1
യെഹൂദാരാജാക്കന്മാരായ ഉസ്സിയാ, യോഥാം, ആഹാസ്, ഹിസ്കീയാ എന്നിവരുടെ കാലത്ത് യെഹൂദായെയും യെരൂശലേമിനെയുംകുറിച്ച് ആമോസിന്‍റെ മകനായ യെശയ്യായ്‍ക്കുണ്ടായ ദര്‍ശനം.2
ആകാശമേ കേള്‍ക്കുക; ഭൂതലമേ ശ്രദ്ധിക്കുക; സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഞാന്‍ പോറ്റി വളര്‍ത്തിയ എന്‍റെ മക്കള്‍ എന്നോടു മത്സരിക്കുന്നു.3 കാളയ്‍ക്കു തന്‍റെ ഉടമയെയും കഴുതയ്‍ക്കു യജമാനന്‍റെ പുല്‍ത്തൊട്ടിയെയും അറിയാം; എന്നാല്‍ ഇസ്രായേല്‍ ഒന്നും അറിയുന്നില്ല; എന്‍റെ ജനം ഒന്നും മനസ്സിലാക്കുന്നില്ല.
4 ഹാ! പാപികളായ ജനത! അകൃത്യഭാരംകൊണ്ട് അമര്‍ന്ന ജനം! ദുഷ്കര്‍മികളുടെ സന്തതികള്‍! ദുര്‍വൃത്തരായ മക്കള്‍! അവര്‍ സര്‍വേശ്വരനെ പരിത്യജിച്ചിരിക്കുന്നു; ഇസ്രായേലിന്‍റെ പരിശുദ്ധനെ വെറുത്തിരിക്കുന്നു. അവര്‍ തീര്‍ത്തും അകന്നു പോയിരിക്കുന്നു.
5
ഇനി നിങ്ങളെ അടിച്ചിട്ട് എന്തു കാര്യം? നിങ്ങള്‍ നിരന്തരം അനുസരണക്കേടു കാട്ടുന്നു. നിങ്ങളുടെ ശിരസ്സു മുഴുവന്‍ രോഗഗ്രസ്തം; ഹൃദയം ആകെ തളര്‍ച്ചയും.6 നിങ്ങളുടെ ഉള്ളങ്കാല്‍മുതല്‍ ഉച്ചിവരെ വ്രണമാണ്; ക്ഷതങ്ങളും വ്രണങ്ങളും ചോരയൊലിക്കുന്ന മുറിവുകളും മാത്രം. അവ നന്നായി കഴുകുകയോ, വച്ചുകെട്ടുകയോ എണ്ണ പുരട്ടുകയോ ചെയ്തിട്ടില്ല.
7 നിങ്ങളുടെ ദേശം ശൂന്യമായിത്തീര്‍ന്നിരിക്കുന്നു. നിങ്ങളുടെ നഗരങ്ങള്‍ അഗ്നിക്കിരയായി. നിങ്ങളുടെ കണ്‍മുമ്പില്‍വച്ചു തന്നെ പരദേശികള്‍ നിങ്ങളുടെ ദേശം നശിപ്പിച്ചിരിക്കുന്നു; അതു ശൂന്യമായി കിടക്കുന്നു.
8 മുന്തിരിത്തോട്ടത്തിലെ കുടില്‍പോലെയും വെള്ളരിത്തോട്ടത്തിലെ കാവല്‍മാടംപോലെയും ഉപരോധിക്കപ്പെട്ട നഗരംപോലെയും യെരൂശലേം പരിത്യജിക്കപ്പെട്ടിരിക്കുന്നു.
9 സര്‍വശക്തനായ സര്‍വേശ്വരന്‍ നമുക്കുവേണ്ടി ഏതാനുംപേരെ ശേഷിപ്പിച്ചില്ലായിരുന്നെങ്കില്‍, സൊദോമും ഗൊമോറായുംപോലെ നാമും ആകുമായിരുന്നു.
10
സൊദോമിന്‍റെ അധിപതികളേ, സര്‍വേശ്വരന്‍റെ അരുളപ്പാട് കേള്‍ക്കുവിന്‍. ഗൊമോറാ നിവാസികളേ, നമ്മുടെ ദൈവത്തിന്‍റെ പ്രബോധനം ശ്രദ്ധിക്കുവിന്‍.11 “നിങ്ങള്‍ അര്‍പ്പിക്കുന്ന അസംഖ്യമായ യാഗങ്ങള്‍ എനിക്ക് എന്തിന്?” എന്ന് അവിടുന്നു ചോദിക്കുന്നു. മുട്ടാടുകളെ അര്‍പ്പിച്ചുകൊണ്ടുള്ള ഹോമയാഗങ്ങളും കൊഴുപ്പിച്ച മൃഗങ്ങളുടെ മേദസ്സും എനിക്കു മതിയായി. കാളകളുടെയോ കുഞ്ഞാടുകളുടെയോ ആണ്‍കോലാടുകളുടെയോ രക്തത്തില്‍ ഞാന്‍ പ്രസാദിക്കുകയില്ല.
12 എന്‍റെ സാന്നിധ്യത്തില്‍ ഇവയുമായി വന്ന് എന്‍റെ അങ്കണം ചവുട്ടിമെതിക്കാന്‍ ആരു നിങ്ങളോടാവശ്യപ്പെട്ടു?
13 വ്യര്‍ഥമായ വഴിപാടുകള്‍ ഇനി കൊണ്ടുവരരുത്; ധൂപം ഞാന്‍ വെറുക്കുന്നു; നിങ്ങളുടെ അമാവാസിയും ശബത്തും സമ്മേളനങ്ങളും നിങ്ങളുടെ അധാര്‍മികത നിറഞ്ഞ ഉത്സവങ്ങളും എനിക്ക് അസഹ്യമാണ്.
14 നിങ്ങളുടെ അമാവാസി ആഘോഷങ്ങളും ഉത്സവങ്ങളും ഞാന്‍ വെറുക്കുന്നു. അവ എനിക്കു ഭാരമായിരിക്കുന്നു. അവ എനിക്ക് അസഹ്യം.
15 നിങ്ങള്‍ കൈ ഉയര്‍ത്തി പ്രാര്‍ഥിക്കുമ്പോള്‍ ഞാന്‍ മുഖം തിരിച്ചുകളയും. നിങ്ങള്‍ എത്രതന്നെ പ്രാര്‍ഥിച്ചാലും ഞാന്‍ ശ്രദ്ധിക്കുകയില്ല; നിങ്ങളുടെ കരങ്ങള്‍ രക്തപങ്കിലമാണ്.
16 നിങ്ങളെത്തന്നെ കഴുകി വെടിപ്പാക്കുവിന്‍; നിങ്ങളുടെ ദുഷ്കര്‍മങ്ങള്‍ എന്‍റെ കണ്‍മുമ്പില്‍നിന്നു നീക്കിക്കളയുവിന്‍; ദുര്‍വൃത്തിയില്‍നിന്നു വിരമിക്കുവിന്‍.
17 നന്മ ചെയ്യാന്‍ പരിശീലിക്കുവിന്‍; നീതി ഉറപ്പു വരുത്തുവിന്‍; മര്‍ദിതനു സഹായം ചെയ്യുവിന്‍; അനാഥനു സംരക്ഷണം നല്‌കുവിന്‍; വിധവയ്‍ക്കുവേണ്ടി വാദിക്കുവിന്‍.
18
“വരൂ, നമുക്കു രമ്യതപ്പെടാം” എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. നിങ്ങളുടെ പാപങ്ങള്‍ കടുംചുവപ്പാണെങ്കിലും ഹിമംപോലെ വെണ്‍മയുള്ളവയായിത്തീരും. അവ രക്താംബരംപോലെ കടുംചുവപ്പാണെങ്കിലും പഞ്ഞിപോലെ വെണ്‍മയുള്ളതാകും.19 നിങ്ങള്‍ സ്വന്തമനസ്സാലെ അനുസരിക്കുമെങ്കില്‍ ദേശത്തിന്‍റെ നന്മ അനുഭവിക്കും.
20 എന്നാല്‍ മത്സരിച്ചാല്‍ വാളിനിരയായിത്തീരും. ഇതു സര്‍വേശ്വരന്‍റെ വചനം.
21
നീതിനിഷ്ഠയും വിശ്വസ്തയുമായ നഗരം വേശ്യയായിത്തീര്‍ന്നതെങ്ങനെ? നീതിയും ധര്‍മവും കുടികൊണ്ടിരുന്ന നഗരത്തില്‍ ഇന്നു കൊലപാതകികള്‍ വസിക്കുന്നു.22 നിന്‍റെ വെള്ളി കീടമായിത്തീര്‍ന്നിരിക്കുന്നു. നിന്‍റെ വീഞ്ഞില്‍ വെള്ളം കലര്‍ന്നിരിക്കുന്നു.
23 നിങ്ങളുടെ രാജാക്കന്മാര്‍ കലഹപ്രിയരും കള്ളന്മാരുടെ കൂട്ടാളികളുമാണ്. എല്ലാവരും കോഴ കൊതിക്കുന്നു. സമ്മാനങ്ങളുടെ പിമ്പേ പായുന്നു. അവര്‍ അനാഥരെ സംരക്ഷിക്കുന്നില്ല; വിധവകളുടെ കാര്യം പരിഗണിക്കുന്നില്ല.
24
അതുകൊണ്ട് സര്‍വശക്തനായ ദൈവം, ഇസ്രായേലിന്‍റെ സര്‍വശക്തന്‍ അരുളിച്ചെയ്യുന്നു: “അതേ, എന്‍റെ ക്രോധം എന്‍റെ ശത്രുക്കളുടെമേല്‍ ചൊരിയും; എന്‍റെ വൈരികളോടു ഞാന്‍ പ്രതികാരം ചെയ്യും.25 നിനക്കെതിരെ എന്‍റെ കൈ തിരിക്കും; ഞാന്‍ നിന്നെ ഉരുക്കി ശുദ്ധി ചെയ്യും; നിന്നിലുള്ള സകല കലര്‍പ്പും നീക്കിക്കളയും.
26 നിന്‍റെ ന്യായാധിപന്മാരെയും ഉപദേഷ്ടാക്കളെയും പുനഃസ്ഥാപിക്കും. നീ നീതിയുടെ നഗരമെന്നും വിശ്വസ്തനഗരമെന്നും വിളിക്കപ്പെടും. യെരൂശലേം ന്യായംകൊണ്ടു മനംതിരിയും.
27
അതിലെ പശ്ചാത്തപിക്കുന്ന ജനം നീതികൊണ്ട് വീണ്ടെടുക്കപ്പെടും.28 എന്നാല്‍ മത്സരികളും പാപികളും സമൂലം നശിക്കും. സര്‍വേശ്വരനെ ഉപേക്ഷിക്കുന്നവര്‍ സംഹരിക്കപ്പെടും.
29 നിങ്ങള്‍ പൂജയ്‍ക്കായി തിരഞ്ഞെടുത്ത കരുവേലകമരങ്ങളും കാവുകളും നിമിത്തം നിങ്ങള്‍ ലജ്ജിക്കും.
30 ഇല കൊഴിഞ്ഞ കരുവേലകംപോലെയും വെള്ളം ലഭിക്കാത്ത തോട്ടംപോലെയും നിങ്ങള്‍ ആയിത്തീരും.
31 ബലവാന്‍ ചണനാരുപോലെ ആകും; അവന്‍റെ പ്രവൃത്തി തീപ്പൊരിപോലെയും. രണ്ടും ഒരുമിച്ചു കത്തിനശിക്കും; കെടുത്താന്‍ ആരും ഉണ്ടായിരിക്കുകയില്ല.”
1
ആമോസിന്‍റെ മകനായ യെശയ്യായ്‍ക്കു യെഹൂദായെയും യെരൂശലേമിനെയും കുറിച്ചുണ്ടായ അരുളപ്പാട്.2
അവസാന നാളുകളില്‍ സര്‍വേശ്വരമന്ദിരം സ്ഥാപിതമായിരിക്കുന്ന പര്‍വതം തലയെടുപ്പോടെ മറ്റ് എല്ലാ പര്‍വതങ്ങളെയുംകാള്‍ ഉയര്‍ന്നുനില്‌ക്കും. സര്‍വജനതകളും അതിലേക്ക് ഒഴുകിച്ചെല്ലും.3 അനേകം ജനതകള്‍ പറയും: “വരൂ, നമുക്കു സര്‍വേശ്വരന്‍റെ പര്‍വതത്തിലേക്കു ചെല്ലാം; യാക്കോബിന്‍റെ ദൈവത്തിന്‍റെ ഭവനത്തിലേക്കു പോകാം. അവിടുത്തെ പാതകളില്‍ നടക്കാന്‍ തക്കവിധം, അവിടുന്നു തന്‍റെ വഴികള്‍ നമുക്ക് ഉപദേശിക്കട്ടെ.” പ്രബോധനം സീയോനില്‍നിന്നും സര്‍വേശ്വരന്‍റെ വചനം യെരൂശലേമില്‍ നിന്നുമാണല്ലോ വരുന്നത്.
4 ജനതകളുടെ ഇടയില്‍ അവിടുന്നു ന്യായം വിധിക്കും; ജനപദങ്ങളുടെ തര്‍ക്കങ്ങള്‍ക്കു തീര്‍പ്പുകല്പിക്കുകയും ചെയ്യും. അവര്‍ തങ്ങളുടെ വാളുകള്‍ കൊഴുക്കളായും കുന്തങ്ങള്‍ അരിവാളായും രൂപപ്പെടുത്തും. രാജ്യം രാജ്യത്തിനു നേരേ വാള്‍ ഉയര്‍ത്തുകയില്ല; അവര്‍ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.
5
യാക്കോബിന്‍റെ വംശജരേ, വരൂ; നമുക്കു സര്‍വേശ്വരന്‍റെ പ്രകാശത്തില്‍ നടക്കാം.6 അവിടുന്നു സ്വന്തജനമായ യാക്കോബിന്‍റെ വംശജരെ തള്ളിക്കളഞ്ഞിരിക്കുന്നുവല്ലോ. കാരണം പൂര്‍വദിക്കില്‍ നിന്നുള്ള ആഭിചാരകര്‍ അവരുടെ ഇടയില്‍ നിറഞ്ഞിരിക്കുന്നു; ഫെലിസ്ത്യരെപ്പോലെ ഭാവിഫലം പറയുന്നവരും ധാരാളം ഉണ്ട്. പരദേശികളുമായി അവര്‍ ചങ്ങാത്തം കൂടുന്നു.
7 അവരുടെ ദേശം സ്വര്‍ണവും വെള്ളിയുംകൊണ്ടു നിറഞ്ഞതാണ്; അവരുടെ നിക്ഷേപങ്ങള്‍ക്ക് അറുതിയില്ല. അവരുടെ ദേശം കുതിരകളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. രഥങ്ങള്‍ക്ക് എണ്ണമില്ല.
8 അവരുടെ ദേശം വിഗ്രഹങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കുന്നു. അവ അവരുടെ കരവേലയാണ്. അവരുടെ കൈവിരലുകള്‍ അവയ്‍ക്കു രൂപം കൊടുത്തു.
9 ആ ശില്പങ്ങളെ അവര്‍ വന്ദിക്കുന്നു. അങ്ങനെ മനുഷ്യന്‍ സ്വയം അപമാനിതനാകുന്നു; മനുഷ്യര്‍ തരം താഴ്ത്തപ്പെടുന്നു. അവരോടു ക്ഷമിക്കരുതേ.
10 സര്‍വേശ്വരന്‍റെ ഭയങ്കരത്വത്തില്‍നിന്നും ഉജ്ജ്വലതേജസ്സില്‍നിന്നും ഒഴിഞ്ഞ്, പാറയുടെ വിള്ളലില്‍ പ്രവേശിക്കുകയോ, മണ്ണില്‍ ഒളിക്കുകയോ ചെയ്‍വിന്‍.
11 മനുഷ്യന്‍റെ ഗര്‍വഭാവം താഴും; മനുഷ്യരുടെ അഹങ്കാരം തല കുനിക്കും. സര്‍വേശ്വരന്‍മാത്രം അന്ന് ഉയര്‍ന്നുനില്‌ക്കും.
12
ഗര്‍വും ഔന്നത്യവുമുള്ള എല്ലാറ്റിനും എതിരായി, ഉയര്‍ത്തപ്പെട്ടതും ഉന്നതവുമായ സകലത്തിനും എതിരെ സര്‍വശക്തനായ സര്‍വേശ്വരന് ഒരു ദിനമുണ്ട്.13 ലെബാനോനിലെ ഉന്നതവും തല ഉയര്‍ത്തി നില്‌ക്കുന്നതുമായ ദേവദാരുക്കള്‍ക്കും ബാശാനിലെ കരുവേലകങ്ങള്‍ക്കും എതിരായും
14 ഉത്തുംഗപര്‍വതങ്ങള്‍ക്കും ഉന്നതഗിരികള്‍ക്കും അത്യുന്നത ഗോപുരങ്ങള്‍ക്കും
15 ബലവത്തായ സകല കോട്ടകള്‍ക്കുമെതിരെയും
16 തര്‍ശ്ശീശ്കപ്പലുകള്‍ക്കും മനോഹരശില്പങ്ങള്‍ക്കും എതിരായുമുള്ള ഒരു ദിനംതന്നെ.
17 മനുഷ്യന്‍റെ ഗര്‍വം താഴ്ത്തപ്പെടും; അവരുടെ അഹന്ത കീഴമര്‍ത്തപ്പെടും; അന്നു സര്‍വേശ്വരന്‍ മാത്രം ഉയര്‍ന്നുനില്‌ക്കും.
18 വിഗ്രഹങ്ങള്‍ നിശ്ശേഷം ഇല്ലാതാകും.
19 ഭൂമിയെ പ്രകമ്പനം കൊള്ളിക്കാന്‍ സര്‍വേശ്വരന്‍ എഴുന്നേല്‌ക്കുമ്പോള്‍ അവിടുത്തെ ഭയങ്കരത്വത്തില്‍നിന്നും ഉജ്ജ്വലതേജസ്സില്‍നിന്നും ഒഴിഞ്ഞു മാറാന്‍ മനുഷ്യര്‍ പാറകളിലെ ഗുഹകളിലും മാളങ്ങളിലും ഒളിക്കും.
20 തങ്ങള്‍ക്ക് ആരാധിക്കാന്‍വേണ്ടി അവര്‍ സ്വയം നിര്‍മിച്ച വെള്ളിവിഗ്രഹങ്ങളും സ്വര്‍ണവിഗ്രഹങ്ങളും അന്ന് തുരപ്പനെലികള്‍ക്കും നരിച്ചീറുകള്‍ക്കുമായി അവര്‍ എറിഞ്ഞുകൊടുക്കും.
21 അങ്ങനെ സര്‍വേശ്വരന്‍ ഭൂമിയെ കിടിലംകൊള്ളിക്കാന്‍ എഴുന്നേല്‌ക്കുന്ന നാളില്‍ മനുഷ്യര്‍ അവിടുത്തെ ഭയങ്കരത്വത്തില്‍നിന്നും ഉജ്ജ്വലതേജസ്സില്‍നിന്നും ഒഴിഞ്ഞുമാറി പാറക്കെട്ടുകളുടെ വിള്ളലുകളിലും ശിലാഗുഹകളിലും കടന്നുചെല്ലും.
22 മനുഷ്യനില്‍ ഇനി വിശ്വാസം അര്‍പ്പിക്കരുത്. അവന്‍ ഒരു ശ്വാസം മാത്രം. അവന് എന്തു വിലയാണുള്ളത്?
1
ഇതാ സര്‍വേശ്വരന്‍, സര്‍വശക്തനായ സര്‍വേശ്വരന്‍, മനുഷ്യന്‍റെ എല്ലാ താങ്ങും തുണയും; അപ്പവും ജലവും യെരൂശലേമില്‍നിന്നും യെഹൂദായില്‍നിന്നും എടുത്തുകളയും.2 മാത്രമല്ല ബലിഷ്ഠനെയും യോദ്ധാവിനെയും ന്യായാധിപനെയും പ്രവാചകനെയും പ്രശ്നം വയ്‍ക്കുന്നവനെയും പ്രമാണിയെയും
3 സേനാപതിയെയും ഉന്നതസ്ഥാനിയെയും ഉപദേഷ്ടാവിനെയും നിപുണമാന്ത്രികനെയും മഹേന്ദ്രജാലക്കാരനെയും നീക്കംചെയ്യും.
4 ബാലന്മാരെ ഞാന്‍ അവരുടെ അധിപതികളാക്കും; ശിശുക്കള്‍ അവരെ ഭരിക്കും.
5 ജനം അന്യോന്യം മര്‍ദിക്കും; ഓരോ മനുഷ്യനും തന്‍റെ കൂട്ടുകാരനെയും അയല്‍ക്കാരനെയും പീഡിപ്പിക്കും. യുവാവ് മുതിര്‍ന്നവനെയും നീചന്‍ മാന്യനെയും അപമാനിക്കും.
6
പിതൃഗൃഹത്തില്‍വച്ച് ഒരുവന്‍ തന്‍റെ സഹോദരനെ പിടിച്ചുനിര്‍ത്തിപ്പറയും: “നിനക്ക് ഒരു മേലങ്കിയുണ്ടല്ലോ; നീ ഞങ്ങളുടെ നേതാവായിരിക്കുക. ശൂന്യാവശിഷ്ടങ്ങളുടെ ഈ ചവറ്റുകൂന നിന്‍റെ അധികാരത്തിന്‍ കീഴിലായിരിക്കും.”7 അപ്പോള്‍ അയാള്‍ പറയും: “നായകനാകാന്‍ എനിക്കാവില്ല. എന്‍റെ ഭവനത്തില്‍ അപ്പമോ മേലങ്കിയോ ഒന്നുമില്ല. അതുകൊണ്ട് എന്നെ നിങ്ങളുടെ നേതാവാക്കരുത്.”
8 യെരൂശലേം ഇടറിവീണിരിക്കുന്നു; യെഹൂദാ നിലംപരിചായിരിക്കുന്നു. അവരുടെ വാക്കുകളും പ്രവൃത്തികളും സര്‍വേശ്വരന് എതിരാണല്ലോ.
9
അവ ദൈവത്തിന്‍റെ മഹത്ത്വപൂര്‍ണമായ സാന്നിധ്യത്തെ ധിക്കരിക്കുന്നു. അവരുടെ അപരാധം മുഖത്തു ദൃശ്യമാണ്; അത് അവര്‍ക്കെതിരെ സാക്ഷ്യം വഹിക്കുന്നു. സൊദോമിനെപ്പോലെ അവര്‍ തങ്ങളുടെ പാപം വിളംബരം ചെയ്യുന്നു. അത് അവര്‍ മറച്ചുവയ്‍ക്കുന്നില്ല. അവര്‍ക്കു ദുരിതം. അവര്‍ സ്വയം നാശം വിളിച്ചുവരുത്തുന്നു.10 നീതിനിഷ്ഠര്‍ സന്തുഷ്ടരായിരിക്കും. അവരുടെ പ്രവൃത്തികളുടെ നന്മ അവര്‍ അനുഭവിക്കും.
11 ദുഷ്ടന് ദുരിതം! അവനു തിന്മ ഭവിക്കും. അവന്‍റെ പ്രവൃത്തികളുടെ ദോഷഫലം അവന്‍ അനുഭവിക്കും.
12 എന്‍റെ ജനത്തെ കുട്ടികള്‍ പീഡിപ്പിക്കുന്നു; സ്‍ത്രീകള്‍ അവരെ ഭരിക്കുന്നു. എന്‍റെ ജനമേ, നിങ്ങളുടെ നേതാക്കള്‍ നിങ്ങളെ വഴിതെറ്റിക്കുന്നു; എങ്ങോട്ടു പോകണമെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടാ.
13
സര്‍വേശ്വരന്‍ വ്യവഹരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. സ്വന്തം ജനത്തെ ന്യായം വിധിക്കാന്‍ അവിടുന്ന് എഴുന്നേറ്റിരിക്കുന്നു.14 അവിടുന്നു തന്‍റെ ജനത്തിന്‍റെ പ്രഭുക്കന്മാരെയും ജനപ്രമാണിമാരെയും വിധിക്കാന്‍ തുടങ്ങുന്നു. മുന്തിരിത്തോട്ടം നിങ്ങള്‍ കൊള്ള ചെയ്തു; ദരിദ്രനില്‍നിന്നു കവര്‍ന്നെടുത്ത മുതല്‍ നിങ്ങളുടെ വീടുകളില്‍ ഉണ്ട്.
15 സര്‍വശക്തനും സര്‍വേശ്വരനുമായ ദൈവം ചോദിക്കുന്നു: “എന്‍റെ ജനത്തെ ഞെക്കിപ്പിഴിയാനും പാവങ്ങളെ മര്‍ദിക്കാനും നിങ്ങള്‍ക്ക് എന്തു കാര്യം?”
16
സര്‍വേശ്വരന്‍ വീണ്ടും അരുളിച്ചെയ്യുന്നു: “യെരൂശലേമിലെ സ്‍ത്രീകള്‍ അഹങ്കരിച്ച് കടക്കണ്ണെറിഞ്ഞും കഴുത്തുനീട്ടിയും കുഴഞ്ഞാടിയും പാദസരം കിലുക്കിയും നടക്കുന്നതുകൊണ്ട്17 ഞാന്‍ അവരുടെ തലയില്‍ ചിരങ്ങു പിടിപ്പിക്കും. അവരുടെ നഗ്നത ഞാന്‍ വെളിപ്പെടുത്തും.
18 അന്നു സര്‍വേശ്വരന്‍ അവരുടെ പകിട്ടേറിയ കാല്‍ച്ചിലമ്പുകളും
19 നെറ്റിപ്പട്ടങ്ങളും ചന്ദ്രക്കലകളും പതക്കങ്ങളും കൈവളകളും ഉത്തരീയങ്ങളും ശിരോവസ്ത്രങ്ങളും തോള്‍വളകളും
20 [20-22] അരക്കച്ചയും പരിമളപ്പെട്ടിയും ഏലസ്സുകളും മുദ്രമോതിരങ്ങളും മൂക്കുത്തികളും ഉത്സവവസ്ത്രങ്ങളും മേലങ്കികളും കുപ്പായങ്ങളും കൈസഞ്ചികളും
21
22
23 നേരിയ വസ്ത്രങ്ങളും ലിനന്‍വസ്ത്രങ്ങളും തലപ്പാവുകളും മൂടുപടങ്ങളും അവരില്‍നിന്നു നീക്കിക്കളയും.
24 അപ്പോള്‍ പരിമളത്തിനു പകരം ദുര്‍ഗന്ധവും അരക്കച്ചയ്‍ക്കു പകരം കയറും അലങ്കരിച്ച മുടിക്കെട്ടിനു പകരം മൊട്ടത്തലയും വിലപ്പെട്ട മേലാടയ്‍ക്കു പകരം ചാക്കുതുണിയും സൗന്ദര്യത്തിനു പകരം വൈരൂപ്യവും ആയിരിക്കും ഫലം.
25 നിന്‍റെ പുരുഷന്മാര്‍ വാളിനിരയാകും; വീരയോദ്ധാക്കള്‍ യുദ്ധത്തില്‍ നശിക്കും.
26 പട്ടണവാതില്‌ക്കല്‍ കരച്ചിലും വിലാപവും ഉണ്ടാകും. നഗരം നഗ്നയായി നിലത്തു കുത്തിയിരിക്കുന്നവളെപ്പോലെ ആയിത്തീരും.
1
അന്ന് ഏഴു സ്‍ത്രീകള്‍ ഒരുവനെ പിടിച്ചു നിര്‍ത്തി പറയും: “ഞങ്ങള്‍ സ്വന്തം പ്രയത്നംകൊണ്ടു ജീവിക്കുകയും വസ്ത്രം ധരിക്കുകയും ചെയ്തുകൊള്ളാം. താങ്കള്‍ ഞങ്ങളുടെ ഭര്‍ത്താവാണെന്നു പറഞ്ഞാല്‍ മാത്രം മതി. അങ്ങനെ ഞങ്ങളുടെ അപമാനം അകറ്റിയാലും.”2
അന്നു സര്‍വേശ്വരന്‍ വളര്‍ത്തിയ ശാഖ മനോഹരവും മഹിമയുറ്റതും ആയിരിക്കും. ദേശം നല്‌കുന്ന ഫലം ഇസ്രായേലില്‍ ശേഷിക്കുന്നവരുടെ അഭിമാനവും മഹത്ത്വവും ആയിരിക്കും.3 സര്‍വേശ്വരന്‍ ന്യായവിധിയുടെയും ദഹനത്തിന്‍റെയും തീക്കാറ്റയച്ച് യെരൂശലേമിലെ സ്‍ത്രീകളുടെ മാലിന്യം കഴുകിക്കളയുകയും യെരൂശലേമിന്‍റെ രക്തക്കറ തുടച്ചുനീക്കുകയും ചെയ്യുമ്പോള്‍,
4 ജീവനോടെ ശേഷിക്കുന്ന എല്ലാവരും വിശുദ്ധര്‍ എന്നു വിളിക്കപ്പെടും.
5 അപ്പോള്‍ അവിടുന്നു സീയോന്‍പര്‍വതത്തിന്മേലും അവിടെ സമ്മേളിക്കുന്നവരുടെമേലും പകല്‍ മേഘവും രാത്രി പുകയും ജ്വലിക്കുന്ന അഗ്നിയുടെ പ്രകാശവും സ്ഥാപിക്കും. അവിടുത്തെ മഹത്ത്വം എല്ലാറ്റിനും മുകളില്‍ ഒരു വിതാനവും കൂടാരവുമായി നിലകൊള്ളും.
6 അതു പകല്‍ തണലേകും. കൊടുങ്കാറ്റിലും മഴയിലും രക്ഷാസങ്കേതവും ആയിരിക്കും.
1
ഫലഭൂയിഷ്ഠമായ ഒരു കുന്നില്‍ എന്‍റെ പ്രിയന് ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു; എന്‍റെ പ്രിയനെയും അദ്ദേഹത്തിന്‍റെ മുന്തിരിത്തോട്ടത്തെയും കുറിച്ച് ഒരു പ്രേമഗാനം ഞാന്‍ ആലപിക്കട്ടെ.2 അവന്‍ നിലം കിളച്ചൊരുക്കി; കല്ലുകള്‍ നീക്കി, നല്ലയിനം മുന്തിരിവള്ളി നട്ടു. അതിന്‍റെ നടുവില്‍ ഒരു കാവല്‍മാടം പണിതു. അതിലൊരു മുന്തിരിച്ചക്കും സ്ഥാപിച്ചു. മുന്തിരിക്കനിയും കാത്ത് അവനിരുന്നു, കായ്ച്ചതോ കാട്ടുമുന്തിരിങ്ങാ!
3
യെരൂശലേംനിവാസികളേ, യെഹൂദാജനങ്ങളേ, എന്നെയും എന്‍റെ മുന്തിരിത്തോട്ടത്തെയും നിങ്ങള്‍ത്തന്നെ വിധിക്കൂ.4 എന്‍റെ മുന്തിരിത്തോട്ടത്തില്‍ ഇതിലധികം എന്താണു ഞാന്‍ ചെയ്യേണ്ടിയിരുന്നത്?
5
ഇനി ഞാന്‍ ഈ മുന്തിരിത്തോട്ടത്തോട് എന്തു ചെയ്യും? അതിന്‍റെ വേലി ഞാന്‍ പൊളിച്ചുകളയും. അതങ്ങനെ നശിച്ചുപോകും; അതിന്‍റെ മതില്‍ ഇടിച്ചു നിരത്തും; തോട്ടം ചവുട്ടിമെതിക്കപ്പെടും.6 ഞാന്‍ അതിനെ ശൂന്യമാക്കും. തോട്ടത്തിലെ വള്ളിത്തലപ്പുകള്‍ മുറിക്കുകയോ, മുന്തിരിത്തോട്ടം കിളയ്‍ക്കുകയോ ചെയ്യുകയില്ല. അതില്‍ മുള്‍ച്ചെടികളും മുള്ളും വളരും. അവിടെ മഴ ചൊരിയരുതെന്നു ഞാന്‍ മേഘങ്ങളോടു കല്പിക്കും.
7 സര്‍വശക്തനായ സര്‍വേശ്വരന്‍റെ മുന്തിരിത്തോട്ടം ഇസ്രായേല്‍ ജനത! യെഹൂദാജനം അവിടുത്തെ പ്രിയപ്പെട്ട മുന്തിരിച്ചെടികള്‍! അവിടുന്നു നീതിക്കായി കാത്തിരുന്നു; ഉണ്ടായതോ രക്തച്ചൊരിച്ചില്‍! ധര്‍മനിഷ്ഠയ്‍ക്കു പകരം ഇതാ നിലവിളി!
8
മറ്റാര്‍ക്കും പാര്‍ക്കാന്‍ ഇടം നല്‌കാതെ വീടിനോടു വീടും വയലിനോടു വയലും ചേര്‍ത്ത് ദേശത്തു തനിച്ചു പാര്‍ക്കുന്നവര്‍ക്ക് ദുരിതം.9 സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നത് ഞാന്‍ കേട്ടു. നിരവധി ഗൃഹങ്ങള്‍ ശൂന്യമാകും. മനോഹരമായ വന്‍മന്ദിരങ്ങള്‍ നിര്‍ജനമാകും.
10 പത്തേക്കര്‍ മുന്തിരിത്തോട്ടത്തില്‍നിന്ന് ഒരു ബത്ത് വീഞ്ഞും ഒരു ഹോമര്‍ വിത്തില്‍നിന്ന് ഒരു ഏഫാ ധാന്യവും മാത്രം വിളവു ലഭിക്കും.
11
ലഹരി പിടിപ്പിക്കുന്ന മദ്യത്തിന്‍റെ പിന്നാലെ ഓടാന്‍ അതിരാവിലെ എഴുന്നേല്‌ക്കുകയും കുടിച്ചു മത്തരാകാന്‍ വളരെ വൈകുന്നതുവരെ കാത്തിരിക്കുകയും ചെയ്യുന്നവര്‍ക്കു ഹാ ദുരിതം!12 അവരുടെ വിരുന്നുകളില്‍ വീണയും കിന്നരവും തപ്പും കുഴലും മാത്രമല്ല വീഞ്ഞും ഉണ്ട്. എന്നാല്‍ അവര്‍ സര്‍വേശ്വരന്‍റെ പ്രവൃത്തികളെ ഗൗനിക്കുന്നില്ല; അവിടുത്തെ കരങ്ങളുടെ പ്രവൃത്തി കാണുന്നുമില്ല.
13
അങ്ങനെ എന്‍റെ ജനം അജ്ഞതയാല്‍ പ്രവാസത്തിലേക്കു നീങ്ങുന്നു. അവരുടെ നേതാക്കള്‍ പട്ടിണികൊണ്ടു മരിക്കുന്നു; അവരുടെ ജനങ്ങള്‍ ദാഹിച്ചു പൊരിയുന്നു.14 അതുകൊണ്ട് പാതാളം ആര്‍ത്തിയോടെ വിസ്താരത്തില്‍ വായ് തുറന്നിരിക്കുന്നു. യെരൂശലേമിലെ പ്രഭുക്കന്മാരും സാമാന്യജനവും അവളില്‍ ആഹ്ലാദിക്കുകയും അഭിമാനംകൊള്ളുകയും ചെയ്യുന്നവരും അതില്‍ താണുപോകും. എല്ലാവരും അപമാനിതരാകും.
15 അഹങ്കാരികള്‍ ലജ്ജിതരാകും. നീതിനിര്‍വഹണത്തില്‍ സര്‍വശക്തനായ സര്‍വേശ്വരന്‍ സമുന്നതനാണ്.
16 പരിശുദ്ധനായ ദൈവം നീതിനിര്‍വഹണത്തിലൂടെ അവിടുത്തെ വിശുദ്ധി വെളിപ്പെടുത്തുന്നു.
17 അപ്പോള്‍ തടിച്ചുകൊഴുത്ത മൃഗങ്ങളും ആട്ടിന്‍കുട്ടികളും നാശാവശിഷ്ടങ്ങള്‍ക്കിടയില്‍ മേയും. കുഞ്ഞാടുകള്‍ മേച്ചില്‍സ്ഥലങ്ങളിലെന്നപോലെ അവിടെ മേഞ്ഞുനടക്കും.
18
വ്യാജത്തിന്‍റെ കയറുകൊണ്ട് അധര്‍മവും വണ്ടിക്കയറുകൊണ്ടു പാപവും കെട്ടി വലിക്കുന്നവര്‍ക്ക് ഹാ ദുരിതം!19 അവര്‍ പറയുന്നു: “തനിക്കു ചെയ്യാനുള്ളത് അവിടുന്നു ചെയ്യട്ടെ; അതു തിടുക്കത്തിലായിക്കൊള്ളട്ടെ. നമുക്കു കാണാമല്ലോ; ഇസ്രായേലിന്‍റെ പരിശുദ്ധന്‍റെ ഉദ്ദേശ്യം വെളിപ്പെടട്ടെ. നമുക്ക് അറിയാമല്ലോ.
20 തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുകയും ഇരുളിനെ വെളിച്ചവും വെളിച്ചത്തെ ഇരുളും ആക്കുകയും കയ്പിനെ മധുരവും മധുരത്തെ കയ്പും ആക്കുകയും ചെയ്യുന്നവര്‍ക്കു ഹാ ദുരിതം!
21
സ്വന്തം തോട്ടത്തില്‍ ജ്ഞാനികളും സ്വന്തം ദൃഷ്‍ടികളില്‍ വിവേകികളുമായി തോന്നുന്നവര്‍ക്ക് ഹാ ദുരിതം!22 വീഞ്ഞു കുടിക്കുന്നതില്‍ വീരന്മാരും മദ്യം തയ്യാറാക്കുന്നതില്‍ വിരുതന്മാരും ആയവര്‍ക്കു ഹാ ദുരിതം!
23 അവര്‍ കോഴ വാങ്ങി കുറ്റക്കാരനെ വെറുതെ വിടുന്നു. നിര്‍ദോഷിക്ക് നീതി നിഷേധിക്കുന്നു.
24
അതുകൊണ്ട് തീനാമ്പില്‍ വയ്‍ക്കോലും എരിതീയില്‍ ഉണക്കപ്പുല്ലുംപോലെ അവര്‍ സമൂലം നശിക്കും. അവരുടെ പൂമൊട്ടുകള്‍ വാടിക്കരിഞ്ഞ് പൊടിപോലെ പാറിപ്പോകും. അവര്‍ സര്‍വശക്തനായ സര്‍വേശ്വരന്‍റെ ധര്‍മശാസ്ത്രം നിരാകരിക്കുകയും ഇസ്രായേലിന്‍റെ പരിശുദ്ധന്‍റെ വചനത്തെ നിന്ദിക്കുകയും ചെയ്തുവല്ലോ.25 തന്നിമിത്തം സര്‍വേശ്വരന്‍റെ കോപം തന്‍റെ ജനത്തിന്‍റെ നേരെ ജ്വലിച്ചു. അവിടുന്ന് അവരുടെ നേരെ കൈ ഉയര്‍ത്തി അവരെ ദണ്ഡിപ്പിച്ചു. പര്‍വതങ്ങള്‍ പ്രകമ്പനം കൊണ്ടു. അവരുടെ ജഡങ്ങള്‍ വീഥികളില്‍ ചവറുപോലെ നിരന്നു കിടന്നു. ഇതുകൊണ്ടൊന്നും അവിടുത്തെ കോപം ശമിച്ചില്ല; അവിടുന്നു പിന്നെയും അവരുടെനേരേ കരം ഉയര്‍ത്തിയിരിക്കുന്നു.
26
വിദൂരസ്ഥരായ ഒരു ജനതയ്‍ക്ക് അവിടുന്ന് ഒരു അടയാളം കാട്ടി. ഭൂമിയുടെ അറ്റത്തുനിന്ന് അവരെ ചൂളം വിളിച്ച് അറിയിച്ചു. അതാ, അവര്‍ അതിശീഘ്രം ബദ്ധപ്പെട്ടു വരുന്നു.27 അവരില്‍ തളര്‍ന്നുപോകുന്നവര്‍ ആരുമില്ല. ഇടറി വീഴുന്നവരും ഉറങ്ങുകയോ ഉറക്കം തൂങ്ങുകയോ ചെയ്യുന്നവരുമില്ല. അവരുടെ അരക്കച്ച അഴിയുന്നുമില്ല; ചെരുപ്പിന്‍റെ വാറു പൊട്ടുന്നുമില്ല.
28 അവരുടെ അമ്പ് മൂര്‍ച്ചയേറിയത്. അവരുടെ വില്ല് കുലച്ചത്. അവരുടെ കുതിരയുടെ കുളമ്പുകള്‍ തീക്കല്ലുപോലെയും അവരുടെ രഥചക്രങ്ങള്‍ ചുഴലിക്കാറ്റുപോലെയും ആകുന്നു.
29 അവരുടെ ഗര്‍ജനം സിംഹത്തിന്‍റേതുപോലെ; യുവസിംഹം കണക്കെ അവര്‍ ഗര്‍ജിക്കുന്നു. അവര്‍ മുരളുകയും ഇരയെ പിടിച്ചു വലിച്ചുകൊണ്ടു പോകുകയും ചെയ്യുന്നു. ആര്‍ക്കും അതിനെ രക്ഷിക്കാന്‍ സാധ്യമല്ല.
30 സമുദ്രം ഗര്‍ജിക്കുന്നതുപോലെ അവര്‍ അന്ന് അതിനെ നോക്കി ഗര്‍ജിക്കും. ദേശമാസകലം ഇതാ, ഇരുളും കഷ്ടതയും മാത്രം. അതിലെ മേഘങ്ങള്‍ വെളിച്ചത്തെ ഇരുട്ടിലാഴ്ത്തുന്നു.
1
ഉസ്സിയാരാജാവ് മരിച്ച വര്‍ഷം സര്‍വേശ്വരന്‍ ഉന്നതവും മഹനീയവുമായ സിംഹാസനത്തില്‍ ഇരുന്നരുളുന്നതു ഞാന്‍ കണ്ടു. അവിടുത്തെ വസ്ത്രത്തിന്‍റെ തൊങ്ങലുകള്‍കൊണ്ടു ദേവാലയം നിറഞ്ഞുനിന്നു.2 ആറു ചിറകുകള്‍ വീതമുള്ള സെറാഫുകള്‍ അവിടുത്തെ ചുറ്റും നിന്നു; അവ രണ്ടു ചിറകുകൊണ്ടു മുഖവും രണ്ടു ചിറകുകൊണ്ടു പാദങ്ങളും മൂടുകയും രണ്ടു ചിറകുകൊണ്ടു പറക്കുകയും ചെയ്തു.
3 അവ പരസ്പരം വിളിച്ചു പറഞ്ഞു: “സര്‍വശക്തനായ സര്‍വേശ്വരന്‍ പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍; അവിടുത്തെ മഹത്ത്വം ഭൂമിയിലെങ്ങും നിറഞ്ഞിരിക്കുന്നു.”
4 ആ ശബ്ദഘോഷത്താല്‍ പൂമുഖത്തിന്‍റെ അടിസ്ഥാനങ്ങള്‍ കുലുങ്ങി; ദേവാലയം പുകകൊണ്ടു നിറഞ്ഞു.
5 അപ്പോള്‍ ഞാന്‍ പറഞ്ഞു: “എനിക്ക് ദുരിതം! ഞാന്‍ നശിച്ചു. ഞാന്‍ അശുദ്ധമായ അധരങ്ങളുള്ളവന്‍; അശുദ്ധമായ അധരങ്ങളോടുകൂടിയ മനുഷ്യരുടെ മധ്യത്തില്‍ വസിക്കുന്നു. സര്‍വശക്തിയുള്ള സര്‍വേശ്വരനായ രാജാവിനെ ഞാന്‍ കണ്ടുവല്ലോ!”
6
അപ്പോള്‍ യാഗപീഠത്തില്‍നിന്ന് ഒരു തീക്കട്ട കൊടില്‍കൊണ്ട് എടുത്ത് സെറാഫുകളില്‍ ഒന്ന് എന്‍റെ അടുക്കലേക്കു പറന്നുവന്നു.7 തീക്കട്ട എന്‍റെ വായില്‍ തൊടുവിച്ചുകൊണ്ടു സെറാഫു പറഞ്ഞു: “ഇതാ, ഇതു നിന്‍റെ അധരങ്ങളെ സ്പര്‍ശിച്ചിരിക്കുന്നതിനാല്‍ നിന്‍റെ അകൃത്യങ്ങള്‍ നീങ്ങി, നിന്‍റെ പാപങ്ങള്‍ മോചിക്കപ്പെട്ടിരിക്കുന്നു.”
8 പിന്നീടു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നതു ഞാന്‍ കേട്ടു: “ഞാന്‍ ആരെ അയയ്‍ക്കും? ആര്‍ നമുക്കുവേണ്ടി പോകും?” അപ്പോള്‍ ഞാന്‍ പറഞ്ഞു: “ഇതാ ഞാന്‍, എന്നെ അയച്ചാലും.”
9 അവിടുന്ന് എന്നോട് അരുളിച്ചെയ്തു: “നീ ചെന്ന് ഈ ജനത്തോടു പറയുക; നിങ്ങള്‍ എത്ര കേട്ടിട്ടും ഗ്രഹിക്കുന്നില്ല; എത്ര കണ്ടിട്ടും മനസ്സിലാക്കുന്നുമില്ല.
10 ഈ ജനം കണ്ണുകൊണ്ടു കാണുകയോ ചെവികൊണ്ടു കേള്‍ക്കുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കുകയോ മനം തിരിഞ്ഞു സൗഖ്യം പ്രാപിക്കുകയോ ചെയ്യാതിരിക്കത്തക്കവിധം അവരുടെ ഹൃദയം കഠിനമാക്കുകയും ചെവി മരവിപ്പിക്കുകയും കണ്ണു മൂടുകയും ചെയ്യുക.”
11 “സര്‍വേശ്വരാ, ഇത് എത്ര കാലത്തേക്ക്?” എന്നു ഞാന്‍ ചോദിച്ചു. അപ്പോള്‍ അവിടുന്ന് അരുളിച്ചെയ്തു: “നഗരങ്ങള്‍ ജനശൂന്യമാകയും വീടുകള്‍ ആള്‍പ്പാര്‍പ്പില്ലാതെയും ദേശമാകെ ശൂന്യമായിത്തീരുകയും ചെയ്യുന്നതുവരെ,
12 സര്‍വേശ്വരന്‍ ജനത്തെ വിദൂരസ്ഥലങ്ങളിലേക്കു മാറ്റുകയും ദേശത്തു നിര്‍ജന പ്രദേശങ്ങള്‍ വളരെയധികമാവുകയും ചെയ്യുന്നതുവരെത്തന്നെ.
13 പത്തിലൊന്നെങ്കിലും ശേഷിച്ചാല്‍ അതു വീണ്ടും അഗ്നിക്കിരയാകും. എങ്കിലും കത്തിക്കരിഞ്ഞ മരത്തിന്‍റെയോ വെട്ടിയിട്ട കരുവേലകത്തിന്‍റെയോ കുറ്റിപോലെ അത് അവശേഷിക്കും. ആ കുറ്റി വിശുദ്ധമായ ഒരു വിത്തായിരിക്കും.”
1
ഉസ്സിയായുടെ പുത്രനായ യോഥാമിന്‍റെ മകന്‍ ആഹാസ് യെഹൂദാരാജാവായിരിക്കുമ്പോള്‍ രെമല്യായുടെ പുത്രനും ഇസ്രായേല്‍രാജാവുമായ പേക്കഹും സിറിയാരാജാവായ രെസീനും ചേര്‍ന്ന് യെരൂശലേമിനെ ആക്രമിച്ചു. എന്നാല്‍ അവര്‍ക്ക് അതു പിടിച്ചടക്കാന്‍ കഴിഞ്ഞില്ല.2 സിറിയായും എഫ്രയീമും സഖ്യത്തിലാണെന്നറിഞ്ഞപ്പോള്‍ യെഹൂദാരാജാവും ജനങ്ങളും ഭയന്ന് കാറ്റില്‍ ആടിയുലയുന്ന വൃക്ഷംപോലെ വിറച്ചു.
3 അപ്പോള്‍ സര്‍വേശ്വരന്‍ യെശയ്യായോട് അരുളിച്ചെയ്തു: “നീയും നിന്‍റെ പുത്രന്‍ ശെയാര്‍ - യാശൂബും കൂടി അലക്കുകാരന്‍റെ വയലിലേക്കുള്ള പൊതുനിരത്തിലൂടെ ചെന്നു മേലെക്കുളത്തില്‍ നിന്നുള്ള നീര്‍ച്ചാലിന്‍റെ അറ്റത്തുവച്ച് ആഹാസിനെ ചെന്നു കണ്ട് ഇപ്രകാരം പറയുക:
4 ‘ഞാന്‍ പറയുന്നതു ശ്രദ്ധിക്കുക; സമാധാനമായിരിക്കുക, ഭയപ്പെടേണ്ടാ. സിറിയായുടെയും അവരുടെ രാജാവായ രെസീന്‍റെയും ഇസ്രായേലിന്‍റെ രാജാവായ പേക്കഹിന്‍റെയും ഉഗ്രകോപം നിമിത്തം നീ അധൈര്യപ്പെടരുത്. അവര്‍ പുകയുന്ന തീക്കൊള്ളികള്‍ മാത്രമാണ്.
5 നമുക്ക് യെഹൂദായുടെ നേരെ ചെന്നു ഭയപ്പെടുത്തി, അതു പിടിച്ചടക്കി താബെയിലിന്‍റെ പുത്രനെ അവിടെ രാജാവായി വാഴിക്കാം” എന്നു പറഞ്ഞൊത്തുകൊണ്ടു
6 സിറിയായും എഫ്രയീമും രെമല്യായുടെ പുത്രനും നിനക്കെതിരെ ഗൂഢാലോചന നടത്തി.
7 അതിനാല്‍ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “അതു സംഭവിക്കുകയില്ല.
8 കാരണം സിറിയായുടെ തലസ്ഥാനം ദമാസ്കസും ദമാസ്കസിന്‍റെ രാജാവ് രെസീനുമാണ്. എഫ്രയീം ഒരു ജനതയായി ശേഷിക്കാത്തവിധം അറുപത്തഞ്ചു വര്‍ഷത്തിനുള്ളില്‍ അതു തകര്‍ന്നുപോകും.
9 എഫ്രയീമിന്‍റെ തലസ്ഥാനം ശമര്യയും ശമര്യയുടെ തലവന്‍ രെമല്യായുടെ പുത്രനുമാണ്. വിശ്വസിച്ചില്ലെങ്കില്‍ നിങ്ങള്‍ നിലനില്‌ക്കുകയില്ല.”
10
സര്‍വേശ്വരന്‍ വീണ്ടും ആഹാസിനോട് അരുളിച്ചെയ്തു:11 “നിന്‍റെ ദൈവമായ സര്‍വേശ്വരനോട് ഒരടയാളം ചോദിച്ചുകൊള്ളുക. താഴെ പാതാളത്തിലോ മുകളില്‍ സ്വര്‍ഗത്തിലോ ഉള്ള ഏതും ആയിക്കൊള്ളട്ടെ.”
12 ആഹാസ് പറഞ്ഞു: “ഞാന്‍ ചോദിക്കുകയില്ല; ദൈവത്തെ പരീക്ഷിക്കുകയുമില്ല.”
13 അപ്പോള്‍ യെശയ്യാ പറഞ്ഞു: “ദാവീദിന്‍റെ ഭവനമേ, ശ്രദ്ധിക്കുക, നിങ്ങള്‍ മനുഷ്യന്‍റെ ക്ഷമ പരീക്ഷിക്കുന്നതു പോരാഞ്ഞിട്ടാണോ സര്‍വേശ്വരന്‍റെ ക്ഷമ പരീക്ഷിക്കുന്നത്?
14 അതുകൊണ്ട് അവിടുന്ന് ഒരടയാളം കാണിച്ചുതരും. കന്യക ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും, ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള ഇമ്മാനുവേല്‍ എന്ന പേരില്‍ അവന്‍ അറിയപ്പെടും.
15 തിന്മ കൈവെടിയാനും നന്മ കൈക്കൊള്ളാനും കഴിയുന്ന പ്രായത്തില്‍ അവന്‍ തൈരും തേനും ഭക്ഷിക്കും.
16 നന്മതിന്മകള്‍ തിരിച്ചറിയാന്‍ ആ ബാലനു പ്രായമാകുന്നതിനു മുമ്പുതന്നെ നീ ഭയപ്പെടുന്ന രണ്ടു രാജാക്കന്മാരുടെയും രാജ്യങ്ങള്‍ വിജനമായിത്തീരും.
17 യെഹൂദ്യയില്‍നിന്നു എഫ്രയീം വേര്‍പെട്ടശേഷം ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള നാളുകള്‍ നിന്‍റെയും നിന്‍റെ ജനത്തിന്‍റെയും നിന്‍റെ പിതൃഭവനത്തിന്‍റെയുംമേല്‍ സര്‍വേശ്വരന്‍ വരുത്തും. അത് അസ്സീറിയാരാജാവിന്‍റെ ഭരണംതന്നെ.
18
ഈജിപ്തിലെ നദികളുടെ ഉദ്ഭവസ്ഥാനങ്ങളിലുള്ള ഈച്ചകളെയും അസ്സീറിയായില്‍നിന്നു തേനീച്ചകളെയും സര്‍വേശ്വരന്‍ ചൂളം വിളിച്ചു വരുത്തും.19 അവ കുത്തനെയുള്ള മലയിടുക്കുകളിലും പാറയുടെ വിടവുകളിലും മുള്‍പ്പടര്‍പ്പുകളിലും സര്‍വ മേച്ചില്‍സ്ഥലങ്ങളിലും വന്നു നിറയും.
20
അന്നു സര്‍വേശ്വരന്‍ നദിക്ക് അക്കരെനിന്നു കൂലികൊടുത്തു ക്ഷൗരക്കത്തികൊണ്ട്, അസ്സീറിയാരാജാവിനെക്കൊണ്ടു തന്നെ, തലമുടിയും താടിയും കാലിലെ രോമങ്ങളും ക്ഷൗരം ചെയ്യിക്കും.21
അന്ന് ഒരുവന്‍ ഒരു പശുക്കിടാവിനെയും രണ്ടാടിനെയും വളര്‍ത്തും. അവ സമൃദ്ധമായി പാല്‍ നല്‌കും.22 അയാള്‍ അതുകൊണ്ടു തൈരുണ്ടാക്കി കഴിക്കും. അന്നു ദേശത്തു ശേഷിക്കുന്ന എല്ലാവരും തൈരും തേനും ഭക്ഷണമാക്കും.
23
അന്ന് ആയിരം വെള്ളിക്കാശു വിലയുള്ള ആയിരം മുന്തിരിച്ചെടികള്‍ ഉണ്ടായിരുന്ന സ്ഥാനത്തു മുള്ളും മുള്‍ച്ചെടികളും വളരും.24 അതുകൊണ്ട് ആളുകള്‍ അമ്പും വില്ലും എടുത്തുകൊണ്ടു മാത്രമേ അവിടെ ചെല്ലുകയുള്ളൂ.
25 കിളച്ചു കൃഷി ചെയ്തിരുന്ന മലകളെല്ലാം മുള്‍പ്പടര്‍പ്പുകൊണ്ടു നിറയും. അതുകൊണ്ട് ആരും അവിടെ കടന്നു ചെല്ലുകയില്ല. അത് ആടുമാടുകള്‍ക്കു മേയാനും വിഹരിക്കാനും ഉള്ള സ്ഥലമായിത്തീരും.”
1
സര്‍വേശ്വരന്‍ എന്നോടു കല്പിച്ചു: “നീ വലിയ ഒരു എഴുത്തുപലക എടുത്ത് സാധാരണ അക്ഷരത്തില്‍ മഹേര്‍-ശാലാല്‍-ഹാശ്-ബസ് എന്നെഴുതുക.”2 ഇതിനു സാക്ഷ്യം വഹിക്കാന്‍ പുരോഹിതനായ ഊരിയായെയും യെബരെഖ്യായുടെ പുത്രനായ സെഖര്യായെയും വിളിക്കുക.
3 ഞാന്‍ പ്രവാചകിയെ പ്രാപിച്ചു. അവള്‍ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. സര്‍വേശ്വരന്‍ എന്നോടരുളിച്ചെയ്തു:
4 “ആ കുട്ടിക്ക് മഹേര്‍-ശാലാല്‍-ഹാശ്-ബസ് എന്നു പേരിടുക. എന്തെന്നാല്‍ അവന്‍ അപ്പാ, അമ്മേ എന്നു വിളിക്കാന്‍ പ്രായമാകുന്നതിനുമുമ്പ് ദമാസ്കസിലെ സമ്പത്തും ശമര്യയിലെ കൊള്ളമുതലും അസ്സീറിയാരാജാവു കൊണ്ടുപോകും.”
5
സര്‍വേശ്വരന്‍ എന്നോടു വീണ്ടും അരുളിച്ചെയ്തു:6 “ഈ ജനം ശാന്തമായി ഒഴുകുന്ന ശീലോഹാം അരുവിയെ ഉപേക്ഷിച്ചു. രെസീന്‍റെയും പേക്കഹിന്‍റെയും മുമ്പില്‍ അവര്‍ ഭയന്നു വിറയ്‍ക്കുന്നു.
7 അതുകൊണ്ട് മഹാനദിയിലെ പെരുവെള്ളത്തെ, സിറിയാരാജാവിനെത്തന്നെ, അദ്ദേഹത്തിന്‍റെ സര്‍വപ്രതാപത്തോടുംകൂടി സര്‍വേശ്വരന്‍ അവരുടെ നേരെ കൊണ്ടുവരും. കൈത്തോടുകള്‍ നിറഞ്ഞ് അതു കരകവിഞ്ഞൊഴുകും.
8 അതു യെഹൂദ്യയിലേക്കു കടന്നു കഴുത്തറ്റം പൊങ്ങി ദേശമാകമാനം മൂടിക്കളയും. ഇമ്മാനുവേലേ, അതു കവിഞ്ഞൊഴുകി നിന്‍റെ ദേശത്തെ മൂടിക്കളയും.
9
ജനതകളേ, സംഭ്രമത്തോടെ ഒരുമിച്ചു കൂടുവിന്‍! വിദൂരരാജ്യങ്ങളേ, ശ്രദ്ധിക്കുവിന്‍! നിങ്ങള്‍ അമ്പരന്ന് ഒരുങ്ങുവിന്‍; സംഭ്രമിച്ച് ഒരുങ്ങുവിന്‍;10 നിങ്ങള്‍ കൂടിയാലോചിക്കുവിന്‍; പക്ഷേ, അതു ഫലപ്പെടുകയില്ല. നിങ്ങള്‍ എന്തുതന്നെ ആലോചിച്ചു തീരുമാനിച്ചാലും പ്രയോജനമില്ല. കാരണം ദൈവം ഞങ്ങളുടെ കൂടെയാണ്.
11
ആ ജനത്തിന്‍റെ മാര്‍ഗത്തില്‍ ചരിക്കരുതെന്നു മുന്നറിയിപ്പു നല്‌കുകയും തന്‍റെ കരുത്തുറ്റ കരങ്ങള്‍ എന്‍റെമേല്‍ വയ്‍ക്കുകയും ചെയ്തുകൊണ്ടു ദൈവം അരുളിച്ചെയ്തു:12 “ഈ ജനത്തിന്‍റെ ഗൂഢാലോചനയില്‍ നിങ്ങള്‍ ഉള്‍പ്പെടരുത്. അവര്‍ ഭയപ്പെടുന്നതിനെ നിങ്ങള്‍ ഭയപ്പെടുകയും അരുത്.
13 സര്‍വശക്തനായ സര്‍വേശ്വരനെ നിങ്ങള്‍ പരിശുദ്ധനായി കരുതുക; അവിടുത്തെ മാത്രം നിങ്ങള്‍ ഭയപ്പെടുക.
14 അവിടുന്നു വിശുദ്ധമന്ദിരവും തടങ്കല്‍ പാറയും ആയിരിക്കും. ഇസ്രായേലും യെഹൂദായും അതില്‍ തട്ടിവീഴും. അവിടുന്നുതന്നെ യെരൂശലേംനിവാസികള്‍ക്ക് കുടുക്കും കെണിയും ആയിരിക്കും.
15 അനേകം പേര്‍ അതിന്മേല്‍ തട്ടിവീണു തകരും, കെണിയില്‍ കുടുങ്ങി പിടിക്കപ്പെടും.
16
ഈ സാക്ഷ്യം ഭദ്രമായി സൂക്ഷിക്കുക. ഈ ഉപദേശം എന്‍റെ ശിഷ്യന്മാരുടെ ഇടയില്‍ മുദ്ര ചെയ്തു വയ്‍ക്കുക.17 യാക്കോബിന്‍റെ ഭവനത്തില്‍നിന്നു തന്‍റെ മുഖം മറച്ചുപിടിച്ചിരിക്കുന്ന സര്‍വേശ്വരനുവേണ്ടി ഞാന്‍ കാത്തിരിക്കും.
18 അവിടുന്നാണ് എന്‍റെ പ്രത്യാശ. ഇതാ ഞാനും സര്‍വേശ്വരന്‍ എനിക്കു നല്‌കിയ സന്തതികളും. ഞങ്ങള്‍ സീയോന്‍പര്‍വതത്തില്‍ വസിക്കുന്ന സര്‍വശക്തനായ സര്‍വേശ്വരന്‍ നല്‌കിയ ഇസ്രായേലിന്‍റെ അദ്ഭുതങ്ങളും അടയാളങ്ങളുമാകുന്നു.
19 വെളിച്ചപ്പാടുകളോടും ചിലയ്‍ക്കുകയും പിറുപിറുക്കുകയും ചെയ്യുന്ന മന്ത്രവാദികളോടും അരുളപ്പാടു ചോദിക്കാന്‍ ആളുകള്‍ നിങ്ങളോട് ആവശ്യപ്പെടും. ജനം അരുളപ്പാടു ചോദിക്കേണ്ടതു തങ്ങളുടെ ദൈവത്തോടല്ലേ? ജീവിച്ചിരിക്കുന്നവര്‍ക്കുവേണ്ടി മരിച്ചവരോടാണോ അരുളപ്പാടു ചോദിക്കേണ്ടത്?”
20 അതിനു നീ ഇപ്രകാരം മറുപടി പറയുക: “സര്‍വേശ്വരന്‍റെ പ്രബോധനം ശ്രദ്ധിക്കുക! ആഭിചാരകര്‍ക്ക് ചെവി കൊടുക്കരുത്. അവരുടെ വാക്കുകള്‍ നിനക്ക് ഒരു നന്മയും കൈവരുത്തുകയില്ല.”
21
അവര്‍ കഠിനമായി വിശന്നുവലഞ്ഞു ദേശത്തെല്ലാം അലഞ്ഞുതിരിയും. അവര്‍ വിശന്നു വലയുമ്പോള്‍ കോപാകുലരായി മുകളിലേക്കു നോക്കി തങ്ങളുടെ രാജാവിനെയും ദൈവത്തെയും ശപിക്കും.22 എവിടെ നോക്കിയാലും കഷ്ടതയും അന്ധകാരവും കൊടുംവേദനയും മാത്രം. അവര്‍ കനത്ത കൂരിരുട്ടില്‍ ആണ്ടുപോകും.
1
കൊടുംവേദനയില്‍ ആയിരുന്നവള്‍ക്ക് ഇനി മ്ലാനത ഉണ്ടാകയില്ല. ദൈവം പണ്ടു സെബൂലൂന്‍ ദേശത്തെയും നഫ്താലി ദേശത്തെയും അപമാനത്തിന് ഇരയാക്കി. എന്നാല്‍ വരുംകാലത്തു സമുദ്രത്തിലേക്കുള്ള പാതയ്‍ക്കും യോര്‍ദ്ദാനക്കരെയുള്ള ദേശത്തിനും വിജാതീയരുടെ ഗലീലയ്‍ക്കും മഹത്ത്വം വരുത്തും.2 അന്ധകാരത്തില്‍ കഴിഞ്ഞ ജനം ഒരു വലിയ പ്രകാശം കണ്ടു. കൂരിരുട്ടു നിറഞ്ഞ ദേശത്ത് പാര്‍ത്തിരുന്നവരുടെമേല്‍ പ്രകാശം ഉദയം ചെയ്തു.
3 അവിടുന്ന് അവരുടെ എണ്ണം പെരുകുമാറാക്കി. അവരുടെ ആനന്ദം വര്‍ധിപ്പിച്ചു. കൊയ്ത്തുകാലത്തും കൊള്ളമുതല്‍ പങ്കിടുമ്പോഴും ജനം ആഹ്ലാദിക്കുംപോലെ അവര്‍ തിരുമുമ്പില്‍ ആനന്ദിച്ചു.
4 അവരുടെ ചുമലിലെ നുകവും തോളിലെ ദണ്ഡും മര്‍ദകന്‍റെ കൈയിലെ വടിയും മിദ്യാന്യരെ പരാജയപ്പെടുത്തിയ നാളിലെന്നപോലെ അവിടുന്ന് തകര്‍ത്തിരിക്കുന്നു.
5 ചവുട്ടിമെതിച്ചു മുന്നേറുന്ന യോദ്ധാവിന്‍റെ ചെരുപ്പുകളും രക്തം പുരണ്ട വസ്ത്രങ്ങളും വിറകുപോലെ കത്തിയെരിയും.
6 നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്‌കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്‍റെ ചുമലില്‍ ഇരിക്കും. വിസ്മയനീയനായ ഉപദേഷ്ടാവ്, ജയവീരനായ ദൈവം, നിത്യനായ പിതാവ്, സമാധാന പ്രഭു എന്നെല്ലാം അവന്‍ വിളിക്കപ്പെടും.
7 അവന്‍റെ ആധിപത്യവും സമാധാനവും നിസ്സീമമായിരിക്കും. ദാവീദിന്‍റെ സിംഹാസനത്തിലിരുന്നു നീതിയോടും ന്യായത്തോടും അവന്‍ എന്നേക്കും ഭരിക്കും. സര്‍വശക്തനായ സര്‍വേശ്വരന്‍ ഇതു നിറവേറ്റാന്‍ നിശ്ചയിച്ചിരിക്കുന്നു.
8
സര്‍വേശ്വരന്‍ ഇസ്രായേലിനു വിനാശം അയയ്‍ക്കുന്നു. അത് അവര്‍ക്കു ഭവിക്കും. എഫ്രയീമിലെയും ശമര്യയിലെയും ജനം അതറിയും. അവര്‍ ഡംഭും ഗര്‍വും പൂണ്ടു പറയും:9 “ഇഷ്‍ടിക വീണുപോയെങ്കിലും ചെത്തി ഒരുക്കിയ കല്ലുകൊണ്ട് ഞങ്ങള്‍ അതു പണിയും. കാട്ടത്തികള്‍ വെട്ടിക്കളഞ്ഞെങ്കിലും തല്‍സ്ഥാനത്തു ഞങ്ങള്‍ ദേവദാരുക്കള്‍ നടും.”
10 [10,11] അതുകൊണ്ട് സര്‍വേശ്വരന്‍ അവര്‍ക്കെതിരെ ശത്രുക്കളെ ഉയര്‍ത്തുകയും അവരെ ഇളക്കിവിടുകയും ചെയ്യുന്നു.
11
12 കിഴക്ക് സിറിയാക്കാരും പടിഞ്ഞാറ് ഫെലിസ്ത്യരും ഇസ്രായേലിനെ വിഴുങ്ങാന്‍ വായ് തുറന്നിരിക്കുന്നു.
13
എന്നിട്ടും സര്‍വേശ്വരന്‍റെ കോപം ശമിച്ചിട്ടില്ല; അവരെ ശിക്ഷിക്കാന്‍ അവിടുത്തെ കരം ഇപ്പോഴും ഉയര്‍ന്നിരിക്കുന്നു. ജനം തങ്ങളെ പ്രഹരിച്ചവന്‍റെ അടുത്തേക്ക് തിരിയുന്നില്ല. സര്‍വശക്തനായ സര്‍വേശ്വരനെ അന്വേഷിക്കുന്നതുമില്ല.14 അതിനാല്‍ അവിടുന്ന് ഇസ്രായേലിനെ ശിക്ഷിക്കും. ഒരൊറ്റ ദിവസംകൊണ്ടു വാലും തലയും ഛേദിക്കും. ഈന്തപ്പനക്കൊമ്പും ഞാങ്ങണയും അരിഞ്ഞു വീഴ്ത്തും.
15 മുഖ്യനും ബഹുമാനിതനുമായവനാണ് തല, അസത്യം പഠിപ്പിക്കുന്ന പ്രവാചകനാണു വാല്.
16 ജനത്തെ നയിക്കുന്നവര്‍ അവരെ വഴിതെറ്റിക്കുന്നു. ഈ നേതാക്കള്‍ നയിക്കുന്നവര്‍ നശിച്ചുപോകുന്നു.
17 തന്നിമിത്തം അവരുടെ യുവാക്കളില്‍ അവിടുന്നു പ്രസാദിക്കുന്നില്ല. അവരുടെ അനാഥരോടും വിധവകളോടും കരുണ കാട്ടുന്നതുമില്ല. എല്ലാവരും അധാര്‍മികരും ദുര്‍വൃത്തരുമാകുന്നു. എല്ലാ നാവും വ്യാജം സംസാരിക്കുന്നു. അതിനാല്‍ അവിടുത്തെ കോപം ശമിക്കുന്നില്ല. അവിടുന്ന് ഇപ്പോഴും അവരെ ശിക്ഷിക്കാന്‍ കൈ നീട്ടിയിരിക്കുന്നു.
18
ദുഷ്ടത തീപോലെ കത്തുന്നു. അതു മുള്ളും മുള്‍പ്പടര്‍പ്പും നശിപ്പിക്കുന്നു. വനത്തിലെ കുറ്റിക്കാടുകള്‍ക്കു തീ പിടിച്ച് അതിന്‍റെ പുകച്ചുരുളുകള്‍ വാനോളം ഉയരുന്നു.19 സര്‍വശക്തനായ സര്‍വേശ്വരന്‍റെ ഉഗ്രകോപം മൂലം ദേശം അഗ്നിക്കിരയായിരിക്കുന്നു. ജനം അഗ്നിക്കു വിറകുപോലെ ആയിത്തീരും. ഒരുവനും സഹോദരനെ വെറുതെ വിടുന്നില്ല.
20 അവര്‍ വലത്തോട്ടു തിരിഞ്ഞു കാണുന്നതെല്ലാം കടിച്ചു തിന്നും. പക്ഷേ വിശപ്പു ശമിക്കുകയില്ല. അതുകൊണ്ട് ഇടതുവശത്തു കാണുന്നതും വിഴുങ്ങും. എന്നാലും തൃപ്തിവരികയില്ല. ഒരുവന്‍ മറ്റൊരുവന്‍റെ മാംസം ഭക്ഷിക്കും.
21 മനശ്ശെ എഫ്രയീമിനോടും എഫ്രയീം മനശ്ശെയോടും ഏറ്റുമുട്ടും. അവര്‍ ഇരുവരും ചേര്‍ന്നു യെഹൂദായെ ആക്രമിക്കും. എന്നാലും അവിടുത്തെ കോപം അടങ്ങുകയില്ല. അവിടുത്തെ കരം അവരെ ശിക്ഷിക്കാന്‍ ഉയര്‍ന്നിരിക്കുന്നു.
1
എന്‍റെ ജനത്തെ പീഡിപ്പിക്കുന്നതിനായി നീതികെട്ട നിയമങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്കു ഹാ ദുരിതം!2 നിങ്ങള്‍ എളിയവരുടെ അവകാശം അപഹരിക്കുന്നു. അനാഥരെ ചൂഷണം ചെയ്യുന്നു.
3 ന്യായവിധി ദിവസത്തില്‍ വിദൂരത്തുനിന്നു വിനാശകരമായ കൊടുങ്കാറ്റടിക്കുമ്പോള്‍ നിങ്ങള്‍ എന്തു ചെയ്യും? സഹായത്തിനുവേണ്ടി ആരുടെ അടുക്കലേക്ക് ഓടും? നിങ്ങളുടെ സമ്പത്ത് നിങ്ങള്‍ എവിടെ സൂക്ഷിക്കും?
4 യുദ്ധത്തില്‍ നിങ്ങള്‍ കൊല്ലപ്പെടുകയോ തടവുകാരനെപ്പോലെ വലിച്ചിഴയ്‍ക്കപ്പെടുകയോ ചെയ്യും. ഇതെല്ലാമായിട്ടും സര്‍വേശ്വരന്‍റെ കോപം ശമിക്കുന്നില്ല. അവിടുത്തെ കരം ഇപ്പോഴും നിങ്ങളെ ശിക്ഷിക്കാന്‍ ഉയര്‍ന്നിരിക്കുന്നു.
5
എന്‍റെ ക്രോധത്തിന്‍റെ ഗദയും രോഷത്തിന്‍റെ വടിയുമായ അസ്സീറിയായെ,6 ദൈവനിഷേധികളായ ജനതയ്‍ക്കും എന്‍റെ ക്രോധത്തിനിരയായ ജനത്തിനും എതിരെ, അവരെ കൊള്ളയടിക്കാനും തെരുവീഥിയിലെ ചെളി പോലെ ചവുട്ടിമെതിക്കാനുമായി ഞാന്‍ നിയോഗിക്കും.
7 എന്നാല്‍ അസ്സീറിയായുടെ ഉദ്ദേശ്യവും വിചാരവും അതല്ലായിരുന്നു. ജനതകളുടെ നാശം ആയിരുന്നു അവരുടെ ലക്ഷ്യം.
8 അസ്സീറിയന്‍ ചക്രവര്‍ത്തി പറയുന്നു: “എന്‍റെ സേനാനായകന്മാരെല്ലാം രാജാക്കന്മാരല്ലേ? കല്നോ കാര്‍ക്കെമീശിനെപ്പോലെയല്ലേ?
9 ഹമാത്ത് അര്‍പ്പാദിനെപ്പോലെയും ശമര്യ ദമാസ്കസിനെപ്പോലെയുമല്ലേ?
10 യെരൂശലേമിലും ശമര്യയിലുമുള്ളവയെക്കാള്‍ വിശേഷപ്പെട്ട വിഗ്രഹങ്ങളുള്ള രാജ്യങ്ങളെ എന്‍റെ കരങ്ങള്‍ എത്തിപ്പിടിച്ചിരിക്കെ
11 ശമര്യയോടും അവിടത്തെ വിഗ്രഹങ്ങളോടും ഞാന്‍ ചെയ്തതുപോലെ യെരൂശലേമിനോടും അവിടത്തെ വിഗ്രഹങ്ങളോടും ഞാന്‍ ചെയ്കയില്ലേ?
12
യെരൂശലേമിലും സീയോന്‍ പര്‍വതത്തിലും തന്‍റെ പ്രവൃത്തി പൂര്‍ത്തിയാക്കിയശേഷം സര്‍വേശ്വരന്‍ അസ്സീറിയന്‍ ചക്രവര്‍ത്തിയെ വമ്പു പറച്ചിലിനും അഹങ്കാരത്തിനും ശിക്ഷിക്കും.13 കരബലവും ജ്ഞാനവുംകൊണ്ടു ഞാന്‍ ഇവയൊക്കെ ചെയ്തു. ബുദ്ധിയും വിവേകവുംകൊണ്ടു ഞാന്‍ ദേശങ്ങളുടെ അതിരുകള്‍ മാറ്റി. ജനതകളുടെ നിക്ഷേപം കൊള്ളയടിച്ചു. സിംഹാസനത്തിലിരുന്നവരെ കാളക്കൂറ്റന്‍റെ കരുത്തോടെ ഞാന്‍ താഴെ ഇറക്കി.
14 എന്‍റെ കരങ്ങള്‍ ജനതകളുടെ സമ്പത്ത് കിളിക്കൂട് എന്നപോലെ പിടിച്ചെടുത്തു. ഉപേക്ഷിക്കപ്പെട്ട കിളിക്കൂട്ടില്‍നിന്നും മുട്ടകള്‍ ശേഖരിക്കുംപോലെ ഭൂമിയിലെ സമ്പത്തു മുഴുവന്‍ ഞാന്‍ കൈവശമാക്കി. ചിറകടിക്കുകയോ ചുണ്ടനക്കുകയോ ചിലയ്‍ക്കുകയോ ചെയ്യാന്‍ ആരും ഉണ്ടായിരുന്നില്ല.
15
മരംവെട്ടുകാരനോടു കോടാലി വമ്പു പറയുമോ? അറക്കുന്നവനോട് അറക്കവാള്‍ വീമ്പടിക്കുമോ? മനുഷ്യന്‍ ഗദയുടെ ഉപകരണമല്ല. ഗദയെ മനുഷ്യന്‍ ഉപകരണമാക്കുന്നു. ഒരു വടി മനുഷ്യനെ ചുഴറ്റുമോ?16 അതുകൊണ്ടു സര്‍വശക്തനായ സര്‍വേശ്വരന്‍ മാരകമായ രോഗം അസ്സീറിയാരാജാവിന്‍റെ ശക്തരായ യോദ്ധാക്കളുടെമേല്‍ അയയ്‍ക്കും. അവരുടെ ശരീരത്തില്‍ അഗ്നി കത്തി ജ്വലിക്കും.
17 ഇസ്രായേലിന്‍റെ വെളിച്ചമായ ദൈവം ഒരു ജ്വാലയായിത്തീര്‍ന്ന് ഒരു ദിവസംകൊണ്ടു സകല മുള്ളും മുള്‍പ്പടര്‍പ്പും ദഹിപ്പിക്കും.
18 വനത്തിന്‍റെയും ഫലപുഷ്ടമായ വിളനിലത്തിന്‍റെയും പ്രതാപം സര്‍വേശ്വരന്‍ നശിപ്പിക്കും. രോഗിയായ മനുഷ്യന്‍ ക്ഷയിച്ചുപോകുന്നതുപോലെ അവ നിശ്ശേഷം നശിക്കും.
19 അയാളുടെ വനത്തില്‍ അവശേഷിക്കുന്ന വൃക്ഷങ്ങള്‍ ഒരു കൊച്ചുകുട്ടിക്ക് എണ്ണിക്കുറിക്കാവുന്നവിധം പരിമിതമായിരിക്കും.”
20
അന്ന് ഇസ്രായേലില്‍ ശേഷിച്ചവര്‍, യാക്കോബിന്‍റെ വംശത്തില്‍ അവശേഷിച്ചവര്‍, തങ്ങളെ പ്രഹരിച്ചവനെ ആശ്രയിക്കാതെ ഇസ്രായേലിന്‍റെ പരിശുദ്ധനായ ദൈവത്തെ ആത്മാര്‍ഥമായി ആശ്രയിക്കും.21 അവശേഷിക്കുന്നവര്‍, യാക്കോബിന്‍റെ ശിഷ്ടഭാഗംതന്നെ ജയവീരനായ ദൈവത്തിങ്കലേക്കു മടങ്ങിവരും.
22 ഇസ്രായേല്‍ജനം കടല്‍ക്കരയിലെ മണല്‍ത്തരിപോലെ അസംഖ്യമാണെങ്കിലും അവരില്‍ ഒരംശം മാത്രമേ തിരിച്ചുവരികയുള്ളൂ. നീതി കവിഞ്ഞൊഴുകുന്നതായ ഒരു വിനാശം നിര്‍ണയിക്കപ്പെട്ടിരിക്കുന്നു.
23 സര്‍വശക്തനായ സര്‍വേശ്വരന്‍ നിശ്ചയിക്കപ്പെട്ട വിനാശം രാജ്യത്താകമാനം വരുത്തും.
24
സീയോനില്‍ നിവസിക്കുന്നവരോടു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “എന്‍റെ ജനമേ, ഈജിപ്തുകാര്‍ നിങ്ങളെ ദണ്ഡിപ്പിച്ചതുപോലെ അസ്സീറിയാക്കാര്‍ നിങ്ങളെ പീഡിപ്പിക്കുമ്പോള്‍ ഭയപ്പെടരുത്.25 കാരണം അല്പസമയംകൊണ്ടു നിങ്ങളുടെ നേരെയുള്ള എന്‍റെ രോഷം ശമിക്കും; അവരുടെ നാശത്തിനായി അതു തിരിച്ചുവിടും.
26 ഓറേബിലെ പാറയ്‍ക്കടുത്തുവച്ചു സര്‍വശക്തനായ സര്‍വേശ്വരന്‍ മിദ്യാന്യരെ പ്രഹരിച്ചതുപോലെ അവരുടെമേല്‍ ചമ്മട്ടി പ്രയോഗിക്കും. ഈജിപ്തില്‍ വച്ചെന്നപോലെ അവിടുന്നു സമുദ്രത്തിന്മേല്‍ വടി ഉയര്‍ത്തിപ്പിടിക്കും.
27 അന്ന് അസ്സീറിയാ നിങ്ങളുടെ തോളില്‍ വച്ചിരിക്കുന്ന ഭാരം നീക്കപ്പെടും. നിങ്ങളുടെ ചുമലില്‍ വച്ചിരിക്കുന്ന നുകം തകര്‍ക്കപ്പെടും.
28
ശത്രുസൈന്യം രിമ്മോനില്‍നിന്ന് അയ്യാത്തിലെത്തി, മിഗ്രോനിലൂടെ മിക്മാശില്‍ ചെന്ന് അവിടെ പടക്കോപ്പുകള്‍ സൂക്ഷിക്കുന്നു.29 അവര്‍ ചുരം കടന്ന് ഗേബയിലെത്തി രാപാര്‍ക്കുന്നു. റാമാ നടുങ്ങുന്നു. ശൗലിന്‍റെ പട്ടണമായ ഗിബെയായിലെ ജനം പലായനം ചെയ്യുന്നു.
30 ഗല്ലീംനിവാസികളേ, ഉറക്കെ നിലവിളിക്കുവിന്‍; ലയേശേ, ശ്രദ്ധിക്കുക; അനാഥോത്തേ, മറുപടി പറയുക.
31 മദ്മേനാ പലായനം ചെയ്യുന്നു. ഗബീംനിവാസികള്‍ രക്ഷ തേടി ഓടുന്നു.
32 ഇന്നുതന്നെ ശത്രു നോബില്‍ നിലയുറപ്പിച്ചുകൊണ്ടു സീയോന്‍പുത്രിയുടെ നേരെ, യെരൂശലേംകുന്നിന്‍റെ നേരെ, മുഷ്‍ടി ചുരുട്ടും.
33
ഇതാ, സര്‍വശക്തനായ സര്‍വേശ്വരന്‍ ഉഗ്രശക്തിയോടെ വൃക്ഷശാഖകള്‍ മുറിച്ചുതള്ളും. ഉയര്‍ന്ന വൃക്ഷങ്ങള്‍ വെട്ടിവീഴ്ത്തും. ഉയര്‍ന്നവയെ നിലം പതിപ്പിക്കും.34 നിബിഡവനം അവിടുന്നു കോടാലികൊണ്ടു വെട്ടിത്തെളിക്കും. ലെബാനോന്‍ വന്‍മരങ്ങളോടുകൂടി നിലംപതിക്കും.
1
വൃക്ഷത്തിന്‍റെ കുറ്റിയില്‍നിന്നു പൊട്ടി കിളിര്‍ക്കുന്ന നാമ്പുപോലെയും അതിന്‍റെ വേരില്‍നിന്നു മുളയ്‍ക്കുന്ന ശാഖപോലെയും ദാവീദിന്‍റെ വംശത്തില്‍നിന്ന് ഒരു രാജാവ് ഉയര്‍ന്നുവരും.2 സര്‍വേശ്വരന്‍റെ ആത്മാവ് അവന്‍റെമേല്‍ ആവസിക്കും; ജ്ഞാനത്തിന്‍റെയും വിവേകത്തിന്‍റെയും ആത്മാവ്; ആലോചനയുടെയും ശക്തിയുടെയും ആത്മാവ്; അറിവിന്‍റെയും ദൈവഭക്തിയുടെയും ആത്മാവ്;
3
ദൈവഭക്തിയില്‍ അവന്‍ ആനന്ദംകൊള്ളും. അവന്‍ കണ്ണുകൊണ്ടു കാണുന്നതനുസരിച്ചു വിധിക്കുകയോ ചെവികൊണ്ടു കേള്‍ക്കുന്നതനുസരിച്ചു തീരുമാനിക്കുകയോ ചെയ്യുകയില്ല.4 അവന്‍ ദരിദ്രര്‍ക്കു ധര്‍മനിഷ്ഠയോടും എളിയവര്‍ക്കു നീതിബോധത്തോടുംകൂടി വിധി കല്പിക്കുന്നു. അവന്‍ തന്‍റെ ആജ്ഞകൊണ്ടു മനുഷ്യരെ ശിക്ഷിക്കും. അധരചലനംകൊണ്ടു ദുഷ്ടരെ നിഗ്രഹിക്കും.
5 നീതികൊണ്ടും വിശ്വസ്തതകൊണ്ടും അവന്‍ അര മുറുക്കും.
6
അന്നു ചെന്നായ് ആട്ടിന്‍കുട്ടിയുടെ കൂടെ വസിക്കും. പുള്ളിപ്പുലി കോലാട്ടിന്‍കുട്ടിയുടെകൂടെ കിടക്കും. സിംഹക്കുട്ടിയും പശുക്കിടാവും കൊഴുത്ത മൃഗവും ഒരുമിച്ചു പാര്‍ക്കും. ഒരു കൊച്ചുകുട്ടി അവയെ നയിക്കും.7 പശു കരടിയോടൊത്തു മേയും. അവയുടെ കുട്ടികള്‍ ഒരുമിച്ചു കിടക്കും. സിംഹം കാളയെപ്പോലെ വയ്‍ക്കോല്‍ തിന്നും. പിഞ്ചുപൈതല്‍ സര്‍പ്പപ്പൊത്തിനു മുകളില്‍ കളിക്കും.
8 മുലകുടി മാറിയ ശിശു അണലിയുടെ മാളത്തില്‍ കൈ ഇടും. ദൈവത്തിന്‍റെ വിശുദ്ധപര്‍വതമായ സീയോനില്‍ ആരും നാശമോ ദ്രോഹമോ വരുത്തുകയില്ല.
9 സമുദ്രം വെള്ളം കൊണ്ടെന്നപോലെ ഭൂമി സര്‍വേശ്വരനെക്കുറിച്ചുള്ള ജ്ഞാനംകൊണ്ടു നിറഞ്ഞിരിക്കുന്നു.
10
അന്നു ദാവീദിന്‍റെ വംശത്തിലെ രാജാവ് ജനങ്ങള്‍ക്ക് ഒരടയാളമായിരിക്കും. വിജാതീയര്‍ അദ്ദേഹത്തെ അന്വേഷിച്ചുവരും. അദ്ദേഹത്തിന്‍റെ പാര്‍പ്പിടം തേജസ്സുറ്റതായിരിക്കും.11 സര്‍വേശ്വരന്‍ തന്‍റെ ജനത്തില്‍ ശേഷിച്ചവരെ അന്ന് അസ്സീറിയ, ഈജിപ്ത്, പത്രോസ്, എത്യോപ്യ, ഏലാം, ശീനാര്‍, ഹാമാത്ത്, കടല്‍ത്തീരദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്നു തിരിച്ചു കൊണ്ടുവരാന്‍ തന്‍റെ ശക്തി വീണ്ടും പ്രയോഗിക്കും.
12 അവിടുന്നു വിജാതീയരെ ഒരുമിച്ചു കൂട്ടാന്‍ ഒരു കൊടിയടയാളം ഉയര്‍ത്തും. ഇസ്രായേലില്‍നിന്നു ഭ്രഷ്ടരായവരെയും യെഹൂദ്യയില്‍നിന്നു ചിതറിപ്പോയവരെയും ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നു കൂട്ടിവരുത്തും.
13 എഫ്രയീമിന്‍റെ അസൂയ നീങ്ങിപ്പോകും. യെഹൂദായെ ശല്യപ്പെടുത്തുന്നവര്‍ നിശ്ശേഷം നശിപ്പിക്കപ്പെടും. യെഹൂദാ ഇനിയും എഫ്രയീമിന്‍റെ ശത്രുവായിരിക്കുകയില്ല.
14 അവര്‍ പടിഞ്ഞാറുള്ള ഫെലിസ്ത്യരുടെമേല്‍ ചാടിവീഴുകയും ഒരുമിച്ച് കിഴക്കുള്ള ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്യും. എദോമും മോവാബും അവരുടെ ആക്രമണത്തിനിരയാകും.
15 അമ്മോന്യര്‍ അവര്‍ക്കു കീഴടങ്ങും. ഈജിപ്തിന്‍റെ കടലിടുക്ക് സര്‍വേശ്വരന്‍ നിശ്ശേഷം നശിപ്പിക്കും. അവിടുന്ന് ഉഷ്ണക്കാറ്റ് നദിയുടെമേല്‍ വീശുമാറാക്കും. അപ്പോള്‍ ചെരുപ്പു നനയാതെ കടക്കത്തക്കവിധം നദി ഏഴു കൈത്തോടുകളായി പിരിയും.
16 ഇസ്രായേല്യര്‍ക്ക് ഈജിപ്തില്‍നിന്നു പുറപ്പെട്ടപ്പോള്‍ ഉണ്ടായതുപോലെയുള്ള ഒരു രാജപാത അസ്സീറിയയില്‍ അവശേഷിക്കുന്ന സര്‍വേശ്വരന്‍റെ ജനത്തിന് അപ്പോഴുണ്ടാകും.
1
അന്നു നീ പറയും: “സര്‍വേശ്വരാ, ഞാന്‍ അങ്ങേക്കു നന്ദി പറയുന്നു; അവിടുന്ന് എന്നോടു കോപിച്ചെങ്കിലും ഇപ്പോള്‍ അവിടുത്തെ കോപം ശമിക്കുകയും അവിടുന്ന് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തുവല്ലോ.2 ഇതാ, ദൈവമാണ് എന്‍റെ രക്ഷ! അവിടുത്തെ ഞാന്‍ ആശ്രയിക്കും. ഞാന്‍ ഭയപ്പെടുകയില്ല; കാരണം, ദൈവമായ സര്‍വേശ്വരന്‍ എന്‍റെ ബലവും എന്‍റെ ഗാനവുമാണ്. അവിടുന്ന് എന്‍റെ രക്ഷയായിരിക്കുന്നു.
3
നീ ആനന്ദത്തോടെ രക്ഷയുടെ കിണറ്റില്‍നിന്ന് വെള്ളം കോരി എടുക്കും.”4 അന്നു നീ പറയും: “സര്‍വേശ്വരനു നന്ദി പറയുവിന്‍, അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍, അവിടുത്തെ പ്രവൃത്തികള്‍ വിജാതീയരുടെ ഇടയില്‍ ഘോഷിക്കുവിന്‍. അവിടുത്തെ നാമം മഹത്ത്വമേറിയത് എന്നു പ്രഖ്യാപിക്കുവിന്‍.”
5 സര്‍വേശ്വരനു സ്തോത്രഗാനം പാടുവിന്‍, അവിടുത്തെ മഹത്ത്വമേറിയ പ്രവൃത്തികള്‍ ഭൂമിയിലെല്ലാടവും പ്രസിദ്ധമായിത്തീരട്ടെ.
6 സീയോന്‍നിവാസികളേ, നിങ്ങള്‍ ഉച്ചത്തില്‍ ആര്‍ത്തുഘോഷിക്കുവിന്‍, ഇസ്രായേലിന്‍റെ പരിശുദ്ധന്‍ മഹത്ത്വമുള്ളവന്‍, അവിടുന്നു നിങ്ങളുടെ മധ്യേ വാഴുന്നു.
1
ആമോസിന്‍റെ മകനായ യെശയ്യായ്‍ക്കു ബാബിലോണിനെക്കുറിച്ചു ലഭിച്ച അരുളപ്പാട്:2 മൊട്ടക്കുന്നിന്‍റെ മുകളില്‍ യുദ്ധത്തിന്‍റെ കൊടി ഉയര്‍ത്തുവിന്‍, അവരെ ഉറക്കെ വിളിക്കുവിന്‍,
3 പ്രഭുക്കന്മാരുടെ ഗോപുരങ്ങള്‍ക്കുള്ളില്‍ പ്രവേശിക്കാന്‍ കൈവീശി അവര്‍ക്കു അടയാളം കാണിക്കുവിന്‍. എന്‍റെ വിശുദ്ധഭടന്മാര്‍ക്കു ഞാന്‍ ആജ്ഞ നല്‌കിക്കഴിഞ്ഞു. എന്‍റെ കോപം പ്രവൃത്തിയില്‍ വരുത്താന്‍ എന്‍റെ വിശ്വസ്തരായ വീരപോരാളികളെ ഞാന്‍ നിയോഗിച്ചിരിക്കുന്നു.
4 അതാ, പര്‍വതങ്ങള്‍ക്കു മുകളില്‍ വലിയ പുരുഷാരത്തിന്‍റെ ആരവം! രാജ്യങ്ങളും ജനതകളും ഒരുമിച്ചു ചേരുന്ന ശബ്ദകോലാഹലം! സര്‍വശക്തനായ സര്‍വേശ്വരന്‍ യുദ്ധത്തിനുവേണ്ടി സൈന്യത്തെ അണിനിരത്തുന്നു.
5 അവിടുന്നു അവിടുത്തെ കോപത്തിന്‍റെ ആയുധങ്ങളും വിദൂരസ്ഥലത്തുനിന്നു ചക്രവാളസീമയില്‍ നിന്നു ഭൂമി ആകമാനം നശിപ്പിക്കാന്‍ എത്തിച്ചേരുന്നു.
6
വിലപിക്കുവിന്‍, സര്‍വേശ്വരന്‍റെ ദിവസം സമീപിച്ചിരിക്കുന്നു. സര്‍വശക്തനില്‍ നിന്നുള്ള വിനാശംപോലെ അതു വരും.7 അതിനാല്‍ എല്ലാ കരങ്ങളും തളരും. എല്ലാവരുടെയും ഹൃദയം ഉരുകും. അവര്‍ പരിഭ്രമിക്കും.
8 അവര്‍ക്കു യാതന ഉണ്ടാകും, പ്രസവവേദന പോലെയുള്ള തീവ്രവേദന. അവര്‍ അമ്പരന്ന് അന്യോന്യം നോക്കും. അവരുടെ മുഖങ്ങള്‍ ജ്വലിക്കും.
9
ദേശത്തെ ശൂന്യമാക്കാനും പാപികളെ സമൂലം നശിപ്പിക്കാനും സര്‍വേശ്വരന്‍റെ ദിവസം വരുന്നു. ഉഗ്രകോപം കൊണ്ടു ക്രൂരവും അമര്‍ഷംകൊണ്ടു ഭീകരവുമായ ദിവസം!10 അന്ന് ആകാശമണ്ഡലത്തിലെ നക്ഷത്രങ്ങളും നക്ഷത്രസമൂഹങ്ങളും പ്രകാശിക്കുകയില്ല. ഉദിക്കുമ്പോള്‍ത്തന്നെ സൂര്യന്‍ ഇരുണ്ടുപോകും. ചന്ദ്രന്‍ പ്രകാശം ചൊരിയുകയില്ല.
11 ദുഷ്ടത നിമിത്തം ലോകത്തെയും അകൃത്യംനിമിത്തം ദുര്‍ജനത്തെയും ഞാന്‍ ശിക്ഷിക്കും. അഹങ്കാരികളുടെ ഗര്‍വം ഞാന്‍ അവസാനിപ്പിക്കും. നിര്‍ദയരുടെ അഹന്ത ഞാനമര്‍ത്തും.
12 മനുഷ്യര്‍ സ്വര്‍ണത്തെക്കാളും മനുഷ്യവര്‍ഗം ഓഫീര്‍തങ്കത്തെക്കാളും അപൂര്‍വമായിത്തീരും.
13 സര്‍വശക്തനായ സര്‍വേശ്വരന്‍റെ ക്രോധത്തിന്‍റെ നാളില്‍ അവിടുത്തെ രോഷത്താല്‍ ആകാശം നടുങ്ങും; ഭൂമി സ്വസ്ഥാനത്തുനിന്ന് ഇളകും.
14 നായാട്ടുകാരന്‍റെ പിടിവിട്ട് ഓടി രക്ഷപെടുന്ന മാന്‍കിടാവിനെപ്പോലെയും ഇടയനില്ലാത്ത ആടുകളെപ്പോലെയും ഓരോ മനുഷ്യനും സ്വന്ത ജനത്തിന്‍റെ അടുക്കലേക്കു തിരിഞ്ഞു സ്വന്തം ദേശത്തേക്ക് ഓടിപ്പോകും.
15 കണ്ണില്‍ കാണുന്നവരെയെല്ലാം കുത്തിക്കൊല്ലും; പിടിക്കപ്പെടുന്നവരെല്ലാം വാളിനിരയാകും.
16 അവരുടെ കണ്‍മുമ്പില്‍വച്ച് അവരുടെ ശിശുക്കളെ നിലത്തടിച്ചു ചിതറിക്കും. അവരുടെ വീടുകള്‍ കൊള്ളയടിക്കപ്പെടും. അവരുടെ ഭാര്യമാര്‍ അപമാനിതരാകും.
17 മേദ്യരെ ഞാന്‍ അവര്‍ക്കെതിരെ ഇളക്കിവിടും. പൊന്നും വെള്ളിയുംകൊണ്ട് അവര്‍ വശീകരിക്കപ്പെടുകയില്ല.
18 അവരുടെ അമ്പും വില്ലും യുവാക്കളെ തകര്‍ത്തുകളയും. ഗര്‍ഭസ്ഥശിശുക്കളോട് അവര്‍ കരുണ കാണിക്കുകയില്ല. കുട്ടികളോട് അവര്‍ക്കു കനിവു തോന്നുകയുമില്ല.
19 രാജ്യങ്ങളുടെ മഹത്ത്വവും ബാബിലോണ്യരുടെ പ്രതാപത്തിനും അഭിമാനത്തിനും പാത്രവുമായ ബാബിലോണിനെ, സൊദോമിനെയും ഗൊമോറായെയുംപോലെ ദൈവം നശിപ്പിക്കും.
20 അവിടെ പിന്നീട് ഒരിക്കലും ജനവാസം ഉണ്ടാകുകയില്ല. തലമുറകളോളം അതു ശൂന്യമായി കിടക്കും. ഒരു അറബിയും അവിടെ കൂടാരം അടിക്കുകയില്ല. ഒരു ഇടയനും തന്‍റെ ആട്ടിന്‍കൂട്ടത്തെ അവിടെ കിടത്തുകയില്ല.
21 വന്യമൃഗങ്ങള്‍ അവിടെ കുടിപാര്‍ക്കും. വീടുകളില്‍ മൂങ്ങകള്‍ നിറയും. അത് ഒട്ടകപ്പക്ഷികളുടെ താവളമാകും. ഭൂതങ്ങള്‍ അവിടെ കൂത്താടും. ഗോപുരങ്ങളില്‍ കഴുതപ്പുലികള്‍ കരഞ്ഞു നടക്കും.
22 രമ്യഹര്‍മ്യങ്ങളില്‍ കുറുനരികള്‍ ഓലിയിടും. അതിനുള്ള സമയം ആസന്നമായിരിക്കുന്നു. ആ ദിനങ്ങള്‍ നീണ്ടു പോകുകയുമില്ല.
1
സര്‍വേശ്വരന് ഇസ്രായേലിനോടു കരുണയുണ്ടാകും, അവിടുന്ന് അവരെ വീണ്ടും തിരഞ്ഞെടുത്ത് സ്വദേശത്തു പാര്‍പ്പിക്കും. പരദേശികള്‍ അവരോടു ചേരും. അവര്‍ ഇസ്രായേല്‍ഭവനത്തില്‍ ലയിക്കും.2 ജനതകള്‍ ഇസ്രായേലിനെ സ്വീകരിച്ച് അവരുടെ ദേശത്തേക്ക് ആനയിക്കും. വിജാതീയര്‍ സര്‍വേശ്വരന്‍റെ ദേശത്ത് ഇസ്രായേലിന്‍റെ ദാസീദാസന്മാരായിത്തീരും. തങ്ങളെ അടിമകളാക്കിയവരെ അവര്‍ അടിമകളാക്കും. തങ്ങളെ പീഡിപ്പിച്ചവരെ അവര്‍ ഭരിക്കും.
3
കഷ്ടതകളില്‍നിന്നും വേദനകളില്‍നിന്നും നിര്‍ബന്ധപൂര്‍വം ചെയ്യേണ്ടിവന്ന കഠിനാധ്വാനങ്ങളില്‍നിന്നും സര്‍വേശ്വരന്‍ നിങ്ങള്‍ക്കു സ്വസ്ഥത നല്‌കുമ്പോള്‍4 ബാബിലോണ്‍രാജാവിനെക്കുറിച്ച് ഈ പരിഹാസഗാനം പാടുക: മര്‍ദകന്‍ എങ്ങനെ ഇല്ലാതായി! ഗര്‍വം എങ്ങനെ നിലച്ചു.
5 സര്‍വേശ്വരന്‍ ദുര്‍ജനത്തിന്‍റെ ദണ്ഡും ഭരണാധികാരികളുടെ ചെങ്കോലും ഒടിച്ചുകളഞ്ഞു.
6 അവന്‍ ജനങ്ങളെ നിരന്തരം പ്രഹരിക്കുകയും നിര്‍ദയം പീഡിപ്പിച്ചു ഭരിക്കുകയും ചെയ്തിരുന്നല്ലോ.
7 സര്‍വലോകവും സ്വസ്ഥവും ശാന്തവുമായിരിക്കുന്നു. എല്ലാവരും ആനന്ദഗീതം പാടുന്നു.
8 ലെബാനോനിലെ ദേവദാരുമരങ്ങളും സരളവൃക്ഷങ്ങളും നിന്നെക്കുറിച്ച് ആഹ്ലാദിച്ചു പറയുന്നു:
9 “നീ വീണു കിടക്കുന്നതിനാല്‍ ഒരു മരംവെട്ടുകാരനും ഞങ്ങള്‍ക്കെതിരെ വരുന്നില്ല. നിന്നെ എതിരേല്‌ക്കാന്‍ അധോലോകം ഇളകിയിരിക്കുന്നു. ഭൂപാലകരായിരുന്ന എല്ലാവരുടെയും പ്രേതങ്ങളെ അത് ഉണര്‍ത്തും. ജനതകളുടെ രാജാക്കന്മാരെ അവരുടെ സിംഹാസനങ്ങളില്‍നിന്ന് അത് എഴുന്നേല്പിക്കും.
10 അവരൊക്കെയും ഞങ്ങളെപ്പോലെ ദുര്‍ബലരായിത്തീര്‍ന്നല്ലോ, നീയും ഞങ്ങള്‍ക്കു തുല്യരായിത്തീര്‍ന്നുവോ എന്നു പറയും.
11 നിന്‍റെ പ്രതാപവും വീണയുടെ നാദവും അധോലോകത്തിലേക്കു താഴ്ത്തപ്പെട്ടിരിക്കുന്നു. പുഴുക്കളാണ് നിന്‍റെ കിടക്ക. കൃമികളാണ് നിന്‍റെ പുതപ്പ്.
12
ഉഷസ്സിന്‍റെ പുത്രനായ പ്രഭാതനക്ഷത്രമേ, നീ എങ്ങനെ താഴെ വീണു! ജനതകളെ കീഴടക്കിയ നീ എങ്ങനെ വെട്ടേറ്റു നിലംപതിച്ചു?”13 “ഞാന്‍ ആകാശമണ്ഡലത്തിലേക്കു കയറും, അത്യുന്നത നക്ഷത്രങ്ങള്‍ക്കു മീതെ എന്‍റെ സിംഹാസനം സ്ഥാപിക്കും. അന്നു വടക്കേ അറ്റത്തുള്ള സമ്മേളനപര്‍വതത്തില്‍ ഞാന്‍ ഉപവിഷ്ടനാകും.
14 ഞാന്‍ മേഘങ്ങള്‍ക്കു മീതെ കയറും. ഞാന്‍ അത്യുന്നതനെപ്പോലെ ആയിത്തീരും.”
15 എന്നാല്‍ നീ അധോലോകത്തിന്‍റെ അഗാധഗര്‍ത്തത്തിലേക്കു താഴ്ത്തപ്പെട്ടിരിക്കുന്നു.
16 നിന്നെ കാണുന്നവര്‍ തുറിച്ചുനോക്കും. അവര്‍ ഇങ്ങനെ ആത്മഗതം ചെയ്യും: “ഭൂമിയെ പ്രകമ്പനം കൊള്ളിച്ചത് ഇവനല്ലേ?
17 രാജ്യങ്ങളെ കിടുകിടെ വിറപ്പിച്ചതും ഭൂതലത്തെ മരുഭൂമിയാക്കിയതും നഗരങ്ങളെ കീഴ്മേല്‍ മറിച്ചതും തടവുകാരെ വിട്ടയയ്‍ക്കാതിരുന്നതും ഇയാള്‍ തന്നെയല്ലേ?
18 ജനതകളുടെ രാജാക്കന്മാര്‍ അവരുടെ മനോഹരങ്ങളായ ശവകുടീരങ്ങളില്‍ വിശ്രമിക്കുന്നു.
19 നീയാകട്ടെ നിന്‍റെ ശവകുടീരത്തില്‍നിന്നു ചവുട്ടിമെതിക്കപ്പെട്ട മുള എന്നപോലെ പറിച്ചെറിയപ്പെടും. വാളിനാല്‍ വധിക്കപ്പെട്ട് അധോലോകത്തിലെ അഗാധതയിലുള്ള ശിലകള്‍ക്കിടയിലേക്കു താഴ്ത്തപ്പെട്ടവരാല്‍ ആവൃതനായ നീ ചവുട്ടിമെതിക്കപ്പെട്ട മൃതദേഹംപോലെ ആയിരിക്കുന്നു.
20 നിന്‍റെ ദേശത്തെ നശിപ്പിക്കുകയും സ്വജനത്തെ കൊന്നൊടുക്കുകയും ചെയ്തതിനാല്‍ നീ മറ്റുള്ളവരെപ്പോലെ സംസ്കരിക്കപ്പെടുകയില്ല. ദുര്‍വൃത്തരുടെ സന്താനപരമ്പരകളുടെ പേരു നിലനില്‌ക്കാതിരിക്കട്ടെ.
21 അയാളുടെ പുത്രന്മാരെ അവരുടെ പിതാക്കന്മാരുടെ അധര്‍മം നിമിത്തം വധിക്കാനൊരുങ്ങുക. അല്ലെങ്കില്‍ അവര്‍ ഭൂതലം കൈയടക്കി അതിനെ നഗരങ്ങള്‍കൊണ്ടു നിറയ്‍ക്കും.
22
“ഞാന്‍ അവര്‍ക്ക് എതിരെ എഴുന്നേല്‌ക്കും” എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ബാബിലോണില്‍നിന്ന് അതിന്‍റെ നാമത്തെയും അവിടെ അവശേഷിക്കുന്നവരെയും അവരുടെ സന്താനപരമ്പരകളെയും സമൂലം തുടച്ചുനീക്കും. ആരും അവശേഷിക്കുകയില്ല! എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.23 “ഞാന്‍ അതിനെ മുള്ളന്‍പന്നിയുടെ വാസസ്ഥലവും നീര്‍പ്പൊയ്കകളും ആക്കും. വിനാശത്തിന്‍റെ ചൂലുകൊണ്ട് ഞാനതിനെ അടിച്ചുവാരും” എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.
24
ഞാന്‍ തീരുമാനിച്ചതുപോലെ സംഭവിക്കും; ഞാനുദ്ദേശിച്ചതുപോലെ അതു നിറവേറും എന്നിങ്ങനെ സര്‍വശക്തനായ സര്‍വേശ്വരന്‍ ശപഥം ചെയ്തിരിക്കുന്നു.25 എന്‍റെ ദേശത്തുവച്ച് അസ്സീറിയായെ ഞാന്‍ തകര്‍ക്കും. എന്‍റെ പര്‍വതങ്ങളുടെ മുകളില്‍വച്ച് അവരെ ചവുട്ടിമെതിക്കും. അങ്ങനെ അവരുടെ നുകത്തില്‍നിന്ന് എന്‍റെ ജനത്തെ സ്വതന്ത്രമാക്കും. അവര്‍ ചുമട് തലയില്‍നിന്നു നീക്കുകയും ചെയ്യും.
26 സര്‍വലോകത്തെയും സംബന്ധിച്ചുള്ള എന്‍റെ നിശ്ചയമാണിത്. സര്‍വജനതകളെയും ശിക്ഷിക്കാന്‍ എന്‍റെ കൈ നീട്ടിയിരിക്കുന്നു.
27 സര്‍വശക്തനായ സര്‍വേശ്വരന്‍ തീരുമാനിച്ചിരിക്കുന്നു, ആരാണ് അതിനെ അസാധുവാക്കുക? അവിടുത്തെ കൈ നീട്ടിയിരിക്കുന്നു. ആരാണതിനെ പിന്തിരിപ്പിക്കുക.
28
ആഹാസ് രാജാവ് മരിച്ച ആണ്ടില്‍ ഈ ദര്‍ശനം ഉണ്ടായി.29 ഫെലിസ്ത്യദേശമേ, നിന്നെ അടിച്ച വടി ഒടിഞ്ഞുപോയതിനാല്‍ നീ ആഹ്ലാദിക്കേണ്ടാ. പാമ്പില്‍നിന്നു വിഷസര്‍പ്പവും അതില്‍നിന്നു പറക്കുന്ന അഗ്നിസര്‍പ്പവും പുറത്തുവരും.
30 അവിടുന്നു തന്‍റെ ജനത്തില്‍ ദരിദ്രരായവരുടെ ആദ്യജാതന്മാരെ പോറ്റിപ്പുലര്‍ത്തും. എളിയവര്‍ സുരക്ഷിതരായി പാര്‍ക്കും. എന്നാല്‍ ഫെലിസ്ത്യദേശമേ, ക്ഷാമംകൊണ്ട് ഞാന്‍ നിന്നെ നിര്‍മൂലമാക്കും. നിന്നില്‍ അവശേഷിക്കുന്നവരെ ഞാന്‍ വധിക്കും.
31 ഗോപുരങ്ങളേ, വിലപിക്കൂ! നഗരങ്ങളേ, നിലവിളിക്കൂ, ഫെലിസ്ത്യരേ, നിങ്ങള്‍ ഭയംകൊണ്ട് ഉരുകുവിന്‍; വടക്കുനിന്ന് ഒരു പുക പടലം വരുന്നു. അണിമുറിയാത്ത ഒരു സൈന്യം!
32 ആ ജനതയുടെ സന്ദേശവാഹകര്‍ക്ക് ലഭിക്കുന്ന മറുപടി എന്താണ്? സര്‍വേശ്വരന്‍ സീയോന്‍റെ അടിത്തറ ഉറപ്പിച്ചിരിക്കുന്നു. ദുരിതമനുഭവിക്കുന്ന ജനം അവിടെ അഭയം കണ്ടെത്തും.
1
മോവാബിനെക്കുറിച്ചുള്ള അരുളപ്പാട്; മോവാബിലെ ‘ആര്‍’ പട്ടണവും ‘കീര്‍’ പട്ടണവും ഒരൊറ്റ രാത്രികൊണ്ടു നശിച്ചു നിര്‍ജനമായിത്തീര്‍ന്നിരിക്കുന്നു.2 അതിനാല്‍ മോവാബ് ഇല്ലാതായിരിക്കുന്നു. ദീബോനിലെ ജനം ദുഃഖാചരണത്തിനു പൂജാഗിരികളിലേക്കു കയറിപ്പോയിരിക്കുന്നു. നെബോവിനെയും മെദേബായെയുംകുറിച്ചു മോവാബ് വിലപിക്കുന്നു. എല്ലാവരും തല മുണ്ഡനം ചെയ്തു താടി കത്രിച്ചു.
3 അവര്‍ വീഥികളില്‍ ചാക്കുതുണി ധരിച്ചുനടക്കുന്നു. എല്ലാവരും കണ്ണീരും കൈയുമായി മട്ടുപ്പാവുകളിലും പൊതുസ്ഥലങ്ങളിലും കഴിയുന്നു.
4 ഹെശ്ബോനിലെയും എലെയായിലെയും ജനങ്ങള്‍ നിലവിളിക്കുന്നു. അവരുടെ രോദനം യഹസ്‍വരെ എത്തിയിരിക്കുന്നു. സായുധരായ മോവാബ്യര്‍പോലും ഉറക്കെ നിലവിളിക്കുന്നു. മോവാബിന്‍റെ ഹൃദയം നടുങ്ങുന്നു.
5 എന്‍റെ ഹൃദയം മോവാബിനെച്ചൊല്ലി വിലപിക്കുന്നു. അവിടത്തെ ജനം അഭയാര്‍ഥികളായി സോവാരിലേക്കും എഗ്ലത്ത്-സെലീഷ്യായിലേക്കും ഓടിപ്പോകുന്നു. അവര്‍ കരഞ്ഞുകൊണ്ടു ലുഹീത്തു കയറ്റത്തില്‍ കയറുന്നു. ഹൊരാനയീമിലേക്കുള്ള വഴിയില്‍ അവര്‍ വിനാശത്തിന്‍റെ മുറവിളി ഉയര്‍ത്തുന്നു.
6 നിമ്രീമിലെ ജലാശയങ്ങള്‍ വരണ്ടുപോയിരിക്കുന്നു. പുല്ലുണങ്ങി ഇളനാമ്പുകള്‍ പൊടിക്കുന്നില്ല. പച്ചനിറം കാണാനേയില്ല.
7 സര്‍വസമ്പത്തും നിക്ഷേപങ്ങളും എടുത്തുകൊണ്ട് അവര്‍ അലരിച്ചെടികള്‍ വളരുന്ന അരുവിക്കരകള്‍ കടന്നുപോകും. മോവാബിലുടനീളം രോദനശബ്ദം വ്യാപരിച്ചിരിക്കുന്നു.
8 ആ വിലാപശബ്ദം എഗ്ലയീമും ബേര്‍-എലീമുംവരെ എത്തിയിരിക്കുന്നു.
9 ദീബോനിലെ ജലാശയങ്ങള്‍ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു. എങ്കിലും ദീബോന്‍റെമേല്‍ ഇതിലധികം ഞാന്‍ വരുത്തും. മോവാബില്‍നിന്ന് ഓടിപ്പോയവരുടെയും അവിടെ ശേഷിക്കുന്നവരുടെയുംമേല്‍ ഒരു സിംഹത്തെ ഞാന്‍ അയയ്‍ക്കും.
1
മോവാബിലെ ജനങ്ങള്‍ സേലായില്‍നിന്നു യെരൂശലേമിന്‍റെ ദേശാധിപതിക്കു സമ്മാനമായി ആട്ടിന്‍കുട്ടികളെ മരുഭൂമി വഴി സീയോന്‍പുത്രിയുടെ മലയിലേക്കു കൊടുത്തയയ്‍ക്കട്ടെ.2 മോവാബിലെ ജനം അര്‍ന്നോന്‍നദിയുടെ പടവുകളില്‍ കൂടുവിട്ടലയുന്ന കിളിക്കുഞ്ഞുങ്ങളെപ്പോലെയും ചിറകടിക്കുന്ന പക്ഷികളെപ്പോലെയും ആയിരിക്കും.
3 ഞങ്ങളെ ഉപദേശിക്കുക; ഞങ്ങള്‍ക്ക് നീതി നടത്തിത്തരിക; നട്ടുച്ചയ്‍ക്കു ഞങ്ങള്‍ക്കു രാത്രിപോലെയുള്ള തണലേകുക.
4 മോവാബിലെ ഭൃഷ്ടര്‍ നിങ്ങളുടെകൂടെ വസിക്കട്ടെ. അഭയാര്‍ഥികള്‍ക്കു നിങ്ങള്‍ രക്ഷാസങ്കേതം നല്‌കുക. അവര്‍ക്കു നാശം നേരിടാതെ നിങ്ങള്‍ അഭയം നല്‌കുക. മര്‍ദകന്‍ ഇല്ലാതാകുകയും സംഹാരം അവസാനിക്കുകയും അക്രമികള്‍ ദേശത്തുനിന്ന് അപ്രത്യക്ഷമാകുകയും ചെയ്യുമ്പോള്‍,
5 സുസ്ഥിരമായ സ്നേഹത്തിന്മേല്‍ ഒരു സിംഹാസനം സ്ഥാപിതമാകും. അതില്‍ ദാവീദ്‍വംശജനായ ഒരു രാജാവ് ഇരുന്നു ന്യായംപാലിക്കുകയും ചുറുചുറുക്കോടെ നീതിനടത്തുകയും ചെയ്യും. ഞങ്ങള്‍ മോവാബിന്‍റെ ഗര്‍വത്തെപ്പറ്റി കേട്ടിട്ടുണ്ട്.
6
അവരുടെ അഹങ്കാരത്തെയും ധാര്‍ഷ്ഠ്യത്തെയും ധിക്കാരത്തെയും കുറിച്ചു ഞങ്ങള്‍ക്കറിയാം. അവരുടെ ആത്മപ്രശംസ അര്‍ഥശൂന്യം.7 അതുകൊണ്ടു മോവാബു വിലപിക്കട്ടെ. എല്ലാവരും മോവാബിനുവേണ്ടി നിലവിളിക്കട്ടെ. കീര്‍ഹരേശേത്തിലെ മുന്തിരിയടകളെക്കുറിച്ചോര്‍ത്ത് അവര്‍ കരയട്ടെ.
8
ഹെശ്ബോനിലെ വയലുകളും ശിബ്മായിലെ മുന്തിരിത്തോട്ടങ്ങളും വാടിക്കരിയുന്നു. യാസേര്‍വരെ നീണ്ടു മരുഭൂമിവരെ വ്യാപിച്ചിരുന്ന അവിടത്തെ മുന്തിരിവള്ളികളുടെ ശാഖകളും തലപ്പുകളും വിജാതീയരാജാക്കന്മാര്‍ ഒടിച്ചുകളഞ്ഞു. അതിന്‍റെ ശാഖകള്‍ കടലിനക്കരെവരെയും എത്തിയിരുന്നു.9 അതുകൊണ്ട് ഞാന്‍ യാസേറിനോടൊത്ത് ശിബ്മായിലെ മുന്തിരിയെച്ചൊല്ലി കരയും. ഹെശ്ബോനേ, എലയാലേ, നിങ്ങള്‍ എന്‍റെ കണ്ണുനീരില്‍ കുതിരും, നിങ്ങളുടെ കനികള്‍ക്കും വിളവെടുപ്പിനും നേരെ പോര്‍വിളി മുഴങ്ങുന്നു.
10 ഫലസമൃദ്ധമായ തോട്ടത്തില്‍ ആര്‍പ്പുവിളിയും ആഹ്ലാദവും ഇല്ലാതായിരിക്കുന്നു. മുന്തിരിത്തോട്ടത്തില്‍ പാട്ടുകേള്‍ക്കുന്നില്ല. മുന്തിരിച്ചക്കു ചവുട്ടുന്നവര്‍ വീഞ്ഞ് ഉത്പാദിപ്പിക്കുന്നില്ല. മുന്തിരി വിളവെടുപ്പിന്‍റെ ആര്‍പ്പുവിളി കേള്‍ക്കുന്നില്ല.
11 അതുകൊണ്ട്, മോവാബിനെക്കുറിച്ച് എന്‍റെ അന്തരംഗവും കീര്‍ഹശിനെക്കുറിച്ച് എന്‍റെ ഹൃദയവും കിന്നരംപോലെ വിലാപനാദം ഉയര്‍ത്തും.
12 മോവാബ്യര്‍ പാടുപെട്ട് പൂജാഗിരിയില്‍ ചെന്നു പ്രാര്‍ഥിച്ചാലും ഫലം ഉണ്ടാകുകയില്ല.
13
ഇതാകുന്നു മോവാബിനെക്കുറിച്ചു സര്‍വേശ്വരന്‍ പണ്ടുതന്നെ അരുളിച്ചെയ്ത വചനം.14 എന്നാല്‍ ഇപ്പോള്‍ അവിടുന്ന് അരുളിച്ചെയ്യുന്നു: കൂലിക്കാരന്‍ കണക്കാക്കുന്നതുപോലെ മൂന്നുവര്‍ഷത്തിനകം സംഖ്യാബലമുണ്ടെങ്കിലും മോവാബിന്‍റെ പ്രതാപം നിശ്ചയമായും അസ്തമിക്കും. ദുര്‍ബലരായ ഒരു ചെറിയ കൂട്ടം മാത്രമേ അവശേഷിക്കൂ.
1
ദമാസ്കസിനെക്കുറിച്ചുള്ള ദൈവത്തിന്‍റെ അരുളപ്പാട്: ദമാസ്കസ് ഇനിമേല്‍ ഒരു പട്ടണമായിരിക്കുകയില്ല. അതു ശൂന്യാവശിഷ്ടങ്ങളുടെ ഒരു കൂമ്പാരമായിരിക്കും.2 അതിലെ നഗരങ്ങള്‍ വിജനമായിത്തീരും. അവ ആട്ടിന്‍പറ്റങ്ങളുടെ താവളമാകും. ആരും അവയെ ഭയപ്പെടുത്തുകയില്ല.
3 എഫ്രയീമിന്‍റെ കോട്ട അപ്രത്യക്ഷമാകും. ദമാസ്കസില്‍ രാജവാഴ്ച ഇല്ലാതെയാകും. സിറിയയില്‍ അവശേഷിക്കുന്നവരുടെ മഹത്ത്വം ഇസ്രായേല്‍ജനത്തിന്‍റേതുപോലെയാകും എന്നിങ്ങനെ സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.
4
അന്ന് ഇസ്രായേലിന്‍റെ മഹത്ത്വം ക്ഷയിക്കും. മേദസ്സ് കുറഞ്ഞ് ശരീരം മെലിയും.5 അതു കൊയ്ത്തുകാലത്ത് കതിര്‍ക്കുലകള്‍ കൊയ്തെടുത്തു കഴിഞ്ഞ വയല്‍പോലെയോ, കാലാ പെറുക്കിക്കഴിഞ്ഞ രെഫായീം താഴ്വരപോലെയോ ആയിരിക്കും.
6 ഒലിവുവൃക്ഷത്തിന്‍റെ വിളവെടുക്കുമ്പോള്‍ തലപ്പത്തുള്ള കൊമ്പില്‍ രണ്ടോ മൂന്നോ കായ് ശേഷിക്കുന്നതുപോലെയോ, മറ്റേതെങ്കിലും ഫലവൃക്ഷത്തിന്‍റെ കൊമ്പുകളില്‍ നാലോ അഞ്ചോ കനികള്‍ ശേഷിക്കുന്നതുപോലെയോ മാത്രം ആളുകള്‍ ഇസ്രായേലില്‍ ശേഷിക്കും എന്ന് ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.
7 അന്നു മനുഷ്യര്‍ തങ്ങളുടെ സ്രഷ്ടാവിങ്കലേക്ക് ആദരപൂര്‍വം കണ്ണുയര്‍ത്തും; ഇസ്രായേലിന്‍റെ പരിശുദ്ധനായവങ്കലേക്കു നോക്കും.
8 തങ്ങളുടെ കൈകള്‍കൊണ്ടു നിര്‍മിച്ച ബലിപീഠങ്ങളെ വിലമതിക്കുകയോ,
9 തങ്ങളുടെ കൈവിരലുകള്‍ രൂപം നല്‌കിയ അശേരാ വിഗ്രഹങ്ങളിലും ധൂപപീഠങ്ങളിലും ദൃഷ്‍ടി ഊന്നുകയോ ചെയ്യുകയില്ല. അവരുടെ സുശക്തമായ നഗരങ്ങള്‍ ഇസ്രായേല്യര്‍ നിമിത്തം ഹിവ്യരും അമോര്യരും ഉപേക്ഷിച്ച സ്ഥലങ്ങള്‍പോലെ അന്നു വിജനമായിത്തീരും.
10 കാരണം നിന്നെ രക്ഷിക്കുന്ന ദൈവത്തെ നീ മറന്നു. നിനക്ക് അഭയം നല്‌കുന്ന പാറയെ നീ ഓര്‍ക്കുന്നില്ല.
11 നിങ്ങള്‍ മനോഹരമായ ചെടികള്‍ നട്ടു തോട്ടമുണ്ടാക്കുകയും വിതയ്‍ക്കുന്ന ദിവസംതന്നെ പ്രഭാതത്തില്‍ അവ പൂവണിയുകയും ചെയ്താലും മഹാസങ്കടത്തിന്‍റെയും പൊറുക്കാത്ത വേദനയുടെയും നാളില്‍ ആ വിള നഷ്ടപ്പെടും.
12
ഹാ! ജനപദങ്ങളുടെ ഗര്‍ജനം; അതു കടല്‍ ഇരമ്പുന്നതുപോലെയാണ്. അതാ! അലറുന്ന ജനതകള്‍! പെരുവെള്ളം ഗര്‍ജിക്കുന്നതുപോലെ അവര്‍ ഗര്‍ജിക്കുന്നു.13 ജലരാശികളുടെ ഇരമ്പല്‍പോലെ ജനതകള്‍ ആരവം മുഴക്കുന്നു. എന്നാല്‍ ദൈവം അവരെ ശാസിക്കും. അവര്‍ മലകളില്‍ കാറ്റില്‍ പറന്നകലുന്ന പതിരുപോലെയും ചുഴലിക്കാറ്റില്‍ അകപ്പെട്ട വയ്‍ക്കോല്‍പോലെയും ഓടി അകലും.
14 സന്ധ്യാവേളയില്‍ കൊടുംഭീതി! എന്നാല്‍ പ്രഭാതമാകുംമുമ്പ് അവര്‍ അപ്രത്യക്ഷരാകുന്നു. ഇതാണു നമ്മെ കൊള്ളയടിക്കുന്നവര്‍ക്കുള്ള ഓഹരി. നമ്മെ കവര്‍ച്ച ചെയ്യുന്നവരുടെ ഗതി.
1
ഹാ! എത്യോപ്യയിലെ നദികള്‍ക്കപ്പുറമുള്ള ദേശം; ചിറകടി ശബ്ദം മുഴങ്ങുന്ന ദേശം. നൈല്‍നദി വഴി ഞാങ്ങണത്തോണികളില്‍ ദൂതന്മാരെ അയയ്‍ക്കുന്ന ദേശം!2 അവിടത്തെ ജനങ്ങള്‍ ദീര്‍ഘകായരും മൃദുചര്‍മികളുമാണ്. ദൂരെയുള്ളവര്‍പോലും ഭയപ്പെടുന്ന ബലശാലികളും പരാക്രമികളുമായ ജനം നിവസിക്കുന്നതും നദികളാല്‍ വിഭജിക്കപ്പെട്ടിരിക്കുന്നതുമായ ആ ദേശത്തേക്ക്, ശീഘ്രഗാമികളായ ദൂതന്മാരേ, നിങ്ങള്‍ പോകുവിന്‍.
3 ഭൂമിയില്‍ നിവസിക്കുന്ന സമസ്ത ജനങ്ങളേ, പര്‍വതങ്ങളില്‍ കൊടിയുയര്‍ത്തുമ്പോള്‍ നോക്കുവിന്‍; കാഹളം ധ്വനിക്കുമ്പോള്‍ ശ്രദ്ധിക്കുവിന്‍.
4 സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തിരിക്കുന്നു: “സൂര്യപ്രകാശത്തിന്‍റെ ചൂടുകിരണങ്ങള്‍പോലെ, കൊയ്ത്തു കാലത്തെ ചൂടില്‍ തുഷാരമേഘംപോലെ, എന്‍റെ നിവാസത്തില്‍നിന്നു ഞാന്‍ പ്രശാന്തനായി നോക്കും.
5 വിളവെടുപ്പിനു മുമ്പ്, പൂക്കള്‍ പൊഴിഞ്ഞു മുന്തിരി വിളയുന്നതിനു മുമ്പ് അവിടുന്ന് അരിവാള്‍കൊണ്ടു ചില്ലകളും വള്ളികളും മുറിച്ചുകളയും. പടര്‍ന്നു കിടക്കുന്ന ശാഖകള്‍ ചെത്തിക്കളയും.
6 അവ പര്‍വതത്തിലെ കഴുകനും വന്യമൃഗങ്ങള്‍ക്കും ഇരയാകും. വേനല്‍ക്കാലത്ത് കഴുകനും മഞ്ഞുകാലത്ത് വന്യമൃഗങ്ങളും അവകൊണ്ട് ഉപജീവിക്കും.
7 അന്നു നദികളാല്‍ വിഭജിക്കപ്പെട്ടിരിക്കുന്ന ദേശത്തുനിന്ന്, ദീര്‍ഘകായന്മാരും മൃദുചര്‍മികളും ദൂരെയുള്ളവര്‍പോലും ഭയപ്പെടുന്ന ബലശാലികളും പരാക്രമികളുമായ ജനം നിവസിക്കുന്ന ദേശത്തുനിന്നു സീയോന്‍ പര്‍വതത്തിലേക്കു സര്‍വശക്തനായ സര്‍വേശ്വരനു തിരുമുല്‍ക്കാഴ്ചകള്‍ കൊണ്ടുവരും.”
1
ഈജിപ്തിനെക്കുറിച്ചുള്ള അരുളപ്പാട്; അതിശീഘ്രം ഗമിക്കുന്ന മേഘത്തെ വാഹനമാക്കി സര്‍വേശ്വരന്‍ ഈജിപ്തിലേക്കു വരുന്നു. ഈജിപ്തിലെ വിഗ്രഹങ്ങള്‍ അവിടുത്തെ സന്നിധിയില്‍ ഇളകും; ഈജിപ്തുകാരുടെ ഹൃദയം നടുങ്ങും.2 അവരെ തമ്മില്‍ ഞാന്‍ കലഹിപ്പിക്കും, സഹോദരന്‍ സഹോദരനോടും അയല്‍ക്കാരന്‍ അയല്‍ക്കാരനോടും നഗരം നഗരത്തോടും രാജ്യം രാജ്യത്തോടും പടവെട്ടും.
3 ഈജിപ്തുകാരുടെ മനോവീര്യം ക്ഷയിക്കും. അവരുടെ പദ്ധതികള്‍ ഞാന്‍ താറുമാറാക്കും. അവര്‍ വിഗ്രഹങ്ങളോടും മന്ത്രവാദികളോടും വെളിച്ചപ്പാടുകളോടും പ്രശ്നക്കാരോടും ഉപദേശം ചോദിക്കും.
4 ഈജിപ്തുകാരെ ഞാന്‍ ക്രൂരനായ ഒരു യജമാനന്‍റെ കൈയില്‍ ഏല്പിക്കും. ഉഗ്രനായ ഒരു രാജാവ് അവരെ ഭരിക്കും എന്നിങ്ങനെ സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.
5
നൈല്‍നദിയിലെ വെള്ളം വറ്റും; അതിന്‍റെ അടിത്തട്ട് ഉണങ്ങി വിണ്ടുകീറും.6 കൈത്തോടുകളില്‍നിന്നു ദുര്‍ഗന്ധം വമിക്കും. പോഷകനദികള്‍ വറ്റി വരളും. പുല്ലും ഞാങ്ങണയും ഉണങ്ങിപ്പോകും.
7 നൈല്‍ നദീതടം ശൂന്യമാകും. അവിടെ വിതച്ചതെല്ലാം ഉണങ്ങിക്കരിയും. കാറ്റ് അവയെ പറത്തിക്കളയും. അവിടെ ഒന്നും അവശേഷിക്കയില്ല.
8 മീന്‍പിടിത്തക്കാര്‍ വിലപിക്കും. നൈല്‍നദിയില്‍ ചൂണ്ടയിടുന്നവര്‍ വിഷാദിക്കും.
9 ചീകിയെടുത്ത ചണംകൊണ്ടു പണിയെടുക്കുന്നവരും പരുത്തികൊണ്ടു ശുഭ്രവസ്ത്രം നെയ്യുന്നവരും നിരാശരാകും.
10 ദേശത്തിലെ നെയ്ത്തുകാര്‍ തകര്‍ന്നുപോകും. കൂലിപ്പണിക്കാര്‍ ദുഃഖിക്കും.
11 സോവാനിലെ രാജാക്കന്മാര്‍ വെറും ഭോഷന്മാര്‍! ഫറവോയുടെ ജ്ഞാനികളായ മന്ത്രിമാര്‍ മൂഢമായ ഉപദേശങ്ങള്‍ നല്‌കുന്നു. “ഞങ്ങള്‍ ജ്ഞാനികളുടെയും പുരാതനരാജാക്കന്മാരുടെയും പിന്‍ഗാമികള്‍ എന്ന് അവര്‍ക്ക് എങ്ങനെ ഫറവോയോടു പറയാന്‍ കഴിയും? ഇപ്പോള്‍ നിന്‍റെ ജ്ഞാനികള്‍ എവിടെ?
12 സര്‍വശക്തനായ സര്‍വേശ്വരന്‍ ഈജിപ്തിനെതിരെ എന്താണു തീരുമാനിച്ചിരിക്കുന്നതെന്ന് അവര്‍ക്കറിയാമെങ്കില്‍ നിനക്കു പറഞ്ഞുതരട്ടെ.
13 സോവാനിലെ രാജാക്കന്മാര്‍ ഭോഷന്മാരായിത്തീര്‍ന്നിരിക്കുന്നു. മെംഫീസിലെ രാജാക്കന്മാര്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു. ഈജിപ്തിലെ ഗോത്രങ്ങളുടെ മൂലക്കല്ലുകള്‍ ആയിരിക്കുന്നവര്‍ ഈജിപ്തിനെ വഴിതെറ്റിച്ചു.
14 സര്‍വേശ്വരന്‍ ഈജിപ്തിനു ചിന്താക്കുഴപ്പം ഉണ്ടാക്കിയിരിക്കുന്നു. മദ്യപന്‍ ഛര്‍ദിയില്‍ കാലിടറി നടക്കുന്നതുപോലെ ഈജിപ്തിനെ അതിന്‍റെ സകല പ്രവൃത്തികളിലും ഇടറുമാറാക്കിയിരിക്കുന്നു.
15 പ്രധാനനോ അപ്രധാനനോ എളിയവനോ നിസ്സാരനോ ഈജിപ്തിനുവേണ്ടി ഒന്നും ചെയ്യാന്‍ ആവുകയില്ല.
16 ഈജിപ്തുകാരെ ശിക്ഷിക്കാനായി സര്‍വേശ്വരന്‍ കൈ നീട്ടുമ്പോള്‍ അവര്‍ സ്‍ത്രീകളെപ്പോലെ ഭയപ്പെട്ടു വിറയ്‍ക്കും.
17 യെഹൂദ്യ ഈജിപ്തുകാര്‍ക്കു കൊടുംഭീതി ഉളവാക്കും. സര്‍വശക്തനായ സര്‍വേശ്വരന്‍ ഈജിപ്തിനെ ശിക്ഷിക്കാന്‍ പോകുന്നതോര്‍ത്ത് യെഹൂദ്യയെപ്പറ്റി കേള്‍ക്കുന്നവരെല്ലാം സംഭീതരാകും.
18 അന്ന് എബ്രായഭാഷ സംസാരിക്കുന്ന അഞ്ചുപട്ടണങ്ങള്‍ ഈജിപ്തിലുണ്ടായിരിക്കും. അവ സര്‍വേശ്വരനോടു ശപഥം ചെയ്തു കൂറു പ്രഖ്യാപിക്കും. അവയില്‍ ഒന്ന് സൂര്യനഗരം എന്നു വിളിക്കപ്പെടും.
19 അന്ന് ഈജിപ്തിന്‍റെ മധ്യഭാഗത്തു സര്‍വേശ്വരന് ഒരു യാഗപീഠവും അതിന്‍റെ അതിര്‍ത്തിയില്‍ അവിടുത്തേക്ക് ഒരു സ്തംഭവും ഉണ്ടായിരിക്കും.
20 ഈജിപ്തുദേശത്ത് അതു സര്‍വശക്തനായ സര്‍വേശ്വരന്‍റെ അടയാളവും സാക്ഷ്യവുമായിരിക്കും. മര്‍ദകന്‍റെ പീഡനംനിമിത്തം അവര്‍ സര്‍വേശ്വരനോടു നിലവിളിക്കുമ്പോള്‍ അവിടുന്ന് ഒരു രക്ഷകനെ അയയ്‍ക്കും. അവിടുന്ന് അവര്‍ക്കുവേണ്ടി പോരാടി അവരെ മോചിപ്പിക്കും.
21 അങ്ങനെ അവിടുന്നു തന്നെത്തന്നെ ഈജിപ്തിനു വെളിപ്പെടുത്തുകയും ഈജിപ്തുകാര്‍ സര്‍വേശ്വരനെ അറിഞ്ഞു ഹോമയാഗവും വഴിപാടും കഴിക്കുകയും നേര്‍ച്ച നേരുകയും അതു നിറവേറ്റുകയും ചെയ്യും.
22 സര്‍വേശ്വരന്‍ ഈജിപ്തിനെ പ്രഹരിക്കും. പിന്നീട് അവരെ സുഖപ്പെടുത്തും. അവര്‍ സര്‍വേശ്വരനിലേക്കു തിരിയുകയും അവിടുന്ന് അവരുടെ പ്രാര്‍ഥന കേട്ട് അവര്‍ക്കു സൗഖ്യം നല്‌കുകയും ചെയ്യും.
23 അക്കാലത്ത് ഈജിപ്തില്‍നിന്ന് അസ്സീറിയയിലേക്ക് ഒരു രാജപാത ഉണ്ടായിരിക്കും. ഈജിപ്തുകാര്‍ അസ്സീറിയയിലേക്കും അസ്സീറിയക്കാര്‍ ഈജിപ്തിലേക്കും പോകും. ഈജിപ്തുകാര്‍ അസ്സീറിയക്കാരോടൊന്നിച്ച് ആരാധന നടത്തും.
24 അന്ന് ഈജിപ്തിനോടും അസ്സീറിയയോടും ഒപ്പം ഇസ്രായേല്‍ ഭൂമിക്കൊരു അനുഗ്രഹം ആയിത്തീരും.
25 സര്‍വശക്തനായ സര്‍വേശ്വരന്‍ അവരെ അനുഗ്രഹിച്ചുകൊണ്ടു പറയും: “എന്‍റെ ജനമായ ഈജിപ്തും ഞാന്‍ സൃഷ്‍ടിച്ച അസ്സീറിയയും എന്‍റെ സ്വന്തജനമായ ഇസ്രായേലും അനുഗ്രഹിക്കപ്പെടുമാറാകട്ടെ.”
1
അസ്സീറിയയിലെ രാജാവായ സര്‍ഗോന്‍ അയച്ച സര്‍വസൈന്യാധിപന്‍ അശ്ദോദില്‍ ചെല്ലുകയും യുദ്ധം ചെയ്ത് അതിനെ കീഴടക്കുകയും ചെയ്ത വര്‍ഷം2 ആമോസിന്‍റെ മകനായ യെശയ്യായോടു സര്‍വേശ്വരന്‍ അരുളിച്ചെയ്തു: “നിന്‍റെ അരയില്‍നിന്നു ചാക്കുതുണി അഴിക്കുക. കാലില്‍ നിന്നു ചെരുപ്പൂരുക.” യെശയ്യാ അങ്ങനെ ചെയ്തു. അദ്ദേഹം വസ്ത്രം ധരിക്കാതെയും നഗ്നപാദനായും നടന്നു.
3 അവിടുന്ന് അരുളിച്ചെയ്തു: “ഈജിപ്തിനും എത്യോപ്യക്കും എതിരെയുള്ള അടയാളവും മുന്നറിയിപ്പുമായി എന്‍റെ ദാസനായ യെശയ്യാ നഗ്നനായി ചെരുപ്പിടാതെ മൂന്നു വര്‍ഷം സഞ്ചരിച്ചു.
4 അതുപോലെ അസ്സീറിയാരാജാവ് ഈജിപ്തുകാരെ അടിമകളും എത്യോപ്യക്കാരെ പ്രവാസികളും ആക്കുകയും അവരെ ആബാലവൃദ്ധം നൂല്‍ബന്ധമില്ലാത്തവരും നഗ്നപാദരും പൃഷ്ഠഭാഗം മറയ്‍ക്കാത്തവരുമാക്കി പിടിച്ചുകൊണ്ടുപോയി ഈജിപ്തിനെ ലജ്ജിപ്പിക്കും.
5 അപ്പോള്‍ ഈജിപ്തിനെപ്പറ്റി അഭിമാനം കൊണ്ടവരും എത്യോപ്യയില്‍ പ്രത്യാശ വച്ചിരുന്നവരും അമ്പരന്നു പരിഭ്രമിക്കും.
6 അന്ന് തീരദേശവാസികള്‍ പറയും: “അസ്സീറിയാരാജാവില്‍നിന്നു രക്ഷപെടാന്‍വേണ്ടി നാം അഭയം പ്രാപിച്ചിരുന്നവര്‍ക്ക് ഇതാണല്ലോ ഗതി. പിന്നെ നാം എങ്ങനെ രക്ഷപെടും?”
1
ബാബിലോണിനെക്കുറിച്ചുള്ള അരുളപ്പാട്: നെഗബില്‍ ചുഴലിക്കാറ്റു വീശുന്നതുപോലെ ആ വിനാശം മരുഭൂമിയില്‍ നിന്നു, ഭയങ്കരമായ ദേശത്തുനിന്നു വരുന്നു.2 ഭീകരമായ ഒരു ദര്‍ശനം എനിക്കുണ്ടായി, കവര്‍ച്ചക്കാരന്‍ കുത്തിക്കവരുന്നു. വിനാശകന്‍ നശിപ്പിക്കുന്നു. ഏലാമേ, ആക്രമിക്കുക. മേദ്യയേ, നിരോധിക്കുക. ബാബിലോണ്‍ വരുത്തിയ കഷ്ടതകള്‍ക്കു ഞാന്‍ അറുതി വരുത്തും.
3 എന്‍റെ അരക്കെട്ടിന് അതികഠിനമായ വേദനയാണ്; ഈറ്റുനോവുപോലെയുള്ള വേദന ബാധിച്ചിരിക്കുന്നു. കേള്‍ക്കാന്‍ കഴിയാത്തവിധം ഞാന്‍ സംഭ്രാന്തനായിരിക്കുന്നു. പരിഭ്രമംകൊണ്ട് എനിക്കു കാണാനും വയ്യ. എന്‍റെ മനസ്സു പതറുന്നു.
4 കൊടുംഭീതി എന്നെ ഞെട്ടിക്കുന്നു. അന്തിവെളിച്ചത്തിന് ഞാന്‍ കാത്തിരുന്നു. അതിപ്പോള്‍ എനിക്കു ഭയം ജനിപ്പിക്കുന്നു.
5 അവര്‍ വിരുന്നൊരുക്കുന്നു. പരവതാനി വിരിക്കുന്നു. അവര്‍ തിന്നുകയും കുടിക്കുകയും ചെയ്യുന്നു. സേനാപതിമാരേ, എഴുന്നേല്‌ക്കുവിന്‍!
6 സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: പരിച എണ്ണയിട്ടു മിനുക്കുവിന്‍. കാണുന്നത് അറിയിക്കാനായി ഒരു കാവല്‌ക്കാരനെ നിര്‍ത്തുക.
7 ജോഡികളായി വരുന്ന അശ്വാരൂഢരെയും കഴുതപ്പുറത്തും ഒട്ടകപ്പുറത്തും സഞ്ചരിക്കുന്നവരെയും കാണുമ്പോള്‍ അവന്‍ ജാഗ്രതയോടെ, വളരെ ജാഗ്രതയോടെ ശ്രദ്ധിക്കട്ടെ. കാവല്‌ക്കാരന്‍ വിളിച്ചുപറഞ്ഞു:
8 സര്‍വേശ്വരാ, ഞാന്‍ പകല്‍ മുഴുവന്‍ നിരീക്ഷണ ഗോപുരത്തില്‍ നില്‌ക്കുന്നു. രാത്രി മുഴുവനും അവിടെത്തന്നെ നിലയുറപ്പിച്ചിരിക്കുന്നു.
9 ഇതാ, കുതിരപ്പട ജോഡികളായി അടുത്തുവരുന്നു. തറപറ്റിയിരിക്കുന്നു! ബാബിലോണ്‍ തറപറ്റിയിരിക്കുന്നു! അവളുടെ ദേവവിഗ്രഹങ്ങളെല്ലാം ചിതറിക്കിടക്കുന്നു.
10 മെതിച്ചുപാറ്റിയെടുത്ത എന്‍റെ ജനമേ, സര്‍വശക്തനായ സര്‍വേശ്വരന്‍ എന്നോടരുളിച്ചെയ്തത് ഞാന്‍ നിങ്ങളെ അറിയിക്കുന്നു.
11
എദോമിനെക്കുറിച്ചുള്ള അരുളപ്പാട്: സെയീരില്‍നിന്ന് ഒരാള്‍ എന്നോടു വിളിച്ചു ചോദിക്കുന്നു: “കാവല്‌ക്കാരാ, രാത്രി എത്രത്തോളം ആയി? കാവല്‌ക്കാരാ, രാത്രി കഴിയാറായോ”?12 കാവല്‌ക്കാരന്‍ മറുപടി പറഞ്ഞു: “പ്രഭാതം വരുന്നു, രാത്രിയും വരുന്നു. ഇനി എന്തെങ്കിലും അറിയണമെങ്കില്‍ മടങ്ങിവന്നു ചോദിച്ചുകൊള്‍ക.”
13
ദേദാന്യയിലെ സാര്‍ഥവാഹകസംഘമേ, നിങ്ങള്‍ അറേബ്യന്‍ മരുഭൂമിയിലെ കുറ്റിക്കാടുകളില്‍ പാര്‍ക്കുവിന്‍.14 തേമാനിവാസികളേ, ദാഹിക്കുന്നവര്‍ക്കു ജലം നല്‌കുവിന്‍. അപ്പവുമായിച്ചെന്ന് അഭയാര്‍ഥികളെ എതിരേല്‌ക്കുവിന്‍.
15 അവര്‍ ഊരിയ വാളില്‍നിന്നും കുലച്ച വില്ലില്‍നിന്നും പൊരിഞ്ഞ യുദ്ധത്തില്‍നിന്നും ഓടിപ്പോന്നവരാണല്ലോ.
16 സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: “കൂലിക്കാരന്‍ കണക്കാക്കുന്നതുപോലെ ഒരു വര്‍ഷത്തിനുള്ളില്‍ കേദാറിന്‍റെ പ്രതാപം അവസാനിക്കും.
17 കേദാറിന്‍റെ വില്ലാളിവീരന്മാരില്‍ അവശേഷിക്കുന്നവര്‍ ചുരുങ്ങും. ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനാണ് ഇത് അരുളിച്ചെയ്തിരിക്കുന്നത്.”
1
ദര്‍ശനത്താഴ്വരയെക്കുറിച്ചുള്ള അരുളപ്പാട്: “നിങ്ങള്‍ എല്ലാവരും മട്ടുപ്പാവുകളില്‍ കയറത്തക്കവിധം എന്തുണ്ടായി?2 ആര്‍പ്പുവിളിയും ആഹ്ലാദത്തിമിര്‍പ്പുംകൊണ്ട് ഇളകി മറിയുന്ന നഗരമേ, നിങ്ങളില്‍ കൊല്ലപ്പെട്ടവര്‍ വാളിനിരയായവരല്ല. യുദ്ധത്തില്‍ മരിച്ചവരുമല്ല.
3 നിങ്ങളുടെ ഭരണാധിപന്മാരെല്ലാം ഒരുമിച്ച് പലായനം ചെയ്തു. അമ്പും വില്ലും കൂടാതെതന്നെ അവര്‍ പിടിക്കപ്പെട്ടു. അവര്‍ വിദൂരത്തേക്ക് ഓടിപ്പോയെങ്കിലും കണ്ണില്‍ പെട്ടവരെല്ലാം പിടിക്കപ്പെട്ടു.
4 അതുകൊണ്ട് എന്നില്‍നിന്നു കണ്ണു തിരിക്കുക. ഞാന്‍ വിങ്ങിവിങ്ങി കരയട്ടെ. എന്‍റെ ജനത്തിന്‍റെ നാശത്തെച്ചൊല്ലി എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കേണ്ടാ.
5
ദര്‍ശനത്താഴ്വരയില്‍ പരിഭ്രാന്തിയുടെയും പരാജയത്തിന്‍റെയും അമ്പരപ്പിന്‍റെയും ഒരു ദിവസം. ഇതു സര്‍വശക്തനായ സര്‍വേശ്വരന്‍റെ ദിവസം. കോട്ടകള്‍ തകര്‍ക്കപ്പെടുന്നു. പര്‍വതങ്ങളില്‍ അവരുടെ നിലവിളി ഉയരുന്നു.6 രഥങ്ങളും കുതിരപ്പടയുമുള്ള ഏലാം ആവനാഴി അണിഞ്ഞു. കീര്‍ദേശം പരിച പുറത്തെടുത്തു.
7 നിന്‍റെ മനോഹരമായ താഴ്വരകളില്‍ രഥങ്ങള്‍ നിറയും. വാതില്‌ക്കല്‍ കുതിരപ്പട അണിനിരക്കും.
8 യെഹൂദായുടെ രക്ഷാകവചം മാറ്റപ്പെട്ടു. വനമധ്യത്തിലുള്ള ആയുധപ്പുരയിലേക്ക് അന്നു നിങ്ങള്‍ നോക്കി.
9 ദാവീദിന്‍റെ കോട്ടയില്‍ നിരവധി വിള്ളലുകള്‍ നിങ്ങള്‍ കണ്ടു. താഴത്തെ കുളത്തിലെ വെള്ളം നിങ്ങള്‍ കെട്ടിനിര്‍ത്തി.
10 നിങ്ങള്‍ യെരൂശലേമിലെ വീടുകള്‍ എണ്ണി. മതിലുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ അവയില്‍ ചിലതു പൊളിച്ചു.
11 പഴയ കുളത്തിലെ ജലം സംഭരിക്കാന്‍ രണ്ടു മതിലുകള്‍ക്കിടയില്‍ ഒരു ജലസംഭരണി നിര്‍മിച്ചു. എന്നാല്‍ ഇതു നിര്‍മിച്ചവന്‍റെ അടുക്കലേക്കു നിങ്ങള്‍ തിരിയുകയോ, പണ്ടുതന്നെ ഇത് ആസൂത്രണം ചെയ്തവനെ നിങ്ങള്‍ ഓര്‍ക്കുകയോ ചെയ്തില്ല.
12
അന്നു തല മുണ്ഡനം ചെയ്തു ചാക്കുതുണി ഉടുത്തു കരയാനും വിലപിക്കാനും സര്‍വശക്തനായ സര്‍വേശ്വരന്‍ നിങ്ങളെ വിളിച്ചു.13 എന്നാല്‍ നിങ്ങള്‍ ഇതാ, സന്തോഷിച്ചുല്ലസിക്കുന്നു, കാളയെ അറുക്കുന്നു, ആടിനെ വെട്ടുന്നു, മാംസം ഭക്ഷിക്കുന്നു. വീഞ്ഞു കുടിക്കുന്നു! “നമുക്കു തിന്നു കുടിച്ചുല്ലസിക്കാം, നാളെ മരിക്കുമല്ലോ” എന്നു നിങ്ങള്‍ പറയുന്നു.
14 സര്‍വശക്തനായ സര്‍വേശ്വരന്‍ എന്‍റെ ചെവിയില്‍ പറഞ്ഞു: “ഈ അധര്‍മം നിങ്ങള്‍ മരിക്കുന്നതുവരെ ക്ഷമിക്കപ്പെടുകയില്ല.”
15
സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: നീ ചെന്നു കൊട്ടാരം വിചാരിപ്പുകാരനായ ശെബ്നയോടു പറയുക:16 “നിനക്കിവിടെ എന്തു കാര്യം? ഇവിടെ ആരാണ് നിനക്കുള്ളത്? ഉയര്‍ന്ന സ്ഥലത്തു കല്ലറ നിര്‍മിക്കുകയും പാറ തുരന്നു പാര്‍പ്പിടമുണ്ടാക്കുകയും ചെയ്യാന്‍ നിനക്കെന്തവകാശം?
17 കരുത്തനായ മനുഷ്യാ, സര്‍വേശ്വരന്‍ നിന്നെ ചുഴറ്റി എറിഞ്ഞുകളയും.
18 വിശാലമായ ദേശത്തേക്ക് പന്തുപോലെ നിന്നെ ചുഴറ്റിയെറിയും. യജമാനന്‍റെ ഗൃഹത്തിന് അപമാനമായ നീ അവിടെക്കിടന്നു മരിക്കും. നിന്‍റെ പകിട്ടേറിയ രഥങ്ങള്‍ അവിടെ കിടക്കും.
19 നിന്‍റെ പദവിയില്‍നിന്നു ഞാന്‍ നിന്നെ നീക്കും. നിന്‍റെ സ്ഥാനത്തുനിന്നു നിന്നെ വലിച്ചു താഴെയിടും.
20 അന്നു ഞാന്‍ ഹില്‌ക്കീയായുടെ പുത്രനും എന്‍റെ ദാസനുമായ എല്യാക്കീമിനെ വിളിക്കും.
21 നിന്‍റെ അങ്കിയും അരക്കച്ചയും ഞാനവനെ ധരിപ്പിക്കും, നിന്‍റെ അധികാരം അവനെ ഏല്പിക്കും. യെരൂശലേംനിവാസികള്‍ക്കും യെഹൂദാഗൃഹത്തിനും അവന്‍ പിതാവായിരിക്കും.
22 ദാവീദിന്‍റെ ഗൃഹത്തിന്‍റെ താക്കോല്‍ ഞാന്‍ അവന്‍റെ ചുമലില്‍ വയ്‍ക്കും. അവന്‍ തുറക്കുന്നത് ആരെങ്കിലും അടയ്‍ക്കുകയോ, അടയ്‍ക്കുന്നതു തുറക്കുകയോ ഇല്ല.
23 ഉറപ്പുള്ള സ്ഥലത്ത് ഒരു കുറ്റി എന്നപോലെ ഞാനവനെ ഉറപ്പിക്കും. അവന്‍ തന്‍റെ പിതൃഭവനത്തിനു മഹത്തായ സിംഹാസനം ആയിരിക്കും.
24 തന്‍റെ പിതൃഭവനത്തിലെ ബന്ധുക്കളും ആശ്രിതരും അവനു ഭാരമായിരിക്കും; കോപ്പകള്‍മുതല്‍ ഭരണികള്‍വരെ കുറ്റിയില്‍ തൂക്കിയിടുന്നതുപോലെ അവന്‍ അവനില്‍ തൂങ്ങിനില്‌ക്കും.
25 “അന്ന് ഉറച്ചസ്ഥലത്ത് ഉറപ്പിച്ചിരുന്ന കുറ്റി ഇളകിവീഴും. അതില്‍ തൂക്കിയിട്ടിരുന്ന ഭാരവും അറ്റുവീഴും” എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.
1
സോരിനെക്കുറിച്ചുള്ള അരുളപ്പാട്: തര്‍ശ്ശീശു കപ്പലുകളേ, വിലപിക്കുവിന്‍! തുറമുഖങ്ങളും ഭവനങ്ങളും ശേഷിക്കാതെ ‘സോര്’ ശൂന്യമാക്കപ്പെട്ടിരിക്കുന്നു. സൈപ്രസില്‍നിന്ന് ഈ വാര്‍ത്ത അവര്‍ക്കു ലഭിച്ചിരിക്കുന്നു.2 തീരദേശവാസികളേ, സീദോനിലെ കച്ചവടക്കാരേ, നിങ്ങള്‍ മിണ്ടാതിരിക്കുവിന്‍. നിങ്ങളുടെ വ്യാപാരികള്‍ കടല്‍താണ്ടി അനേകം രാജ്യങ്ങളുമായി കച്ചവടം നടത്തി.
3 അവര്‍ സീഹോരിലെ ധാന്യങ്ങളും നൈല്‍തടത്തിലെ വിളവുകളും വാങ്ങുകയും വില്‍ക്കുകയും ചെയ്ത് ആദായമുണ്ടാക്കി.
4 സീദോനേ, നീ ലജ്ജിക്കുക! കടലും സമുദ്രദുര്‍ഗവും നിന്നോടു പറയുന്നു: “എനിക്ക് ഈറ്റുനോവുണ്ടാകുകയോ ഞാന്‍ പ്രസവിക്കുകയോ ചെയ്തിട്ടില്ല. ഞാന്‍ യുവാക്കളെയോ കന്യകമാരെയോ പുലര്‍ത്തിയിട്ടില്ല.”
5 സോരിനെക്കുറിച്ചുള്ള ഈ വാര്‍ത്ത ലഭിക്കുമ്പോള്‍ ഈജിപ്തുകാര്‍ കൊടിയ വ്യസനത്തിലാകും.
6 തീരദേശവാസികളേ, തര്‍ശ്ശീശില്‍ ചെന്നു വിലപിക്കുവിന്‍. ഇതാണോ മതിമറന്നാഹ്ലാദിച്ചിരുന്ന നിങ്ങളുടെ പുരാതന നഗരം?
7 ഇതാണോ വിദൂരദേശങ്ങളില്‍ താവളമുറപ്പിക്കാന്‍ ആളുകളെ അയച്ച നഗരം?
8
രാജാക്കന്മാരെ വാഴിച്ചിരുന്നതും പ്രഭുക്കന്മാരായ വര്‍ത്തകര്‍ ഉണ്ടായിരുന്നതും ലോകമെങ്ങും ബഹുമാനിതരായ വര്‍ത്തകരോടുകൂടിയതുമായ സോര്‍ നഗരത്തിന് ആരാണീ അനര്‍ഥം വരുത്തിവച്ചത്?9 സര്‍വപ്രതാപത്തിന്‍റെയും ഗര്‍വം അടക്കാനും ഭൂമിയില്‍ ബഹുമാനിതരായ സകലരുടെയും മാനം കെടുത്താനും സര്‍വശക്തനായ സര്‍വേശ്വരന്‍ നിശ്ചയിച്ചിരിക്കുന്നു.
10 തര്‍ശ്ശീശ് ജനതയേ, നിങ്ങള്‍ക്കിനി നിയന്ത്രണം ഇല്ലായ്കയാല്‍ നൈല്‍നദിപോലെ സ്വന്തം ദേശത്തെ കവിഞ്ഞൊഴുകുക.
11 സര്‍വേശ്വരന്‍ സമുദ്രത്തിന്‍റെ നേരെ കൈ നീട്ടി; അവിടുന്നു രാജ്യങ്ങളെ വിറപ്പിച്ചു കനാനിലെ ശക്തിദുര്‍ഗങ്ങളെ നശിപ്പിക്കാന്‍ അവിടുന്നു കല്പിച്ചു.
12 അവിടുന്ന് അരുളിച്ചെയ്തു: “മര്‍ദിതയും കന്യകയുമായ സീദോന്‍പുത്രീ, നിനക്കിനി ആഹ്ലാദം ഉണ്ടാകയില്ല.
13
സൈപ്രസിലേക്കു പോയി നോക്കുക; അവിടെയും നിനക്ക് സ്വസ്ഥത ഉണ്ടായിരിക്കുകയില്ല. അസ്സീറിയാ അല്ല, ബാബിലോണാണ് സോരിനെ വന്യമൃഗങ്ങള്‍ക്കിരയാക്കിയത്. അവര്‍ ഉപരോധഗോപുരങ്ങള്‍ ഉയര്‍ത്തി, കൊട്ടാരങ്ങള്‍ ഇടിച്ചു നിരത്തി. അങ്ങനെ അവളെ ശൂന്യയാക്കി.14 തര്‍ശ്ശീശ് കപ്പലുകളേ, വിലപിക്കുവിന്‍! നിങ്ങളുടെ ശക്തിദുര്‍ഗം തകര്‍ക്കപ്പെട്ടിരിക്കുന്നു.
15 ഒരു രാജാവിന്‍റെ ജീവിതകാലമായ എഴുപതു വര്‍ഷത്തേക്ക് സോര്‍ വിസ്തരിക്കപ്പെടും. എഴുപതു വര്‍ഷം കഴിയുമ്പോള്‍ വേശ്യാഗാനത്തില്‍ പറയുന്നതുപോലെ സോരിനു സംഭവിക്കും.”
16
“വിസ്മൃതയായ വേശ്യാസ്‍ത്രീയേ, നീ വീണമീട്ടി നഗരം ചുറ്റുക. മധുരഗാനം പാടുക. നിന്‍റെ സ്മരണ ഉണരട്ടെ.”17 എഴുപതു വര്‍ഷം സര്‍വേശ്വരന്‍ സോരിനെ സന്ദര്‍ശിക്കും. അവള്‍ പഴയ തൊഴില്‍ വീണ്ടും ചെയ്യും. ഭൂമുഖത്തുള്ള എല്ലാ രാജ്യങ്ങളുമായും അവള്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടും.
18 എങ്കിലും സ്വന്തം സമ്പാദ്യങ്ങള്‍ മുഴുവന്‍ അവള്‍ സര്‍വേശ്വരനു സമര്‍പ്പിക്കും. അതു കൂട്ടിവയ്‍ക്കുകയോ പൂഴ്ത്തിവയ്‍ക്കുകയോ ഇല്ല. അവിടുത്തെ സന്നിധിയില്‍ വസിക്കുന്നവര്‍ക്ക് സമൃദ്ധമായ ആഹാരത്തിനും മോടിയുള്ള വസ്ത്രത്തിനും അത് ഉപകരിക്കും.
1
സര്‍വേശ്വരന്‍ ഭൂമിയെ ശൂന്യവും വിജനവും ആക്കിത്തീര്‍ക്കും. ഭൂമുഖത്തെ കീഴ്മേല്‍ മറിച്ച് അതിലെ നിവാസികളെ ചിതറിക്കും.2 ജനത്തിനും പുരോഹിതനും ദാസനും യജമാനനും ദാസിക്കും യജമാനത്തിക്കും വാങ്ങുന്നവനും വില്‍ക്കുന്നവനും വായ്പ വാങ്ങുന്നവനും കൊടുക്കുന്നവനും പലിശയ്‍ക്കു പണം വാങ്ങുന്നവനും കൊടുക്കുന്നവനും ഒരേ അനുഭവം ഉണ്ടാകും.
3 ഭൂമി നിശ്ശേഷം ശൂന്യമാകും; പൂര്‍ണമായി കൊള്ളയടിക്കപ്പെടും. ഇതു സര്‍വേശ്വരന്‍റെ വചനം.
4 ഭൂമി വിലപിക്കും. അത് ഉണങ്ങിക്കരിയും. ലോകം തളരും, അത് ഉണങ്ങി വരളും.
5 ലോകത്തിലെ ഉന്നതന്മാര്‍ തളര്‍ന്നുപോകും. ഭൂവാസികള്‍ നിമിത്തം ഭൂമി മലിനയായിത്തീര്‍ന്നിരിക്കുന്നു. അവര്‍ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുകയും ശാശ്വതമായ ഉടമ്പടി തകര്‍ക്കുകയും ചെയ്തിരിക്കുന്നു.
6 അതുകൊണ്ടു ഭൂമി ശാപഗ്രസ്തമായിരിക്കുന്നു. ഭൂവാസികള്‍ തങ്ങളുടെ അപരാധം നിമിത്തം ദുരിതം അനുഭവിക്കുന്നു. അവര്‍ വെന്തു കരിയുന്നു. ചുരുക്കം ചിലര്‍ അവശേഷിക്കുന്നു. മുന്തിരിവള്ളി വാടുന്നു.
7 പുതുവീഞ്ഞ് ദുര്‍ലഭമായിത്തീരുന്നു. ആഹ്ലാദചിത്തര്‍ നെടുവീര്‍പ്പിടുന്നു.
8 തപ്പുകളുടെ താളമേളവും ആര്‍പ്പുവിളിയുടെ ഘോഷവും കിന്നരത്തിന്‍റെ ആഹ്ലാദസ്വരവും നിലച്ചു.
9 അവര്‍ പാടിക്കൊണ്ട് ഇനി വീഞ്ഞു കുടിക്കുകയില്ല. മദ്യം അവര്‍ക്കു കയ്പായിത്തീരും.
10 താറുമാറായ നഗരം വീണടിഞ്ഞിരിക്കുന്നു. ആര്‍ക്കും പ്രവേശിച്ചുകൂടാത്തവിധം വീടുകളെല്ലാം അടയ്‍ക്കപ്പെട്ടിരിക്കുന്നു.
11 വീഞ്ഞില്ലാത്തതിനാല്‍ വീഥികളില്‍ നിലവിളി ഉയരുന്നു. സന്തോഷം അസ്തമിച്ചിരിക്കുന്നു.
12 ഭൂമിയില്‍ ആഹ്ലാദം അപ്രത്യക്ഷമായിരിക്കുന്നു. നഗരവാതിലുകള്‍ തല്ലിത്തകര്‍ക്കപ്പെട്ടിരിക്കുന്നു. നഗരത്തില്‍ ശൂന്യത അവശേഷിച്ചിരിക്കുന്നു.
13 ഒലിവു തല്ലുന്നതുപോലെയും മുന്തിരി വിള എടുത്തശേഷം കാലാപെറുക്കുന്നതുപോലെയും ആയിരിക്കും ഭൂമിയില്‍ ജനതകളുടെ ഇടയില്‍ ഇതു സംഭവിക്കുക.
14 അവര്‍ ആഹ്ലാദത്തോടെ പാടും. പടിഞ്ഞാറുനിന്ന് അവര്‍ ആര്‍ത്തുഘോഷിച്ച് സര്‍വേശ്വരന്‍റെ മഹത്ത്വത്തെ പ്രകീര്‍ത്തിക്കും.
15 അതിനാല്‍ കിഴക്കുള്ളവര്‍ സര്‍വേശ്വരനെ വാഴ്ത്തിപ്പുകഴ്ത്തട്ടെ. തീരദേശവാസികള്‍ ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ മഹത്ത്വത്തെ പ്രകീര്‍ത്തിക്കട്ടെ.
16 നീതിമാനായ ദൈവത്തെ പ്രകീര്‍ത്തിക്കുന്ന ഗാനം ഭൂമിയുടെ അറുതിയില്‍നിന്നു നാം കേള്‍ക്കുന്നു. എന്നാല്‍ ഞാന്‍ പറയുന്നു: ഞാന്‍ ക്ഷയിച്ചുപോകുന്നു. ക്ഷയിച്ചു പോകുന്നു. ഹാ! എനിക്കു ദുരിതം! വഞ്ചകര്‍ വഞ്ചിക്കുന്നു. അവര്‍ കൊടിയ വഞ്ചന കാട്ടുന്നു.
17 ഭൂവാസികളേ, ഭീകരതയും ചതിക്കുന്ന ഗര്‍ത്തവും കെണിയും നിങ്ങളെ കാത്തിരിക്കുന്നു.
18 ഭീകരശബ്ദം കേട്ട് ഓടുന്നവര്‍ കുഴിയില്‍ വീഴും. കുഴിയില്‍നിന്നും കയറുന്നവര്‍ കെണിയില്‍ പെടും. ആകാശജാലകങ്ങള്‍ തുറന്നിരിക്കുന്നു. ഭൂമിയുടെ അടിസ്ഥാനങ്ങള്‍ കുലുങ്ങുന്നു.
19 ഭൂമി തീര്‍ത്തും തകര്‍ന്നുകഴിഞ്ഞു. അതു വിണ്ടുകീറിയിരിക്കുന്നു. അതു പ്രകമ്പനം കൊള്ളുന്നു.
20 ഭൂമി ഉന്മത്തനെപ്പോലെ ചാഞ്ചാടുന്നു. കാറ്റില്‍ കാവല്‍മാടം എന്നപോലെ ആടി ഉലയുന്നു. അതിന്‍റെ അകൃത്യഭാരം അത്യധികമാകയാല്‍ അതു വീഴുന്നു. ഇനി എഴുന്നേല്‌ക്കുകയില്ല.
21 അന്നു സര്‍വേശ്വരന്‍ ആകാശശക്തികളെ ആകാശത്തു വച്ചും, ഭൂപതികളെ ഭൂമിയില്‍വച്ചും ശിക്ഷിക്കും.
22 ഇരുട്ടറയില്‍ തടവുകാരെ എന്നപോലെ അവരെ ഒരുമിച്ച് ഒരു കുഴിയില്‍ ഇടും. അനേകനാളുകള്‍ക്കു ശേഷം അവരെ ശിക്ഷിക്കും. അന്ന് ചന്ദ്രന്‍ മുഖം മറയ്‍ക്കും. സൂര്യന്‍ നാണിക്കും.
23 സര്‍വശക്തനായ സര്‍വേശ്വരന്‍ സീയോന്‍പര്‍വതത്തിലും യെരൂശലേമിലും വാണരുളുമല്ലോ. അവിടുന്നു ശ്രേഷ്ഠപുരുഷന്മാരുടെ മുമ്പില്‍ തന്‍റെ മഹത്ത്വം വെളിപ്പെടുത്തും.
1
സര്‍വേശ്വരാ, അവിടുന്നാണ് എന്‍റെ ദൈവം. അങ്ങയെ ഞാന്‍ പുകഴ്ത്തും. അവിടുത്തെ നാമം ഞാന്‍ പ്രകീര്‍ത്തിക്കും. അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു. പണ്ടേ ആവിഷ്കരിച്ച പദ്ധതികള്‍ അവിടുന്നു വിശ്വസ്തതയോടും സത്യത്തോടും നിറവേറ്റി.2 അവിടുന്നു നഗരം കല്‌ക്കൂമ്പാരമാക്കി. സുരക്ഷിതനഗരം ശൂന്യമാക്കി. വിദേശികളുടെ കൊട്ടാരങ്ങള്‍ എന്നേക്കുമായി തകര്‍ന്നു. അതിനു പുനര്‍നിര്‍മാണം ഉണ്ടാകയില്ല.
3 അതിനാല്‍ കരുത്തുള്ള ജനത അങ്ങയുടെ മഹത്ത്വം പ്രകീര്‍ത്തിക്കും. നിര്‍ദയരായ ജനതകളുടെ നഗരങ്ങള്‍ അങ്ങയെ ഭയപ്പെടും.
4 അവിടുന്നു ദരിദ്രരുടെ രക്ഷാസങ്കേതവും ആശ്രയമറ്റവര്‍ക്കു കഷ്ടതകളില്‍ അഭയസ്ഥാനവുമാണ്. കൊടുങ്കാറ്റില്‍ അഭയവും കൊടുംവെയിലില്‍ തണലും. ക്രൂരജനതയുടെ ആക്രമണം മതിലിനെതിരെ വീശുന്ന കൊടുങ്കാറ്റുപോലെയാണ്.
5 വരണ്ട ഭൂമിയിലെ ഉഷ്ണം എന്നപോലെ, അവിടുന്നു വിദേശികളുടെ ആരവം അടക്കുന്നു. മേഘത്തിന്‍റെ മറവില്‍ വെയില്‍ എന്നപോലെ, ക്രൂരന്മാരുടെ ഗാനം നിലയ്‍ക്കുന്നു.
6
സര്‍വശക്തനായ സര്‍വേശ്വരന്‍ ഈ പര്‍വതത്തില്‍ സര്‍വജനതകള്‍ക്കുംവേണ്ടി ഒരു വിരുന്ന് ഒരുക്കും. മേല്‍ത്തരം വീഞ്ഞും കൊഴുപ്പേറിയ സ്വാദിഷ്ഠഭോജ്യങ്ങളും വിളമ്പുന്ന വിരുന്ന്.7 സര്‍വജനതകളെയും മൂടിയിരിക്കുന്ന വിലാപത്തിന്‍റെ ആവരണവും സകല ജനതകളുടെയും മേലുള്ള ദുഃഖത്തിന്‍റെ വിരിയും ഈ പര്‍വതത്തില്‍ വച്ചു സര്‍വേശ്വരന്‍ നശിപ്പിക്കും.
8 അവിടുന്നു മരണത്തെ എന്നേക്കുമായി ഇല്ലാതാക്കും. എല്ലാവരുടെയും കണ്ണീര്‍ തുടച്ചുകളയും. തന്‍റെ ജനത്തിന്‍റെ അപമാനം നീക്കുകയും ചെയ്യും.
9 സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു. അന്ന് എല്ലാവരും ഇങ്ങനെ പറയും: “ഇതാ, നമ്മുടെ ദൈവം! അവിടുത്തെയാണു നാം കാത്തിരുന്നത്. അവിടുന്ന് നമ്മെ രക്ഷിക്കും. അവിടുന്നുതന്നെ നമ്മുടെ സര്‍വേശ്വരന്‍. അവിടുത്തേക്കു വേണ്ടിയാണു നാം കാത്തിരുന്നത്. അവിടുത്തെ രക്ഷയില്‍ നമുക്ക് ആനന്ദിച്ചുല്ലസിക്കാം.”
10
സര്‍വേശ്വരന്‍റെ കരം ഈ പര്‍വതത്തില്‍ വിശ്രമിക്കും. ചാണകക്കുഴിയിലെ വയ്‍ക്കോല്‍ പോലെ മോവാബ് ചവുട്ടിമെതിക്കപ്പെടും.11 നീന്തല്‍ക്കാരന്‍ നീന്താന്‍ കൈനീട്ടുന്നതുപോലെ മോവാബ് നീന്താന്‍ കൈ നീട്ടും. എന്നാല്‍ സര്‍വേശ്വരന്‍ അവരുടെ അഹങ്കാരവും കരവിരുതും നശിപ്പിക്കും.
12 അവരുടെ ഉയര്‍ന്ന കോട്ടകളെ അവിടുന്ന് ഇടിച്ചു തവിടുപൊടിയാക്കും.
1
അന്ന് യെഹൂദാദേശത്ത് ഈ ഗാനം ആലപിക്കപ്പെടും. നമുക്ക് ഉറപ്പുള്ള ഒരു നഗരം ഉണ്ട്. നമ്മെ രക്ഷിക്കാന്‍ കോട്ടകളും കൊത്തളങ്ങളും നിര്‍മിച്ചിട്ടുണ്ട്.2 നഗരവാതില്‍ തുറക്കുവിന്‍, വിശ്വസ്തത പാലിക്കുന്ന നീതിമാന്മാര്‍ പ്രവേശിക്കട്ടെ.
3 അങ്ങയില്‍ മനസ്സ് ഉറപ്പിച്ചവനെ, പൂര്‍ണസമാധാനം നല്‌കി അങ്ങ് കാക്കും. അവന്‍ അങ്ങയില്‍ ആശ്രയിച്ചിരിക്കുന്നുവല്ലോ.
4 സര്‍വേശ്വരനായ ദൈവം ശാശ്വതമായ അഭയമാകയാല്‍ സര്‍വേശ്വരനില്‍ എന്നും ആശ്രയിക്കുവിന്‍.
5 അവിടുന്ന് ഉന്നതനഗരിയില്‍ നിവസിക്കുന്ന ഗര്‍വിഷ്ഠരെ നിലംപരിചാക്കി, പൊടിയില്‍ തള്ളിയിരിക്കുന്നു.
6 ദരിദ്രരുടെയും എളിയവരുടെയും കാല്‍ക്കീഴില്‍ അവരുടെ നഗരം ചവുട്ടിമെതിക്കപ്പെടുന്നു.
7
നീതിമാന്മാരുടെ വഴി നിരപ്പുള്ളതാണ്. അവിടുന്ന് അതു സുഗമമാക്കുന്നു.8 സര്‍വേശ്വരാ, അവിടുത്തെ നിയമം അനുസരിച്ചു ജീവിക്കുന്ന ഞങ്ങള്‍ അങ്ങയെ കാത്തിരിക്കുന്നു. അങ്ങും അങ്ങയെക്കുറിച്ചുള്ള സ്മരണയുമാണ് ഞങ്ങളുടെ ഹൃദയത്തിന്‍റെ വാഞ്ഛ.
9 രാത്രിയില്‍ എന്‍റെ ഹൃദയം അങ്ങേക്കുവേണ്ടി ദാഹിക്കുന്നു. എന്‍റെ അന്തരാത്മാവ് ആകാംക്ഷയോടെ അങ്ങയെ തേടുന്നു. അവിടുത്തെ ന്യായവിധികള്‍ ഭൂമിയില്‍ നടപ്പാക്കുന്നതിനാല്‍ ഭൂവാസികള്‍ നീതി പഠിക്കുന്നു.
10 ദുഷ്ടനോടു കരുണ കാട്ടിയാലും അവന്‍ നീതി പഠിക്കുകയില്ല. നീതിമാന്മാരുടെ ദേശത്തും അവന്‍ വക്രത കാട്ടും; സര്‍വേശ്വരന്‍റെ മഹത്ത്വം കാണുകയുമില്ല.
11 സര്‍വേശ്വരാ, അവിടുന്നു കരങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നെങ്കിലും ദുഷ്ടന്മാര്‍ അതു കാണുന്നില്ല. സ്വന്തം ജനത്തോട് അവിടുത്തേക്കുള്ള സ്നേഹാധിക്യം കണ്ട് അവര്‍ ലജ്ജിക്കട്ടെ. ശത്രുക്കള്‍ക്കുവേണ്ടി അവിടുന്ന് ഒരുക്കിയിരിക്കുന്ന അഗ്നി അവരെ ദഹിപ്പിക്കട്ടെ.
12 സര്‍വേശ്വരാ, അവിടുന്നു ഞങ്ങള്‍ക്കു സമാധാനം കല്പിച്ചരുളുന്നു. ഞങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെല്ലാം ഞങ്ങള്‍ക്കുവേണ്ടി അവിടുന്നു നിര്‍വഹിച്ചിരിക്കുന്നു.
13 ഞങ്ങളുടെ ദൈവമായ സര്‍വേശ്വരാ, മറ്റു പലരും ഞങ്ങളെ ഭരിച്ചിട്ടുണ്ട്. എങ്കിലും അവിടുന്നു മാത്രമാണ് ഞങ്ങളുടെ സര്‍വേശ്വരന്‍. അവര്‍ മരിച്ചു; ഇനി ജീവിക്കുകയില്ല.
14 അവര്‍ നിഴലുകളാണ്; ഇനി എഴുന്നേല്‌ക്കുകയില്ല. അത്രത്തോളം അവിടുന്ന് അവരെ ശിക്ഷിച്ച് നശിപ്പിച്ചിരിക്കുന്നു. അവരുടെ ഓര്‍മപോലും അവിടുന്നു തുടച്ചുനീക്കിയിരിക്കുന്നു.
15 അവിടുന്ന് ഈ ജനതയെ വര്‍ധിപ്പിച്ചു. ദേശത്തിന്‍റെ അതിര്‍ത്തികള്‍ എല്ലാം വിപുലമാക്കി. അങ്ങനെ അവിടുത്തെ നാമം മഹത്ത്വപ്പെട്ടിരിക്കുന്നു.
16 സര്‍വേശ്വരാ, കഷ്ടതയില്‍ അവര്‍ അങ്ങയെ അന്വേഷിച്ചു. അവിടുത്തെ ശിക്ഷ അവരുടെമേല്‍ പതിച്ചപ്പോള്‍ അവര്‍ പ്രാര്‍ഥിച്ചു.
17 പ്രസവം അടുക്കുമ്പോള്‍ വേദനകൊണ്ടു പുളഞ്ഞുകരയുന്ന ഗര്‍ഭിണിയെപ്പോലെ ഞങ്ങള്‍ അവിടുത്തെ സന്നിധിയില്‍ കരഞ്ഞു.
18 ഞങ്ങള്‍ ഗര്‍ഭംധരിച്ച് നൊന്തുപ്രസവിച്ചു. എന്നാല്‍ കാറ്റിനെ പ്രസവിച്ചതുപോലെ ആയിരുന്നു അത്. ദേശത്തെ നയിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞില്ല. ഭൂമിയില്‍ വസിക്കാന്‍ ആരും പിറന്നില്ല.
19 എന്നാല്‍ അങ്ങയുടെ മൃതന്മാര്‍ ജീവിക്കും. അവരുടെ ശരീരം ഉയിര്‍ത്തെഴുന്നേല്‌ക്കും. പൊടിയില്‍ കിടക്കുന്നവരേ, എഴുന്നേറ്റ് ആനന്ദഗീതം ആലപിക്കുവിന്‍. അവിടുത്തെ മഞ്ഞുതുള്ളി പ്രകാശം ചൊരിയുന്നതാകുന്നു. മൃതന്മാര്‍ നിഴലുകളായി കഴിയുന്ന ദേശത്ത് അതു വീഴുവാനിടയാകും.
20
എന്‍റെ ജനമേ, വരുവിന്‍. നിങ്ങളുടെ മുറിയില്‍ പ്രവേശിച്ച് വാതില്‍ അടയ്‍ക്കുവിന്‍. ദൈവത്തിന്‍റെ കോപം അടങ്ങുന്നതുവരെ നിങ്ങള്‍ മറഞ്ഞിരിക്കുവിന്‍.21 അധര്‍മം നിമിത്തം ഭൂവാസികളെ ശിക്ഷിക്കാന്‍ ദൈവം തന്‍റെ വാസസ്ഥലത്തുനിന്ന് ഇറങ്ങിവരുന്നു. ഭൂമിയില്‍ നടത്തപ്പെട്ട കൊലപാതകങ്ങള്‍ വെളിപ്പെടുത്തപ്പെടും. കൊല്ലപ്പെട്ടവരെ ഇനി ഭൂമി മറച്ചുവയ്‍ക്കുകയില്ല.
1
അന്നു സര്‍വേശ്വരന്‍ ബലമേറിയ വലിയ വാളുകൊണ്ട് കുതിച്ചു പുളഞ്ഞു പായുന്ന ലിവ്യാഥാനെ ശിക്ഷിക്കും. സമുദ്രത്തിലെ വ്യാളത്തെ നിഗ്രഹിക്കും.2
അന്നാളില്‍ മനോഹരമായ മുന്തിരിത്തോട്ടത്തെക്കുറിച്ചു പാടുവിന്‍.3 സര്‍വേശ്വരനായ ഞാനാണ് അതിന്‍റെ സൂക്ഷിപ്പുകാരന്‍. ഞാന്‍ നിരന്തരം അതിനെ നനയ്‍ക്കുന്നു. രാവും പകലും ഞാനതിനെ കാത്തുസൂക്ഷിക്കും. ആരും അതിനെ നശിപ്പിക്കുകയില്ല.
4 അതിനോട് എനിക്കു ക്രോധം ഇല്ല. മുള്ളും മുള്‍ച്ചെടിയും വളര്‍ന്നുവന്നാല്‍ ഞാന്‍ അതിനെ സമൂലം നശിപ്പിക്കും.
5 എന്‍റെ ജനത്തിന്‍റെ ശത്രുക്കള്‍ക്ക് എന്‍റെ സംരക്ഷണം വേണമെങ്കില്‍ എന്നോടു സമാധാനഉടമ്പടി ചെയ്യട്ടെ. അതേ, എന്നോടു രമ്യതപ്പെടട്ടെ.
6
ഭാവിയില്‍ ഇസ്രായേല്‍ വലിയ വൃക്ഷംപോലെ വേരൂന്നി വളരും. അതു പുഷ്പിക്കുകയും ഭൂമി മുഴുവന്‍ അതിന്‍റെ ഫലംകൊണ്ടു നിറയുകയും ചെയ്യും.7 ഇസ്രായേലിനെ പ്രഹരിച്ചവരെ പ്രഹരിച്ചതുപോലെ അവിടുന്ന് ഇസ്രായേലിനെ പ്രഹരിച്ചിട്ടുണ്ടോ? ഇസ്രായേലിനെ സംഹരിച്ചവരെ സംഹരിച്ചതുപോലെ അവിടുന്ന് ഇസ്രായേലിനെ സംഹരിച്ചിട്ടുണ്ടോ?
8 സര്‍വേശ്വരന്‍ തന്‍റെ ജനത്തെ പ്രവാസികളാക്കി ശിക്ഷിച്ചു. ഉഗ്രമായ കിഴക്കന്‍കാറ്റില്‍ അവരെ ഊതിപ്പറപ്പിച്ചു.
9 ഇങ്ങനെ ഇസ്രായേലിന്‍റെ അകൃത്യത്തിനു പരിഹാരമുണ്ടാകും. ഇതായിരിക്കും പാപപരിഹാരത്തിന്‍റെ പരിണാമം; യാഗപീഠങ്ങളുടെ കല്ലുകള്‍ ചുണ്ണാമ്പുകല്ലുപോലെ തകര്‍ത്തുപൊടിക്കും; അശേരാപ്രതിഷ്ഠകളോ ധൂപപീഠങ്ങളോ അവശേഷിക്കുകയില്ല. സുരക്ഷിതമായ പട്ടണം ആളൊഴിഞ്ഞിരിക്കും.
10 ജനനിബിഡമായ സ്ഥലം മരുഭൂമിപോലെ വിജനവും ശൂന്യവും ആയിത്തീരും. അവിടെ കന്നുകാലി മേഞ്ഞു നടക്കും; അവ ചില്ലകള്‍ കാര്‍ന്നുതിന്ന് അവിടെ വിശ്രമിക്കും.
11 അവിടത്തെ മരക്കൊമ്പുകള്‍ ഉണങ്ങി ഒടിഞ്ഞുവീഴും. സ്‍ത്രീകള്‍ അവ പെറുക്കി തീ കത്തിക്കും. ഇവര്‍ വിവേകമില്ലാത്ത ജനമാകയാല്‍ സ്രഷ്ടാവായ ദൈവം അവരോടു കരുണ കാട്ടുകയില്ല. അവര്‍ക്കു രൂപം നല്‌കിയവന്‍ അവരില്‍ പ്രസാദിക്കുകയില്ല.
12
അന്നു യൂഫ്രട്ടീസ് നദിമുതല്‍ ഈജിപ്തിന്‍റെ അതിര്‍ത്തിയിലുള്ള തോടുവരെ സര്‍വേശ്വരന്‍ കറ്റ മെതിച്ചു ധാന്യം ശേഖരിക്കും. ഇസ്രായേലേ, നിങ്ങളെ ഓരോരുത്തരായി അവിടുന്ന് ഒരുമിച്ചുകൂട്ടും.13 അന്നു വലിയ കാഹളധ്വനി മുഴങ്ങും; അസ്സീറിയായില്‍ വച്ചു കാണാതായവരും ഈജിപ്തിലേക്ക് ഓടിക്കപ്പെട്ടവരുമായ ജനം യെരൂശലേമിലെ വിശുദ്ധപര്‍വതത്തില്‍ വന്നു സര്‍വേശ്വരനെ ആരാധിക്കും.
1
ഇസ്രായേല്‍രാജ്യത്തിനു നാശം! മദ്യപരുടെ ഗര്‍വിഷ്ട കിരീടത്തിനു സമ്പന്നമായ താഴ്വരയിലെ മദ്യമത്തരുടെ ശിരോലങ്കാരമായ മഹാസൗന്ദര്യത്തിന്‍റെ വാടുന്ന പുഷ്പത്തിനു ഹാ ദുരിതം!2 ഇതാ, സര്‍വേശ്വരന്‍റെ കരുത്തുറ്റവന്‍! കന്മഴ ചൊരിയുന്ന വിനാശകമായ കാറ്റുപോലെയും പേമാരിപോലെയും കര കവിഞ്ഞൊഴുകുന്ന പെരുവെള്ളപ്രവാഹംപോലെയും അവന്‍ അവരെ നിലത്ത് ആഞ്ഞെറിഞ്ഞുകളയും.
3 മദ്യപരുടെ ഗര്‍വകിരീടം നിലത്തിട്ടു ചവുട്ടും.
4 സമൃദ്ധമായ താഴ്വരയുടെ ശിരസ്സിലെ മഹാസൗന്ദര്യത്തിന്‍റെ വാടുന്ന പുഷ്പം, വിളവെടുപ്പിനു മുമ്പേ പഴുക്കുന്ന ആദ്യഫലമായ അത്തിപ്പഴംപോലെയാണ്. അതു കാണുന്നവര്‍ ഉടന്‍ പറിച്ചുതിന്നും.
5
അന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ മഹത്ത്വത്തിന്‍റെ മകുടമായിരിക്കും. തന്‍റെ ജനത്തില്‍ അവശേഷിക്കുന്നവര്‍ക്കു സൗന്ദര്യത്തിന്‍റെ കിരീടവുമായിരിക്കും.6 അവന്‍ ന്യായാധിപനു നീതിബോധവും ശത്രുസൈന്യത്തെ പായിച്ച് നഗരഗോപുരം സംരക്ഷിക്കുന്നവനു ശക്തിയുമായിരിക്കും.
7
പ്രവാചകന്മാരും പുരോഹിതന്മാരും കുടിച്ചു കൂത്താടുന്നു. ലഹരിപിടിച്ചു കറങ്ങുന്നു. മദ്യം നിമിത്തം അവരുടെ ബുദ്ധി കുഴഞ്ഞുമറിയുന്നു. അവരുടെ ദര്‍ശനത്തില്‍ പിഴപറ്റുന്നു. തീര്‍പ്പു കല്പിക്കുന്നതില്‍ അവര്‍ക്കു തെറ്റുപറ്റുന്നു.8 ഛര്‍ദികൊണ്ടു മേശകളെല്ലാം നിറഞ്ഞിരിക്കുന്നു. മലിനമാകാത്ത ഒരിടവുമില്ല.
9
അവര്‍ പറയുന്നു: “ആരെയാണിവന്‍ പഠിപ്പിക്കുന്നത്? ആര്‍ക്കുവേണ്ടിയാണു തന്‍റെ സന്ദേശം വിശദീകരിക്കുന്നത്?10 മുലകുടി മാറിയ ശിശുക്കള്‍ക്കുവേണ്ടിയോ? ചട്ടത്തിന്മേല്‍ ചട്ടം, ചട്ടത്തിന്മേല്‍ ചട്ടം, ആജ്ഞയ്‍ക്കു മീതെ ആജ്ഞ, ഇവിടെ അല്പം, അവിടെ അല്പം.”
11 അപരിചിതമായ ശബ്ദത്തിലും അന്യഭാഷയിലും സര്‍വേശ്വരന്‍ തന്‍റെ ജനത്തോടു സംസാരിക്കും.
12 അവര്‍ക്കു വിശ്രമവും സ്വസ്ഥതയും അവിടുന്നു വാഗ്ദാനം ചെയ്തു. എന്നാല്‍ അവര്‍ അതു നിരസിച്ചു.
13 അതുകൊണ്ടു സര്‍വേശ്വരന്‍റെ വചനം അവര്‍ക്കു ചട്ടത്തിന്മേല്‍ ചട്ടം, ചട്ടത്തിന്മേല്‍ ചട്ടം, ആജ്ഞയ്‍ക്കു മീതെ ആജ്ഞ. ഇവിടെ അല്പം, അവിടെ അല്പം എന്നിങ്ങനെ ആയിരിക്കും. അതുകൊണ്ട് അവര്‍ തകര്‍ന്നു പിറകോട്ടു മറിഞ്ഞു കെണിയില്‍പ്പെട്ടു പിടിക്കപ്പെടും.
14
യെരൂശലേമിലെ ജനത്തെ ഭരിക്കുന്ന മതനിന്ദകരേ, സര്‍വേശ്വരന്‍റെ വചനം ശ്രദ്ധിക്കുവിന്‍.15 നിങ്ങള്‍ വമ്പു പറയുന്നു. മരണവുമായി ഞങ്ങള്‍ ഉടമ്പടിയിലാണ്. അധോലോകവുമായി ഞങ്ങള്‍ക്കൊരു കരാറുണ്ട്. വിനാശകരമായ മഹാമാരി കടന്നുപോകുമ്പോള്‍ അതു ഞങ്ങളെ സ്പര്‍ശിക്കുകയില്ല. കാരണം ഭോഷ്കു ഞങ്ങളുടെ അഭയസ്ഥാനവും നുണ ഞങ്ങളുടെ രക്ഷാകേന്ദ്രവുമായിരിക്കും.
16 അതുകൊണ്ടു ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഇതാ, സീയോനില്‍ എന്‍റെ അടിസ്ഥാനശിലയായി പരിശോധിക്കപ്പെട്ട ഒരു ഉറപ്പുള്ള കല്ല്, അമൂല്യമായ ഒരു മൂലക്കല്ലു ഞാന്‍ സ്ഥാപിച്ചിരിക്കുന്നു. വിശ്വസിക്കുന്നവന്‍ ചഞ്ചലപ്പെടുകയില്ല.
17 ഞാന്‍ നീതിയെ അളവുനൂലും ധര്‍മനിഷ്ഠയെ തൂക്കുകട്ടയും ആക്കും. കന്മഴ നിന്‍റെ അഭയസ്ഥാനമായ വ്യാജത്തെ നീക്കിക്കളയും. പെരുവെള്ളം നിന്‍റെ രക്ഷാസങ്കേതത്തെ നിര്‍മാര്‍ജനം ചെയ്യും.
18 അപ്പോള്‍ മരണവുമായുള്ള നിങ്ങളുടെ ഉടമ്പടി അസാധുവാകും. അധോലോകവുമായുള്ള കരാര്‍ നിലനില്‌ക്കുകയുമില്ല. പ്രതിരോധിക്കാനാവാത്ത മഹാമാരി കടന്നു പോകുമ്പോള്‍ നിങ്ങള്‍ അതിന്‍റെ അടിയേറ്റു വീഴും.
19 അതു നിരന്തരം പ്രഹരിക്കും; പ്രഭാതം തോറും ആഞ്ഞടിക്കും. രാത്രിയിലും അതു തുടരും. ആ വാര്‍ത്ത കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഞെട്ടിവിറയ്‍ക്കും.
20 നിവര്‍ന്നു കിടക്കാന്‍ നീളമില്ലാത്ത കട്ടിലും ദേഹം ആകെ മൂടാന്‍ തക്ക വീതിയില്ലാത്ത പുതപ്പുമുള്ളവന്‍റെ അവസ്ഥയായിരിക്കും നിങ്ങളുടേത്.
21 പെരാസീംപര്‍വതത്തിലെന്നപോലെ തന്‍റെ പ്രവൃത്തി നിറവേറ്റാന്‍ സര്‍വേശ്വരന്‍ എഴുന്നേല്‌ക്കും. അവിടുത്തെ പ്രവൃത്തി അദ്ഭുതകരവും അപ്രതീക്ഷിതവും ആയിരിക്കും. ഗിബെയോന്‍താഴ്വരയില്‍ വച്ചെന്നപോലെ അവിടുന്നു കോപാകുലനാകുകയും ചെയ്യും. നിങ്ങള്‍ നിന്ദിക്കരുത്.
22 നിങ്ങള്‍ പരിഹസിച്ചാല്‍ നിങ്ങളുടെ ബന്ധനം മുറുകും. ദേശത്തിനുണ്ടാകാന്‍ പോകുന്ന നാശത്തെക്കുറിച്ചു സര്‍വശക്തനായ ദൈവമായ സര്‍വേശ്വരന്‍റെ വിധി ഞാന്‍ കേട്ടിരിക്കുന്നു.
23
ചെവിതരുവിന്‍, എന്‍റെ സ്വരം ശ്രദ്ധിക്കുവിന്‍. ഞാന്‍ പറയുന്നതു കേള്‍ക്കുവിന്‍.24 വിതയ്‍ക്കാന്‍ നിലം ഉഴുന്ന കര്‍ഷകന്‍ എപ്പോഴും ഉഴുതു കൊണ്ടിരിക്കുമോ? അവന്‍ എപ്പോഴും ഉഴുതുമറിച്ചു കട്ട ഉടച്ചുകൊണ്ടിരിക്കുമോ?
25 നിലം സമനിരപ്പാക്കിയശേഷം അവന്‍ ചതകുപ്പയും ജീരകവും വിതയ്‍ക്കുകയില്ലേ? വരിവരിയായി കോതമ്പു നടുകയും യഥാസ്ഥാനങ്ങളില്‍ ബാര്‍ളി വിതയ്‍ക്കുകയും ചെറുകോതമ്പ് അതിനുള്ളില്‍ ഇടുകയും ചെയ്യുന്നില്ലേ?
26 എന്തെന്നാല്‍ അവനു ശരിയായ അറിവ് ലഭിച്ചിരിക്കുന്നു. അവന്‍റെ ദൈവം അവനെ അഭ്യസിപ്പിക്കുന്നു.
27
ചതകുപ്പ മെതിയന്ത്രംകൊണ്ടു മെതിക്കുന്നില്ല. ജീരകത്തിന്മേല്‍ വണ്ടിച്ചക്രം ഉരുട്ടുന്നുമില്ല. ചതകുപ്പ വടികൊണ്ടും ജീരകം കോലുകൊണ്ടും തല്ലി വേര്‍തിരിക്കുന്നു.28 മെതിക്കുമ്പോള്‍ കോതമ്പ് ആരും ചതച്ചുകളയുകയില്ല. കുതിരവണ്ടിച്ചക്രം അതിന്മേല്‍ ഉരുട്ടാറുമില്ല.
29 ഈ അറിവും സര്‍വശക്തനായ സര്‍വേശ്വരനില്‍ നിന്നാണു ലഭിക്കുന്നത്. ദൈവത്തിന്‍റെ ഉപദേശം അദ്ഭുതകരവും വിവേകം അതിശ്രേഷ്ഠവും ആകുന്നു.
1
ദാവീദ് പാളയമടിച്ച നഗരമായ യെരൂശലേമേ, നിനക്കു ഹാ ദുരിതം! വര്‍ഷങ്ങള്‍ കടന്നുപോകട്ടെ. ഉത്സവങ്ങള്‍ മുറയ്‍ക്കു നടക്കട്ടെ,2 എന്നാലും യെരൂശലേമിനു ഞാന്‍ കഷ്ടത വരുത്തും. അവള്‍ക്കു ദുഃഖവും വിലാപവും ഉണ്ടാകും. അവള്‍ എനിക്കു നീറിക്കത്തുന്ന യാഗപീഠം ആയിരിക്കും.
3 ഞാന്‍ നിനക്കെതിരെ ചുറ്റും പാളയമടിക്കും. നിനക്കു ചുറ്റും കൊത്തളങ്ങള്‍ നിര്‍മിച്ച് ഉപരോധം ഏര്‍പ്പെടുത്തും.
4 അപ്പോള്‍ നീ താഴ്ത്തപ്പെടും. നിലത്തുനിന്നു നീ സംസാരിക്കും. പൊടിയില്‍നിന്നു നിന്‍റെ വാക്കുകള്‍ ഉയരും. ഭൂതത്തിന്‍റെ സ്വരംപോലെ നിന്‍റെ സ്വരം കേള്‍ക്കും. നിലത്തെ പൊടിയില്‍നിന്നു നിന്‍റെ ശബ്ദം ഉയരും.
5
ശത്രുസമൂഹം നേരിയ ധൂളിപടലംപോലെയും ഭീതി ജനിപ്പിക്കുന്ന ആ സൈന്യം കാറ്റില്‍ പറക്കുന്ന പതിരുപോലെയും നിനക്ക് ആയിരിക്കും. ഞൊടിയിടയില്‍ എല്ലാം സംഭവിക്കും.6 ഭൂകമ്പം, ഇടിമുഴക്കം, ഘോരശബ്ദം, കൊടുങ്കാറ്റ്, ദഹിപ്പിക്കുന്ന തീജ്വാല എന്നിവയോടൊത്തു സര്‍വശക്തനായ സര്‍വേശ്വരന്‍ വരും.
7 യെരൂശലേമിനും അതിന്‍റെ കോട്ടകള്‍ക്കും നേരെ യുദ്ധം ചെയ്യുന്ന എല്ലാ ജനതകളും അവളെ വിഷമിപ്പിക്കുന്ന എല്ലാവരും സ്വപ്നംപോലെയും രാത്രിയിലെ ദര്‍ശനം പോലെയും ആയിത്തീരും.
8 യെരൂശലേമിനെതിരെ യുദ്ധം ചെയ്യുന്ന ശത്രുക്കള്‍ ഭക്ഷിക്കുന്നതായി സ്വപ്നം കണ്ടിട്ട് ഉണരുമ്പോള്‍ വിശപ്പു മാറാത്തവരെപ്പോലെയും പാനം ചെയ്യുന്നതായി സ്വപ്നം കണ്ടിട്ട് ഉണരുമ്പോള്‍ ദാഹമുള്ളവരെപ്പോലെയും ആയിരിക്കും.
9
വിസ്മയസ്തബ്ധരാകുവിന്‍. നിങ്ങളെത്തന്നെ അന്ധരാക്കുവിന്‍. വീഞ്ഞു കുടിക്കാതെ മത്തരാകുവിന്‍. മദ്യപിക്കാതെ ആടി നടക്കുവിന്‍.10 സര്‍വേശ്വരന്‍ നിങ്ങളുടെമേല്‍ ഗാഢനിദ്ര വരുത്തുകയും നിങ്ങളുടെ പ്രവാചകരാകുന്ന കണ്ണുകളെ അന്ധമാക്കുകയും ദര്‍ശകരാകുന്ന ശിരസ്സുകളെ മൂടിക്കെട്ടുകയും ചെയ്തിരിക്കുന്നു.
11 അങ്ങനെ നിങ്ങളുടെ സകല ദര്‍ശനങ്ങളും മുദ്രവയ്‍ക്കപ്പെട്ട ഗ്രന്ഥത്തിലെ വചനങ്ങള്‍പോലെ ആയിരിക്കുന്നു.
12 അക്ഷരജ്ഞാനമുള്ളവന്‍റെ കൈയില്‍ അതു കൊടുത്താല്‍ മുദ്ര വയ്‍ക്കപ്പെട്ടിരിക്കുന്നതുകൊണ്ട് വായിക്കാന്‍ അസാധ്യമെന്നു പറയും. നിരക്ഷരനായവന്‍റെ കൈയില്‍ കൊടുത്താല്‍ വായിക്കാന്‍ അറിഞ്ഞുകൂടാ എന്നു പറയും. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു:
13
“ഈ ജനം വാക്കുകള്‍കൊണ്ട് എന്നെ സമീപിക്കുന്നു. അധരംകൊണ്ട് എന്നെ ആദരിക്കുന്നു. അവരുടെ ഹൃദയമാകട്ടെ എന്നില്‍നിന്നും അകന്നിരിക്കുന്നു. മനഃപാഠമാക്കിയ മനുഷ്യനിയമങ്ങളാണ് അവരുടെ മതം.14 അതുകൊണ്ട് ഞാനിതാ ഈ ജനത്തിന്‍റെ മധ്യേ ഒരു അദ്ഭുതം പ്രവര്‍ത്തിക്കും. അദ്ഭുതകരവും വിസ്മയനീയവുമായ പ്രവൃത്തി; ജ്ഞാനികളുടെ ജ്ഞാനം നശിക്കും, വിവേകികളുടെ വിവേചനാശക്തി നഷ്ടപ്പെടും.
15
സര്‍വേശ്വരനില്‍നിന്നു തങ്ങളുടെ പദ്ധതികള്‍ ആഴത്തില്‍ മറച്ചു വയ്‍ക്കുകയും ഇരുട്ടില്‍ തങ്ങളുടെ പ്രവൃത്തികള്‍ നടത്തുകയും, തങ്ങളെ ആരു കാണും, ആരറിയും എന്നു ചോദിക്കുകയും ചെയ്യുന്നവര്‍ക്കു ഹാ ദുരിതം! അവര്‍ എല്ലാം കീഴ്മേല്‍ മറിക്കുന്നു.16 കുശവനും കളിമണ്ണും ഒരുപോലെയെന്ന് കരുതാമോ? സൃഷ്‍ടി സൃഷ്‍ടിച്ചവനോടു ‘നീയല്ല എന്നെ സൃഷ്‍ടിച്ചതെന്നും’ രൂപം നല്‌കിയവനോട് നിനക്കൊന്നും അറിഞ്ഞുകൂടെന്നും പറയുമോ?
17
ലെബാനോന്‍ ഫലസമൃദ്ധമായ വിളഭൂമിയായിത്തീരാനും വിളഭൂമി വനമായി എണ്ണപ്പെടാനും അല്പകാലമേ വേണ്ടൂ.18 അന്നു ബധിരന്‍ ഗ്രന്ഥത്തിലെ വചനങ്ങള്‍ വായിച്ചു കേള്‍ക്കുകയും അന്ധന്‍റെ ഇരുള്‍ നീങ്ങി പ്രകാശം ലഭിക്കുകയും ചെയ്യും.
19 സൗമ്യശീലര്‍ക്കു സര്‍വേശ്വരനില്‍ നവ്യമായ ആനന്ദം ഉണ്ടാകും.
20 എളിയവര്‍ ഇസ്രായേലിന്‍റെ പരിശുദ്ധനായ സര്‍വേശ്വരനില്‍ ആനന്ദിക്കും. നിര്‍ദയര്‍ ഇല്ലാതാവും നിന്ദകരുടെ കഥ അവസാനിക്കും
21 തിന്മ ചെയ്യാനൊരുങ്ങിയിരിക്കുന്നവര്‍ വിച്ഛേദിക്കപ്പെടും. അവര്‍ ഒരു വാക്കുകൊണ്ട് ഒരുവനെ അപരാധിയാക്കിത്തീര്‍ക്കുകയും പട്ടണവാതില്‍ക്കലിരുന്നു നീതി നടത്തുന്നവര്‍ക്കു കെണി വയ്‍ക്കുകയും അടിസ്ഥാനരഹിതമായ വാദംകൊണ്ട് നീതിമാനെ തകിടം മറിക്കുകയും ചെയ്യുന്നു.
22
അതിനാല്‍ അബ്രഹാമിനെ വീണ്ടെടുത്ത സര്‍വേശ്വരന്‍ യാക്കോബിന്‍റെ ഭവനത്തെക്കുറിച്ച് അരുളിച്ചെയ്യുന്നു: “നിങ്ങള്‍ ഇനി ലജ്ജിതരാവുകയില്ല. നിങ്ങളുടെ മുഖം ഇനി വിളറുകയുമില്ല.23 ഞാന്‍ ജനമധ്യേ ചെയ്ത പ്രവൃത്തികള്‍ കാണുമ്പോള്‍ നിങ്ങളുടെ സന്തതികള്‍ എന്നെ പരിശുദ്ധനെന്നു വാഴ്ത്തും. യാക്കോബിന്‍റെ പരിശുദ്ധനായ സര്‍വേശ്വരനെ പ്രകീര്‍ത്തിക്കും. ഇസ്രായേലിന്‍റെ ദൈവത്തിന്‍റെ മുമ്പാകെ ഭക്തിയോടെ നിലകൊള്ളും.
24 അസ്ഥിരമാനസര്‍ക്കു വിവേകമുണ്ടാവുകയും പിറുപിറുത്തിരുന്നവര്‍ ഉപദേശം കൈക്കൊള്ളുകയും ചെയ്യും.
1
“എന്‍റേതല്ലാത്ത പദ്ധതികള്‍ നടപ്പാക്കുകയും എനിക്കു ഹിതമല്ലാത്ത സഖ്യമുണ്ടാക്കുകയും ചെയ്ത് പാപത്തിന്മേല്‍ പാപം കൂട്ടിവയ്‍ക്കുന്ന കലഹപ്രിയരേ, നിങ്ങള്‍ക്കു ദുരിതം!” എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.2 അവര്‍ എന്‍റെ ഉപദേശം തേടാതെ ഈജിപ്തിലേക്കു പോയി ഫറവോയുടെ ചിറകിന്‍കീഴില്‍ അഭയം പ്രാപിക്കുകയും ഈജിപ്തിന്‍റെ തണലില്‍ സങ്കേതം തേടുകയും ചെയ്യുന്നു.
3 എന്നാല്‍ ഫറവോയുടെ സംരക്ഷണം നിങ്ങള്‍ക്കു ലജ്ജാകരവും ഈജിപ്തിന്‍റെ തണല്‍ അപമാനകരവുമായി ഭവിക്കും.
4 നിങ്ങളുടെ ഉദ്യോഗസ്ഥന്മാര്‍ സോവാനിലും നിങ്ങളുടെ പ്രതിനിധികള്‍ ഹാനേസിലും എത്തിയിട്ടും
5 സഹായിക്കാന്‍ കഴിവില്ലാത്ത ഈജിപ്തുജനത നിമിത്തം ലജ്ജിതരും അപമാനിതരുമായിത്തീര്‍ന്നിരിക്കുന്നു. അവരെക്കൊണ്ട് സഹായമോ നേട്ടമോ ഉണ്ടാകുന്നില്ല.
6
നെഗബിലെ വന്യമൃഗങ്ങളെക്കുറിച്ചുള്ള അരുളപ്പാട്: സിംഹവും സിംഹിയും അണലിയും പറക്കുന്ന സര്‍പ്പവും നിറഞ്ഞ ക്ലേശകരവും ദുര്‍ഘടവുമായ ദേശത്തിലൂടെ കഴുതപ്പുറത്തു തങ്ങളുടെ സമ്പത്തും ഒട്ടകപ്പുറത്തു തങ്ങളുടെ നിക്ഷേപങ്ങളും പ്രയോജനരഹിതരായ ഒരു ജനതയുടെ അടുക്കലേക്ക് അവര്‍ കൊണ്ടുപോകുന്നു.7 ഈജിപ്തിന്‍റെ സഹായം വ്യര്‍ഥവും നിഷ്ഫലവും ആണ്. അതുകൊണ്ട് ഞാനതിനെ ‘അനങ്ങാത്ത രാഹാബ്’ എന്നു വിളിക്കുന്നു.
8
ഭാവികാലത്ത് അവര്‍ക്കു നിത്യസാക്ഷ്യം ആയിരിക്കാന്‍ ഇത് അവരുടെ മുമ്പില്‍ ഒരു ഫലകത്തില്‍ രേഖപ്പെടുത്തുകയും പുസ്തകത്തില്‍ എഴുതി വയ്‍ക്കുകയും ചെയ്യുക.9 കാരണം, അവര്‍ കലഹപ്രിയരാണ്, വ്യാജം പറയുന്ന ജനത, സര്‍വേശ്വരന്‍റെ ഉപദേശം ചെവിക്കൊള്ളാത്ത പുത്രന്മാര്‍!
10 ദര്‍ശകരോടു ദര്‍ശിക്കരുതെന്നും പ്രവാചകരോടു ശരിയായതു പ്രവചിക്കരുതെന്നും അവര്‍ പറയുന്നു. കേള്‍ക്കാന്‍ ഇമ്പമുള്ള അസത്യം മാത്രം പറയുക.
11 വഴിയില്‍നിന്നു മാറുക, ഞങ്ങള്‍ക്ക് മാര്‍ഗതടസ്സം സൃഷ്‍ടിക്കരുത്. ഇസ്രായേലിന്‍റെ പരിശുദ്ധനായ സര്‍വേശ്വരനെപ്പറ്റി ഞങ്ങള്‍ക്ക് ഇനി കേള്‍ക്കണ്ടാ എന്ന് അവര്‍ പറയുന്നു.
12 അതിനാല്‍ ഇസ്രായേലിന്‍റെ പരിശുദ്ധനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “നിങ്ങള്‍ ഈ വചനത്തെ നിരസിക്കുകയും മര്‍ദനത്തിലും വക്രതയിലും വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നതുകൊണ്ട്,
13 ചാഞ്ഞുവീഴാറായി നില്‌ക്കുന്ന ഉയര്‍ന്ന മതിലിലെ വിള്ളല്‍ പോലെ ആയിരിക്കും നിങ്ങളുടെ അപരാധം. അത് ഏതു നിമിഷത്തിലും വീണുപോയേക്കാം. നിങ്ങള്‍ തകരുന്നതു മനഃപൂര്‍വം അടിച്ചുടച്ച മണ്‍കലംപോലെ ആയിരിക്കും.
14 അതിന്‍റെ ഒരു കഷണംപോലും അടുപ്പില്‍നിന്നു തീ കോരാനോ തൊട്ടിയില്‍നിന്നു വെള്ളം എടുക്കാനോ ഉപകരിക്കുകയില്ലല്ലോ.
15 അതുകൊണ്ട്, ഇസ്രായേലിന്‍റെ പരിശുദ്ധനായ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ശാന്തതയും ദൈവാശ്രയവുമാണ് നിങ്ങളുടെ ബലം. നിങ്ങള്‍ എന്‍റെ അടുക്കലേക്കു തിരിച്ചു വന്ന് സ്വസ്ഥമായിരുന്നാല്‍ രക്ഷിക്കപ്പെടും. എന്നാല്‍ നിങ്ങള്‍ അതിന് ഒരുങ്ങുകയില്ല.
16 “ഇല്ല, ഞങ്ങള്‍ കുതിരപ്പുറത്തു കയറി പാഞ്ഞുപോകും” എന്നു നിങ്ങള്‍ പറഞ്ഞു. അതിനാല്‍ നിങ്ങള്‍ പാഞ്ഞുപോകും. “അതിശീഘ്രം പാഞ്ഞുപോകുന്ന കുതിരയുടെ പുറത്ത് ഞങ്ങള്‍ പോകും” എന്നു നിങ്ങള്‍ പറഞ്ഞു. അതിനാല്‍ നിങ്ങളെ പിന്തുടരുന്നവരും അതിശീഘ്രം വരും.
17 ഒരുവനെ ഭയപ്പെട്ട് ആയിരംപേരും അഞ്ചു പേരുടെ ഭീഷണികൊണ്ട് നിങ്ങള്‍ എല്ലാവരും ഓടിപ്പോകും. കുന്നിന്‍മുകളില്‍ നാട്ടിയിരിക്കുന്ന കൊടിമരമോ, കൊടി അടയാളമോപോലെ നിങ്ങള്‍ ആയിത്തീരും.
18 അതിനാല്‍ സര്‍വേശ്വരന്‍ നിങ്ങളില്‍ പ്രസാദിക്കാന്‍ കാത്തിരിക്കുന്നു. നിങ്ങളോടു കരുണ കാട്ടാന്‍ ഒരുങ്ങിയിരിക്കുന്നു. എന്തെന്നാല്‍ അവിടുന്നു നീതിയുള്ള ദൈവമാകുന്നു. സര്‍വേശ്വരനെ കാത്തിരിക്കുന്നവര്‍ അനുഗൃഹീതര്‍.
19
യെരൂശലേമില്‍ നിവസിക്കുന്ന സീയോനിലെ ജനമേ, നിങ്ങള്‍ ഇനി കരയുകയില്ല. സര്‍വേശ്വരന്‍ നിശ്ചയമായും നിങ്ങളോടു കരുണ കാട്ടും. നിങ്ങളുടെ നിലവിളി കേട്ട് അവിടുന്നു നിങ്ങള്‍ക്കുത്തരമരുളും.20 അവിടുന്നു നിങ്ങള്‍ക്കു കഷ്ടതയാകുന്ന അപ്പവും പീഡനമാകുന്ന ജലവും നല്‌കുന്നെങ്കിലും, ദൈവമായിരിക്കും നിങ്ങളുടെ ഗുരു. അവിടുന്ന് ഇനി മറഞ്ഞിരിക്കുകയില്ല. നിങ്ങളുടെ കണ്ണുകള്‍ നിങ്ങളുടെ ഗുരുവിനെ ദര്‍ശിക്കും.
21 നിങ്ങള്‍ ഇടത്തോട്ടോ വലത്തോട്ടോ തിരിയുമ്പോള്‍ ‘ഇതാണു വഴി’ ഇതിലൂടെ നടക്കുക എന്നൊരു ശബ്ദം നിങ്ങള്‍ പിമ്പില്‍നിന്നു കേള്‍ക്കും.
22 അപ്പോള്‍ നിങ്ങള്‍ വെള്ളി പൊതിഞ്ഞ കൊത്തുവിഗ്രഹങ്ങളെയും സ്വര്‍ണം പൂശിയ വാര്‍പ്പുപ്രതിമകളെയും വെറുക്കും; മലിനവസ്തുക്കള്‍ എന്നപോലെ ദൂരെയെറിയും. അവയോടു ‘ദൂരെ പോകുവിന്‍’ എന്നു പറയുകയും ചെയ്യും.
23
നീ വിതയ്‍ക്കുന്ന വിത്തിന് അവിടുന്നു മഴ നല്‌കും. ധാന്യം സമൃദ്ധിയായി വിളയും.24 അന്നു വിശാലമായ മേച്ചില്‍സ്ഥലത്തു നിങ്ങളുടെ കാലികള്‍ മേഞ്ഞു നടക്കും. കോരികയും മുപ്പല്ലിയുംകൊണ്ട് ഒരുക്കിയതും ഉപ്പു ചേര്‍ത്തതുമായ വയ്‍ക്കോല്‍, നിലം ഉഴുന്ന കാളയും കഴുതയും തിന്നും.
25 മഹാസംഹാരദിവസം ഗോപുരങ്ങള്‍ നിലംപതിക്കും; ഉന്നതഗിരികളില്‍നിന്നും കുന്നുകളില്‍നിന്നും അരുവികളും നീര്‍ച്ചാലുകളും പൊട്ടിപ്പുറപ്പെടും;
26 സര്‍വേശ്വരന്‍ തന്‍റെ ജനത്തിന്‍റെ മുറിവു കെട്ടുകയും തന്‍റെ പ്രഹരം കൊണ്ടുണ്ടായ വ്രണം ഉണക്കുകയും ചെയ്യുന്ന നാളില്‍ ചന്ദ്രന്‍ സൂര്യനെപ്പോലെ പ്രകാശിക്കും. സൂര്യന് ഏഴു പകലിന്‍റെ വെളിച്ചം ഒന്നു ചേര്‍ന്നാലെന്നപോലെ ഏഴിരട്ടി പ്രകാശം ഉണ്ടായിരിക്കും.
27
കോപത്താല്‍ ജ്വലിച്ചും കനത്തപുക വമിച്ചുംകൊണ്ട് ഇതാ, സര്‍വേശ്വരന്‍റെ മഹത്ത്വം വിദൂരത്തില്‍ ദൃശ്യമാകുന്നു. അവിടുത്തെ കോപം കത്തി ജ്വലിക്കുന്നു. അവിടുത്തെ അധരങ്ങള്‍ രോഷനിര്‍ഭരമാണ്. അവിടുത്തെ നാവ് സംഹാരാഗ്നിയാണ്.28 കവിഞ്ഞൊഴുകുന്ന അരുവിപോലെയാകുന്നു അവിടുത്തെ നിശ്വാസം. അതു കഴുത്തറ്റംവരെ എത്തുന്നു. അവര്‍ നാശത്തിന്‍റെ അരിപ്പയില്‍ ജനതകളെ അരിക്കുകയും വഴിതെറ്റിക്കുന്ന കടിഞ്ഞാണ്‍ അവര്‍ക്കിടുകയും ചെയ്യുന്നു.
29
ഉത്സവരാത്രിയിലെന്നപോലെ നിങ്ങള്‍ക്കു പാടാം. ഇസ്രായേലിന്‍റെ രക്ഷാകേന്ദ്രമായ സര്‍വേശ്വരന്‍റെ പര്‍വതത്തിലേക്കു പുല്ലാങ്കുഴല്‍ ഊതിപ്പോകുന്നവനെപ്പോലെ നിങ്ങള്‍ക്ക് ആഹ്ലാദിക്കാം.30 ഉഗ്രകോപത്താല്‍ സംഹാരകമായ അഗ്നിജ്വാലയിലും ഇടിമുഴക്കത്തിലും കന്മഴയിലും സര്‍വേശ്വരന്‍ അവിടുത്തെ ഗംഭീരശബ്ദം കേള്‍പ്പിക്കുകയും പ്രഹരിക്കാന്‍ കൈ ഓങ്ങുകയും ചെയ്യും.
31 അവിടുത്തെ ശബ്ദം കേള്‍ക്കുമ്പോള്‍, അവിടുത്തെ വടികൊണ്ടു പ്രഹരിക്കുമ്പോള്‍ അസ്സീറിയാക്കാര്‍ ഭയന്നുവിറയ്‍ക്കും.
32 ശിക്ഷാദണ്ഡുകൊണ്ടുള്ള സര്‍വേശ്വരന്‍റെ ഓരോ അടിയോടും ഒപ്പം തപ്പിന്‍റെയും കിന്നരത്തിന്‍റെയും നാദം ഉയരും. സര്‍വേശ്വരന്‍ കൈ ചുഴറ്റി അവരോടു പടവെട്ടും.
33 അസ്സീറിയന്‍ രാജാവിനെ ദഹിപ്പിക്കാന്‍ പണ്ടേ ഒരു സ്ഥലം ഒരുക്കിയിട്ടുണ്ട്. അവിടെയുള്ള ചിത ആഴമേറിയതും വിസ്തൃതവുമാകുന്നു. അഗ്നിയും വിറകും ധാരാളം ഉണ്ട്. സര്‍വേശ്വരന്‍റെ നിശ്വാസം ഗന്ധകനദിപോലെ വന്ന് അതിനെ ജ്വലിപ്പിക്കും.
1
ഇസ്രായേലിന്‍റെ പരിശുദ്ധനായ സര്‍വേശ്വരനിലേക്കു ദൃഷ്‍ടി ഉയര്‍ത്തുകയോ അവിടുത്തെ ഹിതം ആരായുകയോ ചെയ്യാതെ സഹായം തേടി ഈജിപ്തിലേക്കു പോവുകയും അവരുടെ കുതിരകളിലും രഥങ്ങളുടെ സംഖ്യാബലത്തിലും ബലിഷ്ഠരായ കുതിരപ്പടയാളികളിലും വിശ്വാസം അര്‍പ്പിക്കുകയും ചെയ്യുന്നവര്‍ക്കു ഹാ ദുരിതം!2 എന്നാല്‍ സര്‍വജ്ഞനായ അവിടുന്ന് അവര്‍ക്ക് അനര്‍ഥം വരുത്തും. അവിടുത്തെ വാക്ക് ഒരിക്കലും മാറുകയില്ല. തിന്മ പ്രവര്‍ത്തിക്കുന്നവരുടെ ഭവനത്തിനും അനീതിക്കു കൂട്ടു നില്‌ക്കുന്നവര്‍ക്കും എതിരായി അവിടുന്നു നീങ്ങും.
3 ഈജിപ്തുകാര്‍ മനുഷ്യരാണ്, ദൈവമല്ല. അവരുടെ കുതിരകള്‍ മാംസമാണ്, ആത്മാവല്ല. സര്‍വേശ്വരന്‍ കൈ നീട്ടുമ്പോള്‍ സഹായകന്‍ നിലംപതിക്കും; സഹായിക്കപ്പെടുന്നവന്‍ വീഴും. അവര്‍ ഒരുമിച്ചു നശിക്കും.
4
സര്‍വേശ്വരന്‍ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: സിംഹമോ, സിംഹക്കുട്ടിയോ ഇരകണ്ടു മുരളുമ്പോള്‍ ഇടയന്മാരുടെ സംഘത്തെ അതിനെതിരെ വിളിച്ചുകൂട്ടിയാല്‍ അവരുടെ കൂക്കു വിളികേട്ട് അതു പേടിക്കുകയില്ല. ഒച്ചപ്പാടു കേട്ടു വിരളുകയുമില്ല. അതുപോലെ സര്‍വശക്തനായ സര്‍വേശ്വരന്‍ യുദ്ധം ചെയ്യാന്‍ സീയോന്‍ഗിരിയിലിറങ്ങിവരും.5 പക്ഷികള്‍ കൂടിനു മീതെ വട്ടമിട്ടു പറന്നു കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതുപോലെ സര്‍വേശ്വരന്‍ യെരൂശലേമിനെ കാത്തുസൂക്ഷിക്കും. അവിടുന്ന് അതിന് അഭയം നല്‌കും.
6
ഇസ്രായേല്‍ജനമേ, നിങ്ങള്‍ കഠിനമായി എതിര്‍ത്തവങ്കലേക്കു തന്നെ തിരിയുവിന്‍;7 നിങ്ങളുടെ പാപത്തിന്‍റെ ഫലമായി നിര്‍മിച്ച സ്വര്‍ണവിഗ്രഹങ്ങളും വെള്ളിവിഗ്രഹങ്ങളും അന്നു നിങ്ങള്‍ ദൂരെ വലിച്ചെറിയും.
8 അസ്സീറിയാക്കാര്‍ മനുഷ്യന്‍റേതല്ലാത്ത വാളിനാല്‍ സംഹരിക്കപ്പെടും. മനുഷ്യന്‍റേതല്ലാത്ത വാളിന് അവര്‍ ഇരയാകും. അവരുടെ യുവാക്കന്മാര്‍ അടിമവേല ചെയ്യാനിടയാകും.
9 കൊടുംഭീതികൊണ്ട് അവരുടെ അഭയസ്ഥാനം പൊയ്പ്പോകും. സൈന്യാധിപന്മാര്‍ ഭയപ്പെട്ടു യുദ്ധപതാക കൈവെടിഞ്ഞു പലായനം ചെയ്യും. സീയോനില്‍ അഗ്നിയും യെരൂശലേമില്‍ തീച്ചൂളയുമുള്ള സര്‍വേശ്വരനാണ് ഇത് അരുളിച്ചെയ്യുന്നത്.
1
ഒരു രാജാവ് ധര്‍മനിഷ്ഠയോടെ വാഴും; പ്രഭുക്കന്മാര്‍ നീതിബോധത്തോടെ ഭരിക്കും.2 അവര്‍ ഓരോരുത്തരും കാറ്റില്‍ നിന്നു രക്ഷ നല്‌കുന്ന ഒളിപ്പിടവും കൊടുങ്കാറ്റില്‍നിന്നുള്ള രക്ഷാസങ്കേതവും ആയിരിക്കും. അവര്‍ മരുഭൂമിയില്‍ നീരുറവകള്‍പോലെയും ഊഷരഭൂമിയില്‍ പാറക്കെട്ടിന്‍റെ തണല്‍പോലെയും ആയിരിക്കും.
3 കാണുന്നവന്‍ കണ്ണുകളടച്ചു കളയുകയില്ല. കേള്‍ക്കുന്നവന്‍ ശ്രദ്ധിക്കും.
4 അവിവേകികളുടെ മനസ്സില്‍ വിവേകമുണ്ടാകും. വിക്കന്മാര്‍ തടസ്സം കൂടാതെ വ്യക്തമായി സംസാരിക്കും.
5 ഭോഷനെ ഉത്തമന്‍ എന്നോ ആഭാസനെ മാന്യന്‍ എന്നോ മേലില്‍ ആരും വിളിക്കുകയില്ല.
6 ഭോഷന്‍ ഭോഷത്തം സംസാരിക്കുന്നു. അവന്‍ അധര്‍മം പ്രവര്‍ത്തിക്കാനും ദൈവത്തെ ദുഷിക്കാനും വിശക്കുന്നവര്‍ക്ക് ആഹാരം നല്‌കാതിരിക്കാനും ദാഹിക്കുന്നവന് ജലം നല്‌കാതിരിക്കാനുമുള്ള പദ്ധതി തയ്യാറാക്കുന്നു.
7 വഞ്ചകന്‍റെ വഞ്ചനകള്‍ തിന്മ നിറഞ്ഞത്. എളിയവന്‍റെ അപേക്ഷ ന്യായമാണെങ്കിലും അവനെ നശിപ്പിക്കാന്‍ അയാള്‍ വ്യാജമായി ദുരുപായങ്ങള്‍ കണ്ടുപിടിക്കുന്നു.
8 എന്നാല്‍ ഉത്തമന്‍ ഉത്തമകാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയും അവയില്‍ ഉറച്ചു നില്‌ക്കുകയും ചെയ്യുന്നു.
9
അലസരായ സ്‍ത്രീകളേ, എഴുന്നേല്‌ക്കുവിന്‍; എന്‍റെ ശബ്ദം ശ്രദ്ധിക്കുവിന്‍.10 നിരുത്സാഹികളേ, എന്‍റെ വാക്കു ചെവിക്കൊള്ളുവിന്‍. അലസതനിറഞ്ഞ സ്‍ത്രീകളേ, അടുത്തവര്‍ഷം ഈ സമയം നിങ്ങള്‍ നടുങ്ങിപ്പോകും. അപ്പോള്‍ മുന്തിരിയുടെ വിള നശിക്കും. വിളവെടുപ്പു നടക്കുകയില്ല.
11 അലസതയോടെ കഴിയുന്ന സ്‍ത്രീകളേ, വിറകൊള്ളുവിന്‍, മടിയന്മാരായി കഴിയുന്നവരേ, നടുങ്ങുവിന്‍. വസ്ത്രം ഉരിഞ്ഞു ചാക്കുതുണിയുടുക്കുവിന്‍.
12 ആകര്‍ഷകമായിരുന്ന വയലുകളെയും ഫലസമൃദ്ധമായിരുന്ന മുന്തിരിത്തോട്ടങ്ങളെയും ഓര്‍ത്തു വിലപിക്കുവിന്‍.
13 മുള്ളുകളും മുള്‍ച്ചെടികളും വളരുന്ന എന്‍റെ ജനത്തിന്‍റെ മണ്ണിനെ ഓര്‍ത്തു മാറത്തടിക്കുവിന്‍. സന്തുഷ്ടമായിരുന്ന നഗരങ്ങളിലെ സംതൃപ്ത ഭവനങ്ങളെയും ഓര്‍ത്തു വിലപിക്കുവിന്‍.
14 ഉയരത്തില്‍നിന്നു നമ്മുടെമേല്‍ ആത്മാവ് വന്ന് ഊഷരഭൂമി ഫലപുഷ്ടമായ വിളഭൂമിയായും കൃഷിഭൂമി മരുഭൂമിയായും രൂപാന്തരപ്പെടുന്നതുവരെ കൊട്ടാരം ഉപേക്ഷിക്കപ്പെടും; ജനസാന്ദ്രമായ പട്ടണം വിജനമാകും.
15 കുന്നും കാവല്‍ഗോപുരവും എന്നേക്കും ഗുഹകളായിത്തീരും. അവ കാട്ടുകഴുതകളുടെ വിഹാരരംഗമാകും. ആട്ടിന്‍പറ്റം അവിടെ മേഞ്ഞുനടക്കും.
16
അപ്പോള്‍ മരുഭൂമിയില്‍ നീതി നിവസിക്കും. ഫലസമൃദ്ധമായ വയലില്‍ ധാര്‍മികത ആവസിക്കും; നീതിയുടെ ഫലം സമാധാനമായിരിക്കും.17 അതിന്‍റെ പരിണതഫലം ശാശ്വതമായ ശാന്തിയും ദൈവാശ്രയവും ആയിരിക്കും.
18 എന്‍റെ ജനം സമാധാനമുള്ള വസതികളിലും സുരക്ഷിതമായ പാര്‍പ്പിടങ്ങളിലും പ്രശാന്തമായ വിശ്രമസങ്കേതങ്ങളിലും പാര്‍ക്കും.
19 കന്മഴ പെയ്തു വനം നിശ്ശേഷം നശിക്കും. നഗരം തീര്‍ത്തും നിലംപരിചാകും.
20 ജലാശയങ്ങള്‍ക്കരികിലെങ്ങും വിതയ്‍ക്കുകയും കാളയെയും കഴുതയെയും സ്വതന്ത്രമായി മേയാന്‍ അഴിച്ചു വിടുകയും ചെയ്യുന്ന നിങ്ങള്‍ സന്തുഷ്ടര്‍!
1
നശിപ്പിക്കപ്പെടാതിരിക്കെ, മറ്റുള്ളവരെ നശിപ്പിക്കുന്നവരേ, വഞ്ചിക്കപ്പെടാതിരിക്കെ മറ്റുള്ളവരെ വഞ്ചിക്കുന്നവരേ, നിങ്ങള്‍ക്കു ഹാ ദുരിതം! നശീകരണ പ്രവൃത്തികള്‍ നിങ്ങള്‍ അവസാനിപ്പിക്കുമ്പോള്‍ നിങ്ങള്‍ നശിപ്പിക്കപ്പെടും. വഞ്ചന നിങ്ങള്‍ അവസാനിപ്പിക്കുമ്പോള്‍ മറ്റുള്ളവര്‍ നിങ്ങളെ വഞ്ചിക്കും.2
സര്‍വേശ്വരാ, ഞങ്ങളില്‍ കനിവുണ്ടാകണമേ, അങ്ങേക്കുവേണ്ടി ഞങ്ങള്‍ കാത്തിരിക്കുന്നു. അവിടുന്നു പ്രഭാതംതോറും ഞങ്ങളുടെ സംരക്ഷണഭുജവും കഷ്ടകാലത്തു ഞങ്ങളുടെ രക്ഷയും ആയിരിക്കണമേ.3 ഇടിമുഴക്കംപോലുള്ള അവിടുത്തെ ശബ്ദം കേട്ടു ജനം ഓടിപ്പോകുന്നു. അവിടുന്ന് എഴുന്നേല്‌ക്കുമ്പോള്‍ ജനതകള്‍ ചിതറിപ്പോകുന്നു.
4 പട്ടുനൂല്‍ പുഴു തിന്നൊടുക്കുന്നതുപോലെ നിങ്ങള്‍ കൊള്ളമുതല്‍ കവര്‍ന്നെടുക്കുന്നു. വെട്ടുക്കിളി ചാടിവീഴുന്നതുപോലെ നിങ്ങള്‍ അതിന്മേല്‍ ചാടി വീഴുന്നു.
5 സര്‍വേശ്വരന്‍ സമുന്നതന്‍, അവിടുന്ന് ഉന്നതങ്ങളില്‍ വസിക്കുന്നു. അവിടുന്നു നീതിയും ന്യായവുംകൊണ്ട് സീയോനെ നിറയ്‍ക്കും.
6 നിന്‍റെ ആയുസ്സിന്‍റെ ഉറപ്പായ അടിസ്ഥാനവും രക്ഷയുടെയും വിവേകത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും സമൃദ്ധിയും അവിടുന്ന് ആയിരിക്കും. സര്‍വേശ്വരനോടുള്ള ഭക്തി ആയിരിക്കും അവരുടെ നിക്ഷേപം.
7 വീരന്മാര്‍ കേഴുന്നു, സമാധാനദൂതന്മാര്‍ പൊട്ടിക്കരയുന്നു.
8 പെരുവഴികള്‍ ശൂന്യമായിക്കിടക്കുന്നു. വഴിയാത്രക്കാര്‍ ഇല്ലാതെയിരിക്കുന്നു. ഉടമ്പടികള്‍ ലംഘിക്കപ്പെടുന്നു. സാക്ഷികള്‍ വെറുക്കപ്പെടുന്നു. മനുഷ്യന്‍ മാനിക്കപ്പെടുന്നില്ല.
9 ദേശം മനമുരുകി കേഴുന്നു. ലെബാനോന്‍ ലജ്ജിച്ചു വാടിക്കൊഴിയുന്നു. ശാരോന്‍ മരുഭൂമിപോലെ ആയിരിക്കുന്നു. ബാശാനും, കര്‍മ്മേലും ഇല പൊഴിക്കുന്നു.
10
സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഇപ്പോള്‍ ഞാന്‍ എഴുന്നേല്‌ക്കും, എന്‍റെ ശക്തി വെളിപ്പെടുത്തും. ഇപ്പോള്‍ ഞാന്‍ പുകഴ്ത്തപ്പെടും.”11 നീ നിഷ്ഫലമായതു നിരൂപിച്ചു പ്രയോജനരഹിതമായതു പ്രവര്‍ത്തിക്ക. നിന്‍റെ നിശ്വാസം നിന്നെത്തന്നെ ദഹിപ്പിക്കുന്ന അഗ്നിയായിത്തീരും.
12 ജനപദങ്ങള്‍, നീറ്റിയെടുത്ത കുമ്മായം പോലെയായിത്തീരും. വെട്ടി തീയിലിടുന്ന മുള്‍ച്ചെടിപോലെ അവര്‍ ആയിത്തീരും.
13
വിദൂരസ്ഥരേ, ഞാന്‍ ചെയ്തതെന്തെന്നു കേള്‍ക്കുവിന്‍, സമീപസ്ഥരേ, എന്‍റെ ശക്തി അംഗീകരിക്കുവിന്‍.14 സീയോനിലെ പാപികള്‍ ഭയപ്പെടുന്നു; അവിശ്വാസികള്‍ വിറയ്‍ക്കുന്നു. സംഹാരാഗ്നിയോടൊത്തു നമ്മില്‍ ആരു വസിക്കും? സദാ ജ്വലിക്കുന്ന അഗ്നിയോടൊത്ത് ആര്‍ക്കു പാര്‍ക്കാന്‍ കഴിയും?
15 നീതിനിഷ്ഠരായി ജീവിക്കുകയും സത്യം സംസാരിക്കുകയും ചെയ്യുന്നവര്‍ മാത്രം അവിടെ വസിക്കും. അവര്‍ മര്‍ദനം കൊണ്ടുള്ള നേട്ടം നിരാകരിക്കുന്നു; കൈക്കൂലി വാങ്ങാതെ കൈ കുടഞ്ഞു കളയുന്നു; രക്തചൊരിച്ചിലിനെപ്പറ്റി കേള്‍ക്കാതിരിക്കാന്‍ ചെവി പൊത്തുന്നു. തിന്മ കാണാതിരിക്കാന്‍ കണ്ണടയ്‍ക്കുന്നു.
16 ഇപ്രകാരമുള്ളവര്‍ ഉന്നതത്തില്‍ വസിക്കും. സുശക്തമായ ശിലാദുര്‍ഗത്തില്‍ അവര്‍ സുരക്ഷിതമായിരിക്കും. അവര്‍ക്ക് ആവശ്യമുള്ള അപ്പവും വെള്ളവും നല്‌കപ്പെടും.
17
രാജാവിനെ അവന്‍റെ ഗാംഭീര്യത്തോടെ നിങ്ങള്‍ കാണും. വിദൂരത്തിലേക്കു വ്യാപിച്ചു കിടക്കുന്ന ഒരു രാജ്യത്തെയും നിങ്ങള്‍ കാണും. ഭീതിജനകമായ പഴയ കാര്യങ്ങളെക്കുറിച്ചു നിങ്ങള്‍ ഓര്‍ക്കും.18 നികുതിപ്പണം എണ്ണിയവന്‍ എവിടെ? കപ്പം തൂക്കി നോക്കിയവന്‍ എവിടെ? ഗോപുരങ്ങള്‍ എണ്ണി നോക്കിയവന്‍ എവിടെ?
19 നിങ്ങള്‍ മനസ്സിലാകാത്ത ഭാഷ സംസാരിക്കുകയും ദുര്‍ഗ്രഹമായവിധം വിക്കിവിക്കി പറയുകയും ചെയ്യുന്ന ഗര്‍വിഷ്ഠരെ ഇനി കാണുകയില്ല.
20 നിര്‍ദിഷ്ട ഉത്സവങ്ങളുടെ നഗരമായ സീയോനെ നോക്കുവിന്‍. നിന്‍റെ കണ്ണുകള്‍ യെരൂശലേമിനെ ദര്‍ശിക്കും. പ്രശാന്തമായ ഒരു പാര്‍പ്പിടം, മാറ്റമില്ലാത്ത ഒരു കൂടാരം, അതിന്‍റെ കുറ്റി പിഴുതു പോവുകയോ കയറു പൊട്ടുകയോ ഇല്ല.
21 അവിടെ നമുക്കുവേണ്ടി മഹിമയോടെ വാഴുന്ന സര്‍വേശ്വരനുണ്ടായിരിക്കും. വിശാലമായ നദികളും തോടുകളും അവിടെക്കാണും. എന്നാല്‍ അവയിലൂടെ വലിയ കപ്പലുകളോ തണ്ടുവച്ച വഞ്ചികളോ കടന്നു പോകുകയില്ല.
22 കാരണം, സര്‍വേശ്വരന്‍ നമ്മുടെ ന്യായാധിപന്‍, അവിടുന്നു നമ്മുടെ ഭരണാധിപനും രാജാവും ആകുന്നു. അവിടുന്നു നമ്മെ രക്ഷിക്കും.
23 നിങ്ങളുടെ കപ്പല്‍ക്കയറ് അയഞ്ഞിരിക്കുന്നു. അതിനു പാമരം യഥാസ്ഥാനം ഉറപ്പിച്ചു നിര്‍ത്താനും കപ്പല്‍പ്പായ് വിരിച്ചു നിര്‍ത്താനും കഴിയുകയില്ല. അന്നു കൊള്ള ചെയ്ത വമ്പിച്ച മുതല്‍ പങ്കിടും; അന്നു മുടന്തന്‍പോലും കൊള്ള മുതല്‍ പിടിച്ചെടുക്കും.
24 അവിടെ നിവസിക്കുന്ന ഒരുവന്‍ പോലും താന്‍ രോഗിയെന്നു പറയുകയില്ല. എല്ലാവരുടെയും അകൃത്യങ്ങള്‍ ക്ഷമിക്കപ്പെടും.
1
ജനതകളേ, അടുത്തുവന്നു കേള്‍ക്കുവിന്‍; ജനപദങ്ങളേ, ശ്രദ്ധിക്കുവിന്‍. ഭൂമിയും അതില്‍ നിറഞ്ഞിരിക്കുന്ന സകലവുമേ, ചെവി തരുവിന്‍! ലോകവും അതില്‍നിന്ന് ഉദ്ഭവിക്കുന്ന സമസ്തവുമേ, കേള്‍ക്കുവിന്‍.2 സര്‍വേശ്വരന്‍ സകലജനതകളോടും രോഷം പൂണ്ടിരിക്കുന്നുവല്ലോ. അവരുടെ സര്‍വസൈന്യങ്ങളോടും അവിടുന്നു കോപാകുലനായിരിക്കുന്നു. അവിടുന്ന് അവരെ വിധിച്ചു കൊലയ്‍ക്ക് ഏല്പിച്ചു കൊടുത്തിരിക്കുന്നു. വധിക്കപ്പെട്ടവരെ വലിച്ചെറിയും;
3 അവരുടെ മൃതശരീരങ്ങളില്‍നിന്നു ദുര്‍ഗന്ധം വമിക്കും; പര്‍വതങ്ങള്‍ അവരുടെ രക്തത്തില്‍ കുതിരും.
4 സൂര്യചന്ദ്രന്മാരും നക്ഷത്രസമൂഹവും കെട്ടടങ്ങും. ആകാശം ഗ്രന്ഥച്ചുരുള്‍പോലെ ചുരുണ്ടുപോകും. മുന്തിരിയില്‍നിന്നും അത്തിയില്‍നിന്നും ഇല പൊഴിയുംപോലെ ആകാശസേനകള്‍ നിലംപതിക്കും.
5
സര്‍വേശ്വരന്‍റെ വാള്‍ സ്വര്‍ഗത്തില്‍ സുസജ്ജമായിരിക്കുന്നു. ഇതാ, എദോമിന്മേല്‍ വിധി നടത്താന്‍, ജനത്തിനു ന്യായം വിധിക്കാന്‍ അത് ആകാശത്തുനിന്ന് ഇറങ്ങിവരുന്നു. സര്‍വേശ്വരന് ഒരു വാള്‍ ഉണ്ട്.6 അതു മതിയാവോളം രക്തം കുടിച്ചിരിക്കുന്നു. മേദസ്സു ഭക്ഷിച്ചു ചെടിച്ചിരിക്കുന്നു. ചെമ്മരിയാടിന്‍റെയും കോലാടിന്‍റെയും രക്തവും ആണാടുകളുടെ വൃക്കകളും മേദസ്സുംകൊണ്ടു തന്നെ. സര്‍വേശ്വരനു ബൊസ്രായില്‍ ഒരു യാഗം ഉണ്ട്. എദോമില്‍ ഒരു മഹാസംഹാരം ഉണ്ട്.
7 അന്നു കാട്ടുകാളകളെയും കാളക്കുട്ടികളെയും കൂറ്റന്മാരെയുംപോലെ ജനപദങ്ങള്‍ വീഴും. ദേശം രക്തത്തില്‍ കുതിരും. അവരുടെ മണ്ണ് കൊഴുപ്പുകൊണ്ട് വളക്കൂറുള്ളതാകും.
8 കാരണം സര്‍വേശ്വരന് ഒരു പ്രതികാരസമയമുണ്ട്. സീയോനെ വീണ്ടെടുക്കാന്‍ ശത്രുക്കളോടു പകരം വീട്ടുന്ന വര്‍ഷംതന്നെ.
9 എദോമിലെ തോടുകള്‍ കീലായും അവിടുത്തെ മണ്ണ് ഗന്ധകമായും ദേശം കത്തുന്ന കീലായും മാറും.
10 രാവും പകലും അതു കെടാതെ കത്തിക്കൊണ്ടിരിക്കും. അതില്‍നിന്ന് എന്നേക്കും പുക ഉയര്‍ന്നുകൊണ്ടിരിക്കും. തലമുറകളോളം അതു ശൂന്യമായി കിടക്കും. ഒരിക്കലും ആരും അതുവഴി കടന്നുപോകയില്ല.
11 കഴുകനും മുള്ളന്‍പന്നിയും ദേശം അധീനമാക്കും. മൂങ്ങയും മലങ്കാക്കയും അവിടെ കുടിപാര്‍ക്കും. സര്‍വേശ്വരന്‍ സംഭ്രാന്തിയുടെ അളവുനൂല്‍ അതിന്‍റെമേല്‍ വലിച്ചുപിടിക്കും.
12 ശൂന്യതയുടെ തൂക്കുകട്ട അവിടത്തെ പ്രമുഖന്മാരുടെമേല്‍ പിടിക്കും. അത് ഒരു രാജ്യം അല്ലാതാകും. പ്രഭുക്കന്മാര്‍ അപ്രത്യക്ഷമാകും.
13
അതിന്‍റെ കോട്ടകളില്‍ മുള്‍ച്ചെടികളും സുരക്ഷിതസങ്കേതങ്ങളില്‍ തൂവ, ഞെരിഞ്ഞില്‍ എന്നിവയും വളരും. അതു കുറുനരികളുടെ വിഹാരരംഗമാകും; ഒട്ടകപ്പക്ഷികള്‍ അവിടെ താവളമാക്കും. അവിടെ കാട്ടുമൃഗങ്ങള്‍ കഴുതപ്പുലിയെ കണ്ടുമുട്ടും.14 മരുഭൂതങ്ങള്‍ അന്യോന്യം കരഞ്ഞുവിളിക്കും; വേതാളം വിശ്രമസങ്കേതം തേടി അവിടെയെത്തും.
15 അവിടെ മൂങ്ങാ കൂടുകെട്ടി മുട്ടയിട്ടു വിരിയിച്ചു കുഞ്ഞുങ്ങളെ സ്വന്തം ചിറകിന്‍കീഴില്‍ വളര്‍ത്തും. അവിടെ പരുന്തുകള്‍ കൂട്ടം കൂടും; അവ ഇണയോടൊത്തു വിഹരിക്കും.
16 സര്‍വേശ്വരന്‍റെ ഗ്രന്ഥം പരിശോധിച്ചു നോക്കൂ! ഇവയില്‍ ഒന്നും അതില്‍ കാണാതിരിക്കയില്ല. ഒന്നിനും ഇണയില്ലാതെ വരികയുമില്ല. സര്‍വേശ്വരനാണിതു കല്പിച്ചിരിക്കുന്നത്. അവിടുത്തെ ആത്മാവ് ഇവയെ ഒരുമിച്ചുകൂട്ടുന്നു.
17 അവിടുന്നു ചീട്ടിടുകയും ചരടുപിടിച്ചളന്ന് ദേശം അവയ്‍ക്കു ഭാഗിച്ചു കൊടുക്കുകയും ചെയ്തു. അവ അതു കൈവശമാക്കും; തലമുറതലമുറകളായി അവിടെ പാര്‍ക്കും.
1
വിജനപ്രദേശവും വരണ്ട നിലവും സന്തോഷിക്കും. മരുഭൂമി ആനന്ദിച്ചു പുഷ്പിക്കും.2 കുങ്കുമച്ചെടിപോലെ സമൃദ്ധമായി പൂക്കള്‍ വിരിയും. ആനന്ദഗീതം ആലപിച്ച് ആഹ്ലാദിക്കും. ലെബാനോനെപ്പോലെ അതു മനോഹരമായിരിക്കും. ശാരോനിന്‍റെയും കര്‍മ്മേലിന്‍റെയും പ്രൗഢി അതിനു ലഭിക്കും. അവര്‍ സര്‍വേശ്വരന്‍റെ മഹത്ത്വം, നമ്മുടെ ദൈവത്തിന്‍റെ മഹിമ ദര്‍ശിക്കും.
3 ദുര്‍ബലമായ കരങ്ങളെ ശക്തിപ്പെടുത്തുവിന്‍. തളര്‍ന്ന കാല്‍മുട്ടുകളെ ഉറപ്പിക്കുവിന്‍.
4 ഭീതിയില്‍ കഴിയുന്നവനോട്, “ഭയപ്പെടേണ്ടാ, ധൈര്യമായിരിക്കൂ” എന്നു പറയുക. ഇതാ സര്‍വേശ്വരന്‍ പ്രതികാരവുമായി വരുന്നു! അവിടുന്നു നിങ്ങളുടെ ശത്രുക്കളോടു പകരം വീട്ടുകയും നിങ്ങളെ രക്ഷിക്കുകയും ചെയ്യും.
5 അന്ന് അന്ധന്മാരുടെ കണ്ണു തുറക്കും; ബധിരരുടെ ചെവി അടഞ്ഞിരിക്കുകയില്ല.
6 അന്നു മുടന്തന്‍ മാനിനെപ്പോലെ ചാടും. മൂകന്‍ ആനന്ദിച്ചുപാടും. മരുഭൂമിയില്‍ നീരുറവകള്‍ ഉണ്ടാകും. വരണ്ട പ്രദേശത്ത് അരുവികള്‍ പൊട്ടിപ്പുറപ്പെടും.
7 ചുട്ടുപഴുത്ത മണല്‍പ്പരപ്പ് ജലാശയമായി മാറും. വരണ്ട ഭൂമി നീരുറവകളായിത്തീരും. കുറുനരികള്‍ വിഹരിച്ചിരുന്ന വരണ്ട ഭൂമി ചതുപ്പുനിലമായി മാറും. അവിടെ പുല്ലും ഞാങ്ങണയും കോരപ്പുല്ലും വളരും.
8 അവിടെ ഒരു പെരുവഴി ഉണ്ടാകും. അതിനു വിശുദ്ധവീഥി എന്ന പേരു വരും. അശുദ്ധര്‍ അതിലൂടെ സഞ്ചരിക്കയില്ല. അവിടെ ബുദ്ധികെട്ടവര്‍ക്കുപോലും വഴി തെറ്റുകയില്ല.
9 സിംഹം അവിടെ ഉണ്ടായിരിക്കുകയില്ല. ഒരു ക്രൂരമൃഗവും അവിടെ പ്രവേശിക്കുകയില്ല, കാണപ്പെടുകയുമില്ല. വിമോചിതര്‍ മാത്രം ആ വഴിയിലൂടെ സഞ്ചരിക്കും.
10 സര്‍വേശ്വരനാല്‍ വീണ്ടെടുക്കപ്പെട്ടവന്‍ പാട്ടു പാടിക്കൊണ്ടു സീയോനിലേക്കു മടങ്ങിവരും. ശാശ്വതമായ ആനന്ദം അവരുടെ മുഖങ്ങളില്‍ പരിലസിക്കും. അവര്‍ക്ക് ആനന്ദവും ഉല്ലാസവും ലഭിക്കും. സങ്കടവും നെടുവീര്‍പ്പും അവരില്‍ നിന്ന് ഓടിയകലും.
1
ഹിസ്കിയാരാജാവിന്‍റെ വാഴ്ചയുടെ പതിനാലാം വര്‍ഷം അസ്സീറിയാരാജാവായ സെന്‍ഹേരീബ് യെഹൂദായിലെ കോട്ട കെട്ടി സുരക്ഷിതമാക്കിയ എല്ലാ നഗരങ്ങളും ആക്രമിച്ചു കീഴടക്കി.2 അസ്സീറിയാരാജാവ് ലാഖീശില്‍നിന്ന് ഒരു വലിയ സൈന്യത്തോടു കൂടി രബ്-ശാക്കേയെ യെരൂശലേമില്‍ ഹിസ്കിയാരാജാവിന്‍റെ നേര്‍ക്കയച്ചു. അയാള്‍ അലക്കുകാരന്‍റെ നിലത്തിലേക്കുള്ള പെരുവഴിയില്‍ മുകള്‍ഭാഗത്തെ കുളത്തിലേക്കുള്ള ചാലിനരികെ നിലയുറപ്പിച്ചു.
3 അപ്പോള്‍ ഹില്‌കിയായുടെ പുത്രനും കൊട്ടാരം കാര്യവിചാരകനുമായ എല്യാക്കീം, കാര്യദര്‍ശിയായ ശെബ്നാ, ആസാഫിന്‍റെ പുത്രനും വൃത്താന്തലേഖകനുമായ യോവാഹ് എന്നിവര്‍ അയാളുടെ അടുക്കല്‍ ചെന്നു.
4
രബ്-ശാക്കേ അവരോടു പറഞ്ഞു: “അസ്സീറിയായിലെ മഹാരാജാവ് ഇപ്രകാരം പറയുന്നതായി ഹിസ്കിയാരാജാവിനെ അറിയിക്കുക: “നിന്‍റെ ആത്മവിശ്വാസത്തിന് എന്താണ് അടിസ്ഥാനം?5 യുദ്ധതന്ത്രവും ശക്തിയും വെറും വാക്കുകളാണെന്നാണോ നീ കരുതുന്നത്? ആരില്‍ ആശ്രയിച്ചാണു നീ എന്നെ എതിര്‍ക്കുന്നത്?
6 ഈജിപ്താണല്ലോ നിന്‍റെ ആശ്രയം. അതു ചതഞ്ഞ ഓടത്തണ്ടാണ്. ഊന്നി നടക്കുന്നവന്‍റെ കൈയില്‍ അതു കുത്തിക്കയറും. തന്നില്‍ ആശ്രയിക്കുന്നവര്‍ക്ക് ഈജിപ്തിലെ രാജാവായ ഫറവോ അങ്ങനെയാണ്.
7 ഞങ്ങള്‍ ഞങ്ങളുടെ ദൈവമായ സര്‍വേശ്വരനെ ആശ്രയിക്കുന്നു എന്നു നിങ്ങള്‍ പറയുന്നെങ്കില്‍ നിങ്ങള്‍ യാഗപീഠത്തിന്‍റെ മുമ്പില്‍ മാത്രം ആരാധിക്കുവിന്‍ എന്നു യെരൂശലേമിനോടും യെഹൂദായോടും പറഞ്ഞുകൊണ്ട് ദൈവമായ സര്‍വേശ്വരന്‍റെ മറ്റു പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കിയാ നശിപ്പിച്ചില്ലേ?
8 എന്‍റെ യജമാനനായ അസ്സീറിയാ രാജാവിനോടു വാതുകെട്ടുക. രണ്ടായിരം കുതിരപ്പടയാളികളെങ്കിലും നിങ്ങള്‍ക്കുണ്ടെങ്കില്‍ ഞാന്‍ രണ്ടായിരം കുതിരകളെ തരാം.
9 രഥങ്ങള്‍ക്കും കുതിരപ്പടയാളികള്‍ക്കും വേണ്ടി ഈജിപ്തിനെ ആശ്രയിക്കുന്ന നിങ്ങള്‍ക്ക് എന്‍റെ ദാസന്മാരില്‍ ഏറ്റവും ചെറിയ ഒരു സേനാനായകനെ എങ്കിലും തുരത്താന്‍ കഴിയുമോ? സര്‍വേശ്വരന്‍റെ സഹായം ഇല്ലാതെയാണോ ഞാനീ രാജ്യത്തെ നശിപ്പിക്കാന്‍ വന്നിരിക്കുന്നത്?
10 ഈ ദേശം ആക്രമിച്ചു നശിപ്പിക്കുക എന്ന് അവിടുന്ന് എന്നോട് അരുളിച്ചെയ്തു.”
11
അപ്പോള്‍ എല്യാക്കീമും ശെബ്നയും യോവാഹും രബ്-ശാക്കേയോടു പറഞ്ഞു: “ഞങ്ങളോടു അരാമ്യഭാഷയില്‍ സദയം സംസാരിച്ചാലും; ഞങ്ങള്‍ക്കതു മനസ്സിലാകും. കോട്ടയുടെ മുകളിലുള്ള ജനം കേള്‍ക്കെ അവര്‍ക്ക് അറിയാവുന്ന എബ്രായഭാഷയില്‍ സംസാരിക്കരുതേ.” അയാള്‍ മറുപടി നല്‌കി:12 “സ്വന്തം വിസര്‍ജനവസ്തുക്കള്‍ തിന്നാനും കുടിക്കാനും നിന്നോടൊപ്പം വിധിക്കപ്പെട്ടിരിക്കുന്നവരല്ലേ ആ കോട്ടയുടെ മുകളില്‍ കഴിയുന്നത്? അവരോടു സംസാരിക്കാതെ നിങ്ങളോടും നിങ്ങളുടെ യജമാനനോടും മാത്രമായി സംസാരിക്കാനാണോ എന്നെ അയച്ചിരിക്കുന്നത്?
13
പിന്നീടു രബ്-ശാക്കേ എഴുന്നേറ്റുനിന്ന് എബ്രായഭാഷയില്‍ വിളിച്ചു പറഞ്ഞു: “അസ്സീറിയായിലെ മഹാരാജാവിന്‍റെ വാക്കു കേള്‍ക്കുവിന്‍;14 ഹിസ്ക്കിയാ നിങ്ങളെ വഞ്ചിക്കാനിടയാകരുത്. അയാള്‍ക്കു നിങ്ങളെ രക്ഷിക്കാന്‍ കഴിവില്ല.
15 സര്‍വേശ്വരന്‍ നമ്മെ നിശ്ചയമായും രക്ഷിക്കും. അവിടുന്ന് ഈ നഗരം അസ്സീറിയായിലെ രാജാവിന്‍റെ കൈയില്‍ ഏല്പിച്ചുകൊടുക്കയില്ല എന്നു പറഞ്ഞു ഹിസ്ക്കിയാ നിങ്ങളെ സര്‍വേശ്വരനില്‍ ആശ്രയിക്കുമാറാക്കരുത്.”
16 ഹിസ്കിയാ പറയുന്നതു നിങ്ങള്‍ ശ്രദ്ധിക്കരുത്. അസ്സീറിയായിലെ രാജാവ് പറയുന്നു: “എന്നോടു സമാധാന ഉടമ്പടി ചെയ്ത് എന്‍റെ അടുത്തു വരുവിന്‍. അപ്പോള്‍ നിങ്ങള്‍ക്കു സ്വന്തം മുന്തിരിവള്ളിയുടെയും അത്തിയുടെയും ഫലങ്ങള്‍ ഭക്ഷിക്കാനിടവരും. സ്വന്തം കിണറ്റിലെ വെള്ളം കുടിക്കുകയും ആകാം.
17 പിന്നീട് ഞാന്‍ വന്നു നിങ്ങളെ നിങ്ങളുടെ നാടിനു സദൃശമായ നാട്ടിലേക്കു കൊണ്ടുപോകും. ധാന്യവും വീഞ്ഞുമുള്ള നാട്, അപ്പവും മുന്തിരിത്തോട്ടങ്ങളുമുള്ള നാട്.
18 സര്‍വേശ്വരന്‍ നമ്മെ രക്ഷിക്കുമെന്നു പറഞ്ഞു ഹിസ്ക്കിയാ നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. ഏതെങ്കിലും ജനതയുടെ ദേവന്‍ അസ്സീറിയാരാജാവിന്‍റെ കൈയില്‍നിന്നു തന്‍റെ ദേശത്തെ രക്ഷിച്ചിട്ടുണ്ടോ?
19 ഹമാത്തിലെയും അര്‍പ്പാദിലെയും ദേവന്മാര്‍ എവിടെ? സെഫര്‍വയീമിലെ ദേവന്മാര്‍ എവിടെ?
20 അവര്‍ എന്‍റെ കൈയില്‍നിന്നും ശമര്യായെ മോചിപ്പിച്ചുവോ? ഈ രാജ്യങ്ങളിലെ ദേവന്മാരില്‍ ആരാണു തങ്ങളുടെ രാജ്യങ്ങളെ എന്‍റെ കൈയില്‍നിന്നു മോചിപ്പിച്ചിട്ടുള്ളത്. പിന്നെ എങ്ങനെ യെരൂശലേമിനെ എന്‍റെ കൈയില്‍നിന്നു സര്‍വേശ്വരന്‍ മോചിപ്പിക്കും.”
21
എന്നാല്‍ അവര്‍ നിശ്ശബ്ദരായിരുന്നു. അയാളോട് ഒന്നും മറുപടി പറഞ്ഞില്ല. കാരണം, മറുപടി പറയരുതെന്നായിരുന്നു രാജകല്പന.22 ഹില്‌കിയായുടെ പുത്രനും കൊട്ടാരം കാര്യവിചാരകനുമായ എല്യാക്കീം, കാര്യദര്‍ശിയായ ശെബ്നാ, കാര്യദര്‍ശിയും ആസാഫിന്‍റെ പുത്രനും വൃത്താന്തലേഖകനുമായ യോവാഹ് എന്നിവര്‍ വസ്ത്രം കീറി ഹിസ്കിയാരാജാവിന്‍റെ അടുക്കല്‍ ചെന്ന് രബ്-ശാക്കേയുടെ വാക്കുകള്‍ അറിയിച്ചു.
1
ഹിസ്കിയാരാജാവ് അതുകേട്ടപ്പോള്‍ വസ്ത്രം കീറി ചാക്കുതുണിയുടുത്തുകൊണ്ട് സര്‍വേശ്വരന്‍റെ ആലയത്തിലേക്കു പോയി.2 കൊട്ടാരം കാര്യവിചാരകനായ എല്യാക്കീമിനെയും കാര്യദര്‍ശിയായ ശെബ്നയെയും മുതിര്‍ന്ന പുരോഹിതന്മാരെയും ആമോസിന്‍റെ പുത്രനായ യെശയ്യായുടെ അടുത്തേക്കയച്ചു. അവരും ചാക്കുതുണി ഉടുത്തിരുന്നു.
3 അവര്‍ അദ്ദേഹത്തോടു പറഞ്ഞു: “ഹിസ്കിയാരാജാവു പറയുന്നു, കഷ്ടതയുടെയും ശകാരത്തിന്‍റെയും അപമാനത്തിന്‍റെയും ദിവസമാണിന്ന്. കുഞ്ഞു പിറക്കേണ്ട സമയമായി. പക്ഷേ പ്രസവിക്കാന്‍ ശക്തിയില്ല.
4 ജീവിക്കുന്ന ദൈവത്തെ പരിഹസിക്കാന്‍ അസ്സീറിയായിലെ രാജാവ് അയച്ച രബ്-ശാക്കേയുടെ വാക്കുകള്‍ അങ്ങയുടെ ദൈവം കേട്ടിരിക്കും. അങ്ങയുടെ ദൈവമായ സര്‍വേശ്വരന്‍ ആ വാക്കുകള്‍ക്കു പ്രതികാരം ചെയ്യുകയില്ലേ? അതുകൊണ്ട് അവശേഷിക്കുന്ന നമ്മുടെ ജനത്തിനുവേണ്ടി പ്രാര്‍ഥിച്ചാലും.
5
ഹിസ്കിയാരാജാവിന്‍റെ ദാസന്മാര്‍ പറഞ്ഞതുകേട്ട് യെശയ്യാ അവരോടു പറഞ്ഞു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.6 “നിങ്ങളുടെ യജമാനനോടു പറയുക: “എന്നെ നിന്ദിച്ചുകൊണ്ട് അസ്സീറിയായിലെ രാജാവിന്‍റെ ദാസന്മാര്‍ പറഞ്ഞ വാക്കുകള്‍ നീ കേട്ടല്ലോ. നീ ഭയപ്പെടേണ്ടാ.
7 ഞാന്‍ അവന്‍റെ മനസ്സിനു വിഭ്രാന്തി ഉളവാക്കും. ഒരു കിംവദന്തി കേട്ട് സ്വന്തം രാജ്യത്തേക്ക് അവന്‍ മടങ്ങും. അവിടെവച്ചു ഞാനവനെ വാളിനിരയാക്കാന്‍ ഇടയാക്കും.
8
രബ്-ശാക്കേ തിരിച്ചുപോയി അസ്സീറിയാ രാജാവിനെ കണ്ടു. രാജാവ് ലാഖീശ് വിട്ടുപോയെന്നും ലിബ്നയ്‍ക്കെതിരെ യുദ്ധം ചെയ്യുന്നു എന്നും അയാള്‍ കേട്ടിരുന്നു.9 എത്യോപ്യരാജാവായ തിര്‍ഹാക്ക തനിക്കെതിരെ യുദ്ധം ചെയ്യാന്‍ വരുന്നു എന്നു കേട്ടിട്ട് അസ്സീറിയാരാജാവ് ഹിസ്ക്കിയായുടെ അടുക്കല്‍ ദൂതന്മാരെ അയച്ച് അറിയിച്ചു:
10 “നിങ്ങള്‍ യെഹൂദാരാജാവായ ഹിസ്ക്കിയായോട് പറയുക: യെരൂശലേം അസ്സീറിയാരാജാവിന്‍റെ കൈയില്‍ ഏല്പിക്കുകയില്ല എന്നും പറഞ്ഞ് താങ്കള്‍ ആശ്രയിക്കുന്ന ദൈവം താങ്കളെ കബളിപ്പിക്കാന്‍ ഇടവരരുത്.
11 അസ്സീറിയാരാജാക്കന്മാര്‍ എല്ലാ രാജ്യങ്ങളോടും പ്രവര്‍ത്തിച്ചതും അവയ്‍ക്ക് ഉന്മൂലനാശം വരുത്തിയതും താങ്കള്‍ കേട്ടിട്ടില്ലേ? പിന്നെ താങ്കള്‍ വിടുവിക്കപ്പെടുമെന്നോ?
12 എന്‍റെ പൂര്‍വികര്‍ ഗോസാന്‍, ഹാരാന്‍, രേസെഫ് എന്നീ നഗരങ്ങളെയും തെലസ്സാരിലെ എദേന്യരെയും നശിപ്പിച്ചല്ലോ? അവരുടെ ദേവന്മാര്‍ അവരെ വിടുവിച്ചുവോ?
13 ഹാമാത്ത്, അര്‍പ്പാദ്, സെഫര്‍വ്വയീം, ഹേന, ഇവ്വ എന്നിവിടങ്ങളിലെ രാജാക്കന്മാര്‍ ഇപ്പോള്‍ എവിടെ?
14
ഹിസ്കിയാ ദൂതന്മാരുടെ കൈയില്‍നിന്നും കത്തു വാങ്ങി വായിച്ചു.15 അയാള്‍ സര്‍വേശ്വരന്‍റെ ആലയത്തില്‍ പ്രവേശിച്ച് സര്‍വേശ്വരസന്നിധിയില്‍ അതു നിവര്‍ത്തി ഇപ്രകാരം പ്രാര്‍ഥിച്ചു: സര്‍വശക്തനായ സര്‍വേശ്വരാ, കെരൂബുകളുടെമേല്‍ ആരൂഢനായിരിക്കുന്ന ഇസ്രായേലിന്‍റെ ദൈവമേ,
16 ഭൂമിയിലെ സകല രാജ്യങ്ങളുടെയും ദൈവം അവിടുന്നാകുന്നു; അവിടുന്നു മാത്രം. അവിടുന്ന് ആകാശത്തെയും ഭൂമിയെയും സൃഷ്‍ടിച്ചു.
17 സര്‍വേശ്വരാ, ശ്രദ്ധിച്ചാലും, തൃക്കണ്ണുകള്‍ തുറന്നു കടാക്ഷിക്കേണമേ. ജീവിക്കുന്ന ദൈവത്തെ അധിക്ഷേപിച്ചുകൊണ്ടുള്ള സെന്‍ഹേരീബിന്‍റെ കത്തിലെ വാക്കുകള്‍ കേള്‍ക്കണമേ.
18 അസ്സീറിയാരാജാക്കന്മാര്‍ എല്ലാ ജനതകളെയും അവരുടെ ദേശങ്ങളെയും ശൂന്യമാക്കി,
19 അവരുടെ ദേവന്മാരെ തീയില്‍ എരിച്ചുകളഞ്ഞു. ഇതു വാസ്തവംതന്നെ. കാരണം, അവര്‍ ദൈവങ്ങളായിരുന്നില്ല. മനുഷ്യകരങ്ങള്‍ നിര്‍മിച്ച കല്ലും മരവും കൊണ്ടുള്ള വിഗ്രഹങ്ങള്‍ മാത്രം.
20 അതുകൊണ്ട് ഞങ്ങളുടെ ദൈവമായ സര്‍വേശ്വരാ, അവരുടെ കൈയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ. അങ്ങനെ ഭൂമിയിലെ സര്‍വരാജ്യങ്ങളും അവിടുന്നു മാത്രമാണ് ദൈവം എന്നറിയട്ടെ.
21
അപ്പോള്‍ ആമോസിന്‍റെ പുത്രനായ യെശയ്യാ ഒരു ദൂതന്‍ വശം ഹിസ്കിയാരാജാവിനൊരു സന്ദേശം അയച്ചു; “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. അസ്സീറിയായിലെ സെന്‍ഹേരീബ് രാജാവിനെ സംബന്ധിച്ചു നീ എന്നോടു പ്രാര്‍ഥിച്ചല്ലോ.22 അയാളെപ്പറ്റി സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. “നിന്നെ കന്യകയായ സീയോന്‍പുത്രി വെറുക്കുകയും പരിഹസിക്കുകയും ചെയ്യുന്നു; നിന്‍റെ പിറകില്‍നിന്നു യെരൂശലേംപുത്രി പരിഹാസത്തോടെ തല ആട്ടുന്നു.
23 ആരെയാണു നീ നിന്ദിക്കുകയും ദുഷിക്കുകയും ചെയ്തത്? ആരുടെ നേരെയാണു നീ സ്വരം ഉയര്‍ത്തിയത്? ആരുടെ നേര്‍ക്കാണു നീ ധിക്കാരപൂര്‍വം ദൃഷ്‍ടി ഉയര്‍ത്തിയത്? ഇസ്രായേലിന്‍റെ പരിശുദ്ധനായ സര്‍വേശ്വരന് എതിരെയല്ലേ?
24 നിന്‍റെ ഭൃത്യന്മാര്‍ മുഖാന്തരം നീ സര്‍വേശ്വരനെ പരിഹസിച്ചു: അനേകം രഥങ്ങളോടുകൂടി ഞാന്‍ പര്‍വതശിഖരങ്ങളില്‍ ലെബാനോന്‍റെ വിദൂരസങ്കേതങ്ങളില്‍ കയറി; അവിടെയുള്ള ഏറ്റവും ഉയര്‍ന്ന ദേവദാരുക്കളും വിശിഷ്ടമായ സരളവൃക്ഷങ്ങളും ഞാന്‍ വെട്ടിവീഴ്ത്തി. ഞാന്‍ അതിന്‍റെ ഏറ്റവും ഉയരമുള്ള ഇടതൂര്‍ന്ന വനത്തിലേക്കു ചെന്നു.
25 ഞാന്‍ കിണറുകള്‍ കുഴിച്ച് വെള്ളം കുടിച്ചു. എന്‍റെ കാലടികള്‍കൊണ്ട് ഈജിപ്തിലെ സകല നദികളെയും വറ്റിച്ചു” എന്നു നീ പറഞ്ഞു.
26
ഞാന്‍ പണ്ടു പണ്ടേ ഇതൊക്കെ നിശ്ചയിച്ചതാണെന്നു നീ കേട്ടിട്ടില്ലേ? പണ്ടേ നിശ്ചയിച്ചിട്ടുള്ളതാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. കോട്ടകള്‍ കെട്ടി സുരക്ഷിതമാക്കിയ നഗരങ്ങളെ നീ തകര്‍ത്തു പാഴ്കൂമ്പാരമാക്കണം.27 അപ്പോള്‍ തദ്ദേശവാസികള്‍ മനഃശക്തി ക്ഷയിച്ചു പരിഭ്രാന്തരായും ആകുലചിത്തരായും തീരും. അവര്‍ വയലിലെ സസ്യംപോലെയും ഇളംപുല്ലുപോലെയും നാമ്പു നീട്ടും മുമ്പു കരിഞ്ഞുപോകുന്ന മട്ടുപ്പാവിലെ പുല്ലുപോലെയും ആകും.
28 നിന്‍റെ നില്പും ഇരിപ്പും നിന്‍റെ പ്രവൃത്തികളും എന്‍റെ നേരെ നിനക്കുള്ള ഉഗ്രകോപവും എനിക്കറിയാം.
29 നീ എന്നോടു കുപിതനാകയാലും നിന്‍റെ അഹങ്കാരത്തെക്കുറിച്ചു ഞാന്‍ കേട്ടിരിക്കുന്നതിനാലും നിന്‍റെ മൂക്കില്‍ കൊളുത്തും വായില്‍ കടിഞ്ഞാണും ഇട്ടു നിന്നെ വന്നവഴിയെ ഞാന്‍ തിരിച്ചയയ്‍ക്കും.”
30
പിന്നീട് യെശയ്യാ ഹിസ്കിയാരാജാവിനോടു പറഞ്ഞു: “ഇതായിരിക്കും നിനക്കുള്ള അടയാളം. ഈ വര്‍ഷവും അടുത്ത വര്‍ഷവും നിങ്ങള്‍ തനിയെ മുളച്ചുണ്ടാകുന്ന ധാന്യങ്ങള്‍ ഭക്ഷിക്കും. മൂന്നാം കൊല്ലം വിത്തു വിതയ്‍ക്കുകയും കൊയ്യുകയും മുന്തിരിത്തോട്ടം നട്ടുവളര്‍ത്തി ഫലമെടുക്കുകയും ചെയ്യും.31 യെഹൂദാഭവനത്തില്‍ അവശേഷിക്കുന്നവര്‍ ആഴത്തില്‍ വേരുന്നുകയും ഫലം കായ്‍ക്കുകയും ചെയ്യും.
32 യെരൂശലേമില്‍നിന്ന്, സീയോന്‍പര്‍വതത്തില്‍നിന്ന് അവശേഷിക്കുന്നവരുടെ ഒരു ഗണം പുറപ്പെടും.
33
സര്‍വശക്തനായ സര്‍വേശ്വരന്‍ ഇതു നിറവേറ്റാന്‍ നിശ്ചയിച്ചിരിക്കുന്നു.” അസ്സീറിയാ രാജാവിനെക്കുറിച്ച് സര്‍വേശ്വരന്‍ അരുളിച്ചെയ്തതിപ്രകാരമാണ്: അയാള്‍ ഈ നഗരത്തില്‍ പ്രവേശിക്കുകയോ അമ്പ് എയ്യുകയോ പരിചയുമായി മുന്നേറുകയോ ഉപരോധത്തിനുള്ള മണ്‍കൂന നിര്‍മിക്കുകയോ ചെയ്യുകയില്ല.34 വന്നവഴിതന്നെ അയാള്‍ മടങ്ങിപ്പൊയ്‍ക്കൊള്ളും. അയാള്‍ ഈ നഗരത്തിലേക്കു കടക്കുകയില്ല എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.
35 കാരണം എനിക്കുവേണ്ടിയും എന്‍റെ ദാസനായ ദാവീദിനുവേണ്ടിയും ഈ നഗരത്തെ ഞാന്‍ കാത്തുസൂക്ഷിക്കും.
36
സര്‍വേശ്വരന്‍റെ ദൂതന്‍ അസ്സീറിയന്‍ പാളയത്തിലേക്കു ചെന്ന് ഒരുലക്ഷത്തിയെപത്തയ്യായിരം ഭടന്മാരെ വധിച്ചു. രാവിലെ ജനം ഉണര്‍ന്നു നോക്കുമ്പോള്‍ അവരെല്ലാവരും മരിച്ചു കിടക്കുന്നതു കണ്ടു.37 അപ്പോള്‍ അസ്സീറിയാരാജാവായ സെന്‍ഹേരീബ് പിന്‍വാങ്ങി നീനെവേയില്‍ പാര്‍ത്തു.
38 അയാള്‍ തന്‍റെ ദേവനായ നിസ്രോക്കിന്‍റെ ക്ഷേത്രത്തില്‍ ആരാധിച്ചുകൊണ്ടിരിക്കെ തന്‍റെ പുത്രന്മാരായ അദ്രമേലെക്കും ശരേസെറും ചേര്‍ന്ന് അദ്ദേഹത്തെ വാളിനിരയാക്കി. അവര്‍ അരാരാത്തു ദേശത്തേക്ക് ഓടി രക്ഷപെട്ടു. പിന്നീട് സെന്‍ഹേരീബിന്‍റെ മറ്റൊരു പുത്രന്‍ ഏസര്‍ ഹദ്ദോന്‍ അസ്സീറിയായില്‍ രാജ്യഭാരം കൈയേറ്റു.
1
ഹിസ്കിയാരാജാവ് രോഗബാധിതനായി മരണത്തോടടുത്തു; അപ്പോള്‍ ആമോസിന്‍റെ പുത്രനായ യെശയ്യാ അദ്ദേഹത്തിന്‍റെ അടുക്കല്‍ ചെന്നു പറഞ്ഞു: “അങ്ങയുടെ ഭവനകാര്യങ്ങള്‍ ക്രമീകരിച്ചുകൊള്ളുക. അങ്ങു മരിച്ചുപോകും. സുഖം പ്രാപിക്കുകയില്ല എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.”2 ഹിസ്കിയാ ചുമരിലേക്കു മുഖം തിരിച്ചു സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു:
3 “സര്‍വേശ്വരാ, ഞാനെത്രമാത്രം വിശ്വസ്തതയോടും പൂര്‍ണഹൃദയത്തോടും കൂടി അവിടുത്തെ സേവിച്ചു എന്നും അവിടുത്തെ ദൃഷ്‍ടിയില്‍ നന്മയായുള്ളതേ ഞാന്‍ ചെയ്തിട്ടുള്ളൂ എന്നും അവിടുന്ന് ഓര്‍മിക്കണമേ. തുടര്‍ന്ന് അദ്ദേഹം അതിദുഃഖത്തോടെ കരഞ്ഞു.
4 അപ്പോള്‍ യെശയ്യായ്‍ക്കു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി.
5 നീ ചെന്ന് ഹിസ്കിയായോടു പറയുക: “നിന്‍റെ പിതാവായ ദാവീദിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ഞാന്‍ നിന്‍റെ പ്രാര്‍ഥന കേട്ടു. നിന്‍റെ കണ്ണുനീര്‍ ഞാന്‍ കണ്ടിരിക്കുന്നു. ഇതാ, നിന്‍റെ ആയുസ്സ് പതിനഞ്ചു വര്‍ഷം കൂടി നീട്ടിത്തരുന്നു.
6 അസ്സീറിയാരാജാവില്‍നിന്നു നിന്‍റെ നഗരത്തെയും ഞാന്‍ രക്ഷിക്കും. ഈ നഗരം ഞാന്‍ സംരക്ഷിക്കും.
7
ഈ വാഗ്ദാനം സര്‍വേശ്വരന്‍ നിറവേറ്റും എന്നതിനു സര്‍വേശ്വരനില്‍ നിന്നുള്ള അടയാളം ഇതായിരിക്കും.8 “ആഹാസിന്‍റെ സൂര്യഘടികാരത്തിലെ ഇറങ്ങിപ്പോയ നിഴല്‍ പത്തു ചുവടു പിറകോട്ടു ഞാന്‍ തിരിക്കും.” അങ്ങനെ താഴേക്കിറങ്ങിയ സൂര്യന്‍ പത്തു ചുവട്ടടി പിറകോട്ടു മാറി.
9 യെഹൂദാരാജാവായ ഹിസ്കിയാ രോഗവിമുക്തനായ ശേഷം എഴുതിയ സ്തോത്രഗാനം:
10
ഞാന്‍ പറഞ്ഞു: “ജീവിതത്തിന്‍റെ മധ്യാഹ്നത്തില്‍ ഞാന്‍ കടന്നുപോകണം11
ജീവിക്കുന്നവരുടെ ദേശത്തുവച്ച് ഇനി സര്‍വേശ്വരനെ കാണുകയില്ല എന്നു ഞാന്‍ പറഞ്ഞു.
12
ഇനിമേല്‍ മനുഷ്യനെ ഞാന്‍ കാണുകയില്ല.
ആട്ടിടയന്‍റെ കൂടാരം എന്നപോലെ എന്‍റെ വസതി പിഴുതെടുത്തു മാറ്റിയിരിക്കുന്നു.
നെയ്ത്തുകാരന്‍ വസ്ത്രം ചുരുട്ടുന്നതുപോലെ,
ഞാനും എന്‍റെ ജീവിതം ചുരുട്ടി മാറ്റിയിരിക്കുന്നു.
അവിടുന്ന് എന്നെ തറയില്‍ നിന്നു മുറിച്ചു നീക്കിയിരിക്കുന്നു.
രാപകല്‍ അവിടുന്ന് എന്നെ അന്ത്യത്തിലേക്കു നയിക്കുന്നു.
13
പുലര്‍ച്ചവരെ സഹായത്തിനായി ഞാന്‍ കേണു;
എന്നാല്‍ സിംഹത്തെപ്പോലെ അവിടുന്ന് എന്‍റെ അസ്ഥികള്‍ എല്ലാം തകര്‍ക്കുന്നു.
എന്‍റെ ജീവിതം അന്ത്യത്തോടടുക്കുകയാണെന്ന് എനിക്കു തോന്നി.
14
മീവല്‍പ്പക്ഷിയെപ്പോലെയോ, കൊക്കിനെപ്പോലെയോ ഞാന്‍ ചിലയ്‍ക്കുന്നു.
പ്രാവിനെപ്പോലെ ഞാന്‍ കുറുകുന്നു.
മുകളിലേക്കു നോക്കി എന്‍റെ കണ്ണുകള്‍ കുഴയുന്നു.
സര്‍വേശ്വരാ, ഞാന്‍ പീഡിതനായിരിക്കുന്നു.
അവിടുന്ന് എന്‍റെ രക്ഷാസങ്കേതമായിരിക്കണമേ.
15
എനിക്ക് എന്തു പറയാന്‍ കഴിയും?
അവിടുന്നുതന്നെ ഇതു ചെയ്തിരിക്കുന്നു.
അവിടുന്നുതന്നെ ഇത് എന്നോടു പറയുകയും ചെയ്തിരിക്കുന്നു.
മനോവേദന മൂലം നിദ്ര എന്നെ വിട്ടൊഴിഞ്ഞിരിക്കുന്നു.
16
സര്‍വേശ്വരാ, ഞാന്‍ അങ്ങേക്കുവേണ്ടി ജീവിക്കും.
അങ്ങേക്കുവേണ്ടി മാത്രം! സൗഖ്യം നല്‌കി എന്നെ ജീവിക്കാനനുവദിച്ചാലും.
17
എനിക്ക് ഈ കൊടിയവേദന ഉണ്ടായത് എന്‍റെ നന്മയ്‍ക്കുവേണ്ടിയാണ്.
എന്‍റെ സര്‍വപാപങ്ങളും പിമ്പിലേക്കു തള്ളി നീക്കിയതിനാല്‍ നാശത്തിന്‍റെ കുഴിയില്‍ വീഴാതെ അവിടുന്ന് എന്നെ തടഞ്ഞു നിര്‍ത്തി.
18
പാതാളം അങ്ങയോടു നന്ദി പറയുന്നില്ല.
മരണം അങ്ങയെ സ്തുതിക്കുന്നില്ല.
മരണമടയുന്നവര്‍ അങ്ങയുടെ വിശ്വസ്തതയില്‍ ശരണപ്പെടുകയില്ല.
19
ജീവിച്ചിരിക്കുന്നവര്‍, എന്നെപ്പോലെ ജീവിച്ചിരിക്കുന്നവര്‍
തന്നെയാണ് അങ്ങേക്കു സ്തോത്രം അര്‍പ്പിക്കുന്നത്.
അവിടുത്തെ വിശ്വസ്തതയെക്കുറിച്ച് പിതാവു മക്കളെ അറിയിക്കുന്നു.
20
സര്‍വേശ്വരന്‍ എന്നെ രക്ഷിക്കും.
ഞങ്ങള്‍ ജീവിതകാലം മുഴുവന്‍ അവിടുത്തെ ആലയത്തിലിരുന്നു വീണമീട്ടി പാടും.
21
എന്നാല്‍ ഹിസ്കിയാ സുഖം പ്രാപിക്കാന്‍വേണ്ടി ഒരു അത്തിയട എടുത്ത് അദ്ദേഹത്തിന്‍റെ വ്രണത്തില്‍ വച്ചു കെട്ടുക എന്നു യെശയ്യാ പറഞ്ഞിരുന്നു.22 ഞാന്‍ ദേവാലയത്തിലേക്കു പോകും എന്നതിനു അടയാളം എന്തെന്ന് രാജാവു ചോദിച്ചിരുന്നു.
1
അക്കാലത്ത് ബലദാന്‍റെ പുത്രനായ മെരോദക്ക്-ബലദാന്‍ എന്ന ബാബിലോണ്‍രാജാവ് ഹിസ്കിയാരാജാവിന്‍റെ രോഗവും അതില്‍നിന്നുള്ള വിടുതലും അറിഞ്ഞ് അദ്ദേഹത്തിന്‍റെ അടുക്കല്‍ എഴുത്തും സമ്മാനവുമായി ദൂതന്മാരെ അയച്ചു.2 ഹിസ്കിയാരാജാവ് അവരെ സ്വീകരിച്ചു. തന്‍റെ ഭണ്ഡാരവും സ്വര്‍ണം, വെള്ളി, സുഗന്ധദ്രവ്യങ്ങള്‍, അമൂല്യതൈലങ്ങള്‍, ആയുധശേഖരം എന്നിങ്ങനെ തന്‍റെ സംഭരണശാലകളിലുള്ള സര്‍വവും അവര്‍ക്കു കാണിച്ചുകൊടുത്തു. അദ്ദേഹത്തിന്‍റെ കൊട്ടാരത്തിലോ രാജ്യത്തിലോ അവരെ കാണിക്കാത്ത യാതൊന്നും ഉണ്ടായിരുന്നില്ല.
3 യെശയ്യാപ്രവാചകന്‍ ഹിസ്കിയാ രാജാവിന്‍റെ അടുക്കല്‍ ചെന്നു: “ഈ മനുഷ്യര്‍ പറയുന്നത് എന്ത്? ഇവര്‍ അങ്ങയുടെ അടുക്കല്‍ എവിടെനിന്നു വരുന്നു?” എന്നു ചോദിച്ചു. “ഇവര്‍ വിദൂരസ്ഥലമായ ബാബിലോണില്‍നിന്നു വന്നവരാണെന്നു” ഹിസ്കിയ മറുപടി പറഞ്ഞു.
4 “അവര്‍ അങ്ങയുടെ കൊട്ടാരത്തില്‍ എന്തെല്ലാം കണ്ടു?” എന്നു പ്രവാചകന്‍ ചോദിച്ചു. “എന്‍റെ കൊട്ടാരത്തിലുള്ളതെല്ലാം അവര്‍ കണ്ടു. ഞാന്‍ കാണിച്ചു കൊടുക്കാത്തതായി എന്‍റെ ഭണ്ഡാരത്തില്‍ ഇനി ഒന്നും ഇല്ല” എന്നു ഹിസ്കിയാ പറഞ്ഞു.
5
അപ്പോള്‍ യെശയ്യാ ഹിസ്കിയായോടു പറഞ്ഞു: “സര്‍വശക്തനായ സര്‍വേശ്വരന്‍റെ അരുളപ്പാടു കേള്‍ക്കുക.6 “ഇതാ അങ്ങയുടെ പിതാക്കന്മാര്‍ ഇന്നുവരെ സംഭരിച്ചിട്ടുള്ളതും അങ്ങയുടെ ഭണ്ഡാരത്തില്‍ സ്വരൂപിച്ചിട്ടുള്ളതുമായ സര്‍വസ്വവും ബാബിലോണിലേക്കു കൊണ്ടുപോകുന്ന നാള്‍ വരുന്നു. ഒന്നും തന്നെ ശേഷിക്കുകയില്ല;
7 അങ്ങയുടെ സ്വന്തം പുത്രന്മാരില്‍ ചിലരെ ബാബിലോണിലേക്കു കൊണ്ടുപോകും. അവര്‍ ബാബിലോണ്‍രാജാവിന്‍റെ കൊട്ടാരത്തിലെ ഷണ്ഡന്മാരായിരിക്കും.”
8 തന്‍റെ ഭരണകാലത്തു സമാധാനവും സുരക്ഷിതത്വവും ഉണ്ടായിരിക്കും എന്നു കരുതി ഹിസ്കിയാ യെശയ്യായോടു പറഞ്ഞു. “അങ്ങ് അറിയിച്ച സര്‍വേശ്വരന്‍റെ അരുളപ്പാടു നല്ലതു തന്നെ.”
1
“ആശ്വസിപ്പിക്കുവിന്‍, എന്‍റെ ജനത്തെ ആശ്വസിപ്പിക്കുവിന്‍” എന്നു നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു.2 യെരൂശലേമിനോടു ദയാപൂര്‍വം സംസാരിക്കുവിന്‍. അവളുടെ അടിമത്തം അവസാനിച്ചു; അവളുടെ അകൃത്യം ക്ഷമിക്കപ്പെട്ടിരിക്കുന്നു. അവളുടെ പാപങ്ങള്‍ക്കിരട്ടി ശിക്ഷ സര്‍വേശ്വരനില്‍നിന്നു ലഭിച്ചു കഴിഞ്ഞുവെന്ന് അവളോടു വിളിച്ചു പറയുക.
3 ഇതാ ഒരു ശബ്ദം ഉയരുന്നു: മരുഭൂമിയില്‍ സര്‍വേശ്വരനു വഴിയൊരുക്കുവിന്‍, വിജനസ്ഥലത്തു നമ്മുടെ ദൈവത്തിനു പെരുവഴി ഒരുക്കുവിന്‍.
4 എല്ലാ താഴ്വരകളും നികത്തണം, എല്ലാ കുന്നുകളും മലകളും നിരത്തണം, നിരപ്പില്ലാത്ത നിലം സമതലവും ദുര്‍ഘടതലങ്ങള്‍ സുഗമവും ആക്കണം.
5 സര്‍വേശ്വരന്‍റെ മഹത്ത്വം വെളിവാകും, എല്ലാ മനുഷ്യരും ഒരുമിച്ച് അതു ദര്‍ശിക്കും.” ഇതു സര്‍വേശ്വരന്‍റെ വചനം.
6
“വിളിച്ചു പറയുക” എന്നൊരു ശബ്ദം എന്നോടാജ്ഞാപിച്ചു. “എന്താണു വിളിച്ചു പറയേണ്ടത്? എന്നു ഞാന്‍ ചോദിച്ചു. സര്‍വമനുഷ്യരും പുല്ലിനു സമം. അവരുടെ സൗന്ദര്യം കാട്ടുപൂവിനു തുല്യം.7 സര്‍വേശ്വരന്‍റെ നിശ്വാസം ഏല്‌ക്കുമ്പോള്‍ പുല്ലുണങ്ങുന്നു. പൂ വാടുന്നു.
8 എന്നാല്‍ നമ്മുടെ ദൈവത്തിന്‍റെ വചനം എന്നേക്കും നിലനില്‌ക്കും.
9 സീയോനിലേക്കു സദ്‍വാര്‍ത്ത കൊണ്ടുവരുന്നവരേ, ഒരുയര്‍ന്ന പര്‍വതത്തിന്മേല്‍ കയറി നില്‌ക്കുവിന്‍; യെരൂശലേമിലേക്കു സദ്‍വാര്‍ത്ത കൊണ്ടുവരുന്നവരേ, ഘോഷത്തോടെ ശബ്ദം ഉയര്‍ത്തുവിന്‍! ഭയപ്പെടാതെ ശബ്ദം ഉയര്‍ത്തുവിന്‍. യെഹൂദാ നഗരങ്ങളോട് “ഇതാ നിങ്ങളുടെ ദൈവം” എന്നു വിളിച്ചുപറയുവിന്‍.
10 ഇതാ ദൈവമായ സര്‍വേശ്വരന്‍ ശക്തിയോടെ വരുന്നു. അവിടുന്നു തന്‍റെ കരബലത്താല്‍ ഭരണം നടത്തും. ഇതാ പ്രതിഫലം അവിടുത്തെ പക്കലുണ്ട്. തന്‍റെ ജനത്തിനുള്ള സമ്മാനം അവിടുത്തെ മുമ്പിലുണ്ട്.
11 ഇടയനെപ്പോലെ അവിടുന്ന് തന്‍റെ ജനത്തെ മേയ്‍ക്കും. അവിടുന്ന് ആട്ടിന്‍കുട്ടികളെ കൈയിലെടുത്തു മാറോടണയ്‍ക്കും; തള്ളയാടുകളെ സൗമ്യതയോടെ നയിക്കും.
12
മഹാസമുദ്രത്തെ കൈക്കുമ്പിളില്‍ അളക്കുകയും ആകാശത്തെ കൈകൊണ്ട് അളന്നു തിട്ടപ്പെടുത്തുകയും ഭൂമിയിലെ പൂഴി മുഴുവന്‍ നാഴിയില്‍ ഒതുക്കുകയും പര്‍വതങ്ങളെ തുലാസിലും കുന്നുകളെ വെള്ളിക്കോലിലും തൂക്കി നോക്കുകയും ചെയ്യുന്നതാര്?13 സര്‍വേശ്വരനു മാര്‍ഗനിര്‍ദേശം നല്‌കാന്‍ ആര്‍ക്കു കഴിയും? ആര് ഉപദേഷ്ടാവായി സര്‍വേശ്വരനു ശിക്ഷണം നല്‌കും?
14 ജ്ഞാനോദയത്തിനുവേണ്ടി അവിടുന്ന് ആരുടെയെങ്കിലും ഉപദേശം തേടിയിട്ടുണ്ടോ? സര്‍വേശ്വരനു നീതിയുടെ മാര്‍ഗം പഠിപ്പിച്ചു കൊടുക്കുകയും ജ്ഞാനം ഉപദേശിക്കുകയും വിവേകത്തിന്‍റെ പാത ചൂണ്ടിക്കാണിക്കുകയും ചെയ്യാന്‍ ആരുണ്ട്?
15 ജനതകള്‍ സര്‍വേശ്വരനു തൊട്ടിയിലെ ഒരു തുള്ളി വെള്ളംപോലെ മാത്രം. അവര്‍ തുലാസില്‍ ധൂളിപോലെ മാത്രമേ ഗണിക്കപ്പെടുകയുള്ളൂ. ഇതാ ദ്വീപുകളെ അവിടുന്നു നേര്‍ത്ത പൊടിപോലെ എടുക്കുന്നു.
16 ലെബാനോനിലെ വൃക്ഷങ്ങള്‍ വിറകിനും അതിലെ മൃഗങ്ങള്‍ ഒരു ഹോമയാഗത്തിനും അവിടുത്തേക്കു മതിയാകയില്ല.
17 എല്ലാ ജനതകളും കൂടിയാലും തിരുമുമ്പില്‍ ഏതുമില്ല. ഒന്നുമില്ലായ്മയ്‍ക്കും ശൂന്യതയ്‍ക്കും താഴെയായി മാത്രം അവിടുന്ന് അവരെ കണക്കാക്കുന്നു.
18
ഏതൊന്നിനോടു നിങ്ങള്‍ ദൈവത്തെ തുലനം ചെയ്യും? അല്ലെങ്കില്‍ ഏതൊരു വിഗ്രഹം അവിടുത്തെ ഛായ വെളിപ്പെടുത്തും? അതൊരു ശില്പി വാര്‍ക്കുന്നു.19 തട്ടാന്‍ അതിന്മേല്‍ സ്വര്‍ണം പൊതിയുന്നു. അതിനുവേണ്ടി വെള്ളിച്ചങ്ങല നിര്‍മിക്കുന്നു.
20 അതിനു വകയില്ലാത്തവന്‍ ദ്രവിച്ചുപോകാത്ത ഒരു മരക്കഷണം അര്‍ച്ചനയ്‍ക്കായി കണ്ടെത്തുന്നു. ഇളകാത്ത ഒരു വിഗ്രഹം നിര്‍മിച്ചു സ്ഥാപിക്കാന്‍ വിദഗ്ധശില്പിയെ അന്വേഷിക്കുന്നു.
21
നിങ്ങള്‍ അറിഞ്ഞിട്ടില്ലേ, കേട്ടിട്ടില്ലേ? ആദിമുതല്‍ തന്നെ നിങ്ങളോടു പറഞ്ഞിട്ടുള്ളതല്ലേ?22 സര്‍വേശ്വരനാണു ഭൂമണ്ഡലത്തിനു മീതെ ഇരുന്നരുളുന്നത്. ഭൂവാസികള്‍ വെട്ടുക്കിളികളെപ്പോലെ മാത്രമാകുന്നു. ദൈവം ആകാശത്തെ തിരശ്ശീലപോലെ വിരിക്കുകയും കൂടാരംപോലെ നിവര്‍ത്തുകയും ചെയ്യുന്നു.
23 അവിടുന്നു ഭൂമിയിലെ പ്രഭുക്കന്മാരെ ഇല്ലാതാക്കുകയും ഭരണാധിപന്മാരെ ശൂന്യതയിലേക്കു നയിക്കുകയും ചെയ്യുന്നു.
24 വിതയോ നടീലോ കഴിഞ്ഞു വേരു പിടിക്കുന്നതിനു മുമ്പ് അവിടുത്തെ നിശ്വാസത്താല്‍ അവ വാടിക്കരിയുന്നു. കൊടുങ്കാറ്റ് അവയെ വയ്‍ക്കോല്‍പോലെ പറത്തിക്കളയുന്നു.
25
എങ്കില്‍ നിങ്ങള്‍ എന്നെ ആരോടു താരതമ്യപ്പെടുത്തുന്നു? ഞാന്‍ ആര്‍ക്കു സദൃശനാണ്, എന്നു പരിശുദ്ധനായവന്‍ ചോദിക്കുന്നു.26 നിങ്ങള്‍ ഉയരത്തിലേക്കു നോക്കുവിന്‍; ആരാണ് ഇവയെല്ലാം സൃഷ്‍ടിച്ചത്? ഒരു സൈന്യത്തെപ്പോലെ നയിക്കത്തക്കവിധം അവ എത്രയുണ്ടെന്ന് അറിഞ്ഞു സംഖ്യാക്രമമനുസരിച്ച് അവയെ പേരുവിളിച്ചു പുറത്തു കൊണ്ടുവരുന്നവന്‍ തന്നെ. അവിടുത്തെ ശക്തിപ്രഭാവവും അധികാരസ്ഥിരതയുംകൊണ്ട് അവയിലൊന്നുപോലും നഷ്ടപ്പെടുന്നില്ല.
27
എന്‍റെ വഴി സര്‍വേശ്വരനില്‍നിന്നു മറഞ്ഞിരിക്കുന്നു എന്നും എന്‍റെ അവകാശം അവിടുന്നു അവഗണിച്ചിരിക്കുന്നുവെന്നും യാക്കോബേ, നീ പറയുന്നതെന്ത്? ഇസ്രായേലേ നീ ആവലാതിപ്പെടുന്നതെന്ത്?28 ഭൂമിയുടെ അറുതികളെ നിര്‍മിച്ച സര്‍വേശ്വരന്‍ നിത്യനായ ദൈവമാകുന്നു എന്നു നീ കേട്ടിട്ടില്ലേ? നിനക്കറിഞ്ഞുകൂടേ? അവിടുന്നു ക്ഷീണിക്കയോ തളരുകയോ ചെയ്യുന്നില്ല. അവിടുത്തെ മനോഗതം ആര്‍ക്കാണറിയാവുന്നത്?
29 ബലഹീനനു കരുത്തു നല്‌കുന്നത് അവിടുന്നത്രേ. ശക്തിഹീനന്‍റെ കരുത്തു വര്‍ധിപ്പിക്കുന്നതും അവിടുന്നു തന്നെ.
30 യുവാക്കള്‍പോലും ക്ഷീണിച്ചു തളരും, യൗവനക്കാര്‍ പരിക്ഷീണരായി വീഴും.
31 എന്നാല്‍ സര്‍വേശ്വരനെ കാത്തിരിക്കുന്നവര്‍ ശക്തി വീണ്ടെടുക്കും. അവര്‍ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടും, തളരുകയില്ല. അവര്‍ നടക്കും, ക്ഷീണിക്കുകയില്ല.
1
തീരദേശങ്ങളേ, എന്‍റെ മുമ്പില്‍ നിശ്ശബ്ദരായിരുന്ന് ശ്രദ്ധിക്കുവിന്‍. ജനതകള്‍ ശക്തി വീണ്ടെടുക്കട്ടെ. അവര്‍ അടുത്തു വന്നു സംസാരിക്കട്ടെ. ന്യായവാദം നടത്താനായി നമുക്ക് ഒത്തുചേരാം.2 ഓരോ കാല്‍വയ്പിലും വിജയിച്ചു മുന്നേറുന്ന ഒരുവനെ കിഴക്കുനിന്ന് ഇളക്കിവിട്ടതാരാണ്? അവിടുന്ന് ജനതകളെ അയാള്‍ക്ക് ഏല്പിച്ചു കൊടുക്കുന്നു. അങ്ങനെ രാജാക്കന്മാര്‍ ചവുട്ടി മെതിക്കപ്പെടുന്നു. അയാള്‍ വാള്‍കൊണ്ട് അവരെ വെട്ടിവീഴ്ത്തുന്നു. വില്ലുകൊണ്ട് അവരെ വയ്‍ക്കോല്‍പോലെ പറപ്പിക്കുന്നു.
3 അയാള്‍ അവരെ പിന്തുടര്‍ന്നു നടന്നിട്ടില്ലാത്ത പാതകളിലൂടെ സുരക്ഷിതനായി കടന്നുപോകുന്നു. ലോകാരംഭംമുതല്‍ തലമുറകളെ വിളിച്ചുവരുത്തി ഇവയെല്ലാം പ്രവര്‍ത്തിച്ചത് ആരാണ്?
4 സര്‍വേശ്വരനായ ഞാന്‍തന്നെ, ആദിയിലുണ്ടായിരുന്നവനും അന്ത്യത്തില്‍ നിങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നവനുമായ ഞാന്‍ തന്നെ.
5
എന്‍റെ പ്രവൃത്തിയില്‍ വിദൂരദേശങ്ങള്‍ ഭയപ്പെടുന്നു. ഭൂമിയുടെ അറുതികള്‍ വിറയ്‍ക്കുന്നു. അവര്‍ ഒരുമിച്ചുകൂടി അടുത്തുവരുന്നു. അവര്‍ പരസ്പരം സഹായിക്കുന്നു.6 സഹോദരനോടു ധൈര്യമായിരിക്കുക എന്നു പറയുന്നു.
7 ശില്പി തട്ടാനെയും കൊല്ലന്‍ കൂടം അടിക്കുന്നവനെയും അന്യോന്യം അഭിനന്ദിക്കുന്നു; കൂട്ടിവിളക്കിയതു നന്നായിരിക്കുന്നു എന്നു പറഞ്ഞ് അവര്‍ അത് ഇളകാത്തവിധം ആണിയടിച്ചുറപ്പിക്കുന്നു.
8
എന്നാല്‍ എന്‍റെ ദാസനായ ഇസ്രായേലേ, ഞാന്‍ തിരഞ്ഞെടുത്ത യാക്കോബേ, എന്‍റെ സ്നേഹിതനായ അബ്രഹാമിന്‍റെ സന്താനമേ, നീ എന്‍റെ ദാസന്‍,9 ഞാന്‍ നിന്നെ ഉപേക്ഷിക്കുകയില്ല എന്നു പറഞ്ഞുകൊണ്ട് ഭൂമിയുടെ അറുതികളില്‍നിന്നും നിന്നെ കൊണ്ടുവന്നു. അതിന്‍റെ വിദൂരമായ കോണുകളില്‍നിന്നു നിന്നെ വിളിച്ചു.
10 ഞാന്‍ നിന്നോടുകൂടെയുള്ളതുകൊണ്ട് നീ ഭയപ്പെടേണ്ടാ, ഞാന്‍ നിന്‍റെ ദൈവമാകയാല്‍ നീ പരിഭ്രമിക്കുകയും വേണ്ടാ. ഞാന്‍ നിന്നെ ബലപ്പെടുത്തും. ഞാന്‍ നിന്നെ സഹായിക്കും. വിജയം വരിച്ച എന്‍റെ വലങ്കൈകൊണ്ടു ഞാന്‍ നിന്നെ ഉയര്‍ത്തിപ്പിടിക്കും.
11 നിന്നോടു കോപിക്കുന്നവര്‍ ലജ്ജിച്ച് അമ്പരക്കും. നിന്നോടെതിര്‍ക്കുന്നവര്‍ ഏതുമില്ലാതായി നശിക്കും. നിന്നോടു മത്സരിക്കുന്നവരെ നീ അന്വേഷിക്കും. പക്ഷേ കണ്ടുകിട്ടുകയില്ല.
12 നിന്നോടു പോരാടുന്നവര്‍ ഇല്ലാതെയാകും.
13 ഞാന്‍ നിന്‍റെ ദൈവമായ സര്‍വേശ്വരനാണല്ലോ. നിന്‍റെ വലതുകൈ ഞാന്‍ പിടിച്ചിരിക്കുന്നു; ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ സഹായിക്കും.
14
“കൃമിയായ യാക്കോബേ, നിസ്സാരനായ ഇസ്രായേലേ, ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ സഹായിക്കും.” സര്‍വേശ്വരനാണ് ഇത് അരുളിച്ചെയ്യുന്നത്. നിന്‍റെ വിമോചകന്‍, ഇസ്രായേലിന്‍റെ പരിശുദ്ധന്‍ തന്നെ.15 ഇതാ, ഞാന്‍ നിന്നെ മൂര്‍ച്ചയേറിയ പല്‍ചക്രങ്ങളോടു കൂടിയ പുതിയ മെതിവണ്ടിയാക്കിത്തീര്‍ക്കുന്നു; നീ പര്‍വതങ്ങളെ മെതിച്ചു തകര്‍ക്കും. കുന്നുകളെ പൊടിയാക്കും.
16 നീ അവയെ പാറ്റിക്കളയും. അവയെ കാറ്റു പറപ്പിക്കുകയും കൊടുങ്കാറ്റു ചിതറിച്ചുകളയുകയും ചെയ്യും. അപ്പോള്‍ സര്‍വേശ്വരനില്‍ നീ ആനന്ദിക്കും. ഇസ്രായേലിന്‍റെ പരിശുദ്ധനായ സര്‍വേശ്വരനെ പ്രകീര്‍ത്തിക്കും.
17
ദരിദ്രരും എളിയവരും വെള്ളം തേടിയലഞ്ഞ്, കണ്ടുകിട്ടാതെ ദാഹിച്ചു നാവു വരളുമ്പോള്‍ സര്‍വേശ്വരനായ ഞാന്‍ അവര്‍ക്കുത്തരമരുളും; ഇസ്രായേലിന്‍റെ സര്‍വേശ്വരനായ ഞാന്‍ അവരെ ഉപേക്ഷിക്കുകയില്ല.18 ഞാന്‍ മൊട്ടക്കുന്നുകളില്‍നിന്നു നദികളും താഴ്വരകളുടെ നടുവില്‍നിന്നു നീരുറവുകളും പുറപ്പെടുവിക്കും. ഞാന്‍ മരുഭൂമിയെ ജലാശയമാക്കും. വരണ്ടനിലത്തെ നീരുറവയാക്കും.
19 ഞാന്‍ മരുഭൂമിയില്‍ ദേവദാരുവും ഖദിരവും കൊഴുന്തും ഒലിവും നട്ടുവളര്‍ത്തും. ഞാന്‍ വിജനഭൂമിയില്‍ സരളവും പയിനും പുന്നയും വച്ചു പിടിപ്പിക്കും.
20 സര്‍വേശ്വരന്‍റെ കരങ്ങളാണ് ഇതു ചെയ്തത്. ഇസ്രായേലിന്‍റെ പരിശുദ്ധനായ സര്‍വേശ്വരനാണ് ഇവയെല്ലാം സൃഷ്‍ടിച്ചത് എന്ന് എല്ലാവരും അറിയാനും ഗ്രഹിക്കാനും ഇടയാകും.
21
“നിങ്ങളുടെ പരാതി കൊണ്ടുവരുവിന്‍” എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. “നിങ്ങളുടെ തെളിവുകള്‍ ഹാജരാക്കുവിന്‍” എന്നു യാക്കോബിന്‍റെ രാജാവ് കല്പിക്കുന്നു.22 അവര്‍ അവ കൊണ്ടുവന്ന് എന്തു സംഭവിക്കാന്‍ പോകുന്നു എന്നു പറയട്ടെ. പഴയ കാര്യങ്ങളും അറിയിക്കട്ടെ. അവയെക്കുറിച്ച് ചിന്തിച്ച് അതിന്‍റെ പരിണതഫലമെന്തെന്ന് അറിയാമല്ലോ. അല്ലെങ്കില്‍ വരാനിരിക്കുന്ന കാര്യങ്ങള്‍ നമ്മോടു പ്രസ്താവിക്കുക. അഥവാ വരുംകാലത്ത് എന്തു സംഭവിക്കുമെന്നു ഞങ്ങളോടു പറയുക.
23 അങ്ങനെ നിങ്ങള്‍ ദേവന്മാരാണെന്നു ഞങ്ങള്‍ അറിയട്ടെ. നന്മയോ തിന്മയോ ചെയ്യുക. ഞങ്ങള്‍ വിസ്മയിക്കുകയും പരിഭ്രമിക്കുകയും ചെയ്യട്ടെ.
24 നിങ്ങള്‍ ഏതുമില്ല. നിങ്ങളുടെ പ്രവൃത്തികളും ശൂന്യം, നിങ്ങളെ തിരഞ്ഞെടുക്കുന്നവന്‍ മ്ലേച്ഛന്‍!
25
വടക്കുനിന്ന് ഒരുവനെ ഞാന്‍ ഇളക്കിവിട്ടിരിക്കുന്നു. അവന്‍ വന്നു കിഴക്കുനിന്ന് അവനെ പേരുചൊല്ലി വിളിച്ചു. കുമ്മായകൂട്ടിന്മേല്‍ എന്നപോലെയും കുശവന്‍ കളിമണ്ണു ചവുട്ടിക്കുഴയ്‍ക്കുന്നതുപോലെയും അവന്‍ വന്നു രാജാക്കന്മാരെ ചവുട്ടി മെതിക്കും.26 സംഭവിക്കാന്‍ പോകുന്നത് ഞങ്ങള്‍ അറിയാനായി നിങ്ങളില്‍ ആരാണ് ആദ്യമേ അതു പറഞ്ഞിട്ടുള്ളത്? അവന്‍ പറഞ്ഞതു ശരിയെന്നു ഞങ്ങള്‍ പറയത്തക്കവിധം നിങ്ങളില്‍ ആരാണ് അതു മുന്‍കൂട്ടി പ്രസ്താവിച്ചിട്ടുള്ളത്? ആരും അതു പ്രസ്താവിച്ചില്ല. ആരെങ്കിലും അത് ഉദ്ഘോഷിക്കുകയോ ആരെങ്കിലും നിങ്ങളുടെ വാക്കുകള്‍ കേള്‍ക്കുകയോ ചെയ്തിട്ടില്ല.
27 ഞാനാണു സീയോനോട് ഈ വാര്‍ത്ത ആദ്യമായി പ്രഖ്യാപിച്ചത്. ഈ സദ്‍വാര്‍ത്ത അറിയിക്കാന്‍ ഞാന്‍ ഒരു ദൂതനെ യെരൂശലേമിലേക്കയച്ചു.
28 ഞാന്‍ നോക്കിയപ്പോള്‍ ആരും അവിടെ ഇല്ലായിരുന്നു. ഞാന്‍ ചോദിച്ചതിനു മറുപടി പറയാന്‍ ഒരു ഉപദേഷ്ടാവും അവരുടെ ഇടയില്‍ ഉണ്ടായിരുന്നില്ല.
29 അവരെല്ലാം കേവലം മിഥ്യയാണ്. അവരുടെ പ്രവൃത്തികള്‍ ഏതുമില്ല. അവര്‍ വാര്‍ത്തുണ്ടാക്കിയ വിഗ്രഹങ്ങള്‍ കാറ്റുപോലെ ശൂന്യം.
1
സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഇതാ, ഞാന്‍ ബലപ്പെടുത്തുന്ന എന്‍റെ ദാസന്‍, ഞാന്‍ തിരഞ്ഞെടുത്തവന്‍. അവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു, എന്‍റെ ആത്മാവിനെ അവനില്‍ നിവേശിച്ചിരിക്കുന്നു.2 അവന്‍ ജനതകള്‍ക്കു നീതി കൈവരുത്തും. അവന്‍ നിലവിളിക്കുകയോ, സ്വരം ഉയര്‍ത്തുകയോ ചെയ്യുകയില്ല. അവന്‍ തന്‍റെ ശബ്ദം തെരുവീഥികളില്‍ കേള്‍പ്പിക്കുകയില്ല.
3 ചതഞ്ഞ ഞാങ്ങണ അവന്‍ ഒടിച്ചുകളയുകയില്ല. പുകയുന്ന തിരി കെടുത്തുകയുമില്ല. അവന്‍ വിശ്വസ്തതയോടെ നീതി പുലര്‍ത്തും.
4 ഭൂമിയില്‍ നീതി സ്ഥാപിക്കുന്നതുവരെ അവന്‍ പരാജിതനോ നിരാശനോ ആവുകയില്ല. വിദൂരദേശങ്ങള്‍പോലും അവന്‍റെ ഉപദേശങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുന്നു.
5
ആകാശം സൃഷ്‍ടിച്ച് നിവര്‍ത്തുകയും ഭൂമിക്കും അതിലുള്ളവയ്‍ക്കും രൂപം നല്‌കുകയും അതില്‍ നിവസിക്കുന്നവര്‍ക്കു ശ്വാസവും അതില്‍ ചരിക്കുന്നവര്‍ക്കു ചൈതന്യവും കൊടുക്കുകയും ചെയ്ത സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഞാന്‍ സര്‍വേശ്വരനാകുന്നു. നീതിപൂര്‍വം ഞാന്‍ നിന്നെ വിളിച്ചു, ഞാന്‍ കൈക്കു പിടിച്ചു നടത്തി നിന്നെ സംരക്ഷിച്ചു.6 അന്ധന്മാരുടെ കണ്ണു തുറക്കാനും തടവുകാരെ തടവറയില്‍നിന്നും ഇരുട്ടിലിരിക്കുന്നവരെ ഇരുട്ടറയില്‍നിന്നും മോചിപ്പിക്കാനുംവേണ്ടി
7 ഞാന്‍ നിന്നെ ജനങ്ങള്‍ക്ക് ഒരുടമ്പടിയും ജനതകള്‍ക്കു പ്രകാശവുമായി നല്‌കിയിരിക്കുന്നു. ഞാനാകുന്നു സര്‍വേശ്വരന്‍, അതെന്‍റെ നാമം.
8 എന്‍റെ മഹത്ത്വം മറ്റാര്‍ക്കും നല്‌കുകയില്ല. എനിക്കുള്ള സ്തുതി കൊത്തുവിഗ്രഹങ്ങള്‍ക്കു പങ്കുവയ്‍ക്കുകയില്ല.
9 ഞാന്‍ മുമ്പു പ്രവചിച്ചത് ഇതാ സംഭവിച്ചിരിക്കുന്നു. ഇപ്പോള്‍ ഞാന്‍ പുതിയ കാര്യങ്ങള്‍ പ്രസ്താവിക്കുന്നു. അതു സംഭവിക്കാന്‍ തുടങ്ങുന്നതിനു മുമ്പേ നിങ്ങളെ അറിയിക്കുന്നു.
10
സര്‍വേശ്വരന് ഒരു പുതിയ ഗീതം ആലപിക്കുവിന്‍, ഭൂമിയുടെ അറുതികളില്‍നിന്ന് അവിടുത്തെ മഹത്ത്വം പ്രകീര്‍ത്തിക്കുവിന്‍. സമുദ്രവും അതിലുള്ളതൊക്കെയും തീരദേശങ്ങളും അവയിലെ നിവാസികളും ആര്‍ത്തുഘോഷിക്കട്ടെ.11 മരുഭൂമിയും അതിലെ നഗരങ്ങളും കേദാര്‍ ഗോത്രക്കാര്‍ നിവസിക്കുന്ന ഗ്രാമങ്ങളും സ്വരം ഉയര്‍ത്തട്ടെ. സേലാനിവാസികള്‍ ആനന്ദഗീതം പാടട്ടെ. പര്‍വതങ്ങളില്‍നിന്നും ആര്‍പ്പുവിളി ഉയരട്ടെ.
12 വിദൂരദേശങ്ങളില്‍ സര്‍വേശ്വരന്‍റെ മഹത്ത്വം പ്രകീര്‍ത്തിക്കുകയും അവിടുത്തെ സ്തുതി ഘോഷിക്കുകയും ചെയ്യട്ടെ.
13 സര്‍വേശ്വരന്‍ വീരയോദ്ധാവിനെപ്പോലെ മുന്നേറുന്നു. പോരാളിയെപ്പോലെ തന്‍റെ രോഷം ജ്വലിപ്പിക്കുന്നു. അവിടുന്നു പോരിനു വിളിച്ച് അട്ടഹസിക്കുന്നു. ശത്രുക്കളുടെ നേരെ തന്‍റെ ശക്തി പ്രകടിപ്പിക്കുന്നു.
14
അവിടുന്ന് അരുളിച്ചെയ്യുന്നു: “വളരെക്കാലം ഞാന്‍ മിണ്ടാതിരുന്നു. സ്വയം നിയന്ത്രിച്ചു, ശാന്തനായി കഴിഞ്ഞിരുന്നു. ഇപ്പോഴാകട്ടെ ഈറ്റുനോവുകൊണ്ട സ്‍ത്രീയെപ്പോലെ ഞാന്‍ നിലവിളിക്കും നെടുവീര്‍പ്പിടും കിതയ്‍ക്കും.15 മലകളും പര്‍വതങ്ങളും ഞാന്‍ തരിശാക്കും; അവയിലെ സര്‍വസസ്യജാലങ്ങളെയും ഉണക്കിക്കളയും. നദികളെ കരകളാക്കും. കുളങ്ങള്‍ വറ്റിച്ചുകളയും.
16 അന്ധന്മാരെ അവരറിയാത്ത വഴികളിലൂടെ നയിക്കും. അജ്ഞാതമായ പാതയിലൂടെ അവരെ വഴി നടത്തും. അവരുടെ മാര്‍ഗത്തിലെ ഇരുട്ട് ഞാന്‍ പ്രകാശമാക്കുകയും ദുര്‍ഘടസ്ഥാനങ്ങളെ സമഭൂമിയാക്കുകയും ചെയ്യും. ഇവയെല്ലാം ഞാന്‍ ചെയ്യും. ഞാനവരെ ഉപേക്ഷിക്കുകയില്ല.
17 കൊത്തുവിഗ്രഹങ്ങളില്‍ ആശ്രയം അര്‍പ്പിക്കുകയും വാര്‍പ്പുവിഗ്രഹങ്ങളോടു “നിങ്ങളാണ് ഞങ്ങളുടെ ദേവന്മാര്‍” എന്നു പറയുകയും ചെയ്യുന്നവര്‍ ലജ്ജിതരായി പിന്തിരിയും.
18
“ബധിരരേ, കേട്ടറിയുവിന്‍, അന്ധരേ, നോക്കിക്കാണുവിന്‍,19 എന്‍റെ ദാസനല്ലാതെ മറ്റാരാണ് അന്ധന്‍? ഞാനയച്ച ദൂതനല്ലാതെ മറ്റാരാണ് ബധിരന്‍?
20 എന്‍റെ സമര്‍പ്പിതനെപ്പോലെ, സര്‍വേശ്വരന്‍റെ ദാസനെപ്പോലെ അന്ധനായി ആരുണ്ട്? കാഴ്ചയില്‍പ്പെടുന്നത് അവന്‍ കണ്ടു ഗ്രഹിക്കുന്നില്ല, ചെവി തുറന്നിരുന്നിട്ടും അവന്‍ കേള്‍ക്കുന്നില്ല.
21 അവിടുത്തെ നീതി നിമിത്തം സര്‍വേശ്വരന്‍ തന്‍റെ നിയമം ഉല്‍കൃഷ്ടവും വാഴ്ത്തപ്പെടുന്നതും ആക്കാന്‍ കനിഞ്ഞിരിക്കുന്നു.
22 കൊള്ളയ്‍ക്കും കവര്‍ച്ചയ്‍ക്കും വിധേയമായ ഒരു ജനതയാണിത്. അവരെല്ലാം ഗുഹകളില്‍ കുടുങ്ങിയിരിക്കുന്നു; കാരാഗൃഹങ്ങളില്‍ അടയ്‍ക്കപ്പെട്ടിരിക്കുന്നു. രക്ഷിക്കാനാരുമില്ലാത്ത വേട്ടമൃഗമായും, “മടക്കിക്കൊടുക്കുക” എന്നു പറയാനാളില്ലാത്ത കൊള്ള വസ്തുവായും അവര്‍ തീര്‍ന്നിരിക്കുന്നു.
23 നിങ്ങളില്‍ ആരിതിനു ചെവി കൊടുക്കും? ഇനിയെങ്കിലും ശ്രദ്ധയോടു കേള്‍ക്കാന്‍ നിങ്ങളില്‍ ആരുണ്ട്?
24 ആരാണു യാക്കോബിനെ കൊള്ളക്കാര്‍ക്കും ഇസ്രായേലിനെ കവര്‍ച്ചക്കാര്‍ക്കും വിട്ടുകൊടുത്തത്? സര്‍വേശ്വരന്‍ തന്നെയല്ലേ? അവിടുത്തോട് അവര്‍ പാപം ചെയ്തു. അവിടുത്തെ വഴികളില്‍ അവര്‍ നടന്നില്ല; അവിടുത്തെ നിയമം അവര്‍ അനുസരിച്ചില്ല.
25 അതുകൊണ്ട് അവിടുന്നു തന്‍റെ കോപാഗ്നിയും യുദ്ധത്തിന്‍റെ കാഠിന്യവും ഇസ്രായേലിന്‍റെ മേല്‍ പകര്‍ന്നു. അതു ചുറ്റും ആളിക്കത്തിയിട്ടും അവര്‍ ഗ്രഹിച്ചില്ല. പൊള്ളലേറ്റിട്ടും അവര്‍ക്കുള്ളില്‍ തട്ടിയില്ല.
1
യാക്കോബേ, നിനക്കു ജന്മം നല്‌കിയവനും ഇസ്രായേലേ, നിനക്കു രൂപം നല്‌കിയവനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “നീ ഭയപ്പെടേണ്ടാ, നിന്നെ ഞാന്‍ വീണ്ടെടുത്തിരിക്കുന്നു. നീ എന്‍റേതാണ്. ഞാന്‍ നിന്നെ പേരു ചൊല്ലി വിളിച്ചിരിക്കുന്നു.2 സമുദ്രത്തിലൂടെ കടക്കുമ്പോള്‍ ഞാന്‍ നിന്‍റെകൂടെ ഉണ്ടായിരിക്കും. നദികള്‍ കടക്കുമ്പോള്‍ അവ നിന്നെ മൂടിക്കളയുകയില്ല. അഗ്നിയില്‍കൂടി കടക്കുമ്പോള്‍ നിനക്കു പൊള്ളലേല്‍ക്കുകയില്ല. അഗ്നിജ്വാലകള്‍ നിന്നെ ദഹിപ്പിക്കുകയും ഇല്ല.
3 ഞാനാണ് നിന്‍റെ സര്‍വേശ്വരന്‍. ഇസ്രായേലിന്‍റെ പരിശുദ്ധനും നിന്‍റെ രക്ഷകനും ഞാന്‍ തന്നെ. നിന്‍റെ മോചനമൂല്യമായി ഈജിപ്തിനെ നല്‌കും; നിനക്കു പകരമായി എത്യോപ്യയെയും ശേബയെയും കൊടുക്കും.
4 നീ എനിക്കു വിലപ്പെട്ടവന്‍, ബഹുമാന്യന്‍, എന്‍റെ സ്നേഹഭാജനം; അതിനാല്‍ നിനക്കു പകരം മനുഷ്യരെയും നിന്‍റെ ജീവനു പകരം ജനതകളെയും ഞാന്‍ നല്‌കുന്നു.
5 ഭയപ്പെടേണ്ടാ; ഞാന്‍ നിന്‍റെ കൂടെയുണ്ട്. നിന്‍റെ സന്തതിയെ കിഴക്കുനിന്നു ഞാന്‍ കൊണ്ടുവരും. പടിഞ്ഞാറുനിന്ന് അവരെ വരുത്തി ഒരുമിച്ചുകൂട്ടും.
6 ഞാന്‍ വടക്കിനോട് അവരെ വിട്ടയ്‍ക്കുക എന്നും തെക്കിനോട് അവരെ തടഞ്ഞു വയ്‍ക്കരുത് എന്നും ആജ്ഞാപിക്കും. ദൂരത്തുനിന്ന് എന്‍റെ പുത്രന്മാരെയും ഭൂമിയുടെ അതിര്‍ത്തികളില്‍നിന്ന് പുത്രിമാരെയും കൊണ്ടുവരിക.
7 എന്‍റെ മഹത്ത്വത്തിനായി ഞാന്‍ സൃഷ്‍ടിച്ചു രൂപം നല്‌കിയവരും എന്‍റെ നാമത്തില്‍ വിളിക്കപ്പെടുന്നവരുമായ എല്ലാവരെയും കൊണ്ടുവരിക.”
8
സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “കണ്ണുണ്ടായിട്ടും കാണാത്തവരും ചെവിയുണ്ടായിട്ടും കേള്‍ക്കാത്തവരുമായ ജനത്തെ കൊണ്ടുവരിക; എല്ലാ രാജ്യക്കാരും ഒത്തുചേരട്ടെ!9 എല്ലാ ജനതകളും സമ്മേളിക്കട്ടെ! അവരില്‍ ആര് ഇതു പ്രവചിക്കും? കഴിഞ്ഞ കാര്യങ്ങളെപ്പറ്റി ആരാണു മുന്‍കൂട്ടി പ്രഖ്യാപിക്കുക? അവര്‍ തങ്ങള്‍ പറയുന്നതു ശരിയെന്നു സമര്‍ഥിക്കാന്‍ സാക്ഷികളെ കൊണ്ടുവരട്ടെ. കേട്ടിട്ട് ഇതു സത്യംതന്നെ എന്നു സാക്ഷികള്‍ പറയട്ടെ.”
10 സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “നിങ്ങളാണ് എന്‍റെ സാക്ഷികള്‍. എന്നെ അറിയുകയും വിശ്വസിക്കുകയും മനസ്സിലാക്കുകയും ചെയ്യാന്‍ ഞാന്‍ തിരഞ്ഞെടുത്ത എന്‍റെ ദാസന്‍; എനിക്കു മുമ്പ് ഒരു ദൈവവും ഉണ്ടായിട്ടില്ല. എനിക്കു ശേഷം ഉണ്ടാകുകയുമില്ല.”
11 “ഞാന്‍, ഞാനാകുന്നു സര്‍വേശ്വരന്‍. ഞാനല്ലാതെ വേറൊരു രക്ഷകനില്ല.
12 നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരല്ല ഞാനാണു പ്രസ്താവിക്കുകയും രക്ഷിക്കുകയും അറിയിക്കുകയും ചെയ്തത്. അതിനു നിങ്ങളാണെന്‍റെ സാക്ഷികള്‍.
13 ഞാന്‍ ദൈവമാകുന്നു. ഇനിയും അങ്ങനെ ആയിരിക്കുകയും ചെയ്യും. എന്‍റെ പിടിയില്‍നിന്നു വിടുവിക്കാന്‍ ആര്‍ക്കും സാധ്യമല്ല. എന്‍റെ പ്രവൃത്തിയെ തടയാന്‍ ആര്‍ക്കും കഴിയുകയില്ല.
14
ഇസ്രായേലിന്‍റെ പരിശുദ്ധനും രക്ഷകനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ബാബിലോണിലേക്ക് ഒരു സൈന്യത്തെ അയച്ച് അവിടത്തെ നഗരഗോപുരങ്ങള്‍ തകര്‍ക്കും. അവരുടെ ജയഘോഷം വിലാപമായി മാറും.15 ഞാന്‍ നിങ്ങളുടെ സര്‍വേശ്വരനാകുന്നു; നിങ്ങളുടെ പരിശുദ്ധനായ ദൈവം. ഇസ്രായേലേ, ഞാന്‍ നിന്നെ സൃഷ്‍ടിച്ചു.
16 ഞാനാണ് നിന്‍റെ രാജാവ്. കടലില്‍ പെരുവഴിയും പെരുവെള്ളത്തില്‍ പാതയും ഒരുക്കി
17 രഥങ്ങളെയും കുതിരകളെയും യോദ്ധാക്കളെയും വിനാശത്തിലേക്കു നയിച്ച സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “എഴുന്നേല്‌ക്കാനാവാതെ അവര്‍ വീണുപോയി; പടുതിരിപോലെ അവര്‍ കെട്ടുപോയി.
18 കഴിഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയോ പരിഗണിക്കുകയോ വേണ്ടാ.
19 ഇതാ, ഞാന്‍ ഒരു പുതിയ കാര്യം ചെയ്യുന്നു; അതു നാമ്പിടുന്നതു നിങ്ങള്‍ കാണുന്നില്ലേ? ഞാന്‍ വിജനപ്രദേശത്ത് ഒരു പാതയും മരുഭൂമിയില്‍ നദികളും ഉണ്ടാക്കും.
20 [20,21] എന്നെ പ്രകീര്‍ത്തിക്കാന്‍ ഞാന്‍ ജന്മം നല്‌കിയ എന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങള്‍ക്കു കുടിക്കാന്‍ വിജനപ്രദേശത്തു നീരുറവയും മരുഭൂമിയില്‍ നദികളും ഒരുക്കിയതുകൊണ്ടു വന്യമൃഗങ്ങളും കുറുനരികളും ഒട്ടകപ്പക്ഷിയും എന്നെ ബഹുമാനിക്കും.”
21
22
“എങ്കിലും യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചില്ല. ഇസ്രായേലേ, നീ എന്നോടു വിരക്തി കാട്ടി.23 ഹോമയാഗത്തിന് ആടുകളെ നീ എന്‍റെ അടുക്കല്‍ കൊണ്ടുവന്നിട്ടില്ല. നിന്‍റെ യാഗങ്ങള്‍കൊണ്ടു നീ എന്നെ ആരാധിച്ചിട്ടുമില്ല. യാഗാര്‍പ്പണത്തിനു വേണ്ടിയോ ധൂപാര്‍ച്ചനയ്‍ക്കു വേണ്ടിയോ ഞാന്‍ നിന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല.
24 നീ എനിക്കുവേണ്ടി പണം മുടക്കി സുഗന്ധദ്രവ്യങ്ങള്‍ വാങ്ങിയിട്ടില്ല. യാഗമൃഗങ്ങളുടെ മേദസ്സുകൊണ്ടു നീ എന്നെ തൃപ്തിപ്പെടുത്തിയിട്ടുമില്ല. എന്നാല്‍ നിന്‍റെ പാപം കൊണ്ടും നിന്‍റെ അകൃത്യങ്ങള്‍ കൊണ്ടും നീ എന്നെ ബുദ്ധിമുട്ടിച്ചിരിക്കുന്നു.
25
ഞാന്‍, ഞാനാകുന്നു. എനിക്കുവേണ്ടി നിന്‍റെ അതിക്രമങ്ങളെ ഞാന്‍ തുടച്ചുനീക്കുന്നു. നിന്‍റെ പാപങ്ങള്‍ ഞാന്‍ ഓര്‍ക്കുകയില്ല.26 നീ കഴിഞ്ഞതെല്ലാം എന്നെ ഓര്‍മിപ്പിക്കുക. കാര്യങ്ങള്‍ നമുക്ക് ഒരുമിച്ചു പരിശോധിക്കാം. നിന്നെ നീതീകരിക്കുന്ന ന്യായങ്ങള്‍ ഉന്നയിക്കുക.
27 നിന്‍റെ ആദ്യപിതാവ് പാപം ചെയ്തു. നിന്‍റെ മധ്യസ്ഥന്മാര്‍ എന്നോട് അതിക്രമം കാട്ടി. നിന്‍റെ അധികാരികള്‍ എന്‍റെ വിശുദ്ധമന്ദിരം മലിനമാക്കി.
28 അതുകൊണ്ടു യാക്കോബിനെ ഉന്മൂലനാശത്തിനും ഇസ്രായേലിനെ നിന്ദയ്‍ക്കും ഞാന്‍ ഏല്പിച്ചുകൊടുത്തു.
1
എന്‍റെ ദാസനായ യാക്കോബേ, ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലേ, കേള്‍ക്കുക;2 നിന്നെ സൃഷ്‍ടിക്കുകയും അമ്മയുടെ ഗര്‍ഭപാത്രത്തില്‍വച്ചു നിനക്കു രൂപം നല്‌കുകയും നിനക്കു തുണയരുളുകയും ചെയ്ത സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “എന്‍റെ ദാസനായ യാക്കോബേ, ഞാന്‍ തിരഞ്ഞെടുത്ത യശൂരൂനേ, ഭയപ്പെടേണ്ടാ.
3 ഞാന്‍ വരണ്ട ഭൂമിയില്‍ ജലവും ഉണങ്ങിയ നിലത്ത് അരുവികളും ഒഴുക്കും. നിന്‍റെ സന്തതികളുടെമേല്‍ എന്‍റെ ആത്മാവിനെയും നിന്‍റെ മക്കളുടെമേല്‍ എന്‍റെ അനുഗ്രഹങ്ങളും ചൊരിയും.
4 ഈര്‍പ്പമുള്ള നിലങ്ങളില്‍ പുല്ലുപോലെയും അരുവിക്കരയില്‍ ഞാങ്ങണപോലെയും അവര്‍ വളരും. താന്‍ സര്‍വേശ്വരനുള്ളവന്‍ എന്ന് ഒരുവന്‍ പറയും. മറ്റൊരുവന്‍ യാക്കോബ് എന്ന പേരു സ്വീകരിക്കും.
5 വേറൊരുവന്‍ ‘സര്‍വേശ്വരനുള്ളവന്‍’ എന്നു തന്‍റെ കൈയില്‍ മുദ്രണം ചെയ്യും; ഇസ്രായേല്‍ എന്ന അപരനാമം സ്വീകരിക്കും.
6
ഇസ്രായേലിന്‍റെ രാജാവും രക്ഷകനും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഞാന്‍ ആദ്യനും അന്ത്യനും ആകുന്നു. ഞാനല്ലാതെ വേറൊരു ദൈവമില്ല.7 എനിക്കു സമനായി ആരുണ്ട്? ഇനി സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ എന്തെല്ലാമെന്ന് അവര്‍ എന്‍റെ മുമ്പാകെ പ്രഖ്യാപിക്കട്ടെ.
8
പരിഭ്രമിക്കേണ്ടാ; ഭയപ്പെടേണ്ടാ. പണ്ടുതന്നെ ഞാന്‍ ഇതെല്ലാം മുന്‍കൂട്ടി അറിയിച്ചിട്ടില്ലേ? അതിനു നിങ്ങള്‍ സാക്ഷികള്‍. ഞാനല്ലാതെ വേറൊരു ദൈവമുണ്ടോ? ഇല്ല! മറ്റൊരു അഭയസ്ഥാനമുള്ളതായി ഞാനറിയുന്നുമില്ല.”9
വിഗ്രഹങ്ങള്‍ ഉണ്ടാക്കുന്നവര്‍ അന്തസ്സാരശൂന്യര്‍. അവര്‍ ഏതില്‍ സന്തോഷം കണ്ടെത്തുന്നുവോ അതു നിഷ്പ്രയോജനം. അവയെ ആരാധിക്കുന്നവര്‍ അന്ധരും അജ്ഞരും ആണ്.10 അവര്‍ ലജ്ജിതരാകും. പ്രയോജനരഹിതനായ ഒരു ദേവനെ മെനയുകയോ വിഗ്രഹം വാര്‍ക്കുകയോ ചെയ്യുന്നതാരാണ്?
11 അവര്‍ ലജ്ജിതരാകും. വിഗ്രഹം നിര്‍മിക്കുന്ന ശില്പികള്‍ വെറും മനുഷ്യര്‍മാത്രം. അവര്‍ ഒരുമിച്ചു വരട്ടെ. അവര്‍ ഭയവിഹ്വലരും ലജ്ജിതരും ആകും.
12
ഇരുമ്പുപണിക്കാരന്‍ തീക്കനലിന്മേല്‍ വച്ചു പഴുപ്പിച്ച് അടിച്ച് അതിനു രൂപം നല്‌കുന്നു. കരുത്തുറ്റ കരംകൊണ്ട് അതു നിര്‍മിക്കുന്നു. എന്നാല്‍ അയാള്‍ വിശന്നു വിവശനാകുന്നു. വെള്ളം കുടിക്കാതെ തളര്‍ന്നുപോകുന്നു.13 മരപ്പണിക്കാരന്‍ തടി തോതു പിടിച്ചളന്നു മട്ടംവച്ചു വരച്ച് ഉളികൊണ്ടു മനോഹരമായ ഒരാള്‍രൂപമുണ്ടാക്കി, ആലയത്തില്‍ പ്രതിഷ്ഠിക്കത്തക്കവിധം സൗന്ദര്യത്തികവോടെ തയ്യാറാക്കുന്നു. അവന്‍ ദേവദാരു വെട്ടിയിടുന്നു.
14 അല്ലെങ്കില്‍ കരുവേലകമോ സരളമരമോ മുന്‍കൂട്ടി കണ്ടുപിടിച്ചു കാട്ടില്‍ വളരാന്‍ അനുവദിക്കുകയോ ദേവദാരു നട്ടുപിടിപ്പിച്ചു വളരാന്‍ കാത്തിരിക്കുകയോ ചെയ്യുന്നു.
15 മരത്തിന്‍റെ ഒരു ഭാഗം വിറകിനായും മറ്റൊരു ഭാഗം വിഗ്രഹനിര്‍മിതിക്കായും ഉപയോഗിക്കുന്നു. വിറകു കത്തിച്ചു കുളിരകറ്റും; ആഹാരം പാകപ്പെടുത്തും. ആ തടികൊണ്ടുതന്നെ നിര്‍മിക്കുന്ന വിഗ്രഹത്തിന്‍റെ മുമ്പില്‍ മുട്ടുകുത്തി വന്ദിക്കുകയും ചെയ്യുന്നു.
16 തടിയുടെ പകുതി ഭാഗം കത്തിച്ച് അതിന്മേല്‍ മാംസം വേവിച്ചെടുത്തു തിന്നു തൃപ്തനാകുന്നു. തീകാഞ്ഞുകൊണ്ട് അവന്‍ പറയും: “ഹാ, നല്ല ചൂട്, തീക്ക് എന്തൊരു ഭംഗി.”
17 ശേഷിച്ച തടികൊണ്ട് ദേവവിഗ്രഹം നിര്‍മിച്ച് മുമ്പില്‍ വീണ് അതിനെ ആരാധിക്കുന്നു. “എന്നെ രക്ഷിക്കണമേ, അവിടുന്ന് എന്‍റെ ദൈവം” എന്നു പറഞ്ഞ് ആ വിഗ്രഹത്തോടു പ്രാര്‍ഥിക്കുന്നു.
18 അവര്‍ ഒന്നും അറിയുന്നില്ല. കാണാന്‍ കഴിയാത്തവിധം അവരുടെ കണ്ണും, ഗ്രഹിക്കാന്‍ കഴിയാത്തവിധം അവരുടെ മനസ്സും അവിടുന്ന് അടച്ചിരിക്കുന്നു.
19 “തടിയുടെ കുറെഭാഗം കത്തിച്ചു കനലിന്മേല്‍ അപ്പം ചുട്ടും മാംസം പൊരിച്ചും ഞാന്‍ തിന്നു. ശേഷിച്ച ഭാഗംകൊണ്ടു മ്ലേച്ഛമായ വിഗ്രഹം നിര്‍മിക്കുകയോ? ഒരു തടിക്കഷണത്തിനു മുമ്പില്‍ ഞാന്‍ വീണു വണങ്ങുകയോ? ഇങ്ങനെ ചിന്തിക്കാനോ വിവേചിക്കാനോ ആരും തുനിയുന്നില്ല.
20 അയാള്‍ ചാരം ഭക്ഷിക്കുന്നു. വഞ്ചിതമായ മനസ്സ് അയാളെ വഴിതെറ്റിക്കുന്നു. അയാള്‍ക്കു സ്വയം വിമോചിതനാകാനോ, വലത്തുകൈയില്‍ ഇരിക്കുന്നതു വ്യാജമാണെന്നു പറയാനോ കഴിയുന്നില്ല.
21
യാക്കോബേ, നീ ഇത് ഓര്‍മിക്കുക; ഇസ്രായേലേ, നീ ഇതു മറക്കാതിരിക്കുക. നീ എന്‍റെ ദാസനാണല്ലോ. നിനക്കു ഞാന്‍ ജന്മം നല്‌കി. ഇസ്രായേലേ, ഞാന്‍ നിന്നെ മറക്കുകയില്ല.22 നിന്‍റെ അതിക്രമങ്ങളെ ഞാന്‍ കാര്‍മേഘത്തെ എന്നപോലെയും നിന്‍റെ പാപങ്ങളെ മൂടല്‍മഞ്ഞെന്നപോലെയും ഞാന്‍ തുടച്ചു നീക്കി. എന്‍റെ അടുക്കലേക്കു തിരിച്ചുവരിക. ഞാന്‍ നിന്നെ വീണ്ടെടുത്തിരിക്കുന്നുവല്ലോ.
23 ആകാശമേ, സ്തുതിഗീതം പൊഴിക്കുക. സര്‍വേശ്വരന്‍ ഇതു ചെയ്തിരിക്കുന്നുവല്ലോ. ഭൂമിയുടെ ആഴങ്ങളേ, ആര്‍പ്പുവിളിക്കുക. പര്‍വതങ്ങളേ, വനങ്ങളേ, വന്യവൃക്ഷങ്ങളേ, ആര്‍ത്തുപാടുവിന്‍!
24
സര്‍വേശ്വരന്‍ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നുവല്ലോ. ഇസ്രായേലില്‍ അവിടുത്തെ മഹത്ത്വം പ്രകീര്‍ത്തിക്കപ്പെടും. അമ്മയുടെ ഗര്‍ഭത്തില്‍ നിനക്കു രൂപം നല്‌കിയ അവിടുന്ന് അരുളിച്ചെയ്യുന്നു: “എല്ലാറ്റിനെയും സൃഷ്‍ടിച്ച സര്‍വേശ്വരനാണു ഞാന്‍. ഞാന്‍ തനിയെയാണ് ആകാശത്തെ നിവര്‍ത്തിയത്. ഭൂമിക്കു രൂപം നല്‌കിയതും ഞാന്‍ തന്നെ. അപ്പോള്‍ എന്‍റെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ?25 വ്യാജലക്ഷണം പറയുന്നവരുടെ ശകുനങ്ങളെ ഞാന്‍ വ്യര്‍ഥമാക്കി. പ്രശ്നം വയ്‍ക്കുന്നവരെ വിഡ്ഢികളാക്കുകയും ചെയ്തു. ഞാന്‍ ജ്ഞാനികളെ പിന്തിരിപ്പിക്കുന്നു. അവരുടെ ജ്ഞാനത്തെ വിഡ്ഢിത്തമാക്കിത്തീര്‍ക്കുന്നു.
26 ഞാന്‍ എന്‍റെ ദാസന്‍റെ വാക്കുകള്‍ സ്ഥിരീകരിക്കുന്നു. എന്‍റെ ദൂതന്മാരുടെ ഉപദേശങ്ങള്‍ നടപ്പാക്കുന്നു. യെരൂശലേമില്‍ കുടിപാര്‍പ്പുണ്ടാകുമെന്നും യെഹൂദ്യയിലെ നഗരങ്ങള്‍ വീണ്ടും നിര്‍മിക്കപ്പെടുമെന്നും അവയുടെ അവശിഷ്ടങ്ങള്‍ പുനരുദ്ധരിക്കപ്പെടുമെന്നും പറയുന്നതു ഞാനാണ്.
27 കടലിനോടു വറ്റിപ്പോകുക; നിന്‍റെ നദികളെ ഞാന്‍ ഉണക്കിക്കളയും എന്നു പറയുന്നതും ഞാന്‍തന്നെ.
28 സൈറസിനെക്കുറിച്ച് അവിടുന്നു പറഞ്ഞു: “ഞാന്‍ നിയോഗിച്ച ഇടയനാണവന്‍; എന്‍റെ ഉദ്ദേശ്യം അവന്‍ നിവര്‍ത്തിക്കും.” യെരൂശലേമിനെക്കുറിച്ച്, “നീ വീണ്ടും നിര്‍മിക്കപ്പെടുമെന്നും” ദേവാലയത്തെക്കുറിച്ച്, “നിന്‍റെ അടിസ്ഥാനം വീണ്ടും ഉറപ്പിക്കപ്പെടുമെന്നും” അവിടുന്ന് അരുളിച്ചെയ്യുന്നു.
1
സര്‍വേശ്വരന്‍ തന്‍റെ അഭിഷിക്തനായ സൈറസിനോട് അരുളിച്ചെയ്യുന്നു: “ജനതകളെ കീഴടക്കാനും രാജാക്കന്മാരുടെ അരപ്പട്ട അഴിപ്പിക്കാനും ഞാന്‍ നിന്‍റെ വലങ്കൈക്കു പിടിച്ചിരിക്കുന്നു. നിന്‍റെ മുമ്പില്‍ വാതില്‍ തുറന്നിടും. കവാടങ്ങള്‍ അടയ്‍ക്കപ്പെടുകയില്ല.2 ഞാന്‍ നിന്‍റെ മുമ്പില്‍ നടക്കുകയും മലകളെ തട്ടി നിരപ്പാക്കുകയും ചെയ്യും. ഓട്ടുവാതിലുകള്‍ ഞാന്‍ തകര്‍ക്കും. ഇരുമ്പു സാക്ഷകള്‍ മുറിച്ചുമാറ്റും. ഇരുളിലെ നിധികള്‍, രഹസ്യനിക്ഷേപങ്ങള്‍ ഞാന്‍ നിനക്കു തരും.
3 അങ്ങനെ നിന്നെ പേരു ചൊല്ലി വിളിച്ചവനും ഇസ്രായേലിന്‍റെ സര്‍വേശ്വരനുമാണു ഞാന്‍ എന്നു നീ അറിയും.
4 എന്‍റെ ദാസനായ യാക്കോബിനുവേണ്ടി, ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുവേണ്ടി നിന്നെ പേരു ചൊല്ലി ഞാന്‍ വിളിക്കുന്നു. നിനക്ക് എന്നെ അറിഞ്ഞുകൂടെങ്കിലും ഓമനപ്പേരു ചൊല്ലി ഞാന്‍ നിന്നെ വിളിക്കുന്നു.
5 ഞാനാകുന്നു സര്‍വേശ്വരന്‍; ഞാനല്ലാതെ മറ്റൊരു ദൈവവുമില്ല. നിനക്ക് എന്നെ അറിഞ്ഞുകൂടെങ്കിലും ഞാന്‍ നിന്നെ കരുത്തനാക്കും.
6 അങ്ങനെ ഭൂമിയുടെ കിഴക്കേ അറ്റംമുതല്‍ പടിഞ്ഞാറേ അറ്റംവരെയുള്ളവര്‍ ഞാനാണു സര്‍വേശ്വരന്‍ എന്നും ഞാനല്ലാതെ മറ്റൊരു ദൈവമില്ലെന്നും അറിയട്ടെ.
7 വെളിച്ചവും ഇരുളും സൃഷ്‍ടിച്ചതു ഞാനാണ്. സുഖവും ദുഃഖവും ഏര്‍പ്പെടുത്തിയതും ഞാന്‍തന്നെ. ഇവയ്‍ക്കെല്ലാം കാരണഭൂതനായ സര്‍വേശ്വരന്‍ ഞാനാകുന്നു.
8
ആകാശമേ, ഉയരത്തില്‍നിന്നു വര്‍ഷിക്കുക. മേഘങ്ങള്‍ നീതി ചൊരിയട്ടെ. ഭൂതലം പൊട്ടിത്തുറക്കട്ടെ. രക്ഷ മുളച്ചുയരട്ടെ, നീതി മുളച്ചു പൊങ്ങാന്‍ ഇടയാകട്ടെ. സര്‍വേശ്വരനായ ഞാനാണ് ഇതെല്ലാം സൃഷ്‍ടിച്ചത്.9
തന്‍റെ ഉടയവനോട് ഏറ്റുമുട്ടുന്നവനു ഹാ ദുരിതം! ഒരു മണ്‍പാത്രം അതിന്‍റെ നിര്‍മിതാവിനോട് ഏറ്റുമുട്ടുന്നതുപോലെയാണത്! “നീ ഉണ്ടാക്കുന്നത് എന്ത്? നീ നിര്‍മിക്കുന്നതിനു കൈപ്പിടിയില്ലല്ലോ” എന്ന് അതിനു രൂപം നല്‌കിയവനോടു കളിമണ്ണു ചോദിക്കുമോ?10 “എന്തിനെനിക്കു ജന്മം നല്‌കി?” എന്നു പിതാവിനോടോ “എന്തിനെന്നെ പ്രസവിച്ചു?” എന്നു മാതാവിനോടോ ചോദിക്കാന്‍ തുനിയുന്നവനു ഹാ ദുരിതം!
11 ഇസ്രായേലിന്‍റെ പരിശുദ്ധനും സ്രഷ്ടാവുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “എന്‍റെ മക്കളെക്കുറിച്ച് എന്നോടു ചോദ്യം ചെയ്യാന്‍ നീ തുനിയുന്നുവോ? ഞാന്‍ എന്തു ചെയ്യണം എന്നതിനെ സംബന്ധിച്ചു നീ എനിക്ക് ആജ്ഞ നല്‌കുന്നുവോ?
12 ഞാന്‍ ഭൂമിയെയും അതിലുള്ള മനുഷ്യരെയും സൃഷ്‍ടിച്ചു. ആകാശമേലാപ്പു നിവര്‍ത്തിയതു ഞാനാണ്. അതിലെ സകല നക്ഷത്രജാലങ്ങള്‍ക്കും ഞാന്‍ ആജ്ഞ നല്‌കുന്നു.
13 എന്‍റെ ലക്ഷ്യം നിറവേറ്റുന്നതിനും നീതി നടപ്പാക്കുന്നതിനുംവേണ്ടി സൈറസിനെ ഉയര്‍ത്തിയിരിക്കുന്നു. അവന്‍റെ പാതകളെല്ലാം ഞാന്‍ നേരെയാക്കും. അവന്‍ എന്‍റെ നഗരം പണിയുകയും പ്രതിഫലമോ വിലയോ കൂടാതെ എന്‍റെ പ്രവാസികളെ അടിമത്തത്തില്‍നിന്നു മോചിപ്പിക്കുകയും ചെയ്യും.
14
സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഈജിപ്തിന്‍റെ ധനവും എത്യോപ്യയുടെ കച്ചവടച്ചരക്കുകളും നിന്‍റെയടുക്കല്‍ എത്തും. അവ നിന്‍റേതായിത്തീരും. ശെബയിലെ ദീര്‍ഘകായന്മാര്‍ നിന്‍റെ അടിമകളായിത്തീരും. അവര്‍ ചങ്ങലയാല്‍ ബന്ധിതരായി വന്നു നിന്‍റെ മുമ്പില്‍ തലകുനിച്ചു നില്‌ക്കും. പ്രാര്‍ഥനാപൂര്‍വം അവര്‍ പറയും: ദൈവം അങ്ങയുടെകൂടെ മാത്രമേ ഉള്ളൂ. അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ല.15 ഇസ്രായേലിന്‍റെ ദൈവമേ, രക്ഷകാ, സത്യമായും അവിടുന്നു മറഞ്ഞിരിക്കുന്ന ദൈവമാകുന്നു. വിഗ്രഹങ്ങളെ ഉണ്ടാക്കുന്നവര്‍ ലജ്ജിതരായിത്തീരും.
16 അവര്‍ എല്ലാവരും പരിഭ്രാന്തരായിത്തീരും.
17 സര്‍വേശ്വരന്‍ ഇസ്രായേലിന് എന്നേക്കും രക്ഷ നല്‌കിയിരിക്കുന്നു. നിങ്ങള്‍ ഒരുനാളും ലജ്ജിതരോ പരിഭ്രാന്തരോ ആവുകയില്ല.”
18
ആകാശത്തെ സൃഷ്‍ടിച്ചവനും ഭൂമിക്കു രൂപം നല്‌കി യഥാസ്ഥാനം ഉറപ്പിച്ചവനും, ഭൂമി ശൂന്യമാകാതെ ആവാസയോഗ്യമാക്കിയവനും ദൈവം ആകുന്നു; അവിടുന്ന് അരുളിച്ചെയ്യുന്നു: “ഞാനാകുന്നു സര്‍വേശ്വരന്‍, ഞാനല്ലാതെ മറ്റൊരു ദൈവവും ഇല്ല.”19 ഇരുളടഞ്ഞ സ്ഥലത്തുവച്ച് രഹസ്യമായിട്ടല്ല ഞാന്‍ സംസാരിച്ചത്. അവ്യക്തതയില്‍ എന്നെ അന്വേഷിക്കാന്‍ യാക്കോബിന്‍റെ സന്തതിയോടു ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. സര്‍വേശ്വരനായ ഞാന്‍ പറയുന്നതു സത്യം. യഥാര്‍ഥമായതു ഞാന്‍ പ്രസ്താവിക്കുന്നു.”
20
“ജനതകളില്‍ ശേഷിച്ചവരേ, നിങ്ങള്‍ ഒരുമിച്ചുകൂടി അടുത്തുവരുവിന്‍. മരവിഗ്രഹം ചുമന്നു നടക്കുകയും രക്ഷിക്കാന്‍ കഴിയാത്ത ദൈവത്തോടു പ്രാര്‍ഥിക്കുകയും ചെയ്യുന്നവര്‍ അജ്ഞരാണ്.21 നിങ്ങളുടെ ന്യായവാദം ഉന്നയിക്കുവിന്‍. അവര്‍ ഒത്തുചേര്‍ന്ന് ആലോചിക്കട്ടെ. സംഭവിക്കാന്‍ പോകുന്നതു മുന്‍കൂട്ടി പറഞ്ഞത് ആര്? സര്‍വേശ്വരനായ ഞാനല്ലേ? ഞാനല്ലാതെ മറ്റൊരു ദൈവവുമില്ല. നീതിമാനും രക്ഷകനുമായ ദൈവം ഞാനല്ലാതെ മറ്റാരും അല്ല.
22 ഞാന്‍ യഥാര്‍ഥ ദൈവമായതിനാലും ഞാനല്ലാതെ മറ്റൊരു ദൈവമില്ലാത്തതിനാലും ലോകത്തെങ്ങുമുള്ള ജനസമൂഹമേ, നിങ്ങള്‍ എല്ലാവരും എങ്കലേക്കു തിരിഞ്ഞു രക്ഷപെടുവിന്‍.
23 ഞാന്‍ ശപഥം ചെയ്യുന്നു: “ഒരിക്കലും തിരിച്ചെടുക്കപ്പെടാത്ത നീതിപൂര്‍വമായ വാക്കുകള്‍ എന്നില്‍നിന്നു പുറപ്പെടുന്നു. എന്‍റെ മുമ്പില്‍ എല്ലാ മുട്ടുകളും മടങ്ങും, എല്ലാ നാവുകളും എന്‍റെ നാമത്തില്‍ സത്യം ചെയ്യും.
24 നീതിയും ബലവും സര്‍വേശ്വരനില്‍ മാത്രമെന്ന് എന്നെക്കുറിച്ചു പറയും. എന്നെ വെറുത്തവര്‍ എല്ലാവരും എന്‍റെ മുമ്പില്‍ ലജ്ജിതരാകും.
25 ഇസ്രായേലിന്‍റെ സന്തതികള്‍ എല്ലാവരും എന്നില്‍ വിജയവും മഹത്ത്വവും നേടും.”
1
ബേല്‍ കുമ്പിടുന്നു; നെബോ കുനിയുന്നു; അവരുടെ വിഗ്രഹങ്ങള്‍ മൃഗങ്ങളുടെയും കന്നുകാലികളുടെയുംമേല്‍ ഇരിക്കുന്നു; നിങ്ങള്‍ വഹിക്കുന്നവ ക്ഷീണിതരായ മൃഗങ്ങള്‍ ചുമക്കുന്ന ഭാരം പോലെയാണ്.2 അവ കുനിയുന്നു; ഒരുപോലെ വണങ്ങുന്നു; അവയെ ഭാരത്തില്‍നിന്നു രക്ഷിക്കാനാവാതെ അവര്‍ തന്നെ അടിമത്തത്തിലേക്കു പോയിരിക്കുന്നു.
3
ഗര്‍ഭത്തിലും ജനിച്ചതിനുശേഷവും ഞാന്‍ വഹിച്ച യാക്കോബുഗൃഹമേ, ഇസ്രായേല്‍ഗൃഹത്തില്‍ അവശേഷിച്ചിരിക്കുന്ന എല്ലാവരുമേ, എന്‍റെ വാക്ക് ശ്രദ്ധിച്ചു കേള്‍ക്കുവിന്‍.4 നിങ്ങളുടെ വാര്‍ധക്യംവരെയും ഞാന്‍ തന്നെ ദൈവം; നരയ്‍ക്കുവോളം ഞാന്‍ നിങ്ങളെ ചുമക്കും; ഞാന്‍ നിങ്ങളെ സൃഷ്‍ടിച്ചു; ഞാന്‍ വഹിക്കുകയും ചുമലിലേറ്റി രക്ഷിക്കുകയും ചെയ്യും.
5 നീ എന്നെ ആരോട് ഉപമിച്ചു തുല്യനാക്കും? ഒരുപോലെ വരത്തക്കവിധം എന്നെ ആരോട് താരതമ്യപ്പെടുത്തും?
6 ചിലര്‍ പണസഞ്ചിയില്‍നിന്നു സ്വര്‍ണം ധാരാളമായി ചെലവഴിക്കുകയും തുലാസ്സില്‍ വെള്ളി തൂക്കിക്കൊടുക്കുകയും ചെയ്യുന്നു. ഒരു ദേവനെ നിര്‍മിക്കാനായി തട്ടാന് അവര്‍ കൂലികൊടുക്കുന്നു. പിന്നീട് അവര്‍ അതിന്‍റെ മുമ്പില്‍ വീണ് ആരാധിക്കുന്നു!
7 അവര്‍ അതിനെ തോളിലെടുത്തുകൊണ്ടുപോയി യഥാസ്ഥാനത്ത് ഉറപ്പിക്കുന്നു; അത് അവിടെ നില്‌ക്കുന്നു; അത് അതിന്‍റെ സ്ഥാനത്തുനിന്നു മാറുന്നില്ല; ആരെങ്കിലും അതിനോടു നിലവിളിച്ചാല്‍ ഉത്തരമരുളുകയോ ക്ലേശങ്ങളില്‍നിന്ന് അവരെ രക്ഷിക്കുകയോ ചെയ്യുന്നില്ല.
8
നിയമലംഘികളേ, നിങ്ങള്‍ ഇത് അനുസ്മരിച്ചു സ്ഥിരത കാണിപ്പിന്‍.9 പഴയകാര്യങ്ങള്‍ ഓര്‍ക്കുവിന്‍; കാരണം ഞാനാണു ദൈവം; മറ്റൊരു ദൈവവുമില്ല. ഞാനാണു ദൈവം; എന്നെപ്പോലെ മറ്റാരുമില്ല.
10 ആദിമുതല്‍ ഞാന്‍ അന്ത്യം വെളിപ്പെടുത്തി; പുരാതനകാലം മുതല്‍ സംഭവിക്കാനിരിക്കുന്നവ വെളിപ്പെടുത്തി. ഞാന്‍ അരുളിച്ചെയ്തു: “എന്‍റെ ഉപദേശങ്ങള്‍ നിലനില്‌ക്കും; എന്‍റെ ലക്ഷ്യങ്ങളെല്ലാം ഞാന്‍ പൂര്‍ത്തീകരിക്കും.”
11 കിഴക്കുനിന്ന് ഞാന്‍ ഒരു റാഞ്ചന്‍പക്ഷിയെ, ദൂരദേശത്തുനിന്ന് എന്‍റെ ഉപദേശങ്ങള്‍ നിറവേറ്റുന്ന ഒരുവനെ വിളിക്കുന്നു. ഞാന്‍ അരുളിച്ചെയ്തു: “ഞാനതു നിറവേറ്റും; ഞാന്‍ നിരൂപിച്ചിരിക്കുന്നു, ഞാനതു ചെയ്യും.
12
രക്ഷയില്‍നിന്ന് അകന്നിരിക്കുന്ന കഠിനഹൃദയരേ, എന്‍റെ വാക്കു ശ്രദ്ധിച്ചു കേള്‍ക്കുവിന്‍.13 എന്‍റെ രക്ഷ ഞാന്‍ അടുത്തുകൊണ്ടുവന്നിരിക്കുന്നു; അതു ദൂരത്തല്ല. എന്‍റെ രക്ഷ ഇനി താമസിക്കുകയില്ല; ഞാന്‍ സീയോന് എന്‍റെ രക്ഷയും ഇസ്രായേലിന് എന്‍റെ മഹത്ത്വവും നല്‌കും.”
1
കന്യകയായ ബാബിലോണ്‍ പുത്രീ, ഇറങ്ങിവന്നു പൊടിയില്‍ ഇരിക്കുക; കല്‍ദായരുടെ പുത്രീ, സിംഹാസനം ഇല്ലാതെ നിലത്തിരിക്കുക. കാരണം ഇനിമേല്‍ നീ മൃദുല എന്നും കോമള എന്നും വിളിക്കപ്പെടുകയില്ല.2 തിരികല്ല് എടുത്തു ധാന്യം പൊടിക്കുക, നിന്‍റെ മൂടുപടം മാറ്റുക, നിന്‍റെ മേലങ്കി ഉരിഞ്ഞ്, നഗ്നപാദയായി നദികളിലൂടെ കടന്നുപോകുക.
3 നിന്‍റെ നഗ്നത അനാവൃതമാകും; നിന്‍റെ ലജ്ജ വെളിപ്പെടും; ഞാന്‍ പ്രതികാരം ചെയ്യും; ഞാന്‍ ആരെയും ഒഴിവാക്കുകയില്ല.
4 നമ്മുടെ വീണ്ടെടുപ്പുകാരന്‍-സൈന്യങ്ങളുടെ സര്‍വേശ്വരന്‍ എന്നാണ് അവിടുത്തെ നാമം- ഇസ്രായേലിന്‍റെ പരിശുദ്ധനാണ്.
5
കല്‍ദായപുത്രീ, നിശ്ശബ്ദയായിരിക്കുക, അന്ധകാരത്തിലേക്കു പോകുക, കാരണം ജനതകളുടെ യജമാനത്തി എന്ന് ഇനിമേല്‍ നീ വിളിക്കപ്പെടുകയില്ല.6 ഞാന്‍ എന്‍റെ ജനത്തോടു കോപിച്ചു എന്‍റെ അവകാശത്തെ ഞാന്‍ അശുദ്ധമാക്കി; ഞാന്‍ അവരെ നിന്‍റെ കൈയില്‍ ഏല്പിച്ചു. നീ അവരോടു കരുണ കാട്ടിയില്ല; വൃദ്ധരുടെ മേല്‍പോലും നിന്‍റെ ഭാരമേറിയ നുകം നീ വച്ചു.
7 നീ പറഞ്ഞു: “ഞാന്‍ എന്നേക്കും യജമാനത്തി ആയിരിക്കും” തന്മൂലം നീ ഇക്കാര്യങ്ങള്‍ ഹൃദയത്തില്‍ സംഗ്രഹിക്കുകയോ അതിന്‍റെ അവസാനം ഓര്‍ക്കുകയോ ചെയ്തില്ല.
8
അതുകൊണ്ട് ഞാന്‍ മാത്രം, ഞാനല്ലാതെ മറ്റാരുമില്ല; ഞാന്‍ വിധവയായിരിക്കുകയോ, പുത്രനഷ്ടം അറിയുകയോ ഇല്ല എന്നു ഹൃദയത്തില്‍ പറയുന്നവളേ, സുഖഭോഗിനിയും സുരക്ഷിതയും ആയവളേ, ഇതു കേള്‍ക്കുക.9 ഒരു ദിവസം ഒരു നിമിഷത്തില്‍ത്തന്നെ ഈ രണ്ടു കാര്യങ്ങളും നിനക്കു സംഭവിക്കും; നിന്‍റെ മന്ത്രവാദങ്ങള്‍ എത്ര അധികമായിരുന്നാലും നിന്‍റെ ആഭിചാരകശക്തി എത്ര വലുതായിരുന്നാലും പുത്രനഷ്ടവും വൈധവ്യവും പൂര്‍ണ അളവില്‍ നിനക്കു ഭവിക്കും.
10
നിനക്കു നിന്‍റെ ദുഷ്ടതയില്‍ സുരക്ഷിതത്വം തോന്നി; നീ പറഞ്ഞു: “ആരുമെന്നെ കാണുന്നില്ല.” നിന്‍റെ ജ്ഞാനവും നിന്‍റെ അറിവും നിന്നെ വഴിതെറ്റിച്ചു. “ഞാന്‍ മാത്രം ഞാനല്ലാതെ മറ്റാരുമില്ല” എന്നു നീ നിന്‍റെ ഹൃദയത്തില്‍ പറഞ്ഞു.11 എന്നാല്‍ നിനക്കു പ്രായശ്ചിത്തം ചെയ്യാന്‍ കഴിയാത്ത ദുഷ്ടത നിനക്കു വരും; നിനക്കു പരിഹാരം ചെയ്യാന്‍ കഴിയാത്ത ആപത്ത് നിന്‍റെമേല്‍ വരും; നിനക്ക് അറിയാത്ത നാശം പെട്ടെന്നു നിനക്കു ഭവിക്കും.
12
നിന്‍റെ യൗവനംമുതല്‍ നീ അധ്വാനിച്ചു ചെയ്തുവരുന്ന നിന്‍റെ ആഭിചാരകത്തിലും നിരവധി മന്ത്രവാദങ്ങളിലും ഉറച്ചുനില്‌ക്കുക. ഒരുപക്ഷേ നിനക്കു വിജയം കൈവന്നേക്കാം; ഒരുപക്ഷേ ഉഗ്രഭീതി ഉളവാക്കാന്‍ നിനക്കു കഴിഞ്ഞേക്കാം.13 നിന്‍റെ നിരവധി ഉപദേശകരെകൊണ്ടു നീ ക്ഷീണിച്ചിരിക്കുന്നു; ആകാശങ്ങളെ വിഭജിക്കുകയും നക്ഷത്രങ്ങളെ നിരീക്ഷിക്കുകയും നിനക്കെന്തു സംഭവിക്കുമെന്ന് അമാവാസികളില്‍ പ്രവചിക്കുകയും ചെയ്യുന്ന അവര്‍ എഴുന്നേറ്റു നിന്നെ രക്ഷിക്കട്ടെ.
14 കണ്ടാലും, അവര്‍ വയ്‍ക്കോല്‍ പോലെയാണ്; അഗ്നി അവരെ നശിപ്പിക്കുന്നു; തീജ്വാലയുടെ ശക്തിയില്‍നിന്ന് അവര്‍ക്ക് തങ്ങളെത്തന്നെ മോചിപ്പിക്കാന്‍ കഴിയുന്നില്ല. ഇത് ഒരുവനു തണുപ്പുമാറ്റാനുള്ള കനലോ, ഇരുന്നു കായാനുള്ള തീയോ അല്ല!
15 ഇങ്ങനെയാകുന്നു നീ അധ്വാനിച്ചിരിക്കുന്നത്. നിന്‍റെ യൗവനംമുതല്‍ നിന്‍റെകൂടെ വ്യാപാരം ചെയ്തവര്‍, അവര്‍ അവരുടെതന്നെ ദിക്കുകളില്‍ അലയുന്നു; അവിടെ ആരും നിന്നെ രക്ഷിക്കുകയില്ല.
1
ഇസ്രായേല്‍ എന്നു പേരു വിളിക്കപ്പെട്ടവരും യെഹൂദായുടെ കടിപ്രദേശത്തു നിന്ന് ഉദ്ഭവിച്ചവരും സര്‍വേശ്വരന്‍റെ നാമത്തില്‍ സത്യം ചെയ്യുന്നവരും സത്യത്തോടും നീതിയോടും കൂടിയല്ലെങ്കിലും ഇസ്രായേലിന്‍റെ ദൈവത്തെ ഏറ്റുപറയുന്നവരുമായ യാക്കോബുഗൃഹമേ, ഇതു കേള്‍ക്കുക.2 കാരണം, അവര്‍ തങ്ങളെത്തന്നെ വിശുദ്ധനഗരം എന്നു വിളിക്കുകയും ഇസ്രായേലിന്‍റെ ദൈവത്തില്‍ ആശ്രയിക്കുകയും ചെയ്യുന്നു; സൈന്യങ്ങളുടെ സര്‍വേശ്വരന്‍ എന്നാകുന്നു അവിടുത്തെ നാമം.
3
കഴിഞ്ഞ കാര്യങ്ങള്‍ ഞാന്‍ പണ്ടുതന്നെ പ്രഖ്യാപിച്ചു. അവ എന്‍റെ വായില്‍നിന്നു പുറപ്പെട്ടു; ഞാന്‍ അവയെ വെളിപ്പെടുത്തി. പിന്നീട് പെട്ടെന്ന് ഞാന്‍ അവ ചെയ്തു. അവ സംഭവിക്കുകയും ചെയ്തു.4 നീ നിര്‍ബന്ധബുദ്ധിയുള്ളവനെന്നും നിന്‍റെ കഴുത്ത് ഇരുമ്പ് കണ്ഡരയാണെന്നും നിന്‍റെ നെറ്റി പിച്ചളയാണെന്നും എനിക്കറിയാം.
5 ഞാന്‍ അവ പണ്ടുതന്നെ പ്രഖ്യാപിച്ചു; “എന്‍റെ വിഗ്രഹം അതു ചെയ്തു എന്നും എന്‍റെ കൊത്തുവിഗ്രഹവും വാര്‍പ്പുവിഗ്രഹവുമാണ് അവ കല്പിച്ചത് എന്നും നീ പറയാതിരിക്കാന്‍ അവ സംഭവിക്കും മുമ്പേ ഞാന്‍ അവ നിന്നോട് അറിയിച്ചു.
6
നീ കേട്ടു കഴിഞ്ഞു; ഇപ്പോള്‍ ഇതെല്ലാം കാണുക; നീ അതു പ്രഖ്യാപിക്കുകയില്ലേ? ഇപ്പോള്‍ മുതല്‍ ഞാന്‍ നിന്നെ പുതിയ കാര്യങ്ങള്‍ കേള്‍പ്പിക്കും;7 നിനക്ക് അറിയാന്‍ പാടില്ലാത്ത മറഞ്ഞിരിക്കുന്ന കാര്യങ്ങള്‍. അവ പണ്ടല്ല ഇപ്പോള്‍തന്നെ സൃഷ്‍ടിക്കപ്പെട്ടിരിക്കുന്നു; എനിക്ക് അറിയാമെന്ന് പറയാതിരിക്കാന്‍ ഇന്നുവരെ നീ അവയെക്കുറിച്ച് ഒന്നും കേട്ടിട്ടില്ല.
8 നീ ഒരിക്കലും കേള്‍ക്കുകയോ അറിയുകയോ ചെയ്തിട്ടില്ല. നിന്‍റെ ചെവി പണ്ടുമുതല്‍ തുറക്കപ്പെട്ടിട്ടുമില്ല. കാരണം നീ ദ്രോഹപരമായി പെരുമാറുമെന്നും ജനനംമുതല്‍ നീ നിഷേധിയെന്നു വിളിക്കപ്പെടുമെന്നും ഞാന്‍ അറിഞ്ഞു.
9
എന്‍റെ നാമത്തെ പ്രതി ഞാന്‍ എന്‍റെ കോപത്തെ കീഴ്പെടുത്തി; എന്‍റെ പുകഴ്ചയെ പ്രതി ഞാനതു നിനക്കുവേണ്ടി അടക്കുന്നു. അങ്ങനെ ഞാന്‍ നിന്നെ ഛേദിക്കാതിരുന്നു.10 ഇതാ, ഞാന്‍ നിന്നെ ശുദ്ധീകരിച്ചിരിക്കുന്നു; വെള്ളിപോലെ അല്ല ഞാന്‍ നിന്നെ കഷ്ടതയാകുന്ന ചൂളയില്‍ ശോധന ചെയ്തിരിക്കുന്നു.
11 എനിക്കുവേണ്ടി, എനിക്കുവേണ്ടിത്തന്നെ ഞാനതു ചെയ്യുന്നു, കാരണം എന്‍റെ നാമം എങ്ങനെ അശുദ്ധമാകും? എന്‍റെ മഹത്ത്വം ഞാന്‍ മറ്റാര്‍ക്കും കൊടുക്കുകയില്ല.
12
യാക്കോബേ, ഞാന്‍ വിളിച്ചിരിക്കുന്ന ഇസ്രായേലേ, എന്‍റെ വാക്കു ശ്രദ്ധിച്ചുകേള്‍ക്കുവിന്‍! ഞാനാണു ദൈവം, ഞാന്‍ ആദിയും അന്തവുമാകുന്നു.13 ഭൂമിക്ക് അടിസ്ഥാനമിട്ടത് എന്‍റെ കൈയാണ്, ആകാശത്തെ വിരിച്ചത് എന്‍റെ വലതുകരമാണ്; ഞാന്‍ അവയെ വിളിക്കുമ്പോള്‍ അവ ഒരുമിച്ചു മുമ്പോട്ടുവന്നു നില്‌ക്കുന്നു.
14
നിങ്ങള്‍ എല്ലാവരും ഒന്നിച്ചുകൂടി കേള്‍ക്കുവിന്‍! അവരില്‍ ആരാണ് ഈ കാര്യങ്ങള്‍ പ്രഖ്യാപിച്ചത്? സര്‍വേശ്വരന്‍ അവനെ സ്നേഹിക്കുന്നു; ബാബിലോണില്‍ അവിടുത്തെ ലക്ഷ്യം നിറവേറ്റും; കല്‍ദായര്‍ക്ക് എതിരായിരിക്കും അവന്‍റെ കരം.15 ഞാന്‍, ഞാനാണ് അവനെ വിളിച്ച് അവനോട് സംസാരിച്ചത്; ഞാനാണ് അവനെ കൊണ്ടുവന്നത് അവന്‍ അവന്‍റെ മാര്‍ഗം വിജയകരമാക്കും.
16 എന്‍റെ അടുക്കല്‍വന്നു നിങ്ങള്‍ ഇതു കേള്‍ക്കൂ: “ആദിമുതല്‍ ഞാന്‍ രഹസ്യത്തിലല്ല സംസാരിച്ചത്; അത് ഉണ്ടായതു മുതല്‍ ഞാനവിടെ ഉണ്ടായിരുന്നു. ഇപ്പോള്‍ സര്‍വേശ്വരനായ ദൈവം എന്നെയും അവിടുത്തെ ആത്മാവിനെയും അയച്ചിരിക്കുന്നു.”
17
ഇസ്രായേലിന്‍റെ പരിശുദ്ധനും നിന്‍റെ വീണ്ടെടുപ്പുകാരനുമായ സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിനക്ക് നന്മയുണ്ടാകാന്‍ അഭ്യസിപ്പിക്കുകയും നീ പോകേണ്ട വഴിയില്‍ നിന്നെ നയിക്കുകയും ചെയ്യുന്ന ഞാനാണ് നിന്‍റെ ദൈവമായ സര്‍വേശ്വരന്‍.”18
ഹാ, നീ എന്‍റെ കല്പനകള്‍ ശ്രദ്ധിച്ചു കേട്ടിരുന്നെങ്കില്‍! നിന്‍റെ സമാധാനം ഒരു നദിപോലെയും നിന്‍റെ നീതി കടലിലെ തിരമാലകള്‍പോലെയും ആകുമായിരുന്നു.19 നിന്‍റെ സന്തതികള്‍ മണല്‍പോലെയും നിന്‍റെ പിന്‍ഗാമികള്‍ മണല്‍ത്തരിപോലെയും ആകുമായിരുന്നു; അവരുടെ നാമം എന്നില്‍നിന്ന് ഒരിക്കലും വിച്ഛേദിക്കപ്പെടുകയോ നശിപ്പിക്കുകയോ ഇല്ലായിരുന്നു.
20
ബാബിലോണില്‍നിന്നു പുറപ്പെടുക; കല്‍ദായരെ വിട്ട് ഓടിപ്പോകുക, സന്തോഷത്തോടെ ഇതു പ്രഖ്യാപിക്കുക, ഇതു പ്രസ്താവിക്കുക, സര്‍വേശ്വരന്‍ തന്‍റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു എന്നു ഭൂമിയുടെ അതിര്‍ത്തികളോളം പറയുവിന്‍.21 അവിടുന്ന് അവരെ മരുഭൂമികളില്‍കൂടി നയിച്ചപ്പോള്‍ അവര്‍ക്കു ദാഹിച്ചില്ല; അവിടുന്ന് അവര്‍ക്കുവേണ്ടി പാറയില്‍നിന്നും വെള്ളം ഒഴുക്കി; അവിടുന്നു പാറ പിളര്‍ന്നു, വെള്ളം കുതിച്ചു ചാടി.
22 “ദുഷ്ടന്മാര്‍ക്ക് സമാധാനമില്ല” എന്ന് സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.
1
“തീരദേശങ്ങളേ, ഞാന്‍ പറയുന്നതു കേള്‍ക്കുവിന്‍. വിദൂരസ്ഥരായ ജനതകളേ, ശ്രദ്ധിക്കുവിന്‍. അമ്മയുടെ ഉദരത്തില്‍ വച്ചു സര്‍വേശ്വരന്‍ എന്നെ വിളിച്ചു. ഗര്‍ഭത്തില്‍വച്ചു തന്നെ എനിക്കു പേരിട്ടു.2 അവിടുന്ന് എന്‍റെ നാവു മൂര്‍ച്ചയുള്ള വാളുപോലെ ആക്കി. തന്‍റെ കൈനിഴലില്‍ അവിടുന്ന് എന്നെ മറച്ചു. അവിടുന്ന് എന്നെ മിനുക്കിയ അസ്ത്രമാക്കി തന്‍റെ ആവനാഴിയില്‍ ഒളിപ്പിച്ചു.
3 “ഇസ്രായേലേ, നീ എന്‍റെ ദാസന്‍! നീ നിമിത്തം ഞാന്‍ പ്രകീര്‍ത്തിക്കപ്പെടും” എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്തു.
4 “ഞാന്‍ അധ്വാനിക്കുകയായിരുന്നു; എന്‍റെ ശക്തി വ്യര്‍ഥമായും നിഷ്ഫലമായും വിനിയോഗിച്ചു, എങ്കിലും നിശ്ചയമായും എന്‍റെ അവകാശവും എന്‍റെ പ്രയത്നത്തിനുള്ള പ്രതിഫലവും സര്‍വേശ്വരന്‍റെ പക്കലുണ്ട്” എന്നു ഞാന്‍ പറഞ്ഞു.
5
യാക്കോബിനെ തന്‍റെ അടുക്കലേക്കു തിരിച്ചുകൊണ്ടുവരാനും ഇസ്രായേലിനെ ഒരുമിച്ചു കൂട്ടാനും അമ്മയുടെ ഗര്‍ഭത്തില്‍ എന്നെ തന്‍റെ ദാസനായി രൂപപ്പെടുത്തിയ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. എന്തെന്നാല്‍ അവിടുത്തെ ദൃഷ്‍ടിയില്‍ ഞാന്‍ ബഹുമാനിതനായി. എന്‍റെ ദൈവം എന്‍റെ ബലം ആയിത്തീര്‍ന്നിരിക്കുന്നു.6 സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “യാക്കോബിന്‍റെ ഗോത്രങ്ങളെ ഉദ്ധരിക്കാനും ഇസ്രായേലില്‍ അവശേഷിക്കുന്നവരെ മടക്കിക്കൊണ്ടുവരാനും നീ എന്‍റെ ദാസനായിരിക്കുക എന്നതു നിസ്സാരകാര്യമാണ്. എന്‍റെ രക്ഷ ഭൂമിയുടെ അതിരുകള്‍വരെ എത്താന്‍ ഞാന്‍ നിന്നെ ജനതകള്‍ക്കു പ്രകാശമാക്കിത്തീര്‍ക്കും.
7 സര്‍വജനതകളാലും നിന്ദിതനും വെറുക്കപ്പെട്ടവനും ഭരണാധികാരികളുടെ ദാസനുമായവനോട് ഇസ്രായേലിന്‍റെ പരിശുദ്ധനും വീണ്ടെടുപ്പുകാരനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “നിന്നെ തിരഞ്ഞെടുത്തവനും ഇസ്രായേലിന്‍റെ പരിശുദ്ധനും വിശ്വസ്തനുമായ സര്‍വേശ്വരന്‍ നിമിത്തം രാജാക്കന്മാര്‍ നിന്നെ കാണുമ്പോള്‍ എഴുന്നേല്‌ക്കും. പ്രഭുക്കന്മാര്‍ നിന്‍റെ മുമ്പില്‍ സാഷ്ടാംഗം വീണു നമസ്കരിക്കും.”
8
സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഞാന്‍ നിന്നില്‍ പ്രസാദിച്ച കാലത്തു നിനക്കുത്തരമരുളി. രക്ഷയുടെ ദിവസം ഞാന്‍ നിന്നെ സഹായിച്ചു. ദേശം പുനഃസ്ഥാപിക്കാനും ശൂന്യമായി കിടക്കുന്ന അവകാശഭൂമി വിഭജിച്ചു കൊടുക്കാനും ഞാന്‍ നിന്നെ സംരക്ഷിക്കുകയും9 ജനത്തിന് ഒരു ഉടമ്പടിയായി നല്‌കുകയും ചെയ്തിരിക്കുന്നു. ബന്ധിതരോടു പുറത്തു വരിക എന്നും അന്ധകാരത്തിലിരിക്കുന്നവരോടു വെളിച്ചത്തു വരിക എന്നും ഞാന്‍ പറഞ്ഞു. യാത്രയില്‍ അവര്‍ ആടുകളെപ്പോലെ മേയും; വിജനമായ കുന്നുകളെല്ലാം അവരുടെ മേച്ചില്‍പ്പുറങ്ങളായി മാറും.
10 അവര്‍ക്കു വിശക്കുകയോ ദാഹിക്കുകയോ ഇല്ല. ഉഷ്ണക്കാറ്റോ വെയിലോ അവരെ പീഡിപ്പിക്കുകയില്ല. കരുണയുള്ളവര്‍ അവരെ വഴി നടത്തുകയും നീരുറവകള്‍ക്കരികിലൂടെ നയിക്കുകയും ചെയ്യും.
11 പര്‍വതങ്ങളെ ഞാന്‍ വഴിയാക്കി മാറ്റും. എന്‍റെ ജനത്തിനു പോകാനുള്ള രാജവീഥികള്‍ ഉയര്‍ന്നു വരും.
12 കണ്ടുകൊള്‍ക, എന്‍റെ ജനം വിദൂരത്തുനിന്നു വരും. വടക്കുനിന്നും പടിഞ്ഞാറുനിന്നും സീനീംദേശത്തുനിന്നും വരും.
13 ആകാശമേ, ആനന്ദഗാനം പാടുക! ഭൂതലമേ, ആഹ്ലാദിക്കുക! പര്‍വതങ്ങളേ, ആര്‍ത്തു പാടുക! സര്‍വേശ്വരന്‍ തന്‍റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു. തന്‍റെ പീഡിതരോട് അവിടുന്നു കരുണ കാണിക്കും.
14
എന്നാല്‍ സീയോന്‍ പറഞ്ഞു: “സര്‍വേശ്വരനെന്നെ ഉപേക്ഷിച്ചു; എന്‍റെ സര്‍വേശ്വരനെന്നെ മറന്നു.”15 മുല കുടിക്കുന്ന കുഞ്ഞിനെ അമ്മയ്‍ക്കു മറക്കാന്‍ കഴിയുമോ? പെറ്റമ്മ തന്‍റെ കുഞ്ഞിനോടു കരുണ കാട്ടാതിരിക്കുമോ? അവര്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല.
16 നോക്കുക, നിന്നെ എന്‍റെ ഉള്ളങ്കൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. നിന്‍റെ മതിലുകള്‍ എപ്പോഴും എന്‍റെ കണ്‍മുമ്പിലുണ്ട്.
17 നിന്നെ പുനഃസ്ഥാപിക്കുന്നവര്‍ നിന്നെ നശിപ്പിച്ചവരെ മറികടക്കുന്നു. നിന്നെ ശൂന്യമാക്കിയവര്‍ നിന്നെ വിട്ടകലുന്നു.
18 ചുറ്റും നോക്കുവിന്‍. അവര്‍ ഒരുമിച്ചുകൂടി നിന്‍റെ അടുക്കലേക്കു വരുന്നു. സര്‍വേശ്വരനായ ഞാന്‍ ശപഥം ചെയ്യുന്നു. മണവാട്ടി ആഭരണം അണിയുംപോലെ നീ അവരെ സ്വീകരിക്കും.
19
നിന്‍റെ പാഴ്നിലങ്ങളും വിജനപ്രദേശങ്ങളും നിന്നില്‍ നിവസിക്കാന്‍ വരുന്നവര്‍ക്കു മതിയാവുകയില്ല. നിന്നെ നശിപ്പിച്ചവര്‍ നിന്നില്‍നിന്നു വളരെ അകലെയായിരിക്കും.20 “ഞങ്ങള്‍ക്കു നിവസിക്കാന്‍ കൂടുതല്‍ സ്ഥലം വേണം. ഇതു മതിയാവുകയില്ല” എന്നു പ്രവാസകാലത്തു ജാതരായ നിന്‍റെ ജനം പറയും.
21 അപ്പോള്‍ നീ പറയും: ഞാന്‍ പുത്രദുഃഖമനുഭവിക്കുന്നവളും വന്ധ്യയും പരിത്യക്തയും പ്രവാസിനിയും ആയിരുന്നല്ലോ. പിന്നെ എനിക്കുവേണ്ടി ആരിവരെ പ്രസവിച്ചു വളര്‍ത്തി? ഞാന്‍ ഏകാകിനിയായിരിക്കെ ഇവര്‍ എവിടെ നിന്നു വന്നു?
22
ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ജനതകളുടെ നേരെ എന്‍റെ കൈ ഉയര്‍ത്തും. ജനപദങ്ങള്‍ക്കു ഞാന്‍ കൊടി കാട്ടും. അവര്‍ നിന്‍റെ പുത്രന്മാരെ മാറോടണച്ചും പുത്രിമാരെ തോളിലേറ്റിയും കൊണ്ടുവരും.23 രാജാക്കന്മാര്‍ നിങ്ങളുടെ വളര്‍ത്തച്ഛന്മാരും രാജ്ഞിമാര്‍ നിങ്ങളുടെ വളര്‍ത്തമ്മമാരും ആയിത്തീരും. അവര്‍ നിലംപറ്റെ തല കുനിച്ചു നിന്നെ വണങ്ങും, നിന്‍റെ കാലിലെ പൊടിനക്കും. അപ്പോള്‍ ഞാന്‍ സര്‍വേശ്വരനാകുന്നു എന്നു നീ അറിയും. എനിക്കുവേണ്ടി കാത്തിരിക്കുന്നവര്‍ ലജ്ജിതരാകയില്ല.
24
കരുത്തന്‍റെ കൈയില്‍നിന്നു കൊള്ളമുതല്‍ പിടിച്ചെടുക്കാമോ? നിഷ്ഠുരനായ സ്വേച്ഛാധിപതിയുടെ ബന്ധനത്തില്‍നിന്നു തടവുകാരെ മോചിപ്പിക്കാമോ? തീര്‍ച്ചയായും കഴിയും.25 സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: കരുത്തന്‍റെ കൈയില്‍നിന്നു കൊള്ളമുതല്‍ പിടിച്ചെടുക്കുകയും നിഷ്ഠുരനായ സ്വേച്ഛാധിപതിയുടെ പിടിയില്‍നിന്നു തടവുകാരെ മോചിപ്പിക്കുകയും ചെയ്യും. എന്തെന്നാല്‍ നിന്നോടു പോരാടുന്നവരോടു ഞാന്‍ പോരാടും. നിന്‍റെ മക്കളെ ഞാന്‍ രക്ഷിക്കയും ചെയ്യും.
26 നിന്നെ മര്‍ദിക്കുന്നവര്‍ അന്യോന്യം കടിച്ചുതിന്നാന്‍ ഞാനിടയാക്കും. വീഞ്ഞു കുടിച്ചെന്നപോലെ അവര്‍ രക്തം കുടിച്ചു മത്തരാകും. അപ്പോള്‍ ഞാനാകുന്നു നിന്‍റെ രക്ഷകനും വിമോചകനും യാക്കോബിന്‍റെ ബലവാനായ ദൈവവും എന്നു സര്‍വമനുഷ്യരും അറിയും.
1
സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഭാര്യയെ ഉപേക്ഷിക്കുന്ന ഒരുവനെപ്പോലെ ഞാന്‍ സ്വന്തജനത്തെ ഉപേക്ഷിച്ചു എന്നു നിങ്ങള്‍ കരുതുന്നുവോ? അങ്ങനെയെങ്കില്‍ വിവാഹമോചന പത്രിക എവിടെ? തന്‍റെ മക്കളെ അടിമക്കച്ചവടക്കാര്‍ക്കു വില്‍ക്കുന്നതുപോലെ നിങ്ങളെ ഞാന്‍ വിറ്റുവെന്നാണോ കരുതുന്നത്? നിങ്ങളുടെ അപരാധം നിമിത്തമായിരുന്നു നിങ്ങള്‍ വില്‍ക്കപ്പെട്ടത്. നിങ്ങളുടെ അതിക്രമം നിമിത്തം നിങ്ങളുടെ മാതാവ് ഉപേക്ഷിക്കപ്പെട്ടു.2 ഞാന്‍ വന്നപ്പോള്‍ ആരും ഇല്ലാതിരുന്നത് എന്ത്? ഞാന്‍ വിളിച്ചപ്പോള്‍ ആരും കേള്‍ക്കാതിരുന്നതെന്തുകൊണ്ട്? രക്ഷിക്കാന്‍ കഴിയാത്തവിധം എന്‍റെ കരം കുറുകിപ്പോയെന്നോ? മോചിപ്പിക്കാന്‍ എനിക്കു കഴിവില്ലെന്നോ? ശാസനകൊണ്ടു ഞാന്‍ കടല്‍ വറ്റിക്കുന്നു! നദികളെ മരുഭൂമിയാക്കുന്നു! അവയിലെ മത്സ്യങ്ങള്‍ വെള്ളം കിട്ടാതെ ദാഹിച്ചു ചത്തൊടുങ്ങുന്നു!
3 അവ ചീഞ്ഞു നാറുന്നു! ഞാന്‍ ആകാശത്തെ കറുപ്പുവസ്ത്രം ഉടുപ്പിക്കുന്നു. ചാക്കുതുണികൊണ്ടു പുതപ്പിക്കുന്നു.
4
ക്ഷീണിച്ചവനെ ആശ്വസിപ്പിക്കാനുള്ള വാക്കുകള്‍ ദൈവമായ സര്‍വേശ്വരന്‍ എന്നെ അഭ്യസിപ്പിച്ചിരിക്കുന്നു. പ്രഭാതംതോറും അവിടുന്നു പഠിപ്പിക്കുന്നതു കേള്‍ക്കാന്‍ എന്‍റെ കാതുകളെ അവിടുന്ന് ഉണര്‍ത്തുന്നു.5 ദൈവമായ സര്‍വേശ്വരന്‍ എന്‍റെ കാതുകള്‍ തുറന്നു; ഞാന്‍ എതിര്‍ത്തില്ല, പിന്തിരിഞ്ഞുമില്ല.
6 അടിക്കുന്നവര്‍ക്ക് എന്‍റെ പുറവും മീശ പറിക്കുന്നവര്‍ക്ക് എന്‍റെ മുഖവും ഞാന്‍ കാണിച്ചുകൊടുത്തു. നിന്ദിക്കുകയും തുപ്പുകയും ചെയ്തപ്പോള്‍ ഞാന്‍ മുഖം മറച്ചില്ല.
7
ദൈവമായ സര്‍വേശ്വരന്‍ എന്നെ സഹായിക്കുന്നതുകൊണ്ട് ഞാന്‍ അപമാനിതനായിട്ടില്ല. അതുകൊണ്ട് ഞാനെന്‍റെ മുഖം തീക്കല്ലിനു തുല്യമാക്കി. ഞാന്‍ ലജ്ജിതനാകയില്ലെന്ന് എനിക്കറിയാം.8 എന്‍റെ നിരപരാധിത്വം തെളിയിക്കുന്നവന്‍ എന്‍റെ സമീപത്തുണ്ട്. ആര് എന്നെ എതിര്‍ക്കും? നമുക്കു നേരിടാം. എന്‍റെ പ്രതിയോഗി ആര്? അയാള്‍ എന്‍റെ നേരെ വരട്ടെ.
9 ദൈവമായ സര്‍വേശ്വരന്‍ എന്നെ സഹായിക്കുന്നുണ്ട്. ആരാണ് എന്നെ കുറ്റം വിധിക്കുക? ഇരട്ടവാലന്‍ കരളുന്ന വസ്ത്രംപോലെ അവര്‍ ദ്രവിച്ച് ഇല്ലാതെയാകും.
10
സര്‍വേശ്വരനെ ഭയപ്പെട്ട് അവിടുത്തെ ദാസന്‍റെ വാക്ക് അനുസരിക്കുകയും വെളിച്ചമില്ലാതെ ഇരുളില്‍ നടന്നിട്ടും സര്‍വേശ്വരന്‍റെ നാമത്തില്‍ ആശ്രയിച്ചും ദൈവത്തില്‍ അഭയം തേടുകയും ചെയ്യുന്നവന്‍ നിങ്ങളില്‍ ആരാണ്?11 മറ്റുള്ളവരെ നശിപ്പിക്കാന്‍ തീ കത്തിക്കുകയും തീക്കൊള്ളി മിന്നിക്കുകയും ചെയ്യുന്നവരേ, നിങ്ങള്‍ കത്തിച്ച തീയുടെയും മിന്നിച്ച കൊള്ളിയുടെയും അടുത്തേക്കു പോകുവിന്‍. എന്‍റെ കൈയില്‍നിന്ന് ഇതായിരിക്കും നിങ്ങള്‍ക്കു ലഭിക്കുക. നിങ്ങള്‍ പീഡനം സഹിച്ചു കിടക്കും.
1
സര്‍വേശ്വരനെ അന്വേഷിക്കുന്നവരേ, വിമോചനം തേടുന്നവരേ, എന്‍റെ വചനം ശ്രദ്ധിക്കുവിന്‍! നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്ക്, നിങ്ങളെ കുഴിച്ചെടുത്ത ഖനിയിലേക്ക് നോക്കുവിന്‍.2 നിങ്ങളുടെ പിതാവായ അബ്രഹാമിനെയും നിങ്ങളെ പ്രസവിച്ച സാറായെയും നോക്കുവിന്‍. അബ്രഹാം ഏകനായിരുന്നപ്പോള്‍ ഞാന്‍ അവനെ വിളിച്ച് അനുഗ്രഹിച്ചു സന്താനപുഷ്‍ടിയുള്ളവനാക്കിയല്ലോ.
3 സര്‍വേശ്വരന്‍ സീയോനെ ആശ്വസിപ്പിക്കും. അവളുടെ സകല ശൂന്യപ്രദേശങ്ങള്‍ക്കും ആശ്വാസം നല്‌കും. അവളുടെ വിജനപ്രദേശത്തെ ഏദന്‍തോട്ടംപോലെയും മരുഭൂമിയെ സര്‍വേശ്വരന്‍റെ പൂന്തോട്ടംപോലെയും ആക്കിത്തീര്‍ക്കും. സീയോനില്‍ ആനന്ദവും ഉല്ലാസവും സ്തോത്രവും ഗാനാലാപവും ഉണ്ടാകും.
4
എന്‍റെ ജനമേ കേള്‍ക്കുവിന്‍. എന്‍റെ ജനപദമേ, ഞാന്‍ പറയുന്നതു ശ്രദ്ധിക്കുവിന്‍. എന്നില്‍നിന്ന് ഒരു നിയമം പുറപ്പെടും.5 എന്‍റെ നീതി ജനതകള്‍ക്കു പ്രകാശമായിത്തീരും. ഞാന്‍ വേഗം വന്ന് അവരെ രക്ഷിക്കും. എന്‍റെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. എന്‍റെ കരം ജനതകളെ ഭരിക്കും. വിദൂരദേശങ്ങള്‍ എനിക്കുവേണ്ടി കാത്തിരിക്കുന്നു. എന്‍റെ കരങ്ങളില്‍ അവര്‍ പ്രത്യാശ അര്‍പ്പിക്കുന്നു.
6 നിങ്ങളുടെ കണ്ണുകള്‍ ആകാശത്തേക്കുയര്‍ത്തുകയും താഴെ ഭൂമിയിലേക്കു നോക്കുകയും ചെയ്യുവിന്‍. ആകാശം പുകപോലെ മറഞ്ഞുപോകും, ഭൂമി വസ്ത്രംപോലെ ജീര്‍ണിച്ചുപോകും. അതില്‍ നിവസിക്കുന്നവര്‍ കൊതുകുപോലെ ചത്തൊടുങ്ങും. എന്നാല്‍ എന്‍റെ രക്ഷ എന്നേക്കും നിലനില്‌ക്കും. എന്‍റെ വിടുതല്‍ നിത്യമാണ്.
7
നീതിയെ അറിയുന്നവരേ, എന്‍റെ ധര്‍മശാസ്ത്രം ഹൃദയത്തില്‍ സൂക്ഷിക്കുന്നവരേ, എന്‍റെ വാക്കു ശ്രദ്ധിക്കുവിന്‍. മനുഷ്യരുടെ നിന്ദയെ ഭയപ്പെടരുത്. അവരുടെ ദൂഷണങ്ങളില്‍ പരിഭ്രമിക്കുകയും അരുത്.8 വസ്ത്രം എന്നപോലെ കീടങ്ങളും കമ്പിളി എന്നപോലെ പുഴുവും അവരെ തിന്നൊടുക്കും. എന്നാല്‍ എന്‍റെ വിടുതല്‍ എന്നേക്കും ഉള്ളത്. എന്‍റെ രക്ഷ എല്ലാ തലമുറകള്‍ക്കും വേണ്ടിയുള്ളതായിരിക്കും.
9
സര്‍വേശ്വരാ, ഉണര്‍ന്നാലും, ഉണര്‍ന്നാലും! അവിടുത്തെ ശക്തി പ്രയോഗിച്ചു ഞങ്ങളെ രക്ഷിച്ചാലും! പൂര്‍വകാലത്തെപ്പോലെ മുന്‍തലമുറകളുടെ കാലത്തെന്നതുപോലെ ഉണര്‍ന്നാലും. രഹബിനെ വെട്ടി നുറുക്കിയതും മഹാസര്‍പ്പത്തെ കുത്തിപ്പിളര്‍ന്നതും അവിടുന്നാണല്ലോ.10 വിമോചിതര്‍ക്കുവേണ്ടി സമുദ്രം വറ്റിക്കുകയും സമുദ്രത്തിന്‍റെ അടിത്തട്ടിലൂടെ കടന്നുപോകാന്‍ വഴിയൊരുക്കുകയും ചെയ്തത് അവിടുന്നല്ലേ?
11 സര്‍വേശ്വരന്‍റെ വിമോചിതര്‍ ഉല്ലാസഗാനത്തോടെ സീയോനിലേക്കു മടങ്ങിവരും. നിത്യാനന്ദം അവര്‍ ശിരസ്സില്‍ അണിയും. ആനന്ദവും ആഹ്ലാദവും അവര്‍ക്കുണ്ടായിരിക്കും. ദുഃഖവും നെടുവീര്‍പ്പും അവരില്‍നിന്ന് ഓടി അകലും.
12
ഞാന്‍, ഞാന്‍ തന്നെയാണു നിന്നെ ആശ്വസിപ്പിക്കുന്നവന്‍. പുല്ലിനു സമനായുള്ള മര്‍ത്യനെ നീ എന്തിനു ഭയപ്പെടണം?13 ഭൂമിക്ക് അടിസ്ഥാനമിടുകയും ആകാശത്തെ നിവര്‍ത്തുകയും ചെയ്തവനും നിന്നെ സൃഷ്‍ടിച്ചവനുമായ സര്‍വേശ്വരനെ നീ വിസ്മരിച്ചോ?
14 മര്‍ദകന്‍റെ ക്രോധം നിമിത്തം നീ എന്തിനു നിരന്തരം ഭയപ്പെടുന്നു? അതു നിന്നെ സ്പര്‍ശിക്കുകയില്ല. തടവിലാക്കപ്പെട്ടവര്‍ അതിവേഗം മോചിതരാകും. അവര്‍ മരിക്കുകയോ, പാതാളത്തിലേക്കു പോകുകയോ ഇല്ല. അവര്‍ക്ക് ആഹാരത്തിനു ബുദ്ധിമുട്ടുണ്ടാവുകയില്ല.
15 തിരമാലകള്‍ ഗര്‍ജിക്കുംവിധം സമുദ്രത്തെ ക്ഷോഭിപ്പിക്കുന്ന നിന്‍റെ ദൈവമായ സര്‍വേശ്വരനാണു ഞാന്‍. സര്‍വശക്തനായ സര്‍വേശ്വരന്‍ എന്നാണ് എന്‍റെ നാമം.
16 ആകാശത്തെ നിവര്‍ത്തുകയും ഭൂമിക്ക് അടിസ്ഥാനമിടുകയും ചെയ്ത ഞാന്‍, നീ എന്‍റെ ജനമാകുന്നു എന്നു സീയോനോടു പറഞ്ഞുകൊണ്ടു നിന്‍റെ നാവില്‍ എന്‍റെ ഉപദേശം നിക്ഷേപിച്ചു. നിന്നെ എന്‍റെ കരത്തിന്‍റെ നിഴലില്‍ മറച്ചു.
17
സര്‍വേശ്വരന്‍റെ കൈയില്‍നിന്നു ക്രോധത്തിന്‍റെ പാനപാത്രം വാങ്ങി കുടിക്കുകയും പരിഭ്രാന്തിയുടെ പാനപാത്രം മട്ടുവരെ ഊറ്റി കുടിക്കുകയും ചെയ്ത യെരൂശലേമേ, ഉണരുക, ഉണര്‍ന്നെഴുന്നേല്‌ക്കുക.18 നീ പ്രസവിച്ച മക്കളില്‍ ആരും നിന്നെ നയിക്കാനില്ല. നീ പോറ്റി വളര്‍ത്തിയവരില്‍ ആരും നിന്നെ കൈക്കു പിടിച്ചു നടത്താനില്ല.
19 രണ്ടു കാര്യങ്ങള്‍ നിനക്കു സംഭവിച്ചിരിക്കുന്നു; വാളുകൊണ്ട് ഉന്മൂലനാശവും ക്ഷാമംമൂലമുള്ള കെടുതിയും. ആരു നിന്നോടൊത്തു സഹതപിക്കും? ആരു നിന്നെ ആശ്വസിപ്പിക്കും?
20 വലയില്‍പ്പെട്ട മാനിനെപ്പോലെ നിന്‍റെ പുത്രന്മാര്‍ എല്ലാ വഴിക്കവലകളിലും ബോധംകെട്ടു കിടക്കുന്നു. അവര്‍ സര്‍വേശ്വരന്‍റെ ക്രോധത്തില്‍ നിന്‍റെ ദൈവത്തിന്‍റെ ശാസനത്തില്‍ അമര്‍ന്നിരിക്കുന്നു.
21
പീഡിതയും വീഞ്ഞു കുടിക്കാതെ തന്നെ ലഹരിപിടിച്ചവളുമായ യെരൂശലേമേ, ഇതു കേള്‍ക്കുക.22 നിന്‍റെ ദൈവമായ സര്‍വേശ്വരന്‍ നിനക്കുവേണ്ടി വാദിക്കുന്ന ദൈവം അരുളിച്ചെയ്യുന്നു: “ഇതാ, പരിഭ്രാന്തിയുടെ പാനപാത്രം ഞാന്‍ നിങ്കല്‍നിന്നു നീക്കിയിരിക്കുന്നു. എന്‍റെ ക്രോധത്തിന്‍റെ പാനപാത്രത്തില്‍നിന്ന് ഇനിമേല്‍ നീ കുടിക്കുകയില്ല. തങ്ങള്‍ക്കു കടന്നുപോകത്തക്കവിധം കുനിഞ്ഞു നില്‌ക്കാന്‍ പറയുകയും
23 അങ്ങനെ നിങ്ങളുടെ മുതുകത്തു ചവുട്ടി തെരുവീഥിയിലൂടെയും നിലത്തുകൂടെയും എന്നപോലെ നടന്നുപോകുകയും ചെയ്തവരുടെ കൈയില്‍, അതേ നിന്നെ പീഡിപ്പിച്ചവരുടെ കൈയില്‍ തന്നെ എന്‍റെ ക്രോധത്തിന്‍റെ പാനപാത്രം ഞാന്‍ വച്ചുകൊടുക്കും.
1
സീയോനേ, ഉണരുക, ഉണരുക; ശക്തി സംഭരിക്കുക. വിശുദ്ധനഗരമായ യെരൂശലേമേ, നിന്‍റെ മനോഹരവസ്ത്രം ധരിച്ചുകൊള്ളുക. പരിച്ഛേദനം നടത്താത്തവരും അശുദ്ധരും ഇനി നിന്നില്‍ പ്രവേശിക്കുകയില്ലല്ലോ.2 ബദ്ധനസ്ഥയായ യെരൂശലേമേ, പൊടി കുടഞ്ഞുകളഞ്ഞ് എഴുന്നേല്‌ക്കുക. ബദ്ധയായ സീയോന്‍പുത്രീ, നിന്‍റെ കഴുത്തിലെ ബന്ധനം അഴിച്ചുമാറ്റുക.
3
സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “വില വാങ്ങാതെയാണു നിങ്ങള്‍ വില്‍ക്കപ്പെട്ടത്. ഇപ്പോള്‍ വില കൂടാതെതന്നെ നിങ്ങളെ വീണ്ടെടുക്കും.”4 ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: എന്‍റെ ജനം മുമ്പ് ഈജിപ്തിലേക്കു പ്രവാസത്തിനു പോയി. പിന്നീട് അസ്സീറിയാക്കാര്‍ അകാരണമായി അവരെ പീഡിപ്പിച്ചു;
5 അവിടുന്നു ചോദിക്കുന്നു: “എന്‍റെ ജനത്തെ അകാരണമായി പിടിച്ചുകൊണ്ടു പോകുന്നതു കാണുമ്പോള്‍ ഞാന്‍ എന്തു ചെയ്യണം? അധിപതിമാര്‍ അവരെ പരിഹസിക്കുന്നു. എന്‍റെ നാമം നിരന്തരം ദുഷിക്കപ്പെടുന്നു.
6 എന്‍റെ ജനം എന്‍റെ നാമം അറിയും. ഞാനാണ് ഇതു പറയുന്നതെന്ന് അവര്‍ അന്ന് അറിയും. ഇതാ, ഞാനിവിടെയുണ്ട്.”
7
സമാധാനത്തിന്‍റെ സദ്‍വാര്‍ത്തയുമായി വരുന്ന സന്ദേശവാഹകന്‍റെ പാദങ്ങള്‍ പര്‍വതമുകളില്‍ എത്ര മനോഹരം! അയാള്‍ നന്മയും ശാന്തിയും രക്ഷയും വിളംബരം ചെയ്യുന്നു. “നിന്‍റെ ദൈവം വാഴുന്നു” എന്നു സീയോനോടു പറയുന്നു.8 നിന്‍റെ കാവല്‌ക്കാര്‍ ഒത്തുചേര്‍ന്ന് ഉറക്കെ ആനന്ദഗീതം ആലപിക്കുന്നു. സര്‍വേശ്വരന്‍ സീയോനിലേക്കു മടങ്ങി വരുന്നത് അവര്‍ നേരിട്ടു കാണുന്നു.
9 യെരൂശലേമിന്‍റെ ശൂന്യസ്ഥലങ്ങളേ, ആര്‍ത്തുഘോഷിക്കുവിന്‍. സര്‍വേശ്വരന്‍ തന്‍റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു. യെരൂശലേമിനെ അവിടുന്നു മോചിപ്പിച്ചിരിക്കുന്നു.
10 അവിടുന്നു തന്‍റെ വിശുദ്ധകരം എല്ലാ ജനതകള്‍ക്കും പ്രത്യക്ഷമാക്കിയിരിക്കുന്നു. നമ്മുടെ ദൈവത്തില്‍ നിന്നുള്ള രക്ഷ സര്‍വലോകവും ദര്‍ശിക്കും.
11
പോകുവിന്‍, പോകുവിന്‍, ബാബിലോണില്‍നിന്നു പോകുവിന്‍. അശുദ്ധമായതൊന്നും സ്പര്‍ശിക്കരുത്. സര്‍വേശ്വരന്‍റെ ആലയത്തിലെ പാത്രങ്ങള്‍ വഹിക്കുന്നവരേ, നിങ്ങള്‍ ബാബിലോണില്‍നിന്നു പുറത്തു പോകുവിന്‍. നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍.12 നിങ്ങള്‍ തിടുക്കം കാട്ടേണ്ടാ, വേഗം ഓടുകയും വേണ്ടാ. സര്‍വേശ്വരന്‍ നിങ്ങളുടെ മുമ്പില്‍ നടക്കും. ഇസ്രായേലിന്‍റെ ദൈവം നിങ്ങളുടെ പിമ്പില്‍ നിങ്ങള്‍ക്കു കാവല്‌ക്കാരനായിരിക്കും.
13
എന്‍റെ ദാസന്‍ വിജയലാളിതനാകും. അവന്‍ ഉല്‍ക്കര്‍ഷം പ്രാപിക്കും, പുകഴ്ത്തപ്പെടും, ഉന്നതനാകും.14 മുമ്പ് അവനെ കണ്ടിട്ടുള്ളവര്‍ അമ്പരന്നുപോയി. അവന്‍ വിരൂപനും മനുഷ്യരൂപം ഇല്ലാത്തവനും ആയി കാണപ്പെട്ടു. എന്നാലിപ്പോള്‍ അവനെ കാണുന്ന ജനതകള്‍ അദ്ഭുതസ്തബ്ധരാകും.
15 രാജാക്കന്മാര്‍ അവനെ കണ്ടു നിശ്ശബ്ദരാകും; കാരണം, അവരോടു പറഞ്ഞിട്ടില്ലാത്തത് അവര്‍ കാണുകയും കേട്ടിട്ടില്ലാത്തതു ഗ്രഹിക്കുകയും ചെയ്യും.
1
നാം കേട്ടത് ആരു വിശ്വസിച്ചിട്ടുണ്ട്? സര്‍വേശ്വരന്‍റെ കരം ആര്‍ക്കു വെളിപ്പെട്ടിട്ടുണ്ട്?2 അവന്‍ അവിടുത്തെ മുമ്പില്‍ ഒരു ഇളംചെടിപോലെ വരണ്ട ഭൂമിയില്‍ നിന്നുള്ള മുളപോലെ വളര്‍ന്നു. ആകര്‍ഷകമായ രൂപമോ, ഗാംഭീര്യമോ അവനുണ്ടായിരുന്നില്ല. നമ്മെ മോഹിപ്പിക്കത്തക്ക സൗന്ദര്യവും ഇല്ലായിരുന്നു.
3 അവന്‍ മനുഷ്യരാല്‍ നിന്ദിതനായി പുറന്തള്ളപ്പെട്ടു. അവന്‍ ദുഃഖിതനും നിരന്തരം കഷ്ടത അനുഭവിക്കുന്നവനും ആയിരുന്നു. കാണുന്നവര്‍ മുഖം തിരിക്കത്തക്കവിധം അവന്‍ നിന്ദിതനായിരുന്നു. നാം അവനെ ആദരിച്ചുമില്ല.
4
നിശ്ചയമായും നമ്മുടെ വ്യഥകളാണ് അവന്‍ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണു ചുമന്നത്. എന്നിട്ടും ദൈവം അവനെ ശിക്ഷിക്കുകയും പ്രഹരിക്കുകയും പീഡിപ്പിക്കുകയും ചെയ്തു എന്നു നാം കരുതി. നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേറ്റു.5 നമ്മുടെ അപരാധങ്ങള്‍ക്കുവേണ്ടി ദണ്ഡനമേറ്റു. അവന്‍ അനുഭവിച്ച ശിക്ഷ നമുക്കു രക്ഷ നല്‌കി. അവന്‍ ഏറ്റ അടിയുടെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു.
6 നാമെല്ലാവരും ആടുകളെപ്പോലെ വഴിതെറ്റിപ്പോയി. ഓരോരുത്തരും അവരവരുടെ വഴിക്കു പോയി. നമ്മുടെ അകൃത്യങ്ങളും സര്‍വേശ്വരന്‍ അവന്‍റെമേല്‍ ചുമത്തി.
7
മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തിട്ടും അവന്‍ നിശ്ശബ്ദനായിരുന്നു. കൊല്ലുവാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവന്‍റെ മുമ്പില്‍ നില്‌ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവന്‍ മൗനം അവലംബിച്ചു.8 മര്‍ദനത്താലും ശിക്ഷാവിധിയാലും അവന്‍ കൊല്ലപ്പെട്ടു. എന്‍റെ ജനത്തിന്‍റെ അതിക്രമം നിമിത്തമാണ് അവന്‍ പീഡനം സഹിക്കുകയും ജീവിക്കുന്നവരുടെ ദേശത്തുനിന്നു വിച്ഛേദിക്കപ്പെടുകയും ചെയ്തതെന്ന് അവന്‍റെ തലമുറയില്‍ ആരോര്‍ത്തു?
9 അവന്‍ ഒരതിക്രമവും പ്രവര്‍ത്തിച്ചില്ല; അവന്‍റെ നാവില്‍ വഞ്ചനയൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും അവന്‍ ദുഷ്ടരുടെയും ധനികരുടെയും ഇടയില്‍ സംസ്കരിക്കപ്പെട്ടു.
10
അവന്‍ ദണ്ഡിപ്പിക്കപ്പെട്ടത് ദൈവേച്ഛപ്രകാരമായിരുന്നു. അവിടുന്നാണ് അവനെ സങ്കടത്തിലാക്കിയത്. പാപപരിഹാരയാഗമായി സ്വയം അര്‍പ്പിച്ചശേഷം അവന്‍ ദീര്‍ഘായുസ്സോടെയിരുന്നു തന്‍റെ സന്താനപരമ്പരയെ കാണും. അവനില്‍കൂടി സര്‍വേശ്വരന്‍റെ ഹിതം നിറവേറും.11 തന്‍റെ കഠിനവേദനയുടെ ഫലം കണ്ട് അവന്‍ സംതൃപ്തനാകും. നീതിമാനായ എന്‍റെ ദാസന്‍ തന്‍റെ ജ്ഞാനംകൊണ്ട് അനേകരെ നീതീകരിക്കും. അവരുടെ അകൃത്യങ്ങള്‍ വഹിക്കും.
12 അതുകൊണ്ട് ഞാന്‍ മഹാന്മാരുടെ കൂടെ അവന് ഓഹരി നല്‌കും. ബലവാന്മാരോടുകൂടി അവന്‍ കൊള്ള പങ്കിടും. അവന്‍ തന്‍റെ പ്രാണനെ മരണത്തിന് ഏല്പിച്ചുകൊടുക്കുകയും സ്വയം പാപികളുടെ കൂടെ എണ്ണപ്പെടുകയും ചെയ്തുവല്ലോ. അങ്ങനെ അനേകരുടെ പാപഭാരം അവന്‍ ചുമന്നു. അതിക്രമക്കാര്‍ക്കുവേണ്ടി മധ്യസ്ഥത വഹിച്ചു.
1
പ്രസവിക്കാത്ത വന്ധ്യേ, പാടുക. പ്രസവവേദന അനുഭവിക്കാത്തവളേ, ആര്‍ത്തുല്ലസിച്ചു പാടുക. ഭര്‍ത്താവ് ഉപേക്ഷിച്ചവളുടെ മക്കള്‍ ഭര്‍ത്തൃമതിയുടെ മക്കളെക്കാള്‍ അധികമായിരിക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.2 നിന്‍റെ കൂടാരം വിസ്തൃതമാക്കുക. പാര്‍പ്പിടങ്ങളുടെ തിരശ്ശീലകള്‍ നിവര്‍ത്തി നീട്ടുക. കൂടാരത്തിന്‍റെ കയറുകള്‍ എത്രയും നീട്ടി കുറ്റികള്‍ ബലപ്പെടുത്തുക.
3 നീ ഇടത്തോട്ടും വലത്തോട്ടും അതിദൂരം വ്യാപിക്കും. നിന്‍റെ സന്താനപരമ്പര ജനതകളെ കീഴടക്കി, ശൂന്യനഗരങ്ങള്‍ ജനനിബിഡമാക്കും.
4
ഭയപ്പെടേണ്ടാ, നീ ലജ്ജിതയാവുകയില്ല. പരിഭ്രമിക്കേണ്ടാ, നീ അപമാനിതയാവുകയില്ല. നിന്‍റെ യൗവനത്തിലെ അപമാനം നീ വിസ്മരിക്കും. വൈധവ്യത്തിന്‍റെ അപകീര്‍ത്തി നീ ഓര്‍ക്കുകയില്ല.5 കാരണം, നിന്‍റെ സ്രഷ്ടാവാണു നിന്‍റെ ഭര്‍ത്താവ്. സര്‍വശക്തനായ സര്‍വേശ്വരന്‍ എന്നാണ് അവിടുത്തെ നാമം. നിന്‍റെ വിമോചകനായ അവിടുന്ന് ഇസ്രായേലിന്‍റെ പരിശുദ്ധനാണ്. സര്‍വഭൂമിയുടെയും ദൈവം എന്ന് അവിടുന്ന് അറിയപ്പെടുന്നു.
6 യൗവനത്തില്‍തന്നെ ഉപേക്ഷിക്കപ്പെട്ട ഭാര്യയെപ്പോലെ ദുഃഖിതയും പരിത്യക്തയുമായ നിന്നെ സര്‍വേശ്വരന്‍ തിരിച്ചുവിളിക്കുന്നു എന്നു നിന്‍റെ ദൈവം അരുളിച്ചെയ്യുന്നു.
7 അല്പസമയത്തേക്കു ഞാന്‍ നിന്നെ ഉപേക്ഷിച്ചു; എന്നാല്‍ അനുകമ്പാതിരേകത്തോടെ ഞാന്‍ നിന്നെ തിരിച്ചെടുക്കും.
8 കോപാധിക്യംകൊണ്ട് അല്പസമയത്തേക്ക് എന്‍റെ മുഖം നിന്നില്‍നിന്നു മറച്ചു. എന്നാല്‍ ശാശ്വതമായ സ്നേഹത്തോടെ ഞാന്‍ നിന്നില്‍ കരുണകാട്ടും. നിന്‍റെ വിമോചകനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.
9
എനിക്കീ നാളുകള്‍ നോഹയുടെ കാലം പോലെയാണ്. ഇനിമേല്‍ വെള്ളം ഭൂമിയെ മൂടുകയില്ലെന്ന് അന്നു ഞാന്‍ ശപഥം ചെയ്തിരുന്നു. അതുപോലെ, “ഞാന്‍ ഇനിമേല്‍ നിന്നോടു കോപിക്കുകയോ നിന്നെ ശകാരിക്കുകയോ ചെയ്യുകയില്ലെന്നു ശപഥം ചെയ്യുന്നു.”10 മലകള്‍ മാറിപ്പോയേക്കാം, കുന്നുകള്‍ നീക്കപ്പെട്ടേക്കാം. എങ്കിലും എന്‍റെ സുസ്ഥിരമായ സ്നേഹം നിന്നെ വിട്ടുമാറുകയില്ല. എന്‍റെ സമാധാന ഉടമ്പടി മാറ്റപ്പെടുകയില്ല. നിന്നോടനുകമ്പയുള്ള സര്‍വേശ്വരനാണ് ഇത് അരുളിച്ചെയ്യുന്നത്.
11
പീഡിതയും കൊടുങ്കാറ്റില്‍ ആടിയുലയുന്നവളും ആശ്വാസം ലഭിക്കാതെ കഴിയുന്നവളുമേ, ഇന്ദ്രനീലരത്നംകൊണ്ടു നിന്‍റെ അടിസ്ഥാനം ഉറപ്പിക്കും. അഞ്ജനക്കല്ലുകൊണ്ട് നിന്നെ നിര്‍മിക്കും.12 നിന്‍റെ താഴികക്കുടങ്ങള്‍ പത്മരാഗംകൊണ്ടും ഗോപുരങ്ങള്‍ പുഷ്യരാഗംകൊണ്ടും ഭിത്തികള്‍ അനര്‍ഘരത്നംകൊണ്ടും ഞാന്‍ നിര്‍മിക്കും.
13 സര്‍വേശ്വരന്‍ നിന്‍റെ പുത്രന്മാരെ പഠിപ്പിക്കും. അവര്‍ക്കു സമൃദ്ധിയും സമാധാനവും ലഭിക്കും.
14 നീ നീതിയില്‍ ഉറച്ചുനില്‌ക്കും. പീഡനം നിനക്ക് ഉണ്ടാവുകയില്ല. ഭീതിയും ഭീകരതയും നിന്നെ സമീപിക്കയില്ല.
15 ആരെങ്കിലും കലാപം ഇളക്കിവിട്ടാല്‍ അതു ഞാന്‍ നിമിത്തമായിരിക്കില്ല. നീ നിമിത്തം അവര്‍ നിലംപതിക്കും.
16 തീക്കനല്‍കൊണ്ട് ഇരുമ്പു പഴുപ്പിച്ച് ആയുധങ്ങള്‍ നിര്‍മിക്കുന്ന ഇരുമ്പുപണിക്കാരനെ സൃഷ്‍ടിച്ചതു ഞാനാണ്. ഈ ആയുധങ്ങള്‍കൊണ്ടു മനുഷ്യരെ കൊല്ലുന്നവനെ സൃഷ്‍ടിച്ചതും ഞാന്‍ തന്നെ. നിന്നെ നശിപ്പിക്കാന്‍ ഉണ്ടാക്കിയ ഒരായുധവും പ്രയോജനപ്പെടുകയില്ല.
17 ന്യായവിധിയില്‍ നിനക്കെതിരെ ഉയരുന്ന ഓരോ വാദവും നീ ഖണ്ഡിക്കും. ഇതു സര്‍വേശ്വരന്‍റെ ദാസന്മാരുടെ അവകാശവും എന്‍റെ നീതി നടത്തലുമാണെന്ന് സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.
1
ദാഹിക്കുന്നവരേ വരുവിന്‍, ഇതാ നിങ്ങള്‍ക്കു വെള്ളം. നിര്‍ധനരേ, ധാന്യം വാങ്ങി ഭക്ഷിക്കുവിന്‍. വില കൂടാതെ വീഞ്ഞും പാലും വാങ്ങുവിന്‍.2 അപ്പമല്ലാത്തതിനുവേണ്ടി നിങ്ങള്‍ എന്തിനു പണം ചെലവിടുന്നു? സംതൃപ്തി നല്‌കാത്തതിനുവേണ്ടി എന്തിനധ്വാനിക്കുന്നു? എന്‍റെ വാക്കു ശ്രദ്ധിച്ചു കേള്‍ക്കുവിന്‍. നല്ലതായുള്ളതു ഭക്ഷിച്ച് ഉല്ലസിച്ചുകൊള്ളുവിന്‍.
3 ഞാന്‍ പറയുന്നതു ശ്രദ്ധയോടെ കേള്‍ക്കാന്‍ എന്‍റെ അടുത്തു വരുവിന്‍. നിങ്ങളുടെ ആത്മാവു ജീവിക്കേണ്ടതിന് ഇതു കേള്‍ക്കുവിന്‍. ഞാന്‍ നിങ്ങളുമായി ഒരു ശാശ്വതഉടമ്പടി ഉണ്ടാക്കും. ദാവീദിനോടുള്ള അചഞ്ചലവും സുനിശ്ചിതവുമായ സ്നേഹത്തിന്‍റെ ഉടമ്പടിതന്നെ.
4 ഇതാ, ഞാനവനെ ജനതകള്‍ക്കു സാക്ഷിയും നേതാവും അധിപനും ആക്കിയിരിക്കുന്നു.
5 നിനക്കറിഞ്ഞുകൂടാത്ത ജനപദങ്ങളെ നീ വിളിക്കും, നിന്നെ അറിയാത്ത ജനത നിന്‍റെ അടുക്കലേക്ക് ഓടിവരും. ഇസ്രായേലിന്‍റെ പരിശുദ്ധനും നിങ്ങളുടെ ദൈവവുമായ സര്‍വേശ്വരന്‍ നിങ്ങളെ മഹത്ത്വപ്പെടുത്തിയിരിക്കുന്നുവല്ലോ.
6
കണ്ടെത്താവുന്ന സമയത്തു സര്‍വേശ്വരനെ അന്വേഷിക്കുവിന്‍. സമീപത്തുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍.7 ദുഷ്ടന്‍ തന്‍റെ വഴിയും നീതികെട്ടവന്‍ തന്‍റെ ആലോചനകളും ഉപേക്ഷിക്കട്ടെ. കരുണ ലഭിക്കാന്‍ അവിടുത്തെ അടുക്കലേക്ക് അവന്‍ മടങ്ങിവരട്ടെ. അവിടുന്ന് ഉദാരമായി ക്ഷമിക്കുമല്ലോ.
8 എന്‍റെ വിചാരങ്ങള്‍ നിങ്ങളുടേതുപോലെയല്ല. നിങ്ങളുടെ വഴികള്‍ എന്‍റേതുപോലെയുമല്ല എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.
9 ആകാശം ഭൂമിയെക്കാള്‍ ഉയര്‍ന്നിരിക്കുന്നതുപോലെ എന്‍റെ ചിന്തകളും വഴികളും നിങ്ങളുടേതിനെക്കാള്‍ ഉന്നതമായിരിക്കുന്നു.
10
ആകാശത്തുനിന്ന് മഴയും മഞ്ഞും പെയ്യുന്നു. അവ തിരിച്ചുപോകാതെ ഭൂമിയെ നനയ്‍ക്കുകയും സസ്യജാലങ്ങളെ മുളപ്പിക്കുകയും ചെയ്യുന്നു. അവ വിതയ്‍ക്കാന്‍ വിത്തും ഭക്ഷിക്കാന്‍ ആഹാരവും നല്‌കുന്നു.11 എന്‍റെ നാവില്‍നിന്നു പുറപ്പെടുന്ന വചനവും അതുപോലെയാണ്. അതു നിഷ്ഫലമായി മടങ്ങി വരികയില്ല. അത് എന്‍റെ ലക്ഷ്യം നിറവേറ്റും. ഞാന്‍ ഏല്പിക്കുന്ന കാര്യം വിജയകരമായി നിവര്‍ത്തിക്കും.
12
ആനന്ദത്തോടെ നിങ്ങള്‍ പുറപ്പെടും. സമാധാനത്തോടെ നയിക്കപ്പെടും. നിങ്ങളുടെ മുമ്പില്‍ കുന്നുകളും മലകളും ആര്‍ത്തുപാടും. വൃക്ഷങ്ങള്‍ താളമടിക്കും.13 മുള്‍ച്ചെടിക്കു പകരം സരളമരവും പറക്കാരയ്‍ക്കു പകരം സുഗന്ധിയും മുളച്ചുവരും. അതു സര്‍വേശ്വരന് ഒരു സ്മാരകമായിരിക്കും; ഒരിക്കലും നശിപ്പിക്കപ്പെടാത്ത ശാശ്വതമായ അടയാളം.
1
സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ന്യായം പാലിക്കൂ, നീതി പ്രവര്‍ത്തിക്കൂ, എന്‍റെ രക്ഷ താമസിയാതെ വന്നെത്തും. എന്‍റെ മോചനം വെളിപ്പെടും.2 ശബത്തിനെ അശുദ്ധമാക്കാതെ പാലിക്കുന്നവന്‍ തിന്മയില്‍നിന്നു തന്‍റെ കൈകള്‍ അകറ്റി നിര്‍ത്തുന്നതുകൊണ്ട് ഇതു ചെയ്യുന്ന മനുഷ്യനും ഇതില്‍ മുറുകെപ്പിടിക്കുന്ന മനുഷ്യപുത്രനും അനുഗൃഹീതന്‍.
3
“സര്‍വേശ്വരന്‍ തീര്‍ച്ചയായും അവിടുത്തെ ജനത്തില്‍നിന്ന് എന്നെ വേര്‍തിരിക്കും” എന്ന് സര്‍വേശ്വരനോടു ചേര്‍ന്നിട്ടുള്ള പരദേശിയും “കാണുക, ഞാന്‍ ഒരു ഉണക്കമരമാണെന്ന്” ഷണ്ഡനും പറയാതിരിക്കട്ടെ. കാരണം, സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു:4 “എന്‍റെ ശബത്തുകള്‍ പാലിക്കുകയും എനിക്ക് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കുകയും എന്‍റെ ഉടമ്പടി പ്രമാണിക്കുകയും ചെയ്യുന്ന
5 ഷണ്ഡന്മാര്‍ക്ക് ഞാന്‍ എന്‍റെ ആലയത്തിലും എന്‍റെ മതിലുകള്‍ക്കുള്ളിലും എന്‍റെ പുത്രീപുത്രന്മാരെക്കാള്‍ ശ്രേഷ്ഠമായൊരു സ്മാരകവും നാമവും നല്‌കും. വിച്ഛേദിക്കപ്പെടാത്തതും എന്നും നിലനില്‌ക്കുന്നതുമായ ഒരു നാമവും ഞാന്‍ അവര്‍ക്കു നല്‌കും.
6
സര്‍വേശ്വരനെ സേവിച്ച്, അവിടുത്തെ നാമത്തെ സ്നേഹിച്ച്, അവിടുത്തെ ദാസരായിരിക്കാന്‍ അവിടുത്തോടു ചേര്‍ന്നുനില്‌ക്കുന്ന പരദേശികളേ, ശബത്തിനെ അശുദ്ധമാക്കാതെ ആചരിക്കുകയും എന്‍റെ ഉടമ്പടി പ്രമാണിക്കുകയും ചെയ്യുന്നവരെ7 ഞാന്‍ എന്‍റെ വിശുദ്ധപര്‍വതത്തിലേക്കു കൊണ്ടുവന്ന് എന്‍റെ പ്രാര്‍ഥനാലയത്തില്‍ അവര്‍ക്കും സന്തോഷം നല്‌കും. എന്‍റെ യാഗപീഠത്തില്‍ അവരുടെ ദഹനയാഗങ്ങളും യാഗങ്ങളും സ്വീകരിക്കും. എന്‍റെ ആലയം എല്ലാ ജനതകള്‍ക്കുമുള്ള പ്രാര്‍ഥനാലയം എന്നു വിളിക്കപ്പെടും.
8 ഇസ്രായേലിന്‍റെ ഭ്രഷ്ടന്മാരെ കൂട്ടിവരുത്തുന്ന സര്‍വേശ്വരനായ ദൈവം അരുളിച്ചെയ്യുന്നു: “ഇപ്പോള്‍ കൂടിവന്നിരിക്കുന്നവരെ കൂടാതെ മറ്റുള്ളവരെയും ഞാന്‍ കൂട്ടിവരുത്തും.”
9
വയലിലെയും കാട്ടിലെയും സകല മൃഗങ്ങളുമേ, വന്നു ഭക്ഷിക്കുവിന്‍. അവന്‍റെ കാവല്‌ക്കാര്‍ അന്ധരാണ്; അവര്‍ എല്ലാവരും അറിവില്ലാത്തവരാണ്;10 അവര്‍ എല്ലാം കുരയ്‍ക്കാന്‍ കഴിയാത്ത ഊമനായ്‍ക്കളാണ്; അവര്‍ ഉറക്കപ്രിയരായി സ്വപ്നം കണ്ടു കിടക്കുന്നു.
11 ഈ നായ്‍ക്കള്‍ക്കു വല്ലാത്ത വിശപ്പാണ്; ഇവയ്‍ക്ക് ഒരിക്കലും തൃപ്തിവരുന്നില്ല. ഇടയന്മാര്‍ക്ക് ഒന്നും മനസ്സിലാകുന്നില്ല; അവര്‍ എല്ലാവരും അവനവന്‍റെ നേട്ടത്തിനുവേണ്ടി അവനവന്‍റെ വഴിക്കുപോകുന്നു.
12 അവര്‍ പറയുന്നു: “വരൂ പോയി വീഞ്ഞുകൊണ്ടുവരാം; നമുക്കു ലഹരിപാനീയം നിറയെ കുടിക്കാം. ഇന്നത്തെപ്പോലെ നാളെയും അളവില്ലാതെ കുടിക്കാം.
1
നീതിമാന്‍ മരിക്കുന്നു. ആരും അതു ഗൗനിക്കുന്നില്ല. ഭക്തന്മാര്‍ നീക്കപ്പെടുന്നു. ആരും അതു മനസ്സിലാക്കുന്നില്ല.2 എന്നാല്‍ നീതിമാന്‍ അനര്‍ഥത്തില്‍നിന്ന് ഒഴിവാക്കപ്പെടുന്നു. നീതിനിഷ്ഠര്‍ തങ്ങളുടെ കിടക്കയില്‍ വിശ്രമംകൊള്ളും. അവര്‍ സമാധാനത്തില്‍ പ്രവേശിക്കും.
3
മന്ത്രവാദിനിയുടെ പുത്രന്മാരേ, വേശ്യയുടെയും വ്യഭിചാരിണിയുടെയും സന്തതികളേ, അടുത്തു വരുവിന്‍.4 ആരെയാണു നിങ്ങള്‍ കളിയാക്കുന്നത്? ആരുടെ നേരെയാണു നിങ്ങള്‍ വായ് തുറന്നു നാക്കു നീട്ടുന്നത്? നിങ്ങള്‍ അതിക്രമികളുടെയും വഞ്ചകരുടെയും സന്തതികളല്ലേ?
5 വിജാതീയദേവന്മാര്‍ക്കുവേണ്ടി കരുവേലകമരങ്ങള്‍ക്കിടയിലും ഓരോ പച്ചമരത്തിന്‍റെ ചുവട്ടിലും നിങ്ങളുടെ വിഷയാസക്തി ജ്വലിക്കുന്നു.
6 താഴ്വരയിലെ പാറയുടെ വിള്ളലുകളില്‍ നിങ്ങള്‍ സ്വന്തം ശിശുക്കളെ കുരുതികഴിക്കുന്നു. താഴ്വരയിലെ മിനുസമുള്ള കല്ലുകളെ നിങ്ങള്‍ ആരാധിക്കുന്നു. അവ തന്നെയാണു നിങ്ങളുടെ അവകാശവും ഓഹരിയും. അവയ്‍ക്കു നിങ്ങള്‍ പാനീയബലിയും ധാന്യബലിയും അര്‍പ്പിക്കുന്നു. ഇവയില്‍ ഞാന്‍ പ്രസാദിക്കുമെന്നു കരുതുന്നുവോ?
7 ഉന്നതമായ ഗിരിശൃംഗത്തില്‍ നീ കിടക്ക വിരിച്ചിരിക്കുന്നു. നീ യാഗം കഴിക്കാന്‍ അവിടേക്കു കയറിപ്പോകുന്നു.
8 വാതിലുകള്‍ക്കും വാതില്‍പ്പടികള്‍ക്കും പിറകില്‍ നീ നിന്‍റെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. നീ എന്നെ ഉപേക്ഷിച്ച് സ്വയം നഗ്നയാക്കി നീ നിന്‍റെ കിടക്ക വിസ്തൃതമായി വിരിച്ചു. നിനക്കിഷ്ടപ്പെട്ട കിടക്കയില്‍ പ്രവേശിച്ച് അവരുമായി വിലപേശി, നഗ്നതയില്‍ ദൃഷ്‍ടി ഊന്നിക്കൊണ്ടു വ്യഭിചരിച്ചു.
9 നീ തൈലവുമായി മോലേക്ക് ദേവനെ ആരാധിക്കാന്‍ പോയി. ധാരാളം പരിമളതൈലവും നീ കൊണ്ടുപോയി. നീ പ്രതിപുരുഷന്മാരെ വിദേശങ്ങളിലേക്കു മാത്രമല്ല, പാതാളത്തിലേക്കുകൂടി അയച്ചു.
10 മാര്‍ഗമധ്യേ നീ തളര്‍ന്നെങ്കിലും, ആശ കൈവെടിഞ്ഞില്ല. ശക്തി വീണ്ടെടുത്തതിനാല്‍ നീ തളര്‍ന്നു വീണില്ല.
11 ആരെ ഭയപ്പെട്ടിട്ടാണ് നീ എന്നോടു കളവുകാട്ടിയത്? എന്നെ ഓര്‍ക്കുകയോ എന്നെപ്പറ്റി ചിന്തിക്കുകയോ ചെയ്യാഞ്ഞത്? ഞാന്‍ ദീര്‍ഘകാലം നിശ്ശബ്ദനായിരുന്നതു കൊണ്ടാണോ നീ എന്നെ ഭയപ്പെടാഞ്ഞത്?
12 ശരിയാണെന്നു നീ കരുതുന്നവയും നിന്‍റെ ചെയ്തികളും ഞാന്‍ വെളിപ്പെടുത്തും. പക്ഷേ അവ നിന്നെ സഹായിക്കുകയില്ല.
13 നീ സംഭരിച്ച വിഗ്രഹങ്ങള്‍ നിന്‍റെ നിലവിളി കേട്ട് നിന്നെ രക്ഷിക്കട്ടെ. കാറ്റ് നിന്‍റെ വിഗ്രഹങ്ങളെ പറത്തിക്കളയും. ഒരു നിശ്വാസംകൊണ്ട് അവ തെറിച്ചുപോകും. എന്നാല്‍ എന്നെ അഭയം പ്രാപിക്കുന്നവന്‍ ദേശം കൈവശമാക്കും; അവന് എന്‍റെ വിശുദ്ധപര്‍വതം അവകാശമായി ലഭിക്കും.
14
നിര്‍മിക്കുവിന്‍, നിര്‍മിക്കുവിന്‍, പാത നിര്‍മിക്കുവിന്‍; എന്‍റെ ജനത്തിന്‍റെ എല്ലാ മാര്‍ഗതടസ്സങ്ങളും നീക്കുവിന്‍ എന്ന ആഹ്വാനം ഉയരും. ഉന്നതനും അത്യുന്നതനും അനന്തതയില്‍ വസിക്കുന്നവനും പരിശുദ്ധനുമായ ദൈവം അരുളിച്ചെയ്യുന്നു.15 ഉന്നതവും വിശുദ്ധവുമായ സ്ഥലത്തു ഞാന്‍ വസിക്കുന്നെങ്കിലും അനുതപിക്കുന്നവന്‍റെ ഹൃദയത്തിനും വിനീതന്‍റെ ആത്മാവിനും നവചൈതന്യം പകരാന്‍ ഞാന്‍ അവരോടൊത്തു പാര്‍ക്കുന്നു.
16 ഞാന്‍ എന്നേക്കുമായി കുറ്റം ആരോപിക്കുകയോ കോപിക്കുകയോ ഇല്ല. എന്നില്‍നിന്നാണല്ലോ ആത്മചൈതന്യം പുറപ്പെടുന്നത്. ജീവശ്വാസം നല്‌കിയതും ഞാന്‍തന്നെ.
17 അവന്‍റെ ദുഷ്ടമായ ദുരാഗ്രഹം നിമിത്തം ഞാനവനോടു കോപിച്ചു. ഞാനവനെ ശിക്ഷിച്ചു. കോപംകൊണ്ട് അവനില്‍നിന്ന് എന്‍റെ മുഖം മറച്ചു. എന്നിട്ടും അവന്‍ തന്നിഷ്ടപ്രകാരം പിഴച്ചവഴി തുടര്‍ന്നു.
18 ഞാന്‍ അവന്‍റെ ദുര്‍മാര്‍ഗങ്ങള്‍ കണ്ടിരിക്കുന്നു. എങ്കിലും ഞാനവനെ സുഖപ്പെടുത്തും. അവനെ വേണ്ടവിധം നയിച്ച് ആശ്വാസം നല്‌കും. അവനെക്കുറിച്ച് വിലപിച്ചവരുടെ അധരങ്ങളില്‍നിന്നു സ്തുതിസ്വരം ഉയരാന്‍ ഇടയാക്കും.
19 “ദൂരസ്ഥര്‍ക്കും സമീപസ്ഥര്‍ക്കും സമാധാനം, സമാധാനം! ഞാനവരെ സുഖപ്പെടുത്തും” എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.
20 ദുഷ്ടന്മാര്‍ ഇളകിമറിയുന്ന കടല്‍പോലെയാകുന്നു. അതിനു ശാന്തത കൈവരികയില്ല. അതു ചേറും ചെളിയും മുകളിലേക്കു കൊണ്ടുവരുന്നു.
21 ‘ദുഷ്ടനു സമാധാനം ഇല്ല’ എന്ന് അവിടുന്നരുളിച്ചെയ്യുന്നു.”
1
ഉറക്കെവിളിക്കൂ, അടങ്ങിയിരിക്കരുത്. കാഹളധ്വനിപോലെ നിന്‍റെ സ്വരം ഉയര്‍ത്തുക. എന്‍റെ ജനത്തോട് അവരുടെ അതിക്രമങ്ങള്‍, യാക്കോബിന്‍റെ ഗൃഹത്തോട്, അവരുടെ പാപങ്ങള്‍ പ്രഖ്യാപിക്കുക.2 നീതി പാലിക്കുകയും തങ്ങളുടെ ദൈവത്തിന്‍റെ അനുശാസനങ്ങള്‍ നിരസിക്കാതിരിക്കുകയും ചെയ്യുന്ന ജനതയെപ്പോലെ അവര്‍ നിത്യേന എന്നെ അന്വേഷിക്കുകയും എന്‍റെ മാര്‍ഗം തേടുന്നതില്‍ സന്തോഷിക്കുകയും ചെയ്യുന്നു. അവര്‍ എന്നോടു നീതിപൂര്‍വമായ വിധികള്‍ ആവശ്യപ്പെടുന്നു.
3 അവര്‍ ദൈവത്തെ സമീപിക്കാന്‍ ഔത്സുക്യം കാട്ടുന്നു. അങ്ങു ശ്രദ്ധിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ എന്തിനുപവസിക്കണം? അങ്ങ് അറിയുന്നില്ലെങ്കില്‍ എന്തിനു ഞങ്ങളെത്തന്നെ എളിമപ്പെടുത്തണം. ഉപവാസനാളുകളില്‍ നിങ്ങള്‍ സ്വന്തം ഉല്ലാസങ്ങള്‍ തേടുന്നു. വേലക്കാരെ പീഡിപ്പിക്കുകയും ചെയ്യുന്നു.
4 നിങ്ങള്‍ കലഹിക്കുന്നതിനും ബലപ്രയോഗം നടത്തുന്നതിനും മുഷ്‍ടി ചുരുട്ടി ഇടിക്കുന്നതിനും ഉപവസിക്കുന്നു. ഈ രീതിയിലുള്ള ഉപവാസം നിങ്ങളുടെ സ്വരം ദൈവസന്നിധിയിലെത്തിക്കുകയില്ല. ഇത്തരം ഉപവാസമാണോ എനിക്കു വേണ്ടത്?
5 ഒരു ദിവസത്തേക്കു മാത്രം ഒരാള്‍ സ്വയം എളിമപ്പെടുത്തുന്ന ഉപവാസം! ഞാങ്ങണപോലെ തല കുനിക്കുന്നതും ചാക്കു വിരിച്ചു ചാരം വിതറി കിടക്കുന്നതുമാണോ അത്? ഇതിനെയാണോ ഉപവാസമെന്നും ദൈവത്തിനു പ്രസാദകരമായ ദിവസമെന്നും വിളിക്കുക?
6
അനീതിയുടെ ബന്ധനങ്ങള്‍ അഴിക്കുക, ദുഷ്ടതയുടെ നുകത്തിന്‍റെ അടിമക്കയറുകള്‍ പൊട്ടിക്കുക, മര്‍ദിതരെ സ്വതന്ത്രരാക്കി വിടുക, എല്ലാ നുകങ്ങളും തകര്‍ക്കുക. ഇവയല്ലേ എനിക്കു സ്വീകാര്യമായ ഉപവാസം?7 വിശക്കുന്നവനു ഭക്ഷണം പങ്കുവയ്‍ക്കുകയും, കിടപ്പാടമില്ലാത്ത ദരിദ്രനെ വീട്ടിലേക്കു കൊണ്ടുവരികയും നഗ്നരെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍ നിന്നൊഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്?
8 അപ്പോള്‍ നിന്‍റെ വെളിച്ചം പ്രഭാതംപോലെ പൊട്ടിവിടരും. നീ വേഗം സുഖം പ്രാപിക്കും. നീതി നിന്‍റെ മുമ്പില്‍ നടക്കും, സര്‍വേശ്വരന്‍റെ തേജസ്സ് നിന്‍റെ പിമ്പില്‍ കാവലുമായിരിക്കും.
9 അപ്പോള്‍ നീ സര്‍വേശ്വരനോടു പ്രാര്‍ഥിക്കും. അവിടുന്നു നിനക്ക് ഉത്തരമരുളും. നീ നിലവിളിക്കുമ്പോള്‍ ഞാന്‍ ഇതാ എന്ന് അവിടുന്ന് മറുപടി നല്‌കും. നിങ്ങളുടെ ഇടയില്‍നിന്നു മര്‍ദനവും അവഹേളനവും ദുര്‍ഭാഷണവും നീക്കിക്കളയുക.
10 വിശക്കുന്നവര്‍ക്ക് ആഹാരം നല്‌കുകയും പീഡിതനെ ആശ്വസിപ്പിക്കുകയും ചെയ്യുക. അപ്പോള്‍ നിന്‍റെ വെളിച്ചം അന്ധകാരത്തില്‍ ഉദിക്കും. നിന്‍റെ ചുറ്റുമുള്ള അന്ധകാരം മധ്യാഹ്നം പോലെയാകും.
11 സര്‍വേശ്വരന്‍ നിന്നെ സദാ വഴിനടത്തും. കൊടിയ മരുഭൂമിയിലും നിനക്കു സംതൃപ്തി കൈവരുത്തും. നിന്‍റെ അസ്ഥികളെ ബലപ്പെടുത്തും. നനച്ചു വളര്‍ത്തിയ പൂന്തോട്ടംപോലെയും വറ്റാത്ത നീരുറവുകള്‍പോലെയും നീ ആയിത്തീരും.
12 നിന്‍റെ പുരാതനഅവശിഷ്ടങ്ങള്‍ വീണ്ടും പണിയപ്പെടും. അനേകം തലമുറകളുടെ അടിസ്ഥാനം നീ പടുത്തുയര്‍ത്തും. ഇടിഞ്ഞ മതിലുകളുടെ പുനരുദ്ധാരകനെന്നും പാര്‍പ്പിടങ്ങള്‍ പുതുക്കി പണിയുന്നവനെന്നും നീ വിളിക്കപ്പെടും.
13
ശബത്തിനെ വിശുദ്ധമായി കാത്തു സൂക്ഷിക്കുക, സ്വന്ത വ്യാപാരങ്ങളിലേര്‍പ്പെടാതെ നീ അന്നു സ്വസ്ഥനായിരിക്കുക; ശബത്ത് ആനന്ദകരമെന്നും സര്‍വേശ്വരന്‍റെ വിശുദ്ധ ദിവസം ബഹുമാന്യമെന്നും കരുതുക. അന്നു സ്വന്തം താല്‍പര്യം അനുസരിച്ചു ജീവിക്കുകയോ സ്വന്തം ഉല്ലാസങ്ങള്‍ തേടുകയോ, വ്യര്‍ഥസംഭാഷണത്തില്‍ ഏര്‍പ്പെടുകയോ ചെയ്യാതെ ആ ദിവസത്തെ മാനിക്കുക. അങ്ങനെ ചെയ്താല്‍ നീ സര്‍വേശ്വരനില്‍ ആനന്ദിക്കും.14 ഭൂമിയിലെല്ലായിടത്തും നീ ബഹുമാനിക്കപ്പെടും. നിന്‍റെ പൂര്‍വപിതാവായ യാക്കോബിനു നല്‌കപ്പെട്ട ദേശത്തിന്‍റെ ഗുണഭോക്താവ് നീയായിത്തീരും. സര്‍വേശ്വരനാണ് ഇത് അരുളിച്ചെയ്യുന്നത്.
1
രക്ഷിക്കാന്‍ കഴിയാത്തവിധം സര്‍വേശ്വരന്‍റെ കരങ്ങള്‍ കുറുകിപ്പോയിട്ടില്ല. കേള്‍ക്കാന്‍ കഴിയാത്തവിധം അവിടുത്തെ കാത് മരവിച്ചിട്ടുമില്ല.2 നിന്‍റെ അകൃത്യം നിന്നെ ദൈവത്തിങ്കല്‍നിന്ന് അകറ്റിയിരിക്കുന്നു. നിന്‍റെ പാപം നിമിത്തം അവിടുന്നു നിന്നില്‍നിന്നു മുഖം മറച്ചിരിക്കുന്നു. അതിനാല്‍ നിന്‍റെ പ്രാര്‍ഥന അവിടുന്നു കേള്‍ക്കുന്നില്ല.
3 നിങ്ങളുടെ കൈകള്‍ രക്തപങ്കിലമാണ്. വിരലുകള്‍ അകൃത്യങ്ങളാല്‍ മലിനമായിരിക്കുന്നു. നിന്‍റെ അധരം വ്യാജം സംസാരിക്കുന്നു. നിന്‍റെ നാവ് ദുഷ്ടത മന്ത്രിക്കുന്നു.
4 ആരും നീതിയോടെ വ്യവഹരിക്കുന്നില്ല. സത്യസന്ധമായി ന്യായാസനത്തെ സമീപിക്കുന്നില്ല. പൊള്ളയായ വാദങ്ങളെ അവര്‍ ആശ്രയിക്കുന്നു. വ്യാജം സംസാരിക്കുന്നു. അവര്‍ തിന്മയെ ഗര്‍ഭംധരിച്ച് അനീതിയെ പ്രസവിക്കുന്നു.
5 അവര്‍ അണലിമുട്ടകളുടെമേല്‍ അടയിരിക്കുന്നു. ചിലന്തിവല നെയ്യുന്നു. അണലിമുട്ട തിന്നവര്‍ മരിക്കും. മുട്ട പൊട്ടിച്ചാല്‍ അണലി പുറത്തുവരും.
6 അവര്‍ നെയ്ത വല വസ്ത്രത്തിനുപകരിക്കുന്നില്ല. അവരുടെ പ്രവൃത്തികള്‍ അധര്‍മങ്ങളാണ്. അവരുടെ കൈകള്‍ അക്രമം പ്രവര്‍ത്തിക്കുന്നു.
7 അവരുടെ പാദങ്ങള്‍ തിന്മയിലേക്കു പായുന്നു. നിരപരാധികളുടെ രക്തം ചൊരിയാന്‍ അവര്‍ വെമ്പല്‍കൊള്ളുന്നു. അവരുടെ ചിന്തകള്‍ അധര്‍മചിന്തകളാണ്. അവരുടെ മാര്‍ഗങ്ങളില്‍ ശൂന്യതയും നാശവുമാണ്.
8 സമാധാനത്തിന്‍റെ മാര്‍ഗം അവര്‍ക്കറിഞ്ഞുകൂടാ. അവരുടെ വഴികളില്‍ നീതിയില്ല. അവര്‍ തങ്ങളുടെ പാതകള്‍ വക്രമാക്കിയിരിക്കുന്നു. അവയിലൂടെ സഞ്ചരിക്കുന്നവര്‍ക്കു സമാധാനമുണ്ടാവുകയില്ല!
9
“നീതി ഞങ്ങളില്‍നിന്ന് അകലെ ആയിരിക്കുന്നു. ന്യായം ഞങ്ങളോടൊപ്പം എത്തുന്നില്ല. ഞങ്ങള്‍ പ്രകാശം അന്വേഷിക്കുന്നു. പക്ഷേ ഇതാ എങ്ങും അന്ധകാരം! ഞങ്ങള്‍ വെളിച്ചത്തിനുവേണ്ടി നോക്കുന്നു. എന്നാല്‍ ഞങ്ങളുടെ മാര്‍ഗത്തെ കനത്ത ഇരുള്‍ മൂടിയിരിക്കുന്നു.10 അന്ധന്മാരെപ്പോലെ ഞങ്ങള്‍ ചുവരു തപ്പി നടക്കുന്നു. കണ്ണില്ലാത്തവനെപ്പോലെ ഞങ്ങള്‍ തപ്പിത്തടയുന്നു. മൂവന്തിക്കെന്നപോലെ മധ്യാഹ്നത്തില്‍ ഞങ്ങള്‍ കാലു തെറ്റി വീഴുന്നു. ഉന്മേഷവാന്മാരുടെ ഇടയില്‍ ഞങ്ങള്‍ മൃതപ്രായരായിരിക്കുന്നു.
11 കരടികളെപ്പോലെ ഞങ്ങള്‍ മുരളുന്നു. പ്രാക്കളെപ്പോലെ കുറുകുന്നു. നീതിക്കുവേണ്ടി ഞങ്ങള്‍ കാത്തിരിക്കുന്നു. എന്നാല്‍ എങ്ങും അതില്ല. രക്ഷയ്‍ക്കുവേണ്ടി നോക്കിയിരിക്കുന്നു, എങ്കിലും അതു വിദൂരത്തിലാണ്.
12 അവിടുത്തെ ദൃഷ്‍ടിയില്‍ ഞങ്ങളുടെ അതിക്രമം വളരെയാണ്. ഞങ്ങളുടെ പാപം ഞങ്ങള്‍ക്കെതിരെ സാക്ഷ്യം പറയുന്നു. ഞങ്ങളുടെ അതിക്രമം ഞങ്ങളുടെ കൂടെയുണ്ട്. ഞങ്ങളുടെ അകൃത്യം ഞങ്ങള്‍ക്കറിയാം.
13 ഞങ്ങള്‍ തിന്മ പ്രവര്‍ത്തിച്ച് സര്‍വേശ്വരനെ നിഷേധിക്കുന്നു. നമ്മുടെ ദൈവത്തെ പിന്തുടരുന്നതില്‍നിന്നു വ്യതിചലിക്കുന്നു. മര്‍ദനവും എതിര്‍പ്പും പ്രസംഗിക്കുന്നു. ഹൃദയത്തില്‍ രൂപംകൊള്ളുന്ന വ്യാജവചനങ്ങള്‍ ഉച്ചരിക്കുന്നു.
14 നീതി പുറന്തള്ളപ്പെടുന്നു. ന്യായം അകറ്റപ്പെട്ടിരിക്കുന്നു. സത്യത്തിന് ഇവിടെ പ്രവേശനമില്ല.
15 സത്യം എങ്ങും ഇല്ലാതെയായിരിക്കുന്നു. തിന്മ വിട്ടകലുന്നവന്‍ വേട്ടയാടപ്പെടുന്നു. അവിടുന്ന് അതു കണ്ടിരിക്കുന്നു. നീതിയുടെ അഭാവത്തില്‍ അവിടുന്ന് അസുന്തഷ്ടനായിരിക്കുന്നു.
16 മര്‍ദിതരെ സഹായിക്കാന്‍ ആരും അവിടെ ഇല്ലെന്നു കണ്ടപ്പോള്‍ സര്‍വേശ്വരന്‍ അദ്ഭുതപ്പെട്ടു. അവിടുത്തെ കരം അവര്‍ക്കു വിജയം ഏകി. അവിടുത്തെ നീതി അവരെ താങ്ങിനിര്‍ത്തി.
17 അവിടുന്നു നീതിയെന്ന കവചം മാറിലും രക്ഷ എന്ന പടത്തൊപ്പി തലയിലും അണിഞ്ഞു, പ്രതികാരം വസ്ത്രമായും ക്രോധം മേലങ്കിയായും ധരിച്ചു.
18 അവരുടെ പ്രവൃത്തികള്‍ക്കൊത്തവിധം അവിടുന്നു പ്രതിഫലം നല്‌കും. എതിരാളികള്‍ക്കു ക്രോധവും ശത്രുക്കള്‍ക്കു പ്രതികാരവും ലഭിക്കും. വിദൂരസ്ഥരോടും അവിടുന്നു പ്രതികാരം ചെയ്യും.
19 കിഴക്കു മുതല്‍ പടിഞ്ഞാറുവരെയുള്ളവര്‍ സര്‍വേശ്വരന്‍റെ നാമത്തെയും അവിടുത്തെ മഹത്ത്വത്തെയും ഭയപ്പെടും. അവിടുത്തെ നിശ്വാസത്താല്‍ ചിറമുറിഞ്ഞു പാഞ്ഞുവരുന്ന അരുവിപോലെ അവിടുന്നു വരും.
20
സര്‍വേശ്വരന്‍ ഇസ്രായേല്‍ജനത്തോടരുളിച്ചെയ്യുന്നു: “അകൃത്യത്തില്‍നിന്നു പിന്തിരിഞ്ഞ നിങ്ങളെ രക്ഷിക്കാനായി ഞാന്‍ യെരൂശലേമിലേക്കു വരും.21 നിങ്ങളിലുള്ള എന്‍റെ ആത്മാവും നിങ്ങളുടെ അധരങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന എന്‍റെ വചനങ്ങളും നിങ്ങളുടെയോ നിങ്ങളുടെ മക്കളുടെയോ അവരുടെ സന്താനങ്ങളുടെയോ നാവില്‍നിന്നു വിട്ടുപോകയില്ലെന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ഇതാണ് നിങ്ങളുമായുള്ള എന്‍റെ ഉടമ്പടി.”
1
എഴുന്നേറ്റു പ്രകാശിക്കുക! നിന്‍റെ പ്രകാശം വന്നിരിക്കുന്നു. സര്‍വേശ്വരന്‍റെ തേജസ്സ് നിന്‍റെമേല്‍ ഉദിച്ചിരിക്കുന്നു.2 ഇതാ, അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടുന്നു. എന്നാല്‍ സര്‍വേശ്വരന്‍ നിന്‍റെമേല്‍ ഉദിക്കും. അവിടുത്തെ തേജസ്സ് നിന്‍റെമേല്‍ ദൃശ്യമാകും.
3 ജനതകള്‍ നിന്‍റെ വെളിച്ചത്തിലേക്കും രാജാക്കന്മാര്‍ നിന്‍റെ ഉദയശോഭയിലേക്കും വരും.
4
ചുറ്റും നോക്കുക, സ്വന്തം ഭവനത്തിലേക്കു വരാനവര്‍ ഒരുമിച്ചു കൂടുന്നു. നിന്‍റെ പുത്രന്മാര്‍ വിദേശത്തുനിന്നു വരുന്നു. നിന്‍റെ പുത്രിമാരെ കൈകളില്‍ എടുത്തു കൊണ്ടുവരും.5 ഇതു കണ്ട് നീ തേജസ്വിനിയാകും. നിന്‍റെ ഹൃദയം ആഹ്ലാദംകൊണ്ടു തുള്ളിച്ചാടും. കാരണം, സമുദ്രത്തില്‍ നിന്നുള്ള സമൃദ്ധമായ സമ്പത്തും ജനതകളുടെ ധനവും നിന്‍റെ അടുത്തു വന്നുചേരും.
6 ഒട്ടകങ്ങളുടെ വലിയഗണം; മിദ്യാനിലെയും ഏഫയിലെയും യുവപ്രായമായ ഒട്ടകങ്ങള്‍ നിന്നെ പൊതിയും. ശെബയില്‍നിന്നും വരുന്നവര്‍ പൊന്നും കുന്തുരുക്കവും കൊണ്ടുവരും. വരുന്നവരെല്ലാം സര്‍വേശ്വരനു സ്തുതിഘോഷം ഉയര്‍ത്തും.
7 കേദാരിലെ ആട്ടിന്‍പറ്റങ്ങളെ നിന്‍റെ അടുത്തുകൊണ്ടുവരും; നെബായോത്തിലെ ആണാടുകള്‍ യാഗമൃഗങ്ങളായി നിനക്കുപകരിക്കപ്പെടും. അവ എനിക്കു സ്വീകാര്യമായവിധം എന്‍റെ യാഗപീഠത്തില്‍ എത്തും. എന്‍റെ തേജസ്സുറ്റ ആലയത്തെ ഞാന്‍ മഹത്ത്വപ്പെടുത്തും.
8 മേഘങ്ങളെപ്പോലെയും കൂടണയാന്‍ വെമ്പുന്ന പ്രാക്കളെപ്പോലെയും പറന്നു വരുന്ന ഇവരാരാണ്?
9 ഇവര്‍ വിദൂരസ്ഥലങ്ങളില്‍നിന്ന് എന്നെ ലക്ഷ്യമാക്കി വരുന്നവരാണ്. തര്‍ശ്ശീശുകപ്പലുകളാണു മുമ്പില്‍. നിന്‍റെ പുത്രന്മാര്‍ തങ്ങളുടെ പൊന്നും വെള്ളിയുമായി വിദൂരത്തുനിന്നു വരുന്നു. ഇസ്രായേലിന്‍റെ ദൈവവും പരിശുദ്ധനുമായ സര്‍വേശ്വരനുവേണ്ടിയാണ് അവര്‍ ഇവയെല്ലാം കൊണ്ടുവരുന്നത്. അവിടുന്നു തന്‍റെ ജനത്തിനു മഹത്ത്വം കൈവരുത്തിയല്ലോ.
10 പരദേശികള്‍ നിന്‍റെ മതിലുകള്‍ വീണ്ടും പണിയും. അവരുടെ രാജാക്കന്മാര്‍ നിന്നെ സേവിക്കും. എന്‍റെ കോപത്തില്‍ ഞാന്‍ നിന്നെ ശിക്ഷിച്ചു.
11 എന്നാല്‍ എന്‍റെ പ്രസാദത്തില്‍ ഞാന്‍ നിന്നോടു കരുണ കാട്ടി. ദേശങ്ങളുടെ സമ്പത്ത് രാജാക്കന്മാരുടെ നേതൃത്വത്തില്‍ ജനങ്ങള്‍ കൊണ്ടുവരാന്‍ തക്കവിധം നിന്‍റെ വാതിലുകള്‍ സദാ തുറന്നുകിടക്കട്ടെ. രാവും പകലും അത് അടയ്‍ക്കരുത്.
12 നിന്നെ സേവിക്കാത്ത ജനപദങ്ങളും ജനതകളും നശിക്കും. അങ്ങനെയുള്ള ജനപദങ്ങള്‍ നിശ്ശേഷം നശിപ്പിക്കപ്പെടും.
13 എന്‍റെ വിശുദ്ധമന്ദിരം മനോഹരമാക്കിത്തീര്‍ക്കാന്‍, എന്‍റെ പാദപീഠം മഹത്ത്വപ്പെടുത്താന്‍, ലെബാനോന്‍റെ വിശിഷ്ടമായ സരളവൃക്ഷവും പുന്നയും പയിനും കൊണ്ടുവരും.
14 നിന്നെ പീഡിപ്പിച്ചവരുടെ പുത്രന്മാര്‍ നിന്‍റെ മുമ്പില്‍ വിനീതരായിവരും. നിന്നെ നിന്ദിച്ചവരെല്ലാം നിന്‍റെ പാദത്തില്‍ വീണു നമസ്കരിക്കും. സര്‍വേശ്വരന്‍റെ നഗരം എന്നും ഇസ്രായേലിന്‍റെ പരിശുദ്ധനായവന്‍റെ സീയോന്‍ എന്നും അവര്‍ നിന്നെ വിളിക്കും.
15
ആരും നിന്നെ തിരിഞ്ഞുനോക്കാത്തവിധം നീ പരിത്യക്തയും നിന്ദിതയും ആയിരുന്നു. എങ്കിലും ഞാന്‍ നിന്നെ എല്ലാ തലമുറകള്‍ക്കും എന്നേക്കുമുള്ള അഭിമാനവും ആനന്ദവുമാക്കിത്തീര്‍ക്കും.16 നീ ജനതകളുടെയും രാജാക്കന്മാരുടെയും ഐശ്വര്യം നുകരും. സര്‍വേശ്വരനായ ഞാനാണു നിന്‍റെ രക്ഷകന്‍ എന്നും യാക്കോബിന്‍റെ ശക്തനായവനാണു നിന്‍റെ വിമോചകനെന്നും നീ ഗ്രഹിക്കും.
17 ഓടിനു പകരം സ്വര്‍ണവും ഇരുമ്പിനു പകരം വെള്ളിയും മരത്തിനു പകരം ഓടും കല്ലിനു പകരം ഇരുമ്പും ഞാന്‍ കൊണ്ടുവരും. ഞാന്‍ സമാധാനത്തെ നിന്‍റെ മേല്‍നോട്ടക്കാരും, നീതിയെ നിന്‍റെ അധിപതികളും ആക്കും.
18 നിന്‍റെ ദേശത്ത് ഇനി അക്രമമോ, നിന്‍റെ അതിര്‍ത്തിക്കുള്ളില്‍ ശൂന്യതയോ, നാശമോ കേള്‍ക്കുക പോലുമില്ല. നിന്‍റെ മതിലുകളെ രക്ഷയെന്നും നിന്‍റെ കവാടങ്ങളെ സ്തുതിയെന്നും നീ വിളിക്കും.
19
ഇനി പകല്‍ നിന്‍റെ പ്രകാശം സൂര്യനായിരിക്കുകയില്ല; രാത്രിയില്‍ നിന്‍റെ പ്രകാശം ചന്ദ്രനുമായിരിക്കുകയില്ല. എന്നാല്‍, സര്‍വേശ്വരനായിരിക്കും നിന്‍റെ നിത്യപ്രകാശം, നിന്‍റെ ദൈവമായിരിക്കും നിന്‍റെ മഹത്ത്വം.20 നിന്‍റെ സൂര്യന്‍ ഇനിമേല്‍ അസ്തമിക്കുകയില്ല, നിന്‍റെ ചന്ദ്രന്‍ മറയുകയുമില്ല; കാരണം സര്‍വേശ്വരനായിരിക്കും നിന്‍റെ നിത്യപ്രകാശം; നിന്‍റെ വിലാപദിനങ്ങള്‍ അവസാനിക്കും.
21 നിന്‍റെ ജനമെല്ലാം നീതിമാന്മാരാകും; ഞാന്‍ മഹത്ത്വപ്പെടേണ്ടതിനു ഞാന്‍ നട്ടതിന്‍റെ മുളയും എന്‍റെ കരവേലയുമായ ദേശത്തെ അവര്‍ എന്നേക്കുമായി കൈവശപ്പെടുത്തും.
22 ഏറ്റവും കുറഞ്ഞവന്‍ ഒരു വംശവും ഏറ്റവും ചെറിയവന്‍ ശക്തിയുള്ള ജനതയുമാകും. ഞാനാണു സര്‍വേശ്വരന്‍; തക്കസമയത്തു ഞാന്‍ അത് വേഗം നിവര്‍ത്തിക്കും.
1
സര്‍വേശ്വരനായ ദൈവത്തിന്‍റെ ആത്മാവ് എന്‍റെമേല്‍ ഉണ്ട്, കാരണം പീഡിതനെ സദ്‍വാര്‍ത്ത അറിയിക്കാന്‍ സര്‍വേശ്വരന്‍ എന്നെ അഭിഷേകം ചെയ്തിരിക്കുന്നു; ഹൃദയം തകര്‍ന്നവരുടെ മുറിവു കെട്ടാനും തടവുകാര്‍ക്കു സ്വാതന്ത്ര്യവും ബന്ധികള്‍ക്കു കാരാഗൃഹമോചനവും പ്രഖ്യാപിക്കാനും;2 സര്‍വേശ്വരന്‍റെ പ്രസാദവര്‍ഷവും ദൈവത്തിന്‍റെ പ്രതികാരദിനവും പ്രഖ്യാപിക്കാനും ദുഃഖിക്കുന്നവരെയെല്ലാം ആശ്വസിപ്പിക്കാനും
3 സീയോനിലെ സങ്കടപ്പെടുന്നവര്‍ക്ക് ചാരത്തിനു പകരം പൂമാല നല്‌കാനും, സങ്കടത്തിനു പകരം ആനന്ദതൈലവും തളര്‍ന്നമനസ്സിനു പകരം സ്തുതിയുടെ മേലങ്കിയും നല്‌കാനും അവിടുന്ന് എന്നെ അയച്ചിരിക്കുന്നു; അവിടുന്ന് മഹത്ത്വപ്പെടേണ്ടതിന് സര്‍വേശ്വരന്‍ നട്ടുവളര്‍ത്തിയ നീതിയുടെ ഓക്കുമരങ്ങള്‍ എന്നും അവര്‍ വിളിക്കപ്പെടുന്നു.
4 പുരാതന അവശിഷ്ടങ്ങള്‍ അവര്‍ പുതുക്കിപ്പണിയും; പണ്ടു നശിച്ചുപോയവ അവര്‍ പണിതുയര്‍ത്തും; തലമുറകളായി നശിപ്പിക്കപ്പെട്ട പട്ടണങ്ങളുടെ കേടുപാടുകള്‍ അവര്‍ തീര്‍ക്കും.
5
അന്യര്‍ നിങ്ങളുടെ ആട്ടിന്‍പറ്റത്തെ മേയിക്കാന്‍ നില്‌ക്കും, പരദേശികള്‍ നിങ്ങളുടെ ഉഴവുകാരും മുന്തിരിത്തോട്ടക്കാരും ആകും;6 എന്നാല്‍ നിങ്ങള്‍ സര്‍വേശ്വരന്‍റെ പുരോഹിതര്‍ എന്നു വിളിക്കപ്പെടും, ദൈവത്തിന്‍റെ ശുശ്രൂഷകരെന്നു നിങ്ങളെക്കുറിച്ചു മനുഷ്യര്‍ പറയും; ജനതകളുടെ സമ്പത്ത് നിങ്ങള്‍ ഭക്ഷിച്ച് അവരുടെ മഹത്ത്വത്തിന് അവകാശികളായിത്തീരും.
7 നിങ്ങളുടെ നാണക്കേടിനു പകരം നിങ്ങള്‍ക്ക് ഇരട്ടി പങ്കു ലഭിക്കും; നിങ്ങളുടെ അപമാനത്തിനു പകരം നിങ്ങള്‍ നിങ്ങളുടെ ഓഹരിയില്‍ സന്തോഷിക്കും; അതുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ ദേശത്ത് ഇരട്ടി പങ്ക് കൈവശമാക്കും; നിങ്ങളുടെ ആനന്ദം എന്നും നിലനില്‌ക്കുന്നതായിരിക്കും.
8
കാരണം സര്‍വേശ്വരനായ ഞാന്‍ നീതി ഇഷ്ടപ്പെടുന്നു; കവര്‍ച്ചയും തിന്മയും ഞാന്‍ വെറുക്കുന്നു; വിശ്വസ്തതയോടെ ഞാന്‍ അവര്‍ക്കു പ്രതിഫലം നല്‌കി അവരുമായി എന്നും നിലനില്‌ക്കുന്ന ഉടമ്പടി ഉണ്ടാക്കും.9 അവരുടെ പിന്‍ഗാമികള്‍ ജനതകള്‍ക്കിടയിലും, അവരുടെ സന്തതികള്‍ ജനങ്ങള്‍ക്കിടയിലും അറിയപ്പെടും; അവരെ കാണുന്നവരെല്ലാം സര്‍വേശ്വരനാല്‍ അനുഗ്രഹിക്കപ്പെട്ട ഒരു ജനമാണ് അവര്‍ എന്ന് അംഗീകരിക്കും.
10
ഞാന്‍ സര്‍വേശ്വരനില്‍ അത്യധികം സന്തോഷിക്കും, എന്‍റെ ആത്മാവ് എന്‍റെ ദൈവത്തില്‍ ജയാഹ്ലാദം കൊള്ളും; മണവാളന്‍ പൂമാല അണിയുന്നതുപോലെയും മണവാട്ടി ആഭരണങ്ങള്‍ ചാര്‍ത്തുന്നതുപോലെയും അവിടുന്ന് എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചിരിക്കുന്നു; എന്നെ നീതിയുടെ മേലങ്കിയാല്‍ മറച്ചിരിക്കുന്നു.11 ഭൂമി മുളകള്‍ പുറപ്പെടുവിക്കുന്നതുപോലെയും തോട്ടം അതില്‍ വിതച്ച വിത്ത് കിളിര്‍പ്പിക്കുന്നതുപോലെയും സര്‍വേശ്വരനായ ദൈവം എല്ലാ ജനതകളുടെയും മുമ്പാകെ നീതിയും സ്തുതിയും മുളപ്പിക്കും.
1
സീയോനെപ്രതി ഞാന്‍ മൗനമവലംബിക്കുകയില്ല. അതേ യെരൂശലേമിന്‍റെ കാര്യത്തില്‍ ഞാന്‍ അടങ്ങിയിരിക്കുകയില്ല. അവളുടെ നിരപരാധിത്വം പകല്‍ വെളിച്ചംപോലെയും അവളുടെ രക്ഷ തീപ്പന്തംപോലെയും പ്രകാശിക്കുന്നതുവരെ ഞാന്‍ അടങ്ങിയിരിക്കയില്ല.2 ജനതകള്‍ നിന്‍റെ നീതിയും രാജാക്കന്മാര്‍ നിന്‍റെ മഹത്ത്വവും ദര്‍ശിക്കും.
3 സര്‍വേശ്വരന്‍ നല്‌കുന്ന പുതിയ പേരില്‍ നീ അറിയപ്പെടും. നീ അവിടുത്തെ കരത്തില്‍ സുന്ദരമായ കിരീടവും അവിടുത്തെ കൈയില്‍ രാജകീയ മകുടവും ആയിരിക്കും.
4 ഇനിമേല്‍ പരിത്യക്ത എന്നു നീ വിളിക്കപ്പെടുകയില്ല. ശൂന്യപ്രദേശം എന്നു നിന്നെ ഇനി വിശേഷിപ്പിക്കുകയില്ല. ദൈവത്തിനു പ്രിയപ്പെട്ടവള്‍ എന്നായിരിക്കും ഇനി നിന്‍റെ നാമം. നിന്‍റെ ദേശം ഭര്‍ത്തൃമതി എന്നു വിളിക്കപ്പെടും. സര്‍വേശ്വരന്‍ നിന്നില്‍ ആനന്ദംകൊള്ളുന്നതിനാല്‍ നിന്‍റെ ദേശം വിവാഹിതയാകും.
5 യുവാവ് കന്യകയെ എന്നപോലെ നിന്‍റെ പുനരുദ്ധാരകന്‍ നിന്നെ പരിണയിക്കും. മണവാളന്‍ മണവാട്ടിയിലെന്നപോലെ നിന്‍റെ ദൈവം നിന്നില്‍ ആനന്ദിക്കും.
6
യെരൂശലേമേ, നിന്‍റെ മതിലുകള്‍ക്കു ഞാന്‍ കാവല്‌ക്കാരെ നിയോഗിച്ചിരിക്കുന്നു. രാവും പകലും അവര്‍ നിശ്ശബ്ദരായിരുന്നുകൂടാ. അവിടുത്തെ വാഗ്ദാനങ്ങള്‍ അനുസ്മരിപ്പിക്കുന്നവരേ, നിങ്ങള്‍ വിശ്രമിക്കരുത്.7 യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തുകയും ലോകമെങ്ങും അവള്‍ പ്രശംസിക്കപ്പെടുകയും ചെയ്യുന്നതുവരെ അവര്‍ വിശ്രമിച്ചുകൂടാ. ദൈവത്തിനു വിശ്രമം നല്‌കാതെ അക്കാര്യം അവിടുത്തെ അനുസ്മരിപ്പിച്ചുകൊണ്ടിരിക്കണം. സര്‍വേശ്വരന്‍ തന്‍റെ ബലിഷ്ഠമായ വലങ്കൈ ഉയര്‍ത്തി സത്യം ചെയ്തിരിക്കുന്നു.
8 നിന്‍റെ ശത്രുക്കള്‍ ഇനിമേല്‍ നിങ്ങളുടെ ധാന്യം ഭക്ഷിക്കുകയില്ല. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ വീഞ്ഞ് വിദേശികള്‍ കുടിക്കുകയില്ല.
9 വിതയ്‍ക്കുകയും കൊയ്യുകയും ചെയ്ത നിങ്ങള്‍തന്നെ അതു ഭക്ഷിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്യും. നിങ്ങള്‍ നട്ടുവളര്‍ത്തിയ മുന്തിരിയില്‍നിന്നു സംഭരിച്ച വീഞ്ഞ്, എന്‍റെ വിശുദ്ധമന്ദിരത്തിന്‍റെ തിരുമുറ്റത്തുവച്ചു നിങ്ങള്‍ പാനം ചെയ്യും.
10
യെരൂശലേംനിവാസികളേ, പ്രവേശിക്കുവിന്‍, വാതിലുകളിലൂടെ പ്രവേശിക്കുവിന്‍! എന്‍റെ ജനത്തിനുവേണ്ടി പാത ഒരുക്കുവിന്‍. വഴിയിലെ കല്ലുകള്‍ നീക്കി ജനപദങ്ങള്‍ക്കുവേണ്ടി രാജപാത പണിയുവിന്‍. കൊടി ഉയര്‍ത്തുവിന്‍.11 ഇതാ, ഭൂമിയുടെ അറുതിവരെ സര്‍വേശ്വരന്‍ വിളംബരം ചെയ്യുന്നു; സീയോന്‍പുത്രിയോടു പറയുക: നിന്‍റെ രക്ഷകന്‍ ഇതാ വരുന്നു. പ്രതിഫലവുമായി അവിടുന്നു വരുന്നു. സമ്മാനം അവിടുത്തെ കൈയിലുണ്ട്.
12 സര്‍വേശ്വരന്‍ വീണ്ടെടുക്കുന്ന വിശുദ്ധജനം എന്ന് അവര്‍ വിളിക്കപ്പെടും. അന്വേഷിക്കപ്പെട്ടവള്‍ എന്നും പരിത്യജിക്കപ്പെടാത്ത നഗരം എന്നും നീ അറിയപ്പെടും.
1
എദോമില്‍നിന്നു വരുന്നതാരാണ്? രക്താംബരധാരിയായി എദോമിലെ ബൊസ്രായില്‍നിന്നു വരുന്നതാരാണ്? വേഷപ്രൗഢിയോടും ശക്തിപ്രഭാവത്തോടും കൂടി അടിവച്ചടിവച്ചു മുന്നോടു വരുന്നത് ആരാണ്? ഇതു ഞാന്‍തന്നെ. നീതി വിളംബരം ചെയ്തുകൊണ്ടു നിന്നെ രക്ഷിക്കാന്‍ ശക്തിയുള്ളവന്‍.2 അങ്ങയുടെ വേഷം എന്താണ് ചുവന്നിരിക്കുന്നത്? അങ്ങയുടെ വസ്ത്രം മുന്തിരിച്ചക്കു ചവുട്ടുന്നവന്‍റേതുപോലെ ആയിരിക്കുന്നുവല്ലോ!
3 ഞാന്‍ ഏകനായി മുന്തിരിച്ചക്കു ചവുട്ടി. ജനപദങ്ങളില്‍നിന്ന് ആരും എന്‍റെ കൂടെ ഇല്ലായിരുന്നു. ഞാന്‍ കോപിച്ച് അവരെ ചവുട്ടി. രോഷത്താല്‍ ഞാനവരെ മെതിച്ചു. അവരുടെ രക്തം തെറിച്ചുവീണ് എന്‍റെ വസ്ത്രമെല്ലാം മലിനമായി.
4 പ്രതികാരത്തിനു ഞാനൊരു ദിവസം നിശ്ചയിച്ചിരുന്നു; എന്‍റെ വിമോചനവര്‍ഷം വന്നിരിക്കുന്നു.
5 ഞാന്‍ ചുറ്റും നോക്കി, സഹായത്തിന് ആരെയും കണ്ടില്ല. ഞാന്‍ അമ്പരന്നുപോയി. താങ്ങാന്‍ ആരും ഉണ്ടായിരുന്നില്ലല്ലോ. എന്‍റെ കരം തന്നെ എനിക്കു വിജയം നേടിത്തന്നു.
6 എന്‍റെ ക്രോധം എന്നെ ശക്തനാക്കി. എന്‍റെ കോപത്തില്‍ ജനതകളെ ചവുട്ടിമെതിച്ചു. എന്‍റെ കോപത്തില്‍ ഞാനവരെ തകര്‍ത്തു. അവരുടെ ജീവരക്തം ഞാന്‍ നിലത്തൊഴുക്കി.
7
സര്‍വേശ്വരന്‍റെ അചഞ്ചലസ്നേഹത്തെക്കുറിച്ചു ഞാന്‍ നിരന്തരം പറയും. അവിടുന്ന് നമുക്കുവേണ്ടി ചെയ്ത എല്ലാറ്റിനുമായി ഞാന്‍ സ്തോത്രം ചെയ്യും.8 സുസ്ഥിരസ്നേഹവും കാരുണ്യവുംകൊണ്ട് അവിടുന്ന് തന്‍റെ ജനമായ ഇസ്രായേല്‍ജനത്തെ അനുഗ്രഹിച്ചിരിക്കുന്നുവല്ലോ. “അവര്‍ നിശ്ചയമായും എന്‍റെ ജനം, അവര്‍ എന്നെ വഞ്ചിക്കുകയില്ല” എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്തു. അതുകൊണ്ട് അവിടുന്ന് അവരുടെ രക്ഷകനായി.
9 അവരുടെ സര്‍വദുരിതങ്ങളിലും അവരോടൊത്തു അവിടുന്നു ദുരിതമനുഭവിച്ചു. അവിടുത്തെ സാന്നിധ്യമാകുന്ന ദൂതന്‍ അവരെ രക്ഷിച്ചു. സ്നേഹവും കാരുണ്യവുംകൊണ്ട് അവിടുന്ന് അവരെ ഉദ്ധരിച്ചു; കഴിഞ്ഞ കാലങ്ങളിലെല്ലാം സ്വന്തം കരങ്ങളില്‍ സംവഹിച്ചു.
10
എന്നിട്ടും അവര്‍ മത്സരിച്ചു. അവിടുത്തെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു. അങ്ങനെ അവിടുന്ന് അവരുടെ ശത്രുവായിത്തീര്‍ന്ന് അവരോടു പോരാടി.11 അവര്‍ കഴിഞ്ഞ കാലങ്ങളെ, സര്‍വേശ്വരന്‍റെ ദാസനായ മോശയുടെ നാളുകളെത്തന്നെ അനുസ്മരിച്ചു. ആട്ടിന്‍പറ്റത്തോടൊപ്പം ഇടയനെ കടലിലൂടെ നയിച്ചവന്‍ എവിടെ?
12 തന്‍റെ പരിശുദ്ധാത്മാവിനെ അവരുടെ ഇടയില്‍ അയച്ചവന്‍ എവിടെ? അവരുടെ മുമ്പിലുള്ള കടലിനെ രണ്ടായി ഭാഗിച്ച് ആഴത്തിലൂടെ അവരെ നയിക്കുകയും തന്‍റെ ഭുജബലം മോശയുടെ വലതുകരത്തിന്മേല്‍ പകര്‍ന്ന് അവിടുത്തെ നാമം അനശ്വരമാക്കുകയും ചെയ്ത സര്‍വേശ്വരന്‍ എവിടെ?
13 മരുഭൂമിയിലെ കുതിരകളെപ്പോലെ അവര്‍ കാലിടറാതെ നടന്നു.
14 താഴ്വരയിലേക്കിറങ്ങിപ്പോകുന്ന കന്നുകാലികള്‍ക്കെന്നപോലെ അവര്‍ക്കു സര്‍വേശ്വരന്‍റെ ആത്മാവ് വിശ്രമം നല്‌കി. അങ്ങനെ അവിടുന്നു തന്‍റെ ജനത്തെ നയിക്കുകയും തിരുനാമത്തിനു മഹിമ വരുത്തുകയും ചെയ്തു.
15
സ്വര്‍ഗത്തില്‍നിന്നു താഴേക്കു നോക്കിയാലും! വിശുദ്ധവും മഹിമയേറിയതുമായ തിരുനിവാസത്തില്‍നിന്നു നോക്കിക്കണ്ടാലും! അവിടുത്തെ തീക്ഷ്ണതയും ശക്തിയും എവിടെ? ഞങ്ങളോടുള്ള കരുണയും വാത്സല്യവും അവിടുന്നു പിന്‍വലിച്ചിരിക്കുന്നുവല്ലോ.16 എങ്കിലും അവിടുന്ന് ഞങ്ങളുടെ പിതാവാകുന്നു. അബ്രഹാം ഞങ്ങളെ അറിയുന്നില്ലെങ്കിലും യാക്കോബു ഞങ്ങളെ അംഗീകരിക്കുന്നില്ലെങ്കിലും സര്‍വേശ്വരാ,
17 അവിടുന്നു ഞങ്ങളുടെ പിതാവാകുന്നു. ഞങ്ങളുടെ രക്ഷകന്‍ എന്നാണു പണ്ടുമുതലേ അവിടുത്തെ നാമം. സര്‍വേശ്വരാ, ഞങ്ങള്‍ അവിടുത്തെ വഴി വിട്ടുപോകാനും അങ്ങയെ ഭയപ്പെടാതിരിക്കത്തക്കവിധം ഞങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കാനും ഇടയാക്കിയതെന്ത്?
18 അവിടുത്തെ ദാസന്മാര്‍ക്കുവേണ്ടി, അവിടുത്തെ അവകാശമായ ഗോത്രങ്ങള്‍ക്കുവേണ്ടി, മടങ്ങിവന്നാലും. അല്പകാലത്തേക്ക് അവിടുത്തെ മന്ദിരം, അവിടുത്തെ വിശുദ്ധജനത്തിന്‍റെ കൈവശമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങളുടെ ശത്രുക്കള്‍ അതു ചവുട്ടിമെതിച്ചു കളഞ്ഞിരിക്കുന്നു.
19 അങ്ങയുടെ ഭരണം അറിഞ്ഞിട്ടില്ലാത്തവരെപ്പോലെയും അവിടുത്തെ നാമത്തില്‍ വിളിക്കപ്പെടാത്തവരെപ്പോലെയും ഞങ്ങള്‍ ആയിത്തീര്‍ന്നിരിക്കുന്നു.
1
സര്‍വേശ്വരാ, ആകാശം പിളര്‍ന്ന് അവിടുന്ന് ഇറങ്ങി വന്നിരുന്നെങ്കില്‍, തിരുസാന്നിധ്യത്തില്‍ പര്‍വതങ്ങള്‍ വിറയ്‍ക്കുമായിരുന്നു;2 തീയില്‍ വിറക് എരിയുകയും വെള്ളം തിളയ്‍ക്കുകയും ചെയ്യുന്നതുപോലെ അവിടുത്തെ സാന്നിധ്യത്തില്‍ ജനതകള്‍ ഞെട്ടിവിറയ്‍ക്കുമായിരുന്നു. അങ്ങനെയെങ്കില്‍ അവിടുത്തെ ശത്രുക്കള്‍ തിരുനാമത്തെ അറിയുമായിരുന്നു.
3 അവിടുന്ന് ഇറങ്ങിവന്നു ഞങ്ങള്‍ പ്രതീക്ഷിക്കാത്ത ഭയാനകകൃത്യങ്ങള്‍ ചെയ്തപ്പോള്‍ അവിടുത്തെ സാന്നിധ്യത്തില്‍ പര്‍വതങ്ങള്‍ വിറകൊണ്ടു.
4 തന്നെ കാത്തിരുന്നവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ദൈവം അവിടുന്നല്ലാതെ മറ്റാരെങ്കിലുമുള്ളതായി ആരും കേള്‍ക്കുകയോ കാണുകയോ ഗ്രഹിക്കുകയോ ചെയ്തിട്ടില്ല.
5 സന്തോഷപൂര്‍വം നീതി പ്രവര്‍ത്തിക്കുകയും അങ്ങയെ സ്മരിച്ചുകൊണ്ട് അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുകയും ചെയ്യുന്നവരെ അങ്ങ് സ്വീകരിക്കുന്നു. ഞങ്ങള്‍ പാപം ചെയ്തതുകൊണ്ട് അവിടുന്നു ഞങ്ങളോടു കോപിച്ചു. ഞങ്ങള്‍ ദീര്‍ഘകാലം പാപത്തില്‍ ജീവിച്ചു. ഞങ്ങള്‍ക്കു രക്ഷ ഉണ്ടാവുമോ?
6 ഞങ്ങള്‍ എല്ലാവരും അശുദ്ധരായിത്തീര്‍ന്നിരിക്കുന്നു. ഞങ്ങളുടെ സല്‍പ്രവൃത്തികള്‍ കറപുരണ്ട വസ്ത്രംപോലെയായിരിക്കുന്നു. ഞങ്ങളെല്ലാം ഇലപോലെ വാടിപ്പോകുന്നു. അകൃത്യം നിമിത്തം ഞങ്ങള്‍ കാറ്റു പറത്തിക്കൊണ്ടു പോകുന്ന കരിയില പോലെയായിത്തീര്‍ന്നിരിക്കുന്നു.
7 അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ ആരുമില്ല. അങ്ങയെ മുറുകെപ്പിടിക്കാന്‍ ഉദ്യമിക്കുന്നവരുമില്ല. എന്തെന്നാല്‍ അവിടുന്ന് ഞങ്ങളില്‍നിന്നു മുഖം മറച്ചു ഞങ്ങളെ ഞങ്ങളുടെ അകൃത്യങ്ങള്‍ക്കു വിട്ടുകൊടുത്തിരിക്കുന്നു.
8
എങ്കിലും, സര്‍വേശ്വരാ അവിടുന്നു ഞങ്ങളുടെ പിതാവാകുന്നുവല്ലോ. ഞങ്ങള്‍ കളി മണ്ണ്, അവിടുന്ന് മെനയുന്നവന്‍; ഞങ്ങള്‍ അങ്ങയുടെ കരനിര്‍മിതി.9 സര്‍വേശ്വരാ, അവിടുന്നു ഞങ്ങളോട് അളവറ്റു കോപിക്കരുതേ. ഞങ്ങളുടെ അകൃത്യം ഓര്‍ക്കരുതേ. ഞങ്ങള്‍ അങ്ങയുടെ ജനമാണെന്നു കരുതിയാലും.
10 അങ്ങയുടെ വിശുദ്ധനഗരങ്ങള്‍ വിജനമായും സീയോന്‍ മരുഭൂമിയായും യെരൂശലേം ശൂന്യമായും തീര്‍ന്നിരിക്കുന്നു.
11 ഞങ്ങളുടെ പിതാക്കന്മാര്‍ അങ്ങയെ ആരാധിച്ചുവന്ന മനോഹരമായ വിശുദ്ധമന്ദിരം അഗ്നിക്കിരയായിരിക്കുന്നു. ഞങ്ങളുടെ രമ്യസ്ഥലങ്ങള്‍ തകര്‍ന്നു നശിച്ചിരിക്കുന്നു.
12 ഇതെല്ലാം കണ്ടിട്ടും അങ്ങ് അടങ്ങിയിരിക്കുന്നുവോ? മൗനമവലംബിച്ചു ഞങ്ങളെ കഠിനമായി പീഡിപ്പിക്കുന്നുവോ?
1
എന്‍റെ ജനത്തിന്‍റെ പ്രാര്‍ഥന കേള്‍ക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. പക്ഷേ അവര്‍ പ്രാര്‍ഥിച്ചില്ല. അവര്‍ക്കു ദര്‍ശനം നല്‌കാന്‍ ഞാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ അവര്‍ എന്നെ അന്വേഷിച്ചില്ല. എന്നെ വിളിച്ചപേക്ഷിക്കാത്ത ജനതയോട് “ഞാനിവിടെയുണ്ട്, ഞാനിവിടെയുണ്ട്” എന്നു ഞാന്‍ പറഞ്ഞു.2 തന്നിഷ്ടപ്രകാരം അപഥസഞ്ചാരം ചെയ്തിരുന്ന മത്സരികളായ ജനതയെ സ്വീകരിക്കാന്‍ ഞാന്‍ എപ്പോഴും എന്‍റെ കൈകള്‍ നീട്ടിയിരുന്നു.
3 അവര്‍ കാവുകളില്‍ ബലിയര്‍പ്പിക്കുകയും ഇഷ്‍ടികത്തറമേല്‍ ധൂപാര്‍ച്ചന നടത്തുകയും ചെയ്തുകൊണ്ട് എന്‍റെ മുഖത്തുനോക്കി നിരന്തരം എന്നെ പ്രകോപിപ്പിക്കുന്നു.
4 അവര്‍ ശവകുടീരങ്ങളിലിരിക്കുകയും ഗൂഢസങ്കേതങ്ങളില്‍ രാത്രി കഴിച്ചുകൂട്ടുകയും പന്നിയിറച്ചി ഭക്ഷിക്കുകയും ചെയ്യുന്നു. അവരുടെ പാത്രങ്ങളില്‍ അവര്‍ അര്‍പ്പിക്കുന്ന നിന്ദ്യവസ്തുക്കളുടെ ചാറുണ്ട്.
5 അവര്‍ മറ്റുള്ളവരോടു “മാറി നില്‌ക്കുക, അടുത്തു വരരുത്, ഞാന്‍ വിശുദ്ധനാണ്” എന്നു പറയുന്നു. അവരോടുള്ള കോപം പകല്‍ മുഴുവന്‍ എരിയുന്ന തീ പോലെയാണ്.
6 ഇതാ, അവരുടെ ശിക്ഷാവിധി എന്‍റെ മുമ്പാകെ എഴുതപ്പെട്ടിരിക്കുന്നു. അവര്‍ ചെയ്തതൊന്നും ഞാന്‍ മറക്കുകയില്ല. അവരുടെ പാപങ്ങള്‍ക്കും അവരുടെ പൂര്‍വികരുടെ പാപങ്ങള്‍ക്കും ഞാന്‍ അവരോടു പകരം വീട്ടും. സര്‍വേശ്വരനാണ് ഇത് അരുളിച്ചെയ്യുന്നത്.
7 അവര്‍ പര്‍വതങ്ങളില്‍ ധൂപാര്‍ച്ചന നടത്തുകയും, മലകളില്‍ എന്നെ നിന്ദിക്കുകയും ചെയ്തുവല്ലോ. അവരുടെ മുന്‍കാല പ്രവൃത്തികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ അവരുടെ മടിയില്‍ അളന്നിട്ടുകൊടുക്കും.
8
മുന്തിരിക്കുലയില്‍ പുതുവീഞ്ഞുകണ്ട്, “അതു നശിപ്പിക്കരുത്; അതില്‍ അനുഗ്രഹം കുടികൊള്ളുന്നു” എന്നു പറയുന്നതുപോലെ “എന്‍റെ ദാസര്‍ക്കുവേണ്ടി ഞാന്‍ അവരെ കൂട്ടത്തോടെ നശിപ്പിക്കയില്ല” എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.9 യാക്കോബില്‍നിന്നു സന്താനങ്ങളെയും യെഹൂദായില്‍നിന്ന് എന്‍റെ പര്‍വതങ്ങള്‍ അവകാശമാക്കാനുള്ളവരെയും ഞാന്‍ ഉളവാക്കും.
10 ഞാന്‍ തിരഞ്ഞെടുത്തവര്‍ അത് അവകാശമാക്കും. എന്‍റെ ദാസന്മാര്‍ അവിടെ പാര്‍ക്കും. എന്നെ അന്വേഷിച്ച ജനത്തിന്‍റെ ആട്ടിന്‍പറ്റങ്ങള്‍ക്കു ശാരോന്‍ മേച്ചില്‍സ്ഥലവും കന്നുകാലികള്‍ക്ക് ആഖോര്‍താഴ്വര വിശ്രമസ്ഥലവും ആകും.
11 എന്നാല്‍ എന്നെ ഉപേക്ഷിക്കുകയും എന്‍റെ വിശുദ്ധപര്‍വതത്തെ വിസ്മരിക്കുകയും ഭാഗ്യദേവനു മേശ ഒരുക്കുകയും വിധിയുടെ ദേവതയ്‍ക്കു സുഗന്ധദ്രവ്യങ്ങള്‍ കലക്കിയ വീഞ്ഞ് പാനപാത്രങ്ങളില്‍ നിറയ്‍ക്കുകയും ചെയ്ത നിങ്ങളെ ഞാന്‍ വാളിനിരയാക്കും. നിങ്ങള്‍ എല്ലാവരും കൊലയ്‍ക്കു തല കുനിച്ചുകൊടുക്കും.
12 കാരണം ഞാന്‍ വിളിച്ചപ്പോള്‍ നിങ്ങള്‍ കേട്ടില്ല. സംസാരിച്ചപ്പോള്‍ ശ്രദ്ധിച്ചില്ല. എന്‍റെ ദൃഷ്‍ടിയില്‍ തിന്മയായതു നിങ്ങള്‍ ചെയ്തു. എനിക്ക് അനിഷ്ടമായതു നിങ്ങള്‍ തിരഞ്ഞെടുത്തു.
13
അതുകൊണ്ടു ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “എന്നെ അനുസരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന എന്‍റെ ദാസര്‍ തിന്നു തൃപ്തരാകും. നിങ്ങളോ വിശന്നു പൊരിയും. എന്‍റെ ദാസര്‍ പാനം ചെയ്യും. നിങ്ങളോ ദാഹിച്ചു വലയും. അവര്‍ ആനന്ദിക്കും. നിങ്ങളോ നിന്ദിതരാകും.”14 ഇതാ, എന്‍റെ ദാസര്‍ ആനന്ദത്താല്‍ ആര്‍ത്തുപാടും. എന്നാല്‍ നിങ്ങള്‍ ഹൃദയംനൊന്തു നിലവിളിക്കും. മനോവ്യഥയാല്‍ വിലപിക്കും.
15 ഞാന്‍ തിരഞ്ഞെടുത്തവര്‍ക്കു ശാപവചനമായി നിങ്ങള്‍ നിങ്ങളുടെ പേര് അവശേഷിപ്പിക്കും. ദൈവമായ സര്‍വേശ്വരന്‍ നിങ്ങളെ വധിക്കും. എന്നെ അനുസരിക്കുന്നവര്‍ക്കു ഞാന്‍ മറ്റൊരു പേരു നല്‌കും.
16 അനുഗ്രഹിക്കപ്പെടാന്‍ കാംക്ഷിക്കുന്നവര്‍ അതിവിശ്വസ്തനായ ദൈവത്തോടു പ്രാര്‍ഥിക്കും. ശപഥം ചെയ്യുന്നവരെല്ലാം സത്യദൈവത്തിന്‍റെ നാമത്തില്‍ ശപഥം ചെയ്യും. മുന്‍കാലത്തെ ക്ലേശങ്ങളെ ഞാന്‍ മറന്നിരിക്കുന്നു. അവയെല്ലാം എന്‍റെ ദൃഷ്‍ടിയില്‍നിന്നു മറഞ്ഞിരിക്കുന്നു.
17
ഇതാ, ഞാന്‍ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്‍ടിക്കുന്നു. കഴിഞ്ഞ കാര്യങ്ങള്‍ ഒന്നും ഓര്‍ക്കുകയില്ല. അവ ഒന്നും ഇനി മനസ്സിലേക്കു കടന്നു വരികയില്ല.18 ഞാന്‍ സൃഷ്‍ടിക്കുന്നവയില്‍ നിങ്ങള്‍ എന്നേക്കും ആനന്ദിച്ചുല്ലസിക്കുക. ഇതാ, ഞാന്‍ ആനന്ദം നിറഞ്ഞു തുളുമ്പുന്ന പുതിയ യെരൂശലേം സൃഷ്‍ടിക്കുന്നു. അവിടത്തെ ജനം സന്തുഷ്ടരായിരിക്കുന്നു.
19 യെരൂശലേമും എന്‍റെ ജനവും നിമിത്തം ഞാനാനന്ദിക്കും. കരച്ചിലോ നിലവിളിയോ ഇനി കേള്‍ക്കുകയില്ല.
20 ശിശുക്കളുടെയോ ആയുഷ്കാലം പൂര്‍ത്തിയാക്കാത്ത വൃദ്ധരുടെയോ മരണം അവിടെ ഉണ്ടാകയില്ല. നൂറാം വയസ്സിലെ മരണം അകാലചരമമായി ഗണിക്കപ്പെടും. നൂറു വയസ്സുവരെ ജീവിക്കാത്തതു ശാപത്തിന്‍റെ അടയാളമായിരിക്കും.
21 അവര്‍ വീടുകള്‍ നിര്‍മിച്ച് അവയില്‍ പാര്‍ക്കും. മുന്തിരിത്തോട്ടങ്ങള്‍ നട്ടുണ്ടാക്കി അവയുടെ ഫലം അനുഭവിക്കും.
22 അവര്‍ നിര്‍മിക്കുന്ന ഭവനങ്ങളില്‍ അന്യര്‍ വസിക്കാനിടവരികയില്ല. അവര്‍ നട്ടുണ്ടാക്കുന്നവ അവര്‍തന്നെ അനുഭവിക്കും. എന്‍റെ ജനം വൃക്ഷങ്ങള്‍പോലെ ദീര്‍ഘകാലം ജീവിക്കും. എന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനം തങ്ങളുടെ അധ്വാനഫലം ദീര്‍ഘകാലം ആസ്വദിക്കും.
23 അവരുടെ അധ്വാനം വെറുതെ ആവുകയില്ല. അവരുടെ മക്കള്‍ ആപത്തില്‍പ്പെടുകയില്ല. അവര്‍ സര്‍വേശ്വരനാല്‍ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതികളായിരിക്കും. അവരുടെ മക്കളും അനുഗൃഹീതരാകും.
24 അവര്‍ വിളിക്കുന്നതിനു മുമ്പുതന്നെ ഞാനവര്‍ക്ക് ഉത്തരമരുളും. അവര്‍ സംസാരിക്കുമ്പോള്‍ തന്നെ ഞാന്‍ കേട്ടുകഴിയും.
25 ചെന്നായും ആട്ടിന്‍കുട്ടിയും ഒരുമിച്ചു മേയും. സിംഹം കാളയെപ്പോലെ വയ്‍ക്കോല്‍ തിന്നും. സര്‍പ്പത്തിന്‍റെ ആഹാരം പൊടി ആയിരിക്കും. എന്‍റെ വിശുദ്ധപര്‍വതത്തില്‍ തിന്മയോ നാശമോ ആരും ചെയ്യുകയില്ല. സര്‍വേശ്വരനാണ് ഇതരുളിച്ചെയ്യുന്നത്.
1
സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ആകാശം എന്‍റെ സിംഹാസനം, ഭൂമി എന്‍റെ പാദപീഠം. എനിക്കുവേണ്ടി എന്തു മന്ദിരമാണു നിങ്ങള്‍ നിര്‍മിക്കുക; ഏതു വിശ്രമസ്ഥലമാണ് ഒരുക്കുക?2 പ്രപഞ്ചം മുഴുവനും ഞാനാണ് സൃഷ്‍ടിച്ചത്. അതിനാല്‍ ഇവയെല്ലാം എന്‍റേതാണ്. വിനയവും അനുതാപവും ഉള്ളവനും എന്‍റെ വചനം കേള്‍ക്കുമ്പോള്‍ ഭയപ്പെടുന്നവനുമായ മനുഷ്യനെയാണു ഞാന്‍ കടാക്ഷിക്കുന്നത്.” മനുഷ്യര്‍ തങ്ങള്‍ക്കു ബോധിച്ചതുപോലെ പ്രവര്‍ത്തിക്കുന്നു.
3
യാഗത്തിനായി കാളയെ കൊല്ലുകയോ മനുഷ്യനെ കുരുതി കഴിക്കുകയോ ചെയ്യുന്നതും, ആട്ടിന്‍കുട്ടിയെ യാഗം കഴിക്കുകയോ പട്ടിയെ കഴുത്തു ഞെരിച്ചു കൊല്ലുകയോ ചെയ്യുന്നതും ധാന്യബലി അര്‍പ്പിക്കുകയോ പന്നിയുടെ രക്തം അര്‍പ്പിക്കുകയോ ചെയ്യുന്നതും അനുസ്മരണാര്‍ച്ചനയായി ധൂപം അര്‍പ്പിക്കുകയോ വിഗ്രഹത്തോടു പ്രാര്‍ഥിക്കുകയോ ചെയ്യുന്നതും എല്ലാം അവന് ഒരുപോലെയാണ്. അവരുടെ ഹൃദയം തങ്ങളുടെ മ്ലേച്ഛതയില്‍ സന്തോഷിക്കുന്നു.4 അതുകൊണ്ട് ഞാന്‍ അവര്‍ക്കായി കഷ്ടതകള്‍ തിരഞ്ഞെടുത്ത് അവരുടെമേല്‍ വരുത്തും. കാരണം ഞാന്‍ വിളിച്ചപ്പോള്‍ ആരും വിളികേട്ടില്ല. ഞാന്‍ സംസാരിച്ചപ്പോള്‍ അവര്‍ ശ്രദ്ധിച്ചുമില്ല. എന്നാല്‍ എന്‍റെ ദൃഷ്‍ടിയില്‍ തിന്മയായത് അവര്‍ ചെയ്തു. എനിക്ക് അനിഷ്ടമായത് അവര്‍ തിരഞ്ഞെടുത്തു.
5
സര്‍വേശ്വരന്‍റെ ഭക്തന്മാരേ, അവിടുത്തെ വചനം ശ്രദ്ധിക്കുക. നിങ്ങള്‍ എന്നോടു വിശ്വസ്തരായിരിക്കുന്നതിനാല്‍ സ്വജനങ്ങള്‍തന്നെ നിങ്ങളെ വെറുക്കുകയും പുറന്തള്ളുകയും ചെയ്യുന്നു. “ദൈവത്തിന്‍റെ മഹത്ത്വം വെളിപ്പെടട്ടെ. തന്മൂലം നിങ്ങള്‍ ആനന്ദിക്കുന്നതു ഞങ്ങള്‍ കാണട്ടെ’ എന്ന് അവര്‍ പരിഹാസപൂര്‍വം പറയുന്നു. എന്നാല്‍ അവരായിരിക്കും ലജ്ജിതരായിത്തീരുക.6 ഇതാ, നഗരത്തില്‍ ഒരു ശബ്ദകോലാഹലം കേള്‍ക്കുന്നു. ദേവാലയത്തില്‍ നിന്നൊരു ശബ്ദം, ശത്രുക്കളോടു പ്രതികാരം ചെയ്യുന്ന സര്‍വേശ്വരന്‍റെ ശബ്ദം.
7
“നോവെടുക്കും മുമ്പ് അവള്‍ പ്രസവിച്ചു. പ്രസവവേദന കൂടാതെ പുത്രന്‍ പിറന്നു.”8 ഇങ്ങനെ ഒരു സംഭവം ആരെങ്കിലും കേട്ടിട്ടുണ്ടോ, കണ്ടിട്ടുണ്ടോ? ഒരു ദിവസംകൊണ്ട് ഒരു ദേശമുണ്ടാകുമോ? ഒരു നിമിഷംകൊണ്ട് ഒരു ജനത ആവിര്‍ഭവിക്കുമോ?
9 ഈറ്റുനോവിന്‍റെ ആരംഭത്തില്‍തന്നെ സീയോന്‍ അവളുടെ പുത്രന്മാരെ പ്രസവിച്ചു. പ്രസവംവരെ എത്തിച്ചശേഷം ഞാന്‍ പ്രസവിപ്പിക്കാതിരിക്കുമോ? ജന്മം നല്‌കുന്ന ഞാന്‍ ഗര്‍ഭപാത്രം അടച്ചുകളയുമോ? സര്‍വേശ്വരനാണ് ഇതരുളിച്ചെയ്യുന്നത്.
10
യെരൂശലേമിനെ സ്നേഹിക്കുന്ന നിങ്ങള്‍ അവളോടൊത്ത് ആനന്ദിക്കുക. അവളെക്കുറിച്ചു വിലപിച്ചിരുന്ന നിങ്ങള്‍ അവളോടൊത്ത് അത്യന്തം ആനന്ദിക്കുവിന്‍.11 ആശ്വാസം നല്‌കുന്ന അവളുടെ മുലപ്പാല്‍ കുടിച്ചു നിങ്ങള്‍ സംതൃപ്തരാകുവിന്‍. അവളുടെ സമൃദ്ധി നുകര്‍ന്നു തൃപ്തിയടയുവിന്‍.
12 സര്‍വേശ്വരന്‍ ഇതരുളിച്ചെയ്യുന്നു: നദിപോലെ ഐശ്വര്യവും കരകവിഞ്ഞൊഴുകുന്ന അരുവിപോലെ ജനതകളുടെ സമ്പത്തും ഞാനവളിലേക്കൊഴുക്കും. അവള്‍ നിങ്ങളെ പാലൂട്ടും. എളിയിലെടുത്തു നടക്കുകയും മടിയില്‍വച്ചു ലാളിക്കുകയും ചെയ്യും.
13 അമ്മ കുഞ്ഞിനെയെന്നപോലെ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും. യെരൂശലേമില്‍ നിങ്ങള്‍ക്കു സാന്ത്വനം ലഭിക്കും.
14 ഇതു കാണുമ്പോള്‍ നിങ്ങളുടെ ഹൃദയം ആനന്ദിക്കും. തഴച്ചു വളരുന്ന പുല്ലുപോലെ നിങ്ങളുടെ അസ്ഥികള്‍ പുഷ്‍ടിപ്പെടും. സര്‍വേശ്വരന്‍റെ കരം തന്‍റെ ദാസരോടുകൂടെയും അവിടുത്തെ രോഷം ശത്രുക്കള്‍ക്കു നേരെയും ആണെന്നു വെളിപ്പെടും.
15
അവിടുന്ന് അഗ്നിയില്‍ എഴുന്നള്ളും. കൊടുങ്കാറ്റായിരിക്കും അവിടുത്തെ രഥം. അവിടുത്തെ ഉഗ്രരോഷം ആളിക്കത്തും. തീനാളംകൊണ്ട് അവിടുന്ന് അവരെ ഭര്‍ത്സിക്കും.16 സര്‍വേശ്വരന്‍ അഗ്നികൊണ്ടും വാളുകൊണ്ടും എല്ലാവരുടെയുംമേല്‍ ന്യായവിധി നടത്തും. അസംഖ്യം പേര്‍ വധിക്കപ്പെടും.
17 വിഗ്രഹപൂജയ്‍ക്കായി സ്വയം ശുദ്ധീകരിക്കുന്നവരും കൂട്ടംചേര്‍ന്നു കാവുകളില്‍ ആരാധനയ്‍ക്കായി പ്രവേശിക്കുന്നവരും പന്നി, ചുണ്ടെലി, ഇഴജന്തുക്കള്‍ മുതലായവയുടെ മ്ലേച്ഛമാംസം തിന്നുന്നവരും ഒന്നടങ്കം നശിക്കും.
18
സര്‍വേശ്വരനായ ഞാനാണ് ഇതരുളിച്ചെയ്യുന്നത്. കാരണം അവരുടെ പ്രവൃത്തികളും ചിന്തകളും ഞാനറിയുന്നു. എല്ലാ രാജ്യക്കാരെയും ഭാഷക്കാരെയും ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ വരുന്നു. അവര്‍ എന്‍റെ മഹത്ത്വം ദര്‍ശിക്കും.19 അവരുടെ ഇടയില്‍ ഞാന്‍ ഒരു അടയാളം വയ്‍ക്കും. അവരില്‍ അതിജീവിക്കുന്നവരെ തര്‍ശ്ശീശ്, വില്ലാളികളായ പൂല്‍, ലൂദ്, തൂബാല്‍, യാവാന്‍, വിദൂരത്തുള്ള തീരദേശങ്ങള്‍ എന്നിങ്ങനെ, എന്‍റെ കീര്‍ത്തി കേള്‍ക്കുകയോ എന്‍റെ മഹത്ത്വം ദര്‍ശിക്കുകയോ ചെയ്തിട്ടില്ലാത്ത സ്ഥലങ്ങളിലേക്ക് ഞാന്‍ അയയ്‍ക്കും. അവര്‍ എന്‍റെ മഹത്ത്വം ജനതകളുടെ ഇടയില്‍ പ്രഖ്യാപിക്കും.
20 ഇസ്രായേല്യര്‍ സര്‍വേശ്വരന്‍റെ ആലയത്തിലേക്ക് ശുചിയായ പാത്രത്തില്‍ ധാന്യവഴിപാടുകൊണ്ടുവരുന്നതുപോലെ അവര്‍ സര്‍വേശ്വരന് വഴിപാടായി സര്‍വ ജനതകളുടെ ഇടയില്‍നിന്നു നിങ്ങളുടെ എല്ലാ സഹോദരന്മാരെയും, കുതിരകള്‍, രഥങ്ങള്‍, പല്ലക്കുകള്‍, കോവര്‍കഴുതകള്‍, ഒട്ടകങ്ങള്‍ എന്നിവയുടെ പുറത്തു കയറ്റി, എന്‍റെ വിശുദ്ധപര്‍വതമായ യെരൂശലേമിലേക്കു കൊണ്ടുവരും എന്നു സര്‍വേശ്വരന്‍ അരുളിചെയ്യുന്നു.
21 അവരില്‍ നിന്നും ചിലരെ ഞാന്‍ പുരോഹിതന്മാരായും ലേവ്യരായും എടുക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.
22
ഞാന്‍ ഉണ്ടാക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്‍റെ മുമ്പില്‍ നിലനില്‌ക്കുന്നതുപോലെ നിങ്ങളുടെ പിന്‍തലമുറക്കാരും നിങ്ങളുടെ നാമവും നിലനില്‌ക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.23 അമാവാസിതോറും ശബത്തുതോറും സകല ജഡവും എന്നെ ആരാധിക്കാന്‍ എന്‍റെ സന്നിധിയില്‍ വരും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.
24 അവര്‍ പുറപ്പെട്ടു ചെന്നു എന്നോട് എതിര്‍ത്ത മനുഷ്യരുടെ ശവങ്ങളെ നോക്കും; അവരുടെ പുഴു ചാകുന്നില്ല, അവരുടെ തീ കെടുന്നില്ല; അവര്‍ സകല ജഡത്തിനും അറപ്പായിരിക്കും.