1

1

മുപ്പതാം വര്‍ഷം നാലാം മാസം അഞ്ചാം ദിവസം ഞാന്‍ കെബാര്‍ നദീതീരത്ത് യെഹൂദാപ്രവാസികളോടൊത്തു കഴിയുമ്പോള്‍ സ്വര്‍ഗം തുറക്കപ്പെട്ടു. എനിക്കു ദൈവത്തിന്‍റെ ദര്‍ശനം ഉണ്ടായി.

2 യെഹോയാഖീന്‍രാജാവിന്‍റെ പ്രവാസത്തിന്‍റെ അഞ്ചാം വര്‍ഷം നാലാം മാസം അഞ്ചാം ദിവസമാണ് ഈ ദര്‍ശനം ഉണ്ടായത്.

3 ബാബിലോണ്‍ദേശത്തെ കെബാര്‍ നദീതീരത്തു വച്ചു ബുസിയുടെ പുത്രനായ യെഹെസ്കേല്‍ പുരോഹിതനായ എനിക്ക് അവിടുത്തെ അരുളപ്പാടുണ്ടായി. അവിടെവച്ചു സര്‍വേശ്വരന്‍റെ ശക്തി എന്‍റെമേല്‍ വന്നു.

4

ഞാന്‍ നോക്കിയപ്പോള്‍ വടക്കുനിന്ന് ഒരു കൊടുങ്കാറ്റു വരുന്നു. വലിയ ഒരു മേഘവും അതിനു ചുറ്റും പ്രഭപരത്തിക്കൊണ്ട് ഇടമുറിയാതെ ജ്വലിക്കുന്ന അഗ്നിയും അതിന്‍റെ മധ്യത്തില്‍ മിന്നിത്തിളങ്ങുന്ന വെള്ളോടുപോലെ എന്തോ ഒന്നും ഞാന്‍ കണ്ടു.

5 അതിന്‍റെ മധ്യത്തില്‍ മനുഷ്യാകൃതിയിലുള്ള നാലു ജീവികള്‍ പ്രത്യക്ഷപ്പെട്ടു.

6 എന്നാല്‍ അവയ്‍ക്കോരോന്നിനും നാലു മുഖങ്ങളും നാലു ചിറകുകളും ഉണ്ടായിരുന്നു.

7 നിവര്‍ന്ന കാലുകളും കാളക്കുട്ടിയുടേതു പോലെയുള്ള കുളമ്പുകളും അവയ്‍ക്കുണ്ടായിരുന്നു. തേച്ചു മിനുക്കിയ വെള്ളോടുപോലെ ആ കുളമ്പുകള്‍ തിളങ്ങി.

8 നാലു മുഖങ്ങള്‍ക്കും നാലു ചിറകുകള്‍ക്കും പുറമേ ഓരോ ചിറകിന്‍റെയും കീഴില്‍ മനുഷ്യന്‍റേതുപോലെ ഓരോ കരവും ഉണ്ടായിരുന്നു.

9 അവയുടെ ചിറകുകള്‍ അന്യോന്യം സ്പര്‍ശിച്ചിരുന്നു. ഇടംവലം തിരിയാതെ ഓരോ ജീവിയും നേരെ മുമ്പോട്ടു തന്നെ നീങ്ങിക്കൊണ്ടിരുന്നു.

10 നാലു ജീവികള്‍ക്കും മുന്‍ഭാഗത്തു മനുഷ്യന്‍റെ മുഖവും വലത്തുഭാഗത്തു സിംഹത്തിന്‍റെ മുഖവും ഇടത്തുഭാഗത്തു കാളയുടെ മുഖവും പിന്‍ഭാഗത്തു കഴുകന്‍റെ മുഖവുമാണ് ഉണ്ടായിരുന്നത്.

11 ഓരോ ജീവിയും അടുത്തുനില്‌ക്കുന്ന ജീവിയുടെ ചിറകില്‍ സ്പര്‍ശിക്കത്തക്കവിധം ഈരണ്ടു ചിറകുകള്‍ വിടര്‍ത്തിയിരുന്നു. മറ്റു രണ്ടു ചിറകുകള്‍കൊണ്ട് അവയുടെ ശരീരം മറയ്‍ക്കുകയും ചെയ്തിരുന്നു.

12 ആത്മാവ് ഇച്ഛിച്ച ദിക്കിലേക്ക് ഈ ജീവികള്‍ പൊയ്‍ക്കൊണ്ടിരുന്നു. അവ ഇടംവലം തിരിഞ്ഞില്ല. അവയുടെ മധ്യത്തില്‍ തീക്കനല്‍പോലെ എന്തോ ഒന്നു കാണപ്പെട്ടു.

13 അത് ഈ ജീവികള്‍ക്കിടയില്‍ തീപ്പന്തം പോലെ അങ്ങോട്ടുമിങ്ങോട്ടും നീങ്ങിക്കൊണ്ടിരുന്നു. അതു വളരെ ശോഭയുള്ളതായിരുന്നു.

14 അതില്‍നിന്നു മിന്നല്‍പ്പിണര്‍ പുറപ്പെട്ടുകൊണ്ടിരുന്നു. ആ ജീവികള്‍ ഇടിമിന്നല്‍പോലെ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞുകൊണ്ടിരുന്നു.

15

ഞാന്‍ നോക്കിയപ്പോള്‍ അതാ ഓരോ ജീവിയുടെയും സമീപത്തു ഭൂമിയില്‍ ഓരോ ചക്രം.

16 അവയുടെ രൂപമാതൃകയും പണിയും ഇപ്രകാരമായിരുന്നു. ഒരേ മാതൃകയിലാണ് അവ നിര്‍മിച്ചിരുന്നത്. ഗോമേദകംപോലെ അവ ശോഭിച്ചിരുന്നു. ഒരു ചക്രത്തിനുള്ളില്‍ മറ്റൊരു ചക്രം എന്നവിധം ആയിരുന്നു അവയുടെ ഘടന.

17 സഞ്ചരിക്കുമ്പോള്‍ ഒരു വശത്തേക്കും തിരിയാതെതന്നെ നാലു ദിക്കിലേക്കും അവയ്‍ക്കു പോകാന്‍ കഴിയുമായിരുന്നു.

18 നാലു ചക്രങ്ങള്‍ക്കു ചുറ്റും നിറയെ കണ്ണുകളുള്ള പട്ടകള്‍ ഉണ്ടായിരുന്നു. ജീവികള്‍ സഞ്ചരിക്കുന്നതിനൊപ്പം ചക്രങ്ങളും മുന്നോട്ടു നീങ്ങിയിരുന്നു.

19 ജീവികള്‍ നിലത്തു നിന്നുയരുമ്പോള്‍ ചക്രങ്ങളും ഉയരും.

20 എവിടെ പോകണമെന്നു ജീവികളുടെ ആത്മാവ് ഇച്ഛിക്കുമോ, അവിടെയെല്ലാം അവ പോകും. അവ പോകുന്നിടത്തെല്ലാം ചക്രങ്ങളും പോകും.

21 ജീവികളുടെ ആത്മാവ് ആ ചക്രങ്ങളിലായിരുന്നു വസിച്ചിരുന്നത്. ജീവികള്‍ നില്‌ക്കുമ്പോള്‍ ചക്രങ്ങളും നില്‌ക്കും. അവ ഉയരുമ്പോള്‍ ചക്രങ്ങളും ഉയരും. എന്തെന്നാല്‍ അവയുടെ ആത്മാവ് ആ ചക്രങ്ങളിലാണ് കുടികൊണ്ടിരുന്നത്.

22

ആ ജീവികളുടെ തലയ്‍ക്കുമീതെ സ്ഫടികംപോലെ തിളങ്ങുന്ന ഒരു വിതാനം ഉണ്ടായിരുന്നു.

23 അതിന്‍റെ കീഴില്‍ ഓരോ ജീവിയുടെയും ചിറകുകള്‍ ഒന്നിന്‍റെ ചിറക് മറ്റൊന്നിന്‍റെ ചിറകിനെ സ്പര്‍ശിക്കത്തക്കവിധം നിവര്‍ത്തിപ്പിടിച്ചിരുന്നു. ഓരോ ജീവിയുടെയും ശരീരം മറയ്‍ക്കുന്ന ഈരണ്ടു ചിറകുകളും അവയ്‍ക്കുണ്ടായിരുന്നു.

24 അവ പറന്നപ്പോള്‍ അവയുടെ ചിറകടി ഞാന്‍ കേട്ടു. അതു സമുദ്രത്തിന്‍റെ ഇരമ്പല്‍പോലെയും സര്‍വശക്തന്‍റെ ഗംഭീരനാദംപോലെയും സൈന്യത്തിന്‍റെ ആരവം പോലെയും ആയിരുന്നു. ജീവികള്‍ നിശ്ചലമായി നിന്നപ്പോള്‍ ചിറകുകള്‍ താഴ്ത്തിയിരുന്നു.

25 അപ്പോള്‍ അവയുടെ തലയ്‍ക്കുമീതെയുള്ള വിതാനത്തിനു മുകളില്‍നിന്ന് ഒരു ശബ്ദമുണ്ടായി.

26

ആ ജീവികളുടെ മീതെയുള്ള വിതാനത്തിനു മുകളില്‍ ഇന്ദ്രനീലക്കല്ലുപോലെയുള്ള ഒരു സിംഹാസനത്തിന്‍റെ രൂപം ഉണ്ടായിരുന്നു. അതില്‍ മനുഷ്യനെപ്പോലെയുള്ള ഒരു രൂപം ഇരിക്കുന്നു.

27 അതിന്‍റെ അരക്കെട്ടിനു മുകള്‍ഭാഗം മിന്നിത്തിളങ്ങുന്ന വെള്ളോടുപോലെയും അഗ്നികൊണ്ടു പൊതിഞ്ഞിരിക്കുന്നതുപോലെയും കാണപ്പെട്ടു. അരക്കെട്ടിനു താഴെയുള്ള ഭാഗം അഗ്നിയെന്നപോലെ കാണപ്പെട്ടു. ആ രൂപത്തിനു ചുറ്റും പ്രകാശവും ഉണ്ടായിരുന്നു.

28 ആ പ്രകാശം മഴവില്ലുപോലെ ആയിരുന്നു. ഇങ്ങനെയാണു ഞാന്‍ സര്‍വേശ്വരന്‍റെ മഹത്ത്വത്തിന്‍റെ രൂപം ദര്‍ശിച്ചത്. അതു കണ്ട മാത്രയില്‍ ഞാന്‍ കമിഴ്ന്നുവീണു. അപ്പോള്‍ ആരോ സംസാരിക്കുന്ന സ്വരം ഞാന്‍ കേട്ടു.

2

1

“മനുഷ്യപുത്രാ, എഴുന്നേറ്റു നില്‌ക്കുക; എനിക്കു നിന്നോടു സംസാരിക്കാനുണ്ട്.”

2 ഇങ്ങനെ എന്നോടു പറഞ്ഞപ്പോള്‍ ദൈവത്തിന്‍റെ ആത്മാവ് എന്നില്‍ പ്രവേശിച്ച് എന്നെ എഴുന്നേല്പിച്ചു നിര്‍ത്തി. അവിടുന്നു സംസാരിക്കുന്നതു ഞാന്‍ കേട്ടു.

3 അവിടുന്ന് എന്നോടു കല്പിച്ചു: “മനുഷ്യപുത്രാ, ധിക്കാരികളായ ഇസ്രായേല്‍ജനതയുടെ അടുക്കലേക്കു ഞാന്‍ നിന്നെ അയയ്‍ക്കുന്നു. അവരും അവരുടെ പിതാക്കന്മാരും എന്നോടു ധിക്കാരം കാട്ടി, എന്‍റെ നേരെ അതിക്രമം പ്രവര്‍ത്തിച്ചു.

4 അവര്‍ ദുശ്ശാഠ്യക്കാരും കഠിനഹൃദയമുള്ളവരുമാണ്. അവരുടെ അടുക്കലേക്കാണു ഞാന്‍ നിന്നെ അയയ്‍ക്കുന്നത്. സര്‍വേശ്വരനായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറയുക.

5 ധിക്കാരികളായ അവര്‍ കേള്‍ക്കുകയോ കേള്‍ക്കാതിരിക്കുകയോ ചെയ്യട്ടെ. അങ്ങനെ അവരുടെ ഇടയില്‍ ഒരു പ്രവാചകന്‍ ഉണ്ടെന്ന് അവര്‍ അറിയട്ടെ.

6 മനുഷ്യപുത്രാ, അവരെയോ, അവരുടെ വാക്കുകളെയോ നീ ഭയപ്പെടേണ്ടാ; മുള്‍ച്ചെടികളും മുള്ളും നിന്‍റെ ചുറ്റും ഉണ്ടായിരിക്കാം; നിനക്കു തേളുകളുടെമേല്‍ ഇരിക്കേണ്ടിവന്നേക്കാം;

7 എന്നാലും അവരുടെ വാക്കുകളോ, നോട്ടമോ കണ്ടു ഭയപ്പെടരുത്; അവര്‍ ധിക്കാരികളാണല്ലോ. കേട്ടാലും ഇല്ലെങ്കിലും എന്‍റെ വചനം അവരോടു പ്രസ്താവിക്കുക. അവര്‍ നിഷേധികളായ ജനമാണല്ലോ.

8

“മനുഷ്യപുത്രാ, ഞാന്‍ പറയുന്നതു ശ്രദ്ധിക്കുക; നിഷേധികളായ ആ ജനത്തെപ്പോലെ നീ നിഷേധിയാകരുത്. നീ വായ് തുറന്ന് ഞാന്‍ തരുന്നതു ഭക്ഷിക്കുക.”

9 ഞാന്‍ നോക്കിയപ്പോള്‍ നീട്ടിയ ഒരു കരം കണ്ടു. അതില്‍ ഒരു പുസ്തകച്ചുരുള്‍ ഉണ്ടായിരുന്നു.

10 അത് എന്‍റെ മുമ്പില്‍ നിവര്‍ത്തപ്പെട്ടു. അതിന്‍റെ ഇരുവശങ്ങളിലും വിലാപങ്ങളും പരിദേവനങ്ങളും ദുരിതങ്ങളും രേഖപ്പെടുത്തിയിരുന്നു.

3

1

“മനുഷ്യപുത്രാ, ഈ ചുരുള്‍ നീ ഭക്ഷിക്കുക. പിന്നീടു പോയി ഇസ്രായേല്‍ജനത്തോടു സംസാരിക്കുക” എന്നു ദൈവം എന്നോട് അരുളിച്ചെയ്തു.

2 ഞാന്‍ വായ് തുറന്നു. അവിടുന്ന് ആ ചുരുള്‍ എനിക്കു തിന്നാന്‍ തന്നു.

3 “മനുഷ്യപുത്രാ, ഈ ചുരുള്‍ തിന്നു നിന്‍റെ ഉദരം നിറയ്‍ക്കുക” എന്ന് അവിടുന്നു കല്പിച്ചു. ഞാന്‍ തിന്നു; അത് എന്‍റെ നാവില്‍ തേന്‍പോലെ മധുരിച്ചു.

4

“മനുഷ്യപുത്രാ, നീ പോയി ഇസ്രായേല്‍ ജനത്തോട് എന്‍റെ വചനം അറിയിക്കുക” എന്ന് അവിടുന്ന് എന്നോടു കല്പിച്ചു.

5 “വിദേശഭാഷ സംസാരിക്കുകയും ദുര്‍ഗ്രഹമായ ശൈലി ഉപയോഗിക്കുകയും ചെയ്യുന്നവരുടെ അടുക്കലേക്കല്ല, ഇസ്രായേല്‍ജനത്തിന്‍റെ അടുക്കലേക്കാണ് ഞാന്‍ നിന്നെ അയയ്‍ക്കുന്നത്.

6 നിനക്കു ഗ്രഹിക്കാന്‍ കഴിയാത്ത ഭാഷ സംസാരിക്കുന്നവരുടെ അടുക്കലേക്കു ഞാന്‍ നിന്നെ അയച്ചിരുന്നെങ്കില്‍ നിശ്ചയമായും നീ പറയുന്നത് അവര്‍ ശ്രദ്ധിക്കുമായിരുന്നു.

7 ഇസ്രായേല്‍ജനത നിന്‍റെ വാക്കു ശ്രദ്ധിക്കുകയില്ല. എന്‍റെ വാക്കു ശ്രദ്ധിക്കാന്‍ അവര്‍ക്കു മനസ്സില്ലല്ലോ. അവര്‍ കഠിനഹൃദയരും മര്‍ക്കടമുഷ്‍ടികളും ആകുന്നു.

8 ഞാന്‍ നിന്നെ അവരെപ്പോലെ വഴങ്ങാത്തവനും കഠിനഹൃദയനുമാക്കും.

9 ഞാന്‍ നിന്നെ തീക്കല്ലിനെക്കാള്‍ കടുത്ത ശിലപോലെ കഠിനമാക്കിയിരിക്കുന്നു. നീ അവരെ പേടിക്കരുത്. അവരുടെ നോട്ടം കണ്ടു ഭയപ്പെടരുത്. അവര്‍ ധിക്കാരികളായ ജനമാണ്.”

10 അവിടുന്നു തുടര്‍ന്നു കല്പിച്ചു: “മനുഷ്യപുത്രാ, ഞാന്‍ നിന്നോടു പറയുന്ന വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുകയും ഗ്രഹിക്കുകയും ചെയ്യുക.

11 നിന്‍റെ ജനമായ പ്രവാസികളുടെ അടുക്കല്‍ ചെന്ന് അവര്‍ കേട്ടാലും ഇല്ലെങ്കിലും ദൈവമായ സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു എന്ന് അവരോടു പറയുക.”

12

പിന്നീട് ദൈവത്തിന്‍റെ ആത്മാവ് എന്നെ ഉയര്‍ത്തി; ദൈവത്തിന്‍റെ മഹത്ത്വം സ്വസ്ഥാനത്തുനിന്ന് ഉയര്‍ന്നപ്പോള്‍ വലിയ ഭൂകമ്പത്തിന്‍റെ ഇരമ്പല്‍പോലെയുള്ള ശബ്ദം എന്‍റെ പിറകില്‍ കേട്ടു.

13 അതു ജീവികളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിമുട്ടുന്നതിന്‍റെയും അവയുടെ സമീപത്തുള്ള ചക്രങ്ങളുടെയും ശബ്ദം ആയിരുന്നു.

14 ആത്മാവ് എന്നെ ഉയര്‍ത്തിക്കൊണ്ടുപോയി. ഞാന്‍ ദുഃഖിതനും കുപിതനുമായി. എന്തെന്നാല്‍ സര്‍വേശ്വരന്‍റെ ശക്തി എന്‍റെമേല്‍ ശക്തമായി വ്യാപരിച്ചിരുന്നു.

15 അങ്ങനെ ഞാന്‍ തേല്‍-അബീബില്‍ കെബാര്‍നദീതീരത്തു കഴിഞ്ഞിരുന്ന പ്രവാസികളുടെ അടുക്കല്‍ ചെന്ന് ഏഴു ദിവസം സ്തബ്ധനായി കഴിഞ്ഞു.

16

ഏഴുദിവസം കഴിഞ്ഞപ്പോള്‍ എനിക്കു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി.

17 “മനുഷ്യപുത്രാ, ഞാന്‍ നിന്നെ ഇസ്രായേല്‍ജനത്തിന്‍റെ കാവല്‌ക്കാരനാക്കിയിരിക്കുന്നു. ഞാന്‍ പറയുന്ന വചനം കേട്ടു നീ അവര്‍ക്കു മുന്നറിയിപ്പു നല്‌കുക.

18 ഒരു ദുഷ്ടമനുഷ്യന്‍ മരിച്ചുപോകും എന്നു ഞാന്‍ പ്രസ്താവിക്കുമ്പോള്‍ നീ അവനെ രക്ഷിക്കാന്‍വേണ്ടി അവനു മുന്നറിയിപ്പു നല്‌കുകയോ ദുര്‍മാര്‍ഗത്തില്‍നിന്നു പിന്തിരിയാന്‍ അവനെ ഉദ്ബോധിപ്പിക്കുകയോ ചെയ്യാതിരുന്നാല്‍ ആ ദുഷ്ടന്‍ തന്‍റെ അകൃത്യത്താല്‍ മരണമടയും; എന്നാല്‍ ഞാന്‍ നിന്നെ അവന്‍റെ മരണത്തിന് ഉത്തരവാദിയാക്കും.

19 നീ അവനു മുന്നറിയിപ്പു നല്‌കിയിട്ടും ദുര്‍മാര്‍ഗത്തില്‍ അവന്‍ തുടരുകയും ദുഷ്ടത പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവന്‍ തന്‍റെ അകൃത്യത്താല്‍ മരിക്കും. എന്നാല്‍ നീ നിന്‍റെ ജീവന്‍ രക്ഷിക്കും.

20 നീതിമാന്‍ തന്‍റെ നീതിമാര്‍ഗം വെടിഞ്ഞ് അകൃത്യത്തില്‍ ഏര്‍പ്പെടുകയും ഞാന്‍ അത് അവന്‍റെ തകര്‍ച്ചയ്‍ക്കു കാരണമാക്കുകയും ചെയ്താല്‍ അവന്‍ മരിക്കും. നീ അവനു മുന്നറിയിപ്പു നല്‌കാതിരുന്നതുകൊണ്ട് അവന്‍റെ പാപത്താല്‍ അവന്‍ മരിക്കും. അവന്‍റെ സല്‍കൃത്യങ്ങള്‍ ഞാന്‍ ഓര്‍ക്കുകയുമില്ല. അവന്‍റെ മരണത്തിനു നീ ഉത്തരവാദിയാകും.

21 നിന്‍റെ മുന്നറിയിപ്പുകൊണ്ട് നീതിമാനായ ഒരുവന്‍ പാപം ചെയ്യാതിരുന്നാല്‍ അവന്‍ നിശ്ചയമായും ജീവിക്കും. അവന്‍ നിന്‍റെ മുന്നറിയിപ്പു സ്വീകരിച്ചുവല്ലോ. നീ നിന്‍റെ ജീവന്‍ രക്ഷിക്കും.

22

സര്‍വേശ്വരന്‍റെ ശക്തി വീണ്ടും എന്‍റെമേല്‍ വന്നു. അവിടുന്ന് എന്നോടു പറഞ്ഞു: “നീ എഴുന്നേറ്റു സമതലത്തിലേക്കു പോവുക. അവിടെവച്ചു ഞാന്‍ നിന്നോടു സംസാരിക്കും.”

23 അങ്ങനെ ഞാന്‍ സമതലത്തിലേക്കു പോയി. അവിടെ ഞാന്‍ സര്‍വേശ്വരന്‍റെ മഹത്ത്വം ദര്‍ശിച്ചു. കെബാര്‍നദീതീരത്തുവച്ചു ഞാന്‍ കണ്ട മഹത്ത്വംപോലെ തന്നെയായിരുന്നു അത്. ഞാന്‍ കമിഴ്ന്നുവീണു.

24 അപ്പോള്‍ ആത്മാവ് എന്‍റെ ഉള്ളില്‍ പ്രവേശിച്ച്, എന്നെ എഴുന്നേല്പിച്ചു നിര്‍ത്തി എന്നോടു സംസാരിച്ചു: “നീ വീട്ടില്‍ ചെന്ന് കതകടച്ച് ഇരിക്കുക.

25 മനുഷ്യപുത്രാ, ജനങ്ങളുടെ ഇടയിലേക്കു ചെല്ലാന്‍ കഴിയാത്തവിധം അവര്‍ നിന്നെ കയറുകൊണ്ടു ബന്ധിക്കും.

26 അവരെ ശാസിക്കാന്‍ കഴിയാത്തവിധം നിന്‍റെ നാവിനെ അണ്ണാക്കിനോടു പറ്റിച്ചേര്‍ത്തു ഞാന്‍ നിന്നെ മൂകനാക്കും. കാരണം അവര്‍ ധിക്കാരികളായ ജനമാണല്ലോ.

27 എന്നാല്‍ ഞാന്‍ നിന്നോടു സംസാരിക്കുമ്പോള്‍ നിന്‍റെ വായ് ഞാന്‍ തുറക്കും. ദൈവമായ സര്‍വേശ്വരന്‍ ഇങ്ങനെ അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറയണം. അവര്‍ കേള്‍ക്കുകയോ കേള്‍ക്കാതിരിക്കുകയോ ചെയ്യട്ടെ. അവര്‍ നിഷേധികളായ ജനമാണല്ലോ.”

4

1

“മനുഷ്യപുത്രാ, ഒരു ഇഷ്‍ടിക എടുത്ത് അതില്‍ യെരൂശലേമിന്‍റെ ചിത്രം വരയ്‍ക്കുക.

2 അതിനെതിരെ ഉപരോധം ഏര്‍പ്പെടുത്തുകയും മണ്‍കൂനകള്‍ ഉയര്‍ത്തുകയും കിടങ്ങുകള്‍ കുഴിക്കുകയും ചെയ്യണം. അതിനു ചുറ്റും പാളയങ്ങളും കോട്ടകളും മതിലുകളും തകര്‍ക്കാനുള്ള യന്ത്രമുട്ടികള്‍ സ്ഥാപിക്കുക.

3 ഒരു ഇരുമ്പു തകിടെടുത്ത് നിനക്കും നഗരത്തിനും മധ്യേ ഇരുമ്പു മതിലെന്നവിധം വയ്‍ക്കുക. പിന്നീട് നീ അതിന് അഭിമുഖമായി നില്‌ക്കണം. അതു പിടിക്കപ്പെടാന്‍ പോകുകയാണ്. നീ അതിന്‍റെ ഉപരോധം ബലപ്പെടുത്തുക. ഇസ്രായേല്‍ജനത്തിന് ഇത് ഒരു അടയാളമായിരിക്കും.

4

നീ ഇടത്തുവശം ചരിഞ്ഞുകിടക്കുക; ഇസ്രായേല്‍ജനത്തിന്‍റെ അകൃത്യം നിന്‍റെമേല്‍ ഞാന്‍ ചുമത്തും. അങ്ങനെ കിടക്കുന്ന നാളുകളോളം അവരുടെ അകൃത്യഭാരം നീ ചുമക്കണം.

5 അങ്ങനെ മുന്നൂറ്റി തൊണ്ണൂറു ദിവസങ്ങള്‍ ഇസ്രായേല്‍ജനത്തിന്‍റെ പാപഭാരം നീ വഹിക്കേണ്ടിവരും. ഞാന്‍ നിനക്കു നിശ്ചയിച്ചിരിക്കുന്ന ഈ ദിവസങ്ങള്‍ ഓരോന്നും അവരുടെ ദുഷ്ടതയുടെ ഓരോ വര്‍ഷത്തിനു തുല്യമായിരിക്കും.

6 ഇതു പൂര്‍ത്തിയാക്കിയശേഷം നീ വലത്തുവശം ചരിഞ്ഞു കിടന്നു യെഹൂദാജനത്തിന്‍റെ അകൃത്യഭാരം നാല്പതു ദിവസം വഹിക്കണം. ഒരു ദിവസത്തിന് ഒരു വര്‍ഷം എന്ന കണക്കില്‍ നാല്പതു ദിവസം. അതും ഞാന്‍ നിനക്കു നിശ്ചയിച്ചിരിക്കുന്നു.

7 നീ മുഖം തിരിച്ചു യെരൂശലേമിന്‍റെ ഉപരോധത്തെ നോക്കണം. മുഷ്‍ടി കാട്ടി നഗരത്തിനെതിരെ പ്രവചിക്കണം.

8 ഉപരോധകാലം പൂര്‍ത്തിയാകുന്നതുവരെ ഒരു വശത്തുനിന്നു മറുവശത്തേക്കു തിരിയാതിരിക്കത്തക്കവിധം കയറുകൊണ്ടു നിന്നെ ഞാന്‍ ബന്ധിക്കും.

9

നീ ഒരു പാത്രത്തില്‍ കോതമ്പും യവവും അമരയും ചെറുപയറും തിനയും ചോളവും എടുത്ത് അവകൊണ്ട് അപ്പം ഉണ്ടാക്കുക. നീ വശം ചെരിഞ്ഞു കിടക്കുന്ന കാലം മുഴുവന്‍ അതായതു മുന്നൂറ്റി തൊണ്ണൂറു ദിവസവും അതു ഭക്ഷിക്കണം.

10 നിനക്കൊരു ദിവസം ഇരുപതു ശേക്കെല്‍ ഭക്ഷണം മാത്രം കഴിക്കാം.

11 വെള്ളവും അളവുപ്രകാരം ഒരു ദിവസം ഒരു ഹീനിന്‍റെ ആറിലൊന്നു മാത്രം കുടിക്കാം.

12 ഉണങ്ങിയ മനുഷ്യമലം കത്തിച്ച് അതിന്മേല്‍ എല്ലാവരും കാണ്‍കെ അപ്പം ചുട്ടെടുത്ത് ബാര്‍ലി അപ്പം എന്നപോലെ നീ അതു ഭക്ഷിക്കണം.

13 ജനതകളുടെ ഇടയിലേക്ക് ഞാന്‍ തുരത്തുന്ന ഇസ്രായേല്‍ജനം ഇതുപോലെ മലിനമായ ആഹാരം ഭക്ഷിക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്തു.”

14 അപ്പോള്‍ ഞാന്‍ പറഞ്ഞു: “സര്‍വേശ്വരനായ കര്‍ത്താവേ, ഞാന്‍ ഒരിക്കലും എന്നെ മലിനപ്പെടുത്തിയിട്ടില്ല. ചെറുപ്പംമുതല്‍ ഇന്നുവരെ ചത്തതോ, വന്യമൃഗങ്ങള്‍ കടിച്ചുകീറി കൊന്നതോ ആയ ഒരു ജീവിയെയും ഭക്ഷിച്ചിട്ടില്ല. അശുദ്ധമായതൊന്നും എന്‍റെ വായില്‍ വച്ചിട്ടുമില്ല.”

15 ഉടനെ അവിടുന്ന് അരുളിച്ചെയ്തു: “അപ്പം ചുടുന്നതിനു മനുഷ്യമലത്തിനു പകരം പശുവിന്‍ ചാണകം ഉപയോഗിച്ചുകൊള്‍ക.”

16 [16,17] അവിടുന്നു തുടര്‍ന്നു: “മനുഷ്യപുത്രാ, യെരൂശലേമില്‍ ഞാന്‍ ആഹാരത്തിന്‍റെ അളവു കുറയ്‍ക്കും. അവര്‍ ഉല്‍ക്കണ്ഠയോടും നിരാശയോടും കൂടെ അളന്നു തൂക്കി അപ്പം ഭക്ഷിക്കും. വെള്ളം കുടിക്കുന്നതും അങ്ങനെതന്നെ ആയിരിക്കും. ഇങ്ങനെ അവര്‍ക്ക് അപ്പവും വെള്ളവും ഇല്ലാതെയാകും. അവര്‍ നിരാശരായി അന്യോന്യം നോക്കും; തങ്ങളുടെ അകൃത്യം നിമിത്തം അവര്‍ നാശമടയും.”

5

1

“മനുഷ്യപുത്രാ, നീ മൂര്‍ച്ചയുള്ള ഒരുവാള്‍ എടുത്തു നിന്‍റെ തലയും താടിയും വടിക്കുക. പിന്നീട് അത് ഒരു തുലാസ്സില്‍ തൂക്കി മൂന്നായി വിഭജിക്കുക.

2 ഉപരോധം അവസാനിക്കുമ്പോള്‍ ആ രോമത്തിന്‍റെ മൂന്നിലൊന്ന് എടുത്ത് നഗരമധ്യത്തില്‍വച്ചു കത്തിക്കുക. മൂന്നിലൊന്നു നഗരത്തിനു ചുറ്റും നടന്നു, നിന്‍റെ വാളുകൊണ്ട് അരിഞ്ഞു കളയണം. ശേഷിച്ച മൂന്നിലൊന്നു കാറ്റില്‍ പറത്തുക. ഞാന്‍ വാളുമായി അവയെ പിന്തുടരും.

3 അവയില്‍ ഏതാനും എടുത്തു നിന്‍റെ മേലങ്കിയുടെ വിളുമ്പില്‍ കെട്ടിവയ്‍ക്കണം.

4 അതില്‍നിന്നു വീണ്ടും കുറെ എടുത്ത് തീയിലിട്ടു ദഹിപ്പിക്കുക. അപ്പോള്‍ അതില്‍നിന്ന് ഒരു അഗ്നി പുറപ്പെട്ട് ഇസ്രായേലിലെങ്ങും വ്യാപിക്കും.”

5 സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “യെരൂശലേമിനെ നോക്കുക. ഞാന്‍ അതിനെ ലോകജനതകളുടെയും രാജ്യങ്ങളുടെയും മധ്യേ സ്ഥാപിച്ചിരിക്കുന്നു.

6 യെരൂശലേം എന്‍റെ കല്പനകള്‍ ധിക്കരിച്ച് ഇതര ജനതകളെക്കാള്‍ അധികം ദുഷ്ടത പ്രവര്‍ത്തിച്ചു. ചുറ്റുമുള്ള രാജ്യങ്ങളെക്കാള്‍ കൂടുതലായി എന്‍റെ പ്രമാണങ്ങളും ചട്ടങ്ങളും നിരസിച്ചു. എന്‍റെ ചട്ടങ്ങളെ അനുസരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല.

7 അതുകൊണ്ട് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ ചുറ്റുമുള്ള ജനതകളെക്കാള്‍ അധികം എന്നെ ധിക്കരിച്ചു. എന്‍റെ കല്പനകളും പ്രമാണങ്ങളും അനുസരിച്ചു നിങ്ങള്‍ ജീവിച്ചില്ല. ചുറ്റുമുള്ള ജനതകളുടെ നിയമങ്ങള്‍ പോലും നിങ്ങള്‍ പാലിച്ചില്ല.

8 അതുകൊണ്ട് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിനക്ക് എതിരായിരിക്കുന്നു. ജനതകള്‍ കാണ്‍കെ നിന്‍റെമേലുള്ള ശിക്ഷാവിധി ഞാന്‍ നടത്തും.

9 നിന്‍റെ മ്ലേച്ഛത നിമിത്തം ഇതുവരെ ഞാന്‍ ചെയ്തിട്ടില്ലാത്തതും ഇനി ഒരിക്കലും ചെയ്യാത്തതുമായ കാര്യം ഞാന്‍ നിന്നോടു ചെയ്യും.

10 അതുകൊണ്ട് നിങ്ങളുടെ പിതാക്കന്മാര്‍ പുത്രന്മാരെയും പുത്രന്മാര്‍ പിതാക്കന്മാരെയും ഭക്ഷിക്കും. നിങ്ങളുടെമേല്‍ ഞാന്‍ ന്യായവിധി നടത്തും നിങ്ങളില്‍ ശേഷിക്കുന്നവരെ നാനാദിക്കിലേക്കും ഞാന്‍ ചിതറിക്കും.

11 നിങ്ങളുടെ ദുഷ്പ്രവൃത്തികളാലും മ്ലേച്ഛതകളാലും എന്‍റെ വിശുദ്ധമന്ദിരത്തെ മലിനമാക്കിയിരിക്കുകയാല്‍ നിശ്ചയമായും ഞാന്‍ നിങ്ങളെ അരിഞ്ഞുവീഴ്ത്തും; നിങ്ങളെ ഞാന്‍ വെറുതെ വിടുകയില്ല; ഞാന്‍ നിങ്ങളോടു കരുണ കാണിക്കുകയുമില്ല എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

12 നിങ്ങളില്‍ മൂന്നിലൊരു ഭാഗം ജനം പകര്‍ച്ചവ്യാധികള്‍കൊണ്ടും പട്ടിണികൊണ്ടും മരണമടയും. മൂന്നിലൊരു ഭാഗം വാളിനാല്‍ കൊല്ലപ്പെടും. മൂന്നിലൊരു ഭാഗത്തെ നാനാദിക്കുകളിലേക്കും ഞാന്‍ തുരത്തും. ഊരിയ വാളുമായി ഞാന്‍ അവരെ പിന്തുടരും.

13

അങ്ങനെ എന്‍റെ കോപം ശമിക്കും; നിങ്ങളോടുള്ള എന്‍റെ ക്രോധം ജ്വലിച്ചടങ്ങും. ഞാന്‍ തൃപ്തിയടയുകയും ചെയ്യും. നിങ്ങളുടെ അവിശ്വസ്തതയില്‍ അസഹിഷ്ണുവായിത്തീര്‍ന്നതുകൊണ്ടാണ് സര്‍വേശ്വരനായ ഞാന്‍ നിന്നോട് ഇങ്ങനെ പറഞ്ഞതെന്ന് ഇവയെല്ലാം സംഭവിച്ചു കഴിയുമ്പോള്‍ നിനക്കു ബോധ്യമാകും.

14 ചുറ്റുമുള്ള ജനതകള്‍ക്കിടയിലും വഴിപോക്കരുടെ മുമ്പിലും ഞാന്‍ നിന്നെ ശൂന്യവും നിന്ദാപാത്രവും ആക്കും.

15 ഞാന്‍ അമര്‍ഷത്തോടും ഉഗ്രകോപത്തോടും കഠിനശിക്ഷകളോടും കൂടി ന്യായവിധി നടത്തുമ്പോള്‍ നീ ചുറ്റുമുള്ള ജനതകളുടെ മുമ്പില്‍ നിന്ദാപാത്രവും പരിഹാസവിഷയവും ഭയഹേതുവും താക്കീതും ആയിത്തീരും.

16 സര്‍വേശ്വരനായ ഞാന്‍ ഇതു പറഞ്ഞിരിക്കുന്നു. ക്ഷാമം എന്ന വിനാശഅസ്ത്രം നിങ്ങളുടെ നേരേ ഞാന്‍ അയയ്‍ക്കുന്നതു നിങ്ങളെ നശിപ്പിക്കാന്‍ തന്നെയാണ്. ഞാന്‍ ക്ഷാമം മേല്‌ക്കുമേല്‍ വര്‍ധിപ്പിക്കും; നിങ്ങളുടെ നിത്യാഹാരത്തിന്‍റെ അളവു കുറയ്‍ക്കുകയും ചെയ്യും.

17 നിങ്ങളുടെ മക്കളെ കൊല്ലേണ്ടതിനു ക്ഷാമത്തെയും വന്യമൃഗങ്ങളെയും ഞാന്‍ അയയ്‍ക്കും. നിങ്ങളുടെ ഇടയില്‍ പകര്‍ച്ചവ്യാധിയും രക്തച്ചൊരിച്ചിലും ഉണ്ടാകും. ഞാന്‍ നിങ്ങളുടെമേല്‍ വാള്‍ അയയ്‍ക്കും; സര്‍വേശ്വരനായ ഞാന്‍ ഇത് അരുളിച്ചെയ്തിരിക്കുന്നു.

6

1

എനിക്കു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി:

2 “മനുഷ്യപുത്രാ, ഇസ്രായേലിലെ പര്‍വതങ്ങള്‍ക്ക് അഭിമുഖമായി നിന്ന് അവയ്‍ക്കെതിരായി പ്രവചിക്കുക; നീ ഇങ്ങനെ പറയണം;

3 ഇസ്രായേലിലെ പര്‍വതങ്ങളേ, സര്‍വേശ്വരനായ കര്‍ത്താവിന്‍റെ വചനം കേള്‍ക്കുക; മലകളോടും കുന്നുകളോടും അരുവികളോടും താഴ്വരകളോടും അവിടുന്ന് അരുളിച്ചെയ്യുന്നു: നോക്കൂ, ഞാന്‍ നിങ്ങളുടെമേല്‍ വാള്‍ അയയ്‍ക്കും. നിങ്ങളുടെ പൂജാഗിരികളെ ഞാന്‍ നശിപ്പിക്കും.

4 നിങ്ങളുടെ ബലിപീഠങ്ങള്‍ ശൂന്യമാകും; നിങ്ങളുടെ ധൂപപീഠങ്ങള്‍ തകര്‍ക്കപ്പെടും. നിങ്ങളില്‍ വധിക്കപ്പെട്ടവരെ നിങ്ങള്‍ ആരാധിക്കുന്ന വിഗ്രഹങ്ങളുടെ മുമ്പിലേക്ക് എറിയും.

5 ഞാന്‍ ഇസ്രായേല്‍ജനത്തിന്‍റെ മൃതദേഹങ്ങള്‍ അവര്‍ ആരാധിക്കുന്ന വിഗ്രഹങ്ങളുടെ മുമ്പില്‍ ഇടും. ഞാന്‍ നിങ്ങളുടെ അസ്ഥികള്‍ നിങ്ങളുടെ ബലിപീഠങ്ങള്‍ക്കു ചുറ്റും വിതറും.

6 നിങ്ങളുടെ നഗരങ്ങളെ നശിപ്പിക്കും; നിങ്ങളുടെ പൂജാഗിരികളെ ശൂന്യമാക്കും. അങ്ങനെ നിങ്ങളുടെ യാഗപീഠങ്ങള്‍ നശിപ്പിച്ചു ശൂന്യമാക്കപ്പെടും. നിങ്ങളുടെ വിഗ്രഹങ്ങള്‍ തകര്‍ത്തു നശിപ്പിക്കപ്പെടും. ധൂപപീഠങ്ങള്‍ തകര്‍ക്കപ്പെടും. നിങ്ങളുടെ കരവേലകളെല്ലാം തുടച്ചു നീക്കപ്പെടും.

7 നിങ്ങളില്‍ കൊല്ലപ്പെട്ടവര്‍ നിങ്ങളുടെ മധ്യത്തില്‍ വീഴും. അപ്പോള്‍ ഞാനാണു സര്‍വേശ്വരനെന്നു നിങ്ങള്‍ മനസ്സിലാക്കും.

8

“എങ്കിലും ഞാന്‍ നിങ്ങളില്‍ ഏതാനും പേരെ വാളില്‍നിന്നു രക്ഷിച്ചു ശേഷിപ്പിക്കും. അവരെ ജനതകളുടെ ഇടയില്‍ ചിതറിക്കും.

9 രക്ഷപെട്ടവരായ നിങ്ങള്‍ വിജാതീയരുടെ ഇടയില്‍ പ്രവാസികളായി കഴിയുമ്പോള്‍ നിങ്ങള്‍ അവിശ്വസ്തരായി എന്നെ വിട്ടകലുകയും വിഗ്രഹങ്ങളുടെ പിന്നാലെ പോവുകയും ചെയ്തപ്പോള്‍ ഞാന്‍ എത്രമാത്രം ദുഃഖിച്ചു എന്നു നിങ്ങള്‍ ഓര്‍ക്കും. അപ്പോള്‍ നിങ്ങളുടെ മ്ലേച്ഛതകളും തിന്മകളും ഓര്‍ത്തു നിങ്ങള്‍ സ്വയം വെറുക്കും.

10 ഞാനാണ് സര്‍വേശ്വരനെന്നും ഈ അനര്‍ഥങ്ങള്‍ വരുത്തുമെന്നു ഞാന്‍ പറഞ്ഞതു വെറുതെയല്ലെന്നും അവര്‍ അപ്പോള്‍ ഗ്രഹിക്കും.”

11

സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “കൈ കൊട്ടുകയും നിലത്തു ചവിട്ടുകയും ചെയ്തുകൊണ്ടു പറയുക; ഇസ്രായേല്‍ജനത്തിന്‍റെ തിന്മ നിറഞ്ഞ മ്ലേച്ഛതകള്‍ നിമിത്തം അവര്‍ക്കു ദുരിതം! അവര്‍ യുദ്ധവും ക്ഷാമവും പകര്‍ച്ചവ്യാധിയും നിമിത്തം നശിക്കും;

12 അകലെയുള്ളവന്‍ പകര്‍ച്ചവ്യാധികൊണ്ടും അടുത്തുള്ളവന്‍ വാളുകൊണ്ടും അവശേഷിക്കുന്നവന്‍ ക്ഷാമംകൊണ്ടും മരിക്കും. ഇങ്ങനെ എന്‍റെ ക്രോധം അവരുടെമേല്‍ പൂര്‍ണമായി ചൊരിയും.

13 എല്ലാ കുന്നുകളിലും മലമുകളിലും എല്ലാ പച്ചമരത്തിന്‍കീഴിലും ഇലപ്പടര്‍പ്പുള്ള കരുവേലകമരത്തിന്‍കീഴിലും വിഗ്രഹങ്ങള്‍ക്കു സുഗന്ധദ്രവ്യങ്ങള്‍ അര്‍പ്പിച്ച എല്ലാ സ്ഥലങ്ങളിലും ബലിപീഠങ്ങളുടെ ചുറ്റും വിഗ്രഹങ്ങളുടെ ഇടയിലും വധിക്കപ്പെട്ടവരുടെ ശരീരങ്ങള്‍ ചിതറിക്കിടക്കുമ്പോള്‍ ഞാനാണു സര്‍വേശ്വരന്‍ എന്നു നിങ്ങള്‍ അറിയും.

14 ഞാന്‍ അവരുടെ നേരേ കൈ നീട്ടി മരുഭൂമിമുതല്‍ രിബ്ലാവരെയുള്ള അവരുടെ വാസസ്ഥലങ്ങളെല്ലാം ശൂന്യമാക്കും. അപ്പോള്‍ ഞാനാണ് സര്‍വേശ്വരനെന്ന് അവര്‍ ഗ്രഹിക്കും.”

7

1

എനിക്കു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി:

2 “മനുഷ്യപുത്രാ, സര്‍വേശ്വരനായ കര്‍ത്താവ് ഇസ്രായേല്‍ദേശത്തോട് അരുളിച്ചെയ്യുന്നു: ഇതാ അവസാനം; ദേശത്തിന്‍റെ മുഴുവന്‍ നാശം അടുത്തിരിക്കുന്നു.

3 ഇതാ, നിന്‍റെ അവസാനം അടുത്തിരിക്കുന്നു. നിന്‍റെമേല്‍ ഞാന്‍ എന്‍റെ ക്രോധം അഴിച്ചുവിടും. നിന്‍റെ പ്രവൃത്തികള്‍ക്ക് അനുസൃതമായി ഞാന്‍ നിന്നെ വിധിക്കും. നിന്‍റെ എല്ലാ മ്ലേച്ഛതകള്‍ക്കും തക്കവിധം ഞാന്‍ നിന്നെ ശിക്ഷിക്കും.

4 ഞാന്‍ നിന്നെ വെറുതെ വിടുകയില്ല. നിന്നോടു കരുണ കാട്ടുകയുമില്ല. നിന്‍റെ ദുര്‍നടത്തയ്‍ക്കും നിന്‍റെ മ്ലേച്ഛതകള്‍ക്കും ഒത്തവിധം ഞാന്‍ നിന്നെ ശിക്ഷിക്കും. ഞാനാണു സര്‍വേശ്വരന്‍ എന്നു നീ അപ്പോള്‍ ഗ്രഹിക്കും” എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.

5

സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “നാശത്തിനുമേല്‍ നാശം വന്നു ഭവിക്കും.

6 അവസാനം വന്നുചേര്‍ന്നിരിക്കുന്നു. ഇതാ, അത് അടുത്തെത്തിയിരിക്കുന്നു! അതു നിനക്കെതിരെ ഉണര്‍ന്ന് അടുത്തു വന്നിരിക്കുന്നു.

7 ദേശവാസികളേ, ഇതാ വിനാശം വന്നിരിക്കുന്നു. സമയമായി, നാശത്തിന്‍റെ നാള്‍ ആസന്നമായി. അതാ മലമുകളില്‍ ആര്‍പ്പുവിളി കേള്‍ക്കുന്നു. പക്ഷേ, അതു സന്തോഷത്തിന്‍റെ ആരവമല്ല.

8 ഇപ്പോള്‍ ഞാന്‍ എന്‍റെ ക്രോധം നിന്‍റെമേല്‍ പകരും. എന്‍റെ കോപം നിന്‍റെമേല്‍ ചൊരിഞ്ഞുതീര്‍ക്കും. നിന്‍റെ പ്രവൃത്തിക്കൊത്തവിധം വിധിക്കുകയും നിന്‍റെ എല്ലാ മ്ലേച്ഛതകള്‍ക്കും ഒത്തവിധം നിന്നെ ശിക്ഷിക്കുകയും ചെയ്യും.

9 ഞാന്‍ നിന്നെ വെറുതെ വിടുകയില്ല. നിന്നോടു കരുണ കാണിക്കുകയുമില്ല. നിന്നിലുള്ള മ്ലേച്ഛതകള്‍ക്കും പ്രവൃത്തികള്‍ക്കും അനുസൃതമായി ഞാന്‍ നിന്നെ ശിക്ഷിക്കും. സര്‍വേശ്വരനായ ഞാനാണു നിന്നെ ശിക്ഷിക്കുന്നതെന്ന് അപ്പോള്‍ നീ അറിയും.

10

ഇതാ, ആ ദിനം വന്നിരിക്കുന്നു! ഇതാ, അക്രമം പെരുകുന്നു. അഹങ്കാരം അതിന്‍റെ മൂര്‍ധന്യത്തിലെത്തിയിരിക്കുന്നു.

11 അക്രമം ദുഷ്ടതയുടെ വടിയായി വളര്‍ന്നിരിക്കുന്നു. അവരില്‍ ആരും അവശേഷിക്കുകയില്ല. അവരുടെ സമൃദ്ധിയോ ധനമോ പ്രതാപമോ ഒന്നും അവശേഷിക്കുകയില്ല.

12 സമയമായി; ദിവസം അടുത്തു. വാങ്ങുന്നവന്‍ സന്തോഷിക്കാതെയും വില്‍ക്കുന്നവന്‍ വിലപിക്കാതെയും ഇരിക്കട്ടെ. കാരണം, ദൈവകോപം എല്ലാവരുടെയുംമേല്‍ ഒരുപോലെ നിപതിക്കും.

13 ഇരുവരും ജീവിച്ചിരുന്നാലും വില്‍ക്കുന്നവനു താന്‍ വിറ്റതു തിരിച്ചുകിട്ടുകയില്ല. ദൈവകോപം സര്‍വജനത്തിന്‍റെയുംമേല്‍ നിപതിച്ചിരിക്കുന്നുവല്ലോ. അതു പിന്‍വാങ്ങുകയില്ല. തന്‍റെ അധര്‍മം നിമിത്തം അവരില്‍ ആരും ജീവനോടെ ശേഷിക്കുകയില്ല. അവര്‍ കാഹളം മുഴക്കി. എന്നാല്‍ എല്ലാവരുടെയുംമേല്‍ എന്‍റെ ക്രോധം നിപതിച്ചിരിക്കുകയാല്‍ ആരും യുദ്ധത്തിനു പോകുന്നില്ല.

14

[14,15] പുറത്തു വാള്‍ അകത്ത് പകര്‍ച്ചവ്യാധിയും ക്ഷാമവും; നഗരത്തിനു പുറത്തുള്ളവര്‍ വാളാല്‍ മരിക്കും. അകത്തുള്ളവര്‍ ക്ഷാമത്തിനും പകര്‍ച്ചവ്യാധിക്കും ഇരയാകും.

15

16 ഇവയെ അതിജീവിച്ചു രക്ഷപെടുന്നവര്‍ തങ്ങളുടെ അകൃത്യങ്ങളെക്കുറിച്ച് ഓര്‍ത്തു വിലപിച്ചുകൊണ്ടു താഴ്വരകളില്‍നിന്നു പറന്നുയരുന്ന പ്രാവുകളെപ്പോലെ പര്‍വതങ്ങളില്‍ അഭയം തേടും.

17 എല്ലാ കരങ്ങളും തളരും; എല്ലാ കാല്‍മുട്ടുകളും വിറയ്‍ക്കും.

18 അവര്‍ ചാക്കുതുണി ഉടുക്കും; കൊടുംഭീതി അവരെ മൂടും. എല്ലാ ശിരസ്സുകളും മുണ്ഡനം ചെയ്യപ്പെടും. അവര്‍ എല്ലാവരും ലജ്ജിതരാകും.

19 അവര്‍ വെള്ളി തെരുവീഥികളില്‍ വലിച്ചെറിയും, സ്വര്‍ണം അവര്‍ക്കു മലിനവസ്തുവായിത്തീരും. സര്‍വേശ്വരന്‍റെ കോപത്തിന്‍റെ ദിവസം പൊന്നിനും വെള്ളിക്കും അവരെ രക്ഷിക്കാന്‍ കഴിയുകയില്ല. അവയ്‍ക്ക് അവരുടെ വിശപ്പടക്കാനോ വയറു നിറയ്‍ക്കാനോ സാധ്യമല്ല. അവര്‍ക്കിടര്‍ച്ച വരുത്തിയത് അവയാണല്ലോ.

20 അവര്‍ മനോഹരമായ ആഭരണങ്ങള്‍കൊണ്ട് ഡംഭം കാട്ടി. അവകൊണ്ട് അവര്‍ മ്ലേച്ഛവിഗ്രഹങ്ങളും നിന്ദ്യബിംബങ്ങളും നിര്‍മിച്ചു. അതിനാല്‍ ഞാന്‍ അവ അവര്‍ക്ക് അശുദ്ധവസ്തുക്കളാക്കും.

21 അവ വിദേശികള്‍ കൊള്ളയടിക്കാനും അക്രമികള്‍ കവര്‍ച്ച ചെയ്യാനും ഞാന്‍ ഇടവരുത്തും.

22 അവര്‍ അവ അശുദ്ധമാക്കും. ഞാന്‍ എന്‍റെ മുഖം അവരില്‍നിന്നു തിരിക്കും; വിശുദ്ധസ്ഥലം അവര്‍ അശുദ്ധമാക്കും. കവര്‍ച്ചക്കാര്‍ പ്രവേശിച്ച് അവിടം മലിനവും ശൂന്യവുമാക്കും.

23

ദേശം കൊലപാതകംകൊണ്ടും നഗരം അക്രമംകൊണ്ടും നിറയും.

24 അതിനാല്‍ അവരുടെ വാസസ്ഥലങ്ങള്‍ കൈവശമാക്കാന്‍ ഏറ്റവും നീചരായ ജനതകളെ ഞാന്‍ കൊണ്ടുവരും. അവര്‍ അവരുടെ വിശുദ്ധസ്ഥലങ്ങള്‍ മലിനമാക്കും. ഞാന്‍ ബലവാന്മാരുടെ അഹന്ത അവസാനിപ്പിക്കും. കഠിനവേദന ഉണ്ടാകുമ്പോള്‍ അവര്‍ ശാന്തിതേടും; എന്നാല്‍ അത് അവര്‍ക്കു ലഭിക്കുകയില്ല. നാശത്തിന്മേല്‍ നാശം വന്നുചേരും;

25 [25,26] അശുഭവാര്‍ത്തകള്‍ക്കുമേല്‍ അശുഭവാര്‍ത്തകള്‍ പ്രചരിക്കും. പ്രവാചകന്മാരോട് അവര്‍ ദര്‍ശനം തേടും; എന്നാല്‍ പുരോഹിതന്മാര്‍ക്കു നിയമവും ജനപ്രമാണികള്‍ക്ക് ഉപദേശവും നല്‌കുവാനില്ല.

26

27 രാജാവ് വിലപിക്കും; രാജകുമാരന്‍ നിരാശനാകും. ദേശത്തെങ്ങും ജനങ്ങളുടെ കൈകള്‍ ഭയംകൊണ്ടു വിറയ്‍ക്കും; അവരുടെ പ്രവൃത്തികള്‍ക്കൊത്തവിധം ഞാനവരോടു പെരുമാറും. അവര്‍ വിധിക്കുന്നതുപോലെ ഞാന്‍ അവരെയും വിധിക്കും. ഞാനാണ് സര്‍വേശ്വരന്‍ എന്ന് അവര്‍ അറിയും.

8

1

ആറാം വര്‍ഷം ആറാം മാസം അഞ്ചാം ദിവസം യെഹൂദായിലെ ജനപ്രമാണികളോടുകൂടി ഞാന്‍ എന്‍റെ ഭവനത്തില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ സര്‍വേശ്വരനായ കര്‍ത്താവിന്‍റെ ശക്തി എന്‍റെമേല്‍ വന്നു. ഞാന്‍ നോക്കി.

2 അതാ, മനുഷ്യസദൃശമായ ഒരു രൂപം; അതിന്‍റെ അരക്കെട്ടിനു താഴെയുള്ള ഭാഗം അഗ്നിപോലെയിരുന്നു. അരക്കെട്ടിന്‍റെ മുകള്‍ഭാഗം മിനുക്കിയ ഓടുപോലെ ശോഭയുള്ളതായി കാണപ്പെട്ടു.

3 കൈപോലെ തോന്നിയ ഭാഗം നീട്ടി അയാള്‍ എന്‍റെ മുടിക്കു പിടിച്ചു; ദൈവാത്മാവ് എന്നെ ആകാശത്തിന്‍റെയും ഭൂമിയുടെയും മധ്യേ ഉയര്‍ത്തി ദിവ്യദര്‍ശനത്തില്‍ എന്നെ യെരൂശലേമിലേക്കു നയിച്ചു; അവിടെ അകത്തെ അങ്കണത്തിന്‍റെ വടക്കേ വാതില്‌ക്കല്‍ എന്നെ നിര്‍ത്തി. ദൈവത്തിന്‍റെ തീക്ഷ്ണത ജ്വലിപ്പിക്കുന്ന ബിംബത്തിന്‍റെ പീഠവും അവിടെ ഉണ്ടായിരുന്നു.

4 അതാ, ഇസ്രായേലിന്‍റെ ദൈവത്തിന്‍റെ തേജസ്സ്! അത് സമതലത്തില്‍വച്ചു ഞാന്‍ കണ്ട ദര്‍ശനത്തിലേതുപോലെ തന്നെ ആയിരുന്നു.

5

അവിടുന്ന് എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, നീ വടക്കോട്ടു നോക്കുക” ഞാന്‍ അവിടേക്കു നോക്കി. അതാ യാഗപീഠത്തിന്‍റെ വാതില്‌ക്കല്‍ വടക്കു ഭാഗത്തു ദൈവത്തിന്‍റെ തീക്ഷ്ണത ജ്വലിക്കുന്ന വിഗ്രഹം നില്‌ക്കുന്നു.

6 അവിടുന്ന് എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, അവര്‍ എന്താണ് ചെയ്യുന്നതെന്നു നീ കാണുന്നില്ലേ? ഞാന്‍ എന്‍റെ വിശുദ്ധമന്ദിരം വിട്ടുപോകാനായി ഇസ്രായേല്‍ജനം മഹാമ്ലേച്ഛതകള്‍ അവിടെ കാട്ടുന്നു. എന്നാല്‍ ഇതിലും വലിയ മ്ലേച്ഛതകള്‍ നീ കാണും.”

7 പിന്നീട് അവിടുന്ന് എന്നെ അങ്കണത്തിന്‍റെ വാതില്‌ക്കല്‍ കൊണ്ടുവന്നു. ഞാന്‍ അവിടെ ചുവരില്‍ ഒരു ദ്വാരം കണ്ടു.

8 “മനുഷ്യപുത്രാ, ചുവര്‍ കുത്തിത്തുറക്കുക” എന്ന് അവിടുന്ന് എന്നോടു കല്പിച്ചു; ഞാന്‍ ചുവര്‍ തുരന്നു. അതാ, ഒരു വാതില്‍!

9 “അകത്തു കടന്ന് അവര്‍ അവിടെ ചെയ്യുന്ന നികൃഷ്ടവും മ്ലേച്ഛവുമായ കൃതൃങ്ങള്‍ കാണുക” എന്ന് അവിടുന്ന് എന്നോടു കല്പിച്ചു.

10 അങ്ങനെ ഞാന്‍ അകത്തു ചെന്നു നോക്കി. അതാ, ഇസ്രായേല്‍ജനം ആരാധിക്കുന്ന വിഗ്രഹങ്ങളുടെയും എല്ലാവിധ ഇഴജന്തുക്കളുടെയും വെറുപ്പുളവാക്കുന്ന ജീവികളുടെയും ചിത്രങ്ങള്‍ ചുറ്റുമുള്ള ചുവരില്‍ ആലേഖനം ചെയ്തിരിക്കുന്നു.

11 ഇസ്രായേല്‍ഗോത്രങ്ങളിലെ എഴുപതു ജനപ്രമാണികളും അവരുടെ കൂടെ ശാഫാന്‍റെ മകനായ യയസന്യായും അവയുടെ മുമ്പില്‍ നില്‌ക്കുന്നു. ഓരോരുത്തരുടെയും കൈയില്‍ ഉണ്ടായിരുന്ന ധൂപകലശത്തില്‍നിന്നു സുഗന്ധധൂമം ഉയര്‍ന്നുകൊണ്ടിരുന്നു.

12 അവിടുന്ന് എന്നോടു ചോദിച്ചു: “ഇസ്രായേലിലെ ജനനേതാക്കള്‍ ഇരുട്ടത്തു വിഗ്രഹങ്ങള്‍ നിറഞ്ഞ മുറിയില്‍ ചെയ്യുന്നതെന്തെന്നു നീ കാണുന്നുണ്ടോ? സര്‍വേശ്വരന്‍ നമ്മെ കാണുന്നില്ല; അവിടുന്നു നമ്മുടെ ദേശം ഉപേക്ഷിച്ചിരിക്കുന്നു എന്നവര്‍ പറയുന്നു.

13 ഇതിലും വലിയ മ്ലേച്ഛതകള്‍ അവര്‍ ചെയ്യുന്നതു നീ കാണും” എന്ന് അവിടുന്ന് എന്നോട് അരുളിച്ചെയ്തു.

14

അവിടുന്ന് എന്നെ ദേവാലയത്തിന്‍റെ വടക്കേ കവാടത്തിന്‍റെ മുമ്പിലേക്കു കൊണ്ടുവന്നു. അവിടെ തമ്മൂസിനെ ചൊല്ലി സ്‍ത്രീകള്‍ വിലപിക്കുന്നുണ്ടായിരുന്നു.

15 “മനുഷ്യപുത്രാ നീ ഇതു കാണുന്നുവോ? ഇതിലും വലിയ മ്ലേച്ഛതകള്‍ നീ കാണും” എന്ന് അവിടുന്നു പറഞ്ഞു.

16

പിന്നീട് അവിടുന്നെന്നെ ദേവാലയത്തിന്‍റെ അകത്തെ അങ്കണത്തില്‍ കൊണ്ടുവന്നു. അവിടെ ദേവാലയത്തിന്‍റെ പൂമുഖത്തിനും യാഗപീഠത്തിനും മധ്യേ ഇരുപത്തഞ്ചു പുരുഷന്മാര്‍ ദേവാലയത്തിനു പുറം തിരിഞ്ഞു കിഴക്കോട്ടു നോക്കി നിന്നിരുന്നു. അവര്‍ സാഷ്ടാംഗം വീണു സൂര്യനെ ആരാധിക്കുകയായിരുന്നു. പിന്നീട് അവിടുന്ന് എന്നോടരുളിച്ചെയ്തു:

17 “മനുഷ്യപുത്രാ, നീ ഇതു കാണുന്നുവോ? യെഹൂദായിലെ ജനം ഇവിടെ കാട്ടിക്കൂട്ടുന്ന മ്ലേച്ഛതകള്‍ അത്ര നിസ്സാരമാണോ? അവര്‍ ദേശം അക്രമങ്ങള്‍കൊണ്ടു നിറച്ചു; എന്‍റെ രോഷം വീണ്ടും ഉണര്‍ത്തി. കണ്ടില്ലേ അവര്‍ എന്നെ എത്ര അധികം അധിക്ഷേപിക്കുന്നു?

18 അതുകൊണ്ട് ഞാന്‍ അവരെ ക്രോധത്തോടെ നേരിടും; അവരെ വെറുതെ വിടുകയില്ല. അവരോടു കരുണ കാണിക്കയുമില്ല. അവര്‍ എത്ര ഉറക്കെ എന്നോടു നിലവിളിച്ചാലും ഞാന്‍ കേള്‍ക്കയില്ല.”

9

1

അവിടുന്ന് ഉച്ചത്തില്‍ വിളിച്ചുപറയുന്നതു ഞാന്‍ കേട്ടു. “നഗരത്തെ ശിക്ഷിക്കുന്നവരേ, സംഹാരായുധങ്ങളുമായി എന്‍റെ അടുത്തു വരുവിന്‍.”

2 അപ്പോള്‍ ആറു പേര്‍ മാരകായുധങ്ങളുമായി ഉത്തരദിക്കിലേക്കുള്ള മുകളിലത്തെ കവാടം വഴിയായി വന്നു. അവരുടെകൂടെ ചണവസ്ത്രം ധരിച്ച ഒരാള്‍ ഉണ്ടായിരുന്നു. എഴുത്തുസാമഗ്രികള്‍ സൂക്ഷിച്ചിരുന്ന ഒരു സഞ്ചിയും അയാള്‍ പാര്‍ശ്വത്തില്‍ വഹിച്ചിരുന്നു. അവര്‍ ഓടുകൊണ്ടു നിര്‍മിച്ച യാഗപീഠത്തിന്‍റെ മുമ്പില്‍ച്ചെന്നു നിന്നു.

3

ഇസ്രായേലിന്‍റെ ദൈവത്തിന്‍റെ തേജസ്സ് കെരൂബുകളില്‍നിന്നു പുറപ്പെട്ട് ആലയത്തിന്‍റെ വാതില്‍പ്പടിക്കലെത്തി. എഴുത്തു സാമഗ്രികളുമായി നിന്ന ചണവസ്ത്രധാരിയെ അവിടുന്നു വിളിച്ചു.

4 സര്‍വേശ്വരന്‍ അവനോടു കല്പിച്ചു: “നീ യെരൂശലേംനഗരത്തിലൂടെ നടന്ന് അവിടെ നടമാടുന്ന മ്ലേച്ഛതകളെക്കുറിച്ചു നെടുവീര്‍പ്പിടുകയും കരയുകയും ചെയ്യുന്നവരുടെ നെറ്റിയില്‍ ഒരു അടയാളമിടുക.”

5 മറ്റുള്ളവരോടു ഞാന്‍ കേള്‍ക്കെ അവിടുന്ന് ആജ്ഞാപിച്ചു: “അവന്‍റെ പിന്നാലെ നിങ്ങള്‍ ചെന്നു സംഹാരം തുടങ്ങുവിന്‍. ആരെയും വെറുതെ വിടരുത്. ആരോടും കരുണ കാണിക്കയും അരുത്.

6 വൃദ്ധജനങ്ങളെയും യുവാക്കളെയും യുവതികളെയും ശിശുക്കളെയും സ്‍ത്രീകളെയും വധിക്കുവിന്‍. എന്നാല്‍ നെറ്റിയില്‍ അടയാളമുള്ള ആരെയും തൊടരുത്. എന്‍റെ വിശുദ്ധമന്ദിരത്തില്‍ നിന്നുതന്നെ ഇത് ആരംഭിക്കുവിന്‍. “അങ്ങനെ അവര്‍ ദേവാലയത്തിനു മുമ്പിലുണ്ടായിരുന്ന ജനപ്രമാണികളുടെ ഇടയില്‍നിന്നു സംഹാരം ആരംഭിച്ചു. അവിടുന്ന് അവരോടു പറഞ്ഞു:

7 “ഈ മന്ദിരത്തെ അശുദ്ധമാക്കുവിന്‍. ഇതിന്‍റെ അങ്കണത്തെ മൃതശരീരങ്ങള്‍കൊണ്ടു നിറയ്‍ക്കുവിന്‍. അങ്ങനെ മുമ്പോട്ടു നീങ്ങുവിന്‍.” അവര്‍ അങ്ങനെ നഗരത്തില്‍ സംഹാരം നടത്തി മുന്നേറി.

8 അവര്‍ സംഹാരം തുടരുകയും ഞാന്‍ മാത്രം ശേഷിക്കുകയും ചെയ്തപ്പോള്‍ ഞാന്‍ സാഷ്ടാംഗം വീണു നിലവിളിച്ചു. “സര്‍വേശ്വരനായ കര്‍ത്താവേ, അവിടുത്തെ ക്രോധം യെരൂശലേമിന്മേല്‍ ചൊരിയുമ്പോള്‍ ഇസ്രായേല്യരില്‍ അവശേഷിക്കുന്നവരെയെല്ലാം അവിടുന്ന് ഒന്നൊഴിയാതെ നശിപ്പിക്കുമോ?”

9 അപ്പോള്‍ അവിടുന്ന് എന്നോട് അരുളിച്ചെയ്തു: “ഇസ്രായേലിന്‍റെയും യെഹൂദായുടെയും അകൃത്യം അളവറ്റതാണ്. ദേശമാകമാനം രക്തപാതകവും അനീതിയുംകൊണ്ടു നിറഞ്ഞിരിക്കുന്നു. അവര്‍ പറയുന്നു: ‘സര്‍വേശ്വരന്‍ ഈ ദേശത്തെ ഉപേക്ഷിച്ചിരിക്കുന്നു; അവിടുന്ന് ഇതു കാണുന്നില്ല.’

10 എന്നാല്‍ ഞാന്‍ അവരെ വെറുതെ വിടുകയില്ല. അവരോടു കരുണ കാണിക്കുകയുമില്ല; അവരുടെ പ്രവൃത്തികള്‍ക്കു തക്ക ശിക്ഷ ഞാന്‍ നല്‌കും.”

11

പാര്‍ശ്വത്തില്‍ എഴുത്തുസാമഗ്രികളുള്ള ചണവസ്ത്രധാരി തിരിച്ചുവന്നു. “അങ്ങയുടെ കല്പന ഞാന്‍ നിറവേറ്റി” എന്ന് അറിയിച്ചു.

10

1

ഞാന്‍ നോക്കിയപ്പോള്‍, കെരൂബുകളുടെ മീതെയുള്ള വിതാനത്തില്‍ ഇന്ദ്രനീല നിര്‍മിതമായ സിംഹാസനംപോലെ ഏതോ ഒന്നു കാണപ്പെട്ടു.

2 ചണവസ്ത്രധാരിയോട് അവിടുന്ന് കല്പിച്ചു: “നീ പോയി കെരൂബുകളുടെ കീഴില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ചക്രങ്ങളുടെ ഇടയില്‍നിന്നു ജ്വലിക്കുന്ന തീക്കനല്‍ കൈ നിറയെ വാരിയെടുത്തു നഗരത്തിനു മീതെ വിതറുക.” ഞാന്‍ നോക്കിനില്‌ക്കെ അയാള്‍ പോയി.

3 അയാള്‍ ഉള്ളില്‍ കടന്നപ്പോള്‍ കെരൂബുകള്‍ ദേവാലയത്തിന്‍റെ തെക്കുവശത്തു നില്‌ക്കുകയായിരുന്നു. ഒരു മേഘം അകത്തെ അങ്കണത്തില്‍ നിറഞ്ഞുനിന്നു.

4 സര്‍വേശ്വരന്‍റെ തേജസ്സ് കെരൂബുകളില്‍ നിന്നു പൊങ്ങി ആലയത്തിന്‍റെ പടിവാതില്‌ക്കലെത്തി. ആലയം മേഘത്താല്‍ നിറഞ്ഞു. സര്‍വേശ്വരന്‍റെ തേജസ്സിന്‍റെ ശോഭ അങ്കണത്തില്‍ നിറഞ്ഞുനിന്നു.

5 കെരൂബുകളുടെ ചിറകടിശബ്ദം പുറത്തെ അങ്കണംവരെ കേള്‍ക്കാമായിരുന്നു. അതു സര്‍വശക്തനായ ദൈവം അരുളിച്ചെയ്യുമ്പോഴുള്ള സ്വരംപോലെയായിരുന്നു.

6

അവിടുന്നു ചണവസ്ത്രധാരിയോടു കറങ്ങിക്കൊണ്ടിരിക്കുന്ന ചക്രങ്ങളുടെ ഇടയില്‍ നിന്നു, കെരൂബുകളുടെ മധ്യത്തില്‍ നിന്നു തന്നെ, തീക്കനല്‍ എടുക്കാന്‍ ആജ്ഞാപിച്ചപ്പോള്‍ അയാള്‍ അകത്തുകടന്നു ചക്രത്തിനു സമീപം നിന്നു.

7 ഒരു കെരൂബ് കെരൂബുകള്‍ക്കിടയിലുള്ള അഗ്നിയിലേക്കു കൈ നീട്ടി, അതില്‍ കുറെ എടുത്തു ചണവസ്ത്രധാരിയുടെ കൈയില്‍ കൊടുത്തു. അയാള്‍ അതു വാങ്ങി വെളിയിലേക്കു പോയി.

8 കെരൂബുകളുടെ ചിറകിന്‍കീഴില്‍ മനുഷ്യകരം പോലെ ഏതോ ഒന്നു പ്രത്യക്ഷമായി.

9

കെരൂബുകള്‍ക്കു സമീപം നാലു ചക്രങ്ങള്‍ ഞാന്‍ കണ്ടു. ഓരോ കെരൂബിന്‍റെയും അടുത്ത് ഓരോ ചക്രം. മിന്നിത്തിളങ്ങുന്ന ഗോമേദകംപോലെ അവ ശോഭിച്ചിരുന്നു.

10 അവ നാലിനും ഒരേ ആകൃതി ആയിരുന്നു. ഒരു ചക്രം മറ്റൊന്നിന്‍റെ ഉള്ളിലെന്നപോലെ കാണപ്പെട്ടു. ഇടംവലം തിരിയാതെ അവയ്‍ക്ക് ഏതൊരു ദിക്കിലേക്കും പോകാന്‍ കഴിയുമായിരുന്നു.

11 മുന്‍ചക്രം ഏതു ദിക്കിലേക്കു തിരിയുന്നുവോ, അവിടേക്കു മറ്റുള്ള ചക്രങ്ങള്‍ ഇടംവലം തിരിയാതെ അനുഗമിക്കുമായിരുന്നു.

12 കെരൂബുകളുടെ ദേഹമാകെ പുറത്തും കൈകളിലും ചിറകുകളിലും ചക്രങ്ങളിലും കണ്ണുകള്‍ ഉണ്ടായിരുന്നു.

13 ആ ചക്രങ്ങളെ ചുഴലിച്ചക്രങ്ങള്‍ എന്നു വിളിക്കുന്നതു ഞാന്‍ കേട്ടു.

14 കെരൂബുകള്‍ക്കോരോന്നിനും നാലു മുഖങ്ങള്‍ ഉണ്ടായിരുന്നു; ഒന്നാമത്തേതു കാളയുടെ മുഖവും രണ്ടാമത്തേതു മനുഷ്യമുഖവും മൂന്നാമത്തേതു സിംഹത്തിന്‍റെ മുഖവും നാലാമത്തേതു കഴുകന്‍റെ മുഖവുംപോലെ ആയിരുന്നു.

15

കെരൂബുകള്‍ മുകളിലേക്ക് ഉയര്‍ന്നു. കെബാര്‍നദീതീരത്തുവച്ചു ഞാന്‍ കണ്ട ജീവികള്‍തന്നെ ആയിരുന്നു അവ.

16 കെരൂബുകള്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ ചക്രങ്ങള്‍ അവയുടെ പിന്നാലെ ചെന്നു; ഭൂമിയില്‍നിന്നു മുകളിലേക്കുയരാന്‍ കെരൂബുകള്‍ ചിറകുകള്‍ വിടര്‍ത്തിയപ്പോള്‍ അവയുടെ വശങ്ങളില്‍നിന്നു ചക്രങ്ങള്‍ വേര്‍പെട്ടില്ല.

17 ജീവികള്‍ നിശ്ചലമായപ്പോള്‍ ചക്രങ്ങളും നിശ്ചലമായി. ഭൂമിയില്‍നിന്ന് ഉയര്‍ന്നപ്പോള്‍ അവയും ഉയര്‍ന്നു. കാരണം ജീവികളുടെ ആത്മാവ് ആ ചക്രങ്ങളിലാണു കുടികൊണ്ടിരുന്നത്.

18

സര്‍വേശ്വരന്‍റെ തേജസ്സ് ദേവാലയത്തിന്‍റെ പടിവാതിലില്‍നിന്നു പുറപ്പെട്ടു കെരൂബുകളുടെമീതെ ചെന്നു നിന്നു.

19 കെരൂബുകള്‍ ചിറകു വിടര്‍ത്തി ഭൂമിയില്‍നിന്നു മുകളിലേക്ക് ഉയരുന്നതു ഞാന്‍ കണ്ടു. ചക്രങ്ങളും അവയുടെ കൂടെയുണ്ടായിരുന്നു. ദേവാലയത്തിന്‍റെ കിഴക്കേ കവാടത്തില്‍ ചെന്ന് അവ നിന്നു. ഇസ്രായേലിന്‍റെ ദൈവത്തിന്‍റെ തേജസ്സ് അവയുടെ മുകളില്‍ നിലകൊണ്ടിരുന്നു.

20 കെബാര്‍ നദീതീരത്ത് ഇസ്രായേലിന്‍റെ ദൈവത്തിന്‍റെ കീഴില്‍ ഞാന്‍ കണ്ട അതേ ജീവികളായിരുന്നു ഇവ. ഈ ജീവികള്‍ കെരൂബുകള്‍ ആയിരുന്നു എന്നു ഞാന്‍ മനസ്സിലാക്കി.

21 ഓരോന്നിനും നാലു മുഖങ്ങളും നാലു ചിറകുകളും ചിറകുകളുടെ കീഴ്ഭാഗത്തിനു മനുഷ്യകരങ്ങള്‍ പോലെയുള്ള രൂപവും ഉണ്ടായിരുന്നു.

22 കെബാര്‍നദീതീരത്തുവച്ചു ഞാന്‍ കണ്ട ജീവികളുടെ മുഖംപോലെ തന്നെ ആയിരുന്നു അവയുടെ മുഖങ്ങള്‍. അവ ഓരോന്നും നേരെ മുമ്പോട്ടു പോയി.

11

1

ദൈവാത്മാവ് എന്നെ എടുത്തു ദേവാലയത്തിന്‍റെ കിഴക്കേ പടിവാതില്‌ക്കല്‍ കൊണ്ടുവന്നു. അവിടെ ഇരുപത്തഞ്ചുപേര്‍ നില്‌ക്കുന്നതു ഞാന്‍ കണ്ടു. അവരുടെ ഇടയില്‍ ജനപ്രഭുക്കളായ അസ്സൂരിന്‍റെ മകന്‍ യയസന്യായെയും ബെനായായുടെ മകന്‍ പെലത്യായെയും ഞാന്‍ കണ്ടു. അവിടുന്ന് എന്നോട് അരുളിച്ചെയ്തു:

2 “മനുഷ്യപുത്രാ, ഇവരാണു നഗരത്തില്‍ ദുഷ്കൃത്യങ്ങള്‍ ആസൂത്രണം ചെയ്യുകയും ജനത്തിനു ദുരുപദേശം നല്‌കുകയും ചെയ്യുന്നത്.

3 വീടുകള്‍ പണിയാന്‍ കാലമായിട്ടില്ല; ഈ നഗരം പാചകപാത്രവും നാം മാംസവും ആകുന്നു എന്ന് അവര്‍ പറയുന്നു.

4 അതുകൊണ്ട് മനുഷ്യപുത്രാ, അവര്‍ക്കെതിരെ പ്രവചിക്കുക.”

5

അപ്പോള്‍ സര്‍വേശ്വരന്‍റെ ആത്മാവ് എന്‍റെമേല്‍ വന്നു; എന്നോട് കല്പിച്ചു; സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു എന്നു പറയുക: “ഇസ്രായേല്‍ജനമേ, നിങ്ങള്‍ പറയുന്നതും നിങ്ങളുടെ വിചാരങ്ങളും ഞാന്‍ നന്നായി അറിയുന്നു.

6 നിങ്ങള്‍ അസംഖ്യം ആളുകളെ ഈ നഗരത്തില്‍വച്ചു വധിച്ചു. മൃതശരീരങ്ങള്‍കൊണ്ട് നഗരവീഥികള്‍ നിറച്ചു.

7 അതുകൊണ്ട് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “നിങ്ങള്‍ നഗരമധ്യത്തില്‍ വധിച്ചവരുടെ മൃതശരീരങ്ങളാണു മാംസം; ഈ നഗരം പാചകപാത്രവും; എന്നാല്‍ ഞാന്‍ നിങ്ങളെ നഗരത്തിനു പുറത്തുകൊണ്ടുവരും.

8 നിങ്ങള്‍ വാളിനെ ഭയന്നു; നിങ്ങളുടെമേല്‍ ഞാന്‍ വാള്‍ വരുത്തും. ഇതു സര്‍വേശ്വരനായ കര്‍ത്താവിന്‍റെ വചനം.

9 നഗരമധ്യത്തില്‍നിന്നു നിങ്ങളെ ഞാന്‍ പുറത്തുകൊണ്ടുവന്നു വിദേശികളുടെ കൈയില്‍ ഏല്പിക്കും. അങ്ങനെ ഞാന്‍ നിങ്ങളുടെമേല്‍ ന്യായവിധി നടത്തും.

10 ഇസ്രായേലിന്‍റെ അതിര്‍ത്തിയില്‍ വച്ചു തന്നെ നിങ്ങള്‍ വിധിക്കപ്പെടും. അങ്ങനെ ഞാനാണ് സര്‍വേശ്വരന്‍ എന്ന് എല്ലാവരും അറിയും.

11 ഈ നഗരം നിങ്ങള്‍ക്കു പാചകപാത്രമോ നിങ്ങള്‍ അതിനകത്തു മാംസമോ ആയിരിക്കുകയില്ല. ഇസ്രായേലിന്‍റെ അതിര്‍ത്തിയില്‍ വച്ചുതന്നെ ഞാന്‍ നിങ്ങളെ ന്യായം വിധിക്കും.

12 അങ്ങനെ ഞാനാണു സര്‍വേശ്വരനെന്നു നിങ്ങള്‍ അറിയും. എന്‍റെ കല്പനകള്‍ അനുസരിച്ചു നിങ്ങള്‍ നടന്നില്ല; എന്‍റെ പ്രമാണങ്ങള്‍ നിങ്ങള്‍ പാലിച്ചതുമില്ല. എന്നാല്‍ ചുറ്റുമുള്ള ജനതകളുടെ പ്രമാണങ്ങള്‍ അനുസരിച്ചു നിങ്ങള്‍ ജീവിച്ചു.”

13

ഞാന്‍ പ്രവചിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ബെനായായുടെ മകനായ പെലത്യാ മരിച്ചു. അപ്പോള്‍ ഞാന്‍ സാഷ്ടാംഗം വീണ് ഉറക്കെ നിലവിളിച്ചു. “സര്‍വേശ്വരനായ കര്‍ത്താവേ, അവിടുന്ന് ഇസ്രായേലില്‍ അവശേഷിച്ചിരിക്കുന്നവരെ നിശ്ശേഷം നശിപ്പിക്കുമോ?”

14

സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി:

15 “മനുഷ്യപുത്രാ, സര്‍വേശ്വരനോട് അകന്നു നില്‌ക്കുക. യെരൂശലേംനിവാസികള്‍ നിന്‍റെ സഹോദരരോടും സഹപ്രവാസികളോടും സര്‍വ ഇസ്രായേല്‍ജനത്തോടും ഞങ്ങള്‍ക്കാണ് ഈ ദേശം അവകാശപ്പെട്ടിരിക്കുന്നത് എന്ന് പറഞ്ഞല്ലോ.

16 അതുകൊണ്ടു നീ അവരോടു പറയുക: സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ അവരെ ദൂരെയുള്ള ജനതകളുടെ ഇടയിലേക്ക് അകറ്റിക്കളയുകയും രാജ്യങ്ങളുടെ ഇടയില്‍ ചിതറിച്ചുകളയുകയും ചെയ്തു. എങ്കിലും കുറെക്കാലത്തേക്ക് അവര്‍ പോയിരിക്കുന്ന രാജ്യങ്ങളില്‍ ഞാന്‍ അവരോടൊത്തു വസിക്കും.

17 അതുകൊണ്ടു നീ പറയുക: “സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. വിജാതീയരുടെ ഇടയില്‍നിന്നു നിങ്ങളെ ഞാന്‍ ഒന്നിച്ചുകൂട്ടും. ചിതറിപ്പാര്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നു നിങ്ങളെ കൂട്ടിച്ചേര്‍ക്കും. ഇസ്രായേല്‍ദേശം ഞാന്‍ നിങ്ങള്‍ക്കു തിരിച്ചു നല്‌കും.

18 അവര്‍ അവിടെ തിരിച്ചുവരുമ്പോള്‍ അവിടെ കാണുന്ന എല്ലാ നിന്ദ്യവസ്തുക്കളും മ്ലേച്ഛതകളും അവിടെ നിന്നു നീക്കിക്കളയും.

19 അവര്‍ക്ക് ഞാനൊരു പുതിയ ഹൃദയം നല്‌കും. ഒരു പുതിയ ചൈതന്യം ഞാന്‍ അവരില്‍ നിക്ഷേപിക്കും. ഞാന്‍ അവരുടെ ശിലാഹൃദയം നീക്കി മാംസഹൃദയം നല്‌കും. അങ്ങനെ അവര്‍ എന്‍റെ കല്പന അനുസരിച്ചു ജീവിക്കുകയും എന്‍റെ നിയമം പാലിക്കുകയും ചെയ്യും.

20 അവര്‍ എന്‍റെ ജനവും ഞാന്‍ അവരുടെ ദൈവവും ആയിരിക്കും.

21 എന്നാല്‍ നിന്ദ്യവസ്തുക്കളിലും മ്ലേച്ഛതകളിലും ഹൃദയം അര്‍പ്പിച്ചിരിക്കുന്നവരെ അവരുടെ പ്രവൃത്തികള്‍ക്കൊത്തവിധം ഞാന്‍ ശിക്ഷിക്കും എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

22

പിന്നീട് കെരൂബുകള്‍ ചിറകുകള്‍ ഉയര്‍ത്തി, പാര്‍ശ്വങ്ങളിലുള്ള ചക്രങ്ങളും ഉയര്‍ന്നു. ഇസ്രായേലിലെ ദൈവത്തിന്‍റെ തേജസ്സ് അവയ്‍ക്കുമീതെ ഉണ്ടായിരുന്നു.

23 സര്‍വേശ്വരന്‍റെ തേജസ്സ് നഗരമധ്യത്തില്‍ നിന്നുയര്‍ന്നു നഗരത്തിനു കിഴക്കുള്ള മലമുകളില്‍ ചെന്നുനിന്നു.

24 ദൈവാത്മാവ് എന്നെ ഉയര്‍ത്തി ബാബിലോണിലുള്ള പ്രവാസികളുടെ അടുത്തേക്കു മടക്കിക്കൊണ്ടുപോയതായി ഞാന്‍ ദര്‍ശനത്തില്‍ കണ്ടു. ഞാന്‍ കണ്ട ദര്‍ശനം അപ്രത്യക്ഷമായി.

25 സര്‍വേശ്വരന്‍ എനിക്കു കാണിച്ചുതന്നതെല്ലാം ഞാന്‍ പ്രവാസികളോടു പറഞ്ഞു.

12

1

സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി:

2 “മനുഷ്യപുത്രാ, നീ ധിക്കാരികളായ ജനത്തിന്‍റെ നടുവില്‍ പാര്‍ക്കുന്നു; അവര്‍ കണ്ണുണ്ടെങ്കിലും കാണുന്നില്ല; കാതുണ്ടെങ്കിലും കേള്‍ക്കുന്നില്ല; അവര്‍ മത്സരബുദ്ധികളാണല്ലോ.

3 അതുകൊണ്ടു, മനുഷ്യപുത്രാ, പ്രവാസത്തിനുവേണ്ട കെട്ടും ഭാണ്ഡവും ഒരുക്കി അവര്‍ കാണ്‍കെ പകല്‍ സമയത്തുതന്നെ പുറപ്പെടുക. അവര്‍ കാണ്‍കെ, നീ സ്വന്തം സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു പ്രവാസിയെപ്പോലെ പോകണം. അവര്‍ ധിക്കാരികളായ ജനമാണെങ്കിലും ഒരുവേള ഇതിന്‍റെ പൊരുള്‍ മനസ്സിലാക്കിയേക്കാം.

4 പ്രവാസത്തിനുവേണ്ടി എന്നതുപോലെ നിന്‍റെ കെട്ടും ഭാണ്ഡവും പകല്‍സമയത്ത് അവര്‍ കാണ്‍കെ പുറത്തുകൊണ്ടുവരിക. വൈകുന്നേരം അവര്‍ കാണ്‍കെ പ്രവാസത്തിനു പുറപ്പെടുന്നവരെപ്പോലെ നീ പുറപ്പെടണം.

5 അവര്‍ കാണ്‍കെ ചുവരില്‍ ഒരു ദ്വാരമുണ്ടാക്കി അതിലൂടെ പുറത്തു കടക്കണം.

6 അവര്‍ നോക്കിനില്‌ക്കെ ഭാണ്ഡം തോളിലേറ്റി ഇരുട്ടത്തു പുറത്തു കടക്കുക; ദേശം കാണാതിരിക്കത്തക്കവിധം നിന്‍റെ മുഖം മൂടണം. എന്തെന്നാല്‍ നീ ചെയ്യുന്നത് ഇസ്രായേല്‍ജനത്തിന് ഒരു മുന്നറിയിപ്പായിരിക്കും.

7

എന്നോടു കല്പിച്ചതുപോലെയെല്ലാം ഞാന്‍ ചെയ്തു; പ്രവാസത്തിനുള്ള ഭാണ്ഡം എന്നപോലെ ഞാന്‍ പകല്‍സമയത്ത് എന്‍റെ കെട്ടും ഭാണ്ഡവും കൊണ്ടുപോന്നു. വൈകുന്നേരം എന്‍റെ കൈകൊണ്ടു തന്നെ ചുവരുതുരന്നു തോളിലേറ്റിയ ഭാണ്ഡവുമായി അവര്‍ കാണ്‍കെ ഞാന്‍ ഇരുട്ടത്തു പുറപ്പെട്ടു.

8

പ്രഭാതത്തില്‍ സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു:

9 “മനുഷ്യപുത്രാ, നീ എന്താണു ചെയ്യുന്നതെന്നു ധിക്കാരികളായ ഇസ്രായേല്‍ജനം ചോദിച്ചില്ലേ?

10 ഈ അരുളപ്പാട് യെരൂശലേമിലെ രാജാവിനെയും അവിടെയുള്ള എല്ലാ ഇസ്രായേല്‍ജനത്തെയും സംബന്ധിച്ചുള്ളതാണെന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്ന് അവരോടു പറയുക.

11 നീ ചെയ്തത് അവര്‍ക്ക് ഒരു അടയാളമാകുന്നു എന്ന് അവരോടു പറയുക; നീ ചെയ്തതുപോലെ അവര്‍ക്കു ഭവിക്കും; അവര്‍ ബന്ദികളായി പ്രവാസത്തിലേക്കു പോകേണ്ടിവരും.

12 അവരുടെ രാജാവ് ഭാണ്ഡം തോളിലേറ്റി ഇരുട്ടത്തു പുറപ്പെടും; അവര്‍ ചുവരു തുരന്നു പുറത്തു കടക്കും; ദേശം കാണാതിരിക്കാന്‍ അവര്‍ മുഖം മൂടും.

13 ഞാന്‍ വല വീശി അവനെ കെണിയില്‍ കുടുക്കും; ഞാന്‍ അവനെ ബാബിലോണിലേക്കു കൊണ്ടുപോകും; പക്ഷേ ആ ദേശം കാണാതെ അവന്‍ മരണമടയും.

14 അവന്‍റെ ചുറ്റുമുള്ള എല്ലാവരെയും അവന്‍റെ സഹായികളെയും സൈന്യത്തെയും ഞാന്‍ എല്ലാ ദിക്കിലേക്കും ചിതറിക്കും. ഊരിയ വാളുമായി ഞാന്‍ അവരെ പിന്തുടരും.

15 ഞാന്‍ അവരെ ജനതകളുടെ ഇടയിലേക്കും വിവിധ രാജ്യങ്ങളിലേക്കും ചിതറിക്കുമ്പോള്‍ ഞാനാണു സര്‍വേശ്വരനെന്ന് അവര്‍ അറിയും.

16 അവര്‍ പോകുന്ന ജനതകളുടെ ഇടയില്‍ തങ്ങളുടെ മ്ലേച്ഛതകള്‍ ഏറ്റുപറയാന്‍വേണ്ടി അവരില്‍ ഏതാനും പേരെ വാളില്‍നിന്നും ക്ഷാമത്തില്‍നിന്നും പകര്‍ച്ചവ്യാധിയില്‍നിന്നും ഞാന്‍ രക്ഷിക്കും. ഞാനാണ് സര്‍വേശ്വരന്‍ എന്ന് അപ്പോള്‍ അവര്‍ അറിയും.

17

സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു:

18 “മനുഷ്യപുത്രാ, വിറയലോടെ അപ്പം ഭക്ഷിക്കുക; സംഭ്രമത്തോടെ വെള്ളം കുടിക്കുക.”

19 ആ ദേശത്തെ ജനത്തോടു പറയുക: ഇസ്രായേല്‍ ദേശത്തുള്ള യെരൂശലേംനിവാസികളെപ്പറ്റി സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “അവര്‍ ഭയത്തോടെ അപ്പം ഭക്ഷിക്കുകയും സംഭ്രമത്തോടെ വെള്ളം കുടിക്കുകയും ചെയ്യും. എന്തെന്നാല്‍ അതിലെ നിവാസികളുടെ അക്രമം നിമിത്തം അവരുടെ ദേശത്തുനിന്നു സര്‍വസ്വവും അപഹരിക്കപ്പെടും.

20 ജനനിബിഡമായ നഗരങ്ങള്‍ ശൂന്യമാകും; ദേശം നിര്‍ജനമാകുകയും ചെയ്യും. അങ്ങനെ ഞാനാണു സര്‍വേശ്വരനെന്നു നിങ്ങള്‍ ഗ്രഹിക്കും.”

21

സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി:

22 “മനുഷ്യപുത്രാ, നാളുകള്‍ നീണ്ടുപോകുന്നു, ഒരു ദര്‍ശനവും സഫലമാകുന്നില്ല എന്ന് ഇസ്രായേല്‍ദേശത്തെ സംബന്ധിച്ചുള്ള പഴമൊഴിയുടെ അര്‍ഥം എന്ത്?

23 അവരോടു പറയുക; സര്‍വേശ്വരനായ കര്‍ത്താവ് പറയുന്നു: ഞാന്‍ ഈ പഴഞ്ചൊല്ല് അവസാനിപ്പിക്കും; ഇസ്രായേലില്‍ ഇനിമേല്‍ ഇതാരും ആവര്‍ത്തിക്കുകയില്ല; എന്തെന്നാല്‍ കാലം സമീപിച്ചിരിക്കുന്നു. എല്ലാ ദര്‍ശനങ്ങളും നിവൃത്തിയാകാന്‍ പോകുന്നു.

24 കാരണം ഇസ്രായേലില്‍ ഇനിമേല്‍ മിഥ്യാദര്‍ശനമോ, വ്യാജപ്രവചനമോ ഉണ്ടാവുകയില്ല.

25 സര്‍വേശ്വരനായ ഞാന്‍ ഇച്ഛിക്കുന്നതു പറയും. ഞാന്‍ പറയുന്നതു നിറവേറ്റും. അതിന് ഇനി കാലതാമസം ഉണ്ടാവുകയില്ല. ധിക്കാരികളേ, നിങ്ങളുടെ കാലത്തുതന്നെ അതു നിറവേറ്റും എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.”

26

വീണ്ടും അവിടുത്തെ അരുളപ്പാട് എനിക്കുണ്ടായി:

27 മനുഷ്യപുത്രാ, ഇതാ, ഇസ്രായേല്‍ജനം; നീ കാണുന്ന ദര്‍ശനവും പ്രവചനവും വിദൂരഭാവിയെക്കുറിച്ചുള്ളതാണെന്നു പറയുന്നു.

28 അതുകൊണ്ട് അവരോടു പറയുക; എന്‍റെ ഒരു പ്രവചനവും നിറവേറാന്‍ ഇനി വൈകുകയില്ല; ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ നിറവേറുക തന്നെ ചെയ്യും” എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

13

1

സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി:

2 “മനുഷ്യപുത്രാ, ഇസ്രായേലിലെ പ്രവാചകന്മാര്‍ക്കെതിരെ നീ പ്രവചിക്കുക. തങ്ങളുടെ മനോഗതം അനുസരിച്ചു പ്രവചിക്കുന്നവരോടു പറയുക.

3 സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ദര്‍ശനം ലഭിക്കാതെ സ്വന്തം മനസ്സിന്‍റെ പ്രേരണകളെ പിന്തുടരുന്ന ഭോഷന്മാരായ പ്രവാചകന്മാര്‍ക്കു ഹാ ദുരിതം!

4 ഇസ്രായേല്‍ജനമേ, നിങ്ങളുടെ പ്രവാചകന്മാര്‍ ജീര്‍ണാവശിഷ്ടങ്ങള്‍ക്കിടയില്‍ കഴിയുന്ന കുറുനരികളെപ്പോലെയാണ്.

5 സര്‍വേശ്വരന്‍റെ ദിനത്തില്‍ യുദ്ധത്തെ ചെറുത്തു നില്‌ക്കാന്‍വേണ്ടി ഇസ്രായേല്‍ജനമേ നിങ്ങള്‍ മതിലുകളുടെ വിള്ളലുകള്‍ കാണുകയോ അവയുടെ കേടുപാടുകള്‍ പോക്കുകയോ ചെയ്തില്ല.

6 അവര്‍ വ്യാജം പറയുകയും വ്യാജപ്രവചനം നടത്തുകയും ചെയ്തിട്ട്, അതു സര്‍വേശ്വരന്‍റെ അരുളപ്പാടാണെന്നു പറയുന്നു. സര്‍വേശ്വരന്‍ അവരെ അയച്ചതല്ലെങ്കിലും, തങ്ങള്‍ പറയുന്നത് അവിടുന്നു നിറവേറ്റുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.

7 ഞാന്‍ പറയാതിരിക്കെ ‘സര്‍വേശ്വരന്‍റെ അരുളപ്പാട്’ എന്നു നിങ്ങള്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ മിഥ്യാദര്‍ശനം കാണുകയും വ്യാജപ്രവചനം നടത്തുകയും അല്ലേ ചെയ്തത്?

8

നിങ്ങള്‍ വ്യാജം പറഞ്ഞതുകൊണ്ടും നിങ്ങള്‍ മിഥ്യാദര്‍ശനം കണ്ടതുകൊണ്ടും ഇതാ ഞാന്‍ നിങ്ങള്‍ക്കെതിരായിരിക്കുന്നു എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

9 ഇങ്ങനെയുള്ള പ്രവാചകന്മാര്‍ക്കെതിരെ ഞാന്‍ എന്‍റെ കരം ഉയര്‍ത്തും. എന്‍റെ ജനത്തിന്‍റെ ആലോചനാസഭയില്‍ അവര്‍ ഉണ്ടായിരിക്കുകയില്ല. ഇസ്രായേലിന്‍റെ വംശാവലിയില്‍ അവരുടെ പേര് ഉള്‍പ്പെടുത്തുകയില്ല. അവര്‍ ഇസ്രായേല്‍ ദേശത്തു പ്രവേശിക്കുകയുമില്ല. അപ്പോള്‍ ഞാനാണു സര്‍വേശ്വരനായ കര്‍ത്താവെന്നു നിങ്ങള്‍ അറിയും.

10 സമാധാനമില്ലാതിരിക്കെ സമാധാനം എന്നു പറഞ്ഞ് അവര്‍ എന്‍റെ ജനത്തെ വഴിതെറ്റിച്ചു.

11 എന്‍റെ ജനം ഇളകുന്ന കല്ലുകളുള്ള മതില്‍ നിര്‍മിച്ചപ്പോള്‍ അവര്‍ അതിന്മീതേ വെള്ള പൂശി. വെള്ള പൂശുന്നവരോടു പറയുക; പെരുമഴ ചൊരിയും, കന്മഴ വര്‍ഷിക്കും; കൊടുങ്കാറ്റ് അടിക്കും. അതു നിലംപതിക്കും.

12 അതു വീഴുമ്പോള്‍ നിങ്ങള്‍ പൂശിയ കുമ്മായം എവിടെ എന്നു നിങ്ങളോടു ചോദിക്കുകയില്ലേ?

13 സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “ഉഗ്രരോഷത്താല്‍ ഞാനൊരു കൊടുങ്കാറ്റടിപ്പിക്കും. എന്‍റെ കോപത്താല്‍ പെരുമഴ വര്‍ഷിക്കും. എന്‍റെ ക്രോധത്താല്‍ അതു നശിപ്പിക്കാന്‍ കന്മഴ പെയ്യിക്കും.

14 നിങ്ങള്‍ വെള്ളപൂശിയ കോട്ട ഞാന്‍ ഇടിച്ചു തകര്‍ക്കും; അസ്തിവാരം കാണത്തക്കവിധം ഞാനതിനെ നിലംപതിപ്പിക്കും. അതിനിടയില്‍പ്പെട്ടു നിങ്ങളും നശിക്കും. അപ്പോള്‍ ഞാനാണ് സര്‍വേശ്വരനെന്നു നിങ്ങള്‍ അറിയും.

15 ഇങ്ങനെ കോട്ടയുടെമേലും അതില്‍ വെള്ളപൂശിയവരുടെമേലും എന്‍റെ ക്രോധം ചൊരിയും. കോട്ടയും അതിന്മേല്‍ വെള്ളപൂശിയവരും നാമാവശേഷമായിരിക്കുന്നു എന്നു ഞാന്‍ നിങ്ങളോടു പറയും.

16 യെരൂശലേമിനെപ്പറ്റി പ്രവചിച്ച ഇസ്രായേലിലെ പ്രവാചകന്മാരും സമാധാനമില്ലാതിരിക്കെ സമാധാനത്തിന്‍റെ ദര്‍ശനങ്ങള്‍ കണ്ടവരും അവശേഷിക്കയില്ല എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.”

17

മനുഷ്യപുത്രാ, നിന്‍റെ ജനത്തിന്‍റെ ഇടയില്‍ സ്വന്തം ഹൃദയവിചാരങ്ങള്‍ പ്രവചിക്കുന്ന സ്‍ത്രീകള്‍ക്കെതിരെ അവരുടെ മുഖത്തുനോക്കി പ്രവചിക്കുക.

18 സര്‍വശക്തനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: മറ്റുള്ളവരെ സ്വാധീനിക്കാന്‍ കൈകളില്‍ കെട്ടാന്‍ മന്ത്രച്ചരടുകളും ഏതു വലിപ്പത്തിലുള്ളവര്‍ക്കും ചേരുന്ന മൂടുപടങ്ങളും നിര്‍മിക്കുന്ന സ്‍ത്രീകള്‍ക്കു ദുരിതം! സ്വാര്‍ഥലാഭത്തിനുവേണ്ടി നിങ്ങള്‍ എന്‍റെ ജനത്തിന്‍റെ ജീവനെ വേട്ടയാടുകയും നിങ്ങളുടെ ജീവനെ രക്ഷിക്കുകയും അല്ലേ ചെയ്യുന്നത്?

19 ഒരു പിടി ബാര്‍ലിക്കുവേണ്ടിയും ഏതാനും അപ്പക്കഷണങ്ങള്‍ക്കു വേണ്ടിയും എന്‍റെ ജനത്തിന്‍റെ മധ്യത്തില്‍വച്ചു നിങ്ങള്‍ എനിക്കു കളങ്കം ചേര്‍ത്തു. ഭോഷ്കിനു ചെവി കൊടുക്കുന്ന എന്‍റെ ജനത്തോടു വ്യാജം പറഞ്ഞു ജീവിച്ചിരിക്കേണ്ടവരെ കൊല്ലുകയും ജീവിക്കാന്‍ പാടില്ലാത്തവരെ സംരക്ഷിക്കുകയും ചെയ്തു.

20

അതുകൊണ്ട്, സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: പക്ഷികളെ എന്നപോലെ മനുഷ്യരുടെ ജീവന്‍ കുരുക്കിലാക്കുന്ന നിങ്ങളുടെ മന്ത്രച്ചരടുകള്‍ ഞാന്‍ വെറുക്കുന്നു. നിങ്ങളുടെ കൈകളില്‍നിന്ന് ആ മന്ത്രച്ചരടുകള്‍ പൊട്ടിച്ചുകളഞ്ഞു നിങ്ങള്‍ കുരുക്കിലാക്കുന്ന മനുഷ്യരെ പക്ഷികളെ എന്നപോലെ ഞാന്‍ സ്വതന്ത്രരാക്കും.

21 നിങ്ങളുടെ മൂടുപടം ഞാന്‍ കീറിക്കളയും. നിങ്ങളുടെ കൈയില്‍നിന്ന് എന്‍റെ ജനത്തെ ഞാന്‍ വിടുവിക്കും. അവര്‍ ഇനിമേല്‍ നിങ്ങള്‍ക്ക് ഇരയാവുകയില്ല. ഞാനാണ് സര്‍വേശ്വരനെന്ന് അപ്പോള്‍ നിങ്ങള്‍ അറിയും.

22 ഞാന്‍ ഒരിക്കലും നിരാശപ്പെടുത്താത്ത നീതിനിഷ്ഠരെ നിങ്ങള്‍ വ്യാജം പറഞ്ഞു നിരാശരാക്കി. ദുര്‍മാര്‍ഗത്തില്‍നിന്നു പിന്തിരിഞ്ഞു തങ്ങളുടെ ജീവനെ രക്ഷിക്കാന്‍ ഇടനല്‌കാതെ ദുഷ്ടരെ നിങ്ങള്‍ പ്രോത്സാഹിപ്പിച്ചു.

23 അതുകൊണ്ട് നിങ്ങള്‍ക്ക് ഇനി മിഥ്യാദര്‍ശനം ഉണ്ടാകുകയോ നിങ്ങള്‍ വ്യാജപ്രവചനം നടത്തുകയോ ചെയ്കയില്ല. എന്‍റെ ജനത്തെ നിങ്ങളുടെ കൈയില്‍നിന്നു ഞാന്‍ വിടുവിക്കും. അപ്പോള്‍ ഞാനാണ് സര്‍വേശ്വരന്‍ എന്നു നിങ്ങള്‍ അറിയും.

14

1

ഇസ്രായേലിലെ ചില ജനപ്രമാണികള്‍വന്ന് എന്‍റെ മുമ്പിലിരുന്നു.

2 അപ്പോള്‍ സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി:

3 മനുഷ്യപുത്രാ, തങ്ങള്‍ ആരാധിക്കുന്ന വിഗ്രഹങ്ങളെ ഇവര്‍ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുകയും വീഴ്ചയ്‍ക്കു ഹേതുവായ അകൃത്യങ്ങള്‍ തങ്ങളുടെ മുമ്പില്‍ വയ്‍ക്കുകയും ചെയ്തിരിക്കുന്നു. അവരുടെ ചോദ്യങ്ങള്‍ക്കു ഞാന്‍ മറുപടി പറയണമോ?

4 അതുകൊണ്ട്, നീ അവരോടു പറയുക: “സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: വിഗ്രഹങ്ങളെ തങ്ങളുടെ ഹൃദയങ്ങളില്‍ പ്രതിഷ്ഠിക്കുകയും വീഴ്ചയ്‍ക്കു കാരണമായ അകൃത്യങ്ങളെ കണ്‍മുമ്പില്‍ വയ്‍ക്കുകയും ചെയ്തുകൊണ്ട് പ്രവാചകനെ സമീപിക്കുന്ന ഇസ്രായേലിലെ ഏതൊരു പുരുഷനോടും അവന്‍ ആരാധിക്കുന്ന വിഗ്രഹങ്ങളുടെ ബാഹുല്യത്തിനൊത്തവിധം സര്‍വേശ്വരനായ ഞാന്‍ മറുപടി നല്‌കും.

5 വിഗ്രഹാരാധന നിമിത്തം എന്നില്‍നിന്ന് അകന്നുപോയ ഇസ്രായേല്‍ജനത്തിന്‍റെ ഹൃദയങ്ങളെ പിടിച്ചെടുക്കുന്നതിനുവേണ്ടിയാണ് ഞാന്‍ അപ്രകാരം ചെയ്യുന്നത്.

6 അതുകൊണ്ട് ഇസ്രായേല്‍ജനത്തോടു പറയുക: സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ പശ്ചാത്തപിച്ചു വിഗ്രഹാരാധനയില്‍നിന്നും സര്‍വമ്ലേച്ഛതകളില്‍നിന്നും പിന്തിരിയുക.

7 ഇസ്രായേല്യരോ, അവരോടൊത്തു പാര്‍ക്കുന്ന പരദേശിയോ എന്നില്‍നിന്ന് അകന്നു വിഗ്രഹങ്ങളെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുകയും തന്‍റെ വീഴ്ചയ്‍ക്കു ഹേതുവായ അകൃത്യങ്ങള്‍ കണ്‍മുമ്പില്‍ വയ്‍ക്കുകയും ചെയ്തുകൊണ്ടു പ്രവാചകന്‍റെ അടുക്കല്‍ വന്ന് എന്‍റെ ഹിതം അന്വേഷിച്ചാല്‍ സര്‍വേശ്വരനായ ഞാന്‍ തന്നെ അവനു തക്ക മറുപടി നല്‌കും.

8 ഞാന്‍ അവന് എതിരായി തിരിഞ്ഞ് അവനെ ഒരു അടയാളവും പരിഹാസപാത്രവും ആക്കിത്തീര്‍ക്കും. എന്‍റെ ജനത്തിന്‍റെ ഇടയില്‍നിന്നു ഞാന്‍ അവനെ നീക്കിക്കളയും; ഞാനാണു സര്‍വേശ്വരന്‍ എന്നു നിങ്ങള്‍ അപ്പോള്‍ അറിയും.

9 എന്നാല്‍ ആ പ്രവാചകന്‍ വഞ്ചിതനായി അവന് ഉത്തരം നല്‌കിയാല്‍ സര്‍വേശ്വരനായ ഞാന്‍ തന്നെയാണ് അപ്രകാരം മറുപടി പറയാന്‍ ഇടയാക്കിയത്. ഞാന്‍ അയാളെ ഇസ്രായേല്‍ജനത്തില്‍നിന്നു സംഹരിച്ചുകളയും. അവര്‍ ഇരുവരും ശിക്ഷിക്കപ്പെടും.

10 [10,11] പ്രവചനം ആരായുന്നവനും പ്രവാചകനും ഒരേ ശിക്ഷതന്നെ ലഭിക്കും. ഞാന്‍ ഇപ്രകാരം പ്രവര്‍ത്തിക്കുന്നത് ഇസ്രായേല്‍ജനം എന്നില്‍നിന്ന് അകന്നുപോകാതിരിക്കാനും അകൃത്യങ്ങള്‍കൊണ്ടു വീണ്ടും തങ്ങളെത്തന്നെ അശുദ്ധീകരിക്കാതിരിക്കാനുംവേണ്ടിയാണ്. അപ്പോള്‍ അവര്‍ എന്‍റെ ജനവും ഞാന്‍ അവരുടെ ദൈവവും ആയിരിക്കും എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.”

11

12

സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി.

13 മനുഷ്യപുത്രാ, ഒരു ദേശം അവിശ്വസ്തമായി എനിക്കെതിരെ പാപം ചെയ്താല്‍ ഞാന്‍ ആ ദേശത്തിനെതിരെ കൈ നീട്ടി അതിന്‍റെ ആഹാരം മുടക്കുകയും അവിടെ ക്ഷാമം വരുത്തുകയും ചെയ്യും. അങ്ങനെ അവിടെയുള്ള മനുഷ്യരെയും മൃഗങ്ങളെയും ഞാന്‍ നശിപ്പിക്കും.

14 നോഹ, ദാനിയേല്‍, ഇയ്യോബ് എന്നിവര്‍ അവിടെ ഉണ്ടായിരുന്നാല്‍ പോലും തങ്ങളുടെ നീതിയാല്‍ അവര്‍ക്ക് മാത്രമേ രക്ഷപെടാന്‍ കഴിയൂ എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

15 ഞാന്‍ വന്യമൃഗങ്ങളെ ആ ദേശത്തു കടത്തിവിടുകയും അവ അതു നശിപ്പിച്ചു ശൂന്യമാക്കുകയും അവമൂലം ആര്‍ക്കും വഴിനടക്കാന്‍ കഴിയാതെ വരികയും ചെയ്താല്‍,

16 ഈ മൂന്നുപേരും അവിടെ ഉണ്ടെങ്കില്‍ത്തന്നെ സ്വന്തജീവനെ അല്ലാതെ അവരുടെ പുത്രന്മാരുടെയോ പുത്രിമാരുടെയോ പോലും ജീവന്‍ രക്ഷിക്കാന്‍ അവര്‍ക്കു കഴിയുകയില്ല; ആ ദേശം ശൂന്യമായിത്തീരും; ഇതു സര്‍വേശ്വരനായ കര്‍ത്താവിന്‍റെ വചനം.

17 ഞാന്‍ ആ ദേശത്തിനെതിരെ ഒരു വാളയച്ച് അതിലൂടെ കടന്നുപോകുക എന്നു കല്പിക്കുകയും അതു മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കുകയും ചെയ്തു എന്നിരിക്കട്ടെ, ഞാന്‍ സത്യം ചെയ്തു പറയുന്നു:

18 അപ്പോള്‍ ആ മൂന്നു പേരും അവിടെ ഉണ്ടായിരുന്നാലും സ്വന്തം ജീവനെയല്ലാതെ അവരുടെ പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാന്‍ കഴിയുകയില്ല എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

19 ഞാന്‍ ആ ദേശത്തേക്കു മഹാമാരി അയയ്‍ക്കുകയും രക്തച്ചൊരിച്ചിലോടെ എന്‍റെ ക്രോധം അവരുടെമേല്‍ വര്‍ഷിക്കുകയും ചെയ്ത് അവിടെയുള്ള മനുഷ്യരെയും മൃഗങ്ങളെയും നശിപ്പിക്കുന്നു എന്നിരിക്കട്ടെ.

20 അപ്പോള്‍ നോഹയും ദാനിയേലും ഇയ്യോബും അവിടെ ഉണ്ടായിരുന്നാലും ഞാന്‍ ആണയിട്ടു പറയുന്നു, അവര്‍ക്കു തങ്ങളുടെ നീതിയാല്‍ സ്വന്തജീവനെയല്ലാതെ പുത്രന്മാരെയോ പുത്രിമാരെയോപോലും രക്ഷിക്കാന്‍ കഴിയുകയില്ല എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.

21

സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ യെരൂശലേമിലെ മനുഷ്യരെയും മൃഗങ്ങളെയും ഉന്മൂലനം ചെയ്യാന്‍ വാള്‍, ക്ഷാമം, വന്യമൃഗങ്ങള്‍, മഹാമാരി എന്നീ നാലു കഠിന ശിക്ഷകള്‍ അയച്ചാല്‍ ഉണ്ടാകുന്ന അനര്‍ഥം എത്ര അധികമായിരിക്കും!

22 എങ്കിലും ഏതാനും പേര്‍ അവശേഷിക്കും. അവര്‍ തങ്ങളുടെ പുത്രീപുത്രന്മാരോടു കൂടി നിങ്ങളുടെ അടുത്തു വരും. അവരുടെ പ്രവൃത്തിയും പെരുമാറ്റവും കാണുമ്പോള്‍ ഞാന്‍ യെരൂശലേമില്‍ വരുത്തിയ നാശത്തിന്‍റെയും അനര്‍ഥങ്ങളുടെയും കാരണം അറിഞ്ഞു നിങ്ങള്‍ ആശ്വസിക്കും.

23 അവരുടെ നടപ്പും പ്രവൃത്തിയും കാണുമ്പോള്‍ ഞാന്‍ അവിടെ ചെയ്തത് ഒന്നും വെറുതയല്ല എന്നു ബോധ്യപ്പെട്ടു നിങ്ങള്‍ ആശ്വസിക്കും എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

15

1

സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി:

2 “മനുഷ്യപുത്രാ, മുന്തിരിച്ചെടിക്ക് ഇതരവൃക്ഷങ്ങളെക്കാള്‍ എന്താണു മേന്മ? കാട്ടിലെ മരങ്ങളുടെ ചില്ലയെക്കാള്‍ അതിന്‍റെ ചില്ലകള്‍ക്ക് എന്തു സവിശേഷത?

3 എന്തെങ്കിലും നിര്‍മിക്കാന്‍ അതിന്‍റെ തടി ഉപകരിക്കുമോ? പാത്രം തൂക്കിയിടാനുള്ള കൊളുത്ത് അതുകൊണ്ട് നിര്‍മിക്കാമോ?

4 അതു വിറകായി അടുപ്പില്‍ വയ്‍ക്കുന്നു. അതിന്‍റെ ഇരുവശവും കത്തിയശേഷം മധ്യഭാഗം കരിക്കട്ട ആയിത്തീര്‍ന്നാല്‍ അതെന്തിനെങ്കിലും കൊള്ളാമോ?

5 അതു തീയില്‍ ഇടുന്നതിനുമുമ്പ് ഒന്നിനും ഉപകരിച്ചില്ല. പിന്നെ കത്തി കരിക്കട്ട ആയശേഷം എന്തിനെങ്കിലും ഉപകരിക്കുമോ?

6 അതുകൊണ്ട് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: കാട്ടിലെ വൃക്ഷങ്ങളുടെ ഇടയിലുള്ള മുന്തിരിച്ചെടിയെ തീയിലിടുന്നതുപോലെ യെരൂശലേം നിവാസികളെ ഞാന്‍ തീയിലിടും.

7 അവര്‍ക്കെതിരെ ഞാന്‍ മുഖം തിരിക്കും. അവര്‍ തീയില്‍നിന്നു പുറത്തു കടന്നാലും തീ അവരെ ദഹിപ്പിച്ചുകളയും; ഞാന്‍ അവരെ ശിക്ഷിക്കുമ്പോള്‍ ഞാനാണു സര്‍വേശ്വരന്‍ എന്നു നിങ്ങള്‍ അറിയും.

8 അവര്‍ എന്നോട് അവിശ്വസ്തരായി വര്‍ത്തിച്ചതിനാല്‍ ഞാന്‍ അവരുടെ ദേശത്തെ ശൂന്യമാക്കും. ഇതു സര്‍വേശ്വരനായ കര്‍ത്താവിന്‍റെ വചനം.

16

1

സര്‍വേശ്വരന്‍റെ അരുളപ്പാട് വീണ്ടും എനിക്കുണ്ടായി:

2 മനുഷ്യപുത്രാ, യെരൂശലേമിനെ അതിന്‍റെ മ്ലേച്ഛതകള്‍ ബോധ്യപ്പെടുത്തുക.

3 സര്‍വേശ്വരനായ കര്‍ത്താവ് യെരൂശലേമിനോട് അരുളിച്ചെയ്യുന്നു: നിന്‍റെ ഉദ്ഭവവും ജനനവും കനാന്‍ദേശത്തായിരുന്നു. നിന്‍റെ പിതാവ് അമോര്യനും മാതാവ് ഹിത്യയും ആയിരുന്നു.

4 നിന്‍റെ ജനനത്തെപ്പറ്റി പറയുകയാണെങ്കില്‍, നീ ജനിച്ച ദിവസം നിന്‍റെ പൊക്കിള്‍ക്കൊടി മുറിച്ചിരുന്നില്ല; നിന്നെ കുളിപ്പിച്ച് ശുദ്ധിവരുത്തിയിരുന്നില്ല; ഉപ്പു തേക്കുകയോ, തുണിയില്‍ പൊതിയുകയോ ചെയ്തിരുന്നില്ല.

5 ഇവയില്‍ ഒന്നുപോലും നിനക്കു ചെയ്തു തരാന്‍ ആര്‍ക്കും കനിവുണ്ടായില്ല. ജനിച്ചദിവസംതന്നെ അവര്‍ക്കു നിന്നോടു വെറുപ്പു തോന്നിയതിനാല്‍ അവര്‍ നിന്നെ വെളിമ്പ്രദേശത്ത് ഉപേക്ഷിച്ചു.

6

നിന്‍റെ സമീപത്തുകൂടി ഞാന്‍ പോയപ്പോള്‍ നീ ചോരയില്‍ കുളിച്ചുകിടക്കുന്നതു കണ്ടു. ഞാന്‍ നിന്നെ മരിക്കാന്‍ അനുവദിച്ചില്ല.

7 വയലിലെ പുല്‍ക്കൊടിയെപ്പോലെ ഞാന്‍ നിന്നെ വളര്‍ത്തി. അങ്ങനെ നീ വളര്‍ന്ന് പൂര്‍ണയൗവനത്തില്‍ എത്തി, നിന്‍റെ മാറിടം വികസിച്ചു; മുടി വളര്‍ന്നു. എന്നിട്ടും നീ അനാവൃതയും നഗ്നയും ആയിരുന്നു.

8

ഞാന്‍ വീണ്ടും നിന്‍റെ സമീപത്തുകൂടി പോയപ്പോള്‍ നിന്നെ നോക്കി; വിവാഹപ്രായത്തില്‍ നീ എത്തിയിരുന്നു. എന്‍റെ അങ്കികൊണ്ടു നിന്‍റെ നഗ്നത ഞാന്‍ മറച്ചു. സ്നേഹവാഗ്ദാനത്തോടുകൂടി ഞാന്‍ നിന്നോടു വിവാഹഉടമ്പടി ചെയ്തു. അങ്ങനെ നീ എന്‍റേതായിത്തീര്‍ന്നു എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

9 ഞാന്‍ നിന്നെ കുളിപ്പിച്ചു രക്തം കഴുകിക്കളഞ്ഞു നിന്‍റെമേല്‍ തൈലം പൂശി.

10 ചിത്രത്തയ്യലുള്ള വസ്ത്രം ഞാന്‍ നിന്നെ ധരിപ്പിച്ചു. തുകല്‍ചെരുപ്പ് അണിയിച്ചു. നേര്‍ത്ത ചണനാടകൊണ്ടു നിന്‍റെ തല കെട്ടി; പട്ടു പുതപ്പിച്ചു;

11 ഞാന്‍ നിന്നെ ആഭരണങ്ങള്‍ അണിയിച്ചു. കൈകളില്‍ വളയും കഴുത്തില്‍ മാലയും ഇട്ടു.

12 മൂക്കുത്തിയും കമ്മലും ധരിപ്പിച്ചു. തലയില്‍ അഴകുള്ള കിരീടം അണിയിച്ചു.

13 ഇങ്ങനെ നീ പൊന്നും വെള്ളിയുംകൊണ്ട് അലംകൃതയായി. നേര്‍മയുള്ള ചണവും പട്ടും ചിത്രത്തയ്യലുള്ള തുണിയും നീ ധരിച്ചു. നേര്‍ത്തമാവും തേനും എണ്ണയും നീ ഭക്ഷിച്ചു. നീ വളര്‍ന്ന് അതിസുന്ദരിയായി; രാജകീയ പ്രൗഢി ആര്‍ജിച്ചു.

14

സൗന്ദര്യം നിമിത്തം ജനതകളുടെ ഇടയില്‍ നിന്‍റെ കീര്‍ത്തി പരന്നു. കാരണം ഞാന്‍ നിന്നെ അണിയിച്ച ഭൂഷണങ്ങള്‍ നിന്നെ പൂര്‍ണസുന്ദരിയാക്കി എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

15 എന്നാല്‍ നീ നിന്‍റെ സൗന്ദര്യത്തെ ആശ്രയിച്ചു; നിന്‍റെ കീര്‍ത്തി നിന്നെ അഭിസാരികയാക്കിത്തീര്‍ത്തു. ഏതു വഴിപോക്കനുമായും നീ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടു.

16 നിന്‍റെ വസ്ത്രങ്ങളില്‍ ചിലതെടുത്തു പൂജാമണ്ഡപങ്ങള്‍ അലങ്കരിച്ച് അവിടെ വ്യഭിചാരം ചെയ്തു. ഇങ്ങനെ ഒരിക്കലും ഉണ്ടായിട്ടില്ല; ഇനി ഉണ്ടാവുകയുമില്ല.

17 ഞാന്‍ നല്‌കിയ സ്വര്‍ണാഭരണങ്ങളും വെള്ളിആഭരണങ്ങളുംകൊണ്ടു നീ പുരുഷവിഗ്രഹങ്ങള്‍ നിര്‍മിച്ച് അവയുമായി വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടു.

18 നീ ആ വിഗ്രഹങ്ങളെ നിന്‍റെ ചിത്രത്തയ്യലുള്ള വസ്ത്രങ്ങള്‍ ധരിപ്പിച്ചു. എന്‍റെ തൈലവും സുഗന്ധധൂപവും അവയുടെ മുമ്പില്‍ അര്‍പ്പിച്ചു.

19 ഞാന്‍ നിനക്കു ഭക്ഷിക്കാന്‍ തന്ന നേര്‍ത്തമാവും തേനും എണ്ണയും നീ അവയുടെ മുമ്പില്‍ സൗരഭ്യദ്രവ്യങ്ങളായി നിവേദിച്ചു എന്ന് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

20 എനിക്കു നിന്നില്‍ ജനിച്ച നിന്‍റെ പുത്രന്മാരെയും പുത്രിമാരെയും നീ അവയുടെ മുമ്പില്‍ ബലി അര്‍പ്പിച്ചു.

21 നിന്‍റെ വേശ്യാവൃത്തി പോരാഞ്ഞിട്ടാണോ എന്‍റെ മക്കളെ നീ ദഹനബലിയായി അവയ്‍ക്ക് അര്‍പ്പിച്ചത്?

22 ചെറുപ്പത്തില്‍ നഗ്നയും അനാവൃതയുമായി ചോരയില്‍ കിടന്നുരുണ്ട കാര്യം നിന്‍റെ മ്ലേച്ഛതകളുടെയും വ്യഭിചാരത്തിന്‍റെയും ഇടയ്‍ക്കു നീ മറന്നുകളഞ്ഞു.

23

നിനക്കു ദുരിതം, ദുരിതം! എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. എല്ലാ ദുഷ്കൃത്യങ്ങളും ചെയ്തശേഷം പൊതുസ്ഥലങ്ങളിലെല്ലാം

24 നീ വ്യഭിചാരത്തിനും വിഗ്രഹാരാധനയ്‍ക്കുംവേണ്ടി മണ്ഡപങ്ങള്‍ സ്ഥാപിച്ചു.

25 എല്ലാ തെരുവുകളിലും നീ പൂജാമണ്ഡപം നിര്‍മിച്ചു. നിന്‍റെ സൗന്ദര്യത്തെ നീ ദുരുപയോഗപ്പെടുത്തി. വഴിപോക്കര്‍ക്കെല്ലാം വഴങ്ങിക്കൊടുത്തുകൊണ്ടു നീ വേശ്യാവൃത്തി വളര്‍ത്തി.

26 നിന്‍റെ അയല്‍ക്കാരും ഭോഗാസക്തരുമായ ഈജിപ്തുകാരുമൊത്തു നീ രമിച്ചു. നീ വേശ്യാവൃത്തിയില്‍ മുഴുകി എന്നെ പ്രകോപിപ്പിച്ചു.

27 അതുകൊണ്ട് ഞാന്‍ നിന്‍റെ അനുഗ്രഹങ്ങളുടെ ഓഹരി വെട്ടിക്കുറച്ചു. നിന്നെ വെറുക്കുന്നവരും നിന്‍റെ ദുര്‍മാര്‍ഗത്തെക്കുറിച്ചു ലജ്ജിക്കുന്നവരുമായ ഫെലിസ്ത്യരുടെ കൈയില്‍ നിന്നെ ഞാന്‍ ഏല്പിച്ചു.

28 വേശ്യാവൃത്തിയില്‍ മതിവരാത്തവളായ നീ അസ്സീറിയാക്കാരോടു വ്യഭിചാരത്തില്‍ ഏര്‍പ്പെട്ടു. എന്നിട്ടും നിനക്കു തൃപ്തി വന്നില്ല.

29 വ്യാപാരികളായ ബാബിലോണ്യരുമായും നീ വ്യഭിചാരത്തില്‍ മുഴുകി; എന്നിട്ടും നീ സംതൃപ്തയായില്ല.

30

സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നാണംകെട്ട വേശ്യയെപ്പോലെ പ്രവര്‍ത്തിക്കുന്ന നീ എത്രമാത്രം കാമാസക്തയാണ്. വഴിക്കവലകളിലെല്ലാം വ്യഭിചാരത്തിനും വിഗ്രഹാരാധനയ്‍ക്കുംവേണ്ടി മണ്ഡപങ്ങള്‍ നീ സ്ഥാപിച്ചു.

31 എങ്കിലും അഭിസാരികയെപ്പോലെ നീ പ്രതിഫലം ഇച്ഛിച്ചില്ല.

32 ഭര്‍ത്താവിനു പകരം പരപുരുഷന്മാരെ സ്വീകരിക്കുന്ന വ്യഭിചാരിണിയായ ഭാര്യയെപ്പോലെയാണു നീ.

33 വേശ്യകള്‍ പ്രതിഫലം വാങ്ങുന്നു; എന്നാല്‍ നീ നിന്‍റെ കാമുകന്മാര്‍ക്കു പ്രതിഫലം നല്‌കുന്നു. നിന്നോടൊത്തു രമിക്കാനായി എല്ലാ ദിക്കുകളില്‍നിന്നും അവര്‍ വരുന്നതിനുവേണ്ടി നീ അവര്‍ക്കു പണം നല്‌കുന്നു.

34 വേശ്യാവൃത്തിയില്‍ മറ്റു സ്‍ത്രീകളില്‍നിന്നു നീ വിഭിന്നയാണ്; വ്യഭിചാരത്തിനുവേണ്ടി നിന്നെ ആരും ക്ഷണിക്കുന്നില്ല; നിനക്കു പ്രതിഫലം ലഭിക്കുന്നുമില്ല; മറിച്ച് നിന്‍റെ കാമുകന്മാര്‍ക്കു നീ പ്രതിഫലം നല്‌കുന്നു. അതാണ് നിനക്കുള്ള വ്യത്യാസം.

35

അതിനാല്‍ അഭിസാരികയായ സ്‍ത്രീയേ, സര്‍വേശ്വരന്‍റെ അരുളപ്പാടു കേള്‍ക്കുക!

36 സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: കാമുകരോടൊത്തു വ്യഭിചരിച്ചു നിര്‍ലജ്ജം നീ നിന്‍റെ നഗ്നത തുറന്നു കാട്ടി; മ്ലേച്ഛവിഗ്രഹങ്ങളെ നീ ആരാധിച്ചു. നിന്‍റെ മക്കളുടെ രക്തം അവയ്‍ക്ക് അര്‍പ്പിക്കുകയും ചെയ്തു.

37 അതിനാല്‍ നിന്നോടൊപ്പം രമിച്ച എല്ലാ കാമുകരെയും നീ പ്രേമിക്കുകയും വെറുക്കുകയും ചെയ്ത എല്ലാവരെയും തന്നെ ഞാന്‍ എല്ലാ ദിക്കില്‍നിന്നും നിനക്കെതിരെ ഒരുമിച്ചുകൂട്ടും. അവരുടെ മുമ്പില്‍ ഞാന്‍ നിന്‍റെ നഗ്നത അനാവൃതമാക്കും.

38 വ്യഭിചാരവും കൊലപാതകവും നടത്തുന്ന സ്‍ത്രീയെ എന്നപോലെ ഞാന്‍ നിന്നെ വിധിക്കും. ക്രോധവും അധര്‍മത്തിലുള്ള അസഹ്യതയും നിമിത്തം ഞാന്‍ നിന്‍റെ രക്തം ചിന്തും.

39 നിന്‍റെ കാമുകന്മാരുടെ കൈയില്‍ ഞാന്‍ നിന്നെ ഏല്പിക്കും. വ്യഭിചാരത്തിനും വിഗ്രഹാരാധനയ്‍ക്കുംവേണ്ടി നീ നിര്‍മിച്ച മണ്ഡപങ്ങള്‍ അവര്‍ പൊളിച്ചു കളയുകയും ഇടിച്ചു നിരത്തുകയും ചെയ്യും. അവര്‍ നിന്‍റെ വസ്ത്രങ്ങള്‍ ഉരിയുകയും ആഭരണങ്ങള്‍ അപഹരിക്കുകയും ചെയ്ത് നിന്നെ നഗ്നയാക്കി ഉപേക്ഷിക്കും.

40 അവര്‍ നിനക്കെതിരെ ഒരു ജനസമൂഹത്തെ വിളിച്ചുകൂട്ടും; അവര്‍ നിന്നെ കല്ലെറിയുകയും വാളുകൊണ്ട് വെട്ടി നുറുക്കുകയും ചെയ്യും.

41 അവര്‍ നിന്‍റെ വീടുകള്‍ക്കു തീ വയ്‍ക്കും. അനേകം സ്‍ത്രീകള്‍ കാണ്‍കെ നിന്‍റെമേലുള്ള ശിക്ഷാവിധി നടത്തും. നിന്‍റെ വേശ്യാവൃത്തിക്കു ഞാന്‍ വിരാമം ഇടും. നീ ഇനി കാമുകന്മാര്‍ക്കു പ്രതിഫലം നല്‌കുകയില്ല.

42 നിന്‍റെമേല്‍ ക്രോധം ചൊരിഞ്ഞു ഞാന്‍ തൃപ്തനാകും. എന്‍റെ വെറുപ്പു നിന്നില്‍നിന്നു വിട്ടുമാറും. ഞാന്‍ പ്രശാന്തനാകും; ഇനി ഞാന്‍ കോപിക്കുകയില്ല.

43 നീ നിന്‍റെ ചെറുപ്പകാലത്തെക്കുറിച്ചു വിസ്മരിച്ചു നിന്‍റെ പ്രവൃത്തികളാല്‍ എന്നെ പ്രകോപിപ്പിച്ചതുകൊണ്ടു ഞാന്‍ നിന്നെ ശിക്ഷിക്കും. നിന്‍റെ എല്ലാ മ്ലേച്ഛതകള്‍ക്കും പുറമേ നീ വേശ്യാവൃത്തിയിലും ഏര്‍പ്പെട്ടല്ലോ.

44

സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ‘അമ്മയെപ്പോലെ മകളും’ എന്ന പഴമൊഴി നിന്നെക്കുറിച്ചു പറയും.

45 ഭര്‍ത്താവിനെയും കുട്ടികളെയും വെറുത്ത അമ്മയുടെ മകളാണു നീ. തങ്ങളുടെ ഭര്‍ത്താക്കന്മാരെയും കുട്ടികളെയും വെറുത്തവരുടെ സഹോദരിയാണു നീ. നിന്‍റെ മാതാവ് ഹിത്യയും പിതാവ് അമ്മോര്യനും ആകുന്നു.

46 നിന്‍റെ ജ്യേഷ്ഠസഹോദരി ശമര്യ തന്‍റെ പുത്രികളോടൊത്തു നിന്‍റെ വടക്കുവശത്തും ഇളയ സഹോദരി സൊദോം തന്‍റെ പുത്രികളോടൊത്തു തെക്കുവശത്തും പാര്‍ത്തു.

47 നീ അവരെപ്പോലെ ജീവിക്കുകയും അവരുടെ മ്ലേച്ഛതകളെ അനുകരിക്കുകയും ചെയ്തു. എന്നിട്ടും നിനക്കു തൃപ്തിവന്നില്ല. വളരെ ചുരുങ്ങിയ സമയംകൊണ്ട് നീ അവരെക്കാള്‍ കൂടുതല്‍ വഷളായി ജീവിച്ചു.

48 നീയും നിന്‍റെ പുത്രിമാരും ചെയ്തതുപോലെ നിന്‍റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും ചെയ്തിട്ടില്ല എന്നു സര്‍വേശ്വരനായ കര്‍ത്താവ് സത്യം ചെയ്തു പറയുന്നു.

49 നിന്‍റെ സഹോദരിയായ സൊദോമിന്‍റെ അകൃത്യം ഇതായിരുന്നു; പ്രതാപവും ഭക്ഷ്യസമൃദ്ധിയും സമാധാനവും സ്വസ്ഥതയും ഉണ്ടായിരുന്നിട്ടും അവളും അവളുടെ പുത്രിമാരും നിര്‍ധനരെയും അഗതികളെയും സഹായിച്ചില്ല.

50 അവര്‍ ഗര്‍വിഷ്ടരായിരുന്നു; എന്‍റെ മുമ്പില്‍ അവര്‍ മ്ലേച്ഛകൃത്യങ്ങള്‍ ചെയ്തു. അതു കണ്ടപ്പോള്‍ ഞാന്‍ അവരെ തുടച്ചുനീക്കി.

51 നീ ചെയ്ത പാപങ്ങളുടെ പകുതിപോലും ശമര്യ ചെയ്തില്ല. അവര്‍ ചെയ്തതിനെക്കാള്‍ വളരെയധികം മ്ലേച്ഛകൃത്യങ്ങള്‍ നീ ചെയ്തു. നിന്‍റെ മ്ലേച്ഛതകള്‍ കണക്കിലെടുത്താല്‍ നിന്‍റെ സഹോദരിമാര്‍ നീതിയുള്ളവരാണ്.

52 നിന്‍റെ സഹോദരിമാരെ നീതിയുള്ളവരാണെന്നു വിധിക്കപ്പെടാന്‍ ഇടയാക്കിയതുകൊണ്ടു നീ അപമാനം സഹിക്കുക; നിന്‍റെ സഹോദരിമാര്‍ ചെയ്തതിനെക്കാള്‍ അധികം മ്ലേച്ഛകൃത്യങ്ങള്‍ നീ ചെയ്തതിനാല്‍ അവര്‍ നിന്നെക്കാള്‍ നീതിയുള്ളവരാണല്ലോ.

53

[53,54] സൊദോമിന്‍റെയും അവളുടെ പുത്രിമാരുടെയും ശമര്യയുടെയും അവളുടെ പുത്രിമാരുടെയും ഐശ്വര്യം ഞാന്‍ പുനഃസ്ഥാപിക്കും. അവരുടെ മധ്യത്തില്‍ നിന്‍റെ ഐശ്വര്യവും ഞാന്‍ പുനഃസ്ഥാപിക്കും. നീ സ്വന്തം പ്രവൃത്തികളെക്കുറിച്ചു ലജ്ജിക്കുകയും അപമാനം ഏല്‌ക്കുകയും ചെയ്യും. അത് അവര്‍ക്ക് ആശ്വാസമായിത്തീരും.

54

55 നിന്‍റെ സഹോദരിമാരായ സൊദോമും ശമര്യയും അവരുടെ പുത്രിമാരും തങ്ങളുടെ പൂര്‍വസ്ഥിതിയിലേക്കു മടങ്ങിവരും. അതുപോലെതന്നെ നീയും നിന്‍റെ പുത്രിമാരും പൂര്‍വസ്ഥിതിയെ പ്രാപിക്കും.

56 [56,57] നിന്‍റെ ദുഷ്ടത തുറന്നു കാട്ടപ്പെടുന്നതിനു മുമ്പ് നിന്‍റെ പ്രതാപത്തിന്‍റെ നാളുകളില്‍ നിന്‍റെ സഹോദരിയായ സൊദോമിന്‍റെ പേരുച്ചരിക്കാന്‍പോലും നിനക്കു ലജ്ജയായിരുന്നില്ലേ? ഇപ്പോള്‍ നിന്നെ നിന്ദിക്കുന്ന നിന്‍റെ ചുറ്റുമുള്ള എദോംപുത്രിമാര്‍ക്കും അവരുടെ അയല്‍ക്കാര്‍ക്കും ഫെലിസ്ത്യദേശത്തിന്‍റെ പുത്രിമാര്‍ക്കും നീയും അവളെപ്പോലെ പരിഹാസപാത്രമായിരിക്കുന്നു.

57

58 നിന്‍റെ ദുഷ്കര്‍മത്തിന്‍റെയും മ്ലേച്ഛതയുടെയും ശിക്ഷ നീ അനുഭവിക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.”

59

സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “നീ ചെയ്തതുപോലെ ഞാന്‍ നിന്നോടും ചെയ്യും. നീ ഉടമ്പടി ലംഘിക്കുകയും പ്രതിജ്ഞയെ നിന്ദിക്കുകയും ചെയ്തു.

60 എങ്കിലും നിന്‍റെ ബാല്യത്തില്‍ നിന്നോടു ചെയ്ത ഉടമ്പടി ഞാന്‍ ഓര്‍ക്കും. നീയുമായി ശാശ്വതമായ ഒരു ഉടമ്പടി ഞാന്‍ സ്ഥാപിക്കും.

61 നിന്‍റെ ജ്യേഷ്ഠത്തിയെയും ഇളയസഹോദരിയെയും നീ സ്വീകരിക്കുമ്പോള്‍ നിന്‍റെ പൂര്‍വകാലത്തെ ഓര്‍ത്തു നീ ലജ്ജിക്കും. ഞാന്‍ അവരെ നിനക്ക് ഉടമ്പടിപ്രകാരമല്ലാതെ തന്നെ പുത്രിമാരായി നല്‌കും.

62 [62,63] നീയുമായി ഞാന്‍ ഒരു ഉടമ്പടി ഉണ്ടാക്കും. അപ്പോള്‍ ഞാനാണു സര്‍വേശ്വരനെന്നു നീ അറിയും. ഞാന്‍ നിന്‍റെ പ്രവൃത്തികള്‍ ക്ഷമിക്കുമ്പോള്‍ നീ അവയെ ഓര്‍ത്തു ലജ്ജിച്ചു മൗനം അവലംബിക്കും എന്ന് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.”

17

1

സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി:

2 “മനുഷ്യപുത്രാ, ഇസ്രായേല്‍ജനത്തോട് ഒരു കടങ്കഥ പറയുക. ഒരു ദൃഷ്ടാന്തകഥ അറിയിക്കുക.

3 സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്നു പറയുക. വലിയ ചിറകും നിറപ്പകിട്ടുള്ള ധാരാളം നീണ്ട തൂവലുകളുമുള്ള ഒരു വലിയ കഴുകന്‍ ലെബാനോനില്‍ വന്ന് ഒരു ദേവദാരുവിന്‍റെ തലപ്പു കൊത്തിയെടുത്തു.

4 അവന്‍ ഇളംചില്ലകളുടെ അഗ്രം നുള്ളിക്കളഞ്ഞശേഷം, അതു വ്യാപാരികളുടെ നഗരത്തില്‍ കൊണ്ടുവന്നു നട്ടു.

5 പിന്നീട് ആ ദേശത്തുള്ള ഒരു ഇളംതൈയെടുത്ത് അവിടത്തെ വളക്കൂറുള്ള മണ്ണില്‍ ധാരാളം വെള്ളമുള്ള ജലാശയത്തിനരികില്‍ അലരിത്തൈ നടുന്നതുപോലെ നട്ടു.

6 അതു മുളച്ച് പൊക്കമില്ലാത്ത ഒരു മുന്തിരിച്ചെടിയായി പടര്‍ന്നു. അതിന്‍റെ ചില്ലകള്‍ ആ കഴുകന്‍റെ നേര്‍ക്കു നീണ്ടുവന്നു. അതിന്‍റെ വേര് താണിറങ്ങി. ആ മുന്തിരിവള്ളി വളര്‍ന്നു ശാഖകളും ചില്ലകളും നീട്ടി.

7

വലിയ ചിറകുകളും ധാരാളം തൂവലുകളും ഉള്ള മറ്റൊരു വലിയ കഴുകന്‍ ഉണ്ടായിരുന്നു. അവന്‍ തന്നെ നനയ്‍ക്കുമെന്നു കരുതി മുന്തിരിച്ചെടി അതിന്‍റെ ശാഖകള്‍ കഴുകന്‍റെ നേരേ നീട്ടുകയും അതിന്‍റെ തടത്തില്‍ നിന്നു വേരുകള്‍ അവന്‍റെ നേര്‍ക്കു തിരിച്ചുവിടുകയും ചെയ്തു.

8 ചില്ലകള്‍ നീട്ടി സമൃദ്ധമായി ഫലം നല്‌കുന്ന ഒരു നല്ല മുന്തിരിച്ചെടിയായിത്തീരാന്‍വേണ്ടിയാണ് അതിനെ ധാരാളം വെള്ളമുള്ള ജലാശയത്തിനരികെ ഫലപുഷ്‍ടിയുള്ള മണ്ണില്‍ നട്ടത്.

9 സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നതായി പറയുക! അതു പച്ചപിടിക്കുമോ? ആദ്യത്തെ കഴുകന്‍ അതിന്‍റെ വേരുകള്‍ പറിച്ചെടുക്കുകയും കായ്കള്‍ പറിച്ചുകളയുകയും ചെയ്യുകയില്ലേ? അതിന്‍റെ തളിരിലകള്‍ കരിഞ്ഞു പോവുകയില്ലേ? അതിനെ വേരോടെ പിഴുതുകളയാന്‍ വലിയ ശക്തിയോ വളരെ ആളുകളോ ആവശ്യമില്ലല്ലോ.

10 അതു പറിച്ചുനട്ടാല്‍ തഴച്ചുവളരുമോ? കിഴക്കന്‍ കാറ്റ് അടിക്കുമ്പോള്‍ അതു നിശ്ശേഷം കരിഞ്ഞു പോവുകയില്ലേ? അതു വളരുന്ന തടത്തില്‍ത്തന്നെ നിന്നു വാടിപ്പോവുകയില്ലേ?

11

പിന്നീട് സര്‍വേശ്വരനായ കര്‍ത്താവിന്‍റെ അരുളപ്പാട് എനിക്കുണ്ടായി.

12 “നിങ്ങള്‍ ഇതിന്‍റെ പൊരുള്‍ മനസ്സിലാക്കുന്നില്ലേ” എന്ന് ആ ധിക്കാരികളായ ജനത്തോടു ചോദിക്കുക. അവരോടു പറയുക: ബാബിലോണ്‍രാജാവ് യെരൂശലേമില്‍ വന്ന് അവിടത്തെ രാജാവിനെയും പ്രഭുക്കന്മാരെയും പിടിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി.

13 രാജകുമാരന്മാരില്‍ ഒരുവനെ അവന്‍ തെരഞ്ഞെടുത്ത് അവനുമായി ഒരുടമ്പടി ഉണ്ടാക്കി, അവനെക്കൊണ്ടു പ്രതിജ്ഞ ചെയ്യിച്ചു.

14 രാജ്യം വീണ്ടും ശക്തി പ്രാപിക്കാതിരിക്കാനും തന്നോടുള്ള ഉടമ്പടി നിലനിര്‍ത്താനും വേണ്ടി ബാബിലോണ്‍രാജാവ് അവിടെയുണ്ടായിരുന്ന ബലശാലികളെ പിടിച്ചുകൊണ്ടുപോയി.

15 യെഹൂദാരാജാവാകട്ടെ, ഒരു വലിയ സൈന്യത്തെയും പടക്കുതിരകളെയും ആവശ്യപ്പെട്ടുകൊണ്ട് ഈജിപ്തിലേക്കു ദൂതന്മാരെ അയച്ചു. അങ്ങനെ അയാള്‍ ബാബിലോണ്‍രാജാവിനോടു മത്സരിച്ചു. അയാള്‍ വിജയിക്കുമോ? ഉടമ്പടി ലംഘിച്ചിട്ട് അയാള്‍ക്കു രക്ഷപെടാന്‍ കഴിയുമോ?

16 ആര് അയാളെ രാജാവാക്കിയോ, ആരോടുള്ള പ്രതിജ്ഞ അയാള്‍ നിന്ദിച്ചുവോ, ആരുടെ ഉടമ്പടി അയാള്‍ ലംഘിച്ചുവോ, ആ രാജാവ് വാഴുന്ന ബാബിലോണില്‍വച്ചു തന്നെ അയാള്‍ മരിക്കും എന്ന് സര്‍വേശ്വരനായ കര്‍ത്താവു സത്യം ചെയ്തു പറയുന്നു.

17 ഫറവോരാജാവിനും അദ്ദേഹത്തിന്‍റെ സുശക്തമായ സൈന്യത്തിനും അയാളെ സഹായിക്കാന്‍ കഴിയുകയില്ല. കാരണം ബാബിലോണ്യര്‍ കിടങ്ങുകള്‍ കുഴിച്ചും കൊത്തളങ്ങള്‍ നിര്‍മിച്ചും നിരവധി ജനങ്ങളെ വധിക്കാന്‍ ഉപരോധം ഏര്‍പ്പെടുത്തും.

18 യെഹൂദാരാജാവ് പ്രതിജ്ഞ ധിക്കരിച്ച് ഉടമ്പടി ലംഘിച്ചു. കൈയടിച്ചു പ്രതിജ്ഞ ചെയ്തിരുന്നിട്ടും ഇതെല്ലാം പ്രവര്‍ത്തിച്ചുകൊണ്ട് അയാള്‍ രക്ഷപെടുകയില്ല.

19 സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു; അവന്‍ പ്രതിജ്ഞ ധിക്കരിക്കുകയും ഉടമ്പടി ലംഘിക്കുകയും ചെയ്തതിന്‍റെ ശിക്ഷ ഞാന്‍ അവനു നല്‌കും എന്നു ഞാന്‍ ആണയിട്ടു പറയുന്നു.

20 ഞാന്‍ അവന്‍റെമേല്‍ വല വീശും. അവന്‍ എന്‍റെ കെണിയില്‍ അകപ്പെടും; അവനെ ഞാന്‍ ബാബിലോണിലേക്കു കൊണ്ടുപോകും; എന്നോട് അവിശ്വസ്തമായി പെരുമാറിയതിനു ഞാന്‍ അവനെ അവിടെവച്ചു കുറ്റം വിധിക്കും.

21 അവന്‍റെ സൈന്യത്തിലെ വീരയോദ്ധാക്കള്‍ കൊല്ലപ്പെടും. ശേഷിക്കുന്നവര്‍ നാനാദിക്കിലേക്കും പലായനം ചെയ്യും. സര്‍വേശ്വരനായ കര്‍ത്താവാണിത് അരുളിച്ചെയ്യുന്നതെന്നു നിങ്ങള്‍ അപ്പോള്‍ അറിയും.”

22

സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “ഞാന്‍ ഉയരമുള്ള ഒരു ദേവദാരുവിന്‍റെ തലപ്പത്തുനിന്ന് ഒരു കൊമ്പു മുറിച്ച് അതിന്‍റെ ഇളംചില്ലകളില്‍ ഏറ്റവും മുകളിലുള്ളതെടുത്ത് ഉന്നതമായ ഒരു പര്‍വതത്തിന്‍റെ ഉച്ചിയില്‍ നടും.

23 ഇസ്രായേലിലെ പര്‍വതശൃംഗത്തില്‍തന്നെ ഞാനതു നടും. അതു ശാഖകള്‍ നീട്ടി ഫലം കായ്‍ക്കുകയും ഒരു വലിയ ദേവദാരുവായിത്തീരുകയും ചെയ്യും. അതിന്‍റെ തണലില്‍ എല്ലാവിധ മൃഗങ്ങളും പാര്‍ക്കും. എല്ലായിനം പക്ഷികളും അതിന്‍റെ ശിഖരങ്ങളില്‍ കൂടുകെട്ടും.

24 സര്‍വേശ്വരനായ ഞാന്‍ ഉയര്‍ന്ന മരങ്ങളെ താഴ്ത്തുകയും താഴ്ന്നവയെ ഉയര്‍ത്തുകയും ചെയ്യും. പച്ചമരത്തെ ഉണക്കുകയും ഉണങ്ങിയവയെ തളിരണിയിക്കുകയും ചെയ്യും. സര്‍വേശ്വരനായ കര്‍ത്താവാണ് ഇതെല്ലാം ചെയ്യുന്നതെന്ന് വയലിലെ വൃക്ഷങ്ങള്‍ അപ്പോളറിയും. സര്‍വേശ്വരനായ ഞാനാണ് ഇതു പറയുന്നത്. ഞാന്‍ അതു നിറവേറ്റും.”

18

1

സര്‍വേശ്വരന്‍റെ അരുളപ്പാട് വീണ്ടും എനിക്കുണ്ടായി.

2 പിതാക്കന്മാര്‍ പച്ച മുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്ന് ഇസ്രായേല്‍ദേശത്തു നിങ്ങള്‍ പഴഞ്ചൊല്ലു പറയുന്നതെന്തിന്?

3 സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈ പഴഞ്ചൊല്ല് ഇനിമേല്‍ ഇസ്രായേലില്‍ നിങ്ങള്‍ ആവര്‍ത്തിക്കുകയില്ല എന്ന് ഞാന്‍ സത്യം ചെയ്തു പറയുന്നു.

4 എല്ലാവരുടെയും ജീവന്‍ എന്‍റേതാണ്. പിതാവിന്‍റെയും പുത്രന്‍റെയും ജീവന്‍ എനിക്കുള്ളതാകുന്നു. പാപം ചെയ്യുന്നവന്‍ മരിക്കും.

5

[5,6] നീതിയും ന്യായവും അനുസരിച്ചു മാത്രം പ്രവര്‍ത്തിക്കുന്ന ഒരു നീതിനിഷ്ഠന്‍ പൂജാഗിരികളില്‍ വച്ചു ഭക്ഷണം കഴിക്കുകയോ, ഇസ്രായേലിലെ വിഗ്രഹങ്ങളുടെ മുമ്പില്‍ നമസ്കരിക്കുകയോ അയല്‍ക്കാരന്‍റെ ഭാര്യയെ വഴിപിഴപ്പിക്കുകയോ ഒരു സ്‍ത്രീ അശുദ്ധയായിരിക്കുമ്പോള്‍ അവളെ പ്രാപിക്കുകയോ ചെയ്യുന്നില്ല. അവന്‍ ആരെയും പീഡിപ്പിക്കുകയില്ല;

6

7 അവന്‍ കടം വാങ്ങിയവനു പണയം മടക്കിക്കൊടുക്കുന്നു. അവന്‍ കവര്‍ച്ച നടത്തുന്നില്ല; വിശക്കുന്നവന് ആഹാരം നല്‌കുകയും നഗ്നനെ വസ്ത്രം ധരിപ്പിക്കുകയും ചെയ്യുന്നു.

8 അവന്‍ പലിശ വാങ്ങുകയോ ലാഭം എടുക്കുകയോ ചെയ്യുന്നില്ല. അയാളുടെ കരങ്ങള്‍ അകൃത്യം ചെയ്യുന്നില്ല. വ്യവഹാരങ്ങളില്‍ സത്യസന്ധതയോടെ തീര്‍പ്പു കല്പിക്കുന്നു.

9 എന്‍റെ ചട്ടങ്ങള്‍ അനുസരിക്കുകയും കല്പനകള്‍ പാലിക്കുകയും ചെയ്യുന്നതില്‍ അവന്‍ ശ്രദ്ധിക്കുന്നു. അവന്‍ നീതിമാനാണ്. അവന്‍ നിശ്ചയമായും ജീവിക്കും എന്ന് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

10 എന്നാല്‍ അവന്‍റെ പുത്രന്‍ കൊള്ളക്കാരനും കൊലപാതകിയുമായിത്തീര്‍ന്നു എന്നിരിക്കട്ടെ.

11 അവന്‍ തന്‍റെ പിതാവ് ചെയ്ത നന്മകള്‍ ഒന്നും ചെയ്യുന്നില്ല. പൂജാഗിരിയില്‍വച്ച് അവന്‍ ഭക്ഷണം കഴിക്കുന്നു. അയല്‍ക്കാരന്‍റെ ഭാര്യയെ വഴിപിഴപ്പിക്കുന്നു;

12 ദരിദ്രരെയും അഗതികളെയും പീഡിപ്പിക്കുന്നു; കൊള്ള ചെയ്യുന്നു; അവന്‍ കടക്കാരനു പണയം തിരിച്ചു കൊടുക്കുന്നില്ല. അവന്‍ വിഗ്രഹങ്ങളിലേക്കു കണ്ണുകളുയര്‍ത്തുകയും മ്ലേച്ഛതകള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

13 അവന്‍ പണം പലിശയ്‍ക്കു കൊടുക്കുകയും അധികം തിരിച്ചു വാങ്ങുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നവന്‍ ജീവിക്കുമോ? അവന്‍ ജീവിക്കുകയില്ല. ഈ മ്ലേച്ഛകൃത്യങ്ങളെല്ലാം അവന്‍ ചെയ്യുന്നുവല്ലോ. നിശ്ചയമായും അവന്‍ മരിക്കും; അവന്‍റെ രക്തം അവന്‍റെമേല്‍തന്നെ പതിക്കും.

14

എന്നാല്‍ ഈ മനുഷ്യന് ഒരു പുത്രന്‍ ജനിക്കയും തന്‍റെ പിതാവു ചെയ്ത എല്ലാ പാപകര്‍മങ്ങളും കണ്ടു ഭയപ്പെട്ട് അവന്‍ അപ്രകാരം പ്രവര്‍ത്തിക്കാതിരിക്കയും ചെയ്യുന്നു എന്നിരിക്കട്ടെ.

15 അവന്‍ പൂജാഗിരികളില്‍ വച്ചു ഭക്ഷണം കഴിക്കയോ, ഇസ്രായേലിലെ വിഗ്രഹങ്ങളെ ആരാധിക്കയോ, അയല്‍ക്കാരന്‍റെ ഭാര്യയെ വഴിപിഴപ്പിക്കയോ ചെയ്യുന്നില്ല;

16 ആരോടും അനീതി പ്രവര്‍ത്തിക്കുന്നില്ല. കടക്കാരനു പണയം തിരിച്ചുകൊടുക്കാതിരിക്കുന്നില്ല; കവര്‍ച്ച ചെയ്യുന്നതുമില്ല. അവന്‍ വിശക്കുന്നവന് ആഹാരം നല്‌കുകയും നഗ്നനെ വസ്ത്രം ധരിപ്പിക്കുകയും ചെയ്യുന്നു.

17 അവന്‍ അകൃത്യം ചെയ്യുന്നില്ല; അവന്‍ പലിശ വാങ്ങുകയോ ലാഭം എടുക്കുകയോ ചെയ്യുന്നില്ല. അവന്‍ എന്‍റെ കല്പനകള്‍ പാലിക്കുകയും എന്‍റെ ചട്ടങ്ങള്‍ അനുസരിച്ചു നടക്കുകയും ചെയ്യുന്നു. സ്വപിതാവിന്‍റെ അകൃത്യം നിമിത്തം അവന്‍ മരിക്കുകയില്ല; നിശ്ചയമായും അവന്‍ ജീവിക്കും.

18 അവന്‍റെ പിതാവാകട്ടെ അക്രമം പ്രവര്‍ത്തിക്കുകയും സഹോദരനെ കൊള്ളയടിക്കുകയും സ്വജനങ്ങളുടെ ഇടയില്‍ അയോഗ്യമായതു പ്രവര്‍ത്തിക്കുകയും ചെയ്തതുകൊണ്ടു തന്‍റെ അപരാധംമൂലം അയാള്‍ മരിക്കും.

19

പിതാവിന്‍റെ ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷ പുത്രന്‍ അനുഭവിക്കാത്തതെന്തുകൊണ്ട് എന്നു നിങ്ങള്‍ ചോദിച്ചേക്കാം. മകന്‍ നീതിയും ന്യായവും പ്രവര്‍ത്തിക്കുകയും എന്‍റെ ചട്ടങ്ങള്‍ പാലിക്കുകയും ചെയ്തതിനാല്‍ നിശ്ചയമായും ജീവിക്കും.

20 പാപം ചെയ്യുന്നവന്‍ മരിക്കും. പിതാവിന്‍റെ അപരാധത്തിനു പുത്രനോ, പുത്രന്‍റെ അപരാധത്തിനു പിതാവോ ശിക്ഷ അനുഭവിക്കുകയില്ല. നീതിമാന്‍ തന്‍റെ നീതിയുടെ ഫലവും ദുഷ്ടന്‍ തന്‍റെ ദുഷ്പ്രവൃത്തിയുടെ ഫലവും അനുഭവിക്കും.

21

ദുഷ്ടന്‍ താന്‍ ചെയ്തിട്ടുള്ള പാപകര്‍മങ്ങളില്‍നിന്നു പിന്തിരിയുകയും എന്‍റെ ചട്ടങ്ങളെല്ലാം അനുസരിച്ചു നീതിയും ന്യായവും പ്രവര്‍ത്തിക്കുകയും ചെയ്യുന്നെങ്കില്‍ അവന്‍ നിശ്ചയമായും ജീവിക്കും. അവന്‍ മരിക്കയില്ല.

22 അവന്‍ ചെയ്ത അതിക്രമങ്ങള്‍ ഒന്നും തന്നെ അവനെതിരെ കണക്കിലെടുക്കയില്ല. അവന്‍ നീതി പ്രവര്‍ത്തിച്ചതുകൊണ്ടു ജീവിക്കും. ദുഷ്ടന്‍റെ മരണത്തിലല്ല,

23 അവന്‍ തന്‍റെ ദുര്‍മാര്‍ഗം വിട്ടു ജീവിക്കുന്നതിലാണ് ഞാന്‍ സന്തോഷിക്കുന്നത്.

24 എന്നാല്‍ നീതിമാന്‍ അപഥസഞ്ചാരം ചെയ്യുകയും അധര്‍മം പ്രവര്‍ത്തിക്കുകയും ദുഷ്ടന്‍ ചെയ്യുന്ന അതേ മ്ലേച്ഛകൃത്യങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നെങ്കില്‍ അവന്‍ ജീവിക്കുമോ? അവന്‍ ചെയ്തിട്ടുള്ള സല്‍പ്രവൃത്തികള്‍ ഒന്നുംതന്നെ ഓര്‍മിക്കപ്പെടുകയില്ല; അവന്‍ ചെയ്ത ദ്രോഹവും പാപവും മൂലം അവന്‍ മരിക്കും.

25

സര്‍വേശ്വരന്‍റെ വഴി നീതിപൂര്‍വമല്ല എന്നു നിങ്ങള്‍ പറയുന്നു. ഇസ്രായേല്‍ജനമേ, കേള്‍ക്കുക; എന്‍റെ വഴി നീതിപൂര്‍വകമല്ലേ? നിങ്ങളുടെ മാര്‍ഗമല്ലേ നീതികെട്ടത്?

26 നീതിമാന്‍ നീതിയുടെ മാര്‍ഗം വെടിഞ്ഞ് അധര്‍മം പ്രവര്‍ത്തിച്ചാല്‍ അവന്‍ തന്മൂലം മരിക്കും. താന്‍ ചെയ്ത അകൃത്യം നിമിത്തം അവന്‍ മരിക്കുകതന്നെ ചെയ്യും.

27 ദുഷ്ടന്‍ താന്‍ ചെയ്ത ദുഷ്പ്രവൃത്തികളില്‍നിന്നു പിന്തിരിയുകയും നീതിയും ന്യായവും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ അവന്‍ തന്‍റെ ജീവനെ രക്ഷിക്കും.

28 താന്‍ ചെയ്തിട്ടുള്ള അതിക്രമങ്ങളെക്കുറിച്ചോര്‍ത്ത് അവയില്‍നിന്നു പിന്തിരിഞ്ഞതുകൊണ്ടു നിശ്ചയമായും അവന്‍ ജീവിക്കും; അവന്‍ മരിക്കയില്ല.

29 എന്നിട്ടും സര്‍വേശ്വരന്‍റെ മാര്‍ഗം നീതിപൂര്‍വകമല്ലെന്ന് ഇസ്രായേല്‍ജനം പറയുന്നു. ഇസ്രായേല്‍ജനമേ, എന്‍റെ വഴികള്‍ നീതിപൂര്‍വകമല്ലേ? നിങ്ങളുടെ വഴികളല്ലേ നീതിരഹിതമായിട്ടുള്ളത്?

30

അതുകൊണ്ട് ഇസ്രായേല്‍ജനമേ, നിങ്ങളെ ഓരോരുത്തരെയും നിങ്ങളുടെ പ്രവര്‍ത്തിക്കൊത്തവിധം ഞാന്‍ വിധിക്കും. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അനുതപിച്ചു നിങ്ങളുടെ എല്ലാ അതിക്രമങ്ങളില്‍നിന്നും പിന്തിരിയുവിന്‍. അല്ലെങ്കില്‍ നിങ്ങളുടെ അകൃത്യങ്ങള്‍ നിങ്ങള്‍ക്കു നാശഹേതുവായിത്തീരും.

31 എല്ലാ അകൃത്യങ്ങളും നിങ്ങള്‍ ഉപേക്ഷിക്കുവിന്‍. ഒരു പുതിയ ഹൃദയവും ആത്മാവും നേടുവിന്‍. ഇസ്രായേല്‍ജനമേ, നിങ്ങള്‍ എന്തിനു മരിക്കണം?

32 ആരുടെയും മരണത്തില്‍ ഞാന്‍ സന്തോഷിക്കുന്നില്ല. അതുകൊണ്ട് നിങ്ങള്‍ പശ്ചാത്തപിച്ചു ജീവിക്കുക എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

19

1

ഇസ്രായേലിലെ രാജകുമാരന്മാരെക്കുറിച്ചു നീ ഒരു വിലാപഗാനം ആലപിക്കുക.

2

സിംഹങ്ങളുടെ ഇടയ്‍ക്ക് ഒരു സിംഹിയായിരുന്നു നിന്‍റെ അമ്മ!
യുവസിംഹങ്ങളുടെ ഇടയില്‍ അവള്‍ തന്‍റെ കുട്ടികളെ വളര്‍ത്തി.

3
അവയില്‍ ഒന്നിനെ ഒരു യുവസിംഹമായി അവള്‍ വളര്‍ത്തി.
അത് ഇരപിടിക്കാന്‍ ശീലിച്ചു; മനുഷ്യരെ കടിച്ചുതിന്നു.

4
ജനതകള്‍ അവനെപ്പറ്റി കേട്ടു;
അവര്‍ അവനെ കുഴിയില്‍ അകപ്പെടുത്തി;
തുടലില്‍ കൊളുത്തി വലിച്ച് ഈജിപ്തിലേക്കു കൊണ്ടുപോയി.

5
അവനെ കാത്തിരുന്ന അവളുടെ ആശയറ്റു,
പിന്നീട് അവള്‍ തന്‍റെ മറ്റൊരു കുട്ടിയെ യുവസിംഹമായി വളര്‍ത്തി.

6
സിംഹക്കൂട്ടത്തില്‍ അവന്‍ ഒരു യുവസിംഹമായി നടന്നു.
അവന്‍ ഇരപിടിക്കാന്‍ ശീലിച്ചു;
മനുഷ്യരെ കടിച്ചു തിന്നു.

7
അവന്‍ അവരുടെ കോട്ടകള്‍ നശിപ്പിച്ചു;
നഗരങ്ങള്‍ ശൂന്യമാക്കി,
അവന്‍റെ ഗര്‍ജനം കേട്ടു ദേശവും ദേശവാസികളും നടുങ്ങി.

8
ചുറ്റുപാടുമുള്ള ജനതകള്‍ അവനെതിരെ വന്നു അവര്‍ അവന്‍റെമേല്‍ വല വീശി;
അവന്‍ അവരുടെ കെണിയില്‍ അകപ്പെട്ടു.

9
അവര്‍ അവനെ കൊളുത്തില്‍ കുടുക്കി കൂട്ടിലാക്കി
ബാബിലോണ്‍രാജാവിന്‍റെ അടുക്കല്‍ കൊണ്ടുപോയി.
ഇസ്രായേല്‍ഗിരികളില്‍ അവന്‍റെ ശബ്ദം ഇനി കേള്‍ക്കാതിരിക്കാന്‍ അവര്‍ അവനെ ബന്ധനസ്ഥനാക്കി.

10
ജലാശയത്തിനരികില്‍ നട്ട മുന്തിരി വള്ളിപോലെയാണു നിന്‍റെ അമ്മ;
ധാരാളം വെള്ളം ലഭിച്ചതിനാല്‍ അതു നിറയെ ശാഖകള്‍ നീട്ടി, ഏറെ ഫലം കായ്ച്ചു.

11
ഭരണാധികാരികളുടെ ചെങ്കോലിന് ഉപയോഗിക്കാവുന്ന ബലമുള്ള ശാഖകള്‍ അതിനുണ്ടായി,
ഇടതൂര്‍ന്നു വളര്‍ന്ന ചില്ലകള്‍ക്കിടയിലൂടെ അതു തല ഉയര്‍ത്തി നിന്നു.
അനവധി ശാഖകളോടുകൂടി വളര്‍ന്ന് അതു വളരെ ഉയര്‍ന്നു കാണപ്പെട്ടു.

12
എന്നാല്‍ ഉഗ്രരോഷത്തോടെ ആ മുന്തിരിവള്ളി പിഴുതെറിയപ്പെട്ടു.
കിഴക്കന്‍കാറ്റ് അതിനെ ഉണക്കിക്കളഞ്ഞു.
അതിന്‍റെ കായ്കള്‍ കൊഴിഞ്ഞു.
അതിന്‍റെ കരുത്തുറ്റ തണ്ട് ഉണങ്ങിപ്പോയി അഗ്നി അതിനെ ദഹിപ്പിച്ചു.

13
ഉണങ്ങി വരണ്ട മരുഭൂമിയില്‍ അതിനെ ഇപ്പോള്‍ നട്ടിരിക്കുന്നു.

14
അതിന്‍റെ തണ്ടില്‍നിന്നു തീ പടര്‍ന്ന് ചില്ലകളും കായ്കളും ദഹിപ്പിച്ചു;
അതില്‍ ഭരണാധിപനു ചെങ്കോല്‍ നിര്‍മിക്കാനുതകുന്ന കമ്പുകളൊന്നും ശേഷിച്ചില്ല.
ഇത് ഒരു വിലാപമാണ്. ഇതൊരു വിലാപഗാനമായി തീര്‍ന്നിരിക്കുന്നു.

20

1

പ്രവാസത്തിന്‍റെ ഏഴാം വര്‍ഷം അഞ്ചാം മാസം പത്താം ദിവസം ഇസ്രായേലിലെ ജനപ്രമാണികളില്‍ ചിലര്‍ സര്‍വേശ്വരന്‍റെ ഹിതം ആരായാന്‍ എന്‍റെ മുമ്പില്‍ വന്നു.

2 അപ്പോള്‍ അവിടുത്തെ അരുളപ്പാട് എനിക്കുണ്ടായി:

3 “മനുഷ്യപുത്രാ, നീ ഇസ്രായേലിലെ ജനപ്രമാണികളോടു പറയുക. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്‍റെ ഹിതം ആരായാനാണോ നിങ്ങള്‍ വന്നിരിക്കുന്നത്? ഞാന്‍ സത്യം ചെയ്തു പറയുന്നു: “നിങ്ങള്‍ക്ക് എന്നില്‍നിന്നു മറുപടി ലഭിക്കുകയില്ല.”

4 മനുഷ്യപുത്രാ, നീ അവരെ കുറ്റം വിധിക്കുകയില്ലേ? അവരുടെ പിതാക്കന്മാരുടെ മ്ലേച്ഛതകള്‍ നീ അവരെ അറിയിക്കുക.

5 സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്ന് അവരോടു പറയുക; ഇസ്രായേലിനെ ഞാന്‍ തിരഞ്ഞെടുത്ത ദിവസം ഞാന്‍ അവരോട് ഒരു ശപഥം ചെയ്തു. നിങ്ങളുടെ സര്‍വേശ്വരനായ കര്‍ത്താവ് ഞാനാകുന്നു എന്നു സത്യം ചെയ്തുകൊണ്ടു ഞാന്‍ എന്നെത്തന്നെ അവര്‍ക്കു വെളിപ്പെടുത്തി.

6 ഞാന്‍ അവരെ അവിടെനിന്ന് അവര്‍ക്കായി നോക്കിവച്ചതും പാലും തേനും ഒഴുകുന്നതും എല്ലാ ദേശങ്ങളെക്കാളും ശ്രേഷ്ഠവുമായ ദേശത്തേക്കു കൊണ്ടുപോകുമെന്ന് അന്നു ഞാന്‍ ശപഥം ചെയ്തു.

7 ഞാന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ദൃഷ്‍ടി പതിപ്പിച്ചിരിക്കുന്ന മ്ലേച്ഛവസ്തുക്കളെ വലിച്ചെറിയുവിന്‍; ഈജിപ്തിലെ വിഗ്രഹങ്ങളെ ആരാധിച്ചു നിങ്ങള്‍ മലിനരാകരുത്. ഞാന്‍ നിങ്ങളുടെ സര്‍വേശ്വരനായ കര്‍ത്താവാകുന്നു.

8 എന്നാല്‍ അവര്‍ എന്നെ ധിക്കരിച്ചു; എന്‍റെ വാക്കുകള്‍ ശ്രദ്ധിച്ചില്ല. തങ്ങള്‍ ദൃഷ്‍ടി പതിപ്പിച്ചിരുന്ന മ്ലേച്ഛവസ്തുക്കളെ അവര്‍ വലിച്ചെറിയുകയോ, ഈജിപ്തിലെ വിഗ്രഹങ്ങളെ ഉപേക്ഷിക്കുകയോ ചെയ്തില്ല. അപ്പോള്‍ ഈജിപ്തില്‍ വച്ചുതന്നെ എന്‍റെ ക്രോധം അവരുടെമേല്‍ ചൊരിയണമെന്നും അത് അവരുടെമേല്‍ പ്രയോഗിച്ചുതീര്‍ക്കണമെന്നും ഞാന്‍ ചിന്തിച്ചു.

9 എങ്കിലും ആരുടെ മധ്യത്തില്‍ അവര്‍ പാര്‍ത്തിരുന്നുവോ, ആരുടെ കണ്‍മുമ്പില്‍വച്ചു ഞാന്‍ അവരെ ഈജിപ്തില്‍നിന്നു മോചിപ്പിക്കുമെന്നു പറഞ്ഞ് എന്നെത്തന്നെ വെളിപ്പെടുത്തിയോ ആ ജനതകളുടെ മുമ്പില്‍വച്ച് എന്‍റെ നാമം അശുദ്ധമാക്കാതിരിക്കാന്‍വേണ്ടി ഞാന്‍ അവരോടു കാരുണ്യപൂര്‍വം വര്‍ത്തിച്ചു.

10 അങ്ങനെ ഞാന്‍ അവരെ ഈജിപ്തില്‍ നിന്നു മോചിപ്പിച്ചു മരുഭൂമിയില്‍ കൊണ്ടുവന്നു.

11 എന്‍റെ ചട്ടങ്ങള്‍ അവര്‍ക്കു നല്‌കി; കല്പനകള്‍ അവരെ പഠിപ്പിച്ചു. അവ അനുഷ്ഠിക്കുന്ന മനുഷ്യന്‍ ജീവിക്കും.

12 കൂടാതെ സര്‍വേശ്വരനായ ഞാനാണ് അവരെ വിശുദ്ധീകരിക്കുന്നതെന്ന് അവര്‍ അറിയാന്‍ അവര്‍ക്കും എനിക്കും മധ്യേ ഒരു അടയാളമായിരിക്കത്തക്കവിധം എന്‍റെ ശബത്തുകള്‍ അവര്‍ക്കു നല്‌കി.

13 എങ്കിലും ഇസ്രായേല്‍ജനം മരുഭൂമിയില്‍വച്ച് എന്നോടു ധിക്കാരം കാട്ടി. അവര്‍ എന്‍റെ ചട്ടങ്ങള്‍ അനുസരിക്കാതെ എന്‍റെ കല്പനകള്‍ ലംഘിച്ചു. അവ അനുസരിച്ചു നടക്കുന്നതുകൊണ്ടാണല്ലോ മനുഷ്യന്‍ ജീവിക്കുന്നത്. എന്‍റെ ശബത്തുകള്‍ അവര്‍ അങ്ങേയറ്റം അശുദ്ധമാക്കി. അപ്പോള്‍ മരുഭൂമിയില്‍വച്ച് എന്‍റെ ക്രോധം അവരുടെമേല്‍ ചൊരിഞ്ഞ് അവരെ നിശ്ശേഷം നശിപ്പിക്കണമെന്നു ഞാന്‍ വീണ്ടും ചിന്തിച്ചു.

14 എന്നാല്‍ ഞാന്‍ അവരെ മോചിപ്പിച്ചുകൊണ്ട് വന്നതിനു സാക്ഷ്യം വഹിച്ച ജനതകളുടെ മുമ്പില്‍വച്ച് എന്‍റെ നാമം അശുദ്ധമാക്കാതിരിക്കാന്‍ ഞാന്‍ കാരുണ്യപൂര്‍വം അവരോട് പ്രവര്‍ത്തിച്ചിരുന്നു.

15 [15,16] ഞാന്‍ അവര്‍ക്ക് നല്‌കിയിരുന്നതും പാലും തേനും ഒഴുകുന്നതും എല്ലാ ദേശങ്ങളിലും ശ്രേഷ്ഠവുമായ ദേശത്തേക്ക് ഞാന്‍ അവരെ കൊണ്ടുപോകുകയില്ലെന്ന് മരുഭൂമിയില്‍വച്ച് ശപഥം ചെയ്തു. അവര്‍ വിഗ്രഹങ്ങളെ ആരാധിച്ച് എന്‍റെ കല്പനകളെ നിരാകരിക്കുകയും എന്‍റെ ചട്ടങ്ങള്‍ അനുസരിക്കാതെ ശബത്തിനെ അശുദ്ധമാക്കുകയും ചെയ്തുവല്ലോ.

16

17 എന്നിട്ടും എനിക്ക് അവരോട് കനിവുതോന്നി. ഞാന്‍ അവരെ നശിപ്പിക്കുകയോ മരുഭൂമിയില്‍വച്ച് അവരെ സംഹരിക്കുകയോ ചെയ്തില്ല.

18 മരുഭൂമിയില്‍വച്ച് അവരുടെ മക്കളോട് ഞാന്‍ പറഞ്ഞു: “നിങ്ങളുടെ പിതാക്കന്മാരുടെ ചട്ടങ്ങള്‍ പ്രമാണമാക്കുകയോ അവരുടെ അനുശാസനങ്ങള്‍ പാലിക്കുകയോ അവരുടെ വിഗ്രഹങ്ങളെ ആരാധിച്ച് നിങ്ങളെത്തന്നെ അശുദ്ധമാക്കുകയോ ചെയ്യരുത്.

19 സര്‍വേശ്വരനായ ഞാന്‍ നിങ്ങളുടെ ദൈവമാകുന്നു; എന്‍റെ ചട്ടങ്ങള്‍ അനുസരിച്ചു നടക്കുക, എന്‍റെ കല്പനകള്‍ പാലിക്കുകയും ചെയ്യുക.

20 എന്‍റെ ശബത്തുകള്‍ വിശുദ്ധമായി ആചരിക്കുക; ഞാനാണു നിങ്ങളുടെ സര്‍വേശ്വരനായ കര്‍ത്താവ് എന്നു നിങ്ങള്‍ അറിയാന്‍ എനിക്കും നിങ്ങള്‍ക്കും മധ്യേ ഇത് ഒരു അടയാളമായിരിക്കട്ടെ.” എന്നാല്‍ അവരും എന്നെ ധിക്കരിച്ചു.

21 അവര്‍ എന്‍റെ ചട്ടങ്ങള്‍ അനുസരിക്കുകയോ, എന്‍റെ കല്പനകള്‍ പാലിക്കുകയോ ചെയ്തില്ല. അവ അനുസരിക്കുന്നതു മൂലമാണല്ലോ മനുഷ്യന്‍ ജീവിക്കുന്നത്. അവര്‍ എന്‍റെ ശബത്തിനെ അശുദ്ധമാക്കി. അപ്പോള്‍ മരുഭൂമിയില്‍വച്ച് എന്‍റെ ക്രോധം അവരുടെമേല്‍ ചൊരിയണമെന്നും അവരുടെ നേരേ അതു പ്രയോഗിച്ചുതീര്‍ക്കണമെന്നും ഞാന്‍ വീണ്ടും ചിന്തിച്ചു.

22 എങ്കിലും ഞാന്‍ അതില്‍നിന്നു പിന്തിരിഞ്ഞു; അവരെ ഞാന്‍ മോചിപ്പിച്ചുകൊണ്ടുവന്നതിനു സാക്ഷ്യം വഹിച്ച ജനതകളുടെ മുമ്പില്‍ എന്‍റെ നാമത്തിനു കളങ്കം വരാതിരിക്കാന്‍ വേണ്ടി ഞാന്‍ അവരോടു കാരുണ്യപൂര്‍വം പ്രവര്‍ത്തിച്ചു.

23 [23,24] അവരെ ജനതകളുടെയും രാജ്യങ്ങളുടെയും ഇടയില്‍ ചിതറിക്കുമെന്നു മരുഭൂമിയില്‍ വച്ചു ഞാന്‍ ശപഥം ചെയ്തു. കാരണം അവര്‍ എന്‍റെ കല്പനകള്‍ പാലിച്ചില്ല. എന്‍റെ ചട്ടങ്ങള്‍ നിരസിക്കുകയും ചെയ്തു. അവര്‍ എന്‍റെ ശബത്തിനെ അശുദ്ധമാക്കി അവരുടെ പിതാക്കന്മാര്‍ പൂജിച്ച വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്തു.

24

25 അതുകൊണ്ട് പ്രയോജനപ്രദമല്ലാത്ത ചട്ടങ്ങളും ജീവന്‍ പ്രാപിക്കാന്‍ ഉതകാത്ത കല്പനകളും ഞാന്‍ അവര്‍ക്കു നല്‌കി.

26 അവരുടെ വഴിപാടുകളാല്‍ ഞാനവരെ അശുദ്ധരാക്കി. ആദ്യജാതരെ ദഹനയാഗമായി അര്‍പ്പിക്കാന്‍ ഇടയാക്കുകയും ചെയ്തു. ഇത് അവരെ ശൂന്യമാക്കാനും ഞാന്‍ തന്നെയാകുന്നു സര്‍വേശ്വരനെന്ന് അവര്‍ മനസ്സിലാക്കാനും വേണ്ടിയായിരുന്നു.

27

മനുഷ്യപുത്രാ, ഇസ്രായേല്‍ജനത്തോടു പറയുക: സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു; നിങ്ങളുടെ പിതാക്കന്മാര്‍ എന്നോട് അവിശ്വസ്തമായി പെരുമാറി എന്നെ നിന്ദിച്ചു.

28 ഞാന്‍ അവര്‍ക്കു നല്‌കുമെന്നു വാഗ്ദാനം ചെയ്ത ദേശത്തേക്ക് അവരെ കൊണ്ടുവന്നപ്പോള്‍ അവര്‍ ഉയര്‍ന്ന കുന്നുകളും പച്ചമരങ്ങളും കണ്ടിടത്തെല്ലാം യാഗങ്ങള്‍ അര്‍പ്പിച്ചു. സൗരഭ്യം പരത്തുന്ന ധൂപം അര്‍പ്പിക്കുകയും പാനീയനിവേദ്യം പകരുകയും ചെയ്തുകൊണ്ടുള്ള അവരുടെ യാഗങ്ങള്‍ എന്നെ പ്രകോപിപ്പിച്ചു.

29 നിങ്ങള്‍ പോകുന്ന പൂജാഗിരി ഏത് എന്നു ഞാന്‍ ചോദിച്ചു. അതുകൊണ്ട് ഇന്നും ആ സ്ഥലം ബാമാ എന്നറിയപ്പെടുന്നു.

30 അതുകൊണ്ട് ഇസ്രായേല്‍ജനത്തോടു പറയുക; സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാര്‍ ചെയ്തതുപോലെ വഴിപിഴച്ചു മ്ലേച്ഛവിഗ്രഹങ്ങളുടെ പിന്നാലെ പോയി നിങ്ങള്‍ നിങ്ങളെത്തന്നെ അശുദ്ധമാക്കുമോ?

31 നിങ്ങള്‍ അതേ വഴിപാടുകള്‍ അര്‍പ്പിക്കുമ്പോഴും നിങ്ങളുടെ പുത്രന്മാരെ ഹോമബലിയായി നല്‌കുമ്പോഴും വിഗ്രഹാരാധനമൂലം നിങ്ങളെത്തന്നെ ഇന്നും നിങ്ങള്‍ അശുദ്ധരാക്കുന്നു. ഇസ്രായേല്‍ജനമേ, എന്നില്‍ നിന്നു നിങ്ങള്‍ക്ക് ഉത്തരം ലഭിക്കുമോ? ഞാന്‍ സത്യം ചെയ്തു പറയുന്നു, എന്നില്‍നിന്നു നിങ്ങള്‍ക്ക് ഉത്തരം ലഭിക്കുകയില്ല.

32

ജനതകളെയും വിദേശങ്ങളിലെ ഗോത്രങ്ങളെയുംപോലെ നമുക്കു കല്ലിനെയും മരത്തെയും ആരാധിക്കാം എന്ന നിങ്ങളുടെ മനോഗതം ഒരിക്കലും നടപ്പാകുകയില്ല.

33

ഉഗ്രരോഷത്തോടും കരുത്തുറ്റ കരങ്ങളോടും നീട്ടിയ ഭുജത്തോടുംകൂടി ഞാന്‍ നിശ്ചയമായും നിങ്ങളെ ഭരിക്കും.

34 ജനതകളുടെ ഇടയില്‍നിന്നു നിങ്ങളെ പുറത്തുകൊണ്ടു വരും; നിങ്ങള്‍ ചിതറിപ്പാര്‍ക്കുന്ന ദേശങ്ങളില്‍നിന്നു നിങ്ങളെ ഒന്നിച്ചുകൂട്ടും എന്നു സര്‍വേശ്വരനായ കര്‍ത്താവ് സത്യം ചെയ്തു പറയുന്നു.

35 ജനതകളുടെ മരുഭൂമിയിലേക്ക് ഞാന്‍ നിങ്ങളെ കൊണ്ടുവരും; അവിടെവച്ചു ഞാന്‍ തന്നെ നിങ്ങളെ വിചാരണ ചെയ്യും.

36 ഈജിപ്തിലെ മരുഭൂമിയില്‍വച്ച് നിങ്ങളുടെ പിതാക്കന്മാരെ വിചാരണചെയ്തതുപോലെ നിങ്ങളെയും ഞാന്‍ വിചാരണ ചെയ്യും എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

37 ഞാന്‍ നിങ്ങളെ എന്‍റെ ചെങ്കോലിന്‍കീഴില്‍ കൊണ്ടുവരികയും ഉടമ്പടി നിങ്ങളെക്കൊണ്ട് അനുസരിപ്പിക്കുകയും ചെയ്യും.

38 എന്നെ ധിക്കരിക്കുന്നവരെയും എനിക്കെതിരെ അതിക്രമം കാട്ടുന്നവരെയും നിങ്ങളുടെ ഇടയില്‍നിന്നു ഞാന്‍ നീക്കിക്കളയും. അവര്‍ ഇപ്പോള്‍ പാര്‍ക്കുന്ന ദേശങ്ങളില്‍നിന്നു ഞാന്‍ അവരെ പുറത്തുകൊണ്ടുവരും. അവര്‍ ഇസ്രായേല്‍ദേശത്തു പ്രവേശിക്കാന്‍ ഇടവരുത്തുകയില്ല. ഞാനാണ് സര്‍വേശ്വരനെന്ന് നിങ്ങള്‍ അപ്പോള്‍ അറിയും.

39

ഇസ്രായേല്‍ജനമേ, സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്‍റെ വാക്കു നിങ്ങള്‍ അനുസരിക്കുന്നില്ലെങ്കില്‍ പോയി നിങ്ങളുടെ വിഗ്രഹങ്ങളെ ആരാധിച്ചുകൊള്‍ക. എന്നാല്‍ ഇനിമേല്‍ നിങ്ങളുടെ വഴിപാടുകളും വിഗ്രഹങ്ങളുംകൊണ്ട് എന്‍റെ നാമം അശുദ്ധമാക്കരുത്.

40

സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “ഇസ്രായേല്‍ജനത മുഴുവനും ഒന്നൊഴിയാതെ എന്‍റെ വിശുദ്ധഗിരിയില്‍ ഇസ്രായേലിലെ ഗിരിമുകളില്‍ത്തന്നെ എന്നെ ആരാധിക്കും. അവിടെവച്ചു ഞാനവരെ സ്വീകരിക്കും. അവിടെ നിങ്ങളുടെ കാഴ്ചകളും ആദ്യഫലങ്ങളും നിവേദ്യങ്ങളും ഞാന്‍ ആവശ്യപ്പെടും.

41 ജനതകളുടെ മധ്യത്തില്‍നിന്ന് ഞാന്‍ നിങ്ങളെ പുറത്തുകൊണ്ടുവരികയും നിങ്ങള്‍ ചിതറിപ്പാര്‍ത്തിരുന്ന ദേശങ്ങളില്‍ നിന്ന് നിങ്ങളെ ഒരുമിച്ചുകൂട്ടുകയും ചെയ്യുമ്പോള്‍ സുഗന്ധധൂപം പോലെ ഞാന്‍ നിങ്ങളെ കൈക്കൊള്ളും. ജനതകള്‍ കാണ്‍കെ എന്‍റെ വിശുദ്ധി നിങ്ങളുടെ ഇടയില്‍ ഞാന്‍ വെളിപ്പെടുത്തും.

42 നിങ്ങളുടെ പിതാക്കന്മാര്‍ക്കു നല്‌കുമെന്നു വാഗ്ദാനം ചെയ്ത ഇസ്രായേല്‍ദേശത്തേക്കു ഞാന്‍ നിങ്ങളെ തിരിച്ചുകൊണ്ടുവരുമ്പോള്‍ ഞാനാണ് സര്‍വേശ്വരന്‍ എന്നു നിങ്ങള്‍ അറിയും.

43 നിങ്ങളെത്തന്നെ അശുദ്ധമാക്കിയ നിങ്ങളുടെ ജീവിതരീതിയും പ്രവൃത്തികളും അപ്പോള്‍ നിങ്ങള്‍ അനുസ്മരിക്കും. നിങ്ങളുടെ തിന്മപ്രവൃത്തികള്‍ ഓര്‍ത്തു നിങ്ങള്‍ക്ക് നിങ്ങളോടുതന്നെ വെറുപ്പുതോന്നും.

44 സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ജനമേ, നിങ്ങളുടെ ദുഷിച്ച ജീവിതരീതിക്കും ദുര്‍വൃത്തികള്‍ക്കും തക്കവിധം പ്രവൃത്തിക്കാതെ എന്‍റെ നാമത്തെപ്രതിതന്നെ ഞാന്‍ നിങ്ങളോടു പെരുമാറുമ്പോള്‍ ഞാനാകുന്നു സര്‍വേശ്വരന്‍ എന്നു നിങ്ങള്‍ അറിയും.

45

സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി:

46 മനുഷ്യപുത്രാ, നെഗബിലേക്കു തിരിഞ്ഞ് അതിനെതിരെ പ്രഘോഷിക്കുക; അവിടത്തെ വനങ്ങള്‍ക്കെതിരെ പ്രവചിക്കുക. നെഗബിലെ വനത്തോടു പറയുക:

47 സര്‍വേശ്വരന്‍റെ വചനം കേള്‍ക്കുക; സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “ഇതാ ഞാന്‍ നിന്നെ അഗ്നിക്കിരയാക്കും. നിന്‍റെ സകല പച്ചമരങ്ങളും ഉണക്കമരങ്ങളും അതു ദഹിപ്പിക്കും. ആ അഗ്നിജ്വാല കെട്ടടങ്ങുകയില്ല. തെക്കു മുതല്‍ വടക്കുവരെ എല്ലാവരും അതില്‍ ദഹിച്ചുപോകും.

48 സര്‍വേശ്വരനായ ഞാനാണ് അതു കൊളുത്തിയത് എന്ന് എല്ലാവരും അറിയും. അതു കെട്ടടങ്ങുകയില്ല.”

49 അപ്പോള്‍ ഞാന്‍ പറഞ്ഞു: സര്‍വേശ്വരനായ കര്‍ത്താവേ, ഞാന്‍ കടങ്കഥയല്ലേ പറയുന്നത് എന്ന് അവര്‍ ചോദിക്കുന്നു.

21

1

സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി:

2 “മനുഷ്യപുത്രാ, യെരൂശലേമിലേക്കു മുഖം തിരിച്ചു വിശുദ്ധമന്ദിരത്തിനെതിരെ പ്രഘോഷിക്കുക. ഇസ്രായേല്‍ദേശത്തിനെതിരെ പ്രവചിക്കുക;

3 സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു എന്ന് ഇസ്രായേല്‍ജനത്തോടു പറയുക; നോക്കുക, ഞാന്‍ നിനക്കെതിരാണ്; ഞാന്‍ ഉറയില്‍നിന്ന് വാളൂരി നീതിമാനെയും ദുഷ്ടനെയും ഛേദിച്ചുകളയും.

4 അങ്ങനെ തെക്കുമുതല്‍ വടക്കുവരെയുള്ള സകല മനുഷ്യരെയും നിഗ്രഹിക്കാനാണ് എന്‍റെ വാള്‍ ഉറയില്‍നിന്ന് ഊരുന്നത്.

5 സര്‍വേശ്വരനായ ഞാന്‍ ഉറയില്‍നിന്നു വാളൂരിയിരിക്കുന്നു എന്ന് എല്ലാവരും അറിയും. അതു പിന്നീട് ഉറയിലിടുകയില്ല.

6 അതുകൊണ്ട് മനുഷ്യപുത്രാ, നീ നെടുവീര്‍പ്പിടുക; അവരുടെ കണ്‍മുമ്പില്‍ ഹൃദയം പൊട്ടുംവിധം കഠിനദുഃഖത്തോടെ നെടുവീര്‍പ്പിടുക.

7 എന്തിനു നെടുവീര്‍പ്പിടുന്നു എന്ന് അവര്‍ നിന്നോടു ചോദിക്കുമ്പോള്‍ നീ പറയണം; കേള്‍ക്കാന്‍ പോകുന്ന വാര്‍ത്ത നിമിത്തം തന്നെ, അതു കേള്‍ക്കുമ്പോള്‍ എല്ലാ ഹൃദയങ്ങളും ഉരുകും; എല്ലാ കരങ്ങളും ദുര്‍ബലമാകും; എല്ലാ മനസ്സുകളും തളരും; എല്ലാ കാല്‍മുട്ടുകളും വിറയ്‍ക്കും. ഇതാ അതിനുള്ള സമയം സമാഗതമായിരിക്കുന്നു. അതു നിറവേറ്റുകതന്നെ ചെയ്യും. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.”

8

സര്‍വേശ്വരന്‍റെ അരുളപ്പാട് വീണ്ടും എനിക്കുണ്ടായി:

9 “മനുഷ്യപുത്രാ, പ്രവചിക്കുക, സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു എന്നു പറയുക. ഇതാ ഒരു വാള്‍, തേച്ചുമിനുക്കി മൂര്‍ച്ച വരുത്തിയ വാള്‍,

10 സംഹാരം നടത്താന്‍ അതിനു മൂര്‍ച്ച കൂട്ടിയിരിക്കുന്നു. ഇടിമിന്നല്‍പോലെ തിളങ്ങുംവിധം അതു മിനുക്കിയിരിക്കുന്നു. അപ്പോള്‍ നാം ഉല്ലസിക്കുകയോ? എന്‍റെ ജനം എല്ലാ മുന്നറിയിപ്പുകളും ശിക്ഷയും അവഗണിക്കും.

11 അതുകൊണ്ട് ഉടനെ ഉപയോഗിക്കാന്‍വേണ്ടി വാള്‍ തേച്ചു മിനുക്കാന്‍ കൊടുത്തിരിക്കുന്നു. സംഹാരകന്‍റെ കൈയില്‍ കൊടുക്കാന്‍ അതു തേച്ചുമിനുക്കി മൂര്‍ച്ച കൂട്ടിയിരിക്കുന്നു.

12 മനുഷ്യപുത്രാ, നീ കരയുകയും മുറവിളികൂട്ടുകയും ചെയ്യുക. കാരണം അത് എന്‍റെ ജനത്തിനും ഇസ്രായേലിലെ എല്ലാ പ്രഭുക്കന്മാര്‍ക്കും നേരെ പ്രയോഗിക്കാനുള്ളതാണ്. എന്‍റെ ജനത്തോടൊപ്പം പ്രഭുക്കന്മാരും വാളിനിരയായിത്തീരും. അതുകൊണ്ട് നീ മാറത്തടിച്ചു കരയുക,

13 ഇതൊരു പരീക്ഷണമാണ്. അവര്‍ മനംതിരിയുന്നില്ലെങ്കില്‍ ഞാന്‍ എന്തുചെയ്യും? സര്‍വശക്തനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.”

14

“അതുകൊണ്ട്, മനുഷ്യപുത്രാ, നീ പ്രവചിക്കുക, കൈകൊട്ടുക. വാള്‍ തുടര്‍ച്ചയായി അവരുടെമേല്‍ പതിക്കട്ടെ. അവര്‍ക്കു ചുറ്റും ചുഴറ്റുന്ന സംഹാര ഖഡ്ഗമാണിത്.

15 അവരുടെ ഹൃദയം ഉരുകാനും അനേകം ആളുകള്‍ നിപതിക്കുവാനും എല്ലാ കവാടങ്ങളിലും ഞാന്‍ ആ വാള്‍ സ്ഥാപിച്ചിരിക്കുന്നു. ഇടിമിന്നല്‍പോലെ അതു തിളങ്ങുന്നു. സംഹാരത്തിനുവേണ്ടി അതു തേച്ചുമിനുക്കിയിരിക്കുന്നു.

16 വാളിന്‍റെ വായ്ത്തല തിരിയുന്നതനുസരിച്ചു ഇടംവലം ആഞ്ഞു വെട്ടുക.

17 ഞാനും കൈ കൊട്ടും; എന്‍റെ രോഷത്തിനു ശമനം വരും. സര്‍വേശ്വരനായ ഞാന്‍ അരുളിച്ചെയ്തിരിക്കുന്നു.”

18

സര്‍വേശ്വരന്‍റെ അരുളപ്പാട് വീണ്ടും എനിക്കുണ്ടായി:

19 “മനുഷ്യപുത്രാ, ബാബിലോണ്‍ രാജാവിന്‍റെ വാള്‍ കടന്നുവരുന്നതിനു രണ്ടു വഴികള്‍ നീ അടയാളപ്പെടുത്തുക. ഒരേ ദേശത്തുനിന്നുതന്നെ അവ രണ്ടും പുറപ്പെടണം. നഗരത്തിലേക്കുള്ള വഴിത്തലയ്‍ക്കല്‍ കൈ ചൂണ്ടി സ്ഥാപിക്കുക.

20 അങ്ങനെ അമ്മോന്യരുടെ പട്ടണമായ രബ്ബയിലും യെഹൂദായിലെ കോട്ടകെട്ടി സുരക്ഷിതമാക്കപ്പെട്ട യെരൂശലേമിലും വാള്‍ കടന്നുവരുന്നതിനുള്ള വഴി അടയാളപ്പെടുത്തുക.

21 കാരണം ബാബിലോണ്‍രാജാവ് വഴിത്തലയ്‍ക്കല്‍ വഴി രണ്ടായി തിരിയുന്നിടത്ത് ശകുനം നോക്കി നില്‌ക്കുന്നു. ഏതു വഴിക്കു പോകണം എന്നറിയാന്‍ അയാള്‍ ശരങ്ങള്‍ ചലിപ്പിച്ചു നോക്കുകയും കുലദൈവങ്ങളോട് അരുളപ്പാടു ചോദിക്കുകയും ബലിമൃഗങ്ങളുടെ കരള്‍ നോക്കുകയും ചെയ്യുന്നു.

22 യെരൂശലേമിനുള്ള നറുക്ക് അയാളുടെ വലങ്കൈയില്‍ വീണിരിക്കുന്നു. കൂട്ടക്കൊലയ്‍ക്ക് ആജ്ഞ നല്‌കാനും പോര്‍വിളി മുഴക്കാനും പ്രവേശനകവാടങ്ങളില്‍ ചുവരുകളും മറ്റും ഇടിച്ചു നിരത്താനുള്ള യന്ത്രമുട്ടി സ്ഥാപിക്കാനും മണ്‍തിട്ടകള്‍ ഉയര്‍ത്താനും ഉപരോധഗോപുരങ്ങള്‍ നിര്‍മിക്കാനും നിര്‍ദേശം നല്‌കുന്നതായിരുന്നു ആ നറുക്ക്.

23 അവര്‍ ചെയ്ത സഖ്യംനിമിത്തം യെരൂശലേംനിവാസികള്‍ക്ക് അതു വ്യാജശകുനമായി തോന്നും. അവര്‍ പിടിച്ചടക്കപ്പെടാനിടവരുത്തിയ അകൃത്യങ്ങള്‍ അയാള്‍ അവരെ അനുസ്മരിപ്പിക്കുന്നു.”

24

അതുകൊണ്ട് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ അകൃത്യങ്ങള്‍ വെളിപ്പെടുത്തി നിങ്ങളുടെ അപരാധങ്ങള്‍ അനുസ്മരിപ്പിച്ചതുകൊണ്ടും നിങ്ങളുടെ എല്ലാ പ്രവൃത്തികളിലും നിങ്ങളുടെ പാപം പ്രത്യക്ഷപ്പെടുന്നതുകൊണ്ടും നിങ്ങള്‍ എന്‍റെ ഓര്‍മയെ ഉണര്‍ത്തിയതുകൊണ്ടും നിങ്ങള്‍ പിടിക്കപ്പെടും.

25 അശുദ്ധനും ദുഷ്ടനുമായ ഇസ്രായേല്‍രാജാവേ, നിന്‍റെ അന്ത്യശിക്ഷാവിധിയുടെ ദിവസം ഇതാ വന്നിരിക്കുന്നു.

26 സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്‍റെ തലപ്പാവും കിരീടവും എടുത്തുമാറ്റുക. കാര്യങ്ങള്‍ പഴയതുപോലെ തുടരുകയില്ല. താണവന്‍ ഉയര്‍ത്തപ്പെടും. ഉയര്‍ന്നവന്‍ താഴ്ത്തപ്പെടും.

27 അതിനു നാശം നാശം! ഞാന്‍ നഗരത്തെ നാശകൂമ്പാരമാക്കും, നഗരത്തെ ന്യായം വിധിക്കാന്‍ ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നവന്‍ വരുമ്പോള്‍ ഞാന്‍ അത് അവനെ ഏല്പിക്കും.

28

“മനുഷ്യപുത്രാ, പ്രവചിക്കുക! സര്‍വേശ്വരനായ കര്‍ത്താവ് അമ്മോന്യരെയും അവരുടെ അധിക്ഷേപത്തെയുംകുറിച്ച് ഇങ്ങനെ അരുളിച്ചെയ്യുന്നു.

29 സംഹാരത്തിനായി ഒരു വാള്‍ ഊരിപ്പിടിച്ചിരിക്കുന്നു. ഇടിവാള്‍പോലെ വെട്ടിത്തിളങ്ങുംവിധം അതു തേച്ചുമിനുക്കിയിരിക്കുന്നു. നിങ്ങള്‍ക്കുവേണ്ടി വ്യാജദര്‍ശനം കാണുകയും കള്ളപ്രവചനം നടത്തുകയും ചെയ്യുന്ന അശുദ്ധരായ ദുഷ്ടജനത്തിന്‍റെ കഴുത്തില്‍ ആ വാള്‍ പതിക്കും. അവരുടെ ദിവസം വന്നിരിക്കുന്നു! അവരുടെ അന്ത്യശിക്ഷയുടെ ദിവസംതന്നെ.

30 വാള്‍ ഉറയിലിടുക; നീ സൃഷ്‍ടിക്കപ്പെട്ട ദേശത്തു, നിന്‍റെ ജന്മദേശത്തുവച്ചുതന്നെ നിന്നെ ഞാന്‍ വിധിക്കും.

31 എന്‍റെ രോഷം ഞാന്‍ നിന്‍റെമേല്‍ പകരും. എന്‍റെ ക്രോധാഗ്നി നിന്‍റെമേല്‍ ജ്വലിക്കും. ഞാന്‍ നിന്നെ സംഹാരവിരുതരായ നിഷ്ഠുരന്മാരുടെ കൈയില്‍ ഏല്പിക്കും.

32 നീ അഗ്നിക്കിരയാകും. നിന്‍റെ രക്തം ദേശത്തിന്‍റെ നടുവിലൂടെ ഒഴുകും. നിന്നെ ആരും ഓര്‍മിക്കയില്ല.” സര്‍വേശ്വരനായ ഞാനാണ് ഇത് അരുളിച്ചെയ്യുന്നത്.

22

1

സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കു വീണ്ടും ഉണ്ടായി:

2 “മനുഷ്യപുത്രാ, നീ അവരെ കുറ്റം വിധിക്കുകയില്ലേ? രക്തപങ്കിലമായ ഈ നഗരത്തെ നീ വിധിക്കയില്ലേ? അവളുടെ മ്ലേച്ഛകൃത്യങ്ങള്‍ അവളെ അറിയിക്കുക.

3 സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്നു പറയുക”. രക്തപാതകം നടത്തി ന്യായവിധിദിവസം ആസന്നമാക്കയും വിഗ്രഹങ്ങള്‍ നിര്‍മിച്ച് സ്വയം മലിനയാകുകയും ചെയ്ത നഗരമേ!

4 നീ ചൊരിഞ്ഞ രക്തത്താല്‍ നീ കുറ്റക്കാരിയും നീ നിര്‍മിച്ച വിഗ്രഹങ്ങളാല്‍ നീ മലിനയും ആയിത്തീര്‍ന്നിരിക്കുന്നു. നിന്‍റെ ദിനം, നിന്‍റെ ആയുസ്സിന്‍റെ അന്ത്യം ആസന്നമായിരിക്കുന്നു. അതിനാല്‍ ഞാന്‍ നിന്നെ ജനതകള്‍ക്കു നിന്ദാപാത്രവും രാജ്യങ്ങള്‍ക്കെല്ലാം പരിഹാസവിഷയവും ആക്കിയിരിക്കുന്നു.

5 കുപ്രസിദ്ധയും ക്രമസമാധാനം നിശ്ശേഷം തകര്‍ന്നവളുമായ നിന്നെ അടുത്തും അകലെയുമുള്ളവര്‍ പരിഹസിക്കും.

6

ഇസ്രായേലിലെ രാജാക്കന്മാരെല്ലാം തങ്ങളുടെ ശക്തി രക്തച്ചൊരിച്ചിലിനായി വിനിയോഗിച്ചു.

7 നിന്നില്‍ നിവസിച്ചിരുന്ന മാതാപിതാക്കളെ അവര്‍ നിന്ദിക്കുകയും പരദേശികളെ പീഡിപ്പിക്കുകയും ചെയ്തു. അനാഥരെയും വിധവകളെയും അവര്‍ ദ്രോഹിച്ചു.

8 എനിക്കു വിശുദ്ധമായതിനെ അവര്‍ മലിനമാക്കി; ശബത്തുകള്‍ അശുദ്ധമാക്കി.

9 രക്തച്ചൊരിച്ചിലിന് ഇടവരുത്തുന്ന അപവാദം പറഞ്ഞു പരത്തുന്നവരും പൂജാഗിരികളില്‍വച്ചു ഭക്ഷണം കഴിക്കുന്നവരും ഭോഗാസക്തികൊണ്ട് അഴിഞ്ഞാടുന്നവരും നിന്നില്‍ നിവസിക്കുന്നു.

10 പിതാവിന്‍റെ ഭാര്യയോടൊത്ത് ശയിക്കുന്നവരും ആര്‍ത്തവകാലത്ത് സ്‍ത്രീകളെ പ്രാപിക്കുന്നവരും നിന്നിലുണ്ട്.

11 നിന്നില്‍ നിവസിക്കുന്ന ചിലര്‍ അയല്‍ക്കാരന്‍റെ ഭാര്യയോടു മ്ലേച്ഛമായി പെരുമാറുന്നു; മറ്റു ചിലര്‍ ഭോഗാസക്തരായി മരുമക്കളെ പ്രാപിച്ച് അവരെ അശുദ്ധരാക്കുന്നു; വേറേ ചിലര്‍ തന്‍റെ സ്വന്തം പിതാവില്‍ നിന്നു ജനിച്ച സഹോദരിയെ അപമാനിക്കുന്നു.

12 രക്തം ചൊരിയാന്‍ കോഴ വാങ്ങുന്നവര്‍ നിന്നിലുണ്ട്; പലിശയും ലാഭവും വാങ്ങി അയല്‍ക്കാരനെ ഞെക്കിപ്പിഴിഞ്ഞു ചിലര്‍ പണം സമ്പാദിക്കുന്നു. അങ്ങനെ നീ എന്നെ മറന്നുകളഞ്ഞിരിക്കുന്നു എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

13

അന്യായമായി നീ ഉണ്ടാക്കിയ ലാഭവും നീ ചൊരിഞ്ഞ രക്തവുംനിമിത്തം ഞാന്‍ രോഷംപൂണ്ട് മുഷ്‍ടി ചുരുട്ടും.

14 ഞാന്‍ നിന്നെ അഭിമുഖീകരിക്കുമ്പോള്‍ നീ സുധീരം ഉറച്ചു നില്‌ക്കുമോ? നിന്‍റെ കൈകള്‍ ബലവത്തായിരിക്കുമോ? സര്‍വേശ്വരനായ ഞാനാണ് ഇതു പറയുന്നത്. അതു ഞാന്‍ നിറവേറ്റുകതന്നെ ചെയ്യും.

15 ഞാന്‍ നിന്നെ ജനതകളുടെ ഇടയിലേക്കും രാജ്യങ്ങളിലേക്കും ചിതറിക്കും; നിന്‍റെ മാലിന്യത്തിനു ഞാന്‍ അറുതി വരുത്തും.

16 ജനതകളുടെ മുമ്പില്‍ നീ മലിനയായി കാണപ്പെടും; അപ്പോള്‍ ഞാനാകുന്നു സര്‍വേശ്വരനെന്നു നീ അറിയും.

17

സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി

18 “മനുഷ്യപുത്രാ, ഇസ്രായേല്‍ജനം എനിക്കു ലോഹക്കിട്ടമായിരിക്കുന്നു. അവരെല്ലാവരും വെള്ളിയും ഓടും വെളുത്തീയവും ഇരുമ്പും കറുത്തീയവും ഉരുക്കിയ ഉലയിലെ കിട്ടംപോലെ ആയിരിക്കുന്നു.

19 അതുകൊണ്ട് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെല്ലാവരും കിട്ടമായിത്തീര്‍ന്നിരിക്കുന്നതുകൊണ്ട് ഞാന്‍ നിങ്ങളെ യെരൂശലേമില്‍ ഒരുമിച്ചുകൂട്ടും.

20 വെള്ളിയും ഓടും വെളുത്തീയവും ഇരുമ്പും കറുത്തീയവും ഉലയില്‍ ഒരുമിച്ച് ഊതി ഉരുക്കുന്നതുപോലെ നിങ്ങളെയും ഒരുമിച്ചു കൊണ്ടുവന്ന് എന്‍റെ കോപത്തിന്‍റെയും ക്രോധത്തിന്‍റെയും അഗ്നിയില്‍ ഉരുക്കും.

21 നിങ്ങളെ ഞാന്‍ ഒരുമിച്ചുകൂട്ടി നിങ്ങളുടെമേല്‍ എന്‍റെ കോപാഗ്നി ചൊരിയും. നിങ്ങള്‍ അതില്‍ ഉരുകിപ്പോകും.

22 വെള്ളി ഉലയില്‍ ഉരുകുന്നതുപോലെ നിങ്ങളും അതില്‍ ഉരുകും. സര്‍വേശ്വരനായ ഞാന്‍ എന്‍റെ ക്രോധം നിങ്ങളുടെമേല്‍ ചൊരിഞ്ഞിരിക്കുന്നു എന്ന് അപ്പോള്‍ നിങ്ങള്‍ അറിയും.

23

സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി:

24 “മനുഷ്യപുത്രാ, ഇസ്രായേല്‍ദേശത്തോടു പറയുക, ക്രോധദിവസത്തില്‍ നീ ശുചിയാക്കപ്പെടാത്തതും മഴ പെയ്യാത്തതുമായ ദേശം ആയിരിക്കും.

25 ഇരയെ കടിച്ചുകീറി ഗര്‍ജിക്കുന്ന സിംഹത്തെപ്പോലെയാണ് അതിലെ പ്രഭുക്കന്മാര്‍. അവര്‍ മനുഷ്യരെ വിഴുങ്ങുന്നു; സമ്പത്തും വിലപ്പെട്ട വസ്തുക്കളും അപഹരിക്കുന്നു; അവര്‍ അനവധി സ്‍ത്രീകളെ വിധവകളാക്കുന്നു.

26 അതിലെ പുരോഹിതന്മാര്‍ എന്‍റെ നിയമം ലംഘിക്കുകയും എന്‍റെ വിശുദ്ധവസ്തുക്കള്‍ അശുദ്ധമാക്കുകയും ചെയ്തിരിക്കുന്നു. വിശുദ്ധവും അശുദ്ധവുമായ വസ്തുക്കളെ അവര്‍ വേര്‍തിരിച്ചു കാണുന്നില്ല. നിര്‍മലവും മലിനവും തമ്മിലുള്ള വ്യത്യാസം അവര്‍ പഠിപ്പിക്കുന്നില്ല. എന്‍റെ ശബത്തുകളെ അവര്‍ അനാദരിക്കുന്നു; അങ്ങനെ അവരുടെ ഇടയില്‍ ഞാന്‍ നിന്ദിതനായിരിക്കുന്നു.

27 അവരുടെ പ്രഭുക്കന്മാര്‍ ഇരയെ കടിച്ചുകീറുന്ന ചെന്നായ്‍ക്കളാണ്. കൊള്ളലാഭത്തിനുവേണ്ടി അവര്‍ രക്തം ചൊരിയുകയും കൊലപാതകം നടത്തുകയും ചെയ്യുന്നു.

28 അതിലെ പ്രവാചകന്മാര്‍ വ്യാജദര്‍ശനങ്ങള്‍ കാണുകയും സര്‍വേശ്വരന്‍ അരുളപ്പാടു നല്‌കാതിരിക്കെ സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്നു പ്രസ്താവിക്കുകയും ചെയ്തുകൊണ്ട് അതിനെ വെള്ളപൂശുന്നു.

29 തദ്ദേശവാസികള്‍ പിടിച്ചുപറിക്കുകയും കൊള്ള നടത്തുകയും ചെയ്യുന്നു. ദരിദ്രരെയും അഗതികളെയും അവര്‍ മര്‍ദിക്കുകയും പരദേശികളെ അന്യായമായി പീഡിപ്പിക്കുകയും ചെയ്യുന്നു.

30 ഞാന്‍ ആ ദേശത്തെ നശിപ്പിക്കാതിരിക്കാന്‍വേണ്ടി കോട്ട പണിയാനും അതിന്‍റെ വിള്ളലുകളില്‍ നിലയുറപ്പിക്കാനും ഒരുക്കമുള്ള ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചു. പക്ഷേ, ആരെയും ഞാന്‍ കണ്ടില്ല.

31 അതുകൊണ്ട് എന്‍റെ രോഷം അവരുടെമേല്‍ ചൊരിഞ്ഞു; എന്‍റെ ക്രോധാഗ്നിയില്‍ ഞാന്‍ അവരെ ദഹിപ്പിച്ചു. അവരുടെ പ്രവൃത്തികള്‍ക്കു തക്ക ശിക്ഷ അവര്‍ക്കു നല്‌കുകയും ചെയ്തിരിക്കുന്നു എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

23

1

സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി:

2 “മനുഷ്യപുത്രാ, ഒരമ്മയ്‍ക്കു രണ്ടു പുത്രിമാര്‍ ഉണ്ടായിരുന്നു.

3 ഈജിപ്തില്‍ ആയിരുന്നപ്പോള്‍ ചെറുപ്രായത്തില്‍ തന്നെ അവര്‍ വ്യഭിചാരത്തില്‍ ഏര്‍പ്പെട്ടു. അവരുടെ മാറിടം പ്രേമപൂര്‍വം അമര്‍ത്തപ്പെട്ടു. അവരുടെ കന്യകാത്വം നഷ്ടപ്പെടുത്തുകയും ചെയ്തു.

4 അവരില്‍ മൂത്തവള്‍ക്ക് ഒഹോലാ എന്നും ഇളയവള്‍ക്ക് ഒഹോലിബാ എന്നുമായിരുന്നു പേര്. ഇരുവരും എന്‍റെ സ്വന്തമായിത്തീര്‍ന്നു. അവര്‍ക്കു പുത്രന്മാരും പുത്രിമാരും ജനിച്ചു. അവരില്‍ ഒഹോലാ ശമര്യയെയും ഒഹോലിബാ യെരൂശലേമിനെയും സൂചിപ്പിക്കുന്നു.

5

ഒഹോലാ എന്‍റേതായിരിക്കുമ്പോള്‍തന്നെ വ്യഭിചാരത്തില്‍ ഏര്‍പ്പെട്ടു.

6 അയല്‍ക്കാരായ അസ്സീറിയക്കാരിലായിരുന്നു അവളുടെ മോഹം. അവര്‍ ധൂമ്രവസ്ത്രം അണിഞ്ഞ ദേശാധിപതികളും സേനാപതികളും യോദ്ധാക്കളും ആയിരുന്നു. അവര്‍ അശ്വാരൂഢരായ യുവകോമളന്മാരായിരുന്നു.

7 അസ്സീറിയായിലെ ആ പ്രമുഖരോടൊത്ത് അവള്‍ വ്യഭിചരിച്ചു. അവള്‍ തന്‍റെ കാമുകന്മാരുടെ വിഗ്രഹങ്ങളെക്കൊണ്ട് സ്വയം മലിനയായിത്തീര്‍ന്നു.

8 ഈജിപ്തില്‍വച്ചു ശീലിച്ച വ്യഭിചാരം അവള്‍ ഉപേക്ഷിച്ചില്ല. അവളുടെ യൗവനത്തില്‍ അവര്‍ അവളോടൊത്തു ശയിച്ചു. അവളുടെ കന്യകാത്വം നഷ്ടപ്പെടുത്തുകയും തങ്ങളുടെ ഭോഗാസക്തി അവളുടെമേല്‍ ചൊരിയുകയും ചെയ്തു.

9 അതുകൊണ്ടു ഞാന്‍ അവളെ അവള്‍ മോഹിച്ചിരുന്ന അസ്സീറിയാക്കാരായ കാമുകന്മാരുടെ കൈയില്‍ ഏല്പിച്ചു. അവര്‍ അവളെ നഗ്നയാക്കി. അവളുടെ പുത്രന്മാരെയും പുത്രിമാരെയും പിടിച്ചുകൊണ്ടുപോയി; അവളെ വാളിന് ഇരയാക്കി.

10 അവര്‍ അവളുടെമേല്‍ ന്യായവിധി നടത്തി. അങ്ങനെ അവള്‍ സ്‍ത്രീകളുടെ ഇടയില്‍ പരിഹാസപാത്രമായിത്തീര്‍ന്നു.

11

അവളുടെ സഹോദരി ഒഹോലിബാ ഇതെല്ലാം കണ്ടിട്ടും കാമാസക്തിയിലും വ്യഭിചാരത്തിലും തന്‍റെ സഹോദരിയെ അതിശയിക്കുംവിധം ഹീനമായി വര്‍ത്തിച്ചു.

12 അവളും അസ്സീറിയാക്കാരായ ദേശാധിപതികളെയും സൈന്യാധിപന്മാരെയും പടച്ചട്ടയണിഞ്ഞ യുദ്ധവീരന്മാരെയും മോഹിച്ചു. അവര്‍ എല്ലാവരും അശ്വാരൂഢരായ യുവകോമളന്മാരായിരുന്നു.

13 അവളും മലിനയായിത്തീര്‍ന്നു. അവര്‍ ഇരുവരും ഒരേ മാര്‍ഗമാണ് അവലംബിച്ചത്.

14 അവള്‍ തന്‍റെ വ്യഭിചാരത്തില്‍ പൂര്‍വാധികം മുഴുകി. അരക്കച്ചയും തൊങ്ങലുള്ള തലപ്പാവും അണിഞ്ഞ ബാബിലോണ്യപുരുഷന്മാരുടെ ചിത്രങ്ങള്‍ സിന്ദൂരവര്‍ണത്തില്‍ ചുവരില്‍ വരച്ചിരിക്കുന്നത് അവള്‍ കണ്ടു.

15 കല്ദയദേശത്തു ജനിച്ച ബാബിലോണ്‍കാരായിരുന്നു അവര്‍.

16 ആ ചിത്രങ്ങള്‍ കണ്ടപ്പോള്‍ അവള്‍ കാമാസക്തയായിത്തീര്‍ന്നു. അവരുടെ അടുക്കലേക്കു അവള്‍ ദൂതന്മാരെ അയച്ചു. അവളോടൊത്തു രമിക്കാന്‍ ബാബിലോണ്യര്‍ വന്നു.

17 വ്യഭിചാരം കൊണ്ട് അവര്‍ അവളെ മലിനയാക്കി. മലിനയായശേഷം അവള്‍ക്ക് അവരോടു വെറുപ്പു തോന്നി.

18 പരസ്യമായി വ്യഭിചാരത്തില്‍ ഏര്‍പ്പെടുകയും തന്‍റെ നഗ്നത തുറന്നുകാട്ടുകയും ചെയ്ത അവളോട് അവളുടെ സഹോദരിയോടെന്നപോലെ എനിക്കു വെറുപ്പു തോന്നി.

19 എന്നിട്ടും അവള്‍ ഈജിപ്തില്‍വച്ചു താന്‍ യൗവനകാലത്ത് സ്വീകരിച്ച വ്യഭിചാരത്തെ അനുസ്മരിച്ചുകൊണ്ട് തുടര്‍ന്നും വ്യഭിചരിച്ചു.

20 കഴുതകളുടേതുപോലെയുള്ള വലിയ ലിംഗവും കുതിരകളുടേതുപോലെ ബീജസ്രവണവുമുള്ള ജാരന്മാരെയും അവള്‍ മോഹിച്ചു.

21 അങ്ങനെ ഈജിപ്തുകാര്‍ പ്രേമപൂര്‍വം മാറിടം അമര്‍ത്തുകയും കന്യകാത്വം നഷ്ടപ്പെടുത്തുകയും ചെയ്ത യൗവനത്തിലെ ഭോഗാസക്തിയില്‍വീണ്ടും മുഴുകാന്‍ നീ ആഗ്രഹിച്ചു.

22

അതുകൊണ്ട് അല്ലയോ ഒഹോലിബാ, നീ വെറുത്ത നിന്‍റെ കാമുകന്മാരെ ഞാന്‍ നിനക്കെതിരെ എഴുന്നേല്പിക്കും. അവര്‍ എല്ലാ ദിക്കുകളില്‍നിന്നും നിന്‍റെ നേരെ വരും.

23 അശ്വാരൂഢരും യുവകോമളന്മാരുമായ ദേശാധിപതികളും സൈന്യാധിപന്മാരും യോദ്ധാക്കളുമായ ബാബിലോണ്യരെയും കല്ദയരെയും പെക്കോദ്, ശോവ, കോവ എന്നീ ദേശങ്ങളിലുള്ളവരെയും എല്ലാ അസ്സീറിയാക്കാരെയും ഞാന്‍ നിനക്കെതിരെ കൊണ്ടുവരും.

24 നിരവധി രഥങ്ങളും വാഹനങ്ങളും വലിയ സൈന്യവ്യൂഹവുമായി അവര്‍ വടക്കുനിന്നു നിനക്കെതിരെ വരും. പടത്തൊപ്പിയും പരിചയും കവചവും അണിഞ്ഞ അവര്‍ നിന്നെ വളയും. ന്യായം വിധിക്കാന്‍ ഞാന്‍ അവരെ നിയോഗിക്കും.

25 തങ്ങളുടെ ന്യായം അനുസരിച്ച് അവര്‍ നിന്നെ വിധിക്കും. അവര്‍ നിന്നോടു ക്രോധപൂര്‍വം വര്‍ത്തിക്കാന്‍ തക്കവിധം എന്‍റെ രോഷം നിന്‍റെ നേരെ അയയ്‍ക്കും. അവര്‍ നിന്‍റെ മൂക്കും ചെവികളും ഛേദിച്ചുകളയും. നിന്നില്‍ ശേഷിക്കുന്നവര്‍ വാളിനിരയാകും. നിന്‍റെ പുത്രന്മാരെയും പുത്രിമാരെയും അവര്‍ പിടിച്ചുകൊണ്ടു പോകും.

26 അവശേഷിക്കുന്നവര്‍ അഗ്നിക്കിരയാകും. അവര്‍ നിന്‍റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കുകയും അമൂല്യരത്നങ്ങള്‍ അപഹരിക്കുകയും ചെയ്യും.

27 അങ്ങനെ നിന്‍റെ ഭോഗാസക്തിക്കും ഈജിപ്തുദേശത്തു വച്ചു നീ ശീലിച്ച വ്യഭിചാരത്തിനും ഞാന്‍ അറുതി വരുത്തും. ഇനി ഒരിക്കലും ഈജിപ്തുകാരുടെ നേരെ നിന്‍റെ ദൃഷ്‍ടി തിരിക്കുകയോ നീ അവരെ അനുസ്മരിക്കുകയോ ചെയ്കയില്ല.

28 സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “ഇതാ, നീ വെറുത്തവരുടെ കൈയില്‍, നീ മനം മടുത്ത് ഉപേക്ഷിച്ചവരുടെ കൈയില്‍തന്നെ ഞാന്‍ നിന്നെ ഏല്പിക്കും. അവര്‍ നിന്നോടു വെറുപ്പോടെ വര്‍ത്തിക്കും.

29 നിന്‍റെ അധ്വാനഫലം അവര്‍ അപഹരിക്കും. നഗ്നയും അനാവൃതയുമായി അവര്‍ നിന്നെ ഉപേക്ഷിക്കും. അങ്ങനെ നിന്‍റെ വ്യഭിചാരം വെളിപ്പെടും. നിന്‍റെ ഭോഗാസക്തിയും വ്യഭിചാരവുമാണ് അതിനിടയാക്കിയത്.

30 വിജാതീയരായ ജനതകളോടൊത്തു നീ വ്യഭിചരിക്കുകയും അവരുടെ വിഗ്രഹങ്ങളാല്‍ നീ മലിനയാക്കപ്പെടുകയും ചെയ്തതുകൊണ്ട് ഇതെല്ലാം നിനക്കു ഭവിക്കും.

31 നിന്‍റെ സഹോദരി പോയ വഴിയേതന്നെ നീയും പോയി. അതുകൊണ്ട് അവളുടെ ശിക്ഷയുടെ പാനപാത്രം ഞാന്‍ നിനക്കും നല്‌കും.

32 സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്‍റെ സഹോദരിയുടെ ആഴവും പരപ്പുമേറിയ പാനപാത്രത്തില്‍നിന്നു നീ കുടിക്കും. അതില്‍ ധാരാളം കുടിക്കാനുണ്ട്, നീ പരിഹാസത്തിനും നിന്ദയ്‍ക്കും പാത്രമാകും.

33 ലഹരിയും ദുഃഖവും നിന്നില്‍ നിറയും; ഭീതിയുടെയും ശൂന്യതയുടെയും പാനപാത്രത്തില്‍നിന്ന്, നിന്‍റെ സഹോദരി ശമര്യയുടെ പാനപാത്രത്തില്‍ നിന്നുതന്നെ നീ പാനം ചെയ്യും.

34 നീ അത് ഊറ്റിക്കുടിച്ചശേഷം പാത്രം ഉടച്ച് അതിന്‍റെ കഷണങ്ങള്‍ നക്കും. നിന്‍റെ മാറിടം നീ മാന്തിക്കീറും, ഞാനാണ് ഇതു പറഞ്ഞിരിക്കുന്നത് എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.”

35 അവിടുന്നു വീണ്ടും അരുളിച്ചെയ്യുന്നു: “നീ എന്നെ വിസ്മരിക്കുകയും പുറംതള്ളിയിരിക്കുകയും ചെയ്തിരിക്കുന്നതിനാല്‍ നിന്‍റെ വ്യഭിചാരത്തിന്‍റെയും ഭോഗാസക്തിയുടെയും ഫലം നീ അനുഭവിക്കും.”

36

സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, നീ ഒഹോലായെയും ഒഹോലിബായെയും കുറ്റം വിധിക്കുമോ? അവരുടെ മ്ലേച്ഛതകള്‍ അവരെ അറിയിക്കുക.

37

അവര്‍ വ്യഭിചാരം ചെയ്തു; അവരുടെ കരങ്ങള്‍ രക്തം ചിന്തി. അവരുടെ വിഗ്രഹങ്ങള്‍കൊണ്ട് അവര്‍ വ്യഭിചരിച്ചു. അവരില്‍ എനിക്കുണ്ടായ മക്കളെപ്പോലും വിഗ്രഹങ്ങള്‍ക്ക് അവര്‍ ഹോമബലിയായി അര്‍പ്പിച്ചു.

38 ഇതിനുപുറമേ അവര്‍ എന്‍റെ വിശുദ്ധമന്ദിരത്തെ മലിനമാക്കി; ശബത്ത് അശുദ്ധമാക്കി.

39 സ്വന്തം മക്കളെ കൊന്നു തങ്ങളുടെ വിഗ്രഹങ്ങള്‍ക്കു ബലി അര്‍പ്പിച്ച ദിവസംതന്നെ അവര്‍ എന്‍റെ വിശുദ്ധസ്ഥലത്തു പ്രവേശിച്ച് അവിടം അശുദ്ധമാക്കി.

40 ആ സഹോദരിമാര്‍ വിദൂരദേശത്തു നിന്നുപോലും ദൂതന്മാരെ അയച്ചു പുരുഷന്മാരെ വരുത്തി; അവര്‍ക്കുവേണ്ടി അവര്‍ കുളിച്ചു കണ്ണെഴുതി ആഭരണങ്ങള്‍ അണിഞ്ഞു.

41 രാജകീയമായ മഞ്ചത്തില്‍ അവര്‍ ഇരുന്നു; അതിന്‍റെ മുമ്പില്‍ മേശയൊരുക്കി അതിന്മേല്‍ എന്‍റെ സുഗന്ധവസ്തുക്കളും തൈലവും വച്ചു.

42 എല്ലാം നിസ്സാരമായി കരുതുന്ന ഒരു പുരുഷാരത്തിന്‍റെ ശബ്ദഘോഷം അവരെ വലയം ചെയ്തിരുന്നു. സാധാരണജനത്തെ കൂടാതെ മരുഭൂമിയില്‍നിന്ന് ആളയച്ചു വരുത്തിയ മദ്യപന്മാരും അവരോടൊപ്പം ഉണ്ടായിരുന്നു. അവര്‍ രണ്ടു സ്‍ത്രീകളുടെയും കൈകളില്‍ വളയും തലയില്‍ മനോഹരമായ കിരീടവും അണിയിച്ചു.

43

വ്യഭിചാരവൃത്തിയിലേര്‍പ്പെട്ട് അകാലവാര്‍ധക്യം ബാധിച്ച ആ സഹോദരിമാരോടൊത്ത് അവരും അവരോടൊത്ത് ആ സ്‍ത്രീകളും വ്യഭിചാരത്തിലേര്‍പ്പെടുമോ എന്നു ഞാന്‍ ചോദിച്ചു.

44 ഒരു വേശ്യയെ എന്നപോലെ അവര്‍ അവരെ സമീപിച്ചു; ഇങ്ങനെ അവര്‍ ഭോഗാസക്തരായ ഒഹോലായെയും ഒഹോലിബായെയും പ്രാപിച്ചു.

45 വ്യഭിചാരിണികളെയും രക്തം ചിന്തുന്ന സ്‍ത്രീകളെയും വിധിക്കുന്നതുപോലെ നീതിമാന്മാര്‍ അവരെ വിധിക്കും. എന്തെന്നാല്‍ അവര്‍ വ്യഭിചാരിണികളാണ്. അവരുടെ കൈകള്‍ രക്തം പുരണ്ടതുമാണ്.

46

അതുകൊണ്ട് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “അവര്‍ക്കെതിരെ ഒരു സൈന്യത്തെ അണിനിരത്തുക; അവര്‍ ഭീതിക്കും കൊള്ളയ്‍ക്കും വിധേയരാകട്ടെ.

47 സൈന്യം അവരെ കല്ലെറിയുകയും വാളുകൊണ്ട് അവരെ അരിഞ്ഞുവീഴ്ത്തുകയും ചെയ്യും. അവരുടെ പുത്രന്മാരെയും പുത്രിമാരെയും അവര്‍ കൊല്ലും. അവരുടെ ഭവനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്യും. അങ്ങനെ ഞാന്‍ ദേശത്തു ഭോഗാസക്തിക്ക് അറുതി വരുത്തും.

48 സ്‍ത്രീകള്‍ നിങ്ങളെപ്പോലെ ഭോഗാസക്തരാകാതിരിക്കുവാന്‍ ഇത് അവര്‍ക്ക് ഒരു മുന്നറിയിപ്പായിരിക്കട്ടെ.

49 നിങ്ങളുടെ ഭോഗാസക്തിക്കും വിഗ്രഹാരാധന നിമിത്തമുള്ള പാപത്തിനും നിങ്ങള്‍ ശിക്ഷ അനുഭവിക്കും. ഞാനാണ് സര്‍വേശ്വരനായ കര്‍ത്താവ് എന്നു നിങ്ങള്‍ അപ്പോള്‍ അറിയും.

24

1

പ്രവാസത്തിന്‍റെ ഒമ്പതാം വര്‍ഷം പത്താം മാസം പത്താം ദിവസം സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി.

2 മനുഷ്യപുത്രാ, ഈ ദിവസം അതേ ഈ ദിവസം, ഏതെന്നു കുറിച്ചിടുക. ഇതേ ദിവസം തന്നെയാണ് ബാബിലോണ്‍രാജാവ് യെരൂശലേമിനെ ആക്രമിച്ചത്.

3 ധിക്കാരികളായ ജനത്തോട് ഈ ദൃഷ്ടാന്തം പറയുക; സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഒരു കലം അടുപ്പത്തുവച്ച് അതില്‍ വെള്ളം ഒഴിക്കുക.

4 അതില്‍ ആട്ടിന്‍പറ്റത്തില്‍ മേന്മയേറിയ ആടിന്‍റെ തുടയിലെയും കൈക്കുറകിലെയും നല്ല കഷണങ്ങള്‍ ഇടണം. നല്ല എല്ലിന്‍കഷണങ്ങളും കൂടെ ഇട്ട് അതു നിറയ്‍ക്കുക.

5 പാത്രത്തിനുകീഴെ വിറകടുക്കി തീ കത്തിച്ച് ഇറച്ചിക്കഷണങ്ങള്‍ വേവിക്കുക. എല്ലുകളും അതില്‍ കിടന്നു തിളയ്‍ക്കട്ടെ.

6

അതുകൊണ്ട് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ക്ലാവു പിടിച്ച പാത്രമേ, വിട്ടുമാറാത്ത ക്ലാവു പിടിച്ച കലമേ, രക്തപങ്കിലമായ നഗരമേ, നിനക്കു ഹാ ദുരിതം! ആ കലത്തില്‍നിന്നു കഷണങ്ങള്‍ ഓരോന്നും കോരി എടുക്കുക.

7 ഒന്നും അവശേഷിക്കരുത്. നഗരം ചൊരിഞ്ഞ രക്തം ഇപ്പോഴും അവളുടെ മധ്യത്തിലുണ്ട്; അതു പാറപ്പുറത്താണ് അവള്‍ ഒഴുക്കിയത്. മണ്ണുകൊണ്ടു മൂടിപ്പോകത്തക്കവിധം അവള്‍ നിലത്തല്ല അതു ചൊരിഞ്ഞത്.

8 എന്‍റെ ക്രോധം ഉണര്‍ത്തി പ്രതികാരം ചെയ്യാന്‍ വേണ്ടി അവള്‍ ചൊരിഞ്ഞ രക്തം ഞാന്‍ മറയ്‍ക്കാതെ ആ പാറപ്പുറത്തുതന്നെ നിറുത്തിയിരിക്കുന്നു.

9 അതുകൊണ്ട് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: രക്തപങ്കിലമായ നഗരമേ, നിനക്കു ദുരിതം! ഞാന്‍ തന്നെ വിറകു കൂമ്പാരം വലുതാക്കും.

10 വിറകുകൂട്ടി തീ കൊളുത്തി മാംസം നന്നായി വേവിക്കുക. ചാറു വറ്റിക്കുക; എല്ലിന്‍കഷണങ്ങള്‍ കരിഞ്ഞുപോകട്ടെ. ആ പാത്രത്തിലുള്ളതെല്ലാം നീക്കിയശേഷം വീണ്ടും അതു തീക്കനലിന്മേല്‍ വയ്‍ക്കുക.

11 അങ്ങനെ ചെമ്പു ചുട്ടുപഴുത്ത് അതിലെ കറ ഉരുകുകയും ക്ലാവു നശിച്ചു പോകുകയും ചെയ്യട്ടെ.

12 എന്‍റെ അധ്വാനം നിഷ്ഫലമാണ്. അതിലെ കട്ടപിടിച്ച ക്ലാവ് അഗ്നിയില്‍ ഉരുകുന്നതല്ല.

13 നിന്‍റെ മ്ലേച്ഛമായ ഭോഗാസക്തിയാണ് നിന്നിലെ കട്ടപിടിച്ച ക്ലാവ്. ഞാന്‍ നിന്നെ ശുദ്ധമാക്കാന്‍ ശ്രമിച്ചിട്ടും നീ ശുദ്ധമായില്ല. എന്‍റെ ക്രോധം നിന്‍റെമേല്‍ ചൊരിഞ്ഞ് അതു തീരുന്നതുവരെ നീ ശുദ്ധയാകുകയില്ല.

14 അതു സംഭവിക്കും; ഞാനതു നിറവേറ്റും. ഞാന്‍ പിന്മാറുകയില്ല. അതിന് ഒരു വിട്ടുവീഴ്ചയും കാണിക്കുകയോ മനസ്സു മാറ്റുകയോ ഇല്ല. നിന്‍റെ പ്രവൃത്തികള്‍ക്കൊത്തവിധം ഞാന്‍ നിന്നെ വിധിക്കും. ഇതു ദൈവമായ സര്‍വേശ്വരന്‍റെ വചനം.

15

സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കു വീണ്ടും ഉണ്ടായി:

16 “മനുഷ്യപുത്രാ, നിന്‍റെ നയനത്തിനാനന്ദം നല്‌കുന്നവളെ ഒറ്റയടിക്കു ഞാന്‍ നിന്നില്‍നിന്നു നീക്കിക്കളയും; നീ കരയുകയോ വിലപിക്കുകയോ അരുത്; നീ കണ്ണീര്‍ പൊഴിക്കയുമരുത്.

17 നെടുവീര്‍പ്പിട്ടുകൊള്‍ക; എന്നാല്‍ അത് ഉച്ചത്തിലാകരുത്. മരിച്ചുപോയവരെ ഓര്‍ത്തു വിലാപം ആചരിക്കരുത്. നീ തലപ്പാവു ധരിക്കുകയും കാലില്‍ ചെരുപ്പിടുകയും വേണം. നിന്‍റെ അധരം മറയ്‍ക്കുകയോ വിലാപഭോജ്യം കഴിക്കുകയോ അരുത്.

18 പ്രഭാതത്തില്‍ ഞാന്‍ അങ്ങനെ ജനത്തോടു സംസാരിച്ചു; വൈകുന്നേരം എന്‍റെ ഭാര്യ മരണമടഞ്ഞു. എന്നോടു കല്പിച്ചിരുന്നതുപോലെ അടുത്ത പ്രഭാതത്തില്‍ ഞാന്‍ പ്രവര്‍ത്തിച്ചു.

19

നീ ഈ ചെയ്യുന്ന പ്രവൃത്തികളുടെ എല്ലാം അര്‍ഥം എന്ത് എന്നു ഞങ്ങളോടു പറയുകയില്ലേ എന്നു ജനം എന്നോടു ചോദിച്ചു.

20 അപ്പോള്‍ സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി.

21 സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്ന് ഇസ്രായേല്‍ജനത്തോടു പറയുക. നിങ്ങളുടെ ഗര്‍വിന്‍റെ ആധാരവും നിങ്ങളുടെ നേത്രങ്ങളുടെ ആനന്ദവും നിങ്ങളുടെ ആത്മാവിന്‍റെ അഭിവാഞ്ഛയുമായ എന്‍റെ വിശുദ്ധമന്ദിരം ഞാന്‍ അശുദ്ധമാക്കും. നിങ്ങള്‍ ഉപേക്ഷിച്ചുപോന്ന നിങ്ങളുടെ പുത്രന്മാരും പുത്രിമാരും വാളിനിരയാകും.

22 ഞാന്‍ പ്രവര്‍ത്തിച്ചതുപോലെ നിങ്ങളും അന്നു പ്രവര്‍ത്തിക്കും. നിങ്ങള്‍ അധരം മറയ്‍ക്കുകയോ വിലാപഭോജ്യം കഴിക്കുകയോ ചെയ്യുകയില്ല.

23 നിങ്ങളുടെ തലയില്‍ തലപ്പാവും കാലില്‍ ചെരുപ്പും ഉണ്ടായിരിക്കും. നിങ്ങള്‍ കരയുകയോ വിലപിക്കുകയോ ഇല്ല. എങ്കിലും നിങ്ങളുടെ അകൃത്യങ്ങളാല്‍ നിങ്ങള്‍ ക്ഷയിച്ചു പോകും. ഓരോരുത്തനും മറ്റുള്ളവനെ നോക്കി തേങ്ങിക്കരയും.

24 ഇങ്ങനെ യെഹെസ്കേല്‍ ഒരു അടയാളമായിരിക്കും. അയാള്‍ ചെയ്തതുപോലെ എല്ലാം നിങ്ങളും ചെയ്യും. ഇതു സംഭവിക്കുമ്പോള്‍ ഞാനാണു സര്‍വേശ്വരനായ കര്‍ത്താവ് എന്നു നിങ്ങള്‍ അറിയും.

25

മനുഷ്യപുത്രാ, അവരുടെ ശക്തിദുര്‍ഗവും അവരുടെ സന്തോഷവും മഹത്ത്വവും അവരുടെ നേത്രങ്ങളുടെ ആനന്ദവും അവരുടെ ഹൃദയത്തിന്‍റെ അഭിവാഞ്ഛയും ആയിരിക്കുന്ന എന്‍റെ മന്ദിരത്തെയും അവരുടെ പുത്രീപുത്രന്മാരെയും

26 ഞാന്‍ അവരില്‍നിന്ന് എടുത്തുകളയുന്ന ദിവസം ഒരു അഭയാര്‍ഥി വന്ന് ആ വാര്‍ത്ത നിന്നെ അറിയിക്കും.

27 അയാളോടു നീ വാ തുറന്നു സംസാരിക്കും. അന്നുമുതല്‍ നീ മൂകനായിരിക്കുകയില്ല. അങ്ങനെ നീ അവര്‍ക്ക് അടയാളമായിരിക്കും. ഞാനാണ് സര്‍വേശ്വരനെന്ന് അവര്‍ അറിയും.”

25

1

സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി:

2 “മനുഷ്യപുത്രാ, നീ അമ്മോന്യരുടെ നേരെ തിരിഞ്ഞ് അവര്‍ക്കെതിരെ പ്രവചിക്കുക.

3 ‘സര്‍വേശ്വരനായ കര്‍ത്താവിന്‍റെ വചനം കേള്‍ക്കുക’ എന്ന് അവരോടു പറയുക. അവിടുന്ന് അരുളിച്ചെയ്യുന്നു: എന്‍റെ വിശുദ്ധമന്ദിരം അശുദ്ധമാക്കപ്പെടുകയും ഇസ്രായേല്‍ദേശം ശൂന്യമാക്കപ്പെടുകയും യെഹൂദ്യയിലെ ജനം പ്രവാസികളായി പോവുകയും ചെയ്ത അവസരങ്ങളില്‍ നീ അവയില്‍ ഓരോന്നിനെയുംകുറിച്ച് ‘ആഹാ’ എന്നു പറഞ്ഞു പരിഹസിച്ചു. അതുകൊണ്ട് പൂര്‍വദേശത്തെ ജനം നിന്നെ ആക്രമിച്ചു കീഴടക്കാന്‍ ഞാന്‍ അനുവദിക്കും.

4 അവര്‍ നിന്‍റെ മധ്യേ താവളമടിക്കുകയും വാസമുറപ്പിക്കുകയും ചെയ്യും. അവര്‍ നിനക്കു ഭക്ഷിക്കാനുള്ള പഴങ്ങള്‍ ഭക്ഷിക്കുകയും പാല്‍ കുടിക്കുകയും ചെയ്യും.

5 ഞാന്‍ രബ്ബാനഗരത്തെ ഒട്ടകങ്ങളുടെ മേച്ചില്‍സ്ഥലവും അമ്മോന്യരുടെ നഗരങ്ങളെ ആടുകളുടെ ആലയും ആക്കിത്തീര്‍ക്കും. അപ്പോള്‍ ഞാനാണു സര്‍വേശ്വരനെന്നു നിങ്ങള്‍ അറിയും.”

6 അതുകൊണ്ടു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്‍റെ എല്ലാ മ്ലേച്ഛതകളും നിമിത്തം ഇസ്രായേല്‍ദേശത്തിനെതിരെ നീ കൈകൊട്ടി തുള്ളിച്ചാടി ആഹ്ലാദിച്ചതിനാല്‍,

7 ഞാന്‍ നിനക്കെതിരെ എന്‍റെ കൈ നീട്ടി നിന്നെ അന്യജനതകള്‍ക്കു കൊള്ളമുതലായി ഏല്പിച്ചുകൊടുക്കും. ജനപദങ്ങളില്‍നിന്നു നിന്നെ വിച്ഛേദിക്കും; രാജ്യങ്ങളുടെ ഇടയില്‍നിന്നു നിന്നെ പിഴുതെറിയും. ഞാന്‍ നിന്നെ നശിപ്പിക്കും. ഞാനാണു സര്‍വേശ്വരനെന്ന് അപ്പോള്‍ നീ ഗ്രഹിക്കും.”

8

സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “യെഹൂദാജനത മറ്റു ജനതകളെപ്പോലെയാണെന്നു മോവാബു പറഞ്ഞു.

9 അതുകൊണ്ട് മോവാബിന്‍റെ പാര്‍ശ്വങ്ങളിലുള്ള അതിര്‍ത്തിനഗരങ്ങള്‍ ഞാന്‍ വെട്ടിത്തുറക്കും. രാജ്യത്തിന്‍റെ മഹത്ത്വമായ ബേത്ത്-യെശീമോത്ത്, ബാല്‍-മെയോന്‍, കിര്യത്തയീം എന്നീ നഗരങ്ങള്‍തന്നെ.

10 അമ്മോന്യരോടൊപ്പം മോവാബിനെയും ഞാന്‍ പൂര്‍വദേശത്തെ ജനങ്ങളുടെ അധീനതയിലാക്കും. ജനതകളുടെ ഇടയില്‍ അത് അനുസ്മരിക്കപ്പെടുകയില്ല.

11 മോവാബിന്‍റെമേല്‍ ഞാന്‍ ശിക്ഷാവിധി നടത്തും. അപ്പോള്‍ ഞാനാകുന്നു സര്‍വേശ്വരനെന്ന് അവര്‍ ഗ്രഹിക്കും.”

12

സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: യെഹൂദാജനതയോടു പ്രതികാരം ചെയ്ത് എദോം ഗുരുതരമായ കുറ്റം ചെയ്തിരിക്കുന്നു.

13 അതുകൊണ്ടു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എദോമിനു നേരെ, ഞാന്‍ കൈ നീട്ടും. അതിലെ മനുഷ്യരെയും മൃഗങ്ങളെയും നശിപ്പിച്ചു ദേശം ശൂന്യമാക്കും. തേമാന്‍മുതല്‍ ദേദാന്‍വരെയുള്ളവര്‍ വാളിനിരയാകും.

14 എന്‍റെ ജനമായ ഇസ്രായേലിന്‍റെ കരങ്ങളാല്‍ എദോമിനോടു ഞാന്‍ പ്രതികാരം ചെയ്യും; എന്‍റെ ക്രോധത്തിനും രോഷത്തിനും അനുസൃതമായി അവര്‍ പ്രവര്‍ത്തിക്കും. അപ്പോള്‍ എന്‍റെ പ്രതികാരം എദോം മനസ്സിലാക്കുമെന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.”

15

സര്‍വേശ്വരനായ കര്‍ത്താവ് വീണ്ടും അരുളിച്ചെയ്യുന്നു: “ഫെലിസ്ത്യര്‍ പ്രതികാരം ചെയ്തു. ഒരിക്കലും ഒടുങ്ങാത്ത ശത്രുതയാല്‍ നശിപ്പിക്കാന്‍വേണ്ടി ദുഷ്ടഹൃദയത്തോടെ അവര്‍ പ്രതികാരം ചെയ്തിരിക്കുന്നു.

16 അതുകൊണ്ടു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഫെലിസ്ത്യരുടെ നേരെ ഞാന്‍ കൈ നീട്ടും. ക്രേത്യരെ ഞാന്‍ കൊന്നൊടുക്കും കടല്‍ത്തീരത്തു ശേഷിക്കുന്നവരെയും നശിപ്പിക്കും.

17 ക്രോധപൂര്‍വമുള്ള ശിക്ഷകളാല്‍ ഞാന്‍ അവരോടു കഠിനമായി പ്രതികാരം ചെയ്യും. അപ്പോള്‍ ഞാനാണു സര്‍വേശ്വരനെന്ന് അവര്‍ അറിയും.” ഇതു സര്‍വേശ്വരനായ കര്‍ത്താവിന്‍റെ വചനം.

26

1

പ്രവാസത്തിന്‍റെ പതിനൊന്നാം വര്‍ഷം മാസത്തിന്‍റെ ഒന്നാം ദിവസം സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി:

2 “മനുഷ്യപുത്രാ, യെരൂശലേമിനെക്കുറിച്ചു സോര്‍ ഇങ്ങനെ പറഞ്ഞു: ആഹാ, ജനപദങ്ങളുടെ വാതിലായിരുന്ന യെരൂശലേം തകര്‍ന്നല്ലോ; വാതില്‍ എനിക്കുവേണ്ടി തുറക്കപ്പെട്ടിരിക്കുന്നു, അവള്‍ ശൂന്യമായിത്തീര്‍ന്നിരിക്കയാല്‍ ഞാന്‍ അഭിവൃദ്ധിപ്പെടും.”

3 അതുകൊണ്ടു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “അല്ലയോ, സോര്‍ദേശമേ, ഞാന്‍ നിനക്ക് എതിരാണ്. സമുദ്രം തിരമാലകളെ അണിയണിയായി കൊണ്ടുവരുന്നതുപോലെ ഞാന്‍ അനേകം ജനതകളെ നിനക്കെതിരെ കൊണ്ടുവരും.

4 അവര്‍ സോരിന്‍റെ മതിലുകള്‍ ഇടിച്ചു നിരത്തും; ഗോപുരങ്ങള്‍ തകര്‍ക്കും; ഞാന്‍ അതിലെ മണ്ണു മുഴുവന്‍ വടിച്ചുകോരി അതിനെ വെറുംപാറയാക്കും.

5 സമുദ്രമധ്യത്തില്‍ വലവിരിച്ച് ഉണക്കാനുള്ള ഒരു സ്ഥലമായി അവള്‍ തീരും. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണ് ഇതു പറയുന്നത്. അവള്‍ വിജാതീയര്‍ക്ക് ഒരു കൊള്ളമുതലായിത്തീരും.

6 വന്‍കരയിലുള്ള അവളുടെ പുത്രിമാര്‍ വാളിനിരയാകും. അപ്പോള്‍ ഞാനാകുന്നു സര്‍വേശ്വരനെന്ന് അവര്‍ ഗ്രഹിക്കും.

7

സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ സോരിന് എതിരെ വടക്കുനിന്നു രാജാധിരാജനും ബാബിലോണ്‍രാജാവുമായ നെബുഖദ്നേസറിനെ കുതിരകളോടും രഥങ്ങളോടും കുതിരപ്പടയാളികളോടും അനേകം സൈന്യവ്യൂഹങ്ങളോടുംകൂടി കൊണ്ടുവരും.

8 വന്‍കരയിലുള്ള നിന്‍റെ പുത്രിമാരെ അവന്‍ വാളുകൊണ്ട് അരിഞ്ഞുവീഴ്ത്തുകയും നിനക്കെതിരെ ഉപരോധമതില്‍ നിര്‍മിക്കുകയും ചെയ്യും; കിടങ്ങു കുഴിച്ചു മണ്‍കൂന ഉണ്ടാക്കും; പരിചകള്‍കൊണ്ടു മറ ഉയര്‍ത്തും.

9 അവന്‍ നിന്‍റെ മതിലുകള്‍ യന്ത്രമുട്ടികള്‍ ഉപയോഗിച്ചു തകര്‍ക്കും. ഗോപുരങ്ങളെ കോടാലികൊണ്ടു വെട്ടി ഇടിക്കും.

10 അവന്‍റെ അനേകം കുതിരകള്‍ ഉയര്‍ത്തുന്ന പൊടിപടലം നിന്നെ മൂടിക്കളയും. കോട്ട ഇടിഞ്ഞുപോയ പട്ടണത്തിലേക്കു പ്രവേശിക്കുന്നതുപോലെ അവന്‍ നിന്‍റെ കവാടങ്ങളില്‍കൂടി കടന്നുവരുമ്പോള്‍ കുതിരപ്പടയുടെയും രഥങ്ങളുടെയും വാഹനങ്ങളുടെയും ശബ്ദഘോഷംകൊണ്ടു നിന്‍റെ മതിലുകള്‍ കുലുങ്ങും.

11 കുതിരകളുടെ കുളമ്പുകൊണ്ട് അവന്‍ നിന്‍റെ തെരുവീഥികളെല്ലാം ചവിട്ടിമെതിക്കും. നിന്‍റെ ജനത്തെ അവന്‍ വാളുകൊണ്ടു സംഹരിക്കും. നിന്‍റെ ഉറപ്പുള്ള തൂണുകള്‍ നിലംപതിക്കും.

12 അവര്‍ നിന്‍റെ സമ്പത്തു കൊള്ളയടിക്കും. കച്ചവടച്ചരക്കുകള്‍ കവര്‍ച്ച ചെയ്യും. അവര്‍ നിന്‍റെ മതിലുകള്‍ ഇടിച്ചുനിരത്തുകയും നിന്‍റെ പ്രിയങ്കരമായ മണിമന്ദിരങ്ങള്‍ നശിപ്പിക്കുകയും ചെയ്യും. കല്ലും മണ്ണും തടിയും എല്ലാം അവര്‍ സമുദ്രത്തിലേക്കു വലിച്ചെറിയും.

13 നിന്‍റെ പാട്ടുകളുടെ ഘോഷം ഞാന്‍ അവസാനിപ്പിക്കും; നിന്‍റെ വീണ ഇനി നാദം ഉയര്‍ത്തുകയില്ല. നിന്നെ ഞാന്‍ വെറുംപാറയാക്കും.

14 വല വിരിച്ചുണക്കാനുള്ള സ്ഥലമായി നീ തീരും. നീ ഒരിക്കലും പുനരുദ്ധരിക്കപ്പെടുകയില്ല. സര്‍വേശ്വരനായ ഞാനാണ് ഇതു പറയുന്നത്.”

15

സര്‍വേശ്വരനായ കര്‍ത്താവ് വീണ്ടും സോരിനോട് അരുളിച്ചെയ്തു: “നിന്‍റെ മധ്യേ സംഹാരം നടക്കുകയും മുറിവേറ്റവന്‍ ഞരങ്ങുകയും ചെയ്യുമ്പോള്‍ നിന്‍റെ പതനത്തിന്‍റെ ശബ്ദത്താല്‍ തീരപ്രദേശങ്ങള്‍ നടുങ്ങുകയില്ലേ?

16 സമുദ്രതീരത്തെ സകല രാജാക്കന്മാരും തങ്ങളുടെ സിംഹാസനങ്ങള്‍ വിട്ടു താഴെയിറങ്ങും; അവര്‍ മേലങ്കികള്‍ മാറ്റി ചിത്രത്തയ്യലുള്ള വസ്ത്രങ്ങള്‍ അഴിച്ചുവയ്‍ക്കും. അവര്‍ വിറപൂണ്ടു നിലത്തിരിക്കുകയും ഓരോ നിമിഷവും നിന്നെയോര്‍ത്തു ഞെട്ടി വിറയ്‍ക്കുകയും ചെയ്യും.

17 നിന്നെക്കുറിച്ച് ഈ വിലാപഗാനം അവര്‍ പാടും:

പ്രസിദ്ധനഗരമേ, സമുദ്രത്തില്‍ പ്രബലയായിരുന്നവളേ!
കീര്‍ത്തിയും ശക്തിയും സമുദ്രമധ്യത്തില്‍ പരത്തിയ നഗരമേ,
വന്‍കരയിലുള്ളവര്‍ക്കു ഭീതിയുളവാക്കിയ നീയും
നിന്നില്‍ നിവസിക്കുന്നവരും
സമുദ്രത്തില്‍നിന്ന് എങ്ങനെ ഇല്ലാതെയായി?

18
നിന്‍റെ പതനദിവസം ദ്വീപുകള്‍ വിറയ്‍ക്കും;
അതേ, സമുദ്രത്തിലെ ദ്വീപുകള്‍
നിന്‍റെ തിരോധാനത്തില്‍ പരിഭ്രമിക്കും.

19

സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: കുടിപാര്‍പ്പില്ലാത്ത നഗരങ്ങളെപ്പോലെ ഞാന്‍ നിന്നെ ശൂന്യമാക്കിത്തീര്‍ക്കുമ്പോള്‍, ആഴിയെ നിന്‍റെമേല്‍ ഒഴുക്കി പെരുവെള്ളത്താല്‍ നിന്നെ മൂടുമ്പോള്‍,

20 നിത്യവിനാശത്തില്‍ പതിച്ച പൂര്‍വികരുടെകൂടെ ഞാന്‍ നിന്നെ തള്ളും, നിന്നില്‍ ആരും നിവസിക്കാതിരിക്കാനും ജീവനുള്ളവരുടെ ദേശത്തു നിനക്കു സ്ഥലം ലഭിക്കാതിരിക്കാനുമായി പാതാളത്തില്‍ വസിക്കുന്നവരോടുകൂടി പുരാതനാവശിഷ്ടങ്ങള്‍ക്കിടയില്‍ അധോലോകത്തു ഞാന്‍ നിന്നെ പാര്‍പ്പിക്കും.

21 നിനക്കു ഭീതിദമായ അവസാനം ഞാന്‍ വരുത്തും. നീ ഇനിമേല്‍ ഉണ്ടായിരിക്കുകയില്ല; അന്വേഷിച്ചാല്‍ ആരും നിന്നെ കണ്ടെത്തുകയുമില്ല; സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.”

27

1

സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി:

2 മനുഷ്യപുത്രാ, സോരിനെക്കുറിച്ചു വിലാപഗാനം ആലപിക്കുക.

3 സമുദ്രമുഖത്തു സ്ഥിതിചെയ്യുന്നതും നിരവധി തീരദേശങ്ങളിലെ ജനങ്ങളുടെ വാണിജ്യകേന്ദ്രവുമായ സോരിനോടു പറയുക; സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അല്ലയോ സോര്‍ദേശമേ, സൗന്ദര്യസമ്പൂര്‍ണയെന്നു നീ സ്വയം അഹങ്കരിച്ചു.

4 നിന്‍റെ അതിര്‍ത്തികള്‍ സമുദ്രമധ്യത്തിലാണ്. നിന്നെ നിര്‍മിച്ചവര്‍ നിന്‍റെ സൗന്ദര്യം തികവുറ്റതാക്കി.

5 സെനീരിലെ സരളമരങ്ങള്‍കൊണ്ട് അവര്‍ നിന്‍റെ പലകകള്‍ നിര്‍മിച്ചു. നിനക്കു പാമരം ഉണ്ടാക്കാന്‍വേണ്ടി ലെബാനോനില്‍നിന്നു ദേവദാരു കൊണ്ടു വന്നു.

6 ബാശാനിലെ കരുവേലകംകൊണ്ട് അവര്‍ നിനക്കു തുഴയുണ്ടാക്കി; സൈപ്രസിന്‍റെ തീരത്തെ പൈന്‍മരത്തില്‍ ആനക്കൊമ്പുകൊണ്ടുള്ള ശില്പവേലകള്‍ ചെയ്ത് അവര്‍ നിന്‍റെ മേല്‍ത്തട്ടുണ്ടാക്കി.

7 നിന്‍റെ കപ്പല്‍പ്പായ് ഈജിപ്തില്‍നിന്നു കൊണ്ടുവന്ന ചിത്രത്തയ്യലോടുകൂടിയ ചണംകൊണ്ടു നിര്‍മിച്ചു. അതായിരുന്നു നിന്‍റെ കൊടിയടയാളം. ഏലീശാ ദ്വീപില്‍നിന്നു കൊണ്ടുവന്ന നീലയും കടുംചുവപ്പും നിറമുള്ള തുണിയായിരുന്നു നിന്‍റെ മേലാപ്പ്.

8 സീദോനിലെയും അര്‍വാദിലെയും നിവാസികളായിരുന്നു നിന്‍റെ തണ്ടുവലിക്കാര്‍. സോര്‍ദേശമേ, നിനക്കു വിദഗ്ധന്മാരായ അമരക്കാര്‍ ഉണ്ടായിരുന്നു.

9 ഗെബലിലെ ജനപ്രമാണികളും ജ്ഞാനികളും, നിനക്ക് ഓരായപ്പണി ചെയ്തിരുന്നു. സമുദ്രത്തിലെ എല്ലാ കപ്പലുകളും നാവികരും വ്യാപാരം നടത്തുന്നതിനു നിന്‍റെയടുത്തു വന്നിരുന്നു.

10

പാര്‍സികളും ലൂദ്യരും പൂത്യരും നിന്‍റെ സൈന്യത്തിലുണ്ടായിരുന്നു. അവര്‍ അവരുടെ പരിചയും പടത്തൊപ്പിയും നിന്നില്‍ തൂക്കിയിട്ടു. അവര്‍ നിനക്കു പ്രതാപം നേടിത്തന്നു.

11 അര്‍വാദിലെയും ഹെലെക്കിലെയും ജനങ്ങള്‍ നിനക്കു ചുറ്റുമുള്ള മതിലുകളിലും ഗമാദിലെ ജനങ്ങള്‍ ഗോപുരങ്ങളിലും കാവല്‍നിന്നു. അവര്‍ തങ്ങളുടെ പരിചകള്‍ ചുറ്റുമുള്ള മതിലുകളില്‍ തൂക്കിയിട്ടു നിന്‍റെ സൗന്ദര്യം തികവുറ്റതാക്കിത്തീര്‍ത്തു.

12

നാനാതരത്തിലുള്ള നിന്‍റെ വിശിഷ്ട സമ്പത്തുകളില്‍ ആകൃഷ്ടരായ തര്‍ശ്ശീശുകാര്‍ നീയുമായി വ്യാപാരത്തിനു വന്നു; നിന്‍റെ ചരക്കുകള്‍ക്കു പകരം വെള്ളി, ഇരുമ്പ്, വെളുത്തീയം, കാരീയം മുതലായവ തന്നു.

13 ഗ്രീസ്, തൂബാല്‍, മേശക്ക് എന്നീ രാജ്യങ്ങള്‍ നീയുമായി വ്യാപാരത്തിലേര്‍പ്പെട്ടു. നിന്‍റെ വാണിജ്യചരക്കുകള്‍ക്കു പകരം അടിമകളെയും അവരോടൊപ്പം ഓട്ടുപാത്രങ്ങളും നല്‌കി.

14 ബെത്‍തോഗര്‍മ്മാക്കാര്‍ കുതിരകളെയും പടക്കുതിരകളെയും കോവര്‍കഴുതകളെയും നിന്‍റെ ചരക്കുകള്‍ക്കു പകരം തന്നു.

15 ദാദാന്‍കാര്‍ നീയുമായി വാണിജ്യബന്ധത്തിലേര്‍പ്പെട്ടു. അനേകം തീരപ്രദേശങ്ങളും നിന്‍റെ പ്രത്യേക വാണിജ്യ കേന്ദ്രങ്ങളായിത്തീര്‍ന്നു. അവിടങ്ങളില്‍നിന്ന് ആനക്കൊമ്പും കരിമരവും നിന്‍റെ ചരക്കുകള്‍ക്കു പകരം ലഭിച്ചു.

16 നിന്‍റെ വിഭവസമൃദ്ധിയാല്‍ നീയുമായി സിറിയായും വ്യാപാരത്തിലേര്‍പ്പെട്ടു. നിന്‍റെ ചരക്കുകള്‍ക്കു പകരം അവര്‍ മരതകവും ധൂമ്രവസ്ത്രവും ചിത്രത്തയ്യലുള്ള വസ്ത്രവും നേര്‍ത്ത ചണവും പവിഴവും പത്മരാഗവും കൈമാറി.

17 യെഹൂദായും ഇസ്രായേലും നീയുമായി വാണിജ്യത്തിലേര്‍പ്പെട്ടു. നിന്‍റെ ചരക്കുകള്‍ക്കു പകരം മിന്നീത്തിലെ കോതമ്പും അത്തിപ്പഴവും തേനും എണ്ണയും സുഗന്ധതൈലവും നല്‌കി.

18 നിന്‍റെ വിഭവസമൃദ്ധിയും നാനാതരത്തിലുള്ള സമ്പത്തും കണ്ട് ദമാസ്കസ് നീയുമായി വ്യാപാരത്തിലേര്‍പ്പെട്ടു; ഹെല്‍ബോനിലെ വീഞ്ഞും വെളുത്ത ആട്ടിന്‍രോമവും ഊസാലിലെ വീഞ്ഞും നിന്‍റെ ചരക്കുകള്‍ക്കു പകരം അവര്‍ കൈമാറി.

19 അതുപോലെ വാര്‍പ്പിരുമ്പും കറുവാപ്പട്ടയും സുഗന്ധവ്യഞ്ജനങ്ങളും നിന്‍റെ ചരക്കുകള്‍ക്കു പകരം കൈമാറ്റം ചെയ്തു.

20 കുതിരപ്പുറത്തിടുന്ന വസ്ത്രങ്ങള്‍ ദെദാന്യര്‍ നിനക്കു നല്‌കി.

21 അറബികളുടെയും കേദാര്‍ പ്രഭുക്കന്മാരുടെയും വാണിജ്യച്ചരക്കുകള്‍ കുഞ്ഞാടുകളും ആട്ടുകൊറ്റന്മാരും കോലാടുകളും ആയിരുന്നു.

22 ശെബയിലെയും രാമായിലെയും വ്യാപാരികള്‍ നീയുമായി കച്ചവടത്തിലേര്‍പ്പെട്ടു. എല്ലാവിധ സുഗന്ധവ്യഞ്ജനങ്ങളും അമൂല്യരത്നങ്ങളും സ്വര്‍ണവും അവര്‍ നിന്‍റെ ചരക്കുകള്‍ക്കു പകരം കൈമാറി.

23 ശെബാ വ്യാപാരികളും ഹാരാന്‍, കല്നെ, ഏദെന്‍, അശ്ശൂര്‍, കില്മദ എന്നീ രാജ്യങ്ങളും നീയുമായി വ്യാപാരബന്ധത്തിലേര്‍പ്പെട്ടു.

24 വിശിഷ്ടവസ്ത്രങ്ങളും ധൂമ്രവസ്ത്രങ്ങളും ചിത്രത്തയ്യലുള്ള തുണികളും വര്‍ണഭംഗിയുള്ള പരവതാനികളും പിരിച്ചു ബലപ്പെടുത്തിയ കയറുകളും ആയിരുന്നു അവരുടെ വാണിജ്യച്ചരക്കുകള്‍.

25

തര്‍ശ്ശീശിലെ വലിയ കപ്പലുകള്‍ നിന്‍റെ ചരക്കുകള്‍ കയറ്റിക്കൊണ്ടു പോയി. ആഴക്കടലില്‍ നീ സമ്പൂര്‍ണയും സമ്പന്നയും ആയിരുന്നു.

26 തണ്ടുവലിച്ചവര്‍ നിന്നെ പുറങ്കടലിലേക്കു കൊണ്ടുപോയി. കിഴക്കന്‍കാറ്റു സമുദ്രമധ്യത്തില്‍വച്ചു നിന്നെ തകര്‍ത്തുകളഞ്ഞു.

27 നിന്‍റെ സര്‍വസമ്പത്തും ചരക്കുകളും നാവികരും അമരക്കാരും ഓരായപ്പണിക്കാരും വ്യാപാരികളും യോദ്ധാക്കളും നിന്നിലുണ്ടായിരുന്ന കപ്പല്‍ ജോലിക്കാരും എല്ലാവരും നിന്നോടൊത്തു വിനാശത്തിന്‍നാളില്‍ ആഴക്കടലില്‍ ആണ്ടുപോയി.

28 നിന്‍റെ അമരക്കാരുടെ നിലവിളികേട്ടു തീരവാസികള്‍ നടുങ്ങി.

29 തണ്ടുവലിക്കുന്നവരും നാവികരും അമരക്കാരും തങ്ങളുടെ കപ്പലുകള്‍ ഉപേക്ഷിച്ചു കരയില്‍ വന്നു നിന്നെക്കുറിച്ച് ഉച്ചത്തില്‍ വിലപിക്കുന്നു.

30 അവര്‍ കഠിനവ്യഥയോടെ കരയുകയും തലയില്‍ പൂഴി വാരിയിടുകയും ചാരത്തില്‍ കിടന്നുരുളുകയും ചെയ്യുന്നു.

31 അവര്‍ നിനക്കുവേണ്ടി തല മുണ്ഡനം ചെയ്തു ചാക്കുവസ്ത്രം ധരിക്കുന്നു.

32 കഠിനമായ ഹൃദയവ്യഥയോടും കയ്പേറിയ ദുഃഖത്തോടും കൂടി അവര്‍ വിലപിക്കുന്നു. അവര്‍ നിന്നെക്കുറിച്ചു കരഞ്ഞുകൊണ്ട് വിലാപഗാനം പാടുന്നു. സമുദ്രമധ്യത്തില്‍ നശിപ്പിക്കപ്പെട്ട സോരിനെപ്പോലെ വേറേ ഏതൊരു നഗരമുണ്ട്?

33 നീ സമുദ്രമാര്‍ഗ്ഗേന കയറ്റിയയച്ച ചരക്കുകള്‍ അനേകം ജനതകളെ സംതൃപ്തരാക്കി; നിന്‍റെ സമ്പല്‍സമൃദ്ധിയും വാണിജ്യച്ചരക്കുകളും കൊണ്ടു ഭൂമിയിലെ രാജാക്കന്മാര്‍ സമ്പന്നരായി.

34 ഇപ്പോള്‍ ഇതാ, നീ തകര്‍ക്കപ്പെട്ട് ആഴിയുടെ അടിത്തട്ടില്‍ താണുപോയിരിക്കുന്നു. നിന്നോടൊപ്പം ഉണ്ടായിരുന്നവരും നിന്‍റെ വാണിജ്യച്ചരക്കുകളും സകലസമൂഹവും താണുപോയി.

35 ഇതുകണ്ടു തീരദേശനിവാസികള്‍ സംഭ്രമിക്കുന്നു. അവരുടെ രാജാക്കന്മാര്‍ പരിഭ്രാന്തരായിത്തീരുകയും അവരുടെ മുഖത്തെ മാംസപേശികള്‍ വലിഞ്ഞുമുറുകുകയും ചെയ്യുന്നു.

36 ജനതകളുടെ ഇടയിലെ വ്യാപാരികള്‍ നിന്നെ നോക്കി പരിഹസിക്കുന്നു. ഭീകരമായ ഒരു അന്ത്യം നിനക്കു വന്നിരിക്കുന്നു. നീ എന്നേക്കുമായി നശിച്ചിരിക്കുന്നു.

28

1

സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി:

2 “മനുഷ്യപുത്രാ, സോരിലെ രാജാവിനോട് സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു എന്നു പറയുക: നിന്‍റെ ഹൃദയം അഹങ്കാരത്തിമര്‍പ്പുകൊണ്ടു നിറഞ്ഞിരിക്കുന്നതിനാല്‍ ഞാന്‍ ദേവനാണ്, സമുദ്രത്തിന്‍റെ ഹൃദയഭാഗത്ത് ദേവന്മാരുടെ സിംഹാസനത്തില്‍ ഞാന്‍ ഇരിക്കുന്നു എന്നു നീ പറയുന്നു.

3 ദൈവത്തെപ്പോലെ ജ്ഞാനിയാണെന്നു സ്വയം ഭാവിക്കുന്നെങ്കിലും നീ ദൈവമല്ല, വെറും ഒരു മനുഷ്യന്‍. ദാനിയേലിനെക്കാള്‍ നീ ബുദ്ധിമാനാണോ? ഒരു രഹസ്യവും നിന്നില്‍നിന്നു മറഞ്ഞിരിക്കുന്നില്ലെന്നോ?

4 നിന്‍റെ ജ്ഞാനവും ബുദ്ധിയുംകൊണ്ടു നീ ധനം സമ്പാദിച്ചു; സ്വര്‍ണവും വെള്ളിയും നിന്‍റെ ഭണ്ഡാരത്തില്‍ നിറച്ചു.

5 വാണിജ്യകാര്യത്തില്‍ നിനക്കുള്ള ജ്ഞാനംമൂലം നീ സമ്പത്തു വര്‍ധിപ്പിച്ചു.

6 ധനസമൃദ്ധിയില്‍ നീ അഹങ്കരിച്ചു.” അതുകൊണ്ടു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു:

7 “ദൈവത്തെപ്പോലെ ജ്ഞാനിയാണെന്നു നീ സ്വയം കരുതുക നിമിത്തം, നിഷ്ഠുരന്മാരായ ജനതകളെ ഇതാ, ഞാന്‍ നിനക്കെതിരെ കൊണ്ടുവരുന്നു. നിന്‍റെ ജ്ഞാനവും ബുദ്ധിസാമര്‍ഥ്യവുംകൊണ്ടു നേടിയ മനോഹരമായ എല്ലാറ്റിനെയും അവര്‍ നശിപ്പിക്കും. നിന്‍റെ പ്രതാപം കെടുത്തും.

8 അവര്‍ നിന്നെ അധോലോകത്തില്‍ തള്ളിയിടും; നീ വധിക്കപ്പെട്ട് ആഴിയുടെ അടിത്തട്ടില്‍ നിപതിക്കും.

9 നിന്നെ കൊല്ലുന്നവരുടെ മുമ്പില്‍വച്ച് ‘ഞാന്‍ ദേവനാകുന്നു’ എന്ന് ഇനിയും നീ പറയുമോ? നിന്നെ വധിക്കുന്നവരുടെ മുമ്പില്‍ നീ ദേവനല്ല വെറും ഒരു മനുഷ്യന്‍.

10 വിദേശികളുടെ കരങ്ങളാല്‍ പരിച്ഛേദനം ഏല്‌ക്കാത്തവനെപ്പോലെ നീ മരിക്കും.” ഞാനാണ് ഇതു പറയുന്നത് എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.”

11

വീണ്ടും സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി:

12 ‘മനുഷ്യപുത്രാ, സോരിലെ രാജാവിനെക്കുറിച്ച് ഒരു വിലാപഗാനം ആലപിക്കുക. സര്‍വേശ്വരനായ കര്‍ത്താവ് ഇങ്ങനെ അരുളിച്ചെയ്യുന്നുവെന്ന് അവനോടു പറയണം. നീ സമ്പൂര്‍ണതയ്‍ക്കൊരു ദൃഷ്ടാന്തം ആയിരുന്നു. തികവുറ്റ ജ്ഞാനവും സമ്പൂര്‍ണ സൗന്ദര്യവും നിനക്കുണ്ടായിരുന്നു.

13 നീ ദൈവത്തിന്‍റെ തോട്ടമായ ഏദനില്‍ ആയിരുന്നു. മാണിക്യം, പുഷ്യരാഗം, സൂര്യകാന്തം, ചന്ദ്രകാന്തം, ഗോമേദകം, പത്മരാഗം, ഇന്ദ്രനീലം, വൈഡൂര്യം, മരതകം എന്നീ വിശിഷ്ട രത്നങ്ങള്‍ നിന്നെ പൊതിഞ്ഞിരുന്നു. സ്വര്‍ണംകൊണ്ടു നിര്‍മിച്ചവയായിരുന്നു നിന്‍റെ ആഭരണങ്ങളും അലങ്കാരവസ്തുക്കളും. നീ സൃഷ്‍ടിക്കപ്പെട്ട ദിവസംതന്നെ അവയും നിനക്കുവേണ്ടി ഒരുക്കിയിരുന്നു.

14 നിന്‍റെ സംരക്ഷണത്തിനായി ഒരു കെരൂബിനെ ഞാന്‍ നിയോഗിച്ചു. നീ ദൈവത്തിന്‍റെ വിശുദ്ധപര്‍വതത്തിലായിരുന്നു. തീപോലെ ശോഭിക്കുന്ന രത്നങ്ങളുടെ നടുവിലൂടെ നീ നടന്നു.

15 സൃഷ്‍ടിക്കപ്പെട്ട ദിവസംമുതല്‍ നീ അകൃത്യം ചെയ്ത നിമിഷംവരെ നീ കുറ്റമറ്റവനായിരുന്നു.

16 നിന്‍റെ വാണിജ്യം വര്‍ധിച്ചപ്പോള്‍ നിന്നില്‍ അക്രമം പെരുകി; നീ പാപം ചെയ്തു. തന്മൂലം ദൈവത്തിന്‍റെ പര്‍വതത്തില്‍നിന്ന് ഒരു മലിനവസ്തു എന്നപോലെ നിന്നെ ഞാന്‍ എറിഞ്ഞുകളഞ്ഞു. തീപോലെ തിളങ്ങുന്ന രത്നങ്ങള്‍ക്കിടയില്‍നിന്ന് നിന്‍റെ സംരക്ഷകനായ കെരൂബ് നിന്നെ പുറത്താക്കി.

17 നിന്‍റെ സൗന്ദര്യത്തില്‍ നീ അഹങ്കരിച്ചു. പ്രതാപത്തിനുവേണ്ടി നിന്‍റെ വിജ്ഞാനത്തെ നീ ദുര്‍വിനിയോഗം ചെയ്തു. ഞാന്‍ നിന്നെ നിലത്തെറിഞ്ഞുകളഞ്ഞു. ഞാന്‍ നിന്നെ രാജാക്കന്മാര്‍ക്ക് ഒരു മുന്നറിയിപ്പാക്കി.

18 നിന്‍റെ അധര്‍മങ്ങളുടെ ബാഹുല്യത്താലും നിന്‍റെ വ്യാപാരത്തിലെ അനീതിയാലും നീ വിശുദ്ധസ്ഥലങ്ങളെ അശുദ്ധമാക്കി. നിന്‍റെ മധ്യത്തില്‍നിന്നുതന്നെ ഞാന്‍ അഗ്നി പുറപ്പെടുവിച്ചു. അതു നിന്നെ ദഹിപ്പിച്ചുകളഞ്ഞു. നിന്നെ കണ്ടിട്ടുള്ളവരുടെയെല്ലാം കണ്‍മുമ്പില്‍വച്ചു ഞാന്‍ നിന്നെ ഭസ്മമാക്കി.

19 ജനതകളുടെ ഇടയില്‍ നിന്നെ അറിയുന്നവരെല്ലാം നിന്നെ കണ്ട് അമ്പരക്കും. ഭയാനകമായ ഒരവസാനത്തില്‍ നീ എത്തിയിരിയിരിക്കുന്നു; നീ എന്നേക്കുമായി നശിക്കും.

20

സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി:

21 “മനുഷ്യപുത്രാ, സീദോനിലേക്കു മുഖം തിരിച്ച് അവള്‍ക്കെതിരെ പ്രവചിക്കുക.

22

സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അല്ലയോ സീദോനേ, ഞാന്‍ നിനക്കെതിരാണ്; എന്‍റെ മഹത്ത്വം നിന്‍റെ മധ്യത്തില്‍ ഞാന്‍ പ്രകടമാക്കും. ഞാന്‍ നിന്നില്‍ നിവസിക്കുന്നവരെ ശിക്ഷിക്കും; എന്‍റെ വിശുദ്ധി ഞാന്‍ നിന്നില്‍ വെളിപ്പെടുത്തും. അപ്പോള്‍ ഞാനാണു സര്‍വേശ്വരനെന്നു നീ അറിയും.

23 ഞാന്‍ നിന്‍റെ നേരേ മഹാമാരി അയയ്‍ക്കും; നിന്‍റെ തെരുവുകളില്‍ രക്തപ്പുഴയൊഴുക്കും. എല്ലാവശത്തുനിന്നും നീ ആക്രമിക്കപ്പെടും. വാളിനിരയാകുന്നവര്‍ നിന്‍റെ മധ്യത്തില്‍ വീഴും; അപ്പോള്‍ ഞാനാണു സര്‍വേശ്വരനെന്ന് നീ അറിയും.

24

ഇസ്രായേല്‍ജനത്തെ നിന്ദിക്കുന്ന അയല്‍ക്കാരിലാരും ഇനിമേല്‍ ഇസ്രായേലിന് ക്ഷതമേല്പിക്കുന്ന മുള്‍ച്ചെടിയോ കുത്തിനോവിക്കുന്ന മുള്ളോ ആയിരിക്കുകയില്ല.

25

അപ്പോള്‍ ഞാനാകുന്നു സര്‍വേശ്വരനായ കര്‍ത്താവ് എന്നവര്‍ ഗ്രഹിക്കും. ജനതകളുടെ ഇടയില്‍ ചിതറിക്കപ്പെട്ട ഇസ്രായേല്‍ജനത്തെ ഞാന്‍ കൂട്ടിവരുത്തുകയും എന്‍റെ വിശുദ്ധി ജനതകളുടെ മുമ്പില്‍ ഞാന്‍ പ്രകടമാക്കുകയും ചെയ്യുമ്പോള്‍ എന്‍റെ ദാസനായ യാക്കോബിനു ഞാന്‍ നല്‌കിയ അവരുടെ സ്വന്തനാട്ടില്‍ അവര്‍ പാര്‍ക്കും എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

26 അവര്‍ അവിടെ സുരക്ഷിതരായിരിക്കും; അവര്‍ വീടുകള്‍ പണിയും; മുന്തിരിത്തോട്ടങ്ങള്‍ നട്ടുപിടിപ്പിക്കും. അവരോടു നിന്ദ്യമായി പെരുമാറിയ എല്ലാ അയല്‍ക്കാരുടെയുംമേല്‍ ഞാന്‍ ശിക്ഷാവിധി നടത്തുമ്പോള്‍ ഇസ്രായേല്‍ജനം സുരക്ഷിതരായി അവിടെ വസിക്കും. അപ്പോള്‍ ഞാനാണു അവരുടെ സര്‍വേശ്വരനായ കര്‍ത്താവ് എന്നവര്‍ അറിയും.”

29

1

പ്രവാസത്തിന്‍റെ പത്താം വര്‍ഷം പത്താംമാസം പന്ത്രണ്ടാം ദിവസം സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി:

2 “മനുഷ്യപുത്രാ, നീ ഈജിപ്തുരാജാവായ ഫറവോയുടെ നേരെ തിരിഞ്ഞ് അയാള്‍ക്കും ഈജിപ്തിനും എതിരെ പ്രവചിക്കുക;

3 സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്നു പറയുക. ഈജിപ്തുരാജാവായ ഫറവോയേ, ഞാന്‍ നിനക്ക് എതിരാണ്; നദികളുടെ നടുവില്‍ കിടക്കുന്ന മഹാസര്‍പ്പമേ, നൈല്‍നദി എന്‍റേതാണ്; ഞാനാണ് അതിനെ സൃഷ്‍ടിച്ചത് എന്നു നീ പറയുന്നുവല്ലോ.

4 നിന്‍റെ താടിയെല്ലില്‍ ഞാന്‍ ചൂണ്ട കോര്‍ക്കും; നിന്‍റെ നദികളിലെ മത്സ്യങ്ങളെ നിന്‍റെ ചെതുമ്പലില്‍ ഒട്ടിക്കും.

5 നിന്‍റെ ചെതുമ്പലില്‍ ഒട്ടിപ്പിടിച്ച സര്‍വ മത്സ്യങ്ങളോടുകൂടി നദികളുടെ മധ്യത്തില്‍നിന്നു ഞാന്‍ നിന്നെ വലിച്ചുകയറ്റി നിന്നെയും നിന്‍റെ നദികളിലെ മത്സ്യങ്ങളെയും ഞാന്‍ മരുഭൂമിയിലേക്കു വലിച്ചെറിയും; നീ തുറസ്സായ സ്ഥലത്തുചെന്നു വീഴും. ആരും നിന്നെ ഒന്നിച്ചു കൂട്ടുകയോ മറവു ചെയ്യുകയോ ഇല്ല. ഭൂമിയിലെ മൃഗങ്ങള്‍ക്കും ആകാശത്തിലെ പക്ഷികള്‍ക്കും നിന്നെ ഞാനിരയാക്കും.

6

ഞാനാണു സര്‍വേശ്വരനെന്ന് ഈജിപ്തില്‍ നിവസിക്കുന്ന എല്ലാവരും അപ്പോള്‍ അറിയും. ഇസ്രായേല്‍ജനത്തിനു നീ ഒരു ഞാങ്ങണവടിയായിരുന്നുവല്ലോ. അവര്‍ നിന്നെ പിടിച്ചപ്പോള്‍ നീ ഒടിഞ്ഞ് അവരുടെ തോളില്‍ കുത്തിക്കയറി.

7 അവര്‍ നിന്‍റെമേല്‍ ചാരി നിന്നപ്പോള്‍ നീ ഒടിഞ്ഞുപോകുകയും അവരുടെ നടുവ് ഉളുക്കുകയും ചെയ്തു.

8 അതുകൊണ്ട് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “ഞാന്‍ നിന്‍റെ നേര്‍ക്ക് ഒരു വാളയച്ചു മനുഷ്യരെയും മൃഗങ്ങളെയും നിന്നില്‍നിന്നു വിച്ഛേദിക്കും.

9 അപ്പോള്‍ ഈജിപ്തു ശൂന്യവും പാഴുമായിത്തീരും. അങ്ങനെ ഞാനാണ് സര്‍വേശ്വരനെന്ന് അവര്‍ അറിയും. ‘നൈല്‍നദി എന്‍റേതാണ് ഞാന്‍ അതിനെ സൃഷ്‍ടിച്ചു’ എന്നു നീ പറഞ്ഞു.

10 അതുകൊണ്ട് ഞാന്‍ നിനക്കും നിന്‍റെ നദികള്‍ക്കും എതിരാണ്. ഞാന്‍ ഈജിപ്തിനെ മിഗ്ദോന്‍ പട്ടണംമുതല്‍ സെവേനെ പട്ടണംവരെ എത്യോപ്യയുടെ അതിര്‍ത്തിയോളം പാഴും ശൂന്യവും ആക്കിത്തീര്‍ക്കും.

11 നാല്പതു വര്‍ഷത്തോളം അവിടെ മനുഷ്യവാസം ഉണ്ടായിരിക്കുകയില്ല; മനുഷ്യനോ മൃഗമോ അതിലൂടെ സഞ്ചരിക്കുകയുമില്ല.

12 വിജനമായ ദേശങ്ങളുടെ നടുവില്‍ ഞാന്‍ ഈജിപ്തിനെ വിജനമാക്കിയിടും. വിജനമാക്കപ്പെട്ട നഗരങ്ങളുടെ നടുവില്‍ ഈജിപ്തിലെ നഗരങ്ങള്‍ നാല്പതുവര്‍ഷം വിജനമായിക്കിടക്കും. ഞാന്‍ ഈജിപ്തിലെ ജനങ്ങളെ അന്യജനതകളുടെ ഇടയില്‍ ചിതറിക്കും. അവരെ രാജ്യാന്തരങ്ങളിലേക്കു ചിന്നിച്ചിതറിപോകുമാറാക്കും.

13

അതുകൊണ്ട് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നാല്പതുവര്‍ഷം കഴിയുമ്പോള്‍ ചിതറിപ്പോയ ദേശങ്ങളില്‍നിന്ന് ഈജിപ്തുകാരെ ഞാന്‍ കൂട്ടിവരുത്തും.

14 അവരുടെ ഐശ്വര്യം ഞാന്‍ പുനഃസ്ഥാപിക്കും. അവരുടെ ജന്മദേശമായ പത്രോസിലേക്കു ഞാന്‍ അവരെ തിരിച്ചുകൊണ്ടുവരും. അവിടെ അവര്‍ ഒരു എളിയരാജ്യമായിരിക്കും.

15 അത് രാജ്യങ്ങളില്‍വച്ച് ഏറ്റവും ചെറുതായിരിക്കും. അത് മറ്റു ജനതകളുടെമേല്‍ പിന്നീട് ഒരിക്കലും ആധിപത്യം ഉറപ്പിക്കുകയില്ല. രാജ്യങ്ങളെ അടക്കി ഭരിക്കാന്‍ കഴിയാത്തവിധം ഞാന്‍ അവരെ അത്ര ചെറുതാക്കും.

16 പിന്നീട് ഇസ്രായേല്‍ അതിനെ ആശ്രയിക്കുകയില്ല. ഈജിപ്തിന്‍റെ നേരെ സഹായത്തിനുവേണ്ടി കൈ നീട്ടിയ അപരാധം അവരുടെ ഓര്‍മയില്‍ ഉണ്ടായിരിക്കും. ഞാനാണു സര്‍വേശ്വരനെന്ന് അവര്‍ അപ്പോള്‍ അറിയും.”

17

പ്രവാസത്തിന്‍റെ ഇരുപത്തിയേഴാം വര്‍ഷം ഒന്നാം മാസം ഒന്നാം ദിവസം സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി:

18 “മനുഷ്യപുത്രാ, ബാബിലോണ്‍ രാജാവായ നെബുഖദ്നേസര്‍ സോരിനു നേരേ ചെന്നു. നെബുഖദ്നേസര്‍ തന്‍റെ സൈന്യത്തെക്കൊണ്ടു സോരിനെതിരെ കഠിനാധ്വാനം ചെയ്യിച്ചു. അവരുടെ തലയിലെ മുടി മുഴുവന്‍ പോകുകയും തോളിലെ തൊലി ഉരിയുകയും ചെയ്തെങ്കിലും രാജാവിനോ അദ്ദേഹത്തിന്‍റെ സൈന്യത്തിനോ സോരില്‍നിന്നു പ്രയത്നത്തിനു തക്ക പ്രതിഫലം കിട്ടിയില്ല.

19 അതുകൊണ്ട് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ ബാബിലോണ്‍രാജാവായ നെബുഖദ്നേസറിന് ഞാന്‍ ഈജിപ്തുദേശം നല്‌കും; അയാള്‍ കൊള്ളയും കവര്‍ച്ചയും നടത്തി ഈജിപ്തിലെ സമ്പത്തു കൈവശമാക്കും. അത് അയാളുടെ സൈന്യത്തിനു പ്രതിഫലമായിരിക്കും.

20 അയാളുടെ പ്രയത്നത്തിനു പ്രതിഫലമായി ഈജിപ്തുദേശം ഞാന്‍ അയാള്‍ക്കു നല്‌കിയിരിക്കുന്നു. അവര്‍ എനിക്കുവേണ്ടിയാണല്ലോ അധ്വാനിച്ചത് എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

21 അന്ന് ഇസ്രായേല്‍ജനത്തിന് ഞാന്‍ കൊമ്പു മുളപ്പിക്കും; യെഹെസ്കേലേ, അന്നു നീ പറയുന്നത് അവര്‍ എല്ലാവരും കേള്‍ക്കും; അപ്പോള്‍ ഞാനാണ് സര്‍വേശ്വരനെന്ന് അവര്‍ ഗ്രഹിക്കും.”

30

1

സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി:

2 “മനുഷ്യപുത്രാ, പ്രവചിക്കുക; സര്‍വേശ്വരനായ കര്‍ത്താവ് ഇങ്ങനെ അരുളിച്ചെയ്യുന്നു എന്നു പറയുക.

3 ആ ദിവസം എത്ര ദുരിതപൂര്‍ണം എന്നു നിലവിളിക്കുക. അത് അടുത്തിരിക്കുന്നു; അതേ, സര്‍വേശ്വരന്‍റെ ദിവസം ആഗതമായിരിക്കുന്നു. അതു മേഘാവൃതമായ ദിവസമായിരിക്കും; ജനതകളുടെ വിനാശസമയം!

4 ഈജിപ്തിന്‍റെമേല്‍ ഒരു വാള്‍ നിപതിക്കും; എത്യോപ്യ കൊടുംവേദനയില്‍ അകപ്പെടും. ഈജിപ്തില്‍ അനേകംപേര്‍ കൊല്ലപ്പെടും. അതിന്‍റെ സമ്പത്തു കൊള്ളയടിക്കപ്പെടുകയും അടിസ്ഥാനങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്യും.

5 അവരോടൊപ്പം എത്യോപ്യ, പൂത്, ലൂദ്, അറേബ്യ, ലിബിയ എന്നിവയിലെയും സഖ്യ ദേശങ്ങളിലെയും ജനങ്ങള്‍ സംഹരിക്കപ്പെടും.

6

സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഈജിപ്തിനു പിന്തുണ നല്‌കുന്നവര്‍ വീഴും. ഈജിപ്തിന്‍റെ അഹങ്കാരത്തിമര്‍പ്പ് അടങ്ങും. മിഗ്ദോന്‍മുതല്‍ സെവേനെവരെയുള്ളവര്‍ വാളിനിരയാകുമെന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

7 വിജനമാക്കപ്പെട്ട ദേശങ്ങളുടെ മധ്യേ അവള്‍ വിജനമായി കിടക്കും. ശൂന്യമാക്കപ്പെട്ട നഗരങ്ങളുടെ നടുവില്‍ അവളുടെ നഗരങ്ങളും ശൂന്യമായി കിടക്കും.

8 ഞാന്‍ ഈജിപ്തിനെ അഗ്നിക്കിരയാക്കുകയും അവളുടെ സഹായികളെ തകര്‍ക്കുകയും ചെയ്യുമ്പോള്‍ ഞാനാണു സര്‍വേശ്വരനെന്ന് അവര്‍ അറിയും.

9 അന്ന് അപകടഭീതി കൂടാതെ കഴിയുന്ന എത്യോപ്യരെ പരിഭ്രാന്തരാക്കാന്‍വേണ്ടി എന്‍റെ അടുക്കല്‍നിന്നു ദൂതന്മാര്‍ കപ്പല്‍ കയറി പുറപ്പെടും. ഈജിപ്തിന്‍റെ വിനാശദിനത്തില്‍ എത്യോപ്യര്‍ക്കു കഠിനവേദനയുണ്ടാകും. ആ ദിവസം ഇതാ, ആഗതമായിരിക്കുന്നു.

10 സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “ബാബിലോണ്‍രാജാവായ നെബുഖദ്നേസരിന്‍റെ കൈകളാല്‍ ഈജിപ്തിന്‍റെ സമൃദ്ധിക്ക് ഞാന്‍ അറുതി വരുത്തും.

11 ദേശത്തെ നശിപ്പിക്കാന്‍ അയാളെയും അയാളോടൊപ്പം ജനതകളില്‍ ഏറ്റവും ഭീകരന്മാരായ അയാളുടെ ജനങ്ങളെയും കൊണ്ടുവരും. അവര്‍ ഈജിപ്തിനുനേരെ വാള്‍ ഊരും; ദേശത്തെ മൃതശരീരങ്ങള്‍കൊണ്ടു നിറയ്‍ക്കും.

12 നൈല്‍ നദി ഞാന്‍ വറ്റിക്കും; ദേശം ദുഷ്ടജനങ്ങള്‍ക്കു വിറ്റുകളയും. വിദേശീയരുടെ കരങ്ങളാല്‍ ദേശവും അതിലുള്ള സമസ്തവും ഞാന്‍ ശൂന്യമാക്കും;” സര്‍വേശ്വരനാണ് ഇതു പറയുന്നത്.

13

സര്‍വേശ്വരനായ കര്‍ത്താവ് ഇങ്ങനെ അരുളിച്ചെയ്യുന്നു: ഞാന്‍ വിഗ്രഹങ്ങള്‍ നശിപ്പിക്കും. മെംഫീസിലെ പ്രതിമകള്‍ ഇല്ലാതാക്കും. ഈജിപ്തില്‍ ഇനിമേല്‍ ഒരു രാജാവും ഉണ്ടായിരിക്കുകയില്ല. ഈജിപ്തിലെങ്ങും ഞാന്‍ ഭീതി പരത്തും.

14 ഞാന്‍ പത്രോസ് ശൂന്യമാക്കും; സോവാന്‍ അഗ്നിക്കിരയാക്കും. തേബസില്‍ ഞാന്‍ ന്യായവിധി നടത്തും.

15 ഈജിപ്തിന്‍റെ ശക്തിദുര്‍ഗമായ സീന്‍പട്ടണത്തിന്മേല്‍ ഞാന്‍ എന്‍റെ ക്രോധം ചൊരിയും. തേബസിലെ ജനങ്ങളെ സംഹരിക്കും.

16 ഈജിപ്തിനു ഞാന്‍ തീ വയ്‍ക്കും. സീന്‍ അതിവേദനയില്‍ അമരും. തേബസ് ഭേദിക്കപ്പെടും. അതിന്‍റെ മതിലുകള്‍ ഇടിഞ്ഞുവീഴും.

17 ആവെനിലെയും പിബേസെത്തിലെയും യുവാക്കള്‍ വാളിനിരയാകും. മറ്റുള്ളവര്‍ തടവുകാരാക്കപ്പെടും.

18 തഹഫ്നേഹെസില്‍ ഈജിപ്തിന്‍റെ ആധിപത്യം തകര്‍ക്കുമ്പോള്‍ അവിടെ പകല്‍ ഇരുണ്ടുപോകും. അവളുടെ അഹങ്കാരത്തിനു ഞാന്‍ അറുതി വരുത്തും. ഒരു മേഘം അവളെ മൂടും; അവളുടെ പുത്രിമാര്‍ തടവുകാരാക്കപ്പെടും.

19 അങ്ങനെ ഈജിപ്തിന്‍റെമേല്‍ ഞാന്‍ ന്യായവിധിനടത്തും. അപ്പോള്‍ ഞാനാണു സര്‍വേശ്വരനെന്ന് അവര്‍ ഗ്രഹിക്കും.”

20

പ്രവാസത്തിന്‍റെ പതിനൊന്നാം വര്‍ഷം ഒന്നാംമാസം ഏഴാം ദിവസം സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി:

21 “മനുഷ്യപുത്രാ, ഈജിപ്തിലെ രാജാവായ ഫറവോന്‍റെ കൈ ഞാന്‍ ഒടിച്ചിരിക്കുന്നു. വാള്‍ പിടിക്കത്തക്കവിധം ആ ഭുജം ആരും വച്ചുകെട്ടുകയോ ചികിത്സിക്കുകയോ ചെയ്കയില്ല.

22 അതുകൊണ്ടു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ ഈജിപ്തിലെ രാജാവായ ഫറവോയ്‍ക്ക് എതിരാണ്. അവന്‍റെ ഇരുകൈകളും ബലമുള്ളതും ഒടിഞ്ഞതും ഞാന്‍ തകര്‍ത്തുകളയും. അവന്‍റെ കൈയില്‍നിന്ന് ഞാന്‍ വാള്‍ താഴെ വീഴുമാറാക്കും.

23 ഈജിപ്തുകാരെ ഞാന്‍ ജനതകളുടെ ഇടയില്‍ ചിതറിക്കും. രാജ്യാന്തരങ്ങളില്‍ ഞാന്‍ അവരെ നടും.

24 ബാബിലോണ്‍രാജാവിന്‍റെ ഭുജങ്ങള്‍ ഞാന്‍ ബലിഷ്ഠമാക്കും. അവന്‍റെ കൈയില്‍ എന്‍റെ വാള്‍ കൊടുക്കും. ഫറവോയുടെ ഭുജങ്ങള്‍ ഞാന്‍ ഒടിക്കും. മാരകമായ ക്ഷതമേറ്റവനെപ്പോലെ അയാള്‍ ഞരങ്ങും.

25 ബാബിലോണ്‍ രാജാവിന്‍റെ ഭുജങ്ങള്‍ ഞാന്‍ ബലപ്പെടുത്തും. എന്നാല്‍ ഫറവോയുടെ കൈകള്‍ നിര്‍ജീവമായിത്തീരും. അപ്പോള്‍ ഞാനാണു സര്‍വേശ്വരനെന്ന് അവര്‍ ഗ്രഹിക്കും. ബാബിലോണ്‍ രാജാവിന്‍റെ കൈയില്‍ എന്‍റെ വാള്‍ കൊടുക്കും.

26 അയാള്‍ ഈജിപ്തിന്‍റെ നേരെ അതു വീശും. ഞാന്‍ ജനതകളുടെ ഇടയില്‍ ഈജിപ്തുകാരെ ചിതറിക്കും. രാജ്യാന്തരങ്ങളില്‍ അവരെ നടും. അപ്പോള്‍ ഞാനാകുന്നു സര്‍വേശ്വരനെന്ന് അവര്‍ അറിയും.”

31

1

പ്രവാസത്തിന്‍റെ പതിനൊന്നാം വര്‍ഷം മൂന്നാം മാസം ഒന്നാം ദിവസം സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി.

2 മനുഷ്യപുത്രാ, ഈജിപ്തിലെ രാജാവായ ഫറവോയോടും അയാളുടെ ജനത്തോടും പറയുക:

പ്രതാപത്തില്‍ നിന്നോടു സമന്‍ ആര്?

3

നീ ലെബാനോനിലെ ദേവദാരുവിനു തുല്യന്‍ അതു മനോഹരമായ ശാഖകളോടും
തണല്‍ വിരിക്കുന്ന ഇലപ്പടര്‍പ്പോടും കൂടി മേഘങ്ങളെ തൊട്ടുരുമ്മി ഉയര്‍ന്നു നില്‌ക്കുന്നു.

4
ജലം അതിനെ പോഷിപ്പിച്ചു;
അടിയുറവകള്‍ അതിനെ അത്യുന്നതമായി വളര്‍ത്തി
ഉറവകളില്‍നിന്നു പുറപ്പെട്ട നീര്‍ച്ചാലുകള്‍
അതു നിന്നിരുന്ന സ്ഥലം ചുറ്റി ഒഴുകി.
അവ വനവൃക്ഷങ്ങള്‍ക്കെല്ലാം വേണ്ട ജലം നല്‌കി.

5
അതുകൊണ്ടു വനത്തിലെ എല്ലാ വൃക്ഷങ്ങള്‍ക്കും ഉപരി
ആ ദേവദാരു വളര്‍ന്നുപൊങ്ങി;
വെള്ളം സമൃദ്ധമായി ലഭിച്ചതിനാല്‍
അതു ശാഖകള്‍ നീട്ടി വളര്‍ന്നു പന്തലിച്ചു.

6
ആകാശത്തിലെ പറവകള്‍ അതിന്‍റെ കൊമ്പുകളില്‍ കൂടുവച്ചു;
അതിന്‍റെ ശാഖകള്‍ക്കു കീഴില്‍ വന്യമൃഗങ്ങള്‍ പെറ്റുപെരുകി.
അതിന്‍റെ തണലില്‍ ജനതകള്‍ പാര്‍ത്തു.

7
അതിന്‍റെ വേരിന് സമൃദ്ധമായി ജലം ലഭിച്ചതിനാല്‍
വലിപ്പംകൊണ്ടും ശാഖകളുടെ നീളംകൊണ്ടും
അതു മനോഹരമായി ശോഭിച്ചു.

8
ദൈവത്തിന്‍റെ തോട്ടത്തിലെ ഒരു ദേവദാരുവും
അതിനോടു കിടപിടിക്കുമായിരുന്നില്ല;
സരളവൃക്ഷങ്ങള്‍ അതിന്‍റെ ശാഖകള്‍ക്കു പോലും സമമായിരുന്നില്ല.
അരിഞ്ഞില്‍ മരവും അതിന്‍റെ ശാഖകള്‍ക്കു തുല്യമായിരുന്നില്ല.
ദൈവത്തിന്‍റെ തോട്ടത്തിലെ ഒരു വൃക്ഷവും
സൗന്ദര്യത്തില്‍ അതിനോടു തുല്യമായിരുന്നില്ല.

9
ശാഖകളുടെ ബാഹുല്യംകൊണ്ടു ഞാന്‍ അതിനെ സുന്ദരമാക്കി;
ദൈവത്തിന്‍റെ തോട്ടമായ ഏദനിലെ സകല വൃക്ഷങ്ങള്‍ക്കും അതിനോടസൂയതോന്നി.

10

അതുകൊണ്ടു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്തു: അതു വളര്‍ന്നു പൊങ്ങി മേഘങ്ങളെ ചുംബിക്കയാല്‍ അതിന്‍റെ ഔന്നത്യത്തില്‍ അത് അഹങ്കരിച്ചു.

11 അതിനാല്‍ ഞാന്‍ അതിനെ ജനതകളില്‍ പ്രബലനായ ഒരുവന്‍റെ കൈയില്‍ ഏല്പിക്കും. അതിന്‍റെ ദുഷ്ടതയ്‍ക്ക് അര്‍ഹമായവിധം അവന്‍ അതിനോടു പെരുമാറും. ഞാന്‍ അതിനെ പുറംതള്ളിയിരിക്കുന്നു.

12 ജനതകളില്‍ ഏറ്റവും ക്രൂരന്മാരായ വിദേശികള്‍ അതിനെ വെട്ടിവീഴ്ത്തും; അതിന്‍റെ ശാഖകള്‍ എല്ലാ പര്‍വതങ്ങളിലും താഴ്വരകളിലും നിപതിക്കും. അതിന്‍റെ കൊമ്പുകള്‍ എല്ലാ നദിക്കരകളിലും ഒടിഞ്ഞുകിടക്കും. ഭൂമിയിലെ എല്ലാ ജനതകളും അതിന്‍റെ തണല്‍ വിട്ടുപോകും.

13 അതിന്‍റെ അവശിഷ്ടങ്ങളില്‍ പക്ഷികള്‍ പാര്‍ക്കും; വന്യമൃഗങ്ങള്‍ അതിന്‍റെ കൊമ്പുകള്‍ക്കിടയില്‍ വസിക്കും.

14 ജലത്തിനരികെ നില്‌ക്കുന്ന ഒരു വൃക്ഷവും അതിന്‍റെ ഔന്നത്യത്തില്‍ അഹങ്കരിക്കാതിരിക്കാനും മേഘപാളികളെ തൊട്ടുരുമ്മത്തക്കവിധം തല ഉയര്‍ത്താതിരിക്കാനും വെള്ളം വേണ്ടുവോളം വലിച്ചെടുത്തു വളരുന്ന എത്ര കരുത്തന്മാരായ വൃക്ഷങ്ങളായാലും അത്ര ഉയരത്തില്‍ എത്താതിരിക്കാനും വേണ്ടിയാണ് ഞാന്‍ ഇതു ചെയ്തിരിക്കുന്നത്. എന്തെന്നാല്‍ അധോലോകത്തിലേക്കു പോകുന്ന മര്‍ത്യരോടൊപ്പം അവയും മരണത്തിന് ഏല്പിക്കപ്പെട്ടിരിക്കുന്നു.

15

അതു പാതാളത്തിലേക്കു പോകുമ്പോള്‍ അതിനെച്ചൊല്ലി ഭൂഗര്‍ഭജലം വിലപിക്കാന്‍ ഇടയാക്കും. നദികളെ ഞാന്‍ തടഞ്ഞുനിറുത്തും; ജലപ്രവാഹങ്ങള്‍ നിലയ്‍ക്കും. ലെബാനോനെ ഞാന്‍ വിലാപവസ്ത്രം അണിയിക്കും. തന്മൂലം വനത്തിലെ വൃക്ഷങ്ങളെല്ലാം വാടിപ്പോകും എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

16 പാതാളത്തിലേക്കു പോകുന്ന മര്‍ത്യരോടൊപ്പം അധോലോകത്തിലേക്ക് അതിനെ വലിച്ചെറിയുമ്പോള്‍ അതിന്‍റെ പതനം മൂലമുണ്ടാകുന്ന മുഴക്കത്താല്‍ ജനതകള്‍ നടുങ്ങും. ഏദനിലെ സകല വൃക്ഷങ്ങളും വേണ്ടുവോളം വെള്ളം കുടിച്ചു വളര്‍ന്ന വൃക്ഷങ്ങള്‍ തന്നെ, ലെബാനോനിലെ ശ്രേഷ്ഠമായ വൃക്ഷങ്ങളും അതിന്‍റെ പതനത്തില്‍ അധോലോകത്ത് ആശ്വസിക്കും.

17 ജനതകള്‍ക്കിടയില്‍ അതിന്‍റെ തണലില്‍ വസിച്ചിരുന്നവരും വാളിനാല്‍ കൊല്ലപ്പെട്ടവരോടുകൂടി പാതാളത്തിലേക്കു പോകും.

18 മഹത്ത്വത്തിലും ഔന്നത്യത്തിലും ഏദനിലെ ഏതു വൃക്ഷമാണു നിനക്കു തുല്യം? എങ്കിലും നീ ഏദനിലെ വൃക്ഷങ്ങളോടൊപ്പം മൃതരുടെ ലോകത്തിലേക്ക് എറിയപ്പെടും. വാളിനിരയായ പരിച്ഛേദനം ഏല്‌ക്കാത്തവരുടെ ഇടയില്‍ നീ കിടക്കും. ഈ വൃക്ഷം ഫറവോയും അയാളുടെ ജനങ്ങളും ആണെന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.”

32

1

പ്രവാസത്തിന്‍റെ പന്ത്രണ്ടാം വര്‍ഷം പന്ത്രണ്ടാം മാസം ഒന്നാം ദിവസം സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി.

2 “മനുഷ്യപുത്രാ, ഈജിപ്തിലെ രാജാവായ ഫറവോയെപ്പറ്റി ഈ വിലാപഗാനം ആലപിക്കൂ. “ജനതകളുടെ ഇടയില്‍ ഒരു സിംഹം ആണെന്നു നീ ഭാവിക്കുന്നു; എന്നാല്‍ നീ സമുദ്രത്തിലെ വ്യാളിയെപ്പോലെ ആകുന്നു. നീ നദികള്‍ ചവിട്ടിക്കലക്കി അവയിലെ വെള്ളം മലിനമാക്കുന്നു.

3 സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ അനേകം ജനതകളുമായി വന്നു നിന്‍റെമേല്‍ എന്‍റെ വലവീശും. അവര്‍ നിന്നെ കരയ്‍ക്ക് വലിച്ചു കയറ്റും.

4 ഞാന്‍ എന്‍റെ വലയില്‍ നിന്നെ കരയ്‍ക്കു വലിച്ചിടും; തുറസ്സായ സ്ഥലത്ത് ഞാന്‍ നിന്നെ എറിഞ്ഞുകളയും. അങ്ങനെ ആകാശത്തിലെ പറവകള്‍ക്കും വന്യമൃഗങ്ങള്‍ക്കും നീ ഇരയായിത്തീരും.

5 നിന്‍റെ മാംസം ഞാന്‍ പര്‍വതങ്ങളില്‍ വിതറും. താഴ്വരകള്‍ അതുകൊണ്ടു നിറയ്‍ക്കും.

6 നിന്‍റെ രക്തം ഒഴുകി പര്‍വതങ്ങള്‍വരെയുള്ള ഭൂമി കുതിര്‍ക്കും. അതുകൊണ്ടു നീര്‍ച്ചാലുകള്‍ നിറയും.

7 ഞാന്‍ നിന്നെ ഇല്ലായ്മ ചെയ്യുമ്പോള്‍ ആകാശത്തെ മൂടും; നക്ഷത്രങ്ങളെ ഇരുട്ടാക്കും. സൂര്യനെ മേഘംകൊണ്ടു മറയ്‍ക്കും. ചന്ദ്രന്‍ നിഷ്പ്രഭമാകും.

8 നിന്‍റെ മുകളിലുള്ള എല്ലാ പ്രകാശഗോളങ്ങളെയും ഞാന്‍ അന്ധകാരമയമാക്കും. നിന്‍റെ ദേശത്തെ അന്ധകാരത്തിലാഴ്ത്തും. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

9

വിജാതീയ ജനതകളുടെ ഇടയില്‍ നിനക്ക് അജ്ഞാതമായ ദേശങ്ങളിലേക്കു നിന്നെ അടിമയാക്കിക്കൊണ്ടുപോകുമ്പോള്‍ പല ജനതകളും അസ്വസ്ഥരാകും.

10 നിന്നെ നോക്കി അനേകം ജനതകള്‍ സ്തബ്ധരാകും; അവര്‍ കാണ്‍കെ ഞാന്‍ വാള്‍ വീശുമ്പോള്‍ അവരുടെ രാജാക്കന്മാര്‍ നിന്നെ പ്രതി പേടിച്ച് അരണ്ടുപോകും; നീ നിപതിക്കുന്ന ദിവസം ഓരോരുത്തരും താന്താങ്ങളുടെ ജീവനെ ഓര്‍ത്ത് അനുനിമിഷം വിറയ്‍ക്കും.

11 സര്‍വേശ്വരനായ കര്‍ത്താവ് ഈജിപ്തിലെ രാജാവിനോട് അരുളിച്ചെയ്യുന്നു: ബാബിലോണ്‍രാജാവിന്‍റെ വാള്‍ നിന്‍റെമേല്‍ പതിക്കും.

12 ജനതകളില്‍വച്ചു ബലിഷ്ഠരും ഭീകരരും ആയവരുടെ വാളിനു നിന്‍റെ ജനക്കൂട്ടത്തെ ഞാന്‍ ഇരയാക്കും. അങ്ങനെ നിന്‍റെ അഹങ്കാരം അവര്‍ അവസാനിപ്പിക്കും; നിന്‍റെ ജനസമൂഹം മുഴുവന്‍ നശിക്കും.

13 ജലാശയങ്ങള്‍ക്ക് അടുത്തുള്ള മൃഗങ്ങളെയെല്ലാം ഞാന്‍ നശിപ്പിക്കും. ഇനിമേല്‍ യാതൊരു മനുഷ്യന്‍റെയും കാലുകള്‍ അവയെ കലക്കുകയില്ല; മൃഗങ്ങളുടെ കുളമ്പുകളും അവയെ കലക്കുകയില്ല.

14 അവരുടെ ജലാശയങ്ങളിലെ ജലം ഞാന്‍ തെളിമയുള്ളതാക്കിത്തീര്‍ക്കും; അവരുടെ നദികളെ എണ്ണപോലെ ഞാന്‍ പ്രവഹിപ്പിക്കും. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു:

15 ഈജിപ്തുദേശത്തെ ഞാന്‍ ശൂന്യമാക്കുകയും അതിലുള്ളതെല്ലാം അപഹരിക്കുകയും അതില്‍ നിവസിക്കുന്ന സമസ്ത ജനങ്ങളെയും ഞാന്‍ സംഹരിക്കുകയും ചെയ്യുമ്പോള്‍ ഞാനാണു സര്‍വേശ്വരന്‍ എന്ന് അവര്‍ അറിയും.

16 ഇത് ഒരു വിലാപഗാനമാണ്. ജനതകളുടെ പുത്രിമാര്‍ ഈജിപ്തിനും അതിലെ സകല നിവാസികള്‍ക്കുംവേണ്ടി ഇതാലപിക്കും. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

17

പ്രവാസത്തിന്‍റെ പന്ത്രണ്ടാം വര്‍ഷം ഒന്നാംമാസം പതിനഞ്ചാം ദിവസം സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി:

18 “മനുഷ്യപുത്രാ, ഈജിപ്തിലെ ജനതയെക്കുറിച്ചു നീ വിലപിക്കുക. അവരെയും വിജാതീയരില്‍ വിശ്രുതരായവരുടെ പുത്രിമാരെയും പാതാളത്തില്‍ പതിക്കുന്നവരുടെകൂടെ അധോലോകത്തേക്ക് അയയ്‍ക്കുക.

19 നീ എല്ലാവരെക്കാളും സൗന്ദര്യവതി എന്നു നീ കരുതുന്നുവോ? നീ താഴെ ഇറങ്ങിപ്പോകും; പരിച്ഛേദനമേല്‌ക്കാത്തവരുടെ ഇടയില്‍ നീ കിടക്കും.

20 വാളിന് ഇരയായവരുടെ ഇടയില്‍ ഈജിപ്തിലെ ജനം വീഴും. ഒരു വാള്‍ അവളുടെ ജനങ്ങളെ മുഴുവനും വീഴ്ത്തും.

21 ബലശാലികളായ വീരന്മാര്‍ തങ്ങളുടെ സഹായികളോടൊത്തു പാതാളത്തില്‍നിന്ന് അവരെക്കുറിച്ച് ഇങ്ങനെ പറയും: വാളിനിരയായ അപരിച്ഛേദിതര്‍ താഴെയെത്തിയിരിക്കുന്നു. ഇതാ അവര്‍ നിശ്ചലരായി കിടക്കുന്നു.

22

അസ്സീറിയായും അവളുടെ സമസ്തജനവും അവിടെയുണ്ട്. അവളുടെ വാള്‍കൊണ്ട് വധിക്കപ്പെട്ട ജനസമൂഹവും തങ്ങളുടെ ശവക്കുഴികളില്‍ അവളുടെ ചുറ്റും ഉണ്ട്.

23 അവളുടെ ശവക്കുഴി പാതാളത്തിന്‍റെ അടിത്തട്ടിലാണ്. അവളുടെ ജനസമൂഹം അവളുടെ ശവക്കുഴിക്കു ചുറ്റുമുണ്ട്. അവരെല്ലാവരും വാളിനിരയായവരാണ്. ജീവനുള്ളവരുടെ ദേശത്ത് കൊടിയഭീതി പരത്തിയവരാണവര്‍.

24 ഏലാം അവിടെയുണ്ട്; അവളുടെ സര്‍വജനവും അവളുടെ ശവക്കുഴിക്കു ചുറ്റുമുണ്ട്. അവരെല്ലാം വാളിനാല്‍ സംഹരിക്കപ്പെട്ടവര്‍. പരിച്ഛേദനമേല്‌ക്കാതെ അവര്‍ അധോലോകത്തേക്ക് ഇറങ്ങിപ്പോയി. അവര്‍ ജീവനുള്ളവരുടെ ദേശത്തു കൊടുംഭീതി പരത്തിയവരാണ്. എങ്കിലും പാതാളത്തില്‍ ഇറങ്ങിയവരോടൊപ്പം അവര്‍ അപമാനം പേറുന്നു.

25 കൊല്ലപ്പെട്ടവരുടെ മധ്യേ അവളുടെ ജനസമൂഹത്തോടൊപ്പം അവര്‍ അവള്‍ക്ക് കിടക്ക വിരിച്ചിരിക്കുന്നു. വാളിന് ഇരയായ പരിച്ഛേദനമേല്‌ക്കാത്ത അവരുടെ ശവക്കുഴികള്‍ അവള്‍ക്കു ചുറ്റുമുണ്ട്. അവര്‍ ജീവനുള്ളവരുടെ ദേശത്തു കൊടുംഭീതി പരത്തിയവരാണ്. എങ്കിലും പാതാളത്തില്‍ ഇറങ്ങിയവരോടുകൂടി അവര്‍ അപമാനം വഹിക്കുന്നു. വധിക്കപ്പെട്ടവരോടുകൂടെ അവര്‍ കഴിയുന്നു.

26

മേശക്കും തൂബലും അവിടെയുണ്ട്; അവരോടൊപ്പം അവരുടെ സമസ്ത ജനങ്ങളും; അവരുടെ കുഴിമാടങ്ങള്‍ അവര്‍ക്ക് ചുറ്റുമുണ്ട്. ജീവനുള്ളവരുടെ ദേശത്ത് കൊടുംഭീതി പരത്തിയതിനാല്‍ വാളിന് ഇരയായ അവരെല്ലാവരുംതന്നെ പരിച്ഛേദനമേല്‌ക്കാത്തവരാണ്.

27 പട്ടുപോയ പുരാതന വീരന്മാരോടൊപ്പം അവര്‍ കിടക്കുകയില്ല. ആ സമരവീരന്മാര്‍ തങ്ങളുടെ പടക്കോപ്പുകളുമായാണ് അധോലോകത്തിലേക്ക് ഇറങ്ങിച്ചെന്നത്. അവരുടെ വാളുകള്‍ തലയ്‍ക്കു കീഴിലും പരിച ശരീരത്തിനു മുകളിലും വച്ചിരുന്നു.

28 ജീവനുള്ളവരുടെ ദേശത്തു കൊടുംഭീതി പരത്തിയവരായിരുന്നല്ലോ ആ വീരപുരുഷന്മാര്‍. വാളിനാല്‍ വധിക്കപ്പെട്ടവരോടുകൂടി ഈജിപ്തുകാരും തകര്‍ക്കപ്പെട്ടു പരിച്ഛേദനം ഏല്‌ക്കാത്തവരോടൊപ്പം കിടക്കും.

29

എദോം അവിടെയുണ്ട്; അവളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും ശക്തന്മാരായ വീരന്മാരായിരുന്നിട്ടും വാളിന് ഇരയായവരുടെ കൂടെ നിപതിച്ചു. അവര്‍ പാതാളത്തില്‍ പരിച്ഛേദനമേല്‌ക്കാത്തവരുടെ കൂടെ കിടക്കുന്നു.

30

ഉത്തരദേശത്തെ സകല പ്രഭുക്കന്മാരും സീദോന്യരും അവിടെയുണ്ട്. തങ്ങളുടെ കൈയൂക്കിനാല്‍ ഭീതി പരത്തിയവരെങ്കിലും അവര്‍ വധിക്കപ്പെട്ട് അപമാനിതരായി താഴേക്കിറങ്ങിയിരിക്കുന്നു. വാളിനിരയായവരുടെ കൂട്ടത്തില്‍ അവരും പരിച്ഛേദനമേല്‌ക്കാത്തവരായി കിടക്കുന്നു. പാതാളത്തില്‍ ഇറങ്ങുന്നവരോടൊപ്പം അവരും അപമാനഭാരം വഹിക്കുന്നു.

31

വാളിനിരയാക്കപ്പെട്ട ഫറവോരാജാവും സൈന്യവും അവരെ കാണുമ്പോള്‍ സ്വന്തം ജനത്തെക്കുറിച്ചു സമാശ്വസിക്കും എന്ന് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

32 അയാള്‍ ജീവനുള്ളവരുടെ ദേശത്തു കൊടുംഭീതി പരത്തി. അതുകൊണ്ട് ഫറവോയും അയാളുടെ സര്‍വജനവും പരിച്ഛേദനമേല്‌ക്കാത്തവരോടൊത്ത്, വാളിനിരയായവരോടുകൂടി കിടക്കും; സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

33

1

സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി:

2 “മനുഷ്യപുത്രാ, നീ നിന്‍റെ ജനത്തോടു പറയുക: ഞാന്‍ ഒരു ദേശത്തിന്‍റെമേല്‍ വാള്‍ അയയ്‍ക്കുകയും ആ ദേശത്തെ ജനം ഒരുവനെ തെരഞ്ഞെടുത്തു കാവല്‌ക്കാരനായി നിയമിക്കുകയും ചെയ്തു എന്നു കരുതുക.

3 വാള്‍ വരുന്നത് കാവല്‌ക്കാരന്‍ കാണുകയാണെങ്കില്‍ അവന്‍ കാഹളമൂതി ദേശത്തിനു മുന്നറിയിപ്പു നല്‌കും.

4 കാഹളശബ്ദം കേട്ടിട്ടും ആ മുന്നറിയിപ്പ് കണക്കിലെടുക്കാതെ ഒരുവന്‍ വാളിനിരയായാല്‍ അവന്‍റെ രക്തത്തിന് ഉത്തരവാദി അവന്‍തന്നെ ആയിരിക്കും.

5 കാഹളധ്വനി കേട്ടു എങ്കിലും അവന്‍ ആ മുന്നറിയിപ്പ് കാര്യമാക്കിയില്ല. അവന്‍റെ രക്തത്തിന്‍റെ ഉത്തരവാദി അവന്‍ തന്നെ. അവന്‍ മുന്നറിയിപ്പു ഗൗനിച്ചിരുന്നെങ്കില്‍ തന്‍റെ ജീവന്‍ രക്ഷിക്കുമായിരുന്നു.

6 കാവല്‌ക്കാരന്‍ വാള്‍ വരുന്നതു കാണുകയും കാഹളം മുഴക്കാതിരിക്കുകയും ചെയ്താല്‍ ജനത്തിനു മുന്നറിയിപ്പു ലഭിക്കുന്നില്ല. വാള്‍ വന്നു ജനത്തില്‍ ആരെയെങ്കിലും വധിച്ചാല്‍ അവന്‍ തന്‍റെ അപരാധം മൂലമാണു സംഹരിക്കപ്പെടുന്നതെങ്കിലും അയാളുടെ ജീവനു കാവല്‌ക്കാരനോട് ഞാന്‍ പകരം ചോദിക്കും.

7

മനുഷ്യപുത്രാ, ഞാന്‍ നിന്നെ ഇസ്രായേലിന് ഒരു കാവല്‌ക്കാരനായി നിയോഗിച്ചിരിക്കുന്നു. എന്‍റെ അരുളപ്പാട് കേള്‍ക്കുമ്പോള്‍ എന്‍റെ മുന്നറിയിപ്പ് അവരെ അറിയിക്കുക.

8 ഞാന്‍ ദുഷ്ടനോട്, ദുഷ്ടാ, നീ നിശ്ചയമായി മരിക്കും എന്നു പറയുകയും ആ മനുഷ്യന്‍ തന്‍റെ ദുര്‍മാര്‍ഗത്തില്‍ നിന്നു പിന്തിരിഞ്ഞുകൊള്ളണമെന്നു നീ മുന്നറിയിപ്പ് നല്‌കാതിരിക്കുകയും ചെയ്താല്‍ ആ മനുഷ്യന്‍ തന്‍റെ അകൃത്യം നിമിത്തം മരിക്കും; എന്നാല്‍ അവന്‍റെ ജീവന് ഞാന്‍ നിന്നോടു പകരം ചോദിക്കും.

9 തന്‍റെ അകൃത്യത്തില്‍നിന്നു പിന്തിരിയാന്‍ ദുഷ്ടനു മുന്നറിയിപ്പു നല്‌കിയിട്ടും അവന്‍ തന്‍റെ വഴിയില്‍നിന്നു പിന്തിരിയാതിരുന്നാല്‍ അവന്‍ തന്‍റെ അപരാധം നിമിത്തം മരിക്കും. എന്നാല്‍ നീ നിന്‍റെ ജീവന്‍ രക്ഷിക്കും.”

10

“മനുഷ്യപുത്രാ, “നീ ഇസ്രായേല്‍ജനത്തോടു പറയുക: ഞങ്ങളുടെ അതിക്രമങ്ങളും പാപങ്ങളും ഞങ്ങളുടെമേല്‍ ഇരിക്കുന്നു; തന്നിമിത്തം ഞങ്ങള്‍ ക്ഷയിച്ചു പോകുന്നു. പിന്നെ ഞങ്ങള്‍ക്ക് എങ്ങനെ ജീവിക്കാന്‍ കഴിയും” എന്ന് നിങ്ങള്‍ പറഞ്ഞു. അവരോടു പറയുക,

11 “സര്‍വേശ്വരനായ കര്‍ത്താവ് സത്യം ചെയ്തു പറയുന്നു: ദുഷ്ടമനുഷ്യന്‍റെ മരണത്തിലല്ല അയാള്‍ തന്‍റെ ദുര്‍മാര്‍ഗം വിട്ടു ജീവിക്കുന്നതിലാണ് എന്‍റെ സന്തോഷം. പിന്തിരിയുവിന്‍ നിങ്ങളുടെ ദുര്‍മാര്‍ഗത്തില്‍നിന്നു പിന്തിരിയുവിന്‍ ഇസ്രായേല്‍ജനമേ, നിങ്ങള്‍ എന്തിനു മരിക്കണം?”

12

മനുഷ്യപുത്രാ, സ്വന്തജനത്തോടു പറയുക: “നീതിമാന്‍ അതിക്രമം ചെയ്താല്‍ അവന്‍റെ നീതി അവനെ രക്ഷിക്കയില്ല; ദുഷ്ടന്‍ ദുര്‍മാര്‍ഗത്തില്‍നിന്നു പിന്തിരിഞ്ഞാല്‍ തന്‍റെ ദുഷ്ടത നിമിത്തം അവന്‍ വീണുപോകയില്ല; എന്നാല്‍ നീതിമാന്‍ പാപം ചെയ്യുന്നുവെങ്കില്‍ തന്‍റെ നീതി നിമിത്തം അവനു ജീവിക്കാന്‍ കഴിയുകയില്ല.

13 നീതിമാനോട്, “നീ നിശ്ചയമായി ജീവിക്കും” എന്നു ഞാന്‍ പറഞ്ഞാലും തന്‍റെ നീതിയില്‍ വിശ്വാസം അര്‍പ്പിച്ചുകൊണ്ട് അകൃത്യം ചെയ്യുകയാണെങ്കില്‍ നീതിപൂര്‍വകമായ തന്‍റെ ഒരു പ്രവൃത്തിയും അനുസ്മരിക്കപ്പെടുകയില്ല; താന്‍ ചെയ്ത അധര്‍മത്തില്‍തന്നെ അവന്‍ മരിക്കും.

14 ഞാന്‍ ദുഷ്ടനോട്, നീ നിശ്ചയമായും മരിക്കും എന്നു പറഞ്ഞാല്‍ത്തന്നെയും അവന്‍ തന്‍റെ പാപത്തില്‍നിന്നു പിന്തിരിഞ്ഞു നീതിയും ന്യായവും പ്രവര്‍ത്തിക്കുകയും

15 പണയം തിരികെ കൊടുക്കുകയും കൊള്ളയടിച്ച വസ്തുക്കള്‍ മടക്കികൊടുക്കുകയും അധര്‍മം പ്രവര്‍ത്തിക്കാതെ ജീവന്‍റെ പ്രമാണങ്ങള്‍ പാലിക്കുകയും ചെയ്താല്‍ അവന്‍ മരിക്കയില്ല; നിശ്ചയമായും ജീവിക്കും.

16 അവന്‍ ചെയ്ത യാതൊരു പാപവും അവനെതിരെ ഗണിക്കപ്പെടുകയില്ല. അവന്‍ നീതിയും ന്യായവും പ്രവര്‍ത്തിച്ചിരിക്കുന്നു. അവന്‍ നിശ്ചയമായും ജീവിക്കും.

17

എന്നിട്ടും സര്‍വേശ്വരന്‍റെ വഴി നീതി പൂര്‍വകമല്ലെന്നു നിന്‍റെ ജനം പറയുന്നു. അവരുടെ മാര്‍ഗമല്ലേ നീതികെട്ടത്?

18 നീതിമാന്‍ തന്‍റെ നീതി മാര്‍ഗം വിട്ട് അകൃത്യം പ്രവര്‍ത്തിച്ചാല്‍ അവന്‍ തന്മൂലം മരിക്കും.

19 എന്നാല്‍ ദുഷ്ടന്‍ തന്‍റെ ദുഷ്ടതവിട്ടു നീതിയും ന്യായവും പ്രവര്‍ത്തിച്ചാല്‍ തന്മൂലം അവന്‍ ജീവിക്കും.

20 എന്നിട്ടും സര്‍വേശ്വരന്‍റെ വഴി നീതിപൂര്‍വകമല്ലെന്നു നിങ്ങള്‍ പറയുന്നു. ഇസ്രായേല്‍ജനമേ, നിങ്ങളില്‍ ഓരോരുവനെയും അവനവന്‍റെ പ്രവൃത്തിക്കനുസരണമായി ഞാന്‍ വിധിക്കും.

21

ഞങ്ങളുടെ പ്രവാസത്തിന്‍റെ പന്ത്രണ്ടാംവര്‍ഷം പത്താം മാസം അഞ്ചാംദിവസം യെരൂശലേമില്‍നിന്ന് ഓടി രക്ഷപെട്ട ഒരാള്‍ എന്‍റെ അടുക്കല്‍ വന്നു പറഞ്ഞു: “നഗരം പിടിക്കപ്പെട്ടിരിക്കുന്നു.

22 രക്ഷപെട്ടവര്‍ എന്‍റെ അടുക്കല്‍ വന്നതിന്‍റെ തലേദിവസം വൈകുന്നേരം സര്‍വേശ്വരന്‍റെ ശക്തി എന്‍റെമേല്‍ വന്നു. അടുത്തദിവസം ആ മനുഷ്യന്‍ എന്‍റെ അടുക്കല്‍ വന്നപ്പോഴേക്ക് എന്‍റെ വായ് തുറന്നിരുന്നു; എനിക്കു സംസാരിക്കാനുള്ള ശക്തി തിരിച്ചുകിട്ടി. പിന്നീട് ഞാന്‍ മൂകനായിരുന്നില്ല.”

23

സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി:

24 “മനുഷ്യപുത്രാ, ഇസ്രായേലിലെ ഈ ശൂന്യസ്ഥലങ്ങളില്‍ വസിക്കുന്നവര്‍ പറയുന്നു: അബ്രഹാം ഒരാള്‍ മാത്രമായിരുന്നപ്പോള്‍ ഈ ദേശം അദ്ദേഹത്തിന് അവകാശമായി ലഭിച്ചു; ഞങ്ങളാകട്ടെ പലരാകുന്നു; ഈ ദേശം നിശ്ചയമായും ഞങ്ങള്‍ക്കു ലഭിക്കും.”

25 അതുകൊണ്ട് അവരോടു പറയുക: സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “നിങ്ങള്‍ രക്തത്തോടുകൂടിയ മാംസം ഭക്ഷിക്കുകയും നിങ്ങളുടെ വിഗ്രഹങ്ങളിലേക്കു കണ്ണുകളുയര്‍ത്തുകയും രക്തം ചൊരിയുകയും ചെയ്തു;

26 നിങ്ങള്‍ക്കു ദേശം കൈവശമാക്കുവാന്‍ കഴിയുമോ? നിങ്ങള്‍ വാളിനെ ആശ്രയിക്കുന്നു. മ്ലേച്ഛതകള്‍ പ്രവര്‍ത്തിക്കുകയും ഓരോരുത്തരും അയല്‍ക്കാരന്‍റെ ഭാര്യയെ വഴിപിഴപ്പിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള നിങ്ങള്‍ക്കു ദേശം കൈവശമാക്കാന്‍ കഴിയുമോ?

27 സര്‍വേശ്വരനായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നുവെന്ന് അവരോടു പറയുക: ഞാന്‍ സത്യം ചെയ്തു പറയുന്നു: ശൂന്യമാക്കപ്പെട്ട സ്ഥലങ്ങളിലുള്ളവര്‍ നിശ്ചയമായും വാളിനിരയാകും. വെളിമ്പ്രദേശത്തുള്ളവരെ ഞാന്‍ വന്യമൃഗങ്ങള്‍ക്ക് ഇരയാക്കും; ശക്തിദുര്‍ഗങ്ങളിലും ഗുഹകളിലും വസിക്കുന്നവരെ മഹാമാരികൊണ്ടു സംഹരിക്കും.

28 ഞാന്‍ ദേശത്തെ ശൂന്യവും പാഴുമാക്കിത്തീര്‍ക്കും. അങ്ങനെ സ്വന്തശക്തിയെക്കുറിച്ചുള്ള അവളുടെ അഹന്തയ്‍ക്ക് അറുതിവരും. ആരും സഞ്ചരിക്കാത്തവിധം ഇസ്രായേലിലെ പര്‍വതങ്ങള്‍ ശൂന്യമാകും.

29 അവര്‍ ചെയ്ത എല്ലാ മ്ലേച്ഛതകളും നിമിത്തം ഞാന്‍ ദേശത്തെ പാഴും ശൂന്യവും ആക്കുമ്പോള്‍ ഞാന്‍ സര്‍വേശ്വരനാണെന്ന് അവര്‍ അറിയും.”

30

മതിലിനരികിലും വീട്ടുവാതില്‌ക്കലും നിന്‍റെ ജനം നിന്നെക്കുറിച്ച് സംസാരിക്കുന്നു. സര്‍വേശ്വരന്‍റെ അരുളപ്പാട് എന്താണെന്നു പോയി കേള്‍ക്കാം എന്നവര്‍ പരസ്പരം പറയുന്നു.

31 അവര്‍ കൂട്ടമായി നിന്‍റെ അടുക്കല്‍ വരും; എന്‍റെ ജനമെന്നപോലെ നിന്‍റെ അടുക്കല്‍ വന്നിരുന്നു നീ പറയുന്നത് അവര്‍ കേള്‍ക്കുമെങ്കിലും അതുപോലെ പ്രവര്‍ത്തിക്കുകയില്ല. തങ്ങളുടെ അധരങ്ങള്‍കൊണ്ട് അവര്‍ അതിയായ സ്നേഹം പ്രകടിപ്പിക്കുന്നു; എന്നാല്‍ അവരുടെ ഹൃദയം സ്വാര്‍ഥലാഭത്തിലൂന്നിയിരിക്കുന്നു.

32 നോക്കൂ, നീ അവര്‍ക്ക് വീണമീട്ടി ഹൃദ്യമായ സ്വരത്തില്‍ പ്രേമഗാനം പാടുന്ന ഒരു ഗായകനായിരിക്കും. എന്തെന്നാല്‍ നീ പറയുന്നത് അവര്‍ കേള്‍ക്കും; പക്ഷേ അതുപോലെ അവര്‍ പ്രവര്‍ത്തിക്കുകയില്ല.

33 നിന്‍റെ വാക്കുകള്‍ നിവൃത്തിയാകുമ്പോള്‍ നിശ്ചയമായും ഇതു നിവൃത്തിയാകും. തങ്ങളുടെ ഇടയില്‍ ഒരു പ്രവാചകന്‍ ഉണ്ടായിരുന്നു എന്ന് അവര്‍ അപ്പോള്‍ അറിയും.

34

1

സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി:

2 “മനുഷ്യപുത്രാ, ഇസ്രായേലിലെ ഇടയന്മാര്‍ക്ക് എതിരെ പ്രവചിക്കുക: സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ആടുകളെ പോറ്റാതെ തങ്ങളെത്തന്നെ പോറ്റുന്ന ഇടയന്മാരേ, നിങ്ങള്‍ക്ക് ഹാ ദുരിതം! ഇടയന്മാര്‍ ആടുകളെയല്ലേ പോറ്റേണ്ടത്?

3 നിങ്ങള്‍ അവയുടെ പാല്‍ കുടിക്കുന്നു; അവയുടെ രോമംകൊണ്ടുള്ള വസ്ത്രം ധരിക്കുന്നു; കൊഴുത്തു തടിച്ചവയെ കശാപ്പു ചെയ്യുകയും ചെയ്യുന്നു; എന്നാല്‍ ആടുകളെ നിങ്ങള്‍ പോറ്റുന്നില്ല.

4 ബലഹീനമായവയെ നിങ്ങള്‍ സംരക്ഷിച്ചില്ല. രോഗം ബാധിച്ചവയെ ചികിത്സിച്ചില്ല. മുറിവേറ്റവയെ വച്ചു കെട്ടിയില്ല; വഴി തെറ്റിപ്പോയവയെ തിരിച്ചുകൊണ്ടുവന്നില്ല, കാണാതെപോയവയെ അന്വേഷിച്ചുമില്ല. മറിച്ചു നിങ്ങള്‍ ക്രൂരമായി അവയോടു പെരുമാറി.

5 ഇടയനില്ലായ്കയാല്‍ അവ ചിതറിപ്പോയി; അങ്ങനെ വന്യമൃഗങ്ങള്‍ക്ക് അവ ഇരയായിത്തീര്‍ന്നു.

6 എന്‍റെ ആടുകള്‍ പര്‍വതങ്ങളിലും ഉയര്‍ന്ന മലകളിലും അലഞ്ഞു നടന്നു. ഭൂമിയില്‍ എല്ലായിടത്തേക്കും ചിതറിപ്പോയ അവയെ തെരയാനോ കണ്ടെത്താനോ ആരും ഉണ്ടായിരുന്നില്ല.

7

അതുകൊണ്ട് ഇടയന്മാരേ, സര്‍വേശ്വരന്‍റെ വാക്കു ശ്രദ്ധിക്കുവിന്‍; സര്‍വേശ്വരനായ കര്‍ത്താവ് സത്യം ചെയ്തു പറയുന്നു.

8 ഇടയനില്ലായ്കയാല്‍ എന്‍റെ ആടുകള്‍ വന്യമൃഗങ്ങള്‍ക്ക് ഇരയായിത്തീര്‍ന്നു. ഇടയന്മാര്‍ എന്‍റെ ആടുകളെ അന്വേഷിക്കയോ, തീറ്റിപ്പോറ്റുകയോ ചെയ്യാതെ തങ്ങളെത്തന്നെ പോറ്റി.

9 അതുകൊണ്ട് ഇടയന്മാരേ, സര്‍വേശ്വരന്‍റെ അരുളപ്പാടു കേള്‍ക്കുവിന്‍.

10 സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നോക്കൂ, ഞാന്‍ ഈ ഇടയന്മാര്‍ക്ക് എതിരാണ്. എന്‍റെ ആടുകളെ ഞാന്‍ അവരോട് ആവശ്യപ്പെടും. അവരുടെ ആടുമേയ്‍ക്കല്‍ ഞാന്‍ അവസാനിപ്പിക്കും. ഇനിമേല്‍ ഇടന്മാര്‍ തങ്ങളെത്തന്നെ പോഷിപ്പിക്കുകയില്ല. എന്‍റെ ആടുകള്‍ അവരുടെ ഭക്ഷണമാകാന്‍ ഇടയാകാത്തവിധം അവരുടെ വായില്‍നിന്നു ഞാന്‍ അവയെ രക്ഷിക്കും.”

11

സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “ഇതാ, ഞാന്‍ തന്നെ എന്‍റെ ആടുകളെ തെരഞ്ഞു കണ്ടെത്തും.

12 ചിതറിപ്പോയ ആടിനെ ഒരു ഇടയന്‍ എന്നതുപോലെ ഞാന്‍ എന്‍റെ ആടുകളെ അന്വേഷിച്ചു കണ്ടുപിടിക്കും. കാര്‍മേഘവും കൂരിരുട്ടും നിറഞ്ഞദിവസം ചിതറിപ്പോയ ഇടങ്ങളില്‍നിന്നെല്ലാം അവയെ ഞാന്‍ രക്ഷിക്കും. വിവിധദേശങ്ങളില്‍നിന്നു ഞാന്‍ അവയെ കൊണ്ടുവരും.

13 ജനതകളുടെ ഇടയില്‍നിന്ന് അവയെ കൂട്ടിവരുത്തി അവയുടെ സ്വന്തം നാട്ടിലേക്കു തിരിച്ചുകൊണ്ടുവരും. ഇസ്രായേല്‍പര്‍വതങ്ങളിലെ നീരുറവുകള്‍ക്കരികിലും നാട്ടില്‍ കുടിപാര്‍പ്പുള്ള എല്ലാ പ്രദേശങ്ങളിലും ഞാന്‍ അവയെ മേയിക്കും.

14 നല്ല മേച്ചില്‍പ്പുറങ്ങളില്‍ത്തന്നെ ഞാന്‍ അവയെ മേയിക്കും. ഇസ്രായേലിലെ ഉയര്‍ന്ന മലകളായിരിക്കും അവയുടെ മേച്ചില്‍ സ്ഥലങ്ങള്‍. അവിടെ അവ വിശ്രമിക്കും. ഇസ്രായേല്‍മലകളിലെ നല്ല പച്ചപ്പുല്‍പ്പുറങ്ങളില്‍ അവ മേയും.

15 ഞാന്‍ തന്നെ എന്‍റെ ആടുകളെ മേയിക്കും. ഞാന്‍ അവയ്‍ക്കു വിശ്രമം നല്‌കും എന്ന് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

16 കാണാതെ പോയതിനെ ഞാന്‍ അന്വേഷിക്കും; കൂട്ടം വിട്ടുപോയതിനെ ഞാന്‍ തിരിച്ചുകൊണ്ടുവരും. ക്ഷതം ഏറ്റതിനെ ഞാന്‍ വച്ചുകെട്ടും. ബലഹീനമായവയെ ഞാന്‍ ബലപ്പെടുത്തും. കൊഴുത്തു തടിച്ചവയെ ഞാന്‍ കാത്തുസൂക്ഷിക്കും. നീതിപൂര്‍വം ഞാന്‍ അവയെ മേയിക്കും.

17

സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്‍റെ ആട്ടിന്‍പറ്റമേ ഇതാ, ആടുകള്‍ക്കും ആടുകള്‍ക്കും ഇടയിലും ആട്ടുകൊറ്റന്മാര്‍ക്കും കോലാട്ടുകൊറ്റന്മാര്‍ക്കും ഇടയിലും ഞാന്‍ ന്യായം വിധിക്കും.

18 നല്ല മേച്ചില്‍പ്പുറങ്ങളില്‍ മേഞ്ഞതുകൊണ്ടു തൃപ്തിപ്പെടരുതോ? ശേഷിക്കുന്ന മേച്ചില്‍പ്പുറം എന്തിനു ചവുട്ടിത്തേക്കുന്നു? അതുപോലെ തെളിനീരു വേണ്ടുവോളം കുടിച്ചാല്‍ പോരേ?

19 ശേഷിച്ച വെള്ളം എന്തിനു ചവുട്ടിക്കലക്കുന്നു? എന്‍റെ ആടുകള്‍ നിങ്ങള്‍ ചവുട്ടിത്തേച്ചതു തിന്നുകയും നിങ്ങള്‍ ചവുട്ടിക്കലക്കിയതു കുടിക്കുകയും ചെയ്യണമോ?

20

അതുകൊണ്ട് സര്‍വേശ്വരനായ കര്‍ത്താവ് അവരോട് അരുളിച്ചെയ്യുന്നു: ഇതാ മേദസ്സുള്ള ആടുകള്‍ക്കും മെലിഞ്ഞ ആടുകള്‍ക്കും ഇടയില്‍ ഞാന്‍തന്നെ ന്യായംവിധിക്കും.

21 വിദൂരതയിലേക്കു ചിതറിപ്പോകുന്നതുവരെ ക്ഷീണിച്ച ആടുകളെ നിങ്ങള്‍ പാര്‍ശ്വംകൊണ്ടും തോളുകൊണ്ടും തള്ളുകയും കൊമ്പുകൊണ്ടു കുത്തുകയും ചെയ്യുന്നു.

22 ഞാന്‍ എന്‍റെ ആട്ടിന്‍പറ്റത്തെ മേലില്‍ അവര്‍ക്കാര്‍ക്കും ഇരയാകാതെ സംരക്ഷിക്കും. ഞാന്‍ ഓരോ ആടിനെയും ന്യായം വിധിക്കും.

23 അവയെ മേയിക്കാന്‍ ഒരു ഇടയനെ ഞാന്‍ നിയോഗിക്കും. എന്‍റെ ദാസനായ ദാവീദിനെതന്നെ. ഞാന്‍ അവരെ മേയ്‍ക്കും. അവന്‍ അവരുടെ ഇടയനായിരിക്കും.

24 സര്‍വേശ്വരനായ ഞാന്‍ അവരുടെ ദൈവം ആയിരിക്കും. എന്‍റെ ദാസനായ ദാവീദ് അവരുടെ രാജാവുമായിരിക്കും. സര്‍വേശ്വരനായ ഞാനാണ് ഇതു പറയുന്നത്.

25

ഞാന്‍ അവരുമായി ഒരു സമാധാനഉടമ്പടി ഉണ്ടാക്കും. വന്യമൃഗങ്ങളെ ദേശത്തുനിന്നു നീക്കിക്കളയും. അങ്ങനെ അവ വിജനസ്ഥലത്തു സുരക്ഷിതമായി പാര്‍ക്കും; വനങ്ങളില്‍ കിടന്നുറങ്ങും.

26 ഞാന്‍ അവരെയും എന്‍റെ മലകള്‍ക്കു ചുറ്റുമുള്ള പ്രദേശങ്ങളെയും അനുഗ്രഹിക്കും. ഞാന്‍ യഥാകാലം അവര്‍ക്കു മഴ നല്‌കും. അത് അനുഗ്രഹമാരി ആയിരിക്കും.

27 വയലിലെ വൃക്ഷങ്ങള്‍ ഫലം നല്‌കും; ഭൂമി സമൃദ്ധമായ വിളവു നല്‌കും. സ്വന്തം ദേശത്ത് അവര്‍ സുരക്ഷിതരായിരിക്കും. ഞാന്‍ അവരുടെ നുകം ഒടിച്ചു തങ്ങളെ അടിമകളാക്കിയവരുടെ കൈയില്‍നിന്ന് അവരെ മോചിപ്പിക്കുമ്പോള്‍ ഞാനാണു സര്‍വേശ്വരന്‍ എന്ന് അവര്‍ അറിയും.

28 ഇനിമേല്‍ ജനതകളുടെ ആക്രമണത്തിന് അവര്‍ ഇരയാവുകയില്ല; വന്യമൃഗങ്ങള്‍ അവരെ വിഴുങ്ങുകയും ഇല്ല. അവര്‍ സുരക്ഷിതരായി പാര്‍ക്കും; ആരും അവരെ ഭയപ്പെടുത്തുകയും ഇല്ല.

29 ദേശത്തു പട്ടിണി ഉണ്ടാകാതിരിക്കാനും ജനതകളുടെ നിന്ദയ്‍ക്കു പാത്രമാകാതിരിക്കാനുമായി സമൃദ്ധമായ ഫലം നല്‌കുന്ന തോട്ടങ്ങള്‍ ഞാന്‍ അവര്‍ക്കു നല്‌കും.

30 അങ്ങനെ അവരുടെ ദൈവമായ സര്‍വേശ്വരന്‍ അവരുടെ കൂടെ ഉണ്ടെന്നും ഇസ്രായേല്‍ജനം എന്‍റെ ജനം ആണെന്നും അവര്‍ ഗ്രഹിക്കുമെന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

31 നിങ്ങള്‍ എന്‍റെ ആടുകള്‍ ആകുന്നു; എന്‍റെ മേച്ചില്‍പ്പുറത്തെ ആടുകള്‍തന്നെ. ഞാന്‍ ആകുന്നു നിങ്ങളുടെ ദൈവം എന്നും സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

35

1

സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി:

2 “മനുഷ്യപുത്രാ, നീ സെയീര്‍ പര്‍വതത്തിനു നേരെ തിരിഞ്ഞ് അതിനെതിരെ പ്രവചിക്കുക.

3 സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്നു പറയുക.

ഇതാ സെയീര്‍പര്‍വതമേ, ഞാന്‍ നിനക്കെതിരാണ്;
ഞാന്‍ നിന്‍റെ നേരെ കൈ നീട്ടി, നിന്നെ ശൂന്യവും പാഴും ആക്കും.

4
നിന്‍റെ നഗരങ്ങള്‍ ഞാന്‍ പാഴാക്കും;
നീ ശൂന്യമായിത്തീരുകയും ചെയ്യും;
അങ്ങനെ ഞാനാണ് സര്‍വേശ്വരനെന്ന് നീ അറിയും.

5

നീ ഇസ്രായേലിനോട് നിത്യശത്രുത പുലര്‍ത്തുകയും അവരുടെ അന്ത്യശിക്ഷാ സമയത്ത്, അവരുടെ ആപല്‍സന്ധിയില്‍തന്നെ അവരെ വാളിനിരയാക്കുകയും ചെയ്തതുകൊണ്ട്,

6 സര്‍വേശ്വരനായ കര്‍ത്താവ് സത്യം ചെയ്തു പറയുന്നു: നിന്‍റെ രക്തം ചൊരിയാന്‍ ഞാന്‍ ഇടവരുത്തും. രക്തച്ചൊരിച്ചില്‍ നിന്നെ പിന്തുടരുകയും ചെയ്യും. നീ കൊലപാതകത്തെ ഇഷ്ടപ്പെടുന്നതുകൊണ്ടു രക്തച്ചൊരിച്ചില്‍ നിന്നെ പിന്തുടരും.

7 സെയീര്‍പര്‍വതത്തെ ഞാന്‍ ശൂന്യവും പാഴുമാക്കും. അവിടെ വരികയും പോകുകയും ചെയ്യുന്നവരെ ഞാന്‍ സംഹരിക്കും. കൊല്ലപ്പെട്ടവരെക്കൊണ്ടു നിന്‍റെ മലകള്‍ ഞാന്‍ നിറയ്‍ക്കും.

8 നിന്‍റെ കുന്നുകളിലും താഴ്വരകളിലും മലയിടുക്കുകളിലും വാളിനിരയായവര്‍ നിപതിക്കും.

9 ഞാന്‍ നിന്നെ എന്നേക്കും ശൂന്യമാക്കും. നിന്‍റെ നഗരങ്ങളില്‍ മനുഷ്യവാസം ഉണ്ടാവുകയില്ല. അപ്പോള്‍ ഞാനാണു സര്‍വേശ്വരനെന്നു നീ അറിയും.

10

സര്‍വേശ്വരനായ ഞാന്‍ അവിടെ ഉണ്ടായിരുന്നിട്ടും യെഹൂദായും ഇസ്രായേലും അവിടത്തെ ജനങ്ങളും എന്‍റേതാകുന്നു; ഞങ്ങള്‍ അവയെ കൈവശപ്പെടുത്തും എന്നു നീ പറഞ്ഞതുകൊണ്ടു

11 സര്‍വേശ്വരനായ കര്‍ത്താവ് സത്യം ചെയ്തു പറയുന്നു, അവരോടുള്ള വിദ്വേഷത്താല്‍ നീ അവരോടു കാട്ടിയ രോഷത്തിനും അസൂയയ്‍ക്കും തക്കവിധം ഞാന്‍ നിന്നോടു പെരുമാറും. നിന്നെ ഞാന്‍ വിധിക്കുമ്പോള്‍ ഞാന്‍ എന്നെത്തന്നെ അവര്‍ക്കു വെളിപ്പെടുത്തും.

12 ഇസ്രായേല്‍പര്‍വതങ്ങള്‍ക്കെതിരെ അവ ശൂന്യമാക്കപ്പെട്ടിരിക്കുന്നു; അവയെ ഞങ്ങള്‍ക്ക് ഇരയായി നല്‌കപ്പെട്ടിരിക്കുന്നു എന്നിങ്ങനെ നീ പറഞ്ഞ ദൂഷണങ്ങള്‍ സര്‍വേശ്വരനായ ഞാന്‍ കേട്ടിരിക്കുന്നു എന്നു നീ അറിയും.

13 എനിക്കെതിരെയുള്ള നിങ്ങളുടെ വമ്പുപറച്ചിലും വാതോരാതെയുള്ള സംസാരവും ഞാന്‍ കേട്ടിരിക്കുന്നു. ഭൂമി മുഴുവന്‍ നിന്‍റെ പതനത്തില്‍ ആഹ്ലാദിക്കാന്‍വേണ്ടി ഞാന്‍ നിന്നെ ശൂന്യമാക്കുമെന്നു

14 സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

15 ഇസ്രായേല്‍ജനത്തിന്‍റെ അവകാശം ശൂന്യമാക്കപ്പെട്ടപ്പോള്‍ നീ ആഹ്ലാദിച്ചു. അതുപോലെ ഞാന്‍ നിന്നോടു ചെയ്യും. സെയീര്‍ പര്‍വതമേ, നിന്നെയും സമസ്ത എദോമിനെയും ഞാന്‍ ശൂന്യമാക്കും. അപ്പോള്‍ ഞാനാണ് സര്‍വേശ്വരനെന്നു നീ അറിയും.”

36

1

മനുഷ്യപുത്രാ, ഇസ്രായേലിലെ പര്‍വതങ്ങളോടു പ്രവചിക്കുക; ഹേ, പര്‍വതങ്ങളേ, സര്‍വേശ്വരന്‍റെ അരുളപ്പാടു ശ്രദ്ധിക്കുവിന്‍.

2 സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “പുരാതന ഗിരികള്‍ ഞങ്ങളുടെ കൈവശമായിത്തീര്‍ന്നിരിക്കുന്നു എന്നു ശത്രുക്കള്‍ നിങ്ങളെക്കുറിച്ചും പറഞ്ഞു.

3 ‘അതുകൊണ്ട് നീ പ്രവചിക്കുക’ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. അതേ, അവര്‍ നിങ്ങളെ ശൂന്യമാക്കി എല്ലാവശങ്ങളില്‍നിന്നും ആക്രമിച്ചു നിങ്ങളെ തകര്‍ത്തുകളഞ്ഞു. അങ്ങനെ നിങ്ങള്‍ മറ്റു ജനതകളുടെ അധീനതയിലമര്‍ന്നു. നിങ്ങള്‍ അവരുടെ സംഭാഷണത്തിനും പരിഹാസത്തിനും പാത്രമായി.

4 അതുകൊണ്ട് ഇസ്രായേലിലെ പര്‍വതങ്ങളേ, സര്‍വേശ്വരനായ കര്‍ത്താവിന്‍റെ അരുളപ്പാടു ശ്രദ്ധിക്കുവിന്‍; കുന്നുകളോടും മലകളോടും മലയിടുക്കുകളോടും താഴ്വരകളോടും ശൂന്യമാക്കപ്പെട്ട ദേശങ്ങളോടും ചുറ്റുമുള്ള ജനതകള്‍ക്കു കവര്‍ച്ചയും പരിഹാസവിഷയവും ആയിരിക്കുന്ന നിര്‍ജനമായ നഗരങ്ങളോടും സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

5 എന്‍റെ ദേശത്തെ ആക്രമിച്ചു കൊള്ള ചെയ്യേണ്ടതിനു അവജ്ഞയോടും പൂര്‍ണസന്തോഷത്തോടും കൂടെ എന്‍റെ ദേശം കൈവശമാക്കിയ എദോമിനു ചുറ്റുമുള്ള ജനതകള്‍ക്കുമെതിരെ ജ്വലിക്കുന്ന അസഹിഷ്ണുതയോടെ ഞാന്‍ പറയുന്നു.

6 ഇസ്രായേല്‍ദേശത്തെക്കുറിച്ചു പ്രവചിക്കുക. മലകളോടും കുന്നുകളോടും മലയിടുക്കുകളോടും താഴ്വരകളോടും പറയുക. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

7 ചുറ്റുമുള്ള ജനതകളുടെ നിന്ദയ്‍ക്കു നിങ്ങള്‍ പാത്രമായിത്തീര്‍ന്നതുകൊണ്ട് ഇതാ തീവ്രമായ അസഹിഷ്ണുതയോടെ സര്‍വേശ്വരനായ ഞാന്‍ ശപഥം ചെയ്തു പറയുന്നു: നിങ്ങള്‍ക്കു ചുറ്റുമുള്ള ജനതകള്‍ അധിക്ഷേപപാത്രങ്ങളാകും.

8

എന്നാല്‍ ഇസ്രായേല്‍പര്‍വതങ്ങളേ, എന്‍റെ ജനത്തിന്‍റെ പ്രത്യാഗമനം ആസന്നമായിരിക്കയാല്‍ അവര്‍ക്കുവേണ്ടി നിങ്ങളും മരച്ചില്ലകള്‍ തളിര്‍പ്പിച്ചു ഫലം പുറപ്പെടുവിക്കുവിന്‍.

9 ഇതാ, ഞാന്‍ നിങ്ങള്‍ക്ക് അനുകൂലമാണ്. ഞാന്‍ നിങ്ങളിലേക്കു തിരിയും. നിങ്ങളില്‍ ഉഴവും വിതയും ഉണ്ടാകും.

10 നിങ്ങളുടെ ജനത്തെ, ഇസ്രായേലിനെ മുഴുവനെ തന്നെയും ഞാന്‍ വര്‍ധിപ്പിക്കും. നഗരത്തില്‍ ജനവാസം ഉണ്ടാകും. ശൂന്യമാക്കപ്പെട്ട സ്ഥലങ്ങള്‍ പുനഃസ്ഥാപിക്കപ്പെടും.

11 മനുഷ്യരെയും മൃഗങ്ങളെയും ഞാന്‍ വര്‍ധിപ്പിക്കും. അവര്‍ സന്താനസമൃദ്ധിയുള്ളവരായി തീരും. മുന്‍കാലത്തെന്നപോലെ നിങ്ങള്‍ ജനനിബിഡമായി തീരും. ഞാന്‍ നിങ്ങള്‍ക്കു പണ്ടത്തെക്കാള്‍ കൂടുതല്‍ നന്മ ചെയ്യും. അപ്പോള്‍ ഞാനാണു സര്‍വേശ്വരനെന്നു നിങ്ങള്‍ അറിയും.

12 എന്‍റെ ജനമായ ഇസ്രായേലിനെ ഞാന്‍ നിങ്ങളില്‍ പുനരധിവസിപ്പിക്കും.

13 അവര്‍ നിന്നെ കൈവശമാക്കും. നീ അവരുടെ അവകാശമായിരിക്കും. ഇനിമേല്‍ നീ അവരെ സന്താനദുഃഖത്തിലാഴ്ത്തുകയില്ല.

14 സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ മനുഷ്യരെ വിഴുങ്ങുന്നു; നിന്‍റെ ജനത്തെ സന്താന ദുഃഖത്തിലാഴ്ത്തുകയും ചെയ്യുന്നു എന്ന് ആളുകള്‍ പറയുന്നതുകൊണ്ട് ഇനിമേല്‍ നീ അങ്ങനെ ചെയ്യുകയില്ല എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

15 ഞാന്‍ നിന്നെ വിജാതീയരുടെ നിന്ദയ്‍ക്കു പാത്രമാക്കുകയില്ല, ജനതകളുടെ പരിഹാസം നീ പേറുകയോ നിന്‍റെ ജനത്തിന് ഇടര്‍ച്ച വരുത്തുകയോ ചെയ്യുകയില്ല.

16

സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി:

17 “മനുഷ്യപുത്രാ, ഇസ്രായേല്‍ജനം സ്വന്തം ദേശത്തു പാര്‍ത്തിരുന്നപ്പോള്‍ തങ്ങളുടെ ജീവിതരീതികൊണ്ടും പ്രവൃത്തികള്‍കൊണ്ടും അതിനെ മലിനമാക്കി. എന്‍റെ മുമ്പില്‍ അവരുടെ പെരുമാറ്റം സ്‍ത്രീകളുടെ ആര്‍ത്തവംപോലെ മലിനമായിരുന്നു.

18 ദേശത്ത് അവര്‍ രക്തം ചൊരിയുകയും വിഗ്രഹാരാധനകൊണ്ട് അതിനെ മലിനമാക്കുകയും ചെയ്തതിനാല്‍ ഞാന്‍ എന്‍റെ ഉഗ്രകോപം അവരുടെമേല്‍ ചൊരിഞ്ഞു.

19 ഞാന്‍ അവരെ ജനതകളുടെ ഇടയില്‍ ചിതറിച്ചു. അവര്‍ രാജ്യാന്തരങ്ങളില്‍ ചിന്നിച്ചിതറിപ്പോയി. അവരുടെ പെരുമാറ്റങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും തക്കവിധം ഞാന്‍ അവരെ വിധിച്ചു.

20 അവര്‍ ചെന്നിടത്തെല്ലാം ജനതകള്‍ അവരെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: അവര്‍ സര്‍വേശ്വരന്‍റെ ജനമാണ്; എന്നിട്ടും അവിടുന്ന് അവര്‍ക്കു നല്‌കിയ ദേശം അവര്‍ക്കു വിട്ടുപോകേണ്ടിവന്നു.

21 അങ്ങനെ അവര്‍ എന്‍റെ വിശുദ്ധനാമം അശുദ്ധമാക്കി. അവര്‍ പോയ ജനതകളുടെ ഇടയിലെല്ലാം അശുദ്ധമാക്കിയ എന്‍റെ വിശുദ്ധനാമത്തെക്കുറിച്ചു ഞാന്‍ അസ്വസ്ഥനായി.

22

അതുകൊണ്ട് ഇസ്രായേല്‍ജനത്തോടു പറയുക: സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ജനമേ, നിങ്ങള്‍ നിമിത്തമല്ല നിങ്ങള്‍ ചെന്ന ജനതകളുടെ ഇടയില്‍ നിങ്ങള്‍ മലിനമാക്കിയ എന്‍റെ വിശുദ്ധനാമത്തെ പ്രതി അത്രേ ഞാന്‍ ഇതു ചെയ്യുന്നത്.

23 വിജാതീയരുടെ ഇടയില്‍ നിങ്ങള്‍ അശുദ്ധമാക്കിയ എന്‍റെ ശ്രേഷ്ഠനാമത്തിന്‍റെ വിശുദ്ധി ഞാന്‍ തെളിയിക്കും. അവരുടെ കണ്‍മുമ്പില്‍ ഞാന്‍ എന്‍റെ നാമത്തിന്‍റെ വിശുദ്ധി നിങ്ങളിലൂടെ തെളിയിക്കുമ്പോള്‍ ഞാനാകുന്നു സര്‍വേശ്വരനെന്ന് അവര്‍ അറിയും.

24 ജനതകളുടെ ഇടയില്‍നിന്നു ഞാന്‍ നിങ്ങളെ കൊണ്ടുവരും. രാജ്യാന്തരങ്ങളില്‍നിന്നു നിങ്ങളെ കൂട്ടിവരുത്തി സ്വന്തം ദേശത്തു എത്തിക്കും.

25 ഞാന്‍ ശുദ്ധജലം തളിച്ചു നിങ്ങളുടെ സകല മലിനതകളില്‍നിന്നും നിങ്ങളുടെ സകല വിഗ്രഹങ്ങളില്‍നിന്നും നിങ്ങളെ ശുദ്ധീകരിക്കും.

26 പുതിയ ഹൃദയവും പുതിയ ആത്മാവും ഞാന്‍ നിങ്ങള്‍ക്കു നല്‌കും. കല്ലുപോലെ കാഠിന്യമുള്ള നിങ്ങളുടെ ഹൃദയം മാറ്റി മാംസളമായ ഹൃദയം ഞാന്‍ നിങ്ങള്‍ക്കു നല്‌കും.

27 എന്‍റെ ആത്മാവിനെ നിങ്ങളുടെ ഉള്ളില്‍ പകരും. നിങ്ങള്‍ എന്‍റെ ചട്ടങ്ങള്‍ അനുസരിച്ചു നടക്കാനും എന്‍റെ കല്പനകള്‍ പാലിക്കാനും ഞാന്‍ ഇടയാക്കും.

28 നിങ്ങളുടെ പിതാക്കന്മാര്‍ക്കു ഞാന്‍ കൊടുത്ത ദേശത്ത് നിങ്ങള്‍ നിവസിക്കും. നിങ്ങള്‍ എന്‍റെ ജനവും ഞാന്‍ നിങ്ങളുടെ ദൈവവും ആയിരിക്കും.

29 നിങ്ങളുടെ എല്ലാ മലിനതകളില്‍നിന്നും ഞാന്‍ നിങ്ങളെ മോചിപ്പിക്കും. എന്‍റെ കല്പനപ്രകാരം ധാന്യങ്ങള്‍ സമൃദ്ധമായ വിളവു നല്‌കും. ഞാന്‍ നിങ്ങള്‍ക്കു ക്ഷാമം വരുത്തുകയില്ല.

30 ഇനിമേല്‍ ജനതകളുടെ മധ്യത്തില്‍ നിങ്ങള്‍ക്കു ക്ഷാമംമൂലം അപകീര്‍ത്തി ഉണ്ടാകാതിരിക്കാന്‍ വൃക്ഷങ്ങളില്‍ ഫലവും നിലത്തില്‍ വിളവും ഞാന്‍ സമൃദ്ധമാക്കും.

31 അപ്പോള്‍ നിങ്ങളുടെ ദുര്‍മാര്‍ഗങ്ങളും ദുഷ്പ്രവൃത്തികളും നിങ്ങള്‍ ഓര്‍ക്കും. നിങ്ങള്‍ ചെയ്ത അകൃത്യങ്ങളും മ്ലേച്ഛജീവിതവും നിമിത്തം നിങ്ങള്‍ക്കു നിങ്ങളോടുതന്നെ വെറുപ്പു തോന്നും.

32 ഇതു നിങ്ങളെ പ്രതിയല്ല ഞാന്‍ ചെയ്യുന്നതെന്ന് അറിഞ്ഞുകൊള്ളുക എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഇസ്രായേല്‍ജനമേ, നിങ്ങളുടെ പ്രവൃത്തികളെക്കുറിച്ചു ലജ്ജിച്ചു തല താഴ്ത്തുവിന്‍.

33

സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ എല്ലാ അകൃത്യങ്ങളില്‍ നിന്നും നിങ്ങളെ ശുദ്ധീകരിക്കുന്ന നാളില്‍ നിങ്ങളുടെ പട്ടണങ്ങളില്‍ ജനം വസിക്കാനും ശൂന്യമാക്കപ്പെട്ട സ്ഥലങ്ങള്‍ പുനഃസ്ഥാപിക്കപ്പെടാനും ഞാന്‍ ഇടയാക്കും.

34 വഴിപോക്കര്‍ ശൂന്യമായി കണ്ട സ്ഥലങ്ങള്‍ കൃഷിഭൂമികളായി മാറും.

35 ശൂന്യമായി കിടന്നിരുന്ന ഈ ദേശം ഏദന്‍തോട്ടംപോലെയും, നശിപ്പിക്കപ്പെട്ട് ശൂന്യവും പാഴും ആയിക്കിടന്ന നഗരങ്ങള്‍ സുരക്ഷിതവും ജനവാസമുള്ളതും ആയിത്തീര്‍ന്നിരിക്കുന്നു എന്നു വഴിപോക്കര്‍ പറയും.

36 നശിപ്പിക്കപ്പെട്ടു ദേശത്തെ പുനഃസ്ഥാപിച്ചതും പാഴ്നിലങ്ങളില്‍ വീണ്ടും കൃഷിയിറക്കിയതും സര്‍വേശ്വരനായ ഞാനാണെന്നു ചുറ്റും ശേഷിച്ചിരിക്കുന്ന ജനതകള്‍ അന്ന് അറിയും. ഇതു സര്‍വേശ്വരനായ ഞാനാണ് അരുളിച്ചെയ്യുന്നത്. ഞാന്‍ അതു നിറവേറും.

37

സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഒരു ആട്ടിന്‍പറ്റത്തെപ്പോലെ തങ്ങളുടെ ജനത്തെ വര്‍ധിപ്പിക്കണമെന്ന ഇസ്രായേല്‍ജനത്തിന്‍റെ അപേക്ഷ ഞാന്‍ കേട്ട് അങ്ങനെ പ്രവര്‍ത്തിക്കും.

38 പെരുന്നാളുകളില്‍ യെരൂശലേമിലുള്ള ആട്ടിന്‍പറ്റംപോലെ, യാഗത്തിനുള്ള ആട്ടിന്‍കൂട്ടം പോലെതന്നെ ശൂന്യനഗരങ്ങള്‍ മനുഷ്യരാകുന്ന അജഗണത്തെക്കൊണ്ടു നിറയും. അപ്പോള്‍ ഞാനാകുന്നു സര്‍വേശ്വരനെന്ന് അവര്‍ അറിയും.”

37

1

സര്‍വേശ്വരന്‍റെ ശക്തി എന്‍റെമേല്‍ വന്നു; അവിടുന്നു തന്‍റെ ആത്മാവിനാല്‍ എന്നെ അസ്ഥികള്‍ നിറഞ്ഞ ഒരു താഴ്വരയിലേക്കു നയിച്ചു.

2 അവിടുന്ന് അവയ്‍ക്കിടയിലൂടെ എന്നെ നടത്തി. ആ അസ്ഥികള്‍ ഉണങ്ങി വരണ്ടുമിരുന്നു. അവ വളരെയേറെ ഉണ്ടായിരുന്നു.

3 അവിടുന്ന് ചോദിച്ചു: “മനുഷ്യപുത്രാ, ഈ അസ്ഥികള്‍ക്കു ജീവിക്കാനാവുമോ?” ഞാന്‍ പറഞ്ഞു: “സര്‍വേശ്വരനായ കര്‍ത്താവേ, അവിടുന്നു അറിയുന്നുവല്ലോ” എന്നു ഞാന്‍ മറുപടി പറഞ്ഞു.

4 അവിടുന്ന് വീണ്ടും എന്നോട് അരുളിച്ചെയ്തു: “ഈ അസ്ഥികളോടു പ്രവചിക്കുക; ഉണങ്ങിയ അസ്ഥികളേ, സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നതു കേള്‍ക്കുവിന്‍.

5 ഈ അസ്ഥികളോടു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഇതാ നിങ്ങളുടെ ഉള്ളില്‍ ഞാന്‍ പ്രാണനെ നിവേശിപ്പിക്കും; നിങ്ങള്‍ ജീവിക്കും.

6 ഞാന്‍ നിങ്ങളുടെമേല്‍ ഞരമ്പുകളും മാംസവും വച്ചു പിടിപ്പിച്ചു ചര്‍മംകൊണ്ടു പൊതിയും. നിങ്ങളില്‍ പ്രാണന്‍ നിവേശിപ്പിക്കും; നിങ്ങള്‍ ജീവന്‍ പ്രാപിക്കും, അപ്പോള്‍ ഞാനാണു സര്‍വേശ്വരനെന്നു നിങ്ങള്‍ അറിയും.”

7

എന്നോടു കല്പിച്ചതുപോലെ ഞാന്‍ പ്രവചിച്ചു. ഞാന്‍ പ്രവചിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ശബ്ദം ഉണ്ടായി. ഒരു കിരുകിര ശബ്ദം; വേര്‍പെട്ടുപോയ അസ്ഥികള്‍ കൂടിച്ചേര്‍ന്നു.

8 ഞാന്‍ നോക്കിക്കൊണ്ടിരിക്കെ ആ അസ്ഥികളില്‍ ഞരമ്പും മാംസവും വന്നു. ചര്‍മം അതിനെ പൊതിഞ്ഞു. എന്നാല്‍ അവയില്‍ പ്രാണന്‍ ഇല്ലായിരുന്നു.

9 അപ്പോള്‍ അവിടുന്ന് എന്നോടു കല്പിച്ചു: ‘മനുഷ്യപുത്രാ ജീവശ്വാസത്തോടു പ്രവചിക്കുക. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ജീവശ്വാസമേ, നീ നാലുദിക്കുകളില്‍നിന്നും വന്ന് ഈ നിഹതന്മാരുടെമേല്‍ ഊതുക; അവര്‍ ജീവന്‍ പ്രാപിക്കട്ടെ’

10 അവിടുന്ന് എന്നോടു കല്പിച്ചതുപോലെ ഞാന്‍ പ്രവചിച്ചപ്പോള്‍ ജീവശ്വാസം അവരില്‍ പ്രവേശിച്ചു. അവര്‍ ജീവന്‍ പ്രാപിച്ച് ഒരു മഹാസൈന്യമായി അണിനിരന്നു നിന്നു.

11

പിന്നീട് അവിടുന്ന് എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ഈ അസ്ഥികള്‍ ഇസ്രായേല്‍ജനം മുഴുവനുമാണ്. ഇതാ, അവര്‍ പറയുന്നു: ഞങ്ങളുടെ അസ്ഥികള്‍ ഉണങ്ങിപ്പോയിരിക്കുന്നു. ഞങ്ങളുടെ പ്രത്യാശ നശിച്ചു, ഞങ്ങളെ ഉന്മൂലനം ചെയ്തിരിക്കുന്നു.

12 അതുകൊണ്ട് നീ പ്രവചിക്കുക; സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്‍റെ ജനമേ, ഞാന്‍ കല്ലറകള്‍ തുറന്ന് ഇന്നുതന്നെ നിങ്ങളെ എഴുന്നേല്പിച്ച് ഇസ്രായേല്‍ദേശത്തേക്കു കൊണ്ടുപോകും.

13 കല്ലറകള്‍ തുറന്ന് ഞാന്‍ നിങ്ങളെ എഴുന്നേല്പിക്കുമ്പോള്‍, എന്‍റെ ജനമേ, ഞാനാണു സര്‍വേശ്വരനെന്നു നിങ്ങള്‍ അറിയും.

14 ഞാന്‍ എന്‍റെ ആത്മാവിനെ നിങ്ങളില്‍ പ്രവേശിപ്പിക്കും; നിങ്ങള്‍ ജീവിക്കും. നിങ്ങളുടെ സ്വന്തം ദേശത്ത് ഞാന്‍ നിങ്ങളെ നിവസിപ്പിക്കും. സര്‍വേശ്വരനായ ഞാനാണ് ഇതു പറഞ്ഞതെന്നും ഞാന്‍ ഇതു നിവര്‍ത്തിച്ചിരിക്കുന്നു എന്നും അപ്പോള്‍ നിങ്ങള്‍ അറിയും. ഇത് സര്‍വേശ്വരന്‍റെ വചനം.”

15

സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി:

16 “മനുഷ്യപുത്രാ, നീ ഒരു വടി എടുത്ത് അതിന്മേല്‍ യെഹൂദായ്‍ക്കും അവനോടു ബന്ധപ്പെട്ട ഇസ്രായേല്‍ജനത്തിനും എന്ന് എഴുതുക. പിന്നീടു വേറൊരു വടി എടുത്ത് അതിന്മേല്‍ എഫ്രയീമിന്‍റെ വടിയായ യോസേഫിനും അവനോടു ബന്ധപ്പെട്ട മുഴുവന്‍ ഇസ്രായേല്‍ജനത്തിനും എന്നും എഴുതുക.

17 ഒരു വടിയായി തീരത്തക്കവിധം നിന്‍റെ കൈയില്‍ അവ ചേര്‍ത്തു പിടിക്കണം.

18 ഇതുകൊണ്ട് അങ്ങ് ഉദ്ദേശിക്കുന്നത് എന്താണെന്നു ഞങ്ങള്‍ക്ക് പറഞ്ഞുതന്നാലും എന്ന് ജനം അപ്പോള്‍ പറയും.

19 അവരോട് പറയുക: സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എഫ്രയീമിന്‍റെ കൈയിലിരിക്കുന്ന യോസേഫിന്‍റെ വടിയും അവനോടു ബന്ധപ്പെട്ട ഇസ്രായേല്‍ഗോത്രവും ഇതാ യെഹൂദായുടെ വടിയോടു ഞാന്‍ ചേര്‍ക്കും. അങ്ങനെ അവ എന്‍റെ കൈയില്‍ ഒന്നായിത്തീരും.

20 നീ എഴുതിയ വടികള്‍ അവര്‍ കാണ്‍കെ പിടിച്ചുകൊണ്ടു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്ന് അവരോടു പറയുക.

21 ഇസ്രായേല്‍ജനം ചിതറിച്ചെന്നെത്തിയ എല്ലാ ദിക്കുകളിലുമുള്ള ജനതകളുടെ ഇടയില്‍നിന്ന് ഞാന്‍ അവരെ ഒരുമിച്ചുകൂട്ടി സ്വന്തം ദേശത്ത് എത്തിക്കും.

22 ഞാന്‍ അവരെ ആ ദേശത്ത് ഇസ്രായേല്‍പര്‍വതമുകളില്‍ ഒരു ജനതയാക്കിത്തീര്‍ക്കുകയും ഒരു രാജാവ് അവരെ ഭരിക്കുകയും ചെയ്യും. അവര്‍ ഇനി ഒരിക്കലും രണ്ടു ജനതകളായിരിക്കുകയില്ല. രണ്ടു രാജ്യങ്ങളായി ഭിന്നിച്ചു നില്‌ക്കുകയുമില്ല.

23 ഇനിമേല്‍ വിഗ്രഹങ്ങള്‍കൊണ്ടോ മ്ലേച്ഛവസ്തുക്കള്‍കൊണ്ടോ അതിക്രമങ്ങള്‍കൊണ്ടോ അവര്‍ തങ്ങളെത്തന്നെ മലിനപ്പെടുത്തുകയില്ല. അവര്‍ പാപം ചെയ്ത എല്ലാ ഭവനങ്ങളില്‍നിന്നും ഞാന്‍ അവരെ രക്ഷിച്ചു ശുദ്ധീകരിക്കും. അവര്‍ എന്‍റെ ജനവും ഞാന്‍ അവരുടെ ദൈവവും ആയിരിക്കും.

24

എന്‍റെ ദാസനായ ദാവീദ് അവരുടെ രാജാവായിരിക്കും. അവര്‍ക്ക് ഒരിടയന്‍ മാത്രമേ ഉണ്ടായിരിക്കൂ. അവര്‍ എന്‍റെ അനുശാസനങ്ങള്‍ അനുസരിക്കും. എന്‍റെ ചട്ടങ്ങള്‍ ശ്രദ്ധാപൂര്‍വം പാലിക്കുകയും ചെയ്യും.

25 എന്‍റെ ദാസനായ യാക്കോബിനു ഞാന്‍ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാര്‍ പാര്‍ത്തിരുന്നതുമായ ദേശത്ത് അവര്‍ പാര്‍ക്കും. അവരുടെ സന്താനപരമ്പരകള്‍ എന്നേക്കും അവിടെ വസിക്കും. എന്‍റെ ദാസനായ ദാവീദ് അവര്‍ക്കെന്നും രാജാവായിരിക്കും.

26 ഞാന്‍ അവരുമായി ശാശ്വതമായ ഒരു സമാധാനഉടമ്പടി ഉണ്ടാക്കും. ഞാന്‍ അവരെ വര്‍ധിപ്പിക്കും. അവരുടെ ഇടയില്‍ എന്‍റെ വിശുദ്ധമന്ദിരം എന്നേക്കും സ്ഥാപിക്കും.

27 എന്‍റെ വാസസ്ഥലം അവരുടെ ഇടയില്‍ ആയിരിക്കും. ഞാന്‍ അവരുടെ ദൈവവും അവര്‍ എന്‍റെ ജനവും ആയിരിക്കും.

28 എന്‍റെ വിശുദ്ധസ്ഥലം എന്നേക്കും അവരുടെ ഇടയില്‍ ആയിരിക്കുമ്പോള്‍ ഞാനാണ് ഇസ്രായേലിനെ വിശുദ്ധീകരിക്കുന്ന സര്‍വേശ്വരനെന്നു ജനതകള്‍ അറിയും.

38

1

സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി:

2 “മനുഷ്യപുത്രാ, മേശക്കിന്‍റെയും തൂബലിന്‍റെയും മുഖ്യപ്രഭുവായ മാഗോഗിലെ ഗോഗിനുനേരേ തിരിഞ്ഞു അയാള്‍ക്കെതിരെ പ്രവചിക്കുക.

3 സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: മേശക്കിന്‍റെയും തൂബലിന്‍റെയും മുഖ്യപ്രഭുവായ ഗോഗേ, ഞാന്‍ നിനക്ക് എതിരാണ്.

4 ഞാന്‍ നിന്നെ പിറകോട്ടു തിരിച്ചു നിറുത്തി നിന്‍റെ താടിയെല്ലിനു കൊളുത്തിടും. നിന്നെയും നിന്‍റെ സര്‍വസൈന്യത്തെയും പടക്കുതിരകള്‍, സായുധരായ കുതിരപ്പടയാളികള്‍, പരിചയും കവചവും വാളും ഏന്തിയ വലിയ സൈന്യവ്യൂഹം എന്നിവയോടൊത്തു പുറത്തുകൊണ്ടുവരും.

5 അവരോടൊപ്പം പരിചയും പടത്തൊപ്പിയും ധരിച്ച പേര്‍ഷ്യക്കാരും

6 എത്യോപ്യരും ലിബിയാക്കാരും ഉണ്ടായിരിക്കും. കൂടാതെ ഗോമറിനെയും അതിന്‍റെ സര്‍വസൈന്യത്തെയും അങ്ങ് വടക്കേ അറ്റത്തുള്ള ബെത്-തോഗര്‍മയെയും അവരുടെ സകല സൈന്യങ്ങളെയും പുറത്തുകൊണ്ടുവരും. അനേകം ജനതകള്‍ നിന്‍റെ കൂടെ ഉണ്ടായിരിക്കും.

7

നീയും നിന്‍റെ ചുറ്റും ചേര്‍ന്നിരിക്കുന്ന സര്‍വജനസമൂഹവും ജാഗരൂകരായിരിക്കണം. എന്‍റെ ആജ്ഞ അനുസരിക്കാന്‍ ഒരുങ്ങിയിരിക്കുക.

8 ഏറെനാള്‍ കഴിഞ്ഞ് ഞാന്‍ നിന്നെ വിളിക്കും. യുദ്ധവിമുക്തമായതും അനേക ജനതകളില്‍നിന്നും കൂട്ടിച്ചേര്‍ക്കപ്പെട്ടതുമായ അസംഖ്യം ജനങ്ങള്‍ നിവസിക്കുന്ന ദേശത്തേക്ക്, ദീര്‍ഘകാലം ശൂന്യമായി കിടന്നിരുന്ന ഇസ്രായേല്‍പര്‍വത പ്രദേശത്തേക്കുതന്നെ നീ ഒടുവില്‍ മുന്നേറും. വിവിധ ജനതകളുടെ മധ്യത്തില്‍നിന്നും ഒരുമിച്ചുചേര്‍ക്കപ്പെട്ട ഇസ്രായേല്‍ജനമാണ് ഇന്ന് അവിടെ നിര്‍ഭയം നിവസിക്കുന്നത്.

9 നീ ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കും. നീയും നിന്‍റെ സൈന്യവും നിന്നോടുകൂടെയുള്ള ബഹുജനങ്ങളും ഒരു കാര്‍മേഘംപോലെ ആ ദേശത്തെ മൂടും.

10

സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “അന്നു നിന്‍റെ മനസ്സില്‍ പല ചിന്തകള്‍ ഉയരും. ഒരു ദുഷ്ടമായ പരിപാടി നീ ആവിഷ്കരിക്കും.

11 [11,12] നീ ചിന്തിക്കും: മതിലുകള്‍ ഇല്ലാത്ത ഗ്രാമങ്ങളോടുകൂടിയ ദേശത്തേക്കു ഞാന്‍ ചെല്ലും. മതിലുകളും വാതിലുകളും സാക്ഷകളും ഇല്ലാതെതന്നെ നിര്‍ഭയം നിവസിക്കുന്ന പ്രശാന്തമായ ജനത്തെ ഞാന്‍ ആക്രമിക്കും. ഒരിക്കല്‍ ശൂന്യമായി കിടന്നിരുന്നതും ഇപ്പോള്‍ ജനവാസം ഉള്ളതുമായ ദേശത്തെ കൊള്ളയടിക്കാനും ജനതകളുടെ ഇടയില്‍നിന്നു കൂട്ടിക്കൊണ്ടുവരപ്പെട്ടവരും കന്നു കാലികളെയും വസ്തുവകകളെയും സമ്പാദിച്ചു ഭൂമിയുടെ മധ്യസ്ഥാനത്തു നിവസിക്കുന്നവരുമായ ജനത്തെ കവര്‍ച്ചചെയ്യാനും തന്നെ.”

12

13 പൊന്നും വെള്ളിയും വസ്തുവകകളും കവര്‍ച്ചചെയ്യാനും കന്നുകാലികളെ അപഹരിക്കാനും അങ്ങനെ ആ കൊള്ളമുതല്‍ പിടിച്ചെടുക്കാനുമാണോ നീ നിന്‍റെ സൈന്യത്തെ കൊണ്ടുവന്നത് എന്ന് ശേബയിലെയും ദെദാനിലെയും ജനങ്ങളും തര്‍ശ്ശീശിലെ വ്യാപാരികളും യുവയോദ്ധാക്കളും ചോദിക്കും.

14

അതുകൊണ്ടു മനുഷ്യപുത്രാ, ഗോഗിനോടു പ്രവചിക്കുക: സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അന്ന് എന്‍റെ ജനമായ ഇസ്രായേല്‍ സുരക്ഷിതരായി വസിക്കുമ്പോള്‍,

15 അങ്ങ് വടക്കേ അറ്റത്തുനിന്ന് നീയും നിന്നോടൊത്തുള്ള ജനതകളും അശ്വാരൂഢരായി കരുത്തുറ്റ മഹാസൈന്യമായി വരും.

16 ദേശത്തെ മൂടുന്ന മേഘംപോലെ നീ എന്‍റെ ജനമായ ഇസ്രായേലിനെതിരെ വരും. ജനതകള്‍ എന്നെ അറിയാന്‍ വേണ്ടിയാണു വരുംകാലത്ത് എന്‍റെ ദേശത്തിനെതിരെ നിന്നെ ഞാന്‍ കൊണ്ടുവരുന്നത്. അല്ലയോ ഗോഗേ, എന്‍റെ വിശുദ്ധി അവരുടെ കണ്‍മുമ്പില്‍ നിന്നിലൂടെ ഞാന്‍ വെളിപ്പെടുത്തും.

17 സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്നെക്കുറിച്ചല്ലേ പണ്ട് എന്‍റെ ദാസരായ ഇസ്രായേലിലെ പ്രവാചകരിലൂടെ പ്രസ്താവിച്ചത്? നിന്നെ അവര്‍ക്കെതിരെ ഞാന്‍ കൊണ്ടുവരുമെന്ന് അവര്‍ സംവത്സരങ്ങളായി പ്രവചിച്ചു പോന്നിരുന്നു.

18

സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ജനത്തിനെതിരെ ഗോഗ് വരുന്ന ദിവസം എന്‍റെ ക്രോധം കത്തി ജ്വലിക്കും.

19 അസഹിഷ്ണുതയോടും കത്തിക്കാളുന്ന എന്‍റെ കോപത്തോടുംകൂടി ഞാന്‍ പ്രഖ്യാപിക്കുന്നു, അന്ന് ഇസ്രായേല്‍ദേശത്ത് ഒരു ഭൂകമ്പം ഉണ്ടാകും.

20 അന്ന് സമുദ്രത്തിലെ മത്സ്യവും ആകാശത്തിലെ പക്ഷികളും കാട്ടിലെ മൃഗങ്ങളും ഭൂമിയിലെ സകല ഇഴജന്തുക്കളും ഭൂമുഖത്തുള്ള സര്‍വമനുഷ്യരും എന്‍റെ സന്നിധിയില്‍ വിറകൊള്ളും. മലകള്‍ മറിഞ്ഞുവീഴും. കടുംതൂക്കായ മലകള്‍ തകര്‍ന്നു വീഴും, മതിലുകളെല്ലാം നിലംപതിക്കും.

21 ഗോഗിനെതിരെ സകല വിപത്തുകളും ഞാന്‍ വിളിച്ചുവരുത്തും. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഓരോരുവന്‍റെയും വാള്‍ സ്വന്തം സഹോദരന്‍റെ നേരെ ഉയരും.

22 മഹാമാരിയും രക്തച്ചൊരിച്ചിലുംകൊണ്ട് അവനെ ഞാന്‍ വിധിക്കും. ഞാന്‍ അവന്‍റെയും അവന്‍റെ കൂടെയുള്ള ജനതകളുടെയും സൈന്യവ്യൂഹങ്ങളുടെയുംമേല്‍ പേമാരിയും കന്മഴയും തീയും ഗന്ധകവും വര്‍ഷിക്കും.

23 അങ്ങനെ എന്‍റെ മഹത്ത്വവും വിശുദ്ധിയും വിവിധ ജനതകള്‍ക്കു ഞാന്‍ കാണിച്ചുകൊടുക്കും. എന്നെത്തന്നെ അവര്‍ക്കു വെളിപ്പെടുത്തുകയും ചെയ്യും. അപ്പോള്‍ ഞാനാകുന്നു സര്‍വേശ്വരനെന്ന് അവര്‍ അറിയും.”

39

1

മനുഷ്യപുത്രാ, ഗോഗിനെതിരെ പ്രവചിക്കുക. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ‘മേശക്കിന്‍റെയും തൂബലിന്‍റെയും അധിപതിയായ ഗോഗേ, ഞാന്‍ നിനക്ക് എതിരാണ്.

2 ഞാന്‍ നിന്നെ വഴിതിരിച്ച് അങ്ങു വടക്കേ അറ്റത്തുനിന്നു കൊണ്ടുവരികയും ഇസ്രായേല്‍പര്‍വതത്തിനെതിരെ നിന്നെ നയിക്കുകയും ചെയ്യും.

3 നിന്‍റെ ഇടങ്കൈയില്‍നിന്ന് ഞാന്‍ വില്ല് അടിച്ചു തെറിപ്പിക്കും. നിന്‍റെ വലങ്കൈയില്‍നിന്നു ശരങ്ങള്‍ താഴെ വീഴ്ത്തും.

4 നീയും നിന്‍റെ സൈന്യവും നിന്‍റെകൂടെയുള്ള സകല ജനതകളും ഇസ്രായേല്‍മലകളില്‍ നിപതിക്കും. ഹിംസമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഞാന്‍ നിന്നെ ഇരയാക്കും.

5 നീ തുറന്ന സ്ഥലത്തുവീഴും. സര്‍വേശ്വരനായ ഞാനാണു പറയുന്നത്.

6 ഞാന്‍ മാഗോഗിന്‍റെയും തീരപ്രദേശങ്ങളില്‍ നിര്‍ഭയം വസിക്കുന്നവരുടെയുംമേല്‍ അഗ്നി വര്‍ഷിക്കും’ ഞാനാണു സര്‍വേശ്വരനെന്ന് അവര്‍ അറിയും.

7

എന്‍റെ ജനമായ ഇസ്രായേലിന്‍റെ മധ്യത്തില്‍ എന്‍റെ പവിത്രനാമം ഞാന്‍ വെളിപ്പെടുത്തും. എന്‍റെ വിശുദ്ധനാമത്തെ അശുദ്ധമാക്കാന്‍ ഇനിമേല്‍ ഞാന്‍ അവരെ അനുവദിക്കുകയില്ല. അപ്പോള്‍ ഞാനാണ് ഇസ്രായേലിന്‍റെ പരിശുദ്ധനായ സര്‍വേശ്വരനെന്ന് ജനതകള്‍ അറിയും.

8 ഇതാ, അതു സംഭവിക്കാന്‍ പോകുന്നു; അതു സംഭവിക്കുകതന്നെ ചെയ്യും എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ആ ദിവസത്തെക്കുറിച്ചാണ് ഞാന്‍ പ്രസ്താവിച്ചിരിക്കുന്നത്.

9

അപ്പോള്‍ ഇസ്രായേല്‍നഗരങ്ങളില്‍ നിവസിക്കുന്നവര്‍ ഇറങ്ങിച്ചെന്ന് ആയുധങ്ങള്‍ അഗ്നിക്കിരയാക്കും; പരിചകളും കവചങ്ങളും കുന്തങ്ങളും കുറുവടികളും അമ്പുകളും വില്ലുകളുമെല്ലാം കൊണ്ട് ഏഴുവര്‍ഷത്തേക്ക് തീ കത്തിക്കും.

10 അവര്‍ക്കിനി വയലില്‍നിന്നു വിറകു ശേഖരിക്കുകയോ കാട്ടില്‍നിന്നു വിറകുവെട്ടുകയോ വേണ്ട. എന്തെന്നാല്‍ ആയുധങ്ങള്‍ കൊണ്ട് അവര്‍ക്കു തീ കത്തിക്കാം. തങ്ങളെ കൊള്ളയടിച്ചവരെ അവര്‍ കൊള്ളയടിക്കും; കവര്‍ച്ച ചെയ്തവരെ കവര്‍ച്ച ചെയ്യും എന്ന് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

11

അന്ന് ഗോഗിനു ഞാന്‍ ഇസ്രായേലില്‍ ഒരു ശ്മശാനസ്ഥലം നല്‌കും. കടലിനു കിഴക്ക് സഞ്ചാരികളുടെ താഴ്വരതന്നെ. വഴിയാത്രക്കാര്‍ക്ക് അതു മാര്‍ഗതടസ്സം ഉണ്ടാക്കും. ഗോഗും അയാളുടെ സര്‍വസൈന്യങ്ങളും അവിടെ സംസ്കരിക്കപ്പെടും. ആ താഴ്വര ഹാമോന്‍-ഗോഗ് എന്നു വിളിക്കപ്പെടും.

12 അവരെ അടക്കം ചെയ്ത് ദേശം വെടിപ്പാക്കാന്‍ ഇസ്രായേല്‍ജനത്തിന് ഏഴുമാസം വേണ്ടിവരും.

13 ദേശത്തെ ജനമെല്ലാം ഒരുമിച്ചുകൂടി അവരെ സംസ്കരിക്കും. ഞാന്‍ എന്‍റെ മഹത്ത്വം വെളിപ്പെടുത്തുന്ന ദിവസം അത് അവരുടെ കീര്‍ത്തിക്കു കാരണമായി ഭവിക്കും എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

14 നിരന്തരം ചുറ്റിനടന്ന് അവശേഷിക്കുന്ന മൃതദേഹങ്ങള്‍കൂടി സംസ്കരിച്ച് ദേശത്തെ വെടിപ്പാക്കാന്‍ അവര്‍ ആളുകളെ നിയോഗിക്കും. ഏഴുമാസം കഴിയുമ്പോള്‍ അവര്‍ തെരച്ചില്‍ തുടങ്ങും.

15 ചുറ്റിസഞ്ചരിക്കുന്നവരില്‍ ആരെങ്കിലും ഒരു മനുഷ്യാസ്ഥി എവിടെയെങ്കിലും കണ്ടാല്‍ അയാള്‍ അവിടെ ഒരു അടയാളം വയ്‍ക്കും. അടക്കം ചെയ്യുന്നവര്‍ അതെടുത്തു ഹാമോന്‍- ഗോഗ് താഴ്വരയില്‍ അടക്കം ചെയ്യും.

16 ഇങ്ങനെ ആ ദേശം അവര്‍ ശുദ്ധമാക്കും. അവിടെയുള്ള പട്ടണത്തിനു ഹമോനാ എന്ന പേരു ലഭിക്കും.

17

മനുഷ്യപുത്രാ, സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എല്ലാ പക്ഷികളോടും മൃഗങ്ങളോടും ഞാന്‍ ഒരുക്കുന്ന യാഗവിരുന്നില്‍ പങ്കെടുക്കുന്നതിനു നാനാദിക്കുകളില്‍നിന്നും ഒരുമിച്ചുകൂടി കൂട്ടമായി വരാന്‍ പറയുക. ഇസ്രായേല്‍പര്‍വതത്തില്‍ നടത്തുന്ന മഹായാഗവിരുന്നാണിത്. നിങ്ങള്‍ക്കു മാംസം തിന്നുകയും രക്തം കുടിക്കുകയും ചെയ്യാം.

18 ശക്തന്മാരുടെ മാംസം നിങ്ങള്‍ക്കു തിന്നാം; പ്രഭുക്കന്മാരുടെ രക്തം നിങ്ങള്‍ക്കു കുടിക്കാം. ബാശാനിലെ കൊഴുത്തു തടിച്ച ആട്ടുകൊറ്റന്മാരുടെയും കുഞ്ഞാടുകളുടെയും കോലാട്ടുകൊറ്റന്മാരുടെയും കാളകളുടെയും എന്നപോലെതന്നെ

19 ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ഒരുക്കിയിരിക്കുന്ന യാഗത്തില്‍നിന്നു നിങ്ങള്‍ മേദസ് മതിയാവോളം ഭക്ഷിക്കുകയും ഉന്മത്തരാകുവോളം രക്തം കുടിക്കുകയും ചെയ്യും.

20 അങ്ങനെ നിങ്ങള്‍ എന്‍റെ വിരുന്നില്‍നിന്നു കുതിരകളെയും കുതിരപ്പടയാളികളെയും ബലശാലികളെയും യുദ്ധവീരന്മാരെയും ഭക്ഷിച്ചു തൃപ്തിവരും. ഇതു സര്‍വേശ്വരനായ കര്‍ത്താവിന്‍റെ വചനം.

21

വിജാതീയരുടെ മധ്യത്തില്‍ എന്‍റെ മഹത്ത്വം ഞാന്‍ സ്ഥാപിക്കും. എന്‍റെ ന്യായവിധിയും അവരുടെമേല്‍ പതിച്ച എന്‍റെ കരവും സകല ജനതകളും ദര്‍ശിക്കും.

22 ഞാനാണ് അവരുടെ സര്‍വേശ്വരനായ കര്‍ത്താവെന്ന് ഇസ്രായേല്‍ജനം അന്നുമുതല്‍ അറിയും.

23 ഇസ്രായേല്‍ജനം തങ്ങളുടെ അകൃത്യം നിമിത്തം ആണ് പ്രവാസത്തില്‍ കഴിയേണ്ടി വന്നത് എന്നും അവര്‍ എന്നോട് അവിശ്വസ്തമായി വര്‍ത്തിച്ചതിനാല്‍ ആണ് ഞാന്‍ അവരില്‍നിന്നു മുഖം മറച്ച് അവരെ ശത്രുക്കളുടെ വാളിന് ഇരയാകാന്‍ ഏല്പിച്ചുകൊടുത്തത് എന്നും ജനതകള്‍ അറിയും.

24 അവരുടെ അശുദ്ധിക്കും അതിക്രമങ്ങള്‍ക്കും അനുസൃതമായി ഞാന്‍ പെരുമാറുകയും എന്‍റെ മുഖം അവരില്‍നിന്നു മറയ്‍ക്കുകയും ചെയ്തു.

25

അതുകൊണ്ടു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: യാക്കോബിന്‍റെ ഐശ്വര്യം ഞാന്‍ പുനഃസ്ഥാപിക്കും; ഇസ്രായേല്‍ജനത്തോടു മുഴുവന്‍ കരുണ കാണിക്കും. എന്‍റെ വിശുദ്ധനാമത്തെ പ്രതി ഞാന്‍ അസഹിഷ്ണുവായിരിക്കും.

26 [26,27] തങ്ങളെ ഭയപ്പെടുത്താന്‍ ആരുമില്ലാതെ സ്വദേശത്തു സുരക്ഷിതരായി പാര്‍ക്കുമ്പോള്‍ അവര്‍ തങ്ങള്‍ക്കുണ്ടായ അപമാനവും എന്നോടു കാട്ടിയ സര്‍വവഞ്ചനയും മറക്കും. ഞാന്‍ ഇസ്രായേല്‍ജനത്തെ അവരുടെ ശത്രുക്കളുടെ രാജ്യങ്ങളില്‍നിന്നും വിവിധ ജനതകളുടെ ഇടയില്‍നിന്നുമായി മടക്കിവരുത്തി ഒരുമിച്ചു ചേര്‍ക്കും. അങ്ങനെ എന്‍റെ വിശുദ്ധി ജനതകളുടെ മുമ്പില്‍ ഞാന്‍ വെളിപ്പെടുത്തും.

27

28 ഞാന്‍ അവരെ ജനതകളുടെ അടുക്കലേക്കു പ്രവാസികളായി കൊണ്ടുപോകുകയും അവരില്‍ ആരെയും ഉപേക്ഷിക്കാതെ എല്ലാവരെയും തിരിച്ചു കൊണ്ടുവരികയും ചെയ്തിരിക്കുന്നതിനാല്‍ ഞാനാകുന്നു അവരുടെ ദൈവമായ സര്‍വേശ്വരന്‍ എന്നവര്‍ ഗ്രഹിക്കും.

29 ഇസ്രായേല്‍ജനത്തിന്മേല്‍ എന്‍റെ ആത്മാവിനെ അയച്ചിരിക്കയാല്‍ ഇനിമേല്‍ ഞാന്‍ എന്‍റെ മുഖം അവരില്‍നിന്നു മറയ്‍ക്കുകയില്ല എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.”

40

1

ഞങ്ങളുടെ പ്രവാസത്തിന്‍റെ ഇരുപത്തിയഞ്ചാം വര്‍ഷം ഒന്നാം മാസം പത്താം ദിവസം യെരൂശലേംനഗരം പിടിക്കപ്പെട്ടതിന്‍റെ പതിനാലാം വര്‍ഷം അതേ മാസം അതേ ദിവസംതന്നെ സര്‍വേശ്വരന്‍റെ ശക്തി എന്‍റെമേല്‍ വന്നു.

2 എനിക്കുണ്ടായ ദിവ്യദര്‍ശനത്തില്‍ അവിടുന്ന് എന്നെ കൊണ്ടുപോയി ഇസ്രായേല്‍ദേശത്തുള്ള വളരെ ഉയര്‍ന്ന ഒരു പര്‍വതത്തില്‍ നിര്‍ത്തി. അവിടെ എന്‍റെ മുമ്പില്‍ ഒരു നഗരത്തിന്‍റെ രൂപത്തില്‍ ഏതോ ഒന്നു ഞാന്‍ കണ്ടു.

3 അവിടുന്ന് എന്നെ അവിടേക്ക് കൊണ്ടുപോയി. അതാ, വെള്ളോടുപോലെ ശോഭിക്കുന്ന ഒരു മനുഷ്യന്‍ പടിവാതില്‌ക്കല്‍ നില്‌ക്കുന്നു. അയാളുടെ കൈയില്‍ ഒരു ചണച്ചരടും അളവുകോലും ഉണ്ടായിരുന്നു.

4 ആ മനുഷ്യന്‍ എന്നോടു പറഞ്ഞു: മനുഷ്യപുത്രാ, നീ സൂക്ഷിച്ചു നോക്കുക; ശ്രദ്ധിച്ചു കേള്‍ക്കുക; ഞാന്‍ കാട്ടിത്തരുന്നതിലെല്ലാം മനസ്സുറപ്പിക്കുക. അവ കാണിച്ചു തരാനാണ് നിന്നെ ഞാനിവിടെ കൊണ്ടുവന്നത്. നീ കാണുന്നതെല്ലാം ഇസ്രായേല്‍ജനത്തോടു പറയുക.

5

ദേവാലയത്തിനു ചുറ്റും മതിലുണ്ടായിരുന്നു. അയാളുടെ കൈയിലുണ്ടായിരുന്ന ദണ്ഡിന് ആറു മുഴം നീളം ഉണ്ടായിരുന്നു. അയാള്‍ മതിലിന്‍റെ കനവും ഉയരവും അളന്നു. കനവും ഉയരവും ഒരു ദണ്ഡ് വീതമായിരുന്നു.

6 പിന്നീട് അയാള്‍ കിഴക്കോട്ടുള്ള പടിവാതില്‌ക്കല്‍ ചെന്ന് അതിന്‍റെ ചവിട്ടുപടികളില്‍ കൂടി കയറി ഉമ്മരപ്പടി അളന്നു. അതിനും ഒരു ദണ്ഡ് ഉയരമുണ്ടായിരുന്നു.

7 അതിന്‍റെ ഇരുവശങ്ങളിലുള്ള മുറികള്‍ക്ക് ഓരോ ദണ്ഡുവീതം നീളവും വീതിയും ഉണ്ടായിരുന്നു. മുറികള്‍ തമ്മിലുള്ള അകലം അഞ്ചുമുഴം ആയിരുന്നു.

8 പടിപ്പുരയുടെ പൂമുഖത്തിനടുത്തുള്ള വാതിലിന്‍റെ ഉമ്മരപ്പടിക്ക് അകമേയുള്ള നീളം ഒരു ദണ്ഡ്.

9 പിന്നീട് അയാള്‍ പടിപ്പുരയുടെ പൂമുഖം അളന്നു; നീളം എട്ടുമുഴം; കട്ടിളപ്പടികള്‍ക്ക് നീളം രണ്ട് മുഴം. പടിപ്പുരയുടെ പൂമുഖം ഉള്ളിലായിരുന്നു.

10 കിഴക്കേ കവാടത്തിന്‍റെ ഇരുവശങ്ങളിലും മുമ്മൂന്നു മുറികള്‍ ഉണ്ടായിരുന്നു. മൂന്നു മുറികള്‍ക്കും ഒരേ വലിപ്പം; അപ്പുറത്തും ഇപ്പുറത്തുമുള്ള കട്ടിളക്കാലുകള്‍ക്കും ഒരേ അളവ്.

11 പിന്നീട് പടിപ്പുരയുടെ പ്രവേശനദ്വാരം അളന്നു. അതിന് പത്തുമുഴം വീതിയും പതിമൂന്നു മുഴം നീളവും ഉണ്ടായിരുന്നു.

12 വശങ്ങളിലെ മുറികളുടെ മുമ്പില്‍ അപ്പുറത്തും ഇപ്പുറത്തും ഒരു മുഴം വീതിയില്‍ അഴികള്‍ ഇട്ട് അതിര് തിരിച്ചിരിക്കുന്നു. വശങ്ങളിലെ മുറികളുടെ നീളവും വീതിയും ആറു മുഴം വീതം ആയിരുന്നു.

13 പിന്നീട് അയാള്‍ ഒരു വശത്തെ മുറിയുടെ മേല്‍ക്കൂര മുതല്‍ എതിര്‍വശത്തെ മുറിയുടെ മേല്‍ക്കൂരവരെ അളന്നു. വാതിലോടു വാതില്‍വരെ ഇരുപത്തഞ്ചുമുഴം. പൂമുഖവും അളന്നു. ഇരുപതു മുഴം;

14 പൂമുഖത്തിനപ്പുറത്തു ചുറ്റും അങ്കണമുണ്ടായിരുന്നു.

15 പടിപ്പുരവാതിലിന്‍റെ മുന്‍ഭാഗംമുതല്‍ അകത്തെ പൂമുഖത്തിന്‍റെ അങ്ങേയറ്റം വരെയുള്ള നീളം അന്‍പതു മുഴം ആയിരുന്നു.

16 പടിപ്പുരയ്‍ക്കു ചുറ്റും വശങ്ങളിലെ മുറികള്‍ക്കും പൂമുഖത്തിനും അകത്തേക്ക് ഇടുങ്ങിയ കിളിവാതിലുകളുണ്ടായിരുന്നു. ഓരോ കട്ടിളപ്പടിമേലും ഈന്തപ്പനയുടെ രൂപം കൊത്തിയിരുന്നു.

17

പിന്നീട് അയാള്‍ എന്നെ പുറത്തുള്ള അങ്കണത്തിലേക്കു കൊണ്ടുപോയി. അങ്കണത്തിനു ചുറ്റും മണ്ഡപങ്ങളും കല്‍ത്തളവും ഉണ്ടായിരുന്നു. കല്‍ത്തളത്തിനഭിമുഖമായി മുപ്പതു മണ്ഡപങ്ങളാണ് ഉണ്ടായിരുന്നത്.

18 കല്‍ത്തളം പടിപ്പുരയുടെ നീളത്തിനൊത്തവിധം അവയോടു ചേര്‍ന്ന് ആയിരുന്നു. അതാണു താഴത്തെ കല്‍ത്തളം.

19 പിന്നെ അയാള്‍ താഴത്തെ പടിപ്പുരയുടെ മുന്‍ഭാഗംമുതല്‍ അകത്തെ അങ്കണത്തിന്‍റെ പുറത്തെ അറ്റംവരെ അളന്നു-നൂറുമുഴം.

20

പിന്നീട് അയാള്‍ പുറത്തെ അങ്കണത്തില്‍ വടക്കോട്ടു ദര്‍ശനമുള്ള പടിപ്പുരയുടെ നീളവും വീതിയും അളന്നു.

21 അതിന്‍റെ ഇരുപാര്‍ശ്വങ്ങളിലും മൂന്നു മുറികള്‍ വീതം ഉണ്ടായിരുന്നു. ആദ്യത്തെ ഗോപുരത്തില്‍ ഉണ്ടായിരുന്ന പാര്‍ശ്വമുറികളുടെയും ഉമ്മരപ്പടികളുടെയും പൂമുഖത്തിന്‍റെയും അളവുകള്‍തന്നെ ആയിരുന്നു ഈ മുറികള്‍ക്കും ഉമ്മരപ്പടികള്‍ക്കും പൂമുഖത്തിനും ഉണ്ടായിരുന്നത്. ആ പടിപ്പുരയുടെ നീളം അന്‍പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു.

22 ഇതിന്‍റെയും ജാലകം, പൂമുഖം, ഈന്തപ്പനയുടെ ചിത്രങ്ങള്‍ എന്നിവയുടെ അളവുകള്‍ കിഴക്കോട്ടു ദര്‍ശനമുള്ള പടിപ്പുരയുടേതുപോലെതന്നെ ആയിരുന്നു. ഇതിലേക്കു കയറാന്‍ ഏഴു നടകള്‍ ഉണ്ടായിരുന്നു.

23 ഉള്ളിലായിരുന്നു പൂമുഖം. വടക്കേ പടിപ്പുരയുടെ എതിര്‍വശത്ത് കിഴക്കേ പടിപ്പുരയുടേതുപോലെ അകത്തെ അങ്കണത്തിലേക്കു പ്രവേശിക്കാന്‍ ഒരു പടിവാതില്‍ ഉണ്ടായിരുന്നു. ഈ പടിവാതിലുകള്‍ തമ്മിലുള്ള ദൂരം അയാള്‍ അളന്നു-നൂറുമുഴം.

24

അയാള്‍ എന്നെ തെക്കു വശത്തേക്കു കൊണ്ടുപോയി. അവിടെയും ഒരു പടിപ്പുര ഉണ്ടായിരുന്നു. അതിന്‍റെ കട്ടിളകളും പൂമുഖവും അയാള്‍ അളന്നു. അവയ്‍ക്കും മറ്റുള്ളവയുടെ അളവുകള്‍തന്നെ ആയിരുന്നു.

25 ഈ പടിപ്പുരയ്‍ക്കും പൂമുഖത്തിനു ചുറ്റും മറ്റുള്ളവയ്‍ക്കുണ്ടായിരുന്നതുപോലെ ജാലകങ്ങള്‍ ഉണ്ടായിരുന്നു. പടിപ്പുരയുടെ ഉയരം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു.

26 അതിലേക്കു കയറാന്‍ ഏഴു നടകള്‍ ഉണ്ടായിരുന്നു. ഇതിന്‍റെ പൂമുഖം ഉള്‍വശത്തായിരുന്നു. ഇരുവശത്തുമുള്ള കട്ടിളക്കാലുകളില്‍ ഈന്തപ്പനയുടെ ഓരോ ചിത്രം കൊത്തിയിരുന്നു.

27 അകത്തെ അങ്കണത്തില്‍ തെക്കോട്ട് ഒരു പടിപ്പുരയുണ്ടായിരുന്നു. പടിപ്പുരകള്‍ തമ്മിലുള്ള അകലം അയാള്‍ അളന്നു-നൂറുമുഴം.

28

പിന്നീട് അയാള്‍ എന്നെ തെക്കേ പടിപ്പുരയിലൂടെ അകത്തെ അങ്കണത്തിലേക്കു കൊണ്ടുപോയി. അയാള്‍ ആ പടിപ്പുര അളന്നു. അതിനു മറ്റുള്ളവയുടെ അളവുകള്‍ തന്നെ ആയിരുന്നു.

29 അതിന്‍റെ പാര്‍ശ്വമുറികളും കട്ടിളക്കാലുകളും പൂമുഖവും മറ്റുള്ളവയ്‍ക്കു തുല്യമായിരുന്നു. അതിന്‍റെ ഉള്ളിലും പൂമുഖത്തിനു ചുറ്റുമായി ജാലകങ്ങള്‍ ഉണ്ടായിരുന്നു. അവയുടെ ഉയരം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു.

30 അതിനു ചുറ്റും ഇരുപത്തഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയുമുള്ള പൂമുഖങ്ങള്‍ ഉണ്ടായിരുന്നു.

31 അവ പുറത്തെ അങ്കണത്തിന് അഭിമുഖമായിരുന്നു. അവയുടെ കട്ടിളക്കാലുകളിന്മേല്‍ ഈന്തപ്പനയുടെ രൂപങ്ങള്‍ ഉണ്ടായിരുന്നു. പൂമുഖത്തിലേക്കു കയറാന്‍ എട്ടു നടകള്‍ ഉണ്ടായിരുന്നു.

32

പിന്നീട് അയാള്‍ എന്നെ കിഴക്കുവശത്തുള്ള അകത്തെ അങ്കണത്തിലേക്കു കൂട്ടിക്കൊണ്ടു പോയി. അയാള്‍ അതിന്‍റെ പടിവാതില്‍ അളന്നു. അതിനും മറ്റുള്ളവയുടെ അളവുകള്‍തന്നെ.

33 അതിന്‍റെ പാര്‍ശ്വമുറികളും കട്ടിളക്കാലുകളും പൂമുഖവും മറ്റുള്ളവയ്‍ക്കു തുല്യമായിരുന്നു. അതിന്‍റെ ഉള്ളിലും പൂമുഖത്തു ചുറ്റും ജാലകങ്ങളുണ്ടായിരുന്നു. അവയുടെ ഉയരം അന്‍പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു.

34 അതിന്‍റെ പൂമുഖം പുറത്തെ അങ്കണത്തിന് അഭിമുഖമായിരുന്നു. അതിന്‍റെ ഇരുവശങ്ങളിലും ഉള്ള കട്ടിളക്കാലുകളില്‍ ഈന്തപ്പനയുടെ രൂപങ്ങളും ഉണ്ടായിരുന്നു. അതിലേക്കു കയറാന്‍ എട്ടു പടികളും.

35

പിന്നീട് അയാള്‍ എന്നെ വടക്കേ പടിപ്പുരയിലേക്കു കൊണ്ടുപോയി. അയാള്‍ അത് അളന്നു. അതിനും മറ്റുള്ളവയുടെ അളവുകള്‍ തന്നെ ആയിരുന്നു.

36 അതിന്‍റെ പാര്‍ശ്വമുറികളും കട്ടിളക്കാലുകളും പൂമുഖവും മറ്റുള്ളവയ്‍ക്കു തുല്യമായിരുന്നു. അതിനു ചുറ്റും ജാലകങ്ങള്‍ ഉണ്ടായിരുന്നു. അതിന് അന്‍പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ആയിരുന്നു.

37 പുറത്തെ അങ്കണത്തിന് അഭിമുഖമായിരുന്നു അതിന്‍റെ പൂമുഖം. അതിന്‍റെ ഇരുവശങ്ങളിലുമുള്ള കട്ടിളക്കാലുകളില്‍ ഈന്തപ്പനയുടെ രൂപങ്ങള്‍ കൊത്തിയിരുന്നു. അതിലേക്കു പ്രവേശിക്കാന്‍ എട്ടുപടികള്‍ ഉണ്ടായിരുന്നു.

38

പൂമുഖത്തേക്കു വാതിലുള്ള ഒരു മുറി അവിടെയുണ്ടായിരുന്നു. അതായിരുന്നു ഹോമയാഗവസ്തുക്കള്‍ കഴുകാനുള്ള സ്ഥലം.

39 പടിപ്പുരയുടെ പൂമുഖത്ത് ഇരുവശങ്ങളിലും ഈരണ്ടു മേശകള്‍ ഉണ്ടായിരുന്നു. ഹോമയാഗത്തിനും പാപപരിഹാരയാഗത്തിനും അകൃത്യയാഗത്തിനും ഉള്ള മൃഗങ്ങളെ അറുക്കേണ്ടത് ഈ മേശമേല്‍ വച്ചാണ്.

40 പൂമുഖത്തിനു വെളിയില്‍ വടക്കേ പടിപ്പുരയുടെ വാതില്‌ക്കല്‍ രണ്ടു മേശകള്‍ ഉണ്ടായിരുന്നു.

41 പൂമുഖത്തിന്‍റെ മറുവശത്തും രണ്ടുമേശകള്‍ ഉണ്ടായിരുന്നു. നാലു മേശകള്‍ അകത്തും, നാലുമേശകള്‍ പടിപ്പുരയ്‍ക്കു വെളിയില്‍ പാര്‍ശ്വങ്ങളിലും ആയി മൊത്തം എട്ടു മേശകളാണ് ഉണ്ടായിരുന്നത്. അവയ്‍ക്കുമേല്‍ വച്ചു ബലിമൃഗങ്ങളെ കൊന്നുവന്നു.

42 ഹോമയാഗത്തിനുവേണ്ടി ഒന്നരമുഴം നീളവും ഒന്നരമുഴം വീതിയും ഒരു മുഴം ഉയരവുമായി വെട്ടിയെടുത്ത കല്ലുകൊണ്ടു നിര്‍മിച്ച നാലു മേശകള്‍ ഉണ്ടായിരുന്നു. ഹോമയാഗത്തിനും മറ്റുമുള്ള മൃഗങ്ങളെ അറുക്കുന്ന ആയുധങ്ങളും അവയ്‍ക്കുമേലാണു വച്ചിരുന്നത്.

43 ചുറ്റും കൈപ്പത്തി വീതി നീളത്തിലുള്ള കൊളുത്തുകള്‍ പിടിപ്പിച്ചിരുന്നു. മേശകളിന്മേലാണ് ബലിക്കുള്ള മാംസം വച്ചിരുന്നത്.

44

പിന്നീട് അയാള്‍ എന്നെ അകത്തെ അങ്കണത്തിലേക്കു കൊണ്ടുപോയി. അവിടെ രണ്ട് മണ്ഡപങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് വടക്കേ പടിപ്പുരയ്‍ക്കരികെ തെക്കോട്ടു ദര്‍ശനമുള്ളതും മറ്റേത് തെക്കേ പടിപ്പുരയ്‍ക്കരികെ വടക്കോട്ടു ദര്‍ശനമുള്ളതും ആയിരുന്നു.

45 തെക്കോട്ടു ദര്‍ശനമുള്ള മണ്ഡപം ദേവാലയത്തിന്‍റെ ചുമതല വഹിക്കുന്ന പുരോഹിതന്മാര്‍ക്കും

46 വടക്കോട്ടു ദര്‍ശനമുള്ള മണ്ഡപം യാഗപീഠത്തിന്‍റെ ചുമതല വഹിക്കുന്ന പുരോഹിതന്മാര്‍ക്കും ഉള്ളതാണെന്ന് അയാള്‍ എന്നോടു പറഞ്ഞു. ഈ പുരോഹിതന്മാര്‍ സാദോക്കിന്‍റെ പുത്രന്മാരാണ്. ലേവിയുടെ പുത്രന്മാരില്‍ ഇവര്‍ക്കു മാത്രമാണ് സര്‍വേശ്വരനെ ശുശ്രൂഷിക്കുന്നതിന് അടുത്തുചെല്ലാന്‍ അനുവാദമുള്ളത്.

47

അങ്കണം അയാള്‍ അളന്നു, അത് നൂറുമുഴം നീളവും നൂറു മുഴം വീതിയും ഉള്ള സമചതുരമായിരുന്നു. യാഗപീഠം ദേവാലയത്തിന്‍റെ മുന്‍വശത്തായിരുന്നു.

48 പിന്നീട് അയാള്‍ എന്നെ ദേവാലയത്തിന്‍റെ പൂമുഖത്തേക്കു കൊണ്ടുവന്നു. അയാള്‍ പൂമുഖത്തിന്‍റെ കട്ടിളക്കാലുകള്‍ അളന്നു. ഇരുവശങ്ങള്‍ക്കും അഞ്ചുമുഴം പൊക്കവും വാതിലിന് പതിനാലു മുഴം വീതിയും ഉണ്ടായിരുന്നു. പടിപ്പുരയുടെ പാര്‍ശ്വഭിത്തികള്‍ക്ക് മൂന്നു മുഴം വീതം വീതി ആയിരുന്നു.

49 പൂമുഖത്തിന് ഇരുപതുമുഴം നീളവും പന്ത്രണ്ടു മുഴം വീതിയും ആയിരുന്നു. അതില്‍ പ്രവേശിക്കാന്‍ പത്തു പടവുകള്‍ കയറേണ്ടിയിരുന്നു. കട്ടിളക്കാലുകള്‍ക്കരികില്‍ ഇരുവശത്തും രണ്ടു തൂണുകള്‍ ഉണ്ടായിരുന്നു.

41

1

പിന്നീട് അയാള്‍ എന്നെ ദേവാലയത്തിന്‍റെ അന്തര്‍മന്ദിരത്തിലേക്ക് നയിച്ചു. അതിന്‍റെ കട്ടിളകള്‍ അയാള്‍ അളന്നു. ഓരോ വശത്തുമുള്ള കട്ടിളയുടെ വീതി ആറു മുഴം ആയിരുന്നു.

2 പ്രവേശനദ്വാരത്തിന്‍റെ വീതി പത്തുമുഴവും പാര്‍ശ്വഭിത്തികളുടെ കനം അഞ്ചു മുഴവും വീതം ആയിരുന്നു.

3 പിന്നീട് അയാള്‍ അന്തര്‍മന്ദിരം അളന്നു; അതിനു നാല്പതുമുഴം നീളം, ഇരുപതു മുഴം വീതി. പിന്നീട് അയാള്‍ അന്തര്‍മന്ദിരത്തിന്‍റെ ഉള്ളില്‍ കടന്ന് അതിന്‍റെ കട്ടിളകള്‍ അളന്നു. അവയുടെ വീതി രണ്ടു മുഴം. പ്രവേശനദ്വാരത്തിന് വീതി ആറു മുഴവും പാര്‍ശ്വഭിത്തികള്‍ക്ക് ഏഴു മുഴവും.

4 പിന്നീട് ആ മുറിയുടെ നീളവും വീതിയും അളന്നു. നീളവും വീതിയും ഇരുപതു മുഴം വീതമായിരുന്നു. ഇതാണ് അതിവിശുദ്ധസ്ഥലം എന്ന് അയാള്‍ പറഞ്ഞു.

5

പിന്നീട് ദേവാലയഭിത്തികള്‍ അളന്നു. അതിന്‍റെ കനം ആറു മുഴം. ദേവാലയത്തിന്‍റെ പാര്‍ശ്വമുറികളുടെ വീതി നാലു മുഴം.

6 പാര്‍ശ്വമുറികള്‍ മൂന്നു നിലകളിലായി നിലതോറും മുപ്പതു വീതം ഉണ്ടായിരുന്നു. ആ മുറികള്‍ താങ്ങു ചുവരുകളില്‍ ഉറപ്പിച്ചിരുന്നു. ദേവാലയഭിത്തികള്‍ അല്ലായിരുന്നു അവയെ താങ്ങി നിര്‍ത്തിയിരുന്നത്.

7 മുകളിലേക്ക് ചെല്ലുന്തോറും താങ്ങുകളുടെ വലിപ്പം അനുസരിച്ചു പാര്‍ശ്വമുറികളുടെ വിസ്താരം കൂടിവന്നു. ദേവാലയത്തിന്‍റെ അരികില്‍ ഒരു ഗോവണി ഉണ്ടായിരുന്നു. അതില്‍കൂടി രണ്ടാം നിലയിലേക്കും അവിടെനിന്ന് മൂന്നാം നിലയിലേക്കും കയറാന്‍ കഴിയുമായിരുന്നു.

8 ദേവാലയത്തിനു ചുറ്റും ഉയര്‍ന്ന ഒരു തറ ഞാന്‍ കണ്ടു. പാര്‍ശ്വമുറികളുടെ അടിസ്ഥാനത്തിന് ഒരു ദണ്ഡ് വീതി ഉണ്ടായിരുന്നു.

9 പാര്‍ശ്വമുറികളുടെ പുറംഭിത്തിക്ക് കനം അഞ്ചു മുഴം, തറയുടെ ശേഷിച്ച ഭാഗം അഞ്ചു മുഴം.

10 ആലയത്തിന്‍റെ പാര്‍ശ്വമുറികള്‍ക്കും മണ്ഡപങ്ങള്‍ക്കും ഇടയില്‍ ഇരുപതു മുഴം വീതിയുള്ള മുറ്റം ഉണ്ടായിരുന്നു.

11 പാര്‍ശ്വമുറികളുടെ വാതിലുകള്‍ തറയുടെ ഒഴിഞ്ഞു കിടന്ന ഭാഗത്തേക്കാണു തുറന്നിരുന്നത്. ഒരു വാതില്‍ തെക്കോട്ടും മറ്റൊന്ന് വടക്കോട്ടും തുറക്കാവുന്നവിധം അതു സജ്ജീകരിച്ചിരുന്നു. ചുറ്റും ഒഴിഞ്ഞു കിടന്ന തറയ്‍ക്ക് വീതി അഞ്ചു മുഴം.

12

ദേവാലയാങ്കണത്തിന് അഭിമുഖമായി പടിഞ്ഞാറു വശത്തുണ്ടായിരുന്ന കെട്ടിടത്തിന്‍റെ നീളം തൊണ്ണൂറു മുഴവും വീതി എഴുപതു മുഴവും ചുറ്റുമുള്ള ഭിത്തിയുടെ കനം അഞ്ച് മുഴവും ആയിരുന്നു.

13

പിന്നീട് അയാള്‍ ദേവാലയം അളന്നു. നീളം നൂറു മുഴം; അങ്കണവും കെട്ടിടവും അതിന്‍റെ ചുവരുകളും ഉള്‍പ്പെടെ നീളം നൂറുമുഴം.

14 ആലയത്തിന്‍റെ മുന്‍ഭാഗത്തിന്‍റെയും അങ്കണത്തിന്‍റെയും വീതി നൂറു മുഴം.

15

പിന്നീട് അയാള്‍ പടിഞ്ഞാറുവശത്ത് അങ്കണത്തിന് അഭിമുഖമായി നിന്നിരുന്ന കെട്ടിടത്തിന്‍റെ ഇരുവശത്തുമുള്ള ഇടനാഴികള്‍ ഉള്‍പ്പെടെയുള്ള നീളം അളന്നു-നൂറു മുഴം. അന്തര്‍മന്ദിരത്തിന്‍റെ അകത്തും അതിവിശുദ്ധസ്ഥലത്തും പൂമുഖത്തും തറമുതല്‍ ജാലകങ്ങള്‍ വരെ ചുറ്റും പലകകള്‍ അടിച്ചിരുന്നു.

16 ഇവയ്‍ക്കു മൂന്നിനും ചുറ്റുമായി അകത്തേക്ക് ഇടുങ്ങിയതും അഴിയിട്ടതുമായ ജാലകങ്ങള്‍ ഉണ്ടായിരുന്നു. ജാലകങ്ങള്‍ക്കു മറയും അന്തര്‍മന്ദിരത്തിന്‍റെ പുറത്ത് ഉമ്മരപ്പടിയുടെ മുകള്‍ഭാഗം വരെ പുറമേ ചുറ്റും പലക അടിച്ചിരുന്നു.

17 അന്തര്‍മന്ദിരത്തിന്‍റെയും അതിവിശുദ്ധ സ്ഥലത്തിന്‍റെയും എല്ലാ ചുവരുകളിലും കെരൂബുകളുടെയും ഈന്തപ്പനയുടെയും രൂപങ്ങള്‍ കൊത്തിവച്ചിരുന്നു.

18 രണ്ടു കെരൂബുകള്‍ക്കിടയില്‍ ഒരു ഈന്തപ്പന എന്ന കണക്കിനാണ് രൂപങ്ങള്‍ കൊത്തിവച്ചിരുന്നത്. ഓരോ കെരൂബിനും ഈരണ്ടു മുഖങ്ങള്‍ ഉണ്ടായിരുന്നു.

19 ഒരു മുഖം മനുഷ്യന്‍റേതും മറ്റേമുഖം സിംഹത്തിന്‍റേതുമായിരുന്നു. ഓരോ മുഖവും ഇരുവശങ്ങളിലുള്ള ഈന്തപ്പനകള്‍ക്ക് അഭിമുഖമായിരുന്നു. ദേവാലയത്തിനു പുറമേയും ചുറ്റുമായി ഇതുപോലെയുള്ള കൊത്തുപണികള്‍ ഉണ്ടായിരുന്നു.

20 ദേവാലയത്തിന്‍റെ തറമുതല്‍ വാതിലിന്‍റെ മേലറ്റംവരെ കെരൂബിന്‍റെയും ഈന്തപ്പനയുടെയും രൂപങ്ങള്‍ കൊത്തിവച്ചിരുന്നു. അന്തര്‍മന്ദിരത്തിന്‍റെ കട്ടിളകള്‍ സമചതുരാകൃതിയിലായിരുന്നു.

21

തടികൊണ്ടു നിര്‍മിച്ച യാഗപീഠംപോലെ തോന്നിക്കുന്ന ഏതോ ഒന്ന് വിശുദ്ധമന്ദിരത്തിന്‍റെ മുമ്പിലുണ്ടായിരുന്നു.

22 അതിന്‍റെ നീളം രണ്ടു മുഴം, വീതി രണ്ടു മുഴം, ഉയരം മൂന്നു മുഴം. അതിന്‍റെ കോണുകളും ചുവടും വശങ്ങളും തടികൊണ്ടാണു നിര്‍മിച്ചിരുന്നത്. അയാള്‍ എന്നോടു പറഞ്ഞു: “ഇത് സര്‍വേശ്വരന്‍റെ സന്നിധിയിലെ മേശയാണ്.”

23

അന്തര്‍മന്ദിരത്തിനും വിശുദ്ധമന്ദിരത്തിനും ഇരട്ടക്കതകുകളോടുകൂടിയ ഓരോ വാതിലുണ്ടായിരുന്നു.

24 ഓരോ കതകിനും മടക്കാവുന്ന രണ്ടു പാളികളുണ്ടായിരുന്നു.

25 ചുവരുകളില്‍ ചെയ്തിരുന്ന കൊത്തുപണിപോലെ വിശുദ്ധമന്ദിരത്തിന്‍റെ കതകുകളിലും ഈന്തപ്പനയുടെയും കെരൂബുകളുടെയും രൂപം കൊത്തിയിരുന്നു.

26 പൂമുഖത്തിന്‍റെ മുമ്പില്‍ തടികൊണ്ടു നിര്‍മിച്ച ഒരു മേല്‌ക്കട്ടി ഉണ്ടായിരുന്നു. പൂമുഖത്തിന്‍റെ പാര്‍ശ്വഭിത്തികളില്‍ ഉള്ളിലേക്ക് ഇടുങ്ങിയ ജാലകങ്ങളും അവയുടെ ഇരുവശങ്ങളിലുമായി ഈന്തപ്പനരൂപങ്ങളും ഉണ്ടായിരുന്നു.

42

1

പിന്നീട് അയാള്‍ എന്നെ വടക്കോട്ടു നയിച്ച് പുറത്തെ അങ്കണത്തില്‍ കൊണ്ടുവന്നു. വടക്കേ കെട്ടിടത്തിനും അങ്കണത്തിനും അഭിമുഖമായുള്ള മണ്ഡപത്തിലേക്ക് അയാള്‍ എന്നെ നയിച്ചു.

2 വടക്കുവശത്തെ കെട്ടിടത്തിന്‍റെ നീളം നൂറു മുഴം, വീതി അന്‍പതു മുഴം.

3 അകത്തെ അങ്കണത്തിന്‍റെ ഇരുപതുമുഴം സ്ഥലത്തോടു ചേര്‍ന്നും പുറത്തെ അങ്കണത്തിന്‍റെ കല്‍ത്തളത്തിന് അഭിമുഖമായും ഒന്നിനുമീതെ മറ്റൊന്നായി മൂന്നു നിലകളുള്ള ഇരിപ്പിടത്തട്ടുകള്‍ ഉണ്ടായിരുന്നു.

4 മണ്ഡപങ്ങള്‍ക്കു മുമ്പില്‍ ഉള്ളിലേക്ക് പത്തു മുഴം വീതിയും നൂറ് മുഴം നീളവും വടക്കോട്ടു വാതിലുകളുമുള്ള ഒരു ഇടനാഴി ഉണ്ടായിരുന്നു.

5 മുകളിലത്തെ നിലയിലെ മണ്ഡപങ്ങള്‍ കൂടുതല്‍ ഇടുങ്ങിയതായിരുന്നു. കാരണം ആ നിലയിലെ ഇരിപ്പിടത്തട്ടുകള്‍ക്ക് കൂടുതല്‍ സ്ഥലം വേണ്ടിവന്നു.

6 മണ്ഡപങ്ങള്‍ക്കു മൂന്നു നിലകള്‍ ഉണ്ടായിരുന്നു. പുറത്തെ അങ്കണത്തില്‍ ഉണ്ടായിരുന്നതുപോലെ തൂണുകള്‍ അവയ്‍ക്കുണ്ടായിരുന്നില്ല. അതുകൊണ്ടാണു മുകളിലത്തെ മണ്ഡപങ്ങള്‍ക്ക് താഴെയും നടുക്കുമുള്ള മണ്ഡപങ്ങളെക്കാള്‍ വിസ്താരം കുറഞ്ഞിരുന്നത്.

7 മണ്ഡപങ്ങള്‍ക്ക് സമാന്തരമായും പുറമുറ്റത്തിന് അഭിമുഖമായും അന്‍പതു മുഴം നീളത്തില്‍ ഒരു മതില്‍ ഉണ്ടായിരുന്നു.

8 പുറത്തെ അങ്കണത്തിലുള്ള മണ്ഡപങ്ങള്‍ക്ക് അന്‍പതു മുഴവും ദേവാലയത്തിന് എതിരേയുള്ള മണ്ഡപങ്ങള്‍ക്ക് നൂറു മുഴവും നീളം ഉണ്ടായിരുന്നു.

9 പുറത്തെ അങ്കണത്തില്‍നിന്ന് ഒരാള്‍ക്ക് കയറിവരത്തക്കവിധം ഈ മണ്ഡപങ്ങളുടെ താഴെ കിഴക്കു വശത്ത് ഒരു പ്രവേശനദ്വാരം ഉണ്ടായിരുന്നു. അവിടെനിന്നാണു പുറത്തെ മതില്‍ ആരംഭിക്കുന്നത്.

10

തെക്കുവശത്ത് കെട്ടിടത്തിന് അഭിമുഖമായി അങ്കണത്തിന് എതിരേ മുമ്പില്‍ വഴിയോടു കൂടിയ മണ്ഡപങ്ങള്‍ ഉണ്ടായിരുന്നു.

11 വടക്കുവശത്തുള്ള മണ്ഡപങ്ങളെപ്പോലെ അതേ നീളവും വീതിയും പ്രവേശനദ്വാരങ്ങളും സംവിധാനങ്ങളും വാതിലുകളും ഇവയ്‍ക്കുമുണ്ടായിരുന്നു.

12 തെക്കു ഭാഗത്തെ മണ്ഡപങ്ങളുടെ താഴെ കിഴക്കുവശത്ത് ഒരു പ്രവേശനദ്വാരം ഉണ്ടായിരുന്നു. അതുവഴി ഇടനാഴിയിലേക്കു കടക്കാം. അവയ്‍ക്കെതിരെ നടുഭിത്തിയും ഉണ്ടായിരുന്നു.

13

അയാള്‍ എന്നോടു പറഞ്ഞു: അങ്കണത്തിനെതിരേ, തെക്കുവശത്തും വടക്കുവശത്തും ഉള്ള മണ്ഡപങ്ങള്‍ വിശുദ്ധങ്ങളാണ്. ഇവിടെ വച്ചാണ് സര്‍വേശ്വരന്‍റെ സന്നിധാനത്തില്‍ ചെല്ലുന്ന പുരോഹിതന്മാര്‍ വിശുദ്ധബലി വസ്തുക്കള്‍ ഭക്ഷിക്കുന്നത്. അവിടെയാണ് അവര്‍ ധാന്യബലിക്കും പാപപരിഹാരബലിക്കും അകൃത്യബലിക്കും ഉള്ള വിശുദ്ധദ്രവ്യങ്ങള്‍ സൂക്ഷിക്കുന്നത്.

14 പുരോഹിതന്മാര്‍ വിശുദ്ധസ്ഥലത്തു പ്രവേശിച്ചശേഷം പുറത്തെ അങ്കണത്തിലേക്കു കടക്കുന്നതു ശുശ്രൂഷാവസ്ത്രങ്ങള്‍ ഇവിടെ ഊരിവച്ച ശേഷമേ ആകാവൂ. കാരണം അവ വിശുദ്ധമാണ്. മറ്റു വസ്ത്രം ധരിച്ചുകൊണ്ടുമാത്രമേ അവര്‍ ജനങ്ങള്‍ക്കായി വേര്‍തിരിച്ചിരിക്കുന്ന സ്ഥലത്തേക്കു പോകാവൂ.

15

ദേവാലയത്തിന്‍റെ അകം അളന്നശേഷം കിഴക്കേ വാതിലിലൂടെ അയാള്‍ എന്നെ പുറത്തേക്കു കൊണ്ടുപോയി. പിന്നീട് ദേവാലയത്തിന്‍റെ ചുറ്റുമുള്ള സ്ഥലം അളന്നു.

16 [16-19] അളവു ദണ്ഡുകൊണ്ട് അയാള്‍ കിഴക്കുവശവും വടക്കുവശവും തെക്കുവശവും പടിഞ്ഞാറു വശവും അളന്നു. ഓരോ വശത്തിനും അഞ്ഞൂറു മുഴം ആയിരുന്നു നീളം.

17

18

19

20 ഈ സ്ഥലത്തിനു ചുറ്റും ഓരോ വശത്തും അഞ്ഞൂറു മുഴം വീതം നീളമുള്ള മതില്‍ ഉണ്ടായിരുന്നു. വിശുദ്ധസ്ഥലത്തെ സാധാരണ സ്ഥലത്തുനിന്നു വേര്‍തിരിച്ചിരുന്നത് ഈ മതിലാണ്.

43

1

പിന്നീട് അയാള്‍ എന്നെ കിഴക്കോട്ടു ദര്‍ശനമുള്ള പടിപ്പുരയിലേക്കു കൊണ്ടുപോയി.

2 അതാ, ഇസ്രായേലിന്‍റെ ദൈവത്തിന്‍റെ തേജസ്സ് കിഴക്കുനിന്നും വരുന്നു. അവിടുത്തെ ആഗമനത്തിന്‍റെ ശബ്ദം പെരുവെള്ളത്തിന്‍റെ ഇരമ്പല്‍പോലെ ആയിരുന്നു. അവിടുത്തെ തേജസ്സുകൊണ്ടു ഭൂമി പ്രകാശിച്ചു.

3 ഈ ദര്‍ശനം അവിടുന്നു നഗരം നശിപ്പിക്കാന്‍ വന്നപ്പോള്‍ എനിക്കുണ്ടായതുപോലെയും കെബാര്‍നദീതീരത്തുവച്ച് എനിക്കുണ്ടായ ദര്‍ശനംപോലെയും ആയിരുന്നു. അപ്പോള്‍ ഞാന്‍ സാഷ്ടാംഗം പ്രണമിച്ചു.

4 സര്‍വേശ്വരന്‍റെ തേജസ്സ് കിഴക്കേ പടിപ്പുരയിലൂടെ കടന്നുവന്നപ്പോള്‍

5 ആത്മാവ് എന്നെ എടുത്ത് അകത്തെ അങ്കണത്തിലേക്കു കൊണ്ടുവന്നു. അതാ, സര്‍വേശ്വരന്‍റെ തേജസ്സ് ദേവാലയത്തില്‍ നിറഞ്ഞു നില്‌ക്കുന്നു.

6

എന്നോടൊപ്പമുണ്ടായിരുന്ന മനുഷ്യന്‍ അപ്പോഴും എന്‍റെ സമീപത്തുണ്ടായിരുന്നു. അപ്പോള്‍ ദേവാലയത്തില്‍നിന്ന് സര്‍വേശ്വരന്‍ എന്നോട് ഇപ്രകാരം സംസാരിക്കുന്നതായി ഞാന്‍ കേട്ടു.

7 മനുഷ്യപുത്രാ, ഇവിടെയാണ് എന്‍റെ സിംഹാസനം, ഞാന്‍ കാലൂന്നുന്ന സ്ഥലവും ഇതുതന്നെ. ഇസ്രായേല്‍ജനത്തിന്‍റെ മധ്യത്തില്‍ ഇവിടെ ഞാന്‍ എന്നേക്കും വസിക്കും. ഇസ്രായേല്‍ജനമോ, അവരുടെ രാജാക്കന്മാരോ ഇനിമേല്‍ അന്യദേവാരാധനകൊണ്ടോ തങ്ങളുടെ രാജാക്കന്മാരുടെ മൃതശരീരങ്ങള്‍ ഇവിടെ സംസ്കരിച്ചോ എന്‍റെ വിശുദ്ധനാമത്തെ മലിനമാക്കുകയില്ല.

8 അവര്‍ തങ്ങളുടെ ഉമ്മരപ്പടികളും കട്ടിളകളും എന്‍റെ ഉമ്മരപ്പടികളോടും കട്ടിളകളോടും ചേര്‍ത്തു സ്ഥാപിച്ചു. എനിക്കും അവര്‍ക്കും മധ്യേ ഒരു മതില്‍ മാത്രം. തങ്ങള്‍ ചെയ്ത എല്ലാ മ്ലേച്ഛതകളാലും അവര്‍ എന്‍റെ വിശുദ്ധനാമത്തെ അശുദ്ധമാക്കി. അതുകൊണ്ട് എന്‍റെ ക്രോധത്തില്‍ ഞാന്‍ അവരെ സംഹരിച്ചു.

9 ഇനി അവര്‍ തങ്ങളുടെ അവിശ്വസ്തത ഉപേക്ഷിക്കുകയും അവരുടെ രാജാക്കന്മാരുടെ മൃതശരീരങ്ങള്‍ എന്‍റെ അടുക്കല്‍നിന്നു ദൂരെ നീക്കുകയും ചെയ്യട്ടെ. അപ്പോള്‍ ഞാന്‍ അവരുടെ മധ്യേ എന്നേക്കും വസിക്കും.

10

‘മനുഷ്യപുത്രാ, ദേവാലയത്തെക്കുറിച്ചു നീ ഇസ്രായേല്‍ജനത്തിനു വിവരിച്ചുകൊടുക്കുക. അവര്‍ അതിന്‍റെ രൂപരേഖ മനസ്സിലാക്കട്ടെ. തങ്ങളുടെ അകൃത്യത്തെക്കുറിച്ച് അവര്‍ ലജ്ജിക്കട്ടെ.

11 തങ്ങളുടെ പ്രവൃത്തികളെപ്പറ്റി അവര്‍ ലജ്ജിക്കുമെങ്കില്‍ ദേവാലയവും അതിലെ സംവിധാനങ്ങളും അതിന്‍റെ പ്രവേശനദ്വാരങ്ങളും പുറത്തേക്കുള്ള വഴികളും അതിന്‍റെ ആകമാനരൂപവും അവര്‍ക്കു വരച്ചുകാട്ടുക. ദേവാലയത്തിന്‍റെ നിയമങ്ങളും ചട്ടങ്ങളും അവരെ അറിയിക്കണം. അവ അവര്‍ അനുസരിക്കത്തക്കവിധം അവര്‍ കാണ്‍കെ എഴുതിവയ്‍ക്കുക.

12 ഇതാകുന്നു ദേവാലയത്തെ സംബന്ധിച്ച നിയമം. മലമുകളില്‍ ദേവാലയത്തിനു ചുറ്റമുള്ള പ്രദേശം മുഴുവന്‍ അതിവിശുദ്ധമായിരിക്കും. അതേ, ഇതുതന്നെയാണു ദേവാലയത്തെ സംബന്ധിച്ച നിയമം.

13

യാഗപീഠത്തിന്‍റെ അളവുകള്‍ മുഴം കണക്കിനാണ്. അതിന്‍റെ തറയുടെ ഉയരവും വീതിയും ഓരോ മുഴം വീതവും അതിനു ചുറ്റും ഒരു ചാണ്‍ തള്ളിനില്‌ക്കുന്ന വക്കും ഉണ്ടായിരിക്കണം.

14 യാഗപീഠത്തിന്‍റെ ഉയരം അടിത്തറമുതല്‍ അടിത്തട്ടുവരെ രണ്ടു മുഴവും വീതി ഒരു മുഴവും അടിത്തട്ടുമുതല്‍ മേല്‍ത്തട്ടുവരെ ഉയരം നാലു മുഴവും വീതി ഒരു മുഴവും ആയിരിക്കണം.

15 യാഗപീഠത്തിന്‍റെ അടുപ്പിന് ഉയരം നാലു മുഴം. അതിന്മേല്‍ മേലോട്ടു തള്ളിനില്‌ക്കുന്ന ഒരു മുഴം വീതം നീളമുള്ള നാലു കൊമ്പുകള്‍ ഉണ്ടായിരിക്കണം.

16 അടുപ്പ് പന്ത്രണ്ടു മുഴം വീതിയും നീളവുമുള്ള സമചതുരം ആയിരിക്കണം.

17 അതിന്‍റെ തട്ടിനു നീളവും വീതിയും പതിനാലുമുഴം വീതം ആയിരിക്കണം. ചുറ്റുമുള്ള വക്കിന് അരമുഴവും ചുവടിനു ചുറ്റും ഒരു മുഴവും ആയിരിക്കണം വീതി. യാഗപീഠത്തിന്‍റെ ചവിട്ടുപടികള്‍ കിഴക്കോട്ടായിരിക്കണം.

18

പിന്നീട് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്തു: മനുഷ്യപുത്രാ, യാഗപീഠത്തെ സംബന്ധിച്ച ചട്ടങ്ങള്‍ ഇവയാണ്.

19 ഹോമയാഗത്തിനും രക്തംതളിക്കാനുംവേണ്ടി യാഗപീഠം സ്ഥാപിക്കുന്ന നാളില്‍ എനിക്കു ശുശ്രൂഷ ചെയ്യാന്‍ അടുത്തുവരുന്ന സാദോക്കിന്‍റെ വംശജരായ ലേവ്യാപുരോഹിതന്മാര്‍ക്കു പാപപരിഹാരയാഗത്തിനുവേണ്ടി ഒരു കാളയെ നല്‌കണം.

20 ആ കാളയുടെ രക്തത്തില്‍ കുറെ എടുത്തു യാഗപീഠത്തിന്‍റെ നാലു കൊമ്പുകളിലും തട്ടിന്‍റെ നാലു കോണിലും ചുറ്റുമുള്ള വക്കിലും പുരട്ടി യാഗപീഠം പവിത്രീകരിക്കുകയും പ്രായശ്ചിത്തം ചെയ്യുകയും വേണം.

21 പാപപരിഹാരയാഗത്തിനുള്ള കാളയെ വിശുദ്ധസ്ഥലത്തിനു പുറത്തു നിര്‍ദിഷ്ട സ്ഥലത്തുവച്ചു ദഹിപ്പിക്കണം.

22 രണ്ടാം ദിവസം കുറ്റമറ്റ ഒരു കോലാട്ടുകൊറ്റനെ പാപപരിഹാരയാഗമായി അര്‍പ്പിക്കണം. അങ്ങനെ കാളയുടെ രക്തംകൊണ്ടെന്നപോലെ അതിന്‍റെ രക്തംകൊണ്ടും യാഗപീഠം ശുദ്ധീകരിക്കണം.

23 യാഗപീഠം ശുദ്ധീകരിച്ചശേഷം കുറ്റമറ്റ ഒരു കാളക്കുട്ടിയെയും ആട്ടിന്‍കൂട്ടത്തില്‍നിന്ന് ഊനമറ്റ ഒരു മുട്ടാടിനെയും സര്‍വേശ്വരന്‍റെ സന്നിധിയില്‍ കൊണ്ടുവരണം.

24 പുരോഹിതന്മാര്‍ അവയുടെമേല്‍ ഉപ്പുവിതറിയശേഷം സര്‍വേശ്വരന് ഹോമയാഗമായി അര്‍പ്പിക്കണം.

25 ഏഴു ദിവസവും ഓരോ കോലാടിനെ പാപപരിഹാരബലിയായി അര്‍പ്പിക്കണം. അതുപോലെതന്നെ ഊനമറ്റ ഒരു കാളക്കുട്ടിയെയും ആട്ടിന്‍പറ്റത്തില്‍നിന്നു കുറ്റമറ്റ ഒരു മുട്ടാടിനെയും ഏഴു ദിവസത്തേക്ക് അര്‍പ്പിക്കണം.

26 അങ്ങനെ യാഗപീഠത്തിനു പ്രായശ്ചിത്തം ചെയ്ത് അതിനെ ശുദ്ധീകരിക്കുകയും അത് പ്രതിഷ്ഠിക്കുകയും വേണം.

27 ഏഴു ദിവസം പൂര്‍ത്തിയായശേഷം എട്ടാം ദിവസംമുതല്‍ നിത്യവും നിങ്ങളുടെ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും പുരോഹിതന്മാര്‍ യാഗപീഠത്തിന്മേല്‍ അര്‍പ്പിക്കണം. അപ്പോള്‍ നിങ്ങളില്‍ ഞാന്‍ പ്രസാദിക്കും എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

44

1

പിന്നീട് അയാള്‍ എന്നെ വിശുദ്ധമന്ദിരത്തിന്‍റെ കിഴക്കോട്ടു ദര്‍ശനമുള്ള പുറത്തെ പടിപ്പുരയിലേക്കു തിരിയെ കൊണ്ടുവന്നു; അത് അടച്ചിരുന്നു.

2 ഈ വാതില്‍ അടച്ചിടേണ്ടതാണ്; ഇതില്‍ കൂടി ഇസ്രായേലിന്‍റെ സര്‍വേശ്വരനായ കര്‍ത്താവ് പ്രവേശിച്ചിരിക്കുന്നു; അതിനാല്‍ ഇത് ഒരിക്കലും തുറന്നുകൂടാ. ആരും ഇതില്‍കൂടി പ്രവേശിക്കുകയും അരുത് എന്നു സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു.

3 സര്‍വേശ്വരന്‍റെ സന്നിധിയില്‍ വിശുദ്ധഭോജനം കഴിക്കാന്‍ രാജാവിനു മാത്രം അവിടെ ഇരിക്കാം. രാജാവു പ്രവേശിക്കുന്നതും പുറത്തുപോകുന്നതും പടിപ്പുരയുടെ പൂമുഖത്തുകൂടി ആയിരിക്കണം.

4

പിന്നീട് അയാള്‍ എന്നെ വടക്കുവശത്തെ ഗോപുരത്തിലൂടെ ദേവാലയത്തിന്‍റെ മുന്‍വശത്തേക്കു കൊണ്ടുവന്നു. ദേവാലയം സര്‍വേശ്വരന്‍റെ തേജസ്സുകൊണ്ടു നിറഞ്ഞിരിക്കുന്നതായി ഞാന്‍ കണ്ടു. അപ്പോള്‍ ഞാന്‍ സാഷ്ടാംഗം പ്രണാമം ചെയ്തു.

5 സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ദേവാലയത്തെക്കുറിച്ചു ഞാന്‍ നിന്നോടു കല്പിക്കുന്ന എല്ലാ നിയമങ്ങളും ചട്ടങ്ങളും നീ ശ്രദ്ധാപൂര്‍വം കാണുകയും കേള്‍ക്കുകയും ചെയ്യുക. ദേവാലയത്തില്‍ ആര്‍ക്കെല്ലാം പ്രവേശിക്കാമെന്നും ആര്‍ക്കെല്ലാം പ്രവേശിക്കാന്‍ പാടില്ലെന്നും ശരിയായി മനസ്സിലാക്കുക.

6 ധിക്കാരികളായ ഇസ്രായേല്‍ജനത്തോടു പറയുക: സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഇസ്രായേല്‍ജനമേ, നിങ്ങളുടെ സകല മ്ലേച്ഛതകളും അവസാനിപ്പിക്കുക.

7 നിങ്ങള്‍ എനിക്ക് ആഹാരമായി രക്തവും മേദസ്സും അര്‍പ്പിക്കുമ്പോള്‍ ഹൃദയത്തിലും ശരീരത്തിലും പരിച്ഛേദനം ഏല്‌ക്കാത്ത വിജാതീയരെ പ്രവേശിപ്പിച്ച് എന്‍റെ ആലയത്തെ നിങ്ങള്‍ അശുദ്ധമാക്കിയിരിക്കുന്നുവല്ലോ. ഈ മ്ലേച്ഛതകളെല്ലാം പ്രവര്‍ത്തിച്ചു നിങ്ങള്‍ എന്‍റെ ഉടമ്പടി ലംഘിച്ചു.

8 നിങ്ങള്‍ എന്‍റെ ആലയത്തിലെ വിശുദ്ധവസ്തുക്കള്‍ സൂക്ഷിക്കാതെ വിജാതീയരെ അവയുടെ സൂക്ഷിപ്പുകാരാക്കി.

9 അതുകൊണ്ട് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ജനത്തിന്‍റെ ഇടയിലുള്ളവരും ഹൃദയത്തിലും ശരീരത്തിലും പരിച്ഛേദനം ഏല്‌ക്കാത്തവരുമായ വിജാതീയര്‍ ആരുംതന്നെ എന്‍റെ മന്ദിരത്തില്‍ പ്രവേശിച്ചുകൂടാ.”

10

ഇസ്രായേല്‍ജനം വഴിതെറ്റിപ്പോയകാലത്ത് എന്നില്‍നിന്നകന്നു വിഗ്രഹങ്ങളുടെ പിന്നാലെ പോയ ലേവ്യര്‍ അതിനുള്ള ശിക്ഷ അനുഭവിക്കണം.

11 അവര്‍ എന്‍റെ ആലയത്തിലെ പരിചാരകരായും ഗോപുരവാതില്‍ കാവല്‌ക്കാരായും എന്‍റെ വിശുദ്ധമന്ദിരത്തില്‍ ശുശ്രൂഷകരായും ഇരിക്കണം. അവര്‍ ഹോമയാഗത്തിനും ഹനനയാഗത്തിനുമുള്ള മൃഗങ്ങളെ അറുത്ത് ജനങ്ങള്‍ക്കുവേണ്ടി ശുശ്രൂഷ ചെയ്യണം. അങ്ങനെ അവര്‍ ജനങ്ങളെ സേവിക്കണം.

12 അവര്‍ വിഗ്രഹങ്ങളുടെ മുമ്പാകെ ശുശ്രൂഷ ചെയ്ത് ഇസ്രായേല്‍ജനത്തിന്‍റെ വീഴ്ചയ്‍ക്കു കാരണമായിത്തീര്‍ന്നതുകൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു: അവര്‍ തങ്ങള്‍ക്കുള്ള ശിക്ഷ അനുഭവിക്കണം എന്ന് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

13 പുരോഹിതശുശ്രൂഷ ചെയ്യാന്‍ എന്നെയോ, വിശുദ്ധവും അതിവിശുദ്ധവുമായ വസ്തുക്കളെയോ അവര്‍ സമീപിക്കരുത്. തങ്ങള്‍ ചെയ്ത മ്ലേച്ഛതകള്‍ക്കുള്ള അപമാനം അവര്‍ സഹിക്കണം.

14 എങ്കിലും ദേവാലയത്തിന്‍റെ മേല്‍നോട്ടം വഹിക്കാനും അവിടെ നിര്‍വഹിക്കേണ്ട എല്ലാ ജോലികളും ചെയ്യാനും ഞാന്‍ അവരെ നിയോഗിക്കും.

15

ഇസ്രായേല്‍ജനം വഴിതെറ്റിപ്പോയപ്പോള്‍ എന്‍റെ വിശുദ്ധമന്ദിരത്തിന്‍റെ മേല്‍നോട്ടം വഹിച്ചിരുന്നവരും സാദോക്കിന്‍റെ സന്തതികളുമായ ലേവ്യാപുരോഹിതന്മാര്‍ എന്‍റെ അടുക്കല്‍വന്ന് എനിക്കു ശുശ്രൂഷചെയ്യുകയും മേദസ്സും രക്തവും എനിക്കു സമര്‍പ്പിക്കാന്‍വേണ്ടി എന്‍റെ മുമ്പില്‍ നില്‌ക്കുകയും വേണം;

16 സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവര്‍ എന്‍റെ വിശുദ്ധമന്ദിരത്തില്‍ പ്രവേശിച്ച് എന്‍റെ ശുശ്രൂഷ നിര്‍വഹിക്കാന്‍വേണ്ടി വിശുദ്ധമേശയെ സമീപിക്കണം. അവര്‍ എന്‍റെ കാര്യവിചാരകന്മാരായിരിക്കുകയും വേണം.

17 അകത്തെ അങ്കണത്തിന്‍റെ പടിപ്പുരവാതിലുകള്‍ക്കകത്തു കടക്കുമ്പോള്‍ അവര്‍ ചണവസ്ത്രം ധരിച്ചിരിക്കണം. അവിടെയും ദേവാലയത്തിനുള്ളിലും ശുശ്രൂഷചെയ്യുമ്പോള്‍ രോമവസ്ത്രങ്ങള്‍ ധരിച്ചുകൂടാ.

18 അവര്‍ ചണംകൊണ്ടുള്ള തലപ്പാവും കാല്ചട്ടയും ധരിക്കേണ്ടതാണ്. ശരീരം വിയര്‍ക്കാന്‍ ഇടയാക്കുന്ന യാതൊന്നും അവര്‍ ധരിക്കരുത്.

19 അവര്‍ പുറത്തെ അങ്കണത്തില്‍ ജനങ്ങളുടെ അടുക്കലേക്ക് ചെല്ലുമ്പോള്‍ ജനങ്ങളിലേക്ക് വിശുദ്ധി പകരാതിരിക്കാന്‍ വിശുദ്ധസ്ഥലത്ത് ശുശ്രൂഷയ്‍ക്കായി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ വിശുദ്ധമുറികളില്‍ അഴിച്ചുവയ്‍ക്കുകയും മറ്റു വസ്ത്രങ്ങള്‍ ധരിക്കുകയും വേണം.

20 അവര്‍ തല മുണ്ഡനം ചെയ്യുകയോ മുടി നീട്ടിവളര്‍ത്തുകയോ അരുത്, മുടി കത്രിക്കുക മാത്രമേ പാടുള്ളൂ.

21 അകത്തെ അങ്കണത്തില്‍ പ്രവേശിക്കുമ്പോള്‍ പുരോഹിതന്മാര്‍ വീഞ്ഞു കുടിച്ചിരിക്കരുത്.

22 വിധവയെയോ വിവാഹമോചിതയെയോ അവര്‍ വിവാഹം ചെയ്തുകൂടാ. ഇസ്രായേല്‍വംശജയായ കന്യകയെയോ പുരോഹിതന്‍റെ ഭാര്യയായിരുന്ന വിധവയെയോ മാത്രമേ അവര്‍ വിവാഹം ചെയ്യാവൂ.

23 വിശുദ്ധവും അല്ലാത്തതും തമ്മിലുള്ള വ്യത്യാസം അവര്‍ ജനത്തെ പഠിപ്പിക്കണം. ശുദ്ധിയുള്ളതിനെ ശുദ്ധിയില്ലാത്തതില്‍നിന്നു വേര്‍തിരിച്ചറിയുന്നത് എങ്ങനെയെന്ന് അവര്‍ക്കു കാണിച്ചുകൊടുക്കുകയും വേണം.

24 വ്യവഹാരത്തില്‍ അവര്‍ വിധികര്‍ത്താക്കളായിരിക്കണം. എന്‍റെ വിധികള്‍ അനുസരിച്ച് അവര്‍ വിധിക്കേണ്ടതാണ്. അവര്‍ എന്‍റെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചു നിശ്ചിതപെരുന്നാളുകളും ശബത്തും വിശുദ്ധമായി ആചരിക്കണം.

25 മൃതശരീരങ്ങളെ സമീപിച്ച് അവര്‍ തങ്ങളെത്തന്നെ അശുദ്ധരാക്കരുത്. എന്നാല്‍ മാതാപിതാക്കള്‍, പുത്രീപുത്രന്മാര്‍, സഹോദരന്‍, അവിവാഹിതയായ സഹോദരി എന്നിവര്‍ക്കുവേണ്ടി അശുദ്ധരാകാം.

26 ഒരുവന്‍ അശുദ്ധനായശേഷം ശുദ്ധീകരണത്തിനുവേണ്ടി ഏഴുദിവസം കാത്തിരിക്കണം. അതുകഴിയുമ്പോള്‍ അവന്‍ ശുദ്ധനാകും.

27 അയാള്‍ വിശുദ്ധസ്ഥലത്ത് ശുശ്രൂഷ ചെയ്യാന്‍ പോകുന്ന ദിവസം തനിക്കുവേണ്ടിയുള്ള പാപപരിഹാരബലി അര്‍പ്പിക്കേണ്ടതാണ് എന്ന് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

28

അവര്‍ക്ക് പൈതൃകാവകാശം ഒന്നും ഉണ്ടായിരിക്കരുത്; ഞാന്‍തന്നെ അവരുടെ അവകാശം. നിങ്ങള്‍ ഇസ്രായേലില്‍ അവര്‍ക്ക് സ്വത്തവകാശം ഒന്നും നല്‌കരുത്. ഞാന്‍ തന്നെയാണ് അവരുടെ സ്വത്ത്.

29 അവര്‍ ഭോജനയാഗം, പാപപരിഹാരയാഗം, അകൃത്യയാഗം ഇവകൊണ്ട് ഉപജീവനം കഴിക്കണം. ഇസ്രായേലിലെ അര്‍പ്പിതവസ്തുക്കളെല്ലാം അവര്‍ക്കുള്ളതായിരിക്കണം.

30 സകലവിധ ആദ്യഫലങ്ങളിലുംവച്ച് ഉത്തമമായതും എല്ലാവിധ വഴിപാടുകളും പുരോഹിതനുള്ളതായിരിക്കണം. നിന്‍റെ ഭവനത്തിന് അനുഗ്രഹം ലഭിക്കാന്‍വേണ്ടി നിന്‍റെ തരിമാവപ്പങ്ങളില്‍ ആദ്യത്തേത് പുരോഹിതന്മാര്‍ക്കു നല്‌കണം.

31 താനേ ചത്തതോ കടിച്ചുകീറപ്പെട്ടതോ ആയ പക്ഷികളെയോ മൃഗങ്ങളെയോ പുരോഹിതന്മാര്‍ തിന്നരുത്.

45

1

നിങ്ങള്‍ ഓരോ ഗോത്രത്തിനും ദേശം ഭാഗിച്ചുകൊടുക്കുമ്പോള്‍ അതില്‍ ഒരു ഭാഗം സര്‍വേശ്വരന്‍റെ വിശുദ്ധസ്ഥലമായി വേര്‍തിരിക്കണം. അതിന് ഇരുപത്തയ്യായിരം മുഴം നീളവും ഇരുപതിനായിരം മുഴം വീതിയും ഉണ്ടായിരിക്കണം. ആ സ്ഥലം മുഴുവന്‍ വിശുദ്ധമായിരിക്കും.

2 ഇതില്‍ അഞ്ഞൂറു മുഴം നീളവും വീതിയും ഉള്ള ഒരു സമചതുരസ്ഥലം വിശുദ്ധമന്ദിരത്തിനുവേണ്ടി വേര്‍തിരിക്കണം. അതിനു ചുറ്റും അമ്പതുമുഴം വീതിയില്‍ സ്ഥലം തുറസ്സായി കിടക്കണം.

3 വിശുദ്ധസ്ഥലത്ത് ഇരുപത്തയ്യായിരം മുഴം നീളത്തിലും പതിനായിരം മുഴം വീതിയിലും സ്ഥലം അളന്നു വേര്‍തിരിക്കണം. അതില്‍ ആയിരിക്കണം ദേവാലയവും അതിവിശുദ്ധസ്ഥലവും.

4 അതു ദേശത്തിന്‍റെ വിശുദ്ധമായ ഭാഗം ആയിരിക്കും. വിശുദ്ധമന്ദിരത്തില്‍ സര്‍വേശ്വരനെ ശുശ്രൂഷിക്കുന്നവരും കര്‍ത്തൃശുശ്രൂഷയ്‍ക്കായി അവിടുത്തെ സമീപിക്കുന്നവരുമായ പുരോഹിതന്മാര്‍ക്കുള്ള ഭാഗം ഇതാണ്. ഇവിടെ ആയിരിക്കും അവരുടെ ഭവനങ്ങളും ദേവാലയത്തിനുള്ള വിശുദ്ധസ്ഥലവും.

5 ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയുമുള്ള ബാക്കിഭാഗം ദേവാലയത്തിലെ ശുശ്രൂഷകരായ ലേവ്യര്‍ക്കുള്ളതായിരിക്കണം. അത് അവര്‍ക്കു വസിക്കാനുള്ള നഗരങ്ങള്‍ക്കുവേണ്ടിയാണ്.

6

വിശുദ്ധസ്ഥലമായി നിങ്ങള്‍ വേര്‍തിരിച്ച സ്ഥലത്തോട് ചേര്‍ന്നു കിടക്കുന്ന ഇരുപത്തയ്യായിരം മുഴം നീളവും അയ്യായിരം മുഴം വീതിയുമുള്ള പ്രദേശം നഗരത്തിനുവേണ്ടി വേര്‍തിരിക്കണം. ഇത് സമസ്ത ഇസ്രായേല്‍ജനങ്ങളുടെയും പൊതുസ്വത്തായിരിക്കും.

7

വിശുദ്ധപ്രദേശത്തിന്‍റെയും നഗരഭൂമിയുടെയും ഇരുവശങ്ങളിലായി വിശുദ്ധപ്രദേശത്തോടും നഗരഭൂമിയോടും ചേര്‍ന്ന് കിഴക്കും പടിഞ്ഞാറും ഒരു ഗോത്രത്തിന്‍റെ ഓഹരിക്കു തുല്യമായ നീളത്തില്‍ പടിഞ്ഞാറേ അതിരുമുതല്‍ കിഴക്കേ അതിരുവരെ വ്യാപിച്ചുകിടക്കുന്ന പ്രദേശം രാജാവിന് ഉള്ളതായിരിക്കും.

8 അത് അദ്ദേഹത്തിന് ഇസ്രായേലില്‍ ഉള്ള ഭൂസ്വത്തായിരിക്കും. രാജാക്കന്മാര്‍ എന്‍റെ ജനത്തെ ഇനി ഒരിക്കലും പീഡിപ്പിക്കരുത്. അവര്‍ ദേശം ഇസ്രായേലിലെ അതതു ഗോത്രങ്ങള്‍ക്കായി നല്‌കണം.

9

സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍രാജാക്കന്മാരേ, മതിയാക്കുക; അക്രമവും മര്‍ദനവും ഉപേക്ഷിച്ചു നീതിയും ന്യായവും പാലിക്കുക. എന്‍റെ ജനത്തെ കുടിയിറക്കുന്നതു നിര്‍ത്തുവിന്‍. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

10

ഒത്ത തുലാസും അളവുപാത്രങ്ങളും നിങ്ങള്‍ ഉപയോഗിക്കണം.

11 ഏഫായും ബത്തും ഒരേ അളവിലായിരിക്കണം. ഹോമറിന്‍റെ പത്തിലൊന്നാണ് ഒരു ബത്ത്. ഏഫായും ഹോമറിന്‍റെ പത്തിലൊന്നുതന്നെ. ഹോമര്‍ ആണ് അടിസ്ഥാനഅളവ്.

12 ഒരു ശേക്കെല്‍ ഇരുപതു ഗേരാ ആയിരിക്കണം. അഞ്ചു ശേക്കെല്‍ അഞ്ചു ശേക്കെല്‍ തന്നെയും പത്തു ശേക്കെല്‍ പത്തു ശേക്കെല്‍ തന്നെയും ആയിരിക്കണം. അമ്പതു ശേക്കെല്‍ ആയിരിക്കണം ഒരു മിനാ.

13

നിങ്ങളുടെ വഴിപാട് ഇപ്രകാരം ആയിരിക്കണം: ഓരോ ഹോമര്‍ കോതമ്പിനും ഏഫായുടെ ആറിലൊന്നും ഓരോ ഹോമര്‍ ബാര്‍ലിക്കും ഏഫായുടെ ആറിലൊന്നും സമര്‍പ്പിക്കണം.

14 എണ്ണയുടെ കാര്യത്തില്‍ ഓരോ കോറിനും ഒരു ബത്തിന്‍റെ പത്തിലൊന്നാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത് (ഒരു കോര്‍ പത്തു ബത്തു ചേര്‍ന്നത്).

15 ഇസ്രായേലിലെ ഓരോ ഗോത്രവും ഇരുനൂറ് ആടിന് ഒരു ആട് എന്ന കണക്കില്‍ വഴിപാട് അര്‍പ്പിക്കണം. അവരുടെ പ്രായശ്ചിത്തത്തിനായി നടത്തുന്ന ധാന്യയാഗത്തിനും ഹോമയാഗത്തിനും സമാധാനയാഗത്തിനും വേണ്ടിയുള്ളതാണ് ഈ വഴിപാട് എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു:

16 ഇസ്രായേല്‍ജനമെല്ലാം ഈ വഴിപാടുകള്‍ രാജാവിനെ ഏല്പിക്കണം.

17 ഇസ്രായേലിന്‍റെ ഉത്സവകാലങ്ങളിലും അമാവാസികളിലും ശബത്തുകളിലും എല്ലാ നിര്‍ദിഷ്ട പെരുന്നാളുകളിലും ഹോമയാഗങ്ങളും ധാന്യയാഗങ്ങളും പാനീയയാഗങ്ങളും നടത്താന്‍ രാജാവ് ബാധ്യസ്ഥനാണ്. ഇസ്രായേല്‍ജനത്തിന്‍റെ പ്രായശ്ചിത്തത്തിനായി പാപപരിഹാരയാഗങ്ങള്‍ക്കും ഹോമയാഗങ്ങള്‍ക്കും സമാധാനയാഗങ്ങള്‍ക്കും ആവശ്യമായത് അദ്ദേഹം നല്‌കണം.

18

സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഒന്നാം മാസം ഒന്നാം ദിവസം കുറ്റമറ്റ ഒരു കാളക്കുട്ടിയെ കൊണ്ടുവന്ന് വിശുദ്ധസ്ഥലത്തിനു പ്രായശ്ചിത്തം വരുത്തണം.

19 പുരോഹിതന്‍ അതിന്‍റെ പാപപരിഹാരയാഗത്തില്‍നിന്ന് കുറെ രക്തം എടുത്ത് ദേവാലയത്തിന്‍റെ കട്ടിളകളിലും യാഗപീഠത്തിന്‍റെ നാലു കോണുകളിലും അകമുറ്റത്തെ പടിപ്പുരയുടെ തൂണുകളിലും പുരട്ടണം.

20 അബദ്ധവശാലോ അജ്ഞതയാലോ പാപം ചെയ്തുപോയവര്‍ക്കുവേണ്ടി ഇതേ ബലിതന്നെ അതാതു മാസത്തിന്‍റെ ഏഴാം ദിവസം നടത്തേണ്ടതാണ്. ഇങ്ങനെ നിങ്ങള്‍ ദേവാലയത്തിനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം.

21

ഒന്നാം മാസത്തിന്‍റെ പതിനാലാം ദിവസം നിങ്ങള്‍ പെസഹാപെരുന്നാള്‍ ആചരിക്കണം. ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കേണ്ടതാണ്.

22 അന്ന് രാജാവ് തനിക്കും ദേശത്തെ എല്ലാ ജനങ്ങള്‍ക്കുംവേണ്ടി പാപപരിഹാരയാഗത്തിനായി ഒരു കാളക്കുട്ടിയെ നല്‌കണം.

23 ഉത്സവത്തിന്‍റെ ഏഴു ദിവസവും കുറ്റമറ്റ ഏഴു കാളക്കുട്ടികളെയും ഏഴു മുട്ടാടുകളെയും സര്‍വേശ്വരന് ഹോമയാഗമായി അര്‍പ്പിക്കുകയും വേണം. പാപപരിഹാരബലിക്കായി ഓരോ ആണ്‍കോലാടിനെയും ഈ ഏഴു ദിവസവും അര്‍പ്പിക്കേണ്ടതാണ്.

24 ഹോമയാഗമായി അര്‍പ്പിക്കുന്ന ഓരോ കാളയ്‍ക്കും ഓരോ ആണാടിനും ഓരോ ഏഫാ ധാന്യവും ഓരോ ഏഫാ ധാന്യത്തിനും ഓരോ ഹീന്‍ എണ്ണയും ധാന്യയാഗമായി അദ്ദേഹം നല്‌കണം.

25 ഏഴാം മാസം പതിനഞ്ചാം ദിവസംമുതല്‍ ഏഴു ദിവസം നിത്യവും രാജാവ് പാപപരിഹാരബലിക്കും ഹോമയാഗത്തിനും ധാന്യയാഗത്തിനും എണ്ണയ്‍ക്കും ഇതേ ക്രമംതന്നെ പാലിക്കണം.

46

1

സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “ദേവാലയത്തിന്‍റെ അക മുറ്റത്തു കിഴക്കോട്ടു ദര്‍ശനമുള്ള പടിപ്പുര വാതില്‍ ആറു പ്രവൃത്തിദിവസങ്ങളിലും അടച്ചിടണം. ശബത്തിലും അമാവാസിയിലും ആ വാതില്‍ തുറന്നിടണം.

2 രാജാവു പുറത്തുനിന്നു പടിപ്പുരയുടെ പൂമുഖം വഴി അകത്തു കടന്നു പടിപ്പുരയുടെ തൂണിനു സമീപം നില്‌ക്കണം. പുരോഹിതന്മാര്‍ രാജാവിനുവേണ്ടിയുള്ള ഹോമയാഗവും സമാധാനയാഗവും അര്‍പ്പിക്കണം. പടിപ്പുരവാതില്‌ക്കല്‍ നിന്നുകൊണ്ടു രാജാവ് ആരാധിക്കണം. പിന്നീട് അദ്ദേഹം പുറത്തുപോകണം. എന്നാല്‍ നേരം വൈകുന്നതുവരെ പടിപ്പുരവാതില്‍ അടച്ചുകൂടാ.

3 ദേശത്തെ ജനം ശബത്തിലും അമാവാസിയിലും പടിപ്പുരയുടെ പ്രവേശനദ്വാരത്തില്‍നിന്നുകൊണ്ട് സര്‍വേശ്വരന്‍റെ സന്നിധാനത്തില്‍ ആരാധിക്കണം.

4 ശബത്തുദിവസം രാജാവ് കുറ്റമറ്റ ആറു കുഞ്ഞാടുകളെയും ഒരു മുട്ടാടിനെയും ഹോമയാഗമായി അര്‍പ്പിക്കണം.

5 ധാന്യയാഗമായി മുട്ടാടിനോടൊപ്പം ഒരു ഏഫാ ധാന്യവും കുഞ്ഞാടിനോടൊപ്പം തന്‍റെ പ്രാപ്തിക്കൊത്തവിധം ധാന്യവും ഓരോ ഏഫാ ധാന്യത്തിനും ഓരോ ഹീന്‍ എന്ന കണക്കിന് എണ്ണയും നല്‌കണം.

6 അമാവാസിയില്‍ രാജാവ് ഒരു കാളക്കുട്ടിയെയും ആറു കുഞ്ഞാടുകളെയും ഒരു മുട്ടാടിനെയും അര്‍പ്പിക്കണം. അവയെല്ലാം കുറ്റമറ്റവ ആയിരിക്കണം.

7 ധാന്യയാഗമായി കാളക്കുട്ടിയോടും മുട്ടാടിനോടും ഒപ്പം ഓരോ ഏഫാ ധാന്യവും കുഞ്ഞാടുകളോടൊപ്പം തന്‍റെ കഴിവനുസരിച്ചു ധാന്യവും ഓരോ ഏഫായ്‍ക്കും ഒരു ഹീന്‍ എന്ന കണക്കിന് എണ്ണയും നല്‌കണം.

8 രാജാവ് പടിപ്പുരയുടെ പൂമുഖത്തിലൂടെ പ്രവേശിക്കുകയും ആ വഴിയിലൂടെത്തന്നെ പുറത്തുപോകുകയും വേണം.

9

ജനം ഉത്സവദിവസങ്ങളില്‍ സര്‍വേശ്വരന്‍റെ സന്നിധിയില്‍ വരുമ്പോള്‍ വടക്കേ പടിപ്പുരവഴി പ്രവേശിക്കുന്നവര്‍ തെക്കേ പടിപ്പുര വഴിയും തെക്കേ പടിപ്പുരവഴി പ്രവേശിക്കുന്നവര്‍ വടക്കേ പടിപ്പുരവഴിയും പുറത്തുപോകണം. ഒരുവനും താന്‍ പ്രവേശിച്ച പടിപ്പുരവഴി പുറത്തു പൊയ്‍ക്കൂടാ.

10 ജനം അകത്തു പ്രവേശിക്കുമ്പോള്‍ അവരോടൊപ്പം രാജാവും പ്രവേശിക്കണം. അവര്‍ പുറത്തു പോകുമ്പോള്‍ അവരോടൊപ്പം അദ്ദേഹം പുറത്തുപോകുകയും വേണം.

11 വിശേഷദിവസങ്ങളിലും ഉത്സവദിവസങ്ങളിലും ധാന്യയാഗത്തിന് കാളക്കുട്ടിയോടും മുട്ടാടിനോടും ഒപ്പം ഓരോ ഏഫാ ധാന്യവും കുഞ്ഞാടുകളോടൊപ്പം അവരവരുടെ കഴിവനുസരിച്ചു ധാന്യവും അതോടൊപ്പം ഒരു ഏഫായ്‍ക്ക് ഒരു ഹീന്‍ എന്ന കണക്കിന് എണ്ണയും നല്‌കണം.

12 രാജാവ് സ്വന്ത ഇഷ്ടപ്രകാരം യാഗം നടത്തുമ്പോള്‍ ഹോമയാഗം ആയാലും സമാധാനയാഗം ആയാലും കിഴക്കോട്ടു ദര്‍ശനമുള്ള പടിപ്പുര അദ്ദേഹത്തിനു തുറന്നു കൊടുക്കണം. ശബത്തു ദിവസത്തിലെന്നപോലെ അദ്ദേഹം ഹോമയാഗമോ സമാധാനയാഗമോ അര്‍പ്പിക്കണം. പിന്നീട് അദ്ദേഹം പുറത്തുപോകണം. അതിനുശേഷം പടിപ്പുരവാതില്‍ അടയ്‍ക്കണം.

13

സര്‍വേശ്വരന് അര്‍പ്പിക്കുന്ന ഹോമയാഗത്തിനുവേണ്ടി രാജാവു പ്രതിദിനം ഒരു വയസ് പ്രായമുള്ള കുറ്റമറ്റ ഓരോ ആട്ടിന്‍കുട്ടിയെ നല്‌കണം. പ്രഭാതംതോറും അത് അര്‍പ്പിക്കുകയും വേണം.

14 അതിന്‍റെ ധാന്യയാഗമായി പ്രഭാതംതോറും ഏഫായുടെ ആറിലൊന്ന് മാവും അതു കുഴയ്‍ക്കാന്‍ മൂന്നിലൊന്ന് ഹീന്‍ എണ്ണയും നല്‌കണം. ഇവയാണ് നിരന്തരഹോമയാഗത്തിനുള്ള വ്യവസ്ഥകള്‍.

15 അങ്ങനെ നിരന്തരഹോമയാഗത്തിനുവേണ്ടി ആട്ടിന്‍ കുട്ടിയും ധാന്യവഴിപാടും എണ്ണയും പ്രഭാതം തോറും നല്‌കണം.

16 സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. രാജാവ് തന്‍റെ പുത്രന്മാരില്‍ ആര്‍ക്കെങ്കിലും തന്‍റെ അവകാശത്തില്‍നിന്നു ദാനം നല്‌കുന്നെങ്കില്‍ അത് അവന് അവകാശപ്പെട്ടതായിരിക്കും.

17

എന്നാല്‍ രാജാവ് തന്‍റെ അവകാശത്തില്‍നിന്ന് തന്‍റെ ദാസന് ഒരു ദാനം നല്‌കുന്നെങ്കില്‍ വിമോചനവര്‍ഷംവരെ മാത്രമേ അത് അവന്‍റേതായിരിക്കുകയുള്ളൂ. അതിനുശേഷം ആ സ്വത്ത് വീണ്ടും രാജാവിന്‍റേതായിത്തീരും. രാജാവിന്‍റെ പിതൃസ്വത്തിന്‍റെ അവകാശം അദ്ദേഹത്തിന്‍റെ പുത്രന്മാര്‍ക്കു മാത്രമുള്ളതാണ്.

18 രാജാവു ജനത്തെ പുറന്തള്ളിയശേഷം അവരുടെ സ്വത്ത് കൈയടക്കിക്കൂടാ. സ്വന്തം സ്വത്തില്‍നിന്നാണു രാജാവ് പുത്രന്മാര്‍ക്ക് അവകാശം നല്‌കേണ്ടത്. അങ്ങനെ ചെയ്താല്‍ എന്‍റെ ജനത്തിന് അവരുടെ അവകാശത്തില്‍നിന്നു ചിതറി പോകേണ്ടിവരികയില്ല.

19

പിന്നീട് അയാള്‍ എന്നെ പടിപ്പുരയുടെ പാര്‍ശ്വത്തിലുള്ള പ്രവേശനദ്വാരത്തിലൂടെ പുരോഹിതര്‍ക്കുള്ള വിശുദ്ധമുറികളുടെ വടക്കേനിരയിലേക്കു കൊണ്ടുവന്നു. ആ മുറികളുടെ പടിഞ്ഞാറേ അറ്റത്ത് ഒരു സ്ഥലം എനിക്കു കാട്ടിത്തന്നു.

20 പുരോഹിതന്മാര്‍ പ്രായശ്ചിത്തയാഗത്തിനും പാപപരിഹാരയാഗത്തിനും ഉള്ള നിവേദ്യങ്ങള്‍ പാകം ചെയ്യുന്നതും ധാന്യയാഗത്തിനുള്ള അപ്പം ചുടുന്നതും ഇവിടെയാണ്. അയാള്‍ എന്നോടു പറഞ്ഞു: വിശുദ്ധി പുറത്തെ അങ്കണത്തിലേക്കു വ്യാപിച്ച് ജനത്തെ ബാധിക്കാതിരിക്കാനാണ് ഇപ്രകാരം ചെയ്യുന്നത്.

21

പിന്നീട് അയാള്‍ എന്നെ പുറത്തെ അങ്കണത്തിലേക്കു നയിച്ചു. അതിന്‍റെ നാലു കോണിലും ഓരോ ചെറിയ മുറ്റമുണ്ടായിരുന്നു.

22 ആ നാലു മുറ്റങ്ങളും ഒരേ വലിപ്പമുള്ളവയായിരുന്നു; നാല്പതു മുഴം നീളവും മുപ്പതു മുഴം വീതിയും.

23 ആ ചെറുമുറ്റങ്ങളുടെ ചുറ്റും കല്ഭിത്തികള്‍ കെട്ടിയിരുന്നു. അവയുടെ ചുവട്ടില്‍ അടുപ്പുകള്‍ ഉണ്ടായിരുന്നു.

24 ദേവാലയത്തിലെ ശുശ്രൂഷകര്‍ ജനങ്ങള്‍ക്കുവേണ്ടിയുള്ള യാഗവസ്തുക്കള്‍ പാകപ്പെടുത്തുന്നത് ഇവിടെയാണ് എന്ന് അയാള്‍ എന്നോടു പറഞ്ഞു.

47

1

പിന്നീട് അയാള്‍ എന്നെ ദേവാലയവാതില്‌ക്കലേക്കു മടക്കിക്കൊണ്ടുവന്നു. അതാ, ദേവാലയത്തിന്‍റെ ഉമ്മരപ്പടിയുടെ കീഴില്‍നിന്ന് വെള്ളം കിഴക്കോട്ട് ഒഴുകുന്നു (ദേവാലയത്തിന്‍റെ ദര്‍ശനം കിഴക്കോട്ടാണല്ലോ) ഉമ്മരപ്പടിയുടെ താഴെ ദേവാലയ പൂമുഖത്തിന്‍റെ വടക്കുഭാഗത്ത് യാഗപീഠത്തിന്‍റെ തെക്കു നിന്നായിരുന്നു നീരൊഴുക്ക്.

2 പിന്നീട് എന്നെ അയാള്‍ വടക്കേ പടിപ്പുരവഴി വെളിയിലേക്കു കൊണ്ടുവന്നു. അതിനുശേഷം പുറത്തുകൂടി കിഴക്കോട്ടു ദര്‍ശനമുള്ള പടിപ്പുരയിലേക്കു നയിച്ചു. വെള്ളം പടിപ്പുരയുടെ തെക്കുവശത്തുകൂടി ഒഴുകുന്നുണ്ടായിരുന്നു.

3

കൈയില്‍ ഒരളവുനൂലുമായി അയാള്‍ കിഴക്കോട്ടു നടന്ന് ആയിരം മുഴം അളന്നു. വെള്ളത്തില്‍ കൂടിയാണ് അയാള്‍ എന്നെ നയിച്ചത്. വെള്ളം എന്‍റെ കണങ്കാല്‍വരെ ഉണ്ടായിരുന്നു.

4 വീണ്ടും അയാള്‍ ആയിരം മുഴം ദൂരം അളന്നപ്പോള്‍ വെള്ളം മുട്ടോളമായി. പിന്നെയും ആയിരം മുഴംകൂടി അളന്ന് അയാള്‍ എന്നെ വെള്ളത്തിലൂടെ നയിച്ചു. അപ്പോള്‍ വെള്ളം അരയറ്റമായി.

5 ആയിരം മുഴം കൂടി അളന്നപ്പോള്‍ എനിക്കു കടന്നുപോകാന്‍ കഴിയാത്ത ഒരു ജലപ്രവാഹമായി അതുയര്‍ന്നു. നീന്താതെ കടക്കാന്‍ കഴിയാത്ത ഒരു നദി;

6 “മനുഷ്യപുത്രാ, ഇതുകണ്ടോ?” എന്ന് അയാള്‍ എന്നോടു ചോദിച്ചു. പിന്നീട് അയാള്‍ എന്നെ നദീതീരത്തേക്ക് കൊണ്ടുവന്നു.

7 ഞാന്‍ തിരിച്ചുവരുമ്പോള്‍ നദിയുടെ ഇരുകരകളിലും നിരവധി വൃക്ഷങ്ങള്‍ നില്‌ക്കുന്നതായി കണ്ടു.

8 അയാള്‍ എന്നോടു പറഞ്ഞു: ഈ ജലം കിഴക്കോട്ടൊഴുകി അരാബായില്‍ ചെന്നു ചേരുന്നു. ഇതു ചെന്നു ചേരുമ്പോള്‍ കടലിലെ കെട്ടിക്കിടക്കുന്ന ജലം ശുദ്ധമായിത്തീരുന്നു.

9 ഈ നദി ഒഴുകിച്ചെല്ലുന്നിടത്തെല്ലാം ധാരാളം ജീവജാലങ്ങളും മത്സ്യങ്ങളും ഉണ്ടായിരിക്കും. കാരണം ഈ നദിയിലെ വെള്ളം ചെന്നുചേരുമ്പോള്‍ സമുദ്രജലം ശുദ്ധമായിത്തീരുന്നു. ഇതിലെ ജലം ഒഴുകി ചെല്ലുന്നിടത്തെല്ലാം സര്‍വ ജീവജാലങ്ങള്‍ക്കും ജീവിക്കാന്‍ കഴിയും.

10 കടല്‌ക്കരയില്‍ മീന്‍പിടിത്തക്കാര്‍ നിന്നു വലവീശും. ഏന്‍-ഗെദിമുതല്‍ ഏന്‍-എഗ്ലയീംവരെ വല വിരിച്ചിടുന്ന സ്ഥലമാണ്. അവിടെ മഹാസമുദ്രത്തിലെപ്പോലെ നാനാതരത്തിലുള്ള മത്സ്യങ്ങള്‍ ധാരാളം ഉണ്ടായിരിക്കും.

11 എന്നാല്‍ ചേറും ചതുപ്പും നിറഞ്ഞ സ്ഥലങ്ങള്‍ ശുദ്ധമായിരിക്കുകയില്ല. അവ ഉപ്പു വിളയുന്ന സ്ഥലങ്ങളായിത്തീരും.

12 നദിയുടെ ഇരുകരകളിലും നാനാതരം ഫലവൃക്ഷങ്ങള്‍ ഉണ്ടായിരിക്കും. അവയുടെ ഇല വാടുകയില്ല. അവ ഫലം നല്‌കാതിരിക്കുകയുമില്ല. വിശുദ്ധമന്ദിരത്തില്‍ നിന്ന് ഒഴുകിവരുന്ന ജലം ലഭിക്കുന്നതുകൊണ്ട് ആ വൃക്ഷങ്ങളില്‍ മാസംതോറും പുതിയ കനികള്‍ ഉണ്ടാകുന്നു. അവയുടെ ഫലങ്ങള്‍ ആഹാരത്തിനും ഇലകള്‍ രോഗസൗഖ്യത്തിനും ഉപകരിക്കുന്നു.

13

സര്‍വേശ്വരനായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങള്‍ക്ക് അവകാശമായി ദേശത്തെ വിഭജിക്കുന്ന അതിരുകള്‍ ഇവയാണ്: യോസേഫിന്‍റെ ഗോത്രത്തിനു രണ്ടു പങ്കുണ്ടായിരിക്കണം.

14 ഈ ദേശം നിങ്ങളുടെ പിതാക്കന്മാര്‍ക്കു നല്‌കുമെന്നു ഞാന്‍ വാഗ്ദാനം ചെയ്തിരുന്നു. അതു നിങ്ങള്‍ക്ക് അവകാശമായി ലഭിക്കും. നിങ്ങള്‍ അത് തുല്യമായി ഭാഗിക്കണം.

15 ദേശത്തിന്‍റെ അതിരുകള്‍ ഇവയാണ്: വടക്കു മഹാസമുദ്രംമുതല്‍ ഹെത്‍ലോന്‍ വഴി ഹമാത്ത്കവാടംവരെയും

16 അവിടെനിന്ന് സെദാദ് ബെരോത്താ ദമാസ്കസിനും ഹാമാത്തിനും ഇടയിലുള്ള സിബ്രയീം എന്നിവ വഴി ഹൗറാന്‍റെ അതിര്‍ത്തിയിലെ

17 ഹാസര്‍ ഏനോന്‍ വരെയും വടക്കോട്ടും ആയിരിക്കും വടക്കേ അതിര്.

18

കിഴക്കേ അതിര് ഹൗറാനിനും ദമാസ്കസിനും ഇടയ്‍ക്കുള്ള ഹാസര്‍ ഏനോന്‍മുതല്‍ ഗിലെയാദിനും ഇസ്രായേല്‍ദേശത്തിനും യോര്‍ദ്ദാന്‍നദി വഴി കിഴക്കേ സമുദ്രവും താമാറുംവരെ.

19

തെക്കേ അതിരു താമാര്‍ തൊട്ട് മെരിബോത് കാദേശ് ജലാശയംവരെയും അവിടെനിന്ന് ഈജിപ്തുതോടു വഴി മഹാസമുദ്രം വരെയും ആയിരിക്കും.

20

പടിഞ്ഞാറേ അതിര് ഹാമാത്തിലേക്കുള്ള തിരിവിന്‍റെ എതിര്‍വശം വരെ മഹാസമുദ്രം ആയിരിക്കും.

21

ഇസ്രായേല്‍ഗോത്രങ്ങളുടെ എണ്ണമനുസരിച്ച് ഈ പ്രദേശം നിങ്ങള്‍ വിഭജിക്കണം.

22 നിങ്ങള്‍ക്കും നിങ്ങളുടെ ഇടയില്‍ വന്നു പാര്‍ത്തശേഷം ജനിച്ച കുട്ടികളോടുകൂടി കഴിയുന്ന പരദേശികള്‍ക്കും പൈതൃകാവകാശമായി ദേശം പങ്കുവയ്‍ക്കണം. അവര്‍ സ്വദേശികളായി ജനിച്ച ഇസ്രായേല്‍പുത്രന്മാരെപ്പോലെതന്നെ ആയിരിക്കണം. ഇസ്രായേല്‍ഗോത്രങ്ങള്‍ക്കിടയില്‍ നിങ്ങള്‍ക്കെന്നപോലെ അവര്‍ക്കും നിങ്ങളുടെ ഇടയില്‍ അവകാശം ലഭിക്കണം.

23 പരദേശി പാര്‍ക്കുന്നത് ഏതു ഗോത്രത്തോടൊത്തായാലും അവിടെ അവന് അവകാശം നല്‌കണം; സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

48

1

ഇസ്രായേല്‍ഗോത്രങ്ങള്‍ക്ക് അവകാശപ്പെട്ട ദേശങ്ങള്‍: വടക്കേ അറ്റംമുതല്‍ ഹെത്‍ലോന്‍ വഴി ഹാമാത്തിലേക്കുള്ള പ്രവേശനദ്വാരംവരെയും ഹാമാത്തിനെതിരെ ദമാസ്കസിന്‍റെ വടക്കേ അതിര്‍ത്തിയിലുള്ള ഹസര്‍-ഏനാന്‍വരെയും കിഴക്കു പടിഞ്ഞാറായി കിടക്കുന്ന ഭാഗം ദാന്‍ഗോത്രത്തിനാണ്.

2 അതിനോടു ചേര്‍ന്ന് കിഴക്കുമുതല്‍ പടിഞ്ഞാറേ അറ്റംവരെ കിടക്കുന്ന ഭാഗം ആശേര്‍ ഗോത്രത്തിനുള്ളതാണ്.

3 അതിനോടു ചേര്‍ന്ന് കിഴക്കുമുതല്‍ പടിഞ്ഞാറുവരെയുള്ള ഭാഗം നഫ്താലിഗോത്രത്തിന്‍റേതും

4 അതിനോട് തൊട്ടു കിഴക്കുമുതല്‍ പടിഞ്ഞാറുവരെയുള്ള ഭാഗം മനശ്ശെഗോത്രത്തിന്‍റേതുമാണ്.

5 അതിനോടു ചേര്‍ന്ന് കിഴക്കേ അറ്റംമുതല്‍ പടിഞ്ഞാറുവരെ എഫ്രയീംഗോത്രത്തിന്‍റേതും

6 അതിനോടു ചേര്‍ന്നു കിഴക്കേ അറ്റംമുതല്‍ പടിഞ്ഞാറുവരെ രൂബേന്‍ഗോത്രത്തിന്‍റേതും

7 അതിനോട് ചേര്‍ന്നു കിഴക്കേ അറ്റംമുതല്‍ പടിഞ്ഞാറുവരെയുള്ള ഭാഗം യെഹൂദാഗോത്രത്തിന്‍റേതുമാണ്.

8

യെഹൂദാഗോത്രത്തിന്‍റെ ഓഹരിയോടു ചേര്‍ന്ന് കിഴക്കേ അറ്റംമുതല്‍ പടിഞ്ഞാറുവരെ ഒരു ഗോത്രത്തിന്‍റെ ഓഹരിയുടെ നീളത്തിലും ഇരുപത്തയ്യായിരം മുഴം വീതിയിലുമുള്ള പ്രദേശം കിഴക്കു പടിഞ്ഞാറായി പ്രത്യേകം വേര്‍തിരിക്കണം.

9 അതിന്‍റെ മധ്യത്തിലായിരിക്കും വിശുദ്ധമന്ദിരം. സര്‍വേശ്വരനായി വേര്‍തിരിക്കുന്ന സ്ഥലത്തിന് ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ഉണ്ടായിരിക്കണം.

10 വിശുദ്ധഓഹരി ഇങ്ങനെ ഭാഗിക്കണം: വടക്ക് ഇരുപത്തയ്യായിരം മുഴം നീളവും പടിഞ്ഞാറ് പതിനായിരം മുഴം വീതിയും കിഴക്ക് പതിനായിരം മുഴം വീതിയും തെക്ക് ഇരുപത്തയ്യായിരം മുഴം നീളവുമുള്ള ഭാഗം പുരോഹിതന്മാര്‍ക്കുള്ളതാണ്. ഇതിന്‍റെ മധ്യത്തിലാണ് സര്‍വേശ്വരന്‍റെ വിശുദ്ധമന്ദിരം.

11 സാദോക്കിന്‍റെ പുത്രന്മാരായ അഭിഷിക്ത പുരോഹിതന്മാര്‍ക്കുവേണ്ടിയുള്ളതാണ് ഇത്. ഇസ്രായേല്‍ജനങ്ങളും ലേവ്യരുടെ വഴിതെറ്റിപോയപ്പോള്‍ അവരെപ്പോലെ അപഥസഞ്ചാരം ചെയ്യാതെ എന്‍റെ കാര്യവിചാരകനായിരുന്ന സാദോക്കിന്‍റെ പുത്രന്മാരാണ് അവര്‍.

12 ലേവ്യരുടെ പ്രദേശത്തോടു ചേര്‍ന്നുള്ള ദേശത്തിന്‍റെ വിശുദ്ധ ഓഹരിയില്‍നിന്ന് അതിവിശുദ്ധമായി വേര്‍തിരിച്ചെടുത്ത ഓഹരിയാണ് അവരുടേത്.

13 പുരോഹിതന്മാരുടെ സ്ഥലത്തോടു ചേര്‍ന്ന് ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയുമുള്ള പ്രദേശം ലേവ്യര്‍ക്കുള്ളതാണ്. അതിന്‍റെ മൊത്തം നീളം ഇരുപത്തയ്യായിരം മുഴം;

14 വീതി പതിനായിരം മുഴവും അതില്‍ ഒരു ഭാഗം പോലും വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ അരുത്. ഇതു സര്‍വേശ്വരനുള്ളതും വിശുദ്ധവുമാകയാല്‍ അന്യാധീനപ്പെടുത്തുകയും അരുത്.

15

ശേഷിക്കുന്ന അയ്യായിരം മുഴം വീതിയും ഇരുപത്തയ്യായിരം മുഴം നീളവുമുള്ള സ്ഥലം, പാര്‍പ്പിടങ്ങള്‍, തുറന്നസ്ഥലം എന്നിങ്ങനെ നഗരത്തിന്‍റെ സാധാരണ ആവശ്യങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. അതിന്‍റെ മധ്യത്തിലായിരിക്കണം നഗരം.

16 നഗരത്തിന്‍റെ നാലുവശങ്ങളില്‍ ഓരോന്നിനും നാലായിരത്തി അഞ്ഞൂറു മുഴം വീതം നീളമുണ്ടായിരിക്കണം.

17 നഗരത്തിന് വടക്കും തെക്കും കിഴക്കും പടിഞ്ഞാറും ഇരുനൂറ്റമ്പതു മുഴം വീതമുള്ള തുറസ്സായ സ്ഥലം ഉണ്ടായിരിക്കണം.

18 വിശുദ്ധഓഹരിയുടെ അരികില്‍ മിച്ചമുള്ളത് കിഴക്കും പടിഞ്ഞാറും പതിനായിരം മുഴം വീതം നീളമുള്ള സ്ഥലം കൃഷിഭൂമിയായി ഉപയോഗിക്കണം. അവിടെ ഉത്പാദിപ്പിക്കുന്ന വിളകള്‍ നഗരത്തിലെ പണിക്കാരുടെ ഭക്ഷണത്തിനുള്ളതായിരിക്കണം.

19 നഗരത്തില്‍ പാര്‍ക്കുന്ന എല്ലാവരും ഇസ്രായേലിലെ ഏതു ഗോത്രക്കാരനായാലും അവിടെ കൃഷി ചെയ്യണം.

20 നിങ്ങള്‍ വേര്‍തിരിക്കുന്ന വിശുദ്ധസ്ഥലവും നഗരവും മൊത്തം ഇരുപത്തയ്യായിരം മുഴം നീളവും വീതിയുള്ള സമചതുരമായിരിക്കണം.

21

വിശുദ്ധഓഹരിയുടെയും നഗരത്തിന്‍റെയും ഇരുവശങ്ങളിലും ശേഷിക്കുന്ന സ്ഥലം രാജാവിനുള്ളതാണ്. അത് വിശുദ്ധഓഹരിയുടെ ഇരുപത്തയ്യായിരം മുഴം സ്ഥലത്തുനിന്നു കിഴക്കേ അതിര്‍ത്തിവരെയും ഇരുപത്തയ്യായിരം മുഴം പടിഞ്ഞാറോട്ട് പടിഞ്ഞാറെ അതിര്‍ത്തിവരെയും ഗോത്രങ്ങളുടെ ഓഹരിക്കു സമാന്തരമായി കിടക്കുന്ന പ്രദേശമാണ്. വിശുദ്ധസ്ഥലവും വിശുദ്ധമന്ദിരവും അതിന്‍റെ മധ്യത്തിലായിരിക്കും.

22 ലേവ്യരുടെ സ്വത്തും നഗരസ്വത്തും രാജാവിന്‍റെ ഓഹരിയുടെ മധ്യത്തിലും; രാജാവിനുള്ള ഓഹരിയാകട്ടെ ബെന്യാമീന്‍ഗോത്രത്തിന്‍റെയും യെഹൂദാഗോത്രത്തിന്‍റെയും ഓഹരിയുടെ ഇടയ്‍ക്കും ആയിരിക്കും.

23

മറ്റുഗോത്രങ്ങള്‍ക്കുള്ള ഓഹരികള്‍: കിഴക്കുമുതല്‍ പടിഞ്ഞാറുവരെ ബെന്യാമീന്‍ ഗോത്രത്തിനുള്ളതായിരിക്കണം.

24 അതിനോടു ചേര്‍ന്ന് കിഴക്കു പടിഞ്ഞാറായി കിടക്കുന്നത് ശിമെയോന്‍ഗോത്രത്തിനുള്ള ഓഹരിയത്രേ.

25 അതിനോടു തൊട്ട് കിഴക്കു പടിഞ്ഞാറായി കിടക്കുന്ന ഓഹരി ഇസ്സാഖാര്‍ഗോത്രത്തിനും

26 അതിനോടു ചേര്‍ന്ന് കിഴക്കു പടിഞ്ഞാറുള്ളത് സെബൂലൂന്‍ ഗോത്രത്തിനുമുള്ളത്.

27 സെബൂലൂന്‍ ഗോത്രത്തിന്‍റെ ഓഹരിയോട് ചേര്‍ന്ന് കിഴക്കു പടിഞ്ഞാറായി കിടക്കുന്നത് ഗാദ്ഗോത്രത്തിനുള്ളതാണ്.

28 ഗാദിന്‍റെ തെക്കേ അതിരിനോടു ചേര്‍ന്ന് താമാര്‍മുതല്‍ മെരീബത്ത്-കാദേശ് ജലാശയംവരെയും ഈജിപ്തു തോടുമുതല്‍ മെഡിറ്ററേനിയന്‍ കടല്‍വരെയും ആണ് തെക്കേ അതിര്.

29 ഇതാണ് ഇസ്രായേല്‍ഗോത്രങ്ങള്‍ക്ക് പൈതൃകമായി നല്‌കേണ്ട ദേശം; ഓരോ ഗോത്രത്തിനും ലഭിക്കേണ്ട ഓഹരികളും ഇവ തന്നെ. ഇതു സര്‍വേശ്വരനായ കര്‍ത്താവിന്‍റെ വചനം.

30

നഗരത്തില്‍നിന്നു പുറത്തേക്കു കടക്കാനുള്ള മാര്‍ഗങ്ങള്‍ ഇനി പറയുന്നവയാണ്: നാലായിരത്തഞ്ഞൂറു മുഴം നീളമുള്ള വടക്കുവശത്തെ മതിലിന് മൂന്നു പടിപ്പുരകള്‍.

31 ഇസ്രായേല്‍ഗോത്രങ്ങളുടെ പേരുകള്‍ തന്നെയാണ് പടിപ്പുരകളുടെയും പേരുകള്‍. അവയുടെ പേരുകള്‍ രൂബേന്‍, ലേവി, യെഹൂദാ.

32 നാലായിരത്തഞ്ഞൂറു മുഴം നീളമുള്ള കിഴക്കെ മതിലില്‍ യോസേഫിന്‍റെയും ബെന്യാമീന്‍റെയും ദാനിന്‍റെയും പടിപ്പുരകള്‍.

33 നാലായിരത്തഞ്ഞൂറു മുഴം നീളമുള്ള തെക്കേ മതിലിന് മൂന്നു പടിപ്പുരകള്‍: ശിമെയോന്‍, ഇസ്സാഖാര്‍, സെബൂലൂന്‍ പടിപ്പുരകള്‍.

34 നാലായിരത്തഞ്ഞൂറു മുഴം നീളമുള്ള പടിഞ്ഞാറേ മതിലിന് മൂന്നു പടിപ്പുരകള്‍: ഗാദ്, ആശേര്‍, നഫ്താലി.

35 നഗരചുറ്റളവ് പതിനെണ്ണായിരം മുഴം ആയിരിക്കും. ഇന്നു മുതല്‍ ഈ നഗരത്തിന്‍റെ പേര് യാഹ്ശമ്മാ എന്ന് ആയിരിക്കും.