1
യെഹൂദാരാജാക്കന്മാരായ ഉസ്സിയാ, യോഥാം, ആഹാസ്, ഹിസ്കിയാ എന്നിവരുടെയും ഇസ്രായേല്‍രാജാവായ യോവാശിന്‍റെ മകന്‍ യൊരോബെയാമിന്‍റെയും ഭരണകാലത്ത് ബെയേരിയുടെ മകന്‍ ഹോശേയായ്‍ക്കു സര്‍വേശ്വരനില്‍നിന്നു ലഭിച്ച അരുളപ്പാട്:2
ഹോശേയായിലൂടെ സര്‍വേശ്വരന്‍ നല്‌കിയ സന്ദേശത്തിന്‍റെ തുടക്കം: അവിടുന്ന് അരുളിച്ചെയ്തു: “നീ പോയി ഒരു വേശ്യയെ വിവാഹം കഴിക്കുക; അവളെപ്പോലെതന്നെ ആയിരിക്കും അവളിലുണ്ടാകുന്ന സന്താനങ്ങളും. അതുപോലെ എന്‍റെ ജനം എന്നെ വിട്ടു വേശ്യാവൃത്തിയില്‍ മുഴുകിയിരിക്കുന്നു.”3 അങ്ങനെ ഹോശേയ പോയി ദിബ്ലയീമിന്‍റെ പുത്രിയായ ഗോമെറിനെ ഭാര്യയായി സ്വീകരിച്ചു. അവള്‍ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിച്ചു.
4
അപ്പോള്‍ സര്‍വേശ്വരന്‍ ഹോശേയായോട് അരുളിച്ചെയ്തു: “ആ കുട്ടിക്ക് ജെസ്രീല്‍ എന്നു പേരിടണം. കാരണം അല്പകാലം കഴിഞ്ഞു തന്‍റെ പൂര്‍വികനായ യേഹൂ, ജെസ്രീലില്‍വച്ചു ചെയ്ത കൊലപാതകങ്ങള്‍ നിമിത്തം ഇസ്രായേല്‍രാജാവിനെ ഞാന്‍ ശിക്ഷിക്കും. ഇസ്രായേലിന്‍റെ രാജത്വം ഞാന്‍ നാമാവശേഷം ആക്കും.5 ജെസ്രീല്‍താഴ്വരയില്‍വച്ച് അന്നു ഞാന്‍ ഇസ്രായേലിന്‍റെ വില്ലൊടിച്ചുകളയും.
6
ഗോമെര്‍ വീണ്ടും ഗര്‍ഭിണിയായി ഒരു മകളെ പ്രസവിച്ചു. അപ്പോഴും സര്‍വേശ്വരന്‍ അരുളിച്ചെയ്തു: ‘അവള്‍ക്കു കരുണ ലഭിക്കാത്തവള്‍’ എന്നര്‍ഥമുള്ള ‘ലോരുഹാമ’ എന്നു പേരിടുക. കാരണം ഞാന്‍ ഇനി ഇസ്രായേല്‍ജനത്തോടു കരുണ കാണിക്കുകയോ ക്ഷമിക്കുകയോ ഇല്ല.7 എന്നാല്‍ യെഹൂദായിലെ ജനത്തോടു കാരുണ്യം കാണിക്കും. അവരുടെ ദൈവവും സര്‍വേശ്വരനും ആയ ഞാന്‍ അവരെ രക്ഷിക്കും. എന്നാല്‍ അതു യുദ്ധമോ, വാളോ, വില്ലോ, കുതിരകളോ, കുതിരപ്പടയാളികളോകൊണ്ട് ആയിരിക്കുകയില്ല.
8
ആ കുട്ടിയുടെ മുലകുടി മാറിയപ്പോള്‍ ഗോമെര്‍ വീണ്ടും ഗര്‍ഭം ധരിച്ചു മറ്റൊരു മകനെ പ്രസവിച്ചു.9 സര്‍വേശ്വരന്‍ ഹോശേയായോടു കല്പിച്ചു: “ ലോ-അമ്മീ എന്ന് ആ കുട്ടിക്കു പേരിടുക; കാരണം നിങ്ങള്‍ എന്‍റെ ജനമല്ല, ഞാന്‍ നിങ്ങളുടെ ദൈവവുമല്ല.”
10
എങ്കിലും എണ്ണാനോ അളക്കാനോ കഴിയാത്തവിധം കടല്‍പ്പുറത്തെ മണല്‍പോലെ ഇസ്രായേല്‍ പെരുകും. “നിങ്ങള്‍ എന്‍റെ ജനമല്ല എന്നു പറഞ്ഞെങ്കിലും നിങ്ങള്‍ ജീവിക്കുന്ന ദൈവത്തിന്‍റെ മക്കള്‍ എന്നു പറയുന്ന സമയം വരുന്നു.”11 യെഹൂദായിലെയും ഇസ്രായേലിലെയും ജനം ഒരുമിച്ചുകൂടും; അവര്‍ തങ്ങള്‍ക്ക് ഒരു നേതാവിനെ തെരഞ്ഞെടുക്കും. അവര്‍ ദേശത്തു തഴച്ചുവളരും. ജെസ്രീലിന്‍റെ നാള്‍ മഹത്ത്വപൂര്‍ണമായിരിക്കും.
1
നിന്‍റെ സഹോദരനോട് അമ്മി എന്നും സഹോദരിയോട് രുഹാമ എന്നും പറയുക.2
വാദിക്കുക, നിങ്ങളുടെ അമ്മയോടു വാദിക്കുക, അവള്‍ എന്‍റെ ഭാര്യയല്ല, ഞാന്‍ അവളുടെ ഭര്‍ത്താവുമല്ല. അവള്‍ തന്‍റെ മുഖത്തു നിന്നു വേശ്യാവൃത്തിയുടെ അടയാളവും മാറിടത്തുനിന്നു വേശ്യയുടെ സ്തനാഭരണവും നീക്കിക്കളയട്ടെ.3 അല്ലെങ്കില്‍ ഞാന്‍ അവളെ വസ്ത്രം ഉരിഞ്ഞു പിറന്നനാളിലെപ്പോലെ നഗ്നയാക്കും. ഞാന്‍ അവളെ മരുഭൂമിപോലെയും വരണ്ടനിലംപോലെയും ആക്കും. അവള്‍ ദാഹിച്ചു മരിക്കാന്‍ ഇടവരുത്തും.
4 അവളുടെ മക്കളോടും ഞാന്‍ കരുണ കാണിക്കുകയില്ല. അവര്‍ ജാരസന്തതികളാണല്ലോ.
5 അവരുടെ അമ്മ വേശ്യാവൃത്തിയിലേര്‍പ്പെട്ടു; അവരെ ഗര്‍ഭംധരിച്ചവള്‍ ലജ്ജാകരമായി പ്രവര്‍ത്തിച്ചു. “എനിക്ക് ആഹാരവും ജലവും കമ്പിളിയും ചണവസ്ത്രവും എണ്ണയും പാനീയങ്ങളും തരുന്ന കാമുകന്മാരുടെ പിന്നാലെ ഞാന്‍ പോകും” എന്ന് അവള്‍ പറഞ്ഞുവല്ലോ.
6 അതുകൊണ്ട് ഞാന്‍ അവളുടെ വഴി മുള്ളുവേലി കെട്ടി അടയ്‍ക്കും; മതില്‍ കെട്ടി അവളുടെ വഴി മുടക്കും.
7 തന്‍റെ കാമുകന്മാരെ അവള്‍ പിന്തുടരും; എന്നാല്‍ അവര്‍ക്ക് ഒപ്പം എത്തുകയില്ല; അവള്‍ അവരെ അന്വേഷിക്കും; എന്നാല്‍ കണ്ടെത്തുകയില്ല. അപ്പോള്‍ അവള്‍ പറയും: “എന്‍റെ ആദ്യ ഭര്‍ത്താവിന്‍റെ അടുക്കലേക്കു ഞാന്‍ മടങ്ങും; ഇന്നത്തേതിനെക്കാള്‍ എത്രയോ മെച്ചമായിരുന്നു അദ്ദേഹത്തോടൊത്തുള്ള ജീവിതം!”
8 അവള്‍ക്കു ധാന്യവും പുതുവീഞ്ഞും പുതിയ എണ്ണയും ബാലിനെ ആരാധിക്കാന്‍ ഉപയോഗിച്ച പൊന്നും വെള്ളിയും സമൃദ്ധമായി നല്‌കിയതു ഞാനായിരുന്നു എന്ന് അവള്‍ അറിഞ്ഞില്ല.
9 അതുകൊണ്ട് എന്‍റെ ധാന്യവും വീഞ്ഞും ഞാന്‍ യഥാവസരം തിരിച്ചെടുക്കും. അതുപോലെതന്നെ അവളുടെ നഗ്നത മറയ്‍ക്കാനുള്ള കമ്പിളിയും ചണവസ്ത്രവും ഞാന്‍ എടുത്തുകളയും.
10 അപ്പോള്‍ അവളുടെ കാമുകന്മാരുടെ മുമ്പില്‍വച്ച് അവളുടെ നഗ്നത ഞാന്‍ അനാവൃതമാക്കും. ആരും എന്‍റെ കൈയില്‍നിന്ന് അവളെ വിടുവിക്കുകയില്ല.
11 അവളുടെ സകല സന്തോഷവും ഉത്സവങ്ങളും അമാവാസികളും ശബത്തുകളും നിര്‍ദിഷ്ട ഉത്സവങ്ങളും ഇല്ലാതാകും.
12 എന്‍റെ കാമുകന്മാര്‍ തന്നതാണ് ഇവയെല്ലാം എന്നു നീ പറഞ്ഞ മുന്തിരിത്തോട്ടവും അത്തിമരങ്ങളും ഞാന്‍ ശൂന്യമാക്കും; അവയെ ഞാന്‍ കാടാക്കിത്തീര്‍ക്കും; കാട്ടുമൃഗങ്ങള്‍ അവയെ തിന്നൊടുക്കും.
13 ബാല്‍വിഗ്രഹത്തിനു ധൂപാര്‍ച്ചന നടത്തിയും ആഭരണങ്ങള്‍ അണിഞ്ഞൊരുങ്ങി കാമുകന്മാരെ പിന്തുടര്‍ന്നും അവള്‍ എന്നെ മറന്നു. അതുകൊണ്ട് ഞാന്‍ അവളെ ശിക്ഷിക്കും. ഇതു സര്‍വേശ്വരന്‍റെ വചനം.
14
“അതുകൊണ്ട് ഞാന്‍ അവളെ വശീകരിച്ചു വിജനസ്ഥലത്തേക്കു കൊണ്ടുവന്നു പ്രേമപൂര്‍വം അവളോടു സംസാരിക്കും.15 അവിടെവച്ച് അവളുടെ മുന്തിരിത്തോട്ടങ്ങള്‍ ഞാന്‍ തിരിച്ചുകൊടുക്കും; ആഖോര്‍ താഴ്വരയെ പ്രത്യാശയുടെ കവാടമാക്കിത്തീര്‍ക്കും; യൗവനത്തിലെന്നപോലെ, ഈജിപ്തില്‍നിന്നു പുറപ്പെട്ട നാളിലെന്നപോലെ, അവള്‍ എന്നോടു പ്രതികരിക്കും.”
16 സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “അന്നു നീ എന്നെ ‘എന്‍റെ പ്രിയതമന്‍’ എന്നു സംബോധന ചെയ്യും. ‘എന്‍റെ ബാല്‍’ എന്ന് ഇനിമേല്‍ നീ വിളിക്കുകയില്ല.”
17 ബാല്‍ദേവന്മാരുടെ നാമങ്ങള്‍ അവളുടെ അധരങ്ങളില്‍നിന്നു ഞാന്‍ നീക്കിക്കളയും. അവരുടെ പേരുകള്‍ അവള്‍ ഇനി ഓര്‍ക്കുകയില്ല.
18 ആ ദിവസം ഞാന്‍ നിനക്കുവേണ്ടി വന്യമൃഗങ്ങളോടും ആകാശത്തെ പറവകളോടും ഭൂമിയിലെ ഇഴജന്തുക്കളോടും ഒരു ഉടമ്പടി ഉണ്ടാക്കും. വില്ലും വാളും യുദ്ധവും ദേശത്തുനിന്നു നീക്കി ഞാന്‍ അവരെ നിര്‍ഭയം വസിക്കുമാറാക്കും.
19 ഇസ്രായേലേ, നിന്നെ എന്നേക്കും എന്‍റെ ഭാര്യയായി സ്വീകരിക്കും. നീതിയിലും ന്യായത്തിലും സുസ്ഥിരമായ സ്നേഹത്തിലും കരുണയിലും നിന്നെ എന്‍റെ ഭാര്യയായി ഞാന്‍ സ്വീകരിക്കും.
20 എന്‍റെ വിശ്വസ്തതയില്‍ നിന്നെ എന്‍റെ ഭാര്യയായി സ്വീകരിക്കും. നീ സര്‍വേശ്വരനെ അറിയുകയും ചെയ്യും.
21
അവിടുന്ന് അരുളിച്ചെയ്യുന്നു: “അന്നു ഞാന്‍ ഉത്തരമരുളും. അന്നു ഞാന്‍ ആകാശത്തിന് ഉത്തരമരുളും, ആകാശം ഭൂമിക്ക് ഉത്തരമരുളും.22 ധാന്യവും വീഞ്ഞും എണ്ണയും നല്‌കി ഭൂമി ഉത്തരം നല്‌കും. അവ ജെസ്രീലിന് ഉത്തരം നല്‌കും.
23 ഞാന്‍ അവരെ എനിക്കുവേണ്ടി ദേശത്തു നടും; കരുണ ലഭിക്കാത്തവളോടു ഞാന്‍ കരുണ കാണിക്കും; എന്‍റെ ജനമല്ലാത്തവരോടു നിങ്ങള്‍ എന്‍റെ ജനം എന്നു പറയും; അവിടുന്ന് എന്‍റെ ദൈവം എന്ന് അവര്‍ പറയും.”
1
സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: “അന്യദേവന്മാരിലേക്കു തിരിയുകയും വിഗ്രഹാര്‍പ്പിതമായ മുന്തിരിയട ഇഷ്ടപ്പെടുകയും ചെയ്തിട്ടും ഇസ്രായേല്‍ജനത്തെ സര്‍വേശ്വരനായ ഞാന്‍ സ്നേഹിക്കുന്നതുപോലെ നീ പോയി ജാരവേഴ്ചയുള്ളവളും വ്യഭിചാരിണിയുമായ ഒരു സ്‍ത്രീയെ സ്നേഹിക്കുക.”2 പതിനഞ്ചു ശേക്കെല്‍ വെള്ളിയും ഒന്നര ഹോമര്‍ ബാര്‍ലിയും കൊടുത്തു ഞാന്‍ അവളെ വാങ്ങി.
3 ഞാന്‍ അവളോടു പറഞ്ഞു: “ദീര്‍ഘകാലം നീ എന്‍റെകൂടെ പാര്‍ക്കണം; നീ വ്യഭിചരിക്കരുത്; അന്യപുരുഷന്‍റേതായിത്തീരുകയും അരുത്. ഞാനും അങ്ങനെതന്നെ നിന്‍റേതായി വര്‍ത്തിക്കും.”
4
ഇങ്ങനെ ഇസ്രായേല്‍ജനത ദീര്‍ഘകാലം രാജാവോ പ്രഭുവോ യാഗമോ ആരാധനാസ്തംഭമോ ഏഫോദോ കുലദൈവമോ ഇല്ലാതെ കഴിയും.5 പിന്നീട് ഇസ്രായേല്‍ജനത മടങ്ങിവന്നു തങ്ങളുടെ ദൈവമായ സര്‍വേശ്വരനെയും രാജാവായ ദാവീദിനെയും അന്വേഷിക്കും. അന്ന് അവര്‍ ഭയഭക്തിയോടെ സര്‍വേശ്വരനിലേക്കു തിരിയും; അവിടുത്തെ കൃപയ്‍ക്കു പാത്രമാകുകയും ചെയ്യും.
1
ഇസ്രായേല്‍ജനമേ, സര്‍വേശ്വരന്‍റെ വാക്കു കേള്‍ക്കുക; ഇസ്രായേല്‍ദേശത്തു നിവസിക്കുന്നവര്‍ക്ക് എതിരെ സര്‍വേശ്വരന് ഒരു വ്യവഹാരം ഉണ്ട്; വിശ്വസ്തതയോ ദയയോ ദൈവത്തെപ്പറ്റിയുള്ള ജ്ഞാനമോ ഇവിടെ ഇല്ല.2 ജനം ആണയിടുന്നു, ഭോഷ്ക്കു സംസാരിക്കുന്നു; കൊലചെയ്യുന്നു; മോഷണം നടത്തുന്നു; വ്യഭിചരിക്കുന്നു; എല്ലാ അതിരുകളും ലംഘിക്കുന്നു. കൊലപാതകങ്ങള്‍ ഒന്നിനൊന്നു വര്‍ധിക്കുന്നു;
3 അതുകൊണ്ടു ദേശം വിലപിക്കുന്നു; അതിലെ സകല നിവാസികളും വയലിലെ മൃഗങ്ങളും ആകാശത്തിലെ പക്ഷികളും നഷ്ടപ്രായമാകുന്നു; സമുദ്രത്തിലെ മത്സ്യങ്ങള്‍പോലും ഇല്ലാതെയാകുന്നു.
4
എങ്കിലും ആരും വാദിക്കുകയും ആരുടെയുംമേല്‍ കുറ്റംചുമത്തുകയും വേണ്ട. അല്ലയോ പുരോഹിതാ, നിനക്കെതിരായിട്ടാണ് എന്‍റെ കുറ്റപത്രം.5 പട്ടാപ്പകല്‍ നീ കാലിടറി വീഴും; പ്രവാചകനും നിന്നോടൊപ്പം രാത്രിയില്‍ ഇടറിവീഴും. നിന്‍റെ അമ്മയെ ഞാന്‍ നശിപ്പിക്കും.
6 അജ്ഞത നിമിത്തം എന്‍റെ ജനം നശിക്കുന്നു. കാരണം നീ ജ്ഞാനം ഉപേക്ഷിച്ചിരിക്കുന്നു. അതിനാല്‍ എന്‍റെ പുരോഹിതനായിരിക്കുന്നതില്‍നിന്നു നിന്നെ ഞാന്‍ തള്ളിക്കളയും. നിന്‍റെ ദൈവത്തിന്‍റെ കല്പന നീ വിസ്മരിച്ചിരിക്കുന്നതിനാല്‍ ഞാന്‍ നിന്‍റെ സന്തതികളെ വിസ്മരിക്കും.
7
അവര്‍ പെരുകിയതോടൊപ്പം എനിക്കെതിരെയുള്ള അവരുടെ പാപവും വര്‍ധിച്ചു. അതിനാല്‍ അവരുടെ മഹത്ത്വത്തെ ഞാന്‍ അപമാനമായി മാറ്റും.8 എന്‍റെ ജനത്തിന്‍റെ പാപംകൊണ്ട് അവര്‍ ഉപജീവിക്കുന്നു. അവരുടെ അകൃത്യത്തിനായി അവര്‍ അത്യാര്‍ത്തിയോടെ കാത്തിരിക്കുന്നു.
9 ജനത്തിനു ഭവിക്കുന്നതുതന്നെ പുരോഹിതനും ഭവിക്കും; അവരുടെ ദുര്‍മാര്‍ഗങ്ങള്‍ക്കു ഞാന്‍ അവരെ ശിക്ഷിക്കും; അവരുടെ പ്രവൃത്തികള്‍ക്കു തക്കവിധം ഞാന്‍ പ്രതികാരം ചെയ്യും.
10 അവര്‍ ഭക്ഷിക്കുമെങ്കിലും തൃപ്തിവരികയില്ല. അവര്‍ വ്യഭിചരിച്ചാലും പെരുകുകയില്ല. കാരണം വ്യഭിചാരത്തില്‍ മുഴുകാനായി അവര്‍ സര്‍വേശ്വരനെ പരിത്യജിച്ചു.
11
വീഞ്ഞും പുതുവീഞ്ഞും വിവേകം കെടുത്തിക്കളയുന്നു.12 എന്‍റെ ജനം മരമുട്ടിയോട് അരുളപ്പാടു ചോദിക്കുന്നു; അവരുടെ വടി പ്രവചിക്കുന്നു. വ്യഭിചാരമോഹം അവരെ വഴിതെറ്റിച്ചുകളഞ്ഞു. തങ്ങളുടെ ദൈവത്തെ വിട്ട് അവര്‍ വ്യഭിചരിക്കുന്നു.
13 അവര്‍ പര്‍വതശിഖരങ്ങളില്‍ ബലി കഴിക്കുന്നു. കുന്നുകളിലുള്ള കരുവേലകം, പുന്ന, ആല്‍ മുതലായ വൃക്ഷങ്ങളുടെ തണലില്‍ വഴിപാടര്‍പ്പിക്കുന്നു. അതുകൊണ്ടു നിങ്ങളുടെ പുത്രിമാര്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നു; നിങ്ങളുടെ പുത്രഭാര്യമാര്‍ വ്യഭിചരിക്കുന്നു.
14 നിങ്ങളുടെ പുത്രിമാര്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുമ്പോഴോ, പുത്രഭാര്യമാര്‍ വ്യഭിചരിക്കുമ്പോഴോ ഞാന്‍ അവരെ ശിക്ഷിക്കുകയില്ല; നിങ്ങളുടെ പുരുഷന്മാര്‍തന്നെ വേശ്യാവേഴ്ച നടത്തുകയും ദേവദാസികളോടൊത്തു ബലി അര്‍പ്പിക്കുകയും ചെയ്യുന്നുവല്ലോ. വിവേകം കെട്ട ജനം നശിച്ചുപോകും.
15
ഇസ്രായേലേ, നീ വ്യഭിചരിച്ചാലും യെഹൂദാ അപരാധം ചെയ്യാതിരിക്കട്ടെ. നിങ്ങള്‍ ഗില്‍ഗാലില്‍ പ്രവേശിക്കരുത്. ബേത്ത്-ആവെനിലും കയറരുത്. സര്‍വേശ്വരനെ മുന്‍നിര്‍ത്തി ആണയിടുകയുമരുത്.16 ദുശ്ശാഠ്യം ഉള്ള പശുക്കുട്ടിയെപ്പോലെ ഇസ്രായേല്‍ ദുശ്ശാഠ്യം പിടിക്കുന്നു. കുഞ്ഞാടിനെ എന്നപോലെ വിശാലമായ മേച്ചില്‍സ്ഥലത്തു സര്‍വേശ്വരന് ഇപ്പോള്‍ അവരെ മേയ്‍ക്കാന്‍ കഴിയുമോ?
17
എഫ്രയീം വിഗ്രഹങ്ങളോടു ചങ്ങാത്തം പിടിച്ചിരിക്കുന്നു. അവരെ അവരുടെ വഴിക്കു വിടുക.18 മദ്യപന്മാരോടൊത്ത് അമിതമായി മദ്യപിച്ചുകൊണ്ട് അവര്‍ വ്യഭിചാരത്തില്‍ രമിക്കുന്നു. അവര്‍ നിന്ദ്യമായതിനെ മഹത്തായതിനെക്കാള്‍ ഇഷ്ടപ്പെടുന്നു.
19 കാറ്റ് അതിന്‍റെ ചിറകുകളില്‍ അവരെ പൊതിഞ്ഞിരിക്കുന്നു. തങ്ങളുടെ യാഗങ്ങളെക്കുറിച്ച് അവര്‍ ലജ്ജിക്കേണ്ടിവരും.
1
പുരോഹിതന്മാരേ, ഇതു കേള്‍ക്കുവിന്‍. ഇസ്രായേല്‍ജനമേ, ഇതു ശ്രദ്ധിക്കുവിന്‍. രാജകുടുംബമേ, ഇതു ചെവിക്കൊള്ളുക. നിങ്ങളുടെമേല്‍ ന്യായവിധി ഉണ്ടാകും. നിങ്ങള്‍ മിസ്പായില്‍ ഒരു കെണിയും താബോറില്‍ വിരിച്ച വലയും ആണല്ലോ.2 അവര്‍ ശിത്തീമിലെ കുഴിയുടെ ആഴം കൂട്ടി. ഞാന്‍ അവരെ എല്ലാവരെയും ശിക്ഷണവിധേയരാക്കും.
3
എഫ്രയീമിനെ എനിക്ക് അറിയാം; ഇസ്രായേല്‍ എന്നില്‍നിന്നു മറഞ്ഞിരിക്കുന്നില്ല. എഫ്രയീമേ, നീ ഇപ്പോള്‍ വ്യഭിചരിച്ചിരിക്കുന്നു. ഇസ്രായേല്‍ മലിനയാണ്.4
ദൈവത്തിങ്കലേക്കു മടങ്ങാന്‍ തങ്ങളുടെ പ്രവൃത്തികള്‍ അവരെ അനുവദിക്കുന്നില്ല; വ്യഭിചാരമോഹം അവരുടെ ഉള്ളിലുണ്ട്. സര്‍വേശ്വരനെ അവര്‍ അറിയുന്നില്ല.5
ഇസ്രായേലിന്‍റെ അഹംഭാവം അവനെതിരെ സാക്ഷ്യം വഹിക്കുന്നു. എഫ്രയീം തന്‍റെ അകൃത്യത്തില്‍ തട്ടിവീഴും. അവനോടൊപ്പം യെഹൂദായും ഇടറിവീഴും.6 തങ്ങളുടെ ആട്ടിന്‍പറ്റങ്ങളോടും കന്നുകാലികളോടുംകൂടി അവര്‍ സര്‍വേശ്വരനെ അന്വേഷിച്ചുപോകും. എന്നാല്‍ കണ്ടെത്തുകയില്ല. അവിടുന്ന് അവരെ വിട്ടകന്നിരിക്കുന്നു.
7 അവര്‍ സര്‍വേശ്വരനോട് അവിശ്വസ്തമായി പെരുമാറി. കാരണം, അവര്‍ ജാരസന്തതികള്‍ക്കു ജന്മം നല്‌കി. ഇപ്പോള്‍ അമാവാസി അവരുടെ വയലുകളോടൊപ്പം അവരെ നശിപ്പിക്കും.
8
ഗിബെയയില്‍ കൊമ്പും രാമായില്‍ കാഹളവും ഊതുക; ബേത്ത്-ആവെനില്‍ ആപല്‍ധ്വനി മുഴക്കുക. ബെന്യാമീനേ, യുദ്ധത്തിന് ഒരുങ്ങുക.9 ശിക്ഷാദിവസത്തില്‍ അന്ന് ഇസ്രായേല്‍ ശൂന്യമാക്കപ്പെടും. അതു നിശ്ചയമായും സംഭവിക്കുമെന്നു ഞാന്‍ ഇസ്രായേല്‍ഗോത്രങ്ങളെ അറിയിച്ചിരിക്കുന്നു.
10 യെഹൂദാപ്രഭുക്കന്മാര്‍ അതിരുകല്ലു മാറ്റുന്നവരെപ്പോലെ ആയിത്തീര്‍ന്നു. അവരുടെമേല്‍ വെള്ളംപോലെ ഞാന്‍ ക്രോധം ചൊരിയും.
11 മിഥ്യയുടെ പിന്നാലെ പോകാന്‍ നിശ്ചയിച്ചതുകൊണ്ട് ഇസ്രായേല്‍ ന്യായവിധിയില്‍ പീഡിപ്പിക്കപ്പെടുകയും മര്‍ദിക്കപ്പെടുകയും ചെയ്തു.
12
ഞാന്‍ ഇസ്രായേലിനു വെണ്‍ചിതലും യെഹൂദാജനതയ്‍ക്കു വ്രണവും ആകുന്നു.13 ഇസ്രായേല്‍ തന്‍റെ വ്യാധിയും യെഹൂദാ തന്‍റെ മുറിവും കണ്ടപ്പോള്‍ ഇസ്രായേല്‍ അസ്സീറിയായിലേക്കു പോകുകയും സഹായാഭ്യര്‍ഥനയുമായി രാജാവിന്‍റെ അടുക്കല്‍ ആളയയ്‍ക്കുകയും ചെയ്തു. എന്നാല്‍ നിങ്ങള്‍ക്കു സൗഖ്യം നല്‌കാനോ, നിങ്ങളുടെ മുറിവു പൊറുപ്പിക്കാനോ അവനു കഴിവില്ല.
14 ഞാന്‍ ഇസ്രായേലിന് ഒരു സിംഹവും യെഹൂദാഗൃഹത്തിനു യുവസിംഹവും ആയിരിക്കും. ഞാന്‍തന്നെ അവരെ കടിച്ചു കീറും; വലിച്ചിഴച്ചുകൊണ്ടുപോകും. ആര്‍ക്കും രക്ഷിക്കാന്‍ കഴിയുകയില്ല.
15 തങ്ങളുടെ അകൃത്യം ഏറ്റുപറഞ്ഞ് എന്നെ അന്വേഷിക്കുന്നതുവരെ ഞാന്‍ അവരില്‍നിന്നു പിന്‍തിരിയും. കൊടിയ ദുഃഖത്തില്‍ അവര്‍ എന്നെ അന്വേഷിക്കും.
1
അവര്‍ പറയും: വരുവിന്‍, നമുക്കു സര്‍വേശ്വരന്‍റെ അടുക്കലേക്കു മടങ്ങിച്ചെല്ലാം; അവിടുന്നു നമ്മെ ചീന്തിക്കളഞ്ഞു എങ്കിലും അവിടുന്നു നമ്മെ സുഖപ്പെടുത്തും. അവിടുന്നു നമ്മെ പ്രഹരിച്ചു. അവിടുന്നു തന്നെ മുറിവു വച്ചുകെട്ടും.2 രണ്ടു ദിവസം കഴിഞ്ഞ് അവിടുന്നു നമുക്കു നവജീവന്‍ നല്‌കും. മൂന്നാം ദിവസം അവിടുന്നു നമ്മെ എഴുന്നേല്പിക്കും. അങ്ങനെ നാം തിരുമുമ്പില്‍ ജീവിക്കും.
3 സര്‍വേശ്വരനെ നാം അറിയണം; അവിടുത്തെ അറിയാന്‍ നമുക്കു തീവ്രമായി ശ്രമിക്കാം. അവിടുന്നു പ്രഭാതംപോലെ സുനിശ്ചിതമായി വരും. മഴപോലെ, ഭൂമിയെ കുതിര്‍ക്കുന്ന പുതുമഴപോലെ അവിടുന്നു വരും.
4
ഇസ്രായേലേ, ഞാന്‍ നിങ്ങളോട് എന്തു ചെയ്യും? യെഹൂദായേ, ഞാന്‍ നിങ്ങളോട് എന്തുചെയ്യും? നിങ്ങളുടെ സ്നേഹം പ്രഭാതമേഘംപോലെയും പുലര്‍കാലമഞ്ഞുപോലെയും മാഞ്ഞുപോകുന്നു.5 അതിനാല്‍ പ്രവാചകന്മാര്‍ മുഖേന ഞാന്‍ അവരെ വെട്ടിവീഴ്ത്തി; എന്‍റെ വചനങ്ങളാല്‍ ഞാന്‍ അവരെ സംഹരിച്ചു. എന്‍റെ വിധി പ്രകാശംപോലെ പരക്കുന്നു.
6 ബലിയല്ല, സുസ്ഥിരമായ സ്നേഹമാണു ഞാന്‍ ആഗ്രഹിക്കുന്നത്. ഹോമയാഗത്തെക്കാള്‍ എനിക്കു പ്രസാദകരം ദൈവജ്ഞാനമാണ്.
7
എന്നാല്‍ ആദാമില്‍വച്ച് അവര്‍ ഉടമ്പടി ലംഘിച്ചു. അവിടെവച്ച് അവര്‍ എന്നോട് അവിശ്വസ്തത കാട്ടി.8 ഗിലെയാദ് ദുഷ്കര്‍മികളുടെ നഗരമാണ്. അവിടെ രക്തപ്പുഴ ഒഴുകുന്നു.
9 പതിയിരിക്കുന്ന കൊള്ളക്കാരെപ്പോലെ പുരോഹിതന്മാര്‍ ഒരുമിച്ചുകൂടിയിരിക്കുന്നു. ശെഖേമിലേക്കുള്ള വഴിയില്‍ കൊലപാതകം നടത്തുന്നു. അതേ, അവര്‍ നീചകൃത്യം ചെയ്യുന്നു.
10 ഇസ്രായേല്‍ഗൃഹത്തില്‍ ഞാന്‍ ഒരു ഭീകരകാര്യം കണ്ടിരിക്കുന്നു. എഫ്രയീമിന്‍റെ വേശ്യാവൃത്തിതന്നെ. ഇസ്രായേല്‍ മലിനയായിത്തീര്‍ന്നു.
11
യെഹൂദായേ, നിനക്കും ഒരു ശിക്ഷാദിവസം നിശ്ചയിച്ചിട്ടുണ്ട്.1
എന്‍റെ ജനത്തിനു വീണ്ടും ഐശ്വര്യം നല്‌കുമ്പോള്‍, ഇസ്രായേലിനെ ഞാന്‍ സുഖപ്പെടുത്തുമ്പോള്‍, എഫ്രയീമിന്‍റെ അകൃത്യവും ശമര്യയുടെ ദുഷ്ടതയും വെളിപ്പെടും. അവര്‍ വ്യാജമായി വര്‍ത്തിക്കുന്നു. കള്ളന്‍ അകത്തു കടക്കുന്നു; പുറത്തു കവര്‍ച്ചസംഘം കൊള്ളയടിക്കുന്നു.2 അവരുടെ എല്ലാ അധര്‍മങ്ങളും ഞാന്‍ ഓര്‍ക്കുമെന്ന് അവര്‍ വിചാരിക്കുന്നില്ല. ഇപ്പോള്‍ അവരുടെ പ്രവൃത്തികള്‍ അവരെ വലയം ചെയ്യുന്നു. അവ എന്‍റെ കണ്‍മുമ്പില്‍ ആണ്.
3
തങ്ങളുടെ ദുഷ്ടതയും വഞ്ചനയുംകൊണ്ടു രാജാവിനെയും പ്രഭുക്കന്മാരെയും അവര്‍ സന്തോഷിപ്പിക്കുന്നു.4 അവര്‍ എല്ലാവരും വ്യഭിചാരികളാണ്. അവര്‍ നീറിക്കത്തുന്ന അടുപ്പുപോലെ ആകുന്നു. കുഴച്ചമാവു പുളിച്ചുപൊങ്ങി പാകമാകുന്നതുവരെ അടുപ്പിലെ തീ ആളിക്കത്തിക്കുകയില്ലല്ലോ.
5 നമ്മുടെ രാജാവിന്‍റെ ഉത്സവദിവസം അവര്‍ പ്രഭുക്കന്മാരെ വീഞ്ഞു കുടിപ്പിച്ചു മത്തരാക്കുന്നു. അവര്‍ പരിഹാസികളുമായി ഒത്തുചേരുന്നു.
6 തങ്ങളുടെ ദ്രോഹപരിപാടികളെപ്പറ്റിയുള്ള ആലോചനകളാല്‍ അവരുടെ ഹൃദയം അടുപ്പുപോലെ നീറിക്കത്തുന്നു. രാത്രി മുഴുവന്‍ അവരുടെ രോഷം നീറി എരിഞ്ഞുകൊണ്ടിരിക്കും.
7 പ്രഭാതമായാല്‍ അതു കത്തിജ്വലിക്കും. അവര്‍ എല്ലാവരും അടുപ്പുപോലെ ചുട്ടുപഴുത്തിരിക്കുന്നു. ഭരണാധികാരികളെ അവര്‍ ദഹിപ്പിച്ചുകളയുന്നു. അവരുടെ രാജാക്കന്മാരെല്ലാം നിലംപതിച്ചു. അവരാരും എന്നെ വിളിച്ചപേക്ഷിക്കുന്നില്ല.
8
സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഒരു വശം മാത്രം വെന്ത അപ്പംപോലെയാണ് ഇസ്രായേല്‍. ചുറ്റുമുള്ള ജനതകളുമായി അവര്‍ ഇടകലരുന്നു.9 വിജാതീയര്‍ അവരുടെ ബലം കെടുത്തുന്നു. അവര്‍ അതു മനസ്സിലാക്കുന്നില്ല. അവരുടെ തല നരച്ചുതുടങ്ങി. അത് അവര്‍ അറിയുന്നില്ല.
10 ഇസ്രായേലിന്‍റെ അഹങ്കാരം അവര്‍ക്കെതിരെ സാക്ഷ്യം വഹിക്കുന്നു. ഇതെല്ലാമായിട്ടും അവര്‍ തങ്ങളുടെ ദൈവമായ സര്‍വേശ്വരനിലേക്കു തിരിയുകയോ അവിടുത്തെ അന്വേഷിക്കുകയോ ചെയ്യുന്നില്ല.
11
എഫ്രയീം വിവരമില്ലാത്ത പൊട്ടപ്രാവാണ്. അവര്‍ സഹായത്തിനുവേണ്ടി ഈജിപ്തിനെ വിളിക്കുന്നു; അസ്സീറിയായെ സമീപിക്കുന്നു.12 അവര്‍ പോകുമ്പോള്‍ അവരുടെമേല്‍ ഞാന്‍ വലവിരിക്കും. പക്ഷികളെ എന്നപോലെ ഞാന്‍ അവരെ പിടിക്കും. അവരുടെ ദുഷ്കൃത്യത്തിനു ഞാന്‍ അവരെ ശിക്ഷിക്കും.
13 അവര്‍ എന്നെ വിട്ട് ഓടിപ്പോയല്ലോ; അവര്‍ക്കു ദുരിതം! അവര്‍ എന്നോടു മത്സരിച്ചു; അവര്‍ക്കു നാശം! ഞാന്‍ അവരെ രക്ഷിക്കുമായിരുന്നു; എന്നാല്‍ അവര്‍ എനിക്കെതിരെ സംസാരിക്കുന്നു.
14
അവര്‍ ഹൃദയപൂര്‍വം എന്നോട് അപേക്ഷിക്കുന്നില്ല. അവര്‍ കിടക്കയില്‍ വീണ് അലമുറയിടുന്നു. ധാന്യത്തിനും വീഞ്ഞിനുംവേണ്ടി അവര്‍ സ്വയം മുറിവേല്പിക്കുന്നു. അവര്‍ എന്നോടു മത്സരിക്കുന്നു.15 ഞാന്‍ അവരെ പരിശീലിപ്പിച്ചു, അവരുടെ ഭുജങ്ങളെ ബലപ്പെടുത്തി; എന്നിട്ടും അവര്‍ എനിക്കെതിരെ തിന്മ നിരൂപിക്കുന്നു.
16 അവര്‍ ബാലിന്‍റെ നേര്‍ക്കു തിരിയുന്നു. അവര്‍ സമയത്ത് ഉതകാത്ത വില്ലുപോലെയാകുന്നു. അവരുടെ പ്രഭുക്കന്മാര്‍ നാവിന്‍റെ ഔദ്ധത്യത്താല്‍ വാളിനിരയാകും. അവര്‍ ഇതിനാല്‍ ഈജിപ്തില്‍ പരിഹാസപാത്രമാകും.
1
കാഹളം നിന്‍റെ ചുണ്ടുകളോട് അടുപ്പിക്കുക; ഒരു കഴുകന്‍ സര്‍വേശ്വരന്‍റെ ആലയത്തിനുമീതെ പറക്കുന്നു. കാരണം അവര്‍ എന്‍റെ ഉടമ്പടി ലംഘിച്ചു. എന്‍റെ ധര്‍മശാസ്ത്രം പാലിച്ചില്ല.2 ‘ദൈവമേ, ഇസ്രായേലാകുന്ന ഞങ്ങള്‍ അങ്ങയെ അറിയുന്നു’ എന്ന് അവര്‍ എന്നോടു നിലവിളിച്ചു പറയുന്നു.
3 ഇസ്രായേല്‍ നന്മയെ വെറുത്തു തള്ളിയിരിക്കുന്നു; ശത്രു അവരെ പിന്തുടരും.
4
എന്‍റെ ഹിതം അന്വേഷിക്കാതെ അവര്‍ രാജാക്കന്മാരെ വാഴിച്ചു; എന്‍റെ അറിവുകൂടാതെ അവര്‍ പ്രഭുക്കന്മാരെ നിയമിച്ചു. അവര്‍ പൊന്നും വെള്ളിയുംകൊണ്ടു വിഗ്രഹങ്ങള്‍ നിര്‍മിച്ചു; അത് അവരുടെ വിനാശത്തിനു കാരണമായി.5 ശമര്യേ, നീ ആരാധിക്കുന്ന കാളക്കുട്ടിയെ ഞാന്‍ വെറുക്കുന്നു. എന്‍റെ കോപം അവരുടെ നേരെ ജ്വലിക്കുന്നു. അവര്‍ ശുദ്ധരായിത്തീരാന്‍ ഇനി എത്രകാലം വേണ്ടിവരും?
6 ഇസ്രായേലിലെ ഒരു ശില്പി നിര്‍മിച്ചതാണ് ആ വിഗ്രഹം. അതു ദൈവം അല്ല. ശമര്യയിലെ കാളക്കുട്ടിയെ ഞാന്‍ തകര്‍ത്തു തരിപ്പണമാക്കും.
7
അവര്‍ കാറ്റു വിതച്ചു കൊടുങ്കാറ്റു കൊയ്യും. നിവര്‍ന്നു നില്‌ക്കുന്ന ചെടികളില്‍ കതിരില്ല; അവ ധാന്യമാവ് നല്‌കുകയില്ല, നല്‌കിയാല്‍ത്തന്നെ അന്യര്‍ അതു തിന്നുതീര്‍ക്കും.8 ഇസ്രായേല്‍ വിഴുങ്ങപ്പെട്ടു; അവര്‍ ജനതകളുടെ ഇടയില്‍ ഉപയോഗമില്ലാത്ത പാത്രംപോലെ ആയിരിക്കുന്നു.
9 അവര്‍ കൂട്ടംവിട്ട് അലഞ്ഞുനടക്കുന്ന കാട്ടുകഴുതയെപ്പോലെ അസ്സീറിയായിലേക്കു പോയി. എഫ്രയീം ജാരന്മാരെ കൂലിക്കു വാങ്ങിയിരിക്കുന്നു.
10 അവര്‍ കൂലി കൊടുത്തു ജനതകളുമായി സഖ്യം ഉണ്ടാക്കിയാലും ഇപ്പോള്‍ ഞാന്‍ അവരെ ഒന്നിച്ചുകൂട്ടും. രാജാക്കന്മാരെയും പ്രഭുക്കന്മാരെയും വാഴിക്കുന്നതില്‍നിന്ന് അവര്‍ കുറെക്കാലത്തേക്കു വിരമിക്കും.
11
പാപപരിഹാരത്തിന് എഫ്രയീം ഉണ്ടാക്കിയ അനേകം യാഗപീഠങ്ങള്‍ പാപഹേതുവായിത്തീര്‍ന്നു.12 ഞാന്‍ നിരവധി നിയമങ്ങള്‍ അവര്‍ക്ക് എഴുതിക്കൊടുത്തിട്ടും അവ അപരിചിതമായി പരിഗണിക്കപ്പെട്ടു.
13 യാഗങ്ങള്‍ അവര്‍ക്കു പ്രിയങ്കരമാണ്. അവര്‍ മാംസം യാഗമായി അര്‍പ്പിക്കുന്നു. അത് അവര്‍ ഭക്ഷിക്കുന്നു. എന്നാല്‍ ഇവയിലൊന്നും സര്‍വേശ്വരന്‍ പ്രസാദിക്കുന്നില്ല. ഇപ്പോള്‍ അവിടുന്ന് അവരുടെ അകൃത്യങ്ങള്‍ ഓര്‍ക്കും. അവരുടെ പാപങ്ങള്‍ക്ക് അവരെ ശിക്ഷിക്കും; അവര്‍ ഈജിപ്തിലേക്കു മടങ്ങിപ്പോകും!
14 കാരണം ഇസ്രായേല്‍ തന്‍റെ സ്രഷ്ടാവിനെ മറന്ന് കൊട്ടാരങ്ങള്‍ നിര്‍മിച്ചിരിക്കുന്നു. യെഹൂദാ ഉറപ്പുള്ള പട്ടണങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുന്നു; എന്നാല്‍ ഞാന്‍ അവരുടെ നഗരങ്ങളിന്മേല്‍ അഗ്നിയെ അയയ്‍ക്കും; അത് അവരുടെ ശക്തിദുര്‍ഗങ്ങളെ ദഹിപ്പിച്ചുകളയും.
1
ഇസ്രായേലേ, നീ ആഹ്ലാദിക്കേണ്ട; ജനതകളെപ്പോലെ സന്തോഷംകൊണ്ടു തുള്ളിച്ചാടുകയും വേണ്ട; നിന്‍റെ ദൈവത്തെ ഉപേക്ഷിച്ചു നീ പരസംഗം ചെയ്തിരിക്കുന്നുവല്ലോ. എല്ലാ മെതിക്കളങ്ങളിലും നിങ്ങള്‍ വേശ്യയുടെ കൂലിയാണല്ലോ അഭിലഷിച്ചത്.2 മെതിക്കളങ്ങളും മുന്തിരിച്ചക്കുകളും അവരെ പോറ്റുകയില്ല. പുതുവീഞ്ഞ് അവര്‍ക്ക് ഇല്ലാതെയാകും.
3 സര്‍വേശ്വരന്‍റെ ദേശത്ത് അവര്‍ പാര്‍ക്കുകയില്ല. എഫ്രയീം ഈജിപ്തിലേക്കു മടങ്ങും; അസ്സീറിയായില്‍ മലിനമായ ഭക്ഷണം അവര്‍ കഴിക്കും.
4 അവര്‍ സര്‍വേശ്വരനു വീഞ്ഞ് അര്‍പ്പിക്കുകയില്ല. അവരുടെ ബലി അവിടുത്തേക്കു പ്രസാദകരമാവുകയില്ല. വിലപിക്കുന്നവരുടെ അപ്പംപോലെ ആയിരിക്കും അവരുടെ അപ്പം. അതു ഭക്ഷിക്കുന്നവരെല്ലാം മലിനരായിത്തീരും; അവരുടെ ആഹാരം അവര്‍ക്കു വിശപ്പടക്കാന്‍ മാത്രമേ ഉപകരിക്കൂ. അതു സര്‍വേശ്വരന്‍റെ ആലയത്തില്‍ കൊണ്ടുവന്ന് അര്‍പ്പിക്കപ്പെടുകയില്ല.
5 നിര്‍ദിഷ്ട ഉത്സവദിവസവും അവിടുത്തെ പെരുന്നാള്‍ ദിവസവും നിങ്ങള്‍ എന്തുചെയ്യും?
6 ഇതാ, അവര്‍ വിനാശത്തില്‍നിന്ന് ഓടിയകലുന്നു. ഈജിപ്ത് അവരെ ഒരുമിച്ചു കൂട്ടും. മെംഫിസ് അവരുടെ ശവകുടീരമായിത്തീരും. അവരുടെ വെള്ളികൊണ്ടുള്ള വിലപ്പെട്ട ഉരുപ്പടികള്‍ കൊടിത്തൂവ കൈവശപ്പെടുത്തും. മുള്‍ച്ചെടികള്‍ അവരുടെ കൂടാരങ്ങളില്‍ വളരും.
7
ശിക്ഷയുടെ ദിവസങ്ങള്‍ വന്നിരിക്കുന്നു. അതേ, പ്രതികാരത്തിന്‍റെ ദിനങ്ങള്‍ ആഗതമായിരിക്കുന്നു; ഇസ്രായേല്‍ അത് അറിയും. നിങ്ങളുടെ കടുത്ത അകൃത്യവും കൊടിയ വിദ്വേഷവുംമൂലം പ്രവാചകന്‍ നിങ്ങള്‍ക്കു ഭോഷനായി; ആത്മാവിനാല്‍ പ്രചോദിതനായവന്‍ ഭ്രാന്തനായി.8 പ്രവാചകന്‍ ദൈവജനമായ എഫ്രയീമിന്‍റെ കാവല്‌ക്കാരനാണ്; എങ്കിലും അവന്‍റെ വഴികളില്‍ കെണി ഒരുക്കിയിരിക്കുന്നു. അയാളുടെ ദൈവത്തിന്‍റെ ഭവനത്തില്‍ വിദ്വേഷം കുടികൊള്ളുന്നു.
9 ഗിബെയയില്‍ പാര്‍ത്തിരുന്ന ദിവസങ്ങളിലെന്നതുപോലെ ജനം അത്യന്തം ദുഷിച്ചിരിക്കുന്നു; ദൈവം അവരുടെ അകൃത്യം ഓര്‍മിക്കും; അവരുടെ പാപങ്ങള്‍ക്കു ശിക്ഷ നല്‌കുകയും ചെയ്യും.
10
മരുഭൂമിയില്‍ മുന്തിരിപ്പഴംപോലെ ഞാന്‍ ഇസ്രായേലിനെ കണ്ടെത്തി. അത്തിവൃക്ഷത്തില്‍ ആദ്യം ഉണ്ടായ തലക്കനിപോലെ ഞാന്‍ ഇസ്രായേലിന്‍റെ പിതാക്കന്മാരെ കണ്ടെത്തി. എന്നാല്‍ ബാല്‍-പെയോരിലെത്തിയപ്പോള്‍ അവര്‍ തങ്ങളെത്തന്നെ ബാലിനു സമര്‍പ്പിച്ചു. തങ്ങള്‍ സ്നേഹിച്ച ദേവന്മാരെപ്പോലെ അവരും നിന്ദ്യരായിത്തീര്‍ന്നു.11 എഫ്രയീമിന്‍റെ മഹിമ പക്ഷിയെപ്പോലെ പറന്നകലും; അവിടെ ജനനമോ ഗര്‍ഭമോ ഗര്‍ഭധാരണമോ നടക്കുകയില്ല.
12 അവര്‍ മക്കളെ വളര്‍ത്തിയാല്‍ത്തന്നെ അവര്‍ ആരും അവശേഷിക്കാത്തവിധം ഞാന്‍ അവരെ സന്താനരഹിതരാക്കും. ഞാന്‍ അവരില്‍നിന്നു പിന്തിരിയുമ്പോള്‍ അവര്‍ക്കു ദുരിതം!
13 എഫ്രയീമിന്‍റെ പുത്രന്മാര്‍ വേട്ടയാടപ്പെടുന്നതായി കണ്‍മുമ്പില്‍ എന്നപോലെ ഞാന്‍ കാണുന്നു. എഫ്രയീമിനു തന്‍റെ പുത്രന്മാരെ കൊലക്കളത്തിലേക്കു കൊണ്ടുപോകേണ്ടിവരും.
14 സര്‍വേശ്വരാ, അങ്ങ് എന്താണ് അവര്‍ക്കു കൊടുക്കുക? അലസുന്ന ഗര്‍ഭാശയവും വരണ്ട സ്തനങ്ങളും അവര്‍ക്കു നല്‌കിയാലും.
15
അവരുടെ ദുഷ്കൃത്യങ്ങള്‍ ഗില്‍ഗാലില്‍ ആരംഭിച്ചു; അവിടെവച്ചു ഞാന്‍ അവരെ വെറുക്കാന്‍ തുടങ്ങി. അവരുടെ ദുഷ്പ്രവൃത്തികള്‍ നിമിത്തം എന്‍റെ ഭവനത്തില്‍നിന്നു ഞാന്‍ അവരെ ആട്ടിപ്പുറത്താക്കി. ഞാന്‍ അവരെ ഇനി സ്നേഹിക്കുകയില്ല; അവരുടെ പ്രഭുക്കന്മാര്‍ എന്നോടു മത്സരിക്കുന്നവരാണ്. എഫ്രയീമിനു പുഴുക്കുത്തു വീണു;16 അവരുടെ വേര് ഉണങ്ങിപ്പോയി; അവര്‍ ഇനി ഫലം പുറപ്പെടുവിക്കുകയില്ല. അവര്‍ പ്രസവിച്ചാലും അവരുടെ ഇഷ്ടസന്തതികളെ ഞാന്‍ സംഹരിക്കും.
17 എന്‍റെ ദൈവം അവരെ പുറന്തള്ളും; കാരണം, അവര്‍ അവിടുത്തെ വാക്കു കേട്ടില്ല. അവര്‍ ജനതകളുടെ ഇടയില്‍ അലഞ്ഞുതിരിയും.
1
തഴച്ചുവളര്‍ന്നു കായ്‍ക്കുന്ന മുന്തിരിച്ചെടിയാണ് ഇസ്രായേല്‍. ഫലസമൃദ്ധി ഉണ്ടായതോടൊപ്പം അവര്‍ കൂടുതല്‍ യാഗപീഠങ്ങളും നിര്‍മിച്ചു. ദേശം ഐശ്വര്യസമൃദ്ധമായതോടൊപ്പം അവര്‍ ആരാധനാസ്തംഭങ്ങള്‍ അലങ്കരിച്ചു.2 ഇസ്രായേല്യരുടെ ഹൃദയം വഞ്ചന നിറഞ്ഞതാണ്; അതിനാല്‍ അവര്‍ ശിക്ഷ സഹിച്ചേ തീരൂ. സര്‍വേശ്വരന്‍ അവരുടെ യാഗപീഠങ്ങള്‍ തകര്‍ക്കും; സ്തംഭങ്ങള്‍ നശിപ്പിക്കുകയും ചെയ്യും.
3
അപ്പോള്‍ അവര്‍ പറയും: “ഞങ്ങള്‍ സര്‍വേശ്വരനെ ഭയപ്പെടാത്തതുകൊണ്ട് ഞങ്ങള്‍ക്കു രാജാവില്ല. ഉണ്ടെങ്കില്‍ത്തന്നെ രാജാവിനു നമുക്കുവേണ്ടി എന്തുചെയ്യാന്‍ കഴിയും?”4 അവര്‍ വ്യര്‍ഥവാക്കുകള്‍ ഉച്ചരിക്കുന്നു; വെറും പൊള്ളസത്യം ചെയ്ത് അവര്‍ ഉടമ്പടി ഉണ്ടാക്കുന്നു. അതിനാല്‍ ഉഴവുചാലില്‍ വിഷക്കളകളെന്നപോലെ ശിക്ഷാവിധി മുളച്ചുവരുന്നു.
5 ശമര്യാനിവാസികള്‍ ബേത്ത്-ആവെനിലെ കാളക്കുട്ടി നിമിത്തം ഭയപ്പെടുന്നു; അവിടത്തെ ജനം അതിനെച്ചൊല്ലി വിലപിക്കും. അതിന്‍റെ വിട്ടുപോയ മഹത്ത്വത്തിന്‍റെ പേരില്‍ വിഗ്രഹാരാധകരായ പുരോഹിതര്‍ ഉറക്കെ കരയും.
6 മഹാരാജാവിനു കാഴ്ചവയ്‍ക്കുന്നതിന് അതിനെ അസ്സീറിയായിലേക്കു കൊണ്ടുപോകും. എഫ്രയീം നിന്ദാപാത്രമായിത്തീരും; ഇസ്രായേല്‍ തന്‍റെ വിഗ്രഹം നിമിത്തം ലജ്ജിക്കും.
7 ശമര്യയിലെ രാജാവ്, വെള്ളത്തില്‍വീണ മരക്കഷണംപോലെ ഒലിച്ചുപോകും.
8 ഇസ്രായേലിന്‍റെ പാപത്തിനു കാരണമായ ആവെനിലെ പൂജാഗിരികള്‍ നശിപ്പിക്കപ്പെടും. അവരുടെ യാഗപീഠങ്ങളില്‍ മുള്ളും ഞെരിഞ്ഞിലും വളരും; അവര്‍ പര്‍വതങ്ങളോടു തങ്ങളെ മൂടാനും മലകളോടു തങ്ങളുടെമേല്‍ നിപതിക്കാനും പറയും.
9
ഇസ്രായേലേ, നീ ഗിബെയയില്‍വച്ചു പാപം ചെയ്യാന്‍ തുടങ്ങി; നീ അതു തുടരുന്നു. ഗിബെയയില്‍വച്ചു യുദ്ധം അവരെ പിടികൂടിയില്ലേ?10 അനുസരണം കെട്ട ജനത്തെ ശിക്ഷിക്കാന്‍ ഞാന്‍ വരും; അവരുടെ ഇരു തിന്മകള്‍ക്ക് അവര്‍ ശിക്ഷിക്കപ്പെടുമ്പോള്‍ അവര്‍ക്കെതിരെ ജനതകളെ ഞാന്‍ അണിനിരത്തും.
11 മെതിക്കാനിഷ്ടമുള്ള പരിശീലനം ലഭിച്ച പശുക്കുട്ടിയായിരുന്നു എഫ്രയീം; അതിന്‍റെ അഴകുള്ള ചുമലില്‍ ഞാന്‍ നുകം വച്ചില്ല; എന്നാല്‍ ഞാന്‍ എഫ്രയീമിനു നുകം വയ്‍ക്കും; യെഹൂദാ നിലം ഉഴുകയും ഇസ്രായേല്‍ കട്ട ഉടയ്‍ക്കുകയും ചെയ്യേണ്ടിവരും.
12
നീതി വിതയ്‍ക്കുക; സുസ്ഥിരമായ സ്നേഹത്തിന്‍റെ ഫലം കൊയ്യാം. നിങ്ങളുടെ തരിശുനിലം ഉഴുതൊരുക്കുക; സര്‍വേശ്വരന്‍ വന്നു നിങ്ങളുടെമേല്‍ രക്ഷ ചൊരിയാന്‍ അവിടുത്തെ അന്വേഷിക്കേണ്ട സമയമാണല്ലോ ഇത്.13 നിങ്ങള്‍ അധര്‍മം ഉഴുതൊരുക്കി അനീതി കൊയ്തെടുത്തു വ്യാജഫലം തിന്നിരിക്കുന്നു. കാരണം നിങ്ങള്‍ രഥങ്ങളിലും യോദ്ധാക്കളുടെ സംഖ്യാബലത്തിലും ആശ്രയിക്കുന്നു.
14 അതുകൊണ്ടു ജനമധ്യത്തില്‍ യുദ്ധകോലാഹലം ഉയരും. യുദ്ധദിവസത്തില്‍ ബേത്ത്-അബ്ബേലിനെ ശല്‍മാന്‍ നശിപ്പിച്ചതുപോലെ നിന്‍റെ സകല കോട്ടകളും ഇടിച്ചുനിരത്തപ്പെടും. അവര്‍ മാതാക്കളെ കുഞ്ഞുങ്ങളോടൊപ്പം നിലത്തടിച്ചുകൊല്ലും.
15 ഇസ്രായേല്‍ജനമേ, നിങ്ങളുടെ മഹാദുഷ്ടത നിമിത്തം നിങ്ങളോടും ഇപ്രകാരം ചെയ്യും. തുടക്കത്തില്‍തന്നെ ഇസ്രായേല്‍രാജാവ് വിച്ഛേദിക്കപ്പെടും.
1
ഇസ്രായേല്‍ ബാലനായിരുന്നപ്പോള്‍ ഞാന്‍ അവനെ സ്നേഹിച്ചു; ഈജിപ്തില്‍നിന്നു ഞാന്‍ എന്‍റെ മകനെ വിളിച്ചു.2 ഞാന്‍ വിളിക്കുന്തോറും അവര്‍ അകന്നുപൊയ്‍ക്കൊണ്ടിരുന്നു. അകന്നുപോകുന്തോറും അവര്‍ ബാല്‍ദേവന്മാര്‍ക്കു ബലിയും വിഗ്രഹങ്ങള്‍ക്കു ധൂപവും അര്‍പ്പിച്ചുകൊണ്ടിരുന്നു.
3 ഞാനാണ് എഫ്രയീമിനെ നടക്കാന്‍ ശീലിപ്പിച്ചത്; എന്‍റെ കൈകളില്‍ ഞാന്‍ അവരെ എടുത്തുകൊണ്ടു നടന്നു. എന്നിട്ടും ഞാന്‍ ആണ് അവര്‍ക്കു സൗഖ്യം നല്‌കിയതെന്ന് അവര്‍ അറിഞ്ഞില്ല.
4 സ്നേഹത്തിന്‍റെ കയര്‍കൊണ്ടും കരുണയുടെ പാശംകൊണ്ടും ഞാന്‍ അവരെ നയിച്ചു. അവരുടെ താടിയെല്ലില്‍നിന്നു നുകം അയച്ചുകൊടുക്കുന്നവനെപ്പോലെ ഞാന്‍ വര്‍ത്തിച്ചു. ഞാന്‍ കുനിഞ്ഞ് അവര്‍ക്ക് ആഹാരം നല്‌കി.
5
അവര്‍ എങ്കലേക്കു തിരിയാന്‍ വിസമ്മതിക്കുന്നതുകൊണ്ട് അവര്‍ ഈജിപ്തിലേക്കു മടങ്ങിപ്പോകും. അസ്സീറിയാ അവരെ ഭരിക്കും.6 അവരുടെ നഗരങ്ങള്‍ക്കു നേരെ വാള്‍ ആഞ്ഞുവീശും. നഗരകവാടങ്ങളുടെ ഓടാമ്പലുകള്‍ തകര്‍ക്കും. അവരുടെ ആലോചനയാല്‍ തന്നെ അവര്‍ നശിക്കും.
7 എന്‍റെ ജനം എന്നെ വിട്ടു പിന്തിരിയാന്‍ ഒരുങ്ങിയിരിക്കുന്നതിനാല്‍ അവര്‍ക്കു നുകം വച്ചിരിക്കുന്നു. ആരും അത് എടുത്തുമാറ്റുകയില്ല.
8 എഫ്രയീമേ, ഞാന്‍ എങ്ങനെ നിന്നെ ഉപേക്ഷിക്കും? ഇസ്രായേലേ, ഞാന്‍ എങ്ങനെ നിന്നെ കൈവിടും? നിന്നെ ഞാന്‍ എങ്ങനെ അദ്മായെപ്പോലെ ആക്കും? നിന്നോടു ഞാന്‍ എങ്ങനെ സെബോയീമിനോടെന്നപോലെ പെരുമാറും? എന്‍റെ ഹൃദയം അതിന് എന്നെ അനുവദിക്കുന്നില്ല. എന്‍റെ അനുകമ്പ ഊഷ്മളവും ആര്‍ദ്രവുമായിത്തീരുന്നു.
9 ഞാന്‍ കോപം അഴിച്ചുവിടുകയില്ല. എഫ്രയീമിനെ വീണ്ടും ഞാന്‍ നശിപ്പിക്കുകയില്ല. കാരണം ഞാന്‍ ദൈവമാണ്, മനുഷ്യനല്ല. ഞാന്‍ നിങ്ങളുടെ മധ്യേ ഉള്ള പരിശുദ്ധന്‍ തന്നെ; ഞാന്‍ നിങ്ങളെ നശിപ്പിക്കാന്‍ വരികയില്ല.
10
അവര്‍ സര്‍വേശ്വരനെ അനുഗമിക്കും. അവിടുന്നു സിംഹത്തെപ്പോലെ ഗര്‍ജിക്കും; അതേ, അവിടുന്നു ഗര്‍ജിക്കും; അപ്പോള്‍ അവിടുത്തെ പുത്രന്മാര്‍ ഭയഭക്തിയോടെ വിറപൂണ്ടു പടിഞ്ഞാറുനിന്ന് ഓടിവരും.11 പക്ഷികളെപ്പോലെ അവര്‍ ഈജിപ്തില്‍നിന്നു വേഗം വന്നെത്തും; പ്രാക്കളെപ്പോലെ അസ്സീറിയായില്‍നിന്നും പാഞ്ഞുവരും. ഞാന്‍ അവരെ സ്വഭവനങ്ങളില്‍ പാര്‍പ്പിക്കും. ഇതു സര്‍വേശ്വരന്‍റെ വചനം.
12
എഫ്രയീം അസത്യംകൊണ്ടും ഇസ്രായേല്‍ഭവനം വഞ്ചനകൊണ്ടും എന്നെ വളഞ്ഞിരിക്കുന്നു. എന്നാല്‍ യെഹൂദായെ ദൈവം ഇന്നും അറിയുന്നു. അവന്‍ പരിശുദ്ധനായവനോടു വിശ്വസ്തത പുലര്‍ത്തുന്നു.1
എഫ്രയീം കാറ്റിനെ മേയ്‍ക്കുന്നു; പകല്‍ മുഴുവന്‍ കിഴക്കന്‍ കാറ്റിനെ പിന്തുടരുന്നു; അവര്‍ വ്യാജവും അക്രമവും വര്‍ധിപ്പിക്കുന്നു; അസ്സീറിയായുമായി അവര്‍ ഉടമ്പടി ചെയ്യുന്നു. ഈജിപ്തിലേക്ക് എണ്ണകൊണ്ടുപോകുന്നു.2
യെഹൂദായ്‍ക്കെതിരായി സര്‍വേശ്വരന് ഒരു കുറ്റപത്രമുണ്ട്. യാക്കോബിനെ അവന്‍റെ നടപ്പിനൊത്തവിധം ശിക്ഷിക്കും. അവന്‍റെ പ്രവൃത്തിക്ക് ഒത്തവിധം പകരം നല്‌കും;3 അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ അവന്‍ സഹോദരന്‍റെ കുതികാല്‍ പിടിച്ചു; പുരുഷപ്രാപ്തി ആയപ്പോള്‍ അവന്‍ ദൈവത്തോടു മല്ലിട്ടു.
4 അവന്‍ ദൈവദൂതനോടു പോരാടി ജയിച്ചു. അവന്‍ കരഞ്ഞു; ദൈവകൃപയ്‍ക്കുവേണ്ടി അപേക്ഷിച്ചു; അവന്‍ ബെഥേലില്‍വച്ചു ദൈവത്തെ കണ്ടുമുട്ടി; ദൈവം അവിടെവച്ച് അവനോടു സംസാരിച്ചു.
5 അവിടുന്നു സര്‍വശക്തനായ ദൈവം; സര്‍വേശ്വരന്‍ എന്നാണ് അവിടുത്തെ നാമം.
6 അതുകൊണ്ട്, നിന്‍റെ ദൈവത്തിന്‍റെ സഹായത്തോടുകൂടി നീ തിരിച്ചുവരിക; സ്നേഹത്തെയും നീതിയെയും മുറുകെപ്പിടിക്കുക, നിന്‍റെ ദൈവത്തെ നിരന്തരം കാത്തിരിക്കുക.
7
കള്ളത്തുലാസ് കൈയിലുള്ള വ്യാപാരിയാണ് ഇസ്രായേല്‍; അവന്‍ പരപീഡനം ആഗ്രഹിക്കുന്നു.8 എഫ്രയീം പറഞ്ഞു: “ഹാ, ഞാന്‍ ധനികനാണല്ലോ; എനിക്കുവേണ്ടി ഞാന്‍ ധനം സമ്പാദിച്ചു. എന്നാല്‍ അവന്‍റെ സര്‍വസമ്പാദ്യവും കൊടുത്താലും അവന്‍ ചെയ്തിട്ടുള്ള തിന്മകള്‍ക്കു പരിഹാരം ആകുകയില്ല.
9 നീ ഈജിപ്തില്‍ ആയിരുന്നപ്പോള്‍ മുതല്‍ ഞാനായിരുന്നു നിന്‍റെ ദൈവമായ സര്‍വേശ്വരന്‍. പണ്ടത്തെപ്പോലെ ഞാന്‍ നിന്നെ വീണ്ടും കൂടാരങ്ങളില്‍ വസിപ്പിക്കും.
10
പ്രവാചകന്മാരോടു ഞാന്‍ സംസാരിച്ചു; അവര്‍ക്കു നിരവധി ദര്‍ശനങ്ങള്‍ അരുളിയതും അവരില്‍കൂടി അനേകം ദൃഷ്ടാന്തകഥകള്‍ നല്‌കിയതും ഞാന്‍ തന്നെയാണ്.11 ഗിലെയാദില്‍ അകൃത്യങ്ങള്‍ ഉണ്ടെങ്കില്‍ നിശ്ചയമായും അവര്‍ നശിക്കും. ഗില്‍ഗാലില്‍ അവര്‍ കാളകളെ ബലികഴിക്കുന്നു; അവരുടെ ബലിപീഠങ്ങളും വയലിലെ ഉഴവുചാലുകളില്‍ ഉള്ള കല്‌ക്കൂനപോലെ ആയിത്തീരും.
12 യാക്കോബ് അരാംദേശത്തേക്കു പലായനം ചെയ്തു. ഭാര്യയെ ലഭിക്കാന്‍വേണ്ടി ഇസ്രായേല്‍ അവിടെ ദാസ്യവൃത്തി ചെയ്തു; അതിനുവേണ്ടിത്തന്നെ അവന്‍ ആടിനെ മേയ്ച്ചു.
13 ഒരു പ്രവാചകന്‍ മുഖാന്തരം സര്‍വേശ്വരന്‍ ഇസ്രായേലിനെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നു. ഒരു പ്രവാചകനാല്‍ അവന്‍ സംരക്ഷിക്കപ്പെട്ടു;
14 എഫ്രയീം അത്യധികമായ പ്രകോപനം ഉളവാക്കി. അതിനാല്‍ അവിടുന്ന് അവന്‍റെമേല്‍ രക്തം ചൊരിഞ്ഞതിനുള്ള ശിക്ഷ വരുത്തും. അവന്‍റെ പരിഹാസങ്ങള്‍ അവനിലേക്കുതന്നെ തിരിച്ചുവരുത്തും.
1
എഫ്രയീം സംസാരിച്ചപ്പോള്‍ ജനം വിറച്ചു; അവന്‍ ഇസ്രായേലില്‍ സമുന്നതനായിരുന്നു. എന്നാല്‍ ബാല്‍ദേവനെ ആരാധിച്ചതുമൂലം അവന്‍ പാപം ചെയ്തു; അവന്‍ മരിച്ചു. ഇപ്പോഴും അവര്‍ മേല്‍ക്കുമേല്‍ പാപം ചെയ്യുന്നു.2 അവര്‍ തങ്ങള്‍ക്കുവേണ്ടി വിഗ്രഹങ്ങള്‍ വാര്‍ത്തുണ്ടാക്കുന്നു; വെളളികൊണ്ടു വിദഗ്ധമായി ബിംബങ്ങള്‍ ഉണ്ടാക്കുന്നു. അവയെല്ലാംതന്നെ ശില്പികളുടെ കരവേലയാണ്. ഈ വിഗ്രഹങ്ങള്‍ക്കു ബലി അര്‍പ്പിക്കാന്‍ അവര്‍ പറയുന്നു. ബലി കഴിക്കുന്നവര്‍ കാളക്കുട്ടികളുടെ വിഗ്രഹങ്ങളെ ചുംബിക്കുന്നു.
3 അതുകൊണ്ട് അവര്‍ പ്രഭാതമേഘംപോലെയോ പുലര്‍കാലമഞ്ഞുപോലെയോ കളത്തില്‍നിന്നു കാറ്റത്തു പറന്നുപോകുന്ന പതിരുപോലെയോ പുകക്കുഴലില്‍ നിന്നുയരുന്ന പുകപോലെയോ ആയിത്തീരും.
4
ഈജിപ്തില്‍ ആയിരുന്നപ്പോള്‍മുതല്‍ ഞാന്‍ നിന്‍റെ ദൈവമായ സര്‍വേശ്വരനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവത്തെ നീ അറിയുന്നില്ല.5 ഞാനല്ലാതെ മറ്റൊരു രക്ഷകനുമില്ല. മരുഭൂമിയില്‍വച്ചു നിന്നെ പോറ്റിപ്പുലര്‍ത്തിയതു ഞാനാണ്.
6 എന്നാല്‍ അവര്‍ തിന്നു തൃപ്തരായപ്പോള്‍ അവരുടെ ഹൃദയം അഹങ്കരിച്ചു; അങ്ങനെ അവര്‍ എന്നെ മറന്നു.
7 അതുകൊണ്ട് ഞാന്‍ അവര്‍ക്കു സിംഹം എന്നപോലെ ആയിരിക്കും. പുള്ളിപ്പുലിയെപ്പോലെ വഴിയരികില്‍ ഞാന്‍ പതിയിരിക്കും.
8 കുഞ്ഞുങ്ങള്‍ അപഹരിക്കപ്പെട്ട കരടിയെപ്പോലെ ഞാന്‍ അവരുടെമേല്‍ ചാടിവീഴും; അവരുടെ മാറിടം ഞാന്‍ കടിച്ചുകീറും; അവിടെവച്ചു സിംഹം എന്നപോലെ ഞാന്‍ അവരെ വിഴുങ്ങും. വന്യമൃഗംപോലെ അവരെ ചീന്തിക്കളയും.
9
ഇസ്രായേലേ, ഞാന്‍ നിന്നെ നശിപ്പിക്കും; ആര്‍ക്കു നിന്നെ സഹായിക്കാന്‍ കഴിയും?10 നിന്നെ രക്ഷിക്കാന്‍ നിന്‍റെ രാജാവ് ഇപ്പോള്‍ എവിടെ? നിന്നെ സംരക്ഷിക്കാന്‍ നിന്‍റെ പ്രഭുക്കന്മാര്‍ എവിടെ? അവര്‍ക്കുവേണ്ടിയാണല്ലോ “എനിക്ക് ഒരു രാജാവിനെയും പ്രഭുക്കന്മാരെയും തരിക” എന്നു നീ പറഞ്ഞത്! അവരൊക്കെ എവിടെപ്പോയി?
11 എന്‍റെ കോപത്തില്‍ ഞാന്‍ നിനക്കു രാജാക്കന്മാരെ തന്നു; എന്‍റെ ഉഗ്രകോപത്തില്‍ അവരെ നീക്കിക്കളഞ്ഞു.
12
എഫ്രയീമിന്‍റെ അകൃത്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവയുടെ കണക്കു സൂക്ഷിച്ചിട്ടുമുണ്ട്.13 ഗര്‍ഭസ്ഥശിശുവിനെപ്പോലെ ഇസ്രായേലിനു യഥാവസരം പുറത്തുവരാമായിരുന്നു. അവനുവേണ്ടിയുള്ള ഈറ്റുനോവ് ആരംഭിച്ചിട്ടും ബുദ്ധിഹീനനായ ശിശു ഗര്‍ഭകവാടത്തിലെത്തിയില്ല.
14 പാതാളത്തിന്‍റെ പിടിയില്‍നിന്നു ഞാന്‍ അവരെ മോചിപ്പിക്കണമോ? മൃത്യുവില്‍നിന്ന് അവരെ രക്ഷിക്കണമോ? മരണമേ, ഹേ! നിന്‍റെ മഹാമാരികള്‍ എവിടെ? പാതാളമേ, നിന്‍റെ സംഹാരം എവിടെ? അനുകമ്പ എന്‍റെ ദൃഷ്‍ടിയില്‍നിന്നു മറഞ്ഞിരിക്കുന്നു.
15
ഞാങ്ങണപോലെ അവന്‍ തഴച്ചു വളര്‍ന്നേക്കാമെങ്കിലും കിഴക്കന്‍ കാറ്റ്, സര്‍വേശ്വരന്‍റെ കാറ്റു തന്നെ, മരുഭൂമിയില്‍നിന്ന് ഉയര്‍ന്നു വരും; അവന്‍റെ നീരുറവ വറ്റിപ്പോകും; അവന്‍റെ അരുവികള്‍ വരണ്ടുപോകും. അത് അവന്‍റെ ഭണ്ഡാരത്തില്‍നിന്നു വിലപ്പെട്ടതെല്ലാം ഇല്ലാതെയാക്കും.16 തന്‍റെ ദൈവത്തോടു മത്സരിച്ചതിനാല്‍ ശമര്യ തന്‍റെ അകൃത്യഭാരം ചുമക്കേണ്ടിവരും. അവര്‍ വാളിന് ഇരയാകും. അവരുടെ ശിശുക്കള്‍ നിലത്തടിച്ചു കൊല്ലപ്പെടും; അവരുടെ ഗര്‍ഭിണികള്‍ കുത്തിപ്പിളര്‍ക്കപ്പെടും.
1
ഇസ്രായേലേ, നിന്‍റെ ദൈവമായ സര്‍വേശ്വരനിലേക്കു മടങ്ങുക; നിന്‍റെ അകൃത്യങ്ങളാല്‍ നീ ഇടറി വീണിരിക്കുന്നുവല്ലോ.2 അനുതാപവാക്കുകളോടെ സര്‍വേശ്വരനിലേക്കു മടങ്ങുക; “ഞങ്ങളുടെ എല്ലാ അകൃത്യങ്ങളും ക്ഷമിക്കണമേ. ഞങ്ങളില്‍ നന്മയായുള്ളതു സ്വീകരിച്ചാലും. സ്തുതിയും സ്തോത്രവും ആകുന്ന അധരഫലങ്ങള്‍ ഞങ്ങള്‍ അര്‍പ്പിക്കും.
3 അസ്സീറിയായ്‍ക്കു ഞങ്ങളെ രക്ഷിക്കാന്‍ സാധ്യമല്ല. പടക്കുതിരകള്‍ ഞങ്ങളെ സംരക്ഷിക്കുകയുമില്ല. ഞങ്ങളുടെ കരനിര്‍മിതമായ വിഗ്രഹങ്ങളെ ‘ഞങ്ങളുടെ ദൈവമേ!’ എന്ന് ഇനി വിളിക്കുകയില്ല. അനാഥര്‍ അങ്ങയില്‍ കാരുണ്യം കണ്ടെത്തുന്നുവല്ലോ” എന്ന് അവിടുത്തോടു പറയുക.
4
ഞാന്‍ അവരുടെ അവിശ്വസ്തതയുടെ വ്രണം സുഖപ്പെടുത്തും; എന്‍റെ കോപം അവരെ വിട്ടകന്നിരിക്കുന്നു. ഞാന്‍ അവരെ അതിരറ്റു സ്നേഹിക്കും.5 ഞാന്‍ ഇസ്രായേലിനു മഞ്ഞുതുള്ളിപോലെ ആയിരിക്കും. അവന്‍ ലില്ലിപ്പൂപോലെ വിടരും. ഇലവുപോലെ വേരൂന്നും. അവന്‍ പടര്‍ന്നു പന്തലിക്കും.
6 ഒലിവുമരത്തിന്‍റെ സൗന്ദര്യവും ലെബാനോന്‍റെ പരിമളവും അവനുണ്ടായിരിക്കും.
7 അവന്‍ തിരിച്ചുവന്ന് എന്‍റെ തണലില്‍ വസിക്കും. പൂന്തോട്ടംപോലെ അവന്‍ പൂത്തുലയും. മുന്തിരിപോലെ തളിര്‍ക്കും; ലെബാനോനിലെ വീഞ്ഞുപോലെ അവര്‍ സൗരഭ്യം പരത്തും.
8 ഇസ്രായേല്‍ജനമേ, ഇനി നിങ്ങള്‍ക്കു വിഗ്രഹംകൊണ്ട് എന്തു കാര്യം? നിന്നെ സംരക്ഷിക്കുന്നതും നിനക്ക് ഉത്തരമരുളുന്നതും ഞാനാണ്. നിത്യഹരിതമായ സരളവൃക്ഷംപോലെയാണു ഞാന്‍, ഞാനാണു നിനക്കു ഫലം നല്‌കുന്നത്.
9
ജ്ഞാനമുള്ളവന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊള്ളട്ടെ; വിവേകമുള്ളവന്‍ ഇവ മനസ്സിലാക്കട്ടെ. സര്‍വേശ്വരന്‍റെ വഴികള്‍ ശരിയായുള്ളവയാകുന്നു. നീതിമാന്മാര്‍ അവയിലൂടെ ചരിക്കുന്നു. പാപികള്‍ അവയില്‍ ഇടറിവീഴുന്നു.