1

1

ജനനിബിഡമായിരുന്ന നഗരി ഇന്ന് എത്ര ഏകാന്തമായിരിക്കുന്നു!
ജനതകളില്‍ മഹതിയായിരുന്നവള്‍ ഇന്നിതാ വിധവയെപ്പോലെ ആയിരിക്കുന്നു!
നഗരികളുടെ രാജ്ഞിയായിരുന്നവള്‍ ഇന്നിതാ അടിമയായിത്തീര്‍ന്നിരിക്കുന്നു.

2
രാത്രിയില്‍ അതിദുഃഖത്തോടെ അവള്‍ കരയുന്നു;
അവളുടെ കവിള്‍ത്തടത്തിലൂടെ കണ്ണീര്‍ ഒഴുകുന്നു.
അവളുടെ സ്നേഹഭാജനങ്ങളില്‍ ആരും അവളെ ആശ്വസിപ്പിക്കാനില്ല;
അവളുടെ സ്നേഹിതന്മാരെല്ലാം വിശ്വാസവഞ്ചന കാട്ടിയിരിക്കുന്നു.
അവര്‍ അവളുടെ ശത്രുക്കളായിത്തീര്‍ന്നിരിക്കുന്നു.

3
യെഹൂദാ നിവാസികള്‍ ദുരിതത്തിനും ക്രൂരമായ അടിമത്തത്തിനും അധീനരായി പ്രവാസത്തിലേക്കു നയിക്കപ്പെട്ടു.
വിജാതീയരുടെ ഇടയില്‍ വിശ്രമിക്കാന്‍ സ്വന്തമായി ഇടമില്ലാതെ അവള്‍ കഴിയുന്നു.
അവളെ പിന്തുടരുന്നവര്‍ അവളുടെ കൊടിയ ദുഃഖത്തിന്‍റെ നടുവില്‍ അവളെ പീഡിപ്പിക്കുന്നു.

4
ഉത്സവത്തിന് ആരും വരായ്കകൊണ്ടു സീയോനിലേക്കുള്ള വഴികള്‍ കേഴുന്നു;
അവളുടെ കവാടങ്ങളെല്ലാം ശൂന്യമായിരിക്കുന്നു.
പുരോഹിതന്മാര്‍ നെടുവീര്‍പ്പിടുന്നു;
അവളുടെ കന്യകമാര്‍ പീഡിപ്പിക്കപ്പെടുന്നു; അവള്‍ മഹാദുരിതത്തിലായിരിക്കുന്നു.

5
അവളുടെ എണ്ണമറ്റ അകൃത്യങ്ങള്‍ക്കു സര്‍വേശ്വരന്‍ അവളെ ശിക്ഷിച്ചിരിക്കുന്നു.
അവളുടെ മക്കളെ ശത്രുക്കള്‍ അടിമകളായി കൊണ്ടുപോയിരിക്കുന്നു.
ശത്രുക്കള്‍ അവളുടെ അധിപന്മാരും വൈരികള്‍ സമ്പന്നരുമായി തീര്‍ന്നിരിക്കുന്നു.

6
യെരൂശലേമിന്‍റെ സകല പ്രൗഢിയും അസ്തമിച്ചു,
മേച്ചില്‍സ്ഥലം കണ്ടെത്താതെ വലയുന്ന മാനുകളെപ്പോലെ ആയിരിക്കുന്നു അവളുടെ പ്രഭുക്കന്മാര്‍.
തങ്ങളെ പിന്തുടരുന്നവരുടെ മുമ്പില്‍ അവര്‍ ശക്തി ക്ഷയിച്ചവരായി ഓടുന്നു.

7
കഷ്ടതയുടെയും കൊടുംയാതനയുടെയും ദിനങ്ങളില്‍ യെരൂശലേം എല്ലാ പുരാതന മഹിമകളെയും ഓര്‍ക്കുന്നു.
അവളുടെ ജനം ശത്രുക്കളുടെ കൈയില്‍ അകപ്പെട്ടപ്പോള്‍ സഹായിക്കാന്‍ ആരും ഉണ്ടായിരുന്നില്ല;
അവളുടെ പതനം കണ്ടു ശത്രുക്കള്‍ പരിഹസിച്ചു.

8
യെരൂശലേം ഗുരുതരമായ പാപം ചെയ്തു മലിനയായി തീര്‍ന്നിരിക്കുന്നു.
അവളെ ബഹുമാനിച്ചിരുന്നവര്‍ അവളുടെ നഗ്നത കണ്ട് അവളെ നിന്ദിക്കുന്നു.
അവള്‍ അതിദുഃഖത്തോടെ മുഖം തിരിക്കുന്നു.

9
അവളുടെ അശുദ്ധി അവളുടെ വസ്ത്രത്തില്‍ തെളിഞ്ഞു കാണുന്നു.
അവളുടെ വിനാശത്തെക്കുറിച്ച് അവള്‍ ഓര്‍ത്തതുമില്ല.
അവളുടെ പതനം ഭയാനകമായി.
അവളെ ആശ്വസിപ്പിക്കാന്‍ ആരുമില്ല.
സര്‍വേശ്വരനോട് അവള്‍ കരുണയ്‍ക്കായി യാചിക്കുന്നു.
ശത്രു വിജയിച്ചിരിക്കുന്നുവല്ലോ.

10
അവളുടെ അമൂല്യസമ്പത്തെല്ലാം ശത്രു കൈവശപ്പെടുത്തിയിരിക്കുന്നു.
വിശുദ്ധമന്ദിരത്തില്‍ പ്രവേശിക്കരുതെന്ന് അവിടുന്നു വിലക്കിയിരുന്ന ജനതകള്‍ അവിടെ പ്രവേശിക്കുന്നത് അവള്‍ കണ്ടിരിക്കുന്നു.

11
അവളുടെ ജനങ്ങള്‍ നെടുവീര്‍പ്പോടെ ആഹാരത്തിനുവേണ്ടി അലയുന്നു.
ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണത്തിനു വേണ്ടി അവര്‍ അമൂല്യവസ്തുക്കള്‍ വില്‍ക്കുന്നു;
സര്‍വേശ്വരാ, തൃക്കണ്‍ പാര്‍ത്താലും ഞാന്‍ നിന്ദിതയായിരിക്കുന്നുവല്ലോ എന്ന് യെരൂശലേം നിലവിളിക്കുന്നു.

12
കടന്നുപോകുന്നവരേ, ഇതു നിങ്ങള്‍ക്കു നിസ്സാരമെന്നോ?
സര്‍വേശ്വരന്‍ അവിടുത്തെ ഉഗ്രരോഷത്താല്‍ എനിക്കു വരുത്തിയ വ്യഥപോലെ ഒന്നു വേറെ ഉണ്ടോ?

13
അവിടുന്ന് ഉയരത്തില്‍നിന്ന് അഗ്നി വര്‍ഷിച്ചു; അത് എന്‍റെ അസ്ഥികളെ ഉരുക്കി.
അവിടുന്ന് എന്‍റെ കാലിനു വലവച്ചു;
അവിടുന്ന് എന്നെ നിലംപതിപ്പിച്ചു.
അവിടുന്ന് എന്നെ പരിത്യജിച്ചു നിരന്തര വേദനയിലാക്കുകയും ചെയ്തിരിക്കുന്നു.

14
അവിടുന്ന് എന്‍റെ അകൃത്യങ്ങള്‍ ചേര്‍ത്തുകെട്ടി,
നുകമാക്കി എന്‍റെ ചുമലില്‍ വച്ചു.
സര്‍വേശ്വരന്‍ എന്‍റെ ശക്തി ക്ഷയിപ്പിച്ചു. എനിക്ക് എതിര്‍ത്തു നില്‌ക്കാന്‍ കഴിയാത്തവരുടെ കൈയില്‍ എന്നെ ഏല്പിച്ചു.

15
ബലശാലികളായ എന്‍റെ എല്ലാ യോദ്ധാക്കളെയും സര്‍വേശ്വരന്‍ നിന്ദിച്ചു പുറന്തള്ളി.
എന്‍റെ യുവാക്കളെ തകര്‍ക്കാന്‍ ഒരു സൈന്യത്തെ വിളിച്ചു വരുത്തി.
എന്‍റെ ജനത്തെ അവിടുന്നു മുന്തിരിച്ചക്കിലിട്ടു ഞെരിച്ചുകളഞ്ഞു.

16
ഇതു നിമിത്തം ഞാന്‍ കരയുന്നു;
എന്‍റെ കണ്ണുകളില്‍നിന്നു കണ്ണുനീര്‍ കവിഞ്ഞൊഴുകുന്നു;
എന്നെ ആശ്വസിപ്പിക്കാനും ധൈര്യപ്പെടുത്താനും ആരുമില്ല.
ശത്രു ജയിച്ചിരിക്കുകയാല്‍ എന്‍റെ മക്കള്‍ അഗതികളായിരിക്കുന്നു.

17
സീയോന്‍ കൈ നീട്ടുന്നു;
അവളെ സഹായിക്കാന്‍ ആരുമില്ല;
അവളുടെ ചുറ്റും ശത്രുക്കളായ അയല്‍ക്കാരെ സര്‍വേശ്വരന്‍ നിയോഗിച്ചിരിക്കുന്നു.
അവരുടെ മധ്യത്തില്‍ യെരൂശലേം മലിനയായിത്തീര്‍ന്നിരിക്കുന്നു.

18
സര്‍വേശ്വരന്‍ നീതിമാനാകുന്നു.
എന്നിട്ടും അവിടുത്തെ വചനം ഞാന്‍ ധിക്കരിച്ചു.
ജനതകളേ, ശ്രദ്ധിക്കുക! എന്‍റെ കഷ്ടത കാണുക!
എന്‍റെ യുവതീയുവാക്കള്‍ പ്രവാസികളായി തീര്‍ന്നിരിക്കുന്നു.

19
ഞാന്‍ സ്നേഹിച്ചിരുന്നവരെ ഞാന്‍ വിളിച്ചു; എന്നാല്‍ അവര്‍ എന്നെ ചതിച്ചു;
എന്‍റെ പുരോഹിതന്മാരും ജനപ്രമാണികളും ജീവന്‍ നിലനിര്‍ത്താന്‍ ആഹാരം തേടി നടക്കുമ്പോള്‍ നഗരത്തില്‍വച്ചു മരണമടഞ്ഞു.

20
സര്‍വേശ്വരാ, എന്‍റെ ദുരിതം കാണണമേ! എന്‍റെ അന്തരംഗം കലങ്ങിമറിയുന്നു.
എന്‍റെ ഹൃദയം വേദനകൊണ്ടു പുളയുന്നു. ഞാന്‍ വളരെ ധിക്കാരം കാട്ടിയല്ലോ.
തെരുവീഥിയില്‍ കൊല നടക്കുന്നു;
വീട്ടിനുള്ളിലും മരണം തന്നെ.

21
എന്‍റെ നെടുവീര്‍പ്പു കേള്‍ക്കണമേ!
എന്നെ ആശ്വസിപ്പിക്കാന്‍ ആരുമില്ല.
അവിടുന്ന് എനിക്കു വരുത്തിയ അനര്‍ഥങ്ങള്‍ കണ്ട് എന്‍റെ ശത്രുക്കള്‍ സന്തോഷിക്കുന്നു.
അങ്ങു പ്രഖ്യാപനം ചെയ്ത ദിവസം വരുത്തണമേ.
അവരും എന്നെപ്പോലെയാകട്ടെ.

22
അവരുടെ എല്ലാ ദുഷ്ടതയും തിരുമുമ്പില്‍ വ്യക്തമാകട്ടെ.
എന്‍റെ അകൃത്യങ്ങള്‍ നിമിത്തം അങ്ങ് എന്നോടു ചെയ്തതുപോലെ അവരോടും ചെയ്യണമേ;
ഞാന്‍ വളരെ നെടുവീര്‍പ്പിടുന്നു.
എന്‍റെ ഹൃദയം തളര്‍ന്നിരിക്കുന്നു.

2

1

സര്‍വേശ്വരന്‍ സീയോന്‍പുത്രിയെ അവിടുത്തെ കോപത്താല്‍ അന്ധകാരം കൊണ്ടു മൂടിയിരിക്കുന്നു!
അവിടുന്ന് ഇസ്രായേലിന്‍റെ മഹത്ത്വം തകര്‍ത്തുകളഞ്ഞു.
അവിടുന്നു കോപത്തിന്‍റെ ദിവസം തന്‍റെ ആലയത്തെ വിസ്മരിച്ചു.

2
സര്‍വേശ്വരന്‍ യെഹൂദായിലെ വാസസ്ഥലങ്ങള്‍ നിഷ്കരുണം നശിപ്പിച്ചു.
അവിടുത്തെ ഉഗ്രരോഷത്താല്‍ യെഹൂദാജനത്തിന്‍റെ കോട്ടകള്‍ ഇടിച്ചു നിരത്തി,
അവരുടെ രാജ്യത്തിന്‍റെയും ഭരണാധികാരികളുടെയുംമേല്‍ അപമാനം ചൊരിഞ്ഞു.

3
അവിടുത്തെ ഉഗ്രകോപത്തില്‍ ഇസ്രായേലിന്‍റെ അഹങ്കാരം തകര്‍ത്തു;
ശത്രു സമീപിച്ചപ്പോള്‍ അവിടുത്തെ വലങ്കൈ അവരില്‍നിന്നു പിന്‍വലിച്ചു;
അഗ്നിപോലെ അവിടുന്നു യെഹൂദാജനത്തെ ചുറ്റിവളഞ്ഞു നശിപ്പിച്ചു.

4
ശത്രുവിനെപ്പോലെ അവിടുന്നു വില്ലു കുലച്ചു;
വൈരിയെപ്പോലെ അവിടുന്നു വലങ്കൈ പ്രയോഗിച്ചു.
ഞങ്ങളുടെ കണ്ണിന് അഭിമാനം ആയിരുന്ന എല്ലാവരെയും അവിടുന്നു കൊന്നുകളഞ്ഞു.
യെരൂശലേമിന്‍റെമേല്‍ അവിടുന്നു രോഷാഗ്നി ചൊരിഞ്ഞു.

5
സര്‍വേശ്വരന്‍ ഒരു ശത്രുവിനെപ്പോലെയായി, അവിടുന്ന് ഇസ്രായേലിനെ നശിപ്പിച്ചു.
അവളുടെ സകല കൊട്ടാരങ്ങളും നാമാവശേഷമാക്കി;
അവളുടെ ശക്തിദുര്‍ഗങ്ങളെ തകര്‍ത്തുകളഞ്ഞു.
യെഹൂദാജനത്തില്‍ വിലാപവും ദുഃഖവും വര്‍ധിപ്പിച്ചു.

6
തന്‍റെ ആലയം മുന്തിരിത്തോട്ടത്തിലെ മാടം എന്നപോലെ അവിടുന്നു തകര്‍ത്തുകളഞ്ഞു.
ഉത്സവസ്ഥലം അവിടുന്നു ശൂന്യമാക്കി; സീയോനില്‍ ഉത്സവത്തിനും
ശബത്താചരണത്തിനും സര്‍വേശ്വരന്‍ അറുതിവരുത്തിയിരിക്കുന്നു.

7
അവിടുന്ന് ഉഗ്രകോപത്തില്‍ രാജാവിനെയും പുരോഹിതനെയും നിന്ദിച്ചു.
സര്‍വേശ്വരന്‍ തന്‍റെ യാഗപീഠത്തെ ഉപേക്ഷിച്ചു.
തന്‍റെ വിശുദ്ധമന്ദിരത്തെ നീക്കിക്കളയുകയും ചെയ്തു.
അവളുടെ കൊട്ടാരമതിലുകള്‍ ശത്രുവിന് ഏല്പിച്ചുകൊടുത്തു.
ഉത്സവത്തില്‍ എന്നപോലെ അവര്‍ സര്‍വേശ്വരന്‍റെ മന്ദിരത്തില്‍ വിജയാരവം മുഴക്കി.

8
സീയോന്‍റെ ചുറ്റുമുള്ള മതില്‍ ഇടിച്ചുകളയാന്‍ അവിടുന്നു നിശ്ചയിച്ചു;
അവിടുന്ന് അതിനെ അളവുനൂല്‍കൊണ്ട് അളന്നു തിരിച്ചു നശിപ്പിച്ചു.
അതില്‍നിന്ന് അവിടുന്നു പിന്തിരിഞ്ഞില്ല. കോട്ടയെയും കൊത്തളത്തെയും വിലപിക്കുമാറാക്കി;
അവ രണ്ടും ഒപ്പം ക്ഷയിച്ചുപോയി.

9
അവളുടെ കവാടങ്ങള്‍ മണ്ണില്‍ താണു;
അവളുടെ ഓടാമ്പലുകള്‍ അവിടുന്നു തകര്‍ത്തു;
അവരുടെ രാജാക്കന്മാരും ഭരണകര്‍ത്താക്കളും വിജാതീയരുടെ ഇടയിലായി;
നിയമങ്ങള്‍ പഠിപ്പിക്കാനാരുമില്ല;
പ്രവാചകന്മാര്‍ക്ക് സര്‍വേശ്വരനില്‍നിന്നു ദര്‍ശനം ലഭിക്കുന്നതുമില്ല.

10
യെരൂശലേമിന്‍റെ ജനപ്രമാണികള്‍ നിശ്ശബ്ദരായി നിലത്തിരിക്കുന്നു;
അവര്‍ തലയില്‍ പൊടിവാരിയിട്ടു ചാക്കുതുണി ഉടുത്തിരിക്കുന്നു.
യെരൂശലേംകന്യകമാര്‍ നിലംപറ്റെ തല താഴ്ത്തുന്നു.

11
എന്‍റെ കണ്ണു കരഞ്ഞു കരഞ്ഞു താണിരിക്കുന്നു;
എന്‍റെ അന്തരംഗം അസ്വസ്ഥമായിരിക്കുന്നു;
എന്‍റെ ജനത്തിന്‍റെ നാശവും നഗരവീഥികളില്‍ കുഞ്ഞുകുട്ടികള്‍ വാടിത്തളര്‍ന്നു
കിടക്കുന്നതും എന്‍റെ ഹൃദയത്തെ തളര്‍ത്തുന്നു.

12
ക്ഷതമേറ്റവരെപ്പോലെ നഗരവീഥികളില്‍ തളര്‍ന്നു വീഴുമ്പോഴും
മാതാക്കളുടെ മടിയില്‍ക്കിടന്ന് ഇഞ്ചിഞ്ചായി മരിക്കുമ്പോഴും
അവര്‍ അമ്മമാരോട് അപ്പവും വീഞ്ഞും ചോദിക്കുന്നു.

13
യെരൂശലേമേ, നിന്നോടു ഞാന്‍ എന്തു പറയും?
എന്തിനോടു നിന്നെ തുലനം ചെയ്യും?
നിന്നെ ആശ്വസിപ്പിക്കാന്‍ ഞാന്‍ ഏതൊന്നിനോടു നിന്നെ സാമ്യപ്പെടുത്തും?
നിന്‍റെ മുറിവു സമുദ്രംപോലെ ആഴമേറിയത്. നിന്നെ സുഖപ്പെടുത്താന്‍ ആര്‍ക്കു കഴിയും?

14
നിന്‍റെ പ്രവാചകന്മാരുടെ ദര്‍ശനം വ്യാജവും ഭോഷത്തവുമായിരുന്നു.
നിന്‍റെ പ്രവാസം ഒഴിവാക്കത്തക്കവിധം അവര്‍ നിന്‍റെ അകൃത്യം വെളിപ്പെടുത്തിയില്ല.
അവരുടെ അരുളപ്പാടുകള്‍ വ്യാജവും വഞ്ചനാപരവുമായിരുന്നു.

15
കടന്നുപോകുന്നവരെല്ലാം നിന്നെ നോക്കി കൈ കൊട്ടുന്നു;
അവര്‍ യെരൂശലേമിനെ നോക്കി നിന്ദിച്ചു തല കുലുക്കുന്നു.
സൗന്ദര്യപരിപൂര്‍ത്തിയുടെ സാക്ഷാത്കാരമെന്നും
സര്‍വലോകത്തിന്‍റെയും ആനന്ദമെന്നും വിളിക്കപ്പെട്ടിരുന്ന നഗരം ഇതു തന്നെയോ?

16
നിന്‍റെ ശത്രുക്കളെല്ലാം നിന്നെ പരിഹസിച്ചു നിന്ദയോടെ നോക്കുന്നു;
നാം അവളെ നശിപ്പിച്ചു; നാം കാത്തിരുന്ന ദിവസം ഇതുതന്നെ,
ഇതു കാണാന്‍ നമുക്കു സാധിച്ചല്ലോ എന്നവര്‍ പറയുന്നു.

17
സര്‍വേശ്വരന്‍ നിശ്ചയിച്ചതു നടപ്പാക്കിയിരിക്കുന്നു.
പണ്ട് അവിടുന്ന് അരുളിച്ചെയ്തതു നിറവേറ്റിയിരിക്കുന്നു.
അവിടുന്നു നിഷ്ക്കരുണം നിന്നെ നശിപ്പിച്ചു;
ശത്രു നിന്നെ ചൊല്ലി രസിക്കാന്‍ ഇടയാക്കി.
അവിടുന്നു ശത്രുവിന്‍റെ ശക്തി വര്‍ധിപ്പിച്ചു.

18
യെരൂശലേമേ, സര്‍വേശ്വരനോട് ഉച്ചത്തില്‍ വിളിച്ചപേക്ഷിക്കുക;
നിന്‍റെ അശ്രുധാര രാപകല്‍ നദിപോലെ ഒഴുകട്ടെ.
നീ സ്വസ്ഥയായിരിക്കരുത്;
കണ്ണുകള്‍ക്ക് വിശ്രമം നല്‌കുകയുമരുത്.

19
രാത്രിയിലെ യാമങ്ങള്‍തോറും എഴുന്നേറ്റു നിലവിളിക്കുക;
നിന്‍റെ ഹൃദയം ദൈവസന്നിധിയില്‍ വെള്ളംപോലെ പകരുക;
തെരുവീഥികളുടെ തലയ്‍ക്കലെല്ലാം വിശന്നു തളര്‍ന്നു കിടക്കുന്ന
നിന്‍റെ കുഞ്ഞുങ്ങളുടെ ജീവരക്ഷയ്‍ക്കായി സര്‍വേശ്വരനിലേക്ക് കൈകള്‍ ഉയര്‍ത്തുക.

20
സര്‍വേശ്വരാ, ആരോടാണ് അവിടുന്ന് ഇപ്രകാരം ചെയ്തിരിക്കുന്നതെന്നു കണ്ടാലും!
താലോലിച്ചു വളര്‍ത്തുന്ന സ്വന്തം മക്കളെത്തന്നെ അമ്മമാര്‍ ഭക്ഷിക്കണമോ?
സര്‍വേശ്വരന്‍റെ വിശുദ്ധമന്ദിരത്തില്‍ പുരോഹിതനും പ്രവാചകനും കൊല്ലപ്പെടണമോ?

21
ബാലനും വൃദ്ധനും തെരുവീഥിയിലെ പൊടിയില്‍ കിടക്കുന്നു;
എന്‍റെ കന്യകമാരും യുവാക്കളും വാളിനിരയായി വീണിരിക്കുന്നു;
അവിടുത്തെ കോപദിവസത്തില്‍ അവിടുന്ന് അവരെയെല്ലാം നിഷ്കരുണം സംഹരിച്ചു.

22
ഉത്സവദിവസത്തില്‍ എന്നപോലെ എനിക്കു ചുറ്റും ശത്രുക്കളെ അങ്ങു വിളിച്ചു വരുത്തിയിരിക്കുന്നു.
സര്‍വേശ്വരന്‍റെ കോപദിവസത്തില്‍ ആരും രക്ഷപെടുകയോ ശേഷിക്കുകയോ ചെയ്തില്ല.
ഞാന്‍ താലോലിച്ചു വളര്‍ത്തിയവരെ എന്‍റെ ശത്രുക്കള്‍ നശിപ്പിച്ചിരിക്കുന്നു.

3

1

അവിടുത്തെ ഉഗ്രകോപത്തിന്‍റെ ദണ്ഡനം സഹിച്ചവനാണു ഞാന്‍,

2
അവിടുന്ന് എന്നെ പ്രകാശത്തിലേക്കല്ല കൂരിരുട്ടിലേക്കു തള്ളിയിട്ടിരിക്കുന്നു.

3
അവിടുത്തെ കരം ഇടവിടാതെ എന്‍റെമേല്‍ പതിക്കുന്നു.

4
അവിടുന്നെന്‍റെ മാംസവും ത്വക്കും ജീര്‍ണിപ്പിച്ച് അസ്ഥികളെ തകര്‍ക്കുകയും ചെയ്തിരിക്കുന്നു.

5
അവിടുന്ന് അയച്ചിരിക്കുന്ന ഉഗ്രശോകവും വേദനയും എന്നെ പൊതിഞ്ഞിരിക്കുന്നു.

6
പണ്ടേ മരിച്ചവനെപ്പോലെ അവിടുന്നെന്നെ ഇരുട്ടില്‍ പാര്‍പ്പിച്ചിരിക്കുന്നു.

7
പുറത്തുകടക്കാന്‍ കഴിയാത്തവിധം എന്‍റെ ചുറ്റും അവിടുന്നു മതില്‍കെട്ടി ഭാരമേറിയ ചങ്ങലകൊണ്ടെന്നെ ബന്ധിച്ചു.

8
സഹായത്തിനുവേണ്ടി ഞാന്‍ കരഞ്ഞു വിളിക്കുന്നെങ്കിലും എന്‍റെ പ്രാര്‍ഥന അവിടുന്നു കേള്‍ക്കുന്നില്ല.

9
അവിടുന്നു ചെത്തിയൊരുക്കിയ കല്ലുകൊണ്ട് എന്‍റെ വഴി കെട്ടിയടച്ചു.
എന്‍റെ പാതകളെ ദുര്‍ഗമമാക്കി

10
അവിടുന്നെനിക്കു പതിയിരിക്കുന്ന കരടിയെപ്പോലെയും
ഒളിച്ചിരിക്കുന്ന സിംഹത്തെപ്പോലെയും ആകുന്നു.

11
അവിടുന്നെന്നെ വഴിതെറ്റിച്ചു കൊണ്ടുപോയി കടിച്ചു കീറിയിരിക്കുന്നു;
അവിടുന്നെന്നെ കൈവെടിഞ്ഞിരിക്കുന്നു.

12
അവിടുന്നു വില്ലു കുലച്ചു തന്‍റെ അമ്പിന് എന്നെ ഉന്നമാക്കിയിരിക്കുന്നു.

13
അവിടുത്തെ പൂണിയിലെ അമ്പുകള്‍കൊണ്ട് എന്‍റെ അന്തരംഗം കുത്തിത്തുളച്ചിരിക്കുന്നു.

14
ഞാന്‍ എല്ലാവരുടെയും പരിഹാസപാത്രമായിരിക്കുന്നു;
എപ്പോഴും അവരുടെ പാട്ടിനു വിഷയവുമായിരിക്കുന്നു.

15
അവിടുന്നെന്നെ കയ്പുകൊണ്ടു നിറച്ചു കാഞ്ഞിരം കൊണ്ടെന്നെ മത്തുപിടിപ്പിച്ചിരിക്കുന്നു.

16
കല്ലു കടിച്ചു പല്ലു തകരാനും ചാരം തിന്നാനും അവിടുന്നെനിക്ക് ഇടവരുത്തി.

17
സമാധാനമെനിക്ക് നഷ്ടമായിരിക്കുന്നു; സന്തോഷമെന്തെന്ന് ഞാന്‍ മറന്നു.

18
എന്‍റെ ശക്തിയും സര്‍വേശ്വരനിലുള്ള എന്‍റെ പ്രത്യാശയും പൊയ്പോയിരിക്കുന്നു.

19
എന്‍റെ കഷ്ടതയും അലച്ചിലും കയ്പും ഉഗ്രയാതനയും ഓര്‍ക്കണമേ.

20
ഞാന്‍ എപ്പോഴും അവയെ ഓര്‍ത്തു വിഷാദിച്ചിരിക്കുന്നു.

21
ഒരു കാര്യം ഓര്‍ക്കുമ്പോള്‍ എനിക്കു പ്രത്യാശയുണ്ട്.

22
സര്‍വേശ്വരന്‍റെ അചഞ്ചലസ്നേഹം ഒരിക്കലും നിലച്ചുപോകുന്നില്ല.
അവിടുത്തെ കാരുണ്യത്തിന് അറുതിയുമില്ല.

23
പ്രഭാതംതോറും അതു പുതുതായിരിക്കും; അവിടുത്തെ വിശ്വസ്തത ഉന്നതവുമായിരിക്കും.

24
സര്‍വേശ്വരനാണെന്‍റെ സര്‍വസ്വവും; അവിടുന്നാണെന്‍റെ പ്രത്യാശ.

25
സര്‍വേശ്വരനെ കാത്തിരിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നവര്‍ക്ക് അവിടുന്നു നല്ലവനാകുന്നു.

26
സര്‍വേശ്വരന്‍ രക്ഷിക്കാന്‍വേണ്ടി ക്ഷമയോടെ കാത്തിരിക്കുന്നത് ഉത്തമം.

27
യൗവനത്തില്‍ നുകം ചുമക്കുന്നതു മനുഷ്യനു നല്ലതാണ്.

28
അവിടുന്നവന്‍റെമേല്‍ അതു വച്ചിരിക്കകൊണ്ട് അവന്‍ ഏകനായി മൗനമായിരിക്കട്ടെ.

29
അവന്‍ തന്‍റെ മുഖം പൂഴിയോളം താഴ്ത്തട്ടെ; എന്നാലും അവനു പ്രത്യാശയ്‍ക്കു വകയുണ്ട്.

30
അടിക്കുന്നതിന് അവന്‍ ചെകിടു കാണിച്ചു കൊടുക്കട്ടെ;
അവന്‍ നിന്ദനം കൊണ്ടു നിറയട്ടെ.

31
സര്‍വേശ്വരന്‍ അവനെ എന്നേക്കും ഉപേക്ഷിക്കുകയില്ല.

32
അവിടുന്നു ദുഃഖിക്കാന്‍ ഇടവരുത്തിയാലും അവിടുത്തെ അനന്തമായ കൃപയ്‍ക്കൊത്ത വിധം അവിടുന്നു കരുണ കാണിക്കും.

33
മനസ്സോടെയല്ലല്ലോ അവിടുന്നു മനുഷ്യരെ ദുഃഖിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നത്.

34
ബന്ധനസ്ഥരെ ചവിട്ടി മെതിക്കുന്നതും

35
അത്യുന്നതനായ അവിടുത്തെ മുമ്പില്‍ മനുഷ്യന്‍റെ ന്യായം നിഷേധിക്കുന്നതും

36
വ്യവഹാരത്തില്‍ ന്യായത്തെ തകിടം മറിക്കുന്നതും അവിടുന്നു കാണുന്നുണ്ട്.

37
സര്‍വേശ്വരന്‍റെ നിയോഗപ്രകാരമല്ലാതെ ആരുടെ കല്പന മൂലമാണിതു സംഭവിക്കുന്നത്?

38
അത്യുന്നതന്‍റെ കല്പന പ്രകാരമല്ലേ നന്മയും തിന്മയും ഉണ്ടാകുന്നത്?

39
തന്‍റെ പാപത്തിനു മനുഷ്യന്‍ ശിക്ഷിക്കപ്പെടുമ്പോള്‍ അവന്‍ എന്തിനു പരാതിപ്പെടുന്നു?

40
നമുക്കു നമ്മുടെ വഴികള്‍ സൂക്ഷ്മമായി പരിശോധിച്ചു സര്‍വേശ്വരന്‍റെ അടുക്കലേക്കു തിരിയാം.

41
സ്വര്‍ഗസ്ഥനായ ദൈവത്തോടു ഹൃദയം തുറന്നു നമുക്കു പ്രാര്‍ഥിക്കാം.

42
ഞങ്ങള്‍ പാപം ചെയ്തു; ധിക്കാരം കാട്ടി; അവിടുന്നു ക്ഷമിച്ചില്ല.

43
അവിടുന്നു കോപാവേശത്തോടെ ഞങ്ങളെ പിന്തുടര്‍ന്നു ഞങ്ങളെ നിര്‍ദയം കൊന്നുകളഞ്ഞു.

44
ഞങ്ങളുടെ പ്രാര്‍ഥന കടന്നുവരാത്തവിധം അവിടുന്നു മേഘംകൊണ്ടു സ്വയം മറച്ചു.

45
വിജാതീയരുടെ ഇടയില്‍ ഞങ്ങളെ ചപ്പും കുപ്പയുമാക്കിയിരിക്കുന്നു.

46
ശത്രുക്കള്‍ ഞങ്ങളെ ഭത്സിക്കുന്നു.

47
ഞങ്ങള്‍ സംഭ്രാന്തിയിലും കെണിയിലും പെട്ടിരിക്കുന്നു.
തകര്‍ച്ചയ്‍ക്കും വിനാശത്തിനും വിധേയരായിരിക്കുന്നു.

48
എന്‍റെ ജനത്തിന്‍റെ നാശംമൂലം കണ്ണുനീര്‍ നദിപോലെ എന്നില്‍ നിന്നൊഴുകുന്നു.

49
എന്‍റെ കണ്ണുകള്‍ ഇടമുറിയാതെ കവിഞ്ഞൊഴുകും.

50
സ്വര്‍ഗാധി സര്‍വേശ്വരന്‍ കാണുവോളം അതു നിലയ്‍ക്കുകയില്ല.

51
നഗരത്തിലെ കന്യകമാരുടെ ദുരന്തം കണ്ട് എന്‍റെ അന്തരംഗം വേദനിക്കുന്നു.

52
അകാരണമായി ശത്രുക്കള്‍ പക്ഷിയെ എന്നപോലെ എന്നെ വേട്ടയാടുന്നു.

53
അവര്‍ എന്നെ ജീവനോടെ കുഴിയിലിട്ടു; അതിന്‍റെ വായ് കല്ലു വച്ചടച്ചു.

54
വെള്ളം എന്‍റെ തലയ്‍ക്കു മീതെ കവിഞ്ഞൊഴുകി;
ഞാന്‍ നശിച്ചു എന്നു ഞാന്‍ പറഞ്ഞു.

55
അഗാധഗര്‍ത്തത്തില്‍ കിടന്നു ഞാന്‍ സര്‍വേശ്വരനെ വിളിച്ചപേക്ഷിച്ചു.

56
എന്‍റെ നിലവിളി കേള്‍ക്കാതെ ചെവിപൊത്തിക്കളയരുതേ എന്ന പ്രാര്‍ഥന അവിടുന്നു കേട്ടിരിക്കുന്നു.

57
ഞാന്‍ വിളിച്ചപേക്ഷിച്ചപ്പോള്‍ അവിടുന്ന് അടുത്തു വന്നു ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.

58
സര്‍വേശ്വരന്‍ എന്‍റെ വ്യവഹാരം നടത്തി എന്‍റെ ജീവന്‍ രക്ഷിച്ചിരിക്കുന്നു

59
എന്നോടു ചെയ്ത ദ്രോഹം സര്‍വേശ്വരാ, അവിടുന്നു കണ്ടിരിക്കുന്നുവല്ലോ.
എനിക്കുവേണ്ടി ന്യായം നടത്തിയാലും.

60
അവരുടെ പ്രതികാരവും എനിക്കെതിരെയുള്ള ഗൂഢാലോചനകളും അവിടുന്നു കണ്ടിരിക്കുന്നു.

61
സര്‍വേശ്വരാ, അവരുടെ കുത്തുവാക്കുകളും എനിക്കെതിരെയുള്ള കെണികളും

62
ഇടവിടാതെയുള്ള കുശുകുശുപ്പും എനിക്കെതിരെയുള്ള അടക്കംപറച്ചിലും അവിടുന്നു കേട്ടിരിക്കുന്നു.

63
അവരുടെ ഇരിപ്പും എഴുന്നേല്പും നോക്കിയാലും;
ഞാനാണ് അവരുടെ പരിഹാസവിഷയം.

64
സര്‍വേശ്വരാ, അവരുടെ പ്രവൃത്തിക്കൊത്ത വിധം അവരെ ശിക്ഷിക്കണമേ.

65
അവിടുന്നവര്‍ക്കു ഹൃദയകാഠിന്യം വരുത്തും; അവിടുത്തെ ശാപം അവരുടെമേല്‍ പതിക്കും.

66
സര്‍വേശ്വരാ, അവിടുന്നു കോപത്തോടെ അവരെ പിന്തുടര്‍ന്ന് ആകാശത്തിന്‍ കീഴില്‍നിന്ന് അവരെ നശിപ്പിക്കണമേ.

4

1

പൊന്ന് എങ്ങനെ നിഷ്പ്രഭമായി! തങ്കം എങ്ങനെ മങ്ങിപ്പോയി!
വിശുദ്ധമന്ദിരത്തിലെ രത്നങ്ങള്‍ തെരുവീഥികളില്‍ ചിതറിക്കിടക്കുന്നു

2
തങ്കത്തെപ്പോലെ അമൂല്യരായ സീയോന്‍റെ മക്കള്‍
കുശവന്‍റെ കൈപ്പണിയായ മണ്‍പാത്രം പോലെ ഗണിക്കപ്പെട്ടത് എങ്ങനെ?

3
കുറുനരികള്‍ പോലും അവയുടെ കുട്ടികളെ മുലയൂട്ടി വളര്‍ത്തുന്നു.
എന്‍റെ ജനമാകട്ടെ മരുഭൂമിയിലെ ഒട്ടകപ്പക്ഷിയെപ്പോലെ ക്രൂരമായി തങ്ങളുടെ മക്കളോടു വര്‍ത്തിക്കുന്നു.

4
മുലകുടിക്കുന്ന കുഞ്ഞിന്‍റെ നാവു ദാഹംകൊണ്ട് അണ്ണാക്കിനോടു പറ്റിയിരിക്കുന്നു.
കുട്ടികള്‍ അപ്പത്തിനുവേണ്ടി യാചിക്കുന്നു.
പക്ഷേ, ആരും ഒരു നുറുക്കുപോലും കൊടുക്കുന്നില്ല.

5
സ്വാദിഷ്ഠമായ വിഭവങ്ങള്‍ ഭക്ഷിച്ചിരുന്നവര്‍ തെരുവീഥികളില്‍ പട്ടിണികൊണ്ടു മരിക്കുന്നു;
വിശിഷ്ടവസ്ത്രങ്ങള്‍ അണിഞ്ഞു നടന്നവര്‍ കുപ്പക്കൂനകളില്‍ കിടക്കുന്നു.

6
ദൈവം ഒരു നിമിഷംകൊണ്ടു നശിപ്പിച്ച സൊദോമ്യര്‍ക്കുണ്ടായതിനെക്കാള്‍
വലുതായിരുന്നു എന്‍റെ ജനത്തിനുണ്ടായ ശിക്ഷ.

7
അവളുടെ പ്രഭുക്കന്മാര്‍ ഹിമത്തെക്കാള്‍ നിര്‍മ്മലരും പാലിനെക്കാള്‍ വെണ്‍മയുള്ളവരും ആയിരുന്നു.
അവരുടെ ദേഹം പവിഴത്തെക്കാള്‍ ചുവന്നു തുടുത്തിരുന്നു;
അവരുടെ ആകാരഭംഗി നീലക്കല്ലിനു സദൃശം ആയിരുന്നു.

8
ഇപ്പോള്‍ അവരുടെ മുഖം കരിക്കട്ടയെക്കാള്‍ കറുത്തിരിക്കുന്നു.
തെരുവീഥികളില്‍ അവരെ കണ്ടിട്ട് ആരും തിരിച്ചറിയുന്നില്ല;
അവരുടെ തൊലി ഉണങ്ങി അസ്ഥികളോട് ഒട്ടിപ്പിടിച്ചു മരംപോലെ ആയിരിക്കുന്നു.

9
യുദ്ധത്തില്‍ മരിക്കുന്നവര്‍ പട്ടിണികൊണ്ടു മരിക്കുന്നവരെക്കാള്‍ ഭാഗ്യവാന്മാര്‍!
വിളഭൂമിയില്‍നിന്ന് ഒന്നും ലഭിക്കാത്തതിനാല്‍ അവര്‍ വിശന്നു തളര്‍ന്നു നശിക്കുന്നു.

10
കരുണാമയികളായ സ്‍ത്രീകള്‍പോലും സ്വന്തം മക്കളെ പാകം ചെയ്യുന്നു.
എന്‍റെ ജനത്തിന്‍റെ വിനാശത്തില്‍ ആ കുഞ്ഞുങ്ങള്‍ അവര്‍ക്ക് ആഹാരമായിത്തീര്‍ന്നു.

11
സര്‍വേശ്വരന്‍ അവിടുത്തെ ക്രോധം അഴിച്ചുവിട്ട്;
അവിടുന്ന് ഉഗ്രരോഷം കോരിച്ചൊരിഞ്ഞു. അവിടുന്നു സീയോനില്‍ അഗ്നി ജ്വലിപ്പിച്ച്; അത് അതിന്‍റെ അടിസ്ഥാനങ്ങളെ ദഹിപ്പിച്ചു.

12
യെരൂശലേമിന്‍റെ കവാടങ്ങള്‍ക്കുള്ളില്‍ ശത്രു കടക്കും എന്നു ഭൂമിയിലെ രാജാക്കന്മാരോ ഭൂവാസികളോ കരുതിയിരുന്നില്ല.

13
യെരൂശലേമില്‍ നീതിമാന്മാരുടെ രക്തം ചൊരിയാന്‍ ഇടയാക്കിയ പുരോഹിതന്മാരുടെയും പ്രവാചകന്മാരുടെയും അകൃത്യങ്ങളും പാപങ്ങളും ഹേതുവായി ഇതു സംഭവിച്ചു.

14
തെരുവീഥികളില്‍ അന്ധരെപ്പോലെ അവര്‍ അലഞ്ഞു നടന്നു;
അവര്‍ രക്തം പുരണ്ടു മലിനരായിരുന്നതിനാല്‍ ആരും അവരുടെ വസ്ത്രത്തില്‍ സ്പര്‍ശിച്ചില്ല.

15
‘അകന്നു പോകുവിന്‍! അകന്നു പോകുവിന്‍! അശുദ്ധരേ അകന്നു പോകുവിന്‍ തൊടരുത്’ എന്നു ജനം അവരോടു വിളിച്ചു പറഞ്ഞു.
അവര്‍ ഉഴറി ഓടുമ്പോള്‍ ഇനി ഇവിടെ വന്ന് ഇവര്‍ പാര്‍ക്കുകയില്ല എന്നു വിജാതീയര്‍ പറഞ്ഞു.

16
സര്‍വേശ്വരന്‍ തന്നെയാണ് അവരെ ചിതറിച്ചത്;
അവിടുന്ന് ഇനി അവരെ കടാക്ഷിക്കുകയില്ല. അവിടുന്നു പുരോഹിതന്മാരെയും ജനപ്രമാണികളെയും പരിഗണിച്ചില്ല.

17
സഹായത്തിനുവേണ്ടി വ്യര്‍ഥമായി നോക്കിയിരുന്നു ഞങ്ങളുടെ കണ്ണുകള്‍ കുഴഞ്ഞു.
ഞങ്ങളെ രക്ഷിക്കാന്‍ കഴിയാത്ത ഒരു ജനതയ്‍ക്കുവേണ്ടി ഞങ്ങള്‍ കാത്തിരുന്നു.

18
വീഥികളില്‍ കൂടി നടക്കാന്‍ കഴിയാത്തവിധം അവര്‍ ഞങ്ങളെ വേട്ടയാടി.
ഞങ്ങളുടെ അവസാനം അടുത്തു;
ഞങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടു;
ഞങ്ങളുടെ അന്ത്യം വന്നുചേര്‍ന്നിരിക്കുന്നു.

19
ഞങ്ങളെ പിന്തുടര്‍ന്നവര്‍ ആകാശത്തിലെ കഴുകനെക്കാള്‍ വേഗത്തില്‍ ഞങ്ങളെ സമീപിച്ചു.
അവര്‍ മലമുകളില്‍ ഞങ്ങളെ വേട്ടയാടി മരുഭൂമിയില്‍ ഞങ്ങള്‍ക്കുവേണ്ടി പതിയിരുന്നു.

20
ഞങ്ങളുടെ ജീവശ്വാസമായ സര്‍വേശ്വരന്‍റെ അഭിഷിക്തന്‍ അവരുടെ കെണിയില്‍ അകപ്പെട്ടിരിക്കുന്നു;
അദ്ദേഹത്തിന്‍റെ തണലില്‍ ഞങ്ങള്‍ വിജാതീയരുടെ മധ്യേ ജീവിക്കുമെന്നാണു വിചാരിച്ചിരുന്നത്.

21
ഊസ് ദേശത്തു പാര്‍ക്കുന്ന എദോമ്യരേ, സന്തോഷിച്ച് ആഹ്ലാദിച്ചുകൊള്ളുക; എന്നാല്‍ നിങ്ങളുടെ ന്യായവിധി അടുത്തിരിക്കുന്നു.
നിങ്ങള്‍ കുടിച്ചു മത്തരായി നിങ്ങളെത്തന്നെ നഗ്നരാക്കും.

22
സീയോനേ, നിന്‍റെ അകൃത്യത്തിനുള്ള ശിക്ഷ തീര്‍ന്നു;
അവിടുന്ന് ഇനി പ്രവാസം തുടരാന്‍ നിന്നെ അനുവദിക്കുകയില്ല.
എന്നാല്‍ എദോമേ, നിന്‍റെ അകൃത്യത്തിന് അവിടുന്നു നിന്നെ ശിക്ഷിക്കും;
നിന്‍റെ പാപം വെളിച്ചത്തു കൊണ്ടുവരും.

5

1

സര്‍വേശ്വരാ, ഞങ്ങള്‍ക്ക് എന്താണു സംഭവിച്ചതെന്ന് ഓര്‍ക്കണമേ;
ഞങ്ങള്‍ എത്രമാത്രം നിന്ദിതരായിരിക്കുന്നു എന്നു കണ്ടാലും.

2
ഞങ്ങളുടെ അവകാശം അന്യര്‍ക്കും; ഞങ്ങളുടെ ഭവനങ്ങള്‍ വിദേശികള്‍ക്കും അധീനമായിരിക്കുന്നു.

3
ഞങ്ങള്‍ പിതാവില്ലാതെ അനാഥരായിത്തീര്‍ന്നിരിക്കുന്നു.
ഞങ്ങളുടെ മാതാക്കള്‍ വിധവകളും ആയി.

4
കുടിനീരും വിറകും ഞങ്ങള്‍ വില കൊടുത്തു വാങ്ങണം.

5
ഞങ്ങളുടെ കഴുത്തില്‍ നുകം വച്ചിരിക്കുന്നു; ഞങ്ങളെക്കൊണ്ട് കഠിനമായി പണിയെടുപ്പിക്കുന്നു;
ഞങ്ങള്‍ ആകെ തളര്‍ന്നു ഞങ്ങള്‍ക്കു വിശ്രമവുമില്ല.

6
ആഹാരത്തിനുവേണ്ടി ഞങ്ങള്‍ ഈജിപ്തിന്‍റെയും അസ്സീറിയായുടെയും മുമ്പില്‍ കൈ നീട്ടേണ്ടിവന്നു.

7
ഞങ്ങളുടെ പിതാക്കന്മാര്‍ പാപം ചെയ്തു; അവരെല്ലാം മരിച്ചു.
അവരുടെ അകൃത്യങ്ങള്‍ മൂലം ഞങ്ങള്‍ കഷ്ടത അനുഭവിക്കുന്നു.

8
അടിമകളെപ്പോലെയുള്ളവര്‍ ഞങ്ങളെ ഭരിക്കുന്നു;
അവരില്‍നിന്നു ഞങ്ങളെ മോചിപ്പിക്കാന്‍ ആരുമില്ല.

9
മരുഭൂമിയിലെ പൊള്ളുന്ന ചൂടു നിമിത്തം ജീവന്‍ പണയം വച്ചാണ് ഞങ്ങള്‍ ആഹാരം സമ്പാദിക്കുന്നത്.

10
ക്ഷാമത്തിന്‍റെ ഉഗ്രത നിമിത്തം ഞങ്ങളുടെ ത്വക്ക് ചുട്ടുപഴുത്ത അടുപ്പുപോലെ ആയിരിക്കുന്നു.

11
അവര്‍ സീയോനില്‍ സ്‍ത്രീകളെയും യെഹൂദാപട്ടണങ്ങളില്‍ കന്യകമാരെയും അപമാനിച്ചിരിക്കുന്നു.

12
പ്രഭുക്കന്മാരെ അവര്‍ തൂക്കിക്കൊന്നു; ജനപ്രമാണികളെ ആദരിച്ചതുമില്ല

13
തിരികല്ലില്‍ ധാന്യം പൊടിക്കാന്‍ യുവാക്കളെ അവര്‍ നിര്‍ബന്ധിക്കുന്നു;
ദുര്‍വഹമായ വിറകുചുമട് എടുത്തു ബാലന്മാര്‍ ഇടറിവീഴുന്നു.

14
ജനപ്രമാണികള്‍ നഗരകവാടങ്ങള്‍ വിട്ടുപോയിരിക്കുന്നു; യുവാക്കന്മാര്‍ ഗാനാലാപം നടത്തുന്നില്ല.

15
ഞങ്ങളുടെ സന്തോഷം നിലച്ചിരിക്കുന്നു; ഞങ്ങളുടെ നൃത്തം വിലാപമായി തീര്‍ന്നിരിക്കുന്നു.

16
ഞങ്ങളുടെ ശിരസ്സില്‍നിന്നു കിരീടം വീണുപോയി;
ഞങ്ങള്‍ക്ക് ഹാ ദുരിതം!
ഞങ്ങള്‍ പാപം ചെയ്തുവല്ലോ!

17
ഇതു നിമിത്തം ഞങ്ങളുടെ ഹൃദയം വിങ്ങുന്നു.
ഞങ്ങളുടെ കണ്ണുകള്‍ മങ്ങുന്നു.

18
സീയോന്‍ പര്‍വതം ശൂന്യമായി കുറുനരികള്‍ അവിടെ പതുങ്ങി നടക്കുന്നു.

19
എന്നാല്‍ സര്‍വേശ്വരാ, അവിടുന്ന് എന്നേക്കുമായി വാഴുന്നു.
അവിടുത്തെ സിംഹാസനം ശാശ്വതമാകുന്നു.

20
അവിടുന്ന് ഞങ്ങളെ എന്നേക്കുമായി വിസ്മരിക്കുന്നത് എന്ത്?
ഇത്രയേറെക്കാലമായി ഞങ്ങളെ കൈവെടിഞ്ഞിരിക്കുന്നതും എന്ത്?

21
[21,22] ഞങ്ങളെ അവിടുന്നു തീര്‍ത്തും കൈവെടിഞ്ഞുവോ?
ഞങ്ങളോട് അവിടുന്ന് അത്യധികം കോപിച്ചിരിക്കുന്നുവോ!
സര്‍വേശ്വരാ, ഞങ്ങളെ അങ്ങയുടെ അടുക്കലേക്കു തിരിക്കണമേ;
എന്നാല്‍ ഞങ്ങള്‍ തിരുസന്നിധിയിലേക്ക് മടങ്ങിവരും.
ഞങ്ങള്‍ക്കു പണ്ടുണ്ടായിരുന്ന സൗഭാഗ്യം പുനഃസ്ഥാപിക്കണമേ!