1

1

ബെന്യാമീന്‍ദേശത്ത് അനാഥോത്തിലെ പുരോഹിതരില്‍ ഒരാളായ ഹില്‌ക്കിയായുടെ മകന്‍ യിരെമ്യായുടെ വാക്കുകള്‍:

2 ആമോന്‍റെ പുത്രനും യെഹൂദാരാജാവുമായ യോശീയായുടെ വാഴ്ചയുടെ പതിമൂന്നാമാണ്ടില്‍ സര്‍വേശ്വരന്‍റെ അരുളപ്പാട് യിരെമ്യാക്കു ലഭിച്ചു.

3 യെഹൂദാരാജാവായ യോശീയായുടെ പുത്രന്‍ യെഹോയാക്കീമിന്‍റെ ഭരണകാലത്തും യോശീയായുടെ പുത്രന്‍ സെദെക്കിയായുടെ ഭരണത്തിന്‍റെ പതിനൊന്നാം വര്‍ഷം അവസാനംവരെയും അതായത് അഞ്ചാംമാസത്തില്‍ യെരൂശലേമ്യരെ പ്രവാസത്തിലേക്കു കൊണ്ടുപോകുംവരെ സര്‍വേശ്വരന്‍റെ അരുളപ്പാട് യിരെമ്യാക്കു ലഭിച്ചുകൊണ്ടിരുന്നു.

4

സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു:

5 “ഗര്‍ഭപാത്രത്തില്‍ നിനക്കു രൂപം നല്‌കുന്നതിനു മുമ്പു ഞാന്‍ നിന്നെ അറിഞ്ഞു; ഉദരത്തില്‍നിന്നു പുറത്തുവരുന്നതിനു മുമ്പുതന്നെ നിന്നെ ഞാന്‍ വേര്‍തിരിച്ച് ജനതകള്‍ക്കു പ്രവാചകനായി നിയമിച്ചു.”

6 അപ്പോള്‍ ഞാന്‍ പറഞ്ഞു: “ദൈവമായ സര്‍വേശ്വരാ, എനിക്കു സംസാരിക്കുവാന്‍ വശമില്ല, ഞാന്‍ ബാലനാണല്ലോ.”

7 അവിടുന്ന് എന്നോട് അരുളിച്ചെയ്തു: “വെറും ബാലനെന്നു നീ പറയരുത്; ഞാന്‍ അയയ്‍ക്കുന്ന എല്ലാവരുടെയും അടുത്തേക്കു നീ പോകണം; ഞാന്‍ കല്പിക്കുന്നതെല്ലാം നീ സംസാരിക്കണം.

8 അവരെ നീ ഭയപ്പെടേണ്ടാ; നിന്നെ രക്ഷിക്കാന്‍ ഞാന്‍ നിന്നോടു കൂടെയുണ്ട്; സര്‍വേശ്വരനാണ് ഇതരുളിച്ചെയ്യുന്നത്.”

9 പിന്നീട് അവിടുന്നു കൈ നീട്ടി എന്‍റെ അധരത്തില്‍ തൊട്ടുകൊണ്ടു പറഞ്ഞു: “എന്‍റെ വചനം നിന്‍റെ നാവില്‍ നിക്ഷേപിച്ചിരിക്കുന്നു.

10 പിഴുതെറിയാനും ഇടിച്ചുകളയാനും നശിപ്പിക്കാനും മറിച്ചുകളയാനും പണിതുയര്‍ത്താനും നടാനും ജനതകളുടെയും രാജ്യങ്ങളുടെയുംമേല്‍ ഞാന്‍ നിനക്ക് അധികാരം നല്‌കിയിരിക്കുന്നു.”

11

സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി: “യിരെമ്യായേ, നീ എന്തു കാണുന്നു” എന്ന് എന്നോടു ചോദിച്ചു. “ജാഗ്രത് വൃക്ഷത്തിന്‍റെ ഒരു കൊമ്പു കാണുന്നു” എന്നു ഞാന്‍ പ്രതിവചിച്ചു;

12 അപ്പോള്‍ അവിടുന്ന് എന്നോടരുളിച്ചെയ്തു: “നീ കണ്ടതു ശരി, എന്‍റെ വചനം നിറവേറ്റാന്‍ ഞാന്‍ ജാഗ്രതയോടിരിക്കുന്നു.”

13

സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കു വീണ്ടും ഉണ്ടായി: “നീ എന്തു കാണുന്നു” എന്ന് എന്നോടു ചോദിച്ചു; ഞാന്‍ പറഞ്ഞു: “തിളയ്‍ക്കുന്ന ഒരു പാത്രം തെക്കോട്ടു ചരിയുന്നതു ഞാന്‍ കാണുന്നു.”

14 അപ്പോള്‍ അവിടുന്ന് എന്നോടരുളിച്ചെയ്തു: “വടക്കുനിന്നു സകല ദേശവാസികളുടെയുംമേല്‍ അനര്‍ഥം തിളച്ചൊഴുകും.”

15 സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഉത്തരദിക്കിലെ രാജവംശങ്ങളെയെല്ലാം ഞാന്‍ വിളിക്കും; അവര്‍ വന്നു യെരൂശലേമിന്‍റെ പ്രവേശനകവാടങ്ങളിലും ചുറ്റുമുള്ള മതിലുകള്‍ക്കും യെഹൂദ്യയിലെ എല്ലാ നഗരങ്ങള്‍ക്കു മുമ്പിലും സിംഹാസനങ്ങള്‍ സ്ഥാപിക്കും.

16

തങ്ങളുടെ ദുഷ്ടത നിമിത്തം എന്‍റെ ജനം എന്നെ നിരസിച്ചു; ഞാന്‍ അവരുടെമേല്‍ ശിക്ഷാവിധി പ്രസ്താവിക്കും; അവര്‍ അന്യദേവന്മാര്‍ക്കു ധൂപം അര്‍പ്പിക്കുകയും സ്വന്തം കൈകളുടെ സൃഷ്‍ടികളെ ആരാധിക്കുകയും ചെയ്തുവല്ലോ.

17 എന്നാല്‍ നീ അരമുറുക്കി ഞാന്‍ കല്പിക്കുന്നതെല്ലാം അവരോടു പറയുക; അവരെ നീ ഭയപ്പെടേണ്ടാ, ഭയപ്പെട്ടാല്‍ അവരുടെ മുമ്പില്‍വച്ചു ഞാന്‍ നിന്നെ പരിഭ്രാന്തനാക്കും.

18 യെഹൂദാരാജാക്കന്മാര്‍ക്കും പ്രഭുക്കന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും അതിലെ ജനങ്ങള്‍ക്കും എന്നല്ല ഈ ദേശത്തുള്ള എല്ലാവര്‍ക്കും എതിരെ നില്‌ക്കാന്‍വേണ്ടി ഇന്നു ഞാന്‍ നിന്നെ കോട്ട കെട്ടി ഉറപ്പിച്ച നഗരവും ഇരുമ്പുതൂണും പിച്ചളമതിലും ആയി ഉറപ്പിച്ചിരിക്കുന്നു.

19 അവര്‍ നിന്നോടു യുദ്ധം ചെയ്യും; പക്ഷേ ജയിക്കയില്ല. നിന്‍റെ രക്ഷയ്‍ക്കു ഞാന്‍ കൂടെയുണ്ടല്ലോ എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.”

2

1

സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി:

2 “നീ യെരൂശലേമില്‍ ചെന്ന് എല്ലാവരും കേള്‍ക്കെ വിളിച്ചു പറയുക; സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “നിന്‍റെ യൗവനത്തിലെ വിശ്വസ്തതയും മണവാട്ടി എന്ന നിലയിലുള്ള നിന്‍റെ സ്നേഹവും ഞാന്‍ ഓര്‍ക്കുന്നു; കൃഷിക്ക് ഉപയുക്തമല്ലാത്ത മരുഭൂമിയില്‍ കൂടി നീ എന്നെ അനുഗമിച്ചു.

3 ഇസ്രായേല്‍ സര്‍വേശ്വരന്‍റെ വിശുദ്ധജനവും അവിടുത്തെ ആദ്യഫലവും ആയിരുന്നു. അവരെ ആക്രമിച്ചവരെല്ലാം കുറ്റക്കാരായി; വിനാശം അവരുടെമേല്‍ നിപതിച്ചു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.”

4

യാക്കോബ്ഗൃഹമേ, ഇസ്രായേല്‍ഗൃഹത്തിലെ സര്‍വകുടുംബങ്ങളേ, സര്‍വേശ്വരന്‍റെ അരുളപ്പാടു കേള്‍ക്കുവിന്‍.

5 അവിടുന്നു ചോദിക്കുന്നു: “നിങ്ങളുടെ പിതാക്കന്മാര്‍ എന്നില്‍ എന്തുകുറ്റം കണ്ടിട്ടാണ് എന്നെ ഉപേക്ഷിച്ചത്? വ്യര്‍ഥമായതിന്‍റെ പിന്നാലെ പോയി അവരും വ്യര്‍ഥരായിത്തീര്‍ന്നില്ലേ?

6 ഈജിപ്തില്‍നിന്നു നമ്മെ മോചിപ്പിച്ച്, മരുപ്രദേശങ്ങളും കുഴികളും നിറഞ്ഞ വിജനപ്രദേശത്ത് അന്ധകാരാവൃതവും ആരും കടന്നു പോകാത്തതും ജനവാസമില്ലാത്തതുമായ ദേശത്ത് നമ്മെ നയിച്ച സര്‍വേശ്വരന്‍ എവിടെ” എന്നവര്‍ ചോദിച്ചില്ല.

7 ഫലപുഷ്‍ടിയുള്ള ഒരു ദേശത്തേക്ക് അതിന്‍റെ ഫലങ്ങളും നന്മകളും ആസ്വദിക്കാന്‍ ഞാന്‍ നിങ്ങളെ കൊണ്ടുവന്നു; അവിടെ വന്നു കഴിഞ്ഞപ്പോള്‍ നിങ്ങള്‍ എന്‍റെ ദേശത്തെ മലിനമാക്കുകയും എന്‍റെ അവകാശത്തെ മ്ലേച്ഛമാക്കുകയും ചെയ്തു.

8 ‘സര്‍വേശ്വരന്‍ എവിടെ’ എന്നു പുരോഹിതന്മാര്‍ ചോദിച്ചില്ല; വേദപണ്ഡിതര്‍ എന്നെ അറിഞ്ഞില്ല; ഭരണാധികാരികള്‍ എന്നോട് അതിക്രമം കാട്ടി; പ്രവാചകര്‍ ബാല്‍ദേവന്‍റെ നാമത്തില്‍ പ്രവചിച്ചു; അവര്‍ പ്രയോജനരഹിതരായ ദേവന്മാരുടെ പിന്നാലെ പോയി.”

9

“അതുകൊണ്ടു ഞാന്‍ നിങ്ങള്‍ക്ക് എതിരെ വ്യവഹാരം നടത്തും; നിങ്ങളുടെ മക്കളുടെ മക്കളോടും ഞാന്‍ വാദിക്കും” എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.

10 സൈപ്രസ് ദ്വീപുകളിലേക്കു പോയി നോക്കുവിന്‍; അല്ലെങ്കില്‍ കേദാറിലേക്ക് ആളയച്ചു ശ്രദ്ധാപൂര്‍വം അന്വേഷിക്കുവിന്‍, ഇതുപോലെ എന്തെങ്കിലും അവിടെ സംഭവിച്ചിട്ടുണ്ടോ?

11 ഏതെങ്കിലും ഒരു ജനത അവരുടെ ദേവന്മാരെ, അവര്‍ ദേവന്മാര്‍ അല്ലാതിരുന്നിട്ടുപോലും മാറ്റിയിട്ടുണ്ടോ? എന്‍റെ ജനം വ്യര്‍ഥമായതിനുവേണ്ടി തങ്ങളുടെ മഹത്ത്വത്തെ കൈമാറ്റം ചെയ്തിരിക്കുന്നു.

12 ആകാശമേ, ഭയപ്പെട്ടു നടുങ്ങുക, സംഭ്രമിച്ചു ഞെട്ടി വിറയ്‍ക്കുക; സര്‍വേശ്വരനാണ് ഇത് അരുളിച്ചെയ്യുന്നത്.

13 എന്‍റെ ജനം രണ്ടു പാപം ചെയ്തിരിക്കുന്നു; ജീവജലത്തിന്‍റെ ഉറവയായ എന്നെ അവര്‍ ഉപേക്ഷിച്ചു; വെള്ളം ഇല്ലാത്ത പൊട്ടക്കിണറുകള്‍ അവര്‍ കുഴിച്ചു.”

14

“ഇസ്രായേല്‍ അടിമയാണോ? അടിമയായി ജനിച്ചതാണോ? അല്ലെങ്കില്‍ പിന്നെന്തിന് ഇസ്രായേല്‍ ശത്രുക്കള്‍ക്ക് ഇരയായിത്തീര്‍ന്നിരിക്കുന്നു?

15 സിംഹങ്ങള്‍ അവന്‍റെ നേരേ ഗര്‍ജിച്ചു; അവ അത്യുച്ചത്തില്‍ അലറി; അവ അവന്‍റെ ദേശം ശൂന്യമാക്കി; അവന്‍റെ പട്ടണങ്ങള്‍ ജനവാസമില്ലാതെ നശിച്ചുകിടക്കുന്നു.

16 മാത്രമല്ല, മെംഫിസിലെയും തഹ്പനേസിലെയും ജനങ്ങള്‍ നിന്‍റെ ശിരസ്സിലെ കിരീടം തകര്‍ത്തുകളഞ്ഞു.

17 നിനക്കു മാര്‍ഗദര്‍ശനം നല്‌കിയ നിന്‍റെ ദൈവമായ സര്‍വേശ്വരനെ ഉപേക്ഷിച്ചു സ്വയം വരുത്തിവച്ച വിനയല്ലേ ഇത്?

18 എന്തു നേടാനാണ് ഈജിപ്തിലേക്കു നീ പോകുന്നത്? നൈല്‍നദിയിലെ വെള്ളം കുടിക്കാനോ? എന്തു നേടാനാണ് അസ്സീറിയായിലേക്കു പോകുന്നത്? യൂഫ്രട്ടീസ് നദിയിലെ വെള്ളം കുടിക്കാനാണോ?

19 നിന്‍റെ ദുഷ്ടത നിന്നെ ശിക്ഷിക്കും; നിന്‍റെ അവിശ്വസ്തത നിന്നെ കുറ്റം വിധിക്കും; നിന്‍റെ ദൈവമായ സര്‍വേശ്വരനെ ഉപേക്ഷിക്കുന്നതും അവിടുത്തെ ഭയപ്പെടാതിരിക്കുന്നതും തിന്മയും കയ്പും നിറഞ്ഞതാണെന്നു നീ അനുഭവിച്ചറിയും” എന്നു സര്‍വശക്തിയുള്ള കര്‍ത്താവ് അരുളിച്ചെയ്യുന്നു.

20

ദൈവം നിന്‍റെ കഴുത്തില്‍വച്ച നുകം വളരെ മുമ്പുതന്നെ നീ തകര്‍ത്തു; നിന്‍റെ കയറു പൊട്ടിച്ചുകളഞ്ഞു; ‘ഞാന്‍ അടിമവേല ചെയ്യുകയില്ല’ എന്നു നീ പറഞ്ഞു; എന്നിട്ട് ഓരോ കുന്നിന്‍റെ മുകളിലും, ഓരോ പച്ചമരത്തിന്‍റെ ചുവട്ടിലും നീ വേശ്യാവൃത്തി നടത്തി.

21

തിരഞ്ഞെടുക്കപ്പെട്ട മുന്തിരിവള്ളിയായി ഞാന്‍ നിന്നെ നട്ടു; പിന്നെ എങ്ങനെ നീ ദുഷിച്ച് കാട്ടുമുന്തിരിവള്ളി ആയിത്തീര്‍ന്നു.

22 എത്ര വളരെ കാരവും സോപ്പുംകൊണ്ടു കഴുകിയാലും നിന്‍റെ പാപക്കറ എന്‍റെ മുമ്പില്‍നിന്നു മായുകയില്ല എന്നു ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

23 ഞാന്‍ മലിനയായിട്ടില്ല, ബാല്‍ദേവന്‍റെ പുറകേ പോയിട്ടില്ല എന്നു നിനക്ക് എങ്ങനെ പറയാന്‍ കഴിയും? താഴ്വരയിലെ നിന്‍റെ മാര്‍ഗത്തിലേക്കു നോക്കി നീ ചെയ്തത് എന്തെന്നു മനസ്സിലാക്കുക; വഴിയില്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്ന പെണ്ണൊട്ടകം പോലെ ആയിരുന്നില്ലേ നീ?

24 കാമാസക്തി പൂണ്ടു, മരുഭൂമിയില്‍ കാറ്റിന്‍റെ മണം പിടിച്ച് ഓടിനടന്ന കാട്ടുകഴുതയായിരുന്നു അവള്‍; അവളുടെ കാമാവേശത്തെ നിയന്ത്രിക്കാന്‍ ആര്‍ക്കു കഴിയും? അവളെ അന്വേഷിച്ച് ആരും ക്ഷീണിക്കേണ്ടിവരികയില്ല; മൈഥുനമാസത്തില്‍ അവള്‍ അവരുടെ മുമ്പില്‍ ഉണ്ടായിരിക്കും.

25 നിന്‍റെ ചെരുപ്പു തേഞ്ഞു പോകാതെയും നിന്‍റെ തൊണ്ട വരണ്ടു പോകാതെയും സൂക്ഷിക്കുക; എന്നാല്‍ നീ പറഞ്ഞു: “അതു സാധ്യമല്ല; ഞാന്‍ അന്യദേവന്മാരെ സ്നേഹിച്ചുപോയി; അവരുടെ പിന്നാലെ ഞാന്‍ പോകും.”

26

കണ്ടുപിടിക്കപ്പെടുമ്പോള്‍ കള്ളന്‍ ലജ്ജിക്കുന്നതുപോലെ, ഇസ്രായേല്‍ഗൃഹം ലജ്ജിക്കും; അവരും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും ലജ്ജിതരാകും.

27 മരത്തോടു ‘നീ എന്‍റെ പിതാവാകുന്നു’ എന്നും, കല്ലിനോട് ‘മാതാവാകുന്നു’ എന്നും അവര്‍ പറയുന്നു; അവര്‍ മുഖമല്ല പുറമാണ് എന്‍റെ നേരേ തിരിക്കുന്നത്; എന്നാല്‍ കഷ്ടകാലം വരുമ്പോള്‍ എഴുന്നേറ്റു ഞങ്ങളെ രക്ഷിക്കണമേ എന്ന് അവര്‍ എന്നോടു പറയുന്നു.

28 നിങ്ങള്‍ നിര്‍മിച്ച ദേവന്മാരെവിടെ? കഷ്ടകാലത്തു നിങ്ങളെ രക്ഷിക്കാന്‍ അവര്‍ക്കു കഴിയുമെങ്കില്‍ എഴുന്നേറ്റു വരട്ടെ, യെഹൂദ്യയേ, നിങ്ങളുടെ പട്ടണത്തിന്‍റെ എണ്ണത്തിനൊപ്പം ദേവന്മാര്‍ നിങ്ങള്‍ക്കുണ്ടല്ലോ.

29

എനിക്കെതിരെ നിങ്ങള്‍ എന്തിനു പരാതിപ്പെടുന്നു. നിങ്ങള്‍ എല്ലാവരും എന്നോടു മത്സരിച്ചിരുന്നവരല്ലേ എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

30 ഞാന്‍ നിങ്ങളുടെ മക്കളെ ശിക്ഷിച്ചതുകൊണ്ടു ഫലമുണ്ടായില്ല; അവര്‍ തെറ്റു തിരുത്തിയില്ല; ആര്‍ത്തിപൂണ്ട സിംഹത്തെപ്പോലെ, നിങ്ങളുടെ വാള്‍ നിങ്ങളുടെ പ്രവാചകരെ സംഹരിച്ചു.

31 ഇസ്രായേല്‍ജനമേ, നിങ്ങള്‍ സര്‍വേശ്വരന്‍റെ വാക്കു ശ്രദ്ധിക്കുവിന്‍; ഞാന്‍ ഇസ്രായേലിനു മരുഭൂമിയോ അന്ധകാരപ്രദേശമോ ആയിരുന്നോ? പിന്നെ എന്തുകൊണ്ടാണു ഞങ്ങള്‍ സ്വതന്ത്രരാണെന്നും നിന്‍റെ അടുക്കല്‍ ഞങ്ങള്‍ വരികയില്ല എന്നും എന്‍റെ ജനം പറയുന്നത്?

32 കന്യകയ്‍ക്കു തന്‍റെ ആഭരണങ്ങളോ, മണവാട്ടിക്കു തന്‍റെ വസ്ത്രാലങ്കാരങ്ങളോ വിസ്മരിക്കാന്‍ കഴിയുമോ? എന്നാലും എന്‍റെ ജനം ഏറെനാളുകളായി എന്നെ മറന്നിരിക്കുന്നു.

33

കാമുകരെ തേടാന്‍ നീ നിന്‍റെ വഴി എത്ര നന്നായി ഒരുക്കുന്നു. ദുര്‍വൃത്തരായ സ്‍ത്രീകള്‍ പോലും നിന്നില്‍നിന്നു പാഠങ്ങള്‍ പഠിക്കും.

34 നിന്‍റെ വസ്ത്രങ്ങളുടെ വിളുമ്പുകളില്‍ നിരപരാധികളായ സാധുക്കളുടെ ജീവരക്തമുണ്ട്; അവരാരും ഭവനഭേദനം നടത്തുന്നതായി നീ കണ്ടില്ല.

35 ഇതെല്ലാമായിട്ടും നീ പറയുന്നു: “ഞാന്‍ കുറ്റമൊന്നും ചെയ്തിട്ടില്ല; അവിടുത്തെ കോപം എന്നെ വിട്ടുമാറിയിരിക്കുന്നു”. ഞാന്‍ പാപം ചെയ്തിട്ടില്ല എന്നു നീ പറയുന്നതുകൊണ്ട് ഞാന്‍ നിന്നെ കുറ്റം വിധിക്കും.

36 എത്ര ലാഘവത്തോടെ നിന്‍റെ വഴിവിട്ടു നീ അലഞ്ഞു നടക്കുന്നു; അസ്സീറിയാ നിന്നെ അപമാനിച്ചതുപോലെ ഈജിപ്തും നിന്നെ അപമാനിക്കും.

37 തലയില്‍ കൈവച്ചുകൊണ്ട് നീ ഈജിപ്തില്‍നിന്നു മടങ്ങിവരും; നീ ആശ്രയിക്കുന്നവരെ സര്‍വേശ്വരന്‍ തിരസ്കരിച്ചിരിക്കുന്നു; അവരിലൂടെ നിനക്ക് ഒരു നന്മയും ഉണ്ടാകുകയില്ല.

3

1

സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഒരാള്‍ ഭാര്യയെ ഉപേക്ഷിക്കുകയും അവള്‍ മറ്റൊരാളിന്‍റെ ഭാര്യയായിത്തീരുകയും ചെയ്താല്‍ അയാള്‍ പിന്നീട് അവളുടെ അടുക്കലേക്കു മടങ്ങിപ്പോകുമോ? അങ്ങനെയുള്ളവര്‍ പാര്‍ക്കുന്ന ദേശം പൂര്‍ണമായി മലിനമാകയില്ലേ? അനേകം കാമുകന്മാരുമായി വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട നീ വീണ്ടും എന്‍റെ അടുക്കല്‍ മടങ്ങിവരുന്നുവോ?

2 മൊട്ടക്കുന്നുകളിലേക്കു നോക്കുക; അവയില്‍ നീ പരസംഗം ചെയ്യാത്ത ഏതെങ്കിലും സ്ഥലമുണ്ടോ? യാത്രക്കാരെ കവര്‍ച്ച ചെയ്യാന്‍ വിജനപ്രദേശത്തു കാത്തിരിക്കുന്ന അറബിയെപ്പോലെ വഴിയരികില്‍ കാമുകന്മാര്‍ക്കായി നീ കാത്തിരുന്നു. നിന്‍റെ നിന്ദ്യമായ വേശ്യാവൃത്തി നിമിത്തം നീ ദേശം മലിനമാക്കി.

3 അതുകൊണ്ടു മഴ നിന്നുപോയി; വസന്തകാലത്തെ മഴ വന്നെത്തിയുമില്ല; നീ വേശ്യയെപ്പോലിരിക്കുന്നു; നിനക്കു നിശ്ശേഷം ലജ്ജയില്ല.

4 ‘എന്‍റെ പിതാവേ, അങ്ങ് എന്‍റെ യൗവനത്തിലെ സുഹൃത്താണ്’ എന്നു നീ ഇപ്പോള്‍ പറയുന്നു.

5 അവിടുന്ന് എന്നും കോപിച്ചിരിക്കുമോ? എന്നേക്കും ക്രോധം വച്ചുകൊണ്ടിരിക്കുമോ? ഇങ്ങനെ നീ സംസാരിക്കുന്നു എങ്കിലും നിനക്കു ചെയ്യാവുന്ന തിന്മകളെല്ലാം നീ ചെയ്തു.

6

യോശീയാരാജാവിന്‍റെ കാലത്തു സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: “അവിശ്വസ്തയായ ഇസ്രായേല്‍ ചെയ്തതെന്താണെന്നു നീ കണ്ടോ? ഉയര്‍ന്ന ഓരോ മലമുകളിലും എല്ലാ പച്ചമരത്തിന്‍റെയും ചുവട്ടിലും പോയി അവള്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ടു.

7 ഇതെല്ലാം ചെയ്തശേഷവും അവള്‍ എങ്കലേക്കു മടങ്ങിവരും എന്നു ഞാന്‍ വിചാരിച്ചു; എന്നാല്‍ അവള്‍ വന്നില്ല; അവളുടെ വഞ്ചകിയായ സഹോദരി യെഹൂദായും അതു കണ്ടു.

8 അവിശ്വസ്തയായ ഇസ്രായേലിന്‍റെ സകല വേശ്യാവൃത്തികളും നിമിത്തം മോചനപത്രം നല്‌കി ഞാന്‍ അവളെ പറഞ്ഞയച്ചതു യെഹൂദാ കണ്ടതാണ്; എങ്കിലും അവള്‍ ഭയപ്പെട്ടില്ല.

9 അവളും വേശ്യാവൃത്തിയിലേര്‍പ്പെട്ടു. വേശ്യാവൃത്തി അവള്‍ക്ക് അത്ര നിസ്സാരമായിരുന്നതുകൊണ്ട് കല്ലിനെയും മരത്തെയും ആരാധിച്ചു. അങ്ങനെ വ്യഭിചാരം ചെയ്ത് അവള്‍ ദേശം മലിനമാക്കി.

10 ഇതെല്ലാമായിട്ടും അവളുടെ വഞ്ചകിയായ സഹോദരി യെഹൂദാ പൂര്‍ണഹൃദയത്തോടെയല്ല, കപടവേഷമണിഞ്ഞാണ് എന്‍റെ അടുക്കലേക്കു വന്നത് എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

11

സര്‍വേശ്വരന്‍ വീണ്ടും എന്നോട് അരുളിച്ചെയ്തു: “അവിശ്വസ്തയായ ഇസ്രായേല്‍, വഞ്ചകിയായ യെഹൂദായോളം കുറ്റക്കാരിയല്ലെന്നു തെളിയിച്ചിരിക്കുന്നു.

12 നീ ഇവ വടക്കേദേശത്തോടു പ്രഖ്യാപിക്കുക; അവിശ്വസ്തയായ ഇസ്രായേലേ, മടങ്ങിവരിക; ഞാന്‍ നിന്നോടു കോപിക്കയില്ല; ഞാന്‍ കരുണാസമ്പന്നനാണ്. ഞാന്‍ എന്നേക്കും കോപിച്ചുകൊണ്ടിരിക്കുകയില്ല” എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.

13 നിന്‍റെ ദൈവമായ സര്‍വേശ്വരനോടു നീ മത്സരിച്ചു; ഓരോ പച്ചമരത്തിന്‍റെയും ചുവട്ടില്‍ നീ അന്യദേവന്മാര്‍ക്കു കാഴ്ചകളര്‍പ്പിച്ചു; എന്‍റെ വാക്കുകള്‍ നീ അനുസരിച്ചില്ല. നിന്‍റെ അകൃത്യങ്ങള്‍ ഏറ്റുപറയുക എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.

14 അവിശ്വസ്തരായ മക്കളേ, മടങ്ങിവരുവിന്‍; ഞാനാണല്ലോ നിങ്ങളുടെ നാഥന്‍; ഒരു നഗരത്തില്‍നിന്ന് ഒരാളെയും ഒരു കുടുംബത്തില്‍നിന്നു രണ്ടുപേരെയും വീതം ഞാന്‍ തിരഞ്ഞെടുത്തു സീയോനിലേക്കു മടക്കിക്കൊണ്ടുവരും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

15

എന്‍റെ ഹിതാനുവര്‍ത്തികളായ ഇടയന്മാരെ ഞാന്‍ നിങ്ങള്‍ക്കു നല്‌കും; അവര്‍ ജ്ഞാനത്തോടും വിവേകത്തോടും കൂടി നിങ്ങളെ പാലിക്കും.

16 നിങ്ങള്‍ ദേശത്തു വര്‍ധിച്ചു പെരുകുമ്പോള്‍ സര്‍വേശ്വരന്‍റെ ഉടമ്പടിപെട്ടകത്തെപ്പറ്റി ആരും ഒന്നും പറയുകയില്ല എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; അതിനെപ്പറ്റി ആരെങ്കിലും ചിന്തിക്കുകയോ ഓര്‍ക്കുകയോ ഇല്ല; അതിന്‍റെ അഭാവം ആര്‍ക്കും അനുഭവപ്പെടുകയില്ല; ആരും മറ്റൊന്നു നിര്‍മിക്കയുമില്ല.

17 അന്നു യെരൂശലേം സര്‍വേശ്വരന്‍റെ സിംഹാസനം എന്നു വിളിക്കപ്പെട്ടും; സകല ജനതകളും അവിടെ സര്‍വേശ്വരന്‍റെ സന്നിധിയില്‍ വന്നുകൂടും; ഇനി ഒരിക്കലും അവര്‍ തങ്ങളുടെ ദുഷ്ടവിചാരങ്ങള്‍ക്കു കീഴ്പെട്ടു ജീവിക്കുകയുമില്ല.

18 അന്നു യെഹൂദാഗൃഹം ഇസ്രായേല്‍ഗൃഹത്തോടു ചേരും. അവര്‍ വടക്കുനിന്ന് ഒരുമിച്ചു പുറപ്പെട്ട് ഞാന്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്ക് അവകാശമായി കൊടുത്ത ദേശത്തു വരും.

19

“എന്‍റെ മക്കളുടെകൂടെ നിന്നെ ഉള്‍പ്പെടുത്തി സര്‍വജനത്തിനുമുള്ളതിലും അതിമനോഹരമായ ദേശം, ചേതോഹരമായ അവകാശഭൂമി നിനക്കു നല്‌കണമെന്നു ഞാന്‍ ആഗ്രഹിച്ചു. നീ എന്നെ ‘എന്‍റെ പിതാവേ’ എന്നു വിളിക്കുമെന്നും എന്നില്‍നിന്നു പിന്തിരിഞ്ഞുപോകയില്ലെന്നും ഞാന്‍ വിചാരിച്ചു.

20 അല്ലയോ ഇസ്രായേല്‍ഗൃഹമേ, അവിശ്വസ്തയായ ഭാര്യ തന്‍റെ ഭര്‍ത്താവിനെ ഉപേക്ഷിക്കുന്നതുപോലെ നീ എന്നോടു വിശ്വാസവഞ്ചന കാട്ടിയിരിക്കുന്നു.

21

ഇസ്രായേല്‍ജനം അവരുടെ മാര്‍ഗം വിട്ടു തങ്ങളുടെ ദൈവമായ സര്‍വേശ്വരനെ ഉപേക്ഷിച്ചതുകൊണ്ടു മൊട്ടക്കുന്നുകളില്‍നിന്ന് അവരുടെ വിലാപത്തിന്‍റെയും അഭയയാചനയുടെയും സ്വരം കേള്‍ക്കുന്നു.

22 അവിശ്വസ്തരായ മക്കളേ മടങ്ങിവരുവിന്‍, നിങ്ങളുടെ അവിശ്വസ്തത ഞാന്‍ നീക്കിക്കളയാം.” “ഇതാ, ഞങ്ങള്‍ അങ്ങയുടെ അടുത്തേക്കുവരുന്നു; അവിടുന്നാണു ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍.

23 കുന്നുകളും അവിടെ നടന്ന മദിരോത്സവങ്ങളും തീര്‍ച്ചയായും വ്യര്‍ഥമാണ്; ഇസ്രായേലിന്‍റെ രക്ഷ ഞങ്ങളുടെ ദൈവമായ സര്‍വേശ്വരനില്‍ മാത്രമാകുന്നു.

24

ഞങ്ങളുടെ പിതാക്കന്മാര്‍ അധ്വാനിച്ചു നേടിയ ആട്ടിന്‍പറ്റങ്ങള്‍, കന്നുകാലികള്‍, പുത്രീപുത്രന്മാര്‍ എന്നിവയെല്ലാം ഞങ്ങള്‍ക്കു യൗവനംമുതല്‍ ലജ്ജാകരമായ വിഗ്രഹാരാധനമൂലം നഷ്ടമായിരിക്കുന്നു.

25 ലജ്ജിതരായി ഞങ്ങള്‍ കിടക്കട്ടെ; ഞങ്ങളുടെ അപമാനം ഞങ്ങളെ മൂടട്ടെ; ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും യൗവനംമുതല്‍ ഇന്നുവരെ ഞങ്ങളുടെ ദൈവമായ സര്‍വേശ്വരനെതിരെ പാപം ചെയ്തിരിക്കുന്നുവല്ലോ. ഞങ്ങള്‍ അവിടുത്തെ അനുസരിച്ചില്ല.”

4

1

സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഇസ്രായേലേ, മടങ്ങിവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നീ എന്‍റെ അടുക്കലേക്കു വരിക; എന്‍റെ സന്നിധിയില്‍നിന്നു മ്ലേച്ഛവിഗ്രഹങ്ങളെ നീക്കിക്കളയുകയും എന്നില്‍നിന്നു വഴിതെറ്റിപോകാതിരിക്കുകയും ചെയ്ക.

2 ജീവിക്കുന്ന സര്‍വേശ്വരന്‍റെ നാമത്തില്‍ സത്യസന്ധമായും നീതിയായും പരമാര്‍ഥമായും പ്രതിജ്ഞ ചെയ്യുക; എന്നാല്‍ അവിടുത്തെ നാമത്തില്‍ ജനതകള്‍ അന്യോന്യം അനുഗ്രഹിക്കുകയും അവര്‍ അവിടുത്തെ പുകഴ്ത്തുകയും ചെയ്യും.”

3

യെഹൂദ്യയിലെയും യെരൂശലേമിലെയും ജനങ്ങളോട് അവിടുന്ന് അരുളിച്ചെയ്യുന്നു: “നിങ്ങളുടെ തരിശുഭൂമി ഉഴുതു മറിക്കുക; മുള്ളുകളുടെ ഇടയില്‍ വിതയ്‍ക്കരുത്.

4 യെഹൂദ്യയിലെയും യെരൂശലേമിലെയും ജനങ്ങളേ, സര്‍വേശ്വരനായി നിങ്ങളെത്തന്നെ പരിച്ഛേദനം ചെയ്യുവിന്‍; നിങ്ങളുടെ ഹൃദയമാണു പരിച്ഛേദനം ചെയ്യേണ്ടത്; അല്ലാത്തപക്ഷം നിങ്ങളുടെ ദുഷ്കൃത്യങ്ങള്‍ നിമിത്തം എന്‍റെ ക്രോധം അഗ്നിപോലെ ജ്വലിക്കും; അതു കെടുത്താന്‍ ആര്‍ക്കും കഴിയുകയില്ല.”

5

“യെഹൂദ്യയില്‍ വിളംബരം ചെയ്യുവിന്‍, യെരൂശലേമില്‍ പ്രഖ്യാപിക്കുവിന്‍; കാഹളം മുഴക്കി ദേശത്തെങ്ങും വിളിച്ചറിയിക്കുവിന്‍; ഒരുമിച്ചുകൂടി സുരക്ഷിതനഗരങ്ങളിലേക്ക് ഓടിപ്പോകാം” എന്ന് ഉച്ചത്തില്‍ വിളിച്ചു പറയുവിന്‍.

6 സീയോന്‍ ലക്ഷ്യമാക്കി കൊടി ഉയര്‍ത്തുവിന്‍; സുരക്ഷിതത്വത്തിനു വേണ്ടി ഓടുവിന്‍. തങ്ങി നില്‌ക്കരുത്; കാരണം വടക്കുനിന്നു തിന്മയും ഭയങ്കരമായ നാശവും ഞാന്‍ വരുത്തും.

7 സിംഹം കുറ്റിക്കാട്ടില്‍നിന്നു പുറത്തുവന്നിരിക്കുന്നു. ജനതകളുടെ സംഹാരകന്‍ സങ്കേതത്തില്‍നിന്നു പുറപ്പെട്ടിരിക്കുന്നു; അവന്‍ നിന്‍റെ ദേശം ശൂന്യമാക്കും; നിന്‍റെ പട്ടണങ്ങള്‍ ആള്‍പ്പാര്‍പ്പില്ലാത്ത നാശകൂമ്പാരങ്ങളാകും.

8 അതുകൊണ്ടു നിങ്ങള്‍ ചാക്കുതുണി ഉടുത്തു വിലപിക്കുവിന്‍; പൊട്ടിക്കരയുവിന്‍. സര്‍വേശ്വരന്‍റെ ഉഗ്രകോപം നമ്മില്‍നിന്നു മാറിയിട്ടില്ലല്ലോ.”

9

സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും ധൈര്യം അന്ന് അസ്തമിക്കും; പുരോഹിതന്മാര്‍ ഭ്രമിക്കും; പ്രവാചകന്മാര്‍ അമ്പരന്നുപോകും.”

10 അപ്പോള്‍ ഞാന്‍ പറഞ്ഞു: “ദൈവമായ സര്‍വേശ്വരാ, വാള്‍ അവരുടെ കഴുത്തില്‍ വീണിരിക്കുമ്പോള്‍തന്നെ നിങ്ങള്‍ക്കെല്ലാം ശുഭം എന്നു പറഞ്ഞ് അവിടുന്ന് ഈ ജനത്തെയും യെരൂശലേമിനെയും വഞ്ചിച്ചുവല്ലോ.”

11

അന്നു ജനത്തോടും യെരൂശലേമിനോടും ഇപ്രകാരം പറയും: “മരുഭൂമിയിലെ മൊട്ടക്കുന്നുകളില്‍നിന്നു പുറപ്പെടുന്ന ഉഷ്ണക്കാറ്റ് എന്‍റെ ജനത്തിന്‍റെ പുത്രിയുടെ നേര്‍ക്ക് അടിക്കും; അതു പതിരു നീക്കാനോ, വെടിപ്പാക്കാനോ ആയിരിക്കുകയില്ല.

12 ഞാന്‍ അയയ്‍ക്കുന്ന കാറ്റ് അതിശക്തമായിരിക്കും; ഞാന്‍തന്നെ അവരുടെമേല്‍ ന്യായവിധി പ്രസ്താവിക്കും.”

13

ഇതാ, മേഘങ്ങളെപ്പോലെ അയാള്‍ വരുന്നു; അയാളുടെ രഥങ്ങള്‍ ചുഴലിക്കാറ്റുപോലെയാണ്; കുതിരകള്‍ കഴുകനെക്കാള്‍ വേഗമേറിയവ; അയ്യോ ഞങ്ങള്‍ക്കു ദുരിതം; ഞങ്ങള്‍ നശിച്ചുകഴിഞ്ഞു.

14 യെരൂശലേമേ, നിന്‍റെ ഹൃദയത്തില്‍നിന്നു ദുഷ്ടത കഴുകിക്കളയുവിന്‍. എന്നാല്‍ നീ രക്ഷപെടും; ദുശ്ചിന്തകള്‍ എത്രകാലം നിന്നില്‍ കുടിയിരിക്കും.

15 ദാനില്‍നിന്ന് ഒരു ശബ്ദവും എഫ്രയീംപര്‍വതങ്ങളില്‍നിന്ന് അനര്‍ഥത്തെപ്പറ്റിയുള്ള പ്രഖ്യാപനവും കേള്‍ക്കുന്നു.

16 ജനതകളോടു പ്രഖ്യാപിക്കുവിന്‍; വിദൂരത്തുനിന്നു ശത്രുക്കള്‍ വരുന്നു എന്നും യെഹൂദ്യയിലെ നഗരങ്ങള്‍ക്ക് എതിരെ യുദ്ധഭീഷണി മുഴങ്ങുന്നു എന്നും യെരൂശലേമിനോടു പറയുവിന്‍. വയലിലെ കാവല്‌ക്കാരെപ്പോലെ അവര്‍ അവളെ വളഞ്ഞിരിക്കുന്നു;

17 കാരണം, അവള്‍ എന്നോടു മത്സരിച്ചിരിക്കുന്നു എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

18 നീ സ്വീകരിച്ച വഴികളും നിന്‍റെ പ്രവൃത്തികളുമാണ് ഇതെല്ലാം നിനക്കു വരുത്തിവച്ചത്. ഇതു നിനക്കുള്ള ശിക്ഷയാണ്; ഇതു കയ്പേറിയതുതന്നെ; അതു നിന്‍റെ ഹൃദയത്തില്‍ തുളച്ചുകയറിയിരിക്കുന്നു.

19

വേദന, അസഹ്യമായ വേദന! വേദന നിമിത്തം ഞാന്‍ പുളയുന്നു; എന്‍റെ ഹൃദയഭിത്തികള്‍ തകരുന്നു; എന്‍റെ ഹൃദയം വല്ലാതെ മിടിക്കുന്നു; നിശ്ശബ്ദനായിരിക്കാന്‍ എനിക്കു കഴിയുന്നില്ല; കാഹളശബ്ദവും യുദ്ധഭേരിയുമാണല്ലോ ഞാന്‍ കേള്‍ക്കുന്നത്.

20 നാശത്തിനു പിറകേ മറ്റൊരു നാശം; ദേശം മുഴുവന്‍ വിജനമായിത്തീര്‍ന്നിരിക്കുന്നു. എന്‍റെ കൂടാരങ്ങള്‍ ക്ഷണനേരംകൊണ്ടു തകര്‍ന്നുവീഴുന്നു; കൂടാരവിരിപ്പുകള്‍ നിമിഷനേരംകൊണ്ടു നശിച്ചുപോകുന്നു.

21 എത്രകാലം ഞാന്‍ യുദ്ധത്തിന്‍റെ കൊടി കാണുകയും കാഹളശബ്ദം കേള്‍ക്കുകയും വേണം?

22 “എന്‍റെ ജനം ഭോഷന്മാരാണ്; അവര്‍ എന്നെ അറിയുന്നില്ല; അവര്‍ ബുദ്ധിയില്ലാത്ത കുട്ടികള്‍; അവര്‍ക്കു വിവേകം ഒട്ടുമില്ല. തിന്മ ചെയ്യാന്‍ അവര്‍ സമര്‍ഥരാണ്; എന്നാല്‍ നന്മ ചെയ്യേണ്ടത് എങ്ങനെയെന്ന് അവര്‍ക്ക് അറിഞ്ഞുകൂടാ.”

23

ഞാന്‍ ഭൂമിയിലേക്കു നോക്കി, അതു രൂപമില്ലാത്തതും ശൂന്യവുമായിരുന്നു; ആകാശത്തേക്കു നോക്കി, അവിടെ പ്രകാശം ഉണ്ടായിരുന്നില്ല.

24 ഞാന്‍ പര്‍വതങ്ങളിലേക്കു നോക്കി, അവ വിറയ്‍ക്കുന്നു; കുന്നുകള്‍ ആടിക്കൊണ്ടിരിക്കുന്നു.

25 ഒരു മനുഷ്യനെയും ഞാന്‍ അവിടെ കണ്ടില്ല; പക്ഷികള്‍ എല്ലാം പറന്നു പോയിരിക്കുന്നു.

26 ഫലപുഷ്ടമായ ദേശം മരുഭൂമിയായി മാറിയിരിക്കുന്നതു ഞാന്‍ കണ്ടു; സര്‍വേശ്വരന്‍റെ ഉഗ്രകോപത്തില്‍ നഗരങ്ങളെല്ലാം നിലംപരിചായിരിക്കുന്നു.

27

അവിടുന്ന് അരുളിച്ചെയ്യുന്നു: “ദേശമെല്ലാം ശൂന്യമായിത്തീരും; എങ്കിലും ഞാന്‍ അതു പൂര്‍ണമായി നശിപ്പിച്ചുകളയുകയില്ല.

28 ഇതുനിമിത്തം ദേശം വിലപിക്കും; ആകാശം ഇരുണ്ടുപോകും; ഞാന്‍ നിശ്ചയിച്ചിരിക്കുന്നു; അതിനു മാറ്റമില്ല; ഞാന്‍ പിന്മാറുകയുമില്ല.”

29 കുതിരപ്പടയാളികളുടെയും വില്ലാളികളുടെയും ശബ്ദം കേള്‍ക്കുമ്പോള്‍ നഗരവാസികള്‍ ഓടിത്തുടങ്ങുന്നു; അവര്‍ കുറ്റിക്കാടുകളില്‍ ഒളിക്കുകയും പാറക്കെട്ടുകളില്‍ വലിഞ്ഞു കയറുകയും ചെയ്യുന്നു; നഗരങ്ങളെല്ലാം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു; ആരും അതില്‍ പാര്‍ക്കുന്നില്ല.

30 ഉപേക്ഷിക്കപ്പെട്ടവളേ, നീ എന്തിനു രക്താംബരം ധരിക്കുന്നു? സ്വര്‍ണാഭരണം അണിയുന്നു? കണ്ണില്‍ മഷി എഴുതുന്നതും എന്തിന്? സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള നിന്‍റെ ശ്രമം വ്യര്‍ഥമാണ്; നിന്‍റെ കാമുകന്മാര്‍ നിന്നെ നിന്ദിക്കുന്നു; അവര്‍ നിനക്കു ജീവഹാനി വരുത്താന്‍ ശ്രമിക്കുന്നു.

31 ഈറ്റുനോവുകൊണ്ട് നിലവിളിക്കുന്ന സ്‍ത്രീയുടേതുപോലെയുള്ള കരച്ചില്‍ ഞാന്‍ കേട്ടു; കടിഞ്ഞൂലിനെ പ്രസവിക്കുമ്പോള്‍ കേള്‍ക്കുന്നതുപോലെയുള്ള ആര്‍ത്തനാദം; ശ്വാസത്തിനുവേണ്ടി കൈകള്‍ നീട്ടി കിതയ്‍ക്കുന്ന സീയോന്‍പുത്രി നിലവിളിക്കുന്നു; ‘ഹാ! എനിക്കു ദുരിതം; കൊലപാതകികളുടെ മുമ്പില്‍ ഞാന്‍ തളര്‍ന്നുവീഴുന്നു.’

5

1

നോക്കൂ, നീതി പ്രവര്‍ത്തിക്കുകയും സത്യം അന്വേഷിക്കുകയും ചെയ്യുന്ന ഒരാളെയെങ്കിലും കാണാന്‍ കഴിയുമോ എന്നു യെരൂശലേമിന്‍റെ വീഥികളിലൂടെ ചുറ്റിനടന്ന് അവരുടെ പൊതുസ്ഥലങ്ങളില്‍ അന്വേഷിക്കുവിന്‍; ആരെയെങ്കിലും കണ്ടാല്‍ ഞാന്‍ അവളോടു ക്ഷമിക്കും.

2 ജീവനുള്ള സര്‍വേശ്വരന്‍റെ നാമത്തില്‍ അവര്‍ ആണയിടുന്നെങ്കിലും കള്ളസത്യമാണ് അവര്‍ ചെയ്യുന്നത്.

3 സര്‍വേശ്വരാ, അവിടുന്നു വിശ്വസ്തതയല്ലയോ അന്വേഷിക്കുന്നത്? അവിടുന്ന് അവരെ പ്രഹരിച്ചെങ്കിലും അവര്‍ക്കു വേദന തോന്നിയില്ല; അവിടുന്ന് അവരെ തകര്‍ത്തെങ്കിലും തെറ്റു തിരുത്താന്‍ അവര്‍ക്കു മനസ്സായില്ല; അവര്‍ അവരുടെ ഹൃദയം കഠിനമാക്കി. അനുതപിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല.

4

അപ്പോള്‍ ഞാന്‍ പറഞ്ഞു: “അവര്‍ അറിവില്ലാത്ത പാവങ്ങള്‍, സര്‍വേശ്വരന്‍റെ വഴിയും അവരുടെ ദൈവത്തിന്‍റെ കല്പനയും അവര്‍ അറിയുന്നില്ല.

5 ഞാന്‍ വലിയ ആളുകളുടെ അടുക്കല്‍ ചെന്ന് അവരോടു സംസാരിക്കും; സര്‍വേശ്വരന്‍റെ വഴിയും അവരുടെ ദൈവത്തിന്‍റെ നിയമവും അവര്‍ക്ക് അറിയാം.” എങ്കിലും അവര്‍ എല്ലാവരും ഒരുപോലെ അവിടുത്തെ അധികാരം നിഷേധിക്കുകയും അവിടുത്തെ അനുസരിക്കാതിരിക്കുകയും ചെയ്തു.

6 അതുകൊണ്ട് കാട്ടില്‍നിന്നു സിംഹം വന്ന് അവരെ കൊല്ലും; മരുഭൂമിയില്‍നിന്നു വന്ന ചെന്നായ് അവരെ കടിച്ചുകീറും; പുള്ളിപ്പുലി അവരുടെ നഗരങ്ങള്‍ക്കെതിരെ പതിയിരിക്കുന്നു; അവിടെനിന്നു പുറത്തുവരുന്നവരെയെല്ലാം അതു ചീന്തിക്കളയും; അവരുടെ കുറ്റങ്ങള്‍ നിരവധിയും അവിശ്വസ്തത അപാരവുമാണല്ലോ.

7

ഞാന്‍ എങ്ങനെ നിന്നോടു ക്ഷമിക്കും? നിന്‍റെ മക്കള്‍ എന്നെ ഉപേക്ഷിച്ചിരിക്കുന്നു; ദൈവമല്ലാത്തവയുടെ പേരു പറഞ്ഞ് അവര്‍ ആണയിടുന്നു; ഞാന്‍ അവര്‍ക്കു നിറയെ ആഹാരം നല്‌കിയെങ്കിലും അവര്‍ വ്യഭിചരിച്ചു; വേശ്യാഗൃഹങ്ങളിലേക്ക് അവര്‍ കൂട്ടംകൂട്ടമായി നീങ്ങി.

8 തിന്നു മദിച്ച കുതിരകളാണവര്‍; അയല്‍ക്കാരന്‍റെ ഭാര്യയെ അവര്‍ മോഹിക്കുന്നു.

9 ഇവ നിമിത്തം ഞാന്‍ അവരെ ശിക്ഷിക്കേണ്ടതല്ലേ? സര്‍വേശ്വരന്‍ ചോദിക്കുന്നു: ഈ ജനതയോടു ഞാന്‍ പ്രതികാരം ചെയ്യേണ്ടതല്ലേ?

10

അവളുടെ മുന്തിരിത്തോട്ടങ്ങളിലൂടെ നടന്ന് അവ നശിപ്പിക്കുവിന്‍; എന്നാല്‍ അവ പൂര്‍ണമായി നശിപ്പിക്കരുത്; അവയുടെ ശാഖകള്‍ മുറിച്ചുകളവിന്‍; അവ സര്‍വേശ്വരന്‍റേതല്ലല്ലോ.

11 ഇസ്രായേല്‍ഗൃഹവും യെഹൂദാഗൃഹവും എന്നോടു തീര്‍ത്തും അവിശ്വസ്തരായിരിക്കുന്നു” എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.

12

അവര്‍ സര്‍വേശ്വരനെക്കുറിച്ചു വ്യാജമായി സംസാരിച്ചിരിക്കുന്നു; അവര്‍ പറഞ്ഞു: “അവിടുന്ന് ഒന്നും ചെയ്യുകയില്ല; ഒരു ദോഷവും നമുക്കു ഭവിക്കുകയില്ല; യുദ്ധമോ ക്ഷാമമോ നമുക്കു കാണാന്‍ ഇടയാകുകയുമില്ല.

13 പ്രവാചകന്മാര്‍ വെറും കാറ്റായിത്തീരും; ദൈവവചനം അവരിലില്ല; അവര്‍ പറഞ്ഞത് അവര്‍ക്കു തന്നെ ഭവിക്കും.”

14 അതുകൊണ്ടു സര്‍വശക്തനായ സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവര്‍ ഇങ്ങനെ സംസാരിച്ചതുകൊണ്ട് നിന്‍റെ വായിലുള്ള എന്‍റെ വചനം ഞാന്‍ ഒരു അഗ്നിയാക്കും; ഈ ജനത വിറകായിത്തീരും. അവര്‍ അഗ്നിക്കിരയാകും.”

15 ഇസ്രായേല്‍ഗൃഹമേ, നിങ്ങള്‍ക്കെതിരെ ഒരു ജനതയെ വിദൂരത്തുനിന്നു ഞാന്‍ കൊണ്ടുവരുന്നു എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; ശക്തവും പുരാതനവുമായ ജനത; അവരുടെ ഭാഷ നിങ്ങള്‍ക്കറിഞ്ഞുകൂടാ; സംസാരം നിങ്ങള്‍ക്കു മനസ്സിലാകുകയുമില്ല.

16 അവരുടെ ആവനാഴി തുറന്ന കല്ലറപോലെയാണ്. അവരെല്ലാവരും യുദ്ധവീരന്മാരാണ്.

17 അവര്‍ നിങ്ങളുടെ വിളയും ഭക്ഷണസാധനങ്ങളും തിന്നു തീര്‍ക്കും; നിന്‍റെ പുത്രന്മാരെയും പുത്രിമാരെയും സംഹരിക്കും; നിന്‍റെ ആടുമാടുകളെ അവര്‍ തിന്നൊടുക്കും; നിന്‍റെ മുന്തിരിവള്ളികളും അത്തിമരങ്ങളും നശിപ്പിക്കും; നീ ആശ്രയിക്കുന്ന സുരക്ഷിതനഗരങ്ങള്‍ അവര്‍ വാളിനിരയാക്കും.

18

ആ നാളുകളില്‍പോലും ഞാന്‍ അവരെ പൂര്‍ണമായി നശിപ്പിക്കുകയില്ല എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

19 നമ്മുടെ ദൈവമായ സര്‍വേശ്വരന്‍ നമ്മോട് എന്തുകൊണ്ടാണ് ഇപ്രകാരമെല്ലാം ചെയ്തത് എന്ന് അവര്‍ ചോദിച്ചാല്‍, അവരോടു പറയുക: “നിങ്ങളുടെ ദേശത്തു നിങ്ങള്‍ എന്നെ ഉപേക്ഷിക്കുകയും അന്യദേവന്മാരെ സേവിക്കുകയും ചെയ്തതുകൊണ്ട് നിങ്ങളുടേതല്ലാത്ത ദേശത്ത് അപരിചിതരായ ആളുകളെ നിങ്ങള്‍ സേവിക്കും.”

20

യാക്കോബിന്‍റെ ഗൃഹത്തില്‍ ഇതു പ്രഖ്യാപിക്കുവിന്‍, യെഹൂദായില്‍ ഇതു ഘോഷിക്കുവിന്‍.

21 കണ്ണുണ്ടായിട്ടും കാണാതെയും ചെവിയുണ്ടായിട്ടും കേള്‍ക്കാതെയും മൂഢരും അവിവേകികളുമായിരിക്കുന്ന ജനമേ, ഇതു കേള്‍ക്കുവിന്‍.

22 സര്‍വേശ്വരന്‍ ചോദിക്കുന്നു: “നിങ്ങള്‍ എന്നെ ഭയപ്പെടുന്നില്ലേ? എന്‍റെ മുമ്പാകെ നിങ്ങള്‍ വിറയ്‍ക്കുന്നില്ലേ? ഞാന്‍ സമുദ്രത്തിനു മണല്‍കൊണ്ട് അതിരിട്ടു; മറികടക്കാന്‍ ആവാത്ത സ്ഥിരമായ അതിരുതന്നെ. തിരകള്‍ ആഞ്ഞടിച്ചാലും വിജയിക്കയില്ല; അവ ആര്‍ത്തിരമ്പിയാലും മറികടക്കയില്ല.

23 ഈ ജനം ദുശ്ശാഠ്യവും ധിക്കാരവും നിറഞ്ഞ ഹൃദയമുള്ളവരാണ്; അവര്‍ പുറംതിരിഞ്ഞു പൊയ്‍ക്കളഞ്ഞു.

24 അവിടുന്നു തക്കസമയത്തു മഴ പെയ്യിക്കുന്നു; ശരത്കാല വര്‍ഷവും വസന്തകാല വര്‍ഷവും അവിടുന്നു നല്‌കുന്നു; വിളവെടുപ്പുകാലം നിശ്ചിത സമയത്തുതന്നെ നടത്താന്‍ ഇടയാക്കുന്നു. ഇങ്ങനെയുള്ള നമ്മുടെ ദൈവമായ സര്‍വേശ്വരനെ ഭയപ്പെടേണ്ടതാണെന്ന് അവര്‍ ചിന്തിച്ചില്ല.

25 നിങ്ങളുടെ അകൃത്യം മൂലം ഇവയെല്ലാം നിങ്ങള്‍ നഷ്ടമാക്കി; നിങ്ങളുടെ പാപം നന്മകള്‍ക്കു മുടക്കം വരുത്തിയിരിക്കുന്നു.

26 ദുഷ്ടമനുഷ്യര്‍ എന്‍റെ ജനത്തിനിടയില്‍ പാര്‍ക്കുന്നു; പക്ഷിവേട്ടക്കാരെപ്പോലെ അവര്‍ പതിയിരിക്കുന്നു; അവര്‍ കെണി വച്ചു മനുഷ്യരെ പിടിക്കുന്നു.

27 പക്ഷികളെക്കൊണ്ടു നിറഞ്ഞിരിക്കുന്ന കൂടുപോലെ വഞ്ചനകൊണ്ട് അവരുടെ ഭവനങ്ങള്‍ നിറഞ്ഞിരിക്കുന്നു; അങ്ങനെ അവര്‍ വലിയവരും ധനികരുമായി; അവര്‍ കൊഴുത്തു മിനുങ്ങിയിരിക്കുന്നു.

28 അവരുടെ തിന്മപ്രവൃത്തികള്‍ക്ക് അതിരില്ല; അനാഥര്‍ക്ക് അഭിവൃദ്ധിയുണ്ടാകുംവിധം അവര്‍ നീതിപൂര്‍വം വിധിക്കുന്നില്ല; ദരിദ്രരുടെ അവകാശം അവര്‍ സംരക്ഷിക്കുന്നില്ല.

29 ഇവരെ ഞാന്‍ ശിക്ഷിക്കേണ്ടതല്ലേ? ഇതുപോലൊരു ജനതയോടു പ്രതികാരം ചെയ്യേണ്ടതല്ലേ എന്നു സര്‍വേശ്വരന്‍ ചോദിക്കുന്നു.

30

സംഭ്രമജനകമായ കാര്യം ദേശത്തു സംഭവിച്ചിരിക്കുന്നു.

31 പ്രവാചകന്മാര്‍ വ്യാജമായി പ്രവചിക്കുന്നു; അവര്‍ നിര്‍ദേശിക്കുന്നതുപോലെ പുരോഹിതന്മാര്‍ ഭരണം നടത്തുന്നു; എന്‍റെ ജനത്തിന് അത് ഇഷ്ടമാണ്; എന്നാല്‍ അവസാനം വരുമ്പോള്‍ നിങ്ങള്‍ എന്തു ചെയ്യും?

6

1

ബെന്യാമീന്‍ ഗോത്രക്കാരേ, സുരക്ഷിതരായിരിക്കാന്‍ യെരൂശലേമില്‍നിന്ന് ഓടിപ്പോകുവിന്‍; തെക്കോവയില്‍ കാഹളമൂതുവിന്‍; ബേത്ത്-ഹക്കേരെമില്‍ കൊടി ഉയര്‍ത്തുവിന്‍, വടക്കുനിന്ന് അനര്‍ഥം വരുന്നു; വലിയ ദുരന്തംതന്നെ.

2 ഓമനിച്ചു വളര്‍ത്തിയ സുന്ദരിയായ സീയോന്‍പുത്രിയെ ഞാന്‍ നശിപ്പിക്കും.

3 ഇടയന്മാര്‍ തങ്ങളുടെ ആട്ടിന്‍പറ്റങ്ങളുമായി അവളുടെ അടുക്കല്‍ വരും; അവര്‍ അവള്‍ക്കു ചുറ്റും കൂടാരമടിക്കും; ഓരോരുത്തന്‍ ഇഷ്ടമുള്ളിടത്ത് ആടുകളെ മേയിക്കും.

4 “അവള്‍ക്കെതിരെ പടയ്‍ക്കൊരുങ്ങുക; ആയുധമെടുക്കുക; നട്ടുച്ചയ്‍ക്ക് നമുക്കവളെ ആക്രമിക്കാം.” “ഹാ ദുരിതം! നേരം വൈകിപ്പോയല്ലോ; നിഴലുകള്‍ നീളുന്നു.

5 നമുക്കു രാത്രിയില്‍ ആക്രമിച്ച് അവളുടെ കൊട്ടാരങ്ങള്‍ നശിപ്പിക്കാം”.

6

സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “അവളുടെ മരങ്ങള്‍ മുറിക്കുവിന്‍; യെരൂശലേമിനെ ഉപരോധിക്കാന്‍ മണ്‍കൂന ഉയര്‍ത്തുവിന്‍; ഈ നഗരം ശിക്ഷിക്കപ്പെടണം; അതിനുള്ളില്‍ മര്‍ദനമല്ലാതെ മറ്റൊന്നുമില്ല.

7 കിണര്‍ അതിലെ വെള്ളം പുതുമയോടെ സൂക്ഷിക്കുന്നതുപോലെ, അവള്‍ തന്‍റെ ദുഷ്ടത സൂക്ഷിക്കുന്നു. അക്രമത്തിന്‍റെയും നാശത്തിന്‍റെയും സ്വരം അവളില്‍ മുഴങ്ങുന്നു; രോഗവും മുറിവുകളും മാത്രം ഞാന്‍ എപ്പോഴും കാണുന്നു.

8 യെരൂശലേമേ, ഈ മുന്നറിയിപ്പു ശ്രദ്ധിക്കുക. അല്ലെങ്കില്‍ ഞാന്‍ നിന്നെ വിട്ടകലും; നീ അന്യപ്പെട്ടു പോകുകയും ഞാന്‍ നിന്നെ ശൂന്യവും നിര്‍ജനവുമായ ദേശമാക്കുകയും ചെയ്യും.”

9

സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “മുന്തിരിയുടെ കാലാ പെറുക്കുന്നതുപോലെ ഇസ്രായേലില്‍ ശേഷിച്ചവരെ അരിച്ചുപെറുക്കുക; മുന്തിരിപ്പഴം ശേഖരിക്കുന്നവന്‍ അതിന്‍റെ ശാഖകളിലേക്കു വീണ്ടും വീണ്ടും കൈ നീട്ടുന്നതുപോലെ നിന്‍റെ കൈ നീട്ടി തിരയുക.”

10 അവര്‍ കേള്‍ക്കാന്‍ തക്കവിധം ഞാന്‍ ആരോടാണു സംസാരിക്കേണ്ടത്? ആര്‍ക്കാണു മുന്നറിയിപ്പു നല്‌കേണ്ടത്? അവരുടെ ചെവികള്‍ അടഞ്ഞിരിക്കുന്നു; അവര്‍ക്കു ശ്രദ്ധിക്കാന്‍ സാധ്യമല്ല; സര്‍വേശ്വരന്‍റെ വചനം അവര്‍ക്കു പരിഹാസവിഷയമാണ്; അവര്‍ക്കതില്‍ താല്‍പര്യമില്ല.

11 അതുകൊണ്ട് അവിടുത്തെ ക്രോധം എന്നില്‍ നിറഞ്ഞിരിക്കുന്നു; അത് അടക്കിവച്ചു ഞാന്‍ തളര്‍ന്നിരിക്കുന്നു. “തെരുവിലെ കുട്ടികളുടെമേലും യുവാക്കളുടെ കൂട്ടങ്ങളിന്മേലും അതു ചൊരിയുവിന്‍. ഭര്‍ത്താവും ഭാര്യയും വയോധികരും പടുവൃദ്ധരും പിടിക്കപ്പെടും.

12 നിലങ്ങളും ഭാര്യമാരുമടക്കം അവരുടെ ഭവനങ്ങള്‍ അന്യര്‍ക്കു നല്‌കപ്പെടും; ഈ ദേശവാസികള്‍ക്കെതിരെ ഞാന്‍ എന്‍റെ കരമുയര്‍ത്തും” എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

13 അവരില്‍ ഏറ്റവും ചെറിയവര്‍മുതല്‍ ഏറ്റവും വലിയവര്‍വരെ എല്ലാവരും അന്യായലാഭം ആഗ്രഹിക്കുന്നു; പ്രവാചകന്മാര്‍മുതല്‍ പുരോഹിതന്മാര്‍വരെ എല്ലാവരും കപടമായി പെരുമാറുന്നു. എന്‍റെ ജനത്തിന്‍റെ മുറിവ് അവര്‍ നിസ്സാരമായി കരുതി ചികിത്സിക്കുന്നു.

14 സമാധാനമില്ലാതിരിക്കെ, സമാധാനം, സമാധാനം എന്നവര്‍ പറയുന്നു.

15 ഹീനകൃത്യങ്ങള്‍ പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ക്കു ലജ്ജ തോന്നിയോ? ഇല്ല, അല്പം പോലും ലജ്ജ തോന്നിയില്ല; അവര്‍ക്കു ലജ്ജിക്കാന്‍ അറിഞ്ഞുകൂടാ; അതുകൊണ്ട് വീഴുന്നവരുടെ കൂടെ അവര്‍ വീണുപോകും; ഞാന്‍ അവരെ ശിക്ഷിക്കുമ്പോള്‍ അവര്‍ നശിച്ചുപോകുമെന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

16

സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “വീഥികളില്‍നിന്നു നോക്കുവിന്‍; പഴയ പാതകള്‍ അന്വേഷിക്കുവിന്‍; നല്ല മാര്‍ഗം എവിടെയുണ്ടോ അതിലൂടെ നടക്കുവിന്‍; അപ്പോള്‍ നിങ്ങള്‍ക്കു ശാന്തി ലഭിക്കും. എന്നാല്‍, ‘ഞങ്ങള്‍ അതിലൂടെ നടക്കയില്ല’ എന്നവര്‍ പറഞ്ഞു.

17 ‘കാഹളധ്വനി ശ്രദ്ധിക്കുവിന്‍’ എന്നു പറഞ്ഞു നിങ്ങള്‍ക്കുവേണ്ടി ഞാന്‍ കാവല്‌ക്കാരെ നിയോഗിച്ചു; എന്നാല്‍ ‘ഞങ്ങള്‍ ശ്രദ്ധിക്കുകയില്ല’ എന്നവര്‍ പറഞ്ഞു.

18 അതുകൊണ്ട് ജനതകളേ, കേള്‍ക്കുവിന്‍; ജനസമൂഹമേ, അവര്‍ക്കെന്തു ഭവിക്കുമെന്നു ഗ്രഹിക്കുവിന്‍.

19

ഭൂമിയേ, കേള്‍ക്കുക; അവരുടെ ഉപായങ്ങള്‍മൂലം ഞാന്‍ അവരുടെമേല്‍ അനര്‍ഥം വരുത്തും; അവര്‍ എന്‍റെ വാക്കു ശ്രദ്ധിച്ചില്ല; എന്‍റെ നിയമം അവര്‍ നിരസിച്ചു.

20 ശെബയില്‍നിന്നു കുന്തുരുക്കവും വിദൂരദേശത്തുനിന്നു സുഗന്ധദ്രവ്യവും എനിക്കുവേണ്ടി എന്തിനു കൊണ്ടുവരുന്നു? നിങ്ങളുടെ ഹോമയാഗങ്ങള്‍ എനിക്കു സ്വീകാര്യമല്ല; നിങ്ങളുടെ യാഗങ്ങളില്‍ ഞാന്‍ സന്തോഷിക്കുന്നുമില്ല.”

21 അതുകൊണ്ടു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഈ ജനത്തിന്‍റെ മുമ്പില്‍ ഞാന്‍ ഇടര്‍ച്ചകള്‍ വയ്‍ക്കും, അവര്‍ അതില്‍ തട്ടി വീഴും; പിതാക്കന്മാരും പുത്രന്മാരും അയല്‍ക്കാരും സ്നേഹിതരും നശിക്കും.”

22

സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഇതാ, വടക്കുനിന്ന് ഒരു ജനത വരുന്നു; ഭൂമിയുടെ വിദൂരദേശത്തുനിന്ന് ഒരു വലിയ ജനത ഇളകി വരുന്നു.

23 അവര്‍ വില്ലും കുന്തവും കൈയില്‍ ഏന്തിയിരിക്കുന്നു; നിര്‍ഭയരായ ക്രൂരന്മാരാണവര്‍; അവരുടെ ആരവം ഇരമ്പുന്ന സമുദ്രത്തിനു തുല്യം; അല്ലയോ സീയോന്‍പുത്രീ, നിനക്കെതിരെ യുദ്ധം ചെയ്യാന്‍ അവര്‍ അണിനിരന്നു കുതിരപ്പുറത്തു കയറിവരുന്നു.”

24 ആ വാര്‍ത്ത ഞങ്ങള്‍ കേട്ടു; ഞങ്ങളുടെ കൈകള്‍ തളര്‍ന്നിരിക്കുന്നു; സ്‍ത്രീയുടെ ഈറ്റുനോവുപോലെ കൊടിയവേദന ഞങ്ങളെ പിടിച്ചിരിക്കുന്നു.

25 വയലിലേക്കു പോകരുത്; വഴിയിലൂടെ നടക്കരുത്. കാരണം ആയുധധാരികളായ ശത്രുക്കള്‍ പതിയിരിപ്പുണ്ട്; എല്ലാ വശത്തും ഭീകരാവസ്ഥ!

26 എന്‍റെ ജനത്തിന്‍റെ പുത്രീ, നീ ചാക്കുതുണി ധരിച്ചും വെണ്ണീറില്‍ കിടന്നുരുളുക; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ പൊട്ടിക്കരയുക; സംഹാരകന്‍ പെട്ടെന്നു നമ്മുടെ നേരേ വരും.

27

എന്‍റെ ജനത്തിന്‍റെ വഴികള്‍ പരീക്ഷിച്ചറിയുന്നതിന്, ഞാന്‍ നിന്നെ മാറ്റു നോക്കുന്നവനും പരീക്ഷകനുമായി ജനത്തിന്‍റെ നടുവില്‍ നിയമിച്ചിരിക്കുന്നു.

28 അവര്‍ ശാഠ്യക്കാരായ മത്സരികള്‍; അവര്‍ അപവാദം പറഞ്ഞു പരത്തുന്നു. അവര്‍ ഓടും ഇരുമ്പും പോലെ കഠിനഹൃദയരാണ്. അവരെല്ലാം തിന്മ ചെയ്യുന്നു.

29 ഉല ശക്തിയായി ഊതുന്നു; ഈയം തീയില്‍ ഉരുകുന്നെങ്കിലും ശുദ്ധീകരിക്കപ്പെടുന്നില്ല; ദുഷ്ടര്‍ നീക്കപ്പെടുന്നില്ലല്ലോ.

30 സര്‍വേശ്വരന്‍ അവരെ തള്ളിക്കളഞ്ഞിരിക്കുന്നതുകൊണ്ടു വെള്ളിക്കിട്ടം എന്നാണ് അവര്‍ അറിയപ്പെടുന്നത്.”

7

1

യിരെമ്യാക്കു സര്‍വേശ്വരനില്‍ നിന്നുണ്ടായ അരുളപ്പാട്:

2 “ദേവാലയവാതില്‌ക്കല്‍ നിന്നുകൊണ്ട് നീ ഇപ്രകാരം വിളംബരം ചെയ്യണം. സര്‍വേശ്വരനെ ആരാധിക്കാന്‍ ഈ കവാടത്തിലൂടെ പ്രവേശിക്കുന്ന സകല യെഹൂദ്യരുമേ, അവിടുത്തെ വചനം കേള്‍ക്കുവിന്‍.”

3 ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “നിങ്ങളുടെ ജീവിതരീതികളും പ്രവൃത്തികളും നേരെയാക്കുവിന്‍; എന്നാല്‍ ഈ ദേശത്തു പാര്‍ക്കാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കും.”

4 ഇതു സര്‍വേശ്വരന്‍റെ ആലയം, സര്‍വേശ്വരന്‍റെ ആലയം, സര്‍വേശ്വരന്‍റെ ആലയം എന്നുള്ള കപടവാക്കുകളില്‍ ആശ്രയിക്കരുത്.

5

നിങ്ങളുടെ ജീവിതരീതികളും പ്രവൃത്തികളും വാസ്തവമായി തിരുത്തുകയും അയല്‍ക്കാരോടു നീതി പുലര്‍ത്തുകയും

6 പരദേശിയെയും അനാഥരെയും വിധവയെയും ചൂഷണം ചെയ്യാതിരിക്കുകയും ഈ സ്ഥലത്തു കുറ്റമില്ലാത്തവന്‍റെ രക്തം ചിന്താതെയും സ്വന്തം നാശത്തിനായി അന്യദേവന്മാരുടെ പിന്നാലെ പോകാതെയും ഇരുന്നാല്‍,

7 നിങ്ങളുടെ പിതാക്കന്മാര്‍ക്കു ഞാന്‍ നല്‌കിയ ഈ ദേശത്ത് എന്നേക്കും പാര്‍ക്കാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കും.

8

നിങ്ങള്‍ വ്യര്‍ഥമായി കപടവാക്കുകളില്‍ ആശ്രയിക്കുന്നു.

9 നിങ്ങള്‍ മോഷ്‍ടിക്കുകയും കൊല്ലുകയും വ്യഭിചരിക്കുകയും കള്ളസ്സത്യം ചെയ്യുകയും ബാലിനു ധൂപമര്‍പ്പിക്കുകയും നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാരുടെ പിന്നാലെ പോകുകയും ചെയ്യുന്നു.

10 പിന്നീട് എന്‍റെ നാമത്തിലുള്ള ഈ ആലയത്തില്‍ വന്ന് എന്‍റെ സന്നിധിയില്‍ നിന്നുകൊണ്ടു ഞങ്ങള്‍ സുരക്ഷിതരാണെന്നു പറയുന്നു; ഈ മ്ലേച്ഛതകളെല്ലാം തുടരുന്നതിനു വേണ്ടിയുള്ള സുരക്ഷിതത്വമാണോ ഇത്?

11 എന്‍റെ നാമത്തിലുള്ള ഈ ആലയം കള്ളന്മാരുടെ ഗുഹയായിട്ടാണോ നിങ്ങള്‍ കാണുന്നത്? അതേ, അങ്ങനെ തന്നെ ഞാന്‍ കാണുന്നു എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു”.

12 “എന്‍റെ നാമത്തില്‍ ഞാന്‍ ആദ്യം സ്ഥാപിച്ച ശീലോവില്‍ ചെന്നു നോക്കുവിന്‍. എന്‍റെ ജനമായ ഇസ്രായേലിന്‍റെ ദുഷ്ടത നിമിത്തം ഞാന്‍ അതിനോടു ചെയ്തത് എന്തെന്നു കാണുവിന്‍.”

13 അവിടുന്ന് അരുളിച്ചെയ്യുന്നു: “ഞാന്‍ നിരന്തരം നിങ്ങളോടു സംസാരിച്ചിട്ടും നിങ്ങള്‍ ശ്രദ്ധിച്ചില്ല; ഞാന്‍ വിളിച്ചിട്ടും നിങ്ങള്‍ ഉത്തരം പറഞ്ഞില്ല. ഇവയെല്ലാം നിങ്ങള്‍ ചെയ്തു.

14 അതുകൊണ്ട് എന്‍റെ നാമത്തില്‍ സ്ഥാപിതവും നിങ്ങള്‍ ആശ്രയിക്കുന്നതുമായ ഈ ആലയത്തോടും നിങ്ങളുടെ പിതാക്കന്മാര്‍ക്കും നിങ്ങള്‍ക്കുമായി തന്നിരിക്കുന്ന ഈ സ്ഥലത്തോടും ശീലോവിനോടു ചെയ്തതുപോലെ ഞാന്‍ ചെയ്യും.

15 നിങ്ങളുടെ ചാര്‍ച്ചക്കാരായ എഫ്രയീം സന്തതികളെയെല്ലാം പുറത്താക്കിയതുപോലെ നിങ്ങളെയും എന്‍റെ മുമ്പില്‍നിന്നു ഞാന്‍ പുറന്തള്ളും.

16

ഈ ജനത്തിനുവേണ്ടി യിരെമ്യായേ, നീ പ്രാര്‍ഥിക്കരുത്; അവര്‍ക്കുവേണ്ടി നിലവിളിക്കുകയോ അപേക്ഷിക്കുകയോ അരുത്; അവര്‍ക്കുവേണ്ടി മധ്യസ്ഥത വഹിക്കരുത്; ഞാന്‍ അതു കേള്‍ക്കുകയില്ല.

17 യെഹൂദ്യനഗരങ്ങളിലും യെരൂശലേമിലെ വീഥികളിലും അവര്‍ ചെയ്യുന്നതു നീ കാണുന്നില്ലേ?

18 ആകാശരാജ്ഞിക്കു നല്‌കാന്‍ അപ്പം ചുടാന്‍ കുട്ടികള്‍ വിറകു ശേഖരിക്കുന്നു; പിതാക്കന്മാര്‍ തീ കത്തിക്കുന്നു; സ്‍ത്രീകള്‍ മാവു കുഴയ്‍ക്കുന്നു; എന്നെ പ്രകോപിപ്പിക്കാന്‍ അന്യദേവന്മാര്‍ക്ക് അവര്‍ പാനീയബലി അര്‍പ്പിക്കുന്നു.

19 അവര്‍ പ്രകോപിപ്പിക്കുന്നത് എന്നെയാണോ? തങ്ങളെത്തന്നെയല്ലേ എന്നു സര്‍വേശ്വരന്‍ ചോദിക്കുന്നു. അവര്‍ സ്വയം നാണം കെടുത്തുന്നു.

20 അതുകൊണ്ട് ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “എന്‍റെ കോപവും ക്രോധവും ഈ സ്ഥലത്തുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും മേലും വയലിലെ വൃക്ഷങ്ങളുടെയും നിലത്തിലെ വിളകളുടെയും മേലും ചൊരിയപ്പെടും; അതു കെടാതെ കത്തിയെരിയും.”

21

ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “നിങ്ങളുടെ മറ്റു യാഗങ്ങളോടുകൂടി ഹോമയാഗങ്ങളും ചേര്‍ത്ത് അവയുടെ മാംസം ഭക്ഷിക്കുവിന്‍.

22 നിങ്ങളുടെ പിതാക്കന്മാരെ ഈജിപ്തില്‍ നിന്നു കൊണ്ടുവന്നപ്പോള്‍ ഹോമയാഗങ്ങളെക്കുറിച്ചോ മറ്റു യാഗങ്ങളെക്കുറിച്ചോ ഞാന്‍ പറഞ്ഞിരുന്നില്ല; യാതൊരു കല്പനയും കൊടുത്തിരുന്നതുമില്ല.

23 എങ്കിലും ഞാന്‍ അവരോടു കല്പിച്ചിരുന്നു: ‘നിങ്ങള്‍ എന്‍റെ വാക്കുകള്‍ അനുസരിക്കുവിന്‍, എന്നാല്‍ ഞാന്‍ നിങ്ങളുടെ ദൈവവും നിങ്ങള്‍ എന്‍റെ ജനവും ആയിരിക്കും; ഞാന്‍ നിങ്ങളോടു കല്പിച്ചിരുന്നതെല്ലാം അനുസരിച്ചാല്‍ നിങ്ങള്‍ക്കു ശുഭമായിരിക്കും.’

24 പക്ഷേ, അവര്‍ എന്നെ അനുസരിക്കുകയോ, ശ്രദ്ധിക്കുകയോ ചെയ്തില്ല; പിന്നെയോ, തങ്ങളുടെ ദുഷ്ടഹൃദയത്തിന്‍റെ പ്രേരണയനുസരിച്ചു തന്നിഷ്ടംപോലെ ജീവിച്ചു; മുന്നോട്ടല്ല, പിന്നോട്ടാണ് അവര്‍ പോയത്.

25 നിങ്ങളുടെ പിതാക്കന്മാര്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടുപോന്ന നാള്‍മുതല്‍ ഇന്നുവരെ, ദിനംപ്രതി എന്നവിധം എന്‍റെ ദാസരായ പ്രവാചകരെ അവരുടെ അടുക്കലേക്കു തുടര്‍ച്ചയായി ഞാന്‍ അയച്ചു.

26 എന്നിട്ടും അവര്‍ എന്നെ അനുസരിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ ദുശ്ശാഠ്യത്തോടെ ജീവിച്ചു; തങ്ങളുടെ പിതാക്കന്മാരെക്കാള്‍ അധികം തിന്മ ചെയ്തു.”

27 യിരെമ്യായേ, ഇവയെല്ലാം അവരോടു പറയുക; അവര്‍ നിന്നെ ശ്രദ്ധിക്കുകയില്ല; നീ അവരെ വിളിക്കണം; പക്ഷേ അവര്‍ വിളികേള്‍ക്കുകയില്ല.

28 നീ അവരോടു പറയണം: “തങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ വാക്കു കേട്ടനുസരിക്കുകയോ ശിക്ഷണം സ്വീകരിക്കുകയോ ചെയ്യാത്ത ജനതയാണ് ഇത്. വിശ്വസ്തത നശിച്ചിരിക്കുന്നു; അത് അവരുടെ അധരങ്ങളെ വിട്ടുപോയിരിക്കുന്നു.”

29

“നിന്‍റെ തലമുടി കത്രിച്ചു ദൂരെ എറിയുക; മൊട്ടക്കുന്നുകളില്‍ കയറി വിലപിക്കുക; തന്‍റെ ക്രോധത്തിനു പാത്രമായ ഈ തലമുറയെ സര്‍വേശ്വരന്‍ ഉപേക്ഷിച്ചു തള്ളിക്കളഞ്ഞിരിക്കുന്നു.

30 യെഹൂദ്യയിലെ ജനം എന്‍റെ മുമ്പില്‍ തിന്മ പ്രവര്‍ത്തിച്ചു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. എന്‍റെ നാമത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഈ ആലയത്തില്‍ അവര്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു. അങ്ങനെ അവര്‍ അതിനെ അശുദ്ധമാക്കി.

31 തങ്ങളുടെ പുത്രീപുത്രന്മാരെ ഹോമിക്കാന്‍ തോഫെത്ത് പൂജാപീഠം ബെന്‍-ഹിന്നോം താഴ്വരയില്‍ അവര്‍ സ്ഥാപിച്ചിരിക്കുന്നു; അതു ഞാന്‍ കല്പിച്ചതല്ല; അങ്ങനെ എന്‍റെ മനസ്സില്‍ തോന്നിയിട്ടുമില്ല.

32 അതുകൊണ്ട് സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “തോഫെത്ത് എന്നോ ബെന്‍-ഹിന്നോം താഴ്വര എന്നോ വിളിക്കാതെ ‘കശാപ്പു താഴ്വര’ എന്നു വിളിക്കപ്പെടുന്ന കാലം വരുന്നു; വേറെ സ്ഥലമില്ലാത്തതിനാല്‍ തോഫെത്ത് അവരുടെ ശ്മശാനമായിത്തീരും.

33 ഈ ജനത്തിന്‍റെ ശവശരീരങ്ങള്‍ ആകാശത്തിലെ പറവകള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഇരയായിത്തീരും; ആരും അവയെ ഓടിച്ചുകളയുകയില്ല.

34 യെഹൂദ്യയിലെ പട്ടണങ്ങളില്‍നിന്നും യെരൂശലേമിലെ തെരുവീഥികളില്‍നിന്നും ആനന്ദഘോഷവും സന്തോഷധ്വനിയും ഞാന്‍ നീക്കിക്കളയും; മണവാളന്‍റെയും മണവാട്ടിയുടെയും ആഹ്ലാദസ്വരവും പിന്നീടു കേള്‍ക്കുകയില്ല; ദേശം ശൂന്യമായിത്തീരും.

8

1

ആ കാലത്ത് യെഹൂദരാജാക്കന്മാരുടെയും അവിടെയുള്ള പ്രഭുക്കന്മാരുടെയും പുരോഹിതരുടെയും പ്രവാചകരുടെയും യെരൂശലേം നിവാസികളുടെയും അസ്ഥികള്‍ ശവക്കല്ലറകളില്‍നിന്നു പുറത്തെടുക്കും.

2 അവര്‍ സ്നേഹിക്കുകയും സേവിക്കുകയും അനുഗമിക്കുകയും അന്വേഷിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന സൂര്യചന്ദ്രന്മാരുടെയും ആകാശത്തിലെ നക്ഷത്രങ്ങളുടെയും ശക്തികളുടെയും മുമ്പാകെ അവ നിരത്തിവയ്‍ക്കും; ആരും അവയെ ശേഖരിച്ചു സംസ്കരിക്കുകയില്ല; അവ ചാണകംപോലെ നിലത്തു കിടക്കും.

3 ഈ ദുഷ്ടജനതയില്‍ ശേഷിച്ചിരുന്നവര്‍ക്കു ഞാന്‍ അവരെ ചിതറിച്ചിരിക്കുന്ന സ്ഥലങ്ങളില്‍, ജീവനെക്കാള്‍ മരണം അഭികാമ്യമായി തോന്നും; സര്‍വശക്തനായ സര്‍വേശ്വരനാണ് ഇത് അരുളിച്ചെയ്യുന്നത്”.

4

സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറയുക: “മനുഷ്യര്‍ വീണുപോയാല്‍ അവര്‍ വീണ്ടും എഴുന്നേല്‌ക്കുകയില്ലേ? വഴിതെറ്റിപ്പോകുന്നവന്‍ മടങ്ങിവരികയില്ലേ?

5 പിന്നെന്തുകൊണ്ട് ഈ ജനം സ്ഥിരമായി പിന്മാറ്റത്തില്‍ കഴിയുന്നു? വഞ്ചനയിലാണ് അവര്‍ക്കു താല്‍പര്യം; മടങ്ങിവരാന്‍ അവര്‍ വിസമ്മതിക്കുന്നു.

6 അവര്‍ പറയുന്നതു ഞാന്‍ ശ്രദ്ധിച്ചുകേട്ടു; അവര്‍ പറഞ്ഞത് അസത്യമായിരുന്നു. ഞാന്‍ ഇതു ചെയ്തുപോയല്ലോ എന്നു പറഞ്ഞ് ആരും തങ്ങളുടെ ദുഷ്പ്രവൃത്തിയെക്കുറിച്ച് അനുതപിച്ചില്ല; പടക്കളത്തിലേക്കു പായുന്ന കുതിരയെപ്പോലെ ഓരോരുത്തനും അവന്‍റെ വഴിക്കു പോകുന്നു.

7 ഞാറപ്പക്ഷിപോലും അതിന്‍റെ കാലം അറിയുന്നു. ചെങ്ങാലിയും മീവല്‍പ്പക്ഷിയും കൊക്കും തിരിച്ചുവരവിനുള്ള സമയം പാലിക്കുന്നു. എന്‍റെ ജനമോ സര്‍വേശ്വരന്‍റെ കല്പന അറിയുന്നില്ല.

8

ഞങ്ങള്‍ ജ്ഞാനികള്‍; അവിടുത്തെ നിയമം ഞങ്ങളുടെ പക്കലുണ്ട് എന്നു നിങ്ങള്‍ക്ക് എങ്ങനെ പറയാന്‍ കഴിയും? നിയമജ്ഞരുടെ വ്യാജതൂലിക നിയമത്തെ അസത്യമാക്കിയിരിക്കുന്നു.

9 ജ്ഞാനികള്‍ ലജ്ജിതരാകും; അവര്‍ പരിഭ്രാന്തരായി പിടിക്കപ്പെടും; സര്‍വേശ്വരന്‍റെ വചനം അവര്‍ തിരസ്കരിച്ചിരിക്കുന്നു; പിന്നെ എന്തു ജ്ഞാനമാണ് അവര്‍ക്കുള്ളത്?

10 അതുകൊണ്ട് അവരുടെ ഭാര്യമാരെ അന്യര്‍ക്കും നിലങ്ങള്‍ കവര്‍ച്ചക്കാര്‍ക്കും വിട്ടുകൊടുക്കും; വലിയവരും ചെറിയവരും ഒരുപോലെ അന്യായലാഭം കാംക്ഷിക്കുന്നു. പ്രവാചകന്‍ തുടങ്ങി പുരോഹിതന്‍വരെ എല്ലാവരും കപടമായി പെരുമാറുന്നു.

11 സമാധാനം ഇല്ലാതിരിക്കെ, ‘സമാധാനം, സമാധാനം’ എന്നു പറഞ്ഞ് എന്‍റെ ജനത്തിന്‍റെ മുറിവ് അവര്‍ നിസ്സാരമായി കരുതി ചികിത്സിക്കുന്നു.

12 ഹീനകൃത്യങ്ങള്‍ പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ക്കു ലജ്ജ തോന്നിയോ? ഇല്ല, അവര്‍ക്ക് അല്പം പോലും ലജ്ജ തോന്നിയില്ല. ലജ്ജിക്കാന്‍ അവര്‍ക്ക് അറിഞ്ഞുകൂടാ. അതുകൊണ്ട് വീഴുന്നവരുടെ കൂടെ അവരും വീഴും; ഞാന്‍ ശിക്ഷിക്കുമ്പോള്‍ അവര്‍ നശിച്ചുപോകും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

13 അവരുടെ വിളവ് ഞാന്‍ എടുക്കും; അവിടുന്ന് അരുളിച്ചെയ്യുന്നു. എന്നാല്‍ മുന്തിരിച്ചെടിയില്‍ പഴങ്ങളില്ല; അത്തിമരത്തില്‍ അത്തിപ്പഴങ്ങളുമില്ല; ഇലകള്‍പോലും കരിഞ്ഞിരിക്കുന്നു; അവയെ നശിപ്പിക്കുന്നവരെ ഞാന്‍ അയയ്‍ക്കും. നാം നിഷ്ക്രിയരായിരിക്കുന്നതെന്തുകൊണ്ട്?

14

നമുക്ക് ഒരുമിച്ച് ഉറപ്പുള്ള പട്ടണങ്ങളിലേക്കു പോകാം; അവിടെ ചെന്നു നശിക്കാം; നാം നശിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു; വിഷം കലര്‍ത്തിയ വെള്ളം കുടിക്കാന്‍ തന്നിരിക്കുന്നു. നമ്മുടെ ദൈവമായ സര്‍വേശ്വരനെതിരെ നാം പാപം ചെയ്തിരിക്കുന്നുവല്ലോ.

15 നാം സമാധാനം കാംക്ഷിച്ചു; ഫലമുണ്ടായില്ല. രോഗശാന്തി ആഗ്രഹിച്ചു; ലഭിച്ചതാകട്ടെ കൊടുംഭീതി.

16

അവരുടെ കുതിരകളുടെ ഫൂല്‍ക്കാരം ദാനില്‍നിന്നു കേള്‍ക്കുന്നു; ആണ്‍കുതിരകളുടെ മദഗര്‍ജനംകൊണ്ടു ദേശമെല്ലാം കുലുങ്ങുന്നു. അവര്‍ ദേശത്തെയും അതിലുള്ള സകലതിനെയും നഗരങ്ങളെയും അവയിലെ നിവാസികളെയും നശിപ്പിക്കും.

17 ഞാന്‍ നിങ്ങളുടെ ഇടയിലേക്കു സര്‍പ്പങ്ങളെയും അണലികളെയും അയയ്‍ക്കുന്നു. അവയുടെമേല്‍ നിങ്ങളുടെ മന്ത്രം ഫലിക്കയില്ല; അവ നിങ്ങളെ കടിക്കും; ഇതു സര്‍വേശ്വരന്‍റെ വചനം.”

18

എന്‍റെ ദുഃഖം ശമിപ്പിക്കാവുന്നതല്ല; എന്‍റെ ഹൃദയം രോഗബാധിതമായിരിക്കുന്നു. സര്‍വേശ്വരന്‍ സീയോനില്‍ ഇല്ലേ?

19 അവളുടെ രാജാവ് അവളുടെ മധ്യേ ഇല്ലേ എന്നു ചോദിച്ചുകൊണ്ട് എന്‍റെ ജനം ദേശത്തെങ്ങും നിലവിളിക്കുന്നതു നിങ്ങള്‍ കേള്‍ക്കുന്നില്ലേ? കൊത്തുരൂപങ്ങള്‍കൊണ്ടും അന്യദേവന്മാരുടെ വിഗ്രഹങ്ങള്‍കൊണ്ടും അവര്‍ എന്തിന് എന്നെ പ്രകോപിപ്പിക്കുന്നു?

20 “കൊയ്ത്തു കഴിഞ്ഞു; വേനല്‍ക്കാലം അവസാനിച്ചു; എന്നിട്ടും നാം രക്ഷപെട്ടില്ല.”

21 എന്‍റെ ജനത്തിന്‍റെ മുറിവ് എന്‍റെ ഹൃദയത്തിനേറ്റ മുറിവുതന്നെ. ഞാന്‍ ദുഃഖിതനാണ്; ഞാന്‍ സംഭീതനായിരിക്കുന്നു.

22

ഗിലെയാദില്‍ ഔഷധമൊന്നും ഇല്ലേ? അവിടെ വൈദ്യന്മാര്‍ ആരുമില്ലേ? എന്‍റെ ജനത്തിനു സൗഖ്യം ലഭിക്കാത്തതെന്ത്?

9

1

എന്‍റെ ജനത്തില്‍ നിഗ്രഹിക്കപ്പെട്ടവരെ ഓര്‍ത്തു രാത്രിയും പകലും വിലപിക്കുന്നതിന് എന്‍റെ ശിരസ്സ് കണ്ണീര്‍ തടാകവും എന്‍റെ കണ്ണുകള്‍ കണ്ണീരുറവയും ആയിരുന്നെങ്കില്‍!

2 മരുഭൂമിയില്‍ എനിക്കൊരു വഴിയമ്പലം ലഭിച്ചിരുന്നെങ്കില്‍, എന്‍റെ ജനത്തെ വിട്ടു ഞാന്‍ പോകുമായിരുന്നു; അവരെല്ലാവരും വ്യഭിചാരികളാണ്; വഞ്ചകരുടെ ഒരു കൂട്ടം.

3 വില്ലുപോലെ അവര്‍ നാവ് വളയ്‍ക്കുന്നു. സത്യമല്ല വ്യാജമാണു ദേശത്തു പ്രത്യക്ഷപ്പെടുന്നത്. അവര്‍ തിന്മയില്‍നിന്നു മറ്റൊരു തിന്മയിലേക്കു നീങ്ങുന്നു. അവര്‍ എന്നെ അറിയുന്നില്ല എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

4 എല്ലാവരും തങ്ങളുടെ അയല്‍ക്കാര്‍ക്കെതിരെ കരുതലോടെയിരിക്കട്ടെ; ഒരു സഹോദരനിലും നിങ്ങള്‍ ആശ്രയിക്കരുത്; ഏതൊരു സഹോദരനും ചതിയനാണ്; സ്നേഹിതരെല്ലാം ഏഷണി പരത്തുന്നു.

5 എല്ലാവരും അയല്‍ക്കാരനെ വഞ്ചിക്കുന്നു; ആരും സത്യം പറയുന്നില്ല; വ്യാജം പറയാന്‍ നാവിനെ അവര്‍ അഭ്യസിപ്പിച്ചിരിക്കുന്നു. തിന്മയില്‍നിന്നു പിന്തിരിയാന്‍ അവര്‍ക്കു കഴിയുന്നില്ല.

6 മര്‍ദനത്തിനുമേല്‍ മര്‍ദനവും ചതിക്കുമേല്‍ ചതിയും അവര്‍ കൂട്ടിവയ്‍ക്കുന്നു; എന്നെ അവര്‍ അറിയുന്നില്ല എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

7

അതുകൊണ്ടു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “നോക്കൂ! ഞാന്‍ അവരെ ഉരുക്കി ശോധന ചെയ്യും; എന്‍റെ ജനത്തിനുവേണ്ടി മറ്റെന്തു ചെയ്യാന്‍ എനിക്കു കഴിയും?

8 അവരുടെ നാവ് മാരകമായ അസ്ത്രമാണ്. അവര്‍ പറയുന്നതു വഞ്ചനയാണ്; അധരംകൊണ്ടു സൗഹാര്‍ദമായി അയല്‍ക്കാരനോടു സംസാരിക്കുമ്പോള്‍ തന്നെ ഹൃദയത്തില്‍ അയാള്‍ക്കുവേണ്ടി അവര്‍ കെണി ഒരുക്കുന്നു.

9 ഇതു നിമിത്തം ഞാന്‍ അവരെ ശിക്ഷിക്കാതിരിക്കുമോ? ഇതുപോലെയുള്ള ജനതയോടു പ്രതികാരം ചെയ്യേണ്ടതല്ലേ എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.

10

മലകളെക്കുറിച്ചു വിലപിക്കുവിന്‍; വിജനപ്രദേശത്തുള്ള മേച്ചില്‍സ്ഥലങ്ങളെക്കുറിച്ചു കരയുവിന്‍; അവ ശൂന്യമായതിനാല്‍ ആരും അതിലൂടെ കടന്നുപോകുന്നില്ല; കന്നുകാലികളുടെ ശബ്ദം അതു കേള്‍ക്കുന്നില്ല; ആകാശത്തിലെ പറവകള്‍മുതല്‍ മൃഗങ്ങള്‍വരെ അവിടെനിന്നു പോയിരിക്കുന്നു.

11 ഞാന്‍ യെരൂശലേമിനെ നാശകൂമ്പാരമാക്കും; അതു കുറുനരികളുടെ പാര്‍പ്പിടമായിത്തീരും; യെഹൂദാപട്ടണങ്ങള്‍ ഞാന്‍ വിജനഭൂമിയാക്കും.

12

ഇതു ഗ്രഹിക്കാന്‍ തക്ക ജ്ഞാനം ആര്‍ക്കുണ്ട്? ഇതു വിളംബരം ചെയ്യാന്‍ ആരോടാണു സര്‍വേശ്വരന്‍ പറഞ്ഞിരുന്നത്? ആരും കടന്നുപോകാത്തവിധം ദേശം നശിച്ചു മരുഭൂമിപോലെ പാഴാകാന്‍ കാരണമെന്ത്?

13 സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഞാന്‍ അവര്‍ക്കു നല്‌കിയിരുന്ന ധര്‍മശാസ്ത്രം അവര്‍ അവഗണിച്ചു; അവര്‍ എന്‍റെ വാക്കു കേള്‍ക്കുകയോ, അനുസരിക്കുകയോ ചെയ്തില്ല. അതുകൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിച്ചത്.

14 ദുശ്ശാഠ്യത്തോടെ തന്നിഷ്ടപ്രകാരം അവര്‍ ജീവിച്ചു; തങ്ങളുടെ പിതാക്കന്മാര്‍ പഠിപ്പിച്ചതുപോലെ അവര്‍ ബാല്‍വിഗ്രഹങ്ങളെ ആരാധിച്ചു.

15 അതുകൊണ്ട് ഇസ്രായേലിന്‍റെ സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഞാന്‍ ഇവരെ കാഞ്ഞിരം തീറ്റുകയും, വിഷം കലര്‍ത്തിയ വെള്ളം കുടിപ്പിക്കുകയും ചെയ്യും.

16 അവരോ അവരുടെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത ജനതകളുടെ ഇടയിലേക്കു ഞാന്‍ അവരെ ചിതറിക്കും; അവര്‍ നിശ്ശേഷം നശിക്കുന്നതുവരെ വാള്‍ അവരെ പിന്തുടരും.

17

സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “സംഭവിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുവിന്‍. വിലാപക്കാരികളെ വിളിക്കുവിന്‍; അതില്‍ സമര്‍ഥരായ സ്‍ത്രീകളെ ആളയച്ചു വരുത്തുവിന്‍.

18 അവര്‍ വേഗമെത്തി നമുക്കുവേണ്ടി വിലപിക്കട്ടെ; നമ്മുടെ കണ്ണുകള്‍ കണ്ണുനീരുകൊണ്ടു നിറയട്ടെ; നമ്മുടെ കണ്‍പോളകള്‍ കവിഞ്ഞൊഴുകട്ടെ.

19 സീയോനില്‍നിന്നു വിലാപശബ്ദം കേള്‍ക്കുന്നു; നാം എത്ര ശൂന്യമായിരിക്കുന്നു! നാം അത്യന്തം ലജ്ജിതരായിരിക്കുന്നു. നാം ദേശം ഉപേക്ഷിച്ചു; നമ്മുടെ വീടുകള്‍ അവര്‍ നശിപ്പിച്ചു.

20

സ്‍ത്രീകളേ, സര്‍വേശ്വരന്‍റെ വാക്കു കേള്‍ക്കുവിന്‍; അവിടുന്ന് ഉച്ചരിക്കുന്നതു നിങ്ങളുടെ കാതു കേള്‍ക്കട്ടെ; നിങ്ങളുടെ പുത്രിമാരെ വിലാപഗാനം പഠിപ്പിക്കുവിന്‍; ഓരോരുത്തരും തന്‍റെ അയല്‍ക്കാരിയെ ശോകഗാനം പഠിപ്പിക്കട്ടെ.

21 മൃത്യു കിളിവാതിലുകളിലൂടെ നമ്മുടെ കൊട്ടാരങ്ങളില്‍ പ്രവേശിച്ചുകഴിഞ്ഞു; തെരുവീഥികളില്‍ കുട്ടികളെയും പൊതുസ്ഥലങ്ങളില്‍ യുവാക്കളെയും അതു സംഹരിക്കുന്നു.”

22 വിളിച്ചുപറയുവിന്‍; സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മനുഷ്യരുടെ ശവശരീരങ്ങള്‍ വയലില്‍ വീഴുന്ന ചാണകം പോലെയും, കൊയ്ത്തുകാരുടെ കൈയില്‍നിന്നു വീണുപോകുന്ന കതിര്‍മണിപോലെയും വീഴും; ആരും അവ ശേഖരിക്കുകയില്ല.”

23

സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജ്ഞാനി തന്‍റെ ജ്ഞാനത്തിലും ബലവാന്‍ തന്‍റെ ബലത്തിലും ധനവാന്‍ തന്‍റെ ധനത്തിലും അഹങ്കരിക്കരുത്.

24 ആരെങ്കിലും പ്രശംസിക്കുന്നെങ്കില്‍ അത് എന്നെ ഗ്രഹിച്ചറിയുന്നതില്‍ ആയിരിക്കട്ടെ. കാരണം, ഭൂമിയില്‍ സുസ്ഥിരസ്നേഹവും നീതിയും ന്യായവും പുലര്‍ത്തുന്ന സര്‍വേശ്വരനാണല്ലോ ഞാന്‍; ഇവയിലാണു ഞാന്‍ സന്തോഷിക്കുന്നതെന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.

25

[25,26] ബാഹ്യമായി പരിച്ഛേദനം നടത്തിയവരെങ്കിലും ആന്തരികമായ പരിച്ഛേദനം ഏല്‌ക്കാത്ത എല്ലാവരെയും ശിക്ഷിക്കുന്ന ദിനങ്ങള്‍ ഇതാ ആഗതമാകുന്നു എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ഈജിപ്ത്, യെഹൂദാ, എദോം, അമ്മോന്യര്‍, മോവാബ്യര്‍, തലയുടെ അരികുവടിക്കുന്ന മരുഭൂവാസികള്‍ എന്നീ ജനതകളും ഇസ്രായേല്‍ഭവനവും ഹൃദയത്തില്‍ പരിച്ഛേദനം ഏല്‌ക്കാത്തവരാണല്ലോ.

10

1

ഇസ്രായേല്‍ഭവനമേ, സര്‍വേശ്വരന്‍റെ വാക്കു കേള്‍ക്കുക.

2 അവിടുന്ന് അരുളിച്ചെയ്യുന്നു: “മറ്റു ജനതകളുടെ മാര്‍ഗം നീ അനുകരിക്കരുത്; ആകാശത്തിലെ അടയാളങ്ങള്‍ കണ്ടു സംഭ്രമിക്കരുത്.

3 ജനതകളാണ് അതു കണ്ടു പരിഭ്രാന്തരാകുന്നത്. ജനതകളുടെ മതാചാരങ്ങള്‍ വ്യര്‍ഥമാണ്. ഒരാള്‍ വനത്തിലെ മരം മുറിച്ചെടുക്കുന്നു; അതില്‍ ശില്പി ഉളികൊണ്ടു പണിയുന്നു.

4 സ്വര്‍ണവും വെള്ളിയുംകൊണ്ടു മനുഷ്യര്‍ അതു പൊതിയുന്നു; ഇളകി പോകാതിരിക്കാന്‍ ആണിയടിച്ച് ഉറപ്പിക്കുന്നു.

5 വെള്ളരിത്തോട്ടത്തില്‍ വയ്‍ക്കുന്ന കോലങ്ങള്‍പോലെയാണ് അവരുടെ വിഗ്രഹങ്ങള്‍; അവ സംസാരിക്കുന്നില്ല; തനിയെ നടക്കാന്‍ കഴിവില്ലാത്തതിനാല്‍ ആരെങ്കിലും അവയെ ചുമക്കണം; നിങ്ങള്‍ അവയെ ഭയപ്പെടരുത്; നന്മയോ, തിന്മയോ ചെയ്യാന്‍ അവയ്‍ക്കു കഴിവില്ലല്ലോ.”

6

സര്‍വേശ്വരാ, അങ്ങയെപ്പോലെ മറ്റാരുമില്ല; അങ്ങു വലിയവനാണ്; അവിടുത്തെ ശക്തി മഹത്ത്വമേറിയതാണ്.

7 ജനതകളുടെ രാജാവേ, ആര് അങ്ങയെ ഭയപ്പെടാതിരിക്കും? അവിടുന്ന് അതിനു യോഗ്യനാണല്ലോ; ജനതകളുടെ ഇടയിലെ സകല ജ്ഞാനികളിലും അവരുടെ സകല രാജ്യങ്ങളിലും അങ്ങയെപ്പോലെ ആരുമില്ല.

8 അവര്‍ ബുദ്ധിഹീനരും ഭോഷന്മാരുമാണ്; ഏതൊരു വിഗ്രഹത്തെക്കുറിച്ച് അവര്‍ പ്രഘോഷിക്കുന്നുവോ അതു വെറും മരക്കഷണമത്രേ.

9 തര്‍ശ്ശീശില്‍നിന്നു കൊണ്ടുവന്ന വെള്ളിത്തകിടുകളും ഊഫാസില്‍നിന്നു കൊണ്ടുവന്ന സ്വര്‍ണവുംകൊണ്ട് ശില്പിയും സ്വര്‍ണപ്പണിക്കാരും അവ പണിയുന്നു. നീലയും ധൂമ്രവുമായ വസ്ത്രങ്ങള്‍ അവയെ അണിയിക്കുന്നു. അവയെല്ലാം വിദഗ്ധപണിക്കാരുടെ ജോലിയാണ്.

10 എന്നാല്‍ സര്‍വേശ്വരനാണ് സത്യദൈവം; ജീവിക്കുന്ന ദൈവവും നിത്യനായ രാജാവും അവിടുന്നാണ്; അവിടുന്നു കോപിക്കുമ്പോള്‍ ഭൂമി വിറയ്‍ക്കുന്നു; അവിടുത്തെ ഉഗ്രകോപം സഹിക്കാന്‍ ജനതകള്‍ക്കു കഴിവില്ല. നിങ്ങള്‍ അവരോട് ഇങ്ങനെ പറയണം:

11 “ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാക്കളല്ലാത്ത ദേവന്മാര്‍ ഭൂമിയില്‍നിന്നും ആകാശത്തിന്‍ കീഴില്‍നിന്നും നശിച്ചുപോകും.”

12

സ്വന്തം ശക്തിയാല്‍ ഭൂമിയെ സൃഷ്‍ടിച്ചതും; സ്വന്തം ജ്ഞാനത്താല്‍ അതിനെ സ്ഥാപിച്ചതും സ്വന്തം വിവേകത്താല്‍ ആകാശത്തെ വിരിച്ചതും അവിടുന്നാണ്.

13 അവിടുന്നു ശബ്ദിക്കുമ്പോള്‍, ആകാശത്തു വെള്ളത്തിന്‍റെ മുഴക്കം ഉണ്ടാകുന്നു; ഭൂമിയുടെ അതിര്‍ത്തികളില്‍നിന്ന് അവിടുന്നു മേഘങ്ങളെ ഉയര്‍ത്തുന്നു; മഴയ്‍ക്കായി മിന്നല്‍പ്പിണരുകളെ അവിടുന്നു സൃഷ്‍ടിക്കുന്നു; അവിടുത്തെ ഭണ്ഡാരങ്ങളില്‍നിന്നു കാറ്റു പുറപ്പെടുവിക്കുന്നു.

14 മനുഷ്യരെല്ലാം ബുദ്ധിഹീനരും ഭോഷരുമാണ്; താന്‍ നിര്‍മിച്ച വിഗ്രഹങ്ങള്‍ നിമിത്തം സ്വര്‍ണപ്പണിക്കാരന്‍ ലജ്ജിതനാകും.

15 അവര്‍ നിര്‍മിച്ച വിഗ്രഹങ്ങള്‍ വ്യാജമാണ്; അവയില്‍ ജീവശ്വാസമില്ല. അവ വിലയില്ലാത്തതും അര്‍ഥശൂന്യവുമാണ്; ശിക്ഷാസമയത്ത് അവയെല്ലാം നശിക്കും.

16 യാക്കോബിന്‍റെ അവകാശമായ ദൈവം അങ്ങനെയല്ല, അവിടുന്നാണ് എല്ലാറ്റിനും രൂപം നല്‌കിയത്; ഇസ്രായേല്‍ഗോത്രം അവിടുത്തെ അവകാശമാണ്; സര്‍വശക്തനായ സര്‍വേശ്വരനെന്നാണ് അവിടുത്തെ നാമം.

17

ഉപരോധിക്കപ്പെട്ടിരിക്കുന്നവരേ, ഭാണ്ഡം മുറുക്കി ഓടിപ്പോകുവിന്‍;

18 സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: “കവിണയില്‍ വച്ച് എറിയുന്നതുപോലെ ദേശവാസികളെയെല്ലാം എറിഞ്ഞുകളയാന്‍ പോകുകയാണ്; അവരുടെമേല്‍ ഞാന്‍ ദുരിതം വരുത്തും; അത് അവര്‍ അനുഭവിക്കുകയും ചെയ്യും.”

19

എന്‍റെ മുറിവു നിമിത്തം എനിക്കു ഹാ ദുരിതം! അതു വളരെ ദാരുണമാണ്; ഈ ദുരിതം ഞാന്‍ സഹിച്ചേ തീരൂ.

20 എന്‍റെ കൂടാരം നശിച്ചുപോയി; അതിന്‍റെ ചരടുകളെല്ലാം പൊട്ടിയിരിക്കുന്നു; എന്‍റെ മക്കള്‍ എന്നെ വിട്ടുപോയി; അവരില്‍ ആരും ജീവിച്ചിരിക്കുന്നില്ല; എന്‍റെ കൂടാരം നിവര്‍ത്താനും അതിന്‍റെ ശീലകള്‍ വിരിക്കാനും ഇനി ആരുമില്ല.

21 ഇടയന്മാര്‍ ബുദ്ധിഹീനരാണ്; അവര്‍ സര്‍വേശ്വരനെ അന്വേഷിക്കുന്നില്ല; അതുകൊണ്ട് അവര്‍ക്കു ഐശ്വര്യമുണ്ടാകുന്നില്ല; അവരുടെ ആട്ടിന്‍പറ്റം ചിതറിപ്പോയിരിക്കുന്നു.

22 ഇതാ, ഒരു ആരവം അടുത്തു കേള്‍ക്കുന്നു; വടക്കുദേശത്തുനിന്നു വരുന്ന ഇരമ്പല്‍ യെഹൂദാനഗരങ്ങള്‍ നശിപ്പിച്ച് അവയെ കുറുനരികളുടെ താവളമാക്കും.

23

സര്‍വേശ്വരാ, മനുഷ്യന്‍റെ വഴികള്‍ അവന്‍റെ നിയന്ത്രണത്തില്‍ അല്ലെന്നും അവന്‍റെ കാലടികള്‍ നിയന്ത്രിക്കുന്നത് അവനല്ലെന്നും ഞാന്‍ അറിയുന്നു.

24 സര്‍വേശ്വരാ, നീതിപൂര്‍വം എന്നെ തിരുത്തണമേ. ഞാന്‍ നശിച്ചുപോകുംവിധം അതു കോപത്തോടെ ആയിരിക്കരുതേ.

25 അങ്ങയെ അറിയാത്ത ജനതകളുടെ മേലും, അവിടുത്തെ നാമം വിളിച്ചപേക്ഷിക്കാത്ത ജനപദങ്ങളുടെമേലും അവിടുത്തെ ക്രോധം പകരണമേ, അവര്‍ യാക്കോബുവംശജരെ വിഴുങ്ങിയിരിക്കുന്നു; അവര്‍ അവരെ നശിപ്പിച്ചു; അവരുടെ പാര്‍പ്പിടം നിര്‍ജനമാക്കിയിരിക്കുന്നു.”

11

1

യിരെമ്യാക്കു സര്‍വേശ്വരനില്‍നിന്നു ലഭിച്ച അരുളപ്പാട്:

2 “ഈ ഉടമ്പടിയിലെ വ്യവസ്ഥകള്‍ കേട്ട്, യെഹൂദ്യരോടും യെരൂശലേംനിവാസികളോടും പറയുക.

3 നീ അവരോടു പ്രസ്താവിക്കണം: ‘ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു;

4 ഈ ഉടമ്പടിയിലെ വ്യവസ്ഥകള്‍ പാലിക്കാത്തവന്‍ ശപിക്കപ്പെട്ടവന്‍.’ ഇരുമ്പുചൂളയായ ഈജിപ്തില്‍നിന്നു നിങ്ങളുടെ പിതാക്കന്മാരെ കൂട്ടിക്കൊണ്ടു വന്നപ്പോള്‍ അവരോടു ചെയ്ത ഉടമ്പടിയുടെ വ്യവസ്ഥകളാണിവ; എന്‍റെ ശബ്ദം നിങ്ങള്‍ കേള്‍ക്കണം; ഞാന്‍ നിങ്ങളോടു കല്പിക്കുന്നതെല്ലാം നിങ്ങള്‍ അനുസരിക്കണം. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ എന്‍റെ ജനമായിരിക്കും; ഞാന്‍ നിങ്ങളുടെ ദൈവവുമായിരിക്കും.

5 ഇന്നു നിങ്ങള്‍ക്കുള്ളതുപോലെ, പാലും തേനും ഒഴുകുന്ന ദേശം നിങ്ങള്‍ക്കു നല്‌കുമെന്നു നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത വാഗ്ദാനം ഞാന്‍ നിറവേറ്റും. സര്‍വേശ്വരാ, അങ്ങനെ ആകട്ടെ എന്നു ഞാന്‍ മറുപടി പറഞ്ഞു.”

6

പിന്നീട് സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: “ഈ വാക്കുകളെല്ലാം യെഹൂദ്യയിലെ നഗരങ്ങളിലും യെരൂശലേമിലെ തെരുവീഥികളിലും വിളംബരം ചെയ്യുക; ഈ ഉടമ്പടിയുടെ വ്യവസ്ഥകള്‍ നിങ്ങള്‍ കേട്ട് അവ നടപ്പാക്കുവിന്‍.

7 ഈജിപ്തില്‍നിന്നു നിങ്ങളുടെ പിതാക്കന്മാരെ കൂട്ടിക്കൊണ്ടു വന്നതുമുതല്‍ ഇന്നുവരെ, ‘എന്‍റെ വാക്ക് അനുസരിക്കുവിന്‍’ എന്നു ഞാന്‍ നിങ്ങളെ നിരന്തരം ഉദ്ബോധിപ്പിച്ചിരുന്നു.

8 എന്നാല്‍ അവര്‍ അതു കേള്‍ക്കുകയോ അനുസരിക്കുകയോ ചെയ്തില്ല; എല്ലാവരും ദുഷ്ടഹൃദയരായി ദുശ്ശാഠ്യത്തോടെ നടന്നു; ഉടമ്പടിയിലെ വ്യവസ്ഥകള്‍ അവര്‍ പാലിച്ചില്ല. അതുകൊണ്ട്, അതിലെ വ്യവസ്ഥകളനുസരിച്ചു ഞാന്‍ അവരോടു പെരുമാറും.”

9

അവിടുന്നു വീണ്ടും എന്നോട് അരുളിച്ചെയ്തു: “യെഹൂദ്യയിലെ ജനങ്ങളും യെരൂശലേം നിവാസികളും ഗൂഢാലോചന നടത്തുന്നു.

10 എന്‍റെ വാക്കുകള്‍ നിരസിച്ച അവരുടെ പൂര്‍വപിതാക്കന്മാരുടെ അകൃത്യങ്ങളിലേക്ക് അവര്‍ പിന്തിരിയുന്നു; അവര്‍ അന്യദേവന്മാരുടെ പിന്നാലെ പോയി അവയെ ആരാധിക്കുന്നു. ഇസ്രായേല്‍ഗൃഹവും യെഹൂദാഗൃഹവും അവരുടെ പിതാക്കന്മാരോടു ഞാന്‍ ചെയ്ത ഉടമ്പടി ലംഘിച്ചു.

11 അതുകൊണ്ട് അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാന്‍ അവരുടെമേല്‍ അനര്‍ഥം വരുത്തും; അവയില്‍നിന്നു രക്ഷപെടാന്‍ അവര്‍ക്കു കഴിയുകയില്ല; അവര്‍ എന്നോടു നിലവിളിച്ചാലും ഞാന്‍ ശ്രദ്ധിക്കുകയില്ല.

12 യെഹൂദ്യയിലെ നഗരങ്ങളും യെരൂശലേംനിവാസികളും തങ്ങള്‍ ധൂപാര്‍പ്പണം നടത്തുന്ന ദേവന്മാരുടെ അടുക്കലേക്കു തിരിഞ്ഞ് അവരുടെ മുമ്പില്‍ നിലവിളിക്കും; എന്നാല്‍ അനര്‍ഥകാലത്ത് അവരെ രക്ഷിക്കാന്‍ അവര്‍ക്കു കഴിവില്ല.

13 അല്ലയോ യെഹൂദ്യയേ, നിനക്ക് എത്ര നഗരങ്ങളുണ്ടോ അത്രയും ദേവന്മാരുമുണ്ട്; മ്ലേച്ഛമായ ബാല്‍ വിഗ്രഹങ്ങള്‍ക്കു ധൂപമര്‍പ്പിക്കാന്‍ യെരൂശലേം വീഥികള്‍ക്കൊപ്പം നീ ധൂപപീഠങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു.

14

അതുകൊണ്ടു യിരെമ്യായേ, ഈ ജനതയ്‍ക്കുവേണ്ടി നീ പ്രാര്‍ഥിക്കരുത്; അവര്‍ക്കുവേണ്ടി വിലപിക്കുകയോ അപേക്ഷിക്കുകയോ അരുത്; അനര്‍ഥകാലത്ത് അവര്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ശ്രദ്ധിക്കുകയില്ല.

15 ദുഷ്കൃത്യങ്ങള്‍ ചെയ്ത എന്‍റെ പ്രിയയ്‍ക്ക് എന്‍റെ ആലയത്തില്‍ ഇനി എന്തവകാശമാണുള്ളത്? നേര്‍ച്ചകള്‍ക്കോ യാഗമാംസത്തിനോ നിങ്ങള്‍ക്കു സംഭവിക്കാന്‍ പോകുന്ന ദുരന്തത്തില്‍നിന്നു നിങ്ങളെ രക്ഷിക്കാന്‍ കഴിയുമോ? അപ്പോള്‍ നിങ്ങള്‍ക്ക് ആഹ്ലാദിക്കാനാവുമോ?

16 ഫലസമൃദ്ധമായ തഴച്ച ഒലിവുമരമെന്ന് ഒരിക്കല്‍ സര്‍വേശ്വരന്‍ നിങ്ങളെ വിളിച്ചു; എന്നാല്‍ കൊടുങ്കാറ്റിന്‍റെ ഗര്‍ജനത്തോടുകൂടി അവിടുന്ന് അതിനെ ചുട്ടെരിക്കും; അതിന്‍റെ ശാഖകള്‍ ചാരമായിത്തീരും.

17 നിന്നെ നട്ടുപിടിപ്പിച്ച സര്‍വശക്തനായ സര്‍വേശ്വരന്‍ നിന്‍റെ നാശം പ്രഖ്യാപിച്ചുകഴിഞ്ഞു; കാരണം, ഇസ്രായേല്‍ഗൃഹവും യെഹൂദാഗൃഹവും ചെയ്ത തിന്മപ്രവൃത്തികള്‍തന്നെ; അവര്‍ ബാലിനു ധൂപാര്‍പ്പണം നടത്തി എന്നെ പ്രകോപിപ്പിച്ചിരിക്കുന്നു.

18

സര്‍വേശ്വരന്‍ അതെനിക്കു വെളിപ്പെടുത്തി; ഞാന്‍ അതു മനസ്സിലാക്കി; അവരുടെ ദുഷ്കൃത്യങ്ങള്‍ അവിടുന്ന് എനിക്കു കാണിച്ചുതന്നു.

19 ഞാനാകട്ടെ കശാപ്പിനു കൊണ്ടുപോകുന്ന ശാന്തനായ കുഞ്ഞാടിനെപ്പോലെ ആയിരുന്നു. ‘ഫലത്തോടുകൂടി വൃക്ഷത്തെ നശിപ്പിക്കാം, ജീവിക്കുന്നവരുടെ ദേശത്തുനിന്ന് അവനെ നീക്കിക്കളയാം, അവന്‍റെ പേരു പോലും ഇനി ആരും ഓര്‍മിക്കരുത്’ എന്നു പറഞ്ഞ് ഗൂഢാലോചന നടത്തിയത് എനിക്കെതിരെ ആയിരുന്നു എന്നു ഞാന്‍ അറിഞ്ഞിരുന്നില്ല.

20 നീതിപൂര്‍വം വിധിക്കുന്നവനും ഹൃദയത്തെയും മനസ്സിനെയും പരിശോധിക്കുന്നവനും സര്‍വശക്തനുമായ സര്‍വേശ്വരാ, അവിടുന്ന് അവരോടു പ്രതികാരം കാട്ടുന്നതു കാണാന്‍ എനിക്ക് ഇടയാക്കണമേ; എന്‍റെ സങ്കടം തിരുസന്നിധിയിലാണല്ലോ ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നത്.

21

സര്‍വേശ്വരന്‍റെ നാമത്തില്‍ പ്രവചിക്കരുത്; പ്രവചിച്ചാല്‍ ഞങ്ങള്‍ നിന്നെ കൊന്നുകളയും എന്നു പറഞ്ഞ് എന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന അനാഥോത്തുകാരെപ്പറ്റി അവിടുന്ന് അരുളിച്ചെയ്യുന്നു:

22 “ഞാന്‍ അവരെ ശിക്ഷിക്കും; അവരുടെ യുവാക്കള്‍ വാളിനിരയാകും, പുത്രന്മാരും പുത്രിമാരും ക്ഷാമംമൂലം മരിക്കും.

23 അനാഥോത്തുകാരെ ശിക്ഷിക്കുന്ന കാലത്ത് ഞാന്‍ അവര്‍ക്ക് അനര്‍ഥം വരുത്തും. അവരില്‍ ആരും അവശേഷിക്കുകയില്ല എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.”

12

1

സര്‍വേശ്വരാ, ഞാന്‍ അങ്ങയോടു പരാതിപ്പെടുമ്പോഴും അവിടുന്നു നീതിമാനാകുന്നു; എന്‍റെ ആവലാതി അങ്ങയുടെ മുമ്പില്‍ വയ്‍ക്കുന്നു; ദുഷ്ടന്‍ എന്തുകൊണ്ടാണ് അഭിവൃദ്ധിപ്പെടുന്നത്? വഞ്ചകര്‍ നിര്‍ഭയരായിരിക്കുന്നതും എന്ത്?

2 അവിടുന്ന് അവരെ നട്ടു; അവര്‍ വേരൂന്നി വളര്‍ന്നു ഫലം കായ്‍ക്കുന്നു. അവരുടെ അധരങ്ങളില്‍ അങ്ങുണ്ട്. എന്നാല്‍ അവരുടെ ഹൃദയത്തില്‍നിന്നോ അവിടുന്ന് വിദൂരസ്ഥനായിരിക്കുന്നു.

3 സര്‍വേശ്വരാ, അവിടുന്ന് എന്നെ അറിയുന്നു; എന്നെ കാണുന്നു; എന്‍റെ ഹൃദയം അങ്ങയിലാണോ എന്ന് അവിടുന്നു പരിശോധിക്കുന്നു; കൊല്ലാനുള്ള ആടുകളെപ്പോലെ വലിച്ചിഴച്ച് കൊലദിവസത്തേക്ക് അവരെ മാറ്റി നിര്‍ത്തണമേ.

4 എത്രനാള്‍ ദേശം വിലപിക്കും? എല്ലാ വയലിലെയും പുല്ലു വാടും. മൃഗങ്ങളും പക്ഷികളും ഇല്ലാതാകും. ദേശവാസികളുടെ ദുഷ്ടതയാണ് അതിനു കാരണം. ‘നാം ചെയ്യുന്നത് അവിടുന്നു കാണുന്നില്ല’ എന്ന് അവര്‍ പറയുന്നു.

5

ഓട്ടക്കാരോടുകൂടെ ഓടിയിട്ടു നീ തളര്‍ന്നുപോയെങ്കില്‍ കുതിരകളോടൊപ്പം നീ എങ്ങനെ മത്സരിച്ചോടും? സുരക്ഷിതമായ സ്ഥലത്തു നീ വീണുപോയാല്‍, യോര്‍ദ്ദാന്‍ വനപ്രദേശത്ത് നീ എന്തു ചെയ്യും?

6 നിന്‍റെ സഹോദരന്മാരും പിതൃഭവനവും പോലും നിന്നോടു ചതിവായി പെരുമാറിയിരിക്കുന്നു; അവരും നിനക്കെതിരെ മുറവിളി കൂട്ടുകയാണ്; നിന്നോടു മധുരവാക്കുകള്‍ പറഞ്ഞാലും അവരെ വിശ്വസിക്കരുത്.

7

എന്‍റെ ഭവനം ഞാന്‍ ഉപേക്ഷിച്ചു; എന്‍റെ അവകാശം ഞാന്‍ പരിത്യജിച്ചിരിക്കുന്നു; എന്‍റെ പ്രാണപ്രിയയെ അവളുടെ ശത്രുക്കളുടെ കൈയില്‍ ഏല്പിച്ചുകൊടുത്തു.

8 എനിക്ക് അവകാശപ്പെട്ടവള്‍ കാട്ടിലെ സിംഹം പോലെ ആയിരിക്കുന്നു; അവള്‍ എനിക്കെതിരെ ഗര്‍ജിക്കുന്നു; അതുകൊണ്ട് ഞാന്‍ അവളെ വെറുക്കുന്നു.

9 എന്‍റെ ജനം കഴുകന്മാര്‍ ചുറ്റിവളഞ്ഞാക്രമിക്കുന്ന പുള്ളിപ്പക്ഷിയെപ്പോലെ ആയിരിക്കുകയാണോ? അവരെ വിഴുങ്ങുന്നതിനു സകല വന്യമൃഗങ്ങളെയും ഒരുമിച്ചു കൂട്ടുവിന്‍.

10 അനേകം ഇടയന്മാര്‍ ചേര്‍ന്ന് എന്‍റെ മുന്തിരിത്തോട്ടം നശിപ്പിച്ചിരിക്കുന്നു; എന്‍റെ അവകാശം അവര്‍ ചവുട്ടി മെതിച്ചിരിക്കുന്നു; മനോഹരമായ എന്‍റെ അവകാശത്തെ ശൂന്യമായ മരുഭൂമി ആക്കിയിരിക്കുന്നു.

11 അവര്‍ അതു ശൂന്യമാക്കി; ശൂന്യാവസ്ഥയില്‍നിന്ന് അത് എന്നോടു നിലവിളിക്കുന്നു; ദേശം മുഴുവന്‍ ശൂന്യമായിരിക്കുകയാണ്; ആരും ഇക്കാര്യം ശ്രദ്ധിക്കുന്നില്ലല്ലോ.

12 മരുഭൂമിയിലെ മൊട്ടക്കുന്നുകളിലെല്ലാം വിനാശകര്‍ എത്തിയിരിക്കുന്നു; ദേശത്തിന്‍റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ സര്‍വേശ്വരന്‍റെ വാള്‍ സംഹാരം നടത്തുന്നു; യാതൊരു ജീവിക്കും സമാധാനമില്ല.

13 അവര്‍ കോതമ്പു വിതച്ചെങ്കിലും മുള്ളു കൊയ്തു; കഠിനാധ്വാനം ചെയ്തെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല; സര്‍വേശ്വരന്‍റെ ഉഗ്രകോപം നിമിത്തം തങ്ങളുടെ വിളവുകളെക്കുറിച്ച് അവര്‍ ലജ്ജിക്കും.

14

എന്‍റെ ജനമായ ഇസ്രായേലിന് അവകാശമായി കൊടുത്ത ദേശത്തിന്മേല്‍ കൈവച്ച ദുഷ്ടരായ എല്ലാ അയല്‍ക്കാരോടും സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു:

15 “അവരെ തങ്ങളുടെ ദേശത്തുനിന്നു ഞാന്‍ പിഴുതെറിയും; യെഹൂദാഗൃഹത്തെ അവരുടെ ഇടയില്‍നിന്നു ഞാന്‍ പിഴുതെടുക്കും. അതിനുശേഷം ഞാന്‍ അവരോടു കരുണകാണിക്കും; ഓരോ ജനതയെയും അവരുടെ അവകാശത്തിലേക്കും സ്വന്തം സ്ഥലത്തേക്കും മടക്കിക്കൊണ്ടുവരും.”

16 അവര്‍ ബാലിന്‍റെ നാമത്തില്‍ ആണയിടാന്‍ എന്‍റെ ജനത്തെ പഠിപ്പിച്ചതുപോലെ, “ജീവിക്കുന്ന സര്‍വേശ്വരനായ എന്‍റെ പേരില്‍ ആണയിട്ടുകൊണ്ട് എന്‍റെ ജനത്തിന്‍റെ വഴികളില്‍ നടക്കാന്‍ പഠിച്ചാല്‍ എന്‍റെ ജനത്തിന്‍റെ ഇടയില്‍ അവരും അഭിവൃദ്ധി പ്രാപിക്കും.”

17 എന്നാല്‍ ഏതെങ്കിലും ജനത എന്നെ അനുസരിക്കാതിരുന്നാല്‍, ഞാന്‍ അവരെ വേരോടെ പിഴുതെടുത്തു നശിപ്പിക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

13

1

സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: “നീ പോയി ഒരു ചണവസ്ത്രം വാങ്ങി അരയ്‍ക്കു കെട്ടുക; അതു വെള്ളത്തില്‍ മുക്കരുത്.”

2 അവിടുന്നു കല്പിച്ചതുപോലെ ഞാന്‍ പോയി, അരക്കച്ച വാങ്ങി, അരയ്‍ക്കു കെട്ടി.

3 അവിടുത്തെ അരുളപ്പാട് എനിക്കു വീണ്ടും ഉണ്ടായി:

4 “നീ വാങ്ങി ധരിച്ചിരിക്കുന്ന അരക്കച്ചയുമായി യൂഫ്രട്ടീസ് നദീതീരത്തുപോയി, അവിടെയുള്ള പാറയിടുക്കില്‍ അത് ഒളിച്ചുവയ്‍ക്കുക.”

5 സര്‍വേശ്വരന്‍ കല്പിച്ചതുപോലെ ഞാന്‍ യൂഫ്രട്ടീസ്തീരത്തു ചെന്ന് അത് അവിടെ ഒളിച്ചുവച്ചു.

6 വളരെ ദിവസങ്ങള്‍ക്കുശേഷം അവിടുന്ന് എന്നോടരുളിച്ചെയ്തു: “നീ എഴുന്നേറ്റ് യൂഫ്രട്ടീസ്തീരത്തു ചെന്നു ഞാന്‍ കല്പിച്ചപ്രകാരം നീ ഒളിച്ചുവച്ച അരക്കച്ച എടുക്കുക.”

7 അങ്ങനെ ഞാന്‍ അവിടെ ചെന്ന് അത് എടുത്തു. അതാകട്ടെ ഒന്നിനും കൊള്ളാത്തവിധം ജീര്‍ണിച്ചിരുന്നു.

8

അപ്പോള്‍ സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി.

9 യെഹൂദായുടെ ഗര്‍വും യെരൂശലേമിന്‍റെ ഔദ്ധത്യവും ഞാന്‍ ഇതുപോലെ നശിപ്പിക്കും.

10 എന്‍റെ വാക്ക് അനുസരിക്കാതെ ദുശ്ശാഠ്യത്തോടെ നടക്കുകയും അന്യദേവന്മാരുടെ പിന്നാലെ പോയി അവരെ സേവിച്ച് ആരാധിക്കുകയും ചെയ്യുന്ന ദുഷ്ടജനത്തെ ഒന്നിനും കൊള്ളാത്ത ഈ അരക്കച്ചപോലെയാക്കും.

11 അരക്കച്ച ഒരുവന്‍റെ അരയോടു പറ്റിയിരിക്കുന്നതുപോലെ സര്‍വ ഇസ്രായേല്‍ഗൃഹവും, സര്‍വ യെഹൂദാഗൃഹവും എന്നോടു പറ്റിച്ചേരുമാറാക്കി. അവര്‍ എന്‍റെ ജനവും എന്‍റെ കീര്‍ത്തിയും എന്‍റെ അഭിമാനവും എന്‍റെ മഹത്ത്വവും ആയിത്തീരുന്നതിനുവേണ്ടി ആയിരുന്നു അത്. അവരാകട്ടെ അതു ശ്രദ്ധിച്ചില്ല എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

12

നീ അവരോടു പറയുക; ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “എല്ലാ തോല്‌ക്കുടങ്ങളിലും വീഞ്ഞു നിറയും; അപ്പോള്‍ അവര്‍ നിന്നോടു പറയും, എല്ലാ തോല്‌ക്കുടങ്ങളിലും വീഞ്ഞു നിറയും എന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടേ?

13 അപ്പോള്‍ നീ അവരോടു പറയണം: “സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; ദാവീദിന്‍റെ സിംഹാസനത്തിലിരിക്കുന്ന രാജാക്കന്മാര്‍, പുരോഹിതന്മാര്‍, പ്രവാചകര്‍, സര്‍വ യെരൂശലേംനിവാസികള്‍ എന്നീ ദേശവാസികളെയെല്ലാം ഞാന്‍ ലഹരികൊണ്ട് ഉന്മത്തരാക്കും.

14 ഞാന്‍ അവരെ തമ്മില്‍ തമ്മിലും പിതാക്കന്മാരെയും പുത്രന്മാരെയും തമ്മിലും കൂട്ടിയടിപ്പിച്ചു നശിപ്പിക്കുമാറാക്കും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; ഞാന്‍ ആരോടും ദയ കാണിക്കയില്ല; ആരെയും വെറുതേ വിടുകയില്ല, ആരോടും കരുണ കാണിക്കയുമില്ല. ഞാന്‍ അവരെയെല്ലാം നശിപ്പിക്കും.”

15

നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുവിന്‍, അഹങ്കരിക്കരുത്; സര്‍വേശ്വരനാണ് അരുളിച്ചെയ്യുന്നത്.

16 ഞാന്‍ അന്ധകാരം വരുത്തും മുമ്പേ, അന്ധകാരാവൃതമായ പര്‍വതങ്ങളില്‍ നിങ്ങളുടെ കാലിടറും മുമ്പേ, നിങ്ങളുടെ ദൈവമായ സര്‍വേശ്വരനു മഹത്ത്വം നല്‌കുവിന്‍; അല്ലെങ്കില്‍ നിങ്ങള്‍ പ്രകാശത്തിനു കാത്തിരിക്കുമ്പോള്‍ തന്നെ അവിടുന്ന് അതിനെ മരണത്തിന്‍റെ കരിനിഴലും കൂരിരുട്ടുമാക്കും.

17 നിങ്ങള്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ അഹങ്കാരത്തെക്കുറിച്ച് എന്‍റെ ആത്മാവ് രഹസ്യമായി കേഴും; സര്‍വേശ്വരന്‍ ആട്ടിന്‍കൂട്ടത്തെ അടിമത്തത്തിലേക്കു കൊണ്ടുപോയിരിക്കുന്നതിനാല്‍ ഞാന്‍ ഹൃദയം നൊന്തു കരയും; കണ്ണുനീര്‍ ധാരധാരയായി ഒഴുകും.

18

രാജാവിനോടും രാജമാതാവിനോടും പറയുക: “നിന്‍റെ മനോഹരമായ കിരീടം ശിരസ്സില്‍നിന്നു വീണുപോയിരിക്കുന്നതുകൊണ്ടു സിംഹാസനത്തില്‍ നിന്നിറങ്ങി താഴെ ഇരിക്കുക.”

19 നെഗബിലെ നഗരങ്ങള്‍ ഉപരോധിക്കപ്പെട്ടിരിക്കയാണ്; അവ ഭേദിക്കാന്‍ ആരുമില്ല. യെഹൂദായിലെ എല്ലാ ജനങ്ങളെയും പ്രവാസത്തിലേക്കു കൊണ്ടുപോയിരിക്കുന്നു.

20

യെരൂശലേമേ, നിന്‍റെ കണ്ണുകളുയര്‍ത്തി വടക്കുനിന്നു വരുന്നവരെ കാണുക; നിന്നെ ഏല്പിച്ചിരുന്ന നിന്‍റെ മനോഹരമായ ആട്ടിന്‍കൂട്ടം എവിടെ?

21 സുഹൃത്തുക്കളെന്നു കരുതിയിരുന്നവര്‍ നിന്നെ തോല്പിച്ചു നിന്നെ ഭരിക്കുമ്പോള്‍ നീ എന്തു പറയും? ഈറ്റുനോവുകൊണ്ടു വേദനപ്പെടുന്ന സ്‍ത്രീയെപ്പോലെ നീ വേദനപ്പെടുകയില്ലേ?

22 “എനിക്ക് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നു നീ സ്വയം ചോദിച്ചേക്കാം; നിന്‍റെ തിന്മകളുടെ ആധിക്യം നിമിത്തമാണ് അവര്‍ നിന്‍റെ വസ്ത്രമുരിഞ്ഞു നിന്നെ അപമാനിച്ചത്.

23 എത്യോപ്യനു തന്‍റെ തൊലിയോ പുള്ളിപ്പുലിക്ക് അതിന്‍റെ പുളളിയോ മാറ്റാന്‍ കഴിയുമോ? എങ്കില്‍ മാത്രമേ തിന്മചെയ്യാന്‍ മാത്രം ശീലിച്ച നിനക്കു നന്മ ചെയ്യാന്‍ കഴിയുകയുള്ളൂ.

24 മരുഭൂമിയില്‍നിന്നു വീശുന്ന കാറ്റില്‍ പറക്കുന്ന പതിരുപോലെ ഞാന്‍ നിങ്ങളെ ചിതറിക്കും.

25 നീ എന്നെ മറന്ന് വ്യര്‍ഥകാര്യങ്ങളില്‍ ആശ്രയിച്ചിരിക്കുന്നതുകൊണ്ടു നിനക്കു ലഭിച്ചിരിക്കുന്ന അവകാശവും ഞാന്‍ നിനക്ക് അളന്നു തന്നിരിക്കുന്ന ഓഹരിയും ഇതാണ്.

26 ഞാന്‍ നിന്‍റെ ഉടുതുണി നിന്‍റെ മുഖം വരെ ഉയര്‍ത്തും. അങ്ങനെ നിന്‍റെ നഗ്നത വെളിവാകും. നിന്‍റെ മ്ലേച്ഛതകള്‍ ഞാന്‍ കണ്ടിരിക്കുന്നു,

27 നിന്‍റെ വ്യഭിചാരവും മദഗര്‍ജനവും കാമാര്‍ത്തമായ വേശ്യാവൃത്തിയും കുന്നുകളിലും വയലുകളിലും ഞാന്‍ കണ്ടു; യെരൂശലേമേ, നിനക്കു ദുരിതം! നീ ശുദ്ധയാകാന്‍ എത്രകാലം വേണ്ടിവരും?”

14

1

വരള്‍ച്ചയെക്കുറിച്ചു സര്‍വേശ്വരനില്‍നിന്നു യിരെമ്യാക്കുണ്ടായ അരുളപ്പാട്:

2 “യെഹൂദാ വിലപിക്കുന്നു; അവളുടെ നഗരവാതിലുകള്‍ ദുര്‍ബലമായിരിക്കുന്നു; ജനം നിലത്തിരുന്നു കരയുന്നു; യെരൂശലേമിന്‍റെ രോദനം ഉയരുന്നു.

3 അവളുടെ പ്രഭുക്കന്മാര്‍ ജലത്തിനുവേണ്ടി സേവകരെ അയയ്‍ക്കുന്നു; അവര്‍ കിണറ്റുകരയില്‍ എത്തുന്നുവെങ്കിലും ഒഴിഞ്ഞ പാത്രങ്ങളുമായി മടങ്ങുന്നു; അവര്‍ ലജ്ജിച്ചു വിഷണ്ണരായി തല മൂടുന്നു.

4 മഴയില്ലാത്തതിനാല്‍ നിലം വരണ്ടിരിക്കുന്നു. കര്‍ഷകര്‍ ആകുലരായി തല മൂടുന്നു.

5 പുല്ലില്ലായ്കയാല്‍ വയലിലെ മാന്‍പേടപോലും പെറ്റുവീണ കുട്ടിയെ വിട്ട് ഓടിപ്പോകുന്നു.

6 കാട്ടുകഴുതകള്‍ മൊട്ടക്കുന്നുകളില്‍നിന്ന് കുറുനരികളെപോലെ കിതയ്‍ക്കുന്നു. തീറ്റ ഇല്ലായ്കയാല്‍ അവയുടെ കണ്ണു മങ്ങുന്നു.

7

ഞങ്ങളുടെ ദുഷ്കൃത്യങ്ങള്‍ ഞങ്ങള്‍ക്കെതിരെ സാക്ഷ്യം വഹിക്കുന്നെങ്കിലും അവിടുത്തെ നാമം നിമിത്തം അവിടുന്നു പ്രവര്‍ത്തിക്കേണമേ; ഞങ്ങളുടെ പിന്മാറ്റങ്ങള്‍ അസംഖ്യമാണ്; അങ്ങേക്കെതിരെ ഞങ്ങള്‍ പാപം ചെയ്തിരിക്കുന്നു.

8 ഇസ്രായേലിന്‍റെ പ്രത്യാശയും കഷ്ടകാലത്ത് അതിന്‍റെ രക്ഷകനുമായ സര്‍വേശ്വരാ, അവിടുന്ന് ഈ ദേശത്ത് പരദേശിയെപ്പോലെയും രാപാര്‍ക്കാന്‍ ഉദ്ദേശിക്കുന്ന വഴിപോക്കനെപ്പോലെയും ആയിരിക്കുന്നതെന്ത്?

9 പരിഭ്രാന്തനായവനെപ്പോലെയും രക്ഷിക്കാന്‍ കഴിവില്ലാത്ത യോദ്ധാവിനെപ്പോലെയും അങ്ങ് ആയിരിക്കുന്നത് എന്തുകൊണ്ട്? എന്നാലും സര്‍വേശ്വരാ, അങ്ങു ഞങ്ങളുടെ മധ്യേ ഉണ്ട്; അവിടുത്തെ നാമത്താല്‍ ഞങ്ങള്‍ അറിയപ്പെടുന്നു; ഞങ്ങളെ കൈവിടരുതേ.”

10

ഈ ജനത്തെക്കുറിച്ചു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “അവര്‍ അലഞ്ഞു നടക്കാനാണ് ഇഷ്ടപ്പെടുന്നത്. അവരുടെ കാലുകളെ അവര്‍ നിയന്ത്രിക്കുന്നില്ല; അതുകൊണ്ട് അവിടുന്ന് അവരെ സ്വീകരിക്കുന്നില്ല; അവരുടെ അകൃത്യങ്ങള്‍ നിമിത്തം അവിടുന്ന് ഇപ്പോള്‍ അവരുടെ പാപങ്ങള്‍ക്കു ശിക്ഷ നല്‌കും.”

11 സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: “ഈ ജനത്തിന്‍റെ ക്ഷേമത്തിനുവേണ്ടി പ്രാര്‍ഥിക്കരുത്.

12 അവര്‍ ഉപവസിച്ചാലും അവരുടെ നിലവിളി ഞാന്‍ കേള്‍ക്കുകയില്ല; അവര്‍ ഹോമയാഗവും ധാന്യയാഗവും അര്‍പ്പിച്ചാലും ഞാന്‍ സ്വീകരിക്കുകയില്ല; യുദ്ധവും ക്ഷാമവും പകര്‍ച്ചവ്യാധിയുംകൊണ്ടു ഞാന്‍ അവരെ നശിപ്പിക്കും.”

13

അപ്പോള്‍ ഞാന്‍ പറഞ്ഞു: “നിങ്ങള്‍ യുദ്ധം കാണുകയില്ല; നിങ്ങള്‍ക്കു ക്ഷാമമുണ്ടാകുകയില്ല; നിങ്ങളുടെ ദേശത്തു സുസ്ഥിരമായ സമാധാനം ഞാന്‍ നല്‌കും എന്നാണല്ലോ സര്‍വേശ്വരനായ ദൈവമേ, പ്രവാചകന്മാര്‍ അവരോടു പറയുന്നത്.”

14 അവിടുന്ന് അരുളിച്ചെയ്തു: “പ്രവാചകന്മാര്‍ എന്‍റെ നാമത്തില്‍ വ്യാജം പ്രവചിക്കുന്നു; ഞാന്‍ അവരെ അയയ്‍ക്കുകയോ കല്പിക്കുകയോ ചെയ്തിട്ടില്ല; ഞാന്‍ അവരോടു സംസാരിച്ചിട്ടുമില്ല. വ്യാജദര്‍ശനവും ഭാവിയെക്കുറിച്ചുള്ള വ്യര്‍ഥമായ പ്രവചനവും അവരുടെ ഹൃദയത്തിലെ വഞ്ചനയുമാണ് അവര്‍ നിങ്ങളോടു പറയുന്നത്.

15 എന്‍റെ നാമത്തില്‍ പ്രവചിക്കുന്ന അവരെക്കുറിച്ചു ഞാന്‍ പറയുന്നു: അവരെ ഞാന്‍ അയച്ചിട്ടില്ലെങ്കിലും ‘ക്ഷാമവും യുദ്ധവും ഈ ദേശത്ത് ഉണ്ടാകുകയില്ല’ എന്നവര്‍ പറയുന്നു. അതുകൊണ്ട് ഞാന്‍ അവരെ വാളും ക്ഷാമവുംകൊണ്ടു നശിപ്പിക്കും.

16 അവര്‍ ആരോടു പ്രവചിച്ചുവോ അവര്‍ വാളിനും ക്ഷാമത്തിനും ഇരയായി യെരൂശലേമിന്‍റെ വീഥികളില്‍ വീണുകിടക്കും; അവരെയും അവരുടെ ഭാര്യമാരെയും പുത്രീപുത്രന്മാരെയും സംസ്കരിക്കാന്‍ ആരും ഉണ്ടായിരിക്കയില്ല; അവരുടെ ദുഷ്കര്‍മങ്ങള്‍ അവരുടെ മേല്‍ത്തന്നെ ഞാന്‍ ചൊരിയും.

17

ഈ വചനം നീ അവരോടു പറയണം: “എന്‍റെ കണ്ണുകളില്‍നിന്നു കണ്ണുനീര്‍ രാവും പകലും നിലയ്‍ക്കാതെ ഒഴുകട്ടെ; കാരണം എന്‍റെ ജനത്തിനു വലിയ അടിയേറ്റിരിക്കുന്നു. അവര്‍ക്കു കഠിനമായി ക്ഷതം പറ്റിയിരിക്കുന്നു.

18 ഞാന്‍ വയലില്‍ ചെന്നാല്‍ വാളിനിരയായവരെയും പട്ടണത്തില്‍ കടന്നാല്‍ ക്ഷാമത്തിന്‍റെ ഫലമായി രോഗികളായവരെയും കാണുന്നു. പ്രവാചകനും പുരോഹിതനും നാടുനീളെ അലയുന്നു. അവര്‍ക്കു വിശ്രമമില്ല.

19

യെഹൂദായെ അങ്ങു നിശ്ശേഷം പരിത്യജിച്ചു കളഞ്ഞുവോ? സീയോനോട് അങ്ങേക്കു വെറുപ്പു തോന്നുന്നുവോ? സൗഖ്യമാകാത്തവിധം, അവിടുന്ന് ഞങ്ങളെ എന്തിനു പ്രഹരിച്ചു? ഞങ്ങള്‍ സമാധാനം അന്വേഷിച്ചു; പക്ഷേ ഫലമുണ്ടായില്ല; രോഗശാന്തിക്കുവേണ്ടി കാത്തിരുന്നു; ലഭിച്ചതോ കൊടുംഭീതി.

20 സര്‍വേശ്വരാ, ഞങ്ങളുടെ ദുഷ്കൃത്യങ്ങളും ഞങ്ങളുടെ പിതാക്കന്മാരുടെ അപരാധങ്ങളും ഞങ്ങള്‍ ഏറ്റുപറയുന്നു; ഞങ്ങള്‍ അങ്ങേക്കു വിരോധമായി പാപം ചെയ്തിരിക്കുന്നു.

21 അങ്ങയുടെ നാമത്തെ ഓര്‍ത്തു ഞങ്ങളെ തള്ളിക്കളയരുതേ; അവിടുത്തെ മഹത്ത്വമുള്ള സിംഹാസനത്തെ അപമാനിക്കരുതേ; ഞങ്ങളോടുള്ള അവിടുത്തെ ഉടമ്പടി ഓര്‍ക്കണമേ; അതു ലംഘിക്കരുതേ.

22 മറ്റു ജനതകളുടെ വ്യാജദേവന്മാര്‍ക്കിടയില്‍ മഴ പെയ്യിക്കാന്‍ കഴിവുള്ള ആരെങ്കിലുമുണ്ടോ? മഴ ചൊരിയാന്‍ ആകാശത്തിനു സ്വയം കഴിയുമോ? ഞങ്ങളുടെ ദൈവമായ സര്‍വേശ്വരാ, മഴ നല്‌കുന്നത് അവിടുന്നാണല്ലോ. അതുകൊണ്ടു ഞങ്ങള്‍ അങ്ങയില്‍ പ്രത്യാശവയ്‍ക്കുന്നു. അവിടുന്നാണല്ലോ ഇവയെല്ലാം ചെയ്യുന്നത്.

15

1

സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: “മോശയും ഏലിയായും എന്നോടു യാചിച്ചാലും ഈ ജനത്തോട് എനിക്കു കരുണ തോന്നുകയില്ല. എന്‍റെ മുമ്പില്‍നിന്ന് അവരെ പറഞ്ഞയയ്‍ക്കുക; അവര്‍ പോകട്ടെ.”

2 “ഞങ്ങള്‍ എങ്ങോട്ടു പോകും” എന്നവര്‍ ചോദിച്ചാല്‍ നീ അവരോടു പറയണം; സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “മഹാമാരിക്കുള്ളവര്‍ മഹാമാരിയിലേക്കും വാളിനുള്ളവര്‍ വാളിങ്കലേക്കും ക്ഷാമത്തിനുള്ളവര്‍ ക്ഷാമത്തിലേക്കും അടിമത്തത്തിനുള്ളവര്‍ അടിമത്തത്തിലേക്കും പോകട്ടെ.

3 നാലു തരത്തിലുള്ള വിനാശകരെ ഞാന്‍ അവരുടെ നേരെ അയയ്‍ക്കും. വാള്‍ അവരെ സംഹരിക്കും; നായ്‍ക്കള്‍ അവരെ കടിച്ചുകീറും; ആകാശത്തിലെ പറവകളും വന്യമൃഗങ്ങളും അവരെ തിന്നൊടുക്കും.

4 യെഹൂദാരാജാവായ ഹിസ്കീയായുടെ മകന്‍ മനശ്ശെ യെരൂശലേമില്‍ ചെയ്ത പാതകങ്ങള്‍ നിമിത്തം ഭൂമിയിലെ എല്ലാ രാജ്യങ്ങളുടെയും മുമ്പില്‍ ഞാന്‍ അവരെ ഭീതിദവിഷയമാക്കിത്തീര്‍ക്കും.

5

യെരൂശലേമേ, ആര്‍ക്കു നിന്നോടു കനിവു തോന്നും? ആരു നിന്നെ സമാശ്വസിപ്പിക്കും? നിന്‍റെ ക്ഷേമം അന്വേഷിക്കാന്‍ ആരുതിരിഞ്ഞുനില്‌ക്കും?

6 സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “നീ എന്നെ ഉപേക്ഷിച്ചിരിക്കുന്നു; നീ പിന്തിരിഞ്ഞല്ലോ; അതുകൊണ്ടു ഞാന്‍ നിനക്കെതിരെ കൈ നീട്ടി നിന്നെ നശിപ്പിച്ചു; കരുണ കാണിച്ചു ഞാന്‍ മടുത്തിരിക്കുന്നു.”

7 ദേശത്തിലെ എല്ലാ പട്ടണവാതില്‌ക്കല്‍ വച്ചും ഞാന്‍ അവരെ വീശുമുറംകൊണ്ടു വീശിക്കളഞ്ഞു; ഉറ്റവരുടെ വേര്‍പാടിലുള്ള ദുഃഖം ഞാനവര്‍ക്കുണ്ടാക്കി; എന്‍റെ ജനത്തെ ഞാന്‍ നശിപ്പിച്ചു. എന്നിട്ടും അവര്‍ തങ്ങളുടെ വഴികളില്‍നിന്നു പിന്തിരിഞ്ഞില്ല.

8 കടല്‍ത്തീരത്തെ മണലിനെക്കാള്‍ അധികമായി ഞാന്‍ അവരുടെ വിധവകളുടെ എണ്ണം വര്‍ധിപ്പിച്ചു; യുവയോദ്ധാക്കളുടെ അമ്മമാരുടെ നേര്‍ക്ക് നട്ടുച്ചയ്‍ക്കു ഞാന്‍ വിനാശകനെ അയച്ചു; മനോവേദനയും ഭീതിയും പെട്ടെന്ന് അവര്‍ക്ക് ഉളവാക്കി.

9 ഏഴുമക്കളുടെ അമ്മയായിരുന്നവള്‍ ബോധശൂന്യയായി അന്ത്യശ്വാസം വലിച്ചു; പകല്‍ തീരുന്നതിനുമുമ്പ് അവളുടെ സൂര്യന്‍ അസ്തമിച്ചു; അവള്‍ ലജ്ജിതയും അപമാനിതയും ആയിരിക്കുന്നു; അവരില്‍ ശേഷിച്ചിരിക്കുന്നവരെ ശത്രുക്കളുടെ വാളിന് ഞാന്‍ ഇരയാക്കും” എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

10

എന്‍റെ അമ്മേ, ഞാന്‍ എത്ര നിര്‍ഭാഗ്യവാനാണ്; നാട്ടിലെങ്ങും കലഹക്കാരനും വിവാദക്കാരനുമാകാന്‍ എനിക്ക് എന്തിനു ജന്മം നല്‌കി; ഞാന്‍ കടം കൊടുക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ല. എങ്കിലും എല്ലാവരും എന്നെ ശപിക്കുന്നു.

11 സര്‍വേശ്വരാ, ഞാന്‍ എന്‍റെ ശത്രുക്കളുടെ നന്മയ്‍ക്കുവേണ്ടി അപേക്ഷിക്കുകയോ അവര്‍ക്കു പ്രയാസവും കഷ്ടതയുമുണ്ടായപ്പോള്‍ അവര്‍ക്കുവേണ്ടി മധ്യസ്ഥത വഹിക്കുകയോ ചെയ്യാതിരുന്നെങ്കില്‍ അവര്‍ ശപിച്ചതുപോലെ എനിക്കു ഭവിക്കട്ടെ.

12 വടക്കുനിന്നുള്ള ഇരുമ്പും താമ്രവും ആര്‍ക്കെങ്കിലും ഒടിക്കാമോ?

13 നിന്‍റെ പാപം നിമിത്തം, നിന്‍റെ ധനവും നിക്ഷേപങ്ങളും കൊള്ള വസ്തുക്കള്‍പോലെ വില കൂടാതെ ദേശത്തെല്ലാം വിതരണം ചെയ്യും.

14 നിങ്ങള്‍ അറിയാത്ത ഒരു ദേശത്തു നിങ്ങളെക്കൊണ്ടു ശത്രുക്കള്‍ക്കു ഞാന്‍ അടിമവേല ചെയ്യിക്കും; എന്‍റെ കോപത്തില്‍ ഒരിക്കലും കെടാത്ത തീ ഞാന്‍ കത്തിച്ചിരിക്കുന്നു.

15

സര്‍വേശ്വരാ, അവിടുത്തേക്ക് എല്ലാം അറിയാമല്ലോ. എന്നെ ഓര്‍ത്ത് എന്നെ സന്ദര്‍ശിക്കണമേ; എന്നെ പീഡിപ്പിക്കുന്നവരോടു എനിക്കുവേണ്ടി പ്രതികാരം ചെയ്യണമേ; അവിടുത്തെ ക്ഷമയാല്‍ അവര്‍ എന്നെ നശിപ്പിച്ചു കളയാന്‍ ഇടയാക്കരുതേ; അങ്ങേക്കുവേണ്ടിയാണല്ലോ ഞാന്‍ നിന്ദ സഹിക്കുന്നത്.

16 അവിടുത്തെ വചനം കണ്ടെത്തിയപ്പോള്‍ അവ ഞാന്‍ പ്രത്യക്ഷരം ഗ്രഹിച്ചു. അവിടുത്തെ വചനം എന്നെ സന്തോഷിപ്പിച്ചു; എന്‍റെ ഹൃദയത്തിന് അത് ആനന്ദമായിത്തീര്‍ന്നു; സര്‍വശക്തനായ സര്‍വേശ്വരാ, അവിടുത്തെ നാമമാണല്ലോ ഞാന്‍ വഹിക്കുന്നത്.

17 ഉല്ലസിക്കുന്നവരുടെ കൂടെ ഇരുന്ന് ഞാന്‍ ആഹ്ലാദിച്ചിട്ടില്ല; അവിടുത്തെ അപ്രതിരോധ്യമായ പ്രേരണ എന്‍റെമേല്‍ ഉണ്ടായിരുന്നതുകൊണ്ടു ഞാന്‍ തനിച്ചിരുന്നു; ധര്‍മരോഷം കൊണ്ട് അവിടുന്ന് എന്നെ നിറച്ചിരുന്നു.

18 “എന്‍റെ വേദന മാറാത്തത് എന്തുകൊണ്ട്? എന്‍റെ മുറിവു കരിയാതെ വ്രണപ്പെട്ടിരിക്കുന്നതും എന്ത്? വറ്റിപ്പോകുന്ന അരുവിപോലെ അങ്ങ് എന്നെ വഞ്ചിക്കുകയാണോ?

19

അതുകൊണ്ട് സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ മടങ്ങി വന്നാല്‍ ഞാന്‍ നിന്നെ പുനഃസ്ഥാപിക്കും; നീ എന്‍റെ സന്നിധിയില്‍ നില്‌ക്കും; വിലകെട്ട കാര്യങ്ങള്‍ പറയാതെ ഉത്തമകാര്യങ്ങള്‍ മാത്രം സംസാരിച്ചാല്‍ നീ എന്‍റെ പ്രവാചകനാകും. അവര്‍ നിങ്കലേക്കു വരും; നീ അവരുടെ അടുക്കല്‍ പോകരുത്.

20 ഈ ജനത്തിനു മുമ്പില്‍ ഞാന്‍ നിന്നെ താമ്രമതില്‍ പോലെയാക്കും; അവര്‍ നിനക്കെതിരെ യുദ്ധം ചെയ്യും; എന്നാല്‍ അവര്‍ ജയിക്കയില്ല; കാരണം, നിന്നെ സംരക്ഷിക്കുന്നതിനും മോചിപ്പിക്കുന്നതിനുമായി ഞാന്‍ നിന്നോടുകൂടെയുണ്ട്; ഇതു സര്‍വേശ്വരനാണ് അരുളിച്ചെയ്യുന്നത്.

21 ദുഷ്ടന്മാരുടെ കൈയില്‍ നിന്നു ഞാന്‍ നിന്നെ രക്ഷിക്കും; നിര്‍ദയരുടെ പിടിയില്‍നിന്നു ഞാന്‍ നിന്നെ വീണ്ടെടുക്കും.

16

1

സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി:

2 ഇവിടെനിന്നു നീ ഒരു ഭാര്യയെ സ്വീകരിക്കുകയോ, നിനക്കിവിടെ പുത്രന്മാരോ പുത്രിമാരോ ഉണ്ടാകുകയോ അരുത്.

3 ഇവിടെ ജനിക്കുന്ന പുത്രീപുത്രന്മാരെ സംബന്ധിച്ചും അവരുടെ മാതാപിതാക്കന്മാരെ സംബന്ധിച്ചും അവിടുന്ന് അരുളിച്ചെയ്യുന്നു:

4 “മാരകരോഗംകൊണ്ട് അവര്‍ മരിക്കും; അവരെക്കുറിച്ച് ആരും വിലപിക്കുകയില്ല; ആരും അവരെ സംസ്കരിക്കുകയുമില്ല; നിലത്തു വീണു കിടക്കുന്ന ചാണകംപോലെ അവര്‍ ആകും; യുദ്ധവും ക്ഷാമവുംകൊണ്ട് അവര്‍ നശിക്കും; അവരുടെ മൃതദേഹങ്ങള്‍ ആകാശത്തിലെ പറവകള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഇരയായിത്തീരും.

5

സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: വിലപിക്കുന്നവര്‍ കൂടിയിരിക്കുന്ന ഭവനത്തില്‍ പ്രവേശിക്കരുത്; അവരോടൊപ്പം വിലപിക്കുകയോ അവരോടു സഹതപിക്കുകയോ അരുത്; കാരണം ഈ ജനത്തില്‍നിന്ന് എന്‍റെ സമാധാനം പിന്‍വലിച്ചിരിക്കുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; എന്‍റെ അചഞ്ചലസ്നേഹവും കരുണയും ഇവിടെ ഉണ്ടായിരിക്കുകയില്ല.

6 ഈ സ്ഥലത്തു വലിയവരും ചെറിയവരും ഒരുപോലെ മരിച്ചുവീഴും; ആരും അവരെ സംസ്കരിക്കുകയില്ല; ആരും അവര്‍ക്കുവേണ്ടി വിലപിക്കുകയോ സ്വയം മുറിപ്പെടുത്തുകയോ തലമുണ്ഡനം ചെയ്യുകയോ ഇല്ല.

7 മരിച്ചവരെക്കുറിച്ചു വിലപിക്കുന്നവന് ആശ്വാസമരുളാന്‍ ആരും അപ്പം മുറിച്ചു കൊടുക്കയില്ല; പിതാവിന്‍റെയോ മാതാവിന്‍റെയോ വേര്‍പാടില്‍ ദുഃഖിച്ചിരിക്കുന്നവന് ആശ്വാസത്തിന്‍റെ പാനപാത്രം ആരും കൊടുക്കുകയുമില്ല.

8 വിരുന്നു നടത്തുന്ന ഭവനങ്ങളില്‍ പോയി അവരോടൊപ്പമിരുന്നു ഭക്ഷിക്കുകയോ പാനം ചെയ്യുകയോ അരുത്.

9 ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “നിങ്ങളുടെ ജീവിതകാലത്ത് ഇവിടെനിന്നു, നിങ്ങളുടെ കണ്‍മുമ്പില്‍നിന്നു തന്നെ ആഹ്ലാദത്തിന്‍റെയും ഉല്ലാസത്തിന്‍റെയും ആരവം നീക്കപ്പെടും; മണവാളന്‍റെയും മണവാട്ടിയുടെയും ശബ്ദം ഇല്ലാതെയാകും.”

10

ഈ ജനത്തോടു ഞാന്‍ പറഞ്ഞ കാര്യങ്ങളെല്ലാം നീ അറിയിക്കുമ്പോള്‍ അവര്‍ നിന്നോടു ചോദിക്കും. “ഞങ്ങള്‍ക്കെതിരെ ഇത്ര വലിയ ശിക്ഷ എന്തിനാണ് സര്‍വേശ്വരന്‍ പ്രഖ്യാപനം ചെയ്തിരിക്കുന്നത്? ഞങ്ങള്‍ ചെയ്ത അതിക്രമം എന്താണ്? ഞങ്ങളുടെ ദൈവമായ സര്‍വേശ്വരനെതിരെ ഞങ്ങള്‍ എന്തു പാപം ചെയ്തു?”

11 അപ്പോള്‍ നീ അവരോടു പറയണം. അവിടുന്ന് അരുളിച്ചെയ്യുന്നു: ‘നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ ഉപേക്ഷിച്ച് അന്യദേവന്മാരുടെ പുറകെ പോകുകയും അവരെ സേവിക്കുകയും ആരാധിക്കുകയും ചെയ്തില്ലേ? അവര്‍ എന്നെ ഉപേക്ഷിച്ചു. എന്‍റെ ധര്‍മശാസ്ത്രം പാലിച്ചുമില്ല.

12 നിങ്ങളുടെ പിതാക്കന്മാരെക്കാള്‍ കൂടുതല്‍ തിന്മ നിങ്ങള്‍ പ്രവര്‍ത്തിക്കുകയും എന്നെ അനുസരിക്കാതെ തിന്മപ്രവൃത്തികളില്‍ നിങ്ങള്‍ ഉറച്ചു നില്‌ക്കുകയും ചെയ്യുന്നു.

13 അതുകൊണ്ട് ഈ ദേശത്തുനിന്ന് നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ കേട്ടിട്ടില്ലാത്ത ഒരു ദേശത്തേക്കു നിങ്ങളെ പറിച്ചെറിയും; അവിടെ രാവും പകലും അന്യദേവന്മാരെ നിങ്ങള്‍ സേവിക്കും; ഞാന്‍ നിങ്ങളോടു കരുണ കാണിക്കുകയില്ല.”

14

സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഈജിപ്തില്‍നിന്ന് ഇസ്രായേല്‍ജനത്തെ മോചിപ്പിച്ചുകൊണ്ടു വന്ന സര്‍വേശ്വരനാണ എന്നു പറഞ്ഞു ശപഥം ചെയ്യാതെ,

15 ഉത്തരദേശത്തുനിന്നും തങ്ങളെ ഓടിച്ചുവിട്ട സകല ദേശങ്ങളില്‍നിന്നും ഇസ്രായേല്‍ജനത്തെ വിമോചിപ്പിച്ചുകൊണ്ടുവന്ന സര്‍വേശ്വരനാണ എന്നു പറഞ്ഞു ശപഥം ചെയ്യുന്ന കാലം വരുന്നു; അവരുടെ പിതാക്കന്മാര്‍ക്കു കൊടുത്തിരുന്ന അവരുടെ സ്വന്തം ദേശത്തേക്കു ഞാന്‍ അവരെ തിരിച്ചു കൊണ്ടുവരും.”

16

അവരെ പിടികൂടുന്നതിനുവേണ്ടി അനേകം മീന്‍പിടുത്തക്കാരെ ഞാന്‍ വരുത്തും; അവര്‍ അവരെ പിടിക്കും; പിന്നീട് അനേകം നായാട്ടുകാരെ വരുത്തും; സകല പര്‍വതങ്ങളില്‍നിന്നും കുന്നുകളില്‍നിന്നും പാറയിടുക്കുകളില്‍നിന്നും അവര്‍ അവരെ വേട്ടയാടും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

17 അവരുടെ എല്ലാ വഴികളും ഞാന്‍ കാണുന്നുണ്ട്; അവ എനിക്കു മറഞ്ഞിരിക്കുന്നില്ല, അവരുടെ അപരാധങ്ങള്‍ ഒന്നും എന്‍റെ കണ്ണുകളില്‍നിന്ന് അപ്രത്യക്ഷമായിരിക്കുന്നുമില്ല.

18 അവരുടെ അകൃത്യത്തിനും പാപത്തിനും ഞാന്‍ ഇരട്ടി പ്രതികാരം ചെയ്യും; നിര്‍ജീവവിഗ്രഹങ്ങള്‍കൊണ്ട് അവര്‍ ദേശം മലിനമാക്കി; തങ്ങളുടെ മ്ലേച്ഛതകള്‍കൊണ്ട് എന്‍റെ അവകാശഭൂമി നിറച്ചിരിക്കുന്നു.

19

എന്‍റെ ബലവും എന്‍റെ കോട്ടയും കഷ്ടകാലത്ത് എന്‍റെ അഭയസ്ഥാനവുമായ സര്‍ വേശ്വരാ, ഭൂമിയുടെ അറുതികളില്‍നിന്നു ജനതകള്‍ അങ്ങയുടെ അടുക്കല്‍ വന്നു പറയും: വ്യാജദേവന്മാരെയാണു ഞങ്ങളുടെ പിതാക്കന്മാര്‍ക്കു പൈതൃകമായി ലഭിച്ചത്; തീര്‍ത്തും പ്രയോജനരഹിതമായ വിഗ്രഹങ്ങള്‍.

20 തനിക്കുവേണ്ടി ദേവന്മാരെ നിര്‍മിക്കാന്‍ മനുഷ്യനു കഴിയുമോ? അങ്ങനെയുള്ളവ ദേവന്മാരല്ല.

21

അതുകൊണ്ടു ഞാന്‍ അവരെ ഒരു പാഠം പഠിപ്പിക്കും; എന്‍റെ ശക്തിയും എന്‍റെ കരുത്തും ഞാന്‍ അവര്‍ക്കു കാണിച്ചുകൊടുക്കും; ഞാന്‍ സര്‍വേശ്വരനെന്ന് അവര്‍ അറിയും.

17

1

യെഹൂദായുടെ പാപം നാരായംകൊണ്ട് എഴുതിയിരിക്കുന്നു; വജ്രമുനകൊണ്ട് അവരുടെ ഹൃദയത്തിന്‍റെ ഭിത്തികളിലും അവരുടെ ബലിപീഠങ്ങളുടെ കൊമ്പുകളിലും അവ കൊത്തിവച്ചിരിക്കുന്നു.

2 ഉയര്‍ന്ന കുന്നുകളില്‍, പച്ചമരങ്ങള്‍ക്കരികെയുള്ള ബലിപീഠങ്ങളെയും അശേരാപ്രതിഷ്ഠകളെയും അവരുടെ മക്കള്‍ ഓര്‍ക്കുന്നുവല്ലോ.

3 നാട്ടിലെല്ലാം നിങ്ങള്‍ ചെയ്ത പാപത്തിനു പകരമായി നിങ്ങളുടെ സമ്പത്തും സകല നിക്ഷേപങ്ങളും കൊള്ളമുതല്‍ പോലെ ഞാന്‍ പങ്കിടും.

4 ഞാന്‍ തന്ന അവകാശഭൂമി നിങ്ങള്‍ക്കു നഷ്ടപ്പെടും. നിങ്ങള്‍ അറിയാത്ത ഒരു ദേശത്തു നിങ്ങളെക്കൊണ്ടു ശത്രുക്കള്‍ക്കു ഞാന്‍ അടിമവേല ചെയ്യിക്കും. എന്‍റെ കോപത്താല്‍ ഒരിക്കലും കെടാത്ത അഗ്നി ഞാന്‍ കത്തിച്ചിരിക്കുന്നു.

5

സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “മനുഷ്യനില്‍ വിശ്വാസമര്‍പ്പിക്കയും കായബലത്തില്‍ ആശ്രയിക്കയും ചെയ്തു സര്‍വേശ്വരനില്‍ നിന്ന് അകന്നുപോകുന്നവന്‍ ശപിക്കപ്പെട്ടവന്‍.

6 അവന്‍ മരുഭൂമിയിലെ കുറ്റിച്ചെടിപോലെയാണ്; നന്മ വരുമ്പോള്‍ അവനതു കാണാന്‍ കഴിയുന്നില്ല; മരുഭൂമിയിലെ വരണ്ട നിലത്തു, നിര്‍ജനമായ ഓരുനിലത്ത് അവന്‍ പാര്‍ക്കും.

7

സര്‍വേശ്വരനെ ആശ്രയിക്കയും അവിടുന്നു തന്നെ പൂര്‍ണ ആശ്രയമായിരിക്കുകയും ചെയ്യുന്നവന്‍ അനുഗൃഹീതന്‍.

8 അവന്‍ ആറ്റുതീരത്തു നട്ടിരിക്കുന്നതും വെള്ളത്തിലേക്കു വേരോടിയിരിക്കുന്നതുമായ വൃക്ഷംപോലെയാണ്; വേനല്‍ക്കാലമാകുമ്പോള്‍ അതു ഭയപ്പെടുകയില്ല; അതിന്‍റെ ഇലകള്‍ എപ്പോഴും പച്ച ആയിരിക്കും; വരള്‍ച്ചയുള്ള കാലത്ത് അതിന് ഉല്‍ക്കണ്ഠയില്ല; അതു ഫലം പുറപ്പെടുവിച്ചുകൊണ്ടേയിരിക്കും.

9

ഹൃദയം മറ്റേതൊന്നിനെക്കാളും കാപട്യം നിറഞ്ഞതും അത്യന്തം ദൂഷിതവുമാണ്; ആര്‍ക്കാണതു ഗ്രഹിക്കാന്‍ കഴിയുക?

10 സര്‍വേശ്വരനായ ഞാന്‍ ഹൃദയത്തെ പരിശോധിക്കുകയും മനസ്സിനെ പരീക്ഷിക്കുകയും ചെയ്യുന്നു; ഓരോ മനുഷ്യനും അവന്‍റെ വഴികള്‍ക്കും പ്രവൃത്തികള്‍ക്കും അനുസൃതമായി പ്രതിഫലം കൊടുക്കേണ്ടതിനുതന്നെ.

11 അന്യായമായി സ്വത്തു സമ്പാദിക്കുന്നവന്‍ താനിടാത്ത മുട്ടയ്‍ക്ക് അടയിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാണ്; ജീവിതത്തിന്‍റെ മധ്യത്തില്‍ അത് അവനെ പിരിയും; അവസാനം അവന്‍ ഭോഷനായിത്തീരുകയും ചെയ്യും.

12

ആദിമുതല്‍ ഉന്നതത്തില്‍ സ്ഥാപിതമായിരിക്കുന്ന, മഹത്ത്വമേറിയ സിംഹാസനമാണ് ഞങ്ങളുടെ വിശുദ്ധമന്ദിരം.

13 ഇസ്രായേലിന്‍റെ പ്രത്യാശയായ സര്‍വേശ്വരാ, അങ്ങയെ ഉപേക്ഷിക്കുന്നവരെല്ലാം ലജ്ജിതരാകും; അങ്ങയില്‍നിന്നു പിന്തിരിഞ്ഞു പോകുന്നവര്‍, പൂഴിമണ്ണില്‍ എഴുതുന്ന പേരുകള്‍ പോലെ അപ്രത്യക്ഷരാകും; ജീവജലത്തിന്‍റെ ഉറവിടമായ സര്‍വേശ്വരനെ അവര്‍ ഉപേക്ഷിച്ചുവല്ലോ.

14

സര്‍വേശ്വരാ, എന്നെ സുഖപ്പെടുത്തണമേ, എന്നാല്‍ ഞാന്‍ സൗഖ്യമുള്ളവനായിത്തീരും; എന്നെ രക്ഷിക്കണമേ, അപ്പോള്‍ ഞാന്‍ രക്ഷിക്കപ്പെടും; അങ്ങു മാത്രമാണ് എന്‍റെ പ്രത്യാശ.

15 “സര്‍വേശ്വരന്‍റെ വചനം എവിടെ, അത് ഇപ്പോള്‍ നിവൃത്തിയാകട്ടെ” എന്നവര്‍ എന്നോടു പറയുന്നു.

16 അവര്‍ക്കു തിന്മ വരുത്താന്‍ ഞാന്‍ യാതൊന്നും അങ്ങയോട് അപേക്ഷിച്ചില്ല; അവര്‍ക്ക് ദുര്‍ദിനം വരാന്‍ ഞാന്‍ ആഗ്രഹിച്ചുമില്ല; ഞാന്‍ പറഞ്ഞതെല്ലാം അങ്ങ് അറിയുന്നു.

17 അങ്ങ് എനിക്കു ഭീതിദനാകരുതേ! കഷ്ടകാലത്ത് അങ്ങാണ് എന്‍റെ അഭയസ്ഥാനം.

18 എന്നെ പീഡിപ്പിക്കുന്നവര്‍ ലജ്ജിതരാകട്ടെ; ഞാന്‍ ലജ്ജിതനാകരുതേ; അവര്‍ ഭ്രമിച്ചുപോകട്ടെ; ഞാന്‍ ഭ്രമിച്ചുപോകരുതേ; അവര്‍ക്ക് ദുര്‍ദിനം വരുത്തണമേ; അവരെ നിശ്ശേഷം തകര്‍ത്തു കളഞ്ഞാലും.

19

സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: “യെഹൂദാരാജാക്കന്മാര്‍ വരികയും പോകുകയും ചെയ്യുന്ന ജനകവാടത്തിലും യെരൂശലേമിന്‍റെ എല്ലാ കവാടങ്ങളിലുംനിന്ന് ഇങ്ങനെ പറയുക:

20 ‘ഈ കവാടങ്ങളിലൂടെ അകത്തു കടക്കുന്ന യെഹൂദാരാജാക്കന്മാരും യെഹൂദാജനങ്ങളും യെരൂശലേംനിവാസികളുമായുള്ളോരേ, സര്‍വേശ്വരന്‍റെ വാക്കു കേള്‍ക്കുവിന്‍.

21 അവിടുന്ന് അരുളിച്ചെയ്യുന്നു: “നിങ്ങളുടെ ജീവനെ ഓര്‍ത്ത് ശ്രദ്ധിക്കുവിന്‍. ശബത്തുദിവസം നിങ്ങള്‍ ചുമടെടുക്കയോ അവ യെരൂശലേമിലെ കവാടങ്ങളിലൂടെ അകത്തു കൊണ്ടുവരികയോ അരുത്.

22 ശബത്തുദിവസം നിങ്ങളുടെ വീടുകളില്‍നിന്നു ചുമടു പുറത്തേക്കു കൊണ്ടുപോകരുത്. ജോലി ഒന്നും ചെയ്യുകയുമരുത്. നിങ്ങളുടെ പിതാക്കന്മാരോടു ഞാന്‍ കല്പിച്ചതുപോലെ ശബത്തു ദിവസം വിശുദ്ധമായി ആചരിക്കുവിന്‍.’

23 എന്നിട്ടും അവര്‍ എന്‍റെ വാക്ക് ശ്രദ്ധിക്കുകയോ, അനുസരിക്കുകയോ ചെയ്തില്ല; അവ കേള്‍ക്കുകയോ സ്വീകരിക്കുകയോ ചെയ്യാതെ ദുശ്ശാഠ്യത്തോടെ ജീവിച്ചു.”

24 സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഞാന്‍ പറയുന്നതു സശ്രദ്ധം കേട്ട് ഈ നഗരത്തിന്‍റെ വാതിലുകളിലൂടെ ശബത്തുദിവസം യാതൊരു ചുമടും കൊണ്ടുവരാതിരിക്കുകയും അന്നു വേലയൊന്നും ചെയ്യാതെ ശബത്ത് വിശുദ്ധമായി ആചരിക്കുകയും ചെയ്താല്‍,

25 ദാവീദിന്‍റെ സിംഹാസനത്തില്‍ വാണരുളുന്ന രാജാക്കന്മാര്‍ രഥങ്ങളിലും കുതിരപ്പുറത്തും യാത്രചെയ്ത് ഈ നഗരകവാടങ്ങളിലൂടെ അകത്തു പ്രവേശിക്കും; അവരുടെ പ്രഭുക്കന്മാരും യെഹൂദ്യയിലെ ജനങ്ങളും യെരൂശലേംനിവാസികളും അവരോടൊപ്പം ഉണ്ടായിരിക്കും; നഗരം എന്നും ജനവാസമുള്ളതായിരിക്കും.

26 യെഹൂദാനഗരങ്ങളില്‍നിന്നും യെരൂശലേമിന്‍റെ ചുറ്റുമുള്ള പ്രദേശങ്ങളില്‍നിന്നും ബെന്യാമീന്‍ദേശത്തുനിന്നും സമതലങ്ങള്‍, മലമ്പ്രദേശങ്ങള്‍, നെഗബ് എന്നിവിടങ്ങളില്‍ നിന്നും ആളുകള്‍ വരും. അവര്‍ സര്‍വേശ്വരന്‍റെ ആലയത്തിലേക്കു ഹോമയാഗങ്ങളും മറ്റു യാഗങ്ങളും ധാന്യയാഗങ്ങളും സുഗന്ധദ്രവ്യങ്ങളും സ്തോത്രയാഗങ്ങളും കൊണ്ടുവരും.

27 എന്നാല്‍ ശബത്ത് വിശുദ്ധമായി ആചരിക്കണമെന്നും ശബത്തുദിവസം യെരൂശലേമിലെ കവാടങ്ങളിലൂടെ ചുമടു കൊണ്ടുപോകരുതെന്നുമുള്ള എന്‍റെ കല്പന ശ്രദ്ധിക്കാതെയിരുന്നാല്‍ ആ കവാടങ്ങളില്‍ ഞാന്‍ തീ കൊളുത്തും; യെരൂശലേമിലെ കൊട്ടാരങ്ങളെ അതു ദഹിപ്പിക്കും; ആരും അത് അണയ്‍ക്കുകയില്ല.

18

1

സര്‍വേശ്വരനില്‍നിന്നു യിരെമ്യാക്കുണ്ടായ അരുളപ്പാട്:

2 “കുശവന്‍റെ വീട്ടിലേക്കു പോകുക; എന്‍റെ വചനം ഞാന്‍ അവിടെവച്ച് നിന്നെ കേള്‍പ്പിക്കും.”

3 അങ്ങനെ ഞാന്‍ കുശവന്‍റെ വീട്ടിലേക്കു ചെന്നു; അപ്പോള്‍ അയാള്‍ ചക്രത്തിന്മേല്‍ കളിമണ്ണുകൊണ്ട് പാത്രം നിര്‍മിക്കുകയായിരുന്നു.

4 ആ പാത്രം കുശവന്‍റെ കൈയില്‍ വച്ചുതന്നെ വികലമായിപ്പോയി; അയാള്‍ കളിമണ്ണുകൊണ്ടുതന്നെ തനിക്ക് ഇഷ്ടമായ രൂപത്തില്‍ മറ്റൊരു പാത്രമുണ്ടാക്കി.

5

അപ്പോള്‍ സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി:

6 “അല്ലയോ ഇസ്രായേല്‍ഗൃഹമേ, കുശവന്‍ ചെയ്തതുപോലെ എനിക്കു നിന്നോടു ചെയ്യാന്‍ കഴികയില്ലേ എന്നു സര്‍വേശ്വരന്‍ ചോദിക്കുന്നു; കുശവന്‍റെ കൈയിലെ കളിമണ്ണുപോലെയല്ലേ ഇസ്രായേല്‍ഗൃഹമേ, നിങ്ങള്‍ എന്‍റെ കൈയില്‍?”

7 ഏതെങ്കിലും ഒരു ജനതയെയോ രാജ്യത്തെയോ ഞാന്‍ ഉന്മൂലനം ചെയ്യുമെന്ന് ഒരിക്കല്‍ പ്രഖ്യാപിക്കുകയും

8 ആ ജനത അവരുടെ ദുര്‍മാര്‍ഗം വിട്ടുതിരിഞ്ഞാല്‍ ഞാന്‍ അവര്‍ക്കു വരുത്തുമെന്നു പറഞ്ഞ അനര്‍ഥത്തെക്കുറിച്ചുള്ള തീരുമാനം മാറ്റുകയില്ലേ?

9 ഒരു ജനതയെയോ, രാജ്യത്തെയോ സംബന്ധിച്ച്, അതിനെ പണിയുമെന്നും നട്ടു പിടിപ്പിക്കുമെന്നും പ്രഖ്യാപിച്ചശേഷം,

10 അവര്‍ എന്‍റെ വാക്കു ശ്രദ്ധിക്കാതെ എന്‍റെ മുമ്പില്‍ തിന്മ പ്രവര്‍ത്തിച്ചാല്‍, അവര്‍ക്കു നല്‌കുമെന്നു പറഞ്ഞ നന്മയെക്കുറിച്ചുള്ള തീരുമാനവും ഞാന്‍ മാറ്റുകയില്ലേ?

11 അതുകൊണ്ട് യെഹൂദ്യയിലെ ജനങ്ങളോടും യെരൂശലേംനിവാസികളോടും പറയുക, സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാന്‍ നിങ്ങള്‍ക്കെതിരെ അനര്‍ഥം ചിന്തിച്ച് ഒരു പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നു; എല്ലാവരും തങ്ങളുടെ ദുര്‍മാര്‍ഗങ്ങളില്‍നിന്നു പിന്തിരിയുവിന്‍; നിങ്ങളുടെ വഴികളും പ്രവൃത്തികളും തിരുത്തുവിന്‍.”

12 എന്നാല്‍ അവര്‍ പറയുന്നു: അവയെല്ലാം വ്യര്‍ഥമാണ്; ഞങ്ങള്‍ ഞങ്ങളുടെ പദ്ധതികള്‍ തന്നെ തുടരും; ഓരോരുത്തനും അവനവന്‍റെ ദുഷ്ടഹൃദയത്തിന്‍റെ ദുശ്ശാഠ്യമനുസരിച്ചു പ്രവര്‍ത്തിക്കും.

13

അതുകൊണ്ടു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഇതുപോലൊന്ന് ആരെങ്കിലും കേട്ടിട്ടുണ്ടോ എന്നു ജനതകളുടെ ഇടയില്‍ അന്വേഷിക്കുവിന്‍. ഇസ്രായേല്‍കന്യക അത്യന്തം ഹീനമായ കൃത്യം ചെയ്തിരിക്കുന്നു.

14 ലെബാനോനിലെ പാറയിടുക്കുകളില്‍നിന്നു മഞ്ഞ് മാറിപ്പോകുമോ? പര്‍വതത്തില്‍നിന്നുള്ള ശീതജല അരുവികള്‍ വറ്റിപ്പോകുമോ?

15 എങ്കിലും എന്‍റെ ജനം എന്നെ മറന്നു വ്യാജദേവന്മാര്‍ക്കു ധൂപം അര്‍പ്പിക്കുന്നു; അവര്‍ അവരുടെ വഴികളില്‍, പുരാതനമായ പാതകളില്‍ത്തന്നെ ഇടറിവീഴുന്നു; രാജവീഥി വിട്ട് ഇടവഴികളിലൂടെ അവര്‍ നടക്കുന്നു.

16 അവര്‍ തങ്ങളുടെ ദേശത്തെ ഭീതിവിഷയവും എന്നേക്കും പരിഹാസപാത്രവും ആക്കിയിരിക്കുന്നു; അതിലെ കടന്നു പോകുന്നവരെല്ലാം ഭയപ്പെട്ടു തലകുലുക്കുന്നു.

17 കിഴക്കന്‍ കാറ്റുകൊണ്ടെന്നപോലെ ഞാന്‍ അവരെ ശത്രുക്കളുടെ മുമ്പില്‍ ചിതറിക്കും; അവരുടെ അനര്‍ഥദിവസത്തില്‍ അവരുടെ നേരേ എന്‍റെ മുഖമല്ല, പുറമാണു തിരിക്കുക.

18

അപ്പോള്‍ അവര്‍ പറഞ്ഞു: “വരിക, യിരെമ്യാക്കെതിരായി നമുക്ക് ആലോചന നടത്താം; പുരോഹിതനില്‍നിന്നു നിയമമോ, ജ്ഞാനിയില്‍നിന്ന് ഉപദേശമോ, പ്രവാചകനില്‍നിന്നു ദൈവത്തിന്‍റെ സന്ദേശമോ ഇല്ലാതെ പോകയില്ല; വരിക, വാക്കുകള്‍കൊണ്ടുതന്നെ നമുക്കയാളെ സംഹരിക്കാം; അയാള്‍ പറയുന്നതൊന്നും നാം ശ്രദ്ധിക്കേണ്ടാ.

19

സര്‍വേശ്വരാ, ഞാന്‍ പറയുന്നതു കേള്‍ക്കണമേ; എന്‍റെ അപേക്ഷ ചെവിക്കൊള്ളണമേ. നന്മയ്‍ക്കു പ്രതിഫലം തിന്മയോ?

20 എങ്കിലും എന്‍റെ ജീവനുവേണ്ടി അവര്‍ കുഴി കുഴിച്ചിരിക്കുന്നു; അവരെപ്പറ്റി നല്ലതു പറയാനും അവിടുത്തെ കോപം അവരില്‍നിന്നും നീക്കാനുമായി അങ്ങയുടെ മുമ്പില്‍ ഞാന്‍ എങ്ങനെ നിന്നു എന്നത് ഓര്‍ക്കണമേ.

21 അതുകൊണ്ട് അവരുടെ മക്കളെ പട്ടിണിക്ക് ഏല്പിച്ചുകൊടുക്കണമേ; വാളിന് അവരെ ഇരയാക്കണമേ; അവരുടെ ഭാര്യമാര്‍ മക്കളില്ലാത്തവരും വിധവകളുമായിത്തീരട്ടെ; അവരുടെ പുരുഷന്മാര്‍ മരണത്തിന് ഇരയാകട്ടെ; യുവാക്കള്‍ യുദ്ധത്തില്‍ വാളുകൊണ്ടു സംഹരിക്കപ്പെടട്ടെ.

22 മുന്നറിയിപ്പുകൂടാതെ, കവര്‍ച്ചക്കാരെ അവരുടെ നേരേ അയയ്‍ക്കുമ്പോള്‍ അവരുടെ ഭവനങ്ങളില്‍നിന്നു നിലവിളിയുടെ ശബ്ദം ഉയരട്ടെ; എന്നെ പിടിക്കാന്‍ അവര്‍ കുഴി കുഴിച്ചല്ലോ; എന്‍റെ കാലുകള്‍ക്കു കെണി വച്ചല്ലോ.

23 സര്‍വേശ്വരാ, എന്നെ കൊല്ലാനുള്ള ഗൂഢാലോചന അവിടുന്ന് അറിയുന്നു; അവരുടെ അകൃത്യം അവരോടു ക്ഷമിക്കരുതേ; അവരുടെ പാപം അങ്ങയുടെ മുമ്പില്‍നിന്നു മായിച്ചു കളയരുതേ; അങ്ങയുടെ മുമ്പില്‍ അവര്‍ മറിഞ്ഞു വീഴട്ടെ; അവിടുത്തെ കോപത്തില്‍ അവരോട് ഇടപെടണമേ.”

19

1

സര്‍വേശ്വരന്‍ അരുളിച്ചെയ്തു: “നീ കുശവന്‍റെ അടുക്കല്‍ ചെന്ന് ഒരു മണ്‍കുടം വാങ്ങുക; ജനപ്രമാണികളിലും പുരോഹിതശ്രേഷ്ഠരിലും ചിലരെ കൂട്ടിക്കൊണ്ട്

2 ഹര്‍സീത്ത് കവാടത്തിന്‍റെ പുറത്തുള്ള ബെന്‍-ഹിന്നോം താഴ്വരയില്‍ ചെന്ന് ഞാന്‍ നിന്നോട് അരുളിച്ചെയ്യുന്ന വചനം പ്രഖ്യാപിക്കുക. നീ ഇപ്രകാരം പറയണം, യെഹൂദാ രാജാക്കന്മാരേ,

3 യെരൂശലേംനിവാസികളേ, സര്‍വേശ്വരന്‍റെ അരുളപ്പാടു കേള്‍ക്കുവിന്‍, ഇസ്രായേലിന്‍റെ ദൈവമായ സര്‍വശക്തിയുള്ള സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: കേള്‍ക്കുന്ന എല്ലാവരുടെയും ചെവി തരിപ്പിക്കുന്ന തരത്തിലുള്ള അനര്‍ഥം ഈ സ്ഥലത്തു ഞാന്‍ വരുത്താന്‍ പോകുന്നു.

4 കാരണം, ജനം എന്നെ ഉപേക്ഷിച്ചു; അവരോ അവരുടെ പിതാക്കന്മാരോ യെഹൂദാരാജാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാര്‍ക്കു ധൂപമര്‍പ്പിച്ച് ഈ സ്ഥലം അവര്‍ അശുദ്ധമാക്കി; നിഷ്കളങ്കരുടെ രക്തംകൊണ്ട് അവര്‍ ദേശം നിറച്ചു.

5 ബാലിനു ഹോമബലികളായി തങ്ങളുടെ പുത്രന്മാരെ അഗ്നിയില്‍ ദഹിപ്പിക്കുന്നതിനു പൂജാഗിരികള്‍ അവര്‍ പണിതു; അങ്ങനെയൊന്നു ഞാന്‍ ആജ്ഞാപിക്കുകയോ സംസാരിക്കുകയോ ചിന്തിക്കുക പോലുമോ ചെയ്തിരുന്നില്ല.

6 അതുകൊണ്ട് ഇവിടം, തോഫെത്ത് എന്നോ, ബെന്‍-ഹിന്നോം താഴ്വര എന്നോ വിളിക്കപ്പെടാതെ കൊലയുടെ താഴ്വര എന്നു വിളിക്കപ്പെടുന്ന കാലംവരും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

7 യെഹൂദ്യയുടെയും യെരൂശലേമിന്‍റെയും ആലോചനകള്‍ ഈ സ്ഥലത്തുവച്ചു ഞാന്‍ നിഷ്ഫലമാക്കും; അവിടെ വസിക്കുന്നവര്‍ ശത്രുക്കളുടെ വാളുകൊണ്ടും അവരെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ കരങ്ങള്‍കൊണ്ടും മരിച്ചു വീഴും; അവരുടെ മൃതശരീരങ്ങള്‍ ആകാശത്തിലെ പറവകള്‍ക്കും വന്യമൃഗങ്ങള്‍ക്കും ഞാന്‍ ആഹാരമായി നല്‌കും.

8 ഈ നഗരത്തെ ഞാന്‍ ഭീതിക്കും പരിഹാസത്തിനും പാത്രമാക്കും. അതിലൂടെ കടന്നുപോകുന്നവര്‍ ഭയപ്പെടുകയും അതിലെ കെടുതികള്‍ കണ്ടു വിസ്മയിച്ചു ചൂളം വിളിക്കുകയും ചെയ്യും.

9 അവരുടെ ശത്രുക്കളും അവര്‍ക്കു പ്രാണഹാനി വരുത്താന്‍ നോക്കുന്നവരും അവരെ വളയുകയും ഞെരുക്കുകയും ചെയ്യുമ്പോള്‍ അവര്‍ തങ്ങളുടെ പുത്രീപുത്രന്മാരുടെയും തങ്ങളുടെ സ്നേഹിതരുടെയും മാംസം ഭക്ഷിക്കാന്‍ ഞാന്‍ ഇടവരുത്തും.

10

പിന്നീട്, നിന്‍റെ കൂടെ വന്നിരിക്കുന്നവരുടെ മുമ്പില്‍ ആ മണ്‍കുടം ഉടച്ചിട്ട് അവരോടു പറയണം:

11 സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഒരിക്കലും നന്നാക്കാനാകാത്തവിധം ആ കുടം തകര്‍ന്നതുപോലെ ഈ ജനത്തെയും നഗരത്തെയും ഞാന്‍ തകര്‍ക്കും;” സംസ്കരിക്കുന്നതിനു മറ്റിടമില്ലാത്തതിനാല്‍ തോഫെത്തില്‍ അവരെ സംസ്കരിക്കും.

12 ഈ സ്ഥലത്തോടും അതിലെ നിവാസികളോടും ഞാന്‍ ഇപ്രകാരം ചെയ്യും. ഈ നഗരത്തെ ഞാന്‍ തോഫെത്തിനു തുല്യമാക്കും.

13 യെരൂശലേമിലെ ഗൃഹങ്ങളും യെഹൂദാരാജാക്കന്മാരുടെ കൊട്ടാരങ്ങളും മട്ടുപ്പാവുകളില്‍ വച്ച് ആകാശശക്തികള്‍ക്കു ധൂപാര്‍പ്പണം നടത്തുകയും അന്യദേവന്മാര്‍ക്കു പാനീയബലി അര്‍പ്പിക്കുകയും ചെയ്ത സകല ഭവനങ്ങളും തോഫെത്തുപോലെ മലിനമായിത്തീരും.

14

പ്രവചിക്കുന്നതിനുവേണ്ടി സര്‍വേശ്വരന്‍ തോഫെത്തിലേക്കയച്ച യിരെമ്യാ മടങ്ങിവന്നു; സര്‍വേശ്വരന്‍റെ ആലയത്തിന്‍റെ അങ്കണത്തില്‍ നിന്നുകൊണ്ട് സകലജനങ്ങളോടുമായി പറഞ്ഞു:

15 “ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഈ നഗരത്തിന്മേലും അടുത്തുള്ള പട്ടണങ്ങളിന്മേലും വരുത്തുമെന്നു ഞാന്‍ പ്രഖ്യാപിച്ചിരുന്ന സകല അനര്‍ഥങ്ങളും ഞാന്‍ വരുത്തുകയാണ്; എന്‍റെ വാക്ക് അനുസരിക്കാതെ അവര്‍ ദുശ്ശാഠ്യത്തോടെ ജീവിക്കുകയാണല്ലോ.”

20

1

ഇമ്മേരിന്‍റെ പുത്രനും സര്‍വേശ്വരന്‍റെ ആലയത്തിലെ മുഖ്യകാര്യവിചാരകനുമായ പശ്ഹൂര്‍ പുരോഹിതന്‍ യിരെമ്യാ ഇപ്രകാരം പ്രവചിക്കുന്നതു കേട്ടു.

2 അദ്ദേഹം യിരെമ്യാ പ്രവാചകനെ അടിക്കുകയും ദേവാലയത്തിലേക്കുള്ള മുകളിലത്തെ ബെന്യാമീന്‍ കവാടത്തില്‍ ആമത്തിലിടുകയും ചെയ്തു.

3 അടുത്തദിവസം പശ്ഹൂര്‍ യിരെമ്യായെ ആമത്തില്‍നിന്നു മോചിപ്പിച്ചപ്പോള്‍ അദ്ദേഹത്തോടു യിരെമ്യാ പറഞ്ഞു: “സര്‍വേശ്വരന്‍ ഇനിയും നിന്നെ വിളിക്കുന്നതു പശ്ഹൂര്‍ എന്നല്ല സര്‍വത്രഭീതി എന്നായിരിക്കും.

4 അവിടുന്ന് അരുളിച്ചെയ്യുന്നു: “നിനക്കും നിന്‍റെ സ്നേഹിതര്‍ക്കും നിന്നെ ഞാന്‍ കൊടുംഭീതിയാക്കിത്തീര്‍ക്കും; നിന്‍റെ കണ്‍മുമ്പില്‍ വച്ചുതന്നെ അവര്‍ ശത്രുക്കളുടെ വാളിന് ഇരയായിത്തീരും; യെഹൂദാ മുഴുവനെയും ഞാന്‍ ബാബിലോണ്‍ രാജാവിന്‍റെ കൈയില്‍ ഏല്പിക്കും; അയാള്‍ അവരെ തടവുകാരാക്കി ബാബിലോണിലേക്കു കൊണ്ടുപോയി സംഹരിക്കും.

5 മാത്രമല്ല നഗരത്തിലെ സര്‍വസമ്പത്തും സകല നേട്ടങ്ങളും വിലപിടിപ്പുള്ള സകല വസ്തുക്കളും യെഹൂദാരാജാക്കന്മാരുടെ സകല നിക്ഷേപങ്ങളും ഞാന്‍ അവരുടെ ശത്രുക്കള്‍ക്കു കൊടുക്കും. അവര്‍ അവ കൊള്ളയടിച്ചു ബാബിലോണിലേക്കു കൊണ്ടുപോകും.

6 പശ്ഹൂരേ, നീയും നിന്‍റെ ഭവനത്തിലുള്ള എല്ലാവരും ബാബിലോണിലേക്കു പ്രവാസികളായി പോകും. അവിടെ നീയും നിന്‍റെ വ്യാജപ്രവചനം കേട്ട സ്നേഹിതരും മരിച്ചു സംസ്കരിക്കപ്പെടും.

7

സര്‍വേശ്വരാ, അവിടുന്ന് എന്നെ വഞ്ചിച്ചു; ഞാന്‍ വഞ്ചിതനായിരിക്കുന്നു; അവിടുന്നു എന്നെക്കാള്‍ ശക്തനാണ്; അങ്ങ് വിജയിച്ചിരിക്കുന്നു; ദിവസം മുഴുവനും ഞാന്‍ പരിഹാസപാത്രമായിരിക്കുന്നു; എല്ലാവരും എന്നെ പരിഹസിക്കുന്നു.

8 സംസാരിക്കുമ്പോഴെല്ലാം ഞാന്‍ നിലവിളിക്കുന്നു; അക്രമം, നാശം എന്നു ഞാന്‍ അട്ടഹസിക്കുന്നു; അവിടുത്തെ വചനം എനിക്കു നിരന്തരം നിന്ദനത്തിനും പരിഹാസത്തിനും ഹേതുവായിരിക്കുന്നു.

9 അങ്ങയെപ്പറ്റി ഞാന്‍ ചിന്തിക്കുകയോ അവിടുത്തെ നാമത്തില്‍ സംസാരിക്കുകയോ ഇല്ല എന്നു ഞാന്‍ പറഞ്ഞാല്‍ കത്തുന്ന അഗ്നി അസ്ഥികള്‍ക്കുള്ളില്‍ അടയ്‍ക്കപ്പെട്ടിരിക്കുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്; അതിനെ ഉള്ളില്‍ അടക്കാന്‍ ശ്രമിച്ച് ഞാന്‍ തളര്‍ന്നിരിക്കുന്നു. എനിക്കിത് അസഹ്യമാണ്. അനേകം പേര്‍ അടക്കം പറയുന്നതു ഞാന്‍ കേള്‍ക്കുന്നു;

10 എല്ലായിടത്തും ഭീതി; കുറ്റം ആരോപിക്കാം; നമുക്കയാളുടെമേല്‍ കുറ്റം ആരോപിക്കാം എന്ന് എന്‍റെ വീഴ്ചയ്‍ക്കു കാത്തിരിക്കുന്ന ഉറ്റസ്നേഹിതന്മാരായിരുന്നവര്‍ പോലും പറയുന്നു; ഒരുവേള അയാളെ വഞ്ചിക്കാന്‍ കഴിഞ്ഞേക്കാം. അപ്പോള്‍ നമുക്കയാളെ തോല്പിച്ചു പകരം വീട്ടാം.

11 വീരയോദ്ധാവിനെപ്പോലെ സര്‍വേശ്വരന്‍ എന്‍റെ കൂടെയുണ്ട്; അതുകൊണ്ട് എന്നെ പീഡിപ്പിക്കുന്നവര്‍ ഇടറിവീഴും; അവര്‍ വിജയിക്കുകയില്ല. അങ്ങനെ അവര്‍ ലജ്ജിതരാകും; അവരുടെ അപമാനം ഒരിക്കലും വിസ്മരിക്കപ്പെടുകയില്ല.

12 സര്‍വശക്തനായ സര്‍വേശ്വരാ, അവിടുന്നു മനുഷ്യനെ നീതിപൂര്‍വം പരിശോധിച്ച് അവന്‍റെ ഹൃദയവും മനസ്സും കാണുന്നു; അവിടുന്ന് അവരോടു പ്രതികാരം ചെയ്യുന്നതു കാണാന്‍ എനിക്ക് ഇടവരുത്തണമേ; എന്‍റെ സങ്കടം തിരുസന്നിധിയിലാണല്ലോ ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നത്.

13 സര്‍വേശ്വരനു പാട്ടു പാടുവിന്‍; സര്‍വേശ്വരനെ സ്തുതിക്കുവിന്‍; ദുഷ്ടരുടെ കൈയില്‍നിന്ന് ദരിദ്രരുടെ ജീവന്‍ അവിടുന്നു രക്ഷിച്ചിരിക്കുന്നു.

14

ഞാന്‍ ജനിച്ച ദിവസം ശപിക്കപ്പെടട്ടെ; എന്‍റെ അമ്മ എനിക്കു ജന്മം നല്‌കിയ ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ.

15 നിനക്ക് ഒരു പുത്രന്‍ ജനിച്ചിരിക്കുന്നു എന്ന വാര്‍ത്ത അറിയിച്ച് എന്‍റെ പിതാവിനെ ഏറ്റവും സന്തോഷിപ്പിച്ചവനും ശപിക്കപ്പെടട്ടെ.

16 [16,17] സര്‍വേശ്വരന്‍ നിര്‍ദാക്ഷിണ്യം നശിപ്പിച്ച പട്ടണങ്ങള്‍പോലെ അവന്‍ ആയിത്തീരട്ടെ; പ്രഭാതത്തില്‍ നിലവിളിയും മധ്യാഹ്നത്തില്‍ പോര്‍വിളിയും അവന്‍ കേള്‍ക്കട്ടെ. കാരണം, ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ അവന്‍ എന്നെ കൊന്നുകളഞ്ഞില്ല; അങ്ങനെ ചെയ്തിരുന്നെങ്കില്‍ എന്‍റെ അമ്മ എന്‍റെ ശവക്കുഴിയും അവരുടെ ഗര്‍ഭപാത്രം എന്നേക്കും നിറഞ്ഞതും ആകുമായിരുന്നല്ലോ.

17

18 കഷ്ടതയും സങ്കടവും കാണാനും ലജ്ജിതനായി ആയുസ്സു കഴിക്കാനുമായി മാത്രം ഗര്‍ഭപാത്രത്തില്‍നിന്നു ഞാന്‍ എന്തിനു പുറത്തുവന്നു?

21

1

സിദെക്കീയാരാജാവ് മല്‌ക്കീയായുടെ പുത്രനായ പശ്ഹൂരിനെയും മയസെയായുടെ പുത്രനായ സെഫന്യാപുരോഹിതനെയും യിരെമ്യായുടെ അടുക്കല്‍ അയച്ചു പറയിച്ചു:

2 “ബാബിലോണിലെ രാജാവായ നെബുഖദ്നേസര്‍ ഞങ്ങളോടു യുദ്ധം ചെയ്യുന്നു; അതേപ്പറ്റി സര്‍വേശ്വരന്‍റെ ഹിതം ആരായണമേ; ഒരുപക്ഷേ അവിടുന്നു ഞങ്ങള്‍ക്കുവേണ്ടി അദ്ഭുതം പ്രവര്‍ത്തിച്ച് അയാളെ മടക്കി അയച്ചേക്കാം.”

3 അപ്പോള്‍ സര്‍വേശ്വരന്‍റെ അരുളപ്പാട് യിരെമ്യാ പ്രവാചകനുണ്ടായി. യിരെമ്യാ അവരോടു പറഞ്ഞു: “സിദെക്കീയാ രാജാവിനോട് ഇപ്രകാരം പറയണം.

4 ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “നഗരമതിലുകള്‍ക്കു പുറത്തു നിങ്ങളെ ഉപരോധിക്കുന്ന ബാബിലോണ്‍ രാജാവിനോടും അദ്ദേഹത്തിന്‍റെ സൈന്യത്തോടും യുദ്ധം ചെയ്യാന്‍ നിങ്ങള്‍ കൈയില്‍ പിടിച്ചിരിക്കുന്ന ആയുധങ്ങള്‍ ഞാന്‍ നഗരമധ്യത്തില്‍ കൂട്ടിയിടും.

5 നീട്ടിപ്പിടിച്ച കരംകൊണ്ടും ബലമുള്ള ഭുജംകൊണ്ടും കോപത്തോടും രോഷത്തോടും ഉഗ്രക്രോധത്തോടും ഞാന്‍ നിങ്ങളോടു യുദ്ധം ചെയ്യും.

6 ഈ നഗരവാസികളെയെല്ലാം ഞാന്‍ സംഹരിക്കും; വലിയ മഹാമാരികൊണ്ടു മനുഷ്യരും മൃഗങ്ങളും നശിക്കും.

7 യെഹൂദാരാജാവായ സിദെക്കീയായെയും അയാളുടെ സേവകരെയും മഹാമാരി, വാള്‍, ക്ഷാമം എന്നിവയെ അതിജീവിക്കുന്ന നഗരവാസികളെയും ബാബിലോണ്‍രാജാവായ നെബുഖദ്നേസരിന്‍റെയും അവരുടെ ജീവനെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ശത്രുക്കളുടെയും കൈയില്‍ ഏല്പിക്കും; അയാള്‍ അവരെ സംഹരിക്കും; അവരോടു കരുണയോ വിട്ടുവീഴ്ചയോ അനുകമ്പയോ കാണിക്കയില്ല എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.”

8

നീ ഈ ജനത്തോടു പറയണം, സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഇതാ ഞാന്‍ ജീവന്‍റെയും മരണത്തിന്‍റെയും മാര്‍ഗങ്ങള്‍ നിങ്ങളുടെ മുമ്പില്‍ വയ്‍ക്കുന്നു.

9 ഈ നഗരത്തില്‍ വസിക്കുന്നവര്‍ വാളും ക്ഷാമവും മഹാമാരിയുംകൊണ്ടു മരിക്കും; എന്നാല്‍ പുറത്തുചെന്നു നിങ്ങളെ വളഞ്ഞിരിക്കുന്ന ബാബിലോണ്‍സൈന്യത്തിനു കീഴടങ്ങുന്നവന്‍ ജീവിക്കും; അവനു സ്വജീവനെങ്കിലും രക്ഷിക്കാന്‍ കഴിയും.

10 നന്മയ്‍ക്കായിട്ടല്ല, പ്രത്യുത തിന്മയ്‍ക്കായിട്ടാണ് എന്‍റെ മുഖം ഈ നഗരത്തിന്‍റെ നേരേ തിരിച്ചിരിക്കുന്നതെന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; അതു ബാബിലോണ്‍ രാജാവിന്‍റെ കൈയില്‍ ഏല്‍പിക്കപ്പെടും; അയാള്‍ അത് അഗ്നിക്കിരയാക്കും.

11

സര്‍വേശ്വരന്‍റെ വാക്കു കേള്‍ക്കുക എന്നു യെഹൂദാരാജാവിന്‍റെ ഭവനത്തോടു നീ പറയണം.

12 ദാവീദുഗൃഹമേ, അവിടുന്ന് അരുളിച്ചെയ്യുന്നു: “ദിനംതോറും നീതി നടത്തുവിന്‍; കൊള്ളയടിക്കപ്പെട്ടവനെ മര്‍ദകരുടെ കൈയില്‍നിന്നു രക്ഷിക്കുവിന്‍; അല്ലെങ്കില്‍, നിങ്ങളുടെ ദുഷ്പ്രവൃത്തികള്‍ നിമിത്തം എന്‍റെ ക്രോധം അഗ്നിപോലെ ആളിക്കത്തും; ആര്‍ക്കും അതു ശമിപ്പിക്കാന്‍ കഴിയുകയില്ല.

13 സമതലപ്രദേശത്ത് ഉയര്‍ന്നു നില്‌ക്കുന്ന പാറയില്‍ പാര്‍ക്കുന്ന യെരൂശലേംനിവാസികളേ, ഞാന്‍ നിങ്ങള്‍ക്ക് എതിരായിരിക്കുന്നു എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ആരു ഞങ്ങള്‍ക്കെതിരെ വരും? ഞങ്ങളുടെ പാര്‍പ്പിടങ്ങളില്‍ ആരു പ്രവേശിക്കും എന്നു നിങ്ങള്‍ പറയുന്നു.

14 നിങ്ങളുടെ പ്രവൃത്തികള്‍ക്കു അനുസൃതമായി ഞാന്‍ നിങ്ങളെ ശിക്ഷിക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. അവളുടെ വനത്തിനു ഞാന്‍ തീവയ്‍ക്കും; ചുറ്റുമുള്ള സകലത്തെയും അതു ദഹിപ്പിക്കും”. ഇതു സര്‍വേശ്വരന്‍റെ വചനം.

22

1

സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “യെഹൂദാരാജാവിന്‍റെ കൊട്ടാരത്തില്‍ ചെന്ന് അവിടെ ഈ വചനം പ്രസ്താവിക്കുക.

2 ദാവീദിന്‍റെ സിംഹാസനത്തിലിരിക്കുന്ന യെഹൂദാ രാജാവേ, അങ്ങും അങ്ങയുടെ സേവകരും ഈ വാതിലുകളില്‍കൂടി പ്രവേശിക്കുന്ന അങ്ങയുടെ ജനവും സര്‍വേശ്വരന്‍റെ അരുളപ്പാടു ശ്രദ്ധിക്കട്ടെ.

3 അവിടുന്ന് അരുളിച്ചെയ്യുന്നു: നീതിയും ന്യായവും നടത്തുവിന്‍; കൊള്ളയടിക്കപ്പെട്ടവനെ മര്‍ദകന്‍റെ കൈയില്‍നിന്നു രക്ഷിക്കുവിന്‍; പരദേശിയോടും അനാഥനോടും വിധവയോടും അന്യായമായി പെരുമാറരുത്; അക്രമം കാട്ടരുത്; നിഷ്കളങ്കരുടെ രക്തം ചൊരിയുകയുമരുത്.

4 ഇവ നിങ്ങള്‍ യഥാര്‍ഥമായി അനുസരിച്ചാല്‍ ദാവീദിന്‍റെ സിംഹാസനത്തിലിരിക്കുന്ന രാജാക്കന്മാരും അവരുടെ സേവകരും ജനങ്ങളും കൊട്ടാരവാതിലുകളിലൂടെ രഥങ്ങളിലും കുതിരപ്പുറത്തും കയറിവരും.

5 എന്നാല്‍ ഈ വാക്കുകള്‍ ശ്രദ്ധിക്കാതെയിരുന്നാല്‍, ഈ കൊട്ടാരം നാശത്തിന്‍റെ കൂമ്പാരം ആയിത്തീരും. എന്‍റെ നാമത്തില്‍ ഞാന്‍ സത്യം ചെയ്യുന്നു എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു”.

6 യെഹൂദാരാജാവിന്‍റെ കൊട്ടാരത്തെക്കുറിച്ച് അവിടുന്ന് അരുളിച്ചെയ്യുന്നു: “നീ എനിക്കു മനോഹരമായ ഗിലെയാദുപോലെയും ലെബാനോന്‍റെ കൊടുമുടിപോലെയുമാകുന്നു; എങ്കിലും ഞാന്‍ നിന്നെ മരുഭൂമിയാക്കും; ജനവാസമില്ലാത്ത നഗരങ്ങള്‍പോലെ,

7 ആയുധധാരികളായ സംഹാരകരെ നിനക്കെതിരെ ഞാന്‍ ഒരുക്കും. അവര്‍ നിന്‍റെ വിശിഷ്ടദേവദാരുക്കള്‍ വെട്ടി തീയിലിടും.

8 അനേകം ജനതകള്‍ ഈ നഗരത്തിനടുത്തുകൂടെ കടന്നുപോകും; ഓരോരുവനും അയല്‍ക്കാരനോടു ചോദിക്കും: “ദൈവം എന്തുകൊണ്ട് ഈ മഹാനഗരത്തോട് ഇങ്ങനെ പ്രവര്‍ത്തിച്ചു?

9 തങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ ഉടമ്പടി വിസ്മരിച്ച് അന്യദേവന്മാരെ ആരാധിക്കുകയും സേവിക്കുകയും ചെയ്തതുകൊണ്ടാണെന്ന് അവര്‍ ഉത്തരം പറയും.”

10

മരിച്ചവനെ ഓര്‍ത്തു കരയരുത്; വിലപിക്കയുമരുത്; നാടുവിട്ടുപോകുന്നവനെയോര്‍ത്തു പൊട്ടിക്കരയുക; ജന്മദേശം കാണാന്‍ അവന്‍ തിരിച്ചു വരികയില്ലല്ലോ.

11

യോശീയായുടെ പുത്രനും യെഹൂദാരാജാവും പിതാവായ യോശീയായ്‍ക്കു പകരം രാജ്യം ഭരിച്ചവനും ഈ ദേശം വിട്ടുപോയവനുമായ ശല്ലൂമിനെക്കുറിച്ചു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ‘അവന്‍ ഇനി ഒരിക്കലും മടങ്ങിവരികയില്ല;

12 അവനെ തടവുകാരനായി പിടിച്ചുകൊണ്ടുപോയിരിക്കുന്ന ദേശത്തുവച്ച് അവന്‍ മരിക്കും; ഇനി ഒരിക്കലും ഈ ദേശം അവന്‍ കാണുകയില്ല.”

13

അധര്‍മംകൊണ്ടു ഭവനവും അനീതികൊണ്ടു മാളികമുറികളും പണിയുന്നവനു ഹാ ദുരിതം! അവന്‍ കൂലി കൊടുക്കാതെ അയല്‍ക്കാരനെക്കൊണ്ടു പണി ചെയ്യിക്കുന്നു.

14 വിശാലമായ മാളികമുറികളുള്ള വലിയ ഭവനം ഞാന്‍ പണിയും എന്നയാള്‍ പറയുന്നു; അതിനു ജനാലകള്‍ അയാള്‍ വെട്ടിയുണ്ടാക്കുന്നു; ദേവദാരുകൊണ്ടു തട്ടമിടുകയും ചായില്യംകൊണ്ടു ചായമിടുകയും ചെയ്യുന്നു.

15 ദേവദാരുവിന്‍റെ കാര്യത്തില്‍ മികച്ചവനായതുകൊണ്ടു നീ ശ്രേഷ്ഠനായ രാജാവാണെന്നു കരുതുന്നുവോ? നിന്‍റെ പിതാവ് രാജോചിതമായ ജീവിതമല്ലേ നയിച്ചത്? അയാള്‍ നീതിമാനും ധര്‍മിഷ്ഠനുമായിരുന്നു; അന്ന് അയാള്‍ക്കെല്ലാം ശുഭമായിരുന്നു.

16 അയാള്‍ ദരിദ്രര്‍ക്കും എളിയവര്‍ക്കും നീതി നടത്തിക്കൊടുത്തു; അപ്പോള്‍ എല്ലാം നന്നായിരുന്നു; ‘എന്നെ അറിയുകയെന്നത് ഇതു തന്നെയല്ലേ’ എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

17 സത്യവിരുദ്ധമായ നേട്ടങ്ങളിലും നിഷ്കളങ്കരുടെ രക്തം ചൊരിയുന്നതിലും അക്രമവും മര്‍ദനവും അഴിച്ചു വിടുന്നതിലും മാത്രം നിന്‍റെ കണ്ണും മനസ്സും വ്യാപൃതമായിരിക്കുന്നു.

18

അതുകൊണ്ട് യോശീയായുടെ പുത്രനും യെഹൂദാരാജാവുമായ യെഹോയാക്കീമിനെ സംബന്ധിച്ചു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഹാ! എന്‍റെ സഹോദരാ എന്നോ, ഹാ! എന്‍റെ സഹോദരീ എന്നോ പറഞ്ഞ് അവര്‍ അയാളെ ചൊല്ലി വിലപിക്കുകയില്ല; ഹാ! എന്‍റെ നാഥന്‍ എന്നോ, ഹാ! എന്‍റെ പ്രഭോ എന്നോ പറഞ്ഞു കരയുകയുമില്ല.

19 കഴുതയെപ്പോലെ അയാള്‍ സംസ്കരിക്കപ്പെടും; യെരൂശലേംകവാടത്തിനു പുറത്തേക്ക് അയാളെ വലിച്ചെറിയും.’

20

ലെബാനോനില്‍ കയറിച്ചെന്നു നിലവിളിക്കുക; ബാശാനില്‍ നിന്‍റെ ശബ്ദം ഉയര്‍ത്തുക; അബാരീമില്‍നിന്നു നിലവിളിക്കുക. നിന്‍റെ കൂട്ടുകാര്‍ തകര്‍ന്നിരിക്കുന്നു.

21 നിന്‍റെ ഐശ്വര്യകാലത്തു ഞാന്‍ നിന്നോടു സംസാരിച്ചു; എന്നാല്‍, ഞാന്‍ കേള്‍ക്കുകയില്ല എന്നു നീ പറഞ്ഞു; നിന്‍റെ യൗവനം മുതല്‍ ഇതായിരുന്നു നിന്‍റെ ശീലം; എന്‍റെ വാക്ക് നീ കേട്ടില്ല.

22 നിന്‍റെ ഇടയന്മാരെയെല്ലാം കാറ്റു പറപ്പിച്ചുകളയും; നിന്‍റെ സ്നേഹിതരെല്ലാം പ്രവാസത്തിലേക്കു പോകും; അപ്പോള്‍ നീ നിന്‍റെ ദുഷ്ടതയോര്‍ത്തു ലജ്ജിക്കുകയും പരിഭ്രമിക്കുകയും ചെയ്യും.

23 ദേവദാരുക്കളുടെ ഇടയില്‍ കൂടുകെട്ടി ലെബാനോനില്‍ വസിക്കുന്നവളേ, ഈറ്റുനോവിലായിരിക്കുന്നവളെപ്പോലെ നീ വേദനപ്പെടുമ്പോള്‍ നീ എങ്ങനെ ആയിരിക്കും ഞരങ്ങുക?

24

സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “യെഹോയാക്കീമിന്‍റെ പുത്രനും യെഹൂദാ രാജാവുമായ യെഹോയാഖീന്‍ എന്‍റെ വലത്തു കൈയിലെ മുദ്രമോതിരം ആയിരുന്നെങ്കിലും ഞാന്‍ അവനെ ദൂരെ എറിഞ്ഞുകളയുമെന്നു ശപഥം ചെയ്യുന്നു.

25 നിനക്കു ജീവഹാനി വരുത്താന്‍ നോക്കുന്നവരുടെ കൈയില്‍, നീ ഭയപ്പെടുന്ന നെബുഖദ്നേസരിന്‍റെയും അവന്‍റെ സൈന്യത്തിന്‍റെയും കൈയില്‍തന്നെ ഞാന്‍ നിന്നെ ഏല്പിക്കും.

26 നിന്നെയും നിനക്കു ജന്മം നല്‌കിയ നിന്‍റെ മാതാവിനെയും മറ്റൊരു ദേശത്തേക്കു ഞാന്‍ ചുഴറ്റിയെറിയും; നിന്‍റെ ജന്മദേശമല്ലാത്ത ആ സ്ഥലത്തു വച്ചു നീ മരിക്കും.

27 തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന ദേശത്തേക്ക് അവര്‍ മടങ്ങിവരികയില്ല.

28 ഈ യെഹോയാഖീന്‍ ആര്‍ക്കും വേണ്ടാതെ തള്ളിക്കളഞ്ഞ പൊട്ടക്കലമാണോ? അയാളും അയാളുടെ സന്തതികളും അവര്‍ക്കജ്ഞാതമായ നാട്ടിലേക്കു ചുഴറ്റിയെറിയപ്പെട്ടത് എന്തുകൊണ്ട്?

29 ദേശമേ, ദേശമേ, ദേശമേ, സര്‍വേശ്വരന്‍റെ വാക്കു കേള്‍ക്കുക. അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഈ മനുഷ്യന്‍ സന്തതി ഇല്ലാത്തവനെന്നും അവന്‍റെ ജീവിതകാലത്ത് ഒരിക്കലും വിജയം കൈവരിക്കാത്തവനെന്നും എഴുതിവയ്‍ക്കുക. ദാവീദിന്‍റെ സിംഹാസനത്തിലിരുന്ന് യെഹൂദ്യയില്‍ ഭരണം നടത്താന്‍ അയാളുടെ സന്തതികളിലാര്‍ക്കും ഇനി സാധ്യമാകയില്ല.”

23

1

സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “എന്‍റെ മേച്ചില്‍പ്പുറത്തെ ആടുകളെ നശിപ്പിക്കയും ചിതറിക്കയും ചെയ്യുന്ന ഇടയന്മാര്‍ക്കു ഹാ ദുരിതം!

2 അതുകൊണ്ട് തന്‍റെ ജനത്തെ പരിപാലിക്കേണ്ട ഇടയന്മാരെക്കുറിച്ച് ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: എന്‍റെ ആട്ടിന്‍പറ്റത്തെ നിങ്ങള്‍ ചിതറിച്ചോടിച്ചു; അവയെ നിങ്ങള്‍ പരിപാലിച്ചില്ല; അതുകൊണ്ട് നിങ്ങളുടെ ദുഷ്കൃത്യങ്ങള്‍ക്കു ഞാന്‍ പകരം ചോദിക്കും.

3 എന്‍റെ ആട്ടിന്‍പറ്റത്തില്‍ ശേഷിച്ചവയെ ഞാന്‍ അവയെ ചിതറിച്ച എല്ലാ സ്ഥലങ്ങളില്‍നിന്നും ഒന്നിച്ചുകൂട്ടി അവയുടെ ആലയിലേക്കു മടക്കിക്കൊണ്ടുവരും; അവ വര്‍ധിച്ചു പെരുകും.

4 അവയെ മേയ്‍ക്കുവാന്‍ ഞാന്‍ ഇടയന്മാരെ നിയമിക്കും; അവ ഇനിമേല്‍ ഭയപ്പെടുകയില്ല, സംഭ്രമിക്കുകയില്ല; അവയില്‍ ഒന്നും കാണാതെ പോകയുമില്ല എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

5

ഞാന്‍ ദാവീദിന്‍റെ വംശത്തില്‍ നീതിയുള്ള ഒരു ശാഖ മുളപ്പിക്കുന്ന ദിവസം വരുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. അവന്‍ രാജാവായി വിവേകപൂര്‍വം ഭരിച്ച് ദേശത്തെല്ലാം നീതിയും ന്യായവും നടത്തും.

6 അവന്‍റെ കാലത്ത് യെഹൂദാ വിമോചിക്കപ്പെടും. ഇസ്രായേല്‍ സുരക്ഷിതമായിരിക്കുകയും ചെയ്യും; “സര്‍വേശ്വരന്‍ ഞങ്ങളുടെ നീതി” എന്ന പേരില്‍ അവന്‍ അറിയപ്പെടും.

7

“ഈജിപ്തില്‍നിന്നു ഇസ്രായേല്‍ജനത്തെ കൂട്ടിക്കൊണ്ടുവന്ന സര്‍വേശ്വരനാണ എന്ന ശപഥം ചെയ്യാത്ത കാലം വരുന്നു” എന്ന് അവിടുന്നു അരുളിച്ചെയ്യുന്നു.

8 “ഇസ്രായേല്‍ജനത്തെ വടക്കു ദേശത്തുനിന്നും അവരെ ഓടിച്ചുവിട്ട സകല ദേശങ്ങളില്‍നിന്നും കൂട്ടിക്കൊണ്ടുവന്ന സര്‍വേശ്വരനാണ” എന്നായിരിക്കും ഇനിയും അവര്‍ ശപഥം ചെയ്യുക; അവര്‍ സ്വന്തം ദേശത്തു പാര്‍ക്കുകയും ചെയ്യും.

9

പ്രവാചകരെക്കുറിച്ചുള്ള അരുളപ്പാട്: “എന്‍റെ ഹൃദയം തകര്‍ന്നിരിക്കുന്നു; എന്‍റെ അസ്ഥികള്‍ എല്ലാം വിറയ്‍ക്കുന്നു; സര്‍വേശ്വരന്‍ നിമിത്തവും അവിടുത്തെ വിശുദ്ധ വചനങ്ങള്‍ നിമിത്തവും ഞാന്‍ വീഞ്ഞുകുടിച്ചു ലഹരിപിടിച്ചവനെപ്പോലെ ആയിരിക്കുന്നു.

10 ദേശം വ്യഭിചാരികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു; ശാപം നിമിത്തം ദേശം കേഴുന്നു; മരുഭൂമിയിലെ മേച്ചില്‍പ്പുറങ്ങള്‍ കരിയുന്നു; അവരുടെ മാര്‍ഗം ദുഷ്ടവും അവരുടെ ബലം നീതിരഹിതവുമാണ്.

11

“പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ അധര്‍മികളാണ്. എന്‍റെ ആലയത്തില്‍പോലും അവരുടെ ദുഷ്ടത ഞാന്‍ കണ്ടിരിക്കുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.

12 അതുകൊണ്ട് അവരുടെ വഴികള്‍ ഇരുളടഞ്ഞതും വഴുവഴുപ്പുള്ളതുമായിരിക്കും; അതിലൂടെ അവരെ ഓടിക്കും. അവര്‍ വീഴുകയും ചെയ്യും. അവരുടെ ശിക്ഷാകാലത്തു ഞാന്‍ അവര്‍ക്ക് അനര്‍ഥം വരുത്തുമെന്നു” സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

13 ശമര്യയിലെ പ്രവാചകരില്‍ അരോചകമായ ഒരു കാര്യം ഞാന്‍ കണ്ടു; അവര്‍ ബാലിന്‍റെ നാമത്തില്‍ പ്രവചിച്ച് എന്‍റെ ജനമായ ഇസ്രായേലിനെ വഴിതെറ്റിച്ചിരിക്കുന്നു.

14 യെരൂശലേമിലെ പ്രവാചകരുടെ ഇടയിലും ഭയങ്കരമായ കാര്യം കണ്ടിരിക്കുന്നു: അവര്‍ വ്യഭിചാരം ചെയ്യുന്നു; കാപട്യത്തില്‍ നടക്കുന്നു; ദുഷ്കൃത്യം ചെയ്യുന്നവരുടെ കരങ്ങളെ ശക്തിപ്പെടുത്തുന്നു; അതുകൊണ്ട് ദുഷ്പ്രവൃത്തികളില്‍നിന്ന് ആരും പിന്തിരിയുന്നില്ല; അവരെല്ലാവരും എനിക്കു സൊദോംപോലെയും അവിടത്തെ നിവാസികള്‍പോലെയും ഗൊമോറാപോലെയും ആയിരിക്കുന്നു.

15 അതുകൊണ്ട് സര്‍വശക്തനായ സര്‍വേശ്വരന്‍ പ്രവാചകരെക്കുറിച്ച് അരുളിച്ചെയ്യുന്നു: ഞാന്‍ അവരെ കാഞ്ഞിരം തീറ്റുകയും വിഷം കുടിപ്പിക്കുകയും ചെയ്യും; കാരണം യെരൂശലേമിലെ പ്രവാചകരില്‍നിന്നു ദേശം മുഴുവന്‍ അധര്‍മം വ്യാപിച്ചിരിക്കുന്നു.”

16

സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “വ്യര്‍ഥമായ പ്രതീക്ഷകള്‍ തന്നു നിങ്ങളെ വ്യാമോഹിപ്പിക്കുന്ന പ്രവാചകന്മാരുടെ വാക്കുകള്‍ ശ്രദ്ധിക്കരുത്; അവ സര്‍വേശ്വരനില്‍നിന്നുള്ളതല്ല പ്രത്യുത സ്വന്തം മനസ്സിന്‍റെ ദര്‍ശനങ്ങളാണ്.

17 സര്‍വേശ്വരന്‍റെ വചനം നിരസിക്കുന്നവരോടു “നിങ്ങള്‍ക്ക് എല്ലാം ശുഭമായിരിക്കും എന്നവന്‍ നിരന്തരം പറയുന്നു; ദുശ്ശാഠ്യത്തില്‍ നടക്കുന്നവരോട് നിങ്ങള്‍ക്ക് ഒരു ദോഷവും വരികയില്ല എന്നും പറയുന്നു.

18 സര്‍വേശ്വരന്‍റെ വചനംകേട്ടു ഗ്രഹിക്കുവാന്‍ അവരില്‍ ആര് അവിടുത്തെ ആലോചനാസഭയില്‍ നിന്നിട്ടുണ്ട്? ആര് അവിടുത്തെ വചനം ശ്രദ്ധിച്ചു കേട്ടിട്ടുണ്ട്?

19 ഇതാ സര്‍വേശ്വരന്‍റെ കൊടുങ്കാറ്റ്; അവിടുത്തെ ക്രോധം ഉഗ്രമായ ചുഴലിക്കാറ്റായി പുറപ്പെട്ടിരിക്കുന്നു; അതു ദുഷ്ടന്മാരുടെ ശിരസ്സില്‍ ആഞ്ഞടിക്കും.

20 തന്‍റെ ലക്ഷ്യങ്ങള്‍ പൂര്‍ണമായി നിറവേറ്റുന്നതുവരെ സര്‍വേശ്വരന്‍റെ കോപം ശമിക്കുകയില്ല; ഭാവിയില്‍ നിങ്ങള്‍ അതു പൂര്‍ണമായി മനസ്സിലാക്കും.

21

ഈ പ്രവാചകന്മാരെ ഞാന്‍ അയച്ചതല്ല; എങ്കിലും അവര്‍ ഓടി നടന്നു; ഞാന്‍ അവരോടു സംസാരിച്ചില്ല; എന്നിട്ടും അവര്‍ പ്രവചിച്ചു.

22 എന്‍റെ ആലോചനാസഭയില്‍ അവര്‍ നിന്നിരുന്നെങ്കില്‍ എന്‍റെ വാക്കുകള്‍ എന്‍റെ ജനത്തോടു പറഞ്ഞ് അവരെ ദുര്‍മാര്‍ഗത്തില്‍നിന്നും തിന്മയില്‍നിന്നും പിന്തിരിക്കുമായിരുന്നു.

23

സമീപസ്ഥനായിരിക്കുമ്പോള്‍ മാത്രമാണോ ഞാന്‍ ദൈവം? വിദൂരസ്ഥനായിരിക്കുമ്പോഴും ഞാന്‍ ദൈവമല്ലേ എന്നു സര്‍വേശ്വരന്‍ ചോദിക്കുന്നു.

24 എന്‍റെ ദൃഷ്‍ടിയില്‍ പെടാതെ രഹസ്യസങ്കേതങ്ങളില്‍ ആര്‍ക്കെങ്കിലും ഒളിച്ചിരിക്കാന്‍ കഴിയുമോ? ആകാശവും ഭൂമിയും നിറഞ്ഞുനില്‌ക്കുന്നവനല്ലേ ഞാന്‍ എന്ന് അവിടുന്നു ചോദിക്കുന്നു.

25 ‘ഞാന്‍ ഒരു സ്വപ്നം കണ്ടു, ഞാനൊരു സ്വപ്നം കണ്ടു’ എന്നു പറഞ്ഞ് എന്‍റെ നാമത്തില്‍ വ്യാജമായി പ്രവചിക്കുന്ന പ്രവാചകര്‍ പറയുന്നതു ഞാന്‍ കേട്ടിരിക്കുന്നു.

26 വ്യാജപ്രവചനം നടത്തുകയും സ്വന്തമനസ്സിലെ വിചാരങ്ങള്‍ പ്രവചിക്കുകയും ചെയ്യുന്ന പ്രവാചകന്മാര്‍ തങ്ങളുടെ ഹൃദയത്തില്‍ എത്രകാലം വ്യാജം വച്ചുകൊണ്ടിരിക്കും?

27 അവരുടെ പിതാക്കന്മാര്‍ ബാല്‍ നിമിത്തം എന്‍റെ നാമം വിസ്മരിച്ചതുപോലെ അന്യോന്യം വിവരിക്കുന്ന തങ്ങളുടെ സ്വപ്നങ്ങള്‍ നിമിത്തം എന്‍റെ ജനം എന്‍റെ നാമം മറന്നുകളയാന്‍ അവര്‍ ഇടയാക്കുന്നു.

28 സ്വപ്നം കണ്ട പ്രവാചകന്‍ ആ സ്വപ്നം പറയട്ടെ; എന്നാല്‍ എന്‍റെ വചനം ലഭിച്ചിട്ടുള്ളവര്‍ അതു വിശ്വസ്തതയോടെ പ്രസ്താവിക്കണം; വയ്‍ക്കോലും ഗോതമ്പും തമ്മില്‍ എന്തു പൊരുത്തം?

29 എന്‍റെ വചനം അഗ്നിപോലെയും പാറപൊട്ടിക്കുന്ന കൂടംപോലെയുമല്ലേ എന്നു സര്‍വേശ്വരന്‍ ചോദിക്കുന്നു.

30 അതുകൊണ്ട് അന്യോന്യം മോഷ്‍ടിച്ച വചനം എന്‍റെ വചനമായി അറിയിക്കുന്ന പ്രവാചകന്മാര്‍ക്ക് ഞാന്‍ എതിരാണ് എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.

31 സ്വന്തം വാക്കുകള്‍ സര്‍വേശ്വരന്‍റെ വാക്കുകളാണെന്ന് പറയുന്ന പ്രവാചകന്മാര്‍ക്കു ഞാന്‍ എതിരാണെന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.

32 വ്യാജസ്വപ്നങ്ങള്‍ പ്രവചിക്കുന്നവര്‍ക്കു ഞാന്‍ എതിരാണ് എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; വ്യാജംകൊണ്ടും ആത്മപ്രശംസകൊണ്ടും അവര്‍ എന്‍റെ ജനത്തെ വഴി തെറ്റിക്കുന്നു; ഞാന്‍ അവരെ അയയ്‍ക്കുകയോ അധികാരപ്പെടുത്തുകയോ ചെയ്തിട്ടില്ല. അവര്‍ ഈ ജനത്തിന് ഒരു ഗുണവും ചെയ്യുകയില്ല എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.

33

സര്‍വേശ്വരന്‍റെ ഭാരം എന്തെന്ന് ഈ ജനത്തില്‍ ഒരാളോ പ്രവാചകനോ പുരോഹിതനോ ചോദിച്ചാല്‍ ‘നിങ്ങളാണ് ഭാരം’ എന്ന് അവരോടു പറയണം; നിങ്ങളെ ഞാന്‍ വലിച്ചെറിയും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.

34 സര്‍വേശ്വരന്‍റെ ഭാരം എന്ന് പ്രവാചകനോ പുരോഹിതനോ ജനത്തില്‍ ആരെങ്കിലുമോ പറഞ്ഞാല്‍ അവനെയും അവന്‍റെ കുടുംബത്തെയും ഞാന്‍ ശിക്ഷിക്കും.

35 അവിടുന്ന് എന്തുത്തരം നല്‌കി? അവിടുന്ന് എന്തരുളിച്ചെയ്യുന്നു എന്നാണ് നിങ്ങളില്‍ ഓരോരുത്തനും സ്വന്തസഹോദരനോടും അയല്‍ക്കാരനോടും ചോദിക്കേണ്ടത്.

36 സര്‍വേശ്വരന്‍റെ ഭാരം എന്ന് ഇനി മേലാല്‍ ആരും പറയരുത്; ആരെങ്കിലും പറഞ്ഞാല്‍ അവന്‍റെ വാക്കുകള്‍ തന്നെ ആയിരിക്കും അവനു ഭാരമായിത്തീരുക; സര്‍വശക്തനും ജീവിക്കുന്നവനുമായ നമ്മുടെ ദൈവത്തിന്‍റെ വാക്കുകളാണല്ലോ നിങ്ങള്‍ വികലമാക്കുന്നത്.

37 സര്‍വേശ്വരന്‍ എന്തുത്തരം നല്‌കി? അവിടുന്ന് എന്ത് അരുളിച്ചെയ്തു എന്നാണ് നിങ്ങള്‍ പ്രവാചകനോടു ചോദിക്കേണ്ടത്?

38 സര്‍വേശ്വരന്‍റെ ഭാരമെന്നു പറയരുതെന്നു വിലക്കിയിരിക്കെ സര്‍വേശ്വരന്‍റെ ഭാരം എന്നു നിങ്ങള്‍ പറഞ്ഞതുകൊണ്ട്

39 ഞാന്‍ നിശ്ചയമായും നിങ്ങളെയും പിതാക്കന്മാര്‍ക്കു നല്‌കിയിരുന്ന നഗരത്തെയും എന്‍റെ സന്നിധിയില്‍നിന്നു ദൂരെ എറിഞ്ഞുകളയും.

40 ഞാന്‍ നിങ്ങളുടെമേല്‍ ശാശ്വതമായ നിന്ദയും മറന്നു പോകാത്ത ലജ്ജയും വരുത്തിവയ്‍ക്കും.

24

1

ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ യെഹോയാക്കീമിന്‍റെ പുത്രനും യെഹൂദാരാജാവുമായ യെഹോയാഖീനെയും അയാളോടൊപ്പം യെഹൂദായിലെ പ്രഭുക്കന്മാര്‍, കരകൗശലപ്പണിക്കാര്‍, ലോഹപ്പണിക്കാര്‍ എന്നിവരെയും യെരൂശലേമില്‍നിന്ന് ബാബിലോണിലേക്കു പിടിച്ചുകൊണ്ടുവന്നശേഷം സര്‍വേശ്വരന്‍ എനിക്കൊരു ദര്‍ശനം കാണിച്ചുതന്നു. ഇതാ, രണ്ടു കുട്ട അത്തിപ്പഴം ദേവാലയത്തിനു മുമ്പില്‍ ഇരിക്കുന്നു.

2 ഒരു കുട്ടയില്‍ ആദ്യഫലങ്ങള്‍ പോലെയുള്ള നല്ല പഴങ്ങള്‍; എന്നാല്‍ മറ്റേ കുട്ടയില്‍ തിന്നാന്‍ പാടില്ലാത്തവിധം ചീത്തയായ അത്തിപ്പഴങ്ങളും.

3 “യിരെമ്യായേ, നീ എന്തു കാണുന്നു” എന്നു സര്‍വേശ്വരന്‍ എന്നോടു ചോദിച്ചു; “അത്തിപ്പഴങ്ങള്‍” എന്നു ഞാന്‍ മറുപടി പറഞ്ഞു; നല്ല പഴങ്ങള്‍ വളരെ നല്ലവയും ചീഞ്ഞ പഴങ്ങളാകട്ടെ, തിന്നാന്‍ കൊള്ളാത്തവിധം അത്ര മോശവും ആകുന്നു.

4

അപ്പോള്‍ സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി.

5 “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: യെഹൂദാ ദേശത്തുനിന്നു ബാബിലോണിലേക്കു ഞാന്‍ അയച്ച പ്രവാസികളെ ഈ നല്ല അത്തിപ്പഴംപോലെ നന്നായി കരുതും.

6 ഞാന്‍ അവരെ കടാക്ഷിച്ച് അവര്‍ക്കു നന്മ വരുത്തും. ഈ ദേശത്തേക്കു ഞാന്‍ അവരെ മടക്കികൊണ്ടുവരും; ഞാന്‍ അവരെ പണിതുയര്‍ത്തും; അവരെ നശിപ്പിക്കയില്ല; ഞാന്‍ അവരെ നട്ടുപിടിപ്പിക്കും; പിഴുതുകളകയില്ല.

7 ഞാനാണു സര്‍വേശ്വരന്‍ എന്നു ഗ്രഹിക്കുന്നതിനുള്ള ഹൃദയം ഞാനവര്‍ക്കു കൊടുക്കും; അവര്‍ എന്‍റെ ജനവും ഞാന്‍ അവരുടെ ദൈവവുമായിരിക്കും; പൂര്‍ണഹൃദയത്തോടു കൂടിയാണല്ലോ അവര്‍ എങ്കലേക്കു മടങ്ങിവരുന്നത്.

8

എന്നാല്‍ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: തിന്നാന്‍ കൊള്ളാത്തവിധം ചീത്തയായ അത്തിപ്പഴംപോലെ, യെഹൂദാരാജാവായ സിദെക്കീയായെയും അവന്‍റെ പ്രഭുക്കന്മാരെയും ഈ ദേശത്ത് അവശേഷിച്ച് ഇവിടെ പാര്‍ക്കുന്ന യെരൂശലേംകാരെയും ഇവിടെനിന്ന് ഈജിപ്തില്‍ പോയി പാര്‍ക്കുന്നവരെയും ഞാന്‍ കണക്കാക്കും.

9 ഭൂമിയിലെ സകല രാജ്യങ്ങള്‍ക്കും അവര്‍ ഒരു ഭീതിദവിഷയമാകും; ഞാന്‍ അവരെ ചിതറിക്കുന്ന ദേശങ്ങളിലെല്ലാം അവര്‍ പരിഹാസത്തിനും പഴമൊഴിക്കും അവഹേളനത്തിനും ശാപത്തിനും പാത്രമായിത്തീരും.

10 അവര്‍ക്കും അവരുടെ പിതാക്കന്മാര്‍ക്കും ഞാന്‍ നല്‌കിയ ദേശത്തുനിന്ന് അവര്‍ നശിപ്പിക്കപ്പെടുന്നതുവരെ വാളും ക്ഷാമവും മഹാമാരിയും ഞാന്‍ അയയ്‍ക്കും.

25

1

യോശീയായുടെ പുത്രനും യെഹൂദാരാജാവുമായ യെഹോയാക്കീമിന്‍റെ വാഴ്ചയുടെ നാലാം വര്‍ഷം; അതായത് നെബുഖദ്നേസര്‍ ബാബിലോണില്‍ ഭരണം ആരംഭിച്ചതിന്‍റെ ഒന്നാം വര്‍ഷം യെഹൂദ്യനിവാസികളെക്കുറിച്ചു യിരെമ്യാക്ക് അരുളപ്പാടു ലഭിച്ചു.

2 യിരെമ്യാപ്രവാചകന്‍ അതു യെഹൂദ്യയിലെ സര്‍വജനത്തോടും യെരൂശലേമിലെ സകല നിവാസികളോടും അറിയിച്ചു;

3 ആമോന്‍റെ പുത്രനും യെഹൂദാരാജാവുമായ യോശീയായുടെ വാഴ്ചയുടെ പതിമൂന്നാം വര്‍ഷം മുതല്‍ ഇന്നുവരെ ഇരുപത്തിമൂന്നു വര്‍ഷക്കാലം സര്‍വേശ്വരനില്‍നിന്ന് എനിക്ക് അരുളപ്പാടു ലഭിച്ചു; അവ ഞാന്‍ നിങ്ങളോടു തുടര്‍ച്ചയായി അറിയിച്ചുകൊണ്ടിരുന്നു; എന്നാല്‍ നിങ്ങള്‍ അവ ശ്രദ്ധിച്ചില്ല.

4 അവിടുന്നു തന്‍റെ ദാസരായ പ്രവാചകരെ തുടര്‍ച്ചയായി നിങ്ങളുടെ അടുക്കല്‍ അയച്ചിട്ടും നിങ്ങള്‍ അവരെ ശ്രദ്ധിക്കുകയോ ചെവികൊടുക്കുകയോ ചെയ്തില്ല.

5 പ്രവാചകര്‍ പറഞ്ഞു: “സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; നിങ്ങള്‍ ഓരോരുത്തനും തന്‍റെ ദുര്‍മാര്‍ഗത്തില്‍നിന്നും ദുഷ്പ്രവൃത്തികളില്‍നിന്നും പിന്തിരിയുക. എന്നാല്‍ നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും പണ്ടുതന്നെ ശാശ്വതാവകാശമായി തന്ന ദേശത്തു നിങ്ങള്‍ക്കു പാര്‍ക്കാം.

6 നിങ്ങള്‍ അന്യദേവന്മാരുടെ പുറകേ പോയി അവയെ സേവിക്കുകയോ ആരാധിക്കുകയോ ചെയ്യരുത്; നിങ്ങളുടെ കരങ്ങള്‍ സൃഷ്‍ടിച്ച വസ്തുക്കള്‍കൊണ്ട് എന്നെ പ്രകോപിപ്പിക്കുകയും അരുത്; അങ്ങനെയെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് ഒരു അനര്‍ഥവും വരുത്തുകയില്ല.

7 എന്നിട്ടും നിങ്ങള്‍ എന്‍റെ വാക്കു ശ്രദ്ധിച്ചില്ല; നിങ്ങളുടെ നാശത്തിനായി നിങ്ങളുടെ കരങ്ങള്‍ സൃഷ്‍ടിച്ചവയെക്കൊണ്ട് എന്നെ പ്രകോപിപ്പിച്ചു.”

8

അതുകൊണ്ട് സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “എന്‍റെ വാക്കു നിങ്ങള്‍ അനുസരിക്കാതിരുന്നതുകൊണ്ട്,

9 ഉത്തരദേശത്തുള്ള ഗോത്രങ്ങളെയും എന്‍റെ ദാസനായ ബാബിലോണിലെ നെബുഖദ്നേസര്‍രാജാവിനെയും ഞാന്‍ വിളിച്ചു വരുത്തും; അവര്‍ ഈ ദേശത്തെയും അതിലെ നിവാസികളെയും ചുറ്റുമുള്ള സകല ജനതകളെയും നിശ്ശേഷം നശിപ്പിക്കും; ഞാന്‍ അവരെ ഭീതിദവിഷയവും പരിഹാസപാത്രവും ശാശ്വതമായ നാശകൂമ്പാരവും ആക്കും.

10 ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്‍റെ സ്വരവും മണവാട്ടിയുടെ സ്വരവും തിരികല്ലിന്‍റെ ഒച്ചയും വിളക്കിന്‍റെ വെളിച്ചവും അവരുടെ ഇടയില്‍നിന്നു ഞാന്‍ നീക്കിക്കളയും.

11 ഈ ദേശം മുഴുവന്‍ ശൂന്യമായിത്തീരും; ഈ ജനത ബാബിലോണ്‍രാജാവിനെ എഴുപതു വര്‍ഷം സേവിക്കും.

12 എഴുപതു വര്‍ഷത്തിനുശേഷം ബാബിലോണ്‍രാജാവിനെയും ആ ജനതയെയും അവരുടെ അകൃത്യങ്ങള്‍ നിമിത്തം ശിക്ഷിക്കും; കല്ദയരുടെ ആ ബാബിലോണ്‍ എന്നും ശൂന്യമായിരിക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

13 ആ ദേശത്തിനെതിരെ ഞാന്‍ പറഞ്ഞിട്ടുള്ള എല്ലാ വാക്കുകളും സകല ജനതകള്‍ക്കുമെതിരെ യിരെമ്യാ പ്രവചിച്ചതായി ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതും ഞാന്‍ അതിന്മേല്‍ വരുത്തും.

14 അനേകം ജനതകളും മഹാരാജാക്കന്മാരും അവരെ അടിമകളാക്കും; അവരുടെ പ്രവൃത്തികള്‍ക്കും അവരുടെ കരങ്ങളുടെ സൃഷ്‍ടികള്‍ക്കും അനുസൃതമായി ഞാന്‍ അവര്‍ക്കു പ്രതിഫലം നല്‌കും.”

15

ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ എന്നോടരുളിച്ചെയ്തു: “ക്രോധമദ്യം നിറഞ്ഞ ഈ പാനപാത്രം എന്‍റെ കൈയില്‍നിന്നു വാങ്ങി, ആരുടെ അടുക്കലേക്കു ഞാന്‍ നിന്നെ അയയ്‍ക്കുന്നുവോ ആ ജനതകളെയെല്ലാം കുടിപ്പിക്കുക.

16 അവര്‍ അതു കുടിക്കും; ഞാന്‍ അവരുടെ ഇടയില്‍ അയയ്‍ക്കുന്ന വാള്‍ നിമിത്തം അവര്‍ ഭ്രാന്തരായി ആടി നടക്കും.

17

ഞാന്‍ സര്‍വേശ്വരനില്‍നിന്നു പാനപാത്രം വാങ്ങി, അവിടുന്ന് എന്നെ ആരുടെ അടുക്കലേക്ക് അയച്ചുവോ, ആ ജനതകളെയെല്ലാം കുടിപ്പിച്ചു.

18 ഇന്നത്തേതുപോലെ യെരൂശലേമിനെയും യെഹൂദ്യയിലെ നഗരങ്ങളെയും ശൂന്യവും പാഴുമാക്കുവാനും പരിഹാസവിഷയവും ശാപവുമാക്കുവാനും അവയെയും അവരുടെ രാജാക്കന്മാര്‍ പ്രഭുക്കന്മാര്‍ എന്നിവരെയും

19 ഈജിപ്തുരാജാവായ ഫറവോ, അയാളുടെ ദാസന്മാര്‍, പ്രഭുക്കന്മാര്‍, ജനങ്ങള്‍,

20 അവരുടെ ഇടയില്‍ പാര്‍ക്കുന്ന വിദേശികള്‍ എന്നിവരെയും ഊസ്ദേശത്തിലെ രാജാക്കന്മാരെയും ഫെലിസ്ത്യയിലെ അസ്കലോന്‍, ഗസ്സാ, എക്രോന്‍, അസ്ദോദിലെ ശേഷിപ്പ് എന്നിവിടങ്ങളിലെ രാജാക്കന്മാര്‍,

21 എദോം, മോവാബ്, അമ്മോന്യര്‍ എന്നിവരുടെ രാജാക്കന്മാര്‍,

22 സോരിലും സീദോനിലും കടലിനക്കരെയുള്ള ദ്വീപുകളിലും ഉള്ള രാജാക്കന്മാര്‍,

23 ദേദാന്‍, തേമ, ബൂസ്, തലയുടെ അരികു വടിക്കുന്നവര്‍ എന്നിവരുടെ രാജാക്കന്മാര്‍, അറേബ്യയിലെ രാജാക്കന്മാര്‍,

24 മരുഭൂമിയിലെ സങ്കരവര്‍ഗങ്ങളുടെ രാജാക്കന്മാര്‍,

25 സിമ്രി, ഏലാം, മേദ്യ എന്നിവിടങ്ങളിലെ രാജാക്കന്മാര്‍,

26 ഉത്തരദേശത്ത് ഒന്നിനു പുറകേ ഒന്നായി അടുത്തും അകലെയുമുള്ള രാജാക്കന്മാര്‍ എന്നിവരെയും ഭൂമുഖത്തുള്ള സകല ജനതകളെയും ഞാന്‍ അതു കുടിപ്പിക്കും; അവസാനം ബാബിലോണ്‍ രാജാവും അതു കുടിക്കും.

27

നീ അവരോടു പറയണം: “സര്‍വശക്തനും ഇസ്രായേലിന്‍റെ ദൈവവുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; നിങ്ങള്‍ കുടിച്ചു ലഹരി പിടിച്ചു ഛര്‍ദിക്കുവിന്‍; നിങ്ങളുടെ ഇടയിലേക്കു ഞാന്‍ അയയ്‍ക്കുന്ന വാളുകൊണ്ട് ഇനി എഴുന്നേല്‌ക്കാത്തവിധം വീഴുവിന്‍.

28 നിന്‍റെ കൈയില്‍നിന്നു പാനപാത്രം വാങ്ങി കുടിക്കാന്‍ അവര്‍ വിസമ്മതിച്ചാല്‍ നീ അവരോടു പറയണം: “നീ കുടിച്ചേ തീരൂ” എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

29 എന്‍റെ നാമത്തില്‍ അറിയപ്പെടുന്ന ഈ നഗരത്തിനു ഞാന്‍ അനര്‍ഥം വരുത്താന്‍ പോകുകയാണ്; അപ്പോള്‍ നിങ്ങള്‍ ശിക്ഷിക്കപ്പെടാതെ പോകുമോ? നിങ്ങള്‍ ശിക്ഷിക്കപ്പെടാതിരിക്കയില്ല; സകല ഭൂവാസികളുടെയുംമേല്‍ ഞാന്‍ വാള്‍ അയയ്‍ക്കും എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

30

അതുകൊണ്ട് നീ ഈ വചനം അവര്‍ക്കെതിരായി പ്രവചിക്കണം; ഉന്നതങ്ങളില്‍നിന്നു സര്‍വേശ്വരന്‍ ഗര്‍ജിക്കുന്നു; തന്‍റെ വിശുദ്ധനിവാസത്തില്‍നിന്നു ശബ്ദം ഉയര്‍ത്തുന്നു; തന്‍റെ ആട്ടിന്‍പറ്റത്തിന്‍റെ നേരേ ഉച്ചത്തില്‍ ഗര്‍ജിക്കുന്നു; മുന്തിരിച്ചക്കു ചവിട്ടുന്നവരെപ്പോലെ സകല ഭൂവാസികള്‍ക്കുമെതിരേ അവിടുന്നു ശബ്ദമുയര്‍ത്തുന്നു.

31 ആ ശബ്ദം ഭൂമിയുടെ അറുതികള്‍ വരെ മുഴങ്ങുന്നു; ജനതകള്‍ക്കെതിരെ സര്‍വേശ്വരന്‍ കുറ്റം ചുമത്തുന്നു. അവിടുന്നു സകല മനുഷ്യരാശിയെയും ന്യായംവിധിച്ചു ദുഷ്ടരെ വാളിനിരയാക്കും. ഇതു സര്‍വേശ്വരന്‍റെ വചനം.

32 സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “അനര്‍ഥം ഒരു ജനതയില്‍നിന്നു മറ്റൊരു ജനതയിലേക്കു വ്യാപിക്കുന്നു; ഭൂമിയുടെ അറുതികളില്‍നിന്നു കൊടുങ്കാറ്റ് ഇളകി വരുന്നു.

33 അന്നാളില്‍ സര്‍വേശ്വരനാല്‍ വധിക്കപ്പെടുന്നവര്‍ ഭൂമിയുടെ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ വീണു കിടക്കും; അവര്‍ക്കുവേണ്ടി ആരെങ്കിലും വിലപിക്കുകയോ ആരെങ്കിലും അവരെ സംസ്കരിക്കുകയോ ചെയ്യുകയില്ല; അവര്‍ നിലത്തിനു വളമായിത്തീരും.

34 ഇടയന്മാരേ, അലമുറയിട്ടു നിലവിളിക്കുവിന്‍; ആട്ടിന്‍പറ്റത്തിന്‍റെ ഇടയശ്രേഷ്ഠന്മാരേ, വെണ്ണീരില്‍ കിടന്നുരുളുവിന്‍; നിങ്ങളെ കശാപ്പുചെയ്യുന്ന സമയം ആഗതമായിരിക്കുന്നു; കൊഴുത്ത ആടുകളെപ്പോലെ നിങ്ങള്‍ വധിക്കപ്പെടും.

35 ഇടയന്മാര്‍ക്ക് ഒളിക്കാനോ, ആട്ടിന്‍പറ്റത്തിന്‍റെ ഇടയശ്രേഷ്ഠന്മാര്‍ക്ക് ഓടി രക്ഷപെടാനോ സാധിക്കയില്ല.

36 ഇടയന്മാരുടെ നിലവിളിയും ആട്ടിന്‍പറ്റത്തിന്‍റെ ഇടയശ്രേഷ്ഠന്മാരുടെ വിലാപവും ശ്രദ്ധിക്കുക; സര്‍വേശ്വരന്‍ അവരുടെ മേച്ചില്‍പ്പുറം നശിപ്പിക്കുന്നുവല്ലോ.

37 അവിടുത്തെ ഉഗ്രകോപം നിമിത്തം പ്രശാന്തമായ ആലകള്‍ നശിച്ചിരിക്കുന്നു.

38 സിംഹം അതിന്‍റെ ഒളിയിടം വിട്ടു പുറത്തുവന്നിരിക്കുന്നു; മര്‍ദകന്‍റെ വാളും അവന്‍റെ ഉഗ്രകോപവും നിമിത്തം അവരുടെ ദേശം ശൂന്യമായിരിക്കുന്നു.

26

1

യോശീയായുടെ പുത്രനും യെഹൂദാരാജാവുമായ യെഹോയാക്കീമിന്‍റെ വാഴ്ചയുടെ ആരംഭത്തില്‍

2 സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്തു: “സര്‍വേശ്വരന്‍റെ ആലയത്തിന്‍റെ അങ്കണത്തില്‍ നിന്നുകൊണ്ടു ദേവാലയത്തില്‍ ആരാധിക്കാന്‍ വരുന്ന യെഹൂദാനഗരങ്ങളിലെ നിവാസികളോടു ഞാന്‍ ആജ്ഞാപിക്കുന്ന കാര്യങ്ങള്‍ പറയുക; ഒരു വാക്കുപോലും വിട്ടുകളയരുത്.

3 ഒരുവേള അവര്‍ ശ്രദ്ധിച്ചു തങ്ങളുടെ ദുര്‍മാര്‍ഗം വിട്ടുകളഞ്ഞെന്നു വരാം; അതുമൂലം അവരുടെ ദുഷ്പ്രവൃത്തികള്‍ക്കു പകരമായി അവര്‍ക്കു വരുത്താന്‍ ഉദ്ദേശിച്ചിരുന്ന അനര്‍ഥത്തെക്കുറിച്ചുള്ള തീരുമാനം ഞാന്‍ മാറ്റും.

4 [4,5] നീ അവരോടു പറയുക, സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: നിങ്ങളുടെ മുമ്പില്‍ ഞാന്‍ വച്ചിട്ടുള്ള എന്‍റെ ധര്‍മശാസ്ത്രം നിങ്ങള്‍ അനുസരിക്കാതിരിക്കുകയും നിങ്ങള്‍ അങ്ങനെ ചെയ്തിട്ടും നിങ്ങളുടെ അടുക്കല്‍ തുടര്‍ച്ചയായി ഞാന്‍ അയച്ച എന്‍റെ ദാസരായ പ്രവാചകന്മാരെ നിങ്ങള്‍ ശ്രദ്ധിക്കാതിരിക്കുകയും ചെയ്താല്‍,

5

6 ഈ ആലയത്തെ ഞാന്‍ ശീലോയെപ്പോലെയാക്കും; ഈ നഗരം ഭൂമിയിലെ സകല ജനതകള്‍ക്കും ശാപമാക്കിത്തീര്‍ക്കും.

7 സര്‍വേശ്വരന്‍റെ ആലയത്തില്‍വച്ചു യിരെമ്യാ സംസാരിച്ച വാക്കുകള്‍ പുരോഹിതന്മാരും പ്രവാചകരും സര്‍വജനവും കേട്ടു.

8

സര്‍വജനത്തോടും പറയാന്‍ അവിടുന്നു കല്പിച്ചിരുന്നവയെല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ പുരോഹിതന്മാരും പ്രവാചകന്മാരും ജനങ്ങളും ചേര്‍ന്ന് അദ്ദേഹത്തെ പിടികൂടി; അവര്‍ പറഞ്ഞു: നീ മരിക്കണം.

9 ഈ ആലയം ശീലോയെപ്പോലെ ആകുമെന്നും ഈ നഗരം ജനവാസമില്ലാതെ ശൂന്യമായിത്തീരുമെന്നും നീ എന്തിനു സര്‍വേശ്വരന്‍റെ നാമത്തില്‍ പ്രവചിച്ചു? ‘ജനമെല്ലാം സര്‍വേശ്വരന്‍റെ ആലയത്തില്‍ യിരെമ്യാക്ക് എതിരെ ചുറ്റും കൂടി.

10

യെഹൂദാപ്രഭുക്കന്മാര്‍ ഈ കാര്യങ്ങള്‍ കേട്ടപ്പോള്‍ രാജകൊട്ടാരത്തില്‍നിന്നു സര്‍വേശ്വരന്‍റെ ആലയത്തില്‍ വന്ന് പുതിയ കവാടത്തിനു സമീപം ഇരുന്നു.

11 അപ്പോള്‍ പുരോഹിതന്മാരും പ്രവാചകന്മാരും പ്രഭുക്കന്മാരോടും സര്‍വജനത്തോടും പറഞ്ഞു: ‘ഈ മനുഷ്യന്‍ വധശിക്ഷയ്‍ക്ക് അര്‍ഹനാണ്, ഇയാള്‍ നഗരത്തിനെതിരെ പ്രവചിക്കുന്നതു നിങ്ങള്‍ സ്വന്തം ചെവികൊണ്ടു കേട്ടതാണല്ലോ.’

12

അപ്പോള്‍ യിരെമ്യാ സകല പ്രഭുക്കന്മാരോടും സര്‍വജനത്തോടുമായി പറഞ്ഞു: “ഈ ആലയത്തിനും നഗരത്തിനും എതിരെ നിങ്ങള്‍ കേട്ട വചനം പ്രവചിക്കാനാണ് സര്‍വേശ്വരന്‍ എന്നെ അയച്ചത്.

13 അതുകൊണ്ട് നിങ്ങളുടെ മാര്‍ഗങ്ങളും പ്രവൃത്തികളും തിരുത്തുവിന്‍; നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ വാക്കുകള്‍ അനുസരിക്കുവിന്‍, നിങ്ങള്‍ക്കെതിരെ അവിടുന്നു പ്രഖ്യാപിച്ചിട്ടുള്ള അനര്‍ഥത്തെക്കുറിച്ചുള്ള തീരുമാനം അവിടുന്ന് അപ്പോള്‍ മാറ്റും.

14 ഞാനിതാ നിങ്ങളുടെ കൈകളില്‍ ആയിരിക്കുന്നു; നിങ്ങള്‍ക്കു ശരിയെന്നും യോഗ്യമെന്നും തോന്നുന്നത് എന്നോടു പ്രവര്‍ത്തിച്ചുകൊള്ളുവിന്‍.

15 നിങ്ങള്‍ എന്നെ കൊന്നാല്‍ നിങ്ങളുടെമേലും ഈ നഗരത്തിന്മേലും അതിലെ നിവാസികളുടെമേലും നിഷ്കളങ്കരക്തമാണു നിങ്ങള്‍ വീഴ്ത്തുന്നത് എന്നറിഞ്ഞുകൊള്ളുവിന്‍; ഇതു നിങ്ങളോടു പറയാന്‍ സര്‍വേശ്വരനാണ് എന്നെ അയച്ചിരിക്കുന്നത്; ഇതു സത്യം.”

16

അപ്പോള്‍ പ്രഭുക്കന്മാരും സര്‍വജനവും പുരോഹിതന്മാരോടും പ്രവാചകന്മാരോടും പറഞ്ഞു: “ഈ മനുഷ്യന്‍ വധശിക്ഷയ്‍ക്ക് അര്‍ഹമായതൊന്നും ചെയ്തിട്ടില്ല; നമ്മുടെ ദൈവമായ സര്‍വേശ്വരന്‍റെ നാമത്തിലാണല്ലോ അയാള്‍ സംസാരിച്ചത്.

17 ദേശത്തിലെ ശ്രേഷ്ഠന്മാരില്‍ ചിലര്‍ എഴുന്നേറ്റ് അവിടെ കൂടിയിരുന്ന ജനസമൂഹത്തോടു പറഞ്ഞു:

18 “യെഹൂദാരാജാവായ ഹിസ്കീയായുടെ കാലത്ത് മോരെശെത്തിലെ മീഖായാപ്രവാചകന്‍ സകല യെഹൂദാജനത്തോടും പറഞ്ഞു: സീയോനെ നിലംപോലെ ഉഴുതുകളയും; യെരൂശലേം കല്‍ക്കൂമ്പാരമാകും; ആലയമിരിക്കുന്ന പര്‍വതം വനാന്തരമാവുകയും ചെയ്യും എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

19 യെഹൂദാരാജാവായ ഹിസ്കീയായോ യെഹൂദ്യയിലെ ജനമോ അയാളെ വധിച്ചുവോ? അവര്‍ സര്‍വേശ്വരനെ ഭയപ്പെട്ട് അവിടുത്തെ കാരുണ്യം യാചിക്കുകയും അവിടുന്ന് അവരുടെമേല്‍ വരുത്തുമെന്നു പറഞ്ഞിരുന്ന അനര്‍ഥത്തെക്കുറിച്ചുള്ള തീരുമാനം മാറ്റുകയും ചെയ്തില്ലേ? നാമാകട്ടെ വലിയ അനര്‍ഥം നമ്മുടെമേല്‍ വരുത്തിവയ്‍ക്കാന്‍ പോകുന്നു.

20

കിര്യത്ത്-യെയാരീമിലെ ശെമയ്യായുടെ പുത്രന്‍ ഊരിയാ സര്‍വേശ്വരന്‍റെ നാമത്തില്‍ പ്രവചിച്ച മറ്റൊരാള്‍ ആയിരുന്നു; അയാളും ഈ നഗരത്തിനും ദേശത്തിനും എതിരെ യിരെമ്യാ പറഞ്ഞതുപോലെതന്നെ പ്രവചിച്ചു.

21 യെഹോയാക്കീംരാജാവും പടയാളികളും പ്രഭുക്കന്മാരും അയാളുടെ വാക്കുകള്‍ കേട്ട് അയാളെ വധിക്കാന്‍ ശ്രമിച്ചു; ഊരിയാ വിവരമറിഞ്ഞപ്പോള്‍ ഭയന്ന് ഈജിപ്തിലേക്ക് ഓടിപ്പോയി.

22 എന്നാല്‍ യെഹോയാക്കീംരാജാവ് അക്ബോറിന്‍റെ മകന്‍ എല്‍നാഥാനെയും മറ്റു ചിലരെയും ഈജിപ്തിലേക്കയച്ചു.

23 അവര്‍ ഊരിയായെ ഈജിപ്തില്‍നിന്ന് യെഹോയാക്കീം രാജാവിന്‍റെ അടുക്കല്‍ പിടിച്ചുകൊണ്ടുവന്നു; രാജാവ് അയാളെ വാളുകൊണ്ടു വധിച്ചു പൊതുശ്മശാനത്തിലേക്ക് എറിഞ്ഞുകളഞ്ഞു.

24

ശാഫാന്‍റെ പുത്രനായ അഹീകാമിന്‍റെ സഹായം യിരെമ്യാക്ക് ഉണ്ടായിരുന്നതുകൊണ്ട്, അയാളെ വധിക്കാന്‍ ജനത്തെ ഏല്പിച്ചില്ല.

27

1

യോശിയായുടെ പുത്രനും യെഹൂദാരാജാവുമായ സിദെക്കിയായുടെ ഭരണാരംഭത്തില്‍ യിരെമ്യാക്കു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി.

2 അവിടുന്ന് എന്നോട് അരുളിച്ചെയ്തു: “നീ അടിമക്കയറും നുകവുമുണ്ടാക്കി കഴുത്തില്‍ വയ്‍ക്കുക.

3 എദോം, മോവാബ്, അമ്മോന്‍, സോര്‍, സീദോന്‍ എന്നിവിടങ്ങളിലെ രാജാക്കന്മാര്‍ക്ക് യെഹൂദാരാജാവായ സിദെക്കീയായെ കാണാന്‍ യെരൂശലേമില്‍ വന്ന അവരുടെ ദൂതന്മാര്‍ വഴി സന്ദേശം അറിയിക്കുക.

4 തങ്ങളുടെ യജമാനന്മാര്‍ക്കായി ഈ സന്ദേശം നീ അവരെ അറിയിക്കണം; ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; നിങ്ങളുടെ യജമാനന്മാരോട് ഇങ്ങനെ പറയുവിന്‍.

5 “മഹാശക്തിയാലും ബലമുള്ള കരത്താലും ഭൂമിയെയും അതിലുള്ള മനുഷ്യരെയും മൃഗങ്ങളെയും സൃഷ്‍ടിച്ചതു ഞാനാണ്; എനിക്ക് ഉചിതമെന്നു തോന്നുന്നവനു ഞാന്‍ അതു നല്‌കും.

6 ഇപ്പോള്‍ ഈ ദേശങ്ങളെയെല്ലാം എന്‍റെ ദാസനും ബാബിലോണിലെ രാജാവുമായ നെബുഖദ്നേസര്‍രാജാവിന്‍റെ കൈയില്‍ ഏല്പിച്ചിരിക്കുന്നു; കാട്ടുമൃഗങ്ങള്‍ പോലും അവനെ സേവിക്കാന്‍ ഞാന്‍ ഇടയാക്കും.

7 സകല ജനതകളും അവനെയും അവന്‍റെ പുത്രനെയും പൗത്രനെയും അവന്‍റെ രാജ്യത്തിന്‍റെ പതനംവരെ സേവിക്കും; പിന്നീട് അനേകം ജനതകളും മഹാരാജാക്കന്മാരും ചേര്‍ന്ന് അവനെ അടിമയാക്കും.

8

ഏതെങ്കിലും ജനതയോ രാജ്യമോ ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍രാജാവിനെ സേവിക്കാതെയോ, ബാബിലോണ്‍ രാജാവിന്‍റെ നുകത്തിനു കീഴില്‍ തന്‍റെ കഴുത്തു വച്ചുകൊടുക്കാതെയോ ഇരുന്നാല്‍, ഞാന്‍ അവരെ വാളുകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും ശിക്ഷിക്കും. അവന്‍റെ കൈകളാല്‍ അവര്‍ ഉന്മൂലനം ചെയ്യപ്പെടുന്നതുവരെ അവ തുടരും.

9 അതുകൊണ്ട്, ബാബിലോണ്‍ രാജാവിനെ നിങ്ങള്‍ സേവിക്കയില്ല എന്നു പറയുന്ന പ്രവാചകന്മാര്‍ക്കും പ്രശ്നക്കാര്‍ക്കും സ്വപ്നക്കാര്‍ക്കും ശകുനക്കാര്‍ക്കും ക്ഷുദ്രക്കാര്‍ക്കും നിങ്ങള്‍ ചെവി കൊടുക്കരുത്.

10 അവര്‍ നിങ്ങളോടു പ്രവചിക്കുന്നതു നുണയാണ്; തത്ഫലമായി സ്വദേശത്തുനിന്നു നിങ്ങള്‍ വിദൂരദേശത്തേക്കു നീക്കപ്പെടും; ഞാന്‍ നിങ്ങളെ പുറത്താക്കും; നിങ്ങള്‍ നശിക്കും.

11 എന്നാല്‍ ഏതെങ്കിലും ജനത ബാബിലോണ്‍രാജാവിന്‍റെ നുകത്തിനു കീഴില്‍ തലവച്ചു രാജാവിനെ സേവിച്ചാല്‍ ഞാന്‍ അവരെ അവരുടെ ദേശത്തുതന്നെ വസിക്കുമാറാക്കും; അവര്‍ കൃഷി ചെയ്ത് അവിടെ പാര്‍ക്കും.

12

യെഹൂദാരാജാവായ സിദെക്കീയായോടു ഞാന്‍ ഇതേ രീതിയില്‍ സംസാരിച്ചു: “നിങ്ങളുടെ കഴുത്തുകള്‍ ബാബിലോണ്‍രാജാവിന്‍റെ നുകത്തിനു കീഴില്‍വച്ച് അയാളെയും അയാളുടെ ജനത്തെയും സേവിക്കുവിന്‍; എന്നാല്‍ നിങ്ങള്‍ ജീവിക്കും.

13 ബാബിലോണ്‍രാജാവിനെ സേവിക്കാത്ത ഏതൊരു ജനതയെ സംബന്ധിച്ചും സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നതുപോലെ വാളുകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും നിങ്ങള്‍ എന്തിനു മരിക്കണം?

14 ബാബിലോണ്‍രാജാവിനെ നിങ്ങള്‍ സേവിക്കേണ്ടിവരികയില്ല എന്നു പറയുന്ന പ്രവാചകന്മാരുടെ വാക്കുകള്‍ നിങ്ങള്‍ ശ്രദ്ധിക്കരുത്; അവര്‍ നിങ്ങളോടു പ്രവചിക്കുന്നതു വ്യാജമാണല്ലോ.

15 ഞാന്‍ അവരെ അയച്ചിട്ടില്ല എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; എന്‍റെ നാമത്തില്‍ അവര്‍ വ്യാജമായി സംസാരിക്കുകയാണ്; തത്ഫലമായി ഞാന്‍ നിങ്ങളെ ഓടിക്കും; നിങ്ങള്‍ നശിക്കും; നിങ്ങളും നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരും നശിച്ചു പോകും.

16

പിന്നീട് പുരോഹിതന്മാരോടും സര്‍വജനത്തോടും ഞാന്‍ പറഞ്ഞു; സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ദേവാലയത്തിലെ പാത്രങ്ങള്‍ ബാബിലോണില്‍നിന്ന് ഉടനെ മടക്കിക്കൊണ്ടുവരും എന്നു നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കുകള്‍ നിങ്ങള്‍ ശ്രദ്ധിക്കരുത്; അവര്‍ പ്രവചിക്കുന്നതു വ്യാജമാണ്.

17

അവരെ ശ്രദ്ധിക്കരുത്; ബാബിലോണ്‍രാജാവിനെ സേവിച്ചുകൊണ്ടു ജീവിക്കുവിന്‍. ഈ നഗരം എന്തിനു ശൂന്യമാകണം.

18 അവര്‍ പ്രവാചകന്മാരാണെങ്കില്‍, സര്‍വേശ്വരന്‍റെ വചനം അവരോടുകൂടെയുണ്ടെങ്കില്‍ അവര്‍ സര്‍വശക്തനായ സര്‍വേശ്വരനോട് അപേക്ഷിക്കട്ടെ; അങ്ങനെ അവിടുത്തെ ആലയത്തിലും യെഹൂദാരാജാവിന്‍റെ കൊട്ടാരത്തിലും യെരൂശലേമിലും ശേഷിച്ചിരിക്കുന്ന പാത്രങ്ങള്‍ ബാബിലോണിലേക്ക് ഇനിയും കൊണ്ടുപോകാതിരിക്കട്ടെ.

19 യെഹോയാക്കീമിന്‍റെ പുത്രനും യെഹൂദാരാജാവുമായ യെഹോയാഖീനെയും യെഹൂദ്യയിലെയും യെരൂശലേമിലെയും സകല ശ്രേഷ്ഠന്മാരെയും പ്രവാസികളായി ബാബിലോണിലേക്കു കൊണ്ടുപോയപ്പോള്‍

20 ബാബിലോണ്‍രാജാവ് എടുക്കാതെയിരുന്ന സ്തംഭങ്ങള്‍, ജലസംഭരണികള്‍, പീഠങ്ങള്‍, ഈ നഗരത്തില്‍ ശേഷിച്ചിരിക്കുന്ന മറ്റു പാത്രങ്ങള്‍ എന്നിവയെക്കുറിച്ചു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

21 ഇസ്രായേലിന്‍റെ ദൈവമായ സര്‍വശക്തനായ സര്‍വേശ്വരന്‍ അവിടുത്തെ ആലയത്തിലും യെഹൂദാ രാജാവിന്‍റെ ഗൃഹത്തിലും യെരൂശലേമിലും ശേഷിച്ചിട്ടുള്ള പാത്രങ്ങളെക്കുറിച്ചുതന്നെ അരുളിച്ചെയ്യുന്നു:

22 അവയെ ബാബിലോണിലേക്കു കൊണ്ടുപോകും; ഞാന്‍ ബാബിലോണ്യരെ ശിക്ഷിക്കുന്ന നാള്‍ വരെ അവ അവിടെയായിരിക്കും; പിന്നീട് ഞാന്‍ അവ മടക്കിക്കൊണ്ടുവന്ന് ഈ സ്ഥലത്തു പുനഃസ്ഥാപിക്കും.

28

1

ആ വര്‍ഷംതന്നെ, അതായത് യെഹൂദാരാജാവായ സിദെക്കീയായുടെ ഭരണത്തിന്‍റെ നാലാം വര്‍ഷം അഞ്ചാം മാസം, അസ്സൂറിന്‍റെ പുത്രനും ഗിബെയോനില്‍ നിന്നുള്ള പ്രവാചകനുമായ ഹനന്യാ സര്‍വേശ്വരന്‍റെ ആലയത്തില്‍വച്ച്, പുരോഹിതന്മാരുടെയും സര്‍വജനത്തിന്‍റെയും സാന്നിധ്യത്തില്‍ എന്നോടു പറഞ്ഞു:

2 “ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ബാബിലോണ്‍രാജാവിന്‍റെ നുകം ഞാന്‍ തകര്‍ത്തിരിക്കുന്നു.

3 ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ ഇവിടെനിന്നു ബാബിലോണിലേക്കു കൊണ്ടുപോയ ദേവാലയത്തിലെ പാത്രങ്ങളെല്ലാം ഞാന്‍ രണ്ടുവര്‍ഷത്തിനകം ഈ സ്ഥലത്തേക്കു മടക്കിക്കൊണ്ടുവരും.

4 യെഹോയാക്കീമിന്‍റെ പുത്രനും യെഹൂദാരാജാവുമായ യെഹോയാഖീനെയും യെഹൂദയില്‍നിന്നു പിടിച്ചുകൊണ്ടുപോയ എല്ലാ പ്രവാസികളെയും ഞാന്‍ ഈ സ്ഥലത്തു മടക്കിവരുത്തും; സര്‍വേശ്വരനാണ് അരുളിച്ചെയ്യുന്നത്; ബാബിലോണ്‍രാജാവിന്‍റെ നുകം ഞാന്‍ ഒടിക്കും.”

5

അപ്പോള്‍ യിരെമ്യാപ്രവാചകന്‍, സര്‍വേശ്വരന്‍റെ ആലയത്തില്‍ നില്‌ക്കുന്ന പുരോഹിതന്മാരുടെയും സര്‍വജനത്തിന്‍റെയും സാന്നിധ്യത്തില്‍ ഹനന്യാ പ്രവാചകനോടു പറഞ്ഞു:

6 “ആമേന്‍! സര്‍വേശ്വരന്‍ അങ്ങനെ ചെയ്യുമാറാകട്ടെ; താങ്കള്‍ പ്രവചിച്ച വചനം യഥാര്‍ഥമാകാന്‍ അവിടുന്ന് ഇടയാക്കട്ടെ; അവിടുത്തെ ആലയത്തില്‍ ബാബിലോണിലേക്കു കൊണ്ടുപോയ പാത്രങ്ങളോടൊപ്പം സകല പ്രവാസികളെയും ഈ സ്ഥലത്തേക്കു തിരിച്ചുകൊണ്ടുവരുമാറാകട്ടെ.

7 എങ്കിലും ഞാന്‍ താങ്കളോടും സര്‍വജനത്തോടും പറയുന്നതു ശ്രദ്ധിക്കുക.

8 പുരാതനകാലംമുതല്‍ എനിക്കും താങ്കള്‍ക്കും മുമ്പേ ഉണ്ടായിരുന്ന പ്രവാചകര്‍ അനേകം ദേശങ്ങള്‍ക്കും പ്രബല രാജ്യങ്ങള്‍ക്കും എതിരെ യുദ്ധവും ക്ഷാമവും മഹാമാരിയും പ്രവചിച്ചു.

9 സമാധാനം പ്രവചിക്കുന്ന പ്രവാചകന്‍റെ കാര്യത്തിലാകട്ടെ പ്രവചിച്ച കാര്യങ്ങള്‍ സംഭവിച്ചു കഴിയുമ്പോള്‍ അയാള്‍ യഥാര്‍ഥത്തില്‍ സര്‍വേശ്വരനാല്‍ അയയ്‍ക്കപ്പെട്ടവനാണെന്നു തെളിയും.”

10

അപ്പോള്‍ ഹനന്യാപ്രവാചകന്‍ യിരെമ്യാപ്രവാചകന്‍റെ കഴുത്തില്‍നിന്നു നുകം എടുത്ത് ഒടിച്ചുകളഞ്ഞു.

11 സര്‍വജനത്തിന്‍റെയും സാന്നിധ്യത്തില്‍ ഹനന്യാ പറഞ്ഞു; “സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഇതുപോലെ സര്‍വജനതകളുടെയും കഴുത്തില്‍ നിന്നു ബാബിലോണ്‍ രാജാവായ നെബുഖദ്നേസര്‍രാജാവിന്‍റെ നുകം രണ്ടു വര്‍ഷത്തിനുള്ളില്‍ ഞാന്‍ ഒടിച്ചുകളയും.” പിന്നീട് യിരെമ്യാ പ്രവാചകന്‍ തന്‍റെ വഴിക്കുപോയി.

12

യിരെമ്യാപ്രവാചകന്‍റെ കഴുത്തില്‍ ഇരുന്ന നുകം ഹനന്യാ ഒടിച്ചുകളഞ്ഞതിനുശേഷം യിരെമ്യാക്കു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി:

13 “ഹനന്യായോടു പോയി പറയുക: സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; മരംകൊണ്ടുള്ള നുകം നീ ഒടിച്ചുകളഞ്ഞു; അതിനു പകരം ഇരുമ്പുകൊണ്ടുള്ള നുകം ഞാനുണ്ടാക്കും.

14 ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ബാബിലോണ്‍രാജാവായ നെബുഖദ്നേസറിനെ സേവിക്കുന്നതിനുവേണ്ടി അടിമത്തത്തിന്‍റെ ഇരുമ്പുനുകം ഞാന്‍ സകല ജനതകളുടെയും കഴുത്തില്‍ വച്ചിരിക്കുന്നു; അവര്‍ അയാളെ സേവിക്കും; കാട്ടിലെ മൃഗങ്ങളെപ്പോലും ഞാന്‍ അയാള്‍ക്കു കൊടുത്തിരിക്കുന്നു.”

15 പിന്നീട് യിരെമ്യാപ്രവാചകന്‍ ഹനന്യാ പ്രവാചകനോടു പറഞ്ഞു: “ഹനന്യായേ ശ്രദ്ധിക്കുക; സര്‍വേശ്വരന്‍ താങ്കളെ അയച്ചിട്ടില്ല; നീ ഈ ജനത്തെ അസത്യത്തില്‍ ആശ്രയിക്കുമാറാക്കി.

16 അതുകൊണ്ട് അവിടുന്ന് അരുളിച്ചെയ്യുന്നു: ഭൂമുഖത്തുനിന്നു ഞാന്‍ നിന്നെ നീക്കിക്കളയും; ഈ വര്‍ഷം തന്നെ നീ മരിക്കും; സര്‍വേശ്വരനോടു മത്സരിക്കാന്‍ നീ ഈ ജനത്തെ പ്രേരിപ്പിച്ചു.”

17

അതേ വര്‍ഷം ഏഴാം മാസം ഹനന്യാ പ്രവാചകന്‍ മരിച്ചു.

29

1

നെബുഖദ്നേസര്‍ യെരൂശലേമില്‍നിന്നു ബാബിലോണിലേക്കു പ്രവാസികളായി പിടിച്ചുകൊണ്ടുപോയ ജനപ്രമുഖന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും പ്രവാചകന്മാര്‍ക്കും ജനങ്ങള്‍ക്കും യെരൂശലേമില്‍നിന്നു യിരെമ്യാപ്രവാചകന്‍ അയച്ചു കൊടുത്ത കത്ത്:

2 യെഹോയാഖീന്‍ രാജാവ്, രാജമാതാവ്, കൊട്ടാര ഉദ്യോഗസ്ഥന്മാര്‍, യെഹൂദ്യയിലെയും യെരൂശലേമിലെയും പ്രഭുക്കന്മാര്‍, കരകൗശലോഹപ്പണിക്കാര്‍ എന്നിവര്‍ യെരൂശലേം വിട്ടു പോയതിനു ശേഷമാണ് ഈ കത്ത് എഴുതിയത്.

3 യെഹൂദാരാജാവായ സിദെക്കീയ ബാബിലോണ്‍രാജാവായ നെബുഖദ്നേസറിന്‍റെ അടുക്കലേക്ക് അയച്ച ശാഫാന്‍റെ പുത്രന്‍ എലാസാ, ഹില്‌ക്കീയായുടെ പുത്രന്‍ ഗെമര്യാ എന്നിവര്‍ വഴി കത്ത് ബാബിലോണിലേക്കു കൊടുത്തയച്ചു. കത്തില്‍ ഇപ്രകാരം എഴുതിയിരുന്നു:

4 “ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ യെരൂശലേമില്‍നിന്നു ബാബിലോണിലേക്ക് അയച്ച പ്രവാസികളോട് അരുളിച്ചെയ്യുന്നു.

5 നിങ്ങള്‍ വീടുകള്‍ നിര്‍മിച്ച് അവയില്‍ പാര്‍ക്കുവിന്‍, തോട്ടങ്ങളുണ്ടാക്കി അവയുടെ ഫലം അനുഭവിക്കുവിന്‍.

6 വിവാഹം കഴിച്ചു പുത്രീപുത്രന്മാര്‍ക്കു ജന്മം നല്‌കുവിന്‍; പുത്രന്മാര്‍ക്കു ഭാര്യമാരെ സ്വീകരിക്കയും പുത്രിമാരെ വിവാഹം കഴിച്ചുകൊടുക്കുകയും ചെയ്യുവിന്‍, അവര്‍ക്കും പുത്രീപുത്രന്മാരുണ്ടായി നിങ്ങള്‍ പെരുകട്ടെ; നിങ്ങളുടെ സംഖ്യ കുറഞ്ഞുപോകരുത്.

7 പ്രവാസികളായി ഞാന്‍ നിങ്ങളെ അയച്ചിരിക്കുന്ന ദേശത്തിന്‍റെ ക്ഷേമം അന്വേഷിക്കുവിന്‍; അതിനുവേണ്ടി സര്‍വേശ്വരനോടു പ്രാര്‍ഥിക്കുവിന്‍; നിങ്ങളുടെ ക്ഷേമം അതിനെ ആശ്രയിച്ചാണല്ലോ ഇരിക്കുന്നത്.

8 ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പ്രവാചകന്മാരും പ്രശ്നക്കാരും നിങ്ങളെ വഞ്ചിക്കാന്‍ ഇടയാകരുത്; അവരുടെ സ്വപ്നങ്ങളെ നിങ്ങള്‍ ശ്രദ്ധിക്കരുത്;

9 എന്‍റെ നാമത്തില്‍ അവര്‍ നിങ്ങളോടു പ്രവചിക്കുന്നതു വ്യാജമാണ്; ഞാന്‍ അവരെ അയച്ചിട്ടില്ല എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.”

10

സര്‍വേശ്വരന്‍ ഇങ്ങനെ അരുളിച്ചെയ്യുന്നു: ബാബിലോണ്‍ രാജ്യത്തിന് എഴുപതു വര്‍ഷം തികയുമ്പോള്‍ ഞാന്‍ നിങ്ങളെ സന്ദര്‍ശിക്കും. ഈ സ്ഥലത്തേക്ക് നിങ്ങളെ മടക്കിക്കൊണ്ടു വരികയും അങ്ങനെ നിങ്ങളോടു ചെയ്തിരുന്ന വാഗ്ദാനം നിറവേറ്റുകയും ചെയ്യും.

11 നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്; തിന്മയ്‍ക്കല്ല ക്ഷേമത്തിനു വേണ്ടി, നിങ്ങള്‍ക്കൊരു ശുഭഭാവിയും പ്രത്യാശയും ഉണ്ടാകുന്നതിനുവേണ്ടിതന്നെ എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

12 അപ്പോള്‍ നിങ്ങള്‍ എന്നെ വിളിച്ചു പ്രാര്‍ഥിക്കും; ഞാന്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കും.

13 നിങ്ങള്‍ എന്നെ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യും; നിങ്ങള്‍ എന്നെ പൂര്‍ണഹൃദയത്തോടുകൂടി അന്വേഷിക്കുമ്പോള്‍ നിങ്ങള്‍ എന്നെ കാണും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു;

14 നിങ്ങള്‍ക്കു ഞാന്‍ വീണ്ടും ഐശ്വര്യസമൃദ്ധി നല്‌കും; നിങ്ങളെ ഓടിച്ച എല്ലാ സ്ഥലങ്ങളില്‍നിന്നും എല്ലാ ജനതകളില്‍നിന്നും ഞാന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും എന്നും സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; ഏതു സ്ഥലത്തുനിന്നു നിങ്ങളെ പ്രവാസികളായി അയച്ചുവോ അവിടേക്കു ഞാന്‍ നിങ്ങളെ മടക്കിവരുത്തും.

15

“സര്‍വേശ്വരന്‍ ഞങ്ങള്‍ക്കുവേണ്ടി ബാബിലോണില്‍ പ്രവാചകന്മാരെ ഉയര്‍ത്തിയിരിക്കുന്നു” എന്നു നിങ്ങള്‍ പറയുന്നുവല്ലോ.

16 ദാവീദിന്‍റെ സിംഹാസനത്തില്‍ ഇരിക്കുന്ന രാജാവിനെക്കുറിച്ചും നിങ്ങളോടുകൂടി പ്രവാസത്തിലേക്കു പോകാത്ത നിങ്ങളുടെ സ്വജനത്തെക്കുറിച്ചും സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

17

ഇതാ, ഞാന്‍ വാളും ക്ഷാമവും മഹാമാരിയും അയയ്‍ക്കുന്നു; ഞാന്‍ അവരെ തിന്നാന്‍ കൊളളാത്തവിധം ചീത്തയായിരിക്കുന്ന അത്തിപ്പഴത്തിനു തുല്യമാക്കും- സര്‍വേശ്വരനാണ് ഇതരുളിച്ചെയ്യുന്നത്.

18 വാളും ക്ഷാമവും മഹാമാരിയുംകൊണ്ടു ഞാന്‍ അവരെ വേട്ടയാടും. ഭൂമിയിലെ സകല രാജ്യങ്ങള്‍ക്കും അവര്‍ ഭയഹേതു ആയിത്തീരും; ഞാന്‍ ചിതറിച്ച സ്ഥലങ്ങളിലെല്ലാം അവര്‍ ശാപവും ഭീതിയും പരിഹാസവിഷയവും അവജ്ഞാപാത്രവുമായിത്തീരും.

19 കാരണം എന്‍റെ ദാസന്മാരായ പ്രവാചകരിലൂടെ തുടര്‍ച്ചയായി ഞാന്‍ അയച്ചുകൊടുത്ത എന്‍റെ വചനം അവര്‍ ശ്രദ്ധിച്ചില്ല എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.

20 യെരൂശലേമില്‍നിന്നു ബാബിലോണിലേക്കു ഞാന്‍ അയച്ച പ്രവാസികളായ നിങ്ങള്‍ എല്ലാവരും സര്‍വേശ്വരന്‍റെ വാക്കു കേള്‍ക്കുവിന്‍.

21 കോലായായുടെ പുത്രന്‍ ആഹാബും മയസെയായുടെ പുത്രന്‍ സിദെക്കീയായും എന്‍റെ നാമത്തില്‍ വ്യാജം പ്രവചിക്കുന്നു. അവരെക്കുറിച്ച് ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു:

22 ബാബിലോണ്‍രാജാവായ നെബുഖദ്നേസറിന്‍റെ കൈയില്‍ ഞാന്‍ അവരെ ഏല്പിക്കും; നിങ്ങളുടെ കണ്‍മുമ്പില്‍ വച്ച് അയാള്‍ അവരെ വധിക്കും. ‘ബാബിലോണ്‍രാജാവ് തീയില്‍ ഇട്ടു ചുട്ട സിദെക്കീയായെയും ആഹാബിനെയും പോലെ സര്‍വേശ്വരന്‍ നിങ്ങളെ ആക്കട്ടെ’ എന്നൊരു ശാപവാക്യം യെഹൂദായില്‍നിന്നു ബാബിലോണിലേക്കു പ്രവാസികളായി പോയവരുടെ ഇടയില്‍ പ്രചാരത്തില്‍ വരും.

23 അയല്‍ക്കാരുടെ ഭാര്യമാരുമായി വ്യഭിചാരത്തില്‍ ഏര്‍പ്പെടുകയും ഞാന്‍ കല്പിക്കാതെ എന്‍റെ നാമത്തില്‍ പ്രവചിക്കുകയും ചെയ്ത് അവര്‍ ഇസ്രായേലില്‍ തിന്മ പ്രവര്‍ത്തിച്ചുവല്ലോ; ഞാന്‍ അത് അറിയുന്നു; ഞാന്‍ തന്നെയാണ് അതിനു സാക്ഷി എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.

24

നെഹലാമ്യനായ ശെമയ്യായോടു പറയണം:

25 ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “നിന്‍റെ പേരില്‍ യെരൂശലേമിലുള്ള സകല ജനത്തിനും മയസ്യായുടെ പുത്രന്‍ സെഫന്യാക്കും എല്ലാ പുരോഹിതര്‍ക്കും നീ ഇപ്രകാരം കത്തുകള്‍ എഴുതി.

26 പ്രവചിക്കുന്ന ഏതു ഭ്രാന്തനെയും ആമത്തിലിടാനും വിലങ്ങുവയ്‍ക്കാനുമായി യെഹോയാദാ പുരോഹിതനു പകരം സര്‍വേശ്വരന്‍ നിന്നെ പുരോഹിതനാക്കി.

27 അങ്ങനെയിരിക്കെ, നിങ്ങളോടു പ്രവചിക്കുന്ന അനാഥോത്തിലെ യിരെമ്യായെ നീ എന്തുകൊണ്ടാണ് ശാസിക്കാത്തത്?

28 അയാള്‍ ബാബിലോണില്‍ ഞങ്ങളുടെ അടുക്കല്‍ ആളയച്ചു പറയുന്നു: നിങ്ങളുടെ പ്രവാസം ദീര്‍ഘമായിരിക്കും; വീടു പണിയിച്ച് അവയില്‍ പാര്‍ക്കുക; തോട്ടങ്ങള്‍ നട്ടുണ്ടാക്കി ഫലം അനുഭവിക്കുക.

29

യിരെമ്യാപ്രവാചകന്‍ കേള്‍ക്കെ സെഫന്യാപുരോഹിതന്‍ ഈ കത്തു വായിച്ചു.

30 അപ്പോള്‍ യിരെമ്യാക്കു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി.

31 “പ്രവാസികളുടെയെല്ലാം അടുക്കല്‍ ആളയച്ചു പറയുക: നെഹലാമ്യനായ ശെമയ്യായെക്കുറിച്ചു സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാന്‍ അയയ്‍ക്കാതെ ശെമയ്യാ പ്രവചിക്കുകയും നിങ്ങളെ അസത്യത്തില്‍ ആശ്രയിക്കുമാറാക്കുകയും ചെയ്തതുകൊണ്ട് അവിടുന്ന് അരുളിച്ചെയ്യുന്നു:

32 നെഹെലാമ്യനായ ശെമയ്യായെയും അവന്‍റെ സന്തതികളെയും ഞാന്‍ ശിക്ഷിക്കും; എന്‍റെ ജനത്തിന് ഞാന്‍ വരുത്താന്‍ പോകുന്ന നന്മ കാണാന്‍ അവന്‍റെ കൂട്ടത്തില്‍ ആരും ശേഷിക്കയില്ല; അവന്‍ സര്‍വേശ്വരനെതിരായി സംസാരിച്ചിരിക്കുന്നുവല്ലോ.

30

1

യിരെമ്യാക്കു സര്‍വേശ്വരനില്‍നിന്ന് ഈ അരുളപ്പാടുണ്ടായി.

2 ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നോടു സംസാരിച്ച വചനങ്ങളെല്ലാം ഒരു പുസ്തകത്തില്‍ എഴുതുക.

3 കാരണം, എന്‍റെ ജനമായ ഇസ്രായേലിന്‍റെയും യെഹൂദായുടെയും നല്ലകാലം പുനഃസ്ഥാപിക്കപ്പെടുന്ന ദിനങ്ങള്‍ വരുന്നു എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; അവരുടെ പിതാക്കന്മാര്‍ക്കു കൊടുത്ത ദേശത്തേക്കു ഞാന്‍ അവരെ മടക്കിവരുത്തും; അവര്‍ അതു കൈവശമാക്കുകയും ചെയ്യും.

4

ഇസ്രായേലിനെയും യെഹൂദായെയും കുറിച്ച് അവിടുന്ന് അരുളിച്ചെയ്യുന്ന വചനം:

5 “സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഭീതിദമായ ഒരു കരച്ചില്‍ നാം കേട്ടിരിക്കുന്നു; അതു സമാധാനത്തിന്‍റേതല്ല, ഭീതിയുടെ ശബ്ദമാണ്.

6 പുരുഷനു പ്രസവിക്കാന്‍ കഴിയുമോ എന്ന് അന്വേഷിച്ചറിയുക; ഈറ്റുനോവ് അനുഭവിക്കുന്ന സ്‍ത്രീയെപ്പോലെ പുരുഷന്മാരെല്ലാം നടുവിനു കൈകൊടുത്തിരിക്കുന്നതെന്ത്? എല്ലാ മുഖവും വിളറിയിരിക്കുന്നതും എന്തുകൊണ്ട്?

7 ഭയങ്കരമായ ഒരു ദിനം വരുന്നു. അതുപോലെ മറ്റൊരു നാള്‍ ഉണ്ടാകയില്ല. അത് ഇസ്രായേല്‍ജനത്തിനു കഷ്ടകാലംതന്നെ; എങ്കിലും അവര്‍ അതില്‍നിന്നു രക്ഷപെടും.

8 സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: അന്നു ഞാന്‍ അവരുടെ കഴുത്തിലെ നുകം ഒടിച്ചുകളയും; ബന്ധനങ്ങള്‍ പൊട്ടിക്കും; വിദേശികള്‍ അവരെ ഇനിയും അടിമകളാക്കുകയില്ല.

9 അവര്‍ തങ്ങളുടെ ദൈവമായ സര്‍വേശ്വരനെയും അവര്‍ക്കുവേണ്ടി ഞാന്‍ ഉയര്‍ത്തുന്ന ദാവീദുവംശജനായ രാജാവിനെയും സേവിക്കും.

10 സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “എന്‍റെ ദാസരായ യാക്കോബ് വംശജരേ, നിങ്ങള്‍ ഭയപ്പെടേണ്ടാ, ഇസ്രായേല്‍ജനമേ, പരിഭ്രമിക്കയും വേണ്ടാ; നിങ്ങളെ വിദൂരങ്ങളില്‍നിന്നും നിങ്ങളുടെ സന്തതികളെ പ്രവാസദേശത്തുനിന്നും രക്ഷിക്കും; യാക്കോബുവംശജര്‍ മടങ്ങിവരും, ശാന്തിയും സ്വസ്ഥതയും അവര്‍ക്കുണ്ടാകും, അവരെ ആരും ഭയപ്പെടുത്തുകയില്ല.

11 സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “നിങ്ങളെ രക്ഷിക്കാന്‍ ഞാന്‍ കൂടെയുണ്ട്; ആരുടെ ഇടയില്‍ നിങ്ങള്‍ ചെന്നു പാര്‍ത്തുവോ, ആ ജനതകളെയെല്ലാം ഞാന്‍ സമൂലം നശിപ്പിക്കും, നിങ്ങളെ ഞാന്‍ നിശ്ശേഷം നശിപ്പിക്കയില്ല; നീതിപൂര്‍വം ഞാന്‍ നിങ്ങളെ ശിക്ഷിക്കും, ശിക്ഷിക്കാതെ വിടുകയില്ല.”

12

അവിടുന്ന് അരുളിച്ചെയ്യുന്നു: “നിങ്ങളുടെ പരുക്ക് ഭേദമാവുകയില്ല, നിങ്ങളുടെ മുറിവ് ഗുരുതരമാണ്.

13 നിങ്ങള്‍ക്കുവേണ്ടി വാദിക്കാന്‍ ആരുമില്ല, നിങ്ങളുടെ മുറിവിനു മരുന്നില്ല, നിങ്ങള്‍ക്കു സൗഖ്യം ലഭിക്കുകയില്ല.

14 നിങ്ങളുടെ സ്നേഹിതരെല്ലാം നിങ്ങളെ മറന്നു, അവര്‍ നിങ്ങളെ അന്വേഷിക്കുന്നില്ല, ശത്രുവിനെപ്പോലെ ഞാന്‍ നിങ്ങളെ പ്രഹരിച്ചു, നിഷ്കരുണം ശിക്ഷിച്ചു, നിങ്ങളുടെ അപരാധം അത്ര വലുതാണ്, നിങ്ങളുടെ പാപം അസംഖ്യവുമാണല്ലോ.

15 നിങ്ങളുടെ മുറിവിനെ ചൊല്ലി എന്തിനു കരയുന്നു? നിങ്ങളുടെ വേദനയ്‍ക്കു ശമനമുണ്ടാകയില്ല; നിങ്ങളുടെ അപരാധം വലുതാണ്, നിങ്ങളുടെ പാപം അസംഖ്യമാണ്. അതുകൊണ്ട് ഞാനിതെല്ലാം നിങ്ങളോടു ചെയ്തു.

16 നിങ്ങളെ വിഴുങ്ങുന്നവര്‍ വിഴുങ്ങപ്പെടും, നിങ്ങളുടെ ശത്രുക്കളെല്ലാവരും പ്രവാസത്തിലേക്കു പോകും, നിങ്ങളെ കൊള്ളയടിക്കുന്നവര്‍ കൊള്ളയടിക്കപ്പെടും, നിങ്ങളെ കവര്‍ച്ച ചെയ്യുന്നവര്‍ കവര്‍ച്ച ചെയ്യപ്പെടും.

17 ഞാന്‍ നിങ്ങള്‍ക്കു വീണ്ടും ആരോഗ്യം നല്‌കും, നിങ്ങളുടെ മുറിവുകള്‍ ഞാന്‍ സുഖപ്പെടുത്തും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; അവര്‍ നിന്നെ ‘ഭ്രഷ്ട’ എന്നും, ‘ആരും തിരിഞ്ഞുനോക്കാത്ത സീയോന്‍’ എന്നും വിളിച്ചില്ലേ?

18

സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഇസ്രായേല്‍ജനത്തിന്‍റെ കൂടാരങ്ങളുടെ ഐശ്വര്യം ഞാന്‍ പുനഃസ്ഥാപിക്കും; അവരുടെ പാര്‍പ്പിടങ്ങളോട് എനിക്കു കരുണ തോന്നും, നഗരം കല്‍ക്കൂമ്പാരത്തില്‍ നിന്നു വീണ്ടും പണിയപ്പെടും; കൊട്ടാരം പൂര്‍വസ്ഥാനത്ത് ഉയര്‍ന്നു നില്‌ക്കും.

19 അവയില്‍നിന്നു സ്തോത്രഗാനങ്ങളും, ആഹ്ലാദിക്കുന്നവരുടെ സന്തോഷശബ്ദവും ഉയരും; ഞാന്‍ അവരെ വര്‍ധിപ്പിക്കും, അവര്‍ കുറഞ്ഞുപോകയില്ല; ഞാന്‍ അവരെ മഹത്ത്വം അണിയിക്കും, അവര്‍ നിസ്സാരരായി പോകയുമില്ല.

20 അവരുടെ മക്കള്‍ മുമ്പുണ്ടായിരുന്നതുപോലെയാകും, അവരുടെ സമൂഹം എന്‍റെ മുമ്പില്‍ സുസ്ഥാപിതമാകും, അവരെ പീഡിപ്പിക്കുന്നവരെ ഞാന്‍ ശിക്ഷിക്കും,

21 അവരുടെ പ്രഭു അവരില്‍ ഒരാളായിരിക്കും, അവരുടെ ഭരണാധികാരി അവരുടെ ഇടയില്‍നിന്നു വരും; ഞാന്‍ അവനെ എങ്കലേക്ക് അടുപ്പിക്കും; അവന്‍ എന്‍റെ അടുത്തേക്കു വരും, അവന്‍ അല്ലാതെ ആര് എന്‍റെ അടുക്കല്‍ വരാന്‍ ധൈര്യപ്പെടും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

22 നിങ്ങള്‍ എന്‍റെ ജനമായിരിക്കും, ഞാന്‍ നിങ്ങളുടെ ദൈവവുമായിരിക്കും.

23

സര്‍വേശ്വരന്‍റെ ക്രോധം എന്ന കൊടുങ്കാറ്റ് ഉഗ്രമായ ചുഴലിക്കാറ്റായി പുറപ്പെട്ടിരിക്കുന്നു; ദുഷ്ടന്‍റെ തലയില്‍ അത് ആഞ്ഞടിക്കും.

24 സര്‍വേശ്വരന്‍റെ ഹിതം പൂര്‍ണമായി നടപ്പാക്കുന്നതുവരെ അവിടുത്തെ ഉഗ്രകോപം ശമിക്കുകയില്ല; വരും കാലത്തു നിങ്ങള്‍ അതു മനസ്സിലാക്കും.

31

1

സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: അക്കാലത്ത് ഇസ്രായേലിലെ എല്ലാ കുടുംബങ്ങളുടെയും ദൈവം ഞാനായിരിക്കും; അവര്‍ എന്‍റെ ജനമായിരിക്കും.

2 സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “വാളിനെ അതിജീവിച്ച ജനം മരുഭൂമിയില്‍ കാരുണ്യം കണ്ടെത്തി, ഇസ്രായേല്‍ജനം വിശ്രമം ആഗ്രഹിച്ചപ്പോള്‍,

3 ഞാന്‍ വിദൂരത്തുനിന്ന് അവര്‍ക്കു പ്രത്യക്ഷനായി, ശാശ്വതസ്നേഹത്താല്‍ ഞാന്‍ നിങ്ങളെ സ്നേഹിച്ചു, അതുകൊണ്ട് നിങ്ങളോടുള്ള എന്‍റെ വിശ്വസ്തത അചഞ്ചലമായി തുടരുന്നു.

4 കന്യകയായ ഇസ്രായേലേ, ഞാന്‍ നിന്നെ വീണ്ടും പണിയും, നീ പണിയപ്പെടുകയും ചെയ്യും;

5 തപ്പുകളെടുത്ത് അലംകൃതയായി ആനന്ദഘോഷക്കാരോടൊത്തു നീ നൃത്തം ചെയ്യും. ശമര്യയില്‍ നിങ്ങള്‍ വീണ്ടും മുന്തിരിത്തോട്ടം നട്ടുണ്ടാക്കും; കൃഷിക്കാര്‍ കൃഷിചെയ്തു ഫലമനുഭവിക്കും;

6 എഴുന്നേല്‌ക്കൂ, നമുക്കു സീയോനില്‍, നമ്മുടെ ദൈവമായ സര്‍വേശ്വരന്‍റെ സന്നിധിയിലേക്കു പോകാം എന്നു കാവല്‌ക്കാര്‍ എഫ്രയീംമലനാട്ടില്‍ വിളിച്ചു പറയുന്ന ദിനം വരുന്നു.”

7

സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “യാക്കോബിനുവേണ്ടി സന്തോഷഗാനം ഉറക്കെ പാടുവിന്‍, ജനതകളുടെ തലവനായ ഇസ്രായേലിന് ആര്‍പ്പുവിളിക്കുവിന്‍; സര്‍വേശ്വരന്‍ തന്‍റെ ജനത്തെ രക്ഷിച്ചിരിക്കുന്നു, ഇസ്രായേലിലെ ശേഷിപ്പിനെത്തന്നെ എന്നു പ്രഘോഷിച്ചു സ്തുതി പാടുവിന്‍.

8 ഉത്തരദേശത്തുനിന്നു ഞാന്‍ അവരെ കൂട്ടിക്കൊണ്ടു വരും, ഭൂമിയുടെ അതിര്‍ത്തികളില്‍നിന്ന് അവരെ ഒരുമിച്ചുകൂട്ടും. അവരോടൊപ്പം മുടന്തരും ഗര്‍ഭിണികളും ഈറ്റുനോവിലായിരിക്കുന്നവരും ഉണ്ടായിരിക്കും; ഒരു വലിയ കൂട്ടമായി അവര്‍ മടങ്ങിവരും.

9 കരഞ്ഞുകൊണ്ട് അവര്‍ വരും; ആശ്വസിപ്പിച്ചുകൊണ്ടു ഞാന്‍ അവരെ നയിക്കും, നീര്‍ത്തോടുകള്‍ക്കരികെ, നേര്‍പാതകളിലൂടെ ഞാന്‍ അവരെ വഴി നടത്തും; അവര്‍ ഇടറിവീഴുകയില്ല. ഇസ്രായേലിനു ഞാന്‍ പിതാവാണ്; എഫ്രയീം എന്‍റെ ആദ്യജാതനും.

10

“ജനതകളേ, സര്‍വേശ്വരന്‍റെ വാക്കു കേള്‍ക്കുവിന്‍, വിദൂരത്തുള്ള ദ്വീപുകളില്‍ അവ പ്രഘോഷിക്കുവിന്‍, ഇസ്രായേലിനെ ചിതറിച്ചവന്‍ അതിനെ ഒരുമിച്ചുകൂട്ടുകയും അതിനെ ഇടയന്‍ ആട്ടിന്‍പറ്റത്തെ എന്നപോലെ സൂക്ഷിക്കുകയും ചെയ്യും.

11 സര്‍വേശ്വരന്‍ ഇസ്രായേലിനെ വീണ്ടെടുത്തിരിക്കുന്നു. അവനെക്കാള്‍ ബലമേറിയവരുടെ കരങ്ങളില്‍നിന്നു വിമോചിപ്പിച്ചിരിക്കുന്നു.

12 സീയോന്‍മലയില്‍ വന്ന് അവര്‍ ഉച്ചത്തില്‍ പാടും; സര്‍വേശ്വരന്‍റെ വിശിഷ്ടദാനങ്ങളാകുന്ന ധാന്യം, വീഞ്ഞ്, എണ്ണ, കുഞ്ഞാടുകള്‍, കാളക്കുട്ടികള്‍ എന്നിവയാല്‍ അവര്‍ സന്തുഷ്ടരാകും; അവരുടെ പ്രാണന്‍ ജലസമൃദ്ധമായ തോട്ടംപോലെ ആയിരിക്കും; ഇനി അവര്‍ ക്ഷീണിച്ചു പോകയില്ല.

13 അന്ന് കന്യകമാര്‍ നൃത്തം ചെയ്ത് ആനന്ദിക്കും, യുവാക്കന്മാരും വൃദ്ധരും ഒരുപോലെ സന്തോഷിക്കും; അവരുടെ വിലാപം ഞാന്‍ സന്തോഷമായി മാറ്റും; അവരെ ഞാന്‍ ആശ്വസിപ്പിക്കും; ദുഃഖത്തിനു പകരം സന്തോഷം നല്‌കും.

14 ഞാന്‍ പുരോഹിതന്മാരെ സമൃദ്ധികൊണ്ടു സംതൃപ്തരാക്കും; എന്‍റെ നന്മകളാല്‍ എന്‍റെ ജനത്തിനു തൃപ്തിവരും” എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

15

സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: രാമയില്‍ ഒരു ശബ്ദം കേള്‍ക്കുന്നു; വിലാപത്തിന്‍റെയും അതിവേദനയുടെയും കരച്ചില്‍. റാഹേല്‍ തന്‍റെ മക്കളെ ചൊല്ലി വിലപിക്കുന്നു; അവര്‍ ആരും അവശേഷിക്കായ്കയാല്‍ അവള്‍ ആശ്വാസംകൊള്ളാന്‍ വിസമ്മതിക്കുന്നു.

16 സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “കരച്ചില്‍ നിര്‍ത്തി നിന്‍റെ ശബ്ദവും കണ്ണുനീരൊഴുക്കാതെ നിന്‍റെ കണ്ണുകളും സൂക്ഷിക്കുക; നിന്‍റെ പ്രവൃത്തിക്കു പ്രതിഫലം ലഭിക്കും; ശത്രുവിന്‍റെ ദേശത്തുനിന്ന് അവര്‍ മടങ്ങിവരും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

17 നിന്‍റെ ഭാവിയെക്കുറിച്ചു പ്രത്യാശിക്കാന്‍ വകയുണ്ടെന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; നിന്‍റെ മക്കള്‍ സ്വദേശത്തേക്കു മടങ്ങിവരും.

18 “എഫ്രയീമിന്‍റെ വിലാപം ഞാന്‍ കേട്ടിരിക്കുന്നു; അങ്ങു ഞങ്ങളെ ശിക്ഷിച്ചു. നുകം വയ്‍ക്കാത്ത കാളക്കുട്ടിക്കു നല്‌കുന്നതുപോലെയുള്ള ശിക്ഷണം അങ്ങ് ഞങ്ങള്‍ക്കു നല്‌കി; പുനഃസ്ഥാപിക്കപ്പെടേണ്ടതിന് ഞങ്ങളെ മടക്കിക്കൊണ്ടു വരണമേ. ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ അവിടുന്നാണല്ലോ.

19 ഞങ്ങള്‍ വഴിതെറ്റിപ്പോയിരുന്നു എങ്കിലും പിന്നീടു ഞങ്ങള്‍ പശ്ചാത്തപിച്ചു; തെറ്റു മനസ്സിലാക്കിക്കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ മാറത്തടിച്ചു കരഞ്ഞു; യൗവനത്തിലെ അപമാനം ഇപ്പോഴും ചുമക്കുന്നതുകൊണ്ടു ഞങ്ങള്‍ നാണിച്ചും ലജ്ജിച്ചുമിരിക്കുന്നു.

20 എഫ്രയീം എന്‍റെ വാത്സല്യപുത്രനല്ലേ? അവന്‍ എന്‍റെ ഓമനക്കുട്ടനല്ലേ? അവനെതിരെ സംസാരിക്കുമ്പോഴെല്ലാം ഞാന്‍ അവനെ ഓര്‍ക്കുന്നു; എന്‍റെ ഹൃദയം അവനുവേണ്ടി തുടിക്കുന്നു; ഞാന്‍ തീര്‍ച്ചയായും അവനോടു കരുണ കാണിക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

21

വഴിയില്‍ നിനക്കുവേണ്ടി അടയാളം വയ്‍ക്കുക; കൈചൂണ്ടികള്‍ നാട്ടുക; നീ കടന്നുപോയ രാജവീഥി നന്നായി മനസ്സില്‍ ഉറപ്പിക്കുക; ഇസ്രായേല്‍കന്യകയേ, മടങ്ങിവരിക. നിന്‍റെ പട്ടണങ്ങളിലേക്കു കടന്നു വരിക.

22 അവിശ്വസ്തയായ മകളേ, നീ എത്രകാലം അലഞ്ഞു നടക്കും? സര്‍വേശ്വരന്‍ ഭൂമിയില്‍ ഒരു പുതിയ സൃഷ്‍ടി നടത്തിയിരിക്കുന്നു; സ്‍ത്രീ പുരുഷനെ സംരക്ഷിക്കുന്നു.

23

ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “യെഹൂദ്യയിലും അതിലെ നഗരങ്ങളിലുമുള്ളവര്‍ക്ക് ഞാന്‍ വീണ്ടും ഐശ്വര്യസമൃദ്ധി നല്‌കുമ്പോള്‍ ഈ വാക്കുകള്‍ അവര്‍ ഒരിക്കല്‍കൂടി ഉച്ചരിക്കും. ‘വിശുദ്ധപര്‍വതമേ, നീതിനിവാസമേ, സര്‍വേശ്വരന്‍ നിന്നെ അനുഗ്രഹിക്കട്ടെ.’

24 യെഹൂദ്യയിലും അതിലെ നഗരങ്ങളിലുമുള്ള കര്‍ഷകരും ഇടയന്മാരും ഒരുമിച്ചു പാര്‍ക്കും.

25 തളര്‍ന്നിരിക്കുന്നവര്‍ക്കു ഞാന്‍ ഉന്മേഷം നല്‌കും; വിശന്നു ക്ഷീണിച്ചിരിക്കുന്നവര്‍ക്കു ഞാന്‍ സംതൃപ്തി നല്‌കും.

26 അപ്പോള്‍ ഞാന്‍ ഉന്മേഷത്തോടെ ഉണര്‍ന്നു; എന്‍റെ നിദ്ര എനിക്കു സുഖകരമായിരുന്നു.

27

ഇസ്രായേല്‍ഗൃഹത്തിലും യെഹൂദാഗൃഹത്തിലും മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും സന്താനപുഷ്‍ടി നല്‌കുന്ന കാലം വരുന്നു എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

28 പിഴുതുകളയാനും ഇടിച്ചുതകര്‍ക്കാനും മറിച്ചുകളയാനും നശിപ്പിക്കാനും അനര്‍ഥം വരുത്താനും ഞാന്‍ ശ്രദ്ധിച്ചതുപോലെ പണിയാനും നടുവാനും കൂടെ ശ്രദ്ധിക്കും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.

29 “പിതാക്കന്മാര്‍ പച്ച മുന്തിരിങ്ങാ തിന്നതുകൊണ്ട് മക്കളുടെ പല്ലു പുളിച്ചു” എന്നവര്‍ ആ നാളുകളില്‍ പറയുകയില്ല.

30 ഓരോരുത്തനും അവനവന്‍റെ അകൃത്യത്താല്‍ മരിക്കും, പച്ചമുന്തിരിങ്ങാ തിന്നവന്‍റെ പല്ലേ പുളിക്കുകയുള്ളൂ.

31

സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഇസ്രായേല്‍ഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയ ഉടമ്പടി ചെയ്യുന്ന കാലം വരുന്നു.

32 ഈജിപ്തില്‍നിന്നു ഞാന്‍ അവരെ കൈ പിടിച്ചു നടത്തിക്കൊണ്ടു വന്നപ്പോള്‍ അവരുടെ പിതാക്കന്മാരോടു ചെയ്ത ഉടമ്പടിപോലെയല്ല; ഞാന്‍ അവരുടെ ഭര്‍ത്താവായിരുന്നിട്ടും എന്‍റെ ഉടമ്പടി അവര്‍ ലംഘിച്ചു എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

33 ഇസ്രായേല്‍ഗൃഹത്തോടു ഞാന്‍ ചെയ്യുന്ന പുതിയ ഉടമ്പടി ഇതാകുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; ഞാന്‍ എന്‍റെ നിയമം അവരുടെ ഉള്ളില്‍ നിക്ഷേപിക്കും; ഞാന്‍ അത് അവരുടെ ഹൃദയങ്ങളില്‍ എഴുതും; ഞാന്‍ അവരുടെ ദൈവവും അവര്‍ എന്‍റെ ജനവുമായിരിക്കും.

34 മേലില്‍ ആരും ‘ദൈവത്തെ അറിയുക’ എന്നു തന്‍റെ അയല്‍ക്കാരനെയും സഹോദരനെയും പഠിപ്പിക്കേണ്ടി വരികയില്ല; ഏറ്റവും ചെറിയവര്‍ മുതല്‍ വലിയവര്‍വരെ എല്ലാവരും എന്നെ അറിയും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; ഞാന്‍ അവരുടെ അകൃത്യം ക്ഷമിക്കും; അവരുടെ പാപം ഞാന്‍ ഓര്‍ക്കുകയുമില്ല.

35

പകല്‍ പ്രകാശിക്കാന്‍ സൂര്യനെയും രാത്രിയില്‍ പ്രകാശിക്കാന്‍ ചന്ദ്രനക്ഷത്രാദികളുടെ നിശ്ചിത ക്രമത്തെയും നല്‌കുന്നവനും തിരമാലകള്‍ അലറുംവിധം സമുദ്രത്തെ ഇളക്കുന്നവനും സര്‍വശക്തനായ സര്‍വേശ്വരന്‍ എന്നു നാമമുള്ളവനുമായ അവിടുന്ന് അരുളിച്ചെയ്യുന്നു:

36 ഈ നിശ്ചിതക്രമം എന്‍റെ മുമ്പില്‍നിന്നു മാറിപ്പോയാല്‍ മാത്രമേ, ഇസ്രായേലിന്‍റെ സന്തതികള്‍ ഒരു ജനത എന്ന നിലയില്‍ നിത്യമായി എന്‍റെ മുമ്പില്‍ ഇല്ലാതെയായിപ്പോകയുള്ളൂ എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.

37 മുകളില്‍ ആകാശത്തെ അളക്കാനും താഴെ ഭൂമിയുടെ അടിസ്ഥാനം കണ്ടെത്താനും കഴിയുമോ? എങ്കില്‍ മാത്രമേ, ഇസ്രായേലിന്‍റെ സന്തതികളെ അവരുടെ പ്രവൃത്തികള്‍ നിമിത്തം തള്ളിക്കളയുകയുള്ളൂ എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.

38

ഹനനേല്‍ ഗോപുരംമുതല്‍ മൂലക്കവാടം വരെ സര്‍വേശ്വരനുവേണ്ടി നഗരം പുനര്‍നിര്‍മിക്കപ്പെടുന്ന കാലം വരുന്നു എന്ന് അവിടുന്നു അരുളിച്ചെയ്യുന്നു.

39 നഗരാതിര്‍ത്തി ഗാരേബ് കുന്നുവരെ എത്തിയശേഷം ഗോവഹിലേക്കു തിരിയും. ശവങ്ങളുടെയും ചാരത്തിന്‍റെയും താഴ്വര മുഴുവനും കിദ്രോന്‍ അതിരുവരെയുള്ള വയലുകളും കിഴക്ക് അശ്വകവാടത്തിന്‍റെ മൂലവരെയുള്ള സ്ഥലവും സര്‍വേശ്വരനു വേര്‍തിരിക്കപ്പെടും; നഗരത്തെ ഇനി ആരും ഒരിക്കലും ഇടിച്ചു കളയുകയോ നശിപ്പിക്കയോ ഇല്ല.

32

1

യെഹൂദാരാജാവായ സിദെക്കീയായുടെ ഭരണത്തിന്‍റെ പത്താം വര്‍ഷം, അതായത് നെബുഖദ്നേസര്‍രാജാവിന്‍റെ ഭരണത്തിന്‍റെ പതിനെട്ടാം വര്‍ഷം യിരെമ്യാക്കു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി.

2 അന്നു ബാബിലോണ്‍രാജാവിന്‍റെ സൈന്യം യെരൂശലേമിനെ ഉപരോധിച്ചിരുന്നു; യിരെമ്യാപ്രവാചകന്‍ യെഹൂദാരാജാവിന്‍റെ കൊട്ടാരത്തിലെ കാരാഗൃഹത്തിലുമായിരുന്നു. യെഹൂദാരാജാവായ സിദെക്കീയാ “യിരെമ്യായേ, നീ ഇങ്ങനെ എന്തിനു പ്രവചിച്ചു” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തെ തടവിലാക്കി.

3 സര്‍വേശ്വരന്‍ ഇങ്ങനെ അരുളിച്ചെയ്യുന്നു: “ഈ നഗരത്തെ ബാബിലോണ്‍രാജാവിന്‍റെ കൈയില്‍ ഏല്പിച്ചിരിക്കുന്നു. അയാള്‍ അതു കീഴടക്കും.

4 ബാബിലോണ്യരുടെ പിടിയില്‍നിന്നു സിദെക്കീയാ രക്ഷപെടുകയില്ല; ബാബിലോണ്‍ രാജാവിന്‍റെ കൈയില്‍ തീര്‍ച്ചയായും ഏല്പിക്കപ്പെടും; അവനെ അഭിമുഖമായി കാണുകയും സംസാരിക്കുകയും ചെയ്യും;

5 അവന്‍ സിദെക്കീയായെ ബാബിലോണിലേക്കു കൊണ്ടുപോകും. ഞാന്‍ അവനെ സന്ദര്‍ശിക്കുന്നതുവരെ അവന്‍ അവിടെ ആയിരിക്കും. ബാബിലോണ്യര്‍ക്ക് എതിരെ യുദ്ധം ചെയ്താലും നിങ്ങള്‍ ജയിക്കുകയില്ല എന്നു നീ എന്തിനു പ്രവചിച്ചു എന്നു പറഞ്ഞുകൊണ്ടാണ് യെഹൂദാരാജാവായ സിദെക്കീയാ യിരെമ്യായെ തടവിലാക്കിയത്.”

6

യിരെമ്യാ പറഞ്ഞു: സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു.

7 “നിന്‍റെ പിതൃസഹോദരനായ ശല്ലൂമിന്‍റെ പുത്രന്‍ ഹനമേല്‍ നിന്‍റെ അടുക്കല്‍ വന്ന് അനാഥോത്തിലുള്ള എന്‍റെ നിലം വാങ്ങുക; അതു വിലകൊടുത്തു വീണ്ടെടുക്കാനുള്ള അവകാശം നിന്‍റേതാണ്” എന്നു പറയും.

8 അപ്പോള്‍ സര്‍വേശ്വരന്‍ അരുളിച്ചെയ്തതുപോലെ എന്‍റെ പിതൃസഹോദരനായ ശല്ലൂമിന്‍റെ പുത്രന്‍ ഹനമേല്‍, കാവല്‌ക്കാരുടെ അങ്കണത്തില്‍ എന്‍റെ അടുക്കല്‍ വന്ന് എന്നോടു പറഞ്ഞു: “ബെന്യാമീന്‍ ദേശത്ത് അനാഥോത്തിലുള്ള എന്‍റെ നിലം വാങ്ങുക; അതു വീണ്ടെടുത്തു കൈവശം വയ്‍ക്കാനുള്ള അവകാശം നിനക്കുള്ളതാണല്ലോ; നീ അതു വാങ്ങണം.” ഇതു സര്‍വേശ്വരന്‍റെ അരുളപ്പാടാണെന്ന് എനിക്കു മനസ്സിലായി.

9

അങ്ങനെ എന്‍റെ പിതൃസഹോദരപുത്രന് പതിനേഴു ശേക്കെല്‍ വെള്ളി തൂക്കിക്കൊടുത്ത് അനാഥോത്തിലെ ആ നിലം ഞാന്‍ വാങ്ങി.

10 ആധാരം എഴുതി മുദ്രവച്ച് സാക്ഷികള്‍ ഒപ്പു വച്ചശേഷം അതിന്‍റെ വിലയായ വെള്ളി തുലാസില്‍വച്ചു തൂക്കിക്കൊടുത്തു.

11 വ്യവസ്ഥകള്‍ അടങ്ങുന്ന മുദ്രവച്ച ആധാരവും അതിന്‍റെ പകര്‍പ്പും ഞാന്‍ സ്വീകരിച്ചു. ആധാരം ഞാന്‍ നേരിയായുടെ പുത്രനും മയസയായുടെ പൗത്രനുമായ ബാരൂക്കിനെ

12 എന്‍റെ പിതൃസഹോദരപുത്രന്‍ ഹനമേലിന്‍റെയും ആധാരത്തില്‍ ഒപ്പുവച്ച സാക്ഷികളുടെയും കാവല്‌ക്കാരുടെ അങ്കണത്തിലുണ്ടായിരുന്ന സകല യെഹൂദന്മാരുടെയും സാന്നിധ്യത്തില്‍ വച്ച് ഏല്പിച്ചു.

13 അവരുടെ സാന്നിധ്യത്തില്‍ ബാരൂക്കിനോടു പറഞ്ഞു:

14 “ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: മുദ്രവച്ചതും മുദ്രവയ്‍ക്കാത്തതുമായ പ്രമാണങ്ങള്‍ എടുത്ത് ഏറെക്കാലം സുരക്ഷിതമായിരിക്കാന്‍ ഒരു മണ്‍പാത്രത്തില്‍ വയ്‍ക്കുക.”

15 ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഈ ദേശത്ത് ഇനിയും വീടുകളും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ക്രയവിക്രയം ചെയ്യും.”

16

നേരിയായുടെ പുത്രന്‍ ബാരൂക്കിന്‍റെ കൈയില്‍ ആധാരം ഏല്പിച്ചതിനുശേഷം സര്‍വേശ്വരനോടു ഞാന്‍ ഇപ്രകാരം പ്രാര്‍ഥിച്ചു:

17 “ദൈവമായ സര്‍വേശ്വരാ, മഹാശക്തിയാലും ബലമുള്ള കരത്താലും ആകാശവും ഭൂമിയും സൃഷ്‍ടിച്ചത് അവിടുന്നാകുന്നു; അവിടുത്തേക്ക് ഒന്നും അസാധ്യമല്ല.

18 ആയിരം തലമുറകളോട് അവിടുന്ന് അചഞ്ചലസ്നേഹം കാണിക്കുന്നു; എങ്കിലും പിതാക്കന്മാരുടെ അകൃത്യത്തിനു മക്കളോടു പകരം വീട്ടുന്നു. വലിയവനും ബലവാനുമായ ദൈവമേ, അവിടുത്തെ നാമം സര്‍വശക്തനായ സര്‍വേശ്വരന്‍ എന്നാണല്ലോ.

19 അവിടുന്ന് ആലോചനയില്‍ വലിയവനും പ്രവൃത്തിയില്‍ ശക്തനുമാണ്; മനുഷ്യരുടെ എല്ലാ പ്രവൃത്തികളും അങ്ങു കാണുന്നു; ഓരോരുത്തരും അവനവന്‍റെ നടപ്പിനും പ്രവൃത്തികള്‍ക്കും അനുസൃതമായി പ്രതിഫലം നല്‌കുകയും ചെയ്യുന്നു.

20 ഈജിപ്തിലും ഇസ്രായേലിലും സര്‍വ മനുഷ്യരാശിയുടെ ഇടയിലും ഇന്നോളം അടയാളങ്ങളും അദ്ഭുതങ്ങളും കാണിച്ച് അവിടുന്നു പ്രസിദ്ധനായി.

21 സ്വന്തം ജനമായ ഇസ്രായേലിനെ അടയാളങ്ങളാലും അദ്ഭുതങ്ങളാലും ബലമുള്ള കരത്താലും നീട്ടിയ ഭുജത്താലും ഭീതിദമായ പ്രവൃത്തികളാലും ഈജിപ്തില്‍നിന്ന് അങ്ങു വിമോചിപ്പിച്ചു.

22 അവരുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്നതും പാലും തേനും ഒഴുകുന്നതുമായ ഈ ദേശം അങ്ങ് അവര്‍ക്കു കൊടുത്തു.

23 അവര്‍ പ്രവേശിച്ച് ഈ സ്ഥലം കൈവശപ്പെടുത്തി; എങ്കിലും അവര്‍ അങ്ങയുടെ വാക്കു കേട്ടനുസരിക്കുകയോ അവിടുത്തെ നിയമം പാലിക്കുകയോ ചെയ്തില്ല; അങ്ങു കല്പിച്ചതൊന്നും അവര്‍ അനുസരിച്ചതുമില്ല. അതുകൊണ്ടായിരുന്നു ഈ അനര്‍ഥമെല്ലാം അങ്ങ് അവരുടെമേല്‍ വരുത്തിയത്.

24 നഗരം പിടിച്ചടക്കുന്നതിനുള്ള ഉപരോധത്തിനുവേണ്ടി ഇതാ മണ്‍കൂനകള്‍ ഉയര്‍ന്നുവരുന്നു; വാളും ക്ഷാമവും മഹാമാരിയും നിമിത്തം നഗരം അതിനെതിരെ യുദ്ധം ചെയ്യുന്ന ബാബിലോണ്യരുടെ കൈയില്‍ ഏല്പിക്കപ്പെട്ടിരിക്കുന്നു; അവിടുന്ന് അരുളിച്ചെയ്ത കാര്യങ്ങള്‍ എല്ലാം നിറവേറിയിരിക്കുന്നു; അവിടുന്ന് ഇതെല്ലാം കാണുന്നുണ്ടല്ലോ.

25 നഗരം ബാബിലോണിന്‍റെ കൈയില്‍ ഏല്പിക്കപ്പെട്ടിട്ടും സാക്ഷികളുടെ സാന്നിധ്യത്തില്‍ നിലം വിലയ്‍ക്കു വാങ്ങാന്‍ സര്‍വേശ്വരാ, അങ്ങു കല്പിച്ചിരിക്കുന്നുവല്ലോ.”

26

അവിടുത്തെ അരുളപ്പാട് യിരെമ്യാക്കുണ്ടായി:

27 “ഞാന്‍ സകല മനുഷ്യരുടെയും ദൈവമായ സര്‍വേശ്വരനാകുന്നു; എനിക്ക് അസാധ്യമായി വല്ലതുമുണ്ടോ?

28 ഞാന്‍ ഈ നഗരത്തെ ബാബിലോണ്യരുടെ കൈയില്‍, ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍രാജാവിന്‍റെ കൈയില്‍തന്നെ ഏല്പിക്കും; അവന്‍ അതു കൈവശമാക്കും.

29 ഈ നഗരത്തിനെതിരെ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന ബാബിലോണ്യര്‍ വന്നു നഗരത്തിനു തീ വയ്‍ക്കും; എന്നെ പ്രകോപിപ്പിക്കുന്നതിനുവേണ്ടി മട്ടുപ്പാവുകളുടെ മുകളില്‍വച്ചു ബാലിനു ധൂപമര്‍പ്പിക്കുകയും അന്യദേവന്മാര്‍ക്കു പാനീയബലി അര്‍പ്പിക്കുകയും ചെയ്യുന്ന എല്ലാ ഭവനങ്ങളോടും കൂടി അതിനെ ചുട്ടെരിക്കും.

30 ഇസ്രായേല്യരും യെഹൂദ്യരും ബാല്യംമുതല്‍ എനിക്ക് അനിഷ്ടമായതു ചെയ്തു; ഇസ്രായേല്‍ജനം അവരുടെ പ്രവൃത്തികള്‍കൊണ്ട് എന്നെ പ്രകോപിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.

31 ഈ നഗരം പണിത ദിനംമുതല്‍ ഇന്നുവരെ അത് എന്നില്‍ കോപവും ക്രോധവും ജ്വലിപ്പിച്ചു; എന്‍റെ കണ്‍മുമ്പില്‍നിന്നു ഞാന്‍ അതിനെ നീക്കിക്കളയും.

32 ഇസ്രായേല്യരും യെഹൂദ്യരും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും യെഹൂദ്യയിലെയും യെരൂശലേമിലെയും നിവാസികളും തിന്മ പ്രവര്‍ത്തിച്ച് എന്നെ പ്രകോപിപ്പിച്ചിരിക്കുന്നതു കൊണ്ടുതന്നെ.

33 അവര്‍ തങ്ങളുടെ മുഖം എങ്കലേക്കു തിരിക്കാതെ പുറംതിരിഞ്ഞിരിക്കുന്നു; നിരന്തരം ഞാന്‍ അവരെ പഠിപ്പിച്ചെങ്കിലും എന്‍റെ പ്രബോധനം സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ല.

34 എന്‍റെ നാമത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ആലയത്തെ അശുദ്ധമാക്കുന്നതിനുവേണ്ടി അവര്‍ അതില്‍ മ്ലേച്ഛ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു.

35 തങ്ങളുടെ പുത്രീപുത്രന്മാരെ മോലെക്ക് ദേവനു ഹോമിക്കാന്‍ അവര്‍ ബെന്‍-ഹിന്നോം താഴ്വരയില്‍ ബാലിനു പൂജാഗിരികള്‍ പണിതു; അതു ഞാന്‍ കല്പിച്ചതല്ല. അങ്ങനെ എന്‍റെ മനസ്സില്‍ തോന്നിയിട്ടുമില്ല; ഈ മ്ലേച്ഛത പ്രവര്‍ത്തിച്ചതുമൂലം യെഹൂദായെക്കൊണ്ടു പാപം ചെയ്യിച്ചു.

36

യുദ്ധവും ക്ഷാമവും മഹാമാരിയും മൂലം ബാബിലോണ്‍രാജാവിന്‍റെ കൈയില്‍ ഏല്പിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്ന ഈ നഗരത്തെക്കുറിച്ചു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു:

37 “ഞാന്‍ എന്‍റെ കോപത്തിലും ക്രോധത്തിലും ഉഗ്രരോഷത്തിലും ചിതറിച്ചിരിക്കുന്ന ദേശങ്ങളില്‍ നിന്നെല്ലാം അവരെ ഈ സ്ഥലത്തു കൂട്ടിവരുത്തും; അവര്‍ സുരക്ഷിതരായി ഇവിടെ പാര്‍ക്കാന്‍ ഇടയാകും.

38 അവര്‍ എന്‍റെ ജനവും ഞാന്‍ അവരുടെ ദൈവവുമായിരിക്കും.

39 അവര്‍ക്കും അവര്‍ക്കുശേഷം അവരുടെ മക്കള്‍ക്കും നന്മ ഉണ്ടാകാന്‍വേണ്ടി നിത്യമായി എന്നോടു ഭയഭക്തി കാട്ടുവാന്‍ ഏകമനസ്സും ഏകമാര്‍ഗവും ഞാന്‍ അവര്‍ക്കു നല്‌കും.

40 ഞാന്‍ അവരോട് ഒരു ശാശ്വത ഉടമ്പടി ചെയ്യും; അവര്‍ക്കു നന്മ ചെയ്യുന്നതില്‍നിന്നു ഞാന്‍ പിന്തിരിയുകയില്ല. അവര്‍ എന്നില്‍നിന്നു മാറിപ്പോകാതിരിക്കാന്‍ എന്നോടുള്ള ഭക്തി അവരുടെ ഉള്ളില്‍ നിക്ഷേപിക്കും.

41 അവര്‍ക്കു നന്മ ചെയ്യുന്നതില്‍ ഞാന്‍ സന്തോഷിക്കും; പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടുംകൂടി വിശ്വസ്തമായി ഞാന്‍ അവരെ ഈ ദേശത്തു നട്ടു വളര്‍ത്തും.”

42

സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഈ ജനത്തിന്‍റെമേല്‍ ഇത്ര വലിയ അനര്‍ഥം വരുത്തിവച്ചതുപോലെ ഞാന്‍ വാഗ്ദാനം ചെയ്യുന്ന സകല നന്മകളും അവരുടെമേല്‍ വര്‍ഷിക്കും.

43 മനുഷ്യരും മൃഗങ്ങളും ഇല്ലാത്ത ശൂന്യദേശമെന്നും അതു ബാബിലോണ്യരുടെ കൈയില്‍ ഏല്പിക്കപ്പെട്ടിരിക്കുന്നു എന്നും നിങ്ങള്‍ പറയുന്ന ഈ സ്ഥലത്തു നിങ്ങള്‍ വയലുകള്‍ വാങ്ങും.

44 അവര്‍ ബെന്യാമീന്‍ദേശത്തും യെരൂശലേമിനു ചുറ്റുമുള്ള സ്ഥലങ്ങളിലും യെഹൂദാനഗരങ്ങളിലും മലനാട്ടിലെ പട്ടണങ്ങളിലും താഴ്വരയിലെയും നെഗബിലെയും പട്ടണങ്ങളിലും നിലങ്ങള്‍ വിലയ്‍ക്കു വാങ്ങി, ആധാരമെഴുതി, സാക്ഷികളുടെ സാന്നിധ്യത്തില്‍ ഒപ്പിട്ടു മുദ്രവയ്‍ക്കും; അവര്‍ക്ക് ഐശ്വര്യം വീണ്ടും നല്‌കുമെന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

33

1

യിരെമ്യാ കാവല്‌ക്കാരുടെ അങ്കണത്തില്‍ തടവുകാരനായിരിക്കുമ്പോള്‍ സര്‍വേശ്വരന്‍റെ അരുളപ്പാട് വീണ്ടും ഉണ്ടായി.

2 “ഭൂമിയെ സൃഷ്‍ടിച്ചവനും അതിനു രൂപം നല്‌കി ഉറപ്പിക്കുകയും ചെയ്ത സര്‍വേശ്വരന്‍, സര്‍വേശ്വരന്‍ എന്നു നാമമുള്ളവന്‍ തന്നെ അരുളിച്ചെയ്യുന്നു:

3 “എന്നെ വിളിച്ചപേക്ഷിക്കുക, ഞാന്‍ ഉത്തരമരുളും; നീ അറിഞ്ഞിട്ടില്ലാത്ത ശ്രേഷ്ഠവും രഹസ്യവുമായ കാര്യങ്ങള്‍ നിന്നോടു പറയും.

4 ഉപരോധത്തിനുവേണ്ടി ശത്രുക്കള്‍ നിര്‍മിച്ച മണ്‍കൂനകളെയും വാളിനെയും ചെറുക്കാന്‍ വേണ്ടി പൊളിച്ചെടുത്ത ഈ നഗരത്തിലെ വീടുകളെയും യെഹൂദാരാജാവിന്‍റെ കൊട്ടാരങ്ങളെയും കുറിച്ച് ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

5 എന്‍റെ കോപത്തിലും ക്രോധത്തിലും ഞാന്‍ നശിപ്പിക്കാന്‍ പോകുന്ന മനുഷ്യരുടെ മൃതശരീരങ്ങള്‍ക്കൊണ്ടു തങ്ങളെ എതിര്‍ക്കുന്നവരുടെ ഭവനങ്ങള്‍ നിറയ്‍ക്കാന്‍ ബാബിലോണ്യര്‍ വരുന്നു; അവര്‍ ചെയ്ത സകല തിന്മപ്രവൃത്തികളും നിമിത്തം ഈ നഗരത്തില്‍നിന്ന് എന്‍റെ മുഖം ഞാന്‍ തിരിച്ചിരിക്കുന്നു.

6 എങ്കിലും ഈ നഗരത്തിനു ഞാന്‍ ആരോഗ്യവും സൗഖ്യവും നല്‌കും; ഞാന്‍ അവരെ സുഖപ്പെടുത്തും. അവര്‍ക്കു സമൃദ്ധമായ ഐശ്വര്യവും സുരക്ഷിതത്വവും ഞാന്‍ നല്‌കും.

7 യെഹൂദായ്‍ക്കും ഇസ്രായേലിനും മുമ്പുണ്ടായിരുന്ന ഐശ്വര്യം ഞാന്‍ വീണ്ടും നല്‌കും. പൂര്‍വസ്ഥിതിയില്‍ അവരെ ഞാന്‍ ആക്കും.

8 എനിക്കെതിരെ ചെയ്ത അവരുടെ എല്ലാ പാപങ്ങളില്‍നിന്നും ഞാന്‍ അവരെ ശുദ്ധീകരിക്കും; എനിക്കെതിരെയുള്ള പാപത്തിന്‍റെയും മത്സരത്തിന്‍റെയും സകല അപരാധവും ഞാന്‍ അവരോടു ക്ഷമിക്കും.

9 ഞാന്‍ അവര്‍ക്കു ചെയ്യാന്‍ പോകുന്ന സകല നന്മകളെക്കുറിച്ചും കേള്‍ക്കുന്ന സകല ജനതകളുടെയും ഇടയില്‍ ഈ നഗരം എനിക്കു സന്തോഷകരമായ നാമവും പ്രശംസയും മഹത്ത്വവും ആയിരിക്കും; ഞാന്‍ അതിനു ചെയ്യുന്ന നന്മയും നല്‌കുന്ന സമൃദ്ധിയും നിമിത്തം അവര്‍ ഭയന്നു വിറയ്‍ക്കും.

10

സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “മനുഷ്യനോ മൃഗമോ ഇല്ലാതെ ശൂന്യമായിരിക്കുന്നു എന്നു നിങ്ങള്‍ പറയുന്ന ഈ സ്ഥലത്ത്, മനുഷ്യനോ മൃഗമോ വസിക്കാത്ത യെഹൂദാനഗരങ്ങളിലും യെരൂശലേമിന്‍റെ വീഥികളിലും

11 വീണ്ടും ആനന്ദഘോഷവും സന്തോഷശബ്ദവും മണവാളന്‍റെയും മണവാട്ടിയുടെയും സ്വരവും കേള്‍ക്കും; ‘സര്‍വശക്തനായ സര്‍വേശ്വരനു സ്തോത്രം ചെയ്യുവിന്‍, അവിടുന്നു നല്ലവനല്ലോ; അവിടുത്തെ സുസ്ഥിരസ്നേഹം ശാശ്വതമാകുന്നു’ എന്ന് അവിടുത്തെ ആലയത്തിലേക്കു സ്തോത്രവഴിപാടുകള്‍ കൊണ്ടുവരുന്നവര്‍ പാടുന്ന പാട്ടിന്‍റെ ശബ്ദവും അവിടെ മുഴങ്ങും; ദേശത്തിന് ആദ്യകാലത്തേതുപോലെ ഐശ്വര്യം ഞാന്‍ പുനഃസ്ഥാപിക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.”

12

സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “മനുഷ്യനോ മൃഗമോ ഇല്ലാതെ ശൂന്യമായി കിടക്കുന്ന ഈ സ്ഥലത്തും അതിന്‍റെ എല്ലാ നഗരങ്ങളിലും ആട്ടിന്‍പറ്റങ്ങള്‍ക്കു വിശ്രമം കൊടുക്കുന്ന ഇടയന്മാരുടെ പാര്‍പ്പിടങ്ങള്‍ ഉണ്ടാകും.

13 മലനാട്ടിലെയും താഴ്വരയിലെയും നെഗബിലെയും നഗരങ്ങളിലും ബെന്യാമീന്‍ദേശത്തും യെരൂശലേമിനു ചുറ്റുമുള്ള സ്ഥലങ്ങളിലും യെഹൂദാനഗരങ്ങളിലും ഇടയന്മാര്‍ തങ്ങളുടെ ആടുകളെ എണ്ണുന്ന കാലം വീണ്ടും വരും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.

14

ഇസ്രായേല്‍ഗൃഹത്തോടും യെഹൂദാഗൃഹത്തോടും ചെയ്തിരുന്ന വാഗ്ദാനങ്ങള്‍ നിറവേറ്റുന്ന കാലം വരുന്നു എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

15 ആ നാളുകളില്‍ ദാവീദിന്‍റെ വംശത്തില്‍നിന്നു നീതിയുള്ള ഒരു ശാഖ മുളപ്പിക്കും; അവന്‍ ദേശത്തു നീതിയും ധര്‍മവും നടപ്പാക്കും.

16 അന്നു യെഹൂദാ രക്ഷിക്കപ്പെടുകയും യെരൂശലേംനിവാസികള്‍ സുരക്ഷിതരായി പാര്‍ക്കുകയും ചെയ്യും. ‘സര്‍വേശ്വരന്‍ നമ്മുടെ നീതി’ എന്ന പേരിലായിരിക്കും ഈ നഗരം ഇനി വിളിക്കപ്പെടുക.

17

ഇസ്രായേലിന്‍റെ സിംഹാസനത്തില്‍ വാണരുളുന്നതിന് ദാവീദിന്‍റെ വംശത്തില്‍ ഒരാള്‍ ഇല്ലാതെ പോകുകയില്ല എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

18 എന്‍റെ സന്നിധിയില്‍ ഹോമയാഗവും ധാന്യയാഗവും മറ്റു യാഗങ്ങളും ദിനംതോറും അര്‍പ്പിക്കാന്‍ ലേവ്യരുടെ ഇടയില്‍ ഒരു പുരോഹിതന്‍ ഇല്ലാതെ പോകുകയുമില്ല.

19

യിരെമ്യാക്കു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി.

20 അവിടുന്ന് അരുളിച്ചെയ്യുന്നു: “നിര്‍ദിഷ്ട സമയങ്ങളില്‍ രാവും പകലും ഉണ്ടാകാത്തവിധം രാത്രിയോടും പകലിനോടുമുള്ള എന്‍റെ ഉടമ്പടി ലംഘിക്കാന്‍ കഴിയുമോ?

21 എങ്കില്‍ മാത്രമേ, ദാവീദിന്‍റെ സിംഹാസനത്തില്‍ വാണരുളാന്‍ ഒരു പുത്രന്‍ ഇല്ലാതാകുംവിധം എന്‍റെ ദാസനായ ദാവീദിനോടുള്ള എന്‍റെ ഉടമ്പടി ലംഘിക്കപ്പെടുകയുള്ളൂ; എന്‍റെ ശുശ്രൂഷകരായ ലേവ്യപുരോഹിതന്മാരുമായുള്ള ഉടമ്പടിയും അങ്ങനെതന്നെ.

22 ആകാശത്തിലെ നക്ഷത്രജാലങ്ങളെ എണ്ണാനും കടല്‍ത്തീരത്തെ മണല്‍ അളന്നു തീര്‍ക്കാനും കഴിയാത്തതുപോലെ എന്‍റെ ദാസനായ ദാവീദിന്‍റെ സന്തതികളെ ഞാന്‍ വര്‍ധിപ്പിക്കും; എന്നെ ശുശ്രൂഷിക്കുന്ന ലേവ്യ പുരോഹിതന്മാരെയും അങ്ങനെതന്നെ.”

23

സര്‍വേശ്വരന്‍ യിരെമ്യായോട് അരുളിച്ചെയ്തു:

24 സര്‍വേശ്വരന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനെയും യെഹൂദായെയും അവിടുന്നു തിരസ്കരിച്ചിരിക്കുന്നു എന്ന് ഈ ജനം പറയുന്നതു നീ ശ്രദ്ധിച്ചില്ലേ? അവര്‍ എന്‍റെ ജനത്തെ നിന്ദിച്ചിരിക്കുന്നു; അവരെ ഒരു ജനതയായിപ്പോലും അംഗീകരിക്കുന്നുമില്ല.

25 സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “രാത്രിയോടും പകലിനോടും ഞാന്‍ ഉടമ്പടി ചെയ്തിട്ടില്ലെങ്കില്‍, ആകാശത്തിനും ഭൂമിക്കുമുള്ള ചട്ടങ്ങള്‍ ഞാന്‍ നല്‌കിയിട്ടില്ലെങ്കില്‍ മാത്രമേ

26 യാക്കോബിന്‍റെയും എന്‍റെ ദാസനായ ദാവീദിന്‍റെയും സന്തതികളെ ഞാന്‍ ഉപേക്ഷിക്കുമായിരുന്നുള്ളൂ. അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും സന്തതികളെ ഭരിക്കാന്‍ യാക്കോബിന്‍റെയും എന്‍റെ ദാസനായ ദാവീദിന്‍റെയും ഒരു സന്തതിയെ തിരഞ്ഞെടുക്കാതെ ഇരിക്കുമായിരുന്നുള്ളൂ; ഞാന്‍ അവരുടെ ഐശ്വര്യം പുനഃസ്ഥാപിക്കും; അവരോടു കരുണ കാണിക്കും.

34

1

ബാബിലോണ്‍രാജാവായ നെബുഖദ്നേസറും അയാളുടെ സര്‍വസൈന്യവും അയാളുടെ ആധിപത്യത്തിലുള്ള സകല രാജ്യങ്ങളും ജനതകളും യെരൂശലേമിനോടും അതിന്‍റെ സകല നഗരങ്ങളോടും യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ യിരെമ്യാക്കു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി.

2 ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “യെഹൂദാരാജാവായ സിദെക്കീയായുടെ അടുക്കല്‍ ചെന്നു പറയുക, സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഞാന്‍ ഈ നഗരത്തെ ബാബിലോണ്‍രാജാവിന്‍റെ കൈയില്‍ ഏല്പിക്കും. അവന്‍ അത് അഗ്നിക്കിരയാക്കും.

3 അവന്‍റെ കൈയില്‍നിന്നു നീ രക്ഷപെടുകയില്ല; നീ ബന്ദിയായി അവന്‍റെ കൈയില്‍ ഏല്പിക്കപ്പെടും; നീ ബാബിലോണ്‍രാജാവിനെ നേരിട്ടു കാണും; അവനോട് അഭിമുഖമായി സംസാരിക്കും; നിന്നെ ബാബിലോണിലേക്കു കൊണ്ടുപോകുകയും ചെയ്യും.

4 യെഹൂദാരാജാവായ സിദെക്കീയായേ, സര്‍വേശ്വരന്‍റെ വചനം കേള്‍ക്കുക; നിന്നെക്കുറിച്ചു അവിടുന്ന് അരുളിച്ചെയ്യുന്നു:

5 “നീ വാളാല്‍ മരിക്കുകയില്ല; നീ സമാധാനത്തോടെ മരിക്കും; നിനക്കു മുമ്പു രാജാക്കന്മാരായിരുന്ന നിന്‍റെ പിതാക്കന്മാരുടെ ശവസംസ്കാരത്തിനു ചെയ്തതുപോലെ സുഗന്ധദ്രവ്യങ്ങള്‍ നിനക്കുവേണ്ടിയും കത്തിക്കും; അയ്യോ, ഞങ്ങളുടെ രാജാവ് എന്നു പറഞ്ഞ് ജനം വിലപിക്കും; ഞാനാണ് ഇതു പറയുന്നത് എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.”

6 യിരെമ്യാപ്രവാചകന്‍ ഇവയെല്ലാം യെരൂശലേമില്‍ വച്ചു യെഹൂദാരാജാവായ സിദെക്കീയായോടു പറഞ്ഞു.

7 അന്നു ബാബിലോണ്‍രാജാവിന്‍റെ സൈന്യം യെരൂശലേമിനും യെഹൂദാനഗരങ്ങളില്‍ ശേഷിച്ചിരുന്ന ലാഖീശ്, അസേക്കാ എന്നീ നഗരങ്ങള്‍ക്കുമെതിരെ യുദ്ധം ചെയ്യുകയായിരുന്നു; കോട്ടകെട്ടി ഉറപ്പിച്ച യെഹൂദാനഗരങ്ങളില്‍ ശേഷിച്ചത് ഇവ മാത്രമായിരുന്നു.

8

എബ്രായ അടിമകളെയെല്ലാം സ്വതന്ത്രരായി പ്രഖ്യാപിക്കാന്‍ സിദെക്കീയാരാജാവ് യെരൂശലേമിലെ ജനങ്ങളുമായി ഒരു ഉടമ്പടി ചെയ്തു.

9 അതിനുശേഷം യിരെമ്യാക്കു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി, ഉടമ്പടി അനുസരിച്ച് ആരും തങ്ങളുടെ സഹോദരങ്ങളായ യെഹൂദരെ അടിമകളാക്കാന്‍ പാടില്ലായിരുന്നു.

10 സ്‍ത്രീപുരുഷന്മാരായ സകല അടിമകളെയും സ്വതന്ത്രരാക്കാമെന്നും, അവരെ വീണ്ടും അടിമകളാക്കുകയില്ലെന്നും ഉടമ്പടി ചെയ്ത സകല പ്രഭുക്കന്മാരും ജനങ്ങളും സമ്മതിച്ചു; അങ്ങനെ അവര്‍ അടിമകളെ സ്വതന്ത്രരാക്കി.

11 പിന്നീട് അവരുടെ മനസ്സ് മാറി; അവര്‍ സ്വതന്ത്രരാക്കിയ ദാസീദാസന്മാരെ വീണ്ടും അടിമകളാക്കി.

12 അപ്പോള്‍ യിരെമ്യാക്കു സര്‍വേശ്വരനില്‍നിന്ന് അരുളപ്പാടുണ്ടായി.

13 ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “അടിമഗൃഹമായ ഈജിപ്തില്‍നിന്നു നിങ്ങളുടെ പിതാക്കന്മാരെ മോചിപ്പിച്ചു കൊണ്ടുവന്നപ്പോള്‍ ഞാന്‍ അവരുമായി ഉടമ്പടി ചെയ്തിരുന്നു.

14 അതനുസരിച്ച് എബ്രായ സഹോദരന്‍ തന്നെത്തന്നെ നിനക്കു വില്‍ക്കുകയും അവന്‍ ആറുവര്‍ഷം നിന്നെ സേവിക്കുകയും ചെയ്താല്‍, ഏഴാം വര്‍ഷം അവനെ മോചിപ്പിക്കണം; നിനക്ക് അടിമവേല ചെയ്യുന്നതില്‍ നിന്ന് അവനെ സ്വതന്ത്രനാക്കണം; എങ്കിലും നിങ്ങളുടെ പിതാക്കന്മാര്‍ എന്‍റെ വാക്കു കേള്‍ക്കുകയോ അനുസരിക്കുകയോ ചെയ്തില്ല.

15 ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് നിങ്ങള്‍ അനുതപിക്കുകയും അയല്‍ക്കാരുടെ സ്വാതന്ത്ര്യം പ്രഖാപിച്ചുകൊണ്ട് എനിക്കു ഹിതകരമായി പ്രവര്‍ത്തിക്കുകയും ചെയ്തു; എന്‍റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ഈ ആലയത്തില്‍ വച്ച് എന്‍റെ സാന്നിധ്യത്തില്‍ നിങ്ങള്‍ ഒരു ഉടമ്പടിയുമുണ്ടാക്കി.

16 എന്നാല്‍ നിങ്ങള്‍ പിന്തിരിയുകയും അവരുടെ ആഗ്രഹമനുസരിച്ചു നിങ്ങള്‍ സ്വതന്ത്രരാക്കിയ ദാസീദാസന്മാരെ തിരിച്ചെടുത്തു നിങ്ങള്‍ അവരെ വീണ്ടും അടിമകളാക്കുകയും എന്‍റെ നാമം അശുദ്ധമാക്കുകയും ചെയ്തിരിക്കുന്നു.

17 അതുകൊണ്ടു സര്‍വേശ്വരന്‍ കല്പിക്കുന്നു: നിങ്ങള്‍ എന്നെ അനുസരിച്ചില്ല, നിങ്ങളുടെ സഹോദരനും അയല്‍ക്കാരനും സ്വാതന്ത്ര്യം നല്‌കിയില്ല; ഇതാ, ഞാന്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു; വാളിനും മഹാമാരിക്കും ക്ഷാമത്തിനും ഇരയാകാനുള്ള സ്വാതന്ത്ര്യംതന്നെ; ലോകത്തിലുള്ള സകല ജനതകള്‍ക്കും നിങ്ങള്‍ ഭീതിദവിഷയമായിത്തീരും.

18 [18,19] കാളക്കുട്ടിയെ രണ്ടായി പിളര്‍ന്ന് അവയ്‍ക്കിടയിലൂടെ കടന്നുപോയി ചെയ്ത ഉടമ്പടിയിലെ വ്യവസ്ഥകള്‍ പാലിക്കാതെ അതു ലംഘിച്ച സകല പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥന്മാരെയും പുരോഹിതരെയും ദേശത്തിലെ സകല ജനങ്ങളെയും ഞാന്‍ അവരുടെ ശത്രുക്കളുടെ കൈയില്‍ ഏല്പിക്കും;

19

20 അവര്‍ക്കു പ്രാണഹാനി വരുത്താന്‍ ശ്രമിക്കുന്നവരുടെ കൈയില്‍തന്നെ; അവരുടെ ശവശരീരങ്ങള്‍ ആകാശത്തിലെ പക്ഷികള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഇരയായിത്തീരും.

21 യെഹൂദാരാജാവായ സിദെക്കീയായെയും അയാളുടെ പ്രഭുക്കന്മാരെയും ശത്രുക്കളുടെ കൈയില്‍ ഏല്പിക്കും. അവരെ നിഗ്രഹിക്കാന്‍ നോക്കുന്നവരുടെയും നിങ്ങളില്‍നിന്നു പിന്‍വാങ്ങിയ ബാബിലോണ്‍രാജാവിന്‍റെ സൈന്യത്തിന്‍റെയും കൈയില്‍തന്നെ. എന്‍റെ കല്പനയാല്‍ ഈ നഗരത്തിലേക്കു ഞാന്‍ ബാബിലോണ്യരെ മടക്കിവരുത്തും.

22 അവര്‍ അതിനെതിരെ യുദ്ധം ചെയ്ത് അതിനെ പിടിച്ചടക്കി തീ വച്ചു ചുട്ടുകളയും; യെഹൂദാ നഗരങ്ങള്‍ ജനവാസമില്ലാതെ ശൂന്യമാകും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.”

35

1

യെഹൂദാരാജാവായ യോശീയായുടെ പുത്രന്‍ യെഹോയാക്കീമിന്‍റെ കാലത്തു യിരെമ്യാക്കു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി:

2 നീ രേഖാബ്യരുടെ അടുക്കല്‍ ചെന്ന് അവരോടു സംസാരിച്ച് അവരെ സര്‍വേശ്വരന്‍റെ ആലയത്തിലെ ഒരു മുറിയില്‍ കൂട്ടിക്കൊണ്ടുവന്ന് അവര്‍ക്കു കുടിക്കാന്‍ വീഞ്ഞു കൊടുക്കുക.

3 അതനുസരിച്ചു യിരെമ്യായുടെ പുത്രനും ഹബസിന്യായുടെ പൗത്രനുമായ യയസന്യായെയും അയാളുടെ സഹോദരന്മാരെയും അയാളുടെ എല്ലാ പുത്രന്മാരെയും അങ്ങനെ രേഖാബ്യഗൃഹക്കാര്‍ എല്ലാവരെയും കൂട്ടിക്കൊണ്ടുവന്നു.

4 ഞാന്‍ അവരെ ദേവാലയത്തില്‍ ഹാനാന്‍റെ പുത്രന്മാരുടെ മുറിയില്‍ കൊണ്ടുവന്നു; ഹാനാന്‍ ദൈവപുരുഷനായ ഇഗ്ദല്യായുടെ പുത്രനായിരുന്നു; ആ മുറി പ്രഭുക്കന്മാരുടെ മുറിക്കടുത്തും ശല്ലൂമിന്‍റെ പുത്രനും വാതില്‍കാവല്‌ക്കാരനുമായ മയസേയായുടെ മുറിക്കു മുകളിലും ആയിരുന്നു.

5 വീഞ്ഞു നിറച്ച കുടങ്ങളും പാനപാത്രങ്ങളും ഞാന്‍ അവരുടെ മുമ്പില്‍ വച്ചിട്ടു കുടിക്കുവിന്‍ എന്നു പറഞ്ഞു.

6 ഞങ്ങള്‍ വീഞ്ഞു കുടിക്കയില്ല; കാരണം രേഖാബിന്‍റെ പുത്രനും ഞങ്ങളുടെ പിതാവുമായ യോനാദാബ് ഞങ്ങളോട് ഇങ്ങനെ കല്പിച്ചിട്ടുണ്ട്;

7 നിങ്ങളും നിങ്ങളുടെ മക്കളും ഒരിക്കലും വീഞ്ഞു കുടിക്കരുത്; നിങ്ങള്‍ വീടു പണിയരുത്; വിത്തു വിതയ്‍ക്കരുത്; മുന്തിരിത്തോട്ടം നട്ടുണ്ടാക്കരുത്; അതു കൈവശം വയ്‍ക്കയുമരുത്.

8 [8,9] നിങ്ങള്‍ പരദേശികളായി പാര്‍ക്കുന്ന സ്ഥലത്തു ദീര്‍ഘകാലം വസിക്കാന്‍ ഇടയാകുംവിധം ആയുഷ്ക്കാലം മുഴുവന്‍ കൂടാരങ്ങളില്‍ തന്നെ പാര്‍ക്കണം. രേഖാബിന്‍റെ പുത്രനും ഞങ്ങളുടെ പിതാവുമായ യോനാദാബ് നല്‌കിയ കല്പനകളെല്ലാം ഞങ്ങള്‍ അനുസരിച്ചുവരുന്നു. ഞങ്ങളും ഞങ്ങളുടെ ഭാര്യമാരും പുത്രീപുത്രന്മാരും ജീവിതത്തില്‍ ഒരിക്കലും വീഞ്ഞു കുടിച്ചിട്ടില്ല. പാര്‍ക്കാന്‍ വീടു പണിതിട്ടില്ല; ഞങ്ങള്‍ക്കു മുന്തിരിത്തോട്ടമോ നിലമോ ധാന്യവിത്തുകളോ ഇല്ല.

9

10 കൂടാരങ്ങളിലാണ് ഞങ്ങള്‍ പാര്‍ത്തത്; അങ്ങനെ ഞങ്ങളുടെ പിതാവായ യോനാദാബ് കല്പിച്ചതെല്ലാം ഞങ്ങള്‍ അനുസരിച്ചു.

11 ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ ഈ ദേശം ആക്രമിച്ചപ്പോള്‍ ബാബിലോണ്യരുടെയും സിറിയാക്കാരുടെയും സൈന്യങ്ങളുടെ മുമ്പില്‍നിന്നു യെരൂശലേമിലേക്കു പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു; അങ്ങനെയാണ് ഞങ്ങള്‍ ഇപ്പോള്‍ യെരൂശലേമില്‍ പാര്‍ക്കുന്നത്.”

12

അപ്പോള്‍ യിരെമ്യാക്കു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി.

13 ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “നീ പോയി യെഹൂദ്യയിലെ ജനങ്ങളോടും യെരൂശലേംനിവാസികളോടും പറയുക; നിങ്ങള്‍ എന്‍റെ പ്രബോധനം സ്വീകരിച്ച് എന്‍റെ വാക്ക് അനുസരിക്കുകയില്ലേ എന്ന് അവിടുന്നു ചോദിക്കുന്നു.

14 വീഞ്ഞു കുടിക്കരുതെന്നു രേഖാബിന്‍റെ പുത്രനായ യോനാദാബ് തന്‍റെ പുത്രന്മാര്‍ക്കുകൊടുത്തിരുന്ന കല്പന അവര്‍ അനുസരിച്ചു; ഇന്നുവരെ അവര്‍ വീഞ്ഞു കുടിച്ചിട്ടില്ല; അങ്ങനെ അവര്‍ പിതാവിന്‍റെ കല്പന അനുസരിച്ചു; എന്നാല്‍ ഞാന്‍ നിങ്ങളോടു നിരന്തരം സംസാരിച്ചെങ്കിലും നിങ്ങള്‍ എന്നെ ശ്രദ്ധിച്ചില്ല.

15 ദുര്‍മാര്‍ഗങ്ങളില്‍നിന്നു നിങ്ങള്‍ പിന്തിരിഞ്ഞു തെറ്റായ പ്രവൃത്തികളെ തിരുത്തുകയും അന്യദേവന്മാരെ അനുഗമിച്ച് അവരെ സേവിക്കാതിരിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും ഞാന്‍ നല്‌കിയിരിക്കുന്ന ദേശത്തു നിങ്ങള്‍ പാര്‍ക്കും എന്ന സന്ദേശവുമായി എന്‍റെ ദാസരായ പ്രവാചകന്മാരെ ഞാന്‍ തുടര്‍ച്ചയായി നിങ്ങളുടെ അടുക്കല്‍ അയച്ചു; അതു നിങ്ങള്‍ കേള്‍ക്കുകയോ എന്നെ ശ്രദ്ധിക്കുകയോ ചെയ്തില്ല.

16 രേഖാബിന്‍റെ പുത്രനായ യോനാദാബ് തന്‍റെ പുത്രന്മാര്‍ക്കു നല്‌കിയിരുന്ന കല്പന അവര്‍ അനുസരിച്ചു; എന്നാല്‍ ഈ ജനം എന്നെ അനുസരിച്ചില്ല.

17 അതുകൊണ്ട്, ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: യെഹൂദ്യക്കും യെരൂശലേംനിവാസികള്‍ക്കുമെതിരെ ഞാന്‍ പറഞ്ഞ അനര്‍ഥങ്ങളെല്ലാം അവരുടെമേല്‍ വരുത്തും. ഞാന്‍ സംസാരിച്ചു, അവര്‍ ശ്രദ്ധിച്ചില്ല; ഞാന്‍ വിളിച്ചു, അവര്‍ വിളികേട്ടില്ല.”

18

രേഖാബ്യരോടു യിരെമ്യാ പറഞ്ഞു: “ഇസ്രായേലിന്‍റെ ദൈവവും, സര്‍വശക്തനുമായ സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാവായ യോനാദാബിന്‍റെ കല്പനകളെല്ലാം നിങ്ങള്‍ അനുസരിച്ചു; അയാളുടെ ആജ്ഞകളെല്ലാം പാലിക്കുകയും കല്പനകളനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തു.

19 അതുകൊണ്ട്, ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: എന്‍റെ സന്നിധിയില്‍ നില്‌ക്കാന്‍ രേഖാബിന്‍റെ മകനായ യോനാദാബിനു എന്നും ഒരു പുരുഷസന്തതി ഉണ്ടായിരിക്കും.”

36

1

യെഹൂദാരാജാവായ യോശീയായുടെ പുത്രന്‍ യെഹോയാക്കീമിന്‍റെ നാലാം വര്‍ഷം സര്‍വേശ്വരന്‍റെ അരുളപ്പാട് യിരെമ്യാക്കുണ്ടായി:

2 “നീ ഒരു പുസ്തകച്ചുരുള്‍ എടുത്തു യോശീയായുടെ കാലത്തു ഞാന്‍ നിന്നോടു സംസാരിക്കാന്‍ തുടങ്ങിയതുമുതല്‍ ഇന്നുവരെ ഇസ്രായേലിനെയും യെഹൂദായെയും സകല ജനതകളെയും സംബന്ധിച്ചു ഞാന്‍ പറഞ്ഞതെല്ലാം അതില്‍ രേഖപ്പെടുത്തുക.

3 ഞാന്‍ അവര്‍ക്കു വരുത്താനിരിക്കുന്ന അനര്‍ഥത്തെക്കുറിച്ചു യെഹൂദാഗൃഹം കേള്‍ക്കുമ്പോള്‍ അവര്‍ തങ്ങളുടെ ദുര്‍മാര്‍ഗത്തില്‍ നിന്നു പിന്തിരിഞ്ഞേക്കാം. അപ്പോള്‍ അവരുടെ അകൃത്യങ്ങളും പാപങ്ങളും ഞാന്‍ ക്ഷമിക്കും.”

4

യിരെമ്യാ നേരിയായുടെ പുത്രന്‍ ബാരൂക്കിനെ വിളിച്ചു സര്‍വേശ്വരന്‍ തന്നോട് അരുളിച്ചെയ്തതെല്ലാം പറഞ്ഞുകൊടുത്തു. ബാരൂക്ക് അവയെല്ലാം ഒരു പുസ്തകച്ചുരുളില്‍ എഴുതി.

5 പിന്നീട് യിരെമ്യാ ബാരൂക്കിനോടു പറഞ്ഞു: “ദേവാലയത്തില്‍ പോകുന്നതില്‍നിന്ന് എന്നെ വിലക്കിയിരിക്കയാണ്.

6 അതുകൊണ്ട് ഉപവാസദിവസം നീ സര്‍വേശ്വരന്‍റെ ആലയത്തില്‍ ചെന്നു ഞാന്‍ പറഞ്ഞുതന്നു നീ പുസ്തകച്ചുരുളില്‍ രേഖപ്പെടുത്തിയ അവിടുത്തെ വചനങ്ങള്‍ സകല ജനവും കേള്‍ക്കെ വായിക്കണം; സ്വന്തം പട്ടണങ്ങളില്‍നിന്നു വന്നിട്ടുള്ള സകല യെഹൂദന്മാരും കേള്‍ക്കെത്തന്നെ നീ അതു വായിക്കണം.

7 ഒരുപക്ഷേ അവരുടെ അപേക്ഷ സര്‍വേശ്വരന്‍റെ അടുക്കല്‍ എത്തുകയും ഓരോരുത്തനും തന്‍റെ ദുര്‍മാര്‍ഗത്തില്‍നിന്നു പിന്തിരിയുകയും ചെയ്തേക്കാം; ഈ ജനത്തിനെതിരെ അവിടുന്ന് വലിയ കോപവും ക്രോധവുമാണല്ലോ പ്രഖ്യാപിച്ചിട്ടുള്ളത്.

8 യിരെമ്യാപ്രവാചകന്‍ പറഞ്ഞതുപോലെ നേരിയായുടെ പുത്രന്‍ ബാരൂക്ക് ദേവാലയത്തില്‍ ചെന്നു സര്‍വേശ്വരന്‍റെ അരുളപ്പാട് രേഖപ്പെടുത്തിയ ചുരുള്‍ വായിച്ചു.

9

യെഹൂദാരാജാവായ യോശീയായുടെ പുത്രന്‍ യെഹോയാക്കീമിന്‍റെ ഭരണത്തിന്‍റെ അഞ്ചാം വര്‍ഷം ഒമ്പതാംമാസം സര്‍വ യെരൂശലേംനിവാസികളും യെഹൂദാനഗരങ്ങളില്‍ നിന്നു യെരൂശലേമില്‍ വന്ന എല്ലാവരും സര്‍വേശ്വരന്‍റെ സന്നിധിയില്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു.

10 അപ്പോള്‍ പുസ്തകച്ചുരുളില്‍നിന്നു യിരെമ്യാ പറഞ്ഞുകൊടുത്ത വചനങ്ങളെല്ലാം ശാഫാന്‍റെ പുത്രനും ദേവാലയത്തിലെ കാര്യവിചാരകനുമായ ഗെമര്യായുടെ മുറിയില്‍ വച്ചു സകല ജനവും കേള്‍ക്കെ ബാരൂക്ക് വായിച്ചു; ആ മുറി ദേവാലയത്തിലെ പുതിയ വാതിലിനു സമീപം, മുകളിലത്തെ അങ്കണത്തില്‍ ആയിരുന്നു.

11 ഗെമര്യായുടെ പുത്രനും ശാഫാന്‍റെ പൗത്രനുമായ മീഖായാ ചുരുളില്‍നിന്നു, ബാരൂക്ക് സര്‍വേശ്വരന്‍റെ വചനങ്ങള്‍ വായിച്ചതു കേട്ടു.

12

അപ്പോള്‍ അയാള്‍ കൊട്ടാരത്തില്‍ കാര്യദര്‍ശിയുടെ മുറിയിലേക്കു കയറിച്ചെന്നു; പ്രഭുക്കന്മാരെല്ലാം അവിടെ ഇരിപ്പുണ്ടായിരുന്നു; കാര്യദര്‍ശിയായ എലീശാമാ, ശെമയ്യായുടെ പുത്രന്‍ ദലായാ, അഖ്ബോരിന്‍റെ പുത്രന്‍ എല്‍നാഥാന്‍, ശാഫാന്‍റെ പുത്രന്‍ ഗെമര്യാ ഹനന്യായുടെ പുത്രന്‍ സിദെക്കീയാ തുടങ്ങിയ എല്ലാ പ്രഭുക്കന്മാരും ഉണ്ടായിരുന്നു.

13 ചുരുളില്‍നിന്നു സകല ജനവും കേള്‍ക്കെ ബാരൂക്ക് വായിച്ചപ്പോള്‍ കേട്ട കാര്യങ്ങള്‍ മീഖായാ അവരോടു പറഞ്ഞു.

14 പ്രഭുക്കന്മാര്‍ എല്ലാവരും കൂടി നഥന്യായുടെ പുത്രനായ യെഹൂദിയെ ബാരൂക്കിന്‍റെ അടുക്കല്‍ അയച്ചു; നഥന്യാ ശെമല്യായുടെ പുത്രനും ശെമല്യാ കുശിയുടെ പുത്രനുമായിരുന്നു. യെഹൂദി ബാരൂക്കിനോടു ജനം കേള്‍ക്കെ ദേവാലയത്തില്‍ വച്ചു വായിച്ച ചുരുളുമെടുത്തു വരിക എന്നു പറഞ്ഞു; നേരിയായുടെ പുത്രന്‍ ബാരൂക്ക് ചുരുളുമെടുത്ത് അവരുടെ അടുക്കലേക്കു ചെന്നു.

15 ഇവിടെ ഇരുന്നു വായിക്കാന്‍ അവര്‍ അയാളോടാവശ്യപ്പെട്ടു; ബാരൂക്ക് അപ്രകാരം ചെയ്തു.

16 ആ വചനങ്ങളെല്ലാം കേട്ടപ്പോള്‍ അവര്‍ ഭയത്തോടെ പരസ്പരം നോക്കി; ഈ കാര്യങ്ങളെല്ലാം ഞങ്ങള്‍ രാജാവിനെ അറിയിക്കും എന്നവര്‍ ബാരൂക്കിനോടു പറഞ്ഞു.

17 അവര്‍ ചോദിച്ചു: “ഇതെല്ലാം നീ എങ്ങനെ എഴുതി എന്നു പറയുക; യിരെമ്യാ പറഞ്ഞു തന്നതാണോ?”

18 ബാരൂക്ക് അവരോടു പറഞ്ഞു: “ഈ വചനങ്ങളെല്ലാം അദ്ദേഹം എനിക്കു പറഞ്ഞു തന്നതാണ്; അവയെല്ലാം മഷികൊണ്ട് ഞാന്‍ ചുരുളില്‍ രേഖപ്പെടുത്തി.”

19 പ്രഭുക്കന്മാര്‍ ബാരൂക്കിനോടു പറഞ്ഞു: “നീയും യിരെമ്യായും പോയി ഒളിക്കുക; നിങ്ങള്‍ എവിടെയാണെന്ന് ആരും അറിയരുത്.”

20

ചുരുള്‍ കാര്യദര്‍ശിയായ എലീശാമായുടെ മുറിയില്‍ വച്ചിട്ട് അവര്‍ കൊട്ടാരത്തില്‍ രാജാവിന്‍റെ അടുക്കല്‍ ചെന്ന് ഈ വിവരം അറിയിച്ചു.

21 ചുരുള്‍ എടുത്തുകൊണ്ടു വരാന്‍ രാജാവ് യെഹൂദിയോടു കല്പിച്ചു; കാര്യദര്‍ശിയായ എലീശാമായുടെ മുറിയില്‍നിന്ന് അയാള്‍ അത് എടുത്തുകൊണ്ടു വന്നു രാജാവിനെയും കൂടെ ഉണ്ടായിരുന്ന പ്രഭുക്കന്മാരെയും വായിച്ചു കേള്‍പ്പിച്ചു.

22 അത് ഒമ്പതാം മാസമായിരുന്നു; ശീതകാലവസതിയില്‍ ആയിരുന്ന രാജാവിന്‍റെ മുമ്പില്‍ തീ കത്തിക്കൊണ്ടിരുന്ന നെരിപ്പോടുണ്ടായിരുന്നു.

23 ചുരുളില്‍നിന്ന് ഏതാനും ഭാഗങ്ങള്‍ യെഹൂദി വായിച്ചു കഴിയുമ്പോള്‍ അത്രയും ഭാഗം രാജാവ് കത്തികൊണ്ട് മുറിച്ചെടുത്ത് നെരിപ്പോടില്‍ കത്തിക്കൊണ്ടിരുന്ന തീയില്‍ ഇടും; അങ്ങനെ നെരിപ്പോടിലെ തീയില്‍ ചുരുള്‍ മുഴുവന്‍ കത്തിത്തീര്‍ന്നു.

24 രാജാവോ തന്‍റെ സേവകരോ ഇതെല്ലാം കേട്ടിട്ടും ഭയപ്പെടുകയോ, അനുതപിച്ചു തങ്ങളുടെ വസ്ത്രം കീറുകയോ ചെയ്തില്ല.

25 “ചുരുള്‍ ചുട്ടുകളയരുതേ” എന്നു എല്‍നാഥാനും ദെലായാവും ഗെമര്യായും അപേക്ഷിച്ചുവെങ്കിലും രാജാവ് അതു കേട്ടില്ല.

26 എഴുത്തുകാരനായ ബാരൂക്കിനെയും യിരെമ്യാപ്രവാചകനെയും പിടിച്ചുകൊണ്ടുവരാന്‍ രാജാവ് തന്‍റെ പുത്രനായ യെരഹ്മെയേല്‍, അസ്രിയേലിന്‍റെ പുത്രന്‍ സെരായാ, അബ്‍ദേലിന്‍റെ പുത്രന്‍ ശെലെമ്യാ എന്നിവരോടു കല്പിച്ചു; എന്നാല്‍ സര്‍വേശ്വരന്‍ യിരെമ്യായെയും ബാരൂക്കിനെയും ഒളിപ്പിച്ചു.

27

യിരെമ്യാ പറഞ്ഞുകൊടുത്ത് ബാരൂക്ക് എഴുതിയ ചുരുള്‍ രാജാവ് കത്തിച്ചു കളഞ്ഞതിനുശേഷം സര്‍വേശ്വരന്‍റെ അരുളപ്പാട് യിരെമ്യാക്കുണ്ടായി.

28 “മറ്റൊരു ചുരുളെടുത്ത് യെഹൂദാരാജാവായ യെഹോയാക്കീം കത്തിച്ചുകളഞ്ഞ ആദ്യത്തെ ചുരുളിലുണ്ടായിരുന്ന കാര്യങ്ങളെല്ലാം എഴുതുക.

29 യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ച് ഇങ്ങനെ പറയണം: സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ബാബിലോണ്‍രാജാവ് തീര്‍ച്ചയായും വന്ന് ഈ ദേശത്തെയും അതിലെ മനുഷ്യരെയും മൃഗങ്ങളെയും നശിപ്പിക്കുമെന്ന് എന്തിനെഴുതി എന്നു ചോദിച്ചുകൊണ്ട് നീ ചുരുള്‍ കത്തിച്ചു കളഞ്ഞുവല്ലോ.

30 അതുകൊണ്ട് യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ചു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ദാവീദിന്‍റെ സിംഹാസനത്തില്‍ ഇരിക്കുന്നതിന് അവന് ഒരു സന്തതിയും ഉണ്ടായിരിക്കയില്ല; അവന്‍റെ മൃതശരീരം പകല്‍ വെയിലും രാത്രിയില്‍ മഞ്ഞും ഏല്‌ക്കുംവിധം വെളിയിലേക്ക് എറിയപ്പെടും.

31 ഞാന്‍ അവനെയും അവന്‍റെ സന്തതികളെയും ദാസന്മാരെയും അവരുടെ അകൃത്യത്തിനു ശിക്ഷിക്കും; ഞാന്‍ അവര്‍ക്കെതിരെ പ്രഖ്യാപിച്ചതും അവര്‍ അവഗണിച്ചതുമായ സകല അനര്‍ഥങ്ങളും അവരുടെമേലും യെരൂശലേംനിവാസികളുടെമേലും യെഹൂദ്യയിലെ ജനങ്ങളുടെമേലും വരുത്തും.”

32

പിന്നീട് യിരെമ്യാ നേരിയായുടെ പുത്രനും എഴുത്തുകാരനുമായ ബാരൂക്കിന്‍റെ കൈയില്‍ മറ്റൊരു ചുരുള്‍ കൊടുത്തു; യെഹൂദാരാജാവായ യെഹോയാക്കീം കത്തിച്ചു നശിപ്പിച്ച ചുരുളിലുണ്ടായിരുന്നതെല്ലാം യിരെമ്യാ പറഞ്ഞു കൊടുത്തു. അവ ബാരൂക്ക് അതില്‍ എഴുതി; ആദ്യത്തേതിനു സദൃശമായ മറ്റു കാര്യങ്ങളും അതില്‍ ചേര്‍ത്തു.

37

1

യെഹോയാക്കീമിന്‍റെ പുത്രനായ യെഹോയാഖിനു പകരം യോശീയായുടെ പുത്രനായ സിദെക്കീയാ രാജാവായി; ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ ആയിരുന്നു അയാളെ യെഹൂദാദേശത്തു രാജാവാക്കിയത്.

2 എന്നാല്‍ അയാളോ അയാളുടെ ദാസന്മാരോ ദേശത്തെ ജനങ്ങളോ യിരെമ്യാപ്രവാചകനിലൂടെ സര്‍വേശ്വരന്‍ അരുളിച്ചെയ്ത വാക്കുകള്‍ ചെവിക്കൊണ്ടില്ല.

3

ശെലെമ്യായുടെ പുത്രനായ യെഹൂഖലിനെയും മയസേയായുടെ പുത്രന്‍ സെഫന്യാപുരോഹിതനെയും സിദെക്കീയാരാജാവ് യിരെമ്യാപ്രവാചകന്‍റെ അടുക്കല്‍ അയച്ചു നമ്മുടെ ദൈവമായ സര്‍വേശ്വരനോടു ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ എന്നു പറയിച്ചു.

4 അന്നു യിരെമ്യാ ജനങ്ങളുടെ ഇടയില്‍ വരികയും പോകുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തെ തടവില്‍ ആക്കിയിരുന്നില്ല.

5 ഫറവോയുടെ സൈന്യം ഈജിപ്തില്‍ നിന്നു പുറപ്പെട്ടു എന്ന വാര്‍ത്ത യെരൂശലേമിനെ ഉപരോധിച്ചിരുന്ന ബാബിലോണ്യര്‍ കേട്ടപ്പോള്‍ അവര്‍ യെരൂശലേമില്‍ നിന്നു പിന്‍വാങ്ങി.

6

അപ്പോള്‍ യിരെമ്യാപ്രവാചകനു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി.

7 ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “എന്‍റെ അരുളപ്പാടു ചോദിക്കാന്‍ ആളയച്ച യെഹൂദാരാജാവിനോടു പറയുക; നിന്‍റെ സഹായത്തിനു വന്ന ഫറവോയുടെ സൈന്യം സ്വന്തം ദേശമായ ഈജിപ്തിലേക്കു മടങ്ങും.

8 ബാബിലോണ്യര്‍ തിരിച്ചുവന്ന് ഈ നഗരത്തെ ആക്രമിക്കും; അവര്‍ അതു കൈവശപ്പെടുത്തി അഗ്നിക്ക് ഇരയാക്കും.

9 ബാബിലോണ്യര്‍ തീര്‍ച്ചയായും നമ്മെ വിട്ടുപോകും എന്നു പറഞ്ഞു നിങ്ങള്‍ സ്വയം വഞ്ചിതരാകരുത്; അവര്‍ ഇവിടം വിട്ടുപോകയില്ല.

10 നിങ്ങളോടു യുദ്ധം ചെയ്യുന്ന ബാബിലോണ്‍ സൈന്യത്തെ മുഴുവന്‍ നിങ്ങള്‍ തോല്പിച്ചിട്ട് അവരില്‍ മുറിവേറ്റവര്‍ മാത്രം അവശേഷിച്ചാലും അവര്‍ ഓരോരുത്തനും പാളയത്തില്‍ നിന്നെഴുന്നേറ്റ് ഈ നഗരം ചുട്ടു ചാമ്പലാക്കും.

11

ഫറവോയുടെ സൈന്യത്തെ ഭയന്നു ബാബിലോണ്‍ സൈന്യം യെരൂശലേമില്‍ നിന്നു പിന്‍വാങ്ങിയപ്പോള്‍,

12 യിരെമ്യാ സ്വജനങ്ങളുടെ ഇടയിലുള്ള തന്‍റെ ഓഹരി കൈവശപ്പെടുത്താന്‍ യെരൂശലേമില്‍നിന്നു ബെന്യാമീന്‍ദേശത്തേക്കു പുറപ്പെട്ടു.

13 അദ്ദേഹം ബെന്യാമീന്‍ കവാടത്തിലെത്തിയപ്പോള്‍ ശെലെമ്യായുടെ പുത്രനും ഹനന്യായുടെ പൗത്രനുമായ യിരീയാ എന്ന കാവല്‍സേനാനായകന്‍ അദ്ദേഹത്തെ പിടിച്ച്, ‘നീ ബാബിലോണ്യരുടെ പക്ഷത്തു ചേരാന്‍ പോകുക’ യാണെന്നു പറഞ്ഞു.

14 ‘അതു ശരിയല്ല; ഞാന്‍ ബാബിലോണ്യരുടെ പക്ഷത്തു ചേരാന്‍ പോകുകയല്ല’ എന്നു യിരെമ്യാ പറഞ്ഞെങ്കിലും, യിരീയാ അതു വിശ്വസിച്ചില്ല; അയാള്‍ യിരെമ്യാപ്രവാചകനെ പിടിച്ചു പ്രഭുക്കന്മാരുടെ മുമ്പില്‍ ഹാജരാക്കി.

15 പ്രഭുക്കന്മാര്‍ യിരെമ്യായെ കണ്ടപ്പോള്‍ രോഷം പൂണ്ട് അദ്ദേഹത്തെ മര്‍ദിച്ചു തടവിലാക്കി.

16 കാര്യദര്‍ശിയായ യോനാഥാന്‍റെ വീടാണ് തടവറയായി ഉപയോഗിച്ചിരുന്നത്. ആ കാരാഗൃഹത്തിലെ ഇരുട്ടറയില്‍ യിരെമ്യാക്കു ദീര്‍ഘകാലം കഴിയേണ്ടിവന്നു.

17

സിദെക്കീയാരാജാവ് യിരെമ്യായെ കൊട്ടാരത്തിലേക്ക് ആളയച്ചു വരുത്തി: “സര്‍വേശ്വരനില്‍നിന്ന് എന്തെങ്കിലും അരുളപ്പാടുണ്ടോ’ എന്നു രഹസ്യമായി ചോദിച്ചു; ‘ഉണ്ട്’ എന്നു യിരെമ്യാ പറഞ്ഞു; അങ്ങ് ബാബിലോണ്‍രാജാവിന്‍റെ കൈയില്‍ ഏല്പിക്കപ്പെടും.

18 യിരെമ്യാ സിദെക്കീയാരാജാവിനോടു ചോദിച്ചു: “എന്നെ കാരാഗൃഹത്തില്‍ ഇടാന്‍ തക്കവിധം അങ്ങേക്കോ അങ്ങയുടെ ദാസന്മാര്‍ക്കോ ഈ ജനത്തിനോ എതിരായി ഞാന്‍ എന്തു കുറ്റമാണു ചെയ്തത്?

19 അങ്ങേക്കോ ദേശത്തിനോ എതിരെ ബാബിലോണ്‍രാജാവു വരികയില്ല എന്നു പ്രവചിച്ച അങ്ങയുടെ പ്രവാചകര്‍ എവിടെ?

20 ഇപ്പോള്‍ എന്‍റെ യജമാനനായ രാജാവേ, ഞാന്‍ പറയുന്നതു കേട്ടാലും; എന്‍റെ അഭ്യര്‍ഥന സ്വീകരിച്ചാലും; കാര്യദര്‍ശിയായ യോനാഥാന്‍റെ വീട്ടിലേക്ക് എന്നെ തിരിച്ച് അയയ്‍ക്കരുതേ; ഞാന്‍ അവിടെ കിടന്നു മരിക്കുമല്ലോ.”

21 ഇതുകേട്ട് സിദെക്കീയാ രാജാവ് യിരെമ്യായെ കാവല്‌ക്കാരുടെ അങ്കണത്തില്‍ സൂക്ഷിക്കാനും നഗരത്തിലെ അപ്പം മുഴുവന്‍ തീരുന്നതുവരെ അപ്പക്കാരുടെ തെരുവില്‍ നിന്നു ദിവസേന ഒരപ്പം കൊടുക്കാനും കല്പിച്ചു. അങ്ങനെ യിരെമ്യാ കാവല്‌ക്കാരുടെ അങ്കണത്തില്‍ താമസിച്ചു.

38

1

[1-3] യിരെമ്യാ ഇപ്രകാരം സര്‍വജനത്തോടും പറയുന്നതു മത്ഥാന്‍റെ പുത്രന്‍ ശെഫത്യായും പശ്ഹൂരിന്‍റെ പുത്രന്‍ ഗെദല്യായും ശെലെമ്യായുടെ പുത്രന്‍ യൂഖലും മല്‌ക്കീയായുടെ പുത്രന്‍ പശ്ഹൂരും കേട്ടു. “സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഈ നഗരത്തില്‍ പാര്‍ക്കുന്നവര്‍ യുദ്ധവും ക്ഷാമവും മഹാമാരിയുംകൊണ്ടു മരിക്കും; എന്നാല്‍ ബാബിലോണ്യരുടെ അടുത്തേക്ക് ഇറങ്ങിച്ചെല്ലുന്നവര്‍ ജീവിക്കും; അവര്‍ക്കു സ്വന്തജീവനെങ്കിലും രക്ഷിക്കാന്‍ കഴിയും.” അവിടുന്ന് അരുളിച്ചെയ്യുന്നു: “ഈ നഗരം ബാബിലോണ്‍ രാജാവിന്‍റെ സൈന്യത്തിന്‍റെ അധീനതയില്‍ തീര്‍ച്ചയായും ഏല്പിക്കപ്പെടും; അവര്‍ അതു പിടിച്ചെടുക്കും.”

2

3

4 അപ്പോള്‍ പ്രഭുക്കന്മാര്‍ രാജാവിനോടു പറഞ്ഞു: “ഈ മനുഷ്യനെ വധിക്കണം; ഇയാള്‍ ഇങ്ങനെ സംസാരിച്ചു നഗരത്തില്‍ ശേഷിച്ചിരിക്കുന്ന സൈന്യങ്ങളുടെയും ജനത്തിന്‍റെയും കരങ്ങള്‍ ദുര്‍ബലമാക്കുന്നു.

5 ഇയാള്‍ ജനങ്ങളുടെ ക്ഷേമമല്ല നാശമാണ് ആഗ്രഹിക്കുന്നത്.” “ഇയാള്‍ നിങ്ങളുടെ കൈയിലാണ്, നിങ്ങള്‍ക്കെതിരെ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ലല്ലോ” എന്നു സിദെക്കീയാരാജാവു പറഞ്ഞു.

6 അവര്‍ യിരെമ്യായെ പിടിച്ച്, രാജാവിന്‍റെ പുത്രനായ മല്‌ക്കീയായുടെ കിണറ്റിലിട്ടു; കാവല്‌ക്കാരുടെ അങ്കണത്തിലുള്ള ആ കിണറ്റില്‍ അദ്ദേഹത്തെ കെട്ടിയിറക്കുകയാണുണ്ടായത്; കിണറ്റില്‍ ചെളിയല്ലാതെ വെള്ളം ഉണ്ടായിരുന്നില്ല. യിരെമ്യാ ചെളിയില്‍ താണു.

7

യിരെമ്യായെ കിണറ്റിലിട്ട വിവരം കൊട്ടാരത്തിലെ ഷണ്ഡനായ എത്യോപ്യക്കാരന്‍ ഏബദ്-മേലെക് കേട്ടു; രാജാവ് അപ്പോള്‍ ബെന്യാമീന്‍ കവാടത്തില്‍ ഇരിക്കുകയായിരുന്നു.

8 ഏബെദ്-മേലെക് കൊട്ടാരത്തില്‍നിന്നു രാജസന്നിധിയില്‍ ചെന്നു പറഞ്ഞു.

9 “എന്‍റെ യജമാനനായ രാജാവേ, അവര്‍ യിരെമ്യാപ്രവാചകനോടു കാണിച്ചത് അന്യായമായിപ്പോയി. അവര്‍ അദ്ദേഹത്തെ പിടിച്ചു കിണറ്റിലിട്ടു. നഗരത്തില്‍ അപ്പം ശേഷിച്ചിട്ടില്ലാത്തതുകൊണ്ട് അയാള്‍ പട്ടിണി കിടന്നു മരിക്കയേ ഉള്ളൂ.”

10 ഇവിടെനിന്നു മൂന്നു പേരെ കൂട്ടിക്കൊണ്ടുപോയി, യിരെമ്യാപ്രവാചകന്‍ മരിക്കുന്നതിനുമുമ്പ്, കിണറ്റില്‍നിന്നു രക്ഷപെടുത്താന്‍ രാജാവ് എത്യോപ്യക്കാരനായ ഏബെദ്-മേലെക്കിനോടു കല്പിച്ചു.

11 അതനുസരിച്ച് അയാള്‍ ആളുകളെ കൂട്ടിക്കൊണ്ടു പോയി. കൊട്ടാരത്തില്‍ വസ്ത്രം സൂക്ഷിക്കുന്ന സ്ഥലത്തുനിന്നു പഴന്തുണികളെടുത്തു കയറില്‍ കെട്ടി യിരെമ്യാക്കു കിണറ്റിലേക്ക് ഇറക്കിക്കൊടുത്തു.

12 എത്യോപ്യനായ ഏബെദ്-മേലെക് യിരെമ്യായോടു, കീറിയ പഴന്തുണികള്‍ കക്ഷത്തില്‍വച്ച് അതിന്മേല്‍ കയറിടാന്‍ പറഞ്ഞു; അദ്ദേഹം അങ്ങനെ ചെയ്തു.

13 അവര്‍ യിരെമ്യായെ കിണറ്റില്‍നിന്നു വലിച്ചു കയറ്റി പുറത്തെടുത്തു; പിന്നീട് യിരെമ്യാ കാവല്‌ക്കാരുടെ അങ്കണത്തില്‍ തന്നെ പാര്‍ത്തു.

14

സിദെക്കീയാരാജാവ് ആളയച്ച് യിരെമ്യാ പ്രവാചകനെ ദേവാലയത്തിന്‍റെ മൂന്നാം കവാടത്തിലേക്കു വരുത്തി; രാജാവ് യിരെമ്യായോട് പറഞ്ഞു: “ഞാന്‍ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ, ഒന്നും എന്നില്‍നിന്നു മറച്ചു വയ്‍ക്കരുത്.”

15 യിരെമ്യാ സിദെക്കീയായോടു പറഞ്ഞു: “ഞാന്‍ സത്യം പറഞ്ഞാല്‍ അങ്ങ് എന്നെ നിശ്ചയമായും വധിക്കുകയില്ലേ? എന്‍റെ ഉപദേശം അങ്ങ് സ്വീകരിക്കുകയില്ലല്ലോ.”

16 സിദെക്കീയാ യിരെമ്യായോടു രഹസ്യമായി സത്യം ചെയ്തു പറഞ്ഞു: “നമുക്കു ജീവന്‍ നല്‌കിയ സര്‍വേശ്വരന്‍റെ നാമത്തില്‍ ശപഥം ചെയ്തു പറയുന്നു; ഞാന്‍ നിന്നെ വധിക്കുകയോ നിന്നെ കൊല്ലാന്‍ ശ്രമിക്കുന്നവരുടെ കൈയില്‍ ഏല്പിച്ചു കൊടുക്കുകയോ ഇല്ല.”

17

അപ്പോള്‍ യിരെമ്യാ സിദെക്കീയായോടു പറഞ്ഞു: “ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; ബാബിലോണ്‍ രാജാവിന്‍റെ പ്രഭുക്കന്മാര്‍ക്കു കീഴടങ്ങിയാല്‍ അങ്ങയുടെ ജീവന്‍ രക്ഷപെടും; ഈ നഗരം അഗ്നിക്ക് ഇരയാവുകയില്ല; അങ്ങയും അങ്ങയുടെ ഭവനവും ജീവിച്ചിരിക്കും.

18 ബാബിലോണ്‍രാജാവിന്‍റെ പ്രഭുക്കന്മാര്‍ക്ക് അങ്ങ് കീഴടങ്ങുന്നില്ലെങ്കില്‍ നഗരം ബാബിലോണ്യരുടെ കൈയില്‍ ഏല്പിക്കപ്പെടുകയും അവര്‍ അതിനെ അഗ്നിക്ക് ഇരയാക്കുകയും ചെയ്യും; അവരുടെ കൈയില്‍നിന്ന് അങ്ങു രക്ഷപെടുകയുമില്ല.”

19 സിദെക്കീയാരാജാവ് യിരെമ്യായോടു പറഞ്ഞു: “ബാബിലോണ്യരുടെ പക്ഷം ചേര്‍ന്ന യെഹൂദന്മാരെ എനിക്കു ഭയമാണ്; എന്നെ അവരുടെ കൈയില്‍ ഏല്പിക്കുകയും അവര്‍ എന്നെ ഉപദ്രവിക്കുകയും ചെയ്തേക്കാം.”

20 യിരെമ്യാ പറഞ്ഞു: “അങ്ങയെ അവരുടെ കൈയില്‍ ഏല്പിക്കയില്ല; സര്‍വേശ്വരന്‍റെ വാക്കു കേള്‍ക്കുക; എന്നാല്‍ അങ്ങേക്കു ശുഭമായിരിക്കും. അങ്ങു രക്ഷപെടുകയും ചെയ്യും.

21 അവിടുന്ന് എനിക്ക് ഈ ദര്‍ശനം കാണിച്ചു തന്നിരിക്കുന്നു. അങ്ങു കീഴടങ്ങുന്നില്ലെങ്കില്‍,

22 യെഹൂദാരാജാവിന്‍റെ കൊട്ടാരത്തില്‍ അവശേഷിച്ച സ്‍ത്രീകളെയെല്ലാം ബാബിലോണ്‍രാജാവിന്‍റെ പ്രഭുക്കന്മാരുടെ അടുക്കലേക്കു കൊണ്ടുപോകും; അപ്പോള്‍ അവര്‍ ഇങ്ങനെ പറയും. “അങ്ങയുടെ ആപ്തമിത്രങ്ങള്‍ അങ്ങയെ വഞ്ചിച്ചു; അവര്‍ അങ്ങയെ തോല്പിച്ചു; അങ്ങയുടെ കാല്‍ ചെളിയില്‍ താണപ്പോള്‍, അവര്‍ അങ്ങയെ വിട്ടുപോയി.

23 അങ്ങയുടെ എല്ലാ ഭാര്യമാരെയും പുത്രന്മാരെയും ബാബിലോണ്യരുടെ അടുക്കലേക്കു കൊണ്ടുപോകും; അങ്ങയും അവരുടെ കൈകളില്‍നിന്നു രക്ഷപെടുകയില്ല; ബാബിലോണ്‍രാജാവ് അങ്ങയെ പിടിക്കും; ഈ നഗരം അഗ്നിക്ക് ഇരയാക്കുകയും ചെയ്യും.”

24

അപ്പോള്‍ സിദെക്കീയാ യിരെമ്യായോടു പറഞ്ഞു: “മറ്റാരും ഇക്കാര്യം അറിയരുത്; എന്നാല്‍ നീ മരിക്കുകയില്ല.

25 ഞാന്‍ നിന്നോടു സംസാരിച്ച വിവരം പ്രഭുക്കന്മാര്‍ അറിഞ്ഞ്, രാജാവ് നിന്നോട് എന്തു പറഞ്ഞു? നീ എന്താണു രാജാവിനോടു പറഞ്ഞത്? നീ ഒന്നും മറച്ചുവയ്‍ക്കരുത്;

26 എന്നാല്‍ ഞങ്ങള്‍ നിന്നെ വധിക്കുകയില്ല എന്നു പറഞ്ഞാല്‍, ‘ഞാന്‍ മരിച്ചുപോകാതെയിരിക്കേണ്ടതിനു, യോനാഥാന്‍റെ ഗൃഹത്തിലേക്ക് എന്നെ അയക്കരുതേ എന്നു രാജാവിനോടു ഞാന്‍ അപേക്ഷിക്കുകയായിരുന്നു’ എന്നു നീ അവരോടു പറയണം.”

27 പ്രഭുക്കന്മാര്‍ യിരെമ്യായെ ചോദ്യം ചെയ്തു; രാജാവ് കല്പിച്ചിരുന്നതുപോലെ യിരെമ്യാ അവരോടു പറഞ്ഞു; അപ്പോള്‍ അവര്‍ അദ്ദേഹത്തെ വിട്ടുപോയി.

28 കാരണം രാജാവും യിരെമ്യായും സംസാരിച്ചതു മറ്റാരും കേട്ടിരുന്നില്ല. ബാബിലോണ്‍രാജാവ് യെരൂശലേം പിടിച്ചടക്കുന്നതുവരെ യിരെമ്യാ കാവല്‌ക്കാരുടെ അങ്കണത്തില്‍തന്നെ പാര്‍ത്തു.

39

1

യെഹൂദാരാജാവായ സിദെക്കീയായുടെ ഭരണത്തിന്‍റെ ഒമ്പതാം വര്‍ഷം പത്താം മാസം ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ സര്‍വസൈന്യങ്ങളുമായി വന്നു യെരൂശലേം വളഞ്ഞു.

2 സിദെക്കീയായുടെ ഭരണത്തിന്‍റെ പതിനൊന്നാം വര്‍ഷം, നാലാം മാസം, ഒമ്പതാം ദിവസം നഗരത്തിന്‍റെ മതില്‍ ഭേദിക്കപ്പെട്ടു.

3 യെരൂശലേം പിടിച്ചടക്കിയപ്പോള്‍ ബാബിലോണ്‍രാജാവിന്‍റെ പ്രഭുക്കന്മാരായ നേര്‍ഗല്‍-ശരേസ്സര്‍, ശംഗര്‍-നെബോസര്‍-സെഖീം, രബ്-സാരീസ്, നേര്‍ഗല്‍-ശരേസര്‍ എന്ന രബ്-മാഗ് എന്നിവരും ബാബിലോണ്‍ രാജാവിന്‍റെ മറ്റ് ഉദ്യോഗസ്ഥന്മാരും വന്നു മധ്യവാതില്‌ക്കല്‍ സമ്മേളിച്ചു.

4 യെഹൂദാരാജാവായ സിദെക്കീയായും സൈനികരും അവരെ കണ്ടപ്പോള്‍ ഓടിപ്പോയി; രാത്രിയില്‍ രാജാവിന്‍റെ ഉദ്യാനത്തിലൂടെ രണ്ടു മതിലുകള്‍ക്ക് ഇടയിലുള്ള വാതിലില്‍ കൂടി അരാബായിലേക്കുള്ള വഴിയിലൂടെയാണ് അവര്‍ ഓടിപ്പോയത്.

5 എന്നാല്‍ ബാബിലോണ്യ സൈന്യം അവരെ പിന്തുടര്‍ന്ന് യെരീഹോസമതലത്തില്‍ വച്ചു സിദെക്കീയായെ പിടികൂടി; അവര്‍ അയാളെ ഹാമാത്ത് ദേശത്ത് രിബ്ലയില്‍ ബാബിലോണ്‍രാജാവായ നെബുഖദ്നേസരിന്‍റെ അടുക്കല്‍ കൊണ്ടുവന്നു; നെബുഖദ്നേസര്‍ സിദെക്കിയായ്‍ക്കു ശിക്ഷവിധിച്ചു.

6 രിബ്ലയില്‍ ബാബിലോണ്‍രാജാവ് സിദെക്കീയായുടെ പുത്രന്മാരെ അയാള്‍ കാണ്‍കെ വധിച്ചു; യെഹൂദായിലെ എല്ലാ ശ്രേഷ്ഠന്മാരെയും ബാബിലോണ്‍രാജാവ് കൊന്നു.

7 സിദെക്കീയായുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്തശേഷം ബാബിലോണിലേക്കു കൊണ്ടുപോകാന്‍ അയാളെ ചങ്ങലകൊണ്ടു ബന്ധിച്ചു.

8 ബാബിലോണ്യര്‍ രാജകൊട്ടാരവും ജനങ്ങളുടെ വീടുകളും അഗ്നിക്കിരയാക്കി; യെരൂശലേമിന്‍റെ മതിലുകള്‍ ഇടിച്ചുനിരത്തി.

9 നഗരത്തില്‍ ശേഷിച്ചവരെയും തന്‍റെ പക്ഷത്തേക്കു കൂറുമാറിയവരെയും മറ്റെല്ലാവരെയും അകമ്പടി സേനാനായകനായ നെബൂസര്‍-അദാന്‍, പ്രവാസികളായി ബാബിലോണിലേക്കു പിടിച്ചു കൊണ്ടുപോയി.

10 നെബൂസര്‍-അദാന്‍ ഏറ്റവും ദരിദ്രരായ ജനങ്ങളില്‍ ചിലരെ യെഹൂദ്യയില്‍ പാര്‍പ്പിച്ചു; അവര്‍ക്കു മുന്തിരിത്തോട്ടങ്ങളും നിലങ്ങളും നല്‌കി.

11

ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍, അകമ്പടിസേനാനായകനായ നെബൂസര്‍-അദാനോട് യിരെമ്യായെക്കുറിച്ച് ഇപ്രകാരം കല്പിച്ചു:

12 “നീ യിരെമ്യായെ കൊണ്ടുവന്നു സംരക്ഷിക്കുക. ഒരു ഉപദ്രവവും ചെയ്യരുത്. അയാളുടെ ഇഷ്ടാനുസരണം അയാളോടു പെരുമാറുക.”

13 അതനുസരിച്ച് അകമ്പടിനായകനായ നെബൂസര്‍-അദാനും നെബൂശസ്ബാന്‍ എന്ന രബ്-സാരീസ്സും നേര്‍ഗല്‍-ശരേസര്‍ എന്ന രബ്-മാഗും ബാബിലോണ്‍ രാജാവിന്‍റെ പ്രധാന ഉദ്യോഗസ്ഥന്മാരും കൂടി ആളയച്ചു

14 കാവല്‌ക്കാരുടെ അങ്കണത്തില്‍ നിന്നു യിരെമ്യായെ കൂട്ടിക്കൊണ്ടുവന്നു; അഹീക്കാമിന്‍റെ പുത്രനും ശാഫാന്‍റെ പൗത്രനുമായ ഗെദല്യായുടെകൂടെ അവര്‍ യിരെമ്യായെ പറഞ്ഞയച്ചു; അങ്ങനെ യിരെമ്യാ ജനത്തിന്‍റെ ഇടയില്‍ പാര്‍ത്തു.

15

കാവല്‌ക്കാരുടെ അങ്കണത്തില്‍ യിരെമ്യാ തടവുകാരനായിരുന്നപ്പോള്‍ അദ്ദേഹത്തിനു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി:

16 “എത്യോപ്യനായ ഏബെദ്-മേലെക്കിനോടു നീ പോയി പറയണം; ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; ഈ നഗരത്തിനെതിരെ ഞാന്‍ പറഞ്ഞിരുന്ന വാക്കുകളെല്ലാം സംഭവിക്കും; നന്മയ്‍ക്കല്ല തിന്മയ്‍ക്കുതന്നെ; നിന്‍റെ കണ്‍മുമ്പില്‍ വച്ച് അവയെല്ലാം ആ ദിവസം സംഭവിക്കും.

17 എന്നാല്‍ അന്നു ഞാന്‍ നിന്നെ രക്ഷിക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; നീ ഭയപ്പെടുന്നവരുടെ കൈയില്‍ നിന്നെ ഏല്പിക്കുകയില്ല.

18 ഞാന്‍ നിന്നെ നിശ്ചയമായും രക്ഷിക്കും; നീ വാളിന് ഇരയാകയില്ല; യുദ്ധത്തിലെ കൊള്ളമുതല്‍ പോലെ നിന്‍റെ ജീവന്‍ നിനക്കു ലഭിക്കും; നീ എന്നില്‍ ആശ്രയിച്ചുവല്ലോ” എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

40

1

അകമ്പടി സേനാനായകനായ നെബൂസര്‍-അദാന്‍ രാമായില്‍നിന്നു യിരെമ്യായെ വിട്ടയച്ചശേഷം യിരെമ്യാക്കു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി; യെഹൂദ്യയില്‍നിന്നും യെരൂശലേമില്‍നിന്നും ബാബിലോണിലേക്കു പ്രവാസികളായി കൊണ്ടുപോയ ബന്ദികളോടൊപ്പം യിരെമ്യായും ചങ്ങലയാല്‍ ബന്ധിതനായിരുന്നു.

2 അകമ്പടിസേനാനായകന്‍ യിരെമ്യായെ വിളിച്ച് അയാളോടു പറഞ്ഞു: “നിന്‍റെ ദൈവമായ സര്‍വേശ്വരന്‍ ഈ അനര്‍ഥങ്ങള്‍ ഈ സ്ഥലത്തിനെതിരെ പ്രഖ്യാപിച്ചിരുന്നു.

3 അവിടുന്ന് അരുളിച്ചെയ്തതുപോലെ എല്ലാം നിവര്‍ത്തിച്ചു; സര്‍വേശ്വരനെതിരെ നിങ്ങള്‍ പാപം ചെയ്യുകയും അവിടുത്തെ ശബ്ദം അവഗണിക്കുകയും ചെയ്തതിനാലാണ് ഇതെല്ലാം നിങ്ങള്‍ക്കു സംഭവിച്ചത്.

4 ഇന്നു ഞാന്‍ നിന്‍റെ കൈകളിലെ ചങ്ങലകള്‍ അഴിച്ചു നിന്നെ മോചിപ്പിക്കുന്നു; എന്നോടുകൂടെ ബാബിലോണിലേക്കു പോരുന്നതു നന്നെന്നു തോന്നുന്നു എങ്കില്‍ എന്‍റെകൂടെ വരിക; ഞാന്‍ നിന്നെ സംരക്ഷിച്ചുകൊള്ളാം. അതിനിഷ്ടമില്ലെങ്കില്‍ വരേണ്ടാ. ദേശം മുഴുവന്‍ നിന്‍റെ മുമ്പിലുണ്ട്. നല്ലതെന്നും ഉചിതമെന്നും നിനക്കു തോന്നുന്നിടത്തു പൊയ്‍ക്കൊള്ളുക.

5 ഇവിടെത്തന്നെയാണു പാര്‍ക്കുന്നതെങ്കില്‍ യെഹൂദാനഗരങ്ങളുടെ അധിപനായി ബാബിലോണ്‍രാജാവ് നിയമിച്ചിട്ടുള്ള അഹീക്കാമിന്‍റെ പുത്രനും ശാഫാന്‍റെ പൗത്രനുമായ ഗെദല്യായുടെ അടുക്കലേക്കു പോയി അയാളോടുകൂടെ ജനത്തിന്‍റെ ഇടയില്‍ പാര്‍ക്കുക; മറ്റെവിടെയെങ്കിലും പോകാനാണു നിനക്ക് ഇഷ്ടമെങ്കില്‍ അങ്ങനെ ചെയ്യുക.”

6 ഇങ്ങനെ പറഞ്ഞിട്ട് അകമ്പടിസേനാനായകന്‍ ഭക്ഷണച്ചെലവും സമ്മാനവും നല്‌കി അദ്ദേഹത്തെ യാത്ര അയച്ചു. യിരെമ്യാ മിസ്പായില്‍ അഹീക്കാമിന്‍റെ പുത്രന്‍ ഗെദല്യായുടെ അടുക്കല്‍ചെന്ന് അയാളുടെ കൂടെ ദേശത്തു ശേഷിച്ച ജനത്തിന്‍റെ ഇടയില്‍ വസിച്ചു.

7

അഹീക്കാമിന്‍റെ പുത്രനായ ഗെദല്യായെ ബാബിലോണ്‍രാജാവ് ദേശത്തിന്‍റെ ഭരണാധികാരിയായി നിയമിച്ചു എന്നും ബാബിലോണിലേക്കു പിടിച്ചുകൊണ്ടുപോകാത്ത ദേശത്തിലെ ഏറ്റവും ദരിദ്രരായ പുരുഷന്മാരെയും സ്‍ത്രീകളെയും കുട്ടികളെയും അയാളുടെ ചുമതലയിലാക്കി എന്നും നാട്ടിന്‍പുറത്തുണ്ടായിരുന്ന സൈന്യാധിപന്മാര്‍ കേട്ടു.

8 അപ്പോള്‍ നെഥന്യായുടെ പുത്രന്‍ ഇശ്മായേല്‍, കാരേഹിന്‍റെ പുത്രന്മാരായ യോഹാനാന്‍, യോനാഥാന്‍, തന്‍ഹൂമെത്തിന്‍റെ പുത്രന്‍ സെരായാ, നെതോഫാത്യനായ എഫായിയുടെ പുത്രന്മാര്‍, മയഖാത്യന്‍റെ മകനായ യെസന്യ എന്നിവര്‍ തങ്ങളുടെ ആളുകളുമായി മിസ്പായില്‍ ഗെദല്യായുടെ അടുക്കല്‍ ചെന്നു.

9 അഹീക്കാമിന്‍റെ പുത്രനും ശാഫാന്‍റെ പൗത്രനുമായ ഗെദല്യാ പ്രതിജ്ഞചെയ്ത് അവരോടു പറഞ്ഞു: “ബാബിലോണ്യരെ സേവിക്കാന്‍ നിങ്ങള്‍ ഭയപ്പെടേണ്ടാ; ദേശത്തു പാര്‍ത്തു ബാബിലോണ്‍രാജാവിനെ സേവിക്കുവിന്‍; എന്നാല്‍ നിങ്ങള്‍ക്കു ശുഭമായിരിക്കും.

10 നമ്മുടെ അടുത്തേക്കു വരുന്ന ബാബിലോണ്യരുടെ മുമ്പില്‍ നിങ്ങളുടെ പ്രതിനിധിയായി ഞാന്‍ മിസ്പായില്‍ പാര്‍ക്കും; എന്നാല്‍ നിങ്ങള്‍ വീഞ്ഞും വേനല്‍ക്കാലഫലങ്ങളും എണ്ണയും പാത്രങ്ങളില്‍ ശേഖരിച്ചു നിങ്ങള്‍ കൈവശമാക്കിയ നഗരങ്ങളില്‍തന്നെ പാര്‍ക്കുവിന്‍.”

11 മോവാബിലും അമ്മോനിലും എദോമിലും മറ്റു സ്ഥലങ്ങളിലും പാര്‍ത്തിരുന്ന യെഹൂദന്മാര്‍ ബാബിലോണിലെ രാജാവ് കുറെപ്പേരെ യെഹൂദ്യയില്‍ അവശേഷിപ്പിച്ചിട്ടുണ്ടെന്നും അഹീക്കാമിന്‍റെ പുത്രനും ശാഫാന്‍റെ പൗത്രനുമായ ഗെദല്യായെ അവിടുത്തെ അധിപതിയായി നിയമിച്ചിട്ടുണ്ടെന്നും കേട്ടു.

12 ചിതറിക്കപ്പെട്ടിരുന്ന സ്ഥലങ്ങളില്‍ നിന്നെല്ലാം യെഹൂദന്മാര്‍ യെഹൂദ്യദേശത്തെ മിസ്പായില്‍ ഗെദല്യായുടെ അടുക്കല്‍ മടങ്ങി എത്തി; അവര്‍ ധാരാളം വീഞ്ഞും വേനല്‍ക്കാലഫലങ്ങളും ശേഖരിച്ചു.

13

കാരേഹിന്‍റെ പുത്രനായ യോഹാനാനും നാട്ടിന്‍പുറത്ത് പാര്‍ത്തിരുന്ന സൈന്യാധിപന്മാരും മിസ്പായില്‍ ഗെദല്യായുടെ അടുക്കല്‍ വന്നു.

14 അമ്മോന്യരുടെ രാജാവായ ബാലീസ് അങ്ങയെ വധിക്കാന്‍ നെഥന്യായുടെ പുത്രന്‍ ഇശ്മായേലിനെ നിയോഗിച്ചിരിക്കുന്ന വിവരം അറിഞ്ഞിട്ടുണ്ടോ എന്നു ചോദിച്ചു; എന്നാല്‍ ഗെദല്യാ അവര്‍ പറഞ്ഞതു വിശ്വസിച്ചില്ല.

15 കാരേഹിന്‍റെ പുത്രനായ യോഹാനാന്‍ മിസ്പായില്‍ വച്ചു രഹസ്യമായി ഗെദല്യായോടു സംസാരിച്ചു: “ഞാന്‍ പോയി നെഥന്യായുടെ പുത്രന്‍ ഇശ്മായേലിനെ കൊന്നുകളയാം; അവന്‍ എന്തിന് അങ്ങയുടെ ജീവന്‍ അപഹരിക്കണം; അങ്ങനെ സംഭവിച്ചാല്‍ അങ്ങയുടെ ചുറ്റും കൂടിയിരിക്കുന്ന യെഹൂദന്മാരെല്ലാം ചിതറപ്പെടും; യെഹൂദ്യയില്‍ അവശേഷിക്കുന്നവര്‍ നശിക്കുകയും ചെയ്യും.”

16 എന്നാല്‍ ഗെദല്യാ പറഞ്ഞു: “ഇതു നീ ചെയ്യരുത്; നീ ഇശ്മായേലിനെക്കുറിച്ചു പറയുന്നതു സത്യമല്ല.”

41

1

ആ വര്‍ഷം ഏഴാം മാസത്തില്‍, രാജവംശത്തില്‍പ്പെട്ടവനും രാജാവിന്‍റെ പ്രധാന ഉദ്യോഗസ്ഥനും നെഥന്യായുടെ പുത്രനും എലിശാമായുടെ പൗത്രനുമായ ഇശ്മായേല്‍, പത്ത് ആളുകളുമായി മിസ്പായില്‍ അഹീക്കാമിന്‍റെ പുത്രനായ ഗെദല്യായുടെ അടുക്കലെത്തി; മിസ്പായില്‍ അവര്‍ ഒന്നിച്ചു ഭക്ഷണം കഴിക്കുക ആയിരുന്നു.

2 അപ്പോള്‍ നെഥന്യായുടെ പുത്രന്‍ ഇശ്മായേലും പത്ത് ആളുകളും എഴുന്നേറ്റ്, ബാബിലോണ്‍രാജാവ് ദേശത്തിന്‍റെ അധിപതിയായി നിയമിച്ചിരുന്നവനും അഹീക്കാമിന്‍റെ പുത്രനും ശാഫാന്‍റെ പൗത്രനുമായ ഗെദല്യായെ വാളുകൊണ്ട് വധിച്ചു.

3 മിസ്പായില്‍ ഗെദല്യായുടെ അടുക്കല്‍ ഉണ്ടായിരുന്ന എല്ലാ യെഹൂദന്മാരെയും ബാബിലോണ്‍ സൈനികരെയും ഇശ്മായേല്‍ വധിച്ചു.

4

[4,5] ഗെദല്യായെ കൊന്നതിന്‍റെ അടുത്ത ദിവസം, മറ്റാരും അത് അറിയുന്നതിനുമുമ്പ്, ശെഖേം, ശിലോ, ശമര്യ എന്നിവിടങ്ങളില്‍നിന്ന് എണ്‍പതു പുരുഷന്മാര്‍ അവിടെയെത്തി; അവര്‍ താടി വടിച്ചും വസ്ത്രം കീറിയും ശരീരത്തില്‍ മുറിവേല്പിച്ചും സര്‍വേശ്വരന്‍റെ ആലയത്തില്‍ അര്‍പ്പിക്കാനുള്ള ധാന്യവഴിപാടുകളും സുഗന്ധദ്രവ്യങ്ങളുമായി പോകുന്ന വഴിക്കാണ് അവിടെ എത്തിയത്.

5

6 മിസ്പായില്‍നിന്നു നെഥന്യായുടെ പുത്രന്‍ ഇശ്മായേല്‍ കരഞ്ഞുകൊണ്ട് അവരെ സ്വീകരിക്കാനെത്തി; അവരെ കണ്ടപ്പോള്‍ അഹീക്കാമിന്‍റെ പുത്രനായ ഗെദല്യായുടെ അടുക്കലേക്കു വരുവിന്‍ എന്നു ഇശ്മായേല്‍ അവരോടു പറഞ്ഞു.

7 അവര്‍ നഗരത്തില്‍ വന്നപ്പോള്‍ ഇശ്മായേലും കൂടെയുള്ളവരും ചേര്‍ന്ന് അവരെ വധിച്ച് ഒരു കിണറ്റിലിട്ടു.

8 അവരില്‍ പത്തു പേര്‍ ഇശ്മായേലിനോടു പറഞ്ഞു: “ഞങ്ങളെ വധിക്കരുതേ, കോതമ്പ്, ബാര്‍ലി, എണ്ണ, തേന്‍ എന്നിവ ശേഖരിച്ചു ഞങ്ങള്‍ വയലില്‍ ഒളിച്ചുവച്ചിട്ടുണ്ട്.” അതുകൊണ്ടു മറ്റുള്ളവരോടൊപ്പം അവരെ അയാള്‍ വധിച്ചില്ല.

9

ഇശ്മായേല്‍ മൃതശരീരങ്ങള്‍ വലിച്ചെറിഞ്ഞത് ഇസ്രായേല്‍രാജാവായ ബെയശായെ ഭയന്ന് ആസാരാജാവു നിര്‍മിച്ച വലിയ കിണറ്റിലായിരുന്നു; നെഥന്യായുടെ പുത്രനായ ഇശ്മായേല്‍ അതു ശവശരീരങ്ങള്‍ കൊണ്ടു നിറച്ചു.

10 മിസ്പായില്‍ ശേഷിച്ച സകല ജനങ്ങളെയും ഇശ്മായേല്‍ തടവുകാരാക്കി; അകമ്പടി സേനാനായകനായ നെബൂസര്‍- അദാന്‍ അഹീക്കാമിന്‍റെ പുത്രനായ ഗെദല്യായെ ഏല്പിച്ച ജനങ്ങള്‍, രാജപുത്രിമാര്‍ എന്നിവരും അവരില്‍ ഉള്‍പ്പെട്ടിരുന്നു. അവരെ തടവുകാരാക്കിക്കൊണ്ട് ഇശ്മായേല്‍ അമ്മോന്യരുടെ അടുക്കലേക്കു പുറപ്പെട്ടു.

11

നെഥന്യായുടെ പുത്രന്‍ ഇശ്മായേല്‍ ചെയ്ത അതിക്രമങ്ങളെപ്പറ്റി കാരേഹിന്‍റെ പുത്രനായ യോഹാനാനും കൂടെ ഉണ്ടായിരുന്ന സൈന്യാധിപന്മാരും കേട്ടപ്പോള്‍,

12 തങ്ങളുടെ കൂടെയുള്ള ആളുകളെ കൂട്ടിക്കൊണ്ട് നെഥന്യായുടെ പുത്രനായ ഇശ്മായേലിനോടു യുദ്ധം ചെയ്യാന്‍ പുറപ്പെട്ടു; ഗിബെയോനിലെ വലിയ കുളത്തിനടുത്തുവച്ച് അവര്‍ അയാളോടേറ്റുമുട്ടി.

13 ഇശ്മായേലിന്‍റെകൂടെ ഉണ്ടായിരുന്ന ബന്ദികള്‍ കാരേഹിന്‍റെ പുത്രനായ യോഹാനാനെയും അദ്ദേഹത്തോടൊപ്പമുള്ള സൈന്യാധിപന്മാരെയും കണ്ടപ്പോള്‍ സന്തോഷിച്ചു.

14 ഇശ്മായേല്‍ മിസ്പായില്‍നിന്നു ബന്ദികളായി പിടിച്ചുകൊണ്ടുപോയ ജനങ്ങള്‍ തിരിഞ്ഞു കാരേഹിന്‍റെ പുത്രനായ യോഹാനാന്‍റെ പക്ഷം ചേര്‍ന്നു.

15 ഇശ്മായേലും മറ്റു എട്ടുപേരും യോഹാനാനില്‍നിന്നു രക്ഷപെട്ട് അമ്മോന്യരുടെ അടുക്കലേക്ക് ഓടിപ്പോയി.

16 ഇശ്മായേല്‍, ഗെദല്യായെ വധിച്ചശേഷം മിസ്പായില്‍നിന്നു ബന്ദികളായി പിടിച്ചുകൊണ്ടുപോയ പടയാളികള്‍, സ്‍ത്രീകള്‍, കുട്ടികള്‍, ഷണ്ഡന്മാര്‍ എന്നിവരടങ്ങുന്ന ജനങ്ങളെയെല്ലാം കാരേഹിന്‍റെ പുത്രനായ യോഹാനാനും കൂടെയുള്ള സൈന്യാധിപന്മാരും കൂടി മോചിപ്പിച്ചു ഗിബെയോനില്‍നിന്നു മടക്കിക്കൊണ്ടുവന്നു.

17 ഈജിപ്തിലേക്കു പോകാനുള്ള ഉദ്ദേശ്യത്തോടെ അവര്‍ ബേത്‍ലഹേമിനടുത്തുള്ള ഗേരൂത്ത്-കിംഹാമില്‍ ചെന്നു താമസിച്ചു.

18 ബാബിലോണ്‍രാജാവ് ദേശത്തിന്‍റെ അധിപതിയായി നിയമിച്ചിരുന്ന അഹീക്കാമിന്‍റെ പുത്രന്‍ ഗെദല്യായെ നെഥന്യായുടെ പുത്രന്‍ ഇശ്മായേല്‍ വധിച്ചതുകൊണ്ട് അവര്‍ ബാബിലോണ്യരെ ഭയപ്പെട്ടിരുന്നു.

42

1

സകല സൈന്യാധിപന്മാരും കാരേഹിന്‍റെ പുത്രനായ യോഹാനാനും ഹോശയ്യായുടെ പുത്രന്‍ യെസന്യായും ചെറിയവരും വലിയവരും എന്ന ഭേദം കൂടാതെ സര്‍വജനവും അപ്പോള്‍ ഒന്നിച്ചുകൂടി.

2 [2,3] അവര്‍ യിരെമ്യാ പ്രവാചകനോടു പറഞ്ഞു: “ഞങ്ങളുടെ അപേക്ഷ കേട്ടാലും; ഒരു വലിയ ജനത ആയിരുന്ന ഞങ്ങളില്‍ ഒരു ചെറിയ ഭാഗം മാത്രമേ ശേഷിച്ചിട്ടുള്ളൂ എന്ന് അങ്ങു കാണുന്നുവല്ലോ; ഈ ശേഷിപ്പിനുവേണ്ടി അങ്ങയുടെ ദൈവമായ സര്‍വേശ്വരനോടു പ്രാര്‍ഥിച്ചാലും. ഞങ്ങള്‍ പോകേണ്ട മാര്‍ഗവും ഞങ്ങള്‍ ചെയ്യേണ്ട പ്രവൃത്തികളും ദൈവമായ സര്‍വേശ്വരന്‍ ഞങ്ങള്‍ക്കു കാണിച്ചുതരുമാറാകട്ടെ.”

3

4 യിരെമ്യാപ്രവാചകന്‍ അവരോടു പറഞ്ഞു: “നിങ്ങളുടെ അപേക്ഷ ഞാന്‍ കേട്ടു; നിങ്ങള്‍ അപേക്ഷിച്ചതുപോലെ നമ്മുടെ ദൈവമായ സര്‍വേശ്വരനോടു ഞാന്‍ പ്രാര്‍ഥിക്കാം; അവിടുന്ന് അരുളിച്ചെയ്യുന്നതു ഞാന്‍ പറയാം; നിങ്ങളില്‍നിന്നു യാതൊന്നും ഞാന്‍ മറച്ചു വയ്‍ക്കുകയില്ല.”

5 അവര്‍ യിരെമ്യായോടു പറഞ്ഞു: “അങ്ങയുടെ ദൈവമായ സര്‍വേശ്വരന്‍ ഏതു കാര്യവുമായി അങ്ങയെ ഞങ്ങളുടെ അടുക്കല്‍ അയച്ചാലും ഞങ്ങള്‍ അതനുസരിച്ചു പ്രവര്‍ത്തിച്ചുകൊള്ളാം; അങ്ങനെ ഞങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍ സര്‍വേശ്വരന്‍ തന്നെ ഞങ്ങള്‍ക്കെതിരെ സത്യവും വിശ്വസ്തതയുമുള്ള സാക്ഷിയായിരിക്കട്ടെ.

6 നമ്മുടെ ദൈവമായ സര്‍വേശ്വരന്‍ കല്പിക്കുന്നതു നന്മയോ തിന്മയോ ആകട്ടെ ഞങ്ങള്‍ അതനുസരിച്ചുകൊള്ളാം; ആ ദൈവത്തിന്‍റെ അടുക്കലേക്കാണല്ലോ ഞങ്ങള്‍ അങ്ങയെ അയയ്‍ക്കുന്നത്; നമ്മുടെ ദൈവമായ സര്‍വേശ്വരന്‍റെ വാക്കു കേട്ടനുസരിക്കുമ്പോള്‍ ഞങ്ങള്‍ക്കു ശുഭംവരും.”

7

പത്തുദിവസം കഴിഞ്ഞു യിരെമ്യാക്കു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി.

8 അപ്പോള്‍ കാരേഹിന്‍റെ പുത്രനായ യോഹാനാനെയും സൈന്യാധിപന്മാരെയും ചെറിയവര്‍മുതല്‍ വലിയവര്‍വരെ സര്‍വജനത്തെയും യിരെമ്യാ വിളിച്ചുവരുത്തി അവരോടു പറഞ്ഞു:

9 “നിങ്ങളുടെ അപേക്ഷ സമര്‍പ്പിക്കാന്‍ നിങ്ങള്‍ എന്നെ ആരുടെ അടുക്കല്‍ അയച്ചുവോ ആ ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു:

10 “നിങ്ങള്‍ ഈ ദേശത്തുതന്നെ പാര്‍ത്താല്‍, ഞാന്‍ നിങ്ങളെ പടുത്തുയര്‍ത്തും; പൊളിച്ചുകളയുകയില്ല. ഞാന്‍ നിങ്ങളെ നട്ടുപിടിപ്പിക്കും; പിഴുതുകളയുകയില്ല. നിങ്ങള്‍ക്കു വരുത്തിയ അനര്‍ഥത്തെക്കുറിച്ചു ഞാന്‍ ദുഃഖിക്കുന്നു.

11 നിങ്ങള്‍ ബാബിലോണ്‍ രാജാവിനെ ഭയപ്പെടേണ്ടാ; അവന്‍റെ കരങ്ങളില്‍നിന്ന് നിങ്ങളെ രക്ഷിക്കാനും മോചിപ്പിക്കാനും ഞാന്‍ നിങ്ങളോടുകൂടെയുണ്ട്.

12 അവനെ ഭയപ്പെടേണ്ടാ എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; ഞാന്‍ നിങ്ങളോടു കരുണ കാണിക്കും.

13 അങ്ങനെ അവനു നിങ്ങളോടു ദയ തോന്നി നിങ്ങളെ ദേശത്തു വസിക്കാന്‍ അനുവദിക്കും. ‘ഞങ്ങള്‍ ഈ ദേശത്ത് പാര്‍ക്കുകയില്ല, ഞങ്ങള്‍ അങ്ങയുടെ ദൈവമായ സര്‍വേശ്വരന്‍റെ കല്പന അനുസരിക്കയുമില്ല. ഈജിപ്തിലേക്കു ഞങ്ങള്‍ പോകും;

14 അവിടെ ഞങ്ങള്‍ക്കു യുദ്ധം കാണുകയോ, യുദ്ധത്തിന്‍റെ കാഹളധ്വനി കേള്‍ക്കയോ, അപ്പത്തിനുവേണ്ടി വിശക്കുകയോ ചെയ്യേണ്ടിവരികയില്ല,

15 ഞങ്ങള്‍ അവിടെ പാര്‍ക്കും’ എന്നു പറയുകയും ചെയ്താല്‍

16 യെഹൂദായില്‍ ശേഷിച്ചിരിക്കുന്നവരേ നിങ്ങള്‍ സര്‍വേശ്വരന്‍റെ വാക്കു കേള്‍ക്കുവിന്‍. ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ അവിടുന്ന് അരുളിച്ചെയ്യുന്നു: “നിങ്ങള്‍ ഈജിപ്തില്‍ പോയി അവിടെ പാര്‍ക്കാനാണു നിശ്ചയിച്ചിരിക്കുന്നതെങ്കില്‍,

17 നിങ്ങള്‍ ഭയപ്പെടുന്ന വാള്‍ ഈജിപ്തില്‍ വച്ചു നിങ്ങളുടെമേല്‍ പതിക്കും. നിങ്ങള്‍ ഭയപ്പെടുന്ന ക്ഷാമം അവിടെ നിങ്ങളെ പിന്തുടരും; അവിടെവച്ചു നിങ്ങള്‍ മരിക്കും. ഈജിപ്തിലേക്കു പോയി അവിടെ പാര്‍ക്കാന്‍ നിശ്ചയിച്ചിരിക്കുന്നവര്‍ വാളും ക്ഷാമവും മഹാമാരിയും കൊണ്ടു മരിക്കും; ഞാന്‍ അവരുടെമേല്‍ വരുത്തുന്ന അനര്‍ഥത്തില്‍നിന്ന് ആരും രക്ഷപെടുകയില്ല, അവശേഷിക്കുകയുമില്ല.

18

ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: യെരൂശലേം നിവാസികളുടെമേല്‍ എന്‍റെ കോപവും ക്രോധവും ചൊരിഞ്ഞതുപോലെ, നിങ്ങള്‍ ഈജിപ്തില്‍ പ്രവേശിച്ചു കഴിയുമ്പോള്‍ നിങ്ങളുടെമേലും എന്‍റെ ക്രോധം ചൊരിയും; നിങ്ങള്‍ ശാപത്തിനും പരിഭ്രാന്തിക്കും പരിഹാസത്തിനും നിന്ദയ്‍ക്കും വിധേയരാകും; ഈ സ്ഥലം നിങ്ങള്‍ ഇനി കാണുകയുമില്ല.

19 യെഹൂദ്യയില്‍ അവശേഷിച്ചിരിക്കുന്നവരേ, നിങ്ങള്‍ ഈജിപ്തിലേക്കു പോകരുത് എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്തിരിക്കുന്നു; ഞാന്‍ അതിനെപ്പറ്റി ഇന്നു വ്യക്തമായ മുന്നറിയിപ്പു നല്‌കിയിരിക്കുന്നു എന്നും അറിഞ്ഞുകൊള്‍വിന്‍.

20 ‘ഞങ്ങളുടെ സര്‍വേശ്വരനോടു ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ, അവിടുന്നു കല്പിക്കുന്നതെന്തും ഞങ്ങള്‍ അനുസരിച്ചുകൊള്ളാം’ എന്നു പറഞ്ഞു നിങ്ങള്‍ എന്നെ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ അടുക്കലേക്ക് അയച്ചപ്പോള്‍ നിങ്ങള്‍ നിങ്ങളെത്തന്നെ വഞ്ചിക്കയായിരുന്നു.

21 ഇന്നു ഞാന്‍ എല്ലാകാര്യങ്ങളും നിങ്ങളെ അറിയിച്ചു. നിങ്ങളോടു പറയാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ എന്നോട് ആവശ്യപ്പെട്ടതൊന്നും നിങ്ങള്‍ അനുസരിച്ചിട്ടില്ല. അതുകൊണ്ടു നിങ്ങള്‍ പോയി പാര്‍ക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലത്തുവച്ചു തന്നെ നിങ്ങള്‍ വാളും ക്ഷാമവും മഹാമാരിയുംകൊണ്ടു മരിക്കും എന്നു നിശ്ചയമായും അറിഞ്ഞുകൊള്ളുവിന്‍.”

43

1

ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യാന്‍ കല്പിച്ച വചനങ്ങളെല്ലാം യിരെമ്യാ ജനത്തോടു പറഞ്ഞു.

2 പിന്നീട് ഹോശയ്യായുടെ പുത്രന്‍ അസര്യായും കാരേഹിന്‍റെ പുത്രന്‍ യോഹാനാനും അഹങ്കാരികളായ മറ്റുള്ളവരും ചേര്‍ന്നു യിരെമ്യായോടു പറഞ്ഞു: “നീ കള്ളം പറയുന്നു. ഈജിപ്തില്‍പോയി അവിടെ പാര്‍ക്കരുത് എന്നു പറയാന്‍ ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിന്നെ അയച്ചിട്ടില്ല.

3 ബാബിലോണ്യര്‍ ഞങ്ങളെ കൊല്ലുന്നതിനോ ബാബിലോണിലേക്കു പ്രവാസികളായി കൊണ്ടുപോകുന്നതിനോവേണ്ടി അവരുടെ കൈയില്‍ ഞങ്ങളെ ഏല്പിച്ചുകൊടുക്കാന്‍ നേര്യായുടെ പുത്രന്‍ ബാരൂക്ക് നിന്നെ പ്രേരിപ്പിക്കുന്നു.”

4 അങ്ങനെ കാരേഹിന്‍റെ പുത്രനായ യോഹാനാനും സൈന്യാധിപന്മാരും സര്‍വജനങ്ങളും യെഹൂദ്യയില്‍ തന്നെ പാര്‍ക്കണമെന്നുള്ള സര്‍വേശ്വരന്‍റെ കല്പന അനുസരിച്ചില്ല.

5 യോഹാനാനും സൈന്യാധിപന്മാരുംകൂടി ചിതറിപ്പോയ സ്ഥലങ്ങളില്‍നിന്നു യെഹൂദ്യയില്‍ പാര്‍ക്കാന്‍ മടങ്ങിവന്ന യെഹൂദന്മാരെയും

6 സകല പുരുഷന്മാരെയും സ്‍ത്രീകളെയും കുട്ടികളെയും രാജകുമാരിമാരെയും അഹീക്കാമിന്‍റെ പുത്രനും ശാഫാന്‍റെ പൗത്രനുമായ, ഗെദല്യായുടെ അടുക്കല്‍ അകമ്പടി സേനാനായകനായ നെബൂസര്‍-അദാന്‍ ഏല്പിച്ചിരുന്ന സര്‍വജനങ്ങളെയും യിരെമ്യാപ്രവാചകനെയും നേര്യായുടെ പുത്രന്‍ ബാരൂക്കിനെയും ഈജിപ്തിലേക്കു കൊണ്ടുപോയി.

7 സര്‍വേശ്വരന്‍റെ കല്പന അനുസരിക്കാതെ അവര്‍ ഈജിപ്തുദേശത്തു തഹ്പനേസില്‍ എത്തി.

8

തഹ്പനേസില്‍വച്ചു സര്‍വേശ്വരന്‍റെ അരുളപ്പാട് യിരെമ്യാക്കുണ്ടായി.

9 “നീ വലിയ കല്ലുകള്‍ എടുത്തു യെഹൂദന്മാര്‍ കാണ്‍കെ തഹ്പനേസില്‍ ഫറവോയുടെ കൊട്ടാരത്തിന്‍റെ പടിവാതില്‌ക്കലുള്ള കല്‍ത്തളത്തിലെ കുമ്മായക്കൂട്ടില്‍ കുഴിച്ചിടുക.

10 പിന്നീട് അവരോടു പറയണം, ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “എന്‍റെ ദാസനായ നെബുഖദ്നേസറിനെ ഞാന്‍ ഇവിടേക്ക് അയയ്‍ക്കും; ഞാന്‍ കുഴിച്ചിട്ട കല്ലുകളുടെ മുകളില്‍ അദ്ദേഹത്തിന്‍റെ സിംഹാസനം ഉറപ്പിക്കും; തന്‍റെ രാജകീയ വിരിപ്പന്തല്‍ അവയുടെമേല്‍ ഉയര്‍ത്തും.

11 അവന്‍ വന്ന് ഈജിപ്തുദേശത്തെ തകര്‍ക്കും; പകര്‍ച്ചവ്യാധിക്കു വിധിക്കപ്പെട്ടവരെ പകര്‍ച്ചവ്യാധിക്കും പ്രവാസത്തിനു വിധിക്കപ്പെട്ടവരെ പ്രവാസത്തിനും വാളിനു വിധിക്കപ്പെട്ടവരെ വാളിനും ഇരയാക്കും.

12 ഈജിപ്തില്‍ ദേവന്മാരുടെ ക്ഷേത്രങ്ങള്‍ക്ക് തീ വയ്‍ക്കും; ദേവന്മാരെ അഗ്നിക്കിരയാക്കുകയോ ബന്ദികളായി കൊണ്ടുപോകുകയോ ചെയ്യും; ആട്ടിടയന്‍ തന്‍റെ പുതപ്പില്‍നിന്നു പ്രാണികളെ കുടഞ്ഞുകളഞ്ഞ് അതു ശുദ്ധമാക്കുന്നതുപോലെ ഈജിപ്ത് ദേശം ഞാന്‍ ശുദ്ധമാക്കും; സമാധാനത്തോടെ ബാബിലോണ്‍രാജാവ് മടങ്ങിപ്പോകുകയും ചെയ്യും.

13 ഈജിപ്തിലുള്ള സൂര്യക്ഷേത്രത്തിലെ സ്തംഭങ്ങള്‍ അവന്‍ തകര്‍ക്കും; ഈജിപ്തിലെ ദേവന്മാരുടെ ക്ഷേത്രങ്ങള്‍ അവന്‍ അഗ്നിക്കിരയാക്കും.”

44

1

ഈജിപ്തിലെ മിഗ്ദോലിലും തഹ്പനേസിലും മെംഫിസിലും പത്രോസിലും പാര്‍ക്കുന്ന യെഹൂദന്മാരെ സംബന്ധിച്ചു സര്‍വേശ്വരന്‍റെ അരുളപ്പാട് യിരെമ്യാക്കുണ്ടായി.

2 ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “യെരൂശലേമിലും യെഹൂദ്യാനഗരങ്ങളിലും ഞാന്‍ വരുത്തിയ എല്ലാ അനര്‍ഥങ്ങളും നിങ്ങള്‍ കണ്ടല്ലോ; ഇന്ന് അവയെല്ലാം ശൂന്യമായി കിടക്കുന്നു; ആരും അവിടെ പാര്‍ക്കുന്നില്ല.

3 [3,4] കാരണം, അവിടത്തെ നിവാസികള്‍, അവരോ നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത ദേവന്മാര്‍ക്കു ധൂപാര്‍ച്ചന നടത്തുകയും അവയെ സേവിക്കുകയും ചെയ്തു; അങ്ങനെ അവര്‍ ചെയ്ത തിന്മപ്രവൃത്തികള്‍ നിമിത്തം അവര്‍ എന്നെ പ്രകോപിപ്പിച്ചു. ‘ഞാന്‍ വെറുക്കുന്ന മ്ലേച്ഛതകള്‍ ചെയ്യരുത്’ എന്ന സന്ദേശവുമായി എന്‍റെ ദാസന്മാരായ പ്രവാചകരെ ഞാന്‍ തുടരെ നിങ്ങളുടെ അടുക്കല്‍ അയച്ചു.

4

5 എന്നാല്‍ നിങ്ങള്‍ അതു ചെവിക്കൊണ്ടില്ല. അന്യദേവന്മാര്‍ക്കു ധൂപാര്‍ച്ചന നടത്തുന്ന തിന്മപ്രവൃത്തിയില്‍നിന്നു പിന്തിരിഞ്ഞുമില്ല.

6 അതുകൊണ്ട് എന്‍റെ ക്രോധവും കോപവും യെഹൂദാനഗരങ്ങളിലും യെരൂശലേംവീഥികളിലും ഞാന്‍ ചൊരിഞ്ഞു; അവ കത്തിയെരിഞ്ഞ് ഇന്നത്തേതുപോലെ ശൂന്യവും പാഴുമായി കിടക്കുന്നു.

7 ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; യെഹൂദ്യയില്‍ ആരും ശേഷിക്കാത്തവിധം നിങ്ങളുടെ പുരുഷന്മാരെയും സ്‍ത്രീകളെയും കുട്ടികളെയും പിഞ്ചുകുഞ്ഞുങ്ങളെയും ഒന്നടങ്കം നശിപ്പിക്കാനാണോ നിങ്ങള്‍ ഇത്ര വലിയ തിന്മ ചെയ്തത്?

8 നിങ്ങള്‍ പാര്‍ക്കാന്‍ വന്നിരിക്കുന്ന ഈജിപ്തില്‍ അന്യദേവന്മാര്‍ക്കു ധൂപാര്‍ച്ചന നടത്തുകയും നിങ്ങളുടെ കൈകളുടെ പ്രവൃത്തികള്‍കൊണ്ട് എന്നെ പ്രകോപിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങനെ നിങ്ങള്‍ നിങ്ങളെത്തന്നെ നശിപ്പിക്കാനും ഭൂതലത്തിലുള്ള സകല ജനതകളുടെയും ഇടയില്‍ ശാപത്തിനും പരിഹാസത്തിനും ഇടയാകാനുമാണോ ആഗ്രഹിക്കുന്നത്?

9 യെഹൂദ്യയിലും യെരൂശലേം വീഥികളിലുംവച്ചു നിങ്ങളുടെ പിതാക്കന്മാരും യെഹൂദാരാജാക്കന്മാരും അവരുടെ ഭാര്യമാരും നിങ്ങളും നിങ്ങളുടെ ഭാര്യമാരും ചെയ്ത ദുഷ്പ്രവൃത്തികള്‍ നിങ്ങള്‍ മറന്നുപോയോ?

10 അവര്‍ ഇന്നുവരെ വിനയപ്പെട്ടിട്ടില്ല; അവര്‍ ഭയപ്പെടുകയോ, നിങ്ങളുടെയും നിങ്ങളുടെ പിതാക്കന്മാരുടെയും മുമ്പില്‍ ഞാന്‍ വച്ചിരുന്ന ധര്‍മശാസ്ത്രവും ചട്ടങ്ങളും അനുസരിക്കുകയോ ചെയ്തില്ല.

11

അതുകൊണ്ട് ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “യെഹൂദയെ മുഴുവന്‍ ഛേദിച്ചുകളയാനും നിങ്ങളുടെമേല്‍ അനര്‍ഥം വരുത്താനും തക്കവിധം നിങ്ങള്‍ക്കെതിരെ ഞാന്‍ തിരിയുകയാണ്;

12 ഈജിപ്തില്‍ വന്നു പാര്‍ക്കുന്നതിനു നിശ്ചയിച്ചിരിക്കുന്ന യെഹൂദ്യയില്‍ ശേഷിച്ചിരിക്കുന്നവരെ ഞാന്‍ പിടികൂടും; അവരെല്ലാവരും ഈജിപ്തില്‍വച്ചു നശിക്കും; വാള്‍കൊണ്ട് വീഴും; ക്ഷാമംകൊണ്ടു നശിക്കും; വലിയവര്‍മുതല്‍ ചെറിയവര്‍വരെ എല്ലാവരും യുദ്ധവും ക്ഷാമവുംകൊണ്ടു മരിക്കും. അവര്‍ ശാപത്തിനും ഭീതിക്കും പരിഹാസത്തിനും നിന്ദയ്‍ക്കും പാത്രമാകും.

13 വാളും ക്ഷാമവും മഹാമാരിയുംകൊണ്ടു യെരൂശലേമിനെ ഞാന്‍ ശിക്ഷിച്ചതുപോലെ ഈജിപ്തില്‍ വന്നു പാര്‍ക്കുന്നവരെയും ഞാന്‍ ശിക്ഷിക്കും.

14 ഈജിപ്തുദേശത്തു പാര്‍ക്കാന്‍ വന്ന യെഹൂദ്യരില്‍ ശേഷിച്ചവരാരും രക്ഷപെടുകയോ അവശേഷിക്കുകയോ ഇല്ല; യെഹൂദ്യദേശത്തു തിരിച്ചുപോയി പാര്‍ക്കാന്‍ ആഗ്രഹിക്കുന്നവരില്‍ ആരും മടങ്ങിപ്പോകയുമില്ല; പലായനം ചെയ്യുന്ന ചിലരല്ലാതെ ആരും അവിടെ എത്തുകയുമില്ല.”

15

തങ്ങളുടെ ഭാര്യമാര്‍ അന്യദേവന്മാര്‍ക്കു ധൂപാര്‍ച്ചന ചെയ്തിരുന്നു എന്നറിഞ്ഞ പുരുഷന്മാരും അവിടെ നിന്നിരുന്ന വലിയ സംഘം സ്‍ത്രീകളും ഈജിപ്തിലെ പത്രോസ് ദേശത്തു പാര്‍ത്തിരുന്ന ജനങ്ങളും യിരെമ്യായോടു പറഞ്ഞു:

16 “സര്‍വേശ്വരന്‍റെ നാമത്തില്‍ അങ്ങു സംസാരിച്ച കാര്യങ്ങള്‍ ഞങ്ങള്‍ അനുസരിക്കുകയില്ല.

17 ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും രാജാക്കന്മാരും പ്രഭുക്കന്മാരും യെഹൂദാനഗരങ്ങളിലും യെരൂശലേം വീഥികളിലും ആയിരുന്നപ്പോള്‍ ചെയ്തതുപോലെ ആകാശരാജ്ഞിക്കു ധൂപാര്‍ച്ചന നടത്തുക, പാനീയ ബലി അര്‍പ്പിക്കുക തുടങ്ങി ഞങ്ങള്‍ ചെയ്തിട്ടുള്ള എല്ലാ പ്രതിജ്ഞകളും നിറവേറ്റും. അന്നു ഞങ്ങള്‍ക്കു ധാരാളം ഭക്ഷണവും ഐശ്വര്യവും ഉണ്ടായിരുന്നു; അനര്‍ഥമൊന്നും ഞങ്ങള്‍ക്ക് നേരിട്ടിരുന്നുമില്ല;

18 എന്നാല്‍ ആകാശരാജ്ഞിക്കു ധൂപാര്‍ച്ചന നടത്തുന്നതും പാനീയബലി അര്‍പ്പിക്കുന്നതും അവസാനിപ്പിച്ചപ്പോള്‍ മുതല്‍ എല്ലാത്തിനും ക്ഷാമമാണ്; യുദ്ധത്തിനും ക്ഷാമത്തിനും ഞങ്ങള്‍ ഇരയാവുകയും ചെയ്യുന്നു.”

19 സ്‍ത്രീകള്‍ ചോദിച്ചു: “ഞങ്ങള്‍ ആകാശരാജ്ഞിക്ക് ധൂപാര്‍ച്ചന നടത്തിയതും പാനീയബലി അര്‍പ്പിച്ചതും ആ ദേവിയുടെ രൂപത്തില്‍ അടകള്‍ ഉണ്ടാക്കിയതും പാനീയം അര്‍പ്പിച്ചതും ഭര്‍ത്താക്കന്മാരുടെ അനുവാദം കൂടാതെ ആയിരുന്നുവോ?”

20

അപ്പോള്‍ ഇങ്ങനെ സംസാരിച്ച സ്‍ത്രീപുരുഷന്മാരടക്കം സര്‍വജനത്തോടും യിരെമ്യാ പറഞ്ഞു:

21 “യെഹൂദ്യയിലെ നഗരങ്ങളിലും യെരൂശലേംവീഥികളിലും വച്ചു നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും രാജാക്കന്മാരും പ്രഭുക്കന്മാരും ദേശത്തുള്ള ജനങ്ങളും നടത്തിയ ധൂപാര്‍ച്ചനയെപ്പറ്റി സര്‍വേശ്വരന്‍ സ്മരിച്ചില്ലേ? അതിനെപ്പറ്റി അവിടുന്നു ചിന്തിച്ചില്ലേ?

22 നിങ്ങള്‍ ചെയ്ത തിന്മപ്രവൃത്തികളും മ്ലേച്ഛതകളും സര്‍വേശ്വരനു ദുസ്സഹമായിരിക്കയാണ്. അതുകൊണ്ടു നിങ്ങളുടെ ദേശം ഇന്നു കിടക്കുന്നതുപോലെ ആള്‍പാര്‍പ്പില്ലാതെ ശൂന്യവും ഭീതിദവും ശാപഗ്രസ്തവുമായി കിടക്കുന്നു;

23 നിങ്ങള്‍ ധൂപാര്‍ച്ചന നടത്തുകയും സര്‍വേശ്വരനെതിരെ പാപം ചെയ്യുകയും അവിടുത്തെ കല്പന ശ്രദ്ധിക്കാതെ അവിടുത്തെ നിയമങ്ങളും ചട്ടങ്ങളും അനുശാസനങ്ങളും ലംഘിക്കയും ചെയ്തതുകൊണ്ടാണ് ഇന്നത്തേതുപോലെയുള്ള അനര്‍ഥങ്ങള്‍ നിങ്ങളുടെമേല്‍ നിപതിച്ചിരിക്കുന്നത്.”

24

യിരെമ്യാ സര്‍വജനത്തോടും പ്രത്യേകിച്ച് സ്‍ത്രീകളോടുമായി പറഞ്ഞു: “യെഹൂദാദേശക്കാരും ഇപ്പോള്‍ ഈജിപ്തില്‍ വന്നു പാര്‍ക്കുന്നവരുമായ നിങ്ങള്‍ സര്‍വേശ്വരന്‍റെ അരുളപ്പാടു കേള്‍ക്കുവിന്‍;

25 ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; ആകാശരാജ്ഞിക്കു ധൂപാര്‍ച്ചന നടത്തുമെന്നും പാനീയബലി അര്‍പ്പിക്കുമെന്നും നിങ്ങളും നിങ്ങളുടെ ഭാര്യമാരും ചെയ്ത പ്രതിജ്ഞ നിറവേറ്റുമെന്നു നാവുകൊണ്ടു പറഞ്ഞിരുന്നത് നിങ്ങളുടെ കരങ്ങള്‍കൊണ്ട് നിറവേറ്റി; ഇപ്പോള്‍ നിങ്ങളുടെ നേര്‍ച്ചകള്‍ ഉറപ്പാക്കുകയും നിറവേറ്റുകയും ചെയ്യുവിന്‍.

26 ഈജിപ്തില്‍ പാര്‍ക്കുന്ന സര്‍വ യെഹൂദ്യരുമേ, സര്‍വേശ്വരന്‍റെ വാക്കു കേള്‍ക്കുവിന്‍. ജീവിക്കുന്ന ദൈവമായ സര്‍വേശ്വരന്‍റെ നാമത്തില്‍ സത്യം ചെയ്യാന്‍ ഈജിപ്തില്‍ വന്നു പാര്‍ക്കുന്ന യെഹൂദ്യരിലാരും തങ്ങളുടെ വായ് പൊളിച്ച് എന്‍റെ നാമം ഉപയോഗിക്കുകയില്ല എന്ന് എന്‍റെ മഹാനാമത്തില്‍ ഞാന്‍ പ്രതിജ്ഞ ചെയ്തിരിക്കുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.

27 ഞാന്‍ അവരെ ശ്രദ്ധിക്കുന്നത് അവര്‍ക്കു നന്മ ചെയ്യാനല്ല, അനര്‍ഥങ്ങള്‍ വരുത്താനാണ്; ഈജിപ്തില്‍ പാര്‍ക്കുന്ന യെഹൂദന്മാരെല്ലാം പൂര്‍ണമായി നശിക്കുന്നതുവരെ വാളും ക്ഷാമവുംകൊണ്ട് അവര്‍ സംഹരിക്കപ്പെടും.

28 വാളില്‍നിന്നു രക്ഷപെടുന്ന ഒരു ചെറിയകൂട്ടം ഈജിപ്തില്‍നിന്നു യെഹൂദ്യാദേശത്തു മടങ്ങിവരും; അപ്പോള്‍ ഈജിപ്തില്‍ പാര്‍ക്കുന്നതിനുവേണ്ടി, യെഹൂദ്യാദേശത്തുനിന്നു വന്ന ശിഷ്ടജനം ഞാന്‍ കല്പിച്ച വചനങ്ങളാണോ അതോ അവര്‍ പറഞ്ഞ കാര്യങ്ങളാണോ നിലനില്‌ക്കുന്നതെന്ന് അറിയും.

29 ഇതായിരിക്കും നിങ്ങള്‍ക്കു ലഭിക്കുന്ന അടയാളം എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; എന്‍റെ വാക്കുകള്‍ നിങ്ങളുടെ അനര്‍ഥത്തിനുവേണ്ടിയുള്ളതാണെന്നു നിങ്ങള്‍ മനസ്സിലാക്കുന്നതിനുവേണ്ടി ഈ സ്ഥലത്തുവച്ചു തന്നെ ഞാന്‍ നിങ്ങളെ ശിക്ഷിക്കും.

30 അവിടുന്ന് അരുളിച്ചെയ്യുന്നു: “യെഹൂദാരാജാവായ സിദെക്കീയായെ തന്‍റെ ശത്രുവും തന്നെ നശിപ്പിക്കാന്‍ നോക്കിയിരുന്നവനുമായ ബാബിലോണിലെ നെബുഖദ്നേസര്‍രാജാവിന്‍റെ കൈയില്‍ ഏല്പിച്ചതുപോലെ, ഈജിപ്തുരാജാവായ ഫറവോ ഹോഫ്രയെ അവന്‍റെ ശത്രുക്കളുടെയും അവനെ വധിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നവരുടെയും കൈയില്‍ ഏല്പിക്കും.”

45

1

യോശീയായുടെ പുത്രനും യെഹൂദാരാജാവുമായ യെഹോയാക്കീമിന്‍റെ നാലാം ഭരണവര്‍ഷം, യിരെമ്യാ പറഞ്ഞുകൊടുത്തതുപോലെ നേര്യായുടെ പുത്രന്‍ ബാരൂക്ക് ഒരു പുസ്തകത്തില്‍ എഴുതി. യിരെമ്യാപ്രവാചകന്‍ ബാരൂക്കിനോട് ഇപ്രകാരം പറഞ്ഞു:

2 “ബാരൂക്കേ, നിന്നോട് ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു:

3 ‘എനിക്കു ഹാ ദുരിതം! എന്‍റെ ദുഃഖത്തോട് അവിടുന്നു വേദന കൂട്ടിയിരിക്കുന്നു; എന്‍റെ ഞരക്കംകൊണ്ടു ഞാന്‍ ക്ഷീണിച്ചിരിക്കുന്നു; എനിക്ക് ഒരു ആശ്വാസവുമില്ല’ എന്നു നീ പറയുന്നു. അവനോടു നീ ഇപ്രകാരം പറയണം:

4 ‘സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു, ഇതാ, ഞാന്‍ പണിതതു ഞാന്‍ തന്നെ പൊളിച്ചുകളയുന്നു; ഞാന്‍ നട്ടതു ഞാന്‍ തന്നെ പിഴുതുകളയുന്നു; ഇതാണ് ദേശത്തു മുഴുവന്‍ സംഭവിക്കുന്നത്.’

5 നിനക്കുവേണ്ടി തന്നെ നീ വലിയ കാര്യങ്ങള്‍ കാംക്ഷിക്കുന്നുവോ, കാംക്ഷിക്കരുത്; കാരണം സകല മനുഷ്യരുടെയുംമേല്‍ ഞാന്‍ അനര്‍ഥം വരുത്തുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; എങ്കിലും നീ പോകുന്നിടത്തെല്ലാം നിന്‍റെ ജീവന്‍ മാത്രം സുരക്ഷിതമായിരിക്കും.”

46

1

ജനതകളെ സംബന്ധിച്ചു യിരെമ്യാപ്രവാചകനു സര്‍വേശ്വരനില്‍നിന്നു ലഭിച്ച അരുളപ്പാട്.

2 ഈജിപ്തിനെ സംബന്ധിച്ചു യെഹൂദാരാജാവായ യോശീയായുടെ പുത്രന്‍ യെഹോയാക്കീമിന്‍റെ നാലാം ഭരണവര്‍ഷം ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ യൂഫ്രട്ടീസ്നദിയുടെ തീരത്തുള്ള കാര്‍ക്കെമീശില്‍ വച്ചു തോല്പിച്ച ഫറവോ നെക്കോ എന്ന ഈജിപ്തുരാജാവിന്‍റെ സൈന്യത്തെക്കുറിച്ചു തന്നെ.

3

പരിചയും പടച്ചട്ടയുമൊരുക്കി യുദ്ധത്തിനു മുന്നേറുവിന്‍,

4 കുതിരക്കാരേ, കുതിരകളെ ഒരുക്കി അവയുടെമേല്‍ കയറുവിന്‍, പടത്തൊപ്പി ധരിച്ച് അണിനിരക്കുവിന്‍. നിങ്ങളുടെ കുന്തങ്ങള്‍ മിനുക്കുകയും കവചങ്ങള്‍ ധരിക്കുകയും ചെയ്യുവിന്‍. എന്താണു ഞാന്‍ കാണുന്നത്?

5 അവര്‍ പരിഭ്രമിച്ചു പിന്‍വാങ്ങുന്നു; പടയില്‍ തോറ്റ അവരുടെ യുദ്ധവീരന്മാര്‍ തിടുക്കത്തില്‍ ഓടുന്നു; അവര്‍ പിന്തിരിഞ്ഞു നോക്കുന്നില്ല. സര്‍വത്രഭീതി എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

6 വേഗമേറിയവന് ഓടിപ്പോകാനോ, യുദ്ധവീരനു രക്ഷപെടാനോ കഴിയുന്നില്ല; വടക്ക് യൂഫ്രട്ടീസ്നദിയുടെ തീരത്ത് അവര്‍ ഇടറിവീണു.

7

നൈല്‍നദിപോലെ പൊങ്ങുകയും കരകവിഞ്ഞൊഴുകുന്ന നദിപോലെയും ഉള്ള ഇവനാര്?

8 ഈജിപ്ത് നൈല്‍നദിപോലെ പൊങ്ങുന്നു; കരകവിഞ്ഞൊഴുകുന്ന നദിപോലെ തന്നെ; ഞാന്‍ ഉയരും; ഭൂതലത്തെ മൂടും; നഗരങ്ങളെയും അവയിലെ നിവാസികളെയും നശിപ്പിക്കും എന്നവന്‍ പറയുന്നു.

9 കുതിരകളേ, മുമ്പോട്ടു പായുക, രഥങ്ങളേ, ഇരച്ചു കയറുക! യോദ്ധാക്കള്‍ മുമ്പോട്ടു നീങ്ങട്ടെ; പരിച പിടിച്ചിരിക്കുന്ന എത്യോപരും പൂത്യരും, വില്ലാളിവീരന്മാരായ ലൂദ്യരും മുന്നേറട്ടെ.

10 അതു സര്‍വശക്തിയുള്ള ദൈവമായ സര്‍വേശ്വരന്‍റെ ദിനം. ശത്രുക്കളോടു പകരം വീട്ടുന്ന പ്രതികാരത്തിന്‍റെ ദിനംതന്നെ, സംഹാരം ചെയ്ത് വാളുകള്‍ക്കു മതിവരും. തൃപ്തിയാകുവോളം അവ അവരുടെ രക്തം കുടിക്കും; സര്‍വശക്തിയുള്ള ദൈവമായ സര്‍വേശ്വരന്‍, വടക്ക് യൂഫ്രട്ടീസ്നദീതീരത്ത് ഒരു യാഗം കഴിക്കുന്നു.

11 ഈജിപ്തിന്‍റെ പുത്രിയായ കന്യകയേ, നീ ഗിലെയാദില്‍ പോയി തൈലം വാങ്ങുക; പല ഔഷധങ്ങള്‍ നീ വെറുതെ ഉപയോഗിച്ചു; നിനക്കു സൗഖ്യം ലഭിക്കുകയില്ല.

12 നിന്‍റെ ലജ്ജാകരമായ അവസ്ഥയെപ്പറ്റി ജനതകള്‍ കേട്ടിരിക്കുന്നു; ദേശത്ത് ആകമാനം നിന്‍റെ നിലവിളി മുഴങ്ങുന്നു; യുദ്ധവീരന്മാര്‍ പരസ്പരം തട്ടി വീഴുന്നു.”

13

ഈജിപ്തുദേശത്തെ ആക്രമിക്കാന്‍ ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ വരുന്നതിനെക്കുറിച്ചു സര്‍വേശ്വരന്‍ യിരെമ്യാ പ്രവാചകനോടരുളിച്ചെയ്തു:

14 “ഈജിപ്തില്‍ പ്രഖ്യാപിക്കുക, മിഗ്ദോലില്‍ ഘോഷിക്കുക, മെംഫിസിലും തഹ്പനേസിലും വിളിച്ചറിയിക്കുക, നിങ്ങള്‍ക്കു ചുറ്റുമുള്ളവയെല്ലാം വാളിനിരയാകാന്‍ പോകുകയാണ്;

15 അതുകൊണ്ട് അണിനിരക്കുവിന്‍. അപ്പീസ്ദേവന്‍ എന്തുകൊണ്ട് ഓടിപ്പോയി? ആ ദേവന്‍റെ പ്രതീകമായ കാള എന്തുകൊണ്ട് ഉറച്ചുനിന്നില്ല? സര്‍വേശ്വരന്‍ അതിനെ വീഴ്ത്തിയതുകൊണ്ടുതന്നെ.

16 നിന്‍റെ ജനതതി ഇടറിവീണു; അവര്‍ പരസ്പരം പറഞ്ഞു: “എഴുന്നേല്‌ക്കൂ, മര്‍ദകന്‍റെ വാളില്‍നിന്നു രക്ഷപെടാന്‍ നമ്മുടെ ജന്മദേശത്തേക്കു സ്വന്തം ജനത്തിന്‍റെ ഇടയിലേക്കു തന്നെ പോകാം.”

17 ഈജിപ്തുരാജാവായ ഫറവോയെ ‘ശബ്ദകോലാഹലമുണ്ടാക്കി അവസരം പാഴാക്കുന്നവന്‍’ എന്നു വിളിക്കൂ.

18

സര്‍വശക്തനായ സര്‍വേശ്വരന്‍ എന്ന നാമമുള്ള രാജാവ് സ്വന്തം നാമത്തില്‍ ശപഥം ചെയ്തു പറയുന്നു; പര്‍വതങ്ങളില്‍ തലയെടുപ്പുള്ള താബോര്‍പോലെയും കടല്‍ത്തീരത്തുനിന്നു വളരെ ഉയര്‍ന്നു നില്‌ക്കുന്ന കര്‍മ്മേല്‍പര്‍വതംപോലെയും ബലമുള്ള ഒരാള്‍ വരും.

19 ഈജിപ്തുനിവാസികളേ, പ്രവാസത്തിനായി ഭാണ്ഡമെല്ലാം ഒരുക്കുവിന്‍! മെംഫീസ് ശൂന്യമാകും; അതു വിജനമായിത്തീരും.

20 ഈജിപ്ത് ഏറ്റവും അഴകുള്ള പശുക്കുട്ടിയാണ്; രക്തം വലിച്ചുകുടിക്കുന്ന ഈച്ച വടക്കുനിന്നു വന്ന് അതിനെ ആക്രമിക്കും.

21 അതിന്‍റെ കൂലിപ്പട്ടാളക്കാര്‍ പോലും തടിച്ചുകൊഴുത്ത കാളക്കുട്ടികളെപ്പോലെയാണ്; എന്നാല്‍ അവരും പിന്തിരിഞ്ഞ് ഓടിപ്പോകും; അവരുടെ വിനാശദിനം ആഗതമായിരിക്കുന്നു; അവരുടെ ശിക്ഷാസമയം തന്നെ.

22 ഇഴഞ്ഞുപോകുന്ന പാമ്പിനെപ്പോലെ ഈജിപ്ത് ശബ്ദമുണ്ടാക്കുന്നു; അവളുടെ ശത്രുസൈന്യം മുന്നേറുന്നു; മരംവെട്ടുകാരെപ്പോലെ കോടാലികളുമായിട്ടാണ് അവള്‍ക്കെതിരെ അവര്‍ വരുന്നത്.

23 അവളുടെ വനം എത്ര നിബിഡമായിരുന്നാലും അവര്‍ അതു വെട്ടി നശിപ്പിക്കും; അവര്‍ വെട്ടിക്കിളികളെക്കാള്‍ അധികമാണല്ലോ; അവരെ എണ്ണിത്തീര്‍ക്കാന്‍ സാധ്യവുമല്ല എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

24 ഈജിപ്തിലെ ജനം ലജ്ജിതരാകും; വടക്കുനിന്നുള്ള ജനങ്ങളുടെ കൈയില്‍ അവര്‍ ഏല്പിക്കപ്പെടും.

25

ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “തേബെസിലെ അമ്മോനെയും ഈജിപ്തിനെയും അവളുടെ ദേവന്മാരെയും രാജാക്കന്മാരെയും ഫറവോയെയും അവനില്‍ വിശ്വാസമര്‍പ്പിക്കുന്നവരെയും ഞാന്‍ ശിക്ഷിക്കും.

26 അവര്‍ക്കു പ്രാണഹാനി വരുത്താന്‍ നോക്കുന്ന ബാബിലോണ്‍രാജാവായ നെബുഖദ്നേസറിന്‍റെയും അവന്‍റെ ഭൃത്യന്മാരുടെയും കൈയില്‍ ഞാന്‍ അവരെ ഏല്പിക്കും; എന്നാല്‍ പിന്നീട് ഈജിപ്തില്‍ പണ്ടുണ്ടായിരുന്നതുപോലെ ജനവാസമുണ്ടാകും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.”

27

“എന്‍റെ ദാസരായ യാക്കോബ് വംശജരേ, ഭയപ്പെടേണ്ടാ; ഇസ്രായേല്‍ജനമേ, പരിഭ്രമിക്കയും വേണ്ടാ; ദൂരദേശത്തു പ്രവാസത്തിലായിരിക്കുന്ന നിങ്ങളെയും നിങ്ങളുടെ സന്താനങ്ങളെയും ഞാന്‍ രക്ഷിക്കും; യാക്കോബു വംശജര്‍ മടങ്ങിവന്നു ശാന്തിയും സ്വസ്ഥതയും അനുഭവിക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല.

28 എന്‍റെ ദാസരായ യാക്കോബു വംശജരേ, ഭയപ്പെടേണ്ടാ; ഞാന്‍ നിങ്ങളുടെ കൂടെയുണ്ട് എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; ഞാന്‍ നിങ്ങളെ ചിതറിച്ച ദേശങ്ങളിലെ ജനതകളെ ഞാന്‍ പൂര്‍ണമായി നശിപ്പിക്കും; എന്നാല്‍ നിങ്ങളെ ഞാന്‍ നിശ്ശേഷം നശിപ്പിക്കയില്ല; നിങ്ങള്‍ അര്‍ഹിക്കുന്ന ശിക്ഷ ഞാന്‍ നിങ്ങള്‍ക്കു നല്‌കും; ഞാന്‍ നിങ്ങളെ ശിക്ഷിക്കാതെ വിടുകയില്ല.”

47

1

ഫറവോ ഗസ്സയെ ആക്രമിക്കുന്നതിനുമുമ്പ്, ഫെലിസ്ത്യരെക്കുറിച്ചു യിരെമ്യാപ്രവാചകനു സര്‍വേശ്വരനില്‍ നിന്നുണ്ടായ അരുളപ്പാട്.

2 അവിടുന്ന് അരുളിച്ചെയ്യുന്നു: “ഇതാ, വടക്കുനിന്നു വെള്ളമുയര്‍ന്നു വരുന്നു; അതു വലിയ പ്രവാഹമായിത്തീരും; ആ പ്രവാഹത്തില്‍ ദേശവും അതിലുള്ളതൊക്കെയും നഗരവും അതിലെ നിവാസികളും മുങ്ങിപ്പോകും; ജനം നിലവിളിക്കും; ദേശവാസികളെല്ലാം വിലപിക്കും.

3 അവന്‍റെ കുതിരകളുടെ കുളമ്പടിയും രഥങ്ങളുടെ ഇരമ്പലും അവയുടെ ചക്രങ്ങള്‍ ഉരുളുന്ന ശബ്ദവും കേട്ടു പിതാക്കന്മാര്‍ തങ്ങളുടെ കുഞ്ഞുങ്ങളെപ്പോലും തിരിഞ്ഞുനോക്കാതെ ഓടുന്നു; അത്ര ദുര്‍ബലമാണ് അവരുടെ കരങ്ങള്‍.

4 സകല ഫെലിസ്ത്യരെയും സോരിലും സീദോനിലുമുള്ള അവരുടെ എല്ലാ സഹായികളെയും നശിപ്പിക്കുന്ന ദിവസം വരുന്നു; സര്‍വേശ്വരന്‍ തീരദേശമായ കഫ്തോറില്‍ അവശേഷിച്ച ഫെലിസ്ത്യരെ നശിപ്പിക്കും.

5 ഗസ്സാനിവാസികള്‍ വിലാപസൂചകമായി തല മുണ്ഡനം ചെയ്തിരിക്കുന്നു; അസ്കലോന്‍ നശിച്ചുകഴിഞ്ഞു; അനാക്കീമില്‍ ശേഷിച്ചിരിക്കുന്നവരേ, നിങ്ങള്‍ എത്രകാലം സ്വയം മുറിവേല്പിക്കും?

6 സര്‍വേശ്വരന്‍റെ വാളേ! എന്നു നീ വിശ്രമിക്കും? നിന്‍റെ ഉറയിലേക്കു മടങ്ങി ശാന്തമായിരിക്കുക.

7 സര്‍വേശ്വരന്‍റെ കല്പന കൊടുത്തിരിക്കെ എങ്ങനെ അതു നിശ്ചലമായിരിക്കും; അസ്കലോനും കടല്‍ത്തീരത്തിനും എതിരെ അവിടുന്ന് അതിനെ നിയോഗിച്ചിരിക്കുന്നു.”

48

1

ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ മോവാബിനെക്കുറിച്ച് അരുളിച്ചെയ്യുന്നു: “നെബോയ്‍ക്കു ഹാ ദുരിതം! അതു ശൂന്യമാക്കപ്പെട്ടിരിക്കുന്നു; കിര്യത്തയീം ലജ്ജിതയായി, അതിന്‍റെ ഉയര്‍ന്ന കോട്ടകള്‍ അപമാനിതയായി, അതു തകര്‍ക്കപ്പെട്ടിരിക്കുന്നു.

2 മോവാബിന്‍റെ കീര്‍ത്തി അസ്തമിച്ചിരിക്കുന്നു; ഹെശ്ബോനില്‍ അതിനെതിരെ ശത്രുക്കള്‍ അനര്‍ഥം നിരൂപിച്ചു; വരിക, ഒരു ജനതയല്ലാതായിത്തീരുംവിധം അതിനെ നശിപ്പിക്കാം എന്നവര്‍ പറയുന്നു. മദ്മേനേ, നീയും നിശ്ശബ്ദമാകും; വാള്‍ നിന്നെ പിന്തുടരും.

3 ‘ശൂന്യത! മഹാനാശം!’ എന്ന നിലവിളി ഹോരോനയീമില്‍നിന്നു കേള്‍ക്കുന്നു.

4 മോവാബ് നശിച്ചു; സോവാര്‍ വരെ അതിന്‍റെ നിലവിളി കേള്‍ക്കുന്നു.

5 അവര്‍ ലൂഹീതിലേക്കുള്ള കയറ്റത്തിലൂടെ വിലപിച്ചുകൊണ്ടു കയറിപ്പോകുന്നു; ഹോരോനയീമിലേക്കുള്ള ഇറക്കത്തില്‍ വിനാശത്തിന്‍റെ കരച്ചില്‍ കേള്‍ക്കും.

6 ഓടിപ്പോക, നിന്നെത്തന്നെ രക്ഷിക്കുക; മരുഭൂമിയിലെ കാട്ടുകഴുതയെപ്പോലെ ഓടുക.

7 ധനത്തിലും കോട്ടകളിലും നിങ്ങള്‍ ആശ്രയിച്ചു; അതുകൊണ്ട് നിങ്ങളും പിടിക്കപ്പെടും; കെമോശ് തന്‍റെ പുരോഹിതന്മാരും പ്രഭുക്കന്മാരുമൊന്നിച്ചു പ്രവാസത്തിലേക്കു പോകും.

8 സംഹാരകന്‍ എല്ലാ നഗരങ്ങളിലും വരും; ഒരു നഗരവും രക്ഷപെടുകയില്ല; സര്‍വേശ്വരന്‍ അരുളിച്ചെയ്തതുപോലെ, താഴ്വര നശിക്കും; സമതലം ശൂന്യമായിത്തീരും.

9 മോവാബിനു ചിറകു നല്‌കുവിന്‍; അവള്‍ പറന്നുപോകട്ടെ; അവളുടെ നഗരങ്ങള്‍ ജനവാസമില്ലാതെ ശൂന്യമായിത്തീരും.

10 സര്‍വേശ്വരന്‍റെ വേലയില്‍ അലസത കാട്ടുന്നവന്‍ ശപിക്കപ്പെട്ടവന്‍; രക്തം ചൊരിയാതെ വാള്‍ സൂക്ഷിച്ചുവയ്‍ക്കുന്നവനും ശപിക്കപ്പെട്ടവന്‍.

11

[11,12] മോവാബ് ബാല്യം മുതല്‍ സുരക്ഷിതമായിരുന്നു; അവന്‍ പ്രവാസത്തിലേക്കു പോയിട്ടില്ല, മട്ട് അടിയാന്‍ വച്ച വീഞ്ഞുപോലെ ആയിരുന്നു മോവാബ്. ഒരു പാത്രത്തില്‍ നിന്നു മറ്റൊരു പാത്രത്തിലേക്ക് അതു പകര്‍ന്നിട്ടില്ല. അതിന്‍റെ രുചിക്കോ മണത്തിനോ മാറ്റം വന്നിട്ടില്ല. വീഞ്ഞ് ഊറ്റി എടുക്കുന്നവരുടെ കൈയില്‍ ഞാന്‍ മോവാബിനെ ഏല്പിക്കും. അവര്‍ അവനെ ഊറ്റിക്കളയും. മോവാബിന്‍റെ ഭരണികള്‍ ശൂന്യമാക്കും. അവന്‍റെ പാത്രങ്ങള്‍ ഉടച്ചുകളയും.

12

13 തങ്ങള്‍ വിശ്വാസമര്‍പ്പിച്ചിരുന്ന ബേഥേലിനെക്കുറിച്ച് ഇസ്രായേല്‍ ലജ്ജിച്ചതുപോലെ കെമോശിനെക്കുറിച്ചു മോവാബും ലജ്ജിക്കും.

14

‘ഞങ്ങള്‍ വീരന്മാരും ശക്തരുമായ യോദ്ധാക്കളാണ്’ എന്നു നിങ്ങള്‍ക്ക് എങ്ങനെ പറയാന്‍ കഴിയും?

15 മോവാബിന്‍റെയും അതിലെ നഗരങ്ങളുടെയും സംഹാരകന്‍ എത്തിക്കഴിഞ്ഞു; അവരുടെ വീരയോദ്ധാക്കളായ യുവാക്കള്‍ വധിക്കപ്പെടാനുള്ള സ്ഥലത്തേക്കു നീങ്ങിക്കഴിഞ്ഞിരിക്കുന്നു എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ എന്നു നാമമുള്ള രാജാവ് അരുളിച്ചെയ്യുന്നു.

16 മോവാബിന്‍റെ വിനാശം അടുത്തിരിക്കുന്നു; അതിന്‍റെ അനര്‍ഥം പാഞ്ഞടുക്കുകയാണ്.

17 മോവാബിന് ചുറ്റുമുള്ളവരും അതിന്‍റെ നാമം അറിയുന്നവരും അതിനുവേണ്ടി വിലപിക്കട്ടെ; അവന്‍റെ ശക്തമായ ചെങ്കോലും മഹത്ത്വത്തിന്‍റെ വടിയും ഒടിഞ്ഞല്ലോ.

18 ദീബോന്‍നിവാസികളേ, നിങ്ങളുടെ പ്രതാപമെല്ലാം ഉപേക്ഷിച്ച് ഉണങ്ങിയ നിലത്ത് ഇരിക്കുവിന്‍, മോവാബിന്‍റെ സംഹാരകന്‍ നിന്‍റെ നേരെ വരുന്നു; നിന്‍റെ ബലമുള്ള കോട്ടകള്‍ അവന്‍ തകര്‍ത്തുവല്ലോ.

19 അരോവേര്‍നിവാസികളേ, വഴിയില്‍ നിന്നുകൊണ്ട് ചുറ്റുപാടും ശ്രദ്ധിക്കുവിന്‍, എന്താണു സംഭവിച്ചതെന്ന് ഓടിപ്പോകുന്നവനോടും രക്ഷപെടുന്നവളോടും ചോദിക്കുക. മോവാബു ലജ്ജിതയായിരിക്കുന്നു; അതു തകര്‍ന്നുപോയി; അതുകൊണ്ടു വിലപിച്ചുകരയുക.

20 മോവാബ് ശൂന്യമായിപ്പോയി എന്നു അര്‍ന്നോനില്‍ പ്രസിദ്ധമാക്കുക.

21 സമതലപ്രദേശങ്ങളിലെല്ലാം ന്യായവിധി എത്തിക്കഴിഞ്ഞു; ഹോലോന്‍, യഹ്സെ,

22 മെഫാഥ്, ദീബോന്‍, നെബോ, ബേത്-ദിബ്ലാത്തയിം,

23 കിര്യത്തയീം, ബേത്-ഗാമൂല്‍, ബേത്ത്- മെയോന്‍ കെരിയോത്ത്,

24 ബൊസ്ര എന്നിവയിലും അടുത്തും അകലെയുമുള്ള സകല മോവാബ്യനഗരങ്ങളിലും തന്നെ.

25 മോവാബിന്‍റെ കൊമ്പ് ഒടിഞ്ഞു. ഭുജം തകര്‍ന്നിരിക്കുന്നു എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

26

മോവാബ് സര്‍വേശ്വരനെതിരെ തന്നെത്തന്നെ ഉയര്‍ത്തിയതുകൊണ്ട് അവനെ കുടിപ്പിച്ചു മത്തനാക്കുക; അവന്‍ തന്‍റെ ഛര്‍ദിയില്‍ കിടന്നുരുളട്ടെ; അങ്ങനെ അവന്‍ ലജ്ജിതനായിത്തീരട്ടെ.

27 ഇസ്രായേല്‍ നിനക്കു ലജ്ജിതനായിരുന്നല്ലോ? അവനെക്കുറിച്ചു സംസാരിക്കുമ്പോഴെല്ലാം പരിഹസിച്ചു തലയാട്ടാന്‍ അവന്‍ കള്ളന്മാരുടെ കൂട്ടത്തില്‍ പിടിക്കപ്പെട്ടവനായിരുന്നുവോ?

28 മോവാബു നിവാസികളേ, നഗരങ്ങള്‍ വിട്ടു പാറക്കെട്ടുകളില്‍ പോയി പാര്‍ക്കുവിന്‍. ഗുഹാമുഖത്തിന്‍റെ വശങ്ങളില്‍ കൂടു കെട്ടിക്കഴിയുന്ന പ്രാക്കളെപ്പോലെ ആകുവിന്‍.

29 മോവാബിന്‍റെ അഹങ്കാരം! എന്തൊരു അഹന്ത! അവന്‍റെ ഗര്‍വിനെയും ഡംഭത്തെയും അഹങ്കാരത്തെയും ഉന്നതഭാവത്തെയും കുറിച്ചു ഞങ്ങള്‍ കേട്ടിട്ടുണ്ട്. അവന്‍റെ ഔദ്ധത്യം ഞാന്‍ അറിയുന്നു എന്നും സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

30 അവന്‍റെ വീരവാദവും പ്രവൃത്തികളും വ്യാജമാണ്. അതുകൊണ്ട് മോവാബിനെ ഓര്‍ത്തു ഞാന്‍ വിലപിക്കുന്നു;

31 സകല മോവാബ്യരെയും ഓര്‍ത്തു ഞാന്‍ നിലവിളിക്കുന്നു; കീര്‍ഹോരെസിലെ ജനങ്ങളെക്കുറിച്ചു ഞാന്‍ അലമുറയിടുന്നു.

32 സിബ്മാ മുന്തിരിവള്ളിയേ, യാസേരിനെക്കുറിച്ചു കരയുന്നതിലുമധികം ഞാന്‍ നിന്നെക്കുറിച്ചു കരയുന്നു; നിന്‍റെ വള്ളികള്‍ കടല്‍കടന്നു യാസേര്‍വരെ എത്തിയിരിക്കുന്നു. നിന്‍റെ വേനല്‍ക്കാലഫലങ്ങളുടെയും നിന്‍റെ മുന്തിരിഫലങ്ങളുടെയുംമേല്‍ സംഹാരകന്‍ ചാടി വീണിരിക്കുന്നു.

33 ഫലപുഷ്‍ടിയുള്ള മോവാബില്‍നിന്ന് ഉല്ലാസവും സന്തോഷവും നീക്കപ്പെട്ടിരിക്കുന്നു; മുന്തിരിച്ചക്കില്‍നിന്നു വീഞ്ഞ് ഇനി ഒഴുകുകയില്ല; സന്തോഷാരവത്തോടുകൂടി ആരും അതു ചവിട്ടുകയില്ല; ആര്‍പ്പുവിളി സന്തോഷത്തിന്‍റേതായിരിക്കുകയില്ല.

34 ഹെശ്ബോനും എലെയാലെയും നിലവിളിക്കുന്നു; അവരുടെ നിലവിളി യഹ്സേവരെയും സോവാര്‍മുതല്‍ ഹോരോനയിമും എഗ്ലത്ത്-ശെലീശിയമും വരെയും കേള്‍ക്കുന്നു; നിമ്രീമിലെ ജലാശയങ്ങളും ശൂന്യമായിരിക്കുന്നു.

35 മോവാബിലെ പൂജാഗിരികളില്‍ യാഗം കഴിക്കുന്നവരെയും ദേവന്മാര്‍ക്കു ധൂപം അര്‍പ്പിക്കുന്നവരെയും ഞാന്‍ ഇല്ലാതാക്കുമെന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

36 ഓടക്കുഴലെന്നവിധം എന്‍റെ ഹൃദയം മോവാബിനുവേണ്ടിയും കീര്‍ഹോരെസിലെ ജനങ്ങള്‍ക്കുവേണ്ടിയും വിലാപസ്വരം ഉയര്‍ത്തുന്നു. അവര്‍ സമ്പാദിച്ച ധനമെല്ലാം നശിച്ചുപോയല്ലോ.

37

ദുഃഖസൂചകമായി എല്ലാവരും തല മുണ്ഡനം ചെയ്തും താടി ക്ഷൗരം ചെയ്തും ഇരിക്കുന്നു; അവരുടെ കൈകളിലും മുറിവുകളുണ്ട്. അവര്‍ എല്ലാവരും അരയില്‍ ചാക്ക് ഉടുത്തിരിക്കുന്നു.

38 ആര്‍ക്കും ആവശ്യമില്ലാത്ത പാത്രംപോലെ മോവാബിനെ ഞാന്‍ ഉടച്ചിരിക്കയാണ്; അതുകൊണ്ട് എല്ലാ പുരമുകളിലും തെരുവീഥികളിലും വിലാപം കേള്‍ക്കുന്നു എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. മോവാബ് നിശ്ശേഷം തകര്‍ന്നിരിക്കുന്നു.

39 അവര്‍ അത്യധികം വിലപിക്കുന്നു. മോവാബ് ലജ്ജിച്ചു പുറംതിരിഞ്ഞിരിക്കുന്നു? അതു ചുറ്റുമുള്ളവര്‍ക്കു നിന്ദയും കൊടുംഭീതിയും ഉളവാക്കുന്നു.

40

സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഇതാ, ഒരുവന്‍ കഴുകനെപ്പോലെ അതിവേഗം പറന്നു ചിറകുകള്‍ മോവാബിനെതിരെ വിരിക്കുന്നു.

41 അവന്‍ നഗരങ്ങള്‍ പിടിച്ചടക്കും, കോട്ടകള്‍ കൈവശപ്പെടുത്തും; അന്നാളില്‍ മോവാബിലെ യുദ്ധവീരന്മാരുടെ വേദന സ്‍ത്രീകളുടെ ഈറ്റുനോവുപോലെ ആയിരിക്കും.

42 സര്‍വേശ്വരനെതിരെ സ്വയം പുകഴ്ത്തിയതുകൊണ്ട് ഒരു ജനതയല്ലാതാകുംവിധം മോവാബ് നശിപ്പിക്കപ്പെടും.

43 മോവാബു നിവാസികളേ, ഭീതിയും കുഴിയും കെണിയുമാണ് നിങ്ങളുടെ മുമ്പിലുള്ളതെന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.

44 ഭീതിയില്‍നിന്ന് ഓടിപ്പോകുന്നവന്‍ കുഴിയില്‍ വീഴും; കുഴിയില്‍നിന്നു കയറുന്നവന്‍ കെണിയില്‍ അകപ്പെടും; മോവാബിന്‍റെ ശിക്ഷാകാലത്ത് ഇതെല്ലാം അതിനു സംഭവിക്കുമെന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.

45

ഓടിപ്പോയവര്‍ ശക്തി ക്ഷയിച്ച് ഹെശ്ബോന്‍റെ നിഴലില്‍ നില്‌ക്കുന്നു; ഹെശ്ബോനില്‍നിന്ന് അഗ്നിയും സീഹോന്‍റെ ഗൃഹത്തില്‍നിന്നു ജ്വാലയും പുറപ്പെട്ടു; അതു മോവാബിന്‍റെ നെറ്റിത്തടവും കലാപകാരികളുടെ ശിരസ്സും ദഹിപ്പിച്ചു.

46

മോവാബേ, നിനക്കു ഹാ ദുരിതം! കെമോശിന്‍റെ ജനം നശിച്ചു, നിന്‍റെ പുത്രന്മാരെ ബദ്ധന്മാരാക്കുകയും നിന്‍റെ പുത്രിമാരെ പ്രവാസത്തിലേക്കു കൊണ്ടുപോകുകയും ചെയ്തിരിക്കുന്നു.

47

എങ്കിലും ഒടുവില്‍ ഞാന്‍ മോവാബിന് ഐശ്വര്യസമൃദ്ധി നല്‌കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. മോവാബിന്‍റെ ശിക്ഷ അന്നുവരെയാണ്.

49

1

അമ്മോന്യരെക്കുറിച്ചു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഇസ്രായേലിനു പുത്രന്മാരും അവകാശികളും ഇല്ലാഞ്ഞിട്ടാണോ ഗാദിന്‍റെ ദേശം മില്‌ക്കോംദേവന്‍ കൈവശപ്പെടുത്തി അതിന്‍റെ നഗരങ്ങളില്‍ സ്വന്തം ജനത്തെ പാര്‍പ്പിച്ചത്?

2 അതുകൊണ്ട്, അമ്മോന്യരുടെ മുഖ്യനഗരമായ രബ്ബയ്‍ക്കെതിരെ ഞാന്‍ പോര്‍വിളി മുഴക്കുന്ന കാലം ഇതാ വരുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; രബ്ബ പാഴ്കൂമ്പാരമാകും, അതിലെ ഗ്രാമങ്ങള്‍ അഗ്നിക്കിരയാകും; അന്നു തങ്ങളുടെ ദേശം കൈവശപ്പെടുത്തിയവരില്‍നിന്ന് ഇസ്രായേല്‍ അതു വീണ്ടെടുക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

3

ഹെശ്ബോനേ, വിലപിക്കുക; ഹായി ശൂന്യമായിരിക്കുന്നു; രബ്ബാ പുത്രിമാരേ, കരയുവിന്‍; നിങ്ങള്‍ ചാക്കുതുണി ധരിക്കുവിന്‍; വിലപിച്ചുകൊണ്ടു പരിഭ്രാന്തരായി ഓടുവിന്‍; മില്‌കോം ദേവന്‍ തന്‍റെ പുരോഹിതന്മാരും പ്രഭുക്കന്മാരുമൊപ്പം പ്രവാസത്തിലേക്കു പോകുമല്ലോ.

4 ആര് എനിക്കെതിരെ വരും എന്നു പറഞ്ഞു സ്വന്തം നിക്ഷേപങ്ങളില്‍ ആശ്രയിക്കുന്ന അവിശ്വസ്തയായ ജനതയേ, നിങ്ങളുടെ താഴ്വരകളെക്കുറിച്ച് എന്തിനു പ്രശംസിക്കുന്നു? സര്‍വശക്തനായ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു:

5 “എല്ലാ ദിക്കുകളില്‍നിന്നും നിങ്ങള്‍ക്കു കൊടുംഭീതി ഞാന്‍ വരുത്തും; നിങ്ങള്‍ ഓരോരുത്തനും പ്രാണരക്ഷാര്‍ഥം ഓടിപ്പോകും; ചിതറിപ്പോയവരെ ആരും ഒരുമിച്ചു കൂട്ടുകയുമില്ല.

6 എന്നാല്‍ ഒടുവില്‍ അമ്മോന്യര്‍ക്കു ഞാന്‍ വീണ്ടും ഐശ്വര്യസമൃദ്ധി നല്‌കും എന്ന് അവിടുന്നു അരുളിച്ചെയ്യുന്നു.

7

സര്‍വശക്തനായ സര്‍വേശ്വരന്‍ എദോമിനെക്കുറിച്ച് അരുളിച്ചെയ്യുന്നു: “എദോമില്‍ ജ്ഞാനം ഒട്ടുമില്ലേ? വിവേകികളുടെ ഉപദേശം ഇല്ലാതായോ? അവരുടെ ജ്ഞാനം നശിച്ചുപോയോ?

8 ദേദാന്‍ നിവാസികളേ, പിന്തിരിഞ്ഞ് ഓടുവിന്‍; കുഴികളില്‍ ഒളിച്ചിരിക്കുവിന്‍; ശിക്ഷാകാലത്ത് ഏശാവിന്‍റെ പിന്‍തലമുറക്കാരുടെമേല്‍ ഞാന്‍ വിനാശം വരുത്തും.

9 മുന്തിരിപ്പഴം ശേഖരിക്കുന്നവര്‍ നിന്‍റെ അടുക്കല്‍ വരുമ്പോള്‍ കാലാ പറിക്കാന്‍ കുറെ ശേഷിപ്പിക്കുകയില്ലേ? രാത്രിയില്‍ കള്ളന്മാര്‍ വരുമ്പോള്‍ തങ്ങള്‍ക്ക് ആവശ്യമുള്ളതു മാത്രമല്ലേ അവര്‍ എടുക്കുകയുള്ളൂ.

10 ഏശാവിന്‍റെ പിന്‍തലമുറക്കാരെ ഞാന്‍ നഗ്നരാക്കുകയും അവരുടെ ഒളിയിടങ്ങള്‍ തുറന്ന സ്ഥലങ്ങളാക്കുകയും ചെയ്തു; ഇനിയും അവര്‍ക്ക് ഒളിച്ചിരിക്കാന്‍ സാധ്യമല്ല; അവരുടെ സന്തതികളും സഹോദരന്മാരും അയല്‍ക്കാരും നശിച്ചുപോയിരിക്കുന്നു.

11 നിങ്ങളുടെ അനാഥരായ സന്തതികളെ വിട്ടേക്കുക; ഞാന്‍ അവരെ സംരക്ഷിക്കും; നിങ്ങളുടെ വിധവമാര്‍ എന്നില്‍ ആശ്രയിക്കട്ടെ. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു:

12 “ശിക്ഷാര്‍ഹരല്ലാത്തവര്‍പോലും ശിക്ഷയുടെ പാനപാത്രത്തില്‍ നിന്നു കുടിക്കേണ്ടിവന്നെങ്കില്‍, നീ കുടിച്ചേ മതിയാവൂ.

13 എന്‍റെ സ്വന്തനാമത്തില്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; ബൊസ്രാ ഭീകരവും പരിഹാസവിഷയവും ശൂന്യവും ശാപവുമായിത്തീരും; അവളുടെ നഗരങ്ങള്‍ എന്നേക്കും ശൂന്യമായിത്തീരും.

14

സര്‍വേശ്വരനില്‍നിന്ന് എനിക്കൊരു വാര്‍ത്ത ലഭിച്ചിരിക്കുന്നു. ജനതകളുടെ ഇടയിലേക്ക് ഒരു ദൂതന്‍ അയയ്‍ക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ എദോമിനെതിരെ എഴുന്നേറ്റു യുദ്ധത്തിന് ഒന്നിച്ചുകൂടുവിന്‍.

15 ജനതകളുടെ ഇടയില്‍ ഞാന്‍ നിന്നെ ചെറുതാക്കും; മനുഷ്യരുടെ ഇടയില്‍ നിന്ദാപാത്രമാക്കും.

16 പാറക്കെട്ടുകളില്‍ പാര്‍ക്കുകയും പര്‍വതശൃംഗങ്ങള്‍ കീഴടക്കുകയും ചെയ്തവനേ, നീ ഉളവാക്കിയ ഭീതിയും നിന്‍റെ ഹൃദയത്തിലെ ഗര്‍വും നിന്നെ ചതിച്ചിരിക്കുന്നു; നീ കഴുകനെപ്പോലെ ഉയരത്തില്‍ നിന്‍റെ കൂടുകെട്ടിയാലും അവിടെനിന്നു ഞാന്‍ നിന്നെ താഴെയിറക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

17

എദോം ഭീതിക്കു പാത്രമാകും; അതിലൂടെ കടന്നുപോകുന്നവര്‍ ഭയപ്പെടും; അതിനു നേരിട്ട അനര്‍ഥങ്ങള്‍ നിമിത്തം അവളെ പരിഹസിക്കും.

18 സൊദോമും ഗൊമോറായും അയല്‍നഗരങ്ങളും നശിപ്പിക്കപ്പെട്ടപ്പോള്‍ എന്നപോലെ എദോമിലും ആരും പാര്‍ക്കുകയില്ല; ആരും അതിലൂടെ കടന്നുപോകയുമില്ല എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.

19 ഒരു വലിയ ആട്ടിന്‍പറ്റത്തിന്‍റെ നേരെ വരുന്ന സിംഹംപോലെ ഞാന്‍ യോര്‍ദ്ദാനിലെ വനത്തില്‍നിന്ന് ഇറങ്ങിവരും. അവരെ എദോമില്‍നിന്ന് ഓടിച്ചുകളയും; എനിക്ക് ഇഷ്ടപ്പെട്ടവനെ ഞാന്‍ എദോമിന്‍റെ ഭരണാധികാരിയാക്കും; എനിക്കു സമനായി ആരുണ്ട്? ആര് എന്നെ വെല്ലുവിളിക്കും? ഏതിടയന് എന്‍റെ നേരെ നില്‌ക്കാന്‍ കഴിയും?

20 അതുകൊണ്ട് എദോമിനെതിരെ സര്‍വേശ്വരന്‍ തയ്യാറാക്കിയിട്ടുള്ള പദ്ധതിയും തേമാനിലെ നിവാസികള്‍ക്ക് എതിരെ എടുത്തിട്ടുള്ള തീരുമാനങ്ങളും കേട്ടുകൊള്‍വിന്‍: “ആട്ടിന്‍കൂട്ടത്തില്‍ ഏറ്റവും ചെറുതിനെപ്പോലും വലിച്ചിഴച്ചുകൊണ്ടു പോകും; അവയുടെ ദുര്‍വിധി കണ്ട് ആലകള്‍ പോലും സ്തംഭിച്ചുപോകും;

21 അവരുടെ വീഴ്ചയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ ഭൂമി വിറയ്‍ക്കും; അവരുടെ കരച്ചിലിന്‍റെ ശബ്ദം ചെങ്കടലില്‍ മാറ്റൊലികൊള്ളും.

22 ഇതാ, ഒരാള്‍ കഴുകനെപ്പോലെ പറന്നുവരുന്നു. അതിന്‍റെ ചിറകുകള്‍ ബൊസ്രായുടെമേല്‍ വിരിച്ചിരിക്കുന്നു; എദോമിലെ യോദ്ധാക്കളുടെ വേദന സ്‍ത്രീകളുടെ ഈറ്റുനോവ് പോലെയായിരിക്കും.

23

ദമാസ്കസിനെ സംബന്ധിച്ച്: ഹാമാത്തും അര്‍പ്പാദും ദുര്‍വര്‍ത്തമാനങ്ങള്‍ കേട്ടു പരിഭ്രമിച്ചിരിക്കുന്നു; അവര്‍ ഭയന്ന് ഉരുളുന്നു; പ്രശാന്തമാകാത്ത കടല്‍പോലെ അവര്‍ ഇളകിമറിയുന്നു.

24 ദമാസ്കസ് ധൈര്യഹീനയായി ഓടാന്‍ ഭാവിക്കുകയാണ്; എന്നാല്‍ ഭയം അവളെ പിടിച്ചു നിര്‍ത്തിയിരിക്കുന്നു; ഈറ്റുനോവനുഭവിക്കുന്നവളെപ്പോലെ കൊടിയ വേദനയും ദുഃഖവും അവള്‍ അനുഭവിക്കുന്നു.

25 ആ പ്രശസ്ത നഗരം-ആഹ്ലാദത്തിന്‍റെ നഗരം തന്നെ-എങ്ങനെ ഉപേക്ഷിക്കപ്പെട്ടു?

26 അവളുടെ യുവാക്കന്മാര്‍ തെരുവീഥികളില്‍ വീഴും; അവളുടെ യോദ്ധാക്കളെല്ലാം അന്നു സംഹരിക്കപ്പെടും എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

27 ദമാസ്കസിന്‍റെ മതിലില്‍ ഞാന്‍ തീ കൊളുത്തും; അതു ബന്‍ഹദദിന്‍റെ കോട്ടയും കൊത്തളങ്ങളും ദഹിപ്പിക്കും.

28

ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ നശിപ്പിച്ച ഹാസോറിനെയും കേദാര്‍ നഗരത്തെയുംകുറിച്ച് സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: എഴുന്നേറ്റ് കേദാറിനെതിരെ മുന്നേറുക; പൗരസ്ത്യജനതയെ നശിപ്പിക്കുക.

29 അവരുടെ കൂടാരങ്ങളും ആട്ടിന്‍പറ്റങ്ങളും തിരശ്ശീലകളും അവരുടെ സകല വസ്തുക്കളും പിടിച്ചെടുക്കണം; അവരുടെ ഒട്ടകങ്ങളെ പിടിച്ചെടുത്തശേഷം എങ്ങും ഭീതി എന്നു വിളിച്ചുപറയുക.

30 ഹാസോര്‍നിവാസികളേ, ഓടിപ്പോകുവിന്‍; വിദൂരസ്ഥലത്തേക്കു പോയി കുഴികളില്‍ ഒളിച്ചിരിക്കുവിന്‍ എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ നിങ്ങള്‍ക്കെതിരെ പദ്ധതി തയ്യാറാക്കിയിരിക്കുന്നു.

31 എഴുന്നേല്‌ക്കുക, വാതിലുകളും ഓടാമ്പലുകളും ഇല്ലാതെ സ്വൈരമായും സുരക്ഷിതമായും കഴിയുന്ന ഒരു ജനതയ്‍ക്കെതിരെ മുന്നേറുക എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.

32 അവരുടെ ഒട്ടകങ്ങളെ കവര്‍ന്നെടുക്കും; അവരുടെ അസംഖ്യം ആടുമാടുകള്‍ കൊള്ളയടിക്കപ്പെടും; തലയുടെ അരികു വടിക്കുന്നവരെ ഓരോ കാറ്റിലും ഞാന്‍ ചിതറിക്കും; എല്ലാ വശത്തുനിന്നും ഞാന്‍ അവര്‍ക്ക് അനര്‍ഥം വരുത്തും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

33 ഹാസോര്‍ കുറുനരികളുടെ സങ്കേതമാകും; അത് എന്നും ശൂന്യമായി കിടക്കും; അവിടെ ആരും പാര്‍ക്കുകയില്ല; ആരും യാത്രയ്‍ക്കിടയില്‍ അവിടെ തങ്ങുകയുമില്ല.”

34

യെഹൂദാരാജാവായ സിദെക്കീയായുടെ ഭരണാരംഭത്തില്‍ യിരെമ്യാപ്രവാചകനു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി.

35 സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഏലാമിന്‍റെ വില്ല് ഞാന്‍ ഒടിക്കും. അതാണല്ലോ അവരുടെ ബലം.

36 നാലുദിക്കുകളില്‍നിന്നും അടിക്കുന്ന കാറ്റ് ഏലാമിന്‍റെമേല്‍ വരുത്തും; അതോടൊപ്പം ഞാന്‍ അവരെ ചിതറിക്കുകയും ചെയ്യും. ഏലാമില്‍നിന്നു ചിതറിക്കപ്പെട്ട ജനം ചെന്നുചേരാത്ത ഒരു സ്ഥലവും ഉണ്ടായിരിക്കുകയില്ല.

37 ഏലാമിനെ അവരുടെ ശത്രുക്കളുടെ മുമ്പില്‍, അവര്‍ക്കു പ്രാണഹാനി വരുത്തുവാന്‍ ശ്രമിക്കുന്നവരുടെ മുമ്പില്‍വച്ചു തന്നെ ഞാന്‍ സംഭീതരാക്കും; എന്‍റെ ഉഗ്രകോപത്തില്‍ ഞാന്‍ അവര്‍ക്ക് അനര്‍ഥം വരുത്തും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; അവരെ സംഹരിച്ചുതീരുന്നതുവരെ എന്‍റെ വാള്‍ അവരെ പിന്തുടരും.

38 എന്‍റെ സിംഹാസനം ഏലാമില്‍ സ്ഥാപിച്ച് അവരുടെ രാജാവിനെയും പ്രഭുക്കന്മാരെയും നശിപ്പിക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

39 എന്നാല്‍ ഒടുവില്‍ അവരുടെ ഐശ്വര്യം ഞാന്‍ അവര്‍ക്കു വീണ്ടെടുത്തു കൊടുക്കും എന്നും അവിടുന്നു അരുളിച്ചെയ്യുന്നു.”

50

1

ബാബിലോണിനെക്കുറിച്ചും അവിടത്തെ ജനങ്ങളെക്കുറിച്ചും യിരെമ്യാപ്രവാചകനിലൂടെയുള്ള സര്‍വേശ്വരന്‍റെ അരുളപ്പാട്:

2 “ജനതകളുടെ ഇടയില്‍ പ്രഖ്യാപിക്കുക, പതാക ഉയര്‍ത്തി പ്രഘോഷിക്കുക; ഒന്നും മറച്ചുവയ്‍ക്കാതെ ഉദ്ഘോഷിക്കുക; ബാബിലോണ്‍ പിടിക്കപ്പെട്ടു; ബേല്‍ദേവന്‍ ലജ്ജിക്കുന്നു; മെരോദാക്ദേവന്‍ സംഭ്രമിച്ചിരിക്കുന്നു; അതിലെ ബിംബങ്ങള്‍ അപമാനിതരായി, വിഗ്രഹങ്ങള്‍ പരിഭ്രാന്തരായിരിക്കുന്നു.

3 വടക്കുദേശത്തുനിന്ന് ഒരു ജനത അതിനെതിരെ ഉയര്‍ന്നിരിക്കുന്നു; അതു ബാബിലോണിനെ ശൂന്യമാക്കും; ആരും അതില്‍ പാര്‍ക്കുകയില്ല; മനുഷ്യരും മൃഗങ്ങളും ഓടിപ്പോകും.

4

അന്നാളില്‍ ഇസ്രായേല്‍ജനങ്ങളും യെഹൂദാജനങ്ങളും വിലപിച്ചുകൊണ്ട് ഒരുമിച്ച് സര്‍വേശ്വരന്‍റെ അടുക്കല്‍ വരും; അവര്‍ തങ്ങളുടെ ദൈവമായ സര്‍വേശ്വരനെ അന്വേഷിക്കും.

5 അവര്‍ സീയോനിലേക്കു പോകാനുള്ള വഴി ചോദിക്കും; ആ വഴിയേ പോകും. ഒരിക്കലും വിസ്മരിക്കാത്ത ശാശ്വത ഉടമ്പടി ഉണ്ടാക്കുന്നതിന് അവിടുത്തെ അടുക്കല്‍ ഒന്നിച്ചുകൂടാം എന്നും അവര്‍ പറയും.

6

എന്‍റെ ജനം കാണാതെപോയ ആടുകളാണ്; അവരുടെ ഇടയന്മാര്‍ അവരെ വഴിതെറ്റിച്ചു; മലകളില്‍ അലഞ്ഞു നടക്കാന്‍ അവരെ അനുവദിച്ചു; പര്‍വതങ്ങളിലും മലകളിലുമായി അവര്‍ അലഞ്ഞു നടക്കുന്നു; അവരുടെ ആല എവിടെ എന്ന് അവര്‍ മറന്നുപോയി. കണ്ടവരെല്ലാം അവരെ ആക്രമിച്ചു;

7 അവരുടെ ശത്രുക്കള്‍ പറഞ്ഞു: ‘നാം കുറ്റക്കാരല്ല; അവര്‍ സര്‍വേശ്വരനോടു പാപം ചെയ്തു; അവരുടെ പിതാക്കന്മാരുടെ യഥാര്‍ഥമായ അഭയവും പ്രത്യാശയുമായ സര്‍വേശ്വരനോടു തന്നെ.’

8

ബാബിലോണിന്‍റെ നടുവില്‍നിന്ന് ഓടുവിന്‍; അവിടെനിന്നു പുറത്തുപോകുവിന്‍; ആട്ടിന്‍പറ്റത്തിന്‍റെ മുമ്പില്‍ ഓടുന്ന മുട്ടാടുകളെപ്പോലെ ഓടുവിന്‍.

9 ഉത്തരദേശത്തെ ഒരു കൂട്ടം ജനതകളെ ബാബിലോണിനെതിരെ ഞാന്‍ ഇളക്കിവിടും; അവര്‍ അണിനിരന്ന് അവളെ പിടിച്ചടക്കും; അവരുടെ അസ്ത്രങ്ങള്‍ സമര്‍ഥനായ യോദ്ധാവിനെപ്പോലെയാണ്; അതു വെറും കൈയായി മടങ്ങിവരികയില്ല.

10 ബാബിലോണ്‍ദേശം കൊള്ളയടിക്കപ്പെടും; അവളെ കൊള്ളയടിക്കുന്നവര്‍ സംതൃപ്തരാകും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.

11

എന്‍റെ അവകാശമായ ജനത്തെ കൊള്ളയടിച്ചവരേ, നിങ്ങള്‍ സന്തോഷിച്ച് ഉല്ലസിച്ചാലും; പുല്‍ത്തകിടിയിലെ പശുക്കിടാവിനെപ്പോലെ തുള്ളിച്ചാടിയാലും; കുതിരകളെപ്പോലെ ഹര്‍ഷാരവം മുഴക്കിയാലും

12 നിങ്ങളുടെ മാതൃരാജ്യം ഏറ്റവും ലജ്ജിക്കും; നിങ്ങളെ പ്രസവിച്ച ദേശം അപമാനിതയാകും; അവള്‍ ജനതകളില്‍ ഏറ്റവും ചെറുതാകും; അവള്‍ മരുഭൂമിയും വരണ്ടനിലവും ആയിത്തീരും.

13 സര്‍വേശ്വരന്‍റെ ക്രോധംനിമിത്തം അവിടെ ജനവാസമുണ്ടാകയില്ല; അതു സമ്പൂര്‍ണമായി ശൂന്യമാകും; ബാബിലോണിലൂടെ കടന്നുപോകുന്നവരെല്ലാം സംഭ്രമിക്കും; അവള്‍ക്കു നേരിട്ട അനര്‍ഥങ്ങള്‍ നിമിത്തം അവളെ പരിഹസിക്കും.

14

വില്ലു കുലയ്‍ക്കുന്നവരേ, നിങ്ങള്‍ ബാബിലോണിനു ചുറ്റും അണിനിരക്കുവിന്‍; ഒരമ്പുപോലും പാഴാക്കാതെ അവളുടെ നേര്‍ക്ക് അവ തൊടുത്തുവിടുവിന്‍. അവള്‍ സര്‍വേശ്വരനെതിരെ പാപം ചെയ്തിരിക്കുന്നുവല്ലോ.

15 അവള്‍ക്കു ചുറ്റുംനിന്നു ജയഘോഷം മുഴക്കുവിന്‍; അവള്‍ കീഴടങ്ങിയിരിക്കുന്നു; അവളുടെ കോട്ടകള്‍ വീണു; മതിലുകള്‍ തകര്‍ന്നു വീണു; ഇതു സര്‍വേശ്വരന്‍റെ പ്രതികാരമാണ്, അവളോടു പകരം വീട്ടുവിന്‍; അവള്‍ ചെയ്തതുപോലെ അവളോടും ചെയ്യുവിന്‍.

16 വിതയ്‍ക്കുന്നവനെയും കൊയ്ത്തുകാരനെയും ബാബിലോണില്‍നിന്നു ഛേദിച്ചുകളയുവിന്‍; മര്‍ദകന്‍റെ വാള്‍ നിമിത്തം ഓരോരുവനും സ്വജനങ്ങളുടെ അടുത്തേക്കു തിരിയും; സ്വന്തം ദേശത്തേക്ക് അവര്‍ ഓടിപ്പോകും.

17

സിംഹങ്ങള്‍ പിന്തുടര്‍ന്നു ചിതറിച്ച ആട്ടിന്‍പറ്റത്തെപ്പോലെയാണ് ഇസ്രായേല്‍; ആദ്യം അസ്സീറിയാരാജാവ് അതിനെ ആക്രമിച്ചു; ഒടുവില്‍ ബാബിലോണിലെ നെബുഖദ്നേസര്‍രാജാവ് അതിന്‍റെ അസ്ഥികള്‍ കാര്‍ന്നു തിന്നുന്നു.

18 അതുകൊണ്ട് ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: അസ്സീറിയായിലെ രാജാവിനെ ശിക്ഷിച്ചതുപോലെ ബാബിലോണിലെ രാജാവിനെയും അവന്‍റെ ദേശത്തെയും ഞാന്‍ ശിക്ഷിക്കും.

19 ഞാന്‍ ഇസ്രായേലിന് അവന്‍റെ മേച്ചില്‍സ്ഥാനം വീണ്ടെടുത്തു കൊടുക്കും; അവന്‍ കര്‍മ്മേലിലും ബാശാനിലും മേയും; എഫ്രയീംകുന്നുകളിലും ഗിലെയാദിലും അവന്‍ മേഞ്ഞു തൃപ്തനാകും.

20 അക്കാലത്ത് ഇസ്രായേലില്‍ അപരാധവും യെഹൂദായില്‍ പാപവും കാണുകയില്ല; കാരണം ഞാന്‍ അവശേഷിപ്പിച്ച ജനത്തോടു ക്ഷമിച്ചിരിക്കുന്നു.

21

മെരാഥയിംദേശത്തിനെതിരെ ചെല്ലുവിന്‍; പെക്കോദ് നിവാസികള്‍ക്കെതിരെ നീങ്ങുവിന്‍; നിങ്ങള്‍ അവരെ സമ്പൂര്‍ണമായി നശിപ്പിക്കുകയും ഞാന്‍ കല്പിച്ചതുപോലെയെല്ലാം പ്രവര്‍ത്തിക്കുകയും വേണം എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

22 യുദ്ധാരവം ദേശത്തു കേള്‍ക്കുന്നു; വലിയ സംഹാരം നടക്കുകയാണ്.

23 ഭൂമി മുഴുവന്‍ തകര്‍ത്ത ചുറ്റിക എങ്ങനെ തകര്‍ന്നു തരിപ്പണമായി. ജനതകളുടെ ഇടയില്‍ ബാബിലോണ്‍ എങ്ങനെ ബീഭത്സദൃശ്യമായിത്തീര്‍ന്നു.

24 ഞാന്‍ കെണിവച്ചു, ബാബിലോണേ, നീ അതില്‍ വീണു, അതു നീ അറിഞ്ഞില്ല; സര്‍വേശ്വരനെതിരെ നീ മത്സരിച്ചതുകൊണ്ട് അവിടുന്നു നിന്നെ കണ്ടെത്തി പിടികൂടിയിരിക്കുന്നു.

25 സര്‍വേശ്വരന്‍ ആയുധപ്പുര തുറന്നു തന്‍റെ ക്രോധത്തിന്‍റെ ആയുധങ്ങള്‍ പുറത്തെടുത്തിരിക്കുന്നു; കാരണം ബാബിലോണ്യരുടെ ദേശത്തു സര്‍വശക്തനായ സര്‍വേശ്വരന് ഒരു പ്രവൃത്തി ചെയ്തു തീര്‍ക്കാനുണ്ട്.

26 എല്ലാവശത്തുനിന്നും അതിന്‍റെ നേരേ വരുവിന്‍; വന്ന് അവളുടെ ധാന്യപ്പുരകള്‍ തുറക്കുവിന്‍; അവളെ നിശ്ശേഷം നശിപ്പിച്ചു ധാന്യക്കൂമ്പാരം പോലെ കൂട്ടുവിന്‍; അവളില്‍ യാതൊന്നും ശേഷിക്കരുത്.

27 അവളുടെ കാളകളെ കൊല്ലുവിന്‍; അവ അറവുശാലയിലേക്കു പോകട്ടെ. അവരുടെ ദിനം, ശിക്ഷയ്‍ക്കുള്ള ദിനംതന്നെ വന്നിരിക്കുന്നതുകൊണ്ട് അവര്‍ക്കു ഹാ ദുരിതം! കേള്‍ക്കുക! ബാബിലോണ്‍ദേശത്തുനിന്നു രക്ഷപെട്ട് ഓടുന്നവര്‍

28 നമ്മുടെ ദൈവമായ സര്‍വേശ്വരന്‍റെ പ്രതികാരം, അവിടുത്തെ ദേവാലയത്തിനു വേണ്ടിയുള്ള പ്രതികാരംതന്നെ സീയോനില്‍ പ്രസിദ്ധമാക്കുന്നു.

29

ബാബിലോണിനെതിരെ വില്ലാളികളെ വിളിച്ചുകൂട്ടി അതിനു ചുറ്റും പാളയമടിക്കുവിന്‍; ആരും രക്ഷപെടരുത്. അവളുടെ പ്രവൃത്തിക്കു തക്കവിധം അവളോടു പകരം വീട്ടുവിന്‍; അവള്‍ ചെയ്തതുപോലെയെല്ലാം അവളോടും ചെയ്യണം; അവള്‍ സര്‍വേശ്വരനോട്, ഇസ്രായേലിന്‍റെ പരിശുദ്ധനോടുതന്നെ ധിക്കാരം കാട്ടിയിരിക്കുന്നു.

30 അതുകൊണ്ട് അവളുടെ യുവാക്കള്‍ തെരുവീഥികളില്‍ വീഴും; അവളുടെ യോദ്ധാക്കളെല്ലാം അന്നു സംഹരിക്കപ്പെടും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

31 അഹങ്കാരിയായ ബാബിലോണേ, ഞാന്‍ നിനക്ക് എതിരാണെന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; നിന്‍റെ ശിക്ഷാദിവസം ആഗതമായിരിക്കുന്നു.

32 അഹങ്കാരി കാലിടറി വീഴും; പിടിച്ചെഴുന്നേല്പിക്കാന്‍ ആരുമില്ല; അവന്‍റെ നഗരങ്ങളില്‍ ഞാന്‍ തീ കൊളുത്തും; അതു ചുറ്റുമുള്ളവയെ ദഹിപ്പിക്കും.

33

സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഇസ്രായേല്‍ജനം പീഡിതരായിരിക്കുന്നു; അവരോടൊപ്പം യെഹൂദാജനവും; തടവുകാരായി കൊണ്ടുപോയവര്‍ അവരെ മുറുകെ പിടിക്കുന്നു; അവരെ വിട്ടയയ്‍ക്കാന്‍ അവര്‍ വിസമ്മതിക്കുന്നു.

34 അവരുടെ വീണ്ടെടുപ്പുകാരന്‍ ശക്തനാണ്; സര്‍വശക്തനായ സര്‍വേശ്വരന്‍ എന്നാണ് അവിടുത്തെ നാമം; അവിടുന്നു തീര്‍ച്ചയായും അവര്‍ക്കുവേണ്ടി വാദിക്കും; ഭൂമിക്ക് അവിടുന്നു സ്വസ്ഥത നല്‌കും; എന്നാല്‍ ബാബിലോണ്‍നിവാസികള്‍ക്ക് അസ്വസ്ഥതയും.

35

അവിടുന്ന് അരുളിച്ചെയ്യുന്നു: “ബാബിലോണിനെതിരെ ഒരു വാള്‍ ഉയര്‍ന്നിരിക്കുന്നു; അതിലെ നിവാസികള്‍ക്കും അവളുടെ പ്രഭുക്കന്മാര്‍ക്കും ജ്ഞാനികള്‍ക്കും എതിരെ തന്നെ.

36 വ്യാജപ്രവാചകന്മാരുടെ നേരെ വാള്‍ ഉയര്‍ന്നിരിക്കുന്നു; അവര്‍ വിഡ്ഢികളാകും. യോദ്ധാക്കളുടെമേല്‍ വാള്‍ ഉയര്‍ന്നിരിക്കുന്നു. അവര്‍ നശിച്ചുപോകും.

37 അവരുടെ കുതിരകളുടെയും രഥങ്ങളുടെയുംമേല്‍ വാള്‍ ഉയര്‍ന്നിരിക്കുന്നു; അതു കൊള്ളയടിക്കപ്പെടും.

38 അവരുടെ ജലാശയങ്ങളുടെമേലും വാള്‍ ഉയര്‍ന്നിരിക്കുന്നു. കാരണം, അതു വിഗ്രഹങ്ങളുടെ നാടാണ്; അവയെച്ചൊല്ലി അവര്‍ ഉന്മത്തരായിരിക്കുന്നു.

39 അതുകൊണ്ടു ബാബിലോണില്‍ വന്യമൃഗങ്ങളും കുറുനരിയും ഒട്ടകപ്പക്ഷിയും ഒന്നിച്ചു പാര്‍ക്കും; അതില്‍ ഇനി ആരും ഒരിക്കലും വസിക്കയില്ല.

40 സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “സൊദോമും ഗൊമോറായും അയല്‍നഗരങ്ങളും നശിപ്പിക്കപ്പെട്ടപ്പോള്‍ എന്നപോലെ അവിടെ ആരും പാര്‍ക്കുകയില്ല; ഒരു മനുഷ്യനും അതിലൂടെ കടന്നു പോകുകയുമില്ല.

41

ഇതാ വടക്കുനിന്ന് ഒരു ജനത വരുന്നു; ശക്തമായ ഒരു ജനത! ഭൂമിയുടെ വിദൂരസ്ഥലങ്ങളില്‍നിന്നു രാജാക്കന്മാര്‍ ഇളകിവരുന്നു.

42 അവരുടെ കൈയില്‍ വില്ലും കുന്തവുമുണ്ട്; അവര്‍ കരുണയില്ലാത്ത ക്രൂരന്മാരാണ്; അവരുടെ ശബ്ദം കടലിന്‍റെ ഇരമ്പല്‍ പോലെയാണ്.

43 ബാബിലോണേ, അവര്‍ യോദ്ധാക്കളെപ്പോലെ യുദ്ധസന്നദ്ധരായി കുതിരപ്പുറത്തു നിനക്കെതിരെ അണിനിരക്കുന്നു. അവരെക്കുറിച്ചുള്ള വാര്‍ത്ത കേട്ടപ്പോള്‍ ബാബിലോണ്‍ രാജാവിന്‍റെ കരങ്ങള്‍ തളര്‍ന്നു; ഈറ്റുനോവുകൊണ്ടു വേദനപ്പെടുന്ന സ്‍ത്രീയെപ്പോലെ അവന്‍ അതിവേദനയിലായിരിക്കുന്നു.

44 വലിയ ആട്ടിന്‍പറ്റത്തിന്‍റെ നേരേ വരുന്ന സിംഹംപോലെ, യോര്‍ദ്ദാനിലെ വനത്തില്‍നിന്നു ഞാന്‍ ഇറങ്ങിവരും. ഞാന്‍ ബാബിലോണ്യരെ അവരുടെ നഗരങ്ങളില്‍നിന്ന് ഓടിച്ചുകളയും; എനിക്ക് ഇഷ്ടമുള്ളവനെ ഞാന്‍ ബാബിലോണിന്‍റെ ഭരണാധികാരിയാക്കും; എനിക്കു സമനായി ആരുണ്ട്? ആര് എന്നെ വെല്ലുവിളിക്കും? ഏത് ഇടയന് എന്‍റെ നേരെ നില്‌ക്കാന്‍ കഴിയും?

45 അതുകൊണ്ട് ബാബിലോണിന് എതിരെ അവിടുന്നു തയ്യാറാക്കിയിട്ടുള്ള പദ്ധതിയും ബാബിലോണ്‍ ദേശത്തിനെതിരെ എടുത്തിട്ടുള്ള തീരുമാനങ്ങളും കേട്ടുകൊള്‍വിന്‍; ആട്ടിന്‍കൂട്ടത്തില്‍ ഏറ്റവും ചെറിയതിനെപ്പോലും വലിച്ചിഴച്ചുകൊണ്ടുപോകും; അവയുടെ ദുര്‍വിധികണ്ട് ആലകള്‍പോലും സ്തംഭിച്ചുപോകും.

46 ബാബിലോണ്‍ പിടിക്കപ്പെട്ടു എന്ന ശബ്ദം കേട്ട് ഭൂമി നടുങ്ങും; അവളുടെ രോദനം ജനതകളുടെ ഇടയില്‍ മാറ്റൊലിക്കൊള്ളും.”

51

1

സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ബാബിലോണിനും അതിലെ നിവാസികള്‍ക്കും എതിരെ വിനാശം വിതയ്‍ക്കുന്ന കാറ്റ് ഞാന്‍ ഇളക്കിവിടും.

2 പാറ്റുന്നവരെ ഞാന്‍ ബാബിലോണിലേക്കയയ്‍ക്കും; അവര്‍ അവളെ പാറ്റി ദേശം ശൂന്യമാക്കും; അനര്‍ഥദിവസത്തില്‍ അവള്‍ക്കെതിരെ എല്ലാ ദേശത്തുനിന്നും അവര്‍ വരും.

3 അവളുടെ വില്ലാളികള്‍ വില്ലുകുലയ്‍ക്കാനും പടയാളികള്‍ പടച്ചട്ട ധരിച്ചുകൊണ്ടു നേരെ നില്‌ക്കാനും അനുവദിക്കരുത്; അവളുടെ യൗവനക്കാരെ വെറുതെ വിടരുത്; അവളുടെ സര്‍വസൈന്യത്തെയും നിര്‍മൂലമാക്കിക്കളയുക.

4 ബാബിലോണ്‍ദേശത്ത് അവര്‍ മരിച്ചുവീഴും; അവര്‍ മുറിവേറ്റു തെരുവീഥികളില്‍ കിടക്കും.

5 അവരുടെ ദൈവമായ സര്‍വശക്തനായ സര്‍വേശ്വരന്‍ ഇസ്രായേലിനെയും യെഹൂദായെയും തള്ളിക്കളഞ്ഞിട്ടില്ല; എങ്കിലും ഇസ്രായേലിന്‍റെ പരിശുദ്ധനായ സര്‍വേശ്വരനു വിരോധമായി അവരുടെ ദേശം അകൃത്യംകൊണ്ടു നിറഞ്ഞിരിക്കുന്നു.

6

ബാബിലോണിന്‍റെ മധ്യത്തില്‍നിന്ന് ഓടി ജീവന്‍ രക്ഷപെടുത്തുവിന്‍. അവളുടെ ന്യായവിധിയില്‍ നീ വിച്ഛേദിക്കപ്പെട്ടു പോകരുത്; ഇതു സര്‍വേശ്വരന്‍റെ പ്രതികാരസമയമാണ്; അവിടുന്ന് അവള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‌കും.

7 ലോകത്തെ മുഴുവന്‍ മത്തു പിടിപ്പിച്ച സുവര്‍ണപാനപാത്രമായിരുന്നു സര്‍വേശ്വരന്‍റെ കൈകളില്‍ ബാബിലോണ്‍; ജനതകള്‍ അതില്‍നിന്നു വീഞ്ഞു കുടിച്ച് ഉന്മത്തരായി.

8 പെട്ടെന്നു ബാബിലോണ്‍ വീണു തകര്‍ന്നുപോയി, അവള്‍ക്കുവേണ്ടി വിലപിക്കുവിന്‍. അവളുടെ മുറിവില്‍ പുരട്ടാന്‍ തൈലം കൊണ്ടുവരുവിന്‍; ഒരുവേള അവള്‍ക്കു സൗഖ്യം ലഭിച്ചേക്കാം.

9 ബാബിലോണിനെ നമ്മള്‍ സുഖപ്പെടുത്തുമായിരുന്നു, എന്നാല്‍ അവള്‍ അതിനു വിസമ്മതിച്ചു; അവളെ വിട്ടേക്കുക; നമുക്കു നമ്മുടെ ദേശങ്ങളിലേക്കു പോകാം; അവളുടെ ന്യായവിധി സ്വര്‍ഗത്തോളം ഉയര്‍ന്നു; ആകാശംവരെ അത് ഉയര്‍ന്നിരിക്കുന്നു.

10 സര്‍വേശ്വരന്‍ നമുക്കു നീതി കൈവരുത്തിയിരിക്കുന്നു; വരുവിന്‍, നമ്മുടെ ദൈവമായ സര്‍വേശ്വരന്‍റെ പ്രവൃത്തികള്‍ നമുക്കു സീയോനില്‍ പ്രഘോഷിക്കാം.

11

അമ്പിനു മൂര്‍ച്ച വരുത്തുവിന്‍, പരിച ധരിക്കുവിന്‍; സര്‍വേശ്വരന്‍ മേദ്യരാജാക്കന്മാരെ ബാബിലോണിനെതിരെ ഇളക്കിവിട്ടിരിക്കുന്നു; ബാബിലോണിനെ നശിപ്പിക്കാന്‍ അവിടുന്നു തീരുമാനിച്ചിരിക്കുകയാണ്. ഇതു സര്‍വേശ്വരന്‍റെ പ്രതികാരമാണ്; അവിടുത്തെ ആലയം നശിപ്പിച്ചതിനുള്ള പ്രതികാരം.

12 ബാബിലോണിന്‍റെ മതിലുകള്‍ക്കെതിരെ കൊടി ഉയര്‍ത്തുവിന്‍; കാവല്‍ ശക്തമാക്കുവിന്‍; കാവല്‍ഭടന്മാരെ നിര്‍ത്തുവിന്‍; പതിയിരുപ്പുകാരെ നിയോഗിക്കുവിന്‍; ബാബിലോണ്‍നിവാസികളെക്കുറിച്ചു സര്‍വേശ്വരന്‍ അരുളിച്ചെയ്തത് സര്‍വേശ്വരന്‍ നിറവേറ്റിയിരിക്കുന്നു.

13 അനവധി ജലാശയങ്ങളും ധാരാളം നിക്ഷേപങ്ങളുമുള്ള ബാബിലോണേ, നിന്‍റെ അന്ത്യം അടുത്തിരിക്കുന്നു; നിന്‍റെ ജീവപാശം അറ്റുപോയിരിക്കുന്നു.

14 സര്‍വശക്തനായ സര്‍വേശ്വരന്‍ സ്വന്തം നാമത്തില്‍ സത്യം ചെയ്യുന്നു; വെട്ടുക്കിളികളെപ്പോലെ എണ്ണമറ്റ മനുഷ്യരെക്കൊണ്ട് ഞാന്‍ നിന്നെ നിറയ്‍ക്കും; അവര്‍ നിനക്കെതിരെ ജയഭേരി മുഴക്കും.”

15

സ്വന്തം ശക്തിയാല്‍ ഭൂമിയെ സൃഷ്‍ടിച്ചതും ജ്ഞാനത്താല്‍ അതിനെ സ്ഥാപിച്ചതും വിവേകത്താല്‍ ആകാശത്തെ വിരിച്ചതും അവിടുന്നാണ്.

16 അവിടുന്നു ശബ്ദം പുറപ്പെടുവിക്കുമ്പോള്‍, ആകാശത്തു വെള്ളത്തിന്‍റെ മുഴക്കമുണ്ടാകുന്നു; ഭൂമിയുടെ അറുതികളില്‍ നിന്ന് അവിടുന്നു മേഘങ്ങളെ ഉയര്‍ത്തുന്നു; മഴയ്‍ക്കായി മിന്നല്‍പ്പിണരുകളെ അവിടുന്നു സൃഷ്‍ടിക്കുന്നു; തന്‍റെ ഭണ്ഡാരങ്ങളില്‍നിന്നു കാറ്റു പുറപ്പെടുവിക്കുന്നു.

17 സകല മനുഷ്യരും ബുദ്ധിയില്ലാത്തവരും ഭോഷന്മാരുമാണ്; തങ്ങള്‍ നിര്‍മിച്ച വിഗ്രഹങ്ങള്‍ നിമിത്തം സ്വര്‍ണപ്പണിക്കാര്‍ ലജ്ജിതരാകുന്നു; അവര്‍ നിര്‍മിച്ച വിഗ്രഹങ്ങള്‍ വ്യാജമാണ്; അവയ്‍ക്കു ജീവശ്വാസമില്ല.

18 അവയെല്ലാം വിലയില്ലാത്ത മിഥ്യാമൂര്‍ത്തികളാണ്; ശിക്ഷാസമയത്ത് അവയെല്ലാം നശിക്കും.

19 യാക്കോബിന്‍റെ അവകാശമായ ദൈവം അങ്ങനെയല്ല; സകലത്തിനും രൂപം കൊടുത്തത് അവിടുന്നാണ്; ഇസ്രായേല്‍ തനിക്ക് അവകാശപ്പെട്ട ഗോത്രമാകുന്നു, സര്‍വശക്തനായ സര്‍വേശ്വരന്‍ എന്നാണ് അവിടുത്തെ നാമം.

20

ബാബിലോണേ, നീ എന്‍റെ ചുറ്റിക; യുദ്ധത്തിനുള്ള എന്‍റെ ആയുധം, നിന്നെക്കൊണ്ടു ഞാന്‍ ജനതകളെയും രാജ്യങ്ങളെയും തകര്‍ക്കും.

21 നിന്നെക്കൊണ്ടു കുതിരകളെയും കുതിരക്കാരെയും ഞാന്‍ ഇല്ലാതാക്കും. തേരിനെയും തേരാളിയെയും നശിപ്പിക്കും.

22 നിന്നെക്കൊണ്ടു ഞാന്‍ പുരുഷനെയും സ്‍ത്രീയെയും തകര്‍ക്കും; നിന്നെക്കൊണ്ടു ഞാന്‍ വൃദ്ധനെയും യുവാവിനെയും ഇല്ലാതാക്കും; യുവാവിനെയും യുവതിയെയും തകര്‍ക്കും.

23 നിന്നെക്കൊണ്ട് ഞാന്‍ ഇടയനെയും ആട്ടിന്‍പറ്റത്തെയും ഉന്മൂലമാക്കും; കര്‍ഷകരെയും അവരുടെ ഉഴവുകാളകളെയും ഛേദിച്ചുകളയും; നിന്നെക്കൊണ്ട് ഞാന്‍ ഭരണാധികാരികളെയും അധികാരികളെയും നശിപ്പിക്കും.

24

ബാബിലോണിനെയും അതിലെ സര്‍വജനങ്ങളെയും അവര്‍ സീയോനില്‍ ചെയ്ത അതിക്രമങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ കാണ്‍കെ ഞാന്‍ പകരം ചോദിക്കും.

25 ഭൂമിയെ മുഴുവന്‍ നശിപ്പിക്കുന്ന വിനാശപര്‍വതമേ, ഞാന്‍ നിനക്ക് എതിരായിരിക്കുന്നു എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; നിനക്കെതിരെ ഞാന്‍ എന്‍റെ കൈ നീട്ടി കടുംതൂക്കായ പാറകളില്‍നിന്നു തള്ളിയിടും; നിന്നെ അഗ്നിക്കിരയായ പര്‍വതമാക്കും.

26 നിന്നില്‍നിന്ന് ഒരു മൂലക്കല്ലോ അടിസ്ഥാനക്കല്ലോ എടുക്കുകയില്ല; നീ എന്നേക്കും ശൂന്യമായിരിക്കും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.

27

ദേശത്ത് കൊടി ഉയര്‍ത്തുവിന്‍. ജനതകളുടെ ഇടയില്‍ കാഹളം മുഴക്കുവിന്‍; ബാബിലോണിനെതിരെ യുദ്ധം ചെയ്യാന്‍ ജനതകളെ ഒരുക്കുവിന്‍; അരാരാത്ത്, മിന്നി, അസ്കെനാസ് എന്നീ രാജ്യങ്ങളെ അവള്‍ക്കെതിരെ വിളിച്ചുകൂട്ടുവിന്‍; അവള്‍ക്കെതിരെ ഒരു സൈന്യാധിപനെ നിയമിക്കുവിന്‍; ഇരമ്പി വരുന്ന വെട്ടുക്കിളികളെപ്പോലെ കുതിരപ്പടയെ കൊണ്ടുവരുവിന്‍.

28 ബാബിലോണിനോടു യുദ്ധം ചെയ്യാന്‍ ജനതകളെ സജ്ജമാക്കുക; മേദ്യരാജാക്കന്മാരും അവരുടെ ഭരണാധികാരികളും ദേശാധിപതികളും അവരുടെ അധീനതയിലുള്ള ദേശങ്ങളും അതിനൊരുങ്ങട്ടെ.

29 ബാബിലോണ്‍ദേശം ജനവാസമില്ലാതെ ശൂന്യമാക്കുക എന്ന ദൈവനിശ്ചയം നടപ്പാക്കുന്നതുകൊണ്ടു ദേശം നടുങ്ങുന്നു.

30 ബാബിലോണിലെ യോദ്ധാക്കള്‍ യുദ്ധം ചെയ്യുന്നതു മതിയാക്കി കോട്ടകളിലേക്കു മടങ്ങി; അവര്‍ ശക്തി ക്ഷയിച്ച് അബലകളായ സ്‍ത്രീകളെപ്പോലെ ആയിരിക്കുന്നു; അവരുടെ പാര്‍പ്പിടങ്ങള്‍ അഗ്നിക്കിരയാകുന്നു; ഓടാമ്പലുകള്‍ തകരുന്നു.

31 നഗരം എല്ലാവശത്തുനിന്നും പിടിക്കപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്ത ബാബിലോണ്‍രാജാവിനെ അറിയിക്കാന്‍

32 ഓട്ടക്കാരന്‍റെ പിന്നാലെ ഓട്ടക്കാരനും, ദൂതന്‍റെ പിന്നാലെ ദൂതനും ഓടിയെത്തുന്നു. നദിക്കടവുകള്‍ പിടിക്കപ്പെട്ടിരിക്കുന്നു; കോട്ടകൊത്തളങ്ങള്‍ അഗ്നിക്കിരയായി, യോദ്ധാക്കള്‍ ഭയചകിതരായിരിക്കുന്നു.

33 ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ബാബിലോണേ, നീ കൊയ്ത്തുകാലത്തെ മെതിക്കളം പോലെയാകും; അവളുടെ കൊയ്ത്തുകാലം സമീപിച്ചിരിക്കുന്നു.

34

ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ എന്നെ വിഴുങ്ങി; അവന്‍ എന്നെ തകര്‍ത്തു; എന്നെ ഒഴിഞ്ഞ പാത്രമാക്കി; വ്യാളിയെന്നപോലെ എന്നെ വിഴുങ്ങിയിരിക്കുന്നു; എന്‍റെ വിശിഷ്ടഭോജ്യങ്ങള്‍ കൊണ്ടു വയറുനിറച്ചശേഷം എന്നെ തള്ളിക്കളഞ്ഞിരിക്കുന്നു.

35 എന്നോടും എന്‍റെ ചാര്‍ച്ചക്കാരോടും ചെയ്ത അതിക്രമം ബാബിലോണിനും ഭവിക്കട്ടെ എന്നു സീയോന്‍നിവാസികള്‍ പറയട്ടെ; എന്‍റെ രക്തത്തിനു ബാബിലോണ്‍ നിവാസികള്‍ ഉത്തരവാദികളായിരിക്കുമെന്നു യെരൂശലേമും പറയട്ടെ.

36

സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഞാന്‍ നിനക്കുവേണ്ടി വാദിക്കും, നിനക്കുവേണ്ടി പകരം വീട്ടും; അവളുടെ സമുദ്രം വറ്റിക്കും, ഉറവുകള്‍ ഉണക്കിക്കളയും.

37 ബാബിലോണ്‍ കല്‍ക്കൂമ്പാരമായി മാറും; അതു കുറുനരികളുടെ വിഹാരകേന്ദ്രമാകും; അതു ഭീതിദവും പരിഹാസവിഷയവുമാകും; ആരും അവിടെ പാര്‍ക്കുകയില്ല.

38 അവര്‍ സിംഹങ്ങളെപ്പോലെ ഗര്‍ജിക്കും; സിംഹക്കുട്ടികളെപ്പോലെ മുരളും.

39 അവര്‍ ജയോന്മത്തരായിരിക്കുമ്പോള്‍ ഞാന്‍ അവര്‍ക്ക് വിരുന്നൊരുക്കും; ഇനി ഉണരാത്തവിധം നിത്യനിദ്രയില്‍ ആകുന്നതിനുവേണ്ടി അവരെ കുടിപ്പിച്ചു മത്തരാക്കും.

40 ആട്ടിന്‍കുട്ടികളെയും ആണാടുകളെയും ആണ്‍കോലാടുകളെയുംപോലെ കൊലക്കളത്തിലേക്കു ഞാന്‍ അവരെ നയിക്കും.

41

സമസ്തലോകത്തിന്‍റെയും പ്രശംസാപാത്രമായിരുന്ന ബാബിലോണ്‍ എങ്ങനെ പിടിക്കപ്പെട്ടു? ജനതകളുടെ മധ്യേ ബാബിലോണ്‍ എങ്ങനെ ബീഭത്സയായിത്തീര്‍ന്നു?

42 കടല്‍ ബാബിലോണിനെ ആക്രമിച്ചിരിക്കുന്നു; ഇളകി മറിയുന്ന തിരമാലകള്‍ അതിനെ മൂടിയിരിക്കുന്നു.

43 അവളുടെ നഗരങ്ങള്‍ ബീഭത്സമായിരിക്കുന്നു; ഉണങ്ങി വരണ്ട മരുപ്രദേശം, ആരും വസിക്കാത്ത സ്ഥലം; ഒരു മനുഷ്യനും അതിലൂടെ കടന്നു പോകുകയുമില്ല.

44 ബാബിലോണിലെ ബേല്‍ദേവനെ ഞാന്‍ ശിക്ഷിക്കും; അവന്‍ വിഴുങ്ങിയതിനെ ഞാന്‍ പുറത്തെടുക്കും; ജനതകള്‍ അവനെ ആരാധിക്കാന്‍ ഇനി പോകയില്ല; ബാബിലോണിന്‍റെ മതിലുകള്‍ വീണിരിക്കുന്നു.

45

എന്‍റെ ജനമേ, ബാബിലോണിന്‍റെ മധ്യത്തില്‍നിന്നു പുറത്തുപോകുവിന്‍; സര്‍വേശ്വരന്‍റെ ഉഗ്രകോപത്തില്‍നിന്നു രക്ഷപെടുവിന്‍. അക്രമം ദേശത്തു നടക്കുന്നു;

46 ഒരു ഭരണാധികാരി മറ്റൊരു ഭരണാധികാരിക്ക് എതിരായിരിക്കുന്നു എന്നിങ്ങനെ ദേശത്തു വര്‍ഷം തോറും മാറിമാറി കേള്‍ക്കുന്ന വാര്‍ത്ത കേട്ടു നിങ്ങള്‍ അധീരരാകരുത്; ഭയപ്പെടുകയുമരുത്;

47 ബാബിലോണിലെ വിഗ്രഹങ്ങളെ ഞാന്‍ നശിപ്പിക്കുന്ന കാലം വരുന്നു; അവളുടെ ദേശം ലജ്ജിക്കും; ബാബിലോണിന്‍റെ മധ്യേ അവളുടെ നിഹതന്മാര്‍ നിപതിക്കും.

48 അപ്പോള്‍ ആകാശവും ഭൂമിയും അവയിലുള്ളതൊക്കെയും ബാബിലോണിനെച്ചൊല്ലി സന്തോഷിച്ചു പാടും; സംഹാരകര്‍ വടക്കുനിന്ന് അവര്‍ക്കെതിരെ വരുന്നു എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

49 ലോകത്തെമ്പാടുമുള്ള മനുഷ്യര്‍ മരിച്ചുവീഴുന്നതിനു ബാബിലോണ്‍ കാരണമായതുപോലെ, ഇസ്രായേലിലെ നിഹതന്മാരെപ്രതി ബാബിലോണും വീഴണം.

50

വാളില്‍നിന്നു രക്ഷപെട്ടവരേ, നില്‌ക്കാതെ ഓടുവിന്‍; വിദൂരദേശത്തുനിന്നു സര്‍വേശ്വരനെ ഓര്‍ക്കുവിന്‍; യെരൂശലേം നിങ്ങളുടെ ഓര്‍മയില്‍ ഉണ്ടായിരിക്കട്ടെ. നിന്ദാവചനം കേട്ടു ഞങ്ങള്‍ ലജ്ജിതരായിരിക്കുന്നു;

51 വിദേശീയര്‍, അവിടുത്തെ ആലയത്തിന്‍റെ വിശുദ്ധസ്ഥലങ്ങളില്‍ പ്രവേശിച്ചിരിക്കുകയാല്‍ അപമാനംകൊണ്ട് ഞങ്ങള്‍ മുഖം മൂടിയിരിക്കുന്നു.

52 അതുകൊണ്ടു ബാബിലോണിലെ വിഗ്രഹങ്ങളെ നശിപ്പിക്കുന്ന ദിനം വരുന്നു എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; ദേശത്തെല്ലായിടത്തും മുറിവേറ്റവര്‍ ഞരങ്ങും.

53 ബാബിലോണ്‍ ആകാശത്തോളമുയര്‍ന്ന് ഉന്നതങ്ങളില്‍ കോട്ടകള്‍ ഉറപ്പിച്ചാലും ഞാന്‍ സംഹാരകരെ അവളുടെമേല്‍ അയയ്‍ക്കും. സംഹാരകന്‍ അവളുടെമേല്‍ വരും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.

54

ബാബിലോണില്‍നിന്നു നിലവിളി കേള്‍ക്കുന്നു; അവരുടെ ദേശത്തു നിന്നുള്ള മഹാനാശത്തിന്‍റെ ശബ്ദം തന്നെ.

55 അവിടുന്ന് ബാബിലോണിനെ നശിപ്പിച്ച് അവളുടെ ഗംഭീരശബ്ദം ഇല്ലാതാക്കുന്നു; വന്‍സമുദ്രങ്ങളിലെ തിരമാലകള്‍ പോലെ ഇരമ്പിക്കൊണ്ടു ശത്രുസൈന്യങ്ങള്‍ മുന്നേറുന്നു.

56 സംഹാരകന്‍ ബാബിലോണിനെതിരെ വന്നു കഴിഞ്ഞു; അവളുടെ യോദ്ധാക്കള്‍ പിടിക്കപ്പെട്ടു; അവരുടെ വില്ലുകള്‍ ഒടിഞ്ഞു; സര്‍വേശ്വരന്‍ പ്രതികാരത്തിന്‍റെ ദൈവമാണ്; അവിടുന്നു നിശ്ചയമായും പകരം വീട്ടും.

57 അവളുടെ പ്രഭുക്കന്മാരെയും ജ്ഞാനികളെയും ദേശാധിപതികളെയും സൈന്യാധിപന്മാരെയും യോദ്ധാക്കളെയും ഞാന്‍ ഉന്മത്തരാക്കും; ഇനി ഉണരാത്തവിധം അവര്‍ നിത്യനിദ്രയിലാകും.

58 സര്‍വശക്തനായ സര്‍വേശ്വരനെന്ന നാമമുള്ളവനാണ് ഇത് അരുളിച്ചെയ്യുന്നത്. സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ബാബിലോണിന്‍റെ കനത്തമതിലുകള്‍ നിലംപതിക്കും; അവളുടെ ഉയര്‍ന്ന കവാടങ്ങള്‍ അഗ്നിക്കിരയാകും. ജനങ്ങളുടെ അധ്വാനം വ്യര്‍ഥമാകും; അവരുടെ അധ്വാനഫലം അഗ്നിക്കിരയാകും.

59

യെഹൂദാരാജാവായ സിദെക്കീയായുടെ നാലാം ഭരണവര്‍ഷം അയാളോടൊപ്പം ബാബിലോണിലേക്കു പോയ നേര്യായുടെ പുത്രനും മഹ്സേയായുടെ പൗത്രനുമായ സെരായായോടു യിരെമ്യാപ്രവാചകന്‍ ഇപ്രകാരം കല്പിച്ചു; സെരായാ ആയിരുന്നു ഈ യാത്രയില്‍ വിശ്രമസങ്കേതങ്ങളുടെ മേല്‍നോട്ടം വഹിച്ചിരുന്നത്.

60 ബാബിലോണിനു വരാനിരിക്കുന്ന അനര്‍ഥങ്ങളും അഥവാ ബാബിലോണിനെക്കുറിച്ചുള്ള സകല വചനങ്ങളും യിരെമ്യാ ഒരു പുസ്തകത്തിലെഴുതി.

61 യിരെമ്യാ സെരായായോടു പറഞ്ഞു: “നീ ബാബിലോണിലെത്തുമ്പോള്‍ ഈ വാക്യങ്ങളെല്ലാം വായിക്കണം.

62 അതിനുശേഷം, സര്‍വേശ്വരാ ഈ സ്ഥലത്തു മനുഷ്യനോ മൃഗമോ ശേഷിക്കാതെ എന്നെന്നേക്കും ശൂന്യമായിത്തീരുംവിധം അങ്ങ് ഇതിനെ നശിപ്പിക്കുമെന്നു കല്പിച്ചുവല്ലോ എന്നു പറയണം.

63 പുസ്‍തകം വായിച്ചു തീര്‍ന്നശേഷം ഒരു കല്ല് അതിനോടു ചേര്‍ത്തുകെട്ടി യൂഫ്രട്ടീസ്നദിയുടെ മധ്യത്തിലേക്ക് എറിയണം.

64 അപ്പോള്‍ നീ പറയണം: ഞാന്‍ വരുത്തുന്ന അനര്‍ഥങ്ങള്‍ നിമിത്തം ബാബിലോണ്‍ ഇതുപോലെ താണുപോകും. അവള്‍ തളര്‍ന്നുപോകും. ഇനി ഒരിക്കലും പൊങ്ങി വരികയുമില്ല.” യിരെമ്യായുടെ വചനങ്ങള്‍ ഇവിടെ അവസാനിക്കുന്നു.

52

1

ഭരണം ആരംഭിച്ചപ്പോള്‍ സിദെക്കിയായ്‍ക്ക് ഇരുപത്തൊന്നു വയസ്സായിരുന്നു. അയാള്‍ പതിനൊന്നു വര്‍ഷം യെരൂശലേമില്‍ ഭരിച്ചു. ലിബ്നാക്കാരന്‍ യിരെമ്യായുടെ പുത്രി ഹമൂതല്‍ ആയിരുന്നു അയാളുടെ മാതാവ്.

2 യെഹോയാക്കീമിനെപ്പോലെ അയാളും സര്‍വേശ്വരനു ഹിതകരമല്ലാത്തവിധം ജീവിച്ചു.

3 അവിടുത്തെ കോപം യെരൂശലേം യെഹൂദാനിവാസികള്‍ക്കെതിരെ ജ്വലിക്കുകയും അവിടുന്ന് അവരെ തന്‍റെ മുമ്പില്‍നിന്നു നീക്കിക്കളയുകയും ചെയ്തു. സിദെക്കിയാ ബാബിലോണ്‍രാജാവിനെതിരെ മത്സരിച്ചു.

4

സിദെക്കീയായുടെ ഭരണത്തിന്‍റെ ഒമ്പതാം വര്‍ഷം പത്താം മാസം പത്താം ദിവസം ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ തന്‍റെ സര്‍വസൈന്യവുമായി യെരൂശലേമിനു നേരെ വന്ന് അതിനെതിരെ പാളയമടിക്കുകയും ചുറ്റും മണ്‍കൂന ഉയര്‍ത്തി ഉപരോധിക്കുകയും ചെയ്തു.

5 സിദെക്കീയാരാജാവിന്‍റെ വാഴ്ചയുടെ പതിനൊന്നാം വര്‍ഷംവരെ നഗരത്തെ അവര്‍ ഉപരോധിച്ചു.

6 ആ വര്‍ഷം നാലാം മാസം ഒമ്പതാം ദിവസമായപ്പോള്‍ നഗരത്തില്‍ ക്ഷാമം അതിരൂക്ഷമായി. ജനത്തിനു ഭക്ഷിക്കാന്‍ യാതൊന്നുമില്ലാതെയായി.

7 ബാബിലോണ്യര്‍ നഗരം വളഞ്ഞിരിക്കുമ്പോള്‍ തന്നെ സിദെക്കിയാ രാജാവും പടയാളികളും നഗരമതിലില്‍ വിള്ളലുണ്ടാക്കി. രാത്രിയില്‍ അവര്‍ രാജാവിന്‍റെ ഉദ്യാനത്തിനടുത്ത് രണ്ടു മതിലുകളുടെ ഇടയ്‍ക്കുള്ള പടിവാതിലിലൂടെ ഓടി രക്ഷപെട്ടു. അരാബായിലേക്കുള്ള വഴിയിലൂടെയാണ് അവര്‍ പലായനം ചെയ്തത്.

8 എന്നാല്‍ ബാബിലോണ്യസൈന്യം സിദെക്കിയാരാജാവിനെ പിന്തുടര്‍ന്ന് യെരീഹോ സമഭൂമിയില്‍വച്ച് അയാള്‍ക്കൊപ്പമെത്തി.

9 തത്സമയം സൈനികരെല്ലാം രാജാവിനെ വിട്ട് ഓടിപ്പോയി. ബാബിലോണ്യസൈന്യം രാജാവിനെ പിടിച്ചു ഹമാത്തിലെ രിബ്ലയില്‍ ബാബിലോണ്‍രാജാവിന്‍റെ അടുക്കല്‍ കൊണ്ടുചെന്നു. അയാള്‍ സിദെക്കീയായ്‍ക്കു ശിക്ഷ വിധിച്ചു.

10 സിദെക്കീയായുടെ പുത്രന്മാരെ അയാള്‍ കാണ്‍കെ വധിച്ചു; യെഹൂദായിലെ എല്ലാ പ്രഭുക്കന്മാരെയും അയാള്‍ രിബ്ലയില്‍ വച്ചു കൊന്നുകളഞ്ഞു.

11 അയാള്‍ സിദെക്കീയായുടെ കണ്ണു ചൂഴ്ന്നെടുത്തു. പിന്നീടയാളെ ചങ്ങലകൊണ്ടു ബന്ധിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി ജീവപര്യന്തം തടവിലാക്കി.

12

നെബുഖദ്നേസര്‍ രാജാവിന്‍റെ വാഴ്ചയുടെ പത്തൊമ്പതാം വര്‍ഷം അഞ്ചാം മാസം പത്താം ദിവസം രാജാവിന്‍റെ അകമ്പടി സേനാനായകനായ നെബൂസര്‍-അദാന്‍ യെരൂശലേമിലെത്തി.

13 അയാള്‍ സര്‍വേശ്വരന്‍റെ ആലയവും രാജകൊട്ടാരവും യെരൂശലേമിലെ എല്ലാ ഭവനങ്ങളും മാളികകളും അഗ്നിക്കിരയാക്കി.

14 അകമ്പടിസേനാനായകനോടു കൂടെയുണ്ടായിരുന്ന ബാബിലോണ്‍സൈന്യം യെരൂശലേമിന്‍റെ മതിലുകള്‍ ഇടിച്ചു നിരത്തി.

15 ജനത്തില്‍ ഏറ്റവും ദരിദ്രരായ ചിലരെയും നഗരത്തില്‍ ശേഷിച്ചിരുന്ന ജനത്തെയും ബാബിലോണ്‍ രാജാവിനെ അഭയം പ്രാപിച്ചവരെയും കരകൗശലപ്പണിക്കാരെയും

16 അകമ്പടിസേനാനായകനായ നെബൂസര്‍-അദാന്‍ കൂട്ടിക്കൊണ്ടുപോയി. മുന്തിരിത്തോട്ടത്തിലും വയലുകളിലും ജോലി ചെയ്യാന്‍ നെബൂസര്‍-അദാന്‍ ദേശത്തുള്ള ഏറ്റവും ദരിദ്രരായ ചിലരെ മാത്രം അവിടെ അവശേഷിപ്പിച്ചു.

17

സര്‍വേശ്വരന്‍റെ ആലയത്തിലെ ഓട്ടുസ്തംഭങ്ങളും പീഠങ്ങളും ഓടുകൊണ്ടുള്ള വലിയ ജലസംഭരണിയും ബാബിലോണ്യര്‍ ഇടിച്ചുതകര്‍ത്തു; ഓട്ടുകഷണങ്ങള്‍ ബാബിലോണിലേക്കു കൊണ്ടുപോയി.

18 കലങ്ങളും ചട്ടുകങ്ങളും തിരിതെളിക്കാനുള്ള കത്രികകളും താലങ്ങളും തവികളും ദേവാലയത്തിലെ ശുശ്രൂഷയ്‍ക്ക് ഉപയോഗിച്ചിരുന്ന സകല താമ്രഉപകരണങ്ങളും അവര്‍ എടുത്തുകൊണ്ടുപോയി.

19 പാനപാത്രങ്ങളും തീച്ചട്ടികളും കിണ്ണങ്ങളും കലങ്ങളും വിളക്കുകാലുകളും ചട്ടുകങ്ങളും കലശങ്ങളും പൊന്നും വെള്ളിയും കൊണ്ടുള്ള സകല ഉപകരണങ്ങളും അകമ്പടിസേനാനായകന്‍ കൊണ്ടുപോയവയില്‍ ഉള്‍പ്പെട്ടിരുന്നു.

20 സര്‍വേശ്വരന്‍റെ ആലയത്തിനുവേണ്ടി ശലോമോന്‍രാജാവ് നിര്‍മിച്ച രണ്ടുസ്തംഭങ്ങള്‍, ജലസംഭരണി, അതിന്‍റെ കീഴില്‍ ഉണ്ടായിരുന്ന പന്ത്രണ്ട് ഓട്ടുകാളകള്‍, പീഠങ്ങള്‍ എന്നിവയുടെ താമ്രത്തിന്‍റെ തൂക്കം നിര്‍ണയിക്കാന്‍ കഴിയുമായിരുന്നില്ല.

21 ഒരേ വലിപ്പമുള്ള രണ്ടു സ്തംഭങ്ങളില്‍ ഒന്നിന്‍റെ ഉയരം പതിനെട്ടു മുഴവും ചുറ്റളവ് പന്ത്രണ്ടു മുഴവും നാലുവിരല്‍ കനവും ആയിരുന്നു; അതു പൊള്ളയുമായിരുന്നു.

22 അതിന്‍റെ മുകളിലുള്ള ഓട്ടുമകുടത്തിന്‍റെ ഉയരം അഞ്ചുമുഴം ആയിരുന്നു. ഓരോ മകുടത്തിന്‍റെയും ചുറ്റും ഓടുകൊണ്ടു നിര്‍മിച്ചവലയും മാതളപ്പഴരൂപങ്ങളും ഉണ്ടായിരുന്നു. ഇവയെല്ലാം രണ്ടു സ്തംഭത്തിനും ഒരുപോലെ ആയിരുന്നു.

23 നാലുവശത്തുമായി തൊണ്ണൂറ്റാറു മാതളപ്പഴം ഉണ്ടായിരുന്നു; വലയ്‍ക്കു ചുറ്റുമുള്ള മാതളപ്പഴരൂപങ്ങള്‍ ആകെ നൂറ് ആയിരുന്നു.

24

മഹാപുരോഹിതനായ സെരായായെയും പുരോഹിതന്മാരില്‍ രണ്ടാമനായ സെഫന്യായെയും വാതില്‍കാവല്‌ക്കാരായ മൂന്നു പേരെയും അകമ്പടിസേനാനായകന്‍ പിടിച്ചുകൊണ്ടുപോയി.

25 നഗരത്തിലെ ഒരു സൈന്യാധിപനെയും രാജാവിന്‍റെ ഉപദേശകസമിതിയിലെ ഏഴുപേരെയും ജനങ്ങളെ വിളിച്ചുകൂട്ടിയിരുന്ന സൈന്യാധിപന്‍റെ കാര്യസ്ഥനെയും നഗരത്തില്‍നിന്നു വേറെ അറുപതു പേരെയും കൂടി അയാള്‍ കൊണ്ടുപോയി.

26 നെബൂസര്‍ - അദാന്‍ ഇവരെ രിബ്ലയില്‍ ബാബിലോണ്‍ രാജാവിന്‍റെ അടുക്കല്‍ കൊണ്ടുചെന്നു.

27 ബാബിലോണ്‍രാജാവ് ഹാമാത്തിലെ രിബ്ലയില്‍ വച്ച് അവരെ വധിച്ചു; അങ്ങനെ യെഹൂദാനിവാസികള്‍ പ്രവാസികളായി പോകേണ്ടിവന്നു.

28

നെബുഖദ്നേസര്‍ പ്രവാസത്തിലേക്കു കൊണ്ടുപോയ ജനം; നെബുഖദ്നേസറിന്‍റെ ഭരണത്തിന്‍റെ ഏഴാമത്തെ വര്‍ഷം മൂവായിരത്തിയിരുപത്തിമൂന്നു യെഹൂദന്മാരെയും

29 പതിനെട്ടാം വര്‍ഷം യെരൂശലേമില്‍നിന്ന് എണ്ണൂറ്റിമുപ്പത്തിരണ്ടുപേരെയും

30 ഇരുപത്തിമൂന്നാമാണ്ടില്‍ സൈന്യാധിപനായ നെബൂസര്‍-അദാന്‍ എഴുനൂറ്റി നാല്പത്തിയഞ്ചു പേരെയും ബന്ദികളാക്കി കൊണ്ടുപോയി. അവര്‍ ആകെ നാലായിരത്തിയറുനൂറുപേര്‍ ആയിരുന്നു.

31

യെഹൂദാരാജാവായ യെഹോയാഖീന്‍ പ്രവാസിയായതിന്‍റെ മുപ്പത്തിയേഴാം വര്‍ഷം പന്ത്രണ്ടാം മാസം ഇരുപത്തിയഞ്ചാം ദിവസം എവില്‍-മെരൊദക് ബാബിലോണ്‍രാജാവായി.

32 അയാള്‍ക്ക് യെഹൂദാരാജാവായ യെഹോയാഖീനോടു കരുണ തോന്നുകയും അയാളെ കാരാഗൃഹത്തില്‍നിന്നു മോചിപ്പിക്കുകയും ചെയ്തു. രാജാവ് അയാളോടു ദയാപൂര്‍വം പെരുമാറുകയും തന്‍റെ രാജ്യത്തു പ്രവാസികളായി പാര്‍ത്തിരുന്ന മറ്റു രാജാക്കന്മാരെക്കാള്‍ ഉയര്‍ന്ന സ്ഥാനം നല്‌കുകയും ചെയ്തു.

33 അയാള്‍ കാരാഗൃഹവസ്ത്രം ഉപേക്ഷിച്ചു ജീവപര്യന്തം രാജാവിന്‍റെ കൂടെ ഭക്ഷണം കഴിച്ചു.

34 മരണംവരെ അയാളുടെ ദൈനംദിനാവശ്യത്തിനു വേണ്ടതെല്ലാം ബാബിലോണ്‍രാജാവ് അയാള്‍ക്കു നല്‌കിവന്നു.