന്ദം കൊള്ളുക!

22 വയലിലെ മൃഗങ്ങളേ, പേടിക്കേണ്ട; മേച്ചില്‍പ്പുറങ്ങള്‍ പച്ചപിടിച്ചിരിക്കുന്നു. വൃക്ഷം ഫലം നല്‌കുന്നു. അത്തിയും മുന്തിരിയും സമൃദ്ധമായി വിളവു നല്‌കുന്നു.

23 സീയോന്‍മക്കളേ, സന്തോഷിക്കുവിന്‍. നിങ്ങളുടെ ദൈവമായ സര്‍വേശ്വരനില്‍ ആനന്ദിക്കുവിന്‍. അവിടുന്ന് ആവശ്യാനുസരണം നിങ്ങള്‍ക്ക് ശരത്കാല മഴ നല്‌കിയിരിക്കുന്നു. പണ്ടത്തെപ്പോലെ അവിടുന്നു ശരത്കാലമഴയും വസന്തകാലമഴയും പെയ്യിക്കുന്നു.

24 മെതിക്കളങ്ങള്‍ ധാന്യംകൊണ്ടു നിറയും. ചക്കുകളില്‍ എണ്ണയും വീഞ്ഞും നിറഞ്ഞുകവിയും.

25 ഞാന്‍ അയച്ച മഹാസൈന്യമായ തുള്ളനും വിട്ടിലും പച്ചപ്പുഴുവും തിന്നു നശിപ്പിച്ച കാലത്തെ വിളവുകള്‍ നിങ്ങള്‍ക്കു ഞാന്‍ തിരിച്ചുതരും.

26 നിങ്ങള്‍ മതിയാകുവോളം ഭക്ഷിച്ചു തൃപ്തരാകും; നിങ്ങള്‍ക്കുവേണ്ടി അദ്ഭുതകരമായി പ്രവര്‍ത്തിച്ച നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ നിങ്ങള്‍ സ്തുതിക്കും. എന്‍റെ ജനത്തിന് ഇനി ഒരിക്കലും ലജ്ജിക്കേണ്ടിവരികയില്ല.

27 ഞാന്‍ ഇസ്രായേലിന്‍റെ മധ്യത്തിലുണ്ടെന്നും സര്‍വേശ്വരനായ ഞാനല്ലാതെ മറ്റാരുമല്ല നിങ്ങളുടെ ദൈവമെന്നും നിങ്ങള്‍ അറിയും. എന്‍റെ ജനത്തിന് ഇനി ഒരിക്കലും ലജ്ജിക്കേണ്ടിവരികയില്ല.

28

പിന്നീട് ഇതു സംഭവിക്കും: എല്ലാവരുടെയുംമേല്‍ എന്‍റെ ആത്മാവിനെ ഞാന്‍ പകരും. നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങള്‍ കാണും. നിങ്ങളുടെ യുവജനങ്ങള്‍ക്കു ദര്‍ശനങ്ങള്‍ ഉണ്ടാകും.

29 ആ നാളുകളില്‍ ദാസന്മാരുടെയും ദാസിമാരുടെയുംമേല്‍ എന്‍റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും.

30

ആകാശത്തും ഭൂമിയിലും ഞാന്‍ അദ്ഭുതകരമായ അടയാളങ്ങള്‍ കാണിക്കും. രക്തവും അഗ്നിയും ധൂമപടലങ്ങളും തന്നെ.

31 സര്‍വേശ്വരന്‍റെ മഹത്തും ഭയാനകവുമായ ദിനം വന്നണയുന്നതിനു മുമ്പ് സൂര്യന്‍ ഇരുണ്ടുപോകും; ചന്ദ്രന്‍ രക്തവര്‍ണമാകും.

32 എന്നാല്‍ സര്‍വേശ്വരന്‍റെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവരും രക്ഷിക്കപ്പെടും, അവിടുന്നരുളിച്ചെയ്തതുപോലെ സീയോന്‍ പര്‍വതത്തിലും യെരൂശലേമിലും രക്ഷിക്കപ്പെട്ടവരുടെ ഗണം ഉണ്ടായിരിക്കും. അവശേഷിക്കുന്നവരുടെ കൂട്ടത്തില്‍ സര്‍വേശ്വരന്‍ വിളിക്കാനുള്ളവരും ഉണ്ടായിരിക്കും.

3

1

ആ സമയം വരുമ്പോള്‍, യെഹൂദ്യയുടെയും യെരൂശലേമിന്‍റെയും ഐശ്വര്യം പുനഃസ്ഥാപിക്കുന്ന നാളുകള്‍ വരുമ്പോള്‍,

2 ഞാന്‍ സകല ജനതകളെയും ഒരുമിച്ചുകൂട്ടി യെഹോശാഫാത്ത്താഴ്വരയിലേക്കു നയിക്കും. അവിടെവച്ച് എന്‍റെ സ്വന്തജനവും അവകാശവും ആയ ഇസ്രായേലിനുവേണ്ടി അവരുടെമേല്‍ ന്യായവിധി നടത്തും. അവര്‍ എന്‍റെ ജനത്തെ തങ്ങളുടെ ഇടയില്‍ ചിതറിക്കുകയും എന്‍റെ ദേശം അവര്‍ വിഭജിച്ചെടുക്കുകയും ചെയ്തുവല്ലോ.

3 അവര്‍ നറുക്കിട്ട് എന്‍റെ ജനത്തെ പങ്കിട്ടു. അവര്‍ വേശ്യക്കുവേണ്ടി ബാലനെയും വീഞ്ഞുകുടിക്കാന്‍വേണ്ടി ബാലികയെയും വിറ്റു.

4

സോരേ, സീദോനേ, സകല ഫെലിസ്ത്യപ്രദേശങ്ങളേ, നിങ്ങള്‍ക്കെന്നോടെന്തു കാര്യം? ഞാന്‍ ചെയ്തതിനു നിങ്ങള്‍ എന്നോടു പ്രതികാരം ചെയ്യുമോ? എങ്കില്‍ നിങ്ങളുടെ പ്രവൃത്തിയുടെ ഫലം നിങ്ങളുടെ ശിരസ്സില്‍ ഞാന്‍ നിപതിപ്പിക്കും.

5 കാരണം എന്‍റെ സ്വര്‍ണവും വെള്ളിയും വിലപ്പെട്ട നിധികളും നിങ്ങളുടെ ക്ഷേത്രങ്ങളിലേക്കു നിങ്ങള്‍ കൊണ്ടുപോയി.

6 യെഹൂദ്യയിലെയും യെരൂശലേമിലെയും ജനങ്ങളെ നിങ്ങള്‍ ഗ്രീക്കുകാര്‍ക്കു വിറ്റുകളഞ്ഞു. അങ്ങനെ അവരുടെ സ്വന്തം ദേശത്തുനിന്ന് അവരെ അകറ്റി.

7 എന്നാല്‍ നിങ്ങള്‍ അവരെ വിറ്റ സ്ഥലത്തുനിന്നു ഞാന്‍ അവരെ ഇളക്കിവിടും. നിങ്ങളുടെ പ്രവൃത്തിയുടെ ഫലം നിങ്ങളുടെ തലയില്‍ത്തന്നെ വരുത്തും.

8 നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ഞാന്‍ യെഹൂദാജനതയ്‍ക്ക് വില്‍ക്കും. അവര്‍ അവരെ വിദൂരസ്ഥരായ ശെബായര്‍ക്കു വിറ്റുകളയും. ഇത് സര്‍വേശ്വരന്‍റെ വചനം.

9

ഇതു ജനതകളുടെ ഇടയില്‍ വിളംബരം ചെയ്യുക. യുദ്ധത്തിന് ഒരുങ്ങുവിന്‍. വീരന്മാരെ ഉണര്‍ത്തുവിന്‍. സകല യോദ്ധാക്കളും ചേര്‍ന്നുവരട്ടെ;

10 നിങ്ങളുടെ കൊഴു വാളായും വാക്കത്തി കുന്തമായും തീര്‍പ്പിക്കുക. “ഞാനൊരു വീരയോദ്ധാവെന്ന്” ദുര്‍ബലന്‍പോലും പറയട്ടെ.

11 ചുറ്റുമുള്ള ജനതകളേ, വേഗം വരുവിന്‍; നിങ്ങള്‍ ഒരുമിച്ചു കൂടുവിന്‍. സര്‍വേശ്വരാ, അവിടുത്തെ യോദ്ധാക്കളെ അയച്ചാലും.

12 ജനതകള്‍ ഉണര്‍ന്ന് യെഹോശാഫാത്ത്താഴ്വരയിലേക്കു വരട്ടെ. ചുറ്റുമുള്ള സകല ജനതകളെയും വിധിക്കാനായി ഞാന്‍ അവിടെ ഇരിക്കും.

13 അരിവാള്‍ കൈയിലെടുക്കുക; വിളവു പാകമായിരിക്കുന്നു; പോയി ചവിട്ടുക; മുന്തിരിച്ചക്കു നിറഞ്ഞിരിക്കുന്നു; തൊട്ടികള്‍ നിറഞ്ഞു കവിയുന്നു; അവരുടെ ദുഷ്ടത അത്രയ്‍ക്കു വലുതാണല്ലോ.

14 അതാ ജനസഞ്ചയങ്ങള്‍! വിധിയുടെ താഴ്വരയില്‍ ജനസഞ്ചയങ്ങള്‍! സര്‍വേശ്വരന്‍റെ ദിനം സമീപിച്ചിരിക്കുന്നു;

15 സൂര്യചന്ദ്രന്മാര്‍ ഇരുണ്ടുപോകുന്നു; നക്ഷത്രങ്ങളുടെ പ്രഭ നഷ്ടപ്പെട്ടിരിക്കുന്നു.

16

സര്‍വേശ്വരന്‍ സീയോനില്‍നിന്നു ഗര്‍ജിക്കുന്നു; യെരൂശലേമില്‍നിന്ന് അവിടുന്നു ശബ്ദം പുറപ്പെടുവിക്കുന്നു. ആകാശവും ഭൂമിയും വിറയ്‍ക്കുന്നു; എന്നാല്‍ തന്‍റെ ജനത്തിനു സര്‍വേശ്വരന്‍ രക്ഷാസങ്കേതമത്രേ; ഇസ്രായേല്‍ജനത്തിന് അവിടുന്നു ശക്തിദുര്‍ഗമാകുന്നു.

17

അതുകൊണ്ട് വിശുദ്ധപര്‍വതമായ സീയോനില്‍ വസിക്കുന്ന നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ഞാനാകുന്നു എന്നു നിങ്ങള്‍ അറിയും. യെരൂശലേം വിശുദ്ധമായിരിക്കും; അന്യര്‍ ഇനി ഒരിക്കലും അതിലൂടെ കടന്നുപോവുകയില്ല.

18

അന്നു മുന്തിരിത്തോട്ടങ്ങള്‍കൊണ്ടു നിറഞ്ഞ പര്‍വതങ്ങള്‍ പുതുവീഞ്ഞു പൊഴിക്കും; ആടുമാടുകള്‍ നിറഞ്ഞ കുന്നുകള്‍ പാല്‍ ഒഴുക്കും. യെഹൂദ്യയിലെ അരുവികളില്‍ ജലം നിറഞ്ഞൊഴുകും. സര്‍വേശ്വരന്‍റെ ആലയത്തില്‍നിന്ന് ഒരു നീരുറവു പുറപ്പെട്ട് ശിത്തീം താഴ്വരയെ നനയ്‍ക്കും.

19

യെഹൂദാനിവാസികളോട് അക്രമം പ്രവര്‍ത്തിക്കുകയും അവരുടെ ദേശത്തുവച്ച് നിരപരാധികളുടെ രക്തം ചിന്തുകയും ചെയ്തതുകൊണ്ട് ഈജിപ്തു ശൂന്യമാകും; എദോം നിര്‍ജനമരുഭൂമിയായിത്തീരും;

20 എന്നാല്‍ യെഹൂദ്യയില്‍ എന്നേക്കും മനുഷ്യവാസമുണ്ടായിരിക്കും; യെരൂശലേമിലും തലമുറതലമുറകളായി ജനം വസിക്കും.

21 വധിക്കപ്പെട്ടവര്‍ക്കുവേണ്ടി ഞാന്‍ പ്രതികാരം ചെയ്യും; കുറ്റവാളികളെ ഞാന്‍ വെറുതെ വിടുകയില്ല; സര്‍വേശ്വരന്‍ സീയോനില്‍ വസിക്കുന്നു.