1
യെഹൂദാരാജാവായ യെഹോയാക്കീമിന്‍റെ വാഴ്ചയുടെ മൂന്നാംവര്‍ഷം ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ യെരൂശലേമിനെ ഉപരോധിച്ചു.2 യെഹോയാക്കീംരാജാവിനെ കീഴടക്കാനും ദൈവത്തിന്‍റെ ആലയത്തിലെ ചില പാത്രങ്ങള്‍ കൈവശപ്പെടുത്താനും സര്‍വേശ്വരന്‍ അദ്ദേഹത്തെ അനുവദിച്ചു. നെബുഖദ്നേസര്‍ യെഹോയാക്കീമിനെ ആ പാത്രങ്ങളോടൊപ്പം ശിനാര്‍ദേശത്തുള്ള തന്‍റെ ദേവന്‍റെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നു. പാത്രങ്ങള്‍ ക്ഷേത്രഭണ്ഡാരത്തില്‍ വച്ചു.
3 പിന്നീട് രാജാവ് തന്‍റെ രാജകൊട്ടാരത്തിലെ സേവകന്മാരില്‍ മുഖ്യനായ അശ്പെനാസിനെ വിളിച്ച് കല്പിച്ചു:
4 കൊട്ടാരത്തില്‍ സേവനം അനുഷ്ഠിക്കാന്‍ യോഗ്യരായ ഏതാനും പേരെ ഇസ്രായേല്യരില്‍നിന്ന് കൊണ്ടുവരിക; അവര്‍ രാജകുടുംബാംഗങ്ങളും കുലീനത്വം ഉള്ളവരും അംഗവൈകല്യമില്ലാത്തവരും സുമുഖരും പ്രതിഭാശാലികളും അഭിഞ്ജരും വിവേകശാലികളും ആയിരിക്കണം. ബാബിലോണ്യരുടെ എഴുത്തും വായനയും അവരെ അഭ്യസിപ്പിക്കണം.
5 രാജാവു ഭക്ഷിക്കുന്ന വിശിഷ്ടഭോജ്യങ്ങളും അദ്ദേഹം പാനംചെയ്യുന്ന വീഞ്ഞും അവര്‍ക്കു നല്‌കണമെന്നും മൂന്നുവര്‍ഷത്തെ പരിശീലനം കഴിഞ്ഞ് അവരെ രാജസമക്ഷം ഹാജരാക്കണമെന്നും കല്പിച്ചിരുന്നു.
6 ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ടവരില്‍ യെഹൂദാഗോത്രക്കാരായ ദാനിയേല്‍, ഹനന്യാ, മീശായേല്‍, അസര്യാ എന്നിവര്‍ ഉണ്ടായിരുന്നു.
7 രാജകൊട്ടാരത്തിലെ സേവകപ്രമാണി ദാനിയേലിനു ബേല്‍ത്ത്ശസ്സര്‍ എന്നും ഹനന്യാക്കു ശദ്രക് എന്നും മീശായേലിനു മേശക് എന്നും അസര്യാക്കു അബേദ്-നെഗോ എന്നും പേരിട്ടു.
8
രാജാവിന്‍റെ വിശിഷ്ടഭോജ്യങ്ങളും അദ്ദേഹം പാനം ചെയ്യുന്ന വീഞ്ഞും കഴിച്ചു താന്‍ ആചാരപരമായി അശുദ്ധനാകുകയില്ലെന്നു ദാനിയേല്‍ നിശ്ചയിച്ചു. അതിനാല്‍ താന്‍ മലിനനാകാതിരിക്കാന്‍ അനുവദിക്കണമെന്ന് രാജസേവകപ്രമാണിയോടു ദാനിയേല്‍ അപേക്ഷിച്ചു.9 അശ്പെനാസിനു ദാനിയേലിനോടു ദയയും അനുകമ്പയും തോന്നാന്‍ ദൈവം ഇടയാക്കി.
10 എങ്കിലും അയാള്‍ ദാനിയേലിനോടു പറഞ്ഞു: “എന്‍റെ യജമാനനായ രാജാവിനെ ഞാന്‍ ഭയപ്പെടുന്നു. നിങ്ങള്‍ എന്തു ഭക്ഷിക്കണമെന്നും എന്തു പാനം ചെയ്യണമെന്നും രാജാവ് നിശ്ചയിച്ചിട്ടുണ്ട്. സമപ്രായക്കാരായ മറ്റുള്ളവരെക്കാള്‍ നിങ്ങള്‍ ക്ഷീണിതരായി രാജാവ് കണ്ടാല്‍ എന്‍റെ ജീവന്‍ അപകടത്തിലാകും.”
11 ദാനിയേല്‍, ഹനന്യാ, മീശായേല്‍, അസര്യാ എന്നിവരുടെ മേല്‍നോട്ടക്കാരനായി രാജസേവകപ്രമാണി നിയമിച്ചിരിക്കുന്നയാളിനോട് ദാനിയേല്‍ പറഞ്ഞു:
12 “ഞങ്ങള്‍ക്കു പത്തു ദിവസത്തേക്കു സസ്യഭോജ്യങ്ങളും വെള്ളവും തന്നു പരീക്ഷിച്ചു നോക്കിയാലും;
13 അതിനുശേഷം ഞങ്ങളെയും രാജകീയഭോജ്യങ്ങള്‍ കഴിക്കുന്ന യുവാക്കളെയും തമ്മില്‍ ഒത്തുനോക്കുക. അതിന്‍പ്രകാരം ഞങ്ങളോടു പെരുമാറുക.”
14 ദാനിയേലിന്‍റെ അപേക്ഷ അയാള്‍ സ്വീകരിച്ചു. അങ്ങനെ പത്തുദിവസം പരീക്ഷിച്ചു.
15 പത്തുദിവസം കഴിഞ്ഞപ്പോള്‍ അവര്‍ രാജകീയ ഭക്ഷണം കഴിക്കുന്ന എല്ലാവരെക്കാളും അഴകും പുഷ്‍ടിയും ഉള്ളവരായി കാണപ്പെട്ടു.
16 അതിനാല്‍ അയാള്‍ ആ യെഹൂദായുവാക്കള്‍ക്ക് രാജകീയഭക്ഷണത്തിനും വീഞ്ഞിനും പകരം സസ്യാഹാരം കൊടുത്തു.
17
ദൈവം ഈ നാലു ചെറുപ്പക്കാര്‍ക്ക് എല്ലാ വിദ്യകളിലും വിജ്ഞാനത്തിലും അവഗാഹവും നൈപുണ്യവും നല്‌കി. ദാനിയേലിന് ഏതു ദര്‍ശനവും സ്വപ്നവും വ്യാഖ്യാനിക്കാനുള്ള സിദ്ധിയും ലഭിച്ചു.18 രാജാവ് കല്പിച്ചിരുന്ന കാലം പൂര്‍ത്തിയായപ്പോള്‍ ആ യുവാക്കളെ രാജകല്പന പ്രകാരം രാജസേവകപ്രമാണി നെബുഖദ്നേസര്‍രാജാവിന്‍റെ സന്നിധിയില്‍ കൊണ്ടുചെന്നു.
19 രാജാവ് അവരോടു സംസാരിച്ചു. ദാനിയേല്‍, ഹനന്യാ, മീശായേല്‍, അസര്യാ എന്നിവര്‍ക്കു തുല്യരായി മറ്റാരെയും കണ്ടില്ല. അങ്ങനെ അവര്‍ രാജസേവകരായിത്തീര്‍ന്നു.
20 അവരോടുള്ള സംഭാഷണത്തില്‍നിന്ന് വിജ്ഞാനത്തിലും വിവേകത്തിലും രാജ്യത്തെങ്ങുമുള്ള ഏതു മന്ത്രവാദിയെയും ആഭിചാരകനെയുംകാള്‍ പത്തിരട്ടി മെച്ചപ്പെട്ടവരാണവര്‍ എന്നു രാജാവിനു ബോധ്യമായി.
21 സൈറസ്‍രാജാവിന്‍റെ വാഴ്ചയുടെ ഒന്നാംവര്‍ഷംവരെ ദാനിയേല്‍ അവിടെ തുടര്‍ന്നു.
1
രാജ്യഭാരം ഏറ്റതിന്‍റെ രണ്ടാംവര്‍ഷം നെബുഖദ്നേസര്‍ രാജാവ് ചില സ്വപ്നങ്ങള്‍ കണ്ടു. അദ്ദേഹത്തിന്‍റെ മനസ്സ് അസ്വസ്ഥമായി തീര്‍ന്നതുകൊണ്ട് ഉറങ്ങാന്‍ കഴിഞ്ഞില്ല.2 രാജ്യത്തെ മന്ത്രവാദികളെയും ക്ഷുദ്രപ്രയോഗം ചെയ്യുന്നവരെയും ആഭിചാരകരെയും ബാബിലോണ്യരായ വിദ്വാന്മാരെയുമെല്ലാം തന്‍റെ സ്വപ്നം വിവരിക്കാന്‍വേണ്ടി വിളിച്ചുകൂട്ടാന്‍ രാജാവു കല്പിച്ചു. അവര്‍ എല്ലാവരും രാജസന്നിധിയിലെത്തി.
3 രാജാവ് അവരോടു പറഞ്ഞു: “ഞാന്‍ ഒരു സ്വപ്നം കണ്ടു; അതിന്‍റെ അര്‍ഥം അറിയാന്‍ എന്‍റെ മനസ്സു വെമ്പല്‍കൊള്ളുന്നു.”
4 അപ്പോള്‍ ബാബിലോണ്യരായ വിദ്വാന്മാര്‍ പറഞ്ഞു: “മഹാരാജാവേ, അങ്ങു നീണാള്‍ വാഴട്ടെ! അവിടുന്നു കണ്ട സ്വപ്നം എന്താണെന്ന് അടിയങ്ങളോടു പറഞ്ഞാലും; ഞങ്ങള്‍ അതിന്‍റെ അര്‍ഥം പറയാം.”
5 രാജാവു പ്രതിവചിച്ചു: “നമ്മുടെ വാക്കിനു മാറ്റമില്ല. ഞാന്‍ കണ്ട സ്വപ്നവും അതിന്‍റെ അര്‍ഥവും എന്തെന്നു പറഞ്ഞില്ലെങ്കില്‍ നിങ്ങളെ കഷണം കഷണമായി നുറുക്കുകയും നിങ്ങളുടെ ഭവനങ്ങള്‍ കുപ്പക്കുന്നാക്കുകയും ചെയ്യും.
6 സ്വപ്നവും വ്യാഖ്യാനവും പറഞ്ഞാല്‍ നിങ്ങള്‍ക്ക് സമ്മാനങ്ങളും ബഹുമതികളും ലഭിക്കും. അതുകൊണ്ട് സ്വപ്നവും അതിന്‍റെ അര്‍ഥവും എന്താണെന്നു പറയുക.”
7 അവര്‍ രാജാവിനോടു വീണ്ടും പറഞ്ഞു: “സ്വപ്നം എന്തെന്നു കല്പിച്ചരുളിയാലും. ഞങ്ങള്‍ അതിന്‍റെ അര്‍ഥം പറയാം.”
8 രാജാവു മറുപടി പറഞ്ഞു: “ഞാന്‍ വിധി കല്പിച്ചു കഴിഞ്ഞു. എന്‍റെ വാക്കിനു മാറ്റമില്ലെന്നറിഞ്ഞുകൊണ്ടു കൂടുതല്‍ സമയം ലഭിക്കാന്‍വേണ്ടി നിങ്ങള്‍ ശ്രമിക്കയാണെന്ന് എനിക്കറിയാം.
9 സ്വപ്നം എന്തെന്ന് പറയാതിരുന്നാല്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരേ ശിക്ഷയായിരിക്കും ലഭിക്കുക; സമയം കുറെ കഴിയുമ്പോള്‍ ഈ സ്ഥിതിക്ക് മാറ്റം വരും എന്നു കരുതി എന്‍റെ മുമ്പില്‍ പൊളിയും വ്യാജവചനങ്ങളും പറയാന്‍ നിങ്ങള്‍ ഒത്തുകൂടിയിരിക്കുന്നു. സ്വപ്നം എന്തെന്നു പറയുക. അപ്പോള്‍ അതിന്‍റെ അര്‍ഥവും പറയാന്‍ നിങ്ങള്‍ക്കു കഴിയും.”
10 ബാബിലോണ്യരായ വിദ്വാന്മാര്‍ ഇങ്ങനെ ബോധിപ്പിച്ചു: “മഹാരാജാവേ, അങ്ങ് ആവശ്യപ്പെട്ടതു പറയാന്‍ കഴിവുള്ള ഒരു മനുഷ്യനും ഭൂമിയില്‍ കാണുകയില്ല. മഹാനും ബലവാനുമായ ഒരു രാജാവും ഇങ്ങനെ ഒരു കാര്യം ഒരു മാന്ത്രികനോടും ആഭിചാരകനോടും ബാബിലോണിലെ വിദ്വാന്മാരോടും ആവശ്യപ്പെട്ടിട്ടില്ല.
11 അങ്ങ് പറയുന്ന കാര്യം പ്രയാസമുള്ളതാണ്. അതു വ്യക്തമാക്കിത്തരാന്‍ ദേവന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും സാധ്യമല്ല. അവര്‍ മനുഷ്യരുടെ ഇടയില്‍ അല്ലല്ലോ വസിക്കുന്നത്.”
12
ഇതു കേട്ടപ്പോള്‍ രാജാവ് അത്യന്തം കുപിതനായി; ബാബിലോണിലെ സകല വിദ്വാന്മാരെയും സംഹരിക്കാന്‍ ഉത്തരവിട്ടു.13 അങ്ങനെ എല്ലാ വിദ്വാന്മാരെയും വധിക്കാനുള്ള കല്പന പുറപ്പെടുവിച്ചു. ദാനിയേലിനെയും കൂട്ടുകാരെയും കൊല്ലാന്‍ അവര്‍ അന്വേഷിച്ചു.
14 എന്നാല്‍ ബാബിലോണിലെ വിദ്വാന്മാരെ വധിക്കാന്‍ പുറപ്പെട്ട രാജാവിന്‍റെ അകമ്പടിസേനാനായകനായ അര്യോക്കിനോടു ദാനിയേല്‍ ബുദ്ധിയോടും വിവേകത്തോടും സംസാരിച്ചു.
15 ദാനിയേല്‍ അര്യോക്കിനോടു ചോദിച്ചു: “രാജാവ് ഇത്ര കഠിനമായ കല്പന പുറപ്പെടുവിക്കാന്‍ കാരണം എന്ത്?” സംഭവിച്ചതെല്ലാം അര്യോക്ക് ദാനിയേലിനെ അറിയിച്ചു.
16 ദാനിയേല്‍ രാജസന്നിധിയിലെത്തി തനിക്ക് ഒരവസരം നല്‌കണമെന്നും സ്വപ്നത്തിന്‍റെ അര്‍ഥം താന്‍ പറയാമെന്നും രാജാവിനെ അറിയിച്ചു.
17 പിന്നീട് ദാനിയേല്‍ തന്‍റെ ഭവനത്തില്‍ചെന്നു കൂട്ടുകാരായ ഹനന്യായെയും മീശായേലിനെയും അസര്യായെയും വിവരം അറിയിച്ചു. നമ്മളും ബാബിലോണിലെ സകല വിദ്വാന്മാരും സംഹരിക്കപ്പെടാതിരിക്കാന്‍
18 ഈ സ്വപ്നരഹസ്യം വെളിപ്പെടുത്തിത്തരാന്‍ സ്വര്‍ഗസ്ഥനായ ദൈവത്തിന്‍റെ കാരുണ്യത്തിനുവേണ്ടി പ്രാര്‍ഥിക്കണമെന്ന് ദാനിയേല്‍ അവരോടു പറഞ്ഞു.
19 അന്നു രാത്രി ഒരു ദര്‍ശനത്തിലൂടെ സ്വപ്നത്തിന്‍റെ രഹസ്യം ദൈവം ദാനിയേലിന് വെളിപ്പെടുത്തിക്കൊടുത്തു. ദാനിയേല്‍ സ്വര്‍ഗസ്ഥനായ ദൈവത്തെ സ്തുതിച്ചു;
20 “ദൈവത്തിന്‍റെ നാമം എന്നേക്കും വാഴ്ത്തപ്പെടട്ടെ; സകല ജ്ഞാനവും ശക്തിയും അവിടുത്തേക്കുള്ളതാണല്ലോ.
21 കാലങ്ങളെയും സമയങ്ങളെയും അവിടുന്നു നിയന്ത്രിക്കുന്നു. രാജാക്കന്മാരെ വാഴിക്കുന്നതും നിഷ്കാസനം ചെയ്യുന്നതും അവിടുന്നാണല്ലോ. ജ്ഞാനികള്‍ക്കു ജ്ഞാനവും വിവേകശാലികള്‍ക്ക് വിവേകവും നല്‌കുന്നതും അവിടുന്നാണല്ലോ.
22 അഗാധവും നിഗൂഢവുമായ കാര്യങ്ങള്‍ അവിടുന്നു വെളിപ്പെടുത്തുന്നു; അന്ധകാരത്തിലുള്ളത് അവിടുന്ന് അറിയുന്നു; വെളിച്ചം അവിടുത്തോടൊത്ത് വസിക്കുന്നു.
23 എന്‍റെ പിതാക്കന്മാരുടെ ദൈവമേ, അവിടുത്തേക്കു ഞാന്‍ സ്തുതിയും സ്തോത്രവും അര്‍പ്പിക്കുന്നു; അവിടുന്ന് എനിക്ക് ജ്ഞാനവും ബലവും നല്‌കിയിരിക്കുന്നുവല്ലോ; ഞങ്ങള്‍ അപേക്ഷിച്ച കാര്യം അവിടുന്ന് എനിക്കു വെളിപ്പെടുത്തിയിരിക്കുന്നു. രാജാവിനോടു പറയേണ്ട കാര്യം ഞങ്ങള്‍ക്ക് വ്യക്തമാക്കിയിരിക്കുന്നുവല്ലോ.”
24
ബാബിലോണിലെ വിദ്വാന്മാരെ സംഹരിക്കാന്‍ രാജാവു നിയോഗിച്ച അര്യോക്കിനെ സമീപിച്ചു ദാനിയേല്‍ പറഞ്ഞു: “ബാബിലോണിലെ വിദ്വാന്മാരെ നശിപ്പിക്കരുത്; എന്നെ രാജസന്നിധിയിലേക്കു കൊണ്ടുപോകുക; സ്വപ്നസാരം ഞാന്‍ രാജാവിനെ അറിയിക്കാം.”25
അര്യോക്ക് ഉടന്‍തന്നെ ദാനിയേലിനെ രാജാവിന്‍റെ അടുക്കല്‍ കൂട്ടിക്കൊണ്ടു ചെന്നു പറഞ്ഞു: “അവിടുത്തെ സ്വപ്നത്തിന്‍റെ പൊരുള്‍ അറിയിക്കാന്‍ കഴിവുള്ള ഒരാളെ യെഹൂദാപ്രവാസികളുടെ ഇടയില്‍ ഞാന്‍ കണ്ടെത്തിയിരിക്കുന്നു.”26 അപ്പോള്‍ രാജാവ് ബേല്‍ത്ത്ശസ്സര്‍ എന്നും പേരുള്ള ദാനിയേലിനോട് ചോദിച്ചു: “നാം കണ്ട സ്വപ്നവും അതിന്‍റെ അര്‍ഥവും നിനക്കു പറയാമോ?”
27 ദാനിയേല്‍ പറഞ്ഞു: “അവിടുന്നു ചോദിച്ച നിഗൂഢകാര്യം വിദ്വാന്മാര്‍ക്കോ ആഭിചാരകന്മാര്‍ക്കോ ജ്യോതിശാസ്ത്രജ്ഞര്‍ക്കോ മന്ത്രവാദികള്‍ക്കോ അങ്ങയെ അറിയിക്കാന്‍ കഴിയുന്നതല്ല;
28 എന്നാല്‍ നിഗൂഢരഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വര്‍ഗത്തിലുണ്ട്; ഭാവികാലത്ത് എന്താണു സംഭവിക്കാന്‍ പോകുന്നതെന്ന് ആ ദൈവം നെബുഖദ്നേസര്‍രാജാവിനെ അറിയിച്ചിരിക്കുന്നു. അവിടുന്നു കിടക്കയില്‍വച്ചു കണ്ട സ്വപ്നവും ദര്‍ശനങ്ങളും എന്തായിരുന്നെന്നു ഞാന്‍ പറയാം.”
29 “മഹാരാജാവേ, ഇനി സംഭവിക്കാന്‍ പോകുന്നത് എന്താണെന്നുള്ള ചിന്ത കിടക്കയില്‍വച്ച് തിരുമനസ്സിലുണ്ടായി. നിഗൂഢരഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന ദൈവം സംഭവിക്കാന്‍ പോകുന്നത് എന്തെന്ന് അങ്ങയെ അറിയിച്ചിരിക്കുന്നു.
30 മറ്റാരേക്കാളും അധികമായ ജ്ഞാനം എനിക്കുണ്ടായിട്ടല്ല, ഈ നിഗൂഢരഹസ്യം എനിക്കു വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. പിന്നെയോ ഇതിന്‍റെ പൊരുള്‍ അങ്ങ് അറിയാനും അങ്ങയുടെ ഹൃദയവിചാരം ഗ്രഹിക്കാനുമാണ്.
31
രാജാവേ, അങ്ങു കണ്ട ദര്‍ശനം ഇതാണ്. ഒരു വലിയ പ്രതിമ, വലുതും ശോഭയേറിയതുമായ ആ പ്രതിമ അവിടുത്തെ മുമ്പില്‍ നിന്നു. ഭീതി ജനിപ്പിക്കുന്ന ഒരു ദൃശ്യമായിരുന്നു അത്.32 അതിന്‍റെ ശിരസ്സ് തനിത്തങ്കംകൊണ്ടും നെഞ്ചും കരങ്ങളും വെള്ളികൊണ്ടും
33 വയറും തുടകളും ഓടുകൊണ്ടും കാലുകള്‍ ഇരുമ്പുകൊണ്ടും പാദങ്ങള്‍ ഇരുമ്പും കളിമണ്ണുംകൊണ്ടുമാണ് നിര്‍മിച്ചിരുന്നത്.
34 അവിടുന്ന് ആ പ്രതിമയില്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ ആരും തൊടാതെ ഒരു കല്ല് അടര്‍ന്നുവീണ് ബിംബത്തിന്‍റെ ഇരുമ്പും കളിമണ്ണും കൊണ്ടു നിര്‍മിച്ച പാദങ്ങള്‍ ഇടിച്ചു തകര്‍ത്തു.
35 അപ്പോള്‍ ഇരുമ്പും കളിമണ്ണും ഓടും വെള്ളിയും പൊന്നുമെല്ലാം വേനല്‍ക്കാലത്ത് മെതിക്കളത്തിലെ പതിരുപോലെ തവിടുപൊടിയായി. അവയുടെ പൊടിപോലും എങ്ങും കാണാത്തവിധം കാറ്റ് അവയെ പറത്തിക്കൊണ്ടുപോയി. പ്രതിമയുടെമേല്‍ വന്നുവീണ കല്ല് ഒരു മഹാപര്‍വതമായി വളര്‍ന്നു ഭൂമിയില്‍ എല്ലായിടവും നിറഞ്ഞു.
36
ഇതായിരുന്നു രാജാവിന്‍റെ സ്വപ്നം. ഇതിന്‍റെ സാരവും ഞാന്‍ അവിടുത്തോടു പറയാം:37 മഹാരാജാവേ, അങ്ങു രാജാധിരാജനാകുന്നു; സ്വര്‍ഗസ്ഥനായ ദൈവം അങ്ങേക്കു രാജ്യവും ശക്തിയും മഹത്ത്വവും ബഹുമാനവും നല്‌കിയിരിക്കുന്നു.
38 സര്‍വമനുഷ്യരെയും മൃഗങ്ങളെയും പക്ഷികളെയും ദൈവം അങ്ങയെ ഏല്പിച്ചു; അങ്ങയെ എല്ലാറ്റിന്‍റെയും അധിപതിയാക്കിയിരിക്കുന്നു. അങ്ങാണ് തങ്കനിര്‍മിതമായ ശിരസ്സ്.
39 അങ്ങേക്കു ശേഷം ഒരു രാജ്യവുംകൂടി ഉണ്ടാകും. അത് അങ്ങയുടേതിനൊപ്പം വലുതായിരിക്കുകയില്ല. മൂന്നാമത്തെ രാജ്യം ഓടുകൊണ്ടുള്ളതാണ്. അതു ഭൂമി മുഴുവന്‍ അടക്കി ഭരിക്കും;
40 നാലാമത്തെ രാജ്യം ഇരുമ്പുപോലെ ബലമുള്ളതായിരിക്കും; ഇരുമ്പ്, സകലത്തെയും ഇടിച്ചു തകര്‍ത്തുകളയുന്നതുപോലെ അത് എല്ലാറ്റിനെയും ഇടിച്ചു തകര്‍ക്കും.
41 അങ്ങു ദര്‍ശിച്ചതുപോലെ പാദങ്ങളും വിരലുകളും ഇരുമ്പും കളിമണ്ണും കൊണ്ടാണല്ലോ നിര്‍മിച്ചിരിക്കുന്നത്. അത് വിഭജിക്കപ്പെട്ട ഒരു രാജ്യമായിരിക്കും. അതിന് ഇരുമ്പിന്‍റേതുപോലെ ശക്തിയുണ്ടായിരിക്കും. അത് ഇരുമ്പും കളിമണ്ണും ചേര്‍ന്നതാണല്ലോ.
42 കാലിന്‍റെ വിരലുകള്‍ ഭാഗികമായി ഇരുമ്പും കളിമണ്ണും കൊണ്ടുള്ളതായിരുന്നതുപോലെ ആ രാജ്യം ഭാഗികമായി ശക്തവും ഭാഗികമായി ദുര്‍ബലവുമായിരിക്കും.
43 ഇരുമ്പും കളിമണ്ണും സമ്മിശ്രിതമായിരിക്കുന്നതായി അങ്ങു കണ്ടതുപോലെ ഈ രാജാക്കന്മാരുടെ കാലത്ത് അവരുടെ കുടുംബങ്ങള്‍ അന്യോന്യം വിവാഹബന്ധത്തില്‍ ഏര്‍പ്പെടും. എന്നാല്‍ ഇരുമ്പും കളിമണ്ണും തമ്മില്‍ ചേരാതിരിക്കുന്നതുപോലെ അവര്‍ തമ്മില്‍ ചേരുകയില്ല.
44 ഈ രാജാക്കന്മാരുടെ കാലത്തു സ്വര്‍ഗസ്ഥനായ ദൈവം ഒരു രാജ്യം സ്ഥാപിക്കും. അത് അനശ്വരമായിരിക്കും. അതു വേറൊരു ജനതയ്‍ക്ക് ഏല്പിച്ചു കൊടുക്കുകയുമില്ല. ഈ രാജ്യങ്ങളെയെല്ലാം അതു പൂര്‍ണമായി നശിപ്പിക്കുകയും അത് എന്നേക്കും നിലനില്‌ക്കുകയും ചെയ്യും.
45 ആരും തൊടാതെ ഒരു കല്ല് പര്‍വതത്തില്‍നിന്ന് അടര്‍ന്നു വീണ് ഇരുമ്പും കളിമണ്ണും ഓടും വെള്ളിയും സ്വര്‍ണവും തകര്‍ത്തുകളഞ്ഞതായി അവിടുന്നു കണ്ടല്ലോ. ഭാവിയില്‍ സംഭവിക്കാന്‍ പോകുന്നത് ഉന്നതനായ ദൈവം അങ്ങയെ അറിയിക്കുകയാണു അതുമൂലം ചെയ്തിരിക്കുന്നത്. സ്വപ്നവും അതിന്‍റെ സാരവും ഇതുതന്നെ.
46
അപ്പോള്‍ നെബുഖദ്നേസര്‍രാജാവു സാഷ്ടാംഗം വീണു ദാനിയേലിനെ നമസ്കരിച്ചു. അദ്ദേഹത്തിനുവേണ്ടി ഒരു വഴിപാടും ധൂപാര്‍ച്ചനയും നടത്തണമെന്നും രാജാവു കല്പിച്ചു.47 പിന്നീടു ദാനിയേലിനോടു പറഞ്ഞു: “താങ്കള്‍ ഈ രഹസ്യം വെളിപ്പെടുത്താന്‍ പ്രാപ്തനായതുകൊണ്ടു നിശ്ചയമായും നിങ്ങളുടെ ദൈവം ദൈവാധിദൈവവും രാജാധിരാജനും ആകുന്നു. അവിടുന്നു നിഗൂഢരഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നു.
48 രാജാവു ദാനിയേലിന് ഉന്നതബഹുമതികളും വിലപ്പെട്ട സമ്മാനങ്ങളും നല്‌കി. മാത്രമല്ല അദ്ദേഹത്തെ ബാബിലോണ്‍ സംസ്ഥാനത്തിന്‍റെ ഭരണാധിപനാക്കുകയും ബാബിലോണിലെ വിദ്വാന്മാരുടെ തലവനായി നിയമിക്കുകയും ചെയ്തു.
49 ദാനിയേലിന്‍റെ അപേക്ഷപ്രകാരം ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നിവരെ രാജാവ് സംസ്ഥാനത്തെ വിവിധ ഭരണവകുപ്പുകളുടെ ചുമതല ഏല്പിച്ചു; ദാനിയേല്‍രാജാവിന്‍റെ കൊട്ടാരത്തില്‍ത്തന്നെ പാര്‍ത്തു.
1
നെബുഖദ്നേസര്‍ രാജാവ് അറുപതു മുഴം ഉയരവും ആറു മുഴം വീതിയുമുള്ള ഒരു സ്വര്‍ണവിഗ്രഹമുണ്ടാക്കി, ബാബിലോണിലെ ദൂരാസമതലത്തില്‍ സ്ഥാപിച്ചു.2 താന്‍ നിര്‍മിച്ച വിഗ്രഹത്തിന്‍റെ പ്രതിഷ്ഠാകര്‍മത്തിനു പ്രധാന ദേശാധിപതികളും ഭരണാധികാരികളും സ്ഥാനാപതികളും ഉപദേഷ്ടാക്കളും ഭണ്ഡാരംവിചാരിപ്പുകാരും ന്യായാധിപന്മാരും നിയമപാലകരും ദേശത്തുള്ള സകല ഉദ്യോഗസ്ഥന്മാരും വന്നുചേരാന്‍ നെബുഖദ്നേസര്‍ ആളയച്ചു.
3 രാജകല്പനയനുസരിച്ച് അവര്‍ എല്ലാവരും വിഗ്രഹത്തിന്‍റെ പ്രതിഷ്ഠാകര്‍മത്തിനെത്തി. അവര്‍ വിഗ്രഹത്തിന്‍റെ മുമ്പില്‍ വന്നു നിന്നു.
4 രാജവിളംബരം അറിയിക്കുന്നവന്‍ ഉറക്കെ വിളിച്ചു പറഞ്ഞു: “രാജാവു കല്പിക്കുന്നു; ജനങ്ങളേ, വിവിധ രാജ്യക്കാരേ, വിവിധ ഭാഷക്കാരേ,
5 കാഹളം, കുഴല്‍, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ വാദ്യങ്ങളുടെ നാദം കേള്‍ക്കുമ്പോള്‍ നെബുഖദ്നേസര്‍ രാജാവു സ്ഥാപിച്ച സ്വര്‍ണവിഗ്രഹത്തെ നിങ്ങള്‍ വീണു നമസ്കരിക്കണം;
6 ആരെങ്കിലും അങ്ങനെ ചെയ്യാതിരുന്നാല്‍ അപ്പോള്‍ത്തന്നെ അയാളെ എരിയുന്ന തീച്ചൂളയില്‍ എറിഞ്ഞുകളയും;
7 അതുകൊണ്ട് കാഹളം, കുഴല്‍, തംബുരു, കിന്നരം, വീണ മുതലായവയുടെ നാദം കേട്ടപ്പോള്‍ സര്‍വജനങ്ങളും വിവിധ രാജ്യക്കാരും ഭാഷക്കാരും നെബുഖദ്നേസര്‍ സ്ഥാപിച്ച ആ സ്വര്‍ണവിഗ്രഹത്തെ സാഷ്ടാംഗംവീണു വന്ദിച്ചു.
8
അപ്പോള്‍ ചില ബാബിലോണ്യര്‍ മുമ്പോട്ടു വന്ന് യെഹൂദന്മാരുടെമേല്‍ വിദ്വേഷത്തോടെ കുറ്റമാരോപിച്ചു.9 അവര്‍ നെബുഖദ്നേസര്‍ രാജാവിനോട് പറഞ്ഞു: “മഹാരാജാവേ, അങ്ങു നീണാള്‍ വാഴട്ടെ!
10 കാഹളം, കുഴല്‍, കിന്നരം, തംബുരു, വീണ, നാഗസ്വരം മുതലായ വാദ്യങ്ങളുടെ നാദം കേള്‍ക്കുമ്പോള്‍ എല്ലാവരും സാഷ്ടാംഗം വീണു സ്വര്‍ണവിഗ്രഹത്തെ വന്ദിക്കണമെന്നും
11 ആരെങ്കിലും അപ്രകാരം ചെയ്യാതിരുന്നാല്‍ അവരെ എരിയുന്ന തീച്ചൂളയില്‍ എറിഞ്ഞുകളയുമെന്നും അങ്ങു കല്പിച്ചിരുന്നല്ലോ.
12 എന്നാല്‍ ബാബിലോണ്‍ സംസ്ഥാനത്തെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി അങ്ങു നിയമിച്ച ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നീ യെഹൂദന്മാര്‍ രാജകല്പനയെ നിരസിക്കുന്നു. അവര്‍ അങ്ങയുടെ ദേവന്മാരെ സേവിക്കുകയോ അവിടുന്നു പ്രതിഷ്ഠിച്ച സ്വര്‍ണവിഗ്രഹത്തെ ആരാധിക്കുകയോ ചെയ്യുന്നില്ല.”
13
അപ്പോള്‍ രാജാവ് രോഷംപൂണ്ട്, ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോയെയും തന്‍റെ മുമ്പില്‍ ഹാജരാക്കാന്‍ കല്പിച്ചു; അവരെ രാജസന്നിധിയില്‍ കൊണ്ടുവന്നു.14 രാജാവ് അവരോടു ചോദിച്ചു: “ശദ്രക്കേ, മേശക്കേ, അബേദ്നെഗോയേ, നിങ്ങള്‍ എന്‍റെ ദേവന്മാരെ ആരാധിക്കുകയോ ഞാന്‍ പ്രതിഷ്ഠിച്ച സ്വര്‍ണവിഗ്രഹത്തെ വന്ദിക്കുകയോ ചെയ്യുന്നില്ലെന്നുള്ളതു ശരിയാണോ?
15 അദ്ദേഹം തുടര്‍ന്നു: ഇപ്പോള്‍ കാഹളം, കുഴല്‍, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായവയുടെ നാദം മുഴങ്ങും. അപ്പോള്‍ ഞാന്‍ പ്രതിഷ്ഠിച്ച വിഗ്രഹത്തെ പ്രണമിച്ച് ആരാധിച്ചാല്‍ നിങ്ങള്‍ക്കു നന്ന്; അല്ലെങ്കില്‍ ആ നിമിഷംതന്നെ നിങ്ങളെ എരിയുന്ന തീച്ചൂളയില്‍ എറിഞ്ഞുകളയും; എന്‍റെ കൈയില്‍ നിന്ന് ഏതു ദേവനാണ് നിങ്ങളെ വിടുവിക്കുക?”
16
ശദ്രക്കും മേശക്കും അബേദ്നെഗോയും രാജാവിനോടു പറഞ്ഞു: “മഹാരാജാവേ, ഇതിനു ഞങ്ങള്‍ മറുപടി പറയേണ്ട ആവശ്യമില്ല.17 ജ്വലിക്കുന്ന അഗ്നിയില്‍ ഞങ്ങളെ എറിയുകയാണെങ്കില്‍ ഞങ്ങള്‍ ആരാധിക്കുന്ന ദൈവം ഞങ്ങളെ രക്ഷിക്കും. അങ്ങയുടെ കൈയില്‍നിന്നു ഞങ്ങളെ വിടുവിക്കാന്‍ കഴിവുള്ളവനാണ് ഞങ്ങളുടെ ദൈവം.
18 ഞങ്ങളുടെ ദൈവം ഞങ്ങളെ രക്ഷിച്ചില്ലെങ്കിലും അങ്ങയുടെ ദേവന്മാരെ ഞങ്ങള്‍ ആരാധിക്കുകയില്ല, അങ്ങു പ്രതിഷ്ഠിച്ച സ്വര്‍ണവിഗ്രഹത്തെ നമസ്കരിക്കുകയുമില്ല എന്ന് അങ്ങ് അറിഞ്ഞാലും.”
19
നെബുഖദ്നേസരിന്‍റെ ഭാവം മാറി ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നിവര്‍ക്കെതിരെ രോഷാകുലനായി ചൂളയുടെ ചൂട് സാധാരണയുള്ളതിന്‍റെ ഏഴു മടങ്ങ് വര്‍ധിപ്പിക്കാന്‍ അദ്ദേഹം കല്പിച്ചു.20 സൈന്യത്തിലെ അതിബലിഷ്ഠരായ പടയാളികളോടു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോയെയും ബന്ധിച്ച് എരിയുന്ന തീച്ചൂളയില്‍ എറിയാന്‍ രാജാവ് ആജ്ഞാപിച്ചു.
21 അവര്‍ അവരെ കാല്‍ച്ചട്ട, കുപ്പായം, മേലാട, തൊപ്പി മുതലായ വസ്ത്രങ്ങളോടുകൂടി ബന്ധിച്ച് എരിയുന്ന തീച്ചൂളയിലേക്ക് എറിഞ്ഞു.
22 രാജകല്പന അതികര്‍ശനമായിരുന്നതുകൊണ്ടു ചൂള അത്യുഗ്രമായി ജ്വലിപ്പിച്ചിരുന്നു. തന്മൂലം ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോയെയും എടുത്തുകൊണ്ടു പോയവരെ അഗ്നിജ്വാല ദഹിപ്പിച്ചുകളഞ്ഞു.
23 ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നീ മൂന്നുപേരും ബന്ധിതരായി ജ്വലിക്കുന്ന തീച്ചൂളയില്‍ നിപതിച്ചു.
24
നെബുഖദ്നേസര്‍രാജാവ് അത്യദ്ഭുതത്തോടെ തിടുക്കത്തില്‍ എഴുന്നേറ്റു: “നാം മൂന്നുപേരെയല്ലേ ബന്ധിച്ചു തീച്ചൂളയില്‍ ഇട്ടത്?” രാജാവ് മന്ത്രിമാരോടു ചോദിച്ചു.25 “അതേ, രാജാവേ” അവര്‍ പറഞ്ഞു. “ഇതാ ബന്ധിക്കപ്പെടാത്ത നാലുപേര്‍ അഗ്നിയുടെ മധ്യത്തിലൂടെ നടക്കുന്നതായി ഞാന്‍ കാണുന്നു. അവര്‍ക്ക് ഒരു ഉപദ്രവവും ഏറ്റിട്ടില്ല. നാലാമത്തെ ആളാകട്ടെ ദേവതുല്യന്‍” എന്നിങ്ങനെ രാജാവു പറഞ്ഞു.
26
നെബുഖദ്നേസര്‍ ജ്വലിക്കുന്ന തീച്ചൂളയുടെ വാതില്‌ക്കല്‍ ചെന്ന് പറഞ്ഞു: “അത്യുന്നത ദൈവത്തിന്‍റെ ദാസന്മാരായ ശദ്രക്കേ, മേശക്കേ, അബേദ്നെഗോയേ പുറത്തുവരിക.” അപ്പോള്‍ അവര്‍ മൂന്നു പേരും തീച്ചൂളയില്‍നിന്നു പുറത്തുവന്നു.27 പ്രധാനദേശാധിപതികളും ഭരണാധികാരികളും സ്ഥാനാപതികളും മറ്റ് ഉദ്യോഗസ്ഥപ്രമുഖരും ആ മൂന്നുപേരുടെ അടുത്തുചെന്നു. അവരുടെ ദേഹത്തു പൊള്ളലേല്പിക്കുന്നതിന് ആ അഗ്നിക്ക് ശക്തിയുണ്ടായിരുന്നില്ലെന്നവര്‍ കണ്ടു. അവരുടെ തലമുടി കരിയുകയോ മേലങ്കി എരിയുകയോ ചെയ്തില്ലെന്നു മാത്രമല്ല തീയുടെ മണംപോലും അവര്‍ക്ക് ഏറ്റിരുന്നില്ല.
28 നെബുഖദ്നേസര്‍ പറഞ്ഞു: “ശദ്രക്കിന്‍റെയും മേശക്കിന്‍റെയും അബേദ്നെഗോയുടെയും ദൈവം വാഴ്ത്തപ്പെട്ടവന്‍! തന്നില്‍ ആശ്രയിക്കുകയും രാജകല്പനകൂടി നിഷേധിച്ച് സ്വന്തദൈവത്തെയല്ലാതെ മറ്റൊരു ദൈവത്തെ ഭജിക്കുകയോ വന്ദിക്കുകയോ ചെയ്യുകയില്ലെന്ന ദൃഢനിശ്ചയത്തോടെ സ്വന്തം ശരീരത്തെകൂടി പീഡനത്തിന് ഏല്പിച്ചുകൊടുക്കുകയും ചെയ്ത ആ മൂവരെ അവരുടെ ദൈവം തന്‍റെ ദൂതനെ അയച്ചു വിടുവിച്ചിരിക്കുന്നു.
29
ഇപ്രകാരം വിടുവിക്കാന്‍ കഴിവുള്ള മറ്റൊരു ദൈവവുമില്ല. അതുകൊണ്ട് ശദ്രക്കിന്‍റെയും മേശക്കിന്‍റെയും അബേദ്നെഗോയുടെയും ദൈവത്തിന് എതിരെ സംസാരിക്കുന്ന ജനത്തെയും ജനപദങ്ങളെയും ഭാഷക്കാരെയും കഷണം കഷണം ആക്കുകയും അവരുടെ ഭവനങ്ങള്‍ കുപ്പക്കുന്നാക്കുകയും ചെയ്യുമെന്നു നാം തീര്‍പ്പു കല്പിക്കുന്നു.”30 രാജാവ് ശദ്രക്കിനും മേശക്കിനും അബേദ്നെഗോയിക്കും ബാബിലോണ്‍സംസ്ഥാനത്ത് ഉന്നതമായ പദവികള്‍ നല്‌കി.
1
നെബുഖദ്നേസര്‍ രാജാവ് ലോകത്തെമ്പാടുമുള്ള എല്ലാ ജനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും ഭാഷക്കാര്‍ക്കും ഇപ്രകാരം എഴുതി: നിങ്ങള്‍ക്ക് മംഗളം ഭവിക്കട്ടെ!2 അത്യുന്നതനായ ദൈവം എനിക്കു കാണിച്ചുതന്ന അദ്ഭുതങ്ങളും അടയാളങ്ങളും പ്രസിദ്ധമാക്കുന്നതു നല്ലതെന്ന് എനിക്കു തോന്നുന്നു.
3 അവിടുന്നു കാട്ടിയ അടയാളങ്ങള്‍ എത്ര മഹനീയം! അദ്ഭുതങ്ങള്‍ എത്ര ശക്തമായവ! അവിടുത്തെ ആധിപത്യം തലമുറകളോളം ഉള്ളത്.
4
നെബുഖദ്നേസര്‍ എന്ന ഞാന്‍ എന്‍റെ കൊട്ടാരത്തില്‍ സ്വൈരമായും ആഢംബര സമൃദ്ധിയോടുകൂടിയും വസിക്കുമ്പോള്‍ ഒരു സ്വപ്നം കണ്ടു.5 അത് എന്നെ ഭയപ്പെടുത്തി. ഞാന്‍ ഉറങ്ങുമ്പോള്‍ കണ്ട ദര്‍ശനങ്ങള്‍ എന്നില്‍ ഭീതി ഉളവാക്കി.
6 സ്വപ്നത്തിന്‍റെ പൊരുള്‍ വ്യാഖ്യാനിച്ചു തരാന്‍ ബാബിലോണിലെ സകല വിദ്വാന്മാരെയും എന്‍റെ മുമ്പില്‍ ഹാജരാക്കാന്‍ ഞാന്‍ കല്പിച്ചു.
7 അങ്ങനെ മന്ത്രവാദികളും ആഭിചാരകന്മാരും ബാബിലോണിലെ വിദ്വാന്മാരും ജ്യോത്സ്യന്മാരും എന്‍റെ അടുക്കല്‍ വന്നു. ഞാന്‍ കണ്ട സ്വപ്നം അവരോടു വിവരിച്ചു. പക്ഷേ അതിന്‍റെ സാരം എന്തെന്നു പറയാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
8 ഒടുവില്‍ എന്‍റെ ദേവനായ ബേല്‍ത്ത്ശസ്സറിന്‍റെ പേരില്‍ വിളിക്കപ്പെടുന്നവനും വിശുദ്ധദേവന്മാരുടെ ആത്മാവുള്ളവനുമായ ദാനിയേല്‍ എന്‍റെ മുമ്പില്‍വന്നു. അയാളോട് സ്വപ്നത്തെപ്പറ്റി ഞാന്‍ ഇങ്ങനെ പറഞ്ഞു:
9 “മാന്ത്രികരില്‍ മുഖ്യനായ ബേല്‍ത്ത്ശസ്സറേ, വിശുദ്ധദേവന്മാരുടെ ആത്മാവു നിന്നിലുണ്ടെന്നും അതുകൊണ്ട് ഒരു രഹസ്യവും നിനക്ക് ദുര്‍ഗ്രഹമല്ലെന്നും ഞാന്‍ മനസ്സിലാക്കുന്നു. ഇതാണ് ഞാന്‍ കണ്ട സ്വപ്നം. അതിന്‍റെ പൊരുള്‍ എന്തെന്നു പറയുക.
10 കിടക്കയില്‍ വച്ച് എനിക്കുണ്ടായ ദര്‍ശനത്തില്‍, ഭൂമിയുടെ മധ്യത്തില്‍ വളരെ ഉയരമുള്ള ഒരു വൃക്ഷം നില്‌ക്കുന്നതു ഞാന്‍ കണ്ടു. അതു വളര്‍ന്നു ബലപ്പെട്ടു.
11 അത് ആകാശം തൊട്ടുരുമ്മി നിന്നു. ഭൂമിയുടെ ഏതറ്റത്തുനിന്നു നോക്കിയാലും അതു കാണാമായിരുന്നു.
12 ഭംഗിയുള്ള ഇലകളോടുകൂടിയ ആ വൃക്ഷം ഫലസമൃദ്ധമായിരുന്നു. എല്ലാവര്‍ക്കും ആവശ്യമുള്ള ആഹാരം അതില്‍നിന്നു ലഭിച്ചിരുന്നു. വന്യമൃഗങ്ങള്‍ അതിന്‍റെ തണലില്‍ വസിച്ചു. ആകാശത്തിലെ പക്ഷികള്‍ അതിന്‍റെ കൊമ്പുകളില്‍ പാര്‍ത്തു. സര്‍വ ജീവജാലങ്ങള്‍ക്കും വേണ്ട ഭക്ഷണം അതില്‍നിന്നു ലഭിച്ചു.
13
അതാ, ഒരു ദൂതന്‍, ഒരു പരിശുദ്ധന്‍ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങി വരുന്നതു ഞാന്‍ ദര്‍ശനത്തില്‍ കണ്ടു.14 ആ ദൂതന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ആ വൃക്ഷം വെട്ടി കൊമ്പുകള്‍ മുറിച്ച് ഇലകള്‍ തല്ലിക്കൊഴിച്ച് ഫലങ്ങള്‍ ചിതറിച്ചുകളയുക; മൃഗങ്ങള്‍ അതിന്‍റെ കീഴില്‍നിന്ന് ഓടിപ്പോകട്ടെ; പക്ഷികള്‍ അതിന്‍റെ കൊമ്പുകളില്‍നിന്ന് പറന്നകലട്ടെ.
15 അതിന്‍റെ കുറ്റി ഇരുമ്പും ഓടുംകൊണ്ടു ബന്ധിക്കുക. വയലിലെ ഇളമ്പുല്ലിനിടയില്‍ അത് ഇരിക്കട്ടെ. ആകാശത്തിലെ മഞ്ഞുകൊണ്ട് അവന്‍ നനയട്ടെ; മൃഗങ്ങളെപ്പോലെ നിലത്തെ പുല്ലുതിന്ന് അവന്‍ ഉപജീവിക്കട്ടെ.
16 അവന്‍റെ മനുഷ്യസ്വഭാവം മാറി മൃഗത്തിന്‍റെ സ്വഭാവം ഉണ്ടാകട്ടെ.
17 അങ്ങനെ ഏഴുവര്‍ഷം കഴിയട്ടെ. ഈ വിധി ദൂതന്മാരുടെ തീരുമാനവും വിശുദ്ധന്മാരുടെ കല്പനയും ആകുന്നു. അത്യുന്നതദൈവം മനുഷ്യരുടെ രാജ്യങ്ങളെ വാഴുന്നു; താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അതു നല്‌കുന്നു. മനുഷ്യരില്‍ വച്ച് എളിയവനെ അതിന്‍റെ അധിപതിയാക്കുന്നു. ഇതു സകല മനുഷ്യരും അറിഞ്ഞിരിക്കണം.
18 നെബുഖദ്നേസര്‍ രാജാവായ ഞാന്‍ ഈ സ്വപ്നം കണ്ടു: “ബേല്‍ത്ത്ശസ്സറേ, ഇതിന്‍റെ സാരം എന്തെന്നു പറയുക. ഇതിന്‍റെ അര്‍ഥം പറഞ്ഞുതരാന്‍ എന്‍റെ രാജ്യത്തുള്ള വിദ്വാന്മാര്‍ക്ക് ആര്‍ക്കുംതന്നെ കഴിഞ്ഞില്ല. എന്നാല്‍ വിശുദ്ധദേവന്മാരുടെ ആത്മാവ് നിന്നിലുള്ളതുകൊണ്ട് നിനക്കതു കഴിയും.”
19
ബേല്‍ത്ത്ശസ്സര്‍ എന്നു പേരുള്ള ദാനിയേല്‍ അല്പനേരത്തേക്കു സ്തംഭിച്ചിരുന്നു പോയി. മനസ്സില്‍കൂടി കടന്നുപോയ ചിന്തകള്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കി. “ബേല്‍ത്ത്ശസ്സറേ, സ്വപ്നവും അതിന്‍റെ അര്‍ഥവും ഓര്‍ത്തു പരവശനാകേണ്ട.” രാജാവു കല്പിച്ചു. ബേല്‍ത്ത്ശസ്സര്‍ പറഞ്ഞു: “മഹാരാജാവേ, സ്വപ്നം അവിടുത്തെ വെറുക്കുന്നവരെയും അതിന്‍റെ അര്‍ഥം അവിടുത്തെ വൈരികളെയും ഉദ്ദേശിച്ചായിരിക്കട്ടെ.20 ഭൂമിയുടെ ഏതറ്റത്തുനിന്നു നോക്കിയാലും കാണത്തക്കവിധം ആകാശംമുട്ടെ വളര്‍ന്നു ബലപ്പെട്ട്
21 മനോഹരമായ ഇലപ്പടര്‍പ്പോടും എല്ലാവര്‍ക്കും ഭക്ഷിക്കത്തക്കവിധം ധാരാളം ഫലങ്ങളോടും കൂടി നില്‌ക്കുന്നതും കീഴില്‍ വന്യമൃഗങ്ങള്‍ വസിക്കുന്നതും ചില്ലകളില്‍ പക്ഷികള്‍ പാര്‍ക്കുന്നതുമായ അവിടുന്നു കണ്ട വൃക്ഷം വളര്‍ന്നു,
22 ബലിഷ്ഠനായിത്തീര്‍ന്നിരിക്കുന്ന അങ്ങുതന്നെ. അങ്ങയുടെ മഹത്ത്വം വളര്‍ന്ന് ആകാശത്തോളം ഉയര്‍ന്നിരിക്കുന്നു. അവിടുത്തെ ആധിപത്യം ഭൂമിയുടെ അറുതിവരെ വ്യാപിച്ചിരിക്കുന്നു.
23 ആ വൃക്ഷം വെട്ടി നശിപ്പിക്കുക; എന്നാല്‍ അതിന്‍റെ കുറ്റി വേരോടുകൂടി ഇരുമ്പും ഓടുംകൊണ്ടു ബന്ധിച്ച് വയലിലെ ഇളമ്പുല്ലില്‍ വിട്ടേക്കുക; ആകാശത്തിലെ മഞ്ഞുകൊണ്ട് അവന്‍ നനയട്ടെ; കാട്ടുമൃഗങ്ങളോടുകൂടി അവന്‍ അഷ്‍ടികഴിക്കട്ടെ; അങ്ങനെ ഏഴുവര്‍ഷക്കാലം കഴിയട്ടെ എന്നിപ്രകാരം സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന ഒരു ദൂതന്‍, ഒരു പരിശുദ്ധന്‍ വിളിച്ചു പറയുന്നതായി അങ്ങ് കണ്ടല്ലോ.
24 രാജാവേ, അതിന്‍റെ സാരം എന്താണെന്നോ? അത് അത്യുന്നതനായ ദൈവത്തിന്‍റെ വിധിയാകുന്നു. എന്‍റെ യജമാനനായ അങ്ങയുടെ ജീവിതത്തില്‍ അതു സംഭവിക്കും.
25 അങ്ങയെ മനുഷ്യരുടെ ഇടയില്‍നിന്ന് ഓടിച്ചുകളയും; വന്യമൃഗങ്ങളോടുകൂടി ആയിരിക്കും അങ്ങയുടെ വാസം; കാളയെപ്പോലെ അങ്ങു പുല്ലുതിന്നാന്‍ ഇടവരുത്തും; ആകാശത്തുനിന്നു പെയ്യുന്ന മഞ്ഞ് ഏറ്റ് അങ്ങു നനയും; അങ്ങനെ ഏഴു വര്‍ഷം കഴിയും. അത്യുന്നതനായ ദൈവമാണ് മനുഷ്യരുടെ രാജ്യം ഭരിക്കുന്നതെന്നും താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അവിടുന്ന് അതു നല്‌കുമെന്നും അങ്ങ് അപ്പോള്‍ മനസ്സിലാക്കും.
26 വൃക്ഷത്തിന്‍റെ കുറ്റി വേരോടുകൂടി നശിപ്പിക്കാതെ വിടുക എന്നു കല്പിച്ചത്, ദൈവമാണ് സര്‍വവും ഭരിക്കുന്നതെന്ന് അങ്ങു മനസ്സിലാക്കുന്ന സമയം മുതല്‍ രാജ്യം അങ്ങയുടേതായിരിക്കും എന്ന് വ്യക്തമാക്കാന്‍ വേണ്ടിയാണ്.
27 അതുകൊണ്ട് രാജാവേ, എന്‍റെ ഉപദേശം അങ്ങു സ്വീകരിച്ചാലും. ധര്‍മനിഷ്ഠകൊണ്ട് പാപവും മര്‍ദിതരോടു കാരുണ്യം കാട്ടി അകൃത്യവും പരിഹരിക്കുക. അങ്ങനെ ഒരുപക്ഷേ അവിടുത്തെ ക്ഷേമകാലം നീണ്ടുകിട്ടിയേക്കാം.”
28
ഇവയെല്ലാം നെബുഖദ്നേസര്‍ രാജാവിനു വന്നു ഭവിച്ചു.29 പന്ത്രണ്ടു മാസം കഴിഞ്ഞ് രാജാവ് ബാബിലോണിലെ രാജമന്ദിരത്തിന്‍റെ മട്ടുപ്പാവില്‍ ഉലാത്തിക്കൊണ്ടിരിക്കെ അദ്ദേഹം സ്വയം പറഞ്ഞു:
30 “നമ്മുടെ രാജകീയ പ്രൗഢിക്കുവേണ്ടി എന്‍റെ മഹാപ്രഭാവത്താല്‍ രാജധാനിയായി നാം നിര്‍മിച്ച മഹത്തായ ബാബിലോണല്ലേ ഇത്.”
31 ഇതു പറഞ്ഞുതീരും മുമ്പ് സ്വര്‍ഗത്തില്‍നിന്ന് ഒരശരീരി ഉണ്ടായി: “നെബുഖദ്നേസര്‍രാജാവേ, നിന്നോടാണ് ഇതു പറയുന്നത്; രാജത്വം നിന്നില്‍നിന്ന് എടുത്തിരിക്കുന്നു;
32 നിന്നെ മനുഷ്യരുടെ ഇടയില്‍നിന്ന് ഓടിച്ചുകളയും; കാട്ടുമൃഗങ്ങളോടുകൂടി നീ പാര്‍ക്കും; കാളയെപ്പോലെ നീ പുല്ലുതിന്നും; അങ്ങനെ ഏഴു വര്‍ഷം കഴിയും. അപ്പോള്‍ മനുഷ്യരുടെ രാജ്യം വാഴുന്നത് അത്യുന്നതനായ ദൈവം ആണെന്നും താന്‍ ഇച്ഛിക്കുന്നവന് അവിടുന്നു അത് നല്‌കുമെന്നും നീ അറിയും.”
33 ഉടനെ അങ്ങനെ സംഭവിച്ചു. നെബുഖദ്നേസര്‍ മനുഷ്യരുടെ ഇടയില്‍നിന്ന് ഓടിക്കപ്പെട്ടു. കാളയെപ്പോലെ അവന്‍ പുല്ലുതിന്നു. അവന്‍റെ ശരീരം ആകാശത്തുനിന്നു വീണ മഞ്ഞുകൊണ്ടു നനഞ്ഞു. അവന്‍റെ രോമങ്ങള്‍ കഴുകന്‍റെ തൂവലുകള്‍പോലെയും നഖം പക്ഷികളുടെ നഖംപോലെയും വളര്‍ന്നു.
34
ആ ഏഴുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ നെബുഖദ്നേസര്‍ എന്ന ഞാന്‍ സ്വര്‍ഗത്തിലേക്ക് കണ്ണുകളുയര്‍ത്തി. അപ്പോള്‍ വിവേകം എനിക്കു തിരിച്ചുകിട്ടി; ഞാന്‍ അത്യുന്നതനായ ദൈവത്തെ വാഴ്ത്തുകയും ജീവിക്കുന്ന ദൈവത്തെ സ്തുതിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്തു. അവിടുത്തെ ആധിപത്യം അനന്തമാണ്. അവിടുത്തെ രാജ്യം എന്നേക്കും നിലനില്‌ക്കുന്നു.35 സര്‍വഭൂവാസികളും അവിടുത്തെ മുമ്പില്‍ ഏതുമില്ല. സ്വര്‍ഗീയ സൈന്യത്തോടും ഭൂവാസികളോടും അവിടുന്നു യഥേഷ്ടം പ്രവര്‍ത്തിക്കുന്നു. അവിടുത്തെ കൈ തടയാനോ “അങ്ങ് എന്തുചെയ്യുന്നു” എന്നു ചോദിക്കാനോ ആര്‍ക്കും സാധ്യമല്ല.
36 ആ സമയത്തുതന്നെ എനിക്കു വിവേകം തിരിച്ചുകിട്ടി. എന്‍റെ രാജ്യത്തിന്‍റെ മഹത്ത്വത്തിനുവേണ്ടി രാജകീയ അധികാരവും പ്രതാപവും എനിക്ക് വീണ്ടുകിട്ടി. എന്‍റെ ഉപദേഷ്ടാക്കളും പ്രഭുക്കന്മാരും എന്നെ അന്വേഷിച്ചെത്തി. എന്‍റെ രാജ്യത്തു ഞാന്‍ പുനഃസ്ഥാപിതനായി. എനിക്കു പൂര്‍വാധികം മഹത്ത്വം ഉണ്ടായി.
37 നെബുഖദ്നേസരായ ഞാന്‍ സ്വര്‍ഗസ്ഥനായ രാജാവിനെ സ്തുതിക്കുകയും വാഴ്ത്തുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. അവിടുത്തെ പ്രവൃത്തികള്‍ എല്ലാം സത്യവും അവിടുത്തെ വഴികള്‍ നീതിയുക്തവും ആകുന്നു. അഹങ്കാരികളെ താഴ്ത്താന്‍ അവിടുത്തേക്കു കഴിയും.
1
ബേല്‍ശസ്സര്‍രാജാവ് തന്‍റെ പ്രഭുക്കന്മാരില്‍ ആയിരംപേര്‍ക്ക് ഒരു വലിയ വിരുന്നു നല്‌കി. രാജാവ് അവരോടൊത്തു വീഞ്ഞു കുടിച്ചു.2
ബേല്‍ശസ്സര്‍ വീഞ്ഞിന്‍റെ ലഹരിയില്‍ തന്‍റെ പിതാവായ നെബുഖദ്നേസര്‍ യെരൂശലേം ദേവാലയത്തില്‍നിന്ന് എടുത്തുകൊണ്ടു വന്നിരുന്ന സ്വര്‍ണപ്പാത്രങ്ങളും വെള്ളിപ്പാത്രങ്ങളും തനിക്കും തന്‍റെ ഭാര്യമാര്‍ക്കും ഉപഭാര്യമാര്‍ക്കും പ്രഭുക്കന്മാര്‍ക്കും വീഞ്ഞുകുടിക്കാന്‍വേണ്ടി കൊണ്ടുവരാന്‍ കല്പിച്ചു.3 സര്‍വേശ്വരന്‍റെ ആലയത്തില്‍നിന്ന് എടുത്തുകൊണ്ടുവന്നിരുന്ന ആ പാത്രങ്ങള്‍ അവര്‍ അവിടെ കൊണ്ടുവന്നു. രാജാവും പ്രഭുക്കന്മാരും രാജാവിന്‍റെ ഭാര്യമാരും ഉപഭാര്യമാരും അവയില്‍ വീഞ്ഞു പകര്‍ന്നു കുടിച്ചു.
4 അവര്‍ വീഞ്ഞു കുടിക്കുകയും സ്വര്‍ണം, വെള്ളി, ഓട്, ഇരുമ്പ്, തടി, കല്ല് എന്നിവയില്‍ നിര്‍മിച്ച ദേവന്മാരെ കീര്‍ത്തിക്കുകയും ചെയ്തു.
5
തല്‍ക്ഷണം ഒരു മനുഷ്യന്‍റെ കൈവിരലുകള്‍ ദൃശ്യമായി. വിളക്കിനു നേരെയുള്ള രാജമന്ദിരത്തിന്‍റെ ചുവരില്‍ ആ വിരലുകള്‍ എന്തോ എഴുതി. അതു രാജാവു കണ്ടു.6 ഉടനെ രാജാവിന്‍റെ മുഖം വിവര്‍ണമായി; അദ്ദേഹം ചിന്താധീനനായി; സന്ധികള്‍ ദുര്‍ബലമായി; കാല്‍മുട്ടുകള്‍ കൂട്ടിയടിച്ചു.
7 മന്ത്രവാദികളെയും ബാബിലോണിലെ വിദ്വാന്മാരെയും ജ്യോത്സ്യന്മാരെയും ഉടന്‍ കൂട്ടിക്കൊണ്ടു വരാന്‍ രാജാവു വിളിച്ചു പറഞ്ഞു. രാജസന്നിധിയിലെത്തിയ അവരോടു രാജാവു പറഞ്ഞു: “ഈ ചുവരെഴുത്തു വായിച്ച് അര്‍ഥം പറയാന്‍ കഴിയുന്ന ആളിനെ രാജകീയമായ ചെങ്കുപ്പായവും കഴുത്തില്‍ സ്വര്‍ണമാലയും അണിയിക്കും. അയാളെ രാജ്യത്തെ മൂന്നാമത്തെ ഭരണാധികാരിയാക്കും.”
8 വിദ്വാന്മാരെല്ലാം മുന്നോട്ടുവന്നെങ്കിലും അവര്‍ക്കാര്‍ക്കും ആ ചുവരെഴുത്തു വായിക്കാനോ അതിന്‍റെ സാരം എന്തെന്നു പറയാനോ കഴിഞ്ഞില്ല.
9 അപ്പോള്‍ ബേല്‍ശസ്സര്‍രാജാവ് അത്യന്തം വ്യാകുലനായി. അദ്ദേഹത്തിന്‍റെ മുഖം വിളറി. രാജാവിന്‍റെ പ്രഭുക്കന്മാര്‍ അമ്പരന്നു.
10
രാജാവിന്‍റെയും പ്രഭുക്കന്മാരുടെയും സംസാരം കേട്ട് അമ്മറാണി വിരുന്നുശാലയിലെത്തി. “രാജാവേ, അങ്ങ് നീണാള്‍ വാഴട്ടെ; അങ്ങ് അസ്വസ്ഥനാകേണ്ട. ഭാവം മാറുകയും വേണ്ട.11 വിശുദ്ധദേവന്മാരുടെ ആത്മാവുള്ള ഒരു മനുഷ്യന്‍ അങ്ങയുടെ രാജ്യത്തുണ്ട്. അങ്ങയുടെ പിതാവിന്‍റെ കാലത്ത് അയാള്‍ക്ക് ദേവതുല്യമായ ജ്ഞാനവും അറിവും വെളിച്ചവും ഉള്ളതായി അറിയപ്പെട്ടിരുന്നു. അങ്ങയുടെ പിതാവായ നെബുഖദ്നേസര്‍രാജാവ്
12 ദാനിയേല്‍ എന്ന ആ മനുഷ്യനെ ബേല്‍ത്ത്ശസ്സര്‍ എന്നാണു വിളിച്ചിരുന്നത്. അയാള്‍ അസാധാരണ ബുദ്ധിയും വിജ്ഞാനവും സ്വപ്നങ്ങള്‍ വ്യാഖ്യാനിക്കാനും ഗൂഢാര്‍ഥമുള്ള വാക്യങ്ങള്‍ വിശദീകരിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും കഴിവുള്ളവനായിരുന്നതിനാല്‍ അയാളെ ബാബിലോണിലെ മന്ത്രവാദികളുടെയും ആഭിചാരകരുടെയും വിദ്വാന്മാരുടെയും ജ്യോത്സ്യന്മാരുടെയും അധിപതിയാക്കി. ഇപ്പോള്‍ അയാളെ വിളിച്ചാലും അയാള്‍ വ്യാഖ്യാനം അറിയിക്കും;” രാജ്ഞി പറഞ്ഞു.
13
ഉടനെ ദാനിയേലിനെ രാജസന്നിധിയില്‍ വരുത്തി. രാജാവ് ദാനിയേലിനോടു പറഞ്ഞു: “എന്‍റെ പിതാവ് യെഹൂദ്യയില്‍നിന്നു കൊണ്ടുവന്ന പ്രവാസികളില്‍ ഒരുവനായ ദാനിയേല്‍ നീ തന്നെയല്ലേ?14 വിശുദ്ധദേവന്മാരുടെ ആത്മാവും അറിവും വെളിച്ചവും വിശിഷ്ടമായ ജ്ഞാനവും നിന്നിലുണ്ടെന്നു നാം കേട്ടിരിക്കുന്നു.
15 ഈ എഴുത്തു വായിച്ച് അതിന്‍റെ അര്‍ഥം പറയാന്‍ ഇവിടത്തെ മന്ത്രവാദികളെയും വിദ്വാന്മാരെയും നമ്മുടെ മുമ്പില്‍ കൊണ്ടുവന്നു. പക്ഷേ ഇതിന്‍റെ സാരം എന്തെന്നു പറയാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
16 നിനക്കു വ്യാഖ്യാനങ്ങള്‍ നല്‌കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും കഴിയുമെന്നു നാം കേട്ടിരിക്കുന്നു. ഈ എഴുത്തുവായിച്ച് അതിന്‍റെ പൊരുള്‍ വ്യാഖ്യാനിച്ചു തന്നാല്‍, നിന്നെ രാജകീയമായ ചെങ്കുപ്പായവും സ്വര്‍ണമാലയും അണിയിച്ച് രാജ്യത്തെ മൂന്നാമത്തെ ഭരണാധികാരി ആക്കും.”
17
ദാനിയേല്‍ ഇങ്ങനെ ബോധിപ്പിച്ചു: “സമ്മാനങ്ങള്‍ അങ്ങയുടെ പക്കല്‍ത്തന്നെ ഇരിക്കട്ടെ; അവ മറ്റാര്‍ക്കെങ്കിലും കൊടുത്തു കൊള്ളുക. ഈ ചുവരെഴുത്തു വായിച്ച് അതിന്‍റെ അര്‍ഥം ഞാന്‍ രാജാവിനെ അറിയിക്കാം.18 അല്ലയോ രാജാവേ, അങ്ങയുടെ പിതാവായ നെബുഖദ്നേസര്‍രാജാവിന് അത്യുന്നതനായ ദൈവം രാജത്വവും പ്രതാപവും മഹത്ത്വവും പ്രശസ്തിയും നല്‌കി.
19 അവിടുന്ന് അദ്ദേഹത്തിനു നല്‌കിയ മഹത്ത്വംകൊണ്ട് എല്ലാ ജനങ്ങളും രാജ്യങ്ങളും ഭാഷക്കാരും അദ്ദേഹത്തിന്‍റെ മുമ്പില്‍ ഭയന്നു വിറച്ചു. തനിക്കു തോന്നിയവരെ അദ്ദേഹം വധിക്കുകയോ ജീവിക്കാന്‍ അനുവദിക്കുകയോ ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്തു.
20 എന്നാല്‍ അദ്ദേഹം അഹങ്കരിക്കുകയും മനസ്സു കഠിനമാക്കി ഗര്‍വോടെ വര്‍ത്തിക്കുകയും ചെയ്തു. അപ്പോള്‍ രാജസിംഹാസനത്തില്‍നിന്ന് അദ്ദേഹം ബഹിഷ്കൃതനായി. അതോടെ അദ്ദേഹത്തിന്‍റെ മഹത്ത്വം നഷ്ടപ്പെട്ടു.
21 മനുഷ്യരുടെ ഇടയില്‍നിന്ന് അദ്ദേഹം ഓടിക്കപ്പെട്ടു. അദ്ദേഹത്തിന്‍റെ മനുഷ്യത്വം മാറി മൃഗസ്വഭാവം ഉള്ളവനായിത്തീര്‍ന്നു. അദ്ദേഹത്തിന്‍റെ വാസം കാട്ടുകഴുതകളുടെകൂടെ ആയിത്തീര്‍ന്നു. കാളയെപ്പോലെ അദ്ദേഹം പുല്ലുതിന്നു. ആകാശത്തുനിന്നു പെയ്യുന്ന മഞ്ഞുകൊണ്ടു നനഞ്ഞു. ഒടുവില്‍ അത്യുന്നതനായ ദൈവമാണു രാജ്യം ഭരിക്കുന്നതെന്നും താന്‍ ഇച്ഛിക്കുന്നവരെയാണ് അവിടുന്നു രാജാവാക്കുന്നതെന്നും അദ്ദേഹത്തിനു മനസ്സിലാകുന്നതുവരെ അങ്ങനെ തുടര്‍ന്നു.
22 ബേല്‍ശസ്സര്‍രാജാവേ, അദ്ദേഹത്തിന്‍റെ പുത്രനായ അങ്ങ് ഇതെല്ലാം അറിഞ്ഞിട്ടും സ്വന്തം ഹൃദയം വിനയപ്പെടുത്താതെ
23 സ്വര്‍ഗസ്ഥനായ സര്‍വേശ്വരനെതിരായി സ്വയം ഉയര്‍ത്തുകയും സര്‍വേശ്വരന്‍റെ ആലയത്തിലെ പാത്രങ്ങള്‍ കൊണ്ടുവന്ന് അങ്ങ് അങ്ങയുടെ പ്രഭുക്കന്മാരോടും രാജ്ഞിമാരോടും ഉപപത്നിമാരോടും ചേര്‍ന്ന് അവയില്‍ വീഞ്ഞു പകര്‍ന്നു കുടിക്കുകയും ചെയ്തു. പൊന്ന്, വെള്ളി, ഓട്, ഇരുമ്പ്, തടി, കല്ല് ഇവകൊണ്ടുണ്ടാക്കിയവയും കാണാനും കേള്‍ക്കാനും ഗ്രഹിക്കാനും കഴിയാത്ത ഈ ദൈവങ്ങളെ നിങ്ങള്‍ സ്തുതിക്കുകയും ചെയ്തു. എന്നാല്‍ അങ്ങയുടെ ജീവന്‍റെയും വഴികളുടെയും നിയന്താവായ ദൈവത്തെ അങ്ങ് ആദരിച്ചതുമില്ല.
24
അതുകൊണ്ട് ദൈവമാണ് ആ കൈപ്പത്തി അയച്ച് ഇത് എഴുതിച്ചത്.25 ഇതാണ് ആ ലിഖിതം: ‘മെനേ, മെനേ, തെക്കേല്‍ ഊഫര്‍ സീന്‍.’
26 ഇതിന്‍റെ സാരം: മെനേ-ദൈവം അങ്ങയുടെ രാജ്യത്തിന്‍റെ നാളുകള്‍ എണ്ണുകയും അതിന്‍റെ അന്ത്യം കുറിക്കുകയും ചെയ്തിരിക്കുന്നു.
27 തെക്കേല്‍-അങ്ങയെ തുലാസില്‍ തൂക്കി കുറവുള്ളവനായി കണ്ടിരിക്കുന്നു.
28 പെറേസ്-അങ്ങയുടെ രാജ്യം വിഭജിച്ച് പേര്‍ഷ്യക്കാര്‍ക്കും മേദ്യര്‍ക്കുമായി കൊടുത്തിരിക്കുന്നു.
29
ദാനിയേലിനെ ചെങ്കുപ്പായവും സ്വര്‍ണമാലയും അണിയിക്കാന്‍ ബേല്‍ശസ്സര്‍ രാജാവു കല്പിച്ചു. ‘ദാനിയേലിനെ മൂന്നാമത്തെ ഭരണാധികാരിയാക്കിയിരിക്കുന്നു’ എന്ന രാജവിളംബരം പ്രഖ്യാപനം ചെയ്തു.30
അന്നു രാത്രിതന്നെ ബാബിലോണ്യരാജാവായ ബേല്‍ശസ്സര്‍ കൊല്ലപ്പെട്ടു.31 മേദ്യനായ ദാര്യാവേശ് രാജ്യം കൈവശമാക്കി. അപ്പോള്‍ അദ്ദേഹത്തിന് അറുപത്തിരണ്ടു വയസ്സായിരുന്നു.
1
ഭരണനിര്‍വഹണത്തിനു രാജ്യത്തുടനീളം നൂറ്റിരുപതു പ്രധാന ദേശാധിപതിമാരെ2 മൂന്നു മുഖ്യാധിപന്മാരുടെ കീഴിലായി നിയമിക്കാന്‍ ദാര്യാവേശ് രാജാവു തീരുമാനിച്ചു. ആ മൂന്നു പേരില്‍ ഒരുവനായിരുന്നു ദാനിയേല്‍. രാജ്യത്തെ മുതലെടുപ്പില്‍ രാജാവിനു നഷ്ടം നേരിടാതിരിക്കാന്‍ പ്രധാന ദേശാധിപതികള്‍ ഇവര്‍ക്കു കണക്കു ബോധിപ്പിക്കേണ്ടിയിരുന്നു.
3 ദാനിയേല്‍ വിശിഷ്ട ചൈതന്യം ഉള്ളവനായിരുന്നതിനാല്‍ ഇതര ഭരണത്തലവന്മാരിലും സകല പ്രധാനദേശാധിപതികളിലും പ്രശസ്തനായി ശോഭിച്ചു. രാജാവു ദാനിയേലിനെ തന്‍റെ രാജ്യം മുഴുവന്‍റെയും അധികാരിയാക്കാന്‍ നിശ്ചയിച്ചു.
4 അപ്പോള്‍ മറ്റു മുഖ്യാധിപന്മാരും പ്രധാന ദേശാധിപതികളും ദാനിയേലിനെതിരെ ആരോപിക്കാന്‍ രാജ്യഭരണകാര്യങ്ങളില്‍ എന്തെങ്കിലും കുറ്റം കണ്ടെത്തുന്നതിനു പരിശ്രമിച്ചു. എന്നാല്‍ അതിനവര്‍ക്കു കഴിഞ്ഞില്ല. അദ്ദേഹം അത്ര വിശ്വസ്തനായിരുന്നതുകൊണ്ട് യാതൊരു തെറ്റും കുറ്റവും അവര്‍ കണ്ടെത്തിയില്ല.
5 അപ്പോള്‍ അവര്‍ തമ്മില്‍ പറഞ്ഞു: “ദാനിയേലിന്‍റെ ദൈവവിശ്വാസത്തോടു ബന്ധപ്പെട്ട കാര്യത്തിലല്ലാതെ മറ്റൊരു കുറ്റവും അയാളില്‍ നാം കണ്ടെത്തുകയില്ല.”
6
ഒടുവില്‍ അവര്‍ പറഞ്ഞൊത്തുകൊണ്ടു രാജസന്നിധിയിലെത്തിപ്പറഞ്ഞു: “ദാര്യാവേശ് രാജാവ് നീണാള്‍ വാഴട്ടെ.7 എല്ലാ ഭരണാധിപന്മാരും പ്രധാന ദേശാധിപതികളും സ്ഥാനപതികളും മന്ത്രിമാരും കൂടി ഒരു കാര്യം തീരുമാനിച്ചിരിക്കുന്നു. രാജാവേ, മുപ്പതു ദിവസത്തേക്ക് ആരും അങ്ങയോടല്ലാതെ മറ്റൊരു ദേവനോടോ, മറ്റൊരു മനുഷ്യനോടോ പ്രാര്‍ഥിച്ചുകൂടാ. അങ്ങനെ ചെയ്താല്‍ അവനെ സിംഹക്കുഴിയില്‍ ഇട്ടുകളയും എന്നൊരു രാജകല്പന പുറപ്പെടുവിക്കുകയും ഖണ്ഡിതമായ നിരോധനം ഏര്‍പ്പെടുത്തുകയും വേണം.
8 അതിനാല്‍ മഹാരാജാവേ, അങ്ങ് ഈ നിരോധനാജ്ഞയ്‍ക്ക് ഉറപ്പുവരുത്തിക്കൊണ്ടുള്ള തിരുവെഴുത്തിനു തുല്യം ചാര്‍ത്തിയാലും. അങ്ങനെ മേദ്യരുടെയും പേര്‍ഷ്യക്കാരുടെയും മാറ്റമില്ലാത്ത നിയമമനുസരിച്ച് അത് അലംഘ്യമായിരിക്കട്ടെ.
9 അങ്ങനെ ദാര്യാവേശ് രാജാവ് നിരോധനാജ്ഞയും രാജകല്പനയും ഒപ്പുവച്ചു.
10
രാജകല്പനയ്‍ക്കു തുല്യം ചാര്‍ത്തി എന്നറിഞ്ഞപ്പോള്‍ ദാനിയേല്‍ തന്‍റെ വസതിയിലേക്കു മടങ്ങി. അദ്ദേഹം മാളികമുറിയില്‍ പ്രവേശിച്ചു. യെരൂശലേമിന് അഭിമുഖമായുള്ള ജാലകങ്ങള്‍ തുറന്നിട്ടു. പതിവുപോലെ അന്നും ദാനിയേല്‍ മൂന്നു പ്രാവശ്യം ദൈവസന്നിധിയില്‍ മുട്ടുകുത്തി സ്തോത്രം അര്‍പ്പിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തു.11 ദാനിയേലിനെതിരെ ആലോചന നടത്തിയവര്‍ അദ്ദേഹം തന്‍റെ ദൈവത്തോടു പ്രാര്‍ഥിക്കുന്നതും യാചിക്കുന്നതും കണ്ടു.
12 അവര്‍ ഉടനെ രാജസന്നിധിയില്‍ എത്തി ഉണര്‍ത്തിച്ചു: “മുപ്പതു ദിവസത്തിനിടയ്‍ക്ക് അങ്ങയോടല്ലാതെ ഒരു ദേവനോടും മനുഷ്യനോടും പ്രാര്‍ഥിച്ചുകൂടാ എന്നും ആരെങ്കിലും ഈ കല്പന ലംഘിച്ചാല്‍ അവനെ സിംഹക്കുഴിയില്‍ എറിഞ്ഞുകളയുമെന്നുമുള്ള നിരോധനാജ്ഞ അവിടുന്നു ഒപ്പുവച്ചിരുന്നല്ലോ! ‘മേദ്യരുടെയും പേര്‍ഷ്യക്കാരുടെയും അലംഘനീയമായ നിയമപ്രകാരം അതിനു മാറ്റമില്ല’ എന്നു രാജാവ് പറഞ്ഞു.
13 അപ്പോള്‍ അവര്‍ രാജസന്നിധിയില്‍ ഉണര്‍ത്തിച്ചു: “മഹാരാജാവേ, യെഹൂദാപ്രവാസികളില്‍ ഒരുവനായ ദാനിയേല്‍ അവിടുത്തെയോ അങ്ങു പുറപ്പെടുവിച്ച നിരോധനാജ്ഞയെയോ ഗണ്യമാക്കാതെ ദിവസം മൂന്നുപ്രാവശ്യം അയാളുടെ ദൈവത്തോടു പ്രാര്‍ഥിക്കുന്നു.”
14
ഇതുകേട്ടപ്പോള്‍ രാജാവ് അത്യധികം വിഷമിച്ചു. ദാനിയേലിനെ വല്ല വിധവും രക്ഷിക്കണമെന്നു മനസ്സിലുറച്ചു. സൂര്യന്‍ അസ്തമിക്കുന്നതുവരെ അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്തു.15 ദാനിയേലിനെതിരെ ആലോചന നടത്തിയവര്‍ വീണ്ടും രാജാവിന്‍റെ അടുക്കല്‍ വന്നു പറഞ്ഞു: “രാജാവേ, മേദ്യരുടെയും പേര്‍ഷ്യക്കാരുടെയും നിയമമനുസരിച്ച് രാജാവ് പുറപ്പെടുവിച്ച നിരോധനാജ്ഞയും കല്പനയും അലംഘനീയമാണെന്ന് അങ്ങേക്കറിയാമല്ലോ.”
16
അപ്പോള്‍ രാജകല്പനയനുസരിച്ച് ദാനിയേലിനെ കൊണ്ടുചെന്നു സിംഹക്കുഴിയില്‍ ഇട്ടു. “നീ നിരന്തരം സേവിക്കുന്ന നിന്‍റെ ദൈവം നിന്നെ രക്ഷിക്കട്ടെ” എന്നു രാജാവു ദാനിയേലിനോടു പറഞ്ഞു.17 ഒരു കല്ല് കൊണ്ടുവന്നു ഗുഹാമുഖം അടച്ചു. ദാനിയേലിനെ സംബന്ധിച്ച വിധിക്കു മാറ്റം വരാതിരിക്കാന്‍ രാജാവ് തന്‍റെയും പ്രഭുക്കന്മാരുടെയും മോതിരങ്ങള്‍കൊണ്ട് ആ കല്ലിനു മുദ്രവയ്‍ക്കുകയും ചെയ്തു.
18 പിന്നീടു രാജാവു കൊട്ടാരത്തിലേക്കു മടങ്ങി രാത്രി മുഴുവന്‍ ഉപവസിച്ചു. എല്ലാവിധ വിനോദങ്ങളും ഉപേക്ഷിച്ചു; നിദ്ര അദ്ദേഹത്തില്‍നിന്നു വഴുതിമാറി.
19
രാജാവ് അതിരാവിലെ എഴുന്നേറ്റു തിടുക്കത്തില്‍ സിംഹക്കുഴിക്കരികില്‍ ചെന്നു ദുഃഖപരവശമായ ശബ്ദത്തില്‍ വിളിച്ചു ചോദിച്ചു:20 “ജീവിക്കുന്ന ദൈവത്തിന്‍റെ ഭൃത്യനായ ദാനിയേലേ, നീ ഇടവിടാതെ സേവിക്കുന്ന നിന്‍റെ ദൈവത്തിനു സിംഹങ്ങളില്‍നിന്ന് നിന്നെ രക്ഷിക്കാന്‍ കഴിഞ്ഞോ?”
21 അപ്പോള്‍ ദാനിയേല്‍: “അല്ലയോ രാജാവേ, അങ്ങു നീണാള്‍ വാഴട്ടെ.
22 എന്‍റെ ദൈവം ഒരു ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചു. അവ എന്നെ തൊട്ടില്ല. ദൈവത്തിന്‍റെ മുമ്പില്‍ ഞാന്‍ നിരപരാധിയാണല്ലോ. രാജാവേ, അങ്ങയുടെ മുമ്പിലും ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല.”
23 അപ്പോള്‍ രാജാവ് അത്യധികം സന്തോഷിച്ചു. ദാനിയേലിനെ സിംഹക്കുഴിയില്‍നിന്നു പുറത്തുകൊണ്ടുവരാന്‍ കല്പിച്ചു. അങ്ങനെ ദാനിയേലിനെ കുഴിക്കു പുറത്തു കൊണ്ടുവന്നു. ദാനിയേല്‍ തന്‍റെ ദൈവത്തില്‍ ശരണപ്പെട്ടതുകൊണ്ട് അദ്ദേഹത്തിന് ഒരു പോറല്‍പോലും ഏറ്റതായി കണ്ടില്ല.
24 ദാനിയേലിന്‍റെമേല്‍ കുറ്റം ആരോപിച്ചവരെയും അവരുടെ ഭാര്യമാരെയും കുട്ടികളെയും സിംഹക്കുഴിയിലിടാന്‍ രാജാവ് കല്പിച്ചു. രാജകല്പനപ്രകാരം അവരെ കൊണ്ടുവന്നു സിംഹക്കുഴിയില്‍ എറിഞ്ഞു. അവര്‍ അടിയില്‍ എത്തുന്നതിനു മുമ്പ് സിംഹങ്ങള്‍ അവരെ ആക്രമിച്ചു; അവരുടെ അസ്ഥികള്‍ തകര്‍ത്തു.
25
ദാര്യാവേശ് രാജാവ് ഭൂമിയിലെങ്ങുമുള്ള സകല ജനതകള്‍ക്കും രാജ്യങ്ങള്‍ക്കും ഭാഷക്കാര്‍ക്കും ഇപ്രകാരം എഴുതി: “നിങ്ങള്‍ക്കു മംഗളം ഭവിക്കട്ടെ!26 എന്‍റെ ആധിപത്യത്തിലുള്‍പ്പെട്ട ഏവരും ദാനിയേലിന്‍റെ ദൈവത്തിന്‍റെ മുമ്പില്‍ ഭയഭക്തിയോടിരിക്കണമെന്നു നാം ഒരു തീര്‍പ്പു കല്പിക്കുന്നു. ആ ദൈവം ജീവിക്കുന്ന ദൈവവും നിത്യനും ആകുന്നു.
27 അവിടുത്തെ രാജത്വം അനശ്വരവും അവിടുത്തെ ആധിപത്യം അനന്തവുമാണ്. അവിടുന്നു രക്ഷിക്കുകയും വിടുവിക്കുകയും ചെയ്യുന്നു; ആകാശത്തും ഭൂമിയിലും അവിടുന്ന് അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിക്കുന്നു. അവിടുന്നു ദാനിയേലിനെ സിംഹങ്ങളുടെ പിടിയില്‍നിന്നു രക്ഷിച്ചിരിക്കുന്നു.”
28
ദാര്യാവേശിന്‍റെയും പേര്‍ഷ്യന്‍രാജാവായ സൈറസിന്‍റെയും ഭരണകാലത്ത് ദാനിയേല്‍ ഐശ്വര്യസമ്പന്നനായി കഴിഞ്ഞു.1
ബാബിലോണ്‍രാജാവായ ബേല്‍ശസ്സറിന്‍റെ വാഴ്ചയുടെ ഒന്നാം വര്‍ഷം ദാനിയേലിന് ഉറക്കത്തില്‍ ഒരു സ്വപ്നവും ചില ദര്‍ശനങ്ങളും ഉണ്ടായി. അദ്ദേഹം ആ സ്വപ്നം രേഖപ്പെടുത്തി. അതിന്‍റെ സംഗ്രഹം ഇതായിരുന്നു.2 ദാനിയേല്‍ പറഞ്ഞു: “നിശാദര്‍ശനത്തില്‍ ആകാശത്തിലെ നാലു കാറ്റുകള്‍ മഹാസാഗരത്തെ ഇളക്കിമറിക്കുന്നതായി ഞാന്‍ കണ്ടു.
3 സമുദ്രത്തില്‍നിന്നു നാലു വലിയ മൃഗങ്ങള്‍ കയറിവന്നു. അവ വ്യത്യസ്തങ്ങളായിരുന്നു.
4 ഒന്നാമത്തെ മൃഗം സിംഹത്തെപ്പോലെയിരുന്നു. അതിനു കഴുകന്‍റെ ചിറകുകള്‍ ഉണ്ടായിരുന്നു. ഞാന്‍ നോക്കിക്കൊണ്ടിരിക്കെ അതിന്‍റെ ചിറകുകള്‍ പറിച്ചെടുക്കപ്പെട്ടു. അതിനെ പൊക്കി മനുഷ്യനെപ്പോലെ ഇരുകാലുകളില്‍ നിര്‍ത്തി. അതിനു മനുഷ്യഹൃദയം നല്‌കുകയും ചെയ്തു.
5 രണ്ടാമത്തെ മൃഗം കരടിയെപ്പോലെ ആയിരുന്നു. അതു പിന്‍കാലുകളില്‍ നിവര്‍ന്നുനിന്നു. അതു വായില്‍ മൂന്നു വാരിയെല്ലുകള്‍ കടിച്ചു പിടിച്ചിരുന്നു. “എഴുന്നേറ്റ് മതിയാവോളം മാംസം തിന്നുകൊള്ളുക” എന്ന് അതിനോടു പറയുന്നതും ഞാന്‍ കേട്ടു.
6 പിന്നീട് അതാ, പുള്ളിപ്പുലിയെപ്പോലുള്ള മറ്റൊരു മൃഗം. മുതുകില്‍ നാലു ചിറകുള്ള ആ മൃഗത്തിനു നാലു തലയും ഉണ്ടായിരുന്നു. അതിന് ആധിപത്യം നല്‌കപ്പെട്ടു.
7 രാത്രിയില്‍ ഞാന്‍ കണ്ട ദര്‍ശനത്തില്‍ അതാ നാലാമത്തെ മൃഗം. അത്യുഗ്രവും ഭീകരവും കരുത്തുറ്റതുമായ ആ മൃഗം അതിന്‍റെ വലിയ ഇരുമ്പ് പല്ലുകൊണ്ട് ഇരയെ കടിച്ചുകീറിത്തിന്നുകയും അവശേഷിച്ചത് നിലത്തിട്ടു ചവിട്ടിക്കളയുകയും ചെയ്തു. നേരത്തെ കണ്ട മൃഗങ്ങളില്‍ നിന്നെല്ലാം വിഭിന്നമായ ഈ മൃഗത്തിനു പത്തുകൊമ്പുകള്‍ ഉണ്ടായിരുന്നു.
8 ഞാന്‍ നോക്കിക്കൊണ്ടിരിക്കെ ആ കൊമ്പുകള്‍ക്കിടയില്‍ ഒരു ചെറിയ കൊമ്പു മുളച്ചുവരുന്നതു കണ്ടു. അതിന്‍റെ മുമ്പില്‍നിന്നു നേരത്തെ ഉണ്ടായിരുന്ന കൊമ്പുകളില്‍ മൂന്നെണ്ണം വേരോടെ പിഴുതു നീക്കപ്പെട്ടു. മുളച്ചുവന്ന കൊമ്പില്‍ മനുഷ്യനേത്രങ്ങളും വമ്പുപറയുന്ന വായും ഉണ്ടായിരുന്നു.
9
ഞാന്‍ നോക്കിക്കൊണ്ടിരിക്കെ സിംഹാസനങ്ങള്‍ നിരന്നു. അതിലൊന്നില്‍ അതിപുരാതനനായവന്‍ ഉപവിഷ്ടനായി. അദ്ദേഹത്തിന്‍റെ വസ്ത്രം ഹിമംപോലെയും തലമുടി പഞ്ഞിപോലെയും വെണ്മയുള്ളതായിരുന്നു. അവിടുത്തെ സിംഹാസനം അഗ്നിജ്വാലയായിരുന്നു. ജ്വലിച്ചുകൊണ്ടിരുന്ന അഗ്നിയായിരുന്നു അതിന്‍റെ ചക്രങ്ങള്‍.10 അവിടുത്തെ മുമ്പില്‍നിന്ന് ഒരു അഗ്നിപ്രവാഹം പുറപ്പെട്ടു. ബഹുസഹസ്രം ആളുകള്‍ അദ്ദേഹത്തെ പരിചരിച്ചു. പതിനായിരങ്ങള്‍ അവിടുത്തെ മുമ്പില്‍ ഉപചാരപൂര്‍വം നിന്നു. ന്യായവിസ്താരത്തിനായി ന്യായാധിപസഭ കൂടി. പുസ്തകങ്ങള്‍ തുറക്കപ്പെട്ടു.
11 ആ ചെറിയ കൊമ്പ് വമ്പു പറയുന്നതു കേട്ട് ഞാന്‍ അങ്ങോട്ടു നോക്കി. ഞാന്‍ നോക്കിക്കൊണ്ടിരിക്കെ ആ മൃഗം കൊല്ലപ്പെട്ടു. അതിന്‍റെ ഉടല്‍ നശിപ്പിക്കുകയും അതു തീയിലിട്ടു ദഹിപ്പിക്കാന്‍ വിട്ടുകൊടുക്കുകയും ചെയ്തു.
12 മറ്റു മൃഗങ്ങളുടെ അധികാരം എടുത്തുകളഞ്ഞു. എങ്കിലും ഒരു നിശ്ചിതകാലംകൂടി ജീവിക്കാന്‍ അവയെ അനുവദിച്ചു.
13
മനുഷ്യപുത്രനു സദൃശനായ ഒരുവനെ രാത്രിയിലെ ദര്‍ശനത്തില്‍ ആകാശമേഘങ്ങളില്‍ ഞാന്‍ കണ്ടു. അദ്ദേഹം പുരാതനനായവന്‍റെ മുമ്പിലേക്ക് ആനയിക്കപ്പെട്ടു.14 സകല ജനങ്ങളും ജനപദങ്ങളും ഭാഷക്കാരും അദ്ദേഹത്തെ സേവിക്കത്തക്കവിധം ആധിപത്യവും മഹത്ത്വവും രാജത്വവും അദ്ദേഹത്തിനു നല്‌കപ്പെട്ടു. അദ്ദേഹത്തിന്‍റെ ആധിപത്യം അസ്തമിക്കാതെ എന്നേക്കും നിലനില്‌ക്കും. അദ്ദേഹത്തിന്‍റെ രാജത്വം അനശ്വരമാണ്.
15
ദാനിയേല്‍ എന്ന ഞാന്‍ എനിക്കുണ്ടായ ദര്‍ശനത്താല്‍ വ്യാകുലനായി. ഞാന്‍ അത്യന്തം അസ്വസ്ഥനായി.16 അവിടെ നിന്നിരുന്നവരില്‍ ഒരുവനോട് ഇതിന്‍റെ എല്ലാം സാരം എന്തെന്നു ഞാന്‍ ചോദിച്ചു. അയാള്‍ അതിന്‍റെ പൊരുള്‍ എനിക്കു പറഞ്ഞുതന്നു.
17 ഭൂമിയില്‍ ഉയരാന്‍ പോകുന്ന നാലു സാമ്രാജ്യങ്ങളാണ് ദര്‍ശനത്തില്‍ കണ്ട നാലു മൃഗങ്ങള്‍.
18 എന്നാല്‍ അത്യുന്നതനായ ദൈവത്തിന്‍റെ വിശുദ്ധന്മാര്‍ രാജത്വം പ്രാപിക്കുകയും അവര്‍ എന്നേക്കും അത് അവകാശമാക്കുകയും ചെയ്യും.
19
മറ്റു മൃഗങ്ങളില്‍നിന്നു വ്യത്യസ്തനും ഇരുമ്പുപല്ലുകളും ഓട്ടുനഖങ്ങളുമുള്ള അതിഭയങ്കരനും തിന്നുകയും തകര്‍ക്കുകയും ശേഷിച്ചതു ചവുട്ടിത്തേക്കുകയും ചെയ്തതുമായ20 നാലാമത്തെ മൃഗത്തെക്കുറിച്ചും അതിന്‍റെ പത്തുകൊമ്പുകളെക്കുറിച്ചും അവയ്‍ക്കിടയില്‍നിന്ന് മുളച്ചുവന്നതും കണ്ണുകളും വമ്പുപറയുന്ന വായും ഗാംഭീര്യമുള്ളതുമായ കൊമ്പിനെക്കുറിച്ചും അതിന്‍റെ മുമ്പില്‍നിന്ന് മൂന്നു കൊമ്പുകള്‍ പിഴുതു നീക്കപ്പെട്ടതിനെക്കുറിച്ചും അറിയാന്‍ ഞാന്‍ ആഗ്രഹിച്ചു.
21 പുരാതനനായവന്‍ വന്ന് അവിടുത്തെ വിശുദ്ധന്മാര്‍ക്ക് ന്യായമായ വിധി നടത്തുകയും വിശുദ്ധന്മാര്‍ രാജത്വം പ്രാപിക്കുകയും ചെയ്യുന്നതുവരെ
22 ആ കൊമ്പ് വിശുദ്ധന്മാരോടു യുദ്ധം ചെയ്ത് അവരെ ജയിച്ചുകൊണ്ടിരുന്നതു ഞാന്‍ കണ്ടു.
23
എന്നോടു സംസാരിച്ച വിശുദ്ധന്‍ പറഞ്ഞു: “ഭൂമിയില്‍ ഉണ്ടാകാനുള്ള നാലാമത്തെ സാമ്രാജ്യമാണ് നാലാമതായി കണ്ട ആ മൃഗം. അതു ലോകത്തെ വിഴുങ്ങുകയും ചവുട്ടിത്തേച്ചു തകര്‍ക്കുകയും ചെയ്യും. മറ്റ് എല്ലാ രാജ്യങ്ങളില്‍നിന്നും അത് വിഭിന്നവും ആയിരിക്കും.24 ഈ രാജ്യത്തുനിന്നുദ്ഭവിക്കുന്ന പത്തുകൊമ്പുകളാകട്ടെ പ്രബലരായിത്തീരാന്‍പോകുന്ന പത്തു രാജാക്കന്മാരാണ്. അവര്‍ക്കുശേഷം മറ്റൊരു രാജാവ് എഴുന്നേല്‌ക്കും. അദ്ദേഹം തന്‍റെ പൂര്‍വികന്മാരില്‍നിന്നു വ്യത്യസ്തനായിരിക്കും.
25 അയാള്‍ അത്യുന്നതദൈവത്തിനെതിരെ വമ്പു പറയുകയും അവിടുത്തെ വിശുദ്ധന്മാരെ പീഡിപ്പിക്കുകയും ചെയ്യും. അയാള്‍ കാലങ്ങളും നിയമങ്ങളും മാറ്റാന്‍ ശ്രമിക്കും. വിശുദ്ധന്മാരെ ഒരു കാലത്തേക്കും രണ്ടു കാലത്തേക്കും അര്‍ധകാലത്തേക്കും അയാളുടെ കൈയില്‍ ഏല്പിക്കും.
26
എന്നാല്‍ ന്യായാധിപസഭ കൂടി അയാളുടെ അധികാരം എടുത്തുകളയുകയും അതു സമൂലം നശിപ്പിച്ച് എന്നേക്കും ഇല്ലാതാക്കുകയും ചെയ്യും.27 ആകാശത്തിന്‍കീഴുള്ള സര്‍വരാജ്യങ്ങളുടെയുംമേല്‍ പരമാധികാരവും രാജപദവിയും അത്യുന്നതനായ ദൈവത്തിന്‍റെ വിശുദ്ധജനത്തിനു നല്‌കപ്പെടും. അവരുടെ രാജ്യം ശാശ്വതമായിരിക്കും. എല്ലാ ആധിപത്യങ്ങളും അവരെ അനുസരിക്കുകയും സേവിക്കുകയും ചെയ്യും.
28
ദര്‍ശനത്തിന്‍റെ അവസാനം ഇതായിരുന്നു. എന്നാല്‍ ദാനിയേല്‍ എന്ന ഞാന്‍ എന്‍റെ വിചാരങ്ങള്‍ നിമിത്തം വളരെ സംഭ്രാന്തനായി. എന്‍റെ മുഖം വിളറി. ഇതെല്ലാം ഞാന്‍ എന്‍റെ മനസ്സില്‍ സൂക്ഷിച്ചു.1
ദാനിയേല്‍ എന്ന എനിക്ക് ബേല്‍ശസ്സര്‍രാജാവിന്‍റെ വാഴ്ചയുടെ മൂന്നാം വര്‍ഷം വീണ്ടുമൊരു ദര്‍ശനമുണ്ടായി.2 ആ സമയത്ത് ഞാന്‍ ഏലാംസംസ്ഥാനത്തിലെ ശൂശന്‍ രാജധാനിയില്‍ ആയിരുന്നു. ഞാന്‍ ഊലായി നദീതീരത്തു നില്‌ക്കുന്നതായി ദര്‍ശനത്തില്‍ കണ്ടു.
3 ഞാന്‍ നോക്കിയപ്പോള്‍ ഒരു മുട്ടാട് നില്‌ക്കുന്നു. അതിന്‍റെ നീണ്ട രണ്ടു കൊമ്പുകളില്‍ ഒന്നു മറ്റേതിനെക്കാള്‍ ഉയര്‍ന്നുനിന്നിരുന്നു. ഒടുവില്‍ മുളച്ചുവന്നതിനായിരുന്നു കൂടുതല്‍ ഉയരം.
4 ആ മുട്ടാട് പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും ഇടിക്കാന്‍ കുതിക്കുന്നതായി കാണപ്പെട്ടു. ഒരു മൃഗത്തിനും അതിനെ നേരിടാന്‍ കഴിഞ്ഞില്ല. അതിന്‍റെ ശക്തിയില്‍നിന്നു രക്ഷിക്കാന്‍ കഴിയുന്ന ആരും ഉണ്ടായിരുന്നില്ല. അതു തനിക്കു തോന്നിയപോലെ ഗര്‍വു കാട്ടി നിന്നു.
5 ഞാന്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ പടിഞ്ഞാറുനിന്ന് ഒരു ആണ്‍കോലാട് നിലംതൊടാതെ സര്‍വഭൂതലവും കടന്നുവന്നു. അതിന്‍റെ നേത്രങ്ങള്‍ക്ക് ഇടയ്‍ക്ക് അസാധാരണമായ ഒരു കൊമ്പുണ്ടായിരുന്നു.
6 നദീതീരത്തു നില്‌ക്കുന്നതായി കണ്ട രണ്ടു കൊമ്പുള്ള മുട്ടാടിന്‍റെ നേരെ അത് ഉഗ്രരോഷത്തോടെ പാഞ്ഞുചെന്നു.
7 അത് മുട്ടാടിനെ കോപാവേശത്തോടെ ഇടിച്ച് അതിന്‍റെ കൊമ്പു രണ്ടും തകര്‍ത്തുകളയുന്നത് ഞാന്‍ കണ്ടു. അതിനെ ചെറുത്തു നില്‌ക്കാനുള്ള ശക്തി മുട്ടാടിനുണ്ടായിരുന്നില്ല.
8 ആണ്‍കോലാട് അതിനെ നിലത്തു തള്ളിയിട്ടു ചവുട്ടിമെതിച്ചു. അതിന്‍റെ ആക്രമണത്തില്‍നിന്നു മുട്ടാടിനെ രക്ഷിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ആണ്‍കോലാട് വളര്‍ന്നു വളരെ വലുതായിത്തീര്‍ന്നു. അത് ഏറ്റവും ശക്തനായി തീര്‍ന്നപ്പോള്‍ അതിന്‍റെ കൊമ്പ് തകര്‍ന്നുപോയി. ആ കൊമ്പിന്‍റെ സ്ഥാനത്തു നാല് ദിക്കുകള്‍ക്കും അഭിമുഖമായി നാലു അസാധാരണമായ കൊമ്പുകള്‍ മുളച്ചുവന്നു.
9
അവയില്‍ ഒന്നില്‍നിന്ന് ഒരു ചെറിയ കൊമ്പു മുളച്ചു. അതു തെക്കോട്ടും കിഴക്കോട്ടും വാഗ്ദത്തനാടിനു നേരെയും വളര്‍ന്നുവലുതായിത്തീര്‍ന്നു.10 അത് ആകാശ സൈന്യത്തോളം വലുതായിത്തീര്‍ന്നു. നക്ഷത്രവ്യൂഹത്തില്‍ ചിലതിനെ അത് നിലത്തു തള്ളിയിട്ടു ചവിട്ടി.
11 അത് ആകാശസൈന്യത്തിന്‍റെ അധിപതിയോളം സ്വയം ഉയര്‍ത്തി ഗര്‍വുകാട്ടി. അവിടുത്തേക്കു ദിനംതോറും അര്‍പ്പിക്കുന്ന ഹോമയാഗങ്ങള്‍ മുടക്കി അവിടുത്തെ വിശുദ്ധമന്ദിരം ഇടിച്ചുകളഞ്ഞു.
12 നിത്യേനയുള്ള ഹോമയാഗങ്ങള്‍ അര്‍പ്പിക്കാതെ ജനങ്ങള്‍ പാപംചെയ്തു സത്യത്തെ നിലത്തു വലിച്ചെറിഞ്ഞു. കൊമ്പ് അതിന്‍റെ പ്രവൃത്തികളിലെല്ലാം വിജയിച്ചു.
13 പിന്നീട് ഒരു പരിശുദ്ധന്‍ സംസാരിക്കുന്നതു കേട്ടു. അദ്ദേഹത്തോട് മറ്റൊരു പരിശുദ്ധന്‍ ചോദിച്ചു: “ദിനംതോറുമുള്ള ഹോമയാഗങ്ങള്‍ മുടക്കുന്നതും വിശുദ്ധമന്ദിരവും ആകാശസൈന്യവും ചവുട്ടി മെതിക്കപ്പെടുന്നതും ശൂന്യമാക്കുന്ന അതിക്രമവും എത്രനാള്‍ നീണ്ടുനില്‌ക്കും?”
14 ആ പരിശുദ്ധന്‍ പ്രതിവചിച്ചു: “രണ്ടായിരത്തി മുന്നൂറു സന്ധ്യയും ഉഷസ്സും തികയുന്നതുവരെ ഇത് നീണ്ടുനില്‌ക്കും. പിന്നീട് വിശുദ്ധമന്ദിരം യഥാസ്ഥാനപ്പെടും.”
15
ദാനിയേലെന്ന ഞാന്‍ ഈ ദര്‍ശനം കണ്ട് അതിന്‍റെ അര്‍ഥത്തെക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുമ്പോള്‍ മനുഷ്യസദൃശമായ ഒരു രൂപം എന്‍റെ മുമ്പില്‍ നില്‌ക്കുന്നതു ഞാന്‍ കണ്ടു.16 ഗബ്രീയേലേ, ഈ ദര്‍ശനത്തിന്‍റെ അര്‍ഥം ഇവന് വ്യക്തമാക്കിക്കൊടുക്കുക എന്ന് ഊലായിതീരത്തുനിന്ന് ഒരാള്‍ വിളിച്ചുപറയുന്നതു ഞാന്‍ കേട്ടു.
17 ഗബ്രീയേല്‍ എന്‍റെ സമീപത്തുവന്നു. അപ്പോള്‍ ഞാന്‍ ഭയപ്പെട്ടു ഗബ്രീയേലിന്‍റെ മുമ്പില്‍ സാഷ്ടാംഗം വീണു. “അല്ലയോ മനുഷ്യാ, ഇതു ഗ്രഹിച്ചുകൊള്ളുക; ഈ ദര്‍ശനം അന്ത്യകാലത്തെ സൂചിപ്പിക്കുന്നതാണ്” എന്നു ഗബ്രീയേല്‍ പറഞ്ഞു.
18
ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ പ്രജ്ഞയറ്റ് കമിഴ്ന്നുവീണു. ഗബ്രീയേല്‍ എന്നെ തൊട്ട് എഴുന്നേല്പിച്ചു നിറുത്തിയശേഷം പറഞ്ഞു:19 “ദൈവത്തിന്‍റെ ഉഗ്രകോപത്തിന്‍റെ അന്ത്യത്തില്‍ എന്തു സംഭവിക്കും എന്നു ഞാന്‍ നിന്നോടു പറയാം. അത് അന്ത്യകാലത്തെക്കുറിച്ചുള്ളതാണ്.
20 നീ ദര്‍ശനത്തില്‍ കണ്ട രണ്ടു കൊമ്പുള്ള മുട്ടാട് മേദ്യയിലെയും പേര്‍ഷ്യയിലെയും രാജാക്കന്മാരെ സൂചിപ്പിക്കുന്നു.
21 ആണ്‍കോലാട് ഗ്രീസ് രാജ്യത്തെയും അതിന്‍റെ കണ്ണുകള്‍ക്കു മധ്യേയുള്ള വലിയ കൊമ്പ് ആദ്യത്തെ രാജാവിനെയും കുറിക്കുന്നു.
22 ആ കൊമ്പു തകര്‍ന്നശേഷം മുളച്ചുവന്ന നാലു കൊമ്പുകളാകട്ടെ, ആ രാജ്യത്തില്‍നിന്ന് നാലു രാജ്യങ്ങള്‍ ഉദയം ചെയ്യുമെന്നും അവ ആദ്യത്തെ രാജ്യത്തിനൊപ്പം ശക്തമല്ലാത്തതും ആയിരിക്കുമെന്നും സൂചിപ്പിക്കുന്നു.
23 ആ രാജ്യങ്ങളുടെ അന്ത്യകാലത്ത് മനുഷ്യരുടെ അതിക്രമങ്ങള്‍ ഉച്ചകോടിയിലെത്തുമ്പോള്‍ ക്രൂരനും കുശാഗ്രബുദ്ധിയുമുള്ള ഒരു രാജാവ് പ്രത്യക്ഷനാകും.
24 അയാളുടെ പ്രതാപം അപാരമായിരിക്കും. അതു സ്വന്തം ശക്തികൊണ്ടായിരിക്കുകയില്ല. അയാള്‍ ഭീകരനാശം പ്രവര്‍ത്തിക്കും; തന്‍റെ എല്ലാ പ്രവൃത്തിയിലും അയാള്‍ വിജയിക്കും. ശക്തന്മാരെയും വിശുദ്ധജനത്തെയും അയാള്‍ നശിപ്പിക്കും.
25 തന്‍റെ കൗശലത്താല്‍ ചതിപ്രയോഗത്തിലൂടെ അയാള്‍ വിജയം നേടുന്നു. അയാള്‍ ഗര്‍വുകാട്ടുന്നു. മുന്നറിയിപ്പു കൂടാതെ അയാള്‍ പലരെയും നശിപ്പിക്കുന്നു. രാജാധിരാജനെതിരെപോലും അയാള്‍ പൊരുതും. എന്നാല്‍ മനുഷ്യശക്തികൊണ്ടല്ലാതെ തന്നെ അയാള്‍ നശിപ്പിക്കപ്പെടും.
26 സന്ധ്യകളെയും ഉഷസ്സുകളെയും സംബന്ധിച്ചുള്ള ദര്‍ശനം സത്യംതന്നെ. ഈ ദര്‍ശനം വിദൂരഭാവിയില്‍ സംഭവിക്കാനുള്ളതാകയാല്‍ മുദ്രവച്ചു സൂക്ഷിക്കുക.
27
ദാനിയേലെന്ന ഞാന്‍ ഏതാനും നാളുകള്‍ തളര്‍ന്നു രോഗിയായി കിടന്നു. പിന്നീടു ഞാന്‍ എഴുന്നേറ്റു രാജാവ് എന്നെ ഏല്പിച്ച ജോലികളില്‍ ഏര്‍പ്പെട്ടു. എന്നാല്‍ ഞാന്‍ ഈ ദര്‍ശനത്തെ ഓര്‍ത്ത് ചിന്താകുലനായി. എനിക്കതിന്‍റെ അര്‍ഥം ഗ്രഹിക്കാന്‍ കഴിഞ്ഞില്ല.1
അഹശ്വേരോശിന്‍റെ പുത്രനും മേദ്യനും ബാബിലോണ്‍ദേശത്തിന്‍റെ അധിപതിയും ആയിരുന്ന ദാര്യാവേശിന്‍റെ വാഴ്ചയുടെ ഒന്നാം വര്‍ഷം2 ദാനിയേല്‍ എന്ന ഞാന്‍ യിരെമ്യാപ്രവാചകനുണ്ടായ അരുളപ്പാട് അനുസരിച്ചു യെരൂശലേമിന്‍റെ ശൂന്യാവസ്ഥ എഴുപതുവര്‍ഷം നീണ്ടതായിരിക്കുമെന്നു വിശുദ്ധ ഗ്രന്ഥങ്ങളില്‍നിന്നു ഗ്രഹിച്ചു.
3
അപ്പോള്‍ ഞാന്‍ ചാക്കുവസ്ത്രം ധരിച്ചും വെണ്ണീറില്‍ ഇരുന്നും ഉപവസിച്ച് ദൈവമായ സര്‍വേശ്വരനിലേക്ക് തിരിഞ്ഞ് അവിടുത്തോട് പ്രാര്‍ഥിക്കുകയും അവിടുത്തോട് അപേക്ഷിക്കുകയും ചെയ്തു.4 എന്‍റെ ദൈവമായ സര്‍വേശ്വരനോട് ഞാന്‍ ഇങ്ങനെ അനുതപിച്ചു പ്രാര്‍ഥിച്ചു: “സര്‍വേശ്വരാ, അങ്ങയെ സ്നേഹിക്കുകയും അവിടുത്തെ കല്പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് അവിടുന്ന് ഉടമ്പടി പാലിക്കുകയും അചഞ്ചലസ്നേഹം കാട്ടുകയും ചെയ്യുന്നു. ഉന്നതനും ഉഗ്രപ്രതാപവാനുമായ ദൈവമേ,
5 ഞങ്ങള്‍ പാപം ചെയ്തു; അകൃത്യവും ദുഷ്ടതയും പ്രവര്‍ത്തിച്ചു; ഞങ്ങള്‍ അങ്ങയോടു മത്സരിച്ച് അവിടുത്തെ കല്പനകളും അനുശാസനങ്ങളും വിട്ടകന്നു.
6 ഞങ്ങളുടെ രാജാക്കന്മാരോടും പ്രഭുക്കന്മാരോടും ഞങ്ങളുടെ പിതാക്കന്മാരോടും ദേശത്തെ സര്‍വജനത്തോടുമായി അങ്ങയുടെ നാമത്തില്‍ സംസാരിച്ച അവിടുത്തെ ദാസന്മാരായ പ്രവാചകന്മാരുടെ വാക്കുകള്‍ ഞങ്ങള്‍ ശ്രദ്ധിച്ചില്ല.
7 സര്‍വേശ്വരാ, നീതി അങ്ങയുടേതാണ്. എന്നാല്‍ അവിടുത്തേക്കെതിരെ ഞങ്ങള്‍ ചെയ്ത വഞ്ചന നിമിത്തം യെഹൂദാജനത്തിന്‍റെയും യെരൂശലേംനിവാസികളുടെയും അവിടുന്നു ചിതറിച്ചുകളഞ്ഞ സമീപസ്ഥരും ദൂരസ്ഥരുമായ എല്ലാ ഇസ്രായേല്‍ജനത്തിന്‍റെയും മുഖത്തു ലജ്ജയാണിന്നുള്ളത്.
8 സര്‍വേശ്വരാ, അങ്ങേക്കെതിരെ പാപം ചെയ്തിരിക്കുന്നതിനാല്‍ ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും ഞങ്ങളുടെ പിതാക്കന്മാരും ലജ്ജിതരാണ്.
9 ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങു കരുണയുള്ളവനും പാപവിമോചകനും ആണല്ലോ. എന്നാല്‍ ഞങ്ങള്‍ അങ്ങയോടു മത്സരിച്ചു. അവിടുത്തെ സ്വരം ശ്രദ്ധിച്ചില്ല.
10 അവിടുത്തെ ദാസന്മാരായ പ്രവാചകരിലൂടെ അവിടുന്നു ഞങ്ങള്‍ക്കു നല്‌കിയ നിയമം ഞങ്ങള്‍ അനുസരിച്ചതുമില്ല.
11 ഇസ്രായേല്‍ മുഴുവനും അവിടുത്തെ സ്വരം ചെവിക്കൊള്ളാതെ അവിടുത്തെ നിയമം ലംഘിച്ച് വഴിതെറ്റിപ്പോയിരിക്കുന്നു. ഞങ്ങള്‍ അങ്ങേക്കെതിരെ പാപം ചെയ്തിരിക്കുകയാല്‍ ദൈവത്തിന്‍റെ ദാസനായ മോശയുടെ നിയമസംഹിതയില്‍ എഴുതപ്പെട്ടിരിക്കുന്ന ശാപവും ശിക്ഷയും ഞങ്ങളുടെമേല്‍ ചൊരിയപ്പെട്ടിരിക്കുന്നു.
12 ഞങ്ങള്‍ക്കും ഞങ്ങളുടെ ഭരണാധികാരികള്‍ക്കും എതിരെ അങ്ങ് അരുളിച്ചെയ്ത വാക്കുകള്‍ അങ്ങു നിറവേറ്റിയിരിക്കുന്നു; ഞങ്ങള്‍ക്കു വിനാശം വന്നു ചേര്‍ന്നിരിക്കുന്നു. യെരൂശലേമില്‍ സംഭവിച്ചതുപോലെ ആകാശത്തിന്‍റെ കീഴിലൊരിടത്തും സംഭവിച്ചിട്ടില്ല.
13 മോശയുടെ നിയമത്തില്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ ഈ നാശം ഞങ്ങളുടെമേല്‍ പതിച്ചിരിക്കുന്നു. എന്നിട്ടും ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ സത്യം ഗ്രഹിക്കുകയോ അകൃത്യങ്ങള്‍ വിട്ടകന്ന് അവിടുത്തെ കാരുണ്യത്തിനുവേണ്ടി ഞങ്ങള്‍ യാചിക്കുകയോ ചെയ്തില്ല.
14 അതുകൊണ്ട് സര്‍വേശ്വരന്‍ ഞങ്ങളുടെമേല്‍ അനര്‍ഥം വരുത്തിയിരിക്കുന്നു. ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ അവിടുത്തെ എല്ലാ പ്രവൃത്തികളിലും നീതിമാനാണല്ലോ. ഞങ്ങളാകട്ടെ അവിടുത്തെ സ്വരം ശ്രദ്ധിച്ചില്ല.
15 ഞങ്ങളുടെ ദൈവമായ സര്‍വേശ്വരാ, അവിടുത്തെ കരുത്തുറ്റ കരത്താല്‍ ഈജിപ്തില്‍നിന്നു ഞങ്ങളെ മോചിപ്പിച്ച് ഇന്നത്തെ നിലയില്‍ അവിടുത്തെ നാമം വിശ്രുതമാക്കിത്തീര്‍ത്തിരിക്കുന്നു.
16 സര്‍വേശ്വരാ, അങ്ങയോടു ഞങ്ങള്‍ പാപം ചെയ്തു ദുഷ്ടത പ്രവര്‍ത്തിച്ചിരിക്കുന്നു. സര്‍വേശ്വരാ, അവിടുത്തെ സര്‍വനീതിക്കും ഒത്തവിധം അവിടുത്തെ കോപവും ക്രോധവും വിശുദ്ധഗിരിയായ യെരൂശലേമില്‍നിന്നു നീങ്ങിപ്പോകുമാറാകണമേ. ഞങ്ങളുടെ പാപങ്ങളും ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളും നിമിത്തം യെരൂശലേമും അവിടത്തെ ജനവും ചുറ്റുമുള്ള എല്ലാവര്‍ക്കും നിന്ദാപാത്രമായി തീര്‍ന്നിരിക്കുന്നു.
17 അതിനാല്‍ ഞങ്ങളുടെ ദൈവമേ, അവിടുത്തെ ദാസന്‍റെ പ്രാര്‍ഥനയും അപേക്ഷകളും കേട്ട് ശൂന്യമായിക്കിടക്കുന്ന അവിടുത്തെ ആലയത്തെ തിരുനാമത്തെപ്രതി തൃക്കണ്‍പാര്‍ക്കണമേ.
18 എന്‍റെ ദൈവമേ, അവിടുന്നു ശ്രദ്ധിച്ചുകേള്‍ക്കണമേ; അവിടുത്തെ കണ്ണുകള്‍ തുറന്ന് ഞങ്ങളുടെ നാശങ്ങളും അവിടുത്തെ നാമം വഹിക്കുന്ന നഗരവും നോക്കിക്കാണണമേ. ഞങ്ങളുടെ നീതിയിലല്ല, അവിടുത്തെ മഹാകാരുണ്യത്തില്‍ ശരണപ്പെട്ടുകൊണ്ട് ഞങ്ങളുടെ അപേക്ഷകള്‍ തിരുമുമ്പില്‍ സമര്‍പ്പിക്കുന്നു.
19 സര്‍വേശ്വരാ, കേള്‍ക്കണമേ; സര്‍വേശ്വരാ, ക്ഷമിക്കണമേ; സര്‍വേശ്വരാ, ഞങ്ങളുടെ അപേക്ഷകള്‍ ചെവിക്കൊണ്ട് പ്രവര്‍ത്തിക്കണമേ. എന്‍റെ ദൈവമേ, അങ്ങയുടെ നാമത്തെപ്രതി പ്രവര്‍ത്തിക്കാന്‍ വൈകരുതേ. അവിടുത്തെ നഗരവും ജനവും അവിടുത്തെ നാമമാണല്ലോ വഹിക്കുന്നത്.”
20
ഇങ്ങനെ ഞാന്‍ പ്രാര്‍ഥിക്കുകയും എന്‍റെയും എന്‍റെ ജനമായ ഇസ്രായേലിന്‍റെയും പാപങ്ങള്‍ ഏറ്റുപറയുകയും എന്‍റെ ദൈവത്തിന്‍റെ വിശുദ്ധപര്‍വതത്തിനുവേണ്ടി എന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ സന്നിധിയില്‍ അപേക്ഷിക്കുകയും ചെയ്തു.21 അപ്പോള്‍ ആദ്യത്തെ ദര്‍ശനത്തില്‍ ഞാന്‍ അത്യന്തം ക്ഷീണിതനായിരുന്നപ്പോള്‍ എനിക്ക് പ്രത്യക്ഷനായ ഗബ്രീയേല്‍ സായാഹ്നബലിയുടെ സമയത്ത് എന്‍റെ അടുക്കലേക്കു പറന്നുവന്ന് പറഞ്ഞു:
22 “ദാനിയേലേ, നിനക്കു ജ്ഞാനവും ബുദ്ധിയും നല്‌കാന്‍ ഞാന്‍ നിന്‍റെ അടുക്കല്‍ വന്നിരിക്കുന്നു. നീ ദൈവത്തോട് അപേക്ഷിച്ചു തുടങ്ങിയപ്പോള്‍ത്തന്നെ അതിന്‍റെ മറുപടി ഉണ്ടായി. അതു നിന്നെ അറിയിക്കാനാണു ഞാന്‍ വന്നിരിക്കുന്നത്;
23 അവിടുത്തേക്ക് നീ അത്യധികം പ്രിയങ്കരനാണല്ലോ. അതുകൊണ്ട് ഈ വചനം കേട്ടു ദര്‍ശനം ഗ്രഹിച്ചുകൊള്ളുക.”
24
അതിക്രമം അവസാനിപ്പിക്കാനും പാപത്തിന് അറുതിവരുത്താനും അനീതിക്കു പ്രായശ്ചിത്തം ചെയ്യാനും ശാശ്വതനീതി കൈവരുത്താനും ദര്‍ശനത്തിനും പ്രവചനത്തിനും മുദ്രയിടാനും അതിവിശുദ്ധസ്ഥലം അഭിഷേകം ചെയ്യാനും നിന്‍റെ ജനത്തിനും വിശുദ്ധനഗരത്തിനും ഏഴ് എഴുപതുവര്‍ഷങ്ങള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നു.25 അതുകൊണ്ട് നീ ഗ്രഹിക്കുക. യെരൂശലേമിന്‍റെ പുനര്‍നിര്‍മാണത്തിനു കല്പന പുറപ്പെടുന്നതുമുതല്‍ അഭിഷിക്തനായ ഒരു പ്രഭു വരുന്നതുവരെ ഏഴിന്‍റെ ഏഴിരട്ടി വര്‍ഷങ്ങള്‍ ഉണ്ടാകും. കഷ്ടത നിറഞ്ഞ അറുപത്തിരണ്ടിന്‍റെ ഏഴിരട്ടി വര്‍ഷങ്ങള്‍കൊണ്ട് വീഥികളും കിടങ്ങുകളും നിര്‍മിക്കും.
26 അതിനുശേഷം അഭിഷിക്തന്‍ സംഹരിക്കപ്പെടും; വരുവാനിരിക്കുന്ന ശക്തനായ പ്രഭുവിന്‍റെ പട നഗരവും വിശുദ്ധമന്ദിരവും നശിപ്പിക്കും. ഒരു പ്രളയത്തോടുകൂടി അത് അവസാനിക്കും. അതിന്‍റെ അന്ത്യത്തോളം യുദ്ധം ഉണ്ടായിരിക്കും. വിനാശം നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
27 ഏഴുവര്‍ഷം പലരുമായി അവന്‍ ഉടമ്പടി ഉണ്ടാക്കും. ഈ കാലഘട്ടത്തിന്‍റെ മധ്യത്തില്‍ യാഗവും വഴിപാടുകളും നിര്‍ത്തലാക്കും. മ്ലേച്ഛതകളുടെ ചിറകിന്മേല്‍ ശൂന്യമാക്കുന്നവന്‍ വരും. വിനാശകന് വിധിക്കപ്പെട്ടിരിക്കുന്ന അന്ത്യം വന്നു ചേരുന്നതുവരെ അവന്‍ നിലനില്‌ക്കും.
1
പേര്‍ഷ്യന്‍രാജാവായ സൈറസിന്‍റെ വാഴ്ചയുടെ മൂന്നാം വത്സരം ബേല്‍ത്ത്ശസ്സര്‍ എന്നു വിളിച്ചുവന്ന ദാനിയേലിന് ഒരു വെളിപാടുണ്ടായി. അതു സത്യവും സംഭവിക്കാന്‍ പോകുന്ന ഒരു യുദ്ധത്തെക്കുറിച്ചുള്ളതും ആയിരുന്നു. ഒരു ദര്‍ശനത്തിലൂടെ അതിന്‍റെ പൊരുള്‍ അദ്ദേഹത്തിനു വ്യക്തമായി.2
ദാനിയേല്‍ എന്ന ഞാന്‍ മൂന്നാഴ്ചക്കാലം വിലാപം ആചരിച്ചു.3 ആ സമയത്തു ഞാന്‍ സ്വാദിഷ്ഠങ്ങളായ ഭോജ്യങ്ങള്‍ കഴിക്കുകയോ മാംസമോ വീഞ്ഞോ ആസ്വദിക്കുകയോ സുഗന്ധതൈലം പൂശുകയോ ചെയ്തില്ല.
4 എന്നാല്‍ ഒന്നാം മാസം ഇരുപത്തിനാലാം ദിവസം ഞാന്‍ ടൈഗ്രീസ് മഹാനദിയുടെ തീരത്ത് നില്‌ക്കെ
5 ലിനന്‍വസ്ത്രവും ഊഫാസ് തങ്കം കൊണ്ടുള്ള അരപ്പട്ടയും ധരിച്ചിരുന്ന ഒരു മനുഷ്യനെ കണ്ടു.
6 അയാളുടെ ശരീരം ഗോമേദകം പോലെയും മുഖം മിന്നലൊളിപോലെയും കണ്ണുകള്‍ കത്തുന്ന പന്തങ്ങള്‍പോലെയും കൈകാലുകള്‍ മിനുക്കിയ ഓടുപോലെയും ശോഭിച്ചു. അയാളുടെ ‘ശബ്ദം’ ഒരു ജനക്കൂട്ടത്തിന്‍റെ ആരവംപോലെയും ആയിരുന്നു. ഞാന്‍ മാത്രമേ ഈ ദര്‍ശനം കണ്ടുള്ളൂ.
7 എന്‍റെ കൂടെയുണ്ടായിരുന്നവര്‍ അതു കണ്ടില്ല. എന്നാല്‍ അവര്‍ സംഭീതരായി ഓടി ഒളിച്ചു.
8 ഞാന്‍ ഏകനായി ആ മഹാദര്‍ശനം കണ്ടു. എന്‍റെ ശക്തിമുഴുവന്‍ ചോര്‍ന്നുപോയി; എന്‍റെ മുഖശോഭ മങ്ങി. എന്‍റെ ശക്തി അറ്റു. എങ്കിലും ഞാന്‍ അയാളുടെ ശബ്ദം കേട്ടു.
9 അയാളുടെ സ്വരംകേട്ട് ഞാന്‍ പ്രജ്ഞയറ്റ് നിലത്തുവീണു.
10
ഒരു കരം എന്നെ സ്പര്‍ശിക്കുകയും പിടിച്ച് എഴുന്നേല്പിക്കുകയും ചെയ്തു. വിറച്ചുകൊണ്ടെങ്കിലും മുട്ടും കൈയും ഊന്നി ഞാന്‍ നിന്നു.11 ആ ദിവ്യപുരുഷന്‍ എന്നോടു പറഞ്ഞു: “പ്രിയപ്പെട്ട ദാനിയേലേ, ഞാന്‍ പറയുന്ന വാക്കുകള്‍ ഗ്രഹിക്കുക. നീ നില്‌ക്കുന്നിടത്തു നിവര്‍ന്നു നില്‌ക്കുക; ഞാന്‍ നിന്‍റെ അടുക്കല്‍ അയയ്‍ക്കപ്പെട്ടിരിക്കുന്നു.” ഇതു പറഞ്ഞപ്പോള്‍ വിറച്ചുകൊണ്ട് ഞാന്‍ നിവര്‍ന്നു നിന്നു.
12 ദാനിയേലേ ഭയപ്പെടേണ്ടാ, നീ വിവേകത്തിനായി നിന്‍റെ ദൈവത്തിന്‍റെ സന്നിധിയില്‍ സ്വയം എളിമപ്പെടുത്തിയ ദിവസംമുതല്‍ നിന്‍റെ പ്രാര്‍ഥന കേട്ടിരിക്കുന്നു. അതുകൊണ്ടാണ് ഞാനിപ്പോള്‍ നിന്‍റെ അടുക്കല്‍ വന്നിരിക്കുന്നത്.
13 പേര്‍ഷ്യാരാജ്യത്തിന്‍റെ കാവല്‍ദൂതന്‍ ഇരുപത്തൊന്നു ദിവസം എന്നെ എതിര്‍ത്തു. ഞാന്‍ അവിടെ ഏകനാണെന്നറിഞ്ഞ് എന്നെ സഹായിക്കാനായി പ്രധാന ദൂതനായ മിഖായേല്‍ വന്നു.
14 നിന്‍റെ ജനത്തിനു ഭാവി കാലത്തു സംഭവിക്കാന്‍ പോകുന്നത് എന്തെന്ന് നിന്നെ അറിയിക്കാന്‍ ഞാന്‍ വന്നിരിക്കുന്നു. ഈ ദര്‍ശനം ഭാവികാലത്തെക്കുറിച്ചുള്ളതാണല്ലോ.”
15
ദൂതന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ തലകുനിച്ചു മൂകനായിനിന്നു.16 മനുഷ്യസദൃശനായ ഒരുവന്‍ എന്‍റെ അധരത്തില്‍ സ്പര്‍ശിച്ചു. ഉടനെ ഞാന്‍ വായ്തുറന്നു സംസാരിച്ചു: “പ്രഭോ, ഈ ദര്‍ശനം നിമിത്തം എനിക്ക് അതിവേദന പിടിപ്പെട്ട് എന്‍റെ ശക്തി ക്ഷയിച്ചു പോയിരിക്കുന്നു.
17 അങ്ങയോടു സംസാരിക്കാന്‍ അടിയന് എങ്ങനെ കഴിയും? ശക്തിയോ ശ്വാസമോ എന്നില്‍ ശേഷിച്ചിട്ടില്ല.”
18
അപ്പോള്‍ ആ ദിവ്യപുരുഷന്‍ എന്നെ വീണ്ടും സ്പര്‍ശിച്ചു. ഞാന്‍ വീണ്ടും ശക്തി പ്രാപിച്ചു.19 ദൂതന്‍ പറഞ്ഞു: “ഏറ്റവും പ്രിയപ്പെട്ടവനേ, ഭയപ്പെടേണ്ടാ, നിനക്ക് സമാധാനം; ധൈര്യമായിരിക്കുക, ധൈര്യമായിരിക്കുക.” ഇങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ ബലം പ്രാപിച്ച്: “പ്രഭോ, സംസാരിച്ചാലും; അങ്ങ് എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.
20 “ഞാന്‍ എന്തിനു നിന്‍റെ അടുക്കല്‍ വന്നു എന്നറിയാമോ? സത്യഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നത് എന്താണെന്നു ഞാന്‍ നിന്നോടു പറയാം. എനിക്ക് ഇപ്പോള്‍ പേര്‍ഷ്യയുടെ കാവല്‍ദൂതനെതിരെ പൊരുതാന്‍ പോകേണ്ടിയിരിക്കുന്നു. അതിനുശേഷം ഗ്രീസിന്‍റെ കാവല്‍ദൂതന്‍ പ്രത്യക്ഷപ്പെടും.
21 നിങ്ങളുടെ കാവല്‍ദൂതനായ മിഖായേല്‍ അല്ലാതെ എന്‍റെ പക്ഷത്തുനിന്നു പടവെട്ടുവാന്‍ മറ്റാരുമില്ല.
1
മേദ്യനായ ദാര്യാവേശിന്‍റെ വാഴ്ചയുടെ ഒന്നാംവര്‍ഷം അദ്ദേഹത്തെ സഹായിക്കാനും ബലപ്പെടുത്താനും ഞാന്‍ ചെന്നു.2
ഇപ്പോള്‍ ഞാന്‍ നിന്നെ സത്യം അറിയിക്കാം. പേര്‍ഷ്യയില്‍ ഇനി മൂന്നു രാജാക്കന്മാര്‍കൂടി ഉയര്‍ന്നുവരും. നാലാമത്തെ രാജാവ് മറ്റുള്ളവരെക്കാള്‍ സമ്പന്നനായിരിക്കും. സമ്പത്തുകൊണ്ടു ശക്തനായിത്തീരുമ്പോള്‍ അയാള്‍ എല്ലാവരെയും ഗ്രീസ്‍സാമ്രാജ്യത്തിനു നേരെ ഇളക്കിവിടും.3 പിന്നീട് വീരപരാക്രമിയായ ഒരു രാജാവ് വരും. അയാള്‍ വലിയൊരു സാമ്രാജ്യത്തിന്‍റെ അധിപനാകും. അയാള്‍ യഥേഷ്ടം പ്രവര്‍ത്തിക്കും.
4 അയാള്‍ അധികാരത്തിന്‍റെ ഉച്ചസ്ഥാനത്തെത്തുമ്പോള്‍ രാജ്യം തകര്‍ന്ന് ആകാശത്തിന്‍റെ നാലുദിക്കുകളിലേക്കും ചിതറും. രാജ്യം പിഴുതെടുത്ത് അന്യര്‍ക്കു നല്‌കപ്പെടും. എന്നാല്‍ അവര്‍ അദ്ദേഹത്തെപ്പോലെ പ്രതാപമുള്ളവരായിരിക്കുകയില്ല.
5
ഈജിപ്തിലെ രാജാവ് പ്രബലനായിരിക്കും. എന്നാല്‍ അവിടത്തെ സൈന്യാധിപന്മാരിലൊരാള്‍ അദ്ദേഹത്തെക്കാള്‍ പ്രബലനായിത്തീരും; അയാളുടെ സാമ്രാജ്യം വളരെ വിസ്തൃതമായിരിക്കും.6 ഏതാനും വര്‍ഷംകഴിഞ്ഞ് അവര്‍ തമ്മില്‍ ഒരു സഖ്യം ഉണ്ടാക്കും. ഈജിപ്തിലെ രാജാവിന്‍റെ പുത്രി അനുരഞ്ജനം ഉണ്ടാക്കാന്‍ സിറിയായിലെ രാജാവിന്‍റെ അടുക്കലെത്തും. എങ്കിലും അവളുടെ പ്രാബല്യം നീണ്ടുനില്‌ക്കുകയില്ല. അവളുടെ സന്തതി അറ്റുപോകും. രാജാവും അയാളുടെ സന്താനങ്ങളും നിലനില്‌ക്കുകയില്ല. അവളും അവളുടെ സന്തതിയും സേവകരും അവളുടെ പിതാവും അവള്‍ക്കു പിന്തുണനല്‌കിയവരും കൊല്ലപ്പെടും.
7
എന്നാല്‍ അവളുടെ വേരില്‍നിന്ന് ഒരു മുള ഉയര്‍ന്നുവന്ന് അവന്‍ സിറിയായിലെ രാജാവിന്‍റെ കോട്ടയില്‍ പ്രവേശിച്ച് അവിടത്തെ സൈന്യത്തെ എതിരിട്ടു ജയിക്കും.8 അവന്‍ അവരുടെ ദേവന്മാരുടെ വിഗ്രഹങ്ങളും വിലയേറിയ പൊന്‍വെള്ളി പാത്രങ്ങളും ഈജിപ്തിലേക്കു കൊണ്ടുപോകും. തുടര്‍ന്ന് ഏതാനും വര്‍ഷം സിറിയാദേശത്തെ ആക്രമിക്കുകയില്ല.
9 പിന്നീട് സിറിയായിലെ രാജാവ് ഈജിപ്ത് ആക്രമിക്കാന്‍ വരും. എന്നാല്‍ സ്വന്ത ദേശത്തേക്ക് അയാള്‍ മടങ്ങിപ്പോകേണ്ടിവരും.
10
അയാളുടെ പുത്രന്മാര്‍ യുദ്ധം ഇളക്കിവിടുകയും വമ്പിച്ച ഒരു സൈന്യത്തെ ശേഖരിക്കുകയും ചെയ്യും. അവര്‍ വെള്ളംപോലെ ഇരച്ചുകയറി ശത്രുക്കളുടെ കോട്ട ആക്രമിക്കും.11 അപ്പോള്‍ കോപാകുലനായ ഈജിത്‍രാജാവ് വലിയ സൈന്യബലമുള്ള സിറിയായോടു യുദ്ധംചെയ്യും. ഈജിപ്തിലെ രാജാവ് ആ വലിയ സൈന്യത്തെ അധീനമാക്കും.
12 ആ സൈന്യവ്യൂഹത്തെ കീഴടക്കുമ്പോള്‍ അയാള്‍ അഹങ്കരിക്കും. അയാള്‍ പതിനായിരക്കണക്കിനു ജനത്തെ അരിഞ്ഞു വീഴ്ത്തും. പക്ഷേ അയാള്‍ പ്രബലനാകുകയില്ല.
13 സിറിയാരാജാവ് പൂര്‍വാധികം സംഖ്യാബലമുള്ള ഒരു സൈന്യത്തെ വീണ്ടും സജ്ജമാക്കും. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം വിപുലമായ സൈന്യത്തോടും ആയുധസജ്ജീകരണങ്ങളോടുംകൂടി അയാള്‍ ആക്രമണത്തിനു വരും.
14
അക്കാലത്ത് ഈജിപ്തിനെതിരെ പലരും തല ഉയര്‍ത്തും. ദാനിയേലേ, നിന്‍റെ ജനത്തില്‍പ്പെട്ട അക്രമികള്‍ ഈ ദര്‍ശനം നിറവേറത്തക്കവിധം അയാള്‍ക്കെതിരെ മത്സരിക്കും. എങ്കിലും അവര്‍ പരാജയപ്പെടും.15 സിറിയായിലെ രാജാവുവന്ന് ഉപരോധം ഏര്‍പ്പെടുത്തി ആ സുരക്ഷിതനഗരം പിടിച്ചടക്കും. ഈജിപ്തിലെ സൈന്യത്തിനും അവരുടെ വീരയോദ്ധാക്കള്‍ക്കും പിടിച്ചുനില്‌ക്കാനുള്ള കരുത്തുണ്ടാവുകയില്ല.
16 ആക്രമണകാരി തന്നിഷ്ടംപോലെ പ്രവര്‍ത്തിക്കും. ആര്‍ക്കും അവനോടു എതിര്‍ത്തുനില്‌ക്കാന്‍ കഴികയില്ല. വാഗ്ദത്തദേശത്ത് അയാള്‍ നില്‌ക്കും. അത് അയാളുടെ കൈക്കരുത്തില്‍ അമരും.
17 ഈജിപ്തുരാജാവിന്‍റെ ആധിപത്യത്തിലുള്ള രാജ്യം മുഴുവന്‍ കീഴടക്കാന്‍ അയാള്‍ തീരുമാനിക്കും. അയാള്‍ ഒരു സമാധാനഉടമ്പടി ഉണ്ടാക്കുകയും ശത്രുരാജ്യം നശിപ്പിക്കാന്‍വേണ്ടി തന്‍റെ പുത്രിയെ അവിടത്തെ രാജാവിനു വിവാഹം ചെയ്തുകൊടുക്കുകയും ചെയ്യും. പക്ഷേ ആ പദ്ധതി വിജയിക്കുകയില്ല.
18 പിന്നീട് അവന്‍ തീരപ്രദേശത്തേക്കു തിരിയും. പല പ്രദേശങ്ങളും അയാള്‍ പിടിച്ചടക്കും. എന്നാല്‍ ഒരു വിദേശസൈന്യാധിപന്‍ അവന്‍റെ അഹങ്കാരത്തിനു കടിഞ്ഞാണിടും. അവന്‍റെ അഹങ്കാരം അവനെതിരെ തിരിയും.
19 പിന്നീട് അവന്‍ സ്വന്തം ദേശത്തെ കോട്ടകളിലേക്കു മടങ്ങും. പക്ഷേ അവന്‍ കാലിടറി വീഴും. അതോടെ അവന്‍റെ കഥ അവസാനിക്കും.
20
അവന്‍റെ പിന്‍ഗാമിയായി വരുന്ന രാജാവ് വാഗ്ദത്തദേശത്തുനിന്നു കപ്പം പിരിക്കാന്‍ ഒരുവനെ അയയ്‍ക്കും. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പരസ്യമായോ യുദ്ധത്തിലോ അല്ലാതെ രാജാവ് കൊല്ലപ്പെടും.21
അവനു പകരം രാജപദവി നല്‌കപ്പെട്ടിട്ടില്ലാത്ത നിന്ദ്യനായ ഒരുവന്‍ ഉയരും.22 അവന്‍ അപ്രതീക്ഷിതമായി തന്ത്രപൂര്‍വം രാജ്യം കൈവശമാക്കും. അവന്‍ തന്‍റെ മുമ്പില്‍നിന്നു സൈന്യത്തെയും ഉടമ്പടിയുടെ പ്രഭുവിനെയും തുടച്ചുനീക്കും.
23 സന്ധി ചെയ്യുന്ന സമയംമുതല്‍ അവന്‍ വക്രതയോടെ പെരുമാറും. ജനങ്ങള്‍ കുറവാണെങ്കിലും അവന്‍ പ്രബലനാകും.
24 മുന്നറിയിപ്പു കൂടാതെ അവന്‍ ദേശത്തിലെ ഐശ്വര്യഭൂയിഷ്ഠമായ സ്ഥലം കൈവശമാക്കും. തന്‍റെ പിതാവോ പിതാമഹന്മാരോ ഒരിക്കലും ചെയ്തിട്ടില്ലാത്ത പ്രവൃത്തികള്‍ അവന്‍ ചെയ്യും. കൊള്ളമുതലുകള്‍ തന്‍റെ അനുചരന്മാര്‍ക്ക് പങ്കിടും. സുരക്ഷിതമായ കോട്ടകള്‍ക്കെതിരെ അവന്‍ ആക്രമണപദ്ധതികള്‍ ആസൂത്രണം ചെയ്യും. പക്ഷേ അതു ചുരുങ്ങിയ കാലത്തേക്കുമാത്രം ആയിരിക്കും. അവന്‍റെ ശക്തിയും ധൈര്യവും ഉണരും.
25 ഒരു മഹാസൈന്യത്തോടുകൂടി ഈജിപ്തുരാജാവിനെ എതിര്‍ക്കാന്‍ അവന്‍ ചെല്ലും. എന്നാല്‍ ഏറ്റവും വലുതും ശക്തിയേറിയതുമായ സൈന്യവുമായി ഈജിപ്തുരാജാവ് അവരെ എതിരിടും. ശത്രുക്കളുടെ ചതിപ്രയോഗം മൂലം ഈജിപ്തുരാജാവിന് അവരെ ചെറുത്തു നില്‌ക്കാന്‍ കഴിയുകയില്ല.
26 അവന്‍റെ മേശയില്‍നിന്നു ഭോജ്യങ്ങള്‍ കഴിക്കുന്നവര്‍തന്നെ അവനെ നശിപ്പിക്കും. അവന്‍റെ സൈന്യം തുടച്ചു നീക്കപ്പെടും. അനേകം ആളുകള്‍ മരിച്ചുവീഴും.
27 പിന്നീട് ഈ രണ്ടു രാജാക്കന്മാരും ദുഷ്ടത പ്രവര്‍ത്തിക്കാന്‍ ഭാവിച്ചുകൊണ്ട് ഒരേ മേശയ്‍ക്ക് മുമ്പില്‍ ഇരുന്ന് അന്യോന്യം വ്യാജം പറയും. എങ്കിലും അത് ഫലവത്താകുകയില്ല. നിര്‍ണയിക്കപ്പെട്ട സമയത്തു മാത്രമേ അന്ത്യം വരികയുള്ളൂ.
28 പിന്നീട് സിറിയാരാജാവ് നിരവധി സമ്പത്തോടുകൂടി സ്വദേശത്തേക്കു മടങ്ങിപ്പോകും. പക്ഷേ അവന്‍റെ ഹൃദയം വിശുദ്ധഉടമ്പടിക്ക് എതിരെ ഉറച്ചിരിക്കും. അയാള്‍ തന്നിഷ്ടംപോലെ പ്രവര്‍ത്തിക്കുകയും സ്വന്തം നാട്ടിലേക്കു മടങ്ങുകയും ചെയ്യും.
29
നിശ്ചിതസമയത്ത് അവന്‍ വീണ്ടും ഈജിപ്തിനെ ആക്രമിക്കും. എങ്കിലും മുമ്പത്തെപ്പോലെ ജയിക്കുകയില്ല.30 റോമിലെ കപ്പലുകള്‍ അവനെതിരെ വരും. അവന്‍ ഭയന്നു പിന്മാറും. അവന്‍ ക്രുദ്ധനായി വിശുദ്ധഉടമ്പടിക്ക് എതിരെ പ്രവര്‍ത്തിക്കും. അതിനെ നിരസിക്കുന്നവരുടെ വാക്കുകള്‍ അവന്‍ കേള്‍ക്കും.
31 അവന്‍റെ സൈന്യം വന്ന് ദേവാലയവും കോട്ടയും നശിപ്പിക്കും; നിത്യേനയുള്ള ഹോമയാഗങ്ങള്‍ നിര്‍ത്തലാക്കും. വിനാശകരമായ മ്ലേച്ഛവിഗ്രഹങ്ങള്‍ അവിടെ പ്രതിഷ്ഠിക്കും.
32 ഉടമ്പടിക്കെതിരെ ദുഷ്ടത പ്രവര്‍ത്തിച്ചവരെ മുഖസ്തുതികൊണ്ട് അവന്‍ വഴിതെറ്റിക്കും. എന്നാല്‍ ദൈവത്തെ അറിയുന്നവര്‍ ഉറച്ചുനിന്നു പ്രവര്‍ത്തിക്കും.
33 വിവേകമതികള്‍ പലരെയും പ്രബുദ്ധരാക്കും. എന്നാല്‍ കുറെക്കാലത്തേക്ക് വാളിനും അഗ്നിക്കും കവര്‍ച്ചയ്‍ക്കും അടിമത്തത്തിനും അവര്‍ ഇരയാകും.
34 ദൈവജനം ഇങ്ങനെ പരീക്ഷിക്കപ്പെടുമ്പോള്‍ അവര്‍ക്ക് അല്പം സഹായം ലഭിക്കും. പലരും അവരോടു ചേര്‍ന്നുനില്‌ക്കുന്നതായി ഭാവിക്കും. വിവേകമതികളില്‍ ചിലര്‍ നിപതിക്കും.
35 ജനത്തെ അന്ത്യനാളിലേക്ക് ശുദ്ധീകരിക്കാനും നിര്‍മ്മലരായി വെണ്‍മയുള്ളവരാക്കാനും വേണ്ടിയാണിത്. അത് അന്ത്യനാള്‍വരെ തുടര്‍ന്നുകൊണ്ടിരിക്കും.
36
സിറിയാദേശത്തെ രാജാവ് തന്‍റെ ഇഷ്ടംപോലെ പ്രവര്‍ത്തിക്കും. എല്ലാ ദേവന്മാരെയുംകാള്‍ താന്‍ ഉന്നതനെന്നു ഭാവിക്കും. ദേവാധിദേവനെതിരെ പോലും ദൂഷണം പറയുകയും ചെയ്യും. ദൈവശിക്ഷ ഉണ്ടാകുന്നതുവരെ അവന്‍ അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കും. ദൈവം നിശ്ചയിച്ചതു സംഭവിക്കേണ്ടിയിരിക്കുന്നു.37 അവന്‍ എല്ലാ ദേവന്മാരെക്കാളും ഉന്നതനായി സ്വയം ഉയര്‍ത്തുന്നതിനാല്‍ തന്‍റെ പിതാക്കന്മാരുടെ ദേവന്മാരെയോ സ്‍ത്രീകളുടെ ഇഷ്ടദേവനെയോ, മറ്റുദേവന്മാരെയോ വകവയ്‍ക്കുകയില്ല.
38 എന്നാല്‍ അവന്‍ കോട്ടകളുടെ ദേവനെ പൂജിക്കും. തന്‍റെ പിതാക്കന്മാര്‍ ആരാധിച്ചിട്ടില്ലാത്ത ആ ദേവന് പൊന്നും വെള്ളിയും രത്നങ്ങളും മറ്റു വിലപിടിച്ച കാഴ്ചകളും അവന്‍ നിവേദിക്കും.
39 ഒരു അന്യദേവന്‍റെ സഹായത്തോടെ അവന്‍ ബലമേറിയ കോട്ടകള്‍ ആക്രമിക്കും. തന്നെ അംഗീകരിക്കുന്നവര്‍ക്ക് അവന്‍ ബഹുമതികള്‍ നല്‌കുകയും അവരെ അധികാരികളാക്കുകയും പ്രതിഫലമായി ദേശം വിഭജിച്ചു കൊടുക്കുകയും ചെയ്യും.
40
അവസാനം ഈജിപ്തിലെ രാജാവ് സിറിയാരാജാവിനെ ആക്രമിക്കും. സിറിയാ രാജാവ് രഥങ്ങളോടും അശ്വസേനയോടും വളരെ കപ്പലുകളോടുംകൂടെവന്ന് ചുഴലിക്കാറ്റുപോലെ പ്രത്യാക്രമണം നടത്തും. രാജ്യങ്ങളുമേല്‍ ഇരമ്പിക്കയറും. ജലപ്രളയംപോലെ അവന്‍ മറ്റു രാജ്യങ്ങളെ ആക്രമിച്ച് കടന്നുപോകും.41 അവന്‍ മനോഹരദേശമായ ഇസ്രായേലിനെയും ആക്രമിക്കും. അനവധി ആളുകള്‍ കൊല്ലപ്പെടും. എങ്കിലും എദോമും മോവാബും അവശേഷിച്ച അമ്മോന്യരും അവന്‍റെ കൈയില്‍നിന്നു രക്ഷപെടും.
42 അവന്‍ മറ്റു രാജ്യങ്ങളെയും ആക്രമിക്കും. ഈജിപ്തും ഒഴിവാക്കപ്പെടുകയില്ല.
43 ഈജിപ്തിലെ പൊന്നും വെള്ളിയും മറ്റ് അമൂല്യവസ്തുക്കളും അവന്‍ കൈവശപ്പെടുത്തും. ലിബിയായും എത്യോപ്യയും അവനു കീഴടങ്ങും.
44 എന്നാല്‍ കിഴക്കുനിന്നും വടക്കുനിന്നും വരുന്ന വാര്‍ത്തകള്‍ അവനെ പരിഭ്രാന്തനാക്കും. അവന്‍ ഉഗ്രരോഷത്തോടെ പുറപ്പെട്ട് അനേകരെ നിശ്ശേഷം നശിപ്പിക്കും.
45 അവന്‍ സമുദ്രത്തിനും മഹത്ത്വമേറിയ വിശുദ്ധഗിരിക്കും മധ്യേ രാജമന്ദിരസദൃശമായ കൂടാരങ്ങള്‍ സ്ഥാപിക്കും. എങ്കിലും സഹായിക്കാന്‍ ആരുമില്ലാതെ അവന്‍റെ ജീവിതം അവസാനിക്കും.
1
അക്കാലത്ത് നിന്‍റെ ജനത്തെ സംരക്ഷിക്കുന്ന മഹാപ്രഭുവായ മിഖായേല്‍ പ്രത്യക്ഷനാകും. നിങ്ങള്‍ ഒരു ജനതയായിത്തീര്‍ന്ന നാള്‍മുതല്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത കഷ്ടതകള്‍ ഉണ്ടാകും. എന്നാല്‍ ജീവന്‍റെ പുസ്തകത്തില്‍ പേരെഴുതപ്പെട്ടിട്ടുള്ള തന്‍റെ ജനം മുഴുവനും രക്ഷിക്കപ്പെടും.2 നിലത്തെ പൊടിയില്‍ നിദ്രകൊള്ളുന്നവരില്‍ അനേകര്‍ ഉണരും. അവരില്‍ ചിലര്‍ നിത്യജീവനും മറ്റുചിലര്‍ നിത്യമായ ലജ്ജയ്‍ക്കും പരിഹാസത്തിനും പാത്രമാകും.
3 ജ്ഞാനികള്‍ ആകാശമണ്ഡലത്തിന്‍റെ പ്രഭപോലെയും ജനത്തെ നീതിയുടെ പാതയില്‍ നയിക്കുന്നവര്‍ നക്ഷത്രങ്ങളെപ്പോലെയും എന്നെന്നും ശോഭിക്കും.
4 ദാനിയേലേ, അന്ത്യകാലംവരെ നീ ഈ വചനം രഹസ്യമായി സൂക്ഷിച്ച് ഗ്രന്ഥത്തിനു മുദ്രവയ്‍ക്കുക. അനേകര്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കും. ദുഷ്ടത വര്‍ധിക്കും.
5
ദാനിയേല്‍ എന്ന ഞാന്‍ നോക്കിയപ്പോള്‍ അതാ രണ്ടുപേര്‍! ഒരാള്‍ നദിയുടെ ഒരു കരയിലും മറ്റൊരാള്‍ മറുകരയിലും നില്‌ക്കുന്നു.6 നദിയുടെ കുറെ മുകളില്‍ നിന്നിരുന്ന ലിനന്‍വസ്ത്രധാരിയായവനോട് ഈ അദ്ഭുതസംഭവങ്ങള്‍ എല്ലാം എന്ന് അവസാനിക്കും എന്നു നദിക്കരയില്‍ നിന്നിരുന്നവരില്‍ ഒരാള്‍ ചോദിച്ചു.
7 നദിയുടെ കുറെ മുകളില്‍ നിന്നിരുന്ന ലിനന്‍ വസ്ത്രധാരി ഇരുകരങ്ങളും സ്വര്‍ഗത്തേക്ക് ഉയര്‍ത്തിക്കൊണ്ട് നിത്യനായ ദൈവത്തിന്‍റെ നാമത്തില്‍ ആണയിട്ടു പറഞ്ഞു: “അതു കാലവും കാലദ്വയവും കാലാര്‍ധവും കഴിയുമ്പോള്‍ ആയിരിക്കും. അപ്പോള്‍ ദൈവജനത്തെ തകര്‍ക്കുന്നവരുടെ ശക്തി ഇല്ലാതാകും.
8 അതോടെ ഇതെല്ലാം സംഭവിക്കും.” ആ ദിവ്യപുരുഷന്‍ പറഞ്ഞത് ഞാന്‍ കേട്ടെങ്കിലും അതിന്‍റെ പൊരുള്‍ എനിക്കു മനസ്സിലായില്ല. “പ്രഭോ, ഇതിന്‍റെ എല്ലാം അര്‍ഥം എന്താണ്?” എന്നു ഞാന്‍ ചോദിച്ചു.
9 അപ്പോള്‍ അവിടുന്നു പറഞ്ഞു: ദാനിയേലേ, പൊയ്‍ക്കൊള്ളുക. ഈ വചനം അവസാനനാള്‍വരെയും മുദ്രവയ്‍ക്കപ്പെട്ടിരിക്കുന്നു.
10 അനേകം ആളുകള്‍ തങ്ങളെത്തന്നെ ശുദ്ധീകരിച്ചു നിര്‍മ്മലരാക്കും. എങ്കിലും ദുര്‍ജനം ദുഷ്ടത പ്രവര്‍ത്തിക്കും. അവര്‍ ഒന്നും വിവേചിച്ചറിയുകയില്ല. ജ്ഞാനികളാകട്ടെ അതു ഗ്രഹിക്കും.
11 നിത്യേനയുള്ള ഹോമയാഗങ്ങള്‍ നിര്‍ത്തലാക്കുകയും വിനാശകരമായ മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യുന്നതുമുതല്‍ ആയിരത്തി ഇരുനൂറ്റിത്തൊണ്ണൂറു ദിവസങ്ങള്‍ ഉണ്ടായിരിക്കും.
12 ആയിരത്തിമുന്നൂറ്റി മുപ്പത്തഞ്ചു ദിവസം ഉറച്ചുനില്‌ക്കുന്നവന്‍ അനുഗൃഹീതന്‍.
13 “ദാനിയേലേ, നീ പോയി വിശ്രമിക്കുക. നിനക്കുള്ള പ്രതിഫലം പ്രാപിക്കുന്നതിനായി നീ അവസാനനാളില്‍ എഴുന്നേല്‌ക്കും.”